"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജൂലൈ 31, വെള്ളിയാഴ്‌ച

ജന്മനാട്ടില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് മ്യൂസിയം - രാജശേഖരന്‍ മുതുകുളം

അരനൂറ്റാണ്ടുകാലം കാര്‍ട്ടൂണ്‍ രംഗത്തെ അതികായനായും കേരളത്തിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുടെ ഗുരുനാഥ നായും ജീവിച്ച കായംകുളത്തുകാരനായ ശങ്കരപ്പിള്ളയെന്ന ലോകപ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് കഴിഞ്ഞ ഡിസംബര്‍ 26 ന് 25 വര്‍ഷം തികഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ സ്മര ണാര്‍ത്ഥം ജന്മനാടായ കായംകുളത്ത് ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയവും ആര്‍ട്ട് ഗ്യാലറിയും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.

കായംകുളത്തെ കൃഷ്ണപുരത്ത് സാംസ്‌കാരിക വിനോദ കേന്ദ്രത്തോട നുബന്ധിച്ചുള്ള ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയവും ആര്‍ട്ട് ഗ്യാലറിയും സന്ദര്‍ശിക്കുന്ന വര്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ വിശ്വ വിഖ്യാത കാര്‍ട്ടൂണുകള്‍ അവിടെ അണിനിരന്നിരിക്കുന്നതു കാണാം. കേരള ലളിത കലാ അക്കാദമിയാണ് ഇതിന്റെ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്നത്. കായംകുളം എംഎല്‍എ സി കെ സദാശിവന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15000 ചതുരസ്ര അടി വിസ്തീര്‍ണത്തില്‍ കേരളീയ വാസ്തുകലാ മാതൃകയിലാണ് മ്യൂസിയം തയാറാക്കിയിട്ടുള്ളത്. കാര്‍ട്ടൂണ്‍ മ്യൂസിയത്തിലേക്ക് കടക്കുന്നതിനു മുമ്പ് നമുക്ക് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിതത്തിലേക്ക് ഒന്നു കടക്കാം.

കായംകുളം ഗ്രാമത്തിലെ ചേരാവള്ളിയില്‍ ഇല്ലിക്കുളത്ത് വീട്ടില്‍ കേശവപിള്ളയുടേയും കൊച്ചു കുഞ്ഞമ്മയുടേയും മകനായി 1902 ജൂലൈ 31 ന് ശങ്കര്‍ ജനിച്ചു. ശങ്കറിന്റെ മുത്തച്ഛന്‍ കാശിയാത്ര കഴിഞ്ഞ് എത്തിയതിന്റെ പിന്നാലെയായിരുന്നു കുഞ്ഞിന്റെ ജനനം. കാശി വിശ്വനാഥന്റെ ഓര്‍മക്കായി മുത്തച്ഛന്‍ കുഞ്ഞിന് ശങ്കരന്‍ എന്നു പേരിട്ടു.

യാദൃശ്ചികമാവാം, തന്നെ പേരുവിളിച്ച മുത്തച്ഛന്റേയും അമ്മാവന്റേയും സംരക്ഷ ണത്തില്‍ ശങ്കരന് വളരേണ്ടി വന്നു. ഇല്ലിക്കുളം തറവാട്ടിലെ സര്‍പ്പക്കാവും അവിടെ വിളക്കു വെച്ചിരുന്ന സായം സന്ധ്യകളുമൊക്കെ മുത്തച്ഛന്റെ കൂടെയുള്ള ജീവിതം എന്ന ബാല്യ സ്മരണകളില്‍ ശങ്കര്‍ ഓര്‍ക്കുന്നുണ്ട്. 87 ആം വയസിലും കണ്‍കോണു കളില്‍ കുസൃതി ഒളിപ്പിച്ചു നടന്നിരുന്ന ശങ്കറിന്റെ കാര്‍ട്ടൂണ്‍ കുസൃതികള്‍ തുടങ്ങിയത് അദ്ദേഹം മാവേലിക്കരയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്യുന്ന കാലത്താണ്. ക്ലാസ് സന്ദര്‍ശനത്തിനിടയില്‍ പിള്ളേര്‍ക്ക് ജോലി നല്കി ഉറക്കം പിടിച്ച 'ഹെഡ്മാഷാ' യിരുന്നു കഥാപാത്രം. കുറിയ ശരീരത്തിലൊരു വന്‍ കുടവയറുമായി വന്ന അദ്ദേഹം കസേരയില്‍ ഇരുന്നിട്ട് മേശമേലേക്ക് കാല്കയറ്റിവെച്ച് ഉറങ്ങുന്നതിനിടയില്‍ മുണ്ട് മുട്ടിന് എത്രയോ മുകളിലേക്ക് കയറിപ്പോ യിരുന്നു. ഈ രംഗത്തിന് കൊഴുപ്പു കൂട്ടും പോലെ അദ്ദേഹം കൂര്‍ക്കം വലിക്കാനും തുടങ്ങി. ഇതായിരുന്നു കുട്ടിയായ ശങ്കരനില്‍ കാര്‍ട്ടൂണിസ്റ്റ് ജനിച്ച നേരം. 

ശങ്കരന്‍ വരച്ച കാര്‍ട്ടൂണുകള്‍ കുട്ടികളുടെ എല്ലാം കൈകളില്‍ എത്തുകയും അവര്‍ ആര്‍ത്തു ചിരിക്കാനും തുടങ്ങി. വൈകാതെ ക്ലാസ് ടീച്ചര്‍ വഴി ഹെഡ്മാഷിന്റെ കയ്യിലും ആ കാര്‍ട്ടൂണ്‍ എത്തി. അദ്ദേഹം ശങ്കറിനെ ആവോളം ശകാരിച്ചു. സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നതൊഴിച്ച് ബാക്കിയെല്ലാം ഹെഡ്മാഷ് ചെയ്തു. ഭയത്തോടെയാണ് അന്ന് വൈകിട്ട് വീട്ടിലേക്കു ശങ്കരന്‍ കടന്നു ചെന്നത്. കാര്‍ട്ടൂണ്‍ കണ്ട് പൊട്ടിച്ചിരിച്ചു തുടങ്ങിയ അമ്മാവനു മുന്നില്‍ ശങ്കറിന്റെ ഭയം അലിഞ്ഞലിഞ്ഞി ല്ലാതായി.

ഇത്തരം കുസൃതികള്‍ തിരുവനന്തപുരം കോളേജ് ഓഫ് സയന്‍സില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) ബി എ ഫിസിക്‌സിനു (അന്ന് ഫിസിക്‌സും ബി എ ആയിരുന്നു) പഠിക്കുമ്പോഴും തുടര്‍ന്നു. അവിടെ ശങ്കരന്‍ വരച്ച തന്റെ കാര്‍ട്ടൂണുമായി പ്രിന്‍സിപ്പാളിനോടു പരാതി പറയാന്‍ ചെന്ന കെമിസ്ട്രി പ്രൊഫസര്‍ക്കു വലിയൊരു തിരിച്ചടി കിട്ടി. ശങ്കരന്‍ വരച്ച പ്രിന്‍സിപ്പാളിന്റെ കാര്‍ട്ടൂണ്‍ കെമിസ്ട്രി പ്രൊഫസറെ എടുത്തു കാട്ടി പ്രിന്‍സിപ്പാള്‍.

1927 ല്‍ അദ്ദേഹം ബി എ പാസായി. നിയമം പഠിക്കാന്‍ ബോംബെ ലോ കോളേജില്‍ ചേര്‍ന്നെങ്കിലും നിയമം പഠിക്കുന്നതില്‍ അസംതൃപ്തനായ ശങ്കര്‍ നിയമ പഠനം ഉപേക്ഷിച്ചു. കാര്‍ട്ടൂണ്‍ വര ശങ്കര്‍ തുടര്‍ന്നു. പല പത്രങ്ങളിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

നിരവധി അപേക്ഷ അയച്ചതിനു ശേഷം അദ്ദേഹത്തിന് ബോംബെയില്‍ ഒരു ജോലി കിട്ടി. കപ്പല്‍ ശൃംഖലയുടെ ഉടമയും സ്ന്ധ്യ സ്റ്റീം ഷിപ്പ് കമ്പനിയുടെ സ്ഥാപകനുമായ നരോത്തം മൊറാര്‍ജിയുടെ പ്രൈവറ്റ് സെക്രട്ടറിയായി 5 വര്‍ഷം ജോലി നോക്കി. ഈ കാലയളവില്‍ നാട്ടില്‍ തിരിച്ചെത്തി കോളേജ് വിദ്യാഭ്യാസ കാലത്ത് താന്‍ സ്‌നേഹിച്ച തിരുവനന്തപുരംകാരി തങ്കത്തെ വിവാഹം ചെയ്തു.

മൊറാര്‍ജി കുടുംബത്തോടൊപ്പം ജോലി ചെയ്തിരുന്ന കാലത്ത് കോണ്‍ഗ്രസുമായും ശങ്കര്‍ ബന്ധപ്പെട്ടിരുന്നു. ബോംബെ ചെഡവ റോഡിലെ ശങ്കറിന്റെ താമസസ്ഥല ത്തായിരുന്നു കോണ്‍ഗ്രസ് ബുള്ളറ്റില്‍ രഹസ്യമായി പ്രിന്റ് ചെയ്തിരുന്നത്. തന്റെ രാഷ്ട്രീയ സമീപനങ്ങള്‍ ആധാരമാക്കി വരച്ച ശങ്കറിന്റെ കാര്‍ട്ടൂണുകള്‍ ഇടക്കിടെ 'ബോംബെ ക്രോണിക്കിള്‍' , 'ഫ്രീ പ്രസ്സ്' ജേര്‍ണല്‍ എന്നിവയില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.

ഗാന്ധിജി, ജയ്കര്‍ തുടങ്ങിയവരടങ്ങിയ രണ്ടാം വട്ടമേശ സമ്മേളനത്തി നുള്ള പ്രതിനിധി സംഘത്തെ ബ്രിട്ടീഷുകാര്‍ ഓടിക്കുന്ന കാര്‍ട്ടൂണ്‍ മനോഹരമായ അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്നു. 'ഗാന്ധിജി തുടങ്ങിയ സംസ്‌കാര രഹിതരായ ജനക്കൂട്ടത്തെ പിരിച്ചുവിടുക എന്ന ബ്രിട്ടീഷുകാരുടെ സ്ഥിരം പല്ലവിയെ' പരിഹസിച്ചു കൊണ്ടുള്ള തായിരുന്നു ആ കാര്‍ട്ടൂണ്‍.

ബോംബെ ക്രോണിക്കിളില്‍ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പ്രഗത്ഭനായ പത്രാധിപര്‍ പോത്തന്‍ ജോസഫിനെ അത് വളരെ ആകര്‍ഷിച്ചു. അരപ്പേജായി ഈ കാര്‍ട്ടൂണ്‍ വന്ന ദിവസം ബസ്സില്‍ സഞ്ചരിക്കുന്നതിനിടയില്‍ പോത്തന്‍ ജോസഫ് റോഡിലൂടെ നടന്നു പോകുന്ന ശങ്കറിനെ കണ്ടു. ഉടന്‍ തന്നെ അദ്ദേഹം ബസ് നിര്‍ത്തിച്ചിട്ട് ബസ്സില്‍ നിന്നും ചാടി ഇറങ്ങി. ഓടിച്ചെന്ന ശങ്കറിനെ കെട്ടിപ്പിടിച്ചു. പിന്നീട് പോത്തന്‍ ജോസഫ് 'ഹിന്ദുസ്ഥാന്‍ ടൈംസി'ല്‍ എഡിറ്ററായപ്പോള്‍ ശങ്കര്‍ അവിടെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി. 1932 മുതല്‍ 1946 വരെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ വര്‍ക്കു ചെയ്തു. അതിനു ശേഷം വ്യവസായ പ്രമുഖനായ രാമകൃഷ്ണ ഡാല്‍മിയയുമായി ചേര്‍ന്ന് 'ഇന്ത്യന്‍ ന്യൂസ് ക്രോണിക്കിള്‍' തുടങ്ങി, 11 മാസത്തിനു ശേഷം അതില്‍ നിന്ന് പിന്മാറി.

1948 ല്‍ ശങ്കേഴ്‌സ് വീക്കിലി ജനിച്ചു. ആദ്യലക്കം പുറത്തിറക്കിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകള്‍ 'ഡോണ്ട് സ്‌പെയര്‍ മി ശങ്കര്‍' (എന്നെ വെറുതെ വിടരുത് ശങ്കര്‍ എന്നാണ്) 1948 മുതല്‍ 1964 വരെ ശങ്കര്‍ 1500 ഓളം കാര്‍ട്ടൂണുകള്‍ നെഹ്‌റു വിന്റെ വരച്ചു. അദ്ദേഹത്തെ വെറുതെ വിട്ടില്ല. 


രാജശേഖരന്‍ മുതുകുളം
ശങ്കേഴ്‌സ് വീക്കിലി 1949 ല്‍ പുറത്തിറങ്ങിയത് കുട്ടികളുടെ പതിപ്പാണ്. കുട്ടികളുടെ സാഹിത്യം, പെയിന്റിംങ് മത്സരങ്ങള്‍ സ്ഥിരമായി നടത്താന്‍ ശങ്കറിന് പ്രചോദനമായി. 140 രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് കുട്ടികള്‍ പങ്കെടുത്ത അന്തര്‍ദേശീയ മത്സരമായി ആ പെയിന്റിംങ് മത്സരം വളര്‍ന്നു. ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റിന് 1957 ല്‍ ഫ്‌ലീറ്റ് സ്ട്രീറ്റായ ഡെല്‍ഹിയിലെ ബഹദൂര്‍ഷാ സഫര്‍മാര്‍ഗില്‍ തുടക്കമിട്ടു. നെഹ്‌റു മരിച്ച് ഒരു വര്‍ഷം കഴിഞ്ഞ പ്പോള്‍ ബുക്ക് ട്രസ്റ്റ് ബില്‍ഡിങ് നെഹ്‌റു ഹൗസായി. ട്രസ്റ്റില്‍ നിന്ന് 500 ല്‍ പരം പുസ്തകങ്ങള്‍ ഇന്നു വരെ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ എഴുപത്തേഴും ശങ്കറിന്റ തന്നെ. നെഹ്‌റു ഹൗസില്‍ 1965 ല്‍ തുറന്ന ഡോള്‍ഫ് ഹൗസില്‍ ഇന്ന് 7000 ല്‍ അധികം പാവകള്‍ ഉണ്ട്. ഇതാണ് ലോകത്തില്‍ ഏറ്റവും അധികം കോസ്റ്റിയൂം ഡോള്‍സുള്ള മ്യൂസിയം. ഹംഗറിയില്‍ നിന്ന് ശങ്കറിന് സമ്മാനമായി കിട്ടിയ ഒരു പാവയില്‍ നിന്നായിരുന്നു മ്യൂസിയത്തിന്റെ തുടക്കം.
-----------------------------------
രാജശേഖരന്‍ മുതുകുളം, തംബുരു, മുതുകുളം വടക്ക്, ചൂളത്തെരുവ് പി ഒ കായംകുളം.
-----------------------------------
കടപ്പാട്: 'വിദ്യാരംഗം' മാസിക ലക്കം ജനുവരി 2015

2015, ജൂലൈ 30, വ്യാഴാഴ്‌ച

അയിത്തോച്ചാടനം അഥവാ ക്ഷേത്രപ്രവേശനം - എന്‍ ആര്‍ കൃഷ്ണന്‍

എന്‍ ആര്‍ കൃഷ്ണന്‍
വിശ്രുതമായ വൈക്കത്തു വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെ ചില അനുഭവങ്ങള്‍ ഞാന്‍ പരസ്യപ്പെടു ത്തിയിട്ടുള്ള 'സ്മരണ ഒന്നാം ഭാഗ'ത്തില്‍ താഴെ ചേര്‍ക്കുന്ന പ്രകാരം കൊടുത്തിട്ടുള്ളതാകുന്നു.

വൈക്കം അയിത്താചാരത്തിന്റെ കേന്ദ്രമായിരുന്നു. 'നരകമിവിടാകുന്നു ഹന്ത: കഷ്ടം! ഹര! ഹര! ഇങ്ങനെ വല്ല നാടുമുണ്ടോ?' എന്നു മഹാകവി പാടിയിട്ടുള്ളത് വൈക്കത്തെ അനുഭവം മൂലമായിരിക്കാം. വിശ്വ വിഖ്യാതമായ സത്യാഗ്രഹം വൈക്കത്തു തന്നെ ആവിഷ്‌കരിച്ച നിയതിവൈഭവം അചിന്ത്യമത്രെ. പബ്ലിക് റോഡില്‍ സഞ്ചാര സ്വാതന്ത്ര്യമില്ലാ തിരുന്നതിനാല്‍ അക്കാലത്ത് സ്‌കൂളില്‍ പോകാന്‍ സഹിക്കേണ്ടിവന്ന ക്ലേശം സ്മരിക്കുമ്പോള്‍ ഇന്നും ഹൃദയം തുടിക്കുന്നു. സ്‌കൂളിനു ചുറ്റും സവര്‍ണ സങ്കേതമായിരുന്നു. അതിനാല്‍ ഞങ്ങള്‍ മൂന്നു നാലു മൈല്‍ അകലെ താമസിക്കേണ്ടി വന്നു. ഇടവഴികളിലും വയല്‍ വരമ്പുകളിലും കൂടി രാവിലെ യാത്ര തുടങ്ങുന്നു. ഞങ്ങള്‍ക്കു ദുര്‍ലഭം ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ സ്‌കൂളില്‍ സമയത്തു ചെല്ലാന്‍ സാധിച്ചിരുന്നുള്ളൂ. ദീര്‍ഘമായ ഇടവഴികളിലൂടെ അവസാന ഭാഗത്തെത്തുമ്പോള്‍ എതിരെ വരുന്ന ഒരു സവര്‍ണ ഹിന്ദു 'ഹെ ഹോയി' എന്നു ഗര്‍ജിക്കുന്നു. അപ്പോള്‍ ഞങ്ങള്‍ ആ ദീര്‍ഘവഴി തിര്യെ നടക്കാന്‍ നിര്‍ബന്ധിതരാകുന്നു. മുട്ടോളം പുതയുന്ന ചളിയില്‍ ഇറങ്ങി വഴിമാറി ക്കൊടുക്കേണ്ടിയും വരുന്നു. അടുത്ത സവര്‍ണ ഗൃഹത്തിലേക്ക് ആ മഹാന്‍ അല്പം മാറിയാല്‍ ഈ പ്രയാസം കൂടാതെ കഴിയും എന്നാല്‍ അയിത്താചാരപ്രകാരം സവര്‍ണ ഹിന്ദു മുമ്പോട്ടു വെച്ച കാല്‍ പിമ്പോട്ടു വെക്കാന്‍ പാടുള്ളതല്ല. ഈ കഷ്ടതയെ അനുഭവിച്ചു പഴയ സ്ഥലത്തെത്തു മ്പോള്‍ നിര്‍ഭാഗ്യവശാല്‍ വീണ്ടും ഒരു സവര്‍ണ ഹിന്ദു വന്നെന്നു വരാം. അപ്പോള്‍ കാര്യം വീണ്ടും തഥൈവതന്നെ.

അയിത്താചാര പ്രകാരം അവര്‍ണ ഹിന്ദുവിനെ ശിക്ഷിക്കുന്നതിന് കോടതിയോ തെളിവോ സാക്ഷിയോ വിധിയോ ആവശ്യമായിരുന്നില്ല. പ്രാവിനെ പ്രാപ്പിടിയനെന്നോണം അവര്‍ണ ഹിന്ദുവിനെ സവര്‍ണ ഹിന്ദു ശിക്ഷിക്കുന്നു. കാണികളായ സവര്‍ണ ഹിന്ദുക്കള്‍ക്കു ഈ വിനോദത്തില്‍ യഥാശക്തി പങ്കു കൊള്ളുകയും ചെയ്യാം. അക്കാലത്ത് അവര്‍ണ ഹിന്ദു വിദ്യാര്‍ത്ഥികള്‍ ഒന്നു ചേര്‍ന്നു മാത്രമാണ് വിദ്യാലയത്തില്‍ പൊയ്‌ക്കൊ ണ്ടിരുന്നത്. ഒരിക്കല്‍ ഏകാകിയായി പ്പോകാന്‍ ഇടവന്ന അവര്‍ണ ഹിന്ദു വിദ്യാര്‍ത്ഥിയും ഒരു സവര്‍ണ ഹിന്ദു സ്ത്രീയും തമ്മില്‍ അയിത്തം മൂലം പിടിവീണു. പരസ്പരം താഡനം കഴിഞ്ഞു വസ്ത്രം കീറി അവര്‍ പിരഞ്ഞു. മറ്റൊരവസരത്തില്‍ ഞങ്ങള്‍ വഴിമാറിക്കൊടുത്തതു പോരെന്ന് ഒരു നമ്പൂതിരിക്കു ശങ്ക തോന്നി. അദ്ദേഹം കോപാന്ധനായി. 'കേരളം പരശുരാമന്‍ ഞങ്ങള്‍ക്കു തന്നതാണെന്നറിയാമോ?', എന്നു ഞങ്ങളെ ശാസിക്കുകയുണ്ടായി. 'ഭയത്താല്‍ ഏര്‍പ്പെട്ടതാണ് അയിത്തം. ഭയത്താല്‍ അത് മാറുകയും ചെയ്യും' എന്ന് ഒരിക്കല്‍ അര്‍ത്ഥവത്തായി സ്വാമി തൃപ്പാദങ്ങള്‍ കല്പിക്കുകയുണ്ടായി. 

വിദ്യാര്‍ത്ഥിയായി ഞാന്‍ ആലപ്പുഴ ജീവിതം നയിക്കുന്ന കാലത്തുണ്ടായ മറ്റൊരനുഭവം ഇപ്രകാരമാണ്. ഇന്ന് മുഹമ്മദന്‍ ഹൈസ്‌കൂള്‍ എന്ന് അറിയപ്പെട്ടു പോരുന്ന സ്‌കൂള്‍ അക്കാലത്ത് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ആണ്. ആ സ്‌കൂളില്‍ മൂന്നാം ഫാറത്തില്‍ ഞാനുള്‍പ്പെടെ ഒരു ഡസന്‍ അവര്‍ണ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. എന്നുവരികിലും ജാതിശല്യം അവിടെ കലശലായി അനുഭവിക്കേണ്ടി വന്നിരുന്നു. സ്‌കൂള്‍ വിട്ടു ഗേറ്റിനു പുറത്തിറങ്ങിയാല്‍ സവര്‍ണ വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ വലയം ചെയ്യുക പതിവായി. വളരെ അകലെ ഞങ്ങള്‍ എത്തിച്ചേരുന്നതു വരെ ജാതീയമായ അസഭ്യങ്ങള്‍ വര്‍ഷിച്ചുകൊണ്ട് അവര്‍ ഞങ്ങളെ അനു ഗമിക്കും. ഒരു ദിവസം അവരെ എതിര്‍ക്കുന്നതിനു തന്നെ ഞങ്ങള്‍ നേരത്തേ നിശ്ചയം ചെയ്തു. ദീര്‍ഘകായനും ബലിഷ്ഠനുമായ ശ്രീ കെ കെ മാധവന്‍ (ഇന്നദ്ദേഹം റിട്ട. ഡെപ്യൂട്ടി സെക്രട്ടറിയാണ്) അന്നത്തെ ഞങ്ങളുംടെ സംഘത്തലവനായിരുന്നു. സായാഹ്നത്തില്‍ സ്‌കൂള്‍ വിട്ട് എല്ലാവരും ഗേറ്റിന് പുറത്തിറങ്ങി. അവര്‍ണ വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ചുമതല കൃശഗാത്രനായ എനിക്കാ യിരുന്നു. പതിവുപോലെ സവര്‍ണ വിദ്യാര്‍ത്ഥികള്‍ വളഞ്ഞു അസഭ്യങ്ങള്‍ പുലമ്പി. അല്പനേരത്തേക്ക് ഏറ്റുമുട്ടല്‍ നടന്നു. ഒടുവില്‍ ഒരു സവര്‍ണ വിദ്യാര്‍ത്ഥിയുടെ കണ്ഠത്തിനു സ്റ്റീല്‍ പേനകൊണ്ടൊരു കുത്തു കിട്ടി. തന്മൂലം ഉണ്ടായ രക്തപ്രവാഹം ദര്‍ശിച്ചതോടെ സവര്‍ണ വിദ്യാര്‍ത്ഥികള്‍ പലായനം ചെയ്തു. പിന്നീടു ഞങ്ങള്‍ക്കു ആ മാതിരി ദുരിതം അനുഭവിക്കേണ്ടി വന്നിട്ടില്ല.

എറണാകുളത്തു വെച്ചുണ്ടായ മറ്റൊരനുഭവം കൂടി അനുസ്മരിച്ചു നിര്‍ത്തിക്കൊള്ളുന്നു. അന്ന് എറണാകുളം കോളേജ് സമ്പൂര്‍ണ കോളേജ് ആയിരുന്നില്ല. എഫ് എ ക്ലാസ് എന്നറിയപ്പെട്ടിരുന്ന ഇന്റര്‍മീഡിയറ്റ് ക്ലാസും ബാക്കി ഹൈസ്‌കൂള്‍ ക്ലാസുകളുമാണ് അന്ന് കോളേജില്‍ ഉണ്ടായിരുന്നത്. ഡേവി സായിപ്പാണ് പ്രിന്‍സിപ്പാള്‍. ഞാനും മച്ചുനന്മാ രായ രണ്ടുപേരും അന്ന് അവിടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഞങ്ങളുടെ ക്ലാസില്‍ ഞങ്ങള്‍ മാത്രമാണ് അവര്‍ണ വിദ്യാര്‍ത്ഥികള്‍. ഞങ്ങള്‍ സായംകാലം സ്‌കൂള്‍ വിട്ടിറങ്ങുമ്പോള്‍ സവര്‍ണ വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ വലയം ചെയ്തു അസഭ്യങ്ങള്‍ പുലമ്പുക പതിവായിരുന്നു. ഒരു ദിവസം ബലിഷ്ഠ കായന്മാരായിരുന്ന മച്ചുനന്മാര്‍ പുസ്തകങ്ങള്‍ എന്നെ ഏല്പിച്ച് സവര്‍ണരെ എതിര്‍ത്തു. ചില ഏറ്റുമുട്ടലുകള്‍ നടന്നു. അതിനിടയില്‍ ഒരു സവര്‍ണ വിദ്യാര്‍ത്ഥിയുടെ മുഷ്ടി ചുരുട്ടിയുള്ള ഇടി നെഞ്ചില്‍ ഏറ്റ് മച്ചുനന്മാരില്‍ ഒരാള്‍ ഇരുന്നു പോയി. ഇതു കണ്ടു ഭയപ്പെട്ട സവര്‍ണ വിദ്യാര്‍ത്ഥികള്‍ സ്ഥലം വിട്ടു. ഞങ്ങള്‍ മച്ചുനനെ താങ്ങി പ്രിന്‍സിപ്പാള്‍ ഡേവി സായ്പിന്റെ മുമ്പില്‍ ഹാജരാക്കി വിവരം ധരിപ്പിച്ചു. സായ്പ് ഉടന്‍ പ്യൂണിനെ വിട്ട് ആ സവര്‍ണ വിദ്യാര്‍ത്ഥിയെ വരുത്തി കഠിനമായി ശിക്ഷിച്ചു. എങ്കിലും ആ മച്ചുനന്‍ മരിക്കുന്നതു വരെ അതിന്റെ ഉപദ്രവം സഹിക്കേണ്ടി വന്നിരുന്നു. ആ മച്ചുനന്മാര്‍ രണ്ടു പേരും ദിവംഗതരായിട്ട് ഇന്ന് കൊല്ലങ്ങള്‍ ഏറെയായി. 

സര്‍ക്കാര്‍ സ്‌കൂളും അയിത്തവും

സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവര്‍ണര്‍ക്കു പ്രവേശനാ നുവാദ മുണ്ടായിരു ന്നില്ല. ഈ നിലയില്‍ ചേര്‍ത്തല മലയാളം സ്‌കൂളും ഇംഗ്ലീഷ് സ്‌കൂളും ഉണ്ടായിരുന്നെങ്കിലും അതുകളില്‍ പഠിക്കുവാനുള്ള ഭാഗ്യം അസ്മാദൃശ ന്മാര്‍ക്കു ണ്ടായിരുന്നില്ല. ദിവാന്‍ വി പി മാധവരായരുടെ ഭരണകാലത്തു 1904 ല്‍ അദ്ദേഹം ആദ്യമായി ശ്രീമൂലം പ്രജാസഭ സ്ഥാപിച്ചു. അതി ലേക്കു 50 രൂപ കരം തീരുവ വോട്ടവകാശമായി തീരുമാനിച്ചു. എന്റെ മാതാമഹന്‍ ശ്രീ പാറയില്‍ രാമന്‍വൈദ്യര്‍ക്കും വോട്ടു ചെയ്യുവാനുള്ള ക്ഷണം കിട്ടി. വോട്ടിനു നിശ്ചയിച്ചിരുന്ന സ്ഥലം ചേര്‍ത്തല സര്‍ക്കാര്‍ മലയാളം സ്‌കൂളിലായിരുന്നു. സ്‌കൂള്‍ അവര്‍ണര്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലവുമാണ്. എന്നിരുന്നാലും താസീല്‍ദീരില്‍ നിന്നു ക്ഷണം കിട്ടിയതനു സരിച്ചു പോകാന്‍ തന്നെ തീരുമാനിച്ചു. അക്കാലത്ത് കുടിപ്പള്ളിക്കൂട ത്തില്‍ പഠിച്ചിരുന്ന എന്നെയും മാതാമഹന്‍ കൂടെ കൊണ്ടു പോവുക യുണ്ടായി. ഞങ്ങള്‍ സ്‌കൂളില്‍ പ്രവേശിച്ചു. ശുചിത്വം കൊണ്ടും വസ്ത്രധാരണ രീതിമൂലവും ശരീര ശോഭകൊണ്ടും സാമാന്യ ജനങ്ങള്‍ ഞങ്ങളെ സവര്‍ണരെന്നു ധരിച്ചിരിക്കണം. വോട്ടു ചെയ്യാന്‍ സമയമായി. മാതാമഹന്റെ പേര്‍ വിളിച്ചു. മാതാമഹന്‍ വോട്ടു ചെയ്തു. പേരുവിളി കേട്ട സമയം ഞങ്ങള്‍ അവര്‍ണരെന്നു സവര്‍ണര്‍ മനസിലാക്കി. സവര്‍ണരുടെ ഇടയിലും വിശിഷ്യാ വിദ്യാര്‍ത്ഥികളുടെ ഇടയിലും കുശുകുശു ശബ്ദം കേള്‍ക്കുമാറായി. വോട്ടുകഴിഞ്ഞു ഞങ്ങള്‍ സ്‌കൂളിനു പുറത്തിറങ്ങി. ഒരു സംഘം സവര്‍ണര്‍ ഞങ്ങളെ ചുറ്റിപ്പറ്റി ജാതിപരമായ അസഭ്യവാക്കുകള്‍ വിളിച്ചു പറഞ്ഞു തുടങ്ങി. ഞങ്ങള്‍ അതു ശ്രദ്ധി ക്കാതെ നടന്നു. എങ്കിലും അവര്‍ പിന്തുടര്‍ന്നു. ഒടുവില്‍ ഞങ്ങളുടെ അനുയായി കളായുണ്ടായിരുന്ന ബലിഷ്ഠകായന്മാര്‍ തിരിഞ്ഞു നിന്നു. എതിര്‍ത്ത സമയം പന്തിയല്ലെന്നു കണ്ട് സവര്‍ണര്‍ പിന്മാറി. അനിഷ്ട സംഭവങ്ങള്‍ കൂടാതെ പോവുകയും ചെയ്തു. അനന്തരകാലത്തു എന്നെ നിയമ സഭാ സാമാജികനായി നോമിനേറ്റു ചെയ്ത സമയം എന്നെയും സഹമെമ്പര്‍മാരായിരുന്ന പി എസ് മുഹമ്മദ്, മുറിവേലില്‍ പാച്ചുപിള്ള എന്നിവരേയും അനുമോദിക്കു ന്നതിനായി ജഡ്ജി ശ്രീ എന്‍ കുമാരന്റെ അധ്യക്ഷതയില്‍ ഇതേ സ്‌കൂളില്‍ വെച്ച് താലൂക്ക് പൗരന്മാരുടെ ഒരു മഹാസമ്മേളനം ചേര്‍ന്നു. ആ സമ്മേളനത്തില്‍ എന്റെ കൃതജ്ഞതാ പ്രസംഗത്തില്‍ ഇതേ സ്‌കൂളില്‍ വെച്ച് പൂര്‍വകാലത്ത് എനിക്കുണ്ടായ സ്വീകരണം സൂചിപ്പിക്കുക യുണ്ടായി.

2015, ജൂലൈ 29, ബുധനാഴ്‌ച

അച്ചിപ്പുടവ: കിരാതവാഴ്ചയുടെ ചരിത്ര സാക്ഷ്യങ്ങള്‍ - ബി ഗോപാലകൃഷ്ണന്‍

മനുഷ്യകഥ പറയുന്ന എല്ലാ എഴുത്തുകാരും ജീവിത വ്യാഖ്യാനമാണ് നടത്തുന്നത്. ആ വ്യാഖ്യാനമെന്ന് പറയുന്നത് ജീവിത മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടലാണ്. മനുഷ്യനെ മനുഷ്യന്‍ തന്നെ തിരിച്ചറിയുമ്പോഴും അംഗീകരിക്കു മ്പോഴുമാണ് മാനുഷികതയുടെ സര്‍വസമ ദര്‍ശനം സാക്ഷ്യമാകുന്നത്. അവിടെ ജീവിതത്തിന്റെ മൂല്യ സങ്കല്പങ്ങളുടെ സാക്ഷാത്കാരം നടക്കും. അപ്പോള്‍ വ്യക്തിഭാവത്തോടൊപ്പം സമഷ്ടിഭാവവും മാറ്റത്തിന് വിധേയമാകും. മാനവ സംസ്‌കാരം അത്തരം സ്വയം നവീകരണത്തി ലൂടെയാണ് അതിന്റെ പുരോയാന പ്രക്രിയ നിര്‍വഹിച്ചു കൊണ്ടിരി ക്കുന്നത്. മനുഷ്യവിരുദ്ധവും അപരിഷ്‌കൃതവുമായ എത്രയോ ദുരിത കാണ്ഡങ്ങളെ ചവിട്ടിക്കടന്നു കൊണ്ടാണ് മനുഷ്യ സംസ്‌കൃതി ഇന്നു കാണുന്ന അല്പമെങ്കിലും ഭേദപ്പെട്ട അവസ്ഥാ വിശേഷത്തിലേക്ക് എത്തിച്ചേര്‍ന്നി ട്ടുള്ളതെന്ന് ചരിത്ര പാഠങ്ങള്‍ സാക്ഷ്യം പറയും. അത്തരം ചരിത്ര ഭൂമികയിലേക്കും അവയുടെ അജ്ഞാതമായ അടരുകളിലേക്കും വെളിച്ചം പകര്‍ന്നുകൊണ്ട് ഒരു കാലഘട്ടത്തിലേക്ക് അനാവരണം ചെയ്യുന്ന നോവലാണ് ഇരഞ്ചിയം രവിയുടെ 'അച്ചിപ്പുടവ'.

സമയ യന്ത്രത്തിന്റെ സൂചിമുന ഈ നോവലിസ്റ്റ് തിരിച്ചു വെക്കുന്നത് 18 ആം നൂറ്റാണ്ടിന്റെ അന്ത്യ പാദങ്ങളിലേക്കാണ്. ആ ദിശാ സൂചിയുടെ ചലനങ്ങള്‍ ക്കൊപ്പമാണ് നോവലിസ്റ്റിന്റെ സര്‍ഗസഞ്ചാരം തുടങ്ങുന്നത്. താന്‍ ജനിച്ചു വളര്‍ന്ന ദേശത്തിന്റെ ഗതകാല ജീവിത വ്യവസ്ഥകളും നാട്ടറിവുകളും കേട്ടറിവുകളും നോവലിസ്റ്റിന്റെ ചരിത്ര ബോധത്തെ ഉദ്ദീപ്തമാക്കുന്നുണ്ട്. ആ ഊര്‍ജ പ്രസരണം നല്കുന്ന കിരാതകാല യാഥാര്‍ഥ്യങ്ങളുടെ വെളിപാടുകളാണ് അച്ചിപ്പുടവ എന്ന ദേശ ചരിത്ര നോവലിന്റെ ഇതിവൃത്ത ഘടനക്ക് അടിത്തറ പാകിയിരിക്കുന്നത്. 1882 എന്ന കാലബിന്ദുവില്‍ നിന്നും പിന്നേയും 70 വര്‍ഷം പശ്ചാത്ഗമനം ചെയ്യുന്ന നോവലിസ്റ്റ് ഫാദര്‍ ഫ്രാന്‍സിസ് സേവ്യര്‍ എന്ന കഥാപാത്ര ത്തിലൂടെയാണ് അക്കാലത്തെ ദേശവാഴ്വിന്റെ ഇരുണ്ട തലങ്ങളെ ചെന്നു തൊടുന്നത്. ഈ ഫാദര്‍ ഫ്രാന്‌സിസ് സേവ്യര്‍ തെങ്ങുംപള്ളിയെന്ന നായര്‍ തറവാട്ടിലെ പപ്പൂട്ടിപ്പിള്ളയുടേയും കുഞ്ഞൂലിയമ്മയുടേയും മകനായ ഗോപാലനാണെന്ന് കഥകളതിസാദരം വായിച്ചു പോകുമ്പോഴാണ് വായനക്കാരന് അറിയാന്‍ കഴിയുക.

1882 ലെ ഒരു പെരുമഴക്കാലത്താണ് തന്നെ തേടിയെത്തിയ സിസ്റ്റര്‍ ഫിലോമിനയെ തന്റെ ദേശ ജീവിത വഴികളിലൂടെ ഫാദര്‍ നടത്തിച്ചു കൊണ്ടു പോകുന്നത് ഇറ്റലിക്കാരിയായ ഹെലന്‍ ക്രിസ്‌റ്റോക്കു വേണ്ടിയാണ്. അക്കാലത്ത് കടലേഴും കടന്നു വന്ന ആ മദാമ്മയുടെ ലക്ഷ്യം ഒരു ഗവേഷണ പ്രബന്ധം തയാറാക്കലായിരുന്നു. വിഷയമാകട്ടെ 'തിരുവിതാംകൂര്‍ രാജാക്കന്മാരുടെ മഹാമനസ്‌കത തദ്ദേശിയരുടെ മതപരിവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍' എന്നുള്ളതും. ഒരു പക്ഷെ ഈ നോവലിന്റെ കഥാബീജം മുളപൊട്ടി വന്മരമാകുന്നത് ഇവിടെ നിന്നാണെന്നു പറയാം.

തിരുവിതാംകൂറിന്റെ ചരിത്രത്താളുകളില്‍ അടയാളപ്പെട്ടു കിടക്കുന്ന ആറ്റിങ്ങലും കിളിമാനൂരും പ്രാന്തസ്ഥലികളും അച്ചിപ്പുടവയുടെ കഥാപരിസരങ്ങള്‍ മാത്രമല്ല, പ്രധാന കഥാപാത്രങ്ങള്‍ കൂടിയാണ് എന്ന് പറയേണ്ടതുണ്ട്. ജാത്യാചാരങ്ങളുടേയും അയിത്താചാര ങ്ങളുടേയും തേര്‍വാഴ്ചയില്‍ ഒരു പറ്റം ജനത നേരിടേണ്ടിവന്ന നരകതുല്യാ നുഭവങ്ങളെ ഈ പരിസരത്തു നിന്നാണ് നോവലിസ്റ്റ് സ്വാംശീകരിച്ചി രിക്കുന്നത്. ആ അനുഭവങ്ങള്‍ക്കെല്ലാം നേര്‍സാക്ഷ്യം വഹിച്ച കഥാപാത്രമാണ് വിധി നിയോഗത്താല്‍ ക്രൈസ്തവനാകേണ്ടി വന്ന ഗോപാലനെന്ന ഫാദര്‍ ഫ്രാന്‍സിസ് സേവ്യര്‍.

ഫ്യൂദല്‍ പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്ന ഏതാനും നായര്‍ തറവാടുകളേയും നമ്പൂതിരി ഇല്ലങ്ങളേയും അതിന്റെ എല്ലാ ജീര്‍ണത കളോടും കൂടി വാക് രേഖകൊണ്ട് മെനഞ്ഞെടുത്ത് അവതരിപ്പിക്കുന്ന നോവലിസ്റ്റ്, അതിന് സമാന്തരമായിത്തന്നെ അടിമകളും പ്രാന്തവത്കൃത രുമായ അടിയാള സമൂഹത്തിന്റെ അതിദാരുണവും പരതന്ത്രവുമായ ജീവിത സാഹചര്യങ്ങളെ ഉള്‍ക്കാമ്പോടെ ഉയര്‍ത്തിക്കാട്ടാനും ശ്രമിച്ചിരി ക്കുന്നു. അടിമ സമ്പ്രദായം നിലവിലിരുന്ന രാജവാഴ്ചക്കാലത്തെ അടിയാള ജീവിതത്തെ കാലത്തിന്റെ ഏടുകളില്‍ നിന്നും വായിച്ചെടു ക്കുന്ന നോവലിസ്റ്റിന്റെ യഥാതഥമായ ചിത്രീകരണം ഇന്നു നമുക്ക് അതിശയോക്തിയായി തോന്നാം. എന്നാല്‍ അപരിഷ്‌കൃതവും പ്രാകൃതവു മായ ഒരു നിഷാദപര്‍വം നമ്മുടെ ഭൂതകാല വ്യവഹാരങ്ങളില്‍ നിറഞ്ഞാടിയിരുന്നു വെന്ന വസ്തുതയെ എങ്ങിനെയാണ് തമസ്‌കരിച്ചു കളയാന്‍ കഴിയുക? അന്നം വിളയിക്കുന്നവനെ അടിമയാക്കുന്ന നൃശംസതയും അവനുമേല്‍ കയ്യാളിയിരുന്ന മര്‍ദ്ദന മുറകളും ശിക്ഷാവിധി കളും അതിന്റെ സാകല്യാവസ്ഥയിലാണ് ഈ നോവലില്‍ വര്‍ണപ്പെടുത്തി യിരിക്കുന്നത്.

തെങ്ങുംപള്ളിത്തറവാട്ടിലെ കളപ്പുരയിലിട്ട് പലതവണ സ്ത്രീത്വം കവര്‍ന്ന ശേഷം പപ്പൂട്ടിപ്പിള്ള ജന്മിയും കാര്യസ്ഥനും ചേര്‍ന്ന് മാലച്ചെറുമിയെ അര്‍ധരാത്രി സമയത്ത് ജീവനോടെ കുഴിച്ചു മൂടുന്നതും, നെയ്യപ്പള്ളി തറവാട്ടു മുറ്റത്തു വെച്ച് മോഷണക്കുറ്റം ചുമത്തി കുറുമനെന്ന ചെറുമ ക്കുട്ടിയെ നഗ്നനാക്കി തെങ്ങില്‍ കെട്ടിവെച്ച് നീറിന്‍ കൂടു കുടഞ്ഞ് പീഢിപ്പിക്കുന്നതും മുലക്കരം ആവശ്യപ്പെട്ടുവന്ന പപ്പൂട്ടിപ്പിള്ളക്കു മുമ്പില്‍ വെച്ച് തന്റെ മുലകള്‍ രണ്ടും ഛേദിച്ചെറിയുന്ന കുറുണിയുടെ പെരുങ്കാളിയാട്ടവും ഈ നോവലിലെ ശക്തമായ രംഗചിത്രീകരണങ്ങളാണ്. ഈ വിവരണങ്ങളൊന്നും കെട്ടിച്ചമച്ചതോ ഭാവനാവിലാസമോ ആയി കാണേണ്ടതില്ല. ലോകമെമ്പാടുമുള്ള മനുഷ്യ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം വേട്ടയാടലുകള്‍ നമുക്ക് കാണാം. അതൊക്കെ നമ്മുടെ ചരിത്ര പുസ്തകങ്ങളിലുമുണ്ട്. പരിഷ്‌കൃതിയുടെ പരിവേഷം അതിനെയൊക്കെ ചിലപ്പോള്‍ തിരസ്‌കൃതമാക്കും. അപ്പോഴാണ് വീണ്ടെടുപ്പുകള്‍ വേണ്ടി വരിക. ആ വീണ്ടെടുപ്പുകളുടെ സര്‍ഗാത്മക സാക്ഷ്യമാണ് അച്ചിപ്പുടവ എന്ന നോവല്‍. അവിടെ വിസ്മൃതമായിപ്പോയ ഒരു കാലവും ദയാരഹിത യാഥാര്‍ഥ്യങ്ങളും ഉന്മീലനം ചെയ്യപ്പെടുന്നു. അവര്‍ണ വര്‍ഗ വിമോചന നൈരന്തര്യം അതിന്റെ ദശാസന്ധികളെ തരണം ചെയ്യുന്ന ആദ്യ ചുവടുവെയ്പുകള്‍ നമുക്കിവിടെ കാണാം. അര്‍ഹതയുള്ളത് അതിജീവിക്കും എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ മനുഷ്യ വിമോചന ത്തിന് കഴിഞ്ഞത് പിന്നേയും എത്രയോ കാലം കഴിഞ്ഞാണ് എന്ന വസ്തുത നമുക്കറിയാം. അതിന്റെ ചലനാത്മകമായ തുടക്കമാണ് ഈ നോവല്‍ ചൂണ്ടി ക്കാട്ടുന്നത്. അതുപെലെ കറുത്ത കാലത്തിന്റെ നിഷ്ഠൂരമായ നിരവധി കൈവിരല്‍പ്പാടുകള്‍ ഈ നോവലിലുണ്ട്. കൗമാരം മാറാത്ത ദലിത് പെണ്‍കുട്ടികളേയും യുവതികളേയും കാമപൂരണത്തിന് ഉപയോഗിച്ചുകൊണ്ട് മനുഷ്യാസ്തിത്വം ചവിട്ടി മെതിക്കപ്പെടുകയും രാജഭരണത്തിന്റെ തലയില്‍ കൊല്ലും കൊലയും കുലാധികാരമാക്കി വെക്കുകയും ചെയ്തിട്ടുള്ള ഉപരിവര്‍ഗത്തില്‍ നിന്നു തന്നെയാണ് വിമോചനത്തിന്റെ ശബ്ദമുയര്‍ന്നിട്ടുള്ളത് എന്നും ഈ നോവല്‍ പറയുന്നു. നെയ്യപ്പിള്ളി കുടുംബാംഗമായ ഭാസ്‌കരപിള്ളയും തെങ്ങുംപള്ളി ഗോപാലനും ആ എതിര്‍ശബ്ദങ്ങളുടെ വാചാലമായ വക്താക്കളായി മാറുമ്പോള്‍ മനുഷ്യത്വത്തിന്റെ നുറുങ്ങുവെട്ടമാണ് തെളിയുന്നത്. ആ തിരിനാളം ആളിപ്പടര്‍ന്നപ്പോഴാണ് ആ രണ്ട് തറവാടുകളുടെയും കളപ്പുരകള്‍ കത്തിയമര്‍ന്നത്. ഇത് ചെയ്തത് നെയ്യപ്പിള്ളി ഭാസ്‌കരപിള്ളയും തെങ്ങുംപള്ളിയിലെ 10 വയസുകാരനായ ഗോപാലനുമായിരുന്നു. ഈ ഗോപാലന്റെ പലായനം ചെന്നവസാനിക്കു ന്നത് സാമൂഹിക പരിവര്‍ത്തനത്തിന് കളമൊരുക്കിയ മറ്റൊരു ഭൂമിയിലേക്കാണ്. വൈദേശിക സ്വാധീനവും മതപ്രചരണവും ഒന്നിച്ചു മുന്നേറിയ 19 ആം നൂറ്റാണ്ടിന്റെ പ്രതിനിധിയായി ഫാദര്‍ ഫ്രാന്‍സിസ് സേവ്യര്‍ നില്ക്കുമ്പോള്‍ എവിടെ ഗോപാലനെന്ന പാതിരിയെയല്ല നാം കാണുന്നത്, നരമേധം നടന്നിരുന്ന അഭിശപ്തമായ ഒരു കാലഘട്ടത്തെ യാണ്.

2015, ജൂലൈ 28, ചൊവ്വാഴ്ച

മഹാത്മ അയ്യന്‍കാളി മഹാനായ കലാപകാരി - സജു

അധകൃതരെന്ന് മുദ്ര കുത്തി അകറ്റി നിര്‍ത്തപ്പെട്ട ഒരു സമുദായത്തെ ആത്മാഭി മാനമുള്ള ജനതയാക്കി ഉയര്‍ത്തി എന്നതാണ് അയ്യന്‍കാളിയുടെ ഏറ്റവും വലിയ മഹത്വം. 19 ആം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളിലും 20 ആം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ഇന്ത്യയുടെ, വിശേഷിച്ച് കേരള ത്തിന്റെ ചരിത്രത്തില്‍ മഹത്തായ മുന്നേറ്റങ്ങളുടെ കാലഘട്ടമാണ്. ഈ കാലത്ത് 1863 ല്‍ ആഗസ്റ്റ് 30 ന് വെങ്ങാനൂരില്‍ അയ്യന്റേയും മാലയുടേയും മകനായി അയ്യന്‍കാളി ജനിച്ചു. കാളി എന്ന പേരിനൊപ്പം അച്ഛന്റെ പേരും ചേര്‍ത്ത് അയ്യന്‍കാളിയായി. സവര്‍ണനീതി അക്ഷരം നിഷേധിച്ച കുട്ടിക്കാലം. സവര്‍ണ സമുദായാംഗങ്ങളായ കുട്ടികളില്‍ നിന്നു ലഭിച്ച തിക്താനുഭവങ്ങള്‍ ബാലനായ കാളിയില്‍ സ്വസമുദായക്കാരെ ഒന്നിപ്പിക്കുന്നതിന്റെ ആവശ്യം ബോധ്യപ്പെടുത്തി. അക്ഷരാഭ്യാസം നിഷേധിക്ക പ്പെട്ടെങ്കിലും അന്യദേശത്തുനിന്നും ഗുരുക്കന്മാരെ വരുത്തി കായികാ ഭ്യാസങ്ങള്‍ സ്വായത്തമാക്കി. 'ഊര്‍പിള്ള' എന്ന വിളിപ്പേര് സമ്പാദിച്ചു. 1886 ല്‍ ചെല്ലമ്മയെ വിവാഹം കഴിച്ചു.

സവര്‍ണ മേധാവിത്വം കൊടികുത്തി വാണ കാലം, അവശ സമുദായ ങ്ങളെ അടിച്ചമര്‍ത്തിയും അവരുടെ അധ്വാനഫലത്തെ ചൂഷണം ചെയ്തും മേനികൊഴുത്ത പ്രഭുത്വവും വരേണ്യവര്‍ഗവും ചവിട്ടിയരച്ച വ്യക്തിത്വം വീണ്ടെടുക്കുക യായിരുന്നു അയ്യന്‍കാളിയുടെ ആദ്യത്തെ പ്രവര്‍ത്തനം. 'ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട്' വഴിനടക്കാ നുള്ള, മാന്യമായി വസ്ത്രം ധരിക്കാനുള്ള, നല്ല ഭക്ഷണം കഴിക്കാനുള്ള, വിദ്യ അഭ്യസിക്കാനുള്ള, മാന്യമായി ജീവിക്കാനുമുള്ള അവകാശം. അതിനു വേണ്ടിയുള്ള പോരാട്ടം ചരിത്രപരമായ ദൗത്യമായിരുന്നു. പിന്നോക്ക, അധകൃത സമുദായങ്ങളെ പുരോഗമന പാതയിലൂടെ മുന്നോട്ടു നയിക്കാന്‍ ആദ്യം വേണ്ടത് അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ്.

മനുസ്മൃതി നിര്‍മിച്ച ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി മണ്ണിലധ്വാനിക്കുന്ന വനെ അധമനെന്ന് മുദ്രകുത്തി അടിമയാക്കിയ കാലം. 1871 ല്‍ ഒരു അടിയാളന്റെ വില 6 മുതല്‍ 9 രൂപ വരെയായിരുന്നു. 'താങ്കള്‍ക്കും ഇവനെ/ഇവളെ വില്ക്കുകയോ കൊല്ലുകയോ ആകാം' എന്ന കരാറില്‍ കീഴാളര്‍ വില്ക്കപ്പെട്ട ഒരു കാലഘട്ടം. താഴ്‌ന ജാതിക്കാരന് അരക്കുമീതെ തുണിയുടുക്കാന്‍ പാടില്ലാത്ത കാലം. ബ്രാഹ്മണരില്‍ നിന്നും 64 അടി തീണ്ടാപ്പാടകലെ ക്കൂടെ മാത്രം ഒരു കീഴാളന് പോകാന്‍ പാടുള്ള കാലം. ചെരിപ്പോ കുടയോ ആഭരണങ്ങളോ നല്ല വസ്ത്രമോ ധരിക്കാന്‍ പാടില്ലാത്ത, അയിത്ത ജാതിക്കാര്‍ക്ക് വഴിനടക്കാന്‍ അവകാശമില്ലാത്ത കാലത്താണ് മഹാത്മ അയ്യന്‍കാളി പുലയരുള്‍പ്പെടുന്ന കീഴാള ജനവിഭാഗത്തെ വഴിനയിച്ചത്.

1893 ല്‍ വെള്ള അരക്കൈ കുപ്പായവും മേല്‍മുണ്ടും തലയിലൊരു വട്ടക്കെട്ടുമായി വില്ലുവണ്ടിയില്‍ വെള്ളക്കാളകളെ പൂട്ടി ഓട്ടുമണി മുഴക്കി അയ്യന്‍കാളി ഊരുചുറ്റി. അധികാരികള്‍ക്ക് ഹാലിളകി. അധകൃതന് വിലക്കപ്പെട്ട പൊതു നിരത്തിലൂടെ അയ്യന്‍കാളിയുടെ ചരിത്ര പ്രസിദ്ധമായ വില്ലുവണ്ടി കുതിച്ചു. സവര്‍ണ മാളികകള്‍ പ്രകമ്പനം കൊണ്ടു. അധികാരിവര്‍ഗത്തിന്റെ നായര്‍ ചോറ്റുപട്ടാളം കാളിയെ പിടിച്ചു നിര്‍ത്തി. കാളിയുടെ കരുത്തും കയ്യിലെ കഠാരയുടെ മൂര്‍ച്ചയും അധികാരികളെ മുട്ടുമടക്കിച്ചു. ആ വില്ലുവണ്ടി തിരുവിതാം കൂറില്‍ തെക്കുവടക്ക് പലവുരു പാഞ്ഞു. അത് കീഴാള സമുദായക്കാരില്‍ വലിയ ആത്മധൈര്യം പകര്‍ന്നു. ചായക്കടകളില്‍ ചിരട്ടയില്‍ ചായ കൊടുക്കു ന്നതിനെതിരെയും മണ്ണില്‍ കുഴികുത്തിയും ഇലക്കുമ്പിളില്‍ കഞ്ഞി കൊടുക്കു ന്നതിനെതിരെയും അയ്യന്‍കാളിയും കൂട്ടരും കലാപം നടത്തി.

1898 ല്‍ പൊതുവഴിയില്‍ നടക്കാനുള്ള അവകാശത്തിനു വേണ്ടി ആറാലുംമൂടില്‍ നിന്ന് ചന്തയിലേക്കുള്ള യാത്ര ബാലരാമപുരം ചാലിയ ത്തെരുവില്‍ വെച്ച് സവര്‍ണ വിഭാഗം തടഞ്ഞു. ഇരു വിഭാഗവും ഏറ്റുമുട്ടി. വാര്‍ത്ത നാടെങ്ങും ഇളക്കിമറിച്ചു. തുടര്‍ന്ന് നാടിന്റെ നാനാഭാഗത്തും സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയിത്തജാതിക്കാരുടെ അവകാശ സമരങ്ങള്‍ നടന്നു. വെങ്ങാനൂരില്‍ അധകൃതര്‍ക്കു വേണ്ടി ആദ്യമായി കുടിപ്പള്ളിക്കൂടം ആരംഭിച്ചതും അയ്യന്‍കാളിയുടെ ശ്രമഫല മായിട്ടാണ്.

1907 ല്‍ സാധുജന പരിപാലന സംഘം രൂപീകരിച്ചു. പൊതു നിരത്തില്‍ സഞ്ചാര സ്വാതന്ത്ര്യം, അയിത്ത ജാതിക്കാരന്റെ വിദ്യാഭ്യാസം, സ്‌കൂള്‍ പ്രവേശനം, മാറ് മറയ്ക്കാനും വസ്ത്രം ധരിക്കാനുമുള്ള അവകാശം, ജോലിക്ക് സ്ഥിരം കൂലി, ഞായറാഴ്ചകളില്‍ വിശ്രമാവധി അന്നിവയായി രുന്നു സംഘത്തിന്റെ പ്രധാനാ വശ്യങ്ങള്‍. 1910 ല്‍ അയിത്ത ജാതിക്കാ ര്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിനുള്ള വിളംബരം വന്നു. പള്ളിക്കൂടങ്ങളില്‍ താഴ്‌ന ജാതിക്കാര്‍ക്കും പഠിക്കനുള്ള അവസരം ഒരുങ്ങി. 1911 ല്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ വിമോചന ത്തിനായി അവിടെയും അയ്യന്‍കാളി പൊരുതി. അതില്‍ അയ്യന്‍കാളി വിജയിക്കുക തന്നെ ചെയ്തു. അധകൃതരുടെ മോചനത്തിന് പടവെട്ടിയ കര്‍മ നിരതമായ അയ്യന്‍കാളിയുടെ ജീവിതം 1941 ജൂണ്‍ 18 ന് അവസാനിച്ചു.

ജനായത്ത ഭരണകാലത്തും ജാതിയുടെ ക്രൂരതകള്‍ ഈ നാടിനെ വിടാതെ പിന്തുടര്‍ന്നു. ഇന്ത്യ സ്വതന്ത്ര മതേതര ജനാധിപത്യ രാഷ്ട്രമായിട്ട് 65 ആണ്ട് കഴിഞ്ഞു. ഇന്നും ദലിത് ആദിവാസി ജനവിഭാഗം അവഗണിക്കപ്പെട്ട് കിടക്കുന്നു എന്നത് വേദനാജനകമാണ്. എന്റെ സമുദായക്കാരില്‍ നിന്ന് 10 ബി എ ക്കാരുണ്ടാകുന്ന കാലത്ത് തന്റെ സമുദായം സ്വതന്ത്രമാകു മെന്ന് അയ്യന്‍കാളി സ്വപ്‌നം കണ്ടിരുന്നു. 10,000 കണക്കിന് ബി എ ക്കാരും ഒട്ടനവധി കോടീശ്വരന്മാരും, എന്തിന് രാഷ്ട്രപതിയും ചീഫ് ജസ്റ്റിസും കേന്ദ്രമന്ത്രിമാരും വരെ ആ സമുദായത്തില്‍ നിന്നും ഉണ്ടായെ ങ്കിലും അധകൃത ജനത ഇന്നും അവഗണനയും അദൃശ്യമായ അസ്പൃശ്യ തയും ഇന്നും അനുഭവിക്കുകയാണ്. കൊട്ടി ഘോഷിക്കപ്പെട്ട ഭൂപരിഷ്‌ കരണ നിയമത്തിന്റെ ഏറ്റവും വലിയ പരാജയം അത് മണ്ണിലിറങ്ങി പണിയെടുത്തവന് ഭൂമി നിഷേധിച്ചു എന്നതാണ്. കൃഷിഭൂമിയുടെ അവകാശികള്‍ അന്നത്തെ പോലെ ഇന്നും മേലാളന്റെ കയ്യില്‍ തന്നെ. സംവരണങ്ങള്‍ അട്ടിമറിക്കപ്പെടുകയും എല്ലാ ത്യാഗങ്ങളും സഹിച്ച് ഉയര്‍ന്ന പദവിയില്‍ എത്തിയാല്‍ ത്തന്നെ പലതരത്തിലുള്ള അപമാന ങ്ങളാണ് പലരും ഏറ്റുവാങ്ങേണ്ടി വരുന്നത്. ബിഒടി കരാറിലൂടെ പൊതു നിരത്തിലൂടെ യാത്രചെയ്യാന്‍ പോലും ചുങ്കം വാങ്ങിത്തുടങ്ങിയത് ശ്രദ്ധേയമാണ്. 

അയ്യന്‍കാളിയുടെ നെറ്റിയില്‍ ചന്ദനക്കുറി ചാര്‍ത്താനും അമാനുഷിക പരിവേഷം നല്കാനും അവതാരമാക്കി ദൈവപരിവേഷം നല്കാനും ശ്രമിക്കുന്നവര്‍ ഒന്നോര്‍ത്താല്‍ നന്ന്. ദലിതനെതിരേ ഏറ്റവും മനുഷ്യത്വ രഹിതമായി പീഢനം അഴിച്ചു വിട്ടത് ബ്രാഹ്മണ്യാധിഷ്ഠിത ഹൈന്ദവിക തയാണ്. നായര്‍ - ഈഴവ ഐക്യവും, യോഗ ക്ഷേമസഭാ ഐക്യവും കേരള രാഷ്ട്രീയത്തില്‍ ഉപജാപങ്ങള്‍ ഉണ്ടാക്കി ചൂതാട്ട ത്തിന്റെ കളം ഒരുക്കുകയാണ്. ഒരു നൂറ്റാണു മുമ്പത്തെ ചരിത്രം മാത്രം മതി നമ്മുടെ സ്വ്തന്ത്ര്യവും ജനാധിപത്യവും നമ്മെ എങ്ങോട്ടാണ് വഴിതെറ്റിക്കുന്നത് എന്ന് മനസിലാക്കാന്‍. ഇന്നും കീഴാളന് കഞ്ഞി കുമ്പിളില്‍ തന്നെ. അയ്യന്‍കാളിയുടെ 150 ആം ജന്മ വാര്‍ഷികം ആചരിക്കുമ്പോള്‍ സാമൂഹ്യ മോചന ചിന്തകള്‍ കാലിക പ്രസക്തിയുള്ളതാണ്.
----------------------------------------
കടപ്പാട്: 'യുക്തിരേഖ' മാസിക. 2012 സെപ്തംബര്‍ ലക്കം.

2015, ജൂലൈ 27, തിങ്കളാഴ്‌ച

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍; ചരിത്രം തമസ്‌കരിച്ച വിപ്ലവകാരി - സി എസ് സുനില്‍കുമാര്‍

പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിലെ സാമൂഹ്യ തിന്മകള്‍ക്കെതിരേ പടപൊരുതി ധീരരക്തസാക്ഷിത്വം വരിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ്... സാമൂഹ്യ വിപ്ലവത്തിലും നവോത്ഥാനത്തിലും ശ്രീനാരായണ ഗുരുവിന്റെ മുന്‍ഗാമി... ആറാട്ടുപുഴ വേലായുധ പ്പണിക്കരെ അങ്ങിനെ തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തിയ നിശബ്ദവും ധീരോദാത്തവുമായ പ്രവൃത്തികള്‍ കേരളത്തിന്റെ ഇരുളടഞ്ഞ സാമൂഹിക വ്യവസ്ഥതിയില്‍ നിന്നുകൊണ്ട് നോക്കിക്കാണുമ്പോഴാണ് അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ മുന്‍ഗാമി എന്ന വിശേഷണത്തിന് നൂറുശതമാനവും അര്‍ഹനാണ് എന്ന് സംശയലേശമന്യേ തിരിച്ചറിയുവാന്‍ കഴിയുന്നത്.

കേരളത്തില്‍ ജാതിക്കോമരങ്ങള്‍ അഴിഞ്ഞാടിയ ഇരുണ്ട നാളുകളായി രുന്നല്ലോ പത്തൊമ്പാതാം നൂറ്റാണ്ടിലേത്. അയിത്തവും അനാചാരവും കൊടികുത്തി വാണിരുന്ന അന്നത്തെ കേരളത്തെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. ആ വ്യവസ്ഥിതിക്കെതിരായ ഒറ്റയാള്‍ പോരാട്ടമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തിയത്. എന്തിനേയും വെല്ലാന്‍ പോന്ന തന്റെ ധീരതയും തടിമിടുക്കും ധനശേഷിയും മാത്രമാണ് ആ യുദ്ധത്തില്‍ അദ്ദേഹത്തിന് തുണയായി നിന്നത്.

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കടലോര പ്രദേശമായ ആറാട്ടുപുഴ മംഗലത്ത് സമ്പന്നമായ കല്ലിശേരിയില്‍ തറവാട്ടിലാണ് 1825 ല്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജനനം. അദ്ദേഹത്തെ പ്രസവിച്ച് പതിമൂന്നാം ദിവസം അമ്മ മരിച്ചു. അതോടെ മതൃവാത്സല്യം നുകരു വാന്‍ ഭാഗ്യമില്ലാതെ പോയ കുഞ്ഞിന്റെ സംരക്ഷണച്ചുമതല മുത്തച്ഛനും മുത്തശ്ശിയും ഏറ്റെടുത്തു. പെരുമാള്‍ ചേകവര്‍ എന്ന പേരില്‍ അറിയ പ്പെട്ടിരുന്ന ഈ മുത്തച്ഛന്‍ വലിയ ധനാഢ്യനായിരുന്നു. സ്വന്തം പായ്ക്ക പ്പലുകളില്‍ വിദേശ രാജ്യങ്ങളുമായി ഇദ്ദേഹം വ്യാപാരം നടത്തിയിരുന്നു എന്നതു തന്നെ കല്ലിശേരിയില്‍ തറവാടിന്റെ ധനസ്ഥിതി വിളിച്ചോതുന്നു. അമ്മാവന്റെ മരണത്തെത്തുടര്‍ന്ന് തറവാടിന്റെ ഭരണം ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഏറ്റെടുത്തു. ഇരുപതാമത്തെ വയസില്‍ പുതുപ്പള്ളി വാരണപ്പള്ളി തറവാട്ടിലെ വെളുമ്പിപ്പണിക്കത്തിയെ വേലായുധപ്പണിക്കര്‍ വിവാഹം ചെയ്തു.


വളരെ ചെറുപ്പത്തിലേ വലിയ ധനസ്ഥിതിയുള്ള തറവാടും അധികാരവും എല്ലാം കരഗതമായിട്ടും തന്റെ സഹജീവി കളുടെ നരകതുല്യമായ യാതനകള്‍ അദ്ദേഹ ത്തിന്റെ മനസാക്ഷിയെ വല്ലാതെ അലട്ടി. അക്കാലത്ത് ഉത്തമ ദേവന്മാര്‍ മേല്‍ജാതിക്കാര്‍ക്കും, മാടന്‍, മറുത, ചാത്തന്‍ തുടങ്ങിയവ കീഴ്ജാതിക്കാര്‍ക്കും അവകാശപ്പെട്ട തായിരുന്നു. സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണ ജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇതിന് പരിഹാരമായി മംഗലത്ത് ഒരു ശിവ ക്ഷേത്രം നിര്‍മിക്കുവാന്‍ അദ്ദേഹം ആലോചിച്ചു. ക്ഷേത്ര വാസ്തു വിദ്യയും ആരാധനാ രീതികളും മനസിലാക്കുവാന്‍ അദ്ദേഹം നേരേ പോയത് വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കായിരുന്നു. എല്ലാം മനസിലാക്കിയതിനു ശേഷം, താനൊരു ഈഴവനാണെന്ന കാര്യം വേലായുധപ്പണിക്കര്‍ ക്ഷേത്ര അധികാരികളോട് തുറന്നു പറഞ്ഞു. തന്റെ സാന്നിധ്യം മൂലം ക്ഷേത്രം അശുദ്ധമായിട്ടുണ്ടെങ്കില്‍ പരിഹാരക്രിയകള്‍ നടത്തണമെന്നു പറഞ്ഞ് ഒരു സ്വര്‍ണക്കിഴി അദ്ദേഹം ക്ഷേത്രാധികാരികളെ ഏല്പിച്ചു. പിന്നീട് 1851 ല്‍ മംഗലത്ത് ശിവപ്രതിഷ്ഠ നടത്തി. ഈഴവരുടെ വകയായി കേരളത്തില്‍ സ്ഥാപിച്ച ആദ്യശിവക്ഷേത്രമാണ് മംഗലത്തെ ഇടയ്ക്കാട് ക്ഷേത്രം. ഇതിനെതിരേ സവര്‍ണ വിരോധം ആളിക്കത്തി യെങ്കിലും ആറാട്ടുപുഴ വേലായുധപ്പണിക്കരെ എതിര്‍ക്കു വാനുള്ള തന്റേടം ആര്‍ക്കുമുണ്ടായില്ല എന്നതാണ് വസ്തുത. 1888 ല്‍ അരുവിപ്പുറം പ്രതിഷ്ഠക്ക് ഗുരുദേവന് പ്രചോദനമായത് മംഗലം പ്രതിഷ്ഠയാണ്.


സി എസ് സുനില്‍കുമാര്‍
1858 ലെ മേല്മുണ്ട് സമരമാണ് എടുത്തു പറയേണ്ട മറ്റൊരുകാര്യം. അക്കാലത്ത് ഈഴവരാദി സമുദായ ങ്ങളിലെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അവകാശ മുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു തുണ്ടു തുണിയിട്ട് മാറുമറച്ചുകൊണ്ട് കായംകുളം കമ്പോള ത്തില്‍ ചെന്ന ഈഴവയുവതിയെ കണ്ട് അരിശംപൂണ്ട സവര്‍ണര്‍, ആ യുവതിയുടെ മാറില്‍ കിടന്ന തുണി വലിച്ചു കീറിയശേഷം മാറില്‍ വെള്ളക്കാമോട് പിടിപ്പിച്ച് നടത്തിച്ചു. ഇതറിഞ്ഞ് പാഞ്ഞെത്തിയ വേലായുധപ്പണിക്കരും സംഘവും ജാതിക്കോമരങ്ങളേയും സംഘത്തേയും അടിച്ചു വീഴ്ത്തി. മാത്രമല്ല, കിട്ടാവുന്നിടത്തോളം മേല്മുണ്ട് ശേഖരിച്ച്, മാറ് മറയ്ക്കാന്‍ അവകാശമില്ലാതിരുന്ന എല്ലാ സ്ത്രീകള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. ഒപ്പം ഇനിയാരും മേല്മുണ്ട് ധരിക്കാതെ കമ്പോളത്തിലെ ത്തരുതെന്ന് കല്പിക്കുവാനും മറന്നില്ല. ഈ മേല്മുണ്ട് സമരമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സാമൂഹ്യ വിപ്ലവത്തിന് തുടക്കം കുറിച്ചത്. ഇതിനൊക്കെ ശേഷമാണ് ചാന്നാര്‍ കലാപവും വിക്ടോറിയാ രാജ്ഞിയുടെ വിളംബരവുമൊക്കെ ഉണ്ടാകുന്നത്.

2015, ജൂലൈ 26, ഞായറാഴ്‌ച

കോണകവും ഉണക്കപ്പുല്ലും - ടി കെ ഗംഗാധരന്‍

പണ്ടത്തെ ചേറിലും ചേറ്റിലും വിയര്‍പ്പൊഴു ക്കിയിരുന്ന പുലയരും പറയരും നാണം മറയ്ക്കാന്‍ അരയില്‍ കെട്ടിയ ചരടില്‍ ഉണക്കപ്പുല്ലും ഞാത്തിയിട്ട് നടന്നൊരു കാലം നമ്മുടെ നാട്ടിലുണ്ടായിരുന്നു. ജാതിയില്‍ അവരേക്കാളും ഒരു പടി ഉയര്‍ന്നവെന്ന വകാശപ്പെടുന്നവരുടെ കുട്ടികള്‍ കോണകം വരിഞ്ഞു ടുത്താണ് നഗ്നത മറച്ചിരുന്നത്. ചുവന്ന കട്ട്യാവു കൊണ്ട് പല നീളത്തിലും വീതിയിലും തീര്‍ത്ത കോണകങ്ങള്‍ വിറ്റിരുന്ന പിള്ളമാരെ നാട്ടിലെ ചന്തപ്പുരയില്‍ കാണാമായിരുന്നു.

കച്ചവട ത്തിരക്കേറുന്ന പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ചന്തപ്പുരയിലെ വൈകുന്നേരങ്ങള്‍ ഇന്നും ഓര്‍മയില്‍ തെളിഞ്ഞു കിടപ്പുണ്ട്. കാര കടപ്പുറത്തു നിന്നു മാപ്പിളമാര്‍ കാവായും, വലിയ വാരിക്കുട്ടകളില്‍ തലച്ചുമടായും എത്തിച്ചിരുന്ന ചാളമീന്‍ എണ്ണിയെണ്ണി പച്ചീര്‍ക്കിലിയില്‍ കോര്‍ത്തു കൊടുക്കുന്നത് കൗതുകത്തോടെയാണ് കണ്ടു നിന്നിട്ടുള്ള കുട്ടിക്കാലം. ഒച്ചയും വിളിയുമായിരുന്നു ഓലമേഞ്ഞ നിരവു മാടങ്ങളും തട്ടുകടകളും നിറഞ്ഞ അന്നത്തെ ചന്തപ്പുരയുടെ മുഖമുദ്ര. ആടുമാടു കള്‍ക്ക് തീറ്റയാകുന്ന പ്ലാവിലക്കെട്ടുകളും പുല്ലും ചിരട്ടക്കൈലും വട്ടിയും കൊട്ടയും മുറവും, ചക്കയും മാങ്ങയും കുടംപുളിയും കോല്പ്പുളിയും വില്ക്കാനെത്തുന്ന വരുടെ ഉല്കണ്ഠയോടെയുള്ള കാത്തു നില്പും വിലപേശലുകളും. വെറ്റില ക്കച്ചവടക്കാരുടെ നിര. പഴയ ചാക്കില്‍ പകുത്തുവെച്ച ഇരുമ്പന്‍ പുളി വാരിക്കൊടു ക്കുന്നവര്‍ക്ക് കിട്ടിയിരുന്നത് ഒരു ഓട്ടച്ചില്ലിയായിരുന്നു.

1951 ല്‍ എന്റെ 7 ആം വയസില്‍ അന്തരിച്ച അച്ഛന്‍ ഒരിക്കല്‍ പോലും കുപ്പായമിട്ട് കണ്ടതായി ഓര്‍ക്കുന്നില്ല. മുട്ടു മറഞ്ഞു കിടക്കുന്ന ഈരിഴ ത്തോര്‍ ത്തായിരുന്നു അന്നത്തെ അധസ്ഥിതരായ കാരണവന്മാരുടെ വേഷം. കമ്പോളത്തിലേക്കോ കല്യാണം കൂടാനോ പോകുമ്പോള്‍ മാത്രമേ അച്ഛന്‍ അലക്കിവെളുപ്പിച്ച കണങ്കാലോളമെത്തുന്ന മുണ്ടുടുത്ത് കണ്ടിട്ടു ള്ളൂ. തുഞ്ചുകള്‍ ഇരു തോള്‍പ്പുറങ്ങളിലൂടെ പിന്നിലേക്കിട്ട ഒരു രണ്ടാം മുണ്ടായിരുന്നു മേലുടുപ്പ്.

മങ്ങിയ നിറമുള്ള വള്ളി ട്രൗസറും നീലം മുക്കിയതിന്റെ പാണ്ടുകള്‍ പടര്‍ന്ന വെള്ള ശീട്ടി കൊണ്ടുള്ള ഷര്‍ട്ടുമായിരുന്നു അക്കാലത്ത് ഞങ്ങള്‍ കുട്ടികളുടെ വിദ്യാര്‍ത്ഥി വേഷം. സ്‌കൂള്‍ വിട്ടുവന്നാല്‍ ഷര്‍ട്ടും ട്രൗസറു മഴിച്ച് അയയിലിട്ട് കോണകം ചുറ്റും. അന്നതൊന്നും കുറവായി തോന്നിയിരുന്നില്ല. വയറു നിറയാത്തവര്‍ക്ക് നഗ്നതയല്ലല്ലോ പ്രശ്‌നം. 60 വര്‍ഷങ്ങള്‍ ക്കപ്പുറത്തുള്ള ആ കാലത്തിന്റെ ഓര്‍മകള്‍ വേദനയു ടേതാണ്. കാനോലി കനാലിലൂടെ ഒരുപാട് വെള്ളം ഒലിച്ചു പോയി. എന്നിട്ടും കൂട്ടുകാരോടൊപ്പം വിളിക്കാത്ത സദ്യക്കു പോയി വിശപ്പാറ്റി യിട്ടുള്ള നാളുകള്‍ കണ്ണീര്‍ച്ചാലായി ഓര്‍മകളിലിന്നും ഒഴുകിപ്പരക്കുന്നു.

അന്നൊക്കെ ദേവകിക്കുറുപ്പത്തി യായിരുന്നു ഞങ്ങള്‍ കുട്ടികളുടെ മുടിവെട്ടിയിരുന്നത്. മടിയില്‍ കത്രികയും കത്തിയും ചീപ്പും തിരുകി വീടുകള്‍ തോറും അവരെത്തിയിരുന്നു. വാരാവാരം ക്ഷൗരം ചെയ്തു മുഖം മിനുക്കിയിരുന്നെങ്കിലും അച്ഛന്‍ മുടി വെട്ടിച്ചിരുന്നില്ല. അമ്മയുടേ തിനേക്കാളും നീളമുണ്ടായിരുന്ന മുടി അദ്ദേഹം എണ്ണയിട്ടു മിനുക്കി ശിരസിന്റെ വലതു ഭാഗത്തായി ചുരുട്ടിക്കെട്ടി വെക്കുമായിരുന്നു. അതുകൊണ്ടാ യിരിക്കണം അച്ഛന് മുടിക്കാരന്‍ കണ്ണപ്പന്‍ എന്ന പേരു കിട്ടിയത്.

1996 ല്‍ 86 ആം വയസിലാണ് അമ്മ മരിക്കുന്നത്. അതേ വര്‍ഷം 85 ആം വയസില്‍ അമ്മയുടെ ചെറിയേച്ചി നാരായണി വല്ല്യമ്മയും മരിച്ചു. എന്റെ കൊച്ചുന്നാളില്‍ അവര്‍ രണ്ടു പേരും കുറിയ കൈബനിയന്‍ പോലുള്ള ബ്ലൗസ് ധരിച്ചാണ് കണ്ടിട്ടുള്ളത്. 1960 ആയപ്പോഴേക്കും പിന്നു കുത്തി മറയ്ക്കാവുന്ന ജാക്കറ്റിലേക്ക് അവര്‍ കടന്നു. 1967 ല്‍ 75 ആം വയസില്‍ മരിക്കുന്നതു വരെ അമ്മയുടെ വെല്യേച്ചി ലക്ഷ്മിക്കുട്ടി വല്യമ്മ ബ്ലൗസും റൗക്കയുമൊന്നും ധരിച്ചു കണ്ടിട്ടില്ല. രണ്ടു തലയും കഴുത്തിനു പിന്നില്‍ കൂട്ടിക്കെട്ടിയ ഒരു തുണ്ടു തുണി മതിയായിരുന്നു അവര്‍ക്ക് മാറ് മറയ്ക്കാന്‍. പട്ടാളക്കാരനായി ആറേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞ് നോവലെഴുതാന്‍ ആരംഭിച്ച കാലത്താണ് ലക്ഷ്മിക്കുട്ടി വല്യമ്മ ബ്ലൗസ് ധരിക്കാതിരുന്നതിനു കാരണമെ ന്തായിരുന്നെന്ന് ഞാന്‍ അമ്മയോടു ചോദിച്ചറിഞ്ഞത്.

അപ്പോള്‍ പണ്ടത്തെ കഥകള്‍ പറയാന്‍ തുടങ്ങി.

ഉടുക്കാനും ഇടാനും തുണിക്ക് ക്ഷാമമുണ്ടായിരുന്ന കാലത്ത് നനച്ച പാള രണ്ടായി പൊളിച്ചെടുത്ത് അരയില്‍ ചുറ്റി നാണം മറച്ചിരുന്ന അമ്മയ മ്മൂമ്മ മാരുടെ കഥകള്‍. മണ്ണെണ്ണയും പുന്നെണ്ണയും കിട്ടാത്തതുകൊണ്ട് മുറ്റത്ത് ചവറടിച്ചുകൂട്ടി കത്തിച്ചതിന്റെ വെട്ടത്തിലിരുന്ന് വേവിച്ച കഞ്ഞി കുടിച്ചിരുന്ന കാലത്തെ സങ്കടങ്ങള്‍.

അന്നൊക്കെ മാറ് മറച്ചില്ലെങ്കിലും മുട്ടു മറയാതെ മുണ്ടുടുത്തില്ലെങ്കിലും സ്ത്രീകള്‍ക്ക് നാണക്കേടൊന്നും തോന്നിയിരുന്നില്ല. അവര്‍ണരും സവര്‍ണ രുമായ സ്ത്രീകളൊക്കെ അക്കാലത്ത് അരക്കുമേലെ നഗ്നരായിരിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. 

തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളവരുമല്ല, നായര്‍ കുടുംബങ്ങളിലെ സ്ത്രീകളായിരുന്നു അക്കാലത്ത് നമ്പൂതിരി ഹൃഹങ്ങ ളിലെ ദാസികള്‍. നെല്ലു കുത്താനും അലക്കാനും അടിക്കാനും കോരാനും ആത്തേമ്മമാര്‍ക്ക് വഴിക്കൂട്ടിനുമൊക്കെ പോയിരുന്നത് അവരായിരുന്നു. വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ മറച്ചിരുന്നാലും ഇല്ലത്തിന്റെ പടിക്ക ലെത്തി യാലുടനെ ദാസികള്‍ മാറില്‍ നിന്ന് തുണിയെടുത്ത് ചുരുട്ടിപ്പി ടിക്കണം എന്ന ശാഠ്യം നമ്പൂതിരിമാര്‍ ക്കുണ്ടായിരുന്നു. മാന്യന്മാരുടെ മുന്നില്‍ സ്ത്രീകള്‍ മാറ് മറച്ച് നടക്കുന്നത് അഹങ്കാരമായിട്ടാണ് അന്നത്തെ മഹാരാജാവു പോലും കരുതിയിരുന്നത്. 

മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് 19 ആം നൂറ്റാ ണ്ടിന്റെ മധ്യത്തില്‍ ശ്രീ പത്മനാഭ ദാസന്റെ പ്രജകളായ പൂതത്താന്‍കുട്ടി ചാന്നാരും അയാളുടെ ഭാര്യ എശക്കിച്ചാന്നാട്ടിയും ക്രിസ്തുമതം സ്വീകരി ച്ചത്. നാണം മറച്ചു ജീവിക്കാനുള്ള ചാന്നാര്‍മാരുടെ കലാപം അതോടെ യാണ് ആരംഭിക്കുന്നത്. ബ്രിട്ടീഷ് ധാരക്ക് ചാന്നാര്‍ ലഹളയോട് അ സഹിഷ്ണുതയൊന്നും തോന്നിയിരുന്നില്ല. ശൂദ്രസ്ത്രീകള്‍ക്ക് മാറ് മറ യ്ക്കാന്‍ അവകാശമുണ്ടെന്നും അത് എങ്ങനെയൊക്കെയാണ് നടപ്പാക്കേ ണ്ടതെന്നും ഭരണാധികാരിയായ സായിപ്പ് ഇണ്ടാസ് ഇറക്കി ബോധ്യപ്പെടു ത്താന്‍ ശ്രമിച്ചു എന്ന് ചരിത്രം.

അധസ്ഥിതരനുഭവിച്ചിരുന്ന ദുരവസ്ഥക്കും ദുരാചാരങ്ങള്‍ക്കും എന്നിട്ടും വലിയ മാറ്റമൊന്നും സംഭവിച്ചില്ല. മുട്ടിറങ്ങി മുണ്ടുടുത്ത ഒരു ഈഴവ സ്ത്രീയെ കണ്ട് അരിശം മൂത്ത നായര്‍ പ്രമാണിമാര്‍ അവളെക്കൊണ്ട് അത് അഴിപ്പിച്ചതും, ഒരു ചാന്നാട്ടി മാറ് മറച്ചിരുന്ന തുണി ബലമായി പറിച്ചെടുത്ത് അവളുടെ മുലഞെട്ടുകളില്‍ വെള്ളക്കാ മൊട്ടു പിടിപ്പിച്ച് ആട്ടിയോടിച്ചതും അതിനു ശേഷമായിരുന്നു.

1895 മുതല്‍ 1914 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്നത് മഹാപണ്ഡിത നെന്നഭിമാനിച്ചിരുന്ന രാമവര്‍മ മഹാരാജാവായിരുന്നു. അദ്ദേഹം പുറപ്പെടുവിച്ച കല്പന സ്ത്രീകള്‍ മാറ് മറയ്ക്കാതെ വേണം ക്ഷേത്ര ത്തില്‍ പ്രവേശിക്കാന്‍ എന്നായിരുന്നു. ഏതാണ്ട് അക്കാലയ ളവിലാണ് അമ്മയുടെ മൂത്ത സഹോദരി നാരായണി വല്യമ്മ നിറയൗവനത്തിലേക്ക് കടന്നത്.

പത്തായം നിറയെ നെല്ലും ഒരുപാടേക്കര്‍ തെങ്ങിന്‍ പറമ്പുമുള്ള, ഉറ്റ ബന്ധുകൂടിയായ തറവാട്ടു കാരണവരുടെ വീട്ടു പണിക്കാരിയായിരുന്നു വല്യമ്മ. നെല്ലു പുഴുങ്ങലും ഉണക്കലും കുത്തലും. പുത്തന്‍പുര ജാനകിയായിരുന്നു കൂട്ടുപണിക്കാരി. പുഴുക്കനെല്ല് വെയിലത്ത് കായുമ്പോള്‍ വേലക്കാരികള്‍ വിശ്രമിക്കാതെ തൊഴുത്തിലെ പണി ചെയ്യണം എന്നാണ് ചട്ടം. പശുക്കള്‍ക്കുള്ള കഞ്ഞി വേവിക്കണം. പരുത്തിക്കുരു ഇടിച്ച് തീറ്റപ്പരുവത്തിലാക്കണം.

കാരണവര്‍ രാമന് കഴുകന്റെ നോട്ടമായിരുന്നു. പണിക്കാര്‍ എത്ര ദൂരത്തായാലും അയാളുടെ കണ്‍വെട്ടത്തു തെളിയും. അല്പനേരം വിയര്‍പ്പാറ്റുന്നത് കണ്ടാല്‍ വന്ന് കൊത്തിപ്പറിക്കും. കാറ്റുകൊള്ളാ നോണോ മോന്തിയാകുമ്പോ നെല്ലളന്ന് തരണത്? അയാള്‍ കയര്‍ക്കും. അക്കാലത്ത് പണമല്ല നെല്ലായിരുന്നു വേലക്കാര്‍ക്ക് കൂലി.

പാടംപണിക്കാരായ കണ്ടാരന്‍ പുലയനും അയ്യപ്പന്‍ പുലയനും കുഞ്ഞിക്കോരനും, കുഞ്ഞയ്യപ്പനും മാത്രമല്ല നെല്ലുകുത്തു കാരികള്‍ക്കും കാരണവരെ ഭയമായിരുന്നു. പൊതുവഴിയിലൂടെ നടക്കാനും പൊതു ക്ഷേത്രങ്ങളില്‍ കയറാനും അവകാശമില്ലാത്ത അവര്‍ണനായ ജന്മി കാരണവര്‍ക്ക് പണിക്കാരികള്‍ മാറ് മറച്ച് വരുന്നത് ഇഷ്ടമായിരുന്നില്ല. അവര്‍ മുട്ടുമറഞ്ഞ് മുണ്ടുടുക്കുന്നതും പണിസ്ഥലത്ത് മിണ്ടുന്നതും ചിരിക്കുന്നതും സഹിച്ചിരുന്നില്ല. ഉരല്‍ പുരയിലെത്തിയാല്‍ മാറ് മറച്ചിരുന്ന മുണ്ട് മടക്കിവെച്ചാണ് വല്യമ്മ നെല്ലു കുത്തിയിരുന്നത്.

പിന്നീട് 1980 ല്‍ തിരുവനന്തപുരത്തെ നവധാര പ്രസിദ്ധീകരിച്ച എന്റെ ആദ്യത്തെ നോവല്‍ 'കൂട്ടംതെറ്റിയ കുട്ടി' വായിച്ചു കേട്ടപ്പോള്‍ വല്യമ്മ പറഞ്ഞു, ഇക്കേട്ടതൊന്നും കഥയല്ല മോനേ, ഞങ്ങടെ ചെറുപ്പകാലത്ത് അമ്മൂമ്മമാര് അനുഭവിച്ച ദുരിതങ്ങള് പറഞ്ഞാ തീരൂല. പത്തായത്തില് നെല്ലൊള്ളോരൊക്കെ അന്ന് മുരത്ത വെളിച്ചപ്പാട ന്മാരായിരുന്നു. പെണ്ണുങ്ങള് നാണം മറച്ചാല് ആട്ടും തെറീം. അത് കെട്ട കാലമായിരുന്നു.

20 ആം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ ദരിദ്രയായ ഒരു യുവതി സ്വന്തം ജാതിക്കാരനായ തൊഴില്‍ ദാതാവില്‍ നിന്ന് സഹിച്ചിരുന്ന പീഡന വ്യവസ്ഥകള്‍ വല്യമ്മയുടെ വാക്കുകളില്‍ ഉയിരെടുത്തു. മാറുന്ന കാലത്തോട് പുറം തിരിഞ്ഞു നിന്ന ആ അവര്‍ണ ജന്മിയുടെ കണ്‍െവെട്ട ത്തു പോലും അവര്‍ക്ക് ഞെരുങ്ങി നില്‌ക്കേണ്ടി വന്നു. മേല്മുണ്ടഴിച്ചു വെച്ച് ഉലക്ക പിടിച്ചു തളര്‍ന്ന അവരുടെ യൗവനം ഇരുണ്ട ചരിത്ര പ്രവാഹമായി തന്റെ സ്മൃതിപഥങ്ങളില്‍ ഇന്നും തെളിയുന്നു.

എശക്കിച്ചാന്നാട്ടി ക്രിസ്ത്യാനിയായി മേല്ക്കുപ്പായം ധരിച്ച് മാനത്തോടെ ജീവിച്ചിരുന്ന ശ്രീപത്മനാഭന്റെ അതേ നാട്ടിലാണ്, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനും അല്പം മുമ്പ് റൗക്ക ധരിച്ച് പുറത്തിറങ്ങിയ മരുമകളെ അമ്മായിയമ്മ തേവിടിശ്ശി എന്ന് വിളിച്ച് ആക്ഷേപിച്ചതും തല്ലിയതും. കേരള കൗമുദി പത്രത്തിന്റെ സ്ഥാപകനും സാഹിത്യ കാരനുമായിരുന്ന സി വി കുഞ്ഞു രാമന്റെ ഭാര്യക്കായിരുന്നു ആ ദുര്യോഗം. ശ്രീനാരായണ ഗുരുവിന്റെ വചനങ്ങള്‍ വായിച്ചും കേട്ടും പഠിച്ചിട്ടുള്ള ആയമ്മ മരുമകളെ തല്ലിയത് 1937 ല്‍ ആയിരുന്നു.
-------------------------------------
കടപ്പാട്: 'നവനീതം' മാസിക. 2014 സെപ്തംബര്‍ ലക്കം. ചിത്രവും ആ ലക്കത്തില്‍ കൊടുത്തിട്ടുള്ളതാണ്.

2015, ജൂലൈ 25, ശനിയാഴ്‌ച

വിപ്ലവവഴിയിലെ ഒരേട് - ഡോ. പി സേതുനാഥന്‍

തിരുവിതാംകൂര്‍ ചരിത്രത്തിലെ ജാജ്വല്യമാന മായിരുന്ന ഒരു വിപ്ലവഗാഥയാണ് 1859 ലെ 'ചാന്നാര്‍ ലഹള'. 'മേല്‍മുണ്ടു കലാപം' എന്നു വിളിക്കപ്പെട്ടിരുന്ന ഈ സമരമുഖമാണ് സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മലനാട്ടില്‍ ഉരുവപ്പെട്ട ആദ്യത്തെ വിപ്ലവം. തെക്കന്‍ തിരുവിതാം കൂറിലെ നാടാര്‍ സമുദായക്കാരാണ് ചാന്നാന്മാര്‍ എന്ന് അറിയപ്പെട്ടിരുന്നത്. ഈഴവരില്‍ ഒരു വിഭാഗവും ചാന്നന്മാരായി പെരുമ പെറ്റിരുന്നു. ചരിത്ര പ്രസിദ്ധമായ ചാന്നാര്‍ ലഹള തിരുവാങ്കോട്ട നാടന്മാരുടെ സമര മുഖമായിരുന്നു. ഈ സത്യം വളച്ചൊടിച്ച് ഒരു നവചരിത്രകാരന്‍ കൂട്ടംകൂടിയതു കേട്ടപ്പോഴാണ് ആ വഴി ഒന്നു തുറക്കാമെന്നുറച്ചത്.

പനഞ്ചക്കര വ്യാപാരവും പരുത്തികൃഷിയും കൈമുതലായപ്പോള്‍ തിരുവാങ്കോട്ടെ അടിമകളായിരുന്ന ചാന്നാന്മാരില്‍ ഒരു വിഭാഗം സാമ്പത്തിക പരാധീനതകളില്‍ നിന്നു മോചിതരായി. 'ഊഴിയ' വേലക്കെ തിരേ ശബ്ദം ഉയര്‍ത്തി സ്വതന്ത്രരാകാന്‍ അവര്‍ ആഹ്വാനം ചെയ്തു. കൂലിയില്ലാത്ത വേലയായിരുന്നു ഊഴിയവേല. അവര്‍ണരെ ക്കൊണ്ടു പണിയെടുപ്പിച്ചിരുന്ന സവര്‍ണര്‍ സുബൂറാക്കിയ ഒരിനമായിരുന്നു ഇത്. ജോലിചെയ്യുന്നവന് വല്ലതും ഒന്നു നുള്ളിത്തിന്നാന്‍ കൊടുക്കും. കൂലി ഇല്ല. ജോലിക്കു കൂലി ഭക്ഷണം എന്ന നയപരിപാടി അവിടെ നിന്ന് ഉരുവപ്പെടുത്തിയതാണ്. മയ്യനാട്ടും പരവൂരും നടപ്പിലിരുന്ന ഊഴിയ വേലക്കെതിരേ സമരമുഖം തുറന്ന കഥകള്‍ സി കേശവനും മറ്റും വരഞ്ഞു ചേര്‍ത്തിട്ടുണ്ട്. നാഞ്ചിനാട്ടെ പൊന്നു വിളയുന്ന മണ്ണില്‍ അത്യധ്വാനം ചെയ്ത നാടാന്മാര്‍ ഭൂവുടമകളായും മാറി.

ഇക്കാലത്താണ് സവര്‍ണരെ പോലെ മാറുമറയ്ക്കാനുള്ള അവകാശവാദം ഉയര്‍ന്നത്. അവര്‍ണരായ ചാന്നാന്മാര്‍, ഈഴവര്‍, പുലയര്‍, പറയര്‍, കുറവര്‍ തുടങ്ങിയ ജാതിയിലെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. മിഷണറിമാരുടെ പ്രവര്‍ത്തനം കൊണ്ട് ക്രിസ്തുമതം സ്വീകരിച്ച ഇക്കൂട്ടരില്‍ പെട്ട സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാ നുള്ള അവകാശം 1812 ല്‍ കേണല്‍ മണ്‍ട്രോ സായിപ്പ് അനുവദിച്ചു. അത് പൊല്ലാപ്പായി. മാറ് മറച്ചു നടന്ന ക്രിസ്തീയ സ്ത്രീകളെ സവര്‍ണര്‍ ഉപദ്രവിച്ചു. ഇതിന് വഴിയൊരുക്കിയ മിഷനറിമാര്‍ക്കിട്ടും പ്രഹരമായി. ഒക്കെക്കൂടി ഒരു കലാപക്കൊടി ഉയര്‍ന്നു. ഇതിനൊപ്പം ഞായറാഴ്ച കളിലെ ഊഴിയ വേലക്കെ തിരേയും സമരമായി. 1829 ല്‍ ഊഴിയ വേല നിര്‍ത്തലാക്കി. തുടര്‍ന്നാണ് മേല്മുണ്ടുകലാപം പൊട്ടിപ്പുറപ്പെട്ടത്. 1829 ലാണ് മുത്തുക്കുട്ടി എന്ന വൈകുണ്ഠ സ്വാമികള്‍ ഹൈന്ദവരായ ചാന്നാന്മാരെ സംഘടിപ്പിച്ച് അവകാശ സമരം പ്രഖ്യാപിച്ചത്.

ചാന്നാര്‍ സ്ത്രീകള്‍ മാറ് മറച്ച് പൊതു നിരത്തില്‍ ഇറങ്ങി. സവര്‍ണര്‍ അവരെ പരസ്യമായി എതിര്‍ത്തു. നാടെമ്പാടും ലഹള പൊട്ടിപ്പുറപ്പെട്ടു. കലാപം ഒഴിവാക്കാന്‍ ദിവാന്‍ മാധവറാവു 'പഴയ ആചാരങ്ങള്‍ ലംഘിക്കരുതെന്നും ലംഘിച്ചാല്‍ തന്നെ മറ്റുള്ളവര്‍ അതിനെ ചോദ്യം ചെയ്യരുതെന്നും' ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ലഹള ഒതുക്കുക യായിരുന്നു ദിവാന്റെ ലക്ഷ്യം. മാറ് മറച്ച് നടന്നവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചു. ഒപ്പം സവര്‍ണരും രംഗത്തിറങ്ങി. മേല്‍മുണ്ട് വലിച്ചു കീറിയതോടെ സമരാഗ്നി ആളിക്കത്തി. മിഷണറി മാരുടെ വസ്തുവകകള്‍ കൊള്ളയടിച്ചു. കലാപം രൂക്ഷമായി.

ചാന്നാര്‍ ലഹള പൊട്ടിപ്പുറപ്പെട്ട നാഗര്‍കോവിലിലെ കോട്ടാറിലും തിരുപുറം, പുത്തന്‍കട, അരുമാനൂര്‍ തുടങ്ങിയ ഇടങ്ങളിലും ജനങ്ങള്‍ അക്രമാസക്തരായി. മദിരാശി ഗവര്‍ണറോട് തിരുവിതാംകൂറിലെ റസിഡന്റായ കല്ലന്‍ സായ്‌വ് നിന്ദ്യവും നീതിരഹിതവുമായ ഈ ഏര്‍പ്പാട് നിയമം വഴി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. സമരവഴി യില്‍ പള്ളികളും പള്ളിക്കൂടങ്ങളും കുടികളും കച്ചവട കേന്ദ്രങ്ങളും നിലംപരിശായി. 1859 ജൂലൈ 26 ന് തിരുവിതാംകൂര്‍ മഹാരാജാവ് ഒരു വിളംബരം മുഖേന ഇതിന് അറുതി വരുത്തി. ഉത്രം തിരുനാളിന്റെ വിളംബരം ഇങ്ങനെ;

'ശ്രീപത്മനാഭദാസ വഞ്ചിപാല മാര്‍ത്താണ്ഡവര്‍മ കുലശേഖര കിരീടപതി എന്ന സുല്‍ത്താന്‍ മഹാരാജരാജെ ഭാഗ്യാദയ രാമരാജബഹാദാര്‍ ഷംഷര്‍ ജംഗമഹാരാജാ അവര്‍കള്‍ സകലമാനപെര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.

ചാന്നാട്ടികളുടെ മെലില്‍ ശീലസംഗതിയെക്കുറിച്ചും 1004 - മാണ്ടു മകരമാസം 23 ന് ചെയ്തിട്ടുള്ള വിളംബരത്തിലെ നിബന്ധനകളെക്കൊണ്ടു സങ്കടം ഒള്ളതായി നാം അറിവന്‍ ഇടവന്നിരിക്ക കൊണ്ടും എല്ലാ ആളുകള്‍ക്കും സഹ്കടം കൂടാതെ ആകുന്നടെത്തോളവും നടത്തിക്കണ മെന്നു നമുക്ക് വളരെ മനസായിരിക്കകൊണ്ടും ഇതിനാല്‍ പ്രസിദ്ധപ്പെടു ത്തുന്നത് എന്തെന്നാല്‍ - 

ക്രിസിതുമതത്തില്‍ ചെര്‍ന്നിരിരിക്കുന്ന ചെര്‍ന്നിരിക്കുന്ന ചാന്നാട്ടികളെ പൊലെ ചാന്നാട്ടികളും കുപ്പായം ഇട്ടുകൊള്ളുകയോ, മുക്കുവത്തികളെ പൊലെ എല്ലാ മതത്തിലുള്ള ചാന്നാട്ടികളും കട്ടിശ്ശീലകൊണ്ടു ഉടുത്തു കെട്ടിക്കൊള്ളുകയോ മേല്‍ജാതിയില്‍ ഒള്ള സ്ത്രീകളെപൊലെ അല്ലാതെ മറ്റുവിധത്തില്‍ എങ്കിലും മാറു മറച്ചു കൊള്ളുകയൊ ചെയ്യുന്നതിന് വിരോധം ഇല്ലായ്കകൊണ്ടും വിവരം സകലമാനപെരും അറിഞ്ഞു നടന്നുകൊള്ളുകയും വെണം'

പി സേതുനാഥന്‍
ഈ രാജകീയ വിളംബരത്തിന്റെ ചരിത്രപ്രാധാന്യം അത് രേഖപ്പെടുത്തിയ മലയാളപ്പഴമയും പ്രത്യേകം ശദ്ധിക്കേണ്ടതാണ്. മലയാള ഭാഷയുടെ അക്കാലത്തെ എഴുത്തുവഴിയുടെ പ്രത്യേകത കാണേണ്ടതുതന്നെ. കേരളത്തില്‍ നടന്ന അവര്‍ണ മുന്നേറ്റ ത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റേയും വിപ്ലവഗാഥകളുടെ ഊര്‍ജവും തൊട്ടറിയണം. സ്ത്രീകളുടെ അവകാശ സമരപ്രഖ്യാപനവും അതിനുള്ള സമരമുറകളും അതിശക്തമായി മുന്നേറുമ്പോള്‍ നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ക്കെതിരേ ഉരുവപ്പെട്ട നീതി നിഷേധങ്ങള്‍ ക്കെതിരേ സമരത്തിന്റെ തീച്ചൂളയില്‍ എടുത്തു ചാടിയത് പുരുഷന്മാ രായിരുന്നു എന്ന സത്യം മറന്നു കളയരുത്. സ്ത്രീകളുടെ സ്വാതന്ത്ര്യം തടസപ്പെടുത്തുന്നത് പുരുഷ മേധാവി ത്വത്തിന്റെ അപ്രമാദിത്വ മാണെന്ന് വചനം പറയുമ്പോള്‍ പഴമയിലെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത് എന്നു മാത്രം. തെക്കന്‍ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട ചാന്നാര്‍ ലഹളക്ക് ചുക്കാന്‍ പിടിച്ചത് അക്കാലത്തെ ധീരന്മാരായ പുരുഷന്മാരായിരുന്നു എന്നും കാണണം. പിപ്ലവവീര്യം പതഞ്ഞുയുര്‍ന്നിരുന്ന ചാന്നാന്മാരുടെ പരാക്രമങ്ങളും ശൗര്യവഴികളും പഴയകൃതികളിലും നിറയുന്നുണ്ടേനും.
------------------------------------

കടപ്പാട്: 'മഹിതഭൂമി' മാസിക 2015 ഏപ്രില്‍ ലക്കം. ചിത്രം; ചിത്രകാരന്‍ ടി മുരളിയുടേതാണ്
ഡോ. പി സേതുനാഥന്‍ ഫോണ്‍: 9387805522

പിന്‍തുടര്‍ച്ചയില്ലാത്ത ചെമ്പുതറകാളി ചോതിക്കറുപ്പന്‍ - കെ കെ സുരേന്ദ്രന്‍

ഒന്ന് 

മലയാള മാധ്യമ പ്രവര്‍ത്തന ചരിത്രം വ്യത്യസ്തവും പൊതു തല സ്പര്‍ശിയു മായിരുന്നു. എക്കാലത്തും ഏതെങ്കിലുമൊരു പ്രത്യേക കാലഘട്ടത്തിന്റെ പൊതു സ്വഭാവം ഇന്നത് എന്ന് നിര്‍ണയിക്കാനോ, വേര്‍തിരി ക്കാനോ കഴിയാത്തതുമാണ്. കോര്‍പ്പറേറ്റ് സവര്‍ണ മുതലാളിത്ത രീതികള്‍ക്കൊപ്പം കീഴാള സ്തീപക്ഷ പാരിസ്ഥിതിക ബോധമുള്‍ക്കൊണ്ട ഒരു ധാര എല്ലാക്കാലത്തും നമ്മുടെ മാധ്യമ രംഗത്ത് ദൃശ്യമാണ്. ഗോയങ്കയുടെ ഉടമസ്ഥത യിലുള്ള മാസികക്ക് പോലും പരസ്യം ലഭിക്കുന്നതിന് ഉപരോധം നേരിടുന്നു എന്ന് പറയുന്നു കേരളത്തില്‍. രാവിലെ ഒരു ഗ്ലാസ് ചായക്കൊപ്പം പത്രം കൂടി ശാപ്പിടുന്നത് ഒരു പക്ഷെ ഇന്ത്യയില്‍ മലയാളി മാത്രമായിരിക്കും. ചായക്കടയിലെ പത്രപാരാ യണവും രാഷ്ട്രീയം പറയലും ഇന്നും ഉള്ള മുക്കും മൂലയും കേരളത്തില്‍ തന്നെയുണ്ട്. അങ്ങനെ ബഹുതല ബഹുമുഖ രീതികള്‍ മാധ്യമരംഗം നേരിടുന്ന അവസ്ഥ കേരളത്തിലുണ്ട്.

മുഖ്യധാരയും സമാന്തര ധാരയും എല്ലാ കാലത്തും കേരളത്തിലുണ്ട്. 1847 ല്‍ ആദ്യമായി ഒരു പത്രമുണ്ടായ സ്ഥലമാണ് കേരളം. രാജ്യസമാചാരം പശ്ചിമോദയം എന്നൊക്കെയുള്ള പേരുകളില്‍ ഇറങ്ങിയ ഈ പത്രങ്ങള്‍ മുഖ്യമായും ക്രിസ്തീയ ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തി ലുള്ളവയായിരുന്നു. 1864 ല്‍ കൊച്ചിയില്‍ നിന്നും വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന പേരില്‍ ഒരു ഇംഗ്ലീഷ് പത്രം പുറത്തിറങ്ങിയിരുന്നു. പ്രസാധനത്തിന്റെ ഒരു പൂക്കാലം തന്നെയായിരുന്നു പിന്നീടിങ്ങോട്ടു കേരളമാകെ. പച്ചയാം വിരിപ്പിട്ട സഹ്യന്‍ മുതല്‍ അറബിക്കടല്‍ വരെയും തലശേരി മുതല്‍ തിരുവനന്തപുരം വരേയും ഈ വസന്തര്‍ത്തു പേര്‍ത്തും പേര്‍ത്തും വിരിഞ്ഞു പരിമളം വീശിയെന്നൊക്കെ ആലങ്കാരികമായി പറയാം. അക്കാലത്തെക്കുറിച്ചു സ്വദേശാഭിമാനി കേസരി തുടങ്ങിയ സാമൂഹ്യ വിമര്‍ശന പരമായ പത്രങ്ങള്‍ കേരളത്തിലുണ്ടായി. മിതവാദി, കൗമുദി, സഹോദരന്‍ തുടങ്ങി ജാതി വിരുദ്ധ സ്വഭാവമുള്‍ക്കൊള്ളുന്ന പ്രസാധനങ്ങള്‍ കേരളത്തിലുണ്ടായി. കീഴാള ജനതയുടെ അവകാശങ്ങള്‍ അവര്‍തന്നെ പ്രസാധനം ചെയ്തുവെന്ന പ്രത്യേകതയും ഇതിനുണ്ട്. മാതൃഭൂമി, പ്രഭാതം, ദേശാഭിമാനി തുടങ്ങിയ രാഷ്ട്രീയ ജിഹ്വകളും മലയാളത്തിന്റെ സവിശേഷതയാണ്. പണ്ടേക്കു പണ്ടേ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിയുന്ന വാരികകളും മാസികകളുമൊക്കെ നമ്മുടെ പ്രത്യേകതകളാണ്. വക്കം മൗലവി ഉടമയും രാമകൃഷ്ണ പിള്ള പത്രാധിപരുമായ സ്വദേശാഭിമാനി പത്രം നിരോധിക്കപ്പെട്ടതും പത്രാധിപര്‍ നാടുകടത്തപ്പെട്ടതുമൊക്കെ സാമൂഹ്യ നീതിക്കായുള്ള പത്രപ്രവര്‍ത്തനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉദയം മുതല്‍ കേരളത്തില്‍ ഉണ്ടായിരുന്നതിന്റെ തെളിവു തന്നെയാണ്.

മിതവാദി - തീയരുടെ വക ഒരു മലയാള മാസിക എന്ന പേരില്‍ 1913 ല്‍ പ്രസിദ്ധീകരണം ആരംഭിച്ചത് ഒരു വലിയ ചരിത്ര സംഭവമാണ്. 'നമ്മുടെ നാടിന്റെ ഉടമകളായ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് വഴിനടക്കാന്‍ പാടില്ല. മറ്റുള്ളവരെ തൊട്ടു കൂടാ, തീണ്ടിക്കൂടാ' എന്ന് 1917 ലെ ഒക്ടോബര്‍ വിപ്ലവ വിജയ മുഹൂര്‍ത്തത്തില്‍ ഉത്കണ്ഠപ്പെട്ട ഒരു പത്രം നമുക്കുണ്ടായിരുന്നു എന്നത് നിസാരവത്കരിക്കാനാവാത്ത ഉദ്ബുദ്ധതയാണ്. അതുപോലെ 1913 ല്‍ ചങ്ങനാശേരി സുദര്‍ശന്‍ പ്രസ്സില്‍ അച്ചടിച്ച സാധുജനപരിപാലിനി പത്രത്തിന്റെ പത്രാധിപര്‍ ചെമ്പുത റകാളി ചോതികറുപ്പന്‍ ആയിരുന്നു. പത്രാധിപരുടെ പേരുതന്നെ അദ്ദേഹത്തിന്റെ സാമൂഹ്യ സാഹചര്യത്തിന്റേയും കീഴാളത്വത്തിന്റേയും പ്രതീകമായിരുന്നു. പക്ഷെ ഇങ്ങനെ ഒരു പത്രവും പത്രാധിപരുമൊക്കെ ഭാരതത്തില്‍ത്തന്നെ ആദ്യമായിരുന്നു എന്നതും പിന്‍തുടര്‍ച്ച യില്ലാത്ത കേരളത്തിന്റെ സവിശേഷതയായിരുന്നു.

രണ്ട്

എഴുപതുകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു രണ്ടാം നവോത്ഥാനം തന്നെയായിരുന്നു. അന്നത്തെ രാഷ്ട്രീയ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കെ വേണുവൊക്കെ പിന്നീട് വിലയിരുത്തിയ ജനാധിപത്യ വിരുദ്ധമായ പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയില്‍ നിന്നുതന്നെയാണ് ഈ പ്രസ്ഥാനം ഉയിര്‍ക്കൊണ്ടത്. കേരളത്തിന്റെ സവിശേഷ പ്രശ്‌നങ്ങളെ പുനര്‍നിര്‍ണയിക്കുകയും വ്യത്യസ്തമായ അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുകയുമൊക്കെ ചെയ്തത് ഈ മുന്നേറ്റം തന്നെയാണ്. കീഴാള പരിസ്ഥിതി രംഗത്തൊ ക്കെയുള്ള നവധാരകളെ ഉണര്‍ത്തുകയും വികസിപ്പിക്കുകയും ഒക്കെ ചെയ്തത് ജനകീയ സാംസ്‌കാരിക വേദിയും അതിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഐ(എംഎല്‍) യുമൊക്കെയാണ്. അന്ന് കേരളത്തി ലങ്ങളോള മിങ്ങോളം ധാരാളമായുണ്ടായ പ്രസിദ്ധീകരണങ്ങള്‍ ഒരു രണ്ടാം മാധ്യമ വസന്തം തന്നെയാണ്. ബഹുതല അന്വേഷണങ്ങള്‍ക്ക് ആ പ്രസിദ്ധീകരണങ്ങള്‍ തുടക്കം കുറിച്ചു. അവയുടെ പേരുകള്‍ പ്രത്യേക മായി എടുത്തു പറയുന്നത് ചിലതിനെ നമസ്‌കരിക്കലാവും എന്നതിനാ ലിവിടെ മുതിരുന്നില്ല. പിന്നീടങ്ങോട്ട് മലയാളത്തിലെ പ്രസാധന മേഖലക്ക് അന്ന് ഈ പ്രസിദ്ധീകരണങ്ങളും പുസ്തക പ്രസാധക സംഘങ്ങളും ഏറ്റെടുത്ത ദൗത്യത്തിന്റെ തുടര്‍ച്ചയിലൂടെ നിലനില്‌ക്കേണ്ടി വന്നു എന്നതു തന്നെ അവയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.

മൂന്ന്

ദൃശ്യ, ഡിജിറ്റല്‍, നെറ്റ് യുഗം വിപണിയധിഷ്‌ഠിതം പോലെ തന്നെ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. ഏകാമുഖമായ പ്രചരണവും പ്രവര്‍ത്തനവും മാധ്യമങ്ങള്‍ക്ക് സാധ്യമല്ല. ശുദ്ധമായ ബിസിനസ് ലക്ഷ്യമാക്കുന്നവര്‍ക്ക് പോലും സാമൂഹ്യ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കേണ്ടി വരും എന്നത് നിസ്തര്‍ക്കമാണ്. എങ്കിലും ഇന്ത്യയിലെ എലൈറ്റ് കോര്‍പ്പറേറ്റ് മീഡിയ മണ്ഡല്‍ കമ്മീഷനേയും സംവരണത്തേയും നേരിട്ട് ഇന്നും ആ ഒളിയുദ്ധം തുടരുന്നതും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്ത്യയിലെ വരേണ്യരും വരേണ്യ മധ്യവര്‍ഗവും താലോലിക്കുന്ന ഇംഗ്ലീഷ് മാധ്യമങ്ങള്‍ സംവരണ വിരുദ്ധ പ്രത്യയശാസ്ത്ര നിര്‍മിതിയില്‍ നൂറില്‍ നൂറു മാര്‍ക്കും നേടി നിലനില്ക്കുന്നു. അരുണ്‍ ഷൂരി പത്രാധിപരും ഗ്രന്ഥകാരനുമെന്ന നിലയില്‍ തുടങ്ങിവെച്ചതാണ്.

ഈ പ്രത്യയ ശാസ്ത്ര പരിസരവും യുദ്ധവും മെറിറ്റിന് എതിരാണ് സംവരണം, മെറിറ്റ് ഇന്ത്യയിലെ സവര്‍ണ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്, സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍ ജനറലല്ല എന്നിങ്ങനെ ജാതീയതയുടേയും സവര്‍ണതയുടേയും പ്രത്യയശാസ്ത്ര പരിസരം വിദഗ്ധമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിലും മനോരമയും മാതൃഭൂമിയുമൊക്കെ ഈ പ്രത്യയശാസ്ത്രം ഒളിച്ചു കടത്തുന്നുണ്ടെങ്കിലും സംവരണ സമുദായങ്ങള്‍ക്ക് പത്രമുടമസ്ഥതയുണ്ട് എന്നതിനാല്‍ ഒരു പരിധിവരെ ചെറുക്കാന്‍ കഴിയുന്നുണ്ട്. ഇന്ത്യയിലെ ഇംഗ്ലീഷ് മാധ്യമരംഗം പൂര്‍ണമായും സവര്‍ണരുടേതും പത്രപ്രവര്‍ത്ത കരിലധികവും സവര്‍ണ സമുദായാംഗങ്ങ ളാണെന്നതിനാല്‍ സംവരണം ഇംഗ്ലീഷ് മീഡിയയുടെ മുഖ്യ ശത്രുരാജ്യമായി മാറുന്നു, ഇപ്പോഴും തുടരുന്നു. സവര്‍ണ പ്രത്യയ ശാസ്ത്രത്തിന്റെ നവ ഹാച്ചറികളായി ഇവയൊക്കെ ഉത്തരോത്തരം മുന്നോട്ടു കുതിക്കുമ്പോള്‍ അവക്കെതിരായ നാമ്പുകള്‍ പോലും ഇന്ത്യയുടെ വിദേശ ചക്രവാളങ്ങള്‍ക്കു കീഴെ മുളപൊട്ടുന്നില്ലെന്നത് വസ്തുതയാണ്.
------------------------------
കടപ്പാട്: 'കേരളീയം' മാസിക 2011 സെപ്തംബര്‍ ലക്കം.

ചാകരയെ പഠിക്കാന്‍ നേരമില്ല; അപൂര്‍വ പ്രതിഭാസം അവസാനിക്കുമോ??? - സംഗീത വി യു

കറുത്തമ്മോ....
ഈ വിളികേട്ടാല്‍ മലയാളിയുടെ മനസ് കടപ്പുറത്ത് എത്തുകയായി. വള്ളം നിറയെ ചെമ്മീനുമായി ചാകരക്കൊയ്ത്ത് കഴിഞ്ഞെ ത്തുന്ന മുക്കുവരുടെ ചിത്രം മനസില്‍ തെളിയുക യായി....! തകഴിയുടെ 'ചെമ്മീന്‍' എന്ന നോവലും അതിന്റെ അടിസ്ഥാനത്തില്‍ നിര്‍മിച്ച ചലച്ചിത്ര വും അത്രയധികം അവരുടെ ജീവിതത്തില്‍ കലര്‍ന്നിരിക്കുന്നു. കടപ്പുറത്തെ ഉത്സവമാണ് ചാകര. അത് മലയാളിയെ മനസിലാക്കിക്കൊടുത്തത് ഈ നോവലും സിനിമയുമാണ്. പ്രണയ കഥക്കപ്പുറം, തുറയരയന്മാരുടെ ജീവിതം, ഭാഷ, കടലമ്മയിലുള്ള അവരുടെ ഉറച്ച വിശ്വാസം... ഇതെല്ലാമായിരുന്നു മലയാളി, ഈ നോവലിലും സിനിമയിലും കണ്ടത്.

കടപ്പുറത്ത് സമ്പദ്‌സമൃദ്ധിയുടെ വിളംബരം അറിയിക്കുന്ന ചാകര കേരളത്തിന്റെ മാത്രം തനതായ പ്രകൃതി പ്രതിഭാസമാണ്. ഇത് ഇന്ന് അപ്രത്യക്ഷമായി വരുന്നു. എന്നത് ഏറെ ഗൗരവമേറിയ വിഷയമായി ആരും കണക്കിലെടുത്തിട്ടില്ല. വര്‍ഷാവര്‍ഷം ചാകര കാണുന്നത് കുറഞ്ഞു വരുന്നതായി ശാസ്ത്രജ്ഞന്മാര്‍ സമ്മതിക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് പഠനം നടത്താന്‍ പോലും ഇപ്പോഴും സര്‍ക്കാരോ ഗവേഷണ സ്ഥാപന ങ്ങളോ തയാറായിട്ടില്ല. 1976 നു ശേഷം ചാകര കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍. ചാകരക്കാലത്ത് ലഭിക്കുന്ന മത്സ്യങ്ങളുടെ അളവില്‍ കുറവു വന്നിട്ടുള്ളതായി തൊഴിലാളികളും പറയുന്നു. പൊതുവേ സര്‍വ സാധാരണമായിരുന്ന പല കടല്‍ മത്സ്യങ്ങളും ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പിന്റെ കണക്കുകളില്‍ പോലും വ്യക്തം. എന്നാല്‍ ഇതിന്റെ കാര്യ കാരണങ്ങള്‍ ആരും ഇന്നു വരെ അന്വേഷിച്ചില്ല. ചാകര എന്ന പ്രതിഭാസം എന്താണെന്നു പോലും ഇന്നും പഠിച്ചറിഞ്ഞിട്ടില്ല. വിവിധ കാലങ്ങളില്‍ പലരും നടത്തിയ പഠനങ്ങള്‍ വ്യത്യസ്ത നിഗമനങ്ങളില്‍ ചെന്നവസാനിച്ചു. 14 ഓളം തിസീസുകള്‍ ചാകരയെ സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ഇവയിലൊന്നിലും വ്യക്തമായ ഒരു ഉത്തരമില്ല. ചാകരയും മത്സ്യ സമ്പത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നമ്മുടെ ഗവേഷകര്‍ക്ക് തിട്ടമില്ല. 1984 ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ പുറത്തിറക്കിയ ബുള്ളറ്റിനില്‍, അങ്ങിനെ ഒരു ബന്ധമില്ലെന്നു പറയുന്നുണ്ടെങ്കിലും ഒരു മുന്‍കൂര്‍ ജാമ്യത്തിന്റെ ഭാഷയാണ് അവര്‍ ഉപയോഗിച്ചത്. 1971 - 76 കാലത്ത് സിഎംഎഫ് ആര്‍ഐ നടത്തിയ പഠനങ്ങളില്‍ ചാകര വന്‍ ഉത്പാദന ക്ഷമത സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. ചാകരയുടെ കുറവ് സംബന്ധിച്ച് പഠിക്കാന്‍ സിഎംഎഫ്ആര്‍ഐ 25 വര്‍ഷത്തിന് ശേഷം വീണ്ടും ശ്രമം തുടങ്ങി യിരിക്കുകയാണ്. മുന്‍ കാലങ്ങലില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള തീരക്കടലില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടിരുന്ന പ്രതിഭാസം ഇപ്പോള്‍ പലയിടത്തും ഇല്ല. ഈ വിടവുണ്ടായതെങ്ങനെ എന്നാണ് പഠിക്കുക. 

മറ്റൊരു പ്രധാനകാര്യം ശ്രദ്ധയില്‍ പെട്ടിട്ടുള്ളത് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ കടലിന്റെ സ്വഭാവത്തില്‍ വന്ന നാടകീയമായ മാറ്റമാണ്. ഇതും ചാകരയെ ബാധിച്ചിട്ടുണ്ടെന്നു മറൈന്‍ പ്രോഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. തീരപ്രദേശത്തെ സമ്പന്ന ജൈവവ്യവസ്ഥ, മത്സ്യത്തൊഴിലാളിക്ക് നല്ല രീതിയില്‍ മത്സ്യ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. പരമ്പരാഗത വള്ളങ്ങള്‍, യന്ത്രവത്കൃത ബോട്ടുകള്‍ക്ക് വഴിമാറിയതും വലിയ കപ്പലുകളുടെ സഞ്ചാര വര്‍ധനവും ഒപ്പം വ്യവസായ മാലിന്യങ്ങള്‍ കടലിലെത്തുന്നതും ഈ പ്രിഭാസത്തെ കാര്യമായി ബാധിക്കുന്നു എന്നാണ് അനുമാനിക്കുന്നത്. മത്സ്യബന്ധനവും മലിനീകരണവും നേരിട്ട് ബന്ധപ്പെടുന്ന വയാണെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

കേരളത്തില്‍ മത്സ്യ സമ്പത്തിന് ക്ഷയം സംഭവിക്കുന്നു എന്നത് ഏവരും സമ്മതിക്കുന്നു. കണക്കുകളിലും ഇത് വ്യക്തം. അതിനുള്ള കാരണങ്ങളില്‍ ഒന്ന് പരിസ്ഥിതിയിലെ മനുഷ്യന്റെ ഇടപെടല്‍ തന്നെ എന്നും ഗവേഷകര്‍ സമ്മതിക്കുന്നു. ഗവേഷണ പദ്ധതികള്‍ക്കായി കോടികള്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ പോലും ഇക്കാര്യത്തില്‍ വ്യക്തതയില്ലാതെ കൈമലര്‍ത്തു കയാണ്. ഇതുവരെ പുറത്തുവന്ന പഠന റിപ്പോര്‍ട്ടുകള്‍ വിലയിരുത്താ നോ അവ ഏകോപിപ്പിച്ച് സമഗ്രമായ ഒരു മത്സ്യ നയം രൂപീകരിക്കാ നോ ഒരു സര്‍ക്കാരും ഇന്നുവരെ തയാറായിട്ടില്ല. നിരവധി വിദേശ രാജ്യങ്ങള്‍ തങ്ങളുടെ മത്സ്യ സമ്പത്ത് സംരക്ഷിക്കാന്‍ കര്‍ശന നിയമ നിര്‍മാണം നടത്തുമ്പോഴും, വിദേശ നാണ്യത്തില്‍ കണ്ണും നട്ട് വിദേശ ട്രോളികള്‍ക്കു പോലും അനുമതി നല്കുന്ന സാഹചര്യമാണ് ഇവിടെ.

സാമ്പത്തികാ ടിസ്ഥാനത്തിലല്ലാതെ സാമൂഹികാ ടിസ്ഥാനത്തിലും കൂടി ഊന്നല്‍ നല്കി വേണം ഈ വിഷയത്തില്‍ പഠനം നടത്തേണ്ടതെന്ന് ചില ശാസ്ത്രജ്ഞര്‍ക്കെങ്കിലും അഭിപ്രായമുള്ളതു കാണാതിരിക്കാനാവില്ല. 590 കി മീ ദൈര്‍ഘ്യമുള്ള തീരദേശമാണ് കേരളത്തിനുള്ളത്. കടലിലെ മത്സ്യ സമ്പത്തിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഒരു കോടിയിലേറെ വരും. അതേസമയം മത്സ്യക്കയറ്റു മതിയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചു എന്ന കണക്കുകളിലാണ് സര്‍ക്കാര്‍ ശ്രദ്ധ. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ചിന്തിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളം ഭാവിയില്‍ വലിയൊരു പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍ രഹസ്യമായെങ്കിലും സമ്മതിക്കുന്നു. അത് സാമ്പത്തികമായി മാത്രമല്ല, തൊഴില്‍, ആരോഗ്യം തുടങ്ങിയ നിര്‍ണായക മേഘലകളെ കൂടി ബാധിക്കുന്ന ഒന്നായിരിക്കും.

ലോകത്ത് മറ്റെവിടേയും കാണാത്ത പ്രകൃതിയുടെ ഈ അനുഗ്രഹം ഇല്ലാതാകുന്നതോടെ മലയാളിയുടെ ജീവിതത്തില്‍ നിന്നു മത്സ്യാഹാരം അപ്രത്യക്ഷമായേക്കും. മത്സ്യ സമ്പത്തിന്റെ ഗവേഷണത്തിനു മറ്റനവധി കാരണങ്ങള്‍ ശാസ്ത്രജ്ഝര്‍ ചൂണ്ടിക്കാണി ക്കുന്നുണ്ടെങ്കിലും പ്രകൃതി ക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന നഗ്നമായ അധിനിവേശത്തിന്റെ ഫലം അനുഭവിക്കാന്‍ ഏറെ കാലമില്ലെന്നാണ് സൂചനകള്‍, ചാകര കുറയുന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. ചാകര കുറയുന്നതിന് ശാസ്ത്രജ്ഞന്മാര്‍ക്ക് വ്യത്യസ്താ ഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും, എല്ലാവരും യോജിക്കുന്ന ഒന്നുണ്ട്. കണ്ണും മൂക്കുമില്ലാതെ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും വേണ്ടത്ര പഠനം നടത്താതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും. 1998 ന് ശേഷം ഇതുവരെ ചാകര പൂര്‍ണ തോതില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഈ മേഖലയില്‍ സമഗ്രമായ പഠനമോ ഗവേഷണമോ ഇനിയും നടന്നിട്ടി ല്ലെന്നത് ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ്. ഇന്ത്യയിലെന്നല്ല, ലോകത്തെ വിടെയായാലും ഇങ്ങനെ ഒന്നില്ലെന്നതിന്റെ തെളിവാണ് ഈ പ്രിഭാസം മനസിലാക്കാന്‍ വിദേശ ശാസ്ത്രജ്ഞര്‍ പോലും ക്രളത്തില്‍ എത്തുന്നു എന്നത്.

ചാകര എന്ന പ്രതിഭാസം

ഓണവും തൃക്കാക്കര ക്ഷേത്രവും കണ്ണന്‍ പുറൈയനും - ഒര്‍ണ കൃഷ്ണന്‍കുട്ടി

കേരള ചരിത്രത്തിലെ ഒരു വലിയ സംഭവമാണ് കേരളീയര്‍ ആഘോഷിക്കുന്ന ഓണം. ഓണത്തിന്റെ ചരിത്രം തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ ഉടമകളുടെ ചരിത്രം ഇന്നും വികലമാക്കപ്പെട്ടിരിക്കുകയാണ്. പുലയരും പുലയ നാടുവാഴികളുമാണ് അതിന്റെ നാഥനും ആചാര്യനും. പുലയ നാടുവാഴികളാല്‍ ഭരണം നടത്തിപോന്നിരുന്ന ക്ഷേത്രം എങ്ങനെ ബ്രാഹ്മണാധിപത്യത്തില്‍ ഞെരിഞ്ഞ മര്‍ന്നു എന്ന കഥ ഇന്നും അജ്ഞാതമായി തുടരുന്നു. കലിവര്‍ഷം 3705 ലാണ് ക്ഷേത്രം സ്ഥാപിച്ചത്. ചാത്തനാണ് ഈ ശാസന കാലത്ത് തൃക്കാക്കര ഭരിക്കുന്നത്. കലിവര്‍ഷ ഗണനപ്രകാരം എ.ഡി - 13 ാം ശതകത്തില്‍ കാല്‍ക്കരൈ നാടിന്റെ തലസ്ഥാനമായ തൃക്കാക്കരയില്‍ ഭരണം നടത്തിയിരുന്നത്. ചാത്തനെന്ന നാടുവാഴിയാ ണെന്നും ഭാസ്‌ക്കര രവിവര്‍മ്മയുടെ ശാസനത്തില്‍ കാണുന്നു. ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസില്‍ 1,2,3 വാല്യങ്ങളിലായി ഭാസ്‌ക്കര രവിവര്‍മ്മയുടെ 7 ാം ശാസനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അവയില്‍ പേരു പറയുന്ന പ്രദേശിക ഭരണകര്‍ത്താക്കള്‍ കണ്ണന്‍ പുറൈയ്യന്‍, കണ്ണന്‍ കുമാരന്‍, കേരള കേസരി, ചാത്തന്‍ പോഴന്‍, യക്കന്‍ (ചക്കന്‍) കന്റപ്പോഴന്‍ എന്നിവരാണ്. ശാസനവര്‍ഷംപറഞ്ഞിട്ടുള്ള ഏകശാസനം ചക്കന്റേതാണ്. മൂവായിരത്തെഴുന്നൂറ്റാമാണ്ടെക്കൊതിരാണ്ടു മേടത്തില്‍ വിയാഴം നിന്റ കന്നിഞ്ഞായിറ്റു കാല്‍ക്കരൈ നാടുടൈയ ചാത്തന്‍ ചി..... താന്‍ പിറന്ത നാളാ ......., മുകളില്‍ പറഞ്ഞ നാടുവാഴികള്‍ ബ്രാഹ്മണരോ, നായന്മാരോ, അഥവാ ക്ഷത്രിയരോ, ക്ഷത്രീയ ബ്രാഹ്മണരോ എന്നറിയാന്‍ പ്രയാസമാണ്. നമ്പൂതിരി എന്ന വാക്ക് തൃക്കാക്കരയിലെ 18 ശിലാരേഖ കളില്‍ ഒന്നിലുമില്ല. കേരള ബ്രാഹ്മണര്‍ക്ക് നമ്പൂതിരി എന്ന പേരു വീണത് ശാസന കാലത്തിന് ശേഷമാണ്. എന്നാല്‍ പുലയരെപറ്റി ഒരു രേഖയില്‍ പരാമര്‍ശം കാണാം. ഇപ്പൊന്നിനു കണ്ണമംഗലത്ത് വയലും കരൈയും പുലയരെയും മറ്റും മിരവി മംഗലത്തുയക്കല്‍ കോതൈ വാഴ്ന്തരുളിന്റെ പൂമി എന്ന വരികള്‍ കാണുന്നു. ഇത് എ.ഡി 10 - 13 നൂറ്റാണ്ടാണ് (കേരളത്തിലെ സ്ഥലനാമ ചരിത്രം എറണാകുളം ജില്ല - പേജ് 48,49, വി.വി.കെ.വാലത്ത്) ക്രിസ്തുവിന് മുമ്പ് 955 ലെ ഒരു വട്ടെഴുത്ത് ശാസനത്തില്‍ പറഞ്ഞിട്ടുള്ള ഒരു കല്പന ക്ഷേത്രമുറ്റത്ത് പാകിയിട്ടുള്ള കല്‍പ്പലകയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. 

'പെരുവയല്‍ പൂമിയും പുലൈവരും' 1000 വര്‍ഷം മുന്‍പുള്ള മറ്റൊരു ശാസനത്തില്‍ കണ്ണന്‍ പുറൈയന്‍ നാടുവാഴ്കയില്‍ അമൈച്ച തിരുനന്താ വിളക്കും ഇന്നെയ് നാളാലും, നിങ്ങളാലും, മുട്ടിക്കില്‍ മൂട്ടിരട്ടി ചെലത്തു കടവര്‍, ഒരാണ്ടുതെകിയ മൂട്ടിക്കല്‍ക്കാരാണ് മൈയിടക്കവികന്‍. ഇരുപ ത്തിയൈഞ്ചു തുടം നെയ് ചെലത്തകവന്‍ കാലെത്തു കണ്ണന്‍ കുമാരന്‍ അമൈച്ച് വിളക്കിനും ഇപ്പടി അരിയും ചാതുക്കള്‍ പെരുമനൈ കോട്ടത്ത് കേയവന്‍ ചങ്കരനും കുലചേകിര പട്ടണത്ത് പോഴനാരായണനും വെള്ള യമ്പിള്ളി പോയന്‍ ചാത്തനും അറിയും ഇവകളിക കയ്യെഴുതി അറി വേന്‍ കമ്മല്‍കോട്ടി രവികന്റെ പോയന്‍. 

ക്രി.പി. 250 ല്‍ തൃക്കാക്കര 'കാല്‍ക്കരൈ' നാടുഭരിച്ചിരുന്നത് പുലയനാടു വാഴി പുറൈന്‍ ആയിരുന്നു. പുറൈന്‍ നാടുഭരിച്ചിരുന്ന സമയത്ത് കാരില്ലത്ത് കണ്ണന്‍ കുമാരന്‍ തൃക്കാക്കര ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയ വിളക്കിന്റെ വിവരമാണ് ഈ ശാസനത്തില്‍ കാണുന്നത്. അതുപോലെ തൃക്കാക്കര ക്ഷേത്രത്തിലേക്ക് ഭൂമിദാനം ചെയ്തവര്‍ ചിറുമറ്റപ്പുഴ കോതൈ നാരായണന്‍, തേവന്‍ വേന്തന്‍, കോതൈ കേരളന്‍, കോതൈ പൊറൈന്‍ എന്നീ പുലയരായിരുന്നു. ഭൂമിയുടെ ഉടമകളും അവകാശിക ളുമായ പുലയര്‍ക്കുമാത്രമേ ഇത്തരം ഒരു ദാനം നടത്തുവാന്‍ സാധിക്കൂ. ഭൂമിയായി പിടിച്ച ഭൂമിയെല്ലാം ദാനം ചെയ്യുകയും അവസാനം എല്ലാം നഷ്ടപ്പെട്ട് ഭൂമി കാവല്‍ക്കാരായി മാറുകയുമാണ് ഉണ്ടായത്., ക്രി.പി 900 മുതല്‍ 1300 വരെയുള്ള ക്ഷേത്ര രേഖകളില്‍ ദേവസ്വം വസ്തുക്കള്‍ മുഴുവന്‍ ദാനം ചെയ്തിരുന്നവര്‍ പുലയര്‍ തുടങ്ങിയവരാണ്. യഥാര്‍ത്ഥ ക്ഷേത്രഅവകാശികള്‍ പുലയരായിരുന്നു. പിന്നീട് ക്ഷേത്ര പൂജാരിമാരായി ഒരു ആര്യബ്രാഹ്മണനെ നിയമിച്ചതോടെയാണ് ക്ഷേത്രത്തിന്റെ അവകാശം മുഴുവന്‍ ഇന്നുകാണുന്നപോലെ സവര്‍ണ്ണന്റെ കൈകളില്‍ എത്തിചേരു ന്നത്. പുലയനാടുവാഴികള്‍ ബ്രാഹ്മണരെ പൂജാരിമാരാക്കുന്നത് എ.ഡി 980 മുതലാണ്. ഉദ്യോഗസ്ഥര്‍, ക്ഷേത്രത്തിലേക്കോ, ക്ഷേത്ര ജീവനക്കാര്‍ക്കോ യാതൊരുവിധ പാരിതോഷികങ്ങളും നല്‍കുന്നത് കര്‍ശനമായി നിരോധി ച്ചിരുന്നു. അങ്ങനെ ഏതെങ്കിലും ശാന്തിക്കാരന്‍ കൈപ്പറ്റുന്നതായി കണ്ടാല്‍അയാളെ കുറ്റവാളിയായും പിന്നെ ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നു വെങ്കില്‍ അയാള്‍ മൂഴിക്കുളം കച്ചത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതായി കരുതപ്പെടും. പുറൈയന്‍ ചാത്തനും പോഴന്‍ ഇരവിക്കും ശേഷം ക്ഷേത്രത്തിന്റെ ഭരണം പുലയ നാടുവാഴികളില്‍ നിന്നും കൈവിട്ടു പോകുന്ന തരത്തിലായി. ബ്രാഹ്മണ ശാന്തിക്കാരും കാല്‍ക്കരൈ നാട്ടുടയ വരും തമ്മിലുള്ള ബന്ധങ്ങളും തര്‍ക്കങ്ങളും ബ്രാഹ്മണ പുരോഗിത ന്മാരുടെ തെറ്റായ നടപടികളെ എതിര്‍ത്ത പുലയര്‍ക്ക് ചെറുത്തു നില്‍ക്കുവാന്‍ കഴിയാതെയായി. ബ്രാഹ്മണരുടെ കുതന്ത്രങ്ങള്‍ക്ക് മുമ്പില്‍ പുലയനാടുവാഴികള്‍ പരാജിതരായി. ശാന്തിക്കാരായിരുന്ന നമ്പൂതിരിമാര്‍ അധികാരം പിടിച്ചെടുത്തു. അങ്ങനെയാണ് ഇടപ്പള്ളി രാജവംശത്തിന്റെ ഉല്പത്തി. ആദ്യനാടുവാഴി കണ്ണന്‍ കുമാരനും അവസാനത്തേത് പുറൈയന്‍ ചാത്തനുമായിരുന്നു.

സംഘപരിവാര്‍ അജണ്ട; അയിത്തത്തിന്റെ അറുപത്താറടിയിലേക്ക് മടങ്ങിപ്പോകുന്ന സഹോദരങ്ങള്‍ക്ക്- പ്രകാശ് കോട്ടയം

പുനര്‍മതപരിവര്‍ത്തനം (ഘര്‍ വാപ്പസി) സംവാദം
ഘര്‍വാപ്പസി: അംബേദ്ക്കര്‍ 
ചിന്തകളിലൂ ടെ പ്രതിരോധിക്കേണ്ട സംഘപരിവാര്‍ അജണ്ട

മഹാരാഷ്ട്രാ ചിത്പവന്‍ രാഷ്ട്രീയത്തിന്റെ അജണ്ടയില്‍ മുങ്ങിത്താണ് സ്വയം ഇല്ലാതാവാതെ, ഇപ്പോള്‍ ഉയര്‍ന്നുവരേണ്ടതും, അല്ലെങ്കില്‍ ഉയര്‍ന്നു വരാന്‍ ഏറ്റവും പാകമായ രാഷ്ട്രീയ സമയമെന്ന നിലയിലും ദേശീയതലത്തില്‍ ഒരു ദലിത് മുന്നേറ്റത്തിന് സാധ്യമായ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്ത് രൂപപ്പെട്ടു വന്നിരിക്കുന്നത്. ബ്രാഹ്മണിക്കല്‍-ഹൈന്ദവ-ജാതി പ്രതിരോധം ഉയര്‍ത്തിക്കൊണ്ട് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരേണ്ട അംബേദ്ക്കര്‍ ചിന്തകളുടെയും, സമാനമായ ആശയങ്ങളുടെയും സമന്വയവും, അതോടൊപ്പം സാധ്യമാക്കേണ്ട അധികാര രാഷ്ട്രീയത്തിലെ ഇടപെടലിലേക്കും ദലിതന് ഒരു വ്യക്തമായ ഇടം ആണ് ലഭിച്ചിരിക്കു ന്നത്. നാം എതിര്‍ക്കേണ്ട ശത്രുവിന്റെ നിതാന്തമായ സാന്നിദ്ധ്യവും, അവരുടെ അലോസരമുണ്ടാക്കുന്ന ശബ്ദങ്ങളും ആണ് നമ്മെ ഉണര്‍ത്തി യിരിക്കുന്നത്. നൂറ്റാണ്ടുകളുടെ അടിമത്തത്തിലേക്കും അയിത്തത്തിലേക്കും നമ്മെ കൊണ്ടെത്തിച്ച ബ്രാഹ്മണ മതത്തിന്റെ (ഹൈന്ദവ) വര്‍ഗ്ഗീയ അജണ്ടകളാണ് നമ്മെ ജാഗ്രതയുള്ളവരാക്കാന്‍ പ്രേരിപ്പിക്കുന്നത്. കൂടുതല്‍ വിശദീകരിച്ചാല്‍, സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ അധികാര കൈയ്യേറ്റവും, തുടര്‍ന്നുള്ള വര്‍ഗ്ഗീയ അജണ്ടകളും, ദലിത് പീഡനങ്ങളും സംജാതമാക്കിയിരിക്കുന്ന പാകമായ ഈ സമയത്തെ തിരിച്ചറിഞ്ഞ് ദലിതന്‍ ഉണരേണ്ടിയിരിക്കുന്നു. 'ജാതിനിര്‍മ്മൂലനം' എന്ന ദിശാബോധ മുള്ള കൊടുങ്കാറ്റില്‍ 'ജാതിദുര്‍ഭൂതം' തകര്‍ക്കേണ്ടത് ദലിതന്റെ ഉത്തര വാദിത്വമാണ്. ജാതി നിര്‍മ്മൂലനത്തിന്റെ രാഷ്ട്രീയം സംഘപരിവാറിന്റെ രാഷ്ട്രീയത്തെ തച്ചുടയ്ക്കുമെന്നതില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ല. പക്ഷേ, ഇവിടെ അതിനു തയ്യാറാവേണ്ടത് ദലിതനാണ്. ബ്രാഹ്മണ്യക്കല്‍ രാഷ്ട്രീയത്തില്‍ ദലിതന്‍ അന്യനാണ് എന്നതുപോലെ തന്നെ, ഭൂരിപക്ഷം വരുന്ന സവര്‍ണ്ണ നേതൃത്വം കൈയ്യാളുന്ന ഇതര രാഷ്ട്രീയത്തിലും ദലിതന്‍ പുറത്താണ്. സാമൂഹ്യ പരിഷ്‌ക്കരണവാദികളായ സോഷ്യല്‍ കോണ്‍ഫ റന്‍സ് ജാതീയമായ ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാ ക്കാന്‍ ശ്രമിച്ചപ്പോള്‍ രാഷ്ട്രീയ പരിഷ്‌ക്കരണ വാദികളായ നാഷണല്‍ കോണ്‍ഗ്രസ്സ് അതിനെ തകര്‍ത്തുപോലെ, നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമായ ജാതീയമായ ഉച്ചനീചത്വങ്ങള്‍ കണ്ടില്ലെന്നു നടിച്ച്, സമത്വമെന്ന സുന്ദര സങ്കല്പത്തെ നടപ്പിലാക്കുവാന്‍ സോഷ്യലിസ്റ്റുകളും ശ്രമിച്ചു. ഈ പ്രസ്ഥാനങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയാവാന്‍ കാരണം ഇതിന്റെയെല്ലാം നേതൃത്വം ജാതിയുടെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും, താഴ്ന്ന ജാതിക്കാരന്‍ അനുഭവിച്ച അയിത്തത്തിന്റെയും അടിമത്ത ത്തിന്റെയും വേദനകളെ അറിയാന്‍ കഴിയാത്ത സവര്‍ണ്ണരായിരുന്നു എന്നതാണ്. അതുകൊണ്ട് കാലഘട്ടത്തിന് ആവശ്യമായ സമത്വത്തിനും സാമൂഹ്യ തുല്യതയ്ക്കും ജാതിനിര്‍മ്മൂലത്തിനും പ്രധാന്യം കൊടുക്കാത്ത രാഷ്ട്രീയം കാലിക പ്രസക്തി നഷ്ടപ്പെട്ടതാണ്. ഇവിടെയാണ് അംബേദ്ക്കറി സത്തില്‍ ഊന്നിയുള്ള ഒരു രാഷ്ട്രീയത്തിന്റെ പ്രസക്തി.

ജാതി, ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ഹൈന്ദവ മതവുമായി ബന്ധപ്പെട്ടതും, അതിന്റെ അടിസ്ഥാനവുമായിരിക്കെ, അതിനെതിരെ ശബ്ദിക്കുവാന്‍ സമത്വവാദികളും, മറ്റു ദേശീയ പ്രസ്ഥാനങ്ങളും മനഃപൂര്‍വ്വം ഒരുങ്ങിയില്ല. വര്‍ഗ്ഗപരമായ വ്യത്യാസം മാത്രമല്ല ഇന്‍ഡ്യ യില്‍ നിലനില്ക്കുന്നത്. ഇന്‍ഡ്യന്‍ പരിതസ്ഥിതിയില്‍ കമ്മ്യൂണിസത്തിനും സോഷ്യലിസത്തിനും വര്‍ഗ്ഗപര (മൂലധന-ദരിദ്ര) സമരങ്ങള്‍ മാത്രമാണ് പലപ്പോഴും നടത്താന്‍ കഴിഞ്ഞത്. എന്നാല്‍ അതുപോലെ തന്നെ തൊഴിലാളി-മുതലാളി അന്തരത്തേക്കാള്‍ അധികമായി ബ്രാഹ്മണ-കീഴാള ജാതിയുടെ അന്തരം ഭീകരമായി ഇവിടെ നില നില്ക്കുന്നു എന്നത് അവര്‍ മറക്കുകയും 'ജാതി' സമൂഹത്തില്‍ ഉന്നതജാതിക്കാരന്റെ സംരക്ഷക വ്യവസ്ഥയായി നിലകൊള്ളുകയും ചെയ്തപ്പോള്‍, ജാതിക്കെതിരെ പ്രത്യക്ഷമായ ഉന്മൂലന സമരത്തില്‍ നിന്നും കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റു കളും കമ്മ്യൂണിസ്റ്റുകളും ഒഴിഞ്ഞുമാറി, കൂട്ടത്തില്‍ പരിഷ്‌കരണ വാദികളും ദേശീയ പ്രസ്ഥാനങ്ങളുമൊക്കെ. 

മറ്റു ലോകരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഇന്‍ഡ്യന്‍ സാഹചര്യ ത്തില്‍ മുതലാളിയും-തൊഴിലാളിയും അല്ലെങ്കില്‍ ധനികനും-ദരിദ്രനും സൃഷ്ടിക്കപ്പെടുന്നത് കേവലം വര്‍ഗ്ഗപരമായ സാമ്പത്തിക ധ്രുവീകരണ ത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല. ഇവിടെ ഉല്പാദനത്തിന്റെ കത്തൃത്വം കൈകാര്യം ചെയ്യപ്പെടുന്നത് അല്ലങ്കില്‍, വിഭവങ്ങളുടെ വിതരണവും സമാഹരണം കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നത് ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. തന്മൂലം ബ്രാഹ്മണനും - ചണ്ടാലനും വിഭവങ്ങളുടെ മേലുള്ള അധികാരം വ്യത്യസ്തവുമാണ്. ഇതാണ് ഇന്‍ഡ്യയില്‍ കമ്മ്യൂണിസം കൈകാര്യം ചെയ്ത സവര്‍ണ്ണനേതൃത്വം മനഃപൂര്‍വ്വം കാണാതെ പോയത്. ഇന്‍ഡ്യന്‍ പരിതസ്ഥിതിക്കു യോജിച്ച കമ്മ്യൂണിസം ഇനിയും രൂപപ്പെടുത്താന്‍ സമയമുണ്ടെന്നിരിക്കെ, ജാതി നിര്‍മ്മൂലനത്തില്‍ ലക്ഷ്യം വച്ചുകൊണ്ടല്ലാത്ത കമ്മ്യൂണിസം പരാജയം മാത്രമായിരിക്കും. ഇവിടെയാണ് അംബേദ്ക്കര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജാതിനിര്‍മ്മൂലനത്തിന്റെ പ്രസക്തി.

നാഷണനല്‍ കോണ്‍ഗ്രസ്സിലെ സവര്‍ണ്ണ നേതൃത്വം ഈ വിഷയത്തെ ഒട്ടുംതന്നെ മനസ്സിലാക്കിയിട്ടില്ല, എന്നു മാത്രമല്ല ഈ വിഷയത്തില്‍ അവര്‍ സംഘപരിവാറിന്റെ അനുബന്ധസംഘടനയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മരിച്ചു കഴിഞ്ഞ ഗാന്ധിസവും അതില്‍ അടിസ്ഥാനപ്പെട്ട കോണ്‍ഗ്രസ്സ് എന്ന സംഘടനയും വര്‍ഷതോറും ചരമവാര്‍ഷികം ആഘോഷി ക്കുന്ന സംഘടന യായി മാറ്റപ്പെട്ടു കഴിഞ്ഞു. ഗാന്ധിയുടെ പ്രച്ഛന്ന പ്രതിച്ഛായ തിരിച്ചറി ഞ്ഞ ജനങ്ങള്‍, ഒന്നിനും പരിഹാരമല്ലാത്ത ഗാന്ധിസത്തിനെയും കോണ്‍ഗ്രസ്സിനെയും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ സാഹചര്യത്തിലും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി, അറിഞ്ഞും അറിയാതെയും മാറിത്തീര്‍ന്നിരിക്കുന്ന കോടിക്കണക്കിനു ദലിതരെ വിമോചിപ്പിക്കുവാന്‍ ജാതിനിര്‍മ്മൂലനത്തിന്റെ ദിശാബോധമു ള്ള കാറ്റിനെ തുറന്നുവിടേണ്ടിയിരിക്കുന്നു. അങ്ങനെ ദലിത് ജനത്തിനെ 'ജാതീയത'യില്‍ നിന്നും 'ഹിന്ദുത്വ'ത്തില്‍ നിന്നും വിമോചിപ്പിച്ച് രാഷ്ട്രീയ പ്രബുദ്ധതയിലേക്ക് ഉയര്‍ത്തുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ട ഏറ്റവും അനുയോജ്യമായ ചരിത്ര മുഹൂര്‍ത്തമാണിത്.

''ഞാന്‍ ജാതിയുടെയോ ഒരു വിഭാഗത്തിന്റെയോ ആളല്ല'' എന്ന് ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ ധൈര്യമായി പ്രഖ്യാപിക്കുവാന്‍ ജാതിയുടെ ഗുണഫലങ്ങള്‍ അനുഭവിച്ച സനാതന ഹിന്ദുവായിരുന്ന 'ഗാന്ധിക്കു' ധൈര്യമില്ലായിരുന്നു. ജാതിവ്യവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോ ഴൊക്കെ, ജാതിവ്യവസ്ഥ സനാതന ഹിന്ദുവിന് ആവശ്യമാണെന്നും, ഹിന്ദുമതം നിലനില്ക്കുന്നതുതന്നെ ജാതിവ്യവസ്ഥയിലാണെന്നും തിരിച്ചറി ഞ്ഞ ഗാന്ധി ജന്മനാ ഉപായമുള്ള കുറുക്കനെപ്പോലെ ഒഴിഞ്ഞുമാറുകയും, ജാതീയതയെ ന്യായീകരിക്കുകയുമാണ് ചെയ്തത്. 

കമ്മ്യൂണിസം ഇന്‍ഡ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് ഇത്രയും നാള്‍ കഴിഞ്ഞിട്ടും ഇന്‍ഡ്യയില്‍ അതിന്റെ ശരിയായ ഉത്തരവാദിത്വം (ജാതിനിര്‍മ്മൂലനം) നടപ്പിലാക്കുന്നതില്‍ വിമുഖത കാണിച്ചതുകൊണ്ട്, കോടിക്കണക്കിനു വരുന്ന അയിത്ത ജാതിക്കാരില്‍ നിന്ന് അത് അകന്നു പോയി. അല്ലെങ്കില്‍, തങ്ങള്‍ അനുഭവിക്കുന്ന ജാതീയമായ സമൂഹ്യ വ്യവസ്ഥിതിയില്‍ മാറ്റം ഉണ്ടാക്കുവാന്‍ കമ്മ്യൂണിസ ത്തിനാവു മെന്ന് തിരിച്ചറിയുവാന്‍ സവര്‍ണ്ണ നേതൃത്വം അവരെ അനുവദിച്ചില്ല. ഇന്‍ഡ്യന്‍ കാസ്റ്റ് സിസ്റ്റം വിഭങ്ങളെ വിതരണം ചെയ്യുന്നതില്‍ നിര്‍ണ്ണായക മായിരിക്കെ, ആ സംവിധാനം തകരണമെങ്കില്‍ ജാതിവ്യവസ്ഥ തകരണ മെന്നും, ജാതിവ്യവസ്ഥ തകരണമെങ്കില്‍ ഹിന്ദുയിസം തകരണമെന്നും നാളെ കോടിക്കണക്കിനു വരുന്ന ദലിതന്‍ വാദിക്കാന്‍ തുടങ്ങിയാല്‍, സവര്‍ണ്ണതയുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന നേതൃത്വം നാഷണല്‍ കോണ്‍ഗ്രസ്സിലെ ആയാലും കമ്മ്യൂണിസത്തിലെ ആയാലും അവര്‍ അതിന് ആഗ്രഹിച്ചില്ല.

'ജാതിനിര്‍മ്മൂലനം' എന്നത് എക്കാലത്തും വെല്ലുവിളി ഉയര്‍ത്തുന്നത് ഹൈന്ദവതയ്ക്കു നേരെയാകുമ്പോള്‍, ഒരു രാഷ്ട്രത്തിന്റെ അടിത്തറ തന്നെ കെട്ടിപ്പടുത്തിരിക്കുന്നത് ജാതിവ്യവസ്ഥ എന്ന അദൃശ്യ ശിലാഫലക ങ്ങള്‍ക്കുമേല്‍ ആകുമ്പോള്‍, നൂറ്റാണ്ടുകളോളം തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന ജാതി ചിന്തയും അതിനോടനുബന്ധിച്ചുള്ള ഉച്ചനീചത്വങ്ങളും വിശ്വാസങ്ങളും ആചാരങ്ങ ളുമായി ഹൈന്ദവതയുടെ സ്വാംശീകരണം അദൃശ്യമായി നടന്നിരിക്കു കയാല്‍, അതിനെ നിരാകരിക്കുവാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും സംഘടനകള്‍ക്കും അസാമാന്യധൈര്യവും ശേഷിയും ഉണ്ടെങ്കിലേ സാധിക്കൂ. 

''ഞാന്‍ ഹിന്ദുവായി ജനിച്ചു. എന്നാല്‍ ഒരിക്കലും ഹിന്ദുവായി മരിക്കുകയില്ല'' എന്നു പറഞ്ഞ അംബേദ്ക്കറിന്റെയും, അംബേദ്ക്കര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെയും പ്രസക്തി നാം ചര്‍ച്ച ചെയ്യേണ്ടതാണ്. സൈന്ധവമൊഴി മുന്‍ലക്കങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും, ദേശീയ രാഷ്ട്രീയത്തില്‍, എന്നും ഉപജാപക സംഘമായിരുന്ന സംഘപരിവാറിന്റെ അജണ്ടയില്‍ ഇങ്ങ് കേരളത്തില്‍ ദലിത് സഹോദരങ്ങള്‍ വാനരന്മാരായി (ഘര്‍വാപ്പസി) നിന്നുകൊടുക്കാന്‍ തയ്യാറാകുന്നതിന്റെയും പശ്ചാത്തല ത്തില്‍, ഇന്ന് ഗൗരവമേറിയ ഒരു ഇടം ജാതിനിര്‍മ്മൂലനത്തിന്റെ രാഷ്ട്രീയത്തിനുണ്ട്. ജാതിനിര്‍മ്മൂലനത്തിനും ദലിതന്റെ അധികാര പങ്കാളിത്തം എന്ന വിഷയത്തിനും കാലികമായുണ്ടായിരിക്കുന്ന പ്രസക്തിയുടെ അടിസ്ഥാനത്തിലും അംബേദ്ക്കര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ചിന്തകളുടെ പ്രായോഗികത, വര്‍ത്തമാനകലത്തില്‍ ചിന്തിക്കുകയും നടപ്പിലാക്കേണ്ടതുമാണെന്ന തിരിച്ചറിവില്‍, 1936 ലെ ലാഹോര്‍ ജത്-പത്-തോടക് മണ്ഡലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കാനായി ബി.ആര്‍. അംബേദ്ക്കര്‍ തയ്യാറാക്കിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ പുതിയ ചര്‍ച്ച തുടങ്ങി വയ്ക്കുവാന്‍ ലേഖകന്‍ അവതരിപ്പി ക്കുന്നു. അംബേദ്ക്കര്‍ തയ്യാറാക്കിയ ഈ പ്രസംഗത്തിന്റെ കൈയ്യെഴു ത്തിപ്രതി പരിപാടിക്കു മുന്നേ തോടക് മണ്ഡലിന്റെ സെക്രട്ടറിയുടെ പേരില്‍ അയച്ചു കൊടുത്തു. എന്നാല്‍ ഈ പ്രസംഗത്തില്‍ വേദങ്ങള്‍ക്കും ഹിന്ദുത്വത്തിനും എതിരായി പരാമര്‍ശമുള്ളതിനാല്‍ ഈ ഭാഗം ഒഴിവാക്കണം എന്ന് തോടക് മണ്ഡലിന്റെ സെക്രട്ടറി അംബേദ്ക്കറോട് ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ അംബേദ്ക്കര്‍ എതിര്‍ക്കുകയും പ്രസംഗത്തില്‍ നിന്നും ഒരു കോമപോലും നീക്കുവാന്‍ സാധിക്കില്ലെന്നും അറിയിച്ചു. അങ്ങനെ തോടക്മണ്ഡലിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് വെറുതെ സമയം വെയ്സ്റ്റാക്കാന്‍ വേണ്ടിയുള്ളതാണെന്ന് അംബേദ്ക്കര്‍ അഭിപ്രായപ്പെടുകയും അതേസമയം ബോംബെയില്‍ മറ്റൊരു പരിപാടി യില്‍ അംബേദ്ക്കര്‍ പങ്കെടുക്കുകയുമാണുണ്ടായത്. അംബേദ്ക്കര്‍ തയ്യാറാക്കിയ ഈ പ്രസംഗം 1936-ല്‍ തന്നെ അദ്ദേഹം പ്രസിദ്ധീകരിക്കു കയുണ്ടായി.

ചിലപ്പതികാരം; ഒരെത്തിനോട്ടം - പശുപതിനാഥന്‍ നെന്മാറ

മുന്നുര

യുഗങ്ങളായി ഭൂമുഖത്തെ മനുഷ്യരാശി സ്വാനുഭവ ങ്ങളിലൂടെ നേടിയതും അനന്തര തലമുറക്ക് അനുസ്യൂത മായി പകര്‍ന്നു കൊടുത്തതുമായ സംസ്‌കാര ത്തിന്റെ സഞ്ചിത നിധിയാണ് സാഹിത്യം. വിജ്ഞാനവും ആനന്ദവും ഒരേകാലത്ത് പ്രദാനം ചെയ്യുന്ന മനുഷ്യ സിദ്ധികളില്‍ അത്യുത്തമ മാണത്. ഈ ഭാസുര മായ ശബ്ദ ജ്യോതിസ് ഇവിടെ തിളങ്ങി യില്ലായിരുന്നു വെങ്കില്‍ എന്നേ അന്ധ തമസില്‍ ഒളിമങ്ങി പ്പോയേനെ.

'ഇതമന്ധഃ തമഃ കൃത്സ്‌നം ജായതേ ഭുവനത്രയം
യദി ശബ്ദാഹ്വയം ജ്യോതിരാചന്ദ്രാര്‍ക്കം ന ദീപ്യതേ'

എന്ന പദ്യം ഇത്തരത്തില്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. ജാതി മത ഭാഷാ വര്‍ണങ്ങളുടെ പേരില്‍ പരസ്പരം കലഹിച്ചും കയര്‍ത്തും സ്വയം വിനാശ ത്തിലേക്ക് നീങ്ങിക്കൊ ണ്ടിരിക്കുന്ന ലോക ജനതയെ ഒരു ചരടിലിണ ക്കിക്കോര്‍ക്കാന്‍ നമ്മെ സഹായിക്കുന്ന കരുത്തേറിയ ഉപകരണ വുമാണ് സാഹിത്യം. പത്തി വിടര്‍ത്തി നടമാടുന്ന ശിഥിലീക രണ പ്രവണതകള്‍ വമിക്കുന്ന വിഷ ധൂമികയുടെ അങ്കലാപ്പില്‍ നിന്നും മനുഷ്യരാശി സൗഹാര്‍ദ്ദ ത്തിന്റേയും ഐക്യത്തിന്റേയും അനുരഞ്ജി പ്പിന്റേയും പരസ്പര സ്‌നേഹ ധാരണ കളുടേയും ശുദ്ധവായു വീശുന്ന രംഗത്തിലേക്ക് മാറ്റി നിര്‍ത്താന്‍ സാഹിത്യ ത്തിനുള്ള കഴിവ് - അത് ഏത് ഭാഷയിലെ സാഹിത്യ മായിക്കൊള്ളട്ടെ - അപാരമാണ്. ദേശീ യോദ്ഗ്രഥനം സാധിത പ്രായമാക്കി ത്തീര്‍ക്കാന്‍ സാഹിത്യത്തെ പോലെ മറ്റൊന്നുമില്ല തന്നെ.

തമിഴും സാഹിത്യവും
ദക്ഷിണേന്ത്യ മുഴുവന്‍ ചേര ചോള പാണ്ഡ്യരെന്ന തമിഴ് രാജാക്കന്മാരുടെ ഛത്രഛായയില്‍ കഴിഞ്ഞിരുന്ന ഒരു സുവര്‍ണ ഭൂതമുണ്ടായിരുന്നു. അന്ന് തമിഴ് ഭാഷയും സംസ്‌കാരവും കേരളീയരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. അവയോടുള്ള ബന്ധം മറ്റേതൊരു ഭാഷയുടേതു മെന്നതിനേ ക്കാള്‍ അഭേദ്യവും ദൃഢവും ആയിരുന്നു. ചരിത്ര വസ്തുതകള്‍ ഇക്കാര്യ ത്തിന് സാക്ഷ്യം അരുളുന്ന വയാണ്.

അതി പ്രാചീനമാണ് തമിഴ് സാഹിത്യം. വിപുലവും അഗാധവുമാണ് അത്. ശാഖോപ ശാഖകളായി പടര്‍ന്നു നില്ക്കുന്ന ഒരശ്വത്ഥ വൃക്ഷ ത്തിന്റെ പ്രതീതിയാണ് അത് ജനിപ്പിക്കുക. സംസ്‌കൃത സാഹിത്യത്തോട് കിടപിടിക്കത്തക്ക ഒരു വലിയ സാഹിത്യ പ്രപഞ്ചം തന്നെയുണ്ട് അതിന്. തിരുവള്ളുവരും ഇളങ്കോവടികളും കമ്പരും ആവ്വാന്മാരും നായനാന്മാരും എന്നുവേണ്ട്, ആ സാഹിത്യത്തിന്റെ ഉപാസകന്മാരെല്ലാം ചേര്‍ന്നു സൃഷ്ടിച്ച അവരുടെ സാഹിത്യ പ്രപഞ്ചവും കാവ്യ സാമ്രാജ്യവും ഭാഷാ ചക്രവാളവും സഹൃദയന്മാര്‍ക്ക് ഇന്നും ആവേശവും പുളകവും ഉണ്ടാക്കുന്നവയാണ്. വള്ളുവരുടെ തിരുക്കുറള്‍, കമ്പരുടെ രാമായണം, ചാത്തനാരുടെ മണിമേഖല, ഇളങ്കോവടികളുടെ ചിലപ്പതികാരം എന്നിങ്ങനെ അപ്രമേയ പ്രഭാവങ്ങളായ നിരവധി സാഹിത്യ കൃതികളു ള്ളതില്‍ ചിലപ്പതികാരത്തെ പറ്റി മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. കേരളവുമായി കൂടുതല്‍ അടുപ്പവും അതിനാണുള്ളത്.

ചിലപ്പതികാരം

ചിലമ്പിന്റെ ഇതിഹാസമാണ് ചിലപ്പതികാരം. മണിമേഖല, ചിന്താമണി, കുണ്ഡലകേശി, വളയാപതി, ചിലപ്പതികാരം എന്നിവയാണ് തമിഴിലെ 'ഐപ്പെരും കാപ്പിയങ്കള്‍' - പഞ്ച മഹാ കാവ്യങ്ങള്‍. അതില്‍ ചിലപ്പതി കാരം എന്തുകൊണ്ടും സുപ്രധാനമത്രേ. കാവ്യ രസങ്ങളും വിചിത്ര വൃത്തങ്ങളും വിവിധ ഭാവങ്ങളും നിരവധി ലോകാചാരങ്ങളും അനവധി വിഷയങ്ങളും പലതരം അലങ്കാരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ മഹാകാവ്യം ഈശ്വര സൃഷ്ടമായ മറ്റൊരു മഹാ പ്രപഞ്ചം പോലെ ഇന്നും അതി പ്രൗഢമായിത്തന്നെ സ്ഥിതി ചെയ്യുന്നു. കവികര്‍മം അതിന്റെ പാരമ്യത്തിലെത്തി സപലതയടയുന്നു. ചാരിതാര്‍ത്ഥ്യ ജനകമായ അനുഭൂതി ഈ കാവ്യാനു ശീലനം കൊണ്ടുണ്ടാകുമെന്ന് നിസ്തര്‍ക്കം പറയാന്‍ കഴിയും.

സംഗീതം, സാഹിത്യം, നാടകം -ഇയല്‍, ഇശൈ, നാട്യം എന്ന മുപ്പിരിവു കളുള്ള മുത്തമിഴിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. ചേര ചോള പാണ്ഡ്യങ്ങളെന്ന മൂന്നു രാജ്യങ്ങളിലായിട്ടാണ് ഇതിലെ കഥ അരങ്ങേറു ന്നത്. മേല്പറഞ്ഞ മുന്നാട്ടു വീരന്മാരുടേയും വീരകഥകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൈഗാ, കാവേരി, പെരിയാര്‍ എന്നീ മൂന്നു നദികളും ഇതില്‍ പരാമര്‍ശിക്ക പ്പെട്ടിട്ടുണ്ട്. ചോള തലസ്ഥാനമായ പൂമ്പുകാര്‍, പാണ്ഡ്യ രാജധാനിയായ മധുര, ചേര തലസ്ഥാനമായ വഞ്ചി - ഈ മൂന്നു നഗരങ്ങളേയും ഇതില്‍ സാന്ദര്‍ഭികമായി വര്‍ണിച്ചിരിക്കു ന്നതു കാണാം. നീതി തെറ്റിക്കുന്നവന്‍ നരപതിയായാലും ദൈവ ശിക്ഷക്കു വിധേയനാകുമെന്നും പതിപ്രതകളെ ദേവന്മാര്‍ പോലും ആരാധിക്കു മെന്നും താന്താങ്ങള്‍ ചെയ്യുന്ന പുണ്യ പാപങ്ങളുടേതായ സുഖദുഖങ്ങള്‍ താന്താങ്ങള്‍ക്കു തന്നെ അനുഭവിക്കേണ്ടി വരുമെന്നു മുള്ള മൂന്നു പ്രധാനന്യം നല്കിക്കാണുന്നത്. കര്‍ണകി, മാധവി, മണിമേഖല എന്നിങ്ങ നെ മൂന്ന് സ്ത്രീ കഥാപാത്രങ്ങളാണ് ഇതിലെ പ്രധാനികള്‍. കോവലന്‍, പാണ്ഡ്യന്‍, ചെങ്കുട്ടുവന്‍ എന്നിങ്ങനെ മൂന്നു പ്രധാന കഥാപാത്ര ങ്ങളേയും കണ്ടുമുട്ടാന്‍ കഴിയും. അങ്ങനെ തേ് നിലക്ക് നോക്കിയാലും മൂന്നിന്റെ മാഹാത്മ്യം ഈ കൃതികള്‍ക്കു ള്ളതായിക്കാണാം. 

2015, ജൂലൈ 20, തിങ്കളാഴ്‌ച

രാമന്റെ ശംബൂക വധം - എസ് ജയരാമറെഡ്ഡി

രാമന്‍ രാജാവായിരുന്നിട്ടും സ്വന്തം ധര്‍മങ്ങള്‍, രാജഗുരുവിന്റെ അറിവോടെയല്ലാതെ ഒരിക്കലും സ്വയം നിര്‍വഹിച്ചിട്ടില്ല. അതുകൊണ്ടു തന്നെ രാജ്യ കാര്യങ്ങള്‍ എന്തെങ്കിലും നിര്‍വഹി ക്കാനുള്ള സ്വയം പ്രാപ്തിയോ യുക്തി ബോധമോ തന്റേടമോ രാമനില്ലെന്നു കാണാം. രാമന്റെ ഭാഷണങ്ങ ളിലെല്ലാം ബ്രാഹ്മണ രക്ഷയും അവരുടെ സുസ്ഥിതി യുമാണ് തന്റെ കര്‍ത്തവ്യമെന്ന് പറയുന്നുണ്ട്. രാജ ഗുരുവിന്റെ ഒരു കളിപ്പാവ! രാജസദസ്യര്‍ പറയുന്നതി നനുസരിച്ചു തല കുലുക്കു ന്നവന്‍! വസിഷ്ഠന്‍, വാമദേവന്‍, ജാബാലി, നാരദന്‍ തുടങ്ങിയ വരായി രുന്നു രാജസദസ്യര്‍. ഇവര്‍ക്ക് അത്രമാത്രം വിധേയ നായിരുന്നു രാമനെന്നു താഴെ പറയുന്ന കഥ തെളിവു തരുന്നു. 

ഒരിക്കല്‍ 5 വയസുകാരനായ ഒരു ബ്രാഹ്മണ ബാലന്‍ മരിച്ചു. അവന്റെ അകാല നിര്യാണത്തില്‍ വലിയ ഒച്ചപ്പാടും കരച്ചിലു മുണ്ടായി. പിതാക്ക ന്മാര്‍ ജീവനോടെ യിരിക്കുമ്പോള്‍ ഇത്തരം മരണം സംഭവിക്കാത്ത തായിരുന്നു വെന്ന് ബ്രാഹ്മണര്‍ രാമനോട് പരാതി പറഞ്ഞു. അങ്ങനെ സംഭവിച്ചു വെങ്കില്‍ രാജഭരണ വൈകല്യമാണ് കാരണ മെന്നുമവര്‍ പഴിചാരി. രാമന്‍ വസിഷ്ഠന്റെ നേതൃത്വത്തില്‍ വസ്തുതാന്വേഷ ണത്തിനൊരു കമ്മിറ്റി സംഘടിപ്പിച്ചു. നാരദന്‍ ഈ അന്വേഷണ സംഘ ത്തില്‍ ഒരു മുഖ്യ കളികളിച്ചു. നാരദന്‍ സൂക്ഷ്മാ ന്വേഷണ ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അര്‍ഹത യില്ലാത്ത ഹീന ജാതിക്കാരന്‍ തപസനു ഷ്ടിച്ചതാണ് ഈ കുഴപ്പങ്ങള്‍ക്കു കാരണമെന്നു വ്യക്തമാക്കി.

രാമന്‍ ഈ താപസ്വിയെ അന്വേഷിച്ചിറങ്ങി. ശിവാലി എന്ന നിബിഢ വനത്തില്‍ ശംബൂകന്‍ എന്ന ശൂദ്രന്‍ തപസനു ഷ്ഠിക്കുന്നത് കണ്ടെത്തി. അയ്ള്‍ ശൂദ്രനും, തപസനു ഷ്ഠിക്കാന്‍ അനര്‍ഹന്‍ എന്നും മനസിലാക്കി നിഷ്‌കരുണം, വിചാരണ പോലും കൂടാതെ ബ്രാഹ്മണ ലോബിയെ പ്രീണിപ്പിക്കാന്‍, ശംബൂകന്റെ തല വെട്ടിക്കളഞ്ഞു.

ഈ ഹീനകൃത്യം നിര്‍വഹിച്ച നിമിഷം തന്നെ, ദേവന്മാര്‍ രാമനെ അഭിനന്ദി ക്കുകയും, ഒരു ശൂദ്രനെ സ്വര്‍ഗത്തിലെ ത്താനനു വദിക്കാതെ തടഞ്ഞ സത്പ്രവൃത്തിയുടെ പേരില്‍ പുഷ്പ വൃഷ്ടി കൊണ്ട് ആദരിക്കു കയും ചെയ്തത്രേ! ഈ അരും കൊലയെ തുടര്‍ന്ന് അഗസ്ത്യന്‍ രാമനെ വരുത്തി വിശ്വകര്‍മാവിന്റെ ഒരു ദിവ്യ വജ്രാ ഭരണം അണിയി ച്ചു വത്രേ! രാമന്‍ സര്‍വജ്ഞനായ ഒരു ദൈവമാ യിരുന്നു വെങ്കില്‍ ബ്രാഹ്മണ ബാലന്റെ ദുര്‍മരണം മുന്‍കൂട്ടി കണ്ടു തടയുകയായി രുന്നില്ലേ ചെയ്യേണ്ടി യിരുന്നത്. (ഉത്തരകാണ്ഡം 88)

ശംബൂകന്റെ സന്യാസം ബ്രാഹ്മണ സമൂഹത്തിന് അപകടകര മാണെന്നു ണ്ടെങ്കില്‍ രാമന്‍ ശംബൂകനെ വരുത്തി, വിശദീകരണം തേടി, അയാള്‍ക്ക് തന്റെ ഭാഗത്തെ ന്യായം പറയാന്‍ അവസരം നല്‌കേണ്ടതാ യിരുന്നില്ലേ? അയാളുടെ വിശദീകരണം തൃപ്തികര മായി രുന്നില്ല എങ്കില്‍, അയാളെ ഒരുത്തരവു മൂലം നാടു കടത്തിയാല്‍ പോരാ യിരുന്നോ? ന്തെുകൊണ്ട് രാമന്‍ ശൂദ്ധനും നീതിനിഷ്ഠ നുമായ ഭരണാധികാരി യായാണെങ്കില്‍, ജനക്ഷേമ തത്പരനാ യിരുന്നെങ്കില്‍ ഇത്ര ലഘുവായ ഒരു ഭരണ നടപടി സ്വീകരിച്ചില്ല? നിരപരാധിയും സാത്വികനുമായ ഈ ശംബൂകന്‍ എന്തു കുറ്റമാണാവോ ചെയ്തത്? എന്തുകൊണ്ട് ശംബൂക വധത്തിന് രാമന്‍ ഇത്ര ധൃതിയും മയമില്ലായ്മയും കാട്ടി? ഈ രാമനെ എങ്ങനെയാണ് ധാര്‍മികനും നീതി നിഷ്ഠനുമായ ഭരണാധി കാരിയെന്നും വിളിക്കുക? രാജ സദസ്യരായ ബ്രാഹ്മണരുടെ കുടില തന്ത്രമായി രുന്നില്ലേ ഇതിനു പിന്നില്‍? ശംബൂക വധം കൊണ്ട് മരിച്ചു പോയ ബ്രാഹ്മണ ബാലന്‍ പുനര്‍ജനിക്കുമോ? കാര്യ കാരണ നിയമത്തി നെതിരല്ലേ ഈ അരും കൊല? ബ്രാഹ്മണ സംരക്ഷകനായ രാമന്റെ ഭരണകാലം എത്ര ഭീകര മായിരുന്നു എന്ന് ഈ കൊലക്കഥ വ്യക്തമാ ക്കുന്നില്ലേ? രാമന്റെ കാലം ചാതുര്‍വര്‍ണ്യം സ്ഥാപന വത്കരിക്കപ്പെട്ടു കഴിഞ്ഞതായി വ്യക്തമാക്കു ന്നുണ്ട്. ബ്രാഹ്മണ താത്പര്യാര്‍ത്ഥം മറ്റുള്ളവരെ അടിച്ചമര്‍ത്തിയും അകാരണമായി ദണ്ഡിപ്പിച്ചും ബ്രാഹ്മണ സംരക്ഷണം ഉറപ്പു വരുത്തിയ അവരുടെ ഒരു കാവല്‍ നായ മാത്രമാണ് രാമനെന്നു കാണാം. ഉയര്‍ന്ന ജനതയോടുള്ള കാഴ്ചപ്പാടിന്റെ ഒരു സജീവ ദൃഷ്ടാന്തമാണ് ശംബൂക വധം. ഇതൊരു ദുരാചാരം തന്നെയല്ലേ? എന്ത് സദാചാര മൂല്യമാണ് രാമനില്‍ കാണാനുള്ളത്? രാമന്‍ എങ്ങനെയൊരു നീതിനിഷ്ഠനായ ഭരണാധി കാരിയാകും? ഇതു തന്നെ യായിരി ക്കണമല്ലോ ഹിന്ദുമത മൗലിക വാദികള്‍ ഭാരതത്തില്‍ നടപ്പാക്കണ മെന്നാഗ്രഹിക്കുന്ന രാമരാജ്യം!
------------------------------
കടപ്പാട്: മൈത്രി ബുക്‌സ് തിരുവനന്തപുരം പ്രസിദ്ധീകര എസ് ജയരാമറെഡ്ഡിയുടെ 'മതങ്ങള്‍ ഒരു വിമര്‍ശന പഠനം' എന്ന ഗ്രന്ഥത്തില്‍ നിന്നും. പരിഭാഷ: ഡി കെ കയ്യാലേത്ത്.

2015, ജൂലൈ 18, ശനിയാഴ്‌ച

പുസ്തകം : ജടായുവിന്‍റെ ദുഃഖം - കെ എ ഉണ്ണിത്താന്‍

കഥകളെഴുതി ശ്രദ്ധേയനായ കെ എ ഉണ്ണിത്താന്റെ ലഘുനാടകങ്ങളുടെ സമാഹാരമാണ്‌ ' ജഡായു വിന്റെ ദുഃഖം'. ശൂദ്രപക്ഷത്തുനിന്ന്‌ രാമായണം വായിക്കുന്ന ഏതൊരാളുടെയും വീക്ഷണത്തില്‍ രാമന്‍ കടന്നു പോകുന്നത്‌ പ്രതിനായകനാ യിട്ടായിരിക്കും. ശൂദ്രരോട്‌ ദീനദയാലുത്വമല്ല രാമനുള്ളത്‌ എന്ന തിരിച്ചറിവ്‌ ലഭിക്കുന്നതിലൂടെ യാണ്‌ ഈ നായക സങ്കല്‍പ്പത്തില്‍ വിപരിണാമം സംഭവിക്കുന്നത്‌. എന്‍ എസ്‌ എസിന്റെ പ്രത്യക്ഷ ഭാരവാഹി യായിരുന്നിട്ടുള്ള കെ ഉണ്ണിത്താന്റെ ഇത്തരത്തിലുള്ള പാരായണം ധീരമായ ഒരു ചുവടു വെപ്പായാണ്‌ അനുവാചക ലോകം വിലയിരുത്തുന്നത്‌. ശൂദ്രരുടെ ഇടയില്‍ നിന്ന്‌ ഇങ്ങനെ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവരുടെ കടന്നു വരവിന്റെ തോത്‌ സമീപകാലത്ത്‌ വര്‍ധിച്ചു കാണുന്നത്‌ പുരോഗമനേ ഛകളെ അങ്ങേയറ്റം ശക്തിപ്പെടുന്നുണ്ട്‌. ടി എന്‍ ഗോപകുമാര്‍ എഴുതിയ 'ശൂദ്രന്‍' എന്ന നോവല്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഉണ്ണിത്താന്റെ നാട്ടുകാരന്‍ തന്നെയായ ആനന്ദ്‌ നീലകണ്‌ഠന്‍ ഇംഗ്ലീഷില്‍ എഴുതിയ 'അസുര' എന്ന നോവല്‍ ഇന്റര്‍ നാഷണല്‍ ബെസ്‌റ്റ്‌ സെല്ലര്‍ ആയി തുടരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്‌. ഉണ്ണിത്താന്റെ ഈ പുസ്‌തകം പെന്‍ ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്നത്‌ 2001 ലാണ്‌.

നാടക സങ്കല്‍പ്പത്തോടു ചേര്‍ത്ത്‌ ജഡായുവിന്റെ ദുഃഖം വിലയിരു ത്തുമ്പോള്‍, ഇത്‌ രംഗാവതരണ രൂപത്തിന്റെ ലിഖിത രേഖയല്ല, മറിച്ച്‌ വായിച്ചാസ്വദിക്കുന്നതിനുള്ള സാഹിത്യ കൃതിയാണ്‌ എന്ന്‌ കാണാം. ഉണ്ണിത്താന്‌ തന്റെ രാഷ്ട്രീയേഛയിലുള്ള താല്‍പ്പര്യക്കൂ ടുതല്‍ കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്‌. രാവണന്‍ ജഡായു വിനോട്‌ സംവദിക്കുന്നത്‌ നോക്കുക; 'ക്ഷമ. ശൂര്‍പ്പണഖ എന്ന ദ്രാവിഡ രാജകുമാരിയെ ഒരാര്യന്റെ അഹങ്കാത്തോടെ നാണം കെടുത്തി വിട്ടപ്പോള്‍ ആ മഹിമ എവിടെയായിരുന്നു? സ്‌ത്രീ സഹജമായ മോഹങ്ങളെ കരിതേച്ചു വിട്ടതോ പോകട്ടെ, ഒരു ഭീരുവിനെ പോലെ, ബാലിയെ, ആ മഹാപരാക്രമിയെ ഒളിയമ്പെ യ്‌തു വീഴ്‌ത്തിയതോ? അക്ഷയവീര്യനായ ഇന്ദ്രജിത്തി ന്റെയും പിന്നെ എന്റെയും യാഗങ്ങല്‍ നീചമായ രീതിയില്‍ മുടക്കി ക്ഷത്രിയ ധര്‍മ്മത്തിന്‌ തീരാക്കളങ്കം ചാര്‍ത്തിയപ്പോഴും നിങ്ങളുടെ കണ്ണില്‍ രാമന്‍ ലോകാഭിമത നായിരുന്നുവല്ലോ.'


കെ എ ഉണ്ണിത്താന്‍ 
തീര്‍ച്ചയായും ഇത്‌ ഉണ്ണിത്താന്‍ തുടങ്ങിവെച്ചതല്ല. നവോത്ഥാന സമരചേതനകള്‍ക്കും അതിന്റെ സമീപകാല തുടര്‍ച്ചകള്‍ക്കും ഇത്‌ ഉന്നയിച്ചതില്‍ വലിയ പങ്കുണ്ട്‌. ഒരു ശൂദ്രന്റെ ആത്മപാരയണ ത്തില്‍ ഇകഴ്‌ത്തപ്പെട്ടവന്‍ എന്ന തിരിച്ചറിവി ലെത്തുമ്പോള്‍ അതിനു ത്തരവാദി കളായവരെ ചോദ്യം ചെയ്യുക എന്നത്‌ മനുഷ്യ സഹജ മാണ്‌.


അവര്‍ണര്‍ ഹിന്ദുക്കളാകുമോ? - മാഞ്ഞൂര്‍ ഗോപാലന്‍

മാഞ്ഞൂര്‍ ഗോപാലന്‍
ബ്രാഹ്മണരാണ് ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഉപജ്ഞാതാക്കള്‍. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ 4 വര്‍ണങ്ങളില്‍ പെട്ടവര്‍ മാത്രമേ ഹിന്ദുമതത്തില്‍ പെടുകയുള്ളൂ. പുലയര്‍, പറയര്‍, വിശ്വകര്‍മജര്‍, ഈഴവര്‍, വിളക്കിത്തല നായന്മാര്‍ തുടങ്ങിയ ജാതിക്കാര്‍ പുറജാതിക്കാരാണ്; അഥവാ പഞ്ചമര്‍. ശൂദ്രര്‍ (നായന്മാര്‍) ക്കു താഴെയുള്ള അവര്‍ണരാരും ഹിന്ദുക്കളല്ല.

ഇന്ത്യയിലെ ഹിന്ദുരാജാക്കന്മാര്‍ ഈഴവരുള്‍പ്പെടെ യുള്ള അധസ്ഥിതരെ ഹിന്ദുക്കളായി ഒരിക്കലും അംഗീകരിച്ചിരുന്നില്ല. പതിറ്റാണ്ടുകള്‍ക്കപ്പുറം അയിത്തജാതിക്കാര്‍ സര്‍ക്കാരുദ്യോഗം ആവശ്യപ്പെട്ടപ്പോള്‍ തിരുവിതാംകൂര്‍ ഒരു ഹിന്ദു രാജ്യമായതു കൊണ്ട് അപേക്ഷകര്‍ക്ക് സര്‍ക്കാരുദ്യോഗം അസാധ്യമാണെ ന്നാണ് ഭരണാധികാരികള്‍ പറഞ്ഞത്. പട്ടിയും പൂച്ചയും കന്നുകാലിയും യഥേഷ്ടം സഞ്ചരിച്ചിരുന്ന പൊതു വഴിയില്‍ കൂടി സഞ്ചരിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ അധസ്ഥിതര്‍ക്കു ലഭിച്ച മറുപടി ഹിന്ദുമതം അത് അനുവദിക്കുന്നില്ല എന്നാണ്. ഈശ്വരാരാധനക്ക് ക്ഷേത്രത്തില്‍ പ്രവേശനം വേണമെന്ന് താണ ജാതിക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, ക്ഷേത്രം അശുദ്ധമാകുമെന്ന കാരണത്താല്‍ അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ദലിതരും പിന്നോക്കക്കാരും ശൂദ്രരോ ഹിന്ദുക്കളോ അല്ല. ആദി ശൂദ്രരോ നവ ശൂദ്രരോ അല്ല. ശൂദ്രര്‍ സുര്യഗോത്രത്തിലാണ് പെടുന്നത്. ഡോ. അംബേഡ്കറുടെ തെരഞ്ഞെടുക്കപ്പെട്ട കൃതികളില്‍ പ്രൊഫ. ബെവറുടെ നിരീക്ഷണം ഉദ്ധരിച്ചിട്ടുണ്ട്.

'.... അക്കാലത്ത് ആര്യന്മാരുടെ പുണ്യ യജ്ഞങ്ങളില്‍ ശൂദ്രരെ പ്രവേശിപ്പി ച്ചിരുന്നു വെന്നും, ശൂദ്രര്‍ ആര്യന്മാരുടെ ഭാഷ സംസാരിച്ചിരുന്നി ല്ലെങ്കില്‍ പോലും അത് മനസിലാക്കിയിരുന്നു വെന്നും ( ഈ ജേര്‍ണലിന്റെ ഒന്നാം വാല്യത്തില്‍ 83 ആം പേജില്‍ റോത്ത് പറയുന്നതിന് വിപരീതമായി) ഇത് വ്യക്തമാക്കുന്നു. രണ്ടാമത്തെ കാര്യം, തീര്‍ച്ചയായും അത്യാവശ്യ ഭവിഷ്യത്താണെന്ന് കരുതാന്‍ സാധ്യമല്ല. എങ്കിലും, അതിന് വളരെ സാധ്യതയുണ്ട്; തല്ഫലമായി മറ്റ് ഗോത്രങ്ങള്‍ക്ക് മുമ്പേ ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു ആര്യന്‍ ഗോത്രമാണ് ശൂദ്രര്‍ എന്ന് കരുതുന്ന വരുടെ അഭിപ്രായത്തെ ഞാന്‍ അനുകൂലിക്കുന്നു' (കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട്. തിരുവനന്തപുരം - ഡോ. അംബേഡ്കറുടെ തെരഞ്ഞെടുത്ത കൃതികള്‍. ശൂദ്രര്‍ ആരായിരുന്നു പേജ് 109)

അധസ്ഥിതര്‍ ഇന്ത്യയുടെ വെളിയില്‍ നിന്നു വന്നവരല്ല. ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ സമുദായങ്ങളാണവര്‍. വിദേശികളായ ആര്യന്മാര്‍ അവരുടെ പേരിനോട് ചേര്‍ന്ന് ശര്‍മ, വര്‍മ, ഗുപ്ത, ദാസ് എന്നീ 4 ജാതിപ്പേരുകള്‍ ചേര്‍ക്കുകയും അവരുടെ ജാതിപ്പേരുകള്‍ നിലനിര്‍ത്തു കയും ചെയ്തു. എന്നാല്‍ അധസ്ഥിതര്‍ അവരുടെ പേരിനോട് ചേര്‍ന്ന ജാതി വെച്ചില്ല. ആര്യന്മാര്‍ ഇവിടെ കുടിയേറി പാര്‍ത്തവരായതു കൊണ്ട് അവര്‍ ജനസംഖ്യുടെ 15 ശതമാനമേയുള്ളൂ. താണജാതിക്കാര്‍ ഇന്ത്യന്‍ വംശജരായതുകൊണ്ട് അവരാണ് ഇവിടത്തെ ഭൂരിപക്ഷ ജനത. കുടിയേറ്റക്കാര്‍ക്ക് ഒരിടത്തും ഭൂരിപക്ഷ ക്കാരാകാന്‍ കഴിഞ്ഞിട്ടില്ല. ആഫ്രിക്കന്‍ നാടുകളില്‍ പോലും വെള്ളക്കാര്‍ 20 ശതമാനമേയുള്ളൂ.

'ഇന്ത്യയിലെ മുഖ്യ വര്‍ഗ സമരം ജാതി ഹിന്ദുക്കളും അയിത്ത ജാതിക്കാരും തമ്മിലാണെന്ന് അംബേഡ്കര്‍ ചൂണ്ടിക്കാണിക്കുന്നു. (Bhagavan Das: Thus spoke Ambedkar) ഹിന്ദുക്കള്‍ മുസ്ലീമിനോടും ക്രിസ്ത്യാനികളോടും സിക്കുകാരോടും മറ്റ് മതേതരക്കാരോടു പോലും കാണിക്കുന്ന സൗഹൃദം സ്വന്തം മതത്തില്‍ പെട്ടവരെന്നു പറയുന്ന അയിത്ത ജാതിക്കാരോട് എന്തുകൊണ്ട് പ്രദര്‍ശിപ്പിക്കുന്നില്ല എന്ന് അംബേഡ്കര്‍ വിശകലനം ചെയ്യുന്നുണ്ട്. (Dr. Ambedkar : Annihilation of Caste) അയിത്തക്കാര്‍ പീഡിപ്പിക്കപ്പെടുന്നത് മുഴുവന്‍ കാലില്‍ ചെരുപ്പു ധരിച്ചതിനോ, ചപ്പാത്തിയോ തൈരോ സദ്യയില്‍ വിളമ്പിയതിനോ മറ്റോ ആയിരിക്കും. ഈ പ്രവൃത്തികളെല്ലാം ഇതര മതത്തില്‍ പെട്ടവര്‍ക്ക് ചെയ്യാം. അയിത്തക്കാര്‍ മതപരിവര്‍ത്തനം ചെയ്ത് ഇതര മതത്തില്‍ ചേര്‍ന്നിട്ട് അത് ആവര്‍ത്തിച്ചാല്‍ കുറ്റകരമല്ല താനും. ഈ അവസ്ഥാ വിശേഷത്തില്‍ പീഡനങ്ങളും മര്‍ദ്ദനങ്ങളുമേറ്റ് ഹിന്ദുമതത്തിന്റെ അടിമത്തം പേറുന്നത് ശുദ്ധ അംസബന്ധമാണെന്നും അതില്‍ നിന്ന് പിന്തിരിഞ്ഞ് മതം മാറി സ്വതന്ത്രരാകുകയാണ് വിവേകശാലികള്‍ ചെയ്യേണ്ടതെന്നും അംബേഡ്കര്‍ ഉപദേശിച്ചു. (Dr. Ambedkar: Why go for conversion) ഹിന്ദുമതത്തിലെ ഓരോ വ്യക്തിയും വിലങ്ങിട്ടു പൂട്ടാതെ ജയിലില്‍ അഴിച്ചു വിട്ടിരിക്കുന്ന തടവു പുള്ളിയെ പോലെ അസ്വതന്ത്രരാണെന്ന് അംബേഡ്കര്‍ ഉദാഹരിക്കുന്നു. (Bhagavan Das: Thus spoke Ambedkar) അതുകൊണ്ട് ഹിന്ദുയിസം ഒരു മതമല്ല, മറിച്ച് ഒരു നിയമവും വ്യവസ്ഥയുമാണ്' (കല്ലറ സുകുമാരന്‍. ബ്രാഹ്മണിസം. ഡോ. അംബേഡ്കറുടെ വീക്ഷണത്തില്‍. പേജ് 38)

ഹിന്ദുക്കളെന്നു കണക്കാക്കപ്പെട്ടിരുന്ന പുലയര്‍ പറയര്‍ വിശ്വകര്‍മജര്‍, ഈഴവര്‍ തുടങ്ങിയ അധസ്ഥിതരാരും ഹിന്ദുമതത്തില്‍ ചേര്‍ന്നവരല്ല. ഭരണാധികാരികളാണ് അവരെ ഹിന്ദുക്കളാക്കി മാറ്റിയത്. അങ്ങനെയാ ണവര്‍ ഹിന്ദു മത വിശ്വാസി കളായത്. ഹിന്ദുമതം താണജാതിക്കാരെ എത്രമാത്രം അധപതിപ്പിച്ചുവെന്ന് ആരയംപറമ്പില്‍ ഗോവിന്ദന്‍ ബി എ തന്റെ 'തീയരുടെ അഭിവൃദ്ധിമാര്‍ഗങ്ങള്‍' എന്ന ലേഖനത്തില്‍ വിവരി ക്കുന്നു;

'ഹിന്ദുമത വിശാവസമാകുന്ന ഈ ഭയങ്കര കൃമി സമുദായ ശരീരത്തില്‍ കടന്നു കൂടിയതിന്റെ ഫലമായാണ് ഇന്ന് തീയര്‍ അനുഭവിക്കുന്ന സര്‍വവിധ അവശതകളും കഷ്ടപ്പാടുകളും. സാമുദായികമായി തീയര്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ക്ക് ഉദ്ദിഷ്ടഫലം സിദ്ധിക്കാതിരിക്കുന്നതും ഈ വിശ്വാസം മൂലമത്രേ. തങ്ങള്‍ താണവരും സവര്‍ണ ഹിന്ദുക്കളുംടെ കളിപ്പാവകളും അടിമകളുമായി കഴിയേണ്ടവരാണെന്നുമുള്ള ഒരു അന്ധവിശ്വാസം നിമിത്തമാണെന്നുള്ളതിനു സംശയമില്ല. ഈ അബദ്ധ വിശ്വാസത്തിന്റെ ഫലമായി തീയര്‍ അധകൃതരായി; അയിത്തക്കാരായി; പൗരുഷം കെട്ടവരായി; സര്‍വോപരി അടിമകളില്‍ അടിമകളായി. ഈ നിലയില്‍ നിന്ന് എപ്പോഴെങ്കിലും അവര്‍ക്ക് മോചനം സിദ്ധിക്കണമെങ്കില്‍ ഹിന്ദുമത വിശ്വാസമാകുന്ന ആ ഭയങ്കര കൃമിയെ സമുദായ രക്തത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യേണ്ടിയിരിക്കുന്നു.' (കേരള ദലിത് സാഹിത്യ അക്കാദമി, കോഴിക്കോട്. അവര്‍ണര്‍ക്കെങ്ങനെ സ്വതന്ത്രരാകാം? പേജ് 6)

ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതവും വിഘടിതവുമായ ഒരു ഫ്യൂഡല്‍ സിദ്ധാന്തമാണ് ഹിന്ദുമതം. അതിനാല്‍ അതൊരു മതമായി കണക്കാക്കേണ്ടതില്ല. അനീതിക്കും അക്രമത്തിനും അസമത്വത്തിനുമെതിരേ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ത്യാഗത്തിന്റേയും മഹത്തായ സന്ദേശമാണ് ബുദ്ധമതവും ക്രിസ്തുമതവും ഇസ്ലാം മതവും പ്രചരിപ്പിക്കുന്നത്. എന്നാല്‍ അത്തരത്തിലുള്ള യാതൊരു സവിശേഷതയും ഒരു മതമെന്നു പറയുന്ന ഹിന്ദുമതത്തിനില്ല. കാരണം അതുതന്നെ ജീര്‍ണമായ ഒരു വ്യവസ്ഥിതിയുടെ ഭാഗമാണ്. ബ്രാഹ്മണ മതത്തിന്റെ വര്‍ണമേധാവിത്വത്തില്‍ കിടന്ന് ശ്വാസം മുട്ടിക്കൊണ്ടിരുന്ന സൈന്ധവ ജനതക്ക് മോചനം നല്കിയത് ബുദ്ധമതമാണ്. ബുദ്ധനാണ് ഹിന്ദു വ്യവസ്ഥിതിക്ക് കടുത്ത പ്രഹര മേല്പിച്ചത്. ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന നിന്ദ്യവും ഹീനവുമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ സ്ഥാനത്ത് മാനവികതയിലും സ്‌നേഹത്തിലും ത്യാഗത്തിലും അധിഷ്ഠിത മായ ഒരു പുത്തന്‍ വ്യവസ്ഥിതി പടുത്തുയര്‍ത്താന്‍ ബുദ്ധനു കഴിഞ്ഞു. എന്നാല്‍ ഏതാനും നൂറ്റാണ്ടുകള്‍ കൊണ്ട് ബുദ്ധമതത്തെ ഉന്മൂലനം ചെയ്യാനും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിലധിഷ്ഠിതമായ ഹിന്ദുമതം പുനസ്ഥാപിക്കാനും അതിന്റെ ഉപജ്ഞാതാക്കളായ ബ്രാഹ്മണര്‍ക്കു കഴിഞ്ഞു. നിഷ്ഠൂരവും പൈശാചിക വുമായ മാര്‍ഗത്തിലൂടെയാണ് ബുദ്ധമതത്തെ നശിപ്പിച്ചുകൊണ്ട് ബ്രാഹ്മണര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചത്.

ലേഖകന്റെ 'അവര്‍ണവര്‍ഗ ചിന്തകള്‍' എന്ന കൃതിയില്‍ നിന്നും...