"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 2, ചൊവ്വാഴ്ച

പൊയ്കയില്‍ അപ്പച്ചന്‍: സഭകളുടെ ചരിത്രം - ദലിത്ബന്ധു എന്‍ കെ ജോസ്

യോഹന്നാന്‍ ഉപദേശി സഭകളെ പലതിനെയും മാറി മാറി സ്വീകരിച്ചു പരീക്ഷിച്ചു നോക്കുകയും അവസാനം എല്ലാം ഉപേക്ഷിച്ചു പുതിയത് ഒന്ന് സ്വന്തമായി രൂപീകരിക്കുകയും ചെയ്തത് എന്തു കൊണ്ടാണ്? കേരളത്തിലെ ക്രൈസ്തവ സഭകളുടെ വളര്‍ച്ചയുടേയും തളര്‍ച്ചയുടേയും ചരിത്രം പരിശോധിച്ചാല്‍ അത് കണ്ടെത്തുവാന്‍ കഴിയും. ഇവിടത്തെ ക്രൈസ്തവ സഭകളുടെ ചരിത്രം എന്നത് അവ പരസ്പരം മല്ലടിച്ചതിന്റെ ചരിത്രമാണ്. ഇപ്പോഴും ആ മല്‍പ്പിടുത്തം തുടരുകയാണല്ലോ. അതിപ്പോള്‍ പള്ളികളുടെയും ശ്മശാനങ്ങളുടെയും പേരിലായി. ശവശരീരങ്ങള്‍ വലിച്ചെറിഞ്ഞു മല്‍സരിക്കുന്നു. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ആഢ്യക്രൈസ്തവരുടെ സഭകള്‍ ഒന്നും ചെയ്തിട്ടില്ല. അവരുടെ മുഖ്യമായ യത്‌നം അവരുടെയും അവരുടെ ദൈവങ്ങളുടെയും ഭൗതിക സുരക്ഷിതത്വമാണ്. യോഹന്നാന്‍ ഉപദേശിക്ക് കാണാന്‍ കഴിഞ്ഞതും അതുതന്നെയാണ്. വലിയൊരു പണസമ്പാദനമാര്‍ഗ്ഗമായി സഭകള്‍ മാറി.

ആധുനിക കാലഘട്ടത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ സംഭവിച്ച സാമൂഹ്യ നവോത്ഥാനത്തിന്റെ മുഖ്യ സ്രോതസ്സ് പാശ്ചാത്യ യൂറോപ്പില്‍ നടന്ന ക്രിസ്ത്യന്‍ നവോത്ഥാന പ്രസ്ഥാന ങ്ങളുടെ കേരളത്തിലേയ്ക്കുള്ള ആഗമനമാണ്. ഇവിടെ ക്രൈസ്തവ സന്ദേശം എത്തിയത് എ.ഡി. ആദ്യ നൂറ്റാണ്ടിലാണ് എന്നാണ് കേരളത്തിലെ ആഢ്യക്രിസ്താനികളില്‍ ഒരു നല്ല ഭാഗം ഇന്നും വിശ്വസിക്കുന്നത്. അതിനാധാരമായ പ്രത്യേക തെളിവുകളൊന്നും അവര്‍ക്ക് ഉന്നയിക്കാനില്ല. ശ്രീരാമന്‍ അയോദ്ധ്യയിലെ ബാബ്‌റി മസ്ജിത്തിനകത്താണ് ജനിച്ചത് എന്ന ചിലരുടെ വിശ്വാസം പോലെയാണ് ഇതും. ആര്‍ക്കും എന്തും വിശ്വസി ക്കാനുള്ള അവകാശം ഇന്ന് ഈ രാജ്യത്തുണ്ടല്ലോ. അതിന് ഡോ: അംബേദ്ക്കറോട് നന്ദി പറയാം.

ആര്യ ബ്രാഹ്മണര്‍ കേരളത്തില്‍ എത്തുമ്പോള്‍ ഇവിടെ ക്രൈസ്തവരു ണ്ടായിരുന്നു എന്നത് ഒരു അംഗീകൃത ചരിത്ര സത്യമാണ്. കോസ്‌മോസ് ഇന്‍ഡിക്കോപ്ലസ്ത്തൂസ് എന്ന ഗ്രീക്ക് സഞ്ചാരി ഏ.ഡി. ആറാം നൂറ്റാണ്ടില്‍ കുരുമുളക് വിളയുന്ന മലനാട്ടില്‍ ക്രിസ്താനികളെ കണ്ടു എന്ന് തന്റെ സഞ്ചാരക്കുറിപ്പായ Topographia Indica Christiana എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പത്തെ അംഗീകൃത തെളിവുകളൊന്നും കേരളത്തിലെ ക്രൈസ്തവ സാന്നിധ്യത്തെപ്പറ്റി ഇന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇത് നിഷേധിക്കാനാവാത്ത ഒരു സാക്ഷിപത്രമാണ്. ആര്യ ബ്രാഹ്മണര്‍ കേരളത്തില്‍ എത്തിയത് എ.ഡി. എട്ടാം നൂറ്റാണ്ടിന് ശേഷമായിരിക്കണം. അവര്‍ ഇവിടെ മുപ്പത്തിരണ്ട് കുടുംബ ങ്ങളായിട്ടാണ് അധിവാസം ഉറപ്പിച്ചത് എന്നു പറയുന്നു. ഇന്ന് ആ 32 കുടുംബങ്ങളു ടെയും മൂലം കണ്ടെത്തിയതായിട്ടാണ് അവകാശപ്പെടുന്നത്. എന്നാല്‍ അതില്‍ ഒരു കുടുംബത്തെപ്പറ്റി പോലും എ.ഡി. എട്ടാം നൂറ്റാണ്ടിന് മുമ്പുള്ള ഒരു പരാമര്‍ശനവും ഇന്നുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടി ല്ലായെന്ന് ഡോ:രാജന്‍ ഗുരുക്കളും, ഡോ: രാഘവ വാര്യരും ചേര്‍ന്ന് എഴുതിയ കേരള ചരിത്രം എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് അവര്‍ എട്ടാം നൂറ്റാണ്ടിലെ ഒരു പ്രത്യേക വര്‍ഷത്തില്‍ ഒരു ഗ്രൂപ്പായി കടന്നുവന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. അവര്‍ അതിന് മുമ്പും അതിന് ശേഷവും പല ചെറു സംഘങ്ങളായി വന്നിരിക്കാം. എന്നാല്‍ അവരുടെ സാന്നിധ്യം സജീവമായി, അവഗണിക്കാനാ വില്ലാത്തവിധം ഇവിടെ പ്രതിഫലിച്ചത് എട്ടാം നൂറ്റാണ്ടിലും അതിന് ശേഷവുമാണ് എന്ന് മാത്രമേ അര്‍ത്ഥമാ ക്കേണ്ടതുള്ളൂ.

പൂര്‍വ യൂറോപ്പ്, മധ്യ പൂര്‍വ്വദേശം, ഉത്തരാഫ്രിക്കാ തുടങ്ങിയ സ്ഥലങ്ങളുമായി ബി.സി. ആദ്യനൂറ്റാണ്ടുകളിലും ഏ.ഡി. ആദ്യ നൂറ്റാണ്ടുകളിലും കേരളത്തിന് സുദൃഢമായ വ്യാപാരബന്ധമു ണ്ടായിരുന്നു എന്നത് ഒരു അംഗീകൃത ചരിത്രസത്യമാണ്. കൊടുങ്ങല്ലൂര്‍ പട്ടണം പ്രദേശത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളും ഖനനങ്ങളും അതിനെ സ്ഥിരീകരിക്കുന്നതാണ്. ബൈബിളിന്റെ പഴയ നിയമത്തില്‍ പോലും അത് പരാമര്‍ശിക്കുന്നുണ്ട്. ഷീബാ രാജ്ഞി സോളമന് നല്‍കിയ സമ്മാനങ്ങളില്‍ കേരളത്തിലെ സുഗന്ധ ദ്രവ്യങ്ങളും ഉണ്ടായിരുന്നു എന്നു പറയുന്നു. സോളമന്റെ കാലം ബി.സി. പത്താം നൂറ്റാണ്ടാണ്. അന്നത്തെ ആ വ്യാപാരം പ്രധാനമായും കുരുമുളകി ന്റെയും മറ്റ് സുഗന്ധദ്രവ്യങ്ങളു ടേതുമായിരുന്നു. കോണ്‍സ്റ്റെന്‍ന്റൈന്‍ ചക്രവര്‍ത്തിക്കുശേഷം ഇവിടെ വന്ന വ്യാപാരികളില്‍ ക്രൈസ്തവരും ഉള്‍പ്പെട്ടിരുന്നു. അവരില്‍ നിന്നാണ് ഇവിടെ ക്രൈസ്തവ സന്ദേശങ്ങളും ക്രൈസ്തവാചാരങ്ങളും പ്രചരിച്ചത് എന്ന നിഗമനത്തില്‍ എത്തിച്ചേരു ന്നതാണ് ആധുനിക ചരിത്രഗവേഷണങ്ങളുടെ വെളിച്ച ത്തില്‍ കൂടുതല്‍ യുക്തിപൂര്‍ണ്ണമായിട്ടുള്ളത് എന്നുതോന്നുന്നു. അതേപ്പറ്റിയെല്ലാം കുട്ടനാടി ന്റെ ഇതിഹാസം എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്.

ഇവിടെ അന്ന് സാര്‍വ്വത്രികമായി പ്രചരിപ്പിരുന്ന ബുദ്ധമതധര്‍മ്മ ത്തിന് ക്രൈസ്തവ സന്ദേശവുമായി ഏറെ പൊരുത്തമുണ്ടായിരുന്നു. അതിനാല്‍ അതിനെ ഇവിടെ ഒരു പുതിയ മതമായി കണ്ടിരുന്നില്ല. ഏ.ഡി. ഏഴും എട്ടും ഒന്‍പതും നൂറ്റാണ്ടുകളില്‍ ഇവിടെ ബുദ്ധമതത്തിന്റെയും അവരുടെ സ്ഥാപനങ്ങളുടെയും നാശകാലമാണ്. ബുദ്ധസന്യാസിനി സന്യാസിമാരുടെ അമിതമായ ഭൗതികതയും അവരുടെ നേര്‍ക്കുള്ള ബ്രാഹ്മണരുടെ അക്രമവും മൂലം ബുദ്ധമതാനുയായികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവരില്‍ പലരും അഭയം തേടിയത് ക്രൈസ്തവാചാരങ്ങളിലാണ്. വൈദേശിക വ്യാപാരികളുമായി ക്രൈസ്തവര്‍ക്കുണ്ടായിരുന്ന ബന്ധം ഒരു രക്ഷാകവചമായിരുന്നു. ബ്രാഹ്മണര്‍ക്കും അവരുടെ ശിങ്കിടികളായ രാജാക്കന്‍മാര്‍ക്കും അന്ന് വിദേശ വ്യാപാരം പിടിച്ചു നില്‍ക്കാന്‍ ആവശ്യമായിരുന്നു. അതിനാല്‍ വിദേശ വ്യാപാരികളെയും അവരുടെ ഇവിടത്തെ സഹായികളെയും സഹിഷ്ണതയോടെ വീക്ഷിച്ചു. ബുദ്ധധര്‍മ്മാനുയായികളോട് കാണിച്ച ക്രൂരതയില്‍ നിന്ന് അവരെ ഒഴിവാക്കി. അതാണ് ഇന്ന് പലരുടെ ദൃഷ്ടിയിലും ഹൈന്ദവ സഹിഷ്ണുതയായി കാണുന്നത്. കുറുക്കന്റെ തൊണ്ടയില്‍ നിന്നും മുള്ള് എടുത്തു കളഞ്ഞ കൊക്കിനോടുള്ള കുറുക്കന്റെ സഹിഷ്ണുത.

ഒരു ക്രൈസ്തവ കുടിയേറ്റം ഈ നാട്ടിലേയ്ക്ക് ഒരിക്കലും നടന്നിട്ടില്ല; അങ്ങനെ നടന്നു എന്നതിന് യാതൊരു തെളിവും ഇന്നുവരെ ലഭിച്ചിട്ടില്ല. ഇവിടെ ക്രിസ്തു സന്ദേശം സ്വീകരിച്ചവര്‍ വിദേശ വ്യാപാരികളുമായി ബന്ധപ്പെട്ട നാട്ടുകാരും ഭീഷണിക്ക് വിധേയരായ ബുദ്ധധര്‍മ്മാനു ഭാവികളുമാണ്. അവരാരും ചാതുര്‍വര്‍ണ്യ വ്യവസ്ഥ യില്‍പ്പെട്ട ഏതെങ്കിലും വിഭാഗക്കാരായിരുന്നില്ല; ആദിവാസി ദ്രാവിഡ സങ്കരസന്ത തികളായിരുന്നു. അന്നു തീരപ്രദേശത്ത് താമസിച്ച് മത്സ്യബന്ധനം നടത്തിയിരുന്നവരാണ് ആദ്യം ക്രിസ്തുസന്ദേശം സ്വീകരിച്ചത്; അവരായി രുന്നു വിദേശവ്യാപാരികളുമായി ഏറെ ബന്ധപ്പെട്ടത്. പിന്നീട് 1498 ല്‍ വാസ്‌ക്കോഡിഗാമ വന്നതിന് ശേഷം സംഭവിച്ചതും അതുതന്നെയായിരുന്നു. അത് കേരളത്തിലെ ക്രിസ്തുമത പ്രചരണത്തിന്റെ രണ്ടാം ഘട്ടമായിരുന്നു. കേരളത്തിലെ ആദിവാസിദ്രാവിഡ സങ്കരസന്തതികളില്‍ ചിലര്‍ ബുദ്ധമതം സ്വീകരിച്ചു. ചിലര്‍ ജൈനമതം സ്വീകരിച്ചു. മറ്റ് ചിലരും അവരില്‍ ചിലരും പിന്നെ ക്രൈസ്തവ സന്ദേശം സ്വീകരിച്ചു. പിന്നീട് ചിലര്‍ ഇസ്ലാമും സ്വീകരിച്ചു. അല്ലാതെ ആ മത വിശ്വാസികളിലാരും ഇവിടെ പുറത്ത് നിന്നും വന്നവരല്ല, നാട്ടുകാര്‍ തന്നെയാണ്. ക്‌നായിതൊമ്മനും ഏതാനും കുടുംബങ്ങളും ഏ.ഡി. 345 ല്‍ മധ്യപൂര്‍വദേശത്ത് നിന്നും കുടിയേറി എന്നും അവരുടെ സന്തതി പരമ്പരകളാണ് തങ്ങളെന്നും ഇന്ന് ചില ക്‌നാനായ ക്രിസ്ത്യാനികളുടെ അവകാശവാദം ശുദ്ധഭോഷ്‌ക്കാണ്. വൈദേശികത്വത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചിരുന്ന കാലത്ത് അവര്‍ മെനഞ്ഞെടുത്ത കെട്ടുകഥയാണ്. അന്ന് ആര്യന്മാര്‍ വിദേശികളാണ്. ഭരണകര്‍ത്താക്കളായ മുസ്ലീങ്ങളും മുഗളന്മാരും ഇംഗ്ലീഷുകാരും എല്ലാം വിദേശികളാണ്. തങ്ങളും വിദേശികളാണെന്ന പൊങ്ങച്ചം. അല്ലാതൊന്നും അതിലില്ല. ക്‌നാനായ, ക്‌നായിത്തൊമ്മന്‍ എന്നീ ഗ്രന്ഥങ്ങള്‍ വഴി ഞാന്‍ അത് കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ആകെക്കൂടി ഇവിടേയ്ക്ക് ചരിത്രകാലഘട്ടത്തില്‍ നടന്ന കുടിയേറ്റം ഏതാനും ബ്രാഹ്മണരുടേത് മാത്രമാണ്. അവര്‍ ഇവിടെ വന്ന് ഇന്നാട്ടു കാരില്‍ ചിലരെ കൂടി ബ്രാഹ്മണരാക്കി. ഇവിടത്തെ ഗ്രാമാധിപന്മാരെ അവര്‍ രാജാക്കന്‍മാരാക്കി ബഹുമാനിച്ചു. അന്നുവരെ ഇവിടെ രാജത്വം എന്ന ഏര്‍പ്പാടില്ലായിരുന്നു. ഗോത്രനാഥന്‍മാരും മൂപ്പന്‍മാരും മറ്റുമാണ് തല്‍സ്ഥാനത്തുണ്ടായിരുന്നത്. പല ഗോത്രങ്ങ ളിലെയും ഗോത്രനാഥന്‍മാര്‍ പാരമ്പര്യമായിരുന്നില്ല. ഗോത്രത്തിലെ അംഗങ്ങള്‍ ചേര്‍ന്ന് തെരഞ്ഞെടു ക്കുന്നതോ ബുദ്ധിയും കൗശലവും തടിമിടുക്കുമുള്ളവര്‍ സ്വയം നേടി എടുക്കുന്നതോ ആയിരുന്നു അത്. ഇന്ത്യയിലെ ആദിവാസി ദ്രാവിഡ സന്തതികളില്‍ പൊതുവേ ഉണ്ടായിരുന്ന പാരമ്പര്യമാണത്. അവര്‍ക്ക് കുടുംബ സംവിധാനമി ല്ലായിരുന്നു ഗോത്ര സംവിധാനമാണുണ്ടായിരുന്നത്. കുടുംബവുമായി നോക്കുമ്പോള്‍ ഗോത്രം കൂടുതല്‍ സ്വാര്‍ത്ഥരഹിതമാണ്. ബ്രാഹ്മണര്‍ വന്നതിന് ശേഷമാണ് ഗോത്രത്തില്‍ നിന്നും കുടുംബത്തിലേ ക്കുള്ള മാറ്റം ഉണ്ടായത്. ഗോത്രസംവിധാനത്തില്‍ നിന്നും അവര്‍ പിന്‍വലിഞ്ഞപ്പോള്‍ കൂട്ടുകുടുംബമായി. പിന്നെ അതും നശിച്ചു. അതാണ് മാറി മാറി ഇന്നത്തെ അണു കുടുംബമായത്. താനും തന്റെ ഭാര്യയും രണ്ടു മക്കളും; അതുമാത്രമാണ് അവര്‍ക്കു ലോകം. അതു ചിലപ്പോള്‍ ചുരുങ്ങി താന്‍ മാത്രമാകും. അങ്ങനെയാണ് പിതാവ് മക്കളെയും ഭാര്യയെയും എല്ലാം സ്വാര്‍ത്ഥതയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ചിന്താഗതി ഉണ്ടായത്. അണു കുടുംബം മനുഷ്യനെ സ്വാര്‍ത്ഥതയുടെ മൂര്‍ത്തീകര ണമാക്കി. സ്വാര്‍ത്ഥതയ്ക്ക് വേണ്ടി എന്ത് ദുഷ്ടതയും ക്രൂരതയും ചെയ്യാമെന്നാക്കി. അതിന്റെ ദുരന്തഫലങ്ങളാണ് ഇന്ന് അനുഭവിക്കുന്നത്. മനുഷ്യന്‍ ഒരു സമൂഹ ജീവിയാണ്. അവന്‍ സമൂഹത്തിന് വേണ്ടിയാണ് ജീവിക്കേണ്ടത്. സമൂഹമാണ് അവനെ ജീവിപ്പിക്കേണ്ടത്. വ്യക്തിയും സമൂഹവുമായി ട്ടുള്ള ആ ബന്ധം മനുഷ്യന്റെ മാത്രമല്ല പ്രകൃതിയുടെ തന്നെ നിലനില്‍ പ്പാണ്. യോഹന്നാന്‍ ഉപദേശി തന്റെ സമൂഹത്തിന് വേണ്ടിയാണ് ജീവിച്ചത്. തന്റെ ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടിയാ യിരുന്നില്ല. അദ്ദേഹം ഭൂമി സമ്പാദിച്ചത് അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി ആയിരുന്നില്ല. പി.ആര്‍.ഡി.എസ്സിന് വേണ്ടിയായിരുന്നു. മഹാന്‍മാരെല്ലാം സമൂഹത്തിന് വേണ്ടി ജീവിച്ചവരാണ്. ശ്രീബുദ്ധന്റെ പിതാവ് അങ്ങനെയുള്ള ഒരു ഗോത്രനാഥനായിരുന്നു. ആര്യ ബ്രാഹ്മണര്‍ ഗോത്രനാഥന്‍മാരെ ബ്രാഹ്മണരും ക്ഷത്രിയരുമാക്കിയ കൂട്ടത്തില്‍ ബുദ്ധനെ ഒരു രാജകുമാരനും ക്ഷത്രിയനുമാക്കുകയാണ് ചെയ്തത്. രാജാവ് എന്ന ഒരു പദം സംഘകാലകൃതികളിലൊന്നിലും കാണാനില്ല.

സ്വയം രാജാവാകാതെ ഗോത്രനാഥന്‍മാരെ രാജാവാക്കിയതിലൂടെ ബ്രാഹ്മണര്‍ രാജാക്കന്‍രുടെയും ജനങ്ങളുടെയും പ്രീതിയും ആരാധനയും പിടിച്ചു പറ്റി. അത് മുതലെടുത്ത് കൊണ്ട് ആ രാജാക്കന്‍ മാരെ കൊണ്ട് അവര്‍ ബുദ്ധ ധര്‍മ്മാനുയായികളെ വക വരുത്തി. അവരെ അംഗീക രിക്കാന്‍ തയ്യാറായ ജനങ്ങളെ അവര്‍ സവര്‍ണ്ണരാക്കി. അല്ലാത്തവരെ അവര്‍ണ്ണരാക്കി. രാജാക്കന്‍മാരെ ഉപയോഗിച്ച് അവര്‍ ബുദ്ധവിഹാ രങ്ങളും ചൈത്യങ്ങളും പിടിച്ചടക്കി. അവയെല്ലാം ഹൈന്ദവക്ഷേത്ര ങ്ങളാക്കി. കൊടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ കാവുതീണ്ടലും ആലുവാ മണല്‍പ്പുറത്തെ ശിവരാത്രി കഴിഞ്ഞതിന് ശേഷം നടത്തുന്ന പിതൃതര്‍പ്പണം തുടങ്ങിയവയും അതിന്റെ നിത്യ സ്മാരകങ്ങളാണ്. കൊടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രവും തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രവും ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രവും, വൈക്കം ശിവക്ഷേത്രം, ശബരിമല അയ്യപ്പക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രം, പെരുമ്പാവൂര്‍ കല്ലില്‍ ക്ഷേത്രം, ചിതറാല്‍ ക്ഷേത്രം, മലനട ക്ഷേത്രം തുടങ്ങിയവയുമെല്ലാം ഒരു കാലത്ത് ജൈന ബുദ്ധ ആരാധനാലയങ്ങളായിരുന്നു. മാവേലിക്കര, പന്തളം, ഹരിപ്പാട്, കരുനാഗപ്പള്ളി, കരുമാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അനേകം ബുദ്ധവിഗ്രഹങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം ശ്രീബുദ്ധന്റെ പ്രതിമകളല്ല. അവലോകിതേശ്വരന്റെ പ്രതിമകളാണ് എന്ന ഇന്നത്തെ അഭിപ്രായവും അവഗണിക്കുന്നില്ല. ലോകപ്രശസ്തങ്ങളായ പല ബുദ്ധമതകേന്ദ്രങ്ങളും അന്നിവിടെ ഉണ്ടായിരുന്നു. അഗസ്ത്യകൂടത്തിലെ പൊതിയില്‍മല, അമ്പലപ്പുഴയിലെ ശ്രീമൂലവാസം തുടങ്ങിയവ ഉദാഹരണ ങ്ങളാണ്. അവയെല്ലാമാണ് നശിപ്പിക്കപ്പെട്ടത്. അങ്ങനെ സമൂലമായ ഒരു അഴിച്ചു പണിയാണ് അവരിവിടെ നടത്തിയത്.

അതിലൂടെ അവര്‍ അവിടെ ആധിപത്യം നേടി. തങ്ങളുടെ സിദ്ധാന്തമനു സരിച്ച് ഇവിടത്തെ ജനങ്ങളെ ഭിന്നിപ്പിച്ചു വിവിധ വര്‍ണ്ണ ജാതിക്കാ രാക്കി. അന്ന് അവരുടെ ദാസന്മാരാകാന്‍ തയ്യാറായവരെ ശൂദ്രരാക്കി. അവരെ എതിര്‍ത്തവരെ ചണ്ഡാലരാക്കി. അന്ന് അവരുടെ ഇംഗിതത്തി നെല്ലാം വഴങ്ങിയില്ലാ എന്നതാണ് ദലിതരാക്കപ്പെട്ടവര്‍ ചെയ്ത തെറ്റ്. അതിന്റെ ഫലമായി കഴിഞ്ഞ എട്ടു നൂറ്റാണ്ടുകളായി അവരും അവരുടെ സന്തതി പരമ്പരകളും അടിമകളും ദലിതരുമായി കഴിയുന്നു. ഇന്നും അവര്‍ ദലിതരായി തുടരുന്നു.

ആ പ്രക്രിയയില്‍ ക്രൈസ്തവരെ അവര്‍ സവര്‍ണ്ണവല്‍ക്കരി ക്കുകയാണ് ചെയ്തത്. അവര്‍ക്ക് അന്ന് വിദേശ വ്യാപാരബന്ധമു ണ്ടായിരുന്നു എന്നു പറഞ്ഞുവല്ലോ. ബുദ്ധമത വിശ്വാസികളില്‍ നിന്നും അവര്‍ക്കുള്ള വ്യത്യാസം അതായിരുന്നു. കേരളത്തിലെ സുറിയാനിസഭ യുടെ ഉത്ഭവം എന്ന ഗ്രന്ഥത്തില്‍ അത് ഞാന്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കുരുമുളക് വ്യാപാരം അന്ന് ബ്രാഹ്മണര്‍ രാജാക്കന്‍മാരാ ക്കിയവരുടെ നിലനില്‍പ്പിന് ആവശ്യമായിരുന്നു.

ക്രിസ്ത്യാനികള്‍ അന്ന് വ്യാപാരികളെന്ന നിലയില്‍ ഇവിടെ വന്ന ആര്യ ബ്രാഹ്മണര്‍ സമ്മാനിച്ച വൈശ്യ പദവി സന്തോഷപൂര്‍വം സ്വീകരിക്കുക മാത്രമല്ല ചിലര്‍ തങ്ങള്‍ ബ്രാഹ്മണരായിരുന്നുവെന്നുംഅവരുടെ സന്തതി പരമ്പരകളാണെന്നും അവകാശപ്പെടുകയും ചെയ്തു. അതിര് കടന്ന ഈ അവകാശവാദം അവര്‍ അംഗീകരിച്ചില്ലെങ്കിലും നിഷേധിച്ചില്ല. ക്രൈസ്ത വരെ കൊണ്ട് ആര്യബ്രാഹ്മണര്‍ക്ക് കൂടുതല്‍ ആവശ്യമുണ്ടാ യിരുന്നു. തങ്ങളുടെ വൈശ്യസ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി നസ്രാണികള്‍ നായന്‍മാ രോട് പോലും അയിത്തം പാലിച്ചിരുന്നു. അതിനെ നിരോധിച്ചുകൊണ്ട് 1599ലെ ഉദയംപേരൂര്‍ സുന്നഹദോസ് എടുത്ത തീരുമാനമാണ് അതിന് തെളിവ്. സുനഹദോസിന്റെ ഡിക്രികളില്‍ എട്ടാം ദിവസത്തെ കാനോനു കളില്‍ അത് കാണാം. കേരളത്തിലെ ആദ്യത്തെ ജാതിവിരുദ്ധ സമരം' എന്ന ഗ്രന്ഥത്തില്‍ ഞാന്‍ അത് ചര്‍ച്ച ചെയ്തിട്ടുണ്ട്. 

ദൈവം നമ്മുടെ പിതാവും മനുഷ്യരെല്ലാം സഹോദരരും എന്ന ക്രിസ്തു സന്ദേശം കൈവെടിഞ്ഞ് ബ്രാഹ്മണര്‍ ദൈവത്തിന്റെ മുഖത്ത് നിന്നും ശൂദ്രര്‍ അവന്റെ പാദത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു എന്നും മറ്റുമുള്ള ഋഗ്വേദം പത്താം മണ്ഡലം, പുരുഷസൂക്തം തുടങ്ങിയവയിലെ ബ്രാഹ്മണ ദര്‍ശനം സ്വീകരിച്ചു. അങ്ങനെ അവര്‍ ഒരു തരം ഹിന്ദു ക്രിസ്ത്യാനി യായി. പോര്‍ട്ടുഗീസുകാരുടെ കൂടെ കത്തോലിക്ക മിഷനറിമാര്‍ ഇവിടെ വരുന്നതുവരെ ഏഴ് നൂറ്റാണ്ടുകാലം ബ്രാഹ്മണേ തരരെ ആരേയും ക്രിസ്തുമതത്തില്‍ ചേര്‍ക്കാതെ തങ്ങളുടെ ആഢ്യത്വം സംരക്ഷിച്ചു പോന്നവരാണ് ഇവിടത്തെ സുറിയാനി ക്രിസ്താനികള്‍. എന്നാല്‍ പോര്‍ട്ടുഗീസുകാര്‍ വന്നപ്പോള്‍ തീരപ്രദേശത്തെ മത്സ്യതൊഴിലാളികളെ അവര്‍ ക്രിസ്തുമതത്തില്‍ ചേര്‍ത്തു. പക്ഷേ ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികള്‍ അവരെ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ തയ്യാറായില്ല. അതിനാല്‍ അവര്‍ക്കായി പ്രത്യേക ഇടവകകളും രൂപതകളും എല്ലാം സ്ഥാപിക്കപ്പെട്ടു. അങ്ങനെ രൂപീകരി ക്കപ്പെട്ടതാണ് 1558 ലെ കൊച്ചി രൂപത. പുറകെ കൊല്ലം, വരാപ്പുഴ, ആലപ്പുഴ തുടങ്ങിയുള്ള എല്ലാ ലത്തീന്‍ രൂപതകളും സ്ഥാപിക്കപ്പെട്ടു.

പിന്നെ പോര്‍ട്ടുഗീസുകാര്‍ ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരു ശ്രമം നടത്തി. അതാണ് 1599 ലെ ഉദയംപേരൂര്‍ സുനഹദോസില്‍ നടന്നത്. പക്ഷേ അത് അധികകാലം നീണ്ടു നിന്നില്ല. 1653 ല്‍ ഒരു വിഭാഗം ക്രൈസ്തവര്‍ മട്ടാഞ്ചേരിയില്‍ വച്ച് കൂനംകുരിശ് സത്യം നടത്തി അവരില്‍ നിന്നും തെറ്റിപ്പിരിഞ്ഞു. അവരാ ണ് പിന്നെ യാക്കോബായക്കാരയത്. തെറ്റിപ്പിരിയാതെ നിന്നവര്‍ കത്തോ ലിക്കര്‍ എന്ന പേരിലും അറിയപ്പെട്ടു. യാക്കോബായക്കാര്‍ പിന്നെയും ഭിന്നിച്ചു. അങ്ങനെയാണ് മാര്‍ത്തോമ്മാ ക്കാരുണ്ടായത്. കൊമരന്റെ (യോഹന്നാന്റെ) തമ്പുരാക്കന്‍മാര്‍മാര്‍ത്തോമ്മാ വിഭാഗത്തില്‍പ്പെട്ട വരായിരുന്നു എന്ന് പറഞ്ഞുവല്ലോ. യൂറോപ്യന്‍ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ സഹകരണം മൂലം അവരുടെ ആഢ്യത്വത്തിന് കുറച്ച് കുറവുണ്ടായിരുന്നുവെങ്കിലും ദലിതരോടുള്ള സമീപനത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല.

യൂറോപ്പില്‍ സംഭവിച്ച നവോത്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെട്ട ന്യൂജറുസേലം സഭ ടാന്‍ക്വിബാറില്‍ (Tanquibar) സിഗെന്‍ബാഗിന്റെ (Zeigan baig) നേതൃത്വത്തില്‍ 1706 ല്‍ സ്ഥാപിക്കപ്പെട്ടതോടു കൂടിയാണ് ഇന്ത്യയില്‍ അടിമവര്‍ഗ്ഗങ്ങളുടെ ഇടയിലേക്ക് ആദ്യമായി ക്രൈസ്തവ സന്ദേശം എത്തുന്നത് എന്ന് റവ:അസ്സറിയാ ഠവല ൗിരവൃശേെശമി ശെറല ീള വേല കിറശമി രവൗൃരവ എന്ന ഗ്രന്ഥം എട്ടാം പേജില്‍ പറയുന്നു. അധികം താമസി യാതെ അവിടെ ഭിന്നിപ്പ് ആരംഭിച്ചു. അടിമവര്‍ഗ്ഗങ്ങളില്‍ നിന്നും മതപരിവര്‍ ത്തനം നടത്തിയവരോട് പരിശുദ്ധ കുര്‍ബാനയില്‍ വിവേചനം കാണിച്ചു എന്നതാണ് അതിന്റെ കാരണം. ബഞ്ചമിന്‍ ഷ്യൂസ്സ് (Benjamine Shwitze) എന്ന ലൂതറന്‍ മിഷനറി തന്നെ അടിമ ക്രിസ്ത്യാനി കള്‍ക്ക് പ്രത്യേക പാത്രത്തില്‍ നിന്നും കുര്‍ബാന നല്‍കുന്നതില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. അതിന്റെ ഫലമായി വേപ്പര (Vepary) എന്ന മദ്രാസിനടുത്തുള്ള ഒരു സ്ഥലത്ത് മറ്റൊരു സഭ സ്ഥാപിക്കപ്പെട്ടു എന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ തന്നെ പറയുന്നു. അങ്ങനെ വിവേചനവും ഭിന്നിപ്പും ഇന്ത്യയില്‍ ആധുനിക ക്രൈസ്തവസഭയുടെ ആരംഭം മുതല്‍ തന്നെ ഉണ്ടായിരുന്നു.

അതിനെല്ലാം ശേഷമാണ് ആധുനിക മിഷനറി പ്രസ്ഥാനവുമായി (Modern Missionary Movement) റവ: വില്യംകാരി (Willaim Carry) 1793ല്‍ കല്‍ക്കട്ടയ്ക്ക് 16 മൈല്‍ അകലെ സെറാംപൂരിലെത്തിയത് പിന്നെ എല്‍.എം.എസ്. മിഷനറിമാര്‍ 1806ല്‍ തിരുവിതാംകൂറിലെത്തി. കത്തോലിക്കാ-യാക്കോബായ യാഥാസ്ഥിതികരേക്കാള്‍ താരതമ്യേന മെച്ചപ്പെട്ട സമീപനം അവര്‍ ദലിതരോട് സ്വീകരിച്ചു. അവര്‍ക്കു പുറമേ 1816 ല്‍ സി.എം.എസ്സുകാരും വന്നു. അവര്‍ ആദ്യം ഇവിടത്തെ യാക്കോബായക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ 1836ല്‍ നടന്ന മാവേലിക്കര സുനഹദോസോട് കൂടി അവരുമായി തെറ്റിപ്പിരിഞ്ഞ് തങ്ങളുടെ പ്രവര്‍ത്തനം മധ്യതിരുവിതംകൂറിലെ ദലിതരില്‍ കേന്ദ്രീകരിച്ചു. അങ്ങനെയാണ് അവിടെ ദലിതരില്‍ ഒരു നല്ല വിഭാഗം ക്രൈസ്തവരായത്. അവരാണ് പിന്നീട് യോഹന്നാന്‍ ഉപദേശിയുടെ ആശയങ്ങളില്‍ ആകൃഷ്ടരായത്. ക്രൈസ്തവരായി യെങ്കിലും തങ്ങള്‍ ആഗ്രഹിച്ചത് ലഭിക്കാതെ വന്നപ്പോള്‍ അവര്‍ മാറി ചിന്തിക്കാന്‍ പ്രേരിതരായി. ആ മാറി ചിന്തിക്കലാണ് ഇവിടത്തെ എല്ലാനവോത്ഥാനത്തിനും കാരണമായത്.

പുറത്ത് നിന്ന് എന്ത് വന്നാലും അതിനെ കയ്യോടെ സ്വീകരിച്ചു അതിലെ നല്ലവശം സ്വന്തമാക്കുകയും പിന്നെ അതിന്റെ കുത്തകക്കാ രായി അതിനെ സ്വന്തം തത്വശാസ്ത്രത്തിന് അനുഗുണമാക്കി മാറ്റുകയും ചെയ്യുക എന്നത് ആര്യ ബ്രാഹ്മണരുടെ ഒരു സ്വഭാവ സവിശേഷത യാണ്. ഇംഗ്ലീഷുകാര്‍ ഇവിടെ വന്നപ്പോള്‍ അവരുടെ ഭാഷയായ ഇംഗ്ലീഷിനെ ദ്വേഷിക്കുകയും ഉപയോഗശൂന്യം എന്ന് വിധി എഴുതുകയും ചെയ്തു. അതിന് ശേഷം അവര്‍ ഇന്ത്യയിലെ അധികാരത്തിന്റെ കുത്തകക്കാ രായപ്പോള്‍ ഇംഗ്ലീഷ് അവര്‍ വശമാക്കുകയും ഭരണത്തില്‍ പങ്കാളികളാ കുകയും ദലിതരെ ദ്രോഹിക്കാന്‍ ആ അവസരം വിനിയോഗിക്കുകയും ചെയ്തു.

ഒരേ ജോലിക്ക് ഒരേ ശമ്പളം എന്ന ഇംഗ്ലീഷ് നയത്തെ അവര്‍ ശക്തമായി എതിര്‍ത്തു. ശമ്പളം ആര്‍ക്കും ജാതിയടിസ്ഥാനത്തില്‍ നല്‍കണമെന്ന് ശാഠ്യം പിടിച്ചു. അതേതുടര്‍ന്നാണ് ബോംബെ പ്രവിശ്യയില്‍ പട്ടാളത്തിലെ മഹര്‍ രജിമെന്റിന് ജാതി അടിസ്ഥാനത്തില്‍ ശമ്പളം കൊടുക്കാന്‍ ഇംഗ്ലീഷുകാര്‍ വിസമ്മതിക്കുകയും അവസാനം അത് നിറുത്തലാക്കുകയും ചെയ്തത്. അതിനെതിരെ ഡോ. അംബേദ്ക്കറുടെ പിതാവ് റാംജി സക്പാല്‍ പ്രക്ഷോഭണം നടത്തി അത് പുനഃസ്ഥാപിക്കേണ്ടി വന്നു. അതെല്ലാം അംബേദ്ക്കര്‍ എന്ന കൃതിയില്‍ സവിസ്തരം ചര്‍ച്ചചയ്തിട്ടുണ്ട്.

മാവേലിക്കര സുനഹദോസ്സില്‍ വച്ച് സി.എം.എസ്‌കാരും യാക്കോബാ ക്കാരും തമ്മില്‍ തെറ്റിപിരിയുമ്പോള്‍ യാക്കോബായ ക്കാരിലെ കുറച്ച് ആഢ്യക്രിസ്ത്യാനികള്‍ സി.എം. എസുമാരുടെ കൂടെ തങ്ങിനിന്നു. അക്കൂട്ടത്തിലേയ്ക്കാണ് ദലിതര്‍ മതപരിവര്‍ത്തനം നടത്തിചെന്നത്. അത് ആഢ്യകിസ്ത്യാനികളെ വിറളി പിടിപ്പിച്ചു. അവരുടെ ആഗമനത്തെ എതിര്‍ത്തു. പുലയരെ തങ്ങളോടൊപ്പം ആരാധനയ്ക്കായി അനുവദിച്ചാല്‍ തങ്ങള്‍ കൂട്ടത്തോടെ സി.എം.എസ് വിട്ടു പോകും എന്ന് ഭീഷണി മുഴക്കി. അങ്ങനെ ഭീഷണി മുഴക്കിയ ആയിരത്തിലധികം ആഢ്യക്രിസ്ത്യാനികളെ ഉപേക്ഷിക്കാന്‍ റവ. കേലി എന്ന മിഷനറി തയ്യാറായി എന്ന് ജെ. ഡബ്‌ളിയു.ഗ്ലാഡ്സ്റ്റണ്‍ Protestant christianity and peoples movement in Kerala എന്ന ഗ്രന്ഥം 128-ാം പേജില്‍ പറയുന്നു. പക്ഷെ കേലിമാര്‍ അവരുടെ കൂടെ വളരെ വളരെ കുറവായിരുന്നു.

പിന്നെ അവരുടെ മിഷന്‍ പ്രവര്‍ത്തനത്തില്‍ ആഢ്യ ക്രൈസ്തവര്‍ കടന്നു കയറി ക്രൈസ്തവദര്‍ശനമനുസരിച്ചു ദലിതരെസമീപിക്കുന്നതില്‍ നിന്നും അവരെ അകറ്റി. യോഹന്നാന്‍ ഉപദേശിയും വെള്ളിക്കര മത്തായി ആശാനും മറ്റും ആഢ്യക്രിസ്ത്യാനികളില്‍ നിന്നും ആ വിധത്തില്‍ ഏറെ ദ്രോഹം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് അതിനെതിരെ അവര്‍ നടത്തിയ പ്രക്ഷോഭണമാണ് ഇവിടുത്തെ സാമൂഹ്യ നവോത്ഥാനത്തിന്റെ സ്രോതസ്സ്. പി. ആര്‍. ഡി. എസ് രൂപം കൊള്ളേണ്ടി വന്നതും ആ പശ്ചാത്തലത്തിലാണ്. മാര്‍ത്തോമ്മ സഭയി ലെയും ബ്രദറന്‍ സഭയിലേയും വേര്‍പാട് സഭയിലേയും മറ്റും ആഢ്യക്രിസ്ത്യാനികളുടെ സമീപനമാണ് അവരെ പ്രകോപിപ്പിച്ചത്. വെള്ളിക്കര മത്തായി ആശാന്‍ അയ്യങ്കാളിയെ കണ്ടതും മത്തായി എന്ന പേരു മാറ്റി ചോതി എന്നാക്കിയതും മറ്റും ഉദാഹരങ്ങളാണ്. അത് അയ്യങ്കാളി ഒരു സമഗ്രപഠനം എന്ന ഗ്രന്ഥത്തില്‍ സവിസ്തരം ചര്‍ച്ച ചെയ്തിട്ടുണ്ട്.

എന്നാല്‍ യോഹന്നാന്‍ പിന്നെ കുമാരനാകാന്‍ പോയില്ല. അതിനാല്‍ പി. ആര്‍.ഡി എസ്‌കാര്‍ ഇന്നും താരതമ്യേന മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുന്നു. 1950 കളില്‍ അവര്‍ നിലപാടു മാറ്റി. യോഹന്നാന്‍ ഉപദേശിയെ അവര്‍ കുമാരഗുരുദേവനാക്കി. ഫലം എന്തായി എന്നു പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ല. അത് അവര്‍ തന്നെയാണ് തീരുമാനിക്കേ ണ്ടത്. പക്ഷെ ഇന്നും ദലിത് ക്രിസ്ത്യാനികളെ പട്ടികജാതിയില്‍പ്പെടു ത്തിയാല്‍ സംവരണത്തിന്റെ പ്രയോജനം അവര്‍ കൊണ്ടു പോകും എന്നു ഭയപ്പെടുന്ന ഹൈന്ദവദലിതര്‍ അറിഞ്ഞോ അറിയാതെയോ സമ്മതിക്കുന്ന ഒരു കാര്യം ഉണ്ട്. ദലിത്ക്രിസ്ത്യാനിയോടു മല്‍സരിക്കാന്‍ ഇന്നും ദലിതര്‍ ഭയപ്പെടുന്നു. സംവരണം എന്നുപറയുന്ന സര്‍ക്കാരിന്റെ നക്കാപ്പിച്ചയെയാണ് അവരിന്നും ആശ്രയിക്കുന്നത്. അതുതന്നെ കണക്കു പറഞ്ഞു വാങ്ങിക്കാന്‍ ആറുദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന അവരും പിന്നോക്ക ക്കാരും ചേര്‍ന്ന് അധികാരം പിടിച്ചെടുത്തിട്ട് ന്യൂനപക്ഷം വരുന്ന ബ്രാഹ്മണര്‍ക്ക് സംവരണം നല്‍കുക എന്ന വിശാല ദലിത് നയത്തിലേ യ്ക്ക് നീങ്ങാന്‍ അവര്‍ക്കിനിയും കഴിഞ്ഞിട്ടില്ല.

മറ്റൊരു ഉദാഹരണം ഇവിടുത്തെ കമ്മ്യുണിസത്തിന്റെ ആഗമനമാണ്. ഉള്ളവരും ഇല്ലാത്തവരും മുതലാളികളും തൊഴിലാളി കളും ആഹരി ക്കുന്നവരും അദ്ധ്വാനിക്കുന്നവരും എന്ന രണ്ടു വിഭാഗമായി ട്ടാണ് അവര്‍ ജനത്തെ വിഭജിച്ചത്. ഇന്ത്യയിലും കേരളത്തിലും ഇല്ലാത്തവരും തൊഴിലാ ളികളും അദ്ധ്വാനിക്കുന്നവരുമെല്ലാം ദലിതരാണ്. അതിനാല്‍ ദലിതര്‍ക്ക് ഒരു താങ്ങായിട്ടാണ് ഇവിടെ കമ്മ്യൂണിസം പ്രവര്‍ത്തിക്കേണ്ടത്. പക്ഷെ ഇവിടെ കമ്യൂണിസത്തിലേയ്ക്ക് ആദ്യം കയറിപ്പറ്റിയത് ആഢ്യ ബ്രാഹ്മണരും സവര്‍ണ്ണരുമാണ്. അതിനാല്‍കേരളത്തിലെ കമ്യൂണിസത്തി ന്റെ എഴുപതു കൊല്ലത്തെ പ്രവര്‍ത്തന ത്തിനുശേഷവും ദലിതര്‍ ഇവിടെ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നവരും കമ്യൂണിസ്റ്റ് ബ്രാഹ്മണര്‍ ആ ചൂഷണത്തിന് നേതൃത്വം കൊടുക്കുന്ന വരും എന്ന മുക്കാല്‍ നൂറ്റാണ്ടു മുമ്പത്തെ സ്ഥിതിവിശേഷം തന്നെ തുടരുകയാണ്. 

ഇവിടെ ക്രിസ്തുസന്ദേശവും എന്നും ആധിപത്യത്തിനുവേണ്ടി ശ്രമിക്കുക യാണ് ചെയ്തിട്ടുള്ളത്. ബ്രാഹ്മണിസം ഇവിടെ എത്തുകയും ക്രൈസ്തവര്‍ അതിന്റെ ഭാഗമായി മാറുകയും ചെയ്തതു മുതല്‍ അവര്‍ സവര്‍ണ്ണ മേധാവിത്വത്തിന്റെ ഒരു ഭാഗമായി. അവര്‍ അവര്‍ണ്ണര്‍ക്കു മേല്‍ മാത്രമല്ല സവര്‍ണ്ണ ശൂദ്രരുടെ മേലും ആധിപത്യം അടിച്ചേല്പിച്ചു. പിന്നെ പോര്‍ട്ടുഗീസ്‌കാര്‍ ഇവിടെ ക്രൈസ്തവ സന്ദേശവുമായി എത്തി ഇവിടു ത്തെ ആഢ്യക്രൈസ്തൂരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു. അതിനുശേഷം പ്രൊട്ടസ്റ്റന്റ് ക്രൈസ്തവമിഷനറിമാര്‍ വന്നപ്പോള്‍ അവര്‍ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ അവരുടെ കൂടെ ചേര്‍ന്നു കൊണ്ട് ക്രൈസ്തവദലിതരുടെ മേല്‍ ആധിപത്യം നടത്താന്‍ ശ്രമിച്ചു. യോഹന്നാന്‍ ഉപദേശിയെ പോലുള്ളവര്‍ക്ക് അതിനെ എതിര്‍ക്കാതിരിക്കാന്‍ നിര്‍വ്വാ ഹമില്ലായിരുന്നു. ആ എതിര്‍പ്പു രൂക്ഷമായി. ശക്തമായി. അതൊരു പ്രസ്ഥാനമായി. കേരളത്തിലെ ആദ്യത്തെ ശക്തമായ ജാതി വിരുദ്ധപ്ര സ്ഥാനം അങ്ങനെ രൂപം കൊണ്ടു.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ