"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2013, ജൂലൈ 30, ചൊവ്വാഴ്ച

തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ 4 ദശാബ്ദങ്ങള്‍ക്ക്‌ മുമ്പ്‌.

തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ 4 ദശാബ്ദങ്ങള്‍ക്ക്‌ മുമ്പ്‌.

വി കെ ഗോപിനാഥന്‍ പിള്ള,കൊല്ലം.


1949-ല്‍ ദേവസ്വം ബോര്‍ഡ്‌ രൂപീകൃതമാകും വരെയുള്ള കാലഘട്ട മാണിവിടെ പരാമര്‍ശ വിഷയ മാകുന്നത്‌. ബോര്‍ഡിന്റെ അവിര്‍ ഭാവത്തിനു മുമ്പുള്ള കാര്യങ്ങള്‍ അധികമാര്‍ക്കും അറിവില്ലെ ന്നുള്ളതില്‍ 2 പക്ഷം ഇല്ല. തിരുവിതാം കൂറില്‍ മുമ്പുണ്ടായിരുന്ന ക്ഷേത്രങ്ങ ളുടെയും, അവക്ക്‌ തനതാ യുണ്ടായിരുന്ന സ്ഥാവര-ജംഗമ സ്വത്തുക്കളുടെയും നാശവും, അന്യാധീനവും സംബന്ധിച്ച്‌ പുതിയ തലമുറക്ക്‌ വളരെയൊന്നും അറിയില്ല. അതറിയേണ്ടത്‌ ഈ കാലഘട്ടത്തില്‍ അത്യാവശ്യമാണ്‌.

നാശോന്മുഖമായ ക്ഷേത്രങ്ങള്‍, അവയുടെ സ്ഥാവര-ജംഗമ വസ്‌തുക്കള്‍ എന്നിവക്കുണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ നാശ- ഹേതുക്കളും സംഭവിച്ച നഷ്ടങ്ങളും എന്തൊക്കെയാണെന്ന്‌ പഠിച്ച്‌ അവ പരിഹരിക്കുവാന്‍ എന്തെല്ലാം വ്യതിയാനങ്ങള്‍ വരുത്തേണ്ടതുണ്ടെന്നതു സംബന്ധിച്ച്‌ വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാന്‍ മഹാരാജാക്കന്മാര്‍ യഥാകാലം കമ്മീഷനുകളെ നിയോഗിച്ചിരുന്നു. വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുളിലെ വിവരങ്ങളാണ്‌ ഇതിന്‌ ആധാരമായിട്ടുള്ളത്‌.അപ്രകാരം ലഭിച്ച വസ്‌തുക്കള്‍ വളരെ ചുരുങ്ങിയ നിലയിലും, എന്നാല്‍ തല്‍സംബന്ധമായ ഒരു രൂപം ഉളവാക്കും വിധവും ആണ്‌ ഇതില്‍ പ്രതിപാദിച്ചിട്ടുള്ളത്‌.

തെക്ക്‌ കന്യാകുമാരി മുതല്‍ വടക്ക്‌ പറവൂര്‍ വരെയും,കിഴക്ക്‌ ചെങ്കോട്ട മുതല്‍ പടിഞ്ഞാറ്‌ അറബിക്കടല്‍ വരെയും വ്യാപിച്ചുകിടന്നിരുന്ന വിസ്‌തൃതമായ തിരുവിതാംകൂര്‍ രാജ്യം രൂപീകരിച്ചത്‌ പന്തളം, കായംകുളം, അമ്പലപ്പുഴ, കോട്ടയം, തെക്കുംകൂര്‍, വടക്കുംകൂര്‍ തുടങ്ങി ഒട്ടനവധി നാട്ടുരാജാക്കന്മാരെ യുദ്ധത്തില്‍ തോല്‍പ്പിച്ച്‌ കുലദൈവമായ ശ്രീ പത്മനാഭന്റെ ദാസനായി വേണാട്ടു ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ ആയിരുന്നല്ലോ.


മാര്‍ത്താണ്ഡവര്‍മ്മ
പഴയകാലത്ത്‌ തിരുവിതാംകൂറില്‍ ക്ഷേത്രങ്ങ ളില്ലാത്ത ഒരു ഗ്രാമവും ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങളധികവും ഊരാളന്മാര്‍, മാടമ്പിമാര്‍, കരക്കാര്‍ എന്നിവരുടെ കൈവശത്തിലും ഭരണത്തിലും ആയിരുന്നു. നാട്ടുരാജാക്കന്മാരാല്‍ സ്ഥാപിതമായ ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ ഭരണത്തിലുമായിരുന്നു. എങ്കിലും എല്ലാ ക്ഷേത്രങ്ങളുടെയും മേല്‍ക്കോയ്‌മാവകാശം അതതുകാലത്തെ രാജാക്കന്മരില്‍ തന്നെ ആയിരുന്നു.

ബഹു.ഹൈക്കോടതിയുടെ ഉത്തരവിലെ സുവ്യക്തത മാനിച്ചും ദേവസ്വം കാര്യങ്ങളെപ്പറ്റി പഠിച്ച്‌ വ്യക്തവും വിശദവുമായ ഒരു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ ഹൈക്കോടതി ജഡ്‌ജിയായിരുന്ന കെ രാമചന്ദ്രറാവുവിനെ അധികാരപ്പെടുത്തി 1904-ല്‍ കമ്മീഷനായി നിയമിച്ചുകൊണ്ട്‌ 1907-ല്‍ പ്രഖ്യാപനമുണ്ടായി. വസ്‌തുതകള്‍ വെളിവാകും വിധം സമഗ്രമായ ഒരു റിപ്പോര്‍ട്ട്‌ അദ്ദേഹം 1907-ല്‍ സമര്‍പ്പിച്ചു. പ്രസ്‌തുത റിപ്പോര്‍ട്ടിലാണ്‌, പഴയകാലത്ത്‌ 25000ഓളം ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ഭാഗത്ത്‌ ഉണ്ടായിരുന്നതായും, ഊരാളന്മാരുടേയും മറ്റും ദുര്‍ഭരണം ഹേതുവായി ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളും നശിച്ച്‌ നാമാവശേഷമായി പോയി എന്നും എന്വേഷണ കാലഘട്ടത്തില്‍ ഏതാണ്ട്‌ 6000 ക്ഷേത്രങ്ങള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂവെന്നും, അവയുടെ ഭൂസ്വത്തുക്കള്‍ രാജ്യത്തിന്റെ ആകെ വിസ്‌തൃതിയുടെ 40% വരുമെന്നും മറ്റും വിവരിച്ചിട്ടുള്ളത്‌. ക്ഷേത്രങ്ങളേയും അവയുടെ സ്വത്തുക്കളേയും സംബന്ധിച്ചിടത്തോളം ഒരു ട്രസ്‌റ്റിയുടെ ചുമതലയും ബാധ്യതകളുമാണ്‌ സര്‍ക്കാരിനുള്ളതെന്നും ദേവസ്വം വസ്‌തുക്കളെ പണ്ടാരപ്പാട്ട പരിധിയില്‍ കൊണ്ടുപോയ നടപടി ശരിയായില്ലെന്നും ദേവസ്വം വസ്‌തുക്കളില്‍ നിന്നും സര്‍ക്കാരിന്‌ ലഭിച്ചുകൊണ്ടിരുന്ന ആദായത്തില്‍ നിന്നും എല്ലാ ചെലവുകളും കഴിച്ചാല്‍ തന്നെയും ആണ്ടില്‍ 2ലക്ഷം രൂപയില്‍ കുറയാതെ മിച്ചം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതാകുന്നു. 1811 മുതല്‍ 1908 വരെയുള്ള കാലഘട്ടത്തില്‍ 2കോടി രൂപയോളം ഈ ഇനത്തില്‍ തന്നെ സര്‍ക്കാരിന്‌ ലാഭമുണ്ടായിട്ടുള്ളതായും പ്രസ്‌തുത തുകക്ക്‌ ആ കാലഘട്ടത്തിലെ പലിശ നിരക്ക്‌ വെച്ച്‌ ആണ്ടിനാല്‍ 12 ലക്ഷം രൂപ പലിശയായി ലഭിക്കേണ്ടതായിരുന്നുവെന്ന്‌ കണക്കാക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്ന്‌ പറയുന്നുണ്ട്‌. ഇപ്രകാരം സര്‍ക്കാരിന്‌ ലഭിച്ചിട്ടുള്ള ആദായം ഹൈന്ദവേതരമായ കാര്യങ്ങള്‍ക്കു കൂടി ചെലവഴിച്ചിട്ടുണ്ടെന്നു സ്‌പഷ്ടമാണ്‌. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാതിരുന്നതിനു കാരണം ഹിന്ദുക്കളുടെ രാജഭക്തി ഒന്നുമാത്രമായിരിക്കണം.

അതിന്‍ പ്രകാരം 1912-ല്‍ ഔപചാരികമായ ഒരു രാജകീയ വിളംബരം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അടുത്ത സെറ്റില്‍മെന്റ്‌ നടക്കുമ്പോള്‍ ആണ്ടോടാണ്ട്‌ ദേവസ്വങ്ങള്‍ക്ക്‌ ന്യായമായി ലഭിക്കേണ്ടതായ ആദായം കിട്ടുന്നതിനുവേണ്ട ഏര്‍പ്പാട്‌ ചെയ്യുന്നതാണെന്നും ദേവസ്വങ്ങളുടെ പരിപാലനവും സുസ്ഥിരമായ ഭരണവും സംബന്ധിച്ച ചുമതലകള്‍ ഗവണ്‍മെന്റ്‌ ഏറ്റെടുക്കേണ്ടതാണെന്നും വിളംബരത്തില്‍ വിവരിച്ചിരുന്നു. ചരിത്രപരവും നിയാമാധിഷ്‌ഠിതവുമായ ഈ ബാധ്യത സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഒരു വസ്‌തുത മാത്രം. ആയത്‌ ഖേദകരമെന്നുതന്നെ പറയട്ടെ.

1912-ലെ വിളംബരത്തിനുശേഷവും സര്‍ക്കാരിന്റെ അനാസ്ഥ ഹൈന്ദവരില്‍ അസ്വസ്ഥതകള്‍ ഉളവാക്കി. എങ്കിലും 1920-ല്‍ ഒരു ഉന്നതാധികാര കമ്മീഷനെ തന്നെ ഇക്കാര്യങ്ങള്‍ക്കായി നിയോഗിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ദേവസ്വങ്ങളുടെ ഭരണം റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിടര്‍ത്തി സ്വതന്ത്രമാക്കണമെന്ന്‌ പ്രസ്‌തുത കമ്മീഷന്‍ 1922-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശക്തമായി ശുപാര്‍ശ ചെയ്‌തിരുന്നുവെന്നുമാത്രമല്ല 1811 ലും അതിനുശേഷവും ഏറ്റെടുത്തിട്ടുള്ള ക്ഷേത്രങ്ങളുടെ പരിപാലനവും തൃപ്‌തികരമായ സംരക്ഷണവും എന്നെന്നും ഏറ്റെടുത്തു നടത്തുന്നതിനുള്ള ബാധ്യതയും സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ പ്രസ്‌തുത റിപ്പോര്‍ട്ടിന്മേല്‍,അക്കാലത്തു മദിരാശി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ്‌ ജനറലായിരുന്ന സി പി രാമസ്വാമി അയ്യരുടെ അഭിപ്രായം ആരായുകയും 1811 ല്‍ ദേവസ്വം ഭൂമികളില്‍ നിന്നും കിട്ടിയിരുന്ന ആദായവും സര്‍ക്കാര്‍ ഭൂമികളില്‍ നിന്നും കിട്ടിയിരുന്ന മൊത്തം വരുമാനവും തമ്മിലുള്ള വ്യത്യാസം കണക്കാക്കി ആനുപാതികമായിട്ടുള്ള തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന്‌ ദേവസ്വം ഫണ്ടിലേക്ക്‌ ആണ്ടുതോറും കൊടുക്കേണ്ടതാണെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്‌തു. സി പി രാമസ്വാമി അയ്യരുടെ അഭിപ്രായം അതേപടി സ്വീകരിക്കുകയും തല്‍ഫലമായി അന്ന്‌ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. അതാണ്‌ 1922 ഏപ്രില്‍ 22 നു പുറപ്പെടുവിച്ച ദേവസ്വങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്രപ്രസിദ്ധമായ "ദേവസ്വം വിളംബരം" പ്രസ്‌തുത വിളംബരം മൂലമാണ്‌ ദേവസ്വം വകുപ്പ്‌ രൂപീകൃതമായത്‌.ഒരു ദേവസ്വം കമ്മീഷണറും 3 ജില്ലാ അസിസ്റ്റന്റ്‌ കമ്മീഷണര്‍മാരും 14 ഗ്രൂപ്പ്‌ സൂപ്രണ്ടുമാരും ഉള്‍പ്പെടുന്ന ഗസറ്റഡ്‌ ഉദ്യോഗസ്ഥന്മാരും ആവശ്യമായ മറ്റ്‌ നോണ്‍-ഗസറ്റഡ്‌ ഉദ്യോഗസ്ഥന്മാരും നിയമിതരായി.
ക്ഷേത്രങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന്‌ 

ഏര്‍പ്പെട്ടിരുന്നവരുടെ ഔദ്യോഗിക നാമധേയങ്ങള്‍ ശ്രീകാര്യം, ചിത്തിരം എന്നിങ്ങനെയായിരുന്നു. 

സി പി രാമസ്വാമി
ദേവസ്വം ഡിപ്പാര്‍ട്ടുമെന്റിന്റെ ചെലവുകള്‍ പൊതു ഖജനാവില്‍ നിന്നും വഹിക്കുന്നതിനു നിര്‍ദ്ദേശമുണ്ടായി. സര്‍ക്കാരിന്റെ "ആയക്കെട്ട്‌" സഞ്ചായം റവന്യൂ വരുമാനങ്ങളുടെ 40%ല്‍ കുറയാത്ത തുക ആണ്ടുതോറും ദേവസ്വത്തിലേക്ക്‌ നല്‍കണമെന്നും വ്യവസ്ഥ ചെയ്‌തു. 1811 മുല്‍ 1922 വരെയുള്ള സര്‍പ്ലസ്‌ ഫണ്ട്‌ 1 കോടി 27 ലക്ഷം രൂപയും ദേവസ്വം ബോര്‍ഡിലേക്ക്‌ നല്‍കുവാനും വ്യവസ്ഥയുണ്ടായി. അതോടൊപ്പം ദേവസ്വം വസ്‌തുക്കളുടെ കൈവശക്കാരായ കുടിയാന്മാര്‍ക്ക്‌ ജാതിഭേദമന്യേ വസ്‌തുക്കളില്‍ സ്ഥിരാവകാശം നല്‍കുന്നതിനും പ്രജാവത്സനായ മഹാരാജാവ്‌ കല്‍പ്പിച്ചുത്തരവാകുകയും ചെയ്‌തു. കൈവശഭൂമി കര്‍ഷകനെന്ന ആശയം സഫലീകൃതമാകണമെന്ന സദുദ്ദേശം മഹാരാജാവു തിരുമനസ്സിനുണ്ടായിരിക്കണം. ഈ സത്സംഭവത്തെ ആരും അനുമോദിച്ചതായോ, വിളംബരത്തിന്റെ പരിണിത ഫലമായി വസ്‌തുക്കള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതില്‍ ഊരാളന്മാരോ ഇതര ഹൈന്ദവരോ ആരും തന്നെ പ്രതിഷേധിച്ചതായോ ചരിത്രം പറയുന്നില്ല.

ദേവസ്വം ഡിപ്പാര്‍ട്ട്‌മെന്റിന്റെ രൂപീകരണത്തോടെ ദേവസ്വം ഭരണം വളരെ കാര്യക്ഷമതയോടെ നടക്കുന്നതിനു സാധ്യമായി എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടായില്ല.

അങ്ങനെ തുടര്‍ന്നു വരവെ 1946-ല്‍ സര്‍ക്കാര്‍ ഭൂനികുതി പരിഷ്‌കരിച്ചു.തല്‍ഫലമായി ദേവസ്വങ്ങളുടെ വര്‍ഷാശനം പുനര്‍ നിര്‍ണയിച്ചു. 1922-ലെ വിളംബരത്തിലെ ബാധ്യതകള്‍ ക്കനുസൃതമായി വര്‍ഷാശനം 16 ലക്ഷത്തില്‍ നിന്ന്‌ 25 ലക്ഷമായി ഉയര്‍ത്തപ്പെട്ടു. 1948-ല്‍ ഉണ്ടായ ഇടക്കാല ഭരണഘടനാ നിയമപ്രകാരം ദേവസ്വം ഡിപ്പാര്‍ട്ട്‌മെന്റ്‌ ഭരണം പൂര്‍ണമായും മഹാരാജാവു തിരുമനസ്സില്‍ നിക്ഷിപ്‌തമായി. വര്‍ഷാശനം കാലോചിതമായി വര്‍ധിപ്പിക്കണമെന്ന ഹൈന്ദവരുടെ നിവേദനം മാനിച്ചും 1922 ലെ വിളംബരത്തിലെ അന്തഃസത്ത ഉള്‍ക്കൊണ്ടും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രസ്‌തുത വര്‍ഷാശനം 25 ലക്ഷം എന്നുള്ളത്‌ 51 ലക്ഷം രൂപയാക്കി നിജപ്പെടുത്തി സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ ഒരു "ചാര്‍ജ്ജായി" അംഗീകരികകുകയുണ്ടായി. 1948-ലെ ദേവസ്വം വിളംബരം മുഖേന ഈ തീരുമാനത്തിനു നിയമ പ്രാബല്യം നല്‍കുകയും ചെയ്‌തു. 

മേല്‍പ്പറഞ്ഞ 51 ലക്ഷം രൂപയില്‍ 6 ലക്ഷം രൂപ ശ്രീപത്മനാഭ ക്ഷേത്രത്തിനു മാത്രമായിട്ടുള്ളതുമാണ്‌.

1949-ലെ ഓര്‍ഡിനന്‍സ്‌ മുഖാന്തിരം തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം നടപ്പില്‍ വരുകയും ദേവസ്വങ്ങളുടെ ഭരണത്തിനു പ്രത്യേകം ദേവസ്വം ബോര്‍ഡുകള്‍ രൂപീകൃതമാകുകയുമുണ്ടായി. പ്രസ്‌തുത ഓര്‍ഡിനന്‍സ്‌ പ്രകാരം 1950-ലെ ആക്ട്‌ നടപ്പില്‍ വന്നു.ആക്ടിന്റെ 15ആം വകുപ്പ്‌ ഹിന്ദു ധര്‍മ്മ സ്ഥാപന നിയയമത്രേ.

തിരുവിതാംകൂര്‍ പ്രദേശത്തേയും കൊച്ചി രാജ്യത്തേയും ക്ഷേത്രങ്ങളുടെ ഭരണത്തില്‍ തന്മൂലം വ്യതിയാനങ്ങളുണ്ടായി. 3 അംഗങ്ങള്‍ വീതമുള്ള പ്രത്യേകം പ്രത്യേകം ദേവസ്വം ബോര്‍ഡുകളെ ഭരണച്ചുമതല ഏല്‍പ്പിച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡിലെ ഓരോ അംഗത്തെ അതാതു മഹാരാജാവും മറ്റോരുത്തരെ ഹിന്ദു മന്ത്രിമാരും എംഎല്‍എ മാരും തെരഞ്ഞെടുക്കുന്നതിനും വ്യവസ്ഥ ചെയ്‌തു. ബോര്‍ഡുകള്‍ രണ്ടും തികച്ചും സ്വംയം ഭരണാവകാശമുള്ളതായിത്തീര്‍ന്നു.

1956-ല്‍ കേരള സംസ്ഥാനപ്പിറവി ദേവസ്വം ബോര്‍ഡുകളുടെ ഘടനയില്‍ ചില വ്യതിയാനങ്ങള്‍ വരുത്തി. തിരുവിതാംകൂറിന്റെ തെക്കേ അറ്റത്തെ 4 താലൂക്കുകളും കിഴക്കേ അറ്റത്തെ ചെങ്കോട്ട താലൂക്കും തമിഴ്‌നാടിന്റെ ഭാഗമായിത്തീര്‍ന്നു. തന്മൂലം നിശ്ചിത വര്‍ഷാശനം 51 ലക്ഷം രൂപയില്‍ 4.5ലക്ഷം രൂപ തിരുവിതാംകൂറില്‍ നിന്നും വിട്ടുപോയി തമിഴ്‌നാടിന്റെ ഭാഗമായ താലൂക്കുകളിലെ ക്ഷേത്രങ്ങള്‍ക്കായി. ശേഷിച്ച 46.5 ലക്ഷം രൂപയില്‍ മുന്‍പറഞ്ഞ 6 ലക്ഷം രൂപ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ളത്‌ കഴിച്ച്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു ലഭിക്കുന്നത്‌ 40.5 ലക്ഷം രൂപ മാത്രമാണ്‌. തമിഴ്‌നാടിന്‌ കൈമാറിയ പ്രദേശങ്ങളിലെ 449 ഷെഡ്യൂള്‍ ദേവസ്വങ്ങള്‍ പി.ഡി.ദേവസ്വങ്ങള്‍ക്കു പുറമേ ഉണ്ടായിരുന്നതായി കാണുന്നു.

ഇത്തരുണത്തില്‍ ഒരു വസ്‌തുത ഓര്‍ക്കേണ്ടതുണ്ട്‌. അതായത്‌ 1922-ലെ രാജകീയ വിളംബരത്തില്‍ ദേവസ്വങ്ങളെ ആചന്ദ്രതാരം സംരക്ഷിക്കുന്നതിനുള്ള ചുമതല സര്‍ക്കാരിനായിരിക്കുമെന്ന്‌ അസന്നിഗ്‌ധമായി പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ 1950-ലെ ഹിന്ദു മത ധര്‍മ്മ സ്ഥാപന നിയമത്തില്‍ അക്കാര്യത്തെ സംബന്ധിച്ച്‌ യാതൊരു വ്യവസ്ഥയും ചെയ്യുകയുണ്ടായില്ല. മഹാരാജാവിന്റെ അധികാരം പൊയ്‌പ്പോയ പരിതഃസ്ഥിതിയില്‍ ബോധപൂര്‍വം വിസ്‌മരിക്ക പ്പെട്ടതാണോ ഇക്കാര്യമെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല. തന്മൂലം ഇന്നു 4.5 കോടിയോളം രൂപ വര്‍ഷാശനം ലഭിക്കേണ്ട സ്ഥാനത്ത്‌ 40.5 ലക്ഷം രൂപ മാത്രമാണ്‌ ലഭിക്കുന്നത്‌. 48 വര്‍ഷങ്ങള്‍ കടന്നുപോയിട്ടും വര്‍ഷാശനം വര്‍ധിപ്പിച്ചു കൊടുക്കുന്ന കാര്യത്തില്‍ അധികൃതരുടെ ശ്രദ്ധ പതിഞ്ഞു കാണുന്നില്ല എന്നത്‌ ഖേദകരമാണ്‌. 1922-ലെ വിളംബരത്തിലെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട്‌ 1950-ലെ നിയമത്തില്‍ സൂചിപ്പിച്ച വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഇന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ കുറഞ്ഞത്‌ 4.5 കോടിരൂപ വര്‍ഷാശനം ലഭിക്കുമായിരുന്നു.

(കടപ്പാട്:"വാര്‍ത്തകള്‍ ചുരുക്കത്തില്‍" മാസിക.പുസ്തകം 12 ,ലക്കം 12,2007 മാര്‍ച്ച്‌ 20.ചിത്രങ്ങള്‍ എല്ലാം ഇന്റെര്‍നെറ്റില്‍ നിന്ന് )2013, ജൂലൈ 28, ഞായറാഴ്‌ച

ക്ഷേത്രങ്ങളും പുണ്യാഹ പ്രശ്‌നങ്ങളും

ക്ഷേത്രങ്ങളും പുണ്യാഹ പ്രശ്‌നങ്ങളും
(''ദേശീയ ജനഹിത പിതൃഭൂമി" മാസികയുടെ 2001 ജനുവരി ലക്കത്തിലാണ്‌ ഈ ലേഖനമുള്ളത്‌)

സദാനന്ദന്‍ ചേപ്പാട്‌.


മനുഷ്യ പുരോഗതിയുടെ പല പരിണാമ ഘട്ടങ്ങളിലും ഒളിമങ്ങാതെ നില്‍ക്കുന്ന വസ്‌തുതയാണ്‌ ഈശ്വരവിശ്വാസം. ഈ വിശ്വാസത്തെ ചരിത്രാതീത കാലം മുതല്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ തങ്ങളുടെ ചുറ്റുപാടുകള്‍ ക്കനുസൃതമായി ഓരോ തരത്തിലും വരച്ചു കാണിക്കുന്നുമുണ്ട്‌. ദൈവത്തിന്റെ പേരില്‍ മനുഷ്യര്‍ സംഘടിക്കുകയും സംഘട്ടനങ്ങള്‍ സൃഷ്ടിക്കു കയും പതിവാക്കി വന്നിരിന്നു. ഇന്ന്‌ നമുക്ക്‌ ചുറ്റുപാടും കാണുന്ന ജാതിയും ഉപജാതിയും വര്‍ഗവും മുന്നോക്ക-പിന്നോക്ക സമൂഹങ്ങളും വിവിധതരം മതങ്ങളുമെല്ലാം ഓരോരോ കാലഘട്ടത്തില്‍ മനുഷ്യസമൂഹങ്ങളില്‍ നിന്ന്‌ ഉരുത്തിരിഞ്ഞു വന്ന വികാര വിചാരങ്ങലുടെ സന്തതിതന്നെയാണ്‌.

ഇന്ത്യയില്‍ വിവിധതരം ജനസമൂഹങ്ങളാണ്‌ അനാദികാലം മുതല്‍ ജീവിച്ചു വരുന്നത്‌. യൂറോപ്യരുടെ വരവോടെയാണ്‌ നൂറുനൂറില്‍പരം നാട്ടുരാജ്യങ്ങള്‍ ഒന്നിച്ച്‌ ഒരു ദേശീയതയുടെ കീഴിലായത്‌.

ഓരോ നാട്ടുരാജ്യങ്ങളും പിടിച്ചടക്കിയശേഷം അവയെല്ലാം ബ്രിട്ടീഷ്‌ ഇന്ത്യയോട്‌ ചേര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍. അപ്രകാരമൊരു സംയുക്ത സങ്കല്‍പ്പം കൊണ്ടു മാത്രമാണ്‌ ഇന്ത്യ ഒരു ദേശീയതയുടെ കീഴില്‍ വന്നെത്തിയത്‌. അല്ലാതെ ഈശ്വരവിവാസത്തിന്റെ പേരിലുള്ള ദേശീയതയല്ല ഇവിയെയുള്ളത്‌. ദ്രാവിഡ ജനസമൂഹത്തിന്റെ ഭരണത്തെ കരിതേച്ചുകാണിച്ച്‌ ദ്രാവിഡ ചക്രവര്‍ത്തിമാരെ അസുരന്മാരായി ചിത്രീകരിച്ച്‌ അസുര സാമ്രാജ്യങ്ങളെ ഓരോന്നായി യുദ്ധം ചെയ്‌ത്‌ കീഴ്‌പ്പെടുത്തിയ കഥ ആര്യന്മാരുടെ ഇതിഹാസമായി. കേരളം ഭരിച്ചിരുന്ന അസുരചക്രവര്‍ത്തിയായ മഹാബലിയെ ചതിപ്രയോഗത്തില്‍ സിംഹാസനത്തില്‍ നിന്ന്‌ പുറംതള്ളിയ മുണ്ടനായ ബ്രാഹ്മണന്‍ മഹാവിഷ്‌ണു ആയിരുന്നത്രേ!പക്ഷെ, സ്വന്തം പ്രജകളെ ജീവനു തുല്യം സ്‌നേഹിച്ച ബലി ചക്രവര്‍ത്തിയെ ചവിട്ടിത്താഴ്‌ത്തിയ മഹാവിഷ്‌ണു അതിന്റെ കാരണം പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു! സദ്‌ഭരണം കാഴ്‌ചവെച്ച ബലി കള്ളവും പൊളിവചനവും പട്ടിണിയും ദുഖവും ഇല്ലാത്ത സുന്ദരമായ ഒരു കേരളം വിഭാവനം ചെയ്‌ത്‌ ഭരണം നടത്തിയെന്നും ഈ വിഷ്‌ണുവിന്റെ പക്ഷക്കാര്‍ സമ്മതിക്കുന്നു! പിന്നെ ബലിയെ ചവിട്ടിത്താഴ്‌ത്തിയത്‌ എന്തിന്‌? ഈ ചോദ്യത്തിന്‌ ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. പക്ഷെ നമ്മുടെ മഹാ ക്ഷേത്രങ്ങളില്‍ പലതിലും മഹാവിഷ്‌ണുവിനെ വെച്ച്‌ ആരാധിക്കുന്നു. ഇതെന്തിനുവേണ്ടി എന്ന ചോദ്യത്തിന്‌ തീരെ പ്രസക്തിയില്ലാതെയും വന്നു.

ഇതുപോലെയുള്ള സംഗതിയാണ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായി രിക്കുന്നത്‌. വയലാര്‍രവിയുടെ പുത്രന്റെ വിവാഹശേഷം ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയെന്നും 1500 രൂപ അവരില്‍ നിന്ന്‌ ഈടാക്കിയെന്നും മറ്റുമാണ്‌ പറയുന്നത്‌. വയലാര്‍ രവിയുടെ മകന്‍ ഹിന്ദുവാണെന്ന യാഥാര്‍ത്ഥ്യം നിഷേധിച്ചിട്ട്‌ കാര്യമില്ല. കാരണം രവി ഹിന്ദുവാണ്‌. അദ്ദേഹത്തിന്റെ പത്‌നി ക്രിസ്‌ത്യാനിയാണെങ്കിലും അതിനിവിടെ അത്ര പ്രസക്തിയില്ല. കാരണം ഇന്ത്യന്‍ ഭരണഘടന പ്രകാരം ഏതൊരു ഇന്ത്യന്‍ പൗരനും നിയമാനുസൃതം നടത്തുന്ന വിവാഹത്തില്‍ വധു ഏതു ജാതിയിലോ മതത്തിലോ പെട്ടതാണെങ്കിലും വരന്റെ മതത്തിലും ജാതിയിലും മാത്രമേ അവരുടെ സന്താനങ്ങളെ ഉള്‍പ്പെടുത്തൂ. നീതിപീഠം പോലും ഈ വിധത്തില്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ട്‌.അതുകൊണ്ട്‌ വയലാര്‍ രവിയുടെ മകന്‍ ഹിന്ദുമതക്കാരന്‍ തന്നെയാണ്‌.അപ്പോഴും പുണ്യാഹം നടത്തിയത്‌ എന്തിന്‌ എന്ന ചോദ്യം നിലകൊള്ളുന്നു! ഈഴവനായതു കൊണ്ടാണോ പുണ്യാഹം വേണമെന്ന്‌ തന്ത്രി വിധിച്ചത്‌? ആണെന്ന്‌ പറഞ്ഞാല്‍ അത്‌ കുറ്റകരമായ സംഗതിയാണ്‌. കാരണം അയിത്തം ഭരണഘടനാ പരമായി തടഞ്ഞിരിക്കുന്നു.

ഒരുപക്ഷെ തന്ത്രിക്ക്‌ അതെല്ലം നന്നായി അറിയാമായിരിക്കാം. അതുകൊണ്ടാണല്ലോ അദ്ദേഹം വ്യക്തമായ അഭിപ്രായം പറയാതെ ഒഴിഞ്ഞു മാറുന്നത്‌. നിലവിലിരിക്കുന്ന ക്ഷേത്ര സംരക്ഷണനിയമം വെച്ചു നോക്കുമ്പോള്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ ചൈതന്യം വര്‍ധിപ്പിക്കാന്‍ വേണ്ടി ഏതു വിധത്തിലുമുള്ള പുണ്യാഹം നടത്തുവാന്‍ തന്ത്രിക്ക്‌ പരമാധികാരം ഉണ്ട്‌. ആ അധികാരത്തെ ചോദ്യംചെയ്യാന്‍ മറ്റാര്‍ക്കും അവകാശവുമില്ല. ഇത്തരം ഒരു പരമാധികാരം ഉള്ളതുകൊണ്ടാണ്‌ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളോ ഹിന്ദുക്കളില്‍ തന്നെ ഹീനജാതിക്കാരോ കയറിയാല്‍ പുണ്യാഹം പോലെയുള്ള കര്‍മ്മങ്ങള്‍ നടത്തുന്നത്‌. എന്നാല്‍ ഗുരുവായൂരില്‍ സംഭവിച്ചത്‌ രസകരമാണ്‌.

വയലാര്‍ രവി ശ്രീ നാരായമ ഗുരുവിന്റെ ആദര്‍ശം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയും കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവും മുന്‍മന്ത്രിയും ഒക്കെയാണ്‌. ഗുരുവായൂരില്‍ അദ്ദേഹത്തിന്റെ പുത്രന്റെ വിവാഹശേഷം പുണ്യാഹം നടത്താന്‍ 1500 രൂപ ആവശ്യപ്പെട്ടപ്പോള്‍ ആ പണം ഒരു വിധ സംശയവും കൂടാതെ എന്തിന്‌ നല്‍കിയെന്നത്‌ പ്രധാനപ്പെട്ട വിഷയം തന്നെ. പുണ്യാഹം നടത്താന്‍ സ്വമനസ്സാലെ പണം നല്‍കിയിരുന്നുവോ? അങ്ങിനെയാണെങ്കില്‍ പിന്നീടുണ്ടായ വാദകോലാഹലങ്ങള്‍ക്ക്‌ എന്ത്‌ പ്രസക്തിയാണുള്ളത്‌.
 
കേരളത്തില്‍ ബ്രാഹ്മണര്‍ നടത്തിയിട്ടുള്ള ജാതീയമായ ക്രൂരതകള്‍ ലോക ചരിത്രത്തില്‍ ഒരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തി ലുള്ളതായിരുന്നു. പരശുരാമന്‍ അവതാര പുരുഷനാണെന്ന്‌ പറയുന്നവര്‍ തന്നെ അദ്ദേഹം ഒരു ബ്രാഹ്മണ ശ്രേഷ്‌ഠ നായിരുന്നുവെന്നും പറയുന്നു. അപ്പോള്‍ ദൈവം ബ്രാഹ്മണനായി രണ്ടുപ്രാവശ്യം കേരളത്തിലെത്തുന്നു. ഒന്ന്‌ മഹാബലിയെ ഭരണത്തില്‍ നിന്ന്‌ തുരത്തുവാനും മറ്റൊന്ന്‌ കേരളം ബ്രാഹ്മണര്‍ക്കു മാത്രമായി പങ്കുവെച്ചു കൊടുക്കുവാനും. കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ച്‌ അത്രയും ബ്രാഹ്മണര്‍ക്ക്‌ നല്‍കിയെന്നാണ്‌ പ്രമാണം. ഈ 64 ബ്രാഹ്മണ കര്‍ത്താക്കള്‍ ഒത്തുകൂടി 64 ഭരണ കേന്ദ്രങ്ങള്‍ക്ക്‌ 4 കഴകങ്ങള്‍ ഉണ്ടാക്കി. പെരിഞ്ചല്ലൂര്‍, പയ്യന്നൂര്‍, പരപ്പൂര്‍, ചെങ്ങന്നൂര്‍ എന്നിവ. കേരളം മൊത്തം ഈ 4 കഴകക്കാരുടെ കീഴിലുമായി. ഇവിടെ ജീവിക്കാന്‍ വേണ്ടി താണ ജാതിക്കാര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക്‌ കണക്കില്ല. ദീര്‍ഘകാലം ഈ വിധത്തിലുള്ള ദുര്‍ഭരണങ്ങള്‍ തുടര്‍ന്നശേഷം ഇവര്‍ തമ്മില്‍ തല്ലുകയും ഇവരുടെ ഭരണ മേല്‍ക്കോയ്‌മ ഇല്ലാതാവുകയും ചെയ്‌തു. കേരളത്തില്‍ പിന്നീട്‌ ഭരണം നടത്താന്‍ 3 വര്‍ഷത്തേക്ക്‌ എന്ന കാലാവധിക്ക്‌ ഓരോ കഴകക്കാരനും രക്ഷാ പുരുഷന്മാരെ തെരഞ്ഞെടുത്തു. അവരും ബ്രാഹ്മണര്‍ തന്നെയായിരുന്നു. ഈ രക്ഷാ പുരുഷന്മാരുടെ ഭരണവും തൃപ്‌തികരമായില്ല. തുടര്‍ന്ന്‌ കേരളത്തില്‍ 12 വര്‍ഷക്കാലത്തേക്ക്‌ എന്ന നിലയില്‍ തമിഴകത്തുനിന്ന്‌ വൈശ്രോയിമാരെ കൊണ്ടുവന്ന്‌ ഭരണ ചുമതല ഏല്‍പ്പിച്ചു. ഈ കാലഘട്ടത്തെയാണ്‌ പെരുമാള്‍ ഭരണമെന്ന്‌ പറയപ്പെടുന്നത്‌.

ദീര്‍ഘകാലത്തെ പെരുമാള്‍ ഭരണശേഷം ദേവസ്വം അധികാരികളും സവര്‍ണ വിഭാഗങ്ങളും കേരളത്തില്‍ ചെറിയ ചെറിയ നാട്ടു രാജ്യങ്ങളും ഭരണാധികാരികളായി മാറുകയായിരുന്നു. ഈ നാട്ടുരാജാക്കന്മാരുടെ ഭരണകാലത്ത്‌ നാട്ടിലെ നീതി നിര്‍വഹണം നടത്തിയിരുന്നതും മറ്റും ബ്രാഹ്മണര്‍ തന്നെയായിരുന്നു. താണ ജാതിക്കാരെ മൃഗതുല്യമായിട്ടാണ്‌ ഇവര്‍ കണ്ടിരുന്നത്‌.അടിമക്കച്ചവടം ഇവിടെ നടന്നിരുന്നു. തിരുവിതാംകൂറിലെ മഹാറാണി ഗൗരി ലക്ഷ്‌മിഭായി തമ്പുരാട്ടിയുടെ കാലത്ത്‌ കൊല്ല വര്‍ഷം 987 വൃശ്ചികം 21 നു തിരുവിതാം കൂറില്‍ അടിമക്കച്ചവടം നിര്‍ത്തല്‍ ചെയ്യുന്നതായി വിളംബരമുണ്ടായി. എന്നാല്‍ അയിത്തം പാടില്ലെന്ന്‌ മഹാറാണിയും വിധിച്ചില്ല. താണ ജാതിക്കാരെ ക്ഷേത്രപ്രവേശനം നടത്താനും വഴിനടക്കാനും വിദ്യാഭ്യാസം ചെയ്യിക്കുവാനും നല്ല വസ്‌ത്രം ധരിക്കുവാനും അനുവദിച്ചിരുന്നില്ല. അവരുടെ തലക്കും മുലക്കും കരം കൊടുക്കാതെ ഈ ധര്‍മ്മരാജ്യത്ത്‌ ജീവിക്കുവാന്‍ അനുവദിച്ചിരുന്നില്ല. സ്‌ത്രീകളാകട്ടെ മാറുമറക്കുവാനും പാടില്ലായിരുന്നു. നാടുവാഴി തമ്പുരാക്കന്മാരും അവരുടെ പൃഷ്‌ഠം താങ്ങികളായ ഡ്യൂപ്ലിക്കേറ്റ്‌ തമ്പുരാക്കന്മാരും നാടാകെ ഓടിനടക്കുമ്പോള്‍ പാവം സ്‌ത്രീകള്‍ മുട്ടിന്‌ മേല്‍ഭാഗം മാത്രം മറയുന്ന വെറും തോര്‍ത്തുമുണ്ട്‌ മാത്രമേ ധരിക്കാവൂ. തലയും മുലയും നിതംബവും മുന്‍ഭാഗവുമെല്ലാം തുറന്നു കാട്ടിക്കൊണ്ടുവേണം നടക്കുവാന്‍. ഈ വിധത്തിലുള്ള പൈശാചിക നിയമങ്ങള്‍ മതനിയമമായും ക്ഷേത്രാചാരമായും ബ്രാഹ്മണര്‍ കൊണ്ടുനടന്നിരുന്നു. ഇതിനെതിരെ നാഞ്ചിനാട്ടില്‍ നടന്ന സമരമാണ്‌ 'ചാന്നാര്‍ ലഹള'

ജാതിയുടെ പേരില്‍ സവര്‍ണര്‍ നടത്തിയിരുന്ന കൊടും ക്രൂരതകള്‍ കേട്ട്‌ ലോകം നടുങ്ങി. കേരളത്തിന്റെ വടക്കന്‍ പ്രദേശത്ത്‌ മൈസൂര്‍ കടുവയെന്ന ഹൈദരാലി ഖാനും പുത്രന്‍ ടിപ്പു സുല്‍ത്താനും കടന്നു വന്നതുമൂലം ആ പ്രദേശത്ത്‌ ജീവിച്ചിരുന്ന പാവങ്ങള്‍ രക്ഷപ്പെട്ടു. തെക്കന്‍ തിരുവിതാംകൂറില്‍ നാടാര്‍ സമുദായം ഒന്നടങ്കം ക്രിസ്‌തീയ മതത്തിലും ചേര്‍ന്നു. ഈ വിധത്തില്‍ സവര്‍ണന്റെ പീഡനങ്ങളില്‍ നിന്ന്‌ ധാരാളം ജനത രക്ഷപ്പെട്ടു. കാലങ്ങള്‍ കഴിഞ്ഞിട്ടും ജാതിയുടെ പോരിലുള്ള ഹീനകൃത്യങ്ങള്‍ നീക്കം ചെയ്യാതെ വന്നതുമൂലം കേരളത്തിലെ മൊത്തം ഈഴവരും ഇസ്ലംമതത്തില്‍ ചേരാന്‍ ആലോചിച്ചു. അതോടെ സവര്‍ണ വിഭാഗങ്ങല്‍ പത്തിമടക്കി. അങ്ങിനെയാണ്‌ 1936 നവംബര്‍ 12 ന്‌ കേരളത്തില്‍ ആദ്യമായി ശ്രീ ചിത്തിര നിരുനാള്‍ മഹാരാജാവ്‌ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത്‌. പക്ഷെ,1936 നവംബര്‍ 24 ന്‌ മറ്റൊരു സര്‍ക്കുലര്‍ കൂടി തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു.

അവസാന ഗസറ്റായി ഇറക്കിയ ഇതിന്റെ രഹസ്യവിഭാഗം 1936ആം നമ്പര്‍ ഫയല്‍ പ്രകാരം ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന താണജാതിക്കാര്‍ ആറുതരം നിബന്ധനകള്‍ പാലിക്കണമെന്നും അവ പാലിച്ചിട്ടില്ലെന്ന്‌ ക്ഷേത്രം ഭരണാധികാരികള്‍ക്ക്‌ തോന്നിയാല്‍ അവരെ അറസ്‌റ്റ്‌ ചെയ്‌ത്‌ ശിക്ഷിക്കുമെന്നും പറഞ്ഞിരുന്നു.ഫലത്തില്‍ ഇത്‌ മഹാ അപരാധമായി. കാരണം ഏതൊരു അവര്‍ണനേയും ക്ഷേത്ര പരിസരത്ത്‌ വെച്ച്‌ മാടമ്പികള്‍ക്ക്‌ പിടികൂടാം! ഇത്തരം നിയമങ്ങള്‍ ഇപ്പോഴും നിലവിലുള്ളപ്പോള്‍ ഈ സവര്‍ണ വിഭാഗങ്ങളുടെ ആവാസ കേന്ദ്രത്തില്‍ കാലുകുത്തുകയില്ലെന്ന്‌ ശപഥം ചെയ്യുകയാണ്‌ വേണ്ടത്‌.

(ചിത്രങ്ങള്‍ ഇന്റര്‍ നെറ്റില്‍ നിന്നും) 


മനുവിന്റെ ഭ്രാന്ത്‌ അഥവാ അവര്‍ണരുടെ ഉല്‍പ്പത്തിയെ കുറിച്ചുള്ള ഭീകര വ്യാഖ്യാനം

മനുവിന്റെ ഭ്രാന്ത്‌ അഥവാ അവര്‍ണരുടെ ഉല്‍പ്പത്തിയെ കുറിച്ചുള്ള ഭീകര വ്യാഖ്യാനം-ഡോ.ബി ആര്‍ അംബേദ്‌കര്‍

പരിഭാഷ:വി പ്രാഭാകരന്‍


രണ്ടുജാതികളുടെ സംയോഗം യുക്തിഭദ്രമായും മൂന്നാമതൊരു ജാതിക്കു രൂപം നല്‍കാം, എന്നാല്‍ ഒരേ രണ്ടു ജാതികളുടെ സംയോഗം എങ്ങനെ വ്യത്യസ്‌ത ജാതികളെ സൃഷ്ടിക്കും? നമുക്ക്‌ മറ്റൊരു പ്രശ്‌നം പരിശോധിക്കാം. മിശ്രജാതികളുടെ ഉത്ഭവത്തെ ക്കുറിച്ചുള്ള മനുവിന്റെ വിശദീകരണം ചരിത്രപരമായി സത്യമാണോ? ആദ്യമായി നമുക്ക്‌ മനു പറയുന്ന 'അഭിരാ' ക്കളുടെ കാര്യമെടുക്കാം. മനു പറയുത്‌ ഇവര്‍ അംബഷ്ടസ്‌ത്രീകളില്‍ ബ്രാഹ്മണ പുരുഷന്മാര്‍ക്ക്‌ ജനിച്ച ജാരസന്തതികള്‍ ആണെന്നാണ്‌. എന്നാല്‍ ചരിത്രം നമ്മോടു പറയുന്നത്‌ (അഹിരാ എതിന്റെ അശുദ്ധരൂപം) അഭിരാക്കള്‍ സിന്ധിന്റെ വടക്കു പടിഞ്ഞാറന്‍ താഴ്‌ വരകളില്‍ അധിവസിച്ചിരുന്ന ഒരു ഇടയ വര്‍ഗമാണെന്നാണ്‌. അവര്‍ ഒരു സ്വതന്ത്ര ഭരണഗോത്രമായിരുന്നു. വിഷ്‌ണുപുരാണ (പുസ്‌തകം 4,അധ്യായം24) പ്രകാരം അഭിരാക്കള്‍ മഗധത്തെ ആക്രമിച്ചു കീഴടക്കി സംവത്സരങ്ങളോളം ഭരണം നടത്തുകയുണ്ടായി.

ബ്രാഹ്മണ പുരുഷന്‌ വൈശ്യ സ്‌ത്രീകളിലുണ്ടായ ജാര സന്താനങ്ങളാണ്‌ അംബഷ്ടര്‍ എന്ന്‌ മനു പറയുന്നു. എന്നാല്‍ പതഞ്‌ജലി പറയുത്‌ അവര്‍ അംബഷ്ട എന്ന രാജ്യത്തിലെ സ്വദേശികളാണെന്നാണ്‌. അംബഷ്ടര്‍ ഒരു സ്വതന്ത്ര ഗോത്രവര്‍ഗമാണെന്നത്‌ നിസ്‌തര്‍ക്കമായ വസ്‌തുതയാണ്‌. ചന്ദ്രഗുപ്‌ത മൗര്യന്റെ കൊട്ടാരത്തിലെ ഗ്രീക്ക്‌ സ്ഥാനപതിയായിരുന്ന മെഗസ്‌തനീസ്‌ പറയുന്നത്‌ അംബഷ്ടര്‍ പഞ്ചാബു നിവാസികളായ ഒരു ഗോത്രവര്‍ഗമാണെന്നാണ്‌. അലക്‌സാണ്ടര്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ശക്തമായി പൊരുതിയവരായിരുന്നു ഇവര്‍ എന്നും അദ്ദേഹം രേഖപ്പെടുത്തുന്നു. അംബഷ്ടര്‍ മഹാഭാരതത്തിലും പരാമര്‍ശിക്ക പ്പെടുന്നുണ്ട്‌. രാഷ്ട്രീയ വ്യവസ്ഥയുടെ കാര്യത്തിലും ധീരതയിലും പേരുകേട്ടവരായിരുന്നു അംബഷ്ടര്‍.

ആന്ധ്രാ എന്ന വിഭാഗത്തെക്കുറിച്ച്‌ മനു പറയുന്നത്‌ അവര്‍ രണ്ടാംകിട ജാരസന്തതികള്‍ ആണെന്നാണ്‌. കാരണം അവര്‍ ജാരസന്തതികളായ വൈദേഹക പുരുഷന്മാരുടെയും കരവര സ്‌ത്രീകളുടെയും സന്താനങ്ങളാണത്രെ. എന്നാല്‍ ചരിത്രം നല്‍കുന്ന തെളിവ്‌ വ്യത്യസ്‌തമാണ്‌. ഡക്കാന്‍ പീഠഭൂമിയുടെ കിഴക്കു ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ആന്ധ്രാ നിവാസികളായ ജനതയാണവര്‍. മെഗസ്‌തനീസ്‌ ആന്ധ്രാ ജനതയെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. ഡക്കാന്‍ ഭൂപ്രദേശത്ത്‌ പരമാധികാര ഭരണം കയ്യാളുന്ന അതിശക്തമായ ഒരു ഗോത്രവര്‍ഗമെന്ന നിലയില്‍ പ്ലിനി-ഒന്നാമന്‍ (77A-D) ആന്ധ്രാകളെ കുറിച്ച്‌ പരാമര്‍ശിക്കുന്നു. ഇവര്‍ക്ക്‌ നിരവധി ഗ്രാമങ്ങളും കിടങ്ങുകളും കുഴികളും മതിലുകളും കൊണ്ട്‌ സംരക്ഷിക്കപ്പെട്ട 30നഗരങ്ങളും ഉണ്ടായിരുന്നു. അവരുടെ രാജാവിന്‌ ലക്ഷം കാലാള്‍പ്പടയും രണ്ടായിരം കുതിരപ്പടയും ആയിരം ആനപ്പടയും ഉണ്ടായിരുന്നതായി അദ്ദേഹം രേഖപ്പെടുത്തുന്നു.

മാഗഥര്‍, വൈശ്യ പുരുഷന്മാര്‍ക്ക്‌ ക്ഷത്രിയ സ്‌ത്രീകളില്‍ ജനിച്ച ജാരസന്താനങ്ങളാണെന്നാണ്‌ മനുവിന്റെ ഭാഷ്യം. പാണിനി വ്യത്യസ്‌തമായ ഉത്ഭവമാണ്‌ നല്‍കുന്നത്‌. മഗഥാ എന്ന രാജ്യത്തുനിന്നും വരുന്നവരാണ്‌ മാഗഥര്‍ എന്നാണദ്ദേഹം പറയുന്നത്‌. ഏകദേശം ഇത്തെ ബീഹാറിലെ പാറ്റ്‌ന, ഗയ ജില്ലകളെയാണ്‌ മാഗഥാ എന്നതുകൊണ്ടുദ്ദേശിക്കുത്‌. ആദ്യകാലം മുതല്‍ക്കുതന്നെ മാഗഥരെ കുറിച്ച്‌ ഒരു സ്വതന്ത്ര പരമാധികാര ജനതയെന്നാണ്‌ പരാമര്‍ശിക്കപ്പെട്ടിരിക്കുത്‌. അവര്‍ ആദ്യം പരാമര്‍ശിക്കപ്പെടുന്നത്‌ അഥര്‍വ വേദത്തിലാണ്‌. പാണ്ഡവരുടെ സമകാലീനനായിരുന്ന പ്രഗത്ഭനായ ജരാസന്ധനായിരുന്നു മാഗഥരുടെ രാജാവ്‌.

നിഷാദര്‍,ബ്രാഹ്മണ പുരുഷന്മാര്‍ക്ക്‌ ശൂദ്ര സ്‌ത്രീകളില്‍ ജനിച്ച ജാരസന്തതികളുടെ ജാതിയെന്ന്‌ മനുപറയുന്നു. ചരിത്രത്തിനു പറയാനുള്ളത്‌ തികച്ചും വ്യത്യസ്‌തമായ ഒരു കഥയാണ്‌. സ്വതന്ത്രമായ രാജ്യാതിര്‍ത്തികളും സ്വന്തം രാജാക്കന്മാരും ഉണ്ടായിരുന്ന വളരെ പൗരാണികമായ ഒരു സ്വദേശി ഗോത്രവര്‍ഗമായിരുന്നു നിഷാദര്‍. വനവാസ വേളയില്‍ രാമന്‌ ആഥിത്യം നല്‍കിയ, ശൃംഗവേരപുരം തലസ്ഥാനമാക്കി രാജ്യം ഭരിച്ചിരുന്ന നിഷാദ രാജാവ്‌ ഗുഹനെ പറ്റി രാമായണം പരാമര്‍ശിക്കുന്നു.

വൈദേഹകര്‍, വൈശ്യ പുരുഷനു ബ്രാഹ്മണ സ്‌ത്രീയില്‍ ഉണ്ടായ ജാര സന്തതികളാണെന്നാണ്‌ മനു പറയുന്നത്‌. ശബ്ദാല്‍പ്പത്തി ശാസ്‌ത്രപ്രകാരം വൈദേഹകര്‍ എന്നാല്‍ വിദേഹം എന്ന  രാജ്യത്തിലെ നിവാസികള്‍ എന്നാണ്‌. ബീഹാറിലെ ആധുനിക ജില്ലകളായ ചംപാരന്‍, ധര്‍ഭംഗ എന്നിവയോടാണ്‌ പൗരാണികമായ വിദേഹ രാജ്യത്തിന്‌ സാദൃശ്യം. വളരെ പൗരാണിക കാലം മുതല്‍ക്ക്‌ ഈ രാജ്യവും ജനതയും ചരിത്രത്തിന്‌ പരിചിതരാണ്‌. യജുര്‍വേദവും രാമായണവും അവരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്‌. മിഥില തലസ്ഥാനമായി രാജ്യം ഭരിച്ച വിദേഹരാജാവായ ജനകന്റെ മകളായിരുന്നു രാമന്റെ ഭാര്യയായ സീത.

ഇത്തരം ധാരാളം വസ്‌തുതകള്‍ ഇനിയും പരിശോധിക്കാവുന്നതാണ്‌. മനു ചരിത്രത്തെ വികലമാക്കി, ഏറ്റവും ആദരണീയരും ശക്തരുമായിരുന്ന ഗോത്രവര്‍ഗങ്ങളെ ജാരസന്തതികളാണെന്ന്‌ വരുത്തി അപകീര്‍ത്തി പ്പെടുത്തുകയാണ്‌ ചെയ്‌തത്‌ എന്നതിന്‌ മേല്‍പ്പറഞ്ഞ തെളിവുകള്‍ തന്നെ ധാരാളമാണ്‌.

ജാരസന്തതികള്‍ എന്ന നിലയില്‍ ഉത്ഭവിച്ചതായി മനുപറയുന്ന ചില സമുദായങ്ങള്‍ ഒരിക്കലും ജാര സന്തതികള്‍ ആയിരുന്നില്ലെന്നും അവര്‍ തികച്ചും സ്വതന്ത്ര വംശങ്ങള്‍ ആയിരുന്നുവെന്നും തികച്ചും വ്യക്തമാണ്‌. എന്നിട്ടും മനുവും മറ്റു സ്‌മൃതികാരന്മാരും അവരെ ജാരസന്തതികളെന്നു വിളിക്കുന്നു. എന്തിനാണവര്‍ ഇത്തരമൊരു ഭ്രാന്ത്‌ കാണിക്കുന്നത്‌?  അവരുടെ ഈ ഭ്രാന്തിന്‌ ഒരു രീതിയുണ്ടോ?

ഇത്തരം എല്ലാ പരിഗണനകളോടും ആദരവുണ്ടായിട്ടും മനു എന്തിന്‌ മിശ്ര ജാതികളുടെ ചോദ്യം ഉയര്‍ത്തി എന്നതും അതേക്കുറിച്ച്‌ എന്താണദ്ദേഹം പറയാനാഗ്രഹിച്ചത്‌ എന്നതും ഒരു കടങ്കഥയാണ്‌. ചാതുര്‍വര്‍ണ്യം പരാജയപ്പെട്ടതും ബ്രാഹ്മണരെന്നോ ക്ഷത്രിയരെന്നോ വൈശ്യരെന്നോ ശൂദ്രരെന്നോ വിവരിക്കാനവാത്ത വളെരെ വലിയ ഒരു വിഭാഗം ജാതികള്‍ നിലനില്‍ക്കുന്നത്‌ ചാതുര്‍വര്‍ണ്യം തകര്‍ന്നുവെന്നതിന്റെ തെളിവാണെന്നും മനു മനസ്സിലാക്കിയിരിക്കാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ ചാതുര്‍വര്‍ണ്യം നിലവിലു ണ്ടായിരുന്നിട്ടും അതിനു വെളിയിലുള്ള ഈ ജാതികള്‍ എങ്ങനെ നിലവില്‍ വന്നു എന്നു വിശദീകരിക്കാന്‍ മനു ക്ഷണിക്കപ്പെട്ടതാകാനും സാധ്യതയുണ്ട്‌.

എന്നാല്‍ താന്‍ നല്‍കിയ വിശദീകരണം എത്രമാത്രം ഭീകരമായതാണെന്ന്‌ മനു മനസ്സിലാക്കി യിരുന്നോ? അദ്ദേഹത്തിന്റെ വിശദീകരണത്തിന്റെ ഫലമെന്താണ്‌?

ഇത്‌ മനുഷ്യരുടെ പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ സ്വഭാവത്തെക്കുറിച്ച്‌ എന്തുതരം പ്രതിഛായയാണ്‌ ഉണ്ടാക്കിയത്‌. ചാതുര്‍വര്‍ണ്യ നിയമങ്ങള്‍ വിലക്കിയതുകാരണം സ്‌ത്രീ പുരുഷ സംയോഗങ്ങള്‍ തികച്ചും രഹസ്യമായാണ്‌ നടിന്നട്ടുണ്ടാവുക എന്നതു സ്‌പഷ്ടം. അത്‌ വളരെ വ്യാപകമായും മൊത്തമായും നടന്നിരിക്കാന്‍ ഇടയില്ല. എന്നതില്‍ തികച്ചും വ്യാപകമായ നിലയില്‍ കുത്തഴിഞ്ഞ ഒരു ലൈംഗിക ജീവിതമായിരുന്നു അന്ന്‌ നടമാടിയിരുന്നത്‌ എന്ന്‌ സങ്കല്‍പ്പിക്കാതെ എങ്ങിനെയാണ്‌ ഒരാള്‍ക്ക്‌ മനു പറയുന്നതു പോലെയുള്ള ചണ്ഡാലരുടെയോ തൊട്ടു കൂടാത്തവരുടെയോ ഉല്‍പ്പത്തിയെ ന്യായീകരിക്കാന്‍ കഴിയുക?

ശൂദ്രപുരുഷനും ബ്രാഹ്മണ സ്‌ത്രീയും തമ്മിലുള്ള അവിഹിതമായ ബന്ധത്തില്‍ നിന്നുണ്ടായ ജാര സന്തതികളാണ്‌ ചണ്ഡാലജാതി എന്ന്‌ മനു പറയുന്നു. ഇത്‌ സത്യമാകുമോ? ഇതിനര്‍ത്ഥം ബ്രാഹ്മണസ്‌ത്രീകള്‍ വളരെ അയഞ്ഞ സദാചാരക്കാരായിരുന്നു എാണ്‌. മാത്രമല്ല അവര്‍ക്ക്‌ ശൂദ്രപുരുഷന്മാരോട്‌ പ്രത്യേകമായ ലൈംഗിക അഭിനിവേശം ഉണ്ടായിരുന്നു എന്നുമാണ്‌. ഇത്‌ അവിശ്വസനീയമാണ്‌.

ഓരോ ബ്രാഹ്മണസ്‌ത്രീയും ഓരോ ശൂദ്രന്റെയും വെപ്പാട്ടിയായിരുന്നു എന്നു വാല്‍ പോലും ചണ്ഡാലരുടെ ജനസംഖ്യയുമായി അതിനു ഒരിക്കലും പൊരുത്തപ്പെടാന്‍ പറ്റാത്തത്ര വിപുലമാണ്‌ ഈ രാജ്യത്തെ ചണ്ഡാല ജനത.

മിശ്രജാതികളുടെ ഉല്‍പ്പത്തി എന്ന തന്റെ സിദ്ധാന്തത്തിലൂടെ ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക്‌ നിന്ദ്യവും നാണംകെട്ടതുമായ ജന്മം നിര്‍ണയിച്ച്‌ അവരെ സാമൂഹ്യമായും ധാര്‍മ്മികമായും തരം താഴ്‌ത്തുകയാണ്‌ ചെയ്യുതെന്ന്‌ മനു മനസ്സിലാക്കിയിരുന്നോ? യഥാര്‍ത്ഥത്തില്‍ അവരുടെ ജന്മം തികച്ചും സ്വതന്ത്രമായിരിക്കെ എന്തിനാണവ മിശ്രജാതികളാണെ്‌ അദ്ദേഹം പറഞ്ഞത്‌?

(`ഹിന്ദുമതത്തിലെ കടംകഥകള്‍` എന്ന ബാബാസാഹേബ്‌ അംബേദ്‌കര്‍ കൃതിയിലെ പതിനെട്ടാം അധ്യായത്തില്‍ നിന്നുള്ള സംഗ്രഹം. പേജേ്‌ 222 മുതല്‍ 225 വരെ. പരിഭാഷ: വി പ്രഭാകരന്‍)