"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

പുലയര്‍ ചരിത്രത്തിന്റെ താളുകളില്‍ - കുന്നുകുഴി എസ് മണി

കേരളത്തിലെ അതിപ്രാചീന ഗോത്രവര്‍ഗ്ഗക്കാരാണ് പുലയര്‍. അവരുടെ ചരിത്രത്തിന് ശിലായുഗകാലത്തോളം തന്നെ പഴക്കമുണ്ടെന്നാണ് പ്രമുഖ ചരിത്രകാരന്മാരും, നരവംശ ശാസ്ത്രജ്ഞന്മാരും വിലയിരുത്തുന്നത്. കാലഘട്ടങ്ങളെ തരണം ചെയ്ത് ആധുനിക നരവംശ ത്തിന്റെ കണ്ണിയായി നിലനില്ക്കുന്ന പുലയരെക്കുറിച്ച് വ്യക്തമായ പഠനം ഇന്ന് അനിവാര്യമായി തീര്‍ന്നിരിക്കുന്നു.

കൊടും വനങ്ങളിലും, മലമേടുകളിലും, ഗുഹാതലങ്ങളിലും പരുപരുക്കന്‍ ജീവിത സാഹചര്യം കണ്ടെത്തിയ ആദിമജനതയായും, പിന്നീട് മലനിരകളില്‍ പുനഃജ്ജനിച്ച ആദിവാസി യായും തീര്‍ന്നിരുന്ന പുലയര്‍ നരവംശശാസ്ത്രജ്ഞന്മാരെ പ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇന്നത്തെ ആധുനിക നാഗരികതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ സാഹചര്യ ങ്ങളെക്കുറിച്ച് വ്യക്തമായ പഠനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ചരിത്രകാരന്മാരാല്‍ വികൃതമാ ക്കപ്പെട്ടിരിക്കുന്ന ചരിത്രത്തിന്റെ ഉടമകളാണ് ഇന്ന് പുലയവംശം. മഹത്തായ സാംസ്‌ക്കാരിക പൈതൃക ത്തിന്റെ വേരറ്റുപോകാത്ത കണ്ണിയായി നിലനില്ക്കുന്ന പുലയര്‍ കാലത്തിന്റെ മാഹാത്ഭൂതങ്ങളില്‍ ഒന്നാണ്.

ബി.സി. 5000-നു മുന്‍പ് മെസപൊട്ടോമിയ, ഈജിപ്ത്, റോം, ഫെനീഷ്യ തുടങ്ങിയ വിദേശങ്ങളിലേക്ക് കേരളക്കരയില്‍ നിന്നും കുരുമുളക്, ആനക്കൊമ്പ്, മയില്‍, കുരങ്ങ്, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ കയറ്റുമതി ചെയ്തിരുന്നതായി തെളിവുകള്‍ ഇന്ന് ലഭ്യമാണ്. ഇങ്ങനെ കയറ്റുമതി നടത്തിയിരുന്നവര്‍ ഇവിടത്തെ ആദിമനിവാസി കളായിരുന്നു. ആ കാലത്തൊന്നും ആര്യവര്‍ഗ്ഗത്തില്‍പ്പെട്ട ബ്രാഹ്മണകൂട്ടങ്ങളോ അവരുടെ ആശ്രിതരോ ഇവിടെ എത്തിയിരുന്നില്ല. കാട്ടിലും, മേട്ടിലും, നാട്ടിലും സഞ്ചരിച്ച് വേട്ടയാടിയും മറ്റ് രീതിയില്‍ സംഭരിച്ചതുമായ വാണിജ്യ വിഭവങ്ങള്‍കൊണ്ട് വൈദേശീയസാംസ്‌ക്കാരിക സമ്പര്‍ക്കം പുലര്‍ത്തിയി രുന്നത് ഇവിടത്തെ ആദിമ നിവാസികളായ മലയനും, വേടനും, ചെറുമനും, പുലയനും, പറയനുമൊക്കെയായിരുന്നു. ഇതൊന്നും ദൈവത്തിന്റെ വക്ത്രത്തില്‍ നിന്നും ജനിച്ചെത്തിയവര്‍ക്കോ, വേദോപനിഷ ത്തുക്കളുടെ കര്‍ത്താക്കളായി സ്വയം ചമഞ്ഞ് കുടിയേറിയ ആര്യ ബ്രാഹ്മണകൂട്ടങ്ങള്‍ക്കോ സാധ്യമായിരുന്നില്ല.

മദ്ധ്യതിരുവിതാംകൂറിലെ ആറാട്ടുപുഴ പണ്ടൊരു തുറമുഖമായിരുന്നു. നൂറ്റാണ്ടുകളോളം തുറമുഖമായി തന്നെ നിലനിന്നിരുന്നുവെന്നാണ് ചരിത്രത്തില്‍ കാണുന്നത്. ഈ തുറമുഖം വഴി കായംകുളം സ്വദേശിയായ 'പെരുമാള്‍'എന്നൊരു പുലയപ്രമാണി പായകപ്പല്‍ (പടവ്-ചിലങ്ക) വഴി വിദേശ രാജ്യങ്ങളുമായി വ്യാപാര ബന്ധം പുലര്‍ത്തിരുന്നുവെന്ന് കെ.കെ.ഗോവിന്ദന്റെ 'ആറുകൊലകണ്ടം എന്ന ഗ്രന്ഥത്തില്‍ ഒരു സുവിശേഷം എന്ന അഭിപ്രായത്തില്‍ കെ.സഹദേവന്‍ (പത്രാധിപര്‍ തെക്കന്‍കാറ്റ്) രേഖപ്പെടുത്തിയിട്ടുണ്ട്.1 അങ്ങനെ കേരള സംസ്‌ക്കാരം ആര്യാധിനിവേശത്തിനു നൂറ്റാണ്ടുകള്‍ക്കുമുന്‍പ് വിദേശങ്ങളില്‍ എത്തിച്ച ചരിത്രത്തിന്റെ വ്യക്താക്കളായിരുന്നു പുലയര്‍. കൂടാതെ വൈദേശീയ സഞ്ചാരസാഹിത്യകാരന്മാരുടെ സഞ്ചാരക്കുറിപ്പുകളിലും ഇവയൊക്കെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

തലമുറകള്‍ 4: - ടി.എച്ച്.പി. ചെന്താരശ്ശേരി

സായാഹ്ന സവാരികഴിഞ്ഞ് ബാലകൃഷ്ണന്‍ ഉമമറത്തേക്കു കയറിച്ചെന്നു. മുന്‍വശത്തെ സെറ്റിയില്‍ സരിതയും അച്ചനും അമ്മയും സംസാരിച്ചു കൊണ്ടിരിക്കുന്നതുകണ്ടു. അവരെ ആലോസരപ്പെടുത്തേണ്ട എന്നു കരുതി അയാള്‍ ഒഴിഞ്ഞു മാറിപ്പോകാനൊരുങ്ങി.
''എന്താ ബാലാ..... ഒഴിഞ്ഞുമാറിപ്പോകുന്നത്? ഇതിലേ വരു. ഒരു കാര്യം പറയട്ടെ.'' ബാലകൃഷ്ണന്‍ അവരുടെ അടുത്തേക്കു അല്പം നീങ്ങിനിന്നു. എന്താണു പറയാനുള്ളതെന്നറിയട്ടെ.''ഇരിക്കൂ.'' ജയദേവന്‍ ക്ഷണിച്ചു.
ബാലകൃഷ്ണന്‍ സങ്കോചത്തോടുകൂടി ഒന്നറച്ചു നിന്നു അദ്ദേഹത്തിന്റെ മുമ്പില്‍ ഇരിക്കുന്നതെങ്ങനെ?
''ഇരിക്കൂ... ലക്ചററെ അനുസരണവും പഠിപ്പിക്കണോ.''
മാധുരിയുടെ കമന്റു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
ബാലന്‍ അല്പം അകന്ന് ഒരു സെറ്റിയില്‍ ഇരുന്നെന്നു വരുത്തി.
താന്‍ ഇപ്പോള്‍ ഒരു ഉദ്യോഗസ്ഥനാണ്. ഒരു സ്വതന്ത്ര ജീവിതം ആഗ്രഹിക്കുന്നുണ്ടാകും. അതിനെപ്പറ്റി എനിക്കുള്ള അഭിപ്രായം പറയാം. ബാലന്‍ ചെവികൂര്‍പ്പിച്ചിരുന്നു - അദ്ദേഹം തുടര്‍ന്നു പറയാന്‍ പോകുന്നതെന്തെന്ന് കേള്‍ക്കാന്‍. എന്തായിരിക്കാം അദ്ദേഹം പതിവില്ലാതെ പറയാന്‍ തുടങ്ങുന്നത്. സ്വതന്ത്രജീവിതമോ? അതിനു പല അര്‍ത്ഥവുമുണ്ടല്ലോ. ബാലനു അഹിതമൊന്നും തോന്നുന്നില്ലെങ്കില്‍.... അദ്ദേഹം അര്‍ദ്ധോക്തിയില്‍ വിരമിച്ചു. ബാലന്റെ ഹൃദയസ്പന്ദനം വര്‍ദ്ധിച്ചതുപോലെ. നെഞ്ചിനകത്തു, പണ്ടത്തെ നെല്ലുകുത്തു യന്ത്രത്തിന്റെ ശബ്ദം. തന്റെ ഉള്ളിലുള്ള ചിരാഭിലാഷത്തിന്റെ കിളി ചിറകിട്ടടിക്കുന്നതായിരിക്കണം ആ ശബ്ദം. അദ്ദേഹം അതു തന്നെയായിരിക്കണം പറയാന്‍ പോകുന്നത്. അയാളുടെ ഉള്ളു പ്രാര്‍ത്ഥിച്ചു.
ബാലന്‍ ഞങ്ങളോടു പറയാന്‍ മടിക്കുന്ന അതേ കാര്യം തന്നെയാണ് ഞാന്‍ പറയാന്‍ തുടങ്ങുന്നത്...... കോളേജിന്റെ മുമ്പിലുള്ള അശോകാലോഡ്ജ് സാമാന്യം തരക്കേടില്ലാത്തതാണ്. വലിയ ശല്യങ്ങളുമില്ല. അവിടെ ഒരു മുറികിട്ടിയാല്‍ അതു ബാലനു കൂടുതല്‍ സൗകര്യപ്രദമായിരിക്കും. ഇല്ലേ? ഇതാണോ ഇദ്ദേഹം പറയുവാനൊരുങ്ങിയത്. താന്‍ വിചാരിച്ചു സരിതയുടെ കാര്യമായിരിക്കുമെന്ന്. ബാലന്‍ ആണ്ടു ആത്മഗതംചെയ്തു. അയാള്‍ക്കു അല്പം നിരാശ തോന്നി. അതുപുറമേ കാണിക്കാമോ. ആത്മസംയമനം ചെയ്തുകൊണ്ട് മറുപടി പറഞ്ഞു.
എനിക്കു ഇവിടം വിട്ടുപോകുന്നതില്‍ അത്ര താല്പര്യമില്ല. എന്റെ വീടുപോലെയാണ് ഞാനിവിടെ കഴിഞ്ഞിരുന്നത്. അങ്ങും ചൊച്ചമ്മയും എനിക്കു മാതാപിതാക്കളാണ്.
അതിനെന്താ... ആ സ്‌നേഹ ബന്ധം ഇനിയും തുടരാമല്ലോ. ബാലന്റെ സൗകര്യം കരുതി പറഞ്ഞുവെന്നേയുള്ളൂ. തന്റെ ഭാവിക്കും അതുനല്ലതാണ്. തെറ്റിദ്ധാരണയില്ലെങ്കില്‍...
അങ്ങുപറയുന്നതും ശരിയാണ്. ഞാന്‍ ഒന്നു ഫോണ്‍ ചെയ്തുനോക്കട്ടെ... അവിടെ മുറി ഒഴിവുണ്ടോയെന്ന്.
ബാലകൃഷ്ണന്‍ ഫോണിന്റെ അടുത്തേക്കു നടന്നു മനസ്സില്ലാമനസ്സോടെ.
ഹലോ. അശോകാലോഡ്ജല്ലേ.... ആ യൂണിവേഴ്‌സിറ്റി കോളേജിലെ ലക്ചറര്‍ ബാലകൃഷ്ണന്‍ നായര്‍.... ആ.... എനിക്കവിടെ ഒരു റൂം കിട്ടിയാല്‍ കൊള്ളാം.... അതേ.... സൗകര്യമുള്ളതായിരിക്കണം. മുകളിലത്തെ നിലയില്‍... ഓ.... ഉണ്ടെന്നോ.... ഓകെ... ഞാന്‍ വരാം.
ബാലകൃഷ്ണന്‍ നായര്‍ ലോഡ്ജിലേക്കു മാറിയ ആയിടയ്ക്കു ഒരു സംഭവമുണ്ടായി. രാവിലെ കോളേജിലേക്കു പുറപ്പെടാനുള്ള ഒരുക്കമായിരുന്നു. ഫസ്റ്റുബെല്‍ കേള്‍ക്കുമ്പോള്‍ ലോഡ്ജില്‍ നിന്നിറങ്ങിയാല്‍ മതി.

വാലാകലേശം - ദളിത്‌ ബന്ധു എന്‍ കെ ജോസ്

സര്‍,
ഈ കത്ത് ഇപ്പോള്‍ത്തന്നെ വളരെ നീണ്ടുപോയി. രണ്ടു കാര്യങ്ങള്‍കൂടി പറഞ്ഞുകൊണ്ട് ഞാനിത് അവസാനിപ്പിച്ചു കൊള്ളാം. കെ .രാമകൃഷ്ണ പിള്ളയുടെ രാജ്യദ്രോഹത്തെപ്പറ്റി എത്രപറഞ്ഞാലും തീരുകയില്ല. മുക്കുവസമുദായത്തില്‍പ്പെട്ട ഒരു ധിഷണാശാലി വളര്‍ന്നുവന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച അമര്‍ഷമാണ് അതിലൊന്ന്. മറ്റേത് അദ്ദേഹത്തിന്റെ തന്നെ സമുദായത്തില്‍പ്പെട്ട ഒരാള്‍ വളര്‍ന്നു കണ്ടതി ലുള്ള അസൂയയും. ഞാന്‍ അത് ചുരുക്കിപ്പറയാം.

2 സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കരുടെ ജീവചരിത്രം എഴുതിയ സി. വാസവപ്പണിക്കര്‍, അതില്‍ രാമകൃഷ്ണപിള്ളയെപ്പറ്റി പറഞ്ഞിരിക്കു ന്നത് അതേപടി ഇവിടെ ഉദ്ധരിക്കുന്നത് സംഗതമായി തോന്നുന്നു. അദ്ദേഹം കാര്യങ്ങള്‍ വളരെ ചുരുക്കി നമ്മെ ബോധ്യപ്പെടുത്തുന്നു.

' ...സ്ഥാനത്യാഗം ചെയ്ത കൊച്ചി വലിയകോയിത്തമ്പുരാന്‍ തിരു മനസ്സിന്റെ ഷഷ് ഠ്യബ്ദപൂര്‍ത്തി പ്രമാണിച്ച് കൊച്ചിയിലെ ഒരു പ്രമുഖവ്യക്തിയായ റാവുബഹദുര്‍ തമ്പെരുമാള്‍ ചെട്ടി ഒരു പരസ്യം പ്രസിദ്ധപ്പെടുത്തി. ഷഷ്ഠ്യബ്ദപൂര്‍ത്തി സ്മാരകമായി മൂന്ന് അങ്കത്തിലുള്ള ഒരു നാടകം രചിച്ചു സി.പി. അച്ചുതമേ നോന്റെ പരിശോധന യില്‍ പ്രഥമസ്ഥാനത്തിനര്‍ഹമായ നാടകത്തിന് 50 രൂപാ സമ്മാനം കൊടുക്കു മെന്നായിരുന്നു പരസ്യം.1 മി.കെ.പി.കറുപ്പനും ബാലാകലേശം എന്ന ഒരു നാടകം രചിച്ച് ആ മത്‌സരത്തിന് അയച്ചു. നാടകം അച്യുതമേനോനെ ഏല്പിക്കാനായി കൊണ്ടുപോകുന്ന മധ്യേ വഴിയില്‍ വച്ചു യാദൃശ്ചിക മായി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രസ്തുത പുസ്തകം വായിച്ചു നന്നായിരിക്കുന്നെന്നും സമ്മാനം കറുപ്പന് ലഭിക്കുമെന്നും അഭിപ്രായപ്പെട്ടു. പരിശോധനയില്‍ കറുപ്പന്റെപുസ്തകം സമ്മാനത്തി നര്‍ഹമായി. എന്നാല്‍ അതു വളരെ ഒച്ചപ്പാടിന് ഇടയാക്കി. വാലന്‍ കറുപ്പനാണോ സാഹിത്യ ത്തിനു സമ്മാനം എന്നായി ഒരു വിഭാഗം ആളുകള്‍. സമ്മാനം നല്‍കുന്നതിനെപ്പറ്റി രൂക്ഷമായ വിമര്‍ശനങ്ങള്‍ വന്നു. സാമുദായിക വൈരാഗ്യങ്ങള്‍ ഇളക്കിവിടുന്ന വിമര്‍ശനങ്ങള്‍. വാലന്‍ നാടകം എഴുതാന്‍ തുടങ്ങിയതില്‍ അമര്‍ഷം പൂണ്ട് പ്രതിഷേധങ്ങളും വിമര്‍ശന ങ്ങളും ഉണ്ടായി. അങ്ങനെ വന്നതില്‍ ശക്തിയായ വിമര്‍ശനം സ്വദേശാഭി മാനി രാമകൃഷ്ണപിള്ളയുടേത് തന്നെയായിരുന്നു. അതാണ് രാമകൃഷ്ണ പിള്ളയുടെ യഥാര്‍ത്ഥ ചിത്രം.'2

3 കെ.പി. കറുപ്പനെ സാഹിത്യം പ്രത്യേകം പഠിപ്പിക്കാന്‍ വേണ്ടിയാണോ രാമകൃഷ്ണപിള്ള ആ നാടക രചയിതാവിന്റെ സമുദായത്തെ ചൂണ്ടിക്കാണിക്കുന്ന വാലാകലേശം എന്ന പേരുകൂടി കൊടുത്തത്? എത്ര ഹീനമായ വര്‍ഗ്ഗീയത. ആ മനുഷ്യനെയാണ് ഇന്ന് സര്‍ക്കാര്‍ സ്മാരകം കൊണ്ടു ബഹുമാനിക്കുന്നത്. പണ്ഡിറ്റ് കറുപ്പന്റെ നാടകത്തെ രാമകൃഷ്ണ പിള്ള 'വാലാകലേശം' എന്ന് വിളിച്ചില്ല എന്ന് വാദിക്കുന്ന വര്‍ക്ക് ശ്രീ ചെറായി രാമദാസ് അയ്യന്‍കാളിക്ക് ആദരത്തോടെ എന്ന തന്‍െ കൃതിയില്‍ ഉചിതമായ മറുപടി 200 -ാം പേജില്‍ കൊടുത്തിട്ടുണ്ട്.3 കേരളോദയം വാരികയില്‍ രാമകൃഷ്ണപിള്ള എഴുതിയ ലേഖനത്തിന്റെ ഒരു ഭാഗം ശ്രീ. രാമദാസ് അവിടെ ഉദ്ധരിച്ചിട്ടുണ്ട്. 1915 മാര്‍ച്ച് 9,16,23 തീയതികളില്‍ രമകൃഷ്ണപിള്ള എഴുതിയ ലേഖനത്തില്‍ അവസാന ഭാഗത്ത് പറയുന്നു:

'...മിസ്റ്റര്‍ കറുപ്പനെ ഉള്ളില്‍വച്ചുകൊണ്ടും സാഹിത്യസമാ ജാര്‍ണ്ണവ ത്തിലിറക്കിവിട്ട തോന്ന്യാസത്തോണിയെയല്ലേ, സമാജകല്ലോ ലങ്ങള്‍ ക്ഷോഭിച്ച് തിരിച്ചടിച്ചു കരയ്ക്ക്കയറ്റിയത്? മി. കറുപ്പന്റെ തണ്ട് ചാണ്ടിയിട്ടും ഈ കല്ലോലമാലകള്‍ സ്വാധീനപ്പെടുന്നില്ലെന്ന് ബോധ്യ പ്പെട്ടപ്പോള്‍ കല്ലോലങ്ങളെ കല്ലെറിയുകയാണ് യുക്തമായ നയമെന്ന് മേനോനവര്‍കള്‍ നിശ്ചയിച്ചു, ഇല്ലേ.'4 വാലന്റെ കലാശം; വാലന്റെ അവസാനം അതാണ് കറുപ്പന്‍ എഴുതിയതുപോലും. വാലന് അവാര്‍ഡ് കൊടുക്കേണ്ടത് മല്‍സ്യബന്ധനത്തിനാണ്. ഒരു വലിയ മകരമല്‍സ്യം പിടിച്ചുകൊണ്ടു വരുന്നതിന് അവാര്‍ഡുകൊടുക്കുകയാണെങ്കില്‍ അതില്‍ യുക്തിയുണ്ടുപോലും. അതാണ് രാമകൃഷ്ണപിള്ളയുടെ വിമര്‍ശനം. കെ.പി.കുറുപ്പന്റെ നാടകത്തിലെ ഒരു കഥാപാത്രം ഒരു നമ്പൂതിരിയാണ്. കഥയിലെ ആ നമ്പൂതിരിയെ വധശിക്ഷയ്ക്കു വിധിക്കുന്ന ഒരു രംഗമുണ്ട്. അത് ഒരു വലിയ സാമൂഹ്യ തിന്മയായിരാമകൃഷ്ണപിള്ള ചൂണ്ടിക്കാ ണിച്ചു. എന്തു തെറ്റു ചെയ്താലും ഒരു ബ്രാഹ്മണനെ വധശിക്ഷയ്ക്ക് വിധിച്ചുകൂടാ എന്നാണ് മനുസ്മൃതി അനുശാസിക്കുന്നത്. ബ്രാഹ്മണന് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ നാടുകടത്തലാണ്. ഒരു രാജാവിന്റെ രാജ്യത്ത് നിന്ന് അയാളെ മറ്റൊരു രാജാവിന്റെ രാജ്യത്തേക്ക് അയയ്ക്കുക. രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് തിരുനെല്‍വേലിയിലേക്കാണ്. ഒരു ബ്രാഹ്മണനെ സല്‍ക്കരിക്കാനുള്ള അവസരം ലഭിക്കുക എന്നത് ഒരു രാജാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി കരുതിയിരുന്ന കാലത്ത് ഒരു ബ്രാഹ്മണന്‍ തെറ്റു ചെയ്താല്‍ അയാളെ ഒരു പുതിയ രാജാവിന്റെ സല്‍ക്കാരത്തിന് പറഞ്ഞു വിടുക എന്നത് ഒരു ശിക്ഷയാണോ സമ്മാന മാണോ? 

സ്വസ്തിപ്രജാഭ്യ പരിപാലയന്ത ന്യായേണ മാര്‍ഗ്ഗേണ മഹി-- മഹിശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം 
ലോകാ സമസ്താ സുഖിനോ ഭവന്തു
ഓം ശാന്തി ശാന്തി ശാന്തി

2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

പുറത്താക്കുന്നതിന്റെ പാഠഭേദങ്ങള്‍

 - കണ്ണന്‍ മേലോത്ത്

പോണ്ടിച്ചേരിയിലെ ദളിത് സ്വത്വരാഷ്ട്രീയ പ്രവര്‍ത്തകനും സൈദ്ധാന്തികനുമായ രവികുമാറിനെ സംബന്ധിച്ചിടത്തേളം ആത്മകഥകള്‍ സത്യത്തിന്റെ അകമ്പടിയോടെ യെത്തുന്ന സ്വാനുഭവകല്പനകള്‍ തന്നെയാണ്. അതിയാഥാര്‍ത്ഥ്യ ങ്ങള്‍ക്ക് കടന്നുകയറാനാവാത്തവിധം നേരിന്റെ വിതാനത്തെ അതു തുറന്നുവെക്കുന്നു. അത്തരം നേരറിവുകളുടെ നീക്കിയിരിപ്പ് ആരുടെ വായനാതൃഷ്ണയെ തൃപ്തിപ്പെടുത്താനു തകുന്നുവെന്നും രവികുമാറിനെ സന്ദേഹത്തിലാക്കുന്നുണ്ട്. ദളിതുകളുടെ ആത്മകഥകള്‍ മുഖ്യധാരക്ക് സ്വീകാര്യമാവുകയും വിദേശത്തുളള യൂണിവേഴ്‌സിറ്റികളില്‍ അവ പാഠപുസ്തകമായി തെരഞ്ഞെടുക്ക പ്പെടുകയും ചെയ്തിട്ടുളള ഈ ചുറ്റുപാടില്‍ രവികുമാര്‍ മുന്നോട്ടു വെച്ചിട്ടുളള സംശയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.

1992-ദളിത് പെണ്ണാള്‍ പാമ തമിഴിലെഴുതിയ തന്റെ ആത്മകഥയായ കരുക്ക് മാക്‌സ്മില്ലനിലൂടെ ഇംഗ്ലീഷില്‍ മൊഴിമാറി പുറത്തു വരുന്നതോടെയാണ് എഴുത്തിന്റെ വരേണ്യാധികാരത്തിന് ഇളക്കം തട്ടുന്നത്. കരുക്ക് പിന്നീട് ക്രോസ് വേഡ് അവാര്‍ഡ് നേടുകയും ഫ്രാന്‍സില്‍ നന്നായി വിറ്റഴിക്കപ്പെടുകയും ചെയ്തു. ലക്ഷ്മണ്‍മാനേയുടെ ഉപാര ലക്ഷ്മണ്‍ഗെയ്വകദിന്റെ ഉചല്യ തുടങ്ങിയ ആത്മകഥകള്‍ തുടര്‍ന്നുളള വര്‍ഷങ്ങളില്‍ സാഹിത്യഅക്കാദമിയിലൂടെ പുറത്തുവന്നു. പാമയുടെ കരുക്കിന് യൂറോപ്പില്‍ ലഭിച്ച വന്‍വരവേല്‍പ്പ്, നരേന്ദ്ര യാദവിന്റെ ഔട്ട്കാസ്റ്റ് ശരണ്‍കുമാര്‍ ലിംബാലെയുടെ അക്രമാശി ജോസഫ് മക്വാന്റെ അംഗിലിയായത് തുടങ്ങിയ ആത്മകഥകളുടെ പ്രസാധത്തിനു വഴിയൊരുക്കി. ഔട്ട്കാസ്റ്റ് ആദ്യം പുറത്തിറങ്ങിയത് ഫ്രഞ്ചിലാണ്. ഒരു വര്‍ഷം തികയു ന്നതിനു മുന്‍പ് 2000-ല്‍ അധികം പ്രതികള്‍ ചെലവായിപ്പോയ ആ പുസ്തകത്തിന്റെ ഇന്ത്യയിലെ വിറ്റുവരവ് 700-നും 1000-നും ഇടയില്‍ മാത്രമാണ്. പാമയുടെ അടുത്തപുസ്തകമായ സംഗതി ഇംഗ്ലീഷിലും ഫ്രഞ്ചിലും പുറത്തു വന്നതോടെ ദളിത് എഴുത്തുകള്‍ പ്രസിദ്ധീകരിക്കുന്നതിനുളള മുഖ്യധാര പ്രസാധകരുടെ താല്പര്യം യൂറോപ്പിലെമ്പാടും വര്‍ദ്ധിച്ചു വന്നു. വസന്ത് മൂണ്‍ ഒരുക്കിയ ഡോ.ബി.ആര്‍. അംബേദ്കറുടെ ജീവചരിത്രം ഗെയ്ല്‍ ഓംവെദിന്റെ മൊഴിമാറ്റത്തിലൂടെ അമേരിക്കയിലുളള റോവ്മാന്‍ ആന്റ് ലിറ്റില്‍ ഫീല്‍ഡ് പുറത്തിറക്കി. ഓംപ്രകാശ് വാല്‍മീകി ഹിന്ദിയിലെഴു തിയ ആത്മകഥ ലുഠന്‍ കല്‍ക്കത്തയിലുളള സാമ്യ ഇംഗ്ലീഷില്‍ പുറത്തിറക്കി. കന്നട ക്ലാസിക്കായ അരവിന്ദമലഗട്ടിയുടെ ആത്മകഥ ഗവണ്‍മെന്റ് ബ്രാഹ്മണന്‍ ഒറിയന്റ് ലോങ്മാനും മറാത്തിയിലെ കിഷോര്‍ സന്താബായ്കാളേയുടെ ആത്മകഥ എഗെയ്ന്‍സറ്റ് ആള്‍ ഓഡ്‌സ് പെന്‍ഗ്വിന്‍ ബുക്‌സും പ്രസിദ്ധീകരിച്ചു. പൂനയൂണിവേഴ്‌സിറ്റി നടത്തുന്ന ലിറ്ററേച്ചര്‍ ഓഫ് പ്രൊട്ടസ്റ്റ് എന്ന കോഴ്‌സില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സാഹിത്യത്തോടൊപ്പം ദളിത് സാഹിത്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു. വടക്കേ അമേരിക്കയിലെ യൂണിവേഴ്‌സിറ്റികളില്‍ ദളിത് പഠനങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ ചുവടുപിടിച്ച് ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസ് ദലിത് പഠനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയും വന്‍ പ്രാധാന്യം നല്‍കിയാണ് ദളിത് പഠനങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്നത്. ഇത്രയും കുറിച്ചത് ദളിത് പഠനമേഖലകളായ സ്വത്വരാഷ്ട്രീയത്തിലും സാഹിത്യത്തിലും പുറത്തുളള വായനക്കാര്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമുളള താല്പര്യം എത്രമാത്രമുണ്ടെന്ന് കാണിക്കുവാനാണ്. എന്നാല്‍ കേരളത്തിലുളള ദളിതുകളുടെ ഇത്തരം നീക്കങ്ങളെ ആരും മൈന്‍ഡുചെയ്യുന്നില്ല. സാഹിത്യത്തിന്റെയും വിമര്‍ശനത്തിന്റെയും വിമോചക ദൗത്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ചില ദളിതെഴുത്തുകാര്‍ അങ്ങനെ അതിയായി ആഗ്രഹിച്ചിട്ടുപോലും (നിരീക്ഷണം : വി. സി. ശ്രീജന്‍) യൂറോപ്പ്, വടക്കേ അമേരിക്ക ഇന്ത്യയിലെ ഇതരയൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ നിന്ന് ദലിത് പഠനങ്ങള്‍ക്ക് ലഭിക്കുന്ന 'മൈന്‍ഡുകള്‍' ഇവിടെ ലഭിക്കുന്നില്ല. ദലിത് പഠനങ്ങളുടെ വ്യവഹാര-വിപണന കേന്ദ്രം പുറം നാടുകളായതുകൊണ്ടല്ല. മൈന്‍ഡധികാരികള്‍ അത്തരക്കാരെ അവഗണിക്കുന്നത് ഇവിടെ ദളിതരില്ലാത്തതും അതിനെ ചുറ്റിപ്പറ്റിയുളള മൂഡവിശ്വാസങ്ങള്‍ക്ക് ഇടമില്ലാത്തതുകൊണ്ടുമാണ്. ജാതിനിര്‍മ്മിത തൊഴിലതിരുകള്‍ ഇപ്പോള്‍ മാഞ്ഞുപോയിരിക്കുന്നു. കാഞ്ചഇളയ്യയുടെ ഓസ്മാനിയ യൂണിവേഴ്‌സി റ്റിക്കു പുറത്തിരുന്ന് ചെരുപ്പ്മിനുക്കുന്ന പണിയിലേര്‍പ്പെടുന്ന നായരെ കൊണ്ടെത്തിക്കുവോളം അത് പടര്‍ന്നിരിക്കുന്നു. (നിരീക്ഷണം: ഡോ. പി.കെ. രാജശേഖരന്‍) (ആഗോളീകരണം വരുത്തിവെച്ച കെടുതികളില്‍ ഏറ്റവും ഭീകരം!) അതിനാല്‍ ഇവിടെയില്ലാത്ത ദളിതന്റെ ഏതു വ്യവഹാരത്തെയാണ് എഴുത്തധികാരികള്‍ മൈന്റുചെയ്യേണ്ടത്? അപവാദമുണ്ടെങ്കില്‍ അത്തരക്കാരെ തീര്‍ച്ചയായും മൈന്റു ചെയ്തുവിടുന്ന പാരമ്പര്യമാണ് എഴുത്തധികാരികള്‍ക്കുളളതെന്ന വിവരം മൂഡവിശ്വാസികളായ ദളിതവാദികള്‍ക്കെങ്ങാനുമറിവുണ്ടോ?

ജന്മിയുടെ വികാരം പതി തന്റെ ജീവിതം

അദ്ധ്യായം മൂന്ന്

കുറെ നാളുകള്‍ക്കുശേഷം തെളിവാര്‍ന്ന ഒരു ദിനത്തില്‍, തമ്പുരാന്റെ ഉത്തരവു പ്രകാരം കാര്യസ്ഥന്‍ നാരായണന്‍ നായര്‍, ഇങ്കരക്കണക്കന്റെ കുടിലിരിക്കുന്ന ഭാഗത്തു ചെന്നു, നീട്ടി വിളിച്ചു.
കണക്കക്കുട്ടികള്‍ ഒരുപാടുള്ള സ്ഥലമാണത്. കുടിലുകളുടെ മുറ്റത്ത്ത, കുഞ്ഞുങ്ങള്‍ കോണകമുടുത്ത്, തുള്ളിച്ചാടി അമ്പലം വെച്ചു കളിച്ചു കൊണ്ടിരുന്നു. ചില കണക്കത്തികള്‍ ഓല മെടയുന്നു. ചിലര്‍ ആടിനെ തീറ്റുന്നു. ചില കണക്കക്കിടാത്തന്മാര്‍ പഞ്ചീസു കളിക്കുന്നു.
കളി മുറുകി, ചില കുട്ടികളും പഞ്ചീസുകളി കണ്ടു കൊണ്ടു സമീപം നിന്നിരുന്നു. ഒരു കൊച്ചു പെണ്‍കുട്ടി പഞ്ചീസു കളിക്കുതന്നതിനടത്തു വന്നു നോക്കി നിന്നു. നഗ്നത മറയ്ക്കാത്ത കുഞ്ഞായിരുന്നത്. ഒരുത്തന്‍ അതു കണ്ടു ചിരിച്ചും, കണ്ണുരുട്ടിയും, തമാശയായും ആവേശത്തില്‍ പറഞ്ഞു.
ഒന്നു പോടീ അവിടുന്ന്, തുണീല്ലാതെ തൊറന്നു മലത്തീട്ടു വന്നേക്കണ്, വല്യാതായാല്‍ കാണിക്കേം കൂടീല്ല. പോടീ, പോയ് വല്ല കോണാനുടുത്തോണ്ടു വാടി, കൂത്തിച്ചി.
കാര്യസ്ഥന്റെ വിളികേട്ടു ചില കുഞ്ഞുങ്ങള്‍ കാര്യസ്ഥന്റെ അടുത്തേയ്ക്കു കലപില ശബ്ദമുട്ടാക്കി ഓടി ചെന്നു. അവര്‍ക്കറിയില്ലല്ലോ, അയിത്തവും, ജാതിയും, തീണ്ടിക്കളിയും - കാര്യസ്ഥനമ്പരന്നു!
പോ - അസത്തുക്കള്, ഇതേത് ചെകുത്താന്‍ കുഞ്ഞുങ്ങളാണ്, അശ്രീകരം!
കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഓടി വന്നു, പൊന്നു മക്കളെ തടുത്തു കൂട്ടി കൊണ്ടു പോയി. കൂട്ടത്തില്‍ ചോദിച്ചു എന്താ തമ്പ്രാ.
ഇങ്കനെന്തേയ്?
ഇവടീല്ല അമ്മാവന്റെ കുടീല് പോയേക്കണേണ്. ശരി - അവന്‍ വന്നാല്‍, എന്നെ വന്നു കാണുവാന്‍ പറയൂ.
കാര്യസ്ഥന്‍ പോയി.
നല്ല വെയിലാണ്. അയാള്‍ നാടന്‍ മുണ്ടു തലയിലിട്ടു നടന്നു വീട്ടില്‍ ചെന്നു കയറി. ചെന്നപാടെ ക്ഷീണം കൊണ്ടു കോലായിരുന്നു. ഭാര്യ സംഭാരംകൊണ്ടു വന്നു കൊടുത്തു, അതും കുടിച്ചാശ്വാസിച്ചു. കുറെക്കഴിഞ്ഞു ഊണു കഴിച്ചു തെക്കിനിയില്‍ കിടന്നൊന്നു മയങ്ങി. സായാഹ്നമായി അന്നേരം ഇങ്കരക്കണക്കന്‍ വന്നു.... മുറ്റത്തു നിന്നു വിളിച്ചു. 
തംബ്രാ... തംബ്രാ...
അച്ചി തെക്കിനിമുറിയില്‍ ചെന്നു നായരേ കുലുക്കി വിളിച്ചു. നാരായണന്‍ നായര്‍ എഴുന്നേറ്റു മുഖം കഴുകി മുറ്റത്തേയ്ക്കിറങ്ങി. ഇങ്കരക്കണക്കന്‍ നിന്നിരുന്ന സമീപത്തു നിന്നുമല്‍പ്പം അകലെ നിന്നു പറഞ്ഞു.
നാളെ മുതല്‍ തെക്കുംഭാഗം തൊട്ടു തെങ്ങു കയറണ്. തേങ്ങായൊക്കെ വെട്ടിയിടണ്. കൂടാതെ ഇപ്രാവശ്യം ഓലയും വെട്ടാറായിട്ടുണ്ട്. അതും പിന്നെ ഇടിഞ്ഞു നില്‍ക്കുന്ന കുലകളൊക്കെ ഒന്നു കെട്ടണം. തമ്പുരാന്‍ പറഞ്ഞ പ്രകാരം കൂമ്പിലെ ചെല്ലി മാറ്റി മരുന്നിടണം.
ഏനേറ്റേയ്.... ഇപ്പത്തന്നെ കേറ്റക്കാരിമ്മാരിന വിളിക്കാന്‍ പോണുണ്ടേയ്. പിന്നെ കാശുണ്ടേ ഇച്ചിരി കാശുവേണം കുടീലൊന്നൂല്ല, അരി മേടിക്കണം.
രണ്ടു മൂന്നു ചക്രമെടുത്തു ഇങ്കരക്കണക്കനു കൊടുത്തു അതും വാങ്ങി അയാള്‍ പോയി. മൂപ്പന്‍ കണക്കന്‍ പോകുന്ന വഴിക്കു അരിയും കറിക്കൂട്ടും വാങ്ങി തോര്‍ത്തു മുണ്ടില്‍ കെട്ടി കുടിലിലെത്തി.
ഇങ്കരനു രണ്ടു കണക്കത്തിമാരാണ്. രണ്ടിലും കൂടി ഒമ്പതു മക്കളാണ്. മൂത്ത മൂനാണ്‍ മക്കള്‍ പണിക്കാരാണ്. കല്ല്യാണം കഴിച്ചു എല്ലാവരും അടുത്തടുത്ത കുടിലുകളില്‍ താമസിക്കുന്നു. രണ്ടു പെണ്‍മക്കളെ കെട്ടിച്ചയച്ചു. പിന്നെയുള്ളവര്‍ വെറുതെ കളിച്ചു നടക്കുന്നു. തെങ്ങു കയറ്റമില്ലാത്തപ്പോള്‍ ചൂണ്ടയിടാനും, വലവെച്ചു മീന്‍പിടിക്കാനും അല്ലെങ്കില്‍ ഞണ്ടും വള്ളിയിട്ടു ഞണ്ടു പിടിക്കാനും പോകും. കണക്കത്തിമാര്‍ ചിലരുടെ വീടുകളില്‍ ഓലമെടയാനും പോയിരുന്നു.
മുടി നീട്ടി വളര്‍ത്തി പിന്‍കുടുമ വെച്ചു ഒരു വശത്തേയ്ക്കു കെട്ടിയിടും. ഭസ്മക്കുറി വരയ്ക്കും. രാവിലെ എഴുന്നേറ്റാല്‍ കുളിച്ചു ഈറന്‍ തോര്‍ത്തുടുത്ത് കിഴക്കോട്ടു തിരിഞ്ഞു നിന്നു സൂര്യഭഗവാനെ തൊഴുതു പ്രാര്‍ത്ഥിക്കും. അതാണ് ഇങ്കരക്കണക്കന്റെ പ്രഭാത തുടക്കം. വാക്കത്തിയും, തളപ്പും, കൈയിലെടുത്തു പ്രാര്‍ത്ഥിച്ചു കണക്കത്തിമാരെ രണ്ടിനേയും വിളിക്കും. മക്കളെയും അടുത്തു വിളിച്ചു ഓമനിച്ചും

സി ടി സുകുമാരന്‍ ഐ എ എസ്: മണ്മറഞ്ഞ അസാമാന്യ പ്രതിഭ - ഡോ. കെ എം കര്‍മചന്ദ്രന്‍

സി ടി സുകുമാരന്‍ 
കാഞ്ഞിരമറ്റം ചക്കുംതാഴത്തു വീട്ടില്‍ എം സി തേവന്റേയും മുളന്തുരുത്തി കോമത്ര വീട്ടില്‍ തിരുവാണ്ടയുടേയും മകനായി മുളന്തുരുത്തിയിലെ വീട്ടില്‍ ജനിച്ച സി ടി സുകുമാരന്‍ കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യാ തലത്തിലും പ്രശസ്തി പിടിച്ചുപറ്റിയ ഐ എ എസ് കാരനായിരുന്നു. ഏതാണ്ട് 48 ആം വയസില്‍ അന്തരിച്ച അദ്ദേഹം അതിനു മുമ്പായി അലങ്കരിച്ച പദവികള്‍ ആരിലും അസൂയ ഉളവാക്കുന്ന തായിരുന്നു.

1970 കളുടെ തുടക്കത്തില്‍ മഹാരാജാസ് കോളേജില്‍ നിന്നും ബി എസ് സി (കെമിസ്ട്രി), ബി എ ഓണേഴ്‌സ്, എം എ (ഇംഗ്ലീഷ്) എന്നീ ബിരുദങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹം, പിന്നീട് വിവാഹശേഷം ഇംഗ്ലണ്ടില്‍ കൊളംബോ പ്ലാന്‍ അനുസരിച്ചുള്ള സ്‌കോളര്‍ഷിപ്പോടുകൂടി ഉപരിപഠനം പൂര്‍ത്തിയാക്കുകയുണ്ടായി. ഇംഗ്ലണ്ടില്‍ സകുടുംബം താമസിച്ചു പഠനം പൂര്‍ത്തിയാക്കുവാനുള്ള വരുമാനം അദ്ദേഹത്തിനു പ്രസ്തുത സ്‌കോളര്‍ഷിപ്പിനനു സരിച്ചു ലഭ്യമായിരുന്നു. ശാസ്ത്രവും മാനവിക വിഷയങ്ങളും ഒരുപോലെ അദ്ദേഹത്തിനു വഴങ്ങുമായിരുന്നു. 

ഡിഗ്രികള്‍ കരസ്ഥമാക്കിയശേഷം അദ്ദേഹം 1970 കളില്‍ എറണാകുളം സെ. ആല്‍ബര്‍ട്ട്‌സ് കോളേജില്‍ ലക്ചറര്‍, കോസ്‌മോ പൊളിറ്റന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി. ആദ്യത്തെ തവണ ഏതോ നിസാര കാരണത്താല്‍ അദ്ദേഹത്തിന് അധികാരികള്‍ ഐ പി എസ് സര്‍വീസ് നിഷേധിക്കുകയാണുണ്ടായത്. (ശാരീരികമായ ഏതോ പ്രത്യേകതകളാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്.) ആരു നോക്കിയാലും അസാമാന്യ പൗരുഷവും വ്യക്തിത്വവുമുണ്ടായിരുന്ന അദ്ദേഹം വീണ്ടും വാശിയോടെ പഠിച്ച് ഐ എ എസ്സിന് അഖിലേന്ത്യാ തലത്തില്‍ മൂന്നാം റാങ്കു നേടുകയുണ്ടായി. 1973 കാലഘട്ടത്തില്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് എറണാകുളം മദ്രാസ് കഫെ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഞാന്‍ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്തതായി ഓര്‍ക്കുന്നു.

മുസ്സോറിയിലെ ഐ എ എസ് പരിശീലനത്തിനു ശേഷം സി ടി സമുകുമാരന്‍ ആലപ്പുഴ സബ്കളക്ടര്‍, പാലക്കാട് (ഒറ്റപ്പാലം) ആര്‍ ഡി ഒ, കേരള ഹരിജന ക്ഷേമ വകുപ്പ് ഡയറക്ടര്‍, തൃശൂര്‍ ജില്ലാ കളക്ടര്‍, കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടര്‍, തിരുവനന്തപുരം ടൈറ്റാനിയം മാനേജിങ് ഡയറക്ടര്‍, കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സെക്രട്ടറി, അഖിലേന്ത്യാ മറൈന്‍ പ്രോഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ) എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രവര്‍ത്തനക്ഷമതയും നിഷ്പക്ഷതയും അഴിമതിയില്ലായ്മയും പരിഗണിച്ച് ഭാരത പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗം അദ്ദേഹത്തെ തേടിവന്നു.

ഒരു ഐ എ എസ്സുകാരന്റെ മുമ്പില്‍ ഇരുന്നു സംസാരിക്കാന്‍ പിന്നോക്ക - പട്ടിക ജാതിക്കാരെ അനുവദിച്ചു തുടങ്ങിയത് സി ടി സുകുമാരന്റെ കാലത്താണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഏത് ഉന്നത പദവികളില്‍ വിരാജിക്കുമ്പോഴും പിന്നോക്ക ക്കാരുടേയും പട്ടിക ജാതിക്കാരുടേയും പ്രശ്‌നങ്ങളും സാമ്പത്തിക പിന്നോക്കാവസ്ഥയും പരിഹരിക്കുന്നതിന് അദ്ദേഹം മുഖ്യ പരിഗണന കൊടുത്തിരുന്നു. അന്നത്തെ അധികാരികള്‍ക്ക് പൊതുവായും, പലര്‍ക്കും ഇല്ലാത്തതുമായ ഒരു ഗുണമായിട്ടാണ് ഇതിനെ കാണേണ്ടത്.


അദ്ദേഹത്തിന്റെ യഥാര്‍ത്ഥ കഴിവുകളെപ്പറ്റി പുറത്തേക്കു ഖ്യാതി വന്നത് തൃശൂര്‍ കളക്ടറായിരിക്കെ പൂരം വെടിക്കെട്ടപകടം, ടൈറ്റാനിയത്തിന്റേയും എം പി ഇഡി എ യുടേയും നേതൃസ്ഥാനങ്ങളിലിരുന്ന കാലഘട്ടം എന്നീ സാഹചര്യങ്ങളിലായിരുന്നു. അദ്ദേഹം അന്നു നടപ്പാക്കിയ സാങ്കേതിക നടപടിക്രമങ്ങള്‍ മൂലം തൃശൂര്‍ പൂരം ഇന്നും അപകടങ്ങളില്ലാതെ നടന്നുപോകുന്നു. അദ്ദേഹം അമരത്തി രിക്കുമ്പോള്‍ ടൈറ്റാനിയം ഫാക്ടറിയും എംപിഇഡിഎയും അവയുടെ പ്രവര്‍ത്തന ലക്ഷ്യവുംകടന്ന് റെക്കോര്‍ഡ് കൈവരിച്ചു. അദ്ദേഹം അഖിലേന്ത്യാ തലത്തില്‍ സൃഷ്ടിച്ച റെക്കോര്‍ഡ് നിലനിര്‍ത്തുവാന്‍ പല സ്ഥാപനങ്ങളും പെടാപ്പാടു പെടുന്നതാണ് ഇന്നത്തെ അവസ്ഥ. സാധാരണക്കാര്‍ക്കായി കെഎസ് എഫ്ഇയുടെ ചിട്ടി തുടങ്ങിയത് അദ്ദേഹമാണെന്നാണ് അറിയുന്നത്. അദ്ദേഹം പുലര്‍ത്തിയിരുന്ന ദീര്‍ഘ വീക്ഷണവും കര്‍മ കുശലതയും ഇന്നത്തെ കാലത്ത് കൈമോശം വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്തിരുന്ന പലരും അദ്ദേഹം തങ്ങളുടെ ഒരു സഹോദരന്‍ തന്നെയായിരുന്നു എന്നു പറഞ്ഞിട്ടുള്ളത് ഇന്നും ഞാന്‍ കണ്ണീരോടുകൂടി ഓര്‍ക്കുകയാണ്. അത്രക്ക് സ്‌നേഹവും കരുതലുമാണ് അദ്ദേഹം കൂടെയുള്ളവര്‍ക്ക് നല്കിയത്. ഔദ്യോഗിക ഡ്രൈവര്‍ക്ക് ക്ഷീണം തട്ടാതിരിക്കാന്‍, അയാള്‍ക്ക് വിശ്രമം നല്കിക്കൊണ്ട് പലപ്പോഴും യാത്രകളില്‍ വാഹനത്തിന്റെ സ്റ്റിയറിംങ് വളയം കൈകാര്യം ചെയ്തിരുന്നതും പ്രസിദ്ധമാണ്.

2015, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ശ്രീ വൈകുണ്ഠസ്വാമികള്‍ അഥവാ അയ്യാ വൈകുണ്ഠരുടേയും അയ്യാവഴിയുടെയും ചരിത്രം - ഡോ. സുരേഷ് മാനേ

ശ്രീ വൈകുണ്ഠസ്വാമികളുടെയും അയ്യാവഴിയുടെയും ചരിത്രം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ദക്ഷിണേന്ത്യയില്‍ ഉദയം ചെയ്ത അയ്യാവഴിയെന്ന മതപരമായ വിശ്വാസസ മ്പ്രദായത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തോടുകൂടി അയ്യാ വൈകുണ്ഠരെ ആരാധിക്കുവാന്‍ തടിച്ചുകൂടിയ വമ്പിച്ച ജനാവലിയി ലൂടെയാണ് അയ്യാവഴി ലോകത്തിന്റെശ്രദ്ധയിലേയ്ക്കു വരുന്നത്. കന്യാകുമാരി-നാഗര്‍കോവില്‍ ജില്ലയിലെ സ്വാമിത്തോപ്പെന്ന ഗ്രാമത്തില്‍ പൊന്നുമാടന്റെയും വെയിലാളരുടെയും രണ്ടാമത്തെ പുത്രനായാണ് 1803 ല്‍ വൈകുണ്ഠസ്വാമികള്‍ (1803-1851) ജനിക്കുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തിന് മുടിചൂടും പെരുമാള്‍ എന്നു പേരിട്ടു. എന്നാല്‍ പെരുമാള്‍ എന്ന പദം പേരിനൊപ്പം ഉണ്ടായിരുന്നതിനാല്‍ (കാരണം അത് ഉയര്‍ന്നജാതിക്കാര്‍ മാത്രം ഉപയോഗിച്ചിരുന്ന പദമായിരുന്നു) ഉയര്‍ന്ന ജാതിക്കാര്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് പേര് മുത്തുക്കുട്ടിയെന്നാക്കി മാറ്റുകയുണ്ടായി.

വൈകുണ്ഠസ്വാമികള്‍ ഒരു സന്യാസിവര്യനും പരിഷ്‌ക്കര്‍ത്താവും വിപ്ലവകാരി യുമായിരുന്നു. ജാതിസമ്പ്രദായത്തിനും അയിത്തത്തിനും ബ്രാഹ്മണിക്കല്‍ സമ്പ്രദായത്തിനുമെതിരായി നിശിതിമായ വിമര്‍ശനം അദ്ദേഹം നടത്തി. ഒരു ജാതിരഹിതസമൂഹം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ അദ്ദേഹം സമത്വസമാജം എന്ന സംഘടന രൂപീകരിച്ചു. അയിത്തജാതി ജനവിഭാഗങ്ങളെ അവരുടെ അടിമത്തത്തില്‍ നിന്നും വിമോചിപ്പിക്കുവാനും ധര്‍മ്മയുഗം സ്ഥാപിക്കുവാനുമാണ് താന്‍ ജനിച്ചതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെ സ്വഭാവം താഴെക്കൊടുത്തി രിക്കുന്ന പ്രത്യയശാസ്ത്രപരമായ സ്തംഭങ്ങളില്‍ നിന്നും നന്നായി ഗ്രഹിക്കാന്‍ കഴിയും.

1. ജാതിയുടെ ചങ്ങലകള്‍ തകര്‍ക്കുന്നതിനായി വ്യത്യസ്തജാതികളിലെ അംഗങ്ങള്‍ തമ്മില്‍ അദ്ദേഹം മിശ്രഭോജനം ആരംഭിച്ചു.
2. ദുഷ്ടശക്തികളെ ആരാധിക്കുന്നതും വിഗ്രഹാരാധനയെയും ഉപേക്ഷിക്കാന്‍ അദ്ദേഹം തന്റെ അനുയായികളോടാവശ്യപ്പെട്ടു.
3. ബ്രാഹ്മണരുടെ ക്ഷേത്രസമ്പ്രദായത്തെ അദ്ദേഹം എതിര്‍ത്തു.
4. അദ്ദേഹത്തിന്റെ എല്ലാ പ്രബോധനങ്ങളും അടിസ്ഥാനപരമായ ബ്രാഹ്മണവിരുദ്ധ സ്വഭാവമുള്ളവയായിരുന്നു. എല്ലാ ബ്രാഹ്മണരേയും താന്‍ നാമാവശേഷമാക്കുമെന്ന് അദ്ദേഹം തന്റെ അനുയായികള്‍ക്ക് ഉറപ്പുകൊടുക്കുകവരെയുണ്ടായി.
5. മൃഗബലിയെ അദ്ദേഹം ശക്തിയായി എതിര്‍ത്തിരുന്നു.
6. ഉയര്‍ന്നജാതിക്കാരെ ഭയപ്പെടാതെ ആത്മാഭിമാനപൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുവാന്‍ അദ്ദേഹം താഴ്ന്നജാതിക്കാരെ പ്രേരിപ്പിച്ചിരുന്നു.
7. ജാതിബദ്ധമായ തിരുവിതാംകൂര്‍ രാജ്യത്തേയും അതിന്റെ രാജാവിനെയും തന്റെ അനുശാസനങ്ങളില്‍ അദ്ദേഹം ശക്തിയായി വിമര്‍ശിച്ചിരുന്നു.
8. താഴ്ന്നജാതിക്കാര്‍ക്കുമേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന തിരുവിതാംകൂര്‍ രാജാവിനെ അദ്ദേഹം പരസ്യമായി അപലപിച്ചിരുന്നു. തിരുവിതാംകൂര്‍ രാജാവിനെ അനന്തപുരി നീചനെന്ന് പരസ്യമായിത്തന്നെ അദ്ദേഹം വിളിച്ചിരുന്നു.
9. താഴ്ന്നജാതിക്കാരുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ അദ്ദേഹം വ്യത്യാസങ്ങള്‍ വരുത്തി. 
10. ജാതിനിയമങ്ങളെ ലംഘിക്കുവാന്‍ അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു.

പറയര്‍ (സാംബവര്‍) - കുന്നുകുഴി എസ് മണി

ആദിമ നിവാസി കളില്‍പ്പെട്ട പുലയരുടെ ചരിത്രം മനസ്സിലാക്കു ന്നതിനുമുമ്പ് അവരില്‍ പ്പെട്ട പറയരുടെ ചരിത്രം കൂടി പഠിക്കേണ്ട തുണ്ട്. പറയരും ആദിമ നിവാസികളില്‍ പ്പെടുന്നവരാണ്. ഇവരെ തെക്കന്‍ ജില്ലകളില്‍ സാംബവരെന്ന പേരിലും അറിയപ്പെടുന്നുണ്ട്. ബ്രാഹ്മണാധിപത്യ വാഴ്ചക്കെതിരെ നീങ്ങിയ ജനങ്ങളെ തരംതാഴ്ത്തിയവരെയാണ് പറയര്‍ എന്നുപറയുന്നത്. അതെ സമയം പറയിപെറ്റപന്തിരുകുലം കഥയില്‍ പറയരുടെ സന്തതി പരമ്പരയില്‍ പ്പെട്ടവരാണ് ബ്രാഹ്മണരെന്നു പറയപ്പെടുന്നു. 'ഇവര്‍ രണ്ടു തരക്കാരാണ്. രണ്ടുവര്‍ഗ്ഗക്കാരുമാണ്. അങ്ങനെ തരം തിരിക്കുകയാണ് ഭേദം. ഇന്ത്യയിലുള്ള മറ്റു സംസ്ഥാന ങ്ങളിലെ താണ ജാതിക്കാരെക്കാള്‍ അവശത ഇക്കൂട്ടര്‍ അനുഭവിക്കുന്നുണ്ട്. ഇവരുടെ അടുത്തുകൂടി പോയാല്‍തന്നെ അശുദ്ധിയുണ്ടാകും. കുളികൊണ്ടു മാത്രം അതു തീരുന്നതുമല്ല. പല തെറ്റിദ്ധാരണകളും ഇവരെപ്പറ്റി ജനങ്ങളുടെ ഇടയില്‍ പരന്നിട്ടുണ്ട്. ചത്തമൃഗങ്ങളെ തിന്നാന്‍ മടിയില്ലാത്ത ഇവരുടെ ദേഹത്തില്‍ നിന്നു പുറപ്പെടുന്ന ദുര്‍ഗന്ധം അസഹ്യമാണത്രെ.'1

സംഘകാലത്തെ മൂന്നാമത്തെ ഏറ്റവും വലിയ വംശം എയിനര്‍ (പറയര്‍)ആയിരുന്നു. ആ വംശത്തിന്റെ ഉള്‍പ്പിരിവുകളാണ് പുലയര്‍, മാളര്‍, മഡിഹര്‍, പള്ളര്‍ തുടങ്ങിയവര്‍. അതേ സമയം ഒരു പറയന്‍ പുലയനെ തൊട്ടാല്‍ അഞ്ചു പ്രാവശ്യം മുങ്ങിക്കുളിച്ചാലെ പുലയന്റെ അയിത്തംതീരുകയുള്ളുവത്രെ. ഇന്നും പുലയനും, പറയനും തമ്മിലുള്ള അയിത്തത്തിന്റെ അകല്‍ച്ച നിലവിലുണ്ട്.

പറയന്‍ എന്ന പദത്തിന്റെ അര്‍ത്ഥം പറ (DRUM) കൊട്ടുന്നവന്‍ എന്നാണ്. പറകൊട്ടുന്നതില്‍ നിന്നാണ് പറയര്‍ ഉണ്ടായത് എന്ന നിഗമനവും നിലനില്ക്കുന്നു. പഹേറിയര്‍ (പര്‍വ്വത നിവാസികള്‍) എന്ന സംസ്‌കൃതപദത്തില്‍ നിന്നോ, പൊറൈയര്‍ (മല വാസികള്‍) എന്ന തമിഴ് പദത്തില്‍ നിന്നോ ആണ് പറയരുടെ ഉല്പത്തിയെന്നും പറയപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലുള്ള സാംബവരും, കേരളത്തിലുള്ള പറയരും പ്രത്യേക ജാതികളല്ല. പുലയരും, പറയരും രണ്ടല്ലെന്നും അവര്‍ ഒന്നാണെന്നും നരവംശ ശാസ്ത്രജ്ഞന്മാരും തെളിയിക്കുന്നു. നെഗ്രിറ്റോ വംശത്തില്‍ പ്പെട്ടവരാണ് പുലയരും പറയരും. ശ്രീ മൂലം തിരുനാള്‍ മഹാ രാജാവിന്റെ കാലത്ത് കേരളത്തിലെ പറയര്‍ സാംബവര്‍ എന്ന പൊതു പേരുകൂടി സ്വീകരിക്കുകയുണ്ടായി. പല്ലവ രാജാക്കന്മാരുടെ പുരോഹിതരായിരുന്ന വള്ളുവരെന്ന പുലയര്‍ രാജരാജ ചോളന്റെ കാലത്തോടെ (ക്രി.വ. 11-ാം നൂറ്റാണ്ടോടെ) പറയര്‍ എന്ന പേരിലാണ റിയപ്പെട്ടു തുടങ്ങിയത്. തമിഴ്‌നാട്ടിലേയ്ക്കുള്ള ബ്രാഹ്മണാധിപത്യമാണ് നല്ല നിലയില്‍ ജീവിച്ചു പോന്നിരുന്ന പുലയരെയും പറയരെയും സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് അധഃപതിപ്പിച്ചത്.

പറയര്‍ പ്രാചീന കാലത്ത് സമര്‍ത്ഥരും, വില്ലാളികളും, പടയാളികളും, നായാട്ടു കാരുമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നുണ്ട്. നേശവര്‍, ഉഴവര്‍, അമ്പുവര്‍, വള്ളുവര്‍ എന്നിങ്ങനെ പ്രാദേശിക വ്യത്യാസമനുസരിച്ച് അറിയപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലാണ് പറയര്‍ ധാരാളമുള്ളത്. തമിഴ് സംസ്‌ക്കാരവുമായി പറയര്‍ ഏറെ ബന്ധപ്പെട്ടി രിക്കുന്നു. തമിഴകത്തിന്റെ ഭാഗമായി തീര്‍ന്ന തോവള, അഗസ്തീശ്വരം, ഇരണിയല്‍ തുടങ്ങിയ ഭാഗങ്ങളിലും കുന്നത്തുനാട്ടിലും, കുന്നത്തൂരും ഇവര്‍ ധാരാളമായി കാണുന്നുണ്ട്. ഏലമലയിലും പറയരെകാണുന്നു. തിരുവിതാംകൂറിലെ പറയര്‍ രണ്ടു വിഭാഗമുണ്ട്. മലയാളം സംസാരിക്കു ന്നവരും, തമിഴ് സംസാരി ക്കുന്നവരും. 'പുലയരെക്കാള്‍ താണതാണ് ഇവരുടെ നില. ഉന്നതകുലജാതര്‍ എന്ന് അഭിമാനിക്കുന്ന സവര്‍ണര്‍ പണി എടുക്കാനാല്ലാതെ മറ്റൊന്നിനും ഇവരെ ആശ്രയിച്ചി രുന്നില്ല. പ്രത്യേകമായി കുളവും, കിണറും, ആരാധാനാലയങ്ങളും ഇവര്‍ക്കുണ്ട്. ഇന്നും മതകാര്യത്തില്‍ ഇവര്‍ക്ക് അത്യാസക്തിയില്ല. കോവിലിലും, പള്ളിയിലും ഇവര്‍ മാറി മാറി പോകും. മതം മാറിയെന്നു കരുതി ബന്ധം പിരിയാറുമില്ല.' 2കേരളത്തിലും തമിഴ് നാട്ടിലുമായി ആറ് ഉപ വര്‍ഗ്ഗങ്ങളായാണ് പ്രധാനമായും പറയര്‍ കാണപ്പെടുന്നത്. ചാമ്പപ്പറയര്‍, പോളപ്പറയര്‍, പാണ്ടിപ്പറയര്‍, ജിന്റാലപ്പറയര്‍, തീണ്ടപ്പറയര്‍, വേല്‍പ്പറയര്‍ എന്നിവരാണവര്‍.

തലമുറകള്‍ 3 : ടി എച്ച് പി ചെന്താരശ്ശേരി

തെക്കു പടിഞ്ഞാറേ ചക്രവാളസീമയില്‍ വെള്ളപ്പുക തുപ്പിക്കൊണ്ട് ഒരു പുകക്കുഴല്‍ ഉത്തരദിശയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. അതിനു ചുറ്റും വെള്ളിമലരുകള്‍ തെറിച്ചുയര്‍ന്നു പൊലിഞ്ഞു. ഇരമ്പിപ്പാഞ്ഞുപോയ ഒരു ആകാശയാനം തലകുത്തനേ താണിറങ്ങുന്നതു വെള്ളിമേഘങ്ങളുടെ പുള്ളികള്‍ക്കിടയിലൂടെ കാണാം. ആകാശ നീലിമയെ ആ ഛാദനം ചെയ്യുന്ന ഘടകങ്ങളധികമില്ല. നോക്കെത്താത്ത ദൂരം നീലപ്പുകയില്‍ തലയൊളിച്ചിരിക്കുന്നു. പ്രകൃതിദൃശ്യങ്ങളുടെ ലഹരി തന്റെ ആത്മാവിലേക്കു അരിച്ചിറങ്ങുന്ന പ്രതീതി.
പകലന്തിയോളം വികസന പരിപാടികളില്‍ മുഴുകിയിരുന്നിട്ട് അല്പം മനഃശാന്തിതേടുന്ന അനര്‍ഘനിമിഷങ്ങളാണ് സായംസന്ധ്യകള്‍. സന്ധ്യദേവിയുടെ കുങ്കുമത്തൊട്ടുകുറി പോലെ പശ്ചിമാംബരത്തില്‍ അര്‍ക്കബിബം തൂങ്ങിനിന്നു. കുൡ് കുങ്കുമചാര്‍ത്തണിഞ്ഞ മാധുരി മട്ടുപ്പാവിലേക്കു കയറി ചെന്നു. അവര്‍ അല്പം നേരം മൗനമായി നിന്നു. ആകര്‍ഷണ ബലത്താല്‍ ജയദേവന്റെ നയനങ്ങള്‍ അവരില്‍ പതിച്ചു. അദ്ദേഹം സന്ധ്യാദേവിയേയും തന്റെ സഹധര്‍മ്മിണിയേയും മാറിമാറി നോക്കി രണ്ടുദൃശ്യങ്ങള്‍ക്കും എന്തു സാദൃശ്യം.
തന്റെ ഭാര്യ സുന്ദരിയാണ്. പതിന്നാലു വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ. ഇന്നും ഒതുങ്ങി വടിവൊത്ത കോമളകളേമ്പരം ഒരു മധുരപ്പതിനേഴുകാരിയുടേതുപോലെ തോന്നിക്കും.... അതേ അവള്‍ യുവതി തന്നെയാണ്.
എന്താ ശ്രീമതി. പൂര്‍വ്വാധികം സുന്ദരിയായിട്ടാണല്ലോ. എന്താ ത്രിസന്ധ്യയുമായി മത്സരത്തിനോ മറ്റോ...
ഓ... കളിയാക്കാനൊരുവിരുത്.
സ്‌നേഹത്തില്‍ പൊതിഞ്ഞ പരിഭവം അവളുടെ വദനകാന്തിക്കു മാറ്റുകൂട്ടി.
ഇതാണോ കളിയാക്കല്‍. ഉള്ളതല്ലേ പറഞ്ഞത്. ആകട്ടെ.... ഇന്നെന്താഭവതിയുടെ നിവേദനം?
ഓ.... ഓര്‍ത്തില്ല... കളക്ടറേമാനേ.... പ്രജകള്‍ നിവേദനവുമായിക്യൂനില്ക്കുന്ന ഓര്‍മ്മയായിരിക്കും.
അതുകേട്ട് ജയദേവന്‍ ഒന്നുറിച്ചിരിച്ചു.
ഓര്‍മ്മിക്കാതെന്തുചെയ്യും. ഓര്‍മ്മകളും ആഗ്രഹങ്ങളുമാണ് ജീവിതത്തെ വരിച്ചുനീട്ടുന്നത്. മനസ്സിനെ വിദൂരതയിലെങ്ങോ പറഞ്ഞുവിട്ടുകൊണ്ട് പുറപ്പെടുവിച്ചശബ്ദം.
അങ്ങ് ഈയിടെയായി തത്ത്വചിന്താപരമായാണ് സംസാരിക്കുന്നത്.
അവര്‍ അല്പം കാര്യമായിത്തന്നെ പറഞ്ഞു.
അങ്ങനെയല്ല. കടന്നുപോന്ന വഴികളും മുമ്പോട്ടുള്ള വഴികളും പലതും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു... അത്രേയുള്ളൂ... ആ ബാലന്റെ കാര്യം തന്നെ യെടുക്കാം....
എന്താ അവന്റെ കാര്യം?
അവര്‍ ജിജ്ഞാസയോടെ ചോദിച്ചു.
അവന്‍ ഇവിടെ വന്നിട്ടു നാളുകള്‍ അധികമായിട്ടില്ല. അതിനിടയില്‍ അവന്റെ പെരുമാറ്റങ്ങള്‍ താന്‍ ശ്രദ്ധിച്ചോ?
മാധുരിയുടെ കണ്ണുകളില്‍ തന്റെ മിഴികളൂന്നിക്കൊണ്ട് ചോദിച്ചു.
പെരുമാറ്റമൊന്നും ശ്രദ്ധിച്ചില്ല. അതിനു എപ്പോഴാണ് സമയം. ഉദാസീനമായ മറുപടി.
അവന്‍ ജോലിയെല്ലം കഴിഞ്ഞ് രാത്രികാലങ്ങളിലെന്താ ചെയ്യുന്നതെന്നറിയാമോ?
ഉറങ്ങുകയായിരിക്കും.
അല്ലാ.... അതല്ലേരസം... അവന്‍ ഭാവിയെ കരുപ്പിടിപ്പിക്കയാണ്.
എന്നുവച്ചാല്‍?
അവന്റെ ഓരോ ചലനങ്ങളും ഞാന് ശ്രദ്ധിക്കാറുണ്ട്.... അവന്‍ ഒരു സാധാരണക്കാരനല്ല.... പരിശ്രമശാലിയാണ്.
ഇത്രമാത്രം പുകഴ്ത്താനെന്താണുണ്ടായത്?
അവര്‍ അല്പം അസൂയകലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.
ജോലികഴിഞ്ഞുള്ള ഒരു നിമിഷം പോലും അവന്‍ പാഴാക്കുന്നില്ല. പബ്ലിക് ലൈബ്രറിയില്‍ ചേര്‍ന്നിട്ടുണ്ട്. നല്ലനല്ല ഇംഗ്ലീഷുഗ്രന്ഥങ്ങള്‍ അവന്റെ മുറിയില്‍ ഞാന്‍ കണ്ടു. എല്ലാം നല്ല സ്റ്റാന്‍ഡാര്‍ഡു ഉള്ളവ.
അതിനു അവനു ഇംഗ്ലീഷറിയാമോ?
അറിയാമായിരിക്കണമല്ലോ. അതുകൊണ്ടല്ലേ ഇംഗ്ലീഷു ഗ്രന്ഥങ്ങള്‍ എടുക്കുന്നത്.... അവന്‍ ഏതു ക്ലാസുവരെ പഠിച്ചിട്ടുണ്ടെന്നു വ്യക്തമായി പറഞ്ഞിരുന്നില്ല. എഴുതാനും വായിക്കാനും അറിയാമെന്നു മാത്രമാണ് ആദ്യമായികണ്ടപ്പോള്‍ പറഞ്ഞത്. ഇംഗ്ലീഷിന്റെ കാര്യമായിക്കൂടെന്നില്ലല്ലോ.
ഇതു നല്ല നേരമ്പോക്ക്. അവനെ കണ്ടാല്‍ എന്തുവിനയവും വണക്കവും.
മാധുരി അത്ഭുതപ്പെട്ടു.
രാത്രികാലങ്ങളില്‍ മോട്ടോര്‍ ഡ്രൈവിംഗും പഠിക്കുന്നുണ്ട്. അതുകഴിഞ്ഞാണ് ഗ്രന്ഥപാരായണം.
വല്ല പരീക്ഷയ്ക്കും പഠിക്കയാണോ?
ഇന്നു അവന്‍ ഒരു നിവേദനവുമായി എന്റെ അടുത്തുവന്നു. രാത്രികാലങ്ങളില്‍ ഡ്രൈവിംഗ് പഠിക്കുന്നുണ്ടെന്നും ഒരു ലൈസന്‍സ് എടുത്തു കൊടുക്കണമെന്നും.
ഓ..... അങ്ങനെയാണെങ്കില്‍ അതു നമുക്കും പ്രയോജനമാണല്ലോ...
സ്ത്രീയുടെ സ്ഥാര്‍ത്ഥതയുടെ പ്രകടനം.
അതെങ്ങനെ
അവന്‍ വിശ്വസ്തനും വിനയനുമാണ്. അവനെ നമ്മുടെ ഡ്രൈവറാക്കിയാലെന്താ? അവിടുന്നു തന്നെ എന്നും ഡ്രൈവറു ചെയ്യുന്നതു അസൗകര്യമാണല്ലോ. സ്ത്രീയുടെ പ്രായോഗിക ബുദ്ധി.
ഒരു ഡ്രൈവറെ നിയോഗിക്കുന്ന കാര്യം ഞാനും ആലോചിച്ചിരുന്നു ഇങ്ങനെ ഒരു സൗകര്യം ഒത്തു വന്നാല്‍ അതു അവനും കൂടി പ്രയോജനപ്പെടും.
കൃത്യനിഷ്ടയുള്ള ഡ്രൈവര്‍ എന്ന പേര് കരസ്ഥമാക്കാന്‍ ബാലകൃഷ്ണനു അധികനാള്‍ വേണ്ടിവന്നില്ല. ജയദേവന്റെ സ്‌നേഹം കൈപ്പറ്റുവാന്‍ അവനു കഴിഞ്ഞു. അതോടൊപ്പം അവന്റെ ജീവിതം പുതുനാമ്പിട്ടു തഴയ്ക്കുവാനും തുടങ്ങി. ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടായി. ഉയരണം.
എല്ലാ കഴിവുകളും തന്റെ ഉയര്‍ച്ചയ്ക്കുവേണ്ടി ഉഴിഞ്ഞു വയ്ക്കണം.
അതൊരു വാശിപോലെയായി. ബാലകൃഷ്ണന്‍ രാപകല്‍ പണിയെടുത്തു. ലൈബ്രറിയിലെ ഓരോ ഷെല്‍ഷുമായും അവന്‍ പരിചയപ്പെട്ടു. അവനിലെ മനുഷ്യന്‍ വളരുകയായി. ഉള്ളിലൊതൂങ്ങിയിരുന്ന തമശ്ശിഷ്ടവും അകന്നുപോയി.

2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

അയ്യന്‍കാളിയുടെ ലക്ഷ്യം - ദലിത് ബന്ധു എന്‍ കെ ജോസ്

അയ്യന്‍കാളിയുടെ ലക്ഷ്യം 

സര്‍,
അയ്യന്‍കാളിക്ക് വളരെ വിപുലമായ ലക്ഷ്യമുണ്ടാ യിരുന്നു. അക്ഷരജ്ഞാനമില്ലാതിരുന്ന അയ്യന്‍കാളി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്റെ ജനത്തിനുവേണ്ടി കണ്ടെത്തിയ ലക്ഷ്യത്തിന്റെ ആഴവും പരപ്പും അങ്ങയെപ്പോലും അല്‍ഭുതപരതന്ത്രനാക്കും. അതിനു തുരങ്കംവച്ച സാമൂഹ്യ ദ്രോഹിയെയാണ് അങ്ങ് ഇന്ന് ആദരിക്കുന്നത്. അതാണ് എന്നെ ഇന്ന് അല്‍ഭുതപരതന്ത്രനാക്കുന്നത്. അതുകൊണ്ടാണ് ഞാനീ കത്തെഴുതാന്‍ തുനിഞ്ഞത്.

2 പുലയക്കുട്ടികള്‍ക്ക് വിദ്യാഭ്യാസ വിഷയത്തില്‍ പ്രത്യേക പരിഗണന കൊടുത്തു വളര്‍ത്തിക്കൊണ്ടുവരുവാനുള്ള തീവ്രമായ അഭിലാഷത്തിന്റ ഫലമാണ് അവരെ പ്രത്യേകം മാറ്റി ഇരുത്തിയോ, അവര്‍ക്ക് പ്രത്യേകം സ്‌കൂളുകള്‍ പണികഴിപ്പിച്ചോ പ്രശ്‌നം അവസാനി പ്പിക്കണമെന്ന നിര്‍ദ്ദേശം കെ. രാമകൃഷ്ണപിള്ള ഉന്നയിച്ചത് എന്നാണ് അതിന്റെ ഇപ്പോഴത്തെ സാധൂകരണം എന്ന് മുമ്പു സൂചിപ്പിച്ചുവല്ലോ; അതിന്റെ ഒരു സൂചനപോലും ആ ലേഖനത്തിലോ പിന്നീടു വന്ന ലേഖനങ്ങളിലോ ഇല്ല. അതെല്ലാം ഇന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കെട്ടിച്ചമച്ച കെട്ടുകഥകളാണ്. ദലിത് വിദ്യാര്‍ത്ഥികളെയും സവര്‍ണ്ണ വിദ്യാര്‍ത്ഥി കളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കരുത് എന്നു മാത്രമേ അദ്ദേഹം നിര്‍ദ്ദേശിച്ചുള്ളൂ. ദലിത് വിദ്യാര്‍ത്ഥികള്‍ പഠിക്കുകയോ പഠിക്കാതിരി ക്കുകയോ എന്തുവേണമെങ്കിലും ചെയ്തു കൊള്ളട്ടെ. അതില്‍ അദ്ദേഹത്തിന് ഒരു പരാതിയുമില്ല. അയിത്ത ക്കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വന്നാല്‍ സവര്‍ണ കുട്ടികള്‍ അയിത്തപ്പെടും, അതിലൂടെ അവരുടെ മാതാപിതാക്കളും അയിത്തപ്പെടും, അതു പാടില്ല. അതു മാത്രമായിരുന്നു രാമകൃഷ്ണപിള്ളയുടെ ഡിമാന്റ്. ആ ഡിമാന്റിലൂടെ ദലിത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ പൂര്‍ണമായി തടയാം എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.

3 അന്നു സര്‍ക്കാര്‍ സ്‌കൂളുകള്‍ വളരെ പരിമിതമായിരുന്നു. രാജ്യത്തുള്ള സവര്‍ണ്ണ വിദ്യാര്‍ഥികള്‍ക്കുപോലും പഠിക്കുന്നതിന് അത് മതിയാവുക യില്ലായിരുന്നു. അടുത്തു സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ സ്‌കൂളില്‍ പോകാത്ത സവര്‍ണ വിദ്യാര്‍ത്ഥികള്‍ വളരെയുണ്ടായിരുന്നു. അവരില്‍ പലരും ഏതെങ്കിലും ആശാന്റെ അടുക്കല്‍ വിദ്യ തേടിപ്പോയിരുന്നു. ഗുരുകുല സമ്പ്രദായം അവസാനിച്ചിരുന്നെങ്കിലും അപൂര്‍വം ചില ആഢ്യന്മാര്‍ അതും പരീക്ഷിച്ചിരുന്നു. ആ പരിതസ്ഥി തിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥാപിക്കുകയാണെങ്കില്‍ അത് സവര്‍ണ കുട്ടികള്‍ക്കോ ദലിത് കുട്ടികള്‍ക്കോ? സവര്‍ണ കുട്ടികള്‍ക്ക് മതിയാകുന്ന സ്‌കൂളുകള്‍ സ്ഥാപിച്ചശേഷം ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ എന്ന ന്യായം സ്വീകരിച്ചാല്‍ രാമകൃഷ്ണപിള്ളയ്ക്ക് ശേഷം രണ്ടു മൂന്നുതലമുറകള്‍ കഴിഞ്ഞാലും അത് നടക്കാന്‍ പോകുന്നില്ല. അത് അറിയാവുന്നതു കൊണ്ടാണ് രാമകൃഷ്ണപിള്ള ദലിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം തടയാതെ സവര്‍ണ്ണരുമായിട്ടുള്ള സഹ വിദ്യാഭ്യാസം മാത്രം തടഞ്ഞത്. അതുകൊണ്ടു രണ്ടും നടക്കും.

സര്‍ക്കാര്‍ പള്ളിക്കൂടമല്ലാതെ ദലിതര്‍ക്ക് സ്വന്തമായ വിദ്യാലയങ്ങള്‍ എന്നത് അന്നത്തെ പരിതസ്ഥിതിയില്‍ അസാധ്യം തന്നെ യായിരുന്നു. അയ്യന്‍കാളിക്കു ഒരു പള്ളിക്കൂടം രണ്ട് ക്ലാസ്സ വരെയുള്ളത് അനുവദിച്ചു. പക്ഷെ അതു നടത്തിക്കൊണ്ടുപോകാന്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ നേരത്തേ പറഞ്ഞുവല്ലോ ആ പരിതസ്ഥി തിയില്‍ സഹ വിദ്യാഭ്യാസം നിഷേധിച്ചാല്‍ ദലിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം പൂര്‍ണമായി നിലയ്ക്കും. അത് മറ്റാരേക്കാള്‍ വ്യക്തമായി അറിയാമാ യിരുന്നത് രാമകൃഷ്ണ പിള്ളയ്ക്കും അയ്യന്‍കാളിക്കുമാ യിരുന്നു. രാമകൃഷ്ണപിള്ള സഹ വിദ്യാഭ്യാസം പാടില്ലെന്നും അയ്യന്‍കാളി അതു വേണമെന്നും നിര്‍ബന്ധം പിടിച്ചതും അതുകൊണ്ടു തന്നെയാണ്.

4 ദലിത് വിദ്യാര്‍ത്ഥികള്‍ എല്ലാവരും അക്ഷരമെങ്കിലും വശമാക്കണമെന്ന് അയ്യന്‍കാളിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് എല്ലാ ദലിതര്‍ക്കും അതുണ്ടായിരിക്കണമെന്നില്ല. അധ്യാപകര്‍ കുട്ടികളെ വീട്ടില്‍ ചെന്ന് ശേഖരിക്കണമെന്ന് എല്‍.എം.എസ് കാര്‍ നിര്‍ദ്ദേശിച്ചതും അതുകൊണ്ടാണ്. അതിനവര്‍ അധ്യാപകര്‍ക്ക് പ്രത്യേക അലവന്‍സു കൊടുത്തുകൊണ്ടിരുന്ന കാര്യം മുമ്പു സൂചിപ്പിച്ചുവല്ലോ. അങ്ങനെ ഒന്നും ഇല്ലാത്ത പരിതസ്ഥിതി യില്‍ സര്‍ക്കാര്‍ ദലിതര്‍ക്കായി ഒരു പള്ളിക്കൂടം പ്രത്യേകം സ്ഥാപിച്ചാല്‍ അവിടെ എത്ര ദലിത് വിദ്യാര്‍ത്ഥികള്‍ എത്തും? രണ്ടും നാലും ദലിത് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നാടിന്റെ നാനാഭാഗത്തും സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിനെക്കൊണ്ടു കഴിയുമോ? അതുമെല്ലാം അറിയാമായിരുന്ന വ്യക്തികളായിരുന്നു രാമകൃഷ്ണപിള്ളയും അയ്യന്‍കാളിയും. അതുകൊണ്ട് സഹവിദ്യാഭ്യാസം തടഞ്ഞാല്‍ ദലിത് വിദ്യാര്‍ത്ഥികളുടെ പഠനം തന്നെ നടക്കാതിരിക്കും എന്ന് രാമകൃഷ്ണ പിള്ളയ്ക്ക് അറിയാമായി രുന്നു. അതിനാല്‍ രണ്ടു പേരും അവരവരുടെ നിലപാടില്‍ ഉറച്ചു തന്നെ നിന്നു.

പുലയന്‍ തൊണ്ണൂറടി മാറണം ഈഴവനു അറുപതും നായര്‍ക്ക് പത്തും

ധനു എളങ്കുന്നപ്പുഴ
അദ്ധ്യായം രണ്ട്

പുലയന്‍ തൊണ്ണൂറടി മാറണം ഈഴവനു അറുപതും നായര്‍ക്ക് പത്തും
വല്ലപ്പോഴും മഴയും കാറ്റുമുണ്ടായിക്കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ശീതക്കാറ്റും അടിച്ചു കൊണ്ടിരുന്ന കാലഘട്ടം. വിത്തു പാകിയ പാടത്തെ ഞാറു വളര്‍ന്നു പൊങ്ങി. എങ്ങും പച്ച വിരിച്ചു നില്‍ക്കുന്ന ഞാറിന്‍ തലപ്പുകള്‍. സായാഹ്ന വെയിലില്‍ പാടത്തു പച്ചപ്പട്ടാര്‍ന്നു കാറ്റില്‍ ഉയര്‍ന്നു താണു തലയാട്ടിയാടുന്നതു, കണ്ണിന്നു കുളിര്‍മയേകുന്നു. ചേതോഹരമായ ദൃശ്യം. മധുര നിഷ്യന്ദിയായ കുളിര്‍ തെന്നലില്‍, നിരവധി പേര്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നിരുന്നു. ചിറപ്പുറത്തും പറമ്പടിയിലും നിന്നു കുടികിടപ്പുകാരും, വഴിപോക്കരും ശ്രദ്ധിച്ചിരുന്നു. അവിടവിടെ തെങ്ങിന്‍ തുരുത്തും, പച്ചിലക്കാടുകളും മനോഹാരിത തളിര്‍ത്തു നിന്നു.
ജന്മിയുടെ കാര്യസ്ഥന്‍ പല സ്ഥലത്തും നടന്നു പുലയ സ്ത്രീകളേയും, ക്രിസ്ത്യാനി പെണ്ണുങ്ങളേയും, കൂടാതെ വേട്ടുവ, വേല സ്ത്രീകളേയും വിളിച്ചു കൊണ്ടു വന്നു.
കളപറിക്കാന്‍ (മുട്ടിപ്പുല്ലുപറിക്കാന്‍). ഞാറു പറിച്ചു നടല്‍ കഴിഞ്ഞ് സാമാന്യം വളര്‍ച്ചയെ കളപറി നടത്തുന്നു. പുലയ പെണ്ണുങ്ങള്‍ക്ക് പാടത്തു പണിയാണല്ലോ സ്ഥിരമായ കുലത്തൊഴില്‍. മഴയത്തും വെയിലത്തും ഒരുപോലെ ചൂടാനുപയോഗിക്കുന്ന പുട്ടിയവര്‍ക്കുണ്ട്. തഴകൊണ്ടു നെയ്തുണ്ടാക്കുന്ന ഒരു ചൂടലാണ് പുട്ടി. പുലയന്മാര്‍ തൊപ്പിക്കുടയും ചൂടുന്നു. ചിലര്‍ തൊപ്പിപ്പാളയും ഉപയോഗിക്കുന്നു.
ഉള്ളവെള്ളം കൊണ്ട് കള തഴച്ചു വളരാതെ, നെല്ലിനു തന്നെ ലഭിക്കുന്നതിനു വേണ്ടിയാണ് കള പറിച്ചു കളയുന്നത്. കൂടാതെ പായലുണ്ടാകും, വെണ്ണപ്പായല്‍ എന്നു പറയും, അവയും ഞാറുകള്‍ക്കിടയില്‍ നിന്നു തന്നെ വാരിക്കളയണം. സ്ത്രീകള്‍ പറിച്ചു കളയും, പായലും പലയിടത്തായി കൂട്ടിയിടുന്നു. അവ പുലയകിടാത്തന്മാര്‍ വാരിക്കുട്ടയിലാക്കി പറമ്പടിയിലോ ചിറപ്പുറത്തോ കൊണ്ടു വന്നു കളയും. വെയിലത്തവ ഉണങ്ങിപ്പൊയ്‌ക്കൊള്ളും.
ഈ പണിയൊക്കെ നോക്കി നടത്തുന്നത് തമ്പുരാന്റെ പ്രധാന കാര്യസ്ഥനാണ്. കൂടാതെ കാര്യസ്ഥനെ സഹായിക്കാന്‍ പല സഹായികളുമുണ്ടാകും. ചില വേലകള്‍ ചെയ്യുവാന്‍ ക്രിസ്ത്യാനികളായആളുകളും, ഈഴവരും പിന്നെ മുക്കുവരും ഉണ്ടാകും. എന്നിരുന്നാലും മൂപ്പന്‍ പണിക്കാരനൊന്നുണ്ട്. അതാണ് കണ്ടായന്‍. മൂപ്പിലാന്‍ സ്ത്രീകളയൊക്കെ ശാസിക്കും, നിരത്തി നിര്‍ത്തും, പറഞ്ഞാലനുസരിച്ചില്ലെങ്കില്‍ കുനിഞ്ഞു നില്‍ക്കുന്ന ചെറുമിയുടെ പിന്‍ഭാഗത്തിട്ടു കൈവലിച്ചൊന്നു കൊടുക്കും. അടി കിട്ടുന്ന പെണ്ണിന്നു കോപമല്ല നാണമാണ് ഉണ്ടാകുക. അപ്പോള്‍ നിരതെറ്റി നിന്നിരുന്ന പെണ്ണാള്‍ ശരിക്കും നിന്നു കള പറിക്കും. അതിനു വേണ്ടി നിരന്നു നില്‍ക്കുന്ന സ്ത്രീകളുടെ മുന്‍ഭാഗത്തു മുഖത്തോടു തിരിഞ്ഞു നിന്നു വേണ്ട നിര്‍ദ്ദേശം കൊടുക്കും. കൂടാതെ കയ്യിലൊരു നീണ്ട വടിയുണ്ടാകും. അതു പറിക്കൂ, ഇതു പറിക്കൂ, ആ ഞാറു പറിക്കരുത്, ആ കള മാത്രമേ പറിക്കാവൂ, കൂടുതല്‍ കൂട്ടമായി നില്‍ക്കുന്ന ഞാറും പറിക്കുവാന്‍ ഈ വടി കൊണ്ടു ചൂണ്ടി പറയും. ഞാറാണു പറിക്കുന്നതെങ്കില്‍, വേറെ തരത്തില്‍ കെട്ടി മാറ്റിയിടും. പ്രസ്തുത ഞാറുകള്‍ കുറവുള്ള സ്ഥലത്തു കൊണ്ടു പോയി നടാനുള്ളതാണ്. ആ ഞാറ് പുലയക്കിടാത്തന്മാര്‍ വെള്ളത്തിലൂടെ വലിച്ച് നടേണ്ട സ്ഥലത്തു കൊണ്ടു പോയിടും. കളപറി ഏകദേശമാകുമ്പോള്‍ അന്നു തന്നെ ആ ഞാറുകള്‍ പുലയികളെ കൊണ്ടു നിരന്നു നിന്നു നടീക്കും.
മാടനും ചക്കിയും പാടത്തു പണിക്ക് ആത്മാര്‍ത്ഥമായി തന്നെയാണ് പങ്കെടുത്തിരുന്നത്.
മാടനിലും പ്രത്യേകതയുണ്ട്. അടിമപ്പണിക്കാരില്‍ പ്രധാന സ്ഥാനമാണ് മാടനില്‍ കല്‍പ്പിക്കപ്പെട്ടിരുന്നത്. കാരണം പണ്ട് ഈ നാട്ടില്‍ എങ്ങു നിന്നോ നാടുവിട്ടു വന്നപ്പോള്‍ അഭയം കൊടുത്തത് ഇവിടുത്തെ തമ്പുരാനാണ്. കൂടാതെ ചിറപ്പുറത്ത് കുടിലു കെട്ടിക്കൊടുത്തു. കല്ല്യാണം കഴിക്കുവാനുള്ള സഹായവും ചെയ്തു. ചക്കിയെ തമ്പുരാന്‍ വേണ്ട രീതിയില്‍ നോക്കുന്നുമുണ്ട്. കണ്ടായന്‍ കഴിഞ്ഞാല്‍ പിന്നത്തെ മൂപ്പന്‍ സ്ഥാനം മാടനിലാക്കുവാനാണ് തമ്പുരാന്റെ ഉദ്ദേശ്യം. മാടന്‍ ഇഷ്ടമുള്ള പണികള്‍ ചെയ്താല്‍ മതി. അത്തരത്തിലൊരു സമീപനം കാര്യസ്ഥനും മാടനില്‍ കാണിക്കുന്നുണ്ട്.
കളപറിയും, ഞാറുപറിയും നിരത്തലുമൊക്കെ നടക്കുന്ന കാലത്തൊരിക്കല്‍, തമ്പുരാന്റെ എഴുന്നെള്ളത്തുണ്ടായി.
തമ്പുരാനും കാര്യസ്ഥനും കൂടി എഴുന്നള്ളി വരുമ്പോള്‍ വഴിയില്‍ ആരും നില്‍ക്കുവാന്‍ പാടില്ല. കുറ്റിക്കാടുകളുടെ സമീപത്തു കൂടിയായിരുന്നു യാത്ര. ഒരു സ്ത്രീ അകലെ നില്‍ക്കുന്നതു കണ്ടു. ഉടനെ കാര്യസ്ഥന്‍ നീട്ടി വിളിച്ചു.

ഏ...ഏ...ഹേയ് മാറിപ്പോ... മാറിപ്പോ എന്ന നിര്‍ദ്ദേശമായിരുന്നത്.
എതിര്‍ഭാഗത്തു നിന്നും ഒരു സ്ത്രീശബ്ദമുയര്‍ന്നു. ഓ...ഓ....ഹോ... ഞാന്‍ മാറിയേ എന്ന ശബ്ദം കേട്ടു. പക്ഷേ വഴി വക്കില്‍ നിന്നും ഏകദേശം അറുപതടി മാറിയാണ് ആ സ്ത്രീ നില്‍പ്പുറപ്പിച്ചത്. മാടമ്പി കടന്നു പോകുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ദര്‍ശനമേല്‍ക്കുന്ന രീതിയില്‍, ആ സൗന്ദര്യധാമം മാറിടം മറച്ചിരുന്ന തോര്‍ത്തു തുണി മാറ്റിക്കാണിച്ചു. അതു കണ്ട ജന്മി മന്ദസ്മിതനായി കൈകൊണ്ടാംഗ്യം കാണിച്ചു.
''പോയിട്ടുവരാം'' എന്ന്.
അറുപതടി മാറി നില്‍ക്കുവാനവകാശം ഈഴവര്‍ക്കാണ്. പാടത്തേയ്ക്കു പോകുന്ന പറമ്പടിയുടെ ഒരു ഭാഗത്തു ഓടമേഞ്ഞ പുരയില്‍ താമസിക്കുന്ന കൊച്ചിറ്റാമച്ചോന്റെ മൂത്തമകളാണത്. പേര് കുറുമ്പ. പത്തു മുപ്പതു വയസ്സായിട്ടും കല്ല്യാണമായിട്ടില്ല. ഇരുനിറം, സൗന്ദര്യവതി. ചെത്തുകാരന്‍ കൊച്ചിറ്റാമച്ചോന്‍ മാടമ്പടിയുടെ ചില പണിക്കാരുമൊക്കെ അറിയുന്ന വ്യക്തിയാണ്. നാലു പെണ്‍മക്കളും, ഒരാണ്‍ മകനുമായണയാള്‍ക്കുള്ളത്. കാലത്തേ കള്ളെടുക്കാന്‍ പുറപ്പെട്ടാല്‍ പിന്നെ ഉച്ചയ്ക്കാകും തിരിച്ചു വരുന്നത്. കുറുമ്പയ്ക്കു വേറൊരു പണിയുമില്ല. ഈ അഴകുള്ള പെണ്ണിനു കല്ല്യാണാലോചന പലതും വന്നെങ്കിലും സ്ത്രീധനമില്ലാത്തതിനാല്‍ ആരും കല്ല്യാണം കഴിക്കാന്‍ മുതിര്‍ന്നില്ല.
ഈഴവരെ പുലയര്‍ തണ്ണാനെന്നാണ് ബഹുമാനപുരസ്സരം വിളിച്ചിരുന്നത്. അവരുടെ സ്ത്രീകളെ തണ്ണാത്തിയെന്നുമാണ് അഭിസംബോധന ചെയ്തിരുന്നത്. ചെറുപ്പക്കാരായ ഈഴവരെ കൊച്ചണ്ണാനെന്നും, ചെറുപ്പക്കാരികളായ ചോത്തിപ്പെണ്ണുങ്ങളെ കൊച്ചണ്ണാത്തിയെന്നുമാണ് പുലയര്‍ വിളിച്ചിരുന്നത്. തിരിച്ച് എടാ എടി എന്നൊക്കെ പുലയരേയും, കണക്കന്മാരേയും വിളിച്ചിരുന്നു. അവരുടെ മക്കളും, എന്തിനേറെ കൊച്ചു കുട്ടികള്‍ പോലും പ്രായമായവരേയും ഈ തരത്തിലാണ് നികൃഷ്ടതയോടെ വിളിച്ചിരുന്നത്.

2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

വാഴ്ത്തപ്പെടാത്ത വിപ്ലകാരികള്‍ - ഡോ. സുരേഷ് മാനേ

തിരുവള്ളുവര്‍ 
ഇന്ത്യാ ചരിത്രത്തിന്റെ മുഖ്യഭാഗം, ബ്രാഹ്മണിസ ത്തിനെതിരെ നടന്ന ജാതി സംഘര്‍ഷങ്ങളുടെയും സാമൂഹ്യ പോരാട്ടങ്ങ ളുടെയും അല്ലെങ്കില്‍ ദേശീയ സംസ്‌ക്കാരതയിലും വിഭവങ്ങളിലും അധികാര ത്തിലും തങ്ങളുടെ പൂര്‍ണ്ണമായ മേധാവിത്തം നിലനിര്‍ത്തുന്നതിനായി ബ്രാഹ്മണര്‍ നടത്തിയ പരിശ്രമങ്ങളുടെ രേഖകളല്ലാതെ മറ്റൊന്നുമല്ല. ബ്രാഹ്മണിസ ത്തിനെതിരെയുള്ള വിമോചനപ്പോരാട്ട പ്രക്രിയയില്‍ ബ്രാഹ്മണിസത്തിന്റെ അടിത്തറ തകര്‍ക്കുന്നതിനായി ചെറുതും വലുതുമായ എണ്ണിയാലൊടു ങ്ങാത്ത പ്രതിഷേധങ്ങളും പ്രക്ഷോഭ ങ്ങളും രാജ്യത്തുടനീളം നടന്നിരുന്നു. ബ്രാഹ്മണ്യ സാമൂഹ്യാക്രമ ത്തിനെതിരെ നടന്ന അത്തരത്തിലുള്ള എതിര്‍ മുന്നേറ്റങ്ങളില്‍ അവഗണിക്കപ്പെട്ട ചില പോരാട്ടങ്ങളുടെ ലഘുവിവരണമാണ് ഈ അധ്യായത്തില്‍ അവതരിപ്പിക്കുന്നത്.

അത്തരത്തിലുളള പ്രക്ഷോഭങ്ങളുടെ ശൃംഖലയില്‍ ആദ്യമായി പരാമര്‍ശിക്കേണ്ട പേര് തിരുവള്ളുവരുടേതാണ്. താഴ്ന്ന ജാതിയായ തമിഴ് പറയ കുടുംബത്തില്‍ ജനിച്ച തിരുവള്ളുവര്‍ ബി.സി. ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കവിയും മനുഷ്യസ്‌നേഹിയുമായിരുന്നു. തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രാചീനമായ രേഖകളിലൊന്നായ തിരുകുറള്‍ രചിച്ചത് അദ്ദേഹമാണ്. കൃത്യമായ കാലഘട്ടം നിര്‍ണ്ണയിക്കുക വൈഷമ്യമേറിയതാണെങ്കിലും, എ.ഡി. 1272 ലാണ് തിരുക്കുറള്‍ രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഈ ഗ്രന്ഥത്തെ തമിഴ്‌വേദമായി അഥവാ സര്‍വ്വലോകവേദമായി തമിഴര്‍ കണക്കാക്കുന്നു. എന്നാല്‍ ഈ അത്യുജ്ജ്വലമായ കൃതി, തമിഴ് സാഹിത്യത്തിന് പുറത്തേക്ക് വളരെയൊന്നും അറിയപ്പെടുന്നില്ലായെന്നത് വസ്തുത യാണ്.

തിരുവള്ളുവര്‍ മഹാനായ ഒരു മനുഷ്യ സ്‌നേഹിയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ വിധത്തിലുമുള്ള ജാതീയമായ വിഘടിതാവസ്ഥയ്ക്കും വര്‍ഗ്ഗനാമങ്ങള്‍ക്കും മേലെ അദ്ദേഹത്തിന് ഉയരുവാന്‍ കഴിഞ്ഞു. അടിസ്ഥാനപരമായി അദ്ദേഹം ഒരു സദാചാരവാദിയായതിനാല്‍, തിരുക്കുറള്‍ ഒരു ജാതിരഹിത ജീവിതകലയെക്കുറിച്ചുള്ള പ്രബന്ധമാകുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജാതിസംസ്‌കാരം ദുര്‍ബ്ബല മായിരുന്നിട്ടുകൂടി, അദ്ദേഹം ജാതിയുടെ പേരില്‍ മനുഷ്യകുലത്തിലടി ച്ചേല്‍പ്പിക്കുന്ന അപമാനകരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തെ അപലപിച്ചു. രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സദാചാര നിയമം പരിപാലിക്കണമെന്ന് അദ്ദേഹം നിഷ്‌ക്കര്‍ഷിച്ചു. 'എല്ലാ ധര്‍മ്മങ്ങളും ഗുരുക്കന്മാരുടെ എല്ലാ നിയമാവലികളും രാജാവിന്റെ ഭരണത്തെ ആശ്രയിച്ചാണിരിക്കുന്നത്', 'ജനങ്ങളോടുള്ള ഔദാര്യപൂര്‍ണ്ണമായ തല്‍പ്പരതയോടുകൂടി ഭരണം നടത്തുന്ന രാജാവിന്റെ കാല്‍ച്ചുവട്ടിലാണ് ലോകം', 'കൈക്കരുത്തല്ല രാജാവിന് വിജയം കൊണ്ടുവരുന്നത് മറിച്ച് അദ്ദേഹത്തിന്റെ ഭരണവും സത്യസന്ധതയുമാണ്', 'മര്‍ദ്ദകനായ രാജാവ് ഒരു കൊലപാതകിയേക്കാള്‍ പാപിയാണ്',1 എന്നീ വചനങ്ങളിലൂടെ അദ്ദേഹത്തിന് നീതിയുക്തമായ ഭരണ ത്തെക്കുറിച്ചുള്ള ആശയങ്ങളിന്‍മേല്‍ ബോധ്യമുണ്ടായിരുന്നെന്നു തെളിയുന്നു. ഉന്നതമായ സാംസ്‌കാരികാവബോധത്തോടെ അദ്ദേഹം ആര്യന്‍ ആശയങ്ങളെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്തു.


ഗുരു ഖാസിദാസ് 
തിരുവള്ളുവര്‍ ബ്രാഹ്മണിസത്തിനെതിരെ നേരിട്ടു പോരാടിയെന്നു വ്യക്തമായി പറയാന്‍ കഴിയില്ലെങ്കില്‍ പ്പോലും ഒരു ജാതിരഹിതവും മനുഷ്യത്വപൂര്‍ണ്ണവുമായ സമൂഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടു ണ്ടായിരുന്ന ആദ്യത്തെ തമിഴ് കവി അദ്ദേഹമാണെന്ന നിഗമനത്തിലെത്താന്‍ കഴിയും. പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ അഭിപ്രായ പ്രകാരം, കാലാന്തരത്തില്‍ ബ്രാഹ്മണിക തത്വശാസ്ത്രത്തിനനുസരണമായി തിരുകുറല്‍ വളച്ചൊടിക്കപ്പെട്ടു. എന്നാല്‍ ഒരു താഴ്ന്ന ജാതിക്കാരനായ തിരുവള്ളുവരുടെ ബൃഹത്തായ ജ്ഞാനവും അദ്ദേഹത്തിന്റെ അത്യുജ്ജ്വലമായ രചനയും മഹത്വവും ദഹിക്കാത്ത ചിലര്‍ തിരുവള്ളുവര്‍ ഒരു അയിത്തജാതി സ്ത്രീക്ക് ബ്രാഹ്മണനാല്‍ ജനിച്ച സന്താനമാണെന്ന കെട്ടുകഥ പ്രചരിപ്പിച്ചത് ഇതിലെ ദുഃഖകരമായ ഭാഗമാണ്. 

ബി.സി. ആറാം നൂറ്റാണ്ട് വിപ്ലവകരമായ ഒരു കാലഘട്ടമായിരുന്നു. ഇക്കാലത്ത് ഗൗതമബുദ്ധനോടൊപ്പം തന്നെ ഭഗവാന്‍ മഹാവീരന്‍ നയിച്ച ജൈനിസവും മറ്റൊരു സാംസ്‌കാരിക പ്രക്ഷോഭമായിരുന്നു. 'ഇരുപത്തിനാലു തീര്‍ത്ഥങ്കരന്മാരുടെ ജൈന പാരമ്പര്യമനുസരിച്ച്, ആദ്യത്തെ തീര്‍ത്ഥങ്കരന്‍ അഹിംസ ധര്‍മ്മത്തെ വെളിപ്പെടുത്തിയ റിസ്ബയായിരുന്നു. അവസാനത്തെ തീര്‍ത്ഥങ്കരന്‍ ബുദ്ധന്റെ മുതിര്‍ന്ന സമകാലീനനായിരുന്ന മഹാവീരനായിരുന്നു. ജൈനിസം, ബുദ്ധിസ ത്തേക്കാള്‍ പുരാതനമാണെന്നും ബി.സി. 599-527 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മഹാവീരനല്ല ജൈനമത സ്ഥാപകനെന്നും, അദ്ദേഹത്തിന്റെ മുന്‍ഗാമിയായ 250 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന പാര്‍സ്വ ഒരു ചരിത്ര പുരുഷനാണെന്നും ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്'.2 എന്നാല്‍ ഭഗവാന്‍ മഹാവീരന്റെ കാലഘട്ടത്തില്‍ ജൈനിസം പുഷ്ടിപ്രാപിച്ചിരു ന്നുവെന്നത് ഒരു വസ്തുതയാണ്. ബ്രാഹ്മണിക സിദ്ധാന്തങ്ങള്‍ക്കും ആചരണങ്ങള്‍ക്കു മെതിരെയുള്ള ഒരു സ്‌ഫോടനമായിരുന്നു ജൈനിസമെന്നതിനാല്‍ ദൈവത്തെക്കുറിച്ച് വളരെ വ്യത്യസ്ഥമായ ഒരു സങ്കല്‍പ്പമായിരുന്നു ജൈനിസത്തിനു ണ്ടായിരുന്നത്. പില്‍ക്കാലത്ത് ജൈനര്‍, ബ്രാഹ്മണരുടെ മേല്‍ക്കോയ്മയെ അംഗീകരിച്ചു.


ആര്‍ ശ്രീനിവാസന്‍ 
ബുദ്ധന്റേയും മഹാവീരന്റേയും സാംസ്‌ക്കാരിക പ്രക്ഷോഭങ്ങളുടെ പിന്‍തുടര്‍ച്ചയായി രാജ്യമെമ്പാടും ഭക്തിപ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. ദക്ഷിണേന്ത്യയില്‍ ഭക്തിപ്രസ്ഥാനത്തിന്റെ ആദ്യ സൃഷ്ടാവ് നന്ദനാര്‍ ആയിരുന്നു. ഡോ. അംബേദ്ക്കര്‍ തന്റെ''ആരാണ് അസ്പൃശ്യര്‍, അവരെങ്ങനെ അസ്പൃശ്യരായി?'' എന്ന പ്രസിദ്ധ രചന നന്ദനാര്‍ക്കും, രവിദാസിനും (വടക്കേയിന്ത്യ) ചൊക്കമേള (മഹാരാഷ്ട്ര)യ്ക്കും സമര്‍പ്പിച്ചുകൊണ്ട് പ്രസ്താവിച്ചത് 'അസ്പൃശ്യര്‍ക്കിട യില്‍ ജനിച്ച ഈ മൂന്ന് പുകഴ്‌പെറ്റ് സന്യാസിവര്യരും, തങ്ങളുടെ ധര്‍മ്മനിഷ്ഠയാലും നന്മയാലും സര്‍വ്വരുടേയും ആദരവു നേടിയെടുത്തു'3 എന്നാണ്. ഇത് ഈ മൂന്നു മഹാഗുരുക്കന്മാരുടെ മഹത്വത്തെ വെളിപ്പെടുത്തുന്നു.

കേരളത്തിലെ ആദിമ സംസ്‌ക്കാരങ്ങള്‍ - കുന്നുകുഴി എസ് മണി

ഭാരതീയ സംസ്‌ക്കാരത്തിന്റെ ഈറ്റില്ലമാണ് കേരളം. ചരിത്രാതീതകാലത്ത് ഇവിടെ മഹത്തായ ഒരു ജീവിതവും, സംസ്‌ക്കാര തുടിപ്പും നിലനിന്നിരുന്നു. ഹാരപ്പ, മോഹന്‍ജോദാരോ സംസ്‌ക്കാരങ്ങള്‍ ഉടലെടുക്കും മുന്‍പുതന്നെ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ മഹത്തായ ഒരു സംസ്‌ക്കാര പൈതൃകം സംഭവിച്ചിരുന്നു. അതിന്റെ തെളിവുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനോടകം ലഭിച്ചിട്ടുണ്ട്. ശിലായുഗത്തെ പ്രതിനിധികരിക്കുന്നവയും, മഹാശിലായുഗ കാലത്തേയും, നവീനശിലാ കാലത്തേയും ജനജീവിതത്തിന്റെയും സംസ്‌ക്കാര ത്തിന്റെയും തെളിവുകളാണ് ലഭ്യമായിട്ടുളളത്. ഏറ്റവും ഒടുവില്‍ കണ്ടെത്തിയ സംസ്‌ക്കാരത്തിനു തന്നെ കാര്‍ബണ്‍ രാസ പരിശോധനയില്‍ 4420 മുതല്‍ 5210 വര്‍ഷം വരെ പഴക്കം കാണിക്കുന്നുണ്ട്. ഈ സംസക്കാരാവശിഷ്ടങ്ങള്‍ക്കുപരി കേരളത്തിന്റെ വിവിധ ജില്ലകളില്‍ നടന്ന ഉത്ഖനനങ്ങളില്‍ നിന്നും ലഭിച്ചിട്ടുളള പ്രാചീന സംസ്‌ക്കാരങ്ങളില്‍ മണ്‍കലങ്ങളും, കല്‍മഴുക്കളും, ഇരുമ്പായുധങ്ങളും, ചുട്ടെടുക്കപ്പെട്ട മണ്‍ കലങ്ങളില്‍ അടക്കം ചെയ്ത മനുഷ്യാസ്ഥിക്കൂട ങ്ങളും, കല്‍പാളികള്‍ കെണ്ടുളള കല്ലറകളും ഉള്‍പ്പെടുന്നുണ്ട്.

ശിലായുഗകാലത്തു പോലും കേരളത്തില്‍ മഹത്തായ ഒരു സംസ്‌ക്കാരം നിലനിന്നിരുന്നു വെന്നതിന്റെ സാക്ഷിപത്രങ്ങളാണ് കണ്ടെടുക്കപ്പെട്ട ഇത്തരം അവശിഷ്ടങ്ങള്‍. അക്കാലത്തുതന്നെ ജനങ്ങള്‍കൃഷി ചെയ്യുവാനും, ഇരുമ്പായുധങ്ങള്‍ ഉണ്ടാക്കാനുമുളള സാങ്കേതിക പരിജ്ഞാനം ആര്‍ജ്ജിച്ചിരുന്നു. ഈ ജനങ്ങള്‍ ആരായിരുന്നു വെന്ന കാര്യം മാത്രം സംസ്‌ക്കാരാവിശിഷ്ടങ്ങള്‍ തെരഞ്ഞുനടന്നവര്‍ കണ്ടെത്തിയില്ല. ബോധപൂര്‍വ്വ മായിരുന്നു ആ കാലത്തെ ജനങ്ങള്‍ ആരായിരുന്നു വെന്ന് കണ്ടെത്താന്‍ ശ്രമിക്കാത്തത്. ആ കണ്ടെത്തല്‍ ഒരു പക്ഷെ ആര്യ ബ്രാഹ്മണരുടെ നിലനില്പിനെ അപകടപ്പെടുത്തുമെന്നത് കൊണ്ടാകണം. പ്രാചീനമായ ആ കാലത്ത് ജീവിച്ചിരുന്നവര്‍ കേരളത്തിലെ ആദിമനിവാസികളല്ലാതെ മറ്റാരുമല്ല.

1891- ല്‍ വയനാട്ടില്‍ നിന്നും ഫിലിപ്പ് ലേക്ക് എന്ന ഭൂഗര്‍ഭ ശാസ്ത്രജ്ഞനാണ് കേരളത്തില്‍ ആദ്യമായി സംസ്‌ക്കാരാവശിഷ്ടങ്ങളുടെ കണ്ടെത്തലിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പുരാവസ്തു ഗവേഷകരായ വില്യം ലോഗനും, ഫാസെട്ടും നവീനശിലാ യുഗകാലത്തെ മനുഷ്യസാധ്യ മാക്കിയ ആയുധങ്ങള്‍ കണ്ടെത്തുന്നത്. പില്‍ക്കാലത്ത് കേരളത്തിലെ പുരാവസ്തു ഗവേഷകരും വ്യാപകമായി ഭൂഖനനം നടത്തി ശിലായുഗ കാലത്തെ അവശിഷ്ടങ്ങള്‍ കണ്ടെത്തിത്തുടങ്ങിയിരുന്നു.

എടയ്ക്കല്‍ ഗുഹ കേരളത്തിന്റെ
പ്രാചീന ചരിത്രത്തിന് വെളിച്ചം വീശുന്നു

ചരിത്രത്തിലെ ഏറ്റവും വലിയ ചരിത്രസ്മാരകമാണ് വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്ക് നാലുമൈല്‍ തെക്കുപടിഞ്ഞാറായി കാണപ്പെടുന്ന എടയ്ക്കല്‍ ഗുഹ. എടയ്ക്കല്‍ മലയുടെ ഉയര്‍ന്ന കൊടുമുടിയുടെ പടിഞ്ഞാറെ ചെരുവില്‍ മുകള്‍ ഭാഗത്തായിട്ടാണ് ലോക ശ്രദ്ധപിടിച്ചു പറ്റിയ കേരളത്തിലെ ഏറ്റവും പ്രാചീനവും ചരിത്രമൂല്യവുമുള്ള എടയ്ക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്.

ഇത് വെറുമൊരു ഗുഹമാത്രമല്ല. ഗുഹയിലെ പാറച്ചുമരുകളില്‍ കൊത്തു ചിത്രങ്ങളും, ശിലാലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ് എടയ്ക്കല്‍ ഗുഹയുടെ ചരിത്രപ്രാധാന്യം. ഗുഹസ്ഥിതിചെയ്യുന്ന മലവാരം ഉള്‍ക്കൊണ്ട പ്രദേശത്തെ ഏസ്റ്റേറ്റ് ഉടമയായിരുന്ന കോളിന്‍ മെക്കന്‍സി എന്ന യൂറോപ്യന്‍ സായ്പാണ് 1890-ല്‍ ആദ്യമായി എടയ്ക്കല്‍ ഗുഹ കണ്ടെത്തിയത്. അന്ന് യൂറോപ്യന്‍ സായ്പ് കണ്ടെത്തിയതുകൊണ്ട് എടയ്ക്കല്‍ ഗുഹയുടെ ചരിത്രമൂല്യം ലോകമെങ്ങും അറിഞ്ഞു. പക്ഷെ നാട്ടിലെ പുരാവസ്തു വകുപ്പുകാരായിരുന്നെങ്കില്‍ എടയ്ക്കല്‍ ഗുഹ ചരിത്രത്തില്‍പോലും അറിയപ്പെടു മായിരുന്നില്ല. കോളിന്‍ മെക്കന്‍സി അന്നത്തെ മലബാര്‍ പോലീസ് മേധാവിയും പുരാവസ്തു തല്പരനുമായ എഫ്.ഫെയിസെറ്റിനെ അറിയിച്ചു. ഫെയിസെറ്റ് ഗുഹ പരിശോധിക്കുകയും 1895-ല്‍ ഗുഹയുടെ തറഭാഗം അഞ്ചടിയോളം ആഴത്തില്‍ കുഴിച്ചു നോക്കിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് 1896-ല്‍ ഡോ.എച്ച് ഗുല്‍ഹ്, ബ്രൂസ്ഫ്രൂട്ട് എന്നിവര്‍ ഗുഹയിലെത്തി പഠനങ്ങള്‍ നടത്തി. അതെവര്‍ഷം തന്നെ ഫെയിസെറ്റ് പലതവണ ഗുഹയില്‍ ഇറങ്ങി പഠനങ്ങള്‍ നടത്തി. ശിലായുഗത്തില്‍ മനുഷ്യര്‍ ഉപയോഗിച്ച ഒരു കല്‍മഴു എഫ്.ഫെയിസെറ്റ് കണ്ടെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കല്‍ മഴുകൊണ്ടായിരിക്കും അന്നത്തെ ജനങ്ങള്‍ ഗുഹയിലെ പാറയില്‍ ചിത്രങ്ങള്‍ കൊത്തിയതെന്ന് അനുമാനിക്കുന്നു.

ഗുഹയുടെ ചുമരുകളില്‍ മനുഷ്യരുടെയും, മൃഗങ്ങളുടെയും, സ്വസ്തിക, വൃത്തം തുടങ്ങിയ ചിത്രപ്പണികള്‍ കൊത്തിയിരുന്നത് നവ ശിലായുഗ ത്തിലെ മിനുസപ്പെടുത്തിയ കല്ലുളികൊണ്ടാണെന്നു കരുതുന്നു. അത്തരമൊരു കല്ലുളി (കല്‍മഴു)യാണ് ഗുഹയില്‍ നിന്നും ഫെയിസെറ്റ് കണ്ടെത്തിയത്. ''എടയ്ക്കല്‍ ഗുഹയിലെ ചിത്രങ്ങള്‍ നവീനശിലായുഗ കാലത്ത് ജനിച്ചിരിക്കുമെന്ന് പഞ്ചാനമിത്രന്‍ പറയുന്നു'.1 1ദക്ഷിണേന്ത്യ യിലെ നവീന ശിലായുഗത്തിന് മിത്രന്‍ നല്‍കിയിട്ടുള്ള കാലഗണന ബി.സി.1000 മുതല്‍ ബി.സി. 4000 വരെയാണ്. എടയ്ക്കല്‍ ഗുഹയിലെ കൊത്തുചിത്രങ്ങള്‍ക്ക് ആസ്‌ത്രേലിയായിലെ ചരിത്രാതീത കാലത്തെ കൊത്തുചിത്രങ്ങള്‍ക്കും സാമ്യമുണ്ടെന്നും പഞ്ചാനമിത്രന്‍ അഭിപ്രായ പ്പെടുന്നുണ്ട്.

തലമുറകള്‍: 2 - ടി എച്ച് പി ചെന്താരശ്ശേരി

ഓര്‍മ്മകളുടെ തേരിലേറി ഭൂതകാലത്തിലെ ജീവിത സമര ഭൂവിലൂടെ തന്റെ അനുഭവങ്ങളുടെ പടക്കുതിരയെ പായ്ച്ചുകൊണ്ടിരുന്ന ജയദേവന്‍ ലേശമൊന്നു ഞെട്ടി. മാധുരിയുടെ ശീതളപാണികള്‍ അദ്ദേഹത്തിന്റെ ഭുജങ്ങളിലൊന്നമര്‍ന്നു. കുറ്റബോധത്തോടെ അവള്‍ ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. അന്നത്തെ തിരക്കേറിയ ജോലികള്‍ കഴിഞ്ഞ് ക്ഷീണിതനായാണ് അദ്ദേഹം വീട്ടിലെത്തിയത്. തന്റെ വരവും കാത്തു ഉമ്മറത്തെ സെറ്റിയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുക ആ സ്‌നേഹ സമ്പന്നമായ ഭാര്യയുടെ പതിവാണ്. ആ പതിവ് തെറ്റിക്കാറില്ല. കാറില്‍ നിന്നിറങ്ങുമ്പോള്‍ അധരങ്ങളില്‍ പുഞ്ചിരിയുടെ പിച്ചിമൊട്ടുകളുമായി അവള്‍ സവിധത്തിലെത്തും. എന്തെങ്കിലും കൊണ്ടു ചെന്നിട്ടുണ്ടങ്കില്‍ അവ കൈകളിലൊതുക്കിക്കൊണ്ട് അദ്ദേഹത്തെ അനുഗമിക്കും.

ആഫീസ് ഫയലുകളൊന്നും ആ ഭവനത്തിന്റെ പടികടക്കാറില്ല. അതു ഇതര ഉദ്ദ്യോഗസ്ഥരുടെ പതിവിനു വിപരീതമാണ്. ചിലര്‍ ആഫീസുകളില്‍ വച്ച് ഫയലുകള്‍ കൃത്യമായി നോക്കാറില്ല. ആഫീസില്‍ ചെല്ലുന്നതു തന്നെ അപൂര്‍വ്വം. കുടിശ്ശിക വരുന്ന ഫയലുകള്‍ കെട്ടിവാരി വീട്ടില്‍ കൊണ്ടു പോകും. അവ പിന്നീട് വെളിച്ചം കാണുന്നത് വെള്ളിപ്പുഴുകള്‍ അരിച്ചു തുടങ്ങുമ്പോഴാണ്.

ജയദേവന്‍ ഇതിനെല്ലാം ഒരപവാദം തന്നെ. അദ്ദേഹം കൃത്യസമയത്തു ഓഫീസില്‍ പോകും. ആലസ്യമെന്യേതന്റെ ജോലികള്‍ ചെയ്തുതീര്‍ക്കും. വീടിന്റെ സമാധാനപരമായ അന്തരീക്ഷത്തില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കിടമില്ല.

അദ്ദേഹം കൊണ്ടു ചെല്ലുന്ന സാധനങ്ങള്‍ എന്തെന്നു പരിശോധിക്കുന്നതിനു മുമ്പായി നല്ല സ്വാദുള്ള ചായ അദ്ദേഹത്തിനു സമ്മാനിക്കും. ആ സമയത്തു പരാതികളൊന്നും അവിടെ ശബ്ദമുയര്‍ത്താറില്ല. വെറും നര്‍മ്മ ഭാഷണങ്ങള്‍മാത്രം. അതുകഴിഞ്ഞ് ഏകനായി അല്പസമയം വിശ്രമിക്കുവാന്‍ രണ്ടാം നിലയുടെ മട്ടുപ്പാവിലേക്കു ജയദേവന്‍ പോകും. അതിനു ശേഷമായിരിക്കും മാധുരി ഭര്‍ത്താവിന്റെ സവിധത്തില്‍ കാര്യമായി സംസാരിക്കുവാനെത്തുക.

''പിന്നേയ്. ... മനോരാജ്യമൊക്കെ കഴിഞ്ഞോ?''
അവള്‍ സ്‌നേഹ മസൃണം മൊഴിയുകയായി.
തന്റെ കൈകള്‍ എന്നെ വീണ്ടും ഭൂതലത്തിലെത്തിച്ചു. അദ്ദേഹം സോല്ലാസം അവളെ അരുകിലഞ്ഞച്ചു. അരക്കെട്ടില്‍ കൈചുറ്റിപ്പിടിച്ചു.
''ഓ..... രസച്ചരടുപൊട്ടിക്കാണും.''
അവള്‍ കുടുകുടാചിരിച്ചു.
''എന്താ മാധുരീ... രസ ച്ചരടോ.... ഈ രസമെന്നു പറയുന്നതെന്താ..... എല്ലാം മനസ്സിന്റെ ഒരു താല്കാലിക വിഭ്രമം....''
എന്റെ പൊന്നേ... ഒരു വേദന്തംപറച്ചില്...
ആകട്ടെ... അങ്ങയുടെ മനോരാജ്യത്തില്‍ എനിക്കെവിടെയെങ്കിലും സ്ഥാനമുണ്ടായിരുന്നോ?
ഉണ്ടായിരുന്നോ.... എന്തോ.... ആലോചിച്ചു നോക്കട്ടെ.... ഉണ്ടായിരുന്നല്ലോ.... ലോകം ചുറ്റിപ്പറക്കുന്ന ചിന്താശലഭങ്ങളെല്ലാം ഒരേക ബിന്ദുവില്‍ കേന്ദ്രീകരിക്കുന്നു.
ഏതു ബിന്ദുവില്‍?
ഒരു മാധുരം നിറഞ്ഞ ബിന്ദുവില്‍.
അവള്‍ മണിക്കിലുക്കം പോലെ പൊട്ടിച്ചിരിച്ചു.
അതുക്രിസ്ത്യാനികള്‍ പറയുന്നതുപോലെയാണ്
എങ്ങനെ?
എല്ലാം കര്‍ത്താവില്‍ കേന്ദ്രീകരിക്കുന്നുവെന്ന്.
ഓ... താങ്കളും ഒരു ക്രിസ്ത്യാനിയായിരുന്നുവല്ലോ. ഞാനതുമറന്നുപോയി.
അങ്ങേയ്ക്കതെറ്റിപ്പോയി.... ഞാന്‍ ക്രിസ്ത്യാനിയായിരുന്നില്ല.
പിന്നെ?
അതിന്റെ പിന്നില്‍ ഒരു നീണ്ട ചരിത്രമുണ്ട്. രസം തോന്നുന്നെങ്കില്‍ പറയാം.
കേള്‍ക്കട്ടെ.... മാധുരി പറയുന്നതില്‍ മധുര രസമല്ലേയുള്ളൂ.
കുട്ടി ശ്രദ്ധിച്ചു കേള്‍ക്കണം. കഥപറയാന്‍ പോകുന്നു.... എന്റെ അപ്പൂപ്പന്റെ പിടലിക്കു പിന്നില്‍ തടിച്ച ഒരു തഴമ്പുണ്ടായിരുന്നു... അതു ഞാന്‍ കണ്ടിട്ടുണ്ട്. വളച്ചുകെട്ടുകൂടാതെ മാധുരി കാര്യത്തിലേക്കു പ്രവേശിച്ചു.
തഴമ്പോ! എന്തിന്റെ?
അദ്ദേഹത്തിനു ആശ്ചര്യമാണു തോന്നിയത്. അവള്‍ കാര്യമായാണോ പറയുന്നത്.

പൂനാ ഉടമ്പടിക്ക് ഒരാമുഖം - കാന്‍ഷി റാം

കാന്‍ഷി റാം
പ്രാരംഭപ്രവര്‍ത്തനങ്ങള്‍

ഇരുപതാം നൂറ്റാണ്ടിനു തുടക്കം കുറിച്ചതു മുതല്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുക യുണ്ടായി. ആ മാറുന്ന ഇന്ത്യയില്‍ മര്‍ദ്ദിതരായ ഇന്ത്യാക്കാര്‍ പിന്നിലായിപ്പോയില്ല. ഉയര്‍ന്ന ജാതി ഹിന്ദുക്കള്‍ സ്വരാജിനുവേണ്ടി പോരടിച്ചപ്പോള്‍, മര്‍ദ്ദിത ഇന്ത്യാക്കാര്‍ ആത്മാഭിമാനത്തിനായി പോരാട്ടം നടത്തുകയായിരുന്നു. സ്വാതന്ത്യത്തിനും സ്വയം ഭരണത്തിനുമായി അടിമകള്‍ നിലവിളിച്ചു കൊണ്ടിരുന്നു. എന്നാല്‍ ആ അടിമകളുടെ അടിമകളാകട്ടെ പുറം ലോകത്തിന് ഒരിക്കലും അറിയാന്‍ കഴിയാത്ത വിധമുള്ള ചിരപുരാ തനമായ ബന്ധനങ്ങളുടേയും ദാസ്യത്തിന്റേയും അപമാനത്തിന്റേയും പിടിയില്‍ നിന്നും മോചിതരാകാന്‍ പ്രതിശബ്ദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഉയര്‍ന്നജാതി ഹിന്ദുക്കളാകട്ടെ, ഭരണാധികാരികളായ ബ്രിട്ടീഷുകാരില്‍ നിന്നും തങ്ങളുടെ കൈകളിലേയ്ക്ക് അധികാരകൈമാറ്റം കഴിയുന്നത്രവേഗം സാധ്യമാക്കുന്നതിനായി മുഖസ്തുതികള്‍ പാടി അധികാരികളെ പ്രലോഭിക്കുന്നതിനുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കുകയും തങ്ങളുടേതായ സംഘടന കെട്ടിയുയര്‍ത്തുകയും ചെയ്യുന്നതില്‍ മുഴുകി. എന്നാല്‍ തങ്ങളുടെ വിമോചനവും ആത്മാഭിമാനപൂര്‍ണമായ ഒരു ഭാവി ജീവിതം സാധ്യമാക്കുനന്നതിനുള്ള മതിയായ സുരക്ഷാവ്യവസ്ഥ കളുമില്ലാതെ ചിരപുരാതന കാലം മുതല്‍ തങ്ങളെ അടിച്ചമര്‍ത്തിക്കൊ ണ്ടിരിക്കുന്നവര്‍ ഇന്ത്യയുടെ ഭരണാധികാരികളായി മാറിയേയ്ക്കാമെന്ന തിനെക്കുറിച്ചുള്ള നേരിയ ചിന്ത പോലും അയിത്തജാതിക്കാരെ സംഭീതരാക്കി.

അയിത്തജാതിക്കാരേയും അധഃസ്ഥിത വര്‍ഗ്ഗക്കാരേയും സംബന്ധിച്ചിട ത്തോളം ഒരു സ്വാഗതാര്‍ഹമായ മാറ്റമായിരുന്നു ഇത്. അതിനു മുന്‍പ് നൂറ്റാണ്ടുകളായി അവര്‍ ഉയര്‍ന്നജാതി ഹിന്ദുക്കള്‍ക്ക് സ്വമേധയാ വശംവദരായ അടിമകളായിരുന്നു. എന്നാല്‍ ആ അടിമകള്‍ക്കിടയില്‍ പൊടുന്നനവേ ഇത്തരമൊരു മാറ്റം വന്നതെന്തുകൊണ്ടാണ്? ആ മാറ്റം ഏറിയ പങ്കും ബ്രീട്ടീഷ്ഭരണത്തിന്റെ ഫലമായിട്ടായിരുന്നു. ഇന്ത്യയുടെ ഭരണാധികാരികളെന്ന നിലയില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം പാശ്ചാത്യ വിദ്യാഭ്യാസവും പാശ്ചാത്യ നാഗരികതയും സംസ്‌കാരവും ഇവിടെ വന്നു. പാശ്ചാത്യ നാഗരികത യിലേയ്ക്കും സംസ്‌കാരത്തിലേയ്ക്കും താരതമ്യേന ദീര്‍ഘമായ ഒരു കാലയളവിലുണ്ടായ ഈ സമ്പര്‍ക്കം അധഃസ്ഥിത വര്‍ഗ്ഗക്കാരില്‍ ഒരു പുതിയ ഉണര്‍വ്വിനു കാരണമായി. ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമായി മറ്റു നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തന ക്ഷമമാവുകയും ഇന്ത്യയെമ്പാടുമുള്ള അധ:സ്ഥിത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ എല്ലാ വിധത്തിലുമുള്ള അഭിലാഷങ്ങളുമുണരുവാന്‍ പ്രോരകീഭവിച്ചു.

ഇക്കാലയളവില്‍ നമുക്കു കാണാന്‍ കഴിയുന്നത്. അയിത്തത്തിനെതിരായും അനീതി നിറഞ്ഞ സാമൂഹ്യവ്യവസ്ഥിതിക്കെതിരായും ഏറെക്കുറെ ഇന്ത്യയെമ്പാടും സ്വന്തം നിലയില്‍ ഉണര്‍ന്നെണീല്‍ക്കുന്നതാണ്. ഇന്ത്യയുടെ ഭൂപടം നോക്കിയാല്‍, പഞ്ചാബില്‍ നിന്നു ബംഗാള്‍ വരേയും, ആദി ധര്‍മ്മിം ജാട്ടവ, കുരീല്‍ പാസി, പാസ്വാന്‍, നമോ ശൂദ്രര്‍ തുടങ്ങിയവ രെല്ലാം ആത്മാഭിമാനത്തിനായി വിശ്രമരഹിതമായി പോരാടിക്കൊ ണ്ടിരുന്നു. താഴോട്ടു വരികയാണെങ്കില്‍, അഹിര്‍വാര്‍, ബെര്‍വാ, സത്‌നാമി, ഹേര്‍,ആദി ആന്ധ്ര, ആദി കര്‍ണ്ണാടക, ആദി ദ്രാവിഡ, പുലയ, ഈഴവ തുടങ്ങി അധഃസ്ഥിത വര്‍ഗ്ഗക്കാരിലെ നിരവധി സംഘങ്ങള്‍ ബ്രാഹ്മണ്യ സംസ്‌കാരത്തിന്റെ മര്‍ദ്ദത സ്വാഭാവത്തിനെതിരെ പോരാട്ട ങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

അധ:സ്ഥിത വര്‍ഗങ്ങളുടെ ഇത്തരത്തിലുള്ള എല്ലാ പോരാട്ടങ്ങളും കുറച്ചു ഫലങ്ങള്‍ ഉളവാക്കുകയുണ്ടായി. ഏറെക്കുറെ എല്ലായിടത്തും ജാതി ഹിന്ദുക്കള്‍ക്ക് ചില ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കേണ്ടി വന്നു. ഉയര്‍ന്ന ജാതി ഹിന്ദുക്കളുടെ സംഘടനായ കോണ്‍ഗ്രസ്, 1917 ല്‍ താഴെ പറയുന്ന പ്രമേയം പാസ്സാക്കാന്‍ നിര്‍ബന്ധിതരായത് എങ്ങിനെയാണെന്ന് പരിശോധിക്കുമ്പോള്‍ അധഃസ്ഥിത വര്‍ഗ്ഗക്കാരുടെ പരിശ്രമങ്ങള്‍ ഏതളവുവരെ വിജയത്തിലെത്തിയെന്ന് നമുക്കു കാട്ടിത്തരും. 

1917 ലെ കോണ്‍ഗ്രസ് പ്രമേയം

അധഃസ്ഥിത വര്‍ഗക്കാര്‍ക്കുമേല്‍ ആചാരങ്ങളിലൂടെ അടിച്ചേല്‍പ്പിച്ചി രിക്കുന്ന എല്ലാ അവശതകളും, ആ അവശതകള്‍ ഏറ്റവും പ്രതികൂലവും പീഢനകരമായ സ്വഭാവത്തോടും കൂടിയായതിനാല്‍, അതുകാരണം ഈ വിഭാഗക്കാര്‍ക്ക് ഗണനീയമായ ക്ലേശങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും ഇടയാകുന്നതിനാല്‍ അവ നിര്‍മാര്‍ജ്ജനം ചെയ്യേണ്ടുന്നതിന്റെ ആവശ്യകത യും നീതിയും ധാര്‍മ്മികതയേയും കുറിച്ച് അടിയന്തിരമായി പര്യാലോചി ക്കുവാന്‍ ഈ കോണ്‍ഗ്രസ് ഇന്ത്യയിലെ ജനങ്ങളോടാവശ്യപ്പെടുന്നു.

സദാനന്ദസ്വാമികള്‍ - ദലിത് ബന്ധു എന്‍.കെ.ജോസ്

ശ്രീമൂലം തിരുനാള്‍ 
സര്‍,
ഞാന്‍ അങ്ങയെ ഒരുകാര്യം കൂടി അറിയിക്കട്ടെ. ഒരു സദാനന്ദസ്വാമിയുടെ കാര്യം.

1881 ലെ സെന്‍സസ്സ് പ്രകാരം തിരുവിതാംകൂറിലെ ജനസംഖ്യ 2401158 ആണ്. അതില്‍ 20.76 ശതമാനം ക്രൈസ്തവരാണ്, അതായത് 498480. അത് പ്രധാനമായും സുറിയാനിക്കാരും ലത്തീന്‍കാരും പ്രൊട്ടസ്റ്റാന്റുകാരുമാണ്. അന്ന് തിരുവിതാംകൂറില്‍ 5738 പ്രോട്ടസ്റ്റന്റ് ക്രൈസ്തവരുണ്ടായിരുന്നു. എല്‍.എം.എസും, സി.എം.എസുമാണ് അന്നത്തെ പ്രധാന പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍. 1806 ലാണ് ആദ്യത്തെ പ്രൊട്ടസ്റ്റന്റ് മിഷനറി സമൂഹം എല്‍.എം.എസ്‌കാരനായ റവ: റിംഗിള്‍ടോബിയുടെ നേതൃത്വത്തില്‍ ഇവിടെ എത്തിയത്.1 1806 ല്‍ ഒരു പ്രൊട്ടസ്റ്റന്റ്കാരന്‍ പോലുമില്ലാതിരുന്ന തിരുവിതാംകൂറില്‍ എട്ടു ദശാബ്ദം കൊണ്ട് 57318 പ്രൊട്ടസ്റ്റന്റുകാരുണ്ടായി. ആകെ ക്രൈസ്തവരുടെ 11.5 ശതമാനം. അതേസമയം സുറിയാനിക്കാര്‍ ഉണ്ടായി 19 നൂറ്റാണ്ടും ലത്തീന്‍കാര്‍ ഉണ്ടായി നാലര നൂറ്റാണ്ടും കഴിഞ്ഞിട്ടും അവര്‍ കേവലം ആകെ ക്രൈസ്തവരുടെ 88.5 ശതമാന ത്തില്‍ ഒതുങ്ങിനിന്നു. അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് പ്രൊട്ടസ്റ്റന്റു സമൂഹത്തിനുണ്ടായത്. ആ കണക്കിന് മുന്നോട്ട് പോയാല്‍ അതിവിദൂരമി ല്ലാത്ത ഭാവിയില്‍ തിരുവിതാംകൂര്‍ ഒരു ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യമായിമാറും. പ്രൊട്ടസ്റ്റാന്റ് ക്രൈസ്തവര്‍ക്ക് മുന്‍തൂക്കമുള്ള രാജ്യമാകും. ഇത്രയുംനാള്‍ ക്രൈസ്തവരുടെ എണ്ണം വര്‍ദ്ധിക്കാതിരുന്നത് സുറിയാനി ക്രൈസ്തവ സമൂഹത്തി ലേയ്ക്ക് ദലിതരെയും അവര്‍ണ്ണരെയും അവര്‍ സ്വീകരിക്കാതിരുന്ന തിനാലാണ്. പോര്‍ട്ടുഗീസുകാര്‍ വന്ന് മുക്കുവരെ ക്രിസ്ത്യാനികളാക്കിയപ്പോഴും സുറിയാനിക്കാരുടെ സമൂഹത്തിലേയ്ക്ക് അവരെ ചേര്‍ത്തില്ല. അങ്ങനെയാണ് ലത്തീന്‍ ക്രൈസ്തവര്‍ എന്ന ഒരു പ്രത്യേക സമൂഹം തന്നെ ഉണ്ടായത്. പോര്‍ട്ടുഗീസുകാരുടെ ഇവിടുത്തെ പരാജയത്തോടുകൂടി ലത്തീന്‍ക്രൈസ്തവ സഭയിലേയ്ക്കുള്ള മുക്കുവരുടെ ഒഴുക്കും നിലച്ചു. പ്രൊട്ടസ്റ്റന്റുകാര്‍ വന്നപ്പോള്‍ സ്ഥിതി ആകെ മാറി. ആരെയും തങ്ങളുടെ സമൂഹത്തിലേയ്ക്കു സ്വീകരിക്കുന്നതിന് അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. അങ്ങനെ അവരുടെ എണ്ണം വേഗം വര്‍ദ്ധിച്ചു. ഒരുകാലത്ത് ഇന്ത്യയിലെ ഏക ഹൈന്ദവരാജ്യ മെന്ന് പുകഴ്‌പ്പെട്ടതാണ് തിരുവിതാംകൂര്‍. ഇന്ത്യയില്‍ 565 ലേറെ വരുന്ന മറ്റെല്ലാ നാട്ടുരാജ്യങ്ങളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ മുസ്ലീം ഭരണത്തിന് വിധേയമായിട്ടുണ്ട്. തിരുവിതാംകൂറില്‍ മാത്രം അത് സംഭവിച്ചില്ല. മാലിക് കഫൂര്‍ ഒരിക്കല്‍ തെക്കന്‍ തിരുവിതാംകൂറില്‍ വന്നു കൊള്ളനടത്തി തിരികെപ്പോയി. പിന്നീടൊരിക്കല്‍ ടിപ്പു സുല്‍ത്താല്‍ ആലുവാപ്പുഴയുടെ തീരം വരെ വന്നു. അതിലപ്പുറമൊരു ഇസ്ലാം ബന്ധവുമില്ലാത്ത തനി ഹൈന്ദവ രാജ്യമായ തിരുവിതാംകൂറിലെ ഹൈന്ദവ ഭൂരിപക്ഷം കാണെക്കാണെ കുറഞ്ഞു നഷ്ടപ്പെട്ടുകൊ ണ്ടിരുന്നു. തിരുവിതാംകൂറിലെ ഹൈന്ദവര്‍ അതറിഞ്ഞില്ലെങ്കിലും പാലക്കാട്ടുകാരനായ സദാനന്ദസ്വാമികള്‍ അത് കണ്ടു. ഇന്ന് ആര്‍.എസ്.എസുകാര്‍ കാട്ടുന്ന അതേ വികാരം, അവര്‍ക്കും രണ്ടുമൂന്നു ദശാബ്ദങ്ങള്‍ക്കു മുമ്പേ കണ്ട ഹിന്ദു വര്‍ഗ്ഗീയവാദിയായിരുന്നു സദാനന്ദസ്വാമികള്‍.

2 തിരുവിതാംകൂറിലെ ക്രൈസ്തവരുടെ ജനസംഖ്യ വര്‍ദ്ധിക്കുന്നതിന്റെ കാരണവും അദ്ദേഹം കണ്ടെത്തി. ഇവിടുത്തെ പുലയ-പറയ-നാടാര്‍ വിഭാഗങ്ങളില്‍പ്പെട്ട ഹൈന്ദവര്‍ കിസ്തുമതം ആശ്ലേഷിക്കുന്നു; അതിലൂടെ അവര്‍ക്ക് വിദ്യാഭ്യാസം മാത്രമല്ല ലഭിക്കുന്നത്, വഴിനടക്കാനും തുണി ഉടുക്കാനും ഉള്‍പ്പെടെ പല അവകാശങ്ങളും അനുകൂലങ്ങളും ലഭിക്കുന്നുണ്ട്. മറ്റ് ക്രൈസ്തവരെപ്പോലുള്ള സ്ഥാന മഹിമകളിലേക്ക് അവര്‍ എത്തിനോ ക്കുന്നു. അതാണ് അവര്‍ ക്രിസ്തുമതം സ്വീകരിക്കാനുള്ള പ്രധാനകാ രണം. അത് ഇനിയും അനേകരെ ക്രിസ്തുമതത്തില്‍ എത്തിക്കുവാന്‍ കാരണമാകും. അതിനെന്തെങ്കിലും പരിഹാരം കാണണം. അതിനു വേണ്ടി അദ്ദേഹം 19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് തിരുവനന്ത പുരത്തെത്തി. അദ്ദേഹം അവിടത്തെ സവര്‍ണ്ണരെ, മുഖ്യമായും നായന്മാരെ കണ്ടു. സ്ഥിതിഗതികള്‍ വിശദീകരിച്ചു. കൂടുതല്‍ മത പരിവര്‍ത്തനം അയിത്ത ജാതിക്കാരില്‍ നിന്നും ഉണ്ടാകാതിരിക്കാനായി അവരോടുള്ള സവര്‍ണ്ണരുടെ സമീപനം കൂടുതല്‍ സൗഹാര്‍ദ്ദപരമാകു വാന്‍ ശ്രദ്ധിക്കണം എന്ന് സദാനന്ദ സ്വാമികള്‍ അഭ്യര്‍ത്ഥിച്ചു. പക്ഷെ അവര്‍ അത് പുശ്ചിച്ചു തള്ളുകയാണ് ചെയ്തത്. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ അദ്ദേഹം മണപ്പുറത്ത് നിന്ന് തിരുവല്ലത്തേയ്ക്കുള്ളറോഡിന്റെ വശത്ത് ഒരു ആശ്രമം സ്ഥാപിച്ചു. ബ്രഹ്മനിഷ്ഠാ മഠം. അതിന്റെ ശാഖകള്‍ തിരുവനന്തപുരം ജില്ലയില്‍ പലസ്ഥലത്തും സ്ഥാപിച്ചു. അവിടെ നിന്നെല്ലാം അയിത്തത്തിനും അനാചാരങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ അഭ്യസ്തവിദ്യരായ ജനങ്ങളില്‍ ഒരു ചെറിയ ഭാഗം അദ്ദേഹത്തില്‍ ആകൃഷ്ടരായി അദ്ദേഹത്തോടു സഹകരിച്ചു.

3 രാമകൃഷ്ണപിള്ള സദാനന്ദ സ്വാമികളെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഭത്സിക്കുകയാണ് ചെയ്തത്. അന്നദ്ദേഹം കേരളന്‍ എന്ന പത്രത്തിന്റെ അധിപനായിരുന്നു. അതിന്റെ ആദ്യലക്കം മുതല്‍ തന്നെ അദ്ദേഹം സ്വാമികള്‍ക്കു എതിരായി എഴുതുവാന്‍ തുടങ്ങി. 1905 മേയ് മാസത്തില്‍ പുറത്തു വന്ന ആദ്യലക്കത്തില്‍ 11 ഉം 12 ഉം പേജുകള്‍ അതിനായിട്ടാണ് വിനിയോഗിച്ചത്. രണ്ടാം ലക്കത്തില്‍ രാമകൃഷ്ണ പിള്ള 'സ്വാമി സദാനന്ദന്‍' എന്ന ഹെഡിംഗില്‍ എഴുതി ''..... അദ്ദേഹം ബഹുജനങ്ങളെ അധീനരാക്കിയിരിക്കുന്ന നാളത്രയും അദ്ദേഹത്തിന്റെ മതം, അനുഷ്ഠാനങ്ങള്‍ മുതലായവയെക്കുറിച്ചു ശരിയായ അറിവ് പൊതുജനങ്ങള്‍ക്കു ണ്ടായിരിക്കണ മെന്നുള്ളതിനെ എതിര്‍ക്കുന്നവര്‍ പൊതുജന വഞ്ചകന്മാര്‍'എന്ന അഭിധാനത്തെ അര്‍ഹിക്കാമെന്നു തന്നെ ഞങ്ങള്‍ വിചാരിക്കുന്നു....'2 4-ാം ലക്കത്തില്‍ അദ്ദേഹം എഴുതി '...... കാവിവസ്ത്രം മൂടി നടക്കുന്നവരെല്ലാം സന്മാര്‍ഗ്ഗികളും ഐഹികവിഷയ വിരക്തന്മാരും ക്ഷീണപാപന്മാരും ഈശ്വരധ്യാനനിരതന്മാരും മാത്രമാണെന്ന് കരുതുവാന്‍ പാടുള്ളതല്ല. ബ്രഹ്മനിഷ്ഠാ മഠങ്ങളില്‍ പ്രായം ചെന്ന പുരുഷന്മാരും സ്ത്രീകളും ദേവാരാധനയ്ക്ക് താണ്ഡവം മുതലയാവ നടത്തണമെന്ന ഏര്‍പ്പാട് വച്ച അതിന്‍വണ്ണം ചില ഇടങ്ങളില്‍ നടത്തിക്കുന്നു എന്ന് അറിയുന്നതില്‍ ഹസിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ഈ മാതിരി വാനരീഭാവങ്ങള്‍ നായര്‍ സമുദായത്തിന് പരിഷ്‌ക്കാരമല്ല, അധികാരകമെന്നാണ് ഞങ്ങളുടെ അഭിപ്രായം......'3 രാമകൃഷ്ണപിള്ളയുടെ എല്ലാ വിമര്‍ശനങ്ങളും നായരെ നോക്കിയുള്ളതായിരുന്നു.

4 അതും പോരാതെ രാമകൃഷ്ണപിള്ള അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാനകാലത്ത് മന്നന്റെ കന്നത്വം എന്ന കഥാ സമാഹാരം എഴുതി പ്രസിദ്ധീകരിച്ചതില്‍ ഒരു കഥ സദാനന്ദ സ്വാമിയെപ്പറ്റിയായിരുന്നു. കഥയുടെ പേര് സ്വാമിയുടെ രഹസ്യം'എന്നാണ്. ആ കഥയെപ്പറ്റി അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ കെ. ഭാസ്‌ക്കരപിള്ളതന്നെ എഴുതിയിരി ക്കുന്നു.''.....ഈ കഥ പരോക്ഷമായി സ്വാമി സദാനന്ദനെ സ്പര്‍ശിക്കുന്നു. തന്റെ ബ്രഹ്മനിഷ്ഠാ മഠത്തിലെ ധനശേഖരണാര്‍ത്ഥം പരമാനന്ദന്‍ എന്ന ഒരു സ്വാമി ദുരാഗ്രഹിയായ ഒരു മനുഷ്യന് നിധി സമ്പാദിച്ചു കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി അയാളെ വഞ്ചിക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. കപട വേഷ ധാരികളായ സന്യാസികളെയും അവരുടെ മാനഹീനമായ പ്രവൃത്തികളെയും ചിത്രീകരിക്കുകയാണ് ഇതില്‍ കഥാകാരന്‍ ചെയ്യുന്നത്....'

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

നോവല്‍ : പുലപ്പേടി - ധനു എളങ്കുന്നപ്പുഴ

 ധനു എളങ്കുന്നപ്പുഴ
അദ്ധ്യായം ഒന്ന്
പുലയനോടിയൊളിക്കണം


വെള്ളകീറിക്കഴിഞ്ഞ നേരം, വെട്ടുവഴി തെളിഞ്ഞു വന്നു. കാണാവുന്ന തരത്തില്‍ വെളിച്ചം പരുന്നു. കിഴക്കു നിന്നു പടിഞ്ഞാറോട്ടുള്ള കയറ്റം. ചെമ്മണ്‍പാത, കുന്നുകഴിഞ്ഞാല്‍ പിന്നെ അമ്പലം. ഉന്നതര്‍ക്കുമാത്രം പ്രവേശമനുള്ള തൃക്കോവില്‍.
ഓലക്കുടചൂടി, ഇടയ്ക്കിടയ്ക്ക് തലയുയര്‍ത്തി അകലേയ്ക്കു നോക്കി കൊണ്ടാണ് ഇല്ലത്തു കൊച്ചുകണ്ടോരി വലിയ നമ്പൂതിരി നടന്നിരുന്നത്. പിന്നാലെ കാര്യസ്ഥന്‍ നാരായണന്‍ നായരുമുണ്ട് മുറുക്കാന്‍ ചെല്ലവും താങ്ങി, പത്തടി ദൂരം കഴിഞ്ഞാണ് അകമ്പടി സേവിച്ചിരുന്നത്. അകലെ വഴിയിലൂടെ ആരെങ്കിലും അപശകുനമായി വരുന്നുണ്ടോയെന്നു കൈപ്പത്തി കണ്ണിനു മുകളില്‍ വട്ടം പിടിച്ച് നോക്കുന്നുണ്ടായിരുന്നു.

വെളുപ്പാന്‍ കാലത്തെ മൂടല്‍മഞ്ഞു കാരണം വ്യക്തത കുറവാണ്. എന്നാലും ഒരാള്‍ രൂപം വളരെയകലെ കണ്ടു. ഉടനെ നീട്ടിയൊരുവിളി.
ഏ..... ഏ.....ഹേയ് (മാറിപ്പോ - ഉന്നതന്റെ ഉയര്‍ന്ന ശബ്ദം).
അതിന്നു മറുപടിയെന്നോണം.
ഓ.....ഓ.....ഹോ..... (ഏന്‍ മാറിയേ....)

ഞാന്‍ മാറിക്കഴിഞ്ഞു. വരുന്ന ഉന്നതജാതിക്കാരനു സൈ്വര്യമായി പോകാം. താന്‍ തീണ്ടലിനപ്പുറത്താണ് എന്നു മറുപടി ലഭിച്ചു.

പൊതുവഴിയില്‍ സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത അധ:കൃതന്‍ തൊണ്ണൂറടി അകലെ കൂടിയേ സഞ്ചരിക്കുവാന്‍ പാടുള്ളൂ. നിബന്ധന തെറ്റിച്ചാല്‍ ഉന്നതന്റെ ആളുകള്‍ വന്നു പിടിച്ചു കെട്ടി കൊണ്ടു പോയി ചിത്രവധം ചെയ്യും. അതിന്നു യാതൊരു ദാക്ഷിണ്യവുമില്ലായിരുന്നു.

താനാണീ ഭൂപാലനെന്നും, തനിക്കെന്തും ചെയ്യുവാനധികാരം ഉണ്ട് എന്ന വ്യവസ്ഥാപനത്തോടും, ഹുങ്കോടും കൂടിയാണ് നടപ്പ്. ജനസഞ്ചയത്തിന്റെ ഉന്നത ജാതീയനാണ് താനെന്ന അഹന്തതയും ഭാവവും. കൂടാതെ കല്‍പ്പന കേള്‍ക്കുവാന്‍ അകമ്പടിക്കാരന്‍ - നായരുമുണ്ടെന്ന തോന്നല്‍.

ഭാഗ്യമോ നിര്‍ഭാഗ്യമോ എന്തോ വഴി മുറിച്ചു കടന്നു തൊണ്ണൂറടി അകലത്തു കൂടി നടന്നു മറഞ്ഞ നികൃഷ്ടനായ മാടപ്പുലയന്റെ മേല്‍, നമ്പൂതിരിയുടെ ദൃഷ്ടി പതിഞ്ഞില്ല കാരണം അയാള്‍ പൊന്തക്കാടുകള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയായിരുന്നു.

നമ്പൂതിരി പോയ്ക്കഴിഞ്ഞപ്പോള്‍ മാത്രമാണ് കാടിന്‍േറയും ചുള്ളിപ്പടര്‍പ്പിന്‍േറയും അരികു പറ്റി പാടവരമ്പത്തേയ്ക്കിറങ്ങി നടക്കുവാന്‍ കഴിഞ്ഞത്. വിളഞ്ഞു കിടന്നിരുന്ന നെല്‍പ്പാടത്തു രാത്രി കാവലു നിന്നശേഷം തിരിച്ചു വരികയായിരുന്നു മാടന്‍. വെട്ടുവഴികളിലൂടെ നടക്കുവാന്‍ അവകാശമില്ലാത്ത വര്‍ഗ്ഗക്കാരനാണല്ലോ താന്‍. പക്ഷേ വഴി മുറിച്ചു കടക്കാതെ കുടിലിലേയ്ക്കുള്ള വഴി തിരിയുവാന്‍ പറ്റുമായിരുന്നില്ല. വഴി മുറിച്ചു കടന്നാലും പോര പെരുവഴിയേ കുറച്ചു ദൂരം നടന്നെങ്കില്‍ മാത്രമേ പോകേണ്ട കൈവഴിയേ തിരിയുവാനും സാധിക്കുമായിരുന്നുള്ളൂ. അങ്ങിനെ നടന്നു നീങ്ങുമ്പോഴാണ് ഉന്നത ജാതിക്കാരന്റെ എഴുന്നള്ളത്ത്. അപ്പോഴാണ് മാടന്‍ വഴി മാറിയതായി ശബ്ദം പുറപ്പെടുവിച്ചതും. നടന്നു ഒതുങ്ങിയാലും പോരാ ഉന്നതന്റെ ദൃഷ്ടിയില്‍ പെടാനും പാടില്ല. അതുകൊണ്ടാണ് പടര്‍പ്പുകള്‍ക്കുള്ളില്‍ മറഞ്ഞത്.

മനുഷ്യനായി ജനിച്ച പുലയന്‍ മൃഗങ്ങളേക്കാള്‍ നികൃഷ്ടമായി ജീവിക്കുവാന്‍ വിധിക്കപ്പെട്ടവന്‍.

മാടന്‍ കുടിലില്‍ ചെന്നു കയറിയിട്ടും ചക്കിയും മക്കളും കിടക്കപ്പായയില്‍ നിന്നും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. വെളുപ്പാന്‍ കാലത്തെ മൂടല്‍മഞ്ഞിന്റെ തണുപ്പില്‍ പഴന്തുണി പുതച്ച് ചുരുണ്ടു കൂടി കിടന്നുറങ്ങുകയായിരുന്നു. മാടന്‍ വന്നു കയറിയതറിഞ്ഞിരുന്നില്ല. അവന്‍ ഉറക്കെ വിളിച്ചു.

എടിയേ ചക്കിയേ - എണീരെടി ചൂര്യന്‍ മേത്തു വന്നേക്കണ കണ്ടില്ലേ.
മൂത്ത മകള്‍ മാണ്ട പത്തു പതിനെട്ടു വയസ്സായി. എന്നിട്ടും നാണം മറയ്ക്കാന്‍ ഒരു പഴന്തുണി മാത്രമേയുള്ളൂ. അത് അരയില്‍ ചുറ്റിയുടുക്കാന്‍ മാത്രം മാറു മറച്ചിരുന്നത് കീറത്തോര്‍ത്തു ചുറ്റിക്കെട്ടി ക്കൊണ്ടാണ്. മാറു മറയ്ക്കുവാന്‍ അവകാശമില്ലാത്ത ജനതതികള്‍. അമ്മയേക്കാള്‍ അല്‍പ്പം നിറമുള്ള അഴകാര്‍ന്ന സുന്ദരി തന്നെ. രണ്ടാമത്തേതും മൂന്നാമ ത്തേതും ചാത്തേം ചരതനും. ഇവര്‍ അച്ഛന്റെ കീറിയ തോര്‍ത്താണ് ഉടുത്തിരുന്നത്. മാടന്‍ വിളിച്ചപ്പോള്‍ കുട്ടികള്‍ ചാടി എഴുന്നേറ്റു. കീറത്തോര്‍ത്തു തപ്പിയെടുത്തു അരയില്‍ ചുറ്റി പുറത്തേയ്‌ക്കോടി, മൂത്രമൊഴിക്കാന്‍.

നാലാമത്തെ കുഞ്ഞ് മുലകുടി മാറാത്ത പ്രായം. അതിനെ താങ്ങിയെടുത്തു ചക്കിയും എഴുന്നേറ്റു. കുഞ്ഞിനു പടിക്കല തമ്പുരാട്ടി ചൊല്ലിക്കൊടുത്ത പേരാണ് കോത. ചക്കി കുരങ്ങിട്ട കാര്യം അന്ന് മാടന്‍ പടിക്കല തമ്പുരാന്റെ അവിടെ ചെന്നു പറഞ്ഞതും ബ്രാ അടീന്റെ പെലക്കള്ളി. കൊരങ്ങിട്ടേയ്.

ശ്രീബുദ്ധന്റെ രക്തരഹിത വിപ്ലവം - ഡോ. സുരേഷ് മാനേ

ബി.സി. ആറാം നൂറ്റാണ്ടില്‍, ബ്രാഹ്മണിസം അതിന്റെ പൂര്‍ണ്ണശക്തിയില്‍ നിലകൊള്ളുമ്പോഴാണ് ബി.സി.563 ല്‍ വൈശാഖപൂര്‍ണ്ണിമ നാളില്‍ (ഏപ്രില്‍-മെയ് മാസത്തിലെ പൗര്‍ണ്ണമി) ശാക്യന്മാരുടെ തലസ്ഥാന നഗരിയായ കപിലവസ്തുവില്‍ സിദ്ധാര്‍ത്ഥ ഗൗതമന്‍ ജനിച്ചത്. സിദ്ധാര്‍ത്ഥ ഗൗതമന്റെ ജനനസമയത്ത് അന്നത്തെ പാരമ്പര്യപ്രകാരം ഭരിക്കുവാനുള്ള ഊഴം അദ്ദേഹത്തിന്റെ പിതാവായ ശുദ്ധോദനന് ലഭിക്കുകയും കപിലവസ്തുവിലെ ഭരണാധികാരി യായിത്തീരുകയും ചെയ്തു. അങ്ങനെ സ്വാഭാവിക മായും സിദ്ധാര്‍ത്ഥന്‍ രാജകുമാരനെന്നു വിളിക്കപ്പെട്ടു. സിദ്ധാര്‍ത്ഥന് വെറും ഏഴുദിവസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ മാതാവായ മഹാമായ മരണപ്പെട്ടു. തന്റെ ബാല്യകാലത്തുപോലും മനുഷ്യന്‍ മനുഷ്യരോടുകാട്ടുന്ന ഒരുതരത്തിലുമുള്ള ചൂഷണത്തേയും സിദ്ധാര്‍ത്ഥന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

ശാക്യസംഘത്തില്‍ അന്നുനിലവിലിരുന്ന ആചാരപ്രകാരം സിദ്ധാര്‍ത്ഥ ഗൗതമന് ഇരുപതു വയസ്സായപ്പോള്‍ അദ്ദേഹത്തെ ശാക്യസംഘത്തിലെ ഒരംഗമായി പ്രവേശിപ്പിച്ചു. എന്നാല്‍ ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുവാവായ സിദ്ധാര്‍ത്ഥന്‍, ശാക്യരാജ്യവും അയല്‍രാജ്യമായ കോളിയരും തമ്മില്‍ നടന്ന നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് ശാക്യസംഘവുമായി അഭിപ്രായഭിന്നതയുണ്ടായി. കോളിയരുമായുള്ള തര്‍ക്കം പരിഹരിക്കു വാനുള്ള അവസാന തീരുമാനമെന്ന നിലയില്‍ കോളിയരുമായി യുദ്ധം പ്രഖ്യാപിക്കുവാന്‍ ശാക്യസേനാപതി നിര്‍ദ്ദേശിച്ചു. എന്നാല്‍ 'യുദ്ധം ഒരിക്കലും നമ്മുടെ ലക്ഷ്യത്തെ നേടിത്തരില്ലെന്നും മറിച്ച് അത് മറ്റൊരു യുദ്ധത്തിന് വിത്തുവിതയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂ' എന്നും പ്രസ്താവിച്ച് സിദ്ധാര്‍ത്ഥ ഗൗതമന്‍ ആ നിര്‍ദ്ദേശത്തെ എതിര്‍ത്തു. എന്നാല്‍ യുദ്ധത്തിനനുകൂലമായ ഭൂരിപക്ഷാഭിപ്രായത്തെ എതിര്‍ത്ത തിനുള്ള ശിക്ഷയെന്ന നിലയില്‍ മാതാപിതാക്കളുടേയും യശോധരയുടേയും അനുമതിയോടെ ഒരു രാജ്യഭ്രഷ്ട് അഥവാ പരിവ്രാജകത്വം സിദ്ധാര്‍ത്ഥന്‍ തിരഞ്ഞെടുത്തു. ഈ സംഭവത്തോടുകൂടി പുതിയൊരു പ്രകാശം തേടിയുള്ള സിദ്ധാര്‍ത്ഥ ഗൗതമന്റെ യാത്ര ആരംഭിച്ചു.

ഈ കാലഘട്ടത്തില്‍ എല്ലായിടവും ബ്രാഹ്മണരുടേയും അപ്രമാദിത്വമുള്ള പവിത്രശാസനങ്ങളുടേയും സാമ്രാജ്യമായിരുന്നു. പൗരോഹിത്യം ഒരു വ്യവസ്ഥാപിതക്രമമായിരുന്നുവെന്നുമാത്രമല്ല സാമൂഹ്യക്രമത്തില്‍ വിശേഷാധികാരങ്ങള്‍ അതു കൈക്കലാക്കുകയും ചെയ്തിരുന്നു. മതശാസനങ്ങള്‍ പരമാവധി ആധികാരികത അനുഭവിച്ചിരുന്നു. അവയെ ദൈവികമായ വെളിപ്പെടുത്തലുകളായി പരിഗണിക്കപ്പെട്ടിരുന്നു. വര്‍ണ്ണസമ്പ്രദായം ഒരു ദൈവീകമായ ക്രമീകരണപദ്ധതിയായി കണക്കാക്കിയിരുന്നു. എല്ലായിടത്തും ജാതീയതയുടെ മുദ്രപതിച്ച്, ശൂദ്രരേയും അതിശൂദ്രരേയും സ്ത്രീകളേയും അടിമകളാക്കിക്കൊണ്ടുള്ള വര്‍ണ്ണസമ്പ്രദായത്തിന്റെ സ്വേച്ഛാധിപത്യവാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. 'യാതൊരു മല്‍സരമോ യാതൊരു പരിശോധനകളോ യാതൊന്നും തന്നെയില്ലാതെ തങ്ങളുടെ മാനംകെട്ട മേല്‍ക്കോയ്മ സ്ഥാപിക്കുന്നതിനുള്ള ബ്രാഹ്മണരുടെ ദുഷ്ടലാക്കോടുകൂടിയ അധികാരമല്‍സരത്തിന് ആദ്യമായി ഒരു ദാര്‍ശനികപരിവേഷം നല്‍കുവാനാണ് തുടക്കത്തില്‍ പരിശ്രമിച്ചത്. തത്വശാസ്ത്രത്തിന്റെ മേമ്പൊടി ചേര്‍ത്തുകൊണ്ട് ബ്രാഹ്മണരെ അത്യുന്നതമായ സാമൂഹ്യ പദവിയിലേയ്ക്ക് ഉയര്‍ത്തുവാനാണ് ഋഗ്വേദത്തിലെ ശ്ലോകങ്ങള്‍ പരിശ്രമിച്ചത്.'1

ബ്രാഹ്മണഭരണം നിലനില്‍ക്കുമ്പോള്‍ത്തന്നെ, ഭൗതികവാദ ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌നേഹം, ദയ, മൈത്രി, കരുണ, സ്വഭാവവൈശിഷ്ട്യം, സമത്വം, സാഹോദര്യം എന്നീ സ്തംഭങ്ങള്‍ക്കുമേല്‍ അനീതിനിറഞ്ഞ സാമൂഹ്യക്രമത്തെ പുനര്‍നിര്‍മ്മിക്കുവാനുള്ള തന്റെ ദൗത്യം ബുദ്ധന്‍ ആരംഭിച്ചു. സാമൂഹ്യപരിവര്‍ത്തന പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ബുദ്ധന്റെ പങ്ക് ഏറ്റവും മുകളില്‍ നില്‍ക്കുന്നു. ബാബാസാഹേബ് ഡോ. അംബേദ്ക്കര്‍ പറയുന്നത്, 'സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളില്‍ ഏറ്റവും മഹാനും ആദ്യത്തെയാളും ഗൗതമബുദ്ധനാണ്. സാമൂഹ്യ പരിഷ്‌ക്കര ണത്തിന്റെ ഏതു ചരിത്രവും അദ്ദേഹത്തില്‍ നിന്നു തന്നെ ആരംഭിക്കണം. അദ്ദേഹത്തിന്റെ മഹത്തായ നേട്ടങ്ങളെ ഒഴിവാക്കിയാല്‍ ഇന്ത്യയിലെ സാമൂഹ്യപരിഷ്‌ക്കരണപ്രസ്ഥാനങ്ങളുടെ ചരിത്രം ഒരിക്കലും പൂര്‍ണ്ണ മാവുകയില്ല.'2

കേരളത്തിലെ ആദിമനിവാസികള്‍

കേരളചരിത്രത്തിന്റെ പിന്നാം പുറങ്ങളില്‍ ചരിത്ര കാലഘട്ടത്തിലെ ഒരു ജനതയുടെ ചരിത്രം ചികയുമ്പോള്‍, ഇവിടെ പുന:ജ്ജനിച്ചു കൊണ്ടിരിക്കുന്ന ചരിത്രാംശങ്ങളില്‍ ഏറെ മായം കലര്‍ത്തപ്പെട്ടിരിക്കുന്നു വെന്നാണ് കാണാല്‍ സാധിച്ചത്. കാലഘട്ടങ്ങളിലൂടെ മായം കലര്‍ത്തി വികൃതമാക്കപ്പെട്ട ചരിത്രശകലങ്ങളില്‍നിന്നും സത്യം കണ്ടെത്തുക വലിയ ദുഷ്‌ക്കരവും, ഭാരിച്ചതുമാണ്. പ്രത്യേകിച്ചും കീഴാള ജനങ്ങളുടെ ചരിത്രമാവുമ്പോള്‍ ഏറെ കടമ്പകള്‍ കടന്നിട്ടുവേണം യഥാര്‍ത്ഥ ചരിത്രം കണ്ടെത്തേണ്ടത്. അതിനുവേണ്ടി ചരിത്രം പൊളിച്ചെഴുതാന്‍ മെനക്കെടേണ്ടതുണ്ട്.

നൂറ്റാണ്ടുകളിലെ ചരിത്രം അന്വേഷിക്കുമ്പോള്‍ കേരളമെന്നു പറയുന്ന ഈ ഭൂവിഭാഗ ത്തിന്റെ പേരുപോലും മറ്റൊന്നാണ്. മലകള്‍ ധാരാളമുളള ഈ ഭൂവിഭാഗത്തെ മലനാട് എന്ന് വിളിക്കുന്നതിലും തെറ്റില്ലെന്നു തോന്നുന്നു. ഈ മലനാട്ടിലെ ആദിമ നിവാസി കളുടെ പിന്‍തലമുറയില്‍പ്പെട്ട ഒരു പ്രധാനഗോത്ര വര്‍ഗ്ഗമാണ് പുലയര്‍. കാലത്തിന്റെയും വര്‍ണ്ണാശ്രമ ത്തിന്റെയും ഒഴുക്കിനിടയില്‍ ആ ഗോത്രമിന്ന് ഒരു ജാതിയായി പരിണമിച്ചിരിക്കുന്നു.

ചരിത്രതീത കാലഘട്ടത്തില്‍ ഇവര്‍ മലയാളക്കരയിലെ സംസ്‌ക്കാര ത്തിന്റെയും രാജഭരണപാരമ്പര്യത്തിന്റെയും, സമ്പന്നതയുടെയും വക്താക്കളായി വിളങ്ങി നിന്നിരുന്നവരാണ്. ആ കാലത്ത് വൈദേശീയ വ്യാപാരത്തിന്റെ ആദ്യ കണ്ണിയായി തീരാനും പുലയര്‍ തുടങ്ങിയ കീഴാളര്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായ തെളിവുകള്‍ വൈദേശീയ സഞ്ചാര സാഹിത്യകാരന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. അവയില്‍പ്പോലും മായംകലര്‍ത്താന്‍ പില്‍ക്കാലചരിത്ര ഗവേഷകര്‍ ശ്രമിച്ചിട്ടുണ്ട്.

ദക്ഷിണ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട സംസ്‌ക്കാരാ വശിഷ്ടങ്ങളും, ശിലാശാസനങ്ങളും, ശിലാരേഖകളും, അസ്ഥിപഞ്ജരങ്ങളും ഈ വഴിക്കുള്ള തെളിവുകളാണ് നല്‍കുന്നതെങ്കിലും വ്യക്തമായ പരിശോധനകളോ, പഠനങ്ങളോ നടത്തുവാന്‍ ബന്ധപ്പെട്ട വകുപ്പുകാരും അവരിലെ ശാസ്ത്രജ്ഞന്മാരും ശ്രമിച്ചുകാണുന്നില്ല. അവയെല്ലാം പത്രറിപ്പോര്‍ട്ടുകളിലും, പത്ര പ്രസ്താവനകളിലും മാത്രമൊതുങ്ങിപ്പോകുന്നു. എന്നാല്‍ ആധുനിക സാമൂഹ്യ ക്രമത്തിന്റെ ഫലമായി പുലയര്‍ ഇന്ന് സങ്കരവര്‍ഗ്ഗമായി തീര്‍ന്നുകൊണ്ടിരിക്കുന്നു. പ്രാക്തന സാംസ്‌ക്കാര തനിമയുടെ വ്യക്താക്കളായ പുലയരെക്കുറിച്ച് മനസ്സിലാക്കുന്നതിനുമുന്‍പ് അവരുടെ പൂര്‍വ്വികരായ ആദിമ നിവാസികളെ സംബന്ധിച്ച് പഠിക്കേണ്ടിയിരിക്കുന്നു.

മലയാള നാട്ടില്‍ ചരിത്രാതീത കാലഘട്ടത്തില്‍ ആദിമനിവാസികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇവരെ ആദിദ്രാവിഡരെന്നും പറയപ്പെടുന്നുണ്ട്. ബി.സി.4000 മുതല്‍ ബി.സി.1800 വരെയുള്ള 22 നൂറ്റാണ്ടുകളില്‍ കേരളക്കരയില്‍ ആദിമനിവാസികള്‍ മാത്രമാണുണ്ടായിരുന്നത്. അന്ന് ദ്രാവിഡരോ ആര്യന്മാരോ ഇവിടെ എത്തിച്ചര്‍ന്നിരു ന്നില്ലെന്ന് ചരിത്രം വ്യക്തമാക്കുന്നു. ബി.സി. 1800 മുതല്‍ എ.ഡി.700 വരെയുള്ള കാലഘട്ടത്തിലാണ് ഇന്ത്യന്‍ വംശജരായ ദ്രാവിഡ ജനതയുടെ ഒഴുക്കുണ്ടാകുന്നത്. അങ്ങിനെ ആദിവാസികളും, ദ്രാവിഡരും ചേര്‍ന്ന് സങ്കരവര്‍ഗ്ഗമായി പരിണമിച്ചു. ഇവരെ വേണമെങ്കില്‍ ആദിദ്രാവിഡരെന്നു വിളിക്കാം. ഒരു ഘട്ടത്തില്‍ ദ്രാവിഡ സംസ്‌ക്കാരമായിരുന്നു ഭാരത്തിലാകമാനം നിലനിന്നിരുന്നത്. സിന്ധു നദിതടത്തില്‍പ്പെട്ട ഹാരപ്പായിലും, മോഹന്‍ജെദാരോയിലും നിന്നും കണ്ടെടുക്കപ്പെട്ട സംസ്‌ക്കാരാ വശിഷ്ടങ്ങള്‍ തെളിയിക്കുന്നതും അതാണ്. ആധുനികതയെ വെല്ലുന്ന തായിരുന്നു സിന്ധുനദീതടത്തില്‍കണ്ടെടുത്ത സംസ്‌ക്കാരാ വശിഷ്ടങ്ങള്‍.

ബി.സി.1800 കൂടിയാണ് മദ്ധ്യേഷ്യയില്‍ നിന്നും ആര്യപ്രവാഹം ആരംഭിക്കുന്നത്. ഈ ആര്യപ്രവാഹം സിന്ധുനദീതടത്തിലെത്തിയതോടെ അവിടെ നിലനിന്നിരുന്ന പ്രാചീന ജീവിത സംസ്‌ക്കാരങ്ങള്‍ ഒന്നൊന്നായി പിന്‍തള്ളപ്പെടുകയും ഒടുവില്‍ ആര്യന്മാരുടെ കൈപ്പിടിയില്‍ അമര്‍ന്ന് മുഴുവന്‍ തകര്‍ന്ന് നാമാവശേഷമായി തീരുകയും ചെയ്തു വെന്നാണ് ചരിത്രം പഠിപ്പിക്കുന്ന പാഠം. ആര്യന്മാരെ ഇന്തോ-യുറോപ്യന്മാര്‍ എന്നും വിളിച്ചിരുന്നു. ഇവരുടെ ജന്മഭുമിയെക്കുറിച്ച് ഖണ്ഡിതമായിപറയുവാന്‍ ചരിത്രഗവേഷകന്മാര്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല. ആര്യന്മാര്‍ പാര്‍ത്തിരുന്നത് മദ്ധ്യ ഏഷ്യയിലായിരുന്നുവെന്നും, അതല്ല യുറോപ്പിന്റെയും ഏഷ്യയുടെയും അതിര്‍ത്തി യിലുള്ള സമഭൂമിയിലാണെന്നും ചിലര്‍ വാദിച്ചു സ്ഥാപിക്കുന്നുണ്ട്. യൂറോപ്പിന്റെയും, ഏഷ്യയുടെയും മദ്ധ്യത്തിലുള്ള അതിര്‍ത്തിയായ ദക്ഷിണ റഷ്യയിലെ സ്റ്റെപ്പികള്‍ (മൈതാനങ്ങള്‍) ആയിരിക്കണം.1 മറ്റുചിലര്‍ യൂറോപ്പിലെ 'ബൊഹിമിയ' രാജ്യത്താണെന്നും അഭിപ്രായപ്പെടുന്നു. അതേസമയം ഇറാനില്‍ നിന്നും കാലഘട്ട ങ്ങളിലൂടെ ഏഷ്യവഴി ഇന്ത്യയില്‍ കടന്നുവന്നവരാണ് ആര്യന്മാര്‍ എന്ന് ആധുനിക ചരിത്രപണ്ഡിതന്മാര്‍ തെളിവുകള്‍ ഉദ്ധരിച്ചു സ്ഥാപിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഇറാനില്‍ നിന്നും ആര്യന്മാരുടെ ഒരു വലിയ ശ്മശാനം കണ്ടെത്തിയത് ഇതിന് വലിയ തെളിവായി കരുതുന്നു. ക്രി.മു. 12-ാം നൂറ്റാണ്ടോടുകൂടിയാണ് ആര്യന്മാര്‍ വിന്ധ്യാ പര്‍വ്വതം കടന്ന് കേരളത്തില്‍ കുടിയേറിയതെന്ന് ഉള്ളൂര്‍ തന്റെ സാഹിത്യചരിത്രത്തില്‍ പറയുന്നത് തീര്‍ത്തും തെറ്റാണെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായ പ്പെട്ടിട്ടുണ്ട്. ക്രി.പി. 3-ാം നൂറ്റാണ്ടോടുകൂടിയാണ് ദക്ഷിണേന്ത്യയിലേക്ക് ആര്യ ബ്രാഹ്മണരുടെ സംഘടിതമായ അധിനിവേശം സംഭവിക്കുന്നത്.

നോവല്‍ : തലമുറകള്‍ - ടി എച്ച് പി ചെന്താരശ്ശേരി

ഒന്നാം അദ്ധ്യായം

സായംസന്ധ്യാ. 
ഓടിത്തളര്‍ന്നെത്തിയ പകലോന്‍ പടിയാനിടം തേടുന്ന യാമം. പ്രാകൃതനായ ആ ചെറുപ്പക്കാരന്‍ ജയദേവന്റെ മാളിക മുന്നിലെത്തി. കത്തിക്കാളുന്ന വയറുമായി എത്രനാള്‍ ഈ ജീവിതം തള്ളിനീക്കാ നാകും! കനലെരിയുന്ന കുടല്‍ കരിഞ്ഞു തുടങ്ങി യിരുന്നു. ശോഷിച്ചു കരചരണങ്ങള്‍ ചലനം തുടരുന്നുവെന്നു മാത്രം.
അവനെത്തിയത് ഏന്തിവലിഞ്ഞ്. തളരാത്ത പ്രതീക്ഷയുടെ ഊന്നു വടിമാത്രമാണ് അവനാലംബം.
അവന്‍ ആണ്ട് മണിമന്ദിരത്തിന്റെ പ്രവേശന കവാടത്തിങ്കലറച്ചു നിന്നു.
വെണ്‍മണല്‍ വിരിച്ച വിശാലമായ മുറ്റത്തു ഒരരികുചേര്‍ന്നു വിലസുന്ന പൂത്തുലഞ്ഞ പനിനീര്‍ ചെടികള്‍. പളുങ്കുമണികളുതിര്‍ക്കുന്ന മുല്ലക്കൂട്ടം. ഇവയെല്ലാം അവനെ നോക്കി പുഞ്ചിരി തൂകി. മതിലില്‍ ചാഞ്ഞു കിടക്കുന്ന ചെമ്പരത്തികള്‍ ആഭവനത്തിനൊരലങ്കാരം തന്നെ.
ഭവന വളപ്പിനകത്തു പ്രവേശിക്കുന്നതിനു തടസ്സമൊന്നും കണ്ടില്ല. അവനു അത്ഭുതം തോന്നി. പാറാവുകാരോ അല്‍സേഷ്യനോ മാര്‍ഗ്ഗ തടസ്സത്തിന് മുന്‍വശത്തുകാണേണ്ടതാണ്. എന്നാല്‍ ആണ്ടു വിനകളൊന്നും അവിടെയില്ല.
ഏറെ താമസിയാതെ ആണ്ടു ഗതന്‍ അകത്തേക്കു ക്ഷണിക്കപ്പെട്ടു. വിസിറ്റിംഗ് കാര്‍ഡു വേണ്ടി വന്നില്ല. ഊഴം കാത്തു നിന്നില്ല. അവജ്ഞാസ്വരത്തിലൊതുങ്ങുന്ന ചോദ്യശരങ്ങളെ നേരിടേണ്ടതായും വന്നില്ല.
മുഷിഞ്ഞ കോറമുണ്ട് കീറലേറ്റ അരക്കയ്യന്‍ ഷര്‍ട്ട് പാറിപ്പറന്ന മൂടി പട്ടിണിവരച്ച നേരിയ വരകള്‍ അവന്റെ നെറ്റിയില്‍ ചാലുകീറിയിരുന്നു.
വൃത്തിയുള്ള വരാന്തയില്‍ പൊടിയണിഞ്ഞതന്റെ പാദങ്ങള്‍ അടയാളങ്ങള്‍ വല്ലതും അവശേഷിപ്പിച്ചുവോ! അവന്‍ തിരിഞ്ഞൊന്നു നോക്കി. മൊസേക്കു തറ കണ്ണാടിപോലെതിളങ്ങുന്നു.
അവന്‍ കോണിപ്പടികയറി മുകളിലത്തെ നിലയിലെത്തി.
''കുട്ടി എവിടെ നിന്നാണ്?''
വെറും സാധാരണ വേഷം തികഞ്ഞ കായപുഷ്ടിയുള്ള ഒരു സാധാരണ മനുഷ്യന്‍.
അദ്ദേഹത്തെ കണ്ടപ്പോള്‍ അവന്‍ നടാടെ ഒന്നു പതറി.
അദ്ദേഹത്തോടു സംസാരിക്കുമ്പോള്‍ പാലിക്കേണ്ടതായ എളിമയും വിനയവും തന്നിലുണ്ടോ! കാര്യം കാണാന്‍ കാക്കക്കാലും പിടിക്കണമെന്ന നാട്ടുമ്പുറം ധാരണ അവന്റെ സ്മരണയിലോടിയെത്തി.
യാന്ത്രികമായി ഇരു കരങ്ങളും കൂപ്പി വണങ്ങിക്കൊണ്ട് അവന്‍ മറുപടി പറഞ്ഞു.
''തിരുക്കൊടിയില്‍ നിന്നു.''
സംസാരിച്ചു തുടങ്ങിയപ്പോള്‍ ഒരു ആത്മ ധൈര്യം കൈവന്നു.
''എന്താവിശേഷം?''
''ഒന്നുമില്ലെജമാനേ....''
അവന്‍ വിക്കി വിക്കി പറഞ്ഞു.
''എന്റെ ഒരു സങ്കടം പറയാന്‍ വന്നതാ.....''
ഇരുപതുകാരന്റെ വിനയമല്ല അവനില്‍ പ്രകടിതമായത്.
ഈ സമയമെല്ലാം അവനെ മനസ്സിലാക്കുവാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു.
''ഉം. പറയൂ കേള്‍ക്കട്ടെ...''
അവന്‍ ദയനീയമായി അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കി. ആകര്‍ഷകമായ മുഖം. അധികാര ഗര്‍വ്വിന്റെ ലേശം പോലുമില്ല. തന്റെ സങ്കടമുണര്‍ത്തിച്ചാല്‍ പരിഹാരം ലഭിക്കുമെന്നു അവനുറപ്പായി.
''ഞാന്‍ ആഹാരം കഴിച്ചിട്ടു രണ്ടു ദിവസമായി. പച്ച വെള്ളം കൊണ്ടു കഴിഞ്ഞു. തൊഴിലൊന്നുമില്ല. ഒരു ചേട്ടനുണ്ടായിരുന്നു. തൊഴിലൊന്നുമില്ലാതായപ്പോള്‍ പുറപ്പെട്ടു പോയി. ഇപ്പോള്‍ എളയ പെങ്ങളും അമ്മയുമാ വീട്ടിലുള്ളത്. തൊഴിലന്വേഷിച്ചു ഞാന്‍ മടുത്തു. വീട്ടിലിരുന്നാലും പട്ടിണി....''
അദ്ദേഹത്തിന്റെ അടുത്ത ചോദ്യമെന്തായിരിക്കുമെന്നു അവന്‍ ഊഹിച്ചു. എല്ലാവിവരങ്ങളും തല്ക്കാലം പുറത്തു വിടേണ്ട. അവന്‍ മനസ്സില്‍ കരുതി.
''താന്‍ എത്രവരെ പഠിച്ചിട്ടുണ്ട്?''
അവനെ കണ്ടപ്പോള്‍ മുതല്‍ അദ്ദേഹത്തിനു അവനില്‍ ഒരു പ്രത്യേക താല്പര്യം തോന്നിത്തുടങ്ങിയിരുന്നു. അനിര്‍വചനീയമായ ഒരു പ്രത്യേകത. ബുദ്ധികൂര്‍മ്മതയുടെ ചൈതന്യം അവന്റെ മുഖത്തു നിഴലാട്ടം