"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2012, ഡിസംബർ 27, വ്യാഴാഴ്‌ച

മരിച്ചുവീണതെങ്ങനെ?

വായന.

സി.കെ.


മാധ്യമങ്ങളില്‍ ദളിതര്‍ എങ്ങനെയാണ് തിരിച്ചറിയപ്പെടുന്നത് എന്നത്,ദളിത് അനുഭവങ്ങളില്‍ പ്രസക്തമാണ്.ദളിതരെ ഒരു ജ്ഞാനവിഷയമായി സ്വീകരിക്കപ്പെടുന്ന മാധ്യമസംസ്‌കാരം നമ്മുടെ ഉപരിവര്‍ഗ മാധ്യലോകം സ്വീകരിച്ചുകാണുന്നില്ല. ഒന്നുകില്‍ അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. അല്ലെങ്കില്‍ വക്രീകരിക്കപ്പെടുന്നു.ഇന്ത്യന്‍ സാമൂഹ്യഘടനയുടെ സൂക്ഷിപ്പുകാരായി തുടരുന്ന മാധ്യമങ്ങള്‍ക്ക് ദളിതര്‍ എന്നും ഒരു ജ്ഞാനവിഷയമോ അവരുടെ അതിജീവി മാതൃകകളുംകലാപവും           പ്രതി 
ഷേധവും ഇന്ത്യന്‍ പൊതുബോധത്തിന്റെ പരിവര്‍ത്തന സാംസ്‌കാരിക രൂപങ്ങളായും കാണാന്‍ കഴിയുന്നില്ല എന്നത് യാദൃശ്ചികമല്ല.
ദളിതരുടെ ആവിഷ്‌കാരങ്ങള്‍,പ്രതിരോധം,കലാപം,സംസ്‌കാരം എങ്ങനെ തിരിച്ചറിയപ്പെടണം.നീതിരഹിതമായ ഇന്ത്യന്‍ പരിതസ്ഥിതിയില്‍,അവരുടെ പ്രതിഷേധം,ദുഃഖാനുഭവങ്ങള്‍ എങ്ങനെ അവതരിപ്പിക്കപ്പെടണം.ഇത്തരമൊരു പ്രതിസന്ധിയാണ് കഴിഞ്ഞ ജൂലൈ 25 ന് മാധ്യമലോകം നേരിട്ടത്.അന്നായിരുന്നു ഫൂലാന്‍ ദേവി കൊലചെയ്യപ്പെട്ടത്.

ഫൂലാന്‍ ദേവി വെടിയേറ്റു മരിച്ച വാര്‍ത്തയുടെ ലീഡ് പ്രമുഖമായ ചില പത്രങ്ങളില്‍ വന്നതിങ്ങനെയാണ്. 'ചമ്പല്‍ താഴ്‌വരയിലെ മുന്‍ കൊള്ളക്കാരിയും ലോക് സഭാംഗവുമായ ഫൂലാന്‍ ദേവിയെ അജ്ഞാതരായ മൂന്നംഗ ആക്രമിസംഘം,വീടിനു മുമ്പില്‍ വെടിവെച്ചു കൊന്നു'(മാതൃഭൂമി) 'ലോക്‌സഭാംഗം ഭൂലാന്‍ ദേവിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു'(ദേശാഭിമാനി) 'മുന്‍ ചമ്പല്‍ കൊള്ളക്കാരിയും സമാജ്‌വാദി പാര്‍ട്ടി എം.പി യുമായ ഫൂലാന്‍ ദേവി(38)പാര്‍ലമെന്റിന് അര കിലോമീറ്റര്‍ മാത്രം അകലെ ഔദ്യോഗിക വസതിക്കു മുമ്പില്‍ വെടിയേറ്റു മരിച്ചു'(മനോരമ)ഈ വാര്‍ത്താവതരണത്തിനു പിന്നില്‍ അടങ്ങിയിരിക്കുന്ന പത്രസമീപനം പരിശോധിക്കുന്നത് നന്നായിരിക്കും.ഫൂലാന്‍ ദേവി ലോക് സഭാംഗമാണ് എന്നത് ഏറ്റവും പ്രസക്തമായിരിക്കെ മറ്റ് വാര്‍ത്താ ഘടകങ്ങള്‍ രണ്ടാമതു വരുന്നതാണ്.ഫൂലാന്‍ ദേവിയെ കൊള്ളക്കാരിയും ചമ്പല്‍ റാണിയുമായി അവതരിപ്പിക്കുന്ന മാധ്യമസംസ്‌കാരം ഭരണകൂടവും ഇന്ത്യന്‍ പൊതു സംസ്‌കാരവും കല്‍പ്പിച്ചു നല്‍കിയ അടയാളങ്ങള്‍ക്കുള്ളില്‍ ഫൂലാന്‍ ദേവി വായിക്കപ്പെടണം എന്നു ദീക്ഷിക്കുന്നതു കൊണ്ടാണ്.ഫൂലാന്‍ ദേവി ചമ്പല്‍ക്കാടുകളില്‍ നടത്തിയ ദീര്‍ഘമായ ചെറുത്തുനില്‍പ്പ് ഇന്ത്യന്‍ ദളിത്-സ്ത്രീ പീഡിത മനസ്സിന്റെ പ്രതികരണമായി തിരിച്ചറിയാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല.

'വാളെടുത്തവന്‍ വാളാലേ' എന്ന വാക്യം സത്യമാണെന്ന് തെളിയിക്കുകയാണിവിടെയെങ്കിലും ഫൂലാന്‍ ദേവി അകാരണമായി ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളുടെ കഥകള്‍ ഓര്‍ക്കുന്ന ഹൃദയാലുവായ ഒരാള്‍ക്ക് ഇങ്ങനെയൊരു അന്ത്യം അവര്‍ക്കുണ്ടായതില്‍ ദുഃഖം തോന്നുന്നു.(മാതൃഭൂമി എഡിറ്റോറിയല്‍ ജൂലൈ 26)മാര്‍ട്ടില്‍ ലൂഥര്‍ കിംഗ്,എബ്രഹാം ലിങ്കണ്‍,യേശു ക്രിസ്തു,സോക്രട്ടീസ് ഇവരാരും വാളെടുത്തതുകൊണ്ടല്ലല്ലോ കൊലചെയ്യപ്പെട്ടത്.സാമ്പ്രദായക രീതികള്‍ക്കെതിരേ നിലപാടുകള്‍ എടുത്തവര്‍ക്കെല്ലാം ഭരണകൂടത്തിന്റെ പ്രതിലോമകരമായ ഭീഷണിയും ഉന്മൂലന തന്ത്രവും നേരിടേണ്ടി വന്നിട്ടുണ്ട്.അപ്പോള്‍ ആത്യന്തികമായി ഇങ്ങനെയുള്ളവര്‍ കൊലചെയ്യപ്പെടുന്ന ധ്വനി ഈ വാക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.ഫൂലാന്‍ ദേവിയുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തകള്‍ ഉള്ളടക്കത്തില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകര പ്രവര്‍ത്തനമായത് യാദൃശ്ചികതയല്ല.ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.ഭൂലാന്‍ ദേവി കൊലചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ മാനുഷിക തലത്തില്‍ അവര്‍ പിന്നോക്കക്കാരിയും കൊള്ളക്കാരിയും എന്നാല്‍ ചമ്പല്‍ റാണിയായ ഫൂലാന്‍ ദേവി ദളിതും.ഈ മാധ്യമ സംസ്‌കാരം വ്യക്തമാകുന്നില്ല.

എന്നാല്‍ ഇന്ത്യയിലെ നീതിബോധത്തിന്റെ ഉത്തമമായ ഒരു ശബ്ദം ജൂലൈ 26 ന് ഇന്ത്യ ശ്രവിച്ചു.നമ്മുടെ രാഷ്ട്രപതി കൊലപാതകത്തേക്കുറിച്ച് പ്രതികരിച്ചത് നോക്കുക,പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരേയുള്ള ചെറുത്തു നില്‍പ്പിന്റെ പ്രതീകമാകുന്നു അവര്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യയിലെ മാധ്യമങ്ങളെ പ്രതിസന്ധിയിലാക്കിയ ഒരു വാചകമായിരുന്നു ഇത്.നീതിബോധമുള്ള ഇന്ത്യന്‍ മനസ്സിന്റെ പ്രതീകമായി രാഷ്ട്രപതിയുടെ വാക്കുകള്‍ നമുക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് വേറിട്ട ശൈലി സ്വീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയാതെ പോയത് ഇതുകൊണ്ടു തന്നെ.സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് വസ്തുതാപരമായ വാര്‍ത്ത കൊടുക്കാന്‍ പ്രേരണയായത് ഈ വാക്കുകളാണ്. 

('സൂചകം' മാസികയുടെ 2001 സെപ്തംബര്‍ ലക്കത്തിലാണ് സി.കെ.യുടെ ഈ ലേഖനം കൊടുത്തിട്ടുള്ളത്.)


2012, ഡിസംബർ 25, ചൊവ്വാഴ്ച

ബോധി:ആദ്യത്തെ ദലിത് സിനിമ.

സിനിമ

എം.ആര്‍.അജയന്‍.

സവര്‍ണാ ധിപത്യത്തിന്റെ കൈപ്പിടി യിലാണ് മലായാള സിനിമ എന്ന് പല പ്രമുഖ വ്യക്തികളും ആക്ഷേപി ക്കാറുണ്ട്.സവര്‍ണചിഹ്നങ്ങള്‍ മുതല്‍ ഭാഷവരെ സവര്‍ണ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നവയാണ്. ജാതിയില്‍ പിന്നോക്കക്കാരനായ ഒരാള്‍ സിനിമ നിര്‍മ്മിച്ചാല്‍ പോലും സവര്‍ണ സംസ്‌കാരം നിഴലിക്കാറുണ്ട്.മലയാള സിനിമ സവര്‍ണാധിപത്യത്തിന്റെ പുറംതോട് പൊളിച്ച് ഇതുവരെ പുറത്തുകടക്കാന്‍ ശ്രമിച്ചിട്ടില്ല.ഈ ആധിപത്യത്തിനെതിരേ മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു ദളിത് സിനിമ പ്രദര്‍ശനത്തിനുവേണ്ടി തയ്യാറെടുക്കുകയാണ്.സിനിമയുടെ പേര് 'ബോധി' എന്നാണ്.നാടകസംവിധായകനായ ജി.അജയനാണ് സംവിധായകന്‍.ദളിത് സാമൂഹ്യ പ്രവര്‍ത്തകനായ ഭാസി ഇരുമ്പനമാണ് നിര്‍മ്മാതാവ്.

ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പിയും അധഃസ്ഥിത ജനവിഭാഗത്തിനുവേണ്ടി പടപൊരുതിയ ചരിത്ര പുരുഷനുമായ ഡോ.ബി.ആര്‍.അംബേദ്കറുടെ 'ബുദ്ധനും ധര്‍മ്മവും' എന്ന ഗ്രന്ഥം ആധാരമാക്കിയാണ് ബോധി നിര്‍മ്മിച്ചിരിക്കുന്നത്.പ്രൊഫഃലക്ഷ്മി നരസുവിന്റെ 'ദി എസന്‍സ് ഓഫ് ബുദ്ധിസം' എന്ന കൃതിയിലെ ഒരു സംഭവകഥയും കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി'യും ടാഗോറിന്റെ 'ചണ്ഡാലിക' എന്ന നാടകവും ബോധിയുടെ പ്രമേയത്തെ സ്വാധീനിച്ചിട്ടുണ്ട്.ഇവ ഈ സിനിമയുടെ അടിസ്ഥാനവും ഊര്‍ജ്ജവുമാണെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

ഇന്ത്യയിലെ ആദ്യത്തെ ദളിത് പോരാട്ടമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഒരു സംഭവകഥയുണ്ട്.2500 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അത്.അതാണ് ഈ സിനിമയുടെ പശ്ചാത്തലം.ബുദ്ധ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മാതംഗി എന്ന ചണ്ഡാല ഗോത്രത്തില്‍ ജനിച്ച ഒരു ആദിവാസി പെണ്‍കുട്ടിയുടെ അശാന്തിയുടെയും ദൈന്യതയുടെയും യാത്രയാണ് ബോധിയിലൂടെ പറയുന്നത്.ഇത് സംബന്ധിച്ച് സംവിധായകനായ ജി.അജയന്‍ പറഞ്ഞതിങ്ങനെ:'ഇന്ത്യയില്‍ നിലനിന്നിരുന്ന നീചമായ ജാതിവ്യവസ്ഥയുടെ അഴിയാക്കുരുക്കുകളില്‍ ഒഴിവാക്കപ്പെടുന്ന ജനതയുടെ വേദനകളോടൊപ്പം ശ്രീ ബുദ്ധന്റെ പ്രജ്ഞകളും സംഹിതകളും ഒരുമിച്ചു ചേരുന്ന ഒരു നദിയായി മാതംഗി ബോധിയില്‍ മാറുന്നു.ഇത്തരത്തില്‍ രാഷ്ട്രീയപരമായ ഇടപെടലാകുന്ന ബോധി മലയാള ചലച്ചിത്ര ശാഖയിലെ ആദ്യത്തെ അനുഭവമാകുമെന്ന് തീര്‍ച്ചയാണ്' 

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവപരമായ ബന്ധം ക്രിയാത്മകമായി അന്വേഷിക്കുന്ന ബോധിയില്‍ പ്രകൃതി ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.കര്‍ണാടകയിലെ ഹംപി,കേരളത്തിലെ വനമേഖലയായ പൊന്നമ്പലമേട്,പീരുമേട്,പരുന്തുംപാറ,ചെറായി കടല്‍ തീരം,ആദിവാസി മേഖലയായ അട്ടപ്പാടിയിലെ നൈനാംപെട്ടി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.

ബോധിയുടെ കഥ ഇപ്രകാരമാണ്.ഭ്രഷ്ടരാ ക്കപ്പെട്ട ഒരു സ്ഥലത്തുനിന്നും മാതംഗി എന്ന ചണ്ഡാല പെണ്‍കുട്ടി കുടിനീരുതേടി പ്രാചീന ബുദ്ധ നഗരമായ ശ്രാവസ്തിയിലേക്ക് യാത്ര പോകുന്നു.ശ്രാവസ്തിയില്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന ഒരു പഴയ കിണറ്റില്‍ നിന്നും വെള്ളെടുക്കുന്ന മാതംഗിയോട് ബുദ്ധന്റെ ഏറ്റവും അടുത്ത അനുയായിയും സമ്യക് ഭിക്ഷുവുമായ ആനന്ദന്‍ ഭിക്ഷയായി കുടിവെള്ളം യാചിക്കുന്നു.ജാതിയില്‍ കീഴാളയായ തനിക്ക് ഭിക്ഷതരാന്‍ കഴിയില്ലെന്നു പറയുന്ന മാതംഗിയെ ആനന്ദന്‍ ബോധവതിയാക്കുകയും തൊട്ടുകൂടായ്മയേയും അയിത്തത്തേയും മാതംഗിയുടെ മനസ്സില്‍ നിന്നും ഇല്ലാതാക്കി വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്യുന്നു.അതിനുശേഷം ആനന്ദന്‍ മാതംഗിയെ അനുഗ്രഹിച്ച ശേഷം കടന്നു പോകുമ്പോള്‍ അവളുടെ ഹൃദയത്തില്‍ കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട സംഭവങ്ങള്‍ ഉണരുന്നു.അതോടെ അവള്‍ ബുദ്ധനേയും ബുദ്ധ ദര്‍ശനങ്ങളേയും തേടി യാത്രയാകുകയാണ്.ഇവിടെ നിന്നാണ് ബോധി എന്ന ചലച്ചിത്രം ആരംഭിക്കുന്നത്.

ഇന്ത്യയിലെ ജനങ്ങളുടെ ജാതീയമായ വേര്‍പിരി യലുകളേക്കുറിച്ചും ഏറ്റക്കുറച്ചിലുകളേക്കുറിച്ചും ബോധിയില്‍ തിരയുന്നുണ്ട്.ഒപ്പം ബുദ്ധ സംഘങ്ങളുടെ വേരുകള്‍ എങ്ങനെ പിഴുതെറിയപ്പെട്ടു എന്ന അന്വേഷണവുമുണ്ട്.സ്ത്രീയായ മാതംഗിയുടെ ബുദ്ധ സംഘത്തിലേക്കുള്ള കടന്നുവരവ് ഒരു ചരിത്രമായി മാറുകയാണ്.സിനിമയുടെ മുഖ്യധാരയില്‍ നിന്നും സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ ഇല്ലാതാകുന്ന ഈ കാലത്ത് ബോധി ഒരു യഥാര്‍ത്ഥ ദളിത്-സ്ത്രീപക്ഷ സിനിമയാണെന്നാണ് നിര്‍മ്മാതാവായ ഭാസി ഇരുമ്പനം വ്യക്തമാക്കിയത്.'സ്ത്രീകളുടെ മേനി പ്രദര്‍ശനത്തിനപ്പുറം മലയാള സിനിമകള്‍ ഗൗരവമായി സ്ത്രീ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല.സ്ത്രീ പക്ഷ സിനിമകള്‍ ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമാണ്.ഗ്ലാമറിലും ഗ്ലിസറിനിലും അല്‍പ്പവസ്ത്രം ധരിച്ച നൃത്തങ്ങളിലും സ്ത്രീകളെ തളച്ചിടുകയാണ്.മേനിയഴകുകണ്ട് അന്തംവിട്ടിരിക്കാനാണ് പ്രേക്ഷകനും താല്‍പ്പര്യം.അതില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് ബോധിയിലെ മാതംഗി എന്ന പെണ്‍കുട്ടിയുടെ ജീവിതം ആവിഷ്‌കരിച്ചിരിക്കുന്നത്'ഭാസി വിശദീകരിച്ചു. 

ബുദ്ധനിലേക്ക് ദുഃഖത്തിന്റെ കാര്യ കാരണങ്ങള്‍ തെരഞ്ഞ് കടന്നുവരുന്ന മാതംഗി ബുദ്ധന്‍ തന്നെയായി മാറുകയാണ്.ജാതിപരമായ കാരണങ്ങളാല്‍ സമൂഹത്തിന്റെ പുറംപോക്കിലേക്കെറിയപ്പെട്ടവരുടെ ഇടയിലൂടെ ജാതിവ്യവസ്ഥക്കെതിരേ മാതംഗി കലഹിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു.അതിന്റെ ഫലമായി അധികാര കേന്ദ്രങ്ങളും ബ്രാഹ്മണ്യവും മാതംഗിയേയും ബുദ്ധ സംഘങ്ങളേയും ആക്രമിക്കുന്നു.ഇതിലൂടെ വര്‍ഗീയ ഫാസിസത്തിന്റെ ക്രൂരമായ മുഖം വരച്ചുകാട്ടുന്നു.

ഇന്ത്യയില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ജാതീയ കലാപങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും കലാപങ്ങളില്‍ പിടഞ്ഞുവീഴുന്ന അധഃസ്ഥിതരുടെ തീരാവേദനകള്‍ക്കും മുന്നിലാണ് ബോധി സമര്‍പ്പിക്കുന്നത്.ബോധിയില്‍ ചലച്ചിത്ര താരങ്ങളെയെല്ലാം മാറ്റി നിര്‍ത്തി നാടകരംഗത്തും ചിത്രകലാരംഗത്തുനിന്നുമുള്ള പ്രതിഭകളേയുമാണ് പൂര്‍ണമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ചിത്രത്തില്‍ മാതംഗിയെ അവതരിപ്പിക്കുന്നത് കാലടി സംസ്‌കൃത സര്‍വകലാശാലയിലെ തിയേറ്റര്‍ വിദ്യാര്‍ത്ഥിനിയായ പൂജയാണ്.ആനന്ദ ഭിക്ഷുവായി ബാബു അന്നൂരും ശ്രാവസ്തിയിലെ രാജാവായ പ്രസേനജിത്തായി തിയേറ്റര്‍ അധ്യാപകനായ രമേശ് വര്‍മ്മ എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഛായാഗ്രഹണം നൗഷാദ്.കെ.ഷെരീഫാണ്.സംഗീതം തിരുവനന്തപുരം നാടകഗവേഷണ കേന്ദ്രത്തിലെ ശ്രീനിവാസ് വി.കെ യാണ്.ഗോത്രതാളങ്ങള്‍ ധനാത്മകമായ സംഗീതത്തില്‍ ലയിപ്പിച്ച സംഗീതമാണ് ശ്രീനിവാസ് ബോധിയില്‍ അവതരിപ്പിക്കുന്നത്.എഡിറ്റിംഗ് രതീഷ് രവിയും ചമയം പ്രദീപ് രംഗനുമാണ്.പി.ആര്‍.ഒ ജേക്കബ് ലാസര്‍.

(2009 മാര്‍ച്ച് ലക്കം 'കേരളശബ്ദം' വാരികയിലാണ് എം.ആര്‍.അജയന്റെ ഈ ലേഖനം കൊടുത്തിട്ടുള്ളത്.ചിത്രങ്ങളും വാരികയില്‍ നിന്നും പകര്‍ത്തിയതാണ്)

2012, ഡിസംബർ 24, തിങ്കളാഴ്‌ച

ഭൂമിയില്‍ നിന്ന് വിദ്യാഭാസത്തിലേക്ക്.

അഭിമുഖം

എം.ഗീതാനന്ദന്‍/സി.എസ്.മുരളി.


എം.ഗീതാനന്ദന്‍
പ്രൊഫഷനല്‍ കോഴ്‌സുകളിലെ SC/STസീറ്റുകള്‍ നിയമവിരുദ്ധമായി ഇതരവിഭാഗങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചും, SC/ST വിഭാഗങ്ങളിലെ മിശ്രവിവാഹിതരുടെ സന്തതികളെ എന്‍ട്രന്‍സ് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യാന്‍ എന്‍ട്രസ് കമ്മീഷണര്‍ ഓഫീസും,'കിര്‍ടാഡ്‌സും' സമര്‍പ്പിക്കുന്ന വ്യാജ റിപ്പോര്‍ട്ടുകളെക്കുറിച്ചും,ക്രമക്കേടുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും,തടഞ്ഞുവെച്ച അര്‍ഹരായ മുഴുവന്‍ SC/ST കുട്ടികള്‍ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ പുതിയ 'വിദ്യാലയ പ്രവേശന' സമരത്തിന് നേതൃത്വം കൊടുക്കുന്ന 2003ലെ മുത്തങ്ങാ സമരത്തിന്റെ 'മാസ്റ്റര്‍ ബ്രെയിന്‍' എം.ഗീതാനന്ദന്‍ സംസാരിക്കുന്നു.
സി.എസ്.മുരളി:പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലകളിലേക്ക് കടന്നുവരാനുള്ള സാധ്യതകള്‍ അട്ടിമറിക്കുന്ന എന്‍ട്രന്‍സ് കമ്മീഷണര്‍ ഓഫീസിന്റെയും 'കിര്‍ടാഡ്‌സി'ന്റെയും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ തടയണമെന്നും, SC/ST വിഭാഗങ്ങള്‍ക്ക് ലഭ്യമായ സീറ്റുകള്‍ മാറ്റിയെടുക്കുന്ന ക്രമവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് താങ്കളുടെ നേതൃത്വത്തില്‍ സമരം നടത്തുകയാണല്ലോ.അതിനാധാരമായ നിരീക്ഷണങ്ങളും വസ്തുതകളും വിശദീകരിക്കാമോ?

എം.ഗീതാനന്ദന്‍:പ്രൊഫഷണല്‍ കോഴ്‌സുകളില്‍ SC/ST വിഭാഗങ്ങള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ നിയമവിരുദ്ധവും ക്രമവിരുദ്ധവുമായി ഇതരവിഭാഗങ്ങള്‍ക്ക് വില്‍പ്പനയോ,കൈമാറ്റമോ നടന്നുവരുന്നു.'MBBS സ്ട്രീമില്‍'പട്ടികജാതിക്കാര്‍ക്ക് അര്‍ഹമായ സീറ്റിലെ ഏതാണ്ട് പകുതിയോളവും,പട്ടികവര്‍ഗത്തിന് ലഭ്യമായ പരിമിതമായ സീറ്റില്‍ ഏതാണ്ട് 90% മാണ്ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നത്.എന്‍ട്രന്‍സ് പരീക്ഷയില്‍ 40%മാര്‍ക്ക് ലഭിക്കുന്ന SC/ST വിഭാഗങ്ങള്‍ക്ക് മാത്രമേ MBBS/BDS പ്രവേശനത്തിന് അര്‍ഹതയുള്ളൂ.ഇങ്ങനെ അര്‍ഹത നേടുന്ന SC/ST വിദ്യാര്‍ത്ഥികളില്‍ MBBS ഓപ്ഷന്‍ നല്‍കുന്ന
ന്നവരില്‍ ഗണ്യമായ ഒരു വിഭാഗത്തെ BDS ലേക്ക് ഏകപക്ഷീയമായി മാറ്റിക്കൊണ്ടാണ് SC/ST വിഭാഗങ്ങളുടെ MBBS സീറ്റുകളില്‍ കുറവുവരുത്തുന്ന രീതി കമ്മീഷണര്‍ ഓഫീസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

2011-ല്‍ MBBS/BDS മേഖലയില്‍ SC/ ST വിഭാഗങ്ങള്‍ക്ക് ലഭിച്ച സീറ്റുകളുടെ എണ്ണവും നടന്ന അട്ടിമറിയും താഴെ പറയും വിധമാണ്.

2011-ല്‍ MBBS/BDS മേഖലയില്‍ SC വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ആകെ സീറ്റുകള്‍ 162ഉം (MBBS-15/BDS-47),ST വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നത് 41ഉം(MBBS-29/BDS-12)ആണ്.എന്നാല്‍ 2011-ല്‍ MBBS/BDS മേഖലയില്‍ SCവിഭാഗങ്ങള്‍ക്ക് ആകെ ലഭിച്ച സീറ്റുകള്‍ 148ഉം (MBBS-49/BDS-99),ST വിഭാഗങ്ങള്‍ക്ക് ആകെ ലഭിച്ച സീറ്റുകള്‍ 28 ഉം (MBBS-3/BDS-25)എന്ന ക്രമത്തിലുമാണ്.ആകെ സീറ്റുകളുടെ എണ്ണം നോക്കുമ്പോള്‍ കാര്യമായ എണ്ണം കുറവുള്ളതായി തോന്നില്ല.എന്നാല്‍ എന്‍ട്രന്‍സിന് 40%ന് മുകളില്‍ മാര്‍ക്ക് ലഭിക്കുകയും, MBBSന് ഓപ്ഷന്‍ നല്‍കിയാലും പരമാവധി അര്‍ഹരെ BDSലേക്ക് മാറ്റുന്ന ഒരു സംവിധാനം നടപ്പാക്കുന്നു.ഒഴിവുവരുന്ന MBBS സീറ്റുകള്‍ തല്‍പ്പരകക്ഷികള്‍ക്ക് വില്‍ക്കാന്‍ കഴിയുന്നു എന്ന് മാത്രമല്ല,സ്വാശ്രയ മേഖലയില്‍ വന്‍ തോതില്‍ വളര്‍ന്നുവന്ന BDS സ്ഥാപനങ്ങളുമായുള്ള ചില ധാരണകളും ഈ നടപടിക്ക് പിന്നിലുണ്ട്.വര്‍ഷങ്ങളായി ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു.(2005 മുതല്‍ 2011 വരെയുള്ള അനുബന്ധം 1-ലെ കണക്കുകള്‍ കാണുക) SC/ ST വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെടുന്നത് (പ്രത്യേകിച്ചും ST വിഭാഗങ്ങള്‍ക്ക്)40% മാര്‍ക്ക് എന്‍ട്രന്‍സില്‍ ലഭിക്കാത്തത് കൊണ്ടാണെന്ന ഒരു വിശദീകരണമാണ് ഇതിന് എന്‍ട്രന്‍സ് കമ്മീഷണര്‍ ഓഫീസ് നല്‍കാറുള്ളത്.40%മാര്‍ക്ക് വേണമെന്ന നിബന്ധന നിരവധിപേര്‍ ഒഴിവാക്കപ്പെടുന്നതിന് കാരണമാകുന്നു എന്നത് ശരിയാണ്.എന്നാല്‍ MBBS/BDS പ്രവേശനത്തിന് 40% മാര്‍ക്ക് ലഭിച്ച SC/ ST വിഭാഗങ്ങള്‍ക്ക് MBBS സീറ്റ് നിഷേധിച്ച് വരികയാണെന്ന് മേല്‍പ്പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗി.എസ്.മുരളി: SC/ ST വിഭാഗത്തില്‍പ്പെട്ട മിശ്രവിവാഹിതരുടെ കുട്ടികളെ ഇതെങ്ങനെ ബാധിക്കുന്നു?
എം.ഗീതാനന്ദന്‍:എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യതനേടി ലിസ്റ്റില്‍ കടന്നുവരുന്ന SC/ ST വിഭാഗങ്ങളെ പ്രൊഫഷണല്‍ മേഖലയിലേക്ക് വരുന്നതിനെ തടയുന്നതിന് എന്‍ട്രന്‍സ് കമ്മീഷണര്‍ ഓഫീസും ,കിര്‍ടാഡ്‌സും സംയുക്തമായി ചെയ്യുന്ന മറ്റൊരു നിയമവിരുദ്ധ നടപടിയാണ് SC/ ST വിഭാഗങ്ങളിലെ മിശ്രവിവാഹിതരുടെ സന്തതികളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുക എന്നത്.താഴെപ്പറയുന്ന നിയമവിരുദ്ധ നടപടികളാണ് ഇതിനായി അവലംബിക്കുന്നത്.

SC/ ST വിഭാഗത്തില്‍പ്പെട്ട മിശ്രവിവാഹിതര്‍ ഒരു പ്രത്യേക സംവരണ കാറ്റഗറി അല്ലെന്നിരിക്കെ,അത്തരം അപേക്ഷകരുടെ മാത്രം സത്യവാങ്മൂലവും,തഹസീല്‍ദാരുടെ സാക്ഷ്യപത്രവും എഴുതിവാങ്ങുന്ന വിവേചനപരവും നിയമവിരുദ്ധവുമായ ക്ലോസ് പ്രോസ്‌പെക്റ്റസില്‍ത്തന്നെ ഉള്‍പ്പെടുത്തുന്നു.പട്ടികജാതി/പട്ടികവര്‍ഗത്തില്‍ നിന്നും അപേക്ഷകരായി ഇത്തരം അപേക്ഷകള്‍ വന്നാല്‍ അത് തടഞ്ഞുവെക്കാനുള്ള ബോധപൂര്‍വമായ ഒരു സംവിധാനമാണിത്.

മിശ്രവിവാഹിതരുടെ സന്തതികളുടെ ജാതി നിര്‍ണയത്തിന് വ്യക്തമായ നിയമങ്ങള്‍ കേരളത്തിലും,ദേശീയതലത്തിലുമുണ്ട്.ഏറ്റവും അവസാനം കേരളത്തിലുണ്ടായ നിയമനിര്‍മ്മാണം GO(MS)109/2008/SCSTDDdated20-112008 ആണ്.ഈ ഉത്തരവ് അനുസരിച്ച് ഒരാള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാല്‍,നിയമങ്ങള്‍ക്കതീതമായ ഒരു പരിശോധനയിലൂടെ ഇത് റദ്ദാക്കാന്‍ പാടുള്ളതല്ല.പ്രസ്തുത നിയമമനുസരിച്ച് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഒരാള്‍ പട്ടികജാതിയോ പട്ടികവര്‍ഗമോ ആണ്.നിയമം അട്ടിമറിച്ചാണ് മേല്‍ പറഞ്ഞ Clause എന്‍ട്രസ് കമ്മീഷണര്‍ പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയമവിരുദ്ധമായ മേല്‍ നടപടിക്ക് അനുസൃതമായി മിശ്രവിവാഹിതരുടെ സന്തതികളായ SC/ST അപേക്ഷകരുണ്ടെങ്കില്‍,കിര്‍ടാഡ്‌സിന്റെ 'വിജിലന്‍സ് അന്വേഷണ'വിഭാഗത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് എന്‍ട്രന്‍സ് ക്വാളിഫൈ ചെയ്യുന്ന മുഴുവന്‍ ആളുകളുടെയും പേര് തടഞ്ഞുവെക്കുന്നു.2005നും 2012നും ഇടയില്‍ ഓരോവര്‍ഷവും 350നും 500നും ഇടയില്‍ വിദ്യാര്‍ത്ഥികളുടെ പേരുകളാണ് ഇങ്ങനെ തടഞ്ഞുവെക്കുന്നത്.

കിര്‍ടാഡ്‌സിന്റെ അന്വേഷണ വിഭാഗം പേരിന് ഒരു അന്വഷണം നടത്തി,എല്ലാ കേസുകളിലും വിദ്യാര്‍ത്ഥികള്‍ അയോഗ്യരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റുകല്‍ വ്യാജമാ
ണെന്ന് കാണിക്കാനുള്ള വ്യാജ റിപ്പോര്‍ട്ട് തുടര്‍ന്ന് സമര്‍പ്പിക്കുന്നു.വ്യക്തമായ മുന്‍വിധി,ബോധപൂര്‍വം അപേക്ഷകനെ ലിസ്റ്റില്‍നിന്നും ഒഴിവാക്കാനുള്ള കൃത്രിമമായതോ/ഭീഷണിപ്പെടുത്തിയോ ഉണ്ടാക്കുന്ന 'നരവംശശാസ്ത്ര ഉപാധികള്‍'പ്രൈമറി തലം മുതല്‍ ഒരു വിദ്യാര്ത്ഥി പ്ലസ് ടു വരെ SC അല്ലെങ്കില്‍ ST എന്ന സമുദായത്തില്‍ വളരുകയും,ആ സമുദായം അംഗീകരിക്കുകയും ചെയ്ത ഒരാളാണെങ്കിലും SC/ ST വിഭാഗങ്ങളിലെ മിശ്രവിവാഹിതരുടെ സന്തതികളുടെ ജാതി നിര്‍ണയത്തില്‍ അവലംബിക്കേണ്ട നിയമം നിഷ്‌കര്‍ഷിക്കുന്ന 2008-ലെ ഉത്തരവ് അട്ടിമറിച്ചുകൊണ്ടുള്ള വ്യാജ റിപ്പോര്‍ട്ടുകളാണ് കിര്‍ടാഡ്‌സ് ഉദ്യോഗസ്ഥര്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് മസര്‍പ്പിക്കുന്നത്.

ജാതി സറ്ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ട നടപടിക്രമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന 1996-ലെ നിയമം പ്രഹസനമാകുന്ന നടപടിയാണ് തുടര്‍ന്ന് നടക്കുന്നത്.എന്‍ട്രന്‍സ് കമ്മീഷന്‍ ഓഫീസില്‍ ഇതര വഭാഗങ്ങള്‍ക്ക് പ്രവേശന നടപടികള്‍ മുറപോലെ നടത്തുമ്പോള്‍, SC/ ST വിഭാഗത്തില്‍ പെട്ട തടഞ്ഞുവെക്കപ്പെടുന്നവര്‍ക്ക് 'ഹിയറിങ്' എന്ന ഒരു നടപടിക്ക് നോട്ടീസ് അയക്കും.എങ്കിലും നിയമാനുസൃതം ഒരു ഹിയറിംങ് നടപടിയും നാളിതുവരെ നടത്തിയിട്ടില്ല.ഫലത്തില്‍ മുന്‍വിധിയോടെ ആദ്യം തടഞ്ഞുവെക്കപ്പെട്ടവരുടേത്,അന്തിമമാകുന്നു.ബന്ധുബലമോ സ്വാധീനമോ സമ്പത്തോ ഉള്ള അപൂര്‍വം പേര്‍ക്ക് കടമ്പകടക്കാന്‍ കഴിഞ്ഞതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

2006 വരെ തടഞ്ഞുവെക്കപ്പെട്ടവരുടെ വിവരങ്ങള്‍ എന്‍ട്രന്‍സിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നു.തടഞ്ഞുവെക്കപ്പെടുന്നവര്‍ നിയമനടപടിക്ക് പോകാതിരിക്കാനും,വസ്തുതകള്‍ പുറംലോകം
അറിയാതിരിക്കാനും ഇതുമായി ബന്ധപ്പെട്ട എല്ലാ സ്ഥിതിവിവരക്കണക്കുകളും ഇപ്പോള്‍ മറച്ചുവെക്കുകയാണ്.

ഏതെങ്കിലും വ്യക്തികള്‍ കോടതിയെ സമീപിച്ച് ഉത്തരവുണ്ടാക്കിയാലും പ്രവേശനം ലഭിക്കാറില്ല.കാരണം,ഓപ്ഷന്‍ നടപടിക്കിടയില്‍ മാത്രമാണ് ഒരു വ്യക്തിക്ക് കോടതിയെ സമീപിക്കാന്‍ കഴിയുക.അതിനകം ഒഴിവുവരുന്ന സീറ്റുകള്‍ അലോട്ട് ചെയ്തിരിക്കും.അലോട്ട്‌മെന്റിലാണ് വ്യക്തമായ അഴിമതിയും ക്രമക്കേടുകളും നടക്കുന്നത്.ഒഴിവുവരുന്ന സീറ്റുകളുടെ കാര്യത്തിലുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെയാണ്. STഇല്ലെങ്കില്‍ SC ക്കും SC ഇല്ലെങ്കില്‍ OEC എന്നീ മുറക്കാണ് നടത്തേണ്ടത്.എന്നാല്‍ അവ്യക്തവും ക്രമവിരുദ്ധവുമായ ഒരു നടപടിക്രമത്തിലൂടെ അവിഹിതവും നിയമവിരുദ്ധവുമായി തല്‍പരകക്ഷികള്‍ക്ക് SC/ ST വിഭാഗങ്ങളുടെ സീറ്റുകള്‍ കൈമാറുന്നു. 
OEC/OBC വിഭാഗങ്ങളിലെ മിശ്രവിവാഹിതരുടെ ജാതിനിര്‍ണയനത്തിനുള്ള നിയമങ്ങളുണ്ടെങ്കിലും SC/ ST വിഭാഗങ്ങളുടെ സീറ്റുകളാണ് തടഞ്ഞുവെക്കുകയും തട്ടിയെടുക്കപ്പെടുകയും ചെയ്യുന്നത്.പ്രൊഫഷനല്‍ വിദ്യാഭ്യാസ മേഖലയില്‍ SC/ ST വിഭാഗങ്ങളുടെ പ്രാതിനിധ്യം നഷ്ടപ്പെടുത്തുന്നതില്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ ഓഫീസിന്റെയും കിര്‍ടാഡ്‌സിന്റെയും നിഗൂഢവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ മുഖയമായ ഒരു പങ്കുവഹിക്കുന്നതായി കാണാം.ഈതരവിഭാഗങ്ങള്‍ക്കുവേണ്ടി കൈമാറ്റം ചെയ്യുന്ന സീറ്റുകളില്‍ ഗണ്യമായ ഒരു വിഭാഗം SC/ ST മിശ്രവിവാഹിതരുടെ സന്തതികളെ എന്‍ട്രന്‍സ് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തുകൊണ്ടാണ് സാധ്യമാക്കുന്നത്.MBBS മേഖലയിലാണ് പ്രധാനമായും ഇത് നടപ്പാക്കുന്നത്.(എഞ്ചിനീയറിംഗ് മേഖലയില്‍ കടന്നുചെല്ലുന്ന 90%കുട്ടികളും സ്വാശ്രയ മേഖലയിലേക്ക് പോകേണ്ടിവരുന്നു.ഫീസ് ഇനത്തില്‍ സ്വാശ്രയലോബികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തുക കോടിക്കണക്കിനാണ്. സ്വാശ്രയലോബികളും എന്‍ട്രന്‍സ് സംവിധാനവും തമ്മില്‍ അവിശുദ്ധമായ ബന്ധം നിലനില്‍ക്കുന്നതായി സംശയിക്കേണ്ടതുണ്ട്)

സി.എസ്.മുരളി: കിര്‍ടാഡ്‌സ് തടഞ്ഞുവെച്ച കേസുകളെപ്പറ്റി വിശദീകരിക്കാമോ?

എം.ഗീതാനന്ദന്‍:സംശയാസ്പദമായ കേസുകള്‍ എന്ന നിലയില്‍ കിര്‍ടാഡ്‌സ് തടഞ്ഞുവെച്ച കേസുകളില്‍ 4 കേസുകള്‍ മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നു.

1.അരുണിമ ബി.വേണു-1139737 നമ്പര്‍ അപേക്ഷകയെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട്.

മേല്‍പ്പറഞ്ഞ കേസിന്റെ രത്‌നച്ചുരുക്കം ഇതാണ്:ബി.വേണു(അപേക്ഷകയുടെ അച്ഛന്‍-പട്ടികജാതി(പുലയ),വനിത(അപേക്ഷകയുടെ അമ്മ-ഹിന്ദു(ഈഴവ).വിവാഹശേഷം അച്ഛന്റെ കുടുംബത്തിലും ജീവിത സാഹചര്യത്തിലും കഴിയുന്നു.അച്ഛന്റെ തറവാട് ഒരു പട്ടികജാതി സങ്കേതം.കിര്‍ടാഡ്‌സിന്റെ റിപ്പോര്‍ട്ടിന്റെ ചുരുക്കം:അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു(വസ്തുതയല്ല).കുട്ടി അമ്മയുടെ ജാതിയില്‍ വളരുന്നു(വസ്തുതയല്ല).യഥാര്‍ത്ഥത്തില്‍ അപേക്ഷകയും പട്ടികജാതി സങ്കേതത്തിലെ അചഛന്റെ തറവാട്ടില്‍ വളരുന്നു.പുലയ സമുദായത്തിന്റെ അംഗീകാരവുമുണ്ട്.കിര്‍ടാഡ്‌സിന്റെ റിപ്പോര്‍ട്ട് വ്യാജമാണെന്ന് വ്യക്തം. 
2.ജോമിറ്റ ജോണ്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ(1189937 നമ്പര്‍)അപേക്ഷകയെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട്.

രത്‌നച്ചുരുക്കം:പിതാവ് ടി.എസ്.ജോണ്‍സണ്‍.സമുദായം സി.എസ്.ഐ ക്രിസ്ത്യന്‍ മലയരയന്‍.മാതാവ് രശ്മി,ലത്തീന്‍ ക്രസ്ത്യന്‍.ജോമിറ്റ ജോണ്‍ മലയരയ ആചാരപ്രകാരം സി.എസ്.ഐ ചര്‍ച്ചില്‍(ആലപ്പുഴ)ബാപ്‌റ്റൈസ് ചെയ്തു.പിതാവിന്റേയും മാതാവിന്റേയും കൂടെ ആലപ്പുഴ ജില്ലയിലെ അച്ഛന്റെ തൊഴില്‍ സ്ഥലത്ത് റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലും,തുടര്‍ന്ന് പിതാവിന്റെ സ്വന്തം വീട്ടിലും സമുദായ ആചാരാനുഷ്ഠാനങ്ങളിലും വളര്‍ന്നു.ഒരിക്കല്‍ പോലും മാതാവിന്റെ കുടുംബത്തിലോ,ചര്‍ച്ചുമായോ ബന്ധപ്പെട്ടു വളര്‍ന്നതല്ല.എന്നാല്‍ ജോമിറ്റ ജോണ്‍ അമ്മയുടെ സമുദായ സംസ്‌കാരത്തില്‍ വളരുന്നതായി ഒരു വ്യാജ റിപ്പോര്‍ട്ട് കിര്‍ടാഡ്‌സ് സമര്‍പ്പിച്ചു.പിതാവ് ടി.എസ്.ജോണ്‍സണെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വസ്തുതാപരമല്ല.കേട്ടുകേള്‍വി അനുസരിച്ചാണ്. ടി.എസ്.ജോണ്‍സന്റെ അനുജന്റെ പേരുപോലും റിപ്പോര്‍ട്ടിലില്ല.

3.അശ്വതി ഗോപി(നമ്പര്‍ 1147261)4.ആതിര.ജി(നമ്പര്‍ 114760)എന്നീ വിദ്യാര്‍ത്ഥിനികളെ സംബന്ധിച്ച റിപ്പോര്‍ട്ട്.

രത്‌നച്ചുരുക്കം:പിതാവ് ഗോപിദാസന്‍-വയനാട് ജില്ലയിലെ കാടര്‍(ST).അമ്മ ഷാജിമോള്‍-ഹിന്ദു(ഈഴവ)പ്ലസ് ടു വരെ വിദ്യാര്‍ത്ഥിനികള്‍ ഹിന്ദു കാടര്‍ സമുദായ സര്‍ട്ടിഫിക്കറ്റില്‍ പഠിച്ചു.അശ്വതി ഗോപി ST ലിസ്റ്റില്‍ ആറാം സ്ഥാനത്താണ്.പിതാവിന്റെ സഹോദരങ്ങള്‍ എല്ലാം മിശ്രവിവാഹിതരാണെന്നതിനാല്‍ ആതിര ജി,അശ്വതി ഗോപി എന്നിവര്‍ക്ക് ST സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയില്ല എന്ന നിയമവിരുദ്ധമായ റിപ്പോര്‍ട്ടാണ് കിര്‍ടാഡ്‌സ് സമര്‍പ്പിച്ചത്.ബന്ധുക്കളില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തി മൊഴികള്‍ വാങ്ങാന്‍ കിര്‍ടാഡ്‌സ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും ആരോപണമുണ്ട്.രണ്ടു വിദ്യാര്‍ത്ഥിനികളുടേയും കാര്യത്തില്‍ സ്‌ക്രൂട്ടിനി കമ്മിറ്റി പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിന് തയ്യാറായിട്ടില്ല.

SC/ ST വിഭാഗങ്ങളുടെ ക്ഷേമവും ഭരണഘടനാപരമായ അവകാശങ്ങളും ഉറപ്പു വരുത്താന്‍ വിശദമായ കണക്കുകളും ഡാറ്റയും സര്‍ക്കാരിന്റെ പ്ലാനിങ് രേഖകളില്‍(Economic Review)പ്രസിദ്ധീകരിക്കാനും അതിനുള്ള വിവരങ്ങള്‍ നല്‍കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ബാധ്യതയുണ്ട്.എന്നാല്‍ എന്‍ട്രന്‍സ് സംവിധാനം നിലവില്‍ വന്നതിന് ശേഷം പട്ടികജാതി-പട്ടികവര്‍ഗങ്ങളുടെ പ്രൊഫഷണല്‍ രംഗത്തെ പ്രാതിനിധ്യം മറച്ചു വെക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളും എന്‍ട്രന്‍സ് കമ്മീഷ
ണറും സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരണത്തിന് നല്‍കാതിരിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുന്നതായി കണ്ടുവരുന്നു.എന്‍ട്രന്‍സ് കമ്മീഷണറുടെ വെബ്‌സൈറ്റുകളിലോ വകുപ്പിന്റെ വെബ്‌സൈറ്റുകളിലോ വിവരങ്ങള്‍ മറച്ചുവെക്കുകയാണ്.
സേല്‍പ്പറഞ്ഞ നിയമവിരുദ്ധ നടപടികള്‍ കൂടാതെ SC/ ST വിഭാഗങ്ങള്‍ക്ക് പ്രൊഫണല്‍ വിദ്യാഭ്യസ മേഖലയില്‍ സീറ്റുകള്‍ കുറക്കുന്നത്‌ന് സര്‍ക്കാര്‍ തലത്തിലുള്ള ചില നയപരമായ തീരുമാനങ്ങളും കാരമമാകുന്നു.പ്രധാന പ്രശ്‌നങ്ങള്‍ താഴെ പറയുന്നവയാണ്.

പോതു വിദ്യാഭ്യാസ രംഗത്തും ദേശീയ വിദ്യാഭ്യാസ രംഗത്തും 20%മോ അതിലേറെയോ സംവരണശതമാനം നിലവിലുണ്ട്.സ്വകാര്യവല്‍ക്കരണം SC/ ST വിഭാഗങ്ങളളുടെ അവസരം നിഷേധിക്കുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ചും സര്‍ക്കാര്‍ ക്വാട്ടയില്‍ 20% വരെ സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടതാണ്.എന്നാല്‍ 8% SC വിഭാഗങ്ങള്‍ക്കും 2% ST വിഭാഗങ്ങള്‍ക്കും പരിമിതപ്പെടുത്തുന്ന സമീപനമാണ് എന്‍ട്രന്‍സ് അധികൃതര്‍ പ്രോസ്‌പെക്റ്റസില്‍ ചെയ്തു വരുന്നത്.ജനസംഖ്യാനുപാതത്തിലും താഴെയാണിത്.ലഭ്യമായ പരിമിതമായ സീറ്റില്‍ നിന്നാണ് എന്‍ട്രന്‍സ് കമ്മീഷണര്‍ ഓഫീസും കിര്‍ടാഡ്‌സും വീണ്ടും അട്ടിമറി നടത്തി SC/ STവിഭാഗങ്ങളെ ഒഴിവാക്കുന്നത്.

NRI,ഡിഫന്‍സ് വിഭാഗവുമായി ബന്ധപ്പഎട്ടവര്‍ക്ക് എന്‍ട്രന്‍സ് ബാധകമാക്കാതിരിക്കുമ്പോള്‍ പരിരക്ഷ കിട്ടേണ്ട SC/ ST വിഭാഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ബാധകമാക്കുന്നത് വിവേചനമാണ്.യഥാര്‍ത്ഥില്‍ സാമൂഹികമായി പിന്‍തള്ളപ്പെട്ട വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട പരിരക്ഷയാണ് മറ്റ് വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത്.മറ്റ് നിരവധി സംസ്ഥാനങ്ങള്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ അര്‍ഹത നേടാനുള്ള 40%മാനദണ്ഡം തുടരുന്നത് SC/ ST വിഭാഗങ്ങളുടെ പ്രൊഫഷണല്‍ മേഖലയിലേക്കുള്ള പ്രവേശനം തടയാനാണെന്ന് വ്യക്തമാണ്. SC/ ST വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിശീലനവും പ്രവേശനനടപടിയുമുണ്ടാക്കണമെന്ന സുപ്രീം കോടതി വിധിയും സര്‍ക്കാരും എന്‍ട്രന്‍സ് കമ്മീഷണറും ഇതേവരെ പാലിച്ചിട്ടില്ല.

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമോ SC/ ST വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഗണിച്ച് ദേശീയമാനദണ്ഡമനുസരിച്ചുള്ള പ്രാതിനിധ്യമോ പരിഗണിക്കാത്തതുമാലം പ്രൊഫണനല്‍ സീറ്റുകളില്‍ വരുന്ന സീറ്റുകുറവിനൊപ്പം എന്‍ട്രന്‍സ് കമ്മീഷണര്‍ ഓഫീസ് അവലംബിക്ക
ക്കുന്ന 40% എന്ന മാനദണ്ഡം SC/ ST വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറക്കുന്നുണ്ട്.അതോടൊപ്പം SC/ ST വിഭാഗങ്ങളുടെ സീറ്റുകള്‍ അനധികൃതമായി ഇതരവിഭാഗങ്ങള്‍ക്ക് കൈമാറുന്നതുവഴിയും,മിശ്രവിവാഹിതരുടേത് തടഞ്ഞുവെക്കുകയും റദ്ദാക്കുകയും ചെയ്ത് പൊതുമെറിറ്റിലേക്ക് മാറ്റുന്നതും SC/ ST വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിലെ വമ്പിച്ച കുറവുകള്‍ക്ക് കാരണമായിട്ടുണ്ട്.മെറിറ്റില്‍ ഉള്‍പ്പെടുത്താന്‍ യോഗ്യരായ SC/ ST അപേക്ഷകരെ സംവരണലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതും കണ്ടുവരുന്നു.

സി.എസ്.മുരളി:ഗുരുതരമായ ഈ സ്ഥിതിവിശേഷം അടിയന്തിരമായി പരിഹരിക്കുന്നതിന് താങ്കളുടെ പരിഹാര നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കാമോ?

എം.ഗീതാനന്ദന്‍:പ്രസ്തുത സ്ഥിതിവിശേഷത്തിന് പരിഹാരം കാണാന്‍ താഴെ പറയുന്ന നടപടി കൈക്കൊള്ളണമെന്ന് ഞങ്ങള്‍ വിനീതമായി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

സി.എസ്.മുരളി.
1) SC/ ST സീറ്റുകള്‍ ക്രമവിരൂദ്ധമായി മറ്റു വിഭാഗങ്ങള്‍ക്ക് കൈമാറിയ നടപടിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക.കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുക.
2) 40%മാര്‍ക്ക് എന്‍ട്രന്‍സിന് നിഷ്‌കര്‍ഷിച്ചിരിക്കുന്ന നടപടി റദ്ദാക്കുകയും ആവശ്യമായ മാറ്റം പ്രോസ്‌പെക്റ്റസില്‍ വരുത്തുകയും വേണം.മറ്റു സംസ്ഥാനങ്ങളുടെ മാതൃക അവലംബിക്കുകയും വേണം.
3) സ്റ്റേറ്റ് മെറിറ്റില്‍ ഉള്‍പ്പെടാന്‍ യോഗ്യതയുള്ള SC/ ST വിദ്യാര്‍ത്ഥികളെ സംവരണ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താതിരിക്കുക.
4) പൊതു വിദ്യാഭ്യാസ മേഖലയിലും ദേശീയ വിദ്യാഭ്യാസ മേഖലയിലും അവലംബിക്കുന്ന വിദ്യാഭ്യാസ സംവരണ സംവിധാനം(ഏറ്റവും ചുരുങ്ങിയത് 20%) SC/ ST വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യണം.
5) മിശ്രവിവാഹിതരില്‍ നിന്ന് മുന്‍കൂര്‍ സത്യവാങ്മൂലവും തഹസീല്‍ദാരുടെ സാക്ഷ്യ പത്രവും ഹാജരാക്കേണ്ട പ്രോസ്‌പെക്റ്റസിലെ ഭാഗം നീക്കം ചെയ്യണം. 
6)2005 മുതല്‍ 2012 വരെ കിര്‍ടാഡ്‌സ് ജാതിനിര്‍ണയത്തിന്റെ പേരില്‍ തടഞ്ഞുവെക്കപ്പെട്ട മുഴുവന്‍ കേസുകളും ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പുനരന്വേഷണം നടത്തുകയും നിഷ്പക്ഷവും നീതിയുക്തവുമായ നിലയില്‍ ജാതിനിര്‍ണയം നടത്താനുള്ള സംവിധാനം ഒരുക്കാന്‍ (സ്‌ക്രൂട്ടിനി കമ്മിറ്റി പോലുള്ളസംവിധാനങ്ങള്‍ക്ക് മാറ്റം വരുന്ന)1996-ലെ നിയമത്തില്‍ ഭേദഗതി വരുത്തി ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരികയും വേണം,
7) മിശ്രവിവാഹിത സന്തതികളുടെ കേസുകളില്‍ വ്യാജമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും നിയമവിരുദ്ധവും ക്രമവിരുദ്ധവുമായി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും സീറ്റുകള്‍ പൊതു മെറിറ്റിലേക്ക് മാറ്റുകയും ചെയ്ത കിര്‍ടാഡ്‌സ്/എന്‍ട്രന്‍സ് ഉദ്യോഗസ്ഥരുടെ പേരില്‍ വിജിലന്‍സ് അന്വേഷണമോ/യുക്തമായ മറ്റ് അനവേഷണമോ നടത്തണം.
8) ഈ വര്‍ഷം തടഞ്ഞുവെക്കപ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും കോടതി ഉത്തരവുകള്‍ ലഭിച്ചവരുടേയും കേസുകളില്‍ ഉടനടി സത്യസന്ധമായ ഹിയറിംങ് നടത്തുകയും അര്‍ഹരായവര്‍ക്ക് അവസരം നല്‍കുകയും വേണം.
9) 1996-ലെ നിയമം ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കി,ജാതി നിര്‍ണയ കേസുകളില്‍ നരവംശം/സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള ഒന്നുരണ്ട് ഏജന്‍സികളേക്കൂടി ചുമതലപ്പെടുത്തുകയും,യോഗ്യതയില്ലാത്തവരും മുന്‍വിധിയോടെ അന്വേഷണം നടത്തുകയും ചെയ്യുന്ന കിര്‍ടാഡ്‌സ് ഉദ്യോഗസ്ഥര്‍ 1996-ലെ നിയമം ദുരുപയോഗപ്പെടുത്തുന്ന നടപടിയില്‍ നിന്നും SC/ ST വിഭാഗങ്ങളെ സംരക്ഷിക്കുകയും വേണം.

ഇരകള്‍ക്കും കാണാതെ പോകുന്ന വരികള്‍ക്കും.

കവിത.

ജി.സിദ്ധാര്‍ത്ഥന്‍


ഇരന്നുനടന്നിട്ട് ഇനിയുമിവിടെ വരരുത്.നഷ്ടപ്പെട്ട നിങ്ങളുടെ പുണ്യഭൂമികള്‍ പിടിച്ചെടുക്കുവാനുള്ള ആരോഗ്യമിന്നു നിങ്ങള്‍ക്കില്ല.നിങ്ങളുടെ അവകാശമായ മിനിമം കലോറി ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന പോഷകാഹാരസമ്പത്ത് നിങ്ങള്‍ക്ക് കിട്ടുന്നില്ല.നിലനില്‍പ്പിനുവേണ്ടിയുള്ള നിസ്സഹായരുടെ കുരിശുയുദ്ധം തുടങ്ങുവിന്‍.താമസിക്കരുത്.കാരണം നിങ്ങളുടെ ചരിത്രങ്ങള്‍ നിഷ്‌കരുണം തമസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.അത് പൂര്‍ത്തിയാക്കാന്‍ അവര്‍ക്കിനി ഒരു പതിറ്റാണ്ടുപോലും വേണ്ട.

ആധിപത്യം കാല്‍ക്കീഴിലായാല്‍ ആരെയും ഇരന്നു നടക്കുന്ന ഇരകളാക്കില്ലെന്ന് പ്രതിജ്ഞയെടുത്തിട്ട് അവരെ ഇടിച്ചു നിരത്തൂ.

2012, ഡിസംബർ 22, ശനിയാഴ്‌ച

ശ്രീ ബുദ്ധന്‍ മാംസം ഭക്ഷിച്ചിരുന്നുവോ?

വായന


വി.എന്‍.എസ്.കടുത്തുരുത്തി.


ഭഗവാന്‍ ശ്രീ ബുദ്ധന്‍ സസ്യഭുക്കായിരുന്നോ,അതോ മാംസഭുക്കായിരുന്നോ?വിവാദങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല.

ശ്രീ ബുദ്ധന്‍ മാംസം ഭക്ഷിച്ചിരുന്നുവെന്ന് നിരവധി തെളിവുകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് പല പണ്ഡിതന്മാരും വാദിക്കുന്നു.ഇല്ലെന്നു സ്ഥാപിക്കുന്നതിനും ധാരാളം തെളിവുകള്‍ ഉണ്ട്.ബുദ്ധന്‍ പരിനിര്‍വാണ ദിവസം ഭക്ഷിച്ച പദാര്‍ത്ഥം സുകരമദ്ദവം ആയിരുന്നു.ബുദ്ധഘോഷാചാര്യന്‍ പറയുന്ന വ്യാഖ്യാനം:-

 ''സുകരമദ്ദവം തി നാതി തരുണസ്സ,നാതി ജിണ്ണസ്സ ഏക ജേട്ടകസുകരസ്സ പവക്തമംസം.തം കിര മൃദും ചേവ സിനിദ്ധം ച ഹോതി.തം പടിയാദാ പേത്വാ സാധുകം പചാപേത്വാ തി അത്ഥോ.ഏകേ ഭരന്തി,സുകരമദ്ദവം തി പന മൃദു ഓദനസ്സ പഞ്ചഗോരസയൂസപാചനവിധാനസ്സ നാമമേതം,യഥാ ഗവപാനം നാമ പാക നാമം തി.കേചി ഭണന്തി,സുകരമദ്ദവം നാമ രസായനവിധി,തം പന രസായനത്ഥേ ആഗച്ഛതി,തം ചുന്ദേന ഭവതോ മം പരിനിബ്ബാനം ന ഭവേയ്യോ,തി രസായനം പടിയത്തം തി.''

സുകരമദ്ദവം എന്നത് വളരെ ചെറുപ്പമോ വളരെ പ്രായം ചെന്നതോ അല്ലാത്ത മാംസളമായ മധ്യപ്രായത്തിലുള്ള സുകരത്തെ പാകം ചെയ്ത മാംസമാണ്.അത് മൃദുവും സ്‌നിഗ്ധവുമാണ്.അത് പാകപ്പെടുത്തുകയെന്നാല്‍ ഉത്തമമായ രീതിയില്‍ സേവിക്കുക എന്നര്‍ത്ഥമാക്കണം.

ചിലര്‍ പറയുന്നത് പഞ്ചഗോരസങ്ങള്‍ ചേര്‍ത്തു പാകം ചെയ്യുന്ന മൃദുവായ അന്നത്തിന്റെ പേരാണ് എന്നാകുന്നു.ഉദാഹരണമായി ഗവപാനം എന്നത് ഒരു വിശിഷ്ടമായ ഭക്ഷണ വിശേഷണമാണല്ലോ?ചിലര്‍ പറയുന്നു സുകരമദ്ദവം എന്നത് ഒരു രസായനമാണെന്നാകുന്നു.രസായനം എന്ന അര്‍ത്ഥത്തില്‍ ആ ശബ്ദം പ്രയോഗിക്കാറുണ്ട്.ഭഗവാന്‍ പരിനിര്‍വാണം പ്രാപിക്കരുത് എന്നു കരുതി ചുന്ദന്‍ ഈ രസായനം ഭഗവാന് കൊടുത്തതാണ്.

ഈ വ്യാഖ്യാനത്തില്‍ സുകരമദ്ദവ ശബ്ദത്തിന് മുഖ്യാര്‍ത്ഥമായി സുകരമാംസം എന്നു പറഞ്ഞിരിക്കുന്നു.എങ്കിലും ഈ അര്‍ത്ഥം ശരിയാണെന്ന് ബുദ്ധഘോഷാചാര്യന്‍ സമ്മതിക്കുന്നില്ല.ഉദാന അട്ട കഥയില്‍ ഇപ്രകാരം പറയുന്നു:-

"കേചി പന സുകരമദ്ദവം തി ന സുകരമംസം,സുകരേ ഹി മദ്ദിത വംസകളീരോ തി വദന്തി.അജത്‌ധേ സുകരേ ഹി മദ്ദിതപദേസേ ജാതം അഹിച്ഛത്തകം തി"

ചിലര്‍ പറയുന്നത് സുകരമദ്ദവം എന്നത് സുകരത്തിന്റെ മാംസമല്ല;സുകരങ്ങള്‍ മര്‍ദ്ദിച്ച മുളക്കഷണങ്ങളാണെന്നാണ്.മറ്റു ചിലരാകട്ടെ സുകരം മര്‍ദ്ദിച്ച പ്രദേശത്തില്‍ മുളക്കുന്ന കൂണ്‍ ആണ് സുകരമദ്ദവം എന്ന് പറയുന്നത്.

ഇങ്ങനെ സുകരമദ്ദവ ശബ്ദത്തിന്റെ അര്‍ത്ഥത്തെ സംബന്ധിച്ച അനേകം അഭിപ്രായ വ്യത്യാസം കാണുന്നുണ്ട്.എന്നാല്‍ ശ്രീ ബുദ്ധന്റെ ദിനചര്യകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോഴും അദ്ദേഹത്തിന്റെ തത്വങ്ങള്‍ വ്യാഖ്യാനിക്കുമ്പോഴും അദ്ദേഹം മാംസം ഭക്ഷിച്ചിരുന്നുവെന്ന് സ്ഥാപിക്കുവാന്‍ നിര്‍വാഹമില്ല.

ശ്രീ ബുദ്ധന്റെ ദേഹവിയോഗവും സുകരമദ്ദവവും

ശ്രീ ബുദ്ധന്റെ വാര്‍ധക്യകാലത്ത്,ഒരു ദിവസം ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ തന്റെ പൂര്‍വസുഹൃത്തായ ഒരു ശില്‍പ്പിയുടെ ഭവനത്തില്‍ അതിഥിയായി ചെന്നു.ശില്‍പ്പി വളരെ സന്തോഷപൂര്‍വം ബുദ്ധനും ശിഷ്യന്മാര്‍ക്കും നല്ലൊരു വിരുന്നു തയ്യാറാക്കി.വിരുന്നു നടന്നുകൊണ്ടിരുന്നപ്പോള്‍ ശില്‍പ്പി 'സുകരമാധവം'എന്ന മുഖവുരയോടുകൂടി ആദരപൂര്‍വം ഒരു വിഭവം വിരുന്നില്‍ വിളമ്പി.ശ്രീ ബുദ്ധനും അത് നല്‍കി.അത് മധുരക്കിഴങ്ങുകൊണ്ടുള്ള ഒരു വിശിഷ്ട ഭോജ്യമായിരുന്നു.മധുരക്കിഴങ്ങിന് അവിടെ സുകര്‍ കന്ദ് എന്നാണ് പേര്.സുകരം എന്ന വാക്കിന്റെ അര്‍ത്ഥം പന്നി എന്നാണല്ലോ.നല്ല മുഴുപ്പുള്ള ഒരു മധുരക്കിഴങ്ങിന്റെ ആകൃതി ഏതാണ്ട് പന്നിയെ പോലെ തോന്നിക്കും.അതിനാലാവാം അതിന് സുകര്‍ കന്ദ് എന്ന് പേര് സിദ്ധിച്ചത്.

മധുരക്കിഴങ്ങ് നല്ലവണ്ണം പാകം ചെയ്ത് നല്ല കുഴമ്പ് പാകത്തില്‍ തയ്യാറാക്കിയ ഭോജ്യമായതിനാലാണ് ശില്‍പ്പി അതിനെ "സുകര മാധവം" എന്ന് വിശേഷിപ്പിച്ചത്.വളരെ രുചികരമായ ഈ ഭോജ്യം ശ്രീ ബുദ്ധന് വളരെ ഇഷ്ടമായി തോന്നിയതിനാല്‍ അല്‍പ്പം കൂടുതല്‍ കഴിച്ചു.തളര്‍ച്ച ഉണ്ടാക്കുന്നതും അധികമായാല്‍ ജീര്‍ണത ഉണ്ടാകാന്‍ ഇടയുള്ളതുമാണ് ഈ ഭോജ്യ വസ്തു.പ്രായാധിക്യമേറിയ ശ്രീ ബുദ്ധന് ഇത് രോഗകാരണമായി ഭവിച്ചു.അവസാനം അത് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിന് ഇടയാക്കുകയും ചെയ്തു.

സുകരമാധവം എന്ന ഈ ഭോജ്യവസ്തുവാണ് പല പാശ്ചാത്യ ഗ്രന്ഥകാരന്മാരേയും തെറ്റിധരിപ്പിച്ചത്.ജീവിതകാലം മുഴുവന്‍ അഹിംസ ഉപദേശിക്കുകയും മാംസാഹാരം വര്‍ജിക്കുകയും ചെയ്തിരുന്ന ശ്രീ ബുദ്ധന്‍ അവസാനം പന്നിമാംസം ഭക്ഷിച്ചു കാലധര്‍മ്മം പ്രാപിക്കാന്‍ ഇടയായി എന്ന അപവാദത്തിന് അത് ഇടയാക്കുകയും ചെയ്തു. 

('വൈക്കം മെയില്‍' മാസികയുടെ 2003 നവംബര്‍ ലക്കത്തിലാണ് വി.എന്‍.എസ്.കടുത്തുരുത്തിയുടെ ഈ ലേഖനം കൊടുത്തിട്ടുള്ളത്.ചിത്രങ്ങള്‍ എല്ലാം ഇന്റര്‍നെറ്റില്‍ നിന്നും എടുത്തിട്ടുള്ളതാണ്.)


പി.എം.ആന്റണിയും 'അയ്യങ്കാളി'യും.

പുസ്തകം

കണ്ണന്‍ മേലോത്ത്.


തിയേറ്റര്‍ ആര്‍ട്ടിനെ ജനകീയമാക്കുന്നതിലൂടെ സാമൂഹ്യ ഘടനയില്‍ മാറ്റങ്ങള്‍ വരുത്താം എന്ന കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുകയും അതിനായി ജീവപര്യന്തം പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് പി.എം.ആന്റെണി.അദ്ദേഹം കളിയരങ്ങിനുമുന്നില്‍ ജനങ്ങളെ എത്തിക്കുകയല്ല ചെയ്തത്,മറിച്ച് കളിയരങ്ങിനെ ജനങ്ങളുടെ മുന്നില്‍ എത്തിക്കുകയാണ് ചെയ്തത്.അങ്ങനെ ഹോവാര്‍ഡ് ഫാസ്റ്റിന്റെ 'സ്പാര്‍ട്ടക്കസ്' നിക്കോസ് കസാന്‍ദ് സാക്കീസിന്റെ 'ദി ലാസ്റ്റ് ടെംറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' എന്ന നോവലിനെ ഉപജീവിച്ച് തയ്യാറാക്കിയ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്','മണ്ടേലക്ക് സ്‌നേഹപൂര്‍വം വിന്നി' എന്നീ നാടകങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തിച്ചു. ക്രിസ്തുവിന്റെ ആറാം തിരുമുറിവിന്റെ രംഗാവതരണം ഗവണ്‍മെന്റ് നിരോധിച്ചുവെങ്കിലും ആ നാടകം പുസ്തകരൂപത്തില്‍ ഇന്ത്യന്‍ എത്തീസ്റ്റ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചു. മണ്ടേലക്ക് സ്‌നേഹപൂര്‍വം വിന്നി എന്ന നാടകത്തിന് 1992 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.അപ്പോള്‍ ആന്റണി ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലും പരോളിലുമായി കഴിയുകയായിരുന്നു.സുപ്രീം കോടതിയില്‍ ആന്റണിക്കുവേണ്ടി കേസ് സൗജന്യമായി വാദിച്ചത് ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റിയായിരുന്നു.

മണ്ടേലക്ക് സ്‌നേഹപൂര്‍വം വിന്നി യുടെ അവതരണത്തിനുശേഷം പി.എം.ആന്റണി മാറി ചിന്തിച്ചു.അതു വരെയുള്ള നാടകങ്ങളെല്ലാം പുറംനാടുകളിലെ അടിമവര്‍ഗ പോരാളികളെ കുറിച്ചുള്ളതായിരുന്നു.നാട്ടില്‍ നടന്ന അടിമവര്‍ഗ പോരാട്ടത്തെയും അതിന്റെ നായകനെക്കുറിച്ചും എഴുതിയ 'അയ്യങ്കാളി' പിറക്കുന്നത് അങ്ങനെയാണ്.ഇത് തിരുവനന്തപുരത്തുള്ള സൂര്യകാന്തി തിയേറ്റേഴ്‌സ് ആണ് രംഗത്ത് അവതരിപ്പിച്ചത്.നാടകം പുസ്തകരൂപത്തില്‍ ഇറക്കിയതും എത്തീസ്റ്റ് പബ്ലിഷേഴ്‌സ് തന്നെയാണ്.പുസ്തകത്തിന് അവതാരിക എഴുതിയ ജോസഫ് ഇടമറുക് അയ്യങ്കാളി നടത്തിയ അടിമപ്പോരാട്ടം വിശദമായി തന്നെ എഴുതിയിട്ടുണ്ട്.ഇടമറുക് എഴുതിയ 'കേരള സംസ്‌കാരം' എന്ന ചരിത്ര പുസ്തകത്തില്‍, ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് ചെയ്തതുപോലെ പേരു സൂചിപ്പിക്കാതെ പോലും അയ്യങ്കാളിയെ ഒഴിവാക്കിയിരുന്നു.എന്നാല്‍ അിറഞ്ഞപ്പോള്‍ തിരുത്തുവാന്‍ തയ്യാറായത് ഇടമറുകിന്റെ വലിയ മനസിനെ സൂചിപ്പിക്കുന്നുവെന്ന് ഈ അവതാരികയിലെ വിശദമായ പഠനം വ്യക്തമാക്കുന്നു.

2002ലാണ് 'അയ്യങ്കാളി' അരങ്ങിലെത്തുന്നത്.സംവിധായകന്‍ ജയന്‍ കളിയരങ്ങുകളില്‍ എത്തുമായിരുന്നു.സമുദായ സംഘടനയായ കെ.പി.എം.എസ് നോക്കിനടത്തുന്ന ഒരു അമ്പലത്തില്‍ പോലും അയ്യങ്കാളി അവതരിപ്പിക്കാന്‍ അവസരം കൊടുത്തില്ല എന്ന് ജയന്‍ അന്നു പറഞ്ഞു.അതേസമയം അവര്‍ 'ഏലംകുളം മനക്കലെ അമ്മ'ക്ക് ഒരുപാട് അരങ്ങുകള്‍ ഒരുക്കിക്കൊടുത്തു.കവിയൂര്‍ മുരളി 'കേരള പുലയര്‍ മാര്‍ക്‌സിസ്റ്റ് സഭ' എന്നേ കെ.പി.എം.എസി നെ വിളിക്കുമായിരുന്നുള്ളൂ.

നാടകത്തിന് ഇടമറുക് എഴുതിയ അവതാരികയില്‍ നിന്നും-

അയ്യങ്കാളി നടത്തിയ ധീരോദാത്തമായ സമരത്തിന്റെ ചരിത്രം ഇനിയും പൂര്‍ണമായി എഴുതപ്പെട്ടിട്ടില്ല.ടി.എച്ച്.പി.ചെന്താരശ്ശേരി എഴുതിയ 'അയ്യങ്കാളി' എന്ന ജീവചരിത്രം (1979)വിലപ്പെട്ട ഒരു ഗ്രനഥമാണ്. അദ്ദേഹം തന്നെ കുറേക്കൂടി വിവരങ്ങള്‍ ശേഖരിച്ച് ബൃഹത്തായ ഒരു ജീവചരിത്രം തയ്യാറാക്കേണ്ടിയിരുന്നു എന്ന് അതു വായിച്ചപ്പോള്‍ എനിക്കു തോന്നി.

അയ്യങ്കാളി നടത്തിയ സമരങ്ങളെ ഒരു നാടകത്തില്‍ കൂടി അവതരിപ്പിക്കുവാന്‍ കഴിയുമെന്ന് പി.എം.ആന്റണി തെളിയിച്ചിരിക്കുന്നു.ഇത് മറ്റാര്‍ക്കും കഴിയാത്ത കാര്യമാണ്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ്, മണ്ടേലക്ക് സ്‌നേഹപൂര്‍വം വിന്നി,വിശുദ്ധ പാപങ്ങള്‍ തുടങ്ങിയ നാടകങ്ങളെ മലയാളികല്‍ സഹര്‍ഷം സ്വാഗതം ചെയ്തു.അതില്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ഉണ്ടാക്കിയ ശബ്ദം ഇന്നും നിലനില്‍ക്കുന്നു.അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും യാഥാസ്ഥിതികത്വത്തിനും ജാതി,മതം,ചൂഷണത്തില്‍ അധിഷ്ടിതമായ സാമൂഹ്യ വ്യവസ്ഥിതി എന്നിവക്കും എതിരെ പോരാടാന്‍ പി.എം.ആന്റെണി തന്റെ നാടകങ്ങളെ ഉപയോഗിക്കുന്നു.സ്റ്റേജിനെപ്പറ്റി നന്നായി അറിയാവുന്ന ഒരു നാടക സംവിധായകന്‍ കൂടിയാണദ്ദേഹം. 


ചെറുപടങ്ങളുടെ തമ്പുരാന്റെ പടയൊരുക്കം

സിനിമ

കണ്ണന്‍ മേലോത്ത്.

കര്‍തൃത്വപരമായ ഔന്നത്യം എപ്പോഴും ഭൂപരമായ വിസ്തൃതിയെ ആശ്രയിച്ചിരിക്കുന്നുവെന്നുള്ള മേലോളവര്‍ഗ വിശ്വാസ ധാരയിലെ സനാതന സ്ഥാപനങ്ങളുടെ ഔദ്ധ്യത്യങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ചത് ഇത്തിരിപ്പോന്ന രാജ്യമായ ഭൂട്ടാനില്‍ നിന്നും ദി കപ്പ് എന്ന സിനിമാ സൂചകവുമായി ഖിയന്‍സെ നോര്‍ബു എന്ന ലാമ എത്തിയപ്പോഴായിരുന്നു.

കടല്‍ത്തീരം കാണാന്‍ അന്യന്റെ ഔദാര്യത്തിനു കാക്കേണ്ടതുള്ള വമ്പന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ കുരുങ്ങിയ ഈ പ്രബുദ്ധ രാജ്യത്തുനിന്നുമെത്തിയ ലക്ഷണയുക്തമായ ഒരു ചലച്ചിത്രം പ്രഹരശേഷിയുള്ള ദൃശ്യതയുടെ ഭൂട്ടാനിയന്‍ കരുത്തു കാട്ടി.കീഴാള ദേശീയ ധാരയുടെ ശവക്കൂനക്കുമേല്‍ നാട്ടിയുയര്‍ത്തിയ സൗന്ദര്യശാസ്ത്ര ഗോപുരത്തിന്റെ സവര്‍ണീയ മകുടങ്ങള്‍ തന്നെ അത് തട്ടിയുടച്ചു താഴെയിട്ടു.അധികാരത്തിന്റെ അന്തരാളങ്ങളില്‍ സഹശയനം നടത്തുന്നവരുടെ ഷണ്ഡതയെയും നിസംഗതയെയും അത് വെല്ലു വിളിച്ചു.ഭൂട്ടാന്‍ ദേശീയതയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള ഒരു ചരിത്ര സംഭവത്തെ അതി നര്‍മ്മത്തിന്റെ പേട്ടു കാഴ്ചകള്‍ നല്‍കി വികൃതമാക്കാതെ ദൃശ്യ ഭാഷയുടെ സരള പദങ്ങളില്‍ സാക്ഷാത്കരിച്ച 'ദി കപ്പി'ന്റെ വിനിമയ മൂല്യം നിര്‍വചനങ്ങളിലൂടെ ഉയര്‍ത്തുന്നതിന് മാധ്യമ സ്ഥലങ്ങളില്‍ വെച്ച് ഏറ്റു കാഴ്ചക്കാര്‍ മത്സരിക്കുക പോലുമുണ്ടായി.

സൗന്ദര്യശാസ്ത്ര സ്ഥാപനങ്ങളിലെ സവര്‍ണീയ കല്‍പ്പനകളുടെ ആന്തരികവും ഉപരിപ്ലവുമായ പ്രഛഹ്നതകളെ മാത്രമല്ല ഖിയന്‍സെ നോര്‍ബു ഉച്ചാടനം ചെയ്തത്.ബുദ്ധ ഭിക്ഷുക്കള്‍ എപ്പോഴും ധ്യാനനിരതരായി കഴിയുന്ന വെറും നിഷ്‌ക്രിയരായിരിക്കുമെന്ന ചിരന്തനവും സങ്കുചിതവുമായ വിശ്വാസങ്ങളെയും പൊളിച്ചെഴുതി.സിനിമക്കാരുടെ ഇടയിലെ ലാമയും ലാമകളുടെ ഇടയിലെ  സിനിമക്കാരനുമാണ് ഖിയന്‍സെ നോര്‍ബു.19ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജാമിയാങ് ഖിയന്‍സെ വാങ്‌പോ എന്ന ടിബറ്റന്‍ ലാമയുടെ പുനര്‍ജന്മമാണെന്ന് തന്റെ 7ആമത്തെ വയസില്‍ തിരിച്ചറിയുന്ന ഖിയന്‍സെ നോര്‍ബുവിന്റെ മുഴുവന്‍ പേര് ഷോങ്‌സാര്‍ ജാമിയാങ് ഖിയന്‍സെ റിന്‍പോച്ച് നോര്‍ബു എന്നാണ്.ആകെ ജനസംഖ്യയില്‍ 20%പേരും ബുദ്ധഭിക്ഷുക്കളായുള്ള ഭൂട്ടാനിലെ അറിയപ്പെടുന്ന ആദരണീയ വ്യക്തിത്വങ്ങളില്‍ ഒന്നാണ് ഖിയന്‍സെ നോര്‍ബു.

1992-ല്‍ വിഖ്യാത സിനിമക്കാരന്‍ ബെര്‍ണാഡോ ബെര്‍ട്ടോലുച്ചി തന്റെ 'ലിറ്റില്‍ ബുദ്ധ' ചിത്രീകരിക്കുന്നതിനായി ഭൂട്ടാനിലെത്തിയപ്പോള്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ഖിയന്‍സെ                  നോര്‍ബുവായിരുന്നു.
അങ്ങനെയാണ് ആ ലാമയില്‍ സിനിമക്കാരന്റെ പ്രതിഭ അങ്കുരിക്കുന്നത്.അതിനുമുമ്പ് ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസത്തിനായി ചെന്ന വേളയില്‍ സത്യജിത് റേ,യസുജിറോ ഒസു,ആന്ദ്രേയ് തര്‍ക്കോവ്‌സ്‌കി എന്നിവരുടെ സിനിമകളുമായി പരിചയപ്പെട്ടിരുന്നു.സിനിമയുടെ രാഷ്ട്രീയത്തിലെ ദേശികത പരിഗണിച്ച് നിരീക്ഷകരിപ്പോള്‍ ഇറാനിയന്‍ സിനിമക്കാരോടൊപ്പമാണ് ഖിയന്‍സെ നോര്‍ബുവിന്റെ പേര് ചേര്‍ത്തു വെക്കുന്നത്.

പൂര്‍ണമായും ഭൂട്ടാനില്‍ വെച്ച് ചിത്രീകരിച്ചത് ഖിയന്‍സെ നോര്‍ബുവിന്റെ രണ്ടാമത്തെ പടമായ 'ട്രാവലേഷ്‌സ് ആന്റ് മജീഷ്യന്‍സ്' ആണ്.ആത്മീയവും ഭൗതികവുമായ രണ്ട് സമാന്തര യാത്രകളാണ് ഇതിവൃത്തം.കാഴ്ചയെ ഉടക്കിനിര്‍ത്തുന്ന ഭൂട്ടാനിയന്‍ പ്രകൃതി ഭംഗി നിരത്തിനിറച്ച് ആത്മീയതയിലും ദേശികതയിലുമുള്ള തന്റെ ദൃശ്യതന്ത്ര രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്നതിന് ഉപരിയായി ഈ സിനിമയില്‍ കഥനീയത തുലോം തുഛമാണ്.ഫോട്ടോഗ്രാഫര്‍ അലന്‍ കോസ്ലോവ്കി ഉള്‍പ്പെടെ 16 പാശ്ചാത്യര്‍ പിന്നണിയിലും 108ഓളം ഭൂട്ടാനിയന്‍ ദേശിക സംഘക്കാരും ചേര്‍ന്നൊരുക്കിയ ഈ പടത്തിന്റെ സങ്കലന പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയത് ആസ്‌ത്രേലിയയില്‍ വെച്ചായിരുന്നു.പാത്രാവതാരകരില്‍ ദേകി യാങ്‌സം,ലാക്‌പോ ഡോര്‍ജി,സോനം കിംങ്,സോനം ലാമോ,ഷേവാങ് ഡെന്‍ഡുപ് എന്നിവര്‍ ഉള്‍പ്പെടുന്നു.


2012, ഡിസംബർ 21, വെള്ളിയാഴ്‌ച

ബുദ്ധന്റേത് കേവല അഹിംസാവാദം മാത്രമായിരുന്നില്ല.

നേരറിവ്

ഡോ.എം.എസ്.ജയപ്രകാശ്.

നിലവിലുള്ള ഇന്ത്യാചരിത്രം പറയുന്നതുപോലെ ശ്രീ ബുദ്ധന്‍ കേവല അഹിംസാവാദി മാത്രമായിരുന്നില്ല. അനീതിക്കും അക്രമത്തിനുമെതിരേ സമരോത്സുകപ്രതിരോധം എന്ന അശയം ബുദ്ധമതത്തിന് അന്യമായിരുന്നില്ല. തമസ്‌കരിക്കപ്പെട്ട ഈ ചരിത്രസത്യം വെളിപ്പെടുത്തുന്നതാണ് കൊല്‍ക്കത്തയിലെ നാഷനല്‍ മ്യൂസിയത്തിലും ജര്‍മ്മനിയിലെ ബെര്‍ലിന്‍ മ്യൂസിയത്തിലും കാണുന്ന വാളേന്തിയ ബുദ്ധപ്രതിമകള്‍.(ബെര്‍ലിന്‍ മ്യൂസിയത്തില്‍ ഐ.സി.1065ആം നമ്പറായി സൂക്ഷിച്ചിരിക്കുന്ന ബുദ്ധ പ്രതിമയാണ് ചിത്രത്തില്‍ കാണുന്നത്)

ബുദ്ധ സന്ദേശങ്ങള്‍ അടങ്ങുന്ന കമല സൂത്രത്തില്‍(Lotus Sutra)അനീതിക്കെതിരെ ഹിംസാത്മക ചെറുത്ത് നില്‍പ്പ് ആവശ്യമാണെന്ന് ബുദ്ധന്‍ പറയുന്നുണ്ട്.ഇന്ത്യയിലെ പുരാവസ്തു മ്യൂസിയങ്ങളില്‍ ഭാഗികമായി തകര്‍ക്കപ്പെട്ട നിരവധി ബുദ്ധ പ്രതിമകള്‍ സൂക്ഷിച്ചിട്ടുണ്ട്.അവയില്‍ നല്ലൊരു ഭാഗം പ്രതിമകളുടേയും വലതുകൈ പൊട്ടിച്ചുമാറ്റി,ബുദ്ധ മതത്തിന്റെ സമരോത്സുകതയെ മറച്ചുവെക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍ നടന്നത്.ബുദ്ധ മതത്തിനെതിരേ പ്രവര്‍ത്തിച്ച ഹിന്ദുത്വ ശക്തികള്‍ ആസൂത്രതമായി നടത്തിയ ഒരു പരിപാടിയാണിതെന്നതിന് തെളിവുകള്‍ ഏറെയുണ്ട്.ധ്യാനത്തിലിരിക്കുന്ന രീതിയിലുള്ള ബുദ്ധ പ്രതിമകളെ തകര്‍ക്കാതെ അവശേഷിപ്പിക്കുകയും അഹിംസാവാദത്തിന്റെ മേലങ്കി ബുദ്ധനെ അണിയിക്കുകയും ചെയ്തു.

ബുദ്ധമതം ശക്തമായി നില്‍ക്കുന്ന ചൈന,ജപ്പാന്‍,തായലന്റ്,ടിബറ്റ് ബര്‍മ്മ,വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ കരാട്ടെ,ജൂഡോ,കുംങ്ഫു തുടങ്ങിയ കായികാഭ്യാസ കലകള്‍ ഉള്ളത് പ്രതിരോധാത്മക ബുദ്ധ മതത്തിന്റെ സ്വാധീനത്തെയാണ് കാണിക്കുന്നത്.കേരളത്തില്‍ ബി.സി.300 മുതല്‍ എ.ഡി.900 വരെ 1200 വര്‍ഷക്കാലം ബുദ്ധമതം ശക്തമായിരുന്നു.ഇതിന്റെ സ്വാധീനമാണ് നമ്മുടെ കളരിപ്പയറ്റില്‍ കാണുന്നത്.പുത്തൂരം വീടും തച്ചോളി കുടുംബവും മറ്റും പ്രകടമാക്കിയത് ഈ ബുദ്ധമത പാരമ്പര്യത്തിലെ അഭ്യാസമുറകളായിരുന്നു.ഈഴവരുടെ കളരി പാരമ്പര്യത്തെപ്പറ്റി ശ്രീലങ്കന്‍ രേഖകളില്‍ വ്യക്തമായ സൂചനകളുണ്ട്.കേരളത്തിലെ ബുദ്ധ മതാചാര്യനായിരുന്ന ബോധിധര്‍മ്മനാണ് ഈ അഭ്യാസകലയെ ചൈനയില്‍ എത്തിച്ചത്.ചൈനയിലെ ഷാവോലിന്‍ എന്ന ബുദ്ധ വിഹാരത്തിലെ അംഗങ്ങളെയാണ് ബോധിധര്‍മ്മന്‍ ആദ്യം കളരി അഭ്യസിപ്പിച്ചത്.'ഭാമോ' എന്ന ചൈനീസ് പേരിലാണ് ഇന്നും ബോധിധര്‍മ്മന്‍ സ്മരിക്കപ്പെടുന്നത്.ചൈനയില്‍ കളരിപ്പയറ്റ് 'കുങ്ഫു' അഥവാ 'വുഷു' എന്ന പേരില്‍ അിറയപ്പെടുന്നു.

യാഗങ്ങള്‍ക്കായി വന്‍തോതില്‍ മൃഗങ്ങളെ കൊല്ലുന്നതിനെയാണ് ബുദ്ധന്‍ എതിര്‍ത്തിരുന്നത്.ഭക്ഷണത്തിനായി മൃഗങ്ങളെ ഉപയോഗിക്കുന്നത് വിലക്കിയിരുന്നില്ല.പഴകിയ പന്നി മാംസം കഴിച്ച് രോഗബാധിതനായിട്ടാണ് ബുദ്ധന്‍ അന്തരിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്.കൊല്ലാനുള്ള മനഃസ്ഥിതിയെ (വില്‍ ടു കില്‍)എതിര്‍ത്ത ബുദ്ധന്‍ ആവശ്യത്തിനുള്ള കൊലയെ(നീഡ് ടു കില്‍)എതിര്‍ത്തിരുന്നില്ല.ബുദ്ധമതത്തെ പൈശാചികമായി തകര്‍ത്തതിനുശേഷം ശത്രുക്കള്‍ നല്‍കിയ വ്യാഖ്യാനങ്ങളിലാണ് ബുദ്ധ സന്ദേശത്തെ വികലമായി ചിത്രീകരിച്ചിരിക്കുന്നത്.

ബുദ്ധന്റെ അഹിംസാവാദം രാജ്യത്തിന്റെ പ്രതിരോധശേഷിയെ നഷിപ്പിച്ചുവെന്നും അതിനാല്‍ വിദേശ ആക്രമണം ഉണ്ടായി എന്നും ചില ചരിത്രകാരന്മാര്‍ പറയുന്നത് നിപുണമായ കള്ളമാണ്.വിദേശികളുടെ മുന്നില്‍ മുട്ടുമടക്കിയതും വിദേശികളെ വിളിച്ചു വരുത്തിയതും ഹിന്ദുരാജാക്കന്മാരായിരുന്നു എന്നതിന് നിരവധി തെളിവുകള്‍ ചരിത്രത്തിന്റെ ഏടുകളില്‍ കാണാം.

ബുദ്ധമതത്തെ തകര്‍ത്തതിനുശേഷം ശക്തിപ്രാപിച്ച ഹിന്ദുമതത്തിലെ വൈഷ്ണവ ശൈവ ദൈവങ്ങളെല്ലാം ആയുധ ധാരികളായിരിക്കുന്നത് പഠനാര്‍ഹമായ കാര്യമാണ്.ബുദ്ധമതത്തെ അഹിംസയുടെ മൂടുപടം അണിയിക്കുകയും ഹിന്ദുമതം സമരോത്സുകതയുടെ പരിവേഷം എടുത്തണിയുകയും ചെയ്തു.

('കേരളശബ്ദം' വാരികയുടെ 2009 മാര്‍ച്ച് ലക്കത്തില്‍ കൊടുത്തിരുന്നതാണ് ഈ ലേഖനം) 


2012, ഡിസംബർ 18, ചൊവ്വാഴ്ച

കാണാപ്പുറം കാഴ്ചകള്‍.

സിനിമ

കണ്ണന്‍ മേലോത്ത്.


ലാറ്റിനമേരിക്കന്‍ നാടുകളില്‍ നിന്ന് പൊതുവേ പറഞ്ഞാല്‍ പടങ്ങളൊന്നും കാണാന്‍ കിട്ടാറില്ല.ബ്രസീല്‍, അര്‍ജന്റിന,ചിലി,മെക്‌സിക്കോ എന്നിവിടങ്ങളില്‍ പടം പിടുത്തം നന്നായി നടക്കുന്നുണ്ട്.പെറു, കൊളംബിയ,ഇക്വഡോര്‍ എന്നിവിടങ്ങളില്‍ വളരെ ചുരുക്കമായേ നടക്കാറുള്ളൂവെങ്കിലും ഉരുവാകുന്നവയാകട്ടെ അതിന്റെ ഉള്‍ക്കനം കൊണ്ട് ഒന്നാം തരമായിത്തീരുകയാണ്.അത്തരത്തിലൊന്നാണ് 2004 ല്‍ പുറത്തുവന്ന ക്രോണിക്കാസ് എന്ന പടം.ചെറുപ്പക്കാരനായ സെബാസ്റ്റ്യന്‍ കോര്‍ദരോവാണ് പടം കാഴ്ചയൊരുക്കിയത്.ചെറുത്തു നില്‍ക്കുവാനും മറുപടി പറയാനും കെല്‍പ്പുള്ളയാളുകള്‍ തങ്ങളുടെ ഇടയില്‍ ഉണ്ടെന്നു തെളിയിക്കാന്‍ കോര്‍ദരോ ചെലുത്തിയ കരുത്തുറ്റ നിലപാടുകളാണ് പടത്തെ തരക്കേടില്ലാത്തതാക്കി തീര്‍ത്തത്.അമര്‍ത്തപ്പെട്ട അടിയാളനായ ലാറ്റിനമേരിക്കന്റെ ചെറുത്തുനില്‍പ്പിന്റെ കാഴ്ചകള്‍ പകര്‍ത്തിക്കാണിക്കാന്‍ കച്ചകെട്ടി ഇറങ്ങുവാന്‍ കാണിച്ച ചങ്കൂറ്റം തന്നെയാണ് പടത്തിന്റെ ഒന്നാമത്തെ മികവ്.

ഇക്വഡോറിലെ നാട്ടിന്‍ പുറമായ ലോസ് റിയോസില്‍ തുടര്‍ കൊലപാതകങ്ങള്‍ നടത്തുന്നതില്‍ വിരുതനായ ഒരുത്തന്‍ അിറയപ്പെട്ടിരുന്നത് ദി മൊണ്‍സ്റ്റര്‍ ഓഫ് ബാബഹോയോ എന്നാണ്.പേടിയുടെ തേവരായി ആളങ്ങളനെ മേയുന്നതി നിടയിലാണ് അയാളെക്കുറിച്ചെഴുതാന്‍ മെക്‌സിക്കൊയില്‍ നിന്നും റിപ്പോര്‍ട്ടര്‍ മനോളോ മോണില്ലയും മരീസ എന്നൊരു പെണ്ണാളും ക്യാമറാമാന്‍ ഇവാനും ലോസ് റിയോസില്‍ എത്തുന്നത്.ഇത്തരം ചുമതലകള്‍ ഏറ്റെടുത്തു നടത്തുവാനായി എത്തുന്നവര്‍ക്ക് എവിടെയും കിട്ടാറുള്ളതുപോലെ പൂമാലകളൊന്നും അവര്‍ക്കുവേണ്ടി ലോസ് റിയോസില്‍ കാത്തിരിപ്പുണ്ടായിരുന്നില്ല.പോരാത്തതിന് അവിടത്തെ നാട്ടു നടപ്പുകള്‍ വകവെക്കുന്നില്ലെന്ന് പറഞ്ഞ് ഒരുപാട് വിലക്കുകളും നേരിടേണ്ടതായി വന്നു.അതുകൊണ്ടൊന്നും മനോളോയും കൂട്ടരും തിരികെ പോകാന്‍ ഒരുമ്പെട്ടില്ല.മനോളോവും മരീസയും തമ്മില്‍ അടുപ്പത്തിലായിരുന്നു.ഇണകള്‍ക്ക് കലഹിക്കാനും കൂടുതല്‍ അടുക്കാനുമുള്ള ചുറ്റുപാടുകള്‍ ഒത്തുവരുന്നത് കനത്ത ചുമതലകള്‍ ഏറ്റെടുത്തു നടത്തുന്ന നാളുകളിലാണല്ലോ.എന്നിരുന്നാലും പടത്തിന്റെ മിഴിവ് ഇണകളുടെ ഇണക്ക-ഇടര്‍ച്ചകളിലേക്കല്ല.കൊലപാതക കമ്പക്കാരനിലേക്കാണ്.അയാളെ അവര്‍ കണ്ടെത്തി.ആളൊരു പാവത്താന്‍.പെണ്‍പിറന്നോരും കുട്ടികളുമൊത്ത് കഴിഞ്ഞുകൂടുന്ന തനി നാട്ടിന്‍ പുറത്തുകാരന്‍. 

എന്നാല്‍ അയാള്‍ ഇവര്‍ക്ക് കണ്ടുപിടിക്കേണ്ടുന്ന കൊലയാളിയാണെന്ന് തിട്ടമായി പറയുന്നില്ല.തടവറയില്‍ വെച്ച് കണ്ടു മുട്ടുന്ന അയാളാകട്ടെ മനോളോക്കും മറ്റും കണ്ടെത്തേണ്ടുന്ന ആ കൊലയാളിയുടെ ചെയ്തികളെക്കുറിച്ച് അറിയാവുന്ന മറ്റൊരാള്‍ മാത്രം! പേര് വിനീഷ്യോ സെപ്പേട്ട എന്നാണ്.ഏതാണ്ട് 150ഓളം കുട്ടികളെയാണ് അയാള്‍ കൊന്നിട്ടുള്ളത്.വിനീഷ്യോ തന്നെയാണ് ആ കൊലയാളി എന്നറിയുമ്പോഴേക്കും,അയാള്‍ വെറും കാഴ്ചക്കാരന്‍ മാത്രം എന്ന തോന്നലും ഉളവാകുന്നു.കൊലയാളിയോ കാഴ്ചക്കാരനോ എന്ന് തീര്‍ച്ചപ്പെടുത്താനാവാതെ റിപ്പോര്‍ട്ടര്‍മാര്‍ കുഴയുന്നു.ശരിക്കുള്ള കൊലയാളിയെ കാണിക്കുന്നില്ല.എന്നോലോ അയാള്‍ ചെയ്ത തുടര്‍ കൊലപാതങ്ങളില്‍ ഒരു നാടിനുണ്ടായ നടുക്കം കാഴ്ചക്കാരനിലേക്ക് പകരാന്‍ സെബാസ്റ്റ്യന്‍ കോര്‍ദരോക്ക് കഴിയുന്നുണ്ട്.
2012, ഡിസംബർ 17, തിങ്കളാഴ്‌ച

ദിഗന്തങ്ങളില്‍ പരിമളം പരത്തി 'വീണപൂവ്'അറബിയില്‍!

പഴന്താളുകള്‍.

ചെറിയമുണ്ടം അബ്ദുള്‍ റസ്സാഖ്.

മുസ്ലിം ഭരണാധികാരി (ഖലീഫ) മന്‍സൂറിന്റെ കാലത്ത് (ഹിജറ 150-200)മഹാഭാരതവും രാമായണവും വേദഗ്രന്ഥങ്ങളും സിദ്ധാന്ത ചരകവുമടക്കം ചില പുരാണ കഥാ സമാഹാരങ്ങള്‍(ഉദാ:പഞ്ചതന്ത്രം)വരെ സംസ്‌കൃതത്തില്‍ നിന്നും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പണ്ടും ഇന്നും മലയാള ഭാഷയില്‍ നിന്ന് അറബി ഭാഷയില്‍ നിന്ന് വിവര്‍ത്തനങ്ങള്‍ അത്യപൂര്‍വമാണ്.ആ അപൂര്‍വതകളില്‍ ഒന്നത്രെ മഹാകവി കുമാരനാശാന്റെ 'വീണപൂവ്'എന്ന വിശ്രുത കാവയത്തിന് എ.അബൂബക്കര്‍ മൗലവി എന്ന മലപ്പുറത്തുകാരന്‍ മുസ്ലിം പണ്ഡിതന്റെ അറബി തര്‍ജ്ജമ.'അസ്സഹ്‌റത്തുസ്സാഖിത്ത'എന്ന പേരില്‍ 1977 ലാണ് ഈ കൃതി വെളിച്ചം കാണുകയുണ്ടായത്.

എ.അബൂബക്കര്‍ മൗലവി എന്ന പണ്ഡിതശ്രേഷ്ഠന്‍ മുസ്ലിം വൃത്തങ്ങളില്‍ അിറയപ്പെടുന്ന മത പരിജ്ഞാനിയും ഭാഷാ നിപുണനുമായിരുന്നു.2010 നവംബര്‍ 27 ന് അന്തരിച്ചു.അറബി,ഉറുദു,മലയാളം,ഇംഗ്ലീഷ് ഭാഷകളില്‍ നല്ല അവഗാഹമായിരുന്നു അദ്ദേഹത്തിന്.ഭാഷാ സാഹിത്യത്തില്‍ ഗദ്യവും പദ്യവും ഒരുപോലെ വഴങ്ങും.അറബിയില്‍ ധാരാളം കവിതകളും ഏതാനും ഇസ്ലാമിക ഗ്രന്ഥങ്ങളും മൗലികമായിത്തന്നെ അദ്ദേഹത്തിന്റേതായി ഉണ്ട്.അവയൊന്നും അച്ചടിമഷി പുരണ്ടുകാണാനുള്ള ഭാഗ്യം അദ്ദേഹത്തിനും സഹൃദയ സമൂഹത്തിനും ഉണ്ടായില്ലെങ്കിലും .'അസ്സഹ്‌റത്തുസ്സാഖിത്ത' (വീണപൂവ്)എങ്ങനെയോ വെളിച്ചം കണ്ടു.

വീണപൂവ് വിവര്‍ത്തന യജ്ഞത്തിനുണ്ടായ സാഹചര്യവും പ്രേരണയും 'അസ്സഹ്‌റത്തുസ്സാഖിത്ത'യില്‍ അറബിയിലും മലയാളത്തിലുമായി ചേര്‍ത്ത നീണ്ട ആമുഖത്തില്‍ മൗലവി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.1951 ല്‍ കോഴിക്കോട് ജില്ലയിലെ നന്മണ്ടയില്‍ ഹൈസ്‌കൂള്‍ അധ്യാപകനായി(അറബിക്)എത്തിയതായിരുന്നു മൗലവി.സ്‌കൂളില്‍ തൊട്ടടുത്ത ക്ലാസില്‍ വിദ്വാന്‍ മാധവന്‍ നായര്‍ കുമാരനാശാന്റെ വീണപൂവ് ക്ലാസെടുക്കുന്നത് മൗലവി ശ്രദ്ധിച്ചു.വീണപൂവിനെ ആഴത്തില്‍ സ്വയം വിലയിരുത്താന്‍ അത് കാരണമായി.തികഞ്ഞ ദൈവവിശ്വാസിയും മതഭക്തനുമായിരുന്ന മൗലവിയെ ഈശ്വരവിശ്വാസവും തത്വചിന്താധിഷ്ടിതവുമായ വീണപൂവിന്റെ ദാര്‍ശനിക ഇതിവൃത്തം വല്ലാതെ ആകര്‍ഷിച്ചു.നീണ്ട 20 വര്‍ഷക്കാലം വീണപൂവിനെ അദ്ദേഹം മനസ്സില്‍ കൊണ്ടുനടന്നു.വീണപൂവിന്റെ ആശയ തീക്ഷ്ണതയും ഭാവോജ്വലതയും ആവി ഷ്‌കാരസൗന്ദര്യവും ഒടുവില്‍ തര്‍ജ്ജമയായി രൂപപ്പെട്ടതിനുശേഷമേ മൗലവിയുടെ ഹൃദയം തണുത്തുള്ളൂ.

ഹാ! പുഷ്പമേ,അധികതുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ,
ശ്രീ ഭൂവിലസ്ഥിര അസംശയം ഇന്നു നിന്റെ-
യാഭൂതിയെങ്ങു,പുനരെങ്ങു കിടപ്പിതോര്‍ത്താല്‍!

എന്നു തുടങ്ങുന്ന ആദ്യ ഈരടികളുടെ ഭാഷാന്തരം മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും ഇത് മനസിലാകാന്‍.

മൂലത്തിലെ ഒരു പദത്തിന്റെയും അര്‍ത്ഥം അറബിയില്‍ വിട്ടുപോയിട്ടില്ല.എന്നാല്‍ ആശയത്തില്‍ ഒട്ടം തെളിച്ചക്കുറവുമില്ല.ദ്വിതീയാക്ഷരപ്രാസമാണ് ആശാന്‍ പാലിച്ചതെങ്കില്‍ തത്തുല്യമായി അറബിക്കവിതാ രീതിയനുസരിച്ച് അന്ത്യാക്ഷരപ്രാസം -അതും മൂന്ന് അക്ഷരങ്ങളിലായി-തര്‍ജ്ജമ ഉള്‍ക്കൊണ്ടിരിക്കുന്നു!ഇത് ഖണ്ഡകാവ്യത്തിന്റെ അവസാന ഈരടികള്‍ വരെയും ദീക്ഷിച്ചു എന്നത് അറബി ഭാഷയിലുള്ള മൗലവിയുടെ പദസ്വാധീനത്തിന്റെ ആഴം വ്യക്തമാക്കുന്നു.'ആ…ലീ'എന്നിങ്ങനെയാണത്.അറബി ഭാഷ
അറിയുന്ന വര്‍ക്കു ശ്രദ്ധിക്കാം:

(കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു,വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി,സാധ്യമെന്തു
കണ്ണീരിനാല്‍?അവനിവാഴ്‌വു കിനാവു കഷ്ടം!

വീണപൂവിന്റെ അറബിയിലേക്കുള്ള കടന്നുവരവ് അതിന്റെ പരിമളത്തെ എത്രമാത്രം വിശാലമായ ഒരു ലോകത്തേക്കാണ് മൗലവി പറഞ്ഞുവിട്ടതെന്ന് നാം അിറഞ്ഞിരിക്കേണ്ടതുണ്ട്.സെമിറ്റിക് ഭാഷാ ഗണത്തില്‍പെട്ട അറബി ഭാഷ ഒരു ലോകഭാഷയാണ്.ക്രിസ്തുവിനും ആയിരക്കണക്കില്‍ വര്‍ഷം അപ്പുറത്തേക്കുള്ള ചരിത്രം ആ ഭാഷക്കുണ്ട്.26 രാഷ്ട്രങ്ങളിലെ ഔദ്യോഗിക ഭാഷയാണ് ഇന്ന് അത്.ലോകത്തെ 720 കോടി ജനങ്ങളില്‍ 180 കോടി വരുന്ന മുസ്ലിംകള്‍ക്ക് ആത്മബന്ധമുള്ള ഭാഷയായതോടൊപ്പം ജൂത-ക്രിസ്ത്യന്‍-മതേതര വിശ്വാസികളായ കോടിക്കണക്കില്‍ ജനങ്ങളുടെ കൂടി മാതൃ ഭാഷയാണ് അറബി.ഹീബ്രു, സുറിയാനി,ഗ്രീക്ക് ഭാഷകള്‍ക്കൊപ്പം ചരിത്രപരമായി അറബിയും ബൈബിളിന്റെ മൂലഭാഷകളിലൊന്നാണ്.ഇതിനാല്‍ ആ ഭാഷയോട് ജൂതന്മാരും ക്രിസ്ത്യാനികളും അങ്ങേയറ്റം ആദരവും പവിത്രതയും അതിന് കല്‍പ്പിച്ചു വന്നിട്ടുണ്ട്.പണ്ടുമുതലിന്നോളം അവരില്‍ ധാരാളം അറബിഭാഷാ പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരും ഉണ്ടായിട്ടുമുണ്ട്.അറബി ലിപികള്‍ പോലും യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യന്‍ സംഭാവനയാണ്.അമേരിക്ക,ചൈന,ഫ്രാന്‍സ്,ബ്രിട്ടന്‍,റഷ്യ തുടങ്ങിയ പ്രമുഖ രാഷ്ട്രങ്ങള്‍ക്കെല്ലാം ഔദ്യോഗികമായി അറബി ചാനലുകളും വെബ്‌സൈറ്റുകളും ഉണ്ട് ഇന്ന്.1974 ല്‍ അറബി ഭാഷക്ക് യു.എന്‍.ആദ്യോഗിക പദവി നല്‍കിയതോടെ,ഈ പദവി നല്‍കപ്പെട്ട ഫ്രഞ്ച്,ചൈനീസ്,സ്പാനിഷ്.ഇംഗ്ലീഷ്,റഷ്യന്‍ ഭാഷകള്‍ക്കൊപ്പം ആറാം സ്ഥാനത്ത് അറബി ഭാഷയും നിലയുറപ്പിച്ചിരിക്കുന്നു.അറബിഭാഷയുടെ പ്രസക്തിയും വ്യാപ്തിയും ഈ നിലകളിലെല്ലാം ലോകത്ത് അതി മഹത്തരമാണ്.എന്നാല്‍ ഇവിടെ ജനങ്ങളുടെ ധാരണ അറബി ഇസ്ലാം മതത്തിന്റെയും മുസ്ലിംകളുടെയും ഭാഷ എന്നാണ്.ആ ധാരണ വെച്ചുകൊണ്ടുള്ള സമീപനമാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുവരെ അറബി ഭാഷക്കുനേരേ ഉണ്ടാവാറുള്ളത്.വീണപൂവിനെ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകവഴി മലയാളത്തിനും അതിന്റെ സാഹിത്യ സമ്പത്തിനും എത്ര അഭിമാനകരമായ നിലയാണ് അബൂബക്കര്‍ മൗലവി കൈവരിച്ചു തന്നിരിക്കുന്നതെന്ന് ഇതില്‍ നിന്നും ഊഹിക്കാവുന്നതേയുള്ളുവല്ലോ.അദ്ദേഹത്തോടുള്ള എല്ലാ ആദരവുകളോടെയും ഭാഷാ സ്‌നേഹികള്‍ ഈ യാഥാര്‍ത്ഥ്യം ഓര്‍ത്തിരിക്കേണ്ടതുണ്ട്.

'അസ്സഹ്‌റത്തുസ്സാഖിത്ത'യുടെ ആമുഖത്തില്‍ മൗലവി പറഞ്ഞ മറ്റൊരു വസ്തുതകൂടി ഇവിടെ അത്യന്തം സ്മരണീയമത്രെ.'മഹാകവി കുമാരനാശാന്‍ എന്റെ സമുദായത്തിലും മതത്തിലും പെട്ടയാളല്ലായിരിക്കാം.എന്നാല്‍ ദേശവും ഭാഷയും സര്‍ഗാത്മക തലവും ഞങ്ങളെ ഒന്നിപ്പിക്കുന്നു.അദ്ദേഹത്തിന്റെ തത്വചിന്തയേയും ദാര്‍ശനിക വീക്ഷണത്തേയും ധര്‍മ്മോക്തികളേയും ഞാന്‍ അതിയായി ആദരിക്കുന്നു…..'ദേശീയവും സാമുദായികവുമായ ഉദ്ഗ്രഥനത്തിന്റെ വഴിയില്‍ കത്തിച്ചുവെക്കപ്പെട്ട കെടാദീപമായി മൗലവിയുടെ ഈ വാക്കുകളെയും തര്‍ജ്ജമ ദൗത്യത്തെയും നമുക്കെങ്ങനെ കൂപ്പുകൈകളോടെ സ്വീകരിക്കാതിരിക്കാനാവും? 

 
2012, ഡിസംബർ 16, ഞായറാഴ്‌ച

നന്മയും നര്‍മ്മവും വരകളില്‍ ചാലിച്ച മാരിയോ മിറാന്‍ഡ.

ആളറിവ്

ജോഷി ജോര്‍ജ്.

മാരിയോ മിറാന്‍ഡ
പോര്‍ച്ചുഗീസ് സംസ്‌കാരം നല്‍കിയ പരിഷ്‌കാരത്തിന്റെ നാടായ ഗോവയില്‍ ജനിച്ചു വളര്‍ന്ന മാരിയോ മിറാന്‍ഡയുടെ സ്‌കെച്ചുകളില്‍ എന്നും നാഗരികത മുറ്റിനില്‍ക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്.ഗോവയിലെ നാഗരിക ജീവിതത്തില്‍ മതം വലിയ സ്വാധീനം ചെലുത്തിയിരുന്നു.പള്ളി പ്രസംഗങ്ങള്‍, ഘോഷയാത്രകള്‍,ബാന്‍ഡ് മേളകള്‍….എന്തിന് ശവസംസ്‌കാരം വരെ അവിടെ ഒരാഘോഷം പോലെയാണ്.ചടങ്ങിനുശേഷം ഗംഭീരമായ വിരുന്നും നടക്കും.പിന്നീട് എല്ലാവരും പരേതരുടെ അപാദാനങ്ങള്‍ വാഴ്ത്തും.
മാരിയോയിലെ കാര്‍ട്ടൂണിസ്റ്റിന് ഇവയെല്ലാം ഒന്നാംതരം വിഭവങ്ങളായിരുന്നു.കണ്‍മുന്നില്‍ കണ്ട രസകരമായ കാര്യങ്ങള്‍ മാരിയോ മിറാന്‍ഡ തലങ്ങും വിലങ്ങും വരച്ചുകൂട്ടി.പുരോഹിതന്മാരായിരുന്നു മാരിയോയുടെ പ്രധാന ഇരകള്‍.അന്നത്തെ ഗോവന്‍ സമൂഹത്തില്‍ പുരോഹിതര്‍ വളരെ പ്രാമാണികരായിരുന്നു.അച്ചന്മാര്‍ തന്നെ ഒരു 100 തരത്തിലുണ്ടായിരുന്നു.നന്നായി പ്രസംഗിക്കുന്ന ചെറുപ്പക്കാര്‍,നെടുങ്കന്‍ പ്രസംഗങ്ങള്‍ നടത്തി ബോറടിപ്പിക്കുന്ന വയസന്മാര്‍,ഗിത്താര്‍ വായിക്കുന്ന അച്ചന്മാര്‍,പാട്ടുപാടുന്നവര്‍….അച്ചന്മാരെ വരച്ചുവരച്ച് മാരിയോ മിറാന്‍ഡ കുഴപ്പത്തില്‍ ചെന്നു ചാടി.തൊണ്ടി സഹിതം ബിഷപ്പിന്റെ മുന്നില്‍ ഹാജരാക്കപ്പെട്ടു.പോര്‍ച്ചുഗീസുകാരനായിരുന്നു ആ ബിഷപ്പ്.നല്ല നര്‍മ്മ ബോധമുള്ള വ്യക്തി.പയ്യന്‍ വരച്ച ഹാസ്യചിത്രങ്ങള്‍ കണ്ട് പൊട്ടിച്ചിരിച്ചു.

കൂട്ടുകാരുമൊത്ത് കളിക്കുന്നതിലുമേറെ തനിച്ചിരുന്ന് ആളുകളെ നിരീക്ഷിക്കാനായിരുന്നു ചെറുപ്പത്തിലെ മാരിയേവിന് ഏറെ താല്‍പ്പര്യം.പിന്നെ കളികളിലുമുണ്ട് വിചിത്ര സ്വഭാവം.പട്ടിയേയും പൂച്ചയേയും കൊച്ചുകുപ്പായങ്ങള്‍ ധരിപ്പിച്ച് നാടകം കളിക്കും.ഇങ്ങനെ പടമൊക്കെ വരച്ചു നടക്കുമ്പോഴും ഉള്ളില്‍ ഒരു ഐ.എ.എസ് കാരനാകാനായിരുന്നു മോഹം.മുംബൈലെ സെ.സേവ്യേഴ്‌സ് കോളേജില്‍ നിന്നും ബി.എ.പാസ്സായി.അതിനിടക്ക് കറന്റ് വീക്കിലിയിലും ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിലും മറ്റും ധാരാളം കാര്‍ട്ടൂണുകള്‍ വരച്ചു.മംബൈ നഗരജീവിതത്തെപ്പറ്റിയായിരുന്നു അവയെല്ലാം.പോക്കറ്റ് മണി അങ്ങനെ ഒപ്പിച്ചിരുന്നു.

ഐ.എ.എസിനു തയ്യാറെടുക്കുന്നതിനിടെ അല്‍പ്പം കല പഠിക്കുന്നതിനായി ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍ ചേര്‍ന്നു.പഠനം മാരിയോക്ക്
അത്ര ദഹിച്ചില്ല.അത് ഉപേക്ഷിച്ചു.പിന്നെ ഒരു സ്‌നേഹിതന്റെ നിര്‍ദ്ദേശപ്രകാരം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലിക്ക് അപേക്ഷിച്ചു.

തല്‍ക്കാലം മാരിയോ മിറാന്‍ഡ അവര്‍ക്ക് സ്വീകര്യനായില്ല.അപേക്ഷ തള്ളി.പിന്നീട് ആ പത്രം മാരിയോയെ അങ്ങോട്ട് ചെന്ന് ക്ഷണിച്ചു. മാരിയോ മിറാന്‍ഡ അത് സ്വീകരിക്കുകയും ചെയ്തു.ആയിടക്കാണ് വിദേശത്തേക്ക് ഒന്ന് കടന്നാലോ എന്ന ആഗ്രഹം മൊട്ടിട്ടത്.പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെത്താനുള്ള പണം കഷ്ടിച്ച് കയ്യിലുണ്ട്.അവിടെ ചെന്നപ്പോള്‍ ഭാഗ്യം കൈവന്നു.ഒരു വര്‍ഷത്തെ പഠനത്തിനുള്ള ഒരു സ്‌കാളര്‍ഷിപ്പ് ഒത്തുവന്നു.പഠിത്തമൊന്നും നടന്നില്ല.ലിസ്ബണിലെ നൃത്തശാലകളില്‍ മാരിയോ എന്ന യുവാവ് നിരന്തരം പ്രത്യക്ഷപ്പെട്ടു.പഠനോപചാരങ്ങളില്‍ പങ്കുകൊണ്ടു.ഒരു വര്‍ഷം കടന്നുപോയതറിഞ്ഞില്ല.പണം തീരുകയും ചെയ്തു.ഇനിയെന്തു ചെയ്യും?ഒരു സുഹൃത്തിന്റെ നിര്‍ദ്ദാശപ്രകാരം ലണ്ടനിലേക്ക് പോയി.അവിടെ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല.ക്രിസ്മസ് കാലം.വിശപ്പടക്കണമല്ലോ,പോസ്റ്റ്മാനായി ഒരു പാര്‍ട്ട് ടൈം പണിയൊപ്പിച്ചു.അത് കഴിഞ്ഞപ്പോള്‍ ഒരു റസ്റ്റോറന്റില്‍ ജോലി കിട്ടി.ഒരാഴ്ച പാത്രം കഴുകി.അപ്പോഴേക്കും വീണ്ടും ഭാഗ്യം തുണച്ചു.ലില്ലിപ്പുട്ട് എന്ന മാസികയില്‍ ചിത്രകാരനായി നിയമിക്കപ്പെട്ടു.

റൊണാള്‍ഡ് സിയോള്‍,വിക്കി തുടങ്ങിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുമായി പരിചയപ്പെട്ടു.റൊണാള്‍ഡ് പറഞ്ഞു,നീ ഇവിടെത്തന്നെ പിടിച്ചു നില്‍ക്കണം നല്ല ഭാവിയുണ്ട്.എന്നെ അനുകരിക്കുന്ന പരിപാടി നിര്‍ത്തിയേക്ക്,എന്നുകൂടി പറയാന്‍ മറന്നില്ല അദ്ദേഹം…ശരിയാണ് റൊണാള്‍ഡ് സിയോളിന്റെ കാര്‍ട്ടൂണ്‍ ശൈലി മാരിയോയെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഫ്രഞ്ച് ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞ ഗോവയുടെ വിമോചനം പൂര്‍ത്തിയായപ്പോള്‍ മാരിയോ മിറാന്‍ഡ ഇന്ത്യയിലേക്ക് മടങ്ങി.ടേംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു.വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് 1980 ല്‍ രാജിവെച്ചു.പിന്നെ ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായി കഴിഞ്ഞു.ലോകത്തിന്റെ ഒട്ടേറെ വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ മാരിയോ മിറാന്‍ഡ നേരില്‍ കണ്ട് പകര്‍ത്തിയിട്ടുണ്ട്.പാരീസിലെ സെ.എറ്റിയന്‍ പള്ളിമുതല്‍ ന്യൂ ഓര്‍ലിയന്‍സിലെ നൈറ്റ് ക്ലബ്ബ് വരെ.ഫോര്‍ട്ട് കോച്ചിയിലെ ചീനവലമുതല്‍ അംബര ചുബികളായ കെട്ടിടങ്ങള്‍ കൊണ്ടുനിറഞ്ഞ ന്യൂ യോര്‍ക്കിന്റെ ചക്രവാളം വരെ…ഒന്നും തീര്‍ത്തും യഥാതഥമല്ല. 

അല്‍പ്പം കുസൃതി കലര്‍ത്തിയേ മാരിയോ മിറാന്‍ഡ എന്തിനേയും അവതരിപ്പിക്കൂ. മാരിയോ മിറാന്‍ഡയുടെ കാര്‍ട്ടൂണുകളില്‍ എപ്പോഴും വലിയ ആള്‍ത്തിരക്കാണ്.തിക്കും തിരക്കും നിറഞ്ഞ മഹാനഗരത്തിലെ നാല്‍ക്കവല.വാഹനങ്ങളുടെ ബഹളം.ഇരുവശത്തും തീപ്പെട്ടിക്കൂടുപോലെ പത്തും പന്ത്രണ്ടും നിലകളുള്ള കെട്ടിടങ്ങള്‍.അവയുടെ ഒരോ നിലകളിലും പലപല രംഗങ്ങള്‍.മറ്റൊരിടത്ത് പെണ്ണുങ്ങള്‍ തമ്മിലുള്ള കുടുംബവഴക്ക്.അപ്പുറത്തും ഇപ്പുറത്തും മറഞ്ഞുനിന്ന് പരസ്പരം കണ്ണെറിയുന്ന കമിതാക്കള്‍.അങ്ങിനെ ഒരായിരം കാര്യങ്ങള്‍ ഒരു ചെറിയകാര്‍ട്ടൂണില്‍ ഒതുക്കിയിരിക്കും.ലക്ഷ്മണനെപോലെ അടിസ്ഥാനപരമായി താന്‍ ഒരു കാര്‍ട്ടൂണിസ്റ്റല്ലെന്ന് തുറന്നു പറയാന്‍ മാരിയോ മിറാന്‍ഡക്ക് മടിയില്ല.വരക്കാനറിയുന്നവര്‍ക്ക് ഇന്ത്യ ഒരു സ്വര്‍ണ ഖനിയാണെന്നാണ് മാരിയോ മിറാന്‍ഡ പറയുന്നത്.കേരളം അതിനേക്കാള്‍ ഒരു പടി മുന്നിലാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ജോഷി ജോര്‍ജ്.
ഇത്രയും വ്യത്യസ്തമായ മുഖങ്ങള്‍ ഇന്ത്യയിലല്ലാതെ മറ്റേതൊരു രാജ്യത്ത് കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.എന്നും കേരളത്തിന്റെ ഒരു ആരാധകനാണ് മാരിയോ മിറാന്‍ഡ.ഒപ്പം കേരളത്തിലെ കരിമീനുകളുടെയും.26 വവര്‍ഷം മുമ്പായിരുന്നു ആദ്യമായി മാരിയോ മിറാന്‍ഡ കേരളത്തിലെത്തിയത്.പാശ്ചാത്യ-പൗരസ്ത്യ സംസ്‌കാരങ്ങള്‍ ഒഴുകിയെത്തിയ കൊച്ചിയില്‍ കണ്ട അപൂര്‍വ കാഴ്ചകള്‍ കാര്‍ട്ടൂണില്‍ പകര്‍ത്തി.കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച ഒരു ക്യാമ്പായിരുന്നു വേദി.പിന്നീട് എറണാകുളം പ്രസ് ക്ലബ്ബിന്റെ രജത ജൂബിലി പ്രമാണിച്ച് സംഘടിപ്പിച്ച മറ്റൊരു കാര്‍ട്ടൂണ്‍ ക്യാമ്പിലും മാരിയോ മിറാന്‍ഡ സജീവമായിരുന്നു.ഈ രണ്ടുക്യാമ്പിലും കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ സഹകരിക്കാനും മാരിയോ മിറാന്‍ഡയുമായി സൗഹൃദത്തിലേര്‍പ്പെടാനും ഈ ലേഖകന് കഴിഞ്ഞിരുന്നു.എപ്പോഴും പുഞ്ചിരി പൊഴിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെടാറുള്ള മാരിയോ മിറാന്‍ഡ എന്ന അനുഗൃഹീത കലാകാരന്‍ ഇനി ഓര്‍മ്മ മാത്രം.2011 ഡിസംബര്‍ 11 ന് അദ്ദേഹം അന്തരിച്ചു. 


2012, ഡിസംബർ 10, തിങ്കളാഴ്‌ച

മനുഷ്യാവകാശത്തിന്റെ സ്വന്തം പ്രതിനിധി:ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് പ്ലന്റുവിന്റെ രചനകളിലൂടെ ഒരു സമാധാന സന്ദേശയാത്ര.

ആളറിവ്.

കണ്ണന്‍ മേലോത്ത്.


പ്രസിദ്ധ ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റ് ഴാങ് പ്ലന്തര്‍റ്യൂ എന്ന 'പ്ലന്റു',ശൈലിയില്‍ മൗലികതയും വരയില്‍ ചിരിയുടേയും ചിന്തയുടേയും ബന്ധുത്വവുമുള്ള കലാകാരനുമാണ്.മനുഷ്യാവകാശ സംരക്ഷണ നിലപാടുകളില്‍ ഉള്ള കക്ഷിപരതയാണ് ഈ കലാകാരനെ ഏറ്റവും കൂടുതല്‍ ശ്രദ്ധേയനാക്കുന്നത്. അധികാരത്തിന്റെ നീതിരഹിതമായ അടിച്ചമര്‍ത്തലുകളെ ചെറുക്കാന്‍ തൂലിക സമരായുധമാക്കിയ പ്ലന്റു സമാധാനം പുലരുന്നതിനായി കാര്‍ട്ടൂണുകള്‍ വരക്കുന്നരുടെ ഐക്യമുന്നണിയില്‍ ചേര്‍ന്നപ്പോള്‍ തന്നെ തന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്.പ്ലന്റു വരച്ച ആദ്യത്തെ കാര്‍ട്ടൂണ്‍ തന്നെ വിയറ്റാം യുദ്ധത്തിനെതിരെയുള്ളതായിരുന്നു.1972 ഒക്‌ടോബര്‍ 1 ന് ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് ഇപ്പോഴും വരക്കുന്ന 'ലെ മൊണ്ടെ' പത്രത്തില്‍ തന്നയാണ്.

വന്‍പ്രഹരശേഷിയുള്ള ആശയങ്ങള്‍ പ്രസരിപ്പിക്കാന്‍ ശേഷിയുള്ളത് കവികള്‍ക്കും കലാകാരന്മാര്‍ക്കുമാണെന്ന വിവരം മറ്റാരേക്കാളും ഏറ്റവും നന്നായി തിരിച്ചറിഞ്ഞിട്ടുള്ളത് അധികാരം തന്നെയാണ്.അപാദാനങ്ങള്‍ പാടുന്നവരെ കവി-കലാകാരന്മാരായി അധികാരം പോലും പരിഗണിക്കാറില്ല.ഇവിടെ ഒരു മേധാവി പട്ടാളക്കാര്‍ക്ക് ആയുധങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിനിടെ വന്‍ പ്രഹരശേഷിയുള്ള ആയുധമായി ചൂണ്ടിക്കാണിക്കുന്നത് ഒരു 

പേനയാണ്.അതിനെയാണ് ഭയക്കേണ്ടതും പ്രതിരോധിക്കേണ്ടതും.മറ്റൊരു രചനയില്‍ അധികാരത്തിന് അമര്‍ച്ച ചെയ്യാന്‍ പറ്റാത്ത കരുത്ത് തൂലികക്ക് ഉണ്ടെന്ന് പ്ലന്റു പ്രഖ്യാപിക്കുന്നു.വായടക്കാന്‍ പറ്റാത്ത വിധം ഒരു മുതലയെ പേന ഇരുവശം കൊണ്ടും പ്രതിരോധിക്കുകയാണ്.  

പേനയെടുക്കുമ്പോള്‍ തന്നെ തിരിച്ചടികള്‍ തുടങ്ങുന്നുവെന്ന് പ്ലന്റു ഓര്‍മ്മപ്പെടുത്തുന്നു.വര പൂര്‍ത്തിയാക്കാതെ പിന്‍മടങ്ങുകയോ പിടിക്കപ്പെടുകയോ ചെയ്‌തേക്കാം.അതിനാല്‍ പേനതന്നെ കലാകാരന്റെ ശത്രു.അത് ഉപയോഗിക്കാതിരിക്കുക.       കീഴടങ്ങുക.
അല്ലെങ്കില്‍ ഈ തിരിച്ചറിവില്‍ നിന്നുകൊണ്ടുവേണം സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കാന്‍.ഒരു പെന്‍സിലിന്റെ കടതന്നെ സൂക്ഷ്മ ദര്‍ശിനിയായി രൂപപ്പകര്‍ച്ച നേടിയിരിക്കുന്നത് ശ്രദ്ധിക്കുക.മറ്റൊരു വരയിലും ഈ കഴുകന്‍ കണ്ണുകള്‍ പെന്‍സില്‍ മുനയിലേക്ക് ഉന്നം വെക്കുന്നുണ്ട്. പെന്‍സില്‍ മുനയില്‍ വെള്ളരിപ്രാവും കടക്കല്‍ കഴുകനുമിരിക്കുന്ന രചന ശ്രദ്ധിക്കുക.

ഈ പേന/പെന്‍സില്‍ തന്നെയാണ് പ്ലന്റു രചനകളില്‍ സ്വയം പ്രതിനിധാനമാകുന്നത്.ഒലിവിലത്തണ്ടു കൊത്തിയ വെള്ളരിപ്രാവിന്റെ ശരീരത്തിന്റെ ഭാഗമായിത്തന്നെ പെന്‍സിലേന്തിയ കൈകള്‍ ചേര്‍ത്തുവരച്ചപ്പോള്‍ സമാധാനത്തിന്റെ സ്വന്തം പ്രതിനിധിയായി മാറാന്‍ പ്ലന്റുവിന് കഴിയുന്നുണ്ട്.അതുപോലെ മതവും അധികാരവും പരസ്പരം ഏറ്റുമുട്ടിയാല്‍ പ്പോലും ഈ പേനയെ സംശയത്തോടെ നിരീക്ഷിക്കുന്ന കാര്യത്തില്‍ ഐക്യപ്പെടുന്നു

ഒരു എലിയും കൂടി പ്ലന്റുവിന്റെ പ്രതിനിധാനത്തെ പങ്കുവെക്കുന്നുണ്ട്.എത്ര കരുത്തരായ അപര സ്വത്വത്തേയും കബളിപ്പിക്കാന്‍,കണ്‍മുന്നില്‍ നിന്ന് അപഹരിക്കാന്‍ എലിക്ക് അപാരമായ ഒരു കഴിവു തന്നെയുണ്ട്.ചെറുതെന്ന വിചാരം എലിക്ക് തോന്നിയിട്ടുപോലുമുണ്ടാവില്ല.ഈ സവിശേഷതയാവാം എലിയെ കഥാപാത്രമാക്കിക്കൊണ്ട് സ്വയം പ്രഖ്യാപിക്കാന്‍ പല കാര്‍ട്ടൂണിസ്റ്റുകള്‍ക്കം പ്രേരണയാകുന്നത്

പെന്‍സിലെറിഞ്ഞു കൊള്ളിച്ച് പ്ലന്റുവിന്റെ എലി അധിനിവേശത്തേയും അധികാരത്തേയും ഫാസിസത്തേയും ഒരേപോലെ പ്രതിരോധിച്ചിരിക്കുന്നു.പെന്‍സില്‍ എലി പ്രാവ് ത്രയത്തോടൊപ്പം സ്വയം വന്നുകൊണ്ട് സമാധാനത്തിന്‍രെ കാവലാളാവാന്‍ പ്ലന്റു ചില വരകളില്‍ തൂലികയെടുത്തിട്ടുണ്ട്.

മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി തുടങ്ങിയ പ്ലന്റു സാക്ഷാല്‍ ഹെര്‍ജിന്റെ-ടിന്‍ ടിന്‍ കഥാപാത്രത്തിന്റെ സൃഷ്ടാവ്-അടുത്ത് പടംവര പഠിക്കുന്നതിനായി ബ്രസല്‍സിലെത്തി. തിരിച്ചുവന്ന് ലെ മൊണ്ടെയില്‍ ചേര്‍ന്ന ശേഷവും 'ഫോസ്ഫര്‍' എന്ന പത്രത്തിലും വരച്ചു.'ലെ എക്‌സ്പ്രസ്' എന്ന പത്രത്തിനുവേണ്ടി ഒരു ആഴ്ചക്കോളവും വരച്ചു.യാസര്‍ അരാഫത്തിനേയും ഷിമോണ്‍ പെരസിനേയും ഒരേ പടത്തില്‍ വരച്ചതിന് 'റെയര്‍ ഡോക്യുമെന്റ് അവാര്‍ഡും' ലഭിച്ചു.2006 ല്‍ തന്റെസ്വപ്നപദ്ധതി സാക്ഷാല്‍ക്കരിക്കുന്നതിന് കോഫി അന്നനെ സമീപിച്ചു.അതിന്റെ 

ഫലമായി ഒരു വലിയപറ്റം കാര്‍ട്ടൂണിസ്റ്റുകളെ സംഘടിപ്പിച്ചുകൊണ്ട് 'കാര്‍ട്ടൂണിങ് ഫോര്‍ പീസ്' എന്ന സംഘടന രൂപീകരിക്കാന്‍ പ്ലന്റുവിന് സാധിച്ചു.യുനെസ്‌കോ പുറത്തിറക്കിയ ലെ ലെവിന്റെ 'മനുഷ്യാവകാശങ്ങള്‍ ചോദ്യങ്ങളും ഉത്തരങ്ങളും' എന്ന പുസ്തകത്തിന്റെ കവര്‍പേജുള്‍പ്പെടെ വരകള്‍ പ്ലന്റ്രുവിന്റേതായിരുന്നു.ഇപ്പോഴും ലെ മൊണ്ടെയില്‍ത്തന്നെ വരകള്‍ തുടരുന്നു.