"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഫെബ്രുവരി 27, വെള്ളിയാഴ്‌ച

''കൂട്ടംകുളം സമരം'' പറയാന്‍ ബാക്കി വച്ചത് - എം. എ. വിജയന്‍, കവിയൂര്‍


വിജയന്‍ 
സ്വാതന്ത്ര്യമെന്ന വാക്ക് രാജ്യദ്രോഹമെന്നും പൗരാവകാശ ധ്വംസനമെന്നും വ്യവഹരിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ ദരിദ്ര ജനതയുടെ ദൈന്യതയില്‍ അനുകമ്പതോന്നി എണ്ണമറ്റ സമപങ്ങളിലൂടെ സഞ്ചരിച്ച് അവരുടെ പിന്‍തലമുറയുടെ ജീവിതം ധന്യമാക്കിയ നൂറു നൂറു സമരഭടന്മാര്‍. അവരില്‍ പലരേയും പുതുതലമുറ അറിയുന്നില്ല. ചരിത്രത്താളുകളില്‍ അവര്‍ ഇടം പിടിച്ചിട്ടുമില്ല. 64 വര്‍ഷം മുമ്പു നടന്ന 'കൂട്ടംകുളം' സമരത്തില്‍ ആത്യന്തം പങ്കെടുത്ത് നിരവധി യാതനകള്‍ ഏറ്റുവാങ്ങി ജീവിച്ചിരിക്കുവരും മരിച്ചവരുമായ സമരസഖാക്കല്‍ ഏറെ. കെ. റ്റി. അച്യുതന്‍, പി. ഗംഗാധരന്‍, കെ. വി. ഉണ്ണി, പി. കെ. കുമാരന്‍, എം. കെ. തയ്യില്‍, സുബ്രഹ്മണ്യ അയ്യര്‍, കെ. വി., വി. കെ. വാര്യര്‍, പി. കെ. ചാത്തന്‍ മാസ്റ്റര്‍, പേങ്ങി, കെ. വി. കാളി, കറുംബ തുടങ്ങി നൂറു നൂറു സമരഭടന്മാര്‍ ഈ മണ്ണിനും വരും തലമുറയ്ക്കു വേണ്ടി രക്തം ചിന്തിയവര്‍

പുന്നപ്രയും വയലാറും കയ്യൂരും കരിവള്ളൂരും കാവുമ്പായിയിയും മേനാശ്ശേരിയും ഉളതലയും കാട്ടൂരുമൊക്കെ കമ്മ്യൂമിസ്റ്റ് സഖാക്കള്‍ പാവങ്ങളോട് ചേര്‍ന്നു നിന്ന് നയിച്ച എത്രയെത്ര സമരങ്ങല്‍ മേല്‍പ്പറഞ്ഞ സമരങ്ങള്‍ കമ്മ്യൂണിസ്റ്റ് 'മുറിവിപ്ലവം' എന്നും 'പതിമൂന്നര സെന്റ്' സമരമെന്നും വിളിച്ചാക്ഷേപിച്ചവര്‍ പില്‍ക്കാലത്ത് പ്രസ്തുത സമരങ്ങളെ സ്വാതന്ത്രയസമരത്തിന്റെ ഭാഗമായി അംഗീകരിച്ചു എന്നതും വിസ്മരിക്കുന്നില്ല. മേല്‍പ്പറഞ്ഞ സമരങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇരിങ്ങാലക്കുടയില്‍ മറ്റൊരു സമരം അരങ്ങേറി. പോലീസ് ഗുണ്ടാതേര്‍വാഴ്ച നേരിടാനാകാതെ പാലിയം സമരം വിജയിക്കില്ല എന്ന ഘട്ടമെത്തിയപ്പോള്‍ പാലിയം സമരാഗ്നി ആളിക്കത്തിയത് 'കൂട്ടംകുളം' സമരത്തില്‍നിന്നും ഉയിര്‍ക്കൊണ്ടാണ്. പാലിയം സമരം ഈ ലേഖനത്തില്‍ പരാമര്‍ശ വിഷയമല്ല എന്നതിനാല്‍ കൂടുതല്‍ വിവരണം അര്‍ഹിക്കുന്നില്ല.

ഇരിങ്ങാലക്കുടയിലെ കൂടല്‍ മാണിക്യ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തിലുള്ള വഴിയില്‍കൂടി തീണ്ടല്‍ ജാതിക്കാര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദം ഇല്ലായിരുന്നു. ക്ഷേത്ര സമുച്ചയത്തിനുചുറ്റും സവര്‍ണ്ണ ഹിന്ദു ഭവനങ്ങളും അവര്‍ക്കുമാത്രം സഞ്ചരിക്കാന്‍ ഉള്ളതായിരുന്നു ചുറ്റുമുള്ള റോഡുകള്‍. 1870 മുതല്‍ തീണ്ടല്‍ ജാതിക്കാര്‍ ഇതിനപ്പുറം കടക്കരുത് എന്ന ബോര്‍ഡ് ക്ഷേത്രത്തിന്റെ തെക്കേനടയില്‍ തൂങ്ങിയിരുന്നു. ഒരു ഉത്സവകാലത്ത് ഈ വഴിയില്‍ കൊച്ചി എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറിയാ യിരുന്ന കെ. ടി. അച്യുതന്‍ പെട്ടുപോയി. ഓടാനും നിവൃത്തിയില്ല. എന്തു വരെട്ടെയെന്നുകരുതി അച്യുതന്‍ മൂന്നോട്ടു നടന്നു. പോലീസ് ലാത്തി വീശി കേട്ടാലറയ്ക്കുന്ന തെറിയും വിളിച്ച് അച്യുതന് നേരെ പാഞ്ഞു. തടി കേടാകാതെ ആദ്ദേഹം ഒരുവിധം രക്ഷപെട്ടു. (കെ. ടി. അച്യുതന്‍ 60ലെ പട്ടം മന്ത്രിസഭയിലെ തൊഴില്‍ വകുപ്പുമന്ത്രിയായി രുന്നു). സമസ്ത കൊച്ചി പുലയമഹാജന സമ്മേളനം ഇരിങ്ങാലക്കുടിയില്‍ നടത്താന്‍ തീരുമാനിച്ച പ്രകാരം ധനശേഖരണത്തിനായി കെ. വി. കാളി (അന്തരിച്ച കമ്യൂണിസസ്റ്റ നേതാവും 57ലെ ഇ. എം. എസ്. മന്ത്രിസഭയിലെ പട്ടികജാതി ക്ഷേമവകുപ്പു മന്ത്രിയും കെ. പി. എം. എസ്.ന്റെ നേതാവുമായിരുന്ന പി. കെ. ചാത്തന്‍ മാസ്റ്ററുടെ ഭാര്യ) പുല്ലൂരിലെ കശുവണ്ടി തൊഴിലാളി കുറുംബ, അയ്യ തുടങ്ങി ഒരുപറ്റം യുവതികള്‍ 'സാരിധരിച്ച്' കൂട്ടംകുളം റോഡില്‍ നടന്നത് സവര്‍ണ്ണരുടെ കോപത്തിനിരയാക്കി.

ഈ സ്ത്രീകള്‍ കൊടിയ മര്‍ദ്ദനത്തിനും തികഞ്ഞ അവമതിക്കും ഇരകളായി. പ്രസ്തുത സമ്മേളനത്തിന്റെ ഭാഗമായി ഒരുപറ്റം യുവാക്കള്‍ കൂട്ടംകുളം റോഡിലൂടെ സൈക്കില്‍ സവാരി നടത്തിയത് കൊള്ളയിലും കൊള്ളിവെയ്പിലും കലാശിച്ചു. സംഭവം കൈവിട്ടുപോകും എന്ന സ്ഥിതി സംജാതമായപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രജാ മണ്ഡലവും (കൊച്ചി രാജ്യത്തെ കോണ്‍ഗ്രസ്സ്) പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എസ്. എന്‍. ഡി. പി. യോഗം, കൊച്ചി പുലയമഹാജന സഭ അടങ്ങുന്ന സമരസമിതി സമരത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നു.

ഇരിങ്ങാലക്കുടയിലെ കറതീര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എന്ന ഖ്യാതി നേടിയിട്ടുള്ള പി. കെ. കുമാരന്‍ (സാമാന്യം ഭേദപ്പെട്ട ഈഴവ കുടുംബത്തിലെ അംഗം.) ഒരു പട്ടികജാതി യുവതിയെ വധുവായി വേണം എന്നു പത്രപരസ്യം കൊടുത്തത് സാംബവ സമുദായത്തില്‍പെട്ട യുവതിയെ വിവാഹം കഴിച്ചയാളും സി. പി. ഐ. തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു) പി. കെ. കുമാരന്റെ നേതൃത്വത്തില്‍ 'കൂട്ടംകുളം' റോഡിലേക്ക് പ്രവേശിക്കുകയും പതിയിരുന്ന സവര്‍ണ്ണ പ്രമാണിമാര്‍ ജാഥാംഗങ്ങള്‍ പ്രതിഷേധമായി ആരും മുമ്പോട്ടുവന്നില്ല. ഒടുവില്‍ ഇരിങ്ങാലക്കുടയില്‍ പ്രഗത്ഭനായ വക്കീലായിരുന്നു എം. സി. ജോസഫ് കേസ് ഏക്കാമെന്നേറ്റു. സാക്ഷി ദാമോദരന്‍ നായര്‍ പറയുന്നതത്രെയും കളവാണെന്നും പ്രതികളെ കണ്ടു എന്നു പറയപ്പെടുന്ന എം. സി. ജോസഫ് വാദിച്ചു. ''കസേരയില്‍ കെ. വി. ഉണ്ണിതന്നെയാണോ ഇരുന്നത്'' എന്ന വക്കീലിന്റെ ചോദ്യത്തിന് '' ഞാനിത് ശരിയായി ഓര്‍ക്കുന്നില്ലെന്നും'' കസേരപോലെ തോന്നിക്കുന്ന ഒരു സാധനത്തിന്മേല്‍'' ആണ് ഇരുന്നു കണ്ടതെന്നും തട്ടിവിടുകയുണ്ടായി. കസേര പോയിട്ട് ഒരു കീറച്ചാക്കുപോലും ആ കുടിലില്‍ ഇല്ല എന്ന വക്കീലിന്റെ വാദം. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് ശരിവയ്ക്കുകയും ശേഷം പ്രതികളെ മുഴുവന്‍ വെറുതെ വിടുകയുമുണ്ടായി.

ഇനിയുും കുറുംബയിലേക്കു മടങ്ങാം 'കൂട്ടംകുളം' സമരത്തിന്റെ അലയൊലികള്‍ കെട്ടടങ്ങിയ ശേഷം കുറുംബ കശുവണ്ടി തൊഴിലാളി മേഖലയിലെ സജീവ സാന്നിദ്ധ്യമായി നിലകൊണ്ടു. 'പഴയചൊരുക്ക്' തീര്‍ക്കാനാകാം ഒരു നാള്‍ സബ് ഇന്‍സ്‌പെക്ടര്‍ സൈമണ്‍ മാഞ്ഞൂരാനും കുറേ പോലീസുകാരും കുറുംബയുടെ കുടിലിലെത്തി. കിട്ടിയ പാടെ കുറുംബയെ പൊതിരെതല്ലി. ഭര്‍ത്താവ് ചാത്തനെ കാണിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ കുറുംബയെ തൊഴിച്ചെറിഞ്ഞു. ആരോ പറഞ്ഞറിഞ്ഞു കുറുംബയുടെ ഭര്‍ത്താവ് കാളവണ്ടിക്കാരനാണെന്നും നടവരമ്പ് മുക്കില്‍ ചെന്നാല്‍ കയ്യോടെ പൊക്കാമെന്നും. കുറുംബയെ വിട്ട് പോലീസ് വണ്ടി നടവരമ്പിലേക്ക് പാഞ്ഞു. അധികം തിരച്ചിലില്ലാതെ കാളവണ്ടിക്കാരന്‍ ചാത്തനെ 'നാട്ടുകാര്‍' കാണിച്ചുകൊടുത്തു. വണ്ടിയില്‍ നിറയെ പച്ചച്ചാണകം. പോലീസ് കാളവണ്ടിക്ക് കൈകാട്ടി. ചാത്തന്‍ വണ്ടിയൊ തുക്കി ''നീയാണോടാ കുറുംബയുടെ ചാത്തന്‍'' അതെ എന്നു പറയും മുമ്പേ അടിയും ചവിട്ടും. ഒറ്റ ചവിട്ടില്‍ ചാത്തന്‍ ജീപ്പിനകത്ത്. ചാത്തനേയും കൊണ്ട് ജീപ്പ് കുറുംബയുടെ കുടിലിലേയ്ക്കു പാഞ്ഞു. കുറുംബയേയും പൊക്കി വണ്ടിയിലേക്കിട്ടു. വണ്ടി ഇരിങ്ങാലക്കുട സ്റ്റേഷനിലേയ്ക്ക് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ മര്‍ദ്ദനത്തിന് പേരുകേട്ട ഇടമായിരുന്നു. സബ്ജയിലാണെങ്കിലും ഭരണം പോലീസുകാര്‍ക്കു തന്നെ ആയിരുന്നു. അതിനാല്‍ 'സര്‍ക്കാര്‍ വിരുദ്ധരെ' ഇവിടെയാണ് കൊണ്ടു വന്നിരുന്നതും. സ്റ്റേഷനില്‍ ചെന്നപാടെ രണ്ടുപേരെയും വലിച്ചു പുറത്തേക്കിട്ടു. വലിച്ചിഴച്ച് സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി. '''കൊച്ചീരാജ്യം നിന്റമ്മേടെ സ്വത്താണോടീ... ഇങ്ങോട്ടു മാറിനിക്കടീ.... പുലയാടി മോളേ... എന്നാക്രോശിച്ചുകൊണ്ട് മര്‍ദ്ദനം തുടര്‍ന്നു. ചാത്തന്റെയും കറുമ്പയുടെയും ഉടുമുണ്ടുകള്‍ വലിച്ചെറിഞ്ഞു. പിന്നീട് നടന്ന മര്‍ദ്ദനം നേരില്‍ക്കണ്ട പി. കെ. കുമാരന്‍ ഇങ്ങനെ വിവരിക്കുന്നു. ''സ്റ്റേഷനില്‍ മറ്റു പ്രതികളുടെയും പോലീസുകാരുടെയും മുമ്പില്‍ വെച്ചു തന്നെ കുറമ്പയും ചാത്തനും നഗ്നരാക്കപ്പെട്ടു. കുറുംബയെ സ്റ്റേഷനില്‍ തറയില്‍ മലര്‍ത്തിക്കിടത്തി ഒരു പോലീസകാരന്‍ കുറുംബയുടെ കാല്‍മുട്ടുകള്‍ക്കു മുകളില്‍ കയറി നിന്നു. മറ്റൊരാള്‍ കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ടടിച്ചു കൊണ്ടിരുന്നു. കാല്‍വെള്ളയില്‍നിന്നും ചോര പൊടിയും വരെ അടി തുടര്‍ന്നു. ആര്‍ത്തനാദം പുറപ്പെടുവിക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി കയറ്റി. ഈ സമയമത്രെയും ചാത്തന്റെ അവസ്ഥ പറയേണ്ടതില്ലല്ലോ? മര്‍ദ്ദനത്തിനൊടുവില്‍ ക്ഷയവും ആസ്തമയും മാറി മാറി ആക്രമിച്ച് അസ്ഥിപഞ്ജരമാക്കിയ ചാത്തന്‍ മൂന്നുവര്‍ഷം കൂടി ജീവിച്ചുമരിച്ചു. ചാത്തന്റെ മരണശേഷം ഇരിങ്ങാലക്കുട നടവരമ്പ് വൈക്കരിയിലെ ചിറുകൂരയില്‍ ഏകാകിയായി കഴിഞ്ഞിരുന്ന കുറുംബ ഇന്നില്ല. ദൈവം കനിഞ്ഞനുഗ്രഹിച്ച് അവര്‍ക്ക് മക്കളെയും കൊടുത്തില്ല. ആരും തിരിഞ്ഞുനോക്കാനില്ലാത്ത ആവിപ്ലവജ്വാലയും കെട്ടടങ്ങി. കമ്മ്യൂണിസ്റ്റ് ചരിത്രവീഥിയില്‍ ഒരു തിരിശേഷിപ്പുകളും ബാക്കി വയ്ക്കാതെ? 

എം. എ. വിജയന്‍, കവിയൂര്‍
9605892829

കല്ല്‌ : ഔസേഫ് ചിറ്റക്കാട്
തിരിച്ചടികള്‍ ഭയന്ന് കല്ലുരുട്ടാതെ
ജപമാല ചൊല്ലി മൗനത്തിലാവുന്നത്
കൊടിയ ഭീരുത്വമാണ്
തിരിച്ചടികള്‍ ഉണ്ടായാലും ഇല്ലെങ്കിലും
കല്ല് ഉരുട്ടിക്കൊണ്ടേയിരിക്കണം
അതിന്നിടയില്‍ ഇടതുകാലിലെ മന്ത്
വലതുകാലിലേക്ക് അല്ലെങ്കില്‍
വലതുകാലില്‍നിന്നും ഇടതുകാലിലേക്ക്
കൂടുമാറിയെന്നു വരാം
കല്ല് ഉരുട്ടിക്കൊണ്ടേയിരിക്കണം
ഇടയ്‌ക്കൊന്നു തളര്‍ന്നാല്‍
സ്വന്തം ശിരസ്സു തന്നെ പിളര്‍ന്ന്
കയരിവന്ന വഴിയിലൂടെ കല്ല്
അതിവേഗം താഴേക്ക്
ഉരുണ്ടിറങ്ങാം
ഉശിരോടെ മുകളിലെത്തിച്ച്
അത്യാഹ്ലാദപൂര്‍വ്വം
ഒന്നു കൈകൊട്ടിയാലോ
മറുവഴിയിലൂടെ കല്ല്
അതിവേഗം താഴേക്കു തന്നെ
ഉരുണ്ടിറങ്ങാം
കാലം അതിന്റെ ചരിത്രപഥങ്ങളിലൂടെ
ആവര്‍ത്തനവരിസത തെല്ലുമില്ലാതെ
പഠിച്ചുകൊണ്ടേയിരിക്കുവാന്‍
നാം കല്ല് ഉരുട്ടിക്കൊണ്ടേയിരിക്കണം.

ക്രിസ്ത്യാനിയായ ദലിതരെ ഹിന്ദുക്കളായ ദലിതര്‍ അവഗണിക്കുന്ന തെന്തുകൊണ്ട്? - അംബേദകര്‍പുരം മുരുകന്‍


അഡ്വ. പി. എം. ബേബിയുടെ ദളിത് ക്രൈസ്തവ സംവരണം കാണാച്ചരടുകള്‍ എന്ന ലേഖന പരമ്പരക്ക് വന്ന പ്രതികരണങ്ങള്‍:-

ഇന്ത്യയില്‍ ജാതിവ്യവസ്ഥ പത്തിവിടര്‍ത്തി ആടിയിരുന്ന കാലത്ത് ഉച്ചനീചത്വങ്ങളുടെ കറപുരണ്ട മനസ്സികളില്‍ വിവേചനത്തിന്റെ വേലിക്കെട്ടുകളു യര്‍ത്തിയ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടത്തില്‍ തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും ദൃഷ്ടിയില്‍പ്പെട്ടാല്‍ പോലും ദോഷമുള്ളവരുമായ ഒരു ജനത മനുഷ്യഗണത്തില്‍പ്പെട്ടത്തവരെന്നും തോന്നിപ്പിക്കുന്ന ഇരുകാലി ജീവികള്‍ മൃഗതുല്യം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മേലാളന്മാര്‍ നടക്കുന്ന വഴിയില്‍ക്കൂടി നടന്നുകൂടാ, അരയ്ക്കു മുകളില്‍ (പെണ്ണും ആണും) വസ്ത്രം ധരിച്ചുകൂടാ, വിശപ്പും ദാഹവും സഹിച്ച് അതുപോലും അവഗണിക്കപ്പെട്ട് ശക്തിയില്ലാത്ത മനസ്സുകളെ വ്യവസ്ഥിതികൊണ്ട് പൂട്ടിയിട്ട് പൂണൂല്‍ത്തുമ്പില്‍ കെട്ടി താക്കോലുമായി സുഖിച്ചു വാണിരുന്ന കാലത്ത് (അന്നത്തെ ഹിന്ദുക്കള്‍).

വിദേശികള്‍ ഇന്ത്യയില്‍ വരികയും ആധിപത്യം ഉറപ്പിക്കുകയും പുതിയൊരു ശക്തി ആയി അവര്‍ വളര്‍ന്ന് അധികാരങ്ങളും അവകാശങ്ങളും അവരുടെ കൈകളില്‍ അകപ്പെട്ടു. മേലാളന്മാര്‍ അവരുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു അന്ന് അവശതയനുഭവിച്ച് ജീവിച്ച മണ്ണിന്റെ മക്കളായ ഒരു ജനതയുടെ കഷ്ടപ്പാടുകള്‍ അവര്‍ മനസ്സിലാക്കി കരുത്തും കായകക്ഷമതയും ഉള്ള ദലിതരെ അന്നത്തെ വിദേശികള്‍ (ആംഗലേയര്‍) അവരുടെ പട്ടാളത്തില്‍ താഴ്ന്ന ഉദ്യോഗങ്ങളില്‍ നിയമിച്ചു. അവരില്‍നിന്നും കിട്ടിയ അറിവും കായിക അഭ്യാസങ്ങളും പഠിച്ച ദളിതര്‍ കായികപരമായി മേലാളന്മാരെ നേരിട്ടു എന്നതാണ് ചരിത്രസത്യം. അന്നത്തെ കാലത്തല്ലെ ബ്രിട്ടീഷുകാരന്റെ പട്ടാളത്തില്‍ അധ്യാപകരുടെ കൂട്ടത്തില്‍ റാംജി സല്‍പ്പാലിനെ നിയമിച്ചത്. അദ്ദേഹത്തിന്റെ മകനല്ലേ 1891 ഏപ്രില്‍ മാസം 14-ാം തീയതി ജനിച്ച് ഭീമറാവു റാംജി അംബേദ്കര്‍. ഇന്ത്യന്‍ ഭരണഘടനാ ശില്പി. 1956 ഒക്‌ടോബര്‍ 14 ബുദ്ധമതത്തില്‍ ചേര്‍ന്നു. തന്റെ ജനതയെ അതിനു പ്രേരിപ്പിച്ചു (ഹിന്ദുമതത്തിലല്ല്.)

അയ്യന്റെയും മാലയുടേയും മകനായി 1039 ചിങ്ങം 14-ാം തീയതി (28-08-1863 വെള്ളിയാഴ്ച്ച) ജനിച്ച് ചരിത്രത്താളുകളില്‍ സ്വര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട മഹാത്മാ അയ്യന്‍കാളി. നായര്‍ മുതല്‍ നമ്പൂതിരി വരെ അദ്ദേഹത്തെ എതിര്‍ത്തത് അന്നത്തെ ഹിന്ദുക്കളായിരുന്നു.

തൊണ്ണൂറാമാണ്ട് ലഹള. പുല്ലാട് ലഹള, പെരിനാട് ലഹള മാഹാത്മാ അയ്യന്‍കാളി സ്വന്ത സമുദായത്തെ കോര്‍ത്തിണക്കിക്കൊണ്ട് നേടിയെടുത്ത സമരങ്ങളായിരുന്നു അന്നത്തെ ഈ ലഹളകളെല്ലാം. അദ്ദേഹത്തെ എതിര്‍ത്തുകൊണ്ടിരുന്നത് സവര്‍ണ്ണ ഹിന്ദുക്കള്‍ ആയിരുന്നു. സദാനന്ദസ്വാമിയുടെ ആഗമനത്തോടുകൂടിയാണ് അയ്യന്‍കാളിയുടെ പ്രവര്‍ത്തനരംഗങ്ങള്‍ വിപുലമായത്. മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കും ചെറുകിട കച്ചവടത്തിനുമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നത്. അന്നവര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ കണ്ട കാഴ്ച ഒരുവിഭാഗം ജനങ്ങളെ മറ്റൊരു വിഭാഗം സാമ്പത്തികമായും മാനസ്സികമായും ശാരീരികമായും ക്രൂരമായി പെരുമാറുന്നതാണ് കണ്ടത്. ഇവര്‍ അവര്‍ണ്ണജനതയെ തങ്ങളോടൊപ്പം നിര്‍ത്തി തീണ്ടലും തൊടീലും കൊണ്ട് ദുരിതമനുഭവിച്ച ജനതയെ അവര്‍ ക്രിസ്തുമതത്തിലേക്ക് ചേര്‍ത്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തണലില്‍ അവര്‍ മാനസികമായും ശാരീരികമായും വളര്‍ന്നു വന്നു. അന്നു മതം മാറിയ അവശര്‍ക്ക് പട്ടാളത്തില്‍ അയിത്തം ഒരു പ്രശ്‌നമായിരുന്നില്ല. കുരിശടയാളം അവര്‍ക്കൊരു തുണയായി.

അയ്യന്‍കാളിയുടെ മാതൃസഹോദരിയുടെ കുടുംബം ഹൈന്ദവരുടെ ക്രൂരതയില്‍ മനംനൊന്ത് ക്രിസ്തുമത്തില്‍ ചേര്‍ന്നു. ആ കുടുംബത്തിലെ തോമസ് വാദ്ധ്യാര്‍ സാല്‍വേഷന്‍ ആര്‍മിയുടെ ചുവന്ന കോട്ടും ധരിച്ചു. 

അവര്‍ണ്ണര്‍ കാളച്ചാത്തന്‍ മാടന്‍ ചുടല മാടന്‍ തുടങ്ങിയ ദൈവങ്ങളെ പൂജിക്കുവാന്‍ അനുവദിച്ച കാലത്ത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയും ഉടുതുണിക്കു മറുതുണിയില്ലാതെ അലഞ്ഞപ്പോള്‍ അവരുടെ രക്ഷയ്ക്കായി വരുന്നവരെ അവര്‍ വിശ്വസിച്ചു. കാലാന്തരത്തില്‍ അവര്‍ സാമ്പത്തികമായും മാനസ്സികമായും വിദ്യാഭ്യാസപരമായും തന്റെ ജീവിതങ്ങളെ മെച്ചപ്പെടുത്തി. ഒരു കാലത്ത് തന്റെ ജനതയെ തകര്‍ത്തവരുടെ കൂട്ടരെ അവര്‍ വിശ്വസിക്കുന്നില്ല.

എന്തിനാണ് ഹിന്ദുക്കളായ ദലിതര്‍ ക്രൈസ്തവരായ ദലിതരെ അവഗണിച്ച് ഫാസിസ്റ്റ് ഹിന്ദു തേര്‍വാഴ്ചയ്ക്ക് ഇക്കാലത്ത് ആളെ കൂട്ടുന്നതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സാഹോദര്യ സ്‌നേഹത്തോടും ഹിന്ദു-ക്രൈസ്തവര്‍ മതാതീതമായി ഒരുമിക്കണമെന്നാണ് ദലിതരിലെ പുതിയ തലമുറ ആഗ്രഹിക്കുന്നത്. അതിനെ തടയിടുന്ന ഫാസിസ്റ്റ് മതശക്തികളെ ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം ഫണ്ടമെന്റലിസ്റ്റുകളെ എതിര്‍ക്കണം.

അംബേദകര്‍പുരം മുരുകന്‍
9388120441

ഉത്തര - ദക്ഷിണ ദ്രാവിഡത്തിങ്കലെ ആത്മീയ സംസ്‌കൃതി ബ്രാഹ്മണന്‍ - കുമരകം ബാബുരാജ്


കുമരകം ബാബുരാജ് 
ഭാഗം - മൂന്ന് 

ആന്തരീകത്തില്‍നിന്നും ആഭ്യന്തരത്തിലേക്കാണല്ലോ നമ്മുടെ ചികിത്സാക്രമം. അവിടെ ആദ്യം ചികിത്സ വേണ്ടത് മനസ്സിലാണെന്ന് ശാസ്ത്രമതം. വാത, പിത്ത, കഫങ്ങളുടെ സമാവസ്ഥയാണല്ലോ ആരോഗ്യം. അങ്ങനെ മനസ്സിനു ചെയ്തുകൊണ്ടിരുന്ന ചികിത്സയായിരുന്നു 'ഭൂതവിദ്യ'. അതാണിന്ന് മന്ത്രവാദ പ്പരിപാടിയായി കൊട്ടിഘോഷിച്ച് ആളുകളെ കൊന്നുകൊണ്ടിരിക്കുന്നത്.

കായചികിത്സ, ബാലചികിത്സ, മൃഗചികിത്സ, വൃക്ഷ ചികിത്സ, ഭൂതവിദ്യ, ശാലക്യതന്ത്രം, ഗല്യക്രിയ, വിഷ ചികിത്സ, രസായന ചികിത്സ, വാജീകരണം ഇങ്ങനെ നീണ്ടു പോകുന്നു ആ പട്ടിക.

പ്രകൃതിയെയും മനുഷ്യനെയും ആവാസവ്യവസ്ഥിതിയെയും സനേഹിച്ച, അതിനെ നിലനിര്‍ത്താന്‍ ധര്‍മ്മോപദേശം നല്‍കിയ ഈ ആദിദ്രാവിഡ ജനതയില്‍ മുഖ്യഘടകമായ ആദിവാസി വര്‍ഗങ്ങളെ അവര്‍ക്ക് ആകെയുണ്ടായിരുന്ന ചവിട്ടിനിന്ന മണ്ണില്‍നിന്നുപോലും കൊന്നും കൊലവിളിച്ചും ആട്ടിയോടിച്ച് സവര്‍ണ്ണവര്‍ഗം ഭരണവര്‍ഗത്തോടു കൂടിനിന്ന് ഭൂ ഉടമസ്ഥാവകാശം നേടിയെടുക്കുമ്പോള്‍, മഹാനായ നമ്മുടെ പിതാവ് ഡോ. അംബേദ്കര്‍ നമുക്ക് തന്നിട്ടുപോയ, അധികാരത്തിന്റെ വോട്ടവകാശം നാം ദുര്‍വിനിയോഗം ചെയ്ത്, വിദ്യാഭ്യാസവും ചിന്തകളും വഞ്ചനയും എന്തെന്നറിയാത്ത നമ്മുടെ സഹോദരങ്ങളെ നമ്മള്‍തന്നെ വഞ്ചിക്കുകയാണെന്ന് അതിനെതിരെ മുറവിളി കൂട്ടുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടതല്ലേ. ആ യുഗങ്ങളില്‍ ഇവിടെ ജീവിച്ചിരുന്ന ഋഷീശ്വരന്മാരും ശാസ്ത്രജ്ഞരുമടങ്ങുന്ന വലിയൊരു ജനതതിയുണ്ടാ യിരുന്നു. ആര്യഭട്ടനും വരാഹിമിഹിരനും ബ്രഹ്മഗുപ്തനും ഭാസ്‌കരനുമൊക്കെ ജീവിച്ചിരുന്നു. ഇവയെല്ലാം ഈ ദ്രാവിഡ നാട്ടില്‍നിന്നും ലോകത്തിനാകെ ജ്യോതിഷപ്രകാശം ചൊരിഞ്ഞവരാണ്.

എന്നാല്‍ ആര്യഭട്ടീയം ഉള്‍പ്പെടെ ഏതാണ്ട് ആര്യഭട്ടന്റെ 34 കണ്ടെടുക്ക പ്പെട്ട ശ്ലോകങ്ങള്‍ ഒഴിവാക്കിയാല്‍ എല്ലാം നഷ്ടപ്പെട്ടുപോയി എന്നു പറയാം. ഇന്നു നാം അവരെപ്പറ്റിയും അവരുടെ ഗവേഷണങ്ങളെ ക്കുറിച്ചും മനസ്സിലാക്കുന്നത് മറ്റു രാജ്യങ്ങളിലെ ആളുകളുടെ കൃതികളില്‍നിന്നാണ്.

ആര്യഭട്ടീയത്തില്‍ സംഖ്യയ്ക്കുപകരം അക്ഷരങ്ങള്‍ ഉപയോഗിച്ച് എഴുതുന്ന രീതിയും സമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുന്ന രീതിയും വിവരിച്ചിരിക്കുന്നു. അന്ന് വാനനിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെക്കുറിച്ച് കണ്ടുകിട്ടിയ ശ്ലോകങ്ങളില്‍ രേഖപ്പെടുത്തി യിട്ടുണ്ട്. ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളെ ക്രോഡീകരിച്ച് വരാഹമിഹിരന്‍ എഴുതിയ 'പഞ്ച സിദ്ധാന്തിക' എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള അറിവുകള്‍ പേര്‍ഷ്യന്‍ കൃതികളില്‍നിന്നുമാണ് നമുക്കറിയാന്‍ കഴിയുന്നത്.

സമയവും കാലവും പോലും ചരിത്രകാരന്മാരും മറ്റുള്ളവരും മനസ്സിലാക്കുന്നത് എ.ഡി.- ബി.സി. എന്ന വര്‍ഷക്കണക്കിലാണ്. ക്രിസ്തുവിനുമുമ്പും ക്രിസ്തുവിനുശേഷവും എന്നല്ലാതെ ഇടയ്ക്കുള്ള ഒരു കാലമേതെന്നും അന്നത്തെ അവസ്ഥകള്‍ എന്തായിരുന്നുവെന്നും ആരും അറിയണ്ടല്ലോ.

നമ്മുടെ സങ്കല്‍പ്പമനുസരിച്ച്, സൃഷ്ടി പരിണാമവിധേയമായി വരുന്ന കാലംമുതല്‍ നാശംവരെ കല്പം (ബ്രഹ്മദിനം). ആയിരം മഹായുഗങ്ങള്‍ ചേര്‍ന്നത് ഒരു കല്‍പ്പം (432 കോടി വര്‍ഷം). ബ്രഹ്മവര്‍ഷം, ബ്രഹ്മായുസ്സ് തുടങ്ങി ഇതിലും വലിയ കാലയളവുകളുണ്ട്.

ഗാര്‍ഗ്യായ തന്റെ 'പ്രണവ' വാദത്തില്‍ സൂര്യനും ഏഴു ഗ്രഹങ്ങളും ചേര്‍ന്നത് ബ്രഹ്മാണ്ഡം. ഏഴു ബ്രഹ്മാണ്ഡങ്ങള്‍ ചേര്‍ന്നത് ജഗത്. ആയിരം ജഗത് ചേര്‍ന്ന് വിശ്വം. ഒന്നരക്കോടി വിശ്വം മഹാവിശ്വം. ഇരുപതു ലക്ഷം കോടി മഹാവിശ്വസം ചേര്‍ന്ന്ത് ലോകം. കോടി , കോടി ലോകം ചേര്‍ന്നത് മഹാലോകം. പത്തുകോടി മഹാലോകം ചേര്‍ന്നത് പ്രപഞ്ചം.

സൂര്യചന്ദ്രന്മാരെയാണ് കാലത്തിന്റെ അധിഷ്ഠാത ദേവതകളായി ഗണിച്ചിരിക്കുന്നത്. ഇവരുടെ ഗതിയനുസരിച്ച് കാലം ഗണിക്കപ്പെട്ടിരി ക്കുന്നു. ഇതില്‍നിന്നും ഇവിടെ ഈ പ്രപഞ്ചത്തില്‍ ഭിന്നമായി മറ്റൊന്നുമില്ല. യുഗങ്ങളും ചതുര്‍ യുഗങ്ങളും കാലത്തെക്കൊണ്ടാണ് കണക്കു കൂട്ടിയിരിക്കുന്നത്.

നമ്മുടെ ശരീരത്തിലും സൂര്യചന്ദ്രന്മാര്‍ സ്ഥിതിചെയ്യുന്നു. സൂര്യചന്ദ്രന്മാ രുടെ കലകളാണ് നമ്മുടെ ഉച്ഛ്വാസനിശ്വാസമായി ചലിച്ചുകൊണ്ടിരി ക്കുന്നത്. ലവം, കല, കിഷ്ഠാ, നിമേഷം, ശ്വാസം, ഘടിക, മുഹൂര്‍ത്തം, യാമം, ദിവസം, സന്ധ്യ, രാത്രി, ദിവ, വാരം, നക്ഷത്രം, കാരണം, പക്ഷം, മാസം,രാശി, ഋതു, അയനം, വത്സരം, യുഗം, പ്രളയം ഇങ്ങനെ ഇരുപത്തഞ്ചു ഗുണനകള്‍. ഇതിനെത്തുടര്‍ന്ന് മഹാപ്രളയ കാലങ്ങള്‍. ഇവയ്‌ക്കെല്ലാം പ്രത്യേക ശക്തികള്‍ ഗണിച്ചിരിക്കുന്നു.

ദ്രാവിഡ ശാസ്ത്രപ്രകാരം കലിയുഗം കഴിഞ്ഞാല്‍ പ്രളയം എന്നാണല്ലോ. നാം ആ കാലത്തിലേക്കു വന്നിരിക്കുന്നു. പ്രപഞ്ചവും ജീവജാലങ്ങളും ആവാസവ്യവസ്ഥയും സാമൂഹ്യ-രാഷ്ട്രീയ മത വ്യവസ്ഥിതികളെല്ലാം വളരെ വേഗത്തില്‍ ഇവിടെ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. സൃഷ്ടിയുണ്ടെങ്കില്‍ അതിനു നാശവുമുണ്ട്. തിന്മകളാലും വഞ്ചനയാലും ഉപഭോഗ സംസ്‌കാരം മാത്രം ലക്ഷ്യമിട്ട് ആദി ദ്രാവിഡ പ്രാപഞ്ചിക പ്രാണ സംസ്‌കൃതികളെ മറികടന്ന്, കെട്ടിപ്പൊക്കിയതും പിടിച്ചടക്കിയതു മെല്ലാം മാറ്റത്തിനു വിധേയമായേ തീരൂ. അതിനെന്തൊക്കെ പരിഹാരം ചെയ്ത് അവയെ നിലനിര്‍ത്താന്‍ ശ്രമിച്ചാലും കൂടുതല്‍ കുഴപ്പങ്ങളിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരിക്കും. കാരണം, ഇവയെല്ലാം കാലത്തിന് ഒരു കബളം മാത്രം.

ആ ഇരുണ്ട യുഗത്തില്‍ യൂറോപ്പിനെയും മറ്റും നശിപ്പിച്ച, ഈ അന്ധവിശ്വാസികളെയും അവരുടെ മത-ജാതിജന്യ, ഉപഭോഗ സംസ്‌കാര ത്തെയും തിരിച്ചറിഞ്ഞ് യഹൂദഗോത്രങ്ങളിലെ (12 ഗോത്രങ്ങള്‍) ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും വിശ്വാസികളെയും അവിടെനിന്നും പകുതി കുടിയൊഴിപ്പിച്ച് ഇന്ത്യ മഹാരാജ്യത്തേക്ക് അവര്‍ കയറ്റുമതി ചെയ്തു.

അത് എക്കാലവും ഈ രാജ്യത്തിനുനേരെ പ്രയോഗിക്കാവുന്ന ഏറ്റവും വലിയ ഒരു ആണവ ആയുധമായി ഇവിടെവന്നു പതിച്ചു. ഇന്‍ഡ്യ കണ്ട സത്യമുള്ള നവോത്ഥാന നായകന്മാര്‍. ഈ അഭിനവ ബ്രാഹ്മണിസത്തി നെതിരെ പട നയിച്ചപ്പോള്‍ ഒരു പരിധിവരെ ഈ ജനതയ്ക്കും രാജ്യത്തിനും മോക്ഷം ലഭിച്ചു.

മറ്റുള്ള ശൂദ്രരായ ജനവിഭാഗങ്ങള്‍ അവര്‍ക്കു ചാര്‍ത്തിക്കൊടുത്ത ജാതി, ഉപജാതി പട്ടങ്ങളെല്ലാം അടിമത്തത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വിഴുപ്പു ഭാണ്ഡങ്ങളായി തിരിച്ചറിഞ്ഞ് അതു വലിച്ചെറിഞ്ഞ് സ്വന്തം മാളത്തില്‍ ചേക്കേറി സംഘടിച്ച് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്കു കടന്നുവന്നപ്പോഴും ഈ അടിസ്ഥാന വര്‍ഗങ്ങള്‍ മാത്രം, കാലാകാലങ്ങളില്‍, ഈ സവര്‍ണ്ണന്‍, പിള്ളമാര്‍, ചെട്ടിമാര്‍, കുശവര്‍, തച്ചന്മാര്‍ (കമ്മാളന്മാര്‍- കണ്ണിന് ജീവന്‍ കൊടുക്കുന്നവര്‍), വള്ളുവര്‍, പറയര്‍, വേട്ടുവര്‍, മറവര്‍ അങ്ങനെ തൊഴിലിന്റെയും ദേശത്തിന്റെയും ഗോത്രസംഘ ചിഹ്നങ്ങളുടെയും പേരില്‍ നിലനിന്ന എല്ലാം ആദിദ്രാവിഡ വര്‍ഗങ്ങളും തപോമന്ത്രവാദിയായ ഗോയ ദ്വാരാ, പരമപദം (ബ്രഹ്മജ്ഞാനം) പ്രാപിച്ചിരുന്നതായി ദ്രാവിഡ പ്രമാണങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ജ്ഞാനവസിഷ്ടം, ഭൂശുണ്ഡര്‍ .............. കാവ്യം)

പക്ഷേ, ഉത്തര ദ്രാവിഡത്തിങ്കല്‍ അഭിനവ ബ്രാഹ്മണന്റെ കടന്നുകയറ്റത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. രാമായണം കഥതന്നെ ജനിച്ചുവീണത്.

ഒരു ശൂദ്രന്‍ (ശംഭുക മഹര്‍ഷി) വനത്തില്‍ താമസിച്ച് തപസനുഷ്ഠിച്ചു വന്നു. അന്നവിടെ കുടിയേറിയ ബ്രാഹ്മണ സന്താനങ്ങള്‍ക്ക് രോഗം വന്നത് ശൂദ്രന്റെ തപസ്സുമൂലമാണെന്ന് ശ്രീരാരമനെ ബോധ്യപ്പെടുത്തിയാണല്ലോ. ഈ മഹര്‍ഷിയുടെ ശിരസ്സ് ശ്രീരാമനെക്കണ്ട് അവര്‍ ഛേദിച്ചിപ്പു കളയുന്നത്.

ഈ ദ്രാവിഡത്തിങ്കല്‍ വന്ന ശേഷമാണ് ബ്രാഹ്മണന്‍ എന്ന പദം അവര്‍ കേള്‍ക്കുന്നതുതന്നെ. ഇനി ഇവരെപ്പറ്റി ആദി ദ്രാവിഡ മഹര്‍ഷിമാരും മഹാത്മാക്കളും രാമായണം എഴുതിയ വാത്മീകിതന്നെ പറഞ്ഞിരിക്കുന്ന തെന്താണെന്നു നോക്കാം.

ദ്രാവിഡ മഹര്‍ഷി വ്യാസന്‍ മഹാരാജാവിനെ പറഞ്ഞുകേള്‍പ്പിക്കുന്നു.

വ്യാസവാക്യം (മൂലശ്ലോകം)
''ധന്യൗ തേഷാം ച പിതരൗ
യായൊരുല്‍പ്പത്തീരീദൃശീ
കാലസ്യ മഹിമാ രാജന്‍
വാക്തും കേനഹി ശക്യതേ.''

ഇവരെന്തു ബ്രാഹ്മണരോ. ഇവരുടെ ഉത്പത്തി എങ്ങനെ? ഇവരുടെ അച്ചനമ്മമാര്‍ എന്തു മഹാപാപമാണ് ചെയ്തത്. എനിക്കറിഞ്ഞുകൂടാ

ദ്രാവിഡ മര്‍ഹിഷി ഗൗതമന്‍ ഈ ബ്രാഹ്മണരെക്കുറിച്ച് ഇവരില്‍ നിന്നുമുണ്ടായ അനുഭവ പശ്ചാത്തലത്തില്‍ അവരെ ശപിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ചില ശ്ലോകങ്ങളില്‍നിന്നും നമുക്ക് ഇവരെക്കുറിച്ചു മനസ്സിലാക്കാം.

ഗായത്രീതന്‍ ജപം, ധ്യാനം മുതലായവതില്‍ നിങ്ങളും 
വിമുഖത്വത്തൊടുംകൂടി ബ്രാഹ്മണധമരായിടും 
വേദം വേദോക്തമാം യാഗം വേദവാ...യതിങ്കലും
ശ്രദ്ധയില്ലാതെ നിങ്ങള്‍ ഭവിക്കും നീച വിപ്രരായ്
ശിവങ്കല്‍ ശിവമന്ത്രത്തിങ്കല്‍ ശിവശാസ്ത്രമതിങ്കലും
ശ്രദ്ധവിട്ടധമരായ് ഭവിക്കും നിങ്ങളൊക്കെയും
മൂലപ്രകൃതിയില്‍ ദേവീധ്യാനം കഥയിവറ്റയില്‍
ബ്രാഹ്മണാധമരാം നിങ്ങള്‍ക്കൊട്ടും ശ്രദ്ധ ഭവിച്ചിടാ
ദേവിയെവിട്ടന്യദേവഭക്തരായ് തീര്‍ന്നു നിങ്ങളും
ശംഖുചക്രാദ്യങ്കിതരായ് ഭവിക്കുക നികൃഷ്ടരേ
കാപാലികമതാസക്തര്‍ ബൗദ്ധശാസ്ത്ര സദാ
പാഷാണ്ഡാചാര നിരതന്മാരുമായി ഭവിക്കുവിന്‍
പിതൃമാതൃസുതഭ്രാതൃകന്യാ വിക്രയമങ്ങനെ
ഭാര്യാവിക്രിയവും ചെയ്തു പാര്‍പ്പിന്‍ നിങ്ങള്‍ നികൃഷ്ടരേ
ദേവവിക്രയമൗവണ്ണം തീര്‍ത്ഥവിക്രയമായതും
ധര്‍മ്മ വിക്രിയവും ചെയ്തു പാര്‍പ്പിന്‍ നിങ്ങള്‍ നികൃഷ്ടരേ
പഞ്ചശാസ്ത്രം കാമശാസ്ത്രം കാപാലികമതിങ്കലും
ബൗദ്ധശാസ്ത്രത്തിലും നിങ്ങള്‍ക്കുണ്ടാം ശ്രദ്ധ നികൃഷ്ടരേ
മാതാ, പുത്രി, ഭഗിനി ഈ ഇവരില്‍ ചേര്‍ന്നുമങ്ങനെ
പരസ്ത്രീലമ്പടന്മാരാകും നിങ്ങള്‍ നികൃഷ്ടരേ
നിങ്ങള്‍ വംശത്തിലുണ്ടാകും സ്ത്രീപുരുഷന്മാരശേഷവും
നിങ്ങള്‍ക്കു തുല്യരായ്ത്തീരുമെന്റെ ശാപം നിമിത്തമായ്
പിന്നെ കലിയുഗത്തിങ്കല്‍ ജനിക്കും നിങ്ങള്‍ ഭൂമിയില്‍
ഞാന്‍ പറഞ്ഞതുപോലെയെല്ലാം വരും തെറ്റിവരില്ല താന്‍

ഇങ്ങനെ പോകുന്നു ഗൗതമമുനിയുടെ ഇവരെക്കുറിച്ചുള്ള പരാമര്‍ശം. ദേവീഭാഗവതത്തില്‍ ഇവര്‍ പാഷാണ്ഡന്മാരും അസത്യവാദികളും ജനവഞ്ചകരും വേദധര്‍മ്മ വിവര്‍ജിതന്മാരും വേദനിരൂപകന്മാരും ക്രൂരകര്‍മ്മങ്ങളെ ചെയ്യാന്‍ തെല്ലും മടിയില്ലാത്തവരും യഥാര്‍ത്ഥ ധര്‍മ്മത്തെ ത്യജിച്ചിട്ട് വൃഥാ ജല്‍പിക്കുന്നവരും താര്‍ക്കീകന്മാരും ആകുന്നു. ഇവരില്‍ ചിലര്‍ ശൂദ്രസേവാനിരന്മാരും സമയം പോലെ തക്കംനോക്കി പ്രവര്‍ത്തിക്കുവാന്‍ കൂസലില്ലാത്തവരുമാകുന്നു.

''പൂര്‍വ്വം യേ രാക്ഷസരാജന്‍, തേകലൗ ബ്രാഹ്മണഃസ്മൃതാ
പാഷാണ്ഡനിരതാ, പ്രാഭയം ഭവന്തി ജനവഞ്ചകാ
അസത്യവാദിതഃ സര്‍വ്വേ വേദധര്‍മ്മവിവര്‍ജിതാ
ശൂദ്രസേവാപുരാ, കേ ചിന്നാനധര്‍മ്മപ്രവര്‍ത്തകാ
വേദനിന്ദകരാ ക്രൂരാ ധര്‍മ്മ ഭ്രഷ്ടാതി പാദുകാ 
(ദേവീ ഭാഗവതം)

യുദ്ധവിലാപം - കെ. പി. ഓതറ
മാനുഷ്യ മൂല്യങ്ങളെ ചങ്ങലക്കിട്ടവര്‍
മനുഷ്യ രക്തത്തിനു വില പേശുന്നു!
ചിതറി വീഴും മനുഷ്യ മാംസങ്ങളില്‍
പിടയുന്ന ജീവന്റെ അലമുറ കേള്‍ക്കേ
ചുടുചോര അളന്നെടുക്കുന്നു യുദ്ധം
മാനവശ്രേണിക്കുനാശം വിതയ്ക്കുന്നു യുദ്ധം
വാതു വച്ചടര്‍ക്കളത്തില്‍ ജീവനെ പന്താടുന്ന
മാരകാം രോഗമാണ് യുദ്ധം, യുദ്ധം
വിളറിവെളുത്തുപോയ ആശതന്‍ ബാക്കിയെ
മരണത്തിനു കൊടുക്കുന്നു യുദ്ധം, യുദ്ധം
ഇനിയുമുണ്ട് മരിച്ചു വീഴാന്‍ നറുക്കു വീണവര്‍
ഇനിയുമുണ്ട് ചതഞ്ഞരഞ്ഞ വാക്കുതെറ്റിയവര്‍
ഇനിയുമുണ്ട് പിടഞ്ഞു തീരാന്‍ ബാക്കിയുള്ളവര്‍
ഒരു നൂറു ചോദ്യശരങ്ങളുമായി
ഇനിയെന്തിന്! ഇനിയെന്തിനീ! യുദ്ധം?
ഇനിയെന്തിന്! ഇനിയെന്തിനീ! യുദ്ധം?
നിങ്ങളെന്‍ മനസ്സു നൊന്ത ചിന്തയറിഞ്ഞുവോ?
നിങ്ങളെന്‍ അടര്‍ന്നു വീണ കണ്ണീര്‍ കണ്ടുവോ?
അതിലുണ്ട് യുദ്ധത്തിന്റെ ഭീകര രൂപം
ഇനിയെന്തിന്! ഇനിയെന്തിനീ! യുദ്ധം?
ഇനിയെന്തിന്! ഇനിയെന്തിനീ! യുദ്ധം?

പുതിയൊരു ജനത! പുതിയൊരു മുന്നേറ്റ പ്രസ്ഥാനം സി.എസ്.ഡി.എസ്. പ്രഥമ സംസ്ഥാന കുടുംബസംഗമം 2015 - പി. സി. ചാക്കോ


പി സി ചാക്കോ 
പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഒരുമയുള്ള ജനമുന്നേറ്റമായി 2013 സെപ്റ്റംബര്‍ 8-ന് രൂപീകൃതമായി സംസ്ഥാന വ്യാപകമായി പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ചേരമ- സാംബവ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രഥമ സംസ്ഥാനകുടുംബസംഗമം 2015, ജനുവരി 19, 20, 27, 31 തീയതികളില്‍ കോട്ടയത്തുവെച്ചു നടക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ അസംഘടിത രായി നിന്നിരുന്ന ഒരു വിഭാഗം തങ്ങളുടെ സാഹോദര്യം തിരിച്ചറി ഞ്ഞുകൊണ്ട് ഒന്നായി മുന്നേറിക്കൊ ണ്ടിരിക്കുന്ന കാഴ്ചയാണ് ഒരു വര്‍ഷത്തിലധികമായി നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യ സാംസ്‌ക്കാരിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് അനുദിനം സൊസൈറ്റി മുന്നേറുകയാണ്. ചുരുങ്ങിയ നാളുകള്‍കൊണ്ട് ചേരമ സാബവ വിഭാഗം രാഷ്ട്രീയ മതവിശ്വാസങ്ങള്‍ക്കതീതമായി ഈ പ്രസ്ഥാനത്തെ സ്വീകരിക്കുവാന്‍ തയ്യാറായത് സമുദായാംഗങ്ങള്‍ക്കിടയില്‍ പുത്തന്‍ പ്രതീക്ഷയുടെ ഉദയമായി വേണം കരുതാന്‍. നാളിതുവരെ സംസ്ഥാനം ഭരിച്ചിട്ടുള്ളവരില്‍നിന്നും രാഷ്ട്രീയ മതസംഘടനകളില്‍നിന്നും അവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട ഒരു സമൂഹമാണെന്ന തിരിച്ചറിവിലൂടെ രാഷ്ട്രീയ മതവിശ്വാസങ്ങള്‍ക്കതീതമായി സാമൂഹ്യ മാറ്റത്തിനുവേണ്ടി സംഘടിതമായി മുന്നേറാനുള്ള പരിശ്രമമാണ് സി. എസ്. ഡി. എസ്.ന്റേത്.

ഒന്നാം വാര്‍ഷിക ആഘോഷവേളയില്‍ കഴിഞ്ഞ 15 മാസത്തിനുള്ളില്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കിയും നടപ്പാക്കിയും വരുന്നു. ആതുരസേവന രംഗത്തില്‍ 10ലക്ഷത്തിലധികം രൂപാ മുതല്‍മുക്കു നടത്തി ആംബുലന്‍സ് വാങ്ങി സര്‍വ്വീസ് ആരംഭിച്ചു. നിരവധി സഹായ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ഏറ്റെടുത്തു. വനിതകളുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച ചെസ്സാം മൈക്രോഫി നാന്‍സ് പുതിയ മാറ്റത്തിന്റെ കാഹളം മുഴക്കി അഭിമാനകരമായ മുഹൂര്‍ത്തത്തിലൂടെ കടന്നു പോകുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തന ങ്ങള്‍ക്കും നാടിന്റെ പൊതുനന്മ യ്ക്കും നേതൃത്വം കൊടുക്കാന്‍ യുവജനപ്രസ്ഥാനവും വോളന്റിയര്‍ ഫോഴ്‌സും സി. എസ്. സി. എസ്സ്.ന് കൂടുതല്‍ കരുത്തുപകരുന്നു.

ഒന്നാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് 3 വിളംബര ജാഥകള്‍ നടത്തും. ഇരവിപേരൂര്‍ ശ്രീ കുമാരഗുരുദേവ സന്നിധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം വെട്ടുകണ്ടത്ത് കേന്ദ്രകമ്മറ്റിയംഗം വി. പി. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മറ്റിയംഗം ഷാജി മാത്യു ക്യാപ്റ്റനായി രിക്കും. ആലപ്പുഴയില്‍ കെ. വി. പത്രോസ് സ്മാരകത്തില്‍ പുഷ്പാര്‍ ച്ചന നടത്തിയശേഷം കാവാലത്തിനിന്നും ആരംഭിക്കുന്ന വിളംബരജാഥ വൈസ് പ്രസിഡന്റ് സത്യകുമാര്‍ കെ. കെ. ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മറ്റിയംഗം റ്റി. ഡി. ജോസഫ് ക്യാപ്റ്റനായിരിക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിന് കേരളത്തില്‍ നേതൃത്വം നല്‍കിയ കല്ലറ സുകുമാരന്റെ സ്മൃതി മണ്ഡപത്തില്‍ ദീപം തെളിച്ച് കേന്ദ്രകമ്മറ്റി അംഗം ഷിബു പാമ്പാടി ഉദ്ഘാടനം ചെയ്യുന്ന ജാഥ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം വി. കെ. തങ്കപ്പന്‍ ക്യാപ്റ്റനായിരിക്കും. വിളംബര ജാഥകള്‍ 5.30ന് തിരുനക്കരമൈതാനത്ത് സംഗമിക്കും.

20ന് ഡോ. ബി. ആര്‍. അംബേദ്ക്കര്‍ നഗര്‍ (തിരുനക്കരമൈതാനം) 9 മണിക്ക് പതാക ഉയര്‍ത്തും. 11 മണിക്ക് കലാപരിപാടികള്‍. 4 മണിക്ക് സാംസ്‌ക്കാരിക സമ്മേളനം. പ്രതിപക്ഷ നേതാവ് വി. എസ്. അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. കെ. സുരേഷ് അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി എം. എസ്. സജന്‍ സ്വാഗതം ആശംസിക്കും. വനം, ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കലാ- സാംസ്‌ക്കാരിക നായകന്മാരെ ആദരിക്കും.

27ന് മിഥുന്‍ നഗറില്‍ (മാമ്മന്‍മാപ്പിള ഹാള്‍) ചെസ്സാം മൈക്രോഫിനാന്‍സ് വനിതാ സമ്മേളനം നടക്കും. ആദിവാസി ഗോത്രമഹാസഭ അദ്ധ്യക്ഷ സി. കെ. ജാനു ഉദ്ഘാടനം ചെയ്യും. പി. സി. ജയന്‍ (ചെയര്‍മാന്‍) അദ്ധ്യക്ഷത വഹിക്കും. സി. എം. ചാക്കോ പ്രവര്‍ ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും. പി. വി. സോമന്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും.

12 മണിക്ക് യുവജനസമ്മേളനം കെ. കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. അലക്‌സ് എം, ചാക്കോ (സി. എസ്. വൈ. എഫ്, കണ്‍വീനര്‍) അദ്ധ്യക്ഷത വഹിക്കും. എം. എസ്, സജന്‍ മുഖ്യപ്രഭാഷണം നടത്തും. സുധീഷ് വെള്ളപ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

2 പി. എം.ന് പ്രതിനി ധിസമ്മേളനം പി. സി. ജയന്‍ ഉദ്ഘാടനം ചെയ്യും. കെ. കെ. സുരേഷ് അദ്ധ്യക്ഷത വഹിക്കും. ജേക്കബ് തോട്ടപ്പിള്ളി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ട്രഷറാര്‍ ഷാജി ഡേവിഡ് കണക്ക് അവതരിപ്പിക്കും. ജോസ് പി. വര്‍ഗ്ഗീസ് ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും.

31-ന് കുടുംബസംഗമ റാലി 1 മണിക്ക് പോലീസ് പരേഡ് ഗ്രൗണ്ടില്‍ ആരംഭിക്കും. 4 മണിക്ക് ബി. ആര്‍. അംബേദ്ക്കര്‍ നഗര്‍ (നെഹ്‌റു സ്റ്റേഡിയം) പൊതുസമ്മേളനം ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ. കെ. സുരേഷ് അദ്ധ്യക്ഷത വഹിക്കും. എം. എസ്. സജന്‍ സ്വാഗതം ആശംസിക്കും. ജോസ് കെ. മാണി എം. പി., മുഖ്യപ്രഭാഷണം നടത്തും. കെ. അജിത്ത് എം. എല്‍. എ. മാസിക പ്രകാശനം ചെയ്യും. കെ. സുരേഷ്‌കുറുപ്പ് എം. എല്‍. എ. നേതാക്കളെ ആദരിക്കും. അഡ്വ. സജി കെ. ചേരമന്‍, കെ. യു. രഘു, പി. എസ്. ചെല്ലപ്പന്‍, പി. സി. ജയന്‍, കെ. കെ. സത്യകുമാര്‍, അന്‍സി ജോര്‍ജുകുട്ടി, ഷാജി ഡേവിഡ്, ജോസ് പി. വര്‍ഗീസ്, ജേക്കബ് തോട്ടപ്പള്ളി, ഷൈനി സുരേഷ്, വിജി വട്ടമറ്റം, എ. സി. പ്രസന്നന്‍ എന്നിവര്‍ പ്രസംഗിക്കും.

നെടുമുടി ഗംഗാധരന്‍ എന്റെ ഓര്‍മ്മയില്‍ - എം. ബി. ചന്ദ്രശേഖരന്‍, പൊങ്ങ


നെടുമുടി ഗംഗാധരന്‍ 
കുട്ടനാട് താലൂക്കില്‍ കൈനകരി വില്ലേജില്‍ നെടുമുടി ഗ്രാമപഞ്ചായത്തില്‍ കടന്നംങ്ങാട്ടു പാടത്തിന്റെ നടുവില്‍ വാഴത്തറ എന്ന തറവാട്ടില്‍ ശ്രീ വാസുദേവന്‍ കല്യാണി ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കളില്‍ ഏറ്റവും ഇളയവനായി കൊല്ലവര്‍ഷം 1123-ാംമാണ്ട് കര്‍ക്കിട മാസം 22-ാം തീയതി ഗംഗാധരന്‍ ജനിച്ചു.

ഭൂരഹിത കര്‍ഷകരായ മാതാപിതാക്കള്‍ ദാരിദ്ര കുടുംബമായിരുന്നു ഒറ്റ കൃഷി മാത്രമായിരുന്നു അന്ന്. കൂലിയാന്‍ അളവില്‍ കിട്ടുന്ന വേതനം മാത്രമായിരുന്നു കുടുംബത്തിന്റെ വരുമാനം.

പൊങ്ങ ഗവ. എല്‍. പി. എസ്സ്.ല്‍ ആയിരുന്നു വിദ്യാഭ്യാസം അതിനുശേഷം പഴയവീട് ഹൈസ്‌കൂളില്‍. കാര്‍മ്മല്‍ പൊളിടെക്‌നി ക്കില്‍നിന്നും ഐ. റ്റി. ഐ. കോഴ്‌സ് പാസ്സായി. അന്ന് നെടുമുടി- ആലപ്പുഴ ബസ്സിന് 30 പൈസ മാത്രം. പള്ളാത്തുരുത്തി പാലം ഇല്ല. മറുകര എത്താന്‍ കടത്തുവള്ളം മാത്രമാണ് ആശ്രയം. കടത്തുകൂലി 10 പൈസ. രാവിലെ കാല്‍നടയായി നടന്നുപോയാണ് സ്‌കൂളില്‍ പഠിച്ചിരുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ കലാകായിക പരിശീലനം നടത്തിയിരുന്നു. മുട്ടം കറുത്തകുഞ്ഞ് ആശാന്റെ കീഴില്‍ കമ്പുകളി പരിശമുട്ട് കളിയും പാണ്ടനാട് കേശവന്‍ ഗുരുക്കളില്‍നിന്ന് കളരി അഭ്യാസവും പഠിച്ചു. വില്‍പാട്ട്, ഹാര്‍മോണിയം വായന, ഭജന എന്നിവയും സ്‌കൂള്‍ പഠനത്തിനുശേഷം കഥാപ്രസംഗം പഠിച്ചു. വി. വി ഗംഗാധരന്‍ നെടുമുടി ഗംഗാധരനായി അറിയപ്പെട്ടു. കുട്ടികളെ കഥാപ്രസംഗം പഠിപ്പിക്കലും ഉണ്ടായിരുന്നു.

കേരളാ ചേരമര്‍ സംഘത്തിന്റെ കനകജൂബിലി കുറിച്ചി സചിവോത്ത മപുരം സ്‌കൂളില്‍വച്ചു നടക്കുമ്പോള്‍ കേരളാ ചേരമര്‍ സംഘം 127-ാം നമ്പര്‍ ശാഖായോഗത്തിന്റെ ജനറല്‍ സെക്രട്ടറി മൂത്ത സഹോദരന്‍ വി. വി. കൃഷ്ണന്‍കുട്ടിക്ക് സമ്മേളന പ്രതിനിധിയാകാന്‍ പറ്റാത്ത സാഹചര്യത്തില്‍ സെക്രട്ടറി എം. ബി. ചന്ദ്രശേഖരന്റെ കൂടെ സൗഹാര്‍ദ്ദ പ്രതിനിധിയായി നെടുമുടി ഗംഗാധരന്‍ സംഘടന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കലാപരിപാടിയെക്കുറിച്ച് മൈക്കില്‍കൂടി സുശീലന്‍ ഭാഗവതര്‍ പറയുന്നു. നെടുമുടി ഗംഗാധരന്റെ കഥാപ്രസംഗം അല്‍പ്പസമയത്തിനുള്ളില്‍ നടത്തപ്പെടുമെന്ന്.

ഞങ്ങള്‍ രണ്ടുപേരും ഭക്ഷണം കഴിച്ചതിനുശേഷം ഭാഗവതരെ കണ്ടു പരിപാടി നടത്താന്‍ ബുദ്ധിമുട്ടുണ്ട് പിന്നണിക്കാര്‍ ഇല്ല.

സുശീലന്‍ ഭാഗവതരുടെ പിന്നണി ക്കാരെ സ്റ്റേജില്‍ ഇരുത്തിക്കൊണ്ടാണ് നെടുമുടിയെ വിളിച്ചത്. എല്ലാവരുടേയും സഹായത്താല്‍ പരിപാടി വന്‍വിജയമാക്കി.

അതിനുശേഷം 127-ാം നമ്പര്‍ ശാഖാ യോഗത്തില്‍ സെക്രട്ടറിയായി കുട്ടനാട് താലൂക്ക് യൂണിയന്‍ സെക്രട്ടറിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പോന്നു. യൂണിയന്‍ ഓഫീസിനു സ്ഥലം വാങ്ങുകയും വിവിധ സാമുദായങ്ങളായ എസ്. എന്‍. ഡി. പി., എന്‍. എസ്. എസ്. എന്നീ സംഘടനാ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിപോന്നിരുന്നു.
വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കളുമായി അടുപ്പത്തില്‍ ആയിരുന്നു. കൈരളി കലാ സമതിയുടെ സ്ഥാപകന്‍കൂടിയാണ്. സമിതി ഇന്നും നിലവിലുണ്ട്.

ഡി. പി. ഇ. പി. പാഠ്യപദ്ധതി നടപ്പിലാക്കാതിരിക്കാന്‍ എസ്. യു. സി. ഐ.യുടെ സമര സമിതിയില്‍ പ്രധാനപ്പെട്ട പ്രവര്‍ത്തകന്‍ ആയിരുന്നു.

ജോണ്‍ ഏബ്രഹാം സ്മാരക ഭരണസമിതി, അംബേദ്ക്കര്‍ ബോട്ട് ക്ലബ്ബ് എന്നിവയില്‍ നെടുമുടിയുടെ സേവനം വളരെ വിലപ്പെട്ടതായിരുന്നു.

കണ്‍സ്യൂമേഴ്‌സ് ഓഫ് ഇന്ത്യ (സി. എഫ്. ഐ.) എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

പട്ടികജാതി- വര്‍ഗ്ഗക്കാരുടെ ദേശീയ സംഘടനയായ ആള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്. സി./എസ്. റ്റി. വിഷയങ്ങളില്‍ നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ വളരെ വിലപ്പെട്ടതാണ്.

ഭീംറാം മാസികയില്‍ നമ്മുടെ ജലസമ്പത്തിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കുട്ടനാട് താലൂക്ക് വികസന സമിതി അംഗം, ആലപ്പുഴ പോലീസ് സൂപ്രണ്ടിന്റെ പട്ടികജാതിക്കാരുടെ സമിതി അംഗം എന്ന നിലയിലും പട്ടികജാതിക്കാരുടെയും പരാതിക്കു പരിഹാരം കാണാന്‍ നെടുമുടിക്ക് സാധിച്ചിട്ടുണ്ട്.

നെടുമുടിയിലെ പട്ടികജാതി വിഭാഗത്തിലെ യുവാക്കള്‍ കെ. ഡി. പി. രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ സി. പി. ഐ. (എം)മായും വഴക്കും അടിയും ഉണ്ടാകുകയും കെ. ഡി. പി. പ്രവര്‍ത്തകരായ പ്രവര്‍ത്തകര്‍ നാടുവിടുകയും കുടുംബം ഉപേക്ഷിച്ചു പോകേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ സി. പി. ഐ. (എം) ന്റെ നേതാക്കളുമായി നേരില്‍ സംസാരിച്ചു പട്ടികജാതി യുവാക്കളെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനം വിജയത്തില്‍ എത്തിച്ചത് നെടുമുടിയുടെ കഴിവ് ഒന്നു തന്നെയാണ്.

കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ആയതിനുശേഷം മാവേലിക്കര മണ്ഡലത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് എന്റെ ഓര്‍മ്മയില്‍ വരുന്നത് യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി ശ്രീ കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരങ്ങളും മറ്റു സഹപ്രവര്‍ത്തകരും ഒരു വെള്ള അംബാസഡര്‍ കാറില്‍ വന്നു. നെടുമുടി ഗംഗാധരനുമായി തെരഞ്ഞെടു പ്പില്‍ സഹായിക്കണമെന്നു പറയുകയും കെ. സി. എസ്.ന്റെ വോട്ടുകള്‍ കൊടുക്കിന്നിലിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കണ മെന്ന് അവര്‍ അപേക്ഷിക്കുകയും വാക്കുകൊടുക്കുകയും ചെയ്തു. എന്നാല്‍ ശ്രീ നെടുമുടി ഗംഗാധരന്‍ പല കാര്യങ്ങള്‍ ശ്രീ കൊടികുന്നി ലിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സാധിച്ചു കൊടുത്തില്ല.

സിഡിയനുമായി അടുത്തു സഹകരിക്കുകയും സെമിനാറിലും പരിപാടികളിലും സജീവ സാന്നിദ്ധ്യവും നെടുമുടിക്കുണ്ടായിരുന്നു.

നെടുമുടി ഗ്രാപഞ്ചായത്തില്‍ ജനകീയ ആസ്രൂണ പദ്ധതികള്‍ തയ്യാറാക്കുന്ന വര്‍ക്കിംഗ് കമ്മറ്റികളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു.

ഇത്രയും നാളത്തെ പൊതുജീവിതത്തില്‍ ത്രിതലപഞ്ചായത്തിലും സഹകരണബാങ്കിലെയും ജനപ്രതിനിധിയും ബോര്‍ഡ് അംഗവും ആകാന്‍ സാധിച്ചിട്ടില്ല. അതിനുള്ള ആഗ്രഹവും ഇല്ലായിരുന്നു.

ഇന്നേ നാളിതുവരെ ഒരു തരത്തിലുള്ള പെന്‍ഷന്‍ പോലും നെടുമുടിക്ക് ഇല്ല.

പൊങ്ങ ഐ. എച്ച്. ഡി. പി. കോളനി വികസനത്തിനുവേണ്ടിയും പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നെടുമുടി ഗംഗാധരന്റെ അകാല വേര്‍പാട് പട്ടികജാതി- വര്‍ഗ്ഗ മറ്റു സമൂഹത്തിനു തീരാനഷ്ടമാണ്‌

പേരിലെ അക്ഷരങ്ങള്‍കൊണ്ട് കാരിക്കേച്ചര്‍ വരച്ച് ശ്രദ്ധേയനായ പി. റ്റി. സത്യരാജന്‍


സത്യരാജന്‍ 
ഉടുമ്പുംചോല സിവില്‍ എക്‌സൈസ് ഓഫീസില്‍ ഓഫീസറായി ജോലി ചെയ്യുന്നു. ചിത്രകലയില്‍ കാരിക്കേച്ചര്‍ വിഭാഗത്തില്‍ പേരിലെ അക്ഷരങ്ങള്‍കൊണ്ട് അവരവരുടെ കാരിക്കേച്ചര്‍ വരയിക്കുന്നു. മഹാത്മാ അയ്യന്‍കാളി ശ്രീനാരാരായണ ഗുരു, ഗാന്ധി, അമൃതാനന്ദമായി, യേശുദാസ്, ഉമ്മന്‍ചാണ്ടി, വി. എസ്. അച്ചുതാനന്ദന്‍, ഒ. എന്‍. വി., അണ്ണാ ഹസാരെ, സോണിയാ ഗാന്ധി, മന്‍മോഹന്‍സിംഗ്, ഒബാമ തുടങ്ങി നിരവധി ആളുകളുടെ പേരിലെ അക്ഷരങ്ങള്‍കൊണ്ട് കാരിക്കേച്ചര്‍ വരച്ച് ശ്രദ്ധ നേടി. ലഹരിക്കെതിരായുള്ള ചിത്രങ്ങള്‍ വരച്ച് നിരവധി സ്‌കൂളുകളില്‍ ചിത്രപ്രദര്‍ശനവും ബോധവത്കരണ ക്ലാസും നടത്തുന്നു.

കൂടാതെ എക്‌സൈസ് വകുപ്പ് നടത്തുന്ന സംസ്ഥാന കലാ കായിക മേളയില്‍ ചിത്രരചനാ മത്സരങ്ങളില്‍ 2003, 2010, 2011 വര്‍ഷങ്ങളില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ ലഭിക്കുകയും 2014ല്‍ മത്സരിച്ച നാല് ഇനങ്ങളിലും ഒന്നാം സ്ഥാനം ലഭിക്കുകയും എക്‌സൈസ് വകുപ്പില്‍ സംസ്ഥാന കലാപ്രതിഭാപട്ടം ലഭിക്കുകയു ചെയ്തു. എക്‌സൈസ് വകുപ്പിന്റെ അനുമതിയോടുകൂടി തിരക്കഥ എഴുതി ലഹരിക്കെതിരെ ടെലിഫിലിം നിര്‍മ്മിച്ചു. ഭാര്യ: ഷൈല, മക്കള്‍: അച്ചുത രാജന്‍, ആദിത്യ രാജന്‍

മഹിഷാസുര രക്തസാക്ഷിത്വദിനം:ജെ. എന്‍. യു. ഉണര്‍ത്തിയ ചിന്തകളും കെ.പി.എം.സി.നോടുള്ള ചില വിയോജനക്കുറിപ്പുകളും - പ്രകാശ് കോട്ടയം


പ്രകാശ്‌ കോട്ടയം 
ഭാഗം - രണ്ട് 

ഹിന്ദുയിസത്തിലടിയുറച്ചിട്ടുള്ളതും സാംസ്‌കാരിക മായി പല ലേബലുകളും ചാര്‍ത്തപ്പെട്ടിരിക്കുന്ന ചില സമൂദായ സംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും സംവരണം പോലുള്ള അവകാശങ്ങളെ എതിര്‍ക്കുമ്പോള്‍, വിഭവങ്ങളുടെ മേല്‍ ഒരു വിധത്തിലും പങ്കാളിത്തം ഇല്ലാതായ സമൂഹ ത്തിന്, സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരുവാനും അതിജീവനം നടത്തുവാനുമുള്ള സംവരാണാ വകാശത്തെ ഭരണഘടനാപരമായി ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെ, ഒരു തരത്തിലുമുള്ള വേര്‍തിരിവുകളും, ആനുകൂല്യ ങ്ങളും പാടില്ലെന്ന ദുര്‍വ്യാഖ്യാനം നടത്തുന്ന സമൂദായ പ്രമാണിമാ രെയും, അവരുടെ അജണ്ടകളെയും നാം ഗൗരവത്തോടെ പ്രതിരോധി ക്കേണ്ടിയിരിക്കുന്നു. ചെറിയ ചെറിയ പ്രസ്താവനകളിലൂടെ ചില സവര്‍ണ്ണസമുദായ ഹിന്ദുപ്രമാണിമാര്‍ ദളിതന്റെ നെഞ്ചിലേക്ക് കത്തി കയറ്റുമ്പോള്‍ തിരിച്ചറിയാതെ പോകുന്ന നമ്മുടെ പല നേതൃത്വത്തെയും നാം തിരുത്തേണ്ടിയിരിക്കുന്നു. പ്രാദേശികമായിട്ടാണെങ്കില്‍പ്പോലും ഇങ്ങനെയുള്ള പ്രസ്താവനകളെ എന്തുകൊണ്ട് നമുക്കു പ്രതിരോധി ക്കുവാന്‍ സാധിക്കുന്നില്ല എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

''നായാടിമുതല്‍ - നമ്പൂതിരിവരെ'' എന്ന മോഹന മുദ്രാവാക്യത്തില്‍ മയങ്ങിവീണ്, ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി, ആരുടെ കൈകളാല്‍ അടിമകളാക്കപ്പെട്ടോ, അവരുടെ കൈകളെ സ്‌നേഹപൂര്‍വ്വം ആശ്ലേഷി ക്കുന്ന രാഷ്ട്രീയവും - ആശയപരവുമായ വിഡ്ഢിത്തത്തിലേക്ക് ഇവിടുത്തെ ദളിത് സംഘടനകള്‍ അധഃപതിച്ചതോര്‍ത്ത് നാം വിലപിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും ഇങ്ങനെയുള്ള ദളിത് വിരുദ്ധ കൂട്ടുകെട്ടുകളെ ദളിതര്‍ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടി യിരിക്കുന്നു. ജാതിവ്യവസ്ഥ ലിഖിതമായി ഗ്രന്ഥങ്ങളില്‍ രേഖപ്പെടു ത്തിയും, അലിഖിതമായി സമൂഹത്തിന്റെ ആചാരങ്ങളിലും വ്യവഹാരത്തിലൂടെയും മനുഷ്യന്റെ ജീവിതത്തില്‍ ആഴത്തില്‍ പതിയപ്പെട്ട അഭിഭാജ്യവും രൂഢമൂലവുമായ ഒന്നാക്കി, ഹൈന്ദവതയുടെ അടിത്തറ ഉറപ്പിക്കുമ്പോള്‍, ഈ ജാതിവ്യവസ്ഥയാണ് തങ്ങളുടെ അടിമത്തത്തിനു കാരണമെന്ന് ഇനിയും തിരിച്ചറിയാത്ത ഹൈന്ദവ ഇതര ജനങ്ങള്‍, ''നായാടി മുതല്‍ നമ്പൂതിരി വരെ'' എന്ന മുദ്രാവാക്യത്തില്‍ മയങ്ങി ജാതി വ്യവസ്ഥയെയും അയിത്തത്തെയും ന്യായീകരിക്കുന്ന, അവയൊക്കെയും തിരികെ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്ന സമുദായ -രാഷ്ട്രീയനേതാക്കന്മാരുമായി വേദിപങ്കിടുന്നത് എക്കാലത്തും വിഡ്ഢിത്ത വും ആശങ്കാജനകവുമാണ്. 

ആര്യന്‍ അധിനിവേശം കെട്ടുകഥയാണെന്നും, ഇന്‍ഡസ് വാലി സംസ്‌കാരം തകര്‍ക്കപ്പെട്ടതല്ലെന്നും, മറിച്ച് പകര്‍ച്ചവ്യാധിമൂലമാണ് സിന്ധുനാഗരിക തയുടെ ജനപഥങ്ങള്‍ നശിക്കാന്‍ ഇടയായതെന്നും കുത്സിതബുദ്ധികള്‍ പുതിയ വ്യാഖ്യാനം നല്കുമ്പോള്‍, ഈ ചിന്ത ഉയര്‍ത്തുന്നവര്‍ ബോധപൂര്‍വ്വം പ്രതിരോധിക്കുന്നത് ദ്രാവിഡ സ്വത്വത്തെയും പാരമ്പര്യത്തെയുമാണ്. രാജ്യത്തെങ്ങും ഉയര്‍ന്നു വരുന്ന ദളിത് ചിന്തകളുടെ ആഴത്തിലുള്ള വേരോട്ടവും അന്വേഷണങ്ങളും കൊണ്ടുചെന്നെത്തിക്കുന്നത് ആര്യവല്ക്കരണത്തിന്റെ നേരെയുള്ള വലിയ വെല്ലു വിളിയാണെന്നു മനസ്സിലാക്കി, ആര്യവല്ക്കരണത്തിനും ഹിന്ദുയിസത്തിനും ഭാവിയില്‍ വെല്ലുവിളിയുയര്‍ത്തുന്ന ചിന്തകളെ പാടെ നുള്ളാനുള്ള ശ്രമങ്ങളില്‍ ഒന്നായി ഈ പുതിയ ചരിത്രകാരന്മാരുടെ പുതിയ നിഗമനങ്ങളെ നാം കാണേണ്ടിയിരിക്കുന്നു. എക്കാലത്തും ഹൈന്ദവേതരവും, ആര്യന്‍ - ബ്രാഹ്മണ ആക്രമണങ്ങളും കൂട്ടക്കൊലകളും മൂലം നശിക്കുവാനിട യായിട്ടുള്ളതുമായ സംസ്‌കാരത്തിന്റേയും ജീവിതരീതികളുടെയും ആകെത്തുകയായ ദ്രവീഡിയന്‍ പാരമ്പര്യത്തിന്റെ മാത്രം പിതൃത്വംപേറുന്ന ദളിത് ജനവിഭാഗത്തെ, ബ്രാഹ്മണിക്കലായ- ഹൈന്ദവമായ ആരാധനകളിലും മതത്തിലും തളച്ചിടുവാനും അങ്ങനെ രാഷ്ട്രീയഭൂരിപക്ഷമുണ്ടാക്കി ഹൈന്ദവരാഷ്ട്രമെന്ന ദളിത് വിരുദ്ധ - രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തില്‍ കൊണ്ടെത്തിക്കുവാനും ഹിന്ദുത്വ അജണ്ടയുടെയുടെ ഭാഗമാക്കുവാനും പാവപ്പെട്ട ദളിതനെ അറിഞ്ഞും അറിയാതെയും, അതില്‍ ഭാഗഭാക്കാക്കി എന്നും ബ്രാഹ്മണ ചതിയുടെയും വഞ്ചനയുടെയും കഥകള്‍ മാത്രം പറയുന്ന പുരാണങ്ങളില്‍ ഉന്മത്തരാക്കി അവന്റെ സമൂഹത്തെ വീണ്ടും ചതിക്കുവാനും കൂടെകൂട്ടുന്നത് നാം ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു. 

നാം ചരിത്രത്തെ പഠിക്കുന്നില്ല. പഠിക്കുവാന്‍ ശ്രമിക്കുന്നില്ല. ചരിത്രത്തെ വീണ്ടും പുനര്‍വായന നടത്തുന്നില്ല. ചരിത്രത്തെപുനര്‍വായന നടത്തി, നാനാവിധത്തിലുള്ള അടിമത്വത്തിന്റെയും നുകത്തെ തകര്‍ക്കുന്നതിനു പകരം, നമുക്ക് അടിമത്വം കല്പിച്ച ആര്യ-ബ്രാഹ്മണ- ഹിന്ദുയിസ ത്തിന്റെ തോളില്‍ അവസരത്തിനൊത്ത് നാമും കൈയിട്ട്, വിദൂരഭാവി യില്‍ ആശയപരവും അല്ലാതെയുമുള്ള അടിമത്വം വീണ്ടും നാം ഇരുന്നു വാങ്ങുന്നു.

ഒക്‌ടോബര്‍ 27 ലെ ജെ. എന്‍. യു. സംഭവങ്ങള്‍ സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാം ഗൗരവമായി കാണേണ്ടതും, വിലയിരുത്തുകയും പഠിക്കുകയും ചെയ്യേണ്ടതാണ്. ജെ. എന്‍. യു. കാമ്പസില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും ദളിതര്‍ക്കെതിരെ രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ചിലതു മാത്രമാണ്. എന്നാല്‍ അക്കാഡമിക് സ്ഥാപനങ്ങളില്‍ പോലും ജാതിയും വേര്‍തിരിവുകളും എത്ര ശക്തമായി നിലനില്‍ക്കുന്നുവെന്നതും, അതിനെ വര്‍ത്തമാനകാലത്തില്‍ ഫലപ്രദമായ ആയുധമായി ദളിതന്റെ നേര്‍ക്ക് ഉയര്‍ത്തുന്നതും നാം തിരിച്ചറിയേണ്ടതാണ്. ജെ.എന്‍.യു. പോലുള്ള, രാജ്യത്തെ ഒരു മികച്ച യൂണിവേഴ്‌സിറ്റിയില്‍ പോലും ദളിത് കുട്ടികള്‍ ഏതെല്ലാം വിധത്തിലാണ് പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് എന്നത് സങ്കടകരമായ അവസ്ഥയാണ്. ഈ അവസ്ഥകളെ യാഥാര്‍ത്ഥ്യമാക്കി നിലനിര്‍ത്തുന്നത് ജാതിവ്യവസ്ഥതന്നെയാണ്. ഈ കാമ്പസില്‍ ദളിത്-ബാക്ക്‌വേര്‍ഡ് സ്റ്റുഡന്‍സിനെതിരെ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കു ന്നുണ്ട്. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്ന ദളിത് കുട്ടികള്‍ക്ക് അവര്‍ മാര്‍ക്ക് നല്കാറില്ല. ഏതെല്ലാം വിധത്തില്‍ ദളിത് കുട്ടികളെ തഴയാമോ ആ അവസരങ്ങളൊന്നും ആരും പാഴാക്കുന്നില്ല. ഇതുകൊണ്ടു തന്നെ ഈ കുട്ടികള്‍ പറയുന്നത് കാസ്റ്റ് സിസ്റ്റം തകരണമെന്നാണ്. കാസ്റ്റ് സിസ്റ്റം തകരണമെങ്കില്‍ ഹിന്ദുയിസം തകര്‍ക്കപ്പെടണമെന്നും. ഈ ആഹ്വാനം കേട്ട് ഹിന്ദുവെന്നു പറഞ്ഞു നടക്കുന്ന ഒരു ദളിതനും രോഷം കൊള്ളേണ്ടതില്ല. കാരണം ഒരു ദളിതനും ഹിന്ദുവല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബ്രാഹ്മണ-ഹിന്ദു മതത്തിന്റെയുള്ളില്‍ ഒരു തരത്തിലും ഉള്‍പ്പെടാത്തവനും, അവരുടെ സമൂഹത്തിന്റെ പുറത്ത് എന്നും നിന്ദിക്കപ്പെട്ടവനുമായിരുന്ന ഇന്ത്യയിലെ ദളിത ജന്മങ്ങള്‍ എങ്ങനെയാണ് ഹിന്ദുവാകുന്നത്? ഹിന്ദുമതം രൂപപ്പെടുന്നതിനും മുമ്പുണ്ടായിരുന്ന ദ്രാവിഡജനവിഭാഗത്തില്‍പ്പെടുന്ന ദളിതര്‍ ഹിന്ദുക്കളല്ലായിരുന്നു എന്ന ചരിത്രസത്യം ഇനിയും ഉള്‍ക്കൊള്ളാതെ, ജാതീയമായ അടിമത്തത്തിന്റെ പേരും നെഞ്ചിലേറ്റി നടക്കുന്ന ദളിത് സംഘടനകള്‍ക്ക് ഒരു സമൂഹത്തിന് എങ്ങനെ ആത്മാഭിമാനം നേടിക്കൊടുക്കാന്‍ സാധിക്കും? തങ്ങളെ അടിമകളാക്കി നിന്ദിച്ചിരുന്ന ജാതീയനാമങ്ങളെ തിരസ്‌കരിച്ചുകൊണ്ട്, ജാതീയത ഞങ്ങളുടെ സംസ്‌കാരത്തിലും ജീവിതത്തിലും അന്യമായിരുന്നുവെന്നും, ദളിതന് ജാതിയില്ലെന്നും, ദളിതന്‍ ഹിന്ദുവല്ലെന്നും ഉച്ചത്തില്‍ വിളിച്ചു പറയുവാന്‍ എന്തുകൊണ്ടാണ് ഇവിടുള്ള ദളിത് സംഘടനകള്‍ക്കും ദളിത്ബുദ്ധിജീവികള്‍ക്കും സാധിക്കാത്തത്? സവര്‍ണ്ണന്‍ കല്പിച്ചു തന്ന നീചജാതിപ്പേരും ശിരസ്സിലേറ്റി ഇപ്പോഴും വിധേയത്വത്തിന്റെ കുപ്പായമണിഞ്ഞു നടക്കുന്ന ദളിത് ബുദ്ധിജീവികള്‍ ചരിത്രം പഠിക്കുകയും പുതിയ ചരിത്രം നിര്‍മ്മിക്കുവാന്‍ ശ്രമിക്കുകയും ചെയ്തില്ലെങ്കില്‍ നിങ്ങളുടെ സ്ഥാനം എന്നും കുപ്പത്തൊട്ടി തന്നെയായിരിക്കും.

ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ദളിതന്റെ ആത്യന്തികമായ പോരാട്ടം ഹൈന്ദവതയോടാണ് എന്നതാണ്. ബ്രാഹ്മണിക്കലായ ആചാരങ്ങളെയും ഹൈന്ദവതയില്‍ അടിസ്ഥാനമിട്ട കല്പിത കഥകളിലും വിശ്വാസമര്‍പ്പിച്ച് ആചാരങ്ങളിലും അനുഷ്ഠാന ങ്ങളിലും കുടുങ്ങിക്കിടക്കുന്ന ദളിത് ഹിന്ദുവും ദളിത് ക്രിസ്ത്യാനികളും എല്ലാം തന്നെ സവര്‍ണ്ണ ഹിന്ദുവിനേക്കാള്‍ ഒരു പടി മുന്നില്‍ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും നിഷ്‌കര്‍തയുള്ള വരാണ്. ദളിതന്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും, ചരിത്രത്തില്‍ നിന്നും ആട്ടിപ്പായിക്കപ്പെട്ടപ്പോള്‍ ഇരുളടഞ്ഞ നൂറ്റാണ്ടുകളില്‍ അവന്‍ ഒന്നുമല്ലാത്തവനായിരുന്നപ്പോള്‍ ഹൈന്ദവതയെ അവനും അറിയാതെ സ്വാംശീകരിച്ചു എന്നതാണ് അതിനു കാരണം. ഹൈന്ദവന്റെ ആചാര അനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നതില്‍ നിന്ന് ക്രൈസ്തവ ദളിതനും ഹിന്ദു ദളിതനേക്കാള്‍ ഒട്ടും പിറകിലല്ല എന്നതും പരിതാപകരവും ലജ്ജാകരവുമായ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വര്‍ത്തമാനകാലത്ത് അക്ഷരംകൂട്ടിവായിക്കുവാനെങ്കിലും പ്രാപ്തിയുള്ള ദളിതന്‍ ചരിത്രം വായിക്കു കയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. ഹൈന്ദവത തങ്ങള്‍ക്കു സമ്മാനിച്ചത് അടിമത്തവും അസ്പൃശ്യതയുമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് ഹൈന്ദവതയെ ധൈര്യപൂര്‍വ്വം നിരാകരിക്കുകയാണ് ഓരോ ദളിതനും ചെയ്യേണ്ടത്. കേരളീയ സമൂഹത്തില്‍ ഹൈന്ദവമായ സകല ആചാരാനുഷ്ഠാനങ്ങളിലും മുങ്ങിത്താണിരിക്കുന്ന ദളിതര്‍ ഈ ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളില്‍ നിന്നും പുറത്തു കടക്കുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. 

ജാതിയും ഉപജാതിയുമായി വേര്‍തിരിക്കപ്പെട്ട ദളിതന് ശാസ്ത്രീയമായ വീഷണമോ ചരിത്രപരമായ അറിവോ ഇല്ലാത്തത്തിടത്തോളം അവന്‍ ജാതീയത എന്ന ഹൈന്ദവ ഉല്പന്നത്തില്‍ അടിയുറച്ച് ജീവിക്കുന്നവനാ യിരിക്കും. എന്നാല്‍ വിശാലമായ ദളിത് ഐക്യത്തിലൂടെയേ ഒരു വിമോചനം യാഥാര്‍ത്ഥ്യമാവുകയുള്ളു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ജാതി-ഉപജാതി പേരുകളിലുള്ള ദളിതന്റെ ജാതിസംഘടനകളെ നിര്‍വ്വീര്യമാക്കി, രാജ്യത്താകമാനമുള്ള ദളിതന്റെ ഒരു വിശാല ഐക്യമാണ് രൂപപ്പെടേണ്ടത്. ദളിതന്‍ ഹിന്ദുവല്ലാതായിരിക്കുകയും ജാതിവ്യവസ്ഥ ഹൈന്ദവതയുടെ ഉല്പന്നവുമായിരിക്കെ, ഹൈന്ദവത യെയും ജാതിവ്യവസ്ഥയെയും നിലനിര്‍ത്താന്‍ സഹായിക്കുന്ന വിധത്തില്‍ ദളിതനും സങ്കുചിതമായ ജാതീയ വീഷണത്തില്‍ നിന്നുകൊണ്ട് ജാതിസംഘടനകള്‍ രൂപീകരിച്ച്, ദളിതന്റെ വീശാല ഐക്യത്തിനെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. 

ഇന്ത്യാരാജ്യത്തിന്റെ വിശാലതയില്‍, വിശാലദളിത് ഐക്യത്തിലൂടെയേ ദളിതന് ഒരു വിമോചനം സാധ്യമാവുകയുള്ളൂ. ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന നയങ്ങളും സമീപനങ്ങളും സ്വീകരിക്കേണ്ടതിനു പകരം ദളിത് ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ജാതിസംഘടനകളായി ദളിത് പ്രസ്ഥാനങ്ങള്‍ അധഃപതിക്കുകയാണ് ചെയ്യുന്നത്. അടുത്തിടെ രൂപീകരിക്കപ്പെട്ട ചിലസംഘടനകള്‍, ചില വൈകാരിക സംഭവങ്ങള്‍ തങ്ങളുടെ സംഘാടനത്തിനു കാരണമായിത്തീര്‍ന്നിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ലായെങ്കിലും ജാതി സംഘടനകളായി ദളിതന്റെ വിശാല രാഷ്ട്രീയത്തെ പരിമിതപ്പെടുത്തുന്നത് ശ്രദ്ധിക്കേണ്ടതാണ്. ജാതിയുടെയും ഉപജാതിയുടേയും പേരുകള്‍ സ്വീകരിക്കപ്പെടുമ്പോള്‍ ചാതുര്‍വര്‍ണ്ണ്യ ത്തിലധിഷ്ഠിതമായ ഹിന്ദുയിസം നമുക്കു സ്വീകാര്യമായിത്തീരുക യാണുണ്ടാവുക. അതുകൊണ്ടുതന്നെ ഒരു വിശാലദളിത് രാഷ്ട്രീയ ലക്ഷ്യത്തിന് ജാതിസംഘടനകള്‍ വിഘാതം സൃഷ്ടിക്കുകയാണു ചെയ്യുന്നത്. അയ്യന്‍കാളിയുടെ പ്രസ്ഥാനമാണെങ്കിലും മറ്റേതു മഹാത്മാക്കള്‍ രൂപീകരിച്ച പ്രസ്ഥാനമാണെങ്കിലും ജാതീയതയില്‍ മാത്രം പരിമിതപ്പെടുന്ന സംഘടനകള്‍ വിശാലദളിത് ഐക്യത്തിനെ പരിമിതപ്പെടുത്തുന്നവയെന്നു മനസ്സിലാക്കി കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് വിശാല ദളിത് രാഷ്ട്രീയത്തിന് സാധ്യമായ അന്തരീക്ഷത്തെ നിര്‍മ്മിക്കുകയാണ് വേണ്ടത്. ഈ അടുത്ത കാലത്ത് രൂപപ്പെട്ട ചിലസംഘടനകള്‍, ചില മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒരുക്കുമ്പോള്‍ത്തന്നെ ജാതീയമായ പേരുകള്‍ സ്വീകരിക്കുന്നതിലൂടെ തങ്ങളുടെ വളര്‍ച്ചയ്ക്ക് പരിമിതികള്‍ സ്വയം സൃഷ്ടിക്കുന്നു എന്ന് മനസ്സിലാക്കാതെ പോകുന്നു. പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളെ അവഗണിക്കാതെ തന്നെ വിശാലദളിത് ഐക്യത്തിനും രാഷ്ട്രീയത്തിനും ഇന്‍ഡ്യന്‍ ചരിത്രവും സാഹചര്യവും നമ്മെ ആഹ്വാനം ചെയ്യുമ്പോള്‍ ജാതീയതയിലും ഹിന്ദുത്വത്തിന്റെ മറ്റുകെണികളിലും വീണുപോകാതെ, ദളിതനും വ്യക്തമായ പങ്കാളിത്തമുള്ള സംസ്‌കാരികവും രാഷ്ട്രീയവുമായ ഇന്‍ഡ്യന്‍ രാഷ്ട്രീയ നിര്‍മ്മിതിക്ക് കൈകോര്‍ക്കുകയാണ് ഓരോ ദളിതനും ചെയ്യേണ്ടത്. ജാതി വ്യവസ്ഥയും ഹിന്ദുത്വവും ഒരു ദളിതനെ സംബന്ധിച്ചിടത്തോളം അടിമത്വത്തിനു കാരണമായിരുന്നു എന്നു ചരിത്രം നമ്മെ പഠിപ്പിക്കുമ്പോള്‍, നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെയും അനുബന്ധ മത-ആചാര അനുഷ്ഠാനങ്ങളെയും തകര്‍ക്കാതെ ദളിതന് ഒരു വിമോചനം അസാദ്ധ്യമായിരിക്കെ, നാം പുതിയ മുന്നേറ്റങ്ങളും സാധ്യതകളും ആരായുവാന്‍ ധൈര്യം കാണിക്കേണ്ടിയിരിക്കുന്നു.

സി.പി.എം. മാര്‍ക്‌സിയന്‍ വീക്ഷണം അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് മാത്രമല്ല ജനാധിപത്യത്തിനും ശത്രുവാണ് - പ്രവീണ്‍ കെ. മോഹന്‍, കടുത്തുരുത്തി


പ്രവീണ്‍ കെ മോഹന്‍ 
മലയാള മനോരമ ദിനപത്രത്തില്‍ 15. 12.2014 ല്‍ എം.വി.ഗോവിന്ദന്റെ വിദ്വേഷ പ്രസ്താവനയുടെ മറുപടിയാണ് കുറിപ്പിനാധാരം. 

മാര്‍ക്‌സിസത്തിന്റെ ഇന്നത്തെ നില അതി വിപ്ലവകരമായി എന്ന് തെളിയിക്കുന്നു. മാനവ സമൂഹത്തിന്റെ ഭാവി പ്രവചിക്കാനുള്ള മാര്‍ക്‌സിസത്തിന്റെ ശ്രമം സാങ്കല്‍പികവും കാല്പനികവുമാണ്. സമൂഹത്തിന്റെ ഭാവി മാതൃകകള്‍ തത്വദര്‍ശനപരമായ പ്രവചനത്തിന് അതീതമാണ്. രാഷ്ട്രീയത്തിന്റെ അഥവാ അധികാരത്തിന്റെ മന:ശാസ്ത്രം കമ്മ്യൂണിസത്തിന്റെ കൈകളില്‍ നിന്നും വഴുതി പോയിരിക്കുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ അഭാവമാണ് കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ദോഷം. 70 -ല്‍ പരം വര്‍ഷങ്ങള്‍ കമ്മ്യൂണിസം പ്രയോഗത്തിലായിരിക്കുകയും, കമ്മ്യൂണിസത്തിന്റെ മാതൃരാജ്യമെന്ന് അറിയപ്പെടുകയും ചെയ്തിരുന്ന സോവിയറ്റ് യൂണിയനിലും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഈ ഭരണക്രമം നാമാവശേഷമാകുവാനുള്ള പ്രധാന കാരണം ജനതയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.

ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഒതുങ്ങുന്ന മാര്‍ക്‌സിസത്തിന്റെ കുറച്ച് പ്രചരണം മാത്രമാണിപ്പോള്‍ നിലനില്‍ക്കുന്നത്. അത് ഫ്യൂഡല്‍ മനോഭാവത്തിന്റെ തിരുശേഷിപ്പുകളില്‍ അധിഷ്ഠിതമാണ്. എം.വി.ഗോവിന്ദനെപ്പോലുള്ള സി.പി.എം. സെക്രട്ടറിയേറ്റ് അംഗങ്ങള്‍ കൊലപാതക രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ തെളിവാണ് ഈ പാര്‍ട്ടിയുടെ ജനവിരുദ്ധ നിലപാട് ശ്രദ്ധേയമാകുന്നത്. 'NSS,SNDP. പോലുള്ള സമുദായങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല എന്നാല്‍ പുലയര്‍, സിദ്ധനര്‍ തുടങ്ങിയ പട്ടികജാതി സംഘടനകളുടെ പ്രവര്‍ത്തകര്‍ മരിച്ചിടത്ത് റീത്തുമായി വരികുകയോ മറ്റും ചെയ്താല്‍ കൈകാര്യം ചെയ്യുമെന്ന് ഗോവിന്ദന്‍ ഭീഷണിമുഴക്കിയിരിക്കുകയാണ്.' ശരിയായ കാഴ്ചപ്പാടില്‍ സ്വന്തം ജാതി ബോധമാണ് ഗോവിന്ദനെ ഇങ്ങനെ പറയുവാന്‍ പ്രേരിപ്പിച്ചത്. 

എം.വി.ഗോവിന്ദന്റെയും സി.പി.എം. പാര്‍ട്ടിയുടെയും ധിക്കാരഭാവം കേരള ജനത അവഗണിക്കുക തന്നെ ചെയ്യും. പട്ടികജാതി വിരോധം മൂലമാണോ ഗോവിന്ദന്റെ പാര്‍ട്ടി പി.കെ.എസ്സ് എന്ന ജാതി സംഘടന രൂപീകരിച്ചത്? ഈ സംഘടനയ്ക്ക് മരിച്ചിടത്തു വന്നാല്‍ റീത്ത് വെയ്ക്കാനാകുമോ? കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രം വാസ്തവത്തില്‍ പിന്നോക്ക അയിത്ത ജാതിക്കാരുടെ രക്തസാക്ഷിത്വത്തിലൂടെ ആണെന്നുള്ള കാര്യം ഗോവിന്ദനും സി.പി.എം. പാര്‍ട്ടിക്കും നിഷേധിക്കാനാകുമോ? കേരളം മുഴുവനും ഈ പാര്‍ട്ടി രൂപപ്പെടുത്തുന്നതിന് നിര്‍ണ്ണായകമായി നിലപാട് സ്വീകരിച്ച ജനവിഭാഗങ്ങളെയാണ് ഈ പ്രസ്ഥാനം തള്ളികളഞ്ഞിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളമാകെ രൂപപ്പെടുത്തുന്നതിന് ഗോവിന്ദന്റെ സമുദായം മാത്രമേയുള്ളൂ എന്നുള്ള വാദം ശരിയല്ല. 

കേരളത്തിലെ സാധാരണ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ട്ടാണ് മാര്‍ക്‌സിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പട്ടികജാതിപ്പെട്ടവരെ സി.പി.എം. സംസ്ഥാന സെക്രട്ടറി അടക്കമുള്ള പ്രധാനപ്പെട്ട പദവികളില്‍ അവരോധിക്കാന്‍ ശ്രമിക്കാത്തതിന്റെ കാരണം ഈ പ്രസ്ഥാനത്തിലുള്ള ജാതി വിവേചനമാണ്. മാര്‍ക്‌സിസ്റ്റ് ഭരണകൂടം അധികാരത്തില്‍ വരുമ്പോഴെല്ലാം സ്വജനപക്ഷപാതമായി മാറുന്നതും മേല്‍ചൊന്ന ദുര്‍വൃത്തി മൂലമാണ്. കമ്മ്യൂണിസം സാധാരണ ജനവിഭാഗങ്ങളുടെ രാഷ്ട്രീയാധികാരത്തിന്റെ പങ്കിനെ താഴ്ത്തി കാണിക്കുന്നു. 

സി.പി.എം. പാര്‍ട്ടി സമ്പ്രദായത്തിന്റെ ന്യൂനതകള്‍ ഏറെയാണെങ്കിലും ജനാധിപത്യക്രമത്തിന്റെ നല്ല പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെങ്കില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പുതിയ രാഷ്ട്രീയാധികാരഭാവി ആവശ്യമായിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരെ ഒരു തരം പുച്ഛത്തോടെ അവഗണിക്കാന്‍ അധരീണ ജാതി സംഘടനകള്‍ക്ക് കഴിയുകയും, നവരാഷ്ട്രീയാധികാരം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയും വേണം. കമ്മ്യൂണിസം അടിസ്ഥാനവിഭാഗങ്ങള്‍ക്ക് മാത്രമല്ല ജനാധിപത്യത്തിനും ശത്രുവാണ്. പുതിയ സാംസ്‌കാരിക നേതൃത്വം അധരീണ ജനവിഭാഗ ങ്ങളില്‍ ഉയര്‍ന്നു വരികയും ഭൂമി, രാഷ്ട്രീയം, അധികാരം തുടങ്ങിയ വ്യവസ്ഥാപിത താല്‍പര്യങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ പുതിയ സാമൂഹിക ബന്ധങ്ങള്‍ ആവശ്യമാണ്. അതിനായി ഇടതുനിന്നും വലതിലേക്ക് മാറുന്ന ശൈലിയല്ല. മറിച്ച് അധരീണ ജാതി സമൂഹത്തിന് സാംസ്‌കാരികമായ അധീശത്വം സ്ഥാപിക്കാന്‍ പുതിയ ലോകവീക്ഷണത്തിന്റെയും ചരിത്രബോധത്തിന്റെയും ആധുനിക ജനാധിപത്യ ദര്‍ശനത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചെടുക്കപ്പെടേണ്ട രാഷ്ട്രീയകാഴ്ചപ്പാടുകള്‍ മുന്നോട്ട് വച്ചുകൊണ്ടാണ് ഡോ.അംബേദ്കര്‍ ജാതി വ്യവസ്ഥക്കെതിരെ ശക്തമായി നിലകൊണ്ടത്. 

സി.പി.എം. നടപ്പിലാക്കുന്ന സാമൂഹ്യവിപ്ലവത്തില്‍ പൊതുവെ പറഞ്ഞാല്‍ അക്രമമാര്‍ഗ്ഗമാണ. ഈ രീതി അധരീണ ജാതി വിഭാഗങ്ങള്‍ക്ക് നേരെ ഉപയോഗിച്ചാല്‍ നിഷ്ഫലവുമാകുമെന്നുറപ്പാണ്. അടിസ്ഥാന ജനങ്ങളെ സംഘടിപ്പിച്ചും രാഷ്ട്രീയവല്‍ക്കരിച്ചും ഭരണകൂടം സ്ഥാപിച്ചും മാര്‍ക്‌സിസ്റ്റുകാര്‍ പാവപ്പെട്ട ജനസഞ്ചയത്തെ വഞ്ചിക്കുകയായിരുന്നു ചെയ്തത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ വഞ്ചന തിരിച്ചറിഞ്ഞ അടിസ്ഥാനജനതയെ ഭീഷണിപ്പെടുത്തിയും അക്രമ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും ഒറ്റയടിക്ക് എല്ലാം മാറ്റിത്തീര്‍ക്കണമെന്നാഗ്രഹിക്കുന്ന അസഹിഷ്ണു ക്കളായ മാര്‍ക്‌സിസ്റ്റുകാര്‍ ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗം സ്വീകരിച്ചാല്‍ അതു ഫലവത്താകുകയുമില്ല. സിവില്‍ സമൂഹത്തില്‍ കൊലപാതകവും ശാരീരികക്ഷതമേല്‍പ്പിച്ചും അനീതിപരമായ മാര്‍ഗ്ഗങ്ങള്‍ നടത്തിയും സി.പി.എം. പാര്‍ട്ടിക്ക് അധികനാള്‍ കേരളത്തിലും പിടിച്ചു നില്‍ക്കാനാവില്ല. അസ്വാതന്ത്യത്തിന്റെയും ചൂഷണത്തിന്റേതുമായ ഘടനകള്‍ അട്ടിമറിക്കപ്പെടുമ്പോഴേ ജനമനസ്സുകളില്‍ നിന്നു ഫ്യൂഡല്‍ - മാര്‍ക്‌സിസ്റ്റ് വീക്ഷണ മനോഭാവങ്ങള്‍ ദുരീകരിക്കപ്പെടുകയും നവരാഷ്ട്രീയ മൂല്യങ്ങള്‍ മുളപൊട്ടുകയും ചെയ്യും.

പ്രവീണ്‍ കെ. മോഹന്‍, കടുത്തുരുത്തി
9496591754

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ചരിത്രവിരുദ്ധമായ ''ഘര്‍വാപ്പസി'' (വീട്ടിലേക്ക് മടങ്ങിവരവ്) പദ്ധതിയില്‍ ഉള്ളടങ്ങിയിരിക്കുന്നത് വിഷലിപ്തമായ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയമാണ്. - എം. ജെ. ജോണ്‍


ഇന്ത്യയെ ഹിന്ദുമതരാഷ്ട്രമാക്കിത്തീര്‍ക്കുന്നതിന് സംഘപരിവാര്‍ സംഘടനകള്‍ തുടര്‍ന്ന് വന്നിരുന്ന വിഷലിപ്തമായ വര്‍ഗ്ഗീയ അജണ്ട, ഇപ്പോള്‍ ബി. ജെ. പി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടുകൂടി ഭരണകൂട പിന്തുണയോടെ അതിതീവ്രമായി രാജ്യവ്യാപകമായി നടപ്പിലാക്കി വരുന്നു.

രാജ്യത്തെ നിലവിലുള്ള പൊതുവിദ്യാഭ്യാസ സിലബസ്സിനെ കാവിവല്‍ക്കരിക്കുക, മഹാത്മഗാന്ധിയുടെ ഘാതകനെ ദേശീയ നേതാവാക്കി ആദരിക്കുവാന്‍ ശ്രമിക്കുക, ചാതുര്‍വര്‍ണ്ണ്യ സമ്പ്രദായത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുമതപുരാണ ഗ്രന്ഥം മാത്രമായ ഭഗവത്ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കുക, കോണ്‍ഗ്രസിനുള്ളിലെ ഹിന്ദുദേശീയവാദിയും വ്യത്യസ്ത ദേശീയതകളെ ബലമായി കീഴ്‌പ്പെടുത്തിയ പ്രഥമ ആഭ്യന്തരമന്ത്രിയായ സര്‍ദാര്‍ പട്ടേലിനെ ദേശീയ ഐക്യത്തിന്റെ പ്രതീകമാക്കുക. മുസ്ലീം ജനതയെ ഒന്നടങ്കം തീവ്രവാദി മുദ്രകുത്തി വേട്ടയാടുക, ലൗ ജിഹാദ് എന്ന് പറഞ്ഞ് മിശ്രവിവാഹിതരെ കൊന്നൊടുക്കുക. ഹിന്ദുത്വ ദേശീയവാദി നേതാക്കള്‍ക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരം നല്‍കുക. മാംസാഹാര നിരോധന നടപടികള്‍ കൈക്കൊള്ളുക തുടങ്ങിയ ഹിന്ദുത്വ ഫാസിസ്റ്റ് പദ്ധതികളുടെ തുടര്‍ച്ചയായി സംഘപരിവാര്‍ സംഘടനകള്‍ ''ഘര്‍വാപ്പസി'' (വീട്ടിലേക്ക് മടങ്ങിവരവ്) എന്ന പേരിട്ട് കൂട്ടമതമാറ്റത്തിന് രാജ്യവാപകമായി നേതൃത്വം നല്‍കിവരുന്നു.

ചരിത്രത്തിലൊരിക്കലും ഹിന്ദുമതത്തിന്റെ ഭാഗമായിട്ടില്ലാത്ത ദലിതര്‍, ഹിന്ദുമതം അടിച്ചേല്‍പ്പിച്ച ഹീനമായ ജാതി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇസ്ലാം-ക്രൈസ്തവ മതങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍ അവിടെയും അവര്‍ ജാതീയ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയ മാക്കപ്പെടുകയാണുണ്ടായത്. സാമൂഹ്യ സുരക്ഷയ്ക്കായി ന്യൂനപക്ഷമതങ്ങള്‍ സ്വീകരിച്ച ദലിതരിലെ ദരിദ്രരായ ദലിത് ക്രൈസ്തവ-മുസ്ലീം കുടുംബങ്ങളാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രലോഭന ങ്ങള്‍ക്ക് വഴിപെട്ട് കൂട്ടമതം മാറ്റത്തിന് വിധേയരാക്കപ്പെടുന്നത്.

ചരിത്രവിരുദ്ധമായ ''ഘര്‍വാപ്പസി'' (വീട്ടിലേക്ക് മടങ്ങിവരവ്) പദ്ധതിയില്‍ ഉള്ളടങ്ങിയിരിക്കുന്നത് വിഷലിപ്തമായ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയ മാണ്. സാമ്രാജ്യത്വ-കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്ക് രാജ്യത്തെ കൊള്ളയടിക്കുവാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന മോഡി നേതൃത്വം നല്‍കുന്ന കേന്ദ്രഭരണകൂടം സംഘപരിവാര്‍ സംഘടനകളെ കയറൂരിവിട്ടുകൊണ്ട് ഹിന്ദുമതരാഷ്ട്രവാദത്തിന്റെ സാമൂഹിക അടിത്തറ ഉറപ്പിക്കുവാന്‍ നടത്തിവരുന്ന ഗൂഢപദ്ധതിയുടെ ഭാഗമായാണ് സംഘടിത മതംമാറ്റം നടത്തുന്നത്. ഇതിലൂടെ സാമൂഹിക ശിഥിലീകരണവും മതസംഘര്‍ഷങ്ങളുമാണ് ഫാസിസ്റ്റുകള്‍ ലക്ഷ്യം വയ്ക്കുന്നത്.

തികച്ചും ജനാധിപത്യ വിരുദ്ധവും രാജ്യദ്രോഹപരവുമായ ഈ ഫാസിസ്റ്റ് നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുവാന്‍ അദ്ധ്വാനിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും പുരോഗമന-ജനാധിപത്യ മതേതരശക്തികള്‍ക്കും ബാദ്ധ്യതയുണ്ട്. ചരിത്രപരമായ ഈ കടമ ഏറ്റെടുക്കുവാന്‍ ജനകീയ ജനാധിപത്യമുന്നണിആഹ്വാനം ചെയ്യുന്നു.

എം. ജെ. ജോണ്‍
കണ്‍വീനര്‍, ജനകീയ ജനാധിത്യമുന്നണി

വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള വി.എച്ച്.പിയുടെ മത പരിവര്‍ത്തന ഗൂഢാലോചന തിരിച്ചറിയുക - എ. ബി. ഉണ്ണി


ദളിത്-ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വി.എച്ച്.പി എന്ന സംഘടന ലക്ഷ്യം വെയ്ക്കുന്നത് സമൂഹത്തില്‍ വര്‍ഗ്ഗീയ സഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് എന്നത് തിരിച്ചറിഞ്ഞ് ജനാതിപത്യ-മതേതര വിശ്വാസികളും രാഷ്ട്രീയ പൊതു സമൂഹവും, പ്രത്യേകിച്ച് ദളിതരും പിന്നോക്ക-ന്യൂനപക്ഷങ്ങളും ശക്തമായി പ്രതിക്ഷേധിക്കണം.

ദളിത് ക്രിസ്ത്യന്‍, ദളിത് മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് പട്ടികജാതി സംവരണം നഷ്ടപ്പെടുത്തിയത് 1950 ആഗസ്റ്റ് 10 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലെ 3-ാം ഘണ്ഡികയിലെ പരാമര്‍ശനം മൂലമാണ്. ഭരണഘടനാ വിരുദ്ധവും സാമൂഹികനീതി നിഷേധതത്തിന്റെതുമായ ഈ ഓര്‍ഡര്‍ റദ്ദുചെയ്തുകൊണ്ട് ക്രിസ്ത്യന്‍- ഇസ്ലാം മത വിശ്വാസികളായ ദളിതര്‍ക്ക് പട്ടിക ജാതി ലിസ്റ്റില്‍ പുനഃപ്രവേശനം നല്‍കണമെന്ന് രംഗനാഥ് മിശ്ര കമ്മീഷന്‍ 2007 മെയ് 21ന് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അസന്നിഗ്ധമായ ഭാഷയില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വ്യത്യസ്ത മത വിശ്വാസികളായ ദളിതര്‍ക്കിടയില്‍ എന്തെങ്കിലും വിഭജനരേഖ നിലനില്‍ക്കുന്നുണെങ്കില്‍ അത് 'ഈ സംവരണ പ്രശ്‌നം മാത്രമാണ് താനും' ഭരണഘടന 25(1) വകുപ്പനുസരിച്ചുള്ള മത സ്വാതന്ത്ര്യവും, 15(1) , 16(2) വകുപ്പുകള്‍ ഉറപ്പു നല്‍കുന്ന അവകാശങ്ങളും ഇന്ത്യന്‍ പൗരന് നിഷേധിക്കുക എന്നാല്‍ ഭരണകൂടം തന്നെ 'മത വിവേചനനയം' സ്വീകരിക്കുന്നു എന്ന് വരും. ഭരണഘടനാശില്പികള്‍ സംവരണാനുകൂല്യങ്ങള്‍ ഹിന്ദു മതത്തിന് മാത്രമായി നിഷ്‌കര്‍ഷിച്ചിട്ടില്ല എന്നതിനാല്‍ സംവരണാവകാശം മത വിമുക്തമായ ജാതി അടിസ്ഥാനത്തിലുള്ളതായിരിക്കേണ്ടതാണ്. 

എന്നാല്‍ ഇപ്പോഴത്തെ രീതിയില്‍ മതം മാനദണ്ഡമായി കാണുന്ന സംവരണ തത്വം നിലനില്‍ക്കുന്നതിനാലാണ് സംഘ പരിവാര്‍ സംഘടനകള്‍ പട്ടികജാതി-വര്‍ഗ്ഗ സംവരണ വിഷയം ഉയര്‍ത്തികാണിച്ച് സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. വടക്കേ ഇന്ത്യയിലും, കേരളത്തില്‍ ചിലയിടങ്ങളിലും നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തിയതിനെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷങ്ങള്‍ വിഷയം ഉന്നയിച്ച് ദിവസങ്ങളായി സഭ സ്തംഭനാവസ്ഥയിലെത്തിയിട്ടും വെല്ലുവിളിയുടെ സ്വരത്തില്‍ മത പരിവര്‍ത്തന ശ്രമം തുടരുമെന്ന സംഘപരിവാര്‍ നേതാക്കളുടെ പ്രഖ്യാപനത്തില്‍ നിന്നും മനസിലാകുന്നത് , ഇത്തരക്കാര്‍ക്ക് ബി.ജെ.പി സര്‍ക്കാരിന്റെ പിന്‍തുണ ഉണ്ട് എന്നുള്ളതാണ്. ഈ സന്ദര്‍ഭത്തില്‍ മറുപടി കിട്ടേണ്ടതായ പ്രസക്തമായ ചോദ്യം, ഭഘര്‍ വാപസിയുടെ' പേരില്‍ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച് പുനര്‍ മത പരിവര്‍ത്തനം എന്ന പരാമര്‍ശനത്തോടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിച്ച് മതം മാറ്റത്തിന് നേതൃത്വം നല്‍കുന്ന സംഘപരിവാറുകാര്‍ ദളിതരെ ഭഹിന്ദു മേല്‍ജാതിയിലേയ്ക്ക് '-സവര്‍ണ്ണജാതിയിലേയ്ക്ക്-പരിവര്‍ത്തനം നടത്താന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ഹിന്ദുമത തത്വങ്ങളേയും ആചാര അനുഷ്ഠാനങ്ങളേയും താത്വീകമായിതന്നെ വെല്ലുവിളിച്ചുകൊണ്ട് നിലനില്‍ക്കുന്ന ബുദ്ധ-സിക്ക് മതങ്ങളിലെ ദളിതരെ ഘര്‍ വാപസി വഴി പരിവര്‍ത്തിപ്പിക്കുവാന്‍ എന്തുകൊണ്ട് താല്പര്യമെടുക്കുന്നില്ല? എന്നതു മാത്രമല്ല, ബ്രാഹ്മണിക്ക്-സവര്‍ണ്ണ ഹിന്ദു മതത്തിന്റെ മുഖമുദ്രയായ പഴയ ചാതുര്‍ വര്‍ണ്ണ്യ വ്യവസ്ഥിതി തിരിച്ചുകൊണ്ടുവരുന്നതിനും വി.എച്ച്.പി യുടെ അജണ്ടയില്‍ ഉള്‍പ്പെടുന്നു എന്നത് വിസ്മരിക്കാവുന്നതല്ല. ഇന്ത്യന്‍ രാഷ്ട്രീയ -പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്തേണ്ടതും , മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും എല്ലാ മതേതരവിശ്വാസികളുടെയും അടിയന്തിര ആവശ്യമായി തീര്‍ന്നിരിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത.ആയതിനാല്‍ മതേതര-ജനാതിപത്യ വിശ്വാസികളായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക-സാംസ്‌ക്കാരിക പ്രസ്ഥാനങ്ങളും, പ്രത്യേകിച്ച് ദളിത്- ന്യൂനപക്ഷ ജനസമൂഹങ്ങളും സംഘപരിവാര്‍ സംഘടനകളുടെ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള കുല്‍സിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം.

ദലിതര്‍ക്ക് ഏത് മതം സ്വീകരിക്കുവാനും സംഘ് പരിവാറിന്റെ സമ്മതം ആവശ്യമില്ല - രമേഷ് നന്മണ്ട


രമേഷ് നന്മണ്ട 
ഘര്‍ വാപ്പസി എന്ന പേരില്‍ സംഘ് പരിവാര്‍ പുനര്‍ മതപരിവര്‍ത്തനം എന്ന ഒരു അജണ്ട നടപ്പിലാക്കി ക്കൊണ്ടിരിക്കുകയാണല്ലോ. വീട്ടിലേക്ക് മടങ്ങുക അഥവാ തറവാട്ടിലേക്ക് മടങ്ങുക എന്നൊക്കെയാണ് ഇതിന് അര്‍ത്ഥമായി പറയുന്നത്. എന്നാല്‍ മത പരിവര്‍ത്തന നിരോധന നിയമം കൊണ്ട് വരിക എന്നത് അവരുടെ അജണ്ടയുമാണ് .ഇവതമ്മില്‍ ഒരു ആശയപൊരുത്തമില്ലായ്മ പ്രത്യക്ഷത്തില്‍ കാണാമെങ്കുലും സംഘ്പരിവാര്‍അജണ്ട മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരിക എന്നത് തന്നെയാണ് അതിന് അനുകൂലമായ ഒരുഅന്തരീക്ഷം സൃഷ്ടിച്ചെടുക്കുക എന്നത് തന്നെയാണ് ഇപ്പോള്‍ നടക്കുന്ന സംഘ് പരിവാര്‍ അജണ്ടയുടെ ലക്ഷ്യവും. പുനര്‍ മത പരിവര്‍ത്തന ത്തിനെതിരെ ശബ്ദമുയരുമ്പോള്‍ 'എന്നാല്‍പിന്നെനമുക്ക് എല്ലാവര്‍ക്കും കൂടെ ചേര്‍ന്ന് മതപരിവര്‍ത്തനം തടയുന്ന നിയമം കൊണ്ടു വരാം' എന്നതാണ് അവരുടെ ഭാഷ്യം. 

ഇന്ത്യയിലെ ഏതൊരു പൗരനും ഏത് മതം സ്വീകരിക്കുവാനും മതമില്ലാതെ ജീവിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്‍കുമ്പോള്‍തന്നെ, നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചു മുള്ള മത പരിവര്‍ത്തനം

അത് നിരോധിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഘര്‍ വാപ്പസി എന്നപേരില്‍ നിര്‍ബന്ധിച്ചും,ബി പി എല്‍ റേഷന്‍ കാര്‍ഡ്,മറ്റാനുകൂല്ല്യങ്ങള്‍ എന്നിവ കൊടുക്കാം, സംവരണം കിട്ടും എന്നല്ലാമുള്ള പ്രലോഭനങ്ങളിലൂടെയാണ് മത പരിവര്‍ത്തനം നടക്കുന്നത് . ഹിന്ദുത്വത്തിലേക്ക് തിരിച്ചുവരുന്നവര്‍ ഏതുജാതിയില്‍ ചേരുമെന്നത് ~ഒരുവലിയ പ്രശ്‌നമാണ്. ഏതുജാതിയില്‍ വേണമെങ്കിലും ചേരാമെന്ന് ഭംഗിക്കുവേണ്ടി പറയുന്നുവെങ്കിലും, ജാതിയിലെ അംഗത്വം ജന്മം കൊണ്ട് മാത്രമാണ് എന്നയാ ഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.

രാജ്യത്ത് സംഘര്‍ഷങ്ങളും സാമുദായിക സ്പര്‍ദ്ധയും, കലാപങ്ങളും സൃഷ്ടിക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം.ഹിന്ദുത്വത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നും ലക്ഷക്കണക്കിന് അടിമകള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി വിവിധ മതങ്ങളിലേക്ക് പോയിട്ടുണ്ട്. ഘര്‍വാപസി എന്നത് സ്വന്തം തറവാട്ടിലേക്ക് തിരിച്ചുവരിക എന്നതാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ അതിന്റെ ഭൂമി ശാസ്ത്രപരമായ അര്‍ത്ഥത്തിലെടുത്താല്‍ വിദേശികളയ ആര്യന്‍മാര്‍ എവിടെ നിന്നാണോ വന്നത് അവിടേക്കുതന്നെ തിരിച്ചു പോവണമെന്ന് ആരങ്കിലും പറഞ്ഞാല്‍ അതിനെ കുറ്റം പറയാന്‍ കഴിയുമോ? മറ്റൊന്ന് ,ദലിതര്‍ഒരിക്കലും ഹിന്ദുത്വ തറവാട്ടിലായിരുന്നില്ല എന്നതാണ്. ഹിന്ദുത്വമെന്നാല്‍ ജാതിയും ,ചാതുര്‍വര്‍ണ്ണ്യവുമാണ്. ദലിതര്‍ അതിന് പുറത്തുള്ളവരായിരുന്നു. അഥവാ ഔട്ട് കാസ്റ്റസ് .അഥവാ ജാതിക്ക് ,ഹിന്ദുത്വത്തിന് പുറത്തുള്ളവര്‍. അതുകൊണ്ടാണ് ഡോ:ബാബാ സാഹെബ് അംബേദ്ക്കര്‍ ദലിതര്‍ ഹിന്ദുക്കളല്ലാ എന്ന് അടിവരയിട്ട് പറഞ്ഞത് . എന്നാല്‍ ഇന്ന് അവര്‍ സര്‍ക്കാര്‍രേഖകളില്‍ ഹിന്ദുക്കള്‍ എന്ന് പരാമര്‍ശിക്കപ്പെടുന്നു. 1861ല്‍ ഇംഗ്ലീഷ്‌കാരുടെ ഭരണത്തില്‍ നടന്ന ആദ്യത്തെ ജനസംഖ്യാകണക്കെടുപ്പില്‍ മുസ്ലിം -ക്രൈസ്തവ - യഹൂദ-പാര്‍സി മതവിശ്വാസികളല്ലാത്ത എല്ലാ ഇന്ത്യക്കാരെയും ഹിന്ദുക്കളായി എണ്ണി. ഈചരിത്ര വസ്തുതയുടെ അടിസ്ഥാനത്തില്‍ ദലിതരെ 1861ല്‍ അവരറിയാതെ തന്നെ ഹിന്ദുക്കളാക്കി മാറ്റുകയാണുണ്ടായത്. (അതിന് നിര്‍ബന്ധം പോലും വേണ്ടി വന്നിരുന്നില്ല. എന്നാല്‍പോലും ചരിത്രപരമായോ സാമൂഹ്യമായോ സാംസ്‌കാരികമായോ ദലിതര്‍ ഹിന്ദുക്കളല്ല എന്ന വസ്തുതയാണ് ഡോക്ടര്‍ അംബേദ്കര്‍ ചൂണ്ടിക്കാണിച്ചത്.)

മതപരിവര്‍ത്തനം ദലിതരെ സംബന്ധിച്ചേടത്തോളം ഒരുവിമോചന വിപ്ലവമാണ് . ഹിന്ദുത്വം ഉപേക്ഷിച്ചുകൊണ്ടുമാത്രമെ ദലിതര്‍ക്ക് മോചനം നേടാന്‍കഴിയൂ. ദലിതര്‍ കൂട്ടത്തോടെ ഹിന്ദു മതം ഉപേക്ഷിക്കുക തന്നെ വേണം .ഡോക്ടര്‍ അംബേദ്ക്കര്‍ 12 ലക്ഷം വരുന്ന തന്റെ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചു. തുടര്‍ന്ന് എല്ലാവര്‍ഷവും ഡോക്ടര്‍ അംബദ്ക്കറുടെ മാര്‍ഗ്ഗം പിന്‍തുടര്‍ന്ന് കൊണ്ട് പതിനായിര ക്കണക്കിന് ദലിതര്‍ ബുദ്ധിസം സ്വീകരിച്ചു കൊണ്ടിരിക്കുന്നു.സംഘ് പരിവാര്‍ എത്ര പരിശ്രമിച്ചാലും അതിനെ തടയാന്‍ കഴിയാത്ത വിധം അംബേദ്ക്കറൈറ്റുകള്‍ രാജ്യമെമ്പാടും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് .ദലിതര്‍ക്ക് ഏത് മതം സ്വീകരിക്കുവാനും സംഘ് പരിവാറിന്റെ സമ്മതം ആവശ്യമില്ല.

രമേഷ് നന്മണ്ട
സംസ്ഥാന കണ്‍വീനര്‍,
ബഹുജന്‍ സമാജ് പാര്‍ട്ടി

ജാതി വിരുദ്ധപോരാട്ടങ്ങളെ രാഷ്ട്രീയമായി തകര്‍ക്കുന്ന ഘര്‍ വാപ്പസിയില്‍ നിന്നും സംഘപരിവാര്‍ ശക്തികള്‍ പിന്‍മാറണം - മാത്യു ഇടശ്ശേരി


മാത്യു ഇടശ്ശേരി 
സംഘപരിവാര്‍ ശക്തികളുടെ ഹിന്ദുരാഷ്ട്രവാദ അജണ്ട പൂര്‍വ്വാധികം ശക്തമാക്കുന്ന നയപരിപാടിയാണ് വിശ്വഹിന്ദുപരിഷത്തും, ജനജാഗരണ്‍മഞ്ചും നടപ്പിലാക്കുന്ന ഘര്‍ വാപ്പസി പരിപാടി. ഇന്‍ഡ്യയിലെ തദ്ദേശീയ ജനവിഭാഗങ്ങളെ മതപരിവര്‍ത്തനവും, പുനര്‍മതപരിവര്‍ത്തനവും നടത്തി സ്വത്വബോധത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ദലിതര്‍ ഒന്നടങ്കം പ്രതിരോധിക്കണം. ഹൈന്ദവവര്‍ഗ്ഗീയതയുടെ ബലിയാടുകളായി മാറിയ ദലിതര്‍ സാമൂഹ്യാഭിമാനത്തിനും സാമൂഹ്യനീതിയ്ക്കും വേണ്ടി ഡോ. അംബേദ്ക്കര്‍ തിരികൊളുത്തിയ ജാതി വിരുദ്ധ പോരാട്ടങ്ങളെ ഉള്‍ക്കൊണ്ട് ഒരു മതേതരജനതയെന്ന നിലയില്‍ വികസിച്ച് സ്വത്വബോധം വീണ്ടെടുക്കുന്ന ഘട്ടത്തില്‍ മനുവാദ ഹൈന്ദവ ഫാസിസ്റ്റുകള്‍ അതിനെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ആസൂത്രിത നീക്കമായാണ് ഘര്‍ വാപ്പസി പരിപാടിയിലൂടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 1936- ലെ ക്ഷേത്രപ്രവേശന വിളമ്പരത്തിനു മുമ്പ് ഹിന്ദുമതത്തിനു പുറത്ത് ബഹിഷ്‌കൃതരായി ഇരകളാക്കപ്പെട്ട് ജീവിക്കുന്ന സാമൂഹ്യ അവസ്ഥയാണുണ്ടായിരുന്നത്. അങ്ങനെ ഹിന്ദുമതത്തിന്റെ അകത്തില്ലാതിരുന്ന തദ്ദേശീയരെ ഘര്‍ വാപ്പസ്സി പരിപാടിയിലൂടെ ഏതു കുടുംബത്തിലേയ്ക്കാണ് തിരിച്ചുകൊണ്ടുപോകുന്നത് എന്ന് സംഘപരിവാര ശക്തികള്‍ വ്യക്തമാക്കണം. 1950-ആഗസ്റ്റ് 10-ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലൂടെ ഹൈന്ദവരായാലെ സംവരണം ലഭിയ്ക്കു എന്ന സാഹചര്യം സൃഷ്ടിയ്ക്കുകയും ഹിന്ദുമിഷനിലൂടെ പുനര്‍മതപരിവര്‍ത്തനത്തിനു തുടക്കം കുറിച്ചുകൊണ്ടുമാണ് ഡോക്ടര്‍ അംബേദ്ക്കര്‍ ആവിഷ്‌ക്കരിച്ച ജാതിസംവരണത്തെ മതാധിഷ്ഠിത സംവരണമാക്കി അട്ടിമറിച്ചത്. ഇന്ത്യന്‍ ഭരണകൂടം കാലാകാലമായി അനുവര്‍ത്തിച്ചുവരുന്ന ഹൈന്ദവ ധര്‍മ്മത്തെ ബി.ജെ.പി നരേന്ദ്രമോദിയിലൂടെ ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. ഘര്‍ വാപ്പസിലൂടെ പൂര്‍വ്വജാതി സമ്പ്രദായം പുന:സൃഷ്ടിയ്ക്കുന്ന മനുവാദ അജണ്ട സാക്ഷാത്ക്കരിക്കാനാണ് സംഘപരിവാര ശക്തികള്‍ ശ്രമിക്കുന്നത്. എന്നാല്‍ സംവരണത്തെ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നാളിതുവരെ നിയമിച്ചിട്ടുള്ള എല്ലാ കമ്മീഷനുകളും അവസാനമായി ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടുവരെ 1950-ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ റദ്ദുചെയ്യണമെന്നും സംവരണം മതാതീതമാക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. രംഗനാഥമിശ്രകമ്മീഷന്‍ ശുപാര്‍ശയിന്‍മേല്‍ ശക്തമായ രാഷ്ട്രീയ തീരുമാനം എടുത്ത് സംവരണം മതാതീതമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചാല്‍ ദലിത് ക്രൈസ്തവര്‍ക്കും ദലിത് മുസ്ലീം വിഭാഗങ്ങള്‍ക്കും സംവരണാനുകൂലങ്ങള്‍ ലഭ്യമാക്കുകയും മതപരിവര്‍ത്തനവും പുനര്‍മത പരിവര്‍ത്തനവും അപ്രസക്തമാവുകയും ചെയ്യുമെന്നും അതിനായി നിയമ നിര്‍മ്മാണമല്ല ശക്തമയാ രാഷ്ട്രീയ തീരുമാനങ്ങളാണ് ആവശ്യം.

മാത്യു ഇടശ്ശേരി
ജനറല്‍ സെക്രട്ടറി,
നാഷണല്‍ ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍,

പുനര്‍ മതപരിവര്‍ത്തനവും വിവാദങ്ങളും - പി. എസ്. പ്രസാദ്


പി എസ് പ്രസാദ്‌
കേരളത്തില്‍ ഇപ്പോള്‍ ഏറെ വിവാദമായിട്ടുള്ള വിഷയമാണ് പുനര്‍ മതപരിവര്‍ത്തനത്തെ സംബന്ധച്ചുള്ളത്. സ്വന്തം ഇഷ്ടപ്രകാരം ഏതു മതത്തില്‍ വിശ്വസിക്കാനും ഏതു മതത്തില്‍ അംഗമാകാനും നമ്മുടെ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. 17-ാം വകുപ്പനുസരിച്ച് അയിത്തത്തിന്റെ ഏതു തരത്തിലുള്ള ആചരണവും കുറ്റകരവുമാണ്. കൂടാതെ നിര്‍ബന്ധിത മതപരിവര്‍ത്തനവും ഇതില്‍ ഏതിന്റെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന കാര്യം വ്യക്തമാക്കാതെ യാണ് വിവാദങ്ങള്‍ കത്തിപ്പടരുന്നത്.
ഹിന്ദുമതത്തിലെ അനാചാരങ്ങളും അയിത്താചരണങ്ങളും അന്ധവിശ്വാസ ജഡിലമായ പ്രവര്‍ത്തനങ്ങളും അതില്‍നിന്നും ഉളവായ കെടുതികളില്‍ നിന്നും രക്ഷനേടുന്നതിനാണ് ദളിത് വിഭാഗത്തിലുള്ളവര്‍ മതപരിവര്‍ത്തനം നടത്തിയത്. ക്രിസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും ബുദ്ധ മതത്തിലേക്കും പരിവര്‍ത്തനം നടത്തിയിട്ടുണ്ട്. അന്നൊന്നും യാതൊരു വിവാദങ്ങളും ഉയര്‍ന്നിട്ടില്ല. ഇപ്പോഴും പല സ്ഥലത്തും ദളിതരും ക്രിസ്തുമതം സ്വീകരിക്കുന്നുമുണ്ട്. മാധ്യമങ്ങളൊന്നും തന്നെ വാര്‍ത്തക്കുവേണ്ടി അതൊന്നും പ്രസിദ്ധം ചെയ്തിട്ടില്ല. എന്നാല്‍ പരിവര്‍ത്തനം ചെയ്തുപോയ മതത്തില്‍നിന്നും തിരികെ മത പരിവര്‍ത്തനം ചെയ്തപ്പോള്‍ സ്വീകരിക്കുന്നതിന് ലളിതമായ ചടങ്ങുകളേയുള്ളൂ. മതപരമായ അംഗീകരാത്തിന് ചെലവുകളും ഇല്ല. എന്നാല്‍ ക്രിസ്തുമതത്തില്‍നിന്നോ ഇതരമതങ്ങളില്‍നിന്നോ പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് അനേക കടമ്പകള്‍ കടക്കേണ്ടതുണ്ട്. അംഗീകൃത ഹിന്ദുമത സംഘടനയുടെ നേതൃത്വത്തില്‍ ശുദ്ധി കര്‍മ്മം നടത്തുകയും പ്രസ്തുത സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഗവ. പ്രസ് നിര്‍ദ്ദേശിക്കുന്ന സര്‍ട്ടിഫിക്കറ്റു കളോടുകൂടി ഗസറ്റില്‍ വിജ്ഞാപനം നടത്തണം. ഇതിനൊക്കെ വളരെ പണച്ചിലവുള്ളതാണ്. നര്‍ബന്ധിച്ച് ഒരാളെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കാന്‍ പറ്റുമോ? വെറുതെ വിവാദം ഉണ്ടാക്കുകയാണ് ലക്ഷ്യം.

മുന്‍പ് സൂചിപ്പിച്ചതുപോലെ സ്വയ രക്ഷനോക്കിയാണ് ക്രിസ്തുമതത്തില്‍ ദലിതര്‍ ചേര്‍ന്നത്. ദലിതരെന്ന സങ്കല്‍പ്പിത്തിനു തന്നെ മാറ്റം വരുമെന്നും സമത്വവും സുന്ദരവുമായ ഒരു ജീവിതാനുഭവം ഉണ്ടാകുമെന്നും കരുതിയവര്‍ക്ക് തെറ്റി. ചാതുര്‍വര്‍ണ്ണ്യത്തിന്റെയും അയിത്താചരണ ത്തിന്റെയും അടിമവ്യവസ്ഥിയുടെയുടെയും വക്താക്കളായിരുന്നവര്‍ പൂണൂല്‍ ഊരി ക്രിസ്തുമതം സ്വീകരിച്ച് സഭയുടെ ഭരണം നടത്തുന്നവരായി ഉണ്ടെന്ന കാര്യം പാവം മതം മാറിച്ചെന്ന ദലിതര്‍ക്ക് അറിയാന്‍ പാടില്ലായിരുന്നു. പൂണൂലേ ഊരികളഞ്ഞിട്ടുള്ളൂ. മനസിനു മാറ്റം വന്നിട്ടില്ല എന്ന കാര്യം വളരെ വൈകിയാണ് അവര്‍ക്കു മനസ്സിലായത്. ചോതിയും കണ്ടനും കോരനും മതംമാറി മത്തായിയും പത്രോസും തോമായും ആയി പേരിനു മാറ്റം വന്നതല്ലാതെ അവസ്ഥയ്ക്കു വ്യത്യാസം വന്നില്ല. വേറെ പള്ളിയും ശവക്കോട്ടയും പെരുന്നാളും അവര്‍ക്കു കല്‍പ്പിക്കപ്പെട്ടു. സഭകളുടെ ഭരണങ്ങളില്‍ പങ്കാളികളാക്കാനോ സഭാസ്ഥാപനങ്ങളില്‍ ജോലിക്കാരാകനോ യോഗ്യത ഉള്ളവര്‍ക്കു പുരോഹികരാകനോ കഴിഞ്ഞില്ല. അവിടെയും പുലയനും പറയനും കുറവനുമായി യാതൊരു മാറ്റവുമില്ലാതെ കഴിയേണ്ടതായിവന്നു. ഇതില്‍ മനം മടുത്ത മഹാത്മാ പാമ്പാടി ജോണ്‍ ജോസഫ് ഒരു ഡയസ് ദളിതര്‍ക്കായി പ്രത്യേകം അനുവദിക്കണമെന്ന് ബ്രിട്ടീഷ് ഭരണാധികാരി കള്‍ക്ക് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്, വിവാദമായ സംഗതിയാണ്. പൊയ്കയില്‍ യോഹന്നാന്‍ (കുമാരഗുരുദേവന്‍) ജഞഉട എന്ന സഭ തന്നെ സ്ഥാപിച്ച് പ്രതിഷേധിച്ചു. മേല്‍സൂചിപ്പിച്ച കാര്യങ്ങളെല്ലാം തന്നെ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ദളിത് ക്രൈസ്തവരുടെ ജനസംഖ്യയും കൂട്ടിച്ചേര്‍ത്താണ് സംഖ്യ പെരുപ്പിച്ച് ന്യൂനപക്ഷ അവകാശത്തിലൂടെ നേട്ടങ്ങള്‍ ക്രൈസ്തവ സഭ കരസ്ഥമാക്കുന്നത് ഇതില്‍ ഒരു ശതമാനത്തിന്റെ ആനുകൂല്യം പോലും സഭയിലുള്ള ദലിതര്‍ക്കു ലഭിക്കുന്നില്ല. ഗവണ്മെന്റ് സംവരണ ആനുകൂല്യങ്ങളും ഇവര്‍ക്കു കൊടുക്കുന്നില്ല ഈ തിരിച്ചറിവാണ് കുറച്ചു കുടുംബങ്ങളെയെങ്കിലും പുനര്‍ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചത്.

അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭയെ സംബന്ധിച്ചിടത്തോളം പുനര്‍മതപരിവര്‍ത്തനത്തെ സ്വാഗതം ചെയ്യുന്നു. സംവരണസംബന്ധമായ കാര്യങ്ങളില്‍ വീതംവയ്പ്പ് ഏറുമെങ്കിലും ഒരു വലിയ കൂട്ടായ്മ രൂപപ്പെടുന്നതിനും സംഘടിത ശക്തിയായി തീര്‍ന്ന് ഭരണ പങ്കാളിത്തം ഉള്‍പ്പെടെ അവകാശങ്ങള്‍ നേടിയെടുക്കാനും കഴിയും. ഒരു മതത്തിന്റെയും മതസംഘടനയുടെയും അഞ്ജാനവര്‍ത്തികാളായി നില്‍ക്കേണ്ടതായി വരുന്നില്ല. സ്വന്തം സമൂഹത്തോടൊപ്പം നിന്ന് ജീവിതസാഹചര്യങ്ങള്‍ മാറ്റിയെടുക്കാനും കഴിയും. അതുകൊണ്ട് അഗഇഒങട ഇതിനെ സ്വാഗതം ചെയ്യുന്നത്.

പക്ഷേ പുനര്‍മതപരിവര്‍ത്തനം നടത്തിവരുന്നവര്‍ ആനുകൂല്യത്തിനു വേണ്ടി മാത്രം വരുന്നവരാകരുത്. നൂറ്റാണ്ടുകളായി അടിമത്വത്തിനും അയിത്താചരണത്തിനും വിധേയരായി കഴിഞ്ഞവരാണ് എന്ന തിരിച്ചറിവും ഒന്നിച്ചുനിന്ന് അവകാശപോരാട്ടങ്ങള്‍ ജനാധിപത്യമര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുകൊണ്ട് നടത്തുവാന്‍ കഴിയുന്നവരായി മാറുകയും വേണം. മതസംഘടനകളുടെ അദൃശ്യ നിയന്ത്രണത്തിലുള്ളവരാകരുത്. ഹിന്ദു മതത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളിലും ശക്തിയായി ഇടപെടാന്‍ കഴിയുന്നവരാകണം. ഒരേ സംസ്‌ക്കാരത്തിന്റെ ഉടമകളായി മാറാന്‍ കഴിയണം. മതവിശ്വാസത്തിന്റെ അടിമകളല്ല ഉടമകളാണ് തങ്ങളെന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യണം. പുനര്‍ മതപരിവര്‍ത്തന ത്തോടൊപ്പം ഇക്കാര്യങ്ങളിലും മനപരിവര്‍ത്തനം ഉണ്ടാകണം. മറ്റൊരു മതത്തില്‍നിന്നും തങ്ങളുടെ മതത്തിലേക്ക് ആളുകളെ എത്തിച്ചാല്‍ മാത്രം പോര അവര്‍ക്ക് ആത്മീയ, ഭൗതിക സാഹചര്യങ്ങളും അനുകൂലമാക്കണം.

പി. എസ്. പ്രസാദ്
വൈസ് പ്രസി. എ.കെ.സി.എച്ച്.എം.എസ്.
ങീയ: 9746402024

ഇന്നത്തെ മതപരിവര്‍ത്തന (നിരോധന) ചര്‍ച്ചരാഷ്ട്രത്തെ സര്‍വ്വനാശത്തിലേക്ക് തള്ളിയിടുമോ - ഡോ. റ്റി. കെ. തങ്കപ്പന്‍


ഇന്ന് രാജ്യത്ത് മതപരിവര്‍ത്തനം വ്യാപകമായിരിക്കുന്നു. അതിനെ ഘര്‍വാപസി (കുടുംബത്തിലേക്കുള്ള മടക്കം) മുദ്ര അടിക്കുമ്പോഴാണ് സംഗതി ഗൗരവമുള്ളതാകുന്നത്. ഏതാണ്ട് രണ്ടു ദശവത്സരം മുമ്പ് തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തെ ഒരുപറ്റം പട്ടികജാതിക്കാരെ മുസ്ലീം മതത്തില്‍ ചേര്‍ക്കുകയും അവരില്‍ ചിലര്‍ പിന്നീട് ഹിന്ദുമതത്തിലേക്ക് തിരിച്ചുപോകുകയും ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു. അന്നത് ഒരു ദേശീയവാര്‍ത്തയായെങ്കിലും ഇന്നത്തെപ്പോലെ ദേശീയ ചര്‍ച്ചാവിഷയമായിരുന്നില്ല. 1956-ല്‍ നാഗ്പ്പൂരില്‍ അഞ്ചുലക്ഷത്തോളം മഹാര്‍ (പട്ടികജാതി) അംഗങ്ങളുമായി ഡോ. ബി. ആര്‍. അംബേദ്ക്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നു. നാഗ്പ്പൂരിലെയും മീനാക്ഷിപുരത്തെയും കൂട്ടമതപരിവര്‍ത്തനം ഇന്നു നടക്കുന്നപോലുള്ള ദേശീയ ചര്‍ച്ചയ്ക്കു വിഷയമായിരുന്നില്ല. നാഗ്പ്പൂരിലെ കൂട്ട മതപരിവര്‍ത്തനം ഡോ. അംബേദ്ക്കര്‍ പറഞ്ഞതുപോലെ ഹിന്ദിമതത്തിനേല്‍പ്പിച്ച ഒരു പാദാഘാതം ആയിരുന്നു. എന്നാല്‍ 2014-ലെ തിരിച്ചും മറിച്ചുമുള്ള മതപരിവര്‍ത്തനം ഒരു മതത്തിനെതിരെയുള്ള പാദാഘാതമല്ല. ഭൗതികമായ സൗകര്യങ്ങളും പ്രോത്സാഹനവുമാണ് ഇതിന്റെ കാരണങ്ങള്‍. കൂടാതെ ഭൗതിക സുഖവാഗ്ദാനങ്ങളുമുണ്ട്. ഇന്ന് എവിടെയാണ് നിര്‍ബന്ധ മതപരിവര്‍ത്തനം. കേരളത്തിന്റെ തീരദേശങ്ങളിലും ഹൈറേഞ്ച് മേഖലകളിലും ഹിന്ദുമതവിശ്വാസിക ളില്‍നിന്ന് പെന്തക്കോസ്തു സഭകളിലേക്ക് വളരെ നിശബ്ദമായി ഇന്ന് പരിവര്‍ത്തനം നടക്കുന്നുണ്ട്. ടെലിവിഷന്‍ ചാലനുകളിലൂടെയുള്ള സായിപ്പന്മാരുടെയും മദാമ്മമാരുടെയും ആഹ്വാനങ്ങളും സുവിശേഷയോഗങ്ങളും ഈ മതപരിവര്‍ത്തനത്തെ പ്രകടമായി സ്വാധീനിക്കുന്നുണ്ട്.

ഭക്തിയോ മതാവേശമോ ആരെയും തന്നെ സ്വാധീനിക്കുന്നില്ല. കേരളത്തിലെ പെന്തക്കോസ്തു മേധാവികള്‍ക്ക് നേരിട്ടോ മണിട്രാന്‍സ്ഫര്‍ ഏജന്‍സികള്‍ വഴിയോ കൈമാറുന്ന ഡോളറുകളുടെയും സ്റ്റെറിലിംഗ് പൗണ്ടുകളുടെയും കണക്കെടുത്താല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. ഭാരതത്തിലെ ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്തുവാനും മതന്യൂനപക്ഷമാക്കുവാനുള്ള ശ്രമങ്ങളാണ് ഇവയെല്ലാമെന്നു ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹം ഭയപ്പെടുന്നു. അതുകൊണ്ടാണ് ഘര്‍വാപസി നടക്കുന്നതിനു തെറ്റില്ലെന്ന് അവര്‍ വിശ്വസിക്കുന്നത്. സെക്കുലറിസത്തിന്റെ പേരില്‍ ഒരു രാജ്യത്തെ ഭൂരിപക്ഷസമൂഹത്തെ ദുര്‍ബലമാക്കാനുള്ള രീതി ലോകത്ത് ഇന്ത്യയില്‍ മാത്രമേ നടക്കുന്നുള്ളൂ. എന്നാല്‍ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ ഹിന്ദുമതത്തിലേക്ക് പോകുന്നത് പഴയവിശ്വാസവുമായി താദാത്മ്യം പ്രാപിക്കുന്നതിനുവേണ്ടിയല്ല, മറിച്ച് പട്ടികജാതി സംവരണവും അതിന്റെ കൂടെവരുന്ന ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനുവേണ്ടിയാണ്.

ഇന്നത്തെ മതപരിവര്‍ത്തന(നിരോധന) ചര്‍ച്ച ഒരു സര്‍വ്വനാശത്തിലേക്ക് രാഷ്ട്രത്തെ തള്ളിയിടുമോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. (ഏറ്റവുംകൂടുതല്‍ മതസഹിഷ്ണുതയുള്ള ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ). 1947 ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യപുലരിക്കു മുന്നോടിയായ ഇന്ത്യാ വിഭജന- പാക്കിസ്ഥാന്‍ രൂപീകരണ കാലത്തുണ്ടായ ഹിന്ദു- മുസ്ലീം കലാപംപോലെ ഒന്നുണ്ടാകാതിരിക്കാന്‍വേണ്ടി ഗവണ്മെന്റുകളും ദേശീയ നേതാക്കന്മാരും ശ്രദ്ധിക്കേണ്ട കാലമാണിത്. ഭാരതത്തിന്റെ മതേതര സ്വഭാവത്തെയും (പാക്കിസ്ഥാനില്‍നിന്ന് വ്യത്യസ്തമായി) ഭരണഘടനയുടെ അന്തഃസത്തയെയും മാനിക്കുന്ന തരത്തിലുള്ള മതപരിവര്‍ത്തന നിരോധനം ആശാസ്യമാണോ എന്ന് ഗവണ്മെന്റും ദേശീയ- പ്രാദേശീക പാര്‍ട്ടിനേതാക്കന്മാരും മതപുരോഹതന്മാരും ആലോചിക്കേണ്ടതാണ്. മതവിശ്വാസം ഒരാളിന്റെ സ്വകാര്യവകാശമാണ്. സ്റ്റേറ്റോ ജനങ്ങളോ അക്കാര്യത്തില്‍ ഇടപെടാന്‍ പാടില്ലെന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുശാസിക്കുന്നത്. അതേസമയം ജനങ്ങളുടെ കൂട്ടായ മതപരിവര്‍ത്തനം രാഷ്ട്രത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ടോയെന്ന ചുമതലയും തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനും ഗവണ്‍മെന്റിലെ പ്രതിപക്ഷത്തിനുമുണ്ട്.

ഡോ. റ്റി. കെ. തങ്കപ്പന്‍
ജനറല്‍ സെക്രട്ടിറി, അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍

കുടുംബവീട്ടിലേക്ക് മടങ്ങിവരുന്ന അവര്‍ണ്ണ ഹിന്ദുവിന് ആരു മുറി നല്‍കും? - കേരളശ്രീ റ്റി. എച്ച്. പി. ചെന്താരശ്ശേരി


റ്റി എച്ച് പി 
ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും തീണ്ടലും തൊടീലും പോലുള്ള സാംസ്‌ക്കാരിക ജീര്‍ണ്ണതകള്‍ക്കും എതിരെയും കൂടാതെ ആത്മാഭിമാനത്തിന്റെ മോചനവും കണ്ടുകൊണ്ടാണ് ക്രിസ്ത്യന്‍, മുസ്ലീം, സിക്ക് മതങ്ങളിലേക്ക് ദലിത് പിന്നോക്ക ജനവഭാഗങ്ങള്‍ ഹിന്ദുമതം ഉപേക്ഷിച്ചുപോയത്. ഇപ്പോള്‍ സംഘപരിവാര്‍ പറയുന്നത്'' സകലമാന ഇന്ത്യക്കാരുടെയും മൂലകുടുംബം ഹിന്ദുത്വമാണ്. ആകയാല്‍ മറ്റുവിശ്വാസമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുപോയവരെ സ്വന്തം ഭവനത്തിലേക്ക് തിരികെ കൊണ്ടുവരുക എന്ന അര്‍ത്ഥത്തില്‍ ഘര്‍വാപസി കൊണ്ട് ഉദ്ദേശിക്കുന്നത്. 

ചാതുര്‍വര്‍ണ്ണ വ്യവസ്ഥ ഇന്നും നിലനില്‍ക്കുന്ന ഹിന്ദുമതത്തില്‍ തിരികെ ചെല്ലുന്നവര്‍ക്ക് ബ്രാഹ്മണരുടെയോ ക്ഷേത്രിയരുടെയോ വൈശ്യരുടെയോ സ്ഥാനം നല്‍കാന്‍ ആര്‍ഷഭാരത വക്താക്കള്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ജാതി വ്യവസ്ഥ നശിക്കാത്ത ഹിന്ദുമതത്തില്‍ തിരികെ ചെല്ലുന്ന ദലികര്‍ക്കും പിന്നോക്കക്കാര്‍ക്കും സ്വത്വബോധം നഷ്ടപ്പെട്ട് അന്തരാളഘട്ടത്തിലേക്ക് (എങ്ങും ഇല്ലാത്തവരാക്കി) മാറ്റപെടുമെന്നുള്ളതാണ് ഘര്‍വാപസിയുടെ ബാക്കി പത്രം.

മതവും മതപരിവര്‍ത്തനവും ഇന്ത്യയില്‍ നിരോധിക്കണം - കുന്നുകുഴി എസ്. മണി


കുന്നുകുഴി എസ് മണി 
മനുഷ്യന് ജീവിക്കുവാന്‍ മതത്തിന്റെ ആവശ്യമില്ല. മതം ലോകത്തെ ഒരു കളള നാണയമാണ്. മതം എന്നാല്‍ അഭിപ്രായം എന്നേ അര്‍ത്ഥമുളളൂ. പക്ഷെ മതംകൊണ്ട് ലോകത്ത് ജോലിയെടുക്കാതെ സഹജീവികളെ ചൂഷണം ചെയ്ത് കോടിക്കണക്കിന് ജനങ്ങളാണ് പൗരോഹിത്യത്തിന്റെ പേരില്‍ ജീവിക്കുന്നത്. അതുകൊണ്ടു തന്നെ മതം ഒരു ചൂഷണോപാധിയാണ്.

ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന മതങ്ങള്‍ ആജീവിക, ജൈന, ബുദ്ധമതങ്ങളാണ്. ഹിന്ദു ഒരു മതമല്ല. അങ്ങിനെ ഒരു മതം ആരെങ്കിലും എന്നെങ്കിലും സ്ഥാപിച്ചതായി ഒരു രേഖയുമില്ല. ഇന്ത്യന്‍ ജനതയെ വിദേശീയര്‍ സിന്ധുക്കള്‍ എന്നാണ് വിളിച്ചിരുന്നത്. കാലക്രമേണ സിന്ധുക്കള്‍ ലോപിച്ച് ഹിന്ദുക്കളായും തീര്‍ന്നതാണ്. ആര്യബ്രാഹ്മണ കൂട്ടങ്ങള്‍ അതിനെ ഹിന്ദുമതമായി ഇന്ത്യാക്കാരുടെ മേല്‍ ആരോപിക്കുകയായിരുന്നു. അടിച്ചേല്‍പ്പിച്ച ആരോപണം സാധിതമാക്കുവാന്‍ വേദങ്ങളെയും ഉപനിഷത്തുകളെയും കൂട്ടുപിടിച്ചുകൊണ്ട് ഇല്ലാത്ത ദൈവങ്ങളെയും ഉണ്ടാക്കി വച്ചു. എല്ലാം സാങ്കല്‍പ്പികമായിരുന്നു. നിയന്തവാദാധിഷ്ഠിതമായ ആ ജീവിക മതത്തിന്റെ പ്രകൃതിദത്ത ആചാരങ്ങളെ ഹൈന്ദവമതക്കെട്ടില്‍പ്പെടുത്തി അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സൃഷ്ടിച്ചെടുത്തുവെന്നതാണ് സത്യത്തില്‍ സംഭവിച്ചത്.

സ്വയം പൗരോഹിത്വം സ്വീകരിച്ച ആര്യബ്രാഹ്മണകൂട്ടങ്ങള്‍ തങ്ങള്‍ ദൈവത്തിന്റെ വക്രത്തില്‍ നിന്നും ജനിച്ചവരാണെന്നും തങ്ങള്‍ക്കു മാത്രമേ ദൈവവേല ചെയ്യാന്‍ അവകാശമുളളുവെന്നും പറഞ്ഞു പരത്തുകയും ഇന്ത്യയിലെ ആദിമനിവാസികളെ നീചന്മാരെന്നു മുദ്രകുത്തുകയും അവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുത്ത് സ്വന്തമാക്കുകയും സമൂഹത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു. ഈ നില തുടരുമ്പോഴാണ് ക്രൈസ്തവമതവും ഇസ്ലാം മതവും എല്ലാം കടല്‍ കടന്ന് ഇന്ത്യയിലെത്തുന്നത്. 

കച്ചവടത്തിന്റെ പേരില്‍ കടല്‍ കടന്നെത്തിയ ക്രൈസ്തവ-ഇസ്ലാം വ്യാപാരികളാണ് ഇന്ത്യയില്‍ അയിത്തവും അനാചാരങ്ങളും കൊണ്ട് പൊറുതിമുട്ടിയ ആദിമജനങ്ങളെ അതില്‍ നിന്നും രക്ഷിക്കുവാന്‍ അവരുടെ മതത്തില്‍ ചേര്‍ത്തത്. അത് മതപരിവര്‍ത്തന ത്തിന് വിധേയരായവര്‍ അയിത്തം തുടങ്ങിയ അനാചാരങ്ങളില്‍ നിന്നും മോചിക്കപ്പെട്ടപ്പോള്‍ വ്യാപകമായി മതപരിവര്‍ത്തനം തന്നെ നടന്നു. ഇവരില്‍ 90 ശതമാനവും ദലിതരായിരുന്നു. ദലിതരെ മതപരിവര്‍ത്തനത്തിന് എറിഞ്ഞുകൊടുത്തത് ആര്യ ബ്രാഹ്മണരുടെ ഹിന്ദുമതമായിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ വിശ്വഹിന്ദു പരിഷത്തിനെപ്പോലുളള ഹൈന്ദവ കൂട്ടായ്മകള്‍ ഘര്‍വാപസിയുമായി നാണമില്ലാതെ കൂട്ട മതപരിവര്‍ത്തനത്തിനായി നടക്കുന്നത്. പോരാത്തതുകൊണ്ട് ഹിന്ദുമതത്തില്‍ ആളെ കൂട്ടാന്‍ ഓരോ ഹൈന്ദവ സ്ത്രീയും നാലു മക്കളെ വീതം പ്രസവിക്കണമെന്നാണ് ഒരു ബി.ജെ.പി. എം.പി.യുടെ ആഹ്വാനം. ഇന്ത്യയില്‍ കുടുംബാസൂത്രണം നിയമമാക്കിയിരി ക്കുമ്പോള്‍ എങ്ങിനെയാണ് നാല് കുട്ടികളെ പ്രസവിക്കാന്‍ കഴിയുക? ബി.ജെ.പി. ഭരിക്കുമ്പോള്‍ നിയമം മാറ്റാന്‍ കഴിയും. എങ്കിലും മുസ്ലീങ്ങളെപ്പോലെ പെറ്റുപെരുകാന്‍ ഹൈന്ദവ കൂട്ടായ്മകള്‍ പുതിയനിയമം കൊണ്ടു വരുമോ ആവോ. കാത്തിരുന്ന് കാണേണ്ട പുകിലുകളാണവ. വേണ്ടി വന്നാല്‍ ഡോ. അംബേദ്കറുടെ ഭരണഘടനയെ തന്നെ ഉടച്ചുവാര്‍ക്കാനും ഹിന്ദുത്വവാദികള്‍ ശ്രമിച്ചുവെന്ന് വന്നേക്കാം. കേരളത്തില്‍ കൂട്ടമതപരിവര്‍ത്തനം വി.എച്ച്.പി.യുടെ ഘര്‍വാപസി വരും മുമ്പുതന്നെ വ്യാപകമാണ്. ഈ മതപരിവര്‍ത്തനമെല്ലാം ദലിതരെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. മറ്റൊരു സമുദായക്കാരനും മതപരിവര്‍ത്തനത്തിന് കഴുത്ത് നീട്ടാറില്ല. 

പെന്തക്കോസ്തുകാരാണ് വ്യാപമായി കേരളത്തിലെ ദലിത് കോളനികള്‍ കേന്ദ്രീകരിച്ച് ദളിതരെ മതം മാറ്റിക്കൊണ്ടിരി ക്കുന്നത്. നിര്‍ബന്ധമതമാറ്റം കുറ്റകരമായിട്ടും സര്‍ക്കാര്‍ പെന്തക്കോസ്തുകാര്‍ക്കെതിരെ ഒരു നടപടിക്കും മുതിരാറില്ല. അപ്പോള്‍ സര്‍ക്കാരും ചേര്‍ന്നാണ് ദലിതനെ നിര്‍ബന്ധിച്ച് കൂട്ട മതംമാറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നിപ്പോള്‍ തിരിച്ചായി മതം മാറ്റം. വ്യാപകമായി ക്രിസ്തുമതം സ്വീകരിച്ച ദലിതരെ ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ മതം മാറ്റാനാണ് വി.എച്ച്.പി. ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പെന്തക്കോസ്ത് ക്രൈസ്തവര്‍ പ്രാര്‍ത്ഥിച്ച് മതം മാറ്റുമ്പോള്‍ ഹൈന്ദവര്‍ പൂജയും ഹോമവും നടത്തിഹിന്ദു മതത്തില്‍ ചേര്‍ക്കുന്നു. ഈ മാറ്റക്രിയകള്‍ക്ക് യാതൊരു ന്യായീകരണവുമില്ല. മതം സ്വീകരിക്കാനും, മാറാനും, മാറ്റാനും ഒരു വേദഗ്രന്ഥത്തിലും പറയുന്നില്ല. പക്ഷെ മനുഷ്യന്‍ ചെയ്യുന്നു.

മനുഷ്യന് ജീവിക്കണമെങ്കില്‍ മതം അത്യന്താപേക്ഷിതമായ ഘടകമല്ല. മനുഷ്യന്‍ ജനിക്കുന്നത് ഒരു മതക്കെട്ടിലുംപ്പെട്ടല്ല. ജനിച്ചുകഴിയുമ്പോഴാണ് അവന്‍ ഇന്ന മതമെന്നു പറയുന്നതും കേള്‍ക്കുന്നതുമെല്ലാം. അതുകൊണ്ടു തന്നെ അഭിപ്രായമെന്ന മതത്തെയും മതങ്ങളിലേക്കു പരിവര്‍ത്തനത്തേയും നിരോധിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. മതവും മതപരിവര്‍ത്തനവും ആവശ്യമില്ലാത്ത ഘടകങ്ങളാണ് ദലിതര്‍ മുഴുവന്‍ പ്രകൃതിദത്ത മതക്കാരാണ്.. അവരെ ആര്‍ക്കും ഒരു മതക്കെട്ടിലും തളച്ചിടാന്‍ കഴിയില്ല. നിയമങ്ങള്‍ക്ക് അതീതമാണ് പ്രകൃതിമതം.