"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഒതേനനെ തോല്‍പ്പിച്ച തേവര്‍ വെള്ളന്‍ എന്ന പുലയ യോദ്ധാവ് - ഒര്‍ണ കൃഷ്ണന്‍കുട്ടി

മാന്ത്രിക വിദ്യയിലും ആയോധന കലയിലും അഗാധമായ പാണ്ഡിത്യമു ണ്ടായിരുന്ന ഒരു യോദ്ധാവായിരുന്നു തേവര്‍ വെള്ളന്നെ പുലയന്‍. പോര്‍ട്ടിഗീസു കാരെ യുദ്ധം ചെയ്ത് തോല്പിച്ച് ബേക്കല്‍ക്കോട്ടയെ രക്ഷിച്ച വട്ട്യന്‍പൊള്ളരെ പോലെ വടക്കന്‍ വീരഗാഥയിലെ നെടുംനായകന്‍ തച്ചോളി ഒതേനനുമായി നേരിട്ടു ഏറ്റുമുട്ടി ഒതേന കുറുപ്പിനെ തോത്പിച്ചു തേവര്‍ വെള്ളന്‍. വസൂരി പിടിച്ചാണ് അന്ത്യം വരിച്ചത്. ചരിത്ര കാരനായ എം.സി.വടകര ചന്ദ്രിക ദിനപത്രത്തില്‍ (2010 ഏപ്രില്‍ 25) ഈ ധീരയോദ്ധാവിനെ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്.

പേരാമ്പ്ര ചാനിയം കടത്ത് പൂമഠത്തില്‍ സാമിയാരുടെ കൃഷിപ്പണിക്കാ രനായ കാവുങ്കുനി ചോയ്യോന്റെ മകനാണ് വെള്ളന്‍. കുറ്റ്യാടി പുഴയുടെ തീരപ്രദേശഗ്രാമമായ തിരുവള്ളൂരാണ് തേവന്‍വെള്ളന്റെ തട്ടകം. അവിടെ അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രമുണ്ട്. ക്ഷേത്രത്തില്‍ തിറഉത്സവം നടന്നുവരുന്നുണ്ട്. വെള്ളന്റെ പിതാവ് ചോയ്യോന്‍ കായിക അഭ്യാസ ത്തില്‍ കിടയറ്റവനായിരുന്നു. കളരിയുടെ നാലയത്തുപോലും അധ:കൃതന് പ്രവേശനം അപ്രാപ്യമായിരുന്ന അക്കാലത്ത് എങ്ങനെ അദ്ദേഹം കായിക അഭ്യാസം പഠിച്ചു എത് അത്ഭുതകരമായിരിക്കുന്നു. ജന്മസിദ്ധമായ അഭിരുചിയായിരിക്കാം അദ്ദേഹത്തെ അതിന് സാധ്യമാക്കിയത്. ഇന്ദ്രജാലം, മഹേന്ദ്രജാലം മുതലായ വിദ്യകളും ചോയ്യോന്‍ വശമാക്കിയി രുന്നതായി തോറ്റം പാട്ടില്‍ പറയുന്നു. ഒരിക്കല്‍ ഒരു പഴയ വീട് പൊളിച്ച് മാറ്റുമ്പോള്‍ അതിന്റെ തറയുടെ അടിയില്‍ നിന്നും ചെയ്യോന് വരു നിധി കിട്ടി. അതില്‍ നിറയെ സ്വര്‍ണ്ണമായിരുന്നു. ആളുകള്‍ അറിഞ്ഞാല്‍ ആപത്താകുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ഭാര്യയെ വിളിച്ചു. സ്വര്‍ണ്ണ കട്ടികളില്‍ മഞ്ഞളും നൂറും പുരട്ടി വെയിലത്ത് വച്ച് ഉണക്കി അടുക്കളയില്‍ കുഴിച്ചിടാന്‍ ഉപദേശിച്ചു. സ്വര്‍ണ്ണക്കട്ടികള്‍ വെയിലത്ത് വച്ച് ഉണക്കുന്നത് അടുത്ത പുരയിടത്തില്‍ തെങ്ങില്‍ കയറി തേങ്ങയിട്ടുകൊണ്ടിരുന്ന തിയ്യന്‍ കണ്ടു. ഈ വിവരം നാട്ടിലെ എട്ടുവീട്ടില്‍ കുറുപ്പന്മാരെ അറിയിച്ചു. നാട്ടിലെ പ്രമാണിമാരായ കുറുപ്പന്മാര്‍, പുലയന് ഇതെവിടെനിന്നു കിട്ടിയെന്ന് അന്വേഷിച്ചു. ഇത് ചോദ്യം ചെയ്യാന്‍ അവസരം നോക്കിയിരിക്കെയാണ് കോളേത്ത് ചെന്നിയെന്ന് പേരായ ഒരു തിയ്യത്തിയുടെ വീട്ടില്‍ ദിവസവും ചാരായം കുടിക്കാന്‍ ചെന്നുകൊണ്ടിരുന്ന ചോയ്യോനെ കുറുപ്പന്മാര്‍ നാടുവാഴികളുടെ പിന്‍ബലത്തില്‍ നേരിടാന്‍ തീരുമാനിച്ചു. അവര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. ചാലിയംകടവ് പുഴയിലേക്ക് ചാടി തന്ത്രപരമായി രക്ഷപ്പെട്ട ചോയ്യോന്‍ പിന്നെ തിരിച്ചുവന്നില്ല. അസ്ഥികളെ ത്രസിപ്പിക്കുന്ന ഇത്തരം കഥകള്‍ കേട്ടാണ് ചോയ്യോന്റെ മകന്‍ വെള്ളന്‍ വളര്‍ന്നുവന്നത്. അച്ഛനെ ചതിച്ചുകൊന്ന സവര്‍ണ്ണ നാടുവാഴി തമ്പുരാക്കന്മാര്‍ക്കെതിരെ പൊരുതുകയെ ന്നതായിരുന്നു തന്റെ ജീവിത നിയോഗമെന്ന് വെള്ളന് തോന്നി. അതിനായി കായികവിദ്യ അഭ്യസിച്ച് കായികക്ഷമത ഉറപ്പുവരുത്തുതിനായി തീരുമാനിച്ചു. തന്റെ കീഴാളജന്മം അതിനു തടസ്സമായപ്പോള്‍ തിരുവള്ളൂരിലെ വെന്നപ്പാലന്‍ കോമുകുറുപ്പ് എന്ന വലിയ മഹാനുഭവന്‍ മുന്നോട്ടുവന്നു. പ്രമാണി വര്‍ഗ്ഗത്തില്‍പ്പെട്ടവനാ ണെങ്കിലും കോമുകുറുപ്പ് നല്ലവനായിരുന്നു. അദ്ദേഹം വെള്ളനെ കായികാഭ്യാസം പഠിപ്പിക്കുവാന്‍ തയ്യാറായി. അദ്ദേഹത്തിന് പുലക്കുറുപ്പ് എന്ന പരിഹാസപേരും ലഭിച്ചു. വെന്നപ്പാലന്‍ കുറപ്പിന്റെ കീഴില്‍ വെള്ളന്‍ കളരി വിജയകരമായി പൂര്‍ത്തിയാക്കി. ശിഷ്യന്റെ മിടുക്കുകണ്ട് സന്തോഷിച്ച കുറുപ്പ് തന്റെ ഉടവാള് സമ്മാനിച്ച് ആശീര്‍വദിച്ചു. 

അന്യനാട്ടില്‍ പോയി കുറെ കൂടി അഭ്യാസം പഠിക്കണമെന്ന് തോന്നി വെളളന്‍ മൂരാട് പുഴയും കോരപ്പുഴയും കടലുണ്ടിപ്പുഴയും കടന്ന് മലകളും താണ്ടി കളരിയില്‍ വളരെ പ്രശസ്തരായ യോഗിക്കുറുപ്പ ന്മാരുടെ വസതിയില്‍ ചെന്നെത്തി. ആ നേരത്ത് യോഗികുറുപ്പന്മാരുടെ നേര്‍പെങ്ങള്‍ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. താന്‍ കടത്തനാട്ടില്‍ നിന്നും വരുന്നതാണെന്നും യോഗി കുറുപ്പന്മാരില്‍ നിന്നും കളരിയില്‍ ഉപരിപഠനത്തിനാണെന്നും പറഞ്ഞു. പുലയനാണെന്ന വിവരം വെള്ളന്‍ വിദ്യയോടുള്ള ആവേശത്താന്‍ മറച്ചുവച്ചു. നാടും കുലവും ജാതിയുമറിയാതെ അമ്മാവന്മാര്‍ ആരെയും പഠിപ്പിക്കില്ലെന്ന് പറഞ്ഞ് അവളവന്റെ മനസ്സിനെ ദു:ഖത്തിലാക്കി. പിറ്റെ ദിവസം നായാട്ടു കഴിഞ്ഞു വീട്ടില്‍വന്ന അമ്മാവന്മാരോട് വിവരങ്ങള്‍ വിശദീകരിച്ചു. പയറ്റി തെളിയാന്‍ കഴിവുണ്ടെങ്കില്‍ ജാതിയും കുലവും നോക്കുന്ന തെന്തിന് എന്ന പ്രതിവാദത്തിലൂടെ വെള്ളന് വേണ്ടി അമ്മാവന്മാരോടായി അവള്‍ ശക്തമായി ശുപാര്‍ശയും നല്‍കി. അവനെ അമ്മാവന്മാരുടെ ശിഷ്യനാക്കി. നാലഞ്ച് വര്‍ഷത്തെ താമസത്തിനിടയില്‍ ആള്‍മാറാട്ടവും ഇന്ദ്രജാലവും മഹേന്ദ്രജാലവുമെല്ലാം വെള്ളന്‍ പഠിച്ചു പൂര്‍ത്തിയാക്കി. തിരിച്ചു പോകുമ്പോള്‍ തമ്പുരാട്ടി അവനൊരു മോതിരം സമ്മാനവും കൊടുത്തിട്ട് 'ഇത് നിന്റെ കയ്യില്‍ എപ്പോഴും ഉണ്ടാകണമെന്നും അതുകൊണ്ട് നിനക്കൊരു ആപത്തും വരില്ലെന്നും വരം നല്‍കി പറഞ്ഞയച്ചു. വീട്ടില്‍ തിരിച്ചെത്തിയ വെള്ളന് കേള്‍ക്കാന്‍ കഴിഞ്ഞത് താന്‍ നാട്ടിലില്ലാത്ത സമയം നോക്കി തമ്പുരാക്കന്മാര്‍ തന്റെ സഹോദരിമാരെ പിഡീപ്പിക്കാറു ണ്ടായിരുന്നു എന്ന വാര്‍ത്തയാണ്. നേരെ പൂമഠത്തില്‍ സാമിയാരുടെ വീട്ടിലേക്കാണ് പോയത്. തുടര്‍ന്ന് അവിടെ ഉഗ്രമായ സംഘട്ടനമാണ് നടന്നത്. വെള്ളന്റെ കായിക അഭ്യാസംകണ്ട് ഭയന്ന് വിറച്ച് നാടുവാഴികളും കുറുപ്പന്മാരും പുറമേരി കോവിലകത്ത് ചെന്ന് കടത്തനാട് രാജാവിനെ വിവരം ധരിപ്പിച്ചു. വെള്ളനെ പിടിക്കാനായി തന്റെ വലിയ പടത്തലവനായ തച്ചോളി ഒതേനകുറുപ്പിനെ തന്നെ രാജാവ് നിയോഗിച്ചു. പിറ്റെ ദിവസം തന്നെ ഒതേനനും നൂറ്റിയൊന്ന് നായന്മാരും ചേര്‍ന്ന് വെള്ളനെ കീഴടക്കാന്‍ തിരുവെള്ളൂരെത്തി. വിവരം അറിഞ്ഞ വെള്ളന്‍ തന്ത്രപൂര്‍വ്വം തിരുവെള്ളൂരില്‍ നിന്നും പിന്‍വാങ്ങി വടകരയ്ക്കടുത്തുള്ള വഞ്ചിക്കാട് ഗ്രാമത്തില്‍ പോയി ഒളിവില്‍ താമസിച്ചു. വഞ്ചിക്കാട്ടിലെ താമസ ത്തിനിടയില്‍ പ്രസിദ്ധരായ അടിയോടിമാരുടെ രണ്ട് പെണ്‍മക്കളുമായി പ്രണയത്തിലായി. അവരെ ഭാര്യമാരായി സ്വീകരിച്ചു. കൊല്ലും കൊലയും നടത്താന്‍ അധികാരമുള്ള പുതുപ്പണം വാഴുന്നവരുടെ ചാര്‍ച്ചക്കാരായി രുന്ന അടിയോടി കുടുംബത്തിലെ രണ്ടുസ്ത്രീകളെ പുയന്‍ ഭാര്യമാരായി സ്വീകരിച്ച് ജാതിക്കോട്ട കൊത്തളങ്ങളെ വിളറിപ്പിടിച്ചു. പ്രത്യേകിച്ച് പുതുപ്പണം വാഴുന്നവരുടെ മകനായ തച്ചോളി ഒതേനന്റെ അകന്ന പെങ്ങള്‍മാരും. വിവരമറിഞ്ഞ ഒതേനന്‍ പൊട്ടിത്തെറിച്ചു. രാജകല്പന തെറ്റിച്ച വെള്ളന് ഇങ്ങനെ എത്രനാള്‍ ഒളിച്ചു കഴിയാമെന്ന് തോന്നി. തന്റെ പരദേവതകളെ ധ്യാനിച്ച് നേരെ വടകരയിലൂടെ നടന്ന് മേപ്പയിലെത്തി തച്ചോളി മാണിക്കോത്ത് ചെന്ന് ഒതേനനെ വെല്ലുവിളിച്ചു. എല്ലാ ആയുധങ്ങളുമെടുത്ത് ഒതേനന്‍ വെള്ളനുമായി ഏറ്റുമുട്ടി. യോഗിപ്പെണ്ണും കൊടുത്ത മോതിരം കൈയ്യിലുണ്ടെന്ന് ഉറപ്പു വരുത്തിയ വെള്ളന്‍ ഒതേനനനെ നിലംപരിശാക്കി. 


പുലചെറുക്കനോട് തോറ്റ് തുന്നും പാടിയ ഒതേനനെ ലോകനാര്‍ കാവിലമ്മയോ, മറ്റ് ഭഗവതിമാരോ രക്ഷിച്ചില്ല. പിന്നീട് ഒതേനന്‍ വെള്ളന് ശിക്ഷ്യപ്പെടുകയും ഗുരു ദക്ഷിണക്ക് പകരമായി വെള്ളന്റെ ഓര്‍മ്മക്കായി ഒരു അമ്പലം പണിയിച്ച് കൊള്ളാമെന്ന് വാക്കുകൊടുത്തു. തിരുവെള്ളൂരെത്തിയ വെള്ളന്‍ പൂമഠത്തില്‍ സാമിയാരുടെ കൃഷിപ്പണിയെടുത്തു ജീവിച്ചു. വീണ്ടും അവിടെ നിന്നും ദേശാടനത്തിന് പുറപ്പെട്ടു. കുറ്റ്യാടി കോതാട്ടും മുച്ചുകുന്ന് വാഴയിലും പയ്യോളി കോവത്തും ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. പയ്യോളിയിലെത്തിയപ്പോള്‍ ഒരു നായര്‍ സ്ത്രീയുമായി പ്രണയത്തിലായി. കുറച്ചുനാള്‍ അവിടെ താമസമാക്കി. പിന്നീട് അയനിക്കാട്ട് നിന്ന് സ്വജാതിയില്‍പ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചു. ആ ജീവിതത്തില്‍ സന്താനങ്ങളുണ്ടായി. അയനിക്കാട് വെള്ളുക്കുനിയാണ് വെള്ളന്റെ ഭാര്യ വീട്. ഈ വീട്ടില്‍ വച്ചാണ് വസൂരി രോഗം പിടിപ്പെട്ട് മലബാറിലെ പുലയരുടെ ചങ്കായ വീരയോദ്ധാവ് വെള്ളന്‍ അന്തരിച്ചത്. വെള്ളന്റെ ഊര് വെള്ളൂര്‍. അത് വെള്ളനോടുള്ള ബഹുമാനാര്‍ത്ഥം തിരുവെള്ളൂരായി. തേവര്‍ വെള്ളനെ പ്രതിഷ്ഠിച്ച ക്ഷേത്രം തിരുവെള്ളൂര്‍ ക്ഷേത്രം പേരാമ്പ്ര റോഡില്‍ ചാനിയം കടവിനടുത്ത് സ്ഥിതി ചെയ്യുന്നു. കുംഭമാസം 10,11 തീയതികളിലാണ് ഈ ക്ഷേത്രത്തിലെ ഉത്സവം. അന്നേ ദിവസം തന്നെയാണ് വടകരയില്‍ തച്ചോളി ഒതേനനെ പ്രതിഷ്ഠിച്ച തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിലെ തിറയുത്സവവും. ചാനിയം കടവില്‍ തേവര്‍ വെള്ളന്‍ ക്ഷേത്രമിരിക്കുന്ന കണ്ടിപറമ്പില്‍ ക്ഷേത്രത്തി നോട് തൊട്ടടുത്ത വീടാണ് തേവര്‍ വെള്ളന്‍ ജനിച്ച വീട്. തേവര്‍ വെള്ളന്റെ പുത്രപരമ്പരയില്‍പ്പെട്ട തെയ്യനും കുടുംബവുമാണ് അവിടെ താമസം. ക്ഷേത്രത്തിലെ കോമരം കൂടിയാണ് തെയ്യന്‍. തേവര്‍ വെള്ളന്റെ കുടുംബത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മൂത്ത കാരണവരാണ് ബേരനും, അനുജന്‍ കൊറുമ്പനും (കുറുമ്പന്‍).ക്ഷേത്ര നടത്തിപ്പില്‍ ഇവര്‍ സജീവ പങ്കാളിത്തം വഹിച്ചുപോരുന്നു. പുലയ സമുദായത്തിന്റെ വിമോചന നായകനായ തേവര്‍ വെള്ളന്റെ ഡോക്യുമെന്ററി ചിത്രീകരിച്ച് കോഴിക്കോട് സ്വദേശി മോഹനകൃഷ്ണന്‍ വര്‍ഷങ്ങളായി ആ നാടിന്റെ സംസ്‌ക്കാരം ജനഹൃദയങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു.

ഒര്‍ണ കൃഷ്ണന്‍കുട്ടി: 8281456773 
(ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും)

2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

തുളുനാട്ടില്‍ മഹാബലി പൊലിയേന്ദ്രന്‍ - രവീന്ദ്രന്‍ രാവണേശ്വരം

ഒരു തുലാമാസത്തിലെ അമാവാസി നാളില്‍ അവിചാ രിതമായി കാഞ്ഞങ്ങാട് നെഹ്രു കോളേജില്‍ കയറിയപ്പോഴാണ് കവാടത്തില്‍ പാലക്കൊമ്പ് കുത്തിയി രിക്കുന്നത് കാണുന്നത്. കവരുകളുള്ള പാലക്കൊമ്പില്‍ എണ്ണയിട്ട് തിരി കത്തിച്ചിരിക്കുന്നു. ഒരു അനുഷ്ഠാനത്തിന് കോളേജ് ഒരുങ്ങിയ ലക്ഷണമായിട്ടേ ഇതിനെ കാണാനാകൂ. എല്ലാ അനുഷ്ഠാനങ്ങള്‍ക്കും മതപരമായ അംശം അടിച്ചേല്പിക്കുന്ന കാലത്ത് ഒരു പൊതു പ്രസ്ഥാനം ഇങ്ങനെ ഒരുങ്ങിയതതിനെ ചോദ്യം ചെയ്യാം. ചോദിച്ചപ്പോഴാണ് മനസിലായത് പൊലിയേന്ദ്രനെ കോളേജ് വരവേറ്റ താണെന്ന്. പൊതുവായി പറഞ്ഞാല്‍ തുളുനാട്ടില്‍ ഹിന്ദു സമൂഹത്തി നിടയില്‍ നിലനിന്നിരുന്ന ്‌നുഷ്ഠാനമാണ് പൊലിയേന്ദ്രന്‍ എന്നത് പ്രത്യേകിച്ച് കാര്‍ഷിക സമൂഹത്തിനിടയില്‍. ഈ ചടങ്ങ് ഇപ്പോള്‍ മെല്ലെ അപ്രത്യക്ഷ മായിക്കൊണ്ടിരിക്കുന്നു. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയു മായി ബന്ധപ്പെട്ടാണ് ഈ അനുഷ്ഠാനത്തിന്റെ തകര്‍ച്ചയും ഉണ്ടാകുന്നത്. ശീലമായ ചടങ്ങ് മെല്ലെ അണിയറയിലേക്ക് മടങ്ങുന്നു എന്ന് ബോധ്യ പ്പെട്ടപ്പോഴാണ് തിരികെ അരങ്ങത്തു നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ജൈവ സമൂഹത്തിനിടയില്‍ ജീവിക്കേണ്ട അനുഷ്ഠാനം അതിജീവനത്തിന് ശ്വാസം തേടുമ്പോഴാണ് പ്രേക്ഷകന്റെ അരങ്ങില്‍ കെട്ടിയാടിപ്പിക്കുന്നത്.

മറ്റേത് അനുഷ്ഠാനത്തിലും ചടങ്ങിലും ആചാരാത്തിലും നിലനില്ക്കു ന്നതില്‍ നിന്നും വ്യത്യസ്തമായി പൊലിയേന്ദ്രനില്‍ ചില സാമൂഹിക വീക്ഷണവും മാനവികതയും അധ്വാനബന്ധവും പൊലിയേന്ദ്രനില്‍ നിലനില്ക്കുന്നുണ്ട്. ഒരു പക്ഷേ ശക്തിയാര്‍ജിക്കുന്ന ഗണപതി പൂജയേ ക്കാള്‍.

നെഹ്‌റു കോളേജിന്റെ കവാടത്തില്‍ കരിന്തിരിയില്‍ അവശേഷിച്ചിരുന്ന പൊലിയേ ന്ദ്രനില്‍ പുകഞ്ഞു കൊണ്ടിരുന്നത് നിറയെ ആശങ്കയും സങ്കട വുമായിരുന്നു. 3 ദിവസംനീണ്ടു നില്ക്കുന്ന ചടങ്ങില്‍ ആദ്യ ദിനിത്തില്‍ തിരിതെളിയല്‍ കഴിഞ്ഞു വെങ്കിലും 'ഈ ചടങ്ങില്‍ പൊലിയേന്ദ്രനെ 'പൊലിയേന്ദ്ര പൊലിയേന്ദ്ര ഹരി ഹോയ്' എന്നത് ഒരു പൂജാ മന്ത്രമാണ്. ഇത് ഒരു മുദ്രാവാക്യമായി രൂപപ്പെടു ത്തുകയായിരുന്നു നെഹ്‌റു കോളേജില്‍. വിദ്യാര്‍ത്ഥി സമരങ്ങള്‍ കണ്ടു പരിചയിച്ച കലാലയത്തില്‍ പുതിയ സമരമുദ്രാവാക്യം മുഴങ്ങിയത് അങ്ങനെയാ യിരുന്നു. കൃഷിയെ നിലനിര്‍ത്താന്‍, മാനവികതയെ നിലനിര്‍ത്താന്‍ ഇങ്ങനെയൊരു മുദ്രാവാ ക്യം പൊലിയേന്ദ്രനെ വരവേല്ക്കാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മുഴക്കിയത് ചരിത്ര സംഭവമായിരിക്കണം. ആ വരവേല്പ് ഒരു സമരമായിരുന്നു എന്നാണ് വ്യക്തമായത്. മനുഷ്യന്റെ ജൈവപരതയെ തകര്‍ക്കുകയും ഒരു ഉപഭോക്താവ് എന്ന നിലയിലേക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്ന കാലം പോരാളിയെ ആയുധമണി യിക്കുന്ന രീതിയാണ് ഇത് എന്ന് വ്യക്തമാകും. അത് വിദ്യാര്‍ത്ഥികളും പൊതുസമൂഹവും തിരിച്ചറിയുന്നതു കൊണ്ടാവാം പൊലിയേന്ദ്രന്‍ പാല കരിന്തിരിയോടെയും അവിടെ തുടരുന്നത് എന്നാണ് മനസിലാക്കേണ്ടത്. കേരളത്തിലെ കോളേജുകളില്‍ നിന്നും വ്യത്യസ്തമായി കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്ട് ആന്റ് സയന്‍സ് കോളേജില്‍ ഈ അനുഷ്ഠാനത്തിന് നേതൃത്വം നല്കിയത് കോളേജിലെ സാഹിത്യവേദിയായിരുന്നു. എല്ലാ വര്‍ഷവും ഇത് തുടരുന്നുണ്ട്. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ അംബികാസുതന്‍ മങ്ങാടിന്റെ നേതൃത്വത്തിലാണ് ഇത് നിര്‍വഹി ക്കുന്നത്. അനുഷ്ഠാനം എന്നു പറയുന്നത് വിശ്വാസപരമായ അര്‍ച്ചന യാണ്. ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ആത്മീയമായ നിര്‍വഹണമാണ് അനുഷ്ഠാനം എന്ന പദപ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇവിടെ മഹാബലി രണ്ട് തവണ വരും

തുലാമാസത്തിലെ അമാവാസി നാളില്‍ സന്ധ്യാനേരത്ത് നടക്കുന്ന ചടങ്ങാണിത്. കവരുകളുള്ള പാലക്കൊമ്പുകള്‍ മുറിച്ചെടുത്ത് ഇവ വീടിന്റെ കവാടം, തുളസിത്തറ, കിണര്‍, തൊഴുത്ത് എന്നിവിടങ്ങളില്‍ കുത്തിവെക്കുന്നു. തുടര്‍ന്ന് കുളിച്ചൊരുങ്ങി വീട്ടുകാര്‍ ഒന്നടങ്കം തളികയില്‍ വിളക്കുമായി എല്ലാ പാലക്കൊമ്പുകളിലും തിരിതെളിക്കുന്നു. തുടര്‍ന്ന് ഒരേ സ്വരത്തില്‍ പൊലിയേന്ദ്ര പൊലിയേന്ദ്ര ഹരി ഓയ് എന്ന് അരിയിട്ട് വിളിക്കുന്നു. ഇതാണ് ചടങ്ങ്, ഈ ചടങ്ങ് തുളുനാട്ടിലാണ് നടക്കുന്നത്. കാസര്‍കോടിന്റെ വടക്കന്‍ ഭാഗത്താണ് ഇത് ശ്രദ്ധേയം. കേരളത്തിലെ മറ്റിടങ്ങലില്‍ ഈ ചടങ്ങില്ല. അവിടങ്ങളില്‍ നിന്നും വന്നെത്തുന്നവര്‍ക്ക് പൊലിയേന്ദ്രന്‍ എന്നത് അറിയാന്‍ ആഗ്രഹിക്കുന്ന ഒരു മിത്താണ്. മിത്ത് എന്നത് പുരാവൃത്തമാണ്. അതില്‍ ചരിത്രാംശം ഉണ്ടാകും. ജനതയുടെ അഭിലാഷങ്ങള്‍ പതിഞ്ഞിട്ടുണ്ടാകും. ഇങ്ങനെ ഒരു ജനതയുടെ വലിയ സ്വപ്‌നങ്ങള്‍ അടയാളപ്പെടുത്തിയ അനുഷ്ഠാനമാണ് പൊലിയേന്ദ്രന്‍. എന്നാല്‍ ചടങ്ങില്‍ ചരിത്രവും സാമൂഹ്യ ബന്ധങ്ങളുടെ പ്രസക്തിയും ആലേഖനം ചെയ്തിട്ടുണ്ടാകും. ഇത് അറിയുന്നതിനാണ് പഠന വിഷയമാക്കുന്നത്. എന്നാല്‍ ഒരു അനുഷ്ഠാനം അണിയറയിലേക്ക് മറയുമ്പോഴാണ് ചടങ്ങ് തന്നെ കോളേജ് കയറുന്നത് എന്ന പ്രത്യേകത യാണ് നെഹ്‌റു കോളേജില്‍ കാണാനായത്. ഒരു അനുഷ്ഠാനം ചരിത്ര മായി മാറുകയാണ്. അധികകാലം ഈ ചടങ്ങുകളെ നേരിട്ടു കാണാന്‍ കഴിയണമെന്നില്ല. ചടങ്ങ് അനുഷ്ഠിച്ചുതന്നെ കാണണം എന്നുള്ളതു കൊണ്ടാണ് പൊലിയേന്ദ്രന്‍ ചടങ്ങായിത്തന്നെ കോളേജില്‍ കയറിയത്. 

കേരള ചരിത്രത്തില്‍ പോലും കാണാന്‍ പ്രയാസമുള്ള ഈ അനുഷ്ഠാ നത്തിന് ആദ്യമായി അക്ഷരം പതിപ്പിച്ചത് അംബികാ സുതന്‍ മാങ്ങാട് അവതരിപ്പിച്ച ഒരു പ്രബന്ധത്തിലൂടെയാണ്. 2002 ല്‍ തിരുവനന്തപുരത്തു നടന്ന ഒരു സെമിനാറിലാണ് ഇത് അവതരിപ്പിച്ചത്. മലയാള മനോരമ യില്‍ ഇത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2003 ല്‍ എഴുത്തു കാരനും പരിഭാഷകനുമായ സി രാഘവന്‍ തുളുനാടും സമൂഹവും എന്ന ഗ്രന്ഥത്തിലും പൊലിയേന്ദ്രനെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. പൊലി യേന്ദ്രന്റെ പിന്നിലെ ഐതിഹ്യങ്ങള്‍ ഇതള്‍വിരിയാന്‍ തുടങ്ങിയത് ഇക്കാലത്താണ്. ചടങ്ങ് അത്യാസന്ന നിലയിലേക്ക് നീങ്ങുമ്പോള്‍ എന്നര്‍ത്ഥം.

പൊലിയേന്ദ്രന്‍ എന്ന മഹാബലി

ഈ ഐതിഹ്യത്തിലാണ് പൊലിയേന്ദ്രന്‍ എന്നത് മഹാബലി തന്നെയാ ണെന്ന് തുളുനാട്ടുകാര്‍ അറിയുന്നത്. അതായത് തിരുവോണത്തിന് എത്തുന്ന മഹാബലി തന്നെയാണ് അമാവാസി നാളിലും എത്തുന്നത്. മഹാബലി കേരളത്തില്‍ രണ്ടു തവണ വരുന്നവെന്ന പുതിയ അറിവാണ് ഇത് പകര്‍ന്നത്. എന്താണ് പൊലിയേന്ദ്രന്‍ എന്നും അത് മനുഷ്യ സമൂഹ ത്തിന്റെ ജൈവപരമായ വീണ്ടെടുപ്പിന് സഹായകര മാകുന്നതെന്നും അറിയണമെങ്കില്‍ അതിന്റെ മിത്തിനേയും യാഥാര്‍ത്ഥ്യ ത്തേയും അറിയ ണം. അതിനു പുറമേ ഓണത്തിലെ മഹാബലിയിലെ മിത്തുമായും താര തമ്യം ചെയ്യണം. ഓണത്തിന് വരുന്ന ബലിയിലെ പുരാവൃത്തം ആര്യ ദ്രാവിഡ സംഘര്‍ഷത്തിലേക്കും സോഷ്യലിസ്റ്റ് ആശയത്തിലേക്കും കൊണ്ടെ ത്തിക്കുന്നുവെങ്കില്‍ പൊലിയേന്ദ്രനെ സാധാരണ മനുഷ്യനിലേക്കും അവന്റെ കാര്‍ഷിക ബന്ധങ്ങളിലേക്കും സാമൂഹ്യ നീതിയിലേക്കും നമ്മെ വലിച്ചുകൊണ്ടു പോകുന്നതായി കാണാം.
-------------------------------------------------
കടപ്പാട്: സര്‍ഗശബ്ദം മാസിക 2014 സെപ്തംബര്‍ ലക്കം.

കെ കെ വേലായുധന്‍: മുഖര്‍ശംഖ് വാദ്യത്തിലെ ദലിത് ഇതിഹാസം

കെ കെ വേലായുധന്‍
തോപ്പുംപടി സെ. സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ 7 ആം ക്ലാസ് വരേയേ പോയുള്ളുവെങ്കിലും കെ കെ വേലായുധന്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ക്ലാസ്‌മേറ്റാണ്. സംഗീതരംഗത്തെ അതത് ഇനങ്ങളിലെ താരങ്ങളായി ഉയര്‍ന്നെങ്കിലും ഇരുവരും തമ്മില്‍ വീണ്ടും കാണുന്നത് 2005 ലാണ്. അന്ന് എറണാകുളം സമൂഹമഠം ഹാളില്‍ മാലതി വര്‍മയെ ആദരിക്കുന്ന ചടങ്ങില്‍ യേശുദാസ് അവതരിപ്പിച്ച സംഗീത കച്ചേരിയില്‍ മുഖര്‍ശംഖ് വായിച്ചത് കെ കെ വേലായുധനാണ്. ബാല്യകാല സതീര്‍ത്ഥ്യന്‍ സംഗീത രംഗത്തു തന്നെയുണ്ടെന്ന് അറിഞ്ഞ് യേശുദാസ് ഏറെ സന്തോഷിച്ചത് കെ കെ വേലായുധന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.

അഭിജാതരെന്ന് അഹങ്കരിക്കുന്നവരുടെ സംഗീത വാദ്യോപകരണമായ മുഖര്‍ശംഖില്‍ ഇതിഹാസതാരമായി മാറിയ കെ കെ വേലായുധന്റെ താവഴി അടിമകളുടേതാണ്. എറണാകുളം ജില്ലയുടെ തീരദേശത്തു പെടുന്ന തോപ്പുംപടി ഇന്നുകാണുന്ന കോണ്‍ക്രീറ്റ് വനങ്ങളുടേതായിരുന്നില്ല, നെല്പാടങ്ങള്‍ നിറഞ്ഞ പ്രദേശമായിരുന്നു. ഇപ്പോള്‍ 79 വയസുള്ള വേലായുധന്റെ ചെറുപ്പകാലത്തു പോലും പാടങ്ങുടെ ശേഷിപ്പുകള്‍ ഉണ്ടായിരുന്നു. വേലായുധന്റെ അപ്പൂപ്പന്‍ പൂമതിയുടെ അമ്മയെ അടിമക്കമ്പോളത്തില്‍ നിന്നും ഒരു ജന്മി വാങ്ങിക്കൊണ്ടുവന്നതാണ്. അതിനുമുമ്പുള്ള ഈ താവഴി ചരിതം ഗ്രഹിക്കാവുന്നതേയുള്ളൂ. പൂമതിയുടെ മകന്‍ കൊച്ചുകണ്ടന്‍ കുമ്പളത്തുനിന്നും കൊച്ചപെണ്ണിനെ വിവാഹം ചെയ്തു. അവര്‍ കൊച്ചിട്ട്യാതി എന്ന ജന്മിയുടെ കുടിയാന്മാ രായിരുന്നു. കൊച്ചുകണ്ടന്‍ കൊച്ചുപെണ്ണ് ദമ്പതികള്‍ക്ക് നാല് മക്കള്‍ പിറന്നു, രണ്ടും പെണ്ണും രണ്ട് ആണും. ആണ്‍മക്കളില്‍ മൂത്തയാളാണ് കെ കെ വേലായുധന്‍. തോപ്പുംപടിയിലെ മുണ്ടംവേലിയില്‍ വേലായുധന്‍ ഇപ്പോള്‍ താമസിക്കുന്ന വീട് വാങ്ങിയതാണെങ്കിലും മൂലകുടുംബം തൊട്ടടുത്തുതന്നെ എവിടെയോ ആണ് പാര്‍ത്തിരുന്നത്. ഈ ഭാഗത്ത അടിമവംശം ഇപ്പോള്‍ അറിയപ്പെടുന്നത് കൊലമാരി പുലയര്‍ എന്നാണ്. 

21 ആമത്തെ വയസില്‍ എറണാകുളം ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ കെ കെ വേലായുധന്‍ സെക്യൂരിറ്റിയായി ജോലിയില്‍ പ്രവേശിച്ചു. 1995 ല്‍ സുബേദാറായി റിട്ടയര്‍ ചെയ്തു. പ്രമോഷന്‍ ലഭിച്ചപ്പോള്‍, ഇടക്ക് ആലപ്പുഴയിലും കോഴിക്കോട്ടും സേവനമനുഷ്ഠിച്ചു. ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പുതന്നെ വേലായുധന്‍ മൃദംഗവായന പരിശീലിക്കുന്നുണ്ടായിരുന്നു. എ ഡി പുരത്തുള്ള ചന്ദ്രന്‍ മാസ്റ്ററാണ് വേലായുധന്റെ ആദ്യഗുരു. അദ്ദേഹം ധീവര സമുദായത്തില്‍ പെട്ടയാളാ യിരുന്നു. ചന്ദ്രന്‍ മാസ്റ്ററുടെ ഗുരുവായ സുകുമാരന്‍ മാസ്റ്ററുടെ കീഴിലും കുറച്ചുകാലം വേലായുധന്‍ മൃദംഗം പരിശീലിച്ചു. ഗുരുക്കന്മാരുടെ പ്രേരണയാല്‍ മൃദംഗവിദ്വാനായ ആനവാതില്‍ക്കല്‍ അയ്യാപിള്ളയുടെ കീഴിലും മൃദംഗം അഭ്യസിച്ചു. തമിഴ് വംശജനായ (എണ്ണപ്പാണ്ടി) അദ്ദേഹം റേഡിയോ സ്റ്റാര്‍ കൂടിയായിരുന്നു. അയ്യാപിള്ള കൊല്ലത്തേക്ക് താമസം മാറ്റിയപ്പോള്‍ വേലായുധന്റെ മൃദംഗ പഠനം മന്ദഗതിയിലായി. അതോടെ വേലായുധന് ആലപ്പുഴയിലേക്ക് സ്ഥലംമാറ്റവുമായി. അവിടെ മൃദംഗപഠനം തുടരാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ ചന്ദ്രന്‍ മാസ്റ്റര്‍ തന്നെ ഇടപെട്ടു. വേലായുധനോട് മോര്‍സിങ് (മുഖര്‍ശംഖ്) പരിശീലി ക്കാന്‍ ഉപദേശിച്ചു. വേലായുധന് മൃദംഗത്തിന്റെ താളബോധമുണ്ടല്ലോ. രണ്ടിന്റേയും സ്വരം വ്യത്യാസമാണെങ്കിലും താളക്രമം ഒന്നുതന്നെയാ ണല്ലോ. അതുകൊണ്ട് സ്വയം പരിശീലിക്കുന്നതിനും പ്രയാസം നേരിടേണ്ടി വരുന്നില്ല.

1980 ല്‍ വൈക്കം ക്ഷേത്രത്തില്‍ നടന്ന സംഗീതക്കച്ചേരിയിലാണ് മുഖര്‍ശംഖില്‍ വേലായുധന്റെ അരങ്ങേറ്റം. ആദ്യകാലത്ത് വരുമാനമില്ല- എല്ലാ കലാപരിപാടിക്കും എന്നതുപോലെ. എന്നാല്‍ മുഖര്‍ശംഖിനാകട്ടെ പ്രതിഫലത്തിനുള്ള പരിഗണന നാലാം സ്ഥാനത്താണ്. മൃദംഗവും ഘടവും ഗിഞ്ചിറയും കഴിഞ്ഞുമാത്രമാണ് മുഖര്‍ശംഖിനെ പരിഗണിച്ചിരുന്നത്. മറ്റ് സംഗീതോപകരണങ്ങളെ അപേക്ഷിച്ച് കാണാന്‍കൂടി പറ്റാത്ത മുഖര്‍ ശംഖുപയോഗിച്ച് തതുല്യമായ ശബ്ദതാളം പുറപ്പെടുവിക്കാന്‍ അപാര ശേഷി തന്നെ വേണം. വഹിച്ചുകൊണ്ടുപോകാന്‍ പ്രയാസമില്ലാത്തതു കൊണ്ട് മുഖര്‍ശംഖിന് തുല്യപരിഗണന ലഭിക്കാറില്ല. വേലായുധനാ ണെങ്കില്‍ തുല്യപരിഗണനയില്ലാത്ത സമുദായത്തില്‍ പെട്ടയാളും!


ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പല പ്രഗത്ഭരോടുമൊപ്പം 20 വര്‍ഷം തുടര്‍ച്ചയായി വേലായുധന്‍ മുഖര്‍ശംഖ് വായിച്ചു. ഷര്‍ട്ട് ധരിക്കാതെ ഷാള്‍ പുതച്ചുകൊണ്ട് ഇരുന്നുവേണം ഗുരുവായൂര് കച്ചേരി നടത്താല്‍. മറ്റുള്ളവരെ അപേക്ഷിച്ച് തൊലിനിറം കറുത്ത വേലായുധന്‍ തുടക്കത്തില്‍ ഏറെ അവമതിക്ക പ്പെട്ടു. ആഭിജാത്യത്തിന്റെ അടയാളങ്ങളും ശരീരത്തില്‍ ഇല്ലല്ലോ! സ്വരലയമില്ല, അവതാളത്തിലാകുന്നു എന്നെല്ലാം ആരോപിച്ച് ആദ്യമൊക്കെ വേലായു ധന്‍ അകറ്റി നിര്‍ത്തപ്പെട്ടു. തന്റെ കഴിവ് പരമാവധി പുറത്തെടുത്ത വേലായുധന്‍ ആസ്വാദക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ട് അതിശക്തമായി തിരിച്ചുവന്നു. 

ഗുരുവായൂര്‍ വിട്ടശേഷം ചോറ്റാനിക്കര ക്ഷേത്രത്തിലും ഉത്രം തിരുനാള്‍ സംഗീതോ ത്സവത്തിലും കുറച്ചുവര്‍ഷം തുടര്‍ച്ചയായി പങ്കെടുത്തു. അതിവേഗത്തില്‍, സമീപപ്രദേശത്തുള്ള കച്ചേരികളില്‍ വേലായുധന്‍ അനിവാര്യതയായി മാറി. മൃദംഗവിദ്വാന്‍ കുഴല്‍മന്ദം രാമകൃഷ്ണനോടും വയലിനിസ്റ്റ് ചേര്‍ത്തല ശിവാനന്ദനോ ടുമൊക്കെ ഒപ്പം വേലായുധന്‍ മുഖര്‍ശംഖ് വായിച്ചു. എം കെ അര്‍ജുനന്‍ മാസ്റ്റര്‍ ആദ്യമായി റിക്കോര്‍ഡിംങ് സ്റ്റുഡിയോവില്‍ വേലായുധനെ പ്രവേശിപ്പിച്ചു. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലം ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ ഒരു നാടകത്തിനു വേണ്ടിയായിരുന്നു ആ റിക്കോര്‍ഡിങ്. ഒന്നും വാങ്ങാതെ അവിടെ നിന്നും പോന്ന വേലായുധന്, പിറ്റേദിവസം ഒരു സഹായി വശം അര്‍ജുനന്‍ മാസ്റ്റര്‍ 150 രൂപ പ്രതിഫലം കൊടുത്തയച്ചു. മാസ്റ്ററോ ടുള്ള വേലായുധന്റെ ബന്ധം ഇന്നും ദൃഢമായി തുടരുന്നു. ഇരുവരും കൊച്ചിയിലെ ആള്‍ ആര്‍ട്‌സ് സേവ് അസോസിയേഷന്റെ (ആശ) പ്രവര്‍ത്തകരാണ് ഇപ്പോള്‍. കാഥികന്‍ ഇടക്കൊച്ചി സലിംകുമാറാണ് അതിന്റെ സെക്രട്ടറി.

മോര്‍സിങ് വാദ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ വേലായുധന് ഒട്ടും പരിഭവമില്ല. കാലം എല്ലാം മാറ്റിമറിക്കും. പലതും തിരോഭവിക്കും. ഒരു ഇലക്ട്രിക് ഓര്‍ഗണ്‍ ഉണ്ടെണ്ടെങ്കില്‍ എല്ലാ താളവാദ്യങ്ങളും അതു കൊണ്ട് വായിക്കാം. അതുകൊണ്ടുമാത്രം മുഖര്‍ശംഖ് അഭ്യാസം നിലച്ചു പോകണമെന്നില്ല. വസ്തുത നമ്മള്‍ ഉള്‍ക്കൊള്ളാന്‍ തയാറാവണം. മുഖര്‍ശംഖ് തനിമയില്‍ തന്നെ പരിശീലിക്കണമെന്നുള്ളവര്‍ക്ക് അത് നല്കാന്‍ വേലായുധന്‍ തയാറുമാണ്. ഇപ്പോള്‍ കൊച്ചിയിലും ചോറ്റാനി ക്കരയിലുമായി 12 ശിഷ്യന്മാരുണ്ട്. 2 പേര്‍ ദക്ഷിണവെച്ചു കഴിഞ്ഞു.


താളവാദ്യ കലാസപര്യയിലൂടെ സ്വത്തു സമ്പാദിക്കണ മെന്ന് വേലായുധന്‍ ഒരിക്കലും നിനച്ചിട്ടില്ല. ജോലിയു ള്ളതുകൊണ്ട് സാമ്പത്തികകാര്യങ്ങള്‍ ഭദ്രമായിരുന്നു. ഭാര്യക്കും ജോലിയുണ്ടാ യിരുന്നു. അവര്‍ നേവല്‍ ബേസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിന്നും ലാബ് അറ്റന്റ റായി റിട്ടയര്‍ ചെയ്തു. കച്ചേരികളില്‍ നിന്ന് പ്രതിഫം വാങ്ങാനോ ശിഷ്യരില്‍ നിന്ന് ഫീസ് വാങ്ങാനോ വേലായുധന്‍ ഒരിക്കലും നിര്‍ബന്ധബുദ്ധി കാണിച്ചി ട്ടില്ല. 

സായാഹ്നത്തില്‍ സന്തോഷവാനാണ് കെ കെ വേലായുധന്‍. ആരോഗ്യ പ്രശ്‌നങ്ങളില്ല. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ അവാര്‍ഡും ആദരവും ലഭിച്ചു. 15 ഓളം ആദരവുകളും നാട്ടില്‍ നിന്നും വിവിധ സമിതികള്‍ നല്കിക്കഴിഞ്ഞു. പത്രമാസികകളില്‍ കച്ചേരികളുടെ ഭാഗമായി പേരും ഫോട്ടോകളും വന്നിട്ടുണ്ടെങ്കിലും ആരും ഫീച്ചര്‍ ചെയ്തിട്ടില്ല.

രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് വേലായുധനുള്ളത്. എല്ലാവരും വിവാഹിതരായി കുടുംബജീവിതം നയിക്കുന്നു. അധ്യാപികയായ മരുമകളോടൊപ്പം മകനും കുടുംബവും വയനാട്ടില്‍ തമാസിക്കുന്നതു കൊണ്ട് വീട്ടില്‍ മക്കളാരും ഇപ്പോള്‍ കൂടെയില്ല. അതു മാത്രമേയുള്ളൂ ആകെയുള്ള ഒരു പ്രയാസം. സമസ്ത കൊച്ചി പുലയ മഹാസഭയുടെ നേതൃത്വത്തില്‍ പണികഴിപ്പിട്ടുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പ്രമുഖ കാര്യദര്‍ശി കൂടിയാണ് വേലായുധന്‍. 13 വര്‍ഷമായി അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.

കെ കെ വേലായുധന്‍. ഫോണ്‍: 9747486683

2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ശബരിമല അയ്യപ്പന്‍ പി എ സെയ്ത് മുഹമ്മദിന്റെ 'ചരിത്രസഞ്ചാര'ത്തില്‍

പള്ളിബാണ പെരുമാള്‍ 
1969 ല്‍ പ്രസിദ്ധീകരിച്ച പി എ സെയ്തുമുഹമ്മദിന്റെ സഞ്ചാരസാഹിത്യ കൃതിയാണ് 'ചരിത്രസഞ്ചാരം'. അതില്‍ സഹയാത്രികരായ മോഹന്റെയും വര്‍മയു ടെയും വിവരണമാണ് ഇത്.

'അയ്യപ്പന്‍ പന്തളം രാജാവിന്റെ വിശ്വസ്തനായിരു ന്നെങ്കില്‍ ശബരിമല പ്രതിഷ്ഠക്ക് 1000 വര്‍ഷത്തെ പഴക്കം കാണുകയില്ല. ഭാരതീയ പുരാണങ്ങലിലൊന്നും അയ്യപ്പനെപ്പറ്റി പറഞ്ഞുകാണുന്നില്ല. വാവര്‍ അയ്യപ്പന്റെ ശക്തിവിശേഷം ഗ്രഹിച്ചു ഭക്തിപരവശനായി ശിഷ്യനായി ത്തീര്‍ന്നെന്നാണ് അയ്യപ്പ ഭക്തന്മാരുടെ അഭിപ്രായം. 'അയ്യപ്പന്‍' ഒരു ഇതിഹാസ പുരുഷനാണെന്നു വിശ്വസിക്ക പ്പെടുന്നു. അയ്യപ്പ സംസ്‌കാര ത്തിന്റെ ആത്മാവ് ബൗദ്ധ സംസ്‌കാര ത്തിന്റെ താണെന്ന് അഭിപ്രായ മുണ്ട്. ബുദ്ധമത തത്വങ്ങളിലെ എല്ലാ വശങ്ങളും ഏറെക്കുറേ അയ്യപ്പന്റെ ഇതിഹാസങ്ങളില്‍ കണ്ടെത്താന്‍ കഴിയും. ബുദ്ധമത പ്രതാപം ശങ്കരാചാര്യരുടെ കാലഘട്ടത്തോടുകൂടി കേരളത്തില്‍ അധപതിച്ചു. ബൗദ്ധ പ്രതാപത്തെ കീഴടക്കി ബ്രാഹ്മണ്യം കേരളത്തില്‍ സ്വാധീനം ചെലുത്തിയ കാലഘട്ടത്തില്‍ അവസാനത്തെ ബുദ്ധമത വിശ്വാസിയായ രാജാവ് കേരളം വിട്ട് പലായനം ചെയ്‌തെന്നു അനുമാനിക്കേണ്ടി യിരിക്കുന്നു. പരദേശി ബ്രാഹ്മണരായ ഭട്ടബാണന്‍, ഭട്ടാചാര്യന്‍, ഭട്ടഗോപാലന്‍ തുടങ്ങിയവര്‍ അവസാനത്തെ ബുദ്ധമത രാജാവായ പള്ളിബാണനെ തോല്പിച്ചതായി കേരളോത്പത്തിയും പറയുന്നുണ്ട്. ബ്രാഹ്മണ്യം വ്യക്തമായ സ്വാധീനം കേരളത്തില്‍ ചെലുത്തിയത് എ ഡി 4 ആം നൂറ്റാണ്ടിനും 8 ആം നൂറ്റാണ്ടിനും ഇടക്കാണ്. പള്ളിബാണ രാജാവ് തിരുവഞ്ചിക്കുളത്തു നിന്ന് നീലമ്പേരൂര്‍ക്കും അവിടെ നിന്ന് തിരുവല്ല ഭാഗത്തേക്കും മാറിയതായി പറയുന്നു. ഈ പലായനത്തില്‍ പന്തളത്തു ഭൂപന്‍ അഭയം നല്കിയിട്ടു ണ്ടാകണം. പുലിപ്പാലിനു പോയെന്ന ഭാഗം ഒഴിച്ചു നിര്‍ത്തിയാല്‍ അക്കാലത്ത്, ഇന്ത്യയിലെിന്നെത്തിയിരിക്കുന്ന ദലായ്‌ലാമയെ പോലെ, ബുദ്ധമത രാജാവ് പന്തളത്ത് അഭയം തേടിയെന്നു ഗ്രഹിക്കാം. അയ്യപ്പന്‍ അവിടെനിന്ന് കിഴക്കന്‍ ഭാഗത്തേക്ക് പോയതായിരിക്കണം. 10 ആം നൂറ്റാണ്ടിലാണ് ഈ പലായനം നടന്നതെങ്കില്‍ ബാവ എന്ന ഒരു മുസ്ലീം പ്രാമാണികന്റെ സഹായം ഈ രാജാവിന് ലഭിച്ചിരിക്കാനിടയുണ്ട്. പിന്നീട് 'ബാവ' ബഹുമാന സൂചകമായി 'വാവര്' എന്നായിത്തീര്‍ന്നു. 'വാവര്‌സ്വാമി' നേതാവായ യജമാനനായി 'ഔരു മുസ്ലീം സിദ്ധന്‍' എന്നാണ് അയ്യപ്പ ചരിത്ര കര്‍ത്താക്കള്‍ വാവരെ വിശേഷിപ്പിക്കുന്നത്.'

'ബുദ്ധമതപ്രതാപം നിറംമങ്ങിയ കാലഘട്ടത്തിലാണ് ബ്രാഹ്മണരോടൊപ്പം ക്രിസ്ത്യാനികളും മുസ്ലീങ്ങളും സജീവമായി രംഗത്തു വന്നത്. ബുദ്ധമത ത്തിന്റെ നേതൃത്വത്തില്‍ നിന്നു വിട്ടു പിരിഞ്ഞ ജനതയെ വര്‍ണ പ്രശ്‌നങ്ങള്‍ക്ക് പ്രാധന്യം നല്കിയ ബ്രാഹ്മണ്യത്തിനു വേണ്ട വിധത്തില്‍ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ബുദ്ധമത വിശ്വാസികളായ പലരും ക്രൈസ്തവരായും മുസ്ലീങ്ങളായും രൂപാന്തരപ്പെട്ടു. അക്കാലത്ത് നിരവധി ബുദ്ധമത ദേവാലയങ്ങള്‍ (പഗോഡകള്‍) ക്രൈസ്തവരുടേയും മുസ്ലീങ്ങളുടേയും പള്ളികളായി മാറി. 'പള്ളി' എന്ന പേരിലാണ് ബുദ്ധക്ഷേത്രങ്ങളും കേരളത്തില്‍ അറിയപ്പെട്ടിരുന്നത്. പള്ളി പാലി ഭാഷയാണ്. കുളത്തൂപ്പുഴ, മാമ്പഴത്തറ, ആര്യങ്കാവ്, അച്ചന്‍കോവില്‍, കുടമാളൂര്‍, ചേര്‍ത്തല, പാണ്ഡവം, കൊടുങ്ങല്ലൂര്‍, ചേപ്പാട് തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്ന ബുദ്ധമത കേന്ദ്രങ്ങള്‍ ക്രമേണ നാമാവശേഷ മായി. അക്കാലത്തെ ബുദ്ധ ദേവാലയങ്ങളുടെ കല്ത്തറകളില്‍ ഹൈന്ദവ ക്രൈസ്തവ മുസ്ലീം ആരാധനാ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നു. തിരുവല്ലാ താലൂക്കിലെ തൃക്കാകുടി ക്ഷേത്രത്തിന്റെ രൂപം, ചേറ്റുവാ മണപ്പുറത്ത് സാഹിബിന്റെ പള്ളിക്ക് വടക്കുവശം കാണുന്ന രൂപങ്ങള്‍, നിരണം പ്രദേശത്തേയും നിലക്കലേയും പുതുതായി കണ്ടുപിടിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങള്‍ ഇവയെല്ലാം ബുദ്ധമതകാലത്തെ സ്മാരകങ്ങളാണ്. അക്കാലത്തോ അതിനടുത്തോ കേരളത്തില്‍ നിന്നു സ്ഥലം മാറിയ ബൗദ്ധ നേതാവായിരിക്കണം ഇന്നത്തെ ശബരിമല ശാസ്താവ്'

മോഹന്റെ വിവരണം കേട്ടുകൊണ്ടിരുന്ന ഫലിതക്കാരനായ വര്‍മ തന്റേതായ വിശദീകരണം അതിനോട് കൂട്ടിച്ചേര്‍ത്തു; 'അമരകോശത്തില്‍ ശാസ്താവ് ബുദ്ധമുനിയായിരുന്നെന്ന് ഒരു പര്യായ വിവരണം കൊണ്ട് സൂചിപ്പിക്കുന്നു. ഹരിഹര സുതനെപ്പറ്റിയുള്ള കീര്‍ത്തനങ്ങളില്‍ 'ബുദ്ധം ശരണം, ധര്‍മം ശരണം' മുഴങ്ങിക്കേള്‍ക്കാം. ഈ ബൗദ്ധ മുദ്രാവാക്യം ലോപിച്ചെങ്കിലും ശബരിമല കയറുമ്പോള്‍ ഭക്തന്മാര്‍ ഉച്ചത്തില്‍ വിളിക്കാറുണ്ട്. ബുദ്ധമത ഭക്തരായ അനുയായികള്‍ തങ്ങളുടെ ആരാധ്യ പുരുഷനോടുള്ള അമിതമായ സ്‌നേഹം കൊണ്ട് ശാസ്താവിനെ പല വേഷത്തിലും സ്വകാര്യ ക്ഷേത്രങ്ങളുണ്ടാക്കി പ്രതിഷ്ഠിച്ചിട്ടുണ്ട്. അതില്‍ കിരീടധാരിയായ ശാസ്താവും വനാന്തരത്തില്‍ തപസിലേര്‍പ്പെട്ടിരിക്കുന്ന ശാസ്താവും അമ്പും വില്ലുമായി ദുഷ്ടമൃഗ നിഗ്രഹത്തിന് നില്ക്കുന്ന ശാസ്താവും ഉള്‍പ്പെടുന്നു. ജനങ്ങളുടെ സ്‌നേഹ ബഹുമാനങ്ങള്‍ക്കു പാത്രീഭൂതനായിരുന്ന പ്രജാവത്സലനായ രാജാവ് നാടു വിട്ടോടി. അദ്ദേഹം കേരളത്തില്‍ ബ്രാഹ്മണ്യം പടര്‍ന്നുകയറിയപ്പോള്‍ അഭയാര്‍ത്ഥിയായി തിരിച്ചതാണെങ്കിലും സമ്പന്നനായ എരുമേലിയിലെ മുസ്ലീം നേതാവ് അഭയം നല്കി. ഇതാണ് ശബരിമല അയ്യപ്പനെ സംബന്ധിച്ചുള്ള ജനകീയ ഐതിഹ്യമായി പരിഗണിക്കേണ്ടത്. വനപ്രദേശമായതുകൊണ്ട് കാട്ടുപോത്തിനെ ഇവര്‍ ഒരുമിച്ചു വേട്ടയാടിയിട്ടുണ്ടാകും. സംഭവിക്കാ വുന്ന ഇത്തരം കാര്യങ്ങള്‍ക്കു ഭക്തസമൂഹം അത്ഭുതത്തിന്റെ പരിവേഷം അണിയിച്ചു. മഹാന്മാരായ ജനനേതാക്കള്‍ ജനതയുടെ സാമൂഹ്യ ബോധമനുസരിച്ചു വീരാത്മാക്കളും സിദ്ധന്മാരുമാകും. കാലം അതിന് അത്ഭുത സിദ്ധികളുടെ ആവരണം അണിയിക്കാറുണ്ട്. ബുദ്ധമത അനുയായികള്‍ക്കു ണ്ടായിരുന്ന ബാവ എന്ന പേര്‍ ജാതിമത ഭേദമന്യേ ബഹുമാന നാമമായി കേരളത്തില്‍ കേരളീയര്‍ സ്വീകരിച്ചു. ആതിഥ്യ മര്യാദയും ഉയര്‍ന്ന മനുഷ്യ സ്‌നേഹവും പുലര്‍ത്തിയിരുന്ന വാവര് പതറാതെ ഹിന്ദു മുസ്ലീം മൈത്രിയുടെ പ്രതീകമായി ത്തീര്‍ന്നിരിക്കയാണ്.'

ഈഴവര്‍ ഹിന്ദുക്കളല്ല - ഇ മാധവന്‍ (മുന്‍ SNDP യോഗം സംഘടനാ സെക്രട്ടറി)

ഇ മാധവന്‍
1934 ല്‍ ഇ മാധവന്‍ എഴുതി പ്രസിദ്ധീകരിച്ച 'സ്വതന്ത്രസമുദായം' എന്ന പുസ്തകത്തിലാണ് ഈ പഠനമുള്ളത്. കേരള സാഹിത്യ അക്കാദമി തൃശൂര്‍ പുതിയ പതിപ്പ് ഇറക്കി. കലാപൂര്‍ണ പബ്ലിക്കേഷന്‍ മറ്റൊരു പതിപ്പും 2015 ല്‍ പുറത്തിറക്കി. കലാപൂര്‍ണ പബ്ലിക്കേഷന്‍ വര്‍ക്കല. ഫോണ്‍: 0470 - 2610213

ഈഴവര്‍ ഹിന്ദുക്കളല്ല. അവര്‍ ബുദ്ധമതാനുയായി കളായി രുന്നുവെന്ന് ചരിത്രപണ്ഡിതന്മാര്‍ ഒരുപോലെ സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. ഹിന്ദുക്കളുടെ നിഷ്ഠൂരമായ മര്‍ദ്ദനശക്തി കൊണ്ട് ബുദ്ധമതം ഇന്ത്യയില്‍ നിന്നും ക്രമേണ തിരോധാനം ചെയ്തതോടുകൂടി ഈഴവരുടെ മതവിശ്വാസത്തിനും മാറ്റമുണ്ടാകേണ്ടിവന്നു. ശ്രീബുദ്ധന്റെ ധര്‍മരശ്മി പ്രസരംകൊണ്ട് പ്രശോഭിതമായ സിംഹള നാട്ടില്‍ നിന്നും കുടിയേറി പ്പാര്‍ത്ത തീയര്‍, ഹിന്ദുക്കളാകു വാന്‍ സ്വയം വിസമ്മതിക്കുകയോ, വര്‍ണാശ്രമ നാമികളായ ഹിന്ദുക്കള്‍, ഇവരെ തങ്ങളുടെ മതത്തില്‍ ചേര്‍ക്കാതെ ദൂരെ നിര്‍ത്തുകയോ ചെയ്തതിനാല്‍ അവര്‍ ഇന്ന് ഹിന്ദുമതത്തിലെ തീണ്ടല്‍ ജാതിക്കാരില്‍ ഒരു കൂട്ടരായി തീര്‍ന്നിരിക്കുന്നു. ചുറ്റുപാടുമുള്ള ഹിന്ദുക്കളുടെ സമ്പര്‍ക്കം കൊണ്ടും മറ്റു പരിസരങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടും കാലാന്തരത്തില്‍ അവരുടെ ആചാര മര്യാദകളെ സ്വീകരിക്കാന്‍ നമ്മളും; കാര്യലാഭമുണ്ടെന്നു തോന്നിയപ്പോള്‍ നമ്മളേയും ഹിന്ദുക്കളായി കരുതാന്‍ അവരും, ഉദ്യമിച്ചതിന്റെ ഫലമായി നാം ഇന്ന് ഒരു പ്രകാരത്തില്‍ അല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ ഹിന്ദുക്കളായി ത്തന്നെ കഴിഞ്ഞുകൂടുന്നു. ഇങ്ങനെ ഹിന്ദുമതക്കുടുക്കില്‍ പെട്ടുപോയെ ങ്കിലും നമുക്ക് ഇന്ന് ഹിന്ദുക്കളോടുള്ളതിനേക്കാള്‍ അടുപ്പം മറ്റു മതക്കാരോടാണുള്ളത്. നാം ഹിന്ദുക്കളാണെന്നു കാണിപ്പാന്‍ ഒരു പ്രമാണവും അവര്‍ക്കില്ല. അവരുടെ വര്‍ണ വ്യവസ്ഥയില്‍ നമ്മെ ഉള്‍പ്പെടുത്തിയിട്ടില്ല. ജാതിഹിന്ദു ക്കളുടെ അടുത്തു ചെല്ലാന്‍ നമുക്കു പാടില്ല. അവരുടെ ക്ഷേത്രത്തിലും വീട്ടിലും വഴിയിലും അവര്‍ ഇരിക്കുന്നിടത്തും നമുക്കു പ്രവേശിക്കാന്‍ പാടില്ല. അവര്‍ നമ്മെ തീണ്ടല്‍ ജാതിക്കാരായി കരുതി മാറ്റുന്നു. അവരുടെ മതത്തില്‍ നിന്നും അവര്‍ നമ്മെ ചവുട്ടിത്തള്ളി പുറത്തേക്കു വിടുന്നു. നമ്മെ ഹിന്ദുക്കളാക്കുവാനോ നാം സ്വയം ഹിന്ദുക്കളാകുവാനോ ചെയ്ത ശ്രമം ഇന്നും ഫലിച്ചിട്ടില്ലെന്നു ള്ളതിനു ഇതൊരു തെളിവാകുന്നു. ഒരു മുസല്‍മാനോ ക്രിസ്ത്യനോ നമ്മുടെ സമീപ്യം ഒരു പ്രകാരത്തിലും അശുദ്ധികരമല്ല. അവരുടെ പള്ളികളിലും വസതികളിലും നമ്മെ അടുപ്പിക്കുവാനും പ്രവേശിപ്പിക്കു വാനും അവര്‍ക്കു വിരോധമില്ല. ഇതു മാത്രമല്ല, അവരുടെ മതത്തിലേക്ക് അവര്‍ ആകര്‍ഷിച്ചു വിളിക്കുകയും ചെയ്യുന്നു. എന്നാല്‍ ഹിന്ദുക്കളുടെ ക്ഷേത്രത്തില്‍ നാം പ്രവേശിപ്പാനായി ചെന്നാല്‍ പൂജയും കോലാഹലവും എല്ലാം മുടക്കി ക്ഷേത്രവും അടച്ചുപൂട്ടി അവര്‍ ഓടിക്കളയുന്നു. പൂജയും കാര്യവും മുടങ്ങിയാലും വേണ്ടില്ല, നമ്മള്‍ അടുക്കരുതെന്നേ അവര്‍ക്ക് നിര്‍ബന്ധമുള്ളൂ. സ്‌കൂള്‍ പ്രവേശനത്തിനു നാം ചെന്നാല്‍ പാഠവും മതിയാക്കി സവര്‍ണര്‍ വീട്ടില്‍ പോകുന്നു. റോഡുകളില്‍ നടക്കാന്‍ ചെന്നാല്‍ അവരുടെ നടപ്പുകൂടി മതിയാക്കി അവര്‍ റോഡടച്ചു കെട്ടിക്കളയുന്നു. നാം അടുക്കുന്നതിലും കടക്കുന്നതിലും, അവയെ എല്ലാം ബഹിഷ്‌കരിക്കുന്നതു തന്നെ നല്ലതെന്നു സനാതനികള്‍ കരുതുന്നു. മാത്രമല്ല, നമ്മെ അടുപ്പിക്കാതിരിക്കാന്‍ അവരുടെ സര്‍വശക്തികളും വിനിയോഗിച്ച് തടുക്കുകയുംകൂടി ചെയ്യുന്നു. നാം ഹിന്ദുക്കളല്ലെന്നുള്ളതിന് ഇതിനേക്കാള്‍ വലിയ തെളിവ് ആവശ്യമാണോ? ഹിന്ദുക്കളാണെന്നു പറഞ്ഞു നാം വലിഞ്ഞു കയറിച്ചെന്നാലും അല്ലെന്നവര്‍ നമ്മെ പഠിപ്പിക്കുകയല്ലേ ചെയ്യുന്നത്? അവരുടെ മതം വിട്ടുപോകുവാന്‍ അവര്‍ നമ്മെ നിര്‍ബന്ധിക്കുകയല്ലേ ചെയ്യുന്നത്? ജാതിഹിന്ദുവിന്റെ ക്ഷേത്രത്തില്‍ നിന്നും ഇത്ര അടി ദൂരെ മാറി നില്ക്കണമെന്നു പറഞ്ഞു നമ്മെ ശാസിച്ചിരുന്നിട്ടും നാം നായ്ക്കളെ പോലെ അങ്ങോട്ടുന്തിത്തള്ളി ചെല്ലുന്നതു നമ്മുടെ ബുദ്ധിഹീനതയല്ലാതെ മറ്റെന്താണ്? ഹിന്ദുക്കളുടെ ചവിട്ടേറ്റു പുറംതള്ളപ്പെട്ട എത്രയോ ലക്ഷം ആളുകളെ ക്രിസ്ത്യാനികളും മുഹമ്മദീയരും സ്വാഗതം ചെയ്ത് അവരുടെ മതത്തില്‍ ചേര്‍ത്തു? അങ്ങനെ നമ്മില്‍ നിന്നും ചോര്‍ന്നു ചെന്നവരും മറ്റുമല്ലാതെ, ഇന്നു കാണുന്ന ക്രൈസ്തവ മുഹമ്മദ സമുദായക്കാരത്രയും പാലസ്റ്റൈനില്‍ നിന്നോ അറേബ്യയില്‍ നിന്നോ കടലും മലകളും കടന്നിവിടെ വന്നവരല്ലെന്ന് ഏവര്‍ക്കും അറിവുള്ളതാണല്ലോ? അതെ, ഇവരിലധിക വും നമ്മുടേയും മറ്റ് അധകൃതരുടേയും പൂര്‍വികര്‍ തന്നെ. ഈ ഒരടുപ്പമെങ്കിലും നമുക്കിവരോടുണ്ട്. ജാതിഹിന്ദുക്കളോടു യാതൊരു വിധമായ അടുപ്പവും നമുക്കില്ല. ഹിന്ദുക്കളാണെന്നു അവരുടെ സ്വാര്‍ത്ഥതക്കു വേണ്ടി പറഞ്ഞു പരത്തിയതിനെ നാം സമ്മതിച്ചു കൊടുത്തു. ഗവണ്‍മെന്റിനെ ശരിയും വെച്ചു. നാമമാത്രമായിട്ടെങ്കിലും ഇങ്ങനെ ഹിന്ദുക്കളാണെന്നു സമ്മതിച്ചുപോയ മഹാപരാധ ത്തിന്റെ തീരാശാപങ്ങളാണ് ഇന്നും നാം അനുഭവിച്ചുവരുന്ന അവശത കളെല്ലാം. ഇനിയേതായാലും ആരാന്റേതായ ഈമതം നമുക്കാവശ്യമില്ലെന്നാണ് നമ്മുടെ ഇന്നത്തെ വാദം.

2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ഹൈന്ദവ ദുഷ്പ്രഭുത്വ അഥവാ ബ്രാഹ്മണമത ചരിത്രം - സ്വാമി ധര്‍മതീര്‍ത്ഥ മഹാരാജ്

1941 ല്‍ സ്വാമി ധര്‍മതീര്‍ത്ഥ ചരിച്ച കൃതിയാണ് History of Hindu Imperialsim. രണ്ടാം പതിപ്പ് 1946 ല്‍ ലാഹോറില്‍ നിന്നും മൂന്നാം പതിപ്പ് 1969 ല്‍ തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിക്കപ്പെട്ടു. മൂന്നാം പതിപ്പിന്റെ പുനപ്രസിദ്ധീ കരണം ഇപ്പോള്‍ നിര്‍വഹിച്ചി രിക്കുന്നത് മൈത്രി ബുക്‌സ് തിരുവനന്തപുരമാണ്.

പഴയ പാരമ്പര്യ ജീവിതത്തിലെ തെറ്റുകളും കുറ്റങ്ങളും തിരുത്തുകയും, വരുംകാല ജീവിതത്തിലെ ലക്ഷ്യമായി നാം സ്വീകരിച്ചിട്ടുള്ള മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അനുയോജ്യമായ ഒരു പുതിയ പാരമ്പര്യവും സംസ്‌കാരവും പുലര്‍ത്തു കയും ചെയ്താല്‍ മാത്രമേ ദേശീയൈക്യം അഥവാ ഒരു ഐക്യരാഷ്ട്രം സാധ്യമായിത്തീരുകയുള്ളൂ. നമ്മുടെ ജനങ്ങള്‍ക്കുള്ള വലുതായ കഴിവിനെപ്പറ്റി ഇന്ന് ആര്‍ക്കും സംശയം ഇല്ല. അതുകൊണ്ട് നമ്മുടെ പാരമ്പര്യ ജീവിതത്തിലെ ദോഷങ്ങളെ സധൈര്യം പരിശോധിച്ച് വെളി പ്പെടുത്തുന്നതില്‍ നാം അശേഷം ലജ്ജിക്കേണ്ടതില്ല. നമ്മുടെ അഭിലാഷങ്ങ ളേയും അവകാശങ്ങളേയും അടിച്ചമര്‍ത്തുവാന്‍ ഇനിമേല്‍ ആര്‍ക്കും സാധിക്കയില്ലെന്നു തീര്‍ച്ചയാണ്. അതിന് ശ്രമിക്കുന്നവരെ അടിച്ചോടിക്കു വാന്‍ നമുക്ക് സാധിക്കുമെന്ന് നാം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. പാരമ്പര്യ ജീവിതത്തിലെ വൈകല്യങ്ങള്‍ ഏറ്റുപറയുന്നതായാല്‍ ലോകത്തിലെ മറ്റു ജനങ്ങള്‍ നമ്മെ ഒരു പരിഷ്‌കൃത ജനതയായി വിചാരിക്കുമെന്ന് അശേഷം ഭയപ്പെടേണ്ടതില്ല. ബുദ്ധി വൈഭവത്തിലും ധാര്‍മിക വീക്ഷണത്തിലും നാം ഒരു ജനതക്കും പിന്നിലല്ലെന്നു ലോകം സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കഴിഞ്ഞ അനേകം നൂറ്റാണ്ടുകളില്‍ നാം വിദേശിയര്‍ക്ക് അടിമപ്പെടുവാന്‍ ഇടയാക്കിയവയും. ഇന്നും നമ്മുടെ ദേശീയ ജീവിതത്തില്‍ തീരാക്കളങ്കവും ശിഥിലീകരണ ശക്തിയുമായി വര്‍ത്തിക്കുന്നവയുമായ കുറ്റങ്ങളേയും കുറവുകളേയും നിഷ്‌കരുണം പരിശോധിച്ചറിയുന്നതില്‍ നാം അല്പം പോലും ഭയപ്പെടേണ്ടതില്ല. നമ്മെപ്പോലെയുള്ള ഒരു വലിയ ജനത നശിപ്പിച്ചൊടു ങ്ങുവാന്‍ സംഗതി വന്നാല്‍ അത് ഒരു കൊലപാതകം മൂലമായിരി ക്കയില്ല. തനി ആത്മഹത്യയായിരിക്കുന്നതാണ്. നാം ഒരു കാലത്ത് ഒരു സ്വതന്ത്ര ജനതയും ഒരു സ്വതന്ത്ര രാഷ്ടവുമായിരുന്നു. ആ സ്വാതന്ത്ര്യം എങ്ങനെ നഷ്ടപ്പെട്ടു? നാം ഒരുകാലത്ത് പരിജ്ഞാനത്തിലും സംസ്‌കാര ത്തിലും, കലകളിലും ശാസ്ത്രങ്ങളിലും ധാര്‍മിക ചിന്തകളിലും രാഷ്ട്രീയ പ്രസക്തിയിലും ലോകത്തിലെ ഏറ്റവും ഉന്നത സ്ഥാനത്ത് നിന്നിരുന്നു. ആ പ്രഭാവവും സമ്പത്തും നഷ്ടമാക്കി ലോകരുടെ പരിഹാസത്തിന് നാം പാത്രമായിത്തീര്‍ന്നത് എങ്ങനെയായിരുന്നു? സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും ലജ്ജാവഹമായ ദുര്‍ബലതകളും ശിഥിലീകരണ വാസനകളും വീണ്ടും രാഷ്ട്രത്തെ വിഴുങ്ങുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ലേ? സ്ഥായിയായ ഏതോ ഒരു ഭയങ്കര വ്യാധി നമ്മുടെ ദേശീയ ജീവിതത്തെ ക്ഷയിപ്പിക്കു ന്നതു പോലെ കാണപ്പെടുന്നു. എന്താണ് ആ വ്യാധിയെന്ന് പരിശോധിച്ച റിഞ്ഞു പരിഹാരം കണ്ടുപിടിക്കുവാന്‍ ഒട്ടും താമസിച്ചു കൂടാ. അതൊരു ജീവന്മരണ പ്രശ്‌നമാണ്. നമ്മുടെ ദുരഭിമാനം ഒന്നും ഇതിന് പ്രതിബന്ധമായി നില്ക്കരുത്.

കഴിഞ്ഞ അനേകം നൂറ്റാണ്ടുകളില്‍ ഈ രാജ്യത്തെ ജനങ്ങളെ അടിമപ്പെടു ത്തി ചൂഷണം ചെയ്തിട്ടുള്ളത് ഇവിടെത്തന്നെ ജനിച്ചു വളര്‍ന്ന ഒരു ചെറിയകൂട്ടം പുരോഹിത ന്മാരാണ്. അവരുടെ മേധാവിത്വമാണ് വിദേശീയരുടെ മേല്‌ക്കോയ്മക്ക് വഴിതെളിച്ചതും. ഈ രാജ്യത്തെ മതസാഹിത്യം, ജാതി, തീണ്ടല്‍ മുതലായവയെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥ, വിഗ്രഹാരാധനക്കുള്ള ക്ഷേത്രങ്ങള്‍, പുരോഹിത മേധാവിത്വത്തോടു കൂടിയ ഭരണക്രമം എന്നിവ ഏര്‍പ്പെടുത്തി ബഹു ഭൂരിപക്ഷം ജനങ്ങളെ അടിമപ്പെടുത്തി മര്‍ദ്ദിച്ച് ചൂഷണം ചെയ്തതും ഈ പുരോഹിത ജാതിയും കൂട്ടുകാരും ആയിരുന്നു. അവരുടെ ദുഷ്പ്രഭുത്വ സംസ്‌കാരത്തിന് ചരിത്രകാരന്മാര്‍ കൊടുത്തിട്ടുള്ള പേര്‍ ബ്രാഹ്മണമതം എന്നാകുന്നു. ജനങ്ങളെ അടിമപ്പെടുത്തി ചൂഷണം ചെയ്യുവാന്‍ ആഗ്രഹിച്ച നാട്ടുരാജാക്കന്മാരും വിദേശ ശക്തികളും ബ്രാഹ്മണമതത്തിന് താങ്ങും തണലുമായി നിന്ന് അതിന്റെ മൂര്‍ച്ച കൂട്ടി അവരുടെ ഏറ്റവും ശക്തിയുള്ള ആയുധമായി ഉപയോഗിച്ചു വന്നു. അതുമൂലം പെരുമയും ആദായവും ലഭിച്ച മറ്റ് യജമാന ജാതികളും അതിനെ താലോലിച്ചു പുലര്‍ത്തി. അങ്ങനെ അത് ഈ രാജ്യത്തെ മതവും സംസ്‌കാരവും പൊതു നിയമവും ആയിത്തീരുകയും ബഹുഭൂരിപക്ഷം ജനങ്ങള്‍ നികൃഷ്ഠരും മര്‍ദ്ദിതരുമായി അധപതി ക്കുകയും ചെയ്തു. അനേക നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച ഈ പുരോഹിത ദുഷ്പ്രഭുത്വത്തിന്റെ ചരിത്രത്തേയും സ്വഭാവത്തേയും വിശദീകരിക്കു വാനാണ് ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിട്ടുള്ളത്.

'ഒരു ജനത ദുര്‍ബലരും മനോ ധൈര്യമില്ലാത്തവരുമായി അവരുടെ സ്വന്തം മനസാക്ഷിയേയും പൗരാവകാശങ്ങളേയും സംരക്ഷിക്കുവാന്‍ അപ്രാപ്തരായിത്തീ രുമ്പോള്‍ പൗരോഹിത്യ മേധാവിത്വവും രാജകീയ സ്വേച്ഛാധി പത്യവും അനിവാര്യമായിത്തീരുന്നു. ഇതിന് പുരോഹിത ന്മാരേയും രാജാക്കന്മാരേയും പോലെതന്നെ പൊതുജനങ്ങളും ഉത്തരവാദി കളാണ്. ഒരു വിധം നോക്കിയാല്‍ ദുഷ്പ്രഭുത്വ അധികാരികളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം അതിന് കീഴ്‌പ്പെടുന്ന പൊതുജനങ്ങള്‍ക്കാണ്. 'ജനങ്ങള്‍ക്ക് ജീവിതവും ശക്തിയും ഉണ്ടാകുമ്പോള്‍ നുകങ്ങള്‍ താനേ വീണുപോകും' എന്ന് R C ഡട്ട് എഴുതിയിട്ടുള്ളത് പരമാര്‍ത്ഥമായി തീരുമെന്ന് നമുക്ക് ആശിക്കാം.'

സംഘകാലത്തെ സാമൂഹ്യവ്യവസ്ഥ

ഔവ്വയാര്‍ 
വീരമഹിളമാരെ പ്രാചീന കേരളീയര്‍ അത്യധികം ആദരിച്ചിരുന്നു. സമരപരിശീലനം പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും അനുപേക്ഷണീയമായിരുന്നു. മാതാവ്, സഹോദരി, പ്രേയസി എന്നീ അവസ്ഥകളില്‍ ധീരത, സ്വാര്‍ത്ഥ പരിത്യാഗം മുതലായ ഗുണങ്ങളെ വളര്‍ത്തുന്നതാണ് യഥാര്‍ത്ഥ സ്ത്രീത്വമെന്ന് അവര്‍ വിചാരിച്ചിരുന്നു. 'തന്റെ പുത്രന്‍ അറിവുള്ളവനാ ണെന്നു മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ മാതാവിനുണ്ടാകുന്ന ആനന്ദം മറ്റെല്ലാത്തിലും ഉപരിയാ യിട്ടുള്ളതാണ്' എന്നൊരു കവി പ്രസ്താവിച്ചിരിക്കുന്നു. പലതരം ആഭരണങ്ങള്‍ സ്ത്രീകളും പുരുഷന്മാരും ധരിച്ചിരിക്കുന്നു. 

സമൂഹഭിന്നതകളെ അകറ്റുന്ന സാഹോദര്യ ബോധത്തോടു കൂടിയ മൈത്രി രാജാക്കന്മാര്‍ക്കും അവരുടെ ഭടജനങ്ങള്‍ക്കും തമ്മിലുണ്ടായിരുന്നുവെന്നു 'അകപ്പാട്ടുകള്‍' തെളിയിക്കുന്നു.

പണ്ഡിതന്മാരെ രാജാക്കന്മാരും പ്രഭുക്കന്മാരും പ്രോത്സാഹിപ്പിച്ചുവന്നു. അവരുടെ ഹിതോപദേശങ്ങള്‍ക്കു മതിപ്പ് നല്കിയിരുന്നു. സ്ത്രീകള്‍ക്കും കാലോചിതമായ വിദ്യാഭ്യാസമുണ്ടായിരുന്നു. ഔവയാര്‍ മുതലായ കവയിത്രികള്‍ അക്കാലത്ത് സാഹിത്യ പോഷണം നിര്‍വഹിച്ചിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ ബാധ അന്നുണ്ടായിരുന്നില്ല. സമുദായത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഒരിടത്തും ഇല്ലായിരുന്നു. വൃക്ഷത്തണലുകളില്‍ ഗ്രാമസഭകള്‍ കൂടിയിരുന്നു. അവയെ 'മന്റം' എന്നാണ് പറഞ്ഞിരുന്നത്.

പ്രേമ വിവാഹങ്ങള്‍ ധാരാളം നടന്നിരുന്നു. ഗാന്ധര്‍വ വിവാഹം നിഷിദ്ധമായിരുന്നില്ല. പ്രണയത്തിനുവേണ്ടി നിരാഹാര സത്യാഗ്രഹം നടന്നിരുന്നുവെന്നും കാണുന്നില്ല. സ്ത്രീകള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമു ണ്ടായിരുന്നു അന്ന്. സംഗീതം, കവിത, നൃത്തം മുതലായവയില്‍ സ്ത്രീകളും പുരുഷന്മാരും പങ്കുകൊള്ളുക സാധാരണമായിരുന്നു. യാഴ് മുതലായ അനേകം ഗാനയന്ത്രങ്ങള്‍ നടപ്പിലിരുന്നു. പ്രത്യേകിച്ചൊരു മതമൊന്നും അന്നുണ്ടായിരുന്നില്ല. പൂര്‍വികന്മാരെ ആരാധിച്ചിരുന്നു. കൊറ്റവൈ എന്ന സമരദേവതയെ ആരാധിക്ക പതിവുണ്ടായിരുന്നു. പില്ക്കാലത്ത് ബഹുദേവാരാധനം നടപ്പായി. 

വിജ്ഞാനം, ധനം, പൗരുഷം എന്നിവ മൂലം ഉയര്‍ന്നവര്‍ രാജാക്കന്മാര്‍ എന്ന നിലയില്‍ ആദരിക്കപ്പെട്ടു. അറിവുമാത്രം കൈമുതലായുള്ളവര്‍ അന്തണരായിത്തീര്‍ന്നു. പൗരുഷവും പൊരുളുമുള്ളവര്‍ വണിക്കുകളായി. കൃഷിപ്പണിയിലേര്‍പ്പെട്ടവര്‍ വെള്ളാളരായി അറിയപ്പെട്ടു. കുറവര്‍, ഇടയര്‍, മറവര്‍, പരതവര്‍, അരയര്‍, പണികര്‍, പുലവര്‍, പാണര്‍, വിറലിയര്‍, കൂത്തര്‍, കൊല്ലര്‍, കുശവര്‍, വണ്ണാര്‍ എന്നിങ്ങനെ വിഭിന്ന നാമങ്ങളാല്‍ അറിയപ്പെട്ട അനേകം വര്‍ഗക്കാര്‍ അന്നുണ്ടായിരുന്നു വെങ്കിലും അവര്‍ തമ്മില്‍ യാതൊരു ഭേദബുദ്ധിയും ഉണ്ടായിരുന്നില്ല. പരിഷ്‌കൃത ജീവിതത്തിന് അനുരൂപമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടു ജനങ്ങള്‍ സമാധാനമായി കഴിഞ്ഞിരുന്നു. കൃഷിത്തൊഴിലിന് പ്രത്യേകം പ്രാധാന്യം കല്പിച്ചിരുന്നു. അതിഥി സല്ക്കാര പ്രിയരായിരുന്നു എല്ലാവരും.

സാധാരണ ജനങ്ങള്‍ ഈ ലോകത്തിലെ സുഖാനുഭവങ്ങളെ മാത്രമേ കാര്യമായി ചിന്തിച്ചിരുന്നുള്ളൂ. പരലോക ചിന്ത അവരെ അലട്ടിയിരു ന്നില്ല. പല്‍യാനൈചേല്‍ കെഴുകുട്ടുവന്റെ ആസ്ഥാനകവിയായ പാരലെഗൗതമനാര്‍, ബ്രാഹ്മണരുടെ ഹോമകുണ്ഠത്തില്‍ നിന്നു പൊങ്ങുന്ന ആഹൂതിയുടെ മണത്തേയും മാംസവണിക്കുകള്‍ മരക്കുറ്റിയില്‍ വെച്ചു കൊത്തിയരിഞ്ഞ ഇറച്ചി അതിഥികള്‍ക്കു തൃപ്തിയാകുവോളം നല്കി ഉപചരിക്കുന്നതിനായി പാചകശാലയില്‍ താളിച്ചു പാകം ചെയ്യുമ്പോള്‍ ഉയരുന്ന നെയ്മണത്തേയും ഓരേ രീതിയില്‍ വര്‍ണിക്കുന്നു. (പത്തുപ്പാട്ട്. മൂന്നാം പാട്ട്. പാട്ട് 1) എന്നു തന്നെയുമല്ല ഈ രണ്ട് മണങ്ങളുമാസ്വദിച്ച് ഭൂമിയിലെ അതിഥികളും സ്വര്‍ഗത്തെ ദേവന്മാരും ഒരു പോലെ തൃപ്തി പ്പെട്ടിരുന്നുവെന്നും പറഞ്ഞിരിക്കുന്നു. അക്കാലത്ത് ഉയര്‍ന്നവരും അല്ലാത്തവരും മദ്യപാനം ചെയ്തിരുന്നു. മാംസച്ചോറ് (ബിരിയാണി) സല്ക്കാരവേളകളില്‍ സര്‍വസാധാരണമത്രേ.

കൃഷി, കച്ചവടം, വ്യവസായം മുതലായവയില്‍ ഏര്‍പ്പെട്ടിരുന്ന അന്നത്തെ ജനങ്ങള്‍ നെല്കൃഷിക്കു തന്നെയാണ് പ്രഥമ സ്ഥാനം നല്കിയിരുന്നത്. കരിമ്പ്, വാഴ, മാവ്, പ്ലാവ്, കുരുമുളക് എന്നിവയും കൃഷിചെയ്തി രുന്നു. തെങ്ങിനെപ്പറ്റി പറഞ്ഞു കാണുന്നില്ല. ഉപ്പുണ്ടാക്കുകയും മീന്‍പിടിക്കുകയും ചെയ്തിരുന്നു, ഉമണരും പരതവരും. അവരുടെ സ്ത്രീകള്‍ ഉപ്പും മീനും വിതരണം ചെയ്തുവന്നു. വിലയായി നെല്ലാണ് കൊടുത്തിരുന്നത്. സ്വര്‍ണപ്പണി, ഇരുമ്പുവേല, ശംഖുമാലയുണ്ടാക്കുക, മുത്തു ശേഖരിക്കുക, കൃഷിക്കുള്ള ഉപകരണങ്ങളും യുദ്ധത്തിനുള്ള ആയുധങ്ങളുമുണ്ടാക്കുക, തോലുകൊണ്ടുള്ള ചെരിപ്പ്, കുതിരക്കോപ്പുകള്‍, പരിചകള്‍ മുതലായവ ഉണ്ടാക്കുക, നൂല്‍നൂല്‍പ്പും നെയ്ത്തും പലര്‍ക്കും തൊഴില്‍ നല്കി. കപ്പല്‍ വ്യാപാരത്തിലും അന്നത്തെ കേരളീയര്‍ വ്യാപൃതരായിരുന്നു. ചങ്ങാടം കെട്ടുവള്ളം പത്തേമാരി എന്നിവ ആയിരുന്നു അവര്‍ ജലയാന പാത്രങ്ങളായി ഉപയോഗിച്ചിരുന്നത്.
-------------------------------------------------------
* സംഘകാലത്തെ കേരളം എന്ന പുസ്തകത്തില്‍ നിന്നും.

ഗണപതിയും ബൃഹസ്പതിയും ബുദ്ധനും - നിത്യന്‍

ഗണം എന്ന പദത്തിന് കൂട്ടം എന്ന് അര്‍ത്ഥമു ണ്ടല്ലോ. ദേവഗണം, അസുരഗണം, മനുഷ്യഗണം, എന്നീ വാക്കുകള്‍ അതിന് ഉദാഹരണമാണ്. ഗണരാജ്യം എന്ന പദത്തിന് പ്രജായത്ത ഭരണ മുള്ള രാജ്യം, റിപ്പബ്ലിക് എന്നിങ്ങനെ ശ്രീകണ്‌ഠേ ശ്വരം പദ്മനാഭപിള്ള ശബ്ദതാരാവലിയില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നതും ശ്രദ്ധേയമാണ്. ഗണപതി എന്ന പദത്തിന് ശിവന്‍ എന്നും അര്‍ത്ഥമുണ്ടെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ദേവീപ്രസാദ് ചട്ടോപാധ്യായ ഗണപതി എന്ന പദത്തിന്റെ അര്‍ത്ഥം ഗണത്തിന്റെ (ഗോത്രത്തിന്റെ) പതി എന്നാണെന്നു പറയുന്നു. ബൃഹസ്പതിക്കും ഗണപതി എന്നു പേരുണ്ടായിരു ന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഐതരേയ ബ്രാഹ്മണത്തില്‍ ഗണാനാം ത്വ എന്ന് ബൃഹസ്പതിയെ സംബോധന ചെയ്യുന്നു. വേദസാഹിത്യത്തില്‍ ഗണപതിയെന്ന നാമം പല സ്ഥലത്ത് ബൃഹസ്പതിക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രാചീന ഭാരതത്തിലെ ഭൗതികവാദ ദര്‍ശനവുമായി ബന്ധപ്പെട്ട ഒരു നാമമാണ് ബൃഹസ്പതി എന്നുള്ളതും സ്മരണീയമാണ്.

ഗണപതി എന്ന പദത്തിന് ഗണത്തിന്റെ പതി (ഗോത്രത്തലവന്‍) എന്ന അര്‍ത്ഥമാണ് വരാഹമിഹിരന്‍ ബൃഹത്സംഹിതയില്‍ വ്യക്തമാക്കുന്നത്. (ബൃഹത്സംഹിത 15. 15) വാജസനേയ സംഹിതയിലും ഋഗ്വേദത്തിലും കാണുന്ന ഗണപതി എന്ന പദത്തിനും അതേ അര്‍ത്ഥമാണുള്ളതെന്ന് മോണിയര്‍ വില്യംസ് പറയുന്നു. വാജസനേയ സംഹിതക്കും വ്യാഖ്യാന മെഴുതിയ മഹിധരന്‍ ഗണാനാം ഗണരുപേന പാലകം എന്ന് ആ പദത്തിന് അര്‍ത്ഥം നല്കി. ഗണത്തെ അല്ലെങ്കില്‍ ഗണങ്ങളെ രക്ഷിക്കുന്ന വനാണ് ഗണപതി എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. ഗണപതി എന്നത് ആദ്യകാലത്ത് ദൈവത്തിന്റെ പേരായിരുന്നില്ല. ഗണപതി എന്ന നാമം ചില കൃതികളില്‍ ബുദ്ധന്റെ പര്യായമായും ഉപയോഗിച്ചു കാണുന്നു.

ഗണപതി മഹാഭാരതത്തില്‍

മഹാഭാരത കഥക്ക് എത്ര പഴക്കമുണ്ടെന്നു പറഞ്ഞാലും ഇന്ന് നമുക്ക് ലഭിച്ചിട്ടുള്ള മഹാഭാരതം എന്ന കൃതിക്ക് 1500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ല. അതിനു ശേഷം തിരുകിക്കയറ്റിയ ഭാഗങ്ങളും അതില്‍ കാണാം. ഏതാലും മഹാഭാരതത്തിന്റെ രചനയുമായി ഗണപതിക്ക് ബന്ധമുണ്ടായിരുന്നു എന്ന് അതില്‍ പറയുന്നുണ്ട്. ആ കഥ ഇപ്രകാര മാണ്: കൗരവ പാണ്ഡവന്മാരുടെ കഥ അവസാനിച്ചതിനു ശേഷം അതൊരു കാവ്യമായി എഴുതാന്‍ വ്യാസന്‍ തീരുമാനിച്ചു. പക്ഷെ പറഞ്ഞു കൊടുക്കുന്നത് എഴുതിയെടുക്കാന്‍ പറ്റിയ ആളെ കിട്ടാത്തതുകൊണ്ട് ഒരാളെ ഏര്‍പ്പാടു ചെയ്തു കൊടുക്കണമെന്ന് ബ്രഹ്മാവിനോടു പറഞ്ഞു. ഗണേശനെ വിളിക്കാന്‍ ബ്രഹ്മാവ് നിര്‍ദ്ദേശിച്ചു.

ഇങ്ങനെ വ്യാസന്‍ പറഞ്ഞുകൊടുത്ത മഹാഭാരതം ഗണപതി എഴുതി എന്നതിന് അര്‍ത്ഥമെന്താണ്? അക്കാലത്തെ പണ്ഡിതനായ ഏതോ ഗോത്രത്തലവനെ വിളിച്ചു വരുത്തി വ്യാസന്‍ ശ്ലോകങ്ങള്‍ ചൊല്ലിക്കൊ ടുത്തു എന്നും ഗോത്രത്തലവന്‍ എഴുതിയെടുത്തു എന്നുമല്ലാതെ ബുദ്ധിയു ള്ളവര്‍ക്ക് മറ്റൊന്നും മനസിലാക്കാന്‍ സാധ്യമല്ല. ഒരു ഗണപതിയുടെ സഹായത്തോടെ വ്യാസന്‍ രചിച്ച മഹാഭാരതത്തില്‍ ഗണപതിയെപ്പറ്റി പറയുന്നതെന്താ ണെന്നറിയുന്നത് കൗതുകകരമായിരിക്കും. ഗണേശന്മാര്‍, ഗണപതികള്‍, വിനായകര്‍ എന്നിങ്ങനെ ബഹുവചന രൂപത്തിലാണ് അതില്‍ അവയെപ്പറ്റി പറയുന്നത്.

അയിത്തക്കാരനായ ഗണപതി

സവര്‍ണരുടെ വിവാഹം, ഉപനയനം, അന്നപ്രാശനം തുടങ്ങിയ ഗൃഹസംബന്ധമായ കാര്യങ്ങള്‍ എങ്ങനെ നിര്‍വഹിക്കണമെന്നു വിശദീകരിക്കുന്ന വാനവ്യഗൃഹ്യസൂത്രം എന്ന സംസ്‌കൃതകൃതിയുല്‍ ഗണപതികള്‍, വിനായകര്‍ എന്നിവരെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ഇവ സാധിക്കുന്ന വ്യക്തികള്‍ തറയില്‍ ആഞ്ഞു ചവിട്ടുകയും പുല്ലു മുറിക്കുകയും സ്വന്തം ദേഹത്തില്‍ എഴുതുകയും ചെയ്യും. വെള്ളം, തലമുഴുവന്‍ മുണ്ഡനം ചെയ്ത മനുഷ്യര്‍, ഒട്ടകങ്ങള്‍, പന്നികള്‍, കഴുതകള്‍ തുടങ്ങിയവയെ ഇവര്‍ സ്വപ്‌നം കാണും. വായുവില്‍ സഞ്ചരിക്കുന്നതുപോലെ ഇവര്‍ക്കു തോന്നും. നടക്കുമ്പോള്‍ പുറകില്‍ക്കൂടി പിന്തുടരുന്നതായി അനുഭവപ്പെടും. (മാനവഗൃഹ്യസൂത്രം 2:14)

പഴയകാലത്ത് പ്രേതബാധയെന്ന് കരുതപ്പെട്ടിരുന്ന മനോരോഗങ്ങളുടെ ലക്ഷണങ്ങളാണിവ. വിനായകര്‍ (ഗണപതികള്‍) തുടങ്ങിയവര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ അതില്‍ തുടര്‍ന്ന് വിവരിക്കുന്നു.

ഭരിക്കാന്‍ അര്‍ഹത ഉണ്ടായിട്ടും ആ രാജകുമാരന്മാര്‍ക്ക് രാജ്യം ലഭിച്ചില്ല. ആവശ്യമായ ഗുണങ്ങള്‍ ഉണ്ടായിട്ടും പെണ്‍കുട്ടികള്‍ക്ക് വരന്മാരെ ലഭിച്ചില്ല. ഗര്‍ഭധാരണ ശേഷി ഉണ്ടായിട്ടും സ്ത്രീകള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. മറ്റു സ്ത്രീകളുടെ കുട്ടികള്‍ മരിച്ചു. പഠിപ്പിക്കാ നുള്ള യോഗ്യതയുണ്ടായിട്ടും പണ്ഡിതനായ അധ്യാപകന് ശിഷ്യരെ കിട്ടിയില്ല. വിദ്യാര്‍ത്ഥികള്‍ പഠനത്തിന് പല തടസങ്ങളും ഇടവേളക ളുമുണ്ടായി. വ്യാപാരവും കൃഷിയും വിജയകരമായില്ല. 

ഗണപതിയെ ഒരു ദുര്‍ദ്ദേവതയായിട്ടാണ് മാനവഗൃഹ്യസൂത്രകാരന്‍ കാണുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. യാജ്ഞവല്യസ്മൃതിയില്‍ രുദ്രനും ബ്രഹ്മാവും കൂടി തടസങ്ങള്‍ (വിഘ്‌നങ്ങള്‍) ഉണ്ടാക്കുന്നതിനു വേണ്ടി ഗണങ്ങളുടെ അധിപതിയായി വിനായകനെ നിയമിച്ചതായി പറയുന്നു. വിനായകന്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളെ അതില്‍ വിവരിക്കുന്നത് ഇപ്രകാരമാണ് :

'അവന്‍ ബാധിക്കുന്ന വ്യക്തികള്‍ക്ക് വെള്ളത്തില്‍ മുങ്ങുന്നതുപോലെ തോന്നും. മുണ്ഡനം ചെയ്ത തലയുള്ളവരും ചുവന്ന വസ്ത്രം ധരിച്ചവ രുമായ ആളുകളെ കാണുക. മാംസാഹാരികളായ മൃഗങ്ങളുടെ പുറത്തു കയറി നടക്കുക. ഒട്ടകങ്ങള്‍ തുടങ്ങിയ വയുടെ കൂട്ടത്തില്‍ കഴിയുക. ശത്രുക്കളില്‍ നിന്ന് ഓടിപ്പോകാന്‍ ആഗ്രഹിക്കു മെങ്കിലും അതിന് കഴിയാതിരിക്കുക.... എന്നിങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായതായി അവര്‍ക്കു തോന്നും. ആ വ്യക്തിക്ക് ഏകാഗ്രത ഇല്ലാതാകും. ഒരു കാര്യത്തിലും വിജയിക്കാന്‍ കഴിയാതെ വരും. കാരണമില്ലാതെ നൈരാശ്യം ബാധിക്കും. ഗണപതി ബാധിക്കുന്ന രാജകുമാരന് രാജ്യം ലഭിക്കുകയില്ല.'

യാജ്ഞവല്ക്യനു ശേഷം സ്മൃതി രചിച്ച മനുവാണ് ബ്രാഹ്മണ മതത്തി ന്റെ നിയമങ്ങള്‍ക്ക് രൂപം നല്കിയവരില്‍ പ്രധാനി. അദ്ദേഹം ഗണപതി യെ പൂജിക്കുന്നവരെപ്പറ്റി പറയുന്നതു നോക്കുക: 

ശ്വക്രിഡീ ശ്യേനജീവി ച കന്യാ ദൂഷക വേ ച 
ഹിംസ്രോ വൃഷലവൃത്തിശ്ച ഗണാനാം ചൈവയാജകം (മനുസ്മൃതി 3:164)

ഈ ശ്ലോകത്തിന് സിദ്ധിനാഥാനന്ദസ്വാമി നല്കിയിട്ടുള്ള അര്‍ത്ഥം ഇതാണ്: ക്രീഡാര്‍ത്ഥം ശ്വാക്കളെ വളര്‍ത്തുന്നവന്‍, പരുന്തിനെ പിടിച്ചു വളര്‍ത്തി ജീവിക്കുന്നവന്‍, കന്യാഗമനം ചെയ്യുന്നവന്‍, ഹിംസരതനു, ദാസന്‍, വിനായകാദി ഗണങ്ങളെ പൂജിക്കുന്നവന്‍... ഇവര്‍ ദൈവ പിതൃകൃത്യ ങ്ങള്‍ക്ക് ത്യാജ്യരാകുന്നു. വൃഷമെന്നാല്‍ ധര്‍മം. വൃഷത്തിനും ലോപം വരുത്തുന്നവന്‍ വൃഷലന്‍ - ശൂദ്രന്‍ (മനുസ്മൃതി. മാതൃഭൂമി എഡിഷന്‍. 1986. പേജ് 126)

മാക്‌സ് മുള്ളര്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ജി ബ്യുള്ളറുടെ മനുവിന്റെ നിയ (Laws of Manu) മങ്ങള്‍ എന്ന ഗ്രന്ഥത്തിലും ഇതേ അര്‍ത്ഥം തന്നെയാണ് കൊടുത്തിരിക്കുന്നത്. മനുസമൃതി എഴുതുന്ന കാലത്ത് ഗണപതി താഴ്ന്ന ജാതിക്കാരുടെ ദൈവമായിരുന്നു എന്നതാണ് ഇത് തെളിയിക്കുന്നത്. 'ഭൂതബാധ'യുടെ പര്യായമായിരുന്നു അക്കാലത്ത് ഗണപതി ബാധയെന്നും നമ്മള്‍ കണ്ടു.

(ഒന്നാം ഭാഗം വായിക്കുക)
------------------------------------------------
കടപ്പാട്: തേരാളി മാസിക 1992 ഡിസംബര്‍ ലക്കം. ചിത്രം, ചിത്രകാരന്‍ ടി മുരളിയുടെ പെയിന്റിംങ്ങാണ്.

നാരായണഗുരു ഹിന്ദുമതത്തെ തകര്‍ക്കുന്ന 17 ആം പ്രതി ! - ഈഴവര്‍ കൊടുത്ത കേസ്

ജാത്യാചാരങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുത്ത ഗുരുവിനെ എതിര്‍ക്കാനും നിന്ദിക്കാനും സവര്‍ണര്‍ മാത്രമല്ല ഉണ്ടായിരുന്നത്. ഈഴവരിലെ യാഥാസ്ഥിതി കരുടെ ശത്രുതയോടെയുള്ള എതിര്‍പ്പും ഗുരുവിന് നേരിടേണ്ടിവന്നു. അവര്‍ ഗുരുവിനെ ഹിന്ദുമത വിരുദ്ധനായാണ് മുദ്രകുത്തിയത്.

നാരായണഗുരുവിനെ 17 ആം പ്രതിയാക്കി പറവൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ 1924 ല്‍ ഒരു അന്യായം ഫയല്‍ ആക്കിയിരുന്നു. കേസിനാസ്പദമായ സംഭവം ഇങ്ങനെ ഗ്രഹിക്കാം.

നന്ത്യാട്ടുകുന്ന് കാക്കനാട്ടുവീട്ടില്‍ പാര്‍പ്പുകാരനും ഈഴവരും മരുമക്ക വഴി ഹിന്ദുമതക്കാരുമായ കൊച്ചിറ്റിയയുടെ അനന്തിരവര്‍ ശങ്കുണ്ണി, നീലകണ്ഠന്‍, മകള്‍ മാധവി എന്നിവരാണ് വാദികള്‍. ഇവരുടെ കുടുംബസ്വത്തായിരുന്ന കാളികുളങ്ങര ക്ഷേത്രവും വസ്തുവകകളും ശ്രീനാരായണ ഗുരുവിനെ നിര്‍ബന്ധിച്ച് ഏല്പിക്കുകയായിരുന്നു. ഈ ഈഴവ ക്ഷേത്രത്തില്‍ പുലയര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

ക്ഷേത്രത്തിന്റെ നടത്തിപ്പ് നാരായണഗുരു ഏറ്റെടുത്തപ്പോള്‍ ആദ്യം ചെയ്തത് പുലയരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കലായിരുന്നു. വാദികള്‍ ഇതില്‍ ക്ഷുഭിതരായി പുലയര്‍ കയറിയ ക്ഷേത്രം പുണ്യാഹം തളിച്ച് ശുദ്ധമാക്കണമെന്നായി. ഗുരു അതിന് സമ്മതം നല്കിയില്ല. തുടര്‍ന്നാണ് ചതിയനും വഞ്ചകനുമായ 17 ആം പ്രതി പുലയരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് ക്ഷേത്രത്തിന് അശുദ്ധം വരുത്തി ഹിന്ദുമത വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു വാദിഭാഗം ഗുരുവിനെപ്പറ്റി ആരോപണം ഉന്നയിച്ചിരുന്നത്.

ഹിന്ദുമതസാരമായ അയിത്തം ലംഘിച്ച് ഹിന്ദുമതത്തെ തകര്‍ക്കുന്ന 17 ആം പ്രതി നാരായണഗുരുസ്വാമി എന്നുകൂടി പറഞ്ഞു വരുന്ന 70 വയസ്സുള്ള നാണുവാശാന് പരമാവധി ശിക്ഷ നല്കി ഹിന്ദുമതത്തെ രക്ഷിക്കണമെന്നായിരുന്നു ഇക്കൂട്ടരുടെ വാദം.

(കടപ്പാട്: ഒരു മഹാമനീഷിയുടെ ജീവിത സാക്ഷ്യങ്ങള്‍ - ഡോ. കെ എസ് രാധാകൃഷ്ണന്‍)
-------------------------------------------------------------------
കടപ്പാട്: എ ലാല്‍സലാം എഡിറ്റ് ചെയ്ത് മൈത്രി ബുക്‌സ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച 'മതത്തെപ്പറ്റി നാരായണഗുരു' എന്ന ഗ്രന്ഥത്തില്‍ നിന്നും

ആഗോള ആസ്വാദകരുടെ അന്ധഗായകകവി മണി

മണി 
സര്‍ഗപരമായി അഭ്യുന്നതിയിലെത്തേണ്ട ഒരു ദലിത് ജീവിതം എങ്ങിനെയെല്ലാം തകര്‍ക്കപ്പെട്ടു എന്നതിനുള്ള ഉത്തമ പാഠപുസ്തകമാണ് അന്ധഗായകകവി മണി.

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പിറവത്തിടുത്ത് മണീട് പഞ്ചായ ത്തില്‍ വിത്താരി യുടേയും ചെറിയ യുടേയും ഏക മകനായി മണി എന്ന കുറുമ്പന്‍ ജനിച്ചു. ചെറിയയുടെ അച്ഛന്‍ നേര്‍കുഴി തേവന്‍ പുറപ്പേരി മനയിലെ കുടിയാന്മാരാ യിരുന്നു. മണിക്ക് ഇപ്പോള്‍ 74 വയസുണ്ട്. 1940 - 41 ലായിരിക്കണം ജനിച്ചത്. 14 വയസുവരെ മണിക്ക് കാഴ്ചയുണ്ടായിരുന്നു. 'ദിനം' വന്നാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന് മണി ഓര്‍മിക്കുന്നു. ആ കാലത്തുതന്നെ അച്ഛനും അമ്മയും മണിക്ക് നഷ്ടമായി. പിന്നീട് വലിയച്ഛന്‍ എടുത്തു വളര്‍ത്തി. പാട്ടുപാടു ന്നതില്‍ ജന്മവാസ നയുള്ള മണി പിന്നീട് അവിടന്നിങ്ങോട്ട് പാടി ജീവിച്ചു. 

സാധാരണ അന്ധഗായകരെക്കുറിച്ച് പറഞ്ഞു കേള്‍ക്കാറുള്ളത്, പാടാനുള്ള അവരുടെ കഴിവ് പരിശീലനത്തിലൂടെ സിദ്ധിക്കുന്നതാണ്, സര്‍ഗപര മായുള്ളതല്ല എന്നൊക്കെ. കാരണം, നേത്രേന്ദ്രിയം ഇല്ലാത്തതിലാല്‍ ആ കുറവ് മറ്റ് ഇന്ദിയങ്ങള്‍ പരിഹരിക്കുന്നു എന്നതാണ്. ഈനിരീക്ഷ ണത്തില്‍ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും, മണി എന്ന അന്ധഗായകന്‍ ഇതില്‍ നിന്നും വ്യത്യസ്ഥനാണെന്ന്, അടുത്തിരുന്ന് അദ്ദേഹത്തിന്റെ സ്വരം കേട്ടിട്ടുള്ളവര്‍ക്കൊക്കെ ബോധ്യമാകും. കാഴ്ച നഷ്ടപ്പെടുന്നതിനു മുമ്പുതന്നെ പണി പാട്ടുകാരനായിരുന്നു. അല്പം പരിശീലനം കിട്ടിയിരുന്നെങ്കില്‍ മണി മുഹമ്മദ് റാഫിയെ വെല്ലുമായിരുന്നു!

തെരുവുഗായകനായി പാടുന്ന മണിയുടെ സ്വരമികവ് തിരിച്ചറിഞ്ഞ ഇടതുപക്ഷപാര്‍ട്ടി മണിയെ അവരുടെ പ്രചാരകനാക്കി. അതോടെ മണിയുടെ സര്‍ഗവളര്‍ച്ച നിലച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചക്ക് മണിയുടെ കഴിവ് വേണ്ടവിധം ഉപയോഗപ്പെടുത്തപ്പെട്ടപ്പോള്‍ ഗായകന്‍ എന്ന നിലയില്‍ വളരേണ്ട തന്റെ ജീവിതം മണിക്ക് നഷ്ടമാകുകയായിരുന്നു. പാര്‍ട്ടിയെ വളര്‍ത്താന്‍ മണിയെ ഉപയോഗപ്പെടുത്തിയവര്‍ ഒരു ഗായകനെ വളര്‍ത്താന്‍ തയാറായിരുന്നില്ല! പെരുമാള്‍ മുരുകന്‍ എന്ന എഴുത്തു കാരന്‍ എഴുത്തു നിര്‍ത്തിയ തിനെ 'സര്‍ഗമൃത്യു' എന്നാണ് വിശേഷിപ്പി ക്കപ്പെട്ടത്. അങ്ങനെയെങ്കില്‍ ഒരു ഗായകന്റെ വളര്‍ച്ച തടയപ്പെട്ടതിനെ 'സര്‍ഗഹത്യ' എന്നും പറയാം. പാര്‍ട്ടിയുടെ വളര്‍ച്ചക്ക് മണിയെ അമിതമായി ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ പോലും, ആഗോള ആസ്വാദകന് ഒരു മികച്ച ഗായകനെ ലഭ്യമാക്കുന്നതിന് മണിക്ക് സ്വാതന്ത്ര്യവും അനുവദിക്കണമായിരുന്നു എന്നാണ് ഇപ്പോള്‍ ഇക്കാര്യ ത്തില്‍ നിരീക്ഷി്ക്കപ്പെടുന്നത്. 

തെരഞ്ഞെടുപ്പുകാലത്താണ് മണിക്ക് 'തിരക്കേറുന്നത്'. പകലന്തിയോളം, ജീപ്പിലിരുത്തി കിലോമീറ്റുകളോളം മണിയെക്കൊണ്ട് പാടിക്കും. മണിയുടെ പാട്ടുകേള്‍ക്കാന്‍ എല്ലാ പാര്‍ട്ടികളിലും പെട്ടവര്‍, സ്ത്രീകളടക്കം പ്രചരണവാഹനത്തിന് സമീപം എത്തുമാ യിരുന്നു. ഇത് മണിയുടെ പാട്ടിന്റെ മികവാണ്, പാര്‍ട്ടിയുടെ മികവല്ല. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം നിയോജകമണ്ഡലത്തില്‍, സി പി എം സ്ഥാനാര്‍ത്ഥി ഗോപി കോട്ടമുറിക്കലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബെന്നിബഹനാനും കോണ്‍ഗ്രസ് റിബലായി പ്രൊഫ. സി പൗലോസും മത്സരിക്കുകയായിരുന്നു. സി പൗലോസിന്റെ ചിഹ്നം 'രണ്ടില'യായിരുന്നു. അന്നൊരിക്കല്‍ പിറവത്തുവെച്ച് മണി വഴിയരികില്‍ നില്ക്കുമ്പോള്‍, സി പൗലോസിന്റെ പ്രവര്‍ത്തകര്‍ അടുത്തുകൂടി, രണ്ടില ചിഹ്നം ബാഡ്ജ് മണിയുടെ ഷര്‍ട്ടില്‍ കുത്തിയ ശേഷം സി പൗലോസിനെ കുറിച്ച് പാടണമെന്ന് അഭ്യര്‍ത്ഥിച്ചു. മണി പാടുകയും ചെയ്തു, പക്ഷെ അത് സിപിഎം സ്ഥാനാര്‍ത്ഥിക്കു വേണ്ടിയായിരുന്നു! ആരും തടഞ്ഞില്ല. ഒരു കണ്ണുപൊട്ടനെ പറ്റിച്ചതി ലുള്ള കൗതുകമല്ല എല്ലാവരിലും ഉണ്ടായിരു ന്നത്, ഒരു ഗായകന്റെ സ്വരത്തിലെ ആസ്വാദ്യതയായിരുന്നു.

പാരഡി ഗാനങ്ങളായിരുന്നു മണി തെരഞ്ഞെടുപ്പുകാലത്ത് പാടിയിരുന്നത്. തെരഞ്ഞെടുപ്പിന് പറ്റിയ തന്ത്രം അതാണല്ലോ. നേരത്തേ ജനഹൃദയങ്ങളില്‍ ചേക്കേറിയ ഈണത്തിലേക്ക് പുതിയ വാക്കുകള്‍ മാറ്റിസ്ഥാപിച്ചാല്‍ എളുപ്പം കമ്പോസിങ് പൂര്‍ത്തിയാകുകയും ചെയ്യും അത് വേണ്ടതിലേറെ ഗുണവും ചെയ്യും. എന്നാല്‍ അക്ഷരജ്ഞാനമില്ലാത്ത മണിക്ക് കവിത രചിച്ചു പാടാനും കഴിവുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേരുവിവരവും അവകാശവാദവും പറഞ്ഞുകേള്‍പ്പിച്ചാല്‍ മണി 'ഉണ്ടാക്കി' പ്പാടുമായി രുന്നു. അതിന് മണിക്ക് ചുരുക്കമായേ സ്വാതന്ത്ര്യം അനുവദിച്ചിരുന്നുള്ളൂ. അങ്ങനെ ഒരു കവിയും ആസ്വാദകരുടെ നഷ്ടങ്ങളില്‍ മറ്റൊന്നായി!

ടി കെ രാമകൃഷ്ണന്‍ മണിയെ തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള അന്ധവിദ്യാലയ ത്തില്‍ കൊണ്ടുചെന്നു ചേര്‍ത്തതാണ്. 3 മാസത്തിനു ശേഷം, പഠനം പൂര്‍ത്തിയാക്കാതെ മണി അവിടം വിട്ടു. പാര്‍ട്ടിയുടെ മുഴുവന്‍സമയ ഗായകനായി തുടര്‍ന്നു. ഇഎംഎസ് ഷേക്ഹാന്റ് കൊടുത്തതും എകെജിയുടെ അടുത്തിരുന്ന് ഊണുകഴിച്ചതും പാര്‍ട്ടി ജീവിതം തനിക്കുതന്ന മികച്ച സംഭാവനകളായി മണി ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ഒരു സമ്മേളനത്തിന് ഊണുകഴിഞ്ഞ് പുറപ്പെടാന്‍ തുടങ്ങുന്ന കെ ആര്‍ ഗൗരിയമ്മ, ആ കണ്ണുപൊട്ടന്റെ (അവര്‍ കളിയാക്കിയതല്ല) പാട്ടുകൂടി കേട്ടിട്ടു പോകാമെന്ന് പറഞ്ഞു. 8 ആം പാര്‍ട്ടി കോണ്‍ഗ്രസ് എറണാകുളത്തു വെച്ചു നടന്നപ്പോള്‍ പണിക്ക് സ്റ്റേജില്‍ പാടാന്‍ അവസരം കൊടുത്തു. ദേശാഭിമാനി പത്രത്തില്‍ ഫോട്ടോ സഹിതം മണിയെക്കുറിച്ച് ഫീച്ചര്‍ വന്നു. അതോടെ, ഇപ്പോഴും മണി 'സഖാവ്' എന്ന് സ്വയം വിശേഷിപ്പിക്കുന്നു.

പൊന്‍കുന്നം ദാമോദരനും പി ജെ ആന്റെണിയും സിപിഎം ജില്ലാ സെക്രട്ടറിയാ യിരുന്ന എ പി വര്‍ക്കിയും മണിക്ക് പാട്ട് എഴുതി ക്കൊടുത്ത വരില്‍ പെടുന്നു. ജോസഫ് മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിനെ ക്കുറിച്ച് എഴുതിക്കൊടുത്ത ഗാനം ഏറെ പാര്‍ട്ടി വേദികളില്‍ മണി പാടി. ഒഎന്‍വി കുറുപ്പിന്റെ കവിതകളും മണിക്ക് ഏറെ പ്രിയം. കെ എസ് ജോര്‍ജിനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ആ പാട്ടും സ്വരവും മണിക്ക് അങ്ങേയറ്റം ഇഷ്ടമാണ്. സമീപകാലത്ത് ഉണ്ടായ ഗാനങ്ങളില്‍ 'എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ' എന്ന സിനിമാ ഗാനമാണ് ഇഷ്ടപ്പെട്ടത്.


മണിയും മണിയും 
1985 ല്‍ മണി, നാട്ടുകാരിയായ അമ്മിണിയെ വിവാഹം കഴിച്ചു. ഇവരുടെ ചെല്ലപ്പേരും 'മണി' എന്നു തന്നെയാണ്. മാനസിക നില തകരാറിലായ അമ്മിണി ഇപ്പോള്‍ ഒരു വിധം ജീവിച്ചു പോവുകയാണ്. മണി - മണി ദമ്പതികള്‍ക്ക് രണ്ടു മക്കളാണ്. മൂത്ത മകള്‍ മായയും ഇളയ മകന്‍ മനുവും. മണി എന്നും രാവിലെ ദൂരങ്ങള്‍ സഞ്ചരിച്ചു വരും. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ മണിക്ക് ഇല്ല. അച്ഛന്‍ സഞ്ചരിക്കുന്ന തുകൊണ്ട് കുഴപ്പമില്ല, എന്നാല്‍ ഹോട്ടലുകളില്‍ കയറി ഹിതകരമല്ലാത്ത ഭക്ഷണം കഴിച്ച് അസുഖം വരുത്തിവെക്കുന്നതിനാല്‍ നടപ്പു വിലക്കി യിരിക്കുകയാണ് നേഴ്‌സിങ് പാസായ മരുമകള്‍ അനുമോള്‍. 

അമേരിക്കയില്‍ ജീവിച്ചരുന്ന കറുത്തവര്‍ഗക്കാരനായ അന്ധഗായകന്‍ റേ ചാള്‍സിന് തുല്യനാണ് മണി. റേ എന്ന ഗായകന്റെ ലോകസംഗീത ത്തിന്റെ ലാഭമായെങ്കില്‍ മണി എന്ന അന്ധഗായകകവി സംഗീതലോക ത്തിന്റെ നഷ്ടമാണ് എന്നതാണ് വലിയൊരു വ്യത്യാസം.


2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

മിശ്രവിവാഹസംഘം ബുള്ളറ്റിന്‍ - സ്വപ്‌ന ചിത്ര

വി കെ പവിത്രനും ഭാര്യയും 
1958 ഏപ്രില്‍ 10 ന് എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ ഗുരു മന്ദിരത്തില്‍ വെച്ച് സഹോദരന്‍ അയ്യപ്പന്റെ ആഗ്രഹപ്രകാരം അഡ്വ. കെ എ സുബ്രഹ്മണ്യത്തെ പ്രസിഡന്റായും വി കെ പവിത്രനെ സെക്രട്ടറിയായും കെ എ മാമന്‍, എന്‍ ആര്‍ പ്രകാശം എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടു ത്തുകൊണ്ട് കേരള മിശ്രവിവാഹസംഘം നിലവില്‍ വന്നു. നിരന്തര പ്രസ്ഥാവനകള്‍ വഴിയും ലഘുലേഖകള്‍ വഴിയും പ്രചരണം സംഘടിപ്പിക്കുകവഴി കേരളത്തി ലുടനീളം മിശ്രവിവാഹ സംഘത്തിന്റെ മുഖപത്രമായി ''മിശ്രവിവാഹസംഘം ബുള്ളറ്റിന്‍' കൂടി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ തോടെ സംഘപ്രവര്‍ത്തനം ഏറെ ഉഷാറായി. ബുള്ളറ്റിന്റെ ആസ്ഥാനം എറണാകുളമായിരുന്നു. ശരാശരി 30 പേജില്‍ 1/2 വലിപ്പത്തിലായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നത്. മിശ്രവിവാഹസംഘം ബുള്ളറ്റിന്‍ എന്ന ആശയം ആദ്യം ഉന്നയിച്ചത് സഹോദരന്‍ അയ്യപ്പനായിരുന്നു. സംഘ ത്തിന്റെ പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും ഓരോ രൂപവീതം സംഭാവന വാങ്ങി പണം സ്വരൂപിക്കാം എന്നായിരുന്നു ധാരണ. എന്നാല്‍ ഇതത്ര പ്രായോഗികമല്ല എന്ന് ഒടുവില്‍ മനസിലാ യതോടെ വി കെ പവിത്രന്‍ തന്റെ ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ച് ഇതിലേക്ക് വേണ്ടതായ പണം കണ്ടെത്തുകയായിരുന്നു. അങ്ങിനെ 1960 ഏപ്രില്‍ 1 ന് ബുള്ളറ്റിന്റെ പ്രഥമ ലക്കം വെളിച്ചം കണ്ടു. ജാതിവിരുദ്ധ സമരനാ യകനായിരുന്ന സഹോദരന്റെ 'ഒരു ജാതി' എന്ന ലേഖനമായിരുന്നു ആദ്യലക്ക ത്തിന്റെ ആമുഖക്കുറിപ്പ്. ഏക ലോക മെന്നതേക്കാള്‍ ഏക ജാതിയാണ് മഹത്തരമെന്ന് സഹോദരന്‍ അതില്‍ സ്ഥാപിക്കുന്നു. 'ജയ് ഏക ജാതി' എന്ന മുദ്രാ വാക്യം അങ്ങിനെയാണ് മിശ്രവിവാഹ സംഘം ഏറ്റെടുക്കുന്നത്. അന്ന് ഇറങ്ങിയിരുന്ന ബുള്ളറ്റിന്റെ കവര്‍ പേജില്‍ 'ജയ് ഏക ജാതി' എന്ന് ചേര്‍ത്തിരുന്നു.

പത്രങ്ങളില്‍ വൈവാഹിക പരസ്യങ്ങള്‍ വന്നു തുടങ്ങിയിട്ടില്ലാത്ത കാലത്ത് ആദ്യമായി ഇത്തരം പരസ്യങ്ങള്‍ കൊടുത്തു തുടങ്ങിയത് മിശ്രവിവാഹ സംഘം ബുള്ളറ്റിനി ലായിരുന്നു. അതേപോലെ തന്നെ കേരളത്തില്‍ ആദ്യമായി വിവാഹ ബ്യൂറോ ആരംഭിച്ചതും മിശ്രവിവാഹ സംഘം ബുള്ളറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു. വൈവാഹിക പരസ്യം പോലെ തന്നെ വിവാഹ വാര്‍ത്തകളും ബുള്ളറ്റിന്റെ പ്രധാന ഇനമാ യിരുന്നു. ഓരോ ലക്കവും മിശ്രവിവാഹിതരുടേയോ അവരുടെ കുട്ടിക ളുടേയോ ചിത്രമായിരുന്നു മുഖചിത്രമായി കൊടുക്കാറുള്ളത്. പത്രാധി പക്കുറിപ്പുകള്‍ എന്ന പേരില്‍ വന്നിരുന്ന എഡിറ്റോറിയലുകള്‍ ജാതിമത ശക്തികളെ ലാക്കാക്കിയുള്ള ടൈംബോംബുകള്‍ തന്നെയായിരുന്നു. ഗോവധം നിരോധിക്കണമെന്ന ഹിന്ദുമത ശക്തികളുടെ ആഹ്വാനത്തിന് നേരെ മിശ്രവിവാഹ സംഘം പ്രതികരിച്ചത് അവരെ വേവിക്കാത്ത മാംസം തീറ്റിക്കണം എന്ന് എഡിറ്റോറിയല്‍ എഴുതിക്കൊണ്ടാണ്. പ്രസ്തുത എഡിറ്റോറിയല്‍ കോഴിക്കോട്ടെ 'പ്രദീപം' പ്രസിദ്ധീകരണം പുനപ്രസിദ്ധീ കരിച്ചപ്പോള്‍ പ്രതമാഫീസ് കത്തിക്കണമെന്ന് ആര്‍എസ് എസ്സിന്റെ ഭീഷണി ഉയരുകയുണ്ടായി. ശിവഗിരിയില്‍ നാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്ന തിനെതിരേ എഴുതിയ എഡിറ്റോ റിയല്‍ ശ്രീനാരായണീയരില്‍ വമ്പിച്ച പ്രതിഷേധത്തിന് ഇടവരുത്തി. ഇതില്‍ തന്റെ ഗുരുസ്ഥാനീയനായ സഹോദരനെ പോലും പത്രാധിപര്‍ വെറുതേ വിട്ടില്ല.

സഹോദരന്‍, വി ടി ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിള്ള, എം സി ജോസഫ്, വി കെ പവിത്രന്‍ എന്നീ പ്രമുഖരെ കൂടാതെ സുഭാഷ് ചന്ദ്രന്‍, ശങ്കര്‍ ജി മറ്റം, ശിവദാസന്‍, എം കെ കൃഷ്ണന്‍, എന്‍ എ സുരേന്ദ്രന്‍, ദേവകി ജോസ് എന്നിവരും ഇതിലെ എഴുത്തുകാരായിരുന്നു. ലേഖനങ്ങള്‍ കവിത നാടകം കഥ, പുസ്തക നിരൂപണം, ചര്‍ച്ച, വായനക്കാരുടെ കത്തുകള്‍ എന്നുവേണ്ട ഒരു സാഹിത്യ മാസികക്ക് വേണ്ടതായ വിവിധ വിഭവങ്ങളും മിശ്രവിവാഹസംഘം ബുള്ളറ്റിനില്‍ ഉണ്ടായിരുന്നു. അതുപലെ തന്നെ ഈ ബുള്ളറ്റിന്റെ മറ്റൊരു പ്രത്യേകത ചരിത്ര പ്രാധാ ന്യമുള്ള ധാരാളം രേഖകളുടേയും വിവരങ്ങളുടേയും ശേഖരം തന്നെയാ യിരുന്നു ഇത് എന്നതായിരുന്നു. കാലങ്ങള്‍ക്കു ശേഷം മിശ്രവിവാ ഹ സംഘത്തിന്റെ ആസ്ഥാനം കോട്ടയത്തേക്ക് മാറ്റുകയുണ്ടായി. അതിനു ശേഷം സംഘം പ്രവര്‍ത്തം ഏറെ മുന്നോട്ടു പോവുക യുണ്ടായില്ല. ഇതോടൊപ്പം മിശ്രവിവാഹസംഘം ബുള്ളറ്റിനും അനിവാര്യ പതനം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കടപ്പുറമായ വലിയതുറ, വെട്ടുകാട്, ബീമാപ്പള്ളി എന്നിവിടങ്ങളില്‍ അക്കാലങ്ങളില്‍ വര്‍ഗീയ സംഘട്ടനങ്ങള്‍ പതിവായിരുന്നു. ഒരിക്കല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉത്തരമുണ്ടായ ഒരു പ്രശ്‌നത്തെ പരിഹരിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടറുടേയും സിറ്റി പൊലീസ് കമ്മീഷണറു ടേയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ വിളിച്ച് ചേര്‍ത്ത ബന്ധപ്പെട്ടവ രുടെ യോഗത്തില്‍ കളക്ടര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ഇങ്ങിനെയാ യിരുന്നു: 'മുസ്ലീങ്ങള്‍ ബീമാപ്പള്ളി പ്രദേശത്തു മാത്രവും ക്രിസ്ത്യാനികള്‍ ചെറിയതുറ, വലിയതുറ, തോപ്പ്, കണ്ണന്തറ, വെട്ട്കാട്, കൊച്ചുവേളി, പൂന്തുറ ഭാഗത്തും മാത്രമായി മത്സ്യബന്ധനം ഒതുക്കി നിര്‍ത്തേണ്ടതാണ്' എന്നായിരുന്നു.

'ഒരേ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ മതത്തിന്റെ പേരില്‍ തരംതി രിച്ച് നിര്‍ത്തി അവര്‍ക്കായി ചില പ്രത്യേക പ്രദേശങ്ങള്‍ വേര്‍തിരിച്ച് കൊടുത്ത് ഭരണഘടനയെ ആക്ഷേപിക്കുന്നതും, ചെയ്തതായ പ്രതിജ്ഞാ ലംഘനത്തേയും ഒരിക്കലും അംഗീകരി ക്കാനാവില്ല. ഉപജീവനത്തിനായി നിയമത്താല്‍ വിലക്കപ്പെട്ടിട്ടില്ലാത്ത ഏത് തൊഴിലും ഏതൊരിടത്തും ചെയ്യുന്നതിനുള്ള അവകാശം ഏതൊരു പൗരനുമുണ്ട്. അത് ഏതൊരു മതവിഭാഗത്തിനും തീറെഴുതിക്കൊടുക്കാനുമാവില്ല. ഇക്കണക്കിന് ഓരോ മതക്കാരും പിടിക്കേണ്ട മത്സ്യങ്ങളെ കൂടി ഇനം തിരിച്ചു കൊടുക്കുകയി ല്ലെന്ന് ആരു കണ്ടു? മതത്തിന്റെ പേരില്‍ കടല്‍ക്കര മാത്രമല്ല ഉള്‍ക്കടല്‍ കൂടി വിഭജിച്ചെടുക്കാന്‍ ഒരു ഭരണ വൃത്തികേടുകള്‍ ചെയ്യുകയില്ലെ ന്നെങ്ങിനെ ഉറപ്പിക്കാന്‍ കഴിയും?' മിശ്രവിവാഹ സംഘം ബുള്ളറ്റിന്‍ 1970 ജൂലൈ ലക്കത്തില്‍ (P.No.3,4) വന്ന വാര്‍ത്തയാണ് മുകളില്‍ ഉദ്ധരിച്ചത്. തുടര്‍ന്ന് മിശ്രവിവാഹസംഘം ബുള്ളറ്റിന്റെ ടി വിഷയത്തി ലുള്ള നിര്‍ദ്ദേശം ഇത്തരത്തില്‍ വര്‍ഗീയതയേയും ജാതീയതയേയും പ്രത്സാഹിപ്പി ക്കത്തക്ക വിധത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്കി ഇരുട്ടുകൊണ്ട് ഓട്ടയടച്ച് തൊഴില്‍ത്തര്‍ക്കം തീര്‍ക്കാന്‍ ശ്രമിച്ച അന്നത്തെ വിവരദോ ഷിയായ ജില്ലാ കളക്ടറെ പ്രസ്തുത സ്ഥാനത്തു നിന്ന് പിരിച്ചു വിടാന്‍ സര്‍ക്കാര്‍ സന്നദ്ധത കാട്ടണം എന്ന് തുറന്നെഴുതി അന്ന് കേരളത്തിലെ ഏക പ്രസ്ദ്ധീകരണവും മിശ്രവിവാഹസംഘം ബുള്ളറ്റില്‍ മാത്രമായിരുന്നു എന്നതും നമുക്ക് അഭിമാനിക്കത്തക്കതായി മാറുന്നു.

കടപ്പാട്: യുക്തിരേഖ മാസിക 2015 ഏപ്രില്‍ ലക്കം. ചിത്രവും ആ ലക്കത്തില്‍ കൊടുത്തിരുന്നതാണ്.

അടിയരുടെ കറുത്ത കലകള്‍ തേടി - ഡോ. ചുമ്മാര്‍ ചൂണ്ടല്‍

ഡോ.ചുമ്മാര്‍ ചൂണ്ടല്‍ 
ജന്മിമാരുടെ അടിമകളായിരുന്നു. ജീവിക്കാന്‍ വേണ്ടിയുള്ള അവരുടെ കലാ സാംസ്‌കാരിക പൈതൃകങ്ങള്‍ക്കു സവിശേഷ തയുണ്ട്. കാര്‍ഷികത്തൊ ഴിലാളികളായ അടിയരുടെ ജീവിതത്തില്‍ നിന്ന് പാരമ്പര്യ കലകളുടെ ശക്തിസ്വാധീനങ്ങള്‍ നഷ്ടപ്പെട്ടു പോയിട്ടില്ല. അവര്‍ വിദഗ്ധരായ നാടോടി വൈദ്യ ന്മാരാണ്. അവര്‍ക്ക് ഒട്ടേറെ പാട്ടും കളികളുമുണ്ട്.

കുളിവയല്‍ ഗ്രാമം. അധികാരിയുടെ വീട്. റവന്യൂ ഇന്‍സ്‌പെക്ടര്‍ ബാലകുമാറിന്റെ വിശാലമായ വീടുമുറ്റം. കൈതക്കല്‍, കളിവയല്‍, ചെറുകാട്ടൂര്‍, എന്നിവിടങ്ങളില്‍ നിന്നു അടിയര്‍ ഗോത്ര ത്തലവനായ പൂച്ചമാരന്റെ നേതൃത്വത്തില്‍ സന്ധ്യക്കുതന്നെ അവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു.

ചാത്തന്‍ തുടികൊട്ടിത്തുടങ്ങി. ഗദ്ദികപ്പാട്ടാണ്. പാട്ടിന്റെ ഈണവും തുടിയും താളവും മുറുകിയപ്പോള്‍ ബാധയേറ്റവര്‍ ഉരുളുന്നു. കന്നലാടി അവരുടെ തെറ്റും പിഴയും ചൊല്ലി കല്പന തുടങ്ങി. വെളുത്തു മെലിഞ്ഞ പൂച്ചമാരന്‍ കിതച്ചുകൊണ്ട് താളാത്മകമായി കല്പന എണ്ണിയെണ്ണി പറഞ്ഞു. ഗദ്ദികപ്പാട്ട് കഴിഞ്ഞിട്ടും അസുഖം ഭേദമായില്ലെ ങ്കില്‍ 'കളിയാട്ടം' നടത്തം.

ഭക്ഷണ വേള. വീട്ടുമുറ്റത്തു തടിച്ചുകൂടിയ 50 ഓളം കലാകാരന്മാര്‍ക്കും കാഴ്ച ക്കാര്‍ക്കും റവന്യൂ ഇന്‍സ്‌പെക്ടര്‍ ബാലകുമാര്‍ ലളിതമായ സദ്യയൊരുക്കി യിരുന്നു. കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളേജില്‍ ജന്തുശാസ്ത്രം ഐഛികവിഷയമായെടുത്ത് ബിരുദത്തിന് പഠിച്ചിരുന്ന പാവാടക്കാരി പ്രീത (ബാലകുമാറിന്റേയും ലീലയുടേയും ഏക മകള്‍) അടിയര്‍ക്ക് ചോറു വിളമ്പിക്കൊ ടുക്കുന്നത് കണ്ടു. അംശം 'അധികാരി' യുടെ മകള്‍ അഹങ്കാരിയല്ല. ആദിവാസികളെ സ്‌നേഹിക്കുന്നതു കണ്ടു. നമ്മുടെ കോളേജ് കുമാരന്മാരും കുമാരികളും ഇതു കണ്ടു പഠിക്കേ ണ്ടതാണെന്ന് തോന്നി. 

കളിയാട്ടത്തിന്റെ മേക്കപ്പ് തുടങ്ങുന്നു. കൂത്തു പറയുന്ന ചാക്യാരുടെ വേഷം തന്നെ. മാറത്തും മുഖത്തും അരിമാവ് കുറുക്കി വരകളും ബിന്ദുക്കളും ആകര്‍ഷകമാക്കി വരഞ്ഞിട്ടുണ്ട്.

തലയില്‍ കിരീടത്തിന്റെ സ്ഥാനത്തായി പട്ടും കെട്ടി ഉരലില്‍ ഇരുന്ന് വിരുത്തം ചൊല്ലിത്തുടങ്ങി. നാടകകൃത്തും നാടന്‍ കലാതത്പരനുമായ ജോര്‍ജ് ദാസ്, ഫോട്ടോ ഗ്രാഫര്‍ വിജയന്‍ എന്നിവര്‍ ടേപ്പിലും ക്യാമറ യിലും അവരുടെ ശബ്ദ വീചികളും ദൃശ്യങ്ങളും പകര്‍ത്തുകയായിരുന്നു.

പാതിര കടന്നു പോയതറിഞ്ഞില്ല. ആടിയ നൃത്തത്തിന്റെ കാല്‌ച്ചോടുകള്‍ എനിക്കു ലഹരി പകര്‍ന്നു. ഞാനും താള (അവതാള) ത്തില്‍ തുള്ളിച്ചാടി. നടുവയലിലെ അധികാരി കെപിഎന്‍ നമ്പ്യാരും (ഗവേഷണ സംഘ ത്തിന്റെ കോ - ഓര്‍ഡിനേറ്റര്‍) കൂടെച്ചേര്‍ന്നു. 200 ഓളം അടിയര്‍ വീട്ടുമുറ്റത്തുണ്ടായിരുന്നു. അവരുടെ പാട്ടും കളിയും പഠിക്കാന്‍ വന്ന ഞങ്ങളോട് കച്ചവടഭാഷയില്‍ അവര്‍ പെരുമാറിയില്ല. നരവംശ ശാസ്ത്ര ഗവേഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ടിബിയിലേക്കും ഐബിയി ലേക്കും വരെ വിളിച്ച് വസ്തുതാ ശേഖരണം നടത്തിയിട്ടുണ്ടെന്നും, കളിസംഘത്തിലെ പലരും ്തില്‍ പങ്കെടുത്തവരാണെന്നും എന്നോടു പറഞ്ഞു. സര്‍വേ 'മെത്തഡോളജി' അങ്ങനേയും! പിറ്റേന്ന് ഞാനും കെപിഎന്‍ നമ്പ്യാരും വേമം പ്രദേശത്തെ പയ്യാപ്പിള്ളി വില്ലേജിലെ മാനന്തവാടി പ്രദേശത്തേക്കു നീങ്ങി. മാനന്തവാടി വില്ലേജ് ഓഫീസര്‍ കെഎ ഗോവിന്ദന്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു. അടിയ സമുദായ ത്തിലെ പ്രഥമ എംഎല്‍എ ആയിരുന്നു രാജന്‍ മാസ്റ്റര്‍. വള്ളിയൂര്‍ക്കാ വിനെ വലംവെച്ച് രാജന്‍മാസ്റ്ററുടെ വീട്ടിലെത്തി. മാനന്തവാടി അഡീഷണല്‍ വില്ലേജ് ഓഫീസര്‍ പിടി ജോസഫും കൂടെയുണ്ടായിരുന്നു. രാജന്‍മാസ്റ്റര്‍ ഞങ്ങളെ കാത്തു നിന്നിരുന്നു. ഒന്നര മണിക്കൂര്‍ വൈകിയതുകൊണ്ട് മാസ്റ്റര്‍ കല്പറ്റയിലെ ഡിസിസി ഓഫീസിലേക്കു പോയി. കാര്യസ്ഥനും കുടുംബ സുഹൃത്തുമായ മണിയെ എല്ലാ കാര്യങ്ങള്‍ക്കും ചട്ടംകെട്ടിയിരുന്നു. 

രാജന്‍ മാസ്റ്ററുടെ ഭാര്യയും പെണ്‍മക്കളും ഞങ്ങളെ സ്വീകരിച്ചു. കയ്യെത്തിപ്പിടി ക്കാവുന്ന തെങ്ങിന്‍ കുലകളില്‍ നിന്നു കരിക്കു വെട്ടിത്തന്നു. കേരളത്തിലെ ഷാപ്പു കോണ്‍ട്രാക്ടര്‍മാര്‍ ചൂഷണം ചെയ്യുന്ന തെങ്ങിന്റെ ഇളനീര്‍ കുടിച്ചു. ജന്മിത്തം അടിമകളെ വിലക്കു വാങ്ങിയിരുന്ന വള്ളിയൂര്‍ക്കാവിനെ നോക്കി ഞങ്ങള്‍ മൊയല്‍ക്കുനിയിലേക്കു നടന്നു. മൊയല്‍ക്കുനിക്കുള്ളിലെ കരിമി, കനലാടി, തമ്മിടി, ചെമ്മാക്കാരന്‍, നാട്ടുമൂപ്പന്‍ എന്നിവരെ പരിചയപ്പെട്ടു. 10 ആം ക്ലാസ് പാസായി അഞ്ചെട്ടുകൊല്ലം കഴിഞ്ഞിട്ടും പണിയൊന്നും കിട്ടാത്ത മണി. അവന്റെ അച്ഛനാണ് അവിടത്തെ പരിപാടികള്‍ക്കു നേതൃത്വം നല്കിയിരുന്നത്.

'മഞ്ഞള്‍ നീര്‍ കല്യാണ' (തിരണ്ടു കല്യാണ)ത്തിന്റെ റിഹേഴ്‌സല്‍ നടത്തി. ഗദ്ദികപ്പാട്ടും കളിയാട്ടവും തുടങ്ങി. അധികാരി ഗോവിന്ദന്‍ നമ്പ്യാര്‍ തുടികൊട്ടാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. സര്‍വേക്ക ല്ലിന്റെ നമ്പര്‍ നോക്കി (ഭൂമിയുടെ വിസ്തീര്‍ണം) കണക്കാക്കാനും ജാതി നിര്‍ണയ സര്‍ട്ടിഫിക്കറ്റ് നല്കുകയും ചെയ്യുന്ന വില്ലേജ് ഓഫീസര്‍മാര്‍ ആദിവാസി ജീവിതത്തെ കണ്ടറിഞ്ഞിട്ടുള്ളവര്‍ മാത്രമല്ല, തൊട്ടടുത്തു പെരുമാറുന്നവര്‍ കൂടിയാണ്. അവരുടെ സേവനത്തെ ഗോത്ര പഠനത്തില്‍ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നുള്ള 'തപ്പുവിഴ' സര്‍ക്കാരിനുണ്ട്.


പേമ്പിച്ചാത്തന്റെ വരവ് കാലിടറിക്കൊണ്ട്. കലിതുള്ളി നാട്ടു മൂപ്പന്‍ വന്നു; ചെറുകാട്ടൂരിലെ നേതാവാണ്. ഗദ്ദികയും കളിയാട്ടവും നടത്താന്‍ സമ്മതിച്ചതാണ് നടുവിലെ വീട്ടിലെ മുറ്റത്തുവെച്ച്; രാത്രിക്ക് നീളം കൂടിത്തുടങ്ങിയിട്ടും കളിക്കാര്‍ വരുന്നില്ല. കണ്ണില്‍ കുത്തുന്ന ഇരുട്ട്. നാടന്‍ ചാരായത്തിന്റെ 'സ്പ്രിക്ലിങ്'; കളിക്കാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങി. ഗവേഷണ പഠനത്തിനു പറ്റിയ അന്തരീക്ഷമല്ലെന്നു മനസിലാക്കി ഞങ്ങള്‍ നേരത്തേ ബാലകുമാരന്റെ വീട്ടിലേക്കു മടങ്ങി. നാടന്‍ പഞ്ഞി നിറച്ച കിടക്കയില്‍ മയങ്ങി. തെറ്റ് പേമ്പിച്ചാത്തന്റേതല്ല. കേരള സര്‍ക്കാരിന്റെ മദ്യനയമാണ്. ആദിവാസി കോളനികളിലോ പരിസരങ്ങളിലോ മദ്യഷാപ്പുകളോ ഉപഷാപ്പുകളോ പാടില്ലെന്നു സര്‍ക്കാരിനു കല്പിച്ചുകൂടെ? പണിയെടുക്കുന്നവരെ മദ്യപരും പണിയില്ലാത്തവരെ രോഗികളുമാക്കി ത്തീര്‍ക്കുന്ന അബ്കാരി ഭരണത്തിന്റെ

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍: നിങ്ങളുടെ അവകാശങ്ങള്‍ അറിയുക!

ലിംഗം, പദവി, ജാതി, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തരംതിരിച്ച് ഏതെങ്കിലും നിയമങ്ങള്‍ നിര്‍മിക്കുന്നതിനോ പ്രവര്‍ത്തിക്കാനോ സര്‍ക്കാരിന് അധികാരമില്ല.

എന്നാല്‍ എല്ലാ വ്യക്തികളും സമൂഹത്തില്‍ തുല്യ സാമൂഹിക പദവിയില്‍ അല്ലാത്തതിനാല്‍, സാമൂഹികമായി ദുര്‍ബലരായ ജനങ്ങളെ സഹായിക്കാന്‍ വേണ്ടി സര്‍ക്കാരിന് പ്രത്യേകം നിയമങ്ങള്‍ നിര്‍മിക്കാന്‍ കഴിയും.

ഏതുതരത്തിലുള്ള തൊട്ടുകൂടായ്മയും ഇന്ത്യന്‍ ഭരണഘടന നിരോധിച്ചി ട്ടുണ്ട്. ദുര്‍ബല വിഭാഗങ്ങളെ സമൂഹത്തില്‍ തുല്യരാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ പ്രത്യേക നിയമങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. തൊട്ടുകൂടായ്മ ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി കണക്കാക്കുന്ന നിയമങ്ങള്‍ നിലവിലുണ്ട്. മുന്‍കാലങ്ങളില്‍ സമൂഹത്തില്‍ തുല്യരായി പരിഗണിക്കാതിരുന്ന, പൊതു സൗകര്യങ്ങളായ കിണര്‍, നിരത്ത് തുടങ്ങിയവ ഉപയോഗിക്കാനോ അമ്പലങ്ങള്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തിരുന്ന എല്ലാ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്ക് ലഭ്യമായ അവസരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ പട്ടികജാതി - പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം 1969 മുതല്‍ നിലവിലുണ്ട്.

പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിന്റെ ഉദ്ദേശങ്ങള്‍

പട്ടികജാതി പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്കെതിരേ നടക്കുന്ന കുറ്റ കൃത്യങ്ങള്‍ തടയുക

ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവര്‍ക്ക് ആശ്വാസവും പുനരധിവാസവും ലഭ്യമാക്കുക.

ഈ നിയമപ്രകാരം ആരാണ് കുറ്റക്കാര്‍?

പട്ടികജാതി പട്ടികവര്‍ഗത്തില്‍ പെടാത്ത ഏതൊരു വ്യക്തിയും ഈ നിയമത്തില്‍ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു കുറ്റ കൃത്യം ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ ചെയ്താല്‍ അയാള്‍ കുറ്റവാളിയാണ്.

ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്തെല്ലാമാണ്, ആരാണ് ഇര?

താഴെപ്പറയുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന വ്യക്തികളെയാണ് ഈ നിയമത്തിന്റെ ഗുണഭോക്താക്കളായി കണക്കാക്കപ്പെടുന്നത്.

ഭക്ഷ്യയോഗ്യമല്ലാത്ത പദാര്‍ത്ഥങ്ങള്‍ തിന്നുവാനോ കുടിക്കുവാനോ നിര്‍ബന്ധിക്കുക
വ്യക്തിയുടെ പരിസരത്തോ അയല്‍ പ്രദേശത്തോ വിസര്‍ജ്യമോ മാലിന്യമോ നിക്ഷേപിച്ച് ശല്യപ്പെടുത്തുകയോ, പരിക്കേല്പ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക
നഗ്നമായി നടത്തുകയോ മുഖത്തോ ശരീരത്തിലോ ചായം തേച്ച് അപമാനിക്കുകയോ ചെയ്യുക
വ്യക്തിയുടെ കൃഷിസ്ഥലത്ത് കൃഷി ചെയ്യാന്‍ അനുവദിക്കാതിരിക്കുക
ഭൂമിയിലും ജലത്തിലും പരിസരത്തിലുമുള്ള വ്യക്തിയുടെ അവകാശ ങ്ങളെ നിഷേധിക്കുക
നിര്‍ബന്ധ തൊഴിലിനോ ആശ്രിത തൊഴിലിനോ നിര്‍ബന്ധിക്കുക
വ്യക്തിയുടെ ആഗ്രഹപ്രകാരം വോട്ടുചെയ്യാന്‍ അനുവദിക്കാതിരിക്കുക
വിദ്വേഷപരമായി കളവായ നിയമനടപടികള്‍ക്ക് വിധേയമാക്കപ്പെടുക
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മനപൂര്‍വമായി അവഗണിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് പരിക്കേല്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക
പൊതുജന മുമ്പാകെ മനപൂര്‍വമായി അപമാനിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുക
ലൈംഗികമായി ഒരു സ്ത്രീയെ അപമാനിക്കുക
കുടിക്കാനുള്ള ശുദ്ധജലത്തിനുള്ള അവകാശം നിഷേധിക്കുക
പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശം നിഷേധിക്കുക
അയാളുടെ/അവളുടെ വീടോ ഗ്രാമമോ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുക
തടവുശിക്ഷയോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ തെറ്റായി അടിച്ചേല്പിക്കുക
ആരാധനസ്ഥലമോ, താമസസ്ഥലത്തിനോ തീവെച്ച് പരിക്കല്പ്പിക്കാനോ അപായപ്പെടുത്താനോ ശ്രമിക്കുക
സര്‍ക്കാര്‍ ഉദ്യോഗസ്ഥനാല്‍ പരിക്കേല്പിക്കുകയോ മറ്റേതെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് വിധേയമാക്കുകയോ ചെയ്യുക

ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ടിയാല്‍ നടപടിയെടുക്കാവുന്നതാണോ?

ഈ നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളും പ്രഥമദൃഷ്ടിയില്‍ നടപടിയെടുക്കാവുന്നതാണ്. കോടതിയില്‍ നിന്ന് നിര്‍ദ്ദേശമില്ലാതെ തന്നെ ഇത്തരം കുറ്റവാളികളെ അറസ്റ്റു ചെയ്യുവാനും കേസന്വേഷണം നടത്തുവാനും പൊലീസിന് കഴിയും. 

കോഗ്നെസബിള്‍ ഒഫന്‍സ്

ഒരു പൊലീസ് ഉദ്യോഗസ്ഥന് വാറന്റിന്റെ ആവശ്യമില്ലാതെ മാത്രം അറസ്റ്റു ചെയ്യാവുന്ന കുറ്റകൃത്യങ്ങളെ കോഗ്നെസബിള്‍ ഒഫന്‍സ് എന്നു പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ പൊലീസ് ഓഫീസര്‍ക്ക് സ്വമേധയാ അന്വേഷണം നടത്തുവാന്‍ അധികാരമുള്ളതാകുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുവാന്‍ കോടതിയില്‍ നിന്നുള്ള ഉത്തരവ് ആവശ്യമില്ല.

ഈ നിയമപ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള ശിക്ഷകള്‍ എന്താണ്?

വിഘ്‌നേശ്വരന്‍ എങ്ങനെ വിഘ്‌നവിനാശകനായി ? - നിത്യന്‍

ഇന്ത്യയിലെ ആദിവാസികളുടെ ദൈവമായിരുന്ന ഗണപതിയെ സവര്‍ണര്‍ സ്വന്തമാക്കി മാറ്റിയതിന്റെ കഥ.

ഇന്ത്യയിലെ കോടിക്കണക്കിനുള്ള ദൈവങ്ങളില്‍ പ്രധാന സ്ഥാനത്തുള്ള ഒന്നാണ് ആനത്തലയും തുമ്പിക്കയ്യും കുടവയറുമുള്ള ഗണപതി. ഈ ദൈവത്തെപ്പറ്റി വിചിത്രങ്ങളും പരസ്പര വിരുദ്ധങ്ങളുമായ കഥകള്‍ നിലനില്ക്കുന്നു. വിഘ്‌നേശ്വരന്‍ (തടസങ്ങള്‍ ഉണ്ടാക്കുന്ന ആള്‍) എന്നാണ് അദ്ദേഹത്തിന്റെ പേര്. അതേസമയം വിഘ്‌ന വിനാശകന്‍ (തടസങ്ങള്‍ ഇല്ലാതാക്കുന്ന ആള്‍) എന്ന നിലയിലാണ് പലരും അദ്ദേഹത്തെ ആരാധിക്കുന്നത്. അനേകം കൈകളും ആനത്തലയും കുടവയറും തുമ്പിക്കയ്യുമുള്ള ഭീമാകാരനായ ദൈവം സഞ്ചരിക്കുന്നത് എലിയുടെ പുറത്താണെന്നാണ് വിശ്വാസം. വിജ്ഞാനത്തിന്റെ ദേവനായും ഗണപതിയെ സങ്കല്പിക്കാറുണ്ട്. തെക്കേ ഇന്ത്യയിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങുന്നത് ഹരിശ്രീ ഗണപതയേ നമഃ (വിഷ്ണു, ലക്ഷ്മി, ഗണപതി എന്നിവര്‍ക്കു നമസ്‌കാരം) എന്ന് എഴുതിച്ചുകൊണ്ടാണ്.

ഗണപതിയുടെ മറ്റു പേരുകള്‍

ഗണപതിക്ക് 8 പേരുകള്‍ ഉണ്ട്.

പുരാതനമായ 'അമരകോശം' എന്ന സംസ്‌കൃത നിഘണ്ടുവില്‍ അദ്ദേഹത്തിന്റെ 8 പേരുകള്‍ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്.

'വിനായകോ വിഘ്‌നരാജദ്വൈമാതുര ഗണാധിപഃ അപ്യേകദന്ത ഹേരംബ ലംബോദര ഗജാനനാഃ' ഈ പേരുകള്‍ക്ക് വാചസ്പതി ടി സി പരമേശ്വരന്‍ മൂസ്സത് പരമേശ്വരി വ്യാഖ്യാനത്തില്‍ കൊടുത്തിട്ടുള്ള അര്‍ത്ഥം താഴെ കൊടുക്കുന്നു.

1. വിനായകഃ - ദുഷ്ടന്മാരെ ശിക്ഷിക്കുന്നവന്‍: വിശിഷ്ടമായ നായകന്‍: സ്വതന്ത്രന്‍.
വിനായകസ്തു ഹേരംബേ താര്‍ക്ഷ്യേ വിഘ്‌നേ ജിനേ ഗുരൗ എന്ന മേദിനി.

2. വിഘ്‌നരാജഃ വിഘ്‌നങ്ങളെ നിര്‍മൂലനം ചെയ്യാന്‍ ശക്തിയുള്ളവന്‍.... ....

3. ദ്വൈമാതുരഃ രണ്ട് രാജാക്കന്മാരുടെ പുത്രന്‍. ആദ്യത്തില്‍ ഹസ്തിനി വേഷം ധരിച്ചവളും പിന്നീട് ആ വേഷത്തെ ഉപേക്ഷിച്ചു സ്വവേഷത്തെ ത്തന്നെ അംഗീകരിച്ചവളുമായ പാര്‍വതിയുടെ പുത്രന്‍ എന്നു താത്പര്യം. ബാല്യത്തില്‍ ദുര്‍ഗയും ചാമുണ്ഡിയും കൂടി രക്ഷിച്ചതുകൊണ്ടും അല്ലെങ്കില്‍ ഗംഗാ പാര്‍വതിമാരാല്‍ നിര്‍വിശേഷം ലാളിക്കപ്പെട്ടതു കൊണ്ടോ ഈ നാമം സിദ്ധിച്ചു എന്നും പക്ഷമുണ്ട്. ദ്വൈമാതുരോ ജരാസന്ധ വാരണാ തനയോഃ പുമാന്‍ എന്നും കോശാന്തരമുണ്ട്.

4. ഗണാധിപഃ - ഭൂതഗണങ്ങളുടെ നാഥന്‍.

5. ഏകദന്തഃ - ബാലക്രീഡാമധ്യത്തില്‍ സുബ്രഹ്മണ്യന്‍ ഗണപതിയുടെ ഒരു കൊമ്പു പറിച്ചു ബാക്കി ഒരു കൊമ്പുമാത്രം ശേഷിച്ചതുകൊണ്ട് ഈ പേര് സിന്ധിച്ചുവെന്ന് പുരാണ പ്രസിദ്ധം.

6. ഹേരംബഃ - ശിവസമീപത്തില്‍ സ്ഥിതി ചെയ്യുന്നവന്‍. ഹഃസങ്കരേ ഹരൗ ഹംസേ രണ രോമാഞ്ച വാജിഷ്ഠ എന്ന് രത്‌നമാലാ ധാതുക്കള്‍ക്ക് അനേകാര്‍ത്ഥമുണ്ടാകയാല്‍ ഇവിടെ രബിധാതുവിനു സ്ഥിതൃര്‍ത്ഥം കല്പിക്കപ്പെട്ടിരിക്കുന്നു. ബാലചാപലം കൊണ്ടു പരമേശ്വര സമീപത്തില്‍ ചെന്ന് ശബ്ദിക്കുന്നവന്‍ എന്നര്‍ത്ഥം കല്പിക്കുന്നതിനും വിരോധമില്ല.

7. ലംബോദരംഃ - തൂങ്ങിയ വയറുള്ളവന്‍.

8. ഗജാനനഃ - മുഖം ഗജത്തിന്റേതു പോലെയുള്ള വേഷം. മനുഷ്യ സ്വരൂപവുമാണെന്നു താത്പര്യം.

മേല്‌ക്കൊടുത്ത 8 പേരുകള്‍ക്കു പുറമേ അഖുഗന്‍ (എലി വാഹനമായ വന്‍) തുടങ്ങിയ പേരുകളിലും ഗമപതി അറിയപ്പെടുന്നു. ഈ പേരുകള്‍ ഓരോന്നും ഉണ്ടായതിനെപ്പറ്റിയുള്ള കഥകളിലും വ്യത്യാസം കാണാം.

ദ്വൈമാതുരഃ എന്നാല്‍ രണ്ടമ്മയുള്ളവന്‍ എന്നാണല്ലോ അര്‍ത്ഥം. ആ പേര് വരാനുള്ള കാരണമെന്താണെന്നു വിവരിക്കുന്ന മൂന്നു കഥകള്‍ പരമേശ്വരന്‍ മൂസ്സത് ചൂണ്ടിക്കാണിച്ചത് മുകളില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഏകദന്ത (ഒറ്റക്കൊമ്പന്‍) എന്ന പേര് ഗണപതിക്ക് കിട്ടിയത് ബാല്യത്തില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ സഹോദരനായ സുബ്രഹ്മണ്യന്‍ ഒരു കൊമ്പ് ഒടിച്ചുകളഞ്ഞതു കൊണ്ടാണെന്നുള്ള പുരാണ കഥ പരമേശ്വരന്‍ മൂസ്സത് ഉദ്ധരിക്കുന്നു. എന്നാല്‍ പത്മപുരാണത്തില്‍ പറയുന്ന കഥ ഇതില്‍ നിന്നു വ്യത്യസ്ഥമാണ്. അതിന്റെ ചുരുക്കം ഇപ്രകാരമാണ്: 'ഒരിക്കല്‍ ശിവനെ കാണാന്‍ പരശുരാമന്‍ കൈലാസത്തില്‍ ചെന്നു. അപ്പോള്‍ ശിവന്‍ ഉറക്കത്തിലായിരുന്നു. അതുകൊണ്ട് പരശുരാമനെ ഗണപതി അകത്തു വിട്ടില്ല. തുടര്‍ന്ന് പരശുരാമനും ഗണപതിയും തമ്മില്‍ യുദ്ധം തുടങ്ങി. യുദ്ധത്തില്‍ ഗണപതിയുടെ ഒരു കൊമ്പൊടിഞ്ഞു പോയി'

ഇങ്ങനെ രണ്ട് കഥകള്‍ ഉണ്ടായതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ ഭക്തന്മാര്‍ക്ക് ഉത്തരമില്ലല്ലോ. എന്നാല്‍ ഗണപതിയുടെ വികാസ പരിണാമങ്ങള്‍ പഠിച്ചിട്ടുള്ള സ്വതന്ത്ര ചിന്തകന്മാര്‍ക്ക് അതിന് ഉത്തരമുണ്ട്. അത് പിന്നീട് വിവരിക്കാം.

ഗജാനനന്‍ (ആനയുടേതു പോലെ മുഖമുള്ളവന്‍) ആയിട്ടാണ് ഗണപതി യുടെ എല്ലാ വിഗ്രഹങ്ങളും. എന്തുകൊണ്ടാണ് ഗണപതിക്ക് ആനത്തല യുണ്ടായത്? അതിനുമുണ്ട് രണ്ടു കഥകള്‍. 'പാര്‍വതി കുളിക്കാന്‍ കയറിയപ്പോള്‍ ദേഹത്തെ ചെളിയുരുട്ടി ഗണപതിയെ സൃഷ്ടിച്ചു. അവര്‍ കുളിക്കുന്ന സ്ഥലത്തേക്ക് മറ്റാരും കടന്നു ചെല്ലാതിരിക്കാന്‍ ഗണപതിയെ കാവല്‍ നിര്‍ത്തി. അപ്പോള്‍ ശിവന്‍ അങ്ങോട്ടു ചെന്നു. ഗണപതി തടുത്തു. ഭാര്യയുടെ അടുത്തു പോകുന്നതിന് തടസമുണ്ടാക്കിയ ഗണപതി യെ ശിവന്‍ വെട്ടിക്കളഞ്ഞു. പിന്നീട് ആനയുടെ തല വെച്ചുകൊടുത്തു.' ഇതാണ് ഒരു കഥ. മറ്റേക്കഥയുടെ ചുരുക്കം ഇപ്രകാരമാണ്. ഒരിക്കല്‍ പാര്‍വതി ശനിവിഗ്രഹത്തെ ഗണപതിക്കു കാണിച്ചു കൊടുത്തു. ശനിയുടെ ദൃഷ്ടിപാതം കൊണ്ട് ഗണപതിയുടെ തല ദഹിച്ചുപോയി. തത്സ്ഥാനത്ത് ആനത്തല കൂട്ടിയിണക്കി. ഇങ്ങനെ രണ്ടു കഥകള്‍ വന്നതിനും വിശ്വാസികള്‍ക്ക് ഉത്തരമില്ല.

2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സഖാവ് പി കൃഷ്ണപിള്ള

പി കൃഷ്ണപിള്ള
മധ്യതിരുവിതാംകൂറിലെ വിഖ്യാത ക്ഷേത്ര കേന്ദ്രമായ വൈക്കത്ത് പാവപ്പെട്ട ഒരു നായര്‍ തറവാട്ടില്‍ പാര്‍വത്യാര്‍ നാരായണ പിള്ളയുടേയും സഹധര്‍മിണി പാര്‍വതിയമ്മയുടേയും 10 മക്കളില്‍ മൂന്നാമത്തെ സന്താനമായിരുന്നു പ്രസിദ്ധ വിപ്ലവകാരിയായിരുന്ന സ. പി കൃഷ്ണപിള്ള.

വൈത്തേപോലെ തന്നെ പൗരാണികവും പ്രസിദ്ധവുമായ ശുചീന്ദ്രം ക്ഷേത്രത്തിലെ ഒരു പുരോഹിതന്റെ മകള്‍ തങ്കമ്മയെയാണ് കൃഷ്ണപിള്ള കല്യാണം കഴിച്ചത്. ജയിലില്‍ വെച്ച് ഉറപ്പിച്ച ഒരു കല്യാണം. ശുചീന്ദ്രത്തി നടുത്ത് എടലാക്കുടിയിലെ സബ്ജയിലില്‍ ഒരു രാഷ്ട്രീയ തടവുകാരനായി കഴിഞ്ഞു കൂട്ടുകയായിരുന്ന കൃഷ്ണപിള്ളയെ പുറം ലോകവുമായി ബന്ധിപ്പിച്ച ഒരു കണ്ണിയായിരുന്നു അന്ന് ഹിന്ദി ഭാഷ പഠിക്കുകയാ യിരുന്ന 16 കാരിയായ തങ്കമ്മ. ജയില്‍ മോചനത്തിനു ശേഷം കൃഷ്ണപിള്ള തങ്കമ്മയെ മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ വരണമാല്യം ചാര്‍ത്തി.

മസൂരിരോഗം കൊണ്ട് മാതാവു മരിക്കുമ്പോള്‍ വൈക്കത്തെ മലയാളം സര്‍ക്കാര്‍ സ്‌കൂളില്‍ കൃഷ്ണപിള്ള 5 ആം ക്ലാസില്‍ പഠിക്കുകയായി രുന്നു. അടുത്ത വര്‍ഷം പിതാവും മരിച്ചതോടെ കൃഷ്ണപിള്ള തറവാട്ടു കാരണവരായി - കഷ്ടിച്ചു 15 വയസുള്ളപ്പോള്‍.

കുറച്ചുകാലം അലഞ്ഞു തിരിഞ്ഞു നടന്ന് വൈക്കത്തേക്കു മടങ്ങി. ജീവിതത്തില്‍ എവിടെയെങ്കിലും പിടിച്ചു നില്ക്കാനുള്ള അഭിനിവേശ ത്തോടെ, ആലപ്പുഴയിലെ ഒരു കയര്‍ ഫാക്ടറിയില്‍ സഹോദരീ ഭര്‍ത്താവ് കണക്കപ്പിള്ളയായിരുന്നു, അവിടെ കയര്‍പിരി തൊഴിലാളി യായി കയറിക്കൂടിയപ്പോള്‍ പിടിച്ചു നില്ക്കാനുള്ള ഒരു കമ്പു കിട്ടി. പക്ഷെ അധികം കഴിഞ്ഞില്ല കൃഷ്ണപിള്ള അവിടെ നിന്നു പോന്നു. വീണ്ടും വൈക്കത്തേക്കു മടങ്ങിയപ്പോള്‍, തന്റെ കൊച്ചു നാട് ചുഴറ്റി അടിക്കുന്ന ഒരു ദേശീയ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റില്‍ കിടന്നു പുളയുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര മതിലിനു പുറത്തുള്ള പൊതു റോഡില്‍ സഞ്ചാര സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കാനുള്ള പ്രസിദ്ധമായ വൈക്കം സത്യാഗ്രഹമാണ് സംഭവം. മഹാത്മജിയെ വൈക്കത്തേക്ക് ആനയിച്ച ഈ മഹാപ്രക്ഷോഭത്തില്‍ കൃഷ്ണപിള്ള ഒരു കാണി മാത്രമായിരുന്നു, പങ്കാളിയായിരുന്നില്ല. എന്നിരുന്നാലും അസ്വസ്ഥമായ ആ ഇളം മനസിനെ വൈക്കം സത്യാഗ്രഹം ഇളക്കിമറിച്ചു. കൃഷ്ണപിള്ളയുടെ പില്ക്കാല രാഷ്ട്രീയ ജീവിതത്തെ അത് നിശബ്ദമായെങ്കിലും ശക്താമായി സ്വാധീനിച്ചു.

ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ പ്രക്ഷുബ്ധമായ അന്തരീക്ഷം കെട്ടടങ്ങിയപ്പോള്‍ തദ്ദേശത്തെ ദേശീയവാദികള്‍ വൈക്കത്താരംഭിച്ച ഒരു ഹിന്ദി പഠന വിദ്യാലയത്തില്‍, ചായക്കടയിലെ ഒരു വേലക്കാരനായും പിന്നീട് ഒരു സൈക്കിള്‍ കടയില്‍ ജോലിക്കാരനായും നിന്ന് കൃഷ്ണപിള്ള രാത്രികാലത്തു പഠിക്കാന്‍ പോയി. ഒരു ഘട്ടത്തില്‍ ജീവിതത്തില്‍ വല്ലതുമെങ്കിലും ചെയ്യണം താനും, ആരെങ്കിലുമാവണം, എന്ന അദമ്യമായ ആഗ്രഹം കൃഷ്ണപിള്ളയെ ഊരു ചുറ്റുന്ന ഒരു നാടക സംഘത്തിലും കൊണ്ടെത്തിച്ചു. പാട്ടുപാടുക പയ്യന്റെ കമ്പമായിരുന്നു.

പി കൃഷ്ണപിള്ള 
പെട്ടെന്നൊരു ദിവസം കൃഷ്ണപിള്ള വൈക്കത്തു നിന്നും അപ്രത്യക്ഷനായി. എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. കുറേ കഴിഞ്ഞപ്പോള്‍ അങ്ങ് അതിവിദൂരത്തുള്ള അലഹബാദില്‍ നിന്നും ഒരു എഴുത്ത് സഹോദരിക്കു കിട്ടി. കുടുംബത്തിന് പൊതുവില്‍ അവകാശപ്പെട്ട പുരയിടം നേരത്തേ വിറ്റ് പങ്കുവെച്ചിരുന്നു. കൃഷ്ണപിള്ള തന്റെ പങ്ക് പറ്റിയിരുന്നില്ല. എഴുത്തില്‍ ആവശ്യപ്പെട്ടിരുന്നത് ആ വഴിക്ക് കുറേ പണം അടിയന്തിരമായും അയച്ചു തരണമെന്നായിരുന്നു. അലഹബാദ് പഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിയായി പഠിപ്പു തുടരാനും ഒരു കരപറ്റാനും ഈ പണമാണ് കൃഷ്ണപിള്ളയെ സഹായിച്ചത്. 1929 ല്‍ 'സാഹിത്യ വിശാരദ്' ജയിച്ച് കൃഷ്ണപിള്ള നാട്ടില്‍ തിരിച്ചെത്തി. ഏറെ താമസിയാതെ തൃപ്പൂണിത്തുറയില്‍ പ്രതിമാസം 30 രൂപ ശമ്പളത്തില്‍ ഹന്ദി പ്രചാരകനായി, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ കീഴില്‍ ഒരു ഉദ്യോഗം സമ്പാദിച്ചു

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

അടിമക്കച്ചവടം - ഭവാനി പ്രേംനാഥ്

ഭവാനി പ്രേംനാഥ്
നൂറ്റാണ്ടുകളായി അടിമനുകം പേറി അയിത്ത ത്തിന്റെ കൊടും യാതനകള്‍ അനുഭവിച്ചു, ക്രൂരമായ നരവേട്ടകള്‍ക്കി രയായി, തീരാത്ത യാതനകളും വേദനകളും സഹിച്ചു. പട്ടിണിയും പരിവട്ടവുമായി മറ്റുള്ളവര്‍ക്കായി പണിയെടുത്തു, ഈ മണ്ണില്‍ കൃമിതുല്യരായി ജീവിച്ച ഒരു ജനതതി, മണ്ണിന്റെ മക്കള്‍.

തിരുവാക്ക് മറുവായില്ല, എടുത്ത കയ്യും പുറത്ത്, വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകള്‍! സഹിക്കാ നല്ലാതെ എതിര്‍ക്കാനാവുമായിരുന്നില്ല. പട്ടിയും പൂച്ചയും മാടും നടക്കുന്ന പെരുവഴിയിലൂടെ മനുഷ്യരായി ജനിച്ച ഇവര്‍ക്ക് വഴിനടക്കാന്‍ അനുവാദമില്ലായിരുന്നു. ഭൂമിയിലൂറും ദാഹജലം കോരിക്കുടിക്കരുത്. വെറിക്കുന്ന വെയിലും - പൊഴിയുന്ന മഞ്ഞും - പെയ്യുന്ന മഴയും അതിജീവിക്കാന്‍ വസ്ത്രങ്ങളില്ല. ആണ്ടിലൊരിക്കല്‍ തമ്പുരാന്‍ - ജന്മി നല്കുന്ന കോറത്തുണി, അത് മുട്ടിനു മേലോളം ഇറക്കം വരത്തക്കവണ്ണം ഉടുക്കണം. സ്ത്രീകള്‍ മാറ് മറയ്ക്കരുത്. മുഷിഞ്ഞ വസ്ത്രം പോലെ മുഷിഞ്ഞ ജീവിതം.

ജന്മിത്വ വ്യവസ്ഥിതിയിലെ കൊടും ക്രൂരത. പച്ച മനുഷ്യനെ കന്നിനോടും കാളയോടും ഇണച്ചു കെട്ടി നിലം ഉഴുതിരുന്നു. അയിത്തമെന്ന ആയുധം കാട്ടി സമൂഹത്തില്‍ നിന്നും ഇവരെ ഒറ്റപ്പെടുത്തിയിരുന്നു. പാറയൊടും പര്‍വതത്തോടും, മണ്ണിലും മരത്തിലും കടലിലും കായലിലും ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പാടുപെട്ട് പണിയെടു ത്തവര്‍ അടിയാളര്‍.

ഗ്രാമത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍, വയലേലകള്‍ക്കരികില്‍, അനാരോഗ്യ പ്രദമായ സ്ഥലത്ത്, ആകാശം കാണുന്ന കൊട്ടിലുകളില്‍ ഇവര്‍ ജീവിച്ചു. റാണിമാരും ധര്‍മരാജാക്കന്മാരും മുഹമ്മദീയരും ക്രിസ്ത്യാനികളും ഈ നാട് വാണിരുന്നു. അവരാരും തന്നെ ഈ അവശ ജനകോടികളെ കണ്ടിരു ന്നില്ല. ആദിദ്രാവിഡ സംസ്‌കാരത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന ഒരു ജനത ഇവിടെ നരകിച്ചു.

ജീവസന്ധാരണത്തിനു വേണ്ടി അടിയാളസ്ത്രീ പുരുഷനോടൊപ്പം പണി യെടുക്കേണ്ടി യിരുന്നു. സൂര്യന്റെ വരവു പോക്കിനെ ആശ്രയിച്ചാണ് അടിയാളരുടെ ജീവിതം നിലനില്ക്കുന്നത്. കിഴക്കുദിക്കുന്ന സൂര്യന്‍ പടിഞ്ഞാറേ ചക്രവാള സീമയില്‍ ആഴ്ന്നിറങ്ങുന്നതുവരെ പണിയെടു ക്കണം.

കാട്ടീ ചെലന്തി വലന്തത്തതില്ലേ
നെയ്യനുറുമ്പ് വഴിവെച്ചതില്ലേ
പൂക്കാത്ത തെറ്റി നിവര്‍ന്നതൊട്ടില്ലേ
ഇത്തറ കാലത്തേ പോകയെല്ലാണോ

പ്രയത്‌നശാലിയായ ചിലന്തി വല നൂല്ക്കുന്നതിന് മുമ്പേ, നെയ്യുറുമ്പ് തീറ്റ തെരക്കി പുറപ്പെടും മുമ്പേ, രാത്രിയില്‍ കൂനിപ്പിടിച്ചു നില്ക്കുന്ന പൂക്കാത്ത തെറ്റി വിടരുന്നതിന് മുമ്പേ, മുലകുടി മാറാത്ത ചോരക്കു ഞ്ഞിനെ മാറത്തടുക്കിപ്പിടിച്ച് കീറപ്പായയും കയ്യിലെടുത്ത് 'ഹോയ്.. ഹോയ് തീണ്ടല്‍ ജാതി വരുന്നേ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് പുരുഷനോടൊപ്പം സ്ത്രീയും പണിസ്ഥലത്തെത്തും. 'അടിയെടാ പൊറം നോക്കി' ക്രൂരനായ ജന്മി കല്പിക്കും. കൃഷിക്കാരന്‍ അജ്ഞത നടപ്പാക്കും.

കണ്ടവരൊക്കെയും ആട്ടി
കണ്ട കാട്ടില്‍ക്കൂടി ഞങ്ങള്‍
കണ്ടവനാം തമ്പുരാന്റെ 
കണ്ടത്തിലെത്തും.
അടിയെടാ താമസിച്ചൊ
രടിയാരെയെന്നുടയോന്‍
അടിയങ്ങളടിമല-
രണഞ്ഞുകൂപ്പും.

രാപ്പകല്‍ പണിയെടുക്കുന്ന പണിയാളര്‍ക്ക് പട്ടിണിയാണ് മിച്ചം. എല്ലു മുറിയെ പണിയെടുത്താല്‍ പല്ലു മുറിയെ തിന്നാം. പഴഞ്ചൊല്ലില്‍ പതിരില്ല. ഇവിടത്തെ താരിപ്പ് നയം മുട്ടം വെട്ടുന്നവന് മുന്നാഴിയും സ്ത്രീയുടെ ഇരുനാഴിയും. അഞ്ഞാഴി നെല്ല് കുത്തിപ്പൊളിച്ചാല്‍, പതിര് കലര്‍ന്ന നെല്ലായതിനാല്‍ രണ്ട് നാഴി അരി കിട്ടുകയില്ല. ഒരു കുടുംബ ത്തിന് കഴിയാന്‍ ഇത് മതിയാകുന്നില്ല.

വിളവെടുപ്പ് കാലമാണ് മീനമാസം. പൊന്നും ചിങ്ങത്തേക്കാള്‍ നടുതലകള്‍ വിളഞ്ഞ്, കിളച്ചെടുക്കുന്നു.

മീനമാസം കാലമാകുന്നു
തീറ്റികള്‍ തോനേച്ചുയോണ്ടല്ലേ
എനക്ക് തിന്നാ - മാന്തല്‍
ച്ചാവോനല്ലാതൊന്നുമേയില്ല

ചേനയും കാച്ചിലും കിഴങ്ങും കിളച്ച് ജന്മിയുടെ തിരുമുറ്റത്ത് ചെല്ലുമ്പോള്‍, പണിയാളര്‍ ഒരു നേരത്തെ പശിയടക്കാന്‍ മാന്തലും, ചാവോനും മാന്തിപ്പറിച്ച് വേവിച്ച് തിന്ന് പശിയടക്കുന്നു.

(മാന്തല്‍ - കാട്ടുകിഴങ്ങ്, ചാവോന്‍ - ചേറൊള, ചേറില്‍ വളരുന്ന താമര പോലുള്ള സസ്യം)

തലമുറയായി യാതന അനുഭവിക്കുന്ന ജനത ഉരുവിടുന്ന ഗായത്രി 'ന്റെ നേരില്ലാത്തീച്ചരാ'

കന്നുകാലികളെ പോലെ ആളടിയാരെ കഴുത്തില്‍ കയറിട്ട് കൊണ്ടുപോയി അടിമക്ക മ്പോളത്തില്‍ വില്ക്കുന്നു. ശംഖുമുഖം, കണിയാപുരം, ചിറയിന്‍ കീഴ് എന്നീ ചന്തകള്‍ പ്രധാനപ്പെട്ട അടിമച്ചന്തകളായിരുന്നു. കോട്ടയം തിരുനക്കര മൈതാനം (അന്നത്തെ തിരുനക്കര കീടി എന്നറിയപ്പെട്ടിരുന്നു) മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട അടിമച്ചന്തയായിരുന്നു. വയനാട്ടിലെ വള്ളൂര്‍ക്കാവ് 'വള്ളുവര്‍ക്കാവ്, മലയടിവാരത്തെ പ്രധാനപ്പെട്ട അടിമച്ച ന്തയായിരുന്നു.'

'മാനം പറക്ക്ണ ചക്കിപ്പരുന്തേ,
എങ്ങടമ്മേനേം അപ്പനേം നീയെങ്ങാം കണ്ടോ
അപ്പനെ വിറ്റ വടക്കോട്ടു പോയേ
അമ്മന വിറ്റങ്ങാ തെക്കോട്ടും പോയേ
തേരാറ്റ് മണപ്പറത്ത് തേരാട്ടം പോയേ
അവരിന്നും വരവില്ലേ അവര് നാളേം വരവില്ലേ
എങ്ങക്കാരോരുമില്ലേന്റെ ചക്കിപ്പരുന്തേ
എങ്ങക്കാരോരുമില്ലെന്റെ വനതേവതമാരേ
കുഞ്ഞു കൂവാതെ വിളിക്കാതെ കരയാതിരിയോ
കുഞ്ഞു വാവം വാവാവം വാവോ'