"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2013, മാർച്ച് 16, ശനിയാഴ്‌ച

വിശ്വാസം മാറിയാല്‍ വര്‍ഗത്തില്‍ നിന്ന് പുറത്താകുമോ?

ആദി ദ്രാവിഡ രാഷ്ട്രമീമാംസ.

കണ്ണന്‍ മോലോത്ത്.കെ കെ കേശവന്‍ തയ്യാറാക്കിയ പുസ്തകമാണ് ആദി ദ്രാവിഡ രാഷ്ട്രമീമാംസ. എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം സ്വദേശിയായ ഗ്രന്ഥകാരന്‍ ദ്രാവിഡവര്‍ഗ ഐക്യവേദിയുടെ (DCUF) പ്രര്‍ത്തകനും പി ജെ സഭാരാജ് തിരുമേനികളുടെ ശിഷ്യനുമാണ്. ഗ്രന്ഥകാരന്‍ തന്നെയാണ് പ്രസാധകനും. DCUF കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന കൈപ്പുസ്തകമാണ് ഇതെങ്കിലും ഏതൊരു പട്ടികജാതിക്കാരനും അറിഞ്ഞിരിക്കേണ്ട കനപ്പെട്ട വിവരങ്ങളും ഇതിന്റെ ഉള്ളടക്കമാണ്.ആരാണ് പട്ടികജാരിക്കാര്‍ എന്ന ചോദ്യത്തിന് സമാധാനം കണ്ടെത്തുന്നതുപോലെ,ആരല്ല പട്ടികജാതിക്കാര്‍ എന്നതിനും തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.സമുദായ-രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യം അവകാശ പ്പെടാവുന്ന ഗ്രന്ഥകാരന്റെ അനുഭവങ്ങളൊന്നും പക്ഷെ ഈ ഗ്രന്ഥത്തിലില്ല.അത് ഉന്നം വെക്കുന്നില്ലായിരിക്കാം.

പി ജെ സഭാരാജ്
പട്ടികജാതിക്കാരന്റെ ഭരണണഘടനാ ദത്തമായ അവകാശങ്ങളെ കുറിച്ച് നിരവധി രേഖകള്‍ ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്. 'കമ്മ്യൂണല്‍ അവാര്‍ഡ്' എന്ത് അവാര്‍ഡാണെന്ന് സംവരണത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ചിലരും വസ്തുതകള്‍ മനസ്സിലാക്കാതെയാണ് അങ്ങെനെ ചെയ്യുന്നത്.അതുപോലെ ദ്വയാംഗ മണ്ഡല ത്തെക്കുറിച്ചും അവര്‍ക്കുതന്നെ സംശയമാണ്. ഇതിന്റെയെല്ലാം അടിത്തറ സംവരണമാണെന്ന് കെ കെ കേശവന്‍ സമര്‍ത്ഥിക്കുന്നതോടെ അക്കൂട്ടര്‍ക്ക് സമാധാന മാകുന്നുണ്ട്. പൗരന്മാര്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് സംവരണം വേണ്ടിവരുന്നത് എന്ന് ഡോ.ബി ആര്‍ അംബേദ്കര്‍ വ്യക്തമാക്കി യിട്ടുള്ളതാണ്. ജാതിയാല്‍ വേര്‍തിരിക്കപ്പെട്ട ജനതകളുടെ സമീകരണത്തിനായാണ് സംവരണം പ്രയോഗിക്കപ്പെടുക.'ആദി ദ്രാവിഡ ജനതയുടെ പിന്‍മുറക്കാരായ പട്ടികജാതിക്കാര്‍ക്ക് 1932-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചുതന്ന അവകാശമാണ് ഇന്നറിയപ്പെടുന്ന സംവരണം എന്ന പ്രയോഗം.പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ത്തിനും രാഷ്ട്രീയവും സാമൂഹ്യവുമായ നീതിക്കും ഉദ്യോഗത്തിനും ഭരണ പങ്കാളിത്ത ത്തിനും അനുവദിച്ചു തന്ന കമ്മ്യൂണല്‍ അവാര്‍ഡിന്റെ വകതിരിച്ചുള്ള മാറ്റിവെക്കലിന്റെ അപര നാമം ആണ് സംവരണം'എന്നിങ്ങനെ കമ്മ്യൂണല്‍ അവാര്‍ഡിന്റെ പേരില്‍ ഉയര്‍ന്ന കോലോഹലങ്ങള്‍ക്കൊടുവില്‍ അംബേദ്കര്‍ക്ക് ഏറ്റ തിരിച്ചടികളിലൂടെ ആദി ദ്രാവിഡ ജനതയുടെ എക്കാലത്തേയും വലിയ പതനത്തിലേക്ക് വഴിതെളിച്ചതെന്തെന്ന് വസ്തുതകളുടെ ചരിത്ര പശ്ചാത്തലം ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.

കേരളത്തിലെ പട്ടികജാതി-പട്ടിക വര്‍ഗക്കാരുടെ സമ്പൂര്‍ണ ലിസ്റ്റ് ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിദ്യാഭ്യാസം തൊഴില്‍ തുടങ്ങിയ അവകാശങ്ങളെ കുറിച്ചും പീഡന നിരോധന നിയമത്തെക്കുറിച്ചുമുള്ള ആധികാരിക രേഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ന്യൂനപക്ഷ സംവരണത്തെക്കുറിച്ചും സര്‍വീസ്-ട്രേഡ് യൂണിയന്‍ മേഘലയെക്കുറിച്ചുമുള്ള ഉദ്ധരണികള്‍ക്ക് ശേഷം ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള വിവരണങ്ങളുമുണ്ട്.14.8.2005ല്‍ ഇലക്ഷന്‍ കമ്മീഷന് DCUF സമര്‍പ്പിച്ച അവകാശ പത്രികയുടെ പകര്‍പ്പും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ കുറിച്ച് 'ദി ന്യൂ ഇന്‍ഡ്യാ എക്‌സ്പ്രസി'ല്‍ വന്ന പത്രവാര്‍ത്തയുടെ പകര്‍പ്പും കൊടുത്തിട്ടുണ്ട്.

കെ കെ കേശവന്‍
'ദളിത്' എന്ന പ്രയോഗത്തോട് ഗ്രന്ഥകാരനും സംഘടനക്കുമുള്ള വിയോജിപ്പ് രേഖപ്പെടുത്തി യിരിക്കുന്നു.'വളരെ കുറച്ചു കാലങ്ങളായി അധഃസ്ഥിത വിഭാഗങ്ങളുടെ ഇടയില്‍ അറി യാതെ എങ്ങനെയോ കടന്നു കൂടിയ ഒരുതരം വൈറസ് ആണ് ദളിത്. മുമ്പുകാലങ്ങളില്‍ ചരിത്രങ്ങളില്‍ എങ്ങുമില്ലാത്ത ഒരു നാമം.ഈ നാമം കൊണ്ട് ഉദ്ദേശിക്കുന്നത്: അടിച്ചമര്ത്തപ്പെട്ടവന്‍, പീഡിപ്പിക്കപ്പെട്ടവര്‍, അകററി നിര്‍ത്തപ്പെട്ടവര്‍, എന്നിങ്ങനെ ധാരാളം പര്യായങ്ങളും നീണ്ടുപോകുന്നു.ഒരു സവര്‍ണ സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ അവളും ദളിത് ആകുന്നു.ഇങ്ങനെ ഉണ്ടാകുന്ന ദളിതും അധഃസ്ഥിത വിഭാഗത്തില്‍ നിന്നും പീഡിപ്പിക്കപ്പെട്ട ദളിതും കാലങ്ങള്‍ക്കു ശേഷം എങ്ങനെ തിരിച്ചറിയും.ഇത് ഇന്ന് കൂടുതലായി ഉപയോഗിക്കുന്നത് മതപരിവര്‍ത്തനം നടത്തിയവരും ഭരണഘടനാ പരമായി പട്ടിക ജാതികളുടെയോ പട്ടികവര്‍ഗങ്ങളുടെയോ അവകാശങ്ങള്‍ മാത്രം നേടുന്നതിനായി ക്രിസ്തുമതത്തില്‍ നിന്നും തിരിച്ചും മതപരിവര്‍ത്തനം നടത്തി വന്നവരുമാണ്.അല്ലാത്തവര്‍ എന്നും ഇതിനെ എതിര്‍ക്കുന്നു' എന്നിങ്ങനെയാണ് ഈ വിഷയത്തില്‍ DCUF തങ്ങളുടെ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നത്.എന്നാല്‍ വിശ്വാസം മാറിയതു കൊണ്ട് പട്ടികജാതിക്കാരന്‍ ആദി ദ്രാവിഡ വര്‍ഗത്തില്‍ നിന്ന് പുറത്താകുമോ?അവന്റെ അവസ്ഥ മാറുമോ? വിശ്വാസമാണോ വര്‍ഗത്തെ നിര്‍ണയിക്കുന്നത്? എങ്കില്‍ ആദി ദ്രാവിഡ ജനതയുടെ വിശ്വാസം എന്താണ്? ഗ്രന്ഥകാരന്‍ ഉന്നയിച്ചതുപോലെ ഒരു സവര്‍ണന്‍ ആദി ദ്രാവിഡ ജനതയുടെ 'വിശ്വാസം' സ്വീകരിച്ചാല്‍ അവനും ആദി ദ്രാവിഡ ജനതയാകുമോ? ഈവക ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ ഗ്രന്ഥകാരന്‍ ബാധ്യസ്ഥനാണ്.അതുപോലെ തന്റെ ഗുരുനാഥനായ പൊയ്കയില്‍ പി ജെ സഭാരാജ് തിരുമേനികള്‍ക്ക് തന്റെ ഗ്രന്ഥം സമര്‍പ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തെയോ പ്രവര്‍ത്തനങ്ങളെ യോ കുറിച്ച് ഒരു വാക്കുപോലും പുസ്തകത്തില്‍ കുറിച്ചിട്ടില്ല. പുസ്തകത്തിലെ ഏറ്റവും വലിയ പോരായ്മ ഇതാണ്.കാഴ്ചപ്പാടുകള്‍ വായനക്കാരന്  സ്വീകരിക്കാം, സ്വീകരിക്കാതെയുമിരിക്കാം.

2013, മാർച്ച് 15, വെള്ളിയാഴ്‌ച

ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ഭാവി: ഒ വി വിജയന്‍

'എല്ലാ രാഷ്ട്രങ്ങളുടെയും തൊഴിലാളികളെ സംഘടിക്കുവിന്‍. നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല.കാലിലെ ചങ്ങല ഒഴിച്ച്'- അതൊരു മുദ്രാവാക്യം മാത്രമായിരുന്നില്ല.ഈ ഒരു നിലവിലുള്ള സംസ്‌കാരത്തെ അവസാനിപ്പിച്ച്, നശിപ്പിച്ച് അതിനേക്കാള്‍ എത്രയോ ഉദാത്തമായിട്ടുള്ള ഒരു സംവിധാനത്തിന് ഒരുമ്പെട്ടവരായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. വലിയ ചോദ്യങ്ങളില്‍ നിന്ന് കഠിനമായ ത്യാഗങ്ങളിലൂടെയും രക്തസാക്ഷിത്വ ത്തിലൂടെയും ഒരു ഉത്കൃഷ്ടമായ മനുഷ്യ സാഹോദര്യത്തെ എത്തിപ്പിടിക്കാന്‍ നോക്കിയ ഇവര്‍ ചെന്നെത്തിയത് അമിതമായ അധികാരത്തിലും പ്രാകൃതമായ അടിച്ചമര്‍ത്തലുകളിലും ആണ്.സോവിയറ്റു യൂണിയന്റെ തിരോധാനം ഏതെങ്കിലുമൊരു സര്‍ക്കാരിന്റെ പരാജയമല്ല. മനുഷ്യ ചരിത്രത്തിലെ മഹാ ദുരന്തങ്ങളി ലൊന്നാണ്. അതിന്റെ വലുപ്പം അളക്കാന്‍ പത്ര ലേഖകന്മാര്‍ക്കോ മറ്റു പാര്‍ശ്വവര്‍ത്തികള്‍ക്കോ കഴിയില്ല.ആ അനുഭവം ഭൂമി പിളരുന്നതുപോലെ ഭയാനകമാണ്. സ്റ്റാലിന്റെ തടവറകള്‍ക്ക് പകരം മനുഷ്യ രാശിക്ക് ലഭിച്ചത് 'മക്‌ഡൊണാള്‍ഡ് ഹാംബര്‍ഗര്‍' ആണെന്നു വന്നാല്‍ 20ആം നൂറ്റാണ്ടിന്റെ സംസ്‌കൃതി ഒരു നാണക്കേടാണെന്ന് പറയുകയേ പറ്റൂ.ഈ നാണക്കേടില്‍ നിന്ന് മോചനം നേടുന്നവരായിരിക്കും നാളത്തെ നേതാക്കന്മാര്‍.


എന്റെ ചെറുപ്പത്തില്‍ കമ്മ്യൂണിസം വൈകാരികമായിരുന്നു.തിരിഞ്ഞുനോക്കുമ്പോള്‍ ആസ്വപ്നം കാല്‍പ്പനികമായിരുന്നു.റഷ്യന്‍ നാവികന്മാര്‍ വിന്റര്‍ പാലസിനു നേരേ കടല്‍പ്പീരങ്കി ഉന്നം പിടിച്ചത് ഈ നൂറ്റാണ്ടിന്റെ ഏറ്റവും ശക്തമായ കാല്‍പ്പനിക ദൃശ്യം ആണ്.കാല്‍പ്പനികമെന്നത് ഒരാക്ഷേപമായി ഇന്ന് കേരളത്തില്‍ പറഞ്ഞുകേള്‍ക്കുന്നു. വെറും ഭൗതിക തലത്തില്‍ കാല്‍പ്പനികത ഇല്ലാത്തേടത്ത് വികാരങ്ങള്‍ നിഷ്ഫലമാകും. നമ്മുടെ കമ്മ്യൂണിസ്റ്റുകാരുടെ സ്വപ്നം സെക്രട്ടേറിയറ്റിലേക്കുള്ള നെട്ടോട്ടമായി തീര്‍ന്നിട്ടുണ്ട്.

ചരിത്രാതീതത്തില്‍ നിന്നും ആനുകാലിക രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകുന്ന പരിണാമവൈമുഖ്യം അറിഞ്ഞുകൊണ്ടാണ് മാര്‍ക്‌സിസത്തിന്റെ ഉപാസകന്മാരെയും അവരുടെ രീതിശാസ്ത്രത്തേയും കാണേണ്ടി വരിക.എന്റെ മനസ്സില്‍ ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും തുടങ്ങിവെച്ച ചലനങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഇന്നു മിടിച്ചുകൊണ്ടിരിക്കുന്നത്.നായനാര്‍ കരുണാകരനെ തോല്‍പ്പിച്ചുവോ ഇല്ലയോ എന്നത് കേരളത്തിലെ ബഹുഭൂരിപക്ഷം മനുഷ്യര്‍ക്കും ഒരു സജീവ പ്രശ്‌നമാണ്,അല്ലെങ്കില്‍ ആവണം.പക്ഷെ,എനിക്ക് അതില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുന്നില്ല.കാരണം ഒരു പ്രവിശ്യയിലെ ക്ഷണികമായ മുച്ചീട്ടു കളിക്കായി, അതിനുമാത്രമായി,രാഷ്ട്രീയ നിരൂപണത്തെ വ്യയം ചെയ്യാന്‍ എനിക്ക് ഉത്സാഹമില്ല. മാത്രമല്ല ഈ ഹ്രസ്വ ശ്രമങ്ങളുടെ വിജയങ്ങളില്‍ സാധാരണ പൗരനുപോലും ഉത്സാഹം നീണ്ടു നില്‍ക്കുകയില്ല.

നമ്മുടെ,എന്നു വെച്ചാല്‍ ഉള്ള മനുഷ്യ ന്മാരുടെ അത്രയും എല്ലാ തുറകളിലേയും  പ്രവര്‍ത്തനങ്ങള്‍പ്രതി പ്രവര്‍ത്തനങ്ങള്‍, കുറ്റം ചാര്‍ത്തലുകള്‍, കുറ്റസമ്മതങ്ങള്‍-എല്ലാമെല്ലാം ഉള്‍ക്കൊള്ളുന്ന സജീവ മാനവിക യാഥാര്‍ത്ഥ്യം പ്രതിസന്ധിയെ നേരിടുന്നതാണ് നാം ഇന്നു കാണുന്നത്. ശാസ്ത്ര-ടെക്‌നോളജിക്കല്‍ സംസ്‌കാര ത്തിന്റെ ഓരോ നേട്ടവും തകരുന്ന കാഴ്ച നമ്മെ അമ്പരപ്പിക്കുകയാണ്.അങ്ങനെ അമ്പരപ്പിക്കാതിരിക്കാനായി മനുഷ്യന്റെ ആവേശത്തെ നിരവധി കാപട്യങ്ങള്‍ ഉപയോഗിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള മഹാ യജ്ഞമാണ് ഇന്നത്തെ ആഗോള സംസ്‌കാരം.മൂന്നാം അന്താരാഷ്ട്രീയത്തില്‍ തുടങ്ങി സോവിയറ്റ് യൂണിയന്റെ പതനം വരെ നിലനിന്ന വിപ്ലവം ഈ സംസ്‌കാരത്തിന്റെ ഉള്‍പ്പിരിവായിരുന്നു എന്നു നാം മനസ്സിലാക്കണം.

അതിന്റെ അര്‍ത്ഥം മുതലാളിത്തത്തിന്റെ ഭൗതിക ദാഹങ്ങള്‍ക്ക് ഒരിക്കലും തിരസ്‌കാരം നേരിടേണ്ടി വന്നില്ല.സോഷ്യലിസവും കമ്മ്യൂണിസവും ഒക്കെ ആ ഭൗതിക വാദത്തിന്റെ ഇണക്കുകള്‍ മാത്രമായിരുന്നു.സോഷ്യലിസ്റ്റ് പൗരന്റെയും മുതലാളിത്ത പൗരന്റെയും ധാര്‍മ്മികത അല്ലെങ്കില്‍ അധാര്‍മ്മികത തുലാസില്‍ തുല്യമായി തൂങ്ങി.

കൊടും തണുപ്പിലും ദാരിദ്ര്യത്തിലും കഴിഞ്ഞുകൂടിയ അക്രമിയായ വെളുത്ത മനുഷ്യന്‍ സുവിശേ ഷക്കാരനും പ്രലോഭകനും സാമ്രാജ്യ വാദിയുമായി കറുപ്പും തവിട്ടുമായ വന്‍കര കളിലേക്ക് ഒഴുകിപ്പടര്‍ന്നു. അവന്‍ ആണവചവറിനെയും രാസ വിഷങ്ങളെയും ഭൂമിയുടെ ശുദ്ധിക്കുമേല്‍ വിതറി വെടിപ്പാക്കി.ചിലപ്പോള്‍ ഈ വിഷയ ങ്ങളെ 'നോണ്‍ബ്രേക്കബിള്‍' പേടക ങ്ങളില്‍ നിറച്ച് കടലില്‍ താഴ്ത്തി.ഭാവിയിലെ എണ്ണമറ്റ തലമുറകള്‍ക്ക് ഒസ്യത്തായി കടലുകളുടെ അടിത്തട്ടില്‍ നിക്ഷേപിച്ചു.20ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ എല്ലാ യന്ത്രസൗകര്യങ്ങളും ഇതിന്റെ തിരിച്ചടി കാണാന്‍ തുടങ്ങി.ആണവനിലയങ്ങളിലെ പിളര്‍പ്പുകള്‍,ഏതാണ്ട് ഒരേ സമയത്ത് ലോകത്തിനാകമാനം തെളിഞ്ഞ അര്‍ബുദമെന്ന മഹാപ്രത്യക്ഷം.

വീടുകളില്‍ വൈദ്യുതി കൊണ്ടുവരുന്ന കമ്പികള്‍ പോലും മനുഷ്യന്റെ ജൈവതലങ്ങളെ സാരമായി ബാധിക്കുന്നു.ലോകത്തെയും ബാക്ടീരിയകളെയും പുച്ഛിച്ചു ചിരിച്ച മനുഷ്യന്‍ കാണുന്നത് അവന്റെ ആന്റിബയോട്ടിക്കുകള്‍ രോഗരൂപങ്ങളില്‍ ഏശുന്നില്ലാ യെന്നാണ്.ഈ നൂറ്റാണ്ടിലെ മനുഷ്യ വിജയത്തിന്റെ ഓരോ ഇനവും ഗതി മന്ദീഭവിച്ച് മൂക്കുകുത്തുന്ന കാഴ്ച ഭീകരമാണ്.അതിന്റെ ദൈന്യത്തിലകപ്പെട്ട സമൂഹ സംവിധാനങ്ങള്‍ക്ക്  ഒന്ന് ഒന്നിനെ പഴി ചാര്‍ത്താന്‍ അവകാശമില്ല.

നമ്മളും നമ്മുടെ പ്രതിയോഗികളും ഒപ്പം മരിക്കുന്നു.ഒപ്പം വേദനിക്കുന്നു.പരസ്പരം വേണ്ടുവോളം ശപിക്കുകയും പടവെട്ടുകയും ചെയ്തുവല്ലോ,അതുകൊണ്ട് ഇനി ഇത്തിരി ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിക്കാം……..

(കടപ്പാട്:മലയാളം വാരിക.2005 ഏപ്രില്‍ 5.ലക്കം 49.ചിത്രങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും)

2013, മാർച്ച് 14, വ്യാഴാഴ്‌ച

അനാചാരങ്ങളുടെ അഴിയാക്കുരുക്കുകള്‍ ഹരിദാസ് വളമംഗലം.


ആണിന് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യത്തെ ചൊല്ലി ഡി വിനയചന്ദ്രന്റെ സൗമ്യസായ സമരാഹ്വാനം കണ്ടു.

അമ്പലങ്ങള്‍ ഇപ്പോഴും പഴയ ബ്രാഹ്മണ്യത്തിന്റെ പിടിയിലാണ്. ഇതേവരെ മുക്തി പ്രാപിച്ചിട്ടില്ല.പൂണൂലുണ്ടോ എന്നു നോക്കാനാണ് ആണുങ്ങള്‍ ഉടുപ്പഴിച്ച് അമ്പലത്തില്‍ കയറണം എന്ന ആചാരം സൃഷ്ടിച്ചത്.പെണ്ണിന് പൂണൂലില്ലല്ലോ.പെണ്ണിന് മാറത്തുള്ളത് രണ്ട് മുലകളാണ്. സവര്‍ണ സ്ത്രീകളത് അന്ന് റൗക്കയോ നേര്യതോ കൊണ്ട് മറയ്ക്കുകയും ചെയ്തിരുന്നു.അങ്ങനെ മാറ് മറയക്കുന്നതു കൊണ്ട് സ്ത്രീ സവര്‍ണയോ അവര്‍ണയോ എന്നു തിരിച്ചറിയുകയും ചെയ്യാം. അവര്‍ണ സ്ത്രീ മാറ് മറയ്ക്കരുത് എന്നുള്ളത് കേരളത്തിലെ ബ്രാഹ്മണിസത്തിന്റെ പടനായകനായ പരശുരാമന്റെ കല്‍പ്പനയാണ്.മൂന്ന് കല്‍പ്പനകളാണ് (കേരളചരിത്രം) പരശുരാമന്‍ പുറപ്പെടുവിച്ചിട്ടുള്ളത്: (1)മരുമക്കത്തായം പാലിക്കണം(2)ശൂദ്രസ്ത്രീ മാറ് മറയ്ക്കരുത് (3)ശൂദ്രസ്ത്രീ പാതിവ്രത്യം ഉപേക്ഷിച്ചു ബ്രാഹ്മണരുടെ കാമങ്ങളെ നിറവേറ്റി ക്കൊടുക്കണം.ആരോ കഥയുണ്ടാക്കി മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളില്‍ ഒന്നാക്കി മാറ്റിയ ഈ പരശുരാമനാണ് കേരളത്തിലെ പ്രശസ്തമായ അനേകം ശിവക്ഷേത്രങ്ങളും ദുര്‍ഗാ ക്ഷേത്രങ്ങളും സ്ഥാപിച്ചത് എന്നാണ് പറയുന്നത്.കേരളീയ തന്ത്രവിധികളുടെ ഉപജ്ഞാതാവും 'കല്‍പ്പസൂത്രം' എന്ന തന്ത്രഗ്രന്ഥത്തിന്റെ രചയിതാവും പരശുരാമ നാണെന്നാണ് കേള്‍വി.പരശുരാമന്റെ കാലം മുതല്‍ തുടങ്ങിയതാവാം ക്ഷേത്രങ്ങളില്‍ ബ്രാഹ്മണരുടെ ആധിപത്യം. 

തേവിടിച്ചി എന്ന വാക്കിനു ദുരര്‍ത്ഥം കൈവന്നതു ബ്രാഹ്മണര്‍ ക്ഷേത്രത്തില്‍ കടന്നതോടു കൂടിയാണെന്ന് 'മോഹിനിയാട്ടം' എന്ന പുസ്തകത്തില്‍ കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ പറയുന്നു.ബ്രാഹ്മണരുടെ വരവിനു മുമ്പും ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്നും ക്ഷേത്രങ്ങളിലെ തേവിടിച്ചിമാര്‍ക്ക് അന്ന് സമൂഹത്തില്‍ ഏറ്റവും ശ്രേഷ്ഠമായ പദവിയാണു ണ്ടായിരുന്നതെന്നും പല ചരിത്രകാരന്മാരും സൂചിപ്പിച്ചിട്ടുണ്ട്. ചരിത്രം തിരുത്തി തങ്ങളുടെ വര്‍ഗവിശുദ്ധി ഉറപ്പിക്കുക എന്നുള്ളത് പണ്ടും ഇന്നും ബ്രാഹ്മണരുടെ ഒരു സൂത്രപ്പണിയാണല്ലോ.ചരിത്രം നല്‍കുന്ന ശരികളുടെ തിരിച്ചറി വിലൂടെ സ്വയം മാറുകയും മാറ്റുകയും ചെയ്തുകൊണ്ടേ നമ്മുടെ ക്ഷേത്രങ്ങളെ രക്ഷി ച്ചെടുക്കാനകൂ.

ഡി വിനയചന്ദ്രന്‍
ആണുങ്ങളുടെ നഗ്നമായ മാറിടത്തിന് അശ്ലീല മുണ്ടെന്നാണ് വിനയചന്ദ്രന്‍ പറയുന്നത്.എന്താണ് അശ്ലീലമെന്നത് ഒരു സങ്കീര്‍ണമായ പ്രശ്‌നമാണ്. വര്‍ദ്ധമാന മഹാവീരനും മഹാദേവിയക്കയും മറ്റും നഗ്നരായി നടന്ന് ആത്മബോധനത്തിന്റെ അധിക തുംഗപദം സ്ഥാപിച്ച നാടാണിത്.ദിഗംബരനായ ശുക മുനിയെ കണ്ടിട്ടു പെണ്ണുങ്ങള്‍ക്ക് നാണം വന്നില്ല എന്നാണ് കഥ.ആണും പെണ്ണും ഭേദമറ്റവനെ കണ്ടിട്ട് എന്തിന് നാണിക്കണം? എംഎഫ് ഹുസൈന്റെ നഗ്നയായ സരസ്വതിയെ കുറിച്ചുള്ള ബഹളം നടന്നിട്ടു കുറച്ചു നാളുകളേ ആയുള്ളൂ.സരസ്വതിയുടെ നഗ്നത കണ്ടാല്‍ ഏതെങ്കിലും ഹിന്ദുവിനു കാമം തോന്നുമോ! ഭക്തനു പ്രേമം മാത്രമേയുള്ളൂ. കാമമില്ല. മുട്ടു മറയാത്ത ഒറ്റത്തോര്‍ത്തുടുത്തു നടക്കുന്ന ശാന്തിക്കാരന് അയഞ്ഞ ഒരു കുപ്പായം വേണമെന്നും ശാന്തിക്കാരന്‍ ജ്ഞാനിയും യോഗിയും ഒക്കെ ആയിരിക്കണം എന്നും വിനയചന്ദ്രന്‍ ആഗ്രഹിക്കുന്നു.വിനയചന്ദ്രന് വസ്തങ്ങളോട് എന്താണിത്ര ഭ്രമം?അര്‍ധ നഗ്നനായാ ണല്ലോ നമ്മുടെ മഹാത്മാവ് നടന്നിരുന്നത്.മനസ്സിലും ശരീരത്തിലും നഗ്നരാകുന്നത് ആദ്ധ്യാത്മികതയുടെ ഏറ്റവും ഉയര്‍ന്ന തലങ്ങളിലൊന്നാണ്.ഏതായാലും നമ്മുടെ ക്ഷേത്രങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ആദ്ധ്യാത്മിക-സാംസ്‌കാരിക കേന്ദ്രങ്ങളാ കണമെന്നാണ് വിനയചന്ദ്രന്റെ അഭിലാഷം.സംഗതി കൊള്ളാം.

ക്ഷേത്ര സങ്കല്‍പ്പത്തെ തന്ത്രശാസ്ത്രപരമായും ദാര്‍ശനികമായും പലരും വ്യാഖ്യാനിച്ചിട്ടുണ്ട്. ബ്രാഹ്മണനാണ് ദൈവത്തിന്റെ ഏജന്റെന്ന് ഈ വ്യാഖ്യാന ങ്ങളൊന്നും പറയുന്നില്ല.പക്ഷെ,ഇന്നും പൗരോഹിത്യം ബ്രാഹ്മണന്റെ മാത്രം കുത്തക യാണെന്ന വാദം ചോദ്യം ചെയ്യപ്പെടാതെ നിലനില്‍ക്കുന്നു.ആരു ചോദ്യം ചെയ്യാ ണാണ്? നാരായണ ഗുരുവിനു ശേഷം സാമൂഹ്യ വിപ്ലവപ്രക്രിയ ഇവിടെ നിലച്ചു പോയല്ലോ. ലോകത്തെ ഏറ്റവും ശരിയായ മാര്‍ഗവും നയവും പരിപാടികളും തങ്ങളുടേ താണെന്ന് അവകാശപ്പെടുന്ന ഒരു വിപ്ലവ പാര്‍ട്ടിയുടെ ശക്തി ദുര്‍ഗമായ കേരളത്തി ലാണു നാണംകെട്ട ഈ സാമൂഹികത്തമാശ നിലനില്‍ക്കുന്നതെന്ന് ഓര്‍ക്കണം.

ഡി വിനയചന്ദ്രന്‍ താരതമ്യേന നിസ്സാരമായ ഒരനാചാരത്തിന്റെ നേര്‍ക്കാണ് വാളോങ്ങുന്നത്. നിലക്കല്‍ പള്ളിയില്‍ പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ ഒരു പാവം ശബരിമല മേല്‍ശാന്തിയെ പുകച്ചു പുറത്തു ചാടിച്ചു. അര്‍ത്തുങ്കലെ വെളുത്തച്ചനെയും വാവരു സ്വാമിയെയും വണങ്ങിവരുന്ന ഭക്തന്മാരെ ശബരിമലയിലേക്ക് കേറ്റില്ല എന്നു പറയുന്നത് എന്നാണാവോ?വിഷ്ണു നാരായണന്‍ നമ്പൂതിരി വിദേശയാത്ര കഴിഞ്ഞു വന്നപ്പോഴുണ്ടായ കോലാഹലം എന്തായിരുന്നുകേരളം ഏതു കാലഘട്ടത്തിലാണാവോ ജീവിക്കുന്നത്? ഇന്നത്തെ കേരളത്തിലുള്ള കുറച്ചു പ്രബുദ്ധത ആരുടെ സൃഷ്ടിയാണ്? കുറേ ട്രേഡ് യൂണിയനുകളും കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും കുറേ ആളുകളുമുള്ള ഏതെങ്കിലു
മൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സൃഷ്ടിയാണോ?നാരായണഗുരു ജാതിവ്യവസ്ഥയുടെ നരകത്തില്‍ നിന്നു കേരളത്തെ മോചിപ്പിക്കുകയും വിശ്വ മാനവികതയുടെ വാക്കും വെളിച്ചവും നമുക്കു തരികയും ചെയ്തു.ആദ്ധ്യാത്മികതയുടേയും സംസ്‌കാരത്തിന്റേയും ഉയര്‍ന്ന തലത്തിലേക്കുള്ള വഴി ഗുരു കാട്ടിത്തന്നു.ഒരു പുതിയ സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥയെ ദര്‍ശിക്കാനുള്ള പുതിയൊരു കണ്ണു നമുക്കു തുറന്നു തന്നു.പക്ഷെ,ഗുരുവിനെ അറിയാനോ സാമൂഹ്യ രാഷ്ട്രീയ വിപ്ലവ പ്രക്രിയയുടെ തുടര്‍ന്നുള്ള ദൗത്യം ഏറെറടുക്കാനോ പിന്നീട് ആരും ഉണ്ടായില്ല.എസ്എന്‍ഡിപി യോഗം പോലും അക്കാര്യത്തില്‍ പരാജയപ്പെടുക യാണുണ്ടായത്‌  .കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആദ്യകാലത്തു സാമൂഹ്യ വിപ്ലവ പ്രക്രിയയെ അല്‍പ്പം മുന്നോട്ടു കൊണ്ടുപോയി എന്ന സത്യം വിസ്മരിച്ചു കൂടാ.പിന്നീട് അവരും അത് ഉപേക്ഷിച്ചു. ഇന്നവര്‍ക്കു രാഷ്ട്രീയ അധികാരം മാത്രമാണു പ്രശ്‌നം.സാമൂഹ്യവും സാംസ്‌കാരിക വുമായ മാറ്റമാണ് രാഷ്ട്രീയവും സാമ്പത്തികവുമായ വിപ്ലവത്തിലേക്കു വഴിയൊരു ക്കുന്നത് എന്ന വസ്തുത അറിയാഞ്ഞിട്ടല്ല.തന്ത്രപരമായി ആ ചുമതല തങ്ങളുടേതല്ല എന്ന നിലപാടാണ് പാര്‍ട്ടിക്കാരൊക്കെ സ്വീകരിച്ചിട്ടുള്ളത്.നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെ അലോസരപ്പെടുത്തി എന്തിനു വെറുതേ വോട്ടു കളയണം? അല്ലെങ്കിലും അതൊക്കെ സോഷ്യലിസം വന്നിട്ടു ചെയ്യേണ്ട കാര്യങ്ങളല്ലേ?അധികാരത്തിന്റെ ഒറ്റക്കുഴല്‍ മാത്രമുള്ള ഭീകരമായൊരു തോക്കാണ് ഇന്ന് പാര്‍ട്ടിയുടെ വിപ്ലവ സിദ്ധാന്തം.നമ്മുടെ ചില ബുദ്ധി ജീവികളാകട്ടെ എംഎല്‍എ മാരായി,പല സ്ഥാന മാനങ്ങളും അലങ്കരിച്ച് വാചകമടിച്ച് അധികാരത്തിന്റെ ഓശാന പാടി സസുഖം വിലസുകയാണ്.പിന്നെ ആരുണ്ടു വിനയചന്ദ്രാ ഇതൊക്കെ ചോദിക്കാനും പറയാനും? പത്രമാധ്യമങ്ങളോ? രാഷ്ട്രീയത്തിന്റെ വാര്‍ത്തകളും ചതുരംഗം കളികളും എഴുതുകയും പറയുകയും ചെയ്തതിനു ശേഷം ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ അവര്‍ക്ക് എവിടെ സ്ഥലവും സമയവും ബാക്കി?

നാരായണഗുരു കണ്ണാടി പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രമാണ്, കളവങ്കോടം ക്ഷേത്രം.ഞാനും എന്റെ സുഹൃത്ത് മനു നാരായണനും (ലാല്‍ഗുഡിയുടെ ശിഷ്യനായ മനു നാരായണ നെന്ന വയലിനിസ്റ്റ് ആനന്ദനാദയോഗി എന്ന പേരിലാണ് ഇന്നറിയപ്പെടുന്നത്. നിത്യ ചൈതന്യ യതി അദ്ദേഹത്തിനു സന്യാസ ദീക്ഷ നല്‍കി) കാലിഫോര്‍ണിയക്കാരി ജൂലി ക്ലുവറ്റെന്ന യുവതിയും കൂടി ഈയിടെ അവിടെ പോയി. ഞാനിതിനു മുമ്പും പലതവണ അവിടെ പോയിട്ടുണ്ട്.ഞങ്ങള്‍ മറ്റു പല ക്ഷേത്രങ്ങളും സന്ദര്‍ശിച്ച ശേഷമാണ് അവിടെ എത്തിയത്. അവിടെ ക്ഷേത്രത്തിനകത്ത് കയറുന്നതിന് ഉടുപ്പഴിക്കേണ്ട. അമേരിക്ക ക്കാരിക്ക് അത്ഭുതം.ഇവിടെന്താ വ്യത്യാസം? നാരായണ ഗുരുവിനെ കുറിച്ച് നേരത്തെ അല്‍പ്പ  സ്വല്‍പ്പം മനസ്സിലാക്കിയിരുന്ന ജൂലിക്ക് അപ്പോള്‍ ഗുരുവിനോട് കൂടുതല്‍ ആദരം തോന്നുന്നു എന്നു പറഞ്ഞു.മറ്റു ക്ഷേത്രങ്ങളിലൊക്കെ തലയും കയ്യും കാലും മറ്റവയവങ്ങളുമുള്ള വിചിത്ര രൂപമാര്‍ന്ന പല പ്രതിഷ്ഠകളും കണ്ടുവന്ന ജൂലിക്ക് കണ്ണാടി കണ്ടപ്പോഴും ആഹ്ലാദം.ഞാന്‍ പറഞ്ഞു വരുന്നത് ബ്രാഹ്മണ്യത്തിന്റെ പഴയ ധിക്കാരമാണ് നമ്മുടെ ക്ഷേത്രങ്ങളിലെ പല അനാചാരങ്ങളും ഇന്നും നിലനിര്‍ത്തിക്കൊണ്ട് പോരുന്നത് എന്നാണ്.ഈയിടെ ഒരു രാജകുടുംബാംഗം വന്ന് പല ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് ഇംഗ്ലീഷില്‍ ഒരു പുസ്തകം എഴുതുന്നതിനു വേണ്ടി വിവരം ശേഖരിക്കുകയുണ്ടായി.നമ്മുടെ ക്ഷേത്ര സങ്കല്‍പ്പത്തിന് ആദ്ധ്യാത്മികമായി ഉയര്‍ന്ന ഒരു മാനം സൃഷ്ടിച്ചുകൊണ്ടു നാരായണ ഗുരു പ്രതിഷ്ഠിച്ച ഏതെങ്കിലുമൊരു ക്ഷേത്രം രാജ്ഞി സന്ദര്‍ശിച്ചതായി വാര്‍ത്ത കണ്ടില്ല.വിവേചനത്തിന്റെ വികൃതമായ മുഖമല്ലേ ഇവിടെയും നാം കാണുന്നത്?

ഇന്നും അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല.ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനമില്ല. അഹിന്ദുക്കളിലും സ്ത്രീകളിലും ദൈവത്തിന് ഇഷ്ട പ്പെടാത്തതായി എന്താണുള്ളതെന്ന് അറിഞ്ഞു കൂടാ. ദൈവത്തിനു ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ ഭേദമുള്ളതായും അറിഞ്ഞു കൂടാ.ഇതൊന്നുമല്ല കാര്യം. അഹിന്ദുക്കള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിക്കുന്നതിന്റെ അടിസ്ഥാനം ബ്രാഹ്മണ്യ ത്തിന്റെ പഴയ അസ്പൃശ്യത തന്നെയാണ്.പെണ്ണിനു പതിത്വം കല്‍പ്പിക്കുന്ന പഴയ ജന്മിത്വത്തിന്റെ ബോധമാണ് ശബരിമലയിലെ സ്ത്രീ നിരോധന ത്തിലുമുള്ളത്. യേശുദാസിനേയും ഹൈദരാലിയെയും മഹാക്ഷേത്രങ്ങളുടെ മതില്‍ക്കെട്ടിനകത്തു കയറ്റുകയില്ല. അവരുടെ പാട്ടു കേള്‍ക്കാന്‍ സംഗീത പ്രിയരായ ദേവീദേന്മാര്‍ ക്ഷേത്ര ങ്ങളില്‍ നിന്ന് പുറത്തുകടന്ന് അവര്‍ പാടുന്നിടത്തു മുന്‍നിരയില്‍ വന്നിരിക്കാ റുണ്ടെന്നുള്ളതു വേറൊരു സത്യം.

വിഷ്ണുനാരായണന്‍
നമ്പൂതിരി
ഞാന്‍ ഈ ലേഖനം എഴുതിക്കൊണ്ടിരുന്നപ്പോള്‍ പ്രസിദ്ധനായ പ്രൊഫഷണല്‍ നാടകകൃത്തും നോവലിസ്റ്റുമായ സികെ ശശി എന്റെ വീട്ടില്‍ വന്നു.അദ്ദേഹം പറഞ്ഞു,അദ്ദേഹത്തിന്റെ നാട്ടിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തില്‍ അവര്‍ണരുടെ താലപ്പൊലി വന്നാല്‍ ഇന്നും താലപ്പൊലിയുടെ നെല്ലും അരിയും പൂവും തേങ്ങാ മുറിയുമൊക്കെ പുറത്തു കൊടിമരച്ചുവട്ടിലാണ് ഇടുന്നതെന്ന്. സവര്‍ണരുടെ താലപ്പൊലിക്കു നാലമ്പല ത്തിനകത്തു കടന്നു ചെന്നു ശ്രീ കോവിലിനു വലംവെച്ചു നെല്ലും അരിയും മറ്റും മണ്ഡപത്തിലിടാം. ദൈവവുമായിട്ടുള്ള ഇടപാട് രണ്ടുകൂട്ടരും രണ്ടു വിധത്തിലുള്ള അകലം പാലിച്ചാണ് നടത്തുന്നത്.ഏറ്റവും ഗതികേട് മാര്‍ഗ്ഗം കൂടിയ പുലയര്‍ക്കാണ്. കുഞ്ഞനെന്ന പുലയന്‍ മാര്‍ഗ്ഗം കൂടിയാല്‍ പേര് ഒന്നുകില്‍ കുഞ്ഞ നവറാച്ചന്‍. അല്ലെങ്കില്‍ കുഞ്ഞനഗസ്റ്റിന്‍.പെലേനെ തിരിച്ചറിയാനുള്ള ഒരടയാളം പേരിനോടു കൂടിയുണ്ടാകും.അവന് അമ്പലത്തിലും അവഗണന പള്ളിയിലും അവഗണന.'അച്ചന്‍ തന്ന വെന്തിഞ്ഞ ഇന്നാ'(ടികെസി വടുതലയുടെ ഒരു കഥ)എന്നു പറഞ്ഞു തിരിച്ചു നല്‍കാനും പറ്റുന്നില്ല.

Add caption
നമുക്ക് ഇനി ഒരു മഹാ ക്ഷേത്രത്തിലേക്കു പോയി നോക്കാം. ക്ഷേത്രങ്ങളുടെ അന്തരീക്ഷം അവയുടെ പുരാതനമായ വാസ്തുവിദ്യ കൊണ്ടും ലാന്റ്‌സ്‌ക്യേപ്‌കൊണ്ടും മനസ്സിനു ശാന്തിയുടെ നിറവും അനുഭൂതിയും നല്‍കുന്ന തായിരുന്നു. ഇന്നതൊക്കെ പോയി.ക്ഷേത്രത്തിലേക്ക് കയറിച്ചെല്ലേണ്ടത് ഈയിടെ ആരോ സിമന്റില്‍ ബൊമ്മകളെ പോലെയുള്ള ദേവരൂപങ്ങള്‍ ചെയ്തുവെച്ചു പെയിന്റടിച്ച വലിയൊരു ഗോപുര കവാടത്തലൂടെയാണ്. ഗോപുരം കേരളീയ ശൈലി യിലല്ല. തമിഴ് നാടിന്റെതാണ്. കേരളത്തിലെ ക്ഷേത്രങ്ങള്‍ ക്കുണ്ടായിരുന്നതു പടിപ്പുര മാളികകളാണ്. ക്ഷേത്രത്തിന്റെ അകത്തു കടന്നു കഴിയുമ്പോള്‍ നാം ആദ്യം കാണുന്നതു വലിയൊരു തീപ്പെട്ടിക്കൂടുപോലെ കോണ്‍ക്രീറ്റില്‍ ചെയ്ത ദേവസ്വം ആപ്പീസു കെട്ടിടമാണ്.തൊട്ടടുത്തു മറ്റൊരു കോണ്‍ക്രീറ്റു കൂടാരം കൂടി. ആഡിറ്റോറിയം. അതിനപ്പുറം രണ്ടും മൂന്നും നിലകളുള്ള സദ്യാലയങ്ങള്‍. ഭീമാകാ രമായ തൂണുകളുള്ള ആനപ്പന്തലിന്റെ പണ്ടത്തെ തറ പൊളിച്ചു മാറ്റി മൊസൈക്കി ട്ടിരിക്കുന്നു.ദാരു ശില്‍പ്പങ്ങള്‍ക്ക് ഇനാമല്‍ പെയിന്റടിച്ചിരിക്കുന്നു. ആകെ കൂടി വല്ലാത്തൊരു പുതിയ ചന്തം പൂണ്ട് ആ പുരാതനമായ വാസ്തുവിദ്യാ വിസ്മയം നില്‍ക്കുന്നു. ഗൗണിട്ടു ലിപ്സ്റ്റിക്കും റൂഷും പുരട്ടി നില്‍ക്കുന്ന തറവാടിയായ ഒരു മലയാളി വൃദ്ധയെ പോലെ .ഇതാണോ ക്ഷേത്രം?ക്ഷേത്രസംരക്ഷണ സമിതിക്കാരൊക്കെ എന്തു ചെയ്യുകയാണ്.?അവരുടെ ജോലി എന്താണ്?മിക്ക അമ്പലങ്ങളിലും ഇപ്പോള്‍ മഹാഗണപതി ഹോമം എന്ന ഒരു ഏര്‍പ്പാടുണ്ട്.108ഓ 1008ഓ നാളികേരം പൂളിയതും രണ്ടുമൂന്നു പാട്ട നെയ്യും.തീയിലിട്ടു കത്തിക്കുന്നു.ഇതൊരു അനാചാരമല്ലേ? നടത്തുന്നവര്‍ ഇതൊരു നല്ല കച്ചവട മായിട്ടാണു കാണുന്നത്. ഒരര്‍ച്ചനക്ക് 501 രൂപവെച്ചു കൂപ്പണടിപ്പിക്കും.1000 കൂപ്പണ്‍ വിറ്റാല്‍ പോരേ? ഗണപതിയുടെ പ്രീതിയുണ്ടായി സര്‍വ വിഘ്‌നങ്ങളും അകന്നു പോകുന്നതിനു വേണ്ടി ദരിദിരനായ ഭക്തനും എങ്ങിനെ യെങ്കിലും കാശുണ്ടാക്കി അര്‍ച്ചന നടത്തും.പ്രോട്ടീന്‍ ഡെഫിഷ്യന്‍സിയുള്ള കുഞ്ഞുങ്ങള്‍ക്ക്  ദിവസവും ഓരോ മുറി തേങ്ങയോ ഓരോ ടീസ്പൂണ്‍ നെയ്യോ കൊടുത്താല് മതിയെന്നാണു പറയുന്നത്.കര്‍മ്മങ്ങളൊഴിവാക്കണം എന്നല്ല പറയുന്നത്. ധൂര്‍ത്തും വികലമായ സങ്കല്‍പ്പങ്ങളും ഒഴിവാക്കിക്കൂടേ? മാനവ സേവയാണ് മഹേശ്വര സേവയെന്ന് ഇവര്‍ക്ക് എന്നാണാവോ മനസ്സിലാകുന്നത്? ഈ ദുഃഖം മനസ്സിലുള്ള തുകൊണ്ടാവാം ഈയിടെ നിത്യചൈതന്യ യതി തന്റെ ഗ്രാമമായ മുറിഞ്ഞകല്ലില്‍ മണിയടിയും പൂജയും വഴിപാടുമില്ലാത്ത ഒരു ക്ഷേത്രം സ്ഥാപിച്ചത്. ആത്മബോധം നല്‍കുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളാകണം ക്ഷേത്ര ങ്ങളെന്നതാണ് ശ്രീ നാരായണ ഗുരുവിന്റെ ക്ഷേത്ര സങ്കല്‍പ്പം. ക്ഷേത്ര ങ്ങളോടനു ബന്ധിച്ച് മതപാഠശാല വേണം.പൂന്തോട്ടം വേണം എന്നൊക്കെ ഗുരു പറഞ്ഞിട്ടുണ്ട്. നാരായണ ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളില്‍ പോലും അതൊന്നു മില്ലെന്നുള്ളതാണ് ഏറ്റവും വലിയ തമാശ.

ഹരിദാസ്
വളമംഗലം
സാധാരണക്കാരന്റെ ആത്മീയ ജീവിതത്തിന്റെ സങ്കേതങ്ങളാണ് ക്ഷേത്രങ്ങള്‍.അവയ്ക്കു വളരെ പ്രാധാന്യമുണ്ട്. ക്ഷേത്രങ്ങളോ, അതിനേക്കാളൊക്കെ എത്ര വലിയ പ്രശ്‌നങ്ങള്‍ കിടക്കുന്നു എന്നു പറഞ്ഞു തടി തപ്പുന്നത് ആര്‍ക്കും ഭൂഷണമല്ല.അത് സമഗ്രമായ സാമൂഹ്യ ജീവിതത്തെ കുറിച്ചുള്ള ധാരണ ഇല്ലാത്തതു കൊണ്ടാണ്.

('കലാകൗമുദി' വാരിക ലക്കം 1161ലാണ് ഹരിദാസ് വളമംഗല ത്തിന്റെ ഈ ലേഖമുള്ളത്.ചിത്രങ്ങള്‍ എല്ലാം ഇന്റര്‍നെറ്റില്‍ നിന്നും എടുത്തട്ടുള്ള താണ്)


2013, മാർച്ച് 13, ബുധനാഴ്‌ച

നോവല്‍ എഴുത്ത്: തെറ്റു കുറ്റങ്ങള്‍ പൊറുക്കേണ്ടത് വായനക്കാരന്റെ ബാധ്യതയല്ല.

നോവല്‍ എഴുത്ത്: തെറ്റു കുറ്റങ്ങള്‍ പൊറുക്കേണ്ടത് വായനക്കാരന്റെ ബാധ്യതയല്ല.


കണ്ണന്‍ മേലോത്ത്.


അരികുകളിലേക്ക് തള്ളിയൊഴിക്ക പ്പെട്ടവര്‍ക്ക് ജീവിതമുണ്ടെങ്കില്‍ അതിനു പറയുക ചെറുത്തു നില്‍പ്പ് എന്നാണ്.അത് ആവിഷ്‌കരി ക്കുവാന്‍ അവര്‍ക്കുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശങ്ങളില്‍ പെടുന്നതാണ്. മറ്റാരേയും പോലെ,ഈ അവകാശം സി ക്ലാസ് സിനിമാ തിയേറ്ററുകളിലെ നോട്ടീസ് ഒട്ടിപ്പുകാരനും നിഷേധിക്കാന്‍ പാടില്ല.പക്ഷെ, അത് ആവിഷ്‌കാര മാകണമെന്നു മാത്രം. മറുവശത്തുള്ള ആസ്വാദകനും ഇതേ അവകാശങ്ങള്‍ തന്നെ ഉണ്ടെന്നുള്ളതു കൂടി കണക്കിലെടുക്കണം.സുധീഷ് അഞ്ചലിന്റെ 'സ്ലിപ്പ്' എന്ന നോവല്‍ വിലയിരുത്തുമ്പോള്‍ ഉള്ളില്‍ പതിഞ്ഞ വസ്തുതകളാണ് ഇവിടെ കുറിക്കുന്നത്.

ഇവിടെ ഒരു സിനിമാ നോട്ടീസ് ഒട്ടിപ്പുകാരന്‍ നോവല്‍ എഴുതിയിരിക്കുന്നു.തൊഴിലിന്റെ കാര്യത്തില്‍ അരികുകളിലേക്ക് തള്ളിയൊഴിക്കപ്പെട്ടതാണ് അവന്റെ ജീവിതം.അവന് നോവല്‍ എഴുതാന്‍ അവകാശമുണ്ട്;അത് നോവല്‍ ആയിരിക്കണമെന്നു മാത്രം.മികച്ചതോ താണതോ ലക്ഷണം കെട്ടതോ വലുതോ ചെറുതോ എന്നല്ല,നോവല്‍ രൂപഘടനയോട് ഏറിയും ഒത്തിരിക്കണം എന്നത് വളരെ അത്യാവശ്യമാണ്.തെറ്റു കുറ്റങ്ങള്‍ പൊറുക്കണം എന്ന അപേക്ഷയോടെയാണ് സുധീഷ് അഞ്ചല്‍ തന്റെ നോവല്‍ 'സ്ലിപ്പ്' ആരംഭിക്കുന്നത്.(അതു പൊറുത്തുകഴിഞ്ഞ് ബാക്കി എന്ത് ആസ്വദിക്കാനാണ്)തെറ്റുകള്‍ പൊറുത്ത് നോവല്‍ ആസ്വദിക്കേണ്ട ബധ്യത വായനക്കാരനില്ല,എന്ത് കടപ്പാടിന്റെ പേരിലായാലും.പൂര്‍ണമായും ഒരു നോവല്‍ എഴുതാന്‍ കഴിയുന്ന കാലത്ത് മാത്രം എഴുതിയാല്‍ പോരേ എന്നത് വായനക്കാരന്റെ അവകാശമുള്ളവരുടെ ചോദ്യമാണ്.

സ്റ്റേജ് ഷോ അല്ലെങ്കില്‍ പെര്‍ഫോമിംങ് ആര്‍ട്ട് നടത്തുന്ന തുടക്കക്കാര്‍ തെറ്റു കുറ്റങ്ങള്‍ പൊറുക്കണം എന്ന ഒരു അഭ്യര്‍ത്ഥന നടത്താറുണ്ട്.ആസ്വാദകന്റെ അവകാശത്തെ ബാധിക്കുന്നതാണെങ്കില്‍ കൂടി അത് സഹിക്കേണ്ടതുണ്ട്.ആ വക കലാപരിപാടികള്‍ അപ്പോള്‍ തന്നെ അവതരിപ്പിച്ചു തീരുന്നതാണ്.അവന് തെറ്റു തിരുത്താന്‍ അല്ലെങ്കില്‍ കുറ്റമറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ അവസരം കൊടുക്കണം.ആ സ്വാദകന്റെ ഈ സഹനം കുറ്റമറ്റ ഒരു കലാകാരനെ വളര്‍ത്തും എന്നത് തീര്‍ച്ചയാണ്.അതുപോലെയല്ല സാഹിത്യം.നോവലിലെ കുറ്റങ്ങളും കുറവുകളും പരിഹരിച്ച് വീണ്ടും വീണ്ടും എഴുതിക്കൊണ്ടിരിക്കാന്‍ പറ്റുമോ? സാങ്കേതികമായി പറ്റുമെന്നു പറയാം-അതിനെ നോവല്‍ എന്നല്ല വിളിക്കേണ്ടത്.നോവല്‍ കാലാതിവര്‍ത്തിയാണ്.കുറ്റങ്ങളോടും കുറവുകളോടെയുമല്ല അത് നിലനില്‍ക്കേണ്ടത്.

നോട്ടീസ് ഒട്ടിപ്പുകാരനായ ഒരു ചെറുപ്പക്കാരന്റെ പ്രണയവും പ്രതിസന്ധികളും നിരാശയും പ്രതീക്ഷകളും പതനവു മൊക്കെയാണ് സുധീഷ് ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. അധിക വര്‍ണനകളും അനാവശ്യ വിവരണങ്ങളും കൊണ്ടാണ് ആഖ്യാനത്ത സുധീഷ് അയഥാര്‍ത്ഥ വല്‍ക്കരിച്ചത്.അതൊട്ട് അമൂര്‍ത്തമായില്ലതാനും.നേരേചൊവ്വേ കാര്യങ്ങള്‍ എഴുതിയാല്‍ സാഹിത്യമാവില്ല എന്ന് സുധീഷ് അഞ്ചല്‍ ധരിച്ചിട്ടു ണ്ടാവാം.ഇതാണ് നോവലിലെ വലിയൊരു പോരായ്മ.അത് പൊറുത്തു കഴിഞ്ഞാല്‍ പിന്നെ എന്താണ് വായനക്കാരന് കിട്ടുക?(രണ്ടാമത് എഴുതുന്ന നോവലില്‍ ഈ കുറവ് പരിഹരിക്കപ്പെട്ടേക്കാം.ആദ്യ നോവലിലെ കുറ്റം വായനക്കാരന്‍ സഹിച്ചു കൊണ്ടേയിരിക്കണമല്ലോ)

മറ്റു നോവലുകളിലെ വാചകങ്ങള്‍ വലിയ അളവില്‍ സ്വാധീനിച്ചതാണ് മറ്റൊരു പോരായ്മ.സുധീഷ് അഞ്ചല്‍ നല്ലൊരു വായനക്കാരനാണെന്ന് മനസ്സിലാക്കാം.തിരക്കുള്ള ജോലിക്കിടയിലും വായിക്കാന്‍ സമയം കണ്ടെത്തിയ സുധീഷിന്റെ ആത്മാര്‍ത്ഥതയെ അംഗീകരിക്കണം.നല്ലൊരു വായനക്കാരന്‍ മോശം നോവലിസ്റ്റെങ്കിലും ആവണമെന്നില്ല.ആ തിരിച്ചറിവ് ഇല്ലാതെ പോയതിനാലാണ് സ്ലിപ്പ് സുധീഷിന്റെ വായനാനുഭവങ്ങളുടെ സമാഹാരമായതും ജീവിതാനുഭവങ്ങളുടെ കഥനമല്ലാതായതും.

സുധീഷ് അഞ്ചല്‍
അരികു ജീവിതം നയിക്കുന്നയാള്‍ ആവിഷ്‌കാരത്തിനുള്ള മാധ്യമം എന്ന നിലക്കാണ് നോവല്‍ രചനയെ സമീപിച്ചത് എന്നു വന്നാല്‍ പോലും സ്ലിപ്പ് വെച്ച് വിലയിരുത്തുമ്പോള്‍,ഇപ്പോഴത്തെ നിലക്ക് (പിന്നീട് മാറിയേക്കാം,മാറട്ടെ)സുധീഷിന്റെ ഉദ്യമം പാഴിലാണെന്നു കാണാം. അനുഭവ കഥനമോ ആത്മകഥയോ ആയിരുന്നെങ്കില്‍ ആവിഷ്‌കാരം കുറേകൂടി മെച്ചവും ഉദ്ദേശിച്ച ഫലം ലഭിക്കുന്ന തുമായി തീര്‍ന്നേനെ.ദളിത് സാഹിത്യ വ്യവഹാരരൂപങ്ങളില്‍ ഏറ്റവും മികച്ചത് ദളിത് ആത്മകഥകളാണെന്ന് പഠിക്കപ്പെട്ട വസ്തുതയാണ്.അവ ആദ്യമിറങ്ങിയതും പാരായണ-പഠന വിധേയ മായതും യൂറോപ്പിലാണ്. പല യൂണിവേഴ്‌സിറ്റികളുടെയും പാഠ്യ പദ്ധതിയില്‍ അവ ഉള്‍പ്പെട്ടിട്ടുമുണ്ട്. മറ്റൊരു വ്യവഹാരരൂപത്തിനും ഇത്ര ശക്തമായി ദളിതുകള്‍ നൂറ്റാണ്ടുകളായി നേരിടുന്ന തിരിച്ചടികളും അടിച്ചമര്‍ത്തലുകളും ആവിഷ്‌കരി ക്കാനാവില്ല.ഈ ശക്തിതന്നെയാണ് അരികുകളിലേക്ക് തള്ളിയൊഴിക്ക പ്പെട്ടവരുടെ ആത്മ കഥനങ്ങള്‍ക്കുമുള്ളത്.ഇത് അറിയാത്തതിനാല്‍,സുധീഷ് അഞ്ചലിന്റെ സ്ലിപ്പ് അരികുജീവിയുടെ ചെറുത്തു നില്‍പ്പുകളെ കുറിച്ചുള്ള അറിവു തരികയോ നോവല്‍ വായനയുടെ കുറഞ്ഞതോതിലെങ്കിലുമുള്ള അനുഭൂതി പകര്‍ന്നു തരുകയൊ ചെയ്യുന്ന പുസ്തകമായില്ല.

2013, മാർച്ച് 12, ചൊവ്വാഴ്ച

ഒ വി വിജയനെ കുറിച്ച് എം മുകുന്ദന്‍


ആധി പിടിച്ച മനുഷ്യന്‍
എം മുകുന്ദന്‍

40 വര്‍ഷം മുമ്പാണത്.1963-ല്‍ ഒ വി വിജയനെ ഞാന്‍ ആദ്യമായി കാണുന്നു.കാര്‍ട്ടൂണിസ്റ്റും പത്രപ്രവര്‍ത്തക നുമൊക്കെ ആയാണ് ഞങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടി രുന്നത്.ഡെല്‍ഹിയിലെ വിദ്യാ സമ്പന്നരായ ആള്‍ക്കാര്‍ ക്കിടയില്‍ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ വരച്ച തന്റെ കാര്‍ട്ടൂണുകള്‍ കൊണ്ട് മികച്ച കാര്‍ട്ടൂണിസ്റ്റെന്ന ഖ്യാദി അദ്ദേഹം നേടിയെടുത്തു.കഥകള്‍ വല്ലപ്പോഴും മാത്രം എഴുതി.

വിജയന്‍ കഥകളെഴുതുന്ന കാര്യം കൂടിക്കാഴ്ചയുടെ ആദ്യകാലത്ത് എനിക്കറിയില്ലായിരുന്നു. തുടക്കത്തില്‍ അദ്ദേഹത്തേട് അടുക്കാന്‍ വല്ലാത്ത ഭയമായിരുന്നു എനിക്ക്.ഒരു വലിയ വ്യക്തിത്വമാണ് ആ നാളുകളില്‍ വിജയന്‍.എന്നേക്കാള്‍ 12 വയസ് കൂടുതല്‍.നല്ല ഉയരം നീണ്ട തലമുടി.വളരെ ഫാഷ്‌നബിള്‍ ആയ വസ്ത്രങ്ങള്‍ ധരിക്കും.വളരെ നന്നായി തയ്പ്പിച്ച കോട്ടും ധരിച്ച് ചുണ്ടില്‍ പൈപ്പും വെച്ച് കയ്യിലൊരു ബ്രീഫ് കേസുമായി നടന്നുപോകുന്ന വിജയനെ ഓര്‍മ്മ വരുന്നു.ആരു കണ്ടാലും നോക്കി നിന്നുപോകുന്ന ഒരു രൂപം.

ഡെല്‍ഹിയിലെ കോണാട്ട്‌പ്ലേസില്‍ ഒരു സ്റ്റുഡിയോ അക്കാലത്ത് അദ്ദേഹത്തി നുണ്ടായിരുന്നു. ഇവിടിരുന്നാണ് വരച്ചി രുന്നതും എഴുതിയിരുന്നതും. ബുദ്ധി ജീവിക ളെല്ലാം അന്ന് വായിച്ചിരുന്നത് ബ്രിട്ടീഷ് പാരമ്പര്യത്തോടെ തലയെടുപ്പില്‍ നിന്നി രുന്ന സ്റ്റേറ്റ്‌സ്മാന്‍ പത്രമാണ്.വിജയന്‍ സ്റ്റേറ്റ്‌സ്മാനില്‍ വരച്ചിരുന്നു.രാവിലെ സ്റ്റുഡിയോ വിലേക്കുള്ള ആ കോണി പ്പടികള്‍ കയറിവന്ന് വിജയന്‍ അന്നന്നത്തെ കാര്‍ട്ടൂണുകള്‍ വരക്കും.ആ സ്റ്റുഡിയോ നിറച്ചും ചിത്രങ്ങളും സ്‌കെച്ചു കളുമായിരുന്നു.നേതാക്കന്മാരായ നെഹ്‌റുവിന്റെയും ജഗ്ജീവന്‍ റാമിന്റെയുമൊക്കെ പടങ്ങള്‍ പത്രങ്ങളില്‍ നിന്ന് വെട്ടിയെടുത്ത് ചുവരുകളില്‍ പതിച്ചിരുന്നു.കാര്‍ട്ടൂണുകള്‍ വരക്കാന്‍ വിജയനുള്ള മോഡലുകളായിരുന്നു അവയെല്ലാം.

ഒളരെ വ്യത്യസ്ഥമായിരുന്നു വിജയന്റെ കാര്‍ട്ടൂണുകള്‍.ശങ്കേഴ്‌സ് വീക്ക്‌ലിയില്‍ വരച്ചിരുന്നു.ധാരാളം ചെറുപ്പക്കാര്‍ വരയുമായി രംഗത്തുവന്ന സമയമാണ്.ലളിതമായ കാര്‍ട്ടൂണുകള്‍. ആള്‍ക്കാരെ ഒന്നു ചിരിപ്പിക്കും.എല്ലാവരും വരച്ചിരുന്നത് ഇങ്ങനെ യായിരുന്നു.എന്നാല്‍ വിജയന്റെ ശൈലി ഇതൊക്കെ മാറ്റി മറിച്ചു. അവ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളായിരുന്നു.

വിജയന്റെ വരകള്‍ക്ക് 2 തലങ്ങളാ ണുള്ളത്.ഒന്ന് ആശയ ങ്ങളുടേത്.ഏത് രാഷ്ട്രീയ വിഷയത്തേയും തന്മയത്വ ത്തോടെ വിജയന്‍ കാണുന്നു. വിഷയ ത്തിലുള്ള മൗലികത കൊണ്ട് കാര്‍ട്ടൂണിന് പുതിയ ഒരു രൂപം അദ്ദേഹം ഉണ്ടാക്കി ക്കൊടുക്കുന്നു.അതുവരെ കാര്‍ട്ടൂ ണിസ്റ്റുകള്‍ വരച്ചിരുന്നത് ഫോട്ടോ ഗ്രാഫിക് ആയിട്ടായിരുന്നു.ആ നിര്‍മ്മി തിയെ വിജയന്‍ തകര്‍ത്തു.

നേതാക്കന്മാരെ വരക്കുമ്പോള്‍ ചിലപ്പോള്‍ മുഖം മാത്രമേ വരച്ചിരുന്നുള്ളൂ.കയ്യും കാലുമുണ്ടാവില്ല.ഇങ്ങനെ രൂപത്തെ വിഘടിപ്പിച്ച് കഷണങ്ങളാക്കി കാണിക്കുന്ന രീതി.ഈ രൂപം കാര്‍ട്ടൂണി ലെത്തുന്നത് വിജയനി ലൂടെയാണ്.പുതിയ കാര്‍ട്ടൂണിസ്റ്റുകള്‍ അന്നുണ്ടാക്കിയിരുന്ന ഫലിത ത്തെയാണ് വിജയന്‍ മാറ്റിയെടുത്തത്.കാര്‍ട്ടൂണില്‍ ഫലിതത്തിനുമപ്പുറം ഒരുപാട് കാര്യങ്ങളുണ്ടെന്ന് വിജയന്‍ കാഴ്ചക്കാരെ ഓര്‍മ്മിപ്പിക്കുക യായിരുന്നു.ഒരുപാട് ആശയങ്ങള്‍ കാര്‍ട്ടൂണില്‍ അദ്ദേഹം കൊണ്ടുവന്നു.കമന്റുകളാണ് അതിനുമുമ്പ് കാര്‍ട്ടൂണുകളെ ഭരിച്ചിരുന്നത്.എന്നാല്‍ ഇവിടെ ആശയങ്ങലുടെ ഒരു ലോകം വിജയനുണ്ടാക്കി.കാര്‍ട്ടൂണ്‍ ചിരിപ്പിക്കാനുള്ളതല്ല ചിന്തിപ്പിക്കാനുള്ളതാണ് എന്ന് വിജയനാണ് നമുക്ക് പറഞ്ഞു തന്നത്. 

അദ്ദേഹം കൈകാര്യം ചെയ്ത ഏറ്റവും വലിയ വിഷയം കമ്മ്യൂണിസ മായി രുന്നു.കിഴക്കന്‍ യൂറോപ്പിലെ സംഭവങ്ങളാ യിരുന്നു പലപ്പോഴും ചിന്താവിഷയം. അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളിലും ലേഖന ങ്ങളിലും അന്ന് അത് കാണാം. ആദ്യകാലത്ത് വിജയന്‍ കമ്മ്യൂണിസ്റ്റു കാരനായിരുന്നു.അതിനകത്തു നിന്നു കൊണ്ടു  തന്നെ വിമര്‍ശനത്തിന്റെ ഒരു ലോകം അദ്ദേഹത്തിന് നിര്‍മ്മിക്കാന്‍ പറ്റി.ആ വിമര്‍ശനത്തെ, എഴുത്തിനെ തന്റെ സര്‍ഗാത്മകത കൊണ്ടാണ് വിജയന്‍ സമ്പന്ന മാക്കിയത്.സ്റ്റാലിന്റെ ഒരു വിമര്‍ശകനായിരുന്നു വിജയന്‍. ചെക്കോ സ്ലോവാക്യ യിലും ഹംഗറിയിലും സോവിയറ്റ് യൂണിയന്‍ നടത്തിയ ആക്രമണങ്ങളോട് തന്റെ സൃഷ്ടികളിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.

കമ്മ്യൂണിസം മാത്രമായിരുന്നില്ല വിജ യന്റെ വിമര്‍ശനത്തിന് ഇരയായി രുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അപചയം വിമര്‍ശനത്തില്‍ നന്നായി കൊണ്ടുവന്നു. എന്നാല്‍ കാര്‍ട്ടൂണ്‍ കലക്ക് വിജയന്‍ നല്‍കിയ സംഭാവനകള്‍ ഒരിക്കലും വേണ്ട  വിധത്തില്‍ വിലയിരുത്ത പ്പെട്ടില്ല. ഇതിനു പ്രധാന കാരണം മലയാളത്തിലെ പ്രബുദ്ധരായ വായനക്കാരോ സാഹിത്യ പ്രേമികളോ വിജയന്റെ കാര്‍ട്ടൂണുകള്‍ കണ്ടിട്ടില്ല എന്നതാണ്. മിക്കവാറും കാര്‍ട്ടൂണുകള്‍ ഇംഗ്ലീഷ് പത്രങ്ങളിലാണ് വന്നുകൊണ്ടിരുന്നതും.വിജയന്റെ ഏറ്റവും വലിയ സംഭാവന സാഹിത്യ രംഗത്തല്ല, കാര്‍ട്ടൂണ്‍ കലയുടെ രംഗത്താണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.സ്റ്റേറ്റ്‌സ്മാനില്‍ വരച്ചിരുന്ന കാലത്ത് അതില്‍ വന്നിരുന്ന കാര്‍ട്ടൂണുകളെല്ലാം അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നവയായിരുന്നു.

എം മുകുന്ദന്‍
വിജയന്റെ വരകളില്‍ ചരിത്രത്തിലെ വലിയ സംഭവങ്ങള്‍ എല്ലാമുണ്ടായിരുന്നു. അടിയന്തിരാവസ്ഥയെ കുറിച്ച് വിജയന്‍ പ്രവചിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും മുന്‍കൂട്ടി അറി ഞ്ഞു.ഇങ്ങനെ പലതും മുന്‍കൂട്ടി അറിയാനുള്ള,അതു പറയാനുള്ള ഒരു പ്രവാചക സ്വരം വിജയനില്‍ ജീവിച്ചിരുന്നു.

ഇങ്ങനെ നോക്കുന്നപോള്‍ ഒരുകാലഘട്ടത്തിന്റെ ഒര്‍മ്മകളാണ് വിജയന്റെ കാര്‍ട്ടൂണുകള്‍ എന്നു കാണാം.മുപ്പതോ നാല്‍പ്പതോ വര്‍ഷങ്ങളുടെ ലോകചരിത്രത്തിന്റെ ഓര്‍മ്മകള്‍.

(കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രസിദ്ധീകരമമായ 'കാര്‍ട്ടൂണ്‍ പത്രിക'യുടെ 2005 മെയ് ലക്കത്തിലാണ് എം മുകുന്ദന്റെ ഈ ലേഖനമുള്ളത്)


2013, മാർച്ച് 11, തിങ്കളാഴ്‌ച

ടാസ്‌മേനിയന്‍ ടൈഗറെ നാമാവശേഷമാക്കിയതിനെ കുറിച്ച് ഒരു സിനിമ

ഇരകള്‍ എന്നും മണ്ണിന്റെ അവകാശികള്‍


കണ്ണന്‍ മേലോത്ത്.


അധികാരം നിലനില്‍പ്പിന്റെ സുരക്ഷക്ക് മാത്രമല്ല, സുഭിക്ഷമാക്കു ന്നതിനുവേണ്ടിക്കൂടിയാണ് കീഴിലുള്ള തെന്തിനേയും ഇരകളാക്കുന്നത്.അതിനുവേണ്ടി അവര്‍ ഇരിക്കും കൊമ്പു മുറിക്കുമ്പോള്‍ കീഴിലുള്ളതുകളുടെ ഇരിപ്പിടം കൂടിയാണ് ഇല്ലാതാക്കുന്നത്. ഇരകളില്ലാ താകുമ്പോള്‍ പുതിയ മേച്ചില്‍പ്പുറം കണ്ടെത്തുന്നതിനും അധികാരത്തില്‍ വ്യവസ്ഥയുണ്ട്.മണ്ണിന്റെ ഒട്ടേറെ അവകാശി കളെയാണ് അധികാരക്കൊതി ഇങ്ങനെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റിയിട്ടുള്ളത്.2011ല്‍ ഇറങ്ങിയ ആസ്‌ത്രേലിയന്‍ സിനിമ 'ദി ഹണ്ടര്‍' ഇങ്ങനെയുള്ള ഒരു തുടച്ചു നീക്കലിന്റെ ചരിത്രം പകര്‍ത്തി കാണിക്കുന്നു.അതി ദാരുണമായ വേട്ടയിലൂടെ 'ടാസ്‌മേനിയന്‍ ടൈഗര്‍' എന്നറിയപ്പെടുന്ന ജീവിയെ മണ്ണില്‍ നിന്ന് തുടച്ചുമാറ്റി യതിനെ ചൂഴന്ന് എടുത്ത ഈ സിനിമ സംവിധാനം ചെയ്തത് ഡാനിയേല്‍ നെധ്യെം ആണ്.

വില്‍ഫ് ബാറ്റി
ടാസ്‌മേനിയന്‍ ടൈഗര്‍ 'തൈലാസിന്‍' എന്നും അറിയപ്പെടുന്നു.ഗ്രീക്കില്‍ നിന്നുമാണ് ആ പേര് വന്നത്.'പട്ടിപ്പുലി' എന്നാണ് അതിന്റെ പൊരുള്‍.ഈ ജീവിയുടെ തലയും ഉടലും പട്ടിയുടേതു തന്നെ.മുതുകില്‍ കുറച്ചു ഭാഗവും വാലും പുലിയുടേത് പോലെ യിരിക്കും.ആസ്‌ത്രേലിയയിലും ഗിനിയ യിലുമൊ ക്കെയാണ് ഇതിനെ കണ്ടു വന്നിരുന്നത്.4 മില്ല്യന്‍ കൊല്ലങ്ങള്‍ക്കു മുമ്പുള്ള ആദിവാസികളുടെ ഗുഹാ ചിത്രങ്ങളില്‍ ഈ ജീവിയെ കുറിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ട്.ഒരു 'കോഴിപ്രേമി' ആയിരുന്ന തിനാല്‍ ഇതിനെ 'ടാസ്‌മേനിയന്‍ വുള്‍ഫ്' എന്നും വിളിച്ചുവന്നു.ആ കാരണം കൊണ്ടു തന്നെ കടന്നു കയറ്റക്കാരായ യൂറോപ്യന്മാര്‍ ഇതിനെ കൊന്നൊടുക്കി.

ബ്യൂമാറിസ്' സൂവില്‍
1920 ആയപ്പോഴേക്കും ഇതിന്റെ എണ്ണം വിരലി ലെണ്ണാവുന്നത് മാത്രമായി.1930 ആയപ്പോഴേക്കും ഒരെണ്ണം മാത്രം ഭൂമിയില്‍ അവശേഷിച്ചു.അത് ടാസ്‌മേനിയ യിലായിരുന്നു.അങ്ങനെ അവസാനത്തെ തൈലാസിന്‍ 'ടാസ്‌മേനിയന്‍ ടൈഗര്‍' എന്നറിയപ്പെട്ടു. നാട്ടിന്‍ പുറത്തുകാരുടെ ആടുകളെ പിടിച്ചുകൊണ്ടു പോകുന്നത് ഈ ജീവിയാണെന്ന പേരില്‍ വില്‍ഫ് ബാറ്റി എന്ന നിലമുടമ ഇതിനെ വെടിവെച്ചു കൊന്നു.അവസാനത്തെ 'പട്ടിപ്പുലി' ആണായിരുന്നു.അറിഞ്ഞതില്‍ വെച്ച് കൗതുക കരമായത്,1933 ല്‍ ഒരു അജ്ഞാതന്‍ 'ബ്യൂമാറിസ്' സൂവില്‍ വെച്ച് എടുത്ത 'ബെന്‍ജമിന്‍' എന്നു പേരിട്ടു വിളിച്ചിരുന്ന പട്ടിപ്പുലിയാണ് ഈ ഇനത്തില്‍ അവസാനത്തേത് എന്നാണ്.ബെന്‍ജമിന്‍ പെണ്ണായിരു ന്നുവത്രെ.

സിനിമയിലെ പുലിപ്പട്ടി.
സിനിമക്ക് ഈ സംഭവവുമായി അകന്ന ബന്ധമേയുള്ളൂ.അതുപ്രകാരം ബയോടെക് കമ്പനിയായ 'റെഡ് ലീഫി'ന്റെ ഡിഎന്‍എ പഠനത്തിനായി പട്ടിപ്പുലിയെ വേട്ടയാടു ന്നതിനുവേണ്ടി യൂറോപ്പില്‍ നിന്നും ഒരു ശിക്കാരിയെ വരുത്തുകയാണ്.മാര്‍ട്ടിന്‍ ഡേവിഡ് എന്ന ഈ ശിക്കാരിയെ അവതരിപ്പിക്കുന്നത് വില്യം ഡോഫോയ് ആണ്.ഒരു കഥയുടെ ആവരണത്തില്‍ പൊതിഞ്ഞാണ് ഡാനിയേല്‍ നെധ്യെം നേര്‍കാഴ്ചകളെ മുന്നോട്ടു നീക്കുന്നത്.ടാസ്‌മേനിയന്‍ കാടുകള്‍ക്ക് സമീപമുള്ള നാട്ടിന്‍ പുറത്ത് ലൂസി ആംസ്‌ട്രോങ് എന്ന വനിതയും കുട്ടികളും താമസിച്ചിരുന്നു.ഭര്‍ത്താവ് ആംസ്‌ട്രോങിനെ നാളുകളായി കാണ്‍മാനില്ല. മാര്‍ട്ടിന്‍ ഡേവിഡ് ലൂസി ആംസ്‌ട്രോങ് കുടുംബവുമായി അടുക്കുന്നു.എന്നാല്‍ റെഡ് ലീഫ് കമ്പനിക്ക് ടാസ്‌മേനിയന്‍ ടൈഗറില്‍ കുറഞ്ഞതൊന്നും മാര്‍ട്ടിന്‍ ഡേവിഡില്‍ നിന്നും ആവശ്യമില്ലാ യിരുന്നു.കമ്പനിയുമായുള്ള കരാര്‍ ഉരസലിന്റെ വക്കോളമെത്തി.ഇതിനിടെ ഒരു എതിരാളി ശിക്കാരി രംഗത്തു വന്നത് കാര്യങ്ങളെ കുഴച്ചുമറിച്ചു.സാധാരണ സിനിമകളിലേതു പോലെ ഇതിന്റെ ഒടുക്കവും സസ്‌പെന്‍സില്‍ പിരിമുറുകി.എതിരാളിയായ ശിക്കാരിയെ വെട്ടിച്ച് മാര്‍ട്ടിന്‍ ഡേവിഡ് പൂച്ചപ്പട്ടിയെ കൊല്ലുമ്പോള്‍ പടം തീരുന്നു.ഒടുക്കത്തെ പട്ടിപ്പുലിയുടെ കൊലപാതകം നടന്ന നാളുകളുമായും പടത്തിന് അടുപ്പമില്ല. മാര്‍ട്ടിന്‍ ഡേവിഡ് ഉപയോഗിക്കുന്ന ഡിജിറ്റല്‍ ക്യാമറയും ഇപ്പോഴത്തെ മാതിരിയുള്ള പുത്തന്‍ തോക്കുകളും അന്നുണ്ടായി രുന്നില്ലല്ലോ.

ഡാനിയേല്‍ നെധ്യെം
കഥയായി പറഞ്ഞുവെങ്കിലും ചരിത്രത്തിലെ ഞെട്ടിക്കുന്ന നേരുകളിലേക്ക് കാഴ്ചക്കാരനെ കൊണ്ടുപോകാന്‍ പാകത്തിന് കരുത്തുറ്റതാണ് ഇതിലെ കാഴ്ചകള്‍.മാറാട്ട കലയില്‍ വിരുതനായ വില്യം ഡാഫോയ് യുടെ കഴിവുകള്‍ തരപ്പെടുത്താനായത് പടത്തിന്റെ വലിയൊരു നേട്ടമാണെന്ന് ഇതിനോടകം വിലയിരുത്തപ്പെട്ടു കഴിഞ്ഞു. ആനിമേറ്റര്‍മാര്‍ ചേര്‍ന്നൊ രുക്കിയ പട്ടിപ്പുലിയുടെ ഉടല്‍ 1930ല്‍ കൊന്നു തള്ളിയ അതേ ജീവിയുടേതിനോട് കിടപിടിക്കു ന്നതാണ്. പട്ടിപ്പുലിയുടെ ഒടുക്കത്തെ നോട്ടം അത്ര പെട്ടെന്നൊന്നും കണ്ണില്‍ നിന്ന് മാഞ്ഞു പോകില്ല. വെടിയുണ്ടയേല്‍ക്കാന്‍ പാകത്തിന് നിന്നു കൊടുക്കു ന്നതായാണ് പട്ടിപ്പുലിയുടെ അനക്കം പടത്തില്‍ കൊടുത്തിരിക്കുന്നത്.ഊഴിയില്‍ ഒരു തുണയും ഇണയുമില്ലാതെ ഇനിയങ്ങോട്ട് എന്തിന് കഴിഞ്ഞുകൂടണം എന്ന് ആ ജീവി ചിന്തിക്കുന്നതായി തോന്നിപ്പിച്ചു.ടാസ്‌മേനിയന്‍ കാടുകളെ കുറിച്ച് കനപ്പെട്ട അറിവുകള്‍ പകര്‍ന്നു തരുന്ന ഡോക്യുമെന്റായും ഈ സിനിമയെ കാണാം.മണ്ണും അതിന്റെ അവകാശികളും ഇപ്പോള്‍ ജീവിക്കുന്നവര്‍ക്കു മാത്രമുള്ളതല്ല വരും തലമുറകള്‍ക്കുകൂടി ഉള്ളതാണ്,അപ്പനപ്പൂപ്പന്‍മാര്‍ നമുക്കായി കാത്തുവെച്ചതുപോലെ-എന്ന അിറയിപ്പ് കൈമാറാന്‍ എന്തുകൊണ്ടും 'ദി ഹണ്ടറി'ന് കഴിഞ്ഞിട്ടുണ്ട്. 
 സിനിമ

 അവസാനത്ത ടാസ്‌മേനിയന്‍ ടൈഗര്‍ ഡോക്യുമെന്റ്‌ 2013, മാർച്ച് 10, ഞായറാഴ്‌ച

2013, മാർച്ച് 7, വ്യാഴാഴ്‌ച

പെണ്‍കുട്ടികളെ വളര്‍ത്തുന്നത് മറ്റൊരാളുടെ തോട്ടം നനക്കുന്നതു പോലെയാണ്.

പെണ്‍കുട്ടികളെ വളര്‍ത്തുന്നത് മറ്റൊരാളുടെ തോട്ടം നനക്കുന്നതു പോലെയാണ്.

കണ്ണന്‍ മേലോത്ത്.


'പെണ്‍കുട്ടികളെ വളര്‍ത്തുന്നത് മറ്റൊരാളുടെ തോട്ടം നനക്കുന്നതു പോലെയാണ് 'എന്ന ചൊല്ല് ഒരു നേര്‍മൊഴിയല്ല. പെണ്ണാളുകള്‍, ആദിവാസികള്‍, കീഴാളര്‍, ദളിതര്‍ തുടങ്ങിയവരെ ഇകഴ്ത്തു ന്നതിനായി മേലാളര്‍ ഉണ്ടാക്കി വെച്ചിട്ടു ള്ളതാണ്.നെറികേടുകളെ ചോദ്യം ചെയ്യുന്നു എന്നതാണ് അവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം.ആള്‍ക്കൂട്ടത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ പെണ്ണാളുകളുടെ പങ്കാളിത്തം ഒഴിച്ചുകൂടാ നാവാത്തത ല്ലെന്ന ആണ്‍ കോയ്മയുടെ കാഴ്ചപ്പാടാണ് ഇത്തരം പിന്‍തിരിപ്പന്‍ ഏര്‍പ്പാടുകള്‍ക്ക് പിന്നിലുള്ളത്. ഇതില്‍ തനിക്കുള്ള കാഴ്ചപ്പാട് മുന്നോട്ടു വെച്ചുകൊണ്ട് 2007ല്‍ കാള്‍ ഡി കാര്‍വാലോ എടുത്ത മൊസാമ്പിക്കന്‍ പടമാണ് 'അനതര്‍ മാന്‍സ് ഗാര്‍ഡന്‍'


കടന്നു കയറ്റവും മേലാള്‍മയും സവര്‍ണതയും ആണ്‍കോയ്മയുമാണ് നാളിതുവരെ ആള്‍ക്കൂട്ടത്തെ അടക്കിവാണ പിന്‍തിരിപ്പന്‍ ഏര്‍പ്പാടുകള്‍.ഇതില്‍ പെണ്ണാളുകളെ ചൂഴ്ന്നു നില്‍ക്കുന്നത് ആണ്‍കോയ്മ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പിന്‍തിരിപ്പന്‍ ഏര്‍പ്പാടുകളാണ്.ഇത് നീക്കം ചെയ്യാതെ അവര്‍ക്ക് മുന്നോട്ടുപോവുക വയ്യ.ഒരു പോരാട്ടത്തിനൊടുവില്‍ അവര്‍തന്നെ നേടിയെടുക്കേണ്ടതാണ് ഇത്.അല്ലാതെ ആണ്‍കോയ്മക്കാരാരും തന്നെത്താന്‍ തോന്നി അത് കൊണ്ടെത്തിച്ചു തരില്ല.എതിരാളിയെ തിരിച്ചടിച്ചതു കൊണ്ടുമാത്രം തനിക്കേറ്റ മുറിവുകളുടെ നൊമ്പരങ്ങളെ പോക്കാനാവില്ല. അതിനായി പെണ്ണാളുകള്‍ തങ്ങളുടെ കഴിവുകളെ കുറിച്ചു തന്നെയാണ് ആദ്യം അറിയേണ്ടത്.അതില്ലാത്തിടത്തോളം തനിയെ നില്‍ക്കുക എന്നത് ഒരിക്കലും നടപ്പാകാന്‍ പോകുന്നില്ല എന്നാണ് കാള്‍ ഡി കാര്‍വാലോ തിരൈമൊഴിയില്‍ ആണയിടുന്നത്.

മൊസാമ്പിക്കില്‍, തലസ്ഥാനമായ മാപ്പുട്ടോ യില്‍ ഒരു ഇടത്തരം കുടുംബത്തില്‍ പെട്ട കോളേജ് കുമാരി യാണ് സോഫിയ.അമ്മയും അമ്മൂമ്മയും കൂടെയു ണ്ടെങ്കിലും അവള്‍ ആരോരുമില്ലാത്തവളെ പോലെയാണ് വളരുന്നത്.ഖനി തൊഴിലാളിയായ അച്ഛന്‍ അകലെ മറ്റൊരുവളുടെ കൂടെ പൊറു ക്കുകയാണ്.ഡോക്ടറാകാന്‍ കൊതിച്ച് സോഫിയ കോളേജില്‍ ബയോളജി മെയിന്‍ എടുത്താണ് പഠിച്ചിരുന്നത്.നാട്ടിന്‍ പുറത്തുകാരെല്ലാം പാടുകേടു വന്നാല്‍ അത് അകറ്റുന്നതിനായി മന്ത്രവാദിയുടെ അടുത്താണ് പോയ്‌ക്കൊ ണ്ടിരുന്നത്. അറിവില്ലായ്മയില്‍ നിന്നുണ്ടാവുന്ന ഇത്തരം കെടുതികളില്‍ നിന്ന് നാട്ടുകാരെ എന്നെങ്കിലും അകറ്റാനാവുമെന്ന് അവള്‍ കരുതിയിരുന്നു.തന്റെ പക്കല്‍ നിന്നല്ലെങ്കിലും, പരീക്ഷയെഴുതുമ്പോള്‍ കോപ്പിയടിച്ച കുറ്റത്തിന് അവള്‍ പിടിക്കപ്പെടുന്നു.പിഴയില്‍ നിന്ന് ഒഴിവായി ഗ്രേഡോടു കൂടെ പാസ്സാകണമെങ്കില്‍ ഒരു രാത്രി തന്നോടൊത്ത് കഴിഞ്ഞു കൂടണമെന്ന് പ്രൊഫസര്‍ മംഗൈ്വറ അവളെ അറിയിക്കുന്നു.എന്നാല്‍ സോഫിയ ഫുഡ്‌ബോള്‍ കമ്പക്കാരനായ സാല്‍വദോറുമായ അടുപ്പത്തി ലായിരുന്നു.നല്ലൊരു ഫുഡ്‌ബോള്‍ കളിക്കാരനായി മാറി പോര്‍ച്ചുഗലിന് വേണ്ടി കളിക്കണമെന്ന് അയാള്‍ കൊതിച്ചിരുന്നു.ഒരു ദിവസം സാല്‍വദോറിന്റെ കിടപ്പു മുറിയില്‍ മറ്റൊരു പെണ്‍കുട്ടിയെ കണ്ട സോഫിയ ആകെ തളര്‍ന്നു.പ്രണയ നഷ്ടവും മാനനഷ്ടവും ആകെ തകര്‍ത്തു കളഞ്ഞെങ്കിലും സോഫിയ നന്നായി പഠിച്ച് അടുത്ത സെമിസ്റ്ററില്‍ പരീക്ഷയെഴുതി നല്ല മാര്‍ക്കോടെ പാസ്സായി. ഭാര്യയും കുട്ടിയുമുള്ള മംഗൈ്വറയുടെ അയാളുടെ ഉള്ളില്‍ തന്നെ ഒടുങ്ങി.സോഫിയയുടെ കൂട്ടുകാരികള്‍ അവളെ തുണച്ചു.എങ്കിലും ഇങ്ങനെ കീഴ്‌പ്പെടുത്തപ്പെടുന്ന പെണ്‍കുട്ടികള്‍ അധികവും എയ്ഡ്‌സ് പിടിപെട്ടാണ് ഒടുങ്ങുന്നതെന്ന അറിവ് സോഫിയയെ നടുക്കി.എങ്കിലും പേടിച്ചതു പോലെ ഒന്നും ഉണ്ടായില്ല.തന്നെ തകര്‍ത്തവരെ ചവിട്ടിപ്പുറ ത്താക്കിയ സോഫിയ ഒരു ഡോക്ടറായി തീര്‍ന്നു.പെണ്‍കുട്ടികളെയും അവര്‍ക്ക് പിറവി കൊടുക്കുന്ന അമ്മമാരെയും നേരാം വണ്ണം നോക്കിക്കൊണ്ട് അവള്‍ ആശുപത്രിയില്‍ പണിയെടുത്ത് കഴിഞ്ഞുവന്നു.

ആഫ്രിക്കന്‍ വന്‍കരയില്‍ കണ്ടുവരുന്ന, മാന്‍ വര്‍ഗത്തില്‍ പെട്ട ഇമ്പാല എന്ന മൃഗത്തെ തുടക്കത്തില്‍ കാണിച്ചു കൊണ്ടാണ് പടം തുടങ്ങുന്നത്. ഈ മൃഗത്തിന് ഒരു കഴിവുണ്ട്പ്രസവം നീട്ടിക്കൊണ്ടു പോകാംവേണ മെങ്കില്‍ (വേണ്ടെങ്കില്‍) അബോര്‍ട്ട് ചെയ്യുക യുമാകാം.തങ്ങളുടെ ഈ കഴിവിനെ കുറിച്ച് ആ മൃഗങ്ങള്‍ക്ക് നന്നാ യറിയാം. കണ്ടറിയുക, മനസ്സിരുത്തുകതീരുമാന മെടുക്കുകനടപ്പാക്കുക എന്നിങ്ങനെ മുന്നോട്ടു പോയാല്‍ ആരുടേയും കീഴില്‍ അടിമകളായി തുടരാതെ കഴിഞ്ഞുപോരാം. ഇമ്പാല തന്റെ കഴിവുകള്‍ തിരിച്ചറി യുന്നതുപോലെ പെണ്ണാളുകളും തങ്ങളുടെ കഴിവ് എന്താണെന്ന് തിരിച്ചറിയണം.സോഫിയ നേരിടുന്ന ഓരോ തിരിച്ചടികള്‍ക്കിടയിലും ഈ മൃഗത്തിന്റെ ചുവടനക്കങ്ങളും നേരിടുന്ന തിരിച്ചടികളും കാണിക്കുന്നുണ്ട്.

2013, മാർച്ച് 6, ബുധനാഴ്‌ച

ആയിരക്കണക്കിന് മൈലുകള്‍ ഒറ്റക്കു നടന്ന്…..

ആയിരക്കണക്കിന് മൈലുകള്‍ ഒറ്റക്കു നടന്ന്…..

കണ്ണന്‍ മേലോത്ത്.ചൈനയില്‍ നിന്നുള്ള പടം പിടുത്തക്കാരിലെ അഞ്ചാം തലമുറയില്‍ പെട്ട ഷാങ് യി മൂ തീര്‍ത്ത പടമാണ് 'റൈഡിംങ് എലോണ്‍ ഫോര്‍ തൗസന്‍ഡ്‌സ് ഓഫ് മൈല്‍സ് '.ഒന്നിനൊന്നു വേറിട്ട പടങ്ങള്‍ കാഴ്ചവെക്കുന്നതില്‍ വിരുതനായ ഷാങ് യി മൂ നാടോടി വഴക്കത്തില്‍ പെട്ട ആട്ടക്കാരേയും അതിന്റെ ചുവടുകളെ കുറിച്ചുമാണ് ഈ പടത്തില്‍ കാഴ്ച വെക്കുന്നത്.ഈ പേരില്‍ തന്നെ അവിടെ ഒരു കളിയാട്ടമുണ്ട്.അത് നാട്ടിന്‍പുറത്ത് കെട്ടിയുയര്‍ത്തിയ കളിത്തറകളിലോ വെറും നിലത്തോ ആണ് ആടിത്തീര്‍ക്കു ന്നത്.നേരിട്ടു പകര്‍ത്തിയല്ല കാളിയാട്ടക്കാഴ്ചകള്‍ പടത്തില്‍ ചിട്ട പ്പെടുത്തി യിരിക്കുന്നതെന്നത് വാര്‍തിരിച്ചറിയാം. അച്ഛന് മകനോടും മകന് തിരിച്ചുമുള്ള കടപ്പാടിന്റെയോ അടര്‍ത്തിമാറ്റാനാവാത്ത അടുപ്പത്തിന്റെയോ പൊരുത്തങ്ങള്‍ ക്കിടയില്‍ വെച്ചാണ് നാടോടി കളിയാട്ടത്തിന്റെ കാഴ്ചകള്‍ എത്തിച്ചു തരുന്നത്.


അതോ ടൊപ്പമോ  കവിഞ്ഞോ  അടിക്കടി വളരുന്ന,           മകന ച്ഛന്മാര്‍ക്കിട യിലെ അടുപ്പ ത്തിന്റെ    ആഴം എത്രയെന്നും പട ത്തില്‍ കണ്ടറിയാം.      എന്നാല്‍  പടത്തി ലൊരിടത്തും മകനെ കാണിച്ചു  തരുന്നില്ല. കിഴവനായ അച്ഛന്റെ മെയ്യ  നക്കങ്ങിളില്‍ മകന്‍ നിറഞ്ഞു നില്‍ക്കുന്നു.ഇങ്ങനെ ഒപ്പി യെടുക്കാത്ത       കാഴ്ചകള്‍   കണ്‍ മുന്നില്‍ എത്തിച്ചു  തരാന്‍  ചുരുക്കം  പടം  പിടുത്തക്കാര്‍ക്കേ  കഴിഞ്ഞിട്ടുള്ളൂ.   ഷാങ് യി മൂ അവിടെയും  വേറിട്ടു നില്‍ക്കുന്നു.മീന്‍ പിടുത്തക്കാര്‍ കഴിഞ്ഞുകൂടുന്ന ജപ്പാനിലെ ഒരു നാട്ടിന്‍ പുറത്തുള്ള തകാട എന്ന കിഴവന് ഒരുപാട് നാളായി തന്റെ മകന്‍ കെനിച്ചി അടുത്തില്ലാ ത്തതുകൊണ്ട് വിഷമിക്കുകയാണ്.ടോക്യോവില്‍ ചെന്ന് കെനിച്ചിയെ കാണാന്‍ തകാട ഒരുമ്പെട്ടു.എന്നാല്‍ തന്നെ കാണാന്‍ എത്തുന്നതില്‍ നിന്ന് കെനിച്ചി അച്ഛനെ വിലക്കി.മരുമകളായ റിയെ തകാടയെ വിളിച്ചറിയിച്ചത്കെനിച്ചിക്ക് ക്യാന്‍സര്‍ പിടി പെട്ടതിനാല്‍ ആശുപത്രിയില്‍ കഴിയുന്ന തുകൊണ്ടാണ് കാണാന്‍ ചെല്ലേണ്ട എന്ന് പറഞ്ഞത് എന്നാണ്.റിയെ തകാടക്ക് ഒരു വീഡിയോ ടേപ്പ് കൊടുത്തു.കെനിച്ചി പിടിക്കാന്‍ ഒരുമ്പെട്ടിരുന്ന ഒരു ഡോക്യമെന്റെറിയെ കുറിച്ചുള്ള തായിരുന്നു ആ വീഡിയോ ടേപ്പിലെ ഉള്ളടക്കം.ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ പെടുന്ന ലിജിയാങ് നാട്ടിന്‍ പുറത്തുകാരുടെ ഇടയില്‍ ഒരു നാട്ടരങ്ങുണ്ട്.അതിന്റെ പേരാണ് 'റൈഡിംങ് എലോണ്‍ ഫോര്‍ തൗസന്‍ഡ്‌സ് ഓഫ് മൈല്‍സ് ' തന്റെ വയ്യായ്ക വകവെക്കാതെ മകന്‍ തുടങ്ങി വെച്ച പരിപാടി തന്നെത്താന്‍ ചെയ്തു തീര്‍ക്കുന്നതിനായി തകാട ലിജിയാങിലെത്തി.അവിടത്തെ നാട്ടിന്‍പുറത്തുകാരോട് ഇടപഴകി കഴിഞ്ഞുകൊണ്ട് തകാട പടം ചെയ്തു തീര്‍ത്തു.അപ്പോഴാണ് തകാട അറിയുന്നത്, താന്‍ മകന്റെ കിനാവ് നിറവേറ്റുക മാത്രമായിരുന്നില്ല ഒന്നാംതരമൊരു പടംപിടുത്ത ക്കാരനായി മാറിമറിയുക കൂടി യായിരുന്നുവെന്ന്.


ഒരു ഡോക്യുമെന്റെറിയെ കുറിക്കുന്ന ഡോക്യുഫിക്ഷന്‍ എന്ന നിലയിലും 'റൈഡിംങ് എലോണ്‍ ഫോര്‍ തൗസന്‍ഡ്‌സ് ഓഫ് മൈല്‍സ് ' സിനിമകളുടെ കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു.


2013, മാർച്ച് 2, ശനിയാഴ്‌ച

ആനിയെ പേടിയുള്ളവര്‍ ഈ മാസം അറിഞ്ഞിരിക്കേണ്ടത്.


ആനിയുടെ ആലിംഗനം

കെ സി ജോസഫ് വര്‍ഗീസ്
(
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)

അല്‍പ്പസ്വല്‍പ്പം സാമ്പത്തികമുള്ള ആര്‍ക്കും ആനിയെ പരിചയ പ്പെടാതിരിക്കാനാവില്ല.അല്ലെങ്കില്‍ അവള്‍ ഇങ്ങോട്ടുവന്ന്  പരിചയപ്പെട്ടിരിക്കും! തേടിയെത്തും

ശമ്പളക്കാരനെ ആനിക്കിഷ്ടമാണ്.കാരണം,തുട്ടെത്ര കിട്ടുന്നുണ്ടെന്നറിയാന്‍ തെല്ലും ബുദ്ധിമുട്ടില്ല.കള്ളക്കണക്കെഴുതി അവളെ പറ്റിക്കാനും കഴിയില്ല.സാമാന്യ ശമ്പളമുള്ള ആരും തന്നെ ഇതിനകം ആനിയെ പരിചയപ്പെട്ടു കാണും.അല്ലെങ്കില്‍ സമീപ ഭാവിയില്‍ അത് വേണ്ടിവരും.ആനിയുടെ ആലിംഗനം പക്ഷെ മധുരാനുഭൂതികള്‍ ഉണര്‍ത്തുന്ന ഒന്നല്ല.അതൊരു ധൃതരാഷ്ട്രാലിംഗനം തന്നെയാണെന്ന് അനുഭവസ്ഥര്‍ക്കറിയാം.അവളുടെ ഈ എല്ലു പൊട്ടുമാറുള്ള ആലിംഗനത്തിന്റെ ശക്തി തെല്ലെങ്കിലും കുറക്കുവാന്‍ നാം അവളെ മനസ്സിലാക്കിയിരിക്കണം.

ആരാണ് ഈ ആനി?

1922ല്‍ സായിപ്പാണ് ഇന്നത്തെ ആനിയുടെ അമ്മയെ ഇവിടെ കുടിയിരുത്തിയത്.1961മുതല്‍ മകളുടെ ഊഴമായി.ഓരോ വര്‍ഷവും പലപല വേഷത്തിലും ഭാവത്തിലും അവള്‍ നമ്മെ പരിചയപ്പെടാന്‍ വരുന്നുണ്ടെങ്കിലും നോട്ടം ഒന്നേയുള്ളൂ,നമ്മുടെ പോക്കറ്റിലെ തുട്ട്!

ഇനിയും കടങ്കഥ തുടരുന്നില്ല.ആനി എന്നു ഞാന്‍ പേരു ചൊല്ലി വിളിച്ച ഈ കക്ഷിയുടെ ഫുള്‍ ഫോമാണ് 'ആദായ നികുതി!'അവളെനാം പേടിക്കേണ്ട കാര്യമില്ല.അവള്‍ക്കുള്ളത് സ്വമനസ്സാലെ കൊടുത്താല്‍,അവളുടെ ചില നിയമങ്ങളൊക്കെ അനുസരിച്ചാല്‍,നമുക്കേവര്‍ക്കും മനഃസമാധാനത്തോടെ ജീവിക്കാം!

എന്താണ് ആദായം?

ആദായം അഥവാ വരുമാനം എന്നീ പദങ്ങളെ കുറിച്ച് നമ്മുടെ ഇടയില്‍ പലരും പല രീതിയിലാണ് മനസ്സിലാക്കിയിരിക്കുന്നത്.ആനിയെ സംബന്ധിച്ചിടത്തോളം അവള്‍ക്ക് സ്വന്തമായ ഒരു നിര്‍വചനം ഈ പദങ്ങള്‍ക്കുണ്ട്.അതില്‍ പെടുന്ന ഏതും അവളുടെ ആലിംഗനത്തിന്റെ ഊഷ്മളത അറിഞ്ഞേ തീരൂ.പക്ഷെ അവള്‍ തീര്‍ത്തും ഒരു രാക്ഷസിയാണെന്നും പറഞ്ഞുകൂടാ.ഭാര്യജോലിയെടുത്തു കൊണ്ടുവരുന്ന ശമ്പളം കൊണ്ടു 'കഴിയുന്ന' ഭര്‍ത്താവിന് ആ വരവുകള്‍ 'വരുമാനം' തന്നെ.പക്ഷെ അത് ഭര്‍ത്താവിന്റെ വരുമാനമായി ആനി കണക്കിലെടുക്കില്ല.അത് ഭാര്യയുടെ 'വരുമാനമായി' ത്തന്നെയാണ് കണക്കാക്കപ്പെടുന്നത്.അതുപോലെ തന്നെ മക്കള്‍ വേലയെടുത്ത് മാതാപിതാക്കള്‍ക്ക് പ്രതിമാസം ഒരു സംഖ്യ കൊടുത്താലും ആനിയുടെ മുന്നില്‍ അത് മാതാപിതാക്കളുടെ വരുമാനമല്ല.മക്കളുടേതാണ്-അവരില്‍ ഓരോരുത്തരുടേയും!

ആനിക്ക് ഒറ്റ നോട്ടമേയുള്ളൂ.വരുമാനം ആദ്യം എവിടെനിന്ന് ഉത്ഭവിക്കുന്നവോ അവിടെ അവളുടെ ഭോഗം കൊടുക്കണം.അതു കഴിഞ്ഞു മിച്ചമുള്ള തുകകള്‍ എന്തുചെയ്യണമെന്നുള്ളത് അവരവരുടെ കാര്യം.

ആനിയുടെ നിര്‍വചനപ്രകാരമുള്ള ആദായങ്ങളും വരുമാനങ്ങളും സകലമാന വരുമാനമുള്ളവരേയും ഉദ്ദേശിച്ചിട്ടുള്ളതാണ്.അതില്‍ നിന്നും സാധാരണ ശമ്പളക്കാര്‍ക്കുമാത്രം ബാധകമായവ അടര്‍ത്തിയെടുത്തൊരു വിശകലനം നടത്താം.

ശമ്പളത്തിന്റെ നിര്‍വചനം

ഒരു വ്യക്തിയുടെ മൊത്ത വരുമാനം നിര്‍ണയിക്കാനുള്ള സൗകര്യത്തിനായി ആനി അവയെ അഞ്ചായി തരം തിരിച്ചിരിക്കുന്നു.

1.ശമ്പളം(Income from salaries)
2.സ്ഥാവര വസ്തുക്കളില്‍ നിന്നുള്ള വരുമാനം(Income from House property)

3.ബിസിനസ്സില്‍ നിന്നോ തൊഴിലില്‍ നിന്നോ ഉള്ള വരുമാനംഅഥവാ ലാഭം((Profits and gains of business or profermion)

4.മൂലധന ലാഭങ്ങള്‍ (Capital gains)

5.മറ്റു വരുമാനങ്ങള്‍(Income from other sources)

ഇങ്ങനെ വരുമാനത്തെ ഭിന്നിപ്പിച്ച ശേഷം മൊത്ത വരുമാനത്തിന്‍ മേല്‍ ഭാഗം കണക്കാക്കുമ്പോഴും ആനി ഓരോ വിഭാഗത്തില്‍ പെട്ടവര്‍ക്കം തനതായ ചില ആശ്വാസങ്ങള്‍ നല്‍കുന്നുണ്ട്.അങ്ങനെ ഓരോ വരുമാന ഭാഗത്തിനും പ്രത്യേകമായുള്ള കിഴിവുകളും ആശ്വാസങ്ങളും നല്‍കിയ
ശേഷവും മൊത്ത വരുമാനത്തില്‍ നിന്നും പിന്നെയും എത്രയോ കിഴിവുകള്‍!അതൊക്കെ കുറവ് ചെയ്ത ശേഷമേ ആനി അവളുടെ നിരക്ക് അടിച്ചേല്‍പ്പിക്കൂ.

അങ്ങനെ നോക്കുമ്പോള്‍ ശമ്പളം എന്ന വരുമാനം ആനി എങ്ങിനെയാണ് നിര്‍വചി ച്ചിരിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കേണ്ടി യിരിക്കുന്നു. 'കിമ്പളംകിട്ടുന്നവര്‍ക്ക് ആ വരുമാനങ്ങള്‍ Income from other sources എന്ന വിഭാഗത്തില്‍ പെടുത്തി വര്‍ഷാവര്‍ഷം നികുതി നല്‍കാവുന്നതാണ്-ആനി ആ വരുമാനങ്ങല്‍ എവിടെ നിന്നു കിട്ടി എന്നു ചോദിക്കാന്‍ മെനക്കെടാറില്ല-അവളുടെ ഭോഗം കിട്ടുന്നിടത്തോളം കാലം!

1961ലെ ആദായ നികുതി നിയമത്തിലെ 17(1)എന്ന വകുപ്പിലാണ് ശമ്പളം എന്ന പദം നിര്‍വചിക്കപ്പെട്ടിരിക്കുന്നത്.പക്ഷെ ആനി അവിടെയും ഒരു കസര്‍ത്ത് കാണി ക്കുന്നുണ്ട്. ശമ്പളം എന്ന പദം അവള്‍ നേരിട്ടു നിര്‍വചിക്കുന്നില്ല.ആ പദത്തില്‍ എന്തൊക്കെ പെടാം എന്നു മാത്രമേ നിര്‍വചിക്കുന്നുള്ളൂ. (Inclusive definition) അതിനാല്‍ ആ പദത്തിന്റെ അയല്‍ പക്കത്തു വരുന്നവയും നിര്‍വചനത്തില്‍ പെടാം-അത് കോടതികള്‍ക്ക് ഭക്ഷണമാകട്ടെ എന്ന കാരുണ്യം!

നമുക്കാര്‍ക്കും കോടതി കയറണ്ട.അല്ലാതെ തടി വട്ടമാക്കാനാവുമോ എന്നല്ലേ നമ്മുടെ ഉന്നം!അതിനാല്‍ ഉള്ള നിര്‍വചനം നോക്കാം.

ശമ്പളം എന്നാല്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു.

1.കൂലികള്‍(Wages)
2.ആനുവിറ്റികള്‍,പെന്‍ഷനുകള്‍
3.ഗ്രാറ്റുവിറ്റി
4.ഫീസ്,കമ്മീഷന്‍,പെര്‍ക്വിസിറ്റുകള്‍ മുതലായവ
5.മാസശമ്പളത്തിനു കൂലിക്കും പുറമേയുള്ള ലാഭ വിഹിതങ്ങള്‍,അഥവാ അവക്കു പകരമായി നല്‍കപ്പെടുന്നവ.
8.മുന്‍കൂര്‍ ശമ്പളം(Advance Salary)
7.എടുക്കാത്ത അവധിക്കു പകരമായി ലഭിക്കുന്ന വേതനം(Eg:surrender leave salary)
8.ചിലതരം പ്രൊവിഡന്റ് ഫണ്ടുകളില്‍ നിശ്ചിത പരിധിക്കുപരിയായ വര്‍ഷാവര്‍ഷം വരുന്ന അധികരണങ്ങള്‍.
9.കേന്ദ്ര സര്‍ക്കാര്‍ അഥവാ മറ്റു തൊഴിലുടമ ആദായ നികുതി നിയമത്തിലെ വകുപ്പ് 80 DCDയില്‍ പറഞ്ഞിരിക്കുന്ന പ്രൊവിഡന്റ് ഫണ്ടിലേക്ക് അടക്കുന്ന വിഹിതങ്ങള്‍

മേല്‍പറഞ്ഞ നിര്‍വചനത്തില്‍ നിന്നും ഒരു കാര്യം വ്യക്തമാകും.ആനി ഒന്നും തന്നെ വിട്ടുപോയിട്ടില്ല!തൊഴിലുടമ തൊഴിലാളി ബന്ധമുള്ളിടത്തെല്ലാം തൊഴിലുടമയില്‍ നിന്നും ലഭിക്കുന്നതെന്തും ജീവനക്കാരന്റെ പക്കല്‍ ശമ്പളം എന്ന നിലയില്‍ നികുതി ചുമത്തപ്പെടാം.

എന്നിട്ടും മതിവരാഞ്ഞ് ആനി വകുപ്പ് 15 ല്‍ ചില കെണികള്‍ കൂടി ഒരുക്കിയിരിക്കുന്നു,അവ പ്രകാരം താഴെ പറയുന്നവയും ശമ്പളത്തില്‍ ഉള്‍പ്പെടുത്തി ആനിയുടെ വാളിനിരയാകാം.

1)കിട്ടിയാലും ഇല്ലെങ്കിലും തൊഴിലുടമയില്‍ നിന്നോ മുന്‍ തൊഴിലുടമയില്‍ നിന്നോ ഒരു സാമ്പത്തിക വര്‍ഷത്തില്‍ കിട്ടേണ്ടതായിരുന്ന ശമ്പളം.

2)കിട്ടേണ്ടിയിരുന്നതല്ലെങ്കിലും തൊഴിലുടമയില്‍ നിന്നോ മുന്‍ തൊഴിലുടമയില്‍ നിന്നോ യഥാര്‍ത്ഥത്തില്‍ പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ശമ്പളം(മുന്‍കൂര്‍ ശമ്പളമടക്കം)

3)ശമ്പളക്കുടിശ്ശിഖകള്‍.

ഇങ്ങനെയൊക്കെയാണെങ്കിലും ചില പ്രത്യേക ഇളവുകള്‍കൂടി ശമ്പളക്കാര്‍ക്ക് ലഭ്യമാണ്.അവയെപ്പറ്റി ചുരുക്കിപ്പറയാം.

നികുതി വിമുക്തമായ ബത്തകള്‍

നികുതി ദായകന് ആദായം നല്‍കുന്ന ചില വകുപ്പുകള്‍ ആദായനികുതി നിയമത്തിലുണ്ട്.അവ പ്രധാനമായി 5 തരത്തില്‍ പെടുന്നു.

1)വരുമാനം എന്ന പദത്തിന്റെ നിര്‍വചനത്തില്‍ വരാത്തവ.

2)വരുമാനം ആണെങ്കിലും നിയമത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നതിനാല്‍ വരുമാനമായി കണക്കാക്കത്തവ(Exclusion from total income)

3)മൊത്ത വരുമാനത്തില്‍ നിന്നുള്ള കിഴിവുകള്‍(Deduction from total income)

4)നികുതിയില്‍ നിന്നുള്ള ആശ്വാസങ്ങളും റിബേറ്റുകളും(Tax reliefs and rebates)

വരുമാനം എന്ന പദത്തിന്റെ നിര്‍വചനത്തില്‍ വരാത്ത ഒന്നും തന്നെ ഇന്ത്യയില്‍ സ്ഥിരതാമസക്കാരനായ ഒരു ശമ്പളക്കാരന് ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അവയെ ഇവിടെ പ്രതിപാദിക്കുന്നില്ല.

എന്നാല്‍ 1961-ലെ ആദായനികുതി നിയമത്തിലെ മൂന്നാം അധ്യായത്തിലെ വകുപ്പുകള്‍ പ്രകാരം ശമ്പളക്കാരന് ലഭ്യമായ ചില ആദായങ്ങള്‍ വരുമാനമായി കണക്കാക്കപ്പെടുന്നില്ല.അവയില്‍ പ്രധാനപ്പെട്ടവയെപ്പറ്റി വിവരിക്കാം.

വീട്ടുവാടക ബത്ത(Housing rent allowance)

അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന വീട്ടുവാടക സ്വന്തമായി വീടില്ലാത്ത ഏതൊരു വ്യക്തിയേയും കുഴക്കുന്ന പ്രശ്‌നമാണ്.ഈ അവസ്ഥയില്‍ തങ്ങളുടെ ജോലിക്കാരെ ഒരു പരിധിവരെയെങ്കിലും സഹായിക്കുവാന്‍ തൊഴിലുടമ പ്രത്യേകം നല്‍കുന്ന ആനുകൂല്യമാണ് വീട്ടുവാടക ബത്ത.ഈ ബത്തക്കും ആദായ നികുതി നല്‍കേണ്ടിവന്നാല്‍ അത് നീതി യുക്തമല്ലാതെ വരും എന്നതിനാല്‍ വകുപ്പ് 10(13എ)പ്രകാരം പൂര്‍ണമായോ ഭാഗികമായോ ആയ ഒഴിവിന് അര്‍ഹമാണ്.അതിനുള്ള പരിധികള്‍ തൊഴെ കൊടുക്കുന്നു.

1.
വീട്ടുവാടക നല്‍കിയ കാലയളവില്‍ ലബിച്ച വീട്ടുവാടക ബത്ത(അതായത് 12 മാസം വീട്ടുവാടക അലവന്‍സ് പറ്റിയെങ്കിലും 8 മാസമേ വാടക വീട്ടില്‍ കഴിഞ്ഞുള്ളൂ.എങ്കില്‍ 8 മാസത്തെ അലവന്‍സിനു മാത്രമേ ഒഴിവിന് അര്‍ഹതയുള്ളൂ)

2.
വീട്ടുവാടക നല്‍കിയ കാലയളവില്‍ കിട്ടാനുള്ളതോ കിട്ടിയതോ ആയ മൊത്തം ശമ്പളത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ ആയി നല്‍കിയ വീട്ടുവാടക.

3.
ബോംബെ,കല്‍ക്കത്ത,ദില്ലി,മദിരാശി എന്നിവിടങ്ങളില്‍ സ്ഥിതി,#െയ്യുന്ന വാടക കെട്ടിടത്തിലാണ് താമസിച്ചിരുന്നതെങ്കില്‍ പ്രസ്തുത കാലയളവില്‍ കിട്ടാനുള്ളതോ കിട്ടിയതോ ആയ മൊത്ത ശമ്പളത്തിന്റെ 50 ശതമാനം.

4.
മുന്നില്‍ പറയാത്ത സ്ഥലങ്ങളിലുള്ള വീടാണെങ്കില്‍ മൊത്ത ശമ്പളത്തിന്റെ 5ല്‍ 2 ഭാഗം(40ശതമാനം)

മേല്‍പ്പറഞ്ഞ തുകകളില്‍ ഏറ്റവും കുറഞ്ഞതിനു മാത്രമേ ഒഴിവ് ലഭിക്കുകയുള്ളൂ എന്ന് പറഞ്ഞുവല്ലോ ശതമാനം കണക്കാക്കുമ്പോള്‍ അടിസ്ഥാന വേതനവും ഡിയര്‍നെസ് അലവന്‍സും(തൊഴില്‍ നല്‍കുന്ന കരാര്‍ പ്രകാരം അര്‍ഹതയുണ്ടെങ്കില്‍ മാത്രം)കൂടെയുള്ള തുകയിലാണ് കണക്കാക്കേണ്ടത്.മറ്റു ബത്തകളോ പെര്‍ക്വിസിറ്റുകളോ ഒന്നും തന്നെ ഇതിനായി ശമ്പളം എന്ന പദത്തില്‍ പെടുത്താവുന്നവയല്ല.

പ്രധാനപ്പെട്ട ഒരു കാര്യം ഇവിടെ പറഞ്ഞുകൊള്ളട്ടെ.താമസിക്കാനായി ഉപയോഗിക്കുന്ന വീട് നികുതി ദായകന്റെ സ്വന്തമാണെങ്കില്‍ യാതൊരു കാരണവശാലും ഈ വകുപ്പു പ്രകാരമുള്ള ഒഴിവിന് അര്‍ഹതയില്ല.എന്നാല്‍ ജോലിസംബന്ധമായി ദൂരെ വാടക വീട്ടില്‍ താമസിക്കേണ്ടി വരികയും സ്വന്തമായുള്ള വീട് മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കുകയും ചെയ്താല്‍ വീട്ടുവാടക ഒഴിവിന് അവകാശപ്പെടാമെങ്കിലും സ്വന്തം വീട്ടില്‍ നിന്നും ലഭിച്ച വാടക വരുമാനം മറ്റു ചില കിഴിവുകള്‍ക്കു വിധേയമായി നികുതി വിധേയമായിരിക്കും.കൂടാതെ താന്‍ സത്യമായിട്ടും വീട്ടുവാടക നല്‍കിയെന്ന് ഡിപ്പാര്‍ട്ടുമെന്റിനെ ബോധ്യപ്പെടുത്തേണ്ട ബ്ധ്യത നികുതിദായകനുണ്ട്.ഭാര്യയുടെ കയ്യില്‍ നിന്നോ മാതാപിതാക്കളുടെ കയ്യില്‍ നിന്നോ വാടക രസീതുകള്‍ ഹാജരാക്കി ഒഴിവ് അവകാശപ്പെടുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം,രസീത് നല്‍കുന്ന വ്യക്തികളെ സമന്‍സ് അയച്ചു വരുത്തി ചോദ്യം ചെയ്യാനും അവരില്‍ നിന്നും സത്യപ്രസ്താവനകള്‍ ഒപ്പിടുവിച്ചു വാങ്ങിക്കാനുമുള്ള അധികാരം ഒരു കോടതിക്കുള്ളതുപോലെ തന്നെ ആദായ നികുതി ഓഫീസര്‍ക്കുമുണ്ട്.കളവാണെന്ന് തെളിഞ്ഞാല്‍ പ്രോസിക്യൂഷനും പിഴക്കും ഒക്കെ ഇടവന്നേക്കാം.

(
മൂല്യശ്രുതി മാസികയുടെ 2007 ആഗസ്റ്റ് ലക്കത്തിലാണ് ഈ ലേഖനമുള്ളത്)