"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 21, ശനിയാഴ്‌ച

കറുത്ത അമേരിക്ക: ജാതിവിവേചനം - ദലിത് ബന്ധു എന്‍ കെ ജോസ്

ഭരണഘടനാപരമായ നിരോധനമുണ്ടായിട്ടും കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ മൊത്തത്തില്‍ ജാതിവിവേചനം ഇന്നും നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസമോ സംസ്‌ക്കാരമോ ഇല്ലാത്ത യഥാസ്ഥിതിക സവര്‍ണ്ണര്‍ മാത്രമല്ല അതിനെ താലോലിക്കുന്നത്. അഭ്യസ്തവിദ്യരും പൗരബോധ മുള്ളവരും സംസ്‌ക്കാരത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നു എന്ന് അഭിമാനിക്കുന്നവരുമായ സമൂഹത്തിലെ ഉന്നതന്‍മാരുടെ ഇടയില്‍ തന്നെ ആ വിവേചനമുണ്ട്. അത് പരസ്യമായി പ്രകടിപ്പിക്കുന്നതിന് ഒരു മടിയുമില്ല. വയലാര്‍ രവിയുടെ മകന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്നതിന്റെ മുമ്പുസൂചിപ്പിച്ച കഥ അതിനുദാഹ രണമാണ്. ആ മകന്റെ കുട്ടിയുടെ ചോറൂണിന്റെ കഥയും പ്രസിദ്ധമാണ്. ആദ്യത്തേത് 2000-ാമാണ്ടിലാണ് നടന്നതെങ്കില്‍ രണ്ടാമത്തേ് 2007-ാമാണ്ടിലാണ് നടന്നത്. ഇടയ്ക്കുള്ള ഏഴ് വര്‍ഷക്കാലം ഇവിടെ എന്തുസംഭവിച്ചു? ഒന്നും സംഭവിച്ചില്ല. വിവാഹശേഷം പുണ്യാഹം നടത്തിയത് ശരിയായില്ലാ എന്ന് ബഹുഭൂരിപക്ഷം ആളുകളും പത്രങ്ങളും അഭിപ്രായപ്പെട്ടു. പക്ഷേ ആ അഭിപ്രായം പ്രവര്‍ത്തികമാക്കാന്‍ ആരുമുണ്ടായില്ല. സവര്‍ണ്ണ ജാതിക്കാര്‍ എന്നറിയപ്പെടുന്നവരുടെ അപ്രിയം സമ്പാദിക്കാന്‍ എല്ലാ അവര്‍ണ്ണര്‍ക്കും ഭയമാണ്. വയലാര്‍ രവി, രവിയായാലും കേന്ദ്രമന്ത്രി യായാലും ഉള്ളിന്റെ ഉള്ളില്‍ അദ്ദേം ഒരു അടിമയാണ്, അവര്‍ണ്ണനാണ്, ഹീനജാതിക്കാരനാണ് എന്ന് സ്വയം വിശ്വസിക്കുന്നു. ആ ചിന്ത മനസ്സിനെ മഥിക്കുന്നു. അതിനെ കവച്ചുവയ്ക്കാനുള്ള യുക്തിചിന്തയോ മനുഷ്യ ചിന്തയോ നേടാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസമോ സമ്പത്തോ അധികാരമോ ഒന്നും അതിന് പ്രയോജനപ്പെട്ടിട്ടില്ല. ഈ രീതിയില്‍ നൂറുവര്‍ഷമോ ആയിരം വര്‍ഷമോ പോയാലും മാറ്റം ഉണ്ടാകുകയില്ല. കാലം അതിനൊരു പരിഹാര മാര്‍ഗ്ഗമല്ല. 85 വര്‍ഷം മുമ്പ് നാരായണഗുരു വേലിപൊളിച്ച് ശ്രീകോവില്‍ ചാടിക്കയറണം എന്ന്‌വൈക്കത്ത് വച്ച് പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായിരുന്ന ആ സ്വത്വബോധം ഒരു ഈഴവന് ഇന്നും നേടാന്‍ കഴിഞ്ഞിട്ടില്ല.

സ്വന്തം ചരിത്രം ഇന്നും ഇവിടത്തെ വലിയ രാഷ്ട്രീയ നേതാക്കള്‍ക്കും രാഷ്ട്രീയ ചിന്തകര്‍ക്കും അജ്ഞാതമാണ്. നാരായണ ഗുരുവിന് മുമ്പത്തെ ഈഴവ ചരിത്രത്തെപ്പറ്റി അറിയാവുന്ന ആരുണ്ടി വിടെ? നാരായണ ഗുരുവിന്റെ കാലത്ത് രൂപം കൊണ്ട ഒരു സമുദായമാ ണോ ഈഴവ സമുദായം? അന്ന് അത് ദയനീയമായ ഒരു സ്ഥിതി വിശേഷണത്തി ലായിരുന്നു. അതിന് ശേഷം ചിലതെല്ലാം നേടി. നേടിയതെല്ലാം ലാഭം നേടിയത് സവര്‍ണ്ണസമുദായങ്ങളില്‍ നിന്നാണ്. അതിനാല്‍ സവര്‍ണ്ണ സമുദായങ്ങള്‍ ക്കൊപ്പമാകുന്നതാണ് അവര്‍ണ്ണ സമുദായങ്ങളുടെ വളര്‍ച്ച എന്ന ധാരണ രൂപം കൊണ്ടു. എന്നാല്‍ ഇവിടെ ഈഴവര്‍ക്കു തിരികെ പിടിക്കാനുള്ള പലതുമുണ്ട് എന്ന് ചിന്തിക്കാനുള്ള കഴിവ് ആര്‍ക്കുമില്ല. ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദത്തിനുവേണ്ടി സമരം ചെയ്തവര്‍ക്കു ഇവിടത്തെ പഴയ ക്ഷേത്രങ്ങള്‍ തങ്ങളുടേതായിരുന്നു. അത് തിരികെ പിടിക്കാനാണ് സമരം ചെയ്യുന്നത് എന്ന് പ്രഖ്യാപിക്കാ നുള്ള ആത്മധൈര്യമുണ്ടായിരുന്നില്ല. ആ ചരിത്ര സത്യം അറിഞ്ഞുകൂടാ. അറിയാമായിരുന്നുവെങ്കില്‍ താന്‍ കയറിയതിന്റെ പേരില്‍ ആ സ്ഥലം ചാണകവെള്ളം തളിക്കാന്‍ കൂട്ടുനില്‍ക്കുമായിരുന്നുവോ? അതിനവന്‍ ജയിലിലാകുമായിരുന്നില്ലേ? അയിത്തം പാലിക്കാന്‍ പാടില്ലെന്ന ഭരണഘടനയില്‍ എഴുതിവച്ചിട്ടില്ലേ? ഗുരുവായൂര്‍ ക്ഷേത്രം ആരുടെ സ്വകാര്യസ്വത്താണ്? സ്വകാര്യ സ്വത്താണെങ്കിലും അത് സാധുവാണോ? സവര്‍ണ്ണന്റെ ചായക്കടയില്‍ അവര്‍ണ്ണന് പ്രത്യേകം പാത്രം അനുവദനീയ മാണോ? ഇന്ന് സവര്‍ണ്ണരുടെയും അവരുടെ സര്‍ക്കാരിന്റെയും കൈവശ മിരിക്കുന്ന ക്ഷേത്രത്തിന്റെ മുറ്റത്തു കയറി നില്‍ക്കാനുള്ള അനുവാദം 1936ല്‍ ലഭിച്ചത് എന്തോ വലിയ കാര്യമായി കൊട്ടിഘോഷിച്ചുകൊണ്ട് അതിന്റെ വാര്‍ഷികം ഇന്നും ആഘോഷിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? അതും സര്‍ക്കാര്‍ തലത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍.

ബോധവല്‍ക്കരണത്തിന്റെ അഭാവമാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ദലിത് പിന്നോക്ക ജനവിഭാഗങ്ങളുടെ വളര്‍ച്ചയ്ക്ക് മുഖ്യതടസ്സമായി നില്‍ക്കുന്നത്. ഇവിടത്തെ മുഖ്യപിന്നോക്ക ജാതിയായ ഈഴവരുടെ ജാതിവിരുദ്ധചിന്ത ചെന്നു നില്‍ക്കുന്നത് തൊട്ടുമുകളിലെ ജാതി എന്നവകാശപ്പെടുന്ന നായരുടെ ജാതി ചിന്താപരമായ പ്രവര്‍ത്തികള്‍ വരെയാണ്. വയലാര്‍ രവിയുടെ മകന് ഗുരുവായൂര്‍ വച്ചനടന്ന അനുഭവം ഒരു ദലിതന്റെ കാര്യത്തില്‍ നടക്കാതിരുന്നത് അതിനുള്ള അവസരം പോലും ഉണ്ടാകാതിരുന്നതുകൊണ്ട് മാത്രമാണ് എന്ന് പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. ഇന്നും ഇന്ത്യയിലെ ദലിതരുടെ പ്രശ്‌നം എന്താണ് എന്ന് ദലിതര്‍ക്ക് തന്നെ വ്യക്തമായിട്ടില്ല. ദാരിദ്ര്യമാണോ അവരുടെ പ്രശ്‌നം? ദലിതരിലെ ദൂരിപക്ഷം പേരും ദരിദ്രരാണ് എന്നത് ശരിയാണ്. പക്ഷേ ദലിതര്‍ മാത്രമല്ല ഇവിടെ ദരിദ്രരായിട്ടുള്ളത്. സവര്‍ണ്ണരും ബ്രാഹ്മണരും പലരും ദരിദ്രരാണ്. പക്ഷേ ദരിദ്ര സവര്‍ണ്ണരും ദരിദ്ര ദലിതരും ഒരുപോലെയാണോ? എത്ര ദരിദ്രനായാലും ബ്രാഹ്മണന്‍ ആഡ്യനാണ്. എത്ര സമ്പന്നനായാലും ദലിതന്‍ ആഢ്യനാകുകയില്ല. അപ്പോള്‍ ദാരിദ്ര്യമല്ല ദലിതരുടെ പ്രശ്‌നം എന്നു വ്യക്തമാണ്. അവിടെയാണ് ബോധവല്‍ക്കരണം ആവശ്യമായി വരുന്നത്. സ്വന്തം പ്രശ്‌നം എന്താണ് എന്ന് വ്യക്തമായാല്‍ മാത്രമേ അതിന് പ്രതിവിധി നേടാനാകുകയുള്ളൂ അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ചു 60 വര്‍ഷം കഴിഞ്ഞിട്ടും ദലിതര്‍ ദലിതരായിത്തന്നെ അവശേഷി ക്കുന്നത്. ഒരു താരതമ്യം പഠനം ആവശ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തെ സമ്പന്നജനതയോടാണ് കറുമ്പര്‍ക്ക് ഏറ്റുമുട്ടേണ്ടി വന്നത്. ശത്രുവിന്റെ കഴിവും വിഭവശേഷിയും ആയുധങ്ങളും ആധുനിക മര്‍ദ്ദനോപകരണ ങ്ങളും അവരെ സംബന്ധിച്ചിടത്തോളം എത്രയോ മികച്ചതായിരുന്നു. ഒരു വിഭാഗം വെള്ളക്കാര്‍ എബ്രഹാം ലിങ്കന്റെ നേതൃത്വത്തില്‍ സഹായത്തിനുണ്ടാ യിരുന്നുവെങ്കിലും നാലു നീണ്ട വര്‍ഷത്തെ നീണ്ട പോരാട്ടം അക്ഷ രാര്‍ത്ഥത്തില്‍ തന്നെ അടിമത്വത്തില്‍ നിന്നുമുള്ള മോചനത്തിനായി അവര്‍ക്ക് നടത്തേണ്ടി വന്നു.

ഇവിടെ മിഷനറിമാരുടെ ഏതാനും മെമ്മോറാണ്ടങ്ങളിലൂടെ അടിമകള്‍ അറിയാതെ തന്നെ മോചിക്കപ്പെട്ടു. അന്ന് മോചിക്കപ്പെട്ടതില്‍ തന്നെ ദുഃഖിക്കുന്നവരായിരുന്നു ഇവിടത്തെ ഒരു വിഭാഗം അടിമകള്‍. ഇന്നലെ വരെ തമ്പുരാന്റെ തൊഴുത്തും ഒരു കൂലിയായ് നെല്ലുമുണ്ടാ യിരുന്നു ഇന്നോ? എന്ന പരിദേവനമായിരുന്നു അന്ന് പലരും പുറപ്പെടുവി ച്ചിരുന്നത്. ഒരു കാര്യം വ്യക്തമാണ്. മോചനം ബന്ധിതന്‍ സ്വയം നേടി എടുക്കേണ്ടതാണ്. ആരും സമ്മാനിക്കേണ്ടതല്ല. സമ്മതിക്കുന്നതൊന്നും മോചനമല്ല. ബന്ധിതരുടെ ദയനീയതില്‍ അനുകമ്പയുള്ള വര്‍ക്ക് അവരുടെ മോചനശ്രമത്തില്‍ അവരെ സഹായിക്കാം, ബോധവല്‍ക്ക രിക്കാം. പക്ഷേ മോചന പ്രക്രിയ ബന്ധിതര്‍ സ്വയം നടത്തണം. അത് അവര്‍ ആഗ്രഹിച്ച തായിരിക്കണം, നേടി എടുക്കുമെന്ന് ദൃഢനിശ്ചയം ചെയ്തതായിരിക്കണം. നേടാന്‍ വേണ്ടി കഠിനശ്രമം നടത്തണം. അതിനുവേണ്ടി എന്തും തൃജിക്കാന്‍ തയ്യാറാകണം. ഒരു മിഷനറി സംഘവും അമേരിക്കയിലെ കറുമ്പരുടെ ഇടയില്‍ പ്രവര്‍ത്തിച്ചില്ല. ക്വാക്കേഴ്‌സ് അവിടെ ചിലതെല്ലാം ചെയ്തു എന്നത് ശരിയാണ് അവിടെ കറുമ്പര്‍ ക്വാക്കേഴ്‌സില്‍ ചേര്‍ന്നു. പിന്നെ അവരാണ് പ്രവര്‍ത്തിച്ചത്. ഇവിടെ എല്‍.എം.എസുകാര്‍ വന്നു ഏറെനാള്‍ പ്രവര്‍ത്തിച്ചിട്ടും ഒരു ദലിതനും എല്‍.എം.എസ്.മിഷനറി ആയില്ല. ചിലരെല്ലാം മാനസാന്ത രപ്പെട്ട് ക്രൈസ്തവരായി. എല്‍.എം.എസ് മിഷനറിയായില്ല ഒരു പിതാവ് തന്റെ കുട്ടിയെ എടുത്ത് കൊണ്ടു പോകേണ്ടിടത്തെല്ലൊം കൊണ്ടു പോകും. മറ്റൊരു പിതാവ് തന്റെ കുട്ടിയെ കൈയില്‍ പിടിച്ചു നടത്തികൊണ്ട് പോകേണ്ടിടത്തെല്ലാം കൊണ്ടുപോകും രണ്ടാമത്തെ കുട്ടി കുറച്ചു കഴിഞ്ഞപ്പോള്‍ താനെ നടന്നു പോകാന്‍ തുടങ്ങി. ആദ്യത്തെ കുട്ടിയെ പിന്നെയും പിതാവ് എടുത്തു കൊണ്ടു പോകേണ്ടി വന്നു. അതാണ് അമേരിക്കയിലെ കറുമ്പരും കേരളത്തിലെ ദലിതരും തമ്മിലുള്ള വ്യത്യാസം.


ഇന്ത്യയില്‍ ദലിതരുടെ കാര്യത്തില്‍ മാത്രമല്ല പിന്നോക്കക്കാരു ടെയും മറ്റു ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും കാര്യത്തിലും ഇത് ബാധകമാണ്. അന്യര്‍ ചെയ്തു തരാന്‍ കാത്തിരിക്കുകയാണ് അവര്‍. ഓരോരുത്തരും സ്വയം ചെയ്യാവാനുള്ള ആര്‍ജ്ജവമാണ് ഇവിടെ വളര്‍ന്ന് വരേണ്ടത്. തങ്ങള്‍ക്ക് ഒരു രക്ഷകന്‍ വരുമെന്നും അയാള്‍ തങ്ങള്‍ക്കു വേണ്ടി എല്ലാം ചെയ്ത് തങ്ങളെ രക്ഷിച്ചുകൊള്ളും എന്നുമുള്ള പ്രത്യാശ.'സംഭവാമിയുഗേയുഗേ' നടാക്കണ്ടതെല്ലാം കാലാകാലങ്ങ ളില്‍ നടന്നുകൊണ്ടിരിക്കും. അതിനായി തങ്ങള്‍ ഒന്നും പ്രത്യേകമായി ചെയ്യേണ്ടതില്ല ചെയ്താല്‍ ഒട്ടും പ്രയോജനവുമില്ല. തങ്ങള്‍ വെറും ഇരകള്‍ മാത്രം. എല്ലാം വിധിയാണ്. വിധിച്ചതേ നടക്കൂ എന്നും മറ്റുമുള്ള പ്രത്യയശാസ്ത്രമാണ് ദലിതരുടെ മേല്‍ അടിച്ചേല്‍പ്പിച്ചി രിക്കുന്നത്. അത് ബോധപൂര്‍വ്വം തന്നെ തമ്പുരാക്കന്‍മാര്‍ മസ്തിഷ്‌ക പ്രഷാളനത്തിലൂടെ നൂറ്റാണ്ടുകളായി ഉറപ്പിച്ചുവച്ചിട്ടുള്ളതാണ് എന്ന വര്‍ അറിയുന്നില്ല.

കേരള ദലിതരുടെ യഥാര്‍ത്ഥ ശത്രുക്കള്‍ താരതമ്യേന ഏറെ ദുര്‍ബല രായിരുന്നു. വൈജ്ഞാനികമായും കായികമായും വിഭവശേഷി യിലും അമേരിക്കയിലെ വെള്ളക്കാരെക്കാള്‍ കേരളത്തിലെ യഥാസ്ഥി തിക സവര്‍ണ്ണമേധാവിത്വം ഏറെ പിന്നിലായിരുന്നു. മാര്‍ട്ടിന്‍ ലുഥര്‍ കിങിനെപ്പോലെയോ ബുക്കര്‍.ടി.വാഷിംഗ്ടനെപ്പോലെയോ അവരെ വെല്ലുന്നതോ ആയ വ്യക്തിത്വമുള്ള അയ്യന്‍കാളിയും പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിയും നാരയണഗുരുവും വൈകുണ്ഠസ്വാമികളും മറ്റും കേരള ദലിതരുടെ നേതൃത്വനിരയിലുണ്ടായിരുന്നു. എന്നിട്ടും കേരളദലിതര്‍ ഇന്നും വളരെ പിന്നിലായി പോയത് അവരുടെ അജ്ഞതയും അലസതയും അഭിലാഷരാഹിത്യവും മറ്റും മൂലമാണ്. പൊരുതി വാങ്ങാതെ ലഭിച്ച സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തുവാനുള്ള കഴിവ് അവര്‍ക്കുണ്ടായില്ല. അത് ഉണ്ടാകുകയുമില്ല.

അമേരിക്കന്‍ ഐക്യനാടുകളില്‍ 19-ാം നൂറ്റാണ്ടില്‍ ഡമോക്രാറ്റു കള്‍ നിയന്ത്രിച്ചിരുന്ന തെക്കന്‍ സംസ്ഥാനങ്ങളില്‍ പലതും പുതിയ പുതിയ വംശീയ വിവേചനനിയമങ്ങള്‍ക്കു രൂപം നല്‍കി. അതേതുടര്‍ന്ന് കറുത്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടുതല്‍ രൂക്ഷമായി. വംശീയ മായി വേര്‍തിരിച്ചു താമസിപ്പിക്കുക, വോട്ടു നിഷേധിക്കുക, വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള ടെസ്റ്റ് കര്‍ശനമാക്കുക, സാമ്പത്തി കവും സാമൂഹ്യവും വിദ്യാഭ്യാസപരവും മറ്റുമായ അവസര ങ്ങള്‍ നിഷേധിക്കുക, സര്‍ക്കാര്‍ ഓഫീസിലും പൊതു വാഹനങ്ങളിലും പ്രധാന തെരുവുകളിലും മറ്റും പ്രവേശനം നിരോധിക്കുക. നഗരങ്ങള്‍ അവര്‍ക്ക് അന്യമാക്കുക തുടങ്ങിയുള്ള നിയന്ത്രണങ്ങളുടെ ഫലമായി തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും താരതമ്യേന മെച്ചപ്പെട്ട വടക്കന്‍ സംസ്ഥാന ങ്ങളിലേക്കും കറുത്തവരുടെ ഒരു ഒഴുക്കുതന്നെ ഉണ്ടായി അതെല്ലാം മുമ്പ് സൂചിപ്പിച്ചുവല്ലോ.

വെള്ളക്കാരുടെ മേധാവിത്വപരമായ അത്തരം പ്രവര്‍ത്തനങ്ങള്‍ പുരോഗമി ച്ചപ്പോള്‍ അവയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളും സമരങ്ങളും അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ടു. അളമുട്ടിയാല്‍ ഏത് ചേരയും തിരിഞ്ഞ് കടിക്കുമല്ലോ അതിന്റെ ഫലമായി ഒരു കൂട്ടായ്മ രൂപംകൊണ്ടു അതാണ് മുമ്പ് സൂചിപ്പിച്ച NAACP.

തല്‍സ്ഥാനത്ത് കേരളത്തിലെ ദലിതര്‍ നിയമപരമായി ലഭിക്കാവുന്ന അവകാശങ്ങള്‍ നേടി എടുക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്. ഏതെങ്കിലും കേസിനുള്ള സന്ദര്‍ഭമു ണ്ടായാല്‍ ദലിതര്‍ ഒഴിഞ്ഞുമാറും. ആദ്യ പ്രകോപനം മൂലം കേസ് ഫയല്‍ ചെയ്താല്‍ പോലും അത് തുടര്‍ന്ന് നടത്താന്‍ തയ്യാറാകാതെ വിട്ടുകളയുകയാണ് പലപ്പോഴും ചെയ്യുന്നത്. എന്തെങ്കിലും ഒരു ചെറിയ പാരിതോഷികം വാങ്ങി പരാതി പിന്‍വിലിക്കുന്ന രീതിയും സാധാരണ മാണ്. എം.ഏ. കുട്ടപ്പനെ ഹരിജന്‍ എന്ന് വിളിച്ച് ആക്ഷേപിച്ച പ്രശ്‌നം ഉദാഹരണമായി എടുക്കാം. ദലിതരുമായുള്ള ഇടപാടില്‍ ഏറെ സൂക്ഷിക്കണം എന്ന പാഠം അദലിതര്‍ക്ക് നല്‍കുവാന്‍ ദലിതര്‍ക്ക് ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടു ത്തരുത് എന്നത് ഒരു വൃതമായി സ്വീകരിച്ചാല്‍ ദലിതരുടെ മേലുള്ള കുതിരകയറ്റത്തിന് ഒരുപരിധിവരെ ശമനമുണ്ടാകും. ഇന്ന് കേരളത്തില്‍ സര്‍ക്കാര്‍ ദലിത് കേസുകള്‍ക്ക്പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. അത് പരമാവധി മുതലെടുക്കാന്‍ ദലിതര്‍ ശ്രമിക്കുന്നില്ല.

അമേരിക്കന്‍ കറുമ്പര്‍ പ്രധാനമായും സ്വീകരിച്ചത് പ്രത്യക്ഷ സമര പരിപാടിയുടെയും നിയമനിഷേധത്തിന്റെയും പാതയാണ്. അതിന്റെ ഫലമായി അവിടെ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും നിയമരംഗത്തെ ഗുരുതരമായ പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അലബാമാസ്റ്റേറ്റിലെ മോണ്ട് ഗോമറി ബസ്സ് ബോയിക്കോട്ട്. അത് 1955-56 കാലഘട്ട ത്തിലാണ് നടന്നത്. 1955 ഡിസംബര്‍ 1-ാം തിയതി റോസാപാര്‍ക്ക് ഒഴിഞ്ഞു കിടന്ന ഒരു ബസ്സിലെ വെള്ളക്കാര്‍ക്കായി നീക്കിവച്ചിരുന്ന സീറ്റുകളില്‍ ഒന്നില്‍ കയറി ഇരുന്നു. ബസിന്റെ ഡ്രൈവര്‍ ജെയിംസ് ബ്ലേക്ക് ആ സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യ പ്പെട്ടിട്ടും അവര്‍ ചെയ്തില്ല. അവര്‍ അറസ്റ്റുചെയ്യപ്പെട്ടു. പക്ഷേ സമരം പടന്നുപിടിച്ചു. മോണ്ട് ഗോമറിയിലെ ബസ്‌ബോയ്‌ക്കോട്ട് അമേരിക്കന്‍ കറുമ്പരുടെ ചരിത്രത്തിലെ ഒരു ഇതിഹാസ അധ്യായമായി മാറി. 385 ദിവസം അത് നീണ്ടുനിന്നു. ആ സംഭവത്തെപ്പറ്റി റോസാപാര്‍ട്ട് തന്നെ തന്റെ ആത്മകഥയില്‍ പിന്നീട് എഴുതി 'ഞാന്‍ അന്നു ഈ ബസ്സില്‍ കയറിയത് ഒരു സമരത്തിന് വേണ്ടിയായിരുന്നില്ല, വീട്ടില്‍ എത്താനാ യിരുന്നു. ജൊലി ചെയ്തു ക്ഷീണിച്ചവളായിരുന്നു ഞാനെങ്കിലും വെള്ളക്കാരുടെ അഹങ്കാരത്തെ അംഗീകരിച്ചു കൊടുക്കാന്‍ എനിക്കു മനസ്സുവന്നില്ല. അതിനാല്‍ അവിടെ നിന്നും മാറാന്‍ ആവശ്യപ്പെട്ടിട്ടും ഞാന്‍ മാറിയില്ല'.' ബസ്സിന്റെ പിന്‍ഭാഗത്ത് കറുത്ത വംശജര്‍ക്ക് വേണ്ടി പ്രത്യേക ഒഴിച്ചിട്ടിരിക്കുന്നിടത്ത് ഇരക്കാതെ അവര്‍ ബസ് നിരസിച്ചു. റോസാ പാര്‍ക്ക് എന്ന തയ്യല്‍ക്കാരിയാണ് ആദ്യം അതിന് തയ്യാറായത്. ഈജിപ്തിലെ ക്ലിയോ പാട്രയുടെ വംശത്തില്‍ പിറന്നവളാണ് റോസാപാര്‍ക്ക് എന്ന് ന്യായമായി അനുമാനിക്കാം. അത് പടര്‍ന്നു പിടിച്ചു. അവസാനം സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമത്തിലൂടെ അവര്‍ക്ക് കീഴടങ്ങി. Now she is known as the mother of the civil disobidience of America.

അതേത്തുടര്‍ന്ന് 1960ല്‍ നോര്‍ത്ത് കരോലിനായില്‍ സിറ്റ് ഇന്‍ (ടശ േശി) പ്രക്ഷോഭണം നടന്നു. 1965ല്‍ മോണ്ടഗോമറിയില്‍ നിന്നുമുള്ള ഐതിഹാ സികമായ മാര്‍ച്ച് നടന്നു. അമേരിക്കന്‍ ഐക്യനാട് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ആ ജാഥ (Great march) വാഷിംഗ്ടണ്‍ സി.സി.യിലെ ലിങ്കണ്‍ മെമ്മോറിയല്‍ സ്ഥാപനത്തി ലെത്തി. അവിടെ കല്‍പടവുകളില്‍ കയറി നിന്നുകൊണ്ട് മാര്‍ട്ടിന്‍ ലൂതര്‍കിങ് ജൂണിയര്‍ അവരോട് അതുവഴി ലോകത്തോടും നടത്തിയ ഒരു പ്രഭാഷണമുണ്ട്. ചര്‍ച്ചിലി ന്റെയും സിസറോയുടെയും സീസറിന്റെയും മറ്റും പ്രഭാഷണങ്ങള്‍ക്ക് തുല്യമായി അത് ലോകചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. ആ പ്രഭാഷണ മധ്യേയാണ് അദ്ദേഹം പറഞ്ഞത് I have a dream (എനിക്കൊരു സ്വപ്നമുണ്ട്) Injustie anywhere is a test to injustie every where 'ജോര്‍ജ്ജിയായിലെ ചുവന്ന കുന്നുകളുടെ മുകളില്‍ പഴയ അടിമകളുടെ മക്കളും അവരുടെ ഉടമകളുടെ മക്കളും സഹോദര്യത്തിന്റെ മേശയ്ക്ക് ചുറ്റും ഒരുദിവസം ഒരുമിച്ച് ഇരിക്കണമെന്നും സംസാരിക്കണമെന്നും ഞാന്‍ സ്വപ്നം കാണുന്നു'. അനീതിയുടെയും മര്‍ദ്ദനത്തിന്റെയും ചൂടില്‍ വെന്തുകരിയുന്ന മിസിസിപ്പി സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ആസ്ഥാനമായി ഒരു ദിവസം മാറും എന്നവര്‍ സ്വപ്നം കാണുന്നു. എന്റെ മക്കള്‍ നാലുപോലും കറുത്തവരായിട്ടല്ല, കഴിവുള്ളവരായി ഈ രാജ്യത്ത് അറിയപ്പെടണം എന്ന് ഞാന്‍ സ്വപ്നം കാണുന്നു. അങ്ങനെ നീണ്ട് പോയി ആ പ്രസംഗം. പക്ഷേ ആ സ്വപ്നം ഫലപ്രദമായപ്പോള്‍ അത് കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആ കശ്മലന്‍മാര്‍ മെമ്പസ്സില്‍ വച്ച് 1968 ഏപ്രില്‍ 4ന് അദ്ദേഹത്തെ വധിച്ചു. ഇന്ന് അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ ഒബാമയുടെ തെരെഞ്ഞെടുപ്പുഫലം പ്രഖ്യാപിക്ക പ്പെട്ടപ്പോള്‍ അദ്ദേഹത്തിന് കേവലം 80 വയസ്സുമാത്രമേ പ്രായം കാണുകയുള്ളൂ. എന്റെ പ്രായം.

മോണ്ട് ഗോമിയിലെ ബസ്സ് ബോയിക്കോട്ടാണ് യഥാര്‍ത്ഥത്തില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ പൊതുരംഗത്തേയ്ക്ക് ദേശീയ നിലവാരത്തില്‍ കൊണ്ടു വന്നത്. അതിനു മുമ്പ് അദ്ദേഹം തന്റെ സംസ്ഥാനത്തെ കറുത്തവരുടെ അവകാശങ്ങളക്കുവേണ്ടിയുള്ള സമരത്തിന്റെ ഒരു റവ: മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂണിയര്‍ മാത്രമായിരുന്നു. മോണ്ട്‌ഗോമറിയിലെ അദ്ദേഹത്തിന്റെ നേതൃത്വവും നേട്ടവുമാണ് ഫ്‌ളോറിഡായിലെ ടെല്ലഹസ്സി ബോയിക്കോട്ടിന് പ്രേരണയും വിജയകാരണവുമായത്. അത് 1956-57 കാലഘട്ടത്തിലാ യിരുന്നു. We shall over come എന്ന് അമേരിക്കയിലെ കറുമ്പര്‍ ഒത്തുചേര്‍ന്ന് പാടിയത് അന്നാണ്. നമ്മള്‍ കീഴടക്കും. 2008 നവംബര്‍ 4 -ാം തീയതി അവര്‍ over come ചെയ്തു. കെന്നഡിയുടെ മരണത്തിന് ശേഷം പ്രസിഡണ്ടായ ലിന്‍ഡണ്‍ ജോണ്‍സണ്‍ തന്റെ പ്രസംഗം തുടങ്ങിയത് We shall over come എന്നാണ്. ആ പ്രസംഗം ഇന്ന് അറിയപ്പെടുന്നതും ആ പേരിലാണ്.

മാര്‍ട്ടിന്‍ ലൂഥര്‍ കിംങ് 1964ല്‍ ബര്‍മിങ് ഹാം ജയിലില്‍ നിന്നും എഴുതിയ പ്രസിദ്ധമായ ഒരു കത്തുണ്ട്. വെള്ളക്കാരായ ഏതാനും സഹപാസ്റ്ററന്‍മാര്‍ അദ്ദേഹം നയിക്കുന്ന സമരം അനവസരത്തിലും അനാവശ്യവുമാണ് എന്ന് നടത്തിയ പ്രസ്താവനക്കുള്ള മറുപടിയാണത്. ജയിലില്‍ നിന്നും ലഭിച്ച ടോയ്‌ലറ്റ് പേപ്പറിലും വര്‍ത്തമാന പത്രത്തിന്റെ സൈഡിലും മറ്റുമായി കുറിച്ച ആ കത്ത് തുടങ്ങുന്നത് My dear fellow clergymen എന്ന സംബോധനയോടെയാണ്. അമേരിക്കയിലെ കറുത്തവര്‍ 340 വര്‍ഷമായി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിന് വേണ്ടി കാത്തിരി ക്കുകയായിരുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും തങ്ങളുടെ സഹോദരങ്ങള്‍ താരതമ്യേന ഭേദമായ ഒരു ജീവിത പരിതസ്ഥിതി അനുഭവിക്കുന്നു. ഇനിയും അമേരിക്കന്‍ ദലിതര്‍എത്രനാള്‍ കൂടി കാത്തിരിക്കണം എപ്പോഴാണ് അവരുടെ അവസരവും ആവശ്യവു മുണ്ടാകുന്നത്? അതിനൊരു തീയതി കുറിച്ചുതരാന്‍ നിങ്ങള്‍ തയ്യാറാ കുമോ? ക്രിസ്തുവിന്റെ വാക്കുകള്‍ക്കപ്പുറം ഒന്നും തങ്ങള്‍ ആവശ്യപ്പെ ടുന്നില്ല. ആ നീതിയും ആ സ്വാതന്ത്ര്യവും ഞങ്ങള്‍ക്ക് ലഭിച്ചാല്‍ മതി. അനര്‍ഹമായതൊന്നും ചോദിക്കുന്നില്ല. തുടങ്ങി അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നിനും ഒരു മറുപടിയും ലഭിച്ചില്ല. ഉണ്ടായ മറുപടി തോക്കില്‍ നിന്നായിരുന്നു. മുമ്പു സൂചിപ്പിച്ചതുപോലെ ജയിംസ് ഏള്‍റേ ആണ് ആ കര്‍മ്മം നിര്‍വഹിച്ചത്. നൂറോളം അമേരിക്കന്‍ നഗരങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെടാന്‍ അത് കാരണമായി. അനേകം കറുമ്പര്‍ തോക്കിനിരയായി. ഏറെ പേര്‍ മുറിവേറ്റവരുമായി.

തന്റെ അന്ത്യത്തെപ്പറ്റി കിങ് തികച്ചും ബോധവാനായിരുന്നു എന്ന് അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗം സാക്ഷ്യം വഹിക്കുന്നു. 'എനിക്കിനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് എനിക്കറിയില്ല. കാരണം നമ്മുടെ വെളുത്ത സഹോദരങ്ങളില്‍ ചിലര്‍ക്കെങ്കിലും ഭ്രാന്തു പിടിച്ചിട്ടുണ്ട്. ഒരു കാര്യം വ്യക്തമാണ് വിഷമം പിടിച്ച ദിവസങ്ങളാണ് ഇനി കടന്നുപോകാനുള്ളത്. എല്ലാവരും ആഗ്രഹിക്കുന്നതുപോലെ എനിക്കും ഏറെക്കാലം ജീവിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ അത് എന്റെ കര്‍ത്തവ്യത്തെ മാറ്റിവച്ചു കൊണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കു ന്നില്ല. ഒരു കാര്യം മാത്രം ഞാന്‍ പറയാം ആ വാഗ്ദാന ഭൂമിയായ മലമുകളില്‍ ഒരു ദിവസം നാം എത്തിച്ചേരാന്‍ ദൈവം നമ്മളെ അനുഗ്രഹിക്കും. ഒരു പക്ഷേ അന്ന് ഞാന്‍ കാണില്ലായിരിക്കാം'

ഇന്ന് 2008 നവംബര്‍ 4-ാം തീയതി അന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് വാഗ്ദാനം ചെയ്ത ആ ഭൂമിയില്‍ അവര്‍ എത്തി എന്ന് ആശ്വസിക്കാം. പക്ഷേ കിങിന് മറ്റൊരു പ്രസംഗം നടത്താന്‍ അവസരം ലഭിച്ചില്ല.

സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിക്കുമ്പോള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങിന് പ്രായം വെറും 35 വയസ്സ് മാത്രമായിരുന്നു. നോബല്‍ സമ്മാനത്തിനര്‍ഹമായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മഹാന്‍ ഇപ്പോഴും അദ്ദേഹമാണ്. പ്രസിഡണ്ടിന്റെ മെഡല്‍ ലഭിച്ചപ്പോഴേക്കും അദ്ദേഹം കാലയവനി കയില്‍ മറഞ്ഞുകഴിഞ്ഞിരുന്നു. അതിനാല്‍ പ്രസിഡണ്ട് ജിമ്മി ക്വാട്ടാര്‍ അത് മരണാന്തര ബഹുമതിയായി നല്‍കി. എബ്രഹാം ലിങ്കണും ആഭ്യന്തരയുദ്ധത്തിനുംശേഷം അമേരിക്കയിലെ കറുത്തവരുടെ ജീവിതത്തെയും അതിലൂടെ മൊത്തം അമേരിക്കക്കാരുടെ ജീവിതത്തെയും ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. പക്ഷേ ഇന്ത്യയിലും കേരളത്തിലും അദ്ദേഹം ജോണ്‍ എഫ് കെന്നഡിയോടൊ പ്പമോ ബില്‍ ക്ലിന്റനോടൊപ്പം പോലുമോ അറിയപ്പെടുന്നില്ല. കാരണം അദ്ദേഹം കറുത്തവനായിരുന്നു. കേരളത്തില്‍ ഒരു മാര്‍ട്ടിന്‍ ലൂഥര്‍ കിങ് (ജൂണി) ജനിക്കുന്നത് എന്നാണ്? അതിനാല്‍ കാത്തിരിക്കുക മാത്രമേ കരണീയമായിട്ടുണ്ടോ? മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ ആരും അമേരിക്ക യിലെ കറുത്ത വര്‍ഗ്ഗത്തിന് സമ്മാനിച്ചതല്ല, ചുറ്റുപാടുമുള്ള സഹോദര ങ്ങളുടെ ദൈന്യത കണ്ട് ബോധ്യപ്പെട്ടു അവരെ അതില്‍ നിന്നും മോചിപ്പിക്കുകയാണ് തന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം എന്ന് ഗ്രഹിച്ചു അതിനുവേണ്ടി ജീവിതം ഹോമിച്ച മഹാനാണ് അദ്ദേഹം. അദ്ദേഹം വധിക്കപ്പെട്ടുങ്കെിലും അദ്ദേഹത്തിന്റെ ലക്ഷ്യം അദ്ദേഹത്തിന്റെ കൂടി പ്രവര്‍ത്തനത്തിന്റെ ഫലമായി പില്‍ക്കാലത്ത് നേടി എടുക്കപ്പെട്ടു. കേരളത്തിലെ ദലിതരില്‍ നിന്നും ആ വിധത്തില്‍ ബോധവല്‍ക്കരണം നേടിയ മഹാന്‍ എന്ന് എങ്ങനെ ഉണ്ടാകും? അതായിരിക്കട്ടെ ഇപ്പോഴ ത്തെ നമ്മുടെ ചിന്തയും പ്രവര്‍ത്തിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ