"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2014, ജനുവരി 31, വെള്ളിയാഴ്‌ച

ഹൃദയം കൊണ്ട്‌ വായിക്കേണ്ട പുസ്‌തകം - രാജേഷ്‌ ചിറപ്പാട്‌


കഥകള്‍ കേട്ടും വായിച്ചും സമ്പന്നമായ ഒരു ബാല്യ - കൗമാരങ്ങളിലൂടെയാണ്‌ ഓരോ കുട്ടിയും വളര്‍ന്നു വരേണ്ടത്‌. അറിഞ്ഞ കഥകളില്‍ നിന്ന്‌ വെള്ളവും വളവും വലിച്ചെടുത്ത്‌ ചിലര്‍ക്കൊക്കെ കതകളെഴുതാന്‍ തുടങ്ങാം. കഥയും കവിതയും നിറഞ്ഞ ബാല്യകാലം ഇന്ന്‌ ഓര്‍മ്മയായി മാറുകയാണ്‌. കഥ പറയുന്ന മുത്തശ്ശിമാര്‍ ഇന്നില്ല. നമ്മുടെ സംസ്‌കാരത്തിലെ നന്മയുടെ ഉറവുകള്‍ വറ്റിത്തുടങ്ങുകയാണ്‌. മാനവികതയുടെ മായാത്ത മുദ്രകളായ കഥകളെ, കവിതകളെ തിരിച്ചു പിടിക്കേണ്ടത്‌ പുതിയ തലമുറയാണ്‌.

എ എം സിദ്ദിഖിക്കിന്റെ "പ്രിയപ്പെട്ട മുത്തശ്ശിക്ക്‌" എന്ന നോവല്‍ അത്തരത്തില്‍ പ്രസക്തമാണ്‌. കുട്ടികളുടെ മനസില്‍ നന്മയുടെയും കാരുണ്യത്തിന്റെയും വിത്തുകള്‍ പാകുന്ന ഒരു മികച്ച സൃഷ്ടി. നമ്മുടെ ബാല സാഹിത്യ മേഖല ഇന്ന്‌ നിലവാരത്തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്‌. വായില്‍ തോന്നുന്നതെന്തും എഴുതാനുള്ള ഇടമായി പലരും ഇതിനെ സമീപിക്കുന്നു. വായനയില്‍ നിന്ന്‌ നമ്മുടെ കുട്ടികള്‍ അകന്നു പോകാന്‍ ഇതൊരു കാരണമായി ട്ടുണ്ടാകാം. ടി വി യിലെ ഭീകര കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ ആരാധകരായി പുതിയ തലമുറ മാറിയതെന്തു കൊണ്ടാണെന്നുള്ള അന്വേഷണത്തിന്‌ പ്രസക്തിയുണ്ട്‌. ബാല സാഹിത്യത്തിലെ നല്ല കൃതികളുടെ അഭാവം ഇതിനു കാരണമായി ത്തീരുന്നുണ്ടോ? 

സിദ്ദിഖിന്റെ "പ്രിയപ്പെട്ട മുത്തശ്ശിക്ക്‌" ഈ അഭാവത്തിന്‌ ഒരു പരിഹാരമാകുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ മാത്രമല്ല മുതിര്‍ന്നവര്‍ക്കും വായനയുടെ പുതിയൊരനുഭവം ഈ കൃതി നല്‍കുന്നു. ഒരു പക്ഷെ ഇതിന്റെ ആധാരശില വിഖ്യാത എഴുത്തുകാരന്‍ ആന്റണ്‍ ചെക്കോവിന്റെ "വാങ്ക" എന്ന കഥയായിരിക്കാം. പക്ഷെ ആ കഥയുടെ വിത്ത്‌ മലയാളത്തിന്റെ ഈറന്‍ മണ്ണില്‍ നടാന്‍ കഥാകൃത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.

ആല്‍ബി എന്ന കുട്ടിയാണ്‌ ഈ കഥയിലെ കൂട്ടുകാരന്‍. ആല്‍ബിക്ക്‌ അവന്റെ മുത്തശ്ശി മാത്രമേ തുണയുള്ളൂ. അച്ഛനും അമ്മയും രാത്രികാലത്ത്‌ നക്ഷത്രങ്ങളായി അവനെ കണ്ണു ചിമ്മി ക്കാണിക്കാറുണ്ട്‌. ദാരദ്ര്യം ഒരു കുറ്റമല്ല. പക്ഷെ പലരെയും കുറ്റക്കാരനാക്കാന്‍ ദാരിദ്ര്യത്തിനു കഴിയും. വിശപ്പ്‌ വ്യക്ത്യധിഷ്‌ഠിതമായ ഒരു അനുഭവം മാത്രമല്ല. അതിന്‌ സാമൂഹികവും രാഷ്ട്രീയവുമായ വലിയൊരു തലമുണ്ട്‌. നമ്മുടെ ആല്‍ബി ഇന്ത്യന്‍ ബാല്യത്തിന്റെ ഒരു പ്രതിനിധി യാണ്‌. അനാഥമാക്കപ്പെടുന്ന കുട്ടികളില്‍ ഒരാള്‍ മാത്രം. ഒരു ആല്‍ബി അനേകം ആല്‍ബിമാരായി നമുക്ക്‌ ചുറ്റുമുണ്ട്‌. നാം അവരെ കാണുന്നില്ല, കണ്ടാല്‍ തിരിച്ചറിയുന്നില്ല.

ആല്‍ബിയുടെ സ്‌കൂള്‍ ജീവിതം നമ്മില്‍ ഗ്രാമീണമായ സ്‌കൂള്‍ അനുഭവങ്ങളുടെ ഗൃഹാതുരതകള്‍ ഉണര്‍ത്തുന്നുണ്ട്‌. അവന്‍ മിടുക്കനാണ്‌. ലോകത്തിലെ ഏറ്റവും വലിയ പക്ഷിയേതെന്ന ടീച്ചറുടെ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞ്‌ നക്ഷത്രപ്പൂക്കളുള്ള പേന സമ്മാനമായി നേടിയവനാണ്‌. കളികളും പൂക്കളും പരല്‍ മീനുകളും വേണുവും രമണിയുമൊ ക്കെയാണ്‌ അവന്റെ കൂട്ടുകാര്‍. അവന്‍ സ്‌നേഹമാണ്‌. നമ്മുടെ ഹൃദയത്തില്‍ നിന്നു വാര്‍ന്നു പോകുന്ന കാരുണ്യത്തെ ഒരു കൈക്കുമ്പിളില്‍ നിറച്ച്‌ നമുക്ക്‌ തിരിച്ചു നല്‍കുന്നവനാണ്‌.

ഒരിക്കല്‍ നഗരത്തിന്റെ പൊയ്‌മുഖങ്ങള്‍ അവന്റെ ഗ്രാമത്തിലുമെത്തി. ഗ്രാമത്തില്‍ നിന്നും അവന്റെയും മുത്തശ്ശിയുടെയും കുടിലിലുമെത്തി. അവര്‍ പറഞ്ഞു, ആല്‍ബിയെ ഞങ്ങള്‍ കൊണ്ടുപോകാം, പഠിപ്പിക്കാം, നല്ലൊരു തുക മാസം തോറും വീട്ടിലുമെത്തിക്കാം. മുത്തശ്ശി അവന്റെ നന്മയെ മാത്രം കരുതി പറഞ്ഞയച്ചു. ഓരോ മാസത്തെയും ആദ്യ ശനിയാഴ്‌ച മുത്തശ്ശി അവനെ കാണാന്‍ വരുമെന്ന്‌ ഉറപ്പു കൊടുത്തു.

പട്ടണത്തിലെത്തിയ ആല്‍ബിക്ക്‌ ന്തെു സംഭവിച്ചു ? അവന്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയോ ? നഗരത്തിലെത്തി ആറേഴു മാസം കഴിഞ്ഞപ്പോള്‍ ആല്‍ബി അവന്റെ മുത്തശ്ശിക്ക്‌ ഒരു കത്തെഴുതി ആ കത്ത്‌ ഇങ്ങനെയായിരുന്നു "പ്രിയപ്പെട്ട മുത്തശ്ശിക്ക്‌... മുത്തശ്ശിയുടെ ആല്‍ബി എഴുതുന്ന കത്ത്‌, എത്ര ശനിയാഴ്‌ചകളാണ്‌ മുത്തശ്ശിയെ കാത്ത്‌ ഞനിരുന്നതെന്ന്‌ അറിയാമോ? ഇതുവരെ മുത്തശ്ശി വന്നില്ലല്ലോ...? മുത്തശ്ശി പറഞ്ഞതു പോലൊന്നുമല്ല കാര്യങ്ങള്‍.... ഇവിടെ സ്‌കൂളില്‍ ചേര്‍ക്കാനൊന്നുമല്ല മാമന്‍ എന്നെ കൊണ്ടുവന്നത്‌. അയാളൊരു ദുഷ്ടനാ മുത്തശ്ശീ... ഞാനിപ്പൊ ഒരു വലിയ വീട്ടിലാ.. ഇവിടത്തെ ജോലിക്കാരനാ മുത്തശ്ശീ ഞാന്‍. എന്റെ ദേഹം കണ്ടില്ലേ... നെറച്ചും അടികിട്ടിയ പാടുകളാ. ഇവരെല്ലാം എന്നെ ശരിക്കും ഉപദ്രവിക്കും........ മുത്തശ്ശിക്ക്‌ എന്റെ ആയിരം ഉമ്മ." കത്തെഴുതി അവന്‍ മേല്‍വിലാസം എഴുതാന്‍ ഇരുന്നു. എന്താണ്‌ അവന്റെ മേല്‍വിലാസം ? അവന്‍ ഇങ്ങനെ എഴുതി

മുത്തശ്ശി, വീട്‌, ഗ്രാമം!

ഒരിക്കലും കിട്ടാനിടയില്ലാത്ത ആ കത്ത്‌ മുത്തശ്ശിക്ക്‌ കിട്ടണേ എന്ന്‌ അവനെ പോലെ നമ്മളും പ്രാര്‍ത്ഥിച്ചു പോകുന്നു. 'പ്രിയപ്പെട്ട മുത്തശ്ശിക്ക്‌' എന്ന കഥ ഇവിടെ അവസാനിക്കു കയാണ്‌. പക്ഷെ അത്‌ നല്‍കുന്ന സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നന്മയുടെയും പാഠങ്ങള്‍ അവസാനി ക്കുന്നില്ല. വായന കഴിയുമ്പോള്‍ നമ്മുടെ ഒരിറ്റു കണ്ണുനീര്‍ ഈ പുസ്‌തകത്തില്‍ വീഴുമ്പോഴാണ്‌ ഈ കഥ സാര്‍ത്ഥകമാകുന്നത്‌. ഹൃദയം കൊണ്ട്‌ വായിക്കേണ്ട ഈ പുസ്‌തകം, നമ്മുടെ ബാലസാഹിത്യ മേഖലക്ക്‌ മുതല്‍ക്കൂട്ടാണെന്ന്‌ മാത്രം പറയുന്നു.

'വിദ്യാരംഗം' മാസികയുടെ 2009 ഫെബ്രുവരി ലക്കത്തിലാണ്‌ രാജേഷ്‌ ചിറപ്പാടിന്റെ ഈ ലേഖനമുള്ളത്‌.

2014, ജനുവരി 30, വ്യാഴാഴ്‌ച

ഡോ. ബി ആര്‍ അംബേഡ്‌കറും ഇന്ത്യന്‍ ഭരണഘടനയും - ഊക്കോട്‌ ഗോപാലന്‍


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയാണ്‌ ഡോ. ബാബാസാഹിബ്‌ ഭീം റാവു അംബേഡ്‌കര്‍. ആര്യമതാനു ശാസനങ്ങള്‍ക്കും, അയിത്തവും അടിമത്തവുമുള്‍പ്പെടെ സാമൂഹ്യക്കെടുതി കള്‍ക്കും വിധേയരായി വീര്‍പ്പുമുട്ടിയ ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ആദിമ നിവാസികളില്‍ നിന്ന്‌ നൂറ്റാണ്ടുകളോളം മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട വേദനിക്കുന്ന ഒരുപാട്‌ കൊടിയ കാടത്തങ്ങള്‍ക്കിരയാക്കപ്പെട്ട അവശരും ആര്‍ത്തരും ആലംബഹീനരുമായ ആദിമ നിവാസികളെ സ്വതന്ത്രരും ആത്മാഭിമാന ബോധമുള്ളവരുമാക്കി സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയ കാണപ്പെട്ട രക്ഷകനാണ്‌ അംബേഡ്‌കര്‍. "ശൂദ്രമക്ഷരസംയുക്തം ദൂരതാപരം വര്‍ജയേത്‌" എന്ന ആര്യ മതാനുശാസനം ചാതുര്‍വര്‍ണ്യത്തിലെ ശൂദ്രര്‍ക്കുപോലും അക്ഷരം പഠിക്കാന്‍ വിലക്കുകളേര്‍പ്പെടുത്തി യിരുന്നുവെങ്കില്‍ മറ്റു ജനവിഭാഗങ്ങളുടെ അവസ്ഥ എന്തായിരുന്നിരി ക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. വിദ്യാഭ്യാസം ഔദ്യോഗിക മേഖലകളില്‍ ദലിതനായിപ്പോയിയെന്ന ഒറ്റക്കാരണത്താല്‍ നേരിടേണ്ടിവന്ന സാര്‍വത്രികമായ സാമൂഹ്യക്കെടുതികള്‍ സാഹസികമായി അഭിമുഖീകരിച്ചും അതിജീവിച്ചും അനുഭവിച്ചും അതിലംഘിച്ചും നിര്‍ഭയനായി മുന്നേറിയ അചഞ്ചലനായ അംബേഡ്‌കര്‍ ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായത്‌ ചരിത്ര നിയോഗമായിരിക്കാമെന്നു പറയാതെ വയ്യ.

ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പി എന്ന നിലയിലാണ്‌ അംബേഡ്‌കര്‍ അറിയപ്പെട്ടിരുന്നത്‌. എന്നാല്‍ ഈ ഭരണഘടനാ ശില്‍പ്പി ആരാണ്‌, എന്താണെന്നാര്‍ക്കും പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാഹാ ഭൂരിപക്ഷത്തിനും അറിയുമായിരുന്നില്ല. അക്ഷരം പഠിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട ആദിമ നിവാസികളില്‍ പെട്ട ഒരാളാണ്‌ ഭരണഘടനാ ശില്‍പ്പി എന്ന്‌ പല കാരണങ്ങളാലും വെളിപ്പെടുത്താതിരുന്നു വെന്നോര്‍ക്കണം. ലോക പണ്ഡിതരില്‍ ആറാമനും ഏഷ്യയില്‍ ഒന്നാമനുമായ ഡോ ബാബാസാഹിബ്‌ ഭീം റാവു അംബേഡ്‌കറെത്തന്നെ ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ ദൗത്യം ഏല്‍പ്പിച്ചത്‌ അത്യന്തം ശ്ലാഘനീയവും സ്‌തുത്യര്‍ഹവുമാണ്‌. ഭരണഘടനയുടെ നിര്‍മ്മിതിക്ക്‌ ഒന്‍പത്‌ പേരടങ്ങുന്ന ഒന്നാംകിട ബുദ്ധിജീവികളുടെ ഒരു കമ്മിറ്റിക്ക്‌ ഗവണ്‍മെന്റ്‌ രൂപം നല്‍കി. ആ ഭരണഘടനാ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റിയുടെ ചെയര്‍മാനായി ഡോ. അംബേഡ്‌കറെ തെരഞ്ഞെടുത്തു. ഭാഷ, വേഷം, ഭക്ഷണം, ആചാരം, സംസ്‌കാരം എന്നിവയിലുള്ള വൈവിധ്യം ഒരു ഭാഗത്ത്‌, ഹിന്ദു, മുസ്ലിം, ക്രൈസ്‌തവ, പാഴ്‌സി, സിക്ക്‌ എന്നിങ്ങനെ മതങ്ങളുടെ വൈവിധ്യം മറ്റൊരിടത്ത്‌. ഹിന്ദുക്കള്‍ക്കിടയില്‍ ത്തന്നെ സവര്‍ണാവര്‍ണ വ്യത്യാസങ്ങളും അനേകം ജാതികളും ഉപജാതികളും. ഈ മൗലിക വ്യത്യാസങ്ങളും വൈരുധ്യങ്ങളുമെല്ലാം മറന്ന്‌ ഒരേയൊരിന്ത്യയും ഒരൊറ്റ ജനതയുമായി കഴിയാന്‍ പാകത്തില്‍ വേണം ഭരണഘടന എഴുതിയുണ്ടാക്കാന്‍. ലോകത്ത്‌ നിലവിലുള്ള ഭരണഘടനകളേയും ഭരണ രീതികളേയും മനുഷ്യാവകാശ ങ്ങളേയും രാഷ്ട്രീയ സിദ്ധാന്തങ്ങളെയും വ്യാപകമായി ഉപയോഗിച്ച്‌ വിശകലനം ചെയ്‌തു പഠിച്ച ഭരണഘടനാ നിര്‍മ്മാണ സമിതി, ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌ കൂലങ്കഷമായി വിലയിരുത്തിയ ശേഷം ഇന്ത്യയുടെ ചരിത്രപരവും മതപരവും സാമൂഹ്യവും സാമ്പത്തികവും ആയ എല്ലാ പ്രത്യേകതകളേയും കണക്കിലെടുത്താണ്‌ ഇന്ത്യന്‍ ഭരണഘടനക്ക്‌ രൂപം നല്‍കിയത്‌.

ദീര്‍ഘനാളത്തെ അഹോരാത്രമുള്ള അശ്രാന്ത പരിശ്രമഫലമായി അംബേഡ്‌കര്‍ തയ്യാറാക്കി ഭരണഘടനയുടെ ആദ്യ കരട്‌ രൂപം വിശദമായ ചര്‍ച്ചകള്‍ക്ക്‌ ശേഷം അംഗീകരിച്ചു. ലോകചരിത്രത്തില്‍ അംബേഡ്‌കറുടെ യശസ്‌ എന്നുമെന്നും ഉയര്‍ത്തിപ്പിടിക്കാന്‍ പര്യാപ്‌തമായ ആ ഭരണഘടന 1950 ജനുവരി 26 ന്‌ നിലവില്‍ വന്നു. ദീര്‍ഘകാലം ലോക്‌സഭാ സെക്രട്ടറി ജനറലും പിന്നീട്‌ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുമായിരുന്ന പ്രമുഖ ഭരണഘടനാ വിദഗ്‌ധന്‍ എസ്‌ എല്‍ ശക്തര്‍ ഇന്ത്യന്‍ ഭരണഘടനയെ പറ്റി ഇപ്രകാരം പറയുന്നു "നമ്മുടെ ഭരണഘടന വളരെ മനോഹരമായ ഒരു രേഖയാണ്‌. ഈ ഭരണഘടന ഇതുവരെയുള്ള നമ്മുടെ രാഷ്ട്രീയവും സാമൂഹികവുമായ എല്ലാ ആയാസങ്ങളേയും സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ചു നിന്നു. നമ്മുടെ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത ആര്‍ക്കും, ഏതുകക്ഷിക്കും, ഏതു ഗ്രൂപ്പിനും ഗവ. ഉണ്ടാക്കാനുള്ള അവസരം അതു നല്‍കുന്നു വെന്നതാണ്‌. സോഷ്യലിസ്‌റ്റോ, കോണ്‍ഗ്രസോ, കമ്മ്യൂണിസ്‌സേ്‌റ്റാ ആരുമാകട്ടെ"

രണ്ടാമത്തെ സവിശേഷത നമ്മുടെ ഭരണഘടന ഇവിടെ ജനാധിപത്യം നിലനില്‍ക്കുമെന്ന്‌ ഇനങ്ങള്‍ക്ക്‌ ഉറപ്പു നല്‍കുന്നു എന്നതാണ്‌. പാക്കിസ്‌താനിലേക്കു നോക്കുക, ചില പൂര്‍വേഷ്യന്‍ രാഷ്ട്രങ്ങെള നോക്കുക, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളെ നോക്കുക, അവിടെയൊക്കെ ജനാധിപത്യം എത്രതവണ അട്ടിമറിക്കപ്പെട്ടു? നമ്മുടെ രാജ്യത്ത്‌ അടിയന്തിരാവസ്ഥ പോലും 18 മാസമേ നിലനിന്നുള്ളൂ. അടിയന്തിരാവസ്ഥ ഇല്ലാതായതും ഭരണഘടന കാരണമാണ്‌. ഇന്ത്യയില്‍ അത്‌ ചെയ്‌തതും ബുദ്ധിമാന്മാരായ ഒരു സംഘമായിരുന്നു - ഡോ. അംബേഡ്‌കറുടെ നേതൃത്വത്തില്‍. അങ്ങനെ നമ്മുടെ ഭരണഘടനയുടെ അടിത്തറ കുറ്റമറ്റതായി. അതില്‍ പിന്നീട്‌ പടുത്തുയര്‍ത്തിയതും കുറ്റമറ്റതായി. ഇതിനെ ഇനി കുഴച്ചു മറിക്കുന്നത്‌ വിനാശകരമായ നടപടിയായി രിക്കും. ഭരണഘടനാ ഭേദഗതികള്‍ ഒരു നല്ല കെട്ടിടത്തിലെ ചില്ലറ അറ്റകുറ്റപ്പണികള്‍ പോലെ കരുതിയാല്‍ മതി. ചിലേടത്ത്‌ അല്‍പ്പം പെയിന്റടിക്കല്‍, അല്‍പ്പെം ചെത്തിമിനുക്കല്‍ എന്നിവപോലെ അടിസ്ഥാന പരമായ മാറ്റങ്ങളല്ല. സുപ്രീം കോടതി തന്നെ നമ്മുടെ രക്ഷക്കെത്തി : ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ ഒന്നുംതന്നെ മാറ്റരുത്‌ എന്ന വിധിയോടെ. അങ്ങനെ സുപ്രീം കോടതി നമ്മുടെ ഭരണഘടനയുടെ ചട്ടക്കൂടിനെ ശക്തിപ്പെടുത്തിയിരിക്കയാണ്‌.

സാമൂഹ്യ നീതിയും സ്ഥിതി സമത്വവും കിനാവു കണ്ട ഡോ. ബി ആര്‍ അംബേഡ്‌കര്‍ ദരിദ്ര ഭാരതത്തിന്‌ ഇന്നും ഒരു മാര്‍ഗദീപമാണ്‌. സ്വന്തം പേരില്‍ ഭാരത(ബി) രത്‌നം(ആര്‍) തുന്നിച്ചേര്‍ത്ത അംബേഡ്‌കറെ വൈകിയാണെങ്കിലും ഭാരതരത്‌നം ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ചു. വേദനിക്കുന്ന ജനമനസുകളില്‍ അംബേഡ്‌കറുടെ അപാദാനങ്ങള്‍ ഒരു കെടാവിളക്കായി എന്നുമെന്നും കത്തിജ്വലിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

തിരുവനന്തപുരത്തെ ഒരു സീനിയര്‍ പത്രപ്രവര്‍ത്തകനാണ്‌ ലേഖകന്‍. 'യോജന' മാസികയുടെ 2011 മെയ്‌ ലക്കത്തിലാണ്‌ ഈ ലേഖനം പ്രസിദ്ധീകരിച്ചത്.

2014, ജനുവരി 29, ബുധനാഴ്‌ച

മണ്‍മറയുന്ന ആലാമികള്‍ - കെ പുഷ്‌പരാജന്‍


ആലാമികളുടെ ഉത്ഭവത്തെ ക്കുറിച്ചുള്ള ഐതിഹ്യം ഈ കഥയുടെ ഭയാനക രൂപത്തിന്റെ കാരണം ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ചരിത്രത്തിലെ അവിസ്‌മരണീ യമായ അധ്യായമാണ്‌ കര്‍ബലാ യുദ്ധം. അനീതിക്കെതിരായുള്ള പോരാട്ടമാ യിരുന്നു കര്‍ബലയില്‍ നടന്നത്‌. 'യസീദ്‌' എന്ന ഏകാധിപതി യുടെ ദുര്‍ഭരണത്തിന്‌ എതിരായി സത്യവിശ്വാ സികള്‍ നടത്തിയ യുദ്ധമാണിത്‌. കര്‍ബല യുദ്ധത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌ മുഹമ്മദ്‌ നബിയുടെ മകളുടെ ഉരട്ടക്കുട്ടികളായ ഹസൈന്‍, ഹുസൈന്‍ എന്നിവരാണ്‌. യുദ്ധത്തില്‍ ശത്രു സൈന്യങ്ങള്‍ കരിവേഷം ധരിച്ച്‌ ഹസൈന്റെയും ഹുസൈന്റെയും മറ്റും കുട്ടികളെ ഭയപ്പെടുത്തിയിരുന്നു. ഇതിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതാണ്‌ ആലാമി വേഷങ്ങള്‍.

യുദ്ധം കൊടുമ്പിരിക്കൊണ്ട അവസരങ്ങളില്‍ ദാഹംകൊണ്ടു പൊറുതിമുട്ടിയപ്പോള്‍ യസീദിന്റെ സൈന്യം ഹുസൈനും കൂട്ടര്‍ക്കും ദാഹജലം നിഷേധിക്കുകയും കിണറിനു ചുറ്റും അഗ്നികുണ്ഡങ്ങല്‍ ഉയര്‍ത്തുകയും ചെയ്‌തുവത്രെ. ഇതിനെ ആസ്‌പദമാക്കിയാണ്‌ ആലാമി വേഷങ്ങളുടെ സമാപന ചടങ്ങുകളില്‍ മുഖ്യമായ അഗ്നികുണ്ഡം തീര്‍ക്കലും തീക്കനലുകളില്‍ വീണുരുളലും മറ്റും നടന്നുവരുന്നത്‌. കര്‍ബല യുദ്ധത്തെ അനുസ്‌മരിപ്പിക്കാനും സുദ്ധത്തില്‍ രക്തസാക്ഷി യായവരെ ബഹുമാനി ക്കാനും വേണ്ടിയായിരുന്നു ഈ ആഘോഷങ്ങള്‍. കര്‍ബല യുദ്ധത്തില്‍ ഹുസൈന്‍ ഹസൈന്‍ എന്നിവരുടെ ശരീരഭാഗങ്ങല്‍ ഛേദിക്കുകയുണ്ടായി. ഇതിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌ ആലാമി വേഷങ്ങളുടെ കേന്ദ്രബിന്ദുവായ വെള്ളിക്കരങ്ങള്‍.

വെള്ളിക്കരങ്ങല്‍ക്ക്‌ മറ്റൊരു കഥകൂടിയുണ്ട്‌. ഹിന്ദുക്കളില്‍ ചിലര്‍ കൈരൂപത്തെ മഹാവിഷ്‌ണുവിന്റെ കരമായി കരുതി ആരാധിക്കുന്നു. ഒരിക്കല്‍ കടലില്‍ പൊങ്ങിവന്ന മഹാവിഷ്‌ണു വിന്റെ രൂപം കടലില്‍ താഴ്‌ന്നുകൊണ്ടിരിക്കെ ഓരോ വിഭാഗം ആളുകള്‍ വന്ന്‌ ദര്‍ശിച്ചു. അവസാനമായി വന്നത്‌ സാഹിബ്‌ മാരാണെന്നും അവര്‍ വിഷ്‌ണുവിന്റെ പാണികള്‍ മാത്രം ദര്‍ശിച്ചുവെന്നും അതിനാലാണ്‌ കൈരൂപത്തെ ആസ്‌പദമാക്കിയുള്ള ചടങ്ങുകള്‍ ഉണ്ടായതെന്നും വിശ്വസിക്കുന്നു.

ഹിന്ദു മുസ്ലിം മൈത്രിയുടെ ഉത്തമ നിദര്‍ശനമായിരുന്നു ആലാമി വേഷങ്ങള്‍. മുസ്ലീം പള്ളികളാണ്‌ ഇവരുടെ താവളമെങ്കിലും ഹിന്ദുക്കളാ യിരുന്നു വേഷക്കാര്‍. അയ്യപ്പ ഭക്തന്മാരെ പോലെ മദ്യവും മാംസവും ഉപേക്ഷിച്ച്‌ വ്രതമെടുത്ത്‌ നേര്‍ച്ചയായാണ്‌ ആലാമി വേഷങ്ങള്‍ ചെയ്യുന്നത്‌.

മുഹറം ഒന്നിന്‌ രോഗശമനത്തിനും ആത്മസാക്ഷാത്‌കാര ത്തിനുമായി നേര്‍ച്ച നേര്‍ന്നവര്‍ ലിംഗ പ്രായ ഭേദമന്യേ കോട്ടച്ചേരിയിലുള്ള ആലാമി പള്ളിയില്‍ എത്തിച്ചേര്‍ന്ന്‌ നാലോ അഞ്ചോ സംഘങ്ങളായി നാട്ടിലേക്കിറ ങ്ങുന്നു. തോളില്‍ തുണികൊണ്ടുള്ള മാറാപ്പും കയ്യില്‍ ഓടുകൊണ്ടുള്ള മരുഢയും ഉണ്ടായിരിക്കും. ഊരു ചുറ്റി നടക്കുന്നതിനിട യില്‍ വഴിയില്‍ കാണുന്ന ചെമ്പക മരങ്ങളുടെയും പാലമരങ്ങളുടെയും കൊമ്പുകള്‍ ആലാമികള്‍ കൊത്തിയിടുന്നു. തിരിച്ചു വരുമ്പോള്‍ ഈ കൊമ്പുകളോടു കൂടിയാണ്‌ ആലാമി പള്ളിയില്‍ എത്തുന്നത്‌. കഴിഞ്ഞ വര്‍ഷം ചെപ്പിലടച്ചുവെച്ച തീ ഉപയോഗിച്ച്‌ ഈ പച്ച വിറകുകളില്‍ അഗ്നികുണ്ഡ മൊരുക്കുന്നു. കത്തുവാന്‍ പ്രയാസമുള്ള ഈ മരങ്ങള്‍ അഗ്നികുണ്ഡമായി ജ്വലിക്കുന്നത്‌ ശക്തിവിശേഷമായി ആലാമികള്‍ വിശ്വസിക്കുന്നു.

ആലാമി വേഷങ്ങളുടെ സമാപന ചടങ്ങായ മുഹറം പത്താം തിയതി ആലാമി വേഷക്കാരും വ്രതം അനുഷ്‌ഠിക്കാന്‍ നേര്‍ച്ച നേര്‍ന്ന സ്‌ത്രീകളും ആലാമി പള്ളിയില്‍ എത്തുന്നു. അഗ്നികുണ്ഡത്തില്‍ നിന്ന്‌ ചുറ്റുപാടും കോരിവിതറിയ കനലുകളിലൂടെ ആലാമികള്‍ കിടന്നുരുണ്ട്‌ പ്രദക്ഷിണം വെക്കുന്നു. വ്രതമനുഷ്‌ഠിച്ച സ്‌ത്രീകള്‍ തലയില്‍ നിറകുടവും ധരിച്ച്‌ അഗ്നികുണ്‌ഠത്തിനരികെ ഇരിക്കുന്നു. ഇവരുടെ തലയില്‍ തീകോരിയിട്ട്‌ മയില്‍പ്പീലികൊണ്ട്‌ നീക്കം ചെയ്യുന്നു. രാത്രി ആരംഭിക്കുന്ന ഈ ചടങ്ങുകള്‍ പുലരുംവര നീണ്ടു നില്‍ക്കുന്നു. ചടങ്ങുമായി ബന്ധപ്പെട്ട്‌ ആര്‍ക്കുംതന്നെ പൊള്ളലുകള്‍ ഏല്‍ക്കാറില്ലത്രെ. പുലര്‍ച്ചക്കു ശേഷം ചടങ്ങുകള്‍ക്ക്‌ സമാപനം കുറിച്ചുകൊണ്ട്‌ ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്തുനിന്ന്‌ ഒരു കിലോമീറ്റര്‍ അകലെയുള്ള അരയി പുഴയില്‍ ചെന്ന്‌ സ്‌നാനം ചെയ്‌ത്‌ ദേഹശുദ്ധി വരുത്തി കൈരൂപങ്ങള്‍ ചടങ്ങുകള്‍ക്കു നേതൃത്വം വഹിക്കുന്ന ഫക്കീര്‍ കുടുംബത്തില്‍ കൊണ്ടുവന്നതിനു ശേഷം എല്ലാവരും പിരിയുന്നു. 

ആലാമി വേഷങ്ങളുടെ ഭാഗമായ വിഗ്രഹാരാധന, അഗ്നിപ്രദക്ഷിണം എഴുന്നള്ളിപ്പ്‌ എന്നിവ അനിസ്ലാമികമായതു കൊണ്ടുതന്നെ മുസ്ലിം സമൂഹത്തില്‍ നിന്ന്‌ ഈ കലാരൂപം അകലാന്‍ തുടങ്ങി. കൂടാതെ ആലാമി വേഷക്കാര്‍ക്കു വീടുകളില്‍ നിന്ന്‌ ഇളനീരും മറ്റും ഇഷ്ടംപോലെ പറിക്കാന്‍ തടസ്സമുണ്ടായിരുന്നില്ല. ഇവര്‍ ഇത്‌ ദുരുപയോഗം ചെയ്‌തതോടെ ജനങ്ങളില്‍ നിന്നകന്നു. 1967 ഓടുകൂടി ഈ അനുഷ്‌ഠാന കലാരൂപം പൂര്‍ണമായി നിലച്ചു.

ആലാമി പാട്ട്‌

ലേലേ മാമ ലേലേ മാമ
ലേലേ മാമ ലേലേ....
പാറക്കാട്ടമ്പുവും പാറുവുംകൂടി
പാറകിളച്ചങ്ങ്‌ ചേനനട്ടു
അക്കൊല്ലം ചേന കിളുകിളുത്തു
കോള്‌ കൊമ്പനിട്ടു മോളുതാലികെട്ടി

ലേലേ...
ഒരുവാരം കേങ്ങ്‌ണ്ടയ്യ
കവ്വാതെ പുങ്ങ്‌ന്ന്‌
അയിന്റെ മണം കേട്ടിട്ട്‌
കരിനാഗം വന്നിനയ്യ
ലേലേ...
ജിന്‌ക്ക്‌ ജിന്‌ക്ക്‌ ജാനകി
വെള്‌ലം കോരാന്‍ പോമ്പം
അക്കരെ നിന്നൊരു സായ്‌പ്‌
കണ്ണുരുട്ടി ശോയ്‌ക്കണയ്യാ...
ആരാ മോലേ കെട്ടണ്‌ത്‌
അങ്ങിട്ട ബീട്ടിലെ കുമാരനോ....
ലേലേ....
ഞാനുമെന്റെ കൂരിച്ചനായും
ബൈപണിക്ക്‌ പോമ്പോ
ഞാനോ പറഞ്ഞില്ലെ പെണ്ണേ
ഓന്തിന്‍രെ മുന്നേ പോണ്ടാന്ന്‌ 
ലേലേ...
പല്ല്‌ നീണ്ട പെണ്ണ്‌ങ്ങളെല്ലാം
തേങ്ങ ചെരപ്പാന്‍ ബാ പെണ്ണേ

നൃത്തത്തോടൊപ്പം ആലാമികള്‍ പാടുന്ന പാട്ടുകള്‍ ശ്രദ്ധിച്ചാല്‍ അക്കാലത്ത്‌ സമൂഹത്തില്‍ നിലനിന്നിരുന്ന കാര്‍ഷിക സംസ്‌കാരവും, ദുഷ്‌പ്രവണതകളും ദര്‍ശിക്കാന്‍ സാധിക്കും

'ജിനക്ക്‌ ജിനക്ക്‌ ജാനകി...' എന്നു തുടങ്ങുന്ന പാട്ട്‌ വൈദേശികാധിപത്യത്തിന്റെ ദുര്‍മുഖം അനാവരണം ചെയ്യുന്നു.

'പാറക്കാട്ടമ്പുവും പാറുവും..' എന്ന പാട്ട്‌ അക്കാലത്തെ കൃഷി രീതിയെ പറ്റിയാണ്‌ പറയുന്നതെങ്കില്‍ 'ഒരു പാട്‌ തേങ്ങ്‌ണ്ടയ്യ...' എന്ന ഈരടി അക്കാലത്തെ ഭക്ഷ്യ ക്ഷാമത്തെക്കുറിച്ച്‌ പറയുന്നു.


'വിദ്യാരംഗം' മാസികയുടെ 2009 ആഗസ്റ്റ്‌ ലക്കത്തിലാണ്‌ കെ പുഷ്‌പരാജന്റെ ഈ ലേഖനമുള്ളത്‌. ഫോട്ടോകളും ആ മാസികയില്‍ കൊടുത്തിട്ടുള്ളതാണ്.

വിലാസം
കെ പുഷ്‌പരാജന്‍.
എരിഞ്ഞിരിക്കല്‍,
അച്ചാംതുരുത്തി പി ഒ.,
തുരുത്തി, ചെറുവത്തൂര്‍,
കാസര്‍ഗോഡ്‌ 671 351

2014, ജനുവരി 28, ചൊവ്വാഴ്ച

പുസ്‌തകം : പ്രണയക്കുറിപ്പുകള്‍ - ശരത്‌ചന്ദ്രലാല്‍


സ്‌നഹത്തിന്റെയും സൗന്ദര്യത്തിന്റെയും പൂക്കള്‍ എന്ന പ്രൊഫ. എം കൃഷ്‌ണന്‍ നായരുടെ അവതരണമാണ്‌ ഈ കുറിപ്പ്‌.

ഒരിക്കല്‍ ഫ്രാന്‍സിസ്‌ പുണ്യാണനും ക്ലേര്‍ പുണ്യാളത്തിയും വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. അവര്‍ക്ക്‌ വിശപ്പും ദാഹവും ഉണ്ടായപ്പോള്‍ മാര്‍ഗമധ്യേ കണ്ട്‌ ഒരു വീട്ടില്‍ കയറി കുറച്ചു റൊട്ടിയും വെള്ളവും ചോദിച്ചു. അതു കഴിച്ചതിനുശേഷം അവര്‍ വീണ്ടും യാത്ര തുടര്‍ന്നു. അപ്പോള്‍ ഫ്രാന്‍സിസ്‌ ക്ലേറിനോടു ചോദിച്ചു: 'അവര്‍ നമ്മളം സംശയാസ്‌പദമായ രീതിയില്‍ നോക്കുന്നതും അര്‍ത്ഥംവെച്ചു സംസാരിക്കുന്നതും ഭവതി ശ്രദ്ധിച്ചോ ?' 

ക്ലേര്‍ മറുപടി പറയാന്‍ നില്‍ക്കാതെ നടന്നു. കുറേ നടന്നപ്പോള്‍ ഫ്രാന്‍സിസ്‌ പറഞ്ഞു: 'നമുക്കു പിരിയേണ്ടിയിരിക്കുന്നു. ഭവതി നേരേ പോയാല്‍ സന്ധ്യക്കു മുമ്പ്‌ കോണ്‍വെന്റിലെത്തും. എന്നെ ഈ ശ്വരന്‍ എത്തേണ്ടിടത്തു കൊണ്ടുപോകും.'

അത്‌ മഞ്ഞുകാലമായിരുന്നു. വേലിക്കെട്ടുകളില്‍ പോലും മഞ്ഞുകട്ടകള്‍. ക്ലേര്‍ കുറേദൂരം നടന്നതിനു ശേഷം സ്വയം പറഞ്ഞു: 'അദ്ദേഹത്തോടു യാത്ര പറയാതെ പോകുന്നതു ശരിയല്ല. അതുകൊണ്ട്‌ അദ്ദേഹം വരുന്നതുവരെ ഞാന്‍ ഇവിടെത്തന്നെ നില്‍ക്കാം.'

കുറച്ചുകഴിഞ്ഞപ്പോള്‍ ഫ്രാന്‍സിസ്‌ അവിടെയെത്തി. ക്ലേര്‍ അദ്ദേഹത്തോടു ചോദുച്ചു:'നമ്മള്‍ ഇനി എന്നാണ്‌ കാണുന്നത്‌?'

ഫ്രാന്‍സിസ്‌ മറുപടി പറഞ്ഞു: 'ഈ മഞ്ഞുകാലം മാറി വസന്തം വന്ന്‌ റോസപ്പൂക്കള്‍ വിടരുമ്പോള്‍ നമ്മള്‍ പരസ്‌പരം കാണും.'

ഉത്തരക്ഷണത്തില്‍ മഞ്ഞുകട്ടകള്‍ നിറഞ്ഞ വേലിക്കെട്ടുകളില്‍ പോലും റോസപ്പൂക്കള്‍ കാണപ്പെട്ടു. ക്ലേര്‍ ഓടിച്ചെന്ന്‌ കുറേ പനിനീര്‍പ്പൂക്കള്‍ അടര്‍ത്തിയെടുത്തുകൊണ്ടുവന്ന്‌ ഫ്രാന്‍സിസിനു കൊടുത്തു. അതിനുശേഷം അവര്‍തമ്മില്‍ പിരിഞ്ഞില്ലെന്നാണ്‌ കഥ

ഇത്‌ ആധ്യാത്മിക സ്‌നേഹമാണ്‌. ശരീരത്തിന്റെ തലത്തിലേക്കു താഴാത്ത ആധ്യാത്മിക സ്‌നേഹം. ചിത്രകാരനും നല്ല കവിയുമായ ശരത്‌ചന്ദ്രലാല്‍ പ്രണയക്കുറിപ്പുകള്‍ എന്ന ഈ ഗ്രന്ഥത്തിലൂടെ ആവിഷ്‌കരിക്കുന്നത്‌ അതുതന്നെയാണ്‌. 

ചെമ്പരത്തിപ്പൂക്കള്‍
ഇഷ്ടമാണോ നിനക്ക്‌?
എല്ലാം പറിച്ചെടുത്തു നിന്റെ
ഹൃദയത്തിലേക്കെറിയാമല്ലോ ഞാന്‍
പകരം നീയെന്റെ നെറ്റിയില്‍
ഒരു ചെമ്പരത്തിപ്പൂ വിടര്‍ത്തിയാല്‍ മതി 

എന്തോരു സംസ്‌കാരഭദ്രമായ പ്രേമഗാനം. ഈ സംസ്‌കാരവിശേഷം ശരത്‌ലാലിന്റെ ഓരോ കൊച്ചുകാവ്യത്തിലും ദര്‍ശനീയമാണ്‌. ഈ ഗ്രന്ഥത്തിലെ കാമുകനും കാമുകിയും സ്വയം പുഷ്‌പങ്ങളായി മാറുകയാണ്‌. അവരില്‍ വിടര്‍ന്നു നില്‍ക്കുന്ന മറ്റൊരു പുഷ്‌പമാണ്‌ സ്‌നേഹം. അത്‌ കവിയുടെ സര്‍ഗാത്മകത്വത്തിലൂടെയാണ്‌ പ്രഫുല്ലമാകുന്നത്‌. ആ ചേതോഹരമായ കാഴ്‌ച കാണാന്‍ ശരത്‌ചന്ദ്രലാലിന്റെ ഈ കാവ്യഗ്രന്ഥം വായിക്കണം.

എന്റെ പുസ്‌തകങ്ങള്‍
മാറത്തടക്കിപ്പിടിച്ച്‌
വയല്‍വരമ്പിലൂടെ നടക്കുന്ന
നിന്റെ കാല്‍ച്ചുവട്ടില്‍
നീര്‍ച്ചാലിന്റെ മൂളിപ്പാട്ട്‌.
നിന്റെ കാലിലെ കൊലുസുകളില്‍
അതിന്റെ പ്രതിധ്വനി
അരികെ വെള്ളപ്രാവുകള്‍
ആകാശത്തിന്റെ നെറ്റിയില്‍
ഒരു സിന്ദൂരപ്പൊട്ട്‌.

എന്ന മനോഹരമായ കാവ്യഖണ്ഡം വായിക്കുക. കവി മലയാളമങ്കയുടെ നെറ്റിയില്‍ തൊട്ട സിന്ദൂരപ്പൊട്ടുപോലെ ഇത്‌ ശോഭിക്കുന്നു.

കവികള്‍ രണ്ടുതരത്തിലാണ്‌. ചിലര്‍ ഭൂതകാലത്തിലേക്ക്‌ സഞ്ചരിച്ച്‌ പ്രാചീനകവിതകളുടെ ശബ്ദവിന്യാസക്രമത്തെ അംഗീകരിച്ച്‌ കവിതയെഴുതുന്നു. വേറേ ചിലര്‍ സമകാലിക രചനാരീതി നിരാകരിച്ച്‌ ഭാവിയില്‍ രൂപംകൊള്ളുമെന്നു തങ്ങള്‍ സങ്കല്‍പ്പിക്കുന്ന രീതിയില്‍ കാവ്യമെഴുതുന്നു. ശരത്‌ചന്ദ്രലാലിന്‌ ഈ രണ്ടുരീതികളിലും അഭിനിവേശമില്ല. അദ്ദേഹം നിത്യജീവിതസംഭാഷണത്തിന്‌ കലാപരമായ തീക്ഷ്‌ണത നല്‍കി കവിതയെഴുതുന്നു. ഫലമോ അന്യാദൃശ സ്വഭാവം. സ്വകീയമായ ആ രചനാരീതി ഭാവാത്മകത സൃഷ്ടിക്കുന്നു. ആ ഭാവാത്മകതയിലൂടെ നമ്മള്‍ സത്യത്തിന്റെ മണ്ഡലത്തില്‍ - സ്‌നേഹത്തെ സംബന്ധിച്ച സത്യത്തിന്റെ മണ്ഡലത്തില്‍ - എത്തുന്നു.

ശചത്‌ചന്ദ്രലാല്‍ പ്രതിഭയുള്ള കവിയാണ്‌. എന്നാല്‍ അദ്ദേഹം അര്‍ഹിക്കുന്ന രീതിയില്‍ യശസ്സാര്‍ജിച്ചിട്ടില്ല. അതിന്റെ കാരണം വ്യക്തമാക്കാന്‍ എനിക്ക്‌ കൗതുകമില്ല. കാലം ചെല്ലുമ്പോള്‍ പ്രതിബന്ധസഹസ്രങ്ങളെ തട്ടിത്തകര്‍ത്ത്‌ അദ്ദേഹം മുന്നേറുമെന്നു ഞാന്‍ വിശ്വസിക്കുന്നു. സാഗരം ഫേനപുഷ്‌പങ്ങള്‍ വിടര്‍ത്തുന്നതുപോലെ, പച്ചിലച്ചാര്‍ത്തുകള്‍ യാഥാര്‍ഥ്യങ്ങളായ പൂക്കള്‍ വിടര്‍ത്തുന്നതുപോലെ ഈ പ്രണയക്കുറിപ്പുകള്‍ സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും പൂക്കള്‍ വിടര്‍ത്തുന്നു.

- എം കൃഷ്‌ണന്‍ നായര്‍.

ശരത്‌ചന്ദ്രലാലിന്റെ നിരവധി സ്‌കെച്ചുകളും ഈ പുസ്‌തകത്തിലുണ്ട്‌. വിഹംഗമം ബുക്‌സ്‌ തിരുവനന്തപുരം - 20. പിന്‍ 695 020 ആണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. വില 30 രൂപ.

കഥയിലെ കലാപകാരി - പൊന്‍കുന്നം വര്‍ക്കിയുടെ കഥകളെ കുറിച്ച്‌ റഹിം മാവേലിക്കര.


റഹിം മാവേലിക്കര 
മലയാള കഥാവീഥിയില്‍ ഒറ്റ തിരിഞ്ഞ കലാപകാരിയായ കഥാകൃത്താണ്‌ പൊന്‍കുന്നം വര്‍ക്കി. ഭരണ - പുരോഹിത വര്‍ഗങ്ങളുടെ ക്രൗര്യം ഏറ്റുവാങ്ങിയ എഴുത്തുകാരനാണ്‌ അദ്ദേഹം. പീഡനത്തിന്റെ മുള്‍വഴിയിലൂടെ, ഒടുങ്ങാത്ത ഉണര്‍വും ക്ഷോഭവും നിറഞ്ഞ ചെറുത്തു നില്‍പ്പിലൂടെ കനല്‍ച്ചൂടുള്ള കഥകളാണ്‌ അദ്ദേഹം സമ്മാനിച്ചത്‌. താന്‍ എന്തുകൊണ്ട്‌ കഥാകാരനായി എന്ന്‌ അദ്ദേഹം പറയുന്നത്‌ നോക്കുക.

'ഞാനും എന്റെ പാവപ്പെട്ട കുടുംബവും കുടിക്കേണ്ടിവന്ന കൈപ്പുനീര്‍, പരിഹാസത്തിന്റെയും പട്ടിണിയുടെയും പാനപാത്രങ്ങളില്‍ നിന്നു ഞങ്ങള്‍ കുടിക്കേണ്ടിവന്ന കൈപ്പുനീരിന്റെ പ്രതികാര നടപടികള്‍ക്കു കഥ എന്റെ നേര്‍ക്ക്‌ ഒരു രാജവീഥി തുറന്നു കാണിച്ചു.' മാനവിക ദര്‍ശനത്തെ പുറകോട്ടു തള്ളുന്ന വികല ദര്‍ശനങ്ങള്‍ക്കും, മതത്തിന്റെ വ്യവസ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കും എതിരെ ജീവിതത്തില്‍ പൊരുതേണ്ടിവന്ന നിന്ദിതനും പീഡിതനുമായ എഴുത്തുകാരനായിരുന്നു പൊന്‍കുന്നം വര്‍ക്കി.

ഭരണകൂട ഭീകരതക്ക്‌ എതിരേ ആദ്യമായി രാഷ്ട്രീയ കഥകള്‍ എഴുതിയത്‌ വര്‍ക്കിയാണ്‌. മോഡല്‍, മന്ത്രിക്കെട്ട്‌ തുടങ്ങിയ രാഷ്ട്രീയ കഥകളുടെ പേരില്‍ ജയില്‍ വാസമനുഭവിച്ച ആദ്യത്തെ സര്‍ഗാത്മക എഴുത്തുകാരനായിരുന്നു അദ്ദേഹം. 'മന്ത്രിക്കെട്ട്‌' എന്ന കഥയില്‍ അഞ്ചാംകളത്തില്‍ കിട്ടുപിള്ളയാ ശാന്‍ എന്ന ചതുരംഗം കളിക്കാരനിലൂടെ സി പി യുടെ ഇരുണ്ട ഭരണത്തെ ഉപഹസിക്കുകയാണ്‌. മനുഷ്യത്വത്തെ ചവിട്ടിമെതിക്കുന്ന ഭരണകൂട ഭീകരതക്ക്‌ എതിരെയുള്ള ക്രിയാത്മക ഇടപെടലാണ്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ കഥകളില്‍ തെളിയുന്നത്‌. ഭരണകൂടങ്ങളുടെ കിരാത ഇടപെടലുകളില്‍ വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും ദുരന്തം 'ഇടിവണ്ടി' എന്ന കഥയില്‍ ശക്തമായി ആവിഷ്‌കൃതമാകുന്നു. പ്രത്യയ ശാസ്‌ത്രങ്ങളുടെ വരണ്ട സമവാക്യങ്ങളില്‍ വീഴാതെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹിംസിക്കുന്ന സങ്കേതങ്ങള്‍ക്ക്‌ എതിരേ എതിര്‍പ്പിന്റെ മുള്‍മുനയായി അദ്ദേഹത്തിന്റെ കഥകള്‍ നിലനില്‍ക്കുന്നു.

കര്‍ഷക ജീവിതം മലയാള കഥാലോകത്തിന്‌ എന്നും ജൈവസൗന്ദര്യം സൃഷ്ടിക്കുന്നവയാണ്‌. അനുഭവത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന കാര്‍ഷിക ജീവിതതാളം വര്‍ക്കിയുടെ കഥാ പ്രപഞ്ചത്തില്‍ വേറിട്ടു നില്‍ക്കുന്നു. കാര്‍ഷിക ജീവിതത്തിന്റെ വ്യതിരിക്തമായ ഭാവം ഉള്‍ക്കൊള്ളുന്ന കഥയാണ്‌ 'ശബ്ദിക്കുന്ന കലപ്പ'.

'മനുഷ്യനും മണ്ണും തമ്മിലും മനുഷ്യനും മൃഗവും തമ്മിലും ഉള്ള ബന്ധവും ധനകേന്ദ്രിതമായ ആധുനിക ജീവിതത്തിലെ പുതുമൂല്യങ്ങള്‍ക്കും കര്‍ഷക ജീവിതത്തിലെ സനാതന മൂല്യങ്ങള്‍ക്കും തമ്മിലുള്ള വൈരുധ്യം മനോഹരമായി നിഴലിക്കുന്ന ഒരു കഥയാണിത്‌.' ജീവിക്കുന്ന സമൂഹത്തോടു ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട്‌ കര്‍ഷക ജീവിതത്തിന്റെ ദൈന്യവും പ്രതീക്ഷകളും വിഹ്വലതകളും എല്ലാം അനുഭവത്തിന്റെ സര്‍ഗപ്രകാശത്തില്‍ അദ്ദേഹം ആവിഷ്‌കരിച്ചു. 

വര്‍ഗസമര സിദ്ധാന്തത്തില്‍ അധിഷ്ടിതമായ ജീവിതദര്‍ശനം, ആസ്‌തികനെങ്കിലും മാര്‍ക്‌സിയന്‍ ആദര്‍ശങ്ങളോട്‌ മതിപ്പ്‌, സമുദായ ഗാത്രത്തെ ഗ്രസിച്ച രോഗങ്ങളെ വെട്ടുകത്തികൊണ്ടു ചികിത്സിക്കാനുള്ള പുറപ്പാട്‌ ഇവ വര്‍ക്കി കഥകളുടെ മുഖമുദ്രകളാണ്‌. തന്റെ ചുറ്റുപാടുമുള്ള ജീവിതത്തിന്റെയും താന്‍ അനുഭവിച്ച ദുരന്തപര്‍വങ്ങളുടെയുമെല്ലാം യഥാതഥമായ ചിത്രീകരണമാണ്‌ ഈ എഴുത്തുകാരന്റെ കഥാവീഥിയില്‍ നിഴലിക്കുന്നത്‌. ജീവിതത്തോട്‌ ഏറ്റുമുട്ടി ജീവിതത്തിലെ വഴിത്തിരിവുകളുടെ കഥ പറയുന്ന 'എന്റെ വഴിത്തിരിവ്‌' എന്ന ആത്മകഥ ഇതിന്‌ അനുഭവ സാക്ഷ്യമാകുന്നു.

വിദ്യാരംഗം മാസികയുടെ 2009 മാര്‍ച്ച്‌ ലക്കത്തിലാണ്‌ റഹിം മാവേലിക്കരയുടെ ഈ ലേഖനമുള്ളത്‌.

ഗുജറാത്ത്‌ വംശഹത്യ കാലത്തെ മാധ്യമങ്ങളുടെ സംഭാവന - രവീന്ദ്രന്‍ രാവണേശ്വരം.


കഥ ഇതുവരെ

2002 ഫെബ്രുവരി 27-ന്‌ അയോദ്ധ്യയില്‍ നിന്നും വരികയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്‌പ്രസ്‌ ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിനിന്റെ ഒരു കോച്ചിനു തീപിടിച്ചു. ദുരന്തത്തില്‍ 58 പേര്‍ വെന്തുമരിച്ചു. കര്‍സേവകരെ കൊലപ്പെടുത്താന്‍ മുസ്ലിംകളാണ്‌ ട്രെയിനിന്‌ തീവെച്ചതെന്ന്‌ സംഘ്‌പരിവാര്‍ ആരോപിച്ചു. ആരോപണം കാട്ടുതീയായി ഉയര്‍ന്നു. മുസ്ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. അവരെ കെട്ടിയിട്ടും കൂട്ടിയിട്ടും തീയിട്ടുകൊന്നു. ഗോധ്രാ സംഭവം ആസൂത്രിതമെന്ന്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി പ്രസ്‌താവിച്ചു. ഏതൊരു പ്രവൃത്തിക്കും തുല്യമായ പ്രതിപ്രവര്‍ത്തനമുണ്ടാകുമെന്ന്‌, ന്യൂട്ടന്റെ ചലനനിയമത്തെ പിന്‍പറ്റി മോഡി പ്രഖ്യാപിച്ചു. ഇത്‌ സംഘ്‌പരിവാര്‍ തേര്‍വാഴ്‌ചക്ക്‌ കൂടുതല്‍ പ്രചോദനം നല്‍കി.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗോധ്ര വംശഹത്യക്ക്‌ ഇരയായി. ജനങ്ങള്‍ പലായനം ചെയ്‌തു. നിശാനിയമം ഏര്‍പ്പെടുത്തി., പട്ടാളമിറങ്ങി, പൊലീസ്‌ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

മാര്‍ച്ച്‌ 2 ന്‌ വഡോദര ഹനുമാന്‍ തക്രിയിലെ ബെസ്‌റ്റ്‌ ബേക്കറിക്കുള്ളില്‍ 14 പേരെ ചുട്ടുകൊന്നു. സംഭവത്തിന്‌ സാക്ഷിയായ സാഹിറ ശൈഖ്‌ എന്ന യുവതി വിചാരണ വേളയില്‍ മൊഴിമാറ്റിപ്പറഞ്ഞു. പിന്നീട്‌ ഇത്‌ വിവാദമായി. വംശഹത്യ ആസൂത്രിതമായിരുന്നുവെന്നും ഇതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും തെഹല്‍ക്ക വെബ്‌പോര്‍ട്ടല്‍ ഒളിക്യാമറ ഉപയോഗിച്ച്‌ കണ്ടെത്തി. ഗോധ്രാ സംഭവം യാദൃശ്ചികമായിരുന്നുവെന്ന്‌ ഇന്ത്യന്‍ റെയില്‍വെ നിയോഗിച്ച ജസ്‌റ്റിസ്‌ പരിപൂര്‍ണന്‍ കമ്മീഷന്‍ കണ്ടെത്തി. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി നിയോഗിച്ച നാനാവതി കമ്മീഷന്‍ സംഭവം ആസൂത്രതമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. 2005 ല്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടതായും 223 പേരെ കാണാതായതായും ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ സംഘടനകള്‍ 2000 ല്‍ ഏറെ മരണം നടന്നുവെന്നും 1,40,000 പേര്‍ അഭയാര്‍ഥികളായതായും കണക്കാക്കി. ഗര്‍ഭിണിയെ മാതാവിന്റെ മുന്നില്‍ നഗ്നയാക്കി ബലാത്സംഗം ചെയ്യുക, ഗര്‍ഭസ്ഥശിശുവിനെ ത്രിശൂലം കൊണ്ട്‌ കുത്തി പുറത്തെടുത്ത്‌ തീയിലിട്ട്‌ ചുട്ടുകൊല്ലല്‍, കൂട്ട ബലാത്സംഗം, കൂട്ടക്കുരുതി തുടങ്ങിയവ ഗുജറാത്തില്‍ അംങ്ങേറി.

വാഗണ്‍ ട്രാജഡി, ജാലിയന്‍ വാലാബാഗ്‌ തുടങ്ങിയ അരുംകൊല കളെ വെല്ലുന്ന നരമേധമാണ്‌ ഗുജറാത്തില്‍ നടന്നത്‌. ജനാധിപത്യ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത്‌ അധികാരത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പിന്തുണയോടെ സനാതന ഹിന്ദുധര്‍മ്മത്തിന്റെ പേരില്‍ നടന്ന വംശഹത്യെ ലോകം മുഴുവന്‍ ഞെട്ടലോടെ കണ്ടു നിന്നു. നീതിയുടെ കാവലാളാ കേണ്ട മാധ്യമങ്ങള്‍ നരമേധത്തിന്‌ ആശയാടിത്തറയും ന്യായവാദവും നിരത്തിക്കൊടുത്തു.

തുടര്‍ന്നു വായിക്കുക

2002 ലെ ഗുജറാത്ത്‌ വര്‍ഗീയ കലാപത്തിന്‌ (വംശഹത്യ) ഇന്ത്യന്‍ വാര്‍ത്താ മാധ്യമ ചരിത്രത്തില്‍ സവിഷേഷമായ സ്ഥാനമുണ്ട്‌. വാര്‍ത്താ മാധ്യമ മേഖല വളര്‍ച്ചയുടെ ഉയരങ്ങളിലെത്തിയ കാലത്തായിരുന്നു. ഈ സംഭവം നടന്നത്‌. മാധ്യമ മേഖല മത്സാരാധിഷ്‌ഠിത വ്യവസായമാവുകയും വാര്‍ത്തകള്‍ വിനോദവല്‍ക്കരിക്കപ്പെടുകയും ചെയ്‌തകാലത്ത്‌ കലാപങ്ങളോട്‌ മാധ്യമങ്ങള്‍ സ്വീകരിക്കേണ്ട നിലപാടിന്റെ ഒരു പരീക്ഷണ ശാലയായിരുന്നു ഗുജറാത്ത്‌. നിര്‍ഭാഗ്യകരമെന്നു പറയട്ടെ കലാപകാലത്തെ പത്രപ്രവര്‍ത്തനം ഉല്‍പ്പന്നവല്‍ക്കരിക്കപ്പെട്ട വാര്‍ത്തയുടെ വാണിജ്യ താല്‍പ്പര്യങ്ങള്‍ തന്നെ സംരക്ഷിച്ചുവെന്ന്‌ പറയാം. കലാപം ഗുജറാത്തിലെ രണ്ട്‌ പത്രങ്ങളുടെ സര്‍ക്കുലേഷന്‍ ഇരട്ടിപ്പിച്ചു.

ഏറെ വിവാദം സൃഷ്ടിച്ച ഗോധ്രാനന്തര സംഭവങ്ങലുടെ റിപ്പോര്‍ട്ടിംഗ്‌ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും അര്‍ഹിക്കുന്നു. കോടതി, ആംനസ്‌റ്റി ഇന്റര്‍നാഷണല്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, പ്രസ്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ, എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌, ലോകരാഷ്ട്രങ്ങള്‍, എഴുത്തുകാര്‍ എന്നിങ്ങനെ ലോകത്തെമ്പാടുനിന്നും വിമര്‍ശനമേറ്റുവാങ്ങിയ മാധ്യമ പ്രവര്‍ത്തനമാണ്‌ ഗുജറാത്തില്‍ നടന്നത്‌.

മതമൗലികവാദം രാഷ്ട്രീയ ആശയമാക്കിയ രാഷ്ട്രീയ പാര്‍ട്ടി അധികാരം നിലനിര്‍ത്താന്‍ ആസൂത്രണം ചെയ്‌തതായിരുന്നു ഗുജറാത്ത്‌ കലാപം. അതില്‍ വാര്‍ത്താ മാധ്യമങ്ങള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാട്‌ ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ തീരാക്കളങ്കമായി തീരുകയും ചെയ്‌തു. അച്ചടിമഷിയും ക്യാമറയും കീബോര്‍ഡും വിഷം ചേര്‍ത്ത്‌ വിളമ്പിയ ഗുജറാത്ത്‌ വാര്‍ത്താ വിഭവങ്ങള്‍ ക്രിമിനലുകളെ അക്ഷരാര്‍ത്ഥത്തില്‍ സക്രിയമാക്കുകയായിരുന്നു. മൊബൈല്‍ മുതല്‍ ലാപ്‌ടോപ്പുകള്‍ വരെയുള്ള മാധ്യമങ്ങള്‍ നിര്‍ലജ്ജം, നിര്‍ദ്ദാക്ഷിണ്യം കൂട്ടക്കുരുതിക്ക്‌ ഊര്‍ജ്ജം പകര്‍ന്നു. ഒരു മതന്യൂനപക്ഷ വിഭാഗത്തെ എങ്ങനെ ഗുജറാത്തില്‍ വെള്ള പുതപ്പിച്ചു കിടത്തിയെന്നതിന്‌ തെളിവുകളാണ്‌ അക്കാലത്തെ ഗുജറാത്തി പത്രങ്ങള്‍. അധികാരവും ആയുധവും സംഘ്‌പരിവാര്‍ ക്രിമിനലുകളും മാധ്യമങ്ങളും ചേര്‍ന്ന്‌ നടത്തിയ നരഹത്യക്ക്‌ അക്ഷരങ്ങളും ദൃശ്യങ്ങളും എങ്ങനെ ഉത്തേജകമായിത്തീര്‍ന്നുവെന്ന്‌ പരിശോധിക്കാം.

പത്രങ്ങളിലൂടെ

ഗുജറാത്തിലെ പ്രമുഖ പത്രങ്ങളായ ഗുജറാത്ത്‌ സന്ദേശ്‌, ഗുജറാത്ത്‌ സമാചാര്‍ എന്നിവയാണ്‌ കലാപത്തില്‍ ആര്‍ എസ്‌ എസിനെ സഹായിക്കാന്‍ പ്രധാന പങ്കുവഹിച്ചത്‌. അതോടൊപ്പം ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ എന്നീ ഇംഗ്ലീഷ്‌ പത്രങ്ങളും പരിശോധനക്ക്‌ വിധേയമാക്കി യിട്ടുണ്ട്‌. തെറ്റായതും വളച്ചൊടിക്കപ്പെട്ടതുമായ വാര്‍ത്തകളില്‍ നിന്ന്‌ കൈകഴുകാന്‍ മാധ്യമങ്ങള്‍ക്ക്‌ നിയമപരമായിത്തന്നെ ധാരാളം വഴികളുണ്ട്‌. അതുകൊണ്ടാണ്‌ ഗുജറാത്തില്‍ ഇന്നും ഭാഷാ പത്രമാധ്യമങ്ങള്‍ ജീവിച്ചുപോരുന്നത്‌. എന്നിരുന്നാലും വാര്‍ത്തയെ നിരീക്ഷിക്കേണ്ടത്‌ ഏതുവിധത്തിലാണെന്ന്‌ വായനക്കാരന്‍ അറിയേണ്ടതുണ്ട്‌. അവ ചുരുക്കി ചുവടേ ചേര്‍ക്കുന്നു. 

1. തലവാചകം പ്രകോപനപരമോ? അതിശയോക്തിപരമോ?
2. ചിത്രങ്ങളുടെ ഉറവിടം, ഏതുതരം ചിത്രങ്ങള്‍, എത്രത്തോളം ആഘാതകരം, പ്രകോപനപരം.
3. ഭാഷ ഏകപക്ഷീയമോ? അപകീര്‍ത്തികരമോ? ആക്ഷേപകരമോ? പൊലിപ്പിക്കുന്നതോ?
4. വാര്‍ത്തകളുടെ ഉറവിടം വിശ്വസനീയമോ? അഭിമുഖങ്ങളുടെ സ്രോതസ്‌ വെളിപ്പെടുത്തുന്നുണ്ടോ? ഏതുതരം വ്യക്തികളില്‍ നിന്നാണ്‌ അഭിമുഖം സ്വീകരിച്ചത്‌? അവരുടെ പക്ഷം ഏതാണ്‌? 
5. കിംവദന്തികളെ വാര്‍ത്താ ഉറവിടങ്ങളായി ഉപയോഗിച്ചിട്ടുണ്ടോ?
6. എഡിറ്റോറിയലുകള്‍, വിശകലന വാര്‍ത്തകള്‍ എന്നിവ എത്രത്തോളം നിഷ്‌പക്ഷം, സന്ദേശപരം? വായനക്കാരില്‍ ഇവ ഏതു കാഴ്‌ചപ്പാടാണുണ്ടാക്കിയത്‌?
7. വ്യാജവാര്‍ത്തകള്‍, തെറ്റായ വസ്‌തുതകള്‍ എന്നിവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ?

ഗുജറാത്ത്‌ സന്ദേശ്‌

ഗുജറാത്ത്‌ കലാപത്തില്‍ ആര്‍ എസ്‌ എസ്‌ ക്രിമിനലുകള്‍ക്ക്‌ എണ്ണ പര്‍ന്നു നല്‍കുന്നതില്‍ ഒന്നാം സ്ഥാനത്തു നിന്ന പത്രമാണ്‌ ഗുജറാത്ത്‌ സന്ദേശ്‌. ജേര്‍ണലിസത്തിന്റെ എല്ലാ പ്രാഥമിക മര്യാദകളും ലംഘിച്ച പത്രം സംഘ്‌പരിവാറിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിച്ചുവെന്ന്‌ പറയുന്നതില്‍ തെറ്റില്ല. കലാപകാലത്ത്‌ മുസ്ലിം വിദുദ്ധ വാര്‍ത്തകള്‍ പമ്പ്‌ ചെയ്യുകയായിരുന്ന ഈ പത്രം അക്ഷരാര്‍ഥത്തില്‍ ക്രിമിനലുകള്‍ക്കുള്ള സന്ദേശമായി പ്രവര്‍ത്തിച്ചു. ഒരു വിഭാഗം ജനങ്ങളെ പ്രകോപിപ്പിക്കുകയും വര്‍ഗീയവല്‍ക്കരിക്കുകയും ഭീകരവാദികളാക്കി മാറ്റുകയും ചെയ്‌ത പത്രമാണ്‌ ജനാധിപത്യത്തിന്റെ 'കാവല്‍ ഭടനായ' സന്ദേശ്‌.

2002 ഫെബ്രുവരി 28 ന്‌ സന്ദേശിലെ പ്രധാന വാര്‍ത്ത ഇങ്ങനെയായിരുന്നു.

'ഗോധ്രയില്‍ 70 ഹിന്ദുക്കളെ ചുട്ടുകൊന്നു'

മറ്റൊരു തലക്കെട്ട്‌ ഇങ്ങനെ:

'ചോരക്ക്‌ ചോരകൊണ്ട്‌ പ്രതികരിക്കുക'

സന്ദേശ്‌ വര്‍ത്തയുടെ പ്രത്യേകതകള്‍

മരണം കൊലപാതകമാണെന്ന്‌ പത്രം തിട്ടപ്പെടുത്തി. ഹിന്ദുക്കളെയാണ്‌ കൊന്നതെന്നും കണ്ടെത്തി. സംഭവം സംബന്ധിച്ച്‌ അന്വേഷണമോ, പ്രാഥമിക പരിശോധനയോ നടത്തും മുമ്പേ ഇതു രണ്ടും പത്രം തന്നെ നിര്‍വഹിച്ചു. പിന്നാലെ, കോടതിയുടെ ചുമതലയുമേറ്റെടുത്ത പത്രം വിധി പ്രസ്‌താവിച്ചതാണ്‌- 'ചോരകൊണ്ട്‌ പ്രതികരിക്കുക' യെന്നത്‌. ഇവിടെ ജഡിജിയായി പ്രവര്‍ത്തിച്ചത്‌ വിശ്വഹിന്ദു പരിഷത്ത്‌ നേതാവ്‌ ധോല്‍ക്കാ രാജേന്ദ്രസിംഗ്‌ ആണ്‌. അദ്ദേഹത്തിന്റെ പ്രസ്‌താവന വന്നതോടെ വിധി നടപ്പിലാക്കാന്‍ വി എച്ച്‌ പിയും ആര്‍ എസ്‌ എസും രംഗത്തിറങ്ങി. പിന്നെ നരനായാട്ടിന്‌ തുടക്കമായി. യഥാര്‍ഥത്തില്‍ ഈ വാര്‍ത്ത പത്രപ്രവര്‍ത്തകര്‍ വസ്‌തുതാപരമായി റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ എങ്ങനെ വരുമായിരുന്നു?

'ട്രെയിനിനു തീപിടിച്ച്‌ 70 പേര്‍ വെന്തുമരിച്ചു.'

മരിച്ചവരെ ജാതിയും മതവുംകൊണ്ട്‌ വേര്‍തിരിക്കരുത്‌ എന്നും പത്രപ്രവര്‍ത്തകര്‍ കോടതിയാകരുത്‌ എന്നുമുള്ള പെരുമാറ്റ ചട്ടം പൂര്‍ണമായും ലംഘിച്ച പത്രം കലാപത്തില്‍ 'ഒന്നാംപ്രതി' യാകുകയായിരുന്നു. കൊല്ലാന്‍ പ്രേരിപ്പിക്കുന്നവരാണ്‌ ക്രിമിനല്‍ നടപടിയിലെ ഒന്നാം പ്രതി.

മറ്റൊരു സംഭവത്തില്‍ 2002 മാര്‍ച്ച്‌ 6 ന്‌ ഒരു വാര്‍ത്ത ഇങ്ങനെ യായിരുന്നു. 'ഹജ്ജ്‌ തീര്‍ഥാടകര്‍ ഗൂഢാലോചന നടത്തി തിരിച്ചുവരുന്നു. ഹിന്ദുക്കള്‍ കരുതിയിരിക്കുക.' ഈ വാര്‍ത്തയുടെ അനന്തരഫലം ഹജ്ജ്‌ തീര്‍ഥാടനത്തിന്‌ പോയവര്‍ പിറന്ന മണ്ണിലേക്ക്‌ വരാന്‍ മടിച്ചുവെന്നതാണ്‌. അവര്‍ പിന്നീട്‌ വീടുകളിലേക്കെത്തിയത്‌ വന്‍ പൊലീസ്‌ സന്നാഹത്തോടെയായിരുന്നു.

വാര്‍ത്തകള്‍ വസ്‌തുതകളാണ്‌. അതില്‍ വിശേഷണങ്ങളും അലങ്കാരങ്ങളും ഉപയോഗിച്ചാല്‍, പ്രത്യേകിച്ച്‌ വര്‍ഗീയ സംഭവങ്ങളില്‍, ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സന്ദേശ്‌ ഉള്‍ക്കൊണ്ടില്ല. നീണ്ട കലാപത്തിനിടയിലെ സന്ദേശ്‌ വാര്‍ത്തകളില്‍ ക്രൂരം, പൈശാചികം, കാട്ടാളത്തം തുടങ്ങിയ പദങ്ങള്‍ മുസ്ലിംകള്‍ക്കെതിരെ ഉപയോഗിച്ചു. കലാപം നാളുകള്‍ നീണ്ടു നിന്നപ്പോള്‍ പോലും തെറ്റു തിരുത്താതിരുന്ന പത്രം ക്രിമിനലുകളുടെ ആയുധമായി പ്രവര്‍ത്തിച്ചു.

ഗുജറാത്തില്‍ വാര്‍ത്തകള്‍ പക്ഷപാതപരമാകുക മാത്രമല്ല തെറ്റായി റിപ്പോര്‍ട്ടുചെയ്യുക കൂടിയുണ്ടായി. ഗാര്‍ഡിയന്‍ പത്രം മര്‍ഡോക്ക്‌ ഏറെറടുത്തപ്പോള്‍ ഇനിയെന്താണ്‌ സംഭവിക്കാന്‍ ബാക്കിയുള്ളത്‌ എന്ന്‌ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചതുപോലെ., ഗുജറാത്തില്‍ പത്രപ്രവര്‍ത്തനത്തില്‍ ഇനി പ്രതീക്ഷിക്കാന്‍ നന്മ ഒന്നുമില്ല. മനുഷ്യന്‍ പരമാവധി സഹിച്ചു. പത്രങ്ങല്‍കാരണം പച്ച മനുഷ്യരും മരിച്ചു.

വ്യാജവാര്‍ത്തകള്‍ നിര്‍മ്മിച്ചു പ്രസിദ്ധീകരിക്കുകയായിരുന്നു സന്ദേശ്‌. റിപ്പോര്‍ട്ടുകള്‍ ന്യൂസ്‌ റൂമില്‍ ഇരുന്നു ഭാവനാവിലാസത്തില്‍ വാര്‍ത്തയെഴുതി.

മാര്‍ച്ച്‌ 16 ന്‌ പുറത്തിറങ്ങിയ പത്രത്തില്‍ തന്തര്‍ഡയിലെ അഭയാര്‍ഥി ക്യാമ്പിനെതിരെയായിരുന്നു വാര്‍ത്ത. 'അഭയാര്‍ഥി ക്യാമ്പില്‍ ക്രിമിനലുകളെ താമസിപ്പിക്കുന്നു' എന്നായിരുന്നു ആക്ഷേപം. പൊലീസിനെ കൊണ്ട്‌ അഭയാര്‍ഥി ക്യാമ്പ്‌ റെയ്‌ഡ്‌ ചെയ്യിപ്പിക്കുക എന്നതായിരുന്നു വാര്‍ത്തയിലൂടെ ലക്ഷ്യമിട്ടത്‌. അഭയാര്‍ഥികളുടെ സഹായത്തിനായി അവിടെ പ്രവര്‍ത്തിച്ച ശാന്തി അഭിയാന്‍ എന്ന സംഘടന ആ വാര്‍ത്ത തെറ്റാണെന്ന്‌ പത്രാധിപരെ വിളിച്ച്‌ അറിയിച്ചു. ഇത്‌ സൂചിപ്പിച്ചുകൊണ്ട്‌ സന്ദേശിന്‌ നിഷേധക്കുറിപ്പും നല്‍കി. എന്നാല്‍, ആ കുറിപ്പ്‌ പ്രസിദ്ധീകരിക്കാന്‍ അവര്‍ തയാറായില്ല. ശത്രുവിനുപോലും പ്രതികരിക്കാന്‍ അവസരം നല്‍കേണ്ട പത്രം അത്‌ നിഷേധിക്കുന്ന കാഴ്‌ചയും ഗുജറാത്തിലുണ്ടായി.

ഗോധ്ര സംഭവത്തില്‍ സന്ദേശിലെ ചില തലക്കെട്ടുകള്‍.

'മരിച്ചവര്‍ രാമസേവകര്‍ മാത്രമല്ല, റാണാ പ്രതാപിന്റെയും ഗുരു ഗോവിന്ദസിംഗിന്റെയും പിന്‍മുറക്കാരും' (28-3-20012 പേജ്‌ 2)

'15ഓളം പെണ്‍കുട്ടികളെ മതഭാന്തര്‍ ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ടു' (28-3-2002 പേജ്‌ 3)

'കര്‍സേവകരുടെ മനോവീര്യം കെടുത്താനുള്ള അരുംകൊല' (20-3-2002 പേജ്‌ 3)

'ഡ്രൈവറും സ്റ്റേഷന്‍മാസ്റ്ററും പ്രത്യേക മതവിഭാഗക്കാര്‍' (വി എച്ച്‌ പി വിജ്ഞാപനം) 

'ചെങ്കിസ്‌ഖാന്റെ ആക്രമണം ഓര്‍മ്മപ്പെടുത്തുന്നു'.

'ഗോധ്രയിലെ ജിന്നയുടെ പിന്‍ഗാമികള്‍ ശിക്ഷിക്കപ്പെടണം' (ലേഖനം, ഹരിദേശായി)

'ഗോധ്ര സംഭവത്തിന്‌ ഭീകര പ്രതികരണം: 50 പേരെ ചുട്ടുകൊന്നു.' (1-3-2002 പേജ്‌ 1)

'ചഞ്ചലാവില്‍ ഐ എസ്‌ ഐ ബന്ധമുള്ള പാകിസ്ഥാന്‍കാരന്‍ അറസ്റ്റില്‍' (1-3-2002 പേജ്‌ 2)

'ഗോധ്ര സംഭവത്തില്‍ സ്‌റ്റേഷന്‍മാസ്‌റ്റര്‍ക്ക്‌ പങ്ക'്‌ (പേജ്‌ 15)

'നവയാര്‍ഡില്‍ പാകിസ്ഥാന്‍ തുരുത്തുകള്‍' (പേജ്‌ 10)

'ജലറാം ക്ഷേത്രം ആക്രമിക്കാന്‍ ശ്രമം'

ഗുജറാത്ത്‌ സമാചാര്‍

സന്ദേശിന്റെ പിന്നിലാണ്‌ ഗുജറാത്ത്‌ സമാചാറിന്റെ സ്ഥാനം. 2002 ഫെബ്രുവരി 28 ന്‌ സമാചാറിന്റെ ലീഡ്‌ വാര്‍ത്ത 34 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നാണ്‌. ഗോധ്ര സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌ വാര്‍ത്ത പ്രസിദ്ധ പ്പെടുത്തിയത്‌. ഇവ ന്യൂസ്‌ റൂമില്‍നിന്ന്‌ കെട്ടിച്ചമച്ചതാണെന്ന്‌ വാര്‍ത്തയില്‍ തന്നെ വ്യക്തം. എന്നാല്‍, എരിഞ്ഞുകൊണ്ടി രിക്കുന്ന സമൂഹത്തിലേക്ക്‌ ഈ വാര്‍ത്ത അയക്കുന്നതിനു മുമ്പ്‌ അതിന്റെ ധാര്‍മ്മികതയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ആളുണ്ടായില്ല. അത്‌ വ്യാജമെന്ന്‌ പറയാന്‍ ധൈര്യമുണ്ടായില്ല. ഈ വാര്‍ത്തയുടെ പ്രത്യേകതകള്‍ ഇവയൊക്കെയായിരുന്നു: 

1. വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല.
2. പെണ്‍കുട്ടികളില്‍ ഒരാളുടെയെങ്കിലും പേര്‌ നല്‍കിയിട്ടില്ല. ഒരു രക്ഷിതാവും ഇതുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കിയിട്ടില്ല.

ഇതേദിവസം 10 ആം പേജില്‍ 10 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതായി വി എച്ച്‌ പി നേതാവ്‌ കൗശിക്‌ പട്ടേല്‍ പറയുന്നു. മറ്റൊരു വാര്‍ത്തയില്‍ അമരാവതിയില്‍ തങ്ങളോടൊപ്പമുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ പിന്നീട്‌ കണ്ടില്ലെന്ന്‌ മറ്റൊരു പെണ്‍കുട്ടിയുടെ സാക്ഷിമൊഴിയുണ്ട്‌. ഇതാണ്‌ 'തട്ടിക്കൊണ്ടുപോയ' പേജ്‌ 1 ലീഡ്‌ വാര്‍ത്തക്ക്‌ ആധാരം.

മാര്‍ച്ച്‌ 6 ന്‌ പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത കുറച്ചുകൂടി കടന്നു ചിന്തിച്ചു. 'മുഴുവന്‍ ബോഗികളും അഗ്നിക്കിരയാക്കാന്‍ ശ്രമിച്ചു'. ട്രെയിനിനെ - 'വീണ്ടും ആക്രമിക്കാന്‍ ശ്രമമുണ്ടായി'.

ഇതിനൊന്നും അടിസഥാനം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി നരേന്ദ്രമോഡി ഗോധ്ര സന്ദര്‍ശിച്ച ദിവസം 'ദുരൂഹതകള്‍ നീങ്ങാന്‍ പോകുന്നു' എന്നായിരുന്നു തലക്കെട്ട്‌. പക്ഷെ, വാര്‍ത്തയുടെ ബോഡിയില്‍ ദുരൂഹതകള്‍ നീങ്ങുന്ന സൂചനകള്‍ ഒന്നും നല്‍കാന്‍ പത്രത്തിനു കഴിഞ്ഞില്ല.

മറ്റൊരു രസകരമായ വിഭവം 'കത്തിക്കരിയുന്ന ബോഗിയില്‍ നിന്നും രക്ഷപ്പെട്ട' പെണ്‍കുട്ടി സംഭവങ്ങള്‍ വിവരിക്കുന്നതാണ്‌.: 'ആള്‍ക്കൂട്ടം തന്നെ തള്ളിയ്‌ട്ട്‌ കൊല്ലാന്‍ ശ്രമിച്ചു. പക്ഷെ നടന്നില്ല. എന്റെ രക്ഷിതാക്കളുടെ ത്യാഗവും അധ്വാനവും പാഴായില്ല'.

മാര്‍ച്ച്‌ 16 ന്‌ പേജ്‌ 8 ല്‍ ഗോധ്ര സംഭവത്തിന്റെ യഥാര്‍ഥ 'സൂത്രധാരനെ' 'സമാചാര്‍' പിടികൂടി. 'ബിലാല്‍ ഹാജ്‌' എന്നായിരുന്നു അയാളുടെ പേര്‌.

(ഇനി അദ്ദേഹത്തെ ശിക്ഷിക്കുകയേ വേണ്ടതുള്ളൂ)

'30 ഓളം വിദ്യാര്‍ഥികളെ ചുട്ടുകൊല്ലാന്‍ പദ്ധതി'
'സത്‌കെവന്‍ ക്ഷേത്രത്തിന്‌ ഭീഷണി'
'സായുധ ആക്രമണത്തിന്‌ സാധ്യതയെന്ന്‌ ഇന്റലിജന്റ്‌സ്‌ റിപ്പോര്‍ട്ട്‌.'
'ബിലാല്‍ ഹാജിന്റെ ആജ്ഞ കാത്ത്‌ യുവാക്കള്‍' ഇങ്ങനെ നൂറുകണക്കിന്‌ 'വാര്‍ത്തകളും' തലക്കെട്ടുകളുമാണ്‌ സമാചാര്‍ ബോധപൂര്‍വം ചുട്ടെടുത്തത്‌.

വാക്കുകള്‍ കൊണ്ട്‌ മാത്രമല്ല പത്രപ്രവര്‍ത്തകര്‍ക്ക്‌ വാക്കുകള്‍ ഇല്ലാതെയും നോവിക്കാം, പ്രകോപിപ്പിക്കാം. ഗുജറാത്ത്‌ റിപ്പോര്‍ട്ടിംഗ്‌ അതിന്റെയെല്ലാം ഉദാഹരണങ്ങളാണ്‌. മനുഷ്യാവകാശ കമ്മീഷനെ കളിയാക്കി കാര്‍ട്ടൂണ്‍വരെ പ്രസിദ്ധീകരിച്ചു ഇക്കാലത്ത്‌.

വര്‍ഗീയ കലാപകാലത്താണ്‌ പത്രപ്രവര്‍ത്തനത്തിലെ

Hold the story, Kill the story, Curtail, Play down

എന്നീ പദങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നത്‌. വാര്‍ത്തകള്‍ നല്‍കാതിരിക്കുക, ചിത്രങ്ങള്‍ കരുതലോടെ പ്രസിദ്ധീകരിക്കുക എന്നിവയെല്ലാം സമൂഹ മനസാക്ഷിക്കുവേണ്ടി പത്ര പ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്ന മൂല്യവത്തായ കാര്യങ്ങളാണ്‌. എന്നാല്‍ ഗുജറാത്തില്‍ പത്രങ്ങള്‍ വിപരീത ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയായിരുന്നു. ബാനര്‍ തലക്കെട്ടുകള്‍ (എട്ട്‌ കോളം), അവക്ക്‌ രക്തവര്‍ണത്തിന്റെ പശ്ചാത്തലം, തലക്കെട്ടിന്റെ നിറവും അക്ഷരങ്ങളുടെ വലുപ്പവും അഗ്നിപടര്‍ന്ന പശ്ചാത്തലവും വരെ എതിര്‍പക്ഷ ത്തിനെതിരെയുള്ള ആഹ്വാനമായിരുന്നു. പച്ച മനുഷ്യര്‍ വെന്തെരിയുന്നതിന്റെയും ത്രിശൂലമേന്തി അലറുന്ന സ്‌ത്രീയുടെയും ചിത്രങ്ങള്‍ ആവേശകരവും പ്രകോപനവുമായ അടിക്കുറിപ്പുകളോടെ പ്രസിദ്ധപ്പെടുത്തി.

വാര്‍ത്തയുടെ ഭാഷ അതീവ ഗൗരവത്തില്‍ കൈകാര്യം ചെയ്യണമെന്ന പെരുമാറ്റച്ചട്ടം തീര്‍ത്തും ലംഘിക്കപ്പെട്ടു. അക്രമത്തില്‍ കക്ഷികളായ മതവിഭാഗങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കരുത്‌ എന്നത്‌ അതില്‍ പ്രാധമികമായ കാര്യം മാത്രമാണ്‌. എന്നാല്‍ ക്രിക്കറ്റിലെ സ്‌കോര്‍ബോര്‍ഡ്‌ പോലെ കൃത്യമായി ഹിന്ദു - മുസ്ലിം എന്ന്‌ എഴുതിക്കൊണ്ടേയിരുന്നു.

അതുമാത്രമല്ല, തങ്ങളുടെ നിയോജക മണ്ഡലത്തില്‍ പെട്ടവരെ ഭക്തര്‍, ജനം എന്നും എതിര്‍ പക്ഷത്തെ മതഭ്രാന്തന്മാര്‍, അക്രമികള്‍, തീവ്രവാദികള്‍, പാകിസ്ഥാനികള്‍ എന്നും പരാമര്‍ശിച്ചുകൊണ്ടേയിരുന്നു.

വാര്‍ത്തകള്‍ക്ക്‌ വിശ്വാസ്യത ഉണ്ടാക്കുക എന്നതിനേക്കാള്‍, ഹരം പകരുകയും അന്താരാഷ്ട്ര പശ്ചാത്തലമുണ്ടാക്കുകയും ചെയ്‌തു. അതിന്‌ ജിന്ന, പാകിസ്ഥാന്‍, ഐ എസ്‌ ഐ, ചെങ്കിസ്‌ഖാന്‍, കറാച്ചി ബന്ധം, ബിന്‍ലാദന്‍, അല്‍ക്വയ്‌ദ എന്നീ പദങ്ങള്‍ ഇടക്കിടെ തിരുകിക്കൊണ്ടേയിരുന്നു. തങ്ങള്‍ ഏതങ്കിലും വിഭാഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെങ്കില്‍ പോലും നയപരമായി ഇടപെടുന്നതിനു പകരം 'അസഭ്യങ്ങള്‍' പത്രങ്ങളിലൂടെ നിരത്തി, 'പിശാചുക്കള്‍' എന്നുവരെ വിളിച്ചു.

മുസ്ലിം അധിവാസ പ്രദേശങ്ങളെ 'മിനി പാകിസ്ഥാന്‍' എന്ന്‌ വിശേഷിപ്പിച്ചു. ഈ പ്രദേശങ്ങളെ 'അനാശാസ്യ കേന്ദ്രങ്ങള്‍' എന്നുവരെ പരാമര്‍ശിക്കാന്‍ പത്രങ്ങള്‍ മടിച്ചില്ല.

'പ്രതീക്ഷ' ബുക്‌സ്‌ കോഴിക്കോട്‌ പ്രസിദ്ധീകരിച്ച്‌ 'ഐ പി എച്ച്‌' കോഴിക്കോട്‌ വിതരണം ചെയ്‌ത രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'കാവിപ്പശു' എന്ന പുസ്‌തകത്തില്‍ നിന്നുമാണ്‌ ഇത്രയും ഭാഗങ്ങള്‍ എടുത്തിട്ടുള്ളത്‌.

2014, ജനുവരി 27, തിങ്കളാഴ്‌ച

ഹിന്ദുത്വത്തിലേക്കൊഴുകുന്ന കായല്‍ നവോത്ഥാനം - കെ.കെ. കൊച്ച്


കേരളത്തിലെ ദലിതരില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നിട്ടുനില്‍ക്കാന്‍ കൊച്ചിയിലെ ദലിതരായ പുലയര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ദലിത് സമുദായത്തില്‍ ആദ്യമായും ഇന്ത്യയില്‍ ദലിത് സ്ത്രീകളില്‍ ആദ്യമായും കോളജ് ബിരുദം നേടിയ കൊച്ചിക്കാരി ദാക്ഷായണി വേലായുധന്‍ കൊച്ചി നിയമസഭയിലേക്കും തുടര്‍ന്ന് ഭരണഘടനാ നിര്‍മാണസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദലിതരില്‍നിന്ന് ആദ്യമായി എസ്.എസ്.എല്‍.സി പാസാവുകയും പിന്നീട് മന്ത്രിയാവുകയും ചെയ്ത കെ.കെ. കൊച്ചുകുട്ടനും കൊച്ചിയിലെ പുലയനാണ്. രാഷ്ട്രീയരംഗത്ത് ഇവരെ കൂടാതെ, കൊച്ചി ലെജിസ്ളേറ്റിവ് സഭയില്‍ അംഗമായിരുന്ന കെ.പി. വള്ളോന്‍, പി.സി. ചാഞ്ചന്‍, സ്വതന്ത്ര ഇന്ത്യയില്‍ പാര്‍ലമെന്‍റംഗമായിരുന്ന കെ.കെ. മാധവന്‍, കേരള നിയമസഭാംഗങ്ങളായിരുന്ന പി.കെ. ചാത്തന്‍ മാസ്റ്റര്‍, എം.കെ. കൃഷ്ണന്‍ (ഇരുവരും മന്ത്രിമാരായിരുന്നു), ടി.എ. പരവന്‍ എന്നിവരും കൊച്ചിയിലെ ദലിതരായിരുന്നു. ഗവണ്‍മെന്‍റ് സര്‍വീസില്‍ സി.ടി. സുകുമാരനും കെ. സുരേഷ്കുമാറും ശ്രദ്ധേയരായെങ്കില്‍ സാഹിത്യകാരന്മാരായ ടി.കെ.സി. വടുതലയും പൊന്നാരിമംഗലം ചെല്ലപ്പനും നാടകകൃത്തായ ബാലന്‍ അയ്യമ്പള്ളിയും നാടകസംവിധായകനായ ഉണ്ണി പൂണിത്തുറയും കൊച്ചിയിലെ ദലിതരുടെ സംഭാവനയാണ്. സാമുദായിക പ്രവര്‍ത്തനരംഗത്ത് കെ.വി. കുമാരനും വി.സി. രാജപ്പനും എടുത്തുപറയേണ്ട വ്യക്തിത്വങ്ങളാണ്.

ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ മുഖ്യപങ്കുവഹിച്ചത് 1909ല്‍ രൂപവത്കരിക്കപ്പെട്ട കൊച്ചി പുലയ സംഘടനയും ആ സംഘടനയുടെ തുടര്‍ച്ച നിലനിര്‍ത്തിയിരിക്കുന്ന ദലിത് പ്രസ്ഥാനങ്ങളുമാണ്. കേരളത്തിലെ ദലിതരുടെ ആത്മാഭിമാന പോരാട്ടത്തിന്‍െറ ഉജ്ജ്വല അധ്യായമായ കൊച്ചി പുലയ മഹാസഭ 1914 ഫെബ്രുവരി 14ന് കൊച്ചി കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ പ്ളാറ്റ്ഫോമില്‍ നടത്തിയ സമ്മേളനത്തിന്‍െറ ശതാബ്ദിയാഘോഷം, കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്. ടി.വി. ബാബു വിഭാഗം) ഉദ്ഘാടകനായ നരേന്ദ്ര മോദിയുടെ സൗകര്യാര്‍ഥം ഫെബ്രുവരി ഒമ്പതിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ നടത്തുകയാണ്. കേരളത്തിലെ പുലയരുടെ അവിസ്മരണീയ ഭൂതകാലമായ കായല്‍ സമ്മേളന ശതാബ്ദി ആഘോഷത്തിലെ മോദിയുടെ സാന്നിധ്യം സൃഷ്ടിക്കുന്നത് ആശങ്കയും അസ്വസ്ഥതയുമാണ്. കാരണം, നരേന്ദ്ര മോദിയെന്ന പ്രതീകവത്കരണത്തിലൂടെ രൂപംകൊള്ളുന്ന നവോത്ഥാന മൂല്യങ്ങളുടെ നിരാസവും വര്‍ത്തമാനകാല ദലിത് ജീവിതത്തെ ഹിന്ദുത്വത്തിന്‍െറ ഇരുള്‍മുറിയിലേക്ക് നയിക്കാനുതകുന്ന രാഷ്ട്രീയ അന്തര്‍ഗതങ്ങളുമാണ്.

കൊച്ചി പുലയ മഹാസഭ (പില്‍ക്കാലത്ത് സമസ്ത കൊച്ചി പുലയ മഹാസഭയായി) രൂപവത്കരിക്കപ്പെടുന്നത് ഹൈന്ദവ പ്രസ്ഥാനമായല്ല മറിച്ച്, ജാതിവിരുദ്ധ നവോത്ഥാനാശയങ്ങള്‍ ഉള്‍ക്കൊണ്ട പരിഷ്കരണ പ്രസ്ഥാനമായാണ്. സംഘടനാ രൂപവത്കരണത്തിന്‍െറ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്, കേരളത്തിന്‍െറ അഭിമാനമായ സാമൂഹിക പരിഷ്കര്‍ത്താവും ജാതിക്കുമ്മിയടക്കമുള്ള കൃതികളുടെ രചയിതാവുമായ പണ്ഡിറ്റ് കറുപ്പനാണ്. പി.കെ. ചാത്തന്‍ മാസ്റ്ററുടെ ഒരു ലഘുഗ്രന്ഥത്തില്‍ വിവരിക്കുന്ന ആ കഥ ഇങ്ങനെയാണ്. സംഘടനാ രൂപവത്കരണത്തിന് മുന്‍കൈയെടുത്ത കൃഷ്ണാതി ആശാനും പി.സി. ചാഞ്ചനും കെ.പി. വള്ളോനുമടക്കം ഒരുസംഘം പണ്ഡിറ്റ് കറുപ്പനെ നേരില്‍കണ്ട് തങ്ങള്‍ക്കൊരു സംഘടന രൂപവത്കരിക്കണ മെന്നാവശ്യപ്പെടുകയുണ്ടായി. അദ്ദേഹം ഉപദേശിച്ചത്, കൊച്ചിയിലെ ദലിതരില്‍ ഭൂരിപക്ഷവും പുലയരായതുകൊണ്ട്, പുലയര്‍ സംഘടിച്ച് ഇതര ദലിത് ജാതികളെ സംഘടനയില്‍ ഉള്‍ക്കൊള്ളിക്കണമെന്നായിരുന്നു. ഇപ്രകാരമൊരു നിര്‍ദേശം നല്‍കിയത് 106 ജാതികളും ഉപജാതികളുമായി ഭിന്നിച്ചുനിന്ന് തൊട്ടുകൂടായ്മയും സ്വജാതി വിവാഹവും പുലര്‍ത്തിയിരുന്നവര്‍ എന്‍.എസ്.എസിലൂടെ നായര്‍ സമുദായമായി പരിവര്‍ത്തനപ്പെട്ടതും 37 ജാതി-ഉപജാതികളായി നിലനിന്നവര്‍ എസ്.എന്‍.ഡി.പിയിലൂടെ ഈഴവ സമുദായമായി മാറിയതും ചരിത്രാനുഭവമായിരുന്നതിനാലാണ്.

കൊച്ചി പുലയ മഹാസഭക്ക് വേട്ടുവര്‍, സാംബവര്‍ എന്നീ ജാതി ഉപജാതികളെ സംഘടനാ ശരീരത്തിലുള്‍പ്പെടുത്താന്‍ കഴിഞ്ഞില്ളെങ്കിലും പുലയരിലെ ഉപജാതി സമ്പ്രദായം അവസാനിപ്പിക്കാനായെന്നത് എടുത്തുപറയേണ്ട നേട്ടമാണ്. ഇതിനടിസ്ഥാനമായത് തൊട്ടുകൂടായ്മക്കും സ്വജാതി വിവാഹത്തിനും അടിത്തറയായ ഹൈന്ദവ മൂല്യ വ്യവസ്ഥയേയും നിയമങ്ങളേയും ചട്ടങ്ങളേയും നിഷേധിക്കാന്‍ കഴിഞ്ഞതിനാലാണ്. അക്കാലത്തെ പുലയരുടെ ജീവിതത്തെക്കുറിച്ച് ടി.കെ.സി. വടുതലയുടെ ഒരു കഥയില്‍ ഇപ്രകാരം വായിക്കാം. ‘അഞ്ചു നാഴിക നീളവും അരനാഴിക വീതിയുമുള്ള കൊച്ചുതുരുത്ത് നിറയെ തൈവെപ്പുകളും നെല്‍പാടങ്ങളും മാത്രം. വയലുകള്‍ക്കിടയില്‍ വരമ്പുകള്‍ കോരിപ്പിടിപ്പിച്ചിട്ടുണ്ട്-അതിര്‍ വരമ്പുകള്‍. നാലു ഭാഗത്തുനിന്നുമുള്ള വരമ്പുകള്‍ കൂടിച്ചേരുന്ന സ്ഥാനങ്ങളില്‍ അല്‍പംവീതി കൂടിയും വിസ്താരവും കാണും. അത്തരം കവലകളിലാണ് ആ കുടിലുകള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ആമത്തോട് കമിഴ്ത്തിയതുപോലുള്ള കൊച്ചുകൂരകള്‍. രണ്ട് ചാണ്‍ പൊക്കത്തിലുള്ള മണ്‍ചുമരുകളുണ്ട്. ഭൂരിഭാഗവും ഒന്നുമില്ലാത്തവയാണ്. അവിടുത്തെ ഇരുകാലിമാടുകളുടെ ജീവിതാവസ്ഥയെ മാറ്റിത്തീര്‍ക്കുന്നതിനായി രൂപവത്കരിക്കപ്പെട്ട സംഘടനക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് പണ്ഡിറ്റ് കറുപ്പനോടൊപ്പം പ്രതിഭാശാലിയും പുരോഗമന വാദിയുമായിരുന്ന ടി.കെ. കൃഷ്ണമേനോനാണ്. അവരുടെ നിര്‍ദേശങ്ങളനുസരിച്ചതിലൂടെ, വഴിനടക്കാനും വിദ്യാഭ്യാസ അവകാശത്തിനും വേണ്ടി നിരവധി പ്രക്ഷോഭങ്ങളാണ് നടന്നിട്ടുള്ളത്. മാത്രമല്ല, സംഘടനയുടെ നിയമാവലിയില്‍ സമ്പാദ്യശീലം വളര്‍ത്താനും ശുചിത്വപരിപാല നത്തിനും പ്രാധാന്യം നല്‍കിയിരുന്നു.

കൊച്ചി പുലയ മഹാസഭയുടെ പ്രവര്‍ത്തനങ്ങളിലൂടെ നാളിതുവരെ തുടര്‍ന്നുകൊണ്ടിരുന്ന ജീവിതരീതികളുടെ നിഷേധമാണ് സവര്‍ണരെ പ്രകോപിതരാക്കിയത്. അവരെ സംബന്ധിച്ചിടത്തോളം പുലയര്‍ പാടങ്ങളില്‍ അരവയറുമായി പകലന്തിയോളം പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. അവര്‍, സമ്പത്തും വിദ്യാഭ്യാസവു മാര്‍ജിച്ചാല്‍ സാമ്പ്രദായികത്തൊഴിലുകള്‍ ഉപേക്ഷിക്കുന്നത് സവര്‍ണരുടെ ആഢ്യജീവിതത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഈയടിസ്ഥാനത്തിലാണ് സംഘടന എതിര്‍ക്കപ്പെട്ടത്. അതുകൊണ്ടാണ് സ്വന്തമായി ഭൂമിയില്ലാതിരുന്ന പുലയര്‍ക്ക് സമ്മേളനം നടത്താന്‍ സവര്‍ണര്‍ (ക്രൈസ്തവരടക്കം) സ്ഥലം നിഷേധിച്ചതിലൂടെ കൊച്ചി കായല്‍പരപ്പിലെ വള്ളങ്ങളില്‍ സമ്മേളനം നടന്നത്. ആ സമ്മേളനം ഭാവി തലമുറക്ക് നല്‍കിയ സന്ദേശം മായ്ച്ചുകളയുകയാണ് നരേന്ദ്ര മോദിയുടെ സാന്നിധ്യമുള്ള അനുസ്മരണ സമ്മേളനം.ഇന്ത്യയിലെ ദലിതര്‍ നരേന്ദ്ര മോദിയെ വിലയിരുത്തുന്നത്, ഗുജറാത്തിന്‍െറ വികസന നായകനായല്ല, മറിച്ച് സംഘ്പരിവാറിന്‍െറ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന, വംശഹത്യക്ക് നേതൃത്വംകൊടുത്ത ഹിന്ദു നേതാവായാണ്. അദ്ദേഹമുയര്‍ത്തിപ്പിടിക്കുന്ന സനാതന ധര്‍മം ബ്രാഹ്മണിസ്റ്റ് മൂല്യങ്ങളിലൂടെയുള്ള ജാതിവ്യവസ്ഥയുടെ സ്ഥിരപ്പെടുത്തലാണ്. ഇതിനായി ഒരിക്കല്‍ സംഘ്പരിവാര്‍ മുന്നോട്ടുവെച്ച ‘അഖണ്ഡഭാരത’ത്തിന്‍െറ പരിഷ്കരിച്ച പതിപ്പാണ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍െറ പ്രതിമാ സ്ഥാപനത്തിനായുയര്‍ത്തി യിരിക്കുന്ന ഐക്യം എന്ന ആഹ്വാനം. ദലിതര്‍ക്ക് സമ്പത്ത്, അധികാരം, പദവി, സംസ്കാരം എന്നിവ നിഷേധിച്ചുകൊണ്ടുള്ള ഈ മതാത്മക ഏകീകരണം, ജാതി വ്യവസ്ഥ അടിച്ചേല്‍പിച്ച പീഡനങ്ങളുടേയും ദുരിതങ്ങളുടെയും മായ്ച്ചുകളയലാണ്. ഗുജറാത്തിലെ ദലിതരുടെ ജീവിതാവസ്ഥയെക്കുറിച്ച് ദാക്ഷായണി വേലായുധന്‍െറ പുത്രിയായ മീര വേലായുധന്‍ ഒരു ഫോണ്‍ സംഭാഷണത്തില്‍ ഈ ലേഖകനോട് പറഞ്ഞത് : ഗുജറാത്തില്‍ കൈകൊണ്ട് കക്കൂസ് വൃത്തിയാക്കുകയും മലം ചുമക്കുകയും ചെയ്യുന്ന ദലിതരുണ്ടെന്നാണ്. ഇത് ചൂണ്ടിക്കാട്ടുന്നത് മോദിയുടെ മാന്ത്രിക വികസനം ദലിതരുടെ ജീവിതത്തെ ഒരിഞ്ചുപോലും മാറ്റിയിട്ടില്ളെന്നാണ്.

വര്‍ത്തമാനകാല ഇന്ത്യയില്‍ ഹിന്ദുത്വത്തിന്‍െറ (ബ്രാഹ്മണിസ ത്തിന്‍െറ) രാഷ്ട്രീയ മോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ സംഘ്പരിവാര്‍ നിയോഗിച്ച നരേന്ദ്ര മോദിയെ ഉദ്ഘാടകനായി ക്ഷണിച്ചുവരുത്താന്‍ കെ.പി.എം.എസ് പറയുന്ന കാര്യങ്ങള്‍ ഇവയാണ്.

(1) അയ്യങ്കാളിയുടെ ജന്മസ്ഥലവും സ്മാരകവും പൈതൃക പദ്ധതിയിലുള്‍പ്പെടുത്തും (2) മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയും. (3) സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കും (4) എല്ലാ സംസ്ഥാനങ്ങളിലും ഭൂപരിഷ്കരണം നടപ്പാക്കും. ഇവയില്‍, മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിലൂടെ ദലിത് സംവരണത്തെ ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ ദലിത് ക്രിസ്ത്യന്‍-ദലിത് മുസ്ലിംകള്‍ക്ക് സംവരണം നല്‍കണമെന്ന അഭിപ്രായം ദലിത് സംഘടനകള്‍ പുലര്‍ത്തുമ്പോള്‍ മുന്‍ചൊന്ന സമുദായങ്ങള്‍ക്ക് സംവരണം പാടില്ളെന്നാണ് സംഘ്പരിവാര്‍ നിലപാട്. അതേസമയം, സംവരണം, ഭൂപരിഷ്കരണം എന്നീ കാര്യങ്ങളില്‍ ദലിതര്‍ക്കനുകൂലമായ നയമല്ല സംഘ്പരിവാറിനും ബി.ജെ.പിക്കുമുള്ളത്. 1992ല്‍ വി.പി. സിങ് ഗവണ്‍മെന്‍റ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനെടുത്ത തീരുമാനത്തെ, സംവരണ വിരുദ്ധ സമരമാക്കി മാറ്റിയത് സംഘ്പരിവാര്‍ രംഗത്തിറക്കിയ സവര്‍ണ യുവാക്കളാണ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്ന ബി.ജെ.പി ഗവണ്‍മെന്‍റുകള്‍ തമിഴ്നാട്ടിലോ കേരളത്തിലോ നിലവിലുള്ള രീതിയിലുള്ള സംവരണം നടപ്പാക്കിയിട്ടില്ല. വസ്തുതകള്‍ ഇപ്രകാ രമായിരിക്കേ, കോര്‍പറേറ്റുകളുടെ ഇഷ്ടതോഴനായ നരേന്ദ്ര മോദി സ്വകാര്യ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കുമെന്നത്, കെ.പി.എം.എസിന്‍െറ ആഗ്രഹ ചിന്ത മാത്രമാണ്.

ഭൂപരിഷ്കരണത്തിന്‍െറ കാര്യവും മറിച്ചാവുകയില്ല. ചെങ്ങറ സമരത്തിനെതിരെ ഉപരോധം തീര്‍ക്കുന്നതിനെതിരെ മുന്നില്‍ നിന്നത് ആര്‍.എസ്.എസുകാരാണെന്ന സമകാലീന ചരിത്രം കെ.പി.എം.എസ് മറന്നോ? ദലിതര്‍ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് സംഘടിത ശക്തിയിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ്. മറിച്ച്, ഏതെങ്കിലും നേതാവിന്‍െറയോ സംഘടനയുടെയോ ചട്ടുകങ്ങളായല്ല. ഇതാണ് ഡോ. ബി.ആര്‍. അംബേദ്കര്‍ മുതല്‍ കാന്‍ഷിറാം വരെയുള്ള നേതാക്കള്‍ നല്‍കുന്ന പാഠം. ഇന്ത്യയിലെ ജനസംഖ്യയില്‍ 20 ശതമാനമുള്ള ദലിതരില്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് പുലയര്‍. അവരില്‍ തന്നെ ചെറിയൊരു വിഭാഗത്തെ മാത്രമാണ് കെ.പി.എം.എസ് പ്രതിനിധാനം ചെയ്യുന്നത്. ഇത്തരമൊരു സംഘടന നരേന്ദ്ര മോദിയെപ്പോലൊരു വംശീയവാദിയെ പ്രീണിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് കരുതുമ്പോള്‍ ലഭിക്കുന്ന നേര്‍ക്കാഴ്ച വ്യത്യസ്തമാണ്.
നരേന്ദ്ര മോദി കേരളത്തിലത്തെുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയായ ദേശീയ നേതാവ് എന്നതിലുപരി, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തിനായാണ്. പ്രസ്തുത തെരഞ്ഞെടുപ്പില്‍ പുലയരെ വോട്ടു ബാങ്കാക്കാന്‍, നവോത്ഥാന ചരിത്രത്തെ കളങ്കപ്പെടുത്തി കെ.പി.എം.എസ് നടത്തുന്ന രാഷ്ട്രീയ ചതുരംഗക്കളി ഡോ. ബി.ആര്‍. അംബേദ്കറും അയ്യങ്കാളിയും വെട്ടിത്തെളിച്ച വഴി അടക്കുന്നതാണ്. തന്മൂലം, പുലയരെ സനാതന ധര്‍മത്തിലൂടെ ജാതി വ്യവസ്ഥയിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമത്തെ ദലിതര്‍ ഒന്നടങ്കം ചെറുത്തുതോല്‍പ്പിച്ചില്ളെങ്കില്‍, വിധിക്കപ്പെടുന്നത് മധ്യകാല യുഗങ്ങളിലെ ജീവിതാവസ്ഥയായിരിക്കും.
വായിക്കാന്‍ കഴിയാത്തവര്‍ utharakalam.comന്‍റെ ഈ ലിങ്ക് സന്ദര്‍ശിക്കുക .

2014, ജനുവരി 26, ഞായറാഴ്‌ച

പുസ്‌തകം : വക്കം മൗലവിയുടെ മുന്‍ഗാമികളും പിന്‍ഗാമികളും - എ എം സഫറുള്ള.


പുസ്‌തകത്തിന്റെ അവതരണമായി കൊടുത്തി രിക്കുന്ന സാനന്ദരാജിന്റെ 'ചരിത്ര വിസ്‌മയങ്ങള്‍' എന്ന കുറിപ്പ്‌.

ചരിത്രം ഒരു വിസ്‌മയമാണ്‌. സമയത്തിന്റെ അപ്രതിരോധ്യവും അവ്യാഖ്യേയവുമായ അവതരണമാണത്‌. ചരിത്രത്തിന്റെ ഓരോ 'എപ്പിസോഡും' ജീവിച്ചിരിക്കുന്നവരെ ഓരോ പാഠം പഠിപ്പിക്കുന്നുണ്ട്‌. എന്നാല്‍ നിര്‍ഭാഗ്യ വശാല്‍, ചരിത്രം പഠിക്കുകയും ചരിത്രപാഠങ്ങള്‍ വിസ്‌മരിക്കുക അഥവാ പഠിക്കാതിരിക്കുക എന്നതാണ്‌ വര്‍ത്തമാനകാല ദുരന്തം. അതിനാലാണ്‌ ചരിത്രം ആവര്‍ത്തിക്കും പോലെ അനുഭവപ്പെടുന്നത്‌.

ചരിത്രം ആവര്‍ത്തിക്കപ്പെടുന്നില്ല, സൃഷ്ടിക്കപ്പെടു കയത്രേ ചെയ്യുന്നത്‌. ഓരോ നിമിഷവും ചരിത്രം സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ഈ സൃഷ്ടിയില്‍ പങ്കാളിയാണ്‌. എന്നാല്‍ ചരിത്രം രേഖപ്പെടുത്തു ന്നവര്‍ ചിലരെ മാത്രം ചരിത്ര സൃഷ്ടികളായി വാഴ്‌തുകയും തുല്യമഹത്വം അര്‍ഹിക്കുന്ന മറ്റു ചിലരെ അവഗണിക്കുകയോ തുഛീകരിക്കുകയോ ചെയ്യുന്നു. ഇത്‌ ചരിത്രരചനയുടെ ദുര്യോഗമാണ്‌.

ചരിത്രം എന്നാല്‍ രാജാവിന്റെയും പ്രജകളുടെയും ചരിത്രമാണ്‌. പ്രജകളി ല്ലെങ്കില്‍ എന്തുരാജാവ്‌? അതിനാല്‍, രാജാവിന്റെ ജീവിതത്തോളം തന്നെ പ്രാധാന്യം ഓരോ പ്രജയുടെയും ജീവിതത്തിനുമുണ്ട്‌. എന്തെന്നാല്‍ ജീവിതം രാജാവിന്റെതാകട്ടെ, പ്രജയുടെതാകട്ടെ, ജീവിതം തന്നെയാണ്‌.

പ്രശസ്‌ത ചരിത്രകാരനായ വില്‍ഡൂറന്റ്‌ തന്റെ 'ചരിത്ര പാഠങ്ങള്‍' (ലൈന്‍സ്‌ ഓഫ്‌ ഹിസ്റ്ററി ) എന്ന ഗ്രന്ഥത്തില്‍ പറയുന്നത്‌, ചരിത്രപാഠ ങ്ങളില്‍ ഏറ്റവും വലുത്‌ ചരിത്രത്തിലെ പാഠങ്ങള്‍ ആരും പഠിക്കുന്നില്ല, എന്നതത്രേ. കാരണം ചരിത്രം പഠിപ്പിക്കാമെന്നല്ലാതെ, ചരിത്രപാഠങ്ങള്‍ പഠിപ്പിക്കുക അസാധ്യം. അതിനാല്‍, ചരിത്രം പഠിക്കുന്നവര്‍, ചരിത്ര പാഠങ്ങള്‍ സ്വയം പഠിക്കേണ്ടതായിട്ടാണിരിക്കുന്നത്‌.

പുരാതന ചെനയുടെ ചരിത്രം, ചക്രവര്‍ത്തി പരമ്പരയുടെ ചരിത്രമാണ്‌. എന്നാല്‍ ഓരോ ചക്രവര്‍ത്തിയുടെയും ഭരണകാലത്ത്‌ ഒന്നോ അതില്‍ കൂടുതലോ സെന്‍ഗുരു അഥവാ താവോഗുരു ജീവിച്ചിരുന്നു. അവരുടെ പേരാകട്ടെ ജീവിതമാകട്ടെ ചൈനീസ്‌ ചരിത്രത്തിന്റെ ഭാഗമല്ല. പക്ഷെ, താവോ ഗുരുവിന്റെ സ്ഥാനം ചക്രവര്‍ത്തിയുടെ സ്ഥാനത്തേക്കാള്‍ എത്രയോ മുകളിലാണെന്നു മറ്റാര്‍ക്കും അറിയില്ലെങ്കിലും ചക്രവര്‍ത്തിക്കറി യാമായിരുന്നു. ഇതാണ്‌ എക്കാലത്തെയും എവിടത്തെയും ചരിത്രരചനയുടെ ഹാസ്യരസം തുളുമ്പുന്ന രീതി.

ഇതൊക്കെ പറഞ്ഞത്‌ തെക്കന്‍ കേരളം മനസ്സില്‍ വെച്ചുകൊണ്ടാണ്‌. എഴുതപ്പെട്ട ചരിത്രത്തില്‍ എഴുതപ്പെടാതെ പോയ, ഒരു പക്ഷെ, ഒരിക്കലും എഴുതപ്പെടാതെ പോകുമായിരുന്ന ചില അധ്യായങ്ങള്‍ പുനര്‍സൃഷ്ടിച്ച സഫറുള്ളയുടെ വിവരണങ്ങള്‍ മുന്നിലുണ്ട്‌. ഇവ തയ്യാറാക്കുന്നതില്‍ സഫറുള്ള കാണിച്ച അന്വേഷണത്വരയും ഗവേഷണപടുത്വവും ശ്ലാഘിക്കുക തന്നെ വേണം. ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ വെളിച്ചത്തു കൊണ്ടുവരുന്നതില്‍ സഫറുള്ള കാണിച്ച സാഹസികത, വായനക്കാരന്റെ അഭിനന്ദനം അര്‍ഹിക്കുന്നു.

ഓരോ മലയാളിയുടെയും വായനാമുറിയില്‍ ഈ പുസ്‌തകം എത്തിച്ചേ രേണ്ടത്‌, വര്‍ത്തമാനകാലത്തിന്റെ ചരിത്രപരമായ ഒരാവശ്യ മായിത്തീരുന്നു.

-സാനന്ദരാജ്‌.

പുസ്‌തകം ആവശ്യപ്പെടേണ്ട വിലാസവും ഫോണ്‍നമ്പറും

എ എം സഫറുള്ള,
നസി മന്‍സില്‍,
ചെറുകുന്നം, വര്‍ക്കല.
ഫോണ്‍. 9496390076, 9846581657.

2014, ജനുവരി 23, വ്യാഴാഴ്‌ച

പുസ്‌തകം : അട്ടിമറിക്കപ്പെടുന്ന സംവരണം - ഡോ. ഗോപാലന്‍, ദലിത്‌ സര്‍വീസ്‌ സൊസൈറ്റി കോഴിക്കോട്‌.


കേരളത്തിലെ മര്‍ദ്ദിത ലക്ഷങ്ങളുടെ പ്രതീക്ഷ മുഴുവന്‍ സര്‍ക്കാര്‍ ജോലിയിലുള്ള സംവരണ ത്തിലാണ്‌. രണ്ടു ദശാബ്ദമായി സംവരണം അട്ടിമറിക്കപ്പെട്ടു കൊണ്ടി രിക്കുകയാണ്‌.

ഭരണഘടനാ വിരുദ്ധമായ മാര്‍ഗത്തിലൂടെ വ്യക്തികളും ഏതാനും ചില പിന്നോക്ക ജാതിക്കാരും കൂട്ടമായി ദലിതരുടെ അവകാശ ങ്ങള്‍ കവര്‍ന്നെടുക്കുന്നു. അതിനാല്‍ സര്‍ക്കാര്‍ ജോലി ഇന്ന്‌ യഥാര്‍ത്ഥ ദലിതുകള്‍ക്ക്‌ അന്യമായി ത്തീര്‍ന്നിരിക്കുന്നു. മര്‍ദ്ദിതര്‍ക്കിടയിലെ അനൈക്യവും സംവരണ വിരുദ്ധരുടെ വിവേകശൂന്യമായ പ്രവൃത്തികളും ഭരണകര്‍ത്താക്കളുടെ നിസംഗതയും മൂലം അട്ടിമറി എളുപ്പമായി. ദലിതരുടെ സംവരണാവകാശങ്ങള്‍ അനുഭവിച്ചു വരുന്നവര്‍ക്ക്‌ അതെങ്ങനെ സാധിച്ചുവെന്നു വ്യക്തമാക്കുന്ന, വിശദമായ പഠനത്തിന്റെയും അന്വേഷണ ത്തിന്റെയും വെളിച്ചത്തില്‍, ഭരണഘടനയെയും അനുബന്ധ നിയമങ്ങളെയും സൂക്ഷ്‌മമായി അപഗ്രഥിക്കുന്ന, ദലിതര്‍ക്കിടയി ലെ തൊഴിലില്ലായ്‌മക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രന്ഥം

മയങ്ങിക്കിടക്കുന്ന ദലിതു മനസുകളെ തൊട്ടുണര്‍ത്താന്‍ പര്യാപ്‌തമായ കണ്ടെത്തലുകള്‍. വിമോചനം ആഗ്രഹിക്കുന്ന ഏതൊരാളും വിശിഷ്യ ദലിത്‌ പ്രവര്‍ത്തകരും, ഉദ്യോഗാര്‍ത്ഥികളും അവശ്യം അറിഞ്ഞിരിക്കേണ്ട തായ വസ്‌തുതകള്‍ ലളിതമായി പ്രതിപാദിക്കുന്ന ഒരസാധാരണ ഗ്രന്ഥം.

അടിസ്ഥാനവര്‍ഗമായ ദലിതരെ ചേറിലും ചെളിയിലും തളച്ചിട്ട്‌ അവരുടെ വിയര്‍പ്പ്‌ ഊറ്റിക്കുടിക്കാനും, അവരെക്കൊണ്ട്‌ 'തമ്പ്രാ' എന്ന്‌ വിളിപ്പിച്ച്‌ പുളകമണിയാനും, തങ്ങളുടെ ചെരുപ്പ്‌ ചുമപ്പിച്ചും കന്നുകാലികളെ യെന്നോണം അവരെ പീഡിപ്പിച്ച്‌ രസിക്കാനും ഇവിടുത്തെ വരേണ്യ വര്‍ഗം എന്നും വ്യഗ്രത കാണിച്ചിട്ടുണ്ട്‌.

സ്വാതന്ത്ര്യ ലബ്ധിയോടെ ഭരണാധികാരം കയ്യില്‍ വന്നപ്പോള്‍ കൂടുതല്‍ ശക്തമായ താഡനത്തിനും ചുറ്റികപ്രയോഗത്തിനും വെമ്പല്‍കൊണ്ട സവര്‍ണപ്പട അധികാരത്തിന്റെയും ഉദ്യോഗമണ്ഡലത്തിന്റെയും നാലയലത്തുപോലും ദലിതരെ അടുപ്പിക്കാതിരിക്കാനുള്ള കൊണ്ടുപിടിച്ച യത്‌നത്തിലേര്‍പ്പെട്ടു. എന്നാല്‍ ക്രാന്തദര്‍ശിയായിരുന്ന ഡോ. ബാബാ സാഹിബ്‌ അംബേഡ്‌കറുടെ ഉഛാശക്തിക്കു മുന്നില്‍ പത്തിമടക്കേണ്ടി വന്ന വരേണ്യവര്‍ഗ നേതാക്കള്‍ക്ക്‌, ദലിതര്‍ക്ക്‌ രാഷ്ട്രീയ - ഉദ്യോഗ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്തുക എന്ന ന്യായയുക്തമായ ആവശ്യം അംഗീകരിക്കേണ്ടിവന്നു.

പക്ഷെ, ശൃഗാല ബുദ്ധികളായ മേലാള വര്‍ഗം പല മുന്നോക്ക ജാതിക്കാരേയും അവരുടെ ജാതിപ്പേരുകളില്‍ 'കൈക്രിയ' നടത്തിയും സംവരണ സമുദായങ്ങളാക്കിമാറ്റി ദലിത്‌ സംവരണത്തെ അതി സമര്‍ത്ഥമായി അട്ടിമറിച്ചു. ഇപ്രകാരം കൊല്ലങ്ങളായി നടക്കുന്ന സംവരണക്കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന കഥകളും കണക്കുകളുമാണ്‌ ഈ ലഘു പുസ്‌തകത്തില്‍ സംക്ഷിപ്‌തമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. 

ദലിതന്റെ കഞ്ഞിക്കലത്തില്‍ കയ്യിട്ടുവാരി കേമന്മാരായി വിരാജിക്കുന്ന വര്‍ ആരൊക്കെയാണെന്ന്‌ സ്‌പഷ്ടമാക്കിത്തരുന്ന ഈ പുസ്‌തകം സമര്‍പ്പിത മനസുകളായ ഏതാനും വ്യക്തികളുടെ കഠിനാധ്വാന ത്തിന്റെ ഫലമാണ്‌. ആര്‍ക്കും നിഷേധിക്കാനോ തള്ളി ക്കളയാനോ പഴുതില്ലാത്ത വിധം സത്യസന്ധവും വസ്‌തുനിഷ്‌ഠവുമായ തെളിവുകളും കണക്കുകളുമാണ്‌ ഇതില്‍ നിരത്തിയിതിക്കുന്നത്‌. ഇതൊക്കെ സംഘടിപ്പിക്കാന്‍ പുസ്‌തകം തയാറാക്കിയവര്‍ അനുഭവിച്ചിരിക്കാനിടയുള്ള ക്ലേശങ്ങളും ഭീഷണിയും ഊഹാതീതമാണ്‌. അതുകൊണ്ടതന്നെ അവര്‍ മുക്തകണ്‌ഠമായ പ്രശംസ അര്‍ഹിക്കുന്നു. 

മനസാക്ഷിയും മനുഷ്യസ്‌നേഹവുമുള്ള ആരെയും ഞെട്ടിപ്പിക്കുന്ന ഒട്ടേറെ വെളിപ്പെടുത്തലുകളടങ്ങിയ ഈ പുസ്‌തകം വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കുന്നതില്‍ എനിക്ക്‌ അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യ വുമുണ്ട്‌. - ഡോ. ഗോപാലന്‍, ദലിത്‌ സര്‍വീസ്‌ സൊസൈറ്റി കോഴിക്കോട്‌.

(ഡൗണ്‍ലോഡ്‌)

2014, ജനുവരി 22, ബുധനാഴ്‌ച

പുസ്‌തകം : ദലിത്‌ കവിത അഥവാ ഒടിയുന്ന മഴവില്ലുകള്‍....


ദലിത്‌ സാഹിത്യം എന്നത്‌ പൊടുന്നനെ പൊട്ടിമുളച്ച ഒരു പ്രസ്ഥാനമല്ലെങ്കിലും ആ വാക്കിന്റെ അര്‍ത്ഥം ചോദ്യം ചെയ്യപ്പെട്ടത്‌ സംശയത്തോടെയും ശത്രുതയോടെയുമായിരുന്നു. എവിടെ അതിന്റെ ലക്ഷണശാസ്‌ത്രം ? അല്ലെങ്കില്‍ ആധികാരികരേഖ ? സംഘസാഹിത്യം മുതല്‍ നാടന്‍ പാട്ടുകള്‍ വരെ ചൂണ്ടിക്കാണിച്ചു വെങ്കിലും ചോദ്യകര്‍ത്താക്കളെ പോലെ തന്നെ ഉത്തരവാദികള്‍ക്കും അതില്‍ വേണ്ടത്ര മതിപ്പുണ്ടായിരുന്നില്ല. മുഖ്യധാരക്ക്‌ സ്വീകാര്യമല്ലാതിരിക്കുകയും പ്രസാധനം പൂര്‍ണമായും അവരുടെതു മാത്രമായിരിക്കുകയും സ്വീകാര്യരായ ചില ദലിതര്‍ അവരുടെ നടത്തിപ്പുകാരായി പണിയെടുക്കുന്നവര്‍ മാത്രമായി വര്‍ത്തിക്കുകയും ചെയ്‌ത 90കളില്‍ ദലിത്‌ സാഹിത്യകാരന്മാര്‍ നിസ്വനരാക്കപ്പെടുക യായിരുന്നു. പ്രസാധനം ലഭിച്ചില്ലെങ്കിലും അവര്‍ രചനയില്‍ നിന്ന്‌ അകന്നോ പോയിരുന്നില്ല. കോഴിക്കോട്‌ വി പ്രഭാകരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ദലിത്‌ സാഹിത്യ അക്കാദമി ദലിതനുവേണ്ടി ശബ്ദിച്ചുകൊണ്ട്‌ ചരിത്രസംഭവമായി മാറി. എന്നാല്‍ ഈ പ്രസ്ഥാനം കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹ്യഘടനാ മാറ്റങ്ങള്‍ക്ക്‌ നിദാനമായ പ്രസ്ഥാനങ്ങളുടെ ചരിത്രവും, വിപ്ലവകാരി കളുടെയും കാഴ്‌ചപ്പാടുകളുടെയും ലിഖിത രേഖകളുമാണ്‌ പ്രസിദ്ധീകരിച്ചിരുന്നത്‌ 36 ല്‍ അധികം ചെറുതും വലുതുമായ പുസ്‌തകങ്ങളാണ്‌ ഇതിലൂടെ പുറത്തുവന്നത്‌. എന്നാല്‍ സൃഷ്ടിപരമായ രചനകളുമായി മുന്നോട്ടുവന്ന്‌ വിപ്ലവം ഏറ്റെടുത്തത്‌ തിരുവല്ല കേന്ദ്രമായി - മധ്യതിരുവിതാംകൂറില്‍ - പ്രവര്‍ത്തിച്ച ദലിത്‌ സാഹിത്യ വേദിയാണ്‌. ഒറ്റക്കും കൂട്ടായും മറ്റിടങ്ങളില്‍ കടന്നുവന്ന പ്രസാധകരേയും പ്രസ്ഥാനങ്ങളേയും ഈ കുറിപ്പില്‍ വിട്ടുകളയുന്നില്ല, അവരുടെ അധ്വാനത്തെ ചെറുതായും കാണുന്നില്ല എന്ന്‌ ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ ശ്രദ്ധയില്‍ വന്ന രണ്ട്‌ പ്രസ്ഥാനങ്ങളില്‍ ഊന്നി എന്നു മാത്രമേയുള്ളൂ.

1996 ല്‍ ദിലിത്‌ സാഹിത്യവേദിയില്‍ നിന്നും പുറത്തുവന്ന 'ദലിത്‌ കവിത ' എന്ന ദലിത്‌ എഴുത്തുകാരുടെ രചനകളുടെ ഈ ചെറുപുസ്‌തകത്തില്‍ വി കെ നാരായണന്‍, കെ കെ എസ്‌ ദാസ്‌, എം കെ മധുകുമാര്‍, ഇ വി അനില്‍, സി കെ രവീന്ദ്രന്‍, പി എ ഷാജി, കെ ഷാജിമോന്‍, എന്‍ സി രാജപ്പന്‍, പി കെ പ്രകാശ്‌, വി വി സ്വാമി എന്നിവരുടെ കവിതകളാ ണുള്ളത്‌. കവര്‍ചിത്രം പിന്‍പുറത്തെ ചിത്രം എന്നിവ തയ്യാറാക്കിയത്‌ ഇ വി അനിലാണ്‌.

പ്രസാധകക്കുറിപ്പ്‌.....

പ്രലോഭിതന്റെ വര്‍ത്തമാനങ്ങള്‍ക്കും കപടഭാഷണങ്ങളുടെ അഭിസരണ ങ്ങള്‍ക്കും അപ്പുറം ഇതാ കവിതയുടെ ഒരു മരച്ചുവട്‌. മലയാള ഭാഷയില്‍ ദലിത്‌ കവിത അതിന്റെ ഊഴം കണ്ടെത്തുകയാണ്‌. ഈ രചനകള്‍ വിഭാഗീയതയുടെ ഒരു അടഞ്ഞ മുറിയല്ല. അധീശ സൗന്ദര്യ ബോധത്തിന്റെ സംരക്ഷകര്‍ ആഞ്ഞു വിശ്വസിക്കുകയും ഉറ്റം കൊണ്ടു പരിഹസിക്കുകയും ചെയ്യുംവിധം സാഹിത്യത്തിലെ ഒരു സംവരണക്കാര്യമല്ല ദലിത്‌ കവിത. ഇത്‌ മാനവികതയുടെ ഒരു വാതില്‍ ആണ്‌. ദലിത്‌ സാഹിത്യം ഉന്നയിക്കുന്നത്‌ ഒരു പുതിയ സെന്‍സിബിലി റ്റിയുടെ പ്രശ്‌നമാണ്‌. ഇന്ത്യയിലെ ദലിത്‌ ജനതയുടെ സ്വത്വബോധത്തിന്റെ സാഹിത്യ പ്രശ്‌നത്തെയാണ്‌ അത്‌ അവതരിപ്പി ക്കുന്നത്‌. അതിനാല്‍ ദിലിത്‌ സംബന്ധമായ കുറേ രചനകള്‍ ആകുന്നില്ല ദലിത്‌ സാഹിത്യം. അത്‌ തീര്‍ച്ചയായും ദലിത്‌ ഭാവുകത്വവു മായി ബന്ധപ്പെട്ട്‌ നിലവില്‍ വരുന്നതാണ്‌. ഇക്കാരണത്താലാണ്‌ ദലിത്‌ എഴുത്തുകാരുടെ മാത്രം രചനകള്‍ സമാഹരിക്കാന്‍ ഇവിടെ ശ്രമം നടത്തിയത്‌. ഈ സമാഹാരത്തിലെ കവിതകള്‍ മലയാള സാഹിത്യത്തിലെ ഒരു പുതിയ ഭാവുകത്വ ഘട്ടത്തെ പ്രതിനിധീകരിക്കുന്നതിന്റെ ആദ്യ ചുവടുകളായി ഞങ്ങല്‍ കണക്കാക്കുന്നു.... വാക്കുകളുടെ പുതിയ നക്ഷത്രങ്ങള്‍ ഉണ്ടാകുമെന്നും ചിതയില്‍ ബ്രാഹ്മണന്റെ തലയോടുകണക്കെ മഴവില്ലുകള്‍ ഒടിഞ്ഞുപോവുമെന്നും അങ്ങനെ ഇരുട്ടിന്റെ ഗോപുരങ്ങളെ യാകെ അഴിച്ചുകളഞ്ഞുകൊണ്ട്‌ കറുത്തവന്റെ മിന്നലുകള്‍ ഈ ഭൂതലത്തെയാകെ പ്രകാശിപ്പിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. - ദിക്കും ദേശവും മണ്ണും മനസ്സും തെളിയാന്‍ ഈ കവിത. (ഡൌണ്‍ലോഡ്)

2014, ജനുവരി 21, ചൊവ്വാഴ്ച

പുസ്‌തകം : കെ പി കറുപ്പന്‍ ജീവിതരേഖയും പോരാട്ട വിജയങ്ങളും - വി വിദ്യാനന്ദന്‍.


പണ്ഡിറ്റ്‌ കെ പി കറുപ്പന്റെ സമരജിവിത ത്തെയും അത്‌ അനിവാര്യമാക്കിയ സാമൂഹിക സാഹചര്യങ്ങളെയും സമുദായ ചരിത്രത്തെയും അതിലടങ്ങുന്ന വിശിഷ്ട വ്യക്തിത്വങ്ങളെയും കുറിച്ച്‌ സമഗ്രമായ അറിവു നല്‍കുന്ന വായനാനുഭവ കുറിപ്പുകളുടെ സമാഹാരമാണ്‌ വി വിദ്യാനന്ദന്റെ 'പണ്ഡിറ്റ്‌ കറുപ്പന്‍'. കറുപ്പന്‍ പാഠങ്ങല്‍ അധികമായി ആവശ്യപ്പെടുന്ന കാലഘട്ടമാണിത്‌. പുതിയതും വേറിട്ടതുമായ സമരമാര്‍ഗങ്ങളിലൂടെ സാമൂഹ്യമാറ്റത്തെ സാധ്യമാക്കിയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒന്നിനുടമയാണ്‌ പണ്ഡിറ്റ്‌ കെ പി കറുപ്പന്‍. വില്ലുവണ്ടി യാത്രപോലെയോ അരുവിപ്പുറം പ്രതിഷ്‌ഠയോ മാരാമണ്‍ ബൈബിള്‍ കത്തിക്കല്‍ പോലെയോ ശക്തിസാന്ദ്രതയുള്ള സമരരൂപമാണ്‌ കറുപ്പന്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കിയ 'കായല്‍ സമ്മേളനം" കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യദശകത്തില്‍ ഒരിക്കല്‍, കൊച്ചിയിലെ അയിത്ത ജാതിക്കാരായ പുലയര്‍ക്ക്‌ കരയില്‍ യോഗം ചേരാന്‍ സ്ഥലം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന്‌ കൊച്ചി കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതിനു പുറത്തിരുന്ന യോഗം ചേരുന്നതിനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്‌തുകൊടുത്തത്‌ ധീവര സമുദായക്കാരനായ കറുപ്പന്‍ മാസ്റ്ററായിരുന്നു. വര്‍ണ വ്യവസ്ഥക്ക്‌ കൊച്ചിയില്‍ നിന്നേറ്റ ആദ്യ പ്രഹരമായിരുന്നു അത്‌. ആ സമരം വിജയം കണ്ടതിനെ തുടര്‍ന്ന്‌ കരയില്‍ യോഗം ചേരാന്‍ സ്ഥലം അനുവദിക്കപ്പെട്ടു. ഇത്‌ എളുപ്പമാക്കിയത്‌ കറുപ്പന്‍ ആര്‍ജിച്ച വിദ്യാഭ്യാസവും തുടര്‍ന്നു നേടിയ ഉദ്യോഗവുമാണ്‌. സവര്‍ണരുടെ വ്യവസ്ഥകളില്‍ അയവുവരുത്താന്‍ പണ്ഡിറ്റ്‌ കറുപ്പന്‍ കൊണ്ടുവന്ന പുതിയ സമരതന്ത്രങ്ങള്‍ക്ക്‌ സാധിച്ചു." പണ്ഡിറ്റ്‌ കറുപ്പന്റെ ആത്മാര്‍ഥവും അശ്രാന്തവുമായ പരിശ്രമങ്ങളുടെ ഫലമായിട്ടാണ്‌, അയിത്തജാതിക്കാരായ പുലയരുടെയും പറയരുടെയു മൊക്കെ ആവലാതികള്‍ അധികാരികളുടെ പര്യാലോചന ക്കുപോലും വിഷയമായിത്തീരാന്‍ ഇടയായത്‌" - വിദ്യാനന്ദന്‍ കെ വി കുമാരനെ ഉദ്ധരിക്കുന്നു.

എന്നാല്‍ എടുത്തുപറയേണ്ടതായ കായല്‍ സമ്മേളനം എന്നു നടന്നു എന്ന്‌ ഈ ഗ്രന്ഥത്തിലും കൃത്യമായ സൂചനകള്‍ നല്‍കുന്നില്ല. വിദ്യാനന്ദന്‍ പരിശോധിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ കറുപ്പന്റെ നാടായ ചേരാനെല്ലൂരില്‍ ജനിച്ച സാഹിത്യ നിപുണന്‍ ടിം എം ചുമ്മാറിന്റെ ' കവിതിലകന്‍ പണ്ഡിറ്റ്‌ കെ പി കറുപ്പന്‍ ' കെ കെ വേലായുധന്റെ ' പണ്ഡിറ്റ്‌ കറുപ്പന്‍ ഓര്‍മ്മകളിലൂടെ ' വൃന്ദാവനം ഗോപാലന്‍ എഡിറ്റു ചെയ്‌ത ' കെ പി വള്ളോന്‍ സ്‌മരണിക ' നിരവധി സൂവനീറുകള്‍ എന്നിവയാണ്‌. എന്നാല്‍ കായല്‍ സമ്മേളനത്തിന്റെ വിവരങ്ങള്‍ ഉദ്ധരിക്കുന്നത് വെട്ടിയാര്‍ പ്രേംനാഥിന്റെ ' കേരളത്തിലെ അടിമകള്‍ ' (1957) എന്ന ഗ്രന്ഥത്തില്‍ നിന്നുമാണ്‌. ഈ ഗ്രന്ഥത്തിലെ വിവരണത്തിലും കൃത്യമായ വര്‍ഷം -തിയതി ഇല്ല. ടി എം ചുമ്മാറിന്റെ ഗ്രന്ഥത്തിലെ വിവരണവും ഇതുതന്നെ. എന്നാല്‍ കുറച്ചെങ്കിലും ആശ്രയിക്കാവുന്ന ആധികാരികത ' കെ പി വള്ളോന്‍ സ്‌മരണിക' യിലുണ്ട്‌. ഇതില്‍ പി കെ ചാത്തന്‍ ഹോസ്‌റ്റല്‍ വാസത്തിനിടെ കെ പി വള്ളോന്‍ സമ്മേളനത്തെ കുറിച്ച്‌ പറഞ്ഞു കൊടുത്തിരുന്നത്‌ ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതിയതാണ്‌. ഗ്രന്ഥകാരനായ വൃന്ദാവനം ഗോപാലന്‍ തന്റെ ലേഖനത്തില്‍ പ്രസ്‌തുത സമരം എന്നു നടന്നുവെന്ന്‌ ആര്‍ക്കും ഓര്‍മ്മയില്ല എന്നു സൂചിപ്പിച്ചുകൊണ്ടുതന്നെ, 1913 ഒക്ടോബര്‍ എന്നു കണ്ടെത്തുന്നു. ഈ പുസ്‌തകത്തില്‍ കറുപ്പന്‍ മാഷ്‌ അധികാരികള്‍ക്ക്‌ കൊടുത്ത' പുലയരുടെ ഉയിര്‍ത്തെഴുനേല്‍പ്പ്‌ ' എന്ന നിവേദനത്തില്‍ 1914 ല്‍ സെ. ആല്‍ബര്‍ട്ട്‌സ്‌ കോളേജില്‍ വെച്ചാണ്‌ ആദ്യത്തെ പുലയ സമ്മേളനം നടന്നതെന്നും രണ്ടാമത്തെ സമ്മേളനം ഇതേസ്ഥലത്തുവെച്ച്‌ അഞ്ചുമാസത്തിനു ശേഷം നടന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ പുസ്‌തകത്തില്‍ നിന്നും വിവരങ്ങള്‍ എടുത്തെഴുതിയ വിദ്യാനന്ദന്‍ 1909 ല്‍ ഒരു പുലയ സമ്മേളനം നടന്നതായി കണ്ടെത്തുന്നുണ്ട്‌. ഇതാണ്‌ കായല്‍ സമ്മേളനം എന്നു നിരീക്ഷിക്കുന്ന വരുമുണ്ട്‌. എന്തൊക്കെയായാലും കായല്‍ സമ്മേളനം നടന്നു എന്നതിനെ കുറിച്ച്‌ ആര്‍ക്കും സന്ദേഹമില്ല. അത്‌ ചരിത്രത്തില്‍ തിയതി രേഖപ്പെടുത്താത്ത സമരമായിരുന്നു - കീഴാളന്റെ എല്ലാ ചെറുത്തു നില്‍പ്പുകളെയും പോലെ. കായല്‍പ്പരപ്പില്‍ ആ സമ്മേളനം എങ്ങനെയാണ്‌ നടന്നതെന്ന്‌ അതിന്റെ വിവരണങ്ങള്‍ ഓര്‍മ്മകളുടെ കൈമാറ്റത്തില്‍ നിന്നും പലരും നല്‍കുന്നുണ്ട്‌. ടി എച്ച്‌ പി ചെന്താരശ്ശേരിയും ദലിത്‌ ബന്ധു എന്‍ കെ ജോസും ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയിട്ടില്ല, താന്താങ്ങളുടെ ഗ്രന്ഥങ്ങളില്‍ മുന്‍ ചൊന്നവരെ ആവര്‍ത്തിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. 

ഇതേ സമരതന്ത്രം മറ്റുപല അവസരങ്ങളിലും കെ പി കറുപ്പന്‍ പ്രയോഗിച്ചിട്ടുണ്ട്‌. 1916 ല്‍ എറണാകുളത്തുവെച്ചു നടന്ന കാര്‍ഷി കോല്‍പ്പന്നങ്ങളുടെ പ്രദര്‍ശന മേളയില്‍ ഈ വസ്‌തുക്കള്‍ കൃഷി ചെയ്‌തുണ്ടാക്കുന്ന പുലയരെ മാത്രം കയറ്റിയില്ല. കറുപ്പന്‍ മാഷ്‌ സ്വതസിദ്ധമായ തന്റെ തന്ത്രപരമായ സമരമാര്‍ഗത്തിലുടെ പുലയര്‍ക്ക്‌ അത്‌ കാണുവാന്‍ അവസരമുണ്ടാക്കിക്കൊടുത്തു.

കായല്‍ സമ്മേളനത്തില്‍ വള്ളോന്‍ പങ്കെടുത്തിട്ടുണ്ട്‌ അന്ന്‌ 14 വയസ്‌ പ്രായമേ കാണൂ. ആ സമ്മേളനത്തില്‍ നേതൃസ്ഥാനത്തേക്ക്‌ തെരഞ്ഞെടു ക്കപ്പെട്ടത്‌ കൃഷ്‌ണേതിയാണ്‌. അദ്ദേഹം പിന്നീട്‌ ക്രിസ്‌തുമതം സ്വീകരിച്ചു. മുളവുകാട്‌ പുലയസമാജം സെക്രട്ടറിയായിരുന്നു കൃഷ്‌ണേതി യപ്പോള്‍. ഇത്‌ അധികമാരും ചര്‍ച്ച ചെയ്യാത്ത വസ്‌തുതയാണ്‌. ആദ്യം എം എല്‍ സി യായത്‌ പി സി ചാഞ്ചനാണ്‌. അതിനു ശേഷമാണ്‌ കെ പി വള്ളോന്‍ രണ്ടു വട്ടം എം എല്‍ സി ആയി നോമിനേറ്റ്‌ ചെയ്യപ്പെട്ടത്‌. 

അരയന്മാരുടെ വംശ ചരിത്രം വിശകലം ചെയ്യുന്നതാണ്‌ ഗ്രന്ഥത്തിന്റെ അവസാനഭാഗം. ആര്യാഗമനത്തിന്റെ ഫലമായി തെക്കോട്ട്‌ പലായനം ചെയ്യേണ്ടിവന്ന സൈന്ധവരാണ്‌ കേരളത്തിലെയും കര്‍ണാടകത്തിലെയും അരയര്‍ എന്ന സത്യം വിദ്യാനന്ദന്‍ ആവര്‍ത്തിക്കുന്നുണ്ട്‌. ആര്യാഗമനവും ചാതുര്‍വര്‍ണ്യവും സമൂഹത്തില്‍ രൂഢമുലമാകുന്നതിനു മുമ്പ്‌ ചേരമരില്‍ പെട്ട സ്വതന്ത്രരായ ജനതയായിരുന്നു അരയന്‍ എന്നും കൂട്ടിച്ചേര്‍ക്കുന്നു. സൈന്ധവര്‍ എന്ന നിലയില്‍ ഹിന്ദു എന്ന്‌ അരയരെ വിളിക്കുന്ന വിദ്യാനന്ദന്‍ പുരാണേതിഹാസങ്ങള്‍ പരിശോധിക്കുമ്പോള്‍ മത്സ്യഗന്ധി യേയും വേദവ്യാസനേയും വിശകലനം ചെയ്‌തുകൊണ്ട്‌ അരയര്‍ ജാതിഹിന്ദുവില്‍ പെടുന്നവരാണെന്ന്‌ അഭിമാനിക്കുന്നതായി തോന്നാം. കറുപ്പനെ വിശകലനം ചെയ്യുന്നിടത്തും അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കുനിനടത്തും - വിശേഷിച്ച്‌ ജാതിക്കുമ്മി - ഈ ഹൈന്ദവത ഗ്രന്ഥകാരന്‍ ദീക്ഷിക്കുന്നില്ല. എല്ലാ നവോത്ഥാന സമരനായകരേയും പോലെ വിദ്യാഭ്യാസത്തിന്റെ അപാര സാധ്യത- അതാണ്‌ അടിയാളന്റെ സ്വാതന്ത്ര്യത്തിനു വഴിമരുന്നാകുന്ന മൂലഘടകം - എന്ന്‌ തിരിച്ചറിഞ്ഞു കൊണ്ടാണ്‌ കറുപ്പന്‍ മുന്നിട്ടിറങ്ങുന്നത്‌. ആരാധന നടത്താനോ അമ്പലം സ്ഥാപിക്കാനോ അനുയായികളെ കറുപ്പന്‍ ആഹ്വാനം ചെയ്‌തിരുന്നില്ല. കറുപ്പനെ ഹിന്ദുവാക്കുന്നവര്‍ ബോധപൂര്‍വം വിസ്‌മരിക്കുന്നത്‌ ഈ വസ്‌തുതയാണ്‌.

ഭൂമിശാസ്‌ത്രപരമായി അരയരുടെ വകതിരിവുകളെ കുറിച്ചു ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. അരയര്‍, മുക്കുവര്‍, വാലന്‍ എന്നിവരില്‍ അരയരും മുക്കുവരും കടലുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്നവരാണ്‌. വാലരാകട്ടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുമാണ്‌. സമുദായത്തിലെ അനര്‍ഘ വ്യക്തിത്വങ്ങളെ പറയുന്ന കൂട്ടത്തില്‍ തിരുവിതാംകൂര്‍ രാജാവിന്റെ (ദളവയുടെ) മികച്ച ഭടനായിരുന്ന അനന്തപത്മനാഭനെന്ന ചെമ്പിലരയനെ 24-3-1970ലെ കേരള കൗമുദി ഫീച്ചര്‍ ഉദ്ധരിച്ചുകൊണ്ട്‌ എടുത്തെഴുതുന്നു. ചെമ്പ്‌ അരയരുടെ ഇല്ലപ്പേരാണ്‌. ആ സ്ഥലം വൈക്കം താലൂക്കിന്റെ തെക്കേയറ്റ മാണ്‌. ചെമ്പില്ലക്കാര്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളായ വാലന്മാരാണ്‌. അവിടത്തുകാരന്‍ അനന്തപത്മനാഭന്‍ അരയനായതെങ്ങനെ ? പൊതുവായ നാമത്തില്‍ വിളിക്കപ്പെട്ടതാവാം. എന്നാല്‍ 'കൊച്ചി അരയന്‍' 'ആലപ്പുഴ അരയന്‍' എന്നിവരെ പരിചയപ്പെടുത്തുമ്പോള്‍ വ്യക്തിനാമം കൊടുത്തുകാണുന്നില്ല. അനന്തപത്മനാഭനെന്ന ആര്യനാമം ചെമ്പിലരയ നെങ്ങനെ വന്നു! രാജാക്കന്മാര്‍ കൊടുത്ത സ്ഥാനപ്പേരാകാം ഇത്‌. ഈ നിരീക്ഷണത്തില്‍ ശരിയും തെറ്റുണ്ടാകാമെങ്കിലും നവോത്ഥാന സമരനായകന്‍ കവിതിലകന്‍ കറുപ്പന്റെ ചരിത്രപരമായ നിയോഗത്തിന്റെ വിജയകരമായ നിര്‍വഹണത്തെ അത്‌ ഒരു തരത്തിലും മങ്ങലേല്‍പ്പിക്കുന്നില്ല.

പണ്ഡിറ്റ്‌ കറുപ്പന്‍ അക്കാദമി വടുതല, കൊച്ചി യാണ് പുസ്തകം പ്രസിദ്ധീകരിച്ചത് .വില 100 രൂപ.

'ദരിദ്രര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ സംവരണം ചെയ്യുക.' - സുദേഷ് എം രഘു.

സുദേഷ് എം രഘു.

 'സിന്‍ഹു കമീഷന്‍ റിപ്പോര്‍ട്ട്  : മുന്നോക്ക സമുദായങ്ങളുടെ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ട' എന്ന പേരില്‍ എന്‍ എസ് എസ് പ്രതിനിധി സഭാംഗവും മുന്‍ ലൈസന്‍ ഓഫീസറും ഇപ്പോളത്തെ വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ അഡ്വ. എം മനോഹരന്‍പിള്ള കേരള ശബ്ദത്തിന്റെ രണ്ടു ലക്കങ്ങളി ലായി ( നവം 24, ഡിസം 1 2013 ) എഴുതിയ ലേഖനത്തിലേക്കു വായനക്കാരു ടെ ശ്രദ്ധ ക്ഷണിക്കുന്നു. വസ്തുതകള്‍ വളച്ചൊടിച്ചും വ്യാജ അവകാശങ്ങള്‍ നിരത്തിയും തയ്യാറാക്കി യിട്ടുള്ളതാണ് ആ  ലേഖനം എന്ന് ആദ്യമേ സൂചിപ്പിച്ചുകൊള്ളട്ടെ.

മുന്നോക്ക സമുദായങ്ങളുടെ സാമ്പത്തിക സംവരണ സമരത്തിലെ മാഗ്നാകാര്‍ട്ടയായ സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം എന്‍ എസ് എസ്സിന് ഉറപ്പുനല്‍കിയിരുന്നുവെന്നും എന്നാല്‍ അവര്‍ വാഗ്ദാനം പാലിച്ചില്ലെന്നും ഈ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യയിലെ മുന്നോക്ക സമുദായങ്ങളുടെ മുഖ്യ അജണ്ഡ ഈ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നതാണെന്നുമാണ് അദ്ദേഹത്തിന്റെ ലേഖനപരമ്പരയുടെ രത്‌നച്ചുരുക്കം. അതിന്നായി വ്യാജമായ പല അവകാശവാദങ്ങളും നടത്തുന്നുണ്ട് അഡ്വ മനോഹരന്‍പിള്ള. ഇന്‍ഡ്യയിലെ മുന്നോക്ക സമുദായങ്ങളുടെ ജനസംഖ്യ 40 ശതമാനത്തോളം വരുമെന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്. അതിനദ്ദേഹം ആധാരമാക്കുന്നത് നാഷനല്‍ സാമ്പിള്‍ സര്‍വേയേയും ഫാമിലി ഹെല്‍ത്ത് സര്‍വേയേയുമാണ്. ഈ സര്‍വേകളുടെ ഏതുവര്‍ഷത്തെ കണക്കാണ് ആധാരമാക്കിയതെന്നു ലേഖനത്തിലൊ രിടത്തും പറഞ്ഞിട്ടില്ല. അതു പറയാത്തത് കരുതിക്കൂട്ടിത്തന്നെയാണെന്ന് ഇതെഴുതുന്നയാള്‍ കരുതുന്നു. കാരണം, വിവിധ സംസ്ഥാനങ്ങളിലെ മുന്നോക്ക സമുദായങ്ങളുടെ ജനസംഖ്യാശതമാനമായി അദ്ദേഹം അവതരിപ്പിക്കുന്ന കണക്ക് പച്ചക്കള്ളമാണെന്ന് അദ്ദേഹത്തിനു തന്നെ അറിയാം. കേരളത്തിലെ ജനസംഖ്യ ഉദാഹരണം. ഇവിടത്തെ മുന്നോക്ക സമുദായങ്ങളുടെ ജനസംഖ്യ 38 ശതമാനമാണെന്നാണ് മനോഹരന്‍പിള്ള എഴുതുന്നത്. ജാതിതിരിച്ചുള്ള സെന്‍സസ് കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ നമുക്ക് വിശ്വസനീയമായി ആശ്രയിക്കാവുന്ന ഒരു കണക്കും വാസ്തവ ത്തിലില്ലെങ്കിലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 2004ല്‍ നടത്തിയ സാമ്പിള്‍ സര്‍വേ (കേരള പഠനം) പ്രകാരം കേരളത്തിലെ മുന്നോക്ക ഹിന്ദുക്കളുടെ ജനസംഖ്യ 14 ശതമാനത്തില്‍ത്താഴെയാണ്. ആ പഠനത്തില്‍പ്പക്ഷേ മുന്നോക്ക കിസ്ത്യാനികളുടെ ജനസംഖ്യ ലഭ്യമല്ല. പകരം മൊത്തം ക്രിസ്ത്യാനികളുടെ ജനസംഖ്യയാണു നല്‍കിയിരി ക്കുന്നത്. അത് 18.3 ശതമാനമാണ്. അതില്‍നിന്ന് പിന്നോക്ക-ദലിത് ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറച്ചാല്‍ വല്ല പത്തോ പന്ത്രണ്ടോ ശതമാനം കൂടി കാണും മുന്നോക്ക ക്രിസ്ത്യാനികള്‍. അവരെയും കൂടി കൂട്ടിയാല്‍ കേരളത്തിലെ മുന്നോക്കക്കാര്‍ കേവലം 26 ശതമാനമോ അതില്‍ക്കുറവോ ആയിരിക്കും. എങ്ങനെ കൂട്ടിയാലും അതു 38 ആകാനുള്ള ഒരു സാധ്യതയുമില്ല.

ഈ വ്യാജ അവകാശവാദം തന്നെയാണ് അദ്ദേഹം മറ്റു സംസ്ഥാനങ്ങളിലെ മുന്നോക്കക്കാരുടെ ജനസംഖ്യയെക്കുറിച്ചു പറയുന്നതും എന്നേ സ്വാഭാവികമായി കരുതാനാവൂ. അതെന്തായാലും ജനസംഖ്യ യെക്കുറിച്ചുള്ള ഈ അവാശവാദത്തിലൂടെ അദ്ദേഹം ഒരു കാര്യം പരോക്ഷമായി അംഗീകരിക്കുന്നുണ്ടെന്നു പറയാവുന്നതാണ്. അതായത്, സമുദായങ്ങള്‍ക്ക് അവരുടെ ജനസംഖ്യയ്ക്ക് ആനുപാതിക മായ പ്രാതിനിധ്യം(സംവരണം) ലഭിക്കണം എന്ന വാദം. അത് സ്വാഗതാര്‍ഹമായ മാറ്റം തന്നെയാണ്. പക്ഷേ വിവിധ സമുദായങ്ങളുടെ ജനസംഖ്യ എത്രയെന്ന് കൃത്യമായി നിര്‍ണയിക്കാതെ എങ്ങനെയാണ് അവര്‍ക്കു പ്രാതിനിധ്യം നല്‍കാനാവുക? അത്തരം കണക്കെടുപ്പിന് ഇത്രകാലവും(ഇപ്പോഴും) എതിര്‍ക്കുന്നത് ആരാണ് ?  1931 നുശേഷം ജാതിതിരിച്ചുള്ള സെന്‍സസ് കണക്കെടുപ്പു നടന്നത് ഇക്കഴഞ്ഞ സെന്‍സസിനുശേഷം നടന്ന ജാതിസെന്‍സസിലാണ്. ആ കണക്കാണെങ്കില്‍ നാളിതുവരെ പുറത്തുവന്നിട്ടുമില്ല.  കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകളെയും 'വരച്ചവരയില്‍ നിര്‍ത്താന്‍ കെല്പുള്ള' എന്‍.എസ്.എസ്സിന് ആ കണക്ക് എത്രയും പെട്ടെന്നു പുറത്തുകൊണ്ടു വരാന്‍ ശ്രമിച്ചുകൂടേ? എന്തുകൊണ്ടാണ് അവര്‍ അത്തരമൊരാവശ്യം ഉയര്‍ത്താത്തത് ?കാരണം മറ്റൊന്നുമല്ല. ആ കണക്കുകള്‍ പുറത്തുവന്നാല്‍ തങ്ങളുടെ ഈ പെരുപ്പിച്ചുകാണിക്കുന്ന ജനസംഖ്യയുടെ പൊള്ളത്തരം ജനങ്ങള്‍ക്കു മനസ്സിലാകുമെന്ന് അവര്‍ ഭയക്കുന്നു. ജനസംഖ്യാനുപാതിക പ്രാതിനിധ്യം എന്ന ആശയത്തോട് ഇപ്പോഴെങ്കിലും അനുഭാവം(?) പ്രകടിപ്പിക്കുന്ന എന്‍ എസ് എസ്സിന് ആര്‍ജവുമുണ്ടെങ്കില്‍ ജാതി സെന്‍സസ് കണക്കെടുപ്പിനുവേണ്ടിയും  ആ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ടിനുവേണ്ടിയും അവര്‍ വാദിക്കുമായിരുന്നു. പക്ഷേ ഇന്‍ഡ്യയിലെ മറ്റെല്ലാ മുന്നോക്ക സമുദായ സംഘടനകളെയും പോലെ ജാതി സെന്‍സസ് നടക്കാതിരിക്കാനാണു അവരും താത്പര്യപ്പെട്ടിരുന്നത്.

50 ശതമാനം സംവരണം മുന്നോക്ക സമുദായങ്ങള്‍ക്കു ദോഷമുണ്ടാക്കി യിരിക്കുന്നുവെന്നാണ് ജനസംഖ്യയെക്കുറിച്ചുള്ള തന്റെ വ്യാജ അവകാശവാദത്തെ അധികരിച്ച് മനോഹരന്‍പിള്ള വാദിക്കുന്നത്. വാസ്തവത്തില്‍ സത്യം മറിച്ചാണ്. ഇന്‍ഡ്യയിലാകമാനം 52 ശതമാനം(മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട്) വരുന്ന പിന്നോക്ക സമുദായങ്ങളും 22.5 ശതമാനം വരുന്ന പട്ടികജാതി-പട്ടികവര്‍ഗക്കാരും കൂടി 74.5 ശതമാനമുണ്ട്. കേരളത്തിലെ പിന്നോക്ക സമുദായങ്ങളും ദലിതരും ആദിവാസികളും ജനസംഖ്യയുടെ ഏതാണ്ട് 75 ശതമാനത്തോളം വരും. 50 ശതമാനം സംവരണം പ്രതികൂലമായി ബാധിക്കുന്നത് ഈ വിഭാഗങ്ങള്‍ക്കാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍-പൊതുമേഖലാ സര്‍വീസില്‍ അവരുടെ പ്രാതിനിധ്യം ഇപ്പോഴും തുലോം കുറവായിരിക്കുന്നത്. താഴെക്കിടയിലുള്ള തസ്തികകളില്‍ കുറച്ചു പ്രാതിനിധ്യം ചില പിന്നോക്ക സമുദായങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെങ്കിലും ഉയര്‍ന്ന തസ്തികകളില്‍ വളരെ വളരെ കുറവാണ് പട്ടികജാതിക്കാരും പിന്നോക്കസമുദായങ്ങളും. മറിച്ച് മുന്നോക്ക സമുദായങ്ങളുടെ പ്രാതിനിധ്യം ഈ തസ്തികകളില്‍ അവരുടെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ അനുപാതത്തിലാണ്. വീണ്ടും ശാസ്ത്രസാഹിത്യ പരിഷത്തിനെ ആശ്രയിക്കട്ടെ.


കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ വിവിധ സമുദായങ്ങള്‍ക്കുള്ള പ്രാതിനിധ്യം ഇപ്രകാരമാണെന്ന് അവരുടെ പഠനം പറയുന്നു.
                                                         ജനസംഖ്യ                 പ്രാതിനിധ്യം
ക്രിസ്ത്യന്‍                                          18.3                             20.6
മുസ്ലിം                                                   26.9                             11.4
നായര്‍                                                 12.5                              21
മറ്റുമുന്നോക്ക സമുദായങ്ങള്‍              1.3                               3.1
ഈഴവര്‍                                              22.2                             22.7
മറ്റുപിന്നോക്ക സമുദായക്കാര്‍             8.2                              5.8
എസ് സി                                                  9                                5.8
എസ്.റ്റി                     

നരേന്ദ്രന്‍ കമീഷന്‍ നടത്തിയ കണക്കെടുപ്പിലും മണ്ഡല്‍ കമീഷന്‍ നടത്തിയ കണക്കെടുപ്പിലും പിന്നോക്ക- പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം പോയിട്ട് സംവരണശതമാന ത്തിനനുസരിച്ച പ്രാതിനിധ്യം പോലും - വിശേഷിച്ച് ഉന്നത തസ്തികകളില്‍- ലഭിച്ചിട്ടില്ലെന്നു തെളിഞ്ഞിട്ടുള്ളതാണ്. അവിടെയെല്ലാം ജനസംഖ്യയേക്കാള്‍ ഏതാണ്ട് ഇരട്ടി പ്രാതിനിധ്യമാണ് മുന്നോക്ക സമുദായങ്ങള്‍ക്കു ലഭിച്ചിട്ടുള്ളതെന്നതാണ് അതിന്റെ മറുവശം. ഭരണവ്യവസ്ഥയുടെ എല്ലാ മേഖലകളിലും മാത്രമല്ല, പത്രമാധ്യമങ്ങളിലും ഇത്തരത്തിലുള്ള ആധിപത്യം മുന്നോക്കസമുദായ ക്കാര്‍ക്കു നേടിയെടുക്കാനാ  യിട്ടുണ്ട്. (അതവരുടെ കഴിവുകൊണ്ടാണെന്നു പറയുന്നവരോട് ഒരേയൊരു ചോദ്യം മാത്രമേ ചോദിക്കാനുള്ളൂ:" ദിവസവും ജോഗിങ്ങും പരിശീലനവും നടത്തിവരുന്നയാളെയും വര്‍ഷങ്ങളോളം ചങ്ങലയിട്ട കാലുമായി വരുന്നയാളെയും ഒരേ പോയന്റില്‍ നിര്‍ത്തി ഓടിച്ചാല്‍ ആദ്യത്തെയാള്‍ ഒന്നാമത് എത്തുന്നത് അയാളുടെ 'കഴിവും യോഗ്യതയും' ആണോ?") ആ ആധിപത്യം മൂലം മീഡിയയിലൂടെ നിരവധി നുണപ്രചാരങ്ങള്‍ നടത്താന്‍ മുന്നോക്ക സമുദായങ്ങള്‍ക്കും അവരുടെ സംഘടനകള്‍ക്കും സാധിക്കുന്നുണ്ടെന്നതു സത്യമാണ്. പക്ഷേ സത്യം എക്കാലത്തേക്കുമായി മൂടിവയ്ക്കാനാവില്ല; വിശേഷിച്ചും സോഷ്യല്‍ മീഡിയയ്ക്കും മറ്റും സ്വാധീനം വര്‍ധിച്ചുവരുന്ന ഇക്കാലത്ത്.

തമാശയായിട്ടുള്ളത് നായരീഴവ ഐക്യത്തിന്റെ ഈ കാലത്തിലും ഈഴവര്‍ക്കിട്ട് ഈ ലേഖനത്തിലും  ഒരു പണികൊടുത്തിരിക്കുന്നു എന്നതാണ്. എന്‍ എസ് എസ് നേതാവ് പറയുന്നു:  ' ഓ.ബീസീകളില്‍ ഏറ്റവും കൂടുതല്‍ സംവരണാനുകൂല്യങ്ങള്‍ നേടിയിട്ടുള്ളത് ഈഴവ സമുദായത്തിനാണ്. ' നായരീഴവ ഐക്യത്തിന്റെ പേരില്‍ എന്‍ എസ് എസ്സിന്റെ കക്ഷത്തു തലവച്ചുകൊടുത്തതിനാല്‍ എസ്. എന്‍.ഡി.പി യോഗത്തിന് തന്റെ വാദത്തെ നേരിടാനുള്ള ശേഷിയുണ്ടാവില്ലെന്ന ധൈര്യത്തിലാണ്  മനോഹരന്‍പിള്ള ഇങ്ങനെ തട്ടിവിടുന്നത്.സര്‍ക്കാര്‍ സര്‍വീസില്‍ ഈഴവ സമുദായത്തിനു താരതമ്യേന കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നു മുകളിലെ കെ എസ് എസ് പി പഠനവും തെളിയിക്കുന്നുണ്ട്.നരേന്ദ്രന്‍ കമീഷനും അങ്ങനെയാണു കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ അതവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായിട്ടുണ്ടോയെന്നും ഉന്നത തസ്തികകളിലെ പ്രാതിനിധ്യം എത്രത്തോളമാണെന്നും ഇന്നുവരെ തിട്ടപ്പെടുത്തിയിട്ടില്ല. അതറിയാതെ മതിയാ യ പ്രാതിനിധ്യം ഈഴവര്‍ക്കു ലഭിച്ചിട്ടുണ്ടോ എന്നു പറയാനാവില്ല. പക്ഷേ ഈഴവരുടെ പ്രബല സംഘടന അങ്ങനെയൊരു ആവശ്യം ഒരിക്കലും ഉന്നയിക്കാനാവാത്തവിധം ഷണ്ഡീകരിക്ക പ്പെട്ടിരിക്കുന്നതിനാല്‍ എന്‍ എസ് എസ്സിനും മറ്റും ഇങ്ങനെ എന്തും എഴുതാം.

 ആദായനികുതിയുടെ പരിധിയില്‍പ്പെടാത്ത മുന്നോക്ക സമുദായാംഗങ്ങളെ ഓബീസീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു തുല്യമായി കണക്കാക്കി അവര്‍ക്കു വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നാണ് സിന്‍ഹു കമീഷന്‍ ശുപാര്‍ശ ചെയ്തിരിക്കു ന്നതെന്നു പിള്ള പറയുന്നു.സംവരണം, സര്‍വീസിലെ പ്രാതിനിധ്യത്തിനുള്ള ഏര്‍പ്പാടെന്നു മനസ്സിലാക്കാത്തവരെ വഴിതെറ്റിക്കാനുതകു ന്നതാണ് ഈ ശുപാര്‍ശ. മുകളില്‍ ചൂണ്ടിക്കാണിച്ചപോലെ മുന്നോക്ക സമുദായങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ അവരുടെ ജനസംഖ്യയുടെ ഇരട്ടിയോളം പ്രാതിനിധ്യമാണ് കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലുള്ളത്. പിന്നെയും അവര്‍ക്കുതന്നെ സംവരണം നല്‍കണമെന്നു ശുപാര്‍ശ ചെയ്യുന്നതും അതിനുവേണ്ടി വാദിക്കുന്നതും മിതമായി പറഞ്ഞാല്‍ ആര്‍ത്തിയാണ്. പട്ടിണിപ്പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ആര്‍ത്തി. ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയരംഗത്തും ഇന്‍ഡ്യയിലായാലും കേരളത്തിലായാലും മുന്നോക്ക സമുദായങ്ങള്‍ക്കുതന്നെയാണു പണ്ടുമുതലേ ആധിപത്യം. ഇന്നും അതിനു മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഭൂരിപക്ഷ സമുദായ ഐക്യത്തിന്റെ പേരില്‍ ഈഴവരെയും പുലയരെയും മറ്റു പിന്നോക്ക സമുദായക്കാരെയും കൂടെ നിര്‍ത്തി വിലപേശി, നായര്‍ ആധിപത്യം എല്ലാ രംഗത്തും നേടിയെടുക്കാനുള്ള തന്ത്രമാണു വാസ്തവത്തില്‍ എന്‍ എസ് എസ് പയറ്റുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ അടവാണ് സിന്‍ഹു കമീഷനുവേണ്ടിയുള്ള ഈ മുറവിളി.

ഇനി പിള്ള പറയുന്നതുപോലാണു വസ്തുതയെങ്കില്‍ മുന്നോക്ക സമുദായങ്ങളുടെ പ്രാതിനിധ്യത്തിനുവേണ്ടിയുള്ള അവകാശവാദത്തെ പിന്തുണക്കാനും പിന്നോക്കസമുദായങ്ങള്‍ തയ്യാറാവണം. ഏതിനും ശരിയായ കണക്കുകള്‍ വേണം. ജാതിതിരിച്ചുള്ള സെന്‍സസ് കണക്കും ഉദ്യോഗപ്രാതിനിധ്യത്തിന്റെ ക്ലാസ് തിരിച്ചുള്ള കണക്കും. അത്തരം കണക്കുകള്‍ പുറത്തുകൊണ്ടുവരാന്‍ എന്‍ എസ് എസ് ശ്രമിക്കുമോ? ആ ശ്രമത്തില്‍ തീര്‍ച്ചയായും ഇപ്പോളവരുടെ ചങ്ങാതിമാരായ എസ് എന്‍ ഡി പി യോഗവും ഒപ്പമുണ്ടാകുമെന്നു പ്രതീക്ഷിക്കാം. പക്ഷേ എന്‍ എസ് എസ് ഒരിക്കലും അതിനു തയ്യാറാവില്ലെന്നു നമുക്കറിയാം. കാരണം ആ കണക്കുകള്‍ പുറത്തു വരുന്നത് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും; 'ഭൂരിപക്ഷ സമുദായം' എന്ന ഉമ്മാക്കി കാണിച്ച് നായന്മാരെ മാത്രം 'താക്കോല്‍സ്ഥാന'ത്തു പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനു തിരിച്ചടിയും ലഭിക്കും.

സംവരണം ദാരിദ്ര്യം മാറ്റാനുള്ള പദ്ധതിയാണെന്നാണ് കേരളത്തിലും ഇന്‍ഡ്യയിലും നിലനില്‍ക്കുന്ന പൊതുബോധം. മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയക്കാരും എന്‍ എസ് എസ്സിനെപ്പോലുള്ള സംഘടനകളും ചേര്‍ന്ന് ഉണ്ടാക്കിയിട്ടുള്ളതാണ് ഈ പൊതുബോധം. മൂന്നുകോടി ജനങ്ങളില്‍ കേവലം 5 ലക്ഷം ഉദ്യോഗസ്ഥ ന്മാര്‍ക്കു ജോലി കിട്ടിയാല്‍ എത്രപേരുടെ ദാരിദ്ര്യം മാറ്റാനാകും?  സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥന്മാരില്‍ തങ്ങളില്‍പ്പെട്ടവര്‍കൂടി ഉണ്ട് എന്ന ബോധം വിവിധ വിഭാഗം ജനങ്ങളില്‍ സൃഷ്ടിക്കുന്നു എന്നതാണു സംവരണം കൊണ്ടു സാധിക്കുന്നത്.ബ്രിട്ടീഷുകാരെ നമ്മുടെ നാട്ടില്‍ നിന്ന് ഓടിച്ചതിന്റെ ലോജിക്ക് തന്നെയാണത്. അതായത് തങ്ങളെ തങ്ങള്‍ തന്നെ ഭരിക്കണം എന്ന ലോജിക്. ഇതംഗീകരിക്കാന്‍ സാധിക്കാത്തവരാണ് സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുന്നവര്‍.  ഇനി ദരിദ്രര്‍ക്കു മാത്രമായി സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ മുഴുവന്‍ സംവരണം ചെയ്യണമെന്നാണു വാദമെങ്കില്‍ അതില്‍ പിന്നോക്കവിഭാഗങ്ങള്‍ക്കോ ദലിതര്‍ക്കോ എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല. ജനസംഖ്യാനുപാതികമായി എല്ലാ സമുദായങ്ങളിലും പെട്ട ദരിദ്രര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ സംവരണം ചെയ്യുക. ദരിദ്രരില്ലെങ്കില്‍മാത്രം അവരിലെ ക്രീമിലേയറിനെ പരിഗണിക്കുക. ഈ നിര്‍ദേശത്തോട് എന്‍ എസ് എസ് നേതൃത്വം യോജിക്കുമോ?

അഡ്വ മനോഹരന്‍പിള്ളയുടെ ലേഖനപരമ്പരയിലെ ഏറ്റവും ഗുരുതരമായിട്ടുള്ള സംഗതി, ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കേരളത്തിലെ ഒരു ജാതിസംഘടനയ്ക്ക് അനര്‍ഹമായ വാഗ്ദാനങ്ങള്‍ നല്കി എന്ന വെളിപ്പെടുത്തലാണ്. സോണിയാഗാന്ധിയുടെ പ്രത്യേക ദൂതനായി വന്ന വിലാസ്‌റാവു ദേശ്മുഖ്  എന്‍ എസ് എസ് നേതൃത്വത്തെക്കണ്ട് രഹസ്യവും പരസ്യവുമായ നിവേദനങ്ങള്‍ കൈപ്പറ്റിയെന്നും ചില വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്നുമാണു പിള്ള പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ പി ജെ കുര്യനൊഴികെയുള്ളവര്‍ അത്തരമൊരു വാഗ്ദാനക്കാര്യം പക്ഷേ നിരാകരിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട് ഇതും പിള്ളയുടെ വ്യാജ അവകാശവാദമായിരിക്കാനാണു സാധ്യത. അഥവാ പിള്ള പറയുന്നതാണു ശരിയെങ്കില്‍ ഇന്‍ഡ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ കക്ഷി വെറുമൊരു ജാതിസംഘടനയുടെ വിരട്ടലില്‍ ഭയപ്പെടുന്നവരാണെന്നു നാം കരുതണം.

 'ഭൂരിപക്ഷ സമുദായം' എന്നാല്‍ നായന്മാരാണെന്ന ധാരണ പരത്താന്‍ മാധ്യമങ്ങളുടെ പിന്തുണയോടെ എന്‍ എസ് എസ്സിനു സാധിച്ചിട്ടു ണ്ടെങ്കിലും കേരളത്തിലെ ഭൂരിപക്ഷ സമുദായം അവരല്ലെ ന്നതാണു വസ്തുത. മറിച്ച് മുസ്ലിങ്ങളോ ഈഴവരോ ആണ് കേരളത്തിലെ യഥാര്‍ഥ ഭൂരിപക്ഷ സമുദായം. ശേഷം ക്രിസ്ത്യാനികള്‍ വരും. അതിനുശേഷം മാത്രമേ നായന്മാര്‍ വരൂ. പക്ഷേ 'ഭൂരിപക്ഷ സമുദായത്തിനു താക്കോല്‍ സ്ഥാനം കിട്ടണം' എന്ന വാദത്തിലൂടെ നായര്‍ക്കു മുഖ്യമന്ത്രിസ്ഥാനം ലഭിക്കണം എന്നാണ് എന്‍ എസ് എസ് പരോക്ഷമായി പറയുന്നത്. ചിന്താശേഷി പണയം വച്ച, യഥാര്‍ഥ ഭൂരിപക്ഷമായ ഈഴവരും എന്‍ എസ് എസ്സിന്റെ അവകാശത്തെ പിന്തുണക്കുന്നു എന്നത് ബുദ്ധിപരമായി ആ സമുദായം എത്ര പാപ്പരായിരിക്കുന്നു എന്നതിന്റെ ഒന്നാന്തരം തെളിവാണ്.

(കേരളശബ്ദം വാരികയുടെ 2014 ജനുവരി 26 ലക്കത്തില്‍ ഇതു പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്)