"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 30, തിങ്കളാഴ്‌ച

സ്ത്രീകളുടെ ആര്‍ത്തവത്തെ സര്‍ക്കാര്‍ തലത്തിലും അശുദ്ധമായി പ്രഖ്യാപിച്ചിരുന്നു ; ചരിത്രരേഖ


ദീര്‍ഘകാലം കേരള സര്‍ക്കാരിലെ പുരാരേഖ വകുപ്പില്‍ സേവനമനുഷ്ഠിച്ച ഡി ദയാനന്ദന്‍ എഴുതിയ 'ചരിത്രകൗതുകം' എന്ന പുസ്തകത്തിലാണ് ഈ രേഖ ഉദ്ധരിച്ചിട്ടുള്ളത്. 1912 കാലഘട്ടത്തില്‍ തൃപ്പൂണിത്തുറ യിലെ ജി ജി സ്‌കൂളില്‍ (ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍) ആര്‍ത്തവത്തിന്റെ പേരില്‍ പെണ്‍കുട്ടികളോട് കാട്ടിയിരുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹെഡ്മാസ്റ്ററായിരുന്ന വി വി വിശ്വനാഥ അയ്യര്‍ വിദ്യാഭ്യാസ വകുപ്പ് ഇന്‍സ്‌പെ ക്ടര്‍ക്ക് അയക്കുന്ന കത്തിലാണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുള്ള മെലിന്‍ഡ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അതേക്കുറിച്ച് ഡി ദയാനന്ദന്‍ നല്‍കുന്ന വിവരണങ്ങളിലെ പ്രസക്തഭാഗവും പ്രസ്തുത കത്തും ചുവടെ ചേര്‍ക്കുന്നു.

സംസ്‌കാരത്തിന്റെ ഉദയം മുതലിങ്ങോട്ട് രൂപപ്പെട്ടുവന്ന സാമൂഹിക വ്യവസ്ഥിതിയുടെ ഫലമായിട്ടാണ് സ്ത്രീ രണ്ടാംകിടക്കാരിയായത്. അതിനുമുമ്പ് അവളുടെ സ്ഥിതി അതായിരുന്നില്ല. തലമുറകളെ ഗര്‍ഭത്തില്‍ ധരിക്കുന്നവളായതുകൊണ്ട് സ്ത്രീക്ക് സമൂഹം മാന്യമായ പദവി കല്പിച്ചു കൊടുത്തിരുന്നു. ആ പദവി എന്നാണ് അവള്‍ക്ക് നഷ്ടപ്പെട്ട തെന്ന് കൃത്യമായി പറയാന്‍ സാധ്യമല്ല എങ്കിലും സ്ത്രീകളുടെ ആര്‍ത്തവത്തിന്റെ പേരില്‍ മതനിയമങ്ങള്‍ അവളെ അശുദ്ധയായി പ്രഖ്യാപിച്ചതോടെ അത് തുടങ്ങിയതായി കാണാം. മതനിയമങ്ങള്‍ പൊതുവേ ആര്‍ത്തവത്തെ ഒരു അശുദ്ധാവസ്ഥയായി കാണുന്നു. അതുകൊണ്ടാണ് ആ ദിവസങ്ങളില്‍ ദൈവാരാധനയില്‍ നിന്നും അവളെ അകറ്റി നിര്‍ത്തുന്നത്. ആര്‍ത്തവം ഒരു അശുദ്ധമായ അവസ്ഥയാണെന്ന് ചില മതങ്ങള്‍ തുറന്നു പ്രസ്താവിക്കുന്നു. മതവിശ്വാസികള്‍ അത് ഏറ്റു ചൊല്ലുന്നു. ക്രമേണ അത് സമൂഹ ഗാത്രത്തെ ബാധിക്കുന്നു. സ്ത്രീയോടുള്ള വിവേചനമായി അതിന്റെ ഫലം പുറത്തുവരുന്നു. ആര്‍ത്തവരക്തം നൂറ് ശതമാനവും അണുവിമുക്തമാണെന്ന് ഈ പണ്ഡിതന്മാര്‍ക്ക് അറിഞ്ഞുകൂടാത്തത് ആരുടെ കുറ്റം?

ഈ പ്രാകൃതമായ വിവേചനത്തെ ജനകീയ സര്‍ക്കാരുകള്‍ അംഗീകരി ക്കുന്നില്ല. പക്ഷെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നിയമപര മായിത്തന്നെ ആര്‍ത്തവത്തെ അശുദ്ധമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ അനുരണനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങ ളിലും ഉണ്ടായിരുന്നു. അതുകൊ ണ്ടാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ സ്‌കൂളില്‍ പോയിക്കൂടെന്ന നിയമം ഉണ്ടായത്. ആ നിയമത്തിന്റെ മുന്‍പില്‍, എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചുപോയ ഒരു ഹെഡ്മാസ്റ്റര്‍ സ്‌കൂളുകളുടെ ചീഫ് ഇന്‍സ്‌പെ ക്ടര്‍ക്ക് അയച്ച കത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

ജി. ജി. സ്‌കൂള്‍
തൃപ്പൂണിത്തുറ 
6-6-1087 (19-1-1912)

പ്രേഷകന്‍

വി വി വിശ്വനാഥ അയ്യര്‍,
ഹെഡ്മാസ്റ്റര്‍

ഗ്രാഹകന്‍

ചീഫ് ഇന്‍സ്‌പെക്ടര്‍
തൃശൂര്‍

മാന്യരെ,

താഴെപ്പറയുന്ന കാര്യങ്ങള്‍ അങ്ങയുടെ ദയാപുരസരമുള്ള പരിഗണന ക്കായി സമര്‍പ്പിച്ചുകൊള്ളുന്നു.

ഏതൊരു കാരണവശാലും, വാര്‍ഷിക പരീക്ഷക്ക് ഹാജരാകാത്ത കുട്ടികളെ പ്രൊമോട്ട് ചെയ്യുകയോ അവര്‍ക്കുവേണ്ടി പ്രത്യേക പരീക്ഷ നടത്തുകയോ ചെയ്യുകയില്ലെന്ന് സ്‌പെഷ്യല്‍ എഡ്യൂക്കേഷനല്‍ ഓഫീസര്‍ അദ്ദേഹത്തിന്റെ 22-5-1911 ലെ സി 4339/86 നമ്പര്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസ കോഡിലെ നാലാം അധ്യായത്തിലെ 40 ആം ആര്‍ട്ടിക്കിള്‍ ആനുസരിച്ച് വാര്‍ഷിക പരീക്ഷ എഴുതുന്നതിന് മുന്നൂറ് ദിവസത്തെ ഹാജര്‍ ഉണ്ടായിരിക്കുകയും വേണം.

ഈ സ്‌കൂളിലെ അധ്യാപികമാര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ ആര്‍ത്തവ കാലത്ത് സ്‌കൂളില്‍ പ്രവേശിക്കുന്നതിന് അനുവാദമില്ല.

അതുകൊണ്ട് പ്രകൃത്യാലുള്ള കാരണങ്ങള്‍ കൊണ്ട് പരീക്ഷക്ക് ഹാജരാ കാന്‍ കഴിയാത്ത ഇവരുടെ കാര്യത്തില്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് അപേക്ഷിക്കുന്നു. ഈ ഒറ്റകാകരണം കൊണ്ട് പരീക്ഷക്ക് ഹാജരാകാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പ്രൊമോഷന്‍ നിഷേധിക്കുന്നത് ക്രൂരമായിരിക്കും.

ചില കുട്ടികള്‍ക്ക് ഹാജര്‍ തികയാതെ വരുന്നതും ഈ കാരണം കൊണ്ടാണ്. അവരുടെ കാര്യത്തിലും എന്തുചെയ്യണമെന്ന് ഉത്തരവുണ്ടാ കണമെന്ന് അപേക്ഷിക്കുന്നു. ആര്‍ത്തവകാലത്ത് പ്രവേശനം നിഷേധിക്ക പ്പെട്ടിരിക്കുന്ന ഏക വിദ്യാലയം ഇതായതുകൊണ്ട് ഇവിടത്തെ കുട്ടികള്‍ ഇക്കാര്യത്തില്‍ ഇളവ് അര്‍ഹിക്കുന്നു എന്ന കാര്യം ബോധിപ്പിച്ചു കൊള്ളട്ടെ.

അങ്ങയുടെ ഏറ്റവും അനുസരണയുള്ള ജോലിക്കാരന്‍
(ഒപ്പ്)
വി. പി വിശ്വനാഥ അയ്യര്‍
ഹെഡ്മാസ്റ്റര്‍.

@@@@


ഡി ദയാനന്ദന്‍ 
പുസ്തകം വാങ്ങുന്നതിന്;

മെലിന്‍ഡ ബുക്‌സ്,
പിഎംജി ജം. തിരുവനന്തപുരം - 33.
ഫോണ്‍: 0471 2721155
e-mail: melindbookskerala@gmail.com.
www.melindabooks.com

'ചരിത്രകൗതുകം' - ഡി ദയാനന്ദന്‍
വില: 90 രൂപ.

പാപ്പിലിയോ ബുദ്ധ നിരോധമല്ല: സംവാദമാണ് വേണ്ടത് - സാബു ഷന്മുഖം


മഹാത്മാ ഗാന്ധിയുടെ ഭക്തന്മാര്‍ ചെയ്യുന്നത് പോലെ ഗാന്ധിയെ പൂര്‍ണ്ണമായും ആദര്ശവല്‍ക്ക രിക്കുന്നത് അവരെ സംബന്ധിച്ച് ശരിയായിവരു മെങ്കിലും എല്ലാവരും അത് ശരിവെക്കണമെന്നു വരുന്നത് ശരിയായ രീതിയല്ല. മഹാത്മാഗാന്ധി എല്ലാ വിമര്‍ശനത്തിനും അതീതനാണ് എന്ന മട്ടിലുള്ള വീക്ഷണങ്ങളും ജനാധിപത്യപരമല്ല. പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട 'പാപ്പിലിയോ ബുദ്ധ' എന്ന ചലചിത്രത്തിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം, മനസ്സിലാക്കാന്‍ കഴിഞ്ഞടത്തോളം മഹാത്മാഗാന്ധിയെ വിമര്‍ശനാത്മകമായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണെന്നു തോന്നുന്നു. അങ്ങനെയെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനാ ശില്പി, മഹാനായ ഡോ:ബി.ആര്‍. അംബദ്കറുടെ പുസ്തകങ്ങളാണ്. അത്രയധികം നിശിതമായ വിമര്‍ശനങ്ങളാണ് മഹാത്മാ ഗാന്ധിക്കെതിരെ മഹാനായ അംബ്ദകര്‍ ഉന്നയിച്ചിരി ക്കുന്നത്. 

മഹാത്മാ ഗാന്ധിയെക്കുറിച്ച് ദളിത് ചിന്തകരോ മുന്നോട്ടു വെക്കുന്ന വീക്ഷണമല്ല എന്റേത്. അതേ സമയം തന്നെ അവര്‍ മുന്നോട്ടു വെക്കുന്ന ഗാന്ധിവിമര്‍ശനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട നിരവധി വസ്തുതകള്‍ ഉണ്ടെന്നും ഞാന്‍ കരുതുന്നു. മഹാത്മാ ഗാന്ധിയുടെ ഭക്തന്മാര്‍ ചെയ്യുന്നത് പോലെ ഗാന്ധിയെ പൂര്‍ണമായും ആദര്‍ശവല്‍ക്ക രിക്കുന്നത് അവരെ സംബന്ധിച്ച് ശരിയായിവരുമെങ്കിലും എല്ലാവരും അത് ശരിവെക്കണ മെന്നു വരുന്നത് ശരിയായ രീതിയല്ല. മഹാത്മാഗാന്ധി എല്ലാ വിമര്‍ശന ത്തിനും അതീതനാണ് എന്ന മട്ടിലുള്ള വീക്ഷണങ്ങളും ജനാധിപത്യപരമല്ല. പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട 'പാപ്പിലിയോ ബുദ്ധ' എന്ന ചലചിത്ര ത്തിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം, മനസ്സിലാക്കാന്‍ കഴിഞ്ഞടത്തോളം മഹാത്മാ ഗാന്ധിയെ വിമര്‍ശനാത്മകമായി ചിത്രീകരിച്ചി രിക്കുന്നു എന്നതാണെന്നു തോന്നുന്നു. അങ്ങനെയെ ങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനാ ശില്പി, മഹാനായ ഡോ: ബി.ആര്‍.അംബ്ദകറുടെ പുസ്തകങ്ങളാണ്. അത്രയധികം നിശിതമായ വിമര്‍ശനങ്ങളാണ് മഹാത്മാ ഗാന്ധിക്കെതിരെ മഹാനായ അംബദ്കര്‍ ഉന്നയിച്ചിരിക്കുന്നത്. 

അദ്ദേഹം എഴുതുന്നത് നോക്കുക: ''ഗാന്ധി ഒരു മഹാത്മാവാണോ? ഈ ചോദ്യം എന്നില്‍ മടുപ്പുളവാക്കുന്നു....... ഒന്നാമതായി എല്ലാ മഹാത്മാക്കളേയും ഞാന്‍ വെറുക്കുന്നു. അവരെയെല്ലാം നിഷ്‌ക്കാസനം ചെയ്യണമെന്നും ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. അവരുടെ സാന്നിധ്യം അവര്‍ക്ക് ജന്മം നല്‍കിയ രാഷ്ട്രത്തിന് ഒരു ശാപമാണെന്നാണ് എന്റെ അഭിപ്രായം...... ദുര്‍ബലന്മാരുടെ ആയുധങ്ങളാണ് വഞ്ചനയും ചതിയും. എല്ലായ്‌പ്പോഴും ഗാന്ധിയുടെ ആയുധങ്ങളായിരുന്നു ഇവ........ അദ്ദേഹം മുസ്ലീങ്ങളെ സമീപിച്ച്, അധകൃത വര്‍ഗങ്ങളുടെ ആവശ്യങ്ങളെ എതിര്‍ക്കുകയാണെങ്കില്‍ മുസ്ലീങ്ങളുടെ പതിനാലിന ആവശ്യങ്ങളെ പിന്താങ്ങാമെന്നു പറഞ്ഞു. എത്ര മര്യാദ കെട്ടവനും ചെയ്യാന്‍ മടിക്കുന്ന കാര്യമാണിത്. ഇത് ഗാന്ധിയുടെ ചതിയുടെ ഒരുദാഹരണം മാത്രം. കഷത്തില്‍ കഠാരയും ചുണ്ടില്‍ ദൈവനാമവും - ഇങ്ങനെയുള്ള ഒരാളെ മഹാത്മാവെന്നു വിളിക്കാമെങ്കില്‍ ഗാന്ധിയേയും അങ്ങനെ വിളിച്ചോ ളൂ........ ഗാന്ധിയുടെ കാലഘട്ടത്തെ ഇന്ത്യയുടെ തമോയുഗം എന്ന് വിളിക്കാം. ഗാന്ധിയുടെ രാഷ്ട്രീയം പൊള്ളയായിരുന്നു. ശബ്ദമുഖരിത മായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ അങ്ങേയറ്റം കപടമായ രാഷ്ട്രീയമായിരുന്നു അത്. രാഷ്ട്രത്തില്‍ നിന്ന് ധാര്‍മികതയെ ഉച്ചാടനം ചെയ്ത്, ഇന്ത്യന്‍ രാഷ്ട്രീയത്തെ വാണിജ്യവല്ക്കരിച്ചതിന്റെ മുഖ്യ ഉത്തരവാദി ഗാന്ധിയായിരുന്നു.'' (ഗാന്ധി ഒരു മഹാത്മാവാണോ? ചിത്ര(മറാത്തി) ദീപാവലി സ്‌പെഷ്യലില്‍ (1938) പ്രസിദ്ദീകരിച്ച ലേഖനം. ഡോ: അംബദ്കര്‍ സമ്പൂര്‍ണ കൃതികള്‍ വാല്യം 36 കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2011 വിവര്‍ത്തനം എം.പി. സദാശിവന്‍.) 

തന്റേതായ ബോദ്ധ്യങ്ങളുടേയും അനുഭവങ്ങളുടേയും പിന്‍ബലത്തില്‍ അംബദ്കര്‍ ഗാന്ധിയെ ഈവിധം കഠിനമായി വിമര്‍ശിച്ചതുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ അംബദ്കറുടെ വ്യക്തിമഹത്വവും സംഭാവനകളുടെ മഹത്വവും ഒട്ടും കുറയുന്നില്ല. അതോടൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉടനീളം ഗാന്ധി നടത്തിയ വലിയ പരീക്ഷണ ങ്ങളുടെ പ്രസക്തിയും സാധ്യതയും ഇല്ലാതാകുന്നുമില്ല. ഇത് എങ്ങും തൊടാതെ യുള്ള പറച്ചിലല്ല. എല്ലാം ഉള്‍ക്കൊള്ളുന്ന, അല്ലെങ്കില്‍ ഉള്‍കൊള്ളാനോളം വിശാലമാകേണ്ട ജനാധിപത്യത്തിന്റെ ഭാഷയാണ്. അവിടെ അംബദ്കര്‍ക്കും ഗാന്ധിക്കും ഇടമുണ്ട്. അവരുടെ പരസ്പര വിമര്‍ശന ങ്ങള്‍ക്ക് ('അംബദ്കറുടെ സത്യഗ്രഹം, ശരിയായ സത്യഗ്രഹത്തിന്റെ ഹാസ്യാനുകരണമാണെന്ന് 'ഹരിജന്‍' മാസികയില്‍ എഴുതിയ ലേഖനത്തില്‍ ഗാന്ധി ശക്തമായി വിമര്‍ശിക്കുന്നുണ്ട്). ഇടമുണ്ട്. ഇരുവരെ ക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും ഇടമുണ്ട് നിരോധനം എന്ന വാക്കു തന്നെ ഒരു ജനതയ്ക്ക് സാധ്യമായ വിധത്തില്‍ നാമിനിയും ആവിഷ്‌ക്കരിച്ചു കഴിഞ്ഞിട്ടില്ലാത്ത, വികസിപ്പിച്ചിട്ടില്ലാത്ത ജനാധിപത്യമെന്ന തുറസ്സില്‍ അപ്രസക്തമാണ്. ഒരു ഡീേുശമ മണക്കുന്നുണ്ടല്ലേ? നോക്കെത്താദൂരത്ത് ഒരു ഡീേുശമ സൂക്ഷിച്ചു കൊണ്ടു മാത്രമേ ഭൂമിയില്‍ അതിന്റെ പരമാവധി ദൂരമെങ്കിലും എത്തിച്ചേരാന്‍ കഴിയൂ. 


സത്യത്തില്‍ നിരോധനങ്ങളല്ല നടക്കേണ്ടത്. ഡിബേറ്റുകളാണ്. നാളെ അംബദ്കറെ വിമര്‍ശിച്ചുകൊണ്ട് ഒരു ചലചിത്രം പുറത്ത് വന്നാലും ദളിത് സംഘടനകള്‍ ആ ചിത്രം നിരോധിക്കാനല്ല മുറവിളി കൂട്ടേണ്ടത്. മറിച്ച്, ആ ചലചിത്രത്തെക്കുറിച്ചുള്ള ഒരു ഡിബേറ്റി നാണ് തയ്യാറാക്കേണ്ടത്. എം.എഫ്. ഹുസൈന്‍, തസ്ലീമാ നസ്രീന്‍, സല്‍മാന്‍ റൂഷ്ദി, മീനാ കണ്ടസ്വാമി തുടങ്ങിയ വിഷയങ്ങളിലും നിരോധനമോ നിരോധനത്തിലേക്ക് നയിക്കും വിധമുള്ള പ്രക്ഷോഭണങ്ങളോ ഒരു പരിഷ്‌കൃത സമൂഹത്തില്‍ നിന്നും ഒഴിവാക്ക പ്പെട്ടവരും പകരമായി പരസ്പരവാദത്തിന് തലം രൂപപ്പെടുത്തുകയു മാണ് വേണ്ടത്. ആത്യന്തിക വിജയം നേടുക നിരോധനങ്ങള്‍ ആയിരിക്കുകയില്‍, ജനാധിപത്യ സംവാദങ്ങള്‍ ആയിരിക്കും. അതുകൊണ്ട് തന്നെ 'പാപ്പിലിയോ ബുദ്ധ'ക്ക് പ്രദര്‍ശനാ നുമതി നല്‍കുക. ഒപ്പം സംവാദങ്ങള്‍ നടക്കട്ടെ. അത്തരം സംവാദങ്ങളിലൂടെ ചിത്രം മുന്നോട്ടു വെക്കുന്ന ഉള്ളടക്കം ഉന്നതമായ ജനാധിപത്യ സംസ്‌കാരത്തിന്റെ വിശാലതകളില്‍ വെച്ച് വിവേകപൂര്‍വ്വം വിശകലനം ചെയ്യപ്പെടട്ടെ. 

'പാപ്പിലിയോ ബുദ്ധ' ഞാന്‍ കണ്ടിട്ടില്ല. ഒരു കലാസൃഷ്ടി എന്ന നിലയിലുള്ള വിലയിരുത്തല്‍ ഇപ്പോള്‍ സാദ്ധ്യവുമല്ല. ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ. ഉള്ളടക്കം കൊണ്ടുമാത്രം, ഉള്ളടക്കത്തിന്റെ 'പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്' കൊണ്ടുമാത്രം, ഉള്ളടക്കം ഉണ്ടാക്കുന്ന വിവാദങ്ങള്‍ നല്‍കുന്ന താല്‍ക്കാലിക മൈലേജ് കൊണ്ട് മാത്രം ഒരു സിനിമയും രക്ഷപ്പെടുകയില്ല. ചലചിത്രഭാഷയെ നവീനമായ രീതിയില്‍ സര്‍ഗാത്മകമാ ക്കാനും ദൃശ്യാവിഷ്‌ക്കാരത്തെ സവിശേഷവും സമകാലിക മാക്കാനും കഴിഞ്ഞിട്ടു ണ്ടെങ്കില്‍ മാത്രമേ ഏതു സിനിമയും കാലത്തോ ടൊപ്പവും ഭാവിയിലേക്കും സഞ്ചരിക്കുകയുള്ളൂ. ഉള്ളടക്കത്തില്‍ സന്നിഹിതമായിരിക്കുന്ന ദളിതത്വമല്ല, ദളിതത്വം അതിന്റെ പുതിയ കലാഭൂഖണ്ഡങ്ങളെ കണ്ടെത്തുകയും വെളിച്ചപ്പെടുത്തുകയും മനസ്സിലാ ക്കുകയും ചെയ്യുന്നുണ്ടോ എന്ന ചോദ്യമായിരിക്കും അവസാനം അവശേഷി ക്കുക. ആ ചോദ്യത്തിന് കേവലം രാഷ്ട്രീയമായ ഉത്തരങ്ങള്‍ മതിയാകുകയില്ല. കലാസൃഷ്ടിയിലൂടെ തന്നെ ഉത്തരം പറയേണ്ടി വരും.

കടപ്പാട്: 

2015, മാർച്ച് 29, ഞായറാഴ്‌ച

ജാതിചോദിക്കണം, പറയണം, ചിന്തിക്കണം - സഹോദരന്‍ അയ്യപ്പന്‍


ഇത് ശ്രീനാരായണ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരല്ലേ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ അല്ല എന്ന് ഖണ്ഡിതമായിത്തന്നെ പറഞ്ഞുകൊള്ളുന്നു. എന്നുതന്നെയല്ല അത് ശ്രീനാരായണ വാക്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഇപ്പോള്‍ അത്യാവശ്യമായി തീര്‍ന്നിട്ടുള്ള ഒരു പ്രതിവിധി പ്രയോഗമാണ്. ജാതി ചോദിക്കരുതെന്നു തുടങ്ങുന്ന ശ്രീനാരായണ വാക്യം ജാതി ഇല്ലാതാകുന്ന സ്ഥിതി കൈവരുത്താന്‍ ഉദ്ദേശിച്ചു പറഞ്ഞിട്ടുള്ള താണ്. സാമുദായിക അവശതകള്‍ പരിഹരിക്കാനുള്ള സംവരണം മുതലായ പരിരക്ഷകള്‍ക്ക് എതിരായി ഉപയോഗിക്കാന്‍ വേണ്ടി പറഞ്ഞിട്ടുള്ളതല്ല. ജാതിയും ജാതിമേധാവി ത്വങ്ങളും നിലനിര്‍ത്ത ണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമേ പിന്നോക്ക സമുദായങ്ങളുടെ പരിരക്ഷകള്‍ക്കെതിരായി അത് ഉപയോഗിക്കുകയുള്ളൂ. ആ ഉപയോഗം ഇപ്പോള്‍ വളരെ കലശലായിരിക്കയാണ്. സംവരണത്തിനെതിരായി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുതെന്നുള്ള ശ്രീനാരായണ വാക്യം ഉദ്ധരിക്കുന്നവരോട് ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം എന്നുതന്നെ പറയണം. ജാതി പുലര്‍ത്തണമെന്നു ഉദ്ദേശത്തോടുകൂടി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്, ജാതി തകര്‍ക്കാന്‍ ആവശ്യമായാല്‍ ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം.

സമുദായ വാദത്തില്‍ അഭിമാനിക്കണം

പഞ്ചതന്ത്രത്തില്‍ ആടിനെ പട്ടിയാക്കുന്ന ഒരു കഥയുണ്ട്. ഒരുത്തന്‍ ഒരു ആടിനേയും കൊണ്ട് പോകുകയായിരുന്നു. ഏതാനും പേര്‍ തമ്മില്‍ പറഞ്ഞൊത്തു വഴിയില്‍ പലേടത്തായി നിന്നു ആടിനെ കൊണ്ടുപോകുന്ന ആളോടു ഈ പട്ടിയെ എവിടെ കൊണ്ടുപോകുന്നു എന്നു ഓരോരുത്ത രായി ചോദിച്ചു. അധികം പേര്‍ തുടരെ ചോദിക്കുന്നതു കേട്ടപ്പോള്‍ ആടിന്റെ ഉടമസ്ഥനു തന്റെ ആട് പട്ടിതന്നെയാണോ എന്നു സംശയമായി അഥവാ പലരും പട്ടിയെന്നു പറയുന്ന സ്ഥിതിക്കു തന്റെ ആട് ആടുതന്നെയായാലും അതിനെ കൊണ്ടുപോകുന്നതു ആക്ഷേപകരമാണെന്ന് അയാള്‍ക്കു തോന്നി. ആയാള്‍ ആടിനെ വിട്ടുവച്ചു പോയി. അയാളെ പറ്റിച്ച വിരുതന്മാര്‍ ആടിനെ പിടിച്ചു മുറിച്ചു പാകംചെയ്തു ഒരു നല്ല സദ്യ കഴിച്ചു. ഈ വിദ്യയാണ് സമുദായ കുത്തക വാദികള്‍ സമുദായ നീതിവാദികളോട് എടുത്തിരിക്കുന്നത്. ഇന്ത്യയിലെ സാമുദായിക ക്രമപ്രകാരം രാഷ്ട്രീയാധികാരങ്ങള്‍ എല്ലാം ചില ജാതിക്കാരുടെ കയ്യിലായി. രാഷ്ട്രീയാധികാരത്തില്‍ നിന്നു പുറംതള്ളപ്പെട്ടു കിടന്ന സമുദായങ്ങള്‍ക്കു വിദ്യാഭ്യാസത്തിനു കൂടിയുള്ള മാര്‍ഗങ്ങള്‍ ആദ്യം തടഞ്ഞിരുന്നു. ആ പ്രതിബന്ധങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായങ്ങള്‍ കൊണ്ട് കുറേശ്ശേ മാറി. അവര്‍ക്കു സ്വന്തം അവകാശങ്ങളെ പ്പറ്റി ബോധം വന്നതോടുകൂടി ഗവണ്‍മെന്റ് സര്‍വീസിലും പ്രതിനിധി സഭകളിലും പ്രാതിനിധ്യത്തിനു അവര്‍ വാദിച്ചു തുടങ്ങി. അവരുടെ രാജ്യത്ത് മറ്റു സമുദായങ്ങള്‍ക്കുള്ള മാതിരി അവകാശങ്ങള്‍ അവര്‍ക്കും വേണമെന്നേ ആ വാദത്തിന് അര്‍ത്ഥമുള്ളൂ. അത് എത്രയും ന്യായമാ യിട്ടുള്ളതും ഒരു നല്ല തത്വത്തിനും എതിരില്ലാത്തതുമാണ്. അത് സമുദായ വാദമാണെന്ന് പറഞ്ഞ് കുത്തക വാദികള്‍ അപഹസിക്കുന്നു. ആ അപഹാസം തുടരെ കേള്‍ക്കുമ്പോള്‍ അവകാശഹീനമായ സമുദായങ്ങളില്‍ പെട്ട കീഴ്മബോധക്കാരായ ചിലര്‍ക്ക് നാഡിതളര്‍ച്ച വരുന്നു. തങ്ങളുടെ സമുദായത്തിനു ന്യായമായി കിട്ടേണ്ട അവകാശങ്ങള്‍ കിട്ടിയില്ലെങ്കിലും വേണ്ടില്ല, കുത്തകവാദികളോടൊത്തു നിന്നു ദേശീയം പാടി അവരുടെ നല്ല പിള്ളകളായാല്‍ മതി എന്നൊരു കൊതി അവര്‍ക്കു ഉണ്ടായിത്തീ രുന്നു. അവരുടെ ആടിനെ പട്ടി എന്നു ധരിച്ചോ, പട്ടിയെന്നു ധരിച്ചില്ലെങ്കിലും മറ്റുള്ളവരുടെ ആക്ഷേപം ഇല്ലാതാക്കാന്‍ വേണ്ടി പട്ടിയെന്ന് സമ്മതിച്ചോ ഉപേക്ഷിക്കാന്‍ അവര്‍ യാറാകുന്നു. ഈ ദുര്‍ബല മനസ്ഥിതിയും തന്റേടമില്ലായ്മയും വിടാതെ അവകാശഹീനമായി കിടക്കുന്ന സമുദായങ്ങള്‍ക്കു രാഷ്ട്രീയമായി മുന്നോട്ടു വരാന്‍ സാധിക്കയില്ല. തങ്ങളുടെ സമുദായത്തിന്റെ ന്യായമായ അവകാശത്തിനു സമുദായവാദമെന്നാണ് പേരിടേണ്ടതെങ്കില്‍ അങ്ങനെ പേരിടുന്നതില്‍ ഒരു വിരോധവും വിചാരിക്കേണ്ട. പേരല്ല കാര്യമാണ് നോക്കേണ്ടത്. സമുദായ പ്രാതിനിധ്യം കൊണ്ടുമാത്രം ജനങ്ങളുടെ ശരിയായ പ്രാതിനിധ്യം സാധിക്കാവുന്ന സ്ഥിതിയില്‍ സമുദായക്രമമുള്ള രാജ്യത്ത് സമുദായ പ്രാതിനിധ്യമാണ് യഥാര്‍ത്ഥമായ ദേശീയത്വം. നേരെമറിച്ച് അവിടെ സമുദായ പ്രാതിനിധ്യത്തോടു കൂടാതെ ദേശീയം വെറും സമുദായ കുത്തകയായേ വരികയുള്ളൂ. ആ സ്ഥിതിക്ക് സമുദായ വാദികളാണ് ഇവിടെ യഥാര്‍ത്ഥ ദേശീയവാദികള്‍, ദേശീയ വാദികളാണ് തനി സമുദായ വാദികള്‍. ഇവിടെ സമുദായവാദികളെന്ന് വിളിക്കപ്പെടാനാണ് ആരും അഭിമാനിക്കേണ്ടത്. സാമൂഹ്യ ജീവിതത്തില്‍ ജാതിവ്യത്യാസം ആവശ്യമാണെന്നു മാത്രമല്ല അത് സനാതനവും പരിപാവനവും ദൈവസൃഷ്ടവുമാണെന്നു വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന കൂട്ടര്‍ രാഷ്ട്രീയ ജീവിതത്തില്‍ മാത്രം ജാതിവ്യത്യാസം വിസ്മരിക്കണ മെന്നു പറയുന്നതില്‍ സമുദായക്കുത്തക പാലിക്കണമെന്നുള്ളതല്ലാതെ അതില്‍ നല്ല ഒരു തത്വവും ആദര്‍ശവും അടങ്ങിയിട്ടില്ലെന്നുള്ളതു സ്പഷ്ടമാണല്ലോ. ജാതിവ്യത്യാസം ഇല്ലാതാക്കിയാല്‍ സമുദായ പ്രാതിനിധ്യത്തിന്റെ ആവശ്യകത ഉണ്ടാകയില്ല. സമുദായ പ്രാതിനിധ്യം കൂടാതെ ദേശീയത്വം സാധിക്കാനുള്ള വഴി ആദ്യമായി ജാതിവ്യത്യാസം ഇല്ലാതാക്കാന്‍ നോക്കുകയാണ്. ജാതിവ്യത്യാസം ഇല്ലാതാക്കുവാന്‍ കുത്തക സമുദായങ്ങള്‍ മുന്നോട്ടുവരികയാണെങ്കില്‍ സമുദായ പ്രതിനിധിവാദം ക്രമേണ അസ്തമിച്ചുകൊള്ളും. രാഷ്ട്രീയാധികാരങ്ങളില്‍ നിന്നു പുറംതള്ളപ്പെട്ടു കിടക്കുന്ന സമുദായങ്ങള്‍ അവരുടെ പുരോഗതി ക്കുള്ള രാഷ്ട്രീയാദര്‍ശങ്ങളും തത്വങ്ങളും കുത്തകവാദികളില്‍ നിന്ന് എടുക്കയല്ല, സ്വന്തമായി സൃഷ്ടിക്കയാണ് വേണ്ടത്. ആ ആദര്‍ശങ്ങളും തത്വങ്ങളും കുത്തകവാദികള്‍ സമ്മതിക്കുന്നതുവരെ ആവര്‍ത്തിച്ചാ വര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കണം. അതിലാണ് അവര്‍ അവരുടെ തന്റേടവും ധൈര്യവും അഭിമാനവും കാണിക്കേണ്ടത്. അല്ലാതെ തങ്ങള്‍ക്കു നാശകരമായ കുത്തകവാദികളുടെ ആദര്‍ശങ്ങളും തത്വങ്ങളും തത്തമ്മകളെപ്പോലെ ഏറ്റുപാടിക്കൊണ്ടു നടക്കുന്നതിലല്ല.

കടപ്പാട്: യുക്തിയുഗം മാസിക. 2015 ഫെബ്രുവരി ലക്കം.

പി കെ കൃഷ്ണന്‍: തിരുമാണ്ടച്ചിറയുടെ ചരിത്രകാരന്‍


പി കെ കൃഷ്ണന്‍ 
കൊച്ചി നഗസ്ഥലികളുടെ ഇരുളടഞ്ഞ ഭൂതകാലത്തിന്റെ നേര്‍ചരിതം അനാവൃതമാക്കുന്ന ഒരു നോവല്‍ രചന പൂര്‍ത്തിയായി. അച്ചടി രൂപത്തിലുള്ള അതിന്റെ പിറവിക്കുശേഷം ഏറ്റവും ബൃഹത്തായ ദലിത് സാഹിത്യ കൃതിയായും അത് തിരിച്ചറിയപ്പെടും. 'തിരുമാണ്ടച്ചിറ' എന്ന് പേരിട്ടിരിക്കുന്ന ഈ കൃതിയുടെ കര്‍ത്താവ്, വിവിധ കാലയളവുകളില്‍ പലതവണ പാര്‍ലമെന്റംഗമാ യിരുന്ന പി കെ കൊടിയന്റെ അനുജന്‍ പി കെ കൃഷ്ണനാണ്. 1987 ല്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ടമെന്റില്‍ നിന്നും വിരമിച്ച കൃഷ്ണന്റെ ആത്മകഥാംശം പേറുന്ന ഈ നോവല്‍ ഒരേസമയം ദേശികരായ അടിയാളന്റെ വംശ ചരിത്രവും ദേശ ചരിത്ര വിജ്ഞാനീയ വുമാണ്. തുരുത്തുകളായി അകന്നും വെള്ളക്കെട്ടുകളായി കലര്‍ന്നും കിടന്നിരുന്ന കൊച്ചിയുടെ, ഇതുവരെയുള്ള ചരിത്രം ഉപരിവര്‍ഗത്തിന്റെ മേനിപറച്ചിലുകള്‍ മാത്രമടങ്ങുന്നതാ യിരുന്നു. എന്നാല്‍ ചാത്താനാടിന്റേയും ഓച്ചന്തുരുത്തിന്റെയും വല്ലാര്‍പാടത്തിന്റേയും മുളവുകാടിന്റേയും കടമക്കുടിയുടേ  യുമൊക്കെ ചെറുത്തു നില്പിന്റെയും തിരിച്ചടികളുടെയും അറിയപ്പെടാത്ത, അമ്പരപ്പിക്കുന്ന ചരിത്രം ഇപ്പോള്‍ ഈ നോവലിലൂടെ അക്ഷരപ്പകര്‍ച്ച നേടുകയാണ്.

ഓച്ചന്തുരുത്ത് പണ്ടാരത്തില്‍ കൊടിയന്റേയും താരയുടേയും അഞ്ച് മക്കളില്‍ മൂന്നാമത്തെ ആളായി 1931 സെപ്തംബര്‍ 17 നാണ് കൃഷ്ണന്‍ ജനിച്ചത്. കുറുമ്പ മൂത്ത സഹോദരിയും കണ്ടന്‍കോരന്‍ മറ്റൊരു സഹോദര നുമാണ്. നേരേ മൂത്ത സഹോദരനാണ് പി കെ കൊടിയന്‍ - അച്ഛന്റെ പേരുതന്നെയാണ്. ഇളയ സഹോദരി സുമതി ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അസുഖത്തെത്തുടര്‍ന്ന് മരിച്ചു. ഇപ്പോള്‍ 84 വയസുള്ള കൃഷ്ണന്‍ വടക്കന്‍ പറവൂരിനടുത്തുള്ള കോട്ടുവള്ളിയില്‍ വാങ്ങിയ വീട്ടില്‍ സ്ഥിരതാമസമാണ്.

പറയന്‍കാട്ട് കണ്ണന്‍ മകന്‍ കൃഷ്ണനും പി സി ചാഞ്ചനും കെ പി വള്ളോനും (എംഎല്‍സിമാര്‍) ടി എന്‍ പരമനും (പിന്നീട് ജഡ്ജി) കെ കെ മാധവന്‍ എന്നിവരൊക്കെ കൃഷ്ണന്റെ സമകാലികരായിരുന്നു. 

ഓച്ചന്തുരുത്ത് കമ്പനിപീടിക ബസ്സ്‌റ്റോപ്പിനു സമീപം ഇപ്പോഴും പ്രവര്‍ത്തിക്കുന്ന അന്നത്തെ 'ആശാന്‍ സ്മാരക വായനശാല'യാണ് കൃഷ്ണനില്‍ വിദ്യാഭ്യാസത്തിനുള്ള ആദ്യത്തെ വിത്തുപാകിയത്. സവര്‍ണരേക്കാള്‍ യാഥാസ്ഥിതികരും പ്രാമാണികരുമായ ചെറായിയിലെ ഈഴവരുടെ ഇടയില്‍ നിന്നുയര്‍ന്നുവന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാ യിരുന്നു സഹോദരന്‍ അയ്യപ്പന്‍. മിശ്രഭോജനത്തെ തുടര്‍ന്ന് 'പുലയന്‍ അയ്യപ്പന്‍' എന്നു പരിഹസിച്ചതും നിശിതമായി പീഢിപ്പിച്ചതും അമര്‍ച്ചചയ്തതും അയ്യപ്പന്റെ സ്വന്തം ആള്‍ക്കാരായിരുന്ന ഈഴവര്‍ തന്നെയായിരുന്നു. മനുഷ്യ സ്‌നേഹിയായ അയ്യപ്പന്‍ ഇതുകൊണ്ടോന്നും ഒതുങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല. അങ്ങനെ അയ്യപ്പന്‍ ചെറായിക്ക് പുറത്ത് ഓച്ചന്തുരുത്ത് പോലെയുള്ള പ്രദേശത്തേക്ക് തന്റെ പ്രവര്‍ത്തന മേഖല മാറ്റി. ഇത് ഏറെ പ്രയോജനം ചെയ്തത് പി കെ കൃഷ്ണനായിരുന്നു. ഓച്ചന്തുരുത്ത് SNDP യുടെ പ്രവര്‍ത്തകരായിരുന്ന മങ്ങാട്ട് കുടുംബത്തില്‍ പെട്ട എം കെ നാരായണന്‍ മാഷ് കൃഷ്ണനെ പഠിപ്പിച്ചു. ഡോക്ടര്‍ മാരും അഡ്വക്കേറ്റ് മാരും ഉള്‍പ്പെട്ട ആ കുടുംബത്തിലുള്ളവരെല്ലാവരും സഹോദരന്‍ അയ്യപ്പന്റെ കാഴ്ചപ്പാടു കളോട് ഒത്തുപോകുന്ന പുരോഗമന ചിന്താഗതിക്കാരാ യിരുന്നു. ആണ്ടുതോറും രണ്ടാം ഓണത്തിനും മൂന്നാം ഓണത്തിനും അവര്‍ പ്രഗത്ഭരായ വ്യക്തികളെ കൊണ്ടുവന്ന് പ്രസംഗപരിപാടി നടത്തിക്കുമായിരുന്നു. അങ്ങനെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ കുറ്റിപ്പുഴ കൃഷ്ണപിള്ളയും പനമ്പിള്ളി ഗോവിന്ദ മേനോനും ചൊവ്വര പരമേശ്വരനുമൊക്കെ പകര്‍ന്നുകൊടുത്ത അറിവുനേടാന്‍ കൃഷ്ണന് കഴിഞ്ഞു.

കുരിശിങ്കല്‍ പള്ളിവക സാന്താക്രൂസ് ലോവര്‍ സെക്കന്ററി സ്‌കൂളില്‍ ചേര്‍ന്ന് പി കെ കൃഷ്ണന്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചു. അതുകഴിഞ്ഞ് ഞാറക്കല്‍ ഗവ. സ്‌കൂളില്‍ ചേര്‍ന്ന പഠിച്ച് 1949 മാര്‍ച്ചില്‍ SSLC പാസായി. 1951 - 52 വര്‍ഷങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നുവെങ്കിലും പഠനം പൂര്‍ത്തിയാ ക്കിയില്ല. തേര്‍ഡ് ഗ്രൂപ്പ് കിട്ടാതിരുന്നത് പ്രശ്‌നമായി, എഴുത്തും വായനയുമായിരുന്നു കൃഷ്ണന് താത്പര്യമുള്ള വിഷയങ്ങള്‍.

1955 ല്‍ നേവല്‍ ബേസില്‍ നേവല്‍ ലോക്കല്‍ ഓഡിറ്റ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. 1959 ലാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ എത്തുന്നത്. നേവല്‍ ബേസിലെ ജോലി, സ്ഥലം മാറി ദൂരേക്ക് പോകേണ്ടിവരുമെന്നതിനാലാണ് അത് ഉപേക്ഷിച്ചിട്ട് എഴുതാനും വായിക്കാനും കൂടുതല്‍ അനുകൂലമായ സാഹചര്യമുള്ള പോസ്റ്റല്‍ ഡിപ്പാര്‍ട്ടെമെന്റില്‍ ചേരുന്നത്. 1987 ജൂണ്‍ 1 ന് മുണ്ടംവേലിയിലെ ഓഫീല്‍ നിന്നും വിരമിച്ചു.


കൃഷ്ണന്‍ , ചിത്രലേഖ 
1973 ല്‍ എളങ്കുന്നപ്പുഴയില്‍ നിന്നും ചിത്രലേഖയെ കൃഷ്ണന്‍ വിവാഹം ചെയ്തു. രണ്ട് പെണ്‍മക്കളും ഒരു മകനും ഇവര്‍ക്ക് പിറന്നു. മൂത്ത മകള്‍ വിവാഹിത യായി. 

കൃഷ്ണന്റെ സ്വന്തം 'തമിരാ'യ കാട്ടാശേരി ജിസേ വൈദ്യന്റെ കുടുംബക്കാര്‍ വളരെ സംസ്‌കാര സമ്പന്നരായിരുന്നു. കൃഷ്ണന് അവരുടെ വീട്ടിനകത്തുപോലും എല്ലായിടത്തും പ്രവേശനം അനുവദിക്കപ്പെട്ടിരുന്നു. അവിടത്തെ സമപ്രായക്കാരിയായ പെണ്‍കുട്ടി, കാച്ചിയ പാല് കുടിക്കുമ്പോള്‍ സ്വന്തം അച്ഛനമ്മമാരുടെ മുന്നില്‍ വെച്ചുപോലും, കൈകഴുകിപ്പിച്ചശേഷം കൃഷ്ണന് പാല് പകര്‍ന്നു കൊടുക്കുമായിരുന്നു. ആ പെണ്‍കുട്ടി പിന്നീട് കന്യാസ്ത്രിയായി.

എന്നാല്‍ എല്ലാ തമിരുമാരും അങ്ങിനെയായിരുന്നില്ല എന്നതും കൃഷ്ണന്റെ അനുഭവത്തിലുണ്ട്. അടിയാളനോട് എല്ലാ വിഭാഗത്തിലും പെട്ട തമിരുമാര്‍ക്കുള്ള മനോഭാവം ഒരേപോലെതന്നെയാണെന്ന് ഈ അനുഭവം അടിവരയിടുന്നുണ്ട്. ചെമ്മാമ്പിള്ളി തമിരുമാരായിരുന്നു അവരില്‍ വെച്ച് ഏറ്റവും പ്രാമാണികരും പ്രതാപികളുമായ ക്രിസ്ത്യാനികള്‍. അവരില്‍ ചേട്ടനും ഇളയവനും തമ്മില്‍ അധികാര വടം വലി പതിവായിരുന്നു - വടക്കന്‍ പാട്ടിലെ മൂപ്പിളമത്തര്‍ക്കം പോലെ. തര്‍ക്കം എത്രമാത്രം മൂത്താലും സഹോദരന്മാരായ ഇവര്‍ക്ക് തമ്മില്‍ തല്ലാനാവില്ലല്ലോ! പകരം ചേട്ടന്‍ തമിര് പോയി അനിയന്‍ തമിരിന്റെ പുലയരെ മുഴുവന്‍ തല്ലിച്ചതക്കും. അത് അറിയുമ്പോള്‍ അനിയന്‍ തമിര് പോയി ചേട്ടന്‍ തമിരിന്റെ പുലയരെ അതില്‍ കൂടുതല്‍ തല്ലിച്ചതക്കും. തമിരുമാരുടെ തര്‍ക്കത്തിന് ബലിയാടായി ഒരു തെറ്റും ചെയ്യാത്ത പുലയര്‍ മുഴുവന്‍ തല്ലുകൊള്ളണം! ഇതാണ് അന്നത്തെ സാമൂഹ്യ നീതി. 

ക്രൂരമായ ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ നേരേടുകളെല്ലാം 'തിരുമാണ്ടച്ചിറ' യില്‍ മറനീക്കി പുറത്തുവരുന്നു. 600 ല്‍ ഏറെ പേജുകള്‍ വരുന്ന നോവലാണ് ഇത്. തിരുമാണ്ടച്ചിറ കൊച്ചിയാണ് - അതുതന്നെയാണ് നോവലിലെ നായകസ്ഥാനം. ഈഴവര്‍, ധീവരര്‍, ദലിതര്‍ തുടങ്ങിയ ജനസമുദായങ്ങളാണ് നോവലിലെ ആള്‍രൂപികള്‍. മേലാളരില്‍ നിന്ന് ഈ ജനത കാലങ്ങളായി നേരിടേണ്ടി വന്നിട്ടുള്ള, ലോകചരിത്ര ത്തിലെ കേട്ടുകേള്‍വി പോലുമല്ലാത്ത കൊടിയ ശിക്ഷകളാണ് കൃതിയിലെ വിവരണാത്മകത. സംരക്ഷണം കൊടുക്കാതെ ശിക്ഷകള്‍ കൊണ്ടുമാത്രം അടിമകളെ ഉന്മൂലനം ചെയ്ത ഉടയോന്മാരും ലോകചരിത്രത്തില്‍ ഇവിടെ മാത്രമേ കാണുന്നുള്ളൂ എന്നത് പഠിതാക്കളായ പുതിയ തലമുറക്ക് അതിശയകരമായി തോന്നിയേക്കാം. നോവലിലെ സ്ഥലം തിരുമാണ്ടച്ചിറ യും കാലം 1503 മുതല്‍ 1663 വരെയുള്ള പോര്‍ച്ചുഗീസ്, 1663 മുതല്‍ 1975 വരെയുള്ള ഡെച്ച്, 1975 മുതലുള്ള ഇംഗ്ലീഷ് ഘട്ടങ്ങളിലൂടെ സഞ്ചരിച്ചെത്തുന്നു.

അസുരായണം: ശംബൂകവധം പ്രമേയമായ നാടകം


പുസ്തകം : അസുരായണം (നാടകം) 
കെ പി രവി
പ്രസാധകര്‍: മൈത്രി ബുക്‌സ്, തിരുവനന്തപുരം
ഫോണ്‍: 0471 3256277, 9387807876
വില: 40 രൂപ. 

വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനായി നടന്ന ആദ്യത്തെ പോരാട്ടവും തിരിച്ചടിയും രേഖപ്പെടുത്തി യിട്ടുള്ളത് രാമായണത്തിലാണ്. ശൂദ്രസന്യാസിയായ ശംബൂകനെ ദ്വിജനായ ശ്രീരാമന്‍ വധിക്കുന്നിടത്താണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്. ശൂദ്രന്‍ വര്‍ണ വ്യവസ്ഥക്ക് അകത്ത് പെടുന്നതാണെങ്കിലും അവന് വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശമില്ല. മറ്റ് മൂന്നു വര്‍ണക്കാരായ, ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍ എന്നിവരെ പരിചരിക്കുക എന്നുള്ളത് മാത്രമാണ് ശൂദ്രനുള്ള കര്‍മം. (പരിചര്യാത്മകം കര്‍മം ശൂദ്രസ്യാപി ച സഹജം - ഭഗവത് ഗീത) കര്‍മം തന്നെയാണ് ധര്‍മ്മവും (കര്‍മഃ ഏവ ധര്‍മഃ). ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ പെടുന്നവര്‍ക്ക് കര്‍മം ചെയ്യാനേ അധികാരമുള്ളൂ (കര്‍മണ്യേവാധികാരസ്‌തേ - ഭഗവത് ഗീത) അത് ലംഘിക്കുവാന്‍ പാടുള്ളതല്ല. ശൂദ്രനായ ശംബൂകന്‍ തന്റെ കര്‍മമായ പരിചര്യ ലംഘിച്ചുകൊണ്ടാണ് തന്റെ വര്‍ണത്തിന് അധികാരമില്ലാത്ത വിദ്യ അഭ്യസിക്കാന്‍ തുനിഞ്ഞതും തുടര്‍ന്ന് വധിക്കപ്പെട്ടതും. 

വിദ്യാഭ്യാസം നേടുക എന്ന മനുഷ്യാവകാശത്തിനേറ്റ തിരിച്ചടിയുടെ ഈ ചരിത്രം ആവിഷ്‌കാരങ്ങളിലൊന്നും വരുകയുണ്ടായിട്ടില്ല. രാമായണത്തെ ആരാധിക്കുകയും അതിന്റെ പേരില്‍ ഒരു പുണ്യമാസം ആചരിക്കുകയും ചെയ്യുന്ന കേരളത്തിലെ ഇന്നത്തെ ശൂദ്രര്‍ ഈ വസ്തുത വേണ്ട രീതിയില്‍ അറിഞ്ഞിട്ടില്ല. അതിനിടയില്‍ ശംബൂകവധം കേന്ദ്ര പ്രമേയമാക്കി ഒരു ശൂദ്രന്‍തന്നെ ഒരു നാടകം തയ്യാറാക്കി എന്നത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വസ്തുതയാണ്. 

വി എസ് കേശവന്‍ നായരുടേയും പാറുക്കുട്ടി അമ്മയുടേയും മകനായി 1947 ജൂണ്‍ 4 ന് ചിറയിന്‍കീഴിലാണ് കെ പി രവി ജനിച്ചത്. വിദ്യാഭ്യാസാനന്തരം കണ്ണൂര്‍ ഡിഐഎസ് സ്‌കൂളില്‍ അധ്യാപകനായി ജോലിചെയ്യുമ്പോള്‍ അവിടെയുള്ള കലാ - സാഹിത്യ പ്രസ്ഥാനങ്ങളുമായി ഇടപെട്ടു. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലട ക്കപ്പെട്ടു. മോചിതനായ ശേഷം കണ്ണൂര്‍ നവചേതനക്കുവേണ്ടി എഴുതി സംവിധാനം ചെയ്ത 'യുഗസംക്രമം' എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. 2000 ല്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞു തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇപ്പോള്‍ സി പി എം പ്രവര്‍ത്തകനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗവുമാണ്. 'അസുരായണം' പാലോട് ചിന്താസീമയാണ് ആദ്യമായി രംഗത്ത് അവതരിപ്പിച്ചത്. 2010 ല്‍ പുസ്തം പുറത്തിറക്കി.

പിരപ്പന്‍കോട് മുരളിയുടെ ദീര്‍ഘമായ പഠനം ആമുഖമായും സിവിക് ചന്ദ്രന്റെ മറ്റൊരു പഠനം അവസാന പേജുകളിലും കൊടുത്തിട്ടുണ്ട്. കൂടാതെ ഉത്തരംകോട് ശശിയുടെ പിന്‍കുറിപ്പ് പുറചട്ടയില്‍ കൊടുത്തിട്ടുണ്ട്. 'അസുരായണം നാടകത്തില്‍ ആര്യ, അനാര്യ സങ്കല്പങ്ങള്‍ പരിശോധിക്കാന്‍ മുതിരുകയാണ് നാടകകൃത്ത്. 'രാമന്‍ സ്വര്‍ഗത്തിന്റെ അധിനായകന്‍: സീത ഭൂമി പുത്രിയും. പതിതരുടെ ഈ ഭൂമി സ്വര്‍ഗ നായകന്മാരാല്‍ എന്നും അപമാനിക്കപ്പെട്ടിരുന്നു.' ശംബൂകനും വാല്മീകിയും തമ്മില്‍ കാണുന്ന ഘട്ടം ഈ നാടകത്തിലെ ഉഗ്രന്‍ മുഹൂര്‍ത്തങ്ങളിലൊന്നാണ്.' ആദികാവ്യമായ രാമായണേതിഹാ സത്തെ മുന്‍നിര്‍ത്തി ആര്യ ദ്രാവിഡ വര്‍ഗങ്ങളുടെ സമര ചരിത്രം രചിക്കുകയാണ് രവി ചെയ്യുന്നത് രാമായണത്തിന്റെ കാലോചിതമായ ഒരു പുനരാഖ്യാനം അസുരായണം നിര്‍വഹിക്കുന്നു എന്ന് ഉത്തരംകോട് ശശി കുറിച്ചിരിക്കുന്നു.


കെ പി രവി 
ശൂദ്രരില്‍ നിന്നുള്ള ഹിംസാത്മകമായ പ്രവണതകള്‍ അവരേക്കാള്‍ താഴെക്കിടയിലുള്ളവര്‍ നേരിടുന്ന സമീപകാലത്ത് തങ്ങളുടെ പൂര്‍വ ചരിത്രമെന്താണെന്നും വര്‍ണവ്യവസ്ഥക്കുള്ളില്‍ തങ്ങളുടെ സാമൂഹ്യ പദവി എക്കാലവും എന്തായിരുന്നെന്നും ശൂദ്രരെ തന്നെ ബോധ്യപ്പെടുത്താന്‍ അത്യന്തം പ്രയോജനപ്രദമായ ഈ നാടകത്തിന്റെ രചനയിലൂടെ ധീരമായ ഒരു ചുവടുവെപ്പാണ് കെ പി രവി നടത്തിയിരിക്കുന്നത്. വായിച്ചാസ്വദിക്കുന്ന കൃതിയല്ല നാടകം, രംഗാവതരണ കലയുടെ ലിഖിത രേഖ മാത്രമാണ തെങ്കിലും 'അസുരായനം' എന്ന നാടകത്തിന്റെ പാരയണം വിലയിരുത്തപ്പെടേണ്ടത് ആ വഴിക്കാണ്. 

കെ പി രവിയുടെ ഫോണ്‍ : 9446903220

2015, മാർച്ച് 28, ശനിയാഴ്‌ച

പാപ്പിലോ ബുദ്ധ: ദലിത് രാഷ്ട്രീയവും ആവിഷ്‌കാരസ്വാതന്ത്ര്യവും - രാകേഷ്. എസ്


ഗാന്ധി വിമര്‍ശനത്തിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച സിനിമയുടെ ഒരു സ്വകാര്യ പ്രദര്‍ശനം ചൊവ്വാഴ്ച (18/09/2012) തിരുവനന്തപുരം അജന്താ തീയേറ്ററില്‍ നടന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റം എന്ന് വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ സെന്‍സര്‍ ചെയ്യാത്ത ചിത്രത്തിന്റെ ഈ സ്വകാര്യ പ്രദര്‍ശനം അതിനെതിരെയൊരു പ്രതിഷേധസമരമായിരുന്നു. സിനിമ പ്രതിനിധാനം ചെയ്യുന്ന ദലിതരുടെ ചില സംഘടനാപ്രതിനിധികളും സിനിമാ പ്രവര്‍ത്തകരും മാദ്ധ്യമ പ്രവര്‍ത്തകരുമടക്കം ക്ഷണിക്കപ്പെട്ട ഒരു കൂട്ടം ആളുകളായിരുന്നു സിനിമ കാണുവാന്‍ എത്തിയത്. 
കഥാഗതി

ഒരു ആദിവാസി ഭൂസമരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു സാമൂഹ്യ- രാഷ്ട്രീയ വിമര്‍ശന ചിത്രമാണ് ജയന്‍ ചെറിയാന്റെ ആദ്യചിത്രമായ പപ്പിലിയോ ബുദ്ധ. പ്രകാശ് ബരെയും തമ്പി ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

മേപ്പാറ എന്ന പശ്ചിമഘട്ട മേഖലയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പശ്ചിമഘട്ടത്തിലെ പൂമ്പാറ്റകളെക്കുറിച്ച് പഠിക്കാന്‍ വന്ന ജാക്കി (ഡേവിഡ് ബ്രിഗ്‌സ്) എന്ന അമേരിക്കക്കാരന്റെ സഹായിയാണ് ശങ്കരന്‍ (ശ്രീജിത്ത്), ജെ എന്‍ യു വില്‍ പഠിച്ച ശങ്കരന് ഇംഗ്ലീഷ് സംസാരിക്കാന്‍ വശമുണ്ട്. മേപ്പാറയിലെ ആദിവാസികളുടെ സമരനേതാവായ കരിയേട്ടന്റെ (കല്ലേന്‍ പൊക്കുടന്‍) മകനാണ് ശങ്കരന്‍. തന്റെ ആരാധ്യപുരുഷനായിരുന്ന ഇ.എം.എസിന്റെ പേരാണ് അയാള്‍ മകന് നല്‍കിയത്. 

ജാക്കിനൊപ്പം അമേരിക്കയില്‍ പോയി പഠിക്കാനാണ് ശങ്കരന്റെ ആഗ്രഹം. പക്ഷേ നാട്ടില്‍ സമരം നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതെ പോയാല്‍ നാണക്കേടാണെന്നാണ് കരിയേട്ടന്റെ പക്ഷം.

ഓട്ടോഡ്രൈവറായ മഞ്ജുശ്രീ (സരിത), ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ട് ആദിവാസികളുടെ പഛനം നടത്തുന്നു. പക്ഷേ ആ തൊഴില്‍ അവള്‍ക്കൊരു ബാദ്ധ്യതയാണ്. മറ്റുള്ളവരുടെ അശ്ലീലം കലര്‍ന്ന നോട്ടവും വാക്കുകളും അവള്‍ കൈകെട്ടി നിന്ന് സഹിക്കുന്നില്ല. ഒരിക്കല്‍ അവള്‍ പ്രതികരിച്ചപ്പോള്‍ ദാസപ്പന്‍ എന്ന ഡ്രൈവറുടെ തലയ്ക്കടി കൊണ്ടു.

സീം എന്ന സംഘടനയുടെ ചില ആക്ടിവിസ്റ്റുകള്‍ ആദിവാസികളുടെ ജീവിതം ഡോക്കുമെന്റ് ചെയ്യുന്നുണ്ട്. ശങ്കരന്‍ അവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. പക്ഷേ ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന സീം അംഗങ്ങളുടെ ഉള്ളില്‍ ദലിതരോട് തികഞ്ഞ അവജ്ഞയാണെന്ന് ശങ്കരന്‍ തിരിച്ചറിയുന്നു. ഒരു ദിവസം ജാക്കിനൊപ്പം പൂമ്പാറ്റയെപ്പിടിക്കാന്‍ പോയി മടങ്ങുമ്പോള്‍ പോലീസ് രണ്ടാളെയും അറസ്റ്റ് ചെയ്യുന്നു. ജാക്കിനെ സ്റ്റേറ്റ്‌മെന്റ് എടുത്തശേഷം വിട്ടയച്ചെങ്കിലും ഛത്തീസ്ഗഢ് സ്വദേശിയായ ഒരു മാവോവാദിയെ ഒളിവില്‍ താമസിപ്പിക്കുന്നു എന്നാരോപിച്ച് പോലീസ് എസ്.പി. (പ്രകാശ് ബരെ)യുടെ നേതൃത്വത്തില്‍ ശങ്കരനെ ക്രൂരമായി പീഡിപ്പിക്കുന്നു. അനുഭവങ്ങള്‍ ശങ്കരനിലെ ദലിത് സ്വത്വത്തെ ഉണര്‍ത്തി. പിന്നീട് മഞ്ജുശ്രീയുടെ പക്കല്‍നിന്ന് പുസ്തകങ്ങള്‍ വാങ്ങി വായിച്ചു കൂട്ടി സ്വയം ആക്ടിവിസ്റ്റായി പരിണമിക്കുന്നു.

ഇതേ സമയം തലയ്ക്കടിച്ചതിന്റെ പ്രതികാരമായി ദാസപ്പനും സംഘവും മഞ്ജുശ്രീയെ ബലാത്സംഗം ചെയ്യുകയും അവളുടെ ഓട്ടോ കത്തിക്കുകയും ചെയ്യുന്നു. (ഓട്ടോയിലെ ബുദ്ധന്‍ അപ്പോള്‍ തീയില്‍ അകപ്പെടുന്നത് സ്‌ക്രീനില്‍ കാണാം.) ആ സംഭവത്തെ തുടര്‍ന്ന് ആദിവാസികളും സീം പ്രവര്‍ത്തകരും പ്രതിഷേധം ശക്തമാക്കുമ്പോള്‍, സര്‍ക്കാര്‍ സമവായത്തി നായി കപട ഗാന്ധിയനായ രാംദാസിനെ ( തമ്പി ആന്റണി ) അങ്ങോട്ടയയ്ക്കുന്നു. കരിയേട്ടന്‍ സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാം എന്നു പറയുമ്പോള്‍, ശങ്കരന്‍ അതിനെ എതിര്‍ക്കുന്നു. ശങ്കരന്റെ വാദം പൊതു സമ്മതി നേടി.

മേപ്പാറയിലെ മുന്‍തലമുറയുടെ വക്താവായ കരിയേട്ടന് ഇ.എം.എസ് ദൈവമായിരുന്നു. ഒരിക്കല്‍ ദൈവമായാല്‍പ്പിന്നെ അത് എപ്പോഴും അങ്ങനെത്തന്നെയായിരിക്കും എന്ന് പറഞ്ഞ അതേയാള്‍ തന്നെ അപ്പോള്‍ ഇ.എം.എസിനെ മാറ്റി ബുദ്ധനെ പ്രതിഷ്ഠിക്കുന്നു.

അങ്ങനെ സമാധാന ജാഥ മേപ്പാറയില്‍ എത്തുമ്പോള്‍,''ഞങ്ങള്‍ ആരുടേയും ഹരിജനങ്ങളല്ല'' എന്ന പ്രഖ്യാപനത്തോടെ ജാതി വിവേചനത്തില്‍ നിന്നു രക്ഷനേടാന്‍ ബുദ്ധമതം സ്വീകരിക്കുന്ന പ്രതിഷേധക്കാര്‍ അവരെ സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ല. ഒപ്പം കപടസമാധാന ജാഥയ്‌ക്കെതിരെ യെന്നോണം ഗാന്ധിവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ഗാന്ധിയുടെ കോലത്തില്‍ ചെരുപ്പുമാല ഇട്ട് കത്തിക്കുന്നു.

പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തുന്ന പോലീസ് അയ്യങ്കാളിയുടെ ചിത്രം കത്തിക്കുന്നുണ്ട്. യുവാക്കളെ അറസ്റ്റ് ചെയ്ത്, ഭൂസമരം നടത്തിയിരുന്ന ആദിവാസികളെ അവിടെ നിന്നു കുടിയിറക്കുന്നു. സമരം ചെയ്യുന്ന ആദിവാസികളോട് കൊടുക്കാന്‍ ഭൂമിയില്ല എന്നു പറയുമ്പോഴും പലതരം വന്‍കിട കയ്യേറ്റങ്ങള്‍ അവിടെ നടക്കുന്നതായി കാണാം. അതിനെതിരെയൊന്നും അധികാരത്തിന്റെ കരങ്ങള്‍ ഉയരാതിരിക്കുമ്പോള്‍ അത്തരം വന്‍കിട കയ്യേറ്റങ്ങളുടെ പശ്ചാത്തലത്തില്‍, കയ്യേറിയ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട ആദിവാസികള്‍ എങ്ങോട്ടെന്നറിയാതെ പലായനം നടത്തുന്ന അവസാന ദൃശ്യം നീതിയുടെ ത്രാസ് ഒരു വശത്തേക്ക് താഴ്ന്നിരിക്കുന്നു എന്ന സത്യത്തിന്റെ നേര്‍കാഴ്ചയാണ്. 

പ്രധാനവേഷങ്ങളിലെത്തിയ അഭിനേതാക്കളെല്ലാം പൂര്‍ണ്ണമായ ആത്മസമര്‍പ്പണത്തോടെ അവരവരുടെ വേഷങ്ങള്‍ മികച്ചതാക്കി. 


സിനിമയും രാഷ്ട്രീയവും

രാഷ്ട്രീയം ഉറക്കെ പറയുന്ന ചിത്രത്തെക്കുറിച്ച് പറയുമ്പോള്‍ അതിലെ രാഷ്ട്രീയത്തെക്കുറിച്ച് പറയാതെ പോകുന്നത് ശരിയല്ല.

കേരളത്തില്‍ സ്ത്രീ ഒരു ഉപഭോഗവസ്തുവാണ് എന്ന അവസ്ഥ ചിത്രത്തില്‍ പ്രതിപാദിക്കുമ്പോള്‍ അവിടെ മറ്റു മേഖലകളില്‍ കാണുന്ന അവര്‍ണ്ണതയുടെ തൊട്ടുകൂടായ്ക ഒരു പ്രശ്‌നമല്ലെന്നും വിളിച്ചു പറയുന്നു. പീഡിക്കപ്പെടുന്നത് ദളിത് സ്ത്രീയാകുമ്പോള്‍ അതിന് വേണ്ടത്ര മാദ്ധ്യമശ്രദ്ധ ലഭിക്കുന്നില്ല. ഒപ്പം നിയമത്തിന്റെ വാതിലും തുറക്കപ്പെടുന്നില്ല.

മാവോയിസ്റ്റുകളെന്ന് മുദ്രകുത്തപ്പെട്ട് പോലീസ് പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ജനതയുടെ അവസ്ഥ പലപ്പോഴായി നാം കണ്ടിട്ടുള്ളതാണ്. എല്ലാ അര്‍ത്ഥത്തിലും അടിച്ചമര്‍ത്തപ്പെടുമ്പോഴാണ് മനുഷ്യന്റെ ചിന്ത തീവ്രവാദത്തിലേക്ക് നീങ്ങുന്നത്. അതുണ്ടാകാതിരിക്കാന്‍ ഭരണകൂട ത്തിന്റെ ഭാഗത്തു നിന്ന് ക്രിയാത്മകമായ ഇടപെടല്‍ വേണം. അല്ലെങ്കില്‍ ഇപ്പോള്‍ ആ പേരില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ പിന്നീട് അങ്ങനെ ആയിത്തീര്‍ന്നേക്കാം.

ബിംബവത്കരണത്തിനെതിരെ വിമര്‍ശനം നടത്തുമ്പോഴും അതിന്റെ മറ്റൊരു വശമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. ഗാന്ധിയേയും ഇ.എം.എസിനേയും വിഗ്രഹമാക്കുന്നതിനെ എതിര്‍ക്കുന്നവര്‍, അംബേദ്കറിനെയും അയ്യങ്കാളിയെയും ബുദ്ധനേയും അത്തരത്തില്‍ കുടിയിരുത്തുന്നു. 

ആരെയും ബിംബങ്ങളാക്കേണ്ട കാര്യമില്ല. മഹാത്മാരൊന്നും തന്നെ എല്ലാം തികഞ്ഞവരായിരുന്നില്ല. പക്ഷേ ഇതൊന്നും അവര്‍ സമൂഹത്തിനു നല്‍കിയ സേവനങ്ങളെ തമസ്‌കരിക്കുന്നതിനോ അവരെ വെറുക്കപ്പെടേ ണ്ടവര്‍ എന്ന് മുദ്രകുത്തുന്നതിനോ ന്യായീകരണമാകുന്നില്ല.

അവര്‍ണ്ണനൊപ്പം നിന്ന് സ്വാതന്ത്ര്യസമരം നയിച്ച ഗാന്ധിയും മണ്ണില്‍ പണിയെടുക്കു ന്നവര്‍ക്കായി ഭൂപരിഷ്‌കരണ നിയമം കൊണ്ടു വന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കിയ ഇ.എം.എസ്സും എങ്ങനെ വെറുക്ക പ്പെടേണ്ടവരാകും. ഭൂപരിഷ്‌കരണ നിയമം പ്രാവര്‍ത്തികമാകുന്നതില്‍ വന്ന പാളിച്ചകള്‍ വിളിച്ചു പറഞ്ഞ് വിപ്ലവകരമായ കാഴ്ചപ്പാടുകളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നത് ശരിയല്ല. ഭൂപരിഷ്‌കരണത്തിന്റെ ഗുണഫലങ്ങള്‍ കൊയ്തത് ഇടത്തരക്കാരാണെന്നുള്ള വാദം ഒരു പരിധിവരെ സത്യമാണെന്നിരിക്കെ, അംബേദ്ക്കര്‍ മുന്നോട്ടു വെച്ച ആശയങ്ങളുടെ ഗുണഭോക്താക്കളും ഇടത്തരക്കാര്‍ തന്നെയെന്ന് മനസ്സിലാവും.

ആരും വിമര്‍ശനങ്ങള്‍ക്കതീതമാണെന്ന് പറയുന്നില്ല. പക്ഷേ പൊതു ബിംബങ്ങളെ കല്ലെറിഞ്ഞാലേ വിപ്ലവം വരൂ എന്ന തത്വത്തിന്റെ പുനര്‍ചിന്തനം തീര്‍ച്ചയായും അവശ്യമാണ്.

പൂണുല്‍ മുറിച്ചെങ്കിലും

ഇ.എം.എസ്സിന്റെ പേരില്‍ നമ്പൂതിരി ഉണ്ടായിരുന്നു, റെഡ്ഢി എന്ന വാല്‍ മുറിച്ചിട്ടും സുന്ദരയ്യയുടെ കുടുംബം റെഡ്ഢികളായിത്തന്നെ ജീവിച്ചു എന്നൊക്കെ ഗദ്ദര്‍ വിളിച്ചു പറഞ്ഞതായി മാധ്യമം വാരികയില്‍ കണ്ടിരുന്നു. ഇവിടെ ഗാന്ധിക്കെതിരെയുള്ള പ്രസംഗങ്ങളും ചെരുപ്പുമാല ചാര്‍ത്തലും കോലം കത്തിക്കലും, ഇ.എം.എസി നെതിരെയുള്ള പ്രസ്താവനകളും ഒക്കെ അതേ ദിശയിലുള്ളതു തന്നെയാണ്. ഇത്തരത്തിലുള്ള ചരിത്രവ്യാഖ്യാനങ്ങള്‍ പുതിയ തലമുറയില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ മാത്രമേ വിതയ്ക്കൂ എന്നതാണ് സത്യം. ഈ രംഗങ്ങള്‍ക്ക് ലഭിച്ച വന്‍ കരഘോഷം അതിന്റെ ദൃഷ്ടാന്തമാണ്. സിനിമയില്‍ കാണുന്ന ചെരുപ്പുമാലയും കോലം കത്തിക്കലും മേല്‍പ്പറഞ്ഞ വിദ്വേഷ രാഷ്ട്രീയത്തിന് ഇന്ധനം നല്‍കുക മാത്രമാണ് ചെയ്യുന്നത്. 

തമിഴ്‌നാട്ടിലും മറ്റും കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ കണ്ട, അംബേദ്ക്കര്‍ പ്രതിമകള്‍ തകര്‍ത്ത സംഭവങ്ങള്‍ കൂടി ഈയൊരവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. അവിടെ ദലിതരോടുള്ള അമര്‍ഷമാണ് അതിലേക്ക് നയിച്ചത്. അപ്പോള്‍ ആതിന്തികമായി ഉണ്ടാകുന്നത്- അവര്‍ണ്ണന് അവന്‍ എന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവനാണ് എന്ന ബോധവും, സവര്‍ണ്ണന്റെ കാഴ്ചപ്പാടില്‍ അവര്‍ എല്ലാം തച്ചുടക്കുന്ന സംഘടിതശക്തിയായി ഉയര്‍ന്നു വരുന്നു എന്നൊരു ചിന്തയുമായിരിക്കും. ഇത്തരം ചിന്തകള്‍ ഒരിക്കലും സമത്വം എന്നൊരു ആശയത്തിലേക്ക് ഉരുത്തിരിയില്ല എന്നു പറയേണ്ടതില്ലല്ലോ! 

ഗാന്ധിയും അംബേദ്ക്കറും ഒക്കെ മുന്നോട്ടു വെച്ച ആശയത്തിലൂന്നിയ ഒരു പിന്തുടരല്ല ഇന്ന് നാം കാണുന്നത്. ഗാന്ധിയെ സവര്‍ണ്ണ ബിംബമായും അംബേദ്ക്കറിനെ ദളിതരുടെ ദൈവമായും കുടിയിരുത്താന്‍ ശ്രമിക്കുന്നത് ഒരര്‍ത്ഥത്തില്‍ അവരുടെ സംഭാവനകളെ മൊത്തത്തില്‍ അവഹേളിക്കു ന്നതിനു തുല്യമാണ്.

2015, മാർച്ച് 27, വെള്ളിയാഴ്‌ച

കെ കെ പ്രദീപ്: കുത്തിവരച്ച് നേടിയെടുത്ത ജീവിതം


കരിങ്കല്‍ പാളിയില്‍ രൂപങ്ങള്‍ കുത്തിവരച്ച് ശ്രദ്ധേയനായ കലാകാരനാണ് വൈപ്പിന്‍ നായരമ്പലം കാരനായ കെ കെ പ്രദീപ്. തൃപ്പൂണിത്തുറ നഗരത്തിലെ ബസ് സ്റ്റാന്റില്‍, മറ്റ് രണ്ട് കൂട്ടാളികളോടൊത്ത് നടത്തുന്ന ഈ കലാ കേന്ദ്രത്തില്‍ പ്രദീപിന് തിരക്കൊഴിഞ്ഞ നേരമില്ല. ശിലാഫലകങ്ങള്‍ക്കും സ്മാരകശില കളുമാണ് ഏറെ ചെയ്യുന്നതെങ്കിലും, മഹാന്മാരുടേയും നേതാക്കന്മാരുടേയും ദേവങ്ങളുടേയും രൂപങ്ങള്‍ കുത്തിവരക്കു ന്നതിലെ മികവാണ് പ്രദീപിന് ആസ്വാദകരുടെ മതിപ്പ് നേടിക്കൊടുത്തത്. സ്ഥാപനത്തില്‍ തീര്‍ത്തുവെച്ചിട്ടുള്ള സൃഷ്ടികള്‍ കണ്ണില്‍ പെട്ടാല്‍ അത് തെല്ലൊന്ന് ആസ്വദിക്കാതെ ആരും കടന്നു പോകാറില്ല.

വൈപ്പിന്‍ ദ്വീപിലെ നായരമ്പലത്തുള്ള കൊച്ചുതറ വീട്ടിലെ കുഞ്ഞപ്പന്റേയും വിലാസിനിയുടേയും എട്ടു മക്കളില്‍ ഏഴാമത്തെ മകനായാണ് പ്രദീപ് ജനിച്ചത്. അച്ഛനും അമ്മയും കര്‍ഷക തൊഴിലാളികളായിരുന്നു. എടവനക്കാട് KPM ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പാസായശേഷം മാല്യങ്കര SNM കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചെങ്കിലും വിജയിക്കുകയുണ്ടായില്ല. പടം പരക്കാന്‍ നല്ല കഴിവുണ്ടായിരുന്നു പ്രദീപിന്. അങ്ങനെയിരിക്കെ, ഒരു ആര്‍ട്ടിസ്റ്റിനെ ആവശ്യമുണ്ടെന്ന എറാകുളത്ത് കൊത്തുപണി സ്ഥാപനം നടത്തുന്ന സാംബശിവന്റെ പരസ്യം കണ്ട് പ്രദീപിനെ അച്ഛന്‍ അവിടെ കൊണ്ടുചെന്നാക്കി. സാംബശിവനില്‍ നിന്നാണ് പ്രദീപ് കൂത്തിവരക്കുന്ന ഈ കലാരീതി വശമാക്കിയത്. രണ്ടര വര്‍ഷം അവിടെ കുത്തിവരക്കാന്‍ പഠിച്ചു. തുടര്‍ന്ന്, അവിടെ തന്റെ കൂടെയുണ്ടായിരുന്ന രാജീവ് തൈക്കൂടത്ത് ഒരു സ്ഥാപനം തുടങ്ങിയപ്പോള്‍ അവിടെ ചേര്‍ന്ന് പത്തുവര്‍ഷത്താളം ജോലിനോക്കുകയും ചെയതു. തുടര്‍ന്നാണ് എരൂര്‍ സ്വദേശിയായ മറ്റൊരു പ്രദീപ് നടത്തുന്ന തൃപ്പൂണിത്തുറയിലെ സ്ഥാപനത്തല്‍ എത്തുന്നത്. കുഴുപ്പിള്ളി സ്വദേശി തിലകനും ഒപ്പമുണ്ട്.


കരിങ്കല്‍ പാളി മിനുക്കിയാല്‍ കറുത്തിരിക്കുമെങ്കിലും കൊത്തിയാല്‍ അവിടം വെളുത്തിരിക്കും. ഈ സവിശേഷ സ്വഭാവം പ്രയോജനപ്പെടുത്തുന്ന ഈ കലാ രീതിക്ക് ചിത്രരചനയോട് തന്നെയാണ് ബന്ധം. എങ്കില്‍ പോലും അതില്‍ നിന്ന് വേറിട്ട ഒരു ഭാവുകത്വ അടിത്തറ ഇതിനുണ്ടെന്നാണ് ആസ്വാദ്യത തെളിയിക്കുന്നത്. കൂടുതല്‍ കാലം നിലനില്‍ക്കുന്ന തിനും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്നതിനും ഈ രീതി പറ്റിയതായുകൊണ്ട് സ്മാരക ശിലകള്‍ക്കുവേണ്ടി ഇത് ഏറെ പ്രയോജനപ്പെടുത്തുന്നു. 


കുത്തിവരക്കാന്‍ എത്തുന്നതിലേറെയും മഹദ് വ്യക്തിത്വങ്ങളുടേതും ദൈവങ്ങളുടേതുമാണ്. ചുരുക്കം മറ്റു വ്യക്തികളുടേതും നടന്മാരുടേതുമൊക്കെയായി 1000 ല്‍ ഏറെ വര്‍ക്കുകള്‍ പ്രദീപ് ചെയ്തു. അമൃതാനന്ദമയിയുടേയും സായിബാബയുടേയും രൂപങ്ങള്‍ കുത്തിവരച്ച് പ്രദീപ്, അയവരെ നേരിട്ടുതന്നെ ഏല്‍പ്പിച്ചു. എ പി ജെ അബ്ദുള്‍ കലാമിന്റെ രൂപം വരച്ചത് പക്ഷെ, നേരിട്ട് കൊടുക്കാന്‍ കഴിഞ്ഞില്ല. ഇതൊഴിച്ചാല്‍ ആരെങ്കിലും ഏല്‍പ്പിക്കാതെ മറ്റ് വര്‍ക്കുകളൊന്നും ചെയ്തിട്ടില്ല. നവോത്ഥാന നായകരുടേതും ഏറെ ചെയ്തിട്ടുണ്ട്. ദലിത് സമുദായ നേതാക്കളോ സംഘടനകളോ ഏല്‍പ്പിക്കുന്ന അയ്യന്‍കാളി, അംബേഡ്കര്‍ എന്നിവരുടെ രൂപങ്ങളും ഇക്കൂട്ടത്തില്‍ വരും. പക്ഷെ അവര്‍ക്കൊക്കെ ഇതിന്റെ പ്രതിഫല തുക താങ്ങാനുള്ള പാങ്ങുള്ളവരായിരിക്കില്ല മിക്കവാറും. ഈ സാഹചര്യത്തില്‍ പ്രദീപ് കുറഞ്ഞ തുകമാത്രം ഈടാക്കിയും ചിലപ്പോള്‍ സൗജന്യമായും ചെയ്തുകൊടുത്തു.


വെല്ലുവിളികള്‍ തീരെ ഇല്ലെന്നു പറയാം. എച്ചിങ്ങും ലേസറും വന്നെങ്കിലും ഹാന്‍ഡ് വര്‍ക്കിനാണ് കൂടുതല്‍ മിഴിവും ഡിമാന്‍ഡും. ഐടിയുടെ വികസനം ഈ കലാ പ്രവര്‍ത്തന ത്തിന് ഗുണകരമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്റ്റിക്കര്‍ കട്ട് ചെയ്ത് ഫലകത്തില്‍ ഒട്ടിച്ചശേഷം പൊഴിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം ആവശ്യക്കാരന് ഇഷ്ടപ്പെട്ട ഫോണ്ടില്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്നു. ലെറ്റര്‍ മാത്രമേ ചെയ്യാനാവൂ എങ്കിലും.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതല്ല. കരിങ്കല്ലുപൊടി ശ്വാസകോശ ത്തിലെത്താന്‍ പാടില്ലല്ലോ. മാസ്‌ക് ഉപയോഗിക്കുന്നു ണ്ടെങ്കിലും അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോള്‍ 30,000 രൂപ വരെ ശരാശരി ലഭിക്കുന്നുണ്ട്. അലര്‍ജി ഉണ്ടാകുമ്പോള്‍ ജോലിചെയ്യാന്‍ പറ്റാറില്ല.


ഈ കല പഠിക്കുന്നിനായി പലരും സമീപിച്ചു. ആരെ വേണമെങ്കിലും പഠിപ്പിക്കാന്‍ യ്യാറുമാണ്. പുതിയ തലമുറയുടെ ക്ഷമയില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്‌നം. അതുള്ളവരെ കണ്ടെത്താനാവായ്ക ഈ കലാപരിപാടിയുടെ വ്യാപനത്തെ ഇല്ലാതാക്കും. കൊമേഴ്‌സ്യലായ കലയാണല്ലോ ഇത്. താത്പര്യമുള്ളവര്‍ക്ക് ജീവിതമാര്‍ഗത്തിനുള്ള തൊഴിലായി ഇത് ചെയ്യാവുന്നേയുള്ളു.

ഒരര്‍ത്ഥത്തില്‍ ഇതുവരെ ഈ കലാപരിപാടിയിലൂടെ പ്രദീപ് ചെയ്തിട്ടുള്ളത് ഫോട്ടോകളുടെ പകര്‍ത്തിയെടുപ്പ് മാത്രമാണ്. ഇത് ഈ കലാപരിപാടിയുടെ പരിമിതിയല്ല. ക്രിയേറ്റീവ് വര്‍ക്ക് ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഇതുവരെ ബുദ്ധനെ കുത്തിവരക്കാനായിട്ടില്ല. ആ ആഗ്രഹം ഉള്ളിലുണ്ട്. അത്തരം ചില വര്‍ക്കുകള്‍ ചെയ്ത് പ്രദര്‍ശനമൊരുക്ക ണമെന്നും പ്രദീപ് ആഗ്രഹിക്കുന്നു. ഗ്രാനൈറ്റിന്റെ വില താങ്ങാനാവാത്തത് ഒരു പ്രശ്‌നമാണ്. ആരെങ്കിലും സഹായിക്കുമെങ്കില്‍ അടുത്ത പരിപാടി അതായിരുക്കുമെന്ന് പ്രദീപ് പറയുന്നു.

ചോറ്റാനിക്കര സ്വദേശി പ്രിയയാണ് പ്രദീപിന്റെ ഭാര്യ. മകള്‍ ഏഴിലും മകന്‍ മൂന്നിലും പഠിക്കുന്നു. പ്രദീപ് KDP യില്‍പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖില വൈപിന്‍ പുലയ മഹാസഭയിലും അംഗമാണ്. ഇപ്പോള്‍ കേരള ദലിത് മഹാസഭയുടെ പ്രവര്‍ത്തകനാണ്. ദലിത് അവബോധമുള്ള തലമുറക്കാണ് വിമോചനത്തിനുള്ള ഒരു അജണ്ട മുന്നോട്ടു വെക്കാനാവൂ എന്ന് പ്രദീപ് വെളിപ്പെടുത്തുന്നു. അതോടൊപ്പം ഭാവി അംബേഡ്കറിസത്തിന്റേതാണെന്നും ആവര്‍ത്തിക്കുന്നു.

പ്രസവിക്കുന്ന കണ്ടല്‍ - കല്ലേന്‍ പൊക്കുടന്‍പ്രാന്തന്‍ കണ്ടല്‍
വേര്, ഇല, തടി, പൂവ്, വിത്ത് ഇവയിലെല്ലാം കരയില്‍ വളരുന്ന ചെടികളില്‍ നിന്നും പലകാര്യത്തിലും വ്യത്യസ്തമാണ് കണ്ടല്‍ ചെടി. കേരളത്തില്‍ കണ്ടുവരുന്ന ഇരുപത്തി രണ്ട് ഇനം കണ്ടലുകളില്‍ ഏറ്റവും കൗതുകമുള്ള ചെടിയാണ് പ്‌രാന്തന്‍ കണ്ടല്‍. ഈ ചെടിയുടെ നില്പും രൂപവും മറ്റും പരിഗണിച്ച് പൂര്‍വ്വികര്‍ ഇതിനുനല്‍കിയ പേരാണ് പ്‌രാന്തന്‍ കണ്ടല്‍ എന്ന്. പുതിയ ആള്‍ക്കാര്‍ അല്പം പരിഷ്‌കരിച്ച് ഇതിനെ ഭ്രാന്തന്‍ കണ്ടല്‍ എന്നും വിളിക്കാറുണ്ട്. കേരളത്തിന്റെ പലഭാഗത്തുമായി സന്നദ്ധ സംഘടനകളുടേയും വനം വകുപ്പിന്റെയും സഹായത്തോടെ ഈ ഇനം ഞാന്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. തീരസംരക്ഷണശേഷി ഏറ്റവും കുടുതലുള്ള കണ്ടല്‍ ഇനം ഇതിനു കൂടുതലുണ്ടെന്നാണ് എന്റെ അനുഭവം. പത്തോ പതിനഞ്ചോ മീറ്ററിലധികം ഉയരത്തില്‍ വലിയ മരമായി ഇത് വളരും. പ്ലാവിന്റെ ഇലയേക്കാള്‍ അല്പം വലുതാണ് ഇതിന്റെ ഇല. പ്ലാവിലയേക്കാള്‍ മൂന്നിരട്ടി കട്ടി ഉണ്ട്. കടുംപച്ച നിറമാണ്. ഡിസംബര്‍ മാസത്തിന്റെ ആദ്യം തന്നെ ഈ ചെടി പൂവിട്ടു തുടങ്ങും. വളരെ ചെറിയ വെളുത്ത പൂക്കളാണ്. ഒറ്റമാസം കൊണ്ട് ചെടിയില്‍ കായ്കള്‍ നിറഞ്ഞു തുടങ്ങും. 75സെന്റീമീറ്റര്‍ വരെ നീളത്തില്‍ വളരുന്ന വിത്തിന്റെ ഒരറ്റം കൂര്‍ത്തതും മറ്റേ അറ്റം തവിട്ടു നിറത്തിലുള്ള തൊപ്പിപോലുള്ള ഭാഗത്തോട് കൂടിയതുമാണ്. ഈ തൊപ്പിപോലുള്ള ഭാഗമാണ് വിത്തിനെ ചെടിയുമായി ബന്ധിക്കുന്നത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിത്ത് പാകമായിത്തുടങ്ങും. പാകമാകുന്ന വിത്തുകള്‍ അമ്മച്ചെടിയുടെ ശരീരത്തില്‍ നിന്നും ഇളകി ഊര്‍ന്ന് ചതുപ്പില്‍ കുത്തനെ വീണ് തറച്ചു നില്‍ക്കുന്നു. അമ്മച്ചെടിയുടെ ചുവട്ടില്‍ കുഞ്ഞുങ്ങള്‍ വേരുറപ്പിച്ച് ഓരില ഈരില വന്ന് വളരുന്നു. ഇതുകൊണ്ടാണ് ഇതിന് പ്രസവിക്കുന്ന കണ്ടല്‍ മരമെന്ന് വിളിക്കുന്നത്. വീഴ്ച്ചയില്‍ അമ്മച്ചെടിയുടെ ചുവട്ടില്‍ ചതുപ്പില്‍ തറക്കാതെ പോകുന്ന വിത്തുകള്‍ പുഴയിലൂടെ ഒഴുകി പുതിയകണ്ടല്‍ സമൂഹം രൂപപ്പെടുന്ന ഇടങ്ങളില്‍, ചതുരപ്പോട്ട1 യുടേയും ഉരുണിപ്പോട്ട2 യുടേയും ഇടയില്‍ അടിഞ്ഞ് നിവര്‍ന്ന് സാവധാനം വേരിറക്കി ചെടിയായി വളരുന്നു. അഞ്ച് വര്‍ഷം പ്രായമാകുന്ന ചെടിയുടെ കാണ്ഡത്തിന്റെ ഏതാണ്ട് മധ്യഭാഗത്തു നിന്നും വേര് പൊട്ടിത്തുടങ്ങും. ചെടിയുടെ മധ്യഭാഗത്തുനിന്നും മുളച്ച് താഴോട്ടിറങ്ങി വളരുന്ന വേര് നിലംതൊടാതെ നില്‍ക്കുന്നു. എട്ടോപത്തോ വര്‍ഷം പ്രായമാകുന്ന ചെടിയുടെ താഴ്‌വേരുകള്‍ ചെടിയുടെ ചുറ്റും വളര്‍ന്ന് കാഴ്ച്ചയില്‍ തെയ്യത്തിന്റെ ഒട3 പോലെ തോന്നിക്കുന്നു. കണ്ടല്‍ വനവല്‍ക്കരണത്തിനായി കേരളത്തിലുടനീളം തെരഞ്ഞെടുക്കപ്പെട്ട ഒരിനമാണിതെന്ന് ഞാന്‍ പറഞ്ഞുവല്ലൊ. 1989 ന് ശേഷം നടന്ന പല കണ്ടല്‍ വനവല്‍ക്കരണ പരിപാടികളില്‍ ചിലതെങ്കിലും പരാജയപ്പെടാനു ള്ള കാരണം ഈ ഇനത്തിന് ചേര്‍ന്ന സ്ഥലം തെരഞ്ഞെടുക്കുന്നതില്‍ വന്ന പാകപ്പിഴയാണെന്ന് എനിക്ക് പലപ്പോഴും ബോധ്യപ്പെട്ടിട്ടുണ്ട്.

അുരു
പുഴയുടെ തീരത്ത് വരിവരിയായും കൂട്ടം കൂട്ടമായും വളരുന്ന ഈ ചെടിയുടെ താഴ്‌വേരുകളില്‍ മുരുപോലുള്ള കക്കവര്‍ഗ്ഗ ത്തില്‍പ്പെടുന്ന ജലജീവി ഒട്ടിച്ചേര്‍ന്നു വളരുന്നു. മുരു ഈ ചെടിയുടെ താഴ്‌വേരില്‍ ഒട്ടിച്ചേര്‍ന്നാണ് വളരുന്നത്.

വേരും മുരുവും ചേര്‍ന്ന് രൂപപ്പെടുന്ന ഒരുതരം 'ജൈവഭിത്തി'കളാണ് തീരസംരക്ഷണം ഉറപ്പുവരുത്തുന്നത്. പ്രകൃതിക്ഷോഭത്താലുണ്ടാകുന്ന കരയിടിച്ചലിനെയും വീശിയടിക്കുന്ന കാറ്റിനെയും ചെറുക്കാന്‍ ഈ ചെടികള്‍ക്കുള്ള കരുത്ത് കണക്കിലെടുത്താണ് പഴയങ്ങാടി പുഴയുടെ തീരത്ത് പതിനായിരത്തോളം ചെടികള്‍ ഞാന്‍ നട്ടുപിടിപ്പിച്ചത്.

വിത്ത് 
നാലോ അഞ്ചോ പരീക്ഷണ ഘട്ടങ്ങളിലൂടെ മനസ്സിലാക്കിയ പല കാര്യങ്ങളും വിജയം കണ്ടതിന്റെതെളിവായിരുന്നു ഈ പതിനായിരത്തില്‍പ്പരം ചെടികള്‍. അവ ഇന്ന് ഉണ്ടായിരുന്നെ ങ്കില്‍ കണ്ടല്‍വനവല്‍ക്കരണത്തില്‍ തല്‍പ്പരരായവര്‍ക്ക് വലിയ കാര്യമാകുമായിരുന്നു. ഈ ചെടികള്‍ നശിപ്പിക്കുന്നതു തടയാന്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന കാര്യം ഒരു സങ്കടമായി നിലനില്‍ക്കുന്നു. 

കടല്‍ത്തീരത്തു നിന്നു വീശിയെത്തുന്ന ഉപ്പും ഈര്‍പ്പവും പൊടിയും നിറഞ്ഞ കാറ്റിനെ തടഞ്ഞുനിര്‍ത്തി ശുദ്ധീകരിക്കുന്നത് ഈ ചെടികളും ഇവയുടെ ഇലവീണ് അടിഞ്ഞ് രൂപപ്പെടുന്ന ചതുപ്പുമാണ്. കട്ടികൂടിയതും ഇടതൂര്‍ന്നതുമായ ഇലകളും തടിയുടെ ചുറ്റും വിസ്തൃതമായി വളരുന്ന ശക്തമായ താഴ്‌വേരുകളും കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തെയും ചെറുക്കുന്നതിന് പ്രകൃതി തന്നെ ഒരുക്കുന്ന ജൈവഭിത്തിയാണ് എന്ന കാര്യം അനുഭവമാണ്. ഒറീസ്സയില്‍ 1999ല്‍ കൊടുങ്കാറ്റടിച്ചപ്പോള്‍ ഉണ്ടായ മനുഷ്യനാശവും സ്വത്തുക്കളുടെ നാശവും ഓര്‍ക്കുന്നുണ്ടാവുമല്ലോ. അവിടെ ഉണ്ടായിരുന്ന കണ്ടലുകള്‍ നശിപ്പിക്കാതിരുന്നെങ്കില്‍ ഈ നാശനഷ്ടങ്ങള്‍ നാലിലൊന്നായി ചുരുക്കാമായിരുന്നു എന്ന് ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞ കാര്യം പത്രത്തില്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പ്രാന്തന്‍ കണ്ടലുകള്‍ക്ക് കാറ്റിനെ ചെറുക്കാനുളള ശേഷി വളരെ വലുതാണ്. ശുദ്ധജലവും ശുദ്ധവായുവും മനുഷ്യര്‍ക്ക് നല്‍കുന്നതില്‍ കണ്ടല്‍വനത്തിന്റെ സംഭാവന വളരെ വലുതാണെന്ന് അതിനെ അടുത്തറിഞ്ഞാല്‍ വളരെ പെട്ടന്ന് ബോധ്യമാവും.

പ്രാന്തന്‍ കണ്ടല്‍
പൂവും വിത്തും
ഈ ചെടിയുടെ കടുംപച്ചനിറത്തിലുള്ള വലിയ ഇലകള്‍ പഴുത്താല്‍ നല്ല മഞ്ഞ നിറമായിരിക്കും. പഴുത്ത് പുഴയില്‍ വീഴുന്ന ഇലകള്‍ അഴുകി ഞണ്ടുകളുടെയും മീനുകളുടെയും ഭക്ഷണമായി തീരുന്നു. ഈ ചെടിയുടെ പച്ച നിറത്തിലുള്ള വിത്ത് തൊരോന്‍, ഞാറുണ്ട, മരഞണ്ട് തുടങ്ങിയ ചെറു ഞണ്ടിനങ്ങള്‍ - ഞങ്ങള്‍ ഇതിനെ പീച്ചാളികള്‍ എന്നു വിളക്കും - ഇവ മാളത്തിലേക്ക് വലിച്ചു കൊണ്ടുപോയി തിന്നുന്ന ഇവയുടെ ഇഷ്ടഭക്ഷണമാണ്. പെരുച്ചാഴി തുടങ്ങിയ പുഴയുടെ തീരത്തും വെള്ളത്തിലും ജീവിക്കുന്ന ജീവികള്‍ക്കും ഈ വിത്ത് ഭക്ഷണമാകുന്നു. 

ഈ ചെടികള്‍ കൂട്ടമായി വളരുന്ന വനപ്രദേശങ്ങള്‍ സ്വന്തം ദേശക്കാരും അല്ലാത്തവരുമായ ധാരാളം പക്ഷികളുടെ വളര്‍ത്തു കേന്ദ്രങ്ങളാണ്. കണ്ടിയപ്പനെപോലുള്ള കൊച്ച (കൊക്ക്)കളുടെ രാജാവ് എന്ന് വിളികൊണ്ട കൊക്കിനെ പ്‌രാന്തന്‍കണ്ടലിന്റെ കാട്ടിലാണ് അധികവും കണ്ടിട്ടുള്ളത്. വെളുത്ത കൊച്ച, തവിടി കൊച്ച, മീന്‍ കൊത്തി പലതരം, കാട, നീര്‍ക്കാക്ക, മുണ്ടക്കോഴി, അരണ്ടകള്‍ തുടങ്ങി നിരവധിയായ പക്ഷികള്‍ ഈ കാടുകളിലാണ് താമസിക്കുന്നത്. ഇവയുടെ വിസര്‍ജ്ജ്യങ്ങള്‍ അടങ്ങിയ ജന്തുജന്യ വസക്തുക്കള്‍ മീനുകളുടെ സവിശേഷ ആഹാരമാണ്. അതുകൊണ്ടാണ് കണ്ടല്‍വനങ്ങളും മീനുകളുടെ പെറ്റുപെരുകലും വളര്‍ച്ചയും തമ്മില്‍ സവിശേഷ ബന്ധമുണ്ടെന്ന് പറയേണ്ടി വരുന്നത്.

പ്രാന്തന്‍ കണ്ടല്‍
മൊട്ടും പൂവും
മത്സ്യത്തൊഴിലാളികള്‍ ഈ മരത്തിന്റെ തോല് അടര്‍ത്തിയെടുത്ത് ചതച്ച് വെളളത്തിലിട്ട് തിളപ്പിച്ച് ആറ്റിയെടുത്ത് അവരുടെ വീശുവല ഇതില്‍ മുക്കിവെക്കാറുണ്ട്. വലക്ക് ഈടും ബലവും കിട്ടാനുളള ഈ രീതി ''ചവറ് മുക്കല്‍'' എന്നാണ് അറിയപ്പെടുന്നത്.

ഈ ചെടിയുടെ പാകമായ ഇല അടുക്കെത്തറിച്ച് വേത് വെച്ച് വാതരോഗത്തിന് ധാരകോരുന്നത് പഴയകാലത്ത് സാധാരണമായിരുന്നു.

ഇതിന്റെ വിത്തിനെക്കുറിച്ച് നേരത്തെ പറഞ്ഞല്ലോ. ഇത് ഉണക്കിയെടുത്ത് പുറന്തോല്‍ ചെത്തി കളഞ്ഞാല്‍ ചന്ദനത്തിന്റെ നിറമാകും. ഇവ ചെറിയ കഷണങ്ങളാക്കി പത്ത് മുതല്‍ പതിനഞ്ച് ദിവസം വരെ വെളളത്തില്‍ കുതിര്‍ത്തുവയ്ക്കുന്നു. 

പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞ് ഈ കഷണങ്ങള്‍ കൊണ്ട് കോര്‍ത്തെടുത്ത മാല കഴുത്തിലും അരയിലും അണിയുന്നത് വാതരോഗത്തെ ചെറുക്കും. പുറന്തോല്‍ ചെത്തിമുനുക്കിയ വിത്ത് കുതിര്‍ത്തു വെച്ച വെളളം വെയിലത്തു വെച്ച് കുറുക്കിയെടുത്താല്‍ കാലില്‍ നീരുവരുന്നതിനും വാതത്തിനും പുറമേ പുരട്ടാവുന്നതാണ്. ഇതെല്ലാം ഏതാനും വര്‍ഷം മുമ്പ് വരെ ഞങ്ങളുടെ പൂര്‍വ്വികര്‍ക്കിടയില്‍ നിലനിന്ന ചികിത്സാരീതികളാണ്. 

ഇത്തരത്തില്‍ ഉണ്ടാക്കിയെടുത്ത എണ്ണ ഞാന്‍ പങ്കെടുക്കാറുളള ക്ലാസുകളിലും മറ്റും പലര്‍ക്കും നല്‍കിയിട്ടുണ്ട്. ഇതിന്റെ ഇലയുടെ തളിര്‍കൂമ്പിന് നല്ല ചുകപ്പ് നിറമാണ്. ഈ കൂമ്പ് ഒരു മാസം കഴിച്ചാല്‍ അരിശ്ശസ്സ് എന്ന രോഗത്തിന് ശമനമുണ്ടാകുമെന്ന് പഴയ ആള്‍ക്കാര്‍ പറയുന്നുണ്ട്. 1, 2 - കണ്ടല്‍ വനമേഖല രൂപപ്പെടുന്ന ആദ്യഘട്ടത്തില്‍ മുളച്ച് പൊന്തുന്ന
പോട്ട ഇനത്തില്‍ പെട്ട രണ്ട് തരം ചെടികള്‍. 
3 - തെയ്യാട്ടം, തിറയാട്ടം എന്നിവയ്ക്ക് അരയില്‍ കെട്ടുന്ന 'ഉടയെ' പ്രാദേശികമായി ഒട എന്ന് വിളിക്കാറുണ്ട്.

@@@@@@@@

*ഗ്രീന്‍ ബുക്‌സ് തൃശൂര്‍ പ്രസിദ്ധീകരിക്കുന്ന കല്ലേന്‍ പൊക്കുടന്റെ 'കണ്ടല്‍ ഇനങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്നും.

*വര: മോഹനസുബ്രഹ്മണി

2015, മാർച്ച് 26, വ്യാഴാഴ്‌ച

നില്പ്‌സമരം കരാര്‍ വ്യവസ്ഥ ആര് നടപ്പാക്കും? - കെ ടി റെജികുമാര്‍


ആദിവാസികള്‍ ആദിവാസി ഗോത്രസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 5 മാസത്തോളം നടത്തിവന്ന നില്പുസമരം സര്‍ക്കാരുമായി പലവട്ടം നടന്ന ചര്‍ച്ചയുടെ ഫലമായും മേധാ പട്കറിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലും ഒത്തുതീര്‍പ്പിലെത്തി. പുറത്തുവന്ന വാര്‍ത്തയുടെ പ്രധാന ഊന്നല്‍ മേധയുടെ ഇടപെടലിന്റേയും ചര്‍ച്ചയുടേയും ഫലമാണ് സമരം ഒത്തുതീര്‍പ്പായ തെന്നാണ്. ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. കാരണം ആദിവാസികളുടെ സ്വയം പ്രതിനിധാനത്തെ അത്രകണ്ട് വകവെച്ചുകൊടുക്കാന്‍ തയാറാകാത്ത ഒരു സാമൂഹ്യ വ്യവഹാര മണ്ഡലം കേരളത്തില്‍ ശക്തമാണ്. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ നടത്തുന്ന ശക്തമായ സമരത്തെ പിന്‍തുണക്കുന്നതിനെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമുദായിക പ്രസ്ഥാനങ്ങളും എതിരായിരുന്നു. ഈ എതിര്‍പ്പ് പ്രധാനമായും സമരത്തിന്റെ സ്വയം പ്രതിനിധാനത്തിനെതിരെയുള്ള ശക്തമായ നിരോധമാണ് പ്രകടിപ്പിച്ചത്. കേരളത്തിന്റെ പൊതു സാമൂഹ്യമണ്ഡലം അല്ലെങ്കില്‍ മുഖ്യാധാരാ പരിസരം പ്രാഥമികമായും രൂപപ്പെടുന്ന ഘട്ടം മുതല്‍ തന്നെ ദലിത്, മത്സ്യത്തൊഴിലാളി, ആദിവാസി വിഭാഗങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടു തന്നെയാണ് രൂപപ്പെട്ടു വന്നത്. അതിനാല്‍ ഈ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വികാസം സംഘടിത, മത - സാമുദായിക രാഷ്ട്രീയ വിഭാഗങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ വിഭാഗങ്ങള്‍ക്കെതിരേ, അവരുടെ അവകാശങ്ങള്‍ നഗ്നമായി ലംഘിക്കുന്നതിനോ ജനാധിപത്യ അവകാശങ്ങളെ ധ്വംസിക്കുന്നതിനോ ഭരണഘടന നല്‍കുന്ന സവിശേഷ അധികാരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കഴിയുന്ന ഒരു ഇടമായോ കേരളം മാറിയപ്പോഴാണ് ആദിവാസികള്‍ അവരുടെ സ്വയം പ്രതിനിധാനത്തെ അവതരിപ്പിച്ചു തുടങ്ങിയത്.

1975 ലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കുന്നതിനുള്ള നിയമം നിര്‍മ്മിച്ചെങ്കിലും ഒരിക്കലും നടപ്പാക്കുന്നതിന് തയാറായില്ല. അങ്ങനെയാണ് ഡോ. നല്ലതമ്പിതേര 1975 ലെ നിയമം നടപ്പാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. അന്ന് കേരള ഗവണ്‍മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണങ്ങള്‍ വിചിത്രമാണ്. നിയമം നടപ്പാക്കിയാല്‍ വലിയ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്നായിരുന്നു വിചിത്രമായ വാദഗതികള്‍. 1975 ലെ നിയമത്തിന്റെ തലക്കെട്ടില്‍ പറയുന്ന 'അന്യാധീനപ്പെട്ട' (alienation) ഇവിടെ കര്‍തൃത്വമില്ലാതെ, അജ്ഞാത കാരണങ്ങളാല്‍ സംഭവിച്ചില്ലെന്നു മനസിലാകുന്നത് ഇവിടെയാണ്.

കേരളത്തിലെ ക്രൈസ്തവ സഭ സംഘടിതമായും കൃത്യമായ പ്ലാനും പദ്ധതിയോടും കൂടി നടത്തിയ സംഘടിത കയ്യേറ്റമായിരുന്നു 'കുടിയേറ്റ'മെന്ന പേരില്‍ നടത്തിയത്. ആദിവാസികള്‍ കൃഷി ചെയ്ത് ജീവസന്ധാരണം നടത്തിവന്ന ഭൂമിയാണ് ബലമായും, അതല്ലെങ്കില്‍ കബളിപ്പിച്ചും തട്ടിയെടുത്തത്. മുട്ടത്തു വര്‍ക്കിയുടെ കഥകളില്‍ വര്‍ണിക്കുന്ന കാലാവസ്ഥയോടും വന്യമൃഗങ്ങളോട് പൊരുതുന്നതും, മണ്ണില്‍ പടവെട്ടിയും കനകം വിളയിക്കുന്ന പണിയല്ല യഥാര്‍ത്ഥത്തില്‍ നടന്നത്. ആദിവാസികളെ അവരുടെ സ്വന്തം മണ്ണില്‍ നിന്ന് തുരത്തുന്നതും അവരെ അടിമകളാക്കി പണിയെടുപ്പിച്ചും കനകം വിളയിക്കുന്ന പണിയാണ് അവര്‍ നടത്തിയതും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതും.

1999 ല്‍ നായനാര്‍ ഗവണ്‍മെന്റാണ് 1975 ലെ നിയമത്തെ അട്ടിമറിച്ചുകൊണ്ട് കക്ഷിരാഷ്ട്രീയ ഭേദമന്യേ, കെ ആര്‍ ഗൗരി ഒഴികെയുള്ള മുഴുവന്‍ എംഎല്‍എ മാരുടേയും ഐക്യദാര്‍ഢ്യത്തോടെ 1987 വരെയുള്ള ആദിവാസി ഭൂമിയില്‍ നടന്ന കയ്യേറ്റങ്ങള്‍ക്ക് നിയമ സാധുത നല്‍കിയത്. എന്നു മാത്രമല്ല ഈ നിയമം ഭരണഘടനയുടെ 9 ആം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നിയമപരമായ വ്യവഹാരങ്ങള്‍ക്ക് സംരക്ഷണം നല്‍കി. ആദിവാസി ഭൂമി നിയമപരമായി അന്യാധീന പ്പെടുത്തി എടുക്കുന്നതിന് ഗവണ്‍മെന്റ് നടത്തിയ നിരവധി സമരങ്ങള്‍ തെളിയിക്കുന്നത്, ആദിവാസി - ദലിത് - മത്സ്യത്തൊഴിലാളി വിരുദ്ധ ഫാസിസ്റ്റ് സാമൂഹ്യ അടിത്തറയുടെ രാഷ്ട്രീയത്തെയാണ്.

കേരളത്തില്‍ രൂപപ്പെട്ടു വന്നിട്ടുള്ള ആദിവാസി - ദലിത് - മത്സ്യത്തൊഴിലാളി വിരുദ്ധ സാമൂഹ്യ വ്യവഹാരമണ്ഡലം ശക്തമാണ്. അതുകൊണ്ടാണ് ആദിവാസികളുടെ സമരം 5 മാസം പിന്നിടുമ്പോള്‍ ചര്‍ച്ചക്ക് വിളിക്കുന്നത്. മറ്റേതൊരു സാമൂഹ്യ വിഭാഗങ്ങള്‍ക്കും സമാനമായ അവഗണനയുടെ അനുഭവപാഠങ്ങള്‍ ഉണ്ടാവില്ല. 2001 ല്‍ നടന്ന കുടില്‍കെട്ടി സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം ഗവണ്‍മെന്റും ആദിവാസികളും ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കണമെന്നതായിരുന്നു നില്പുസമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ പ്രധാനം. വാക്കുപാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണെന്ന മുദ്രാവാക്യമാണ് നില്പുസമരം ഉയര്‍ത്തിയത്.

കേരളം ഭരിക്കുന്നത് യഥാര്‍ത്ഥത്തില്‍ പ്രബല സമുദായങ്ങളാണ്. അവരുടെ താത്പര്യങ്ങളാണ് രാഷ്ട്രീയം. സി കെ ജാനുവിന് പകരം നില്പുസമരം നടത്തുന്നത് ഏതെങ്കിലും ഒരു സവര്‍ണ ബിഷപ്പാണെങ്കില്‍ സമരം രണ്ടു ദിവസം പിന്നിടില്ല. അതിനു മുമ്പ് ഒത്തുതീര്‍പ്പുണ്ടാകും. ആദിവാസികള്‍ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തികള്‍ അല്ലെന്നുള്ളതാണ് അവരുടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹൃതമാകാതെ നീങ്ങുന്നതിനു കാരണം.

നില്പുസമരം മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങള്‍ വനാവകാശ നിയമം നടപ്പാക്കുക, PESA, ആദിവാസികളുടെ ഊരുകളെ സ്വയം ഭരണ പഞ്ചായത്തുകളായി അംഗീകരിക്കുന്നതിനും സാമൂഹ്യ വനാവകാശ നിയമം നടപ്പാക്കിക്കിട്ടുക എന്നിവയായിരുന്നു. മുത്തങ്ങയില്‍ പൊലീസ് പീഢനങ്ങള്‍ക്കു വിധേയരായ 447 കുടുംബങ്ങള്‍ക്കും ഒരു ഏക്കര്‍ വീതം ഭൂമി നല്‍കുന്നതിനും 2.5 ലക്ഷം രൂപ വീതം നല്‍കുന്നതിനും പൊലീസ് പീഢനങ്ങള്‍ക്കു വിധേയരായ 44 കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും, മുത്തങ്ങയുമായി ബന്ധപ്പെട്ടു കോടതിയില്‍ നിലനില്‍ക്കുന്ന നിരവധി കേസുകള്‍ പിന്‍വലിക്കുന്നതിനും വ്യവസ്ഥ പ്രകാരം തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും അംഗീകാരം നല്‍കിയ 7693 ഹെക്ടര്‍ വനഭൂമി ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നതിനും പുതിയ വ്യവസ്ഥ പ്രകാരം കഴിയും.

ആദിവാസി ഫണ്ട് വിനിയോഗിച്ച് അവര്‍ക്ക് വിതരണം ചെയ്യുവാന്‍ വാങ്ങിയ ആറളം ഫാം ഇന്നും ആദിവാസികള്‍ക്ക് നല്‍കാതെ സ്വകാര്യ വ്യക്തികള്‍ക്ക് നിസാര പാട്ടത്തിന് പൈനാപ്പിള്‍ കൃഷിക്ക് നല്‍കിയിരിക്കുന്നത് വിചിത്രമാണ്. പൂക്കോട് ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ഭൂമി വെറ്റ്‌നറി കോളേജിന് നല്‍കിയതും പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്ന വസ്തുത സര്‍ക്കാരിന് ആദിവാസികള്‍ക്ക് ഭൂമി നല്‍കരുതെന്ന ഹിഡന്‍ അജണ്ട ഉണ്ടെന്ന സത്യമാണ്.

2001 ലെ കരാര്‍ വ്യവസ്ഥകള്‍ നടത്തിക്കിട്ടുന്നതിന് നില്പുസമരം നടത്തേണ്ടിവന്നു. ഇനി 2014 ലെ കരാര്‍ നടപ്പാക്കി കിട്ടുന്നതിന് അടുത്ത സമരം നടത്തേണ്ടി വന്നേക്കാം. കാരണം ആദിവാസി പ്രശ്‌നത്തില്‍ 1975 ലെ നിയമത്തിന്റെ ഗതികേട് നാം കണ്ടതാണ്.

കടപ്പാട്: സഖാവ് മാസിക 2015 ജനുവരി ലക്കം.

പ്രാചീനഭാരതത്തിലെ ഭൗതികവാദം - ദേവീപ്രസാദ് ചതോപാധ്യായ, വിവ: തിരുനല്ലൂര്‍ കരുണാകരന്‍


ദേവീപ്രസാദ്
ചതോപാധ്യായ
പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം 1991 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ നിന്നുള്ള വായനാ കുറിപ്പുകളാണ് താഴെ ചേര്‍ക്കുന്നത്.

1. ഈ ഗ്രന്ഥത്തിന്റെ വിഷയം പ്രാചീന മധ്യകാലങ്ങളിലെ ഭാരതീയ ദര്‍ശനത്തില്‍ കാണുന്ന സ്പഷ്ടമായ ഭൗതികവാദമാണ്.

ഭാരതീയ ദര്‍ശനത്തില്‍ 'പ്രാമാണിക ലോകഗാഥകള്‍' എന്ന് സാങ്കേതികമായി വിളിക്കപ്പെടുന്നതും ഭൗതികവാദികളുടേതെന്ന് അറിയപ്പെടുന്നവയുമായ ഒട്ടധികം പദ്യങ്ങളാണ്. ജനങ്ങള്‍ക്കിടയില്‍ (ലോകത്തില്‍) പ്രചരിച്ചിരുന്നവയാണെങ്കിലും ഈ ഗാഥകളുടെ കര്‍ത്താക്കള്‍ ആരാണെന്നറിയാന്‍ തരമില്ല. അജ്ഞാതമായ പൗരാണികകാലം മുതല്‍ പ്രചാരത്തിലുണ്ടായിരുന്ന ഇവ പ്രാമാണികങ്ങളെന്നു കരുതപ്പെട്ടു പോന്നു. ഈ ഗാഥകളെ ആദ്യകാല ഭൗതികവാദികളെക്കുറിച്ച് അറിയാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമായി സ്വീകരിക്കാം. ശരീരത്തില്‍ നിന്ന് ഭിന്നമായി ഒരാത്മാവും സ്വര്‍ഗ നരകങ്ങളെന്ന പരലോകങ്ങളും ഉണ്ടെന്നും, മരിച്ചവരെ ഉദ്ദേശിച്ചു നടത്തുന്ന ശേഷക്രിയാദികള്‍ക്ക് ഉദ്ദിഷ്ടഫലം ലഭിക്കുമെന്നും മറ്റുമുള്ള ആശയവാദികളുടെ വിശ്വാസത്തെ നിശിതമായി പരിഹസിക്കുന്നവയാണ് 'പ്രാമാണിക ലോകഗാഥകള്‍' (പേജ് 14, 15)

2. ഭാരതീയ ദര്‍ശനങ്ങളെ കുറിച്ചുള്ള പാഠപുസ്തകങ്ങള്‍ പറയത്തക്ക ദാര്‍ശനിക ചിന്തയൊന്നും ഉള്‍ക്കൊള്ളാത്ത ദൈവനിന്ദന വീക്ഷണമായിട്ടാണ് ഭൗതിക ദര്‍ശനത്തെ കണക്കാക്കുന്നത്.

പ്രാചീന - മധ്യകാല ഭാരതത്തിലെ എല്ലാ ദാര്‍ശനിക വീക്ഷണങ്ങളേയും അപേക്ഷിച്ച് ഭൗതിക വാദത്തിന് സുപ്രധാനമായ പല വശങ്ങളുണ്ടെന്നും വേണ്ടതുപോലെ പോഷിപ്പിച്ചെടുത്താല്‍ നമ്മുടെ പ്രത്യയശാസ്ത്രപരമായ സമകാലിക ആവശ്യങ്ങള്‍ നിറവേറ്റുമെന്നും ഇതില്‍ വാദിച്ചിരിക്കുന്നു (പേജ് 18)

3. എ ഡി രണ്ടാം നൂറ്റാണ്ടിനടുത്തുണ്ടായ ന്യായ സൂത്രത്തിന് എ ഡി നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ജീവിച്ചിരുന്ന വാത്സ്യായനന്‍ രചിച്ച പ്രസിദ്ധമായ ഭാഷ്യം ആരംഭിക്കുന്നത് സത്യത്തിന്റെ മാനദണ്ഡം പ്രയോഗമാണെന്ന് ഊന്നിപ്പറഞ്ഞു കൊണ്ടാണ്. ദാര്‍ശനികമായ ആശയവാദത്തെ ഖണ്ഡിക്കാന്‍ ഇക്കാര്യത്തിന് ഊന്നല്‍ നല്‍കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. (പേജ് 18, 19)

4. പ്രഭുക്കന്മാര്‍, പുരോഹിതന്മാര്‍, കച്ചവടക്കാര്‍ - ഇവരൊന്നാകെ ദ്വിജന്മാര്‍ - എന്നറിയപ്പെട്ടു. ഒരു ന്യൂനപക്ഷത്തിന് എല്ലാ ഭൗതികാധികാരങ്ങളും ചാര്‍ത്തിക്കിട്ടി യിരുന്ന ഒരു വ്യവസ്ഥയായിരുന്നു അത്. മറ്റുള്ള ജനങ്ങളെ ശൂദ്രന്‍ എന്ന പൊതുവിഭാഗമായി തള്ളിയിട്ടിരുന്നു. നേരിട്ട് സാധനങ്ങള്‍ ഉത്പാദിപ്പിച്ചിരുന്ന അവരുടെ അധികോത്പന്നങ്ങള്‍ കൊണ്ട് മാത്രമാണ് ദ്വിജന്മാരുടെ ഭൗതികാവശ്യങ്ങളെല്ലാം നിറവേറ്റിപ്പോന്നത്. (പേജ് 24)

5. പ്രാചീനഭാരതത്തില്‍, ദര്‍ശനങ്ങളില്‍ വെച്ച് ഏറ്റവും വിനാശകരമായ ഭൗതികവാദവുമായി ബന്ധപ്പെട്ട ഏതെങ്കിലും ആശയത്തോട് പ്രത്യക്ഷമായോ പരോക്ഷമായോ അനുഭാവം രേഖപ്പെടുത്തുന്നത് ഗുരുതരമായ രാഷ്ട്രീയാപകട മായിരുന്നിരിക്കണം. അതേ വീക്ഷണത്തില്‍ ന്യായ വൈശേഷികന്മാരുടെ അവസ്ഥയും ആപത്കരമായിരുന്നു. ഈ രാഷ്ട്ര തന്ത്രജ്ഞന്മാരുടെ രാഷ്ട്രീയ ദര്‍ശനം ദൈവവിധികളില്‍ നിന്ന് ആത്യന്തികമായ പ്രാമാണ്യം നേടി. വേദങ്ങള്‍ക്ക് പ്രാമാണ്യം നേടിക്കൊടുക്കാന്‍ ഉപയുക്തമല്ലെങ്കില്‍ തര്‍ക്കശാസ്ത്രത്തെ അവര്‍ രൂക്ഷമായെതിര്‍ത്തു. (പേജ് 25)

6. ആകയാല്‍ ന്യായ വൈശേഷികത്തിന്റെ ഉപജ്ഞാതാക്കളെ നേരിട്ട സവിശേഷ പ്രശ്‌നങ്ങളിലൊന്ന് നിയമനിര്‍മാതാക്കളുടെ നിരോധനത്തിന്റെ കണ്ണുവെട്ടിച്ച് തങ്ങളുടെ തര്‍ക്കശാസ്ത്രവും അനുവാദവും എങ്ങനെ സംരക്ഷിക്കാം എന്നതായിരുന്നു. രാഷ്ട്രമീമാംസകരുടെ ആശയപരമായ ആവശ്യങ്ങള്‍ക്ക് ഭാരിച്ച മോചനദ്രവ്യം കൊടുക്കുക എന്നതായിരുന്നു അവര്‍ കണ്ടുപിടിച്ച വിദ്യ. അവര്‍ വൈദിക പ്രാമാണ്യത്തിന്റെ അപ്രമാദിത്വം ഉറക്കെ പ്രഖ്യാപിക്കുകയും, ആത്മാവിലും അതിന്റെ മോക്ഷത്തിലും വിശ്വാസം ഭാവിക്കുകയും, പരലോകം യഥാര്‍ഥമാണെന്ന് വാദിക്കുന്നതായി നടിക്കുകയും ഇതിനെല്ലാം ഉപരി വൈദിക കര്‍മങ്ങള്‍ക്കായുള്ള പുരോഹിത വിധികളെ വാഴ്ത്തുകയും ചെയ്തു. അവര്‍ക്ക് അങ്ങനെ പലതും ചെയ്യേണ്ടിവന്നു. തങ്ങളുടെ ദര്‍ശനങ്ങളിലെ അടിസ്ഥാന തത്വം സംരക്ഷിക്കാനാണ് അവര്‍ അങ്ങനെ ചെയ്തത്. (പേജ് 25, 26)

7. ബി സി ആറാം നൂറ്റാണ്ടിലോ ഏഴാം നൂറ്റാണ്ടിലോ ഉണ്ടായതെന്ന് കരുതപ്പെടുന്ന ഉപനിഷത്തുകളുടേതിനേക്കാള്‍ കുറവല്ല ഭൗതിക വാദത്തിന്റെ പ്രാചീനത, എങ്കിലും ദാര്‍ശനിക ചരിത്രത്തില്‍ ചാര്‍വാകം എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത് വളരെ വൈകിയിട്ടാണ്. ചാര്‍വാകന്‍ എന്ന രാക്ഷസനെക്കുറിച്ച് പരാമര്‍ശമുള്ള മഹാഭാരതത്തി ലൊഴിച്ച് ഈ പേര് ആദ്യം പ്രയോഗിച്ചതായി ഞാന്‍ കാണുന്നത് ശാന്തരക്ഷിതന്റെ തത്വസംഗ്രഹം എന്ന ബൃഹത്തായ കൃതിക്ക് പഞ്ചിക എന്ന പേരില്‍ കമലശീലന്‍ രചിച്ച വ്യാഖ്യാനത്തിലാണ്.

കമലശീലനു ശേഷം ചാര്‍വാകന്‍ എന്ന പേര് ദര്‍ശന സാഹിത്യത്തില്‍ ഏതാണ്ട് സര്‍വസാധാരണമായിരുന്നു. (പേജ് 32)

8. ചാര്‍വാക ദര്‍ശനം എന്നാണ് എ ഡി 14 ആം നൂറ്റാണ്ടില്‍ മാധവന്‍ രചിച്ച സര്‍വദര്‍ശനസംഗ്രഹത്തിന്റെ ഒന്നാം അധ്യായത്തില്‍ അദ്ദേഹം നല്‍കിയിരിക്കുന്ന പേര് ചാര്‍വാകദര്‍ശനം എന്നാണ്. ഭൗതികവാദത്തെ ചാര്‍വാകം എന്നു വിളിക്കുന്ന ഏര്‍പ്പാട് അനന്തരകാലത്ത് വളരെ പ്രചാരത്തില്‍ വരികയും, എ ഡി 11 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൃഷ്ണമിശ്രന്‍ എന്ന നാടകകൃത്ത് ശങ്കരന്റെ തീവ്ര ആശയവാദം പ്രചിപ്പിക്കാന്‍ രചിച്ച പ്രബോധചന്ദ്രോദയം എന്ന അന്യാപദേശ നാടകത്തില്‍ ചാര്‍വാകന്‍ എന്ന പേരില്‍ ഒരു കഥാപാത്രത്തെ ഭൗതിക വാദത്തിന്റെ (ഭൗതിക വാദിയുടെ) പ്രതിനിധിായി അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള വസ്തുത ആനുഷംഗികമായി പ്രസ്താവിച്ചുകൊള്ളട്ടെ. (പേജ് 33)


തിരുനല്ലൂര്‍
കരുണാകരന്‍
9. പണ്ടുകുറേക്കാലം ലോകായതം എന്ന പേരുകൊണ്ടാണ് ഭൗതികവാദത്തെ പരാമര്‍ശിച്ചി രുന്നത്. കുറേക്കാലം ആ പേരിനായിരുന്നു പ്രചാരം. മിക്കവാറും 8 ആം ശതകത്തിനു ശേഷം ഭൗതികദര്‍ശനത്തെ കുറിക്കുന്ന പേരില്‍ വ്യക്തമായ മാറ്റം വന്നു. (പേജ് 34)

10. ശങ്കരന്റെ വിശ്വസ്ത അനുയായിയായ മാധവന്‍ ഭൗതികവാദത്തെ ചാര്‍വാകം എന്ന പേരില്‍ നിഷേധിച്ചപ്പോള്‍ ശങ്കരന്‍ അതിനെ പരാമര്‍ശിക്കാന്‍ ലോകായതം എന്ന പേരാണ് ഉപയോഗിച്ചത്. (പേജ് 35)

സാധാരണ ജനങ്ങള്‍ക്കിടയില്‍ അഥവാ പ്രാകൃത ജനങ്ങള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയത് എന്നാണ് ലോകായതം എന്നതിന്റെ വാച്യാര്‍ത്ഥം. (പേജ് 35)

വിട്ടുവീഴ്ചയില്ലാത്ത ഭൗതികദര്‍ശനമെന്നാണ് ലോകായതത്തിന്റെ അര്‍ത്ഥം. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന ദര്‍ശനം - സ്ത്രീപുരുഷന്മാരടങ്ങുന്ന ജനസഞ്ചയം സ്വാഭാവികമായംഗീകരിച്ച ദര്‍ശനം - എന്നുകൂടി അതിന് അര്‍ത്ഥമുണ്ട്.

എട്ടാം നൂറ്റാണ്ടിലോ ഒന്‍പതാം നൂറ്റാണ്ടിലോ മറ്റൊരു പേരുണ്ടായി അതാണ് ചാര്‍വാകം. (പേജ് 36)

11. സാധാരണ ജനങ്ങള്‍ക്കിടയില്‍ (ലോകത്തില്‍) പ്രചരിച്ചിരുന്നത് (ആയതം) ആയതുകൊണ്ടാണ് ലോകായതം എന്ന പേരുണ്ടായത്. (പേജ് 43)

12. ഭൗതികവാദികളുടെ യഥാര്‍ത്ഥ ഗ്രന്ഥങ്ങള്‍ നമുക്ക് ലഭിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചത് അത്തരം ഗ്രന്ഥങ്ങള്‍ ഒരു കാലത്തും ഇല്ലാതിരുന്നതു കൊണ്ടാണോ? അങ്ങനെ വരാനുള്ള സാധ്യതക്കെതിരായി ജി സൂച്ചി, എസ് എന്‍ ദാസ്ഗുപ്ത തുടങ്ങിയ മികച്ച ആധുനിക പണ്ഡിതന്മാര്‍ നിര്‍ണായകമായ തെളിവുകള്‍ ഹാജരാക്കുന്നു. ഭൗതികവാദികളുടെ ഗ്രന്ഥങ്ങള്‍ ഒരു കാലത്ത് പ്രചാരത്തിലിരുന്നു എന്നതിന് പ്രധാനമായും വ്യാകരണ കൃതികളില്‍ നിന്നുള്ള അനിഷേധ്യമായ തെളിവുകള്‍ അവര്‍ക്കുണ്ട്. ഒരു ഭൗതിക വാദിയുടെ നഷ്ടപ്പെട്ടുപോയ ഗ്രന്ഥത്തിന് ഭാഗുരി എന്നൊരു വ്യാഖ്യാനം പോലും ഉണ്ടായിരുന്നു. (പേജ് 47)

13. ഈ ഗ്രന്ഥങ്ങള്‍ക്ക് എന്തുപറ്റി? പ്രാചീന യവന ദാര്‍ശനികനായ ഡെമോക്രിറ്റസിന്റെ ആണവ ഭൗതികവാദത്തോടു വെറുപ്പു തോന്നിയ പ്ലേറ്റോ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ചുട്ടുകളയണമെന്ന് ആവശ്യപ്പെട്ടതായും അത് നടപ്പാക്കിയതായും ജോര്‍ജ് തോംസണ്‍ പ്രസ്താവിക്കുന്നു. ആ നിലക്ക് പ്രാചീന ഭാരതത്തിലെ ഭൗതിക വാദികളുടെ ഗ്രന്ഥങ്ങളുടേയും വിധി ഇതുതന്നെയായിരുന്നി രിക്കണം. ഇക്കാര്യം ജവഹര്‍ലാല്‍ നെഹ്രു ഒരിക്കല്‍ ഊന്നിപ്പറഞ്ഞിട്ടു ള്ളതാണ്. ഏതായാലും മഹാഭാരതത്തിന് ചാര്‍വാകനെ ചുട്ടെരിക്കുന്നിടം വരെ പോകാമെങ്കില്‍ ഭൗതികവാദികളുടെ ഗ്രന്ഥങ്ങളും ബോധപൂര്‍വം നശിപ്പിക്കപ്പെട്ടിരിക്കുക എന്നത് പ്രഥമദൃഷ്ട്യാ സംഭവ്യമാണ്. (പേജ് 47,48)

2015, മാർച്ച് 25, ബുധനാഴ്‌ച

ഇങ്ങനെയൊക്കെയാണ് ഞാന്‍ കണ്ടല്‍ പൊക്കുടനായത് - കല്ലേന്‍ പൊക്കുടന്‍


ഞാന്‍ ഒരു ദൈവ വിശ്വാസി യാണ്. പ്രകൃതി യാണ് എന്റെ ദൈവം. ജനങ്ങളും. എനിക്ക് പത്തെഴു പത്തിയഞ്ച് വയസ്സായി. ഇക്കാല മത്രയും ഈ ദുരിതങ്ങ ളിലത്രയും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത് പ്രൃതിയിലുള്ള എന്റെ വിശ്വാസം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. പാര്‍ട്ടിയുമായി അകന്നപ്പോള്‍ ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു പോയതായി തോന്നി. പാര്‍ട്ടിയിലും ഞാന്‍ ഒറ്റയ്ക്കു തന്നെയായിരുന്നു. കണ്ടല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഈ ഒറ്റപ്പെടല്‍ ഇല്ലാതാക്കി എന്നു പറയാം. കണ്ടല്‍ നട്ടു വളര്‍ത്തുമ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം വളരെയാണ്. ഇന്നെനിക്ക് കേരളത്തിലും പുറത്തും നല്ല സുഹൃത്തുക്കള്‍ ഉണ്ട്. എന്റെ കുടുംബം ഞാന്‍ ചെയ്ത എളിയ കാര്യം കരുതലോടെ തിരിച്ചറിയുന്നു. ഏറെക്കുറെ നാട്ടുകാരും. ചെറുതും വലുതുമായി അറുപതില്‍ അധികം അംഗീകാരങ്ങള്‍ കിട്ടി. ആത്മകഥയേയും പ്രവര്‍ത്തനങ്ങളേയും സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു. എന്നാല്‍ ഇതൊന്നും എന്നെ അത്രയൊന്നും സന്തോഷിപ്പിക്കുന്നില്ല. കാരണം കണ്ടലുകളുടേയും നീര്‍ത്തടങ്ങളുടേയും പ്രാധാന്യത്തെക്കുറിച്ചുള്ള പൊതുജനബോധം കൂടുന്നതിനേക്കാള്‍ വേഗത്തില്‍ അവയുടെ നാശവും സംഭവിക്കുന്നു. പുതിയ ഒരു സൂത്രം കൃഷി ചെയ്യാനാണെന്ന കാര്യം പറഞ്ഞ് ഏക്രകളോളം കണ്ടല്‍ വനം വെട്ടി നശിപ്പിക്കുക എന്നതാണ്. കൃഷി നടക്കുമോ എന്ന് പിന്നീട് പോയി നോക്കിയാലറിയാം. അഞ്ഞൂറിലധികം സ്‌ക്കൂളുകളില്‍ ഞാന്‍ പോയിട്ടുണ്ട്. നീര്‍ത്തടങ്ങളെ ക്കുറിച്ചും മീനുകളെക്കുറിച്ചും കണ്ടല്‍ ഇനങ്ങളെക്കുറിച്ചും കുട്ടികളോട് എന്റെ അനുഭവം പറഞ്ഞിട്ടുണ്ട്. പുഴ, നീര്‍ത്തടം, പുഴജീവികള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ട്. പാഠപുസ്തകങ്ങളില്‍ ഈ കാര്യങ്ങള്‍ ഇനിയും വേണ്ടത്ര വന്നിട്ടില്ല എന്നു തോന്നുന്നു. കുട്ടികളിലും അധ്യാപകരിലുമാണ് എന്റെ പ്രതീക്ഷ.

കണ്ടലുകളെ കണ്ടത്

ഏഴോം പഞ്ചായത്തിലെ വലിയ മുതലാളിയാണ് ചപ്പന്‍ മമ്മദ് എന്ന ആള്‍. അയാളുടെ വിശ്വസ്തനായ പണിക്കാരനായിരുന്നു എന്റെ അച്ഛന്‍. ചപ്പന്‍ മമ്മദ് മുതലാളിക്ക് ഏഴോത്ത് വലിയ രണ്ട് ചെമ്മീന്‍ കെട്ടുണ്ടായിരുന്നു. നെരങ്ങിന്റെ മാട് എന്ന സ്ഥലത്തും കണിയാന്റയം എന്ന സ്ഥലത്തും. അഴിമുഖത്തോട് ചേര്‍ന്ന് പുഴയുടെ തീരത്ത് കടല്‍ കൊണ്ടിടുന്ന വിസ്തൃതമായ എക്കലുകളില്‍ ചിലത് പുഴ തന്നെ തിരിച്ചെടുക്കുന്നു. തിരിച്ചെടുക്കാതെ അവ നിലനിറുത്തിയാല്‍ ഈ എക്കല്‍ ഭാഗത്ത് പോട്ടച്ചെടികളും ഓര്‍ക്കറുകയും മുളച്ചു പൊന്തും. ചെടികള്‍ക്കു നടുവിലായി ചെറുതും വലുതുമായ നീര്‍ക്കെട്ടുകള്‍ രൂപപ്പെടും. ഈ നീര്‍ക്കെട്ടുകള്‍ പുഴയുടെ ഒഴുക്കില്‍ നിന്നും മാറി നില്‍ക്കുന്ന ഒരിടമാണ്. പല തരത്തിലുള്ള ചെമ്മീനുകളും പുഴമീനുകളും മുട്ടയിട്ട് പെരുകുന്നത് ഈ നീര്‍ത്തടങ്ങളിലാണ്. കണ്ടല്‍ വേരുകള്‍ മീന്‍ കുഞ്ഞുങ്ങളേയും ചെമ്മീന്‍ കുഞ്ഞുങ്ങളേയും ഒഴുക്കില്‍ നിന്നും കാത്തുവെച്ച് വളര്‍ത്തുന്നു. പഴുത്ത് വീഴുന്ന കനമുള്ള കണ്ടല്‍ ഇലകളും കണ്ടല്‍ ചില്ലകളില്‍ പാര്‍ക്കുന്ന പക്ഷികളുടെ വിസര്‍ജ്ജ്യവും മീന്‍ കുഞ്ഞുങ്ങളുടെ ആഹാരമായി തീരുന്നു. ഈ എക്കല്‍ മാടുകള്‍ വിസ്തൃതമാണ്. വളക്കൂറുള്ള ഈ പ്രദേശങ്ങളെ ബണ്ടുകെട്ടി പുഴയുടെ ഒഴുക്കില്‍ നിന്നും സംരക്ഷിക്കുക എന്നത് ചിറക്കല്‍ തമ്പുരാന്റെ തീരുമാനമായിരുന്നു. കൃഷിയായിരുന്നു ലക്ഷ്യം. അങ്ങനെയാണ് രാഷ്ട്രശ്രദ്ധ പിടിച്ചു പറ്റിയ കൈപ്പാട് കൃഷി ഉണ്ടാകുന്നത്. ഓര്‍ക്കറുകയും പോട്ടച്ചെടികളും അരിഞ്ഞെടുത്ത് ഉപ്പൂറ്റിയുടെ ചില്ലയും ഇട്ട് ചേറ് മറിച്ച് ഒഴുക്കിനെതിരെ കെട്ടിയുണ്ടാക്കുന്ന ഈ ബണ്ടുകളെ ശക്തമായ തിരമാലകള്‍ തകര്‍ത്തു കളയും. ഈ ബണ്ടുകളെ തിരമാലകളില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ടിയാണ് അച്ഛനടക്കമുള്ള പൂര്‍വ്വികര്‍ പുഴയുടെ തീരത്ത് കണ്ടല്‍ നട്ടുപിടിപ്പിച്ചത്. പ്രാന്തന്‍ കണ്ടലടക്കമുള്ള ചെടിയുടെ വേരുകള്‍ക്ക് തിരമാലകളെ തടുക്കാനുള്ള കരുത്തുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത് അവരുടെ ഈ കാഴ്ചപ്പാടുകളിലൂടെയാണ് അന്നു തൊട്ടു തന്നെ ഈ ചെടികളെ സാധാരണയില്‍ കവിഞ്ഞ് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ചപ്പന്‍ മമ്മദിന്റെ ചെമ്മീന്‍ ബണ്ടില്‍ നിന്നാണ് ഞാന്‍ കണ്ടലിനെ കണ്ടതും അറിയാന്‍ ശ്രമിച്ചു തുടങ്ങിയതും. ആഴമുള്ള തോടുകളും വലിയ ചെമ്മീന്‍ മഞ്ചകളും നോക്കെത്താത്ത കൈപ്പാടുപാടങ്ങളും ഇന്നില്ല.

ക്ലാസ് മുറിയും കൈപ്പാടും 

അഞ്ച് വര്‍ഷം ഞാന്‍ സ്‌ക്കൂളില്‍ പോയിട്ടുണ്ട്. ഏഴോത്തെ ഹരിജന്‍ വെല്‍വേര്‍ സ്‌ക്കൂളില്‍. പഠിക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പല്ലുതേപ്പിനും കുളിക്കുമൊക്കെ ഒരു സമയക്രമം ഉണ്ടായത് സ്‌ക്കൂളില്‍ വെച്ചാണ്. പഠിക്കാന്‍ പോകണ്ട എന്ന് മുതലാളി ശാസന പുറപ്പെടുവിച്ചു. അച്ഛന്‍ മുതലാളിയെ പിന്തുണച്ചു. എന്റെ പഠിത്തം മുടങ്ങിയതിന്റെ ആദ്യകാരണം മുതലാളിയാണ്. പിന്നെ അച്ഛനും. കുട്ടിക്കാലത്തു തന്നെ എന്തും സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. അഞ്ച് വര്‍ഷം പഠിച്ചിട്ടും മാഷന്മാര് എനിക്ക് ക്ലാസ് കയറ്റം തന്നില്ല. ഒന്നാം ക്ലാസില്‍ നിന്നും രണ്ടാം ക്ലാസിലേക്കും രണ്ടാം ക്ലാസില്‍ നിന്നും ഒന്നാം ക്ലാസിലേക്ക് തിരിച്ചും എന്നെ മാറ്റി മാറ്റി ഇരുത്തി. അക്ഷരം പോലും പഠിക്കാതെ സ്‌ക്കൂള്‍ വിട്ടു. ഇന്ന് എഴുതുന്നതും വായിക്കുന്നതും ഞാന്‍ പാര്‍ട്ടി പത്രത്തില്‍ നിന്ന് പഠിച്ച അക്ഷരബോധം കൊണ്ടാണ്. ക്ലാസില്‍ പഠിക്കാന്‍ കഴിയാതെ പോയത് കൈപ്പാട്ടില്‍ നിന്നും പഠിക്കുകയാ യിരുന്നു. ചെടികളുടെ വേര്, ഇല, പൂവ്, കായ, വിത്ത്, വിത്ത് വിതരണം, കണ്ടലുകള്‍ക്കിടയിലെ മരുന്ന് ചെടികള്‍, കന്നുകാലികള്‍ തിന്നുന്നവ, തിന്നാത്തവ, വളമായ് ഉപയോഗിക്കാവുന്നവ, ഉപയോഗിക്കാന്‍ കഴിയാത്തവ , നട്ടുപിടിപ്പിക്കാന്‍ കഴിയുന്നവ, അല്ലാത്തവ, പൂമ്പാറ്റകള്‍ക്ക് ഇഷ്ടമായവ, പക്ഷികള്‍ക്ക് ഇഷ്ടമായവ ,മനുഷ്യന്‍ തിന്നുന്നവ എന്നിങ്ങനെ ഞാന്‍ അവയെ നോക്കിയും പഠിച്ചും തരംതിരിച്ചും നിന്ന കാലമാണത്. നൂറുകണക്കിന് മീനുകളെയും പുഴ ജീവികളെയും അടുത്ത് നിന്നും പിടിച്ചും തിന്നും പരിചയപ്പെട്ടിട്ടുണ്ട്. ഓരോ ചെടിയും ഓരോ പുഴജീവിയും ഞങ്ങളുടെ ജീവിതവുമായി അത്രകണ്ട് അടുത്തിരുന്നു. ഭക്ഷണം, വിറക്, പായ, കുരിയ, തൊഴില്‍ ചികിത്സ , കാലിത്തീറ്റ, അങ്ങനെ നീര്‍ത്തടവും കണ്ടലും ജീവിതവുമായി മാറ്റി നിര്‍ത്താന്‍ കഴിയാത്ത വിധം ചേര്‍ന്നു നിന്നു. അതുകൊണ്ടാവാം ഇത് നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചുപോയത്.


പ്രാന്തന്‍ കണ്ടല്‍
കര്‍ഷകസംഘം കണ്ടല്‍ കൃഷി

നീര്‍ത്തടങ്ങളുമായും കണ്ടല്‍ വനങ്ങളുമായും ലയിച്ചു ജീവിച്ച ഞാനടങ്ങുന്ന ഒരു വിഭാഗത്തിന് ഈ ഭൂമിക്കും വനത്തിനും മേലെ ഒരു അധികാരവും അവകാശവും ഇല്ലെന്ന് നേരത്തെ തിരിച്ചറിഞ്ഞു. അങ്ങനെ ഉണ്ടാവണമെന്ന് ചെറുപ്പത്തില്‍ തന്നെ ആഗ്രഹിച്ചു. മുതലാളിമാര്‍ ചെമ്മീന്‍ കണ്ടിയില്‍ നിന്നും ചെമ്മീന്‍ പിടിച്ചുണ്ടാക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം കര്‍ഷകര്‍ക്കും കിട്ടണമെന്ന് ആവശ്യം ഞങ്ങള്‍ ഉന്നയിച്ചു. സമരം ചെയ്തു. കര്‍ഷക സംഘത്തിന്റെ പിന്തുണ കിട്ടി. സമരം കാരണം രണ്ടോ മൂന്നോ തവണ ജയിലിലടയ്ക്കപ്പെട്ടു. നിരവധി പോലീസ് കേസില്‍ പ്രതിയായി. ഒളിവിലായി. ചെമ്മീന്‍ പണം കര്‍ഷകര്‍ക്കും കൊടുക്കാന്‍ തീരുമാനമായി പുലയരായ കര്‍ഷകര്‍ക്കൊന്നും പണം കിട്ടിയില്ല. കാരണം അവരാരും കര്‍ഷകരായിരുന്നില്ല. വെറും കര്‍ഷകത്തൊഴിലാളികള്‍ മാത്രം. സമരം തീരുമാനിച്ചവരും നയിച്ചവരും ഞങ്ങളായിരുന്നു. സമരവും ദുരിതവും ഒരു കൂട്ടര്‍ക്ക് ഗുണം വേറൊരു കൂട്ടര്‍ക്ക് . ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അന്നുമാത്രമല്ല ഇന്നും ഇതൊക്കൊ തന്നെയല്ലേ പുതിയ രൂപത്തില്‍ നടക്കുന്നത്? പാര്‍ട്ടിയില്‍ നിന്നും അകലാന്‍ ഉണ്ടായ ഒരു പാട് കാരണങ്ങളില്‍ ഈ സമരാനുഭവം പ്രധാനപ്പെട്ട ഒന്നായിരുന്നു. കഷ്ടിച്ച് ഒരു വര്‍ഷത്തിലധികം ഒരു രാഷ്ട്രീയ സംഘടനയുമായും യാതൊരു ബന്ധവും പുലര്‍ത്താതെ നിന്നു. ഈ കാലത്താണ് കണ്ടല്‍ കൃഷി എന്ന ആശയത്തിലേക്ക് മനസ്സ് നീങ്ങിയത്.

കണ്ടലും കണ്ണീരും

1989 നു മുമ്പു തന്നെ വിത്തിന്റെ തിരഞ്ഞെടുപ്പും സ്ഥലം കണ്ടെത്തലുമൊക്കെയായി ഒന്നു രണ്ടു വര്‍ഷം കടന്നുപോയി. ഇരുപത്തിയഞ്ചു ചെടികള്‍ ആദ്യം നട്ടു. നട്ട സമയം, ആഴം, സ്ഥലം ഇങ്ങനെ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അടുത്തഘട്ടം നൂറോളം ചെടികള്‍ അത് ഏറെക്കുറെ വിജയം എന്നുപറയാവുന്ന തരത്തിലായിരുന്നു. ആയിരത്തിലും പതിനായിരത്തിലുമെത്തുമ്പോള്‍ ചെടികള്‍ ഞാന്‍ കരുതയതിനെക്കാള്‍ വേഗത്തിലും നന്നായും വളര്‍ന്നു. ഈ ചെടികള്‍ കാണാന്‍ നിരവധി പേരെത്തി. രാഷ്ട്രീയ പ്രവര്‍ത്തന ത്തിലും സമൂദായ പ്രവര്‍ത്തനത്തിലും അനുഭവിച്ച സങ്കടങ്ങള്‍, ഒറ്റപ്പെടലുകള്‍ ഇല്ലാതായി. ധാരാളം അധ്യാപകരും പരിസ്ഥിതിക്കാരും ഗവേഷകരും വന്നു. വിദേശത്തു നിന്നു പ്രശസ്തരെത്തി. മലയാളത്തിലും ഇംഗ്ലീഷിലും പത്രങ്ങള്‍ എഴുതി. അംഗീകാരങ്ങള്‍ വന്നു. ധാരാളം വേദികളില്‍ലേക്ക് ക്ഷണിക്കപ്പെട്ടു.

സമമായി ശത്രുക്കളും പെരുകി. പാര്‍ട്ടിയെക്കാള്‍ അപകടകരമായ അവസ്ഥകള്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിലുമുണ്ടായി. ആറുവര്‍ഷം പ്രായമായ പതിനായിരത്തില്‍പ്പരം ചെടികള്‍ ഒറ്റ പകലുകൊണ്ട് നാട്ടുകാരില്‍ ചില ഗ്രൂപ്പുകള്‍ വെട്ടിനശിപ്പിച്ചു. എല്ലാവരും നിശബ്ദമായി നോക്കി നിന്നു. പലരും അതിന് പിന്തുണ നല്‍കിയിരുന്നു എന്ന് ഞാന്‍ പിന്നീട് അറിഞ്ഞു. മനസ്സിനു അത് താങ്ങാന്‍ കഴിഞ്ഞില്ല. ചികിത്സ തേടേണ്ടിവന്നു. ആ ചെടികള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് ലോകത്തിനു തന്നെ മാതൃകയാകുമായിരുന്നു. എന്റെ ജാതി, വിദ്യാഭ്യാസം, ആദ്യകാല രാഷ്ട്രീയം ഇതൊക്കെ പരിസ്ഥിതി പ്രവര്‍ത്തനത്തിലും പ്രശ്‌നമായി തുടങ്ങി. രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടുണ്ടായ അനുഭവം ഇടപെടുന്നവരെയും അവരുടെ താല്‍പര്യങ്ങളെയും വേഗത്തില്‍ തിരിച്ചറിയാന്‍ എന്നെ സഹായിച്ചു.

അടുത്തു നിന്നവരും മാറിനിന്നവരും പലതും പറഞ്ഞു. ഭ്രാന്തന്‍, പണമുണ്ടാക്കുന്നവന്‍ പ്രശസ്തിക്കു പിന്നാലെ പോകുന്നവര്‍ രാഷ്ട്രീയമില്ലാത്തയാള്‍ അങ്ങനെ പലതും. ഒരു ഘട്ടം കുടുംബം പോലും ഇങ്ങനെയൊക്കെ ചിന്തിക്കുകയും പറയുകയും ചെയ്തു. ഇന്ന് വലിയ വിഭാഗം എന്നെ തിരിച്ചറിയുന്നു. കുടുംബം എന്നെ മനസ്സിലാക്കുന്നു വെന്ന് മാത്രമല്ല എന്റെ പ്രവര്‍ത്തനങ്ങളെ പലതരത്തിലും സഹായിക്കുന്നു. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ അതാണ് എന്റ വലിയ സന്തോഷങ്ങളിലൊന്ന്.

കണ്ടല്‍ കുറിപ്പുകള്‍

സ്‌കൂളുകള്‍, കോളേജുകള്‍, ക്ലബ്ബുകള്‍ എന്നിങ്ങനെ ധാരാളം വേദികളില്‍ നീര്‍ത്തട-കണ്ടല്‍ കാര്യങ്ങള്‍ സംസാരിക്കേണ്ടിവന്നു. തീരസംരക്ഷണം, ശുദ്ധജല സംരക്ഷണം, മത്സ്യ സമ്പത്തിന്റെ നിലിനില്‍പ്പ് എന്നിവയില്‍ കണ്ടല്‍ വനമേഖലയ്ക്കുള്ള സ്ഥാനം എന്താണെന്ന് അറിയാത്ത അവസ്ഥ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു പരിധി വരെ ജനങ്ങള്‍ക്കുമുണ്ടെന്ന് ഈ തരം കൂടികാഴ്ചകളില്‍ നിന്നും എനിക്ക് മനസ്സിലായി. കണ്ടല്‍ വനമേഖലയെക്കുറിച്ച് അറിയാന്‍ വലിയ താല്‍പര്യവും ഉത്സാഹവും അവര്‍ കാണിച്ചു. ഒരാഴ്ചയില്‍ രണ്ടും മൂന്നും ദിവസം എനിക്ക് യാത്ര ചെയ്യേണ്ടിവന്നു. കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്രകള്‍ കണ്ടല്‍ വിത്തുമായി ചെന്ന സ്ഥലങ്ങള്‍ ഈ ജില്ലകളിലൊക്കെ ധാരളമുണ്ട്. ഇത്തരം ക്ലാസ്സുകളില്‍ മറക്കാതെ പറയാന്‍ ഓരോ ചെടിയെക്കുറിച്ചും എഴുതി തയ്യാറാക്കിയ കുറിപ്പുകള്‍ മക്കള്‍ മാറ്റി എഴുതി. അങ്ങനെ മാറ്റിയെഴുതിയ കുറിപ്പുകളാണ് ചൂട്ടാച്ചി എന്ന പേരില്‍ പുസ്തകമായത്.—

ഇരുപത്തിരണ്ടിനം കണ്ടല്‍ച്ചെടികള്‍ മാത്രമാണ് കേരളത്തിലുളളത്. അവയ്ക്ക് പരിസ്ഥിതിയില്‍ വലിയ പ്രാധാന്യമുണ്ട്. പേരുണ്ട്, മനുഷ്യവംശത്തെ തന്നെ നിലനിറുത്തുന്ന വലിയ ധര്‍മ്മങ്ങളുണ്ട്. നൂറുകണക്കിന് പുഴ ജീവികള്‍ പെറ്റുപെരുകാനും വളരാനും ഇവ വേണം. ഈ ചെടികളുടെ പേരുകള്‍ വരും തലമുറ ഏറ്റു പറയണം. അതിനായിട്ടാണ് ഈ ഇരുപത്തിരണ്ട് കുറിപ്പുകള്‍ എഴുതിയത്. എന്റെ അനുഭവങ്ങളുടെ ഓര്‍മ്മകള്‍ മാത്രമാണിത്. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഈ കുറിപ്പുകള്‍ പരമ്പരയായി വന്നപ്പോള്‍ ഏറെ സന്തോഷിച്ചത് മീനാക്ഷിയാണ്. പുസ്തകം കാണാന്‍ നില്‍ക്കാതെ അവള്‍ യാത്രയായി. അടുത്ത തലമുറക്കായി എനിക്ക് കരുതിവെക്കാന്‍ ഈ കണ്ടല്‍ കുറിപ്പുകള്‍ മാത്രമേ ഉള്ളൂ. അവയുടെ സംരക്ഷണം ഏറ്റെടുക്കുന്നവര്‍ക്ക് ഇത് എന്തെങ്കിലും തരത്തില്‍ വെളിച്ചമാകുമെന്ന് ഞാന്‍ കരുതുന്നു.

കടപ്പാട് :'ചന്ദ്രിക' ആഴ്ചപ്പതിപ്പ് 

ഫലിതം മലയാള സാഹിത്യത്തില്‍ - പി സി സനല്‍കുമാര്‍


ഫലിതം ഇഷ്ടപ്പെടുന്നവരാണ് പൊതുവേ മലയാളികള്‍. ഫലിതത്തിന്റെ കുലപതിയായ കുഞ്ചനും പച്ചമലയാളത്തില്‍ ഫലിത ശ്ലോകങ്ങളെഴുതിയ മഹാകവി തോലനുമൊക്കെ മലയാളിയുടെ ഫലിതബോധത്തെ ഊട്ടിയുറപ്പിച്ച വരാണ്. ഉള്ളില്‍ അല്പം ഈഗോ ഉണ്ടാവാമെങ്കിലും ഫലിതത്തിനു നേരേ പുറംതിരിഞ്ഞു നില്‍ക്കുന്നവരല്ല മലയാളികളെന്നു നമുക്ക് വിശ്വസിക്കാം.

എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ വളരെ ശുഷ്‌കമാണ് നമ്മുടെ മലയാള ഫലിത സാഹിത്യം. വിരലിലെണ്ണാവുന്ന ഏതാനും പേര്‍ മാത്രമാണ് ഇന്ന് ഈ രംഗത്തുള്ളത്. സഞ്ജയനും ഇ വി കൃഷ്ണപിള്ളക്കും ശേഷം വളരെ കുറച്ച് അനുയായികള്‍ മാത്രമാണ് ഈ മേഖലയില്‍ എത്തിപ്പെട്ടത്. അവരില്‍ പലരും കാലയവനികക്കുള്ളില്‍ മറഞ്ഞു. വേളൂര്‍ കൃഷ്ണന്‍കുട്ടി, വി കെ എന്‍, രാജരാജവര്‍മ, ജഗതി എന്‍ കെ ആചാരി, കെ എസ് കൃഷ്ണന്‍ എന്നിവരൊക്കെ മണ്‍മറഞ്ഞവരില്‍ പെടുന്നു. ജനകീയ ഹാസ്യത്തിന്റെ ശക്തനായ വക്താവായിരുന്നു അന്തരിച്ച വേളൂര്‍. എഴുതിയും പറഞ്ഞുമൊക്കെ അദ്ദേഹം മലയാളിയെ നന്നായി ചിരിപ്പിച്ച് 50 വര്‍ഷത്തോളം ഈ രംഗത്ത് ഒന്നാം നമ്പര്‍ താരമായി വിലസുകതന്നെ ചെയ്തു. ഹാസ്യത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി അത് വാങ്ങിയതും വേളൂര്‍ കൃഷ്ണന്‍കുട്ടിതന്നെ. വിനോദഭാവന എന്നാണ് ആ സാഹിത്യരൂപത്തിന് അദ്ദേഹം നല്‍കിയ പേര്. പുതിയ എഴുത്തുകാരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുവാനും അദ്ദേഹത്തിനു സാധിച്ചു. അസാധാരണമായ ഫലിതബോധംകൊണ്ട് അനുഗൃഹീതനായിരുന്നു ജഗതി എന്‍ കെ ആചാരി. നാടകമായിരുന്നു അദ്ദേഹത്തിന്റെ മേഖല. നല്ല അഭിനേതാവും. എന്റര്‍ ട്രിവാന്‍ഡ്രം സിറ്റി എന്ന ഹാസ്യ നാടകത്തിലൂടെ 60 കളില്‍ തിളങ്ങിയ കെ എസ് രാധാകൃഷ്ണന്‍ സര്‍ക്കാര്‍ സര്‍വീസിലെ ഉന്നതോദ്യോഗസ്ഥനു മായിരുന്നു. മധുരനാഗങ്ങ എന്ന അദ്ദേഹത്തിന്റെ ഹാസ്യലേഖന സമാഹാരം മധുരനാരങ്ങ പോലെ തന്നെ ആസ്വദിക്കപ്പെടുകയും ചെയ്തു. അള്‍ഷിമേഴ്‌സ് രോഗം ബാധിച്ച് അദ്ദേഹം മരണമടഞ്ഞില്ലായിരുന്നു വെങ്കില്‍ വീണ്ടും ഒരുപാട് സാഹിത്യ രചനകള്‍ അദ്ദേഹത്തില്‍ നിന്നും ലഭിക്കുമായിരുന്നു. മലയാള ഹാസ്യസാഹിത്യത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയവരാണ് സഞ്ജയനും ഇ വി യും. കഷ്ടിച്ച് 40 വയസുവരെ മാത്രം ജീവിച്ച സഞ്ജയനും 44 ആം വയസില്‍ അന്തരിച്ച ഈ വി യും മലയാളിയെ കുടുകുടെ ചിരിപ്പിച്ചവരാണ്. ഹ്രസ്വമായ ജീവിതകാലത്ത് അവര്‍ എഴുതിക്കൂട്ടിയ നര്‍മ സാഹിത്യ രചനകള്‍ കാലത്തെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നു. അവര്‍ സ്പര്‍ശിക്കാതെ പോയ വിഷയങ്ങള്‍ ഒന്നുമില്ല എന്നു തന്നെ പറയാം. ഹാസ്യലേഖനത്തിന് അവര്‍ നല്‍കിയ ഫോര്‍മാറ്റിന് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. അതിസൂക്ഷ്മമായ ഫലിത നിരീക്ഷണ സാമര്‍ത്ഥ്യമായിരുന്നു ഇവര്‍ രണ്ടാള്‍ക്കും. സമൂഹത്തിലെ വികടത്വം നിറഞ്ഞ വ്യക്തികളെയും അവരുടെ ചെയ്തികളേയും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ പാകത്തില്‍ അവര്‍ ആവിഷ്‌കരിച്ചു. നാട്ടിന്‍ പുറത്ത് നാം കണ്ടുമുട്ടുന്ന മനുഷ്യകഥാപാത്രങ്ങളെ അവരുടെ പ്രവൃത്തികളിലെ എല്ലാവിധ സ്വഭാവ വൈചിത്ര്യങ്ങളോടും കൂടി ആവിഷ്‌കരിച്ച ഈ വി ജനകീയ ഹാസ്യ ചരനയില്‍ സഞ്ജയനേക്കാള്‍ ഒരു പടി മുന്നില്‍ നിന്നും എന്നു പറയാം. ഈ വി യില്‍ നിന്നും ഒട്ടൊക്കെ വ്യത്യസ്തമായ ഒരു സ്റ്റൈലായിരുന്നു സഞ്ജയന്. കോഴിക്കോടന്‍ സാമൂഹ്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മേച്ചില്‍പ്പുറം. പരോക്ഷ വിമര്‍ശനമായിരുന്നു സഞ്ജയന്റെ ഇഷ്ട വിനോദം. ചങ്ങലംപരണ്ട മുനിസിപ്പാലിറ്റിയും അവിടത്തെ ഈച്ചയും കൊതുകുമെല്ലാം അദ്ദേഹത്തിന് സരസ വിഷയമായി മാറി. സഞ്ജയന്‍ ബുദ്ധിപരമായ ഹാസ്യത്തിന് കുറേക്കൂടി മുന്‍തൂക്കം നല്‍കിയ ആളാണ്. ഈ വി ധാരാളം സീരിയസ് രചനകളും നടത്തിയിരുന്നു.

ഒരുകാലത്ത് മലയാളത്തില്‍ ധാരാളം വിനോദ മാസികകള്‍ ഉണ്ടായിരുന്നു. ചങ്ങനാശേരിയില്‍ നിന്നും പ്രസിദ്ധീകരിച്ച സരസന്‍ ആയിരുന്നു അതില്‍ പ്രധാനം. വിദൂഷകന്‍, വികടന്‍, രസികന്‍, സജ്ജലന്‍, നാരദന്‍, നര്‍മ്മദ, വികടകേസരി, വിശ്വരൂപം, വിനോദശബ്ദം, നിറമാല, ചിരിച്ചെപ്പ്, പാക്കനാര്‍, അസാധു, ചിരി വീണ്ടും ചിര്, ടിക്-ടിക്, ടക്-ടക് എന്നിങ്ങനെ വിവിധ കാലയളവുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ വിനോദ മാസികകള്‍ മലയാള ഹാസ്യസാഹിത്യത്തിന് പരിചയപ്പെടുത്തി യത് നിരവധി എഴുത്തുകാരെയാണ്. നിര്‍ഭാഗ്യം എന്നു പറയട്ടെ സാമ്പത്തിക പരാധീനതകള്‍ കാരണം ഇവയെല്ലാം നിന്നു പോകുകയാ യിരുന്നു. ഇപ്പോള്‍ ഹാസ്യകൈരളി, ചിരിമധുരം എന്നിങ്ങനെ രണ്ട് വിനോദ മാസികകള്‍ മാത്രമാണ് നിലവിലുള്ളത്. ഇതുതന്നെയാണ് പ്രശ്‌നം. പുതിയ എഴുത്തുകാര്‍ക്കായാലും പഴയവര്‍ക്കായാലും എഴുതാന്‍ പ്രസിദ്ധീകരണങ്ങളില്ല. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളാകട്ടെ ഹാസ്യത്തിന് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. ഹാസ്യത്തിനുവേണ്ടി ഇടക്കാലത്ത് മാതൃഭൂമി ദിനപത്രം തുടങ്ങിയ നര്‍മഭൂമിയും പ്രസിദ്ധീകരണം നിര്‍ത്തി. ഇപ്പോള്‍ സ്വന്തമായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക മാത്രമാണ് എഴുത്തുകാരുടെ മുന്നിലുള്ള ഏക പോംവഴി. പത്രങ്ങളില്‍ മിഡില്‍ പേജ് ഹ്യൂമര്‍ എന്നൊരു സംഭവം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പത്രങ്ങളില്‍ അതും അപൂര്‍വമാണ്.

സമകാലിക മലയാള സാഹിത്യത്തിലെ ഏറ്റവും പ്രായം കൂടിയ കാരണവര്‍ 92 വയസായ പ്രൊഫ. നാരായണന്‍ നായരാണ്. ചെമ്മനം ചാക്കോയും സുകുമാറും തൊട്ടു പിന്നില്‍. സി ആര്‍ ഓമനക്കുട്ടന്‍, പി സി സനല്‍കുമാര്‍, കൃഷ്ണ പൂജപ്പുര, വി സുരേശന്‍, ജി ഹരി, ജോസ് കുമാര്‍, എന്നീ കലാകാരന്മാര്‍ നര്‍മ്മ കൈരളിയുടെ സംഭാവനകളാണ്. നര്‍മ്മകൈരളി കേരളത്തിലെ പ്രമുഖ ഹാസസാഹിത്യകാര സംഘടനയാണ്. കേരള സാഹിത്യ അക്കാദമി ഹാസ്യത്തിന് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചവര്‍ ബഹുഭൂരിപക്ഷവും നര്‍മ്മകൈരളി അംഗങ്ങളാണ്.

ചെമ്മനം ചാക്കോ (1995) കിഞ്ചനവര്‍ത്തമാനം
സുകുമാര്‍ (1996) കോതക്ക് പാട്ട്
നാരായണന്‍ നായര്‍ (1999) നാനാവിധം
വി സുബ്ബയ്യാപ്പിള്ള (2000) അമ്പട ഞാനേ
കൃഷ്ണ പൂജപ്പുര (2001) കലികോലം
പി സി സനല്‍കുമാര്‍ (2004) കലക്ടര്‍ കഥയെഴുതുകയാണ്
ജെ ലളിതാംബിക (2011) കളിയും കാര്യവും

ശ്രീ ആനന്ദക്കുട്ടന് സമഗ്ര സംഭാവനക്കുള്ള അവാര്‍ഡും കിട്ടി. ദീര്‍ഘകാലം അദ്ദേഹം നര്‍മ്മകൈരളിയുടെ പ്രസിഡന്റായിരുന്നു.

ഹാസ്യത്തിന്റെ തത്വശാസ്ത്രത്തിലെ ആദ്യത്തെ കണ്ണിയാണ് അരിസ്റ്റോട്ടില്‍. ശരാശരിയുടെ താഴെയുള്ള മനുഷ്യരുടെ അനുകരണത്തിലൂടെയാണ് ഹാസ്യം നമ്മെ ചരിപ്പിക്കുന്നത് എന്നാണ് അരിസ്റ്റോട്ടില്‍ പറഞ്ഞത്. വേദനാ ജനകമായ നിന്ദയാണ് ഹാസ്യം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹാസ്യത്തിന്റെ ഒരംശം മാത്രമാണ് അരിസ്റ്റോട്ടില്‍ പറഞ്ഞത് എന്നു മാത്രമേ കരുതേണ്ടൂ. ഹാസ്യത്തെ ഒരു നിന്ദയായോ അനുകരണമായോ ചുരുക്കാവുന്നതല്ല. അരിസ്‌റ്റോട്ടിലിന്റെ കാലഘട്ടത്തിലെ ഹാസ്യത്തിന്റെ വ്യാപ്തി പരിമിതമായിരുന്നു എന്നു മനസിലാക്കാവുന്നതാണ്.

മലയാളത്തിലെ ശ്രദ്ധേയനായ ഒരു ഹാസ്യസാഹിത്യകാരനായിരുന്നു സീതാരാമന്‍. പാരഡിയായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. പി ശ്രീധരന്‍ നായരെന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

കുമാരനാശാന്റെ 'കരുണ' ക്ക് അദ്ദേഹം എഴുതിയ 'അരണ' അക്കാലത്ത് വന്‍ശ്രദ്ധ നേടി. എത്ര രസകരമാണ് അതെന്നു അല്പം കേട്ടാലും.

'പരമ സല്‍ഗുണങ്ങള്‍ക്കു പുരുഷകേദാരം മൂലം
തിരുനാളു വഞ്ചിരാജ്യം ഭരിക്കും കാലം
ദക്ഷിണ കേരളത്തിന്റെ അക്ഷയപാത്രമായ് കൃഷി
രക്ഷചെയ്യും കോതയാറ്റിന്‍ കിഴക്കരികില്‍
നാടകത്തു നാലമേറും കേള്‍വിപെറ്റ നാഞ്ചിനാട്ടെ
പാടമൊന്നില്‍ പടിഞ്ഞാറെ പരിസരത്തില്‍
ഈടെഴുന്ന പനകൊണ്ടു തീര്‍ത്ത പടിവാതിലാര്‍ന്നു
മാടുകളെ കെട്ടാനുള്ള തൊഴുത്തിനുള്ളില്‍
ചിന്നി അങ്ങുമിങ്ങും പൈക്കള്‍ ചവച്ചിട്ട വൈക്കോലാലേ
പൊന്നൊളികസവിണങ്ങി പുല്ലുമെത്തമേല്‍
പരമകാരുണികനാകും ഭഗവാന്റെ കൃപയാലെ
'അരണ'യൊന്നതുനാളില്‍ പരിലസിപ്പൂ'

സീതാരാമന്റെ പ്രസിദ്ധമായ പാരഡികളൊന്നും ഇപ്പോള്‍ ലഭ്യമല്ല.

മലയാള ഹാസസാഹിത്യ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് വലിയൊരു വിടവു കാണാം. തുടര്‍ച്ചയായ ഹാസസാഹിത്യം ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. മലയാളത്തിലും അങ്ങനെ തന്നെ. തോലനും ചമ്പുകാരന്മാര്‍ക്കും ചാക്യാര്‍ക്കും കാലത്തിന്റെ വിടവുണ്ട്. ചാക്യാരുടെ കൂത്തുകേട്ടാല്‍ ഇന്ന് ആരും കാര്യമായി ചിരിക്കില്ല. അതാണ് കാലത്തിന്റെ വ്യത്യാസം. കള്ളനാണയങ്ങളില്ലാത്ത ഒരേയൊരു സാഹിത്യശാഖയാണ് ഹാസ്യം. പറയുന്നത് മനസിലായാലേ ചിരിക്കാന്‍ കഴിയൂ എന്നതാണ് അതിനു കാരണം. മറ്റു സാഹിത്യ ശാഖകളില്‍ ദ്രുതഗതിയുടെ നാട്യങ്ങള്‍ കൊണ്ട് തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഹാസ്യത്തിലതു പറ്റില്ല. നര്‍മ്മം എന്നത് വിശദീകരിച്ചു പഠിപ്പിച്ചെടുക്കാവുന്ന ഒന്നല്ല.

ഹാസ്യം നേരിടുന്ന നിരവധി വെല്ലുവിളികളുണ്ട്. സിനിമയില്‍ ഇന്നും സജീവമായ ഹാസ്യം സാഹിത്യത്തില്‍ പലപ്പോഴും ഒറ്റപ്പെടല്‍ അനുഭവിക്കുന്നു. സാഹിത്യത്തിലെ ഒരു രണ്ടാതരം പരിഗണനയാണ് ഹാസ്യത്തിന് ലഭിക്കുന്നത് എന്ന് എഴുത്തുകാര്‍ പരാതിപ്പെടുന്നു. ഏതു സാഹിത്യശാഖ കൈകാര്യം ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടുണ്ട് ഹാസ്യത്തിന്. സ്വാനുഭവങ്ങളേയോ നിരീക്ഷണത്തിലൂടെ ബോധ്യപ്പെട്ട കാര്യങ്ങളേയോ അതിശയോക്തി വത്കരിച്ചോ അനുകരിച്ചോ ചമത്കാരത്തോടെ വ്യാഖ്യാനിച്ച് വായനക്കാരെ രസിപ്പിക്കുക എന്നതാണ് ഹാസ്യസാഹിത്യകാരന്റെ നിയോഗം. പരിമിതികള്‍ എന്തുതന്നെയായാലും കൂടുതല്‍ കൂടുതല്‍ പേര്‍ ഈ രംഗത്തു വരണമെങ്കില്‍ പ്രധാന ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടത് പ്രസിദ്ധീകരണങ്ങള്‍ തന്നെയാണ്. കവിതക്കും ചെറുകഥക്കും നോവലിനും നല്‍കുന്ന പ്രാധാന്യം ഹാസ്യത്തിനും നല്‍കണം. ഹാസ്യം ശുഷ്‌കിക്കുന്നു എന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല. മലയാളി മനസു തുറക്കണം.

(കലക്ടര്‍ കഥയെഴുതുകയാണ് എന്ന വിനോദ സാഹിത്യ കൃതിക്ക് 2004 ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ശ്രീ പി സി സനല്‍കുമാര്‍ പത്തനംതിട്ടയിലും കാസര്‍കോട്ടും ജില്ലാ കളക്ടറായിരുന്നു. 2009 ല്‍ ഗവ. സെക്രട്ടറിയായി സര്‍വീസില്‍ നിന്നും പിരിഞ്ഞു.)

പി സി സനല്‍കുമാര്‍ ഐഎഎസ് (റിട്ട.)
ഡിംപിള്‍, കണ്ടമണ്‍ഭാഗം, പേയാട് പി ഒ,
തിരുവനന്തപുരം. 695 573

കടപ്പാട്: വിദ്യാരംഗം മാസിക 2014 ആഗസ്റ്റ് ലക്കം.