"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

നമ്മുടെ മണ്ണിന്റെ രാഷ്ട്രീയം


സാമുദായിക സംഘടനകള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. ശരിയായ ദിശാബോധത്തോടെ അവ ശക്തിപ്പെടുന്നതു കാണുമ്പോള്‍ പല കോണില്‍ നിന്നും ഭിന്നാഭിപ്രായങ്ങള്‍ ഉരുത്തിരിയുന്നുണ്ട്. ആ യോജിപ്പി ന്റേയും വിയോജിപ്പിന്റേയും പിന്നില്‍ എന്താണുള്ളത്... എന്തുകൊണ്ട് സമുദായ സംഘടനകള്‍ ശക്തിപ്പെടുന്നു?

ആശയപരമായി ഉന്നതമായവയും സമൂഹത്തിന്റെ സമൂലപരിവര്‍ത്തനത്തിന് സാദ്ധ്യതയുള്ളതുമായ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അധികാരം കയ്യാളുമ്പോഴും ആ പ്രസ്ഥാനങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന പട്ടികജാതിക്കാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാര മുണ്ടാകുന്നില്ല. തങ്ങളെ തുണക്കുമെന്നു കരുതിയ പ്രത്യയശാസ്ത്ര ങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഭൂപരിഷ്‌കരണത്തിനു ശേഷം കോളനികളിലേക്കും ലക്ഷംവീടുകളിലേക്കും വകഞ്ഞുമാറ്റപ്പെട്ട പട്ടികജാതി വിഭാഗങ്ങളെ വോട്ടുബാങ്കുകളാക്കി നിലനിര്‍ത്തുന്നതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിജയിച്ചു. പ്രതീക്ഷകളോടെ നെഞ്ചിലേറ്റി സ്വന്തം ചോര കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനങ്ങള്‍ ധാര്‍മ്മികത കയ്യൊഴിഞ്ഞപ്പോള്‍ ആത്മാഭിമാനമുള്ള മനസ്സുകള്‍ക്ക് തിരിച്ചുപോരേണ്ടി വരുന്നു. വ്യത്യസ്ത മായൊന്നും ചെയ്യാനില്ലാതെ ആദ്യകാല സമുദായ സംഘടനകളും അരാഷ്ട്രീയ പാപ്പരത്വം തെളിയിച്ചിരുന്നു. പക്ഷേ, ഇന്ന് സ്ഥിതി ഏറെ മാറിയിരിക്കുന്നു. അനുഭവപാഠങ്ങള്‍ കൊണ്ട് വ്യവസ്ഥിതിയെ വിലയിരുത്താന്‍ പ്രാപ്തരായ പട്ടികവിഭാഗങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആവശ്യങ്ങള്‍ മുഖ്യധാരയിലേക്കെത്തി ക്കാനും രാഷ്ട്രീയ ഇച്ഛാശക്തി നേടിയിരിക്കുന്നു. അതിനായി ഒരു സംഘടനയെ വിഭാവനം ചെയ്യുമ്പോള്‍ തങ്ങളുടെ സമുദായ താല്‍പര്യങ്ങള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടാകുന്നതിന് ജാതിസംഘടനകള്‍ തന്നെ വേണമെന്ന കേരളത്തിന്റെ ചരിത്രപാഠം ഉള്‍ക്കൊണ്ട് സംഘടിക്കാന്‍ തയ്യാറായിരിക്കുന്നു. സംഘടിതരായ ജാതി-മത സംഘങ്ങള്‍ ന്യൂനപക്ഷ മായിരുന്നിട്ടുപോലും അവരുടെ രാഷ്ട്രീയ വിലപേശലുകള്‍ക്ക് വഴങ്ങിക്കൊടു ക്കുകയും വിപ്ലവം പ്രസംഗിക്കുമ്പോഴും സാമുദായിക പ്രധാന്യം നോക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയും ചെയ്യുന്ന അധികാരരാഷ്ട്രീയത്തിന് കേരളം എന്നും വേദിയായിട്ടുണ്ട്. ഇരുകൂട്ടരും കാര്യം നേടിയിട്ടുമുണ്ട്. സംവരണസീറ്റുകളില്‍ മാത്രം പരിഗണിക്കപ്പെട്ട പട്ടികവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ അപ്പോഴും ബാക്കിയാവുന്നു.

ഇത്തരം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ സാമുദായികമായി സംഘടിക്കാനും അര്‍ഹതപ്പെട്ടത് പിടിച്ചുവാങ്ങാനും തയ്യാറാകുന്നു. അതിന് ഇവിടത്തെ അഴുകിയ കക്ഷിരാഷ്ട്രീയം കൊണ്ടുമാത്രം സാദ്ധ്യമല്ലെന്നും ഒരു പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ അവക്കാവി ല്ലെന്നും സ്വയം തെളിയിച്ചിരിക്കുന്നു. ഈ നാടിനേയും ഇവിടത്തെ ചരിത്ര ത്തേയും അടുത്തറിഞ്ഞ അംബേദ്കറേയും അയ്യങ്കാളിയേയും പോലുള്ളവര്‍ മുന്നോട്ടുവക്കുന്ന ദളിത്പക്ഷ രാഷ്ട്രീയ ഇച്ഛാശക്തികൊണ്ടേ ഉയിര്‍ത്തെഴു ന്നേല്‍ക്കാനാവൂ എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

ജനനമനുസരിച്ച് വേര്‍തിരിക്കപ്പെട്ടിട്ടുള്ള സമുദായ വിഭാഗങ്ങളെ ഇഷ്ടപ്പെടുന്നു വെങ്കിലും ഇല്ലെങ്കിലും അവ ഇന്നും നിലനിന്നുവരുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. സഹായിക്കാനാ ണെങ്കിലും എതിര്‍ക്കാനാണെ ങ്കിലും ജാതി അനുസരിച്ചുള്ള സംഘടനകള്‍ കേരളത്തിന്റെ പൊതുജീവിത ത്തിലെ ഒരു പ്രധാന ഭാഗമാണെന്ന് സമ്മതിക്കാതെ നിവൃത്തിയില്ല. ജാതി നിലനില്‍ക്കുന്ന കാലത്തോളം ജാതിയെ അടിസ്ഥാനപ്പെടുത്തിയ സംഘങ്ങള്‍ ആശാസ്യമോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ആവശ്യമാണെങ്കിലും അല്ലെങ്കിലും അവ ഉല്‍ഭവിക്കുകയും വളരുകയും ചെയ്യും. ജാതി നില നില്‍ക്കുന്ന ഇന്ന് ജാതി സംഘങ്ങള്‍ ഉണ്ടാവരുതെന്ന് പറയുന്നത് അസംബന്ധ മാണ്. ചില സമുദായ സംഘങ്ങള്‍ പാവങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി വാദിക്കുന്നുവെന്നതിനാല്‍ അവയുമായി അക്കാര്യത്തില്‍ സഹകരിക്കണം. ജാതിയെ നശിപ്പിക്കുക; അങ്ങനെ സമുദായസംഘങ്ങളുടെ വേരറുത്തുകളയുക; അതുവരെ ഒരു യാഥാര്‍ത്ഥ്യമെന്ന നിലക്ക് അവയുടെ നിലനില്‍പ്പിനെ അംഗീകരിച്ചു പെരുമാറുക. ഇതാണ് നാം ചെയ്യേണ്ടത്.

-ഇ.എം.എസ്
(സമ്പൂര്‍ണ്ണകൃതികള്‍)

വലിയൊരു വിഭാഗം ജനങ്ങളെ തരതാഴ്ത്തുകയും സാമൂഹ്യമായും സാമ്പത്തികമായും സാംസ് കാരികമായും ഉള്ള ദുരവസ്ഥയില്‍ നിന്നും മോചനം നേടാന്‍ അവര്‍ക്ക് അവസരം നല്‍കാതിരിക്കു കയും ചെയ്യുന്നുവെന്നതാണ് ജാതി വ്യവസ്ഥയുടേയും ഇന്ത്യന്‍ സാമൂഹ്യഘടനയു ടേയും ഏറ്റവും വലിയ ദൗര്‍ബല്യവും പരാജയവും. ഇന്ത്യയുടെ ജീവിതത്തിന്റേയും സമ്പദ്ഘടനയു ടേയും ഏറ്റവും പ്രധാന സ്വഭാവമായി ഈ ദുരന്തം മാറി. ആധുനിക സാമൂഹ്യ സന്ദര്‍ഭത്തില്‍ ജാതി വ്യവ സ്ഥയും അനുബന്ധ ഘടകങ്ങളും ഒരു വിധത്തിലും യോജിക്കാത്തതും പഴഞ്ചനും അങ്ങേയറ്റം നിയന്ത്രണപരവും പുരോഗതിക്കു ള്ള വിഘാതവുമായി മാറി. 

-ജവഹര്‍ലാല്‍ നെഹ്‌റു

കഥ: വേലത്തിക്കുളം - ശാന്തകുമാരി പുല്ലൂര്‍


ശാന്തകുമാരി പുല്ലൂര്‍
അതിരാവിലെ പക്ഷികള്‍ വിളിച്ചുണര്‍ത്തുന്നതിനു മുമ്പ് ആ ശബ്ദം ഞങ്ങളുടെ കാതുകളിലെത്തും. നേരത്തെത്തന്നെ എഴുന്നേറ്റ് മുണ്ടിന്‍കെട്ടുമായി തലയിലേറ്റി പോയവര്‍ അവിടെ എത്തിയിരിക്കുന്നു. താഴെ പാടത്ത് സൂര്യകിരണങ്ങളെ സ്വീകരിക്കാന്‍ പാകത്തിന് അലക്കിയ തൂണികള്‍ അവര്‍ നിരത്തിയിരിക്കും. ആരുടെയൊക്കെയോ വിഴുപ്പുകള്‍ അലക്കിത്തേച്ച് വെളുപ്പിച്ചാല്‍ അന്നന്നത്തെ അരവയറെങ്കിലുമാകും. അങ്ങിനെ ഞങ്ങളുടെ നിലനില്‍പ്പിന്റെ തന്നെ ഭാഗമായി ആ കുളം. പാടത്തിന്റെ തെക്കു പടിഞ്ഞാറായാണ് കുളത്തിന്റെ കിടപ്പ്. വടക്ക് കൈതക്കാടും മറ്റെല്ലാഭാഗങ്ങളും അല ക്കുകല്ലിനാല്‍ ചുറ്റപ്പെട്ട നിലയിലും കാണപ്പെട്ടിരുന്നു.

രാവിലെ മുതല്‍ അന്തിയാകുന്നതുവരെ ഞങ്ങളുടെ മുത്തച്ഛന്‍മാരും മുത്തശ്ശിമാരും അതില്‍ പണിയെടുത്തുവന്നിരുന്നു. അത് തലമുറയായുള്ള അവരുടെ ജീവിതചര്യയായിരുന്നിരിക്കണം. ഞങ്ങള്‍ക്ക് ഓര്‍മ്മയുള്ള കാലം മുതല്‍ക്കേ മനവല്ലശ്ശേരിയിലെ (ഗാന്ധിഗ്രാം) ഈ കുളം വേലത്തിക്കുളം എന്നറിയപ്പെട്ടിരുന്നു. ദേഹമനങ്ങാതെ മൃഷ്ടാന്നഭോജനം നടത്തി വന്നിരുന്ന വിഭാഗക്കാര്‍ നടത്തിവന്ന പുച്ഛരസം കലര്‍ന്ന വിശേഷണമാണ് പിന്നീട് അതിന്റെ പേരുതന്നെയായി മാറിയത്. പണ്ടേതോ നാടുവാഴി, വേലന്‍മാര്‍ക്ക് ഇഷ്ടദാനം ആയി നല്‍കിയതാകാം ഈ കുളം എന്ന് പറഞ്ഞു കേള്‍ക്കുന്നു. എന്തൊക്കെയായാലും ഇത് വേലത്തിക്കുളം എന്നപേരില്‍ത്തന്നെയാണ് അറിയപ്പെടുന്നത്. ഇരിങ്ങാലക്കുട ടൗണില്‍ ബസ്സിറങ്ങി ഓട്ടോയില്‍ കയറിയാല്‍ ഈ പേരു പറഞ്ഞാല്‍ മാത്രം മതി. 

വെറുതെ ഒരു തോന്നലില്‍ ഞാന്‍ ആ കുളത്തിനു സമീപം പോയി നിന്നു. ഞങ്ങളുടെ കുളം എന്ന് അല്‍പം അഭിമാനത്തോടെ അന്ന് പറയാറുള്ള അതിന്റെ ശാലീനതയൊക്കെ പോയി ഇന്നൊരു പടുവൃദ്ധയായി രിക്കുന്നു. കുളമേതെന്നോ പാടമേതെന്നോ അറിയാത്ത വിധത്തില്‍ പായല്‍ നിറഞ്ഞിരിക്കുന്നു. പഞ്ചായത്തിന്റേയും മുനിസിപ്പാലിറ്റിയുടേയും ശുശ്രൂഷകള്‍ ഇരുവശങ്ങളിലും കാണാം. വിരിച്ചിട്ടിരുന്ന തുണികളുടെ സ്ഥാനത്ത് വാര്‍ക്കവീടുകള്‍ നിരന്നിരിക്കുന്നു. പാടത്തിനു നടുവിലൂടെ മണ്ണിട്ടുനിരത്തിയ വഴിയും വന്നിരിക്കുന്നു. പുഴുങ്ങിയ തുണികളുടേയും കാരത്തിന്റേയും മണം ഇന്നവിടെയില്ല. പഴയ പടേ... പടേ... ശബ്ദം ചെവിയില്‍ അലയടിക്കുന്നുണ്ടായിരുന്നെങ്കിലും മുണ്ടിന്‍കെട്ടുമായി കൈതക്കൂട്ടങ്ങള്‍ക്കരികിലൂടെ പോകുന്ന ആരേയും കണ്ടില്ല. നിശയുടെ കറുത്തമഷി ആ വേലത്തിക്കുളത്തിനു മുകളില്‍ പുരണ്ടുതുടങ്ങി. ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ചിരുന്ന ആ മുത്തുകളെ താലോലിച്ചുകൊണ്ടു ഞാന്‍ തിരികെനടന്നു.

കഥയുടെ ബാക്കി: ആസ്വാദനക്കുറിപ്പ് - ശ്രീരഞ്ജിനി എടക്കുളം


(വി.ആര്‍.ശുഭയുടെ 'താങ്ക് ഗോഡ് '
എന്ന ചെറുകഥയെ ആധാരമാക്കി എഴുതിയത്.)
ശ്രീരഞ്ജിനി എടക്കുളം
കഥയുടെ ബാക്കി സംഭവിച്ചത് മനസ്സിലാണ്.
അങ്ങനെയായിരുന്നോ അത് അവസാനിക്കേണ്ടിയിരുന്നത്? പിന്നെന്ത് ചെയ്യണമായിരുന്നു, സ്റ്റൈപ്പന്റ് വാങ്ങുമ്പോ. ചിന്തകള്‍ വീണ്ടും പെയ്തിറങ്ങുന്നു. 2005 നവംബര്‍ ലക്കത്തിലാണ് കഥ വായിച്ചത്. മരങ്ങള്‍ പെയ്യുമ്പോള്‍ കിട്ടിയപ്പോള്‍ ആദ്യം നോക്കിയതും ആ കഥയില്ലേ എന്നാണ്. ഒരു മഴത്തുള്ളിപോലെ മനസ്സിലേക്ക് പതുക്കെ. പതുക്കെ... കിനിഞ്ഞിറങ്ങുന്നു.

അപര്‍ണ്ണയ്ക്ക് സംവരണത്തെക്കുറിച്ച് അത് എന്തിനാണ് എന്ന് ഫ്രണ്ട്‌സിനോട് പറയായിരുന്നില്ലേ? വീണ്ടും കഥയുടെ ഉള്ളിലേക്ക് മനസ്സ് കേറിക്കഴിഞ്ഞു. എയ്, അങ്ങനെ പറഞ്ഞാല്‍ തന്നെ കൂട്ടുകാര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ പറ്റ്വോ. വരികയായി ഉടന്‍ തന്നെ മറുചിന്ത. അല്ലെങ്കിലും അങ്ങനെയായാല്‍ അത് കഥയല്ലാതാവില്ലേ. ഡോക്യുമെന്ററി പോലെയാവില്ലേ. എങ്കിലുമങ്ങനെ പറഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു.

സ്റ്റൈപ്പന്റില്‍ നിന്നും ചിലവ് ചോദിക്കുമ്പോ, ഇതില്‍ നിന്ന് പറ്റില്ല്യാട്ടോ എന്ന് അപര്‍ണ്ണയെക്കൊണ്ട് കഥാകൃത്തിന് പറയിച്ചൂടെ. അതുമല്ലെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് സ്റ്റൈപ്പന്റ് കിട്ടുന്നില്ലാന്ന് പറഞ്ഞ് അത് ഒരു ചര്‍ച്ചയായി കൊണ്ടുവന്നൂടെ. ങ്ങാ, അങ്ങനെ തോന്നിയോ? ആ തോന്നിപ്പിക്കലാണ് കഥയുടെ വിജയം. അല്ലാതെ ആ ചിന്തകള്‍ കൂടി കഥയില്‍ ചേര്‍ക്കലല്ല. കുറച്ചൊക്കെ നമുക്ക് ചിന്തിക്കാനായി വിട്ട് വയ്ക്കണം. എല്ലാം കഥയില്‍ വന്നാല്‍ പിന്നെ അതോടെ ആ കഥ പൂര്‍ണ്ണമാവും, പിന്നെ അത് നമ്മളെ ചിന്തിപ്പിക്കില്ല. ചിലവ് ചോദിക്കുമ്പോ അതിന് പറയേണ്ട മറുപടി അറിയാമെങ്കിലും അപര്‍ണ്ണ മ്യൂട്ട് സ്വിച്ച് ഓണാക്കി വെച്ചു, നോക്കൂ, എത്ര വിദഗ്ദമായാണ് ഇവിടെ മൗനം പാലിച്ചിരിക്കുന്നത്.

അപ്പുവിന് പിന്നെ ജെസ്റ്റ് പാസ്സായാലും എസ്.സി. ആയത്‌കൊണ്ട് എവിടെയെങ്കിലും ചെന്ന് ചേരാം. കൂട്ടുകാരിയുടെ ഈ കമന്റിനോട് മറുപടി പറഞ്ഞൂന്ന് തന്നെ വിചാരിക്കുക. എന്താ ഉണ്ടാവുക? അവരവളെ കളിയാക്കും. ഓ തുടങ്ങീ.... ഫിലോസഫീന്നായിരിക്കും മറുപടി. അതുമല്ലെങ്കില്‍ ഓ, ഒരാദര്‍ശം അതല്ലാതെ മറ്റൊന്നും സംസാരിക്കാനില്ലേ എന്നൊക്കെയായിരിക്കും മറുപടി. ഒന്നും പറ്റിയില്ലെങ്കില്‍ തിരിച്ച് കളിയാക്കാന്‍ പറ്റില്ലേ. മനസ്സ് അതാഗ്രഹിച്ച് പോകുന്നു. എന്തെങ്കിലുമൊരു മറുപടി പറഞ്ഞിരുന്നെങ്കിലെന്ന്. കാരണം അത്ര തീക്ഷ്ണമായാണ് കഥയില്‍ മിതത്വം പാലിച്ച്‌കൊണ്ട് നമ്മെ അസ്വസ്ഥമാക്കുന്നത്. പൊറുക്കാനാവുന്നില്ല ഈ മൗനം. നോട്ടീസ് ബോര്‍ഡില്‍ ഇതിനെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ച് പിന്നെ വേണ്ടെന്നുവയ്ക്കുന്നിടത്ത് അങ്ങിനെ ചെയ്തിരുന്നെങ്കില്‍ എന്ന് നമ്മെക്കൊണ്ട് ആഗ്രഹിപ്പിക്കുന്നു. അതിഭാവുകത്തിലേക്ക് വഴുതിവീഴാതെ.... നല്ല കയ്യൊതുക്കത്തോടെ കഥയെ മുമ്പോട്ട് കൊണ്ടുപോകുന്നു. യാതൊരുവിധ ജാര്‍ഗണുകളുമില്ലാതെ.... സൈദ്ധാന്തിക ചര്‍ച്ചയിലേക്ക് കൊണ്ടുപോകാതെ..... കഥയുടെ അതിരുകള്‍ ലംഘിക്കാതെ.....

കഥനിര്‍ത്തിയേടത്തുനിന്നും കഥ തുടങ്ങുന്നു. എന്താണതിനൊരു വഴി.. തുടങ്ങുകയായി ചിന്തകള്‍, നമ്മെ വിടാതെ പിന്തുടരാന്‍. അങ്ങിനെ കഥ അവസാനിക്കുന്നില്ല. കഥയുടെ ബാക്കി മനസ്സിലാണ് സംഭവിക്കുന്നത്. ഒരു കഥ നല്ലതാണെങ്കില്‍ അത് നമ്മെ വേട്ടയാടിയിരിക്കും. 

കവിത: നൊമ്പരം - അംബിക കിണാവല്ലൂര്‍


അംബിക കിണാവല്ലൂര്‍ഇടനാഴിയിലൊരു കാലൊച്ച കേള്‍ക്കുന്നു
മനസ്സില്‍ നുരയുന്നു സാന്ത്വനമാകുന്നു
കാലമേ ജീവിത പെരുവഴിയില്‍
ഏകാന്തമായൊരു ദുരിതമഴയില്‍
പൊതിഞ്ഞ പകലുകള്‍, രാത്രികള്‍
ദുഃഖത്തിന്‍ കണ്ണീര്‍ ചാലില്‍
നാളുകള്‍ കൊഴിഞ്ഞു തീരവേ
മറക്കുവാന്‍ കഴിയാത്തൊരു മുഖം
ജ്വലിച്ചു നില്‍ക്കുന്നു അമ്മയെന്ന ചൈതന്യം
ഏതോ നിലാവുറങ്ങിയ രാത്രിയില്‍
പനികിടക്കയില്‍ കിടന്നു ഞെരങ്ങുന്ന
അമ്മതന്‍ വേര്‍പ്പാടോര്‍ത്തിടുമ്പോള്‍
നെഞ്ചു നീറുന്നു മിഴികള്‍ നിറയുന്നു
ജന്മാന്തരത്തിന്റെ മാറാപ്പുമേന്തി
സ്മൃതികളില്‍ തിളക്കുന്ന 
നോവായി പടരുന്ന കഷ്ടകാലത്തിന്റെ
കയ്പു നീരും കുടിച്ച്
കാലത്തിന്റെ കനല്‍ വഴികള്‍ താണ്ടി
നടന്നു നീങ്ങിടുമ്പോള്‍
ആശ്വാസത്തിന്‍ നിറദീപമായ്
നീ- വന്നെത്തി വറുതിയുടെ
പകല്‍കിനാവിനെ വരവേല്ക്കാന്‍
സ്വപ്നങ്ങള്‍ കൊണ്ട് നീയെന്നെ തലോടരുത്
വര്‍ണ്ണങ്ങളാല്‍ ചിത്രങ്ങള്‍ വരക്കരുത്
മൗനവചനങ്ങളാല്‍ ശാപവാക്കുകളോതരുത്
ഇരുണ്ട ഇടനാഴിയില്‍, ഏകാന്തതയില്‍
ചിറകറ്റ സ്വപ്നങ്ങളാല്‍ യാത്രാമൊഴികള്‍ക്ക്
സാക്ഷിയായി തീരട്ടെയെന്റെ ജീവിതസന്ധ്യകള്‍ 

******
അംബിക കിണാവല്ലൂര്‍
മാതൃസമിതി ചെയര്‍പേഴ്‌സണ്‍
പാലക്കാട് ജില്ല

സ്തീകളോടുള്ള വിവേചനത്തെക്കുറിച്ചുതന്നെ..


സ്ത്രീകളോടുള്ള ഏറ്റവും കടുത്ത വിവേചനങ്ങള്‍ പോലും വളരെ നിസ്സാരമായി തള്ളുന്നവരാണ് സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും. അതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. ആണായി പിറന്നിരുന്നെങ്കില്‍ എന്ന് സ്ത്രീകളില്‍ പലരും ഒരിക്കലെങ്കിലും മോഹിച്ചുപോകുന്നത് ജീവിതത്തിലുടനീളം അനുഭവിക്കുന്ന വിവേചനങ്ങളില്‍ നിന്നാവാം. 

ഇന്ത്യയിലെ സ്ത്രീ-പുരുഷ അനുപാതം നോക്കുമ്പാള്‍ 1000 പുരുഷന്‍ 949 സ്ത്രീ എന്നതാണ്. കുറച്ചു സ്ത്രീകള്‍ ജനിക്കുന്നതുകൊണ്ടല്ല; മറിച്ച് പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ മരിക്കുന്നതുകൊണ്ടാണ്. പോഷകാഹാരവും ചികിത്സയും വിദ്യാഭ്യാസവുമെല്ലാം അവള്‍ക്ക് നിഷേധിക്കപ്പെടുന്നു. ഇന്ത്യയിലെ 61% സ്ത്രീകളും നിരക്ഷരരാണ്. അവര്‍ക്കു നേരെയുള്ളഅതിക്രമങ്ങളുടെ വര്‍ദ്ധന ഏതാണ്ട് ഇപ്പോള്‍ ഇരട്ടിയോളം വരും. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO) വെളിപ്പെടുത്തിയ കണക്കു പ്രകാരം ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ അവസ്ഥ വ്യക്തമാകുന്നുണ്ട്. 'സ്ത്രീകള്‍ ലോകത്തെ അദ്ധ്വാനഭാരത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ചുമക്കുന്നു, എന്നാല്‍ അവര്‍ക്കു ലഭിക്കുന്ന പ്രതിഫലം ലോകവരുമാനത്തിന്റെ 20-ല്‍ ഒന്നു മാത്രം. സ്വത്തിന്റെ കാര്യത്തിലാകട്ടെ അവരുടെ വിഹിതം 100-ല്‍ ഒന്നും.' ഒരേ തൊഴില്‍ മേഖലയില്‍ ഒരേ ജോലിയെടുക്കുന്ന സ്ത്രീക്കും പുരുഷനും ഒരേ കൂലി കിട്ടുന്നില്ല എന്നത് പ്രധാന വസ്തുതയാണ്. അവളുടെ അധ്വാനം വിലമതിക്കാതെ പോകുന്നുണ്ട്. കേരളത്തിലെ സ്ത്രീകളില്‍ 85% പേരും വീടിനു പുറത്ത് പണിയില്ലാത്തവരാണ്. പുറത്ത് ജോലി ചെയ്യുന്നവരാകട്ടെ അതിനുശേഷം വീട്ടിലെ എണ്ണപ്പെടാത്ത, കൂലിയില്ലാത്ത ജോലിയും ചെയ്യേണ്ടതുണ്ട്. പകലന്തിയോളം വീട്ടില്‍ അധ്വാനിക്കുന്ന സ്ത്രീ സ്വന്തം കുടുംബത്തില്‍ത്തന്നെ ഇരട്ടച്ചൂഷണത്തിന് വിധേയരാകുന്നു. സംസ്ഥാന പോലീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ രേഖകളില്‍ നമ്മുടെ ഉറക്കം കെടുത്തുന്ന ഒരു വസ്തുതയുണ്ട്. ഓരോ മൂന്നു മണിക്കൂറുകളിലും കേരളത്തിലെവിടെയെങ്കിലും നിന്ന് ഒരു സ്ത്രീ യേയോ കുട്ടിയേയോ കാണാതാവുന്നു. 24 മണിക്കൂറിനുളളില്‍ കാണാതാവുന്നത് 8 സ്ത്രീകളും കുട്ടികളുമാണ്.

സ്ത്രീയെ അമ്മയായും ദൈവമായും കാണുന്ന സംസ്‌കാരത്തിന്റെ പാരമ്പര്യമുള്ള, വിദ്യാഭ്യാസത്തിന്റേയും സമത്വത്തിന്റേയും സ്ത്രീ സുരക്ഷിതത്വത്തിന്റേയും ഒക്കെ വലിയ വാക്കുകള്‍ പറഞ്ഞ് ഊറ്റം കൊള്ളുന്ന കേരളത്തില്‍ ഇങ്ങനെ കാണാതാവുന്നവരുടെ എണ്ണം മൂന്നു വര്‍ഷത്തിനുള്ളില്‍ 71% ആയി വര്‍ദ്ധിച്ചിരിക്കുന്നു എന്നത് നെഞ്ചില്‍ തീകോരിയിടുന്ന സത്യമാണ്.

കുടുംബം, രാഷ്ടീയം, സ്വത്തുടമാ ബന്ധങ്ങള്‍, ഭരണം എന്നിങ്ങനെ സമൂഹത്തിന്റെ അതിപ്രധാന തട്ടുകളിലുള്ള അധികാരബന്ധങ്ങളില്‍ പൊളിച്ചെഴുത്ത് നടക്കാതെ സ്ത്രീ-പുരുഷ തുല്യത സാദ്ധ്യമല്ല. ഭൂസ്വത്തില്‍ അവകാശമില്ലാതിരിക്കുക, സ്വന്തമായി സമ്പാദ്യം ഇല്ലാതിരിക്കുക,തൊഴില്‍ ഇല്ലാതിരിക്കുക, ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടുക, തീരുമാനം എടുക്കുന്ന വേദികളില്‍ പങ്കാളിത്തം ലഭിക്കാതിരിക്കുക, ഗാര്‍ഹിക ഉത്തരവാദിത്വം സ്ത്രീകള്‍ക്ക് മാത്രമാണെന്ന് വ്യാഖ്യാനിക്കുക, പെണ്‍കുട്ടികളെ ആഭരണ ഭ്രമത്തിലേക്കും ആഢംബരത്തിലേക്കും തള്ളിവിടുക, രാഷ്ട്രീയ-സംഘടനാ ബോധമില്ലാതാക്കുക തുടങ്ങി സ്ത്രീകളെ അടിമയാക്കി മാറ്റാനുള്ള തന്ത്രങ്ങള്‍ നിരവധിയാണ്. 'അമ്മയെ സ്‌നേഹിക്കണം' എന്നു പറയുമ്പോള്‍ 'അച്ഛനെ വെറുക്കേണ്ടതുണ്ടോ' എന്ന് വ്യാഖ്യാനിക്കുന്നവരാണ് സ്ത്രീ വിമോചന പ്രസ്ഥാനങ്ങളേയും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളേയും പുച്ഛിച്ചുതള്ളുന്നത്.

ഓഷോ പറയുന്നു-'സ്ത്രീയുടെ വിമോചന പ്രസ്ഥാനം എന്നത് യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ മാത്രം മോചനത്തിന് വേണ്ടിയുള്ളതല്ല. സംഭവിക്കുകയാണെങ്കില്‍ അത് പുരുഷന്റെ മോചനത്തിനുകൂടി ഉള്ളതായിരിക്കും. അതുകൊണ്ട് ബുദ്ധിമാന്‍മാരായ പുരുഷന്‍മാര്‍ അതിനനുകൂലമായിരിക്കും. കാരണം സ്ത്രീകള്‍ യഥാര്‍ ത്ഥത്തില്‍ സ്വതന്ത്രരാവുകയാണെങ്കില്‍ അത് രണ്ടുപേരുടേയും സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു. സ്ത്രീ അനുഭവിച്ചുവരുന്ന മുഴുവന്‍ ഗതികേടുകള്‍ക്കും ഉത്തരവാദി ഇന്നത്തെ പുരുഷകേന്ദ്രീകൃതമായ സമൂഹമാണ്.' 

കുറുന്തോട്ടിക്ക് വാതം കോച്ചുമോ....?


ആയുര്‍വ്വേദമരുന്നുകള്‍ അപകടമല്ലെന്നും അതുപയോ ഗിച്ചാല്‍ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാവില്ലെന്നുമുള്ള തെറ്റിദ്ധാരണയുടെ പുറത്ത് ഈ നിയമത്തെ ചെറുതായി കാണരുത്.

ഡോ.എം.കെ.സദാനന്ദന്‍
റിട്ട. പ്രൊഫസര്‍
ഗവ. ആയുര്‍വ്വേദകോളേജ്
തൃപ്പൂണിത്തറ

പാരമ്പര്യ ആയുര്‍വ്വേദ വൈദ്യന്മാര്‍ക്കും ഹോമിയോ പ്പതി പ്രാക്റ്റീഷണര്‍മാര്‍ക്കും തിരുക്കൊച്ചി മേഖലയിലെ പാരമ്പര്യ സിദ്ധവൈദ്യന്മാര്‍ക്കും പ്രാക്റ്റീസ് തുടരുന്നതിനായി അനുമതി നല്‍കുന്നതും രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കുന്നതുമായ ഉത്തരവ് G.O.(M.S.)NO.145/09H&FWD dtd. 4.06.2009] കേരള സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു. നമ്മുടെ ചികിത്സാമേ ഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഈ നിയമം വിഷയമായി. ഇരുപക്ഷത്തിന്റേയും വാദഗതികള്‍ മാധ്യമങ്ങളിലും സമരപന്തലുകളിലും കോടതികളിലും ചൂടുപിടിക്കാന്‍ തുടങ്ങി. വൈദ്യപാരമ്പര്യത്തെ ഉയര്‍ത്തി പ്പിടിക്കുന്ന നമ്മുടെ സമുദായത്തിനും സംഘടനക്കും മാസികക്കും ഈ വിഷയ ത്തെ കണ്ടില്ലെന്നു നടിക്കാനാവില്ല. പ്രസ്തുത വിഷയത്തില്‍ അനുബന്ധ മേഖലയിലുള്ള ചിലരുടെ യോജിച്ചും വിയോജിച്ചുമുള്ള അഭിപ്രായങ്ങളാണ് ഈ കവര്‍‌സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

പാരമ്പര്യവൈദ്യന്മാരില്‍ അമൂല്യമായ അറിവിന്റേയും അനുഭവത്തി ന്റേയും സമ്പത്ത് ഉള്ളതുകൊണ്ട് അവരെ അംഗീകരിക്കേണ്ടതുണ്ട്. പക്ഷേ, ഇന്ന് കാലം മാറി. സര്‍ക്കാര്‍ നല്‍കുന്ന ഈ അംഗീകാരം ദൂരവ്യാപകമായ അപകടം ഉണ്ടാക്കും. നല്ലതിനേക്കാള്‍ കള്ളനാണയങ്ങള്‍ പെരുകുന്ന കച്ചവടക്ക ണ്ണുകള്‍ പുറത്തുവരാന്‍ പോകുന്നേയുള്ളൂ. ആയുര്‍വ്വേദമരുന്നുകള്‍ അപകടമല്ലെന്നും അതുപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാവില്ലെ ന്നുമുള്ള തെറ്റിദ്ധാരണയുടെ പുറത്ത് ഈ നിയമത്തെ ചെറുതായി കണ്ടാല്‍ പൊതുസമൂഹത്തിന്റെ ആരോഗ്യവിഷയത്തില്‍ സംഭവിക്കാന്‍ പോകുന്നത് വലിയ പ്രത്യാഘാതങ്ങളാണ്. യഥാര്‍ത്ഥ പാരമ്പര്യ വൈദ്യന്മാര്‍ ആരാണെന്ന് നിശ്ചയിക്കപ്പെടുന്നതിന് മാനദണ്ഡം ഉണ്ടാവണം. അതിനുവേണ്ടി കോളേജ് അദ്ധ്യാപകരോ മറ്റ് അര്‍ഹതയുള്ളവരോ അടങ്ങുന്ന ഒരു അന്വേഷണ സമിതിയെ നിയോഗിക്കാവുന്നതാണ്. അങ്ങിനെ തെരഞ്ഞെടുക്കപ്പെടുന്ന പാരമ്പര്യവൈദ്യന്മാരെ ആരും നിഷേധിക്കുന്നില്ലല്ലോ. യഥാര്‍ത്ഥത്തില്‍ ഓരോ പാരമ്പര്യവൈദ്യന്മാരുടേയും ചരിത്രം അന്വേഷിച്ചുകൊണ്ടു വേണം അംഗീകാ രം നല്‍കാന്‍. നമ്മുടെ സമുദായത്തിലെ പൂര്‍വ്വീകരായ പാരമ്പര്യവൈദ്യന്മാര്‍ ശ്രമിച്ചിരുന്നത് പണമുണ്ടാക്കാനല്ല, മറിച്ച് പൊതുസമൂഹത്തിന്റെ ആരോഗ്യം നിലനിര്‍ത്തേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിച്ചതുകൊണ്ടായിരുന്നു. മാറിവന്ന ഈ കാലക്രമത്തില്‍ അതു സാദ്ധ്യമാണോ.... 


പാരമ്പര്യവൈദ്യന്മാരെ വ്യാജന്മാര്‍ എന്നു മുദ്രകുത്തുന്നത് ഇവിടെ മറ്റു ചികിത്സാരീതികളെ വളര്‍ത്തുവാനേ സഹായിക്കൂ. 


പി.എം.രവീന്ദ്രന്‍
ജനറല്‍ സെക്രട്ടറി,
കേരള പാരമ്പര്യ 
ആയുര്‍വ്വേദ വൈദ്യസംഘം

കാലഘട്ടം നീങ്ങുംതോറും പാരമ്പര്യവൈദ്യന്‍മാരെ അവഹേളിക്കുന്നതും ഒറ്റപ്പെടുത്തുന്നതുമായ ചിന്താരീതിയാണ് ചില മേലാളന്മാര്‍ പ്രചരിപ്പിച്ചുവരുന്നത്. ആയുര്‍വ്വേദം ഇന്ന് പടര്‍ന്നുപന്തലിച്ചു വരുന്നതില്‍ പാരമ്പര്യവൈദ്യന്മാര്‍ക്ക് ഒരു പ്രധാന പങ്കുണ്ട് എന്ന സത്യം പണ്ടേ അംഗീകരിച്ചിട്ടുള്ളതാണ്. കേരളത്തില്‍ പണ്ടുകാലം മുതല്‍ പാരമ്പര്യ വൈദ്യന്‍മാര്‍ എന്ന് അറിയപ്പെട്ടിരുന്നതും ഇന്ന് അറിയപ്പെടു ന്നതുമായ പെരുമണ്ണാന്‍, വേലന്‍, പാണര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സമുദായ ക്കാരാണ്. പെരുമണ്ണാന്‍, വേലന്‍ എന്നിവര്‍ ഭിഷഗ്വരന്മാരും പാണര്‍ ബാധഒഴിപ്പിക്കല്‍, മന്ത്രവാദം എന്നിവയും നടത്തിവന്നിരുന്നു. കാലക്രമേണ ഇവരുടെ ശിഷ്യന്മാരായി ചിലസ്ഥലങ്ങളില്‍ മുസ്ലീമുകളും ക്രിസ്ത്യാനികളും തിച്ചരും വന്നിരുന്നു. പ്രാചീനകാലം മുതല്‍ വേലന്‍മാര്‍ വൈദ്യന്മാരായി രുന്നുവെന്നും അവര്‍ ബുദ്ധമതത്തില്‍ വിശ്വസിച്ചിരുന്നുവെന്നും കേരളം എന്ന ചരിത്രകൃതിയില്‍ ശ്രീകുഞ്ഞുകുട്ടന്‍ തമ്പുരാന്‍ പ്രസ്താവിച്ചിട്ടുണ്ട്. തച്ചന്മാര്‍ പ്രചരിപ്പിച്ച തച്ചുശാസ്ത്രവും കണിയാന്‍ പ്രചരിപ്പിച്ച ജ്യോതിഷവും വേലന്മാര്‍ പ്രചരിപ്പിച്ച വൈദ്യവും അതിപുരാതനകാലം മുതല്‍ കേരളത്തില്‍ നിലനിന്നിരുന്ന രീതി ഉള്‍ക്കൊള്ളുന്നവയാണെന്ന് അദ്ദേഹം മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ട് (കേരളം 2-ാം സര്‍ഗ്ഗം 64) ഇതുമൂലം ഇവര്‍ ഇന്നും ചില ഗ്രാമപ്രദേശങ്ങളില്‍ അറിയപ്പെടുന്നത് വൈദ്യര്‍ എന്ന പേരിലാണ്.

ഇതിനുശേഷം മാറിവന്ന ഗവണ്‍മെന്റുകളും അവരുടെ പരിഷ്‌കാരങ്ങളും മൂലം ഇത്തരം സമൂഹത്തെ കൂടുതല്‍ പിന്നാക്കാവസ്ഥയിലേക്ക് തള്ളുകയാണ് ഉണ്ടായത്. അലോപ്പതിയില്‍ നിന്നും ഹോമിയോപ്പതിയില്‍ നിന്നും വ്യത്യ സ്തമായ ചികിത്സാരീതിയാണ് ആയുര്‍വ്വേദത്തിന്റേത്. ആയുര്‍വ്വേദം ഭാരതത്തിന്റെ തനത് ചികിത്സാരീതിയാണ്. എന്നാല്‍ ഈ ചികിത്സാ സമ്പ്രദായത്തിന് ഉയര്‍ന്ന സ്ഥാനം കൈവരിക്കുവാന്‍ സാധിക്കുന്നില്ല. ഇതിനു കാരണം ഒന്നാമതായി ഭാരതം വിദേശാധിപത്യത്തിനു കീഴില്‍ കഴിയുവാന്‍ ഇടവന്നതും, ജനങ്ങളില്‍ ഉടലെടുത്ത അവരുടെ സംസ്‌കാരം നുകര്‍ന്ന് ജീവിതം ആസ്വദിക്കണമെന്ന അതിമോഹവും, ഭാരതീയ സംസ്‌കാരത്തോടുള്ള വെറുപ്പും, അവഹേളനവും, പ്രാപഞ്ചിക ജീവിതത്തിനോടുള്ള അവജ്ഞയും, തനിക്കുവേണ്ട മരുന്നുണ്ടാക്കി കഴിക്കാനുള്ള മടിയും അലസതയുമാണ് ആയുര്‍വ്വേദം തളരാനും മറ്റു ചികിത്സാരീതികള്‍ അടിയുറച്ച് വേരൂന്നി സ്ഥാനം പിടിക്കുവാനും അവസരമൊരുക്കിയത്. പക്ഷേ പാരമ്പര്യവൈദ്യന്മാരെ പുച്ഛിക്കുന്ന പുതുതലമുറക്കാര്‍ ആയുര്‍വ്വേദത്തെ അലോപ്പതിയോടുകൂടി മിക്‌സുചെയ്ത് ചികിത്സിക്കുന്നവരാണ്. അവര്‍ മനസ്സിലാക്കേണ്ടത് അലോപ്പ തി രോഗത്തെയാണ് ചികിത്സിക്കുന്നതെങ്കില്‍ ആയുര്‍വ്വേദം രോഗത്തേയും രോഗകാരണത്തെയുമാണ് ചികിത്സിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാരമ്പര്യവൈദ്യന്മാരുടെ സേവനം ജനം ഉറ്റുനോക്കുന്നതും സ്‌നേഹിക്കുന്നതും. ഇത് പുതുതലമുറക്ക് കണ്ണിലെ കരടാകുന്നു. അതുകൊണ്ടാണ് സത്യസന്ധമായ ആയുര്‍വ്വേദചികിത്സ നടത്തുന്ന പാരമ്പര്യവൈദ്യന്മാരെ വ്യാജന്മാര്‍ എന്ന് ഇക്കൂട്ടര്‍ പറയുന്നത്.

ഒരു ചികിത്സകന്റെ യോഗ്യതകള്‍ നിര്‍ണ്ണയിക്കുന്നത് ബിരുദസര്‍ട്ടിഫിക്കറ്റ് മാത്രമല്ല. പതിനായിരക്കണക്കിന് വരുന്ന ജനങ്ങളുടെ ആരോഗ്യരക്ഷക്കു വേണ്ടി സേവനം നടത്തുമ്പോഴുള്ള ജനകീയ അംഗീകാരമാണ് ഒരു ചികിത്സ കന്റെ യഥാര്‍ത്ഥ യോഗ്യത. അതുകൊണ്ടു തന്നെയാണ് യഥാര്‍ത്ഥ പച്ചമരുന്നുകള്‍ ഉപയോഗിച്ച് ഔഷധങ്ങള്‍ തയ്യാറാക്കി ചികിത്സിക്കുന്ന പാരമ്പര്യവൈദ്യന്മാര്‍ക്ക് ജനങ്ങള്‍ പരിരക്ഷ നല്‍കുന്നത്. ഇതിനെതിരെ മുറവിളി കൂട്ടിയിട്ട് കാര്യമില്ല.

ശാസ്ത്രവും പ്രയോഗവും തന്റെ മുന്‍തലമുറക്കാരില്‍ നിന്നും പഠിച്ച് ജനങ്ങളുടെ ആരോഗ്യരക്ഷക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ വ്യാജന്മാര്‍ എന്നു മുദ്ര കുത്തിയാല്‍ ഇവിടെ മറ്റു ചികിത്സാരീതികള്‍ വളരുവാനേ സഹായിക്കൂ. രോഗശാന്തിക്കു വേണ്ടി ഏതു ചികിത്സകനെ തേടണമെന്ന് തീരുമാനിക്കാനുള്ള അവകാശം രോഗിക്കാണ്. തൊഴിലെടുത്ത് ഉപജീവനം നടത്താനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന പ്രഖ്യാപിച്ചിട്ടുണ്ട്. പാരമ്പര്യവൈദ്യന്മാര്‍ പഠിച്ച കുലത്തൊഴില്‍ ചെയ്യുന്നത് കുറ്റകരമാണോ? 

കഥ: ദുരവസ്ഥ - കെ.ആര്‍.ജയകൃഷ്ണന്‍


കെ.ആര്‍.ജയകൃഷ്ണന്‍
നേരം പരാപരാന്ന് വെളുത്തു. ആവേശത്തോടെ അവള്‍ മക്കളെ ചിറകിലൊതുക്കി കൂടിന് പുറത്തേക്ക് വന്നു. ചികഞ്ഞും, കൊത്തിയെടുത്ത് മക്കള്‍ക്ക് നല്‍കിയും, ചികഞ്ഞ് സ്വയം തിന്നു കൊണ്ടുമിരുന്നു. ബാ.. ബാ.. ബാ വിളികേട്ടതോടെ മക്കളെയും കൂട്ടി വീടിന്റെ ഇറയത്തേയ്ക്ക് ഓടിച്ചെന്നു ഭാനുമതിയമ്മ ഒരു പിടി അരി വാരി കോഴിയ്ക്ക് ഇട്ടുകൊടുത്ത് കോഴിയെ തടവിക്കൊണ്ടിരുന്നു. ഭാനുമതിയമ്മയ്ക്ക് കോഴിയെന്നാല്‍ ജീവനാണ്. അതിനോട് കിന്നാരം പറഞ്ഞും ഭക്ഷണം ഇട്ടുകൊടുത്തും പൊന്നുപോലെ നോക്കിയിരുന്നു. കോഴിയും തലയുയര്‍ത്തിനിന്നു. എനിക്കിവിടെ സ്വര്‍ഗ്ഗം തന്നെയാണ്. എനിയ്ക്ക് കിട്ടുന്ന സ്‌നേഹം വേറെ കോഴികള്‍ക്ക് കിട്ടുന്നുണ്ടാവില്ല. കോഴി ചിന്തിച്ചു. ഭാനുമതി അമ്മയെയും കോഴികള്‍ക്ക് നല്ല സ്‌നേഹമായിരുന്നു. ഒരു വിളികേട്ടാല്‍ ഓടിചെല്ലും. 

ഒരു ദിവസം ഒരു കാര്‍ വീടിന്റെ ഗേറ്റ് കടന്ന് കാര്‍പോര്‍ച്ചില്‍ വലിയൊരു ശബ്ദത്തോടെ വന്നുനിന്നു. ശബ്ദം കേട്ട് ഭാനുമതിയമ്മ ഓടിച്ചെന്നു. കാറില്‍ നിന്ന് ഇറങ്ങി വരുന്നവരെ കണ്ട് ഭാനുമതിയമ്മ സ്വീകരിച്ചിരുത്തി കുശലങ്ങള്‍ പറഞ്ഞു ചായ നല്‍കി. ഭാനുമതിയമ്മ അയല്‍വീട്ടിലെ സുരേന്ദ്രനെ വിളിച്ച് എന്തോ സ്വകാര്യമായി പറഞ്ഞു. കോഴിയെ ചൂണ്ടിക്കാണിച്ചുകൊടുത്തു.കോഴി ഇതെല്ലാംകണ്ട് സംശയത്തോടെ നോക്കി നിന്നു. 

ഭാനുമതിയമ്മ കോഴിയെ വിളിച്ചു. കോഴിമക്കളെയും കൂട്ടി ഓടിച്ചെന്ന് മുറ്റത്ത് നിന്നു. ഒരു പിടി അരിവാരി മുറ്റത്തേയ്ക്ക് ഇട്ടുകൊടുത്തു. എന്തോ ഒരു സംശയം. കോഴി ഭാനുമതിയമ്മയെയും, ചെറുക്കനെയും നോക്കി. എന്തോ ഒരു കള്ള നോട്ടം. പാവം മക്കള്‍ ആര്‍ത്തിയോടെ കൊത്തിത്തിന്നുകയാണ്. എങ്കിലും ഭയങ്കര വിശപ്പ്. ഇതൊന്നും ശ്രദ്ധിക്കാതെ അരി കൊത്തിത്തിന്നാന്‍ തുടങ്ങി. സുരേന്ദ്രന്‍ പിറകില്‍ നിന്നും ഒരു പിടി. കോഴി പിടഞ്ഞെണീറ്റു പിടിയില്‍ നിന്നു രക്ഷപ്പെട്ടു. കുഞ്ഞുങ്ങള്‍ പേടിച്ചു കരഞ്ഞുകൊണ്ട് നാലുപാടും ഓടി. കുഞ്ഞുങ്ങളെ വിളിച്ച് അമ്മക്കോഴി ഓടി. സുരേന്ദ്രന്‍ പിറകെത്തന്നെ ഓടി. കോഴി പ്രാണരക്ഷാര്‍ത്ഥം വാഴയുടെ ഇടയിലും ചെടികള്‍ക്കിടയിലും കിണറ്റിന്‍ കരയിലും ഓടി കിതയ്ക്കുന്നു. തളരുന്നു. കോഴി ഓടിച്ചെന്ന് പൊക്കമുള്ള മതിലിന്‍മേല്‍ പറന്നിരുന്നു. 

സുരേന്ദ്രന്‍ അതുകണ്ടില്ല. അന്വേഷിക്കുകയാണ്. കോഴിയ്ക്ക് വളരെയധികം പേടിയും ദു:ഖവും തോന്നി. കുഞ്ഞുങ്ങളെ കാണുന്നില്ല. അവരുടെ കരച്ചിലും കേള്‍ക്കുന്നില്ല. താഴെ ഇറങ്ങിയാല്‍ എന്നെ പിടിയ്ക്കും. ദൈവമേ എന്നെ രക്ഷിയ്ക്കണേ. ഒരു കൊലയാളിയുടെ കൈകളിലാണോ ഞാന്‍ ചെന്നുപ്പെട്ടത്. ഇത്രയും സ്‌നേഹം കാട്ടിയ ഇവര്‍ക്ക് എന്നെ കൊല്ലാന്‍ കഴിയുമോ? എതായാലും തിരിച്ചുപോവില്ലെന്ന് അവള്‍ തീരുമാനിച്ചുകൊണ്ട് മതിലിനപ്പുറത്തേയ്ക്ക് ചാടുവാനൊരുങ്ങി. 

പക്ഷേ പേടിച്ചുപോയി. അവിടെയതാ മറ്റോരു കൂട്ടില്‍ തന്നെപ്പോലെയുള്ള അനവധി കോഴികളെ കൂട്ടിലടച്ചിരിക്കുന്നു. പാവം അവര്‍ക്ക് മോചനമില്ലെ? അവരുടെ ലോകം ഈ കൂട്ടിനുള്ളില്‍ മാത്രം. പുറത്തിറങ്ങി ചികഞ്ഞ് നടക്കാനും കുഞ്ഞുങ്ങളെ ചിറകിലൊതുക്കി താലോലിക്കാനും ഇവര്‍ക്ക് ഭാഗ്യമില്ലല്ലോ. ഒരു പക്ഷെ പുറം ലോകം കണ്ടിട്ടില്ലാത്ത അവര്‍ക്ക് മോചനം മരണത്തിലൂടെയായിരുക്കും. എന്റെ കൂട്ടുകാരന്റെ ജീവന്‍ അവരുടെ കൈയ്യിലാണ്. ഒരുത്തന്‍ കൈചൂണ്ടികാണിക്കുന്നു. ഇറച്ചിക്കാരന്‍ 'കാക്കു' കോഴിയുടെ കഴുത്തിലും കാലിലും പിടിച്ചു വലിക്കുന്നു. പാവം കോഴികള്‍ പേടിച്ച് കൂടിന്റെ മൂലയില്‍ കൂടുന്നു. അവയോരോന്നും പിടിക്കപ്പെടുന്നു. പിന്നെ കഴുത്തിനു കത്തിവെക്കുന്നതും ചോരചീറ്റുന്നതും പിടയുന്നതുമായ രംഗങ്ങള്‍ പിന്നെ എല്ലാം നിശ്ചലം. പാവം ഇവരെന്തുതെറ്റുചെയ്തു?

2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

കഥ: അടുത്ത പ്രകടനം കെ.കെ.സുദേവന്‍


ചുട്ടുപൊള്ളുന്ന ആ വെയിലത്തും ജനവലയത്തിനു നടുവില്‍ അയാള്‍ പലസാഹസിക പ്രടനങ്ങളും നടത്തിക്കൊണ്ടിരുന്നു. അത്ഭുതമൂറുന്ന മിഴികളോടെ അതു കണ്ടു കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന ജനം. എരിയുന്ന വെയിലില്‍ പൊരിയുന്ന വയറുമായ് അയാള്‍ അഭ്യാസങ്ങള്‍ തുടര്‍ന്നു. 

നാലുവയസ്സുകാരിയായ അയാളുടെ മകളും അയാള്‍ക്കൊപ്പം ചേര്‍ന്നു. കരണം മറിഞ്ഞും തലകുത്തിനിന്നും, കുത്തനെ നിര്‍ത്തിയ നീളമുള്ള വടിയിന്‍മേല്‍നിന്നും അവള്‍ കാണികളെ അത്ഭുതപ്പെടുത്തുകയും, രസിപ്പിക്കുകയും ചെയ്തു. 

വെയിലിനെ അവഗണിച്ചുകൊണ്ട് മരണം പതിയിരിക്കുന്ന ആ സാഹസിക രംഗങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് കാണികള്‍ നിര്‍ന്നിമേഷരായി നോക്കിനിന്നു. കടകളില്‍ വന്നവരും വഴിപോക്കരുമായ ആബാലവൃദ്ധം ജനങ്ങളും ഉണ്ടായിരുന്നു ആ കൂട്ടത്തില്‍. എല്ലാം മറന്നുകൊണ്ട് അവര്‍ ആ അഭ്യാസപ്രകടനങ്ങള്‍ കണ്ടുനിന്നു. 

സാഹസികമായ ഒരു പ്രകടനം കൂടി അവശേഷിക്കേ ചുറ്റുംകൂടിയ കാണികളോടായി അയാള്‍ പറഞ്ഞു. പ്രിയസുഹൃത്തുക്കളേ- ഞങ്ങള്‍ ഇവിടെ പ്രകടിപ്പിച്ച പലസാഹസിക രംഗങ്ങളും നിങ്ങള്‍ക്ക് ആസ്വാദ്യമായി കാണുമല്ലോ. ഇനി അടുത്ത ഒരു പ്രകടനം കൂടിയുണ്ട്. അതിനു മുമ്പായി വിശക്കുന്ന ഞങ്ങള്‍ക്ക് ഭക്ഷണത്തിനായി നിങ്ങളുടെ അകമഴിഞ്ഞ സംഭാവനകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതിനായി എന്റെ മകളിതാ നിങ്ങള്‍ സമക്ഷം വരുന്നു. സഹകരിക്കുക. 

അതുകേട്ട പലരിലും വിശപ്പ് അപ്പോഴാണ് തോന്നിയത്. നേരം ഏറെയായിരിക്കുന്നു. ഒരു കൂട്ടര്‍ പിരിഞ്ഞു. വഴിപോക്കരായി നിന്നവര്‍ തങ്ങളുടെ ലക്ഷ്യസ്ഥാനം നോക്കി നടകൊണ്ടു. 'എന്തു ചൂട്' ഉച്ചിയില്‍ കൈവച്ച് നോക്കി മറ്റൊരുകൂട്ടര്‍ നടന്നകന്നു. ആളൊഴിഞ്ഞ ആ ചുറ്റുംപാടും ശൂന്യമായ തങ്ങളുടെ സംഭവന ചട്ടിയും നോക്കി ആ അച്ഛനും മകളും നിന്നു. സാഹസികമായ അടുത്ത പ്രകടനം പോലെ.

*****
കെ.കെ.സുദേവന്‍
കാഞ്ഞിരത്തിങ്കല്‍, 
ചെങ്ങാലൂര്‍ പി.ഒ. 
9496168529.

കവിത: ഉറവതേടി - സി.കെ.ഹര്‍ഷന്‍


സി.കെ.ഹര്‍ഷന്‍


ഈ സൈകതഭൂവില്‍ ദാഹജലംതേടി-
യലഞ്ഞുതളര്‍ന്നു ഞാന്‍!
കണ്ടില്ലെവിടെയും ഒരു മരുപ്പച്ചപോലും!
പയ്യും ദാഹവും സഹിക്കവയ്യ,
രസനവരളുന്നു, ജാരം കരിയുന്നു.
പാഥേയമെവിടെ രാധേ?
വരിക, തരിക, ചാരത്തിരുന്നു നീ,
ജഠരാഗ്നിയൊന്നുശമിപ്പിച്ചിടട്ടെ ഞാന്‍
തരിക നിന്റെ വക്ഷം ഒന്ന് മയങ്ങട്ടെ ഞാന്‍, 
ചുചുകം നുകര്‍ന്ന് ജീവനീരൂറ്റുന്നോരപത്യത്തെപോല്‍
ഉറങ്ങട്ടെ ഞാന്‍. 
ഉണരുമ്പോള്‍ കണികാണട്ടെ നിന്‍വദന കൗതുകം
അങ്ങാക്കാണുന്ന മലമുകള്‍ക്കപ്പുറം
പുതിയൊരു പ്രഭാതം പൊട്ടിവിരിയുമ്പോളെ-
ത്തണം എന്‍ ദുഖത്തിന്നറുതിവരുത്തുവാന്‍
വിടതരികെനിക്കു നീ യോമനേ-പോയ് വരാം-
തമസ്സീഭൂമുഖം മൂടുന്നതിന്‍മുമ്പ്
പാഥേയമൂട്ടിയ കൈകളാല്‍ തരിക നീ.
ആതിഥേയത്തില്‍ സാന്ത്വനസ്പര്‍ശനം.
ഒരു കുളിര്‍കാറ്റു പോലെന്നെ
ത്തഴുകിത്തലോടട്ടെ,
മങ്ങാതെ, മായാതെ, മറയാതെ നില്ക്കട്ടെ
നിന്റെയാസാമീപ്യം എന്നെത്തുണക്കട്ടെ. 

*****
സി.കെ.ഹര്‍ഷന്‍
ഇടപ്പള്ളി ഹൗസ്
എം.എം.റോഡ്,
ഇടപ്പള്ളി.പി.ഒ
കൊച്ചി - 682 024.

ഫോക് ലോര്‍ - ഹൃദയത്തിന്റെ ഭാഷ


Folk, Folc എന്നീ വാക്കുകള്‍ക്ക് ജനം (People) എന്നാണ് അര്‍ത്ഥം. ലോര്‍ (Lore) എന്ന വാക്ക്, ലാര്‍ (Lar) എന്ന ഫ്രഞ്ചു ശബ്ദവുമായി ബന്ധപ്പെട്ടതാണ്. ബോധനപരമായ അറിവിനെയാണ് ലോര്‍ സൂചിപ്പിക്കുന്നത്. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി നിര്‍മ്മിച്ച് തലമുറകളിലൂടെ ബോധനപരമായി പകര്‍ന്നുപോരുന്ന അറിവുകളാണ് ഫോക്‌ലോര്‍. 

ഫോക്‌ലോര്‍ പഠനത്തിന്റെ സാദ്ധ്യതകളെ ഇനിയും നമ്മള്‍ ഗൗരവമായി ഏറ്റെടുത്തിട്ടില്ല. വൈകുന്തോറും നഷ്ടപ്പെട്ടുപോകുന്നതാണ് ഫോക്‌ലോറിന്റെ മേഖലകളൊക്കെയും. വേരറ്റ മരത്തെപ്പോലെ ഭൂതകാലം നഷ്ടപ്പെടുന്ന തലമുറകള്‍ക്ക് ഫോക്‌ലോര്‍ പഠനം ആത്മവിശ്വാസത്തിന്റേയും ആത്മാഭിമാനത്തിന്റേയും ആകാശം തുറന്നുകൊടുക്കുകയാണ്. തലമുറകളായി കൈമാറിവരുന്ന വാമൊഴികളുടെ പഠനത്തില്‍ നിന്നും എല്ലാ വസ്തുക്കളുടേയും പഠനത്തിലേക്ക് ഫോക്‌ലോര്‍ വളര്‍ന്നു. വാമൊഴിയിലൂടെയുള്ള സാംസ്‌കാരിക പാരമ്പര്യത്തെ മുഴുവന്‍ ഫോക്‌ലോര്‍ ഉള്‍ക്കൊള്ളാന്‍ തുടങ്ങി. എന്നാല്‍ ഇന്ന് വാമൊഴിയും പാരമ്പര്യവും മാത്രമല്ല, കലയും ആചാരങ്ങളും വിശ്വാസങ്ങളും പാചകവിദ്യയും ഉള്‍പ്പെട്ട് ഒരു ജനതയുടെ സമസ്ത മേഖലയേയും ഫോക്‌ലോര്‍ സ്പര്‍ശിച്ചുകൊണ്ട് 'ഫോക്‌ലൈഫ്' എന്ന് വിശേഷിപ്പിക്കാവുന്ന വിധം മാറിക്കഴിഞ്ഞു. 

വാമൊഴിയിലൂടെ കിട്ടുന്നവ മാത്രമല്ല ഇന്ദ്രിയങ്ങളിലൂടെ സ്വീകരിക്കുന്നതൊക്കെയും, സ്വീകരിച്ചവയെ അനുകരണത്തിലൂടെ സ്വായത്തമാക്കുകയും ചെയ്യുന്നത് ഫോക്‌ലോര്‍ ആണ്. ഫോക്‌ലോറിനെക്കുറിച്ച് കാലാകാലങ്ങളില്‍ ഒരുപാട് നിര്‍വ്വചനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജീവിതത്തെയാകെ ഉള്‍ക്കൊള്ളുന്ന ഫോക്‌ലോറിന് ജീവിതത്തെ നിര്‍വ്വചനങ്ങളില്‍ ഒതുക്കാനാവാത്തതുപോലെത്തന്നെയുള്ള ആഴവും പരപ്പുമുണ്ട്. 

ഫോക്‌ലോര്‍ രൂപങ്ങളുടെ പ്രധാന സവിശേഷത; അത് ആര് എത് കാലത്ത് സൃഷ്ടിച്ചു എന്ന് കൃത്യമായി പറയാനാവുന്നില്ല എന്നതാണ്. സ്രഷ്ടാവില്ലാതെ സൃഷ്ടിയില്ല. ഏതൊരു ഫോക്‌ലോറിനും സ്രഷ്ടാവുണ്ടായിരിക്കാം. പക്ഷേ കര്‍ത്താവിന്റെ പ്രസക്തി നഷ്ടപ്പെടുമാറ് തലമുറകള്‍ കൈമാറുംതോറും അത് മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. അത് പരിണാമങ്ങള്‍ക്ക് വിധേയമായി തലമുറകളിലൂടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നാളെ അത് എങ്ങിനെയായിരിക്കുമെന്നും പറയാനാവില്ല. പാരമ്പര്യം അടിസ്ഥാന സ്വഭാവമാക്കി-കണ്ട്, കേട്ട്, ചെയ്തു പഠിക്കുന്നതാണ് ഫോക്‌ലോര്‍. വൈ.എം. സൊക്കൊലോവ് നിര്‍വ്വചിക്കുന്നതുപോലെ- 'ഫോക്‌ലോര്‍ ഭൂതകാലത്തിന്റെ പ്രതിധ്വനിയാണ്. പക്ഷേ, അതേ സമയം തന്നെ അത് വര്‍ത്തമാനകാലത്തിന്റെ ശക്തമായ ധ്വനിയുമാണ്.' കൈമാറ്റങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും വൃദ്ധിക്കും ക്ഷയത്തിനും നാശത്തിനും വിധേയമാണ് ഫോക്‌ലോര്‍. ഫോക്‌ലോര്‍ തള്ളുകയും കൊള്ളുകയും ചെയ്യുന്നു. അത് നശിക്കുകയല്ല പരിണമിക്കുകയാണ്. മാറ്റം അനിവാര്യമായ പ്രപഞ്ച സ്വഭാവമാണ്. അത് തുടരുക തന്നെ ചെയ്യും. ഫോക്‌ലോര്‍ നശിക്കുന്നുവെന്നും അത് സംരക്ഷിക്കപ്പെടണമെന്നുമുള്ള വാദങ്ങള്‍ അതുകൊണ്ടുതന്നെ അര്‍ത്ഥശൂന്യമാണ്. 

വേലത്തിക്കല്ല് ; ഒരു ചരിത്രസ്മാരകം


വേലത്തിക്കല്ല്
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊറ്റനെല്ലൂര്‍ എന്ന ഗ്രാമത്തിലാണ് അവിടുത്തെ ഏറ്റവും പ്രാചീനമായ ചരിത്രസ്മാരകമായി വേലത്തിക്കല്ല് സ്ഥിതിചെയ്യുന്നത്. ആക്കപ്പിള്ളി ദേവീക്ഷേത്രത്തിന്റെ ഭാഗമായി ഈ വേലത്തിക്കല്ലിന് ആചാരാനുഷ്ടാനങ്ങളില്‍ പങ്കുണ്ട്. ഭക്തര്‍ക്ക് അത് വിശ്വാസത്തിന്റെ വിഗ്രഹമാണെങ്കില്‍ ഗ്രാമത്തിന് ഒരു സംസ്‌കാരിക മുദ്രയാണ്. ചരിത്രത്തിന്റെ മായാത്ത അടയാളപ്പെടുത്തലും. രണ്ടാള്‍ പൊക്കത്തില്‍ കുത്തനെയൊരു ശില. ചെരിഞ്ഞുവീണേക്കുമോ എന്നു സംശയം തോന്നും. 

പണ്ടുകാലത്തൊരു വേലത്തി വലിയ മുണ്ടുകെട്ടുമായി അലക്കാന്‍പോയി. സൂര്യന്‍ അസ്തമിക്കാറായിട്ടും അലക്കു തീരാതായപ്പോള്‍ ഒരു കമ്പെടുത്ത് മണ്ണില്‍ കുത്തിയിറക്കികൊണ്ട് സൂര്യനോടു പറഞ്ഞുവത്രേ 'നീ എന്റെ അലക്ക് കഴിയുവോളം അനങ്ങാതെ നില്‍ക്കുക.' അലക്ക് കമ്പ് ഊരിയെടുക്കുവോളം സൂര്യന്‍ അതനുസരിച്ചു. അലക്കു തീര്‍ത്ത് മുണ്ടുകെട്ട് തലയില്‍ വച്ച് തനിക്കും സൂര്യനും യാത്ര തുടരാനായി വേലത്തി കമ്പ് വലിച്ചെടുത്തു. അപ്പോള്‍ സൂര്യന്‍ പറഞ്ഞത്രേ. 'ഇത്രനേരം എന്നെ ഇവിടെ നിര്‍ത്തിയതല്ലേ. എന്റെ ജോലി തീരുവോളം. ഇനി നീ അവിടെ നില്‍ക്ക്.' ആ നിമിഷം വേലത്തി കല്ലായിമാറി. സൂര്യന്‍ യാത്ര തുടര്‍ന്നു. തലയില്‍ മുണ്ടുകെട്ടുമായി നില്‍ക്കുന്നത് സ്തീരൂപത്തിലുള്ള ശിലയെക്കുറിച്ച് അങ്ങിനെ കേട്ടുപതിഞ്ഞ ഒരു ചിത്രമുണ്ട് നാടിന്റെ മനസ്സില്‍.

ഐതിഹ്യകഥ ഇങ്ങനെയാണെങ്കിലും കഥയിലെ കാര്യം തിരയുമ്പോള്‍ മറഞ്ഞുപോയ ഒരു സംസ്‌കാരം പുറത്തുവരും. കൊറ്റനെല്ലൂര്‍ എന്ന പേരുണ്ടായത് കൊറ്റവൈ എന്ന അമ്മദൈവത്തില്‍ നിന്നാണ്. ദക്ഷിണേന്ത്യയിലെ ദ്രാവിഡര്‍ ബുദ്ധ, ജൈന, ശൈവ, വൈഷ്ണവ മതങ്ങള്‍ പ്രചരിക്കുന്നതിനു മുമ്പ് അമ്മദൈവമായ കൊറ്റവൈയേയും മലദൈവമായ അയ്യന്‍, ചാത്തന്‍, മുരുകന്‍ എന്നിവരേയും ആരാധിച്ചിരുന്നു. തമിഴ്‌സംഘകൃതികളായ പുരനാനൂറിലും മറ്റും യുദ്ധദേവതയായ കൊറ്റവൈയ്ക്ക് ബലിയര്‍പ്പിച്ചു വിജയപ്രാര്‍ത്ഥന നടത്തുന്നതിന്റെ വിവരണങ്ങളുണ്ട്. തമിഴ് സംഘകാലത്തിന്റെ പുരാതനത്വം അവകാശപ്പെടാവുന്ന ഈ സ്ഥലത്തെ ഏറ്റവും പഴക്കമുള്ള ചരിത്രസ്മാരകം വേലത്തിക്കല്ലാണ്. 

ശാക്തേയമതക്കാരായ പൂര്‍വ്വീക വേലന്‍മാര്‍ താന്ത്രിക കര്‍മ്മങ്ങളില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തിയിരുന്നു. മന്ത്രവാദപാരമ്പര്യമുള്ള അത്തരം വിഭാഗത്തിന് പ്രകൃതിശക്തികളെപ്പോലും നിയന്ത്രിക്കാനാവു മായിരുന്നു എന്ന വിശ്വാസത്തില്‍ നിന്നാവാം ഇങ്ങനെയൊരു ഐതിഹ്യമുണ്ടായത്. ഈ കഥ സൂര്യാരാധനയുമായുള്ള നമ്മുടെ ബന്ധത്തെ സൂചിപ്പിക്കുന്നുണ്ട്. രാവിലെ ഒരു കുമ്പിള്‍ വെള്ളം കിഴക്കോട്ടെറിഞ്ഞ് സൂര്യനെ തൊഴുന്ന പ്രായമായവരെ നമ്മുടെ വീടുകളില്‍ ഇന്നും കാണാം.

പുരാവസ്തു ഗവേഷകര്‍, മഹാശിലായുഗകാലത്തെ ഗോത്രങ്ങളുടെ താമസ്ഥലത്ത് നിന്നും ഇത്തരം വലിയശിലകള്‍ ലഭിച്ചതായുള്ള തെളിവുകള്‍ കാണുന്നതായി പറയുന്നു. അങ്ങനെയെങ്കില്‍ മഹാശിലായുഗസംസ്‌കാരത്തിന്റെ കാലത്തോളം പുരാതനമായൊരു ചരിത്രമാണ് വേലത്തിക്കല്ലിന് പറയാനുള്ളത്. ആക്കപ്പിള്ളി ക്ഷേത്രത്തിന്റെ അവകാശികളായ നായര്‍ തറവാടിന്റെ ഭൂമിയിലാണ് ഈ കല്ല് നില്‍ക്കുന്നത്. ചുറ്റും അതിരുകെട്ടി അവരത് സംരക്ഷിച്ചുപോരുന്നുണ്ട്. ഉത്സവച്ചടങ്ങുകളോടനുബന്ധിച്ച് വേലത്തിക്കല്ലിലും ചില ചടങ്ങുകള്‍ നടക്കാറുണ്ട്. കാലക്രമേണ പുരോഗമിച്ചിട്ടും ജാതീയതയെ തുടച്ചുമാറ്റാനാവാത്ത നമ്മുടെ സമൂഹത്തിന്റെ പുരോഗമന നാട്യങ്ങളോടും, ജാതിയുടെ പേരില്‍ അപഹര്‍ഷത അനുഭവിക്കുന്ന നമ്മുടെ ജാതിസമൂഹങ്ങളോടും നിരവധി ചോദ്യങ്ങളുന്നയിച്ചുകൊണ്ട് വേലത്തിക്കല്ല് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.

കഥ: ഒറ്റക്കൊമ്പന്‍ - കൃഷ്ണന്‍കുട്ടി വില്ലാടം


കൃഷ്ണന്‍കുട്ടി വില്ലാടം
മലയോരത്ത് താഴ്‌വരയില്‍ പരന്ന കരിമ്പാറയില്‍, മേലോട്ട് നോക്കി ചെല്ലന്‍ കിടന്നു. മേഘശകലങ്ങള്‍ ചിതറികിടക്കുന്നതുപോലെ അയാള്‍ക്ക് തോന്നി. തീറ്റ കഴിഞ്ഞ് ആട്ടിന്‍കൂട്ടം താഴെയിറങ്ങി. കുട്ടികള്‍ പുല്‍മേടില്‍ തുള്ളിചാടിക്കളിക്കുന്നു. കുറച്ചകലെ മരച്ചില്ലയില്‍ ഇളംകാറ്റില്‍ ഇളകുന്ന തളിരിലകളുടെ ഇടയില്‍ തൂങ്ങികിടക്കുന്ന പക്ഷിക്കൂട് അയാള്‍ കണ്ടു. തള്ളക്കിളിയുടെ വരവും കാത്തിരിക്കുന്ന കുഞ്ഞിക്കിളികള്‍ ചിറകടിച്ചുപറക്കാന്‍ ശ്രമിക്കുന്നു. 

അന്തിവെയില്‍ മങ്ങി ഇരുള്‍ പരന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നി. വൃക്ഷശിഖരങ്ങളില്‍ പക്ഷികളുടെ ചിറകടിനാദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി. അയാള്‍ സ്വയം പറഞ്ഞു. 'മങ്ക വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ'

അയാള്‍ എഴുന്നേറ്റ് ഒറ്റയടിപ്പാതയിലൂടെ തന്റെ കുടിലിനടുത്തേക്ക് നീങ്ങി. 

ഔഷധ വേരുകള്‍ തേടിവരുന്ന മങ്കയെ കണ്ട് മോഹിച്ചു. കറുത്ത് കുറിയപ്പെണ്ണ്. കെട്ടിവെച്ചാല്‍ ഒതുങ്ങാത്ത ചുരുണ്ടമുടി. കരിമഷിയെഴുതാത്ത കണ്ണുകള്‍. ചന്തമുള്ള മുഖം. വഴിയില്‍ പലതവണ കാത്തുനിന്നു. 

പലതവണ കണ്ട മങ്കയോട് ചെല്ലന്‍ ഒരു ദിനം രഹസ്യമായി ചോദിച്ചു. 'മിന്നു കെട്ടിയാല്‍ കൂട്ടിനായി കൂടെ വരാമോ?' 

ആദ്യം മങ്ക മടിച്ചു മിഴിച്ചു നിന്നു. ഉറ്റവരില്ലാത്ത മങ്കയുടെ മനസ്സില്‍ കരുത്തനായ ചെല്ലന്റെ മുഖം പതിഞ്ഞു. അധികം താമസിയാതെ ചെല്ലന്‍ മങ്കയെ മിന്നുകെട്ടി തുണയായി കൂടെ കൊണ്ടുവന്നു. 

പെണ്ണിനെ പൊന്നുപോലെ നോക്കുന്ന ചെല്ലന്‍ മങ്കയെ വേലക്കയക്കാതെ ഔഷധങ്ങള്‍ പറിക്കാന്‍ സഹായിച്ചു. വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു. കുടില്‍ മാറ്റി അയാള്‍ വീട് വെച്ചു. അവളുടെ മോഹം പൂവണിഞ്ഞു. മുറ്റത്തു വളര്‍ന്നു നില്‍ക്കുന്ന കുന്നിവാക മരച്ചുവട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടംതെറ്റി വന്ന ഒറ്റകൊമ്പന്‍ മരച്ചില്ലകള്‍ ഒടിച്ച് ചിന്നം വിളിച്ചു. ചെല്ലന് കൂട്ടായി കൊമ്പന്‍ മാത്രമെയുള്ളു. പല തവണ കാട്ടില്‍വിട്ട കൊമ്പന്‍ ചെല്ലനെ തേടിവന്നു. പല നാടുകളില്‍ നിന്ന് വന്ന കാട് കാവല്‍ക്കാരെ സഹായിച്ച് അവരുമായി മിത്രമായി ചെല്ലനറിയാത്ത കാടില്ല, വഴിയില്ല. വന്‍മരങ്ങള്‍ വീഴുന്ന ശബ്ദം കേട്ടാല്‍ രാത്രിയില്‍ ചെല്ലന്‍ കാവല്‍ ക്കാരെ അറിയിക്കും. അനുമോദനവും പണവും നല്‍കി അവര്‍ അവനെ കാടിന്റെ രക്ഷകനാക്കി മാറ്റി. 

കാട്ടുവള്ളിയില്‍ തൊട്ടില്‍ കെട്ടി താരാട്ടുപാടാന്‍ അവര്‍ക്ക് ഒരു കുഞ്ഞു ജനിച്ചു. പൊന്നുരുക്കി തളയാക്കി കാലിലിട്ടു കുലുക്കി കുഞ്ഞിനെ ചിരിപ്പിക്കാന്‍ ഇരുവരും മോഹിച്ചു. ആ മോഹം പൂവണിയാന്‍ യത്‌നിച്ചു. 

പ്രകൃതിയിലെ ജീവജാലകങ്ങളോട് കരുണയുള്ള അയാള്‍ ഒരു ജീവിയെയും കൊല്ലാന്‍ ശ്രമിച്ചില്ല. അവര്‍ കാടും കാട്ടുമൃഗങ്ങളേയും സ്‌നേഹിച്ചു. കാട് നമ്മുടെ സമ്പത്താണ് അതു നശിച്ചാല്‍ ആപത്താണ്. നന്മയും തിന്മയും മങ്കയിലൂടെ തിരിച്ചറിഞ്ഞു. 

ഒരുനാള്‍ കാട്ടില്‍ പോയ കാവല്‍ക്കാര്‍ തിരിച്ചു വന്നില്ല. മിത്രങ്ങളായ അവരുടെ ബന്ധുക്കളുടെ ദീനരോദനം സഹിക്കാന്‍ കഴിയാതെ ആ രാത്രി അയാള്‍ ഉറങ്ങിയില്ല. അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടി ക്കൊണ്ടിരുന്നു. പാവം! കാവല്‍ക്കാര്‍! അയാള്‍ ചിന്തിച്ചു. ഇരതേടി അലയുന്ന കാട്ടുമൃഗങ്ങള്‍ കടിച്ചു കീറിയോ? കള്ളന്മാരുടെ വെടിയേറ്റ് കാടുകളില്‍ വീണു പിടഞ്ഞു മരിച്ചുവോ? അന്വേഷിച്ചുപോയവര്‍ നിരാശരായി മടങ്ങി. 

ഒരു ദിനം കറുത്തിരുണ്ട രാത്രി കാര്‍മേഘങ്ങള്‍ ഉരസി ശബ്ദമുണ്ടാക്കി. ഇടിമിന്നലില്‍ മരങ്ങള്‍ കരിഞ്ഞു. ആ രാത്രിയിലും വന്‍ മരങ്ങള്‍ വീഴുന്ന ശബ്ദം അയാള്‍ കേട്ടു. കിഴക്കന്‍ ചക്രവാളസീമയില്‍ പ്രഭാതബിന്ദുക്കള്‍ തെളിയും മുമ്പേ.... അയാള്‍ മനസ്സിലെന്തോ തീരുമാനിച്ചുറച്ച് ഉണര്‍ന്നു. 

എ കെ ജി സെന്ററിന്റെ പിന്നാമ്പുറങ്ങളില്‍ അലഞ്ഞുതിരിയുന്നവരോട് (സമീക്ഷ, 2000 ജൂണ്‍ 1-15) - സണ്ണി എം കപിക്കാട് (കെ കെ കൊച്ചിനും റംഷാദിനും ഒരു മറുപടി)


മൂന്ന് ദലിതു സമരങ്ങളെ വിലയിരുത്തുമ്പോള്‍ - കെ കെ കൊച്ച് (ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ജാതിക്കും മതത്തിനുമെല്ലാം അതീതമായി അധികാരികളെ സ്വാധീനിക്കാന്‍ കഴിയാത്ത ഏത് പ്രദേശത്തെ ജനങ്ങള്‍ക്കും സംഭവിക്കാവുന്നതാണ് കുറിച്ചിയിലും ഉണ്ടായതെന്നു വാദിക്കുമ്പോള്‍, റംഷാദ് പരിഗണിക്കാന്‍ വിസമ്മതിക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്.

കേരളത്തിലെ ദലിത് കോളനികളെക്കുറിച്ച് പ്രാഥമിക ധാരണയിള്ളവര്‍ക്ക് കുറിച്ചി സംഭവം ഒരു യാദൃശ്ചികതയല്ലെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. കേരളത്തിലെ ദലിത് കോളനികള്‍ സ്വയംഭൂവല്ലെന്നും അതിന് കേരളത്തിന്റെ വികസനവുമായി രക്തബന്ധം ഉണ്ടെന്നുമുള്ള ചരിത്രവസ്തുത റംഷാദ് പരിഗണിക്കുന്നേയില്ല. കേരളത്തില്‍ നടന്ന 'വിപ്ലവ'കരമായ ഭൂപരിഷ്‌കരണങ്ങളും വ്യാവസായിക മുന്നേറ്റങ്ങളും ദലിതുകള്‍ക്കുമുന്നില്‍ തുറന്നുകൊടുത്തത് ഹരിജന്‍ - ലക്ഷംവീട് കോളനികളും ചേരിപ്രദേശങ്ങളുമായിരുന്നുവെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'കേരളീയ വികസന മാതൃക'ക്ക് ഒരു സാമുദായിക വിഭാഗമെന്ന നിലയില്‍ ദലിതരെ ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നതുകൊണ്ടാണ് അവരെ കോളനികളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടി വന്നത്.

അധികാരം, സ്വത്ത്, പദവി എന്നിവ സാമുദായിക അവകാശികളായി നിലനിന്ന സമൂഹമാണ് നമ്മുടേത്. ദലിത് വിഭാഗങ്ങള്‍ സ്വത്തുടമസ്ഥരല്ലാതിരുന്നതിനാല്‍ ഏത് തരം വികസന പ്രവര്‍ത്തനങ്ങളിലും ഈ വിഭാഗങ്ങള്‍ അവക്ഷിപ്തരായി മാറുകയായിരുന്നു. ഇന്ത്യന്‍ സ്വത്തുടമസ്ഥതക്ക് സാമുദായിക അടിസ്ഥാനങ്ങളുണ്ടെന്ന വസ്തുത വര്‍ഗവിശകലനത്തിന്റെ ഭൂതക്കണ്ണാടി വെച്ചവര്‍ക്ക് ഒരു കാലത്തും മനസിലായിരുന്നില്ല. അവരുടെ വിശകലനങ്ങളില്‍ 'ഉള്ളവനും ഇല്ലാത്തവനും' മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 'ഇല്ലാത്ത'വരില്‍ ബഹുഭൂരിപക്ഷവും ചില പ്രത്യേക സാമുദായിക വിഭാഗങ്ങളാകുന്നതെന്തുകൊണ്ടാണെന്ന് ചോദ്യം അവര്‍ ചോദിച്ചില്ല. ദലിതര്‍ക്കും ആദിവാസികള്‍ക്കും മാത്രമായി കേരളത്തിലുടനീളം കോളനികള്‍ സ്ഥാപിക്കേണ്ടി വരുന്നതെന്തുകൊണ്ടാണെന്ന ചോദ്യവും അവര്‍ ചോദിച്ചില്ല. ചോദിച്ചില്ലെന്ന് മാത്രമല്ല, ഈ ചോദ്യങ്ങള്‍ ഒരിക്കലും ഉയര്‍ന്നുവരാതിരിക്കാന്‍ അവര്‍ ബദ്ധപ്പെടുകയായിരുന്നു. എന്നാല്‍ ജനജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുകൊണ്ട് ആരെങ്കിലും ഈ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ 'ഇതാ ജാതി പറയുന്നു' എന്നാക്ഷേപിച്ച് ജാതിയില്ലാത്ത നമ്പൂതിരിപ്പാടിനപ്പുറത്തേക്ക് നീങ്ങാനുള്ള ധൈര്യം കേരളത്തിലെ ബുദ്ധിജീവികള്‍ ഒരുകാലത്തും പുലര്‍ത്തിയിട്ടില്ല. പരിഹാസ്യമായ ഈ ധാരയുടെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്നതുകൊണ്ടാണ് റംഷാദിന് കുറിച്ചി കോളനിയില്‍ നടത്തുന്ന സമരത്തിന്റെ അന്തര്‍ധാരയെന്തെന്ന് മനസിലാക്കാന്‍ കഴിയാഞ്ഞത്.

'മാവൂര്‍ റയോണ്‍സ്' മൂലം രോഗികളാകുന്നവരും തൃശൂരിലെ ലാലൂരില്‍ മാലിന്യ ഭീഷണിയില്‍ ശ്വാസം മുട്ടുന്നവരുമൊക്കെയാകുന്നു സചിവോത്തമപുരം സമരമുഖത്ത് സഹയാത്രികരാകേണ്ടതും. കോട്ടയത്തുതന്നെ വടവാതൂരില്‍ മെറ്റല്‍ ക്രഷറിന്റെയും നഗരമാലിന്യങ്ങള്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നതിന്റേയും പേരില്‍ ജനങ്ങള്‍ പ്രക്ഷോഭ രംഗത്തുണ്ട്. അവക്കൊന്നും സാമുദായിക തലങ്ങളില്ല. റംഷാദിന്റെ ഈ വാദഗതി കേരളത്തിലെ പുരോഗമനകാരികളുടെ കാപട്യത്തിന് നല്ല ഉദാഹരണമാണ്. ഈ വാദഗതി കേട്ടാല്‍ തോന്നുക കുറിച്ചിയില്‍ സമരം ചെയ്തവര്‍ ദലിതരൊഴികെ മറ്റാരും ഞങ്ങളെ പിന്‍തുണക്കരുതെന്ന് ഭീഷണി മുഴക്കി എന്നാണ്. വികസനത്തിന്റെ 'ഇരകളും' ഈ സമരങ്ങള്‍ നയിക്കുന്നവരും കുറിച്ചി സമരത്തിന്റെ പ്രാധാന്യം മനസിലാക്കി അവിടെ എത്തിച്ചേരാതിരുന്നതെന്തുകൊണ്ടാണ്? കുറിച്ചി സമരത്തിലെ യഥാര്‍ത്ഥ ശക്തി കോളനിയിലെ ദലിത് സ്ത്രീകളായിരുന്നു. അവര്‍ ഒന്നരവര്‍ഷം സമരം ചെയ്തിട്ടും കേരളത്തിലെ ഒരു സ്ത്രീ പ്രവര്‍ത്തകയും കുറിച്ചിയില്‍ വരാതിരുന്നതെന്തുകൊണ്ടാണ്? ഇവരൊക്കെ എത്താതെ പോയതിന്റെ കുറ്റം സമരം ചെയ്തവര്‍ക്കാണ് എന്നു പറയുന്ന യുക്തിയാണ് ഭീകരം.

എന്നാല്‍ മറ്റുചില കാര്യങ്ങള്‍ കുറിച്ചിയില്‍ സംഭവിച്ചിരുന്നു. ശ്രീധരന്റെ രക്തസാക്ഷിത്വത്തിനു മുമ്പ് ഫെബ്രുവരി 7 ന് സമരസഹായ സമിതി കുറിച്ചി കോളനിയിലേക്ക് നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്തത് ഡോ. വി സി ഹാരിസായിരുന്നു. കുറിച്ചി സമരം ദലിത് പ്രക്ഷോഭമാണെന്നംഗീകരിച്ചു കൊണ്ടുതന്നെ അതോടൊപ്പം നില്‍ക്കാനുള്ള ആര്‍ജവം കോട്ടയത്തെ അദലിതരായ നിരവധി ജനാധിപത്യവിശ്വാസികള്‍ പുലര്‍ത്തിയിരുന്നു എന്നത് അനുഭവമാണ്. ദലിതു മുന്നേറ്റങ്ങളോടൊപ്പം നില്‍ക്കാനുള്ള ത്രാണി നമ്മുടെ ജനാധിപത്യ സങ്കല്പങ്ങളെ ചുരുക്കുകയല്ല വികസ്വരമാക്കുകയാ ണെന്ന തിരിച്ചറിവിലേക്കെത്താന്‍ കഴിയാത്തുകൊണ്ടാണ് റംഷാദ് ചൂണ്ടിക്കാണിച്ച പല സാമൂഹ്യശക്തികളും കുറിച്ചിയിലേക്കെത്താതെ പോകുന്നത് എന്ന് മനസിലാക്കണം. അല്ലാതെ സമരക്കാര്‍ ആര്‍ക്കെതിരേയും വാതിലുകള്‍ അടച്ചതുകൊണ്ടല്ല. മാത്രവുമല്ല ഡോ. രാജന്‍ ഗുരുക്കളെ പോലുള്ള ബുദ്ധിജീവികളും കോട്ടയത്തെ പ്രമുഖരായ മനുഷ്യാവകാശപ്രവര്‍ത്തകരും കുറിച്ചി സമരത്തെ പൊതുവില്‍ പിന്തുണച്ചുകൊണ്ടും പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും പരസ്യപ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. ഇങ്ങനെ പൊതുസമൂഹത്തില്‍ ആരോഗ്യകരമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ കുറിച്ചി സമരത്തിലേക്ക് റംഷാദ് പറഞ്ഞ ശക്തികള്‍ വരാതിരിക്കുന്നത് അവര്‍ ഞാന്‍ നേരത്തേ സൂചിപ്പിച്ച ജാതിയില്ലാത്ത നമ്പൂതിരിപ്പാടിന്റെ പ്രേതം ബാധിച്ചതുകൊണ്ടാണ്. അതിന് കേരളത്തിലെ ദലിതരെ പഴി പറയുന്നത് എന്തിനാണ്.

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

മൂലൂര്‍ പത്മനാഭ പണിക്കര്‍ അയ്യന്‍കാളിയെക്കുറിച്ച് രചിച്ച കവിത.


മൂലൂര്‍ 
കേളിചേരും മലയാളം നാളില്‍ കൃഷികൊണ്ടു
ലാളനം ചെയ്യുവോര്‍ നമ്മളല്ലയോ-പണ്ടേ?
തോളുയര്‍ത്തി നിന്നതും നമ്മളല്ലയോ?

ഭൂതകാരുണ്യമില്ലാതെ ജാതിനാട്ടില്‍ വിഭജിച്ചോര്‍
പാതകികള്‍ താഴ്ത്തി നമ്മെ ഭൂതലേ സര്‍വ
ജാതിയും പഴിച്ചു പിന്നെ നമ്മളെ

നമ്മുടെ കൈകളാല്‍ നട്ടു നമ്മുടെ കൈകളാല്‍ കൊയ്തു
നമ്മുടെ കാലാല്‍ ചവിട്ടും നെല്ലുകള്‍-കുത്തി
ത്തിന്മതിന്നാര്‍ക്കുമില്ലല്ലോ കില്ലുകള്‍.

കര്‍ഷകര്‍ക്കു 'ഹൊലയന്മാരെ'ന്നു കര്‍ണാടകഭാഷ 
ഘോഷണം ചെയ്കയാല്‍ മലയാണ്മയില്‍ ചൊല്ലും
ഭാഷയില്‍ നാം 'പുലയ'രായ് നന്മയില്‍

എങ്ങുമേ 'ചിറകള്‍' തോറും കൊട്ടില്‍ കെട്ടി മേവകുകയാല്‍
അങ്ങിനെ നാം 'ചെറുമക്കളാ'യിതേ ഓരോ
സംഗതിയാല്‍ നാമിവണ്ണമായിതേ

എന്തുകൊണ്ടും നമുക്കോര്‍ത്താല്‍ സ്വന്തമത്രേ മലയാളം
പന്തിയില്‍ നിന്നിനി നമ്മളാരുമേ ദൂരം
പിന്തിരിഞ്ഞിടേണ്ട ഭീതി പോരുമേ

നമ്മളും മനുഷ്യരെന്നുള്ളോര്‍മ്മയെക്കൈവെടിഞ്ഞൊരു
വന്‍മൃഗത്തെപ്പോലെ ദൂരമാട്ടുവാന്‍ ഏതും
താന്‍ മടിക്കാറില്ലയല്ലോ നാട്ടുകാര്‍

നമ്മുടെ കഷ്ടത കണ്ടു നമ്മെ ഉദ്ധാരണം ചെയ് വാന്‍
ബ്രഹ്മ ദേവന്‍ തന്നു നമുക്കേകനെ-നല്ല
കണ്‍മണിയായുള്ള നല്ല പുണ്യശ്ലോകനെ

രാജഗോപാലാര്യനായ രാജമന്ത്രി പ്രവരന്റെ
വ്യാജഹീന കൃപകൊണ്ടു മേല്‍ക്കുമേല്‍-ഭാഗ്യ
ബീജമങ്കുരിച്ചിദാനീമാര്‍ക്കുമേ.

കാലദേശാവസ്ഥ നോക്കീ കാലരീതിപോലെ നമ്മെ
പ്പാലനം ചെയ്തിങ്ങനെ ധൂതാര്‍ഗ്ഗളം വാഴും
മൂലഭൂപന്നുദിക്കട്ടെ മംഗളം

കാളകണ്ഠന്‍ ഭഗവാന്റെ കേളീരംഗമെന്നപോലെ
നീളെ നീളെ കീര്‍ത്തിപൂരം നേടണം 'അയ്യന്‍
കാളി' ഭാഗ്യശാലി ജീവിച്ചിടേണം.

ഭാരതീ ഭാസുരേ വാഞ്ഛാപുരദേ വര്‍ക്കല വാഴും
ശാരദേ നീ കടാക്ഷിക്ക ഞങ്ങളെ ശുഭ
നീരദാംഗീ സദാകാലം മംഗളം

******

പുഃനപ്രകാശനം ചെയ്തത് അയ്യന്‍കാളി നയിച്ച കര്‍ഷകത്തൊഴിലാളി സമരത്തിന്റെ ശതാബ്ദി ആചരണക്കമ്മിറ്റിയുടെ 'നവോത്ഥാനശക്തി' എന്ന ബുള്ളറ്റിനാണ്.

ളാഹ ഗോപാലന്‍ : ചെങ്ങറ ഭൂസമരനായകന്‍


ളാഹ ഗോപാലന്‍
ചെങ്ങറ ഭൂസമരം കേരളത്തിന് നല്‍കുന്ന സന്ദേശമെന്താണ്?

കഴിഞ്ഞ 60 വര്‍ഷങ്ങളായി കേരളത്തില്‍ നടന്ന ജനാധിപത്യത്തില്‍ മാറിമാറി ഭരിച്ച ഇടതുവലത് ഭരണം ദളിതുകളോട് കാണിച്ച നീതികേടും, പട്ടികവിഭാഗങ്ങളോട് ആഭിമുഖ്യവും ഉത്തരവാദിത്വവുമുണ്ടെന്ന് പറഞ്ഞ് പകുതിയിലേറെക്കാലം ഭരിച്ച കമ്യൂണിസ്റ്റുകളുടെ ദളിതുകളോടുള്ള സമീപനവും തുറന്നു കാണിക്കുന്ന സമരമായിരുന്നു ചെങ്ങറയിലേത്. 

ഭൂസമരങ്ങള്‍ വേണ്ടിവരുന്ന തിന്റെ സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?

മരണപ്പെടുന്നവരെ മറവുചെയ്യുന്നതിനുപോലും ഭൂമിയില്ലാത്തവര്‍ക്ക് അടുക്കള തോണ്ടേണ്ടി വരുന്ന സാഹചര്യത്തില്‍ നിന്നാണ് ഭൂസമരങ്ങള്‍ ഉണ്ടാകുന്നത്. 

ചെങ്ങറ സമരത്തില്‍ ഇത്രയേറെ പങ്കാളിത്തം എങ്ങിനെ സാദ്ധ്യമായി?

കേരളത്തിലെ ഭൂപരിഷ്‌കരണം ദളിതര്‍ക്ക് ഭൂമി നല്‍കുന്നതില്‍ അതിര്‍വരമ്പുകളുണ്ടാക്കി. മറ്റുള്ളവര്‍ക്ക് 5 ഏക്കര്‍ മുതല്‍ ലഭിച്ചപ്പോള്‍ ദളിതുകളെ കുടികിടപ്പുകാര്‍ എന്നഓമനപ്പേരുകൊടുത്ത് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും അഞ്ചുംകോര്‍പ്പറേഷനുകളില്‍ മൂന്ന് സെന്റുകള്‍ വീതം നിജപ്പെടുത്തി. 30-ല്‍പരം വര്‍ഷങ്ങളായി ശരാശരി മൂന്നുസെന്റാണ് ദളിതുകുടുംബങ്ങള്‍ക്ക് അനുവദിച്ചിട്ടുളള ഭൂമി. കേരളത്തിലെ ദളിതുകള്‍ ഭൂരാഹിത്യത്തിന്റെ വേദനയില്‍ ദു:ഖിച്ചിരിക്കുന്ന അവസരത്തിലാണ് ചെങ്ങറ സമരം തുടങ്ങുന്നതും അവര്‍ സമരഭൂമിയിലേക്ക് ഒഴുകിയെത്തിയതും.

രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ദളിതുകളുടെ പ്രതികരണശേഷി ഇല്ലാതാക്കിയിട്ടുണ്ടോ?

ദളിതുകള്‍ പ്രതികരിക്കാത്തതുകൊണ്ട് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ഇതുവരെ ബുദ്ധിമുട്ടുണ്ടായിട്ടില്ല. എത്ര കിട്ടുന്നുവോ അത് വാങ്ങാന്‍ മാത്രം വിധിക്കപ്പെട്ടിട്ടുള്ളവരാണ്. ഞങ്ങള്‍ക്ക് ഇത്ര അവകാശമുണ്ട് എന്നു ചോദിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. അവരുടെ പ്രതികരണശേഷിയെ ഇല്ലാതാക്കാനാണ് രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. ഞങ്ങള്‍ പറയുന്നത് മാത്രം ചെയ്യുക; നിങ്ങളായിട്ടൊന്നും ചെയ്യേണ്ടതില്ല.- ഇത് അവരുടെ രഹസ്യ അജണ്ടയായിരുന്നു.

ഇക്കാര്യത്തില്‍ ദളിതന് തിരിച്ചറിവുണ്ടായിട്ടുണ്ടോ?
ചെങ്ങറ അവരിലുണ്ടാക്കിയ പുതിയ ഉണര്‍വ്വുകള്‍?

തീര്‍ച്ചയായും. അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങി. വാര്‍ത്താ ചാനലുകള്‍ കാണാന്‍ അവര്‍ക്ക് അവസരങ്ങളില്ലാത്തതിന്റെ കാലതാമസം മാത്രമേയുള്ളൂ. 2005-നു ശേഷം ചെങ്ങറ സമരത്തിന്റെ തുടക്കത്തോടെ ഞങ്ങള്‍ക്കും പുരോഗമിക്കാന്‍ കഴിയും എന്നൊരു ബോധം അവരിലുണ്ടായിട്ടുണ്ട്.

ജാതി സംഘടനകളുടെ ഉണര്‍വ്വ് പ്രതീക്ഷാപരമാണോ?

അത് നാശമാണ്. ജാതി സംഘടനകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ദളിതര്‍ക്ക് മുന്നേറ്റമുണ്ടാകില്ല. കാരണം, ജാതി ഉണ്ടാക്കിയതു തന്നെ ദ്രാവിഡരെ ശിഥിലീകരിക്കുന്നതിനു വേണ്ടിയാണ്. ബ്രാഹ്മണന്റെ സൃഷ്ടിയാണത്. ബ്രാഹ്മണാധിപത്യത്തിനു മുമ്പ് ദ്രാവിഡര്‍ ഒറ്റക്കെട്ടായിരുന്നു. അധികാരം സുരക്ഷിതമായി സംരക്ഷിക്കാന്‍, ഈ ഭൂരിപക്ഷം വരുന്ന ജനതയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ജാതി. ആ ജാതി ഊട്ടിയുറപ്പിച്ചു നിര്‍ത്താന്‍ ഓരോ ജാതിക്കും സംഘടന ഉണ്ടാക്കി നിലനിര്‍ത്തുന്നു. എന്നിട്ടും ഈ സംഘടനകളേയും നേതാക്കളേയും ആരും അംഗീകരിക്കുന്നില്ല. അവരെ അംഗീകരിക്കുന്നുണ്ടെങ്കില്‍ തെരഞ്ഞെടുപ്പു വരുമ്പോള്‍ പട്ടികവിഭാഗസംഘടനകളുടെ നേതാക്കളെ തേടി മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ വരാത്തതെന്താണ്? ഇതുതന്നെയാണ് ദളിതരെ അംഗീകരിച്ചിട്ടില്ല എന്നതിന്റെ പ്രധാന തെളിവ്. സമുദായ സംഘടനകള്‍ ഒരു വോട്ട്ബാങ്ക് ആയിട്ടില്ല ഇപ്പോഴും. ഒരു വോട്ടുബാങ്കാവാതെ വേറെ രക്ഷയില്ല. ഞാന്‍ തുടങ്ങിയതു തന്നെ ഒരു വോട്ട്ബാങ്കായികൊണ്ടാണ്. 

ജീവന്‍-മരണ പോരാട്ടത്തിലും ഡോ.അംബേദ്കറാണല്ലോ ഭരണഘടനാപരമായ ഒരു പരിരക്ഷ ദളിതുകള്‍ക്ക് നല്‍കിയത്. അദ്ദേഹം കൃത്യമായി പറയുന്നു-സെപ്പറേറ്റിസം ഉണ്ടാകുന്ന കാലത്തേ ദളിതുകള്‍ക്ക് മോചനമുള്ളൂ. അതിലൂടെ മാത്രമേ ഭരണസിരാകേന്ദ്രത്തിലേക്ക് കടന്നു ചെല്ലാനാവൂ. 1932 വരെ കാത്തിരുന്ന് ഏറ്റവും ഒടുവിലാണ് ഇവിടത്തെ ദളിതുകള്‍ക്ക് വോട്ടവകാശം ലഭിച്ചത്. ആ അവകാശം വാങ്ങി തന്നിട്ട് അദ്ദേഹം പറഞ്ഞത്- ഞാന്‍ ജീവിച്ചിരിക്കെ നിങ്ങളാ ഭരണസിരാകേന്ദ്രം പിടിച്ചെടുക്കണമെന്നാണ്. ഒരു ജാതിക്കു തന്നെ അഞ്ചും ആറും സംഘടനകള്‍ പെറ്റുപെരുകി ഉണ്ടായാല്‍ ലോകാവസാനകാലത്തെങ്കിലും നമുക്കതിന്റെ വരാന്തയില്‍ കയറിച്ചെല്ലാന്‍ പറ്റുമോ. ജാതി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നാണ് അംബേദ്കര്‍ പറഞ്ഞത്.

ഡോ.അംബേദ്കറും മഹാത്മാ അയ്യങ്കാളിയും നേടിത്തന്നത് നിലനിര്‍ത്താന്‍ നമുക്കു കഴിഞ്ഞിട്ടുണ്ടോ?

മൂന്ന് ദലിതു സമരങ്ങളെ വിലയിരുത്തുമ്പോള്‍ - കെ കെ കൊച്ച് ('സമീക്ഷ' 2000 മാര്‍ച്ച് 16 - 31)


ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി നടന്ന 3 ദലിത് - ആദിവാസി സമരങ്ങള്‍ വിപുലമായ ജനശ്രദ്ധ പിടിച്ചുപറ്റിയത് യാദൃശ്ചികമല്ല. വര്‍ത്തമാനകാല ചരിത്രത്തില്‍ ആരാലും എഴുതിത്തള്ളാനാവാത്തവിധം സ്ഥാപനവല്‍ക്കരിക്കപ്പെട്ട സമരങ്ങള്‍ ഇവയാണ്. 1) കണ്ണൂരിലെ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കല്‍. 2) നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംവരണാവകാശം. 3) കുറിച്ചി സചിവോത്തമപുരം ഹരിജന്‍ കോളനിയിലെ 11 കെ വി വൈദ്യുതി ലൈന്‍ അഴിച്ചുമാറ്റല്‍. ഈ 3 സമരങ്ങളും പൊതുവായി പുലര്‍ത്തുന്ന മുഖ്യ സ്വഭാവങ്ങള്‍ താഴെ കൊടുക്കുന്നു.

1) സമരങ്ങളിലെ വര്‍ദ്ധമാനമായ ദലിത് - ആദിവാസി പ്രാതിനിധ്യം.
2) ദലിതേതര ജനങ്ങളുടെ പിന്തുണ.
3) ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ കാണിച്ച സന്നദ്ധത.

അവഗണിക്കാനാവാത്ത മുകളില്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളത് സമരസമിതികളോ സംഘടനകളോ ആയി ചര്‍ച്ചകളിലൂടെ സമരത്തിനാധാരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയെന്നതാണ് (കുറിച്ചി സമരത്തില്‍ അംഗീകരിക്കപ്പെടുകയായിരുന്നു). മുമ്പുണ്ടായിരുന്ന കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് ദലിത് - ആദിവാസി സമരങ്ങള്‍ എത്രമാത്രം ന്യായയുക്തവും വിപുലവുമായിരുന്നാലും അവയെല്ലാം അവഗണിക്കുന്ന അവസ്ഥയാണു ണ്ടായിരുന്നത്. ഇതില്‍ മാറ്റം വരുത്തുന്നതില്‍ നിര്‍ണായകവും ചരിത്രപ്രധാനവുമായ പങ്കാണ് സി ടി സുകുമാരന്‍ ഐ എ എസിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെ ട്ടുകൊണ്ട് നടത്തിയ സമരം. ദീര്‍ഘകാലം നിലനിന്നതും വിവിധ സംഘടനകളിലൂടെ പതിനായിരക്കണക്കിന് ദലിതുകള്‍ അണിനിരന്നതും, പിന്നോക്ക ന്യൂനപക്ഷങ്ങളുടേയും ജനാധിപത്യവാദികളുടേയും പിന്തുണ ആര്‍ജിച്ചതും യശശരീരനായ തേവന്‍ മാസറ്ററുടെ ഉരുക്കുപോലുള്ള ഇച്ഛാശക്തി തുണച്ചതുമായ പ്രസ്തുത സമരം വകുപ്പുമന്ത്രി നല്‍കിയ രേഖാമൂലമായ ഉറപ്പിലൂടെ അവസാനിപ്പിച്ചതോടെ ദലിത് ആദിവാസി സമരങ്ങളുടെ തലവിധി തിരുത്തപ്പെടുക യായിരുന്നു. പിന്നീട് ആദിവാസി ഭൂപ്രശ്‌നത്തില്‍ അഭിപ്രായ സമരങ്ങള്‍ക്കായി ആദിവാസി സംഘടനകളുടെ യോഗങ്ങള്‍ വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ദലിത് - ആദിവാസികളുടെ വികസിച്ചുവരുന്ന സംഘടിത ശക്തികളുടെ അംഗീകാരമായാണ് കണക്കാക്കേണ്ടത്. ചുരുക്കത്തില്‍ ഇരുപതാം നൂറ്റാണ്ടിനു തിരശീല വീഴുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അരങ്ങൊരുങ്ങുകയും ചെയ്തപ്പോള്‍ ദലിതുകള്‍ അവഗണിക്കാനാവത്ത പ്രത്യയശാസ്ത്രബോധവും നേതൃത്വകഴിവും പ്രക്ഷോഭണവാസനയും ആര്‍ജ്ജിച്ചിരുന്നു.

നെടുമ്പാശേരി സമരം.

നെടുമ്പാശേരി സമരം സംഘടനാപരമായും പ്രക്ഷോഭണപരമായും പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പ്രാപ്തരുമായവരുടെ നേതൃത്വത്തില്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടതായിരുന്നു. തന്മൂലം കാര്യമായ പ്രതിസന്ധികള്‍, സാമ്പത്തിക പരാധീനതകള്‍, അടിച്ചമര്‍ത്തലുകള്‍ എന്നിവ നേരിടേണ്ടിവന്നില്ല. ഡോ. എം എ കുട്ടപ്പന്‍ എം എല്‍ എയുടെ സാന്നിധ്യവും നേതൃത്വവും അവയിലൂടെ ലഭ്യമായ പ്രചാരണപരമായ സാധ്യതകളും ഒടുവില്‍ നിയമസഭയില്‍നിന്നുള്ള പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും നെടുമ്പാശേരി സമരത്തെ വിജയിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിജയത്തേക്കാള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ദലിത് സംഘടനകളും അവഗണിച്ചിരുന്ന പൊതുമേഖലാ - സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണാവകാശത്തിന്റെ വാതില്‍ തുറന്നുവെന്നതാണ്. സ്വകാര്യ മൂലധനത്തോടൊപ്പം 51 ശതമാനം സര്‍ക്കാര്‍ മൂലധനമുള്ള വിമാനത്താവളത്തില്‍ ദലിതുകള്‍ക്ക് ജനസംഖ്യാനുപാതികമായ സംവരണം ലഭ്യമായതുവഴി ചരിത്രപ്രധാനമായൊരു ജനകീയ വിധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്നതില്‍ ഡോ. എം എ കുട്ടപ്പന്റെ പ്രാതിനിധ്യത്തെ അപക്വമതികള്‍ വിമര്‍ശിച്ചേക്കാം. എന്നാല്‍ ദലിത് സമരങ്ങള്‍ സാമൂഹ്യസമരങ്ങളാണെന്നും ജനാധിപത്യത്തിന്റെ രക്തചംക്രമണത്തിന്നവ അനിവാര്യമാണെന്നും തിരിച്ചറിയുമ്പോഴാണ്, അദ്ദേഹത്തിന്റെ രാഷ്ട്രീയോദ്ദേശ്യങ്ങള്‍ എന്തുതന്നെയായിരുന്നാലും, ദലിത് സംഘടനകളോടൊപ്പം നിലനിന്ന ഒരു സാമൂഹ്യ സമരത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം അഭിനന്ദനമര്‍ഹിക്കുന്നത്.

എന്നാല്‍ ദലിത് സമരങ്ങളുടെ മൗലിക ലക്ഷ്യമായ രാഷ്ട്രീയാധികാരത്തിനുവേണ്ടിയുള്ള പ്രക്ഷോഭണങ്ങളുമായി കണ്ണിചേര്‍ക്കപ്പെടാതിരിക്കുന്നതുകൊണ്ടാണീ സമരം വിമര്‍ശിക്കപ്പെടുന്നത്. ദലിതെന്ന ദേശീയാവബോധത്തിനു പകരം 'പട്ടികജാതി - പട്ടികവര്‍ഗം' എന്ന സ്വത്വബോധം നിലനിര്‍ത്തിയും 27 സംഘടനകളുടെ ഐക്യത്തെ ഐക്യമുന്നണിയെന്ന നിലയില്‍ സ്ഥാപനവല്‍ക്കരിച്ചുമാണ് മുന്‍ചൊന്ന നിഷേധാത്മകസമീപനം രൂപംകൊണ്ടിരിക്കുന്നത്. ഫലമോ, സാമുദായിക ഏകീകരണത്തിലൂടെ ദലിതുകള്‍ക്കൊരേകീകൃത സംഘടനയെന്ന ലക്ഷ്യം കയ്യൊഴിക്കപ്പെടുകയും സമരരംഗത്ത് നിന്ന് അവസരവാദികളായ നേതാക്കന്മാര്‍ ഡോ. എം എ കുട്ടപ്പനെ വീണ്ടും എം എല്‍ എയും മന്ത്രിയുമാക്കി സമരത്തിന്റെ പ്രതിഫലം പിടിച്ചുവാങ്ങുകയും ചെയ്യുമെന്നതാണ്. സാമൂഹിക ലക്ഷ്യത്തിന്റെ ഈ പരിമിതികള്‍കൊണ്ടാണ് ബി ജെ പി യുടെ പട്ടികജാതി മോര്‍ച്ച നെടുമ്പാശേരി സമരത്തിലെ ദലിത് ശക്തിയെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നത്.

കണ്ണൂര്‍ സമരം.

കണ്ണൂര്‍ സമരം ആദിവാസികളുടെ സാമൂഹ്യേച്ഛയുടെ പ്രതിഫലനം എന്ന നിലയിലാണ് വിലയിരുത്തപ്പെടേണ്ടത്. പേരാവൂരില്‍ മുമ്പ് കുടിയിറക്കിനും തൊഴില്‍ നിഷേധത്തിനും മര്‍ദ്ദനത്തിനും വിധേയരായ ആദിവാസികളുടെ ഇടയിലേക്ക് സാമൂഹ്യ - രാഷ്ട്രീയ അനുഭവങ്ങളുള്ള ഒരു ദലിത് - ആദിവാവാസി മുന്നണി വിഭാഗം ഇറങ്ങിച്ചെന്നതോടെയാണ് സമരത്തിന് ആരംഭം കുറിക്കപ്പെട്ടത്. കണ്ണൂര്‍ കലക്ടറേറ്റിന് മുമ്പിലെ പ്രക്ഷോഭങ്ങള്‍, ചോമന്‍ മൂപ്പന്റെ സത്യാഗ്രഹം, കോഴിക്കോടുള്‍പ്പെടെയുള്ള മലബാര്‍ മേഖലയിലെ ജനധിപത്യവാദികളുടെ പിന്തുണ എന്നിവകൊണ്ട് സമരസമിതിയുമായി ചര്‍ച്ച നടത്തുവാന്‍ നിര്‍ബന്ധിതരായ ഭരണാധികാരികള്‍ ആദിവാസികള്‍ പിടിച്ചെടുത്ത ഭൂമി അവര്‍ക്കുതന്നെ വിട്ടുകൊടുക്കുകയായിരുന്നു.

2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

രണ്ട് പ്ലസ്ടുവിദ്യാര്‍ത്ഥികള്‍ സംസാരിക്കുന്നത്.. അനന്തശയനന്‍


അനന്തശയനന്‍
തൃശ്ശൂര്‍ റൗണ്ട്.
ഇരമ്പിനീങ്ങുന്ന ബസ്സുകളിലൊന്നില്‍ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ എങ്ങനെ മറികടക്കാമെന്നും ദാരിദ്ര്യം ജീവിതത്തില്‍ എത്രമാത്രം പുള്ളിക്കുത്തുകള്‍ ഏല്‍പ്പിക്കുമെന്നും ചിന്തിച്ച് ഇരിക്കുകയായിരുന്നു അയാള്‍. കൃത്യം ഒന്നരവര്‍ഷം മുമ്പ് ഈ നഗരത്തില്‍ അയാള്‍ യൗവ്വനം ആഘോഷിച്ചതാണ്. ഇപ്പോല്‍ വയസ്സനായിട്ടൊന്നുമല്ല. ഈ റൗണ്ടിലൂടെയാണ് അയാള്‍ ലഹരിയുടെ ഹിമാലയശൃംഗങ്ങളില്‍ പറന്നുനടന്നത്. യുവസുന്ദരികളെ മോഹവലകളില്‍ പൊതിഞ്ഞ് കൊണ്ടുപോയത്. 

നഗരത്തിന് ഇന്നും മാറ്റമില്ല. സ്വപ്ന തിയ്യറ്ററിനു മുമ്പില്‍ ഇപ്പോഴും വിലകുറഞ്ഞ വേശ്യകള്‍ നില്‍പ്പുണ്ട്. ക്ഷേത്രനടയിലും കോഫിഹൗസിനു മുന്നിലും അത്യാവശ്യം ചുറ്റിക്കളിക്കുപോകാന്‍ ഒരുങ്ങിനില്‍ക്കുന്ന കൊച്ചമ്മമാരുമുണ്ട്. ആരുപോയാലും നഗരത്തിനൊന്നുമില്ല. ആരുവന്നാലും നഗരത്തിനൊന്നുമില്ല. പൊടുന്നനെ ബസ്സിലെ പിന്‍നിരയില്‍നിന്ന് ഒരു കൗമാരക്കാരന്റെ ശബ്ദം കേട്ടു. 

'അതേയ് ഇവര് ഞങ്ങടെ വീടിന്റടുത്ത് ഉള്ളോരാന്ന് മാത്രം. ഞങ്ങള് പുതീതായിട്ട് താമസിക്കണതാ. ചുറ്റും മതില് കെട്ടണ വരെ ഞങ്ങടെ കാറ് ഇവര്‌ടെ വീട്ടിലാ ഇട്ടേര്‌ന്നേ. അപ്പോ തോന്ന്യേ പൂത്യാ അവര്‍ക്ക് കാറ് വാങ്ങണംന്ന്. ഒന്നേകാലിന് കിട്ടില്യേ. ഞാന്‍ ഒന്നേ എണ്‍പതാ പറഞ്ഞിട്ടുള്ളത്. ഈ കാര്യത്തില് അവര്ക്ക് വല്യ ബോധോന്നൂല്യാ. കാറ് വേണം അത്രമാത്രം. അവടത്തെ പെണ്ണ് അമേരിക്കേലാ. ഞങ്ങടെ ബന്ധോന്നൂല്യാ. അപ്പോപ്പിന്നെ വെക്കണോണ്ട് കൊഴപ്പോന്നൂല്യാ. അവള് അമേരിക്കക്കാരെ പറ്റിച്ചിണ്ടാക്കണ കാശല്ലേ! ശരിക്കൊന്നു ട്രൈചെയ്താല്‍ പണിവെക്കാന്‍ കിട്ടും. അവിടൊരു ചരക്ക്ണ്ട്. തള്ളേടെ വേറൊരു മോളാ. പിന്നുള്ളതൊരു ചുള്ളനാ, പത്തുമുപ്പത് വയസ്സ്ണ്ടാവും. ആ ക്ടാവ് വെറും കറക്കാ. പ്രത്യേകിച്ച് പണ്യൊന്നൂല്യാ.' 

അയാളൊന്ന് തിരിഞ്ഞുനോക്കി. ഉള്‍ക്കിടിലത്തോടെ കണ്ടു- മീശ മുളക്കാന്‍ തുടങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍, നീലയും വെള്ളയും യൂണിഫോം, ചുമലില്‍ ബാഗ്. ഒന്നുകില്‍ പ്ലസ് വണ്‍, അല്ലെങ്കില്‍ പ്ലസ്ടു അതിനപ്പുറം കടക്കില്ല. 

നേരെയിരിക്കുമ്പോള്‍ അയാള്‍ വീണ്ടും കേട്ടു- 'അതേയ് ജോസേട്ടനോട് പറഞ്ഞ് കാറ് ഞാന്‍ എത്തിക്കാം അത് വിഷയല്ല. പിന്നെയ് പണിവെച്ച് തൊടങ്ങ്യാ പറഞ്ഞോളോ. ഞാന്‍ മൊബൈലായിട്ട് വരാം. ചരക്കാണെന്നല്ലേ പറഞ്ഞേ. നമുക്ക് സീരിയലായിട്ടൊന്ന് പകര്‍ത്താം. പിന്നെ നിനക്ക് കൊഴപ്പില്ലെങ്കില്‍ ഞാനൊന്ന്.....' 

അയാള്‍ പതിയെ കണ്ണുകളടച്ചു.

മണപ്പുറത്തെ ഒരു ഗ്രാമം. പഴയ ഗേറ്റടച്ച് പേരക്കുട്ടിയുടെ കൈപിടിച്ച് നടക്കവേ മുകുന്ദന്‍ മാഷ് അയാ ളോട് പറഞ്ഞു- 'അനന്താ, നമ്മള്‍ ആരേയും ഉപദ്രവിക്കാന്‍ പാടില്ല. എന്റെ അച്ഛന്‍ പറയാറുണ്ട്, മോനേ നിങ്ങളാരേയും ഉപദ്രവിക്കരുത്. അതുകൊണ്ട് നമുക്ക് നന്മയേ വരൂ. ഒരാളെ നമ്മള് സഹായിച്ചാ മറ്റൊരാള്‍ നമുക്കുവേണ്ടി കാത്തുനില്‍ക്കുന്നുണ്ട് എവിടേയോ.' 

കവിത: ചിന്താവിലാപങ്ങള്‍ - പുല്ലൂര്‍ സജു ചന്ദ്രന്‍


പുല്ലൂര്‍ സജു ചന്ദ്രന്‍
ഹൃദയം തരണേയെനിക്ക് നിന്റെ
ഹൃദയത്തിനുള്ളിലെ മനവും തരണേ
മനവും തരണം അതിന്റെ
മരണവും എനിക്ക് തരണം.
എങ്കിലോ ഞാന്‍ നിന്റെ ഒപ്പമെത്തീടാം
നിന്റെ അരികത്തിരിക്കാന്‍, തഴുകാന്‍
തലോടാന്‍ താരാട്ടുപാടാന്‍
കൊതിയേറെയുണ്ടെനിക്ക്- കൊതിയേറെയുണ്ട്
ശൂന്യതകളില്‍ ചിന്തകള്‍ നിറക്കുവോര്‍
അറിവിന്റെ അഗ്നിയെ ആളിപ്പടര്‍ത്തിയോര്‍
സ്‌നേഹഗാഥകള്‍ പാടി പുകഴ്ത്തിയോര്‍
സമരക്കനല്‍ ഊതി പെരുപ്പിച്ചവര്‍
കണ്‍കളില്‍ നിലാവിന്റെ വെളിച്ചവും
ചിരികളില്‍ വറ്റാത്ത സ്‌നേഹവും
നുരയും മൊഴികളില്‍ താരാട്ടിന്റെ
ഈണവും താളവും ഞാന്‍ കണ്ടു?
ഇത്രയേറെയായ് ഈണമായ്
താളമായ് എന്നുള്ളില്‍ തുടികൊട്ടുമെങ്കിലും
വെറുതെയൊറ്റക്കിരിക്കുമ്പോള്‍
എന്നുള്ളില്‍ നിറയുന്നത് 
മൗനത്തിന്‍ വാത്മീകങ്ങള്‍ മാത്രം.
എങ്കിലുമൊരുനാള്‍ ആ മൗനത്തിന്‍
വാത്മീകങ്ങള്‍ ചിതലരിക്കുന്നതും കാത്ത്
കണ്‍കളിലൊരു തിരിനാളവും നട്ട്
ഇമകളടയാതെ കാത്തുകാത്തിരിക്കുന്നു ഞാന്‍. 

******
പുല്ലൂര്‍ സജു ചന്ദ്രന്‍
ഫോണ്‍: 9446548520

കഥ: നന്തുണി - സി.എ. അമ്മിണി


സി.എ. അമ്മിണി
കുഴമ്പിന്റെ മണമുള്ള കയറുകട്ടിലില്‍ മലര്‍ന്നു കിടന്നുകൊണ്ട് രാമന്‍ വിളിച്ചു. 'എടിയേ കൊച്ചുപെണ്ണേ..'
'എന്തിനാ..' കൊച്ചുപെണ്ണ് വിളികേട്ടു.
'എന്റെ കൈയ്യൊന്ന് പൊക്കിയേ എനിക്കൊന്ന് ചെരിഞ്ഞു കിടക്കണം.'

കൊച്ചുപെണ്ണ് വന്ന് ചരിഞ്ഞുകിടക്കാന്‍ സഹായിച്ചു. അവള്‍ പോയി, അവള്‍ക്കും വയസ്സായില്ലെ. എന്നാലും വിളിപ്പൊറത്തൊരാളുണ്ട്. മക്കളൊക്കെ ഓരോ വഴിക്ക് പോയി. വീട്ടിലിപ്പോ കട്ടിലീക്കെടക്കണ താനും പ്രാഞ്ചിനടക്കണ ഭാര്യയും മാത്രം. ഇത്തിരി കഞ്ഞിവെള്ളം കുടിക്കണമെങ്കില്‍ അവള്‍ തന്നെ ഉണ്ടാക്കിക്കൊണ്ടരണം അല്ലാണ്ടാരാ മക്കള്‍ക്ക് അവരുടെ കാര്യം മാത്രം. വയസ്സായ അച്ഛനും അമ്മയും അവര്‍ക്കൊക്കെ ഭാരം മാത്രമാണത്രെ.

മറുവശം ചെരിഞ്ഞുകിടന്നു. അപ്പോള്‍ ചായ്പ്പിന്റെ ഇറയില്‍ കെട്ടിഞ്ഞാത്തി ഇട്ടിരിക്കുന്ന നന്തുണിയും ഇലത്താളവും കണ്ടു. ഹൗ അതൊന്ന് കൊട്ടാന്‍ കഴിഞ്ഞെങ്കില്‍ ദേവിയെ നൃത്തം ചെയ്യിക്കുന്ന ശീലുകള്‍ നന്തുണികൊട്ടിപാടാന്‍ തനിക്കിനി കഴിയുമോ. എന്റെ അമ്മേ ദേവീ രക്ഷിക്കണേ.. തന്റെ നന്തുണി. അത് കൊട്ടിപാടി ദേവിയെ വരുത്തി തന്റെ മുന്നില്‍ ആനന്ദനൃത്തം ചെയ്യിപ്പിച്ചിരുന്ന മാന്ത്രിക വീണ. അതിന്റെ കമ്പികളില്‍ ഒന്നു കയ്യോടിക്കാന്‍ കഴിഞ്ഞെങ്കില്‍. അമ്മേ പരസഹായമില്ലാതെ എണീക്കാന്‍ കഴിയാത്ത തനിക്ക് ഇനി അതിനാവുമോ? വ്യസനിക്കയല്ലാതെ ഇനി എന്തെങ്കിലും കഴിയോ.

'കഞ്ഞികുടിച്ചോളൂ' കൊച്ചുപെണ്ണ് കിണ്ണത്തില്‍ കഞ്ഞിയും ചമ്മന്തിയും കൊണ്ടു വച്ചു.
'കോരിത്തരട്ടെ'
'ഉം'

കഞ്ഞികുടി കഴിഞ്ഞ് അവള്‍ പോയി. അവളും താനും കൂടി കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തിയത് മക്കളൊക്കെ പഠിച്ച് ഓരോ ഉദ്യോഗങ്ങളായി. ഓരോരുത്തരായി വീട്ടില്‍ നിന്നുപോയി.

പഴയ കാര്യങ്ങള്‍ ഓര്‍ത്തു കിടക്കാന്‍ ഇപ്പോ ഒരുപാടു സമയം ഉണ്ടല്ലോ. ആണ്ടറുതികളില്‍ മഴപെയ്യാനും വിളവുണ്ടാകാനും ദേവിയെ സന്തോഷിപ്പിക്കണം. ദേവിയെ സന്തോഷിപ്പിക്കാന്‍ തന്റെ നന്തുണിയും ഇഴാറയും. അതിന്റെ താളലയങ്ങളില്‍ സന്തോഷിച്ച് നൃത്തമാടുന്ന ദേവി ചെമ്പട്ടും പള്ളിവാളും അരമണിയും ചിലമ്പുമേന്തി അട്ടഹസിക്കുന്ന ദേവി. ദേവീ ഇനി എന്റെ തളര്‍ന്ന കൈകള്‍കൊണ്ട് എനിക്ക് ഇനി ദേവിയെ നൃത്തമാടിക്കാന്‍ കഴിയോ. അമ്മേ മഹാമായേ.

അടുത്തുള്ള ദേവീക്ഷേത്രങ്ങളില്‍ വേലകള്‍ തുടങ്ങിയാല്‍ രാവ് പകലാക്കി പണിയെടുക്കണം. ചാണകം മെഴുകി ഉമിക്കരി നിരത്തിയ തറയില്‍ അരിപ്പൊടിയും പച്ചപ്പൊടിയും മഞ്ഞപ്പൊടിയും ഉപയോഗിച്ച് ദേവിയുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ കണക്കുകള്‍ തെറ്റാതെ വരച്ചെടുത്ത് കുരുത്തോലയും ചെത്തിപ്പൂക്കളും കൊണ്ട് പന്തലിന് ഭംഗി വരുത്തണം. ചെണ്ടയും ഇഴാറയും ഇലത്താളവും മുഴക്കണം. അതിന്റെ മാന്ത്രികധ്വനിയില്‍ ദേവത ഇളകിയാടി അട്ടഹാസം മുഴക്കി ആനന്ദനടനം ചെയ്യും. ആ നിമിഷങ്ങളില്‍ ദേവിയെ മാത്രം കണ്ട് മനസ്സ് നിറഞ്ഞ് സന്തോഷിക്കുന്ന തന്റെ ആത്മാവ്. ഓരോ താലപ്പൊലിയും കഴിയുമ്പോള്‍ മഞ്ഞളും കരിയും കൂടിക്കുഴഞ്ഞ വേഷത്തില്‍ വീട്ടില്‍ തിരിച്ചെത്തി കട്ടിലില്‍ വീഴും ബോധം കെട്ടുറങ്ങും.

മാളോരുടെ അമ്പലങ്ങളിലെ താലപ്പൊലികളുമായി മകരമാസം കഴിയും. പിന്നീടുള്ള മാസങ്ങളില്‍ പറമ്പില്‍ ചേമ്പും കാച്ചിലും കൊള്ളിക്കിഴങ്ങും നടും. വര്‍ഷക്കാലത്ത് ഇവയൊക്കെ ഉപയോഗപ്പെടും. വീണ്ടും ചിങ്ങം പിറക്കും. നന്തുണിപ്പാട്ടു തുടങ്ങും .

കാലം കടന്നുപോയി. മുറ്റത്തു നിന്ന മാവിന്‍ തൈ വളര്‍ന്ന് പടര്‍ന്നു പന്തലിച്ചു. തന്റെ ശരീരത്തില്‍ നിന്ന് യൗവ്വനം ചോര്‍ന്നുപോയി. താനിന്ന് ശരീരം മരവിച്ച് വാതരോഗം വന്ന ഒരു വൃദ്ധന്‍ ജീര്‍ണ്ണിച്ച ഓലക്കുടില്‍. വീട്ടിലിപ്പോ ഒരു പഴയ നന്തുണിയും ഇലത്താളവും മാത്രം ബാക്കി. ഇപ്പോ ആര്‍ക്കും വേണ്ടാത്ത ഒരു പഴയ നന്തുണിപ്പാട്ടുകാരന്‍. അമ്മേ രക്ഷിക്കണേ. എനിക്ക് നീ തന്നെ തുണ.

ആര്‍ട്ടിസ്റ്റ് എ.ആര്‍.ഗംഗാധരന്‍


എ.ആര്‍.ഗംഗാധരന്‍
ചിത്രകലയുടെ ലാളിത്യവും ആധുനിക സാങ്കേതികതയുടെ പരിജ്ഞാനവും കൈമുതലായുള്ള പ്രതിഭ; അതാണ് ആര്‍ട്ടിസ്റ്റ് എ.ആര്‍.ഗംഗാധരന്‍. 1950-ല്‍ അമ്പലപറമ്പില്‍ രാമന്റെയും നാരായണിയുടെയും പുത്രനായി ജനിച്ചു. സഹോദരന്‍ എ.ആര്‍.രാജന്‍, സഹോദരി പ്രേമ ജയദേവന്‍. കണിമംഗലം ശ്രീനാരായണ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1975-ല്‍ തൃശ്ശൂര്‍ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാട്‌സില്‍ നിന്നും അപ്ലയ്ഡ് ആര്‍ട്ടില്‍ ഡിപ്ലോമ നേടി. 

ബോംബെയില്‍ ബന്ദൂപ് സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫിയിലും റീടച്ചിങ്ങ് ഡാര്‍ക്ക്‌റൂം വര്‍ക്കുമായി ഒരു വര്‍ഷം. പിന്നെ ബജാര്‍ ഗേറ്റ് സ്ട്രീറ്റില്‍ ആര്‍ട്ടിനോ എന്ന സ്ഥാപനത്തില്‍ 12 വര്‍ഷത്തോളം ആര്‍ട്ടിസ്റ്റായി ജോലി. പിന്നീട് ഇന്ത്യക്ക് പുറത്ത് ഷാര്‍ജയില്‍ ഇംപ്രിന്റ് അഡ്വര്‍ടൈ സിങ്ങ് എന്ന സ്ഥാപനത്തില്‍ 8 വര്‍ഷം. 2000-ല്‍ തിരികെ നാട്ടില്‍ വന്ന് തൃശ്ശൂര്‍ വിവിധ് പ്രോസസ്-ല്‍ കുറച്ചു കാലം കംപ്യൂട്ടര്‍ ഡിസൈനറായിരുന്നു. 

ഇപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള വര്‍ണ്ണങ്ങളുടെ പണിപ്പുരയില്‍ അദ്ദേഹം പ്രവര്‍ത്തനനിരതനാണ്. പുത്തന്‍പള്ളിയിലെ ബൈബിള്‍ ടവറില്‍ ബൈബിള്‍ ചിത്രങ്ങളുടെ ശേഖരത്തില്‍ ഗംഗാധരന്റെ സൃഷ്ടികളുണ്ട്. ജനകോടികളുടെ സങ്കല്‍പങ്ങളിലുള്ള കഥാപാത്രങ്ങളെ ദൃശ്യവത്കരിക്കുമ്പോഴുള്ള അനുഭൂതികള്‍ സ്വജനമിത്രത്തോട് വിവരിക്കാന്‍ അദ്ദേഹത്തിന് വാക്കുകള്‍ മതിയായില്ല. കണ്ട മാത്രയില്‍ തന്നെ ആളുകളുടെ രേഖാചിത്രങ്ങള്‍ വരച്ചുകൊണ്ട് അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തുന്നു. ഈ വിധത്തില്‍ തയ്യാറാക്കിയ ഒരുപാട് രേഖാചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. 

ഗംഗാധരന്‍ ജ്വല്ലറി ഡിസൈനിങ്ങില്‍ സ്‌പെഷലിസ്റ്റാണ്. ചിത്രകലയുടെ നിരവധി മേഖലകള്‍ തൊട്ടുപൊന്നാക്കിയ ഈ കലാകാരന് ഇപ്പോഴും ലൈന്‍സ്‌കെച്ചിങ്ങിലാണ് താല്‍പര്യം കൂടുതല്‍. ഏറ്റവും സംതൃപ്തി നല്‍കുന്ന വിനോദവും അതുതന്നെ. നിത്യജീവിതത്തിലെ പാഴ്‌വസ്തുക്കളായ കടലാസ്, ചിരട്ട മുതലായവ ഉപയോഗിച്ച് മനോഹരങ്ങളായ ശില്‍പങ്ങള്‍, കളിക്കോപ്പുകള്‍ എന്നിവ ഇദ്ദേഹം നിര്‍മ്മിക്കുന്നു. ജീവിതത്തില്‍ പാഴാക്കാന്‍ സമയമോ, പാഴാകുന്ന വസ്തുക്കളോ ഇല്ലെന്ന് ജീവിതം കൊണ്ട് പഠിപ്പിക്കുന്നു. 

ഗാട്ട്കൂപ്പറില്‍ മലയാളി സമാജത്തിന്റെ ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ ഗംഗാധരന്റെ 50 ചിത്രങ്ങളും വിറ്റുപോയി. തികഞ്ഞ സൗന്ദര്യാസ്വാദകനായ ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രകൃതിയുടെ എല്ലാ സൗന്ദര്യങ്ങളും ആവാഹിച്ച മനുഷ്യരൂപങ്ങള്‍ പൂക്കള്‍ പോലെ വിടരുന്നു. കുട്ടികളുടെ നിഷ്‌കളങ്കതയിലും ശുദ്ധമനസ്സിലുമാണ് ദൈവം കുടികൊള്ളുന്നതെന്നു വിശ്വസിക്കുന്ന ഈ കലാകാരന്റെ ജീവിതത്തിലുടനീളം ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കത പ്രതിഫലിക്കുന്നുണ്ട്. 

സ്വന്തം ചിത്രശാലയില്‍ ഒരുപാട് കുട്ടികള്‍ക്ക് ചിത്രകലയിലൂടെ ഗുരുവായും കൂട്ടുകാരനായും ജീവിതത്തിലേക്കുള്ള നല്ല പാഠങ്ങള്‍ നല്‍കുന്ന വഴികാട്ടിയായും ആര്‍ട്ടിസ്റ്റ് ഗംഗാധരന്‍ സജീവമാണ്. 'ഗംഗ' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗംഗാധരന്‍ സ്വജനമിത്രം മാസികയിലേക്ക് ചിത്രങ്ങള്‍ നല്‍കാനും വേണ്ടവിധം സഹകരിക്കാനുമുള്ള അഭ്യര്‍ത്ഥനയെ സ്‌നേഹപൂര്‍വ്വമാണ് സ്വീകരിച്ചത്.

കഥ: മഴ - അശ്വനി പി.യു


അശ്വനി പി.യു
മഴ... വാനിന്റെ നെഞ്ചില്‍നിന്ന് ഭൂവിന്റെ മാറിലേയ്ക്ക് പതിയെ കുളിര്‍ത്ത സ്‌നേഹം അരിച്ചിറങ്ങുന്ന അനുഭൂതി. കുളിരുന്ന മഴയെ, മഴയത്ത് തഴുകുന്ന കുഞ്ഞിളം കാറ്റിനെ അങ്ങനെ ഉപമിക്കാനാണവള്‍ ഇഷ്ടപ്പെട്ടത്. മഴ, നെഞ്ചില്‍ കെട്ടിനിന്ന് ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നെന്ന് പറഞ്ഞറിയിക്കാന്‍ പറ്റാതെ വിങ്ങുന്ന വാനിന്റെ നിശ്വാസം പേറുന്ന കുഞ്ഞിളം കാറ്റിന്റെ കൂടെ ഹൃദയമിടിപ്പായ ഇടിനാദത്തിന്റെ താളത്തില്‍ പെയ്തിറങ്ങുമ്പോള്‍ ആകാശം പറയാതെ തന്നെ ഭൂമിയുടെ നെഞ്ചില്‍ സ്‌നേഹത്തിന്റെ ഒരായിരം കതിരുകള്‍ വിളയിക്കുന്നതായി അവള്‍ക്ക് തോന്നി. 

മഴ കണ്ടിരിക്കാന്‍ വളരെ ഇഷ്ടമായിരുന്നു അവള്‍ക്ക്. പൊള്ളുന്ന വേദന ഹൃദയത്തില്‍ ഉദിച്ചാലും മഴയുടെ കുളിര് ഉള്ളൊന്ന് തണുപ്പിക്കുമെന്ന് അവള്‍ക്ക് തോന്നും. അതായിരിക്കാം മഴ അവളെ പലപ്പോഴും നിഷ്‌ക്രിയയാക്കി ചിന്തകളുടെ- ഓര്‍മ്മകളുടെ- ഗൃഹാതുരതയുടെ- ഒടുവില്‍ ഒരു ശൂന്യതയുടെ ആഴങ്ങളിലേക്ക് തള്ളിവിടാറുള്ളത്.

രാത്രിയുടെ മൂന്നാം യാമത്തിലും നിദ്രാവേദിയില്‍ പുല്‍കപ്പെടാതെ മിഴിയടച്ചു കിടന്നിരുന്ന അവളെ ഓര്‍മ്മകളുടെ നിലയില്ലാകയത്തിലേക്ക് വഴുതിവിട്ടതും ഒരു രാത്രിമഴയാണ്... ആ മഴയുടെ താളത്തില്‍ അവളുടെ മനസ്സ് അവ ളുടെ അടുത്ത് കിടന്നിരുന്ന ഭര്‍ത്താവിനേയും തന്റെ കുഞ്ഞോമനയേയും വിട്ട് കൗമാരസ്വപ്നങ്ങള്‍ പൂത്തുവിടര്‍ന്ന കലാലയവും കടന്ന് പുറകോട്ട്, വളരെ പുറകോട്ട് അവളുടെ ബാല്യത്തിന്റെ കിളികൊഞ്ചലിലൂടെ നടന്നു.

മഴയുടെ ഹൃദയത്തുടിപ്പായ ഇടിനാദത്തെ ആദ്യമെല്ലാം അവള്‍ക്ക് ഭയമായിരുന്നു. ഇടിവെട്ടുമ്പോള്‍ അവള്‍ അറിയാതെ തന്റെ അച്ഛന്റെ ചൂടുള്ള നെഞ്ചിലേയ്ക്ക് ചായുമായിരുന്നു. പേടിപുരണ്ടിരിക്കുന്ന അവള്‍ അപ്പോള്‍ അച്ഛന്റെ നെഞ്ചിലൊട്ടി അറിയാതെ ഉറക്കത്തിലേക്ക് കൂപ്പുകുത്തും. ഇടക്ക് ഉറക്കത്തില്‍ അവളൊന്ന് ഞെട്ടിയാല്‍ നാലുകൈകള്‍ അവളെ തലോടാനെത്തും...

പിന്നീടെപ്പോഴോ കാലം അതിന്റെ വികൃതിയിലൂടെ അവളുടെ ബാല്യം തട്ടിപ്പറിച്ചെടുത്തു പകരം കൗമാരം നല്‍കി അവളെ കബളിപ്പിച്ചു. ആ കൗമാരത്തില്‍ കൈവിട്ട ബാല്യത്തിനും കൈയെത്തും ദൂരത്തുള്ള യൗവനത്തിനും ഇടയില്‍ കുറെ നൂല്‍പ്പാവകൂത്താടി. ആ കൗമാരത്തിലെ പരിഭവങ്ങളിലും വ്യഥകളിലും ശാഠ്യങ്ങളിലും എല്ലാം തണലായി എപ്പോഴും രണ്ടു പേരുണ്ടായിരുന്നു. അവളൊന്ന് ഉണ്ണാതിരുന്നാല്‍, ഉറങ്ങാതിരുന്നാല്‍ കണ്ണീരുതിര്‍ക്കുന്ന അവളുടെ അച്ഛനമ്മമാര്‍...


വര: പി കെ അനില്‍കുമാര്‍
പിന്നീടെപ്പോഴോ യൗവനം ഒരു കള്ളനെപ്പോലെ പതുങ്ങി അവളിലെത്തിച്ചേര്‍ന്നപ്പോഴോ വിട്ടുപിരിയാന്‍ മനസ്സില്ലാതെ കൗമാരം വിടപറയുമ്പോഴോ പ്രണയമായി ഒരുവന്‍ മനസ്സില്‍ കൂടുകൂട്ടി ഒരു മേടമാസമഴ പോലെ... കുളിര്‍ത്ത കുഞ്ഞിക്കാറ്റുപോലെ... നനുത്ത ചാറ്റല്‍മഴ പോലെ.......

ആ പ്രണയത്തിന്റെ മായാജാലമാകാം അവളുടെ സ്വപ്നങ്ങളില്‍ നിന്ന് അച്ഛനേയും അമ്മയേയും പറിച്ചെറിഞ്ഞ് അവിടെ പ്രണയം നിറച്ചത്..... പ്രണയം ഒരു വര്‍ണ്ണമഴ പോലെ അവളുടെമേല്‍ പെയ്യുകയായിരുന്നു.

അന്യജാതിക്കാരനായ ഒരുവനെ മകള്‍ വേള്‍ക്കുന്നത് എതിര്‍ത്ത അച്ഛനമ്മമാരെ ശത്രുക്കളായി കാണാനേ അന്നവള്‍ക്കു കഴിഞ്ഞുള്ളൂ. തന്റെ സ്വപ്നങ്ങള്‍ക്ക് കഴുമരം തീര്‍ക്കുന്ന ആരാച്ചാരായി മാറി അവര്‍ അവള്‍ക്ക്.

അതെ, അതൊരു ജൂണ്‍ മാസമായിരുന്നു. അവള്‍ക്ക് മറ്റൊരു വിവാഹാലോചന മുറുകിയപ്പോള്‍ പ്രണയം കൊടുത്ത ധൈര്യത്തില്‍ അവന്റെ ബൈക്കിലേറി അവള്‍ പോന്നപ്പോഴും ഇതേ മഴയുണ്ടായിരുന്നു. ഗര്‍ജ്ജിക്കുന്ന താളത്തില്‍ ഇടിമിന്നലും... പക്ഷേ അപ്പോളവള്‍ക്ക് പേടിതോന്നിയില്ല. പേടിച്ചു തലചായ്ക്കാന്‍ അച്ഛന്റെ മാറിടം തേടിയില്ല. ആ അച്ഛന്റെ നെഞ്ചകത്തിന്റെ വാത്സല്യചൂട് അവളോര്‍ത്തില്ല.