"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2014, മേയ് 31, ശനിയാഴ്‌ച

ആര്‍ച്ച്‌ ഡീക്കന്‍ കോശി - പ്രൊഫ. ഇ പി കോശി.


അര്‍ച് ഡീക്കന്‍ കോശി
മലയാള നോവല്‍ പ്രസ്ഥാനത്തിന്റെ മുഖ്യശില്‍പ്പികളില്‍ പ്രമുഖനായ ആര്‍ച്ച്‌ ഡീക്കന്‍ ഡോ. കെ കോശി, മുല്ലമംഗലം ആധുനിക കേരളിയ സമൂഹത്തിന്‌ തികച്ചും അജ്ഞാതനാണ്‌. മലയാളത്തിലെ ആദ്യത്തെ നോവലായി ഇന്ദുലേഖയും ആദ്യകാല നോവലുകളായി കുന്ദലത, ഘാതകവധം, അക്‌ബര്‍ മുതലായവയെയും പരിഗണിക്കു ന്നവര്‍, പുല്ലേലി കുഞ്ചു എന്ന ആദ്യ നോവലിനെയും അതിന്റെ രചയിതാവായ ഡോ. കെ കോശിയെയും അജ്ഞതകൊണ്ടോ അലംഭാവം കൊണ്ടോ അവഗണിക്കുകയാണ്‌ ചെയ്യുന്നത്‌. സമ്പന്നമായ നോവല്‍ പ്രസ്ഥാനത്തെപ്പറ്റി ഈക്കം കൊള്ളുന്ന മലയാളി അതിന്റെ ഉപജ്ഞാതാവിനെ കണ്ടെത്തുന്നതില്‍ പ്രകടമാക്കുന്ന ലാഘവബുദ്ധിയെ മിതമായ ഭാഷയില്‍ നന്ദികേട്‌ എന്ന്‌ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. മലയാളിയുടെ സഹജമായ ഈ ഉദാസീനത പൈതൃകനിഷേധ ത്തിന്റെ സീമയോളം ചെന്നെത്തിയിരിക്കുന്നു.

മലയാള നോവല്‍ പ്രസ്ഥാനം സജീവമാകുന്നതും സാമൂഹിക നോവല്‍ രൂപം കൊള്ളുന്നതും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണെന്നു പരക്കെ വിശ്വസിച്ചുവരുന്നു. എന്നാല്‍ അതിന്‌ ഒരു നൂറ്റാണ്ടുമുമ്പുതന്നെ ഈ പ്രസ്ഥാനത്തിനെന്നല്ല, ശുദ്ധമായ മലയാള ഭാഷക്കുപോലും ശക്തമായ അടിത്തറ പാകിയ മഹാത്മാവാണ്‌ മാരാമണ്‍ മുല്ലമംഗലത്ത്‌ കെ കോശി എന്ന വസ്‌തുത നാം വിസ്‌മരിക്കുന്നു. ആദ്യകാല മലയാള ഗദ്യത്തിന്റെ അരുമയായ ശില്‍പ്പിയുടെ ഉജ്വലമായ ജീവചരിത്രത്തിലേക്ക്‌ ഒന്നെത്തി നോക്കാനുള്ള ശ്രമത്തിന്റെ പരിണതിയാണ്‌ ഈ ലേഖനം.

മാരാമണ്‍ മുല്ലമംഗലത്തു വീട്ടില്‍ 1825 ല്‍ ജനിച്ച്‌ പിന്നീട്‌ ആംഗ്ലിക്കന്‍ സഭയുടെ ഇന്ത്യയിലെ ആര്‍ച്ച്‌ ഡീക്കനായി വാഴ്‌ത്തപ്പെട്ട കെ കോശിയുടെ കുട്ടിക്കാലം മലങ്കര സുറിയാനി സഭയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. "The most cultured man in Travancore" (Report of British Parliamentary meetings ) എന്ന്‌ Hansards ല്‍ രേഖപ്പെടുത്തിയിട്ടുള്ളതും, ജോര്‍ജ്‌ ബാര്‍ഡ്‌ലി ഹോവാര്‍ഡ്‌ തന്റെ Christians of St.Thomas and their Liturgies എന്ന പുസ്‌തകത്തില്‍ ' A Remarkable man ' എന്നു വിശേഷിപ്പിച്ചിരിക്കുന്ന വ്യക്തിയുമായ മാരാമണ്‍ കോശിയായി രുന്നു അദ്ദേഹത്തിന്റെ പിതാവ്‌. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം കൊണ്ടും ഭാഷാ പരിജ്ഞാനം കൊണ്ടും സമ്പന്നനായ മാരാമണ്‍ കോശി, പുത്രന്റെ പ്രായത്തില്‍കവിഞ്ഞ ബുദ്ധിസാമര്‍ഥ്യവും ഓര്‍മ്മശക്തിയും കണ്ടറിഞ്ഞ തന്റെ സ്‌നേഹിതന്‍ കോട്ടയം സുറിയാനി സഭാ സെമിനാരിയുടെ ആദ്യ പ്രിസിപ്പല്‍ ആയിരുന്ന ബെയ്‌ലി സായിപ്പിന്റെ പ്രേരണയാല്‍ മകനെ സെമിനാരിയില്‍ ചേര്‍ക്കുകയാണുണ്ടായത്‌. സഭ സ്ഥാപിച്ച ആദ്യ ഇംഗ്ലീഷ്‌ ഗ്രാമര്‍ സ്‌കൂളിലും പിന്നീട്‌ അവരുടെ തന്നെ സി എം എസ്‌ കോളേജിലും ചേര്‍ന്ന്‌ വേദം, ഗണിതം, ചരിത്രം, ശാസ്ത്രം  എന്നിവക്കുപുറമേ വിവിധ ഭാഷകളും കോശി അഭ്യസിച്ചു. ഓരോ വിഷയത്തിലും ഒന്നാം റാങ്കോടെ അദ്ദേഹം വിജയം നേടിയിരുന്നു. ഭാഷയില്‍ ജന്മവാസനയുണ്ടായിരുന്ന കോശിയെ പ്രിന്‍സിപ്പല്‍ ചാപ്പ്‌മാനും മറ്റ്‌ അധ്യാപകരും നിരന്തരം പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായി മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്‌, ഗ്രീക്ക്‌, ഹീബ്രു, സിറിയക്‌ എന്നീ ഭാഷകളില്‍ അഗാധമായ പാണ്ഡിത്യം നേടി. വിദ്യാര്‍ത്ഥിയായിരിക്കെ മനസ്സാക്ഷിയെ കുറിച്ച്‌ കോശി ചെയ്‌ത പ്രസംഗം ചാപ്പ്‌മാന്‍ ഇംഗ്ലണ്ടിലേക്കയച്ചുകൊടുത്തത്‌ സമ്മാനാര്‍ഹമായിത്തീര്‍ന്നു. ചാപ്പ്‌മാന്റെ സ്വാധീനത്തില്‍ ഇംഗ്ലണ്ടില്‍ നടന്ന പല സാഹിത്യ മത്സരങ്ങളിലും കോശി പങ്കെടുക്കുകയും വെള്ളക്കാരെ പോലും പിന്തള്ളി സമ്മാനങ്ങല്‍ നേടിയെടുക്കുകയും ചെയ്‌തിരുന്നു.

ഇദ്ദേഹത്തിന്റെ അസാമാന്യ ബുദ്ധിശക്തിയും ഭാഷാ നൈപുണ്യവും കണ്ടറിഞ്ഞ മിഷണറിമാര്‍ അദ്ദേഹം സഭക്കും മലയാളഭാഷക്കും ഒരു മുതല്‍ക്കൂട്ട്‌ ആകുമെന്ന്‌ ദീര്‍ഘവീക്ഷണം ചെയ്‌തിരുന്നു. പിതാവിന്റെ അനുമതിയോടുകൂടി അദ്ദേഹത്തെ അവര്‍ സി എം എസ്‌ സഭയില്‍ ഒരു വൈദികനായി ചേര്‍ത്തു. സാധാരണ ജോലികള്‍ക്കു പുറമേ തുടക്കത്തില്‍ തന്നെ സഭയുടെ വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ സഭ കോശിയെ ചുമതലപ്പെടുത്തി. സഭയുടെ നിര്‍ദ്ദേശപ്രകാരം Tract Society യുടെ പഴയ ലേഖനങ്ങല്‍, കഥകള്‍, ഷെര്‍വുഡ്‌ മദാമ്മയുടെ ചെറുകഥകള്‍ എന്നിവ അദ്ദേഹം മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തി. അവക്കൊപ്പം സ്വന്തം ചെറുകഥകളും വെളിച്ചം കണ്ടു. വെര്‍ണാക്കുലര്‍ എഡ്യൂക്കേഷന്‍ കാരുടെ പാഠപുസ്‌തകങ്ങള്‍ പരിശോധിച്ച്‌ പ്രസിദ്ധീകരിക്കുന്ന ജോലിയും അദ്ദേഹം ഏറ്റെടുത്തു. പീറ്റ്‌ സായിപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം ജോണ്‍ ബനിയന്റെ പില്‍ഗ്രിംസ്‌ പ്രോഗ്രസ്‌ 

എന്ന കൃതി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന അദ്യത്തെ കതി എന്ന ബഹുമതി ഇതിനുള്ളതാണ്. 'പരദേശി മോക്ഷയാത്ര' എന്ന പേരില്‍ 1845ല്‍ ആണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. തുടര്‍ന്ന് ജോണ്‍ ബനിയന്റെ തന്നെ Holy war എന്ന കൃതിയും 'തിരുപോരാട്ടം' എന്ന പേരില്‍ അദ്ദേഹം പരിഭാഷപ്പെടുത്തി. പിന്നീട് ഡോ. ഹര്‍മന്‍ ഗുണ്ടര്‍ട്ട് പില്‍ഗ്രിംസ് പ്രോഗ്രസ് 'സഞ്ചാരിയുടെ പ്രയാണം' എന്ന പേരില്‍ 1847ല്‍ പ്രസിദ്ധീകരിക്കുക യുണ്ടായി. എന്നാല്‍ ഗുണ്ടര്‍ട്ടിന്റെ പരിഭാഷക്ക് പറയത്തക്ക മേന്മ ഒന്നുംതന്നെ ഇല്ലായിരുന്നു.

ജ്ഞാന നിക്ഷേപം

പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോശി പാതിരി ഭാഷക്കു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ആദ്യമായി മലയാള ഭാഷയില്‍ പിറന്ന പത്രം 1947 ല്‍ ഗുണ്ടര്‍ട്ട് സായിപ്പ് തലശ്ശേരിയില്‍ നിന്നു പ്രസിദ്ധീകരിച്ച 'രാജ്യസമാഹാരം' അണ്. മലയാളഭാഷയിലെ ആദ്യത്തെ ലക്ഷണമൊത്ത പത്രം കോട്ടയം സി എം എസ് അച്ചുകൂടത്തില്‍ നിന്നും പ്രസിദ്ധീകരിച്ച 'ജ്ഞാന നിക്ഷേപം' എന്ന പത്രം ആയിരുന്നു. തുടക്കം മുതല്‍ 20 വര്‍ഷക്കാലത്തോളം കോശി ഈ പത്രത്തിന്റെ പത്രാധിപസ്ഥാനം അലങ്കരിച്ചു. അദ്ദേഹത്തിനു ഭാഷയിലുള്ള അഗാധമായ പാണ്ഡിത്യവും പരിചയവും പത്രപ്രവര്‍ത്തന രംഗത്ത് പ്രകടമായി. ശുദ്ധവും ലളിതവുമായ ഭാഷയില്‍ ആനുകാലിക സാമൂഹ്യ സാംസ്‌കാരിക വിശേഷങ്ങള്‍, ശാസ്ത്ര വിശേഷങ്ങള്‍, സര്‍ക്കാര്‍ അറിയിപ്പുകള്‍ പൊതു വിജ്ഞാനം, ലോകസംഭവങ്ങളുടെ ചുരുക്കവും മറ്റും ഈ പത്രത്തില്‍ അദ്ദേഹം എപ്പോഴും ചേര്‍ത്തിരുന്നു. ഇങ്ങനെ ജ്ഞാനനിക്ഷേപം എന്ന പത്രത്തിലുൂടെ പ്രസിദ്ധീകരിച്ച പല ലേഖനങ്ങളും സ്വരൂപിച്ച് പരിഷ്‌കരിച്ച് നോവലിന്റെ ചട്ടക്കൂട്ടില്‍ വാര്‍ത്തെടുത്ത് രൂപം നല്‍കി. 1882 ല്‍ പ്രസിദ്ധീകരിച്ച 'പുല്ലേലികുഞ്ചു' എന്ന മൂല്യ കൃതിയാണ് മലയാള ഭാഷയിലെ പ്രഥമ നോവലെന്ന് നിഷ്പക്ഷമതികളായ ഗവേഷകര്‍ അംഗീകരിക്കുന്നു.

ഔദ്യോഗിക ജീവിതത്തില്‍ തലവടി, കുമരകം, ഒളശ്ശ, ഇലന്തൂര്‍, കോട്ടയം മുതലയ സ്ഥലങ്ങളില്‍ അദ്ദേഹം വികാരിയായി പ്രവര്‍ത്തിച്ചിരുന്നു. അവിടെയെല്ലാം മിഷനറിമാരുടെ സഹായത്തോടെ ആദ്യ സ്‌കൂള്‍ അദ്ദേഹം സ്ഥാപിച്ചു. എല്ലാവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും ഈ വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കി. എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. തീണ്ടലും തൊടീലും കൊടികുത്തിവാണിരുന്ന കാലത്ത് ഇദ്ദേഹം അധകൃതരുടേയും അവശജനങ്ങളുടേയും ഉന്നമനത്തിനായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഉച്ചനീചത്വം ഇല്ലാതാക്കാനും അധകൃതര്‍ക്ക് സാമൂഹ്യനീതി ഉറപ്പുവരുത്താനും അടിമക്കച്ചവടം നിര്‍ത്തലാക്കാനും മറ്റും കോശി പാതിരി മിഷനറിമാരോടൊപ്പം ദിവാന്‍ജി, റീജന്റ്, സെക്രട്ടറിമാര്‍ മുതലായവരെ കണ്ട് സ്വാധീനം ചെലുത്തി ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങുകയുണ്ടായി.

അറിയപ്പെടുന്ന വാഗ്മിയും കഴിവുള്ള വേദപണ്ഡിതനും കരുത്തുറ്റ ഭരണകര്‍ത്താവും എഴുത്തുകാരനും വിവര്‍ത്തകനും അധ്യാപകനും ഒക്കെയായി മാറിയ കോശി പാതിരി കോട്ടയം പട്ടണത്തിന്റെ ബഹുമുഖമായ പുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിക്കുകയുണ്ടായി. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ അദ്ദേഹം നിറഞ്ഞുനിന്നു.

പബ്ലിക് ലൈബ്രറിയില്‍ നല്ലനല്ല പ്രസംഗങ്ങള്‍ നടത്തുവാന്‍ അദ്ദേഹത്തെ വിളിക്കുക പതിവായി. 1857 ലെ അതിഭയങ്കരമായ വെള്ളപ്പൊക്കത്തില്‍ തന്റെ ഉറ്റസ്‌നേഹിതനായ രാമരായര്‍ പേഷ്‌കാര്‍ രൂപീകരിച്ച ദുരിതനിവാരണ കമ്മിറ്റിയുടെ ഖജാന്‍ജിയായി അദ്ദേഹത്തെ നിയമിച്ചു. പള്ളികളില്‍ നിന്നും മാന്യന്മാരില്‍ നിന്നും പണപ്പിരിവു നടത്തി പാവപ്പെട്ടവര്‍ക്കും വീടുനഷ്ടപ്പെട്ടവര്‍ക്കും ധര്‍മക്കഞ്ഞിയും പണവും സാധനങ്ങളും നല്‍കി സഹായിച്ചു. പേഷ്‌കാര്‍ കോശിയോടും മറ്റുവിദ്വാന്മാരോടും ആലോചിച്ച് കോട്ടയത്ത് ഒരു വിദ്വല്‍ സദസ് ആരംഭിച്ചു. ആദ്യ സദസില്‍ തന്നെ കോശി പാതിരി സത്യത്തെക്കുറിച്ചു ചെയ്ത പ്രസംഗം എല്ലാവരുടേയും മുക്തകണ്ഠമായ പ്രശംസ നേടി. ഹിന്ദു വേദികളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും മാത്രം തിരഞ്ഞെടുത്ത പല രസകരങ്ങളായ ദൃഷ്ടാന്തങ്ങളും കഥകളും ചേര്‍ത്തു രൂപം നല്‍കിയ പ്രബന്ധം ഹിന്ദുക്കള്‍ക്ക് ഏറ്റവും കൗതുകം തോന്നിക്കുന്ന ഒരു ചെറുപുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്.

അനുഗൃഹീത വാഗ്മിയായി അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ സുപ്രധാന സദസുകളില്‍ പ്രസംഗിക്കാന്‍ നിയോഗിച്ചിരുന്നു. മഹാരാജാവ്, ദിവാന്‍ജി, പേഷ്‌കാര്‍ മുതലായ ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥര്‍, വെള്ളക്കാരായ ഗവര്‍ണര്‍, റീജന്റ്, ബിഷോപ്പുമാര്‍ മുതലായ ശ്രേഷ്ഠവ്യക്തികള്‍ കോട്ടയം പട്ടണവും മിഷ്യന്‍ കേന്ദ്രങ്ങളും സന്ദര്‍ശിക്കുമ്പോള്‍ മിഷ്യനുവേണ്ടിയും അല്ലാതെയും ഇവരെ സ്വീകരിക്കുന്നതിനും മംഗളപത്രങ്ങള്‍ എഴുതിവായിക്കുന്നതിനും അനുമോദന പ്രസംഗങ്ങള്‍ പറയുന്നതിനും കോശിപാതിരിയെ അധികൃതര്‍ പ്രത്യേകമായി ചുമതലപ്പെടുത്തിയിരുന്നു.

കോശിപാതിരിക്ക് എല്ലാ ജാതിക്കാരുടേയും ആചാരമര്യാദകളും മതനിബന്ധനകളും നല്ലവണ്ണം നിശ്ചയമുണ്ടെന്നു മനസിലാക്കിയിരുന്ന രാമരായര്‍ ദിവാന്‍ജി അദ്ദേഹത്തിനു നിയമനിര്‍മാണസഭയില്‍ അംഗമായി ചേരുന്നതിനു സമ്മതമുണ്ടോ എന്ന് എഴുതി ചോദിച്ചിരുന്നു. എഴുത്തുവന്ന സമയം അതുകിട്ടാതെ കോശി പാതിരി ദൂരെവിടെയോ ബൈബിള്‍ റിവിഷന്‍ ജോലിക്ക് കുറേദിവസം പോയി താമസിച്ചിരുന്ന തിനാല്‍ അദ്ദേഹത്തിനു മനസില്ലായിരിക്കാം എന്നുകരുതി വേറെ ആളിനെ നിയമിക്കുകയും ചെയ്തു.

സി എം എസില്‍ വെറും 7 രൂപാ ശമ്പളത്തിനു ജോലി ചെയ്തിരുന്നു. കോശിയുടെ കഴിവും പ്രശസ്തിയും പരിഗണിച്ച് മദ്രാസ് ഗവണ്‍മെന്റ് 120 രൂപ ശമ്പളത്തില്‍ മുഖ്യ വിവര്‍ത്തകന്റെ പദവി അദ്ദേഹത്തിനു വെച്ചുനീട്ടി. ആര്‍ച്ച് ഡീക്കനായിരിക്കുമ്പോള്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ഒരു ഇന്ത്യക്കാരന് ആദ്യമായി ബിഷപ് പദവി വാഗ്ദാനം ചെയ്തു. പാവങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് ഈ പ്രശസ്തിയുടെ സോപാനങ്ങള്‍ ഒന്നും ആവശ്യമില്ല എന്നുപറഞ്ഞ് ഈ പദവികള്‍ വിനയപൂര്‍വം ത്യജിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കുലീനതയും ലാളിത്യവും വിശദീകരിക്കുവാന്‍ മറ്റുദാഹരണങ്ങള്‍ ആവശ്യമില്ലല്ലോ.

കുന്നേറ്റുപദേശം (രണ്ടുഭാഗങ്ങള്‍), ആയയും മകനും, വസ്ത്രധാരണം, ഭസ്മക്കുറി, ഹെനറികുഞ്ഞ്, തിരുവവതാരമാഹാത്മ്യം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ഉപകാരപ്പെടണമെന്നുകരുതി എഴുതിയ പത്തുവയസുള്ള പൈതല്‍ എന്നിവ ഇദ്ദേഹത്തിന്റെ ഇതരകൃതികളാണത്രേ. 1890 ല്‍ The Treasury of Knowledge ന്നെ ഒരു മാസികയും തുടങ്ങിയിരുന്നു. കോട്ടയം സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധപ്പെടുത്തിയ വിശ്വവിജ്ഞാനകോശം 5 ആം വാള്യത്തില്‍ കോശി ആര്‍ച്ച് ഡീക്കന്റെ സാഹിത്യകൃതികളെപ്പറ്റി ഒരു സംക്ഷിപ്തവിവരണം ചേര്‍ത്തിട്ടുണ്ട്.

മലയാളഭാഷ സംസ്‌കൃതത്തിന്റെ ശക്തമായ പിടിയിലമര്‍ന്നിരുന്ന ആ കാലയളവില്‍ അതിനെ വിമുക്തമാക്കി ശുദ്ധവും ഉത്തമവും ഇമ്പമുള്ളതുമായ ഒരു ഭാഷയാക്കി മാറ്റിയെടുക്കുവാന്‍ അദ്ദേഹം തുടക്കമിടുകയും കഠിനമായി യത്‌നിക്കുകയും ചെയ്തു. തന്റെ കൃതികളിലും പ്രസംഗങ്ങളിലും പാഠകങ്ങളിലും എല്ലാംതന്നെ സംസ്‌കൃത പദങ്ങള്‍ പരമാവധി മാറ്റി തിരഞെഞെടുത്ത ലളിതമായ മലയാള വാക്കുകളും വാചകങ്ങളും ഉപയോഗിക്കുവാന്‍ അദ്ദേഹം അങ്ങേറ്റം ശ്രദ്ധിച്ചിരുന്നു. ഇത് മറ്റ് എഴുത്തുകാര്‍ക്ക് മാതൃകയായിത്തീരുകയും ചെയ്തു. തന്റെ മലയാളഭാഷയിലുള്ള പരിജ്ഞാനത്തെപ്പറ്റി വളരെ അധികം അറിഞ്ഞിരുന്ന സ്‌നേഹിതന്‍ രാമരായര്‍, ദിവാന്‍ ഭരണം ഏറ്റെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മലയാളഭാഷയെ കുറിച്ച് ഒരു പ്രബന്ധം വിദ്വാന്മാരും സര്‍ക്കാര്‍ മേലുദ്യോഗസ്ഥന്മാരും ഉള്‍പ്പെട്ട ഒരു സദസില്‍ അവതരിപ്പിച്ചു. പ്രബന്ധം കേട്ടശേഷം ഗവണ്‍മെന്റ് സെക്രട്ടറി താണുപ്പിള്ള മറുപടി പ്രസംഗത്തില്‍ മനോഹരമായ പാഠകത്തിന്റെ പുറകേയുള്ള തന്റെ വാക്കുകള്‍ പാല്‍പ്പായസത്തിന്റെ പുറകേയുള്ള പനങ്കാടി പോലെയേയുള്ളൂ എന്നും, മറ്റു ഭാഷാപരിഷ്‌കാരഭ്രമികളായ പലരുടേയും രീതിയില്‍നിന്നു വ്യത്യസ്തമായി അവതരിപ്പിച്ച ഭേദപ്പെട്ട മലയാളം കേട്ടപ്പോള്‍ ഉന്നതമായ മറ്റേതുഭാഷയോടും ഇതിനു കിടപിടിക്കാന്‍ സാധിക്കും എന്നതില്‍ യാതൊരു സംശയമുണ്ടാ എന്നും പ്രസ്താവിച്ചു. അന്യഭാഷ കലര്‍ത്തി പറയുന്നത് നമ്മുടെ ഭാഷക്ക് അവലക്ഷണമാണെന്നു കാണിക്കാന്‍ അന്നു കോശി പാതിരി പറഞ്ഞ ഉദാഹരണങ്ങളില്‍ ചിലതുമാത്രം ചൂണ്ടിക്കാണിക്കട്ടെ. ദന്തധാവനം ചെയ്വാന്‍ ആമ്രപത്രം വിശിഷ്ടം എന്നും, റീത്തു ക്ലീന്‍ ചെയ്യാന്‍ മാംഗോലീഫ് എക്‌സലന്റ് എന്നും പറയുന്നതിനു പകരം മലയാള ഭാഷയില്‍ പല്ലുതേക്കാന്‍ മാവില നന്ന് എന്നു പറയുന്നത് എത്ര മനോഹരം ആകുന്നു. അതുപോലെ പെറ്റ തള്ളക്ക് അഴക് പോരാ എന്നുവെച്ച് മറ്റുള്ളവരുടെ തള്ളയെ അമ്മയെന്നു ഭാവിപ്പാറുണ്ടോ എന്നും മറ്റുമുള്ള തന്റെ സ്വതസിദ്ധമായ ശൈലികളും ഉപയോഗിച്ചിരുന്നു. അതുപോലെ നമ്മുടെ ഭാഷയില്‍ ഗദ്യപ്രബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതു നന്നായിരിക്കും എന്നു കാണിപ്പാന്‍ നളചരിതത്തില്‍ നിന്ന് ഒരു ഭാഗം ഗദ്യരൂപമാക്കി തന്റെ പ്രബന്ധത്തില്‍ ചേര്‍ത്തിരുന്നു. (സുദേവന്‍ എന്ന ബ്രാഹ്മണദൂതന്‍ ദമയന്തിയോടു പറയുന്ന ഭാഗം) വേദപ്രസംഗങ്ങള്‍ ഉള്‍പ്പെടെ കോശി പാതിരിയുടെ മലയാളത്തിലും ഉംഗ്ലിഷിലും ചെയ്ത നല്ല നല്ല ഒട്ടുമിക്ക പ്രസംഗങ്ങളും പ്രബന്ധങ്ങളും സി എം എസ് പ്രസ്സുകാര്‍ മുദ്രണം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയൊക്കെ ഇപ്പോള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നു മാത്രം.

പുതിയനിയമത്തിന്റെ തര്‍ജമ

ഈ സന്ദര്‍ഭത്തില്‍ പ്രധാനമായ ഒരു സംഭവം വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കേളത്തിലെ ക്രിസ്തീയസഭകളുടെ ചരിത്രത്തില്‍ അവര്‍ക്ക് കോശി പാതിരിയോട് എപ്പോഴും കടപ്പെട്ടതും, ഒരുകാലത്തും മറക്കാന്‍ സാധിക്കാത്തതുമായ ഒരു വലിയ സേവനമാണ് അദ്ദേഹം ചെയ്തത്. കത്തോലിക്കാ വിഭാഗം ഒഴികെയുള്ള മറ്റ് എല്ലാ സഭകളും ഇപ്പോള്‍ വായിക്കുന്ന ബൈബിള്‍ പുതിയനിയമത്തിന്റെ തര്‍ജമയത്രെ. കേരളത്തില്‍ വടക്കും തെക്കുമായി രണ്ട് മലയാള തര്‍ജമ ഉണ്ടായിരുന്നത് ഒരു പരിഭാഷ മതിയെന്ന് ബൈബിള്‍ സൊസൈറ്റി തീരുമാനിച്ചു. ഹോകസ് വര്‍ത്തു സായിപ്പിന്റെയും പീറ്റ് സായിപ്പിന്റെയും മേല്‍നോട്ടത്തില്‍ പ്രധാനസഭകളില്‍ നിന്ന് അംഗങ്ങളെ ചേര്‍ത്ത് 1872 ല്‍ ഒരു കമ്മിറ്റിയെ നിയമിച്ചു. ബഹുഭാഷാ പണ്ഡിതനായ കോശി പാതിരി പുസ്തക നിര്‍മാണത്തിലും തര്‍ജമയിലും ഏറെ പ്രശസ്തി നേടിയിരുന്നതിനാല്‍ സൊസൈറ്റി ഇദ്ദേഹത്തെ ആയിരുന്നു തര്‍ജമയുടെ പ്രധാന ചുമതല ഏല്‍പ്പിച്ചിരുന്നത്. ഹീബ്രു, ഗ്രീക്ക്, ഇംഗ്ലീഷ് മുതലായ പ്രധാന ഭാഷകളിലെ മൂലബൈബിള്‍ ഗ്രന്ഥങ്ങള്‍ പരിശോധിച്ച് പഴയതര്‍ജമയിലെ തെറ്റായതും അവ്യക്തമായതും കൂട്ടിക്കെട്ടിയ വാക്കുകളും മറ്റും മാറ്റി മൂലഗ്രന്ഥങ്ങള്‍ക്കു സമാനമായ, ശുദ്ധമായ പുതിയ മലയാള വാക്കുകളും വാചകങ്ങളും ചേര്‍ത്ത് പരിഷ്‌കരിച്ച് ഏതാണ്ട് 30 വര്‍ത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി തന്റെ മരണത്തിന് ഒരു വര്‍ഷം മുമ്പ് 1898 ല്‍ 'ബൈബിള്‍ പുതിയനിയമം ' പ്രസിദ്ധപ്പെടുത്തി. പഴയ നിയമ പുസ്തകത്തിന്റെ തര്‍ജമ തുടങ്ങിയെങ്കിലും അത് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല. 110 വര്‍ഷം കഴിഞ്ഞ് ഭാഷ ഇത്രയും വികസിച്ചിട്ടും കോശി പാതിരിയുടെ തര്‍ജമക്ക് ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വന്നിട്ടില്ല എന്നുള്ളത് അദ്ദേഹത്തിന്റെ ഭാഷാ പാണ്ഡിത്യ ത്തിനുള്ള വലിയ അംഗീകാരമായി ഇപ്പോഴും കരുതുന്നു. തന്റെ ബൈബിള്‍ തര്‍ജമക്ക് പ്രത്യേകമായ അംഗീകാരമായും മലയാള ഭാഷക്കും സഭക്കും ചെയ്ത നിസ്തുല സേവനത്തിനുമായും ഇംഗ്ലണ്ട് രാജ്ഞിയായിരുന്ന വിക്ടോറിയ മഹാറാണി കോശി പാതിരിക്ക് ഏറ്റവും ഉയര്‍ന്ന ബഹുമതിയായ Doctor of Divinity എന്ന ബിരുദം നല്‍കി ആദരിച്ചു. ഇദ്ദേഹമായിരുന്നു പഴയതിരുവിതാംകൂറിലെ അദ്യ ഡോക്ടര്‍ ബിരുദം ലഭിച്ച വ്യക്തി എന്നും വിശ്വസിക്കുന്നു. അതുപോലെ നമ്മുടെ ഇപ്പോഴത്തെ പരസ്യാരാധനാക്രമവും ഇദ്ദേഹം റിവ്യൂചെയ്ത് പരിഷ്‌കരിച്ചതാകുന്നു.

ലക്ഷണം എന്നാല്‍

മലയാളത്തിലെ ആദ്യ നോവലുകള്‍ പുല്ലേലി കുഞ്ചു, പരദേശി മോക്ഷയാത്ര, ഫുല്‍മേനിയുടെ കഥ, ഘാതകവധം, കുന്ദലത, മുതലായവയാണെന്ന് പല ഗവേഷകരും പലപ്പോഴായി വിശേഷിപ്പിച്ചിരുന്നു. ഈ കൃതികള്‍ എല്ലാം തന്നെ (പുല്ലേലി കുഞ്ചു ഒഴികെ) ഇംഗ്ലീഷില്‍ നിന്നുള്ള തര്‍ജമയാകയാല്‍ മൗലിക സ്വഭാവം പുലര്‍ത്തുന്നില്ല എന്നും മതവുമായി ബന്ധപ്പെടുത്തിയവയാണെന്നും ലക്ഷണമൊത്തതല്ല എന്നും മറ്റുമുള്ള ചില കാരണത്താല്‍ ഇവ നോവല്‍ പ്രസ്ഥാനത്തിന്റെ പൂര്‍വരൂപങ്ങളായി കരുതാം എന്നു സമ്മതിക്കുന്നെങ്കിലും ആദ്യനോവലായി അംഗീകരിക്കാന്‍ സാധിക്കയില്ല എന്ന് ചില എഴുത്തുകാര്‍ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയാണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവല്‍ ഇന്ദുലേഖയാണ് എന്ന് പരക്കെ വിശ്വസിക്കപ്പെടാന്‍ ഇടയായത്. അതേസമയം ബംഗാളിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും അവിടെ നിന്നു മലയാളത്തിലേക്കും തര്‍ജമയായ ഫുല്‍മേനിയുടേയും കോരുണയുടേയും കഥ ചില വാദമുഖങ്ങള്‍ ഉന്നയിച്ച് മലയാള ഭാഷയുടെ ആദ്യനോവലാണെന്നു സ്ഥാപിക്കാന്‍ സ്‌കറിയ ഉദ്യമം നടത്തിയെങ്കിലും പലതരത്തിലുള്ള എതിര്‍വാദങ്ങല്‍ ഉന്നയിച്ച് പല എഴുത്തുകാരും പ്രതികരിച്ചു. എന്നാല്‍ പുല്ലേലി കുഞ്ചു തര്‍ജമയല്ലാത്ത ഒരു സ്വതന്ത്രമൂലകൃതിയാണെന്നു സമ്മതിക്കുന്നെങ്കിലും ഇതു മതസംവാദം എന്ന നിലയിലല്ലാതെ ആദ്യനോലായി സ്വീകിരിക്കാന്‍ സാധ്യമല്ലാ എന്ന് സ്‌കറിയ സ്‌കറിയയും ഡോ. ഇരുമ്പയവും അഭിപ്രായപ്പെട്ടിട്ടുണ്ട്. (സ്‌കറിയ സ്‌കറിയ - മലയാള മനോരമ 8-1-1988). എന്നാല്‍ മതസംബന്ധം ഉള്ളതുകൊണ്ടുമാത്രം ഒരു മൂലനോവനല്‍ നോവലല്ലാതാകുന്നില്ല എന്നും കൂടാതെ ഇന്ദുലേഖയും ഈ വാദത്തിന് അതീതമല്ലെന്നും ജാതിവ്യവസ്ഥ, അതിലെ അന്ധവിശ്വാസം, യാഥാസ്ഥിതികത്വം, നായര്‍ക്കിടയിലെ നമ്പൂരി സംബന്ധത്തിന്റെ അനാശാസ്യത, ഉപരിവര്‍ഗ സമുദായത്തില്‍ വന്ന മാറ്റങ്ങള്‍, പുരോഗമനവാദം, കൂട്ടുകുടുംബം, മരുമക്കത്തായം, കോളനിവാഴ്ച ഇവയൊക്കെത്തന്നെയാണ് ഇന്ദുലേഖയിലേയും പ്രധാന വിഷയങ്ങള്‍ എന്നു വെളിപ്പെടുത്തിയിട്ടുണ്ട്. (മഹച്ചരിതമാല, വാല്യം 3, പേജ് 183)

ഇനിയും ലക്ഷണമൊത്തത് എന്നതിനു ന്യായമായ അടിസ്ഥാനമെന്തെന്ന് മനസിലാകുന്നില്ല. പുതുതായി ജനിക്കുന്ന ഏതൊരു സംരംഭത്തിനും അത് നോവലാകട്ടെ, സിനിമയാകട്ടെ, മറ്റു കലകളാകട്ടെ, കണ്ടു പിടിത്തമാകട്ടെ, മറ്റേതു പ്രസ്ഥാനവുമാകട്ടെ അതിന് അതിന്റേതായ കുറവുകള്‍ സ്വാഭാവികമായും കാണാം. കാരണം ആദ്യമായി മെനഞ്ഞടുത്ത ഒന്നിനെ ലക്ഷണമൊത്തതാക്കി ത്തീര്‍ക്കാന്‍ വേണ്ടി, അതിന് ഒരു മുന്‍ നിര്‍ വചനമോ മാനദണ്ഡമോ അനുകരണമാതൃകയോ ഇല്ല എന്നുള്ള നഗ്നമായ വസ്തുത തന്നെ. തന്നെയുമല്ല പ്രകൃതവും പരുക്കനും ലക്ഷണമൊത്തതല്ലാത്തതുമായി പിറന്ന ഏതൊന്നിനും കാലക്രമേണ ഉണ്ടാകുന്ന അതിശയകരമായ വളര്‍ച്ചയേയും പുരോഗതിയേയും വിലയിരുത്തിയല്ല, പിന്നെയോ ആദ്യമായി ഒരു വ്യക്തിയില്‍ ഉരുത്തിരിഞ്ഞ ഭാവനാസൃഷ്ടി, ദര്‍ശനം, ഉള്‍ക്കാഴ്ച, ശാസ്ത്രീയ തത്വങ്ങള്‍ മുതലായവക്ക് അടിസ്ഥാനമിട്ട ആ വ്യക്തിതന്നെയാണ് അതിന്റെ ജനയിതാവായി അംഗീകരിക്കപ്പെടുന്നത്. അങ്ങിനെ പരുക്കനായി തുടങ്ങിയ ചട്ടക്കൂടിനെ അടിസ്ഥാനമാക്കി മാത്രമാണ് പിന്നീടു വരുന്നവര്‍ അതില്‍ പരിഷ്‌കരണങ്ങള്‍ വരുത്തി ലക്ഷണമൊത്തതാക്കുന്നത്. ഈ തത്വം തന്നെയാണ് ആദ്യമായി ജനിച്ച മൂലഗ്രന്ഥങ്ങളുടെ കാര്യത്തിലും ബാധകം. 1973 സെപ്തംബറിലെ ദീപിക വാരാന്ത്യപ്പതിപ്പില്‍ ആര്‍ച്ച് ഡീക്കന്‍ കോശിയാണ് മലയാള നോവലിന്റെ ജനയിതാവെന്ന് കാര്യകാരണ സഹിതം സമര്‍ത്ഥിച്ചിട്ടുണ്ട്. അതുപോലെ നല്ല എഴുത്തുകാരനായിരുന്ന റ. ഇ വി ജോണ്‍ പുറത്തിറക്കിയ കോശി ആര്‍ച്ച് ഡീക്കന്റെ ജീവചരിത്രം എന്ന പുസ്തകത്തിലും കെ ഒ ഫിലിപ്പ് ഉള്‍പ്പെടെ പല എഴുത്തുകാരും കോശി പാതിരിയുടെ പുല്ലേലി കുഞ്ചു ആണ് മലയാളത്തില്‍ ഉണ്ടായിട്ടുള്ള ആദ്യ മൂലനോവല്‍ എന്നു വെളിപ്പെടുത്തിയിട്ടുണ്ട്.

പരദേശീ മോക്ഷയാത്ര

ഇനിയും തര്‍ജമ ഗ്രന്ഥം ആദ്യകൃതിയാകാം എന്ന വാദം എടുക്കാം. കാരളവര്‍മ വലിയകോയിത്തമ്പുരാന്‍ വിവര്‍ത്തനം ചെയ്ത കേരളീയ ശാകുന്തളം പ്രഥമ നാടകമായി അംഗീരിക്കുന്ന സ്ഥിതിക്ക് കോശി പാതി 1845 ല്‍ വിവര്‍ത്തനം ചെയ്ത പരദേശി മോക്ഷയാത്രക്ക് എന്തുകൊണ്ട് ആദ്യനോവല്‍ എന്ന പദവി നല്‍കിക്കൂടാ എന്ന് ചെറിയാന്‍ കുനിയന്തോട് അവകാശപ്പെട്ടിട്ടുണ്ട്. അതുപോലെ പരദേശീ മോക്ഷയാത്ര എന്ന ഗ്രന്ഥമാണ് മലയാള നോവല്‍ രൂപത്തിലുണ്ടായ പ്രഥമ കൃതി എന്ന് നിരൂപകനും എഴുത്തുകാരനുമായിരുന്ന ഇടമറുക് ശക്തമായ ഭാഷയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ( മാതൃഭൂമി ആഴ്ചപ്പതിപ്പ് 6-2-1995) ഒരവസരത്തില്‍ ഡോ. ജോര്‍ജ് ഇരുമ്പയവും ഈ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് സംശയിക്കുന്നു. എന്നാല്‍ സ്‌കറിയ സ്‌കറിയ ഇതിനും എതിര്‍വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതുപോലെതന്നെ കോശി പാതിരിയുടെ തിരുപോരാട്ടം മലയാളത്തിലുണ്ടായ ആദ്യത്തെ മിസ്റ്റിക് കൃതിയാണെന്ന് ഡോ. പി ജെ തോമസ് അഭിപ്രായപ്പെടുന്നു. (ആര്‍ച്ച് ഡീക്കന്‍ കെ കോശി - വശ്വവിജ്ഞാനകോശം). അങ്ങനെ ഓരോ എഴുത്തുകാരും അവരവരുടെ പരിജ്ഞാനത്തിനും ബുദ്ധിക്കും യുക്തിക്കും സങ്കല്‍പ്പത്തിനും അനുസരിച്ചുള്ള വാദങ്ങള്‍ ഉന്നയിച്ച് അവരവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. അങ്ങനെ ഈ കാര്യങ്ങല്‍ എല്ലാം ഒരുമിച്ചുകൂട്ടി വിലയിരുത്തുമ്പോള്‍ മലയാള ഭാഷയിലെ ആദ്യനോവല്‍ ആര്‍ച്ച് ഡീക്കന്‍ കോശിയുടെ പുല്ലലി കുഞ്ചു (1882) ആണോ, അതോ അദ്ദേഹത്തിന്റെ പരദേശമോക്ഷയാത്ര (1845) ആണോ, അതോ ചന്തുമേനോന്റെ ഇന്ദുലേഖയാണോ (1886) അതോ, മുന്‍സൂചിപ്പിച്ച മറ്റേതെങ്കിലും കൃതിയാണോ എന്ന് ഭാഷാപണ്ഡിതന്മാര്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് ഏകകണ്ഠമായി എടുത്ത തീരുമാനം ഉണ്ടോ എന്നറിയില്ല.

അതുപോലെ ആദ്യ മലയാള നാടകം കേരളീയ ശാകുന്തളമാണോ അതോ ആയില്യം തിരുനാളിന്റെ ശാകുന്തളം ആണോ, അതോ കല്ലൂര്‍ ഫിലിപ്പോസ് ആശാന്‍ ഇതിനുമുമ്പ് 1860 ല്‍ പ്രസിദ്ധം ചെയ്ത ഷേക്‌സ്പിയറിന്റെ Comedy of Errors ന്റെ തര്‍ജമയായ 'ആള്‍മാറാട്ടം' ആണോ (ആള്‍മാറാട്ടം - മനോരമ 26-2-1967) എന്നും പണ്ഡിതന്മാര്‍ക്കിടയില്‍ ഏകകണ്ഠമായ ഒരു തീരുമാനം ഉണ്ടോ എന്നറിയില്ല. ആള്‍മാറാട്ടം ആണ് മലയാളത്തിലെ ആദ്യനോവല്‍ എന്ന് ഉള്ളൂര്‍ ഒരു സംശയം പ്രസ്താവിച്ചിരുന്നു. അതുപോലെതന്നെ മലയാളത്തിലെഴുതിയ ആദ്യ മലയാളവ്യാകരണം കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രകാശനം ചെയ്ത റവ. ജോര്‍ജ് മാത്തന്‍ രചിച്ച 'മലയാഴ്മയുടെ വ്യാകരണം' ആണോ അതോ ഗുണ്ടര്‍ട്ട് സായിപ്പ് രചിച്ച 'മലയാളവ്യാകരണം' ആണോ എന്നുമുള്ള സംശയവും നിലനില്‍ക്കുന്നു. (ഡോ. വി ആര്‍ പ്രബോധചന്ദ്രന്‍, മനോരമ 19-3-2000) മലയാളത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം പാറമ്മേക്കല്‍ തോമാക്കത്തനാരുടെ വര്‍ത്തമാന പുസ്തകമാണോ, അതോ പരുമല തിരുമേനിയുടെ ഉര്‍ശ്ലേം (യറുസശലേം) യാത്രയാണോ അതോ കടയാട്ടുഗോവിന്ദമേനോന്റെ കാശിയാത്ര റിപ്പോര്‍ട്ടര്‍ ആണോ (മാത്യു ഉലകംതറ, മനോരമ 5-5-1996) എന്നും ഏകകണ്ഠമായ തീരുമാനം ഉണ്ടോ എന്നും അറിഞ്ഞുകൂടാ. അങ്ങനെ ഇല്ലാ എങ്കില്‍ ഈവക കാര്യങ്ങളില്‍ എല്ലാംതന്നെ സാഹിത്യകാരന്മാ രുടെ ഇടയില്‍ ഏകകണ്ഠമായ ഒരു തീരുമാനം ഉണ്ടാകേണ്ടത് അത്യന്താവശമായ ഒരു സംഗതി ആകുന്നു.

ചുരുക്കത്തില്‍ മലയാള ഭാഷയും സാഹിത്യവും സംസ്‌കൃഭാഷയുടെ ബലിഷ്ഠമായ കരങ്ങളില്‍ അടിമപ്പെട്ട് അതിന്റെ ദുര്‍ബല ബാല്യദശയില്‍ ഒട്ടുംതന്നെ വികസനമില്ലാതെ മുരടിച്ചിരുന്ന 19 ആം നൂറ്റാണ്ടില്‍ത്തന്നെ ആര്‍ച്ച് ഡീക്കന്‍ ഡോ. കെ കോശി ഭാഷക്കുവേണ്ടി നല്‍കിയ അമൂല്യ സംഭാവനകള്‍ അദ്ദേഹത്തെ പുരോഗമന മലയാള ഭാഷയുടെ മുന്നണി നായകനും മാര്‍ഗദര്‍ശിയുമായി മാറ്റി എന്നതില്‍ രണ്ടുപക്ഷമില്ല. അങ്ങനെ മലയാള സാഹിത്യത്തിന്റെ ശില്‍പികളില്‍ പ്രധാനിയും സി എം എസ് സഭയുടെ പുരോഗതിയില്‍ നിസ്തുലസേവനം ചെയ്ത വ്യക്തിയുമായ ഡോ. കോശിക്ക് അര്‍ഹമായ രീതിയിലുള്ള സ്മാരകം ഉണ്ടാക്കുവാനും മറ്റുരീതിയില്‍ ആദരിക്കുവാനും മലയാള സാഹിത്യലോകം ഇനിയും അമാന്തിക്കരുത്. അങ്ങിനെ ചെയ്താല്‍ അത് അദ്ദേഹത്തോടും ഭാഷയോടും ഒരു പരിധിവരെ സഭയോടും ചെയ്യുന്ന വലിയ തെറ്റായിരിക്കും.
 

*****
2008 ഫെബ്രുവരി ലക്കം 'ഭാഷാപോഷിണി' യില്‍ പ്രസിദ്ധീകരിച്ചി രുന്നതാണ് ഈ ലേഖനം. ചിത്രവും ആ ലക്കത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ് .

2014, മേയ് 30, വെള്ളിയാഴ്‌ച

എം പി അപ്പന്‍ : മലയാളഗദ്യത്തിന്റെയും മുഖപ്രസാദം - ഡോ. ഏം ആര്‍ തമ്പാന്‍


ഡോ.എം ആര്‍ തമ്പാന്‍
കവി, വിവര്‍ത്തകന്‍, നിരൂപകന്‍, വാഗ്മി, ഉപന്യാസകര്‍ത്താവ്, അധ്യാപകന്‍, സാംസ്‌കാരിക നായകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ മൗലിക സംഭാവനകള്‍ നല്‍കി എല്ലാവരുടേയും ആദരവു നേടിയ വ്യക്തിത്വത്തിനുടമയാണ് എം പി അപ്പന്‍ . സ്വന്തം നാമത്തിലുള്ള തെരുവിലൂടെ നടക്കാനും സ്വന്തം നാമത്തിലുള്ള നഗറില്‍ താമസിക്കാനും ഭാഗ്യം ലഭിച്ച ഏക സാഹിത്യകാരനാണ് അദ്ദേഹം. മനസാ വാചാ കര്‍മണാ വിശുദ്ധിയുടെ നിറകുടമായിരുന്ന അദ്ദേഹത്തിന് ജനങ്ങള്‍ നല്‍കിയ ഈ അംഗീകാരം ഏത് അവാര്‍ഡിനേക്കാളും വിലപ്പെട്ടതാണ്. പ്രസാദാത്മകതയും സൗന്ദര്യാരാധനയും ഈ മഹാകവിയുടെ സവിശേഷതകളായിരുന്നു. ആശാന്‍ കവിതയിലെ വിഷാദാത്മകതയില്‍ നിന്ന് മോചനം നേടി പ്രസാദാത്മകത മുഖമുദ്രയാക്കാന്‍ ഇദ്ദേഹത്തിന് പ്രചോദനമേകിയത് ടാഗോര്‍ കൃതികളാണ്.

ജീവിക്കുന്ന ധീരന്റെ നാഡീസ്പന്ദനമായി പ്രസാദത്തെയും ജീവച്ഛവം മൂടുന്ന ഇരുളായി വിഷാദത്തേയും നിര്‍വഹിച്ച കവി. പ്രപഞ്ചം ആനന്ദത്തില്‍ നിന്ന് ഉദിച്ച് ആനന്ദത്താല്‍ അഭിവൃദ്ധിപ്പെട്ട് ആനന്ദത്തില്‍ ലയിക്കുന്നു എന്ന ഉപനിഷത് വചനം സാഹിത്യത്തിലും സ്വജീവിതത്തിലും പ്രാവര്‍ത്തികമാക്കിയ ദാര്‍ശനികന്‍. പ്രകൃതിയേയും സമഷ്ടികളേയും സ്‌നേഹിക്കാനും ഇവക്ക് നിദാനമായ ശക്തിയെ ആരാധിക്കാനും കവിതകളിലൂടെ മലയാളികളെ പഠിപ്പിച്ച സ്‌നേഹഗായകന്‍. ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന ശക്തിയെ തിരിച്ചറിയാനും കര്‍മധീരതയോടെ ആ ശക്തിയെ പുറത്തു കൊണ്ടുവരികയും ചെയ്യുന്നതാണ് മനുഷ്യന്റെ ജീവിതലക്ഷ്യമെന്ന് പഠിപ്പിച്ച അധ്യാപകന്‍. ആധ്യാത്മിക ശക്തിയും ഭൗതികശക്തിയും സമന്വയിപ്പിച്ചാല്‍ മാത്രമേ വ്യക്തിക്കും കുടുംബത്തിനും രാഷ്ട്രത്തിനും ലോകത്തിനും ഉന്നതി ഉണ്ടാകുകയുള്ളൂ എന്നു വിശ്വസിച്ച സാമൂഹ്യ ചിന്തകന്‍. ജീവിതത്തിന് ലക്ഷ്യം ഉണ്ടാകണമെന്നും എന്തിലും വലുത് സ്വന്തംമനസാക്ഷിയുടെ അംഗീകാരമാണെന്നും വിശ്വസിച്ച ആദര്‍ശവാദി. മഹാകാവ്യം എഴുതാതെ തന്നെ ജനങ്ങല്‍ മഹാകവി പട്ടം നല്‍കി ആദരിച്ച കവി. മനസിന്റെ വിശുദ്ധി കവിതയിലും കര്‍മത്തിലും പകര്‍ത്തി 8 പതിറ്റാണ്ട് സാഹിത്യ ദേവതയെ ഉപാസിച്ച കവി. മലയാളത്തിന്റെ ശക്തിയും സൗന്ദര്യംവും മറ്റൊരു ഭാഷക്കുമില്ലെന്ന് വിശ്വസിച്ച ഭാഷാസ്‌നേഹി. വള്ളത്തോളിനുശേഷം കേരളം കണ്ട ഏറ്റവും വലിയ സൗന്ദര്യോപാസകന്‍. മൗലികവും ലളിതവുമായൊരു രചനാ സമ്പ്രദായത്തിന്റെ ഉടമ. സ്‌നേഹത്തിന്റെയും നന്മയുടേയും സൗന്ദര്യത്തിന്റെയും ചക്രവാളങ്ങളിലേക്ക് പാടിപ്പറന്നുയര്‍ന്ന വാനമ്പാടി. ഇന്ത്യന്‍ ഭാഷകളിലേയും പാശ്ചാത്യ ഭാഷകളിലേയും വിഖ്യാത കവിതകള്‍ വിവര്‍ത്തനം ചെയ്ത് മറുനാടന്‍ കവികളേയും കവിതകളേയും മലയാളിക്ക് പരിചയപ്പെടുത്തിയ സാഹിത്യ അധ്യാപകന്‍. സാന്നിധ്യംകൊണ്ടും കവിതാലാപനത്തില്‍ തുടങ്ങി അനുസ്യൂതമായ പ്രഭാഷണങ്ങള്‍ കൊണ്ടും അനന്തപുരിയിലെ സാഹിത്യ സന്ധ്യകളെ ധന്യമാക്കിയ സാംസ്‌കാരിക നായകന്‍ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളേയും വള്ളത്തോളിന്റെ സൗന്ദര്യോപാസനയേയും ആശാന്റെ കാല്‍പ്പനികതയേയും മാര്‍ഗദീപമായി കണ്ട ശിഷ്യന്‍.

ആരോടും പകയും പരിഭവവും ഇല്ലാതെ, സാഹിത്യഗ്രൂപ്പുകളുടെ വാരിക്കുഴിയില്‍ വീഴാതെ, വിവാദ പ്രസ്താവനകള്‍ നടത്തി താന്‍ ജീവിച്ചിരിക്കുന്നു എന്ന വസ്തുത ചെണ്ടകൊട്ടി അറിയിക്കാതെ, രചനകളില്‍ ആധുനികതയുടേയും ഉത്തരാധുനികതയുടേയും പേരില്‍ ദുര്‍ഗ്രഹത സൃഷ്ടിക്കാതെ, പ്രസാദാത്മകത്വവും സൗന്ദര്യവും പ്രേമവും തുളുമ്പുന്ന സുഗ്രാഹ്യവും സുതാര്യവുമായ സാഹിത്യ സൃഷ്ടികള്‍ സംഭാവന ചെയ്ത സാഹിത്യാചാര്യന്‍. സാങ്കല്പ്പികമായ സ്വര്‍ഗലോകത്തിലെ സുഖലോലുപതയേക്കാള്‍ പ്രകൃതി സൗന്ദര്യത്തേയും മനുഷ്യനേയും സ്‌നേഹിച്ച വിശ്വമാനവന്‍. സ്വര്‍ഗലോകത്ത് കഥകളി ഉണ്ടാകുമെന്ന് ഉറപ്പില്ലാത്തതിന്റെ പേരിലാണ് വിണ്ണിനെ വെടിഞ്ഞ് കഥകളിയുള്ള മണ്ണിനെ മഹാകവി വള്ളത്തോള്‍ സ്‌നേഹിച്ചത്. എന്നാല്‍ ലോകമെരിയുമ്പോള്‍ അതോടൊപ്പം എരിപിരികൊള്ളാനാണ് വിണ്ണിനെ മറന്ന് പിറന്ന മണ്ണിനെ എം പി അപ്പന്‍ സ്‌നേഹിച്ചത്.

വര്‍ഗവര്‍ണ ഭേദങ്ങള്‍ക്കതീതമായി പ്രവര്‍ത്തിച്ച് എന്നെന്നും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കവിശ്രഷ്ഠനെന്നാണ് എഴുത്തച്ഛന്‍ പുരസ്‌കാരമ്മറ്റി എം പി അപ്പനെ വിശേഷിപ്പിച്ചത്. റൊമാന്റിക് കവിയാണെങ്കിലും അദ്ദേഹം ദുഖോപാസകനല്ല.

'ജീവിക്കാനല്ലെന്നാകില്‍
എന്തിന് ജനിച്ചു നാം
ഈ വിശാലമാം നിത്യനൂതന
പ്രപഞ്ചത്തില്‍'

എന്നാണ് സമൂഹത്തിന് കവി നല്‍കുന്ന സന്ദേശം. ഭാസന്‍, കാളിദാസന്‍, ഭവഭൂതി, ഭര്‍തൃഹരി, ഭരതന്‍ തുടങ്ങിയ സംസ്‌കൃത സാഹിത്യാചാരന്മാരുടെ കൃതികള്‍, വേദങ്ങള്‍, ഉപനിഷത്തുകള്‍ തുടങ്ങിയവയിലെല്ലാം അപാരപാണ്ഡിത്യം എം പി അപ്പനുണ്ടായിരുന്നു. മലയാളത്തിലും സംസ്‌കൃതത്തിലും മാത്രമല്ല ഇംഗ്ലീഷ് സാഹിത്യത്തിലും അദ്ദേഹം അറിവുനേടിയിരുന്നു. ഷേക്‌സ്പിയര്‍ തൊട്ട് ഷെല്ലി, കീറ്റ്‌സ്, വേഡ്‌സ് വര്‍ത്ത്, ബ്രൗണിധ്, ബൈറണ്‍, എലിയറ്റ് വരെയുള്ളവരുടെ വരികള്‍ അദ്ദേഹത്തിന് ഹൃദിസ്ഥമായിരിരുന്നു. മലയാളത്തിലെ ഷെല്ലി എന്നാണ് എം പി അപ്പനെ സി പി ശ്രീധരന്‍ വിശേഷിപ്പിച്ചിരുന്നത്. മലയാളകവിതയില്‍ ഗീതകപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് എം പി അപ്പനാണ്. അപ്പന്‍ സാറിന്റെ 30 ഗീതകങ്ങളുടെ സമാഹാരമായ 'വെള്ളിനക്ഷത്ര'മാണ് ഈ രംഗത്തെ ആദ്യ മലയാള കൃതി.

കാവ്യരംഗത്ത് എന്ന പോലെ ഗദ്യമേഖലയിലും നിസ്തുലമായ സംഭാവനകള്‍ എം പി അപ്പന്‍ നല്‍കിയിട്ടുണ്ട്. ദിവ്യദീപം, സ്ത്രീലോകം, വാടാമലരുകള്‍, വീരാത്മാക്കള്‍, വജ്രബിന്ദുക്കള്‍, കായും കനിയും, സ്വര്‍ണോപഹാരം, എ ആര്‍ മുതല്‍ മാരാര്‍ വരെ, ശ്രീനാരായണ യുഗപ്രഭാവം തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികള്‍ ലക്ഷണയുക്തമായ ഗദ്യത്തിന്റെ മാതൃകകളാണ്. 150 ല്‍ പരം ഗ്രന്ഥങ്ങള്‍ക്ക് അദ്ദേഹം അവതാരിക എഴുതിയിട്ടുണ്ട്. വാസവപ്പണിക്കരുടെ 'മൂലൂരും അന്നത്തെ കേരളജീവിതവും' എന്ന കൃതിക്ക് ഇദ്ദേഹം എഴുതിയ അവതാരികയെ കേരള കൗമുദി പത്രാധിപര്‍ കെ സുകുമാരന്‍ പ്രകീര്‍ത്തിച്ചിരുന്നു.വിവിധ സൂവനീറുകളിലും വാരികകളിലുമായി 100 കണക്കിന് ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഈ ലേഖനങ്ങളും അവതാരികകളും സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നത് വരും തലമുറക്ക് ഉപകാരപ്രദവും മലയാളഭാഷക്ക് ഒരു മുതല്‍ക്കൂട്ടുമായിരിക്കും.

സംക്ഷിപ്തതയാണ് ഇദ്ദേഹത്തിന്റെ ലേഖനങ്ങളുടെ ഏറ്റവും വലിയ സവിശേഷത. വാരിവലിച്ച് വാചാലമായി പറയുന്നതിനുപകരം കാര്യമാത്ര പ്രസക്തിയോടെ സംക്ഷിപ്തവും ലളിതവുമായ പ്രതിപാദനം ഇദ്ദേഹത്തിന്റെ ലേഖനങ്ങളെ ആകര്‍ഷകമാക്കുന്നു. സാഹിത്യകാരന്മാരെ കുറിച്ചുള്ള ചിത്രീകരണമാണ് ഇദ്ദേഹത്തിന്റെ ലേഖനങ്ങളിലെ ഏറിയ പങ്കും. എഴുതപ്പെടുന്ന വ്യക്തിയുടെ ജീവിതവും സാഹിത്യസൃഷ്ടികളും വിവരിക്കുന്നതിനുപരിയായി സാമൂഹികവും മാനസികവുമായ അപഗ്രഥനവും എം പി അപ്പന്‍ നടത്താറുണ്ട്. 'ശ്രീനാരായണ യുഗപ്രഭാവം' എന്ന ഗ്രന്ഥത്തില്‍ ടി കെ മാധവനെ കുറിച്ച് അപ്പന്‍ എഴുതിയിരുന്ന ലേഖനത്തിന്റെ ഏതാനും ഭഗങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ:- 'ഗൗരവമേറിയ ചില കാര്യങ്ങളെ സംബന്ധിച്ച് ടി കെ ക്കുണ്ടായിരുന്ന അഭിപ്രായം മറ്റുള്ള ഈഴവ നേതാക്കന്മാരുടെതില്‍നിന്നും വിഭിന്നമായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുപോലും ബ്രിട്ടീഷുകാരോട് കൂറുള്ള കൂട്ടത്തിലായിരുന്നില്ല ടി കെ. സാമുദായിക അവശതകള്‍ക്ക് പരിഹാരം കണ്ടതിനുശേഷം രാഷ്ട്രീയമായ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയത്‌നിച്ചാല്‍ മതിയെന്നായിരുന്നു അന്നത്തെ ഈഴവ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് അവരോട് യോജിക്കാന്‍ കഴിഞ്ഞില്ല. സാമുദായിക സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും വേണ്ടി ഒരേസമയത്തുതന്നെ പോരാടണമെന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതവും സുദൃഢവുമായ അഭിപ്രായം'

ഡോ. അംബേഡ്കര്‍ , ശ്രീനാരായണഗുരു, മഹാകവി കുമാരനാശാന്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തില്ലെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം 1813 ലെ ചാര്‍ട്ട് ആക്ട് അനുസരിച്ച് ബ്രിട്ടീഷുകാര്‍ക്ക് അടിയറവെച്ച രാഷ്ട്രീയ സ്വാതന്ത്ര്യം വീണ്ടെടുക്കുക മാത്രമല്ല, സാമൂഹികവും സാമുദായികവുമായ അടിമത്തത്തില്‍ നിന്ന് ദലിതരേയും പിന്നോക്ക വിഭാഗക്കാരെയും മോചിപ്പിക്കുക എന്നതും സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യമായിരുന്നു. ഇത്തരം സമസ്യകള്‍ക്കെല്ലാമുള്ള ഉത്തരം ടി കെ മാധവനെ ക്കുറിച്ച് എഴുതിയ ലേഖനത്തില്‍ എം പി അപ്പന്‍ വിവരിച്ചിട്ടുണ്ട്. 'സ്മരണോപഹാരം' എന്ന കൃതിയില്‍ ആ കാലഘട്ടത്തിലെ പ്രശസ്ത സാഹിത്യകാരന്മാ രുടേയും ആത്മീയാചാര്യന്മാരുടേയും ജീവിതം പ്രസന്നമായ ശൈലിയില്‍ പ്രതിപാദിച്ചിരിക്കുന്നു.

സ്ത്രീയുടെ സവിശേഷതകളെയും ശക്തിയെയും കുറിച്ച് പ്രിതിപാദിക്കുന്ന 'സ്ത്രീലോക'മാണ് എം പി അപ്പന്റെ മറ്റൊരു സവിശേഷ ഗദ്യകൃതി. സ്ത്രീകള്‍ നന്മയുടെ ചാലകശക്തിയാകണമെന്നാണ് ഈ കൃതിയിലൂടെ ഇദ്ദേഹം പഠിപ്പിക്കുന്നത്. വായനയിലൂടെ ആര്‍ജിച്ച അഗാധമായ അറിവ് ആകര്‍ഷകവും ലളിതവുമായ ശൈലിയില്‍ തന്റെ ഗദ്യ കൃതികളില്‍ ഇദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. കൗമാരത്തില്‍ പിതാവിന്റേയും യൗവനത്തില്‍ ഭര്‍ത്താവിന്റെയും വാര്‍ധക്യത്തില്‍ പുത്രന്റെയും സംരക്ഷണയില്‍ കഴിയണമെന്ന മനുവിന്റെ സിദ്ധാന്തത്തെ ഇദ്ദേഹം എതിര്‍ത്തിരുന്നു. പുരുഷനെ പോലെ സ്ത്രീക്കും തനതായ വ്യകതിത്വവും സ്വയം പര്യാപ്തതയും ഉണ്ടാകണമെന്ന പുരോഗമന ചിന്താഗതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കലയേയും സാഹിത്യത്തേയും സംബന്ധിച്ച ലേഖനങ്ങളുടെ സമാഹാരമാണ് 'വാടാമലരുകള്‍'. എ ആര്‍ രാജരാജവര്‍മ, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, കെ സി കേശവപിള്ള, മൂലൂര്‍, വടക്കുംകൂര്‍, സാഹിത്യ പഞ്ചാനനന്‍ പി കെ നാരായണ പിള്ള, സി എസ് സുബ്രഹ്മണ്യന്‍ പോറ്റി, കുട്ടികൃഷ്ണമാരാര്‍ എന്നിവരുടെ സാഹിത്യ സൃഷ്ടികളെ കുറിച്ചുള്ള പരിപക്വവും നിഷ്പക്ഷവുമായ വിലയിരുത്തലാണ് 'എ ആര്‍ രാജരാജവര്‍മ മുതല്‍ മാരാര്‍ വരെ' എന്ന കൃതിയില്‍ അദ്ദേഹം നടത്തിയിരിക്കുന്നത്. കാവ്യരചനയില്‍ മാത്രമല്ല ഗദ്യരചനയിലും തന്റെ പാടവം പ്രകടിപ്പിക്കുന്ന വിജ്ഞാനപ്രദമായ ലേഖനങ്ങളായിരുന്നു അപ്പന്റേത്. എം പി അപ്പന്‍ ഏറ്റവും കൂടുതല്‍ പഠിച്ചിട്ടുള്ളതും എഴുതിയിട്ടുള്ളതും ആശാന്‍ കൃതികളെ കുറിച്ചാണ്. ശൃംഗാരകവിതകള്‍ രചിക്കരുതെന്ന് ആശാനെ ഉപദേശിച്ചത് ശ്രീനാരായണഗുരുവായിരുന്നു. ഗുരുവിന്റെ ഉപദേശം എത്രത്തോളം പ്രാവര്‍ത്തികമാക്കിയെന്നുള്ള എം പി അപ്പന്റെ വിലയിരുത്തലാണ് 'ശ്രീനാരായണഗുരുവും ആശാന്‍കവിതയിലെ ശൃംഗാരാവിഷ്‌കരണവും' എന്ന പ്രബന്ധം.

കവിതയിലും ഉപന്യാസത്തിലുമെന്നപോലെ വിവര്‍ത്തനത്തിലൂടെയും മലയാളഭാഷയെ എം പി അപ്പന്‍ സമ്പന്നമാക്കിയിട്ടുണ്ട്. ഒമര്‍ ഖയാമിന്റെ റുബായത്ത് 'ജീവിതോത്സവം ' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. ഒമര്‍ ഖയാമിന്റെ അനുഭൂതിയും വികാരവും സ്വാംശീകരിച്ച് ആവിഷ്‌കരിക്കാന്‍ ഈ കൃതിയിലൂടെ എം പി അപ്പന് കഴിഞ്ഞിട്ടുണ്ട്. വേഡ്‌സ വര്‍ത്ത്, ഷേക്‌സ്പിയര്‍, വിക്ടര്‍ ഹ്യൂഗോ, പുഷ്‌കിന്‍, മാക്‌സിം ഗോര്‍ക്കി, മില്‍ട്ടന്‍, ദാന്തേ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്ത് അവരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. എഡ്വിന്‍ അര്‍നോള്‍ഡിന്റെ ലൈറ്റ് ഓഫ് ഏഷ്യയുടെ വിവര്‍ത്തനമായ 'ദിവ്യദീപം' എന്ന കൃതിയും ഏറെ പ്രശസ്തമാണ്. ദിവ്യദീപത്തിന് പി കെ നാരാണപിള്ള എഴുതിയ അവതാരിക എം പി അപ്പന്റെ വിവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. അവതാരികയില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു:- ' ഈ കൃതിയിലെ അതിസുന്ദരമായ ഗദ്യശൈലിയിലെ ഹൃദ്യതരമായ വിവര്‍ത്തനരീതി ഏത് സഹൃദയനേയും ആകര്‍ഷിക്കുന്നതാണ്. ശ്രീ അപ്പന്റെ കവിതകളിലെന്നവണ്ണം ഈ പുസ്തകത്തിലെ ഗദ്യശൈലിയിലും പ്രസാദഗുണം തുളുമ്പിനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ഗദ്യസൃഷ്ടിയില്‍ തന്നെ കവനകലയുടെ വിലോലമായ മാസ്മരശക്തി കളിയാടുന്നതായി എനിക്ക് ബോധ്യമുണ്ട്. അതിന്റെ ഒരു സവിശേഷതയാണ് 'സ്വാഭാവികത'. അന്യഭാഷകളിലുള്ള വിശിഷ്ട ഗ്രന്ഥങ്ങള്‍ പഠിക്കുകയും അവയിലെ മന്ദഹാസവും മന്ദതയും ആനന്ദവുമൊക്കെ മലയാളികള്‍ക്ക് പകര്‍ന്നുകൊടുക്കാനുമാണ് അപ്പന്‍ ശ്രമിച്ചത്. അവയിലെ കതിരും പതിരും നല്‍പ്പും നില്‍പ്പും തര്‍ജമകളിലൂടെ അവതരിപ്പിച്ച സാഹസികനും സാഹിതീ സഞ്ചാരിയുമായ അപ്പന്‍ സര്‍വാദരണീയനാണ്.'

കാലഘട്ടത്തിന്റെ സ്വാധീനം എം പി അപ്പനിലും അദ്ദേഹത്തിന്റെ കൃതികളിലും കാണാം. സ്വാതന്ത്ര്യ സമരം അതിതീവ്രമായ കാലഘട്ടത്തിലായിരുന്നു എം പി അപ്പന്റെ ബാല്യവും കൗമാരവും കടന്നുപോയത്. അഹിംസ, സത്യാഗ്രഹം എന്നീ നൂതന ആയുധങ്ങളുമായി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തോട് പടപൊരുതിയ ഗാന്ധിജി അപ്പന്റെ ആരാധ്യപുരുഷനാണ്. ഗാന്ധിജിയെക്കുറിച്ചും ദേശീയതയെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തേക്കുറിച്ചും നിരവധി കാവ്യങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കേരളത്തില്‍ മലയാളിമെമ്മോറിയല്‍, ഈഴവമെമ്മോറിയല്‍, നിവര്‍ത്തനപ്രക്ഷോഭം, സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരം തുടങ്ങിയ സമരങ്ങളുടെ വേലിയേറ്റം കണ്ടാണ് അപ്പന്‍ ജീവിച്ചത്. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടേയും അടിമകളെപോലെ ജീവിച്ചിരുന്നവരുടേയും മോചനത്തിനായുള്ള സമരങ്ങള്‍ അപ്പനേയും ആവേശം കൊള്ളിച്ചു. 19 ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20 ആം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ഇന്ത്യയില്‍ നടന്ന നവോത്ഥാനത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പൗരസ്ത്യ ദര്‍ശനങ്ങളേയും പാശ്ചാത്യ സാങ്കേതിക വിദ്യയേയും സമന്വയിപ്പിച്ചുകൊണ്ടുള്ള സംരംഭമായിരുന്നു ആ നവോത്ഥാനം. ഉത്തരേന്ത്യയില്‍ സ്വാമി വിവേകാനന്ദന്‍, ശ്രീരാമകൃഷ്ണ പരമകംസന്‍, രാജാ റാംമോഹന്‍ റോയ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന നവോത്ഥാനം ഹിന്ദുമതത്തിലെ വരേണ്യവര്‍ഗത്തിന്റെ സതി മുതലായ അനാചാരങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍, വഴിനടക്കാനും മാറുമറയ്ക്കാനും പോലും സ്വാതന്ത്ര്യമില്ലാതെ അടിമകളെ പോലെ ജീവിച്ച ഒരു സമൂഹത്തിന്റെ മോചനത്തിനു വേണ്ടിയായിരുന്നു നവോത്ഥാനം നടന്നത്. ഇതിന് നേതൃത്വം നല്‍കിയ ശ്രീനാരായമഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി എന്നിവരുടെ സ്വാധീനം ഇദ്ദേഹത്തിന്റെ സൃഷ്ടികളില്‍ കാണാം. ഇവരെക്കുറിച്ചുള്ള കവിതകളും ഇദ്ദേഹം ഏറെ രചിച്ചിട്ടുണ്ട്. 'ലോകാസമസ്താ സുഖിനോ ഭവന്തു' എന്ന ഭാരതീയ സൂക്തത്തില്‍ വിശ്വസിച്ചിരുന്ന ഇദ്ദേഹം ശ്രീശങ്കരാചാര്യരുടെ അദ്വൈതത്തേയും ക്രിസ്തുദേവന്റെ സ്‌നേഹത്തേയും പ്രകീര്‍ത്തിച്ചും സാഹിത്യസൃഷ്ടി നടത്തി. ചങ്ങമ്പുഴയുടെ കാല്പനികതയേയും കവിത്രയത്തിന്റെ നിയോക്ലാസിസത്തേയും അനുകരിക്കാതെ ഇവ രണ്ടിനേയും സമന്വയിപ്പിച്ചുകൊണ്ട് തനതായ ഒരു കാവ്യശൈലി ആവിഷ്‌കരിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.

1999 മാര്‍ച്ച് 3 ന് ദര്‍ബാര്‍ ഹാളില്‍ കൂടിയ യോഗത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരില്‍ നിന്ന് എഴുത്തച്ഛന്‍ പുരസ്‌കാരം സ്വീകരിച്ചിറങ്ങിയ എം പി അപ്പനോട് ദീര്‍ഘായുസിന്റേയും ആരോഗ്യത്തിന്റേയും രഹസ്യമെന്താണെന്ന് ഒരു പത്രലേഖകന്‍ ചോദിച്ചു. അപ്പന്‍സാറിന്റെ മറുപടി വരുംതലമുറക്ക് കൂടിയുള്ള ഉപദേശമാണ് 'ശുഭാപ്തിവിശ്വാസമാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം ജീവിതത്തില്‍ ഏറെ അവഗണനകള്‍ ഞാന്‍ അനുഭവിച്ചു. പക്ഷെ ഏതു പ്രതികൂലാവസ്ഥയിലും നിരാശനാകാതെ നാളെ നമ്മുടേതാണ്, നാളെ നല്ലതുവരും എന്ന വിശ്വാസത്തോടെ കര്‍മനിരതനാകുക. അമിതമായ ആഗ്രഹങ്ങള്‍ വെച്ചുപുലര്‍ത്താതിരിക്കുക. എനിക്ക് ജാഞാനപീഠം കിട്ടിയില്ലല്ലോ, സമ്പത്തുണ്ടാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നൊക്കെ ഓര്‍ത്ത് ദുഖിച്ച് ജീവിച്ചിരുന്നെങ്കില്‍ രോഗം പിടിപെട്ട് ഇതിനുമുമ്പേ എന്റെ ജീവിതം അവസാനിക്കുമായിരുന്നു. ഈ ജീവിതത്തില്‍ ഇത്രയൊക്കെ തന്ന് സര്‍വേശ്വരന്‍ അനുഗ്രഹിച്ചല്ലോ, മതി. തൃപ്തിയായി. സന്തോഷം' ഏവരേയും സ്‌നേഹിച്ച്, മൂല്യങ്ങല്‍ക്കുവേണ്ടി നിലകൊണ്ട അപ്പന്‍സാര്‍ യുവസാഹിത്യകാരന്മാര്‍ക്കൊരു മാര്‍ഗദര്‍ശിയായിരുന്നു. 


എം പി അപ്പന്‍
അപ്പന്‍ സാറിന്റെ 90 ആം പിറന്നാളില്‍ മകന്‍ അയ്യപ്പന്‍ സമര്‍പ്പിച്ച കാണിക്കയാണ് 'ഒരു കാവ്യതപസിനു സാക്ഷിയായി' എന്ന ഗ്രന്ഥം. 'ആകാരത്തില്‍ ചെറുതാണെങ്കിലും ആ വലിയമനുഷ്യന്‍ ഞങ്ങളുടെ ഒരു ശക്തിയായിരുന്നു. അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.' എന്നാണ് അച്ഛന്റെ വേര്‍പാടില്‍ ദുഖിതനായ മകന്‍ എഴുതിയിരിക്കുന്നത്. ആ വേര്‍പാടിന്റെ വേദന അയ്യപ്പന്റെ മാത്രം വേദനയല്ല. എല്ലാ മലയാളികളുടേയും തീരാദുഖമാണ്. 2013 എം പി അപ്പന്റെ ജന്മശതാബ്ദി വര്‍ഷമാണ്. അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഞാനും പ്രണാമമര്‍പ്പിക്കുന്നു.

Ph.9847855651

****

'വിശ്വവേദി' മാസികയുടെ 2013 ല്‍ ഇറങ്ങിയ ആറാം വാര്‍ഷികപ്പതിപ്പിലാണ് എം ആര്‍ തമ്പാന്റെ ഈ ലേഖനമുള്ളത്. 

2014, മേയ് 29, വ്യാഴാഴ്‌ച

മുഹമ്മദ് നബി - പണ്ഡിറ്റ് കെ പി കറുപ്പന്റെ കവിതമുഹമ്മദ് നബി
(മഞ്ജരി)

ആരുടെ ചിന്തയും വാണിയും വൃത്തിയും
നേരായിട്ടെപ്പൊഴും ലാലസിപ്പൂ !
ജീവിതമാര്‍ഗത്തില്‍ സോദരസ്‌നേഹമാം
പൂവിന്റെ സൗരഭ്യം ചേര്‍ത്തതാരോ ?
നിസ്സീമ ഭവ്യത്തിന്‍ 'ചെങ്കൊടി' പാറീടു-
മിസ്ലാമികാദര്‍ശക്കോട്ടയിന്നും,
യാതൊരുസിദ്ധന്റെ സിദ്ധാന്തപ്പാറമേ-
ലാതങ്കമെന്നിയേ ശോഭിക്കുന്നു !
അര്‍ഘേതര ശീലനാകും മുഹമ്മദു
ദീര്‍ഘദര്‍ശീന്ദ്രനാ മമ്മഹാത്മാ
ആയുരന്തക്കാലപ്പാഴ്‌ക്കൊടും കൈകളി-
ലായത നിദ്രയെ സ്വീകരിച്ചു !
അക്ഷയഭാസ്സേന്തും 'മൂസ്സാ' നബിതൊട്ട-
നക്ഷത്രപംക്തിയെയന്നന്നായി
എന്നേക്കും കാണാതെയാക്കിയ മൃത്യുവാം
കന്നല്‍കാര്‍മൂടിയിസ്സിദ്ധനേയും
ജാതന്മാര്‍ക്കുണ്ടല്ലോ മൃത്യു മുഹമ്മദു
ജാതനാണാവഴിക്കന്തമേറ്റു
ജന്തുധര്‍മ്മത്തിന്നു കീഴ്‌പ്പെട്ടുസല്ലോക
ബന്ധുവാം തമ്പുരാനെന്നാകിലും,
അദ്ദേഹം കല്പിച്ച് സന്ദേശം നമ്മുടെ
ഹൃദ്ദേശം തന്നിലുണര്‍വേകുന്നു.
ഇല്ലാനബിയെന്നാലദ്ദേഹം കാട്ടിയ
'അല്ലാ' ജയിക്കുന്നു നിത്യനായി
പാരിതിന്നുന്മേഷം മേല്‍ക്കുമേല്‍വളര്‍ത്തുന്ന
മാരിയും പെയ്യുന്നു കാലംതോറും
പങ്കജബാന്ധവനൗദാര്യ സങ്കേതം
ചെങ്കതില്‍ വീശിത്താന്‍ ശോഭിക്കുന്നു.
ഓതിയാലൊട്ടുമൊടുങ്ങാത്ത ശക്തിയാല്‍
ജ്യോതിര്‍ഗണത്തിന്റെ ഗോളങ്ങളും
മാറ്റിത്തമില്ലാത്ത തന്മണ്ഡലങ്ങളില്‍
ചുറ്റിച്ചുഴലം തിരഞ്ഞീടുന്നു
ആളുകള്‍ക്കെപ്പോഴുമത്ഭുതവും നല്‍കി
മോളിലാകാശവുമുല്ലസിപ്പൂ !
എല്ലാറ്റിനേയും ഭരിക്കുന്ന സൃഷ്ടാവാ-
'മല്ലാ' കനിവും കഴിവുമുള്ളോന്‍ !
ചേലെഴുമോരോ നിയതി നിയമങ്ങള്‍
പോലെ മുഹമ്മദിന്നാ ദര്‍ശനങ്ങള്‍
തന്നാല്‍ പ്രകാശിത ദൈവത്തിന്‍ കാരുണ്യാല്‍
മന്നുള്ളകാലം വിളങ്ങുമെങ്ങും.

--------------------------------------

 (1104 കര്‍ക്കിടകം 23 ആം തിയതി അല്‍ അമീന്‍ പത്രാധിപരുടെ ആവശ്യപ്രകാരം എഴുതിക്കൊടുത്തത് )

ദലിതര്‍ക്ക് കെ പി കറുപ്പന്‍ ആരായിരുന്നു ? ടി എം ചുമ്മാര്‍

*******

കടപ്പാട്: 1978 ല്‍ നാഷനല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം പ്രസിദ്ധീകരിച്ച, കവിതിലകന്‍ കെ പി കറുപ്പന്റെ 'കാവ്യപേടകം' എന്ന കൃതിയില്‍ നിന്നുമാണ് ഈ പദ്യം പകര്‍ത്തിയിട്ടുള്ളത്.

സംവരണവും സവര്‍ണാധിപത്യവും - പ്രൊഫ. ഡോ. എം എസ് ജയപ്രകാശ്


ഡോ. എം എസ് ജയപ്രകാശ്
സാമൂഹിക നീതിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ എപ്പോഴെല്ലാം നടന്നിട്ടുണ്ടോ അപ്പോഴെല്ലാം സവര്‍ണവിഭാഗങ്ങള്‍ അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ക്രീമിലെയര്‍ വാദം ഉന്നയിക്കുന്നവരുടെ ലക്ഷ്യവും മറ്റൊന്നല്ല.

1500 വര്‍ഷക്കാലത്തോളം നീണ്ടുനിന്ന സമത്വദര്‍ശനത്തില്‍ അധിഷ്ഠിതമായ ബുദ്ധമതപാരമ്പര്യത്തെ തകര്‍ത്തു കൊണ്ടാണ് കേരളത്തെ ബ്രാഹ്മണാധിപത്യത്തിനും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിക്കും വിധേയമാക്കിയത്. ബൗദ്ധ പാരമ്പര്യം മറച്ചുവെക്കാനാണ് പരശുരാമകഥ മെനഞ്ഞെടുത്തത്. പരശുരാമ കഥ വെളിപ്പെടുത്തുന്നത് ബ്രാഹ്മണാധിപത്യ ത്തെയാണല്ലോ. എന്നാല്‍, കേരളം സൃഷ്ടിച്ചതു ബ്രാഹ്മണരല്ലെന്നും നായന്മാരാണെന്നും പറയുന്ന ഒരു ' തിസീസ് ' ചട്ടമ്പിസ്വാമികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'പ്രാചീന മലയാളം' എന്ന കൃതി ബ്രാഹ്മണാധിപത്യത്തെ നിഷേധിക്കുകയും കേരളം മുഴുവന്‍ നായന്മാരുടെ വകയാണെന്നു സ്ഥാപിക്കുകയും ചെയ്യുന്നു.

അത് ഇങ്ങനെ പ്രഖ്യാപിക്കുന്നു: 'അപ്രകാരമാകുമ്പോള്‍ മലയാള ഭൂമിയും സകലവസ്തുതകളും നായന്മാര്‍ക്ക് മാത്രമുള്ളതായിട്ടേ ഇരിക്കാന്‍ പാടുള്ളൂ. അപ്പോള്‍ കേരള ബ്രാഹ്മണരുടെ വസ്തുക്കളും സ്ഥാനമാനങ്ങളും ശൂദ്രരുടെ വകയായിട്ടും അവര്‍ ഈ ബ്രാഹ്മണര്‍ക്കു കൊടുത്തതായിട്ടും തന്നെയിരിക്കണം'

1891 ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് നായര്‍ നേതാക്കള്‍ സമര്‍പ്പിച്ച ഒരു മെമ്മോറാണ്ടമുണ്ടായിരുന്നു 'മലയാളി മെമ്മോറിയല്‍ '. ഇതു നായന്മാരുടെ മാത്രം താല്പര്യസംരക്ഷണത്തിന് അവര്‍ തന്നെ നേതൃത്വം നല്‍കി സമര്‍പ്പിച്ചതായിരുന്നു. (ഇന്നത്തെ എന്‍ എസ് എസ് രൂപം കൊള്ളുന്നതിനു മുമ്പ് രൂപവത്കൃതമായ നായര്‍ സംഘടനയാണ് 'നായര്‍ ഭൃത്യജനസംഘം'. പിന്നീട് 'മലയാളി സഭ' എന്നറിയ

പ്പെടാന്‍ തുടങ്ങി. ഈ പേരില്‍ നിന്നാണ് 'മലയാളി മെമ്മോറിയല്‍ ' എന്ന പേരുവന്നത് ) തിരുവിതാംകൂറിലെ സര്‍ക്കാര്‍ ഉദ്യാഗങ്ങള്‍ വിദേശ ബ്രാഹ്മണര്‍ക്കു നല്‍കിവരുന്നതിലുള്ള പ്രതിഷേധമാണ് ഇതിനു പിന്നിലുണ്ടായിരുന്നത്.

എം ബി ബി എസ് ( ഇന്നത്തെ എം ബി ബി എസ് ന് തുല്യമായ അന്നത്തെ എല്‍ എം എസ് ) പരീക്ഷ പാസായ ഡോ. പല്‍പുവിനോട് 'കുലത്തൊഴില്‍ ' ചെയ്യാനാണ് 'ധര്‍മരാജ്യ' മെന്നു പറയുന്ന തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ആജ്ഞാപിച്ചത്. മാത്രമല്ല ഈഴവരുടേയും മറ്റും വിദ്യാലയ പ്രവേശനത്തെ കര്‍ശനമായി എതിര്‍ത്തിരുന്നതും നായന്മാരാണ്. 5 രൂപ ശമ്പളം പറ്റുന്ന ഒരു ഈഴവന്‍ പോലും സര്‍വീസില്‍ ഇല്ലെന്ന് മെമ്മോറിയല്‍ പറയുന്നുണ്ട്. ഈഴവ നേതാക്കളുടെ പേരുകൂടി മെമ്മോറിയല്‍ സമര്‍പ്പിച്ചത് ആളെക്കൂട്ടാനുള്ള ഒരു തന്ത്രമായിരുന്നെന്നും ഈഴവര്‍ക്കും മറ്റും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനം അനുവദിക്കില്ലെന്നും ഈ മെമ്മോറിയലിനുള്ള മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

യഥാര്‍ഥത്തില്‍ അതൊരു നായര്‍ മെമ്മോറിയല്‍ മാത്രമായിരുന്നു. അതില്‍ ഒപ്പിട്ടിരുന്നവരില്‍ ബഹുഭൂരിപക്ഷവും നായന്‍മാരായിരുന്നു. മെമ്മോറിയല്‍ കൊണ്ടു നേട്ടമുണ്ടാക്കിയതും അവര്‍ തന്നെ. ജനസംഖ്യയില്‍ നല്ലൊരു ഭാഗംവരുന്ന മുസ്ലീംകള്‍, പുലയര്‍, പറയര്‍, മറ്റു സമുദായങ്ങള്‍ എന്നിവരെപ്പറ്റി ഒന്നുംതന്നെ ഈ മെമ്മോറിയല്‍ പറയുന്നില്ല.

മലയാളി മെമ്മോറിയല്‍ ഒരു തട്ടിപ്പായിരുന്നെന്നു ബോധ്യപ്പെട്ട ഡോ. പല്‍പു 1896 ല്‍ 13,000 ഈഴവര്‍ ഒപ്പിട്ട ഒരു മെമ്മോറിയല്‍ ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. ഇതാണ് ചരിത്രപ്രസിദ്ധമായ ' ഈഴവ മെമ്മോറിയല്‍ ' മലയാളി മെമ്മോറിയല്‍ 10,000 നായന്‍മാര്‍ ഒപ്പിട്ട ഒരു ഹര്‍ജി മാത്രമായിരുന്നെന്നു ഡോ. പല്‍പു തന്നെ അഭിപ്രായപ്പെട്ടു. ഇത് പ്രത്യേകം ശ്രദ്ധേയമാണ്.

1903 ല്‍ സ്ഥാപിതമായ ശ്രീനാരായണ ധര്‍മ പരിപാലന യോഗം മനുഷ്യാവകാശ ങ്ങള്‍ക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള സമരരൂപങ്ങള്‍ വെട്ടിത്തുറന്നു. കുമാരനാശാന്‍ , ടി കെ മാധവന്‍ , സഹോദരന്‍ അയ്യപ്പന്‍ , സി കേശവന്‍ തുടങ്ങിയ നേതാക്കള്‍ ഈ സമരം നയിച്ചു. യോഗത്തിന്റെ നേതൃത്വത്തില്‍ ഈഴവര്‍ മുന്നേറാന്‍ തുടങ്ങിയതോടെ അത് തടയാനായി സവര്‍ണ വിഭാഗം പലയിടങ്ങളിലും ലഹള നടത്തുകയുണ്ടായി. ഈ നൂറ്റാണ്ടിന്‍രെ ആദ്യ ദശകങ്ങളില്‍ നടന്ന നായരീഴവ ലഹളകള്‍ ഇതിന് ദൃഷ്ടാന്തമാണ്. പരവൂര്‍ കേശവനാശാന്റെ 'സുജനാ നന്ദിനി' പത്രം നടത്തിയിരുന്ന പ്രസ് തീവെച്ചതും ഈഴവക്കുട്ടികള്‍ സ്‌കൂളില്‍ കയറിയതിന്റെ പേരില്‍ സ്‌കൂള്‍തന്നെ കത്തിച്ചുകളഞ്ഞതും ഞെട്ടിപ്പിക്കുന്ന ചരിത്ര സത്യങ്ങളാണ്.

നിവര്‍ത്തന പ്രക്ഷോഭം

സര്‍ക്കാര്‍ സര്‍വീസിലും നിയമസഭയിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം കിട്ടാന്‍ വേണ്ടിയുള്ള പ്രകക്ഷോഭമായിരുന്നു നിവര്‍ത്തന പ്രക്ഷോഭം. ഈഴവരും ക്രിസ്ത്യാനികളും മുസ്ലീംകളും ഒരുമിച്ചു ചേര്‍ന്ന് 30 കളില്‍ നടത്തിയ ഐതിഹാസിക സമരം. ഉടനെ വന്നു തീര്‍പ്പും. 1933 സെപ്തംബറില്‍ നടന്ന നായര്‍ യുവജന സമ്മേളനത്തില്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ള ചെയ്ത പ്രസംഗത്തിലെ ഒരു ഭാഗം : 'നായര്‍ യുവാക്കള്‍ കൂടുതല്‍ മത്സ്യവും മാംസവും കഴിച്ച്, കാളിയെ പൂജിച്ച് കായികശക്തി നേടണം. ഈഴവരില്‍ നിന്നും ചാന്നാന്‍മാരില്‍ നിന്നും നായര്‍ സമുദായത്തെ രക്ഷിക്കാന്‍ ഇതാവശ്യമാണ്. തിരുവിതാംകൂര്‍, നായന്മാരുടെ പിതൃസ്വത്തായിരുന്നു. ഇപ്പോള്‍ അത് പിടിച്ചെടുക്കാന്‍ വരുന്ന ആക്രമികളെ തകര്‍ക്കണം'

എതിര്‍പ്പുകളെ അതിജീവിച്ച നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഫലമായിട്ടാണ് പിന്നോക്ക വിഭാഗങ്ങല്‍ക്ക് ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത്. അതിനായി ഒരു പബ്ലിക് സര്‍വീസ് കമ്മീഷനും രൂപംകൊണ്ടു. ജയിലില്‍ അടക്കപ്പെട്ട സി കേശവനു കിട്ടിയ സമ്മാനമായിരുന്നു ഈ വിജയം. 1937 ല്‍ സി കേശവന്‍ ജയില്‍ മോചിതനായപ്പോള്‍ നിവര്‍ത്തനത്തിന്റെ ആവശ്യങ്ങള്‍ പലതും അംഗീകരിക്കപ്പെട്ടിരുന്നു.

1937 മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്തിയെങ്കിലും പിന്നോക്ക സമുദായങ്ങള്‍ക്കു മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്. ഇതിന്റെ കാരണം സംവരണം ചെയ്യപ്പെട്ട തസ്തികകളില്‍ യോഗ്യരായവര്‍ വേണ്ടത്ര ഇല്ല എന്നതാണ്. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മാറിവരുന്നതേയുള്ളൂ. അപ്പോഴാണ് ക്രീമീലെയര്‍ എന്നു പറഞ്ഞു യോഗ്യതയുള്ളവരെ മാറ്റി നിര്‍ത്താന്‍ ശ്രമം നടക്കുന്നത്. സി കേശവന്‍ ഒരു വര്‍ഷക്കാലവും ആര്‍ ശങ്കര്‍ രണ്ടുവര്‍ഷക്കാലവും മുഖ്യമന്ത്രിയായിരുന്നതൊഴിച്ചാല്‍ ഇതുവരെ പിന്നോക്ക സമുദായക്കാര്‍ ആരുംതന്നെ കേരളത്തില്‍ മുഖ്യമന്ത്രി ആയിട്ടില്ല. ( സി എച്ച് മുഹമ്മദുകോയ രണ്ടുമാസത്തില്‍ താഴെ കാലം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട് - എഡിറ്റര്‍) സി കേശവനും ആര്‍ ശങ്കറിനും കാലാവധി തികക്കാന്‍ കഴിയാതെ വന്നത് സവര്‍ണ വിഭാഗങ്ങളുടെ കുത്സിത ശ്രമങ്ങള്‍ കൊണ്ടായിരുന്നു. ശങ്കര്‍ മന്ത്രിസഭയെ മറിച്ചിടാന്‍ കരുനീക്കിയവരില്‍ പ്രമുഖന്‍ എന്‍ എസ് എസ് നേതാവ് മന്നത്തു പത്മനാഭനായിരുന്നു. 'രാവണഭരണം (ആര്‍ ശങ്കറിന്റെ ഭരണം) അവസാനിപ്പിക്കണമെന്ന് ഞാന്‍ പറഞ്ഞത് രാജ്യസ്‌നേഹം കൊണ്ടാണ് ' എന്നും 'തൊപ്പിപ്പാളക്കാരന്റെ ഭരണം എങ്ങിനെ കണ്ടുകൊണ്ടിരിക്കും' എന്നും ശങ്കര്‍ ഭരണത്തെപ്പറ്റി മന്നം പറഞ്ഞിട്ടുള്ളത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. മാത്രമല്ല, സംവരണം തുടരണമെന്നു വാദിക്കുന്നത് നായരെ നശിപ്പിക്കുന്നതിനാണെന്നും മന്നം പ്രസ്താവിച്ചിരുന്നു.

മണ്ഡല്‍ റിപ്പോര്‍ട്ടിനെതിരെ

ബി പി മണ്ഡല്‍ റിപ്പോര്‍ട്ട നല്‍കിയിട്ടും 10 വര്‍ഷക്കാലം അത് കോള്‍ഡ് സ്‌റ്റോറേജില്‍ വെക്കാന്‍ ഇന്ദിരാഗാന്ധിയുടെ ഗവണ്‍മെന്റു ശ്രമിച്ചു. അതിനുശേഷം വി പി സിംഗ് അത് നടപ്പിലാക്കിയപ്പോള്‍ അതിനെതിരേ മുന്നോക്ക വിഭാഗങ്ങള്‍ കല്ലേറും ബോംബോറും ലഹളയും ആത്മാഹൂതിയും നടത്തുകയുണ്ടായി. കേരളത്തില്‍ എന്‍ എസ് എസ് 'മണ്ഡല്‍ റിപ്പോര്‍ട്ട് അറബിക്കടലില്‍ ' എന്ന മുദ്രാവാക്യവുമായി കരിദിനം ആചരിച്ചു. ഈ സവര്‍ണ തന്ത്രങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഒടുവില്‍ കോടതി വിധിയിലൂടെ 27% സംവരണം ഏര്‍പ്പെടുത്തിയത്. മുന്നോക്കക്കാര്‍ നടത്തിയ കല്ലേറിനും ബോംബോറിനുമുള്ള പ്രതിഫലം അവര്‍ നേടിയെടുക്കുകയും ചെയ്തു. നടപ്പിലാക്കിയ 27% സംവരണം ഇന്ത്യാ ഗവണ്‍മെന്റിന്റെ സിവില്‍ സര്‍വീസുകളില്‍ മാത്രമാക്കിമാറ്റാന്‍ അവര്‍ക്കു കഴിഞ്ഞു. സൈന്യം, ഗവേഷണം, ശ്‌സ്ത്ര - സാങ്കേതികം, മെഡിക്കല്‍ - എഞ്ചിനീയറിങ്, വ്യോമയാനം തുടങ്ങിയ രംഗങ്ങളില്‍ മണ്ഡല്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള സംവരണം ഏര്‍പ്പെടുത്തിയിട്ടില്ല. അതുവഴി 27% എന്നത് ഫലത്തില്‍ 5% ആയി കുറയുകയാണ് ചെയ്തത്. ഈ 5% ന് എതിരേയാണ് ഇപ്പോള്‍ ക്രീമിലെയര്‍ എന്ന ഡെമോക്ലസിന്റെ വാള്‍ തൂങ്ങുന്നത്.

ഇന്ത്യയിലെ ജനകോടികളില്‍ പകുതിപ്പേര്‍ക്കും എഴുത്തും വായനയും അറിഞ്ഞുകൂടാ. ഈ നിരക്ഷരരായ 50% പേരും പിന്നോക്ക - ദലിത് വിഭാഗക്കാരാണ്. അവരില്‍ ആരുംതന്നെ തൊഴിലിന് അപേക്ഷിക്കാന്‍ വരുന്നവരല്ല. മാത്രമല്ല, തൊഴിലിനുള്ള വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ 70% ത്തോളം പിന്നോക്ക സമുദായക്കാര്‍ സംവരണാനുകൂല്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവരാണെന്നു കാണാം. ആ സ്ഥിതിക്ക് വിദ്യാഭ്യാസ യോഗ്യതയുള്ള മേല്‍ത്തട്ടുകാരെ മാറ്റിയാല്‍ പിന്നെ സംവരണം ചെയ്യപ്പെട്ട ഒഴിവല്‍ നിയമിക്കപ്പെടാന്‍ ആരാണുണ്ടാവുക ?

പിന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി മെച്ചപ്പെട്ട ഒരു വിഭാഗം ഉണ്ടായിട്ടുണ്ടെന്നും അവരെ മാറ്റിനിര്‍ത്തി അവരിലെ പാവപ്പെട്ടവര്‍ക്ക് അഥവാ ദരിദ്രര്‍ക്ക് ജോലി നല്‍കണമെന്നുമാണ് ക്രീമീലെയര്‍ സിദ്ധാന്തംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ പിന്നിലുള്ള ഉദ്ദേശ്യം നിലവിലുള്ള സംവരണവ്യവസ്ഥ അട്ടിമറിക്കലാണ്. ക്രീമീലെയര്‍ വാദികള്‍ തൊഴിലിലെ ദാരിദ്ര്യവുമായി ബന്ധപ്പെടുത്തി ദരിദ്രര്‍ക്ക് തൊഴില്‍ എന്ന വാദം ഉന്നയിക്കുന്നു. ഓരോ തൊഴിലിനും ഓരോ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുണ്ട്. മുന്നോക്കക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും ഈ യോഗ്യത ഉണ്ടായാലേ മതിയാകൂ. ദരിദ്രകുടുംബങ്ങളില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ ഉണ്ടാവുകയില്ല. താരത്മേന സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളില്‍ നിന്നു മാത്രമേ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടാവൂ. അവരെ മാറ്റിനിര്‍ത്തുമ്പോള്‍ സംവരണം ചെയ്ത പോസ്റ്റുകളില്‍ അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാതെ വരും. അതോടെ സംവരണ വ്യവസ്ഥതന്നെ അട്ടിമറിക്കപ്പെടും.

പാവങ്ങള്‍ അധവാ ദരിദ്രര്‍ എല്ലാ ജാതികളിലുമുണ്ട്. അതിന് പിന്നോക്ക മുന്നോക്ക വ്യത്യാസമില്ല. ദരിദ്രര്‍ക്ക് സാമ്പത്തിക സഹായമാണാവശ്യം. എല്ലാ വിഭാഗത്തിലും പെട്ട ദരിദ്രര്‍ക്ക് ഗവണ്‍മെന്റ് അനേകം സാമ്പത്തിക സഹായ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ സഹായപദ്ധതികള്‍ അവരെ സാമ്പത്തികമായി ഉയര്‍ത്തുകയും അതുവഴി അവര്‍ തൊഴിലുകള്‍ക്ക് വേണ്ട വിദ്യാഭ്യാസം നേടുകയും ചെയ്യും. ഇക്കാര്യം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ സമ്പത്തിന്റെ പേരില്‍ അവരെ മാറ്റി നിര്‍ത്തുന്നത് തികച്ചും അനീതിയാണ്.

പിന്നോക്ക സമുദായങ്ങളിലെ സമ്പന്നര്‍ ഇപ്പോള്‍ തൊഴിലുകളെല്ലാം തട്ടിക്കൊണ്ടുപോകുന്നു എന്നണ് തല്‍പ്പരകക്ഷികള്‍ നടത്തിവരുന്ന കുപ്രചരണം. സര്‍ക്കാറിന്റെ തൊഴില്‍ നല്‍കുന്നതു പി എസ് സി യോ അല്ലങ്കില്‍ മറ്റ് ആധികാരിക കേന്ദ്രങ്ങളോ ആണ്. പിന്നോക്ക സമുദായങ്ങളിലെ സമ്പന്നര്‍ ചെന്നു പറഞ്ഞാല്‍ തൊഴിലുകള്‍ വാരിക്കൂട്ടി അവര്‍ക്കു കൊടുക്കാനാണോ ഗവണ്‍മെന്റ് ഈ ഏജന്‍സികളെ വെച്ചിരിക്കുന്നത് ? സര്‍ക്കാര്‍ ജോലിയില്‍നിന്നു കിട്ടുന്ന തുഛമായ ശമ്പളം കൊണ്ട് അരിവാങ്ങേണ്ട ഗതികേടിലാണോ ഈ സമ്പന്നര്‍ ? യഥാര്‍ഥത്തില്‍ ഉദ്യോഗങ്ങള്‍ തട്ടിക്കൊണ്ടുപോകുന്നത് നൂറ്റാണ്ടുകളായി അധികാരത്തിന്റെ അകത്തളങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന സവര്‍ണ സമുദായങ്ങളാണ്. അവരിലെ സമ്പന്നരും ദരിദ്രരും അവര്‍ക്കാവശ്യമുള്ളതിനേക്കാള്‍ തൊഴിലുകള്‍ തട്ടിക്കൊണ്ടുപോകുകയാണ്. ഇതിനൊക്കെ ഒത്താശ ചെയ്യുന്നത് മാറിമാറി അധികാരത്തില്‍ വരുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ്. മുഖ്യകക്ഷിയും ഘടകക്ഷിയും തട്ടിയെടുക്കുന്ന ജോലികള്‍ എത്രയെന്നും അതില്‍ പിന്നോക്കക്കാര്‍ക്ക് കിട്ടുന്നത് എത്രയെന്നും മേശവിരിപ്പിനടിയില്‍ വരുന്നതും സ്യൂട്ട്‌കേസുകളില്‍ വരുന്നതുമായ കോഴപ്പണം എണ്ണിനോക്കിയാല്‍ അറിയാവുന്നതാണ്.

ഭരണഘടനയനുസരിച്ച് 1950 മുതല്‍ തന്നെ നടപ്പിലാക്കേണ്ടിയിരുന്ന സംവരണവ്യവസ്ഥയാണ് 1997 ആയിട്ടും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി തടഞ്ഞുവെക്കുന്നത്. ബി പി മണ്ഡല്‍ തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമയത്തുതന്നെ അതിനെ തകര്‍ക്കാനുള്ള കരുനീക്കങ്ങള്‍ മാര്‍ക്‌സിറ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള സവര്‍ണലോബി നടത്തിയിരുന്നു. പട്ടികജാതി - വര്‍ഗ ലിസ്റ്റില്‍ വരുന്ന പുലയ സമുദായം മണ്ഡല്‍ റിപ്പോര്‍ട്ടിലെ പിന്നോക്ക സമുദായ ലിസ്റ്റില്‍ വന്നത് ഒരു വലിയ പ്രശ്‌നമാക്കിക്കൊണ്ട് പുലയസമുദായ സംഘടനകളെക്കൊണ്ട് മണ്ഡല്‍ റിപ്പോര്‍ട്ടിനെതിരേ കേന്ദ്രഗവണ്‍മെന്റിന് കമ്പിസന്ദേശം അയപ്പിച്ചു. ഈ തെറ്റ് സംസ്ഥാന ഗവണ്‍മെന്റിന് തിരുത്താവുന്നതായിരുന്നു. അത് ചെയ്യാതെ അതിനെ ഒരു ആയുധമാക്കി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരേ ഉപയോഗിക്കുക യാണുണ്ടായത്. മണ്ഡല്‍ റിപ്പോര്‍ട്ട് പുലയരോടുള്ള 'ദ്രോഹ'മാണെന്നു വരുത്തിത്തീര്‍ക്കാന്‍ സി പി എം മുഖപത്രം മുഖക്കുറിപ്പെഴുതി. (ദേശാഭിമാനി, 1982 ഒക്ടോബര്‍ 8) സത്യത്തില്‍ ഇതിന്റെ പിന്നിലുണ്ടായിരുന്നത് 1967 ലെ ഇ എം എസ് ഗവണ്‍മെന്റ് ഇറക്കിയ ഒരു ഉത്തരവായിരുന്നു. അതിലാണ് പുലയ സമുദായത്തെ പിന്നോക്ക ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. സുപ്രീം കോടതിയില്‍ സംവരണക്കേസ് വാദിച്ചിരുന്ന നരിമാനെ മാറ്റി പകരം സുബ്രഹ്മണ്യന്‍ പോറ്റിയെ നിയമിച്ചതും ഈ തന്ത്രത്തിന്റെ ഭാഗമായി കാണേണ്ടതുണ്ട്.

അധികാരത്തില്‍ പങ്കാളിത്തമാണ് സംവരണ സമുദായങ്ങളുടെ ലക്ഷ്യം. അത് അനുവദിക്കില്ലെന്ന ധിക്കാരമാണ് സംവരണവിരുദ്ധരുടെ നീക്കത്തിനു പിന്നിലുള്ളത്. ക്രീമീലെയര്‍ വാദം അശാസ്ത്രീയമാണ്. അത് പിന്നോക്ക വിഭാഗങ്ങല്‍ക്ക് ദ്രോഹമായി മാറും.

*****

2001 ല്‍ 'ശ്രീനാരായണ കൂട്ടായ്മ എറണാകുളം' പ്രസിദ്ധീകരിച്ച, സുദേഷ് എം രഘു എഡിറ്റ് ചെയ്ത 'സംവരണപ്രശ്‌നത്തിലെ യാഥാര്‍ഥ്യങ്ങളിലൂടെ' എന്ന പുസ്തകത്തിലാണ് ഡോ. എം എസ് ജയപ്രകാശിന്റെ ഈ ലേഖനമുള്ളത്. ഇതില്‍ ഉന്നയിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഡോ. ജയപ്രകാശ് പുസ്തകത്തില്‍ റഫറന്‍സ് കൊടുത്തിട്ടുണ്ട്. പുസ്തകം ആവശ്യമുള്ളവര്‍ക്ക് www.scribd.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഫേസ്ബുക്കില്‍ sudesh m reghu വിന് മെസേജ് ചെയ്താലും പുസ്തകം ലഭിക്കുന്നതാണ് - ബ്ലോഗര്‍


 

2014, മേയ് 28, ബുധനാഴ്‌ച

കെ പി കറുപ്പന്‍ മാസ്റ്ററും വൈക്കം സത്യാഗ്രഹവും - ദലിത് ബന്ധു എന്‍ കെ ജോസ്


കെ പി കറുപ്പന്
കറുപ്പന് 39 വയസുള്ളപ്പോഴാണ് അയിത്തത്തിന് എതിരേ എന്ന പേരില്‍ പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്നത്. 1924 മാര്‍ച്ച് 30 ന് ആരംഭിച്ച് 1925 നവംബര്‍ 23 ആം  തിയതി അവസാനിച്ച വൈക്കം സത്യാഗ്രഹം 603 ദിവസം നീണ്ടുനിന്നു. എറണാകുളത്തുനിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും വളരെ അധികം ആളുകള്‍ അന്ന് വൈക്കത്തുപോയി സത്യാഗ്രഹം കാണുകയും അനുഭാവം പ്രകടിപ്പിക്കുകയും ചിലരെല്ലാം സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സത്യാഗ്രഹം അയിത്തത്തിനെതിരായിരുന്നു. അയിത്തജാതിക്കാര്‍, അവര്‍ണര്‍, ദലിതര്‍ തുടങ്ങിയവര്‍ വൈക്കം ക്ഷേത്രപരിസരത്തുള്ള പൊതു നിരത്തുകളിലൂടെ സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് സത്യാഗ്രഹം നടത്തിയത്. അയിത്തത്തെ അതിരൂക്ഷമായി വിമര്‍ശിച്ച ആളാണ് പണ്ഡിറ്റ് കറുപ്പന്‍. കറുപ്പന്റെ ജാതിക്കുമ്മി എന്ന കവിതയേക്കാള്‍ അയിത്തത്തെ പരിഹസിക്കുന്ന മറ്റൊരു കൃതി അന്ന് മലയാളത്തിലുണ്ടായിട്ടില്ല എന്ന് ധൈര്യമായി പറയാം. ഇന്നും സ്ഥിതി അതുതന്നെ. 1903 ലാണ് ജാതിക്കുമ്മി എഴുതപ്പെട്ടത്. ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയുമെല്ലാം അതിനും വര്‍ഷങ്ങള്‍ക്കുശേഷമാണ് കുമാരനാശാന്‍ രചിച്ചത്.

'തീണ്ടിക്കുളിയിനിവേണ്ടയെന്നും
തീണ്ടാട്ടരുതിനി മേലിലെന്നും
ഉണ്ടാക്കണം ചട്ടമന്നേരമാശ്വാസ
മുണ്ടാകും യോഗപ്പെണ്ണേ! മതം
കൊണ്ടാടിവര്‍ധിക്കും ജ്ഞാനപ്പെണ്ണേ'

എന്നെഴുതിയ കറുപ്പന്‍ മാസ്റ്റര്‍ വൈക്കത്ത് ജാതിക്കെതിരേ നടന്ന സമരം കണ്ടില്ലെന്നു നടിച്ചതെന്തുകൊണ്ട് ? കറുപ്പന്‍ മാസ്റ്റര്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു എന്നു ചിന്തിക്കാന്‍ ആവശ്യമായ ആവശ്യമായ തെളിവുകളൊന്നും ഇന്നും ലഭിച്ചിട്ടില്ല. മറിച്ചു ചിന്തിക്കാന്‍ സഹായകരമായ പലതുണ്ടുതാനും. അത് വഴിയേ കാണാം. ജാതിക്കുമ്മി എഴുതി 2 ദശാബ്ദം കഴിഞ്ഞപ്പോള്‍ കറുപ്പന്‍ മാസ്റ്ററുടെ ജാതിവിരോധം അവസാനിച്ചുവോ ?

'കാഷ്ടം ബുജിച്ചു നടന്നീടുന്ന
പട്ടിക്കുചാരേ നടന്നുകൊള്ളാം
കഷ്ടംമനുജര്‍ക്കു പാടില്ലയെന്നുള്ള
ചട്ടം നിറുത്തേണ്ടേ യോഗപ്പെണ്ണേ ! നിങ്ങള്‍
ശിഷ്ടന്മാരാണല്ലോ ജ്ഞാനപ്പെണ്ണേ'

പട്ടിക്കും പൂച്ചക്കും നടക്കാവുന്ന വഴിയിലൂടെ മനുഷ്യര്‍ക്കു നടക്കാന്‍ പാടില്ലാത്ത നീതി എന്നത് സത്യാഗ്രഹകാലത്ത് വൈക്കത്ത് പാടിപ്പതിഞ്ഞ ഒരു ശൈലിയായിരുന്നു. അതിന്റെ ഉറവിടം ജാതിക്കുമ്മിയാണെന്ന കാര്യത്തില്‍ സംശയമില്ല.

'കടക്കാന്‍ വിരോധിച്ച വഴിയെന്നുള്ളില്‍
കടക്കാതെ സാധുക്കളകപ്പെടുമ്പോള്‍
ഇടിത്തീവരുമ്പോലെ ചിലകൂട്ടരോടി
വന്നിടിക്കുന്നു പിടിക്കുന്നു യോഗപ്പെണ്ണേ ! പണം
കൊടുക്കുന്നു നടക്കുന്നു ജാഞാനപ്പെണ്ണേ'

എന്ന് 19 ആം വയസില്‍ എഴുതിയ കറുപ്പനാണ് വൈക്കത്തേക്ക് തിരിഞ്ഞുനോക്കാതിരുന്നത്.

* അന്ന് അയ്യന്‍കാളി തെക്കന്‍ തിരുവിതാംകൂറില്‍ രണ്ടുകാളകളെ പൂട്ടിയ വില്ലുവണ്ടിയില്‍ സഞ്ചരിച്ച് അവിടെ പൊതുവഴിയിലൂടെ അയിത്തക്കാര്‍ക്ക് നടക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുത്തിട്ട് മൂന്നു ദശാബ്ദത്തിലേറെയായി.

* 1905 ല്‍ ജാതിക്കുമ്മി എഴുതിത്തീര്‍ന്നെങ്കിലും അച്ചടിക്കാന്‍ എറെ താമസിച്ചു. കറുപ്പന് അന്ന് കൗമാരപ്രായം കഴിഞ്ഞതേയുള്ളൂ. പുസ്തകം അച്ചടിക്കുകയും അത് വില്‍ക്കുകയും മറ്റും ചെയ്യുന്നതിനുള്ള പ്രാഗല്‍ഭ്യം നേടിയിരുന്നില്ല. എങ്കിലും അത് പലരും പകര്‍ത്തിയെഴുതി പാടിയിരുന്നു. അച്ചടിച്ചു പുറത്തുവരുന്നതിനു മുമ്പുതന്നെ നല്ല പ്രചാരം അതിന് ലഭിച്ചിരുന്നു. അതിനുശേഷമാണ് 1907 ല്‍ സിസ്റ്റര്‍ തപസ്വി ആദ്യമായി അത് പ്രസിദ്ധീകരിച്ചത്. 5 കൊല്ലം കഴിഞ്ഞപ്പോള്‍ അതിന്റെ രണ്ടാംപതിപ്പും പുറത്തുവന്നു. എന്നു പറഞ്ഞാല്‍ വൈക്കം സത്യാഗ്രഹത്തിനു 12 വര്‍ഷം മുമ്പ് ജാതിക്കുമ്മിയുടെ ആയിരക്കണക്കിന് കോപ്പികള്‍ എറണാകുളത്തും പരിസരപ്രദേശങ്ങളിലും പ്രചരിച്ചിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ അത് പാടിരസിച്ചിരുന്നു അതിലൂടെ പതഞ്ഞുപൊങ്ങിയിരുന്ന അമര്‍ഷം അടക്കിനടന്നിരുന്നു എന്നെല്ലാമാണ് അര്‍ത്ഥം. അതിന്റെ അലയടികള്‍ കൊച്ചിരാജ്യത്തിനു പുറത്തേക്ക് വ്യാപിച്ചില്ലേ? തിരുവിതാംകൂറില്‍ ഉള്‍പ്പെടുന്ന വൈക്കം താലൂക്കിന്റെ വടക്കേ അതിര്‍ത്തി കൊച്ചീ രാജ്യമായിരുന്നു. പരസ്പര സമ്പര്‍ക്കമില്ലാതെ മതിലും വേലിയും ഒന്നുംകൊണ്ട് അന്ന് അതിര്‍ത്തി തിരിച്ചിരുന്നില്ല. ജനം അങ്ങോട്ടും ഇങ്ങോട്ടും കടന്നുപൊയ്‌ക്കൊണ്ടിരുന്നു. അക്കൂട്ടത്തില്‍ ആശയങ്ങളും അമര്‍ഷങ്ങളും നെടുനിശ്വാസങ്ങളും അതിര്‍ത്തിവിട്ടു വ്യാപിച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തിനു വര്‍ഷങ്ങള്‍ക്കുമുമ്പ് ജാതിക്കുമ്മി വൈക്കം പ്രദേശത്തെ അയിത്തജാതിക്കാരുടെ ഇടയില്‍ പ്രചരിച്ചിരുന്നു എന്നു വേണം ഊഹിക്കേണ്ടത്. 1914 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ പുലയലഹള നടന്നപ്പോള്‍ അത് വൈക്കത്തും വ്യാപിച്ചിരുന്നു എന്ന് ടി കെ വേലുപ്പിള്ള തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലില്‍ എഴുതിയിട്ടുണ്ട്. The so called Pulaya riots in Neyyaattinkara Taluk and adjacent places, Those riots at Thalayolapparampu among the rest were more serious തിരുവനന്തപുരത്തിന് തെക്ക് വെങ്ങാനൂരില്‍ നടന്ന പുലയലഹളയുടെ പ്രത്യാഘാതങ്ങള്‍ വൈക്കത്ത് എത്തി. അതിന്റെ പത്തിലൊന്നുപോലും അകലെയല്ലാത്ത എറണാകുളത്തെ സംഭവവികാസങ്ങള്‍ വൈക്കം അറിഞ്ഞില്ലെന്നു പറയുന്നതില്‍ യുക്തിയില്ല. തിരുവനന്തപുരത്തെ പുലയരിലാണ് മാറ്റം സംഭവിച്ചത്. അതിന്റെ പ്രത്യാഘാതങ്ങള്‍ വൈക്കത്തെ പുലയരിലാണ് കണ്ടത്. എറണാകുളത്തെ അരയരിലും പുലയരിലുമാണ് മാറ്റങ്ങല്‍ നടന്നത്. വൈക്കവും അരയരുടേയും പുലയരുടേയും കേന്ദ്രമായിരുന്നു. ഇന്നും അങ്ങനെ തന്നെ. വൈക്കത്തിനും എറണാകുളത്തിനും ഇടക്കുള്ള തലയോലപ്പറമ്പില്‍ 1914 ല്‍ നടന്ന ലഹളക്കുപിന്നില്‍ പ്രവര്‍ത്തിച്ചത് ജാതിക്കുമ്മികൂടിയാണെന്ന് നിസംശയം പറയാം. നെയ്യാറ്റില്‍കരയും കന്യാകുമാരിയും കഴിഞ്ഞാല്‍ പിന്നെ തിരുവിതാംകൂറില്‍ പുലയരുണ്ടായിരുന്നത് വൈക്കത്തു മാത്രമാണല്ലോ. കേരളത്തില്‍ പുലയരില്ലാത്ത ഒരു ഗ്രാമം പോലുമില്ല എന്നാണ് പറയുന്നത്. പക്ഷെ അവിടെയെങ്ങും പുലയലഹളയുടെ അലയടികള്‍ നടന്നില്ല, വൈക്കത്തു നടന്നു. വൈക്കം പുലയരുടെ ഒരു കേന്ദ്രമായിരുന്നു എന്നത് ശരി. എന്നാല്‍ അത് മാത്രമാണോ തലയോലപ്പറമ്പ് ലഹളയുടെ കാരണം. ലഹളക്കുമുമ്പ് അയ്യന്‍കാളി തലയോലപ്പറമ്പോ സമീപപ്രദേശങ്ങളോ സന്ദര്‍ശിച്ചിരുന്നതായി അറിയുവാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും തലയോലപ്പറമ്പിലേയും സമീപപ്രദേശ ങ്ങളിലേയും പുലയര്‍ സംഘടിച്ചു. പരാജയപ്പെട്ടുവെങ്കിലും അയിത്തത്തിനെതിയേ ഒരു ശ്രമം നടത്തി.

* അതിനുശേഷമാണു പിന്നെ 1924 ഫെബ്രുവരി 29 ആം തിയതി 3000 ല്‍ അധികം പുലയര്‍ വൈക്കത്തെ നിരോധിത നിരത്തുകളിലൂടെ ബലമായി നടക്കാന്‍വേണ്ടി വൈക്കത്ത് ഒത്തുചേര്‍ന്നത്. അതാണ് കെ പി കേശവമേനോന്റെ കൂട്ടാളികള്‍ മുക്കിക്കളഞ്ഞത്. 'വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക' എന്ന ഗ്രന്ഥത്തില്‍ ഞാന്‍ അതെല്ലാം കൂടുതല്‍ വിശദമായി ചര്‍ച്ചചെയ്തിട്ടുണ്ട്.

* വൈക്കം സത്യാഗ്രഹം തുടങ്ങിവെച്ചത്, അഥവാ സത്യാഗ്രഹത്തിന് അനുകൂലമായ പശ്ചാത്തലം സൃഷ്ടിച്ചത് വൈക്കത്തെ പുലയരാണ്. അവര്‍ അയ്യന്‍കാളിയുടെ ചുവടുപിടിച്ച് വൈക്കത്തെ പൊതുനിരത്തുകളിലൂടെ ബലമായി നടക്കുവാന്‍ നടത്തിയ ശ്രമത്തെ തടഞ്ഞത് അന്നത്തെ കോണ്‍ഗ്രസ് നേതാക്കളായ കെ പി കേശവമേനോന്‍, കേളപ്പന്‍ പ്രഭൃതികളാണ്. അത് സത്യാഗ്രഹമായി മാറ്റിയതും അവരാണ്. അതിനാല്‍ പുലയര്‍ അതില്‍ നിന്നും വിട്ടുനിന്നു.

* സത്യാഗ്രഹം അയ്യന്‍കാളിയുടെ പ്രവര്‍ത്തനരീതിക്ക് വിരുദ്ധമാണ്. നടക്കുവാനുള്ളതാണ് വഴി. അവിടെ തടയുവാന്‍ ആര്‍ക്കും അവകാശമില്ല. അതുകൊണ്ട് വഴിയിലൂടെ നടക്കുകതന്നെ വേണം. അതിനായി കാടും പടലും പള്ളയും താണ്ടേണ്ടതില്ല. ഏത് ശക്തിവന്ന് എതിര്‍ത്താലും അതിനെ തകര്‍ത്തുകൊണ്ട് നടക്കണം. അങ്ങനെയാണ് തെക്കന്‍ തിരുവിതാംകൂറില്‍ അയ്യന്‍കാളി വഴിയിലൂടെ നടക്കുവാനുള്ള അവകാശം നേടിയെടുത്തത്. ആര്‍ക്കും ആരും ഈ ഭൂമി പതിച്ചുകൊടുത്തിട്ടില്ല. ഇവിടെ ആദ്യം പ്രത്യക്ഷപ്പെട്ടത് ആദിവാസി - ദലിത് സങ്കരസന്തതികളാണ്. ഈ ഭൂമിയിലെ ആദ്യബാധ്യത അവരുടേതാണ്. അവരെ കബളിപ്പിച്ചു ആര്യബ്രാഹ്മണര്‍ ഒരുകാലത്ത് അധികാരവും അവകാശവും കൈക്കലാക്കിയതിന്റെ പേരില്‍ അവരുടെ സന്തതികളും അത് അംഗീകരിക്കണമോ ? ഇന്നത്തെ തലമുറ ആ ചൂഷണത്തിന് വിധേയമാകുവാന്‍ തയാറല്ല. അതാണ് അയ്യന്‍കാളി, പറഞ്ഞില്ലെങ്കിലും പ്രവര്‍ത്തിച്ചതിന്റെ പൊരുള്‍. ആ ചുവടുപിടിച്ചാണ് വൈക്കത്തെ പുലയര്‍ 1924 ഫെബരുവരി 29 ആം തിയതി വൈക്കത്ത് ഒരുമിച്ചുകൂടിയത്. അപ്പോഴാണ് കോണ്‍ഗ്രസിന്റെ അയിത്തോച്ചാടന കമ്മറ്റി അവിടെ എത്തിയത്. അവര്‍ എത്തിയതിനുശേഷം അവിടെ കൂടിയ പുലയര്‍ നിരോധിത നിരത്തുകളിലൂടെ ബലമായി നടന്നാല്‍ അത് തങ്ങളുടെ കൂടി പിന്‍തുണയോടെ യാണെന്ന് ജനം ധരിക്കും. അയിത്തം ആചരിക്കുന്ന സവര്‍ണജനം കോണ്‍ഗ്രസിനെതിരാകും. കോണ്‍ഗ്രസ് സവര്‍ണരുടേതാണ്. അവര്‍ണരെ അവര്‍ കോണ്‍ഗ്രസിലേക്ക് പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ടാണ് സവര്‍ണര്‍ വിട്ടുപോയാലും അതിന്റെ അനേകമിരട്ടിവരുന്ന അവര്‍ണര്‍ കൂടെ നില്‍ക്കും എന്ന ചിന്ത അവര്‍ക്ക് ഇല്ലാതെ പോയത്. അങ്ങനെയാണ് മൂന്നുവര്‍ഷം മുമ്പ് മലബാറില്‍ നടന്ന മാപ്പിള ലഹള (ഖിലാഫത്ത് പ്രസ്ഥാനം) യിലൂടെ അവിടത്തെ സവര്‍ണരുടെ പിന്‍തുണ കോണ്‍ഗ്രസിനു നഷ്ടപ്പെട്ടത്. അവിടെ കോണ്‍ഗ്രസ് എന്ന പേരില്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലാത്ത പരിസ്ഥിതി ഉത്ഭവിച്ചതുകൊണ്ടാണ് കേശവമേനോന്‍ പ്രഭൃതികള്‍ തിരുവിതാംകൂറിലെത്തിയത്. ഇവിടെയും അതുതന്നെ സംഭവിക്കാതി രിക്കാന്‍ നിരോധിതനിരത്തുകളിലൂടെയുള്ള അന്നത്തെ നടത്തം എങ്ങനെയും നടത്താതിരിക്കണം.

* അതിനുവേണ്ടിയാണ് കേശവമേനോന്‍ അവരോട് ഒത്തുചേര്‍ന്ന് ബലമായി നടക്കുക എന്നത് പിറ്റേ ദിവസത്തേക്ക് ആക്കിയാല്‍ തങ്ങളുംകൂടി സഹകരിക്കാം എന്ന് വാക്കുകൊടുത്ത് നടത്തം പിറ്റേ ദിവസത്തേക്ക് ആക്കിയത്. അന്നുരാത്രി സവര്‍ണര്‍ ഒരുമിച്ചു ചേര്‍ന്ന് ഗൂഢാലോചന നടത്തി പ്രക്ഷോഭണം ഒരു മാസത്തേക്ക് മാറ്റി. ബലമായി നടക്കാന്‍ വന്നവര്‍ക്ക് ഒന്നും ചെയയാന്‍ സാധിക്കാതെ പറഞ്ഞുവിട്ടു. അനേകനാളത്തെ പരിശ്രമഫലമായിട്ടാണ് അത്രയും പുലയര്‍ അന്ന് അവിടെ ഒരുമിച്ചു കൂടിയത്. അവര്‍ 5000 ല്‍ അധികം ഉണ്ടായിരുന്നുവെന്ന് അക്കൊല്ലം ഏപ്രില്‍ 6 ആം തിയതിയിലെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് അലസിപ്പോയതോടെ അവര്‍ ആ രംഗത്തുനിന്നുതന്നെ നിഷ്‌ക്രമിച്ചു. പ്രക്ഷോഭണം കേശവമേനോന്‍ പ്രഭൃതികള്‍ സ്വേഛയാ സത്യാഗ്രഹമാക്കി മാറ്റുകയും ചെയ്തു.

* വൈക്കത്തെ പൊതുനിരത്തുകളിലൂടെ നടക്കാനുള്ള അനുവാദം ലഭിക്കുന്നതുവരെ തങ്ങള്‍ ഇവിടെ കുത്തിയിരിക്കും. ആ കുത്തിയിരിപ്പിന്റെ ദയനീയതകണ്ട് മനസലിഞ്ഞ് ഒരുദിവസം ബ്രാഹ്മണര്‍ വഴിനടക്കാന്‍ അനുവദിക്കും എന്ന പ്രത്യാശയാണല്ലോ സത്യാഗ്രഹത്തിന്റെ യുക്തി. ആ കുത്തിയിരിപ്പിലൂടെ ആ വഴിയിലൂടെ അയിത്തക്കാര്‍ക്ക് നടക്കാനുള്ള അനുവാദം നല്‍കേണ്ട അവകാശം ബ്രാഹ്മണനാണ് എന്ന് അംഗീകരിക്കുകയാണ് ചെയ്തത്. അതാണ് സത്യാഗ്രഹത്തില്‍ അടങ്ങിയിരിക്കുന്ന വലിയ വഞ്ചന. ആ വഞ്ചന മനസിലാക്കിയതുകൊണ്ടാണ് കറുപ്പന്‍ മാസ്റ്റര്‍ വൈക്കം സത്യാഗ്രഹത്തോടു അനുഭാവം കാണിക്കുകയോ സഹകരിക്കുകയോ ചെയ്യാതിരുന്നത്.

* പരശുരാമന്‍ മഴുവെറിഞ്ഞു കടലില്‍ നിന്നും പൊക്കിയെടുത്ത് കേരളം ബ്രാഹ്മണര്‍ക്കു കൊടുത്തു എന്ന ഐതിഹ്യത്തിലപ്പുറം പൊതുവഴി തങ്ങളുടേതാണെന്ന് അവകാശപ്പെടുവാന്‍ ബ്രാഹ്മണര്‍ക്കു എന്തെങ്കിലും രേഖയോ തെളിവോ യുക്തിയോ ഇല്ല. ഇന്നുവരെ അങ്ങനെ ഒന്നും ആരും ഉന്നയിച്ചിട്ടില്ല. ആ പരിതസ്ഥിതിയിലാണ് ഗാന്ധി അയിത്ത ജാതിക്കാരുടെ പ്രതിനിധി എന്ന വ്യാജേന ബ്രാഹ്മണരുടെ വാദഗതിയെ അംഗീകരിച്ചത്. അതിനാല്‍ കറുപ്പന്‍ മാസ്റ്ററുടെ നിലപാട് യുക്തിപൂര്‍ണമാണ്.

* കേരളത്തിന്റെ ഒരു ഭാഗമായ എറണാകുളത്ത് 20 ആം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ പുലയര്‍ക്ക് യോഗം ചേരാന്‍ ഒരു സ്ഥലം ലഭിച്ചിരുന്നില്ല. അവര്‍ കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതിന്റെ മുകളില്‍ പലകനിരത്തി മൈതാനം ഉണ്ടാക്കി യോഗം ചേര്‍ന്നു. അതാണ് ഈ നാടിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്കുണ്ടായ ഗതികേട്. അന്ന് ആ മൈതാനം നിര്‍മ്മിക്കാന്‍ നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കറുപ്പനായിരുന്നു. ആ കറുപ്പന്‍ മാസ്റ്റര്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാതിരുന്നത് യുക്തിപൂര്‍വമായിരുന്നു. അങ്ങനെ പുലയരുടെ എല്ലാപ്രശ്‌നങ്ങളിലും സഹകരിച്ചിരുന്ന കറുപ്പന്‍ മാസ്റ്റര്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തില്ല. അത് പുലയരെ വഞ്ചിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനമായിരുന്നു.

* വൈക്കം സത്യാഗ്രഹകാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന നാല് പ്രമുഖ സാമൂഹ്യ നവോത്ഥാന നായകന്മാരും വിപ്ലവകാരികളും വൈക്കത്തേക്ക് എത്തിനോക്കിയതു പോലുമില്ല. അതിലപ്പുറമുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളോ വിപ്ലവകാരികളോ ആരെങ്കിലും അന്നു കേരളത്തില്‍ ഉണ്ടായിരുന്നുവോ ? ഏതാനും രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ചവിട്ടുനാടകം മാത്രമയിരുന്നു വൈക്കം സത്യാഗ്രഹം. നാരായണഗുരുവിനും അയ്യന്‍കാളിക്കും പണ്ഡിറ്റ് കറുപ്പനും പൊയ്കയില്‍ ഉപദേശിക്കും വേണ്ടാത്തത് കെ പി കേശവമേനോനും കേളപ്പനും ടി കെ മാധവനും എടുത്തു പൊക്കിക്കൊണ്ടു നടന്നു. അത് വെറും ഒരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമായിരുന്നു എന്ന് അതില്‍ നിന്നു വ്യക്തമാണ്.

പണ്ഡിറ്റ് കരുപ്പന്‍ പ്രഥമവും പ്രധാനവുമായി ഒരു സംസ്‌കൃത പണ്ഡിതനും കവിയുമായിരുന്നു. അതിനിടക്ക് തനിക്ക് ലഭിച്ച സമയവും പണവും അദ്ദേഹം അധസ്ഥിതോന്നമനത്തിനായി വിനിയോഗിച്ചു. വലിയൊരു സംസ്‌കൃത പണ്ഡിതനായിരുന്നുവെങ്കിലും തന്റെ പ്രഥാന കൃതികളിലും പ്രസംഗങ്ങളിലും ലളിതമായ മലയാളം ഉപയോഗിച്ചു എന്നതാണ് അദ്ദേഹത്തെ സാധാരണക്കാരുമായി അടുപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്രദമായിത്താരാന്‍ കാരണമായതും അതാണ്. ജാതിക്കുമ്മിയും മറ്റും അതിനുദാഹരണങ്ങളാണ്.

*****

കടപ്പാട് : 'ബഹുജന്‍ വാര്‍ത്ത' പ്രസിദ്ധീകരണമായ, ദലിത് ബന്ധു എന്‍ കെ ജോസിന്റെ ' പണ്ഡിറ്റ് കെ പി കറുപ്പന്‍ ' എന്ന പുസ്തകത്തില്‍ നിന്നും വിഷയം സംബന്ധിച്ച പ്രസക്ത ഭാഗങ്ങളാണ് ഇവിടെ പകര്‍ത്തിയിട്ടുള്ളത്.

2014, മേയ് 27, ചൊവ്വാഴ്ച

ഇരുട്ടുവായന - സജീവന്‍ പ്രദീപ്‌

 
കവിത : .
സജീവന്‍ പ്രദീപ്‌
പച്ചിലകളുടെ
ഭാഷയിലെഴുതിയ പുസ്തകത്തിന്
ഉറുമ്പരിച്ചസ്ഥികളുടെ
പുറംചട്ടയിലൂടെ
വചനം വഴിവരച്ചു 
ദൈവാന്ധകാരാധികാരത്തിലേക്ക്

വെളിച്ച സ്നാനങ്ങളുടെ
സ്ഥാനാരോഹണത്തിൽ
വെടിയുണ്ടകളുടെ വിരുന്നുമണം
 
 
 
ജഢങ്ങളുടെ
തോരണങ്ങളിൽ കാറ്റുപിടിക്കുമ്പോൾ
കണ്ണിളകിപ്പോയ ഒന്ന്
ജനാധിപത്യത്തെ കുറിച്ചുള്ളാധ്യായമിങ്ങനെ
വായിച്ചു
അന്നമല്ലിത്
ആയുധങ്ങളുടെ സുരക്ഷ
നിലവിളികളുടെ നെഞ്ചുതുളച്ച
തീവണ്ടികളുടെ തീപ്പന്തം

അരയ്ക്ക് മുകളിലേക്ക്
കത്തിപ്പോയ ഒന്ന്
റെയിൽവേ പുറമ്പോക്കിലെ
ദഹന മണ്ണടരിന്റെ 
കരിഞ്ഞ ക്ഷോഭത്തോടെ പറഞ്ഞു
മത നിരപേക്ഷതയെപ്പോലെ
മറ്റൊരു കഴുകനില്ല
ജനാധിപത്യമൊരു സ്വാതന്ത്ര്യമല്ല
ഒരൂ രാജ്യത്തിന്റെ
അടിവസ്ത്രം പോലുമല്ല

നിയമ
ചങ്ങലകളിൽ കുരുങ്ങി
ജീവന്റെ
കാലറ്റുപോയൊന്ന്
മറ്റൊരു മറുപാഠമിങ്ങനെ
കണ്ടെത്തിയിട്ടുണ്ടാവാം
ജനാധിപത്യം
ജയിലുകളുടെ അനിവാര്യതയാണ്
അഥവാ
ഇരുട്ടുമുറികളുടെ
പുനരാഖ്യാനങ്ങളാണ്

ചുരുണ്ട് ചുളുങ്ങിയ
ഉടലിൽ
കറുത്ത സീബ്രാ വരകളുള്ള ഒന്ന്
നിർവികാരതയോടെ ചോദിച്ചു
വായനക്കെന്തിന് അസമത്വത്തിന്റെ
തലപ്പാവുവെച്ചക്ഷരങ്ങൾ
അടിമജീവിതത്തിന്റെ
ഉടുമ്പു നാക്കുമതി
പട്ടിണിയുടെ ടാങ്കറുകൾ
കയറി ചതഞ്ഞുപോയ
ബൈപ്പാസുകളില്ലാത്ത
ഉപജീവനത്തിന്റെ ഹൈവേകൾക്കരുകിലെ
ടാർപാളിൻ ഷെഡുകളുടെ
അവശിഷ്ട അസ്വസ്ഥതയാണ്
ജനാധിപത്യം

ആധിപത്യങ്ങളെ
കണ്ണടച്ചു വിശ്വസിക്കരുത്
നീതി രഹിതരുടെ രാജ്യം
തരുന്ന
ആട്ടിൻതോലാണത്

കെ പി കറുപ്പന്‍ : സാമൂഹ്യ വിപ്ലവകാരിയായ ആദ്യത്തെ കവി - എം പി അപ്പന്‍


എം പി അപ്പന്‍
ഹിന്ദുക്കളുടെ ഇടയില്‍ നിലനിന്നുവന്നിരുന്ന അനാചാരങ്ങളെ ആദ്യമായി എതിര്‍ത്ത മലയാള സാഹിത്യകാരന്‍ കുമാരനാശാന്‍ എന്നാണല്ലോ പൊതുവേയുള്ള ധാരണ. എന്നാല്‍ ആശാനുമുമ്പുതന്നെ ജാതിയെ എതിര്‍ത്തു സാഹിത്യകൃതികള്‍ രചിച്ച മലയാളികള്‍ ഒന്നിലധികം ഉണ്ടായിരുന്നു. ആര്‍ച്ച് ഡീക്കന്‍ കോശിയുടെ 'പുല്ലേലിക്കുഞ്ചു' എന്ന ഗദ്യകൃതി 1882 ലും, പോത്തേരി കുഞ്ഞമ്പു എന്ന തീയന്റെ 'സരസ്വതീവിജയം' എന്ന നോവല്‍ 1992 ലും ആണ് പുറത്തുവന്നത്. ആ രണ്ട് വാങ്മയങ്ങളിലും ജാതിയുടെ അര്‍ത്ഥശൂന്യതയെപ്പറ്റി സയുക്തികം പ്രതിപാദിച്ചിട്ടുണ്ട്. അവര്‍ണ ഹിന്ദുക്കള്‍ക്കു ക്രിസ്തുമതാവലംബനം കൊണ്ടേ രക്ഷയുള്ളൂ എന്ന സംഗതിയും അവയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ആശാന്റെ 'ദുരവസ്ഥ' പ്രസിദ്ധീകരിക്കപ്പെട്ടത് 1922 ല്‍ ആയിരുന്നുവല്ലോ. അതിനു 17 കൊല്ലം മുമ്പ് 1905 ല്‍ എഴുതപ്പെട്ടതാണ് കെ പി കറുപ്പന്റെ ജാതിക്കുമ്മി. ഇങ്ങനെ നോക്കുമ്പോള്‍ ജാതിയുടെ നേര്‍ക്കു ആദ്യമായി ഖഡ്ഗം ഓങ്ങിയ മലയാളകവി കറുപ്പനാണെന്നു തെളിയുന്നു. ആ കാവ്യത്തെപ്പറ്റി വഴിയേ പറയാം.

വളരെ ഒച്ചപ്പാടുണ്ടാക്കിയ ഒരു കൃതിയാണ് 1089 ല്‍ കറുപ്പന്‍ രചിച്ച 'ബാലകലേശം' നാടകം. സ്ഥാനത്യാഗം ചെയ്ത കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂര്‍ത്തി പ്രമാണിച്ച് എഴുതിയ ആ ഗ്രന്ഥം സമ്മാനാര്‍ഹമായി ഭവിച്ചു. നാലോ അഞ്ചോ ദിവസംകൊണ്ട് എഴുതേണ്ടിവന്നതാണ് ആ നാടകം. എന്നിട്ടുപോലും അത് കേരളവര്‍മ്മ, എ ആര്‍ രാജരാജവര്‍മ്മ തുടങ്ങിയ സാഹിത്യമഹാരഥന്മാരുടെ മുക്തകണ്ഠമായ അഭിനന്ദനം അര്‍ഹിക്കത്തക്കവണ്ണം രമണീയമായിരുന്നു. ഗവേഷണാചാര്യനും സാഹിത്യ മര്‍മ്മജ്ഞനുമായ ശ്രീ വി ആര്‍ പരമേശ്വരന്‍ പിള്ള ആ നാടകത്തെപ്പറ്റി എഴുതിയ അഭിപ്രായം ഉദ്ധരിക്കട്ടെ:-

'..........ബാലകലേശം മൂന്നങ്കത്തിലുള്ള ഒരു രൂപകമാണ്. കൊച്ചിയെ 'ബാല'യായും രാജാവിനെ 'കലേശ'നായും കല്പ്പിച്ചു രചിച്ച ഒരു സിമ്പോളിക് നാടകമാണ് ബാലകലേശം. കൊച്ചിയിലെ ഭരണം കാലോചിതമായി പരിഷ്‌കരിക്ക പ്പെടണമെന്നും, വിദേശികളെ ഇറക്കുമതി ചെയ്യുന്ന സമ്പ്രദായം കുറക്കണമെന്നും, വിദ്യാഭ്യാസവും സൗജന്യങ്ങളും നല്‍കി അധകൃതരെ ഉദ്ധരിക്കണമെന്നും, ഭരണകാര്യങ്ങളില്‍ ജനാഭിലാഷത്തെ മാനിക്കണമെന്നും, തീണ്ടല്‍ മുതലായ അനാചാരങ്ങളെ നിയമം മൂലം നിരോധിക്കണമെന്നും നിയമം മൂലം മറ്റുമുള്ള അഭിപ്രായങ്ങള്‍ ഇതില്‍ ഭംഗിയായി പറഞ്ഞിട്ടുണ്ട്. അവശസമുദായങ്ങളുടെ സ്വാതന്ത്ര്യവും സമുല്‍ക്കര്‍ഷവുമായിരുന്നു കറുപ്പന്റെ സാഹിത്യകൃതികളുടെ പ്രധാന ലക്ഷ്യം. അക്കൂട്ടത്തില്‍ ബാലകലേശം പ്രഥമഗണനീയമാണ്. ഒന്നാംതരം പദ്യങ്ങള്‍ ഇതില്‍ ധാരാളമുണ്ട്........'

തീണ്ടിയെന്ന കുറ്റത്തിനു ഒരു പുലയനു തല്ലുകൊടുത്ത സവര്‍ണര്‍ക്ക് നാടകത്തിലെ ന്യായാധിപന്‍ നല്‍കിയ ശിക്ഷയാണ് ഒച്ചപ്പാടിനു കാരണം. ചില കുറ്റവാളികളെ നാടുകടത്തണമെന്നും, മറ്റുചില കുറ്റവാളികളെ തൂക്കിലിടണമെന്നും ന്യാധിപന്‍ വിധിച്ചു. കൊച്ചീമഹാരാജാവിന്റെ നാട്ടില്‍ അമ്മാതിരി അന്യായങ്ങള്‍ അനുവദിച്ചുകൂടാ എന്നുമായിരുന്നു ന്യായാധിപന്റെ അഭിപ്രായം. തീണ്ടല്‍ അന്നു നിലവിലുണ്ടായിരുന്ന ഒരു ആചാരമാണെന്നും യാതൊരു കുറ്റത്തിനും ഒരു ബ്രാഹ്മണനു വധശിക്ഷ നല്‍കാന്‍ പാടില്ല എന്ന നിയമം അന്നു നിലവിലിരുന്നുവെന്നും, കറുപ്പന്‍ അക്കാലത്തു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നും ഉള്ള വസ്തുതകള്‍ ഓര്‍മിച്ചാല്‍ മാത്രമേ കറുപ്പന്റെ ധര്‍മ്മവ്രതം എത്ര ഉഗ്രനായിരുന്നുവെന്ന് മനസിലാവുകയുള്ളൂ. അതുകൊണ്ടാണ് നാടകം വായിച്ചിട്ട് 'ഇത് എഴുതിയ ശേഷം നിങ്ങളെസര്‍ക്കാര്‍ ഉദ്യോഗത്തില്‍ വെച്ചുകൊണ്ടിരുന്നോ ?' എന്ന് ഡോക്ടര്‍ പല്‍പു (എസ് എന്‍ ഡി പി യുടെ സ്ഥാപകന്‍) കറുപ്പനോടു ചോദിച്ചത്.

ബാലാകലേശത്തെ വിമര്‍ശിച്ചവരില്‍ ഏറ്റവും നിര്‍ദാക്ഷിണ്യന്‍ സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയായിരുന്നു. നിര്‍ദ്ദയമായ ആ നിരൂപണത്തില്‍ ബാലാകലേശത്തിലെ വൃത്താലങ്കാര വ്യാകരണ ദോഷങ്ങളെയാണ് രാമകൃഷ്ണപിള്ള മുഖ്യമായി എടുത്തുകാണിച്ചത്. തീണ്ടലിനും ജാതിചിന്തക്കും അതീതനായിരിക്കേണ്ട ആളാണ് മഹാരാജാവെന്നും, എല്ലാ പൗരന്മാര്‍ക്കും നാട്ടില്‍ തുല്യമായ സ്വാതന്ത്ര്യം ഉണ്ടെന്നും, ഉള്ളതാണ് നാടകത്തിലെ മര്‍മ്മപ്രധാനമായ ആശയം. രാമകൃഷ്ണപിള്ള അതിനെ പരാമര്‍ശിക്കുകപോലും ചെയ്തില്ല. തീണ്ടല്‍ ആചരിച്ചതിന് ഒരു നമ്പൂതിരിയെ തൂക്കിക്കൊല്ലുക എന്നത് ആ രാജാവിന്റെ നിഷ്ഠൂരതയെ കാണിക്കുയാണെന്നും, കൊച്ചീ മഹാരാജാവ് ദുഷ്ടനാണെന്നു ധ്വനിപ്പിക്കുന്ന കവി രാജദ്രോഹമാണ് പറയുന്നതെന്നും, രാജദ്രോഹം അടങ്ങിയ നാടകത്തെ സാഹിത്യലോകത്തുനിന്നും നിഷ്‌കാസനം ചെയ്യണമെന്നും ആയിരുന്നു സ്വദേശാഭിമാനിയുടെ വാദത്തിന്റെ സംഗ്രഹം. അദ്ദേഹം നാടകത്തിന് ഒരു പുതിയ പേര് നിര്‍ദ്ദേശിക്കാതെ യുമിരുന്നില്ല. എന്താണെന്നോ ആ പേര് ? 'വാല കലേശം'. 'സ്വദേശാഭിമാനി'യുടെ വര്‍ഗവിവേചനം ആ സന്ദര്‍ഭത്തില്‍ തലപൊക്കിയതു നിര്‍ഭാഗ്യകരമായിപ്പോയി എന്നു തോന്നുന്നുണ്ടാകാം. എന്നാല്‍ സ്വദേശാഭിമാനി അന്നു ആദ്യമായിട്ടല്ല ആ വര്‍ഗവിവേചനം വെളിപ്പെടുത്തിയത്. അതിനുമുമ്പും ചില അവസരങ്ങളില്‍ അദ്ദേഹത്തിന്റെ വര്‍ഗവിചാരം പുറത്തുചാടിയിട്ടുണ്ട്. രണ്ട് ഉദാഹരണങ്ങള്‍ കാണിക്കാം.

കവിരാമായണത്തില്‍ മൂലൂരിനെ എതിര്‍ത്തവരില്‍ ഒരാള്‍ സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയായിരുന്നു. 'ഭഗ്രകാളി' എന്ന വ്യാജനാമത്തില്‍ രാമകൃഷ്ണ പിള്ള മൂലൂരിനോട് പറഞ്ഞത് ഇപ്രകാരമായിരുന്നു.

'ന്യായാന്യായ വിവേകശൂന്യമനുജ-
ന്മാരോടു പോരാടുവാ-
നായാസം മതിമാനുദിക്കുമതു നി-
ശ്ശങ്കം മരംകേറികേള്‍
ഈയച്ഛിന്ന യഥാര്‍ത്ഥ വസ്തുത ധരി-
ച്ചീടും ജനം മഞ്ജുവാങ്-
മായപ്പേരു പണിക്കനല്പമുതകി-
ല്ലെന്നാലു മൊന്നങ്ങിതാ '

ഈ ശ്ലോകത്തിലെ 'മരംകേറി' എന്ന പദപ്രയോഗം അസ്സലായിരിക്കുന്നില്ലേ ? ഇതിന് ചുട്ട മറുപടിയാണ് മൂലൂര്‍ കൊടുത്തത്. അതിലെ ഒരു ശ്ലോകം ചുവടേ ചേര്‍ക്കുന്നു.

'കിഞ്ചിജ്ഞേ ഭദ്രകാളീ പറകമുതുമരം-
കേറിയും കേറിയോ നിന്‍
നെഞ്ചാടാന്‍ ഹന്ത ദുസ്സാഹസമലമലമീ-
ച്ചേഷ്ടിതം കഷ്ടമത്രേ
കിഞ്ചില്‍ പോലും കൃപാഹീനതയൊടു കുഭഗേ,
കുത്സിതേ ഭത്സനത്തി-
ന്നഞ്ചാതിങ്ങോട്ടു വന്നാല്‍ ചെവി ചെറുതറിയും
താന്തി മൂഢേ ദുരൂഢേ!'

പരാമൃഷ്ടമായ ശ്ലോകം എഴുതിയ കാലത്ത് രാമകൃഷ്ണപിള്ള വളരെ ചെറുപ്പമായിരുന്നു വെന്നും യുവസഹജമായ അപക്വത നിമിത്തം ഇങ്ങനെ എഴുതിപ്പോയതാണെന്നും വിചാരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ നാടുകടത്തലിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ്, അദ്ദേഹം പരിണതപ്രജ്ഞനായി പരിലസിച്ചിരുന്ന കാലത്ത് - സ്വദേശാഭിമാനി പ്പത്രത്തില്‍ ഒരു മുഖപ്രസംഗം എഴുതി. അതില്‍ നിന്നും ഒരു ഭാഗം ഉദ്ധരിക്കാം-

'........ആചാര കാര്യത്തില്‍ സര്‍വജനീനമായ സമത്വം അനുഭവപ്പെടണമെന്നു വാദിക്കുന്നവര്‍ ആ സംഗതിയെ ആധാരമാക്കിക്കൊണ്ടു പാഠശാലകളില്‍ കുട്ടികളെ അവരുടെ വര്‍ഗയോഗ്യതകളെ വകതിരിക്കാതെ നിര്‍ഭേദം ഒരുമിച്ചിരുത്തി പഠിപ്പിക്കേണ്ടതാണെന്നു ശഠിക്കുന്നതിനെ അനുകൂലിക്കുവാന്‍ ഞങ്ങള്‍ യുക്തികാണുന്നില്ല. എത്രയോ തലമുറകളായി ബുദ്ധിയെ കൃഷിചെയ്തിട്ടുള്ള ജാതിക്കാരെയും എത്രയോ ഏറെ തലമുറകളായി നിലം കൃഷിചെയ്തുവന്നിരിക്കുന്ന ജാതിക്കാരെയും തമ്മില്‍ ബുദ്ധി കൃഷികാര്യത്തിനു ഒന്നായി ചേര്‍ക്കുന്നത് കുതിരയേയും പോത്തിനേയും ഒരേനുകത്തില്‍ കെട്ടുകയാകുന്നു.' (-സ്വദേശാഭിമാനി, 1085 കുഭം 19 ന്)

ഈ മുഖപ്രസംഗം വന്നത് എപ്പോഴാണെന്നോ ? തിരുവിതാംകൂറില്‍ അവര്‍ണ വിദ്യാര്‍ത്ഥികള്‍ക്കു പാഠശാലകളില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ടി ഈഴവര്‍ തുടങ്ങിയ സമുദായങ്ങള്‍ പ്രസംഗവേദികളിലും പത്രപംക്തികളിലും പ്രജാസഭയിലും അതിശക്തമായി വാദിച്ചുകൊണ്ടിരുന്ന കാലത്ത്. സ്വദേശാഭിമാനിയുടെ സേവനങ്ങള്‍ സ്മരിക്കുന്നവര്‍ ഈ മുഖപ്രസംഗം കണ്ടാല്‍ അന്ധാളിച്ചുപോകും. കാറല്‍ മാര്‍ക്‌സിനേയും മഹാത്മാഗാന്ധിയേയും പറ്റി ആദ്യമായി മലയാളത്തില്‍ പുസ്തകങ്ങള്‍ എഴുതിയ പുരോഗാമിയാണ് രാമകൃഷ്ണപിള്ള. ദുര്‍ഭരണ ഭഞ്ജനത്തിനും, ദുഷ്‌കവന ധ്വംസനത്തിനും വേണ്ടി ജാതിചിന്തകൂടാതെ തൂലിക ചലിപ്പിച്ച വീരാത്മാവാണ് അദ്ദേഹം. (അദ്ദേഹത്തിന്റെ അതിനിശിതമായ വിമര്‍ശന ശരമേറ്റവരില്‍ പലരും നായര്‍സമുദായാംഗങ്ങളായിരുന്നു) യാതൊരു പ്രലോഭനത്തിനും വശംവദനാകാതെ കഠോര വ്രതനായി പത്രപ്രവര്‍ത്തനം നടത്തിയതു നിമിത്തം നരകക്ലേശം അനുഭവിക്കേണ്ടിവന്ന ത്യാഗിവര്യനാണ് അദ്ദേഹം. പുരോഗാമികളില്‍ അഗ്രഗണ്യനായിരുന്ന അദ്ദേഹത്തെപ്പോലും വര്‍ഗവിവേചനം ബാധിച്ചതോര്‍ക്കു മ്പോള്‍ ഹിന്ദുമതത്തിന്റെ തീരാക്കളങ്കമായിരുന്ന ജാതിവ്യവസ്ഥയെ എത്ര അപലപിച്ചാലാണ് മതിയാവുക !

'മുങ്ങുന്നുപോല്‍ ഗുണഗണങ്ങളിലൊറ്റ ദോഷം
അങ്കം ശശാങ്കകിരണങ്ങളെയെന്നപോലെ' (കുമാരസംഭവം)

എന്നു കാളിദാസന്‍ പറഞ്ഞതുപോലെ സ്വദേശാഭിമാനിയുടെ ദേശ സേവനത്തിന്റെ പ്രഭാപ്രസരത്തില്‍ അദ്ദേഹത്തിന്റെ വര്‍ഗവിവേചനം ആമഗ്നമാകുമെന്നു നമുക്ക് സമാധാനപ്പെടാം.

ഇനി പ്രകൃതത്തിലേക്ക് തിരിച്ചുവരാം. ബാലാകലേശവാദം സംബന്ധിച്ചു വലിയവാദപ്രതിവാദങ്ങള്‍ ഉണ്ടായി. ഒടുവില്‍ മഹാകവി ഉള്ളൂരിന്റെ അവസാന തീര്‍പ്പില്‍ ആ വാദപ്രതിവാദം കെട്ടടങ്ങി. കറുപ്പന്‍ രാജദ്രോഹം പറഞ്ഞിട്ടില്ലെന്നു സ്ഥാപിച്ചുകൊണ്ടുള്ളതായിരുന്നു, ആ തീര്‍പ്പ്.

ദിവാന്‍ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചതിനാല്‍ രാജദ്രോഹ കുറ്റം ചുമത്തി നാടുകടത്തപ്പെട്ട പത്രാധിപരായിരുന്നുവല്ലോ 'സ്വദേശാഭിമാനി'. അതേ സ്വദേശാഭിമാനിയാണു, തീണ്ടലാചരിച്ച സവര്‍ണരില്‍ ചിലരെ നാടുകടത്തണമെന്നും, മറ്റുചിലരെ തൂക്കിക്കൊല്ലണമെന്നും ന്യായാധിപനെക്കൊണ്ടു വിധിപ്പിച്ച കറുപ്പനില്‍ രാജദ്രോഹ കുറ്റം ചുമത്തിയത് എന്ന വസ്തുത നമ്മെ ചിന്താകുലരാക്കുന്നു.

ബാലാകലേശത്തില്‍ ആരെല്ലാംഎന്തെല്ലാം ദോഷങ്ങള്‍ ചൂണ്ടിക്കാണിച്ചാലും അതിന് മായാത്ത ചില മേന്മകളുണ്ട്. മലയാളഭാഷയില്‍ ആദ്യമായുണ്ടായ പ്രശ്‌നനാടകമാണ് അത്. ആ കാലഘട്ടത്തില്‍ അത്രത്തോളം വിപ്ലവാത്മകമായ ഒരഭിപ്രായം പുറപ്പെടുവിക്കുവാന്‍ തക്ക ധര്‍മ്മധൈര്യം ഉള്ള ഒരു അനുദ്യോഗസ്ഥ നെങ്കിലും കേരളത്തില്‍ ഉണ്ടായിരുന്നോ എന്നു സംശയമാണ്. ഉദ്യോഗസ്ഥന്മാരുടെ കാര്യം പറയുകയാണെങ്കില്‍ ഭാരതഖണ്ഡം മുഴുവന്‍ നോക്കിയാലും അന്ന് അപ്രകാരമുള്ള ഉത്പതിഷ്ണുത്വം പ്രദര്‍ശിപ്പിച്ച മറ്റൊരു സാഹിത്യകാരനെ കാണാന്‍ സാധിക്കുമായിരുന്നുവെന്നു തോന്നുന്നില്ല. അഹോ ! കെ പി കറുപ്പനെന്ന ആ മനുഷ്യസ്‌നേഹിയുടെ അഭൂതപൂര്‍വവും അശ്രുതപൂര്‍വവും അചഞ്ചലവുമായ ധര്‍മ്മ ധീരത !

****

കടപ്പാട്: 1980 ല്‍ നാഷനല്‍ ബുക്ക്സ്റ്റാള്‍ കോട്ടയം പ്രസിദ്ധീകരിച്ച പണ്ഡിറ്റ് കെ പി കറുപ്പന്റെ കാവ്യസമാഹാരമായ 'ജാതിക്കുമ്മിയും ഉദ്യാനവിരുന്നും' എന്ന പുസ്തകത്തിന് മഹാകവി എം പി അപ്പന്‍ എഴുതിയ അവതാരികയില്‍ നിന്നുള്ള പ്രസക്തഭാഗമാണ് ഇവിടെ പകര്‍ത്തിയിട്ടുള്ളത്.
 കവിതിലകന്‍ പണ്ഡിറ്റ്‌ കെ പി കറുപ്പന്‍ : ആദ്യത്തെ ദലിത് സാഹിത്യകാരന്‍ - കവിയൂര്‍ മുരളി


കവിയൂര്‍ മുരളി
കൊല്ലവര്‍ഷം 1060 ആമാണ്ട് (എ ഡി 1885) ഇടവമാസം 12 ആം തിയതി ചിത്തിര നക്ഷത്രത്തില്‍ അദ്ദേഹം ജനിച്ചു. ചേരാനെല്ലൂര്‍ 'ഓലച്ചുമരെഴുന്ന' ഒരു 'വാലക്കുടിലില്‍' . കണ്ടത്തിപ്പറമ്പില്‍ എന്നായിരുന്നു വീട്ടുപേര്. പ്രസിദ്ധ വിഷവൈദ്യനായിരുന്ന അപ്പിവൈദ്യന്റെ മകന്‍ അത്തോപ്പൂജാരിയായിരുന്നു പിതാവ്. ഇദ്ദേഹം അയ്യനെന്നും അറിയപ്പെട്ടിരുന്നു. അത്തോപ്പൂജാരിയും ഒരു വിഷവൈദ്യനായിരുന്നു. കൂടാതെ സമുദായത്തിന്റെ ആധ്യാത്മിക കാര്യങ്ങളുടെ ഉത്തരവാദിത്വവുംഉണ്ടായിരുന്നു. അമ്മയുടെ പേര് കൊച്ചുപെണ്ണ്. ഒരു ജ്യോഷ്ഠസഹോദരനും ഇളയ ഒരു സഹോദരിയുമേ കറുപ്പന് ഉണ്ടായിരുന്നുള്ളൂ. ജ്യേഷ്ഠന്‍ കുട്ടപ്പന്‍ പിന്നീട് ആനന്ദയോഗിയായി. സഹോദരി പൊന്നമ്മ 1960 വരെ ജീവിച്ചു. കറുപ്പനെ എല്ലാവരും 'അനിയന്‍' എന്നാണ് വിളിച്ചുപോന്നത്. നല്ല ചുവപ്പുകലര്‍ന്ന വെളുത്ത നിറമായിരുന്നു കറുപ്പന്

സ്വദേശമായ ചേരാനെല്ലൂരിലും അതിനുശേഷം ചെറായി, കൊടുങ്ങല്ലൂര്‍ കോവിലകം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സിദ്ധരൂപം, അമരകോശം, ശ്രീരാമോദന്തം, സിദ്ധാന്തകൗമുദി, മനോരമ (രണ്ടും വ്യാകരണം) തര്‍ക്കം, അലങ്കാരം, ശില്‍പശാസ്ത്രം, അഷ്ടാംഗഹൃദയം തുടങ്ങി അന്നത്തെ വിദ്യാഭ്യാസ രീതിയനുസരിച്ചുള്ള എല്ലാ ഗ്രന്ഥങ്ങളും പഠിച്ചതിനു പുറമേ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനവും നേടിയിരുന്നു.

എറണാകുളം സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ സംസ്‌കൃതപണ്ഡിതനായിട്ടാണ് ആദ്യം നയമിതനായത്. മൂന്നുവര്‍ഷം ആ ജോലിയില്‍ തുടര്‍ന്നു. അതിനുശേഷം കാസ്റ്റ് ഗേള്‍സ് ഹൈസ്‌കൂളിലെ സംസ്‌കൃതപണ്ഡിതനായി നിയമിക്കപ്പെട്ടു. അത് ഒരു പ്രക്ഷോഭത്തിന് ഇടയാക്കി. കാസ്റ്റ്‌സ്‌കൂള്‍ സവര്‍ണര്‍ക്ക് മാത്രമായുള്ള സ്‌കൂളാണ്. അധ്യാപകരും സവര്‍ണരേ ആകാവൂ. അങ്ങനെയുള്ള സ്‌കൂളിലാണ് വാലസമുദായ ക്കാരന്‍ നിയമിതനായത്. പോരെങ്കില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌കൂളും. രക്ഷാകര്‍ത്താക്കള്‍ അവരവരുടെ കുട്ടികളെ പിന്‍വലിക്കാന്‍ തുടങ്ങി. മറ്റ് അധ്യാപകര്‍ അവധിയെടുത്ത് അകന്നുമാറി. ആകെയൊരു ഭൂകമ്പം. കാര്യങ്ങള്‍ മഹാരാജാവ് തിരുമനസ്സിന്റെ കാതില്‍ എത്തി. ഉടനെ തിരുവെഴുത്തുണ്ടായി.

'വിദ്യാര്‍ത്ഥികളോ അധ്യാപകര്‍ തന്നെയോ സ്‌കൂള്‍ ബഹിഷ്‌കരിക്കുന്നതിലും വിട്ടുപോകുന്നതിലും വിരോധമില്ല. എന്നാല്‍ അധ്യാപകനായ കറുപ്പനെ പിന്‍വലിക്കുന്ന പ്രശ്‌നമില്ല'

അതോടുകൂടി ആ പ്രക്ഷോഭം കെട്ടടങ്ങി. എങ്കിലും കറുപ്പന്റെ മനസില്‍ അതൊരു കറുത്ത പാടായി മാറി. ആ സ്‌കൂളില്‍ ജോലിയില്‍ കഴിയുമ്പോഴാണ് 'ബാലകലേശം' നാടകം എഴുതിയത്.

24 ആം വയസില്‍ കറുപ്പന്‍ വിവാഹിതനായി., 1084 ല്‍. പനമ്പുകാട് പുതുപ്പറമ്പില്‍ കുഞ്ഞമ്മയായിരുന്നു ഭാര്യ. സംഗീതം അഭ്യസിച്ചിരുന്ന കുഞ്ഞമ്മക്ക്, സംഗീതാധ്യാപികയായി ജോലി ലഭിച്ചു. അങ്ങനെ സംഗീതവും സാഹിത്യവും ഒത്തൊരുമിച്ചു ജീവിച്ചു. എന്നാല്‍ 27 വര്‍ഷംവരെ കറുപ്പന്‍ കുടുംബത്തില്‍ സന്താനങ്ങല്‍ ഒന്നും ഉണ്ടായിരുന്നില്ല. അവസാനം ഒരു പെണ്‍കുട്ടി ജനിച്ചു, ബേബി. കുമാരി പാര്‍വതിയായി വളര്‍ന്ന ആ ഏകമകളും എം എസ് സിക്കു ശേഷം എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ബോട്ടണി പ്രൊഫസറായിരുന്നു.

വാലസമുദായത്തിന്റെ ഉദ്ധാരണത്തിനുമാത്രമായിരുന്നില്ല കറുപ്പന്റെ പരിശ്രമങ്ങള്‍. പുലയര്‍, പറയര്‍ തുടങ്ങിയ അധസ്ഥിത വിഭാഗങ്ങളുടെയും ഉദ്ധാരകനായിരുന്നു അദ്ദേഹം. ചാഞ്ചന്‍, കെ പി വള്ളോന്‍ തുടങ്ങിയ പുലയ നേതാക്കള്‍ കൊച്ചി നിയമസഭയില്‍ അംഗങ്ങളാകാന്‍ കാരണഭൂതനായത് പണ്ഡിറ്റ് കറുപ്പനാണ്. അദ്ദേഹം അക്കാലത്ത് നോമിനേറ്റ് ചെയ്യപ്പെട്ട എം എല്‍ സി (Member of Legislative Council) ആയിരുന്നു. 1101 ല്‍ അദ്ദേഹം എം എല്‍ സി ആയി.

ഔദ്യോഗികരംഗത്ത് പല ഉന്നതസ്ഥാനങ്ങളും വഹിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം വിഭാഗത്തിന്റെ തലവനായിരിക്കുമ്പോഴാണ് എം എല്‍ സി യായി തെരഞ്ഞെടുക്കപ്പെട്ടത്. ആ കാലത്തും ഉന്നത പദവിയില്‍ ഇരിക്കുമ്പോഴും, ജാതിയുടെ പേരില്‍ അദ്ദേഹം അപമാനിക്കപ്പെട്ടിട്ടുണ്ട്. ആ സംഭവമാണ് 'ഉദ്യാനവിരുന്ന്' എന്ന കാവ്യത്തിന് നിദാനമായത്.

1113 മീനം പത്താം തിയതി ആ മഹാപ്രതിഭ അസ്തമിച്ചു. വിദ്യാര്‍ത്ഥികളുടേയും സഹപ്രവര്‍ത്തകരുടേയും അധകൃത ജനതയുടേയുമെല്ലാം അത്യാദരങ്ങള്‍ അളവില്ലാതെ നേടിയ മഹാന്‍, കൊച്ചിനിയമസഭയിലേക്ക് കറുപ്പന്‍ കൈപിടിച്ചുകൊണ്ടുവന്ന പുലയനേതാവ് കെ പി വള്ളോന്‍ നിയമസഭയില്‍ ചെയ്ത പ്രസംഗം മാത്രം മതി, കറുപ്പന്റെ അധകൃത സേവനങ്ങളുടെ ആഴമളക്കാന്‍.

ആകെ കൂടി 26 പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാനമായി കുറിച്ചിട്ടിരുന്ന ശ്ലോകം; താന്‍ നിര്‍വൃതിയിലണയുമോ എന്ന് കാലത്തോട് ചോദിക്കുന്നതായിട്ടാണ്. തീച്ചയായും  ജന്മം സഫലമാക്കിയ മഹാശയനാണ് പണ്ഡിറ്റ് കെ പി കറുപ്പന്‍ , അവസാന ശ്ലോകം:-

ഉദ്ധാരം ചെയ്യുവാനില്ലൊരുവരു,മുലകില്‍-
പ്പെട്ടവസ്തുക്കളെല്ലാം
യുദ്ധരാള പ്രവാഹ പ്രകടഗതി വിധേ-
യങ്ങളാകുന്നുവല്ലോ
ബുദ്ധാദിപ്രൗഢ സിദ്ധാഗ്രണികളുമെതി-
ലാ നിത്യ വിശ്രാന്തിയേന്തു-
ന്നദ്ധാമത്തിങ്ക,ലന്നിര്‍വൃതിയിലണയുമോ
കാലമേ! കാലമേ! ഞാന്‍ ?

സാഹിത്യനിപുണന്‍ ടി എം ചുമ്മാര്‍ എഴുതിയ 'കവിതിലകന്‍ കെ പി കറുപ്പന്‍ ' എന്ന ജീവചരിത്രഗ്രന്ഥമാണ് കൂടുതല്‍ ആധികാരികമായിട്ടുള്ളതെന്ന് തോന്നുന്നു. പണ്ഡിറ്റ് കറുപ്പനെ നേരിട്ടറിവുള്ള വ്യക്തിയാണ് ടി എം ചുമ്മാര്‍. കറുപ്പന്‍ എറണാകുളത്തു താമസിച്ചിരുന്ന 'സാഹിത്യകുടീരം' എന്ന വീട്ടിലെ സന്ദര്‍ശകരില്‍ ഒരാളായിരുന്നു ചുമ്മാര്‍. ആ പരിചയം 11 വര്‍ഷം നീണ്ടുനിന്നിരുന്നതായിട്ടാണ് ഗ്രന്ഥകാരന്‍ കുറിച്ചിട്ടുള്ളത്. കറുപ്പന്റെ ജീവചരിത്രം ആദ്യമായി എഴുതുന്നതും ചുമ്മാറാണെന്നു തോന്നുന്നു. അതിനുമുമ്പ് ഒരു സ്മരണിക മാത്രമേ ഉണ്ടായിട്ടുള്ളൂ. കറുപ്പന്‍ കവിതയെഴുതിത്തുടങ്ങിയ കാലം മുതല്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍, സര്‍വരാലും അംഗീകരിക്കപ്പെടുന്നതു വരെയുള്ള ജീവചരിത്രം ചുമ്മാര്‍ പറയുന്നതിനപ്പുറം ആരില്‍ നിന്നും കേള്‍ക്കേണ്ടതില്ല.

പണ്ഡിറ്റ് കറുപ്പന്റെ അനേകം കവിതകള്‍ പത്രമാസികകളിലായി ചിതറിക്കിടപ്പുണ്ട്. ഇന്നും അവ ശേഖരിക്കപ്പെട്ടിട്ടില്ല. 13,14 വയസുള്ളപ്പോള്‍ മുതല്‍ കവിതയെഴുതിയിരുന്നതായി കരുതാമെന്നാണ് ചുമ്മാര്‍ പറയുന്നത്. 18 വയസായപ്പോഴേക്കും രസികരഞ്ജിനിയിലും മറ്റും കറുപ്പന്റെ കവിതകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. അക്കാലത്തെ പ്രഗത്ഭന്മാര്‍ക്കല്ലാതെ രസികരഞ്ജിനി പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ മറ്റാര്‍ക്കും സ്ഥലം അനുവദിക്കുമായിരുന്നില്ല. തൃശൂരില്‍ ഭാരതീവിലാസം എന്ന സാഹിത്യസംഘം നടത്തിയ കവിതാ ചാതുര്യപ്പരീക്ഷയിലും മറ്റും രണ്ടാം സ്ഥാനം നേടുമ്പോള്‍ കറുപ്പന് 24 വയസുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കവിതാചാതുര്യപ്പരീക്ഷയുടെ ചോദ്യങ്ങളെപ്പറ്റി ചുമ്മാര്‍ പറയുന്നത്,

കവിതാചാതുര്യപ്പരീക്ഷയുടെ ചോദ്യങ്ങള്‍ (5)

1) ശ്രുതവിളംബിതം വൃത്തത്തില്‍ യമകം പ്രയോഗിച്ച് മൂന്നു സന്ധ്യകളെ വര്‍ണിക്കുന്ന മൂന്നു ശ്ലോകങ്ങള്‍.
2) ഹിരണി വൃത്തത്തില്‍ ഉപമാലങ്കാരം പ്രയോഗിച്ച് ശൃംഗാരരസപ്രധാനമായ ഒരു ശ്ലോകം.
3)സ്രഗ്ധരാവൃത്തത്തില്‍ രൂപകാലങ്കാരം പ്രയോഗിച്ച് വീരരസപ്രധാനമായ ഒരു ശ്ലോകം.
4) വിയോഗിനി വൃത്തത്തില്‍ ഉത്‌പ്രേക്ഷാലങ്കാരം പ്രയോഗിച്ച് കരുണരസപ്രധാനമായ ഒരു ശ്ലോകം.
5) ശ്മശാനത്തില്‍ വെച്ച് മൃതപുത്രനോടു കൂടിയ ഭാര്യയെ കണ്ടെത്തിയപ്പോള്‍ ഹരിശ്ചന്ദ്രനുണ്ടായ സ്‌തോഭത്തെപ്പറ്റി ശാര്‍ദ്ദൂലവിക്രീഡിതം വൃത്തത്തില്‍ സജാതീയ ദ്വിതീയാക്ഷരപ്രാസം പ്രയോഗിച്ച് ഒരു ശ്ലോകം.

ഈ മത്സരപ്പരീക്ഷയില്‍ യുവാവായ കറുപ്പന്‍ പിന്നിലാക്കിയവരില്‍ കുറ്റിപ്പുറത്തു കേശവന്‍ നായര്‍, പി ശങ്കരന്‍ നമ്പ്യാര്‍, വള്ളത്തോള്‍ നാരായണമേനോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍ മാത്രമേ കറുപ്പന് മുമ്പില്‍ (ഒന്നാംസ്ഥാനം) ഉണ്ടായിരുന്നുള്ളൂ.

ഭാരതീവിലാസം സാഹിത്യസംഘത്തിന്റെ ആ മഹാസമ്മേളനത്തില്‍ കറുപ്പന്‍ മൂന്ന് ആശംസാപദ്യങ്ങളും ഒരു കവിതയും അവതരിപ്പിച്ചു. ആശംസാപദ്യങ്ങളില്‍ ഒന്ന് വഞ്ചിപ്പാട്ടു വൃത്തത്തിലായിരുന്നു. കവിത, ശാകുന്തള (പൂര്‍വഭാഗം) ത്തെ ഉപജീവിച്ചുള്ളതും, അതും വഞ്ചിപ്പാട്ടു വൃത്തത്തിലായിരുന്നു എന്ന വസ്തുത പ്രത്യേകം പറയേണ്ടതുണ്ട്.

എല്ലാം ശരിയാണ്, എന്നാല്‍ വേദനയോടുകൂടി ചുമ്മാര്‍ സ്മരിക്കുന്ന ഒരു വസ്തുതയുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ പകര്‍ത്തുന്നതായിരിക്കും അഭിലഷണീയം. 'കവിതിലകന്‍ കെ പി കറുപ്പന്‍ ' എന്ന പുസ്തകത്തിന്റെ പ്രസ്താവനയില്‍ ഗ്രന്ഥകാരന്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു;

'അവശസമുദായത്തിലുള്‍പ്പെട്ട ഒരുവന്റെ കഴിവുകള്‍ നിഷ്പക്ഷമായി കണ്ടറിഞ്ഞ്, ആ വ്യക്തിയെ യഥാവിധി ആദരിക്കുന്ന ഒരു പതിവ് ഇനിയും കേരളത്തില്‍ വേണ്ടത്ര ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. ആ പാരമ്പര്യത്തെ - ആ വിമുഖമനോഭാവത്തെ - തകര്‍ത്ത് ഏതുസമുദായത്തില്‍ ജനിച്ചാലും പൂജ്യന്മാരെ പൂജിക്കുക എന്ന മനോഭാവം ഇനിയും നമ്മുടെ എഴുത്തുകാരില്‍ വളര്‍ന്നുവരേണ്ടിയിരിക്കുന്നു. സാഹിത്യത്തിലും സമൂഹത്തിലും ഒരാളുടെ സ്ഥാനം വിലയിരുത്തുമ്പോള്‍, അയാള്‍ ജീവിച്ചിരുന്ന കാലദേശങ്ങളേയും സമകാലിക സമൂഹത്തേയും പറ്റി നല്ലപോലെ ചിന്തിക്കേണ്ടതുണ്ട്.... ഒരു അഭിനവ കേരള സൃഷ്ടിക്കുവേണ്ടിയുള്ള സാമൂഹ്യ - സാസ്‌കാരിക - മുന്നേറ്റങ്ങളില്‍ ആ പ്രതിഭാധനന്റെ തൂലിക ആമരണം ചലിച്ചുകൊണ്ടുതന്നെയിരുന്നു.'

കേരളം ഒരു സാഹിത്യകാരനെ എങ്ങനെയാണ് ഇന്നും വീക്ഷിക്കുന്നതെന്ന് ശ്രീ ചുമ്മാര്‍ എങ്കിലും പറഞ്ഞുവല്ലോ. പൊയ്മുഖങ്ങള്‍ കെട്ടി ആടുന്നവരേ ഇവിടെയുള്ളൂ എന്നു പറയുന്നത് 'അപ്രിയസത്യ' മായേക്കാം.

*****

കടപ്പാട്: കറന്റ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച കവിയൂര്‍ മുരളിയുടെ 'ദലിത് സാഹിത്യം' എന്ന കൃതിയില്‍ നിന്നും എടുത്തിട്ടുള്ള പ്രസക്തഭാഗമാണിത്.

' പുലയര്‍ ' - പണ്ഡിറ്റ് കെ പി കറുപ്പന്‍ എഴുതിയ കവിത.


 മലയാളമതിങ്കലുള്ളഹിന്ദു-
ത്തലയാളി പ്രവരര്‍ക്കു പണ്ടുപണ്ടേ
പുലയാളരൊരൂ ജാതിയെന്തുകൊണ്ടോ?
വിലയാളെന്നു പറഞ്ഞുവന്നിടുന്നു.

അതികാര്‍ഷ്ണ്യ മെഴുന്നൊരിന്ദ്രനീല-
ദ്യുതിചേരും പുലയാന്വയത്തില്‍ നിന്നും
മതിമഞ്ജുളമാം യശസ്സുപൊങ്ങു-
ന്നതിലാശ്ചര്യമെഴാത്ത ലോകരുണ്ടോ ?

ഇനരശ്മി വഹിക്കയാല്‍ കറുത്തീ-
യിനമല്ലാതിരുളിന്റെ മക്കളല്ല
ഘനകോമളനായിടും യശോദാ
തനയന്‍ തന്നവതാരമെന്നുമാകാം.

ശരിയാണതിനുണ്ടു യുക്തിഭൂമീ-
പരിരക്ഷാപരനായ പത്മനാഭന്‍
അരിനെല്ലിവ വൃദ്ധിയായിരിക്കാന്‍
പരിതോഷാല്‍ പുലയ സ്വരൂപനാകാം.

ചിലനാള്‍ മഴ മറ്റൊരിക്കല്‍ വേലും
ചിലനാള്‍ മഞ്ഞു ചിലപ്പോളുറ്റകാറ്റും
നിലനിന്നിവയൊക്കെയും സഹിക്കും
പുലയന്മാര്‍ ശിവരാമ യോഗിമാരോ ?

പുലരും കതിരോന്‍ മുതല്‍ക്കുപിന്നെ
പലവിദ്യ പ്രഭകണ്ടു തുഷ്ടിയോടെ
തലമൊട്ടയടിച്ചു വാഴുമോമല്‍-
പുലയന്‍ നല്ലൊരു രാജയോഗിയാണോ ?

ദിവസാദി മുതല്‍ക്കു തദ്ദിനത്തി-
ന്നവസാനം വരെ നല്ല വേലചെയ്തും
അവസാദനമറ്റധീരധീരന്‍-
വ്യവസായത്തിനെഴുന്ന മൂര്‍ത്തിയാണോ ?

അതുലോദ്യമരാം കൃഷീവലര്‍ക്കുള്‍-
കുതുകം ചേര്‍പ്പവരാണ് വള്ളുവന്മാര്‍
അതുകൊണ്ടിവരാഭിരമ്യമോലും
പുതുമേഘാളി മനുഷ്യരായതല്ലേ ?

മണിമഞ്ജുളകാന്തിചിന്തിടും നെ-
ന്മണിശാലീനിലയങ്ങളില്‍ പരത്തി
പണിചെയ്തവനിക്കു ഞാറ്റുപൂമ്പ-
ട്ടണിയിക്കും പുലയന്‍ ജഗല്‍പിതാവോ ?

വിളവെത്തിയ നെല്‍ക്കതിര്‍ കുലപ്പ-
ട്ടിളയാകുന്നിളമാന്‍ മിഴിക്കു ചാര്‍ത്തി
ഇളകാപ്പുകളുറ്റ ഭൂവിലെന്നും
വിളയാടുന്നിവര്‍ ഭൂമണാളരെന്നോ ?

മധുവൈരി മഹല്‍ കടാക്ഷവീക്ഷാ-
മധുപന്മാര്‍ മധുപാന ലോലുപന്മാര്‍
അധുനാപി മനുഷ്യരായ് ധരിത്രീ-
വിധുരാവസ്ഥകള്‍ നീക്കിനിന്നീടുന്നോ ?

സമയത്തിനു തീറ്റി, വേല, നിത്യം
പ്രമദാമൗലികളൊത്തു സഞ്ചരിപ്പും
ക്രമമീവകയാല്‍ വിലാത്തിവാഴും
സുമഹാന്മാരെ യധഃകരിക്കുവോരോ ?

അവരല്ലിവര്‍ കേരളത്തെയെല്ലാ-
മവനം ചെയ്വതിനുണ്ട് തൂമ്പകൈയില്‍
ഇവര്‍ പര്‍ശുധരന്റെ മക്കളാണോ ?
സ്തവനാര്‍ഹത്വമിന്നു നിന്നീടുന്നു.

പലതിങ്ങനെ ചിന്തചെയ്തിടുമ്പോള്‍
പുലയന്മാര്‍ പുരു പുണ്യമുള്ള കൂട്ടം
ചില നന്മകള്‍ ചെയ്തിടേണ്ടതല്ലോ,
ബലവാന്മാര്‍ കരുണാര്‍ദ്രമാനസന്മാര്‍ ?

അതിരമ്യതയുള്ള പുഞ്ചിരിപ്പൂ-
വുതിരുന്നുണ്ടിഹ വള്ളുവര്‍ക്കശേഷം
മതിരശ്മിഘനാളിയിങ്കല്‍ നിന്നീ-
ക്ഷിതിയിങ്കല്‍ പ്രസരിച്ചിടുന്നപോലെ.

ഉടല്‍ വാടി വിയര്‍ത്തു വേലചെയ്യു-
ന്നിടരില്ലാപ്പുലയ പ്രമാണി വര്‍ഗം
ഉടനേ ഫലമാസ്വദിക്കുവാനാ-
യുടമക്കാരരുഴന്നു വന്നിടുന്നു.

പുരുവേലകള്‍ ചെയ്ത വള്ളുവന്മാ-
രുരുളച്ചോറിനുയര്‍ന്ന ഹിന്ദുവര്‍ഗം
ഒരുമാതിരി വല്ലവന്‍ പടക്കും
ഗുരു മോദാലതു നല്ലവന്‍ വിളമ്പും.

പുരതന്നറയില്‍ കതിര്‍ കുലക്കെ-
ട്ടരമെത്തീ, പുലയന്‍ വിരോധിയായി,
കരപറ്റിയവന്‍ സ്വകീയമോടം
ചരണം കൊണ്ടു ചവിട്ടി നീക്കീടുന്നു.

കരുണാപരമൊരു മാട്ടിയോട്ടീ-
ടരുതേ വള്ളുവ സാധുസഞ്ചയത്തെ,
അരുളും വിടപത്തിനുള്ളമൂലം
കരുതിക്കൊണ്ടൊരുവന്‍ മുറിക്കുമെന്നോ ?

മലിനാശയര്‍ വച്ച തീണ്ടലോര്‍ത്തി-
ട്ടലിവില്ലാതിവരെ പകക്കയാണോ ?
എലിതോല്‍ക്കുവതിനു നല്ലൊരില്ലം
പൊലിയും തീക്കെരയായ് കൊടുപ്പതാരോ ?

ചെറുമക്കളുമൊക്കെ ഹിന്ദുവല്ലേ ?
ചെറുതെന്നോര്‍ക്ക നമുക്ക് പിമ്പു വേണ്ടേ ?
വെറുതേ നിരസിക്കൊലാ സപുച്ഛം-
കുറുകും മീന്‍ തുഴയാതെ ചത്തുപോകും.

അകളങ്കതയുള്ള വള്ളുവന്മാര്‍
സകലം നമ്മുടെ ഹിന്ദുസോദരന്മാര്‍
അകലത്തിനിയാട്ടിടൊല്ല കാര്‍ഷ്ണ്യം-
സ്വകമേനിക്കുളവാകിലാകമാറ്റാം.

മനുജാതികളാണു വള്ളുവന്മാര്‍
തനുഹിന്ദുക്കളുമാണു പോരയെങ്കില്‍
ക്വനുനീക്കിവിടുന്നു നിങ്ങള്‍ ? നിങ്ങള്‍-
ക്കനുജന്മാരൊടു നിര്‍ദ്ദയത്വമുണ്ടോ ? ( ബദ്ധവൈരമുണ്ടോ ?)

ഹരിണം പിഴചെയ്കയില്ല പക്ഷെ,
നരികൊല്ലുന്നിതുപോലെ മൂഢലോകം
ഹരി ശങ്കരവള്ളുവന്റെ നേരേ,
പരിപന്ഥിത്തൊഴില്‍ കൊണ്ടു ചെന്നിടുന്നൂ.

പുലിയും പുലിയോടിണക്കമപ്പോ-
ലെലി മറ്റുള്ളെലിയോടു വേഴ്ച കാണാം
കലിയിങ്കല്‍ മനുഷ്യരൈകമത്യ-
സ്ഖലിതന്മാരൊരു ജാതി ഭിന്നജാതി !

പലവേലകള്‍ ചെയ്കിലും പ്രമോദം
പുലയര്‍ക്കില്ലിതുപോല്‍ വിധിച്ചമൂലം
ഖലദുര്‍വിധിതന്നിരുമ്പg പേന-
ത്തലകയ്യോടെ തുരുമ്പു തിന്നു പോട്ടെ !

****
പരിപന്ഥി = ശത്രു, വഴിതടയുന്നവന്‍
നനു = തീര്‍ച്ചയായും
വിധുരം = ദുഖം
അവസാദനം = അലസത, ക്ഷീണം
കാര്‍ഷ്ണ്യം = കറുപ്പുനിറം
ഇനന്‍ = സൂര്യന്‍

****

1978 ല്‍ നാഷല്‍ ബുക്ക് ഹൗസ് കോട്ടയം പ്രസിദ്ധീകരിച്ച കവിതിലകന്‍ കെ പി കറുപ്പന്റെ 'കാവ്യപേടകം' എന്ന കവിതാ സമാഹാരത്തില്‍ നിന്നുമാണ് 'പുലയര്‍' എന്ന ഈ കവിത ഇവിടെ ചേര്‍ത്തിട്ടുള്ളത്.

'കേരളം' 1959 ലെ നാലാംക്ലാസ്സ് മലയാള പാഠപുസ്തകത്തില്‍


പാഠം 1
കേരളം

കേരളമാണ് നമ്മുടെ ജന്മദേശം. ഈ മനോഹരമായ പ്രദേശം വിശാലമായ ഭാരതഭുമിയുടെ ഒരു ഭാഗം ആകുന്നു. ഭാരതത്തിലെ പതിനാലു സംസ്ഥാനങ്ങളില്‍ ഏറ്റവും വിസ്താരം കുറഞ്ഞത് കേരളമത്രേ. പതിനയ്യായിരം ചതുരസ്രനാഴികയോളം മാത്രമേ ഈ സംസ്ഥാനത്തിന് വലിപ്പമുള്ളൂ. വീതിയും നീളവും മാത്രമല്ലല്ലോ ഒരു നാടിന്റെ മഹത്വത്തിന് കാരണം. പ്രകൃതിവിഭവം, സംസ്‌കാരം, ജനങ്ങളുടെ സ്വഭാവം മുതലായവകൂടി നോക്കിയിട്ടാണ്, രാജ്യത്തിന്റെ പ്രാധാന്യം നിര്‍ണയിക്കുന്നത്. കേരളത്തിനു ഭാരതീയ സംസ്ഥാനങ്ങളില്‍ മുഖ്യമായ ഒരു സ്ഥാനം ഉണ്ട്.

ഭാരതത്തിന്റെ ഹൃദയാകര്‍ഷകമായ ആകൃതി നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയുകയില്ലേ ? ഇല്ലെങ്കില്‍ അതിന്റെ പുതിയ പടത്തില്‍ ഒന്നു കണ്ണോടിക്കൂ. അതിന്റെ തെക്കുപടിഞ്ഞാറേ കോണില്‍, കേരളം നീണ്ടുകിടക്കുന്നു. കിഴക്കുഭാഗത്ത് പച്ചക്കൊടുമുടികളും വലിയ വനങ്ങളും തോട്ടങ്ങളും ഉള്ള മല; പടിഞ്ഞാറുഭാഗത്ത് ഇരമ്പിക്കൊണ്ടിരിക്കുന്ന കടല്‍. നടുക്കു നദികളും തോടുകളും അരുവികളും കായലുകളും വയലുകളും തോപ്പുകളും ഗ്രാമങ്ങളും നഗരങ്ങളും നിറഞ്ഞപ്രദേശം. കാശ്മീരിനുപോലും കേരളത്തോളം പ്രകൃതിസൗന്ദര്യം ഇല്ലെന്നാണ് ചില സന്ദര്‍ശകരുടെ പക്ഷം. ഈ മലനാട്ടില്‍ ജനിച്ചുവളരാന്‍ ഇടയായതു നാം മഹാഭാഗ്യമായി കരുതേണ്ടതല്ലേ ?

പൗരാണികകാലത്തെ കേരളത്തിന് ആധുനികകേരളത്തേക്കാള്‍ വലിപ്പം ഉണ്ടായിരുന്നു. ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന ഭൂവിഭാഗത്തിനു മുഴുവന്‍ അന്ന് കേരളമെന്നായിരുന്നു സംജ്ഞ. മഹാഭാരതത്തിലും അശോകശിലാശാസനത്തിലും ഈ രാജ്യത്തെപ്പറ്റിയുള്ള പ്രസ്താവമുണ്ട്. ഈ രാജ്യത്തിന്റെ പഴക്കമാണല്ലോ ഇതെല്ലാം സൂചിപ്പിക്കുന്നത്. പണ്ടുമുതല്‍ക്കേ യവനന്മാര്‍, അറബികള്‍, ചീനന്മാര്‍ മുതലായവര്‍ സമുദ്രംവഴിക്ക് കേരളവുമായി കച്ചവടം നടത്തിയിരുന്നു. കുരുമുളക്, ഏലം, ആനക്കൊമ്പ്, മയില്‍പ്പീലി എന്നിങ്ങനെയുള്ള പദാര്‍ത്ഥങ്ങള്‍ക്ക് അന്ന് വിദേശങ്ങളില്‍ വലിയ പ്രിയമായിരുന്നുവത്രെ.

പണ്ട്, ആര്യന്മാര്‍ കേരളത്തിന്റെ വടക്കേ അറ്റത്തുണ്ടായിരുന്ന കാടുകള്‍ വെട്ടിത്തെളിച്ച് അവിടെ പ്രവേശിച്ചു. അതിനുമുമ്പുതന്നെ ഈ നാട്ടില്‍ കുടിയേറിപ്പാര്‍ത്തിരുന്ന ജനങ്ങളും അവരും തമ്മില്‍ ആദ്യം കലഹം ഉണ്ടായെങ്കല്‍ അത്ഭുതപ്പെടാനില്ലല്ലോ. കാലക്രമത്തില്‍ പൂര്‍വനിവാസികളും ആര്യന്മാരും തമ്മില്‍ ഇണങ്ങുകയാണ് ചെയ്തത്. കാടും മലയും നിറഞ്ഞ അന്നത്തെ കടല്‍ത്തീരം വെട്ടിത്തെളിച്ചു വടക്കുഭാഗത്തുകൂടി ഇവിടെ പ്രവേശിച്ച ആര്യവംശജരാണ്, പരശുരാമന്‍ മഴുവെറിഞ്ഞു സമുദ്രത്തില്‍ നിന്നു വീണ്ടെടുത്തതാണ് കേരളം എന്ന കഥ കെട്ടിയുണ്ടാക്കിയത്. ഈ കല്‍പ്പിതകഥ ചരിത്രകാരന്മാര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. കടലില്‍ നിന്ന് ഉയര്‍ന്നുവന്നതായിരിക്കണം കേരളമെന്നു ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹിന്ദുമതത്തിനു മാത്രമല്ല കേരളത്തില്‍ പരചാരം ഉണ്ടായിരുന്നത്. ബുദ്ധമതക്കാരും ജൈനമതക്കാരും ഇവിടെ ഒരുകാലത്തു ധാരാളം ഉണ്ടായിരുന്നു. അവരെല്ലാം കാലാന്തരത്തില്‍ ഹിന്ദുമതത്തില്‍ ലയിച്ചു. യഹൂദന്മാര്‍ പ്രാചീനകാലത്തുതന്നെ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തവരാണ്. യേശുക്രിസ്തുവിന്റെ പ്രഥമ ശിഷ്യന്മാരില്‍ ഒരാള്‍തന്നെയാണ്, മലനാട്ടില്‍ വന്ന് ക്രൈസ്തവവേദം പ്രചരിപ്പിച്ചതെന്നാണ്, ഐതിഹ്യം. ഇസ്ലാം മതത്തിനും ഇവിടെ വളരെക്കാലം മുമ്പുതന്നെ പ്രചാരം സിദ്ധിച്ചു. അമ്പലങ്ങളും പള്ളികളും കേരളത്തില്‍ അടുത്തടുത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും കാണാം. മതസംബന്ധമായ കലഹം ഈ നാട്ടില്‍ ഉണ്ടാകാറില്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസല്‍മാന്മാരും മറ്റുള്ളവരും കേരളത്തിലെ ഐശ്വര്യത്തിനുവേണ്ടി ഐക്യത്തോടുകൂടി പ്രാചീനകാലം മുതല്‍ക്കേ പ്രവര്‍ത്തിച്ചുവരുന്നു.

വനവിഭവങ്ങള്‍ ഈ രാജ്യത്തെ വിലപിടിച്ച സമ്പത്തുക്കളാണ്. കുരുമുളക്, ഏലം, കാപ്പി, തേയില, റബ്ബര്‍ മുതലായവ നമ്മുടെ ഗിരിനിരകളില്‍ ധാരളം കൃഷിചെയ്തവരുന്നു. തേക്ക്, വീട്ടി, തമ്പകം മുതലായ മരങ്ങളും അവിടങ്ങളില്‍ സുലഭമാകുന്നു. സഹ്യപര്‍വതപംക്തിയില്‍നിന്നു പുറപ്പെട്ട്, നമ്മുടെ നാടുകളെ ഫലഭൂയിഷ്ഠമാക്കിക്കൊണ്ട് അനേകം ചെറിയ നദികള്‍ പ്രവഹിക്കുന്നുണ്ട്. അവയില്‍അണകള്‍കെട്ടി കൃഷിക്കു വേണ്ട വെള്ളം സംഭരിക്കാന്‍ സാധിക്കും. അവയില്‍ നിന്നു നമുക്കു വേണ്ടതിലധികം വൈദ്യതശക്തി ഉല്‍പ്പാദിപ്പിക്കാം. യന്ത്രങ്ങള്‍ നടത്തുന്നതിനും നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും വെളിച്ചം കൊടുക്കുന്നതിനും വിദ്യുച്ഛക്തി ആവശ്യമാണല്ലോ. പള്ളിവാസലില്‍ ഇങ്ങനെ വിദ്യുച്ഛക്തി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

കടലോരത്തിനും മലവാരത്തിനും ഇടക്കു കിടക്കുന്ന പ്രദേശങ്ങള്‍ കണ്ടാല്‍ പൂങ്കാവനങ്ങളാണെന്ന് സഞ്ചാരികള്‍ക്ക് തോന്നിപ്പോകും. മാവ്, പിലാവ്, പുളി, തെങ്ങ്, കവുങ്ങ് മുതലായ വൃക്ഷങ്ങള്‍ മിക്ക പറമ്പുകളിലും കാണാം. വെറ്റിലയും, കുരുമുളകും, മത്തയും, കുമ്പളവും, പാവലും, പടവലവും നട്ടുവളര്‍ത്തുന്ന പുരയിടങ്ങള്‍ എവിടെയാണ് ഇല്ലാത്തത് ! നെല്ലു വിളഞ്ഞുകിടക്കുന്ന പാടങ്ങള്‍ക്കു നടുവിലൂടെ ഒന്നു നടക്കുന്നതു തന്നെ ആഹ്ലാദകരമായിരിക്കും. കായല്‍വക്കുകളും കടല്‍ത്തീരങ്ങളും തെങ്ങിന്‍തോപ്പുകള്‍ നിറഞ്ഞവയാകുന്നു. പ്രയത്‌നശാലികളായ കേരളീയര്‍ കേരളത്തെ ഇന്ത്യയിലെ പൂങ്കാവനം ആക്കുകയാണ്.

ഈ ചെറിയ രാജ്യത്ത് നൂറ്റിനാല്പ്പതു ലക്ഷത്തോളം ജനങ്ങള്‍ ആണ്, താമസിക്കുന്നത് ! നമ്മുടെ പറമ്പുകളില്‍ നിന്നും പാടങ്ങളില്‍ നിന്നും കൂടുതല്‍ വിളവും ആദായവും ഉണ്ടാക്കുവാന്‍ നമുക്കു കഴിയണം. നദീജലവും മറ്റു പ്രകൃതിവിഭവങ്ങളും നമുക്ക് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ സാധിക്കണം. ശാസ്ത്രീയമായ ജ്ഞാനവും പിശീലനവും അതിനു കൂടിയേ കഴിയൂ. പ്രവൃത്തിയില്‍ ആഹ്ലാദം അനുഭവിക്കാനുള്ള മനസ്സംസ്‌കാരവും നമുക്കു മേല്‍ക്കുമേല്‍ ഉണ്ടാവണം. എന്നാല്‍ മാത്രമേ ഇവിടെ കൃഷി ആദായകരമാവുകയുള്ളൂ; വ്യവസായശാലകള്‍ വര്‍ധിക്കുകയുള്ളൂ; വാണിജ്യം അഭിവൃദ്ധിപ്പെടുകയുള്ളൂ.

കേരളീയരുടെ വസ്ത്രധാരണത്തില്‍ ആഡംബരം വളരെ കുറവാണ്.; പക്ഷെ, വെടുപ്പും വൃത്തിയും ഭംഗിയും ഉണ്ട്. അവരുടെ ഗൃഹങ്ങല്‍ വളരെ വലിയവയല്ല. എങ്കിലും വീടും പരിസരവും അവര്‍ ശുചിയാക്കി വെച്ചുകൊണ്ടിരിക്കുന്നു. മിക്കവരും രണ്ടുനേരം കുളിക്കും. ശുദ്ധവായു ശ്വസിച്ച് വയലുകളില്‍ കൃഷിചെയ്യുന്ന കര്‍ഷകന്മാര്‍ ആരോഗ്യശാലികളാണെന്നു സാമാന്യമായി പറയാം. കേരളീയര്‍ ഉത്സവങ്ങളിലും ആഘോഷങ്ങളിലും താല്പര്യമുള്ളവരാകുന്നു. 'ഓണം' കേരളീയരുടെ ദേശീയ വിശേഷ ദിവസമാണ്.

കേരളത്തിലെ മുഖ്യഭാഷ മലയാളമാണ്. അതിനു തമിഴിനോടു വളരെ സാമ്യമുണ്ട്. സംസ്‌കൃതഭാഷയില്‍നിന്ന് മലയാളം അനവധി വാക്കുകള്‍ സ്വീകരിച്ചിട്ടുണ്ട്. അറബി, പോര്‍ച്ചുഗീസ്, ഹിന്ദി, ഇംഗ്ലീഷ് മുതലായ ഭാഷകളില്‍ നിന്നും നമ്മുടെ ഭാഷ ഒട്ടേറെ വാക്കുകള്‍ കൈക്കൊണ്ടിരിക്കുന്നു. വളര്‍ന്നുവരുന്ന മലയാളത്തില്‍ ധാരാളം വിശിഷ്ടഗ്രന്ഥങ്ങള്‍ ഉണ്ട്. ചെറുശ്ശ്രി, എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍ മുതലായ മഹാകവികളുടെ പേരുകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

കേരളത്തില്‍ അനേകം മഹാപുരുഷന്മാര്‍ പിറന്നിട്ടുണ്ട്. ശ്രീശങ്കരാചാര്യരാണ്, അവരില്‍ ഒന്നാമന്‍. ആ തത്വജ്ഞാനിക്ക് ലോകത്തിലെ മഹാചിന്തകന്മാരുടെ കൂട്ടത്തില്‍ ഉന്നതമായ ഒരു സ്ഥാനം ഉണ്ട്.

2014, മേയ് 26, തിങ്കളാഴ്‌ച

ദലിതര്‍ക്ക് കെ പി കറുപ്പന്‍ ആരായിരുന്നു ? ടി എം ചുമ്മാര്‍

കേരളത്തിലെ ലിങ്കന്‍

സ്വവംശ്യരായ അരയസമുദായത്തിന്റെ ഉദ്ധാരണത്തില്‍ ചിത്രനായകനുണ്ടായിരുന്ന ശ്രദ്ധ എത്രത്തോളമായിരുന്നോ, അതിലിരട്ടിയായിരുന്നു പുലയരാദിയായ അധസ്ഥിതരുടെ സമുദ്ധാരണത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ശ്രദ്ധയും താല്‍പര്യവും. ജാതിക്കുമ്മി എഴുതിയകാലത്ത് അത് നിത്യവും പാരായണം ചെയ്തിരുന്നവരില്‍ നല്ലൊരു വിഭാഗം പുലയരായിരുന്നു. ബാലകലേശത്തില്‍ ഒരു കൊച്ചാലപ്പുലയനെ ക്കൊണ്ടാണ് കവി മനീഷാപഞ്ചകം പാടിക്കേള്‍പ്പിക്കുന്നതുതന്നെ. മനുഷ്യാവകാശവാദം മുഴക്കുന്ന ജാതിക്കുമ്മി അവശരും അവര്‍ണരുമായ വമ്പിച്ച ഒരു ജനവിഭാഗത്തിന്റെ മുഴുവന്‍ മാഗ്നാകാര്‍ട്ട തന്നെയായിരുന്നു അക്കാലത്ത്. പ്രസ്തുതകാവ്യമാണ് അവരുടെ സാംസ്‌കാരികവും സാമുദായികവുമായ നവോത്ഥാനത്തിന് ബീജാവാപം ചെയ്തതും.

ജാതിസംരക്ഷകരില്‍ നിന്നു പുലയര്‍, പറയര്‍, വേട്ടുവര്‍ തുടങ്ങിയ വര്‍ഗക്കാര്‍ അക്കാലങ്ങളില്‍ അവുഭവിച്ചുവന്ന ക്ലേശങ്ങള്‍ അവര്‍ണനീയമെന്നേ പറയേണ്ടു.
അനാചാരവിഷം തീണ്ടി, മൂര്‍ച്ഛിച്ചു ശവതുല്യരായിട്ടാണ് അവര്‍ ജീവിച്ചിരുന്നത്. എറണാകുളം പട്ടണത്തില്‍ അവര്‍ക്കു പ്രവേശനം പോലുമില്ലായിരുന്നു. ഉള്‍നാടുകളിലെ ഇടവഴിയില്‍ക്കൂടി സഞ്ചരിക്കുന്ന അവസരങ്ങളില്‍ അവര്‍ അനുഭവിച്ചിരുന്ന ദുസ്സഹദുഖങ്ങല്‍ കുറിക്കുവാന്‍ പോലും പ്രയാസമാണ്. രണ്ടറ്റവും ചുട്ടുപഴുത്ത ഒരു ശലാകയുടെ മധ്യത്തില്‍ വര്‍ത്തിക്കുന്ന ഒരു ജീവിയുടെ നിലയായിരിക്കും പലപ്പോഴും അവര്‍ക്ക് അനുഭവപ്പെടുക. ഒരുഭാഗത്തുനിന്നു ജാതിപ്പിശാചിന്‍ പ്രചുരാട്ടഹാസം കേട്ടു ഭയപ്പെടുമ്പോള്‍, മറുഭാഗത്തുനിന്നു മറ്റൊരു ജാതിരക്ഷസിന്റെ ഘോരനാദം മുഴങ്ങുകയായി. രണ്ടിന്റെയും മധ്യത്തില്‍ അകപ്പെട്ട ഈ അവശന്മാര്‍ ഞെട്ടുകയല്ലാതെ എന്തുചെയ്യും ? ബാലാകലേശത്തിലെ കൊച്ചാലപ്പുലയന്‍ ഏതാണ്ട് ഇത്തരം ഒരു പരിതസ്ഥിതിയിലാണല്ലോ അകപ്പെട്ടത്. ഈ അവസരത്തില്‍ ദേശാഭിമാനി ടി കെ മാധവന്‍ പറഞ്ഞിട്ടുള്ള ഒരു കഥ ഓര്‍മ്മവരികയാണ്. അദ്ദേഹം സ്വദേശത്ത് ഒരു കുടിപ്പള്ളിക്കൂടത്തില്‍ പഠിച്ചിരുന്ന കാലത്ത്, രണ്ട് ഫര്‍ലോംഗ് മാത്രമുള്ള പ്രസ്തുത പള്ളിക്കൂടത്തില്‍ ചിലദിവസങ്ങളില്‍ ചെന്നുചേരുന്നതു മൂന്നും നാലും മണിക്കൂര്‍ താമസിച്ചായിരിക്കുമത്രേ. ഇടവഴിയില്‍കൂടി കുറേദൂരം ചെല്ലുമ്പോള്‍ പിന്നില്‍നിന്നും മുന്നില്‍ നിന്നും ജാതിരക്ഷസുകള്‍ അട്ടഹാസം മുഴക്കി വരികയായി. ഗത്യന്തരമില്ലാതെ മുള്ളുവേലിയായാലും ചാടി ഓടി മറയണം. കുറേക്കഴിഞ്ഞു വീണ്ടും വന്നാല്‍, പിന്നേയും പഴയപടി തുടരണം. ഈ മട്ടില്‍ വളരെ ക്ലേശം അനുഭവിച്ചാണ് അക്കാലം കഴിച്ചിരുന്നതെന്നു പില്‍ക്കാലത്ത് ആ സ്വാതന്ത്ര്യഭടന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ചെറുമര്‍, പറയര്‍ തുടങ്ങിയ നിസ്സഹായ ജീവികള്‍ അതിലും ദുസ്സഹമായ ദുഖങ്ങളാണ് അക്കാലങ്ങളില്‍ അനുഭവിച്ചുവന്നത്. ഇങ്ങനെ അവര്‍ അനുപമമായ ക്ലേശക്കടലില്‍ മുങ്ങിനീന്തുന്ന ഒരു കാലഘട്ടത്തിലാണ് അവരെ ഉദ്ധരിക്കുവാന്‍ ബന്ധപരികരനായി ചരിത്രപുരുഷന്‍ മുന്നോട്ടുവന്നത്.

ആ അധസ്ഥിതോദ്ധാരകന്‍ ആദ്യമായ് ചെയ്തത് ഈ അവശരുടെ ശക്തിയെ അവരെത്തന്നെ ഒന്നു മനസ്സിലാക്കിക്കുക എന്നുള്ളതായിരുന്നു. അതിന് അവരുടേതായ ഒരു സംഘടന ഉണ്ടാക്കിയേ പറ്റൂ. പക്ഷെ, അക്കാലത്ത് എറണാകുളം നഗരത്തില്‍ ഒരിടത്തും അവര്‍ക്ക് പ്രവേശനമില്ലായിരുന്നു. മറ്റു ദിക്കുകളിലും അതിനുള്ള സൗകര്യം കുറവായിരുന്നു. തന്നിമിത്തം ഒരു പുതിയമാര്‍ഗം ചരിത്രപുരുഷന്‍ കണ്ടുപിടിച്ചു. എറണാകുളം കായലില്‍ത്തനെന ഒരുഭാഗത്ത് അവിടെയുണ്ടായിരുന്ന കമ്പിക്കുറ്റികളില്‍ വങ്ങള്‍ കൂട്ടിക്കെട്ടി മുകളില്‍ പലകകള്‍ നിരത്തി ഒരു തട്ടുണ്ടാക്കുക എന്ന ഉപായമാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. മാസ്റ്ററുടെ ആ നിര്‍ദ്ദേശം കേള്‍ക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ,

'വേദനതിന്നും മനസിനേ പാടാനാവൂ
നിത്യമധുരമായാര്‍ദ്രമായ്'

എന്നു പറഞ്ഞിട്ടുള്ളതുപോലെ വേദന തിന്നുകൊണ്ടിരുന്ന ആ സമുദായം അതില്‍ ഒട്ടും ആലസ്യം കാണിച്ചില്ല. അന്നത്തെ ഒരു പുലയ നേതാവായ കൃഷ്ണാദിയുടെ നേതൃത്വത്തില്‍ അടുത്ത ദിവസം തന്നെ വേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു. അങ്ങനെ എറണാകുളം കായലില്‍ തയാറാക്കിയ ഒരു യോഗസ്ഥലത്തുവെച്ചാണ് കൊച്ചിയിലെ പുലയരുടെ സംഘടന രൂപംകൊണ്ടത്. പ്രസ്തുത സംഘടന പിന്നീടു വളര്‍ന്നു 'സമസ്തകൊച്ചി പുലയ മഹാസഭ' യായി പരിണമിക്കയും ചെയ്തു. ചരിത്രപുരുഷന്റെ നേതൃത്വവും പൗരോഹിത്യവുമാണ് അതിന്റെ ആവിര്‍ഭാവത്തിനും പുരോഗതിക്കും കാരണമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

കൊല്ലവര്‍ഷം 1084 ലാണെന്നു തോന്നുന്നു, എറണാകുളം പട്ടണത്തില്‍വെച്ചു കാര്‍ഷിക വസ്തുക്കളുടെ ഒരു പ്രദര്‍ശനം നടക്കുകയുണ്ടായി. എറണാകുളം മഹാക്ഷേത്രത്തിന്റെ നേരേ പടിഞ്ഞാറുഭാഗത്തുള്ള ബോട്ടുജട്ടിക്കു സമീമമാണ് അത് സജ്ജീകരിച്ചിരുന്നത്. പ്രദര്‍ശനത്തോടനുബന്ധിച്ചു അന്നത്തെ ദിവാന്‍ ജോസഫ് ഭോറിന്റെ അധ്യക്ഷതയില്‍ ഒരു സമ്മേളനവും നടന്നു. ആ സമ്മേളനത്തില്‍ കാര്‍ഷിക വസ്തുക്കളെ സംബന്ധിച്ചു കറുപ്പന്റെ ഒരു പ്രസംഗവുമുണ്ടായിരുന്നു. പ്രസംഗത്തിനിടയില്‍ പുലയരായ അധകൃതരുടെ പ്രയത്‌നഫലമായ പല ധാന്യങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും, എന്നാല്‍ അവ കാണുന്നതിനുപോലും അവര്‍ക്ക് അനുവാദമില്ലെന്നുമുള്ള സത്യസ്ഥിതി അദ്ദേഹം വളരെ വേദനയോടെ വെളിപ്പെടുത്തി. വസ്തുതകള്‍ വേണ്ടപോലെ മനസ്സിലാക്കിയ ദിവാന്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പുലയരാദിയായവര്‍ക്കു പ്രദര്‍ശനസ്ഥലത്തു പ്രവേശിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ അതുകൊണ്ടും കാര്യം മുഴുവനായില്ല. അന്നത്തെ പുലയരില്‍ ഒരു പ്രമാണിയായ കൃഷ്ണാദിയുടെ നേതൃത്വത്തില്‍ പ്രദര്‍ശനശാലയില്‍ കടന്ന അവര്‍ തങ്ങളുടെ പ്രയത്‌നംകൊണ്ടുണ്ടായ ധാന്യങ്ങളില്‍ ചിലതു വാരിനോക്കുവാന്‍ ഭാവിച്ചപ്പോള്‍ അസ്പൃശ്യതയുടെ പേരില്‍ അവിടത്തെ അധികാരികളില്‍ ചിലര്‍ അവരെ തടഞ്ഞു. ആ സമയത്തു കൂടെയുണ്ടായിരുന്ന സ്മര്യപുരുഷന്‍ അവരുടെ പ്രയത്‌നഫലം അവര്‍ക്കു തൊട്ടുനോക്കുവാന്‍ അവകാശമുണ്ടെന്നും അതിനെ തടയുന്നത് അനീതിയാണെന്നും യുക്തിയുക്തം അധികാരികളെ ബോധ്യപ്പെടുത്തി. അങ്ങനെ ആ ധീരപുരുഷന്റെ സാമര്‍ത്ഥ്യത്തില്‍ അതുവരെ എത്തിനോക്കുവാന്‍ പോലും കഴിയാതിരുന്ന ആ രംഗത്തു പുലയരാദിയായ അധസ്ഥിതര്‍ക്കു മറ്റുള്ളവരോടൊപ്പം പ്രവേശിക്കുന്നതിനും പ്രദര്‍ശന വസ്തുക്കള്‍ യഥായോഗ്യം നോക്കി മനസ്സിലാക്കുന്നതിനും സാധ്യത ഉണ്ടാകുകയും ചെയ്തു. തന്നെയുമ്ല്‌ല, അക്കാലംവരെ അധസ്ഥിതര്‍ക്കു പ്രവേശനനാനുവാദമില്ലാതിരുന്ന എറമാകുളം പട്ടണത്തിലും ചന്തയിലും ഇതോടുകൂടിത്തന്നെ അവര്‍ക്കു സഞ്ചാരസ്വാതന്ത്ര്യം ലഭിക്കുകയുമുണ്ടായി. ഇന്ന് ഇതെല്ലാം ഒരു കെട്ടുകഥയായിട്ടേ പലര്‍ക്കും തോന്നുകയുള്ളൂ.

കൊച്ചി പുലയ മഹാസഭ എറണാകുളം കായലില്‍ നിന്നാണ് ഉയിര്‍ക്കൊണ്ടത് എന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അതിനുശേഷം ആ സഭയുടെ ഒരു വിശേഷാല്‍ സമ്മേളനം 1088 ല്‍ എറണാകുളത്തു സെ. ആല്‍ബര്‍ട്ട് ഹൈസ്‌കൂളില്‍ വെച്ചു നടന്നു. ശ്രീ കറുപ്പന്റെ സ്വാധീനവും അവിടത്തെ ക്രിസ്ത്യന്‍ മിഷനറിമാരുടെ കാരുണ്യവും നിമിത്തമാണ് അങ്ങനെ ഒരു സഭ കൂടാന്‍ ഹൈസ്‌കൂളില്‍ സ്ഥലമനുവദിച്ചത് എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. ആ സമ്മേളനത്തില്‍ പുലയരുടെ അവശതകളെ വിവരിച്ചുകൊണ്ട് സ്മര്യപുരുഷന്‍ ഒരു പത്രിക എഴുതി വായിക്കുകയുണ്ടായി. അതിലെ ചിലഭാഗങ്ങള്‍ ഇന്നുള്ളവര്‍ അറിഞ്ഞിരിക്കേണ്ടതാണ്.

പശുക്കളെ അടിച്ചെന്നാലുടമസ്ഥര്‍ തടുത്തീടും
പുലയരെ അടിച്ചെന്നാലൊരുവനില്ല,
റോട്ടിലെങ്ങാനും നടന്നാല്‍ ആട്ടുകൊള്ളുമതുകൊണ്ടു
തോട്ടിലേക്കൊന്നിറങ്ങിയാല്‍ കലലേറുകൊള്ളും.

ഇങ്ങനെ പോകുന്നു ആ പത്രികയിലെ ദീനസ്വരം. പ്രസ്തുത പത്രിക, കറുപ്പന്റെ സ്വാധീനശക്തി കൊണ്ടുതന്നെ സാഹിത്യകുശലന്‍ ടി കെ കൃഷ്ണമേനോന്‍ വഴി കൊച്ചി മഹാരാജാവിന്റെ സന്നിധിയില്‍ സമര്‍പ്പിക്കയുമുണ്ടായി. ഇവിടെ ഒരു കാര്യം നാം പ്രത്യേകം ഓര്‍മ്മിക്കണം. അന്ന് കൊച്ചിയിലെ സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് കറുപ്പന്‍, ജാതിരക്ഷകരായ പല സവര്‍ണരുടേയും സുഹൃത്തുമാണദ്ദേഹം ആ നിലകള്‍ വിചാരിക്കുമ്പോള്‍ തനിക്കുതന്നെ ദോഷമായിത്തീരാവുന്ന പലതുമുണ്ട് ഈ വിഷയത്തില്‍. എന്നാല്‍ അവയെല്ലാം വിസ്മരിച്ചുകൊണ്ട് തന്നാല്‍ കരേറ്റേണ്ടവരെ കരേറ്റുന്നതിനുതന്നെയാണ് ചരിത്രപുരുഷന്‍ ബദ്ധപരികരനായി പുറപ്പെട്ടതെന്നും നാമോര്‍ക്കണം. ഇത്തരത്തിലുള്ള നിവേദനങ്ങളുടേയും ഉദ്‌ബോധനങ്ങളുടേയും ജാതിക്കുമ്മി, ബാലകലേശം, തുടങ്ങിയ കലാസൃഷ്ടികളുടെ പ്രേരണയാലും മറ്റുമാണ് പില്‍ക്കാലത്ത് പുലയരാദിയായ അവര്‍ണ സമുദായങ്ങള്‍ക്ക് ഇന്നാട്ടില്‍ സഞ്ചാരസ്വാതന്ത്ര്യവും വിദ്യാലയപ്രവേശനവും മറ്റും ലഭിക്കുവാനിടയായതെന്നുള്ള പരമാര്‍ഥം വിചാരിക്കുമ്പോഴാണ് ചരിത്രപുരുഷന്റെ ത്യാഗമോഹനമായ സേവനത്തിന്റെ വില അല്‍പ്പമെങ്കിലും മനസിലാക്കുവാന്‍ നാം ശക്തരായിത്തീരുന്നത്.

ശ്രീ കറുപ്പന്‍ കൊച്ചിയിലെ അധസ്ഥിതോപസംരക്ഷകനായി ഏതാനും കാലം പ്രവര്‍ത്തിച്ചിരുന്നു. വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ഒരു ഉദ്യോഗവുമായിരുന്നു അത്. അക്കാലത്തു തന്റെ പല ആശയങ്ങളും പദ്ധതികളും ആധികാരികമായിത്തന്നെ നടപ്പില്‍ വരുത്താതിരുന്നില്ല. പുലയര്‍, ഉള്ളാടര്‍ തുടങ്ങിയ അവശസമുദായങ്ങല്‍ക്കു കൊച്ചി രാജ്യത്ത് ആദ്യമായി ഏതാനും കേന്ദ്രങ്ങളില്‍ കോളനികള്‍ സ്ഥാപിക്കുവാനിടയായത് അവയില്‍ ഒന്നുമാത്രമാണ്. ശുദ്ധജലവിതരണത്തിന് കിണറുകള്‍ കുഴിപ്പിക്കുക, സഞ്ചാരയോഗ്യമായ വഴികള്‍ നിര്‍മ്മിക്കുക, ലഘു സമ്പാദ്യപദ്ധതികള്‍ ഏര്‍പ്പെടുത്തുക, ശരിയായ പൊലീസ് സംരക്ഷണം നല്‍കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായി അദ്ദേഹം ദിവാന്‍ജിമാരുടെ മുമ്പില്‍ അധകൃതരേയും സ്ത്രീകളേയും നേരിട്ടു കൊണ്ടുപോയി അവരെക്കൊണ്ടുതന്നെ അവരുടെ കാര്യങ്ങള്‍ പറയിച്ചു പലതും നേടിക്കൊടുക്കുകയും ചെയ്തു. 'ആചാരഭൂഷണം' എന്ന ലഘുഗ്രന്ഥം ഇക്കാലത്തെഴുതിയതാണ്. പരിഷ്‌കൃതസമുദായങ്ങളുടെ ജീവിതരീതിയിലേക്ക് ഈ അധസ്ഥിതരെ അടുപ്പിക്കണമെന്നുള്ളതായിരുന്നു ആ ഗ്രന്ഥത്തിന്റെ പ്രധാന ലക്ഷ്യം. പ്രഭാതഗീതം, സന്ധ്യാവന്ദനം, ശാന്തിഗീത എന്നിങ്ങനെയുള്ള കവനങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. കൊച്ചിയിലെ അധസ്ഥിത ജനവിഭാഗങ്ങള്‍ അവ നിത്യപാരായണം ചെയ്തു മനശുദ്ധിയും മനശക്തിയും നേടിയിരുന്നു. അവനവന്‍ അവനവനെത്തന്നെ ഉദ്ധരിക്കണമെന്നുണ്ടല്ലോ, അധസ്ഥിത സമുദായങ്ങളുടെ ദൈനംദിന ജീവിതക്രമത്തെയും ശുചിയായ നടപടിയേയും കുറിച്ച് പ്രസ്തുത കൃതിയില്‍ ചിലതെല്ലാം വിവരിച്ചിട്ടുള്ളത് ആ ഉദ്ദേശത്തോടുകൂടിയാണ്. ദിനചര്യ, സ്വഭാവശുദ്ധി, ശരീരശുദ്ധി, ആഹാരക്രമം തുടങ്ങിയ വിഷയങ്ങള്‍ അവര്‍ക്കു മനസിലാക്കാവുന്ന ഭാഷയിലും രീതിയിലും അതില്‍ പ്രകാശിപ്പിച്ചിരിക്കുന്നു. കൊച്ചി സര്‍ക്കാരില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ അതിന്റെ ആയിരക്കണക്കിനു കോപ്പികള്‍ പല കോളനികളിലും അധകൃത ജനകേന്ദ്രങ്ങളിലും പ്രചരിപ്പിച്ചതിന്റെ ഫലമായി പ്രസ്തുത സമുദായാംഗങ്ങളുടെ ഇടയില്‍ കുറേയേറെ ആചാര പരിഷ്‌കാരങ്ങള്‍ ഉണ്ടാകുവാനിടയായിട്ടുണ്ട്.

ശ്രീ കറുപ്പന്‍ നിയമസഭാ മെമ്പറായിരുന്ന കാലത്തു പുലയരാദിയായ അധസ്ഥിതരുടെ ഉദ്ധാരണത്തെ ഉദ്ദേശിച്ചുതന്നെയാണ് കൂടുതല്‍ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ളത്. ഇവയുടേയൊക്കെ ഫലമായി അവശ സമുദായാംഗങ്ങളുടെ പ്രതിനിധിയായി നിയമസഭയിലേക്ക് ഒരു പുലയനെ നോമിനേറ്റ് ചെയ്യുക എന്ന നടപടിയും ഗവണ്‍മെന്റ് കൈക്കൊണ്ടു. ആ വിധത്തിലാണ് ശ്രീമാന്മാരായ ചാത്തന്‍, കെ പി വള്ളോന്‍ തുടങ്ങിയ മെമ്പറന്മാര്‍ അക്കാലത്ത് കൊച്ചി നിയമസഭയില്‍ പ്രവേശിക്കുവാനിടയായത്. ഈ അവസരത്തില്‍ ഒരു വസ്തുത ഇവിടെ എടുത്തുപറയേണ്ടതുണ്ട്. അത് മറ്റൊന്നുമല്ല, അധസ്ഥിത സമുദായത്തിന്റെ പ്രതിനിധിയായി അരയസമുദായത്തിനു കൈവന്ന സ്ഥാനം ഇതോടുകൂടി നഷ്ടപ്പെട്ടു എന്നുള്ളതാണ്. ചരിത്രപുരുഷന് അതില്‍ ലേശവും കുണ്ഠിതം തോന്നിയില്ല. നേരേമറിച്ച് സ്വസമുദായത്തേക്കാള്‍ കൂടുതല്‍ അവശത അനുഭവിക്കുന്ന ഒരു സമുദായത്തിന് ആ സ്ഥാനം ലഭിച്ചതില്‍ അദ്ദേഹം ഏറ്റവും സന്തോഷിക്കുകയാണുണ്ടായത്. പരാര്‍ഥജീവികളുടെ പ്രകൃതിയും അതാണല്ലോ.

ചരിത്രപുരുഷന്റെ പിന്‍ഗാമികളായി നോമിനേറ്റു ചെയ്ത എം എല്‍ സി മാര്‍ക്കു നിയമസഭയിലെ നടപടികളെപ്പറ്റി അക്കാലത്ത് പരിജ്ഞാനമുണ്ടായിരുന്നില്ല. കറുപ്പനാകട്ടെ, അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയും മറ്റുതരത്തിലും എല്ലാവിധ സഹായങ്ങളും ചെയ്തുകൊണ്ടിരുന്നു. പ്രസംഗങ്ങളും പ്രമേയങ്ങളും തയാറാക്കി ക്കൊടുക്കുന്നതിനുപോലും അദ്ദേഹം മടിച്ചിരുന്നില്ല. എല്ലാ വിധത്തിലും അവരെ തുണക്കുന്ന ഒരു ഗുരുവും പ്രോത്സാഹകനുമായിട്ടാണ് അദ്ദഹം വര്‍ത്തിച്ചു കൊണ്ടിരുന്നത്. അധസ്ഥിതസമുദായങ്ങളുടെ അഭ്യുന്നമനത്തില്‍ കഥാപുരുഷനു ണ്ടായിരുന്ന അഭിനിവേശം എത്രകണ്ട് മഹത്തരമായിരുന്നുവെന്ന് ഈദൃശസംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ടല്ലോ. ശ്രീമാന്‍ കറുപ്പന്റെ ദേഹവിയോഗാവസരത്തില്‍ ഖേദം രേഖപ്പെടുത്തുന്നതിന് അവതരിപ്പിച്ച അനുശോചനപ്രമേയത്തെ പിന്‍താങ്ങിക്കൊണ്ട് ശ്രീ കെ പി വള്ളോന്‍ ചെയ്ത പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഈയവസരത്തില്‍ ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു.

'..... അദ്ദേഹം എന്റെ ഗുരുവാണ്; എന്റെ സമുദായത്തിന്റെ പിതാവാണ്: അധകൃതരുടെ സര്‍വതോമുഖമായ സമുദ്ധാരണത്തിന് കാരണക്കാരനാണ്. അവശ സമുദായങ്ങളെ അനന്തമായ ഹൃദയവേദനയിലാഴ്ത്തിക്കൊണ്ട് എന്നെന്നേക്കുമായി പിരിഞ്ഞുപോയ അദ്ദേഹം- അദ്ദേഹമാണ് എന്നെ മനുഷ്യനാക്കിയത്. മനുഷ്യന്റെ അവകാശങ്ങളെല്ലാം അവഗണിക്കപ്പെട്ട് വെട്ടുവഴിയില്‍ക്കൂടി നടക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട്, അന്ധതയില്‍ വളര്‍ന്ന് അടിമത്തത്തില്‍ കഴിഞ്ഞുകൂടുന്ന ഈ നാട്ടിലെ അധകൃതസമുദായത്തിനു സംഘടനാബോധം ആദ്യമായി കുത്തിച്ചലുത്തി അവരെ പ്രബുദ്ധരാക്കിയത് അദ്ദേഹമാണ്. പാടത്തെ പാഴ്ച്ചളിക്കുണ്ടില്‍നിന്നു തോണ്ടിയെടുത്തു യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ ആവേശം നല്‍കി, സമുദായബോധവും സംഘനാ പാടവവും പകര്‍ന്നുതന്ന് എന്നെ വളര്‍ത്തി ഉയര്‍ത്തിയതും അദ്ദേഹമാണ്. അവഗണിക്കപ്പെട്ട എന്റെ സമുദായത്തിന്റെ അവകാശങ്ങളും ഈ നിയമസഭയുടേയും അതുപോലെ ഉത്തരവാദിത്വപ്പെട്ട
മറ്റധികാരകേന്ദ്രങ്ങളുടേയും ശ്രദ്ധയില്‍ കൊണ്ടുവന്ന് പാവപ്പെട്ട അധകൃതന്റെ അവശതക്കു പരിഹാരം ലഭിക്കത്തക്ക ഈ നില കൈവരുത്തിയതും അദ്ദേഹം തന്നെ. പണ്ഡിറ്റ് കറുപ്പന്റെ ആത്മാര്‍ഥവും അശ്രാന്തവുമായ പരിശ്രമമില്ലെങ്കില്‍ ഈ നിയമസഭയില്‍ അയിത്തജാതിക്കാരനായ പുലയന്റെയും പറയന്റെയും മറ്റധകൃതന്റെയും കാര്യം ഒരുപക്ഷെ പര്യാലോചനക്കു വിഷയമാകുമായിരുന്നില്ല. പട്ടിണിക്കോലങ്ങളായ ഇവിടത്തെ അധകൃതരോടൊപ്പംതന്നെ അവരുടെ പ്രതിനിധിയായ ഞാനും പാടത്തെച്ചേറില്‍ അലിഞ്ഞുചേര്‍ന്നു ചീഞ്ഞുനശിച്ചു പോകുമായിരുന്നു. വ്യക്തിപരമായി എനിക്ക് അദ്ദേഹത്തോടുള്ള കടപ്പാട് സമുദായത്തിനുള്ളതിനേക്കാള്‍ അത്യഗാധമാണ്.

'ഉയര്‍ന്ന വിദ്യാഭ്യാസമില്ലാത്ത ഒരധകൃതനെന്ന നിലയില്‍ എനിക്ക് സ്വപ്നംകാണാന്‍ പോലും അവകാശമില്ലാത്ത ഈ നിയമസഭാസാമാജികത്വം വഴി എന്റെ സമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വബോധത്തോടും വിട്ടുവീഴ്ചയില്ലാതെയും മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ അറിവും കഴിവും എന്നില്‍ വളര്‍ത്തിയ എന്റെ ഗുരുനാഥന്റെ അകാലചരമത്തില്‍ മറ്റാരേക്കാളുമധികം വ്യസനിക്കുന്നത് ഞാനാണ്. സ്‌നേഹത്തോടും വാല്‍സല്യത്തോടും കൂടി എനിക്കു നല്‍കിയിരുന്ന ഉപദേശങ്ങളും പ്രോത്സാഹനങ്ങളുമല്ലെങ്കില്‍ എന്റെ സ്ഥാനം ഇന്നീ രാജകീയ സദസിലാകുമായിരുന്നില്ല. നേരോമറിച്ച് ഞങ്ങളെ സംബന്ധിച്ചിടത്തോളം യാതനയുടേയും ക്ലേശങ്ങളുടേയും മാത്രം വിളനിലമായ ചേറ്റിന്‍പാടത്തെ തോട്ടിന്‍ചരിവിലെവിടെയെങ്കിലുമാകുമായിരുന്നു. ഞാനിന്ന് ശ്രീ പണ്ഡിറ്റ് കരുപ്പന്റെ നിര്യാണം എന്റെ സമുദായത്തിന് അത്യാഹിതമാണ്..... എനിക്ക്, അതൊരു തീരാനഷ്ടവുമാണ്'

ചരിത്രപുരുഷന്‍ അധസ്ഥിത സമുദായോദ്ധാരണത്തില്‍ പ്രദര്‍ശിപ്പിച്ചുവന്ന ത്യാഗമോഹനമായ സേവനങ്ങളെ പ്രതിബിംബിച്ചുപ്രകാശിപ്പിക്കുന്ന ഒരു നിര്‍മ്മലദര്‍പ്പണം തന്നെയാണ് ശ്രീ വള്ളോന്റെ മേല്‍പ്പറഞ്ഞ പ്രസംഗം. പുലയരാദിയായ അധസ്ഥിതസമുദായങ്ങളുടെ സ്വാതന്ത്ര്യത്തിനും ഉന്നമനത്തിനും വേണ്ടി അത്യധ്വാനം ചെയ്തിരുന്ന ഈ മഹാന്‍ അമേരിക്കയിലെ അബ്രഹാം ലിങ്കനോടു പലതരത്തിലും സാമ്യം വഹിക്കുന്നുണ്ട്. അമേരിക്കയിലെ അടിമകളായ നീഗ്രോകളെ ചങ്ങലയില്‍ ബന്ധിച്ചുകൊണ്ടുചെന്നു ചന്തയില്‍ പരസ്യമായി ക്രയവിക്രയം ചെയ്യുന്ന കാഴ്ചകണ്ട് 'ഈ ഏര്‍പ്പാടിനെ തൊഴിക്കാന്‍ എന്നെങ്കിലും എനിക്കവസരം കിട്ടുമെങ്കില്‍ ഞാന്‍ ഇതിനെ ശക്തിയായിത്തന്നെ തൊഴിക്കും' എന്ന് ലിങ്കണ്‍ ഒരിക്കല്‍ പ്രതിജ്ഞചെയ്തിരുന്നു. ആ പ്രതിജ്ഞ അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന ഘട്ടത്തില്‍ നിര്‍വഹിക്കുകയും ചെയ്തു. അമേരിക്കയില്‍നിന്ന് ലിങ്കണ്‍ അടിമത്തം തുടച്ചുമാറ്റുക മാത്രമല്ല ചെയ്തത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ജനകീയ ഭരണം ഏര്‍പ്പെടുത്തുകകൂടി ചെയ്തു. ഇങ്ങനെ മാനവസ്വാതന്ത്ര്യത്തിന്റേയും ജനകീയഭരണക്രമത്തിന്റേയും വിജയത്തിനുവേണ്ടി സ്വജീവിതം വിനിയോഗിച്ച ഒരു മഹാനായിരുന്നു, മരക്കുടിയില്‍ ജനിച്ചു കര്‍മ്മസാമര്‍ഥ്യത്താലുയര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന അബ്രഹാം ലിങ്കണ്‍. നമ്മുടെ ചരിത്രപുരുഷന്‍ ലിങ്കണെ പോലെ ഇവിടെ അത്തരം അധികാരസ്ഥാനത്തൊന്നും എത്തിയിരുന്നില്ല. എന്നുവരികിലും അദ്ദേഹത്തിനു കടന്നുകൂടുവാന്‍ സാധിച്ച ഏതുരംഗത്തിരുന്നും ഇന്നാട്ടിലെ - ഈ കൊച്ചുകേരളത്തിലെ - അധസ്ഥിതസമുദായങ്ങളുടെ സ്വാതന്ത്ര്യത്തിനും സര്‍വതോമുഖമായ ഉദ്ഗതിക്കുംവേണ്ടി അങ്ങേയറ്റം തൂലികകൊണ്ടും വായ്‌കൊണ്ടും ധീരോദാത്തമായി അദ്ദേഹം അടരാടിയിരുന്നു.

ആ സമരം സമാധാനപരമായിത്തന്നെ വിജയിക്കുകയും ചെയ്തു. അമേരിക്കയില്‍ അടിമത്ത നിര്‍മാര്‍ജനത്തിനുവേണ്ടി പടപൊരുതി ജയക്കൊടിനാട്ടിയ അബ്രഹാം ലിങ്കന്റെ പദവി, കേരളത്തിലെ അവശലക്ഷങ്ങളുടെ പാരതന്ത്ര്യം തകര്‍ത്തുയര്‍ന്ന കവിതിലകന്‍ കെ പി കറുപ്പനും നിര്‍വിശങ്കം കല്‍പ്പിക്കാവുന്നതുതന്നെയാണ്. ആ നിലയില്‍ 'കേരളത്തിലെ ലിങ്കണ്‍' എന്ന മഹനീയ ബിരുദം അദ്ദേഹം തികച്ചും അര്‍ഹിക്കുകതന്നെ ചെയ്യുന്നു.

******

കടപപാട്: 1974 ല്‍ നാഷനല്‍ ബുക്ക്സ്റ്റാള്‍ കോട്ടയം പ്രസിദ്ധീകരിച്ച സാഹിത്യനിപുണന്‍ ടി എം ചുമ്മാര്‍ എഴുതിയ 'കവിതിലകന്‍ കെ പി കറുപ്പന്‍' എന്ന ജീവചരിത്രഗ്രന്ഥത്തിലെ 'കേരളത്തിലെ ലിങ്കന്‍' എന്ന അധ്യായമാണ് ഇത്.