"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ജനുവരി 15, വ്യാഴാഴ്‌ച

ഇന്‍ഡ്യയിലെ ജാതികള്‍ - ഡോ. ബി ആര്‍ അംബേദ്‌കര്‍


Image: Courtesy
മനുഷ്യ നാഗരീകതയുടെ സമഗ്രത വെളിവാക്കുന്ന ഭൗതീക വസ്തുക്കളുടെ പ്രദര്‍ശനം നമ്മില്‍ പലരും കണ്ടിരിക്കും. എന്നാല്‍ 'മനുഷ്യസ്ഥാപനങ്ങളുടെ ഒരു 'പ്രദര്‍ശനം' എന്ന ആശയം ഉള്‍ക്കൊളളാന്‍ ചുരുക്കം ചിലര്‍ക്കേ കഴിയൂ. മനുഷ്യസ്ഥാപന ങ്ങളുടെ പ്രദര്‍ശനം എന്നത് വിചിത്രമായ ഒരു അശയമാണ്. ചിലര്‍ക്ക് ഏററവും വന്യമായ ആശയം തന്നെയാണ്. എന്നാല്‍ നരവംശശാസ്ത്രവിദ്യാര്‍ത്ഥികളായ നിങ്ങള്‍ക്ക് ഈ നവവിധാനം ദുര്‍ഗ്രഹമാവുകയില്ലെന്നാണ് എന്റെ വിശ്വാസം. കാരണം അത് ദുര്‍ഗ്രഹമല്ല തന്നെ. കുറഞ്ഞപക്ഷം നിങ്ങള്‍ക്കെങ്കിലും അതു വിലക്ഷണമാകാന്‍ പാടില്ല. 

പോംപിയുടെ നഷ്ടശിഷ്ടങ്ങള്‍ പോലുളള ചരിത്ര പ്രധാനമായ ചില സ്ഥലങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അവിടെ അവശിഷ്ടങ്ങളുടെ ചരിത്രം, വഴികാട്ടിയുടെ വാഗ്‌ധോരണിയില്‍ നിന്നു ഒഴുകി വീഴുന്നത് കൗതുകപൂര്‍വ്വം ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ടാവും. എന്റെ അഭിപ്രായത്തില്‍ ഒരു നരവംശാസ്ത്രവിദ്യാര്‍ത്ഥി, ഒരര്‍ത്ഥത്തിലെങ്കിലും മുന്‍ചൊന്ന വഴികാട്ടിയെപ്പോലെയാണ്. അയാള്‍ തന്റെ പൂര്‍വ്വമാതൃകയെപ്പോലെ (ഒരു പക്ഷേ കൂടുതല്‍ കാര്യഗൗരവത്തോടും അത്മബോധന മോഹത്തോടുംക്കൂടി) സാമൂഹിക സ്ഥാപനങ്ങളെ സാദ്ധ്യമായ എല്ലാ വസ്തു നിഷ്ടതയോടും കൂടി നോക്കികാണുകയും അവയുടെ ഉല്‍പ്പത്തിയിലേക്ക് അന്വോഷണയാത്ര നടത്തുകയും ചെയ്യുന്നു.

'പ്രാകൃത സമൂഹത്തിനെതിരെ അധുനിക സമൂഹം' എന്ന വിഷയത്തെ ആസ്പദിച്ച് നടത്തപ്പെടുന്ന ഈ സെമിനാറില്‍ പങ്കെടുക്കുന്ന എന്റെ സഹവിദ്യാര്‍ത്ഥികള്‍ അവര്‍ക്കു താല്‍പ്പര്യമുളള പ്രാകൃതവും ആധുനികവുമായ നിരവധി സ്ഥാപനങ്ങളുടെ പ്രദര്‍ശനം യഥാവിധി സമര്‍ത്ഥമായിത്തന്നെ നിര്‍വ്വഹിച്ചിരിക്കുകയാണ്. ഇപ്പോള്‍ എന്റെ ഊഴമാണ്. ഈ സായാഹ്നത്തില്‍, ഇന്‍ഡ്യയിലെ ജാതികള്‍-അവയുടെ യാന്ത്രിക പ്രവര്‍ത്തനവും ഉല്‍പ്പത്തിയും വികാസവും എന്ന പ്രബന്ധത്തിലൂടെ, കഴിവിന്റെ പരമാവധി നിങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ ശ്രമിക്കുകയാണ് ഞാന്‍.

ഞാനിവിടെ പ്രതിപാദിക്കാനുദ്ദേശിക്കുന്ന വിഷയത്തിന്റെ സങ്കീര്‍ണ്ണത നിങ്ങളെ ബോധ്യപ്പെടുത്തേ ണ്ടതിന്റെ കാര്യമില്ല. ജാതിയുടെ നിഗൂഢതകള്‍ ഇഴപിരിച്ചെടുക്കാന്‍ എന്നെക്കാള്‍ ശേഷിയും ശേമുഷിയുമുളളവര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നോണം, ജാതി ഇന്നും വിശദീകരി ക്കപ്പെടാത്ത ഒന്നായി നിലക്കൊളളുന്നു; ഗ്രഹിക്കപ്പെടാത്ത ഒന്നായല്ല. ജാതിയെപ്പോലെ പുരാതനമായ സ്ഥാപനങ്ങളുടെ സങ്കീര്‍ണ്ണതയെപ്പററി ഞാന്‍ ബോധവാനാണ്. പക്ഷേ, അതിനെ ദുര്‍ഗ്രഹതയുടെ ഇരുണ്ട തലത്തിലേക്കു പിന്തളളാന്‍ തക്ക അശുഭാപ്തി വിശ്വാസിയല്ല ഞാന്‍. അതിനെ സുഗ്രഹമാക്കാന്‍ കഴിയുമെന്നാണെന്റെ വിശ്വാസം. സൈദ്ധാന്തികമായും പ്രായോഗി കമായും ബൃഹത്തായ ഒരു പ്രശ്‌നമാണ് ജാതി. പ്രായോഗികമായി അത് ഘോരമായ ഭവിഷ്യത്തുകളെ ക്ഷണിച്ചുവരുത്തുന്നു. ഒരു പ്രാദേശിക പ്രശ്‌നമാണത്. എന്നാല്‍ കൂടുതല്‍ വ്യാപകമായ നാശം വിതയ്ക്കാന്‍ അതിനു കഴിയും. കാരണം, ''ഇന്‍ഡ്യയില്‍ ജാതി നിലനില്‍ക്കുന്നി ടത്തോളം, ഹിന്ദുക്കള്‍ മിശ്രവിവാഹം നടത്തുകയോ അന്യരുമായി സംസര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുകയില്ല. ഹിന്ദുക്കള്‍ മററിടങ്ങളിലേക്കു കുടിയേറിയാല്‍ ഇന്‍ഡ്യന്‍ ജാതി ഒരു വിശ്വപ്രശ്‌ന മായിത്തീരും.'' സൈദ്ധാന്തികമായി ജാതിയുടെ ഉല്‍പ്പത്തികണ്ടെത്താന്‍ കൗതുകപൂര്‍വ്വം അധ്വാനിച്ച ഒട്ടേറെ പണ്ഡിതന്‍മാര്‍ക്ക് അത് ഇന്നും ഒരു വെല്ലുവിളിയായി അവശേഷിക്കുന്നു. വസ്തുത ഇതായിരിക്കേ, ഈ പ്രശ്‌നത്തെ അതിന്റെ സമഗ്രതയില്‍ പ്രതിപാദിക്കാന്‍ കഴിയുകയില്ല. സമഗ്രമായ ഒരു പരിചിന്തനത്തിനിറങ്ങി പുറപ്പെട്ടാല്‍ സ്ഥലകാലങ്ങളും പാണ്ഡിത്യരാഹിത്യവും എന്നെ തോല്‍പ്പിക്കുമെന്ന പേടിയുണ്ട്. അതിനാല്‍ എന്റെ ചര്‍ച്ച പ്രശ്‌നത്തിന്റെ ഒരു വശത്തെപ്പററി മാത്രമായി പരിമിതപ്പെടുത്തുകയാണ്-ജാതിവ്യവസ്ഥയുടെ ഉത്പത്തിയും യാന്ത്രികവൃത്തിയും വ്യാപനവും. ഈ നിബന്ധന ഞാന്‍ കണിശമായും പാലിക്കുന്നതാണ്. ഏതെങ്കിലും കാര്യത്തിന്റെ വിശദീകരണത്തിനോ, പിന്‍ബലത്തിനോ ആവശ്യമായി വരുബോള്‍ മാത്രമേ ബാഹ്യമായ കാര്യങ്ങളിലേക്കു കടക്കുകയുളളൂ.

ഇനി വിഷയത്തിലേക്കു പ്രവേശിക്കാം. പ്രസിദ്ധരായ നരവംശ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഇന്‍ഡ്യയിലെ ജനങ്ങള്‍ ആര്യന്‍മാരുടെയും ദ്രാവിഡരുടെയും മംഗോളിയരുടെയും സ്‌കിത്തിയ രുടെയും സങ്കരമാണ്. ഇച്ചൊന്ന ജനവര്‍ഗ്ഗങ്ങളെല്ലാം നൂററാണ്ടുകള്‍ക്കുമുമ്പ്, അവര്‍ ഗോത്ര ങ്ങളായിരുന്ന ഘട്ടത്തില്‍, പല ദിശകളില്‍ നിന്ന് വിവിധ സംസ്‌ക്കാരങ്ങളുമായി ഇന്‍ഡ്യയില്‍ എത്തിച്ചേര്‍ന്നവരാണ്. അവരെല്ലാം ഊഴമനുസരിച്ച് മുന്‍ഗാമികളുമായി യുദ്ധം ചെയ്ത് രാജ്യത്തിനകത്ത് ഞെരുങ്ങികടന്നുവരുകയും ആദ്യത്തെ വിദ്വാഷത്തിനുശേഷം ശാന്തരായ അയല്‍ക്കാരായി അധിവാസമുറപ്പിക്കുകയും ചെയ്തു. നിരന്തര സമ്പര്‍ക്കത്തിലൂടെയും പരസ്പര സംസര്‍ഗ്ഗത്തിലൂടെയും അവര്‍ ഒരു പൊതു സംസ്‌ക്കാരം വിരിയിച്ചെടുത്തു. അത് അവരുടെ പ്രത്യാക സംസ്‌ക്കാരങ്ങളെ ഉല്ലംഘിച്ചുനിന്നു. വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ പൂര്‍ണ്ണമായും ഒരു സംയോജനം ഉണ്ടായിട്ടില്ലെന്നത് നേരാണ്. ഇന്‍ഡ്യക്കകത്ത് ഒരു സഞ്ചാരികാണുന്ന മനുഷ്യര്‍ ഒന്നുപോലെയല്ല. നിറത്തിലും ശരീരഘടനയിലും വ്യത്യസ്തപുലര്‍ത്തുന്ന മനുഷ്യരാണ് തെക്കും വടക്കുകിഴക്കും പടിഞ്ഞാറുമുളളത്. പക്ഷേ, സംയോജനം മാത്രമല്ല ഐകരൂപ്യത്തിന്റെ മാനദണ്ഡം-നരവംശശാസ്ത്രപരമായി എല്ലാ ജനതയും സങ്കരമാണ്. സാംസ്‌ക്കാരികമായ ഐക്യമാണ് ഐകരൂപ്യത്തിന്റെ അടിസ്ഥാനം. ഈ നിലപാടു സ്വീകരിച്ചുകൊണ്ട് പറയട്ടെ, സാംസ്‌ക്കാരികമായ ഐക്യത്തിന്റെ കാര്യത്തില്‍ ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിനെതിര്‍നില്‍ക്കാന്‍ മറ്റൊരു രാജ്യമില്ല. ഇന്‍ഡ്യയ്ക്കു ഭൂമിശാസ്ത്രപരമായ ഐക്യം മാത്രമല്ല ഉളളത്. എല്ലാററിനുമുപരിയായി മൗലീകതരവും അഗാധതരവുമായ ഒരു ഐക്യമുണ്ട്-രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ വ്യാപിച്ചു നില്‍ക്കുന്ന നിര്‍വിവാദപരമായ സാംസ്‌ക്കാരികൈക്യം? എന്നാല്‍ ഈ ഐക്യരൂപ്യം ജാതിയുടെ വിശദീകരണത്തിനു വിഷമം സൃഷ്ടിക്കുന്നു. ഹൈന്ദവ സമൂഹം പരസ്പരം വേറിട്ടു നില്‍ക്കുന്ന ഘടകങ്ങളുടെ ഒരു ഫെഡറല്‍ ആയിരുന്നെങ്കില്‍ കാര്യം എളുപ്പമായേനെ. എന്നാല്‍ നേരത്തെതന്നെ ഏകരൂപമായി വര്‍ത്തിച്ചിരുന്ന ഒരു ഘടകത്തിന്റെ ഭാഗമാണു ജാതി. അതിനാല്‍ ജാതിയുടെ ഉല്‍പത്തിയുടെ വിശദീകരണം ഭാഗംവെക്കലിന്റെ വിശദീകരണമാണ്.

അന്വേഷണം തുടങ്ങുന്നതിനുമുമ്പ് ജാതിയുടെ പ്രകൃതിയെപ്പറ്റി അല്‍പ്പമൊന്ന് മനസിലാക്കണം. ജാതിയെപ്പറ്റി പഠനം നടത്തിയ ഏതാനും വിദഗ്ധരുടെ നിര്‍വചനങ്ങള്‍ പരിശോധക്കുന്നതു നന്നായിരുക്കും.

1. ഫ്രഞ്ചുപണ്ഡിതനായ മി. സെനാര്‍ട്ടു പറയുന്നു:
''സൈദ്ധാന്തികമായി പാര്യമ്പര്യത്തില്‍ അധിഷ്ഠിതമായ കെട്ടുറപ്പുളള ഒരു സമിതി; കാലാകാലങ്ങളില്‍ പൂര്‍ണ്ണസമ്മേളനം നടത്തുന്ന കാര്യാലോചനാ സമിതിയും ഒരു തലവനുമുളള സ്വതന്ത്രഘടന; തൊഴിലുകൊണ്ട് പരസ്പരബദ്ധരും വിവാഹവേളകളിലും ആചാര ഭക്ഷണപ്രശ്‌നങ്ങളിലും മററും ഒന്നിക്കുന്ന അംഗങ്ങളുടെ സംഘടന..''
2. നെസ്ഫീല്‍ഡ്:
''അന്യവര്‍ഗ്ഗങ്ങളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയോ അവരോടൊത്ത് ഭക്ഷണം കഴിക്കുകയോ ജലപാനം നടത്തുകയോ പോലും ചെയ്യാത്ത ഒരു ജനസമൂഹം.''
3. സര്‍.എച്ച്.റിസ്‌ലേയുടെ അഭിപ്രായത്തില്‍:
''പ്രത്യാകമായ തൊഴിലുമായി ബന്ധപ്പെട്ടതും പൊതുവായ പേരുളളതും മാനുഷികമോ ദൈവീകമോ അയ ഒരു പുരാതന പൂര്‍വ്വികന്റെ പാരമ്പര്യം അവകാശപ്പെടുന്നതും ഏകരൂപമായ ഒരു സമൂഹമെന്ന് അഭിജ്ഞരാല്‍ പരിഗണിക്കപ്പെടാന്‍ പോന്നതരത്തില്‍ ഒരേ ജോലിതന്നെ പിന്തുടരുന്നതുമായ കുടുബങ്ങളുടെ ഒരു സംഘം.''
4. ഡോ. കേത്കര്‍:
''രണ്ടു സവിശേഷതകളോടുകൂടിയ ഒരു സാമുഹിക സംഘടന-(1) അംഗങ്ങളുടെ മക്കള്‍ക്കുമാത്രമായി അംഗത്വം നല്കുകയും അത്തരത്തില്‍പ്പെട്ട എല്ലാവരെയും ഉള്‍ക്കൊളളുകയും ചെയ്യുക; (2) സംഘത്തിനുപുറത്തുനിന്ന് വിവാഹം പാടില്ലെന്ന അലംഘനീയമായ സാമൂഹികക്രമത്താല്‍ അംഗങ്ങള്‍ക്കു വിലക്കുകല്‍പ്പിക്കപ്പെടുന്നു.

ഈ നിര്‍വ്വചനങ്ങളുടെ പുനരവലോകനം പ്രാധാന്യമര്‍ഹിക്കുന്നു. ഒറ്റയ്‌ക്കൊറ്റയ്‌ക്കെടുത്താല്‍ ഇവയില്‍ മൂന്നെണ്ണം ഉളളടക്കത്തില്‍ ഏറെ മികച്ചതെന്നോ, ഏറെ കുറവുളളതെന്നോ തോന്നാം. ഒന്നും തനിരൂപത്തില്‍ ശരിയായതോ, പൂര്‍ണ്ണമായതോ അല്ല. എല്ലാററിലും ജാതിവ്യവസ്ഥയുടെ കേന്ദ്രബിന്ദു അവഗണിക്കപ്പെട്ടിരിക്കുന്നു. ഒരു ജാതിവ്യവസ്ഥയുമായി സവിശേഷബന്ധമുളളതും അതില്‍ ഉള്‍പ്പെട്ടതുമായ ഒരു ഘടകം എന്ന നിലയില്‍ കാണുന്നു എന്നതാണ് ഈ നിര്‍വ്വചനങ്ങള്‍ക്കുപററിയ തെററ്. എന്നിരുന്നാലും അവ മൊത്തത്തില്‍ ഒന്നിനൊന്ന് പൂരകമാണ്. ഒന്നില്‍ ഇല്ലാത്തത് മറ്റൊന്നിലുണ്ട്. അതിനാല്‍ ഓരോന്നിലും ജാതിയുടെ പൊതുവായ പ്രത്യാകതകളായി പറയുന്ന വസ്തുതകള്‍ മാത്രമേ ഇവിടെ വിലയിരുത്തുന്നുളളൂ.

സെനാര്‍ട്ടില്‍ നിന്നു തുടങ്ങാം. ജാതിയുടെ ലക്ഷണമായി, ''ആശൗചം'' (അശുദ്ധി) എന്ന ആശയം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് ജാതിയുടെ മാത്രമായ ഒരു പ്രത്യേകതയല്ല. സാധാരണയായി ഇത് ഉല്‍ഭവിക്കുന്നത് പൗരോഹിത്യപരമായ ആചാരപരതയിലാണ്. വിശുദ്ധി സംബന്ധമായ പൊതുവിശ്വാസത്തെ ബാധിക്കുന്ന ഒരു പ്രത്യാകതയുമാണിത്. തല്‍ഫലമായി അതിന് ജാതിയോടുളള അവശ്യബന്ധം ജാതിയുടെ പ്രവര്‍ത്തനത്തിനു നാശമുണ്ടാക്കാതെ തന്നെ നിഷേധിക്കാവുന്നതാണ്. ഏററവും ഉയര്‍ന്ന തട്ടില്‍ നില്‍ക്കുന്നത് പൗരോഹിത്യ ജാതി ആണെന്നതുകൊണ്ടുമാത്രമാണ് 'അശുദ്ധി' എന്ന ആശയം ജാതിയോടു ബന്ധിക്കപ്പെടുന്നത്. പുരോഹിതന്‍മാരും പരിശുദ്ധിയും പുരാതനമിത്രങ്ങളാണ്. അതിനാല്‍ മതപരമായ രുചിഭേദം വരുബോള്‍ മാത്രമേ ജാതിക്ക് അശുദ്ധി ലക്ഷണമായി ഭവിക്കുന്നുളളൂ. പുറത്തുളളവരുമായി മിശ്രഭോജനമില്ലെന്നതാണ് ജാതിയുടെ ഒരു ലക്ഷണമായി കരുതപ്പെടുന്നത്. ഈ വാദഗതിക്കു പുതുമയുണ്ടെങ്കിലും നെസ്ഫീല്‍ഡ് കാര്യത്തെ കാരണമായി തെററിധരിച്ചിരിക്കുന്നു. സ്വയം വലയിതമായ ഒരു ഘടകമെന്ന നിലയില്‍ ജാതി അതിലെ അംഗങ്ങളുടെ ഭോജനമുല്‍പ്പെടെയുളള സാമൂഹിക സംസര്‍ഗ്ഗം പരിമിതപ്പെടുത്തുന്നത് സ്വാഭാവികമാണ്. അതിനാല്‍ പുറത്തുളളവരോ ടൊത്ത് മിശ്രഭോജനം നടത്താത്ത അവസ്ഥ നിശ്ചിതമായ ഒരു നിരോധനത്തിന്റെ അനന്തര ഫലമല്ല. ജാതിയുടെ സ്വാഭാവികമായ പരിണതഫലമാണത്-അതായത് ഒഴിഞ്ഞുമാററം. ഒഴിഞ്ഞുമാററം കൊണ്ടുണ്ടായ പന്തിഭോജനമില്ലായ്മ ഒരു മതാനുശാസനത്തിന്റെ നിരോധന സ്വഭാവമാര്‍ജ്ജിച്ചു എന്നതില്‍ സംശയമില്ല. എന്നാല്‍ അതു പില്‍ക്കാലത്തുണ്ടായ ഒരു പരിണാമ മാണ്. റിസ്‌ളേയുടെ നിര്‍വചനത്തില്‍ ശ്രദ്ധാര്‍ഹമായി ഒന്നുമില്ല.

ഇനി ഡോ. കേത്കറുടെ നിര്‍വ്വചനത്തിലേക്കു കടക്കാം. വിഷയ വിശദീകരണത്തിനു സഹായക മാണിത്. അദ്ദേഹം ഒരു സ്വദേശി മാത്രമല്ല, ജാതിയെപ്പററിയുളള പഠനത്തില്‍ നിരൂപണപരമായ വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുകയും, തുറന്ന മനസ്സോടെ സമീപിക്കുകയും ചെയ്യുന്ന ഒരു പണ്ഡിതനാണ്. പരിഗണനാര്‍ഹമാണ് അദ്ദേഹത്തിന്റെ നിര്‍വ്വചനം. അദ്ദേഹം ജാതിയെ നിവ്വചിക്കുന്നത് അതിന് ജാതിവ്യൂഹവുമായുളള ബന്ധം മുന്‍നിറുത്തിയാണ്. മാത്രമല്ല, ഒരു വ്യൂഹത്തില്‍ ഒരു പ്രത്യേക ജാതിയുടെ അസ്തിത്വം നിര്‍ണ്ണയിക്കുന്ന അവശ്യഘടകങ്ങളില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മററുളളതെല്ലാം അപ്രധാനമെന്നു കണ്ട് ഒഴിവാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ നിര്‍വ്വചനത്തില്‍ അല്‍പ്പം ചിന്താകുഴപ്പം കടന്നുകൂടിയിട്ടുണ്ടെന്നു പറയാതെവയ്യ. അതൊഴിച്ചാല്‍ അത് വ്യക്തവും ദീപ്തവുമാണ്. മിശ്രവിവാഹനിരോധനവും സ്വയംഭൂതവും രണ്ടു ലക്ഷണമായിട്ടാണ് അദ്ദേഹം കാണുന്നത്. എന്നാല്‍ ഇതു രണ്ടും ഡോ. കേത്കര്‍ സങ്കല്‍പ്പിക്കുന്നതുപോലെ രണ്ടു വ്യത്യസ്തകാര്യങ്ങളല്ല, ഒരേ വസ്തുവിന്റെ രണ്ടു ഭാവങ്ങള്‍ മാത്രമാണ്. മിശ്രവിവാഹം (ഗോത്രബാഹ്യവിവാഹം) നിരോധിച്ചാല്‍ അതിന്റെ ഫലം സംഘത്തില്‍ പിറക്കുന്നവരുടെ അംഗത്വം പരിമിത മാകുന്നു എന്നതാണ്. അതിനാല്‍ ഇതുരണ്ടും ഒരു പതക്കത്തിന്റെ രണ്ടുവശങ്ങള്‍ തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ