"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

പൊയ്കയില്‍ അപ്പച്ചന്‍: വേര്‍പാട് സഭയില്‍ - ദലിത്ബന്ധു എന്‍ കെ ജോസ്

പിന്നെ യോഹന്നാന്‍ പോയത് വേര്‍പാട് സഭയിലേയ്ക്കാണ്. അവിടെ നോയല്‍ എന്ന യൂറോപ്യന്‍ മിഷനറിയായിരുന്നു അദ്ദേഹത്തി ന്റെ ആരാധകന്‍. ഒടുവില്‍ ശത്രുവായി മാറി യതും അദ്ദേഹം തന്നെയാണ്. യോഹന്നാന്‍ ഉപദേശിയുടെ പ്രസംഗത്തിന്റെ തീവ്രതയിലും ഉണര്‍വിലും വിശ്വാസികള്‍ വര്‍ദ്ധിച്ചപ്പോള്‍ സായ്പ് അദ്ദേഹത്തെ അനുമോദിച്ചു. പക്ഷേ വേര്‍പാട് സഭയിലെ ഒരു ശമ്പളക്കാരന്‍ എന്നതിലപ്പുറം യോഹന്നാനെ കാണുവാന്‍ സായ്പ് തയ്യാറായില്ല. സായ്പ് ഉപദേശിക്ക് മാസം അന്‍പത് രൂപ ശമ്പളം നിശ്ചയിച്ചു. ആദ്യമാസത്തെ ശമ്പളം കൊടുത്തപ്പോള്‍ ഉപദേശി അത് നിഷേധിച്ചു. സഭ തന്റേതും കൂടിയാണ് എന്നു കാണുവാന്‍ സാധിക്കാത്ത പരിതസ്ഥിതയില്‍ ഒരു യൂറോപ്യന്റെ വെറും ശമ്പളക്കാ രനായി ഒതുങ്ങി കൂടുവാന്‍ ഉപദേശി തയ്യാറായില്ല. അപ്പസ്‌തോലന്‍മാര്‍ ആരില്‍ നിന്നും ശമ്പളം വാങ്ങാതെ സഞ്ചരിച്ചാണ് സുവിശേഷ പ്രസംഗം നടത്തിയത്. താന്‍ ശരിയെന്നു ബോദ്ധ്യപ്പെട്ട കാര്യം മറ്റുള്ളവരെ ധരിപ്പിക്കുന്നതിന് തനിക്ക് ആരുടെയും ശമ്പളം വേണ്ട എന്ന് ധീരമായി തന്നെ സായിപ്പിന്റെ മുഖത്ത് നോക്കി ഉപദേശി പ്രഖ്യാപിച്ചു. ഇന്ന് സായിപ്പിന്റെ പൈസയ്ക്ക് വേണ്ടി ഓടി നടക്കുന്നത് ദലിത് ക്രിസ്താനി കള്‍ മാത്രമല്ല ആഢ്യ ക്രിസ്താനികളും അവരുടെ പുരോഹിത വര്‍ഗ്ഗവു മാണ്. അവരാണ് ആണ്ട് തോറും റോമിലും യൂറോപ്പിലും അമേരിക്ക യിലുമെല്ലാം പോകുന്നത്. അവരുടെ നക്കാപിച്ച വാങ്ങി ഇവിടെ കൊണ്ട് വന്ന് കൊട്ടാരങ്ങളും (അരമന) കൊട്ടാര സദൃശ്യമായ കാറുകളും വാങ്ങി വങ്കത്തം കാണിക്കുന്നത്. പിന്നെ നാടൊട്ടുക്ക് വലിയ പള്ളികളും പണിയുന്നുണ്ട്. ക്രിസ്തുവുമായി അവര്‍ക്ക് എന്ത് ബന്ധം? അതിലൊരു ഭാഗം വിദ്യാലയങ്ങള്‍ക്കും ആതുരാലയ ങ്ങള്‍ക്കും കൂടി മുടക്കുന്നുണ്ടു പോലും. ആദ്യകാലത്ത് അത് ഒരു സേവനമായിരുന്നു. ഇന്ന് അത് ഒരു വ്യവസായമാണ്. ലാഭകരമായ വ്യവസായം. ഒന്നുമുടക്കിയാല്‍ രണ്ട്. ആഢ്യ ക്രൈസ്തവരില്‍ ഒരുവിഭാഗത്തിനോട് പോലും പൊരുത്തപ്പെട്ടു പോകാന്‍ ഉപദേശിക്ക് കഴിയാതെ വന്നു. അദ്ദേഹം മൊത്തം ക്രൈസ്ത വസഭകളെ പുശ്ചിച്ചു തള്ളി. ഒരു സ്വതന്ത്ര ചിന്തകനാകാന്‍ ആഗ്രഹിച്ചു. ബൈബിള്‍ അപ്പോഴും തന്റെ കക്ഷത്തിലുണ്ടായിരുന്നു. അത് അദ്ദേഹ ത്തിന്റെ സ്വതന്ത്രചിന്തയെ പ്രോത്‌സാഹിപ്പിച്ചു. അദ്ദേഹം എവിടെ പോയാലും കൂടെ പോകാന്‍ ഏറെ അനുയായികളും ശ്രോതാക്കളു മുണ്ടായിരുന്നു. അത് അദ്ദേഹത്തിന് കരുത്ത് നല്‍കി. വേര്‍പാട് സഭയില്‍ നിന്നും പിരിഞ്ഞു. മറ്റൊരു സഭയിലും ചേരേണ്ടതില്ല എന്ന് തീരുമാനിച്ചു.

ഈ ഘട്ടത്തിലാണ് തിരുവിതാംകൂര്‍ സുവിശേഷ ബാലസംഘം ചാത്തം പുത്തൂര്‍ സി.എ. യോഹന്നാന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടത്. ഒരു ഘട്ടത്തില്‍ മധ്യ തിരുവിതാംകൂറില്‍ അവര്‍ക്ക് 42 ഇടവക പള്ളിക്കൂട ങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞു എന്ന് മുമ്പ് സൂചി പ്പിച്ച രജികുമാറിന്റെ ഗ്രന്ഥത്തില്‍ പറയുന്നു. അവര്‍ ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനേക്കാളേറെ ദലിതരുടെ വിദ്യാഭ്യാസ രംഗ ത്താണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചത് എന്നതിന് അത് സാക്ഷ്യം വഹി ക്കുന്നു. ഇന്ന് തിരുവിതാംകൂര്‍ അല്ലെങ്കില്‍ കേരളം സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നതിന്റെ പിന്നില്‍ പ്രസ്തുത സംഘടനയുടെയും അതുപോലെയുള്ളവരുടെയും പ്രവര്‍ത്തനമാണ് ഉണ്ടായിരുന്നത് എന്ന് വ്യക്തമാണ്. പകല്‍ സമയങ്ങളില്‍ കുട്ടികളെ അക്ഷരം പഠിപ്പിക്കുകയും രാത്രി ആരാധന നടത്തുകയുമായിരുന്നു അവരുടെ പ്രവര്‍ത്തന രീതി. (ഇന്ന് പലരും അവകാശവാദം ഉയര്‍ത്തുന്നുണ്ട് തങ്ങളാണ് കേരളത്തെ വിദ്യാഭ്യാസവല്‍ക്കരിച്ചത് എന്ന്.) എന്നാല്‍ പാവപ്പെട്ട ദലിതരാണ് ആ രംഗത്തെ മാര്‍ഗ്ഗദര്‍ശികള്‍. 1806 ല്‍ എല്‍.എം.എസുകാര്‍ തെക്കന്‍ തിരുവിതാംകൂറില്‍ മൈലാടിയില്‍ ആദ്യത്തെ സ്‌കൂള്‍ സ്ഥാപിച്ചത് മുതല്‍ തുടര്‍ന്ന് പോന്ന ഒരു പ്രക്രിയയാണത്. പുലയനും പറയനും ചാന്നാനും ഈഴവനും മറ്റും അക്ഷരം പഠിക്കാന്‍ തുടങ്ങി എന്നത്. അതിനെല്ലാം ശേഷം മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞാണ് ആഢ്യ ക്രൈസ്തവര്‍ ആ രംഗത്ത് എത്തിയത്. മാന്നാനത്തെ സെന്റ് അപ്രേം സ്‌കൂള്‍ മുതലാണ് കത്തോലി ക്കര്‍ ആ രംഗത്ത് എത്തിയത്. പക്ഷേ ഇന്ന് വിദ്യാഭ്യാസ രംഗത്ത് കുത്തക അവര്‍ക്കായി. അവര്‍ നിശ്ചയിക്കു ന്നവര്‍ മാത്രം വിദ്യ അഭ്യ സിച്ചാല്‍ മതി എന്നു തീരുമാനിക്കുന്നതിനുള്ള കഴിവ് അവര്‍ സമ്പാദിച്ച് എടുത്തു. അതിന് സ്വീകരിച്ച മാര്‍ഗ്ഗത്തെപ്പറ്റി പല ആക്ഷേപങ്ങളും സജീവമായിത്തന്നെ നിലനില്‍ക്കുന്നു. അവര്‍ ഇന്ന് അക്ഷരം പഠിപ്പിക്കു കയല്ല, അക്ഷരം വില്‍ക്കുകയാണ്. വിദ്യാലയ വ്യവസായം നടത്തുക യാണ്. ക്രിസ്തു പറഞ്ഞത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയ സന്ദേശം നിങ്ങള്‍ ലോകമെങ്ങും പോയി പ്രസംഗിക്കുവിന്‍ എന്നാണ്. ഇന്ന് ക്രിസ്തുവിന്റെ അനുയായികള്‍ അതു മാത്രം ചെയ്യുന്നില്ല. അവരിന്ന് ഫിസിക്‌സ് പഠിപ്പി ക്കുന്നു. കെമിസ്ട്രി പഠിപ്പിക്കുന്നു. ബയോളജി പഠിപ്പിക്കുന്നു. അങ്ങനെ പലതും. ക്രിസ്തു സന്ദേശം പുറംതള്ളുന്നു. യോഹന്നാന്‍ തന്റെ അനുയാ യികളെ ക്രിസ്തു സന്ദേശം പഠിപ്പിച്ചു. സുവിശേഷം പറഞ്ഞുകൊ ടുത്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ