"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 30, ശനിയാഴ്‌ച

യോഹന്നാന്‍ അടിയാന്‍ - ദലിത്ബന്ധു എന്‍ കെ ജോസ്

അങ്ങനെ കുമാരന്‍ ഒരു അടിയാനായിട്ടാണ് ജീവിതം ആരംഭിച്ചത്. എങ്കിലും അദ്ദേഹത്തിന് സ്‌കൂളില്‍ പോകാന്‍ അവസരം ലഭിച്ചു. അന്ന് അടിയാന്മാര്‍ക്ക് ആര്‍ക്കും വിദ്യാഭ്യാസം ലഭിക്കാന്‍ അവസരമുണ്ടായിരുന്നില്ല. കുമാരന്‍ ജനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാ ക്കള്‍ക്ക് സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. അവര്‍ ശങ്കരമംഗലത്തുകാരുടെ ഭൂമിയിലാണ് താമസിച്ചിരുന്നത്. മറിച്ച് അയ്യന്‍കാളി ജനിച്ചത് മാതാപിതാക്കളുടെ സ്വന്തം ഭൂമിയിലായിരുന്നു. എങ്കിലും അയ്യന്‍കാളിക്ക് അക്ഷരം പഠിക്കാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം ക്രൈസ്തവസഭ യിലൊന്നിലും ചേര്‍ക്കപ്പെട്ടില്ല. അന്ന് എല്‍.എം.എ സുകാര്‍ ആ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു ണ്ടായിരുന്നു. അയ്യന്‍കാളിയുടെ ഒരു അടുത്ത ബന്ധുവായ തോമസ് വാധ്യാര്‍ എല്‍.എം. എസ്സില്‍ ചേരുകയും അക്ഷരം പഠിക്കുകയും പിന്നീട് അയ്യന്‍കാളിയുടെ മുഖ്യ ഉപദേശകനും സഹായി യും ആകുകയും ചെയ്തു. അയ്യന്‍കാളി ആരുടെയും അടിമയോ അടിയാ നോ ആയിരുന്നില്ല. അന്ന് തിരുവിതാംകൂറില്‍ സി.എം. എസ്‌കാരുടെ പള്ളിക്കൂടങ്ങള്‍ പലതുണ്ടായിരുന്നു. ഇരവിപേരൂര്‍, മേപ്രാല്‍, പെരുന്തു രുത്ത്, തലവടി, വേളൂര്‍, ചെങ്ങളം, കങ്ങഴ, കോത്തല, പാമ്പാടി, കാടുമുറി തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ ഉണ്ടായിരുന്നു എന്ന് ഡോ. സാമുവേല്‍ നെല്ലിമുകള്‍ എഴുതിയ ജോണ്‍ ഹോക്‌സ്‌വത്ത് എന്ന ഗ്രന്ഥം 54-55 പേജുകളില്‍ കാണാം. അന്ന് അതെല്ലാം അടിമപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

തേവര്‍ക്കാട്ടുപള്ളിക്കൂടത്തില്‍ നിന്ന് കുമാരന്‍ അക്ഷരങ്ങള്‍ തിരിച്ചറി യാന്‍ വശമാക്കി. തെക്കന്‍ തിരുവിതാംകൂറില്‍ അയ്യന്‍കാളി ദലിതരുടെ വിദ്യാഭ്യാസ സമരം ശക്തമാക്കുന്നതിനു മുമ്പായിരുന്നു അത്. അന്ന് അവിടെയും മിഷനറിമാരുടെ സ്‌കൂളുണ്ടായിരുന്നു. അവയെ പുലപ്പള്ളി ക്കൂടം, പറപ്പള്ളിക്കൂടം എന്നെല്ലാമാണ് വിളിച്ചിരുന്നത് എന്നു മാത്രം. അവിടെ ക്രിസ്തുമതത്തില്‍ ചേര്‍ന്ന ദലിതരും അല്ലാത്ത ദലിതരും മാത്രമാണ് പഠിച്ചിരുന്നത്.

കുമാരന്റെ യഥാര്‍ത്ഥ പള്ളിക്കൂടം തേവര്‍ക്കാട്ടു സ്‌കൂള്‍ ആയിരുന്നില്ല. താന്നിക്കല്‍ കുന്നും കാടുമായിരുന്നു. ശങ്കരമംഗലം തറവാടിനപ്പുറത്ത് കാലി മേയ്ക്കാന്‍ സൗകര്യമുള്ള കാടായിരുന്നു. അവിടെ ശങ്കരമംഗ ലത്തുകാരുടെ കാലി മേയ്ക്കുക എന്നതായിരുന്നു വളരെ ചെറുപ്പം മുതലേ കുമാരന്റെ ജോലി. കാലികളെ മേയ്ക്കാന്‍ പോകുമ്പോള്‍ മഴയും വെയിലും കൊള്ളാതിരിക്കാന്‍ തലയില്‍ ഒരു പാളത്തൊപ്പിയുമു ണ്ടായിരുന്നു. അതിനകത്ത് രഹസ്യമായി ചില കടലാസുകള്‍ ഉണ്ടാകും. അത് ബൈബിളിന്റെ ഷീറ്റായിരുന്നു. കുമാരന്‍ കാലികളെ മേയ്ക്കാന്‍ വിട്ടിട്ട് അതെടുത്ത് വായിക്കാന്‍ ശ്രമിക്കും. സംശയങ്ങള്‍ രാത്രിയില്‍ കൊച്ചുകുഞ്ഞ് ഉപദേശിയെ (മുത്തൂറ്റ്) കണ്ട് ചോദിച്ചു മനസ്സിലാക്കും. അക്ഷരങ്ങള്‍ തേവര്‍ക്കാട്ടു സ്‌കൂളില്‍ നിന്നും ഗ്രഹിച്ചിരുന്നുവല്ലൊ. വായിക്കുക മാത്രമല്ല കൂട്ടുകാരെ വായിച്ചുകേള്‍പ്പി ക്കുകയും അവരുടെ സംശയങ്ങള്‍ക്കു തന്നാലാകുന്ന വിധത്തില്‍ നിവര്‍ത്തി വരുത്തുകയും ചെയ്തിരുന്നു. ബൈബിള്‍ അന്ന് ലഘുലേഖാ രൂപത്തില്‍ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. 1816 ല്‍ കേരളത്തില്‍ വന്ന സി.എം എസ്‌കാരാണ് അന്ന് ആ ദേശത്തെ സുവിശേഷ വേല നടത്തിയിരുന്നത്. 1837 ലെ മാവേലിക്കര സുനഹദോസിന് ശേഷം അവര്‍ യാക്കോബായ ക്കാരുമായി തെറ്റിപ്പിരിഞ്ഞു ദലിതരുടെ ഇടയില്‍ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി എന്നു മാത്രമല്ല സി.എം.എസുകാരും മാര്‍ത്തോ മ്മാ വിഭാഗക്കാരും തമ്മില്‍ കൂടുതല്‍ മൈത്രിയിലുമായി. ശങ്കരമംഗല ത്തുകാര്‍ മാര്‍ത്തോമ്മ വിഭാഗത്തില്‍ പെട്ട ക്രിസ്ത്യാനികളാ യിരുന്നതി നാല്‍ കുമാരന് ബൈബിളിന്റെ ഭാഗങ്ങള്‍ വേഗം ലഭിച്ചിരുന്നു.

അറിഞ്ഞുകൊണ്ട് ഒരു മാര്‍ത്തോമ്മ ക്രിസ്ത്യാനിയാകുകയല്ല അദ്ദേഹം ചെയ്തത്. അഞ്ചാമത്തെ വയസ്സില്‍ സഭാകാര്യങ്ങളില്‍ എന്ത് അറിവാണ് ഉണ്ടാകുക. ശങ്കരമംഗലംകാര്‍ അദ്ദേഹത്തെ ക്രിസ്ത്യാനി യാക്കി. അങ്ങനെ കുമാരന്‍ ക്രിസ്ത്യാനിയായി. യോഹന്നാനായി. പക്ഷെ പിന്നീട് അദ്ദേഹം ബൈബിള്‍ വായിച്ചു പഠിച്ചു. ബൈബിളും തന്റെ ജീവിതവുമായി താരതമ്യം ചെയ്തു. ചുറ്റുപാടുമുള്ള ബൈബിള്‍ അനുയായികളുടെ ജീവിതത്തെയും അദ്ദേഹം നിരീക്ഷിച്ചു. ബൈബിള്‍ അദ്ദേഹത്തിന് പ്രചോദനം നല്‍കി. നൂറ്റാണ്ടുകളായി അടിമത്തത്തില്‍ കിടന്നവര്‍ക്ക് ബൈബിള്‍ മോചനത്തിന്റെ സ്വരമായിരുന്നു. 

ബൈബിള്‍ വായിക്കുന്തോറും കുമാരനെ പല പ്രശ്‌നങ്ങളും അലട്ടാന്‍ തുടങ്ങി. അന്നു മാര്‍ത്തോമ്മക്കാരും സി.എം.എസ്‌കാരും ബൈബിള്‍ വളരെ പേര്‍ക്കു നല്‍കി. പക്ഷെ യോഹന്നാന്‍ ബൈബിള്‍വായിച്ചതും പഠിച്ചതും മറ്റൊരു വിധത്തിലാണ്. യോഹന്നാന്‍ പഠിക്കുക മാത്രമല്ല ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്തു. യോഹന്നാന്റെ കൂടെ അന്ന് കാലി മേയ്ചുകൊണ്ടിരുന്ന മറ്റ് കുട്ടികളോടാണ് യോഹന്നാന്‍ തന്റെ ബൈബിള്‍ പ്രസംഗം ആരംഭിച്ചത്. താന്‍ വായി ക്കുന്ന ഓരോ ഭാഗവും യോഹന്നാന്‍ നല്ല കൊച്ചു കൊച്ചു വാചകത്തില്‍ പച്ച മലയാളത്തില്‍ ആ കാലി പിള്ളേര്‍ക്ക് മനസ്സിലാക ത്തക്കവിധത്തില്‍ വിശദീകരിച്ചു കൊടു ത്തു. പിന്നീട് വലിയൊരു ബൈബിള്‍ പ്രാസംഗിക നായി മാറിയ യോഹന്നാ ന്റെ ബാലപാഠ ങ്ങളായിരുന്നു അവ. യോഹന്നാനെ ഉപദേശി യാക്കി മാറ്റിയത് ആ കുന്നുകളും കാടും കാലികളും ആ കാലിച്ചെറു ക്കന്‍ മാരുമായിരുന്നു. യോഹന്നാന്റെ യഥാര്‍ത്ഥ വിദ്യാലയം തേവര്‍ക്കാ ട്ടു പള്ളിക്കൂടമായിരുന്നില്ല എന്നു പറഞ്ഞതും അതുകൊണ്ടാണ്. അവരെ ബൈബിള്‍ പറഞ്ഞു മനസ്സിലാ ക്കാന്‍ കഴിഞ്ഞപ്പോള്‍ പിന്നെ യോഹന്നാന് ആരെയും ബൈബിള്‍ വിശദീകരിച്ചു ബോദ്ധ്യപ്പെടുത്താമെന്നായി.

ബൈബിള്‍ ക്രിസ്ത്യാനികള്‍ക്കു വായിക്കാനും പഠിക്കാനും മാത്രമുള്ള ഒന്നല്ല പ്രവര്‍ത്തിക്കാനും കൂടിയുള്ളതാണ് എന്ന ബോധം തേവര്‍ക്കാട്ടു കാട്ടില്‍ നിന്നും തന്നെ യോഹന്നാന്‍ സമ്പാദിച്ചിരുന്നു. ക്രിസ്ത്യാനിക ളില്‍ത്തന്നെ കത്തോലിക്കര്‍ക്ക് അന്ന് ബൈബിള്‍ വായിക്കാന്‍ അനുവാദ മില്ലായിരുന്നു. അവരുടെ വൈദികരും മൈത്രാന്മാരും ബൈബിള്‍ വായിച്ചശേഷം കൊടുക്കുന്ന വ്യാഖ്യാനം മാത്രമേ അവര്‍ക്ക് സ്വീകാര്യമാ യിരുന്നുള്ളു. പക്ഷെ അന്നത്തെ ക്രിസ്ത്യാനികള്‍ ആരും ബൈബിള്‍ പ്രവര്‍ത്തിയില്‍ സ്വീകരിച്ചിരുന്നില്ല. അത് യോഹന്നാന്‍ അനുഭവത്തിലൂടെ അറിഞ്ഞു. അത് യോഹന്നാനെ ഇരുത്തി ചിന്തിപ്പിച്ചു. തന്നെക്കാളേറെ ബൈബിള്‍ കൊണ്ടു നടക്കുന്ന, എപ്പോഴും ബൈബിള്‍ വായിക്കുന്ന തമ്പുരാക്കന്‍മാര്‍ പ്രവര്‍ത്തിക്കുന്നത് ബൈബിളില്‍ പറഞ്ഞിരിക്കുന്നതു പോലെയല്ല എന്ന ദുഃഖസത്യം യോഹന്നാന് ബോദ്ധ്യപ്പെട്ടു.

1897 മുതല്‍ യോഹന്നാന്‍ പ്രസംഗിക്കാന്‍ തുടങ്ങി. ബൈബിളിനെ ആസ്പദമാക്കിയുള്ള പ്രസംഗങ്ങള്‍. യോഹന്നാന്റെ പ്രസംഗങ്ങള്‍ ആവേശം ഉളവാക്കുന്നതായിരുന്നു. ജനം യോഹന്നാന്റെ പ്രസംഗം ശ്രവിച്ചു. കറുത്തവനും കയറി നിന്നു പ്രസംഗിക്കാന്‍ തുടങ്ങി എന്നത് യോഹന്നാന്റെ സഹജാതര്‍ക്ക് ഒരു പുതുമയായി തോന്നി. അവര്‍ യോഹന്നാനെ കൂടുതല്‍ ശ്രവിക്കാനും ശ്രദ്ധിക്കാനും തുടങ്ങി. അങ്ങനെ ആഢ്യക്രി സ്ത്യാനികളെക്കാള്‍ ഏറെ അവശക്രി സ്ത്യാനികള്‍, പുതു ക്രിസ്ത്യാനികള്‍, യോഹന്നാന്റെ പ്രസംഗങ്ങള്‍ ശ്രവിച്ചു. അദ്ദേഹത്തി ന്റെസ്വര മാധുര്യവും കവിതകള്‍ രചിക്കാനുള്ള കഴിവും അത് ഈണ ത്തില്‍ ആലപിക്കാനുമുള്ള പാടവവും ബൈബിളിലുള്ള അവഗാഹവും, വാക്ചാതുതരിയും, യുക്തിബോധവും, ഏതു വിഷയത്തെപ്പറ്റിയും സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായവും അത് അവതരിപ്പിച്ചു വാദിക്കാനുള്ള കഴിവും മറ്റും ശ്രോതാക്കള്‍ക്ക് ഏറെ ആകര്‍ഷണീ യമായിത്തോന്നി.

20-ാം നൂറ്റാണ്ടിന്റെ പ്രഥമവര്‍ഷത്തില്‍ അദ്ദേഹം മാരാമണ്‍ കണ്‍വെന്‍ ഷനില്‍ പ്രസംഗിച്ചത് ദൈവസന്തതികളും ദുഷ്ടസന്തതികളും എന്ന വിഷയത്തെ ആസ്പദ മാക്കിയാണ്. ഒട്ടകം സൂചിക്കുഴ യിലൂടെ കടക്കുന്നതു പോലെയാണ് ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുന്നത് എന്നു പ്രസംഗി ച്ച ക്രിസ്തു വിന്റെ ദൃഷ്ടിയില്‍ ദുഷ്ടസന്തതികള്‍ ആരാണ് എന്ന് പ്രത്യേകം എടുത്തു പറയേണ്ട തുണ്ടോ എന്നായിരുന്നു അദ്ദേഹ ത്തിന്റെ പ്രസംഗം. അദ്ദേഹത്തിന് ഒരു പ്രത്യേക പ്രസംഗ ശൈലിയുണ്ടാ യിരുന്നു. അത് വിഷയത്തിന്റെ അടിസ്ഥാന മര്‍മ്മത്തി ലേയ്ക്ക് നുഴഞ്ഞു കയറുന്നതായി രുന്നു. അദ്ദേഹം ഉപയോഗിക്കുന്ന ഓരോ വാക്കും കുറിക്കു കൊള്ളുന്ന തായിരുന്നു. അയ്യന്‍കാളിയുടെ കായബലം അപാര മായിരുന്നു വെങ്കില്‍ യോഹന്നാന്‍ ഉപദേശിയുടെ വാക്ബലം അതുല്യ മായിരുന്നു. 

'തേച്ചുമിനുക്കിയാല്‍ കാന്തിയും മൂല്യവും വാച്ചിടും കല്ലുകള്‍ ഭാരതാം ബേ......' എന്നു കുമാരനാശന്‍ പാടിയത് ഇവരെയല്ലൊം മനസ്സില്‍ കണ്ടിട്ടായിരിക്കണം. ഉപദേശിയുടെ പ്രസംഗം കേള്‍ക്കുന്ന ആരും അദ്ദേഹത്തിന്റെ വാദങ്ങളെ സശിരാകമ്പം അംഗീകരിക്കുക മാത്രമല്ല അത് നടപ്പാക്കാന്‍ ഇറങ്ങിപുറപ്പെടുകയും ചെയ്യും. ആളുകളെ ആവേശഭരിത രാക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അന്യാദൃശമായിരുന്നു.

അദ്ദേഹം മാര്‍ത്തോമ്മ സഭയിലായിരുന്ന കാലത്ത് ആയിരക്കണ ക്കിന് ദലിതര്‍ ആ സഭയില്‍ എത്തിയത് അദ്ദേഹത്തിന്റെ പ്രസംഗ ചാതുര്യം ഒന്നു കൊണ്ടുമാത്രമായിരുന്നു. അദ്ദേഹം ബ്രദറന്‍ സഭയിലേയ്ക്ക് പോയപ്പോള്‍ അവരെല്ലാം അദ്ദേഹത്തോടൊപ്പം കൂടെ പോയി. അദ്ദേഹം വേര്‍പാട് സഭയിലേയ്ക്ക് പോയപ്പോള്‍ കൂടെ പോകാന്‍ അവരെല്ലാ പേരും ഉണ്ടായിരുന്നു. അദ്ദേഹം അവിടെ നിന്നും പിരിഞ്ഞ പ്പോള്‍ അവരെല്ലാപേരും പിരിഞ്ഞു. അക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അനുയാ യികള്‍ക്ക് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. ആ ജനത്തെ എവിടേയ്ക്കു വേണമെങ്കിലും കൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു. ഡോ. അംബേദ്ക്കറോടൊപ്പം ബുദ്ധമതത്തില്‍ ചേരാന്‍ മൂന്നു ലക്ഷം അനുയായികള്‍ ഉണ്ടായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍മറ്റൊരു ഒരു ലക്ഷവും. അറിഞ്ഞുകൊണ്ടല്ലെങ്കിലും അവര്‍- അംബേദ്ക്കറുടെ അനുയാ യികള്‍-യോഹന്നാന്‍ ഉപദേശിയുടെ അനുയായികളെ അനുകരിച്ചു. ഉപദേശി മറ്റൊരു മോശയും അഹ്‌റോനും ചേര്‍ന്നതായിരുന്നു. അവര്‍ കനാന്‍ പ്രദേശത്ത് എത്തിയൊ എന്നതു മാത്രമാണ് ഇന്നത്തെ പ്രശ്‌നം.

അദ്ദേഹം ദലിത് ക്രൈസ്തവര്‍ക്കായി പ്രത്യേക പ്രസംഗങ്ങള്‍ നടത്തി. ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഒരു പുതിയ സന്ദേശം അവരില്‍ അദ്ദേഹം എത്തിച്ചു. ദൈവം നമ്മുടെ പിതാവും മനുഷ്യരെല്ലാം സഹോദ രങ്ങളും. എന്നാല്‍ ബൈബിള്‍ ശ്രോതാക്കളായ ആഢ്യ ക്രിസ്ത്യാനികള്‍ക്ക് അത് സ്വീകാര്യമായിരുന്നില്ല. ക്രിസ്ത്യാനിയാ യിരുന്നുവെങ്കിലും ദലിതരും സഹോദരരാണ് എന്നു ചിന്തിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. എന്നാല്‍ ദലിത് ക്രിസ്ത്യാനികള്‍ ആ സാഹോദര്യത്തെ അംഗീകരിക്കുക മാത്രമല്ല, ആകര്‍ഷകമായി കാണുകയും ചെയ്തു. അതിന്റെ അടിസ്ഥാ നത്തില്‍ ഒരു വേര്‍തിരിവ് ക്രമേണയാണെങ്കിലും അവരുടെ ഇടയില്‍ ഉണ്ടായി. ദലിത് ക്രൈസ്തവര്‍ തന്റെ പ്രത്യേക ജനമാണെന്ന് യോഹന്നാ നും യോഹന്നാന്‍ തങ്ങളുടെ സ്വന്തം ഉപദേശി (അതിനകം അദ്ദേഹത്തിന് യോഹന്നാന്‍ ഉപദേശി എന്ന പേരു പതിഞ്ഞു കഴിഞ്ഞിരുന്നു.) എന്ന് ദലിതരും കരുതി. 1897 മുതല്‍ 1939 വരെ അദ്ദേഹം പ്രസംഗിച്ചു. പ്രവര്‍ത്തിച്ചു. ആ 42 വര്‍ഷകാലത്തെ അദ്ദേഹത്തിന്റെ പ്രസംഗവും പ്രവൃത്തിയും മധ്യതിരുവിതാംകൂറിലെ ദലിതരുടെ ചരിത്രമാണ്. അവര്‍ യോഹന്നാനോടൊപ്പം ഏറെ വഴി താണ്ടി.

അദ്ദേഹത്തിന്റെ യോഗങ്ങളും പ്രാര്‍ത്ഥനകളും കൂട്ടങ്ങളും രണ്ടുതരത്തി ലുള്ളതായിരുന്നു. ഉടമ അടിമ ഭേദമില്ലാതെ എല്ലാവര്‍ക്കും വേണ്ടിയു ള്ളതും ദലിത്‌വിഭാഗങ്ങള്‍ക്കു മാത്രം വേണ്ടിയുള്ളതും എന്ന് വേര്‍തിരി ക്കപ്പെട്ടു. ദലിത്‌ക്രൈസ്തവര്‍ക്കുള്ള യോഗങ്ങളും പ്രസംഗ ങ്ങളും രാത്രി ഏറെ താമസിച്ച് ആഢ്യക്രൈസ്തവര്‍ പിരിഞ്ഞു കഴിഞ്ഞു മാത്രം നടത്തിപ്പോന്നു. അതില്‍ അദ്ദേഹം അവര്‍ക്കായി മാത്രമുള്ള പ്രത്യേക സന്ദേശങ്ങള്‍ നല്‍കി. അവര്‍ ഒരു പ്രത്യേക കൂട്ടമായി മാറത്തക്കവി ധത്തില്‍ സംവിധാനം ചെയ്തു. അവര്‍ ദ്രാവിഡസന്തതി കളാണ് എന്ന് അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി. പണ്ട് ഈ നാടിന്റെ ഉടമകളായിരു ന്നുവെന്നും പിന്നീട് നാട് അവര്‍ക്ക് നഷ്ടപ്പെട്ടതും എല്ലാം വിശദീകരിച്ചു. ഒരു പുതിയ ചരിത്രത്തിന്റെ ആദ്യ അധ്യായം അദ്ദേഹം അവര്‍ക്കു നല്‍കി. അതെല്ലാം കേട്ടപ്പോള്‍ അവര്‍ക്ക് ആവേശമായി. കൂടുതല്‍ കേള്‍ക്കണമെന്ന് തോന്നി. തങ്ങള്‍ തുല്യദുഃഖിതര്‍, പരസ്പരം സഹോദര ങ്ങള്‍ എന്ന ബോധം ഉളവായി. ദലിത് ക്രൈസ്തവരുടെ ഒരുപ്രത്യേക കൂട്ടായ്മയുടെ മനസ്സ് അവരില്‍ രൂപം കൊണ്ടു.

അന്ന് പലരും ബൈബിള്‍ പ്രസംഗിച്ചിരുന്നു. യൂറോപ്പില്‍ നിന്നും വന്ന മിഷനറിമാരും മാര്‍ത്തോമാ വൈദികരും മെത്രന്‍മാരും പ്രസംഗിച്ചു. എല്ലാപേരും പ്രസംഗിച്ചത് ഒരേ ബൈബിളില്‍ നിന്നാണ്. പക്ഷെ യോഹ ന്നാന്റെ പ്രസംഗം ജനം കാതോര്‍ത്തു. ആളുകളില്‍ അതു കേള്‍ക്കാന്‍ അവേശം കൂടി. യോഹന്നാന്റെ പ്രസംഗസ്ഥലത്ത് കേള്‍വിക്കാര്‍ കൂടുന്നതു കണ്ട സഹപ്രവര്‍ത്തകര്‍ അന്തം വിട്ടു നിന്നു പോയി. നോയല്‍ സായ്പ്, കെ.വി സൈമണ്‍, മുത്തൂറ്റ് കൊച്ചു കുഞ്ഞ് ഉപദേശി, കവു ങ്ങോട്ട്പറമ്പില്‍ മത്തായി, വെള്ളിക്കര മത്തായി (പിന്നീട് വെള്ളിക്കര ചോതിയായി മാറിയ മത്തായി) തുടങ്ങിയവരായിരുന്നു അന്ന് യോഹന്നാ ന്റെ സഹപ്രവര്‍ത്തകര്‍.

അധികാരികള്‍ അസൂയയോടെയാണ് യോഹന്നാന്റെ പ്രസംഗം ശ്രവിച്ചത്. ഒപ്പം അമര്‍ഷവുമുണ്ടായിരുന്നു. ബൈബിള്‍ വച്ചുകൊണ്ടുള്ള യോഹന്നാ ന്റെ ചോദ്യങ്ങള്‍ അവ ഓരോന്നും സഹപ്രവര്‍ത്തകരായ സവര്‍ണ്ണക്രി സ്ത്യാനികളുടെ നേരെയുള്ള കൂരമ്പുകളായിരുന്നു. അദ്ദേഹം അകന്നു കിട്ടിയാല്‍ കൊള്ളാമെന്ന് വരെ അവര്‍ ആഗ്രഹിച്ചു. യോഹന്നാന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അവര്‍ ചൂളി. ബൈബിളിനെ ആശ്രയിച്ചുള്ള ചോദ്യങ്ങള്‍ മാത്രമേ അദ്ദേഹം ഉന്നയിച്ചുള്ളു. അതിലെല്ലാം അധികാ രികള്‍ അസഹ്യത കാണിച്ചു. മാര്‍ത്തോമ്മാ സഭാധികാരികള്‍ യോഹ ന്നാനെ സംശയദൃഷ്ടിയൊടെ വീക്ഷിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയും സമത്വത്തിനുവേണ്ടിയുമുള്ള അദ്ദേഹത്തി ന്റെ അടങ്ങാത്ത ദാഹം, അത് സഭയ്ക്കുള്ളില്‍ അവശത അനുഭവിക്കുന്ന ദലിത് ക്രൈസ്തവരിലേയ്ക്കും പകരുവാനുള്ള അദ്ദേഹത്തിന്റെ കഴിവും അതിന്റെ ഫലമായി അവരില്‍ പ്രത്യക്ഷപ്പെട്ട അമര്‍ഷവും മുറുമുറുപ്പും എല്ലാം അധികാരി കളില്‍ അപ്രീതി മാത്രമല്ല, ഭയവും ഉളവാക്കാന്‍ കാരണമായി. യോഹന്നാ നെ അധികാരികള്‍ വെറുത്തു.

കടലാസില്‍ വിമോചനം എന്നു ആയിരം പ്രാവശ്യം എഴുതുകയും അത് പതിനായിരം പ്രാവശ്യം ഉറക്കെ വായിക്കുകയും ചെയ്താല്‍ വിമോചനം സാധ്യമാകുമോ? ചൂഷകര്‍ തങ്ങളുടെ ചൂഷണം അവസാനി പ്പിക്കണം. അവര്‍ മനുഷ്യനെ സഹോദരനായി കാണണം. അതനുസരിച്ച് പ്രവര്‍ത്തി ക്കണം. അപ്പോള്‍ പലതും തള്ളിക്കളയേണ്ടിവരും അതിനു തയ്യാറല്ലെങ്കില്‍ വിമോചനം പ്രസംഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും മാത്രമല്ല അത് വഞ്ചന കൂടിയാണ്. കൊടിയ വഞ്ചന. അതിനു കൂട്ടു നില്‍ക്കാന്‍ താന്‍ തയ്യാറല്ലെ ന്നും തന്റെ ജനത്തെ ആ വഞ്ചനയ്ക്ക് വിധേയമാക്കാന്‍ അനുവദിക്കുക യുമില്ലയെന്നും യോഹന്നാന്‍ ഉറച്ചുതീരുമാനിച്ചു. യോഹന്നാനെ നിരീക്ഷി ക്കാന്‍ അധികാരികള്‍ കമ്മീഷനെ വച്ചു. ആ കമ്മീഷന്‍ യോഹന്നാനെ പറ്റി പഠിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ യോഹന്നാനെപ്പറ്റി പല ആരോപണങ്ങളും ഉന്നയിച്ചി രുന്നു.യോഹന്നാന്‍ ക്രിസ്തുവിനെക്കാള്‍ വലിയവനാണെന്ന് സ്വയം കരുതുന്നു. അതനുസരിച്ച് പ്രസംഗിക്കുന്നു. പ്രവര്‍ത്തിക്കുന്നു എന്നുവരെ അവര്‍ റിപ്പോര്‍ട്ടില്‍ എഴുതി. മാര്‍ത്തോമ്മാ സഭയില്‍ യോഹന്നാനെ വച്ചുകൊണ്ടിരിക്കുക അസാധ്യമാണെന്ന് സഭാ അധികാരികളും സഭയില്‍ തുടരുകയില്ല എന്ന് യോഹന്നാനും അതിനകം തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ