"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ജോര്‍ജ് ജോസഫ്: വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ക്രിസ്ത്യാനി

ജോര്‍ജ് ജോസഫ്
'നിങ്ങളുടെ ശ്രദ്ധ പിതിയേണ്ടത് ഈ കൈകൊട്ടുന്നതിലോ, മീറ്റിംങ് കൂടുന്നതിലോ അല്ല; യാതൊരാഹാരവും കഴിക്കാതെ മീനമാസത്തെ അതികഠിനമായ വെയിലില്‍ ഉണങ്ങിപ്പൊരിഞ്ഞു കിടക്കുന്ന ആ മൂന്നുപേരുടെ പേരിലാണ്. അവര്‍ ഈ നിലയില്‍ കിടക്കുന്നതിന് കാരണം ആരാണ്? ഇതിന്റെ ഫലം എന്തായിരിക്കും? ഇവരെ ഇത്തരത്തിലാക്കിയത് ഇവിടെ താമസിക്കുന്ന ഈ നില്ക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരാണ്. ഇതിന്റെ ഉത്തരവാദിത്വം അവര്‍ തന്നെ വഹിക്കണം. ഇവര്‍ക്ക് നിയമം അറിഞ്ഞുകൂടേ? ഇവരുടെ നിയമവിരുദ്ധമായ ഈ പ്രവൃത്തി അന്യായമെന്നു പറഞ്ഞാല്‍ മതിയോ? ഇതിനുത്തരവാദം ചെയ്യേണ്ടത് മഹാരാജാവു തിരുമേനിയാണെങ്കിലും പെട്ടെന്ന് ഈ വിധം പ്രവര്‍ത്തിച്ചത് ഈ നില്ക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ തന്നെ. ഈ സാധു ഗവണ്‍മെന്റ് ഇതാ കീഴടങ്ങിയിരിക്കുന്നു! (ലജ്ജാകരം) എനിക്കു തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസിലെ നേര്‍ക്കും അവിടത്തെ ഗവെണ്മെന്റിന്റെ പേരിലും വളരെ ഭക്തിയും വിശ്വാസവും ഉണ്ടായിരുന്നു. അതിനു കാരണം ഇവിടെ യഥാര്‍ത്ഥമായ ഒരു ശക്തിയുണ്ടെന്നുള്ളതു ബോധ്യമായിരുന്നു. 1920 ലും 1921 ലും ബ്രിട്ടീഷ് ഗവണ്മെന്റ് 20000 ല്‍ പരം ആളുകളെ അറസ്റ്റ് ചെയ്തതായി ഓര്‍ക്കുന്നു. എന്നിട്ടും അവിടത്തെ ഗവണ്ണെന്റ് അവരെ യഥായോഗ്യം ഉപചരിക്കാ തിരുന്നില്ല. സങ്കടങ്ങളും ഉണ്ടായിട്ടുണ്ടെന്നു സമ്മതിക്കാം. ഈ ഗവണ്മെന്റാകട്ടെ 17 പേരെ അറസ്റ്റു ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ ലജ്ജയില്ലാതെ മുട്ടു മടക്കിക്കഴിഞ്ഞിരിക്കുന്നു. (ലജ്ജാകരം) ശക്തിയറ്റ ഗവണ്മെന്റിനും ഈ ദയവില്ലാത്ത ഗവണ്മെന്റാകട്ടെ മൂന്നു യുവാക്ക ന്മാരെ അറസ്റ്റു ചെയ്യാതെ, പെരുവഴിയില്‍ ഇട്ടു ചവിട്ടത്തേക്കുവാന്‍ ധൈര്യമില്ലെന്ന് എനിക്ക് നല്ലവണ്ണമറിയാം. ഈ ചാത്തുക്കുട്ടി നായര്‍ ഒരു ഉത്തമ കുല ജാതനാണ്. ഒരു സബ്ജഡ്ജിയുടെ മരുമകനുമാണ്. താന്‍ ലാഹോറില്‍ താമസിക്കുകയായിരുന്നു. ഇന്റര്‍മീഡിയറ്റ് പാസായിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസത്തുനു വേണ്ടി ഇംഗ്ലണ്ടില്‍ പോകാന്‍ ഭാവിക്കുമ്പോഴാണ് കെ പി കേശവമേനോന്‍ അറസ്റ്റ് ചെയ്യപ്പെട്ടതറിഞ്ഞത്. തീര്‍ച്ചയായും യാതൊരാഹാരവും കൂടാതെ അവര്‍ മരിക്കുന്നതു വരെ അവിടെത്തന്നെ ഇരുന്നുകൊള്ളട്ടെ. പൊലീസുകാര്‍ അവരെ ന്യായമായി മുമ്പോട്ടു വിടേണ്ടതാണ്. അവരുടെ ന്യായമായ അവകാശബോധവും പ്രതിജ്ഞയും പിന്നോട്ടു മാറ്റാന്‍ അവരെ അനുവദിക്കുന്നതല്ല. നിയമവിരോധം ചെയ്തവരോട് അതിന് തക്കവിധം പ്രവര്‍ത്തിക്കേണ്ടതല്ലേ ഗവണ്മെന്റിന്റെ ധര്‍മം. അവര്‍ ചെയ്യുന്ന പ്രവൃത്തി നീചമാണെങ്കില്‍ അതിന് അവര്‍ തന്നെയല്ലേ കുറ്റക്കാര്‍? സവര്‍ണ ഹിന്ദുക്കളുടെ തടസംകൊണ്ട് സമാധാനഭംഗം വരുമെന്ന് ഗവണ്മെന്റ് ഭയപ്പെടുന്നു. സവര്‍ണ ഹിന്ദുക്കളെല്ലാവരും ഈ അഭിപ്രായക്കാരല്ലെന്ന് എനിക്കറിയാം. ഒരു മഹത്വമുള്ള വമ്പിച്ച ജനസമുദായം കോണ്‍ഗ്രസിന്റെ അകത്തും പുറത്തും നിന്ന് ആ സ്ഥാപനത്തെ ഇവിടേയും സഹായിക്കുന്നുണ്ട്. സവര്‍ണ ശബ്ദനിര്‍ദ്ദിഷ്ടമായ വേറെ ഒരു ശക്തിയാണ് ഇതിന് വിരോധ മായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ഈ ശബ്ദം മാത്രമേ ഇനി ബാക്കിയുള്ളൂ. അല്ലാതെ വല്ലതുമുള്ളവര്‍ കാര്യം കഴിഞ്ഞാല്‍ നാടു കടക്കുന്നതാണ്. ഈ മാതിരിയുള്ള ചിലരുടെ ഹര്‍ജിയാണേ്രത സമാധാന ലംഘന ദ്യോതകമായി വന്നിരിക്കുന്നത്. മാന്യന്മാരും ഹൃദയമുള്ളവരും മൂര്‍ത്തിമത്തായ ദേശാഭിമാനമുള്ളവരും ധീരന്മാരും നിഷ്‌കളങ്കരുമായ യുവജനങ്ങളെയാണ് നമ്മുടെ അധികാരികള്‍ വെയിലില്‍ ഇട്ടു ചുട്ടുകൊല്ലാന്‍ തുടങ്ങുന്നത്. ഇതിനുത്തരവാദികള്‍ തീര്‍ച്ചയായും സവര്‍ണ ഹിന്ദുക്കള്‍ തന്നെയാണ്. ഈ ദയനീയ സ്ഥിതി അവരുടെ ഹൃദയത്തെ പ്പോലും തപ:സാധ്യായ നിരതരായി ഭൂദേവന്മാരായി നടക്കുന്നവരുടെ ഹൃദയത്തെപ്പോലും അലിയിക്കുകയില്ലയോ? അവരോട് പ്രത്യേകമായി ഞാന്‍ പിന്നേയും ഈ അസമസൃഷ്ടങ്ങളായ ന്യായമായ അവകാശത്തെ തടയരുതെന്ന് അപേക്ഷിക്കുന്നു. ഞാന്‍ ഈ ഗവണ്മെന്റിനാല്‍ അപഹരി ക്കപ്പെടുന്നതു വരെ - ഇവിടെ അതിന്റെ പ്രവര്‍ത്തകനായിരിക്കാന്‍ സാധിക്കുന്നതു വരെ ഇതുപോലെ സഹനശക്തിയുള്ള വാളണ്ടിയര്‍മാരെ അയച്ചു കൊണ്ടു തന്നെയിരിക്കും. നാളെ ഞാന്‍ തെക്കേ നടയില്‍കൂടി മൂന്നുപേരെ അയക്കും. ഇതെല്ലാവരും അറിഞ്ഞുകൊള്‍ക. എന്റെ പൊലീസ് സഹോദരന്മാര്‍ ഇന്ന് അല്പം വഴിപിഴച്ചാണ് പെരുമാറിയത്. എന്റെ സകല പ്രവര്‍ത്തന പദ്ധതിയും ഞാന്‍ മുന്‍കൂട്ടി അവരെ മനസിലാക്കാറുണ്ട്. എന്നാല്‍ അവരാകട്ടെ ഇങ്ങനെ തചെയ്തില്ല. ഒരാഴ്ചയിലധികം, സവര്‍ണ ഹിന്ദുക്കള്‍ ഈ മനസ്ഥിതി ഇനി വെച്ചുകൊണ്ടി രിക്കുകയില്ലെന്ന് ഞാന്‍ വിചാരിക്കുന്നു. ഈ ഒരാഴ്ചക്ക് കിഴക്കും വടക്കുമുള്ള നടകള്‍ അവര്‍ക്കു വേണ്ടി ഞാന്‍ ഒഴിച്ചിട്ടിരി ക്കുന്നു. അതുകഴിഞ്ഞാല്‍ ഞാന്‍ ആ ദിക്കുകള്‍ അവര്‍ണ ഹിന്ദുക്കളെ കൊണ്ട് നിറക്കുന്നതാണ്. കാണട്ടെ, അധര്‍മമോ ധര്‍മമോ ജയിക്കുന്നതെന്ന് ? സത്യമോ അസത്യമോ ജയിക്കുന്നതെന്ന്?'

ജോര്‍ജ് ജോസഫ് വൈക്കം സത്യാഗ്രഹം നടന്നു കൊണ്ടിരിക്കുമ്പോള്‍ വൈക്കത്തു വെച്ചു ചെയ്ത പ്രസംഗമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. 1924 ഏര്പില്‍ 11 നു അദ്ദേഹത്തെ, സത്യാഗ്രഹം ചെയ്തതിനു മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചു.

ഭാരതത്തിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ മുന്നണിയില്‍ നിന്നിരുന്ന ജോര്‍ജ് ജോസഫ് 1887 ജൂണ്‍ 8 ന് ചെങ്ങന്നൂരില്‍ ഒരു യാക്കോബായ ക്രിസ്ത്യാനി കുടുംബത്തില്‍ ജനിച്ചു. അടൂര്‍, ആലപ്പുഴ, കോട്ടയം എന്നീ സ്ഥലങ്ങളിലാണ് ആദ്യം പഠിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ബി എ ബിരുദം നേടി. അതിനെ തുടര്‍ന്നു ഇംഗ്ലണ്ടില്‍ പോയി പഠനം തുടര്‍ന്നു. 1905 ല്‍ ബാരിസ്റ്റര്‍ പരീക്ഷ ജയിച്ചു. എഡിന്‍ബറോയില്‍ നിന്നു എം എ ബിരുദവും സമ്പാദിച്ചു. 1909 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. മധുരയില്‍ അഭിഭാഷകനായി വ്യവഹരിക്കാന്‍ തുടങ്ങി. ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയിലെങ്ങും പടര്‍ന്നു പിടിച്ച പ്രക്ഷോഭാഗ്നി ഹോംറൂള്‍ പ്രസ്ഥാനത്തോടു കൂടി ആളിക്കത്തി. ക്രിസ്ത്യാനികള്‍ അക്കാലത്തു ദേശീയ സമരങ്ങളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ അതിനു വ്യത്യസ്തരായിരുന്നു ബോംബെയിലെ ബാപിസ്റ്റായും ജോര്‍ജ് ജോസഫും. രണ്ടുപേരും സമര തത്പരരായിരുന്നു. ഒരാള്‍ ബാലഗംഗാധര തിലകന്റേയും മറ്റേയാള്‍ മഹാത്മാ ഗാന്ധിയുടേയും ചിന്താഗതി ഇഷ്ടപ്പെട്ടവരാണ്. ജോര്‍ജ് ജോസഫ് രാഷ്ട്രീയ രംഗത്തിറങ്ങിയതോടു കൂടി അഭിഭാഷക വൃത്തിയിലും മുന്നണിയിലെത്തി. നല്ലൊരുദ്യോഗം നല്കി രാഷ്ട്രീയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അധകൃതര്‍ ശ്രമിക്കാതെയിരു ന്നില്ല. അക്കാലത്ത് കോടതിയിലായാലും പുറത്തായാലും അദ്ദേഹത്തിന്റെ ഭാഷണം ചൂടും ശക്തിയും തികഞ്ഞതായിരുന്നു. ജഡ്ജിമാര്‍ അനാദരവു പ്രദര്‍ശിപ്പിച്ചാല്‍ ചുട്ട മറുപടി കൊടുത്ത് അവരുടെ വായ് മൂടിക്കെട്ടു വാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.

1916 ല്‍ ആനിബസന്റ് മദാമ്മ ഹോംറൂള്‍ പ്രസ്ഥാനം തുടങ്ങിയപ്പോള്‍ അദ്ദേഹം അതില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഹോംറൂള്‍ ലീഗ് ഇംഗ്ലണ്ടി ലേക്ക് ഒരു ഡെപ്യൂട്ടേഷന്‍ അയച്ചപ്പോള്‍ അതില്‍ ജോര്‍ജ് ജോസഫ്‌നേയും ഉള്‍പ്പെടുത്തിയിരുന്നു. അത് അന്ന് ഭാരത രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തി നുണ്ടായിരുന്ന സ്വാധീനതയെ വ്യക്തമാക്കുന്നു. പക്ഷെ ഡെപ്യൂട്ടേഷനെ മാര്‍ഗമധ്യേ ബ്രിട്ടീഷുകാര്‍ തിരിച്ചയക്കുകയാണുണ്ടായത്. ഡെപ്യീട്ടേഷ നംഗങ്ങള്‍ക്കു മദ്രാസില്‍ വെച്ചു നല്കിയ സ്വീകരണ യോഗത്തില്‍ ജോര്‍ജ് ജോസഫ് ചെയ്ത പ്രസംഗം അദ്ദേഹത്തിന്റെ തന്റേടത്തിനും ദേശാഭിമാന ത്തിനും തികഞ്ഞ സാക്ഷ്യമാണ്. റൗലറ്റ് നിയമം പുറപ്പെടുവിച്ചതോടുകൂടി അന്തരീക്ഷം വഷളായി. ഭരണ പരിഷ്‌കാര സംബന്ധമായ ഭിന്നത, 1920 ലെ കല്‍ക്കത്താ കോണ്‍ഗ്രസ് മഹാത്മജിയുടെ നിസഹകരണ നയം സ്വീകരിച്ചത് മുതലായവ അന്നത്തെ പ്രധാന സംഭവങ്ങളാണ്. ജോര്‍ജ് ജോസഫ് അതോടുകൂടി പ്രാക്ടീസ് നിര്‍ത്തി മുഴുവന്‍ സമയവും രാജ്യ സേവനത്തിന് വിനിയോഗിച്ചു. നാഗപ്പൂര്‍ കോണ്‍ഗ്രസിനോടൊപ്പം നിസഹകരണം രാജ്യവ്യാപകമായി. അദ്ദേഹം മോട്ടിലാല്‍ നെഹ്‌റു അലഹബാദില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന 'ഇന്‍ഡിപ്പെന്റന്റ്' എന്ന ദിനപത്രത്തിന്റെ ആധിപത്യം സ്വീകരിച്ചു. അദ്ദേഹത്തിന്റെ മുഖപ്രസംഗ ങ്ങള്‍ ശക്തിയേറിയവയായിരുന്നു.

ഒറ്റപ്പാലത്തു വെച്ചു നടന്ന കേരള സംസ്ഥാന കോണ്‍ഫ്രന്‍സിനോട് തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ജോസഫായിരുന്നു അധ്യക്ഷന്‍. മഹാത്മജി ആരംഭിച്ചിരുന്ന സ്വാതന്ത്ര്യ സമരത്തില്‍ പങ്കുകൊള്ളാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു.

അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രസംഗങ്ങളും അധികൃതര്‍ക്ക് ഒട്ടും രസിച്ചില്ല. 1921 ല്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തു വിചാരണ നടത്തി ഒരു കൊല്ലത്തെ തടവിന് വിധിച്ചു. പിന്നെ പല തവണ അദ്ദേഹം ജയിലില്‍ പോയി. അറസ്റ്റു സ്വീകരിക്കാന്‍ എപ്പോഴും സന്നദ്ധനായിട്ടാണ് നടന്നിരുന്നത്.

1922 ല്‍ ഗാന്ധിജിയെ 6 കൊല്ലത്തെ തടവിന് ശിക്ഷിച്ചതോടു കൂടി നിസഹകരണ പ്രസ്ഥാനത്തെപ്പറ്റി നേതാക്കന്മാര്‍ ഭിന്നാഭിപ്രായം പുറപ്പെടുവിച്ചു തുടങ്ങി. കൊണ്‍സില്‍ ബഹിഷ്‌കരണം വേണ്ടെന്നു വെക്കാന്‍ വന്‍കിട നേതാക്കന്മാര്‍ തീരുമാനിച്ചു. രാജാജിയും മറ്റും അതിനെ എതിര്‍ത്തു. ഗയാ കോണ്‍ഗ്രസില്‍ ഇരു കക്ഷികളും കൂട്ടിമുട്ടി. സി ആര്‍ ദാസും മോട്ടീലാല്‍ നെഹ്‌റുവും മറ്റും ചേര്‍ന്ന് സ്വരാജ്യ കക്ഷി സ്ഥാപിച്ചു. ജോര്‍ജ് ജോസഫ് മാറ്റം വേണ്ടെന്ന അഭിപ്രായക്കാര നായിരുന്നു. 1920 ല്‍ 'യങ് ഇന്ത്യ' യുടെ ആധിപ്ത്യം ഏറ്റിരുന്ന ജോര്‍ജ് ജോസഫ് ഗാന്ധിജിയുടെ നയത്തില്‍ ഉറച്ചു നില്ക്കാന്‍ ജനങ്ങളോടുപദേ ശിച്ചു. അദ്ദേഹം സ്വരാജ്യകക്ഷിയെ ശക്തിയായി എതിര്‍ത്തു. സ്വന്തനിലയില്‍ ഉറച്ചു നില്ക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ശക്തി മുഴുവന്‍ ഉപയോഗിച്ച് സ്വരാജ്യ കക്ഷിയോടു പോരാടി.

മഹാത്മജിയുടെ ശിക്ഷാ കാലാവധി തീരും മുമ്പ് ജയിലില്‍ നിന്നു വിട്ടു. അദ്ദേഹത്തിന്റെ ഭാവി പരിപാടിയെപ്പറ്റി അടുത്ത അനുയായികള്‍ ക്കെല്ലാം വലിയ ഉത്കണ്ഠയുണ്ടായി. സ്വരാജ്യ കക്ഷിക്കാരെ അവരുടെ പരിപാടിയനുസരിച്ചു മുന്നോട്ടു പോകാന്‍ ഗാന്ധിജി ഉപദേശിച്ചു. അദ്ദേഹം കോണ്‍ഗ്രസിന്റെ നിര്‍മാണ പരിപാടിയില്‍ ശ്രദ്ധ ചെലുത്തി. അത് ജോര്‍ജ് ജോസഫ് ഉള്‍പ്പെടെ പലര്‍ക്കും വൈരാഗ്യമുളവാക്കി. അദ്ദേഹം മധുരയില്‍ ചെന്നു വീണ്ടും പ്രാക്ടീസ് തുടങ്ങി. 1926 മുതല്‍ 35 വരെ ജോര്‍ജ് ജോസഫ് മധുരയിലെ പ്രാദേശിക പരിപാടികളിലും തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലും പങ്കുകൊണ്ടു. ഇതിനിടക്ക് അദ്ദേഹം കത്തോലിക്കാ മതം കൈക്കൊണ്ടിരുന്നു. നിവര്‍ത്തന പരിപാടികളിലും ചമ്പക്കുളം കത്തോലിക്കാ കോണ്‍ഗ്രസിലും അദ്ദേഹത്തിന്റെ സഹകരണമു ണ്ടായി. 1935 ലെ അഖില തിരുവിതാംകൂര്‍ രാഷ്ട്രീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. അദ്ദേഹം തിരു സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളുടെ മുന്നണിയിലും നിന്നു. 

1924 ല്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജോര്‍ജ് ജോസഫ് ജയില്‍ വാസം സ്വീകരിക്കുകയുണ്ടായല്ലോ. അത് ഹിന്ദുസമുദായത്തിലെ ഒരു വിഭാഗക്കാരെ മാത്രം ബാധിക്കുന്ന കാര്യമാകയാല്‍ അഹിന്ദുക്കള്‍ അതില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നു ഗാന്ധിജി അഭിപ്രായപ്പെട്ടു.

1937 ല്‍ അദ്ദേഹത്തെ കേന്ദ്ര അസംബ്ലിയിലേക്കു തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ശുഭപ്രതീക്ഷ വിസ്മയാവഹമായിരുന്നു. മറ്റുള്ളവരുടെ തൃപ്തിയേക്കാള്‍ സ്വന്ത മനസാക്ഷിയുടെ പ്രേരണയാണ് അദ്ദഹം വിലവെച്ചിരുന്നത്. താന്‍ തെരഞ്ഞടുക്കുന്ന രംഗത്ത് ആത്മാര്‍ത്ഥതയോടു കൂടി പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ അദ്ദഹം ഒന്നാമനായിരുന്നു. 1938 മാര്‍ച്ച് 5 ന് മധുരയില്‍ വെച്ച് അദ്ദേഹം നിര്യാതനായി.
------------------------
കടപ്പാട്: പാറയില്‍ എംസുദ്ദീന്‍ എഡിറ്റ് ചെയ്ത് പി എം നായര്‍ പ്രസിദ്ധീകരിച്ച 'സ്വാതന്ത്ര്യ സമര സേനാനികള്‍' എന്ന പുസ്തകത്തില്‍ നിന്നും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ