"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 22, ഞായറാഴ്‌ച

കറുത്ത അമേരിക്ക: കറുമ്പരുടെ സംഘടനകളും ദലിതരും - ദലിത് ബന്ധു എന്‍ കെ ജോസ്

അമേരിക്കയിലെ കറുത്തവരുടെ സമര ചരിത്രം കേരളത്തിലെ ദലിതര്‍ പഠിക്കേണ്ടത് മോക്ഷം നേടാനല്ല. മുന്നൂറ് വര്‍ഷം മുമ്പ് കേരളത്തിലെ ദലിതരേക്കാള്‍ ദയനീയമായ അവസ്ഥ യിലായിരുന്നു അവര്‍. ഇന്ന് അവര്‍ ആ രാജ്യത്തിലെ മറ്റ് ഏതൊരു പൗരസഞ്ചയ ത്തോടും ഏതാണ്ടു തുല്യമായ അവകാശങ്ങള്‍ നേടി എടുത്തു എന്നു പറയാം. അവിടെ ഇന്ന് പ്രസിഡണ്ട് ഒരു കറുമ്പനാണ്, ബരാക്ക് ഒബാമ. പ്രസിഡണ്ടി നേക്കാള്‍ ഉന്നതനായ ഒരു അധികാരി ആ രാജ്യത്ത് ഇല്ല. ഇന്ത്യയിലെ പ്രധാനമന്ത്രിയും പ്രസിഡണ്ടും ചേര്‍ന്ന് അധികാരത്തിന് തുല്യമാണ് അവിടത്തെ പ്രസിഡണ്ടിന്റെ അധികാരം. അടുത്ത നാലുവര്‍ഷം അദ്ദേഹം തന്നെയായിരിക്കും ആ സ്ഥാനത്ത്. അതിനു പുറമേ രാജ്യത്തെ ഏറ്റവും ഉന്നതമായ പല സ്ഥാനങ്ങളും അലങ്കരി ക്കുന്നത് ഇന്ന് കറുമ്പരാണ്. രാജ്യത്തിന്റെ വിദേശനയം, സൈനിക രഹസ്യങ്ങള്‍ തുടങ്ങിയുള്ളവ ഒന്നും അതാതു സ്ഥാനങ്ങളില്‍ എത്തിയിട്ടുള്ളവരില്‍ നിന്നും അവര്‍ കറുമ്പരാണ് എന്ന കാരണത്താല്‍ ഒളിച്ചു വച്ചിട്ടില്ല (ഇന്ത്യയില്‍ അത് നടക്കുന്നുണ്ട് എന്ന് ഈ അടുത്ത കാലത്ത് റിട്ടയര്‍ ചെയ്ത ചില ദലിത് ഉദ്യോഗസ്ഥന്‍മാര്‍ വെളിപ്പെടു ത്തുകയുണ്ടായി. രണ്ടുതരം പൗരത്വം ഇവിടെ നിലനില്‍ക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണത്) ഇന്ന് അമേരിക്ക അവിടത്തെ കറുമ്പരുടേത് കൂടിയാണ്. അവരും കൂടി ഉള്‍പ്പെടുന്ന അമേരിക്കന്‍ ജനതയുടെതാണ്.

ഇന്ത്യയില്‍ ഇന്നും ഉന്നതമായ ഔദ്യോഗിക രംഗത്തൊന്നും ദലിതരില്ല. ഇന്ത്യയില്‍ ഒരു ദലിതര്‍ പ്രസിഡണ്ടായി, ചീഫ് ജസ്റ്റിസ്സായി എന്നെല്ലാം അവകാശപ്പെടുന്നുണ്ട്. അതെല്ലാം തികച്ചും യാദൃശ്ചിക സംഭവങ്ങളാണ്. സമൂഹത്തില്‍ യാതൊരു പരിവര്‍ത്തനവും സൃഷ്ടിക്കാന്‍ സാധ്യമല്ലാത്ത സ്ഥാനങ്ങളാണവ. ഉത്തര്‍ പ്രദേശില്‍ മായാവതി മുഖ്യമന്ത്രി യായപ്പോള്‍ ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ഈ കേരളംഉള്‍പ്പെടെ ഇന്ത്യ ഒട്ടാകെ അതിന്റെ പ്രകമ്പനം ഉണ്ടായി. അങ്ങനെ ഒന്നും സൃഷ്ടിക്കാന്‍ ഇന്ത്യന്‍ പ്രസിഡണ്ടിനോ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്സിനോ സാധ്യമല്ല. അത് അവരുടെ കുറ്റമല്ല, ആ സ്ഥാനങ്ങളുടെ പ്രത്യേകതയാണ്. അതു കൊണ്ടു തന്നെയാണ് ആ സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതും. മായാവതി സ്വന്തം സ്ഥാനം നേടി എടുത്തതാണ്. അതിന് ആരും ഔദാര്യം ഒന്നും കാണിച്ചില്ല.

അതിനാല്‍ കേരളത്തിലെ ദലിതരുടെ വളര്‍ച്ചയ്ക്ക് അമേരിക്കന്‍ കറുമ്പരില്‍ നിന്നും എന്തെങ്കിലും അനുകരിക്കാനുണ്ടോ, കണ്ടു പഠിക്കാനുണ്ടോ? അതാണ് എന്റെ ഈ പരിശ്രമത്തിന്റെ ലക്ഷ്യം സമൂഹത്തിന് വേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ മുന്നോട്ടു വന്ന ഒരു പറ്റം നേതാക്കന്‍മാര്‍ എക്കാലുത്തും അവിടെ ഉണ്ടായിരുന്നു എന്നതാണ് ഒരു പ്രത്യേകതയായി എനിക്ക് കാണാന്‍ കഴിഞ്ഞത്. ഒരു കാര്യം ഞാന്‍ മുമ്പു സൂചിപ്പിച്ചതുപോലെ അവരെല്ലാവരും ഓരോ കാലഘട്ടത്തിലും കൊല്ലപ്പെടുക യാണുണ്ടായത്. അവരുടെ ആത്മാര്‍ത്ഥതയും തീവ്രതയും കഴിവും ശത്രുക്കള്‍ പോലും അംഗീകരിച്ചിരുന്നു എന്നതിന് തെളിവാണത്. അവരെ ഇനിയും വച്ചു കൊണ്ടിരുന്നാല്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് അത് അപകടകരമാണ് എന്ന് ബോധ്യപ്പെട്ടു എന്നാണ് അതിന്റെ അര്‍ത്ഥം. തല്‍സ്ഥാനത്ത് ഇവിടത്തെ ദലിത് നേതാക്കള്‍ അപകടകാരികളല്ല എന്ന് ബ്രാഹ്മണിസ്റ്റുകള്‍ക്ക് പോലും അറിയാം. അവരിങ്ങനെ ഇടയ്ക്കിടെ ഓരി ഇട്ടുകൊണ്ടിരിക്കും എന്നു മാത്രം. യഥാര്‍ത്ഥ നേതാക്കന്‍മാര്‍ കേരളത്തിലെ ദലിതരില്‍ വിരലിലെണ്ണാന്‍ പോലുമില്ല. ഒരു കാലത്ത് ഉണ്ടായിരുന്നുമില്ല. ഇവിടത്തെ ബ്രാഹ്മണരു ടെയും ബ്രാഹ്മണിസ്റ്റുകളുടെയും മഹാമനസ്‌ക്കതയും അഹിംസയും കൊണ്ടല്ല ഇവിടെ ദലിത് നേതാക്കന്‍മാര്‍ വധിക്ക പ്പെടാതിരിക്കുന്നത്. ഇവിടെ ഭക്തി പ്രസ്ഥാനക്കാലത്ത് ശിവഭക്തരും വിഷ്ണു ഭക്തരും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളുടെ ചരിത്രം അറിഞ്ഞാല്‍ ബ്രാഹ്മണിസ്റ്റു കളുടെ അഹിംസയുടെ തനിനിറം കാണാന്‍ കഴിയൂ. മധുരമീനാക്ഷി ക്ഷേത്രത്തില്‍ എണ്ണായിരം ജൈന ബുദ്ധ ഭിക്ഷുക്കളെ ഒരു ദിവസം തന്നെ ശൂലം കൊണ്ട് കുത്തി കൊന്നു ശൂലത്തില്‍ നാട്ടിയ സംഭവം മാത്രം മതി അവരുടെ അഹിംസ അറിയുവാന്‍. ആലുവാമണപ്പുറത്ത് ശിവരാത്രി ദിവസം നടത്തിയ കൂട്ടക്കൊല മറ്റൊരുദാഹരണമാണ്. ഇവിടത്തെ ദലിത് നേതാക്കളില്‍ ബ്രാഹ്മണിസ്റ്റുകള്‍ ഭയത്തോടെ വിക്ഷീച്ചിരുന്നത് ഡോ: അംബേദ്ക്കറെ മാത്രമാണ്. അതിനാല്‍ അദ്ദേഹത്തെ മാത്രം അവര്‍ ഉന്‍മൂലനം ചെയ്തു. ആ വിവരം ഡോ. അംബേദ്ക്കര്‍ എന്ന ഗ്രന്ഥത്തില്‍ ഞാന്‍വിശദീകരിച്ചിട്ടുണ്ട്.

നേതാക്കന്‍മാര്‍ സമൂഹത്തില്‍ വളരുന്നത് അവരുടെ മാത്രം കഴിവു കൊണ്ടല്ല ഒരു നേതൃത്വം സമൂഹത്തിന് പൊതുവേ ഉണ്ടാകണം. കഴിവും പ്രാപ്തിയും തെളിയിച്ചുകൊണ്ടു ഒന്നോ രണ്ടോ പേര്‍ മുന്നോട്ട് വന്നാല്‍ അവരെ പ്രോത്സാഹിപ്പിക്കാനുള്ള സന്‍മനസ്സ് എങ്കിലും സമൂഹത്തിനു ണ്ടാകണം. സമൂഹത്തിന്റെ നന്‍മയ്ക്കുവേണ്ടി അവരുടെ ചെറിയ തെറ്റുകള്‍ കണ്ടില്ലെന്ന് നടിക്കണം. തെറ്റുകള്‍ ഇല്ലാതെ ശരികള്‍ മാത്രമുള്ള ആരും ഇന്നേവരെ ലോകത്ത് ഉണ്ടായിട്ടില്ല. ഒരാള്‍ നേതൃസ്ഥാനത്ത് നിന്നും മാറിക്കിട്ടിയാല്‍ മാത്രമേ തനിക്കു ശോഭിക്കാനാകയുള്ളൂ എന്ന ചിന്ത അപകടകരമാണ്. അവിടെ ലക്ഷ്യം സ്വന്തം നേതൃത്വമാണ് സമൂഹ നന്‍മയല്ല. സമൂഹത്തിന്റെ നന്‍മയ്ക്കു വേണ്ടി നേതാക്കന്‍മാര്‍ മുന്നോട്ടു വയ്ക്കുന്ന പരിപാടിയില്‍ അഭിപ്രായവ്യത്യാസമുണ്ടായാലും അവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുത്. അങ്ങനെയെല്ലാം സമൂഹം സഹായിക്കുമ്പോള്‍ അതിനൊത്ത് ഉയരുവാനുള്ള കഴിവും നേതാക്കള്‍ക്ക് ഉണ്ടാകണം. തന്നേക്കാള്‍ ജനപ്രീതി അപരന്‍ നേടുന്നു എന്നു കണ്ടാല്‍ കാലില്‍ പിടിച്ചു കീഴോട്ടു വലിക്കുകയല്ലാ വേണ്ടത്. അങ്ങനെ ചെയ്യുന്നവന്‍ നേതാവല്ല. സമൂഹത്തോട് ആത്മാര്‍ത്ഥതയുള്ളവനല്ല. തനിക്ക് മന്ത്രിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ മന്ത്രിസ്ഥാനം ഒഴിഞ്ഞു കിടക്കട്ടെ. തനിക്കു രോഗം വന്നാല്‍ ചികിത്സിച്ച് സുഖം പ്രാപിക്കുന്നതു വരെ പകരക്കാരനെ വയ്ക്കുക തുടങ്ങിയ മനോഭാവം ഒരിക്കലും നേതൃത്വത്തിന്റെ ലക്ഷണമല്ല. ദലിതരെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ രോഗം നേതാക്കളുടെ അഭാവമാണ്.

ഒപ്പം പ്രാധാന്യം കൊടുക്കാവുന്ന മറ്റൊരു രോഗം അവബോധ രാഹിത്യ മാണ്. സ്വന്തം സമൂഹത്തെപ്പറ്റി പൂര്‍ണ്ണമായ ജ്ഞാനം നേതൃത്വത്തിന് മാത്രമല്ല അനുയായികള്‍ക്കും സമൂഹത്തിന് തന്നെയും ഉണ്ടാകണം. ഈ സമൂഹം എങ്ങനെ ഈ നിലയിലായി? ആരാണ് അതിന് കാരണക്കാര്‍? അത് ഏത് വിധത്തിലെല്ലാമായിരുന്നു? വള്ളി യില്‍ ഒരു കുരുക്കു വീണാല്‍ അത് അഴിക്കുന്നത് ആ കുരുക്ക് എങ്ങനെ സംഭവിച്ചു എന്ന് അറിയണം. അതുപോലെ തന്നെ സമൂഹത്തെപ്പറ്റി പഠിക്കണം അത് സമൂഹത്തെ പഠിപ്പിക്കുകയും വേണം. സമൂഹത്തെപ്പറ്റി പഠിക്കുമ്പോള്‍ മാത്രമേ സമൂഹത്തെ സ്‌നേഹിക്കാന്‍ സാധിക്കുക യുള്ളൂ. അപ്പോള്‍ മാത്രമേ സമൂഹത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പ്രേരണ ലഭിക്കുക യുള്ളൂ. അമേരിക്കയിലെ കറുമ്പര്‍ തങ്ങളുടെ സമരത്തില്‍ വിജയിച്ചത് അവര്‍ നേടിയ അവബോധം ഒന്നുകൊണ്ടുമാത്രമാണ് എന്നു പറയാം.

ഇന്നും അമേരിക്കയിലെ കറുത്തവരുടെ കുട്ടികള്‍ തങ്ങളുടെ പൂര്‍വ്വ പിതാക്കന്‍മാര്‍ അമേരിക്കയില്‍ എത്തിയത് മുതല്‍ അനുഭവിച്ച ദുരിതങ്ങളുടെയും നയിച്ച സമരത്തിന്റെയും വരിച്ച വിജയത്തിന്റെയും അതിനുവേണ്ടി ആത്മാഹൂതി ചെയ്ത നേതാക്കളുടെയും എല്ലാം ചരിത്രം പഠിച്ചശേഷമാണ് തങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. അങ്ങനെ അവര്‍ക്ക് പഠിക്കാന്‍ വേണ്ടി രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ നിന്നാണ് അവരുടെ സമരത്തിന്റെ ഒരു ഏകദേശ ജ്ഞാനം ഞാന്‍ സമ്പാദിച്ചത്. ആ സമര ചരിത്രപാഠാവലിയില്‍ ഒന്നോ രണ്ടോ ഗ്രന്ഥങ്ങളല്ല, നൂറു കണക്കിന് പുസ്തകങ്ങളാണുള്ളത്. ബോധവല്‍ക്ക രണരംഗത്തിന് അവര്‍ കൊടുത്തി രിക്കുന്ന പ്രാധാന്യം ആ ഒരു കാര്യം കൊണ്ട് തന്നെ മനസ്സിലാക്കാം.

സ്വന്തം ചരിത്രവും സ്വന്തം വംശത്തിന്റെ ചരിത്രവും അറിയു മ്പോള്‍ മാത്രമേ വംശീയാഭിമാനമുണ്ടാകുകയുള്ളൂ. വംശീയാഭിമാന മുണ്ടായാല്‍ മാത്രമേ ആരുടെ മുന്നിലും തല ഉയര്‍ത്തിപ്പിടിക്കാന്‍ കഴിവുണ്ടാകുക യുള്ളൂ. സ്വന്തം പാരമ്പര്യവും സംസ്‌ക്കാരവും കാത്തു സൂക്ഷിക്കാനുള്ള അഭിവാഞ്ച ഉണ്ടാകുകയുള്ളൂ. പാരമ്പര്യമില്ലാത്ത ആരും ലോകത്തിലില്ല. ഇടക്കാലത്ത് ഒരു മനുഷ്യനും ഒരു പറമ്പില്‍ നിന്നും പൊട്ടിക്കിളര്‍ത്തു വന്നിട്ടില്ല. എല്ലാ മനുഷ്യര്‍ക്കും മാതാപിതാക്ക ളുണ്ടായിരുന്നു. അവര്‍ക്കെ ല്ലാം മുന്‍ തലമുറകളുമുണ്ടായിരുന്നു. അനുകരണം അനാവശ്യകാര്യ ങ്ങളില്‍ ഉണ്ടാകാതിരിക്കാനും അതുപക രിക്കും. സ്വന്തം സംസ്‌ക്കാര ത്തിന് സ്വീകാര്യമായതു മാത്രം അന്യരില്‍ നിന്നും സ്വാംശീകരിക്കാനുള്ള വിവേചന ബുദ്ധി ഉണ്ടാകുന്നതിന് ബോധവല്‍ക്കരണം ആവശ്യമാണ്.

സര്‍ഗ്ഗ ശക്തിയുള്ള വളരെ കുറച്ചുപേരുടെ കഥകള്‍ മാത്രമേ ഈ ചെറുഗ്രന്ഥത്തില്‍ ഞാന്‍ ഉദ്ധരിച്ചിട്ടുള്ളൂ. കൂടുതല്‍ വിശദമായി അവരുടെ സമരചരിത്രം പഠിക്കുമ്പോള്‍ വാല്യങ്ങള്‍ വളരെ എഴുതേണ്ടി വരും. ആഫ്രിക്കയില്‍ നിന്നും അമേരിക്കില്‍ കുടിയേറിയ കറുത്തവരുടെ സന്തതികളില്‍ അത് ഉണ്ടാവാമെങ്കില്‍ കേരളത്തിലെ ദലിതരുടെ സന്തതികളില്‍ അങ്ങനെ ഒന്ന് ഉണ്ടായിക്കൂടേ? അയ്യന്‍കാളിയെയും പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിയേയും നാരായണഗുരുവിനെയും വൈകുണ്ഠസ്വാമികളെയും വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. ഇവിടെ അങ്ങനെയുള്ള മഹത്തുക്കളുടെ എണ്ണം വളരെ വളരെ പരിമിതമാണ്. എന്താണ് അതിന്റെ കാരണം? ബോധവല്‍ക്കരണ ത്തിന്റെ അഭാവം മാത്രമാണ് എന്ന് ഞാന്‍ പറയും.

അമേരിക്കയില്‍ കറുമ്പരുടെ ഇടയില്‍ ഒരു സംഘടനയുണ്ട്. ബ്ലാക്ക് പാന്തേഴ്‌സ് (Black Panthers) 1966ലാണ് അത് സ്ഥാപിക്കപ്പെട്ടത്. ഹേയ് പെഴ്‌സി ന്യൂട്ടനും (Hev Percy Newton and Boby seals) ബോബിസീല്‍സും കൂടിയാണ് അത് സ്ഥാപിച്ചത്. പാന്തര്‍ ഒരു പ്രത്യേകതരം മൃഗമാണ്. വളരെ അക്ഷോഭ്യമായിട്ടാണത് കഴിയുന്നത.് ആരെയും ഉപദ്രവിക്കുക യില്ല. പക്ഷേ അതിനെ ഉപദ്രവിക്കാന്‍ ആരെ ങ്കിലും ശ്രമിച്ചാല്‍ ശത്രു ആരാണെന്ന് നോക്കാതെ അത് തിരിച്ചടിക്കും. ശത്രു എത്ര ശക്തനായാലും തിരിച്ചടി ഉഗ്രമായിരിക്കും. ശത്രു പൂര്‍ണ്ണമായി നശിക്കുന്നതുവരെ അല്ലെങ്കില്‍ താന്‍ പൂര്‍ണ്ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതുവരെ അത് തിരിച്ചടിക്കും. അതായിരിക്കണം കറുമ്പരുടെ സ്വഭാവം എന്നായിരിക്കണ മെന്നല്ലോ ആ സംഘടനയ്ക്ക് രൂപം കൊടുത്തവരുടെ ലക്ഷ്യം. ഇവിടെ ദലിതര്‍ ആരെയാണ് എന്തിനെയാണ് മാതൃകയാക്കുന്നത്?

ഇവിടെ ദലിതരെ സൃഷ്ടിച്ചവര്‍ അത് ചെയ്തത് കൈയ്യൂക്ക് കൊണ്ടല്ല. കൈയ്യൂക്കിന് രണ്ടാം സ്ഥനമേ ഉണ്ടായിരുന്നുള്ളൂ. ബുദ്ധിക്കാ യിരുന്നു ഒന്നാം സ്ഥാനം. അതിനാല്‍ തിരിച്ചടിക്കേണ്ടത് ബുദ്ധികൊണ്ടാ യിരിക്കണം. ഐ.ടി. രംഗത്ത് പ്രഗത്ഭരായ ദലിതര്‍ ഇന്ന് അനേകമുണ്ട്. സാമൂഹ്യ രാഷ്ട്രീയ രംഗത്തും അതുപോലെ പ്രഗത്ഭരായ ദലിതര്‍ ഉണ്ടാകണം. പത്തു ബി.എ.ക്കാര്‍ എന്നതുകൊണ്ട് അയ്യന്‍കാളി ഉദ്ദേശിച്ചത് അതാകണം. തല്‍സ്ഥാനത്ത് ഒരു ബി.എ.ക്കാരനെങ്കിലും ഉണ്ടായാല്‍ കേരളം രക്ഷ പ്പെടും, കേരളത്തിലെ ദലിതര്‍ രക്ഷപ്പെടും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ