"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2014, ജൂൺ 25, ബുധനാഴ്‌ച

ദിവ്യമാതാവ് : വ്യക്തി, സഭ, ചരിത്രം - സരിണ്‍ബാബു, തരുണ്‍ ടി


ജീവിച്ചിരുന്ന/ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ജീവിത കാലഘട്ടത്തെ പ്രതിപാദിക്കലാണ് ജീവചരിത്രം കൊണ്ടുദ്ദേശിക്കുന്നത്. ജീവചരിത്ര രചനകള്‍ക്ക് പൊതുവായി ഒരു പ്രത്യേക രീതിശാസ്ത്രം അനുവര്‍ത്തിക്ക പ്പെടുന്നുണ്ട്. എന്നാല്‍ എഴുതപ്പെടുന്നയാള്‍ ഒരു സമൂഹത്തിനു അമാനുഷനോ ആരാധ്യനോ ദൈവപ്രതിപുരുഷനോ ആകുമ്പോള്‍ ഇത്തരം ചട്ടക്കൂടുകള്‍ ഭേദിക്കപ്പെട്ടേക്കാം. എന്നുകരുതി അവ യാഥാര്‍ത്ഥ്യ മായവയല്ല എന്നു കരുതാനാവില്ല. പൊയ്കയില്‍ ശ്രീ കുമാരഗുരുദേവനേയും ദിവ്യമാതാവിനേയും (അമ്മച്ചി) എഴുത്തിലൂടെ അടയാളപ്പെടു ത്തുമ്പോള്‍ തുടര്‍ന്നുപോരുന്ന രീതിശാസ്ത്രത്തെ മറികടന്നുകൊണ്ട് ഒരു നവ രീതിശാസ്ത്രം നിര്‍മ്മിച്ചെടുക്കേണ്ടത് അനിവാര്യമായി വരുന്നു. വസ്തുതകളുടെ സാങ്കേതിക അറിവുകളെ ഭേദിച്ചുകൊണ്ട് അനുഭവങ്ങളെ ജ്ഞാനനിര്‍മ്മിതി ആക്കുന്ന രീതി പി ആര്‍ ഡി എസ് ആഖ്യാനങ്ങളില്‍ കാണാമെന്ന് ഇ വി അനില്‍ നിരീക്ഷിക്കുന്നുണ്ട്. (വാകത്താനം സ്മരണിക, വാകത്താനം ഓര്‍മ്മകളുടെ രീതിശാസ്ത്രം, 37, 38 2009). കേവലം രേഖകളിലൂടെയും വസ്തുനിഷ്ഠയോടുള്ള യുക്തിയിലൂടെയും ഗുരുദേവനേയോ അമ്മച്ചിയേയോ വ്യാഖായാനിക്കുക അസാധ്യമാണ്. അത്തരം വ്യാഖ്യാനങ്ങള്‍ ഒട്ടനവധി തെറ്റുധാരണകള്‍ക്കും മുന്‍വിധികള്‍ക്കും വഴിവെച്ചിട്ടുണ്ട്. രേഖകള്‍ക്ക് അതീതമായ ജാഞാനാനുഭവങ്ങളിലൂടെയാണ് പ്രത്യക്ഷരക്ഷാ ദൈവസഭ ചരിത്രത്തില്‍ സ്വയം ഇടം സൃഷ്ടിക്കുന്നത്.

അക്കാദമിക് ഗവേഷണ ശൈലിയിലൂടെ ഒരു സമഗ്രമായ ചരിത്രം അടയാള പ്പെടുത്തുക എന്നത് പി ആര്‍ ഡി എസിന്റെ യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കാന്‍ സാധിക്കുകയില്ല. ഒരു ജനതയുടെ മനുഷ്യാനുഭവത്തെ / ദൈവാനുഭവത്തെ ആവിഷ്‌കരിക്കുമ്പോള്‍ പലപ്പോഴും അക്കാദമിക് ലോകത്തിനു വെളിയില്‍ പോവുകയും ചെയ്യും. ഈ ലേഖനത്തിലൂടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ചരിത്രവസ്തുതകള്‍ സംഭവങ്ങള്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന മറ്റ് ഘടകങ്ങള്‍ എല്ലാംതന്നെ അത്തരം അളവുകോലുകളെ മറികടന്നുള്ള ഭാഷ്യമാണ്. പൊയ്കയില്‍ ശ്രീ കുമാരഗുരുദേവനുശേഷം പി ആര്‍ ഡി എസ് വികസിക്കുന്നതും നിലവിലുള്ള സംഘടിതരൂപം പ്രാപിക്കുന്ന കാലംവരെ കണ്ടെടുക്കുന്ന ഒരു പരിശ്രമമാണ് ഈ പഠനത്തിലൂടെ ആവിഷ്‌കരിക്കുന്നത്. എന്നാല്‍ ഇതൊരു സമഗ്രമായ ജീവചരിത്രരചനയോ സഭാചരിത്രരൂപമോ അല്ല. നാളിതുവരെ രചിക്കപ്പെട്ട ചരിത്രങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ഒരു തുടര്‍ച്ചയെന്നോണം ഇതിനെ വായിക്കാനാവും.https://drive.google.com/file/d/0B6SjUUFwvrg0NlM0Z0NCWkhaczQ/edit?usp=sharing

2014, ജൂൺ 24, ചൊവ്വാഴ്ച

നിരണം എം പി കേശവന്‍ ; തമസ്‌കരിക്കപ്പെട്ട വിപ്ലവകവി - കവിയൂര്‍ മുരളി


നിരണം എം പി കേശവന്‍
മഹാകവി പണ്ഡിറ്റ് കറുപ്പനുശേഷം മലയാള സാഹിത്യ രംഗത്ത് ഏറ്റവും പ്രമുഖനായ ദലിത് സാഹിത്യകാരന്‍ നിരണം എം പി കേശവനാണ്. അദ്ദേഹത്തിന്റെ നാലു പുസ്തകങ്ങളില്‍ മൂന്നും ദലിത് ജനതയുടെ ജീവിത പരിവര്‍ത്തനം ലക്ഷ്യമാക്കി യുള്ളതാണ്. കൊല്ലവര്‍ഷം 1114 ലാണ് (60 വര്‍ഷം മുമ്പ്) ആദ്യകൃതി പുറത്തുവന്നത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച കൃതി 1968 നു മുമ്പും.

എന്നാല്‍ ആ മഹാപണ്ഡിതനെ ഇന്നത്തെ മലയാളിക്ക് അറിഞ്ഞുകൂടാ. സാഹിത്യ അക്കാദമിക്കോ സാഹിത്യ തമ്പുരാക്കന്മാര്‍ക്കോ അറിഞ്ഞുകൂടാ. ദലിത് സാഹിത്യകാരന്മാരേടുള്ള സമീപനത്തിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ് നിരണം കേശവന്‍. തിരസ്‌കരണം മാത്രമല്ല, തമസ്‌കരണവും സാഹിത്യരംഗത്ത് നടക്കുന്നുണ്ട്. ദലിത് സാഹിത്യകാരന്മാരില്‍ മഹാകവി പണ്ഡിറ്റ് കറുപ്പനും ടി കെ സി വടുതലക്കുമല്ലാതെ മറ്റാര്‍ക്കും സാഹിത്യ ചരിത്രമോ വിജ്ഞാനകോശങ്ങളോ സ്ഥലം അനുവദിച്ചിട്ടില്ല. കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ നിരണത്തിന്റെ കഥ ആരും അറിയാതെ വരുന്നെങ്കില്‍, ഈ നിലക്ക്, അത്ഭുതത്തിനവകാശമില്ല. ഈ സ്ഥിതി മാറിയേ മതിയാവൂ. അര്‍ഹതക്ക് സ്ഥാനവും വേണം.

നിരണം ജനിച്ചത് നിരണത്തുതന്നെയായിരിക്കണം. വീട്ടുപേരോ അച്ഛനമ്മമാരേ പ്പറ്റിയുള്ള വിവരങ്ങളോ ലഭ്യമല്ലാതായിരിക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ അവ ലഭിച്ചെന്നു വരാം. 1949 മുതല്‍ 1952 വരെയുള്ള കാലഘട്ടങ്ങളില്‍ അദ്ദേഹവുമായി വളരെയേറെ അടുപ്പം എനിക്കുണ്ടായിട്ടുണ്ട്. 1949 ല്‍ അദ്ദേഹം സംസ്‌കൃത കോളേജില്‍ (തിരുവനന്തപുരം) വിദ്യാര്‍ത്ഥിയായിരുന്നു. 1114 നു മുമ്പ് ശാസ്ത്രിപരീക്ഷ പാസ്സായിരുന്നു (1939). ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം 'പത്മിനി അഥവാ പ്രേമശൃംഖല' യാണ്. 1114 കുംഭം 21 ആം തിയതിയാണ് പത്മിനി ആദ്യമായി പ്രസിദ്ധീകരിച്ചതെന്ന് പുസ്തകത്തിന് 1120 ല്‍ എഴുതിയ മുഖവുരയില്‍ നിന്ന് വ്യക്തമാകുന്നു. ഗ്രന്ഥകര്‍ത്താ 'എം പി കേശവന്‍ ശ്‌സ്ത്രി' എന്നും കാണുന്നുണ്ട്. അതുകൊണ്ട് 1114 നു മുമ്പ് അദ്ദേഹം ശ്‌സ്ത്ര പരീക്ഷ പാസ്സായിരുന്നുവെന്നും 1120 നുമുമ്പ് സംസ്‌കൃത കോളേജില്‍ പഠനം ആരംഭിച്ചിരുന്നുവെന്നും വിശ്വസിക്കാം. അതായത് 1938 നും 1945 നും മധ്യേ.

1948 നു മുമ്പ് 'കാമുകന്റെ കണ്ണുനീര്‍' പ്രസിദ്ധീകരിച്ചു. ആ കാവ്യം ഞാന്‍ വായിക്കുന്നത് 1948 ല്‍ ആണ്. അടുത്ത വര്‍ഷത്തിലാണ് നിരണവുമായി പരിചയമാകുന്നത്. വസന്തതിലകം വൃത്തത്തില്‍ എഴുതിയിട്ടുള്ള മനോഹരമായ ഒരു ലഘു കാവ്യമാണ് 'കാമുകന്റെ കണ്ണുനീര്‍'.

വിവാഹം എന്നായിരുന്നുവെന്നോ എവിടെനിന്നായിരുന്നുവെന്നോ നിശ്ചയമില്ല. 1979 ല്‍ അദ്ദേഹത്തെ ഞാന്‍ അവസാനമായി കാണുന്നത് മാവേലിക്കരയില്‍ വെച്ചാണ്. ആയിടക്ക് 'കേരള കൗമുദി' ദിനപത്രം പ്രസിദ്ധീകരിച്ച 'കാപ്പിരിപ്പെണ്ണ് ' എന്ന എന്റെ കവിതയെ അദ്ദേഹം വളരെയേറെ പുകഴ്തുകയുണ്ടായി. അതുകൊണ്ടാണ് കൃത്യമായും വര്‍ഷം ഓര്‍മ്മയില്‍ നില്ക്കുന്നത്. അന്ന് എനിക്കുതന്ന മേല്‍വിലാസം എവിടെയോ നഷ്ടമായി. എങ്കിലും അത് മാവേലിക്കരയിലെ ഒരു മേല്‍വിലാസ മായിരുന്നു. എന്നാല്‍ 'പത്മിനി'യുടെ മുഖവുരയില്‍ സ്ഥലനാമം 'എണ്ണയ്ക്കാട്' എന്നാണ് കാണുന്നത്. അദ്ദേഹം എണ്ണയ്ക്കാട്ടും താമസിച്ചിട്ടുണ്ട് എന്നു വിശ്വസിക്കാം. 1980 ല്‍ നിരണത്ത് കൈരളീകൈലാസിലായിരുന്നു.

ഒരു കെ സി ശീതങ്കന്റെ മകള്‍ ശാരദയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ആ സ്ത്രീ പിന്നീട് വിവാഹബന്ധം വേര്‍പെടുത്തുകയും മുസ്ലീംമതം സ്വീകരിച്ച് മറ്റൊരാളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആ ബന്ധത്തില്‍ നിരണത്തിന് ഒരു പെണ്‍കുട്ടി ജനിച്ചിരുന്നു. ആ കുട്ടിക്ക് തന്റെ പ്രഥമ ഗ്രന്ഥത്തിലെ കഥാനായികയുടെ പേരാണ് നല്‍കിയിരിക്കുന്നത്; പത്മിനി (യശഃശരീരനായ കല്ലട ശശി 1.8.1989 ല്‍ പറഞ്ഞുതന്ന കാര്യങ്ങളാണിത് - കവിയൂര്‍ മുരളി) എന്നാല്‍ ആ കുട്ടിയെ വീട്ടില്‍ വിളിച്ചിരുന്ന പേര് സുജാത എന്നാണെന്നാണ് എന്റെ ഓര്‍മ്മ. അദ്ദേഹം പേട്ടയിലെ ഒരു സ്‌കൂളില്‍ അധ്യാപകനായിരിക്കെ വീട്ടില്‍ ചെന്നപ്പോള്‍ ആ മകളെ ഞാന്‍ കണ്ടിട്ടുണ്ട്.

ഉദ്ദേശം 5 അടിയില്‍ കൂടുതല്‍ (150 സെ മീ) ഉയരമുണ്ടായിരുന്നില്ല നിരണത്തിന്. നന്നേ വെളുത്ത നിറം. സന്തുഷ്ടമായ മുഖഭാവം. പുഞ്ചിരിച്ചുകൊണ്ടേ സംസാരിക്കൂ. മുറുക്കണമെന്ന് നിര്‍ബന്ധം. പിന്നിലേക്ക് ചീകിവെച്ച മുടി. ചുരുണ്ടതോ ഒടിവുള്ളതോ അല്ല. മാംസപുഷ്ടിയുള്ള കപോലങ്ങള്‍. കറുപ്പിച്ചടുത്ത മേല്‍മീശ. കൈനിവര്‍ത്തിയിട്ട ജുബ്ബയും മടക്കിയുടുക്കാത്ത മുണ്ടും. കാലില്‍ വിലകുറഞ്ഞ വള്ളിച്ചെരുപ്പ്. വളഞ്ഞ കാലുള്ള കുട. ഇതാണ് ഞാന്‍കണ്ട നിരണം കേശവന്‍. കൈകാലുകളിലും മുഖത്ത് ചുണ്ടോടു ചേര്‍ന്ന ഭാഗത്തും പാണ്ഡുരോഗത്തിന്റെ വെളുത്ത പതകരികള്‍. ജ്യോതിഷം, ഹിപ്‌നോട്ടിസം, യോഗവിദ്യ എന്നിവയെല്ലാം അദ്ദേഹം വശമാക്കിയിരുന്നു. സംസ്‌കൃകോളേജിലെ പാഠ്യവിഷയങ്ങളില്‍ ഒന്നായിരുന്നു ജ്യോതിഷം. (നിരണം ശിരോമണി പരീക്ഷ പാസ്സായിരുന്നുവെന്നാണ് തോന്നുന്നത്)

'ദുരവസ്ഥ രണ്ടാം ഭാഗം' എന്ന ഒരു പുസ്തകവും നിരണം രചിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും ശ്രദ്ധൈയമായ കൃതി 'ഒരു കര്‍ഷകബാലന്റെ ആത്മകഥ' യാണ്. ആ പുസ്തകം 1968 നു മുമ്പാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ ത്തിനുള്ള അവാര്‍ഡ് നേടിയ അത്യന്തം ഹൃദ്യമായ ആ കൃതിയുടെ ഒരു പ്രതിപോലും കിട്ടാനില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ.

നാലു പുസ്തകങ്ങളാണ് നിരണത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ 'പത്മിനി' ഒഴികെയുള്ളത് ഒന്നും ഇന്ന് ലഭ്യമല്ല. അവ മൂന്നും (കാമുകന്റെ കണ്ണുനീര്‍, ദുരവസ്ഥ രണ്ടാം ഭാഗം, ഒരു കര്‍ഷകബാലന്റെ ആത്മകഥ) കവി, സ്വന്തനിലയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. പത്മിനിയുടെ സ്ഥിതി വ്യത്യസ്ഥമാണ്. എഴുതിയ ആദ്യ കൃതി എന്ന നിലക്ക് അച്ചടിച്ചു കാണുവാനുള്ള തിടുക്കം കൊണ്ട്, ആലപ്പുഴയിലെ വിദ്യാരംഭം ബുക്ക് ഡിപ്പോക്ക് അതിന്മേലുള്ള സര്‍വ അവകാശവും അദ്ദേഹം തീറെഴുതിക്കൊടുത്തു. അതു നന്നായി. 47 വര്‍ഷത്തിനുള്ളില്‍ പത്മിനിയുടെ 21 ആം പതിപ്പും പുറത്തിറങ്ങി. സ്വന്തനിലയില്‍ അച്ചടിക്കുകയായിരുന്നെങ്കില്‍, അതും ഇല്ലാതെയാകുമായിരുന്നു. 1120 ല്‍ പത്മിനിയുടെ പകര്‍പ്പവകാശം എഴുതിക്കൊടുത്ത ത് (55 വര്‍ഷം മുമ്പ്) അമ്പതു പൈസ (എട്ടണ) സ്വീകരിച്ചുകൊണ്ടായിരുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഒരു ലഘുനോവല്‍ (നോവലെറ്റ്) ആണ് അവാര്‍ഡ് നേടിക്കൊടുത്ത 'ഒരു കര്‍ഷകബാലന്റെ ആത്മകഥ' എന്ന ബാലസാഹിത്യ കൃതി. വായിക്കാന്‍ തുടങ്ങിയാല്‍ പുസ്തകം തീരാതെ അത് താഴെവെക്കാന്‍ തോന്നുകയില്ല. അത്രമാത്രം ഹൃദ്യമാണ് പ്രതിപാദനം. വയലുകളും വരമ്പുകളും നിറഞ്ഞ കുട്ടനാട്ടിലെ ഒരു തുരുത്തില്‍ താമസിക്കുന്ന ഒരു പുലയക്കുട്ടിയുടെ ജീവിതകഥയാണത്. ഡോക്ടര്‍ ഷിവാഗോ എന്ന ലോകപ്രസിദ്ധമായ നോവലില്‍ അമ്മയുടെ ശവകുടീരത്തിനുമേല്‍ കയറിനില്‍ക്കുന്ന കുട്ടിയുടെ ചിത്രംപോലെ മിഴിവുള്ള ഒരു ചിത്രം നിരണം അദ്ദേഹത്തിന്റെ കൃതിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വാഴയില്‍ 'കൂത' വെട്ടിക്കയറുന്ന ഒരു കുട്ടിയുടെ ചിത്രം. ആ കൃതി വായിച്ചതിനു ശേഷം ഇപ്പോള്‍ 30 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എങ്കിലും വാഴയില്‍ കൂത വെട്ടിക്കയറുന്ന ആ കൊച്ചുകുട്ടി മനസില്‍ നിന്നും മായുന്നില്ല. മറ്റുവല്ലവരുമായിരുന്നു ആ കൃതിയുടെ കര്‍ത്താവെങ്കില്‍ സകലമാധ്യമങ്ങളും ഗ്രന്ഥകാരനെ വാനോളം പുകഴ്തുമായിരുന്നു. (1998-99 ഓടുകൂടി ഈ നിലക്ക് മാറ്റം സംഭവിച്ചു തുടങ്ങിയിട്ടുണ്ട്) എന്നാല്‍ സമ്മാനാര്‍ഹമായ ആ ബാലസാഹിത്യകൃതി പാഠപുസ്തകമാക്കണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ട് നിരണം, സെക്രട്ടറിയേറ്റ് പടിക്കല്‍ ഒരു മാസത്തോളം സത്യഗ്രഹം അനുഷ്ഠിച്ചിട്ടും ഫലമുണ്ടായില്ല. അതോടെ അദ്ദേഹം പുസ്തകരചന മതിയാക്കുകയും ചെയ്തു.

ആദ്യകൃതിയായ പത്മിനി പുറത്തിറങ്ങിയ കാലം പരിഗണിക്കുമ്പോള്‍, അത് ഒരു വിപ്ലവകാവ്യം തന്നെയാണ്. ശങ്കരാചാര്യരുടെ മനീഷാപഞ്ചകമോ ആശാന്റെ ഭാഷാ മനീഷാപഞ്ചകമോ പണ്ഡിറ്റ് കറുപ്പന്റെ ജാതിക്കുമ്മിയോ നിരണത്തെ സ്വാധീനിച്ചിട്ടു ണ്ടെന്ന് പത്മിനി വായിച്ചാല്‍ മനസ്സിലാകും. അയ്യന്‍ കാളി സംഘടിപ്പിച്ച വിദ്യാലയ പ്രവേശനത്തിനായുള്ള പ്രക്ഷോഭണത്തോടനുബന്ധിച്ചു നടന്നതും ഒരു വര്‍ഷത്തോളം നീണ്ടുനിന്നതുമായ കര്‍ഷകത്തൊഴിലാളി സമരം (1907) കല്ലുമാല മാറ്റിക്കൊണ്ട് സ്ത്രീകള്‍ മാറ് മറച്ചു നടക്കുന്നതിനുവേണ്ടി സാധുജനപരിപാലന സംഘം മുന്നിട്ടു നടത്തിയ കൊല്ലം പെരിനാട് പുലയ ലഹള അഥവാ തൊണ്ണൂറാമാണ്ടു ലഹള (1915), ടി കെ മാധവനും മറ്റും നടത്തിയ വൈക്കം സത്യാഗ്രഹം (1924), തിരുവിതാംകൂര്‍ മഹാരാജാവ് പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരം (1936), ദുരവസ്ഥയുടേയും ചണ്ഡാലഭിക്ഷുകിയുടേയും പ്രസിദ്ധീകരണം (1922), ഉദ്യാനവിരുന്നിന്റെ പ്രസിദ്ധീകരണം (1926) ഇവയെല്ലാം യുവകവിയായിരുന്ന നിരണം കേശവനെ പത്മിനിയുടെ രചനയില്‍ സ്വാധീനിച്ചിട്ടുണ്ട്.

ആശാന്റെ 'ലീല' യെ പോലലൊരു പ്രേമകാവ്യമാണ് പത്മിനിയെങ്കിലും കഥാപാത്രങ്ങള്‍ക്ക് സാരമായ വ്യത്യാസം ഉണ്ട്. ഭാസ്‌കരന്‍ എന്ന പുലയയുവാവും അമ്പലങ്ങാട് എന്ന പേര്‍പെറ്റ തറവാട്ടിലെ പത്മിനി എന്ന യുവതിയും സതീര്‍ത്ഥ്യരാണ്. അവര്‍ പ്രേമബന്ധരായി. പല വിവാഹാലോചനകളും പത്മിനിക്കുണ്ടായി. അവള്‍ ഒന്നും സമ്മതിച്ചില്ല. മാതാവ് നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ ഭാസ്‌കരന്റെ കാര്യം പറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ ഭാസ്‌കരന്റെ കുടുലില്‍ നിന്ന് അവനെ പിട്ച്ചിറക്കിക്കൊണ്ടുവന്നു. തല്ലിത്തല്ലി അവശനാക്കി. ഒരു മുറിയിലിട്ടു പൂട്ടി. പത്മിനിയുടെ തോഴി അവനെ തുറന്നുവിട്ടു. ഈ സംഭവമെല്ലാം അറിഞ്ഞ് പത്മിനി ബോധംകെട്ടു വീണു. വളരെ നാള്‍ കഴിഞ്ഞ് ശരീരസുഖം വീണ്ടുകിട്ടിയപ്പോള്‍ അവള്‍ ഭാസ്‌കരനെ അന്വേഷിച്ചിറങ്ങി. വേടസ്ത്രീകള്‍ പറഞ്ഞതനുസരിച്ച് അവരോടൊപ്പം വനത്തിനുള്ളില്‍ ചെന്ന് അവള്‍ ഭാസ്‌കരനെ കണ്ടു. അയാള്‍ രോഗിയായി കഴിയുകയായിരുന്നു. ആനന്ദമൂര്‍ഛയില്‍ അവള്‍ മരിച്ചു. അവള്‍ ദഹിച്ച തീയില്‍ അവനും ചാടി. രണ്ടുപേരും ഒരേ തീയില്‍ ചാമ്പലായി.

ഇരുപതോ ഇരുപത്തിരണ്ടോ വയസുകാരനായ പക്വമതിയല്ലാത്ത ഒരു കവിയെയാണ് ഇതില്‍ കാണുന്നത്. എങ്കിലും ഒരു പുലയനേയും ഒരു നായര്‍ യുവതിയെയും തമ്മില്‍ പ്രണയിപ്പിക്കാന്‍ അക്കാലത്ത് ധൈര്യംകാട്ടിയ കേശവന്‍ അസാമാന്യനാണ്. ജാതിക്കെതിരേ രൂക്ഷമായ വിമര്‍ശനം ഈ കൃതിയിലുണ്ട്. തമ്പുരാനെ തീറ്റിപ്പോറ്റുന്ന പുലയന്റെ ചരിത്രവും.

********

കടപ്പാട്: 2001 ഒക്ടോബര്‍ 1 ന് കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ദലിത് സാഹിത്യം' എന്ന കവിയൂര്‍ മുരളിയുടെ കൃതിയില്‍ നിന്നുമാണ് ഈ ഭാഗം പകര്‍ത്തിയിട്ടുള്ളത്. ആ വര്‍ഷം ഒക്ടോബര്‍ 19 ന് കവിയൂര്‍ മുരളി അന്തരിച്ചു. അവശനിലയിലായിരുന്ന അവസാനകാലത്താണ് അദ്ദേഹം ഈ കൃതി രചിക്കുന്നത്. ചില കാലങ്ങള്‍ രേഖപ്പെടുത്തിയതില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറവുകൊണ്ടുള്ള പിശക് സംഭവിച്ചിട്ടുണ്ടാകാം. ഡോ. ജോര്‍ജ് കെ അലക്‌സും എലിസബത്ത് ജോണും ചേര്‍ന്ന് രചിച്ച Reinventing Identity; An Anthology of dalit writers Kerala എന്ന ഗ്രന്ഥത്തില്‍ നിരണം എം പി കേശവനെക്കുറിച്ച് ലഘുവിവരണമുണ്ട്. 1923 ല്‍ ആലപ്പുഴ ജില്ലയിലെ നിരണത്തുജനിച്ച എം പി കേശവന്‍ 1985 ല്‍ അന്തരിച്ചു. 'ഒരു കര്‍ഷകബാലന്റെ ആത്മകഥ'ക്ക് കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ കൃതിക്കുള്ള അവാര്‍ഡ് 1963 ലാണ് ലഭിച്ചത്. കവിയൂര്‍ മുരളി രേഖപ്പെടുത്തി യതുപോലെ നാല് കൃതികള്‍ മാത്രമേ അദ്ദേഹത്തിന്റേതായി ലഭ്യമായിരുന്നുള്ളൂ. എം പി സൂജാത എന്ന ഒരു മകള്‍ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

മത്സ്യബന്ധനമേഖലയിലെ നീറിപ്പുകയുന്ന പ്രശ്‌നങ്ങളും പുകയാത്ത അടുപ്പുകളും - ദേവദാസ് ക്ലാപ്പന


ദേവദാസ് ക്ലാപ്പന
കേരളത്തിലെ പൊതുസമൂഹം ആര്‍ജിച്ച നേട്ടങ്ങള്‍ ഒന്നുംതന്നെ ആര്‍ജിക്കാന്‍ കഴിയാതെപോയ വിഭാഗമാണ് മത്സ്യത്തൊഴിലാളികള്‍. പൊതുസമൂഹം അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് 'നാറ്റത്തൊഴിലുകാര്‍' എന്ന നിലയില്‍ മാറ്റി നിര്‍ത്തപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികള്‍ ആദിവാസി - ദലിത് വിഭാഗങ്ങളെ പോലെ അന്യവത്കരിക്കപ്പെട്ട വരാണിവര്‍. ഭൂമിയുടെ മേലുള്ള അവകാശം നാമമാത്രവും, വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലിയും വെറും മരീചികയുമാണ് ഇക്കൂട്ടര്‍ക്ക്. കടംമൂലം നട്ടംതിരിയുന്ന ഇവരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പലപ്പോഴും പ്രഹസനമായി മാറുന്ന അവസ്ഥയാണുള്ളത്. കേരളസംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കണക്കനുസരിച്ച് 2010- 11 വരെ കമ്മീഷന്‍ തീര്‍പ്പാക്കിയ കടം 524 കോടി രൂപയാണ്. 2001-09 മുതല്‍ 2011-12 വരെ 28.75 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത് (അവലംബം; സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് - 2011. പ്ലാനിംങ് ബോര്‍ഡ് ) കേരളത്തിലെ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാനുള്ള ആനുകൂല്യങ്ങളില്‍ സര്‍ക്കാര്‍ 23 കോടി രൂപയുടെ കുടിശിഖ വരുത്തി. മൂന്നുലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളിമേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇക്കാരണങ്ങളാല്‍ ദുരുതമനുഭവിക്കുന്നത്.

സത്സ്യസമ്പത്തിന്റെ സംരക്ഷണാര്‍ത്ഥം (പൊതുസമ്പത്തിന്റെ സംരക്ഷണാര്‍ത്ഥം) ട്രോളിംങ് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഫലമായി തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. സൗജന്യറേഷന്‍ അനുവദിച്ചതുകൊണ്ട് മാത്രമായില്ല, സത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കൂള്‍/കോളേജുകളില്‍ പോകുന്നതിനാവശ്യമായ യൂണിഫോമുകള്‍, പാഠപുസ്തകങ്ങള്‍, മറ്റ് പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായി നല്‍കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. ഇവര്‍ക്ക് സാമൂഹ്യമായ ചടങ്ങുകള്‍ക്ക് പങ്കെടുക്കുന്നതിനുവേണ്ട സാമ്പത്തിക സഹായവും സര്‍ക്കാര്‍ സൗജന്യമായി നല്‍കണം. ഓരോ വര്‍ഷവും ശരാശരി 13000 കോടി രൂപയുടെ വിദേശ നാണയമാണ് മത്സ്യക്കയറ്റുമതിയിലൂടെ രാജ്യത്തിനു മത്സ്യത്തൊഴിലാളികള്‍ നേടിത്തരുന്നത്. ഇതില്‍ കേരളത്തിന്റെ പങ്ക് 2100 കോടി രൂപയാണ്. (അവലംബം; എം പി ഈ ഡി എ) ഇതിന്റെ കൂടെ ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവുംകൂടിയ പോഷകമൂല്യമുള്ള ആഹാരം പ്രദാനം ചെയ്യുന്നവര്‍ കൂടിയാണ് മത്സ്യത്തൊഴിലാളികള്‍ എന്നുകൂടി ഓര്‍ക്കണം. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ഇത്രയധികം സേവനം ചെയ്യുന്ന ഒരു വിഭാഗത്തേയും, പൊതുസമ്പത്തിനേയും സംരക്ഷിക്കുന്നതിനുള്ള ബാധ്യത പൊതു സമൂഹത്തിനുണ്ട്.

കടല്‍ ഒരു അക്ഷയഖനി അല്ല. അമിതചൂഷണവും വിവേചനരഹിതവുമായ മത്സ്യബന്ധനരീതികളും ഈ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. 'മത്സ്യവിഭവസംരക്ഷണം മാനവരാശിയുടെ രക്ഷക്ക്' എന്ന ആശയം ഉള്‍ക്കൊണ്ടുള്ള നയസമീപനം അവലംബിക്കണം. സാങ്കേതികവിദ്യയുടെ ക്രമാതീതമായ കടന്നുകയറ്റത്തില്‍ മത്സ്യ ആവാസവ്യവസ്ഥയും മത്സ്യസങ്കേതങ്ങളും പൊറുതിമുട്ടുന്ന സാഹചര്യം ഉണ്ടാവാന്‍ അനുവദിക്കരുത്. ഭീമമായ തുകമുടക്കി വള്ളത്തിന്റേയും വലയുടേയും വലുപ്പം അനിയന്ത്രിതമായി വര്‍ധിപ്പിച്ച്, വിവേചനരഹിതമായി മീന്‍പിടിക്കുന്ന പ്രവണത ഒഴിവാക്കി, ദീര്‍ഘവീക്ഷണത്തോടും സുസ്ഥിരവികാസം ലക്ഷ്യംവെച്ചും ഉചിതമായ മത്സ്യബന്ധനരീതികള്‍ അവംലബിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയാറാവണം. 'ഉത്തരവാദിത്വ മത്സ്യബന്ധന രീതി'യാണ് ഇവിടെ മത്സ്യത്തൊഴിലാളികള്‍ സ്വീകരിക്കേണ്ടത്.

മത്സ്യബന്ധനത്തിന്റെ പരിപോഷണത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങല്‍ നിലവിലുണ്ട്. കടല്‍മത്സ്യസമ്പത്തിന്റെ പരിപോഷണത്തിന് ഏറെ സഹായകമാണ്, കടലിലേക്ക് ഒഴുകെയെത്തുന്ന നദികള്‍. ഈ നദികള്‍ വഹിച്ചുകൊണ്ടുവരുന്ന എക്കലുകളും സൂക്ഷ്മജീവികളും പ്ലവകങ്ങളും ചെറുമത്സ്യങ്ങളും കടലിലെ മത്സ്യങ്ങളുടെ പോഷകങ്ങളാണ്. കടലിലേക്ക് ഒഴുകിയെത്തുന്ന നദികളുടെ നാശം, ഉള്ള നദികള്‍തന്നെ മലിനമാകുന്നതും വ്യവസായശാലകളില്‍ നിന്ന് കടല്‍ - കായലുകളിലേക്ക് പുറംതള്ളുന്ന മാലിന്യങ്ങള്‍, കാലാവസ്ഥാവ്യതിയാനം, വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടലും കായലുകളും വ്യാപകമായി നികത്തുന്നതും കണ്ടല്‍ക്കാടുകളുടെ നാശം, വാണിജ്യതുറമുഖങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവയെല്ലാം മത്സ്യസമ്പത്തിന്റെ ശോഷണത്തിനു കാരണമാകുന്നു.

്‌നിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനരീതികളും മത്സ്യസമ്പത്തിന്റെ ശോഷണത്തിനു കാരണമായി. തീരക്കടല്‍ മത്സ്യസമ്പത്തിന്റെ പരിമിതികളും യന്ത്രവത്കൃതമേഖലയിലെ സമ്പന്നതയും പരമ്പരാഗത തൊഴിലാളികളെ അമിത ചൂഷണത്തിനു പ്രേരിപ്പിച്ചു. ഔട്ട്‌ബോര്‍ഡ് എഞ്ചിനുകള്‍ക്കു പകരം ശക്തികൂടിയ ഇന്‍ബോര്‍ഡ് എഞ്ചിനുകളും കണ്ണിവലുപ്പം കൂടിയ ചെറിയ വലകള്‍ക്കു പകരം കണ്ണിവലിപ്പം കുറഞ്ഞ അടക്കംകൊല്ലി വലകളും ഇവര്‍ ഉപയോഗിക്കാന്‍ തുടങ്ങി. 10 മുതല്‍ 15 പേര്‍ വരെ കയറുന്ന എഞ്ചിന്‍ ഘടിപ്പിച്ച ഫൈബര്‍/ഉരുക്ക് വള്ളങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ആഴക്കടലില്‍ ജി പി എസ് എക്കോസൗണ്ടര്‍, വയര്‍ലെസ് തുടങ്ങി എല്ലാവിധ ആധുനിക ഉപകരണങ്ങളുമായി 'മത്സ്യം ഉള്ളിടത്തുപോയി മത്സ്യം പിടിക്കാന്‍ കഴിയുന്ന' ഒരു വിഭാഗമായി മാറി.

ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഭാഗമായി വിദേശ കപ്പലുകള്‍ക്ക് നമ്മുടെ സമുദ്രതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയതിന്റെ ഭാഗമായി ഫാക്ടറി വെസ്സലുകള്‍ കടല്‍ത്തീരങ്ങള്‍ അരിച്ചുപെറുക്കുവാന്‍ തുടങ്ങി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന ഈ മത്സ്യബന്ധനം മത്സ്യസമ്പത്തിന്റെ ശോഷണത്തിനു കാരണമായി. കണ്ണിവലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ചു നടത്തുന്ന ട്രോളിങ്ങിന്റെ ഫലമായി ആവശ്യമില്ലാത്ത ചെറുമീനുകളും ഫാക്ടറി വെസ്സലുകള്‍ പിടിച്ചെടുക്കുവാന്‍ തുടങ്ങി. ഇത് ചിലയിനം മത്സ്യങ്ങളുടെ വംശനാശത്തിനു വഴിവെച്ചു. മത്സ്യത്തൊഴിലാളികളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിദേശ ട്രോളറുകള്‍ക്ക് മത്സ്യബന്ധനത്തിനു അനുമതി നല്‍കിയതു നമ്മുടെ മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിച്ചു.

2014, ജൂൺ 23, തിങ്കളാഴ്‌ച

നമ്പൂതിരിയും നായരും അവസരങ്ങള്‍ നേടിയെടുത്തിട്ടുള്ളതും സംവരണത്തിലൂടെ തന്നെ - ചരിത്രസാക്ഷ്യം.


ദലിതരായ, പി സി സനല്‍കുമാര്‍ , കെ ജി ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ ഔദ്യോഗിക ജീവിതത്തിലെ പിഴവുകള്‍ (?) പൊലിപപിച്ചുകാട്ടി, ഉന്നതതലത്തിലെത്തിയ ഇക്കൂട്ടര്‍ കഴിവുകെട്ടവരാണെന്നും അവര്‍ എത്തിച്ചേരാനിടയായ 'സംവരണം' അശാസ്ത്രീയമാണെന്നും പറഞ്ഞ് ആക്ഷേപിച്ചു കൊണ്ട് കൊമ്പുകുലുക്കുകയാണ് ചില നായര്‍മാരും സ്വാമിയാര്‍മാരുമിപ്പോള്‍ . ദലിത് ഉദ്യോഗസ്ഥര്‍ക്കുനേരേ ഇവര്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ക്ക് തെളിവുകള്‍ നിരത്താന്‍ ഇവരുടെ പക്കല്‍ യാതൊന്നുമെല്ലെന്നിരിക്കെ തന്നെ ഈ നായര്‍ - ബ്രാഹ്മണ സമുദായങ്ങള്‍ പോലും സംവരണത്തിലൂടെയാണ് സമൂഹത്തില്‍ മേല്‍ക്കൈ നേടിയിട്ടുള്ളത് എന്ന ചരിത്രസത്യം അവര്‍ അംഗീകരിക്കാന്‍ തയാറാകുന്നില്ല - അതിനുവേണ്ടി സമരം നടത്തിയിട്ടുള്ളരായിട്ടുപോലും. ബ്രാഹ്മണര്‍ ജന്മനാതന്നെയാണ് സംവരണം എന്ന അവകാശം കുത്തകയാക്കി വെച്ചത് എന്ന വസ്തുത ഡോ. ബി ആര്‍ അംബേഡ്കര്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ദ്വിജന്മാരായ മേല്‍വര്‍ണികരുടെ (ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യ) സേവകര്‍ മാത്രമായ, വിദ്യാഭ്യാസം ചെയ്യാന്‍ അവകാശമില്ലാത്ത നായന്മാര്‍ക്ക് സംവരണത്തിലൂടെ പൗരസമത്വം നേടുന്നതിനുവേണ്ടി സമരം ചെയ്യേണ്ടി വന്ന ചരിത്രമുണ്ട് കേരളത്തില്‍ . 1891 നവംബര്‍ 11 ന് മഹാരാജാവിന് സമര്‍പ്പിച്ച മലയാളി മെമ്മോറിയലിനെ കുറിച്ചുതന്നെയാണ് ഉവിടെ സൂചിപ്പിച്ചത്. അത് എന്തിനുവേണ്ടിയായിരുന്നു ? സംവരണത്തിനു വേണ്ടിയായിരുന്നില്ലേ ? ഇതില്‍ പങ്കെടുത്ത ഈഴവര്‍ നായര്‍മാരാല്‍ വഞ്ചിക്കപ്പെട്ടപ്പോള്‍ അവര്‍, 1896 സെപ്തംബര്‍ 3 ന് കൊടുത്ത ഈഴവ മെമ്മോറിയല്‍ എന്ന അവകാശപത്രികയിലും നായര്‍ പ്രമാണിമാര്‍ ഒപ്പിട്ടിരുന്നല്ലോ ! അത് എന്തിനുവേണ്ടിയായിരുന്നു ? സംവരണത്തിന്റെ സാധ്യതകളേക്കുറിച്ച് അവര്‍ക്ക് ബോധ്യമായിരുന്നതുകൊണ്ടല്ലേ?

പിന്നെ കഴിവിന്റെ കാര്യം, അത് ആരുടേയും കുത്തകയല്ല. ദലിതര്‍ക്കും മറ്റു പിന്നോക്കക്കാര്‍ക്കും വിദ്യാഭ്യാം നേടുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാകട്ടെ. അങ്ങനെ അല്‍പ്പമായി ലഭിച്ച അവരങ്ങളിലൂടെ വിദ്യാഭ്യാസം ചെയ്ത കഴിവുള്ളവരാണ് ദലിത് ഉദ്യോഗസ്ഥന്മാര്‍ . അവര്‍ ന്യൂനപക്ഷമാണ് (ആളെണ്ണം കുറവ് എന്ന അര്‍ത്ഥത്തില്‍) അതുകൊണ്ടുതന്നെ മഹാഭൂരിപക്ഷംവരുന്ന സവര്‍ണ ഉദ്യോഗസ്ഥ ലോബിക്ക് എന്തുകുറ്റവും അവരുടെ മേല്‍ കെട്ടിവെക്കാന്‍ എളുപ്പം സാധിക്കും. ചരിത്രത്തില്‍ അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ ഈ ന്യൂനപക്ഷത്തിലെ കഴിവുറ്റവരെ വിപ്ലവകാരി കളായും ചരിത്രം രേഖപ്പെടുത്തിവെക്കും. ഉദാഹരണങ്ങള്‍ ഒരുപാടുണ്ട്.

സവര്‍ണര്‍ സംവരണത്തിലൂടെയാണ് ഉന്നതപദവികള്‍ നേടിയിട്ടുള്ളത് എന്ന നിരീക്ഷണം അംബേഡ്കര്‍ കൃതികളില്‍ നിന്നും പകര്‍ത്തുന്നു. തുടര്‍ന്ന്, ഡോ. എസ് ശിവദാസനും ഡോ. സി എന്‍ സോമരാജനും ചേര്‍ന്നെഴുതിയ 'പൗരസമത്വവാദം തിരുവിതാംകൂറില്‍ ' എന്ന ഗ്രന്ഥത്തില്‍ നിന്നും മെമ്മോറിയലുകളെ ക്കുറിച്ചുള്ള ഭാഗവും പൗരസമത്വവാദത്തെക്കുറിച്ചുള്ള ലേഖകരുടെ അനുബന്ധ കുറിപ്പും കൊടുക്കുന്നു.


"വര്‍ഗീയതയുടെ പേരില്‍ അവര്‍ ഇപ്പോള്‍ എതിര്‍ക്കുന്ന അതേ സംവരണ സമ്പ്രദായത്തിലൂടെയാണ് ഭരണവര്‍ഗം പരമാധികാരം നേടിയെടുത്തത്. ഈ പ്രസ്താവത്തിന്റെ സത്യം സ്വീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാകും. സംശയമുള്ളവര്‍ ഹിന്ദുക്കളുടെ ബൈബിള്‍ ആയ മനുസ്മൃതി വായിച്ചുനോക്കിയാല്‍ മതി. അതില്‍ എന്താണു കണ്ടെത്തുക? അവര്‍ ഞെട്ടലോടെ കണ്ടെത്തുന്ന ഒരു നഗ്നസത്യം ഭരണവര്‍ഗത്തിലെ പ്രമുഖവും നായകഘടകവുമായ ബ്രാഹ്മണര്‍ രാഷ്ട്രീയാധികാരം നേടിയത് ബുദ്ധിശക്തിയിലൂടെയല്ല - ബുദ്ധിശക്തി ആരുടേയും കുത്തകയല്ല - കേവലം സാമുദായികത്വ ത്തിലൂടെയാണ് എന്നതത്രേ. മനുസ്മൃതിയിലെ നിയമ മനുസരിച്ച് രാജാവിന്റെ കുലഗുരു, പ്രധാന ന്യായാധിപന്‍ , ഹൈക്കോടതി ജഡ്ജിമാര്‍ , രാജാവിന്റെ മന്ത്രിമാര്‍ എന്നീ പദവികളെല്ലാം ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. സര്‍വസൈന്യാധിപന്റെ സ്ഥാനംപോലും ബ്രാഹ്മണര്‍ക്ക് അനുയോജ്യമാണെന്ന് ശുപാര്‍ശ ചെയ്യപ്പെടുന്നു. - അത് അവര്‍ക്കുവേണ്ടി സംവരണം ചെയ്യപ്പെട്ടതല്ലെങ്കിലും തന്ത്രപ്രധാനപദവികളെല്ലാം ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ കാര്യനിര്‍വാഹകസ്ഥാനങ്ങളും അവര്‍ക്കുതന്നെ യാണെന്ന് പ്രതേകം പറയണ്ടതില്ല. ഇതുകൊണ്ടുതീരുന്നില്ല തന്റെ വര്‍ഗത്തിനുവേണ്ടി ലാഭകരവും അധികാരപരവുമായ തസ്തികകള്‍ സംവരണം ചെയ്യപ്പെടുന്നതുകൊണ്ടുമാത്രം ബ്രാഹ്മണര്‍ തൃപ്തിപ്പെട്ടിരുന്നില്ല. കേവല സംവരണം കൊണ്ട് കാര്യമില്ലെന്നവര്‍ക്കറിയാം. അബ്രാഹ്മണ സമൂഹത്തില്‍നിന്ന് തുല്യയോഗ്യരായവര്‍ ഉയര്‍ന്നുവന്ന് സംവരണ സമ്പ്രദായത്തെ തകിടം മറ ക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ഭരണനിര്‍വഹണ രംഗത്തെ എല്ലാ തസ്തികകളും ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടതുകൂടാതെ വിദ്യാഭ്യാസം കുത്തകയാക്കി വെക്കുന്ന ഒരു നയം നിര്‍മ്മിക്കപ്പെടുക യുമുണ്ടായി. നേരത്തേ ചൂണ്ടിക്കാട്ടിയതു പോലെ ശൂദ്രര്‍ , അതായത് ഹിന്ദുസമൂഹത്തിലെ താഴേക്കിടക്കാര്‍ വിദ്യാഭ്യാസം നേടുന്നത് കുറ്റകരമാക്കി. കുറ്റക്കാര്‍ക്ക് ക്രൂരവും മനുഷ്യത്വരഹിതവുമായ ശിക്ഷകള്‍ നല്‍കപ്പെട്ടു. അക്ഷരം പഠിക്കുന്ന ശൂദ്രന്റെ നാവറുക്കുകയും ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കുകയും ചെയ്തു. ഈ സംവരണങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലില്ലായിരുന്നു. എന്നാല്‍ മനു സൃഷ്ടിച്ചുവിട്ട സംവരണങ്ങള്‍ അവസാനിച്ചെ ങ്കിലും നൂറ്റാണ്ടുകളിലൂടെ നിലനിന്നുപോന്ന അവയുടെ സാഹചര്യങ്ങള്‍ നിഷ്പന്നമാക്കിയ പ്രയോജനങ്ങള്‍ അവശേഷിക്കുന്നു. സംവരണം ചേദിക്കുന്നതിലൂടെ അടിമവര്‍ഗം നൂതനവും അസാധാരണവുമായ ഒന്നും ചോദിക്കുന്നില്ല. സംവരണം വേണമെന്ന് ആവശ്യപ്പെടുന്നത് ഭരണവര്‍ഗത്തിന്റെ ആക്രമണപരമായ വര്‍ഗീയതയില്‍നിന്ന് സംരക്ഷണം നേടാനാണ്.(പേജ് 68,69)" (മുഴുവനും വായിക്കുക)

മലയാളി മെമ്മോറിയല്‍ എന്ന നായര്‍ മെമ്മോറിയലിനെയും ഈഴവ മെമ്മോറിയലിനെയും കുറിച്ച് ഈ ലിങ്കില്‍ വായിക്കുക. 

അനുബന്ധം.

സാമൂഹ്യമാറ്റത്തിനും സാമൂഹിക പുരോഗതിക്കും കാരണമായിത്തീരുന്ന പ്രധാന സാമഗ്രികളിലൊന്ന് ആ സമൂഹത്തിന്റെ തന്നെ ഭാഗമായ സിവില്‍ സര്‍വീസാണ്. സമഗ്രജനങ്ങളുടേയും താത്പര്യസം രക്ഷണാര്‍ത്ഥം കഠിനപ്രയത്‌നം ചെയ്യേണ്ടുന്ന ബാധ്യതയും സിവില്‍ സര്‍വീസിനുണ്ട്. എന്നാല്‍ തിരുവിതാംകൂറില്‍ പൊതുതാത്പര്യം സംരക്ഷിക്കുന്നതിലല്ല മറിച്ച് സ്ഥാപിതതാത്പര്യം കാത്തു സൂക്ഷിക്കുന്നതിനുള്ള ഒരു ഉപകരണമായിട്ടാണ് സിവില്‍ സര്‍വീസിനെ കണ്ടിരുന്നത്. മാധവറാവുവിന്റെ കാലം മുതലെങ്കിലും സിവില്‍ സര്‍വീസിന്റെ വികസനം ഭരണപരമായ കാരണങ്ങള്‍ കൊണ്ടായിരുന്നില്ല. മറിച്ച് സ്വന്തക്കാരേയും ഇഷ്ടക്കാരേയും തിരുകിക്കയറ്റുന്നതിനും തികഞ്ഞ വിഭാഗീയതയും അഴിമതിയും പുഷ്ടിപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്മാരെ വെളിനാടുകളില്‍ നിന്നും ഗണ്യമായ അളവില്‍ ഇറക്കുമതി ചെയ്തുപോലും ഇവിടെ നിയമിച്ചിരുന്നു. മണ്ണിന്റെ മക്കളുടെ ന്യായമായ അവകാശങ്ങള്‍ക്കു നേരേയുണ്ടായ തികഞ്ഞ അവഗണന 19 ആം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ കറിപ്പറ്റിയവരും, അവരുടെ പാര്‍ശ്വവര്‍ത്തികളും തമ്മിലുണ്ടായ ഒരു അവിശുദ്ധ കൂട്ടുകെട്ടിലാണ്. അധസ്ഥിത ജനവിഭാഗങ്ങള്‍ ഇതുമൂലം കൂടുതല്‍ ഒറ്റപ്പെടുകയാണുണ്ടായത്. അവരാകട്ടെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം തങ്ങളുടെ ജന്മാവകാശ സംരക്ഷണാര്‍ത്ഥം സാമുദായിക സംഘടനകള്‍ രൂപീകരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. സാമൂഹ്യമായ എല്ലാ പ്രതിബന്ധങ്ങള്‍ക്കുമപ്പുറം എല്ലാവര്‍ക്കും തുല്യമായ അവസരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് തിളച്ചുമറിഞ്ഞ പൊതുജന രോഷത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട പൗരാവകാശ സമരം തിരുവിതാംകൂറിന്റെ മാത്രമല്ല രാജ്യത്താകമാനമുള്ള പൗരബോധത്തിന്റെ പരിണാമ ചരിത്രത്തിലെ രജതരേഖയാണ്.

ജാതിമതാധിഷ്ഠിതവും അസന്തുലിതവുമായ ഇന്ത്യന്‍ സാമൂഹ്യഘടനക്ക് വിചിത്രമായ സങ്കല്പ്പമാണ് പൗരാവകാശത്തേക്കുറിച്ചുണ്ടായിരുന്നത്. അതനുസരിച്ച് പൗരാവകാശങ്ങള്‍ പുരോഹിത വര്‍ഗത്തിന്റെ ശാസനത്തിലും നിയന്ത്രണത്തിന്‍ കീഴിലും കഴിഞ്ഞിരുന്ന ഒരു ന്യൂനപക്ഷത്തിനു മാത്രമേ അനുഭവവേദ്യമായിരുന്നുള്ളൂ. ഇന്ത്യയിലെ മഹത്തായ അഞ്ച് സാമ്രാജ്യങ്ങളില്‍ മാത്രമല്ല അവയുടെ കീഴിലുള്ള നാട്ടുരാജ്യങ്ങളിലേയും മറ്റും സ്ഥിതി വിഭിന്നമായിരുന്നില്ല. പുരോഹിത വര്‍ഗത്തിന്റെ നിയന്ത്രണത്തിലായിരുന്ന തിരുവിതാംകൂറിലെ അവസ്ഥയും ഇതുതന്നെയായിരുന്നു.

വ്യക്തമായ പല കാരണങ്ങള്‍ കൊണ്ടും തിരുവിതാംകൂര്‍ ഒരു 'മോഡല്‍ സ്‌റ്റേറ്റ് ' ആയിരുന്നു. പിന്നീട് കേരള സംസ്ഥാനമായപ്പോഴും ഇതിന് മാറ്റം വന്നില്ല. ഇവിടത്തെ സാക്ഷരതാ നിലവാരം, സംസ്‌കാരം, ആരോഗ്യം, രാഷ്ട്രീയബോധം ഇവയൊക്കെ 'കേരള മോഡല്‍ ' എന്ന ഒരു സംജ്ഞത്തെ തന്നെ ഉരുത്തിരിഞ്ഞുവരാന്‍ കാരണമായി. പക്ഷെ സാമൂഹ്യ - രാഷ്ട്രീയ പ്രവര്‍ത്തകരോ രാഷ്ട്രീയ നേതാക്കന്മാരോ 1918 മുതല്‍ 1922 വരെ പൗരാവകാശസമരം ഉള്‍പ്പെടെയുള്ള ചരിത്രസംഭവങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. ഇന്ന് കേരളത്തില്‍ വ്യാപകമായി വേരോടിയിരിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രചണ്ഡമായ വിപ്ലവാവേശമായി ജനഹൃദയങ്ങളില്‍ പൊട്ടിമുളച്ചത് ഇക്കാലത്തെ തീവ്രസമര ങ്ങളിലൂടെയായിരുന്നു എന്നു കാണുന്നു.

പൗരാവകാശ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണവശം ജാതിയുടേയും മതത്തിന്റേയും പേരില്‍ ഭിന്നിച്ചുനിന്ന സാമൂഹ്യവിഭാഗങ്ങളെ ഒറ്റക്കൊടിക്കീഴില്‍ ഒന്നിച്ച് അണിനിരക്കാന്‍ സഹായിച്ചു എന്നതാണ്. ഈ അവസരത്തില്‍ 1918 - 1922 കാലത്തെ പൗരാവകാശ സമരത്തേയും 1891 ലെ മലയാളി മെമ്മോറിയലിനേയും താരതമ്യം ചെയ്തുനോക്കുന്നത് രസകരമാണ്. കേവലം ഒരു ന്യൂനപക്ഷത്തിന്റെ സ്ഥാപിത താത്പര്യ സംരക്ഷണാര്‍ത്ഥം ഉണ്ടാക്കിയ ഒരു മെമ്മോറിയലായിരുന്നു മലയാളി മെമ്മോറിയലെന്ന് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ അസന്ദിഗ്ധമായി തെളിയിച്ചു. തിരുവിതാംകൂറിലെ എല്ലാ ജനവിഭാഗങ്ങളേയും പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെട്ടു വെങ്കിലും നായര്‍ സമുദായത്തിലെ ആഢ്യന്മാരുടെ പ്രാതിനിധ്യം മാത്രമാണ് അതിനുണ്ടായിരുന്നത്. നേരേമറിച്ച് പൗരാവകാശ പ്രസ്ഥാനമാകട്ടെ തിരുവിതാംകൂറിലെ 40 ലക്ഷം ജനങ്ങളില്‍ 26 ലക്ഷത്തിന്റേയും പ്രാതിനിധ്യമുണ്ടായ ഒരു പൊതുജന പ്രസ്ഥാനം എന്ന ഖ്യാതി നേടി. എല്ലാ തുറകളിലും പെട്ട ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍, ഈഴവര്‍, നാടാര്‍, പുലയര്‍, പറയര്‍, പറയര്‍, കമ്മാളര്‍ എന്നുവേണ്ട അതുപോലെയുള്ള സകലമാന ജനവിഭാഗങ്ങളും ഈ പ്രസ്ഥാനവുമായി സഹകരിച്ചു. മാത്രമല്ല നായര്‍ സമുദായത്തിലെ ഒരു പുരോഗമന വിഭാഗം പരപ്രേരണ കൂടാതെതന്നെ ഈ പ്രസ്ഥാനവുമായി സഹകരിക്കുകയുണ്ടായി. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയെ പോലുള്ള നായര്‍ പ്രമാണിമാര്‍ പ്രക്ഷോഭ സമരത്തിന്റെ മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു. എന്തുകൊണ്ടും 1891 ലെ മെമ്മോറിയലിനെ പോലെ ആയിരുന്നില്ലല്ലോ പൗരാവകാശ സമരം. 1920 ല്‍ നിവേദനം സമര്‍പ്പിക്കപ്പെട്ടശേഷം സമൂഹത്തെ പിടിച്ചു കുലുക്കാന്‍ പോന്ന ചലനശക്തിയാര്‍ജിക്കുകയും എല്ലാ അര്‍ത്ഥത്തിലും ഒരു ബഹുജനപ്രസ്ഥാനം എന്ന അംഗീകാരം നേടുകയും ചെയ്തു.

പൗരാവകാശ സമരത്തിനെതിരേ പ്രധാനമായിട്ടുണ്ടായ ഒരു ആക്ഷേപം അതിന്റെ പ്രയോജകര്‍ റവന്യൂ, ദേവസ്വം വകുപ്പുകളുടെ വിഭജനം അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തില്ല എന്നതായിരുന്നു. മാത്രവുമല്ല ഈ വകുപ്പുകള്‍ വിഭജിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ പ്രസ്ഥാനം ശക്തി ക്ഷയിച്ച് പതുക്കെ ഇല്ലാതാവുകയും ചെയ്തു. അടിയന്തിരമായ ആവശ്യം റവന്യൂ/ദേവസ്വം വകുപ്പുകള്‍ വിഭജിക്കപ്പെടുകയും റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് ഉദ്യോഗം ലഭിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നുവെന്നുള്ളതു നേരുതന്നെ. പക്ഷെ പ്രക്ഷോഭകാരികളുടെ ഏറ്റവും ശക്തമായ ആവശ്യം തൊട്ടുകൂടായ്മ അവസാനിപ്പിക്കണം എന്നുള്ളതായിരുന്നു. ഇത്രയധികം ബഹുജനപങ്കാളിത്തവും തയാറെടുപ്പുകളും വേണ്ടിവന്നതും അതുകൊണ്ടുതന്നെ.

പൗരാവകാശസമരത്തിന്റെ ആത്മസത്ത ഉള്‍ക്കൊണ്ടതുകൊണ്ടാണ് തിരുവിതാംകൂറില്‍ നിന്നും അയിത്തം അവസാനിപ്പിക്കുക എന്ന ആവശ്യം പില്കാലത്ത് കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കപ്പെട്ടത്. തിരുവിതാംകൂര്‍ നിയമസഭയിലും മറ്റു പല വേദികളിലും തൊട്ടുകൂടായ്മ അവസാനിപ്പിക്കുന്നതിനുവേണ്ടി നിരന്തരമായി സന്ധിയില്ലാ സമരം ചെയ്ത ഒറ്റയാള്‍ പട്ടാളമായിരുന്നു ടി കെ മാധവന്റേത്. പ്രാദേശികമായി ഒത്തുതീരേണ്ടുന്ന ഒരു പ്രശ്‌നമല്ല അസ്പൃശ്യത എന്നു തിരിച്ചറിഞ്ഞ മാധവന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെക്കൊണ്ട് നിര്‍ബന്ധപൂര്‍വം ഈ ഡിമാന്‍ഡ് ഏറ്റെടുപ്പിക്കുകയാണു ചെയ്തത്. 1924 - 25 ലെ വൈക്കം സത്യാഗ്രഹം ഒരു സമ്പൂര്‍ണ വിജയമായിരുന്നില്ല. മാധവന്റെ അക്ഷീണ പരിശ്രമം അത്യന്തികമായി ഫലം കണ്ടത് 1936 നവംബര്‍ 12 ലെ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെയാണ്. തൊട്ടുകൂടായ്മയേയും അതുപോലെയുള്ള സാമൂഹ്യ തിന്മകളേയും കുറിച്ച് പൗരാവകാശ സമരത്തിലൂടെ ജനങ്ങളെ അത്രമേല്‍ പ്രബുദ്ധരാക്കി യിരുന്നില്ലായിരുന്നുവെങ്കില്‍ ലക്ഷ്യം നേടുന്നതിനുവേണ്ടി എത്രയോ മടങ്ങ് ധനവും ആള്‍ശേഷിയും സമയവും അധികമായി വേണ്ടിവരുമായിരുന്നുവെന്നതില്‍ രണ്ടുപക്ഷമില്ല. ഇന്ത്യയില്‍ സാമൂഹ്യ രാഷ്ട്രീയ പുരോഗതിയുടെ കാര്യത്തില്‍ തിരുവിതാംകൂറും കേരളവും എക്കാലത്തും ഒരു മാതൃകയായിരുന്നു. സമകാലീന ഭാരത്തിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന് സാമൂഹ്യ നീതിയെ സംബന്ധിച്ചതാണ്. സാമൂഹ്യനീതി ഉറപ്പായാല്‍ അധസ്ഥിത വര്‍ഗങ്ങളുടെ ശക്തിയും സ്വാതന്ത്ര്യവും ഉറപ്പാവുകതന്നെ ചെയ്യും. സാമൂഹ്യനീതി ഉറപ്പായാല്‍ പൗരാവകാശം ഉറപ്പാകും. തിരുവിതാംകൂറില്‍ നടന്ന 1918 - 1924 കാലത്തെ ഐതിഹാസികമായ പൗരാവകാശ സമരത്തിന്റെ ഒരു സഫലീകരണമാണ് മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ എന്നും കണക്കാക്കാവുന്നതാണ്.

പ്രവര്‍ത്തനോന്മുഖമായ സാമൂഹ്യരാഷ്ട്രീയ വ്യവസ്ഥിതിയുടെ അടിത്തറയാണ് പൗരാവകാശം എന്ന് സൈദ്ധാന്തികമായി പ്രകീര്‍ത്തിക്കപ്പെടാറുണ്ടെങ്കിലും പ്രവൃത്തിപഥത്തില്‍ എത്തിക്കുക എന്നതിനേക്കാള്‍ അവ മിക്കപ്പോഴും ലംഘിക്കപ്പെടുകയാണ്. മാനവചരിത്രം പരിശോധിക്കുക യാണെങ്കില്‍ സംസ്‌കാരസമ്പന്നരായ ജനങ്ങളുടെ ഇടയില്‍പ്പോലും ഈ അവസ്ഥക്കു മാറ്റം വന്നിട്ടില്ലെന്നു കാണാം. ഇന്ത്യക്കാര്‍ പൊതുവേയും വിശിഷ്യാ തിരുവിതാംകൂര്‍ സമൂഹവും ഇതിന് ഒരപവാദമായിരുന്നില്ല. പൗരസ്വാതന്ത്ര്യം സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള താണെങ്കിലും ഇതിനെക്കുറിച്ചുള്ള നമ്മുടെ നേതാക്കന്മാരുടെ ആദര്‍ശവാദ സംബന്ധമായ ദൗര്‍ബല്യം, ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ നൈസര്‍ഗിക വളര്‍ച്ചയെ വിഘ്‌നപ്പെടുത്തിയിട്ടേയുള്ളൂ. സമസ്തഭാരത ജനതയുടേയും പൗരാവകാശം സുവ്യക്തവും സംശയരഹിതവുമായ രീതിയില്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ഇവിടത്തെ അവശ ജനവിഭാഗങ്ങള്‍ക്ക് അവ ഇന്നും മരീചിക തന്നെ. ഇക്കാര്യത്തില്‍ ഭരണഘടന വിഭാവന ചെയ്തിട്ടുള്ളതൊന്നും യാഥാര്‍ത്ഥ്യമാക്കുന്നതിന് നടത്തിയിട്ടുള്ള ശ്രമങ്ങള്‍ സ്ഥാപിത താല്പര്യക്കാരുടെ എതിര്‍പ്പുകാരണം ഒരിക്കലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.


ഹൈന്ദവവത്കരണം - മാത്യു പാറ്റാനി


മാത്യു പാറ്റാനി
സംഘകാലമായപ്പോഴേക്കകും ബുദ്ധമതം കേരളത്തിലെ സാമൂഹ്യരംഗത്ത് വളരെ പ്രബലമായ ഒരു ശക്തിയായിക്കഴിഞ്ഞി രുന്നുവെന്ന് സംഘകൃതികളില്‍ ദൃശ്യമാണ്. ഒന്നാം ചേരവംശത്തിലെ പല ചക്രവര്‍ത്തിമാരും ബുദ്ധമതാനുയായികളായിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിലും ബുദ്ധപള്ളികള്‍ ഉയര്‍ന്നു. പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങളും (ബുദ്ധധമ്മം പഠിച്ചിച്ചിരുന്ന സ്ഥാപനങ്ങളാണ് പാലിക്കൂടങ്ങള്‍. പാലി ഭാഷയിലായിരുന്നു അധ്യാപനം. അതുകൊണ്ടാണ് പാലിക്കൂടങ്ങള്‍ എന്ന് അവയെ വിളിച്ചുവന്നത്. പിന്നീട് പള്ളിയായതും ഈ പാലിക്കൂടങ്ങള്‍ തന്നെ - ബ്ലോഗര്‍ ) ആയുര്‍വേദ ധര്‍മ്മചികിത്സാലയങ്ങളും സ്ഥാപിക്കപ്പെട്ടു. കപിലവസ്തുവില്‍ നിന്നും ഇവിടെ എത്തിയ ആശാരിമാര്‍ കേരളത്തിലെ വാസ്തുവിദ്യയില്‍ ഒരു പുതിയ അധ്യായം സൃഷ്ടിച്ചു. അവലോകിതേശവരന്റെ ഇഹലോകവസതിയായി കരുതിപ്പോരുന്ന അഗസ്ത്യമല ബുദ്ധമതവിശ്വാസികളുടെ മുഴുവന്‍ തീര്‍ത്ഥാടനകേന്ദ്രമായിരുന്നു. ബുദ്ധമതാനുയായി കളുടെ പുണ്യഗ്രന്ഥമായ മഞ്ചുശ്രീ മൂലകല്പ്പത്തിന്റെ ഏക പകര്‍പ്പ് ലഭിച്ചത് കേരളത്തില്‍ നിന്നാണല്ലോ. ബുദ്ധദേവന്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്ന നാഗാര്‍ജുനകൊണ്ടയില്‍ കേരളത്തില്‍ നിന്നുമുള്ള ശ്രമണ്മാരും സന്ദര്‍ശനം നടത്തിയിരുന്നു എന്നുള്ളതിന് തെഴിവുകളുണ്ട്. കുശാനവംശത്തിലെ ഏറ്റവും പ്രമുഖനായ രാജാവായിരുന്ന കനിഷ്‌കന്‍ കരുളവനത്തില്‍ വിളിച്ചുകൂട്ടിയ നാലാം ലോകബുദ്ധമത സമ്മേളനത്തില്‍ (എ ഡി 2 ആം നൂറ്റാണ്ട്) തെക്കേ ഇന്ത്യയുടെ പ്രതിനിധിയായി സംബന്ധിച്ച ബോധിധമ്മന്‍ ഒരു കേരള രാജകുമാരനായിരുന്നു. ജപ്പാനിലെ ബുദ്ധവിശ്വാസികള്‍ ഇന്നും ബോധിധമ്മനെ പൂജിക്കുന്നുണ്ട്. പാലിയായിരുന്നല്ലോ ബുദ്ധന്മാരുടെ ഭാഷ. സംഘകാലത്തിന്റെ ഉത്തരാര്‍ഥത്തില്‍ കാഞ്ചീപുരം വളരെ പ്രസിദ്ധമായ ഒരു പാലിഭാഷാ പഠനകേന്ദ്രമായിരുന്നു.

ബുദ്ധമതം വികസിച്ചുകൊണ്ടിരുന്ന അതേ കാലഘട്ടത്തില്‍ തന്നെയാണ് ജൈനമതവും കേരളത്തില്‍ പ്രചരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ബുദ്ധമതത്തോളം തന്നെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാത്തതിലാകാം ജൈനമതത്തിന് താരതമ്യേന പ്രചാരം കുറവായിരുന്നു. എങ്കിലും കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ആ മതാനുയായികളുടെ എണ്ണവും പ്രചാരവും കുറവല്ലായിരുന്നെന്ന് മനസിലാക്കാവുന്നതാണ്.

ബുദ്ധമതവും ജൈനമതവും കേരളത്തിന്റെ നാനാഭാഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരുന്ന ഇക്കാലമത്രയും വടക്കുനിന്ന് ഹിന്ദുമതവാഹകരായ ആര്യബ്രാഹ്മണര്‍ നിരന്തരമായി പ്രവഹിച്ചുകൊണ്ടാണിരുന്നത്. സംഘകാലത്തിന്റെ അവസാനമായപ്പോഴേക്കും അവരുടെ സംഖ്യയും സ്വാധീനവും ഗണ്യമായി വര്‍ധിച്ചുകഴിഞ്ഞു. കൗശലബുദ്ധികളായിരുന്ന അവര്‍ ആദ്യമായി വിജ്ഞാന മണ്ഡലത്തിലും അതുവഴി രാജകൊട്ടാരത്തിലും ഉന്നതമായ സ്ഥാനവും സ്വാധീനവും കരസ്ഥമാക്കി. 'രാജാക്കന്മാരുടെ ബഹുമാനവും ധാര്‍മ്മികമായ പിന്‍തുണയും നേടിക്കഴിഞ്ഞതിനുശേഷം ഇവരുടെ ശ്രദ്ധ ധനികരായ കച്ചവടക്കാരുടെ നേര്‍ക്കാണ് തിരിഞ്ഞത്. ഉത്തരേന്ത്യയിലെ വ്യാപാരകേന്ദ്രങ്ങളും അങ്ങോട്ടുള്ള വാണിജ്യമാര്‍ഗങ്ങളും തുറന്നുകൊടുത്തുകൊണ്ട് അവര്‍ കച്ചവടക്കാരെ വശപ്പെടുത്തി.' (എ ശ്രീധരമേനോന്‍. കേരളചരിത്രം). കേരളം ഹൈന്ദവവത്കരിക്കപ്പെടുന്നതിന്റെ ആരംഭമായിരുന്നു അത്. ഈ ഹൈന്ദവവത്കരണം മന്ദവും വിപ്ലവരഹിതവും അനുസ്യൂതവുമായ ഒരു പ്രക്രിയയായിരുന്നു. സംഘകാലാനന്തംരം ആറും ഏഴും എട്ടും നൂറ്റാണ്ടകളില്‍ തുളുനാട്ടില്‍ നിന്നുംമറ്റും ആര്യന്മാരുടെ വലിയസമൂഹങ്ങള്‍ തന്നെ കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്തു. സാമൂഹ്യരംഗത്ത് നേടിയെടുത്ത സ്വാധീനമുപയോഗിച്ച് അവര്‍ മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളിലും ദൂരവ്യാപകമായ വ്യതിയാനങ്ങള്‍ വരുത്തിച്ചു. തന്ത്രപൂര്‍വം ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ആര്യപ്രമാണങ്ങളുടെ മറപിടിച്ച് മനുഷ്യസമൂഹത്തെ അവര്‍ ജാതിഅടിസ്ഥാനത്തില്‍ കീറിമുറിച്ചു. ഈ ജാതിഗോപുരത്തിന്റെ ഏറ്റവും തലപ്പത്തുള്ള സ്ഥാനം തങ്ങളുടേതാണെന്നവര്‍ മറ്റുള്ളരെക്കൊണ്ട് അംഗീകരിപ്പിച്ചു.

തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള വിവിധ സമുദായങ്ങള്‍ ദ്രാവിഡജനതയില്‍ ഇതിനുമുമ്പുതന്നെ നിലവിലുണ്ടായിരുന്നെങ്കിലും കാര്യമായ ഉച്ചനീചത്വമോ തീണ്ടലോ തൊടീലോ ഒന്നും അന്ന് അറിയപ്പെട്ടിരുന്നില്ല. എന്നാല്‍ ജാതിവ്യവസ്ഥയില്‍ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള ആര്യമതത്തിന്റെ ആഗമനത്തോടുകൂടി കേരളത്തിലെ ദ്രാവിഡസമുദായങ്ങള്‍ ഉച്ചനീചത്വ സമ്പ്രദായത്തിലെ കളിപ്പാവകളായി മാറി. അധ്വാനത്തിന്റെ മഹത്വം നഷ്ടപ്പെട്ടു. അങ്ങനെ പാണര്‍, പറയര്‍ മുതലായവര്‍ സമൂഹത്തിലെ ഏറ്റവും നീചരെന്ന് മുദ്രയടിക്കപ്പെട്ടു. സ്ത്രീകളുടെ പദവി ശോചനീയമായിത്തീര്‍ന്നു. വിധവകളുടെ ജീവിതം ദയനീയമായി. ശൈശവവിവാഹം നിലവില്‍വന്നു. ദ്രാവിഡരുടെ ഇടയില്‍ത്തന്നെ സാംസ്‌കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന ഒരു പ്രത്യേക സമുദായം മേല്‍പ്പറഞ്ഞപ്രകാരം ആര്യമതം അതേപടി അംഗീകരിക്കാന്‍ സമ്മതിക്കാതെ ചെറുത്തുനിന്നു. ഇവരാണ് പിന്നീട് നായന്മാര്‍ എന്ന് അറിയപ്പെടാന്‍ ഇടയായത്. കാലക്രമേണ ഇവര്‍ ബ്രാഹ്മണമേധാവിത്വം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും തങ്ങളുടെ കുടുംബസമ്പ്രദായവും (മരുമക്കത്തായം) സമൂഹത്തിലെ ഉയര്‍ന്ന സ്ഥാനവും മറ്റും നിലനിര്‍ത്താന്‍ ഈ 'നായന്മാര്‍ക്കു കഴിഞ്ഞെങ്കില്‍, ആര്യന്മാരേക്കാള്‍ കുറയാതെയോ, ഒരുപക്ഷെ കൂടുതല്‍ തന്നെയോ വളര്‍ച്ചയെത്തിയ ഒരു സമുദായമായിരുന്നിരിക്കണം നായന്മാരെന്ന് ഊഹിക്കാം' (ഇ എം എസ് നമ്പൂതിരിപ്പാട്. കേരളം മലയാളികളുടെ മാതൃഭൂമി). 9 ആം നൂറ്റാണ്ടില്‍ എഴുതപ്പെട്ടിട്ടുള്ള തിരുക്കൊടിത്താനം രേഖയിലാണ് നായര്‍ എന്ന പദപ്രയോഗം ആദ്യമായി കാണുന്നത്. അതില്‍ നിന്നും നായര്‍ സമുദായം അതിന്റേതായ വ്യക്തിത്വത്തോടുകൂടി ഉരുത്തിരിയുന്നത് ഈ കാലയളവിലായിരിക്കാമെന്നു ഊഹിക്കുന്നതില്‍ തെറ്റുണ്ടാവാനിടയില്ല.

8 ആം നൂറ്റാണ്ടായപ്പോഴേക്കും ഹിന്ദുമത പ്രചാരകന്മാര്‍ തങ്ങളുടെ സ്വാധീനശക്തിക്ക് പ്രതിബന്ധമായി നിന്ന ബുദ്ധ ജൈനമതത്തെ തുരത്താനുള്ള ശ്രമം തുടങ്ങി. കരുമാടി പള്ളിക്കല്‍ മുതലായ സ്ഥലങ്ങളില്‍ നിന്നും തല്ലിത്തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടുകിട്ടിയിട്ടുള്ള ബുദ്ധപ്രതിമകള്‍ ചെറിയതോതിലെങ്കിലും അക്രമപരമായ മത്സരങ്ങള്‍ ഈ രംഗത്ത് ഉണ്ടായിട്ടുണ്ടന്നുള്ളതിന്റെ തെളിവുകളാണ്. ബുദ്ധ ജൈന നേതാക്കന്മാര്‍ ആര്യന്മാരുടെ - ഒരു പക്ഷെ ഭാഗികമായിട്ടെങ്കിലും ഉണ്ടായിട്ടുള്ള - ഈ എതിര്‍പ്പിനെ എങ്ങനെ നേരിട്ടുവെന്ന് അറിയാന്‍ പാടില്ലെങ്കിലും, ഈ കാലഘട്ടത്തോടുകൂടി ഈ മതങ്ങള്‍ കാര്യമായി അധപതിച്ചു എന്നുള്ളത് വ്യക്തമാണ്.
 

ഇങ്ങനെ ഹിന്ദുമതം കേരളത്തിലെ അജയ്യ സാമൂഹ്യശക്തിയായി കുതിച്ചുയര്‍ന്നു കൊണ്ടിരുന്ന കാലത്താണ്, രണ്ടാം ചേരവംശസ്ഥാപകനായ കുലശേഖരവര്‍മ്മ കേരള ചക്രവര്‍ത്തിയായി സ്ഥാനാരോഹണം ചെയ്യുന്നത്. സംഘകാലത്ത് ചേരരാജ്യത്തിന്റെ വടക്ക് നിലനിന്നിരുന്ന ഏഴിമല രാജ്യം ഇതിനോടകം ചേരസാമ്രാജ്യത്തില്‍ ലയിച്ചുകഴിഞ്ഞിരുന്നു. സമുദ്രതീരത്തോടടുത്ത ചിറക്കല്‍ - കാസര്‍കോട്ടു ഭാഗങ്ങള്‍ മാത്രം ചേരരാജ്യത്തില്‍ പെടാതെ, മൂഷികരാജാക്കന്മാരുടെ ആധിപത്യത്തില്‍ കഴിയുകയാണ് ചെയ്തത്. തിരുവനന്തപുരം മുതല്‍ കന്യാകുമാരിവരെ വ്യാപിച്ചു കിടന്നിരുന്ന ആയ്‌രാജ്യം ചേരരാജ്യവുമായി സുഹൃത്ബന്ധത്തിലാണ് കഴിഞ്ഞുന്നിരുന്നതെങ്കിലും, കിഴക്കുനിന്നുണ്ടായി ക്കൊണ്ടിരുന്ന പാണ്ഡ്യാക്രമണങ്ങള്‍ മൂലം പണ്ടുകാലത്തുണ്ടായിരുന്ന പ്രതാപങ്ങളൊക്കെ നഷ്ടപ്പെട്ടു ശോഷിതമായി ത്തീര്‍ന്നു കഴിഞ്ഞിരുന്നു. ആയ്‌രാജ്യത്തിന്റെ തെക്കുഭാഗമായിരുന്ന നാഞ്ചിനാടും - അതായത് തെക്കന്‍ തിരുവിതാംകൂര്‍ - മറ്റും പാണ്ഡികളുടെ പിടിയിലമര്‍ന്നു കഴിഞ്ഞിരുന്നു.

(കുലശേഖരന്റെ ചേരരാജ്യമാണല്ലോ ആധുനികകേരളത്തിന്റെ സിംഹഭാഗവും. എന്നാല്‍ അന്നത്തെ ആയ്ജ്യത്തിന്റെ ചിലഭാഗങ്ങള്‍കൂടി ഇന്നത്തെ കേരളത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ആ രാജ്യത്തെ ചരിത്രത്തെക്കൂടി സ്പര്‍ശിക്കുന്നത് ഉചിതമായിരിക്കുമല്ലോ. പൂര്‍വാപരബന്ധം നഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ് ആയ് രാജ്യത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ ചേരരാജ്യചരിത്രത്തിനു സമാന്തരമായി ഇടക്ക് കുറിച്ചിരിക്കുന്നത്. വായനക്കാര്‍ക്ക് ഇത് ആശയക്കുഴപ്പത്തിനു കാരണമാവുകയില്ലെന്നു പ്രതീക്ഷിക്കുന്നു - ഗ്രന്ഥകാരന്‍ )

ഒന്നാം ചേരരാജാക്കന്മാരുടെ ആസ്ഥാനം വഞ്ചിമുത്തൂര്‍ ആയിരുന്നല്ലോ. രണ്ടാം ചേരരാജാക്കന്മാര്‍ മഹോദയപുരം കേന്ദ്രമാക്കിക്കൊണ്ടാണ് ഭരണംനടത്തിയിരുന്നത്. എ ഡി 820 മുതല്‍ 844 വരെ ചേരരാജ്യം ഭരിച്ചത് കുലശേഖരവര്‍മ്മയുടെ പിന്‍ഗാമിയായ രാജശേഖരചക്രവര്‍ത്തിയാണ്. കേരളത്തില്‍ നിന്നും കണ്ടുകിട്ടിയിട്ടുള്ളവയില്‍വെച്ച് ഏറ്റവും പഴയരാജശാസനം ഇദ്ദേഹം എഴുതിയ വാഴപ്പള്ളി ശാസനമാണ്. രാജശേഖരന്‍ ഒരു ശൈവനായിരുന്നു. ഹൈന്ദവാചാര്യ ന്മാരില്‍ ഏറ്റവും പ്രഗത്ഭനായ ശ്രീ ശങ്കാരാചാര്യന്‍ (എ ഡി 805 - 837) ഹിന്ദുമത പ്രവര്‍ത്തനങ്ങള്‍ക്ക് നവീന പ്രചോദനം നല്‍കുന്നത് ഈ കാലത്താണ്. പെരിയാറിന്റെ തീരത്ത് - കാലടി എന്ന സ്ഥലത്ത് - ഒരു ബ്രാഹ്മണപുത്രനായി ജനിച്ച അദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ ഭാരതം മുഴുവന്‍ സന്ദര്‍ശിച്ചു. ഉപനിഷത്തുകളും ഭഗവത്ഗീതയും സീക്ഷ്മമായി അപഗ്രഥിച്ച് അദ്ദേഹം വിശ്വവിഖ്യാതമായ അദ്വൈതസിദ്ധാന്തം ആവിഷ്‌കരിച്ചു. നിത്യമായുള്ളത് ബ്രഹ്മംമാത്രമാണെന്നും ജീവന്‍ ബ്രഹ്മാംശമാണെന്നും അദ്ദേഹം സ്ഥാപിച്ചു. ഭാരതത്തിലുടനീളം സഞ്ചരിച്ച് അദ്വൈതസിദ്ധാന്തം പ്രചരിപ്പിക്കുകയും തത്വചിന്താധിഷ്ഠിതമായ വാദപ്രതിവാദങ്ങള്‍ നടത്തി ബുദ്ധ ജൈനമതങ്ങളുടെമേല്‍ ഹിന്ദുമതത്തിനുള്ള ഔന്നത്യം മറ്റുള്ളവര്‍ക്ക് മനസിലാക്കിക്കൊടുക്കുകയും ചെയ്തു. ഹിന്ദുമത്തിനു ദൈവശാസ്ത്രപരമായ അടിസ്ഥാനം നല്‍കിയ ശങ്കരന്‍ ബുദ്ധമതത്തിലെ ജനപ്രീതിനേടിയ കാര്യങ്ങളെ അംഗീകരിക്കാനും മടി കാണിച്ചില്ല. സന്യാസാശ്രമങ്ങള്‍ സ്ഥാപിച്ച് അവയില്‍ക്കൂടി ഹിന്ദുമതം പ്രചരിപ്പിക്കുന്ന ഏര്‍പ്പാട് ബുദ്ധമതത്തെ അനുകരിച്ച് അദ്ദേഹം നടപ്പാക്കിയതാണ്. ബുദ്ധമതം ഹിന്ദുമതത്തില്‍ ലയിച്ചുചേരണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി അദ്ദേഹം തുടങ്ങിവെച്ച ബുദ്ധിപരവും ക്രിയാത്മകവുമായ പദ്ധതികള്‍ കാലക്രമേണ പൂര്‍ണമായും വിജയിക്കുകയാണുണ്ടായത്.

തൃശൂരെ വടക്കേ മഠവും മറ്റും ശങ്കാരാചാര്യര്‍ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. രാജശേഖര ചക്രവര്‍ത്തിയുടെ കാലത്താണ് ഇന്നും കേരളത്തില്‍ പ്രാചാരത്തി ലിരിക്കുന്ന 'കൊല്ലവര്‍ഷം' ആരംഭിക്കുന്നത്. കൊല്ലവര്‍ഷം എങ്ങിനെ, എന്തടിസ്ഥാനത്തില്‍ തുടങ്ങി എന്നുള്ളതിനെക്കുറിച്ച് അനുമാനങ്ങള്‍ക്കപ്പുറം തെളിവുകളൊന്നും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. കൊല്ലവര്‍ഷം 149 ല്‍ എഴുതപ്പെട്ടിട്ടുള്ള മാമ്പിള്ളി ശാസനമാണ് ഈ കാലഗണനയില്‍ കണ്ടുകിട്ടിയിട്ടുള്ള ഏറ്റവും ആദ്യത്തെ ലിഖിതരേഖ.

അടുത്ത ചേരചക്രവര്‍ത്തിയായിരുന്ന സ്ഥാണു രവിവര്‍മ്മ (എ ഡി 844-855) യുടെ കാലത്താണ് വേണാടിലെ ഭരണാധികാരിയായിരുന്ന ഇയുനടികള്‍ ക്രിസ്ത്യാനികളുടേതായ തരിസാപ്പള്ളിക്ക് ഒട്ടേറെ അധികാരങ്ങളും ആനുകൂല്യങ്ങളും എഴുതിക്കൊടുത്തത്. എ ഡി 849 ല്‍ എഴുതപ്പെട്ട ഈ തരിസാപ്പള്ളി ശാസനം കേരള ക്രിസ്തീയ ചരിത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്. വേണാട് ചേരരാജ്യത്തില്‍പ്പെട്ട ഒരു സാമന്തരാജ്യമായിരുന്നു എന്നും തലസ്ഥാനമായ കൊല്ലം വളരെ വാണിജ്യപ്രാധാന്യമുള്ള ഒരു പട്ടണമായിരുന്നു എന്നും മറ്റും ഈ ശാസനത്തില്‍ നിന്നും മനസിലാക്കാവുന്നതാണ്. ഭാരതമെങ്ങും പ്രസിദ്ധികേട്ട ഒരു നക്ഷത്ര നിരീക്ഷണകേന്ദ്രം അന്ന് മഹോദയപുരത്ത് പ്രവര്‍ത്തിച്ചിരുന്നു എന്നുള്ളതും ഈ കാലഘട്ടത്തിലെ ശ്രദ്ധാര്‍ഹമായ ഒരു കാര്യമാണ്. ആ കാലത്ത് കേരളം സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലാണ് കഴിഞ്ഞിരുന്നതെന്നും ചൈനയുമായി വളരെ വിപുലമായ വ്യാപാരബന്ധമുണ്ടായിരു ന്നെന്നും മറ്റും എ ഡി 51 ല്‍ കേരളം സന്ദര്‍ശിച്ച അറബി വ്യാപാരി സുലൈമാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ഭരണാധികാരിയായിരുന്ന രാമവര്‍മ്മ ഒരു വലിയ സാഹിത്യപണ്ഡിത നായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമി ഗോദരവിവര്‍മ്മ (എ ഡി 917 - 944) യുടെ ഭരണകാലമായപ്പോഴേക്കും കിഴക്ക് തമിഴ്‌നാട്ടില്‍ പാണ്ഡ്യരേക്കാള്‍ വലിയ ശക്തിയായി ചോളന്മാര്‍ വളര്‍ന്നു കഴിഞ്ഞു. പണ്ട് ആയ് രാജ്യത്തിന്റെ ഭാഗങ്ങളായിരുന്ന നാഞ്ചിനാടും മറ്റും ചോളന്മാര്‍ പിടിച്ചടക്കി. ആയ് വംശത്തിലെ അവസാനത്തെ രാജാവായ വിക്രമാദിത്യവരഗുണന്‍ എ ഡി 925 ല്‍ മരിക്കുന്നതോടുകൂടി ആയ് രാജ്യം ചേരരാജ്യത്തിന്റെ വേണാട്ടു വിഭാഗത്തില്‍ ചേര്‍ന്നു. ചേരരാജ്യം അതിന്റെ ചരിത്രത്തില്‍ ഏറ്റവും വിസ്തൃതമായത് ഇതോടുകൂടിയാണ്. അതുപോലെ തന്നെ ഈ രാജ്യം തെന്നിന്ത്യയിലെ ഒരു വലിയ സൈനികശക്തിയായി ഉയരുകയും ചെയ്തു.

കുലശേഖരന്മാരുടെ ഇതുവരെയുള്ള ഭരണകാലം കേരളത്തിന്റെ സുവര്‍ണയുഗ മായിരുന്നു എന്നു പറയാം. രാജ്യം സാമ്പത്തികമായും സാംസ്‌കാരികമായും വളരെ ഉയര്‍ന്ന നിലയിലെത്തി. ചക്രവര്‍ത്തിയെ പെരുമാള്‍ എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം നിയമിച്ച നാടുവാഴികളാണ് നാടുകളുടെ അഥാവ പ്രവിശ്യകളുടെ ഭരണം നടത്തിയിരുന്നത്. സാമന്തരാജ്യങ്ങളിലെ ഭരണകാര്യങ്ങളില്‍ മേല്‍നോട്ടം വഹിച്ചിരുന്നത് കോയിലധികാരികളായിരുന്നു. 'കര'യായിരുന്നു സാന്രാജ്യത്തിലെ ഏറ്റവും ചെറിയ ഘടകം. അവിടെ ഭരണം നടത്തിയിരുന്നത് പഞ്ചായത്തും. അധികാരി, പടനായകന്‍, ഭണ്ഡാരം, കാപ്പാന്‍, മതില്‍ നായകന്‍, തീയമാഴ് വാന്‍ (പൊലീസ് ഇന്‍സ്‌പെക്ടര്‍) തുടങ്ങിയ ഉദ്യോഗസ്ഥന്മാരാണ് ഭരണയന്ത്രം ഓടിച്ചുകൊണ്ടിരുന്നത്. അക്കാലത്ത്, കേരളത്തില്‍ അതിശക്തമായ ഒരു നാവികസേനയുണ്ടായിരുന്നു.

എല്ലാവിധ ജീവിതസൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു പട്ടണമായിരുന്നു രാജധാനിയായ മഹോദയപുരം. നക്ഷത്ര നിരീക്ഷണശാലയില്‍ കൃത്യമായി സമയം രേഖപ്പെടുത്തുന്നതിനും ഓരോ നാഴികകഴിയുന്തോറും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണിനാദം മുഴക്കുവാനുള്ള ഏര്‍പ്പാടുകളും ഉണ്ടായിരുന്നു. വിദേശങ്ങളുമായുള്ള വ്യാപാരത്തില്‍ കേരളത്തിന് വലിയവരുമാനമുണ്ടായി. കുരുമുളക്, കറുവാപ്പട്ട, തേക്ക്, ദന്തം, മുത്ത്, പരുത്തിത്തുണി മുതലായ ചരക്കുകളാണ് ഇവിടെനിന്നും കയറ്റി അയക്കപ്പെട്ടു കൊണ്ടിരുന്നത്. ചൈനയുമായിട്ടായിരുന്നു ആ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടന്നിരുന്നതെന്നൂഹിക്കാന്‍ ധാരാളം ന്യായങ്ങളുണ്ട്. ചീനവല, ചീനച്ചട്ടി, ചീനവെടി മുതലായവയൊക്കെ ചൈനക്കാരുടെ ഇറക്കുമതിയായിരിക്കാം. വ്യാപാരരംഗത്ത് ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കും വളരെ പ്രാമാണ്യമുണ്ടായിരുന്നത് ആ കാലത്തുണ്ടായിട്ടുള്ള രാജശാസനങ്ങളില്‍ നിന്ന് വ്യക്തമാണ്.

സ്വതന്ത്രമായ മലയാളഭാഷ വ്യാപിച്ചുകഴിഞ്ഞെങ്കിലും സാഹിത്യകൃതികളുണ്ടാകുവാന്‍ മാത്രം വികാസം നേടിയിട്ടില്ലായിരുന്നു. കുലശേഖരചക്രവര്‍ത്തിമാര്‍ കലയേയും സാഹിത്യത്തേയും ഉദാരമായി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നുതന്നെയല്ല അവരില്‍ പലരും മഹാപണ്ഡിതന്മാരും ആയിരുന്നു.

ഗോദരവിവര്‍മ്മയുടെ പിന്‍ഗാമിയായ ഇന്ദുക്കോതവര്‍മ്മയുടെ ഭരണകാല മായപ്പോഴേക്കും ക്രമേണ വഷളായിക്കൊണ്ടിരുന്ന ചേരചോള ബന്ധം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി. യുദ്ധത്തിന്റെ ഭീതി കാര്‍മേഘം പോലെ അന്തരീക്ഷത്തില്‍ നിറഞ്ഞു. അടുത്ത ചക്രവര്‍ത്തി ഭാസ്‌കരരവിവര്‍മ്മയാണ്. കേരള ചരിത്രത്തില്‍ 'നൂറ്റാണ്ടുയുദ്ധ'മെന്നറിയപ്പെടുന്ന സുദീര്‍ഘമായ ചേരചോള മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതോടുകൂടി കേരളത്തിന്റെ ഐശ്വര്യസമൃദ്ധമായിരുന്ന സുവര്‍ണയുഗം അവസാനിച്ചു.

*******

കടപ്പാട്: മാത്യു പാറ്റാനി എഴുതിയ 'കേരളം യുഗങ്ങളിലൂടെ' എന്ന പുസ്തകത്തില്‍ നിന്നും പകര്‍ത്തിയ 'ഹൈന്ദവവത്കരണം' എന്ന അധ്യായമാണിത്.

2014, ജൂൺ 16, തിങ്കളാഴ്‌ച

ഹിന്ദുത്വം കേരളത്തില്‍ നടപ്പാക്കിയിരിക്കുന്ന അത്യാചാരങ്ങള്‍, സ്മാര്‍ത്തവിചാരവും. - അഡ്വ: എം ജി മാത്യു പെരുമ്പാവൂര്‍


മുനഷ്യരെ സവര്‍ണര്‍ എന്നും അവര്‍ണര്‍ എന്നും രണ്ടായി തിരിച്ചു. സവര്‍ണരെ വീണ്ടും 4 ഗ്രേഡുകളായി തിരിച്ചു. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍. ബ്രാഹ്മണര്‍, ന്യൂനജാതി, അന്തരാളജാതി, ശൂദ്രജാതി, ശില്പജാതി, പതിതജാതി, നാട്ടുനീചന്മാര്‍, മലനീചന്മാര്‍ ഇത്യാദി 64 ജാതികള്‍ ഉണ്ടെന്നു ശങ്കരന്‍ വിവരിക്കുന്നു. ഇതില്‍ 54 വിഭാഗങ്ങളും നമ്പൂതിരിക്ക് തീണ്ടിക്കുളി വേണ്ടവയാണ്. ഉപജാതികളും അഅന്യോന്യം തീണ്ടല്‍ ആചരിച്ചിരുന്നു. മനുഷ്യജാതിയെ ഭിന്നിപ്പിച്ചു ജീവിതത്തെ നരകമാക്കി മാറ്റിയിരുന്ന ജാതിവ്യവസ്ഥയാണ് ഹിന്ദുത്വത്തിന്റെ പ്രായോഗിക വശം. ഈഴവനും പുലയനും പറയനുമെല്ലാം അല്പ്പഭക്ഷണംകൊണ്ട് ചാകാതെ ചത്തുകിടക്കുന്ന ഇരുകാലി മൃഗങ്ങള്‍ മാത്രമായിരുന്നു. വിദേശീയ മേല്‍കോയ്മകളുടെ ഇടപെടല്‍, പ്രത്യേകിച്ച് ക്രിസ്തീയ മിഷണറിമാരുടെ നവീകരണപ്രസ്ഥാനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, ഇന്ത്യയിലെ ജനകോടികള്‍ ഹിന്ദുമതത്തിന്റെ അന്ധകാരത്തില്‍ കിടന്നു നട്ടംതിരിയുമായിരുന്നു (J H Hutton. Caste in India, pp77-85).

പരശുരാമന്‍ കേരളം സൃഷ്ടിച്ച് ബ്രാഹ്മണര്‍ക്ക് കൊടുത്തു എന്ന കഥ കെട്ടിച്ചമച്ച് ബ്രാഹ്മണര്‍ ഭൂമി മുഴുവന്‍ സ്വന്തമാക്കി. മുഴുവന്‍ ഭൂമിയുടേയും ജന്മാവകാശം നമ്പൂതിരിമാര്‍ക്കാണ്. നമ്പൂതിരിമാര്‍ മലയാള ബ്രാഹ്മണരാണ്. 'കേവലം ഒരു ജന്മി എന്ന നിലയിലല്ല അവരുടെ കുടിയാനവന്മാര്‍ അവരെ വണങ്ങുന്നത്. അവരുടെ കണ്ണുകളില്‍ നമ്പൂതിരി രാജകീയ പ്രതിപുരുഷനും അന്നദാതാവും പരമാധികാരിയായ യജമാനനും കുടുംബ പരദേവതയും, ചുരുക്കത്തില്‍ ഈ ഭൂമിയില്‍ അവരുടെ ദൈവവുമാണ്.... അവരുടെ ശരീരം ദിവ്യമാണ്. അവരുടെ ചലനമോരോന്നും ഘോഷയാത്രയാണ്. അവര്‍ ഭക്ഷിക്കുന്നത് അമൃതാണ് ' (ട്രാവന്‍കൂര്‍ സെന്‍സസ് റിപ്പോര്‍ട്ട് 1891, വാല്യം 1, പേജ് 653)

ഇവരെ കൂടാതെ ഒരു നല്ല പറ്റം പരദേശബ്രാഹ്മണര്‍ (പട്ടന്മാര്‍) കേരളത്തിലുണ്ടായിരുന്നു. ഇവര്‍ ഊട്ടുപുരയില്‍ തിന്നു മുടിച്ചു. ബ്രാഹ്മണര്‍ക്കു പ്രതിദിനം രണ്ടു പ്രാവശ്യം സൗജന്യഭക്ഷണം നല്‍കുന്ന 42 ഊട്ടുപുരകളുണ്ടായിരുന്നു. പട്ടന്മാര്‍ ഊട്ടുപുരകളില്‍ നിന്നു കൊട്ടക്കണക്കിന് തട്ടുകയും നായര്‍ സ്ത്രീകളുമായി ബാന്ധവം നടത്തുകയും ചെയ്തുവന്നു. നാടിന്റെ ജീവരക്തം ഉറ്റിക്കുടിക്കുന്നവര്‍ എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്.

നഗ്നത ധര്‍മ്മശാസ്ത്രങ്ങളാല്‍ വിലക്കപ്പെട്ടതായിരുന്നിട്ടും പൂര്‍ണ നഗ്നനായി നിന്നല്ലാതെ താന്‍ കുളിക്കരുതെന്നു നമ്പൂതിരി നിയമമുണ്ടാക്കി. അര്‍ദ്ധനഗ്നന്മാര്‍ക്കിടയില്‍ പൂര്‍ണ നഗ്നനായി സഞ്ചരിക്കുന്നതില്‍ നമ്പൂതിരി മേന്മയും സുഖവും കണ്ടെത്തി. ഈ നമ്പൂതിരി പ്രതാപത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ താലപ്പൊലികൊണ്ടുള്ള സ്വീകരണച്ചടങ്ങുകള്‍; ഇന്ന് തുണിയുടുത്തും അന്ന് മാറുകാട്ടിയും എന്ന വ്യത്യാസം മാത്രം.

നമ്പൂതിരിമാരുടെ കുടുംബങ്ങളില്‍ മൂത്ത മകനുമാത്രം വേളി മതി എന്നും, ബ്രാഹ്മണര്‍ വികാരസംപൂര്‍ത്തിക്കുപോലും ശൂദ്രസ്ത്രീകളുംമായി സംഗം ചെയ്യരുത് എന്നും ശാങ്കരസ്മൃതി കല്പ്പിക്കുന്നു. ശാങ്കരസ്മൃതിക്കു പരിഹാരമായി, തീണ്ടലിനു മാറ്റമില്ലാതെ തന്നെ നായര്‍സ്ത്രീകളുമായി ബാന്ധവവേഴ്ചയാകാമെന്ന് നമ്പൂതിരിമാര്‍ തീരുമാനിച്ചു. 90 ശതമാനം നമ്പൂതിരിമാര്‍ക്കും വിവാഹം പാടില്ലാത്ത ചുറ്റുപാടില്‍, സ്ത്രീപുഷ പ്രേമവും സഭ്യമായ സ്ത്രീസംഗവും എന്തെന്ന് അവര്‍ക്കു നിശ്ചയമില്ലാതായി. വിവാഹമില്ലാത്തതിനാല്‍, ഭാര്യയോടും സന്താനങ്ങളോടുമുള്ള വാത്സല്യവും അവര്‍ക്കജ്ഞാതമായിരുന്നു. 'കന്യകയായ അന്തര്‍ജനത്തെ അച്ഛന്‍നമ്പൂതിരിയും വേളികഴിഞ്ഞ അന്തര്‍ജനത്തെ ഭര്‍ത്താവും ഒഴികെ അന്യപുരുഷന്മാരാരും മുഖാമുഖം കാണരുത് ' എന്നത് കര്‍ക്കശമായ ജാത്യാചാരമായിരുന്നു. സ്വന്തം സഹോദരിയെ നേരിട്ട് കാണരുത് എന്ന നിയമത്തിന്‍ കീഴില്‍ സഹോദരീസഹോദര സ്‌നേഹം എന്തെന്ന് നമ്പൂതിരിമാര്‍ അറിഞ്ഞിരുന്നില്ല. സ്വന്തം ഇല്ലത്തിനകത്ത് ഇഷ്ടംപോലെ കടന്നു സഞ്ചരിക്കാന്‍ പാടില്ലാത്ത വീട്ടുകാരനായിരുന്നു നമ്പൂതിരി. ഒന്നാമത്, നമ്പൂതിരി കുടുംബമില്ലാത്തവനായിത്തീര്‍ന്നു. കുടുംബപരമായ സ്‌നേഹവികാരങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല. അവര്‍ക്ക് ആകെ കഴിയുമായിരുന്ന സ്ത്രീസംസര്‍ഗം നായര്‍സ്ത്രീകളുമായുള്ള നിശാബന്ധം മാത്രമായിരുന്നു. ഒരു പ്രതിബാധ്യതയും നിശ്ചയവുമില്ലാതെ നടത്തിപ്പോന്ന ഈ വേഴ്ച കേവലം ലൈഗികവേഴ്ചയായിരുന്നു. ജീവിതസമാനമായ സ്‌നേഹവികാരങ്ങളുടെ ഉറവ വറ്റിച്ച്, ആ രീതിയില്‍ തലമുറകളിലൂടെ വര്‍ഗപരിണാമം നടത്തിയ നമ്പൂതിരിമാര്‍ സഭ്യാസഭ്യ വിവേചനമില്ലാത്ത, സംഭോഗധ്യാനനിരതരായ ഒരു മനുഷ്യവര്‍ഗമായി. രക്തത്തിലൂറുന്ന സ്‌നേഹബന്ധങ്ങള്‍ എന്തെന്നു നിശ്ചയമില്ലാത്ത നമ്പൂതിരി, സ്വാഭാവികമായും നിസംഗനായി (പി കെ ബാലകൃഷ്ണന്‍, ജാതിവ്യവസ്ഥിതിയും കേരളചരിത്രവും, പേജ് 359 - 360)

നമ്പൂതിരിമാര്‍ക്ക് ചെയ്യാവുന്നതില്‍ ഏറ്റവും വലിയ പാതകമാണ് താഴ്‌നജാതികളിലെ സ്ത്രീകളുമായി സംഗം. ഒരു നമ്പൂതിരി ഈഴവസ്ത്രീയുമായി സംഗംചെയ്താല്‍, ആ മ്പൂതിരിയുടെ കണ്ണുരണ്ടും കുത്തിപ്പൊട്ടിച്ച് നാട്ടില്‍ നിന്നു ബ്ഹിഷ്‌കരിക്കണമെന്നായിരുന്നു ശിക്ഷാവിധി. ഒരു മാടമ്പിപ്രഭു ബ്രാഹ്മണസ്ത്രീകളുമായോ താഴ്‌നജാതിയിലെ സ്ത്രീകളുമായോ സംഗംചെയ്താല്‍ അയാളെ, കണ്ടയിടത്തുവെച്ച് വെട്ടിക്കൊന്ന്, കുറ്റസംഗതി എഴുതിയ ഓല ശരീരത്തില്‍ തറച്ച്, ആ ജഡം വീണിടത്തുകിടന്നു ചീയണം എന്നതാണു ശിക്ഷാവ്യവസ്ഥ (അതേ പുസ്തകം. പേദ് 365)

ഇല്ലത്തെ മൂത്ത പുത്രനല്ലാതെ മറ്റുള്ളവര്‍ വേളികഴിച്ചുകൂടാ എന്ന നിയമം മൂലം വിവാഹം വിലക്കപ്പെട്ടവരായി അനേകം നമ്പൂതിരിമാരും അന്തര്‍ജനങ്ങളും വീര്‍പ്പുമുട്ടി. നിവൃത്തികേടുകൊണ്ട് ഏതെങ്കിലും അന്തര്‍ജനം സംഗംചെയ്യാനിടയായാല്‍, അവരെ സ്മാര്‍ത്തവിചാരം ചെയ്ത് പടിയിറക്കുകയായിരുന്നു. പുരുഷന്മാര്‍ ഉത്തമസൂത്രം കണ്ടുപിടിച്ചു. ശൂദ്രര്‍ ബ്രാഹ്മണര്‍ക്കു തീണ്ടല്‍ജാതിയാണ്. എങ്കിലും അവര്‍ക്ക് നായര്‍സ്ത്രീകളല്ലാതെ പോംവഴികളില്ലാതായി. അതിനാല്‍, പരശുരാമന്റേതെന്ന വ്യാജേന അവര്‍ ഒരു ശാസനമുണ്ടാക്കി. 'എന്റെ സൃഷ്ടിയായ കേരളത്തില്‍ ശൂദ്രജാതിയിലെ സ്ത്രീകള്‍ക്കു പാതിവ്രത്യം നിഷിദ്ധമാണ് (മുന്‍ പുസ്തകം പേജ് 365)'

ശൂദ്രസ്ത്രീകള്‍ പരമസംപൂജ്യനായ തിരുമേനിയുമായുള്ള സഹശയനം മുജ്ജന്മ സുകൃതമായി കരുതി. സഹശയനം ആകാമെങ്കിലും ആ വീട്ടിലെ ഭക്ഷണ പാനീയങ്ങള്‍ പോലും നമ്പൂതിരിക്കു വിലക്കപ്പെട്ടതായിരുന്നു. ഒരു സ്ത്രീക്ക് ആയുഷ്‌ക്കാലത്തേക്ക് ഒരുവന്‍ മാത്രം ഭര്‍ത്താവ് എന്നും, ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീ ആജീവനാന്തം (മൊട്ടച്ചിയമ്മയായി) വൈധവ്യം അനുഭവിക്കണമെന്നും നിയമമുള്ള നമ്പൂതിരി, ചൂട്ടുകറ്റയുമായി രാത്രികാലങ്ങളില്‍ ശൂദ്രഭവനങ്ങളില്‍ കയറിയിറങ്ങുന്ന മാംസദാഹിയായി കലാശിച്ചു. (മുന്‍ പുസ്തകം. പേജ്. 365 - 366)

തന്റെ രാജ്യത്ത് ഏതെങ്കിലും നായര്‍സ്ത്രീ പുരുഷന്റെ ആഗ്രഹത്തിനു വഴങ്ങാന്‍ വിസമ്മതിച്ചാല്‍, ആ പുരുഷന് ആ സ്ത്രീയെ കൊന്നുകളയാനുള്ള അവകാശമുണ്ടെന്നു കാര്‍ത്തികപ്പള്ളി രാജാവ് വിളംബരം ചെയ്തതായി രേഖയുണ്ട്. (തിരുവികാംകൂര്‍ മരുമക്കത്തായം കമ്മിറ്റി റിപ്പോര്‍ട്ട് - Enclosure B p. VIII).

കേരളമൊഴിച്ചുള്ള ദക്ഷിണേന്ത്യയില്‍, ദേവനു മുന്‍പില്‍ നൃത്തം ചെയ്യുന്ന 'ദേവവേശ്യ'കളായ ദേവദാസികള്‍ ഒരു സ്ഥാപനമായിരുന്നു. ഒരു പ്രത്യേക ജാതി വിഭാഗമായി അവര്‍ ഇന്നും അവിടെയെല്ലാം കഴിയുന്നു.

സ്മാര്‍ത്തവിചാരം

സ്വന്തം അമ്മപെങ്ങന്മാരുടെ ചാരിത്ര്യ ദോഷങ്ങള്‍ വിസ്തരിച്ച് ശിക്ഷിക്കാന്‍ സ്ഥാപിതമായ ഏര്‍പ്പാടാണ് സ്മാര്‍ത്തവിചാരം. സ്വന്തം സ്ത്രീജനഹനനം നിത്യകര്‍മ്മമാക്കുകയും ആ ഹനനപ്രക്രിയക്ക് ഈനം തട്ടാതിരിക്കാന്‍, സഭ്യമായ മാനുഷിക ജീവിതാനുഭവങ്ങളേയും വികാരങ്ങളേയും സ്വജീവിതത്തില്‍ ഹത്യചെയ്യുകയും ചെയ്ത നമ്പൂതിരിമാര്‍ ക്രൂരത എന്തെന്നു തിരിച്ചറിയാന്‍ കഴിവില്ലാത്ത വിചിത്ര ജീവികളായി.

ശങ്കക്കിരയായ അന്തര്‍ജനത്തിന്റെ ദാസിയെ വിചാരണ ചെയ്യുന്നതോടെ സ്മാര്‍ത്തവിചാരം ആരംഭിക്കുന്നു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു വന്നാല്‍ പ്രതിയായ അന്തര്‍ജനത്തെ, വീട്ടുകാരുള്‍പ്പെടെ ആര്‍ക്കും സംഗംചെയ്യാനാവാത്തവിധം 'അഞ്ചാംപുര'യിലേക്കു മാറ്റി ദാസിമാരുടെ കാവല്‍ ഏര്‍പ്പെടുത്തുന്നു. പ്രതിയുടെ അന്തര്‍ജനപദവി മാനിച്ച് മറയ്ക്കപ്പുറം നിര്‍ത്തി മുഖാമുഖം കാണാതെ ആരംഭിക്കുന്ന വിചാരണ, ആ സ്ത്രീ കുറ്റം സമ്മതിച്ചു 'സാധന'മാകുംവരെ തുടരുന്നു.

സ്ത്രീ കുറ്റം സമ്മതിക്കാതിരുന്നാല്‍ ദണ്ഡനമുറകള്‍ പ്രയോഗിക്കുന്നു. സ്ത്രീയെ ഒരു പായില്‍ ചുരുട്ടിക്കെട്ടി പുരപ്പുറത്തുനിന്നു മുറ്റത്തേക്ക് ഉരുട്ടിവീഴ്തുക മുതലായ നടപടികള്‍ നടത്തിയിരുന്നത് സ്ത്രീകളാണ്. (ചിലപ്പോള്‍ സ്ത്രീയെ പാര്‍പ്പിച്ചിരിക്കുന്ന പുരയിലേക്ക് എലികളേയും ചേരപ്പാമ്പുകളേയും തനിമൂര്‍ഖനെ പോലും കടത്തിവിട്ട് വാതിലടക്കുന്നു.) പുരപ്പുറത്തുനിന്ന് ഉതുട്ടിയിടുമ്പോള്‍ സ്ത്രീയെ പായില്‍ തെറുത്തുകെട്ടുന്നത്, കുറ്റസമ്മതം നടത്തുംമുന്‍പ് അവള്‍ അന്തര്‍ജനമാണെന്നും അന്തര്‍ജനത്തെ മറ്റാര്‍ക്കും കാണാന്‍ പാടില്ലെന്നുമുള്ളതുകൊണ്ടാണ്. കുറ്റം സമ്മതിച്ചുകഴിഞ്ഞാല്‍ അവള്‍ അന്തര്‍ജനമെന്ന പദവി നഷ്ടപ്പെട്ട് 'സാധന'മായി. സാധനത്തെ സ്മാര്‍ത്തന്മാര്‍ നേരിട്ടുനിര്‍ത്തി വിസ്താരം തുടരുന്നു. ഇന്നയിന്ന ആളുകളുമായി ജാരസംസര്‍ഗം നടത്തിയെന്നു സമ്മതിച്ചാലും, അതിന് ജാരന്റെ ഗുഹ്യഭാഗങ്ങളിലെ അടയാളമുള്‍പ്പെടെ വിശ്വാസയോഗ്യമായ വിശദവിവരങ്ങള്‍ നല്‍കിയാലും സാധനത്തിന് ശിക്ഷയേറ്റുള്ള മോചനം ലഭിക്കുന്നില്ല. ഒടുവില്‍, കുട്ടിപ്പട്ടരെക്കൊണ്ട് സാധനം പിഴച്ചു എന്ന് ഉറക്കെ പ്രഖ്യാപിച്ച ശേഷം സാധനത്തെ പടിയടച്ചു പുറന്തള്ളുകയും, ആ സന്താനത്തിന്റെ പിണ്ഡകര്‍മ്മങ്ങള്‍ ആചരിച്ചു ശുദ്ധം മാറുകയും ചെയ്യുന്നു. (ജാതിവ്യവസ്ഥയും കേരളചരിത്രവും. പേജ് 360 - 62)

സന്ധ്യയായാല്‍ ചൂട്ടുകറ്റയുംകെട്ടി, നായര്‍തറവാടുകള്‍ കയറിയിറങ്ങി ശൂദ്രസ്ത്രീകളുമായി സംഗംചെയ്തു നേരംവെളുപ്പിക്കുന്ന ബ്രാഹ്മണസത്തന്മാരാണ് സ്മാര്‍ത്തവിചാരം നടത്തുന്നത്. സ്വന്തം വിവാഹം വിലക്കുകയും സ്വന്തം സ്ത്രീജനങ്ങളുടെ വിവാഹം വിലക്കി അവരെ നിത്യകന്യകകളായി പാര്‍പ്പിക്കുകയും ചെയ്തിട്ടാണ് അവര്‍ മറ്റു സ്ത്രീകളുടെമേല്‍ നീചമായ ഈ ദണ്ഡനമുറകള്‍ നടപ്പാക്കുന്നത്. ഇതെല്ലാമാണ് സനാതനമെന്നു ഹിന്ദുത്വം പറയുമ്പോള്‍, സ്വാതന്ത്ര്യദാഹികളായ അന്തര്‍ജനങ്ങള്‍ പറയുന്നു ഇതെല്ലാം സനാതന അധര്‍മ്മങ്ങളാണെന്ന്. സനാതനധര്‍മ്മമെന്ന വാക്ക് ഉപയോഗിച്ച് ബ്രാഹ്മണസ്ത്രീകളെ അത്യാചാരക്കുടുക്കുകളിലിട്ടു ദണ്ഡനമുറകള്‍ക്കടിമകളാക്കാമെന്ന് ഹിന്ദുത്വമേധാവികള്‍ ഇനി മോഹിക്കേണ്ടതില്ല. വ്യഭിചാരക്കുറ്റത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലണമെന്നു പുലമ്പിയ കപടഭക്തിക്കാരോട്, നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമതെറിയട്ടെ എന്നു വിധികല്‍പ്പിച്ച ക്രിസ്തുവിനേയും അവന്റെ വിധികളേയും കുറിച്ച് അന്തര്‍ജനങ്ങളും കേട്ടിട്ടുണ്ട്. ഭാരതത്തിലെ സ്ത്രീകള്‍ ഇന്നു സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുന്നവരാണ്. സനാതന അധര്‍മ്മപാശങ്ങളാല്‍ ബന്ധിക്കപ്പെട്ട് അടിമ നുകത്തില്‍ കുടുങ്ങാന്‍ ഭാരതസ്ത്രീകളെ ഇനി കിട്ടുകയില്ല.

ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ തലമൊട്ടയടിച്ച് വൈധവ്യം ആചരിച്ചുകൊള്ളണമെന്നും, ഭാര്യമരിച്ചാല്‍ ഭര്‍ത്താവിന് പുനര്‍വിവാഹം ചെയ്യാമെന്നുമുള്ള ആ 'ധര്‍മ്മം' മേലാല്‍ നടപ്പാവുകയില്ല. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ കൂടെ ചാടണമെന്നും, ഭാര്യ മരിച്ചാല്‍ ഭര്‍ത്താവ് ഭാര്യയുടെ ചിതയില്‍ ചാടേണ്ട എന്നുമുള്ള നിയമം മേലാല്‍ നടപ്പാവുകയില്ല. ധര്‍മ്മാധര്‍മ്മങ്ങളെ കുറിച്ച് ബ്രാഹ്മണനും ഹിന്ദുത്വമേധാവികള്‍ക്കും വിവേചിപ്പാന്‍ കഴിവില്ലെങ്കിലും, തെറ്റും ശരിയും മനസിലാക്കാനുള്ള സാമാന്യജ്ഞാനം സാധാരണക്കാര്‍ക്കും കിട്ടിയിട്ടുണ്ട്. ഇന്നാട്ടിലെ ബ്രാഹ്മണരെ ഒന്നടങ്കം ആക്ഷേപിക്കുന്നതു ശരിയല്ല. അവരില്‍ മനുഷ്യത്വമുള്ള മഹാമനസ്‌കര്‍ പഴയകാല ശീലങ്ങല്‍ മനസാ മറന്ന്, ജാതി മത വര്‍ഗ വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യന്‍ എന്ന ഏകത്വത്തെ ദര്‍ശിക്കുന്നു. ധര്‍മ്മസംസ്ഥാപനത്തിനെന്നു പറഞ്ഞ് അധര്‍മ്മം പ്രവര്‍ത്തിക്കുന്നവര്‍ ഹിന്ദുത്വം, സനാതനധര്‍മ്മം എന്നെല്ലാം പറഞ്ഞ് ദുര്‍ബലമനസ്‌കരെ അടിമത്തത്തിലേക്കു മടക്കിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. സവര്‍ണരില്‍ താണവരായ ശൂദ്രരേ(നായന്മാരേ), അവര്‍ണരായ ഈഴവര്‍, പുലയര്‍, പറയര്‍ തുടങ്ങിയവരേ, നിങ്ങള്‍ക്കു കൈവന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി ഹിന്ദുത്വമെന്ന ഈരാക്കുടുക്കില്‍ കുടുങ്ങാതെ സൂക്ഷിക്കുക.

(ഇന്ത്യന്‍ ന്യൂസ്, 1996 ജൂണ്‍)

****

ഈ ലേഖനം 1997 ല്‍ എറണാകുളം, എടവനക്കാടുള്ള ദൂത് ബുക്ക്‌സ് ഇറക്കിയ 'അവര്‍ണപക്ഷ രചനകള്‍' എന്ന പുസ്തകത്തിലും ഉള്‍പ്പെടുത്തിയിരുന്നു. www.scribd.com ല്‍ നിന്നും പുസ്തകം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

2014, ജൂൺ 15, ഞായറാഴ്‌ച

ത്രേതായുഗത്തിലെ രാമന്‍ അയോധ്യയില്‍ ജനിച്ചതെങ്ങനെ ? - ശാസ്ത്രജ്ഞന്‍ ഡോ. പി രാഘവന്‍ പാട്ടത്തില്‍


'പന്തികന്ധരമുഖ രാക്ഷസവീരന്മാരാല്‍
സന്തതം ഭാരേണ സംതപ്തയാം ഭൂമിദേവി
ഗോപുരം പൂണ്ടു ദേവതാപസഗണത്തോടും
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം'

രാവണനുള്‍പ്പെടെയുള്ള രാക്ഷസന്മാരുടെ ഭാരംകൊണ്ട് ദുഖിതയായ ഭൂമിദേവി ബ്രഹ്മാവിനെക്കണ്ടു തന്റെ ബുദ്ധിമുട്ടുകള്‍ കരഞ്ഞുപറഞ്ഞ കാര്യമാണ് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ എഴുതിയിരിക്കുന്നത്. ഇത് അധ്യാത്മരാമായണം ബാലകാണ്ഡത്തി ലുള്ളതാണ്. തന്റെ സ്ത്രീരൂപം മാറ്റി എന്തിനാണ് ഭൂമിദേവി പശുവിന്റെ രൂപത്തില്‍ ബ്രഹ്മാവിന്റെ സന്നിധിയില്‍ എത്തിയതെന്ന് നമുക്കറിഞ്ഞുകൂടാ. (പണ്ടോക്കെ സ്ത്രീകള്‍ പുരുഷന്മാരുടെ അടുത്തു പോകുമ്പോള്‍ മുഖം മറയ്ക്കാറുള്ളതു പോലെ ദേവിമാര്‍ ദേവന്മാരുടെ അടുത്തുപോകുമ്പോള്‍ രൂപം മാറണമെന്നുള്ള പുരുഷാധിപത്യ നിയമം ദേവലോകത്തുണ്ടായിരിക്കണം എന്നു കരുതാം ). ഭൂമിയെ തലയിലും (തോളിലും) താങ്ങി നിര്‍ത്തിക്കൊണ്ടിരിക്കുന്നു (എന്ന് അന്ധവിശ്വാസികള്‍ കരുതുന്ന) വസുന്ധരക്ക് രാവണാദികളുടെ ഭാരംകൊണ്ട് താങ്ങാന്‍ വയ്യാത്ത ദുഖമുണ്ടായി എന്നതാണ് വിഷയം.

കഥ തുടരുന്നതിങ്ങനെയാണ്. സ്വയം പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നമായതുകൊണ്ട് ഭൂമിദേവിയേയും മറ്റ് ദേവന്മാരേയും മുനിമാരേയും കൂട്ടി ബ്രഹ്മാവ് സാക്ഷാല്‍ വിഷ്ണുവിനെ കാണാന്‍ പാലാഴി തീരത്ത് പോയി ഭജനമിരിക്കുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പ്രത്യക്ഷപ്പെട്ട വിഷ്ണു കാര്യം തിരക്കി.

പൗലസ്ത്യ തനയനാം രാവണന്‍ തന്നാലിപ്പോള്‍
ത്രൈലോക്യം മുടിഞ്ഞിതു മിക്കതും ജഗല്‍പ്പതേ

പാകശാസനനെയും സമരേ കെട്ടികൊണ്ടു
നാകശാസനവും ചെയ്തീടിനാന്‍ ദശാനനന്‍

എന്നിങ്ങനെ രാവണന്‍ ലോകം മുഴുവന്‍ നശിപ്പിച്ച കാര്യവും മുനിമാരെ പിടിച്ചു ഭക്ഷിക്കുന്ന കാര്യവുമൊക്കെയാണ് ബ്രഹ്മാവ് അപ്പോള്‍ അവതരിപ്പിച്ചത്. മനുഷ്യനാല്‍ മാത്രമേ മരണമുണ്ടാകൂ എന്നു വരമുള്ള രാവണനെ വിഷ്ണു തന്നെ മനുഷ്യനായി വന്നവതരിച്ചു കൊല്ലണമെന്ന അഭ്യര്‍ത്ഥനയും നടത്തുന്നു. (രസകരമെന്നു പറയട്ടെ, ഈ വരംകൊടുത്തത് നിസഹായനായി വിഷ്ണുവിന്റെ മുന്നില്‍ നിന്ന ബ്രഹ്മാവുതന്നെയായിരുന്നു.)

ഭൂമിദേവിക്കനുഭവപ്പെട്ട രാവണാദികളുടെ ഭാരമായിരുന്നു ആദ്യ പ്രശ്‌നം. വിഷ്ണുവിന്റെ അടുത്തെത്തിയപ്പോള്‍ അത് രാവണന്റെ ക്രൂരകൃത്യങ്ങളായി മാറി. മനോഹരമായൊരു കാവ്യം എന്ന നിലയില്‍ അധ്യാത്മരാമായണത്തെ നമുക്കു ശ്ലാഘിക്കാമെങ്കിലും അതില്‍ വിവരിക്കുന്ന ഈ കഥ അനേകം വരോധാഭാസങ്ങളെ പുറത്തുകൊണ്ടുവരുന്നു.

1. രാമാവതാരത്തിന്റെ ശരിയായ കാരണം ഭൂമിദേവിക്കുണ്ടായ ഭാരക്കൂടുതലാണോ അതോ രാവണന്റെ ദുഷ്പ്രവൃത്തികളോ?

2. ഏകദേശം 5973600000 ട്രില്യണ്‍ ടണ്‍ തൂക്കമുള്ള ഭൂമിക്ക് എങ്ങനെയാണ് കുറച്ച് രാക്ഷസന്മാരുടെ ഭാരം (അത് ഒരുകോടി ആനകളുടെ തൂക്കത്തിന് സമമായാല്‍ പോലും) അധിക ഭാരമായി വരുന്നത് ?

3. ഭൂമിദേവി വന്നു പറഞ്ഞില്ലായിരുന്നെങ്കില്‍ രാമാവതാരം ഒരിക്കലും ഉണ്ടാവുമായിരുന്നില്ലേ ?

4. ഈ സ്ത്രീദേവത വന്നു പറയുന്നതുവരെ എല്ലാ കാര്യങ്ങളുടേയും അമരക്കാരനെന്നു പറയുന്ന വിഷ്ണുവിനും ഈ പ്രശ്‌നം അറിയില്ലായിരുന്നു എന്ന് നമുക്ക് അനുമാനി ക്കേണ്ടിയിരിക്കുന്നു.

5. ബ്രഹ്മാവും മറ്റുള്ളവരും വന്നു പറയുന്നതുവരെ ത്രികാലജ്ഞാനിയാണെന്ന് എല്ലാവരേയും വിശ്വസിപ്പിച്ചിട്ടുള്ള ഈ ദേവന്മാരുടെ ദേവന്‍ എന്തു ചെയ്യുക യായിരുന്നു. ?

6. നമ്മുടെ പുരാണങ്ങളെല്ലാം പറയുന്നത് പുഷന് സ്ത്രീയേക്കാള്‍ കായികബല മുണ്ടെന്നാണ് (അത് ശരിയുമാണ്) അങ്ങനെയിരിക്കെ ഇത്രയും ഭാരമുള്ള ഭൂമിയെ താങ്ങി നിര്‍ത്താന്‍ ഒരു സ്ത്രീദേവിയെ നിയോഗിച്ചത്. അക്ഷന്തവ്യമായ ലിംഗവിവേചനമല്ലേ?

7. സാന്ദര്‍ഭികമായി ഭൂമിയെ താങ്ങുന്ന ഈ ദേവത എവിടെയാണ് നില്‍ക്കുന്നത് (അല്ലെങ്കില്‍ വെിടെയാണ് സ്വന്തം പാദം ഉറപ്പിച്ചിരിക്കുന്നത് ) എന്ന ചോദ്യം ഒരു താങ്ങുമില്ലാതെ തൂങ്ങിനില്‍ക്കുന്നു.

ഇനി (പാവം) മേദിനി ദേവി താങ്ങുന്നെന്നു വിശ്വാസികളായ ഹിന്ദുക്കള്‍ കരുതുന്ന ഈ ഭൂമിയുടെ ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകള്‍ നമുക്ക് നോക്കാം. ഭൂമിയുടെ ഭാരം (mass) 5.9736X10 - 21 ടണ്‍ ആണ്. അതായത് 5973600000000000000000 ടണ്‍. നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത സംഖ്യയാണ്. ഈ ഗ്രഹത്തിന്റെ ശരാശരി സാന്ദ്രത 5.515 g/cm (3) ആയെടുത്താണ് ഇത് കണക്കാക്കിയിരിക്കുന്നത്. ശരാശരി 12742 കിലോ മീറ്റര്‍ വേഗതയില്‍ സ്വയം കറഞ്ഞുന്നു. അതോടൊപ്പംതന്നെ ഒരു മണിക്കൂര്‍ സുമാര്‍ 108000 കിലോ മീറ്റര്‍ (ഒരു സെക്കന്റില്‍ ഉദ്ദേശം 30 കിലോ മീറ്റര്‍) വേഗതയില്‍ സൂര്യനെ വലംവെക്കുകയും ചെയ്യുന്നു. ഇങ്ങനെ സ്വയം കറങ്ങുകയും, സൂര്യനെ ചുറ്റുകയും ചെയ്യുന്ന ഈ ഗ്രഹത്തെ താങ്ങുന്നു എന്ന് കരുതുന്ന ഭൂമിദേവിയുടെ അവസ്ഥയെക്കുറിച്ചൊന്നാലോചിച്ചു നോക്കൂ! ഭൂമിയെ താങ്ങുന്നു എന്ന ധാരണ ഉണ്ടായത് അത് നിശ്ചലമായ വസ്തു എന്നുള്ള നിഗമനത്തിലാണ്. ഇതേ ധാരണപ്പിശക് ഖുറാനിലും ബൈബിളിലും ഒരേപോലെ നമുക്ക് കാണാം.

ഭൂമിയും അതുപോലെ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരു താങ്ങുമില്ലാതെ കൃത്യമായി കറങ്ങിക്കൊണ്ടിരിക്കുന്നത് പ്രാപഞ്ചിക ഗുരുത്വാകര്‍ഷണ നിയമം മൂലമാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത് സര്‍ ഐസക് ന്യൂട്ടന്‍ ആണ് (5 July 1687). പ്രപഞ്ചവസ്തുക്കളുടെ പരസ്പരമുള്ള ആകര്‍ഷണ (ബലം) അവയുടെ ഭാരത്തിന്റെ ഗുണനത്തിന് നേരനുപാതത്തിലും, അവ തമ്മിലുള്ള ദൂരത്തിന്റെ വര്‍ഗത്തിന്റെ വിപരീതാനുപാതത്തിലു മായിരിക്കുമെന്നു തന്റെ കണക്കുകളിലൂടെ അദ്ദേഹം തെളിയിച്ചു.

ശാസ്ത്രീയമായ വിവരങ്ങള്‍ വളരെ കുറവുള്ള കാലഘട്ടത്തിലാണ് മറ്റു മതഗ്രന്ഥങ്ങളെ പ്പോലെ വാല്മീകി രാമായണവും എഴുതപ്പെട്ടത്. അതിനെ അടിസ്ഥാനമാക്കി തന്റെ ഭാവനയും കൂട്ടിച്ചര്‍ത്തു എഴുത്തച്ഛന്‍ അധ്യാത്മരാമായണവുമുണ്ടാക്കി. അതുകൊണ്ടുതന്നെയായിരിക്കണം ഈ കൃതിയില്‍ ധാരാളം അയുക്തിപ്രസ്താവനകളും പൊരുത്തക്കേടുകളും നിറഞ്ഞു നില്‍ക്കുന്നത്. സന്ദര്‍ഭവശാല്‍, എട്ടുലക്ഷത്തി അറുപത്തി ഒന്നായിരം കൊല്ലങ്ങള്‍ക്കു മുമ്പ് ജീവിച്ചെന്ന് കുറച്ചുപേര്‍ വിശ്വസിക്കുന്ന ത്രേതായുഗത്തിലെ രാമനെ അയോധ്യയില്‍ ബാബറി മസ്ജിദിന്റെ ഗര്‍ഭഗൃഹത്തില്‍ തന്നെയാണ് പ്രസവിച്ചതെന്ന് അടിയുറച്ചു വിശ്വസിച്ചു. ആ പള്ളി തകര്‍ത്തു കളഞ്ഞതിന്റെ ഒരു കാരണം ഇത്തരം ഇതിഹാസ ഗ്രന്ഥങ്ങള്‍ ഉണ്ടാക്കിയ മതാന്ധതയും മതവിശ്വാസവുമല്ലേ ?

ദ്വപരയുഗം (ത്രേതായുഗത്തിനു ശേഷം വന്ന യുഗം) = 8,64000 വര്‍ഷം, കലിയുഗം ഇതുവരെ=ഉദ്ദേശം 5000 വര്‍ഷം അങ്ങനെ ആകെ 8,69,000 വര്‍ഷം.

*****

'യുക്തിരാജ്യം' മാസികയുടെ 2013 ഒക്ടോബര്‍ ലക്കത്തിലാണ് ഈ ലേഖനമുള്ളത്.

2014, ജൂൺ 14, ശനിയാഴ്‌ച

ആനന്ദക്കുട്ടന്റെ 'ചീത' - ശ്രദ്ധേയമായ ഒരു സംഭാഷണകാവ്യം.


1948 മാര്‍ച്ചില്‍ ആനന്ദക്കുട്ടന്‍ എഴുതിയ സംഭാഷണ കാവ്യമാണ് 'ചീത'. ഈ കൃതിയുടെ രചന സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ യായിരുന്നെങ്കിലും ആ നാളുകള്‍ സമരങ്ങളുടേയും പോരാട്ടങ്ങളുടേയും തിരിച്ചടികളുടേതും കൂടിയായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാ ലറിയാം. ഡോ. അംബേഡ്കര്‍ പ്രസ്താവിച്ചതുപോലെ ('ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ അത് ഒരു അധികാരക്കൈമാറ്റം മാത്രമായിരിക്കും') മേലാളന് ആ സമരം സാമ്രാജ്യത്വ ശക്തികളെ തുരത്താനായിരുന്നുവെങ്കില്‍ കീഴാളന്, വിദ്യാഭ്യാസം, പാര്‍പ്പിടം, വസ്ത്രധാരണം, വഴിനടക്കല്‍ തുടങ്ങിയ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു ആ കാലഘട്ടത്തിലെ സമരങ്ങള്‍. കീഴാളന്‍ അതിനുവേണ്ടി രക്തം ചൊരിയുമ്പോള്‍ അക്ഷരലോകത്ത് അവര്‍ക്കുവേണ്ട പോരാട്ടവീര്യം പകര്‍ന്നത് പ്രധാനമായും പോത്തേരി കുഞ്ഞമ്പു (മലബാര്‍) പണ്ഡിറ്റ് കെ പി കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍ (തിരു കൊച്ചി) കുമാരനാശാന്‍ (തിരുവിതാംകൂര്‍) തുടങ്ങിയവര്‍. ഈ നിരയുടെ ഇങ്ങേത്തലക്കലാണെങ്കിലും പഠിക്കപ്പെടാതെയോ പരിഗണന ലഭിക്കാതെ യോപോയ കൃതിയാണ് ചീത. അങ്ങനെ സംഭവിക്കാന്‍ കാരണം, പരാമൃഷ്ടരെല്ലാം അവര്‍ണരും ചീതയുടെ കര്‍ത്താവായ അനന്ദക്കുട്ടന്‍ സവര്‍ണനും ആയതാവാം. മേല്‍ സൂചിപ്പിച്ചവരാകട്ടെ, എഴുത്തില്‍ മാത്രമല്ല 'വിപ്ലവം' കൊണ്ടുവന്നത്, സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകകൂടി ചെയ്തിരുന്നു. എല്ലാ സാഹിത്യശാഖയിലും സൃഷ്ടിനടത്തിയിട്ടുള്ള ഗ്രന്ഥകാരനാണ് ആനന്ദക്കുട്ടന്‍. കവിയും നാടകകൃത്തും ആയ അദ്ദേഹം 'വേലുത്തമ്പിദളവാ' (ബാലസാഹിത്യം) ഭാഷാഭഗവത്ഗീത (വ്യാഖ്യാനം) എന്നിങ്ങനെയുള്ള കൃതികളും രചിച്ചിട്ടുണ്ട്. ഗ്രന്ഥകാരന്റെ, സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള പിറവി എന്നതുകൊണ്ടാവില്ല, ചീത വിലയിരുത്തപ്പെടാതെ പോയത്. 1953 ആഗസ്റ്റ്, 55 നവംബര്‍, 57 ആഗസ്റ്റ്, 59 ഏപ്രില്‍, 63 ജൂലൈ എന്നീവര്‍ഷങ്ങളില്‍ ഈകൃതിക്ക് പുതിയ പതിപ്പുകള്‍ ഇറങ്ങിയിരുന്നു. അതിനാല്‍ ഈ കൃതി വിപുലമായിത്തന്നെ വായനക്കാരിലേക്ക് എത്തിയിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല.

1963 ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം കോട്ടയം പ്രസിദ്ധീകരിച്ച പതിപ്പാണ് നമുക്ക് ലഭ്യമായിച്ചുള്ളത്. ഇതിനു ശേഷം വേറെ പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടോ എന്നത് അറിവില്ല. ലഭ്യമായ പതിപ്പിന്റെ ആദ്യത്തെ 12 പേജുകള്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ കവര്‍പേജും പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍ക്കൊള്ളുന്ന പേജും ലഭ്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗ്രന്ഥകാരനെക്കുറിച്ചുള്ള വിവരങ്ങളോ ആമുഖ - പഠനങ്ങളോ ഉണ്ടായിരുന്നോ എന്നറിയാനും നിവൃത്തിയില്ല. ആകെ 40 പേജുകളായിരുന്നു. വില 60 പൈസ. അവസാനപുറത്ത് കൊടുത്തിരിക്കുന്ന ലഘുകുറിപ്പ് പകര്‍ത്തുന്നു:

'ഇതിലെ കഥാപാത്രങ്ങള്‍ - തമ്പുരാട്ടിയും ചീതയും - ജീവിതത്തിന്റെ ഉച്ചവും നീചവുമായ രണ്ട് വിഭിന്ന പദവിയില്‍ നിന്നും സൗഹാര്‍ദ്ദ നിരത്തിലേക്കിറങ്ങി നിന്നുകൊണ്ട് അവരവര്‍ക്ക് പരിചിതമായ കാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ നടത്തുന്ന ജീവിത വിശദീകരണമാണ് ഈ ഗാനനാടകത്തിന്റെ ജീവന്‍.

ഭാരതീയ സംസ്‌കാരത്തിന്റെ പ്രത്യേകമുദ്രയായ ആപതിഭക്തി - സ്ത്രീത്വത്തിന്റെ വിജയം - പ്രൗഢമായ ആ പുരാണ സീതയിലെന്നപോലെ പാവപ്പെട്ട ഈ ചീതയിലും തെളിഞ്ഞു പ്രകാശിക്കുന്നുണ്ട്.

സന്ദര്‍ഭത്തിനനുസരിച്ച് ആശയങ്ങളും ആശയങ്ങള്‍ക്കനുയോജ്യമായ പദങ്ങളും ഉക്തിപ്രത്യുക്തികളും കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിനു പറ്റിയ ഭാവങ്ങളും ഭാഷയും ഉപയോഗിച്ച് ഈ കൃതിയെ ഗ്രന്ഥകാരന്‍ ആപാദചൂഡം മനോജ്ഞമാക്കിയിട്ടുണ്ട്. അതോടൊപ്പം ഉത്തമ സാഹിത്യകൃതികളില്‍ മാത്രം തെളിഞ്ഞുപ്രകാശിക്കുന്ന കലാസുഭഗതയും ആശയസാരള്യവും ഒഴുക്കും ഈ ലഘുകാവ്യത്തില്‍ ഇണക്കി ച്ചേര്‍ത്തിരിക്കുന്നു.'

പിന്‍കുറിപ്പുകള്‍ പലപ്പോഴും വിപണനം ലാക്കാക്കി പ്രസാധകര്‍ ചേര്‍ക്കുന്ന പരസ്യവാചകങ്ങളാകാം. എല്ലയ്‌പ്പോഴും ആമുഖ - പഠനങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉണ്ടാവണമെന്നില്ല. സൂചിപ്പിച്ചതുപോലെ സംഭാഷണരൂപത്തില്‍ എഴുതിയ കൃതിയാണ് ചീത. 6 അധ്യാങ്ങളും അതിനിടയില്‍ കാലാന്തരത്തെ സൂചിപ്പിക്കാന്‍ ലഘുവിവരണങ്ങളുമുണ്ട്. പതിഭക്തിയാണ് ഇതിവൃത്തമെന്ന് ഗ്രന്ഥകാരന്‍തന്നെ മനസിരുത്തിയിട്ടുണ്ടാവാമെങ്കിലും അതിലുപരി അക്കാലത്തെ അടിയാളന്റെ ജീവിതപരിസരം എങ്ങിനെയുള്ളതായിരുന്നുവെന്ന് ഇതിന്റെ വരികള്‍ക്കിടയിലൂടെ വായിക്കേണ്ട തില്ലെന്ന ഒരു വെച്ചവും കൃതിക്കുണ്ട്. അടിയാത്തിയുടെ ഭര്‍തൃഭക്തി അതിന്റെ പാരമ്യത്തിലാണ് കൃതിയില്‍ ഉള്‍ച്ചേരുന്നത്. ഇത് ബോധപൂര്‍വം സംഭവിക്കുന്നതല്ല. അടിയാളജീവിതം അങ്ങനെ പരുവപ്പെട്ടതാണ്. തിരിച്ച് അടിയാത്തിയോട് ഭര്‍ത്താവിന് ബഹുമാനവുമുണ്ട്. ചീതയുടെ ആണ്‍തുണയായ പുലയന്‍ എങ്ങിനെയിരിക്കുമെന്ന ചോദ്യത്തിനുത്തരമായി അവള്‍ പറയുന്നത്, അടിയനെ പോലെ കറുത്തിരിക്കുമെന്നും അങ്ങേര് അവള്‍ക്കൊരു തേവരാ (ദൈവം) ണെന്നുമാണ്. പെണ്ണേ, എന്ന് ബഹുമാനത്തോടുകൂടിയാണ് ആണ്‍പിറന്നോന്‍ തന്നെ വിളിക്കുന്നതെന്നും ചീത പറയുന്നു.

6 ആം അധ്യാത്തിന്റെ മുന്‍കുറിപ്പ്;

'ഇളവില്ലാത്ത വേല, സമരത്തിന്റെ ഭയങ്കരതമൂലം പടര്‍ന്നു പിടിച്ചിരിക്കുന്ന പട്ടിണി, അങ്ങനെ അനാരോഗ്യത്തിന്റെയും ദുര്‍ഭിക്ഷണത്തിന്റെയും ചുഴിയില്‍പ്പെട്ട ചീത വീണ്ടും തമ്പുരാട്ടിയെ കാണാന്‍ വന്നു. ആവൂ, അവള്‍ എന്തുമാറിപ്പോയി! ചുറ്റുപാടുകളെല്ലാം പാവങ്ങളെ ഞെരുക്കുകയാണ്. ഭരണകൂടം ഏര്‍പ്പെടുത്തി യിരിക്കുന്ന ചട്ടങ്ങള്‍ പോലും ഈ പാവങ്ങളുടെ അജ്ഞതമൂലം അവര്‍ക്ക് ഉപദ്രവകാരികളായിത്തീരുന്നു! ഈ നരകയാതനയുടെ നടുവിലും ചീതക്ക് ഒരു സ്വര്‍ഗമുണ്ട്. പതിപ്രേമം ! തമ്പുരാട്ടിക്ക് സ്വന്തം ആഭിജാത്യത്തെ ശപിക്കാന്‍ തോന്നി!'

പതിപ്രേമം എന്ന പരികല്പ്പനയെ പരിചരിക്കുന്നതിനായി തീര്‍ത്ത കാവ്യമാണ് ഇത്. സവര്‍ണരെ സംബന്ധിച്ചിടത്തോളം പതിപ്രേമത്തിന്റെ ഉത്തമ മാതൃക രാമായണത്തിലെ സീതയാണല്ലോ. അതുകൊണ്ടാണ് അടിയാത്തിയുടെ പേര് ചീത എന്നായത്. അത് പിന്‍കുറിപ്പില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഈ പതിപ്രേമം അടിയാത്തിയില്‍ മാത്രം എന്തുകൊണ്ട് ബാധകമാകുന്നു. വാസ്തവം അതായതുകൊണ്ട് എന്ന് സവിശേഷമായി പറയാം. രാമായണത്തിലെ സീത എന്ന പതിഭക്തിയുടെ മൂര്‍ത്തീകരണം സവര്‍ണകല്പിതമാകയാല്‍ത്തന്നെ സാഹിത്യസൃഷ്ടിയും അവരെ ചൂഴ്ന്നുതന്നെ നിര്‍മ്മിക്കപ്പെടണമല്ലോ. കാവ്യകാരന് അതിന് നിവൃത്തിയില്ലാ ത്തുകൊണ്ടാണ് മറിച്ച് സംഭവിച്ചത്. കാരണം, സവര്‍ണരിലെ നാലാംവര്‍ണത്തില്‍ പെട്ട ശൂദ്രരായ നായര്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവില്ല എന്നതു തന്നെ!. ഇല്ലാത്ത ഭര്‍ത്താവില്‍ എങ്ങിനെയാണ് നായര്‍ സ്ത്രീകള്‍ ഭക്തിയുള്ളവരായിരിക്കുക? അവിടെയാണ് നമ്മള്‍ കേരളക്കരയിലെ അന്നത്തെ സാമൂഹിക ചരിത്രം പരിശോധിക്കേണ്ടത്. നമ്പൂതിരി ഇല്ലങ്ങളിലെ മൂത്ത സഹോദരനു മാത്രമേ അന്ന് സ്വസമുദായത്തില്‍ നിന്ന് വേളി പാടുള്ളു. മറ്റു സഹോദരങ്ങള്‍ നായര്‍ തറവാടുകളിലെ സ്ത്രീകളുമായി 'സംബന്ധത്തില്‍' ഏര്‍പ്പെടുകയാണ് പതിവ്. ഒന്നിലധികം പേരോട് നായര്‍ സ്ത്രീകള്‍ക്ക് സംബന്ധമാകാം. എന്നാല്‍ സ്വജാതിയില്‍ നിന്ന് ഒരു ഭര്‍ത്താവും ഉണ്ടാകും. എന്നാല്‍ ആ ഭര്‍ത്താവ് തറവാട്ടുകാരണവര്‍ ആയിരിക്കുകയില്ല. മരുമക്കത്തായമനുസരിച്ച് അമ്മാവനാണ്, അച്ഛനല്ല തറവാട്ടിലെ അധികാരം. അച്ഛന്‍ വെറും ഒരു 'അമ്മേടെ നായര്‍' മാത്രമാണ്. സംബന്ധത്തിലും ഭര്‍ത്താവിലു മൊക്കെയായി നായര്‍ സ്ത്രീകള്‍ക്ക് കുട്ടികളുമുണ്ടാകും. തന്റെ കുട്ടികളുടെ അച്ഛന്‍, ഭര്‍ത്താവ് നായര്‍ തന്നെയോ, സംബന്ധക്കാരന്‍ നമ്പൂതിരി തന്നെയോ എന്നു തിട്ടമില്ലാത്തുകൊണ്ടാണ് ഭര്‍ത്താവ് നായര്‍ക്ക് 'അമ്മയുടെ നായര്‍' എന്ന വിളിപ്പേരുണ്ടായത്. അതാണ് ആ പ്രയോഗത്തിന്റെ ആഗമം. അങ്ങനെയുള്ള നായര്‍സ്ത്രീ ഏത് ഭര്‍ത്താവിലാണ് ഭക്തിയുള്ളവളായിരിക്കേണ്ടത് ? ഈ പ്രശ്‌നമാണ് തന്നെ കുഴക്കിയതെന്നും അതില്‍ നിന്ന് രക്ഷപ്പെടാന്‍ അടവുകള്‍ (ടെക്‌നിക്) വിദഗ്ധമായി പ്രയോഗിച്ചെന്നും കാവ്യത്തിലെ കഥാഘടനയില്‍ നിന്നും പാത്രസൃഷ്ടിയില്‍ നിന്നും ഗ്രന്ഥകാരന്‍ പ്രഖ്യാപിക്കുന്നുണ്ട്.

പുരുഷാധിപത്യം അതിന്റെ സമഗ്ര ഭീകരതയോടെയും പ്രവര്‍ത്തിച്ചത് സവര്‍ണ സ്ത്രീകളുടെ മേലാണെന്ന് ഗ്രന്ഥകാരനും ആവര്‍ത്തിക്കുന്നുണ്ട്. 'പണമുള്ള വീട്ടിലെ പെണ്‍മണിയായ് ഇനിയാരുമയ്യോ ജനിക്കരുതേ!' എന്ന് തുടക്കത്തില്‍ കുറിച്ച വരി ഒടുക്കത്തിലും ചേര്‍ത്തിട്ടുണ്ട്. സവര്‍ണ സ്ത്രീയായി ജനിക്കരുതേ - എന്നാണ് ധ്വനി. വരുടേതാണല്ലോ പണമുള്ള വീടുകള്‍. ദലിത് ബഹുജനങ്ങളുടേയും പാര്‍ശ്വ വല്‍കൃതരുടേയും സ്ത്രീകളുടേയും സാമൂഹിക നില തുല്യമാണെന്ന യാഥാര്‍ത്ഥ്യം കവി നല്ലവണ്ണം ഉള്‍ക്കൊണ്ടിട്ടുണ്ട്. പണമല്ല സാമൂഹിക പദവിയെ നിശ്ചയിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം. അതാണ് പണമുണ്ടായിട്ടും തമ്പുരാട്ടിക്ക് ഇങ്ങനെ വിലപിക്കേണ്ടി വന്നത്. ഈ സന്ദര്‍ഭം ശ്രദ്ധിക്കുക, ചീത അവസാനമായി തമ്പുരാട്ടിയെ കാണാന്‍ വരുമ്പോള്‍ വീട്ടുജോലികളൊക്കെ ആരാണ് ചെയ്യുന്നതെന്ന് തമ്പുരാട്ടി ചോദിക്കുന്നു. തന്റെ പുലയന് വീട്ടുജോലിയെടുക്കാന്‍ തന്നേക്കാള്‍ മിടുക്കുണ്ടെന്നും അതില്‍ അങ്ങേര് യാതൊരുമടിയും കാട്ടാറില്ലന്ന് മറുപടി കൊടുക്കുന്നു. അത് അവന് ഒരു കുറച്ചിലല്ലേ എന്ന തമ്പുരാട്ടിയുടെ ചോദ്യത്തിന് വീണ്ടും ചീത തുടര്‍ന്നു പറയുന്നത്, അടുക്കളവേല ചെയ്താല്‍ പുലയന് അപമാനമെന്താണെന്ന മറുപടി ചോദ്യമായിരുന്നു. തുടര്‍ന്ന് ചീതയിലും ഒരു താരതമ്യ പഠനം നടക്കുന്നു. ഉടനെ അവള്‍, താനിത്രവട്ടം ഇവിടെ വന്നിട്ടും തന്റെ പുലയനെപ്പറ്റി ആവതു ചോദിച്ചിട്ടും ഇന്നേവരെ തമ്പുരാട്ടിയുടെ തമ്പുരാനെ കണ്ടിട്ടില്ലോ, ഒന്നറിയണം എന്നായി ചീത. താനിന്നും കന്യകയാണ് !തനിക്ക് ഭര്‍ത്താവില്ല ! എന്ന് പെട്ടെന്നു മറുപടി പറഞ്ഞ് തമ്പുരാട്ടി സംഭാഷണം അവസാനിപ്പിച്ചു. രണ്ടുപ്രകാരത്തില്‍ അര്‍ത്ഥം ഗ്രഹിക്കാവുന്ന വിദഗ്ധമായ ഒരു മറുപടിയാണ് കാവ്യകാരന്‍ തമ്പുരാട്ടിയെ കൊണ്ട് കൊടുപ്പിച്ചത്. ഒന്ന് കന്യകയായി തുടരുന്നതുകൊണ്ട് തനിക്ക് ഭര്‍ത്താവില്ല. രണ്ട്, സംബന്ധക്കാരും നായന്മാരും ഏറുകയാല്‍ തനിക്ക് 'ഭര്‍ത്താവ് ' ഇല്ല. അടിയാനില്‍ നിന്നും വ്യത്യസ്ഥമായി ഉടയോനുള്ള 'ഇല്ലായ്മ'യാണ് ഇത്. അതു സൂചിപ്പിച്ചുകൊണ്ട് കവി കുറിക്കുന്നു; 'പുലയരാണെങ്കിലും നിങ്ങളെത്ര, വലിയവരേക്കാളും ഭാഗ്യമുള്ളോര്‍'.

ചീത എങ്ങനെ ഒരു ദലിത് സാഹിത്യ കൃതി ആകുന്നു എന്നതും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ദലിതരെഴുതുന്നത് മൊത്തമോ ദലിതരേക്കുറിച്ചെഴുതുന്നതോ അല്ല ദലിത് സാഹിത്യം. ചരിത്രപരവും ഭൗമികവുമായ ദലിതന്റെ ജൈവിക പരിസരത്തുനിന്നും അവന് നിഷേധിക്കപ്പെട്ട മനുഷ്യാവകാശങ്ങളേയോ അവന് എതിരുനില്‍ക്കുന്ന അയിത്തം പോലെയുള്ള പിന്‍തിരിപ്പന്‍ ഏര്‍പ്പാടുകളേയോ പ്രശ്‌നവല്‍ക്കരിച്ചു കൊണ്ട് പരിഹാര നിര്‍ദ്ദേശങ്ങളുമായി ഉയര്‍ന്നുവരുന്ന സാംസ്‌കാരിക ഉല്‍പ്പന്നത്തെയാണ് ദലിത് സാഹിത്യം എന്നു പറയുന്നത്. അയിത്തം നേരിടാത്തൊരാള്‍ക്ക് ഈ പ്രശ്‌നങ്ങളെ ഉല്‍ക്കൊള്ളാനാവില്ലെന്ന് തീര്‍ത്ത് പറയാനാവില്ല. അയിത്തം നേരിട്ടുവെങ്കിലും ഈ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട ഒരുവനില്‍ നിന്നും ഒരു സാംസ്‌കാരിക ഉല്‍പ്പന്നം ഉണ്ടായിക്കൊള്ളണം എന്നില്ല. ചീതയെപോലെയുള്ള കീഴളരുടെ ദുരവസ്ഥ തുടരുന്നതിനു കാരണം അജ്ഞതയാണെന്നു കണ്ടെത്തുന്ന കവി വിദ്യഭ്യാസ അവകാശത്തിനുവേണ്ടി പോരാടിയ നവോത്ഥാന നായകരുടെ ആ ഉന്നതമായ ആ കാഴ്ചപ്പാടുതന്നെയാണ് കാവ്യത്തില്‍ ഊടുവെക്കുന്നത്. ഒരു സമരാഹ്വാനത്തിനുള്ള വരികളൊന്നും തിരുകിക്കയറ്റിയിട്ടില്ലെങ്കിലും, ഉമ്മറത്തും മുറ്റത്തും നിന്നും സംഭാഷണ ത്തിലേര്‍പ്പെടുന്ന തമ്പുരാട്ടിയും ചീതയും സ്വാതന്ത്ര്യസമര നിര്‍ദ്ദേശങ്ങളുടെ പാഠപുസ്തകമാണ് പാരായണം ചെയ്യുന്നത്.

ചീത എന്ന പേരുതന്നെ ജാതിയുടെ രാഷ്ടരീയത്തെ നേരിടാന്‍ വേണ്ടത്ര ഇന്ധനക്ഷമതയുള്ള സമരായുധം എന്ന നിലക്കാണ് കല്പ്പിക്കപ്പെട്ടിരിക്കുന്നത്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതക്കും ആശാന്റെ മരണത്തിനും ശേഷമാണ് ആനന്ദക്കുട്ടന്‍ ചീത രചിച്ചിരിക്കുന്നത്. സീത എന്ന് പേരിടുവാന്‍ അവകാശമില്ലാ ത്തവരാണ് അടിയാള വിഭാഗങ്ങള്‍. അഥവാ സീത എന്ന് ആര്‍ക്കെങ്കിലും പേരുവിളിച്ചാലും മേലാളര്‍ അത് ചീതയാക്കും. ദൈവം തെയ് വും ദേവന്‍ തേവനും ആയതുപോലെ. മനുസ്മൃതി നിയമത്തിലാണ് പേരിനെകുറിച്ചുള്ള ഈ ബ്രാഹ്മണ കല്‍ല്പ്പന ഉള്ളത്. ത്രൈവര്‍ണികരുടെ, അതായത് ബ്രഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, എന്നിവരുടെ പേരുകള്‍ അവരുടെ പദവിയെയും ഐശ്വര്യത്തേയും സൂചിപ്പിക്കുമ്പോള്‍ ശൂദ്രരുടേത് ജൂഗുപ്‌സാവഹവും അടിമത്തത്തെ സൂചിപ്പിക്കുന്നതു മായിരിക്കണം എന്നാണ് വ്യവസ്ഥ. മനുസ്മൃതി ശൂദ്രരെരെയാണ് ഉന്നം വെക്കുന്നതെങ്കിലും, പഞ്ചമരെ ക്കുറിച്ച് യാതൊന്നും പറയുന്നില്ലെങ്കിലും ഇവിടത്തെ ശൂദ്രര്‍ തങ്ങളനുഭവിക്കുന്ന എല്ലാ ജീര്‍ണതകളും പഞ്ചമരുടെ മേല്‍ ചൊരിയേണ്ടതാണെന്ന കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്നവരും അങ്ങനെ പ്രവര്‍ത്തിക്കുന്നവരുമാണ്. ബ്രാഹ്മണ കല്‍പ്പനകള്‍ അനുസരിക്കാനും പാലിക്കാനും എക്കാലവും മുന്നില്‍ നിന്നിട്ടുള്ളവര്‍ ശൂദ്രരാണ്. അവരുടെ തത്വശാസ്ത്രങ്ങളിലെ നിര്‍ദ്ദേശങ്ങളുടെ കൃത്യത, അക്ഷരം പ്രതി പാലിക്കപ്പെടുന്നതികൊണ്ടാണ് ചീതമാര്‍ സമൂഹത്തില്‍ ഉണ്ടാക്കപ്പെടുന്നത്. ഡോ. അംബേഡ്കര്‍ പറഞ്ഞു: 'നീതിരഹിതമായി ഹിന്ദു അടിച്ചമര്‍ത്തുന്നുവെങ്കില്‍ പവിത്രവും പാവനവുമെന്ന് അവന്‍ വിശ്വസിക്കുന്ന തത്വശാസ്ത്രം അവനോട് കല്‍പ്പിക്കുന്നതു കൊണ്ടുകൂടിയാണ്.'

'നിന്നെപ്പുലയന്‍ വിളിപ്പതെന്തേ?'
'പെണ്ണെയെന്നാണെന്റെ തമ്പുരാട്ടി.'

'ഓമനയെന്നു വിളിക്കയില്ലേ ?'
'എന്നുവെച്ചാലെന്തു തമ്പുരാട്ടീ.'

പെണ്ണ് എന്നത് ഒരു പേരല്ല. പൊതുവെ സ്ത്രീകളെ വേര്‍തിരിച്ചു പറയുന്ന വാക്കാണ്. ചീതയെ സംബന്ധിച്ചിടത്തോളം അവളപടെ പുലയന്‍ തന്നെ എന്ത് വിളിക്കുന്നോ അതാണ് അവളുടെ സല്‍പ്പേര്. അടിയാളന് അടിസ്ഥാന വകാശങ്ങള്‍ പരിഗണിക്കുമ്പോള്‍ 'പേര് ' താരതമ്യേണ പിന്‍പന്തിയിലാണ്. എന്നാല്‍ തമ്പുരാട്ടിയില്‍ ഇത് പ്രശ്‌നമാണ്. തമ്പുരാട്ടിയുടെ അനുഭവത്തില്‍, പ്രേമപുരസരം ഭര്‍ത്താവ് വിളിക്കുന്ന പേര് ലഭ്യമല്ലാത്തതിലുള്ള സങ്കടം നിഴലിക്കുന്നുണ്ട്. അതുകൊണ്ടാണ് 'സംബന്ധക്കാരും നായന്മാരും ഒട്ടേറെ ഉള്ളതിനാല്‍' ഭര്‍ത്താവില്ലാത്തവളായി മാറിയതാണ് കഥയിലെ കഥാപാത്രമായ തമ്പുരാട്ടി എന്ന് നിരീക്ഷിക്കപ്പെട്ടത്.

സംഭാഷണരൂപത്തില്‍ ചോദ്യോത്തരങ്ങള്‍ മാത്രമുള്ള പദ്യകൃതിയാണ് ചീത. ഈ അപരിചിതത്വം കൃതിയെ വേറിട്ടു നിര്‍ത്തുന്ന മറ്റൊരു ഘടകമാണ്. സംഭാഷണത്തില്‍ ക്രിയാംശത്തിനുള്ള സാധ്യതകള്‍ ഏറിയിരിക്കുന്നതുകൊണ്ട് അവതരണയോഗ്യമായ ഒരു നാടകമായി ഇതിനെ പരിവര്‍ത്തിപ്പിക്കാന്‍ എളുപ്പം സാധിക്കും. 'അവതരണഗാനം' എന്ന നിലയില്‍ വളരെ ലളിതമായി ഈ കൃതിക്ക് നേരിട്ട് രംഗാവിഷ്‌കാരം കൊടുക്കാം. ദലിതപക്ഷ - സ്ത്രീപക്ഷ വായനക്കുള്ള സാധ്യതകളും അധികമായുള്ള തുകൊണ്ട് ആ നിലക്കും ഈ കൃതി ആസ്വാദ്യകരമാണ്. 

2014, ജൂൺ 13, വെള്ളിയാഴ്‌ച

വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചിട്ടില്ല ! - ഐ ശാന്തകുമാര്‍


ഐ ശാന്തകുമാര്‍
ചരിത്രം കഴിഞ്ഞകാല സംഭവങ്ങളുടെ രേഖയാണെന്നാണ് പാഠപുസ്തക നിര്‍വചനം. (History the record of past events) കഴിഞ്ഞകാല സംഭവങ്ങള്‍ അവിസ്മരണീയമാവുന്നത് അത് അന്നത്തെ വരേണ്യ വര്‍ഗങ്ങളുടേതും ഭരണവര്‍ഗങ്ങളുടേതു മാക്കപ്പെടുന്നതു കൊണ്ടാണ്. അധ്വാനിക്കുന്ന വര്‍ഗങ്ങളുടെ സംഭവങ്ങളൊന്നും സംഭവങ്ങളല്ലായിരുന്നല്ലോ. ഇപ്പോള്‍ 350 വര്‍ഷം കൊണ്ടാടുന്ന ടാജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാന്‍ എന്നും തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിര്‍മ്മിച്ചത് (1749) മാര്‍ത്താണ്ഡവര്‍മ്മയാണെന്നും അക്ബര്‍ എല്ലാ ജാതിയിലും മതത്തിലും പെട്ടവരെ വേളി ചെയ്ത് പെണ്‍കൂടുകളില്‍ (ഹേരം) പാര്‍പ്പിച്ചു നമ്പര്‍ ക്രമത്തില്‍, ദിവസവും രതിക്രീഡ നടത്തിയിരുന്നത്, മതമൈത്രി എന്നുമൊക്കെ പഠിപ്പിച്ചത് അങ്ങനെയാണ്. 6000 അടിമകളും, 4000 വിദഗ്ധ തൊഴിലാളികളും 100 ആനകളും കൂടെ ചേര്‍ന്നാണ് പത്മനാഭ സ്വാമി ക്ഷേത്രം പണിതതെന്ന് ആര്‍ക്കറിയാം, ടാജ് മഹലിനുവേണ്ടി 25000 തൊഴിലാളികളാണ് വിയര്‍പ്പൊഴുക്കിയത്. എത്രയോ കല്‍പ്പണിക്കാര്‍, കരകൗശല വിദഗ്ധര്‍, അടിമകള്‍, ആനകള്‍ ഒട്ടകം തുടങ്ങിയവയാണ് അഹോരാത്രം പണിയെടുത്തത്. ഇവരേയൊക്കെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ? 400 മൈലുകള്‍ക്കപ്പുറം രാജസ്ഥാനില്‍ നിന്നാണ് മാര്‍ബിള്‍ കൊണ്ടുവന്നത്. 1643 ല്‍ 12 വര്‍ഷമെടുത്താണ് ഈ രമ്യഹര്‍മ്യം ഭാര്യയുടെ ഓര്‍മ്മക്കായി പണിതുയര്‍ത്തിയത്. അവിടെ ജീവന്‍ ഹോമിച്ചവരേയും വിയര്‍പ്പൊഴുക്കിയവരേയും ആരോര്‍ക്കും ? ഒരു വിദേശി അതോര്‍ത്തു അതുകൂടെ പറയാം.

റഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന ക്രുഷ്‌ചേവിനെ പ്രധാനമന്ത്രി നെഹ്‌റു ഇന്ത്യയില്‍ വിളിച്ചുവരുത്തി ടാജ് മഹല്‍ കാണിച്ചു കൊടുത്തു - അനശ്വര പ്രേമത്തിന്റെ അനശ്വരസ്മാരകത്തെ. അവിടെ സൂക്ഷിച്ചിരുന്ന സന്ദര്‍ശക പുസ്തകത്തില്‍ ക്രുഷ്‌ചേവ് എഴുതി: ' ഈ മഹനീയ സ്മാരകം കെട്ടിപ്പടുക്കുന്നതിന് വിയര്‍പ്പൊഴുക്കിയ തൊഴിലാളികളുടെ മുമ്പില്‍ ഞാന്‍ തലകുനിക്കുന്നു.'

ഹിസ്റ്ററിയുടെ പാഠപുസ്തക നിര്‍വചനങ്ങളെ ഇന്ന് പൊളിച്ചഴുതിക്കൊണ്ടിരിക്കുന്നു. കുറേ സംഭവങ്ങളും രാജകീയ സേവകളും അവയുടെ പ്രകീര്‍ത്തനങ്ങളും അവ നടന്ന തിയതികളുമല്ല ചരിത്രം. എന്നാലോ, ഒരു സാമൂഹിക സാമ്പത്തിക രാഷ്ട്രീയപരിവര്‍ത്തനത്തിന് ഇടയാക്കിയ സമസ്ത സംഭവങ്ങളുടേയും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യ ങ്ങളുടേയും ശാസ്ത്രീയ സമീപനമാണ് ചരിത്രം.

കൃത്രിമത്വങ്ങളും, അതിഭാവുകത്വങ്ങളും അതിവിശേഷണങ്ങളും നല്‍കി യാഥാര്‍ത്ഥ്യ ങ്ങളെ തമസ്‌കരിച്ചതാണ് നമ്മളിന്നേവരെ പഠിച്ച ചരിത്രങ്ങള്‍. അങ്ങനെ തമസ്‌കരിക്കപ്പെട്ട കുറേ ചരിത്രങ്ങളുടെ മുഖംമൂടി അനാവരണം ചെയ്യുകയാണിവിടെ.

സ്വാമി വിവേകാനന്ദനെ നമുക്കേവര്‍ക്കും സുപരിചിതമാണല്ലോ. അദ്ദേഹം കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചത് നമുക്കറിയാമല്ലോ. കേരളത്തില്‍ പണ്ടു നിലനിന്നിരുന്ന ജാതിവ്യത്യാസത്തേയും അയിത്തത്തേയും വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ഭ്രാന്താലയം എന്നു വിളിച്ച് ആക്ഷേപിച്ചു എന്നാണ് ഇന്നും നമ്മുടെ നേതാക്കള്‍ വാതോരാതെ ഈ വചനത്തെ ഉരുവിട്ടുകൊണ്ടിരിക്കുന്നത്; കാര്യം അറിയാതെ.

വിവേകാനന്ദന്‍ തിരുവിതാംകൂറില്‍ വന്നത് 1892 ആഗസ്റ്റ് മാസത്തിലാണ്. അന്ന് അദ്ദേഹം ഭ്രാന്താലയം എന്നു വിളിച്ചതേയില്ല. പിന്നെ വിളിച്ചതോ 1897 ജനുവരിയില്‍ മദ്രാസില്‍വെച്ച്. ഏതാണ്ട് അഞ്ചുവര്‍ഷത്തെ അമേരിക്കന്‍, യൂറോപ്യന്‍ പര്യടനങ്ങള്‍ കഴിഞ്ഞുവന്നിട്ട്. എന്തിനാണ് വിളിച്ചത് ? അന്ന് തിരുവിതാംകൂറും തിരുകൊച്ചിയുമായിരുന്നു ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുണ്ടായിരുന്ന രാജ്യങ്ങള്‍ (23%) അയിത്തജാതിക്കാര്‍ ജാതിയും തീണ്ടലും സഹികെട്ട് സായിപ്പിന്റെ കൂടെ പോയി ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. മുസ്ലീങ്ങളായി ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു. ഇതില്‍ ക്ഷുഭിതനായാണ് അദ്ദേഹം കേരളത്തെ (അദ്ദേഹം പറഞ്ഞത് മലബാറെന്നായിരുന്നു) ഭ്രാന്താലയം എന്നു വിളിച്ചത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: 'ഒരു പറയന് സവര്‍ണര്‍ നടക്കുന്ന വഴിയില്‍കൂടി നടക്കാന്‍ പാടില്ല. എന്നാല്‍ അവന്‍പോയി ഒരു ഹോഷ്‌പോഷ് ഇംഗ്ലീഷ് പേരോ ഇസ്ലാം പേരോ സ്വീകരിച്ചാല്‍ എല്ലാം ശരിയാവും. അവനെ സവര്‍ണര്‍ വീട്ടില്‍ കയറ്റി ശാപ്പാട് കൊടുക്കും. ഇതില്‍നിന്നും നിങ്ങള്‍ എന്തു മനസ്സിലാക്കുന്നു. മലബാറുകാര്‍ ഭ്രാന്തന്മാരല്ലേ ? അവരുടെ വീടുകളെല്ലാം ഭ്രാന്താലയങ്ങളല്ലേ ? ഇങ്ങനെ ചെയ്യുന്നത് ജാതികള്‍ തമ്മിലുള്ള വര്‍ധിച്ച കലഹത്തിന് ഇടയാക്കരുത്'

അന്നത്തെയവസ്ഥയില്‍ ഹിന്ദുക്കളല്ലാതിരുന്ന ദലിതര്‍ക്ക് ജാതിപീഡനങ്ങളില്‍ നിന്നുള്ള മോചനം മതംമാറ്റമായിരുന്നു. ബ്രാഹ്മണനെ മനസ്സിലാക്കാന്‍ സാധിക്കാത്തത് ഇന്ത്യക്ക് പറ്റിയ അബദ്ധം എന്നു പ്രഖ്യാപിക്കുന്ന വിവേകാനന്ദന്‍ ഒരിക്കലും ഒരു സാമൂഹ്യ പരിഷ്‌കരണത്തിന് തുനിഞ്ഞിട്ടില്ല. മതമാതാവാണ് ഹിന്ദുമതം പോലും. അദ്ദേഹമൊരു ജാതിഭഞ്ജകനേയല്ല എന്നദ്ദേഹം തന്നെ പറയുന്നുണ്ട്. അപ്പോള്‍ പിന്നെ അദ്ദേഹം ഭ്രാന്താലയം എന്നു വിളിച്ചത് എന്തിനെ എന്നു മനസ്സിലാക്കാന്‍ എളുപ്പമല്ലേ ?

വിവേകാനന്ദന്റെ തന്നെ ചിക്കാഗോ പ്രസംഗവും ഏവരും ശ്രദ്ധിക്കുന്നതാണല്ലോ. അമേരിക്കയിലെ ചിക്കാഗോയില്‍ ചെന്ന് ലോകമത സമ്മേളനത്തില്‍ സായിപ്പന്മാരെ അമ്പരപ്പിച്ച് പ്രസംഗം നടത്തിയെന്നാണ് ഒരു പ്രചരണം. അതായത് 1893 സെപ്തംബര്‍ 11 ആം തിയതി ചിക്കാഗോയിലെ കൊളംബസ് ആഡിറ്റോറിയത്തില്‍ അത്ഭുതം കാട്ടി എന്നാണ് നമ്മുടെ ഒരു സാഹിത്യ നായകന്‍ പറയുന്നത്. അദ്ദേഹം ചിക്കാഗോയില്‍ ഒരു മിന്നല്‍ പിണറായി മാറി എന്നാണ്. എന്നാല്‍ സംഭവിച്ചത് എന്താണ് ? അന്നേ ദിവസം അദ്ദേഹം മതസമ്മേളനത്തിലെ 38 ആമത്തെ പ്രസംഗകനായിരുന്നു. ഇന്ത്യയില്‍ നിന്നും ക്ഷണിതാക്കളായി മറ്റ് അഞ്ച് പേര്‍, ആനിബസന്റ്, ചക്രവര്‍ത്തി തുടങ്ങിയവര്‍ ഉണ്ടായിരുന്നു. വിവേകാനന്ദന്‍ ഒരു ക്ഷണിതാവല്ലായിരുന്നു. ആ പ്രസംഗത്തെപ്പറ്റി സ്വാമി വിവേകാനന്ദന്‍ തന്റെ ഒരു ശിഷ്യനെഴുതിയ കത്തില്‍ പറയുന്നതിങ്ങനെ: 'ഞാന്‍ പ്രസംഗിക്കാന്‍ എണീറ്റു. എന്റെ നെഞ്ചുകിടന്നു പിടയുകയായിരുന്നു. നാക്കു മുക്കാലും വരണ്ടുപോയി. എനിക്കു വല്ലാത്ത പരിഭ്രമമായിരുന്നു. ഞാനൊരു മണ്ടന്‍. ഒന്നും കരുതിയിരുന്നില്ല. സരസ്വതിയെ നമിച്ചുകൊണ്ട് എണീറ്റു. ഞാനൊരു ചെറുപ്രസംഗം ചെയ്തു. അതു തീര്‍ന്നപ്പോള്‍ വികാരാവേശം കൊണ്ട് മിക്കവാറും തളര്‍ന്ന് ഞാനങ്ങിരുന്നു.' യാഥാര്‍ത്ഥ്യം എന്തെന്ന് തിരിച്ചറിയുക.

ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയത് ആര് എന്നു ചോദിച്ചാന്‍, ഉടനെ ഉത്തരം വരും; രാജാ റാംമോഹന്‍ റായ്, ശരിയാണോ? നമ്മെ പഠിപ്പിച്ചതങ്ങനെയാണ്. രാജാ റാംമോഹന്‍ റായ് ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ ജാതിവ്യത്യാസ ത്തിനെതിരായോ, അയിത്തത്തിനെതിരായോ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. അദ്ദേഹംതന്നെ ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറുമ്പോള്‍ ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേക പാചകക്കാരനേയും കൊണ്ടുപോയ മഹാനാണ്. വല്ല അയിത്തക്കാരനും പാകം ചെയ്ത, ഭക്ഷണം കഴിക്കാനിടയായാലോ? ഒരു ഭരണകര്‍ത്താവല്ലാത്ത അദ്ദേഹം എങ്ങനെയാണ് സതി എന്ന മനുഷ്യക്കുരുതിയെ നിയമം മൂലം നിരോധിക്കുന്നത്? ഒരു ഭരണകര്‍ത്താവിനല്ലേ അത് സാധിക്കൂ. നിങ്ങള്‍ക്കേവര്‍ക്കും അറിയാം, ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയായിരുന്നു വെന്ന്. വിദേശാധിപത്യവും സാമ്രാജ്യത്വവുമായിരുന്നുവെന്ന് വിശേഷിപ്പിക്കാമെങ്കിലും ഇന്ത്യയുടെ ഇരുളടഞ്ഞ അധ്യായത്തിന് വെളിച്ചം ഉണ്ടായത് ബ്രിട്ടീഷുകാരുടെ വരവിന് ശേഷമായിരുന്നു. ഇന്നത്തെ ഇന്ത്യയുടെ ആവിര്‍ഭാവവും അവരുടെ വരവിന് ശേഷമാണല്ലോ. അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ബന്റിങ് പ്രഭുവാണ് സതി നിര്‍ത്തലാക്കിയത്. അതും ഒരു സുപ്രഭാതത്തില്‍ ചെയ്തതല്ല. ക്രമേണയായ നടപടികളില്‍കൂടെയായിരുന്നു. മതഭ്രാന്തന്മാരുടെ എതിര്‍പ്പിനെ തൃണവല്‍ഗണിച്ചു കൊണ്ട് ഒരു നിയമമുണ്ടാക്കി. സതി അനുഷ്ഠിക്കുന്ന സ്ത്രീ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ സമ്മതം നല്‍കണമെന്നായിരുന്നു ആ നിയമം. അതുകൊണ്ടും ആ ദുരാചാരം നിര്‍ത്തലാക്കാന്‍ പറ്റാത്തതുകൊണ്ട് 1817 ല്‍ സതി എന്ന മനുഷ്യക്കുരുതി നിര്‍ത്തലാക്കി. സതി നിര്‍ത്തലാക്കിയത് മാഹന്‍ റായിയോ ബന്റിങ് പ്രഭുവോ ?


****

ഐ ശാന്തകുമാര്‍ എഴുതിയ 'മറുപുറം' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഇത്രയും ഭാഗം പകര്‍ത്തിയിട്ടുള്ളത്. പേജ്: 72, 73, 75, 76, 77, 78.

ബാബാസാഹിബ് അംബേഡ്കറുടെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ - ആര്‍ അനിരുദ്ധന്‍


ഇന്ത്യന്‍ ഭരണഘടനാശില്പി, ദലിത ജനകോടികളുടെ വിമോചകന്‍, സാമൂഹിക വിപ്ലവകാരി തുടങ്ങിയ വിശേഷണ ങ്ങളില്‍ ഇന്ത്യാചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠനായിത്തീര്‍ന്ന ബാബാസാഹിബ് അംബേഡ്കര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം ദര്‍ശിച്ച ശ്രദ്ധേയനായ വിദ്യാഭ്യാസ ചിന്തകന്‍ കൂടിയായിരുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ വക്താവായിരുന്ന ബാബാസാഹിബ് അംബേഡ്കര്‍, പ്രജ്ഞയെ മഹത്വവത്കരിച്ച ശ്രീബുദ്ധന്‍, മഹാത്മാ ജ്യോതിറാ ഫൂലെ എന്നീ ഗുരുക്കന്മാരുടെ ചിന്താസരണികളെ പിന്തുടര്‍ന്നു കൊണ്ടാണ് ഇന്ത്യയുടെ വിദ്യാഭ്യാസ ചിന്താമണ്ഡലത്തില്‍ തികച്ചും വ്യതിരിക്തവും പ്രവര്‍ത്തന ക്ഷമവുമായൊരു വിദ്യാഭ്യാസ രീതിശാസ്ത്രവും വീക്ഷണവും അവതരിപ്പിച്ചത്. പ്രബുദ്ധരാകുക, പ്രക്ഷുബ്ധരാകുക, സംഘടിക്കുക എന്ന ഡോ. ബാബാസാഹിബ് അംബേഡ്കറുടെ വിശ്വപ്രസിദ്ധമായ മുദ്രാവാക്യത്തില്‍ നിന്നുതന്നെ വിദ്യാഭ്യാസത്തിന് ഇദ്ദേഹം നല്‍കിയ പ്രാധാന്യം എത്രത്തോളമായിരുന്നെന്ന് മനസിലാക്കാവുന്നതാണ്.

ജാതീയതയുടെ വക്താക്കള്‍ നൂറ്റാണ്ടുകളോളം അറിവിന്റെ ലോകം നിഷേധിക്ക പ്പെട്ടിരുന്ന അധസ്ഥിതര്‍ക്കിടയില്‍ ജനിച്ചുവളര്‍ന്ന ഡോ. അംബേഡ്കര്‍ വിദ്യാഭ്യാസത്തിന്റെ മൂല്യവും അനിവാര്യതയും ഏറ്റവും ആഴത്തില്‍ തിരിച്ചറിഞ്ഞിരുന്ന മഹാനായിരുന്നു. വിജ്ഞാന സമ്പാദനത്തില്‍ കൂടി മാത്രമേ സമൂഹത്തിലെ ജീര്‍ണത കളെ ഉന്മൂലനം ചെയ്യാന്‍ കഴിയൂ എന്ന വലിയ പാഠം, സ്വന്തം പിതാവില്‍ നിന്നായിരുന്നു ബാല്യത്തില്‍ ഡോ. അംബേഡ്കര്‍ സ്വായത്തമാക്കിയത്. മെട്രിക്കുലേ ഷന്‍ പരീക്ഷ വിജയിച്ചപ്പോള്‍ സമ്മാനമായി ലഭിച്ച ബുദ്ധനെ കുറിച്ചുള്ള പുസ്തകം അജ്ഞതയുടെ അനന്തസാധ്യതയെന്തെന്ന് തന്നെ ബോധ്യപ്പെടുത്താന്‍ നിര്‍ണായകമായെന്ന് ഡോ. അംബേഡ്കര്‍ തന്നെ പില്ക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സാമൂഹിക പരിവര്‍ത്തനത്തില്‍ വിദ്യാഭ്യാസ ത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ ഡോ. അംബേഡ്കര്‍ കഠിനാധ്വാനത്തിലൂടെയും അപരിമേയമായ ഇച്ഛാശക്തിയിലൂടെയും തന്റെ കാലഘട്ടത്തിലെ ശ്രദ്ധേയനായ വിജ്ഞാന സമ്പാദകരില്‍ ഒരാള്‍ എന്ന ഖ്യാതി നേടുക മാത്രമല്ല, താന്‍ ആര്‍ജിച്ച വിജ്ഞാനത്തെ സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉപാധിയാക്കി വികസിപ്പിച്ചു കൊണ്ടായിരുന്നു രാഷ്ട്രപുനസംഘാടനത്തില്‍ പങ്കാളിയായത്.

ഡോ. അംബേഡ്കറെ സംബന്ധിച്ചിടത്തോളം സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉപാധിയും ആധുനികതയിലേക്കുള്ള പ്രവേശന കവാടവുമായിരുന്നു വിദ്യാഭ്യാസം. വ്യക്തിയെ ശാക്തീകരിക്കുന്ന അത്യാന്താപേക്ഷിത ഘടകമായി വിദ്യാഭ്യാസത്തെ നിരീക്ഷിച്ച ഡോ. അംബേഡ്കര്‍ വിദ്യാഭ്യാസത്തിന് തന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലായ്‌പ്പോഴും പ്രമുഖസ്ഥാനം നല്‍കി എന്നതും ശ്രദ്ധേയമാണ്. അധസ്ഥിത വിഭാഗങ്ങള്‍ സാമൂഹിക പരിവര്‍ത്തനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി സമരസജ്ജമാകുമ്പോള്‍ തന്നെ വിദ്യാഭ്യാസത്തിലൂടെ കരുത്താര്‍ജിക്കാനും അങ്ങനെ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഉന്മൂലനം ചെയ്യാന്‍ ഡോ. അംബേഡ്കര്‍ ആഹ്വാനം ചെയ്യുകയായിരുന്നു. വിദ്യാഭ്യാസം വ്യക്തിയെ ശാക്തീകരിക്കുന്നതോടൊപ്പം അയാളുടെ സാമൂഹിക - രാഷ്ട്രീയ ബോധമണ്ഡലത്തേയും വികസിപ്പിക്കുന്നതിനാല്‍ വ്യക്തിക്കും കുടുംബത്തിനും അയള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിനും വര്‍ത്തമാനകാല സാഹചര്യങ്ങളോട് ക്രിയാത്മകമായി സംവേദിക്കാന്‍ കഴിയുന്നു. വിദ്യാഭ്യാസം ശാക്തീകരണത്തിന്റെ സ്രോതസും പരിവര്‍ത്തനത്തിന്റെ ഏജന്‍സി യുമായിരുന്നതിനാലാണ് വിദ്യാഭ്യാസത്തിലൂടെ പ്രക്ഷുബ്ധരാകുവാന്‍ ഡോ. അംബേഡ്കര്‍ ആഹ്വാനം ചെയ്തത്. മറ്റൊരര്‍ത്ഥത്തില്‍ സാമൂഹിക തിന്മകളോട് പ്രക്ഷുബ്ധമാകാനും അതിലൂടെ സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി പ്രക്ഷോഭത്തില്‍ ഏര്‍പ്പെടാനു മുള്ള ഉപാധിയാണ് ഡോ. അംബേഡ്കറുടെ വീക്ഷണത്തില്‍ വിദ്യാഭ്യാസം. വിദ്യാഭ്യാസം മനുഷ്യനെ പ്രക്ഷുബ്ധമാക്കുന്നതോടൊപ്പം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറച്ച് അനീതിക്കെതിരേ പോരാടാന്‍ അവരെ സജ്ജമാക്കാന്‍ പര്യാപ്ത മാവണമെന്നും ഡോ. അംബേഡ്കര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ നിഷേധത്തില്‍ നിന്നാണ് അധസ്ഥിതരുടെ പിന്നോക്കാവസ്ഥയും പാര്‍ശ്വവത്ക്കരണ വും ഉടലെടുത്തതെന്ന് നിരീക്ഷിച്ച ഡോ. അംബേഡ്കര്‍ സാമൂഹ്യ പദവിയും മാന്യതയും ഉയര്‍ത്താന്‍ അധസ്ഥിതവിഭാഗങ്ങള്‍ നിര്‍ബന്ധമായും വിദായാഭ്യാസം കരസ്ഥ മാക്കേണ്ടതുണ്ടെന്നും നിഷ്‌കര്‍ഷിച്ചു.

മനസിന്റെ പരിശീലനവും വികാസവുമാണ് വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത്. മറ്റൊരര്‍ത്ഥത്തില്‍ വിദ്യാഭ്യാസത്തിലൂടെയാണ് വ്യക്തിയുടെ യുക്തിബോധം വികസിക്കുന്നത്. ഈ യുക്തിബോധമാണ് മതപരവും സാമൂഹികവും രാഷ്ട്രീയവുമായ വ്യക്തിയുടെ ജീവിതത്തിന്റെ അടിസ്ഥാനമായി വികസിക്കേണ്ടത്. വിദ്യാഭ്യാസം സുനിശ്ചിതമായും വ്യക്തിയുടെ ആത്മാഭിമാനത്തെ, സര്‍വോപരി സാമൂഹിക അവബോധത്തെ, സ്വഭാവശുദ്ധിയെ, മൂല്യബോധത്തെ, വികസിപ്പിക്കുന്ന വിധത്തിലായിരിക്കണം. ചുരുക്കത്തില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, സാന്മാര്‍ഗികത എന്നീ മൂല്യങ്ങളെ പോഷിപ്പിക്കുന്നതായിരിക്കണം വിദ്യാഭ്യാസം.

വിദ്യാഭ്യാസത്തില്‍ക്കൂടി മാത്രമേ, ഉന്നതവിദ്യാഭ്യാസത്തില്‍ക്കൂടി മാത്രമേ അധസ്ഥിത വിഭാഗങ്ങള്‍ക്ക് നൂറ്റാണ്ടുകളായി അവര്‍ അനുഭവിക്കുന്ന പരിതാപകരമായ ജീവിതാ വസ്ഥയെ മറികടന്ന് പുതിയൊരു ജീവിതം വിഭാവനം ചെയ്യാന്‍ കഴിയൂ എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഡോ. അംബേഡ്കര്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ കഴിയുന്നത്ര വിദ്യാഭ്യാസം ആര്‍ജിക്കണമെന്നും, വിദ്യാഭ്യാസം നേടിയവര്‍ അറിവിന്റെ ലോകം നിഷേധിക്കപ്പെട്ടവര്‍ക്ക്, അറിവ് പകര്‍ന്നു നല്‍കണമെന്നും അങ്ങനെ സാമൂഹിക പരിവര്‍ത്തന പ്രക്രിയയില്‍ പങ്കാളികളാകണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി. ഉന്നത വിദ്യാഭ്യാസം നേടി അറിവിന്റെ അധികാരത്തിന്റെ ഉന്നത വിതാനങ്ങളില്‍ എത്തിയവര്‍ വിവേചനവും അവഗണനയും അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ചരിത്രത്തോട് നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് സമൂഹത്തിന്റെതന്നെ സര്‍വനാശത്തിനായിരിക്കും വഴിതെളിയിക്കുകയെന്നും ഡോ. അംബേഡ്കര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. 'പാവപ്പെട്ടവരേയും അറിവില്ലാത്ത വരേയും പഠിപ്പിക്കുകയാണ് വിദ്യാസമ്പന്നരുടെ പ്രാഥമിക കര്‍ത്തവ്യം. എന്നാല്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതോടെ വിദ്യാഭ്യാസമുള്ളവര്‍ നിരക്ഷരരായ അവരുടെ സഹോദരങ്ങളെ വിസ്മരിക്കുന്നു. പതിനായിരക്കണക്കിന് വരുന്ന നമ്മുടെ സഹോദരങ്ങളെ നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ അത് നമ്മുടെ സമുദായത്തിന്റെ തന്നെ അധപതനത്തിനായിരിക്കും വഴിതെളിക്കുക' - ഇതായിരുന്നു വിദ്യാഭ്യാസം കരസ്ഥമാക്കിയവരോടുള്ള ഡോ. അംബേഡ്കറുടെ മുന്നറിയിപ്പ്.

സദ്‌സ്വഭാവം, ആത്മാഭിമാനം എന്നിവക്കൊപ്പം വിജ്ഞാനത്തെ ദൈവമായി ആരാധിച്ചിരുന്ന മഹാനായിരുന്നു ഡോ. അംബേഡ്കര്‍. വ്യക്തിയില്‍ സദ്‌സ്വഭാവവും ആത്മാഭിമാനവും സ്വത്വബോധവും വളര്‍ത്താനുതകാത്ത വിദ്യാഭ്യാസം അര്‍ത്ഥശൂന്യ മാണെന്ന് നിരീക്ഷിച്ച ഡോ. അംബേഡ്കര്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെപ്പറ്റി അതിനാല്‍ ഇപ്രകാരം പറഞ്ഞു: 'മനുഷ്യന്റെ നിലനില്‍പ്പിന് ഭക്ഷണം എന്നതുപോലെ അറിവും അത്യന്താപേക്ഷിതമാണ്. അറിവില്ലാത്തവന് ഈ ലോകത്ത് യാതൊന്നും ചെയ്യാന്‍ കഴിയില്ല.' ആഹാരം, പാര്‍പ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യ ങ്ങള്‍ക്കൊപ്പം ലഭിക്കേണ്ട ഒന്നാണ് വിദ്യാഭ്യാസം എന്ന ഡോ. അംബേഡ്കറുടെ നിരീക്ഷണം ഇപ്പോഴും പ്രസക്തമാണ്.

1939 ഫെബ്രുവരി 12 ന് ബോംബെ പ്രവിശ്യയിലെ മാന്‍ദിമില്‍ വെച്ചുനടന്ന യുവജനസമ്മേളനത്തെ അഭിസംബോധന ചെയ്കവേ ഡോ. അംബേഡ്കര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടു. 'മനുഷ്യന്റെ ജീവിതം തിന്നാനും കുടിക്കാനും ഉപജീവനം നടത്താനും മാത്രമുള്ളതാണെന്ന് ചിന്തിക്കരുത്. അവന്‍ ജീവിക്കാന്‍ വേണ്ടിമാത്രം ഭക്ഷണം കഴിക്കുകയും പ്രശംസനീയമായ രീതിയില്‍ ജീവിക്കുകയും വേണം. അതുപോലെ സമൂഹത്തിന് പ്രയോജനപ്രദമായ രീതിയില്‍ സാമൂഹ്യസേവനം നടത്തുകയും വേണം. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഞാന്‍ കഠിനമായി അധ്വാനിച്ചി രുന്നു. വിദേശത്തായിരുന്നപ്പോള്‍ ദിവസം 20 മണിക്കൂര്‍ ജോലിചെയ്തിരുന്നു. നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കുവാന്‍ നിങ്ങള്‍ തപസെന്നപോലെ കിണഞ്ഞു ശ്രമിക്കണം. വിദ്യാഭ്യാസം ഒരു വാള്‍ ആണ്. ആയതിനാല്‍ അതൊരു ഉപകരണ വുമാണ്. വിദ്യാഭ്യാസം എന്ന ഉപകരണം അത് ഉപയോഗിക്കുന്ന വ്യക്തിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അത് ഒരു അഭ്യസ്തവിദ്യന് സ്വഭാവഗുണവും നല്ല പെരുമാറ്റവും ഇല്ലെങ്കില്‍ അയാളെ ഒരു ഹിംസ്രജീവിയായിട്ടാണ് കരുതേണ്ടത്. പാവപ്പെട്ടവരെ കൊള്ളയടിക്കാനും വഞ്ചിക്കാനും ഉപയോഗിക്കുന്ന വിദ്യാഭ്യാസം വിലയില്ലാത്തതാണ്. സ്വന്തം താത്പര്യവും കുടുംബതാത്പര്യവും നോക്കാതെ പാവപ്പെട്ടവര്‍ക്കും നിസഹായരുമായ ആളുകളെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസം ഉത്തമമല്ല. അത്തരം അഭ്യസ്തവിദ്യര്‍ സമൂഹത്തിന് ഗുണം ചെയ്യില്ല.'

'വിദ്യാഭ്യാസം ഇല്ലാത്ത ജനപദം സര്‍വനാശത്തിലേക്ക് നിപതിക്കും' എന്ന മുന്നറിയിപ്പ് നല്‍കിയ മഹാത്മാ ജ്യോതിറാ ഫൂലെക്ക് ശേഷം വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികതക്കുവേണ്ടി ഇന്ത്യയില്‍ മുഴങ്ങിക്കേട്ട ഉജ്വലശബ്ദം ഡോ. അംബേഡ്കറു ടേതായിരുന്നു. ജാതിവിവേചനത്തിന്റെ ഇരകളായി ഗ്രാമഗ്രാമന്തരങ്ങളിലും ചേരികളിലും കോളനികളിലും നരകതുല്യമായ ജീവിതം തള്ളിനീക്കുന്ന ജനവിഭാഗങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ ജീവിതനിലവാരവും പുരോഗതിയും കൈവരിക്കാന്‍ തങ്ങളുടെ പരമ്പരാഗതമായ തൊഴിലുകള്‍ ഉപേക്ഷിച്ച് നഗരങ്ങളിലേക്കും ്‌വിടെനിന്നും രാജ്യ ത്തിനു പുറത്തേക്കും സഞ്ചരിക്കണമെന്നും അങ്ങനെ ആധുനികതക്ക് അനുസൃതമായി തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താമെന്നും ഡോ. അംബേഡ്കര്‍ ആഹ്വാനം ചെയ്തു.

അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ അധസ്ഥിത വിഭാഗക്കാര്‍ വിദ്യാഭ്യാസം നേടേണ്ടതിന്റെ അനിവാര്യതയെപ്പറ്റി ഡോ. അംബേഡ്കര്‍ ഇന്ത്യയില്‍ ഒരു സുഹൃത്തിന് ഇപ്രകാരം എഴുതി : 'മാതാപിതാക്കള്‍ക്ക് സൃഷ്ടിയില്‍ മാത്രമാണ്, മറിച്ച് കുഞ്ഞുങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ യാതൊരുവിധ പങ്കുമില്ലെന്ന പഴഞ്ചന്‍ ആശയം ഉപേക്ഷിക്കുക. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ ഭാവി നിര്‍ണയിക്കുവാനും സാധിക്കും. മനുഷ്യജീവിതത്തിന്റെ അടിസ്ഥാനം തന്നെ വിദ്യാഭ്യാസമാകുന്നു. ആണ്‍കുട്ടികള്‍ക്കെന്ന പോലെ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം അന്ത്യന്താപേക്ഷിതമാണ്.'

സാമൂഹിക പരിവര്‍ത്തനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉത്തരവാദിത്വത്തെപ്പറ്റി ബോധവാനായിരുന്ന ഡോ. അംബേഡ്കര്‍ പക്ഷെ വിദ്യാഭ്യാസ കാലത്ത് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. വിദ്യാഭ്യാസകാലത്ത് വിദ്യാര്‍ത്ഥികള്‍ അവരുടെ മുഴുവന്‍ സമയവും വിജ്ഞാനം ആര്‍ജിക്കുന്നതിനുവേണ്ടി മാത്രം മാറ്റിവെക്കണമെന്ന് നിഷ്‌കര്‍ഷിച്ച ഡോ. അംബേഡ്കര്‍ വിദ്യാഭ്യാസത്തെ ഒരു സപര്യയായി ഉള്‍ക്കൊള്ളണമെന്നും നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ അപക്വമായ രാഷ്ട്രീയ ഇടപെടലുകളെപ്പറ്റി ഡോ. അംബേഡ്കര്‍ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു. 'ഇപ്പോള്‍ നിങ്ങള്‍ മനസിലാക്കേണ്ടത് നമ്മുടെ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു വിഭാഗം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവമാകുന്നു എന്നതാണ്. അവര്‍ക്ക് രാഷ്ട്രീയം എന്നതിനെ സംബന്ധിച്ച വ്യക്തതയോ രാഷ്ട്രീയപ്രവര്‍ത്തനം സജീവമാക്കേണ്ടതിന്റെ രീതികളെ കുറിച്ചോ അറിയില്ല. എന്റെ അഭിപ്രായത്തില്‍ അക്കാദമിക് ജീവിതവും ജീവല്‍ പ്രശ്‌നങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല.' മറ്റൊരവസരത്തില്‍ വിദ്യാര്‍ത്ഥികളോടായി അദ്ദേഹം ഇപ്രകാരം പറഞ്ഞു: 'മനുഷ്യജീവിതത്തിന്റെ അടി സ്ഥാനം അറിവാണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ ബൗദ്ധികശേഷി നിലനിര്‍ത്തുന്ന തിനും വികസിപ്പിക്കുന്നതിനും എപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുക. വലിയൊര ളവുവരെ രാജ്യത്തിന്റെ ഭാവി അനിവാര്യമായും വിദ്യാര്‍ത്ഥികളെ ആശ്രയിച്ചിരിക്കുന്നു. സമുദായത്തിന്റെ ബൗദ്ധികസ്വത്തിന്റെ ഭാഗമായ വിദ്യാര്‍ത്ഥികള്‍ക്ക് പൊതു കാഴ്ചപ്പാടിനെ രൂപപ്പെടുത്താന്‍ കഴിയും.'

1947 ഒക്ടോബര്‍ 4 വൈകുന്നേരം ബോംബെയിലെ സിദ്ധാര്‍ത്ഥ കോളേജിന്റെ ഹോസ്റ്റലില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ സ്വീകരണത്തില്‍ നന്ദി രേഖ പ്പെടുത്തിക്കൊണ്ട് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്വത്തെപ്പറ്റി ഡോ. അംബേഡ്കര്‍ ഇപ്രകാരം പറഞ്ഞു: 'നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു ചുമതല നിര്‍വഹിക്കാ നുണ്ട്. നമ്മുടെ രാഷ്ട്രീയ സമത തീര്‍ന്നിട്ടില്ല. ശരിയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് നമ്മുടെ ലക്ഷ്യങ്ങളില്‍ നിങ്ങള്‍ മനസുറപ്പിച്ച് ഉണര്‍ന്നിരിക്കണം. നമ്മള്‍ നേരിടുന്ന പരിതസ്ഥിതികളെക്കുറിച്ചെല്ലാം ചിന്തിച്ച് അവയെ നേരിടാന്‍ നിങ്ങള്‍ സമുദായത്തിന്റെ വിശ്വസ്ഥ നേതാക്കളായി സമുദായത്തിന് യോഗ്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കുക. '

വിദ്യാഭ്യാസവും നിതാന്തമായ പരിശീലനവും ഇല്ലാതെ അധസ്ഥിതരുടെ ഉദ്ധാരണം യാഥാര്‍ത്ഥ്യമാവില്ലെന്ന് നിരീക്ഷിച്ച ഡോ. അംബേഡ്കര്‍ അധസ്ഥിത വിഭാഗ ങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന് പ്രായോഗികമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഈ ലക്ഷ്യത്തോടെയാണ് 1945 ല്‍ അദ്ദേഹം പീപ്പിള്‍സ് എഡ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിച്ചത്. സൊസൈറ്റിയുടെ ആഭിമുഖ്യ ത്തില്‍ മഹാരാഷ്ട്രയില്‍ കോളേജുകളും ഹോസ്റ്റലുകളും സ്ഥാപിക്കുന്നതും. ദേശത്തിന്റെ പൊതുവായും പിന്നോക്കക്കാരുടെ ഇടയില്‍ പ്രത്യേകമായും വിദ്യാഭ്യാസം പ്രചരി പ്പിക്കുക യായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യം. തുടര്‍ന്ന് 1946 ല്‍ ബോംബെയില്‍ സിദ്ധാര്‍ത്ഥ കോളേജും ഔറംഗാബാദില്‍ മിലിന്‍ഡ് മഹാവിദ്യാലയവും ഡോ. അംബേഡ്കര്‍ സ്ഥാപിച്ചു. മിലിന്‍ഡ് കോളേജിന്റെ ശിലാസ്ഥാപനവേളയില്‍ അധസ്ഥിത വിഭാഗങ്ങള്‍ ഉന്നതവിദ്യാഭ്യാസം നേടേണ്ടതിന്റെ അനിവാര്യതയെപ്പറ്റി ഡോ. അംബേഡ്കര്‍ ഇപ്രകാരം സൂചിപ്പിച്ചു: 'ഹിന്ദുസമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുവന്ന എനിക്ക് വിദ്യാഭ്യാസത്തിന്റെ മൂല്യമെന്തെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അടിത്തട്ടുകാരുടെ പുരോഗതിയുടെ പ്രശ്‌നം സാമ്പത്തികവുമായി ബന്ധപ്പെട്ടതാണെന്ന ഒരു ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ ധാരണ ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. അടിത്തട്ടുകാരുടെ പ്രശ്‌നം ആഹാരമോ വസ്ത്രമോ ഇല്ലാത്തതിന്റെയോ മേലാളര്‍ എന്നു നടിക്കുന്നവരെ പാരമ്പര്യപ്രകാരം സേവിക്കാതിരിക്കുന്നതിന്റെയോ അല്ല. മറിച്ച് കീഴാളര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അധമബോധം ഉന്മൂലനം ചെയ്യാത്തതിന്റേതാകുന്നു. ഇതാണ് മുഖ്യപ്രശ്‌നം. മറ്റുള്ളവര്‍ അവരെ നിരന്തരം അടിമകളാക്കി വെക്കുന്നതിലും ചൂഷണം ചെയ്യുന്നതിലും നിന്നുമാണ് ഈ അധമബോധം അവരില്‍ നിലനില്‍ക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വ്യാപന ത്തില്‍ക്കൂടിയല്ലാതെ ഈ സാമൂഹിക വിപത്തിന് പരിഹാരം കാണാന്‍ കഴിയില്ല. '

വിദ്യാഭ്യാസ രംഗത്ത് അധസ്ഥിത വിഭാഗങ്ങള്‍ സ്വയം പര്യാപ്തത കൈവരിക്കാത്തി ടത്തോളം കാലം, അവരെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന വിദ്യാഭ്യാസ ചിന്തകന്‍ എന്ന നിലയില്‍ ഡോ. അംബേഡ്കറുടെ വിദ്യാഭ്യാസ ചിന്തകള്‍ക്ക് വര്‍ത്തമാനകാലത്തും പ്രസക്തിയുണ്ട്. അധസ്ഥിതരുടെ സ്വത്വബോധത്തെയും ചരിത്രബോധത്തെയും തൊട്ടുണര്‍ത്തുന്ന വിധം അവര്‍ക്കിട യില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലനപ്രവര്‍ത്തനങ്ങളും ഏര്‍പ്പെടു ത്തുന്നതിലൂടെ മാത്രമേ അധസ്ഥിതര്‍ക്കിടയിലെ അജ്ഞതയെ ദൂരീകരിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയില്‍ അധസ്ഥിത വിഭാഗങ്ങുടെ ഉദ്ധാരണം ലക്ഷ്യമാക്കി അതിപ്രധാന മായ നിരവധി പരിരക്ഷകള്‍ അദ്ദേഹം സന്നിവേശിപ്പിച്ചത്. ഇത്തരം പരിരക്ഷകളുടെ പിന്‍ബലത്തില്‍ സ്റ്റേറ്റിന്റെ പിന്തുണയോടെ പരാശ്രയത്വത്തില്‍ നിന്നും സ്വശ്രയത്വത്തിലേക്ക് വികസിക്കാനും അധസ്ഥിതരെ അദ്ദേഹം ആഹ്വാനം ചെയ്തു.

*******

'സൈന്ധവമൊഴി' മാസികയുടെ 2014 മാര്‍ച്ച് - ഏപ്രില്‍ ലക്കത്തില്‍ നിന്നും പകര്‍ത്തിയത്.

2014, ജൂൺ 12, വ്യാഴാഴ്‌ച

ദലിതരും എയ്ഡഡ് വിദ്യാഭ്യാസ മേഖലയും: സാമൂഹ്യനീതി നിഷേധത്തിന്റെ ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ - പ്രൊഫ. എസ് കൊച്ചുകുഞ്ഞ്


പ്രൊഫ.കൊച്ചുകുഞ്ഞ്
സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും ശമ്പളം പറ്റുന്ന സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലുള്ള, പ്രൈമറിതലം മുതല്‍ കോളേജുകള്‍ വരെയുള്ള സ്ഥാപനങ്ങളിലെ അധ്യാപക - അനധ്യാപക നിയമനങ്ങളില്‍ ദലിത് - ആദിവാസി വിഭാഗങ്ങളെ പാടെ ഒഴിവാക്കുന്ന നീതിനിഷേധവും അവസരസമത്വ ലംഘനവുമാണ് ഇപ്പോഴും തുടര്‍ന്നുവരുന്നത്. കേരളത്തിലെ മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളും, ബുദ്ധിജീവികളും ആക്ടിവിസ്റ്റു കളും പ്രമുഖ മാധ്യമങ്ങളുമൊക്കെ ഈ കൊള്ളരുതായ്മ കണ്ടില്ലെന്നു നടിക്കുന്നു. ചില ദലിത് ബുദ്ധിജീവികള്‍ മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്. ഉപജാതീയതയില്‍ ഭിന്നിച്ചു നില്‍ക്കുന്ന ദലിതരേയും അസംഘടിത ആദിവാസികളേയും രാഷ്ട്രീയ നേതൃത്വ ങ്ങള്‍ക്കോ ഭരണ നേതൃത്വങ്ങള്‍ക്കോ യാതൊരു വിധത്തിലും ഭയപ്പെടേണ്ട കാര്യമില്ല. ഗവണ്‍മെന്റ് കോടിക്കണക്കിനു രൂപ ശമ്പളവും മറ്റിതര ഗ്രാന്റുകളും നല്‍കുമ്പോള്‍ മാനേജുമെന്റുകള്‍ ലക്ഷങ്ങള്‍ വാങ്ങി നിയമനങ്ങള്‍ സ്വന്തം ജാതിമത വിഭാഗങ്ങളിലെ സമ്പന്നര്‍ക്കു നല്‍കുന്ന വിരോധാഭാസമാണ് നടന്നുവരുന്നത്. ഭൂമി, വ്യവസായം, സര്‍ക്കാര്‍ ജോലി, വാണിജ്യം എന്നീ മേഖലകള്‍ കയ്യടക്കിയിരിക്കുന്ന സാമുദായിക വിഭാഗങ്ങള്‍ പണക്കൊഴുപ്പും സംഘടിതശക്തിയും ഉപയോഗിച്ച് സാമൂഹികനീതി ഉറപ്പുവരുത്തുന്ന നിയമങ്ങളെയാകെ അട്ടിമറിക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഈ ചൂഷകവര്‍ഗവുമായി സന്ധിചെയ്യുക മാത്രമല്ല അവരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു.

സ്വാതന്ത്ര്യപൂര്‍വ കാലഘട്ടം മുതല്‍ സര്‍ക്കാരില്‍ നിന്നും കിട്ടിയിട്ടുള്ള സൗജന്യങ്ങള്‍ അഥവാ പൊതുസമ്പത്തുകൊണ്ടുകൂടിയാണ് സ്വകാര്യ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നുവന്നിട്ടുള്ളത്. ബ്രിട്ടീഷ് മേല്‍ക്കോയ്മയെ ഉപയോഗിച്ചുകൊണ്ട് ഭൂമിയും സമ്പത്തും ക്രൈസ്തവ ജനവിഭാഗം ആര്‍ജിച്ചപ്പോള്‍, രാജവാഴ്ചയെ സ്വാധീനിച്ചുകൊണ്ട് ദലിതേതരരായ ഹിന്ദുക്കള്‍ ഭൂമിയും സമ്പത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി കൈക്കലാക്കി. കേരളത്തിലെ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന മിക്ക സ്വകാര്യ വിദ്യാഭ്യാസ

സ്ഥാപനങ്ങളുടേ യും ഭൂമിയുള്‍പ്പെടേയുള്ള മൂലധനത്തിന്റെ സിംഹഭാഗവും അങ്ങനെ ആര്‍ജിച്ചതാണ്. ദലിതര്‍ക്കുകൂടിയായി വിദേശ മിഷണറിമാര്‍ സ്ഥാപിച്ച വിദ്യാഭ്യാസമടക്കമുള്ള സ്ഥാപനങ്ങളാണ് സുറിയാനി ക്രിസ്ത്യാനികള്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്നത്. ഡോ. നൈനാന്‍ കോശി പറയുന്നു : 'സി എം എസ് മിഷണറിമാര്‍ കേരളത്തില്‍ ഒരു ആഗ്ലിക്കന്‍ ഡയോസ്സിസ് സ്ഥാപിക്കാന്‍ തീരുമാനിച്ചത് പ്രധാനമായും പിന്നോക്ക വിഭാഗങ്ങളെ മനസില്‍ കണ്ടുകൊണ്ടായി രുന്നു. (പേജ് 13 ദലിത് സ്വത്വവും അധികാരത്തിന്റെ പ്രശ്‌നവും - ആല്‍മണ്ട് ബുക്‌സ്, ചങ്ങനാശ്ശേരി )


സ്വാതന്ത്ര്യാനന്തരം എയ്ഡഡ് മേഖല തഴച്ചുവളരാനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നു. ഭൂമി ഉള്‍പ്പെടെയുള്ള അടിസ്ഥാന വിഭവ ങ്ങള്‍ സൗജന്യമായും ചിലപ്പോഴൊക്കെ വളരെ ലഘുമായ വ്യവസ്ഥയിലും ലഭിച്ച കേരളത്തിലെ മധ്യമജാതി വിഭാഗങ്ങ ളുടേയും സവര്‍ണ ന്യൂനപക്ഷങ്ങളുടേയും കീഴില്‍ സര്‍ക്കാര്‍ ശമ്പളത്തില്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖല വളര്‍ന്നു വികസിച്ചു. 1990 കള്‍ക്കുശേഷം കേരളത്തില്‍ പടര്‍ന്നു പന്തലിച്ച സ്വാശ്രയ മേഖല സര്‍ക്കാര്‍ ചെലവില്‍ വളര്‍ന്ന എയ്ഡഡ് മേഖലയുടെ ഒരനുബന്ധം മാത്രമാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മാനേജ്‌മെന്റുകള്‍ക്ക് അടിച്ചുകിട്ടിയ ലോട്ടറിയാണ് ഡയറക്ട് പേയ്‌മെന്റ് സിസ്റ്റം അഥവാ സാമൂഹിക അനീതിയുടെ പ്രകടന പത്രിക. 1971 ല്‍ ആരംഭിച്ച കോളേജ് അധ്യാപകസമരം ഒത്തുതീര്‍ക്കുന്നതിന് അന്നത്തെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് ഡയറക്ട് പേയ്‌മെന്റ് സിസ്റ്റം. (GO.MSNo.185/72 Edn.Dt.TVM 30th August from Education Dept). ഗവണ്‍മെന്റും സ്വകാര്യ മാനേജ്‌മെന്റും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാന കരാറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. താഴെ പറയുന്നവയാണ് ഈ കരാറിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍:

1) 1.9.1972 മുതല്‍ സ്വകാര്യ കോളേജ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരിട്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങലും നല്‍കുന്നതാണ്. 2) അധ്യാപക - അനധ്യാപക നിയമനങ്ങള്‍ നടത്തുന്നതിനുള്ള അവകാശം സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കായിരിക്കും. 3) ഓരോ വര്‍ഷവും കോളേജിനാവശ്യമായ വാര്‍ഷികഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ് എന്നിവ സര്‍ക്കാര്‍ നല്‍കുന്നതാണ്. 4) അതാത് ആവശ്യങ്ങള്‍ക്കായി സ്‌പെഷ്യല്‍ ഫീസ് പിരിക്കാനും അതേ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാനും കോളേജുകള്‍ക്കധി കാരമുണ്ടായിരിക്കും.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം സര്‍ക്കാരിന് നഷ്ടപ്പെടാനുള്ള മുഖ്യകാരണം ഈ കരാര്‍ തന്നെ. സാമൂഹികനീതി പാലിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല ആധിപത്യ വിഭാഗങ്ങളെ കൂടുതല്‍ തൃപ്തിപ്പെടുത്തി എയ്ഡഡ് മേഖലയില്‍ നിന്ന് SC/ST വിഭാഗങ്ങളേയും മറ്റ് ദരിദ്രരേയും എന്നെന്നേക്കുമായി പുറംതള്ളാനും ഈ കരാറിലൂടെ സാധിച്ചു. ആന്റണി സര്‍ക്കാര്‍ ഇറക്കിയ ഈ ഉത്തരവിലെ ദരിദ്രവര്‍ഗ ദ്രോഹത്തിന് പരിഹാരം കാണാന്‍ പിന്നീട് പല തവണ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് കഴിയാതെ പോയി. ഭൂപരിഷ്‌കരണ നിയമനിര്‍മ്മാണ ഘട്ടത്തില്‍ ദലിതര്‍ക്കുവേണ്ടി ഇടപെടാന്‍ ആളില്ലാതെ പോയതുപോലെ എല്ലായ്‌പ്പോഴും ദലിതര്‍ക്കുവേണ്ടി ഇടപെടാന്‍ ആളില്ലാതെ പോയി.

1981 ല്‍ കേരള സര്‍വകലാശാലയുടെ കീഴില്‍ 11 ഉം കാലിക്കട്ട് സര്‍വകലാശാലയുടെ കീഴില്‍ 6 ഉം എയ്ഡഡ് കോളേജുകള്‍ക്ക് അഫിലിയേഷനുള്ള അംഗീകാരം നല്‍കി ക്കൊണ്ട് ഇറക്കിയ ഓര്‍ഡറിലും നിയമന കാര്യങ്ങളില്‍ 1972 ലെ വ്യവസ്ഥ അതേപടി അനുവര്‍ത്തിക്കുകയാണ് ഉണ്ടായത്. സാമൂഹിക നീതി അട്ടിറിക്കപ്പെടുക മാത്രമല്ല പൊതുഖജനാവില്‍ നിന്നെടുത്ത് സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ചെലവിടുന്ന മുഴുവന്‍ ഫണ്ടും വിലപേശല്‍ ശക്തികളായി പരിഗണിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്ന ജാതിമത വിഭാഗങ്ങളിലെ സമ്പന്നര്‍ക്കായി വീതിക്കപ്പെടുന്നു.

സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയുടെ മൂന്നിരട്ടിയോളം വരുന്ന എയ്ഡഡ് മേഖലയുടെ വ്യാപ്തിയും അധ്യാപക അനുപാതവും പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യ മാകും വ്യക്തമാകുന്നത്. എയ്ഡഡ് മേഖലയില്‍ 687 ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലു മായി 10212 അധ്യാപകര്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ SC/ST വിഭാഗങ്ങളുടെ തരംതിരിച്ചുകൊണ്ടുള്ള കണക്ക് വ്യക്തമല്ലെന്നാണ് ഹയര്‍ സെക്കണ്ടറി ഓഫീസ് നല്‍കുന്ന വിവരം. അധികമാരും ഉണ്ടാകാന്‍ സാധ്യതയില്ലെന്നര്‍ത്ഥം. 1429 ഹൈസ്‌കൂളുകളിലുള്ള 35584 അധ്യാപകരില്‍ SC 84 ഉം SC 2 പേരുമാണഉള്ളത്. 1069 യു പി സ്‌കൂളുകളിലായി 33057 അധ്യാപകരുണ്ട്. ഇതില്‍ SC 90 ഉം ST 32 ഉം ആണ്. 308 എയ്ഡഡ് എല്‍ പി സ്‌കൂളുകളിലായി 36287 അധ്യാപകര്‍ ജോലിചെയ്യുന്നു. ഇതില്‍ SC വിഭാഗത്തില്‍ 176 പേരും ST വിഭാഗത്തില്‍ 62 പേരും മാത്രമേയുള്ളൂ.

എയ്ഡഡ് മേഖലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹൈസ്‌കൂള്‍, യു പി, എല്‍ പി അടക്കം മൊത്തം സ്‌കൂളുകള്‍ 7966 ആണ്. ഇതിനെല്ലാം കൂടി 116140 അധ്യാപക രുണ്ട്. എന്നാല്‍ ദലിത് - ആദിവാസി വിഭാഗങ്ങളിലെ അധ്യാപകരുടെ എണ്ണം 447 ആണ്. പൊതുഖജനാവിലെ പണംകൊണ്ട് ശമ്പളവും പെന്‍ഷനും നല്‍കുന്ന ഈ മേഖലയില്‍ സാമൂഹിക നീതിയനുസരിച്ച് ദലിത് - ആദിവാസികള്‍ക്ക് ലഭ്യമാകേണ്ടത് (10% സംവരണ പ്രകാരം) 11,500 ല്‍ ഏറെ അധ്യാപക തസ്തികകളാണ്. കിട്ടുന്നതോ വെറും 447.

അടിസ്ഥാന വിദ്യാഭ്യാസ മേഖലയുടെ ചിത്രം ഇതാണെങ്കില്‍ കൂടുതല്‍ പണം സര്‍ക്കാരില്‍ നിന്നൊഴുകുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ അവസ്ഥ ദലിത് സമൂഹത്തെ അമ്പരപ്പിക്കുന്നതു തന്നെയാണ്. കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറുടെ ഓഫീസില്‍ നിന്ന് വിവരാവകാശപ്രകാരം ലഭിച്ച കത്തില്‍ എയ്ഡഡ് കോളേജുകളുടെ അധ്യാപക നിയമനത്തില്‍ പട്ടികജാതി - പട്ടികവര്‍ഗ സംവരണ ത്തിന് യു ജി സി യുടേയോ കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളുടേയോ നിയമങ്ങള്‍ നിലവിലില്ലാ എന്നു ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം യു ജി സി യില്‍ നിന്നും ലഭിച്ച മറുപടിയില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഫണ്ട് ലഭിക്കുന്ന എയ്ഡഡ് കോളേജ് നിയമനങ്ങളില്‍ കര്‍ശനമായി SC/ST സംവരണം പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. F No. -8-55/2010 (SCT) Dt.Sep - 2010.

യു ജി സി നിര്‍ദ്ദേശങ്ങള്‍

1) കേന്ദ്ര മാനവവിഭവ വികസന മന്ത്രാലയം എയ്ഡഡ് കോളേജ് (ഗ്രാന്റ് ഇന്‍ എയ്ഡഡ്) നിയമനങ്ങളില്‍ SC/ST സംവരണം കര്‍ശനമായി നടപ്പാക്കാന്‍ യു ജി സി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

2) കേന്ദ്ര സര്‍വകലാശാലകള്‍, ഡീംഡ് യൂണിവേഴ്‌സിറ്റികള്‍, പൊതു ഖജനാവില്‍ നിന്ന് ഗ്രാന്റ് ഇന്‍ എയ്ഡ് ലഭിക്കുന്ന കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയിലെ അധ്യാപക - അനധ്യാപക നിയമനങ്ങളില്‍ 15% SC സംവരണവും 7.5% ST സംവരണവും നടപ്പാക്കേണ്ടതാണ്.

നിലവില്‍ ഈ വ്യവസ്ഥ നടപ്പിലാക്കാന്‍ നിയമമില്ലാത്ത സര്‍വകലാശാലകളോ ഗവേഷണകേന്ദ്രങ്ങേളാ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മാര്‍ഗരേഖയിലുള്ള നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാവുന്ന വിധത്തില്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്ക ണമെന്നും മാര്‍ഗനിര്‍ദ്ദേശരേഖ വ്യക്തമാക്കുന്നു. ഇതിനായി ഭരണനിര്‍വഹണ സമിതികള്‍, സിന്‍ഡിക്കേറ്റ്, സെനറ്റ് തുടങ്ങിയ ഉന്നതാധികാര സമിതികള്‍ മുന്‍കൈ എടുക്കണം.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 15 (4), 16 (4), 46,253 പട്ടികജാതി വര്‍ഗങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സാമൂഹിക നീതി നടപ്പാക്കുന്നതിനുള്ള യു ജി സി യുടെ ഈ നിര്‍ദ്ദേശങ്ങള്‍. സംവരണ വ്യവസ്ഥ ലക്ചറര്‍, റീഡര്‍, പ്രൊഫസര്‍ മറ്റ് സാങ്കേതിക സംജ്ഞകളിലൂടെ സൂചിപ്പിക്കു ന്ന തസ്തികകള്‍ക്കെല്ലാം ബാധകമായിരിക്കുമെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റേയും യു ജി സി യുടേയും ഉത്തരവുകളും നിര്‍ദ്ദേശങ്ങളും അട്ടിമറിച്ചുകൊണ്ടാണ് വലതിടതു ഭേദമന്യേ ദശവത്സരങ്ങളായി കേരള ഭരണകൂടം ഈ ദലിത് - ആദിവാസി ദ്രോഹം നടത്തിക്കൊണ്ടിരിക്കുന്നത്.

4000 ല്‍ അധികം കോടി രൂപയാണ് പ്രതിവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ചെലവിട്ടുകൊണ്ടിരിക്കുന്നത്. അവസരസമത്വം പ്രഖ്യാപിക്കുന്ന ഭരണഘടന നിലവിലുള്ള ഒരു രാജ്യത്താണ് ഈ ഭീമമായ തുക ചില വിഭാഗങ്ങള്‍ക്ക് മാത്രമായി ചെലവിടുന്നത്.

71.14 ശതമാനം കോളേജുകളും 78.33 ശതമാനം അധ്യാപകരും ഉള്‍ക്കൊള്ളുന്ന എയ്ഡഡ് മേഖലയിലെ ഭൂരിപക്ഷം സ്ഥാപനങ്ങളും 11.25 ശതമാനം മാത്രംവരുന്ന മുന്നോക്ക ക്രിസ്ത്യാനികളാണ് നിയന്ത്രിക്കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 4 സര്‍ക്കാര്‍ എയ്ഡഡ് കോളേജിലെ 182 അധ്യാപകരില്‍ ഒരാള്‍പോലും SC/ST വിഭാഗത്തില്‍ പെടുന്നില്ല. (2010 - സ്ഥിതി). കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ കീഴില്‍ വരുന്ന ശ്രീ കേരളവര്‍മ്മ കോളേജില്‍ മാത്രം 89 അധ്യാപകരുണ്ട്. ഇതില്‍ 33 പേര്‍ നായര്‍ വിഭാഗവും 22 പേര്‍ ഈഴവ വിഭാഗവുമാണ്. 8 ക്തിസ്ത്യന്‍ അധ്യാപകര്‍ ജോലിചെയ്യുന്ന ഇവിടെ ദലിത് അധ്യാപകര്‍ പൂജ്യം ആണ്. ദലിതരുടെ ഒറ്റ ചക്രംകൂടി വീണു കിട്ടുന്നതാണല്ലോ ദേവസ്വം ബോര്‍ഡിന്റെ ധന ശ്രതസ്സ്. ഒരു സമുദായത്തിനും ഇവിടെ മൂലധന മുടക്കില്ല. അതുകൊണ്ടുതന്നെ ഇവിടെ ആര്‍ക്കും ദലിത് സംവരണ വ്യവസ്ഥക്കെതിരേ നില്‍ക്കാന്‍ അവകാശമില്ല. എന്നിട്ടും ദലിതരുടെ കൂടി താങ്ങും തണലും കിട്ടുന്ന, ദലിതര്‍ എക്കാലത്തും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഇടതുപക്ഷത്തിന്റെ സര്‍ക്കാരുകള്‍ പോലും ഗവണ്‍മെന്റ് ഉത്തരവുകള്‍ക്കും യു ജി യി നിര്‍ദ്ദേശങ്ങള്‍ക്കും പുല്ലുവില പോലും നല്‍കിയിട്ടില്ല.

1997 ല്‍ കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയതിലൂടെ ഒഴിവുണ്ടായ 1599 അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അനുമതി 2010 ആഗസ്റ്റ് മാസത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് കോളേജ് മാനേജ്‌മെന്റുകള്‍ക്ക് നല്‍കുക യുണ്ടായി. (GO.(MS)No.260/2010/H.Edn.Dt.20-8-2010 TVM) കുറഞ്ഞത് 300 കോടി രൂപയെങ്കിലും കോഴയിനത്തില്‍ വിവിധ സാമുദായിക വിഭാഗം മാനേജ്‌മെന്റുകളുടെ കീശയില്‍ വീണ ഈ നിയമനമാമാങ്ക ഉത്തരവില്‍ യു ജി സി നിര്‍ദ്ദേശപ്രകാരമുള്ള സംവരണത്തെക്കുറിച്ചുള്ള മൗനം പാലിക്കുകയാണുണ്ടായത്.

നയരൂപീകരണ ഘട്ടത്തിലോ, നിയമനിര്‍മ്മാണ ഘട്ടത്തിലോ ദലിതര്‍ക്കുവേണ്ടി ഇടപെടാന്‍ ഒരു അംബേഡ്കറോ. കാര്യനിര്‍വഹണ ഘട്ടത്തില്‍ ഒരു ജഗ്ജീവന്‍ റാമോ ഇല്ലാതെ പോകുന്നതാണ് കേരളത്തിലെ ദലിതര്‍ ഇന്ന് നേരിടുന്ന ദുരന്തം.

സംവരണം അട്ടിമറിക്കപ്പെടുന്നതില്‍ കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളും യു ജി സി യും ഒരുപോലെ പ്രതിസ്ഥാനത്താണ്. പുറപ്പെടുവിച്ച ഉത്തരവുകള്‍ യു ജി സി നടപ്പിലാക്കുന്നുണ്ടോ എന്ന പരിശോധന കേന്ദ്ര ഗവണ്‍മെന്റോ, തങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റ് നടപ്പിലാക്കുന്നുണ്ടോ എന്ന പരിശോധന യു ജി സി യോ നടത്തുന്നില്ല. തല്‍ഫലമായി മത - സാമുദായിക ശക്തികളെ അലോസ രപ്പെടുത്തുന്നത് രാഷ്ട്രീയമായി പ്രായോഗികമല്ലെന്ന് കരുതുന്ന രാഷ്ട്രീയ നേതൃത്വങ്ങളും സംസ്ഥാന സര്‍ക്കാരും മേലുത്തരവുകളേയും നിര്‍ദ്ദേശങ്ങളേയും നിഷ്‌കരുണം നിരാകരിക്കുന്നു.

ഒരു ഘട്ടത്തില്‍ എസ് എന്‍ ഡി പി, മുസ്ലീം, ലാറ്റിന്‍ ക്രിസ്ത്യന്‍, നാടാര്‍ സമുദായം തുടങ്ങിയവ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ പി എസ് സി ക്ക് വിടാന്‍ തയാറായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാനുള്ള താല്‍പ്പര്യമോ ഇച്ഛാശക്തിയോ അന്നത്തെ സര്‍ക്കാരിനില്ലാതെ പോയി.

പുറംവാതില്‍ നിയമനങ്ങള്‍ ചില ഗവണ്‍മെന്റുകളുടെ ശീലമാണല്ലോ. ഇവിടെയും തഴയപ്പെടുന്നവര്‍ ദലിതരും ആദിവാസികളും.

(Aided sector Reservation Agitation Council പ്രസിദ്ധീകരിച്ച സാമൂഹിക നീതികളുടെ എയ്ഡഡ് ഫാക്ടറികള്‍ അഥവാ എയ്ഡഡ് വിദ്യാഭ്യാസ മേഖലയും ദലിതരും: ഒരു വസ്തുതാപഠനം എന്ന ലഘുലേഖയോട് കടപ്പാട്)

പ്രൊഫ. എസ് കൊച്ചുകുഞ്ഞ്, ഫോണ്‍: 9995145959.

******

കടപ്പാട്: 'കേരളശബ്ദം' വാരിക 2014 ജൂണ്‍ 8 ലക്കം.