പേജുകള്‍‌

2014, ഡിസംബർ 17, ബുധനാഴ്‌ച

അയ്യന്‍കാളിയും പുല്ലാട് സമരവും - കെ.കെ. ഗോപാലന്‍ മാസ്റ്റര്‍ പുല്ലാട്


മഹാനായ അയ്യന്‍കാളി അവറുകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സമരത്തില്‍ നിര്‍ണ്ണായകമായ ഒരു സമരമുഖം പുല്ലാട് എന്ന സ്ഥലത്ത് തുറന്നു. ആ സമരത്തില്‍ പലവിധ എതിര്‍പ്പുകളും രക്തച്ചൊരിച്ചിലുകളും നടന്നു. അതിന്റെ ഫലമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തില്‍ ഉന്നത നിലവാരത്തില്‍ വിദ്യാഭ്യാസം നേടുവാന്‍ സാധിച്ചു എന്നത് അഭിമാനകരമാണ്.

ഇന്നത്തെ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ കോയിപ്രം വില്ലേജില്‍ ഉള്ള ഒരു സ്ഥലമാണ് പുല്ലാട്. അയ്യങ്കാളിയുടെ വിദ്യാഭ്യാസ സമരത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ വെളളിക്കര ചോതി, കുറുമ്പന്‍ ദൈവത്താന്‍ എന്നീ സമരനേതാക്കന്മാരുടെ പ്രവര്‍ത്തനഫലമായി പുല്ലാട്ടുള്ള നമ്മുടെ ആളുകള്‍ കുട്ടികളെ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നതിന് തീരുമാനിച്ചു.

പുല്ലാട് സവര്‍ണ്ണ ജാതിക്ക് മേല്‍കോയ്മ ഉള്ള സ്ഥലമാണ്. അവിടെയുള്ള സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവേശനത്തിന് പരിശ്രമിച്ചു. പക്ഷേ സവര്‍ണ്ണ ജാതിക്കാര്‍ എതിര്‍പ്പുമായി വന്നു. ചില ഉരസലുകള്‍ നടന്നു.

വെള്ളിക്കര ചോതി അയ്യങ്കാളിയുമായി സംസാരിച്ച് ചില തീരുമാനങ്ങളില്‍ എത്തി. അതിന്‍പ്രകാരം റാന്നിക്ക് കിഴക്കുള്ള ചേലക്കാമ്പു എന്ന സ്ഥലത്തു നിന്ന് കായികാഭ്യാസികളെ വരുത്തി അവര്‍ പുല്ലാട്ടും സമീപപ്രദേശത്തുമുള്ള ചെറുപ്പക്കാരെ ആയുധ അഭ്യാസം പഠിപ്പിച്ചു. പല മാസങ്ങളുടെ പരിശീലനത്തിനുശേഷം അയ്യങ്കാളി നേരില്‍ കണ്ട് ശിഷണം ഉറപ്പാക്കി പുല്ലാട് താമസിച്ച് എല്ലാകാര്യങ്ങളും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ലേഖകന്റെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ക്ക് ശേഷം വിദ്യാലയത്തില്‍ പ്രവേശിക്കുവാനുള്ള തീരുമാനത്തില്‍ എത്തി. അഞ്ചു കുട്ടികളെ തിരഞ്ഞെടുത്തു. അഴകന്‍, റ്റി.റ്റി. കേശവന്‍, വേലായുധന്‍, മൈലന്‍, ഔസേപ്പ് എന്നിവര്‍.

വിദ്യാലയത്തിന് ഏകദേശം ഒരു കിലോ മീറ്റര്‍ അകലെയുള്ള വൈറ്റാടിമണ്‍ എന്ന സ്ഥലത്ത് കേന്ദ്രീകരിച്ചു.

ചേലക്കാമ്പില്‍ നിന്നുള്ള അഭ്യാസികള്‍ മരഉരല്‍ (നെല്ലുകുത്തിന് ഉപയോഗിക്കുന്നത്) കാലുകൊണ്ട് തട്ടി അമ്മാനം ആടി മുന്‍പില്‍ നീങ്ങി. അതിനു പുറകില്‍ സകല വിധ മാരകായുധങ്ങളുമായി ഒരു സംഘം. അതിനു പുറകില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍. അവരുടെ പുറകില്‍ അരിവാള്‍ ചുഴറ്റി നമ്മുടെ അമ്മമാര്‍ നീക്കിസ്‌കൂളിലേക്ക് നീങ്ങി. നാടു മുഴുവന്‍ ഇളകി മറിഞ്ഞു. അഭ്യാസ മുറകള്‍ സവര്‍ണ്ണരെ ഭയപ്പെടുത്തി. അവര്‍ക്ക് ആര്‍ക്കും ഒന്നും ഉന്നം ചെയ്യുവാന്‍ ധൈര്യം ഉണ്ടായില്ല.

അഞ്ച് കുട്ടികളേയും ക്ലാസ്സില്‍ കയറ്റിയശേഷം അവര്‍ക്ക് കാവല്‍ നിന്നു. ഈ സമയത്ത് പുറകില്‍ സവര്‍ണ്ണര്‍ സംഘര്‍ഷം തുടങ്ങി. വലിയ സംഘര്‍ഷം നടന്നു. അവസാനാം സവര്‍ണ്ണര്‍ വിദ്യാലയത്തിന് തീ വച്ചു. അഞ്ച് കുട്ടികളും ഓടി പുല്ലാട് ജംഗ്ഷന് അടുത്തുള്ള കളരിക്കല്‍ മത്തായിയുടെ കച്ചിത്തുറ് (വൈക്കോല്‍) വിന്റെ ഉള്ളില്‍ ഒളിച്ച് രക്ഷപ്പെട്ടു.

പ്രജാസഭയില്‍ നടത്തിയ പ്രസംഗങ്ങളില്‍ നിന്ന് കേരളത്തിലെ നമ്മുടെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങള്‍ നേടിയെടുക്കുവാന്‍ അയ്യങ്കാളിക്ക് സാധിച്ചു. ഉദാഹരണത്തിന് നമ്മുടെ കുട്ടികള്‍ ക്ലാസ്സില്‍ കയറുമ്പോള്‍ സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഇറങ്ങിപ്പോവുക പതിവായി. ഇതിന് പരിഹാരമായി ഹാജര്‍ 10 ശതമാനം നോക്കി ഉയര്‍ന്ന ക്ലാസ്സിലേയ്ക്ക് പ്രവേശനം നല്‍കിയാല്‍ മതിയെന്ന ഓര്‍ഡര്‍ എ.സി മിച്ചല്‍ അവരുടെ സഹായത്തോടുകൂടി നടപ്പിലാക്കി.

1924 മാര്‍ച്ച് 10 ന് നമ്മുടെ കുട്ടികളുടെ ക്ലാസ്സുകളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കിന് പരിഹാരമായി വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണം നല്‍കുവാന്‍ തീരുമാനിച്ചു. (പ്രജാസഭയില്‍ ദിവാന്‍ജിഅയ്യങ്കാളിയോട് കുട്ടികളുടെ ക്ലാസ്സില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കിന്റെ കാരണം തിരക്കി. ഉടന്‍ ഉത്തരം അയ്യന്‍കാളി നല്‍കി. എന്റെ കുട്ടികള്‍ക്ക് ആഹാരം കഴിക്കുവാനുള്ള സാഹചര്യം ഇല്ല. അവര്‍ ആഹാം കഴിക്കാതെയാണ് ക്ലാസ്സില്‍ വരുന്നത്)

അയ്യങ്കാളിയുടെ പ്രജാസഭയിലെ പ്രസംഗങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണം. അതില്‍ ചിലത് പിന്നീട് എഴുതാമെന്ന് കരുതുന്നു.

പുല്ലാട് സ്‌കൂളില്‍ പ്രവേശിച്ച കുട്ടികള്‍ നന്നായി പഠിച്ച് 4-ാം ക്ലാസ്സ് പാസ്സായി. അവര്‍ അഞ്ചു പേരും സമൂഹത്തില്‍ നല്ല നിലയില്‍ കഴിയുന്നു. റ്റി.റ്റി. കേശവന്‍ ശാസ്ത്രി തിരുകൊച്ചി നിയമസഭയുടെ സ്പീക്കറായി. അദ്ദേഹത്തിന്റെ സഹോദരന്‍ അഴകന്‍ മൂപ്പന്‍ കൃഷിയും മറ്റുമായി കഴിഞ്ഞു. വേലായുധന്‍ സാര്‍ പോസ്റ്റല്‍ വകുപ്പില്‍ ജോലി കിട്ടി. അദ്ദേഹത്തിന്റെ സഹോദരന്‍ മൈലന്‍ മൂപ്പന്‍ കോയിപ്രം പഞ്ചായത്തില്‍ ജോലി കിട്ടി. ഔസേപ്പു സാര്‍ സ്‌കൂള്‍ അദ്ധ്യാപകനായി.

ഇത്രയും വിശദമായി പുല്ലാട് ലഹള വിവരിച്ചത് നമ്മുടെ കുട്ടികള്‍ ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ എങ്ങനെ നമുക്ക് ലഭിച്ചു എന്ന് ചിന്തിക്കുവാന്‍ വേണ്ടിയാണ്.

എഴുത്തും വായനയും അറിയുവാന്‍ പാടില്ലാത്ത അയ്യങ്കാളിയുടെ ധീരമായ പ്രവര്‍ത്തികള്‍ പ്രജാസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നമ്മേ അഭിമാനം കൊള്ളിക്കുന്നു.

അദ്ദേഹത്തിന്റെ പാദങ്ങളില്‍ നമസ്‌കരിച്ചുകൊണ്ട് ഈ വിവരണം അവസാനിപ്പിക്കുന്നു.

*******
 കെ.കെ. ഗോപാലന്‍ മാസ്റ്റര്‍ പുല്ലാട്, കൊച്ചു പറമ്പില്‍, പുല്ലാട് പി.ഒ., തിരുവല്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ