"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

പുലയര്‍ ഉത്പത്തികാരണമായ എറണാകുളം ജില്ലയിലെ ക്ഷേത്രങ്ങള്‍ - ഒര്‍ണ കൃഷ്ണന്‍കുട്ടി

കേരളത്തിലെ ഒരു ക്ഷേത്രങ്ങളിലും കാവുകളിലും കാണാത്തത്ര വിചിത്രമായ വഴിപാട് നടക്കുന്ന ക്ഷേത്രമെന്നോ, കാവ് എന്നോ പുലയരുടെ പതിയെന്നോ പറയാന്‍ പറ്റാത്തവിധമുള്ള ഒരു ആരാധന ക്ഷേത്രം. പെരുമ്പാവൂര്‍ പുത്തകുരിശ് റോഡില്‍ അറയ്ക്കപ്പടി എന്ന സ്ഥലത്ത് നിന്ന് കിഴക്ക് മാറി പെരുമാനിയെന്ന ഗ്രാമത്തില്‍ ഇലഞ്ഞിചോട് മുത്തിയെന്ന പേരില്‍ കുടികൊള്ളുന്നുത്. ഈ ആരാധന കേന്ദ്രം ഒരു വയലിന്റെ ഓരത്താണ്. മേച്ചേരി മുത്തി, കിച്ചേരി മുത്തി, വരമ്പത്ത് മുത്തി, കോരാട്ടുമുത്തി, പരുത്തി മുത്തി, ഒടിച്ചു മുത്തി, പെരുമ്പുറത്ത് മുത്തി എന്നീ ഏഴു മുത്തിമാര്‍ പാടത്ത് കൊയ്ത്തിനായി വന്നു ചേര്‍ന്നു. പാടത്ത് കൊയ്ത്ത് കഴിഞ്ഞ് ഉതിര്‍ന്നു വീഴുന്ന നെല്‍ക്കതിരുകള്‍ (പിടിതാള്) പെറുക്കുന്നതിനായി ഏഴ് സ്ത്രീകളും പാടത്ത് ഇറങ്ങി. നെല്‍കതിരുകള്‍ പറക്കുന്നിടത്തമ് ഒരു ഉരുളന്‍ കല്ല് ചെളിയില്‍ കിടന്ന് മീന്‍പിടിയുന്ന പോലെ പൊങ്ങിയും, താഴ്ന്നും നടക്കുന്നു. ഇവര്‍ ഏഴുപേരും കൂടി ആ കരിങ്കല്‍ പ്രതിമ എടുത്തു കൊണ്ടുപോയി പാടത്തിന്റെ അരികില്‍ നില്‍ക്കുന്ന ഒരു ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ കൊണ്ടുവച്ച് പ്രാര്‍ത്ഥിച്ചു. അതൊരു ദേവി വിഗ്രഹമായിരുന്നുവെന്ന് പിന്നീടാണ് ഈ സ്ത്രീകള്‍ക്ക് മനസ്സിലായത്. അവരവിടെ കള്ളും, അവിലും, മലരും, ശര്‍ക്കരയും, പഴവും കൊണ്ടുവച്ച് കലശങ്ങള്‍ നടത്തി. അതൊരു ശക്തിസ്വരൂപിണിയുടെ ആരാധന കേന്ദ്രമായി പിന്നീട് മാറി. മുത്തിക്കുള്ള ഇഷ്ട വഴിപാട് പാവകള്‍ നേരുന്നതാണ്. വിദൂര സ്ഥലങ്ങളില്‍ നിന്നും നേരത്തെ സൂചിപ്പിച്ച കൂട്ടങ്ങളില്‍പ്പെട്ട പുലയര്‍ കൊട്ടും കളിയുമായി ഇഷ്ടകാര്യങ്ങള്‍ക്കായി പാവകള്‍ നേര്‍ച്ചയായി കൊണ്ടുവന്നു സമര്‍പ്പിക്കുന്നു. നെഞ്ചുരുകി പ്രാര്‍ത്ഥിച്ചാല്‍ അവിടെ നടക്കാത്ത ഒരു സംഗതിയുമില്ല. ഇപ്പോഴത്തെ ക്ഷേത്രപൂജാരിണിയും പതിയുടെ അവകാശിയും മുണ്ടിയെന്ന സ്ത്രീയാണ്. അച്ഛന്‍ വള്ളോന്‍ മരിച്ചതിന് ശേഷം മുണ്ടിയാണ് ഇലഞ്ഞിചോട് മുത്തിയുടെ കാവല്‍കാരി. പരമ്പരാഗതമായി കിട്ടിയതാണ് ക്ഷേത്രത്തിലെ പൂജാരി പദവി. മുണ്ടി ഇപ്പോള്‍ ക്രിസ്തുമതം സ്വീകരിച്ച് പെന്തക്കോസ്ത് വിശ്വാസിയായി കഴിയുകയാണെന്നറിയുന്നു. എന്തായാലും ഇന്നും പുലയരുടെ വിശ്വാസം അനുസരിച്ച് യാതൊരു കോട്ടവും തട്ടാതെ ഇലഞ്ഞിചോടുമുത്തി ആ കരയുടെ കാവല്‍കാരിയായി അവിടെ പരിലസിച്ചു പോരുന്നുണ്ട്. 

എറണാകുളം ജില്ലയിലെ തന്നെ അമ്പാട്ടുകാവിന് സമീപം ദേശിയ പാതയോരത്ത് സ്ഥിതിചെയ്യുന്ന മൈനോട്ടികാവ്, ആലാട്ടുചിറ പഞ്ചവിഷ്ണു മഹേശ്വര ക്ഷേത്രം, അല്ലപ്ര ഒര്‍ണ ശ്രീദുര്‍ഗ്ഗാദേവിക്ഷേത്രം, വലമ്പൂര്‍ പൊന്നാടികാവ് ഇവയെല്ലാം പുലയര്‍ വച്ചാരാധന നടത്തിപോന്ന പതികളും കാവുകളുമായിരുന്നു. പുലയരും, പുലയ സംഘടനകളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതുവഴി ഇതെല്ലാം സ്വന്തം ക്ഷേത്രങ്ങളായി മാറി. എന്നാല്‍ ഇതോടൊപ്പം തന്നെ പുലയരുടെ ഒട്ടേറെ കാവുകളും, പതികളും, ശ്മൗാനങ്ങളും സവര്‍ണരടക്കമുള്ളവര്‍ കയ്യേറിയ സംഭവങ്ങളുമുണ്ട്. പ്രമുഖ ചെറുകഥാകൃത്ത് അന്തരിച്ച സി. അയ്യപ്പന്റെ തെരഞ്ഞെടുത്ത കഥകളില്‍ പറയുന്ന വളയന്‍ചിറങ്ങരയിലുള്ള പെരിയപുറത്ത് കാവ് ഇത്തരത്തില്‍ പുലയരുടെ കയ്യില്‍നിന്നും അന്യാധീനപ്പെട്ടുപോയ ഒരു കാവാണ്. ഏതാണ്ട് 50 ഓളം ഏക്കല്‍ വിസ്തൃതിയുള്ള ഘോരവനത്തിന്റെ നടുക്ക് പുലയര്‍ വച്ചാരാധന നടത്തിപോന്നിരുന്ന കാവും പറമ്പും നായന്മാര്‍ കൈവശപ്പെടുത്തി സ്‌കൂളും, ഐ.ടി.സി യും സ്ഥാപിച്ചും ഇന്ന് അനുഭവിച്ചുപോരുന്നു. പുലയര്‍ക്ക് ആരാധന നടത്തുന്നതിന് ഇപ്പോള്‍ അഞ്ച് സെന്റ് സ്ഥലത്തിന് താഴെ മാത്രമേയുള്ളൂ. മകരചൊവ്വക്ക് കോഴിവെട്ടും ഗുരുതിയും നടത്തി ആ ദേശത്തുള്ള പുലയര്‍ ഇന്നും അവിടെ ആരാധന നടത്തിപോരുന്നു. 

കൊച്ചി മധുര ദേശീയപാതക്കരികില്‍ സംസ്ഥാന പൊതുമേഖല സ്ഥാപനമായ 'കെല്‍' സ്ഥിതിചെയ്യുന്ന മാമല എന്ന സ്ഥലത്ത് (മാമല മുരിയമംഗലം) ഏതാണ്ട് 4 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്ത് പുലയരുടെ ആരാധന കേന്ദ്രമായ ഘണ്ടകര്‍ണ്ണ പുലപ്പതി സവര്‍ണ്ണ ജാതിക്കാര്‍ കയ്യേറിയിരിക്കുന്നു. പുലയരുടെ കുലദൈവമായ ഘണ്ടകര്‍ണ്ണ പ്രതിഷ്ഠയാല്‍ അനുഗ്രഹീതമായ മുരിയമംഗലം കണ്ടാരത്തുംമലയില്‍ പുലപ്പതി ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പുലയരുടെ പൂര്‍വ്വപിതാക്കന്മാര്‍ റോഡരികിലുള്ള പാലമരത്തിന്റെ ചുവട്ടില്‍ കാട്ടുകല്ല് കൊണ്ട് തറയുണ്ടാക്കി വിളക്കുവച്ച് ആരാധന നടത്തി പോന്നിട്ടുളളതാണ്. ഈ പുലപ്പതി സമീപത്ത് താമസിച്ചിരുന്ന ആറ്റപുറത്ത് ഇട്ടൂലിയുടെ പരമ്പരയില്‍പ്പെട്ട അപ്പുവിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ റവന്യു അധികാരികളെ സ്വാധീനിച്ച് ഇന്ന് കയ്യേറി അവകാശം സ്ഥാപിച്ചിരിക്കുന്നു. പുലയരുടെ പൂര്‍വ്വികര്‍ കാടുംമേടും വെട്ടിതെളിച്ച് ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചിരുന്ന പുലയവര്‍ഗ്ഗത്തിന് പ്രാര്‍ത്ഥിക്കാ നായി സ്ഥാപിച്ച ഇത്തരം പതികള്‍ കേരളത്തിന്റെ പലഭാഗത്തും കയ്യേറി നശിപ്പിച്ചിട്ടുണ്ട്. ഘണ്ടകര്‍ണ്ണപതി സംരക്ഷണ സമിതിയെ പോലുള്ള പ്രതികരണ കൂട്ടായ്മ ഇല്ലാതെ പോയതാണ് ഈ വിപത്തിന് കാരണം.എന്‍.സി.അയ്യപ്പനും, പി.കെ.മണിയും, ഘണ്ടകര്‍ണ്ണപുലപ്പതി സംരക്ഷിക്കുന്നതിന് കാണിക്കുന്ന ശുഷ്‌കാന്തി അഭിനന്ദനമര്‍ഹിക്കുന്നു. 

പുലയരുടെ ആള്‍ദൈവങ്ങള്‍

കേരളത്തിലെ ആള്‍ദൈവങ്ങളും പുലയരുടെ ദൈവങ്ങളാണ്. സവര്‍ണ്ണ മേല്‍ക്കോയ്മക്കെതിരെയാണ് പുലയദൈവങ്ങളുടെ പുറപ്പാട്. കണ്ണൂര്‍ ജില്ലയിലാണ് പുലയദൈവങ്ങളുടെ സാന്നിദ്ധ്യം ഇന്നും അവര്‍ തെയ്യക്കോലങ്ങള്‍ കെട്ടി ആരാധനാമൂര്‍ത്തയകളായി വരുന്നു. ഭദ്രകാളിയും ദാരികനുമാണ് തെയ്യങ്ങളായി വരുന്നത്. പൊട്ടന്‍, കാരി, മരുതിയോടന്‍ തുടങ്ങിയ തെയ്യങ്ങളായി വേഷങ്ങള്‍ കെട്ടുന്നു. ശ്രീ ശങ്കരാചാര്യര്‍ നടന്നുപോകുന്ന വഴിയില്‍ മാര്‍ഗ്ഗം തടസ്സം സൃഷ്ടിച്ചുകൊണ്ട് പ്രതിക്ഷപ്പെട്ട ചണ്ഡാലനെയാണ് പുലപ്പൊട്ടനായി അറിയപ്പെടുന്നത്. പുലിമറഞ്ഞ തൊങ്ങച്ചനാണ് കാരി. അള്ളടം തമ്പ്രാക്കളുടെ ആധിയും വ്യാധിയും മാറ്റാന്‍ പുറപ്പെട്ട കാരിക്ക് തന്റെ ജാതിയില്‍ നിന്നും സവര്‍ണരില്‍ നിന്നും നേരിടേണ്ടി വന്നത് പീഡനങ്ങളാണ്. ചേണച്ചേരി തറവാട്ടിലെ കുഞ്ഞമ്പു നായരുടെ അടിയാനാണ് കാരി. അച്ഛന്‍ കരിമ്പന്‍, അമ്മ വിരുത്തി. പുലയ സമുദായം പെറ്റുപെരുകി തന്റെ അടിയങ്ങളായി മാറുന്നതിന് വേണ്ടി കുഞ്ഞമ്പുനായരുടെ സ്വപ്നദര്‍ശനത്തിന്റെ ഫലമാണിത്. കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗമായ പുലയജാതിയില്‍പ്പെട്ട ഒരു വിമോചകനെ ചരിത്രത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യാന്‍ അന്നത്തെ അധീശവര്‍ഗ്ഗം നടത്തിയ ചതിപ്രയോഗങ്ങളുടെ ബലിയാടാണ് കാരി. തറയില്‍ കുരിക്കള്‍, മന്ത്രവാദ കളരിഗുരിക്കള്‍ തുടങ്ങിയ പേരുകളിലും കാരിഗുരിക്കള്‍ അറിയപ്പെടുന്നുണ്ട്. കാരിയുടെ ജീവിതം, കാലം, ദേശം ഇതൊക്കെ കാരിതോറ്റത്തില്‍ സവിസ്തരം പ്രതിപാദിക്കു ന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ കണിമംഗലമാണ് കാരിയുടെ ദേശം.