"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2013, ജനുവരി 29, ചൊവ്വാഴ്ച

മാലിന്യ സംസ്കരണ പദ്ധതി അട്ടിമറിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്ത്

രാജ്യത്തിന് മാതൃകയാകേണ്ട മാലിന്യ സംസ്‌കരണപദ്ധതി അട്ടിമറിച്ചത് ശാസ്ത്ര സാഹിത്യ പരിഷത്ത്-വി.പ്രഭാകരന്‍ .
നേറരിവ്


നഗരങ്ങളുടെ വിഴുപ്പ് ചുമന്ന് തളര്‍ന്ന ഗ്രാമങ്ങള്‍….ലാലൂരും വിളപ്പില്‍ശാലയും ഞെളിയന്‍ പറമ്പും പതിറ്റാണ്ടുകളുടെ പോരാട്ട ഭൂമികയിലാണ്.ശുദ്ധമായ വായുവും വെള്ളവും സ്വപ്നം കാണാന്‍ മാത്രം വിധിക്കപ്പെട്ട ജനത.മാലിന്യം വിഴുങ്ങിയ ഗ്രാമങ്ങളുടെ അലമുറകള്‍ക്കുമേലെ നിന്നും നമ്മള്‍ ശുചിത്വ കേരളത്തെ കുറിച്ചു സംസാരിക്കുന്നു.ആരോഗ്യ സമ്പുഷ്ടമായ കേരളാ മോഡലിനെ കുറിച്ച് വാചകമടിക്കുന്നു.

ഒറ്റപ്പെട്ടുപോയ ഈ മാലിന്യ ഗ്രാമങ്ങള്‍ ആരാണ് സൃഷ്ടിച്ചതെന്ന് ആര്‍ക്കുമറിയില്ല.വിഐപികളുടെ ഉറക്കം സുന്ദരമാക്കാന്‍ ഗ്രാമങ്ങളെ എച്ചില്‍ തൊട്ടികളാക്കിയതാരാണ്?ഗുരുവായൂര്‍ ക്ഷേത്രനഗരത്തിന്റെ മാലിന്യങ്ങള്‍ പേറാന്‍ ചക്കം കണ്ടം കായല്‍,കണ്ണൂര്‍ നഗരത്തിലെ മാലിന്യങ്ങള്‍ ഏറ്റാന്‍ ചേലോറയും പെട്ടിപ്പാലവും,കൊച്ചിയുടെ മാലിന്യത്തൊട്ടി ബ്രഹ്മപുരം,കോഴിക്കോടിനുവേണ്ടി ഇരയായ ഞെളിയന്‍ പറമ്പ്….കോട്ടയത്തിനുവേണ്ടി ബലിയാടായ വടവാതൂര്‍….ഇങ്ങനെ നഗരവാസികളുടെ മാലിന്യവും പേറി ഉറക്കം നഷ്ടപ്പെട്ട എത്രയോ ഗ്രാമങ്ങള്‍…..കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മാലിന്യ സംസ്‌കരണത്തിനു മാത്രമായി ചെലവാക്കിയത് 300 കോടിയിലധികമാണ്.

കോടികള്‍ മറിയുന്ന ഈ വ്യാപാരത്തില്‍ ശുദ്ധ വായുവിനുവേണ്ടിയുള്ള രോദനങ്ങള്‍ മുങ്ങിപ്പോകുന്നു.എന്തുകൊണ്ട് കോടികള്‍ മുടക്കിയിട്ടും കേരളത്തിലെ മാലിന്യം നരകങ്ങള്‍ സൃഷ്ടിക്കുന്നത്?ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള യാത്രക്കിടയിലാണ് യുവ ഗവേഷകനായ ജോയിയെ പരിചയപ്പെടുന്നത്.

കെ.ബി.ജോയി.
കേരളത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകുമായിരുന്ന കണ്ടുപിടുത്തത്തെ ഉദ്യോഗസ്ഥലോബികളും കൈക്കൂലിക്കാരും എന്‍ജിഒകളും ഇല്ലാതാക്കാന്‍ ശ്രമിച്ച കഥ.രാജ്യത്തിനുതന്നെ മാതൃകയായ കണ്ടുപിടുത്തം നടത്തിയ ഈ യുവഗവേഷകനെ തകര്‍ക്കാന്‍ പല വഴികളും നോക്കി.കേരളത്തില്‍ ഈ യന്ത്രം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും സംഘടിതമായി പരാജയപ്പെടുത്തി.സെക്രട്ടറിയേറ്റും മന്ത്രിമാരുടെ ഓഫീസുകളും കയറിയിറങ്ങി അനുകൂലമായ തീരുമാനം ഉണ്ടാകുമ്പോഴേക്കും സംഘടിതമായ അട്ടിമിറ പിന്നാലെയെത്തുന്നു.ഗുരുവായൂരിലും തളിപ്പറമ്പിലും വടകരയിലും സ്ഥാപിച്ച യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനനുവദിക്കാതെ ഈ സംഘടിത ശക്തികള്‍ പുതിയ കണ്ടുപിടുത്തത്തെ എതിര്‍ത്തു.ലക്ഷങ്ങളുടെ വായ്പയും നിയമ നടപടികളുമായി ബാങ്കുകളും പിന്നാലെയായി.കിട്ടിയ കാശിന് എല്ലാം വിറ്റു പെറുക്കാമായിരുന്നു ജോയിക്ക്.പക്ഷെ തളരാതെയുള്ള പോരാട്ടത്തിന് ഒടുവില്‍ സഹായിക്കാന്‍ സ്വന്തം നാട് തയ്യാറായി.കഴിഞ്ഞ 3 വര്‍ഷമായി ദുര്‍ഗന്ധമോ ഈച്ചശല്യമോ മലിന ജലമോ ഇല്ലാതെ രാജ്യത്തിനുതന്നെ മാതൃകയായി കൊടുങ്ങല്ലൂര്‍ നഗര സഭയിലെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നു.കഴിഞ്ഞ പതിറ്റാണ്ട് ഈ യുവഗവേഷകനെ വേട്ടയാടിയവര്‍ വീണ്ടും പുതിയ ആയുധങ്ങള്‍ മെനയുന്ന തിരക്കിലാണ്…..

ആരാണ് തന്റെ പദ്ധതികളെ തുരങ്കം വെച്ചത്?കെ.ബി.ജോയി പറയുന്നു;

1990കള്‍ വരെ കേരളത്തിലെ മാലിന്യത്തിന് കാര്യമായ പ്ലാസ്റ്റിക് ഉണ്ടായിരുന്നില്ല.സംഭരിക്കപ്പെടുന്ന മാലിന്യങ്ങളില്‍ പ്ലാസ്റ്റിക് ചേര്‍ന്നതോടെയാണ് സംസ്‌കരണം താളം തെറ്റിയത്.നഗരമാലിന്യത്തിന് പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള നിയമങ്ങള്‍ പ്രാവര്‍ത്തികമല്ലാതായി.മാലിന്യ സംസ്‌കരണത്തിനുവേണ്ടി പ്ലാസ്റ്റിക് വേര്‍തിരിക്കലും പരാജയപ്പെട്ടു.മാലിന്യം പലയിടത്തും സംസ്‌കരിക്കാനാവാതെ ലോകം മുഴുവന്‍ തലവേദനയായി.ലോകരാജ്യങ്ങള്‍ സംസ്‌കരണത്തിനുള്ള പുതിയ പാതയിലേക്ക് നീങ്ങി.അമേരിക്കയില്‍ നിര്‍മ്മിച്ചെടുത്ത വൈദ്യുതി നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യ,ജപ്പാനിലുള്ള പൂര്‍ണ സംസ്‌കരണവിദ്യ,ഇസ്രായേല്‍ വികസിപ്പിച്ചെടുത്ത ആരോബയോ സാങ്കേതികവിദ്യ…ഇങ്ങനെ നൂതന വിദ്യകളുമായി ലോകം മാറിയപ്പോള്‍ കേരളം ബാക്ടീരിയ ഉപയോഗിച്ചുള്ള പഴയ കമ്പോസ്റ്റ് നിര്‍മ്മാണത്തില്‍ ഉറച്ചു നിന്നു.അതുവിട്ട് ചിന്തിക്കാന്‍ ആരും തയ്യാറായില്ല.

കേരളത്തിലെ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് പഠിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ശുചിത്വമിഷനാണ് കേരളത്തിലെ ഗ്രാമങ്ങളെ വിഴുപ്പുകേന്ദ്രമാക്കിയതിന്റെ ആദ്യ ഉത്തരവാദി.അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിരോധിച്ച ബാക്ടീരിയ ഉപയോഗിച്ചാണ് ഞളിയന്‍ പറമ്പിലും വിളപ്പില്‍ ശാലയിലും കേരളത്തിലെ പല നഗര സഭകളിലും മാലിന്യം ജൈവവളമാക്കിക്കൊണ്ടിരുന്നത്.പാരിസ്തിതിക സന്തുലനം തകര്‍ക്കുന്നതിനാല്‍ ഈ ബാക്ടീരിയയെ അമേരിക്ക വര്‍ഷങ്ങള്‍ക്കുമുമ്പേ നിരോധിച്ചിരുന്നു.എന്നാല്‍ ലോക ബാങ്ക് സഹായത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹസംഘടനയായ ഐആര്‍ടിസി ഈ ബാക്ടീരിയയുടെ വിതരണം ഏറ്റെടുത്തു.കൃത്രിമമായി ജൈവവളമുണ്ടാക്കാന്‍ ഈ ബാക്ടീരിയ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കി.ഈച്ചയും ദുര്‍ഗന്ധവും പരത്തുന്ന മാലിന്യ സംസ്‌കരണകേന്ദ്രങ്ങളെ സംഭാവന ചെയ്തത് ഈ ബാക്ടീരിയയാണ്.മാത്രമല്ല സമീപത്തെ ജലസ്രോതസുകള്‍ ഉപയോഗശൂന്യമാക്കുന്നതും ഈ ബാക്ടീരിയയാണ്.അത്യാവശ്യഘട്ടത്തില്‍ മാത്രം ഉപയോഗിക്കേണ്ടതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വങ്ങള്‍ തന്നെ പറഞ്ഞ ബാക്ടീരിയയെയാണ് കേരളത്തില്‍ വ്യാപകമായി ഉപയോഗിച്ചത്.ഈ ബാക്ടീരിയയെ ഉപയോഗിച്ചുള്ള വിളപ്പില്‍ ശാലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രം ലോകത്തിന് മാതൃകയാണെന്ന് 2008ല്‍ ലോക ബാങ്ക് പ്രതിനിധി കേരളത്തില്‍ എത്തി പ്രഖ്യാപിച്ചു.പിന്നാലെ അതേ സെമിനാറില്‍ ശുചിത്വമിഷന്‍ ചെയര്‍മാനും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതാവുമായിരുന്ന ആര്‍വിജി മേനോനും തന്റെ നിര്‍ദ്ദേശം ലോകമാതൃകയായി പുകഴ്ത്തിയതിന് നന്ദി പറഞ്ഞു.പക്ഷെ ഇപ്പോള്‍ എന്താണ് വിളപ്പില്‍ ശാലയില്‍ സംഭവിക്കുന്നത്?ഇതിന് മറുപടിപറയാന്‍ ഒരു ശുചിത്വ മിഷനും ആര്‍വിജിയും തയ്യാറാകുന്നില്ല.ഈ കൃത്രിമ ബാക്ടീരിയ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ പഠനവിധേയമാക്കിയാല്‍ അറിയാം എത്രത്തോളം കൊടും ചതിയാണ് വിളപ്പില്‍ ശാലക്കാരോട് ചെയ്തതെന്ന്.

മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ കൃത്രിമ ബാക്ടീരിയ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാമെന്ന ആശയം പരിഷത്തിന്റെ ബുദ്ധിയില്‍ പിറന്നതാണ്.ആര്‍വിജി മേനോന്‍ അടങ്ങിയ വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിളപ്പില്‍ശാലയില്‍ മലിന്യ സംസ്‌കരണഫാക്ടറി 11വര്‍ഷം മുമ്പ് നഗരസഭആരംഭിക്കുന്നത്.എന്നാല്‍,അന്നുമുതല്‍ ഇന്നുവരെയും ടെക്‌നോളജിയില്‍ ഒരു മാറ്റവുമുണ്ടായില്ല.കൃത്രിമബാക്ടീരിയയും കെമിക്കലും ഉപയോഗിച്ച് ജൈവമാലിന്യം വേഗത്തില്‍ അഴുക്കി സംസ്‌കരിക്കാമെന്ന തത്വമാണ് ശുചിത്വമിഷന്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നത്.അതിനാണ് ലോകബാങ്ക് സാമ്പത്തിക സഹായം മിഷന് നല്‍കുന്നത് എന്നുകൂടി അിറയുക.ഇത്തരം സംഭവങ്ങള്‍ക്കിടയിലാണ് പുതിയ കണ്ടുപിടുത്തവുമായി ശുചിത്വമിഷനെ സമീപിക്കുന്നത്.കൃത്രിമ ബാക്ടീരിയ ഇല്ലാതെ ജൈവവളം നിര്‍മ്മിക്കുകയും പ്ലാസ്റ്റിക് വേര്‍തിരിക്കുകയും ചെയ്യുന്ന സംവിധാനം മികച്ചതാണെന്ന് ആര്‍വിജി മേനോന്‍ അിറയിച്ചു.പലതവണ നേരില്‍ കണ്ട് യന്ത്രത്തെക്കുറിച്ച് വിശദീകരിച്ചു.

കേരളത്തിലെ വിവിധ നഗരങ്ങളില്‍ ഇനി സ്ഥാപിക്കുന്നത് ഈ യന്ത്രമായിരിക്കുമെന്ന് ആര്‍വിജി മേനോന്‍ ഉറപ്പു ന്ല്‍കി.സര്‍ക്കാരിന് ഈ യന്ത്രത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ഉടനെ തന്നെ നിരവധി യന്ത്രങ്ങല്‍ ആവശ്യമാണെന്നും അിറയിച്ചു.എന്നാല്‍ താന്‍ തിരുവനന്തപുരത്തുനിന്നും എത്തിയതിന്റെ പിന്നാലെ വന്ന ആര്‍വിജി മേനോന്റെ കത്ത് തന്നെ ഞെട്ടിച്ചെന്ന് ജോയി പറയുന്നു.

തന്റെ യന്ത്രം ഗവേഷണ പദ്ധതിയിലുള്‍പ്പെടുത്തി നഗരങ്ങളില്‍ സ്ഥാപിക്കാമെന്നും അതിനായി പരിഷത്തിന്റെ സഹസംഘടനയായ ഐആര്‍ടിസിക്ക് ടെക്‌നോളജി കൈമാറണമെന്നും റോയല്‍റ്റി നല്‍കാമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.തിരുകൊച്ചി ചാരിറ്റബിള്‍ ആക്ട് പ്രകാരം രജസ്‌റര്‍ ചെയ്ത ഐആര്‍ടിസിയുടെ കച്ചവട താല്‍പ്പര്യത്തടെയുള്ള ഈ ഇടപെടല്‍ സദാചാര വിരുദ്ധമാണെന്നും ടെക്‌നോളജി കൈമാറാന്‍ ആഗ്രഹമില്ലെന്നും മറുപടിയായി അിറയിച്ചു.

എന്നാല്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ പല തവണ ഇക്കാര്യം സംസാരിച്ചു.ഞാന്‍ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ആദ്യം ഐആര്‍ടിസി ഇതു സ്ഥാപിക്കുകയും പിന്നീടുള്ള പകുതി വുട്ടുതരാമെന്നുമായി വാഗ്ദാനം.എന്നാല്‍ ഇത് അംഗീകരിക്കാതായതോടെ ആര്‍വിജി മോനോനുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചു.

ആര്‍വിജി മേനോന്‍ ജോയിക്ക് അയച്ച കത്ത്.
പിന്നീട് പ്രത്യേക സര്‍ക്കാര്‍ ഉത്തരവിലൂടെ ഗുരുവായൂര്‍,തളിപ്പറമ്പ്,വടകര എന്നീ നഗരസഭകളുമായി യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ സേഫ് മോട്ടേഴ്‌സ് കരാറായി.അതാത് വര്‍ഷത്തിനുള്ളില്‍ നഗരസഭകള്‍ മുടക്കുന്ന പണം തിരികെ നല്‍കുന്ന ലാഭ പദ്ധതിയാണ് കരാര്‍ ഒപ്പിട്ടത്.അതായത്,മാലിന്യം വിറ്റു കിട്ടുന്ന പൈസകൊണ്ട് മാലിന്യ സംസ്‌കരണം നടത്തുന്നു.പ്രതിമാസം മാലിന്യ സംസ്‌കരണത്തിന് ലക്ഷങ്ങള്‍ ,ചെലവഴിക്കുന്ന നഗരസഭകളിലാണ് മാലിന്യംകൊണ്ട് ലാഭം കൊയ്യുന്ന പദ്ധതി കരാറാക്കിയത്.ഇതനുസരിച്ച് യന്ത്രങ്ങള്‍ സ്ഥാപിച്ചെങ്കിലും ഗുരുവായൂര്‍ നഗരസഭ കരാര്‍ പ്രകാരമുള്ള വൈദ്യുതി എത്തിച്ചില്ല.മറ്റ് രണ്ടു നഗരസഭകളും ഇത്തരത്തില്‍ കരാര്‍ അട്ടിമറിച്ചു.ഇതോടെ യന്ത്രം പ്രവര്‍ത്തിക്കാതായി.ഇതിനിടെ വീണ്ടും ഐആര്‍ടിസി ബന്ധപ്പെട്ടു.ഈ നഗരസഭകളിലെ പ്രശ്‌നം പരിഹരിച്ചുതരാം ടെക്‌നോളജി കൈമാറണം എന്നായിരുന്നു ആവശ്യം.ഇതോടെ പദ്ധതി തുരങ്കം വെച്ചത് പരിഷത്താണെന്ന് ബോധ്യമായി.കേരളത്തില്‍ വ്യാപകമായി ഈ പുതിയ യന്ത്രത്തിനെതിരേ പരിഷത്തും ശുചിത്വമിഷനും കള്ളക്കഥകള്‍ പ്രചരിപ്പിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കുബുദ്ധിയില്‍ തകര്‍ക്കാന്‍ ശ്രമിച്ച മാലിന്യ സംസ്‌കരണ യന്ത്രം കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ സ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംയുക്ത യോഗത്തില്‍ തീരുമാനമായി.യുവ ഗവേഷകന്റെ കണ്ടുപിടുത്തത്തിന് കേരളത്തിന്റെ അവഗണനയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് കൊടുങ്ങല്ലൂര്‍ തന്റെ യന്ത്രമേറ്റെടുക്കാന്‍ തയ്യാറായതെന്ന് ജോയി പറയുന്നു.അങ്ങനെ 2007ല്‍ കൊടുങ്ങല്ലൂര്‍ നഗരസഭ സേഫ് മോട്ടേഴ്‌സുമായി കരാര്‍ ഒപ്പിട്ടു.മാലിന്യം സംഭരിച്ച് നഗരസഭ നല്‍കണം.ജൈവവളം സെയ്ഫ് മോട്ടേഴ്‌സിനും പ്രതിമാസം ടണ്‍ കണക്കാക്കി ഇത്ര രൂപ ചെലവിനത്തിലേക്കും നല്‍കണമെന്നുമായിരുന്നു കരാറ് .

കൊടുങ്ങല്ലൂരിലെ പദ്ധതി അട്ടിമറിക്കാനും ശുചിത്വ മിഷന്‍

കൊടുങ്ങല്ലൂരില്‍ യന്ത്രം സ്ഥാപിക്കുമെന്ന് ഉറപ്പായതോടെ ഈ യന്ത്രം പരാജയപ്പെട്ടതാണെന്ന പഠനവുമായി മിഷന്‍ കൊടുങ്ങല്ലൂര്‍ നഗരസഭക്ക് കത്തെഴുതി.മൂന്ന് നഗര സഭകളുടെ ലക്ഷങ്ങള്‍ ഈ യന്ത്രം മൂലം നഷ്ടമായെന്നും കത്തില്‍ പറഞ്ഞു.പക്ഷെ നഗരസഭ ഈ കത്ത് അവഗണിച്ച് കരാറുമായി മുന്നോട്ടു പോയി.ഇതിനിടയില്‍ ഓംബുഡ്‌സ്മാന് ലഭിച്ച മറ്റൊരു കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തു.മൂന്ന് നഗരസഭകളില്‍ പരാജയപ്പെട്ട യന്ത്രം കൊടുങ്ങല്ലൂരില്‍ സ്ഥാപിച്ച് ലക്ഷങ്ങള്‍ പാഴാക്കുന്നു എന്നായിരുന്നു പരാതി.ശുചിത്വമിഷന്‍ എക്‌സിക്കുട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ നേരിട്ട് ഓംബുഡ്‌സ്മാനില്‍ ഹാജരായി കൊടുങ്ങല്ലൂരില്‍ ഈ യന്തരം സ്ഥാപിക്കരുതെന്ന് വാദിച്ചു.എന്നാല്‍ കൊടുങ്ങല്ലൂര്‍ നഗരസഭയുടെ വാദങ്ങല്‍ അംഗീകരിച്ച്‌കൊണ്ട് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഓംബുഡ്‌സ്മാന്‍ അനുവാദം നല്‍കി.

യന്തത്തിന്റെ ബ്ലൂ പ്രിന്റ് പരിഷത്തിനുവേണ്ടി നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ടെക്‌നോളജി വിവരങ്ങള്‍ കൈമാറേണ്ട ആവശ്യമില്ലെന്ന് ഓംബുഡ്‌സ്മാന്‍ പറഞ്ഞു.എന്നിട്ടും പക തീരാതെ യന്ത്രത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍വിജി മേനോന്റെ നേതൃത്വത്തിലുള്ള സംഘത്തെ ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ്മ നിയോഗിച്ചു.എന്നാല്‍ ആര്‍വിജി മേനോന്റെ നേതൃത്വത്തിലുള്ള പഠന സംഘത്തെ അംഗീകരിക്കില്ലെന്ന് അിറയിച്ചതോടെ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ വിദഗ്ധ സംഘത്തെ പഠനത്തിനായി നിയോഗിച്ചു.

കെ.ബി.ജോയി.
കൊടുങ്ങല്ലൂരിലെ ജൈവവളത്തിന് രണ്ടു ശതമാനവും പ്ലാസ്റ്റിക് ഉണ്ടെന്നായി പുതിയ വാദം.എന്നാല്‍ കൊടുങ്ങല്ലൂരില്‍ ഉല്‍പ്പാദിപ്പിക്കുന്നത് 100 % ജൈവവളമാണെന്ന് കാര്‍ഷിക സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ടാണ് ഓംബുഡ്‌സ്മാന്‍ അംഗീകരിച്ചത്.എല്ലാ തടസവാദങ്ങളും പരാജയപ്പെട്ടതോടെ ശുചിത്വ മിഷന്‍ തല്‍ക്കാലം പാരവെപ്പുകളില്‍ നിന്ന് പിന്മാറി.ഇപ്പോള്‍ 3 വര്‍ഷമായി ഈ പ്ലാന്റ് പ്രവര്‍ത്തിക്കുന്നു.ശുചിത്വമിഷന്‍ പ്രചരിപ്പിച്ചത് പച്ചക്കള്ളമാണെന്ന് ഇതോടെ എല്ലാവര്‍ക്കും ബോധ്യമായി.കേരളത്തില്‍ ഒരിടത്തും ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന മാലിന്യ പ്ലാന്റ് കാണാന്‍ കഴിയില്ലെന്ന് ജോയി പറയുന്നു.പ്രതിമാസം ലക്ഷങ്ങല്‍ മാലിന്യ സംസ്‌കരണത്തിനായി ചെലവഴിച്ച നഗരസഭക്കിപ്പോള്‍ 50,000ത്തിനടുത്ത് രൂപ മാത്രമേ ചെലവാക്കേണ്ടി വരുന്നുള്ളൂ.ദുര്‍ഗന്ധം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങല്‍ ഇല്ലെന്നതിന് ഈ സമീപത്തെ വിദ്യാലയവും സമീപത്തെ ജനങ്ങളും തെളിവാണെന്നും ജോയി അവകാശപ്പെടുന്നു.2011 ല്‍ വീണ്ടം ശുചിത്വമിഷനെ സമീപിച്ചു.എന്നാല്‍ തങ്ങളുടെ അപേക്ഷപോലും വായിക്കാന്‍ സമയമില്ലെന്നു പറഞ്ഞ് ആര്‍വിജി മേനോന്‍ അപമാനിക്കുകയായിരുന്നുവെന്ന് ജോയി വെളിപ്പെടുത്തുന്നു.

വി.പ്രഭാകരന്‍
ഐആര്‍ടിസി എന്ന സ്ഥാപനം കഴിഞ്ഞ 14 വര്‍ഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം.ലോകബാങ്ക് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സഹായങ്ങള്‍ കൈപ്പറ്റി എന്താണ് കേരളത്തില്‍ പരിഷത്ത് ചെയ്തതെന്ന് വ്യക്തമാക്കാന്‍ ആര്‍വിജി മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാകണം.താന്‍ കണ്ടെത്തിയ യന്ത്രം തട്ടിയെടുത്ത് വില്‍പ്പനച്ചരക്കാക്കാനായിരുന്നു പരിഷത്തിന്റെ പദ്ധതിയെന്നും ജോയി പറയുന്നു.നഗരസഭകളില്‍ മാലിന്യത്തിലൂടെ നിര്‍മ്മിക്കുന്ന ജൈവവളം അവിടെത്തന്നെയുള്ള കൃഷിയിടങ്ങളിലേക്ക് മാറ്റി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് കെ.ബി.ജോയി.മാലിന്യത്തെ ലാഭകരമാക്കി മാറ്റി മാലിന്യ വിമുക്ത നഗരങ്ങള്‍ സൃഷ്ടിക്കാനുതകുന്ന മഹത്തായ പദ്ധതിയാണ് കേരളത്തില്‍ അട്ടിമറിക്കപ്പെട്ടത്. 

 (ഫോട്ടോകള്‍ക്ക് കടപ്പാട്:കാര്‍ത്തിക് ഗോപന്‍ .'കേരള ശബ്ദം' 2013 ഫെബ്രുവരി 10 ലക്കം)

 


കൂടംകുളത്തെക്കുറിച്ച് ചാരുനിവേദിത: ഇതാണോ അഹിംസാ സമരം?

കൂടംകുളത്തെക്കുറിച്ച് ചാരുനിവേദിത: ഇതാണോ അഹിംസാ സമരം?

2013, ജനുവരി 27, ഞായറാഴ്‌ച

യുദ്ധഭൂമിയിലെ ശാന്തിഗായകന്‍ - സെബാസ്റ്റ്യന്‍ ബോര്‍ജിയ


എന്തെല്ലാം ചെയ്യേണ്ടി വന്നാലും നമ്മുടെ പട്ടാളം ഇറാഖില്‍ യുദ്ധം ജയിക്കണം-കെനി റോഗേര്‍സ്(ഗായകന്‍)അമേരിക്കന്‍ പട്ടാളം തോല്‍ക്കുമെന്നു കണ്ടാല്‍ ആറ്റം ബോംബിട്ട് അവിടം തകര്‍ത്തിട്ടേ മടങ്ങാവൂ-സില്‍വെസ്റ്റര്‍ സ്റ്റാലന്‍(ഹോളിവുഡ് നടന്‍)

കുവൈറ്റ് അധിനിവേശത്തെ തുടര്‍ന്ന് ഇറാഖില്‍ നടന്ന അമേരിക്കന്‍ ആക്രമണത്തെ പരാമര്‍ശിച്ച് രണ്ടു പ്രമുഖ വ്യക്തികള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് മുന്നില്‍ ഉദ്ധരിച്ചത്.രണ്ടാമത്തേത് ഹോളിവുഡിന്റെ വിപണനതന്ത്രമെന്ന നിലക്ക് അപ്രസ്‌ക്ത മായിരിക്കാമെങ്കില്‍ ത്തന്നെയും ആദ്യത്തെ അഭിപ്രായമായിരിക്കും ഏറെ ശ്രദ്ധ അപഹരിക്കുക.കെനി അിറയപ്പെടുന്നത് ഗ്രാമീണ ഗായകന്‍ എന്ന നിലക്കാണ് അതിനേക്കാളുപരി,'Twenty Years Ago'എന്ന ഗാനമാലപിച്ച കലാകാരന്‍ എന്ന നിലയിലും ആയിരിക്കും.കെനിയുടെ ദുഃഖം,പക്ഷെ 20 വര്‍ഷം മുമ്പത്തെ സന്തോഷപ്രദമായിരുന്ന ജീവിതത്തെക്കുറിച്ചും,പട്ടാളത്തില്‍ ചേര്‍ന്ന് അകാലത്തില്‍ ജീവന്‍ വെടിഞ്ഞ ആത്മസുഹൃത്തുക്കളെ ക്കുറിച്ചുമൊക്കെയായിരുന്നു.നിരപരാധികളായ 10,000ങ്ങളെ ദിനം പ്രതി കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന മാതൃരാജ്യത്തിന്റെ പട്ടാളത്തെക്കുറിച്ചായിരുന്നില്ല എന്നു മാത്രം.

ഗായകര്‍ക്കും സിനിമാ താരങ്ങള്‍ക്കും അമേരിക്കന്‍ ജനതക്കുമേലുള്ള സ്വാധീനം ചെറുതല്ല.അമേരിക്കയിലെ പല ഗായകരും കെനിയെ പോലെയാണ്.കൂടുതല്‍ അിറയപ്പെടുന്നവരില്‍ പലരുടേയും സംഗീതം ശബ്ദ കോലാഹലം മാത്രമാണ്.എന്നാല്‍ ഒരു ഗായകന്‍ തന്റെ ചിന്തകളിലും ഗാനങ്ങളിലും പ്രവൃത്തിയിലുമൊക്കെ യുദ്ധങ്ങളും വിദ്വേഷങ്ങളുമില്ലാത്ത നന്മ മാത്രം നിറയുന്ന ലോകത്തെ സ്വപ്നം കണ്ടു നടന്നു.ജോണ്‍ ഡെന്‍വര്‍ എന്ന ഗായകനെ കുറിച്ചറിയുന്നവര്‍ കേരളത്തില്‍ അധികമുണ്ടാകുവാന്‍ ഇടയില്ല.അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പോലും ചില ഇംഗ്ലീഷ് പത്രങ്ങളില്‍ ഉള്‍പേജുകളിലൊന്നിലെ അപ്രസ്‌ക്ത വാര്‍ത്ത മാത്രമായിത്തീര്‍ന്നു.മങ്ങിയ ഒരു ചിത്രത്തിന്റെ സ്‌നേഹശൂന്യമായ അകമ്പടിയോടെ.മൈക്കിള്‍ ജാക്‌സന്‍ മഡോണമാരെ പോലെ അറിയപ്പെടുന്ന ഗായകനല്ല ഡെന്‍വര്‍എങ്കിലും അവരില്‍ നിന്നും ഏറെ കാതം ദൂരെയായിരുന്നു ആ ഗായകന്‍.

1943 ഡിസംബര്‍ 31 ന് ന്യൂ മെക്‌സിക്കോയിലെ റോസ്‌വെല എന്ന സ്ഥലത്താണ് ജോണ്‍ ഡെന്‍വര്‍ ജനിച്ചത്.ഹെന്റി ജോണ്‍ ഡ്യൂഷന്‍ബോര്‍ഫ് ജൂനിയര്‍ എന്നായിരുന്നു ശരിക്കുള്ള പേര്.അച്ഛന്‍ ഡ്യൂഷന്‍ബോര്‍ഫ് എയര്‍ഫോഴ്‌സിലെ പൈലറ്റ് പരിശീലകനായിരുന്നു.ഇതിനാല്‍ കുട്ടിക്കാലം ജോണ്‍ പല സ്ഥലങ്ങളിലായാണ് ചെലവഴിച്ചത് 12ആമത്തെ വയസ്സില്‍ മുത്തശ്ശി സമ്മാനിച്ച പഴയ 1910 ഗിബ്‌സണ്‍ അകൗസ്റ്റിക് ഗിറ്റാറിലായിരുന്നു ജോണിന്റെ തുടക്കം.

This old guitar taught me to
Sing love song
Showed me how to laugh
How to cry

എന്ന ഗാനം ഈ ഗിറ്റാറിനെ കുറിച്ചാണ്.മുന്നൂറോളം ഗാനങ്ങള്‍ പാടിയതില്‍ പകുതിയിലധികവും എഴുതിയത് ജോണ്‍ തന്നെയായിരുന്നു.കോളേജ് ദിന്ങ്ങളില്‍ തന്നെ വേദികളില്‍ പാടിത്തുടങ്ങിയ ജോണ്‍ തന്റെ സംഗീതത്തിനു പ്രചോദനമായ റോക്കി മലനിരകളിലൂടെ നഗരത്തിന്റെ പേര്(ഡെന്‍വര്‍)തന്റെ പേരിനോടൊപ്പം ചേര്‍ത്തു തുടങ്ങി.1965-ല്‍ ചാഡ്മിഷേല്‍ ട്രയോ എന്ന നാടോടി സംഗീത സംഘത്തില്‍ ചേര്‍ന്ന ജോണ്‍ പിന്നീട് ഒറ്റക്ക് 1969ല്‍ 'Rhymes and Reasons'എന്ന ആല്‍ബം പുറത്തിറക്കി.ഈ ആല്‍ബം അത്ര വിജയിച്ചില്ലെങ്കിലും 'Leaving on a jet plane'എന്ന ഗാനം അമേരിക്കയിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയ ഗാനങ്ങളിലൊന്നായി സ്വീകരിക്കപ്പെട്ടു.തുടര്‍ന്ന് ഇറക്കിയ ആല്‍ബങ്ങളിലെ Poems,Prayers and Promises,Take Me home,Country Roads എന്നിവ ഡെന്‍വറിനെ ദേശീയ തലത്തില്‍ കൂടുതല്‍ പ്രശസ്തനാക്കി.പ്രണയം,ഗൃഹാതുരത്വം,പ്രകൃതിയോടുള്ള ആദരവും സ്‌നേഹവും ഇവയെല്ലാം ചേര്‍ന്ന പിന്നീടുള്ള ഗാനങ്ങള്‍ 70കളിലെ ആസ്വാദകര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.

70കളുടെ പകുതിയോടെ ജോണ്‍ അതുവരെ താന്‍ എഴുതിയതും,തിരഞ്ഞെടുത്ത് പാടിയതുമായ പാട്ടുകളുടെ ആത്മാവ് തിരിച്ചറിഞ്ഞു. വനാന്തരങ്ങളിലെ തെളിനീരുറവപോലെ താളിത്യം നിറഞ്ഞ ഈ ഗാനങ്ങളിലെ വരികളിലെ അര്‍ത്ഥ സമ്പൂര്‍ണതക്കുവേണ്ടി ജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി.

1977-ല്‍ വെര്‍ണര്‍ എര്‍ഹാര്‍ഡ്,റോബര്‍ട്ട് ഫുള്ളര്‍ എന്നീ മനുഷ്യാവകാശപ്രവര്‍ത്തകരുമായി ചേര്‍ന്ന് 'The Hunger Project'ന് തുടക്കമിട്ടു.മരണം വരെ ഡെന്‍വര്‍ ഈ സംഘടനയെ സാമ്പത്തികമായി സഹായിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും സമയം നീക്കി വെക്കുകയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റുമാരില്‍ യുദ്ധത്തോടും അധിനിവേശത്തോടും എതിര്‍ നിന്നവരില്‍ പ്രമുഖനായ ജിമ്മി കാര്‍ട്ടര്‍ തന്റെ Prsident's Commission on world Hungers-ല്‍ പ്രവര്‍ത്തിക്കുവാന്‍ ജോണ്‍ ഡെന്‍വറിനോട് അഭ്യര്‍ത്ഥിച്ചു.തന്റെ ഗാനങ്ങള്‍ക്കും ജീവിത സങ്കല്‍പ്പങ്ങള്‍ക്കും ലഭിച്ച അംഗീകാരമായി ഇതിനെ കണ്ട ഡെന്‍വര്‍ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുത്തു.ഒരു നല്ല തുടക്കമെന്ന നിലയില്‍ 'I want to Live'എന്ന വികാര ഭരിതമായ ഗാനം ഈ സംഘടനയുടെ അവതരണ ഗാനമായി സമര്‍പ്പിച്ചു.1979-ല്‍ യൂണിസെഫ് കണ്‍സര്‍ട്ടില്‍ 'Rhymes and Reasons'എന്ന ഗാനം പാടിയതോടെ ജോണ്‍ ലോകം മുവുവന്‍ അിറയുന്ന സ്‌നേഹഗായകനായി.ഈ സംഗീത പരിപാടിയിലൂടെ ലഭിച്ച റോയല്‍റ്റി തുക മുഴുവനും യൂണിസെഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുകയും ചെയ്തു.

'It is about Time'എന്ന ഗാനത്തില്‍

There is a man who is my brother
Ijust don't know his name
But I knew his home and family
B'Cause I knew we feel the same
It hurt me when he is hungry
And when his children cry
I too am a father
That little one is mine
It's about time we begin
To turn the world around എന്ന് പാടിയത് ഈ സംഘടനയില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവച്ചൂടില്‍ നിന്നുകൊണ്ടായിരുന്നു.ഹങ്കര്‍ പ്രോജക്ടിന്റെ പ്രവര്‍ത്തനം എല്ലാ രാജ്യത്തിലേക്കും വ്യാപിക്കുന്നതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ഗ്രാമങ്ങളിലും,വരള്‍ച്ചയും പട്ടിണിയും ദുരിദങ്ങളും നിറഞ്ഞ സിംബാബ് വേ,സോമാലിയ എന്നീ രാജ്യങ്ങളിലും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചു.ഇംഗ്ലീഷറിയാത്ത ഇവരുമായി ജോണ്‍ സംവദിച്ചത് തന്റെ സ്‌നേഹഗീതത്തിലൂടെയായിരുന്നു.ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോണ്‍ ഡെന്‍വര്‍ ഇന്ത്യയിലെ ചേരിപ്രദേശങ്ങളിലും സന്ദര്‍ശിച്ചു.യുദ്ധവും കാലുഷ്യങ്ങളുമില്ലാത്ത ലോകം എന്ന സങ്കല്‍പ്പത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ജോണിനെ 1986-ല്‍ ഐക്യരാഷ്ട്രസഭയുടെ സ്ഥാനപതിയായി അന്നത്തെ ഹൈക്കമ്മീഷണര്‍ തെരഞ്ഞെടുത്തു.

ഗാനരചനയിലും സംഗീതത്തിലും മാത്രം ഒതുങ്ങി നില്‍ക്കാതെ സാമൂഹ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ അദ്ദേഹം നേരിട്ടിടപെടാന്‍ തുടങ്ങി.ജിമ്മി കാര്‍ട്ടറുമായുള്ള ദൃഢമായ സൗഹൃദത്തോടെ ഇതിനൊരു രാഷ്ട്രീയ മാനം കൈവന്നു.ഡെമോക്രാറ്റിക് കക്ഷിയുടെ അനുഭാവിയായിരുന്ന ഡെന്‍വര്‍,കാര്‍ട്ടറുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങി.പാരിസ്ഥിതിക പ്രശ്‌നങ്ങളിലും പ്രതിരോധ നയങ്ങളിലും റിപ്പപ്ലിക്കന്‍ പാര്‍ട്ടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന ഡെന്‍വര്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പ്രതിരോധ നയത്തിന്റെ അപകടം തിരിച്ചറിയുകയും സൈനികാവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നപണം പാരിസ്ഥിതിക സംരക്ഷണത്തിനും ലോകത്തെ പട്ടിണിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും നിവര്‍ത്തിക്കുന്നതിനുംവേണ്ടി ചെലവഴിക്കുവാനും ആവര്‍ത്തിച്ചാവശ്യപ്പെട്ടു.ആയുധപ്പന്തയത്തിലൂന്നുന്ന റീഗന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരേയുള്ള തന്റെ രോഷം Let us Bigin(What are making weapons for?)എന്ന ഗാനത്തിലൂടെയാണ് ഡെന്‍വര്‍ പ്രകടിപ്പിച്ചത്.One World എന്ന ആല്‍ബത്തിലെ 'And you say the battle is over'ഏറ്റവും മികച്ച യുദ്ധ വിരുദ്ധ ഗാനങ്ങളില്‍ ഒന്നാണ്.പൊതുവേ തികച്ചും മൃദുവായ പദങ്ങളും സംഗീതവും പതിവായി ഉപയോഗിക്കുന്ന ഡെന്‍വര്‍ ഈ വരികളിലും സംഗീതത്തിലും തന്റെ രോഷവും ദുഃഖവും പ്രകടിപ്പിക്കുമ്പോള്‍ 'what a hell of a raise called men'എന്നാണ് പാടുന്നത്.യുദ്ധത്തിന്റെയും അതിന്റെ കെടുതികളുടെയും കണക്കെടുക്കേണ്ടിവരുന്നവര്‍ നമ്മള്‍ തന്നെയാണ് എന്ന് ഡെന്‍വര്‍ നമ്മെ ദയാരഹിതമായി ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. 

You men no one is dying
And Mother's don't weep
And it is we who must measure the cost എന്ന വരികളിലൂടെ ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്കായി കരുതിവെച്ച ഭക്ഷണമെടുത്ത് നിങ്ങള്‍ നിങ്ങളുടെ യുദ്ധത്തെങ്ങളെ തീറ്റിക്കൊഴുപ്പിക്കുന്നു.ആയുധങ്ങള്‍ നിര്‍മ്മിക്കുവാന്‍ ചെലവിടുന്ന ഭീമമായ തുക നേര്‍വഴിക്കു ചെലവഴിച്ചാല്‍ ഈ ലോകം എത്ര സുന്ദരമായിരിക്കും എന്ന് ഡെന്‍വര്‍ ബോധ്യപ്പെടുത്തുന്നു. Let us Bigin എന്ന ഗാനത്തിലൂടെ.ഈ ഗാനം പാടിയത് അന്നത്തെ റീഗന്‍ ഭരണകൂടത്തെ ലക്ഷ്യമാക്കിക്കൊണ്ടായിരുന്നു.'ഇനിയും തുടങ്ങാം ഈ ശാന്തിഗീതം,അതൊരു സംഘഗാനമായിരിക്കണം'എന്ന് ഈ ഗാനം അവസാനിക്കുന്നു.

യുദ്ധവിരുദ്ധ ഗാനങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ,ഈ ഗാനങ്ങള്‍ക്കു മുന്‍പും പിന്‍പും പാടിയവയിലെ ജീവിത സങ്കല്‍പ്പം കൂടി 
കണക്കിലെടുക്കുമ്പോഴാണ് ഇരുളും കുളിര്‍ നിലാവും പോലെ യുദ്ധവും സമാധാനവും ഇഴപിരിഞ്ഞു നമ്മിലേക്കെത്തുന്നത്.'Thank God I am country Boy','Granma's Father bed'എന്നീ ഗാനങ്ങളില്‍ ഗ്രാമീണ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നാളുകള്‍ ഒരു ചിത്രത്തിലെന്നപോലെ നമുക്ക് കാണാനാകുന്നു.ഈ രണ്ടുഗാനങ്ങളിലും ഉപയോഗിച്ചിട്ടുള്ള സംഗീതം പൂര്‍ണമായും ഫോക് രീതിയിലുമാണ്.ഡെന്‍വറിന്റെ സൗമ്യമായ സംഗീതവും,പ്രണയത്തിന്റെയും പ്രകൃതിബിംബങ്ങളുടെയും ഭ്രമണ പഥത്തില്‍ സദാ വിഹരിച്ചുകൊണ്ടിരുന്ന വരികളും ആശ്വസിപ്പിക്കാനായിരിക്കണം,ഇടക്കിടെ ഡെന്‍വര്‍ പതിവു ശൈലിവിട്ട് ചടുല താളങ്ങളിലുള്ള ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്.അതിലും ,പക്ഷെ അദ്ദേഹത്തിന്റെ സംഗീതം ഒരു പരിധിക്കപ്പുറത്തേക്ക് കടക്കാന്‍ വിസമ്മതിച്ചു.എന്നിരുന്നാലും,'Dreamland Express'പോലുള്ള ഗാനങ്ങള്‍ എല്ലാ തരക്കാരേയും ആ കര്‍ഷിച്ചു.മിക്കവാറും എല്ലാ ഗാനങ്ങളിലും ക്ലാസിക്കല്‍ സംഗീതത്തിന്റെ ശക്തമായ അടിത്തറയുണ്ടായിരുന്നു.മിഷണറിയും,ചിന്തകനും നോബേല്‍ ജേതാവുമായിരുന്ന ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറുടെ പേരിലുള്ള അവാര്‍ഡ് നേടിയ ആദ്യത്തെ ക്ലാസ്സിക്കല്‍ ഇതര സംഗീതജ്ഞന്‍ ജോണ്‍ ഡെന്‍വര്‍ ആണ്.ഡെന്‍വറിന്റെ സംഗീതവും മനുഷ്യ നന്മക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അര്‍പ്പണ ബോധവും കണക്കിലെടുത്തുകൊണ്ടായിരുന്നു ആ അവാര്‍ഡ് നല്‍കപ്പെട്ടത്.

ശീതയുദ്ധത്തിന്റെ കാലത്ത് ഒരു അമേരിക്കന്‍ കലാകാരനനും പ്രവേശനാനുമതിയില്ലാതിരുന്ന സോവിയറ്റു യൂണിയനില്‍ അവിടത്തെ സംഗീതജ്ഞന്മാരോയൊപ്പം പാടാന്‍ 1984-ല്‍ ഡെന്‍വറിനു ക്ഷണം ലഭിച്ചു.കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് പ്രതേകിച്ചൊരു മമതയുമില്ലാതിരുന്ന ഡെന്‍വറിനെ സോവിയറ്റു ഭരണകൂടം ക്ഷണിച്ചത്,മറ്റ് അമേരിക്കന്‍ ഗായകരുടേതില്‍ നിന്നും വ്യത്യസ്തമായ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ളൊരു അംഗീകാരമെന്ന നിലക്കായിരുന്നു.ആദ്യയാത്ര വിജയമായതിനെതുടര്‍ന്ന് പിന്നീട് 1985-ലും,ചെര്‍ണോബില്‍ ആണവദുരന്തത്തിനിരയായവരെ സഹായിക്കുവാന്‍ വീണ്ടുമൊരിക്കല്‍ കൂടി 1987-ലും ഡെന്‍വര്‍ സോവിയറ്റു യൂണിയനിലെത്തി.

സോവിയറ്റു യൂണിയനില്‍ പ്രവേശനം ലഭിച്ച ആദ്യ അമേരിക്കന്‍ ഗായകന്‍ എന്ന പദവി അങ്ങിനെ ഡെന്‍വറിന്റെതായി.വമ്പിച്ച സ്വീകാര്യതയായിരുന്നു ജോണിന് അവിടെ ലഭിച്ചത്.ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട് തന്റെ സ്വപ്നങ്ങളിലൊന്നായ ശൂന്യാകാശ യാത്രക്കു അവസരം ലഭിച്ചുവെങ്കിലും ഒരു വര്‍ത്തിലേറെക്കാലം കുടുംബത്തെ പിരിഞ്ഞിരിക്കേണ്ടി വരുമെന്നതിനാലും മകളുടെ ജനനം കാത്തിരിക്കുകയും ആ യാത്ര വേണ്ടെന്നു വെക്കുകയിമായിരുന്നു.

കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായി എക്കാലവും ശത്രുത മാത്രം വെച്ചു പുലര്‍ത്തിയിരുന്ന ഒരു രാജ്യത്തെ പൗരനായിരുന്നിട്ടും സോവിയറ്റ് യൂണിയനിലും ചൈനയിലും വിയറ്റ്‌നാമിലുമൊക്കെ ജോണ്‍ ഒരുപോല സ്വീകാര്യനായത് അദ്ദേഹത്തിന്റെ സഫലമായ ജനകീയ കലാപ്രവര്‍ത്തനത്തിന്റെ ഫലമായിട്ടായിരുന്നു.ചൈനീസ് റിപ്പപ്ലിക്കില്‍ നിയമാനുസൃതമായി പാടിക്കേട്ട ആദ്യത്തെ പാശ്ചാത്യ സംഗീതവും ഡെന്‍വറിന്റേതായിരുന്നു.

സംഗീതരംഗത്തുനിന്നും കുറച്ചുകാലം മാറിനിന്ന ഡെന്‍വര്‍ പിന്നീട് പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചു.1976-ല്‍ Windstar Fountation-ന്റെ രൂപീകരണത്തിനു മുന്‍കയ്യെടുത്തു.തന്റെ പ്രിയപ്പെട്ട അലാസ്‌കയില്‍ Arctic National Wildlife Refuge-ന് തുടക്കമിട്ടു.ഈ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ ഏറെ അധ്വാനിച്ച ഡെന്‍വര്‍ ഈ പ്രദേശത്ത് എണ്ണ ഖനനത്തിന് ഗവണ്‍മെന്റ് തയ്യാറെടുക്കുന്നതറിഞ്ഞ് അതിനെതിരായി രംഗത്തു വന്നു.ഇക്കാര്യത്തില്‍ ഡെന്‍വറിന്റെ മനസ്സറിഞ്ഞ് സമയോചിതമായി പ്രവര്‍ത്തിച്ച പ്രസിഡന്റ് ബില്‍ ക്ലിന്റെനെ പ്രശംസിച്ച് 1996-ല്‍ എഴുതിയതാണ് അദ്ദേഹത്തിന്റെ അവസാനത്തെ കത്ത്.

കൊളറാഡോയിലെ മലനിരകളെ താന്‍ ഏറെ സ്വപ്നങ്ങളോളം തന്നെ സ്‌നേഹിച്ച ഡെന്‍വറെ അന്നും ഇന്നും ആ സംസ്ഥാനത്തെ ജനങ്ങള്‍ സ്‌നേഹപൂര്‍വം ആദരിക്കുന്നു.അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ 'Rokey Mountation High'എന്ന ഗാനം സംസ്ഥാനത്തിന്റെ അനൗദ്യോഗിക ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടിരുന്നു.ഈ ഗാനം പൂര്‍ണമായും ഏര്‍പ്പെടുത്തിയ ശിലാഫലകം ആസ്‌പെനിലെ റിയോ ഗ്രാന്റ് പാര്‍ക്കില്‍ സ്ഥാപിച്ചു.1977-ല്‍ കൊളറാഡോയുടെ സ്വന്തം കവിയായും(Poet Laurette)ഡെന്‍വര്‍ ആദരിക്കപ്പെട്ടു.Poet for te planet,Mother Nature's Son എന്നിങ്ങനെ സ്‌നേഹപൂര്‍വം വിളിക്കപ്പെട്ട ഡെന്‍വറിനു റോക്കി മലനിരകള്‍ തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു.തന്റെ സ്വപ്നങ്ങളേയും സങ്കല്‍പ്പങ്ങളേയും കഹറിച്ചൊക്കെത്തന്നെയാണ് ഡെന്‍വര്‍ എഴുതിയതും പാടിയതും പുല്‍ക്കൊടി മുതല്‍ ഉത്‌ലത്തുംഗ സാനുക്കളില്‍ വരെ സംഗീതം മാത്രം കമ്ട ഡെന്‍വറിനു ആകാശവും അതിനപ്പുറമുള്ള അനന്തതയും ഒക്കെ ഒരു തീരാത്ത അഭിനിവേശമായിരുന്നു.ഒരിക്കല്‍ ശൂന്യാകാശ യാത്രക്ക് ഒരുങ്ങിയ ഡെന്‍വര്‍ ഒറ്റക്കു വിമാനം പറപ്പിക്കുന്നതിലും സന്തോഷം കണ്ടെത്തിയിരുന്നു.താരാപഥത്തിലേക്കം നക്ഷത്ര സമൂഹങ്ങളിലേക്കും മനുഷ്യവംശത്തിന്റെ സ്വപ്നങ്ങളെ കൊണ്ടുപോകുന്നതും അദ്ദേഹം സങ്കല്‍പ്പിച്ചിരുന്നു.'Flying foe Me'ആ സങ്കല്‍പ്പത്തിനെ കുറിച്ചുള്ള ഗാനമാണ്. 

Well,I guess that you probably know by now
I was one whow wanted to fly
I wanted to ride on that arrow of fire right up into heaven
And I wanted to go for everymen,every child,every mother of children
I wanted to carry the dreans of all people right up to the srars
And I prayed that I'd find an answr there
Or may be I would find the song
Giving a voice to all of the hearts that can not be heard
And for all those who live in fear
And all of those who stand apart
My being there would bring us a little step close together

ഈ വരികളില്‍ ആഗ്രഹിച്ചതുപോലെയാണോ എന്നു തോന്നിപ്പിക്കും വിധം,ഒറ്റക്ക് പറപ്പിച്ചിരുന്ന വിമാനം,നക്ഷത്രങ്ങളോടുള്ള അകലം തീരെ കുറഞ്ഞിടത്തുവെച്ച് തകര്‍ന്ന്,കേള്‍ക്കാനാകാത്ത ഒരു ഗാനം ഇനിവരും കാലത്തിന്റെ ഹൃദയങ്ങളിലേക്ക് പകര്‍ന്ന്,തന്റെ പഴയ ഗിറ്റാര്‍ മാറോട് ചേര്‍ത്തുവെച്ച് ആകാശത്തിന്റെയും ഭൂമിയുടെയും ഈ പ്രയപ്പെട്ട ഗായകന്‍ 1977ല്‍ മണ്ണിനോടു ചേര്‍ന്നപ്പോള്‍ കൊളറാഡോയിലെ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടിയിരുന്നു.


2013, ജനുവരി 26, ശനിയാഴ്‌ച

മുറിവിന്റെ നൊമ്പരം ഒടുങ്ങാത്ത മണ്ണ്.


സിനിമ
കണ്ണന്‍ മേലോത്ത്.

വെട്ടിമുറിക്കപ്പെട്ട്,അതിരിടേണ്ടിവന്ന ഒരേ നാട്ടാര്‍ നേരിട്ട നൊമ്പരങ്ങളുടെ ആഴം പകര്‍ത്തിക്കാണിക്കുക എളുപ്പമല്ല.അങ്ങകലെയിരുന്ന് അതിനൊരുമ്പെട്ട ഒരാള്‍ നേരിടുന്ന നൊമ്പരം ഒരേ നാട്ടാരുടെ വെട്ടിമുറിക്കപ്പെട്ടതില്‍ നിന്നേറ്റ മുറിവുകളില്‍ നിന്നുളവായ നൊമ്പരങ്ങളല്ല; മിറച്ച് അതിനായി തുനിഞ്ഞതില്‍ നിന്നുള്ള തിരിച്ചടികളില്‍ നിന്നാണെന്ന് കാനഡക്കാരനായ വിക് സരിണ്‍ കാഴ്ചയൊരുക്കിയ 'പാര്‍ട്ടീഷ്യന്‍' എന്ന സിനിമ കാണുമ്പോള്‍ തിരിച്ചറിയാനാകുന്നു.

വിക് സരിണ്‍ കാശ്മീരില്‍ പിറക്കുകയും കാനഡയില്‍ കഴിഞ്ഞുകൂടുകയും ചെയ്യുന്ന ഒരു മറുനാടനാണ്.മറുനാട്ടില്‍ കുടിയേറുന്നവരെ പിറന്ന നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പിന്‍തുടരുക പതിവാണ്.1947-ലെ ഇന്‍ഡോ പാക് വെട്ടിമുറിക്കലിലൂടെ അകറ്റി നിര്‍ത്തപ്പെട്ടയാളല്ല വിക് സരിണ്‍.ഖുശ്വന്ത് സിങിന്റെ നോവലിനെ പിന്‍പറ്റിയ പമീലാ റൂക്‌സിന്റെ 'എ ട്രെയിന്‍ ടു പാകിസ്ഥാന്‍',കാനഡക്കാരിയായ ദീപ മേത്തയുടെ 'ദി എര്‍ത്ത്',പാകിസ്ഥാന്‍ കാരിയും ശ്രീലങ്കക്കാരനായ ഭര്‍ത്താവിനോടൊപ്പം ഇപ്പോള്‍ ന്യൂ ഡല്‍ഹിയില്‍ കഴിഞ്ഞുപോരുന്ന സബിഹാ സുമാര്‍ എടുത്ത 'ഖാമോഷ് പാനി' എന്നിവയെ തുടര്‍ന്നാണ് 'പാര്‍ട്ടീഷ്യന്‍' പിറക്കുന്നത് എന്നു കാണാം.നേരുപറഞ്ഞാല്‍ സബിഹാ സുമാറിന്റെ 'ഖാമോഷ് പാനിക്ക്' ഒരു മറുപടിയോ മറുപുറമോ ആണ് 'പാര്‍ട്ടീഷ്യന്‍' എന്നും വിലയിരുത്താവുന്നതാണ്.

ജ്ഞാന്‍ സിംങും അപ്താര്‍ സിംങും 1941-മുതല്‍ ബ്രിട്ടീഷ് പട്ടാളത്തിലെ അണിയാളരായി ബര്‍മ്മയിലായിരുന്നു.1947-ല്‍ അവര്‍ തിരിച്ചെത്തുമ്പോഴേക്കും ഇന്ത്യ പാകിസ്ഥാനും ഹിന്ദുസ്ഥാനുമായി വെട്ടിമുറിക്കപ്പെട്ടിരുന്നു.ആ മണ്ണിടത്തിന് ഉടമകളല്ലാതായ സിഖുകാരില്‍ പെട്ടവരായിരുന്നു ജ്ഞാന്‍ സിംങും അപ്താര്‍ സിംങും.അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും നിന്ന് കൊലവിളി നടത്തുന്നവരുടെ ഇടയില്‍ പെട്ട് അവര്‍ വല്ലാതെ വലഞ്ഞു.ഇതിനിടെ സിഖുകാരാല്‍ ചവിട്ടിയരക്കപ്പെട്ട നസീം ഖാന്‍ എന്ന 17 വയസ്സുള്ള പാക് മുസ്ലിം പെണ്‍കുട്ടിയെ ജഞാന്‍ സിംങ് കണ്ടെത്തുന്നു.അവളെ ഏറ്റെടുത്ത് തന്റെ കൂടെ പാര്‍പ്പിക്കുന്നു.ഇത് മണത്തറിഞ്ഞ സിഖ് കൂട്ടാളികള്‍ കൊലവിളിയുമായെത്തിയെങ്കിലും അവരുടെ തലവനായി വളര്‍ന്നുകഴിഞ്ഞിരുന്ന അപ്താര്‍ സിങിന്റെ നേരിട്ടുള്ള ഇടപെടല്‍ മൂലം ഒരു കൊലപാതകം ഒഴിഞ്ഞുപോകുകയും ജ്ഞാന്‍ സിങും നസീം ഖാനും ഒരുമിച്ചു കഴിഞ്ഞു പോരുന്നതിനുള്ള വഴി തെളിഞ്ഞു കിട്ടുകയും ചെയ്തു.

ഏറെനാള്‍ കഴിയുന്നതിനു മുമ്പ് നല്ലവനായ ജ്ഞാന്‍ സിങ് കൂടെപ്പിറപ്പുകളെ കാണുന്നതിനായി നസീം ഖാനെ പാകിസ്ഥാനിലേക്ക് പറഞ്ഞയച്ചു.ഇതിനിടെ അവര്‍ക്കൊരു കുട്ടിയും പിറന്നു.നസീം ഖാന്‍ തന്റെ വീട്ടില്‍ എത്തിയപ്പോള്‍ കൂടെപ്പിറപ്പുകളായ അബ്ദുള്ളയും അക്ബറും വരവേറ്റുവെങ്കിലും അവര്‍ അവളെ തിരികെ ജ്ഞാന്‍ സിങിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടില്ല.അവരുടെ ബാപ്പയെ സിഖുകാര്‍ വെട്ടിക്കൊന്നതിലുള്ള പക കൊണ്ടാണ് അവര്‍ അങ്ങനെ പെരുമാറിയത്.നസീം ഖാനെ വീണ്ടെടുക്കുന്നതിനായി,മതം മാറി മുഹമ്മദ് ഹസനായി പാകിസ്ഥാനിലെത്തിയ ജ്ഞാന്‍ സിങിനെ അബദുള്ളയും അക്ബറും തിരിച്ചറിയുകയും വകവരുത്താനുള്ള പോരിനിടെ ജ്ഞാന്‍ സിങ് വീണുമരിക്കുകയും ചെയ്യുന്നു.

വിക് സരിണ്‍ ഒരു തുടക്കക്കാരനല്ല.ഒട്ടേറെ പടങ്ങള്‍ കാഴ്ചവെക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്.നേരേട് കാഴ്ചയൊരുക്കാന്‍ ഏര്‍പ്പെടുമ്പോള്‍ സിനിമയുടെ തീര്‍പ്പടവുകള്‍ പിന്‍തുടര്‍ന്ന് തുടക്കവും ഒടുക്കവും എവിടെ എങ്ങനെ കൊടുക്കണം എന്ന് തിട്ടമില്ലാതെ പോയത് പടത്തിന്റെ വലിയ ഒരു പോരായ്മയാണ്.അതിനാല്‍ ശരാശരിയിലും താഴെയുള്ള ഹിന്ദി സിനിമകളില്‍ കാണാറുള്ളതുപോലെ കാഴ്ചക്കാരന്റെ കണ്ണു തള്ളിക്കുന്ന ഒരു ഒടുക്കം പാര്‍ട്ടീഷ്യനില്‍ കൊടുക്കേണ്ടിവന്നു.ആഴത്തില്‍ ചികയേണ്ടതായി പടത്തില്‍ യാതൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലെങ്കിലും വെട്ടിമുറിക്കപ്പെട്ടതില്‍ നിന്നേറ്റ നൊമ്പരവുമായി കഴിഞ്ഞുപോരേണ്ടിവന്ന ഒരു കൂട്ടമാളുകള്‍ക്കായി ചില അിറവുകള്‍ വിക് സരിണ്‍ നിരത്തുന്നുണ്ട്.ജ്ഞാന്‍ സിങായി ജിമി മിസ്ത്രിയും അപ്താര്‍ സിങായി ഇര്‍ഫാന്‍ ഖാനും നസീം ഖാനായി ക്രിസ്റ്റിന്‍ ക്രിക് എന്നിവരും തിരശീലയിലെത്തുന്നു.കാനഡയെ കൂടാതെ ഗ്രേറ്റ് ബ്രിട്ടണും സൗത്ത് ആഫ്രിക്കയും പടത്തിനുവേണ്ടി പണം മുടക്കിയിട്ടുണ്ട്. ചിന്തകന്റെ ചിരിയും ചിരിയന്മാരുടെ വരയും


പടം.
ഇംപ്രിന്റ്‌ ബുക്സ് 1995ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് 'അഴീക്കോടിന്‍റെ ഫലിതങ്ങള്‍ '.കെ.സുദര്‍ശനന്‍ സമാഹരിച്ച ഡോ.സുകുമാര്‍ അഴീക്കോടിന്‍റെ ഫലിതങ്ങളാണ് പുസ്തകത്തിലെ ഉള്ളടക്കം.അതില്‍ കേരളത്തിലെ പ്രസിദ്ധരായ 24 കാരിക്കേച്ചറിസ്റ്റുകള്‍ വരച്ച അഴീക്കോടിന്‍റെ കാരിക്കേച്ചറുകള്‍ കൊടുത്തിട്ടുണ്ട്.അത് ഇവിടെ പകര്‍ത്തുന്നു. ഇംപ്രിന്റ്‌ ബുക്സ്ഉടമ വൈ.എ.റഹിമിന്‍റെ വരയും കൂട്ടത്തിലുണ്ട്.ചില വരയന്മാര്‍ പേര് കുറിച്ചിട്ടില്ല.
പുസ്തകത്തിന്‍റെ പുറംചട്ട.
സമാഹരണം:കെ.സുദര്‍ശനന്‍ .

എളമക്കര രഞ്ജിത്തിന്-കണ്ണീര്‍മൊഴിയില്‍ ഒരു ഓര്‍മ്മക്കുറിപ്പ്.


ഓര്‍മ്മ

കണ്ണന്‍ മേലോത്ത് 
കഥകളി നടന്‍ എളമക്കര രഞ്ജിത്ത് വേര്‍പിരിഞ്ഞിട്ട് ഈ ജനു:26 ന് 4 വര്‍ഷം തികയുന്നു.സിനിമാ നടന്‍ മോഹന്‍ ലാലിന്റെ നാടകസംഘം സഞ്ചരിച്ച വാഹനം സേലത്ത് വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.ബാംഗ്ലൂര് 'ഛായാമുഖി' എന്ന നാടകം അവതരിപ്പിച്ച ശേഷം രാത്രിയില്‍ സംഘം മടങ്ങുകയായിരുന്നു.നാടകത്തില്‍ ഹിഡുംബിയുടെ കഥകളിവേഷമാണ് രഞ്ജിത്ത് കെട്ടിയാടിയത്.കസിന്‍ മനോജ് ബ്ലിസ് വഴിയാണ് എനിക്ക് രഞ്ജിത്തിനെ ചങ്ങാതിയായി കിട്ടിയത്.(രഞ്ജിത്തിന്റെ അച്ഛന്റേയും മനോജിന്റെ അമ്മയുടേയും അമ്മാവനാണ് മുഖ്യമന്ത്രിയായിരുന്ന             സി.അച്ച്യുത മേനോന്‍)   അസുര
വേഷങ്ങള്‍ കെട്ടിയാടുന്നതില്‍ വിരുതനായിരുന്നു രഞ്ജിത്ത് എന്ന് കേട്ടിരുന്നു.ഒന്നും കാണാന്‍ കഴിഞ്ഞില്ല.വിശ്വസിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ് രഞ്ജിത്തിന്റെ വേര്‍പാട്.ചാവറ കള്‍ച്ചറല്‍ സെന്റെറില്‍ നിന്നും ഇറങ്ങുന്ന 'മൂല്യശ്രുതി' എന്ന മാസികയില്‍ ഞാനൊരു കവിതയെഴുതി,കണ്‍നിറയെ……..പിന്നീട് പലരും അതിന്റെ പ്രതികള്‍ ചോദിച്ചു.ചുവടെ ചേര്‍ക്കുന്നു.

നിറച്ചാര്‍ത്തില്‍ വീണലിഞ്ഞ
നറുമഞ്ഞുതുള്ളി.

ആട്ടംമുടിക്കാതെ അരങ്ങുവിട്ടവന്‍
തനിച്ചാക്കിയത്.

മുഷിഞ്ഞ ഏടിലും തളിര്‍ക്കുന്ന
കുനുകുറുമൊഴിപ്പൂക്കള്‍.

കടംചോദിച്ചത് കൈപ്പറ്റാതെ കടന്നുപോയത്
തെമ്മാടിത്തം.

അരുമകളുടെ താങ്ങ്
കരളിന്റെ തണവ്
ചങ്ങാതി നെഞ്ചിലെ പിണര്.

അടര്‍ക്കളമാണ് കളിത്തറ.
പോരാട്ടക്കാരന്റെ സല്‍പ്പേര്
രഞ്ജിത്ത്.

അടിയാത്തവന്റെ നേരടയാളം
രഞ്ജിത്ത്.

ഉയിര്‍കൊടുത്ത ഹിഡുംബിയെ
കാണാന്‍ തിക്കിയവര്‍ക്കിടയില്‍
വെട്ടിക്കെട്ടിയ വരമ്പുകള്‍
തട്ടിരിരത്തിയ ചുവടനക്കം
ചങ്കൂറ്റം.

ഘടോല്‍ക്കചന് ഉയിരേകാന്‍
കിനാവില്‍ വരും.

ആടിത്തിമിര്‍ക്കും.

കുത്തിയ ചുട്ടികള്‍ അടരില്ല.
ചുറ്റിയ ആടകള്‍ അഴിയില്ല.

ഞരമ്പുകളെ നുരഞ്ഞുമുറുക്കുന്ന
വൈകുന്നേരങ്ങള്‍
ആണൊന്നിന്റെ കുറവുകണ്ട് കേഴുന്നു.

വഴികാട്ടിയായി ഇടക്കോളം വന്നിട്ട്
മൊഴിനല്‍കാതെ
ഒരു മലക്കംമറിച്ചിലില്‍ വേര്‍പെട്ടകലേക്ക്.

വൈകിയെത്തിയവന്‍
നേരത്തേ പോകണമെന്നതോ
ചട്ടം? 

മനോജ്‌ ,ഞാന്‍ ...മഹാരാജാസില്‍

2013, ജനുവരി 24, വ്യാഴാഴ്‌ച

ഷെറീഫ് നിലമ്പൂര്‍:കളിമണ്ണെഴുത്തിന്റെ പുതുവഴിയില്‍ ഒരു ഏകാന്തയാത്രികന്‍.


അഭിമുഖം
ഷെറീഫ് നിലമ്പൂര്‍/കണ്ണന്‍ മേലോത്ത്


17ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് തിരുവനന്തപുരത്ത് ന്യൂ തിയേറ്ററില്‍ 'ടറാഫെസ്റ്റ്'സംഘടിപ്പിച്ചു.കളിമണ്ണില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച ഷെറീഫ് നിലമ്പൂരിന്റെ നേതൃത്വത്തിലായിരുന്നു ഈ കലാ പ്രദര്‍ശനം.സിനിമയെന്ന മാധ്യമവുമായി സംയോജിച്ചുകൊണ്ട് കേരളത്തിന്റെ തനതു കലയെന്ന നിലയില്‍ കളിമണെമെഴുത്തിനെ ലോകത്തിനു പരിചയപ്പെടുത്തുക എന്നതായിരുന്നു ടെറാഫെസ്റ്റ് ലക്ഷ്യമിട്ടത്.കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ഈ പ്രദര്‍ശനം ഉത്ഘാടനം ചെയ്തത് പത്മശ്രീ ജി.ശങ്കറാണ്. ചടങ്ങില്‍  ഡി.വിനയചന്ദ്രന്‍, എ.സഹദേവന്‍       (ഇന്ത്യാ
വിഷന്‍)എന്നിവര്‍ സംസാരിച്ചു.സിനിമാ ചരിത്രത്തിലാദ്യമായി ബഷീറിന്റെ ബാല്യകാല സഖിയുടെ കളിമണ്ണില്‍ തീര്‍ത്ത പോസ്റ്റര്‍,ചാര്‍ളി ചാപ്‌ളിന്റെ ജീവിതത്തെ ആധാരമാക്കിയ 'The Great Life to Trump'എന്നിവയായിരുന്നു പ്രദര്‍ശനത്തിലെ മുഖ്യയയിനം.

?കളിമണ്ണെഴുത്തില്‍ സ്വന്തം ഇടം നിര്‍മ്മിച്ചയാളാണല്ലോ താങ്കള്‍.ഇതിന്റെ തുടക്കവും പശ്ചാത്തലവും വിവരിക്കാമോ.

ഷെഷറീഫ് നിലമ്പൂര്‍:-എനിക്ക് പാരമ്പര്യമയി കിട്ടിയതല്ല.മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് എന്റെ വീട്.അതിനടുത്ത് അരുവാക്കോട് ഒരു കംഭാരക്കോളനിയുണ്ട്.അവിടെ പോയി അവര്‍ ചെയ്യുന്ന തൊഴിലുകണ്ടാണ് ഞാന്‍ ഇത് പഠിച്ചത്. തൊഴിലാളികള്‍ എന്നതിലുപരി മികച്ച കലാകാരന്മാര്‍ തന്നെയാണ് കുഭകാരന്മാര്‍.പക്ഷെ അവരുടെ ജീവിതം ഇപ്പോഴും കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്.അവരുടെ തൊഴിലിനെ കലാപരമായി വികസിപ്പിച്ചെടുത്തതാണ് ഈ കളിമണ്‍ ചിത്രമെഴുത്ത്.ശില്‍പ്പ-ചിത്രങ്ങള്‍ക്കിടയിലോ മൂറല്‍ ആര്‍ട്ടിലോ എന്റെ കലാപരിപാടിയെ സ്ഥാനപ്പെടുത്താവുന്നതാണ്.

?സിനിമ വിഷയമായത്.

എനിക്ക് താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങള്‍ കലാരൂപത്തില്‍ പ്രതിഫലിക്കുന്നു.ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ലോകോത്തരവിഷയങ്ങളില്‍ ഒന്നാണ് 'ബഷീര്‍' എന്നത്.ബഷീറിനെ വായിച്ചിട്ടുള്ളവര്‍ പകര്‍ത്താനോ പകര്‍ത്തപ്പെടാനോ കൊതിച്ചിപോകും.എനിക്ക് ബഷീറില്‍ ഏറെയിഷേടം ബാല്യകാല സഖിയാണ്.അതാണ് ബാല്യകാല സഖിയുടെ പോസ്റ്റര്‍ കളിമണ്ണില്‍ തീര്‍ക്കാന്‍ കാരണം.പിന്നെ ചാപ്‌ളിന്‍-ബഷീറിനും ചാപ്ലിനും താന്താങ്ങളുടെ മേഖലകളില്‍ സമാനതകള്‍ ഇല്ലെന്നു വന്നേക്കാം.പക്ഷെ ഇരുവരുടേയും ജീവിതങ്ങളിലും കഥാപാത്രങ്ങളിലും സമാനതകളുണ്ട്.വേദനിക്കുമ്പോഴും മന്ദഹസിക്കാനുള്ള അസാധാരണമായ കഴിവ് ഇരുവര്‍ക്കു മുള്ളതിനാനാലാവാം അത്.ബഷീറിന്റെ മറ്റു കഥാപാത്രങ്ങള്‍ക്കും ചാപ്ലിന്റെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഞാന്‍ മണ്‍ചിത്രമെഴുതിയിട്ടുണ്ട്.

?വിപണനം,വിനിമയം

ഇന്ത്യക്കകത്തും പുറത്തും സ്രദ്ധേയമായ നിരവധി മണ്‍ചിത്രങ്ങള്‍ തീര്‍ത്തു.യു.എ.ഇ.രാജകുമാരി ഷെയ്ഖ് റൗദബിന്‍ സെയ്ദ് അല്‍നഹ്മാന്റെ രൂപം തീര്‍ക്കാന്‍ പാകിസ്ഥാന്‍, യു.എ.ഇ,ഇന്ത്യ എന്നിവിടങ്ങലില്‍ നിന്നുള്ള അഞ്ചുതരം കളിമണ്ണ് ഉപയോഗിച്ചു.മാര്‍ട്ടില്‍ ലൂതര്‍ കിംങ് തുടങ്ങി,ഇന്ത്യയില്‍ ശ്രീ.ശ്രീ.രവിശങ്കര്‍,അല്ലി അര്‍ജുന്‍,തുടങ്ങി ഒട്ടേറെ പേര്‍ക്ക് കളിമണ്‍ പോര്‍ട്രെയ്റ്റ് ചെയ്തു.കേരളത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍,തിലകന്‍,മോഹന്‍ ലാല്‍, കാവ്യാ മാധവന്‍, രഞ്ജിത്ത്, ജയസൂര്യ,എന്നിവര്‍ എന്റെസൃഷ്ടികള്‍ സ്വന്തമാക്കിയിട്ടുണ്ട്.മൂറലുകള്‍ക്കുപുറമേ  സ്റ്റാച്യൂ,മൊമന്റോ എന്നിവയും ഞാന്‍ ചെയ്യുന്നുണ്ട്.കേരള കലാമണ്ഡലത്തിലും ബേക്കല്‍ കോട്ടയിലും ഞാന്‍ മണ്‍ചിത്രങ്ങല്‍ തീര്‍ത്തു.

?സാങ്കേതികവിദ്യ,ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരോട്.

പാളിയാക്കിയ കളിമണ്ണില്‍ ചിത്രമെഴുതിയശേഷം 4 ഇഞ്ച് സമചതുരത്തില്‍ മുറിച്ചെടുത്തുവേണം ചുടാന്‍.പാകമാകുമ്പോള്‍ചില കഷണങ്ങള്‍ പൊട്ടിപ്പോകം.വിരിഞ്ഞ് വികൃതമാകും.നിറം മാറ്റവും സംഭവിക്കാം.ഇത് മുന്‍കൂട്ടി കാണണം.കുംഭകാരന്മാരുടെ സഹായത്തോടെയാണ് മണ്‍ചിത്രങ്ങള്‍ ചുട്ടെടുക്കുന്നത്.അവര്‍ക്ക് മണ്ണിന്റെ മനസ്സറിയാം.ചൂളയില്‍ നിന്ന് പുറത്തെടുത്തശേഷം ഒരുപാട് ജോലികളും മിനുക്കുപണികളും ചെയ്തശേഷം മാത്രമേ ഒരു മണ്‍ചിത്രം പൂര്‍ത്തിയാകുകയുള്ളൂ. ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരുടെ ഉള്ളിലേക്ക് ആദ്യം താല്‍പ്പര്യം കടന്നുവരട്ടെ.അതുമതി.പിന്നെ,എന്നെ പോലെ ഒരു ഗുരുവിന്റെ ആവശ്യം വേണ്ടിവരില്ല.

?കുടുംബം,ജീവിതം

ബാപ്പ അബ്ദുള്‍ കരീം.ഉമ്മ ഫാത്തിമ.അവര്‍ കൃഷിപ്പണിക്കാരയിരുന്നു.എന്റെ ഭാര്യ ബിസ്മിന്‍ ബാനു.രണ്ടുപെണ്‍മക്കള്‍.ഏഴാം ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും പഠിക്കുന്നു.ഞാന്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ പാസ്സായശേഷം കുറച്ചുനാള്‍ കണ്‍സ്ട്രക്ഷന്‍ ഡിസൈനറായി ജോലി നോക്കി.ഇപ്പോള്‍ മുഴുവന്‍ സമയവും മണ്‍ചിത്രമെഴുത്തില്‍ മുഴുകി ജീവിക്കുന്നു.പ്രദര്‍ശനങ്ങല്‍ അധികം നടത്തിയിട്ടില്ല.കലാഹൃദയരും ധാരാരണ ജനങ്ങളും ധാരാളമായി എന്റെ മണ്‍ചിത്രങ്ങള്‍ ആവശ്യപ്പെട്ടെത്തുന്നു.എല്ലാ മാധ്യമങ്ങളിലും എന്നെക്കുറിച്ചുള്ള അിറയിപ്പുകള്‍ വന്നിട്ടുണ്ട്.'മൃത്തിക ക്ലേ ആര്‍ട്ട് സ്റ്റുഡിയോ' ഞാന്‍ നടത്തുന്ന സ്ഥാപനമാണ്.