"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

കുഞ്ഞാലി മരക്കാര്‍ : ഒരു കൊടും ചതിയുടെ നാനൂറാം വാര്‍ഷികം -ആസിഫ്

ധീരദേശാഭിമാനിയും വീരയോദ്ധാവുമായിരുന്ന കുഞ്ഞാലിമരക്കാരെ കോഴിക്കോട്ടെ സാമൂതിരി വൈദേശിക ശക്തികള്‍ക്ക്‌ ഒറ്റു കൊടുത്തതിന്‌ 2000 മാര്‍ച്ച്‌ 31 ന്‌ 400 വര്‍ഷം തികഞ്ഞു.

ആസിഫ്‌

'കോട്ടക്കലോമന കുഞ്ഞാലിക്ക്‌
തീയരും നായരുമൊന്നുപോലെ'

കോട്ടപ്പുഴയുടെ തീരത്തുള്ള ഇരിങ്ങല്‍ പാറയുടെ പടിഞ്ഞാറ്‌ പുതുപ്പണത്തിന്‌ അതിരിടുന്നതു പറങ്കികളുടെ മരണസിംഹാസനമായ വെള്ളിയാങ്കല്ലാണ്‌. ഇതിങ്ങല്‍പാറയും വെള്ളിയാങ്കല്ലുമായിരുന്നു കുഞ്ഞാലിമാരുടെ പ്രധാന സൈനിക ഒളിത്താവളങ്ങള്‍. ബലിക്കല്ല്‌ എന്നായിരുന്നു പറങ്കികള്‍ ഈ പാറക്കിട്ട പേര്‌. ആയിരക്കണക്കിന്‌ മുസ്ലീംകളെ കൊന്നു കടലില്‍ തള്ളിയതിന്‌ ഈ പാറ മൂകസാക്ഷിയാണ്‌. കണ്ണീരിന്റേയും ചോരയുടേയും കഥയുറഞ്ഞു കിടക്കുന്ന ഈ പരിസരം നമ്മുടെ ദേശാഭിമാനത്തിന്റേയും സ്വാതന്ത്ര്യവാഞ്‌ഛ യുടേയും വീരഗാഥകളയവിറക്കുകയാണിന്നും. കോട്ടപ്പുഴയുടെ തീരത്ത്‌ ഇരിങ്ങല്‍ പാറക്ക്‌ പടിഞ്ഞാറ്‌ ഒരു കോട്ടയുണ്ടായിരുന്നു. വൈദേശികാക്രമികളും കുടിലന്മാരുമായ പോര്‍ത്തുഗീസുകാരെ ഇന്ത്യയില്‍ നിന്നു തുരത്തിയോടിക്കാനായി സാമൂതിരിമാരുടെ നാവികസേനാ മേധാവികളായിരുന്ന കുഞ്ഞാലിമാരാണ്‌ ഈ കോട്ട കെട്ടിയത്‌. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെ ആ കോട്ടയുടെ ചില അവശിഷ്ടങ്ങളെങ്കിലും നിലനിന്നിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയതോടെ ആ അവശിഷ്ടങ്ങളും ചരിത്രത്തില്‍ നിന്നു തുടച്ചുനീക്കപ്പെട്ടു.

പ്രഥമ ഉന്ത്യന്‍ സ്വാതന്ത്ര്യപ്പോരാളി കളിലൊരാളായ കുഞ്ഞാലി മരക്കാര്‍ 1572ലാണ്‌ ഈ കോട്ട പണിതുയര്‍ത്തിയത്‌. ഈ കോട്ട തലയുയര്‍ത്തി നിന്നതു വിദേശശക്തികളായ പറങ്കികള്‍ക്കെതിരേ യായിരുന്നു. വാസ്‌കോഡഗാമയുടെ അഭിശപ്‌തകാലടികള്‍ കേരളക്കരയില്‍ പതിഞ്ഞ 1498 മുതല്‍ 1599 വരെ ഒരു നൂറ്റാണ്ടിനുള്ളില്‍ 26 യുദ്ധങ്ങളാണ്‌ കുഞ്ഞാലിമാര്‍ പറങ്കികള്‍ ക്കെതിരേ ചെയ്‌തത്‌. കിഴക്ക്‌ ഇരിങ്ങല്‍ പാറയും പടിഞ്ഞാറ്‌ വെള്ളിയാങ്കല്ലു തുരുത്തുമായിരുന്നു കോട്ടയുടെ അതിരുകള്‍. തുര്‍ക്കി ഈജിപ്‌ത്‌ തുടങ്ങിയ പ്രമുഖ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ വിദഗ്‌ധര്‍ കോട്ട നിര്‍മ്മാണത്തില്‍ പങ്കാളികളായി.

കോട്ടക്കഭിമുഖമായി മരക്കാര്‍ സ്‌മാരകമായ കോട്ടക്കല്‍ ജമുഅത്തു പള്ളി സ്ഥിതി ചെയ്യുന്നു. പള്ളിയോടു ചേര്‍ന്നു മരക്കാര്‍ കുടുംബത്തിലെ പൂര്‍വികരുടെ ഖബറിടങ്ങളുണ്ട്‌. മരക്കാര്‍ പോര്‍ത്തുഗീസുകാരില്‍ നിന്നു പിടിച്ചെടുത്ത സിംഹാസനമാണ്‌ ഇന്നും പള്ളിയിലെ പ്രസംഗപീഠം. കുറച്ചകലെ പുല്ലുമേഞ്ഞ ഒരു കൊച്ചുവീടു കാണാം. ഇതാണ്‌ കുഞ്ഞാലിമരക്കാരുടെ വീട്‌. ഇവിടെ യൊരു സ്‌മാരകം പണിയാന്‍ ജവഹര്‍ലാല്‍ നെഹ്രു വിന്റെ കാലം മുതല്‍ക്കേ പദ്ധതിയുണ്ട്‌. കാലം വിമുക്ത മാക്കിയ ആ കൊച്ചുവീട്ടില്‍ നാലുവാളും ഒരു വെട്ടുകത്തി യും ദ്രവിച്ചു തീരുന്നു. കുറച്ചകലെ കുഞ്ഞാലിമാര്‍ ഉപയോഗിച്ച പീരങ്കിയുണ്ട കളുടെ ഒരു കൂന കാണാം. പോര്‍ത്തുഗീസുകാരെ ഇന്ത്യയില്‍ നിന്നു തുരത്തിയോടിച്ച വെടിയുണ്ടകള്‍. കരയിലും കടലിലും പോര്‍ത്തുഗീസ്‌ ശക്തിയെ എന്നെന്നേക്കുമായി തകര്‍ത്തു കളഞ്ഞതും കുഞ്ഞാലിമാരായിരുന്നു.

അന്നത്തെ ഏറ്റവും വലിയ പണക്കാരായിരുന്ന ആ കുടുംബം പരമദരിദ്രരായി. ഒട്ടുമിക്ക പുരുഷന്മാരും രക്തസാക്ഷികളായി. രാജാക്കന്മാര്‍ അവരെ വൈദേശിക ശക്തികള്‍ക്ക്‌ ഒറ്റുകൊടുത്ത പ്പോഴും ഇന്നാട്ടുകാര്‍ അവരുടെ വീരസ്‌മരണകള്‍ നെഞ്ചേറ്റി. അതില്‍ ജാതിമത ഭേദമന്യേ എല്ലാവരുമുണ്ടായിരുന്നു.

'കോട്ടക്കലോമന കുഞ്ഞാലിക്ക്‌
തീയരും നായരുമൊന്നുപോലെ'

എന്നുതുടങ്ങുന്ന വടക്കന്‍ പാട്ടില്‍ കാണുന്നത്‌ ഈ സ്‌നേഹപ്രകടനമാണ്‌. ജാതിക്കും മതത്തിനും അതീതമായി മനുഷ്യരേയും പിറന്ന നാടിനേയും കാണാന്‍ കഴിഞ്ഞ ഒരു വലിയ മനുഷ്യനു കാലം നല്‍കിയ അംഗീകാരമാണത്‌. എന്നാല്‍, അക്കാലത്തെ സാമൂതിരിയേയോ രാജ്യദ്രോഹികളുടേയും എക്കാലത്തേയും വഞ്ചകരുടേയും പട്ടികയിലാണ്‌ ജനം എണ്ണുന്നത്‌.

കുഞ്ഞാലിയെ ഒറ്റുകൊടുത്ത സാമൂതിരി ജനഹൃദയങ്ങളില്‍ നിന്നു സ്ഥാനഭ്രഷ്ടനായി; വൈകാതെ അധികാരത്തില്‍ നിന്നും. താമസി യാതെ അവര്‍ വൈദേശിക ശക്തികളുടെ അടിമകളും അടുത്തൂണ്‍ പറ്റികളുമായി. പിന്നെ ചരിത്രത്തില്‍ നിന്നുതന്നെയും നിഷ്‌കാസിത രായി. ഇപ്പോള്‍ അവജ്ഞയോടെ മാത്രമേ ജനം അവരെ ഓര്‍ക്കു ന്നുള്ളൂ.

സാമൂതിരിയും കുഞ്ഞാലി നാലാമനും.

1495ലാണ്‌ കുഞ്ഞാലി നാലാമന്‍ സാമൂതിരിമാരുടെ നാവികസേനാ മേധാവിയായത്‌. കുഞ്ഞാലി പറങ്കികളെ കടലിലും കരയിലും ഒന്നുപോലെ നേരിട്ടു. ഈ സംഘട്ടനത്തിനിടയില്‍ തന്റെ ഏതാനും കപ്പലുകള്‍ തകരാനിടയായതു സാമൂതിരിയെ ക്ഷുഭിതനാക്കി. ഈ വിവരം മണത്തറിഞ്ഞ പറങ്കികള്‍ കൊട്ടാരത്തിലെ കുഞ്ഞാലി വിരുദ്ധ ഉപജാപകവൃന്ദത്തെ ഉപയോഗപ്പെടുത്തി സാമൂതിരിയില്‍ കുഞ്ഞാലിക്കെതിരേ കൂടുതല്‍ വിദ്വേഷം ജനിപ്പിച്ചു. കുഞ്ഞാലി സാമൂതിരിയുടെ രാജ്യാധികാരത്തെ ചോദ്യം ചെയ്യുന്നു എന്നുവരെ ഇവര്‍ പറഞ്ഞു പരത്തി. സാമൂതിരിയുടേതെന്നു പറയപ്പെടുന്ന ഒരാനയുടെ വാല്‍ ഛേദിച്ച സംഭവം ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു.

കരയിലും കടലിലുമുടനീളം കലഹങ്ങള്‍ അഴിച്ചുവിട്ട പറങ്കികളെ കുഞ്ഞാലി ഒതുക്കിനിര്‍ത്തി. കോഴിക്കോട്ടു പറങ്കിക്കുത്തക തുടങ്ങിയതോടെ അരാജകത്വം തലപൊക്കി. എന്നാല്‍ കുഞ്ഞാലി മരക്കാര്‍ ഇവരെ ഒതുക്കാന്‍ പരിശീലനം ലഭിച്ച യുവാക്കളെ അണിനിരത്തി. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മാനഭംഗ പ്പെടുത്തുക പതിവാക്കിയ പറങ്കികളെ പതിയിരുന്നു വകവരു ത്താന്‍ പ്രത്യേക സ്‌കാഡുകളെ നിയോഗിച്ചു. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവക്ക്‌ ഇവര്‍ പ്രത്യേകം സംരക്ഷണമേര്‍പ്പെടുത്തി.

പറങ്കികളുടെ ഈ ദുഷ്ടനടപടികളെല്ലാമറിഞ്ഞിട്ടും അവരുമായി സൗഹൃദം തുടരുകയായിരുന്ന സാമൂതിരിയുടെ നിലപാട്‌ കുഞ്ഞാലിയെ വേദനിപ്പിച്ചു. എന്നാല്‍ കുഞ്ഞാലിയെ കൊന്ന്‌ സാമൂതിരിയെ കീഴടക്കുകയായിരുന്നു പോര്‍ത്തുഗീസുകാരുടെ ലക്ഷ്യം. അതിനായി അവര്‍ വര്‍ഗീയവികാരങ്ങല്‍ കുത്തിപ്പൊക്കി നായര്‍ പ്രമാണിമാരില്‍ ഒരു വിഭാഗത്തെ കുഞ്ഞാലിക്കെതിരേ തിരിച്ചു. പാതിരിവേഷം കെട്ടിയ അന്തോണിയും ആയിരം കാര്‍ത്ത എന്ന വരക്കല്‍ അടിയോടിയും ഈ ഗൂഢാലോചനയില്‍ കുഞ്ഞാലിക്കെതിരേ ശത്രുപക്ഷത്ത്‌ അണിനിരന്നു. സാമൂതിരിയെ പറങ്കികളുമായി അടുപ്പിക്കാന്‍ ഇവര്‍ ആവതു ശ്രമിച്ചു.

കുഞ്ഞാലിയും സൈന്യവും സ്വന്തമായി നാടുണ്ടാക്കുന്നുവെന്നും നായര്‍ സ്‌ത്രീകളെ അപമാനിക്കുന്നുവെന്നും സ്വന്തം സൈന്യത്തെ സംഘടിപ്പിക്കുന്നുവെന്നും സാമൂതിരിയെ തെറ്റിദ്ധരിപ്പിച്ചു. കുഞ്ഞാലിയില്‍ നിന്നു സാമൂതിരിയെ അകറ്റി നിര്‍ത്തുക എന്നതു പോര്‍ത്തുഗീസുകാരുടെ കുടില താല്‍പ്ര്യങ്ങള്‍ക്ക്‌ അത്യന്താപേക്ഷി തമായിരുന്നു. വിഢിയായ സാമൂതിരി ഈ ഗൂഢാലോചന മനസ്സിലാക്കാതെ കൊട്ടാര ഉപജാപകവൃന്ദത്തിന്റെ വലയില്‍പ്പെട്ടു. പോര്‍ത്തുഗീസുകാരുടെ വാക്കുകള്‍ വിശ്വസിച്ചു കുഞ്ഞാലിയോടു ശത്രുത പുലര്‍ത്തി. ഒടുവില്‍ കുഞ്ഞാലിക്കെതിരേ രാജ്യത്തിന്റെ ശത്രുക്കളായ പോര്‍ത്തുഗീസുകാരുടെ തന്നെ സഹായം തേടുന്നതിലേക്ക്‌ ഈ സംഭവങ്ങള്‍ വളര്‍ന്നു. പോര്‍ത്തുഗീസു കാരുടേയും അന്തോണിയോ പാതിരിയുടേയും ആയിരം കര്‍ത്താ അടിയോടിയുടേയും കുതന്ത്രങ്ങള്‍ ഫലിച്ചു. പറങ്കികള്‍ കുഞ്ഞാലി മരക്കാര്‍ക്കെതിരേ സാമൂതിരിയുമായി സഖ്യം ചേര്‍ന്നു. അല്‍വറോഡി ബ്രാഞ്ചസ്‌ എന്ന പോര്‍ത്തുഗീസ്‌ മേധാവിയാണ്‌ ഈ സഖ്യത്തിനു നേതൃത്വം നല്‍കിയത്‌.

രാജാവിനെതിരായി താന്‍ നീങ്ങുന്നു എന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും നാടിന്റെ ശത്രുക്കളായ പോര്‍ത്തു ഗീസുകാരുടെ കെണിയില്‍ കുടുങ്ങരുതെന്നും കുഞ്ഞാലി സാമൂതിരിയെ ദൂതന്മാര്‍ മുഖേന ഉപദേശിച്ചു. പക്ഷേ പോര്‍ത്തുഗീസുകാര്‍ വെച്ചുനീട്ടിയ പാരിതോഷികങ്ങളില്‍ സന്തുഷ്ടനായ സാമൂതിരി ഇതൊന്നും ചെവിക്കൊണ്ടില്ല.

തുടര്‍ന്നു കുഞ്ഞാലിക്കെതിരേ സാമൂതിരിയും പറങ്കികളും ദീര്‍ഘകാല ആക്രമണ പദ്ധതികള്‍ക്ക്‌ തുടക്കമിട്ടു. എന്നാല്‍ കുഞ്ഞാലിക്കെതിരേ പോര്‍ത്തുഗീസുകാരെ കൂട്ടുപിടിക്കുന്നതിലെ അപകടം സാമൂതിരിക്കു മനസ്സിലാക്കാന്‍ കഴിയാത്തതായിരുന്നില്ല. പോര്‍ത്തുഗീസുകാര്‍ക്ക്‌ ഒരുനാള്‍ കീഴടങ്ങേണ്ടിവരുമെന്നതാണ്‌ ഒന്നാമത്തെ അപകടം മറ്റൊന്നു തന്റെ സാമന്തന്മാരും പ്രജകളും ഇക്കാരണത്താല്‍ തന്നെ വെറുക്കുമെന്നതാണ്‌. പ്രജകളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളുമൊന്നുപോലെ ബഹുമാനിക്കുന്ന നായകനാണ്‌ കുഞ്ഞാലി. അവര്‍ അദ്ദേഹത്തെ ദേശസ്‌നേഹത്തിന്റെ പ്രതീകമായിക്കാണുന്നു. ദേശവാഴികളായ നായര്‍പ്രഭുക്കളില്‍ പലരും കുഞ്ഞാലിയെ ആദരിക്കുന്നവരായിരുന്നു.


കുഞ്ഞാലി ജനിച്ച വീട്
പക്ഷെ സാമൂതിരിയുടെ മനസ്സില്‍ പക കത്തിയെരിയുക യായിരുന്നു. സ്വരാജ്യ സുരക്ഷയേക്കാളും അദ്ദേഹം മുന്‍ഗണന നല്‍കിയത്‌ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായിരുന്നു. സാമൂതിരി വംശത്തിലെ ഏറ്റവും നീചനും ചതിയനും കുടിലനുമായ ഒരാളായിരുന്നു അക്കാലത്തെ സാമൂതിരി. ഈ സ്വാര്‍ത്ഥതയും കുടിലതയും പോര്‍ത്തുഗീസുകാരുമായുണ്ടാക്കിയ സാമൂതിരിയുടെ കരാറില്‍ പ്രതിഫലിക്കുന്നത്‌ കാണാം. 30,000 പതക്കവും പോര്‍ത്തുഗീസുകാരുടെ ചില ദളങ്ങളും കൊള്ളമുതലില്‍ പകുതിയും സാമൂതിരിക്കു കിട്ടണമെന്നായിരുന്നു കരാര്‍. ഒരു ഘട്ടത്തില്‍ പോര്‍ത്തുഗീസുകാര്‍ പോലും സാമൂതിരിയുടെ ഈ ആര്‍ത്തിയില്‍ സംശയാലുക്കളായി. അവര്‍ ഡോണ്‍ ഫെര്‍ഡിനാന്‍ഡ്‌ സി നെരോണയുടെ നേതൃത്വത്തില്‍ ഒരു നാവികസേനാ വ്യൂഹത്തെ കടലില്‍ ഉപരോധത്തിനായി നിയോഗിച്ചു.

സാമൂതിരിയുടെ ദേശദ്രോഹപരമായ ചതികള്‍ കുഞ്ഞാലിക്കും അറിയാമായിരുന്നു. കുഞ്ഞാലിയെ തന്റെ ശാഠ്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തി വഴിതെറ്റിക്കാനും ചില പാര്‍ശ്വവര്‍ത്തികള്‍ ശ്രമിച്ചു.

സാമൂതിരിയേയും പോര്‍ത്തുഗീസുകാരേയും ഒരുമിച്ചു നേരിടണമെന്ന ഒരു ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. സാമൂതിരിയുടെ ഒരാനയുടെ വാല്‍ മുറിച്ച സംഭവം സാമൂതിരിയെ കൂടുതല്‍ രോഷാകുലനാക്കി. അതോടെ സ്വരാജ്യ സുരക്ഷയേക്കാള്‍ തന്റെ ആനയുടെ വാലായി രാജാവിന്‌ വലുത്‌. പോര്‍ത്തുഗീസു കാരുടെ ഒറ്റുകാരനായിരുന്ന അടിയോടി നായര്‍ പ്രഭുവിന്റെ വസതി ആക്രമിച്ചതും മറ്റൊരു കാരണമായി. തന്നോടും തന്റെ ഭാര്യയോടും കുഞ്ഞാലിയുടെ സൈനികര്‍ മോശമായി പെരുമാറി യെന്ന്‌ അയാള്‍ ഹിന്ദുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. ഈ എരിതീയില്‍ എണ്ണയൊഴിക്കാന്‍ അതീവ കുതന്തത്രശാലിയായ അന്തോണിയോ എന്ന പാതിരിയും പരമാവധി ശ്രമിച്ചു.

ചെറുപ്പക്കാരനും ബുദ്ധിശൂന്യനും കടുത്ത അഹങ്കാരിയുമായിരുന്നു സാമൂതിരി. ഈ ഗൂഢശ്രമങ്ങള്‍ പലനാള്‍ തുടര്‍ന്നു. ഒടുവില്‍ പോര്‍ത്തുഗീസുകാര്‍ കടല്‍ വഴി കുഞ്ഞാലിയെ ആക്രമിക്കുമ്പോള്‍ കരവഴി തങ്ങളും ആക്രമിക്കാമെന്ന്‌ സാമൂതിരി പോര്‍ത്തുഗീസ്‌ വൈസ്രോയിയെ അറിയിച്ചു. വമ്പിച്ച ഒരു കപ്പല്‍പ്പടയുമായി പോര്‍ത്തുഗീസുകാര്‍ യുദ്ധത്തിനെത്തി. 20,000 നായന്മാരടങ്ങുന്ന ഒരു സൈന്യവുമായി സാമൂതിരി കുഞ്ഞാലിയുടെ കോട്ടക്കുനേരേ നീങ്ങി. ഇരിങ്ങല്‍ മുതല്‍ കടക്കല്‍ വരെ അര്‍ത്ഥവൃത്താകൃതിയില്‍ ഈ സൈന്യത്തെ അണിനിരത്തി. കോട്ടയും കരയും തമ്മിലുള്ള സര്‍വ ബന്ധവും അതോടെ വിഛേദിക്കപ്പെട്ടു. യുദ്ധസജ്ജീകരണങ്ങ ളൊരുക്കുന്നതിനു മൂന്നുമാസം വേണ്ടിവന്നു. 1599 മാര്‍ച്ച്‌ 5ന്‌ കോട്ട ആക്രമിക്കാന്‍ തീരുമാനിച്ചു.

സ്വന്തം കപ്പല്‍പ്പടയെ സജ്ജീകരിക്കാന്‍ പോര്‍ത്തുഗീസുകാരുടെ ഉപരോധം കാരണം കുഞ്ഞാലിക്കു കഴിഞ്ഞില്ല. വലിയ കപ്പലു കളുമായി പോരടിക്കാന്‍ അദ്ദേഹത്തിന്റെ ചെറിയ കപ്പലുകള്‍ക്ക്‌ കഴിയുമായിരുന്നില്ല. പല കപ്പലുകളും പുറംകടലിലാ യിരുന്നു. കോട്ടക്കു ചുവട്ടില്‍ ക്യാപ്‌റ്റന്‍ കുട്ടിയമ്മു വിന്റെ നേതൃത്വത്തില്‍ അണിനിരത്തിയ ഗല്ലിയോട്ടുകള്‍ പലപ്പോഴും പോര്‍ത്തുഗീസു കാരുടെ ഉപരോധം മറികടക്കുന്നതില്‍ വിജയിച്ചു.

മാര്‍ച്ച്‌ 3 ന്‌ സാമൂതിരിയുടെ പടയണി പൂര്‍ത്തിയായി. ഒരു പോര്‍ത്തുഗീസ്‌ പട്ടാള ദളത്തിന്റെ സഹായവും സാമൂതിരി തേടി. ഇതിനു പകരം സാമൂതിരിയുടെചില ആളുകളെ തന്റെ അധീന ത്തില്‍ വെക്കണമെന്നു ഡോണ്‍ നിര്‍ബന്ധിച്ചു. നിന്ദ്യമായ ഈ ആവശ്യത്തിനും സാമൂതിരി കീഴടങ്ങി. താനൂര്‍, ചാല, കര്‍ണൂല്‍ എന്നിവിടങ്ങളിലെ രാജകുമാരന്മാരും സാമൂതിരിയുടെ പ്രധാന ന്യായാധിപനും ഈ ബന്ധിസംഘത്തിലുണ്ടായിരുന്നു. ബെല്‍ഷീര്‍ ഫെറീറയെയും 300 പട്ടാളക്കാരേയും പോര്‍ത്തുഗീസുകാര്‍ സാമൂതിരിക്കയച്ചു കൊടുത്തു. മാര്‍ച്ച്‌ 3 ന്‌ രാത്രി ലൂയി ഡി സില്‍വയും മേജന്‍ ആന്റണി ഡി ലീവയും നേതൃത്വം നല്‍കിയ 600 സൈനികര്‍ കോട്ടക്കരികിലിറങ്ങി. 600 പോര്‍ത്തുഗീസു കാരുടേയും 500 നായന്മാരുടേയും നായകത്വം ഫെറീറക്കായിരുന്നു.

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രകാരം ഇരിങ്ങല്‍പ്പാറയില്‍ നിന്ന്‌ അടയാളം ലഭിച്ചയുടനെ അവര്‍ ആക്രമണം തുടങ്ങി. എന്നാല്‍ ലൂയി ഡി സില്‍വ ഈ ആക്രമണത്തില്‍ പങ്കെടുക്കാതെ മാറിനിന്നു എന്നു പറയപ്പെടുന്നു. അതല്ല ആദ്യമായി വെടിയേറ്റത്‌ ഡി സില്‍വക്കാണെന്നും റിപ്പോര്‍ട്ടുണ്ട്‌.

തികഞ്ഞ യുദ്ധ തന്ത്രജ്ഞതയോടെ തന്നെയാണ്‌ കുഞ്ഞാലി ഈ ആക്രമണം നേരിട്ടത്‌. ഡി സില്‍വ ഫെറീറ, മേജര്‍ ലൈന തുടങ്ങിയവര്‍ കുഞ്ഞാലിയുടെ പ്രത്യാക്രമണത്തില്‍ മരിച്ചു വീണു. പോര്‍ത്തുഗീസ്‌ അണികള്‍ ചിന്നിച്ചിതറി. പലരും പിന്തിരിഞ്ഞോടി. ചിലര്‍ അവിശ്വസനീയമായ ധീരതയോടെ പൊരുതി മരിച്ചു വീണു.

ഫ്രാന്‍സിസ്‌ ബാപ്‌ടിസ്റ്റ്‌ എന്ന പുരോഹിതന്‍ ഒരു മരക്കുരിശ്‌ ഉയര്‍ത്തിപ്പിടിച്ച്‌ പോര്‍ത്തുഗീസ്‌ അണികളെ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഒരു നാടന്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റ്‌ കുരുശു തകര്‍ന്നു, ബാപ്‌ടിസ്റ്റ്‌ മരിച്ചു വീണു. കുറച്ചെങ്കിലും വിജയം നേടാനായത്‌ ഫെറീറയുടെ സേനാ ദളത്തിനു മാത്രം. ഓടിപ്പോകുന്നവര്‍ 'വഞ്ചന, വഞ്ചന' എന്നു വിളിച്ചു പറഞ്ഞു.

പോര്‍ത്തുഗീസുകാര്‍ക്ക്‌ ഇന്ത്യയില്‍ നേരിട്ട ഏറ്റവും വലിയ അപമാനം ഇതായിരുന്നു. 300 പേരാണ്‌ പോര്‍ത്തുഗീസ്‌ ഭാഗത്ത്‌ മരിച്ചത്‌. അവര്‍ പൊരുതി മരിക്കുകയായിരുന്നില്ല, മുങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ പിറാര്‍ഡിസിന്റെ വിവരണ പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 500ല്‍ കുറയില്ല. അവരില്‍ ത്തന്നെ 40 പേര്‍ പ്രധാനികളായിരുന്നു. തങ്ങള്‍ക്കനുഭവിക്കേണ്ടി വന്ന ക്ലേശങ്ങളും ശത്രുവിന്റെ ശക്തിയും പെരുപ്പിച്ചു പറയുക യൂറോപ്യരുടെ ഒരു പതിവാണല്ലോ.


കുഞ്ഞാലിയുടെ കോട്ട
സഖ്യകക്ഷികള്‍ക്കേറ്റ ഈ ദുരന്തങ്ങളെല്ലാം സാമൂതിരി ഒരു കുന്നിന്‍ മുകളില്‍ നിന്നു നോക്കിക്കാണുന്നുണ്ടായിരുന്നു. ഫെറീറ നായര്‍ പടയെ മരണത്തിന്റെ മുമ്പിലേക്ക്‌ നയിക്കുകയായിരു ന്നുവെന്ന്‌ അദ്ദേഹത്തിനു മനസ്സിലായി. പോര്‍ത്തുഗീസ്‌ സേന ഇതില്‍ വെറും കാണികളായി.

കുഞ്ഞാലി ശക്തിസംഭരിക്കുന്നതിനു മുമ്പ്‌ വീണ്ടും ആക്രമണം നടത്താന്‍ സാമൂതിരിയും പോര്‍ത്തുഗീസ്‌ സേനാനായകന്‍ ലൂയി ഡി ഗാമയും പദ്ധതിയിട്ടു. 20,000 പട്ടാളക്കാരുമായി കോട്ടക്കുനേരേ സാമൂതിരി വീണ്ടും ആക്രമണം തുടങ്ങി. കുഞ്ഞാലി കനത്ത തോതില്‍ തിരിച്ചടിച്ചതിനെ തുടര്‍ന്ന്‌ നായര്‍പ്പടക്കു പിന്‍തിരിയേണ്ടി വന്നു. ലൂയി ഡി ഗാമ കൊച്ചിയിലേക്കു മടങ്ങി. പിന്നീട്‌ ഡി ഫ്രാന്‍സിസ്‌ സേനയുടെ നായകത്വം ഏറ്റെടുത്തു. പോര്‍ട്ടുഗീസ്‌ സേന കുഞ്ഞാലിയോടു പരാജയപ്പെട്ടതറിഞ്ഞ്‌ ആസ്ഥാനമായ ഗോവാ നഗരം വിഷാദത്തിലാണ്ടു.

ഉപരോധം നീട്ടിക്കൊണ്ടുപോയി കോട്ടക്കത്തുള്ളവരെ പട്ടിണിക്കിട്ടു ദുര്‍ബലരാക്കുകയായിരുന്നു സഖ്യകക്ഷികളുടെ തന്ത്രം. കോട്ടകത്തു ഭക്ഷ്യശേഖരം വളരെ കുറവായിരുന്നു. ഇത്തരം ഒരു ദീര്‍ഘകാല ഉപരോധമോ യുദ്ധമോ കുഞ്ഞാലി പ്രതീക്ഷിച്ചതായിരുന്നില്ല.

ഗോവയില്‍ തിരിച്ചെത്തിയ ലൂയി ഡി ഗാമയെ ഓര്‍മൂസ്‌ ആക്രമണത്തിനു നിയോഗിച്ചു. ആന്ദ്രേ ഫുര്‍ടാഡോ പുതിയ സേനാനായകനായി. വീണ്ടും യുദ്ധ സജ്ജീകരണങ്ങള്‍ തകൃതിയായി നടന്നു. ലിസ്‌്‌ബണില്‍ നിന്നു പതിവുപോലെ പുതിയ കപ്പല്‍ വ്യൂഹം എത്തി. കുഞ്ഞാലിയുടെ കോട്ട പിടിക്കാന്‍ പോകുന്ന നാവികസേനാ വ്യൂഹത്തിന്റെ തലവനായി ഫുര്‍ടാഡോ തെരഞ്ഞെടുക്കപ്പെട്ടു.

മറുഭാഗത്തും കുഞ്ഞാലിയുടെ വിജയം ജനശ്രദ്ധയാകര്‍ഷിച്ചു. രാജാക്കന്മാരും പൊതുജനങ്ങളും അദ്ദേഹത്തിന്റെ ധീരതയേയും ദേശാഭിമാനത്തേയും വാഴ്‌ത്തി. അദ്ദേഹം മുസ്ലീംകള്‍ക്ക്‌ 'ഇസ്ലാമിന്റെ രക്ഷകനും' മറ്റുള്ളവര്‍ക്ക്‌ പോര്‍ത്തുഗീസുകാരനെ ബഹിഷ്‌കരിച്ചവനുമായി.

സൈനികസഹായത്തിനായി പല രാജാക്കന്മാരുമായും അദ്ദേഹം കത്തിടപാടുകള്‍ നടത്തി. എന്നാല്‍, ഉള്ളാഴത്തിലെ രാജ്ഞിയായ റാണി തിരുമല ദേവിയില്‍ നിന്നു മാത്രമാണ്‌ കാര്യമായ സഹായ വാഗ്‌ദാനം ലഭിച്ചത്‌. പല യുദ്ധങ്ങളിലും റാണിയെ കുഞ്ഞാലി സഹായിച്ചിരുന്നു. അതുപോലെ, മധുരയിലെ നായക്കും കുഞ്ഞാലിയെ സഹായിക്കാമെന്നറിയിച്ചു. രാമേശ്വരത്ത്‌ ഒരു കോട്ട കെട്ടാന്‍ അനുമതിയും നല്‍കി.

പുതുപ്പണത്തെ കോട്ട വിട്ടു മധുരയിലേക്ക്‌ രക്ഷപ്പെടാന്‍ കുഞ്ഞാലിക്കു പരിപാടിയുണ്ടായിരുന്നു എന്നൂഹിക്കണം. ഇത്തരമൊരു സന്ധി നിര്‍ദ്ദേശം സാമൂതിരിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്‌ പോര്‍ത്തുഗീസുകാര്‍ മണത്തറിഞ്ഞു.


പോത്തുഗീസുകാരുടെ കോട്ട.
ഡിസം.15നു ഫുര്‍ടോഡോ വന്‍ നാവികസേനാവ്യൂഹവുമായി കോട്ടക്കു മുമ്പിലെത്തി. മൊത്തം 56 കപ്പലുകളും 2000 യൊദ്ധാക്കളും ഫുര്‍ടാഡോയുടെ സേനയിലുണ്ടായിരുന്നു. കോഴിക്കോട്ടെത്തുന്നതിനു മുമ്പു മറ്റു രാജാക്കന്മാരെ വിരട്ടി അവരെ കുഞ്ഞാലിയെ സഹായിക്കുന്നതില്‍ നിന്നു പിന്‍തിരിപ്പിച്ചതു പോര്‍ത്തുഗീസുകാര്‍ക്കു തന്ത്രപരമായ വിജയമായി. തുടര്‍ന്നു സാമൂതിരി ഫുര്‍ട്ടാഡോയുമായി കൂടിക്കാഴ്‌ച നടത്തി.

ഫാരിയ ഈ കൂടിക്കാഴ്‌ച വിവരിക്കുന്നു: 'ഡിസം.16നു സാമൂതിരിയും ഫുര്‍ടാഡോയും വലിയൊരു സൈന്യത്തിന്റെ അകമ്പടിയോടെ കൊച്ചിയിലെത്തി. കൂടിക്കാഴ്‌ച നടത്തുന്ന സ്ഥലത്തിന്റെ ഈരുവശങ്ങളിലുമായി രണ്ടുവലിയ അണികളായി സൈന്യങ്ങള്‍ നിലയുറപ്പിച്ചു. പീരങ്കികളും തോക്കുകളും ആചാരവെടികള്‍ മുഴക്കി. പ്രധാന പോര്‍ത്തുഗീസ്‌ പടത്തലവനെ കാണുന്നതിനായി സാമൂതിരി പൂര്‍ണമായ രാജകീയ വേഷമണിഞ്ഞു. ഒരു പക്ഷെ, സാമൂതിരിവംശത്തിന്റെ ഐശ്വര്യത്തിനിണങ്ങിയ ആഡംബരങ്ങളും പരിവാരങ്ങളും അവസാനമായി പ്രദര്‍ശിപ്പിച്ചത്‌ അന്നാണ്‌. ഏറെ ചെല്ലുന്നതിനു മുമ്പ്‌ സാമൂതിരിവംശത്തിന്റെ അധഃപതനം തുടങ്ങി. സാമൂതിരിയുടെ പ്രതാപങ്ങളും പരിവാരങ്ങളും ശുഷ്‌കിക്കാനും തുടങ്ങി.' ഈ കൂടിക്കാഴ്‌ചയെ ഫാരിയ വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌: 'രാജാവ്‌ അരമുതല്‍ മേലോട്ടുള്ള ഭാഗത്ത്‌ ഒന്നും ധരിച്ചിരുന്നില്ല. അരയില്‍ മുട്ടുവരെയെത്തുന്ന ഒരു സ്വര്‍ണക്കച്ച വളരെ ചുറ്റുകളായി ധരിച്ചിരുന്നു. കൈപ്പടത്തിന്റെ വീതിയുള്ള വിലമതിക്കാനാവാത്ത രത്‌നഖചിതമായ ഒരു അരപ്പട്ട അതിനുമേല്‍ ബന്ധിച്ചിരുന്നു. അദ്ദേഹം കൈമുട്ടുമുതല്‍ മണികണ്‌ഠം വരെയുള്ള ഭാഗത്തു രന്തം പതിച്ച നിരവധി സ്വര്‍ണവളകള്‍ അണിഞ്ഞിരുന്നു. അതിന്റെ ഭാരം മൂലം കരങ്ങള്‍ രണ്ടാളുകള്‍ താങ്ങേണ്ടിവന്നു. അദ്ദേഹത്തിന്റെ കഴുത്തില്‍ വിലപ്പെട്ട ഒരു വജ്രമാലയുണ്ടായി രുന്നു. കാതില്‍ നിരവധി വൈരക്കല്ലുകളും മരതകങ്ങളും അണിഞ്ഞിരുന്നു. അവയുടെ ഭാരം കൊണ്ടു കാതുകള്‍ തൂങ്ങിനിന്നു.'

'രാജാവും ഫുര്‍ടഡോയും അന്ന്യോന്യം ആലിംഗനം ചെയ്‌തു. അപ്പോള്‍ കപ്പലുകളെല്ലാം അഭിവാദ്യമെന്ന നിലക്ക്‌ പീരങ്കിവെടി മുഴക്കി. ഫുര്‍ടാഡോ രാജാവിന്റെ കഴുത്തിലൊരു വിലപിടിച്ച മാലയിട്ടു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം യുദ്ധം നടത്തേണ്ട സമ്പ്രദായത്തെപ്പറ്റി അവര്‍ ചര്‍ച്ച ചെയ്‌തു. കൂടുതല്‍ ഉത്സാഹത്തോടെ താന്‍ പൊരുതുമെന്നു സാമൂതിരി ഉറപ്പു നല്‍കി. കുഞ്ഞാലി സാമൂതിരിക്കു കീഴടങ്ങാന്‍ ഒരുക്കമാണെന്നറിയിച്ച സംഗതിയും സാമൂതിരി ഫുര്‍ടാഡോവിനോടു പറഞ്ഞു. തന്റെ കൂട്ടുകാരായ മൂറുകളുടെ (മാപ്പിളമാര്‍) യും ജീവന്‍ രക്ഷിക്കുകയും സാമൂതിരിയുടെ നായന്മാര്‍ തന്റെ നേര്‍ക്ക്‌ അക്രമം കാട്ടാ തിരിക്കാന്‍ സാമൂതിരിതന്നെ കോട്ടവാതില്‍ക്കല്‍ വന്നു തന്റെ കീഴടങ്ങല്‍ സ്വീകരിക്കുകയും വേണമെന്നായിരുന്നു കുഞ്ഞാലിയുടെ അപേക്ഷ. തന്റെ കയ്യില്‍പ്പെട്ടാല്‍ കുഞ്ഞാലിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ താന്‍ അതിനു സമ്മതിച്ചതായി സാമൂതിരി ഫുര്‍ടാഡോയെ അറിയിച്ചു. വഞ്ചകരുടെ, പ്രത്യേകിച്ചും അവസരം കിട്ടിയാല്‍ വഞ്ചനയേ കാണിക്കൂ എന്നു നിഷ്‌കര്‍ഷയുള്ള അത്തരക്കാരുടെ നേരേ അതുമാത്രമാണു സ്വീകാര്യമായ ഒരേഒരു നയമെന്നും സാമൂതിരി സിദ്ധാന്തിച്ചു.'

ഈ കൊടും ചതിക്കു പിന്നില്‍ സാമൂതിരിയാണെന്നു പോര്‍ത്തുഗീസ്‌ ചരിത്രകാരന്മാര്‍ പറയുന്നു. കീഴടങ്ങിയ ശേഷം കുഞ്ഞാലിയെ എന്തു ചെയ്യണമെന്നു കരാര്‍ മിണ്ടുന്നില്ല. ആ അറുവഞ്ചനക്കു ലിഖിതരൂപം നല്‍കരുതെന്നു സാമൂതിരി നിഷ്‌കര്‍ഷിച്ചിരിക്കണം.

ലിസ്‌ബണില്‍ നിന്നു വീണ്ടും പോര്‍ത്തുഗീസുകാര്‍ക്കു സഹായകമായി നാവികവ്യൂഹമെത്തി. 790 ആളുകളും, കോട്ട ആക്രമിക്കുന്നതിനായി 1000 പണിക്കാര്‍, 15 ആന, യഥേഷ്ടം മരം, ആശാരിമാര്‍, 5000ത്തോളം പട്ടാളക്കാര്‍ എന്നീ സഹായങ്ങള്‍ സാമൂതിരി എത്തിച്ചു കൊടുത്തു. ഫെബ്രുവരി മധ്യത്തോടെ ഫുര്‍ടാഡോയും തന്റെ സേനകളെ ഒരുക്കി, പീരങ്കി നിരത്തി.

കോട്ടക്കകത്തു സ്‌ത്രീകളും കുട്ടികളും വിവിധ ജനങ്ങളുമടക്കം 800ലേറെ പേരുണ്ടായിരുന്നില്ല. ഫുര്‍ടാഡോയുടെ കീഴില്‍ 1200 പോലീസുകാരും 12,000 നായര്‍ പടയാളികളും കുറച്ചു കൊച്ചി പടയാളികളും ഉണ്ടായിരുന്നു. കോട്ടക്കല്‍ പുഴയുടെ വടക്കേക്കര യില്‍ നിന്നു ഫുര്‍ടാഡോ കോട്ടക്കു നേരേ പീരങ്കിവര്‍ഷം നടത്തി. കോട്ടയിലെ പട്ടണവും പുറം മതിലും വെടികൊണ്ടു തകര്‍ന്നു. വൈകാതെ കുഞ്ഞാലിയുടെ സേനയും തിരിച്ചടിച്ചു. പോര്‍ത്തുഗീസു കാരെ ഒരു പരിധവരെ തുരത്തിയോടിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഫുര്‍ടാഡോതന്നെ നേരിട്ടുവന്നു പോര്‍ത്തുഗീസുകാര്‍ക്ക്‌ ആത്മധൈര്യം നല്‍കി. അവര്‍ കോട്ടയുടെ പുറം മതിലിനുള്ളില്‍ കടന്നു പറ്റി. പീരങ്കി വെടിയുതിര്‍ത്തു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും 5 ദിവസം തുടര്‍ന്നു.കോട്ടക്കല്‍ നഗരം മിക്കവാറും നശിച്ചു. കോട്ട പിടിച്ചടക്കാന്‍ ഏറെ വൈകുന്നതു കൂഞ്ഞാലിക്കു ഗുണകരമാകുമെന്നു ഭയന്ന ഫുര്‍ടാഡോ അന്തിമ ആക്രമണത്തിനു തയ്യാറെടുത്തു. ഫോര്‍ട്ട്‌ ബ്ലാങ്കോവിനു നേരേ നടന്ന ആക്രമണത്തെ കുഞ്ഞാലിതന്നെ നേരിട്ടു പൊരുതിത്തോല്‍പ്പിച്ചു.


കോട്ട ഏതു നോരവും പോര്‍ത്തുഗീസു കാരുടെ കയ്യിലകപ്പെടുമെന്ന സ്ഥിതി മനസ്സിലാക്കിയ കുഞ്ഞാലി സാമൂതിരിയു മായി ഒരിക്കല്‍ കൂടി സന്ധി സംഭാഷണ ത്തിനു തയ്യാറായി. രാജാവിനെ പ്രീതിപ്പെടു ത്താന്‍ വിലപ്പെട്ട സമ്മാനങ്ങളുമയച്ചു. റോഡ്‌റിഗ്‌സിന്റേയും ബെല്‍ഷ്യൂറുടേയും സാന്നിധ്യത്തില്‍ കുഞ്ഞാലി 250 ആളുകളോ ടൊപ്പം കീഴടങ്ങിയാല്‍ അവരെ കൊല്ലാതെ വിടാമെന്നു സംഭാഷണാനന്തരം സാമൂതിരി സമ്മതിച്ചു. സാമൂതിരി ക്കല്ലാതെ മറ്റാര്‍ക്കും കീഴടങ്ങില്ലെന്നായിരുന്നു കുഞ്ഞാലിയുടെ നിര്‍ബന്ധം. പോര്‍ത്തുഗീസുകാര്‍ തന്റെ ആജന്മ ശത്രുക്കളാണ്‌. മറിച്ച്‌, സാമൂതിരിയാകട്ടെ രാജാവുമാണ്‌. രാജാവിനോടു തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതിനു മാപ്പു ചോദിക്കാന്‍ തയ്യാറാണ്‌. സാമൂതിരി ഇതിനു സമ്മതിച്ചു. കുഞ്ഞാലി കീഴടങ്ങിയാല്‍ അദ്ദേഹം ചെയ്‌ത തെറ്റിനു പ്രതിവിധിയായെന്നു സാമൂതിരി തീരുമാനിച്ചു. അദ്ദേഹത്തിന്റെ പ്രജകളില്‍ ഒരു വിഭാഗം പരസ്യമായി കുഞ്ഞാലിയോട്‌ അനുഭാവം പ്രകടിപ്പിച്ചു വരികയായിരുന്നു. ഈ വിഭാഗം ശക്തിപ്പെട്ടു വരികയാണെന്ന്‌ സാമൂതിരി മനസ്സിലാക്കി.

കുഞ്ഞാലിയും 250 ആളുകളും സാമൂതിരിക്ക്‌ കീഴടങ്ങാനായി വന്നു. ബെല്‍ഷ്യൂര്‍ ഈ തക്കം നോക്കി തന്റെ ആള്‍ക്കാരോടുകൂടി മുന്നോട്ടു കുതിച്ച്‌ അവിടെയുള്ള വീടുകള്‍ക്കും കപ്പലുകള്‍ക്കും പന്തികള്‍ക്കും തീവെച്ചു. ഈ വഞ്ചന കണ്ട കോഴിക്കോട്‌ നായന്മാര്‍ രോഷാകുലരായി. പോര്‍ത്തുഗീസുകാരുടെ ഈ കൊലച്ചതി കണ്ടപ്പോള്‍, തന്നെ വഞ്ചിക്കാനായിരിക്കും കീഴടങ്ങലിനു സാമൂതിരി സമ്മതിച്ചതെന്നു കുഞ്ഞാലി അനുമാനിച്ചു. ബെല്‍ഷ്യൂര്‍ അതുതന്നെയാവണം ഉദ്ദേശിച്ചതും. കീഴടങ്ങാന്‍ വന്ന കുഞ്ഞാലി കോട്ടയിലേക്കുതന്ന മടങ്ങി.

കുഞ്ഞാലി വീണ്ടും രാജാവുമായി സന്ധിക്കു ശ്രമിക്കും എന്നു ഫുര്‍ടാഡോവിനറിയാമായിരുന്നു. കുഞ്ഞാലിയും സാമൂതിരിയും വീണ്ടും സമാധാന സന്ധിയിലെത്തുമെന്ന്‌ ഫുര്‍ടാഡോ ഭയന്നു. സന്ധിസംഭാഷണം മതിയാക്കി ആക്രമണം തുടങ്ങാന്‍ സാമൂതിരി യോടു ഫുര്‍ടാഡോ കല്‍പ്പിച്ചു. മാര്‍ച്ച്‌ 7 ന്‌ അന്തിമ പോരാട്ടം നടന്നു. കടലില്‍ നിന്നും കരയില്‍ നിന്നും ഒന്നായി പോര്‍ത്തുഗീസ്‌ സേന കോട്ടക്കു നേരേ ആക്രമണം തുടങ്ങി. സാമൂതിരിയെ ഭയപ്പെടുത്തുക കൂടി ഇതിന്റെ ഉദ്ദേശ്യമായിരുന്നു. കുഞ്ഞാലിയെ കീഴടക്കണമെന്നല്ലാതെ വധിക്കണമെന്ന ഉദ്ദേശ്യം സാമൂതിരിക്കുണ്ടാ യിരുന്നില്ല. പോര്‍ത്തുഗീസുകാര്‍ രണ്ടും ഉദ്ദേശിച്ചു. അവര്‍ പോംവഴിയിലെത്തി. കുഞ്ഞാലിയുടെ കീഴടങ്ങലിനു സാമൂതിരി സമ്മതിക്കുക; കീഴടങ്ങുമ്പോള്‍ ഫുര്‍ടാഡോ ബലം പ്രയോഗിച്ചു കുഞ്ഞാലിയെ പിടിച്ചെടുക്കുക; അങ്ങനെ സമൂതിരിയുടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിവാക്കി കുഞ്ഞാലിയെ ഇഷ്ടംപോലെ എന്തുവേണമെങ്കിലും ചെയ്യുക. സാമൂതിരിയെ സംബന്ധിച്ചിട ത്തോളം, കുഞ്ഞാലിയെ കൊല്ലുന്നതിനു പകരം കൊല്ലിക്കുക.

ഡി കൗട്ടോ വിവരിക്കുന്നു:
ക്ലേശങ്ങള്‍കൊണ്ടു വിവശനായ, കുഞ്ഞാലി തന്നോടു കരുണ കാണിക്കണമെന്നും താനും അനുയായികളും കീഴടങ്ങിയാല്‍ കൊല്ലാതിരിക്കണമെന്നും അപേക്ഷിച്ചു. സാമൂതിരി ഇതിനു സമ്മതിക്കുകയും കരാറുണ്ടാക്കി ഓല കൈമാറുകയും ചെയ്‌തു. ഉടമ്പടി വ്യവസ്ഥ സാമൂതിരി പോര്‍ത്തുഗീസ്‌ പ്രധാന സൈന്യാധിപനെ (ഫുര്‍ടാഡോ) അറിയിക്കുകയും അത്‌ ശരിവെക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അങ്ങനെ സമ്മതിച്ചാല്‍ കുഞ്ഞാലിയേയും അദ്ദേഹത്തിന്റെ കീഴിലുള്ള ചില നായകന്മാരേയും ഫുര്‍ടാഡോവിനു ഏല്‍പ്പിച്ചു കൊടുക്കാമെന്നും സാമൂതിരി സാമൂതിരി ഏറ്റു. രാജാവു നിര്‍ദ്ദേശിച്ചവിധം പ്രവര്‍ത്തിക്കുന്നതില്‍ തനിക്കു പൂര്‍ണ സമ്മതമാണെന്നു ഫുര്‍ടാഡോ മറുപടി നല്‍കി. തന്റെ ജീവന്‍ രക്ഷപ്പെടുമെങ്കില്‍ സാമൂതിരിക്കു കീഴടങ്ങാം എന്നു കുഞ്ഞാലി തീരുമാനിച്ചു.

എന്നാല്‍ സാമൂതിരി തന്നെ പോര്‍ത്തുഗീസ്‌ സൈന്യാധിപനു കൊടുക്കുകയും തന്നെ വധശിക്ഷക്ക്‌ വിധിക്കുകയും ചെയ്‌തതായി സ്വപ്‌നം കണ്ടുവെന്നു പിറ്റേന്നു കുഞ്ഞാലി തന്റെ അംഗരക്ഷകരോടു പറഞ്ഞു. ഉടന്‍ ആയുധം ധരിച്ച്‌ ഒരു ആകസ്‌മിക ആക്രമണത്തിനൊരുങ്ങാന്‍ പട്ടാളക്കാരോടാജ്ഞാ പിച്ചുവത്രേ. പക്ഷെ, അങ്ങിനെ എല്ലാവരും മരിക്കാന്‍ പുറപ്പെടുന്നതു വിഢിത്തമാണെന്നറിയിച്ചു പട്ടാളക്കാര്‍ ആ ശ്രമം വിലക്കി. ചില പ്രധാന അനുയായികളോടൊപ്പം കീഴടങ്ങാന്‍ അദ്ദേഹം സമ്മതിച്ചു. ധീരനായ കുഞ്ഞാലിയെ കൊല്ലുകയില്ലെന്നു താന്‍ ഉറപ്പു നല്‍കിയ ശേഷം വാക്കിനെതിരായി പ്രവര്‍ത്തിച്ചാല്‍ തന്റെ സ്വന്തം നായര്‍പ്പടപോലും തന്നോടു കലഹിക്കുമെന്നു സാമൂതിരിക്കറിയാം. അതുകൊണ്ടു സ്വന്തം പട്ടാളക്കാര്‍ ലഹള നടത്താതിരിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ രാജാവ്‌ മുന്‍കൂട്ടി ചെയ്‌തു. ക്ഷമ നശിച്ച ഫുര്‍ടാഡോ ഇനി കാത്തു നില്‍ക്കില്ലെന്നും ആക്രമണം തുടരുമെന്നും ഭീഷണിപ്പെടുത്തി. സാമൂതിരി ഒരിക്കല്‍ കൂടി കുഞ്ഞാലിയുടെ അടുത്തേക്കു ദൂതന്മാരെ അയച്ചു. സംഭാഷണങ്ങളുടേയം ചെറുത്തു നില്‍പ്പുകളു ടേയും ഒരു നീണ്ട ചരിത്രത്തിനു ശേഷം മാര്‍ച്ച്‌ 16 ന്‌ കീഴടങ്ങല്‍ ചടങ്ങു നടത്താന്‍ നിശ്ചയിക്കപ്പെട്ടു.


'കുഞ്ഞാലി നേരേ സാമൂതിരിയുടെ അരികില്‍ വന്നു കീഴടങ്ങലിന്റെ സൂചനയായി വാള്‍ അടിയറവെക്കുകയും വിനയത്തോടെ കാല്‍ക്കല്‍ വീഴുകയും ചെയ്‌തു. കുഞ്ഞാലി അങ്ങനെ തനിക്കു കീഴടങ്ങുമ്പോള്‍, ആ തക്കം നോക്കി ബലപ്രയോഗത്തിലാണെന്നു വരത്തക്കവിധം അദ്ദേഹത്തെ പിടിച്ചുകൊണ്ടു പൊയ്‌ക്കൊള്ളാന്‍ സാമൂതിരി രഹസ്യമായി പോര്‍ത്തുഗീസ്‌ കപ്പിത്താനോടു നിര്‍ദ്ദേശിച്ചിരുന്നതായി ചിലര്‍ പറയുന്നു. ഏതായാലും സാമൂതിരിയുടെ അടുത്തു നിന്ന ഫുര്‍ടാഡോ തത്സമയം മുന്നോട്ടുവന്നു കുഞ്ഞാലിയുടെ കൈ കടന്നു പിടിച്ചു. കുഞ്ഞാലി പിടിയില്‍ നിന്നുമാറാന്‍ ശക്തിയോടെ കുതറി പോര്‍ത്തുഗീസ്‌ പടത്തലവന്‍ ഒരു കുഴിയുടെ അരികില്‍ നില്‍ക്കുകയായിരുന്നതിനാല്‍ അതില്‍ തെറിച്ചു വീഴുമായിരുന്നു. പക്ഷെ, അരികില്‍ നിന്ന പാതിരി ഫാദര്‍ ഡീഗോ ഹോമന്‍ പെട്ടെന്ന്‌ അദ്ദേഹത്തെ കയറിപ്പിടിച്ചതുകൊണ്ട്‌ ഫുര്‍ടാഡോ രക്ഷപ്പെട്ടു.

പോര്‍ത്തുഗീസുകാരുടെ ഈ വഞ്ചന സാമൂതിരിയുടെ പടയാളികളുടെ യുദ്ധമര്യാദക്കു യോജിക്കാത്തതും അവരുടെ അഭിമാനത്തെ സ്‌പര്‍ശിക്കുന്നതുമായിരുന്നു. പൊതുവേ അറിയപ്പെട്ട കീഴടങ്ങല്‍ വ്യവസ്ഥകള്‍ ലംഘിച്ചു തങ്ങളുടെ സ്വന്തം നാട്ടുകാരായ വീരപുരുഷന്റെ മേല്‍ പോര്‍ത്തുഗീസുകാര്‍ ഈ രീതിയില്‍ ചതിയില്‍ കൈവെക്കുന്നത്‌ അവര്‍ക്ക്‌ പൊറുപ്പിക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട്ടെ നായന്മാര്‍ പോര്‍ത്തുഗീസുകാരുടെ മേല്‍ ചാടിവീണു കുഞ്ഞാലിയെ രക്ഷിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നു ബഹളമായി. കുഞ്ഞാലി തന്റെ വാള്‍ സാമൂതിരിക്കു നല്‍കിയിരുന്നതിനാല്‍ പൊരുതാന്‍ കഴിഞ്ഞിരുന്നില്ല. പോര്‍ത്തുഗീസുകാര്‍ അപ്പോള്‍ത്തന്നെ ശക്തമായ അകമ്പടിയോടെ കുഞ്ഞാലിയേയും കൊണ്ട്‌ അവരുടെ പാളയത്തിലേക്ക്‌ തിരിച്ചു. നായന്മാരുടെ ബഹളം ശമിപ്പിക്കുവാന്‍ സാമൂതിരി നന്നേ പാടുപെട്ടു.

സഖ്യകക്ഷികള്‍ എല്ലാ ചടങ്ങുകളോടെയും കോട്ടയില്‍ പ്രവേശിച്ചു. വിജയപടഹവും കുഴല്‍ വിളിയും മുഴങ്ങുന്നതിന്റെ നടുവുല്‍ സാമൂതിരിയും ഫുര്‍ടാഡോയും കൈകോര്‍ത്തുപിടിച്ചു കോട്ടവാതില്‍ കടന്നു. സാമൂതിരി കോട്ട കൊള്ള ചെയ്യാന്‍ പട്ടാളക്കാരോടു കല്‍പ്പിച്ചു. എന്നാല്‍ വിലപിടിച്ച സാധനങ്ങളെല്ലാം പുറമേക്കയച്ചിരുന്നതിനാല്‍ അവിടെനിന്നു കാര്യമായതൊന്നും എടുക്കാനുണ്ടായിരുന്നില്ല.

കുഞ്ഞാലി തന്റെ അളവറ്റ ധനം കോട്ടക്കകത്ത്‌ പലേടത്തും കുഴിച്ചിട്ടിട്ടുണ്ടെന്നാണ്‌ കരുതപ്പെട്ടത്‌. തുടര്‍ന്ന്‌ ഒരു വലിയ നിധിതേടല്‍ തുടങ്ങി. അധികം താമസമുണ്ടായില്ല. പോര്‍ത്തുഗീസു കാരും നായന്മാരും പരസ്‌പരം കടിച്ചു കീറി. ഇരുവശത്തും പലരും മരിക്കുകയും ചെയ്‌തു.

കുഞ്ഞാലിയേയും 40 പ്രധാനപ്പെട്ട അനുയായികളേയും പോര്‍ത്തുഗീസുകാര്‍ക്കു കിട്ടി. പടക്കോപ്പുകള്‍ ഇരുകൂട്ടരും പങ്കിട്ടെടുത്തു. പോര്‍ത്തുഗീസ്‌ മേധാവി കുഞ്ഞാലിയുടെ കോട്ട ഇടിച്ചു നിരത്തി. അങ്ങാടികള്‍ക്കും പീടികകള്‍ക്കും പള്ളിക്കും തീവെച്ചു.

മാര്‍ച്ച്‌ 25 ന്‌ ജോണ്‍ ഫുര്‍ടാഡോ ചങ്ങലയില്‍ബന്ധിച്ച തന്റെ പ്രസിദ്ധനായ തടവുകാരനേയും കൂട്ടി ഗോവയിലേക്കു പുറപ്പെട്ടു. ഏപ്രില്‍ 11 ന്‌ ഗോവയിലെത്തി.

കാര്യങ്ങള്‍ നടക്കാന്‍ സാമൂതിരി പോര്‍ത്തുഗീസുകാരെ ആശ്രയിച്ചതിനാല്‍ തങ്ങള്‍ക്കു രാജാവില്ലാ എന്നു നായന്മാര്‍ വിളിച്ചു പറഞ്ഞു. ഫാദര്‍ റോസിനെ വിളിച്ചു കൊണ്ടുവരണമെന്നു സാമൂതിരി ആവശ്യപ്പെട്ടപ്പോള്‍ നായന്മാര്‍ വാളൂരി അദ്ദേഹത്തിനു നേര്‍ക്ക്‌ ആഞ്ഞടുത്തു. കിരീടാവകാശിയായ രാജകുമാരന്‍ ഇടപെട്ടതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷപ്പെട്ടു.

കുഞ്ഞാലി ആ കാരാഗൃത്തില്‍ എത്രകാലം കഴിഞ്ഞുവെന്നറിയില്ല. കൂടെ സാമൂതിരി പോര്‍ത്തുഗീസുകാര്‍ക്കു വിട്ടുകൊടുത്ത 40ഓളം മാപ്പിളമാരും. വൈസ്രോയിക്കു പെട്ടെന്നു രോഗം ബാധിക്കുകയും കുഞ്ഞാലിയുടെ വിചാരണ നീട്ടി വെക്കേണ്ടി വരികയും ചെയ്‌തു. രണ്ടു ദിവസത്തിനുശേഷം വിചാരണ ആരംഭിച്ചു. ശിക്ഷ വിധിച്ചു. തന്റെ വിധി നേരത്തേ തന്നെ അദ്ദേഹത്തിനറിയാമായിരുന്നു.
                       ***
ടോന്‍കോവിലെ തടവുമുറിയില്‍ കിടക്കുന്ന കുഞ്ഞാലി തന്റെ ഉമ്മയുമായുണ്ടായ അവസാന കൂടിക്കാഴ്‌ചയും അവര്‍ തന്നെ കെട്ടിപ്പിടിച്ചു തന്റെ കഴുത്തിലുണ്ടായിരുന്ന ഒരു പട്ടുറുമാല്‍ എടുത്തപ്പോള്‍ പറഞ്ഞ അവസാനവാക്കുകളുമോര്‍ത്തു: " മോനേ, അവര്‍ നിനക്ക്‌ എന്തെങ്കിലും ആപത്തു വരുത്തുമ്പോള്‍ എനിക്ക്‌ ഒരടയാളമയക്കുക. ധൈര്യത്തോടെയിരിക്കണം. റബ്ബ്‌ കാക്കും."

കുഞ്ഞാലിയുടെ തല രക്ഷിക്കാന്‍ സമ്മതമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആത്മാവു രക്ഷിക്കാന്‍ ക്രിസ്‌ത്യന്‍ പുരോഹിതവര്‍ഗം ന്തെുകൊണ്ടോ ഔദാര്യം പ്രകടിപ്പിച്ചു.

ആത്മാവിനെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഈ ദായനിധികള്‍ കുഞ്ഞാലിക്കല്‍പ്പവും സ്വര്യം നല്‍കിയില്ല. ക്രിസ്‌തുമതത്തിന്റെ വിവിധ വിഭാഗക്കാരും അദ്ദേഹത്തെ പലവട്ടം സന്ദര്‍ശിച്ച്‌ യേശുക്രിസ്‌തുവിന്റെ കൈകളില്‍ അഭയം തേടാന്‍ അഭ്യര്‍ത്ഥിക്കുക യുണ്ടായി. "കുഞ്ഞാലിയുടെ ആത്മാവിനെ രക്ഷിച്ചു കര്‍ത്താവിന്റെ അണിയില്‍ ചേര്‍ക്കാന്‍ അവര്‍ ആത്മര്‍ത്ഥമായി അധ്വാനിച്ചു. കുഞ്ഞാലി ഇതിനു വഴങ്ങിയില്ല" ഡി കൗട്ടോ സങ്കടപ്പെടുന്നു.

കുഞ്ഞാലിയുടെ വധദിവസം. രാത്രിമുഴുവന്‍ കുഞ്ഞാലി പ്രാര്‍ത്ഥനയില്‍ മുഴുകി. പിറ്റേന്നു വൈസ്രോയിയുടെ വരവറിയിച്ചു കൊമ്പുവിളി മുഴങ്ങി. അദ്ദേഹം വധസ്ഥലത്തലങ്ക രിച്ചിരുന്ന മട്ടുപ്പാവില്‍ വ്‌ന്നു നിന്നു. വാമഭാഗത്ത്‌ ആര്‍ച്ച്‌ ബിഷപ്പും. കുഞ്ഞാലിയുടെ ഗംഭീരവും ധീരവുമായ പെരുമാറ്റം കഠോരഹൃദയരായ ശത്രുക്കളുടെ പോലും ആദരം നേടി. ജനക്കൂട്ടം നിശ്ശബ്ദമായി കുഞ്ഞാലി മുന്നില്‍ പരന്നുകിടക്കുന്ന ജനലക്ഷങ്ങളുടെ നേരേ കണ്ണോടിച്ചശേഷം കഴുത്തു താഴ്‌ത്തി. പോര്‍ത്തുഗീസുകാരുടെ ഭീകരമായ ചെണ്ടമുഴക്കമുയര്‍ന്നു. മഴുപതിച്ചു. ആ ധീരദേശാഭിമാനി രക്തസാക്ഷിയായി.

തലവെട്ടല്‍ പിന്നേയും തുടര്‍ന്നു. കുഞ്ഞാലിയുടെ മരുമകനേയും സാമൂതിരിയേല്‍പ്പിച്ച മറ്റു 40 പേരേയും വധിച്ചു. തടവുകാരില്‍ ഒരാള്‍പോലും രക്ഷപ്പെട്ടില്ല.

കുഞ്ഞാലിയുടെ മൃതശരീരം നാലായി ചീന്തി ബാര്‍ഡീസിലും പഞ്ചിമിലും കടപ്പുറത്തു ശൂലത്തിന്മേല്‍ കുത്തിവെച്ചു. തല ഉപ്പു പുരട്ടി കണ്ണൂരിലേക്കയച്ചു; അവിടെ മുസ്ലീങ്ങളെ ഭയപ്പെടുത്താന്‍., അതു കുന്തത്തില്‍ കോര്‍ത്തു നാട്ടാന്‍.
                         ***             
കുഞ്ഞാലിയുടെ ഉമ്മ മകന്റെ വരവുകാത്തിരുന്നതു വിഫലമായി. എന്നാല്‍ അവര്‍ ഒരടയാളം കണ്ടു; കുഞ്ഞാലിയുടെ കഴുത്തില്‍ മഴുവീണ അവസരത്തില്‍ ഉറുമാലില്‍ ചോരപുരണ്ടതായി. തന്റെ ധീരനായ മകന്‍ ഇനി തിരിച്ചു വരില്ലെന്ന്‌ ഉമ്മ തീരുമാനിച്ചു. ഉമ്മയുടെ ഖബറിനു തൊട്ടു ഇന്നു നാം കോട്ടയില്‍ കാണുന്ന കുഞ്ഞാലിയുടെ ഖബറിനുള്ളില്‍ ഈ ഉറുമാല്‍ അടക്കം ചെയ്‌തിട്ടുണ്ടെന്നു പറയുന്നു.('തേജസ്‌' മാസികയുടെ 2000 മാര്‍ച്ച്‌ ലക്കത്തിലാണ് ആസിഫിന്‍റെ ഈ ലേഖനമുള്ളത്. ചിത്രങ്ങള്‍ ആലക്കം മാസികയില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും) 

@ചരിത്രത്തിലെ സാമൂതിരിമാര്‍ -കെ കെ കൊച്ച്

 2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

ബുദ്ധ സാഹിത്യം നശിപ്പിക്കപ്പെട്ടു -പ്രൊഫ.കെ എസ്‌ ഭഗവാന്‍


ചരിത്രത്തിലെ അറിയപ്പെടാത്ത കാലം മുതല്‍ നമ്മുടെ പ്രാചീന മഹിമകളം വാമൊഴിയായും താളിയോലകളിലായും സംരക്ഷിച്ചുപോന്ന ജ്ഞാനികളോടു തീര്‍ച്ചയായും നാം നന്ദിയുള്ള വരായിരിക്കണം. രാമായണം, മഹാഭാരതം, ബ്രഹ്മസൂത്രങ്ങള്‍, ഉപനിഷത്തുകള്‍, ഭഗവത്‌ ഗീത മുതലായവ ഇപ്പോള്‍ ലോക സംസ്‌കാര ത്തിന്റെ ഭാഗമായത്‌ അതിനാ ലാണ്‌. എന്നാല്‍ എന്തുകൊണ്ട്‌ അതേ പണ്ഡിതന്മാര്‍ ബുദ്ധ സാഹിത്യത്തെ രക്ഷിച്ചില്ല? ക്രിസ്‌ത്വബ്ദം രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന ചിന്തകനും കവിയുമായ നാഗാര്‍ജുനന്റെ കൃതികള്‍ എന്തുകൊണ്ടവര്‍ തുല്യ ആവേശത്തോടെ സംരക്ഷിക്കാതിരുന്നു. എന്താവാം ഇതിനു കാരണം? ആലോചി ക്കുന്ന മനുഷ്യന്റെ മനസ്സില്‍ പൊന്തിവരുന്ന ഏതാനും സംശയ ങ്ങളും ചോദ്യങ്ങ ളുമാണിവ. അദ്ദേഹ ത്തിന്റെ കൃതികള്‍ ചൈനീസിലേക്കും തിബതന്‍ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്‌തിട്ടു ള്ളതിനാല്‍ അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴവും വ്യാപ്‌തിയും നമുക്കിപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കു ന്നു. അല്ലെങ്കില്‍ നാഗാര്‍ജുനനെ കുറിച്ചു ലോകം അറിയുക യേയില്ലായിരുന്നു. അത്തരമൊരു പ്രമുഖ ബുദ്ധിജീവിയുടെ കൃതികള്‍ നമ്മുടെ പണ്ഡിതന്മാര്‍ സംരക്ഷിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌?


കെ എസ് ഭഗവാന്‍ 
ബുദ്ധമതം അടിസ്ഥാനപരമായി വേദങ്ങളുടെ ആധികാരികതയെ അംഗീകരിക്കുന്നില്ല. ബുദ്ധമതം തുറന്ന മനസ്ഥിതിയെ പ്രോത്സാ ഹിപ്പിക്കുന്നു. അതേസമയം വേദമതം തുറന്ന മനസ്ഥിതിയെ നശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇക്കാരണത്താല്‍ അധികം ബുദ്ധകൃതികളും നശിപ്പിക്കപ്പെട്ടു. അതിനാല്‍ വേദമതത്തിന്റെ അനുയായികള്‍ അവ അഗ്നിക്കിരയാക്കി എന്ന നിഗമനത്തില്‍ എത്തേണ്ടിയിരിക്കുന്നു നാം. അദ്വൈതവാദി എന്നറിയപ്പെടുന്ന ശങ്കരന്‍ തന്നെ നാഗാര്‍ജുന കൊണ്ടയില്‍ ചെന്ന്‌ നാഗാര്‍ജുനന്റെ അനുയായികളേയും ബുദ്ധ സ്‌മാരകങ്ങളേയും നശിപ്പിച്ച സ്ഥിതിക്ക്‌ വേദമതക്കാരെക്കുറിച്ച്‌ ഒന്നും പറയേണ്ട ആവശ്യമില്ല. രാജകീയ രക്ഷാകര്‍തൃത്വത്തിന്‍ തണലില്‍ വേദബ്രാഹ്മണര്‍ ബുദ്ധരേയും ജൈനരേയും മുഴുവന്‍ സ്വതന്ത്ര ചിന്താഗതിക്കാ രേയും കൊന്ന്‌ അവരുടെ കൃതികളും നശിപ്പിച്ചിട്ടുണ്ടാവണം.

അതിനാല്‍ നാം അനിവാര്യമായും ഒരു നിഗമനത്തിലെത്തേണ്ടി യിരിക്കുന്നു. വേദമനസ്‌ വളരെ ദുഷിച്ചതാണ്‌. മനസുകളില്‍ ഏറ്റവും ക്രൂരം അതാണ്‌. സഹിഷ്‌ണുത അതിന്‌ പരിചയമില്ല. ഭിന്നാഭിപ്രായങ്ങളെ വെച്ചുപൊറുപ്പിക്കുന്ന സംസ്‌കാരം അതിനില്ല. കൂടുതല്‍ നല്ല എന്തെങ്കിലും കാണുമ്പോഴേക്ക്‌ അതിന്‌ ആത്മഹത്യ ചെയ്യുന്നതായ തോന്നലുണ്ടാകുന്നു. അതിനു മനുഷ്യത്വമില്ല. ഈ സ്വഭാവ വിശേഷതകളുള്ള മനസ്സിനെ വേദമനസ്സ്‌ എന്നു വിളിക്കാം."ആയിരം വര്‍ഷത്തോളം ബുദ്ധന്‍ വിസ്‌മരി ക്കപ്പെടുകയും സംസ്‌കൃത ത്തിലുള്ള മഹത്തായ ബുദ്ധ സാഹിത്യം നശിപ്പിക്ക പ്പെടുക യും ചെയ്‌തു. ഹിന്ദുക്കളുടെ ദൃഷ്ടിയില്‍ ബുദ്ധന്‍ വിഷ്‌ണുവിന്റെ കൊച്ച വതാരങ്ങളില്‍ ഒന്നുമാത്രമായിരുന്നു. യൂറോപ്യന്‍ പണ്ഡിതന്മാരുടെ ശ്രമഫലമാ യാണ്‌ ശൈകമുനി വീണ്ടെ ടുക്കപ്പെട്ടത്‌. ഇന്ത്യാചരിത്രത്തില്‍ നിന്നു നിഷ്‌കാസിതനായി എന്നു തോന്നിയിരുന്ന അശോകചക്ര വര്‍ത്തിക്ക്‌ അദ്ദേഹത്തിന്റെ പദവികള്‍ തിരികെ ലഭിച്ചതും മറ്റേതൊരു രാജാവിനേക്കാളും ഉന്നതമായ സ്ഥാനം അദ്ദേഹത്തിന്‌ ഇന്ത്യക്കാരുടെ മനസ്സില്‍ കൈവന്നതും ഇന്ത്യന്‍ ഗവേഷകരുടെ ശ്രമഫലമായല്ല. മറിച്ച്‌ യൂറോപ്യന്‍ പണ്ഡിതന്മാരുടെ ശ്രമഫലമായാണ്‌." K N Panikkar. A Survey of Indian History, 1971, P 232-3.

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

ദളിത്‌ മഹാസഭകളും നേതൃത്വങ്ങളും -പി കെ ചോതി

ദളിത്‌ മഹാസഭകളും നേതൃത്വങ്ങളും

പി കെ ചോതി


പി കെ ചോതി
1937 ജൂലൈ 22നു അടൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ കൂടിയ ഒരു മഹാ സമ്മേളനത്തില്‍ വെച്ചാണ്‌ 'സമസ്‌ത തിരുവിതാംകൂര്‍ പുലയ മഹാസഭ' രൂപം കൊണ്ടത്‌. സഭാ പ്രസിഡന്റായി ടി ടി കൃഷ്‌ണന്‍ ശാസ്‌ത്രിയെ തെരഞ്ഞെടുത്തു. അദ്ദേഹം അയ്യന്‍ കാളിയുടെ ജാമാതാവായി രുന്നു. പണ്ഡിറ്റ്‌ കെ പി കറുപ്പന്‍ മാസ്റ്ററുടെ സഹകരണത്തിന്റേയും ഉപദേശങ്ങളുടേയും ഫലമായി 1913-ല്‍ എറണാകുളം കായലി ന്റെ നടുവില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതില്‍ തട്ടുപലകകള്‍ നിരത്തിയ വേദിയില്‍ വെച്ചാണ്‌ കൊച്ചിയിലെ പുലയ സംഘടനക്ക്‌ രൂപം നല്‍കിയത്‌. കെ പി വള്ളോന്‍, പി സി ചാഞ്ചന്‍ എന്നിവരാ ണ്‌ ആ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌. ധീവരസഭ യുടെ സ്ഥാപകനും പണ്ഡിറ്റ്‌ കെ പി കറുപ്പന്‍ മാസ്റ്റര്‍ തന്നെയാ യിരുന്നു. അദ്ദേഹം കൊടുങ്ങല്ലൂരില്‍ പഠിച്ചിരുന്ന കാലഘട്ടത്തില്‍ ആനാപ്പുഴയില്‍ താമസിച്ചുകൊണ്ടാണ്‌ 1080-ല്‍ തന്റെ സമുദായ സംഘടനക്ക്‌ രൂപം കൊടുത്തത്‌. അയിത്തജാതികള്‍ ക്കെതിരേയുള്ള സാമൂഹ്യ പീഡനങ്ങള്‍ക്ക്‌ അദ്ദേഹം തന്റെ തൂലികയിലൂടെയാണ്‌ പ്രതിഷേധം ഉയര്‍ത്തിയത്‌. അക്കാലത്തുതന്നെ എറണാകുളത്ത്‌ പി കെ ഡീവറുടെ നേതൃത്വത്തില്‍ തേവര കേന്ദ്രമാക്കി 1086-ല്‍ 'വാലസമുദായ പരിഷ്‌കരണി സഭ' എന്ന പേരില്‍ രൂപപ്പെട്ടതാണ്‌ ഇന്ന്‌ 'സുധര്‌മ്മ സൂര്യോദയം സഭ' എന്ന പേരില്‍ പ്രവര്‍ത്തിക്കു ന്നത്‌. അക്കാലത്ത്‌ തിരുവിതാംകൂറിലും മലബാറിലും ധീവരര്‍ക്ക്‌ അസംബ്ലിയില്‍ ഓരോ പ്രതിനിധികള്‍ വീതമുണ്ടായിരുന്നു. കൊച്ചി യില്‍ കെ പി വള്ളോനും പി സി ചാഞ്ചനും എംഎല്‍സി മാരായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും പുലയരുടെ സംഘടനകള്‍ രൂപം പ്രാപിച്ചപ്പോള്‍ ക്രമേണ അയിത്തജാതി ഗണത്തില്‍പ്പെട്ട പറയന്‍, വേലന്‍, വേട്ടുവന്‍, പരവന്‍, ഉള്ളാടന്‍ തുടങ്ങിയവര്‍ സംഘടനകള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങി.


കെ പി വള്ളോന്‍
1903-ലാണ്‌ എസ്‌എന്‍ഡിപി യോഗം നിലവില്‍ വന്നത്‌. 1808-ല്‍ ബ്രാഹ്മണ യോഗക്ഷേമസഭ യുണ്ടായി. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ 1914-ല്‍ എന്‍എസ്‌എസ്‌ രൂപം പ്രാപിച്ചു. ധീവരസഭയുടെ സംയോജിച്ചുള്ള പ്രവര്‍ത്തനം തുടങ്ങുന്നത്‌ 1922-മുതലാണ്‌. നേതൃത്വത്തിന്റെ കെട്ടുറപ്പും പ്രവര്‍ത്തനശേഷിയും കൊണ്ടുമാത്ര മാണ്‌ എന്‍എസ്‌എസ്‌ എസ്‌എന്‍ഡിപി എന്നീ പ്രസ്ഥാനങ്ങള്‍ ഇന്നുകാണുന്ന പുരോഗതി കൈവരിച്ചത്‌. ധീവരസഭക്ക്‌ അങ്ങിങ്ങായി പ്രാദേശിക തലത്തില്‍ ഇന്നും താഴെത്തട്ടില്‍ തന്നെയാണ്‌ സാമൂഹിക ജീവിതം. ജാതി ഉപജാതികളായി നിന്നിരുന്നവരെ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തന ശൈലിയാണ്‌ എന്‍എസ്‌എസി നേയും എസ്‌എന്‍ഡിപിയേയും ഒരേ നേതൃത്വത്തിലും കൊടിക്കീഴിലും പിടിച്ചുനിര്‍ത്തുവാന്‍ സഹായിച്ച ത്‌. സംഘടിച്ചു നില്‍ക്കുവാന്‍ കഴിഞ്ഞതിലുള്ള നേട്ടങ്ങള്‍ ഇന്നവര്‍ കൊയ്‌തു കൂട്ടുന്നു. സര്‍വജാതികളുടേയും ആധിപത്യം തങ്ങള്‍ക്കാ ണെന്നവകാശപ്പെട്ടുകൊണ്ട്‌ ബ്രാഹ്മണ വര്‍ഗവും മെയ്യനങ്ങാതെ ബുദ്ധിപരമായി മതാചാരപ്രവര്‍ത്തനം കൊണ്ട്‌ മറ്റുള്ളരെ തങ്ങ ളുടെ കാല്‍ച്ചുവട്ടില്‍ ഇന്നും നിര്‍ത്തി പുരോഗമിക്കുന്നു. സാധുജന പരിപാലനസംഘമെന്ന പേരില്‍ അയ്യന്‍കാളി 1905 മുതല്‍ 1937 വരെ അയിത്തജാതികളെ ഒരുമിച്ചു നിര്‍ത്തിയിരുന്നു. 1000ല്‍ പരം ശാഖകള്‍ ആ സംഘത്തിന്റെ പേരില്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നു. ആ സംഘടിതശക്തിയെ ഭിന്നിപ്പിക്കുവാനും കൂട്ടായ പ്രവര്‍ത്തനത്തെ ഇല്ലായ്‌മ ചെയ്യാനും അയിത്തജാതിക്കാരെ ഭിന്നിപ്പിച്ചു നിര്‍ത്താനുമായിട്ടാണ്‌ സര്‍ സിപി ടിടി കൃഷ്‌ണന്‍ ശാസ്‌ത്രിയെക്കൊണ്ട്‌ പുലയരുടേതുമാത്രമായൊരു സംഘടനക്ക്‌ രൂപം കൊടുപ്പിച്ചത്‌. ആ ശ്രമം വിജയിച്ചതിന്റെ ഫലമാണ്‌ ഇന്ന്‌ നൂറുകണക്കിന്‌ സംഘടനകളിലായി ദളിതര്‍ പരസ്‌പര വിരുദ്ധമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്നത്‌.

പി സി ചാഞ്ചന്‍
വിവിധ പേരില്‍ അറിയപ്പെടുന്ന പുലയരുടെ മാത്രം സംഘടനകള്‍ എത്രയെന്നുപോലും ഒരു നിശ്ചയവുമില്ല. ഇവയെ കൂടാതെ കേരള ഹരിജന്‍ സമാജം, ചേരമര്‍ സഭ എന്നിവ വേറേയും. ദളിതര്‍ ഇന്ന്‌ സംഘടിതരാണ്‌. ജാതീയമായ സംഘംചേരല്‍ കൂടാതെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ പേരിലും മറ്റുവിധ ത്തിലുള്ള പോരാട്ടഗ്രൂപ്പുകളിലുമായി ചേര്‍ന്ന്‌ ശിഥിലീകരിക്ക പ്പെട്ടുകൊണ്ടിരിക്കുക യുമാണ്‌ നമ്മള്‍. അയിത്തജാതികള്‍ എന്നു മുദ്രകുത്തി തലക്കുമുകളില്‍ ആയുധങ്ങളുമായി നിന്നിരുന്ന വര്‍ഗത്തെ രാഷ്ട്രീയത്തിന്റെ പേരില്‍ വിജയിപ്പിച്ച്‌ വീണ്ടും വീണ്ടും നമ്മെ ഭരിക്കുവാന്‍ അധികാര ത്തിന്റെ കസേരയില്‍ പിടിച്ചിരുത്തി അവരുടെ അടിമത്വം ഏറ്റുവാങ്ങാനുള്ള രാഷ്ട്രീയ വിടുപണിയില്‍ മുഴുകി നടക്കുകയാണ്‌ നമ്മള്‍ ഇന്നും.

ദളിതരെ കൂടാതെ മറ്റൊരു സമുദായത്തിനും ഈ വിധധത്തിലുള്ളൊരു അവസ്ഥ ഉണ്ടായിട്ടില്ല. നോക്കണേ, രാഷ്ട്രീയാധികാരത്തില്‍ പങ്കാളിത്തമില്ലാത്ത ഒരേയൊരു ജനവിഭാഗത്തിന്റെ ദുരവസ്ഥ. 1946-ഒക്ടോബര്‍ 27ആം തിയതിയാണ്‌ വയലാറില്‍ വെടിവെപ്പു നടന്നത്‌. ഉദ്ദേശം 3500 തൊഴിലാളികളാണ്‌ അവിടെ പിടഞ്ഞുവീണു മരിച്ചത്‌. അവരില്‍ ഭൂരിഭാഗവും ദളിതരായിരുന്നു എന്ന സത്യം ഇന്നുവരെ ആരും അംഗീകരിച്ചിട്ടില്ല. മരിച്ചവരുടെ എണ്ണം പോലും കൊന്നവര്‍ക്കും കൊല്ലിച്ചവര്‍ക്കും അറിഞ്ഞുകൂടാ. സമരം നയിച്ചവര്‍ അധികാരത്തില്‍ വന്നിട്ടും സമരത്തില്‍ ജീവന്‍ ഹോമിച്ചവരുടെ ലിസ്‌റ്റുപോലും പ്രസിദ്ധീകരിക്കാത്തത്‌ ചരിത്രസത്യം മറച്ചുവെക്കലല്ലാതെ മറ്റെന്താണ്‌. 


മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുകയും അ്‌ടിച്ചമര്‍ത്തുകയും വെറുക്കുകയും ചെയ്യുന്നതിനു പകരം എല്ലാവരും പരസ്‌പരം യോജിച്ചുകൊണ്ടും സഹകരിച്ചുകൊണ്ടും ഏറ്റവും ഉയര്‍ന്ന സംസ്‌കാരത്തോടും സുഖസമൃദ്ധിയോടുംകൂടി കൂട്ടായ്‌മയായി ജീവിക്കുന്നൊരു സാമൂഹ്യ വ്യവസ്ഥിതിക്കുവേണ്ടി പരിശ്രമിച്ച വരുടെ ശ്രമം എവിടെ എത്തിനില്‍ക്കുന്നുവെന്ന്‌ അനുഭവത്തിലൂടെ നാം മനസ്സിലാക്കണം. കേരളത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണം കഴിഞ്ഞ ഭരണകാലത്ത്‌ 44 ലക്ഷമായിരുന്നു വെങ്കില്‍ ഇന്നത്‌ 50 ലക്ഷത്തില്‍ പരമായിരിക്കുന്നു. 50,000 കോടി രൂപയുടെ നിക്ഷേപവും 15 ലക്ഷം പേര്‍ക്ക്‌ പുതുതായി തൊഴിലും വാഗ്‌ദാനം ചെയ്‌ത്‌ ഭരണത്തില്‍ തുടരുന്ന ഇപ്പോഴത്തെ സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ജോലികൊടുത്തവരുടെ എണ്ണവും നിക്ഷേപിച്ച തുകയും പരിശോധിച്ചാല്‍ വട്ടപ്പൂജ്യമാണ്‌. ഈ ദുസ്ഥിതിക്കെതിരെ അടിസ്ഥാന വര്‍ഗങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുകയും അവരുടെ ആത്മാഭിമാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭണ പരിപാടികളെ സാമൂഹ്യവിരുദ്ധ കലഹ പ്രസ്ഥാന ങ്ങളായി ചിത്രീകരിക്കുകയുമാണ്‌ ചെയ്‌തുകൊണ്ടിരി ക്കുന്നത്‌. ഇന്ത്യയില്‍ ആദ്യമായി സംവരണം നടപ്പിലാക്കിയത്‌ 1902 ജൂലൈ 26 നു മാഹാരാഷ്ട്രയിലെ കോല്‍ഹാപ്പൂര്‍ രാജാവായിരുന്ന ഛത്രപതി സാഹു മഹാരാജാവായിരുന്നു. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിനു ശേഷമാണ്‌ മറ്റു സംസ്ഥാനങ്ങളില്‍ സംവരണം നടപ്പിലാക്കിത്തുടങ്ങിയത്‌. സ്വാതന്ത്ര്യത്തിന്റെ 50 വര്‍ഷങ്ങള്‍ക്കു ശേഷവും ദളിത്രര്‍ ആവരുടെ സംവരണാനുപാതത്തിന്‌ താഴെയാണ്‌. ആകെയുള്ള തസ്‌തികകളുടെ എണ്ണത്തിന്റെ ആനുപാതികമായിട്ടാ യിരിക്കണം സംവരണം നിശ്ചയിക്കപ്പെടേണ്ടത്‌. അല്ലാതെ ഒഴിവുവരുന്ന തസ്‌തികകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി യാവരുത്‌. ആ വിധത്തില്‍ മാത്രമേ പിന്നോക്ക ജാതിക്കാര്‍ക്കും ദളിതര്‍ക്കും എല്ലാ മേഘലകളിലും അര്‍ഹമായ പ്രാതിനിധ്യം ലഭ്യമാകൂ.

സംവരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്‌ ഒ എം 27-12-73 ഇഎസ്‌ടി (എസ്‌ഇടി) 7-10-74 പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരു കളുടെ ഗ്രാന്റ്‌ ഉപയോഗിച്ചു നടത്തുന്ന സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കേണ്ടതാണ്‌. ഒ എം 39/40/74 എസ്‌ഇടി (1) 30-9-74 Minister of Human affairs (to all Ministers) 28 വര്‍ഷം കഴിഞ്ഞിട്ടും മേല്‍ തീരുമാനത്തില്‍ യാതൊരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം(2003) സുപ്രീം കോടതി പൂജാരി നിയമനത്തില്‍ ഹിന്ദുവായിട്ടുള്ള ഏതുജാതിക്കാരനേയും എടുക്കാ മെന്നുള്ള വിധിക്കെതിരെ വേദസംസ്‌കാരം പുനസ്ഥാപി ക്കാന്‍ ബ്രാഹ്മണ സഭ വേദപാഠശാല ആദ്യമായി സാംസ്‌കാരിക വകുപ്പി ന്റെ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ 15 വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനമെടുത്തിരിക്കുന്നു. ശ്രീ ഗോപാലസ്വാമി ഐഎഎസ്‌ ഇതിന്റെ സൂത്രധാരനായി പ്രവര്‍ത്തിക്കുന്നു. അഞ്ചേകാല്‍ കോടി രൂപയും ഇതിനായി വകകൊള്ളിച്ചിട്ടുണ്ട്‌. അധ്യാപകരും അധ്യേതാക്കളും ബ്രാഹ്മണര്‍ തന്ന എന്നു തീരുമാനിച്ചു കഴിഞ്ഞു. ഇത്‌ മനുവാദികളുടെ ആധിപത്യം നിലനിര്‍ത്താനുള്ള ഗൂഢമായ തന്ത്രമാണ്‌. പൂണൂല്‍ വര്‍ഗത്തെ ക്ഷേത്രപൂജാരിയായി നിയമിക്കുവാനും മറ്റുവിഭാഗത്തെ വീണ്ടും അകറ്റി നിര്‍ത്താനുള്ള സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ സുപ്രീം കോടതിവിധിയെ മറികടക്കലും സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങ ളില്‍ സംവരണ തത്വം പാടേ നിഷേധിക്കലുമാണ്‌ ഇത്‌. 

കെ പി കറുപ്പന്‍
തൊഴില്‍ രംഗത്തെ രാഷ്ട്രീയ വല്‍ക്കരണമാണ്‌ പ്രത്യേകിച്ചും ദളിതരെ അടിമത്വത്തില്‍ നിന്നും അടിമത്വത്തിലേക്ക്‌ നയിച്ചിരിക്കുന്നത്‌. ഒരു വ്യക്തിക്ക്‌ നിര്‍മ്മാണ രംഗത്ത്‌ പണി ലഭിക്കണ മെങ്കില്‍ ഏതെങ്കിലും തൊഴില്‍ യൂണിയനില്‍ അംഗത്വമാ വശ്യമാണ്‌. ഈ തൊഴില്‍ സംഘടനയില്‍ ചേരുമ്പോള്‍ മറ്റു സാമുദായിക സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൂടെന്നാണ്‌ നേതൃത്വ ത്തിന്റെ ഉപദേശം. ഇതും പ്രത്യേകിച്ച്‌ ബാധിക്കുന്നത്‌ ദളിതരെയാണ്‌. അവര്‍ക്കവരുടെ ചരിത്രസത്യം തിരിച്ചറിയുന്നതിനും പഠിക്കുന്നതിനും അവസരം നഷ്ടപ്പെടുന്നു. ഉപജീവനത്തിനുവേണ്ടി ഏതെങ്കിലും തൊഴില്‍ സംഘത്തില്‍ ചേര്‍ന്നാല്‍ അവനും അവന്റെ കുടുബവും ആ പ്രസ്ഥാനത്തിന്റെ അല്ലെങ്കില്‍ ആ രാഷ്ട്രീയ കക്ഷിയുടെ അനുസര ണയിലും വിധേയത്വത്തിലും ആയിരിക്കണമെന്നതാണ്‌ പഠിപ്പിക്കു ന്നത്‌. ദളിത്‌ സംഘടനകളില്‍ പ്രവര്‍ത്തിക്കരുത്‌ നേതൃത്വം വഹിക്കരുത്‌ അധഃസ്ഥിത സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ജീവചരിത്രങ്ങള്‍ വായിക്കരുത്‌ അവരുടെ ജനനമരണദിനാചരണ ങ്ങളില്‍ പങ്കെടുക്കരുത്‌ ഈ വിധത്തിലാണ്‌ വിലക്കുകള്‍. ഈവക നിയന്ത്രണങ്ങളെ ശിരസാ വഹിക്കുന്നത്‌ ദളിത്‌ വിഭാഗങ്ങളാണ്‌. മറ്റുള്ളവര്‍ ഈ ആരുളപ്പാടുകളെ വകവെക്കാതെ തങ്ങളുടെ സാമുദായികവും മറ്റു സാമൂഹികവുമായ പ്രവര്‍ത്തനങ്ങളിലും സജീവമായ പങ്കുവഹിക്കുന്നുണ്ട്‌. അപ്രകാരം അവരുടെ പ്രവര്‍ത്തനപരമായി സാമ്പത്തികവും സാമൂഹികവും ഭൗതികവുമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നു. ദളിത്‌ പ്രസ്ഥാനങ്ങളാകട്ടെ യുവാക്കളുടെ പങ്കാളിത്തമില്ലായ്‌മകൊണ്ട്‌ ക്ഷയോന്മുഖമായിരിക്കുന്നു.


ഓരോ ദളിത്‌ മഹാസഭയുടേയും തലപ്പത്തിരിക്കുന്നവര്‍ ഇനിയെങ്കിലും ചിന്തിക്കേണ്ടതായ പ്രശ്‌നങ്ങള്‍ ഗൗരവമായിട്ടുള്ള താണ്‌. ഇവരുടെ കക്ഷിരാഷ്ട്രീയ ബന്ധങ്ങള്‍ കാരണം അവര്‍ നയിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങളില്ലെന്നു കാണാം. അലക്ഷ്യമായ പ്രവര്‍ത്തനം തുടരുന്നതുകൊണ്ട്‌ എന്താണ്‌ നമ്മുടെ ലക്ഷ്യങ്ങളെന്ന്‌ അണികളെ പറഞ്ഞു മനസ്സിലാക്കാനും കഴിയുന്നില്ല. സ്വാതന്ത്ര്യപ്രാപ്‌തിക്കു ശേഷം 50ല്‍ ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 'കോരനു കുമ്പിളില്‍ കഞ്ഞി'യെന്ന വ്യവസ്ഥക്ക്‌ മാറ്റം സംഭവിച്ചിട്ടില്ല. സഭാനേതൃത്വങ്ങളുടെ തലതിരിഞ്ഞ രാഷ്ട്രീയ വിധേയത്വം കാരണം നമുക്ക്‌ നഷ്ടമാകുന്നത്‌ വിലയേറിയ അവകാശങ്ങളാണ്‌. ഒരേലക്ഷ്യത്തിലടിയുറച്ചു നിന്നുകൊണ്ട്‌ ഒരു കൊടിക്കീഴില്‍ നിന്നു പോരാടേണ്ട നാം പരസ്‌പരം ഭിന്നിച്ചും കലഹിച്ചും ജീവിക്കുന്ന അവസ്ഥയെ ശത്രുക്കള്‍ ചൂഷണം ചെയ്‌തുകൊണ്ടിരിക്കുന്നുവെന്ന സത്യം ഇനിയെങ്കിലും നാം തിരിച്ചറിയണം. പാകതയും പക്വതയുമാര്‍ന്ന, വിവേകശാലികളു മായുള്ള യുവജനവിഭാഗമാണ്‌ നേതൃനിരയിലേക്കു വരേണ്ടത്‌. ദളിതരുടെ വിമോചനപ്പോരാട്ടങ്ങളുടെ പ്രത്യയശാസ്‌ത്രം തന്നെ അംബേഡ്‌കറിസമാണ്‌. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മുഖ്യധാരയില്‍ എത്തിച്ചേരുവാനുള്ള മര്‍ഗവുമാണിത്‌. മഹാസഭകളുടെ വാര്‍ഷിക മാമാങ്കം കഴിഞ്ഞ്‌ നേതൃത്വത്തിന്റെ പ്രമേയവും പ്രസംഗവിവരങ്ങളും മാധ്യമങ്ങളില്‍ വന്നുകഴിഞ്ഞാല്‍ സംതൃപ്‌തരായി. എന്നാല്‍ പ്രശ്‌നങ്ങള്‍ അതേനിലയില്‍ നില്‍ക്കുന്നുവെന്നുള്ള സത്യം മനസ്സിലാക്കുന്നില്ല. വ്യത്യസ്‌ത പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ കണ്ടാല്‍ മിണ്ടുന്ന സ്വഭാവം തന്നെ ചുരുക്കമാണ്‌. പരസ്‌പരം സ്‌നേഹവും വിശ്വാസവും ബഹുമാനവും നഷ്ടപ്പെടുത്തി എത്രത്തോളം മുന്നേറാന്‍ കഴിയുമെന്നതിനേക്കുറിച്ചുള്ള വിശാലവീക്ഷണം മിക്കവരിലും ഇല്ലെന്നുള്ളതാണ്‌ സത്യം. തങ്ങള്‍ നയിക്കുന്ന പ്രസഥാനമാണ്‌ മഹത്തരമെന്നും മറ്റുള്ളവ പ്രഹസനമാണെന്നുമുള്ള സങ്കുചിത മനസ്ഥിതിയും തലക്കലവുമാണ്‌ സഭാനേതാക്കളില്‍ പരക്കെ കാണുന്നത്‌.

സര്‍ സി പി
ഉദ്യോഗരംഗങ്ങളിലുള്ള ദളിതര്‍ക്ക്‌ ഏതെങ്കിലും വിധത്തിലുള്ളൊരു പീഡനം മേലധികാരികളില്‍ നിന്നോ മേലാള വര്‍ഗത്തില്‍ നിന്നോ ഉണ്ടായാല്‍ അതിനെ സംബന്ധിച്ച ന്യായാന്യായ ങ്ങളെ കുറിച്ച്‌ ഒരന്വേഷണം സഭാതലത്തില്‍ നടത്തുന്നതിന്‌ മിക്ക സംഘടനകളും താല്‍പ്പര്യം കാണിക്കാറില്ലെന്നുള്ളത്‌ സ്വവര്‍ഗത്തോടു കാട്ടുന്ന വിശ്വാസ വഞ്ചനയാണ്‌. ദളിത്‌ പീഡന നിരോധന നിയമം 1989-ല്‍ പ്രാബല്യത്തില്‍ വെന്നെങ്കിലും ആ വിധത്തിലൊരു കേസെടുപ്പിക്കാന്‍ കഴിയാത്തത്‌ നമ്മുടെ സഭാതലത്തിലുള്ള ഭിന്നത മൂലമാണ്‌. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എറണാകുളം സെ.തെരേസാസ്‌ കോളേജില്‍ ദളിത്‌ വിദ്യാര്‍ത്ഥികള്‍ക്കു നേരേയുണ്ടായ ജാതീയമായ പീഡനങ്ങള്‍ സര്‍ക്കാര്‍ അന്വേഷണത്തില്‍ തെളിഞ്ഞതാണ്‌. ഐഎഎസ്‌ ഓഫീസര്‍ സി ടി സുകുമാരന്റെ മരണം, അമ്പലമുകള്‍ അശോകന്റെ മരണം, ചങ്ങനാശ്ശേരിയില്‍ കുറിച്ചിയില്‍ ശ്രീധരന്റെ ആത്മാഹൂതി ഇവക്കൊന്നും കുറ്റക്കാരെ ശിക്ഷിക്കാന്‍ കഴിയാത്തതിനു കാരണം നമ്മുടെ വിഭാഗീയ ചിന്തകളും അനൈക്യവുമാണ്‌. എന്നാല്‍ ദളിത്‌ സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ കടമകള്‍മറന്നുള്ള പെരുമാറ്റ രീതിയേയും ഈ സന്ദര്‍ഭത്തില്‍ പറയേണ്ടതുണ്ട്‌. തങ്ങളുടെ വര്‍ഗത്തില്‍ പെട്ടൊരു വ്യക്തി ഒരു സ്ഥാപനത്തില്‍ ചെല്ലുമ്പോള്‍ അവരെ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹായിക്കണമെന്നുള്ള മനസ്ഥിതി മിക്കവരും കാണിക്കാറില്ലെന്നു മാത്രമല്ല കണ്ടാല്‍ മിണ്ടുന്ന രീതിപോലും ഇല്ലാതായിരിക്കുന്നു. തനിക്കു ലഭിച്ചിരിക്കു ന്ന അധികാരം തന്റെ സ്വന്തം കഴിവുകൊണ്ടു ലഭിച്ചതാണെന്നു പലരും ധരിച്ചു വെച്ചിരിക്കുന്നു. സംവരണത്തിന്റെ ബലത്തില്‍ കിട്ടിയതാണെന്നുള്ള ബോധമുണ്ടെങ്കില്‍ സ്വസഹോദരനെ കണ്ടാല്‍ മിണ്ടണമെന്നു തോന്നുമല്ലോ.


അയ്യങ്കാളി
ദളിതരെ രാഷ്ട്രീയത്തിന്റെ പേരിലും മറ്റുവിധത്തിലും മേലാള വര്‍ഗം കയ്യേറ്റം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്‌ നിത്യ സംഭവമാണ്‌. എന്നാല്‍ സ്വവര്‍ഗത്തെ കടന്നാക്രമിക്കുമ്പോള്‍ കണ്ണും ചെവിയും അടക്കുന്ന വര്‍ഗസ്‌നേഹമില്ലായ്‌മയാണ്‌ കാണുന്നത്‌. ഈ അടുത്ത അവസരത്തില്‍ ഒരു പ്രതേക പത്രവാര്‍ത്ത കാണുകയുണ്ടായി. ഒരു കാട്ടുപോത്തിനെ ഒരു കടുവ ആക്രമിച്ചു. അതുകണ്ട മറ്റു കാട്ടുപോത്തുകള്‍ ഓടിക്കൂടി ആ കടുവയെ വകവരുത്തി എന്നാണ്‌ വാര്‍ത്ത. വിവേക ബുദ്ധിയില്ലാത്ത ആ കാട്ടുപോത്തുകള്‍ കാണിച്ചത്ര വര്‍ഗസ്‌നേഹംപോലും നമ്മളില്‍ കാണുന്നില്ലെന്നതാണ്‌ പ്രത്യേകത. ബാബാ സാഹിബ്‌ അംബേഡ്‌കര്‍ അദ്ദേഹത്തിന്റെ അവസാനകാലത്ത്‌ ഒരിക്കല്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രയത്‌നമാകുന്ന രഥം ഒരു പരിധിവരെ കൊണ്ടെത്തിക്കുവാന്‍ കഴിഞ്ഞുവെന്നും അതവിടെ നില്‍ക്കുകയാണെന്നും നിങ്ങള്‍ക്ക്‌ കഴിയുമെങ്കില്‍ അതു മുന്നോട്ടു കൊണ്ടുപോകണം. അതിനു കഴിവില്ലായെങ്കില്‍ അതവിടെ ഉപേക്ഷിക്കണമെന്നും യാതൊരു കാരണവശാലും അതിനെ പിന്നിലേക്കു തള്ളരുതെന്നുമാണ്‌. അദ്ദേഹം പറഞ്ഞതി ന്റെ അര്‍ത്ഥവ്യാപ്‌തിയും ഉദ്ദേശശുദ്ധിയും മനസ്സിലാക്കാ ത്തവരല്ല ഇന്നത്തെ ദളിതമഹാസഭകളുടെ തലപ്പത്തുള്ളവര്‍. രാഷ്ട്രീയാധികാര മില്ലാത്ത ജനതക്ക്‌ ഒരിക്കലും സാമൂഹ്യ പുരോഗതി കൈവരിക്കാ നാവില്ലെന്നുള്ളത്‌ അദ്ദേഹത്തിന്റെ ഉപദേശവുമാണ്‌. ഇന്നു കേരളത്തില്‍ രണ്ടും മൂന്നും എംഎല്‍എ മാര്‍ മാത്രമുള്ള രാഷ്ട്രീയ ഗ്രൂപ്പിന്‌ ഒരു മന്ത്രിയുണ്ട്‌. 40 ലക്ഷത്തോളമുള്ള ദളിത്‌ സമൂഹത്തിന്‌ എന്തുകൊണ്ട്‌ രാഷ്ട്രീയ പങ്കാളിത്തം കൈവരിക്കാ നുള്ള ശ്രമങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ല? നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

ഭാരതത്തിന്റെ ഭൗതിക നിരീശ്വരപാരമ്പര്യം- നവരംഗം നടരാജന്‍

ഭാരതത്തിന്റെ ഭൗതിക നിരീശ്വരപാരമ്പര്യം.
നവരംഗം നടരാജന്‍


ശ്രീബുദ്ധന്‍
ഭാരതീയ തത്വശാസ്‌ത്ര മെന്നാല്‍ ആധ്യത്മിക വാദമാണ്‌ എന്നൊരു ധാരണ എങ്ങനെയോ പരന്നിരിക്കുന്നു. അല്ലെങ്കില്‍ അങ്ങനെയൊരു ധാരണ ഉണ്ടാക്കാന്‍ പിന്നീടുവന്ന പല ആധ്യാത്മിക വാദികള്‍ക്കും പണ്ഡിത ന്മാര്‍ക്കും കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ അന്നത്തെ ഭാരത ത്തിന്റെ ഭൗതിക- നിരീശ്വരാവസ്ഥ ക്കെതിരായി പ്രവര്‍ത്തിച്ചവരില്‍ പ്രമുഖന്‍ ഹിന്ദു പുനരു ത്ഥാരണത്തിന്‌ നിലകൊണ്ട ശങ്കരാചാര്യരാണ്‌.

ചാര്‍വാകനും ബൃഹസ്‌പതിയും കപിലനും പ്രാചീന ഭാരതത്തില്‍ ജീവിച്ചിരുന്ന 3 മഹര്‍ഷി മാരാണ്‌. ബൃഹസ്‌പദിയും ചാര്‍വാകനും ലോകായത ദര്‍ശന ത്തിന്റേയും കപിലന്‍ സാംഖ്യ ദര്‍ശന ത്തിന്റേയും സ്ഥാപകരാണ്‌. ഇവരുടെ ജീവിതകാലം ജൈനമത സ്ഥാപകനായ വര്‍ധമാന മഹാവീരനും, ശ്രീബുദ്ധനും മുമ്പാണ്‌. മഹാവീരന്‍ ബി സി 540-468 ലും ബുദ്ധന്‍ ബി സി 563-480 ലുമാണല്ലോ ജീവിച്ചിരുന്നത്‌. 

ആദി ശങ്കരന്‍
ആദ്യത്തെ ലോകായത ഗ്രന്ഥങ്ങള്‍ നഷ്ടപ്പെട്ടു പോയതു കൊണ്ടാണ്‌ ഈ സംശയങ്ങള്‍ ക്ക്‌ ഇടവന്നത്‌. അങ്ങനെ യാണ്‌ ഭാരതീയ തത്വശാസ്‌ത്ര മെന്നാല്‍ ആധ്യാത്മിക വാദമാണെന്ന അഭിപ്രായം ഉറച്ചത്‌. ആത്മീയ വാദികള്‍ എഴുതിയിട്ടുള്ള ചരിത്ര ഗ്രന്ഥങ്ങളില്‍ ഭൗതിക വാദികളെ മോശക്കാരായാണ്‌ ചിത്രീ കരിച്ചിട്ടുള്ളത്‌; എല്ലാത്തരം ധാര്‍മിക മൂല്യ ങ്ങളേയും എതിര്‍ക്കുന്ന വരായിട്ടാണ്‌ കാണി ച്ചിട്ടുള്ളത്‌. മരിച്ചാല്‍ പുനര്‍ജന്മം ഉണ്ടെന്നൊന്നും ഭൗതികവാദികള്‍ വിശ്വസിക്കാത്തതു കൊണ്ട്‌ ജീവിച്ചിരിക്കു ന്നിടത്തോളം സുഖലോലുപതയില്‍ മുഴുകുക എന്നതാണ്‌ അവരുടെ ലക്ഷ്യമെന്നാണ്‌ പ്രചരിപ്പിച്ചത്‌.

ബൃഹസ്‌പദിയും കപിലനും ചാര്‍വാകനും മാത്രമല്ല, ഭൗതിക-നിരീശ്വര ദര്‍ശനങ്ങളെ പ്രതിനിധീ കരിച്ചിരുന്നവര്‍. ഗൗതമന്റെ ന്യായ ദര്‍ശനവും പതഞ്‌ജലിയുടെ യോഗ ദര്‍ശനവും കണാദന്റെ വൈശേഷിക ദര്‍ശനവും ജൈമിനിയുടെ മീമാംസാ ദര്‍ശനവും കാതലില്‍ ഭൗതികമാണ്‌, നിരീശ്വരമാണ്‌. ബാദരായണന്റെ വേദാന്ത ത്തിന്റെ കാതലും ഒരുതരം നിരീശ്വരത്വ മാണെന്നു പറയപ്പെടുന്നു.

ബ്രാഹ്മണ പുരോഹിത ന്മാരുടെ തത്വങ്ങളേയും വിശ്വാസങ്ങളേയും ഈ ഭൗതിക വാദികള്‍ ചോദ്യം ചെയ്‌തു. വേദങ്ങളുടെ ദശപ്രമാദിത്വ ത്തെപ്പോലും വെല്ലുവിളിക്കാന്‍ അവര്‍ തയ്യറായി. ആത്മീയ വാദികളുടെ തത്വശാസ്‌ത്രങ്ങളില്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുള്ള മുഖ്യമായ ലോകായതങ്ങളില്‍ ചിലത്‌ ഇവയാണ്‌.

1. ഭൂമി, വെള്ളം, തീയ്‌, വായു എന്നിവയാണ്‌ മൂലധാതുക്കള്‍ (ആദ്യകാല യവനപണ്ഡിതന്മാരും ഇതുപോലെ 'ആകാശ' ത്തെ ഒരു ധാതുവായി കണക്കാക്കുന്നില്ല.) 2. പ്രജ്ഞയോടുകൂടിയ ശരീരമാണ്‌ ആത്മാവ്‌. 3. മരണമാണ്‌ മോക്ഷം.

ബ്രാഹ്മണ പുരോഹിതന്മാര്‍ കര്‍മം, യജ്ഞം, സ്വര്‍ഗനരകങ്ങള്‍ പുനര്‍ജന്മം തുടങ്ങിയവയെ ക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാനും, അതുവഴി തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ ശരിവെക്കാനുമാണ്‌ ശ്രമിച്ചത്‌. ആത്മീയവാദി കളുടെ അഭിപ്രായ ത്തില്‍ മോക്ഷമാണ്‌ പരമമായ പുരുഷാര്‍ത്ഥം. പക്ഷെ, ചാര്‍വാകന്മാരുടെ അഭിപ്രായപ്രകാരം ലോകം മാത്രമാണല്ലോ സത്യം. എങ്കില്‍ ലൗകികബന്ധങ്ങള്‍ക്ക്‌ അതീതമായ മോക്ഷത്തിന്‌ ഒരര്‍ത്ഥവുമില്ല. ലോകോത്ഭവത്തിനും സൃഷ്ടികര്‍ത്താവായ ഒരു ദൈവത്തിന്റെ ആവശ്യമില്ലെന്ന്‌ ചാര്‍കാദികള്‍ കരുതുന്നു. ഇന്ദ്രിയങ്ങളും ബാഹ്യവസ്‌തുക്കളും ബന്ധപ്പെടുമ്പോള്‍ മാത്രമേ ചേതനയുടെ സാന്നിധ്യമുള്ളൂ. ശരീരത്തിന്റെ ഗുണവിശേഷം മാത്രമാണ്‌ ചേതന. ശരീരം നശിച്ചാല്‍ ചേതനയും ഇല്ലാതാകും.

വര്‍ധമാന മഹാവീരന്‍
ലോകായത പണ്ഡിതന്മാരുടെ ഇത്തരം തത്വങ്ങള്‍ ചാതുര്‍വര്‍ണ്യ ത്തിനും അതിനെ നിലനിര്‍ത്തുന്ന ധാര്‍മിക മൂല്യങ്ങള്‍ക്കും എതിരായ ശകതമായ തിരിച്ചടി യായിരുന്നു. ചാര്‍വാകാ ദികളായ ഭൗതിക വാദികള്‍ അവതരിപ്പിച്ച ചോദ്യ ങ്ങളും സംശയങ്ങളും മറ്റു ചിന്തക ന്മാരേയും മറ്റു വിധത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ലോകായതം ഭാരതത്തിന്റെ ചരിത്രത്തില്‍ പുരോഗമന പരമായ ഒരു പങ്കാണ്‌ വഹിച്ചത്‌.

ബൃഹസ്‌പതിക്കും ചാര്‍വാകനും തുല്യം പ്രശസ്‌തിയുള്ള തത്വചിന്തകനായിരുന്നു കണാദന്‍. കണത്തെ ആഹരിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ പരിഹാസദ്യോതകമായാണ്‌ എതിരാളികള്‍ 'കണാദന്‍' എന്ന പേരു വിളിച്ചതെന്നും കേള്‍വിയുണ്ട്‌. യവന തത്വചിന്തകനായ ഡെമോക്രാറ്റിസിന്റെ അണു സിദ്ധാന്തവുമായി ഇതിനു സാദൃശ്യമുണ്ട്‌. എങ്കിലും ഒന്ന്‌ മറ്റൊന്നിന്റെ കോപ്പിയല്ല. പ്രപഞ്ചം അനാദിയായ പരമാണു സംയോഗമാണെന്ന സിദ്ധാന്തം ഉന്നയിച്ച അദ്ദേഹം വേദപ്രമാണത്തെ നിരാകരിക്കുകയാണ്‌ ചെയ്‌തത്‌. അതുകൊണ്ടാണ്‌ വൈദികമതത്തിന്റെ ശത്രുവായത്‌.

ബി സി ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വര്‍ധമാന മഹാവീരനും ശ്രീബുദ്ധനും നമ്മുടെ ചരിത്രത്തില്‍ തിളങ്ങുന്ന രണ്ട്‌ മഹാത്മാ ക്കളാണല്ലോ. ഇവര്‍ മതസ്ഥാപകരെ ന്നതിലേറെ മാര്‍ഗദര്‍ശികളാണ്‌. അവരുടെ ഉപദേശങ്ങള്‍ക്കു തമ്മില്‍ സാദൃശ്യമുണ്ട്‌. അവര്‍ ചില പ്രധാന മോചന മാര്‍ഗങ്ങളാണ്‌ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചത്‌. അടിമത്തത്തില്‍ നിന്നുള്ള മോചനം, ജനിമൃതി കളില്‍ നിന്നുള്ള മോചനം, ചൂഷണത്തില്‍ നിന്നുള്ള മോചനം, ദുരിതങ്ങളില്‍ നിന്നുള്ള മോചനം ഇതിനു പുരോഹിത ക്രിയകളോ മതാനുഷ്‌ഠാനങ്ങളോ അല്ല വേണ്ടത്‌. വേദ കാലഘട്ടത്തിന്റെ അന്ത്യത്തില്‍ വര്‍ണ (ജാതി) വ്യവസ്ഥയും പുരോഹിത (ബ്രാഹ്മണ) മേധാവിത്വവും ജനജീവിതം ദുസ്സഹമാക്കിയ ഘട്ടത്തിലാണ്‌ അവര്‍ സാധാരണ ജനങ്ങള്‍ക്കു രക്ഷാമാര്‍ഗങ്ങള്‍ കണ്ടെത്തിയത്‌. ബ്രാഹ്മണരൊഴിച്ചു മറ്റെല്ലാ ജനവിഭാഗങ്ങളും പലവിധത്തിലുള്ള കഷ്ടപ്പാടുകള്‍ അനുഭവിച്ച അവസരത്തിലാണ്‌ അവരുടെ ആഗമനം. ജനങ്ങള്‍ ഇക്കാലത്ത്‌ ബുദ്ധ മതത്തേയും ജൈനമതത്തേയും സ്വാഗതം ചെയ്‌തു. ആദ്യം രംഗത്തെത്തിയത്‌ വടക്കന്‍ ബീഹാറില്‍ ഒരു ഉന്നത ക്ഷത്രിയ കുലത്തില്‍ ജനിച്ച വര്‍ധമാന മഹാവീര നായിരുന്നു.

രാഹുല്‍സംസ്കൃത്യായന്‍
മഹാവീരന്റെ ജൈനമതം മോക്ഷത്തിനു മതാ നുഷ്‌ഠാനങ്ങേളാ ദൈവ വിശ്വസമോ ആവശ്യ മില്ലെന്നു അനുയായികളെ പഠിപ്പിച്ചു. ജൈന മതം നിര്‍ദ്ദേശി ക്കുന്നത്‌ മൂന്നു കാര്യങ്ങള്‍ (ത്രിരത്‌നങ്ങള്‍) ആണ്‌. ശരിയായ ജ്ഞാനം (സമ്യക്‌ ജ്ഞാനം) ശരിയായ വീക്ഷണം (സമ്യക്‌ ദര്‍ശനം) ശരിയായ പ്രവൃത്തി (സമ്യക്‌ ചരിത്‌) എന്നിവയാണ്‌. 

"ദര്‍ശന്‍ ദിങ്‌ ദര്‍ശന്‍" എന്ന ഗ്രന്ഥത്തില്‍ രാഹുല്‍ സാംസ്‌കൃത്യായന്‍ പ്രസ്ഥാവിക്കുന്നു "ബൗദ്ധ ദര്‍ശനത്തിലെ പ്രതീത്യ സമുല്‍പാദം (ഒന്ന്‌ മറ്റൊന്നിനെ ആശ്രയിച്ചു ഉത്ഭവിക്കുന്നു എന്ന വാദം), ക്ഷണികവാദം എന്നീ തത്വങ്ങള്‍ അടിസ്ഥാന പരമായി വിപ്ലവകരമാണ്‌. മനുഷ്യനും സമൂഹവും ലോകവുമെല്ലാം നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്നു എന്ന്‌ അത്‌ പ്രഖ്യാപിച്ചു...." മാര്‍ക്‌സിസത്തിലെ ചലന സിദ്ധാന്ത വുമായി ഇതിനുള്ള സാമ്യം പ്രസിദ്ധമാണല്ലോ. ബുദ്ധന്‍ ദൈവ വിശ്വാസിയായിരുന്നില്ല. അടിസ്ഥാനപരമായി ശാശ്വതമോ അനശ്വരമോ ആയ ഒരു മൂലതത്വ മില്ലെങ്കില്‍ പിന്നെ പ്രപഞ്ചത്തിന്റെ മൂല കാരണമായ ഒരു ദൈവത്തെ സങ്കല്‍പ്പിക്കുന്നത്‌ എങ്ങനെയാണ്‌ ? ഗൗതമ ബുദ്ധന്റെ ജീവിതം വളരെ പ്രസിദ്ധമാണല്ലോ. യൗവനത്തില്‍ തന്നെ കുഞ്ഞി നേയും ഭാര്യയേയും കൊട്ടാരത്തേയും സുഖങ്ങളുമെല്ലാം ഉപേക്ഷിച്ച്‌ മനുഷ്യ വിമോചനത്തിന്‌ ഇറങ്ങിത്തിരിച്ച മഹാത്മാ വാണല്ലോ അദ്ദേഹം.

ഇന്നു കേരളത്തിലും ഭാരതത്തിലും വിവിധ ലോക രാഷ്ട്രങ്ങളിലും മതാന്ധതയും വര്‍്‌ഗീയവാദവും വര്‍ധിച്ചു വരികയാണെന്ന്‌ നമുക്ക റിയാം. മാനവീകത ( Humanism) ഈ കപട ആത്മീയവാദികളില്‍ നിന്ന്‌ എത്രയോ അകലെ നില്‍ക്കുന്നു. അവിടെയാണ്‌ ചാര്‍വാകനും ബൃഹസ്‌പദിയും കപിലനും കണാദനും ഗൗതമനും പതഞ്‌ജലിയും ജൈമിനിയും ബുദ്ധനും മഹാവീരനും എല്ലാംകൂടി സൃഷ്ടിച്ച ഭാരതീയ ഭൗതിക-നിരീശ്വര പാരമ്പര്യം ശ്രദ്ധേയമായിത്തീരുന്നത്‌.

(യുക്തിയുഗം മാസികയുടെ 2013ജൂണ്‍ ലക്കത്തിലാണ് ഈ ലേഖനമുള്ളത്.മറ്റു ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും )


 
 

കീഴാള സ്ത്രീകള്‍ മാറുമറയ്ക്കാന്‍ പാടില്ലെന്ന മഹാറാണിയുടെ ഉത്തരവ്.


കീഴാള സ്ത്രീകള്‍ മാറുമറയ്ക്കാന്‍ പാടില്ലെന്ന മഹാറാണിയുടെ ഉത്തരവ്.

 

       ശ്രീപാര്‍വതീഭായി മഹാറാണി തിരുമനസ്സുകൊണ്ട്‌.

നമ്പര്‍-134                                  M.E.1004
                                         A.D. 18z9
         പത്മനാഭസേവിനീ വഞ്ചിധര്‍മ്മവര്‍ദ്ധിനീ
          രാജരാജേശ്വരി റാണി പാര്‍ വതീഭായി
           മഹാരാജാവ്‌ അവര്‍കള്‍ സകലമാന
              ജനങ്ങല്‍ക്കും പ്‌സിദ്ധപ്പെ
                ടുത്തുന്ന വിളംബരം.

എന്തെന്നാല്‍-കല്‍ക്കുളം ഇരണിയില്‍ വിളംവംകോടു-3 മണ്ടപത്തുവാതുക്കല്‍ ചേര്‍ന്ന പ്രദേശങ്ങളില്‍ പാര്‍ക്കുന്ന ചാന്നാട്ടികള്‍ ഉത്തരവിനും കീഴ്‌മര്യാദക്കും വിരോധമായിട്ടു മേലില്‍ ശീല ഇടുകയും മറ്റെല്ലാ കുടിയാനവന്മാര്‍ക്കും ഒപ്പം ചാന്നാന്മാര്‍ ചെയ്യാനൊള്ള ഊഴിയ വേലക്കാര്യം കേള്‍ക്കാതെ നിരസിക്കയും ചെയ്‌തിരിക്കുന്ന ഹേതുവാല്‍ ചാന്നാന്മാര്‍ക്കും നായന്മാരുള്‍പ്പെട്ട ആളുകള്‍ക്കും തമ്മില്‍ കലശലിനു ഇട ഒണ്ടാകുക കൊണ്ടു ആ സംഗതിപ്രമാണിച്ചു പ്രസിദ്ധപ്പെടുത്തുന്നത്‌ എന്തെന്നാല്‍ -1 മത.്‌ ചാന്നാട്ടികള്‍ മേലില്‍ ശീല ഇടുന്നതിനു യൊതൊരു ശീലവും ഇല്ലാത്തതിനാല്‍ ആയതു നിര്‍ത്തിയിരിക്കകൊണ്ടു മേലൊള്ളതിനു അവര്‍ മേലില്‍ശീല ഇട്ടു എന്നു വരികയും അരുത്‌. ചാന്നാന്മാരില്‍ കിരസ്‌തമാര്‍ഗത്തില്‍ ചേര്‍ന്നിരിക്കുന്ന വരുടെ വകയില്‍ ഒള്ള ചാന്നാട്ടികള്‍ മേലില്‍ ശീല ഇട്ടുകൂടാ എന്നും അതിനുപകരം കുപ്പായം ഇട്ടു നടന്നുകൊള്ളാമെന്നും 989-മാണ്ടു ഇടവമാസം 5നു എല്ലാ ദിക്കിലേക്കും ഉത്തരവുകള്‍ കൊടുത്തയച്ചിരിക്കുകയാല്‍ അതിന്മണ്ണം അല്ലാതെ ചാന്നാട്ടികള്‍ മേലില്‍ശീല ഇട്ടുകൊള്ളാമെന്നു പിന്നത്തതില്‍ വ്യത്യാസമായിട്ടു കോര്‍ട്ടില്‍ ഒരു തീര്‍പ്പു ഒണ്ടാക്കിയിരിക്കുന്നതു ഈ വകക്കു ഒരു ആധാരം ആകുന്നു എന്നു അയാളുകള്‍ പറയുന്നതിനു അതിന്മണ്ണം ആയാല്‍ 989മാണ്ടു കൊടുത്തയച്ചിരിക്കുന്ന മേല്‍പ്പറഞ്ഞ ഉത്തരവിനു വിരോധമായിട്ടു തീരുന്നതാകയാല്‍ ആ തീര്‍പ്പു സാധു അല്ലാഴികകൊണ്ടും ഇക്കാര്യത്തിനു മേല്‍ എഴുതിയ ഉത്തരവു തന്നെ ചട്ടം പോലെ പ്രമാണമായിട്ടു നിശ്ചയിച്ചെന്നു തിരിച്ചും പരസ്യം ചെയ്യുന്നു.

2 മത്‌ ചാന്നാന്മാരും ആ ജാതിയില്‍ നിന്നു ക്രിസ്‌തമാര്‍ഗത്തില്‍ ചേര്‍ന്നിരിക്കുന്നവരും മറ്റ്‌ എല്ലാ കുടിയാനവന്മാരുടേയും ഒപ്പം ഊഴിയവേല കാര്യങ്ങള്‍ ശരിയായിട്ടു ചെയ്‌തുകൊള്ളുകയും വേണം. എന്നാല്‍ ഏതുവകയില്‍പ്പെട്ട കിരിസ്‌തവരായിരുന്നാലും അയാളുകളെ ഞായറാഴ്‌ചനാളില്‍ വേലക്കാര്യങ്ങള്‍ക്കു വിളിക്കാതെയും ദേവസ്വം തിങ്ങള്‍വക വേലക്കാര്യങ്ങള്‍ അവരെക്കൊണ്ടു ചെയ്യിക്കാതെയും ഇരിക്കത്തക്കവണ്ണം നാം ഉത്തരവു കൊടുത്തിരിക്കുന്നു.

3-മത്‌. നമ്മുടെ രാജ്യത്തുള്ള പ്രജകള്‍ക്കു അവരവരുടെ സന്തോഷപ്രകാരം ഏതു മതത്തില്‍ ചേരണമെന്നു ആഗ്രഹം ഒണ്ടോ ആ മതത്തില്‍ ചേരുന്നതിനു തടവില്ലാതെ നാം വിട്ടിരിക്കുന്നു എങ്കിലും ഏതുവകയില്‍ ചേര്‍ന്ന കിരിസ്‌തവരാകട്ടെ മറ്റുള്ള ആളുകള്‍ ആകട്ടെ വലിപ്പം ഉള്ള ജാതിക്കാരോടു കീഴ്‌മര്യാദ പ്രകാരം ഉള്ള മുറകള്‍ക്കു വിരോധമായിട്ടു നടക്കുന്നതിനു നാം സമ്മതിക്കുന്നതും അല്ലാ. മര്യാദക്കാറരായിട്ടുള്ള കുടിയാനവന്മാരെ ഏതു ജാതിയില്‍ ഉള്ളവരായാലും മതത്തിന്റെ കാര്യം പ്രമാണിച്ചു ഒരു കലംപല്‍ ഒണ്ടാക്കുകയില്ലെന്നു നാം നിശ്ചയിച്ചിരിക്കുന്നു. അല്ലാതെയും കിരസ്‌തമാര്‍ഗമെന്നുവെച്ചാല്‍ താണ്മയും മേലാവില്‍ ഇരിക്കുന്നവരുടെ കീഴില്‍ പതിഞ്ഞു നടക്കേണ്ടുന്നതും മനസ്സില്‍ ഉറപ്പിക്കുന്ന മതമാകയാല്‍ ആ മതത്തില്‍ നേരായിട്ടു ചേര്‍ന്നിട്ടു ള്ളവരെ അവരുടെ മുറകള്‍ക്കു വിരോധം ചെയ്യാതെ മര്യാദക്കാറരായിട്ടു ഒള്ള കുടിയാനവന്മാര്‍ക്ക്‌ ഒപ്പം നടക്കയും ചെയ്യും.


4-മത്‌ നമ്മുടെ രാജ്യത്തുള്ള പ്രജകള്‍ അവരവരുടെ മതമര്യാദ അനുസരിച്ചു യാതൊരു വ്യത്യാസം കൂടാതെ നടക്കുന്നതിനും ആയതിന്റെ മുറകള്‍ ന്യായപ്രകാരം ആയാളുകള്‍ ശരിയായിട്ടു നടത്തുന്നതിനും വേണ്ടുന്ന അനുകൂലങ്ങള്‍ ചെയ്‌തുകൊടുക്കുന്ന തിനു നമുക്കു മനസ്സാകുന്നു എങ്കിലും ഏതു മതത്തില്‍ ചേര്‍ന്നവരാകട്ടെ ഏതുജാതിയില്‍ ചേര്‍ന്നവരാകട്ടെ അവരവര്‍ക്കു ബോധിച്ചതിന്മണ്ണം ക്ഷേത്രങ്ങളും കിരസ്‌തമാര്‍ഗ്ഗത്തില്‍ ചേര്‍ന്ന പള്ളികളും പള്ളിക്കൂടങ്ങളും തുലുക്കമാര്‍ഗ്ഗത്തില്‍ ചേന്ന പള്ളികളും മറ്റും ഇതിന്മണ്ണം കര്‍മ്മംകഴിക്കുന്ന സ്ഥലങ്ങള്‍ മുറപ്രകാരം പണ്ടാരവക ഉത്തരവുകൂടാതെ യാതൊരുത്തരും ഒണ്ടാക്കുകയും അരുത്‌. ആവക സ്ഥങ്ങള്‍ ഒണ്ടാക്കുന്നതിനു ആവശ്യം ഒണ്ടായിരുന്നാല്‍ പണ്ടാരവക ഉദ്യോഗസ്ഥന്മാര്‍ മുഖാന്തിരം മുറപ്രകാരം ബോധിപ്പിച്ചാല്‍ ആ സംഗതികള്‍ നല്ലവണ്ണം വിചാരിച്ചുനോക്കി മറ്റുള്ള ജാതിക്കാറരക്കു ഒരു അസഖ്യത്തിനും ഇടയില്ലാത്ത സ്ഥലമായിട്ടു നിശ്ചയിച്ചുകൊടു ക്കുകയും ചെയ്യും.

5-മത്‌. കുറഞ്ഞൊരു നാളേക്കു ഇപ്പുറം ഏതാനും ചില ചാന്നാന്മാരു ആ ജാതിക്കാരില്‍ കിരസ്‌തമാര്‍ഗ്ഗത്തില്‍ ചേര്‍ന്നവരും പണ്ടാരവക ഉദ്യോഗസ്ഥന്മാരുടെ കീഴില്‍ ഉല്‍പ്പെടാതെ മുറഭേദമായിട്ടു വേറിട്ടു ചില സ്ഥലങ്ങളില്‍ ചെന്നു അവരുടെ സങ്കടങ്ങല്‍ പറഞ്ഞുവരുന്ന പ്രകാരം കാണുകകൊണ്ടു അതിനാല്‍ പരസ്യംചെയ്യുന്നതു എന്തെന്നാല്‍-ഈ രാജ്യത്തു നാം ആക്കിയിരിക്കുന്ന ഉദ്യോഗസ്ഥന്മാരല്ലാതെ വേറിട്ടു ഒരു അധികാരസ്ഥലം ഇല്ലാഴികകൊണ്ടു ഏതു ജാതിയില്‍ ചേര്‍ന്ന വരാകട്ടെ ഏതുമതത്തില്‍ ചേര്‍ന്നവരാകട്ടെ ആര്‍ക്കെങ്കിലും നേരായിട്ടു സങ്കടങ്ങളും ആവലാധികളും ഒണ്ടായിരുന്നാല്‍ അക്കാര്യങ്ങള്‍ ഒക്കെയും പണ്ടാരവക ഉദ്യോഗസ്ഥന്മാരുടെ അടുക്കല്‍ ചെന്നു പറഞ്ഞുകൊള്ളുകയും വേണം. അവര്‍ തീര്‍ത്തുകൊടുക്കയുംചെയ്യും. ആ സ്ഥലങ്ങളില്‍ സങ്കടം തീര്‍ന്നില്ലെന്നു വരികില്‍ കൊട്ടുകളിലും ഹജൂര്‍ക്കച്ചേരിയിലും എല്ലാ കുടിയാനവന്മാരേയും ഒരുപോലെ വിചാരിക്കുന്നതാക കൊണ്ടു അതിന്മണ്ണം ഒള്ള കാര്യങ്ങള്‍ കൊട്ടിലും ഒടുക്കം ആവശ്യം ഒണ്ടായിരുന്നാല്‍ ഹജൂരിലും ചെന്നു പറഞ്ഞുകൊള്ളുകയും വേണം.

6-മത്‌. പണ്ടാരവക ഉദ്യോഗസ്ഥന്മാരില്‍ ആരെങ്കിലും യാതൊരു കുടിയാനവനോടു ആവിതു ഞെരുക്കമായിട്ടും അന്യായമായിട്ടും നടന്നാല്‍ ആ സംഗതി കൊട്ടിലും ഹജൂരിലും കേട്ടു തീര്‍ത്തു കൊടുക്കുകയും ചെയ്യും. അതിന്മണ്ണം കേള്‍ക്കുന്നതില്‍ ഉദ്യോഗസ്ഥന്മാരുടെ പേരില്‍ ഏതെങ്കിലും അഴിമതിയും അന്യായങ്ങളും ഒള്ളപ്രകാരം തെളിഞ്ഞാല്‍ അവരെ ശിക്ഷയും കഴിച്ചു പിന്നത്തതില്‍ യോഗ്യന്മാരല്ലാത്ത പ്രകാരം നിശ്ചയിക്കുക യും ചെയ്യും.

7-മത്‌. സങ്കടം ഒള്ള ആളുകള്‍ക്കൊക്കെയും അവര്‍ സങ്കടം പറഞ്ഞു തീര്‍ത്തുകൊള്ളേണ്ടുന്ന സ്ഥലം ഇന്നതെന്നു മേല്‍ എഴുതിയിരിക്കുന്ന തുകൊണ്ടു അറിവാന്‍ ഇട ഒള്ളതാകയാല്‍ അക്രമം ചെയ്യുന്ന ആളുകളെ അവസ്ഥപോലെ വിചാരിക്കുകയും ചെയ്യും. എന്തുകൊണ്ടന്നാല്‍ രാജ്യത്തിന്റെ സൗഖ്യത്തിനു വിരോധം ചെയ്യുന്ന ആളുകളോടു ഒട്ടുന്തന്നെ ക്ഷമിക്കുന്നതല്ലാഴികകൊണ്ടു ഈയവസ്ഥ സകലമാനപേരും അറിഞ്ഞുനടന്നു കൊള്ളുകയും വേണം.


                       എന്നു ൧൦൦൪ മകരമാസം ൨൩-നു.

Re-Wearing of upper-clothes and performing certain service by certain classes.
 

ഗൌരി പാര്‍വതിഭായി

സതീഷ്‌ കിടാരക്കുഴി
സതീഷ്‌ കിടാരക്കുഴി എഴുതിയ " വൈകുണ്‌ഠ സ്വാമികള്‍" എന്ന പുസ്‌തകത്തിലാണ്‌ ഈ ഉത്തരവ്‌ കൊടുത്തിരിക്കുന്നത്‌.പുസ്‌തകം പ്രസിദ്ധീകരിച്ചത്‌,കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ടാണ്‌. ഗൗരി പാര്‍വതീഭായിയുടെ ചിത്രം ഇന്റര്‍ നെറ്റില്‍ നിന്നും എടുത്തതാണ്‌. ആദ്യം കൊടു ത്തിരിക്കുന്ന ചിത്രം "ചിത്രകാരന്റേതാണ്‌."

മറ്റ്‌ ലിങ്കുകള്‍@ വൈകുണ്‌ഠസ്വാമി
 പ്രസ്ഥാനവും വേലായുധപ്പണിക്കരുടെ പോരാട്ടവും.
@ അടിയാളരുടെ ശരീരാവയവങ്ങള്‍ക്കുമേല്‍ ധര്‍മ്മരാജാക്കന്മാര്‍ ചുമത്തിയിരുന്ന കരങ്ങള്‍.
@ നിങ്ങളറിയുക,ഊഴിയവും വിരുട്ടിയും ഞങ്ങള്‍ ചെയ്യണമായിരുന്നു.

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

സ്വാമി വിവേകാനന്ദനും ഷിക്കാഗോ സമ്മേളനവും: യാഥാര്‍ഥ്യമെന്ത്‌ ?-എസ്‌ കെ ബിശ്വാസ്‌

സ്വാമി വിവേകാനന്ദനും ഷിക്കാഗോ സമ്മേളനവും: യാഥാര്‍ഥ്യമെന്ത്‌ ?

-എസ്‌ കെ ബിശ്വാസ്‌


എസ് കെ ബിശ്വാസ്
ഷിക്കാഗോവിലെ ലോക മതസമ്മേളന ത്തിന്റെ ആത്മാവു പിടിച്ചടക്കിയ മഹാനായ സന്യാസിയായി വിവേകാനന്ദനെ കൊണ്ടാടാറുണ്ട്‌. എന്തിനേയും മഹത്തര മാക്കുന്നതിനുള്ള കഴിവ്‌ പ്രചാരണത്തിനുണ്ട്‌. എല്ലാക്കാലത്തും അത്‌ പണത്തിന്റേയും മാധ്യമങ്ങളുടേയും മാഫിയയുടേയും കീഴിലാ യിരുന്നു. വിവേകാനന്ദന്റെ കാര്യത്തിലും അങ്ങനെതന്നെ സംഭവിച്ചു. ആദ്യദിവസം സ്വാമിജിക്കു പ്രസംഗിക്കാനായി 5 മിനിറ്റു മാത്രമാണ്‌ നല്‍കപ്പെട്ടതെന്നും, എന്നാല്‍, "അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ " എന്ന സംബോധനയുമായി അദ്ദേഹം പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍, ഇടിമുഴക്കം പോലെ കയ്യടി ഉയരുകയും സ്വാമിജി മണിക്കൂറുകളോളം പ്രസംഗിക്കുകയും ചെയ്‌തു എന്നുമാണ്‌ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. (ആദ്യദിവസമായ) 1893 സെപ്‌തംബര്‍ 11ന്‌ അദ്ദേഹം നടത്തിയ പ്രഭാഷണത്തിലേക്ക്‌ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ആ പ്രസംഗത്തിന്റെ ദൈര്‍ഘ്യം കേവലം ഒരു പുസ്‌തകത്തിന്റെ ഒന്നര പേജാണ്‌. അതു പ്രസംഗിക്കാന്‍ 7 മിനിറ്റിലധികം എടുത്തിട്ടുണ്ടാ വില്ല. വീണ്ടും സെപ്‌തം.15ന്‌ അദ്ദേഹം ഏകദേശം 5 മുതല്‍ 6  മിനിറ്റ്‌ വരെ സംസാരിച്ചു. ആ വേദിയില്‍ നിന്നുകൊണ്ട്‌ 'കിണറ്റിലെ തവള'യുടെ കഥ പറഞ്ഞ അദ്ദേഹം, ആ കിണറ്റില്‍ ജീവിച്ചുപോരുന്ന മുസ്ലീങ്ങളോടും ക്രിസ്‌ത്യാനികളോടും ഹിന്ദുക്ക ളോടും കിണറിന്റെ അതിരു തകര്‍ക്കാന്‍ ആവശ്യപ്പെട്ടു. സെപ്‌തം.20ന്‌ രണ്ടുമിനിറ്റു മാത്രമുണ്ടായിരുന്ന പ്രസംഗത്തില്‍ അദ്ദേഹം ക്രിസ്‌ത്യന്‍ മിഷനറിമാരെ വിമര്‍ശിച്ചു: "അന്യമത ക്കാരുടെ ആത്മാവിനെ രക്ഷിക്കാന്‍ മിഷനറിമാരെ അയക്കുന്നതില്‍ ഉത്സുകരായ നിങ്ങള്‍ ക്രിസ്‌ത്യാനികള്‍, അവരുടെ ശരീരത്തെ പട്ടിണിയില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിക്കാത്തതെന്തുകൊണ്ടാണ്‌? ഇന്ത്യയില്‍ കൊടിയ ക്ഷാമകാലത്ത്‌ ആയിരക്കണക്കിനാളുകള്‍ വിശപ്പുമൂലം മരിച്ചു: എന്നിട്ടും നിങ്ങള്‍ ക്രിസ്‌ത്യാനികള്‍ ഒന്നും ചെയ്‌തില്ല. നിങ്ങള്‍ ഇന്ത്യയിലെമ്പാടും പള്ളികള്‍ പണിയുന്നു; എന്നാല്‍ പൗരസ്‌ത്യരുടെ അടിയന്തരാവശ്യം മതമല്ല. മതം അവര്‍ക്ക്‌ വേണ്ടത്രയുണ്ട്‌. കത്തുന്ന ഇന്ത്യയിലെ കഷ്ടതയനുഭവി ക്കുന്ന ജനലക്ഷങ്ങള്‍ ഉണങ്ങി വരണ്ട തൊണ്ടകളുമായി കേഴുന്നത്‌ അപ്പത്തിനുവേണ്ടിയാണ്‌.... ഞാനിവിടെ വന്നത്‌ ദരിദ്രരായ എന്റെ ജനതക്ക്‌ സഹായം തേടിക്കൊണ്ടാണ്‌...."(സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍ (1989)വാല്യം 1.പേജ് 20)

വിവേകാനന്ദന്റെ ഈ പിരട്ടെല്ലാം മത-വിദ്യാഭ്യാസ-മാനവിക രംഗങ്ങളിലുള്ള മിഷനറിമാരെ ആക്രമിക്കുന്നതിനുവേണ്ടി മാത്രമായിരുന്നു. പള്ളികള്‍ പണിയുന്നതിനെപ്പറ്റി ക്രിസ്‌ത്യാനികളെ ഉപദേശിക്കുന്നതിനു പകരം തന്റെ രാജ്യത്തെ ദശലക്ഷക്കണക്കി നുവരുന്ന സന്യാസിമാരോട്‌, അമ്പലങ്ങള്‍ പണിയാനുള്ള പദ്ധതികള്‍ ഉപേക്ഷിച്ച്‌ ദരിദ്രര്‍ക്കായി ഭക്ഷണവും വസ്‌ത്രവും നല്‍കുന്നതില്‍ ശ്രദ്ധിക്കാന്‍ അദ്ദേഹത്തിനു പറയാമായിരുന്നു. ശുദ്ധകാപട്യക്കാരനെ പോലെ അദ്ദേഹം മതവും കാളിയാരാധനയും ഉദ്‌ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ സന്യാസിസംഘം, ഇന്ത്യയിലെ യാതനയനുഭവി ക്കുന്ന ജനലക്ഷങ്ങല്‍ക്കു ഭക്ഷണവും വസ്‌ത്രവും പാര്‍പ്പിടവും നേടുന്നതിലല്ല ശ്രദ്ധിച്ചത്‌. മറിച്ച്‌, വിദേശികള്‍ സംഭാവന ചെയ്‌ത ഫണ്ടുപയോഗിച്ച്‌ പുതിയ മതസ്ഥാപനങ്ങള്‍ ഉണ്ടാക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. 

അടിമ മനോനില അത്രയ്ക്ക് തീവ്രമായതിനാല്‍ വിവേകാനന്ദന്‍ ബ്രാഹ്മണരെ അറിവിന്‍റെ മൂര്‍ത്തിമദ്ഭാവമായാണ് കണ്ടത് .മറ്റുള്ള വരെല്ലാം , ഒന്നിനും കൊള്ളാത്തവരായാണ് കണക്കാക്കിയത് .

ബുദ്ധമതത്തെ പ്രകീര്‍ത്തിക്കുന്നു.

1893 സെപ്‌തം.26ന്‌ ഷിക്കാഗോയില്‍ തന്റെ പ്രസംഗം അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു. "ബുദ്ധമതമില്ലാതെ ഹിന്ദുമതത്തിനു നിലനില്‍പ്പില്ല. ഹിന്ദുമതമില്ലാതെ ബുദ്ധമതത്തിനും. അതായത്‌, ബ്രാഹ്മണരുടെ ബുദ്ധിയും തത്വചിന്തയും കൂടാതെ ബുദ്ധ മതത്തിനും, ബുദ്ധമതക്കാരുടെ ഹൃദയമില്ലാതെ ബ്രാഹ്മണര്‍ക്കും നിലനില്‍പ്പില്ല. ബുദ്ധമതക്കാരും ബ്രാഹ്മണരും തമ്മിലുള്ള ഈ വേര്‍തിരിവാണ്‌ ഇന്ത്യയുടെ പതനത്തിനു കാരണം. അതിനാലാണ്‌ ഇന്ത്യയില്‍ 300 ദശലക്ഷം യാചകരുള്ളത്‌; അതുകൊണ്ടാണ്‌ ആയിരത്താണ്ടുകളായി ഇന്ത്യ ആക്രമണകാരികളുടെ അടിമയായി തുടര്‍ന്നു പോരുന്നത്‌. നമുക്ക്‌ ബ്രാഹ്മണരുടെ അത്ഭുതകരമായ ധിഷണയെ, മഹാഗുരുവിന്റെ ഹൃദയവും പുണ്യാത്മാവും അശ്ചര്യകരമായ മാനവീകരണ ശക്തിയുമായി കൂട്ടിച്ചേര്‍ക്കാം." (അതേ പുസ്തകം) സ്വാമിജിയുടെ മേല്‍ക്കണ്ട പ്രസംഗഭാഗം വ്യക്തമാക്കുന്നത്‌, ബ്രാഹ്മണരുടെ അതിബുദ്ധിക്ക്‌ നമ്മുടെ രാജ്യത്തെ ബാഹ്യാക്രമണ ങ്ങളില്‍ നിന്ന്‌ രക്ഷിക്കാനായില്ലെന്നാണ്‌; ജനങ്ങളെ യാചനയില്‍ നിന്നും പട്ടിണിയില്‍ നിന്നും മോചിപ്പിക്കുന്നതില്‍ അത്‌ പരാജയപ്പെട്ടെന്നാണ്‌. ബ്രാഹ്മണരുടെ 'അതിബുദ്ധി'യുടെയും 'ദൈവിക ധിഷണ' യുടേയും ഫലമായാണ്‌ വിവേകാനന്ദന്‌ ഷിക്കാഗോയിലെ 'മതപാര്‍ലിമെന്റില്‍' പോയി തന്റെ രാജ്യത്തെ 'ദരിദ്രജനത'ക്കുവേണ്ടി പരസ്യമായി ഭക്ഷണം യാചിക്കേണ്ടി വന്നത്‌. ഇങ്ങനൈാരവബോധമുണ്ടായിട്ടും ഇമ്മാതിരി 'ബുദ്ധിശാലിത്വ'ത്തെ തൊഴിച്ചു പുറത്താക്കാനായി ഒരാഹ്വാനം മുഴക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നതു രാജ്യത്തിനു നാണക്കേടാണ്‌. അതിനുപകരം, അടിമത്തത്തിന്റെയും യാതനയുടേയും ദാരിദ്ര്യത്തിന്റേയും കാരണക്കാരായ ബ്രാഹ്മണരുടെ ധിഷണയെ വിശ്വസ്‌തതയോടെ അദ്ദേഹം വാഴ്‌ത്തി.

1898ല്‍ ബീഹാറുകാരന്‍ ബാബു ഭഗവത്‌ നാരായന്‍ സിങ്ങില്‍ നിന്ന്‌ 22 ബിഘ ഭൂമി തന്റെ പേരില്‍ വാങ്ങാന്‍ ഒരു വന്‍ തുക (നാല്‍പ്പതിനായിരം രൂപ) സ്വാമി വിവേകാനന്ദന്‌ അമേരിക്ക ക്കാരിയായ ഒരു ബുദ്ധഭക്ത മിസ്സിസ്‌ ഹെന്റീയെറ്റ്‌ മൂലറില്‍നിന്നു സംഭാവനയായി ലഭിച്ചു. ബേലൂരില്‍ ഹൂഗ്ലീ നദിക്കരയിലെ ആ ഭൂമിയില്‍ അദ്ദേഹം രാമകൃഷ്‌ണമഠം സ്ഥാപിച്ചു. ബേലൂര്‍ മഠത്തില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായി വളരെ ഭീമമായൊരു സംഖ്യ മറ്റൊരു അമേരിക്കന്‍ ബുദ്ധ ഭക്തനായ മിസ്‌ ഓലിബ്ലൂവില്‍ നിന്ന്‌ അദ്ദേഹത്തിനു കിട്ടി. സ്വാമി വലിയൊരു ക്ഷേത്രം പണികഴിപ്പിച്ച തിനു ശേഷം ഒരു മിഷന്‍ സ്ഥാപിച്ചു. രാമകൃഷ്‌ണ മിഷനിലെ സന്യാസിമാര്‍ കര്‍ശനമായി പാലിക്കേണ്ട അനേകം നിയമങ്ങള്‍ അദ്ദേഹം ഉണ്ടാക്കുകയും ചെയ്‌തു. അവയിലെ ഒരു സുപ്രധാന നിയമം ഇതായിരുന്നു. 'മഠം/മിഷന്‍ സാമൂഹ്യ പരിഷ്‌കാരങ്ങളില്‍ അധികം ശ്രദ്ധ കൊടുക്കില്ല. കാരണം, അത്തരം സാമൂഹിക ദോഷങ്ങളും ദുരാചാരങ്ങളും സമൂഹശരീരത്തിന്റെ ഒരു തരത്തിലുള്ള രോഗമാണ്‌. വിദ്യാഭ്യാസം പോലുള്ള പോഷകാഹാരം ലഭിച്ച്‌ വേണ്ടത്ര ശക്തിപ്രാപിച്ച്‌ ശരീരം 'ഓക്കേ' ആകുമ്പോള്‍ ആ അസുഖങ്ങള്‍ താനേ അപ്രത്യക്ഷമാകും. അതിനാല്‍, ആവക സാമൂഹിക തിന്മകള്‍ തുറന്നുകാണിച്ചു സമയം പാഴാക്കുന്നതിനു പകരം, സമൂഹത്തെ ശക്തിപ്പെടുത്താനായി അതിനെ തീറ്റിപ്പോറ്റു ന്നതില്‍ മിഷന്‍ ശ്രദ്ധവെക്കും.'(ശങ്കരി പ്രസാദ്‌ ബസു ,വാല്യം 4, പേജ് 20)

ഈ പ്രവര്‍ത്തനങ്ങളെല്ലാം ബ്രിട്ടീഷ്‌ കൊളോണിയല്‍ സാമ്രാജ്യം രാഷ്ട്രീയവും ഭരണപരവുമായ അധികാരം ഇന്ത്യയിലെ സവര്‍ണജാതികള്‍ക്കു കൈമാറിയതിനു ശേഷം, വെല്ലുവിളിക്ക പ്പെടാതെ ഒരു ഹിന്ദുരാജ്‌ സ്ഥാപിക്കുന്നതിനു പരമാവധി സഹായിച്ചു. അതിനാലാണ്‌ ആ വരേണ്യവര്‍ഗത്തില്‍ നിന്ന്‌, വിവേകാനന്ദന്‍ വീണ്ടും അവതരിക്കുന്നതിനുള്ള മുറവിളി ഉയരുന്നത്‌. 


ബുദ്ധമതത്തെ തള്ളിപ്പറയുന്നു.

ഷിക്കാഗോ ലോകസമ്മേളനത്തില്‍ വിവേകാനന്ദന്‍ ഭഗവാന്‍ ബുദ്ധന്റെ ഒരു ഉറച്ച അനുയായിയായി നടിച്ചു. മുഖ്യമായും ബുദ്ധന്റെ അടിസ്ഥാനപരവും യുക്തിബദ്ധവുമായ പാഠങ്ങള്‍ പ്രബോധനം ചെയ്‌തുകൊണ്ടാണ്‌ അദ്ദേഹം പടിഞ്ഞാറന്‍ ജനങ്ങളുടെ ഹൃദയം കവര്‍ന്നത്‌. ബുദ്ധന്റെ ഉപാസകരിലൊരാ ളായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു. എന്നാല്‍, ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം ബുദ്ധനേയും അദ്ദേഹത്തിന്റെ ധര്‍മ്മത്തേയും വിമര്‍ശിക്കാന്‍ തുടങ്ങി. ഈ വാര്‍ത്തയറിഞ്ഞ്‌, ഭഗവാന്‍ ബുദ്ധന്റെ ഭക്തയും വിവേകാനന്ദനു വലിയ സാമ്പത്തിക സഹായം നല്‍കിയ ആളുമായ അമേരിക്കയിലെ മിസിസ്‌ ഓലിബ്ലൂ, വാര്‍ത്തയുടെ ആധികാരികതയെക്കുറിച്ചറിയാന്‍ വിവേകാനന്ദന്‌ എഴുതി. 5.5.1897ല്‍ എഴുതിയ മറുപടിയില്‍ ഇങ്ങനെ വ്യക്തമാക്കി;
'സമ്പൂര്‍ണബുദ്ധിസം ഇക്കാലത്തും വളരെ ഗുണം ചെയ്യുമെന്ന്‌ ഞാന്‍ കരുതി. എന്നാല്‍ ഞാന്‍ ആ സങ്കല്‍പ്പനം ഉപേക്ഷിച്ചിരിക്കുന്നു. ബുദ്ധമതം എന്തുകൊണ്ടാണ്‌ ഇന്ത്യയില്‍ നിന്ന്‌ ഓടിക്കപ്പെട്ടത്തെന്ന്‌ ഇപ്പോള്‍ ഭാവന യില്‍ വ്യക്തമായി ദര്‍ശിക്കാന്‍ എനിക്കു കഴിയും..... അമേരിക്കയിലുണ്ടാ യിരുന്ന പ്പോഴത്തേതിനേക്കാള്‍ വ്യത്യസ്‌തനായ ഒരാളായിത്തീര്‍ന്നിരിക്കുന്നു ഞാന്‍. എനിക്ക്‌ ഇംഗ്ലീഷ്‌ പാതിരിമാരോട്‌ സഹാനുഭൂതി യുണ്ട്‌. എന്നാല്‍ 'തിയോസഫിസ്റ്റു'കളോടും ബുദ്ധമതക്കാരോടും അശേഷമില്ല. ഇന്ത്യയില്‍ തിരിച്ചുവന്നതിനു ശേഷം ഞാന്‍ കണ്ടത്‌, ഇന്ത്യ രാമകൃഷ്‌ണനിലേക്ക്‌ പരിവര്‍ത്തനം ചെയ്‌തിരിക്കുന്നുവെന്നാണ്‌.'(സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍)  

('സ്വാമി വിവേകാനന്ദന്‍ സോഷ്യലിസ്റ്റോ?' എന്ന പുസ്തകത്തില്‍ നിന്നും. പരിഭാഷ:വി പ്രഭാകരന്‍, അവതാരിക: ബി ആര്‍ പി ഭാസ്കര്‍, പ്രസാധനം: ബ്രൌണ്‍ ബുക്സ്,പെരുംപിലാവ്,തൃശൂര്‍ ) 

2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ഈഴവര്‍ക്ക്‌ ഹിന്ദുമതം സ്വന്തം ! അതുപോലെ അടിമകള്‍ക്ക്‌ ചങ്ങലയും സ്വന്തം ! -സഹോദരന്‍ അയ്യപ്പന്‍


കെ അയ്യപ്പന്‍ ബി എ ,എംഎല്‍സി


മിതവാദി രംഗത്തിന്റെ മതംമാറ്റ ബഹളങ്ങള്‍ പലതവണ നടന്നിട്ടുണ്ട്‌. എങ്കിലും മി. സുകുമാരന്‍ ഇന്നാള്‍ എടുത്തിരിക്കുന്ന മതംമാറ്റ വാദത്തിന്‌ ഒരു പുതുമയുണ്ട്‌. ഇതിനുമുമ്പ്‌ മതംമാറ്റത്തിനു വാദിച്ചവര്‍ ക്രിസ്‌തുമതം, ബ്രഹ്മസമാജം, ബുദ്ധമതം, ആര്യസമാജം എന്നീ മതങ്ങളിലേക്ക്‌ പോകുവാനാണ്‌ പറഞ്ഞിരുന്നത്‌. മി. സുകുമാരന്‍ അധഃകൃതരേയും അവരുടെ പിന്നാലെ തീയ്യരേയും ഇസ്ലാമിലേക്ക്‌ ക്ഷണിക്കുന്നു. ഇന്ത്യയിലെ അധഃകൃതര്‍ക്ക്‌ എളുപ്പമായ രക്ഷാമാര്‍ഗം മുസ്ലീമീങ്ങളാ വുകയാ ണെന്ന്‌ സര്‍ സി. ശങ്കരന്‍ നായര്‍ ഒരവസരത്തില്‍ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ കേരളത്തില്‍ ഇസ്ലാംമത സ്വീകരണത്തിന്‌ അധഃകൃതരോട്‌ ആദ്യം പറഞ്ഞ ഒരു പ്രധാനി മി. സുകുമാരന്‍ തന്നെയാണെന്ന പറയാം. ഏത്‌ മതത്തിലേക്ക്‌ പോകുന്ന വാദമായാലും മതംമാറ്റബഹളം ഹിന്ദുമതത്തിന്റെ ജാതിജേലില്‍ കിടന്നു ബുദ്ധിമുട്ടുന്ന സമുദായങ്ങള്‍ക്ക്‌ ഗുണമല്ലാതെ ഒരിക്കലും ദോഷം ചെയ്‌കയില്ല. മതം മാറ്റത്തിന്‌ ഓരോ ദോഷങ്ങള്‍ കാണുന്നവരാരും വാസ്‌തവത്തില്‍ അതിനെപ്പറ്റി അമ്പരക്കേണ്ട ആവശ്യമില്ല. എത്രശക്തിയായി പ്രചാരണവേല നടത്തിയാലും അധഃകൃതരോ തീയ്യരോ അടുത്തെങ്ങും മതംമാറി ക്ഷയിക്കുകയോ നശിക്കുകയോ ഉണ്ടാവുകയില്ല. മതംമാറ്റ വാദത്തിന്റെ പ്രചാരണവേല ! ഒരു ദീര്‍ഘഭാവിയില്‍ അഥവാ ഫലിക്കുകയാണെങ്കില്‍ അപ്പോഴേക്കും മതം ഇല്ലാതാക്കാന്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നവാദവും ഫലിക്കാതെ വരില്ല. ഇനി മതംമാറ്റ വാദത്തേക്കാള്‍ അധികം എളുപ്പം ഫലിക്കാന്‍ ഇടകാണുന്നത്‌ മതധ്വസവനവാദത്തിനാണ്‌. മതംമാറ്റ വാദംകൂടി പരമാര്‍ഥത്തില്‍ മതധ്വംസനവാദമായിട്ടാണ്‌ ഫലിച്ചുകാണുന്നത്‌. തീയ്യരാണല്ലോ കേരളത്തില്‍ മതംമാറ്റവാദം കലശലായി നടത്തുന്നത്‌. ഇത്രത്തോളം മതമില്ലാതായ സമുദായം കേരളത്തില്‍ വേറെയില്ല. അവരില്‍ മതംമാറ്റം നടത്തുന്നവര്‍ പ്രായേണ ഒരു മതത്തിലും വിശ്വാസമില്ലാത്തവരും എല്ലാമതവും തിരിച്ചുകിട്ടുമെങ്കില്‍ അത്‌ ഏറ്റവും വലിയ ഭാഗ്യമായിരിക്കുമെന്ന്‌ കരുതുന്നവരുമാണ്‌. മതംമാറ്റവാദം ആ വാദക്കാര്‍ പറയുന്ന ഗുണങ്ങള്‍ ചെയ്‌തില്ലെങ്കില്‍ത്തന്നെയും മതങ്ങളെപ്പറ്റി സ്വതന്ത്ര ചിന്തചെയ്യാന്‍ ജനങ്ങെളെ പ്രേരിപ്പിക്കാതിരിക്കയെങ്കിലും ചെയ്യാതിരിക്കയില്ല. അതുതന്നെ വലിയ ഗുണമാണ്‌. സ്വതന്ത്ര ചിന്തയുടെ കുറവുകൊണ്ടാണ്‌ മതങ്ങളും മതംകൊണ്ടുള്ള ദോഷങ്ങളും പ്രധാനമായി നില്‍ക്കുന്നത്‌. അച്ഛനമ്മമാരില്‍ നിന്ന്‌ കേട്ടും കണ്ടും ബാല്യത്തിലേ പഠിച്ചുപഴകി ഉറക്കുന്നതോ, ഗുരുമുഖത്തുനിന്ന കേട്ട്‌ ചോദ്യമില്ലാതെ കണ്ണുംപൂട്ടി വിശ്വസിച്ചു റക്കുന്നതോ ആയ ചില അന്ധതകളും അനാചാരങ്ങളുമാണ്‌ പ്രായേണ എല്ലാ മതങ്ങളും. ഈ ബാധയില്‍നിന്ന്‌ ജനങ്ങള്‍ക്ക്‌ രകഷകിട്ടാന്‍ സ്വതന്ത്രചിന്താവെളിച്ചം പകര്‍ത്തുകയെന്നതാണ്‌ പ്രധാനവഴി. മതംമാറ്റവാദം സ്വതന്ത്രചിന്തയെ കുറേയെങ്കിലും ഉദ്ദീപിപ്പിക്കാതെയിരിക്കുകയില്ല. അധഃകൃതര്‍ ഇസ്ലാമിലേക്കു പോകുന്ന കാര്യമണല്ലോ ഇപ്പോള്‍ മി. സുകുമാരന്‍ നമ്മുടെ ആലോചനാ വിഷയമാക്കിയിരിക്കുന്നത്‌. ഇതിന്‌ മി. സുകുമാരന്‍ പറയുന്ന പ്രയോജനങ്ങളും, മി. വര്‍ക്കി മുതലായവര്‍ പറയുന്ന ദോഷങ്ങളും മിക്കവാറും ഉള്ളതുതന്നെയാണ്‌. അയിത്തം ഇല്ലാതാക്കുന്നതിന്‌ സാധിക്കുമെങ്കില്‍ ഇത്രനല്ല ഉപായം വേറെയില്ല. തൊപ്പിയിട്ട പുലയനോട്‌ വഴിമാറാന്‍ പറയാന്‍ കേരളക്കരയില്‍ ആരും ധൈര്യപ്പെടുകയില്ല. വെന്തിഞ്ഞയിട്ട പുലയനു അത്രതന്നെ എളുപ്പത്തില്‍ അയിത്തശല്യം നീങ്ങിക്കിട്ടുകയുമില്ല. തൊപ്പിയിട്ട പുലയനെ മുസ്ലീങ്ങള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്യുന്നേടത്തോളം വെന്തിഞ്ഞയിട്ട പുലയനെ ക്രിസ്‌ത്യാനികള്‍ അടുപ്പിക്കുകയും സ്വന്തമായി കരുതുകയും ചെയ്‌കയില്ല. ക്രിസ്‌ത്യാനികള്‍ പുതുക്രിസ്‌ത്യാനികളെ നിന്ദിക്കുന്നേടത്തോളം മുസ്ലീങ്ങല്‍ പുതുമുസ്ലീങ്ങളെ നിന്നിക്കുകയില്ല. മതവിശ്വാസം നോക്കിയാലും ക്രിസ്‌തുമതത്തോളം തന്നെ അന്ധവിശ്വാസം ഇസ്ലാമിലില്ല. ഭാവി ഇന്ത്യയിലെ ശക്തിയേറിയ മതം ക്രിസ്‌തുമതത്തേക്കാള്‍ ഇസ്ലാമായിരിക്കുമെന്നത്‌ നിരാക്ഷേപമാണ്‌.

ഒന്നാം പതിപ്പിന്റെ(1936)കവര്‍
ഉള്‍പ്പെടുത്തിയ രണ്ടാം
പതിപ്പിന്റെ(1988) കവര്‍.
മതംമാറ്റവാദം ഫലിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്‌. തിയ്യര്‍ മുതലായ സമുദായങ്ങള്‍ അവരുടെ ഹിന്ദുമതം ഉപേക്ഷിക്കണം. അതില്‍ കിടന്നുകൊണ്ട്‌ അവരുടെ ആത്മാഭിമാനം രക്ഷിക്കാനും അവര്‍ക്ക്‌ മറ്റുള്ളവരെ പ്പോലെ നിവര്‍ന്ന്‌ നില്‍ക്കാനും വളരെ പ്രയാസമുണ്ട്‌. ഹിന്ദുമതം വിടുന്നത്‌ ആത്മാഭിമാനക്കുറവാണെന്ന്‌ ചിലര്‍ ധരിക്കുന്നത്‌ ശുദ്ധ വിഢിത്തമാണ്‌. നമ്മെ കെട്ടിയിരിക്കുന്ന ചങ്ങല പുരാതനവും സനാതനവും എന്ന്‌ ആരെല്ലാം പറഞ്ഞാലും, അത്‌ പൊട്ടിച്ചുപോകു ന്നതിലാണ്‌ നമ്മുടെ പൗരുഷം കിടക്കുന്നത്‌. എങ്ങനെയോ നമ്മുടെ ഉള്ളിലായിപ്പോയവിഷം സര്‍വരോഗ വിനാശിയെന്ന്‌ ആരെല്ലാം പറഞ്ഞാലും അത്‌ ഛര്‍ദിച്ചോ, അതിസാരിച്ചോ കളയുന്നതിലാണ്‌ നമ്മുടെ വിവേകം കിടക്കുന്നത്‌. തീയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമെന്നു പറയുന്നത്‌ അടിമ പഴക്കംകൊണ്ട്‌ ചങ്ങല സ്വന്തമെന്ന്‌ പറയുന്നതുപോലെയാണ്‌. ജനങ്ങളുടെ അഭിവൃദ്ധിക്ക്‌ ആവശ്യമെന്നു കണ്ടാല്‍ മതം മാറുകയോ നശിപ്പിക്കുകയോ ചെയ്യുന്നതില്‍ ഒരു അഭിമാന ഭംഗവും ഇല്ല. നേരേമറിച്ച്‌ അങ്ങനെ ചെയ്യാതിരിക്കുന്നത്‌ വെറും വങ്കത്തമായിരിക്കും. മതവുമായി ആരും ഒരു ഉടമ്പടിയും ചെയ്‌തിട്ടില്ല. തീയ്യര്‍ മുതലായവര്‍ക്ക്‌ ഹിന്ദുമതം ഉപേക്ഷിക്കാന്‍ എങ്ങനെ സാധിക്കുമെന്നതിനേപ്പറ്റിയേ ചിന്തിക്കുവാനുള്ളൂ. വേറേ മതങ്ങളിലേക്ക്‌ അതായത്‌ വേറേ മതങ്ങളില്‍ വിശ്വസിക്കുന്ന സമുദായങ്ങളിലേക്കുപോയി ഹിന്ദുമതം വിടുന്നതോ മറ്റൊരു സമുദായത്തിലേക്കും പോകാതെ ഇപ്പോഴത്തെ സമുദായങ്ങളായി നിന്ന്‌ ഹിന്ദുമതവിശ്വാസം മാത്രം വിടുന്നതോ ഏതാണ്‌ അധികം നല്ലതും പ്രായോഗികവും എന്ന്‌ ചിന്തിക്കാനുണ്ട്‌. ഒടുവിലത്തെ മാര്‍ഗമാണ്‌ അധികം പ്രായോഗികമായി തോന്നുന്നത്‌. ഇതു പ്രത്യേകിച്ച്‌ തീയ്യരെപ്പറ്റി പറയുന്നതാണ്‌. പുലയര്‍ മുതലായ സമുദായങ്ങള്‍ക്ക്‌ ഇപ്പോള്‍്‌ ക്രിസ്‌ത്യാനികളിലോ മുസ്ലീങ്ങളിലോ പോയി ലയിക്കുന്നതു തന്നെയാണ്‌ സാധിക്കുമെങ്കില്‍ ഏറ്റവും ഉത്തമമായിട്ടുള്ളത്‌. ഏതായാലും ഓരോരുത്തരോരോരുത്തരായി അന്യസമുദായത്തില്‍ പോയി ചേരുന്നതുകൊണ്ട്‌ ആ പോയവര്‍ക്ക്‌ അവര്‍ ഉദ്ദേശിക്കുന്ന ഗുണങ്ങള്‍ സാധിച്ചാലും അതുമൂലം അവരുടെ സമുദായത്തിന്‌ അവശതമാറുകയില്ല. അവരുടെ സമുദായം ക്ഷയിക്കുകയും വീണ്ടും ശക്തിഹീനമാവുകയായിരിക്കും ഫലം. അതുകൊണ്ട്‌ തീയ്യര്‍, അരയന്മാര്‍ മുതലായവരാരായാലും, പുലയര്‍ മുതലായവരായാലും ഒന്നിച്ചു മതപരിവര്‍ത്തനത്തിനുവേണ്ടിയാണ്‌ ശ്രമിക്കേണ്ടത്‌. അങ്ങിനെ പരിവര്‍ത്തനം സാധ്യമാകുമ്പോഴാണ്‌ മതപരിവര്‍ത്തനം കൊണ്ട്‌ സമുദായത്തിന്‌ ഗുണമുണ്ടാകുന്നത്‌. ഈ ശ്രമം സാധിക്കുന്നില്ലെങ്കിലും അത്‌ തീരെ നിഷ്‌പ്രയോജനമാകയില്ല.

മൂന്നാം പതിപ്പിന്റെ
കവര്‍
(1936ല്‍ 'കേരള തീയ്യ യൂത്ത്‌ ലീഗ്‌' പ്രസിദ്ധീകരിച്ച ' അസവര്‍ണര്‍ക്ക്‌ നല്ലത്‌ ഇസ്ലാം' എന്ന ചെറുഗ്രന്ഥത്തിലാണ്‌ സഹോദര്‍ അയ്യപ്പന്റെ ഈ കുറിപ്പ്‌ ഉള്ളത്‌.1988ല്‍ ബഹുജന്‍ സാഹിത്യ അക്കാദമി ഈ പുസ്‌തകം പുനഃപ്രസാധനം ചെയ്‌തു. വി പ്രഭാകരന്‍ ജനറല്‍ കണ്‍വീനറായിരുന്നു. പുസ്‌തകത്തിന്റെ അവതാരിക ഡോ. എം എസ്‌ ജയപ്രകാശിന്റേതാണ്‌. 2005ല്‍ മൂന്നാം പതിപ്പ്‌ ഇറങ്ങി. നന്മ ബുക്‌സ്‌ കോഴിക്കോടാണ്‌ വിതരണക്കാര്‍)@ കവിത:സയന്‍സ്‌ ദശകം-സഹോദരന്‍ അയ്യപ്പന്‍
@ സഹോദരന്‍: മറ്റൊരു ആഗസ്റ്റ് വിപ്‌ളവം.