"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

തിരുവോണത്തിന്റെ തിരുപ്പുറപ്പാട്‌ : ഒരു പുതിയ വീക്ഷണം - പി മീരാക്കുട്ടി


കേരളീയരുടെ ഒരാവേശമായി ത്തീര്‍ന്നിട്ടുണ്ടു തിരുവോണം. ഒരാണ്ടുമുഴുവന്‍ കാത്തിരുന്ന ആഗതമാകുന്ന കനകാവസരമാണ്‌. ജീവിതത്തിലെ യാതനകളും വേദനകളും വേവലാതികളും ദുരിതങ്ങളും ദുഃഖങ്ങളും ഒരു ദിവസത്തേക്കെ ങ്കിലും വിസ്‌മരിച്ചുകൊണ്ട്‌ ഉത്സാഹത്തിമിര്‍പ്പോ ടെ കൊണ്ടാടുന്ന ഒരാഘോഷം ഓണത്തെപ്പോലെ മറ്റൊന്നുമില്ല. ഭൗമികജീവിതത്തില്‍ അനുഭവി ക്കുന്ന സ്വര്‍ഗീയ സംതൃപ്‌തി തിരുവോണത്തിന്റെ മായാത്ത മുദ്രയാണ്‌.

മലയാളികളുടെയാകെ മനംകുളിര്‍പ്പിക്കുന്ന ഈ ആഘോഷത്തിന്റെ ആഗമത്തെപ്പറ്റി പല സിദ്ധാന്തങ്ങളും ഉരുത്തിരിഞ്ഞിട്ടുണ്ട്‌. പക്ഷെ, ചരിത്രഗവേഷണങ്ങളുടെ സങ്കീര്‍ണതകളില്‍ അശ്രദ്ധരാണു സാധാര ണക്കാര്‍. തലമുറകളായി താലോലിച്ചുപോരുന്ന ഒരു മധുര സങ്കല്‍പ്പം കൈവെടിയാന്‍ അവര്‍ ഇതേവരെ സന്നദ്ധരായിട്ടില്ല. ഓണത്തെപ്പറ്റി ഓമനത്തമുള്ള ഓര്‍മ്മകളില്‍ വ്യാമുഗ്‌ധഹൃദയരാണ്‌ അവര്‍. ആവര്‍ത്തന വിരസമായിത്തീര്‍ന്നിട്ടില്ലാത്ത ഒന്നാണ്‌ ഓണത്തപ്പന്റെ കഥ.

മഹാബലിയുടെ സമത്വസുന്ദരമായ സദ്‌ഭരണം ദേവന്മാര്‍ക്കു കണ്ണുകടിയുണ്ടാക്കി. അദ്ദേഹം ദേവലോകം പിടിച്ചടക്കിക്കളയുമെന്ന്‌ അവര്‍ ഭയപ്പെട്ടു. അവര്‍ മഹാവിഷ്‌ണുവിനെ സന്ദര്‍ശിച്ചു സങ്കടം ഉണര്‍ത്തിച്ചു. അദ്ദേഹം വാമനാവതാരം പൂണ്ടു മഹാബലിയെ സമീപിച്ചു മൂവടി മണ്ണു യാചിച്ചു. മഹാബലി സന്തോഷസമേതം ദാനപ്രതിജ്ഞ ചെയ്‌തു. വാമനന്‍ ബൃഹദാകാരം പൂണ്ടു. രണ്ടടികൊണ്ടു ഭൂമിയും സ്വര്‍ഗവും തീര്‍ത്തു. ഗത്യന്തരമില്ലാതെ മഹാബലി തന്റെ തലതന്നെ കുനിച്ചു. ആ നന്മ്രശിരസില്‍ ചവിട്ടി മൂന്നാമത്തെ അടിയുടെ അവകാശം സ്ഥാപിച്ചു. ഭഗവാന്‍,

"കാലമൊരാണ്ടിലൊരു ദിവസം
മാനുഷരെവന്നു കണ്ടുകൊള്‍വാന്‍
ചിങ്ങമാസത്തിലെ ഓണത്തിന്‍ നാള്‍
ഭംഗ്യാവരിക................................................"

എന്ന്‌ അനുമതി നല്‍കി. മഹാബലി പാതാളത്തില്‍പ് പതിച്ചു. അദ്ദേഹത്തിന്റെ വാര്‍ഷിക സന്ദര്‍ശനാ ഘോഷമാണ്‌ ഓണമെന്നു സാധാരണക്കാര്‍ വിശ്വസിച്ചു പോരുന്നു.

ഹൈന്ദവപുരാണം

എന്നാല്‍ ഹൈന്ദവപുരാണത്തിലെ മഹാബലി കേരള ചക്രവര്‍ത്തിയാ യിരുന്നില്ല എന്നു പലരും സമര്‍ഥിച്ചിട്ടുണ്ട്‌. 3000ലേറെ കൊല്ലം മുമ്പ്‌ അസ്സീറിയയിലെ നിനേവ നഗരത്തിലു ണ്ടായിരുന്ന ഒരു രാജാവോ ,ഒന്നിലേറെ രാജാക്കന്മാരോ ആണ്‌ നമ്മുടെ മാവേലി എന്നും , ആ രാജാവിന്റെ അല്ലെങ്കില്‍ രാജാക്കന്മാരുടെ കാലത്ത്‌ അസ്സീറിയായില്‍ താമസിച്ചിരുന്നപ്പോള്‍, നമ്മുടെ പ്രപിതാമഹര്‍ അനുഷ്ടിച്ചു വന്നിരുന്ന ഒരാഘോഷമാണ്‌ നാം വീണ്ടും സൃഷ്ടിക്കാനും സാക്ഷാത്‌കരിക്കാനും ശ്രമിക്കുന്ന തെന്നും എന്‍ വി കൃഷ്‌ണവാര്യര്‍ അഭിപ്രായപ്പെട്ടി രിക്കുന്നു. ഓണത്തിന്റെ ആഗമം ബലിയോടു ബന്ധപ്പെട്ടതാണെന്ന വിശ്വാസത്തില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമാണിത്‌. പ്രപിതാമഹര്‍ അനുഷ്ടിച്ചു പോന്ന ഒരാഘോഷത്തിന്റെ ആവര്‍ത്തനമാണ്‌ ഓണം എന്ന അഭിപ്രായം ശരിയാകാം. വാമനാ വതാരവുമായി ഓണം ബന്ധപ്പെട്ടതു കേരളത്തിലെ ബ്രാഹ്മണ വല്‍ക്കരണത്തെത്തുടര്‍ന്ന്‌ മാത്രമാണ്‌. കൊ വ ആദ്യ ശതകങ്ങളില്‍ ഓണം കേരളത്തില്‍ സവിശേഷമായ ഒരു സ്ഥാനം സമാര്‍ജിച്ചിരുന്നു എന്നു ശാസനങ്ങളില്‍ നിന്നു ഗ്രഹിക്കാം. ക്രി വ 9ആം ശതക ത്തിന്റെ ആരംഭത്തില്‍ ഓണത്തിനു തമിഴുനാട്ടില്‍ പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നുവെന്നു പെരിയാഴ്വാരുടെ കൃതികളില്‍ കാണുന്നു.അക്കാലത്ത്‌ ഓണത്തിന്‌ പ്രത്യേകത കൈവരാന്‍ എന്തെങ്കിലും കാരണം ഉണ്ടായിരുന്നേ മതിയാകൂ. കേരളപ്പിറവിയെ തുടര്‍ന്ന്‌ ഓണാഘോഷത്തിന്‌ ഒരു നവോന്മേഷം കൈവന്നുവല്ലോ. ഈ കാരണം കണ്ടെത്തുമ്പോള്‍ ഓണം വാമനാവതാരവുമായി ബന്ധപ്പെട്ടതു ബ്രാഹ്മണ വല്‍ക്കരണത്തിന്റെ പ്രത്യാഘാതമാണെന്നു വ്യക്തമാകും. കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകളില്‍ തപ്പിത്തെരഞ്ഞാല്‍ ഈ കാരണം കാണാന്‍ കഴിയും.

കുലശേഖര വംശ്യരായ വേണാട്ടുരാജാക്കന്മാര്‍ തിരുവോണത്തിനു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തുമ്പോള്‍ പുതുവസ്‌ത്രത്തോ ടൊപ്പം ഒരു വില്ലും അമ്പുംകൂടി പ്രസാദമായിട്ടു മേല്‍ശാന്തിയില്‍ നിന്നു സ്വീകരിക്കാറുണ്ട്‌. അത്തപ്പൂവിടുന്ന കന്യകയുടെ മച്ചമ്പി ച്ചെറുക്കന്‍ സമാപന ദിവസം വില്ലും അമ്പും ഉപയോഗിച്ചു നിവേദ്യമായ അട എയ്യുക എന്നൊരു ചടങ്ങുണ്ട്‌. ഈ ആചാരങ്ങളില്‍ വില്ലും അമ്പും സ്ഥാനം പിടിച്ചത്‌ എങ്ങനെ എന്ന പ്രശ്‌നത്തിന്‌ ഉത്തരം കണ്ടെത്തേണ്ട തുണ്ട്‌. വില്ലും അമ്പും രാജധര്‍മവുമായി ബന്ധപ്പെട്ടതാണ്‌. പട്ടാഭിഷേക പരിപാടികളില്‍ ആയുധസ്വീകരണവും ഉള്‍പ്പെടുന്നുണ്ട്‌. അതുകൊണ്ട്‌ ഈ ആചാരത്തിന്‌ അഭിഷേകവുമായി ബന്ധമുണ്ടായിരുന്നിരിക്കാം. ഈ അഭിഷേകം കുലശേഖരവര്‍മന്‍ നടത്തിയ രാജശേഖരന്റെ അഭിഷേകമാകാം.

അത്തച്ചമയം

ഈ അനുമാനത്തിനുമുണ്ട്‌ അടിസ്ഥാനം. രാജധാനിക്കു വെളിയിലുള്ള ഒരു ക്ഷേത്രത്തിലേക്കുള്ള രാജാവിന്റെ ഘോഷയാത്ര യാണ്‌ അത്തച്ചമയം. അധികാരപദവി നഷ്ടപ്പെട്ടതിനു ശേഷവും കൊച്ചി രാജാക്കന്മാര്‍ അത്തച്ചമയം ആഘോഷിച്ചു പോരുന്നു. പണ്ട്‌ കോഴിക്കോട്ട്‌ ഇത്‌ ആചരിച്ചിരുന്നു. കേരളത്തിലെ പല രാജാക്കന്മാരും ഇത്‌ അനുഷ്‌ഠിച്ചു വന്നിരുന്നു. അത്തച്ചമയ സമയത്തു കൊച്ചി രാജാവ്‌ കിരീടം ധരിക്കാറില്ല. മടിത്തട്ടില്‍ വെക്കുകയേയുള്ളൂ. കുലശേഖരവര്‍മന്‍ സാര്‍വഭൗമ പദവി ഉപേക്ഷിച്ചു രാജശേഖരനെ വാഴിക്കാന്‍ വേണ്ടി അഭിഷേക പ്പന്തലിലേക്കു, ശ്രീമൂലവാസം ക്ഷേത്രത്തിലേക്കു നടത്തിയ ഘോഷയാത്രയുടെ അനുസ്‌മരണച്ചടങ്ങായിരിക്കണം അത്തച്ചമയം.


ബൗദ്ധനായിരുന്ന ഏതോ കേരള രാജാവിനെ ബഹിഷ്‌കരിച്ച്‌ ആര്യമതം സ്ഥാപിച്ചതിന്റെ സ്‌മാരകമാണ്‌ ഓണം എന്നു പ്രബലമായ ഒരഭിപ്രായ മുണ്ട്‌. മഹാബലിയെ വാമനന്‍ എന്നപോലെ, കുലശേഖരവര്‍മനെ ഭൂദേവന്മാര്‍ തേജോവധം ചെയ്‌ത്‌ ആര്യമതത്തിന്‌ പ്രതിഷ്‌ഠ കൈവരുത്തി യിരിക്കാം. ഒരു കാലത്ത്‌ കേരളത്തില്‍ പ്രചരിച്ചിരുന്ന ബുദ്ധ മതത്തിന്റെ സംഭാവനയാണ്‌ ഓണം എന്നും ബലമായി സംശയിക്കപ്പെടുന്നു. ഓണം, തിരുവോണം -എന്നീ പദങ്ങല്‍ ശ്രാവണത്തിന്റെ തത്ഭവങ്ങളാണ്‌ ശ്രാവണം ബൗദ്ധമാണ്‌. ഓണക്കോടിയായ മഞ്ഞ മുണ്ടും, ഓണത്തിനു സവിശേഷം എന്നു കുതപ്പെടുന്ന ഓണപ്പൂക്കളും ശ്രമണ പദത്തിലേക്കു പ്രവേശിച്ചവര്‍ക്കു ബുദ്ധദേവന്‍ മഞ്ഞവസ്‌ത്രം നല്‍കിയതിനെയാണ്‌ സൂചിപ്പിക്കുന്നത്‌.

മാവേലിക്കര
പള്ളിബാണപ്പെരുമാളുടെ പൂര്‍വികനായ ബലി എന്ന ഒരു പെരുമാളുടെ ഓര്‍മ നിലനിര്‍ത്താ നാണ്‌ ഓണം തുടങ്ങിയതെന്നു ചിലര്‍ കരുതുന്നു. പള്ളിബാണപ്പെരുമാള്‍ തന്നെയാണ്‌, അദ്ദേഹത്തിന്റെ പൂര്‍വികരല്ല ഓണത്തപ്പന്‍. അദ്ദേഹം പള്ളിബാണപ്പെരുമാളല്ല, പള്ളിവാണ പ്പെരുമാളാണുതാനും. ഇത്‌ അദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയമല്ല, ബഹുമതിനാമം മാത്രമാണ്‌. പള്ളിയില്‍ (ബൗദ്ധവിഹാരത്തില്‍) വാണ പെരുമാള്‍ എന്നേ ഇതിനര്‍ഥമുള്ളൂ. സംസ്‌കൃത പ്രഭാവമാണ്‌ 'വാണ' എന്ന പദത്തെ 'ബാണ' എന്നാക്കിയത്‌. കുലശേഖര ചക്രവര്‍ത്തി യുടെ വംശജരായ തിരുവിതാംകൂര്‍ രാജാക്കന്മാരും മറ്റു ചില കേരള രാജാക്കന്മാരും പള്ളിക്കുറുപ്പ്‌, പള്ളിക്കെട്ട്‌, പള്ളിക്കുട, പള്ളിക്കട്ടില്‍, പള്ളിത്തണ്ട്‌, പള്ളിപ്പീഠം, പള്ളിയറ, പള്ളിയമ്പ്‌ എന്നൊക്കെയായിരുന്നു പ്രയോഗിച്ചിരുന്നത്‌. പള്ളി എന്ന പദം 'ബൗദ്ധ' മാണല്ലോ. പള്ളിയാര്‍ എന്നതിനു ബൗദ്ധ ഭിക്ഷുക്കള്‍ എന്നാണര്‍ഥം. ഈ രാജാക്കന്മാരുടെ ബൗദ്ധ പാരമ്പര്യത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. ഈ പാരമ്പര്യം പള്ളിയില്‍ വാണ കുലശേഖര ചക്രവര്‍ത്തിയില്‍ നിന്ന്‌ ഉണ്ടായതാവണം.

ഈ ഉഹത്തിനുമുണ്ട്‌ കാരണം. തമിഴുനാട്ടില്‍ വൈഷ്‌ണവരല്ലാതെ ശൈവരും മറ്റും ഓണം ആഘോഷിക്കാറില്ല. വിഷ്‌ണുഭക്തോത്തംസം എന്ന നിലയിലായിരുന്നു കുലശേഖരവര്‍മന്‍ പ്രധാനമായും പ്രശസ്‌ത നായത്‌. തമിഴുനാട്ടില്‍ ഓണാഘോഷം വൈഷ്‌ണവരില്‍ മാത്രം ഒതുങ്ങിനില്‍ക്കാനിടയായതും, വൈഷ്‌ണവ ക്ഷേത്രങ്ങളില്‍ ഓണത്തിനു പ്രാധാന്യമുള്ളതും ഓണത്തിന്‌ ഒരു വൈഷ്‌ണവനുമായി ബന്ധമുണ്ടെന്നും, ആ വൈഷ്‌ണവന്‍ ദക്ഷിണേന്ത്യയിലെ വൈഷ്‌ണവപ്രസ്ഥാനത്തിന്റെ നെടുനായകനായിരുന്ന കുലശേഖരവര്‍മന്‍ ആണെന്നും കരുതാം. അദ്ദേഹത്തിന്റെ സംഘപ്രവേശം അസ്‌തപ്രഭമാക്കുന്നതിനുവേണ്ടി അദ്ദേഹം വിരചിച്ച വൈഷ്‌ണവ കീര്‍ത്തനങ്ങള്‍ ബ്രാഹ്മണര്‍ പ്രചരിപ്പി ച്ചിരിക്കാം. ഈ തന്ത്രം വൈദിക മതത്തിനു പ്രചാരണം നേടാനും, കേരളത്തില്‍ ബുദ്ധമതത്തെ നാമാവശേഷമാക്കാനുമുള്ള അവരുടെ യത്‌നങ്ങള്‍ക്ക്‌ ആക്കവും നീക്കവും നല്‍കി. ബുദ്ധമതസംഹാരം ബ്രാഹ്മണര്‍ ജീവിതവ്രതമായി സ്വീകരിച്ചിരുന്ന കാലമായിരുന്നു അത്‌.

ഒരു കേരളപ്പെരുമാളാണ്‌ ഓണത്തിനു ഹേതുഭൂതന്‍ എന്ന അഭിപ്രായം എന്‍ വി കൃഷ്‌ണവാര്യര്‍ തള്ളിക്കളഞ്ഞിരിക്കുന്നു. "പെരുമാക്കന്മാരുടെ വാഴ്‌ചക്ക്‌ , ഒരു ജനതയുടെയാകെ അജാഗരിത ഹൃത്തടത്തില്‍ ഒരു സ്വപ്‌നമായി വേരൂന്നത്തക്ക യാതൊരു പ്രത്യേകതയും ഉണ്ടായിരുന്നു വെന്നു തെളിഞ്ഞിട്ടില്ല." എന്നാണ്‌ അദ്ദേഹത്തിന്റെ വാദം. (കലോത്സവം രണ്ടാം പതിപ്പ്‌, പേജ്‌ 27) കേരളത്തിന്‌ അകത്തും പുറത്തും ആധിപത്യം സ്ഥാപിച്ചും, വൈഷ്‌ണവപ്രസ്ഥാനത്തിലെ ഓരതികായന്റെ പദവി നേടിയും കേരളീയരെ കോള്‍മയിര്‍ കൊള്ളിച്ച കുലശേഖര വര്‍മന്റെ സംഘപ്രവേശവും, അത്യാഡംബരപൂര്‍വം ആഘോഷിക്കപ്പെട്ട രാജശേ ഖരന്റെ അഭിഷേകവും, അഭിഷേകം ആവര്‍ത്തിക്കാനിടയായ സാഹചര്യ വും, അന്നത്തെ സാമൂഹ്യസ്ഥിതിയും സവിശേഷ സ്‌മരണക്കു കളമൊരു ക്കിയ വസ്‌തുതകളായിരുന്നു. അതുകൊണ്ട്‌ എന്‍ വിയുടെ ഈ വാദത്തിനു നിലനില്‍പ്പില്ല.

സംഘകാലജീവിതം

അന്നത്തെ സാമൂഹ്യസ്ഥിതിയെപ്പറ്റി ടി എച്ച്‌ പി ചെന്താരശ്ശേരി 'കേരള ചരിത്രധാര'യില്‍ വിവരിച്ചിട്ടുള്ളത്‌ ഇങ്ങനെയാണ്‌ "സംഘകാല സാമൂഹ്യ ജീവിതം ഒരു ഘട്ടത്തില്‍ വഴിമുട്ടി നില്‍ക്കുകയും, അസമത്വങ്ങള്‍ വളരുകയും യഥാര്‍ഥ ജീവിതത്തില്‍ ദുരിതങ്ങളും ദുഃഖങ്ങളും പടരുകയും ചെയ്‌ത ഘട്ടത്തിലാണു ചേരനാട്ടില്‍ ബുദ്ധ-ജൈനമതങ്ങളുടെ വേരുകളോടി ത്തുടങ്ങിയത്‌. അതിനുപറ്റിയ വളക്കൂറുള്ള മണ്ണായിരുന്നു അക്കാലത്തു ണ്ടായിരുന്നു.


അന്നുവരെ മതമെന്നപേരില്‍ ഒരു പ്രസ്ഥാനവും ദക്ഷിണേന്ത്യയില്‍ നിലവിലില്ലായിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ചില ആരാധനാ സമ്പ്രദായങ്ങള്‍ മാത്രമാണ്‌ അന്നുണ്ടാ യിരുന്നത്‌. സംഘകൃതികള്‍ ആ വക കാര്യങ്ങളുടെ ധാരാളം ചിത്രീകര ണങ്ങള്‍ നല്‍കുന്നുണ്ട്‌. കാളിയും പേയും ചേയോനും മറുതയും വ്യവഹരിച്ചിരുന്ന സ്ഥാനത്തു വെളിച്ചത്തിന്റെ സന്ദേശവുമായി കടന്നുവന്ന ബൗദ്ധ സന്ദേശങ്ങള്‍ അന്നത്തെ ജനതക്ക്‌ എളുപ്പത്തില്‍ ദഹിക്കുന്നതായിരുന്നു. സമത്വവും സാഹോദര്യവും അഹിംസയും സ്‌നേഹവും യഥാര്‍ഥ ജീവിതത്തില്‍ പകര്‍ത്തിക്കാണിക്കുവാന്‍ മിഷനറിമാര്‍ക്കു സാധിച്ചിരുന്നു. ആഗ്രഹങ്ങളുടെ അളവുകുറച്ചാല്‍ ദുരിതത്തിന്റെ കനം കുറയുമെന്ന ആശയം നിസ്വാര്‍ഥ ജീവിതം നയിക്കുവാന്‍ അവരെ പ്രേരിപ്പിച്ചു. ഇങ്ങനെ മനുഷ്യമഹത്വം വിളംബരം ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ദേശത്ത്‌ ഇരുളിന്റെ സന്ദേശ മായ ബ്രാഹ്മണ മതത്തിന്‌ എത്തിനോക്കുവാന്‍പോലും അസാധ്യമാ യിരുന്നു. മതസന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, വിദ്യാഭ്യാസം, ആരോഗ്യം മുതലായവയില്‍ നാട്ടുകാരെ സഹായിക്കുക-എന്നിവയുടെ നിര്‍വഹണ ത്തിനുവേണ്ടി അശോകന്റെ മിഷനറിമാര്‍ ചേരനാട്ടില്‍ പാര്‍ക്കാന്‍ തുടങ്ങിയിരുന്നു"  (പേജ്‌ 132,133)

കരുമാടി
കേരളത്തില്‍ ഇങ്ങനെ ഉരുത്തിരിഞ്ഞ സാമൂഹ്യ സുസ്ഥിതിയുടെ കാലത്തായിരുന്നു കുലശേഖ രന്റെ സംഘപ്രവേശവും രാജശേഖരന്റെ അഭിഷേകാഘോഷവും ബ്രാഹ്മണമതത്തിന്റെ നുഴഞ്ഞുകയറ്റവും. സ്വര്‍ഗ സദൃശമായിരുന്ന ഈ ജിവിതത്തിന്റെ സമാപനം കുലശേഖര വര്‍മന്‍ ഭൂദേവന്മാരുടെ പാതാളത്തില്‍ പതിച്ച തോടെയായിരുന്നു. ഈ ജിവിതത്തെയാണ്‌ കേരളീയര്‍ പേര്‍ത്തും പേര്‍ത്തും ഓണത്തിലൂടെ ആവേശപൂര്‍വം അനുസ്‌മരിക്കുന്നത്‌. ഏതാണ്ടു കേരളത്തിലെ ഓണക്കാല ത്തു നിനേവേയില്‍ ആണ്ടുതോറും ആഘോഷിക്കപ്പെട്ടുവന്നിരുന്ന ഒരു ദേവാലയോത്സവത്തിന്റെ കേരളപ്പതിപ്പാവണം ഓണം എന്ന്‌ എന്‍ വി കൃഷ്‌ണവാര്യര്‍ സമര്‍ഥിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതിനു കൊല്ലവര്‍ഷാരം ഭകാലം വരെ സാര്‍വര്‍ത്രികമായ ജനസമ്മതി യുണ്ടായിരുന്നില്ല. അതുണ്ടാ യതു രാജശേഖരന്റെ അഭിഷേകത്തോടെയാണ്‌.

മധുരൈക്കാഞ്ചി

കൊല്ലവര്‍ഷാരംഭത്തിനമുമ്പ്‌ ഓണത്തേക്കുറിച്ചു പരാമര്‍ശിച്ചിട്ടു ള്ളതു സംഘകൃതിയെന്നു വിശ്വസിച്ചുപോരുന്ന 'മധുരൈക്കാഞ്ചിയില്‍' മാത്രമാണ്‌. സംഘകാലം സര്‍വസമ്മതമായി സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല. സംഘകാലത്തെപ്പറ്റി പുറത്തുവന്നിട്ടുള്ള അഭിപ്രായത്തെക്കുറിച്ചു ഡോ. കെ കെ പിള്ള "മൂന്നാമത്തെ തമിഴ്‌ സംഘത്തിന്റെ കാലത്തെക്കുറിച്ചു പല അഭ്യൂഹങ്ങളുമുണ്ട്‌" എന്നും "ബി സി 500 മുതല്‍ എ ഡി 500 വരെയാണ്‌ അതിന്റെ പരിഥി" എന്നും "ഐതിഹ്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, മൂന്നം സംഘകാലത്ത്‌ ഉണ്ടായതാണെന്നു പറയാറുള്ള എല്ലാ കൃതികളും അക്കാലത്തെ തന്നെയാണോ എന്ന കാര്യം വളരെ സംശയാസ്‌പദമാണ്‌" എന്നും രേഖപ്പെടുത്തിയിരിക്കുന്നു. (ദക്ഷിണേന്ത്യാ ചരിത്രം, ഒന്നാം പതിപ്പ്‌ ,പേജ്‌ 77,78. വിവര്‍ത്തനം.) പ്രൊഫ. ഇളംകുളം സംഘകാലത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളതും പരിഗണനാര്‍ഹമാണ്‌ "ഒന്നും രണ്ടും സംഘങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്‌ ഇപ്പോള്‍ പണ്ഡിതന്മാര്‍ പൊതുവേ സമ്മതിക്കുന്നുണ്ട്‌. മൂന്നാമത്തെ സംഘത്തെപ്പറ്റിയുള്ള ഐതിഹ്യത്തില്‍ ഏതോ ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണു ചില പണ്ഡിതന്മാരുടെ വിശ്വാസം. എന്നാല്‍ അതും ബുദ്ധ-ജൈന മതങ്ങള്‍ക്കു മുമ്പേ തങ്ങള്‍ക്കു സംഘങ്ങള്‍ ഉണ്ടായിരുന്നുവെന്നു വരുത്തുവാന്‍ പില്‍ക്കാലത്തു ശൈവന്മാര്‍ കെട്ടിയുണ്ടാക്കിയതാണെന്നു വരാന്‍ പാടില്ലാതില്ല. ഏഴാം ശതകം വരെ ജീവിച്ചിരുന്ന കവികളാരും ഈ സംഘങ്ങളെപ്പറ്റി യാതൊന്നും സൂചിപ്പിച്ചിട്ടില്ലെന്നും, ഏഴും എട്ടും ശതകങ്ങളിലുണ്ടായ പല കൃതികളും സംഘകാലത്തുണ്ടായതായി പറയാറുണ്ടെന്നും ഉള്ള സംഗതികളും ശ്രദ്ധേയമാണ്‌" .(അന്നത്തെ കേരളം,രണ്ടാം പതിപ്പ്‌,പേജ്‌ 13,14). അതുകൊണ്ടു 'മധുരൈക്കാഞ്ചി'യിലെ മാത്രം വര്‍ണനയുടെ അടിസ്ഥാനത്തില്‍ കൊല്ലവര്‍ഷാരംഭത്തിനു മുമ്പുതന്ന ഓണം കൊണ്ടാടിയിരുന്നുവെന്നു തീരുമാനിക്കുന്നതു ശരിയായിരിക്കു കയില്ല. അങ്ങനെ ആഘോഷിക്കപ്പെട്ടിരുന്നുവെന്നു തെളിഞ്ഞാല്‍ത്തന്നെയും എന്‍ വി കൃഷ്‌ണവാര്യര്‍ അഭിപ്രായപ്പെട്ടിട്ടുള്ള നിനേവേയിലെ ദേവാലയാഘോഷത്തിന്റെ ഒറ്റപ്പെട്ട പതിപ്പായിക്കൂടെന്നുമില്ല. ക്രി വ 9ആം ശതകത്തില്‍ ഓണത്തിനു പ്രത്യേക പ്രാധാന്യം കൈവന്നതും, തുടര്‍ന്ന്‌ ആഘോഷിച്ചു പോരുന്നതും മറ്റും കണക്കിലെടുക്കുമ്പോള്‍ ഓണത്തിനു കൊല്ലവര്‍ഷാഗമവുമായി ബന്ധമുണ്ടെന്നു തീരുമാനിക്കാ വുന്നതാണ്‌.

കായംകുളം
മലബാറിലെ പല പ്രമാണങ്ങളിലും ആണ്ടവ സാനം തിരുവോണത്തിനു തൊട്ടുമുമ്പുള്ള ദിവസമായി കാണുന്നുവെന്നും, തിരുവോണം വര്‍ഷപ്പിറവിയെ സൂചിപ്പിക്കുന്ന ആഘോഷം ആണെന്നും മലബാര്‍ മാനുവലില്‍ അതിന്റെ കര്‍ത്താവായ ലോഗന്‍ പ്രസ്‌താവിക്കുന്നു. പണ്ട്‌ ഓണത്തിനു മുമ്പുള്ള ദിവസങ്ങളെ 'പോക്കു ചിങ്ങം' എന്നും ഓണം തൊട്ടുള്ള ദിവസങ്ങളെ 'പുക്കു ചിങ്ങം' എന്നും പറഞ്ഞിരുന്നു എന്നുകൂടി അദ്ദേഹം രേഖപ്പെടുത്തുന്നു. ഈ പ്രയോഗങ്ങളുടെ പ്രാദുര്‍ഭാ വം ക്രി വ 825-ല്‍ ആയിരുന്നിരിക്കാം. രാജശേഖരന്റെ തെക്കന്‍ കൊല്ലത്തെ അഭിഷേകത്തെ തുടര്‍ന്നു പോക്കു ചിങ്ങവും (പോയ്‌പോയത്‌) അതിനുശേഷം വടക്കന്‍ കൊല്ലത്തേത്‌ പുക്കു ചിങ്ങവും (വരാനുള്ളത്‌) ആയതാവാം. ആദ്യത്തെ ആഘോഷത്തോടുള്ള അവഗണനയും പിന്നെ ത്തേതിനോടുള്ള ആദരവോടും കൂടി യഥാക്രമം ഈ പ്രയോഗങ്ങള്‍ വ്യഞ്‌ജിപ്പിക്കുന്നുണ്ട്‌.

കുലശേഖരവര്‍മന്റെ സംഘപ്രവേശം

ഓണത്തിന്റെ ആഗമത്തെപ്പറ്റി മഹാകവി ഉള്ളൂര്‍ രേഖപ്പെടുത്തി യിട്ടുള്ളതു നോക്കുക " 10ആം ശതകത്തില്‍ ജനവിഭാഗങ്ങളുടെ അനൈക്യം അവസാനിപ്പിക്കാന്‍ കേരള നേതാക്കന്മാര്‍ മാമാങ്കത്തിലെ തീരുമാനം അനുസരിച്ചു ഭാസ്‌കര രവിവര്‍മന്‍ എന്ന ചേരമാന്‍ പെരുമാളിനെ വരുത്തി ഭരണം അദ്ദേഹത്തെ ഏല്‍പ്പിച്ചു. മതപരമായ ഉത്സാഹം വര്‍ധിപ്പിച്ച്‌ ഐക്യബോധം ഉട്ടി ഉറപ്പിക്കുക, ബുദ്ധമത പ്രചാരണം തടഞ്ഞുനിര്‍ത്തുക, കേരളീയരുടെ വീര്യം ഉത്തേജിപ്പിക്കുക- എന്നീ ലക്ഷ്യങ്ങളോടെ കേരളീയര്‍ക്ക്‌ ആരാധ്യനായിരുന്ന മഹാബലിയെ മുന്‍നിര്‍ത്തി ഒരുമാസം നീണ്ടുനില്‍ക്കുന്ന ഒരു ദേശീയോത്സവം ആഘോഷിക്കണമെന്നു പെരുമാള്‍ വിളംബരം ചെയ്‌തു."

മഹാകവിയുടെ അഭിപ്രായത്തിലെ ആദ്യവാക്യത്തിനു ചരിത്രപരമായ പിന്‍ബലമില്ല. 9ആം ശതകത്തിന്റെ 20കളില്‍ ജനവിഭാഗങ്ങളുടെ അനൈക്യം ഉണ്ടാകാനിടയുണ്ട്‌. കുലശേഖരവര്‍മന്റെ സംഘപ്രവേശവും രാജശേഖരന്റെ അഭിഷേകാവര്‍ത്തനവും അനൈക്യത്തിനു വിത്തുപാകി യിരിക്കാം. ഉള്ളൂര്‍ പറയുന്ന കേരളനേതാക്കള്‍ ബ്രാഹ്മണ മേധാവികളും, മാമാങ്കത്തിലെ തീരുമാനം തൃക്കാക്കര ക്ഷേത്രത്തില്‍ അവര്‍ സമ്മേളിച്ചു കൈക്കൊണ്ട തീരുമാനവും ആ സമ്മേളനത്തിലേക്ക്‌ ആനയിക്കപ്പെട്ട പെരുമാള്‍ രാജശേഖരനും ആയിരിക്കാനിടയുണ്ട്‌. ദേശീയോത്സവത്തിന്‌ ഉള്ളൂര്‍ ചൂണ്ടിക്കാണിക്കുന്ന ലക്ഷ്യങ്ങളും രാജശേഖരന്റെ ശൈവമത തീഷ്‌ണതയും തൃക്കാക്കരയിലെ ബ്രാഹ്മണാധിപത്യവും ഈ അനുമാന ത്തിന്‌ അകമ്പടി സേവിക്കുന്നു. മറ്റുചില വസ്‌തുതകള്‍ കൂടിയുണ്ട്‌. ഓണത്തില്‍ പങ്കുകൊള്ളാന്‍ കേരളത്തിലെ നാടുവാഴികളെല്ലാം തൃക്കാക്ക രയില്‍ എത്തിച്ചേരുക പതിവായിരുന്നു. അനന്തരകാലത്തു തൃക്കാക്കര യുടെ ആധിപത്യം കൈവന്ന കൊച്ചി രാജാക്കന്മാര്‍ അത്തച്ചമയം കൊണ്ടാടിപ്പോന്നു. തൃക്കാക്കരയിലെ രാജാക്കന്മാരെ നിയമിച്ചിരുന്നതു കുലശേഖര ചക്രവര്‍ത്തിയായിരുന്നു.തൃക്കാക്കര ക്ഷേത്രത്തില്‍ കുലശേഖര ന്മാരുടെ ശിലാ രേഖകള്‍ കാണുന്നുണ്ട്‌. തൃക്കാക്കരയില്‍ ഓണം അനന്യ മായി ആഘോഷിച്ചുപോരുന്നു.

തൃക്കാക്കരയില്‍ സമ്മേളിച്ച ബുദ്ധിരാക്ഷസന്മാരായ ആര്യമത സംരക്ഷകര്‍ ജനവികാരം മാനിച്ച്‌ അഭിഷേകത്തോടെ നവോന്മേഷം കൈക്കൊണ്ട ഓണാഘോഷം തുടരാന്‍ തീരുമാനിച്ചിരിക്കാം. ക്രമേണ പള്ളിവാണപ്പെരു മാളെ തന്ത്രപൂര്‍വം പുറംതള്ളിക്കൊണ്ടു മാവേലിക്കു തല്‍സ്ഥാനം നല്‍കിയിരിക്കാം. കടുത്ത ശൈവനായിരുന്ന രാജശേഖര ചക്രവര്‍ത്തിയു ടേയും നാടുവാഴികളുടേയും ബ്രാഹ്മണ തന്ത്രിമാരുടേയും കരുനീക്കങ്ങള്‍ ഓണത്തെ മഹാബലിയുടെ സന്ദര്‍ശനത്തിന്റെ സുദിനമാക്കിത്തീര്‍ത്തി രിക്കാം. ഓണവും മഹാബലിയും തമ്മിലുള്ള ബന്ധത്തിന്റെ വിശ്വസനീയ തക്കുവേണ്ടിയാകാം അതേവരെ "തിരു കാട്‌ കര" എന്നായിരുന്ന സ്ഥലനാമം "തിരുകാല്‍ക്കരൈ" എന്നാക്കിത്തീര്‍ത്തത്‌. "ത്രിവിക്രമനായി വളര്‍ന്ന വാമനന്റെ പാദത്തോടു കാല്‍ക്കര എന്നതില്‍ 'കാല്‍' ശബ്ദത്തിനു ബന്ധമുണ്ടെന്നു വരാം" എന്നു പ്രൊഫ. ഇളംകുളം രേഖപ്പെടുത്തിയി രിക്കുന്നു. കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ യുടെ നിഷ്‌പത്തിക്കു "പൂണിപ്പൂ" (ശപഥം) മായി ബന്ധമുണ്ടാകാം. തൃപ്പൂണിത്തുറ (തിരുശപഥസങ്കേതം) തൃപ്പൂണിത്തുറ ആയതാവാം. പള്ളിവാണപ്പെരുമാളെ തേജോവധം ചെയ്യാനും, ബുദ്ധമതം നശിപ്പിക്കാനും ആര്യമതം പ്രചരിപ്പിക്കാനും രാജശേഖരകുലശേഖരവര്‍മന്റെ നേതൃത്വ ത്തില്‍ ആര്യമത പ്രചാരകര്‍ ചെയ്‌തിരിക്കാനിടയുള്ള ശപഥമാകാമിത്‌.

ബുദ്ധമതവിഹാരം

ഇതിന്‌ എതിരായി "ഇടച്ചില്‍" ഉണ്ടാക്കിയ പള്ളി (ബുദ്ധമതവിഹാരം) സ്ഥിതിചെയ്‌തിരുന്ന സ്ഥലമാകാം ഇടപ്പള്ളി. തൃപ്പൂണിത്തുറയിലെ പൂണി, ഇടപ്പള്ളിയിലെ ഇട, പള്ളി എന്നീ പദങ്ങളില്‍ ചരിത്രം ഗാഢനിദ്രയി ലാണ്ടുകിടക്കുന്നുണ്ട്‌. തൃപ്പൂണിപ്പും, ഇടച്ചിലും, പള്ളിയും കൂട്ടിയിണക്കു മ്പോള്‍ തൊട്ടു മുമ്പു സൂചിപ്പിച്ച ശപഥമാണെന്നു തോന്നിപ്പോകുന്നു. പള്ളിവാണപ്പെരുമാളിനും ബൗദ്ധര്‍ക്കും എതിരായി തൃക്കാക്കരയില്‍ നടന്ന ഗൂഢാലോചനയുടെ സന്തതിയാകാം മാവേലിയുടെ കേരള സന്ദര്‍ശനം എന്ന സങ്കല്‍പ്പസൃഷ്ടി. ഈ സന്ദര്‍ശനം പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അത്‌ കേരളീയമാണ്‌. അന്നത്തെ കേരളീയര്‍ പള്ളിവാണപ്പെരുമാളിനോടു പ്രകടിപ്പിച്ച പ്രത്യേക പ്രതിപത്തി ആര്യമത പ്രചാരകര്‍ക്കു ഒരു വല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കാം. ജനങ്ങളുടെ രോഷാഗ്നി ശമിപ്പിക്കാന്‍ ബൗദ്ധ ശത്രുക്കള്‍ ഉപയോഗിച്ച ഒരു തന്ത്രമാകാം ഈ സന്ദര്‍ശനകഥ. ഇങ്ങനെ വാമനാവതാര കഥയെ വളച്ചൊടിച്ച്‌ ഓണവുമായി ബന്ധപ്പെടുത്താന്‍ നിര്‍ബന്ധിതരായവര്‍ ഇതൊരു ഈശ്വരനിഷേധോത്സവമായിത്തീര്‍ന്ന കാര്യം ബോധപൂര്‍വം വിസ്‌മരിച്ചി രുന്നിരിക്കാം. അതിരുകവിഞ്ഞ ആനന്ദാവേശങ്ങളോടെ മാവേലിയെ എതിരേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന കേരളം ഈശ്വരന്‍ പാതാളത്തില്‍ ചവിട്ടിത്താഴ്‌ത്തിയ ഈശ്വര ശത്രുവിനെ ഈശ്വരാനുമതിയോടെ ആണ്ടിലൊരിക്കല്‍ അതിരുകവിഞ്ഞ ആനന്ദാവേശങ്ങളോടെ അനുസ്‌മരി ക്കുമ്പോള്‍ സവിശേഷമായ ഈശ്വരനിഷേധപ്രകടനമാണ്‌ നടക്കുന്നത്‌! കുലശേഖരവര്‍മന്റെ നേതൃത്വത്തില്‍ തെക്കന്‍ കൊല്ലത്തും വടക്കന്‍ കൊല്ലത്തും അത്യാഡംബരപൂര്‍വം ആഘോഷിക്കപ്പെട്ട അഭിഷേകത്തിന്റെ വാര്‍ഷികം കൊണ്ടാടിക്കൊണ്ട്‌ അദ്ദേഹത്തിന്റെ ആരാധകര്‍ ഹൃദയത്തി ന്റെ ശ്രീകോവിലില്‍ അദ്ദേഹത്തിനു സ്ഥിരപ്രതിഷ്‌ഠ നല്‍കി. അവരെ അനുനയിപ്പിക്കാന്‍ ആര്യമതപ്രചാരകര്‍ക്ക്‌ ഈശ്വരനിഷേധത്തിന്റെ പാതപോലും അവലംബിക്കേണ്ടിവന്നു! ഇതു ബൗദ്ധപ്രഭാവം പ്രകടമാക്കു ന്നുണ്ട്‌. ഈശ്വരീയമല്ലല്ലോ ബുദ്ധമതം? ഹൈന്ദവപ്രമാണിമാര്‍ അവതാര കഥയില്‍ പോലും മായം ചേര്‍ത്തുകളഞ്ഞു! ഈ കുതന്ത്രം നാന്ദികുറി ക്കപ്പെട്ടതു തൃക്കാക്കരയില്‍ വെച്ചായിരുന്നിരിക്കാം. ഇങ്ങനെയാകാം തൃക്കാക്കരയപ്പന്‍ ഓണവുമായി ബന്ധപ്പെട്ടത്‌.  

മുണ്ടന്‍ എന്ന പദം ബൗദ്ധമാണ്‌. വാമനപര്യാ യവുമാണ്‌. ഈ അര്‍ത്ഥപ്പൊരുത്തം ആര്യബ്രാഹ്മ ണരുടെ ശ്രദ്ധയെ വാമനാവതാരകഥയിലേക്കു തിരിച്ചുവിട്ടിരിക്കാം.

കുലശേഖരവര്‍മന്റെ സംഘപ്രവേശവും രാജശേഖ രന്റെ അഭിഷേകവുമാണ്‌ കൊല്ലവര്‍ഷത്തിനു കാരണമായിത്തീര്‍ന്നത്‌. ഓണത്തിന്റെ ഉയിര്‍ത്തെ ഴുനേല്‍പ്പും ഈ സാഹചര്യങ്ങളില്‍ ത്തന്നെയാ യിരുന്നു. എന്നാല്‍ കൊല്ലവര്‍ഷം ആരംഭിച്ചത്‌ ഓണനാളില്‍ അല്ലെന്നും തെക്കു ചോതിയിലും വടക്കു മൂലത്തിലും ആണെന്നും പ്രൊഫ.ഇളംകുളം രേഖപ്പെടുത്തിയിരിക്കുന്നു. ഈ നാള്‍ നിര്‍ണയത്തില്‍ അദ്ദേഹത്തിനു തെറ്റു പിണഞ്ഞിട്ടുണ്ടാകാം. ക്രി വ 825 ജൂലൈ 25, ഓഗസ്‌റ്റ്‌ 25, എന്നീ തിയതിയിലെ നാളുകളാണ്‌ അദ്ദേഹം നിര്‍ണയിച്ചിട്ടുള്ളത്‌. പോപ്പ്‌ ഗ്രിഗറി ജൂലിയന്‍ കലണ്ടറിലെ പോരായ്‌ മകള്‍ പരിഹരിച്ചത്‌ 1852ല്‍ മാത്രമായിരുന്നു, കൊല്ലവര്‍ഷം ആരംഭിച്ചത്‌ 1027 വര്‍ഷം കഴിഞ്ഞ്‌. അതുകൊണ്ട്‌ ക്രിസ്‌തുവര്‍ഷത്തിയതിയിലെ നാളുകള്‍ നിര്‍ണയിക്കുമ്പോള്‍ പിശകുപറ്റാനിടയുണ്ട്‌. മാസങ്ങള്‍ക്കു തിയതി നിശ്ചയിക്കുമ്പോള്‍ ഒരു ദിവസത്തെ വ്യത്യാസം വരും. ഇക്കാലത്തിനിടക്കു കൊല്ലവര്‍ഷം പരിഹരിച്ചിട്ടില്ലെന്നും തീരുമാനിക്കാ നാവില്ല. നാളുകള്‍ നിര്‍ണയിക്കുന്ന കാര്യത്തില്‍ ജ്യോത്സ്യന്മാരുടെ ഇടയില്‍ ഓന്നുരണ്ടു ദിവസത്തെ വ്യത്യാസം ചിലവര്‍ഷങ്ങളില്‍ ഉണ്ടാകാറുണ്ട്‌. പ്രൊഫ. ഇളംകുളത്തിന്റെ നാള്‍ നിര്‍ണയത്തിലും ഇതു സംഭവിച്ചിട്ടുണ്ടാകാം. അദ്ദേഹം കണ്ടെത്തിയത്‌ ഓണത്തോടടുത്ത നാളുകളാണുതാനും. അദ്ദേഹത്തിനു തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ കൊല്ലവര്‍ഷാ ഗമം ഓണനാളിലായിരുന്നെന്നു വരാം. അദ്ദേഹത്തിന്റെ നാള്‍ നിര്‍ണയം ശരിയാണെങ്കിലോ? കൊല്ലവര്‍ഷമാരംഭിച്ചത്‌ ഓണക്കാലത്തായിരുന്നെന്നു തീരുമാനിക്കാം.

കൊല്ലവര്‍ഷം ഓണത്തിന്റേയോ ഓണം കൊല്ലവര്‍ഷത്തിന്റേയോ സ്‌മാരകമല്ല. കുലശേഖരവര്‍മന്റെ സംഘപ്രവേശവും അദ്ദേഹം നടത്തിയ രാജശേഖരന്റെ അഭിഷേകവും ഓണനാളിലോ ഓണക്കാലത്തോ ആയിരുന്നു. ഈ അഭിഷേകസ്‌മാരകമാണ്‌ കൊല്ലവര്‍ഷം. ഈ അഭിഷേക ത്തിന്റെ വാര്‍ഷികവും, പണ്ടത്തെ അസ്സീറിയയില്‍ നിന്ന്‌ ഇവിടെ കുടിയേറിപ്പാര്‍ത്തവര്‍ ചിലസ്ഥലങ്ങളില്‍ ആഘോഷിച്ചുപോന്ന തങ്ങളുടെ ദേശീയോത്സ വവും അഭേദഭാവം പൂണ്ടു. അസ്സീറിയന്‍ പാരമ്പര്യം വിസ്‌മരിക്കപ്പെട്ടു. സമകാലിക സംഭവമായ അഭിഷേകത്തിന്റെ വാര്‍ഷികസ്‌മരണ നിലനിന്നു. അത്‌ പള്ളിവാണപ്പെരുമാളിന്റെ പേരില്‍ പതിഞ്ഞു. ആര്യമതത്തിന്‌ ഇതൊരു വെല്ലുവിളിയായി. ആര്യബ്രാഹ്മ ണരുടെ തന്ത്രബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവര്‍ക്കു സമ്പൂര്‍ണ വിജയം കൈവന്നു. അവര്‍ പള്ളിവാണപ്പരുമാളെ വിസ്‌മൃതിയുടെ പാതാളത്തില്‍ താഴ്‌ത്തി; വാമനാവതാരകഥയെ പുതിയരൂപത്തില്‍ പ്രചരിപ്പിച്ചു. രാജശേഖരന്‍ തൊട്ടുള്ള കുലശേഖര ചക്രവര്‍ത്തിമാ രുടേയും നാടുവാഴികളുടേയും ശങ്കരാചാര്യരുടേയും മറ്റു ഹൈന്ദവാ ചാര്യന്മാരുടേയും പിന്‍ബലം അവര്‍ക്കുണ്ടായിരുന്നു. കേരളത്തില്‍ ആര്യമതത്തിന്റെ വേരുറച്ചു. ബുദ്ധമതം നാമാവശേഷമായി. ഒരു നഷ്ടസ്വര്‍ഗത്തിന്റെ നിത്യസ്‌മരണയുമായി ഓണം നിലനിന്നുപോന്നു. 

(കടപ്പാട്: 'ഭാഷാപോഷിണി' മാസികയിലാണ് പി മീരാക്കുട്ടിയുടെ ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും)
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ