"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

കീഴാള ഭാഷയും സാഹിത്യവും - ഡോ നടുവട്ടം ഗോപാലകൃഷ്ണന്‍


സരസകവി മൂലൂര്‍ 
ഭാഷാശാസ്ത്രത്തിന്റെ ദൃഷ്ടിയില്‍ ഒരു ഭാഷയും മറ്റൊന്നനേക്കാള്‍ മുകളിലോ താഴെയൊ അല്ല. സാഹിത്യവും ലിപിയും ഉള്ളവ, സാഹിത്യവും ലിപിയും ഇല്ലാത്തവ എന്ന പൊതു വിഭജനമാണ് ഭാഷക്ക് സാധാരണ നല്‍കാറുള്ളത്. വായ്‌മൊഴി മാത്രമുള്ളത്, വരമൊഴിമാത്രമുള്ളത് എന്നീ വിഭജനവും ഭാഷാ പഠനത്തിന് സ്വീകാര്യമാണ്. ഒരു ഭാഷയില്‍ ഏതുതരത്തിലുള്ള ഭാഷാഭേദങ്ങളു ണ്ടായാലും വ്യാകരണച്ചട്ടക്കൂടിന് കാര്യമായ മാറ്റം സംഭവ്യമല്ല. ഉത്കൃഷ്ടഭാഷ അപകൃഷ്ട ഭാഷ എന്നീ പരികല്‍പ്പനകള്‍ സാമുദായിക തലത്തില്‍ കാണുന്ന ഉച്ചനീചത്വ വ്യവസ്ഥയെ ആധാരമാക്കിയാണ് പാരമ്പര്യ വൈയാകരണന്മാര്‍ സൃഷ്ടിച്ചിട്ടുള്ളത്. സാമൂഹികമായ പിന്നോക്കാവസ്ഥയും വിദ്യാഭ്യാസ രാഹിത്യവും കൊണ്ട് സമുദായ ശ്രേണിയില്‍ താഴെ തട്ടില്‍ നില്‍ക്കുന്നവരുടെ ഭാഷക്കും തമ്മില്‍ സ്വനതലത്തില്‍ വ്യത്യാസം സ്വാഭാവികമാണ്. സ്വനതലത്തില്‍ വരുന്ന ഈ വ്യത്യാസം വ്യാകരണതലത്തെ ഗൗരവമായി ബാധിക്കാറില്ല. അതുകൊണ്ട് ഭാഷാശാസ്ത്രകാരന്റെ ദൃഷ്ടിയില്‍ വരാണ്യാവരേണ്യ വേര്‍തിരിവ് ഭാഷക്കില്ല. സാമൂഹിക ഭാഷാവിജ്ഞാനത്തില്‍ താഴെ പറയും പ്രകാരമാണ് ഭാഷകളെ തരം തരിക്കാറുള്ളത്. 1. ലിഖിതം - അലിഖിതം 2. സാഹിത്യമുള്ളവ - ഇല്ലാത്തവ 3. മേജര്‍ - മൈനര്‍ 4. സമ്പുഷ്ടം - അസമ്പുഷ്ടം 5. പട്ടികപ്പെടുത്തിയത് - പട്ടികപ്പെടുത്താത്തത് (ഭരണഘടന പ്രകാരം) 6. ആധിപത്യം പുലര്‍ത്തുന്നത് - ആധിപത്യത്തിലായവ 7. പ്രചാരാധിക്യമുള്ളത് - പ്രചാരപരിമിതിയുള്ളത് 8. വീണ്ടെടുത്തത് - നാശോന്മുഖം 9. ഗോത്രപരം - ഗോത്രേതരം.

ജാതിയും മതവും സൃഷ്ടിച്ച ആചാരവിശ്വാസങ്ങള്‍ കൊണ്ട് ജീവിതത്തിന്റെ പൊതുധാരയില്‍ നിന്ന് ആട്ടിയകറ്റപ്പെട്ട ജനവര്‍ഗങ്ങള്‍ എല്ലാ കാലത്തും എല്ലാ ദേശത്തും ഉണ്ടായിരുന്നു. ഇത് ഭാരതത്തില്‍ കുറേ വിപുലമായരീതിയില്‍ കാണുന്നുണ്ടെന്നത് ഒരു പരമാര്‍ത്ഥമാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇവിടത്തെ പോലെ മറ്റൊരു രാജ്യത്തും ഉണ്ടായിരുന്നില്ല. സംസ്‌കൃതത്തിലെ വേദശാസ്ത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ചേരിതിരിവിന്റെ ഫലമാണിത്. വേദശാസ്ത്ര പിരാണേതിഹാസ ങ്ങളുടെ സ്വാധീനത്താല്‍ പുഷ്ടിപ്പെട്ട ഹൈന്ദവ സംസ്‌കാരമാണ് ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കിയത്. ഈ ചേരിതിരിവുകളിലൂടെ ജാതിചിന്ത തീവ്രമായി. കുറേ പേര്‍ അടിച്ചമര്‍ത്തപ്പെട്ടു. കാലാന്തരത്തില്‍ അവര്‍ വിഭിന്ന ജാതികളായി., അടിച്ചേല്‍പ്പിക്കപ്പെട്ട തൊഴില്‍വാഹകരായി. തൊഴില്‍ പരമ്പരാഗതമായി അവകാശപ്പെടാനില്ലാത്ത ജാതികളും ഉണ്ടായി. അങ്ങനെ ദേശകാലങ്ങളനുസരിച്ച് തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, കണ്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ ദുരതഃപരിവര്‍ജിതങ്ങളായ നിരവധി ജാതിക്കാര്‍ ഇന്ത്യയില്‍ ജന്മംകൊണ്ടു. ഇവരില്‍ കുറേ പേര്‍ കാടുകളിലൊതുങ്ങി. സമതലങ്ങളില്‍ ജീവിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി പണിയെടുത്ത് കാലയാപനം ചെയ്യേണ്ടിവന്ന ജാതികളാണ് എണ്ണത്തില്‍ കൂടുതല്‍ കാടുകളിലൊതുങ്ങിയവര്‍ ആദിവാസികളും, വരേണ്യ വിഭാഗത്തിന് വിടുവേല ചെയ്തു ഗ്രാമത്തിന് പുറത്തു വസിച്ചവര്‍ അധഃകൃതരും അധഃസ്ഥിതരുമായി മുദ്രകുത്തപ്പെട്ടു. വയനാടിന്റെ കാര്യത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. ഒരുകാലത്ത് വയനാടുമുഴുവന്‍ അദിവാസികള്‍ക്ക് സ്വന്തമായിരുന്നു. അവര്‍ നൂറ്റാണ്ടുകളായി വയനാടിന്റെ സുഭിക്ഷതയില്‍ ജീവിച്ചുവരവെ കൃഷിയിടങ്ങളും പാര്‍പ്പിടങ്ങളും തേടി താഴ് വാരങ്ങളില്‍ നിന്ന് മറ്റു ജനവിഭാഗങ്ങള്‍ വയനാട്ടിലേക്കു വന്നു. കുടിയേറിയവര്‍ കാടുകള്‍ തെളിച്ച് പുതിയ കൃഷിയിടങ്ങളും പാര്‍പ്പിടങ്ങളും തീര്‍ത്തു. മുമ്പേയുള്ള ആദിവാസികള്‍ കാടുകളിലേക്ക് കൂടുതല്‍ ഒതുങ്ങി. ഒതുങ്ങാന്‍ കാടുകള്‍ പര്യാപ്തമാകാതെ വന്നപ്പോള്‍ വന്നുകയറിയവരുടെ അടിമകളായി അവര്‍ മാറി. പരിമിതമായ ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി തങ്ങളുടെ ശരീരവും ശക്തിയും അവര്‍ അന്യാധീനപ്പെടുത്തിക്കൊണ്ടേയിരുന്നു. അങ്ങനെ കീഴാളരായി തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളാണ് ഇന്നത്തെ വയനാടന്‍ ആദിവാസികള്‍.

കൊടുംതമിഴും കരിന്തമിഴുമായിരുന്ന അവസ്ഥയില്‍ നിന്ന് മലയാളത്തിന്റെ പരിണാമം എങ്ങനെ ? ഭാഷോല്പത്തിയെപ്പറ്റി ചിന്തിച്ചവരില്‍ ഒന്നുരണ്ടുപേര്‍ മാത്രമാണ് ഇക്കാര്യത്തില്‍ അധഃസ്ഥിതരുടെയും അധഃകൃതരുടെയും പങ്കിനെ പറ്റി അന്വേഷിച്ചത്. ആദിവാസികളുടെ ഭാഷയെ കുറിച്ച് കുറേ പഠനങ്ങള്‍ അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. തമിഴ്, കന്നട, തുളു ഭാഷകളുടെ സ്വാധീനമുള്ള മലയാളമാണ് അവര്‍ സംസാരിക്കുന്നത്. വയനാട് ഉള്‍പ്പെടെയുള്ള പഴയ മലബാര്‍ മേഖലയിലെ ആദിവാസി ഭാഷകള്‍ക്ക് സങ്കരസ്വഭാവമുണ്ട്. വടക്കേ മലബാറിലെ 'കൊറഗര്‍' പോലെയുള്ള അധഃസ്ഥിത വര്‍ഗക്കാരുടെ ഭാഷയില്‍ തുളുവിന്റെ സ്വാധീനം പ്രകടമാണ്. വയനാട്ടിലെ കുറിച്യര്‍, മുള്ളക്കുറുമ്പര്‍, കുണ്ടുവടിയന്‍, കരിമ്പാലര്‍, കാടര്‍, കനലാടി തുടങ്ങിയവരുടെ ഭാഷ തമിഴെന്നോ മലയാളമെന്നോ വ്യവഛേദിച്ചു പറയാനാവില്ല. തമിഴ് മലയാളങ്ങളുടെ ഒരു പൂര്‍വാവസ്ഥയെയാണ് ഇവരുടെ വ്യവഹാരഭാഷ പ്രതിനിധാനം ചെയ്യുന്നത്. പണിയന്റെയും പതിയന്റെയും അടിയരുടെയും ഊരാളികളുടെയും ഭാഷ കന്നട കലര്‍ന്ന മലയാളമാണ്. തെക്കോട്ടു വരുന്തോറും തമിഴ് സ്വാധീനം കൂടുതലുള്ള മലയാളമാണ് ആദിവാസികള്‍ക്കുള്ളതെന്നു കാണാം. അട്ടപ്പാടി, നെല്ലായാമ്പതി, ഇടുക്കി, തെന്മല അഗസ്ത്യാര്‍കൂടം എന്നിവിടങ്ങളില്‍ നിവസിക്കുന്ന ആദിവാസികളുടെ ഭാഷയില്‍ തമിഴിന്റെ പ്രഭാവം കൂടുതലുണ്ട്. മലയാളം ഒരു സ്വതന്ത്രഭാഷയായി രൂപപ്പെടുന്നതിനു മുമ്പുള്ള ഭാഷാഘടന എന്തായിരുന്നുവെന്ന് അറിയാന്‍ ആദിവാസി ഭാഷകള്‍ പരിശോധിച്ചാല്‍ മതി. വടക്കോട്ട് ചെല്ലുമ്പോള്‍ കന്നട, തുളു, കൂര്‍ഗ് ഭാഷകളുടെയും തെക്കോട്ടു വരുമ്പോള്‍ തമിഴിന്റെയും സ്വഭാവം കലര്‍ന്ന ഭാഷയായിരുന്നു പൂര്‍വകേരള ഭാഷ. ഭാഷക്ക് ഒരു ഏകീകൃത രൂപം ഇല്ലായിരുന്നെന്നു കാണാം.

മലയാള ഭാഷ രൂപപ്പെട്ടത് സമതലങ്ങളിലെ ഭാഷാവ്യവഹാരങ്ങളില്‍ നിന്നാണ്. സമതലങ്ങളിലെ കൃഷിയിടങ്ങളും നദീതീരങ്ങളും കേന്ദ്രമാക്കി ഉടലെടുത്ത ഗ്രാമസംവിധാനത്തിന് കൊല്ലവര്‍ഷാരംഭത്തിനപ്പുറം പഴക്കമുണ്ട്. കൊല്ലവര്‍ഷം തുടങ്ങുന്നതിന് എത്രയോ മുമ്പുതന്നെ കേരളത്തില്‍ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉണ്ടായിരുന്നു. ജൈന ബുദ്ധ മതങ്ങള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടായിരുന്നതിന് തെളിവുകളുണ്ട്. ക്രി വ 9ആം നൂറ്റാണ്ടോടുകൂടി കേരളത്തില്‍ ജൈനബുദ്ധ മതങ്ങള്‍ ക്ഷയോന്മുഖമായി. ബുദ്ധ ജൈനമതങ്ങളുടെ പ്രഭാവം ക്ഷയിപ്പിച്ച് വേദേതിഹാസപ്രോക്തമായ ഹൈന്ദവധര്‍മ്മം ശക്തിയാര്‍ജിച്ചു. 9ആം നൂറ്റാണ്ടുമുതല്‍ ലഭിക്കുന്ന ദാനരേഖകളെല്ലാം വ്യക്തമാക്കുന്നത് ഒരു ഭരണരവ്യവസ്ഥയില്‍ പുലരുന്ന ജീവിതം സമതലങ്ങളിലുണ്ടാ യിരുന്നുവെന്നാണ്. ബ്രാഹ്മണര്‍ അമ്പലവാസികള്‍, അവരോട് ഒട്ടിനിന്ന ശൂദ്രര്‍ എന്നിവരടങ്ങിയ ഗ്രാമജീവിതത്തില്‍ കൃഷിയും അനുബന്ധ ജോലികളും ചെയ്ത് ഉപജീവനം നടത്തിയ ഈഴവരാദി പിന്നോക്കക്കാരും ഉള്‍പ്പെടുന്നു. ഐങ്കളന്മാര്‍, ഈഴവര്‍, പുലയര്‍ തുടങ്ങിയവരെപ്പറ്റി 9ആം നൂറ്റാണ്ടിലെ രേഖകളില്‍ തന്നെ സൂചനകളുണ്ട്. പിന്നോക്കക്കാര്‍ക്ക് മുന്നോക്കക്കാരുമായി നേരിട്ട് ഇടപഴികാന്‍ അവസരങ്ങളില്ലാ യിരുന്നു. പാടത്തും പറമ്പിലും ജോലി ചെയ്യുക, നെല്ലായോ പണമായോ കിട്ടുന്ന തുഛമായ വേതനം കൊണ്ട് കാലയാപനം ചെയ്യുക, മുന്നോക്കക്കാരന്റെ വിളിപ്പുറത്ത് എന്തു ജോലിചെയ്യാനും തയ്യാറായി ഉണ്ടാകുക. ഇതായിരുന്നു സമതലങ്ങളിലെ അധഃകൃതരുടെയും അധഃസ്ഥിതരുടെയും ജീവിതാവസ്ഥ. കോളനിവാഴ്ചക്കാലത്ത് ഈ പിന്നോക്കക്കാരില്‍ ഒരു ന്യൂനപക്ഷം സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയിലേക്ക് വരുന്നുണ്ടെങ്കിലും, ജാതിയും മതവും സൃഷ്ടിച്ച ആചാരക്കെട്ടുകളാല്‍ മൗലികമായ എല്ലാ അവകാശങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. വരേണ്യ വിഭാഗത്തിന്റെ കാര്യസ്ഥന്മാരായും ദാസ്യവേലക്കാരായും നിന്ന ശൂദ്രര്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളിലേക്ക് കാറ്റും വെളിച്ചവും കടന്നുവരാന്‍ തുടങ്ങിയത്, കോളനിവാഴ്ചക്കെതിരേ രൂപം കൊണ്ട് ചെറുചലനങ്ങളിലൂടെയാണ്. ഈഴവരിലും ഗണകസമുദായങ്ങളിലും പെട്ട കുറേ പേര്‍ക്ക് പണ്ടുമുതല്‍ക്കേ വിദ്യാഭ്യാസം ലഭിച്ചിട്ടുളള വസ്തുത വിസ്മരിച്ചു കൂടാ. വൈദ്യം, ജ്യോതിഷം എന്നിവയുമായി ബന്ധപ്പെട്ട് അവരില്‍ കുറേ പേര്‍ സംസ്‌കൃതത്തില്‍ പ്രാവീണ്യം നേടി. ജൈന ബുദ്ധമതങ്ങള്‍ വഴി ഉറച്ചുപോയ ഒരു പാരമ്പര്യം വഴി ഉപലബ്ധമായതാകാം ഈ വിദ്യാലബ്ധി.

ലീലാതിലകത്തിലെ ചില സൂചനകള്‍ ഈ സന്ദര്‍ഭത്തില്‍ സ്മരിക്കുന്നത് അസ്ഥാനത്താകുകയില്ല. ഒന്നാം ശില്പ്പത്തില്‍ മണിപ്രവാളത്തെ ക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ 'തമിഴ്മണി സംസ്‌കൃതപവിഴം' 'തമിഴ്‌സംസ്‌കൃതമെന്റുള്ള' 'സംസ്‌കൃതമായിന ചെങ്ങഴിനീരും', ഇത്യാദി ശ്ലോകങ്ങളിലെ മണിപ്രവാള സൂചന അനുഗുണമല്ലെന്നു വാദിക്കുന്ന സന്ദര്‍ഭത്തില്‍ 'കേരളര്‍' എന്നൊരു പദം ലീലാതിലകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 'തമിഴ്മണി' ഇത്യാദിയിലെ തമിഴ് കേരള ഭാഷയാണ്, ചോളഭാഷയല്ല. അങ്ങനെയാണ് കണ്ടുവരുന്നത്. കേരളരെ 'ദ്രാവിഡ'രെന്നു പറയുന്നതിനാല്‍ അവരുടെ ഭാഷ 'ദ്രാവിഡ' ശബ്ദത്തിന്റെ രൂപഭേദമായ 'തമിഴ്' എന്നു പേരുവിളിക്കുന്നു. ആരാണ് ഈ കേരളര്‍ ? ലീലാതിലകത്തില്‍ മറ്റുരണ്ടു സന്ദര്‍ഭങ്ങളില്‍ കൂടി കേരളരുടെ പരാമര്‍ശമുണ്ട്. 'കൂന്തല്‍' എന്ന പദത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ 'കേരളര്‍' വരുന്നുണ്ട്. കേരളരുടെ സാമാന്യ വ്യവഹാരത്തില്‍ കൂന്തല്‍ കാണുന്നില്ലല്ലോ എന്ന പൂര്‍വപക്ഷമാണ് പരാമൃഷ്ടം. രണ്ടാം ശില്‍പ്പത്തിലെ സൂത്രം 14ലാണ് കേരളരെ കുറിച്ചുള്ള ഇനിയത്തെ സൂചന. വന്താന്‍, ഇരുന്താന്‍, തേങ്കാമാങ്കാ ഇത്യാദി പദങ്ങള്‍ കേരളരായ ഹീനജാതിക്കാര്‍ പറയുമല്ലോ എന്നാണു പരാമര്‍ശം. കേരളര്‍, കേരളരായ ഹീനജാതിക്കാര്‍ എന്നീ പ്രയോഗങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നത്? ഈ ഹീനജാതിക്കാര്‍ ആരാണ്. ഹീനജാതിക്കാരുടെ ഭാഷ ചോളഭാഷയോട് അടുത്തു നില്‍ക്കുന്നതായിരുന്നു. വന്താന്‍, ഇരുന്താന്‍, തോങ്കാ, മാങ്കാ, എന്നിവ തമിഴ് രൂപങ്ങളാണെന്ന് കൂന്തല്‍ വാദത്തില്‍ ഉറപ്പിച്ചു പറയുന്നുണ്ട്. ത്രൈവര്‍ണിക വിഭാഗത്തിനു പുറത്ത് പെരുമാറിയിരുന്ന ജനവിഭാഗമാണ് ഹീനജാതിക്കാര്‍. അതായത് പാടത്തും പറമ്പിലും പണിയെടുത്തു ജീവിക്കുന്ന താഴ്ന്ന ജാതിക്കാര്‍. ഇവരുടെ ഭാഷക്ക് തമിഴിനോട് സാദൃശ്യമുണ്ടാ യിരുന്നു. കീഴാള സങ്കല്‍പ്പവും ഹീനജാതി സങ്കല്‍പ്പവും ഒരു നാണയത്തിന്റെ ഇരുപുറമല്ലേ? സംസ്‌കൃതാതിപ്രസരമുള്ള മലയാളഭാഷയും തമിഴ്‌സാരൂപ്യമുള്ള കീഴാള ഭാഷയും എന്ന വേര്‍തിരിവ് 14ആം നൂറ്റാണ്ടിലെ കേരളഭാഷക്കും ഉണ്ടായിരുന്നു എന്ന വസ്തുതയിലേക്കാണ് ലീലാതിലക പ്രസ്താവനകള്‍ വിരല്‍ ചൂണ്ടുന്നത്. കേരളരായ ഹീനജാതിക്കാര്‍ എന്നു പറയുമ്പോള്‍ ഹീനജാതിക്കാരല്ലാത്ത കേരളരും ഉണ്ടെന്നു വരുന്നു. കേരളത്തില്‍ പുരാതന കാലം മുതല്‍ക്കേ ഉണ്ടായിരുന്ന ജനവിഭാഗങ്ങളെ യാകണം കേരളര്‍ എന്ന പദം സൂചിപ്പിക്കുന്നത്. പില്‍ക്കാലത്ത് ആചാര്യ ഭിന്നതകളുടെ പേരില്‍ അകറ്റി നിര്‍ത്തപ്പെട്ടവരായിരി ക്കാം ഹീനജാതിക്കാര്‍. കേരളര്‍ ദ്രാവിഡരാണെന്നു പ്രസ്താവിച്ചിട്ടുള്ളതില്‍ നിന്നും ബ്രാഹ്മണര്‍ കേരളരില്‍ ഉല്‍പ്പെടുന്നില്ലെന്നു വ്യക്തമാണ്. ലീലാതിലകത്തിലെ ത്രൈവര്‍ണിക സങ്കല്‍പ്പം വെച്ചു നോക്കിയാല്‍ നായന്മാര്‍ കഴിഞ്ഞ് ജാതിശ്രേണിയില്‍ കീഴേക്കു വരുന്ന ജനവിഭാഗങ്ങളാകണം ഹീനജാതിക്കാര്‍. ഹീനജാതിക്കാരുടെ തമിഴ് സാരൂപ്യമുള്ള ഭാഷയും ത്രൈവര്‍ണികരുടെ സംസ്‌കൃതസാരൂപ്യമുള്ള ഭാഷയും കൂടിക്കലര്‍ന്നാണ് മലയാളത്തിന്റെ നിലവാരപ്പെട്ട സാഹിത്യഭാഷ രൂപംകൊണ്ടത്.

9ആം നൂറ്റാണ്ടിനുമുമ്പുള്ള മലയാളഭാഷാ ചരിത്രത്തിലെങ്ങും ജാതീയമായി പിന്നോക്കമാക്കപ്പെട്ടവരിലുള്ള ഒരെഴുത്തുകാരനെ യും കാണാന്‍ കഴിയുന്നില്ല. എഴുതാനും വായിക്കാനും അവസരമില്ലാതിരുന്നവരുടെ ഇടയില്‍ നിന്നും എങ്ങനെ ഒരെഴുത്തുകാരന്‍ ഉയര്‍ന്നുവരും ? അവരുടെ കൂട്ടത്തില്‍ സര്‍ഗാത്മകപ്രതിഭകള്‍ ഉണ്ടായിരുന്നുവെന്ന് നിസ്സംശയം പറയാം. അജ്ഞാതകര്‍തൃകങ്ങളായി കാണുന്ന വാമൊഴി സാഹിത്യത്തില്‍ ഏറിയ പങ്കും അവരുടെ സൃഷ്ടികളാണ്. എഴുത്തും വായനയും അറിയാത്തവര്‍ ചൊല്ലിച്ചൊല്ലി വായ്‌മൊഴി സാഹിത്യത്തെ ഉറപ്പിക്കും. അങ്ങനെ പിന്നോക്കക്കാരാല്‍ സംരക്ഷിക്കപ്പെട്ടു പോന്ന അലിഖിത സാഹിത്യം തേടിപ്പിടിച്ച് രേഖപ്പെടുത്താനുള്ള സംരംഭങ്ങള്‍ ഉണ്ടായത് 19ആം നൂറ്റാണ്ടിന്റെ ഉത്തരാതദ്ധത്തി ലാണ്. കേരളത്തിലെ ആദിവാസികളുടെയും പിന്നോക്കാവസ്ഥ യില്‍ കഴിയുന്ന ജനവിഭാഗങ്ങളുടെയും ഇടയില്‍ ചൊല്ലിപ്പഴകിയ വായ്‌മൊഴി സാഹിത്യം അനവധിയുണ്ട് ശേഖരിക്കപ്പെടേണ്ടതായി. മലയാളത്തിന്റെ പഴയ സാഹിത്യത്തില്‍ അപൂര്‍വമായിട്ടുമാത്രമേ അധഃകൃതരുടെയും അധഃസ്ഥിതരുടെയും ജീവിതം നിഴലിച്ചിട്ടുള്ളൂ. സാഹിത്യത്തിലെ ജീവിതം രൂപപ്പെടുന്നത് എഴുത്തുകാരന്റെ കാഴ്ചപ്പാടാണ്. ചിത്രീകൃതമാകുന്നത് യഥാര്‍ത്ഥ ജീവിതമാകണമെ ന്നില്ല. കാഴ്ചയിലെ ഈ പരിമിതി ഇക്കാലത്തെ സാഹിത്യത്തിലും ഉണ്ടല്ലോ. തകഴിയും ദേവും വര്‍ക്കിയുമൊക്കെ പിന്നോക്കക്കാരെ പ്പറ്റി കഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും അവര്‍ ചിത്രീകരിച്ച ജീവിതത്തില്‍ യഥാര്‍ത്ഥ കീഴാള ജീവിതമില്ലെന്ന വീക്ഷണം ശ്രദ്ധിക്കുക.

19ആം നൂറ്റാണ്ടും 20ആം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധവും സൃഷ്ടിച്ച സാഹിത്യകാരന്മാരില്‍ ഭൂരിപക്ഷവും ജാതീയമായ ഉന്നത ശ്രേണിയില്‍ പെട്ടവരായിരുന്നെങ്കിലും സാമൂഹിക പരിവര്‍ത്തന ത്തിനുള്ള അഭിവാഞ്ഛ ഏറെ പേരിലും പ്രകടമായിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന്റെയും യുക്തിവിചാരത്തിന്റെയും വിവിധ ശാസ്ത്ര ശാഖകളുടെയും വളര്‍ച്ചക്ക് സഹായകമായ സാഹചര്യങ്ങള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും ജാതിനിര്‍മാര്‍ജന യത്‌നങ്ങളും കൊണ്ട് ഉളവായി. ദാരിദ്ര്യം, ചൂഷണം, അടിമത്തം, ഇടത്തരക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിത പ്രശ്‌നങ്ങള്‍ എന്നിവയെ സ്പര്‍ശിക്കുന്ന സാഹിത്യ രചനകള്‍ 1930കളോടെ മലയാളത്തില്‍ ഉണ്ടാകാന്‍ തുടങ്ങി. കുമാരനാശാന്‍ ശ്രദ്ധേയനായിത്തീരുന്ന കാലത്തു തന്നെ കീഴാളരുടെ അവകാശമുറവിളികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. കവിഭാരത ത്തിനെതിരേ കവിരാമായണമെഴുതിക്കൊണ്ട് മൂലൂര്‍ പത്മനാഭപ്പണിക്കര്‍ കൊളുത്തിയ വിവാദം ശ്രദ്ധേയമാണ്. പണിക്കരുടെ ശൗണ്ഡികവാദവും പണിക്കനോ പണിക്കരോ വാദവും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്വരങ്ങളായിരുന്നു. 1892ല്‍ പുറത്തിറങ്ങിയ പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയം പലതുകൊണ്ടും ശ്രദ്ധേയമായ ഒരു രചനയായിട്ടും അന്നത്തെ സാഹിത്യ ലോകം അതിനെ ആവും മട്ട് തമസ്‌കരിക്കാനാണ് ശ്രമിച്ചത്.പണ്ഡിറ്റ് കെ പി കറുപ്പന്റെ സാഹിത്യ സംരംഭങ്ങളോട് സവര്‍ണര്‍ പുലര്‍ത്തിയ അസഹിഷ്ണുതയും മറക്കാവതല്ല. ജാതീയമായ അടിച്ചമര്‍ത്തലും വിവേചനവും ഇന്നും നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിനു മനുഷ്യര്‍ നേരിടുന്ന പ്രശ്‌നമാണ്.

സംസ്‌കൃത സാഹിത്യത്തില്‍ നിന്നുറവെടുത്ത ഒരു ലാവണ്യശാസ്ത്രമാണ് കേരളത്തിലുള്ളത്. തമിഴിനോട് വൈകാരികമായ ചാര്‍ച്ചയുള്ള ഭാഷയാണ് മലയാളമെങ്കിലും തമിഴിന്റെ ലാവണ്യശാസ്ത്രത്തിന് ഇവിടെ വേരോടാന്‍ സാധിച്ചില്ല. സംസ്‌കൃതജന്യമായ സൗന്ദര്യധാരണകള്‍ വെച്ചുകൊണ്ട് അധഃസ്ഥിതരുടെയും അധഃകൃതരുടെയും സാഹിത്യ സൃഷ്ടികളെ വിലയിരുത്തുന്നത് യുക്തമല്ല. കാരണം പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന് അവരുടേതായ ഒരു സൗന്ദര്യശാസ്ത്രമുണ്ട്. അത് ശാസ്ത്തബദ്ധമാക്കാനുള്ള യത്‌നങ്ങളുണ്ടാകണം. അപ്പോള്‍ മാത്രമേ പ്രാന്തവല്‍ക്കരിക്ക പ്പെട്ടവരുടെ സാഹിത്യത്തിന്റെ പൊരുളും മൂല്യവും കൂടുതല്‍ മികവോടെ പ്രകാശിക്കുകയുള്ളൂ.

****

ജനപഥം മാസികയുടെ 2007 മാര്‍ച്ച് ലക്കത്തിലാണ് ഡോ നടുവട്ടം ഗോപാലകൃഷ്ണന്റെ ഈ ലേഖനമുള്ളത്.

പി എ ഉത്തമന്റെ 'ചാവൊലി' : വീണ്ടടുപ്പിന്റെ പുസ്തകം - അജയപുരം ജ്യോതിഷ് കുമാര്‍.


ജ്യോതിഷ് കുമാര്‍
മലയാളത്തിലെ കഥാ സാഹിത്യത്തില്‍ ഒരു നിശബ്ദവിപ്ലവത്തിന്റെ നേരൊലി കേള്‍പ്പിച്ചുകൊണ്ടാണ് പി എ ഉത്തമന്‍ എന്ന എഴുത്തുകാരന്‍ കഥാവശേഷനായത്. രണ്ടു ദശകത്തിലേറെ കാലം കഥാകാരനെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതനായി രുന്ന ഉത്തമന്റെ ആദ്യ നോവലാണ് ചാവൊലി. വളരെ കാലം എഴുത്തുകാരന്‍ മനസ്സില്‍ കൊണ്ടുനടന്ന വംശഗാഥയാണ് ഈ നോവലിലൂടെ വായനക്കാര്‍ക്കു മുന്നില്‍ അനാവൃതമാകുന്നത്. ആഗോളവല്‍ക്കരണ വും വിപണിസംസ്‌കാര വും പടര്‍ത്തിക്കൊണ്ടു വന്ന അന്യഥാബോധത്തിന്റെയും ഏകമുഖവീക്ഷണത്തിന്റെയും കെടുതികള്‍ക്കിടയില്‍ സ്വത്വത്തിന്റെ വേരുകള്‍ അന്വേഷിക്കുന്ന എഴുത്തുകാരന്റെ കരുത്താണ് ചാവൊലി പ്രകടമാക്കുന്നത്. നാട്ടുമൊഴികളുടെയും നാട്ടറിവുകളുടെയും വീണ്ടെടുപ്പിനെ കുറിച്ച് ഈ കൃതി ഓര്‍മ്മപ്പെടുത്തുന്നു. ഏതു ചെറിയ കൂട്ടായ്മക്കും മണ്ണിലാണ്ടു പോയ ഒരു ഭൂതകാലമുണ്ടെന്നും ആ അസ്തിത്തറയില്‍ നിന്നാണ് പരിഷ്‌കൃത സമൂഹങ്ങള്‍ ഉടലെടുക്കുന്നതെന്നും സിദ്ധാന്തങ്ങളുടെ കൈത്താങ്ങില്ലാതെ ഉത്തമന്‍ വിളിച്ചു പറയുന്നു. സ്വന്തം വംശത്തിന്റെ ചരിത്രസ്മൃതികളിലേക്കും വര്‍ത്തമാന സമസ്യകളിലേക്കും സത്യസന്ധമായ ഒരന്വേഷണയാത്ര നടത്തുകയാണ് നോവലിസ്റ്റ്. തന്റെ മണ്ണും തന്റെ യാഥാര്‍ഥ്യങ്ങളും ചുറ്റുപാടുകളുടെ സങ്കീര്‍ണതകളും ഉത്തമന്‍ നോവലിലേക്ക് കൂട്ടിക്കൊണ്ടു വരുന്നു. അതിജീവന സമരങ്ങളുടെയും സഹനത്തിന്റെയും ഭൂതകാലസ്മൃതികളെ തോറ്റിയുണര്‍ത്തി ചരിത്രത്തെ പുനര്‍നിര്‍ണയിക്കുന്നതിന് നാട്ടുവഴക്കത്തിന്റെയും നാട്ടുമൊഴിയുടെയും വഴികളിലൂടെ സഞ്ചരിക്കുന്നു. മലയാള നോവലിന്റെ ചരിത്രത്തില്‍ ഇത്തരമൊരു കാല്‍വെപ്പ് ഇദംപ്രഥമമാണ്. 

നെടുമങ്ങാട്ടും പരിസരപ്രദേശത്തും ജീവിച്ചുമരിച്ച കുറവസമുദായത്തില്‍ പെട്ട ഒരുകൂട്ടം പച്ചമനുഷ്യരുടെ കഥയാണ് ചാവൊലി. അതേസമയം സമാനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയ അനേകം മനുഷ്യരുടെ കഥ കൂടിയാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പും പിന്‍പുമുള്ള കാലയളവാണ് കഥപറയാന്‍ ഉത്തമന്‍ സ്വീകരിച്ചിട്ടുള്ളത്. സ്വാതന്ത്ര്യമെന്നത് ചിലര്‍ക്ക് ഭാവനയില്‍ നെയ്‌തെടുക്കുന്ന അനുഭവം മാത്രമാണ്. ചൂഷണത്തിന്റെ വാള്‍ത്തലക്ക് മുന്നില്‍ നഷ്ടങ്ങള്‍ മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട, പാരതന്ത്ര്യ ത്തിന്റെ പുകമൂടിയ പരേതാത്മാക്കളുടെ ലോകം ചാവൊലി കാണിച്ചു തരികയാണ്. ചാവൊലി എഴുതാനിടയാക്കിയ സാഹചര്യം നോവലിസ്റ്റ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

'ഭൂമിയില്‍ എവിടെയും അതിരു ജീവിതമുണ്ട്., അതിനാല്‍ സമാനതയും. പ്രകൃതിയെ ഒരു നുള്ളുപോലും നോവിക്കാതെ, സ്വയം വേദനകളായിത്തീരുമ്പോഴേക്കും മണ്ണിനെ നെഞ്ചേറ്റിയോര്‍. ചരിത്രത്തില്‍ അ്‌വരില്ല. മനുഷ്യസമൂഹത്തില്‍ അവര്‍ക്കിടമില്ല. സ്ഥലകാലങ്ങളില്ലാതെ ഗതികിട്ടാചാവുകള്‍. കൊച്ചേമ്പി, വെളുത്ത, നീലമ്പി, ആദിച്ചന്‍, തേയി, കറുമ്പന്‍, ചിന്നന്‍, പെരുമാള്‍, കുഞ്ഞിരാമന്‍.... കാലങ്ങളില്‍ നിന്ന് കാലങ്ങളിലേക്ക് അവര്‍ നടന്നുപോകുന്നു. നോവിലൂടെ, കേട്ടുകേള്‍വിയിലൂടെ വിഗ്രഹങ്ങളാവാതെ അവരുടെ ജീവിതക്കാഴ്ചകളിലൂടെ എരിഞ്ഞുപോകുമ്പോള്‍ തുള്ളിത്തെറിച്ച വെളിച്ചത്തുണ്ടുകള്‍. കണ്ടെടുത്ത ചെറു ചെറു ജീവിതങ്ങള്‍ പതുക്കെപ്പതുക്കെ കുറിച്ചുവെച്ചു.' ചാവൊലിയുടെ രചനാദൗത്യവും ആത്മാര്‍ത്ഥതയുമാണ് ഈ വാക്കുകളില്‍ നിറയുന്നത്. അനാഡംബരപൂര്‍ണവും അനാകര്‍ഷകവുമായ പുറമ്പോക്കു ജീവിതത്തിനും പകര്‍ത്തിവെക്കാന്‍ ഒരു ചരിത്രമുണ്ടെന്ന് ചാവൊലിയിലൂടെ ഉത്തമന്‍ തെളിയിക്കുന്നു.

'മണ്ണിലാണ്ട മരങ്ങളായ്' 'അമരവാഴ്‌വുകളിങ്ങനെ' എന്ന് രണ്ടുഭാഗങ്ങളുണ്ട് ഈ നോവലിന്. ആദ്യഭാഗം മുഴുവനും പഴമയുള്ള നെടുമങ്ങാടന്‍ നാട്ടുപേച്ചിലാണ് എഴുതിയിട്ടുള്ളത്. രണ്ടാം ഭാഗത്താകട്ടെ ദേശഭാഷയും മാനകഭാഷയും ഇടകലര്‍ത്തിയിരിക്കുന്നു. ജീവല്‍ഭാഷക്ക് വൈകൃതമോ അന്തസ്സുകേടോ ഇല്ലെന്ന് ഉത്തമന്‍ ഉറച്ചു വിശ്വസിച്ചു. ഭാഷാവിനിയോഗത്തെക്കുറിച്ചുള്ള അല്‍പ്പത്തങ്ങള്‍ക്കും ഉച്ചനീച ചിന്തകള്‍ക്കും നേരെ വ്യവഹാരഭാഷയുടെ സൗന്ദര്യം കൊണ്ടോരു പ്രത്യാക്രമണം നടത്തിയിരിക്കുകയാണ് ഉത്തമന്‍. ജീവിക്കാനും അധ്വാനിക്കാനും ഇടമില്ലാത്ത കുറവരുടെ അരക്ഷിതാവസ്ഥയാണ് ഒന്നാം ഭാഗത്ത് വിവരിക്കുന്നത്. ലഭിച്ച ഇടങ്ങള്‍ നഷ്ടപ്പെടുന്ന തിന്റെയും ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതിന്റെയും വേദനിപ്പിക്കുന്ന അവസ്ഥാന്തരങ്ങള്‍ രണ്ടാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നു. 

പിതൃക്കളെ കുടിയിരുത്തിയ ആല്‍ത്തറക്കു മുന്നില്‍ താണുവീണു തൊഴുതുനില്‍ക്കുന്ന ചങ്കരനില്‍ നിന്നാണ് ചാവൊലി മുഴങ്ങിത്തുടങ്ങുന്നത്. പൈതൃകം അന്വേഷിച്ചെത്തിയ പിന്‍മുറക്കാരനെ വെളുത്ത മുത്തി തിരിച്ചറിയുന്നു. പിന്നെ വെളുത്തമുത്തിയുടെ ഓര്‍മ്മയായും നോവലിസ്റ്റിന്റെ ആഖ്യാനമായും തലമുറകള്‍ നീളുന്ന ചാവൊലിയുടെ കഥ വികസിക്കുന്നു. പണ്ടുപണ്ട് തങ്ങള്‍ക്ക് സ്വന്തമായിരുന്ന ഭൂമിയും പച്ചപ്പുകളും ജന്മിമാര്‍ സ്വന്തമാക്കിയതും അധ്വാനഫലങ്ങല്‍ അപഹരിച്ചതും വിഫലസ്വപ്‌നങ്ങളുടെ ഗര്‍ത്തങ്ങളില്‍ പൂര്‍വികര്‍ വീണടിഞ്ഞതും ഓര്‍മ്മകളിലൂടെ അനാവൃതമാകുന്നു. കുഞ്ഞങ്കരന്‍ നായര്‍ എന്ന ജന്മിയുടെ പണിയാളരായ കൊച്ചേമ്പിയുടെയും ചക്കിയുടെയും മകളാണ് വെളുത്ത. ജന്മിയുടെ മകനായ വേലായ്വന്നാരുമായി വെളുത്തക്ക് അടുപ്പമുണ്ടായിരുന്നു. ഗര്‍ഭിണിയായ വെളുത്തയെ കൊച്ചേമ്പി അരുവിക്കര ഗ്രാമക്കാരനായ നീലമ്പിക്ക് കല്യാണം കഴിച്ചു കൊടുത്തു. പൊലിയായി കിട്ടിയ നെല്ലും ദാനമായി കിട്ടിയ ഭൂമിയും കൊണ്ട് നീലമ്പി അത്ഭുതങ്ങള്‍ കാണിച്ചു. മണ്ണിനെയും പ്രകൃതിയെയും അയാള്‍ ജീവനെക്കാളേറെ സ്‌നേഹിച്ചു. പക്ഷെ വിളവെടുക്കാ നുള്ള യോഗം ്അയാള്‍ക്ക് ഒരിക്കലും ലഭിച്ചില്ല. കുന്നുകളില്‍ നിന്ന് കുന്നുകളിലേക്ക് അയാള്‍ പൊയ്‌ക്കൊണ്ടേയിരുന്നു. കുടിയൊഴിപ്പിക്കലിന്റെയും പീഡനത്തിന്റെയും അവഗണന യുടെയും അനുഭവ പരമ്പരകള്‍ ആവര്‍ത്തിച്ചുകൊണ്ടേ യിരുന്നു. രാജമൂര്‍ഖന്‍ എന്ന ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റ് മരിക്കുന്ന നീലമ്പി യഥാര്‍ഥത്തില്‍ മണ്ണിനുവേണ്ടി രക്തസാക്ഷി യാവുകയായിരുന്നു. ജന്മിയായ കുഞ്ഞ്യങ്കരന്‍ നായരേക്കാള്‍ വലിയ ക്രൂരനായിരുന്നു കാര്യസ്ഥന്‍ കോയിന്നാര്. ഒരു ദുഷ്ടമൃഗത്തെ കൊന്നുകളയുന്ന ലാഘവത്തോടെയാണ് അയാള്‍ വൃദ്ധനായ കൊച്ചേമ്പിയെ തല്ലിക്കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടത്. കുടികിടപ്പിന്റെ യാതനകള്‍ക്കിടയിലും ആത്മബലവും തന്റേടവും കൊണ്ട് സ്വന്തം വഴി കണ്ടെത്തുന്ന ചിലരെയും ചാവൊലിയില്‍ കാണാം. സ്വന്തം മണ്ണിനെയും നെല്ലിനെയും കുറിച്ച് മമതയും തന്റേടവും പ്രകടിപ്പിക്കുന്ന തേയിയും നാട്ടുവൈദ്യത്തിന്റെയും മാന്ത്രിക വിദ്യയുടെയും കരുത്തില്‍ ഊരു ചുറ്റുന്ന ആദിച്ചനും കാക്കാരിശ്ശി ആശാനായ ചിന്നനും സഹജീവികള്‍ക്കിടയില്‍ സാക്ഷരതയുടെ സന്ദേശമെത്തിക്കുന്ന കറുമ്പനും ഇത്തരം കഥാപാത്രങ്ങളാണ്. തലമുറകള്‍ മാറുംതോറും ജന്മിത്വത്തോടുള്ള പ്രതിഷേധവും സ്വത്വാവബോധവും സമുദായാംഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്നതിന്റെ സൂചനകളാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുന്നത്. ജന്മംകൊണ്ട് ജന്മിയെങ്കിലും തിരസ്‌കൃതരായ ശേഷം ദലിതര്‍ക്കായി അക്ഷരവെളിച്ചം പകരാന്‍ തയ്യാറായ വേലായ്വന്നാരിലും ക്രൂരതക്കൊപ്പം അല്‍പ്പം നന്മ ബാക്കിനില്‍പ്പുണ്ട്. സാക്ഷരത ദലിതന്റെ മോചനത്തിന് അനിവാര്യമാണെന്ന സന്ദേശമെത്തിക്കല്‍ ഈ നോവലിന്റെ സുപ്രധാനമായ ഊന്നലാണ്. മലയാളത്തിലെ ദലിത് പ്രാതിന്ധ്യമുള്ള ആദ്യ നോവലായ 'സരസ്വതീവിജയ'ത്തില്‍ തന്നെ ഈ സന്ദേശമുണ്ടായിരുന്നു എന്ന വസ്തുതയും ഇതോടൊപ്പം ചേര്‍ത്തു കാണാവുന്നതാണ്.

'അമരവാഴ്‌വുകളിങ്ങനെ' എന്ന ഭാഗം വര്‍ത്തമാനത്തെ തൊട്ടാണ് നില്‍ക്കുന്നത്. മണ്ണിലാണ്ട മരങ്ങളായിത്തീര്‍ന്ന മുന്‍തലമുറയില്‍ നിന്ന് ഒരുപാട് മാറിപ്പോയ ഒരു ജനതയെയാണ് ഉത്തമന്‍ ഇവിടെ അവതരിപ്പിക്കുന്നത്. ജന്മിയുടെ അധീനത്തിലായിരുന്ന പഴയഗ്രാമം ഒരു കോളനിയായി മാറുകയാണ്. ഇവിടെയും സ്വന്തം ഇടമില്ലായ്മ എന്നത് കുറവര്‍ക്ക് കുടഞ്ഞെറിയാനാവാത്ത പ്രശ്‌നമായി മാറുന്നു. അവര്‍ കൂടുതല്‍ പ്രാന്തവല്‍ക്കരിക്ക പ്പെടുകയും മണ്ണിനോടും പ്രകൃതിയോടുമുണ്ടായിരുന്ന അനുഭവവും ഇണക്കവും നഷ്ടമാവുകയും ചെയ്യുന്നു. കോളനിയിലെത്തുന്ന നിരീക്ഷകനായ രഘൂത്തമനിലൂടെയാണ് - അയാളുടെ ശ്ലഥവും വിഭ്രാമകവുമായ ഓര്‍മ്മകളിലൂടെയാണ് - ഒന്നാം ഭാഗത്തിന്റെ കഥത്തുടര്‍ച്ചകള്‍ അറിയാനാകുന്നത്. ചരിത്രത്തില്‍ നിന്ന് കടന്നുവരുന്ന കുഞ്ഞിരാമന്‍ രഘൂത്തമന്റെ മുന്നില്‍ ബഹു വ്യക്തിത്വത്തോട വെളിപ്പെടുന്നു. ഇടങ്ങളില്‍ നിന്നും വീണ്ടും വീണ്ടും ആട്ടിയോടിക്കപ്പെടുന്ന ജനതതിയുടെ ചിത്രമാണ് അമരവാഴ്‌വുകളില്‍ തെളിയുന്നത്. കുഞ്ഞിരാമന്റെ കഥാകഥനം നാട്ടുപേച്ചിലും രഘൂത്തമന്റെ നേര്‍ക്കാഴ്ചകള്‍ അച്ചടിവടിവിലും ആഖ്യാനം ചെയ്യുന്ന നോവലിസറ്റ് തലമുറകളുടെ വൈരുധ്യം പ്രകടിപ്പിക്കാന്‍ ഭാഷാവിനിയോഗത്തെ ബോധപൂര്‍വം ഒരു ഉപകരണമാക്കുകയാണ്.

എഴുത്തുകാരന്റെ കേട്ടറിവുകളും അനുഭവസത്യങ്ങളും ആലങ്കാരികത തീരെയില്ലാതെ വിവരിക്കപ്പെടുമ്പോള്‍ വായനക്കാരന്റെ പ്രജ്ഞയിലേക്ക് ചില നടുക്കങ്ങള്‍ എടുത്തെറിയപ്പെടുകയാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടക്കുള്ള നൂല്‍പ്പാലത്തില്‍ കുടുങ്ങിയ ചില മനുഷ്യ ജന്മങ്ങള്‍ നമ്മെ വേട്ടയാടാതിരിക്കില്ല. ചാണകക്കുണ്ടിലും പുലിമടയിലും മലമടക്കുകളിലും ജലപാതത്തിലും ഒടുങ്ങിയ അടിയാള ജീവിതങ്ങള്‍, ബലാത്സംഗവും കയ്യേറ്റവും നന്ദികേടും നിറഞ്ഞ ജന്മിത്വത്തിന്റെ കുടിലതകള്‍, പ്രതിരോധത്തിന്റെ വഴി കണ്ടെത്താനുള്ള ദലിതന്റെ ശ്രമ പരാജയ പരമ്പരകള്‍ പച്ചമാംസത്തിന്റെയും ചോരയുടെയും മണമുള്ള അനുഭവ വൈവിധ്യങ്ങളില്‍ നിന്ന് ചാവൊലിയുടെ വായനക്കാരന് വിടുതലില്ല.

'ദലിതന്റെ ഇടത്തെക്കുറിച്ച് അനുഭവത്തിന്റെ പദകോശം കൊണ്ട് നിര്‍മ്മിച്ച നോവല്‍' എന്ന് ചാവൊലിയുടെ ചരിത്ര പ്രാധാന്യത്തെ പി കെ രാജശേഖരന്‍ വിലയിരുത്തിയിട്ടുണ്ട്. വ്യവസ്ഥാപിത ദലിത് സാഹിത്യത്തിന്റെ ഔദാര്യങ്ങള്‍ ഏറ്റുവാങ്ങാന്‍ നില്‍ക്കാതെ, ആത്മാര്‍ത്ഥവും യഥാര്‍ത്ഥവുമായ കലാപങ്ങളുടെ ഭൂതകാലത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ കാലത്തേക്ക് കടന്നുവന്ന പുറമ്പോക്ക് ജനത സ്വാര്‍ത്ഥതയുടെയും സുഖലോലുപതയുടെയും സ്വര്‍ഗങ്ങല്‍ അന്വേഷിച്ച് പരാജയപ്പെടുന്നതിന്റെ ചിത്രവും ഉത്തമന്‍ രേഖപ്പെടുത്തുന്നുണ്ട്. നോവലിന് രണ്ടാം ഭാഗം എഴുതിയതു തന്നെ ഈ പരിവര്‍ത്തന ദശ ചൂണ്ടിക്കാണിക്കാനാണ്. ഈ സ്വയം വിമര്‍ശനത്തിന്റെ അഭാവമാണ് മലയാളത്തിലെ പ്രഖ്യാപിത ദലിത് സാഹിത്യത്തിന്റെ പോരായ്മകളിലൊന്ന്.

ചാവൊലി മികച്ച ഫോക് നോവല്‍ കൂടിയാണ്. നാടോടി ജീവിതാനുഭവങ്ങളുടെയും വിശ്വാസാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നാടന്‍ കലകളുടെയും സമൃദ്ധമായ ചേരുവയുണ്ട് ഈ നോവലില്‍. മേലാങ്കോട്ടമ്മ മുത്തുമാരിയമ്മ തുടങ്ങിയ അമ്മ ദൈവങ്ങളും ആയിരവല്ലിത്തമ്പുരാന്‍ എന്ന കുലപരദേവതയും നെരിപ്പോടുമാടന്‍, മറുത തുടങ്ങിയ ദുര്‍ദേവതകളും പെരച്ചന്‍ എന്ന മന്ത്രവാദിയും കൊടുതി, പെടോട, ചാവൂട്ട്, നാലുകെട്ട്, പതിനാറുകളി, തെരണ്ടുകുളി തുടങ്ങിയ അനേകം ചടങ്ങുകളും 'ഊക്കീക്കിത്തമ്പരം' പോലുള്ള നാടന്‍ കളികളും 'കാക്കാരിശ്ശി നാടകം' എന്ന കലാരൂപവും കഥപ്പാട്ടുകളും വായ്ത്താരികളും ഒക്കെച്ചേര്‍ന്ന് നാടന്‍ സ്വത്വത്തിന്റെ ഒരു സമാഹാരമായി ഊ നോവല്‍ മാറുന്നു. 'ഞാനീ മുറ്റത്തൊന്നു തൂറിക്കോട്ടോ'ന്നു ചോദിക്കുന്ന നീലമ്പിയുടെ നിഷ്‌കളങ്കതയില്‍ മണ്ണും കര്‍ഷകനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ തീവ്രതയാണ് ധ്വനിക്കുന്നത്.

നോവലിന്റെ രണ്ടാം ഭാഗത്ത് ഗ്രാമത്തിന്റെ പരിവര്‍ത്തനം കണ്ട് റോഡില്‍ അമ്പരന്നു നില്‍ക്കുന്ന രഘൂത്തമനോട് കുഞ്ഞിരാമന്‍ പറയുന്ന അതീവ ഹൃദ്യമായ ചില വാക്കുകളുണ്ട്. 'അതാ.... വയലും തോടും നെമത്യേത്.... നെറച്ച് മീനൊണ്ടാരുന്ന തോട്. പ്പം മണ്ണിന്റെടീക്കൂടെ അവത്തുങ്ങള് ഓടേരിക്കും. ആളനക്കം കേട്ട്.' പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന് ജീവിച്ചിരുന്ന മനുഷ്യരുടെ നിഷ്‌കപടമായ വ്യക്തിത്വത്തെയാണ് ഈ നാട്ടുപേച്ചിലൂടെ ഉത്തമന്‍ അനാവരണം ചെയ്യുന്നത്.

മാറിയ കാലത്തിന്റെ അനേകം ചിഹ്നങ്ങള്‍ ഈ നോവലിലുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ കോളനിസ്ഥലം ഏറ്റെടുക്കുന്നതാണ് അതില്‍ ഏറ്റവും പ്രധാനം. പിടിച്ചുപറിക്കാരും ഗുണ്ടകളും കൂട്ടിക്കൊടുപ്പുകാരും മനുഷ്യദൈവങ്ങളും ടി വി കിയോസ്‌കുമൊ ക്കെയുള്ള ഒരു ചേരിയുടെ അവസ്ഥയിലേക്ക് പഴയ നാട് ചെന്നെത്തുന്നതോടെ സ്വത്വ നഷ്ടത്തിന്റെ മറ്റൊരു മുഖം ദൃശ്യമാകുകയാണ്. തുറക്കുകയും അടക്കുകയും വീണ്ടും തുറന്നടക്കുകയും ചെയ്യുന്ന അണ്ടിയാപ്പീസ് ഉപജീവന സംസ്‌കൃതിയുടെ അനിശ്ചിതത്വത്തിന്റെ പ്രതീകമായി നോവലില്‍ പുകക്കുഴലുയര്‍ത്തി നില്‍ക്കുന്നുണ്ട്. കുറവന്‍ മഹാസഭ പോലെയുള്ള സംഘടനകളുടെ സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളും അയ്യന്‍കാളിയുടെ ഇടപെടലുകളുമൊക്കെ പ്രഖ്യാപിത ചരിത്രത്തില്‍ നിന്ന് നോവലിലേക്ക് കടന്നുവരുന്നുണ്ട്. നിത്യവ്യവഹാരത്തിന്റെ പശിമയുള്ള ഈ നോവലില്‍ ഉത്തമന്റെ ജീവിതാംശവും പൂര്‍വികരുടെ ജീവാംശവും കലര്‍ന്നു കിടപ്പുണ്ട്.


പി എ ഉത്തമന്‍ 
ഉത്തമന് ചാവൊലി ഒരു പരീക്ഷണ രചനയായിരു ന്നില്ല. പക്ഷെ നിരൂപകരും ആസ്വാദകരും ഇതിലെ പരീക്ഷണാംശത്തെ തിരിച്ചറിയേണ്ടതുണ്ട്. മാനക ഭാഷയുടെ അലക്കിത്തേച്ച ചൊല്‍വടിവുകളെ നിരാകരിച്ചുകൊണ്ട് സംസാരഭാഷയുടെ ബലവീര്യവേഗങ്ങള്‍ എടുത്തുപയോഗിക്കുക എന്ന അഭിമാനകരമായ വെല്ലുവിളിയാണ് ഉത്തമന്‍ ഏറ്റെടുത്തത്. ആദ്യനോവലില്‍ തന്നെ ആഖ്യാന ഭാഷയുടെയും സൗന്ദര്യ സങ്കല്‍പ്പങ്ങളുടെയും വ്യവസ്ഥകളെ തിരുത്തിക്കുറിച്ച ഉത്തമന്‍, ജീവിതത്തെ തൊട്ടെഴുതുക എന്ന പ്രാഥമിക പാഠത്തിലൂടെ മലയാള നോവലില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. അഥവാ ചാവൊലി മറ്റൊരു ചരിത്ര രേഖയായി മാറുകയായിരുന്നു. 

*****

'വിദ്യാരംഗം' മാസികയുടെ 2009 മെയ് ലക്കത്തിലാണ് ഈ ലേഖനമുള്ളത്.

അജയപുരം ജ്യോതിഷ് കുമാര്‍,
സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍,
എം ജി കോളേജ്,
തിരുവനന്തപുരം.

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

ആള്‍ദൈവങ്ങള്‍ക്കു പിന്നില്‍ ഫാസിസ്റ്റു സംഘടനകള്‍ - കെ വേണു


കെ വേണു
ഒ വി വിജയന്റെ ആരാധ്യനായ ഗുരുവെന്ന നിലക്ക് പ്രബുദ്ധരായ മലയാളികള്‍ക്കിടയില്‍ പോലും മാന്യമായ പരഗണന ലഭിച്ച ആള്‍ദൈവമായിരുന്നു കരുണാകര ഗുരു. അദ്ദേഹം നിര്യാതനായിട്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും പോത്തന്‍കോട്ടെ ശാന്തിഗിരി ആശ്രമത്തില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ സാധാരണക്കാരെ ഞെട്ടിക്കുന്നതാണ്. ശാന്തിരിഗി ആശ്രമത്തില്‍ സന്യാസിനിയായിരുന്ന ദയയെന്ന 23കാരിക്കും കുടുംബത്തിനും ആശ്രമ അധികൃതരില്‍ നിന്നുമുള്ള ഭീഷണിയെ നേരിട്ട് ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി വിധി വന്നതോടെയാണ് ഇത്തരം ആശ്രമത്തില്‍ എന്തുനടക്കുന്നുവെന്ന് ജനങ്ങള്‍ അറിയാന്‍ തുടങ്ങിയത്. ആത്മീയതയില്‍ ഊന്നിക്കൊണ്ട് സമൂഹത്തിന് ഗുണം ചെയ്യാന്‍ അവസരം നല്‍കുന്ന ഗുരുവിന്റെ പദ്ധതികളോട് ഒരു ഉള്‍വിളിയാല്‍ ആകര്‍ഷിക്കപ്പെട്ടിട്ടാണ് SSLCക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ ദയ ആശ്രമത്തിലെ അന്തേവാസിയായത്. ഗുരുവിന്റെ നിര്യാണത്തെ തുടര്‍ന്ന് പുതിയ മേധാവികള്‍ അന്തേവാസികളെ കൊണ്ട് കഠിനമായി അധ്വാനിപ്പിക്കാന്‍ തടുങ്ങുകയും അനുസരിക്കാത്തവരെയും വിട്ടു പോകുന്നവരെയും പിന്നെയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ദയ പറയുന്നു. കരുണാകര ഗുരുവിനോടുള്ള ബഹുമാനം കൊണ്ട് താന്‍ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നില്ലെന്നും ദയ പറയുമ്പോള്‍ സംഗതിയുടെ ഗുരുതരാവസ്ഥയെ കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാനേ കഴിയൂ. ഇത്തരം ആത്മീയ കേന്ദ്രങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എന്തു സംഭവിക്കുന്നു എന്നതിലേക്കുള്ള അര്‍ത്ഥവത്തായ സൂചനകളാണ്, ഏതായാലും ദയ നല്‍കിയിരിക്കുന്നത്.

ഫാസിസ്റ്റുഘടന

ആശ്രമത്തില്‍ തുടരേണ്ടെന്ന് തീരുമാനിച്ചിട്ടും അവിടെ നിന്നും പോരാന്‍ കഴിയാതെ വരുന്നതും കള്ളക്കഥകള്‍ പറഞ്ഞ് അമ്മയും അച്ഛനും ചേര്‍ന്ന് ദയയെ വീട്ടിലേക്ക് കൊണ്ടുവരുന്നതും ദയ തിരിച്ചു ചെല്ലാതിരുന്നപ്പോള്‍ ആശ്രമത്തില്‍ നിന്നുള്ള സംഘം ഉടന്‍ തന്നെ ദയയെ തിരികെ കൊണ്ടുപോകാനായി വരുന്നതുമെല്ലാം നല്‍കുന്ന സൂചന വളരെ വ്യക്തമാണ്. നേരത്തെ തന്നെ ശാന്തിഗിരി ആശ്രമത്തില്‍ നിന്ന് പുറത്തു ചാടിയ പൂര്‍ണജ്ഞാന തപസ്വിയെന്ന സന്യാസിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളും ഇതേ സൂചന തന്നെയാണ് നല്‍കുന്നത്. ചെറിയൊരു വിമത ശബ്ദം പോലും പൊറുപ്പിക്കാനാവാത്ത വിധം ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനാ സംവിധാനങ്ങളാണ് ഇത്തരം ആശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നുള്ള സൂചനകളാണ് ഈ സംഭവങ്ങളില്‍ കാണുന്നത്. ശാന്തിഗിരി ആശ്രമം താരതമ്യേന ചെറുതും സാമ്പത്തിക ശേഷിയുടെ കാര്യത്തില്‍ തീരെ ദുര്‍ബലവുമാണ്. എന്നിട്ടും ഇതാണ് സ്ഥിതിയെങ്കില്‍ നൂറുകണക്ക്ിന് കോടി രൂപയുടെ ആസ്തിയുള്ള അസംഖ്യം സ്ഥാപനങ്ങള്‍ നടത്തുന്ന വന്‍ ആശ്രമങ്ങളുടെ സ്ഥിതി പറയുകയേ വേണ്ട.

സത്യസായി ബാബയുടെ നേതൃത്വത്തിലുള്ള ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിക്കൊണ്ടുപോകുന്നത് ഒരു കോര്‍പ്പറേറ്റ് മാനേജ്‌മെന്റാണ്. അതേസമയം, വ്യവസായ വ്യാപാര സംരംഭങ്ങള്‍ നടത്തിക്കൊണ്ടുപോകുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവയുടെ ഭരണവും സാമ്പത്തിക ഇടപാടുകളും സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും പൊതു ഏജന്‍സിയുടെയോ പരിശോധനക്ക് വിധേയവുമല്ല. അതുകൊണ്ട് ഇത്തരം ആശ്രമങ്ങളുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് മാേേനജുമെന്റുകള്‍ പ്രവര്‍ത്തിക്കുന്നത് തികച്ചും നിഗൂഢമായിട്ടാ യിരിക്കും. ഇത്തരം നിഗൂഢ മാനേമെന്റുകള്‍ക്ക് അനിവാര്യമായും സംഭവിക്കുന്ന അന്തഃഛിദ്രത്തിലൂടെയാണ് അവയുടെ വികൃതമായ പ്രവര്‍ത്തന രീതികള്‍ പുറത്തറിയാറുള്ളത്. സത്യസായി ബാബയുടെ ആശ്രമ മാനേജുമെന്റിനുള്ളില്‍ പലതവണയുണ്ടായ ഇത്തരം അന്തഃഛിദ്രങ്ങള്‍ സംഘട്ടനങ്ങളും കൊലപാതകങ്ങളും വരെ എത്തുകയുണ്ടായി. ബാബ ജിവിച്ചിരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് ഇതെല്ലാം ഒതുക്കിത്തീര്‍ക്കാനും തന്റെ ഫാസിസ്റ്റു സംഘടനയെ നിലനിര്‍ത്താനും കഴിഞ്ഞു. എന്നാല്‍ കുണാകര ഗുരുവിന്റെ ശാന്തിഗിരി ആശ്രമത്തിന് സംഭവിച്ചതുപോലെ സായി ബാബ നിര്യാതനായാല്‍ അദ്ദേഹത്തെ കേന്ദ്രീകരിച്ചു നിലനില്‍ക്കുന്ന സാമ്പത്തിക സംവിധാനങ്ങളെല്ലാം അന്തഃഛിദ്രത്തിലൂടെ തകരുമെന്ന് നിസ്സംശയം പറയാം.

അമേരിക്കയിലും മറ്റു പാശ്ചാത്യ നാടുകളിലും ഇന്ത്യയിലു മെല്ലാമായി കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുള്ള ആശ്രമശൃംഖലകള്‍ കെട്ടിപ്പടുത്ത രജനീഷിന്റെ നിര്യാണത്തെ തുടര്‍ന്ന് എത്ര പെട്ടെന്നാണ് ആ സംവിധാനങ്ങളെല്ലാം അന്തഃഛിദ്രം വഴി തകര്‍ന്നു തരിപ്പണമായതെന്ന് നമുക്കറിയാം. ഓഷോ കെട്ടിപ്പടുത്ത സാമ്രാജ്യത്തിനും അതു തന്നെയാണ് സംഭവിച്ചത്. രജനീഷും ഓഷോയുമെല്ലാം വന്‍തോതില്‍ അനുയായികളെ ആകര്‍ഷിക്കാന്‍ കഴിയുംവിധം നൂതനമായ ആശയസംഹിതകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ്. എന്നിട്ടും അവരുടെ സംഘടനാ സംവിധാനങ്ങള്‍ക്ക് ഫാസിസ്റ്റു സ്വഭാവം കയ്യൊഴിക്കാനായില്ലെന്നതു കൊണ്ടുതന്നെയാണ് അവ തകര്‍ന്നത്.

ആള്‍കൂട്ട മനഃശാസ്ത്രം

വന്‍ അനുയായികളെ സൃഷ്ടിക്കുന്ന ഒരു ആള്‍ദൈവം വ്യത്യസ്തവും തനതുമായ ശൈലികള്‍ ആവിഷ്‌കരിച്ചുകൊണ്ടാണ് വിജയിക്കുന്നത്. രജനീഷ് മൗലികതയുള്ള ആശയങ്ങല്‍ അവതരിപ്പിച്ചുകൊണ്ടാണ് അനുയായികളെ ആകര്‍ഷിച്ചതെങ്കില്‍ സത്യസായി ബാബ ചെപ്പടിവിദ്യയിലൂടെയാണ് ഈ ലക്ഷ്യം നേടിയത്. ശ്രീ ശ്രീ രവിശങ്കര്‍ ഇപ്പോള്‍ ലോകമെമ്പാടും അനുയായികളെ സൃഷ്ടിച്ചുകൊണ്ട് പ്രചരണം നടത്തിക്കൊണ്ടിരി ക്കുന്നത് നിത്യജീവിതത്തില്‍ അസംതൃപ്തരായ മധ്യവര്‍ഗക്കാര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കാന്‍ കഴിയുന്ന ജീവിത ശൈലികള്‍ അവതരിപ്പിച്ചു കൊണ്ടാണ്.

ചെപ്പടിവിദ്യകള്‍ സമാനമായ ദൈവിക പ്രകടനങ്ങളിലൂടെ ആരംഭിച്ച അമൃതാനന്ദമയി ഇപ്പോള്‍ തൊട്ടുതലോടലും ആലിംഗനവും നടത്തിയാണ് അനുയായികളെ തന്റെ മാസ്മര വലയത്തിലൊതുക്കുന്നത്. അമൃതാനന്ദമയിയുടെ പ്രഭാഷണങ്ങളിലും അഭിമുഖങ്ങളിലും തെളിയുന്നതുപോലെ ബുദ്ധിപരമായും വിജ്ഞാനപരമായും വളരെ താഴ്ന്ന നിലവാരം പുലര്‍ത്തുന്ന ഈ സ്ത്രീക്ക് ചുറ്റും ആസൂത്രിതമായി വളര്‍ത്തിയെടുത്ത ദിവ്യപരിവേഷം നിമിത്തമാണ് അവരുടെ തലോടലും മറ്റും ഒരു മാസ്മര ശക്തിയാണെന്ന പ്രതീതി സൃഷ്ടിക്കുന്നത്. ആള്‍ക്കൂട്ട മനഃശാസ്ത്രത്തെ സമര്‍ത്ഥമായി കയ്യിലെടുക്കുന്ന മാനേജ്‌മെന്റ് രീതികളാണ് ഇത്തരം സംവിധാനങ്ങള്‍ക്ക് മുന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ഹിന്ദു ദൈവങ്ങള്‍ മാത്രമല്ല ആള്‍ക്കൂട്ട മനഃശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നത്. സെമറ്റിക് മതങ്ങള്‍ ഈ സാധ്യതയെ ഉപയോഗിക്കുന്നത് പുരോഹിത വര്‍ഗത്തിലൂടെയാണ്. ക്രളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരം നേടിയ ധ്യാനകേന്ദ്രങ്ങള്‍ ഇതേ പ്രതിഭാസത്തിന്റെ മറ്റൊരു പതിപ്പാണ്. ചാലക്കുടിക്കടുത്ത് മുരിങ്ങൂരിലെ ധ്യാന കേന്ദ്രം ആള്‍ക്കുട്ട മനഃശാസ്ത്രത്തെ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതു കാണാം. കൃത്രിമമായി സൃഷ്ടിക്കുന്ന ശബ്ദ, ഗന്ധാന്തരീക്ഷത്തില്‍ സമര്‍ത്ഥമായി ആസൂത്രണം ചെയ്ത പ്രസംഗകല കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ശ്രോതാക്കള്‍ മാസ്മരികമായ ഒരു ലോകത്തെത്തിയപോലെ ആയിത്തീരും. മാനസിക സംഘര്‍ഷങ്ങള്‍ക്കും ചെറുമനോരോഗങ്ങള്‍ക്കും വരെ ആശ്വാസം ലഭിക്കുന്നതായി അനുഭവപ്പെടും. തികച്ചും ഭൗതികമായ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം ആത്മീയാനുഭൂതി താത്കാലികം മാത്രമായിരിക്കും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താനായി മുരിങ്ങൂരെ ധ്യാനകേന്ദ്രത്തിലും മറ്റും പോകുന്നവര്‍ പലരും പിന്നീട് മനോരോഗികളോ മാനസിക സംഘര്‍ഷം വര്‍ധിച്ചവരോ ആയിത്തീരുന്നതായ അനുഭവസാക്ഷ്യങ്ങളേറെയുണ്ട്.

മുസ്ലീം പുരോഹിതന്മാര്‍ നടത്തുന്ന മത പ്രഭാഷണങ്ങള്‍, വഴള് പ്രസംഗങ്ങള്‍ തുടങ്ങിയവയും ഇതേ ആള്‍ക്കൂട്ട മനഃശാസ്ത്രത്തെ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. സാധാരണ മുസ്ലീങ്ങളെ വൈകാരികമായി ഉണര്‍ത്തുന്നതിനും മതത്തില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതിനുമാണ് ഇത്തരം മത പ്രസംഗങ്ങള്‍ ഏറെ ഉപകരിക്കപ്പെടുന്നത്. ഇത്തരം പ്രഭാഷകരെ വളര്‍ത്തിയെടുക്കുന്ന സംവിധാനവും ്അവര്‍ക്കുണ്ട്. ചുരുക്കത്തില്‍ എല്ലാ മതങ്ങളും വ്യത്യസ്ത രീതിയിലാണെങ്കിലും ആള്‍ക്കൂട്ട മനഃശാസ്ത്രത്തെ ഉപയോഗിക്കുന്നതില്‍ പരസ്പരം മത്സരിക്കുകയാണ്.

ശാന്തിഗിരി ആശ്രമത്തിലെ സംഭവഭങ്ങളില്‍ പ്രകടമായതുപോലെ ഫാസിസ്റ്റ് സംഘടനാ സ്വഭാവത്തെ കുറിച്ച് അല്‍പ്പം കൂടി പരിശോധിക്കാം. മതവുമായ ആത്മീയതയുമായോ ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കൊന്നും തന്നെ ജനാധിപത്യ സ്വഭാവം സാധ്യമല്ല. കാരണം വെറും വിശ്വാസത്തെ മാത്രം ആശ്രയിച്ചു നിലനില്‍ക്കുന്ന ഇത്തരം സംഘടനകളില്‍ വിശ്വാസദാര്‍ഢ്യം മാത്രമാണ് സംഘടനയുടെ ആധാരശില. അതുകൊണ്ടുതന്നെയാണ് ഇത്തരം സംവിധാനങ്ങള്‍ ഫാസിസ്റ്റു സ്വഭാവത്തിലേക്ക് എത്തിച്ചേരുന്നത്. അതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല.

സമ്പത്തിന്റെ കേന്ദ്രീകരണവും ബലപ്രയോഗവും.

സമ്പത്തു കുന്നുകൂട്ടുന്നതും അത് കേന്ദ്രീകരിക്കുന്നതുമാണ് ഇത്തരം സംവിധാനങ്ങളെ അതിവേഗം ഫാസിസവല്‍ക്കരിക്കുന്നത്. ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും പാശ്ചാത്യ രാജ്യങ്ങളിലുമുള്ള കോടീശ്വരന്മാരുടെ സംഭാവനകളാണ് ഇത്തരം സംഘടനകളുടെ സാമ്പത്തികാടിത്തറയെന്ന് പറയാറുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ സമ്പത്ത് സമാഹരണത്തിന്റെ ഒരു ഭാഗമേയാകുന്നുള്ളൂ. ഇത്തരം ഓരോ പ്രസ്ഥാനത്തിലേക്കും അനുയായികളും അനുഭാവികളുമായി വരുന്നവരുടെ വരുമാനമോ, സമ്പത്തോ ഉള്ള ആളുകളില്‍ നിന്ന് സമാഹരിക്കുന്ന പണമാണ് ഇത്തരം സംഘടനകളുടെ ശരിയായ സാമ്പത്തികാടിസ്ഥാനം. ഈ സാമ്പത്തിക സമാഹരണം നടക്കുന്നത് അധികവും നിര്‍ബന്ധത്തിലൂടെയും ബലപ്രയോഗത്തിലൂടെയു മാണെന്നതാണ് തികച്ചും രഹസ്യമായി സൂക്ഷിക്കപ്പെടുന്ന കാര്യം.

അമൃതാനന്ദമയിയുടെ സംഘടനയില്‍ നടക്കുന്ന ബലപ്രയോഗത്തിലൂടെയുള്ള ധനസമാഹരണത്തിന്റെ ചില അനുഭവകഥകള്‍ ഈ ലേഖകന് ബോധ്യപ്പെട്ടിട്ടുണ്ട്. ഏതാനും വര്‍ഷങ്ങല്‍ക്ക് മുമ്പ് ഈ ലേഖകന്‍ ഗള്‍ഫ് സന്ദര്‍ശനം നടത്തിയ സന്ദര്‍ഭത്തിലാണ് ഇത്തരമൊരു സംഭവം ആദ്യമായി അറിയാന്‍ ഇടയായത്. കേരളത്തിലെ പ്രസിദ്ധനായൊരു ചിത്രകാരന്റെ സഹോദരനായിരുന്നു കഥാപാത്രം. അദ്ദേഹത്തിന്റെ ഒരു മകന്‍ അമൃതാനന്ദമയിയുടെ വള്ളിക്കാവിലെ ആശ്രമത്തിലെ അന്തേവാസിയായ സന്യാസിയായി മാറി. ഗള്‍ഫില്‍ ജോലിയുള്ള അദ്ദേഹം നാട്ടിലെത്തിയപ്പോള്‍ മകനെ കാണാനായി ആശ്രമത്തിലെത്തി. ഏറെനേരം കാത്തുനിന്ന ശേഷം അല്‍പ്പ സമയത്തെ സന്ദര്‍ശനത്തിന് അനുമതി ലഭിച്ചു. മകന്‍ ഭൗതിക ജീവിത പരിത്യാഗിയെ പോലെ തന്നെയാണ് അച്ഛനോട് പെരുമാറിയത്. വീട്ടില്‍ തിരിച്ചെത്തിയ അച്ഛനെ കാണാന്‍ പിറ്റേ ദിവസം ആശ്രമത്തില്‍ നിന്ന് ആജാനുബാഹുക്കളായ ഒരു സംഘമെത്തി. മകന്‍ ആശ്രമത്തിലെ അന്തേവാസിയായ നിലക്ക് അച്ഛന്റെ സ്വത്തില്‍ നിന്ന് മകന്റെ ഓഹരി ആശ്രമത്തിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെടാനാണ് തങ്ങള്‍ വന്നതെന്ന് ആ സംഘത്തിലുള്ളവര്‍ വിശദീകരിച്ചു. ക്ഷുഭിതനായ അച്ഛന്‍ താന്‍ ഗള്‍ഫിലെ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണം നിങ്ങള്‍ക്ക് തരാനുള്ളതല്ലെന്ന് അവരോട് തുറന്നടിച്ചു പറഞ്ഞു. പക്ഷെ യാതൊരു കൂസലുമില്ലാതെയാണ് ആശ്രമത്തില്‍ നിന്നുള്ള സംഘം ഈ ക്ഷുഭിത പ്രതികരണത്തെ നേരിട്ടത്. തങ്ങള്‍ പറഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ലീവ് കഴിഞ്ഞ് മര്യാദക്ക് ഗള്‍ഫിലേക്ക് തിരിച്ചുപോകില്ലെന്ന പച്ചയായ ഭീഷണിയാണ് അവര്‍ ഉയര്‍ത്തിയത്. കൂടുതല്‍ ക്ഷുഭിതനായ അച്ഛനോട് ഒരിക്കല്‍ കൂടി താക്കീത് ചെയ്തിട്ടാണ് സംഘം തിരിച്ചുപോയത്. അവര്‍ പോയിക്കഴിഞ്ഞപ്പോഴാണ് അവരുയര്‍ത്തിയ ഭീഷണിയുടെ ഗൗരവ സ്വഭാവം അച്ഛന് ബോധ്യമായത്. ആകെ തളര്‍ന്നുപോയ അദ്ദേഹം പിറ്റേ ദിവസം ആശ്രമത്തില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു. സ്വത്തില്‍ നിന്ന് മകന്റെ വിഹിതം ആശ്രമത്തിന് നല്‍കാന്‍ സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തു.

എല്ലായ്‌പ്പോഴും ഈ പ്രത്യക്ഷ ഭീഷണി ആവശ്യമായി വരില്ല. ഒരു കുടുംബത്തില്‍ നിന്ന് ഒരംഗം ആശ്രമത്തിലെത്തിയാല്‍ ആ കുടുംബത്തില്‍ നിന്ന് കൂടുതല്‍ പേര്‍ അവിടെ എത്തിപ്പെടുന്നതും സാധാരണമാണ്. എല്ലാവരുടെയും സ്വത്തിന്റെ വിഹിതം ആവശ്യപ്പെടുമ്പോള്‍ വലിയ ചെറുത്തു നില്‍പ്പില്ലാതെ കൊടുക്കുന്നവരാണ് അധികവും. പക്ഷെ, പിന്നീട് ആശ്രമം മടുത്തും അവിടത്തെ ഉള്ളര രഹസ്യങ്ങള്‍ പലതും മനസ്സിലാക്കുന്നതു നിമിത്തവും വിട്ടുപോരുന്ന ആര്‍ക്കും ആശ്രമത്തില്‍ നിന്ന് കൊടുത്ത സ്വത്ത് തിരിച്ചുകിട്ടാറില്ല. കൂടുതല്‍ സ്വത്തു നല്‍കിയവരെ പുകച്ചു പുറത്തു ചാടിക്കുന്ന തന്ത്രവും പ്രയോഗിക്കപ്പെടാറുണ്ട്.

ശാന്തിഗിരി ആശ്രമത്തിലെ സെക്രട്ടറിയും സ്‌കൂള്‍ പ്രിന്‍സിപ്പാളുമെല്ലാമായിരുന്ന പൂര്‍ണജ്ഞാന തപസ്വിയുടെ അനുഭവവും ശ്രദ്ധേയമാണ്. അദ്ദേഹം പാലക്കാട്ടെ ഓലശ്ശേരിയില്‍ ആശ്രമത്തിന് ദാനം ചെയ്ത ഭൂമിയിലാണ് ആശ്രമത്തിന്റെ വക ആയുര്‍വേദ മെഡിക്കല്‍ കോളേജും ആശുപത്രിയും പ്രവര്‍ത്തിക്കുന്നത്. അതിനടുത്ത് സ്വാമിയുടെ 70 സെന്റോളം വരുന്ന സ്ഥലത്ത് പര്‍ണശാലയും ഹാളുമുണ്ട്. തിരിച്ചുവന്ന സ്വാമി, ഹോളിനോട് ചേര്‍ന്ന് തന്റെ അവശേഷിക്കുന്ന ഭൂമിയില്‍ താമസിക്കാന്‍ പോലും ഇപ്പോള്‍ ആശ്രമക്കാര്‍ അനുവദിക്കുന്നില്ലെ ന്നതാണ് വിചിത്രമായ അവസ്ഥ. ഇത്തരം ആശ്രമക്കാരുടെ ആത്മീയത ഇതുപോലുള്ള ഭൗതിക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു മറ മാത്രമാണെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.

രാഷ്ട്രീയ അധഃപതനം

രാഷ്ട്രീയ പ്രബുദ്ധമായിരുന്ന കേരളം കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം നിമിത്തം രാഷ്ട്രീയമായി എത്രമാത്രം താഴോട്ടു പോയിരിക്കുന്നു വെന്നതിന്റെ തെളിവായിരുന്നു എറണാകുളത്തു നടന്ന അമൃതോത്സവത്തിന് അമൃതാനന്ദമയിയെ ആദരിക്കാന്‍ രാഷ്ട്രപതിയും കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരുമെല്ലാം നടത്തിയ മത്സരം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം നടത്തുന്ന സമാന്തര സര്‍ക്കാരാണ് അമൃതാനന്ദമയി സ്ഥാപനങ്ങളെന്ന അംഗീകാരമാണ് ചില കേന്ദ്രമന്ത്രിമാര്‍ ചൊരിഞ്ഞത്. സംഘപരിവാര്‍ സ്വാധീനത്തിലുള്ള അമൃതാനന്ദമയി സ്ഥാപനങ്ങളെ കുറിച്ച് ബി ജെ പി കാര്‍ പറയുന്നത് മനസ്സിലാക്കാം. പക്ഷെ, കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധാനം ചെയ്യുന്ന മന്ത്രിമാര്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ അവര്‍ ഇവിടുത്തെ മതേതര ജനാധിപത്യ സംവിധാനത്തിന്റെ മൂല്യങ്ങളെയാണ് ചവിട്ടി മെതിക്കുന്നത്.

അടുത്തകാലം വരെ നിരീശ്വരവാദിയായിരുന്ന എ കെ ആന്റണിയാണ് കുറച്ചുകാലമായി അമൃതാനന്ദമയിമാര്‍ക്ക് അംഗീകാരമുണ്ടാക്കിക്കൊടുക്കുന്ന ഒരു വി ഐ പി. ആന്റണി വിശ്വാസിയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഭരണാധികാരി യെന്ന നിലക്ക് എല്ലാ മതവിഭാഗങ്ങളോടും ബഹുമാനം കാട്ടേണ്ട ബാധ്യതയുള്ളതുകൊണ്ട് എല്ലാ മത നേതാക്കന്മാരോടും ആദരവ് കാട്ടുന്നുവെന്ന് തോന്നിക്കുംവിധമാണ് ആന്റണിയുടെ പെരുമാറ്റത്തെ പലരും കണ്ടിരുന്നത്. എന്നാല്‍ ഒരു ന്യൂനപക്ഷക്കാരന്റെ വിശാലമനസ്‌കത എന്ന നിലക്ക് ഭൂരിപക്ഷ മതത്തോട് ശത്രുതക്കു പകരം ആദരവും അടുപ്പവും കാട്ടുന്നതില്‍ ആന്റണി കാട്ടുന്ന ശ്രദ്ധ പപ്പോഴും അതിരുകടന്നു പോകുന്നത് കാണാം. അമൃതാനന്ദമയിയോടും മറ്റും ആന്റണി കാട്ടുന്ന സ്‌നേഹാദരങ്ങള്‍ ഓരു മതേതര ഭരണാധികാരിയുടെ ഉത്തരവാദിത്വങ്ങള്‍ക്കപ്പുറത്താണ്. കക്ഷിരാഷ്ട്രീയക്കാരുടെ വോട്ടുബാങ്കു സംരക്ഷിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിതെങ്കില്‍, കേരളത്തിലെ പ്രബുദ്ധ രാഷ്ട്രീയത്തിന്റെ അധഃപതനത്തിന്റെ ലക്ഷണമായിട്ടേ ഇതിനെ കാണാനാവുകയുള്ളൂ. ആന്റണി സംഘപരിവാര്‍ രാഷ്ട്രീയത്തിലേക്ക് അടുക്കുകയാണെന്ന മറുപക്ഷാരോപണത്തിന് അടിസ്ഥാനമുണ്ടെന്ന് ഈ ലേഖകന്‍ കരുതുന്നില്ല. പക്ഷെ, ഒരു ന്യൂനപക്ഷക്കാരന്റെ തലത്തില്‍ നിന്ന് ഭൂരിപക്ഷ മതവിഭാഗങ്ങളോടുള്ള ആന്റണിയുടെ ഉദാരത, അദ്ദേഹത്തെ അപകടത്തിലെത്തി ച്ചിരിക്കുകയാണെന്നു മാത്രം.

ഈ ആള്‍ ദൈവങ്ങള്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനം, സമൂഹത്തിന്റെ പൊതുനന്മയുടെ തലത്തില്‍നിന്ന് പരിശോധിച്ചാല്‍ ഒരു രീതിയിലും പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ല. കാരണം, അവരുടെ മൊത്തം സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമ്പോള്‍, പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കുന്നതു പോലുള്ള സൗജന്യങ്ങല്‍ വളരെ തുച്ഛമാണ്. അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും മറ്റും സ്വകാര്യ സ്ഥാപനങ്ങളെ പോലെ തന്നെ പ്രവര്‍ത്തിക്കുന്നവയാണ്. ലാഭമുണ്ടാക്കുന്നവയുമാണ്. അതേസമയം, ഇത്തരം സ്ഥാപനങ്ങളും മറ്രു പ്രവര്‍ത്തനങ്ങളും നടത്തുന്നതിനുള്ള ധനസമാഹരണ രീതികളാകട്ടെ കൃത്യമായ കണക്കുള്ളതോ ഓഡിറ്റിംഗിന് വിധേയമോ അല്ല. അതുകൊണ്ടുതന്നെ തലപ്പത്തുള്ള ഒരുപിടി ആളുകള്‍ക്ക് വന്‍ വെട്ടിപ്പുകള്‍ നടത്താനുള്ള സാധ്യത അതിവിപുലമാണ്. സ്ഥാപകരായ ആള്‍ദൈവങ്ങല്‍ നിര്യാതരാകുന്നതോടെ ഈ തലപ്പത്തുള്ള സംഘങ്ങല്‍ തല്ലിപ്പിരിയുന്നതിന്റെ കാരണം ഇത്തരം വെട്ടിപ്പുകളും അത് നടത്തുന്നതിലുള്ള മത്സരവുമാണ്. സ്ഥാപനങ്ങളുടെ വലുപ്പച്ചെറുപ്പമനുസരിച്ച് ലക്ഷങ്ങളും കോടികളും ഇങ്ങനെ കൈമറിയുമ്പോഴാണ് അതിന്റെ ചെറിയൊരു ഭാഗം ആതുരസേവനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനവും മറ്റുമായി ഉപയോഗിക്കപ്പെടുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണിത്. 

ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നുന്ന മുതലാളിമാരുടെ പ്രവര്‍ത്തനവും ഈ ആള്‍ ദൈവങ്ങല്‍ തങ്ങളുടെ സ്ഥാപനങ്ങളിലൂടെ നടത്തുന്ന പ്രവര്‍ത്തനവും തമ്മില്‍ താരതമ്യം ചെയ്യുന്നത് കൗതുകകരമായിരിക്കും. മുതലാളിത്ത സ്ഥാപനങ്ങള്‍ അംഗീകൃത മാര്‍ഗങ്ങളിലൂടെ മൂലധനം നിക്ഷേപിച്ച് മിച്ചമൂല്യം സമാഹരിക്കുന്ന സുതാര്യവും നിയമവിധേയവുമായ പ്രവര്‍ത്തനത്തിലൂടെ ലാഭമുണ്ടാക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലും സുരക്ഷിതത്വവും നല്‍കുകയും ചെയ്യുന്നു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുക വഴി സമൂഹത്തിന്റെ സാമൂഹ്യ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ആള്‍ദൈവങ്ങളാകട്ടെ നിഗൂഢമായ മാര്‍ഗങ്ങളിലൂടെ കണക്കില്ലാത്ത പണം സമാഹരിച്ച് നടത്തുന്ന വെട്ടിപ്പുകള്‍ക്ക് മറയിടാന്‍ വേണ്ടി ആതുര, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി ലാഭമുണ്ടാക്കുകയും അതിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു. മുതലാളിമാരും വ്യാപാരികളുമെല്ലാം ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനത്തേക്കാള്‍ തരം താണതും സാമൂഹ്യവിരുദ്ധ സ്വഭാവമുള്‍ക്കൊള്ളുന്നതുമാണ് ആള്‍ ദൈവങ്ങള്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനമെന്ന് ചുരുക്കം.

പി പരമേശ്വരന്റെ ഒത്താശ

ആള്‍ദൈവങ്ങളെന്ന പ്രയോഗത്തിലൂടെ കമ്മ്യൂണിസ്റ്റുകാരും നിരീശ്വരവാദികളും സെമിറ്റിക് മതങ്ങളുടെ വക്താക്കളും ഹിന്ദു സംസ്‌കാരത്തിനെതിരായി കടന്നാക്രമണം നടത്തുകയാണ് ചെയ്യുന്നതെന്ന ഒരു ആരോപണം പി പരമേശ്വരന്‍ ഉന്നയിച്ചിട്ടുണ്ട് (മാതൃഭൂമി ദിനപത്രം, ഒക്ടോ.20) അവതാര പുരുഷന്മാരെ കുറിച്ചുള്ള സങ്കല്‍പ്പം നിലനിര്‍ത്തുന്നതു കൊണ്ടാണ് മനുഷ്യരൂപത്തിലുള്ള ദൈവപുരുഷന്മാരെ ഹിന്ദുക്കള്‍ ആരാധിക്കുന്നതെന്നും അത് ഹൈന്ദവ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഈ പാരമ്പര്യം അംഗീകരിക്കാത്ത അരൂപ ദൈവവിശ്വാസികളും ഭൗതികവാദികളുമാണ് ആള്‍ ദൈവമെന്ന പ്രയോഗം അവജ്ഞയോടെ ഉപയോഗിക്കുന്നതെന്നുമാണ് പരമേശ്വരന്‍ പറയുന്നത്. പക്ഷെ, ആള്‍ദൈവങ്ങള്‍ നടത്തുന്ന ആള്‍ക്കൂട്ട മനഃശാസ്ത്രപ്രയോഗം തന്നെയാണ് സെമിറ്റിക് മതങ്ങളിലെ പുരോഹിത വര്‍ഗവും നടത്തിക്കൊണ്ടിരി ക്കുന്നതെന്നും അതുകൊണ്ട് ആള്‍ദൈവപ്രശ്‌നം ഹിന്ദുമതക്കാരുടെ പ്രശ്‌നമല്ലെന്നും മുകളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതില്‍ നിന്ന് വ്യക്തമാണല്ലോ. അത്തരമൊരു വിഭജനവും അതുവഴി വ്യത്യസ്ത മതങ്ങളുടെ പ്രശ്‌നമാണിതെന്ന് വരുത്തിത്തീര്‍ക്കാനുള്ള പരമേശ്വരന്റെ ശ്രമത്തില്‍ വര്‍ഗീയച്ചുവയാണ് മുഴച്ചു നില്‍ക്കുന്നത്.

ആയിരക്കണക്കിന് കുടുംബങ്ങളെ നൈരാശ്യത്തില്‍ നിന്നും മദ്യപാനത്തില്‍ നിന്നും കൂട്ട ആത്മഹത്യയില്‍ നിന്നും കരകയറ്റാന്‍ പാടുപെടുന്നവരെ പരിഹസിക്കുകയാണ് ഭൗതികവാദികളും ഒപ്പം ചില മതമൗലിക വാദികളുമെന്നാണ് പരമേശ്വരന്‍ വിലപിക്കുന്നത്. അങ്ങനെ ചെയ്യുന്നത് ക്രൂരവും മനുഷ്യത്വമില്ലായ്മയുമാണത്രേ. അമൃതാനന്ദമയിയും ശ്രീ ശ്രീ രവിശങ്കറും മുരിങ്ങൂരിലെ അച്ചന്മാരും മതപ്രഭാഷണങ്ങള്‍ നടത്തുന്ന മുല്ലമാരും ചെയ്യുന്നത് ഒന്നു തന്നെയാണ്. വര്‍ണജാതി വ്യവസ്ഥകളും വര്‍ഗമേധാവിത്വ രീതികളും നൂറ്റാണ്ടുകളായി സൃഷ്ടിച്ചു പോന്നിട്ടുള്ള ഉച്ചനീചത്വ ഘടനയില്‍ പെട്ടുഴലുന്ന സാധാരണക്കാര്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കി ഇത്തരം അനീതിപരമായ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോവാന്‍ അവരെ പ്രേരിപ്പിക്കുന്ന സേവനമാണ് ഈ ഭിന്ന മതമേധാവിത്വങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മേധാവിത്വത്തിലുള്ള വര്‍ണവര്‍ഗ താല്‍പ്പര്യങ്ങളെ സേവിക്കുക എന്നതിനപ്പുറം ഇക്കൂട്ടര്‍ ഒരു സാമൂഹ്യ സേവനവും നടത്തുന്നില്ലെന്നതാണ് വാസ്തവം.


പി പരമേശ്വരന്‍ കമ്മ്യൂണിസ്റ്റുകാര്‍ സൃഷ്ടിച്ച ആള്‍ ദൈവങ്ങളെ കുറിച്ച് പറയുന്നതിനെ പറ്റി രണ്ടു വാക്കു കൂടി. ലെനിനും സ്റ്റാലിനും മാവോയുമെല്ലാം സര്‍വശക്തവും അപ്രമാദികളു മായ ആള്‍ദൈവങ്ങളായിരുന്നു വെന്നും അവരെ സൃഷ്ടിച്ച കമ്മ്യൂണിസ്റ്റുകാര്‍ തന്നെയാണ് ഇവിടത്തെ ഹിന്ദു ആള്‍ദൈവങ്ങളെ അപഹസിക്കുന്ന തെന്നുമാണ് പരമേശ്വരന്‍ ചൂണ്ടിക്കാട്ടുന്നത്. മുകളില്‍ പറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആ രാജ്യങ്ങളിലും ലോകവ്യാപകമായി കമ്മ്യൂണിസ്റ്റുകാര്‍ക്കിടയിലും ദൈവതുല്യരായി ആരാധിക്കപ്പെട്ടിരുന്നു എന്നത് ശരിയാണ്. പക്ഷെ, അത്തരം ആരാധ്യര്‍ ഉയര്‍ന്നുവന്ന ചരിത്ര പ്രക്രിയയും ഇവിടത്തെ ആള്‍ദൈവങ്ങള്‍ ഉയര്‍ന്നുവരുന്ന സാമൂഹ്യ പ്രക്രിയയും ഏറെ ഭിന്നമാണെന്ന കാര്യമാണ് പരമേശ്വരന്‍ മനസ്സിലാക്കാത്തത്. എബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെയും മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യ പ്രതീകമായി മാറുകയും ദൈവതുല്യം ആരാധിക്കപ്പെട്ടതുപോലെ, അതിനേക്കാള്‍ ആഴത്തിലുള്ള ഒരു സാമൂഹ്യ പിപ്ലവത്തിന് തന്നെ മുഴുവന്‍ സമൂഹത്തെയും നയിച്ചവരെന്ന നിലക്കാണ് ലെനിനും സ്റ്റാലിനും മാവോയും ചരിത്ര പുരുഷന്മാരായത്. അവര്‍ നിര്‍വഹിച്ച സാമൂഹ്യ മാറ്റത്തിന്റെ സ്വാധീനത്തിനനുസരിച്ചാണ് അവരോടുള്ള ആരാധനയുടെ ആഴവും വര്‍ധിച്ചത്. അതോടൊപ്പം കമ്മ്യൂണിസ്റ്റ് സ്വേഛാധിപത്യ രീതികള്‍ സൃഷ്ടിച്ച കൃത്രിമമായ അപ്രമാദിത്വ സങ്കല്‍പ്പങ്ങളും മറ്റും നിഷേധാത്മകമായ മറ്റൊരു പങ്കു വഹിച്ചിട്ടുണ്ടെന്നതും ശരിയാണ്. കമ്മ്യൂണിസ്റ്റ് സ്വേഛാതിപത്യത്തിലും ആള്‍ദൈവങ്ങളുടെ ഫാസിസ്റ്റ് സംഘടനകളിലും പ്രകടമാകുന്ന ജനാധിപത്യ വിരുദ്ധതക്ക് ചില സമാനതകളുണ്ടാകാമെങ്കിലും രണ്ടിന്റെയും ചരിത്രപരമായ ഉറവിടങ്ങല്‍ ഏറെ വ്യത്യസ്തമാണ്. ചരിത്രത്തെ മാറ്റിത്തീര്‍ക്കുന്ന സാമൂഹ്യ പ്രക്രിയകളിലൂടെ ചരിത്ര പുരുഷന്മാരായി തീര്‍ന്നവരെ, ചെപ്പടി വിദ്യയുടെ ആള്‍ക്കൂട്ട മനഃശാസ്ത്രം കൈകാര്യം ചെയ്യുന്നതിലൂടെയും ഒരു ചെറിയ വിഭാഗം ആളുകളുടെ മുന്നില്‍ ദൈവമായി മാറുന്ന ആള്‍ദൈവങ്ങളുമായി താരതമ്യം ചെയ്യാന്‍ പി പരമേശ്വരന്‍ നടത്തിയ ശ്രമം ബാലിശമായി പോയിയെന്ന് പറയാതെ നിര്‍വാഹമില്ല.

2014, ഫെബ്രുവരി 23, ഞായറാഴ്‌ച

ദലിത് സൗന്ദര്യാവബോധത്തിന്റെ ആഖ്യാന രൂപം - വി യു സുരേന്ദ്രന്‍


വി യു സുരേന്ദ്രന്‍
മലയാള സാഹിത്യത്തില്‍ ദലിതാവബോധം ശക്തമായി അനുഭവപ്പെടുന്നത് 1990കളോടെയാണ്. ആധുനികത ഉത്പാദിപ്പിച്ച ബൃഹത് ആഖ്യാനങ്ങളെ നിരാകരിച്ചുകൊണ്ട് തികച്ചും വ്യതിരിക്തമായ പ്രാദേശികതാ ന്വേഷണങ്ങളും സാമുദായികാനുഭ വങ്ങളുടെ സുക്ഷ്മാവിഷ്‌കാരങ്ങലും ഇക്കാലത്തെ കവിത അടയാളപ്പെടുത്തി. വരേണ്യതയുടെ ജ്ഞാനാധികാര ബോധത്തെയും എഴുത്തുരൂപങ്ങളെയും ഭാഷാ ചിഹ്നങ്ങളെയും പുതിയകാല കവിത പൊളിച്ചു പണിതു. ആധുനികതയുടെ സാഹിത്യ സങ്കല്‍പ്പങ്ങളെയും രചനാ രീതികളെയും പുതുകവിത ബദല്‍ ദലിത് സാഹിത്യ വിചാരങ്ങള്‍ കൊണ്ടും ദലിത് ആഖ്യാന രീതികള്‍ കൊണ്ടും ദലിത് / പാശ്വവല്‍കൃത പദാവലികള്‍ കൊണ്ടും എതിരിട്ടു. അധീശാധികാര വ്യവസ്ഥയും ആധുനിക രചനാ സമ്പ്രദായങ്ങളും പാര്‍ശ്വവല്‍ക്കരിച്ച ജീവിതാനുഭവങ്ങളില്‍ നിന്ന് പുത്തന്‍ ദലിത് പദാവലികളും ബിംബങ്ങളും ആഖ്യാന രൂപങ്ങളും സാഹിത്യത്തിലേക്ക് കുടിയേറി സി അയ്യപ്പന്റെ 'പ്രേതഭാഷണം' 'ഞണ്ടുകള്‍' 'ഉച്ചയുറക്കത്തിലെ സ്വപ്‌നങ്ങള്‍' തുടങ്ങിയ കൃതികള്‍ മുഖ്യധാരാ സാഹിത്യ കൃതികള്‍ക്കൊപ്പം പ്രതിഷ്ഠ നേടിയ ദലിത് ആവിഷ്‌കാരങ്ങളുടെ എഴുത്ത് അടയാളങ്ങളാണ്. കെ കെ എസ് ദാസ്, ജി ശശി മധുരവേലി, സണ്ണി കവിക്കാട്, രാഘവന്‍ അത്തോളി തുടങ്ങിയവരുടെ ദലിത് കൃതികള്‍ ഇക്കാലത്ത് ദലിത് ജീവിതാവസ്ഥയുടെ രാഷ്ട്രീയത്തെയും ദലിതാവബോധത്തെയും കവിതയില്‍ ആവിഷ്‌കരിച്ചു. അപരിചിതവും തിരസ്‌കൃതവുമായ ദലിത് ജീവിതാനുഭവങ്ങളില്‍ നിന്ന് സ്ഫുടം ചെയ്‌തെടുത്ത കാവ്യഭാഷകൊണ്ടും ഭാഷണ പദങ്ങള്‍ കൊണ്ടും നിര്‍മ്മിക്കപ്പെട്ട ഈ ദലിത് കാവ്യാഖ്യാനങ്ങള്‍ വ്യസ്ത്യസ്തമായൊരു കാവ്യഭാഷയും കാവ്യലോകവും കണ്ടെത്തുകയായിരുന്നു. ഈ ബദല്‍ കാവ്യഭാഷാന്വേഷണങ്ങള്‍ കവിതയുടെ ഘടനയെയും ആഖ്യാന രീതിയെയും ഭാഷയെയും പുതുക്കി പണിയുകയുണ്ടായി. വയലിറുമ്പത്ത് വിശന്ന പൈതലിന്‍ മുഖത്ത് നീര്‍കോരി കരഞ്ഞിരിക്കുന്നവളുടെ (കത്തി) കണ്ണീരും ജീവിതാനുഭവവും സ്വത്വ പ്രതിസന്ധിയുമെല്ലാം കവിതയുടെ ഭാഗമാകാന്‍ തുടങ്ങി.

സൗമിനി 
കറുപ്പഴകാണെന്ന് നീ പറഞ്ഞല്ലോ
കവികള്‍ പാടിയല്ലോ
പിന്നെ കറുത്തവരെങ്ങനെ
അപമാനിക്കപ്പെട്ടു (ജി ശശി മധുരവേലി)

എന്ന ചോദ്യം നവീനമായൊരു രാഷ്ട്രീയാവബോധത്തിനും അന്വേഷണത്തിനും വഴിയൊരുക്കി. ഈ പുതിയ ഭാഷയും പുതിയ വ്യാഖ്യാനാന്വേഷണങ്ങളും ശക്തമായൊരു ദലിതാവബോധത്തിന്റെ സര്‍ഗാവിഷ്‌കാരമായും ദലിത് സൗന്ദര്യശാസ്ത്രവുമായും വികസിക്കുന്നത് എസ് ജോസഫ്, എം ആര്‍ രേണുകുമാര്‍, എം ബി മനോജ്, സുനില്‍കുമാര്‍ എം എസ് തുടങ്ങിയവരുടെ കവിതകളിലാണ്.

ഇതുവരെ മലയാള കവിത അഭിമുഖീകരിച്ചിട്ടില്ലാത്ത വലിയൊരു പാര്‍ശ്വവല്‍കൃത ജനതയുടെ അനുഭവങ്ങളും കാഴ്ചകളും ഭാഷണ പ്രയോഗങ്ങളും കവിതക്ക് വിഷയമായി മാറി. കവിത അന്യമാക്കിയ ഒരു വലിയ ജനസമൂഹം കവിതക്ക് പുറത്തായിരുന്നു. വള്ളമൂന്നലില്‍, അടുപ്പു തീയൂതലില്‍, വിതയെറിയലില്‍, വിള ചുമ്മിപ്പോകുന്നതില്‍, കായികാധ്വാനത്തിന്റെ ആയിരക്കണക്കിനു ഘര്‍ണങ്ങളില്‍ ഇവരുണ്ടായിരുന്നു. ( എം ബി മനോജ്, പ്രസക്തി മാസിക, 2011 ഡിസംബര്‍. പേജ് 23 ) ചെരുപ്പുകുത്തിയും കാളപൂട്ടുകാരനും മീന്‍കാരനും രോഗിയും, പിച്ചക്കാരനും, പത്രവില്‍പ്പനക്കാരുമെല്ലാം പുതുതാമസക്കാരായി ആധുനികോത്തര കവിതയില്‍ വന്നു.

ദലിത് ജീവിതാവസ്ഥയുടെ ഏറ്റവും തീവ്രവും തീക്ഷ്ണവുമായൊരു ആവിഷ്‌കാരരൂപമാണ് എം ബി മനോജിന്റെ കവിതകള്‍. 'കൂട്ടാന്തതയുടെ എഴുപത് വര്‍ഷങ്ങള്‍' 'നീ അറിയുക' 'അനോണിമസ് ' യൂണിവേഴ്‌സിറ്റി ഒരു പാഠം തുടങ്ങിയ കവിതകള്‍ പൊതു സമൂഹത്തിന് ദലിതരോടുള്ള മനോഭാവത്തെ അടയാളപ്പെടുത്തുന്നു. ദലിതര്‍ നേരിട്ടനുഭവിക്കുന്ന അപകര്‍ഷതാബോധ ഭയം, അന്യതാബോധം തുടങ്ങിയ സ്വത്വാവബോധത്തിന്റെ സാന്നിധ്യങ്ങളും ഈ കവിതകളില്‍ അനുഭവിച്ചറിയാം.

വീടെവിടെയെന്നാരേലും ചോദിച്ചാല്‍
ഞാന്‍ വീട് തെറ്റിച്ചു പറയും
നാണം പുറത്തു കാട്ടാതെ
വിക്കാതെ
ഒരാള്‍ക്ക് സ്വന്തം വീടിനോടും
വെറുപ്പു തോന്നുമെന്ന്
പ്രത്യേകിച്ചാരും
പഠിച്ചിട്ടൊന്നുമില്ല.
.....................................
ഒരു കുടം വെള്ളവും 
ചുമ്മിപ്പോകിമ്പോള്‍
ഒരു കിലോ അരി വാങ്ങിച്ചു വരുമ്പോള്‍
തീര്‍ക്കാം കുഴിയിട്ട് നിവരുമ്പോള്‍
കള്ളി പിറത്തായ ഒരുത്തനെ പോലെ
ഞാനെന്നെത്തന്നെയൊളിപ്പിച്ചു.

(കൂട്ടാന്തതയുടെ എഴിപത് വര്‍ഷങ്ങള്‍)

സ്വന്തം ജീവിതാനുഭവങ്ങളുടെ തന്നെ നേര്‍ ചിത്രങ്ങളാണ് ഈ കവിത. ദലിത് സ്വത്വത്തിന്റെ പ്രതിസന്ധികളും ദലിത് അനുഭവങ്ങളുടെ പൊള്ളുന്ന ചരിത്ര പാഠങ്ങളുമാണ് ഈ കവിതയുടെ പ്രമേയം. സമസ്ത ജീവിത മേഖലകളിലും ദലിതര്‍ സാമൂഹ്യമായും സാംസ്‌കാരികമായും വ്യക്തിപരമായും അനുഭവിക്കുന്ന ദുരിത യാഥാര്‍്ത്ഥ്യങ്ങള്‍ മനോജിന്റെ കവിതകള്‍ വരച്ചു കാണിക്കുന്നു.

അച്ഛന്‍ വാങ്ങിത്തന്ന
വയസ്സന്‍ ചെരിപ്പ്
ഓടയില്‍ ഒളിച്ചു വെച്ചിട്ട്
തിരികെ പോരുമ്പോള്‍ എടുക്കുമായിരുന്നു.
കണക്കുസാറ് നട്ടെല്ലിനു തന്ന അടി
കണക്കായിപ്പോയെന്ന് കൂട്ടത്തിലൊരുവന്‍
കുട്ടപ്പന്‍ ക്ലിസ്സിലിരുന്നു തൂറിയേപ്പിന്നെ
വന്നിട്ടുമില്ല

(ബാലപാഠം)

ദലിതന്റെ കറുപ്പു നിറവും മിനുസമില്ലാത്ത കൈകളും നീളം വെക്കാത്ത കഴുത്തും എന്നും പൊതുസമൂഹം അറപ്പോടും ഴെറുപ്പോടുമാണ് വീക്ഷിക്കുന്നത്. ദലിതന്റെ ശരീരത്തോടും സ്വത്വത്തോടുമുള്ള അധീശധാരണകള്‍ വെളിപ്പെടുത്തുന്നു അനോണിമസ് എന്ന കവിത

സമൂഹത്തിന്റെ എല്ലാ വ്യവഹാരമണ്ഡലങ്ങളിലും വ്യക്തി തിരിച്ചറിയപ്പെടുന്നത് ശരീര രൂപത്തിലാണ്. സ്വന്തം ശരീരത്തിന്റെ പൊക്കക്കുറവും കറുപ്പു നിറവും മൂലം ദലിതര്‍ സവര്‍ണരാല്‍ അധിക്ഷേപിക്കപ്പെടുന്നു. പൊതു ഇടങ്ങളില്‍ നിന്നെല്ലാം അവര്‍ ആട്ടിയോടിക്കപ്പെടുന്നു. ഇത് ദലിതരില്‍ ആത്മനിന്ദയായും അപകര്‍ഷതാ ബോധമായും നീറിപ്പുകയുന്നു.

വിദ്യാസമ്പന്നരിലും ഉയര്‍ന്ന രാഷ്ട്രീയ സാംസ്‌കാരിക ബോധമുള്ളവരിലും അധികാര / ജാഞാന കേന്ദ്രങ്ങളിലുള്ളവ രിലും ആഴ്ന്നിറങ്ങി നില്‍ക്കുന്ന കീഴാള വിരുദ്ധ നിലപാടുകള്‍ 'യൂണിവേഴ്‌സിറ്റി ഒരു പാഠം' വ്യക്തമാക്കുന്നു.

വഴിപോക്കനാണെന്നു കരുതി
വാച്ചുമാന്‍ എന്നെ 
ഇരുത്തിക്കളയുന്നു.
...........................................
...........................................

കറുത്ത് ഉയരം കുറഞ്ഞയൊരാളാണ്
ഒച്ചവെച്ചതെന്ന് എസ്സോയും
പണിക്കാരനെ പോലെയാണ്
ഒരാള്‍ വരുന്നതെന്ന് സഹപാഠിയും

(യൂണിവേഴ്‌സിറ്റി ഒരു പാഠം)

നവോത്ഥാന പ്രസ്ഥാനവും ഇടതുപക്ഷ രാഷ്ട്രീയ പ്രബുദ്ധതയും ശക്തമായി വേരുറച്ചു നില്‍ക്കുന്ന കേരളത്തില്‍ ഇന്നും കീഴാള വിരുദ്ധത പൊതു സമൂഹത്തിന്റെ മുഖ മുദ്രയാണ്. ഈ ജാതീയതയെയും വരേണ്യ മൂല്യ സങ്കല്‍പ്പങ്ങളെയും വേരോടെ പിഴുതെറിയാന്‍ ഇനിയും നമുക്ക് സാധിച്ചിട്ടില്ല. കല, സാഹിത്യം, സിന് തുടങ്ങിയ മേഖലകളിലെല്ലാം ഇപ്പോഴും സവര്‍ണ സൗന്ദര്യാവബോധം തന്നെ അധീശത്വം പുലര്‍ത്തുന്നു. ഈ വരേണ്യ ജ്ഞാന വ്യവസ്ഥക്കും അധീശാധികാര സാഹിത്യ ചിന്താ പദ്ധതികള്‍ക്കുമെതിരായ ദലിത് സൗന്ദര്യ ശാസ്ത്രത്തിന്റെ വിത്തുകള്‍ എം ബി മനോജിന്റെ കവിതകള്‍ വിതക്കുന്നു. 'പാറകള്‍' എന്ന കവിത സാമ്പദായിക കവിതകളുടെ തിരിച്ചു വായനയാണ്.

ഉറച്ച പാറകളോരോന്നും 
വളരുന്ന കറുത്ത മനുഷ്യരാണ്
(പാറകള്‍)

ദലിതര്‍ പൊതുസമൂഹത്തില്‍ നിന്ന് അനുഭവിക്കുന്ന തിരസ്‌കാരത്തോടും അവജ്ഞയോടും അവര്‍ സ്വയം അനുഭവിക്കുന്ന അപകര്‍ഷതാബോധം, ഭയം തുടങ്ങിയ സ്വത്വപ്രതിസന്ധികളോടുമുള്ള ഒടുങ്ങാത്ത അമര്‍ഷവും കലഹവുമാണ് 'കിണര്‍' 'പന്നിപ്പാട്ട്' 'കാണുന്നീലൊരക്ഷരവും' 'സര്‍വേ ഓഫ് ഇന്ത്യ' തുടങ്ങിയ കവിതകള്‍

'ഒരു പന്നിയും ഞാനും തമ്മിലുള്ള വ്യത്യാസം
ഉടുപ്പിടുന്നു എന്നുള്ളത് മാത്രമാണ്
മുതുകുകൊണ്ട് മുന്നോട്ടു വളഞ്ഞ്
കീഴോട്ടുമാത്രം നോക്കി
വേലിക്കകത്തുതന്നെ കിടന്ന് 
കിട്ടുന്നതെല്ലാം വെട്ടി വിഴുങ്ങുന്നു'

(പന്നിപ്പാട്ട്)

ദലിതന്റെ വിധേയത്വ മനോഭാവത്തോടും അധമബോധത്തോടു മുള്ള പ്രതിഷേധം മനോജിന്റെ കവിതയില്‍ അമര്‍ന്നു കത്തുന്നു.

'ഒരു ഗോവിനോ
ഒരു ചണ്ഡാളനോ കൂടുതല്‍ തൂക്കം
പേടിക്കേണ്ട,
ചത്ത ഒരു ഗോവിന്
ജീവനുള്ള 
അഞ്ച് ചണ്ഡാളന്റെ തൂക്കം
ജീവനുള്ള ഒരു ഗോവിന്
ഇരുപത്തഞ്ചു കോടി ചണ്ഡാളന്മാരുടെ തൂക്കം'

(സര്‍വേ ഓഫ് ഇന്ത്യ)

എസ് ജോസഫിന്റെ കവിതകളില്‍ കാണുന്നതുപോലെ തികച്ചും മൗലികമായ നാട്ടുമൊഴികളും ദലിത് ഭാഷണവും കീഴാളപദകോശങ്ങള്‍ കൊണ്ടുള്ള ആഖ്യാന രീതിയും തന്നെയാണ് മനോജിന്റെ കവിതയുടെയും പ്രധാന സവിശേഷത

ഒടിവെച്ച് പന്നിയെ തൂക്കിയെടുക്കുമ്പോലെ 
തൊലി ഒണക്കാനിട്ട് നെരപ്പുവരെ ഊര്‍ത്തിച്ച്
ഞൊടിയലിനെ ഇല്ലത്തീന്ന് പൊട്ടിക്കുമ്പോലെ പൊളന്ന് 
കാട്ടുതീയില്‍ വാടിവെന്ത കായ കണക്ക് വീണ്
മഴക്ക് കിളുക്കുന്ന ചെറുതൈകള് മാതിരി
ബോധം വരുത്തിച്ച് വെള്ളം തളിച്ച്
ചെകഞ്ഞ് വിളിക്കുന്ന കാവിക്കൂട്ടത്തിന്റെ
പൊളിഞ്ഞ കൂട് പോണക്ക് പെടഞ്ഞ്
കണ്ണില്‍ കത്തിക്കേറുന്ന
പച്ചപ്പാമ്പിന്റെ തലകളെ കണക്കിന് നീട്ടിപ്പിടിച്ചിരിക്കുമ്പം
എഴഞ്ഞ് എലക്ക് മറയുന്നടത്തൂന്ന്
ചാരനളിയന്‍ ഒറങ്ങാന്‍
കെടക്കാറുള്ള അള്ളില്‍ കൊണ്ട് കുത്തിച്ചാരി

(സെന്‍സസ് റിപ്പോര്‍ട്ട്)

സംസ്‌കൃത പദങ്ങളില്‍ നിന്നും വരേണ്യ കാവ്യ ബിംബങ്ങളില്‍ നിന്നും വേറിട്ടു നിന്നുകൊണ്ട് പുതുകവിതയുടെ ഭാഷക്കുള്ളില്‍ മനോജിന്റെ കവിത ശക്തമായൊരു കലാപം നടത്തുന്നു. വരേണ്യ കാവ്യഭാഷ അടിച്ചുടച്ച് ദലിത് ഭാഷണ ശൈലിയും പദാവലികളും കൊണ്ട് ഈ കവിതകള്‍ പുതുകവിതയെന്ന നവീന ഭാവുകത്വത്തിലേക്ക് ഉയര്‍ത്തുന്നു. 'പേരില്ലാത്ത കവിത' 'ബാര്‍ബര്‍ഷോപ്പ് സംഭാഷണം' 'അത്യാവശ്യമായി നൂറുരൂപ' 'മീറ്റര്‍ഗേജ്' 'ഹൈറേഞ്ചോട്ടക്കാര്‍' 'ദേശരാഷ്ട്രം തെറ്റിദ്ധരിച്ചേക്കാവുന്ന ആകാംക്ഷ' 'ക്വട്ടേഷന്‍ നെറ്റ് വര്‍ക്ക്' 'പതിയിരുന്ന് ന്യൂസ് പിടിക്കുമ്പോള്‍' 'കടവുള്കള്' 'സെന്‍സസ് റിപ്പോര്‍ട്ട്' 'മണികന്‍ ശനിയാഴ്ച പോയി' 'ശാസനങ്ങള്‍' 'ജീവചരിത്രം' 'ഓ ആയിക്കോ എങ്ങനേന്നു വെച്ചാല്' തുടങ്ങിയവയെല്ലാം ദലിത് ഭാഷയുടെ സൗന്ദര്യവും കരുത്തും ആവിഷ്‌കരിക്കുന്ന കവിതകളാണ്. ഇതുവരെ കവിതയില്‍ ആരും അടാളപ്പെടുത്താത്ത, എണ്ണിയാലൊടുങ്ങാത്ത ദലിത് പദങ്ങളും ഭാഷാശൈലികളും പുതുകവിതയിലേക്ക് സന്നിവേശിപ്പിച്ച് മലയാള കവിതയുടെ കാവ്യഭാഷയേയും ഭാവുകത്വത്തെയും നവീകരിച്ച കവിയാണ് മനോജ്.

തിന്ന് തൂറിക്കോ
തടിവെച്ച് മിനുത്തോ
കുഴിഞ്ഞ കയറ് കട്ടിലില്‍
മഴത്തീയ് ഞങ്ങളെ
സുഖിപ്പിച്ച് കെടത്തൂന്ന് ശെരിക്കിനും
വെയിലില്‍
ആഞ്ഞിലി പഴുത്തു ചുടുമ്പോള്‍
കാക്കവന്നതിന്‍ കൊമ്പുലുത്തുമ്പോള്‍
ടേയ്....... ഗ്രവലെവിടെടാ.................
(മണികന്‍ ശനിയാഴ്ച പോയി)

............................
............................

എട്ത്ത്ട്ത്ത് വെച്ചേക്കുമോ
കെട്ന്ന്ട്ത്തിട്ടേക്കുമോ
അതെക്കേയതിന്റെ രീതികളായിട്ട്
കല്ലും മരോം വെള്ളമായിട്ടൊക്കെ
പെറ്‌കേ മുടീകേം ഒക്കെ ചെയ്‌തൊളിയേലെ
(കടവുള്കള്)

ദലിത് ഭാഷാ പദാവലികളുടെയും ഭാഷണ ശൈലികളുടെയും ജൈവസാന്നിധ്യം വിളിച്ചു പറയുന്നവയാണ് മനോജിന്റെ കവിതകള്‍.

എസ് ജോസഫിനെയും എം ആര്‍ രേണുകുമാറിനെയും പോലെ മനോജിന്റെ കവിതയിലെ ഭാഷാഘടനയില്‍ നിന്ന് ദലിത് ഭാഷണ ശൈലികളും പദാവലികളും എത്ര വേണമെങ്കിലും കണ്ടെടുക്കാം. ഞൊളവ്, മക്കുംകായ, ക്‌റാവി, എളുന്തിരെടാ, ഇല്ലരിത്തുംകരി, ഒണക്ക്, ഓലി, കോഴ, കഠുഞ്ചായ, ഏങ്കോണിപ്പ്, കുഞ്ചൊലകള്‍, ഉലുക്കി, കൊരങ്ങാട്ടി, കരച്ചി, മൊഖം, ബെന്തുക്കള്‍, ഊമ്പിരാ, പര്യമ്പുറം, ഒടി, വാട്ടുകപ്പ, ഓളി, തലമാലി, ചൊന, അസുകം, തൊടല്. നെത്തോലി, തൊരങ്കങ്ങള്‍, പേഴ് എന്നിവ ഉദാഹരണങ്ങല്‍ മാത്രം.

ഭാഷയെയും ആഖ്യാന രീതിയെയും സംബന്ധിച്ച പൗരാണിക സൗന്ദര്യശാസ്ത്ര അലങ്കാരത്തിന്റെയും കാവ്യമീംമാംസയുടെയും അളവുകോലുകൊണ്ട് മനോജിന്റെ കവിതകളെ വായിക്കാനാവില്ല. വ്യവസ്ഥാപിത ആഖ്യാന രീതികളുടെ വാര്‍പ്പു മാതൃകകളെയും ഭാഷയെയും പൂര്‍ണമായും ധിക്കരിക്കുന്ന മനോജിന്റെ കവിതകളില്‍ തികച്ചും മൗലികമായൊരു ദലിത് ഭാഷാ പ്രപഞ്ചം ഉയര്‍ന്നു നില്‍ക്കുന്നു. നമ്മുടെ കാവ്യ ഭാവുകത്വത്തെ നിര്‍ണയിക്കുന്ന ഈ ദലിത് സൗന്ദര്യബോധ ത്തിന്റെ ആഖ്യാനരൂപങ്ങള്‍ പുതുകവിതയുടെ സൂക്ഷ്മ രാഷ്ട്രീയാവബോധത്തിന്റെ പുത്തന്‍ പ്രതിരോധ പാഠങ്ങള്‍ കൂടിയാണ്.

****
'ഒരുമ' മാസികയുടെ 2014 ജനുവരി ലക്കത്തിലാണ് ഈ ലേഖനമുള്ളത്. വി യു സുരേന്ദ്രന്‍രെ ഫോണ്‍ നമ്പര്‍: 9495076153

സോമയാഗം ജനനന്മക്കോ ? ഡോ. പി കെ സുകുമാരന്‍


ഡോ. പി കെ സുകുമാരന്‍
( 2003ല്‍ തൃശൂരില്‍ അരങ്ങേറിയ സോമയാഗത്തെക്കുറിച്ച് 2003 ഏപ്രില്‍ മാസത്തെ സമീക്ഷ മാസികയില്‍ എഴുതിയ ലേഖനമാണ് ഇവിടെ പകര്‍ത്തുന്നത്)

വന്‍പിച്ച വാര്‍ത്താ പ്രാധാന്യത്തോടെ ഏപ്രില്‍ 6 മുതല്‍ സോമയാഗം അറങ്ങേറുകയായിരുന്നല്ലോ. അത് ലോകത്തിലെ സര്‍വ ചരാചരങ്ങളുടയും നന്മക്കാണെന്നും പ്രചരിപ്പിക്കപ്പെടുന്നു.

ഇന്ത്യയിലെ പൗരാണിക ചരിത്രം, തുടര്‍ച്ചയായ വൈദേശികാക്രമണങ്ങളുടേയും പട്ടിണിയുടെ ദുര്‍ഭിക്ഷതയുടെയും ക്ഷാമത്തിന്റെയും ദാരിദ്ര്യത്തിന്റെയും കൂടെ ചരിത്രമായിരുന്നു. പ്രതിശീര്‍ഷ വരുമാനത്തില്‍ ലോകരാജ്യങ്ങളില്‍ അടിയില്‍ നിന്ന് ആറാമത്തെ രാജ്യമാണ് ഇന്ത്യ. തൊട്ടടുത്ത് ബംഗ്ലദേശ്, ലാവോസ്, ഹിന്ദുരാഷ്ട്രമായ നേപ്പാള്‍... ലോകത്തിലേറ്റവും നിരക്ഷരരും ഏറ്റവുമധികം പോഷകാഹാരക്കുറവുള്ളവരും വികലാംഗരും അന്ധരും ക്ഷയരോഗികളും കുഷ്ടരോഗികളും ഇനി അടുത്ത ഭാവിയില്‍ ഏറ്റവുമധികം എയിഡ്‌സ് രോഗികളും ഇന്ത്യയിലായിരുക്കും. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച സമാനമായ ഏഷ്യന്‍ കടുവകളായ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ചലനക്ഷമത കുറഞ്ഞതും ദുര്‍ബലവുമാണ്. ഹിന്ദു എക്കണോമി എന്നു വിളിക്കപ്പെടുന്ന ഇതിന്റെ വളര്‍ച്ചാ നിരക്ക് വെറും 5 ശതമാനം മാത്രമാണ്. മാത്രമല്ല, സ്‌പോര്‍ട്ട്‌സ് മത്സരരംഗത്ത് ചൈന ഒളിംപിക്‌സില്‍ 200ല്‍ പരം സ്വര്‍ണ മെഡലുകള്‍ നേടുമ്പോള്‍ ഇന്ത്യ ഒന്നുമല്ലെന്നു പറയേണ്ടിവരും. യാഗങ്ങള്‍ കടുകിട വിടാതെ ദേവവിധിപ്രകാരം ചെയ്തിരുന്ന ഒരു രാഷ്ട്രത്തിന്റെ ചിത്രമാണിത്. ഇതില്‍ നിന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരു വ്യക്തിക്ക് എന്ത് നിഗമനത്തിലാണെ ത്താന്‍ കഴിയുക? യാഗം പുരോഗതിയോ അതോ അതോഗതിയോ ഉണ്ടാക്കിയിരുന്നത് ?

യാഗങ്ങളാരംഭിച്ച കാലം മുതല്‍ തന്നെ ബി സി 1500നും 2500നും ഇടക്കുതന്നെ, അതിനെതിരെ വിമര്‍ശനവും ആരംഭിച്ചിരുന്നു. യാഗങ്ങളെ ഉയര്‍ത്തിപ്പിടിച്ച പൂര്‍വമീമാംസ ഒഴിച്ച് മറ്റെല്ലാ ദര്‍ശനങ്ങളും യോഗം, സാംഖ്യം, ന്യായം, വൈശേഷികം, ബൗദ്ധം, ജൈനം, അദൈ്വതം, ചാര്‍വാകം എന്നീ ദര്‍ശനങ്ങളെല്ലാം യജ്ഞസംസ്‌കാരത്തെ രൂക്ഷമായി വിമര്‍ശിച്ചു.

ആദ്യമായി അഗ്നി കണ്ടുപിടിച്ച നാള്‍മുതല്‍ മനുഷ്യന്‍ തന്റെ ബുദ്ധിശക്തിയും കവിവുമുപയോഗിച്ച് ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെയാണ് മുന്നേറിയത്. ഇവരാകട്ടെ, ഒന്നാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലുമൊക്കെ യാത്ര അവസാനിപ്പിച്ച് 21 ആം നൂറ്റാണ്ടിനെ നോക്കി കൊഞ്ഞനം കാണിക്കുന്നു. മാനവസംസ്‌കാരത്തിന്റെ വളര്‍ച്ചയില്‍ വഴിമുടക്കി നില്‍ക്കുന്നവരെ നാം ശരിയായി മനസ്സിലാക്കുകയും വിലയിരുത്തുകയും വേണം. ഇനി വാദത്തിനുവേണ്ടി, യാഗം ലോക നന്മക്കാണെന്ന് തന്നെ വെക്കുക. എങ്കില്‍ ഇത് എല്ലാവരും കൂടിയല്ലെ ചെയ്യേണ്ടത് ? ഒരു സംഘം ബ്രാഹ്മണര്‍ക്കു മാത്രം പ്രമാണിത്തവും സാമ്പത്തികവും മറ്റുമായ നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന കാര്യം പ്രോത്സാഹിപ്പിക്കണമോ? ചാതുര്‍വര്‍ണ്യ സംസ്‌കാരവും മേല്‍ജാതി മേധാവിത്വവും വളര്‍ത്തുന്ന നടപടി മഹത്വവല്‍ക്കരിക്കണമോ?

ഇന്ന് മാധ്യമങ്ങള്‍ ദുര്‍ബലര്‍ പറയുന്ന സത്യം അവഗണിക്കുകയും സമൂഹത്തിലെ അധീശവര്‍ഗങ്ങള്‍ പറയുന്ന അസത്യവും അന്ധവിശ്വാസവും അനാചാരവും പരമസത്യമാക്കി പ്രചരണം കൊടുത്ത് മഹത്വവല്‍ക്കരിക്കുകയുമാണ് ചെയ്തുകൊണ്ടിരി ക്കുന്നത്.

ഋഗ്വേദത്തില്‍ ഇന്ദ്രന്‍ സോമരസം കുടിച്ച് മദോന്മത്തനായി അസഭ്യം പറയുകയും ബഹളം വെക്കുകയും ചെയ്യുന്നതായി പറയുന്നുണ്ട്. പൗരാണിക വാറ്റുചാരായം കുടിക്കുന്നവര്‍ സുരന്മാരും കുടിക്കാത്തവര്‍ അസുരന്മാരുമായി. വരേണ്യവര്‍ഗ സംസ്‌കാരത്തിന് അനഭിമതരായ ഈ അസുരന്മാര്‍ പറയുന്ന സത്യവും ധര്‍മ്മവും അന്നും ഇന്നും ആരും ശ്രദ്ധിക്കുന്നില്ല. അസുരന്മാരില്‍ നിന്നു യാഗരക്ഷ വേണ്ടിവന്നത് എന്തുകൊണ്ടാണ് ? രാവണനെ പോലെ പണ്ഡിതനും കലാഹൃദയമുള്ളവനും സംഗീതജ്ഞനും ബുദ്ധിമാനും പ്രജാതല്‍പ്പരനുമായ ഒരു രാജാവ് തന്റെ രാജ്യത്തില്‍ യാഗം നിരോധിച്ചതെന്തുകൊണ്ട് ? ചാര്‍വാകമുനിയെ പോലെ പണ്ഡിതനും വിപ്ലവകാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഒരു മഹാനെ യാഗാഗ്നികുണ്ഠ ത്തില്‍ ഹോമിച്ചതെന്തുകൊണ്ട് ?

ചാര്‍വാകമുനി പറഞ്ഞു:

അഗ്നിഹോത്രം ത്രയോ വേദാ -
സ്ഥിദണ്ഡം ഭസ്മഗുണ്ഡനം
ബുദ്ധി പൗരുഷ ഹീനാനാം
ജീവികേതി പ്രഹസ്പതി.

( അഗ്നിഹോത്രം മറ്റു മൂന്നു വേദ ചടങ്ങുകളും ബുദ്ധിയും പൗരുഷവുമില്ലാത്ത ചൂഷക പരിഷകളുടെ ഉദര പൂരണത്തിനുള്ള ഉപാധികളാകുന്നു ) വേദ വാറ്റു ചാരായമായ സോമരസം കുടിക്കുകയും വേദബലി മാംസം കഴിക്കുകയും ജന്തുഹിംസ ചെയ്യുകയും യജമാന പത്‌നി ബലിമൃഗത്തിന്റെ ലിംഗം പിടിച്ചു ശയിക്കുകയും പുരോഹിതര്‍ രാജപത്‌നികളുമായി അശ്ലീലഭാഷണം, സംഭോഗം എന്നിവയിലേര്‍പ്പെടുകയും രാജ്യം തന്നെ ദക്ഷിണയായി സ്വീകരിക്കുകയും ചെയ്യുന്ന ഈ നടപടി പ്രാകൃതമാണ്. യാഗപരിസമാപ്തിയില്‍ ലക്കുകെട്ട പുരോഹിതര്‍ യാഗശാലയും കത്തിച്ച് സര്‍വവും നശിച്ച രാജാവിനെ 'അനുഗ്രഹിച്ച്' സ്ഥലം വിടുന്നു, അടുത്ത ഇര അന്വേഷിച്ച്. ഒരു വെട്ടുകിളി ശല്യംപോലെ നാടിനെ മുടിപ്പിക്കുന്ന ഈ ഏര്‍പ്പാടിനെ അന്നത്തെ മനുഷ്യ സ്‌നേഹികളായ ചിന്തകര്‍ എതിര്‍ത്തത് തികച്ചും സ്വാഭാവികം മാത്രം.

രൂക്ഷത വളരെ കുറഞ്ഞ ഇന്നത്തെ യാഗങ്ങള്‍ കേവലം പ്രതീകാത്മകം മാത്രമാണ്. ബ്രാഹ്മണ്യ മഹത്വവല്‍ക്കരണമാണ് ഇതിന്റെ ലക്ഷ്യം. മറ്റാരുടെയും ഭാഗധേയം ഇതുകൊണ്ട് ഉത്കര്‍ഷം പ്രാപിക്കുന്നില്ല.

ജനതതിയുടെ ഇടയില്‍ പൗരബോധവും അന്വേഷണപരതയും യുക്തിബോധവും ശാസ്ത്രീയ അവബോധവും വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ ഭരണഘടന തന്നെ പറയുന്നുണ്ട്. നമ്മുടെ മാധ്യമങ്ങള്‍ ഈ ലക്ഷ്യത്തിന്റെ കടക്കല്‍ ബോംബുവെക്കുന്ന ഇത്തരം ആഭാസങ്ങളുടെ തനിനിറം തുറന്നു കാണിക്കണം. അതവരുടെ പ്രഥവും പ്രധാനവുമായ കടമയാണ്.

അയ്യന്‍കാളിയുടെ നൂറ് വര്‍ഷം - കെ എം സന്തോഷ്‌കുമാര്‍
ഏതെങ്കിലും ഭരണ ഉപദേശക സമിതിയിലോ അധികാര സഭയിലോ അംഗത്വം നേടുന്നു എന്നുള്ളത് ഇന്ന് വാര്‍ത്താ പ്രാധാന്യമുള്ള വിഷയമേ അല്ല എന്നാല്‍ ഒരിക്കലത് ഒരു ചരിത്ര സംഭവമായിരുന്നു. ആ സംഭവം സൃഷ്ടിച്ച കോളിളക്കങ്ങള്‍, നടുക്കങ്ങള്‍, ആശ്ചര്യങ്ങള്‍ ഇന്ന് നമുക്ക് ഊഹിക്കാന്‍ കഴിയുന്നതിനും എത്രയോ വലുതായിരുന്നു.

സാമൂഹ്യ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയകറ്റപ്പെട്ടിരുന്ന ഒരു ജനതതിയുടെ ആത്മബോധം അഭിമാനത്തിന്റെയും അവകാശ സ്ഥാപനത്തിന്റെയും മുദ്രണമായിരുന്നു അത്. അടിയാളന്റെ ജീവിതത്തെയും ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതുണ്ട് എന്ന് അത് ലോകത്തോട് പ്രഖ്യാപിക്കുകയായിരുന്നു. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എത്രയെത്ര ത്യാഗങ്ങളുടെയും കലാപങ്ങളുടെയും നരകത്തേക്കാള്‍ ക്രൂരമായ അനുഭവങ്ങളുടെയും പരിണതിയായിരുന്നു ഒരു കറുത്ത മനുഷ്യന്റെ ഇടറാത്ത ദൃഢകാലടികള്‍ ശ്രീമൂലം പ്രജാസഭയിലേക്ക് കയറിച്ചെല്ലുന്നതിലേക്ക് നയിച്ചത്.

ഇപ്പോള്‍ ഒരു നൂറ്റാണ്ടു തികയുന്നു, ശ്രീ അയ്യന്‍കാളിയുടെ ശ്രീമൂലം പ്രജാസഭയിലെ അംഗത്വ പ്രവേശനത്തിന്. മാടത്തില്‍ ജനിച്ച്, ചേറില്‍ ജീവിച്ച്, മാടിനെ പോലെ പണിയെടുത്ത്, പുഴുവിനെ പോലെ ചത്തൊടുങ്ങേണ്ടവര്‍ എന്ന് മാത്രം അധികാരത്തിന്റെ യും സമ്പത്തിന്റെയും അധിപന്മാര്‍ വിധി നിര്‍ണയിച്ചിരുന്ന ഒരു വിഭാഗത്തില്‍ നിന്ന് ഒരുവന്‍; മനുഷ്യനെന്നു പോലും ഒരിക്കലും പരിഗണിക്കപ്പെട്ടി ട്ടില്ലാത്ത കൂട്ടത്തില്‍ നിന്നൊരുവന്‍; ഉയര്‍ത്തിപ്പിടിച്ച ശിരസുമായി ആ രാജ ഉപദേശക സമിതിയിലേക്ക് കയറിച്ചെന്നു. മാമൂലുകള്‍ കൊണ്ട് കനത്ത മതിലുകള്‍ തീര്‍ത്ത്, ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും സൂര്യവെളിച്ചം നിഷേധിക്കപ്പെട്ടിരുന്നവരുടെ പ്രതിനിധിയും ആ സഭയില്‍ അംഗമാകുന്നതിലൂടെ ഇന്ത്യന്‍ ജനാധിപത്യ പോരാട്ട ചരിത്രത്തിലെ വഴിത്തിരിവിനാണ് തിരുവിതാംകൂര്‍ വേദിയായി തീര്‍ന്നത്.

1898 ല്‍ വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന ചാലിയാര്‍ തെരുവ് സമരം, ചരിത്ര പ്രസിദ്ധമായ വില്ലുവണ്ടി സഞ്ചാരം, 1904 ല്‍ ആദ്യമായി അയിത്ത ജാതിക്കാര്‍ക്കായി സ്ഥാപിച്ച കുടിപ്പള്ളിക്കൂടം എന്നിങ്ങനെ അവര്‍ണ ഉയിര്‍ത്തെഴുനേല്‍പ്പു കളുടെ ഒട്ടേറെ സംഭവങ്ങള്‍ക്കാണ് അക്കാലം സാക്ഷ്യം വഹിച്ചിട്ടുള്ളത്.

ലോകചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് എന്നു പറയാവുന്ന ഒരു വര്‍ഷം നീണ്ടുനിന്ന കാര്‍ഷിക പണിമുടക്ക് സമരവും അയ്യന്‍കാളി യുടെ നേതൃത്വത്തില്‍ ഉള്ളതായിരുന്നു. 1907 മുതല്‍ ഒരു വര്‍ഷം നീണ്ടുനിന്ന ആ സമരം, 'തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അവസരം ഒരുക്കിയില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ വട്ടിപ്പുല്ല് കിളിര്‍പ്പിക്കും' എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ കാര്‍ഷിക പണിമുടക്ക് ആയിരുന്നു അത്.

ഈ സമരങ്ങള്‍ എല്ലാം സവര്‍ണ വിഭാഗങ്ങളുടെ കടുത്ത എതിര്‍പ്പിന് ഇടയാക്കുകയും പലയിടങ്ങളിലും വലിയ ആക്രമണങ്ങള്‍ക്കും അതുവഴി കലാപങ്ങള്‍ക്കും ഇടയാക്കിയിട്ടുമുണ്ട്.

സംഘടിത ശക്തിയായി മാറിത്തീര്‍ന്നുകൊണ്ട് മാത്രമേ അടിച്ചമര്‍ത്തലുകള്‍ ചെറുക്കാനും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറാനുമാകൂ എന്ന ബോധ്യത്തില്‍ നിന്നാണ് 1907 ല്‍ അയ്യന്‍കാളി സെക്രട്ടറിയായി സാധുജന പരിപാലനസംഘം രൂപീകൃതമാകുന്നത്.

ഈ വിധമുള്ള ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഫലമായി അയിത്ത ജാതിക്കാര്‍ക്കും വിദ്യാലയ പ്രവേശനം അനുവദിച്ചുകൊണ്ട് 1907 ല്‍ തിരുവിതാംകൂര്‍ ദിവാന്‍ സി രാജഗോപാലാചാരി ചരിത്രത്തിലെ നാഴികക്കല്ലായ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ആ ഉത്തരവ് നടപ്പിലാക്കുവാന്‍ സവര്‍ണ സമുദായ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തില്‍ വീണ്ടും ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുകയും 1910 ല്‍ വീണ്ടും ഈവിധമൊരുത്തരവ് പുറപ്പെടുവിക്കുകയു മുണ്ടായി.

എന്നിട്ടും അവര്‍ണന്റെ അക്ഷരദാഹങ്ങള്‍ക്കു നേരെ തുടര്‍ന്ന വരേണ്യ വിഭാഗങ്ങളുടെ നിഷേധാത്മകതയുടെ വേലിക്കെട്ടുകള്‍ പിഴുതെറിയാന്‍ അയ്യന്‍കാളിക്ക് സാഹസികമായ സമരമുറകള്‍ സ്വീകരിക്കേണ്ടിവന്നു. പഞ്ചമി എന്ന അവര്‍ണ പെണ്‍കുട്ടിയുമായി ഊരൂട്ടമ്പലം പള്ളിക്കൂട ത്തിലേക്ക് പ്രവേശിച്ചുകൊണ്ടാണ് ്അദ്ദേഹം ജാതിമേധാവി ത്വത്തെ വെല്ലുവിളിച്ചത്. അതും വലിയ കലാപത്തിന് വഴിതെളിക്കുകയാണുണ്ടായത്.

ഉജ്വലമായ പ്രക്ഷോഭ പരമ്പരകളും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും മഹാത്മാഗാന്ധിയും വരെ ഇടപെടേണ്ടി വന്നിട്ടും ക്ഷേത്ര പ്രവേശന വിളംബരം 1936 ലാണ് ഉണ്ടാകുന്നത്. അതിനും 26 വര്‍ഷങ്ങള്‍ക്കു മുമ്പ് അയ്യന്‍കാളി സ്വന്തം ഇച്ഛാശക്തിയും പോരാട്ട വീര്യവും കൊണ്ട് അവര്‍ണന്റെ വിദ്യാഭ്യാസാവകാശം നേടിയെടുത്തു.

സാമൂഹ്യ മുന്നേറ്റങ്ങളുടെ പ്രവാഹങ്ങള്‍ക്കു നേരെ ഇനിയും അന്ധത നടിക്കുന്നത്, രാജാധികാരത്തിന്റെ തന്നെ കടപുഴക്കുന്ന വിസ്‌ഫോടനങ്ങള്‍ക്കായിരിക്കും ഇടയാക്കുന്നത് എന്ന തിരിച്ചറിവും ബ്രിട്ടീഷ് ഭരണാധികാരത്തിന്റെ ഇടപെടലുകളും ഒക്കെ ചേര്‍ന്ന് 1911 ഡിസംബര്‍ 5 ന് സാധുജന പരിപാലന സംഘം സെക്രട്ടറി എന്ന നിലയില്‍ അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്തു. പൊതുവഴിയിലൂടെ നടക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന ജനവിഭാഗത്തിന്റെ പ്രതിനിധി അങ്ങനെ ചരിത്രത്തിലാദ്യമായി രാജഉപദേശക സമിതിയില്‍ എത്തി.

സഭാംഗം എന്ന നിലയില്‍ അദ്ദേഹം സ്വന്തം ജനതയുടെ അവകാശങ്ങള്‍ ക്കായി നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നത്.

ഭൂമിക്കുള്ള അവകാശം, വിദ്യാഭ്യാസ സ്വാതന്ത്ര്യം, ജന്മിത്ത അടിച്ചമര്‍ത്തലുകള്‍ക്കെതിരേ, അയിത്തത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം - അങ്ങനെ അടിയാള ജീവിതത്തെ വരിഞ്ഞു മുറുക്കിയിരുന്ന അടിമത്തത്തിന്റെ കെട്ടുകള്‍ ഭേദിക്കുവാന്‍ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ആണ് സഭയില്‍ സ്വീകരിച്ചിരുന്നത്. ആ സമരവീര്യം സഭക്കുള്ളില്‍ മാത്രം ഒതുങ്ങിനിന്നില്ല. കല്ലുമാല പൊട്ടിച്ചെറിഞ്ഞു കൊണ്ടുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യാവകാശ സമരമായ പെരിനാട് സമരം പോലലെയുള്ള പ്രക്ഷോഭങ്ങളിലൂടെ അദ്ദേഹം സാമൂഹ്യ മുന്നേറ്റങ്ങളുടെ പുതിയ ചുവടുവെപ്പുകള്‍ നടത്തി.

പിന്നീടെത്രയോ പേര്‍ നിയമ സഭയിലും മന്ത്രിസഭയിലുമെത്തി. അവരാരെങ്കിലും കാര്യമായി അയ്യന്‍കാളി എങ്ങനെ ഒരു നൂറ്റാണ്ടു മുമ്പു പ്രജാസഭയിലെത്തി, പ്രജാസഭയെ അദ്ദേഹം എങ്ങനെ ഉപയോഗപ്പെടുത്തി എന്നോ ആലോചിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ എന്തുകൊണ്ട് ?

****

'പാഠഭേദം' മാസികയുടെ 2012 ആഗസ്റ്റ് ലക്കത്തിലാണ് ഈ ലേഖനമുള്ളത്.

2014, ഫെബ്രുവരി 22, ശനിയാഴ്‌ച

പിന്നിട്ട ജീവിത വഴികളിലൂടെ - ധനു എളങ്കുന്നപ്പുഴ


ധനു എളങ്കുന്നപ്പുഴ
എറണാകുളം ജില്ലയില്‍ എളങ്കുന്നപ്പുഴ ഗ്രാമത്തില്‍ കര്‍ഷക തൊഴിലാളിയായ വലിയതറ കണ്ണന്റൈയും താരിയുടെയും പത്ത് മക്കളില്‍ ഏഴാമത്തെ സന്താനമായി ചെറ്റക്കുടിലില്‍ ചെളിത്തറയില്‍ 1948 ഫെബ്രുവ രി 28 ആം തിയതി ജനിച്ചുവളര്‍ന്ന വേലായുധനാണ് സാഹിത്യ സൃഷ്ടികള്‍ നിര്‍വഹിക്കുന്ന ധനു എളങ്കുന്നപ്പുഴ. ജനിച്ച നാള്‍മുതല്‍ കഷ്ടപ്പാടുകള്‍ കൈമുതലാക്കിയ തന്തക്കും തള്ളക്കും ഒടുങ്ങാത്ത ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും കരകയറുവാന്‍ കൈത്താങ്ങ് നല്‍കാന്‍ കഴിയാത്ത നിരാലംബനായിരു ന്നു. കുടിലിന്റെ ചുറ്റുപാടുകള്‍ വെച്ചു നോക്കിയാല്‍ വിദ്യ സമ്പാദിക്കുവാന്‍ യാതൊരു നിര്‍വാഹവുമി ല്ലാത്ത മനുഷ്യക്കോലം. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ സാഹിത്യാഭിരുചിയുണ്ടായിരുന്നു. എന്‍ജിനീയറിംഗിനു പഠിക്കുമ്പോള്‍ സര്‍ക്കാരിന്റെ സഹായം കൊണ്ട് ഹോസ്റ്റലില്‍ നിന്ന് ചോറും ചായയും ലഭിച്ചിരുന്നതിനാല്‍ വിശപ്പു മാറി അല്‍പ്പം പഠിക്കുവാന്‍ സാധിച്ചിരുന്നു. ഭൂമിയില്‍ ഏറ്റവും വലിയ ദുഃഖമെന്നത് ദാരിദ്ര്യ ദുഃഖം മാത്രമാണ്. വിശപ്പു വന്നാല്‍ നാണവും മാനവും കൈവിട്ടു പോകും. മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടും. പക്ഷെ നാടു വിട്ടതിനാല്‍ കാലണ കിട്ടില്ല; നാലണ കിട്ടും. കടക്കണ്ണു നീട്ടിയാല്‍. 

അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ഒരിക്കല്‍ റോഡരികില്‍ അട്ടിയിട്ടിരുന്ന മെറ്റലും ഗ്രാവലും അളന്ന് കണക്കെഴുതുന്ന എന്‍ജിനീയറെ കാണുവാന്‍ ഇടയായി. അന്നൊക്കെ മനസ്സില്‍ അങ്കുരിച്ച ഒരാവേശമെന്തെന്നാല്‍ തനിക്കും ഉതുപോലെ യൊക്കെ ആകാന്‍ കഴിയുമോ എന്നതായിരുന്നു. പഠിക്കുന്ന കാലത്ത് സര്‍വേ പരീക്ഷ നടത്തുവാന്‍ കൊച്ചില്‍ പോര്‍ട്ടിലെ ചീഫ് സര്‍വേയറെയാണ് നിയോഗിച്ചത്. അദ്ദേഹത്തിന്റെ വരവ് ദര്‍ശിച്ച എന്റെ മനസ്സില്‍ ഇതുപോലെ തനിക്കും ആകണമെന്ന മോഹം മൊട്ടിട്ടു. പഠിപ്പുകഴിഞ്ഞ് കുറച്ചു നാള്‍ പി ഡബ്ല്യു ഡി യില്‍ ജോലി ചെയ്തു. അടുത്ത വര്‍ഷം റെയില്‍വേയില്‍ ജോലി ലഭിച്ചു. കൊല്ലം റെയില്‍വെ കണ്‍സ്ട്രക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അധീനതയില്‍ മൂവാറ്റുപുഴ മുതല്‍ തെക്കോട്ടുള്ള ചെറിയ പാലങ്ങള്‍ റീഗര്‍ഡര്‍ ചെയ്യുവാന്‍ നിയോഗിക്കപ്പെട്ടു. അന്നു മുതല്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിരുന്നെങ്കിലും എന്റെ ജാതിയും നിറവും മനസ്സിലാക്കിയ സവര്‍ണ ജാതി ഉദ്യോഗസ്ഥന്മാര്‍ നല്ലതിനും തീയതിനും അനാവശ്യമായി ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ജനിച്ച നാള്‍ മുതല്‍ ഞാന്‍ മനസ്സിലാക്കിയ എന്റെ അനുഭവത്തില്‍ പെട്ട ദാരിദ്ര്യം എന്റെ മാതാപിതാക്കന്മാരാല്‍ അവിചാരിതമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതല്ല. ഉന്നത ജാതിക്കാരായ മുതലാളിമാര്‍ എന്റെ അച്ഛനെയും അമ്മയെയും വേലക്ക് വിളിക്കാതാകുമ്പോള്‍ കുടിലില്‍ ദാരിദ്ര്യം അലയടിക്കുമായിരുന്നു. അതുപോലെ തന്നെയാണ് എന്റെ ജോലിസ്ഥലത്തും പീഢനമായി നടമാടിയിരുന്നത്. ജാതീയമായ ഉച്ചനീചത്വം അവരുടെ പീഢന ഭാവത്തിന് നിദാനമായിക്കൊണ്ടിരുന്നു.

കൊല്ലത്തു നിന്നും എന്നെ എടുത്തെറിഞ്ഞത് കടപ്പ്, നന്തലൂര്‍, ഗുണ്ടക്കല്‍ എന്നീ ആന്ധ്രാപ്രദേശ് സ്ഥലങ്ങളിലേക്കാണ്. അവിടെ നിന്നും കൂടുതല്‍ മാസങ്ങള്‍ കഴിയുന്നതിനു മുമ്പ് ചെന്നൈ സംസ്ഥാനത്തുള്ള ആര്‍ക്കോണത്താണ് സ്ഥലം മാറ്റം ലഭിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം എറണാകുളത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു വന്നു. അക്കാലത്ത് കാഷ്വല്‍ തൊഴിലാളികളെ എന്‍ജിനീയറിംഗ് വര്‍ക്‌സ് സെക്ഷനില്‍ റിക്രൂട്ടിംഗ് അധികാരം എന്നില്‍ നിയുക്തമായി. അത്രയും കാലം SC/ST കാരെ അകറ്റി നിര്‍ത്തിയിരുന്നു അധികാരിവര്‍ഗം. എന്നിലേക്ക് അധികാരം വന്നപ്പോള്‍ റിസര്‍വേഷന് അര്‍ഹതപ്പെട്ട സീറ്റ് അധഃസ്ഥിതര്‍ക്ക് നല്‍കുവാന്‍ ഞാന്‍ യത്‌നിച്ചു. അത്തരത്തില്‍ ഒരു മാനസിക സംതൃപ്തി ഞാന്‍ നേടിയെടുത്തു. കൂടാതെ ജാതീയമായി ഏതെങ്കിലും തൊഴിലാളിയെ പീഡിപ്പിച്ചെന്നറി ഞ്ഞാല്‍ SC/ST അസോസിയേഷന്റെ നേതൃനിരയിലുള്ള അധികാരം കയ്യാളി അവരെ രക്ഷിച്ചിരുന്നു. ഇവിടെയാണ് ഡോ. അംബേഡ്കറുടെ ആശയപ്രസക്തി പ്രതിഫലിക്കുന്നത്. 

'അറിവും അധികാരവും കൈമുതലായിട്ടില്ലാത്തിടത്തോളം കാലം ബ്രാബ്മണേകരര്‍ക്ക് പുരോഗമിക്കുവാന്‍ സാധിക്കുകയില്ല.'

കൂടാതെ അദ്ദേഹത്തിന്റെ വേറൊരു ചിന്താഗതി എന്തെന്നു വെച്ചാല്‍..

'നിന്റെ ഉയര്‍ച്ചയും താഴ്ചയും നിന്നില്‍ തന്നെയാണ്.നിന്നെ പുരോഗമിപ്പിക്കുവാന്‍ ആരും മുന്നോട്ടു വരുകയില്ല. നിന്റെ പതനം കാണുവാനാണവര്‍ക്കിഷ്ടം'

പിന്നീടെന്നെ വീണ്ടും മദിരാശിസിലേക്കും പിന്നെ കര്‍ണാടകയിലെ ബാംഗ്ലൂരിലേക്കും മനഃപൂര്‍വം ട്രാന്‍സ്ഫര്‍ ചെയ്ത് നിയമിച്ചു. അവിടത്തെ കാലാവസ്ഥ എന്നെ വല്ലാതെ വിഷമിപ്പിച്ചു. എങ്കിലും റെയില്‍വേ മന്ത്രാലയത്തിലേക്കാണെന്നെ മാറ്റിയതെങ്കിലും കോണ്‍ക്രീറ്റ് ടെക്‌നോഴജിയിലുള്ള പുതിയ അറിവ് വെച്ച് വേലചെയ്യുവാനും പഠിക്കുവാനും സാധിച്ചതില്‍ സന്തോഷമുണ്ടായി. ക്രമേണ ഞാന്‍ വീണ്ടും തിരുവനന്തപുരം ഡിവിഷന്റെ അധീനതയില്‍ നാഗര്‍കോവിലില്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറായിരുന്നപ്പോള്‍ റെയില്‍വേ മന്ത്രിയുടെ അവാര്‍ഡ് ലഭിച്ചു. പ്രസ്തുത അവാര്‍ഡ് ഉദയപ്പൂരില്‍ അന്ന് നടന്ന റെയില്‍വേ വീക്ക് സെലിബ്രേഷനില്‍ വെച്ചാണ് എനിക്ക് മന്ത്രി സമ്മാനിച്ചത്. പിന്നീട് എറണാകുളത്ത് ഒരു മേജര്‍ വര്‍ക്ക് വന്നപ്പോള്‍ എന്നെ അതിലേക്ക് നിയമിച്ചു. അതായത് ഇരുമ്പനം മുതല്‍ കൊച്ചിന്‍ റിഫൈനറിയുടെ എല്‍പിജി സൈഡിംഗിലേക്കുള്ള റെയില്‍വേ ട്രാക്കും മൂന്ന് പാലങ്ങളും നിര്‍മ്മിക്കുവാനായിരുന്നു എന്നെ നിയോഗിച്ചത്. അക്കാലത്ത് കൂടുതല്‍ വായിക്കുവാനും അസോസിയേഷന്റെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുവാനും ഞാന്‍ സമയം കണ്ടെത്തി. അങ്ങിനെ താഴെ കൊടുക്കുന്ന തത്വത്തിന് രൂപം നല്‍കി അതായത്;

'സമയമില്ലെന്ന് സമര്‍ത്ഥിക്കുവാന്‍ പറ്റുകയില്ല. ലഭ്യമാകുന്ന സമയം പ്രോപ്പര്‍ (അനുയോജ്യമായ രീതിയില്‍) ആയി യൂട്ടിലൈസ് (ഉപയുക്തമാക്കുകയാണെങ്കില്‍) ചെയ്യുകയാണെങ്കില്‍ സമയമുള്ളതുപോലെ നമുക്കു തോന്നും'

കൂടാതെ ആക്‌സിഡന്റിനെ പറ്റി എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.. അതായത്;

'Accident causes due to the negligence of Human beings' മനുഷ്യന്റെ അജ്ഞത / അശ്രദ്ധയാണ് എല്ലാവിധമായ അപകടങ്ങള്‍ക്കും കാരണം. 

ആയിടക്കാണ് ഞാനൊരു ചെറിയ വീട് വെച്ചത്. പുതിയ വീട്ടില്‍ പുതിയ കുഞ്ഞുമായി ഗൃഹപ്രവേശം നടത്തി. വിവാഹാനന്തരം 10 വര്‍ഷത്തിന് ശേഷമാണ് എനിക്ക് ഉണ്ണി പിറന്നത്.

പണ്ട് ഹൈസ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ നിരവധി കവിതകളെഴുതിയിരുന്നു. അവയില്‍ ചിലതൊക്കെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒരിക്കല്‍ വെളുപ്പാന്‍ കാലത്ത് വണ്ടികയറുന്നതിന് റെയില്‍വെ ട്രാക്കിലൂടെ നടന്നുപോകുമ്പോള്‍ കാല്‍വഴുതിവീണ് കൈക്ക് സാരമായ ഒടിവ് സംഭവിച്ചു. അന്നേരം സമയം പോകാന്‍ ശ്രമിച്ച രീതിയാണ് പഴയ അഭിരുചിയായ കവിതയെഴുത്ത്. അങ്ങനെ ഉണ്ടായ സര്‍ഗ സൃഷ്ടിയാണ്,

ആദിവാസിഭൂമി (ഖണ്ഡകാവ്യം)
പിടിത്താള് (കവിതാസമാഹാരം)

ഇവയിലെ ചിലവരികള്‍ വായിക്കുവാനിടയായ സാമൂഹ്യപ്രവര്‍ത്തകരില്‍ മുമ്പനായ അഡ്വ: കെ വി കുമാരന്‍ 'വിപ്ലവകവി' എന്ന് എന്നെ നാമകരണം ചെയ്ത് അഭിനന്ദിക്കുകയുണ്ടായി.

'ദേവനെ കാണാന്‍ കരുമാടിക്കുട്ടന്‍
മാതാവിനോടൊത്തണഞ്ഞപ്പോള്‍ തന്ത്രി
കണ്ണുരുട്ടിക്കൊണ്ട് ആട്ടിപ്പുറത്താക്കി
കുഞ്ഞുമൊഴിഞ്ഞണ്ണയോടു പതുക്കെ
അവരുടെ ദേവനെ നമ്മള്‍ക്കു വേണ്ട
പോയിടാമമ്മേ നമുക്കു കുടിലില്‍'

എന്നോട് കാണിച്ചിരുന്ന ജാതിസ്പര്‍ദ്ധയും അവഗണനയും അസോസിയേഷ ന്‍വഴി നേരിട്ടിരുന്നെങ്കിലും ഒട്ടനവധി പുതിയ കേസുകളില്‍ കുടുക്കി ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. എന്നോടൊപ്പം ജോലിയില്‍ പ്രവേശിച്ചവര്‍ പില്‍ക്കാലത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എന്നീ നിലകളിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്നു. ഞാനൊരു അധഃസ്ഥിതനും, അനുയോജ്യമായ യോഗ്യതയുള്ളവനും റെയില്‍വെ മന്ത്രിയുടെ അവാര്‍ഡ് ജേതാവിമായിരുന്നിട്ടു കൂടി എന്നെ പരിഗണിച്ചില്ല. വര്‍ക്‌സ് എന്‍ജിനീയറിംഗ്, ട്രാക്ക് എന്‍ജിനീയറിംഗ്, ബ്രിഡ്ജ് എന്‍ജിനീയറിംഗ്, കൂടാതെ കോണ്‍ക്രീറ്റ് ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ ആധികാരികമായ അറിവ് നേടിയിട്ടുകൂടി എന്നെ ഗൗനിക്കുന്നതില്‍ ഒട്ടും തന്നെ സര്‍ക്കാര്‍ ഔല്‍സുക്യം കാണിച്ചില്ല.

ഒരിക്കല്‍ എന്നെ ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ അന്നത്തെ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ചീഫ് എന്‍ജിനീയര്‍ ബഹു: ഇ ശ്രീധരനെ സമീപിച്ചു. പക്ഷെ അദ്ദേഹം മനഃപൂര്‍വം എന്നെ സഹായിക്കാതെ കയ്യൊഴിഞ്ഞു.

വൈസ് പ്രസിഡന്റായിരുന്ന ബഹു: കെ ആര്‍ നാരായണന്‍ ഉഴവൂര്‍ വന്നപ്പോള്‍ കുടുംബാംഗമെന്ന നിലക്ക് കണ്ടതിന്റെ ഫോട്ടോ പത്രത്തില്‍ വന്നതുമുതല്‍ കൂടുതല്‍ വിദ്വേഷം എന്റെ നേര്‍ക്ക് ആളിക്കത്തിക്കുവാന്‍ തുടങ്ങി. നിരവധി കള്ളക്കേസുകളില്‍ കുടുക്കി. പക്ഷെ എന്റെ കാര്യത്തിലിടപെട്ട പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലുള്ളവര്‍ ദിവംഗതനായ എം പി സേവ്യര്‍ അറയ്ക്കലും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയായ പ്രൊഫ കെ വി തോമസുമാണ്. അതുപ്രകാരം റെയില്‍വേ മന്ത്രിയുടെ ഉത്തരവിന്‍പടി എന്നെ ശല്യപ്പെടുത്തിയ നിരവധി ഓഫീസര്‍മാരെ സ്റ്റേറ്റ് വിട്ട് അകലേക്ക് ഓടിച്ചു. പട്ടികജാതിക്കാരനായ എന്റെ സുരക്ഷിതത്വം സര്‍ക്കാര്‍ പാലിച്ചു. പ്രൊമോഷന്‍ നല്‍കിയില്ലെങ്കിലും എന്റെ ഗ്രേഡും ഡെസിഗ്നേഷനും കൊള്ളാവുന്ന തരത്തിലുള്ള തായിരുന്നു.

നിരവധി കവിതാ പുരസ്‌കാരങ്ങള്‍, ഓഡിയോ കാസറ്റ്, സി ഡി എന്നിവ ഇറക്കിയിട്ടുണ്ട്. ഡെല്‍ഹിയില്‍ നിന്നും ഡോ. അംബേഡ്കര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഒട്ടുമിക്ക ഓഫീസര്‍മാര്‍ക്കും എന്നോട് വെറുപ്പും അവജ്ഞയും ഭയപ്പാടുമുണ്ടായിരുന്നു. എന്നെയും എന്റെ സമുദായക്കാരായ മറ്റു സ്റ്റാഫിനേയും തൊഴിലാളികളെയും മനഃപൂര്‍വം ദ്രോഹിച്ചാല്‍ അതിനെ പറ്റി പ്രതികരിക്കുവാനും ഉന്നത നിലകളില്‍ റിപ്പോര്‍ട്ട് ചെയ്യുവാനും ശ്രമിച്ചിരുന്നു. എനിക്ക് പ്രസിഡന്റിന്റെ അവാര്‍ഡ് നല്‍കി അനുമോദിച്ചിരിക്കുന്നത് പട്ടികജാതി ജോലിക്കാരെ പീഡിപ്പിക്കുന്നത് ഉന്നതങ്ങളില്‍ തെരിയപ്പെടുത്തുവാനും കൂടിയാണ് എന്ന ധാരണ പരക്കെ അറിയപ്പെട്ടിട്ടുള്ള വസ്തുതയാണ്. അതുകൊണ്ട് റിട്ടയര്‍മെന്റ് അടുത്തുവന്ന വര്‍ഷങ്ങളില്‍ എന്നോട് കോപപ്പെടുവാനോ ജാതിസ്പര്‍ദ്ധ കാണിക്കുവാനോ ഒരൊറ്റ ഓഫീസര്‍മാരും ഉദ്യമിച്ചിരുന്നില്ല. ചിലര്‍ ഭയപ്പാടുകൊണ്ട് വ്യംഗ്യമായ പ്രതിപത്തി കാണിച്ചിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെയും റെയില്‍വെ മന്ത്രാലയത്തിന്റെയും വ്യക്തമായ ഉത്തരവിന്റെ വെളിച്ചത്തില്‍ ഡോ. അംബേഡ്കറുടെ ജന്മദിനം ഏപ്രില്‍ 14 ന് തിരുവനന്തപുരത്ത് വെച്ച് കൊണ്ടാടി. ഡിപ്പാര്‍ട്ട്‌മെന്റെ തലത്തില്‍ ആഘോഷിക്കാറുള്ള പ്രസ്തുത ചടങ്ങില്‍ അന്നത്തെ DRM എനിക്ക് പൊന്നാട ചാര്‍ത്തി. 'യു ആര്‍ ദി ഗ്രേറ്റ് പോയറ്റ് ' എന്നാണ് അഭിപ്രായപ്പെട്ടത്. കാടാതെ ഡോ. അംബേഡ്കറെ പറ്റിയുള്ള എന്റെ പ്രസംഗം ശ്രവിച്ച ഓഫീസര്‍മാര്‍ എല്ലാവരും മുന്നോട്ട് വന്ന് എന്നെ അനുമോദിച്ചു.

പണ്ട് PWD യില്‍ ജോലി ചെയ്തിരുന്നപ്പോള്‍ കുടുംബത്തിന്റെ ഭാരവാഹിത്വം എന്നിലര്‍പ്പിക്കപ്പെട്ടു. പിന്നെ റെയില്‍വെയില്‍ ജോലിക്കു ചേര്‍ന്ന അന്നുമുതല്‍ അച്ഛനേയും അമ്മയേയും അനുജനേയും ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുവന്നു. കുടിലുല്‍ കഞ്ഞിയും വള്ളവും ലഭിക്കാതെ നീറിപ്പുകഞ്ഞ അവര്‍ക്ക് സര്‍ക്കാരിന്റെ കെട്ടിടത്തില്‍ താമസിക്കുവാനും കൊള്ളാവുന്ന ആഹാരവും കഴിച്ച് സുഖമായുറങ്ങു വാനും കഴിഞ്ഞിരുന്നു. എനിക്ക് വന്ന സഹധര്‍മ്മിണിയും എന്റെ മാതാപിതാക്കളെ ആത്മാര്‍ത്ഥതയോടെ നോക്കുന്നവരുമായിരുന്നു.

പെന്‍ഷന്‍പറ്റി പിരിയുന്ന അവസരത്തില്‍ നിരവധി സെന്റ്ഓഫ് പാര്‍ട്ടിയാണ് എനിക്ക് ലഭിച്ചത്. എനിക്ക് പൂച്ചണ്ടുകളും മാലകളും സമ്മാനങ്ങളും നല്‍കപ്പെട്ടു. തിരുവനന്തപുരം ഡിവിഷന്റെ നിയന്ത്രണത്തി ലുള്ള വര്‍ക്‌സ് എന്‍ജിനീയര്‍മാര്‍ എല്ലാവരും എറണാകുളത്ത് വന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത് എനിക്ക് അനുമോദനങ്ങള്‍ വാരിച്ചൊരിഞ്ഞു നല്‍കി. അധഃസ്ഥിത സമുദായാംഗമായ എഴുത്തുകാരില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചവനാണ് ഞാന്‍. എന്റെ പാട്ടുകള്‍ കലാഭവന്‍ മണിയെ കൊണ്ട് പാടിയിറക്കിയ കാസറ്റാണ് 'കോമരം'. പിന്നെ കാവുതീണ്ടല്‍, ചിലമ്പ് എന്നീ കാസറ്റുകളും എന്റെ പാട്ടുകള്‍ കൊണ്ടാണിറക്കി യിട്ടുള്ളത്. കൂടാതെ 'കരിങ്കുഴലി' കവിതാ സമാഹാരവും 'മലങ്കാറ്റ്' ' പെരിങ്ങല്‍ കുത്ത് ' എന്ന കാസറ്റും. എ സി വിയില്‍ എന്റെ നാടന്‍ പാട്ടുകള്‍ ഗായികാഗായകന്മാരോടൊപ്പം അവതരിപ്പിച്ചതിന്റെ സി ഡി ലഭ്യമാണ്. കരിങ്കുഴലി, മലങ്കാറ്റ് എന്നീ കവിതാ സമാഹാരങ്ങലും പെരിങ്ങല്‍ കുത്ത് എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഇത്രയൊക്കെ ഉണ്ടായിട്ടും എന്നോടുള്ള അവജ്ഞക്ക് മുക്തിയുണ്ടായിട്ടില്ല. എന്റെ സമുദായക്കാര്‍ തന്നെ എന്നോട് വെറുപ്പ് കാണിക്കുന്നു. പിന്നെയുണ്ടോ മറ്റുള്ളവരെന്നെ വെറുക്കാതിരിക്കുന്നത്.

ഭാര്യ: രമാദേവി, മകന്‍: വിവേക് പി.
വിലാസം: വലിയതറയില്‍ വീട്, തൈക്കൂടം, വൈറ്റില പി ഒ., കൊച്ചി.682019.
Ph.9287582729, 9495317198.

*****
'സര്‍ഗരേഖ' മാസികയുടെ 2011 ജൂലൈ ലക്കത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്.

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

മുത്തങ്ങയില്‍ നടന്നതെന്ത്? - കോയാമു കുന്നത്ത്, പ്രദീപ് ഉഷസ്.


ഫെബ്രുവരി 19 ബുധനാഴ്ച; പുലര്‍ച്ചെ ആറര, സുല്‍ത്താന്‍ബത്തേരി മൈസൂര്‍ റോഡില്‍ മുത്തങ്ങ വന്യജീവി സംരക്ഷണകേന്ദ്രം. മുളങ്കൂട്ടങ്ങള്‍ക്കിട യിലൂടെ അകലെ ആദിവാസി കുടിലുകളില്‍ നിന്നും പുക ഉയരുന്നതു കാണാം.

മുത്തങ്ങ പൊന്‍കുഴി ക്ഷേത്രത്തിനു സമീപത്തെ വിശാലമായ വയലില്‍ ഏഴുമണിയോടെ ആയിരത്തോളം വരുന്ന പൊലീസുകാരും വനംവകുപ്പു ദ്യോഗസ്ഥരും നിരന്നുകഴിഞ്ഞു. ചെറുപ്ലാറ്റൂണുകളായി തിരിഞ്ഞ സേനാംഗങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു.


സംമയം എട്ടര. ലോംഗ് വിസില്‍ മുഴങ്ങി. പൊലീസ് വ്യൂഹം കയ്യേറ്റഭൂമി ലക്ഷ്യമാക്കി കുതിച്ചു. ആദിവാസികള്‍ ഉയര്‍ത്തിയ ചെക്‌പോസ്റ്റ് ഇടിച്ചു നിരത്തി.....

ചെക്‌പോസ്റ്റിനു മുന്നിലായി ചെറുകുടിലുകള്‍. അതിലൊന്നും ആളനക്കമില്ല. ഫോറസ്റ്റ് വാച്ചര്‍മാരും താല്‍ക്കാലിക ജീവനക്കാരും ചേര്‍ന്ന് അതൊക്കെ പൊളിച്ചു നീക്കി. പൊലീസുകാര്‍ തീകൊളുത്തി. എവിടെനിന്നും ഒരു പ്രതിഷേധവും ഉയരുന്നില്ല. പൊലീസ് വ്യൂഹം വീണ്ടും മുന്നോട്ട്; ഒപ്പം മാധ്യമ പ്രവര്‍ത്തകരും.

വനഭൂമിയില്‍ അനധികൃതമായി പ്രവേശിച്ച നിങ്ങള്‍ പുറത്തുപോകണം.

കണ്ടിച്ചും അവര്‍ക്കൊരു കൂസലുമില്ല. കുടിലുകള്‍ക്ക് ഇരുവശത്തുമായി നീങ്ങിയ പൊലീസുകാര്‍ തോക്കുചൂണ്ടി കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഈ മണ്ണ് എങ്ങളുടേത്.. എങ്ങളെ മണ്ണ് എങ്ങള്‍ക്ക് വേണം, കാടിന്റെ മക്കള്‍ എങ്ങള്‍ കാട്ടില്‍ത്തന്നെ മരിച്ചുവീഴും... ബയണറ്റ് മുനകള്‍ക്ക് മുന്നില്‍ നിന്ന്, ലാത്തികള്‍ക്ക് മുന്നില്‍ നിന്ന് നട്ടെല്ലു വളയാതെ, നെഞ്ചുവിരിച്ചവര്‍ ഏകസ്വരത്തില്‍ വിളിച്ചു പറഞ്ഞു.

സമയം 10.40 ആദ്യത്തെ ടിയര്‍ഗ്യാസ് ഷെല്ല് ആദിവാസികള്‍ക്കിട യിലേക്ക്. നേരേ കുതിച്ചുപാഞ്ഞു. ആധുനിക ആയുധങ്ങള്‍ക്കു മുന്നില്‍ അമ്പുംവില്ലും മക്കള്‍ക്ക് ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല. അവര്‍ ഉള്‍ക്കാട്ടിലേക്ക് പിന്‍തിരിഞ്ഞോടി.

വൃദ്ധകളോടും കൈക്കുഞ്ഞുങ്ങളോടുമായി പിന്നീട് മൃഗയാ വിനോദം. അമ്മയുടെ മടിയില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ മുന്നു വയസുള്ള കുഞ്ഞിനെ ചവിട്ടി വീഴ്ത്തി ലാത്തികൊണ്ട് തലയടിച്ച് പൊട്ടിച്ചു. ചോരയില്‍ കുളിച്ചു പിടയുന്ന കുഞ്ഞിനെയും അമ്മയെയും വീണ്ടും മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷ ഭൂമിയിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ അമ്മയെയും കുഞ്ഞിനെയും വലയം ചെയ്തു നിന്നു. അതോടെ പൊലീസുകാര്‍ പിന്മാറി. വാര്‍ദ്ധക്യംമൂലം തിരിഞ്ഞ് ഓടാനാകാതെ തിടന്ന നമ്പ്യാര്‍കുന്നിലെ മുരിങ്ങ എന്ന വൃദ്ധസ്ത്രീയെ വലിച്ചിഴച്ച് മര്‍ദ്ദിച്ചപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ അവിടെയും എത്തി പൊലീസിനെ വിലക്കി. ഭീകരമര്‍ദ്ദനമേറ്റ് ചോരയില്‍ കുളിച്ചു നില്‍ക്കുന്നവരെ വട്ടമിട്ടു നിന്ന് വീണ്ടും മര്‍ദ്ദിക്കുന്നത് ന്യൂസ് ഫോട്ടാഗ്രാഫര്‍മാര്‍ ചിത്രീകരിക്കുന്നത് കണ്ടതോടെ പല കാക്കിധാരികളുടെയും സ്വഭാവം മാറിത്തുടങ്ങി. ടി വി ക്കാരുണ്ട്, ഫോട്ടോഗ്രാഫര്‍മാര്‍ കാണാതെ അടിക്കടാ തുടങ്ങിയ ആക്രോശങ്ങളാണ് പിന്നീട് സമരമുഖത്ത് കേട്ടത്.

ആക്രമണം ഭീകരമായതോടെ ആദിവാസികള്‍ കാട്ടിലേക്കു വലിഞ്ഞു. പിന്നീട് വനംവകുപ്പ് ഉേേദ്യാഗസ്ഥരും വാച്ചര്‍മാരും കുടിലുകള്‍ ഒന്നൊന്നായി കത്തിച്ചു. ഇതോടെ കാട്ടില്‍ വന്‍ തീപിടുത്തം ഉണ്ടായി. യുദ്ധസമാനമായ രംഗങ്ങളാണ് രണ്ടുമണിക്കൂര്‍ അവിടെ അരങ്ങേറിയത്. പൊലീസിന്റെ നിഷ്ഠൂരമര്‍ദ്ദനമേറ്റ് ബോധരഹിതനായി വീണ ആദിവാസി യുവാവിനെ പൊലീസുകാരും താല്‍ക്കാലിക വാച്ചര്‍മാരും ചേര്‍ന്ന് മുളവടികള്‍ കൊണ്ട് വീണ്ടും വീണ്ടും അടിച്ചു. അടിയേറ്റ് വലതുകാലിന്റെ അസ്തി പൊട്ടി മാംസത്തിന് പുറത്തു വന്നു. ആ നിലയില്‍ നടക്കാന്‍ നിര്‍ബന്ധിക്കുകയും വീണ്ടും ചവിട്ടി വീഴ്ത്തുകയുമായിരുന്നു നിയമപാലകര്‍. അടിയേറ്റ്, തലപിളര്‍ന്ന്, ചോരയില്‍ കുളിച്ചു പിടയുന്നവരെ, ബൂട്ടിട്ട് തൊഴിച്ചും, തോക്കിന്‍ പാത്തികൊണ്ടടിച്ചും ഒക്കെ പീഢിപ്പിക്കുന്ന മൃഗീയ രംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ സാക്ഷികളാകേണ്ടിവന്നു.

അമിതാവേശം പൊലീസുകാരെ ബന്ദികളാക്കി.

പ്രീകൃതവും മൃഗീയവുമായ ആക്രമമുറകളിലൂടെയാണ് ആദിവാസികളെ പൊലീസുകാര്‍ നേരിട്ടതും കീഴടക്കിയതും. തോക്കിനും ബയണറ്റുകള്‍ക്കും മുന്നില്‍ കവണക്കല്ലുകള്‍ക്കും അമ്പും വില്ലിനും എത്രനേരം പിടിച്ചു നില്‍ക്കാനാകും... പൊരുതി കീഴടങ്ങുക എന്ന ലക്ഷ്യത്തോടെ പ്രാകൃത ആയുധങ്ങള്‍ കയ്യിലേന്തിയ ആദിവാസികളെ കീഴടക്കുന്നത് പൊലീസ് വ്യൂഹത്തിന് വളരെ എളുപ്പം തന്നെയായിരുന്നു. രാവിലെ 11.30ഓടെ ആദ്യഘട്ട നീക്കം വിജയകരമായി പൂര്‍ത്തിയാക്കാനും ഇവര്‍ക്കു കഴിഞ്ഞു.

ആദിവാസികളുടെ കൈവശം പേടിക്കത്തക്ക ആയുധങ്ങളൊന്നു മില്ലെന്ന് തിരിച്ചറിവുണ്ടായതോടെ പൊലീസുകാര്‍ക്ക് ആത്മധൈര്യമേറി. അമിതാവേശ പ്രകടനമായി പിന്നീട്.

രണ്ടാം ഓപ്പറേഷന് തയ്യാറെടുക്കുന്നതിനിടയില്‍ 40 അംഗ സ്വാഡ് ആദിവാസികളുടെ നീക്കം അറിയുന്നതിനായി കാട്ടില്‍ കയറിയിരുന്നു. ആദിവാസികളും, പൊലീസും തമ്മില്‍ ഇവിടെവെച്ച് ഏറ്റുമുട്ടലുണ്ടായി. ഒന്‍പത് റൗണ്ട് വെടിവെച്ചാണ് വനിതാ പൊലീസുകാരടങ്ങുന്ന സംഘം രക്ഷപ്പെട്ടത്. ഇതിനിടയില്‍ മൂന്ന് സേനാംഗങ്ങള്‍ ആദിവാസികളുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരുന്നു. ഓപ്പറേഷനു നേതൃത്വം കൊടുത്ത ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കുവരെ സേനാംഗങ്ങള്‍ പിടിയിലായ വിവരം അറിയില്ലായിരുന്നു. പരിക്കുപറ്റിയ പൊലീസുകാരെ നീക്കംചെയ്തതോടെ പ്രതികാര ദാഹികളായ സേനാംഗങ്ങള്‍ ബാച്ചുകളായി പൊന്‍കുഴിവയലിലേക്ക് എത്തി. അര്‍ധചന്ദ്രാകൃതി യില്‍ വളഞ്ഞതോടെ ഷെഡ്ഡില്‍ തടിച്ചുകൂടിയിരുന്ന ആദിവാസികള്‍ ചെറുത്തുനില്‍പ്പിന് തയ്യാറെടുത്തു. ഇതിനിടയിലാണ് ബന്ദികളാ ക്കിയ വരെക്കുറിച്ച് പൊലീസ് അറിയുന്നത്. തങ്ങളുടെ സംഘാംഗങ്ങള്‍ ആദിവാസികളുടെ പിടിയിലായി എന്നറിഞ്ഞതോ ടെ പൊലീസുകാരുടെ മനോവീര്യം തകര്‍ന്നു.

കണ്ണൂര്‍ ശ്രീകണ്ഠപുരം പാറക്കടി കുഞ്ഞിരാമന്റെ മകന്‍ വിനോദ്, തോല്‍പ്പെട്ടി (ഇവിടെ അച്ചടി മുറിഞ്ഞാതായി കാണുന്നു - ബ്ലോഗര്‍) എന്നിവരായിരുന്നു ബന്ദികളായിരുന്നത്. സലാമിന്റെ ഗുതരാവസ്ഥ കണക്കെലെടുത്ത് ആദിവാസികള്‍ സലാമിനെ വിട്ടുകൊടുത്തു. മുളകൊണ്ടുണ്ടാക്കിയ സ്‌ട്രെച്ചറിലാണ് (ഇവിടെ അച്ചടി മുറിഞ്ഞാതായി കാണുന്നു - ബ്ലോഗര്‍)

ബന്ദികളായതോടെ ഏറ്റുമുട്ടലിന്റെ സ്വഭാവം മാറി. അനുരഞ്ജനത്തിന്റെ പാത പൊലീസ് സ്വീകരിച്ചു. മാധ്യമപ്രവര്‍ത്തകരും സഹായിച്ചു. ഇതിനിടെ പൊലീസ് ബന്ദികളാക്കിയവരെ വിട്ടുതരണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. റവന്യൂ അധികൃതരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഡിവൈ എസ് പി ഉണ്ണി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ എന്നിവര്‍ സംയമനത്തിന്റെ പാതയില്‍ കുറേ സമയം ചര്‍ച്ച നടത്തി. ഇതിനിടയില്‍ ഗോത്രസഭാ നേതാവ് അശോകന്‍ പ1ലീസുകാരന്റെയും ഫോറസ്റ്റ്കാരന്റെയും നില ഗുരുതരമാണെന്നും അവര്‍ക്ക് കുടിക്കാന്‍ വെള്ളം(ഇവിടെ അച്ചടി മുറിഞ്ഞാതായി കാണുന്നു - ബ്ലോഗര്‍)ഗുരുതരാവസ്ഥയിലാണെന്നും അറിയിച്ചു. അവരെ ചികിത്സിക്കാന്‍ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടുവെങ്കിലും അധികൃതര്‍ അതിനു തയ്യാറായില്ല. മരണത്തെ ഭയമില്ലെന്ന നിലപാടാണ് ആദിവാസികള്‍ സ്വീകരിച്ചത്. ഇതിനിടയില്‍ മാധ്യമം ലേഖകന്‍ ഷെറീഫിനെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. ഇദ്ദേഹം പരിക്കുപറ്റിയവരുടെ ഗൗരവാവസ്ഥ പൊലീസിന് കൈമാറിയെങ്കിലും പരിക്കിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ പൊലീസ് ഉന്നതാധികൃതര്‍ (ഇവിടെ അച്ചടി മുറിഞ്ഞാതായി കാണുന്നു - ബ്ലോഗര്‍)

ഡോക്ടറെ വനത്തിലേക്കയക്കുന്നതില്‍ വിയോജിക്കുകയുണ്ടായി. അനുരഞ്ജനശ്രമത്തിന് പത്രപ്രവര്‍ത്തകരും ശ്രമിച്ചെങ്കിലും ആദിവാസികള്‍ക്കെതിരെയുള്ള നടപടിയില്‍ നിന്ന് പിന്മാറാന്‍ പൊലീസ് തയ്യാറല്ലെന്ന് അറിയിച്ചതോടെ പത്രപ്രവര്‍ത്തകര്‍ മധ്യസ്ഥ ശ്രമത്തില്‍ നിന്ന് പിന്മാറി. ഇതോടെ പൊലീസ് സന്നാഹം ആദിവാസി ക്യാമ്പില്‍നിന്നും കതരപ്പാടി ഭാഗത്തേക്ക് പിന്‍വലിഞ്ഞു.

പൊലീസ് പിന്‍വാങ്ങിയതോടെ സമരക്കാര്‍ പത്രക്കാരെ ഓരോരുത്തരെയായി പൊന്‍കുഴി ഷെഡ്ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിച്ചു. പത്രപ്രവര്‍ത്തകര്‍ ക്യാമ്പിലെ യഥാര്‍ത്ഥസ്ഥിതികള്‍ പുറം ലോകത്തേക്ക് അറിയിക്കുന്നതിനായി കാടിന് വെളിയിലിറങ്ങി. ഇതിനിടയില്‍ പരിക്കേറ്റവര്‍ക്ക് കുപ്പിവെള്ളവും കൈവശമുള്ള പഴവും അപ്പവുമൊക്കെ മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. വൈകിട്ട് അഞ്ചരയോടെ വളരെ നിശബ്ദമായി പൊലീസ് സേന തിരിച്ചു വന്നു. ക്യാമ്പിനെ അര്‍ദ്ധചന്ദ്രാകൃതിയില്‍ വളഞ്ഞു. ഇതിന് സാക്ഷികളായി ഞങ്ങള്‍ ചില പത്രപ്രവര്‍ത്തകരേ ഉണ്ടായിരുന്നുള്ളൂ.

പിന്നെ നടന്നത് നിഷ്ഠൂരമായ അരുംകൊലയുടെ ഭീകരദൃശ്യങ്ങളായിരുന്നു. കൊച്ചുകുടിലിനു മുന്നില്‍ കൈക്കുഞ്ഞുങ്ങളെയും ഒക്കത്തെടുത്ത്, വില്ലുമമ്പുമുയര്‍ത്തി നിന്ന ആദിവാസികളുടെ നേരേ ആര്‍പ്പുവിളികളോടെ പൊലീസ് സംഘം ഇരച്ചെത്തി. കാടിനെ നടുക്കിക്കൊണ്ട് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു. മുന്‍നിരയിലുണ്ടായിരുന്നവരില്‍ പലരും വെടിയേറ്റ് നിലംപതിച്ചു. എങ്ങും നിലവിളികള്‍ മാത്രം.

വെടിയുണ്ടകളേറ്റ് ആദിവാസികള്‍ പിടഞ്ഞുവീഴുന്നത് കണ്ടതോടെ, ബന്ദിയാക്കിയ പൊലീസ് കോണ്‍സ്റ്റബിള്‍ വിനോദിനെ ആരോ വെട്ടി പരിക്കേല്‍പ്പിച്ചു. ഇദ്ദേഹം പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. വെടിയുണ്ടകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ആദിവാസി സംഘങ്ങള്‍ ഉള്‍ക്കാട്ടിലേക്ക് ഓടിയൊളിച്ചു. കയ്യില്‍ കിട്ടിയവരെയൊക്കെ തല്ലിച്ചതക്കുന്ന ഭീകരരംഗങ്ങളായിരുന്നു പിന്നീട്. വെടിയേറ്റ് തലച്ചോര്‍ പുറത്തുവന്ന ഒരു ആദിവാസി സ്ത്രീയെ വീണ്ടും ബയണറ്റുകൊണ്ട് കുത്തുകയായിരുന്നു. കലിയടങ്ങാത്ത ഒരു സംഘം പൊലീസുകാര്‍ ചിതറിയോടുന്ന തിനിടയില്‍ ഒറ്റപ്പെട്ടുപോയ ഒരു വൃദ്ധസ്ത്രീയെ വളഞ്ഞുനിന്ന് തോക്കിന്‍ പാത്തികൊണ്ട് തലക്കടിച്ചു വീഴ്ത്തി.

കാട്ടിനുള്ളില്‍ നിന്നും കൂട്ട നിലവിളിയും വെടിയൊച്ചയും അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. വീണുകിടക്കുന്ന ആദിവാസികള്‍ക്കു ചുറ്റും പൊലീസ് മതില്‍പോലെ മറഞ്ഞു നിന്ന് പത്രക്കാരെ മറയ്ക്കുന്നുണ്ടായിരുന്നു. അതോടൊപ്പം മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും പൊലീസ് സംഘം തിരിഞ്ഞു. പത്രപ്രവര്‍ത്തകര്‍ ജീവന്‍ പണയംവെച്ച് വെടിവെപ്പുനടന്ന ഷെഡ്ഡിനുനേരെ നീങ്ങിയെങ്കിലും പൊലീസുകാര്‍ അടിച്ചോടിച്ചു. കൈരളി ടി വി ക്യാമറാമാന്‍ ഷാജി പട്ടണത്തെ മര്‍ദ്ദിച്ച് ക്യാമറ തകര്‍ക്കാന്‍ ശ്രമിച്ചു. മാധ്യമം ലേഖകന്‍ ഷെറീഫിന്റെ ഫിലിംറോള്‍ വലിച്ചൂരിക്കളഞ്ഞു. മാധ്യമപ്രവര്‍ത്തകരില്‍ നിന്നും തെളിവുകള്‍ നശിപ്പിക്കുക എന്നതായിരുന്നു പൊലീസിന്റെ ലക്ഷ്യം.

കാട്ടിനുള്ളില്‍ വെടിയേറ്റു വീണവരെ ഉള്‍ക്കാട്ടില്‍ കൊണ്ടുപോയി കത്തിച്ചു കളഞ്ഞതായി ആദിവാസികള്‍ പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ നേരിട്ടു കണ്ടവരെ മാത്രമാണ് കാട്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്നത്.

സംഭവം നടന്ന ഉടന്‍തന്നെ വനപാലകര്‍ ജനറേറ്റര്‍ കൊണ്ടുവന്ന് കാട്ടില്‍ അനന്തരനടപടികള്‍ നടത്താനുള്ള വെളിച്ചത്തിനു സാഹചര്യമുണ്ടാക്കി. അതോടെ സംഭവസ്ഥലം സേനയുട അധീനതയിലായി. വെടിവെപ്പിനുശേഷം ഓടിയ ആദിവാസികള്‍ കാടിന്റെ മറ്റൊരു ഭാഗത്തുണ്ടായിരുന്ന ഒരു കര്‍ഷകന്റെ ഇഞ്ചിഷെഡ്ഡില്‍ അഭയം പ്രാപിച്ചു. 200 ഓളം വരുന്ന ഇവര്‍ ഒടുവില്‍ പൊലീസിന് കീഴടങ്ങുകയായിരുന്നു.

(കേരളശബ്ദം വാരികയുടെ 2003 മാര്‍ച്ച് ലക്കം 9 ലാണ് ഈ ലേഖനം കൊടുത്തിരുന്നത്)