"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

പി. ആര്‍.ഡി എസ്സിന്റെ ദൈവശാസ്ത്രം: ദലിത്ബന്ധു എന്‍ കെ ജോസ്

ബൈബിള്‍ കത്തിച്ച പൊയ്കയില്‍ ഉപദേശി തല്‍സ്ഥാനത്ത് മറ്റൊരു ദൈവശാസ്ത്രത്തിന് രൂപം കൊടുത്തു. അതാണ് പി.ആര്‍ ഡി എസ്സിലെ ദലിത് വിമോചന ദൈവശാസ്ത്രം. ദലിത് ജനതയുടെ വിമോചനം ആരുടെയും ഔദാര്യമല്ല. ദലിതരുടെ അവകാശമാണ്. ഒരു കാലത്ത് ഈ നാടിന്റെ ഉടമാവകാശികള്‍ അവരായിരുന്നു. അന്ന് സമ്പന്നമായ ഒരു സംസ്‌ക്കാരവും അവര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടി രിക്കുന്ന 'പട്ടണം' ഗവേഷണത്തില്‍ നിന്നും, സംഘംകൃതികളില്‍ നിന്നും അതു വ്യക്തമാണ്. അതിനെ രക്ഷിച്ചു നിലനിര്‍ത്താന്‍ പില്‍ക്കാലത്ത് അവര്‍ക്ക് കഴിഞ്ഞില്ല. അത് നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടതിനെ തിരികെ നേടുക എന്നത് അവകാശമാണ്. അതിന് വേണ്ടിയാണ് പൊയ്കയില്‍ യോഹന്നാന്‍ തന്റെ ജീവിതം വിനിയോഗി ച്ചത്. അതിന് ഒരു തത്വശാസ്ത്രവും ദൈവശാസ്ത്രവും ആവശ്യമാണ്. മനുഷ്യന്‍ രൂപപ്പെട്ടിരിക്കുന്നത് ആ വിധത്തിലാണ്. അവന്റെ ചിന്തയ്ക്ക് കടിഞ്ഞാണിടുന്നത് ഒരു പരിധി വരെ ജന്‍മസിദ്ധമായ യുക്തിയും പിന്നെ ചില വിശ്വാസങ്ങളുമാണ്. തന്റെ ജനതയ്ക്കും അതാവശ്യമാണ് എന്ന് കണ്ട യോഹന്നാന്‍ ഉപദേശി ആ വിധത്തില്‍ ഒന്നിനു രൂപം കൊടുത്തു. യോഹന്നാന്‍ ജനിച്ചത് കേരളത്തിലാണ്. കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലൊന്നായ പറയസമുദായത്തിലാണ് യോഹന്നാന്‍ ജനിച്ചത്. ആദിവാസികള്‍ക്ക് അവരുടേതായ ഒരു സംസ്‌ക്കാരവും വിശ്വാസവുമുണ്ട്. അത് ഇതര വിഭാഗങ്ങളുടേതിനെക്കാള്‍ കുറച്ചു വ്യത്യസ്തവുമാണ്. എന്നാല്‍ മറ്റു പറയസമുദായക്കാരില്‍നിന്നും വ്യത്യസ്തമായി യോഹ ന്നാന് ബൈബിളില്‍ പാണ്ഡിത്യം കൈവരിക്കാന്‍ അവസരം ലഭിച്ചു. അത് ബോധപൂര്‍വ്വമല്ലെങ്കില്‍പ്പോലും യോഹന്നാന്റെ ജീവിതത്തേയും ജീവിതവീക്ഷണത്തെയും ആശയങ്ങളെയും ആദര്‍ശങ്ങളെയും ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട്. യോഹന്നാന്റെ പുതിയ തത്വശാസ്ത്ര ത്തിലും ദൈവശാസ്ത്രത്തിലും അത് പ്രതിബിംബിക്കും. 1994 ല്‍ റവ:പി.സി. ജോസഫ് എഴുതിയ പൊയ്കയില്‍ ശ്രീകുമാരഗുരു-ജീവിതവും ദര്‍ശനവും എന്ന ഗ്രന്ഥത്തില്‍ അത് വളരെ ചുരുക്കി വിവരിച്ചിട്ടുണ്ട്. അതില്‍ ചിലത് എടുത്തു ഉദ്ധരിക്കുന്നത് വായനക്കാര്‍ക്ക് പ്രയോജനപ്രദ മെന്നു കണ്ട് അത് അതേപടി ചേര്‍ക്കുന്നു. ഉപദേശി തന്റെ പല പ്രസംഗങ്ങളിലൂടെയും കവിതകളിലൂടെയും ആവിഷ്‌ക്കരിച്ചതാണത്.

വേദശാസ്ത്രം

രണ്ടായിരം വര്‍ഷക്കാലത്തോളം ആദി ദ്രാവിഡ സന്തതികള്‍ അടിമ ത്തത്തിന്റെ കൊടും യാതനകളനുഭവിച്ച് നിരന്തരം കണ്ണുനീര്‍ വാര്‍ത്തു കൊണ്ടു രാപകലില്ലാതെ തങ്ങളുടെ ജന്‍മഭൂമിയില്‍ കഷ്ടപ്പെട്ടു. തങ്ങളുടെ ദുഃഖങ്ങള്‍ ദൈവത്തില്‍ മാത്രം അര്‍പ്പിച്ചുകൊണ്ട് എല്ലാ യാതനകളും നിശ്ശബ്ദമായി ഏറ്റുവാങ്ങി. ഈ ദുഃസ്ഥിതിയില്‍ നിന്നു തങ്ങളെ മോചി പ്പിക്കുവാന്‍ സര്‍വ്വശക്തനായ ദൈവം തന്നെ വരുമെന്ന് തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് പകര്‍ന്ന വിശ്വാസം മാത്രമേ അവര്‍ക്ക് ആശ്വാസം നല്‍കിയിരുന്നുളളു. അടിമ സന്തതി കള്‍ക്കു വേണ്ടി ദൈവമെടുത്ത മനുഷ്യജന്‍മമാണ് അപ്പച്ചനെന്ന സത്യം ഒരു ദിവ്യദര്‍ശന ത്തിലൂടെ നല്കിക്കൊണ്ടാണ് ദൈവശാസ്ത്ര സംബന്ധിയായ വിഷയങ്ങള്‍ ജനത്തോട് സംസാരിച്ചത്. അടിമവംശ ജരുടെ വിമോചനദൈവശാസ്ത്രം യഥാര്‍ത്ഥത്തില്‍ മുന്നോട്ടു വച്ചതു പൊയ്കയില്‍ അപ്പച്ചനായിരുന്നു. ഈ പുതിയ ദൈവശാസ്ത്രത്തെ ക്രിസ്തുമതത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ ഒരു പരിഷ്‌ക്കരണ വാദമായി ചിത്രീകരിക്കുവാനും ഹിന്ദുമതതത്വ ങ്ങളോട് അനുരൂപപ്പെടു ത്താനും ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ പി. ആര്‍.ഡി. എസ് എന്ന പ്രത്യക്ഷ രക്ഷാദൈവസഭയാകട്ടെ ഹൈന്ദവ വുമല്ല, ക്രൈസ്തവവുമല്ല. അവ രണ്ടില്‍ നിന്നും വ്യതിരിക്തമായ ഒരു സ്വതന്ത്രമതപ്രസ്ഥാനമാ ണത്. ഹിന്ദുമതദര്‍ശനങ്ങള്‍ക്കോ ക്രൈസ്തവസഭ യ്‌ക്കോ ബൈബിള്‍ ചിന്തകള്‍ക്കോ അടിമകളുടെ മോചനം ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ സാദ്ധ്യമല്ലെന്ന് അണികളെ അപ്പച്ചന്‍ ബോദ്ധ്യപെടു ത്തി.

'ഹിന്ദുമതത്തിന്‍ പുറവഴിയേ നമ്മള്‍
അനാഥരെന്നപോല്‍ സഞ്ചരിച്ചു.
ക്രിസ്തുമതത്തിന്‍ പുറവഴിയേ നമ്മള്‍
അനാഥരെന്നപോല്‍ സഞ്ചരിച്ചു.
ഹിന്ദുമതത്തിലും ചേര്‍ക്കയില്ല നമ്മെ
ക്രിസ്തുമതത്തിലും ചേര്‍ക്കയില്ല'

തങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തി അടിമകളാക്കി നിലനിര്‍ത്തുന്ന തത്ത്വ സംഹിതയില്‍ നിന്നും-ഹിന്ദുമതത്തില്‍ നിന്നും- മോചനം പ്രതീക്ഷിച്ചാണ് അടിമവര്‍ഗ്ഗങ്ങള്‍ ക്രൈസ്തവമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തത്. അവിടെയും തങ്ങള്‍ അടിമകളാണെന്നു ബോദ്ധ്യപ്പെടുത്താന്‍ അപ്പച്ചന്‍ ക്രിസ്തീയസഭകളിലൂടെ ബൈബിള്‍ ഉപയോഗിച്ചു തന്നെ പ്രസംഗിച്ചു. കാലത്തികവിങ്കല്‍, ബൈബിള്‍ തങ്ങള്‍ക്കുള്ളതല്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് അടിമജനതയുടെ വിമോചകനായ ദൈവം തന്നിലൂടെ അവതരി ച്ചുവെന്ന സത്യം വെളിപ്പെടുത്തി. അനാഥക്കുട്ടികളോട് പറഞ്ഞ വാക്കും മൊഴിയും അനുസരിച്ചാണ് താന്‍ വന്നിരിക്കുന്നതെന്ന സത്യം അപ്പച്ചന്‍ അവര്‍ക്കു വെളിപ്പെടുത്തി.

1.വാക്കും മൊഴിയും

കയറുമാറി വില്‍ക്കപ്പെട്ട അടിമകള്‍ തങ്ങള്‍ക്കു നഷ്ടപ്പെടുന്ന ആരോരു മില്ലാത്ത കുഞ്ഞുങ്ങളെ ഓര്‍ത്തു കരളുരുകി കരഞ്ഞു. അല്ലാതെ മറ്റൊന്നിനും അവര്‍ക്കു കഴിയുമായിരുന്നില്ല. അപ്പനെയും അമ്മയെയും തെക്കു നിന്നും വടക്കു നിന്നും വന്ന തമ്പുരാക്കള്‍ കൊണ്ടു പോകുന്നതില്‍ മാറത്തലച്ചു നിലവിളിച്ച കുഞ്ഞുങ്ങളെ തമ്പുരാന്‍ ആട്ടിയോടിച്ചു. മൂത്തകുട്ടി ഇളയവനെ തോളിലിട്ടു രണ്ടാമത്തെവനെ കൈയ്ക്കു പിടിച്ചു എങ്ങോട്ടെന്നില്ലാതെ നടന്നു. സന്ധ്യയ്ക്ക് ഘോരവനാന്തരത്തില്‍ ഒരു മരച്ചുവട്ടില്‍ മോഹാലസ്യപ്പെട്ടു തളര്‍ന്നു കിടന്ന കുട്ടികളോട് ചക്കിപ്പ രുന്തിന്റെ രൂപത്തില്‍ വന്ന സര്‍വ്വശക്തനായ ദൈവം അവരുടെ കണ്ണു നീര്‍ തുടച്ചു അവരെ ആശ്വസിപ്പിച്ചു. കാലവും സമയവും ആകുമ്പോള്‍ താന്‍ അപ്പനായും അമ്മയായും വന്നുകൊള്ളാ മെന്ന് വാക്കും മൊഴിയും കൊടുത്തു.

2.ദിവ്യപ്രത്യക്ഷത

കുളത്തൂര്‍ എന്ന സ്ഥലത്ത് അപ്പച്ചന്‍ വമ്പിച്ച ഒരു യോഗം നടത്തി. ആ യോഗത്തില്‍ ആദിമജനതയായി ആദിദ്രാവിഡസമൂഹ ത്തിന്റെ സാംസ്‌ക്കാരികചരിത്രവും പില്‍ക്കാലത്ത് നേരിടേണ്ടിവന്ന അധഃപതന ത്തിന്റെ കഥകളും വിഷയം വച്ചു സംസാരിച്ചു. യോഗങ്ങള്‍ നടത്തിയ പ്പോള്‍ അദ്ഭുതകരമായ ഒരു പ്രകാശവലയം അദ്ദേഹത്തെ ആവരണം ചെയ്തു. ആ അദ്ഭുത കാഴ്ച കണ്ടപ്പോള്‍ ജനങ്ങള്‍ സംഭ്രമിച്ചു. കണ്ണുനീരിന്റെയും പൊട്ടിക്കരച്ചിലിന്റെയും അന്തരീക്ഷത്തില്‍ ആശ്വാ സത്തിന്റെ സന്ദേശവുമായി അദ്ദേഹം അവരെ സമാധാനിപ്പിച്ചു. തങ്ങളുടെ രക്ഷകനായി ജന്‍മമെടുത്ത ദൈവത്തെ അവര്‍ അപ്പച്ചനില്‍ ദര്‍ശിച്ചു. അവിടെ വച്ച് അപ്പച്ചന്‍ രക്ഷാനിര്‍ണയം അവരോട് സംസാരിച്ചു. ഇപ്പോള്‍ തങ്ങള്‍ക്കു പറ്റിയ തെറ്റുകള്‍ പൊറുക്കണമേ എന്നു വിലപിക്കുകയും തങ്ങളുടെ പാപങ്ങള്‍ നീക്കി രക്ഷിക്കണമേ എന്നു കേണ് അപേക്ഷിക്കുകയും ചെയ്തു. അപ്പച്ചന്‍ അവരുടെ പാപത്തെയും ശാപത്തെയും വിധിയെയും നീക്കി രക്ഷയെ ഉള്ളില്‍ നല്‍കി.

3.രക്ഷ

പ്രത്യക്ഷരക്ഷാദൈവസഭ രക്ഷയെ കുറിച്ചുള്ള ചിന്തയില്‍ മൂന്നു വ്യാഖ്യാനങ്ങള്‍ കാണാം.

1.അപ്രത്യക്ഷനായിരുന്ന ദൈവം പ്രത്യക്ഷപ്പെട്ട സഭ,
2.പ്രത്യക്ഷത്തില്‍ രക്ഷ നല്‍കുന്ന സഭ,
3.പ്രത്യക്ഷ രക്ഷയില്‍ മാത്രം വിശ്വസിക്കുന്ന സഭ.

തങ്ങളുടെ രക്ഷകനായി പ്രത്യക്ഷപ്പെട്ട ദൈവം അപ്പച്ചന്‍ ആണെന്നും ഈ ദൈവത്തിലൂടെ മാത്രമേ തങ്ങളുടെ മോചനം സാധ്യ മാകൂ എന്നുമുള്ള വിശ്വാസവും തങ്ങളുടെ ജീവിത കാലത്തുതന്നെ അനുഭവവേദ്യമാകുന്ന രക്ഷയെക്കുറിച്ചുള്ള പ്രത്യാശയുമാണ് പി.ആര്‍.ഡി. എസ്സിന്റെ അടിസ്ഥാന വിശ്വാസപ്രമാണം. ജീവിച്ചിരിക്കു മ്പോള്‍ അനുഭവവേദ്യമാവാത്ത മോക്ഷവും സ്വര്‍ഗവും കബളിപ്പിക്ക ലാണ്. ഭൂമിയില്‍തന്നെ മനുഷ്യന്‍ സ്വര്‍ഗീയ സുഖം അനുഭവിക്കുകയും മോക്ഷത്തെ പ്രാപിക്കുകയും വേണം. രക്ഷ'പ്രത്യക്ഷമാകണം. അതിനുള്ളതായിരിക്കണം സഭ. അതാത് കാലങ്ങളില്‍ ദൈവം അവതാരം സ്വീകരിക്കുന്നതിനാല്‍ മരണാനന്തരം മനുഷ്യാത്മാവ് പരലോകത്ത് പോകുന്നു എന്നു പറയുന്നത് ശരിയല്ല. മനുഷ്യന്‍ മനസ്സും ശരീരവും ഭവനവും വസ്ത്രവും ശുചിയായി സൂക്ഷിക്കുകയും ശുദ്ധമായ കര്‍മ്മം അനുഷ്ഠിക്കുകയും വേണം. മനുഷ്യ ന്‍ മനുഷ്യനെ അടിമപ്പെടുത്തുവാന്‍ പാടില്ല. 

4.തോതുയോഗം
അപ്പച്ചന്‍ രക്ഷാനിര്‍ണ്ണയ യോഗങ്ങള്‍ നടത്തിത്തുടങ്ങിയ ശേഷം രക്ഷി ക്കപ്പെട്ടവര്‍ക്കും അല്ലാതുള്ളവര്‍ക്കും പ്രത്യേകം പ്രത്യേകമാണ് യോഗങ്ങള്‍ നടത്തിയിരുന്നത്. അങ്ങനെ രക്ഷിക്കപ്പെട്ടവര്‍ക്ക് മാത്രമായി നടത്തിയ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു യോഗമാണ് തോതു യോഗം. മാരങ്കുളം എന്ന സ്ഥലത്ത് വച്ചാണ് പ്രസ്തുത യോഗം നടത്തപ്പെട്ടത്. അദ്ധ്യാത്മികാ ടിത്തറയില്‍ കെട്ടിപ്പടുക്കുന്നതുംഭൗതികോന്നമനത്തിന്റെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നതുമായ ദര്‍ശനമാണ് ഇതിലൂടെ വെളിപ്പെടുത്തിയത്. തന്റെ അദ്ധ്യാത്മിക വീണ്ടെടുപ്പും പ്രവര്‍ത്തനത്തിലൂടെ ഭൗതികമായ ഉന്നമനവും വെളിപ്പെട്ടു. അടിമവര്‍ഗ്ഗങ്ങളുടെ സര്‍വവിധമായ പുനരുദ്ധാരണത്തിന് നിദാനമായ വിഷയങ്ങളാണ് അദ്ദേഹം സംസാരിച്ചത്. ആ യോഗത്തില്‍ വച്ചാണ് പ്ലാന്‍ കെട്ടിടമെന്ന തന്റെ സുപ്രധാന വിഷയം വെളിപ്പെടുത്തു ന്നത്. തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കുന്നതിനായി തോതും പ്ലാനും അനുസരിച്ച് ജീവിക്കേണ്ടതാണെന്നും അപ്പച്ചന്‍ ഉദ്‌ബോധിപ്പിച്ചു. വ്യവസ്ഥയില്‍ നിന്നു വ്യതിചലിച്ച പിതാക്കന്‍മാരുടെ നഷ്ടസ്വര്‍ഗ്ഗം തന്റെ ഉപദേശമനുസരി ച്ചുള്ള ജീവിത ക്രമത്തിലൂടെ ലഭ്യമാക്കാം എന്നദ്ദേഹം പഠിപ്പിച്ചു.

5.പ്രത്യാശ

അപ്പച്ചന്‍ അടിമ വര്‍ഗ്ഗങ്ങളുടെ സര്‍വശക്തനായ ദൈവമാണ്. ആ ദൈവസന്നിധിയിലെ നിത്യമായ ആനന്ദത്തിലാണ് രക്ഷിക്കപ്പെട്ടവരുടെ ആത്മാക്കള്‍ വിശ്രമം കൊള്ളുന്നത്. ആദിദ്രാവിഡജനതയുടെ ആദ്ധ്യാ ത്മികവും ഭൗതികവുമായ വീണ്ടെടുക്കലും അവരുടെ പുനരേകീകര ണവുമാണ് സഭയുടെ മുഖ്യലക്ഷ്യം. കാലസമ്പൂര്‍ണ്ണത യില്‍ താന്‍തന്നെ അടിമ പിതാക്കന്‍മാരുടെ വേഷത്തില്‍ പ്ലാന്‍ കെട്ടിടത്തില്‍ ഉപവിഷ്ടനാ കുമെന്നും അടിമകള്‍ അഭയം തേടിയുള്ള ഇടങ്ങളില്‍ നിന്നും രക്ഷക്കായി അന്ന് തന്റെ സന്നിധിയില്‍ പ്ലാന്‍ കെട്ടിത്തില്‍ അവര്‍ പുനരഭയം പ്രാപിക്കുമെന്നും അന്ന് 'വാഴ്ച യുഗം' തുറക്കുമെന്നുമുള്ള ഗുരുദേവ പ്രവചനമാണ് സഭയുടെ പ്രത്യാശ. ആദിമ ദ്രാവിഡ ജനതയുടെമേല്‍ വീണ ദൈവശാപത്തിന്റെ പൂര്‍ണ്ണവിമുക്തിക്കു വേണ്ടിയാണ് പി.ആര്‍.ഡി.എസ് നിലകൊള്ളുന്നത്.

6.പ്ലാന്‍ കെട്ടിടം

ആദിമ ദ്രാവിഡ വംശത്തിന് നഷ്ടപ്പെട്ട ആദ്ധ്യാത്മികം, ഭൗതികം, സംസ്‌കാരം ഇവ വീണ്ടെടുക്കുന്നതിനുതകത്തക്ക പരിതസ്ഥിതികള്‍ സംജാതമാക്കാന്‍ പ്ലാന്‍ കെട്ടിട വിഷയം വെളിച്ചം നല്‍കുന്നു. അടിമ വര്‍ഗ്ഗങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ജീവിതത്തില്‍ പ്രത്യാശ നല്‍കുന്ന 'പ്ലാന്‍ കെട്ടിടം' രക്ഷിക്കപ്പെട്ടവര്‍ പണിതേ മതിയാകൂ. നിങ്ങള്‍ നാലു മുഖത്തോടു കൂടിയ ഒരു കെട്ടിടം പണിയണം. അതിനു മൂന്ന് നിലകള്‍ ഉണ്ടായിരിക്കണം. മുകളിലത്തെ നിലയില്‍ കണ്ണാടിക്കൂട്ടില്‍ എന്നെ പ്രതിഷ്ഠിക്കണം. കാലവും സമയവും ആകുമ്പോള്‍ കാളയും കലപ്പയുമായി കച്ചത്തുവര്‍ത്തും തൊപ്പിപാളയുംധരിച്ചു ഞാന്‍ പടിഞ്ഞാറേ പൊയ്കയില്‍ നിന്നു കയറിവരും. അപ്പോള്‍ കുളിക്കുന്നതിന് ചൂടുവെള്ളം, എണ്ണ, ഇഞ്ച, സോപ്പ് ഇവയും ധരിക്കുന്നതിനുള്ള വെള്ള വസ്ത്രവും കരുതിയിരിക്കണം. കുളിച്ചു ശുദ്ധനായി വെള്ളവസ്ത്രം ധരിച്ചു സ്വര്‍ണ്ണത്താക്കോല്‍ കൊണ്ട് കെട്ടിടം തുറന്നു ഞാന്‍ സിംഹാസ നത്തില്‍ ഇരിക്കും. ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ ലോകത്തിലുള്ള മറ്റു കെട്ടിടങ്ങള്‍ ആടിയുലയും. പ്ലാന്‍ കെട്ടിത്തിന് യാതൊരു ചലനവും ഉണ്ടാവുകയില്ല. ആടിയുലയുന്ന കെട്ടിടത്തില്‍ നിന്ന് ഓടിയെത്തുന്ന അടിമ വര്‍ഗ്ഗങ്ങള്‍ക്ക് പ്ലാന്‍ കെട്ടിടത്തില്‍ അഭയം നല്‍കണം. കൂടാതെ വാഴ്ച യിന്‍ യുഗത്തെയും ആ യുഗത്തില്‍ നഷ്ടപ്പെട്ടു പോയതെല്ലാം വീണ്ടെടു ക്കുന്ന അസുലഭമായ അവസരത്തെയും കുറിച്ച് അപ്പച്ചന്‍ ഉദ്‌ബോധന ങ്ങള്‍ നല്‍കി.

ഈ രാജ്യത്തെ ആദിമ നിവാസികളുടെ ഭൗതികവും ആന്തരികവുമായ ചരിത്രത്തിന്റെ സ്മൃതികളുണര്‍ത്തുകയും ദൈവ കോപത്തിനിരയായ ആദിമ മനുഷ്യര്‍ ഏറ്റുവാങ്ങിയ ശാപം, അടിമത്തം അതില്‍ നിന്നുള്ള വീണ്ടെടുപ്പ്, അതിനായി പ്രത്യക്ഷനായ ദൈവം, ആ ദൈവം നല്‍കിയ അഥവാ വെളിപ്പെടുത്തിയ രക്ഷ, യുഗാന്ത്യദര്‍ശന മുള്‍ക്കൊള്ളുന്ന പ്ലാന്‍ കെട്ടിടവും അതിലുള്ള വാഴ്ചയിന്‍ യുഗവുമെല്ലാം രക്ഷിക്കപ്പെട്ട പി.ആര്‍.ഡി.എസ്. വിശ്വാസികളുടെ ദര്‍ശനമാണ്.

അതാണ് യോഹന്നാന്‍ ഉപദേശിയുടെ ദൈവശാസ്ത്രത്തിന്റെ ഏകദേശ രൂപം. ഞാന്‍ യോഹന്നാന്‍ ഉപദേശിയെ കാണുന്നത് ഒരു ചരിത്ര പുരുഷനായും അടിമ വംശത്തിന്റെ മോചനത്തിനും വേണ്ടിജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ച ഒരു ധിഷണാശാലി ആയിട്ടുമാണ്. അദ്ദേഹത്തിന് സ്വന്തമായ പല ആശയങ്ങളും അഭിലാഷങ്ങളുമു ണ്ടായിരുന്നു. അദ്ദേഹ ത്തിന്റെ പ്രവര്‍ത്തനം ഒരു പരിധിവരെ അടിമ വംശത്തിന്റെ മോചന ത്തിന് പ്രയോജനപ്രദമായിരുന്നു. അദ്ദേഹത്തെ ഒരു സഭാസ്ഥാപകനായിട്ടോ ദൈവശാസ്ത്രകാരനായിട്ടോ കാണുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അദ്ദേഹം സഭ സ്ഥാപിച്ചുവെങ്കില്‍ അത് അദ്ദേഹത്തിന്റെ വംശത്തിന്റെ മോചനത്തിന് അദ്ദേഹം കണ്ടെത്തിയ ഒരു ഉപകരണം മാത്രമാണ്. അതിനുമപ്പുറം അതിന് അസ്തിത്വമില്ല എന്നാണ് അതേപ്പറ്റിയുള്ള എന്റെ വീക്ഷണം.

അദ്ദേഹത്തിന്റെ പ്ലാന്‍കെട്ടിടം ബൈബിളിലെ യോഹന്നാന്റെ വെളിപാടിനോട് സാമ്യപ്പെടുത്താവുന്നതാണ്. വെളിപാട് 1:2 മുതല്‍ പറയുന്നു.

'....അപ്പോള്‍ സ്വര്‍ണ്ണനിര്‍മ്മിതമായ ഏഴു വിളക്കുകാലുകള്‍ ഞാന്‍ കണ്ടു. ആ വിളക്കുകാലുകളുടെ നടുക്ക് മനുഷ്യപുത്രനെപ്പോലെ ഒരാള്‍ നീണ്ട മേലങ്കി ധരിച്ച് മാറില്‍ സ്വര്‍ണ്ണപട്ടകെട്ടിയും നില്‍ക്കുന്നതു കണ്ടു. അവന്റെ ശിരസ്സും മുടിയും വെണ്‍കമ്പിളിപോലെയും വെണ്‍മഞ്ഞു പോലെയും ധവളമായിരുന്നു. അവന്റെ കണ്ണുകള്‍ അഗ്നിഗോളങ്ങള്‍ പോലെയും പാദങ്ങള്‍ ഉലയില്‍ ചുട്ടുപഴുപ്പിച്ച പിത്തളപോലെയും സ്വരം പെരുവെള്ളത്തിന്റെ ശബ്ദം പോലെയും ആയിരുന്നു. അവന്റെ വലുതു കൈയ്യില്‍ ഏഴു നക്ഷത്രങ്ങളുണ്ടായിരുന്നു. വായില്‍നിന്നും മൂര്‍ച്ചയേറിയ ഒരു ഇരുതലവാള്‍ പുറത്തേയ്ക്കു വന്നിരുന്നു. അവന്റെ മുഖമാകട്ടെ സമ്പൂര്‍ണ്ണ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്ന സൂര്യനെപ്പോലെ ആയിരുന്നു....' –

ഓരോ വ്യക്തിയുടെയും ഭാവനകള്‍ ഓരോ തരത്തിലാണ്. യോഹന്നാന്‍ ഉപദേശിയുടെ പ്ലാന്‍കെട്ടിടവും ഇതും തമ്മിലുള്ള വ്യത്യാസം എന്താണ്? യഹൂദരും സാംബവരും തമ്മിലുള്ള വ്യത്യാസം പോലെ. അമൂര്‍ത്ത തയില്‍ നിന്നാണ് ആരാധന രൂപം കൊള്ളുന്നത്. ബൈബിളിന്റെ സ്വാധീനത അദ്ദേഹത്തിന്റെ ഈ ഭാവനയില്‍ കാണാം. നോഹയുടെ പേടകം അദ്ദേഹത്തെ സ്വാധീനപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാണല്ലോ. ലോകത്തില്‍ കാണുന്ന മുഴുവന്‍ ജീവികളും ഈരണ്ടു വീതം ആ പേടകത്തില്‍ കയറി എന്നു എഴുതിവയ്ക്കാമെങ്കില്‍ അപ്പച്ചന് പ്ലാന്‍കെട്ടിടവും എഴുതാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ