"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

പെരിനാട് ദിനം:അടിമകള്‍ക്ക് പൊറുക്കാനാവും പക്ഷെ,മറക്കാനാവില്ല.1915ഒക്ടോബര്‍ 24 ഞായറാഴ്ച കൊല്ലം ജില്ലയിലെ പെരിനാട് വില്ലേജിലെ ചെറുമൂട് എന്ന സ്ഥലത്താണ് ആ അടിമ വിമോചന പോരാട്ടം നടന്നത്. സവര്‍ണരായ ജന്മിമാര്‍ക്കെതിരെ അയിത്ത ജാതിക്കാരായ പുലയര്‍ നയിച്ച ഈ സ്വാതന്ത്ര്യ സമരം പെരിനാട് ലഹള, പുലയ ലഹള, കല്ലുമാല സമരം എന്നൊക്കെയാണ് അറിയപ്പെട്ടത്.

ഗോപാലദാസന്‍ എന്നയാളായിരുന്നു സമരത്തിന്‌ നേതൃത്വം നല്‍കിയത്.ഗോപാല സ്വാമി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.ഒരു തികഞ്ഞ സ്വാതന്ത്ര്യ സമര പ്രവര്‍ത്തകാനായിരുന്ന ഇദ്ദേഹം മാവേലിക്കര സ്വദേശിയാണ്. സാധു ജന പരിപാലന സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി പെരിനാട് വന്നുചേരുകയായിരുന്നു. അദ്ദേഹത്തിന്‍റെ കടന്നുവരവ് പെരിനാട്ടെ ദളിതരില്‍ സമരബോധവും സ്വാതന്ത്ര്യ ചിന്തയും ഉണര്‍ത്തി. അദ്ദേഹം ഉപദേശിച്ചത് അവര്‍ മനസ്സുകൊണ്ട് ഏറ്റു വാങ്ങി. അതിന്‍റെ അനന്തര ഫലമായിരുന്നു പ്രസ്തുത ''ലഹള''.

നായര്‍ മേധാവിത്വമായിരുന്നു മറ്റെല്ലായിടത്തുമെന്നതുപോലെ പെരിനാട്ടും നിലനിന്നിരുന്നത്. നാടിന്‍റെ ഏറിയ ഭാഗവും കാക്കോലി കുഞ്ചുപിള്ള എന്ന ജന്മിയുടെ വകയായിരുന്നു. മഹിമകളുടെയും പ്രതാപ ത്തിന്റെയും കൊമ്പനാനപ്പുറത്ത് കഴിഞ്ഞിരുന്ന കുഞ്ചുപിള്ളയെ അനുസരിച്ച് ജീവിച്ചവരായിരുന്നു പുലയര്‍ .എതിര്‍ക്കുന്നവരെയും നിഷേധിക്കുന്ന വരെയും കൊന്നു കായലില്‍ താഴ്ത്തുക എന്നതായിരുന്നു കുഞ്ചു പിള്ളയുടെ രീതി. അയാളെപോലെ ക്രൂരന്മാരായിരുന്നു മറ്റു ജന്മിമാരും. അത്തരമൊരാളായിരുന്നു നെല്ലിപണിയില്‍ മാതുപ്പിള്ള.

പുല വ്യക്തമാക്കാന്‍ വേഷങ്ങള്‍ നിഷ്കര്‍ഷിച്ചിരുന്നു. പുലയ പെണ്ണുങ്ങള്‍ മാറ് മറയ്ക്കാന്‍ പാടില്ല. കല്ലും പളുങ്കും കൊരുത്ത വലിയ മാലകള്‍ മാറില്‍ വീതിക്കണിഞ്ഞുവേണം മരുമയ്ക്കാന്‍. പുളിയുടെ കാതല്‍ കൊണ്ട് നിര്‍മിച്ച തക്കകള്‍ കാതില്‍ അണിയണം. യാത്രാവേളയില്‍ ആണുങ്ങള്‍ കുറിയ മുണ്ടുടുത്ത് വലിയ മുണ്ട് ചൂടണം. പെണ്ണുങ്ങള്‍ക്ക് മുട്ടിനു മീതെ മാത്രമേ മുണ്ട് നില്‍ക്കാവൂ. ആ മുണ്ടില്‍ ഒരു മഞ്ഞക്കര വേണം. പെണ്ണുങ്ങള്‍ തക്ക ചെറുപ്രായത്തിലെ അണിയാവൂ. വിവാഹം കഴിഞ്ഞാല്‍ പുളിയുടെ കാതല്‍ കൊണ്ട് നിര്‍മിച്ച കമ്മലും തോടയും അണിയണം. ഈ തോടക്ക് ഒരു കിലാഗ്രാമോളം ഭാരം വരും. ഇത്തരം മാനവ വിരുദ്ധ ഏര്‍പ്പാടുകള്‍ക്ക് അടിപ്പെട്ടു തുടരവെയാണ് ഗോപാലസ്വാമി പെരിനാട്ടെതുന്നത്. എന്നാല്‍ പെരിനാട്ടെ പുലയരെ അടിമത്തത്തില്‍ നിന്നുണര്‍ത്തുക ആയാസ രഹിതമായിരുന്നില്ല. കുഞ്ഞുപിള്ള തമ്പ്രാന്‍റെയും മാതുപിള്ള തമ്പ്രാന്‍റെയും ശാസനകളെ ഭയന്ന അവര്‍ ആദ്യമൊന്നും ഗോപാലസ്വാമിക്ക് വഴങ്ങിയില്ല. പകലന്തിയോളം നടുനിവര്‍ക്കാതെ പണിചെയ്തുകിട്ടുന്ന ഇടങ്ങഴി പതിരും നെല്ലും കൊണ്ട് കഴിഞ്ഞിരുന്ന അവരെ വേട്ടയാടിയിരുന്ന ഭയം ഇല്ലായ്മ ചെയ്യാന്‍ ഗോപാലസ്വമിക്ക്  പാടുപെടേണ്ടിവന്നു. പണ്ടാരുവിള കുഞ്ഞോല ഗോപാലസ്വാമിയെ പിന്താങ്ങിയപ്പോള്‍ എല്ലാവരിലും ഒരു അഭിപ്രായൈക്യ മുണ്ടായി.

ഒരു  പൊതുയോഗത്തില്‍ വെച്ചു സ്ത്രീകള്‍ കൂട്ടമായി കല്ലുമാല പൊട്ടിച്ചെറി യണമെന്നു തീരുമാനിച്ചു. ജന്മികള്‍ വിവരമറിഞ്ഞ് കലിതുള്ളി. നാട്ടില്‍ പുലയര്‍ അങ്ങിങ്ങ് തമ്പ്രാക്കന്മാരെ മറുക്കാനും ചങ്കൂറ്റം കാട്ടുന്നത്. അവരറിയുന്നുണ്ടായിരുന്നു. ഗോപാലദാസനാണ്‌ എല്ലാത്തിനും കാരണ ക്കാരന്‍ എന്നവര്‍ കണ്ടെത്തി. ഗോപാലദാസനെ കൊല്ലാന്‍ ജന്മിമാര്‍ തീരുമാനിച്ചു.അതിനായി ഒരു ഗുണ്ടയെ ഏര്‍പ്പാട് ചെയ്തു.

പാവു വയലിന് മേലുള്ള കായല്‍ തീരത്തുള്ള തെക്കേ വയല്‍ പുരയിടത്തിലാണ് യോഗം കൂടാന്‍ തീരുമാനിച്ചത് . ഈ യോഗം കലക്കുമെന്ന ജന്മിമാരുടെ പ്രഖ്യാപനം വന്നപ്പോള്‍ പുലയര്‍ക്ക് വാശിയായി.എന്തുവന്നാലും യോഗം നടത്തുമെന്നും കല്ലുമാല പൊട്ടിച്ചുകളയും എന്ന് പുലയരും മറുപടി കൊടുത്തു. ഇരുകൂട്ടരും വന്‍പിച്ച സന്നാഹങ്ങളാണ് യോഗം കലക്കാനും നടത്താനും വേണ്ടി ചെയ്തിരുന്നത്. കല്ലുമാലയുമണിഞ്ഞ് കൊയ്ത്തരിവാള്‍ തേച്ചു മിനുക്കി പുലയ ക്കിടാത്തികള്‍ കൂട്ടം കൂട്ടമായി എത്തി. അവരെ സംരക്ഷിക്കാന്‍ ആണുങ്ങളും നിരന്നു. യോഗ സ്ഥലത്തും അവര്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി.

കാര്യ പരിപാടിയില്‍ ആദ്യയിനം വിശാഖം തേവന്റെ പ്രാര്‍ത്ഥന യായിരുന്നു. തേവന്‍ എഴുന്നേറ്റപ്പോള്‍ നുഴഞ്ഞു കയറിയിരുന്ന ജന്മി ഗുണ്ടായിലൊരാള്‍ ചാടിവീണ് അയാളെ ഇരുമ്പുലക്കക്ക് അടിച്ചു. അടികൊണ്ട തേവന്‍ നിലംപതിച്ചു. ചിറ കെട്ടി നിര്‍ത്തിയിരുന്ന അമര്‍ഷം പൊട്ടിയൊഴുകി. അവരെ നിയന്ത്രിക്കാന്‍ ആര്‍ക്കുമായില്ല. അപകടം മണത്ത ചാവേര്‍ പട ഗോപാലദാസാനെ വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്തി. തെവനെ അടിച്ച ചട്ടമ്പിയുടെ ഓരോ എല്ലും പുലയക്കിടാത്തികള്‍ കൊയ്ത്തരിവാളിന് വെട്ടിനുറുക്കി. ചെറുക്കാന്‍ ജന്മിത്തത്തിനായില്ല. അതിനു ചെന്നവരെല്ലാം നിലം പതിച്ചു. ജന്മികളെ മാത്രമല്ല നായന്മാരെ ഒന്നാകെ അവര്‍ കശക്കി.

രണ്ടാം  ദിവസമാണ് അവരുടെ കലി തെല്ലാടങ്ങിയത്. അപ്പോള്‍ മാത്രമാണ് അവര്‍ പ്രത്യാ ഘാതത്തെ കുറിച്ച് ഓര്‍ത്തത്. വല്ലാതെ നടുങ്ങിയ അവര്‍ ഉള്ളതൊക്കെ വാരിക്കെട്ടി പലായനം ചെയ്തു തുടങ്ങി. ഇതറിഞ്ഞ ജന്മികള്‍ മടങ്ങിയെത്തി. പുലയരുടെ കൂരകള്‍ക്ക് തീവെച്ചു. മിണ്ടാപ്രാണികളെ അതിലേക്കു തള്ളിയിട്ടു. സമീപ പ്രദേശത്തെ പുലയരെ പോലും ജന്മിമാര്‍ വേട്ടയാടി. നിയമപാലകര്‍ ജന്മിമാരോ ടോപ്പമായിരുന്നു.ഏഴു ദിവസം കലാപം നീണ്ടു നിന്നു. അതിനിടയില്‍ ജീവനും സ്വത്തും ഒരുപാട് നഷ്ടമായി.
മലയാളിയും കെ.സി.എസ് .പണിക്കരുടെ ചിത്രങ്ങളും.


ആളറിവ് .
കെ.എ.ദേവദാസ്.
കേരളത്തിന്‍റെ സാമൂഹ്യ ചരിത്രം സാമുദായിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍  ഉഴുതുമറിച്ച മണ്ണിലാണ് രൂപപ്പെട്ടത് .വ്യത്യസ്ത ജാതി വിഭാഗങ്ങളുടെ കൂട്ടായ്മക്കും മത സൌഹാര്‍ദ്ദത്തിലും ഊന്നി  നല്ലതിനെ ഉള്‍ക്കൊള്ളാനും ചീത്തയെ തിരസ്കരിക്കാനുമുള്ള മനസ്സ് മലയാളിക്ക് നല്‍കിയതില്‍ സാമുദായിക നവോത്ഥാന നായകന്മാര്‍ക്കും ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുമുള്ള പങ്ക് വ്യക്തമാണ് .പാരമ്പര്യ അനുഷ്ടാന കലകള്‍ കൊണ്ടും നമ്മള്‍ ധന്യരാണ് .കേരളത്തിന്‍റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ അധിവസിക്കുന്ന ജന സമൂഹങ്ങള്‍ തനതു സ്വഭാവം നഷ്ടപ്പെടാതെ ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന അനുഷ്ടാന കലാ പ്രസ്ഥാനങ്ങള്‍ മാറ്റങ്ങളെ അതിജീവിച്ചു നില്‍ക്കുന്നു.ആധുനികമായ എല്ലാ പ്രവണതകളെയും ഉള്‍ക്കൊണ്ടാണ് അവ നിലനില്‍ക്കുന്നത് തന്നെ.കേരളത്തിന്‍റെ സാസ്കാരിക ചരിത്രത്തില്‍ ചിത്രകാരന്മാരായ രാജാ രവിവര്‍മ്മക്കും കെ.സി.എസ്.പണിക്കര്‍ക്കും ലഭിച്ചിട്ടുള്ള അംഗീകാരം ചിത്ര കലാ രംഗത്ത്‌ കേരളത്തിന്‌ വലിയ സ്ഥാനമാണ് നേടിതന്നിട്ടുള്ളത്.രവി വര്‍മ്മയും പണിക്കരും ചിത്ര കലാ പ്രസ്ഥാനത്തിന്‍റെ വ്യത്യസ്ത രീതികളുടെ പിന്‍ തുടര്‍ച്ചക്കാരാണ്.വിക്ടോറിയന്‍ മുഖമുദ്രയുള്ള ചിത്ര രചനാ രീതിയോടാണ്‌ രവി വര്‍മ്മ ചിത്രങ്ങള്‍ക്ക് കൂടുതല്‍ സാദൃശ്യമുള്ളത് .ഒരു നല്ല ജലച്ചായ ചിത്രകാരനായി കലാരംഗത്ത്‌ പ്രവേശിച്ച കോവലേഴി ചീരമ്പത്തൂര്‍ ശങ്കരന്‍ പണിക്കര്‍ എന്ന കെ.സി.എസ്.പണിക്കരില്‍  ഗുരുവായ അബനീന്ദ്ര നാഥ ടാഗോറിന്‍റെ ബംഗാള്‍ കലാ രീതി സ്വാധീനിക്കുകയുണ്ടായില്ല.

1911ല്‍ കോയമ്പത്തൂരില്‍ ജനിച്ച ഇദ്ദേഹത്തിന്‍റെ വിദ്യാഭ്യാസം കേരളത്തിലും മദ്രാസിലെ ക്രിസ്ത്യന്‍ കോളേജിലുമായാണ് പൂര്‍ത്തിയാക്കിയത് .ടെലഗ്രാഫ് ഡിപ്പാര്‍ട്ട്മെന്റിലും പിന്നീട് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലും ലഭിച്ച ഉദ്യോഗങ്ങള്‍ രാജിവെച്ച് 1936ല്‍ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചിത്ര കലാ പഠനം പൂര്‍ത്തിയാക്കുകയും പിന്നീട് അവിടെ വൈസ് പ്രിന്‍സിപ്പലായി സ്ഥാനം ഏല്‍ക്കുകയുമുണ്ടായി.ജലച്ചായ ചിത്ര രചനയില്‍ പുതിയ താളവും രൂപബോധവും സൃഷ്ടിച്ച് ദക്ഷിണ ഭാരതത്തില്‍ സ്വന്തമായ ശൈലി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമായ കാര്യമാണ്.പ്രകൃതി ദൃശ്യ രചനയില്‍ നിന്ന് പതുക്കെ പിന്‍വാങ്ങിയ പണിക്കര്‍ പിന്നീട് തന്‍റെ സൃഷ്ടികളില്‍ മനുഷ്യ രൂപങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുകയുണ്ടായി.ബൈബിളില്‍ നിന്നും എടുത്തതാണ് പണിക്കരുടെ പ്രമേയങ്ങളില്‍ പലതും.പണിക്കരുടെ മൂര്‍ത്ത കല്‍പ്പനകള്‍ പ്രകൃതിയുടെ മൌലിക ഭാവങ്ങളില്‍ നിന്ന് ദുര്‍ഗ്രാഹ്യമായ അര്‍ഥം ഉള്‍ക്കൊള്ളുന്നവയാണ്.അവയില്‍ ചിലത് ബീഭത്സങ്ങളും പൈശാചികങ്ങളുമാണ്. മറ്റു ചിലതാകട്ടെ നിസ്സാരമായ ആര്‍ദ്രത തുളുമ്പി നില്‍ക്കുന്നതും.

അന്‍പതുകളോട് കൂടി പണിക്കരുടെ സൃഷ്ടികള്‍ക്ക് ചൈതന്യം നല്‍കുന്നത് നമ്മുടെ ദാരു ശില്‍പ്പങ്ങളാണെന്ന് കാണാന്‍ കഴിയും .അദ്ദേഹത്തിന്റെ രചനാ രീതിയല്‍ ഭാരതത്തിന്‍റെ കലാരീതിയിലെ കൃത്യമായ രേഖപ്രയോഗവും അതോടൊപ്പം സ്വന്തമായ വര്‍ണ്ണ സങ്കര രീതിയും പ്രത്യേകം എടുത്തു പറയേണ്ട താണ് .എന്നാല്‍ അറുപതുകള്‍ക്ക് ശേഷം അദ്ദേഹത്തിന്‍റെ രചനാ രീതികളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വര്‍ണ്ണപ്രയോഗം കണ്ടെത്താന്‍ കഴിയില്ല.

രാശി ചക്രത്തിലെ ചിഹ്നങ്ങളും ജാതകക്കുറിപ്പ് രീതികളും പിന്നീടുണ്ടായ രചനകളുടെ മുഖ മുദ്രയാണ്.ചിഹ്നങ്ങള്‍ പ്രത്യേകിച്ച് യാതൊന്നിന്റെയും പ്രതിരൂപങ്ങളായിരുന്നില്ലെന്നു മാത്രമല്ല,പിന്നീടുപയോഗിച്ച മലയാള ലിപികള്‍ അക്ഷര സാദൃശ രൂപങ്ങളായി മാറി വരുകയുമായിരുന്നു.പിന്നീടുള്ള രചനകളില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു.

1966 ല്‍ മദ്രാസില്‍ പണിക്കര്‍ സ്ഥാപിച്ച ചിത്രകാരന്മാരുടെ കോളനി (ചോളമണ്ഡലം)ചിത്ര-ശില്‍പ്പകാരന്മാര്‍ക്ക് ശാന്തമായ ഒരു അന്തരീക്ഷത്തില്‍ താമസിച്ച് സൃഷ്ടികള്‍ നടത്തുന്നതിനും അവ പൊതുജനങ്ങളെ കാണിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള അവസരമൊരുക്കി.1967ല്‍ ഉദ്യോഗത്തില്‍ നിന്നും പിരിഞ്ഞ ശേഷം ചോളമണ്ഡലത്തില്‍ താമസിച്ച് സീനിയര്‍ വിദ്യാര്‍ഥികളുമായി സഹകരിച്ച് ''വാക്കുകളും പ്രതീകങ്ങളും ''എന്ന പരമ്പരയില്‍ തീര്‍ത്ത രേഖാചിത്രങ്ങളും പെയിന്റിങ്ങുകളുമാണ് അദ്ദേഹത്തെ ലോക ശ്രദ്ധയിലേക്ക് നയിച്ചത്.1976ല്‍ കേന്ദ്ര ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു.ശ്രദ്ധേയമായ രേഖാ ചിത്രങ്ങളായി അറിയപ്പെടുന്നത് സ്ത്രീ,അമ്മയും കുഞ്ഞും,ഗ്രാമം,തൊണ്ടു തല്ലുന്നവര്‍  എന്നിവയാണ്.എണ്ണച്ചായ  ചിത്രങ്ങളില്‍ ഗര്‍ഭിണികള്‍ ,ലുംബിനി,വാക്കുകളും പ്രതീകങ്ങളും,ചുവന്ന നായ എന്നിവ പരിഗണിക്കപ്പെടുന്നു.

കെ.എ.ദേവദാസ്
മലയാളിക്ക് കെ.സി.എസ്.പണിക്കരുടെ ചിത്രങ്ങളിലൂടെ സഞ്ചരിക്കാന്‍ ആധുനിക ചിത്ര ഭാഷയുടെ കാഴ്ചയുടെ തലം വിപുലീകരിക്കെണ്ടതുണ്ട്.പാശ്ചാത്യ ആധുനിക ചിത്രകലയും പൌരസ്ത്യ ചിത്ര കലയും രണ്ടു ധാരകളിലാണ് നിലനില്‍ക്കുന്നത്.ഇത് പലപ്പോഴും കാഴ്ചയുടെ പരിമിതികള്‍ക്ക്‌ കാരണമാകാറുണ്ട്.ആധുനിക ചിത്രങ്ങളുടെ വികാസത്തില്‍ പൌരസ്ത്യ ചിത്രങ്ങളുടെ പങ്ക് വളരെ കുറവാണ് .ചിത്രകാരനും കാഴ്ചക്കാരനും പലപ്പോഴും ഒരേ തലത്തില്‍ നിന്നും സംഭവിക്കാനും കാഴ്ചക്കാരനെ കലാകാരന്‍റെ നിസ്സീമാമായ കാഴ്ചയിലേക്ക് കൂട്ടിക്കൊണ്ടുപോകാനും തുടര്‍ച്ചയായുള്ള കാഴ്ചയിലൂടെ വികസിച്ച ഒരു പുതിയ പരിപ്രേക്ഷ്യം തന്നെ അത്യാവശ്യമാണ്.2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

ഉര്‍വ്വരമായ മണ്ണില്‍ കണ്ണുകള്‍ വിതച്ച കവി.

പുസ്തകം/ഓര്‍മ്മ.

കണ്ണന്‍  മേലോത്ത്.
കവിതയെക്കുറിച്ച് സംസാരിക്കാന്‍ ആധികാരികത വേണമെന്ന ധാരണ ഉള്ളപ്പോള്‍ തന്നെ അത് കുത്തകയാണെന്ന ധാര്‍ഷ്ട്യങ്ങളോട് കലഹിച്ചും നടന്നിരുന്ന 1999ലെ മാര്‍ച്ച് മാസം.ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് കേരള ഏറണാകുളത്ത് വെച്ച് നടക്കുകയാണ്. ഫെസ്റ്റിവെല്‍ ഓഫീസ്‌ സജ്ജമാക്കിയിരുന്ന സെ.ആല്‍ബെര്‍ട്ട്സ് സ്കൂള്‍ ഗ്രൌണ്ടില്‍ ഞങ്ങള്‍ക്ക് സമീപം എ.അയ്യപ്പന്‍ നില്‍ക്കുന്നുണ്ടായിരുന്നു.മൂന്നാമതൊരാളെ ചൂണ്ടിക്കാട്ടി അടുത്തുനിന്ന ആളോട് അയ്യപ്പന്‍ പറഞ്ഞു''ആ നില്‍ക്കുന്നത് ഒരു പ്രസാധകനാണ്.എന്‍റെ ഭ്രാന്താസ്പത്രി വിറ്റു നടന്ന് അയാള്‍ക്കും ഭ്രാന്തായി''കനപ്പെട്ട കാര്യങ്ങളും കളിയായി പറയുന്ന കവിയില്‍ നിന്ന് കൂടുതല്‍ കേള്‍ക്കുന്നതിനായി ഞങ്ങള്‍ അവിടെ തന്നെ നിന്നു.''ചിത്ത രോഗാശുപത്രിയിലെ ദിവസങ്ങള്‍ ''എന്ന തന്‍റെ കവിതാ സമാഹാരത്തെ കുറിച്ചാണ് കവി സംസാരിച്ചത്.ഇത് ആദ്യം 1985 ല്‍ പ്രസിദ്ധീകരിച്ചതാണ്.രണ്ടാം പതിപ്പ് 1992ല്‍ കോഴിക്കോട്ടുള്ള ബോധി പബ്ലിഷിംഗ്  ഹൌസ് പുറത്തിറക്കി.ആ വര്‍ഷം തന്നെ ഒരു പ്രതി ഞാന്‍ വാങ്ങിയിരുന്നു.ചിരപരിചിതനെ പോലെ കവി നേരെ നോക്കി ചിരിച്ചു.അതെ.അയ്യപ്പന് ചിരപരിചിതരായ സുഹൃത്തുക്കള്‍ മാതമേയുള്ളൂ.

നൊമ്പരപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന വാക്കുകള്‍കൊണ്ട് കവി കുറിച്ച വരിളില്‍ മുഴങ്ങിയത് കീഴാളന്റെ ചെറുത്തുനില്‍പ്പുകളാണ്.വാക്കുളിലെ പാരുഷ്യമാകട്ടെ കവിയുടെ അലച്ചിലുകളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും അകന്നുനില്‍ക്കുന്നതല്ല.തെരുവിലുറങ്ങിയത് കൊണ്ടല്ല, തെരുവിലിറ ക്കപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദിച്ചതിലൂടെയാണ് എ.അയ്യപ്പന്‍ കവിയായി തിരിച്ചറിയപ്പെട്ടത്.അയ്യപ്പനെ നിര്‍ണ്ണയിക്കുവാന്‍ സമാനതകള്‍ അന്വേഷിച്ചുപോവുക വളരെ പ്രയാസമുള്ള കാര്യമാണ്.ജെര്‍മ്മന്‍ വംശജനും അമേരിക്കന്‍ കവിയും എഴുത്തുകാരനുമായ ചാള്‍സ് ബുക്കൊവ്സ്കിയുടെ ജീവിതവും കൃതികളുമായി അടുത്ത് നില്‍ക്കുന്നു എന്ന് ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടു.വായിച്ചറിഞ്ഞ ബുക്കൊവ്സ്കിയില്‍ നിന്നും നേരിട്ടറിഞ്ഞ അയ്യപ്പന്‍ വ്യസ്ത്യസ്തനാകുന്നില്ലെന്നു കരുതാം.ലോസ് ഏഞ്ചല്‍ സിലെ തെരുവിലലഞ്ഞു കഥയും കവിതയും കുറിച്ചിരുന്ന ബുക്കൊവ്സ്കിയെ ''ടൈം''മാസിക വിശേഷിപ്പിച്ചത്‌  "laureate of American lowlife"എന്നാണ് .

ചാള്‍സ് ബുക്കൊവ്സ്കി
അയ്യപ്പന്‍ ഒരു പ്രസ്ഥാനതിന്റെയും ഭാഗമായി നീങ്ങിയില്ല.ഒരു പ്രസ്ഥാനവും ഉള്‍ക്കൊണ്ടാതുമില്ല.സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കും അയ്യപ്പന്‍ പുറത്തായിരുന്നു.പുറത്താക്കപ്പെട്ടവരെ കൊടിയുടെ നിറം കൊണ്ട് വേര്‍തിരിക്കാനുമാവില്ല.അവര്‍ക്കുവേണ്ടി എഴുതുന്ന പ്രസ്ഥാനങ്ങള്‍ നിലനിന്നിട്ടില്ലല്ലോ.സാഹിത്യ അക്കാദമി അവാര്‍ഡിനായി അയ്യപ്പനെ പരിഗണിച്ചപ്പോള്‍ ''എത്ര കിട്ടും''എന്നാണ് പൊടുന്നനെ ചോദിച്ചത്.ഇത്ര കിട്ടുമെന്നറി ഞ്ഞപ്പോള്‍ എന്ന് കിട്ടുമെന്നായി ചോദ്യം.പ്രസ്ഥാനത്തിന് പുറത്തേക്ക് അവാര്‍ഡ് വെച്ചു നീട്ടിയതിനു പിന്നില്‍ ആദരവല്ല,ഔദാര്യമാണ്‌ ഉണ്ടായിരുന്നതെന്ന് കവിക്ക് നന്നായി അറിയാമായിരുന്നു.പ്രസ്ഥാനങ്ങളുടെ പടികയറാത്തതിനാലും കുഴലൂത്തുകാര്‍ക്ക് ചെവികൊടുക്കാത്തതിനാലും അയ്യപ്പന് തന്‍റെ പേരില്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന അവാര്‍ഡുകളോ,പ്രതിമ,മന്ദിരം എന്നിവകള്‍ കൊണ്ടുള്ള  സ്മാരകങ്ങളോ തീര്‍ക്കപ്പെട്ടു എന്ന് വരില്ല.അയ്യപ്പനെ ഓര്‍മ്മിക്കുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മകള്‍ രൂപപ്പെട്ടു വരുന്നുണ്ട്.അതുതന്നെ കവിക്കുള്ള സ്മാരകം.ഒരു തിരി കൊളുത്തിവെച്ച് വെടിമരുന്നുപുരയുടെ താക്കോലുമായി കടന്നുപോയ എ.അയ്യപ്പന് ഈ ഇടം ഈ നേരം സമര്‍പ്പിക്കുന്നു.

സത്യം പറയാതിരിക്കുന്നതും എഴുതാതിരിക്കുന്നതും ഒരുതരം ആത്മഹത്യയാണ്:തസ്ലീമ നസ്രിന്‍ .

വായന/അഭിമുഖം.

പരിഭാഷ-എം.എ.രാഘവന്‍,നെടുമങ്ങാട്.
ഇസ്ലാം മതത്തിന്‍റെ വിസ്വാസങ്ങള്‍ക്കെതിരായുള്ള വിമര്‍ശനങ്ങള്‍ ആത്മസംയമനത്തോടെ കാണാനും ചിന്തിക്കാനും മത മേധാവികള്‍ക്ക് കഴിയുന്നില്ല.അന്യ മതക്കാരനാണ് വിമര്‍ശിക്കുന്നതെങ്കില്‍ അത് ചിലപ്പോള്‍ വര്‍ഗീയ കലാപത്തിനുതന്നെ വഴിവെച്ചേക്കാം.സ്വമതത്തില്‍ പെട്ടവരുടെ വിമര്‍ശനങ്ങള്‍ പോലും അവര്‍ വലിയ പാപമായി കാണുന്നു.'സാത്താനിക് വേഴ്സസ്'എഴുതിയ സല്‍മാന്‍ റുഷ്ദിയെ വധിക്കുന്നയള്‍ക്ക് ഇനം പ്രഖ്യാപിച്ചത് ഇറാനിലെ മതമേധാവിയായിരുന്നു.വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും സല്‍മാന്‍ ഇപ്പോഴും അജ്ഞാത വാസത്തിലാണ്.

സല്‍മാനെ പോലെ ഇസ്ലാം മത തീവ്രവാദികളുടെ പ്രതികാരത്തിന് വിധേയയായ മറ്റൊരു വ്യക്തിയാണ് ബംഗ്ലാദേശ് എഴുത്തുകാരിയായ തസ്ലീമ നസ്രിന്‍.ശരി അത്ത് നിയമത്തെ വിമര്‍ശിച്ചും സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി തൂലിക ചലിപ്പിച്ചും തസ്ല്ലീമ യാഥാസ്ഥിതിക മുസ്ലിം സമുദായത്തിന്‍റെ പ്രകോപനത്തിനിരയായി.അവരിപ്പോള്‍ ഒരു അഭയാര്‍ത്ഥിയായി ഇന്ത്യയില്‍ കഴിയുന്നു.കഴിഞ്ഞ മാസം ഹൈദരാബാദിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത അവരെ അവിടത്തെ നാലഞ്ചു മുസ്ലിം എം.എല്‍ .എ മാര്‍ ആക്രമിക്കുകയുണ്ടായി.ആ സംഭവത്തെക്കുറിച്ച് ഹിന്ദു ദിനപത്രത്തിന്‍റെ ലേഖകന്‍ അവരുമായി കൊല്‍ക്കത്തയില്‍ വെച്ച് നടത്തിയ അഭിമുഖത്തിന്‍റെ സ്വതന്ത്ര പരിഭാഷാ മാറ്റമാണ് താഴെ കൊടുത്തിരിക്കുന്നത്‌.

+നിങ്ങള്‍ക്കുനേരെ ഹൈദരാബാദ് പ്രസ് ക്ലബില്‍ വെച്ച് നടന്ന വധശ്രമ ത്തെക്കുറിച്ച് എന്തു തോന്നുന്നു.ആ അനുഭവം നിങളുടെ ജീവിത വീക്ഷണത്തെ എങ്ങിനെ സ്വാധീനിച്ചിരിക്കുന്നു?
=ഞാന്‍ മരണത്തെ വളരെ അടുത്ത് അഭിമുഖീകരിച്ചു.ആ അര മണിക്കൂറിന്റെ ഓരോ മില്ലി സെക്കന്റിലും മരണം എത്തിക്കഴിഞ്ഞെന്നുള്ള വസ്തുതയുമായി ഞാന്‍ താദാത്മ്യം പ്രാപിക്കുകയായിരുന്നു.അന്ത്യം ഏതു രീതിയിലായിരിക്കുമെന്നാണ് മനസ്സില്‍ .അവസാനം രക്ഷപെട്ടപ്പോള്‍ മരണത്തിന്‍റെ കരാള വക്ത്രത്തില്‍ നിന്ന് രക്ഷപെട്ടതുപോലെ തോന്നി.എന്‍റെ വിശ്വാസങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് എനിക്ക് ജീവിതം.മരണം അതിന്‍റെ അവസാനവും.

+അപ്പോള്‍ ആ സംഭവം നിങ്ങളുടെ ജീവിതാവബോധത്തെ ശക്തിപ്പെടുത്തി എഴുതുന്നതിനുവേണ്ടി ജീവിക്കാന്‍ ?
=തീര്‍ച്ചയായും.അല്ലെങ്കില്‍ പിന്നെ എന്തിനീ ജീവിതം?എനിക്കൊരു ജീവിതമുള്ളപ്പോള്‍ അതിനെ അര്‍ത്ഥവത്താക്കി ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.എന്‍റെ ജീവന് ഭീഷണി ഉയര്‍ത്തിയത്‌ ഇത് ആദ്യ സംഭവമല്ല.ഞാന്‍ എഴുത്ത് ഗൌരവമായി എടുത്ത 1980 കളിലായിരുന്നു ബംഗ്ലാദേശില്‍ വെച്ച് ആദ്യത്തെ വധ ശ്രമം.അതിനിശേഷം ശാരീരികമായും മാനസികമായും എന്നെ ആക്രമിച്ചിട്ടുണ്ട്.എനിക്ക് എന്‍റെ രാജ്യം വിടേണ്ടിവന്നു.എന്‍റെ കൃതികള്‍ നിരോധിക്കപ്പെട്ടു.ഞാന്‍ നാടുകടത്തപ്പെട്ടു. എന്നാല്‍ ഇവയോന്നിനും എന്‍റെ ദൃഡ വിശ്വാസത്തെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.എനിക്ക് നേരെയുള്ള ഈ ക്രൂരകൃത്യങ്ങളൊക്കെ എന്‍റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു.എന്നാല്‍ ഏറ്റവും അവസാനമായി ഹൈദരാബാദില്‍ വെച്ച് നടന്ന വധ ശ്രമം ഏറ്റവും ഭയങ്കരമായിരുന്നു.ഞാനൊരു മനുഷ്യസ്നേഹി മാത്രമല്ല,മനുഷ്യനുമാണ്.ഒരു പേടി സ്വപ്നം പോലെ അതെന്നെ ഇപ്പോഴും പിന്‍ തുടരുന്നു.ആ സംഭം അതിന്‍റെ എല്ലാ ഭീഭത്സതയോടും കൂടി എന്‍റെ മനസ്സിനെ വേട്ടയാടുന്നു.അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ഒരു ഉള്‍ക്കിടില മുണ്ടാകുന്നു.

തസ്ലീമ കുട്ടിക്കാലത്ത്
+നിരന്തരമായ ഭയത്തിന്റെ പിടിയില്‍ സുരക്ഷിത വലയത്തിന്റെ തണലില്‍ ജീവിക്കുക എന്നുള്ളത്,ഒരു എഴുത്തുകാരി എന്ന നിലക്ക് എങ്ങിനെ കാണുന്നു,അത് നിങ്ങളുടെ അവകാശത്തെയും സ്വാതന്ത്രയതെയും ബാധിക്കുന്നില്ലേ?
=ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക്,ഒരു പട്ടണത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എത്ര വേഗത്തിലാണ് ഞാന്‍ സഞ്ചരിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നുന്നു.കഴിഞ്ഞ പതിമൂന്നു കൊല്ലമായി ഇപ്രകാരം ഞാന്‍ സഞ്ചരിക്കുന്നു.മത തീവ്രവാദികള്‍ ഒരു സ്ഥലത്തല്ല,അവര്‍ എല്ലായിടത്തുമുണ്ട്.അവരുടെ കരങ്ങള്‍ നീണ്ടതാണ്.അവരെന്നെ ഒരു ശത്രുവായി കാണുന്നിടത്തോളം എല്ലായി ടത്തും വധശ്രമത്തെ കുറിച്ചുള്ള സംസാരമുണ്ടാകും.ഹൈദരാബാദില്‍ ഞാന്‍ രക്ഷപെട്ടതില്‍ അവര്‍ ഖേദിക്കുന്നുണ്ട്.എന്‍റെ തലക്കുമീതെ ഇപ്പോഴും പുതിയ വധഭീഷണി നിലനില്‍ക്കുന്നു.ഞാനെവിടെ പോകും?ഞാനിഷ്ടപ്പെടുന്ന രീതിയില്‍ ജീവിക്കാനും എഴുതാനുമാണു ഞാന്‍ ശ്രമിക്കുന്നത് .എനിക്ക് സുരക്ഷിതത്വമേര്‍പ്പെടുതിയിട്ടുണ്ട്.അതുകൊണ്ടുതന്നെ തത്ഫലമായുള്ള നിയന്ത്രണങ്ങളുമുണ്ട്.ഒരു സാധാരണ സ്ത്രീയെപോലെ നടക്കാനും ,ബസാറില്‍ പോകാനും സുഹൃത്തുക്കളെ സന്ദര്‍ശിക്കാനും എനിക്കും ആഗ്രഹമില്ലേ?ഒരര്‍ത്ഥത്തില്‍ ഇത്തരമൊരു ജീവിതം നയിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.മറ്റൊരു തരത്തില്‍ അതെന്നെ ദൃഡനിശ്ചയമുള്ളവളാക്കി തീര്‍ക്കുന്നു.എഴുതുന്നതിന് എന്നെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.എന്‍റെ വാക്കുകളെ വളരെ ഗൌരവത്തോടെ കാണുന്നു.എന്‍റെ നേരെയുള്ള ഈ ആക്രമണങ്ങളെ ഒരാള്‍ എങ്ങനെ കാണുന്നു?സത്യം വേദനിപ്പിക്കുന്നു.ചിലര്‍ തീര്‍ച്ചയായും വേദനിപ്പിക്കപ്പെടുന്നു.എന്നാല്‍ സത്യം പറയാത്തിരിക്കുന്നതും എഴുതാതിരിക്കുന്നതും എന്നെ സംബന്ധിച്ചിടത്തോളം ആതമഹത്യാ പരമാണ്. 

 +തീര്‍ച്ചയായും അതില്‍ വ്രണപ്പെടുന്നതിനെക്കാള്‍ കൂടുതലായി മറ്റെന്തോ ഉണ്ട്.സത്യം എത്ര കൈപ്പുള്ളതായാലും സാരമില്ല?
=പുരുഷ മേധാവിത്വ വക്താക്കളില്‍ നിന്നും എനിക്കെതിരെ ശാശ്വതമായ ഒരു വിദ്വേഷ പ്രചാരണമുണ്ട് .ഇസ്ലാമിക മത തീവ്ര വാദത്തിനെതിരെ ഞാന്‍ സംസാരിക്കുന്നു.ഞാന്‍ അങ്ങനെ ചെയ്യുന്നത് മുസ്ലിം സമുദായത്തെ ഉദ്ബുധരാക്കുന്നതിനാണ് അവരില്‍ കൂടുതല്‍ സഹനശക്തി ഉളവാക്കുന്നതിനാണ്.അതുകൊണ്ട് ഹൈദരാബാദില്‍ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നും സംഭവിക്കാം.മുസ്ലിം സമുദായത്തില്‍ നിന്ന് മാത്രമല്ല,മറ്റു സമുദായങ്ങളിലെ മത തീവ്രവാദികളില്‍ നിന്നും എനിക്ക് ഭീഷണിയുണ്ട്.സ്ത്രീകള്‍ക്കുവേണ്ടിയുള്ള സമത്വത്തിനു വേണ്ടി വാദിക്കുമ്പോള്‍ ഹിന്ദു,മുസ്ലിം,ക്രിസ്ത്യന്‍ മത മൌലികവാദികളില്‍ നിന്നും എനിക്ക് എതിര്‍പ്പ് നേരിടേണ്ടി വരുന്നു.1991ല്‍ ബംഗ്ലാദേശില്‍ ''സ്മാഷ് തസ്ലീം കമ്മറ്റി''എന്നൊരു സംഘടന എന്നെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ചിട്ടുണ്ട്.അമേരിക്കയിലെയും ബ്രിട്ടണിലെയും സര്‍വകലാശാലകളില്‍ വെച്ച് എന്നെ ആക്രമിക്കുന്നതിനുള്ള പദ്ധതികലുമുണ്ടായിട്ടുണ്ട്.ഇതൊക്കെ ഞാന്‍ സ്ത്രീ സമത്വ ത്തിനുവേണ്ടി എഴുതുന്ന തുകൊണ്ട് സംഭവിക്കുന്നതാണ്.

ഇത്തരം ശക്തികള്‍ ലോകത്ത് വര്‍ദ്ധിക്കുകയാണ്.പല സംഭവങ്ങളിലും അധികാരതിലുമുള്ള  ഗവന്മെണ്ടും രാഷ്ട്രീയക്കാരുമാണ് ഇതിന് ഉത്തരവാദികള്‍ .രാഷ്ട്രീയ ലാഭത്തിനുവേണ്ടി ന്യൂനപക്ഷങ്ങള്‍ പ്രലോഭിപ്പിക്കപ്പെടുന്നു.സമുദായതിനകത്തുള്ള ആക്രമണങ്ങളെ പലപ്പോഴും സാധൂകരിക്കപ്പെടുന്നു.മത തീവ്ര വാദികള്‍ക്ക് ഉദാര വല്‍ക്കരണത്തിന്റെ പേരില്‍ ഒരു വിഭാഗം ന്യൂന പക്ഷമെന്ന പേരില്‍ അവരെ പരോക്ഷമായി പിന്താങ്ങുന്നു.ആ ന്യൂനപക്ഷ വാദം മത തീവ്രവാദികളേയും യാധാസ്ഥിതികരെയും സംരക്ഷിക്കുന്നതിലും പ്രബുദ്ധതയെ ഇല്ലായ്മ ചെയ്യുന്നതിലും ചെന്നവസാനിക്കുന്നു.ന്യൂനപക്ഷങ്ങളെ മുഖ്യ ധാരയുമായി കൂട്ടിച്ചേര്‍തില്ലെങ്കില്‍ അവര്‍ വിഘടിച്ചു നില്‍ക്കുകയും അങ്ങനെ വരുമ്പോള്‍ യാഥാസ്ഥിതിക ത്വവും മതപരമായ അസഹിഷ്ണുതയും നിലനില്‍ക്കുകയും ചെയ്യും.
എം.എ.രാഘവന്‍
+ഹൈദരാബാദില്‍ നിങ്ങള്‍ക്കെതിരെ ഉണ്ടായ വധശ്രമതെക്കുറിച്ചുള്ള സമൂഹത്തിലെ ബുദ്ധിജീവികളുടെ പ്രതിഷേധം എന്തുകൊണ്ട് മൂകാവസ്ഥയില്‍ നിലകൊള്ളുന്നു?
=ആ പ്രതിഷേധങ്ങള്‍ കൂടുതല്‍ പരുഷ മാകുമായിരുന്നു.അപകടത്തിലായിരിക്കുന്നത് തസ്ലീമ എന്ന വ്യക്തിയല്ല,അതൊരു പ്രശ്നമാണ്.ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യം എന്നിവയൊക്കെയാണ് അപകടത്തിലായിരിക്കുന്നത്.ഞാനൊരു വിദേശിയോ സ്വദേശിയോ എന്നത് ഒരു പ്രശ്നമേയല്ല.ആക്രമിക്കുന്നവര്‍ എന്നെ ഒരു അഭയാര്‍ത്ഥി യാണ് കാണുന്നത്.എന്നാല്‍ എന്നെപ്പോലെ എഴുതുകയോ സംസാരിക്കുകയോ ചെയ്യുന്ന ഒരാളും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ലാ എന്ന് അവര്‍ കരുതുന്നുണ്ടോ?

എന്‍റെ സഹപ്രവര്‍ത്തകരില്‍ പലരും എന്നെ ആക്രമിച്ചതിനെ വിമര്‍ശിക്കുന്നുണ്ട്.എന്നാല്‍ അവരും എന്‍റെ കൃതികളെ വിമര്‍ശിക്കുന്നുണ്ട്.എന്തുകൊണ്ടാണ് എന്‍റെ എല്ലാ സാഹിത്യ രചനകളും മതേതര മനുഷ്യ വര്‍ഗം,സ്ത്രീകളുടെ അവകാശങ്ങള്‍ ,സ്വാതന്ത്ര്യം ലിംഗസമത്വം എന്നിവയ്ക്ക് വേണ്ടിയാണ്.അവര്‍ ശരി അത്ത് നിയമങ്ങളെ കുറിച്ച് സംസാരിക്കുന്നു.എന്‍റെ ഏതു ആദര്‍ശങ്ങളാണ് ശരി അത്തിനു അപവാദമായിട്ടുള്ളതെന്നും ഞാന്‍ അവരോടു ചോദിക്കുന്നു.ഞാന്‍ ഉയര്‍ത്തിക്കാട്ടുന്ന മൂല്യങ്ങള്‍ അവര്‍ക്ക് സ്വീകാര്യമല്ലെങ്കില്‍ അവര്‍ തന്നെ അപകടത്തിലായിരിക്കുകയാണ് .

ബുധിപൂര്‍വമല്ലാത്ത ഇടപെടലുകളിലൂടെ ബുദ്ധിജീവികള്‍ പലപ്പോഴുംമതപരമായ തീവ്രവാദികളുടെ കൈകളില്‍ കുടുങ്ങുന്നു. മത തീവ്രവാദികളുടെ കൈകളിലെ ആയുധങ്ങളുടെ മൂര്‍ച്ചകൂട്ടാന്‍ അവര്‍ ശ്രമിക്കുന്നു.എന്നിട്ടും അവര്‍ പുരോഗമന വാദികളായി ചിത്രീകരിക്കപ്പെടുന്നു.എന്നാല്‍ അവര്‍ ചെയ്യുന്നതാവട്ടെ ,സമൂഹത്തെ ഇരുട്ടിലേക്ക് നയിക്കുന്നു.ഇവരുടെ രീതിയില്‍ മത തീവ്രവാദികളുടെ രീതിയില്‍ നിന്നും വ്യസ്ത്യമാണെങ്കിലും ലക്‌ഷ്യം ഒന്നായി തീരുന്നു.ഹിന്ദു തീവ്രവാദികള്‍ ആക്രമിക്കുമ്പോള്‍ അതിനെതിരെയുള്ള മറുപടി കൂടുതല്‍ ശക്തമാകുന്നു.എന്നാല്‍ ഇതേ കുറ്റം മുസ്ലീങ്ങള്‍ ചെയ്യുമ്പോള്‍ മത ന്യൂനപക്ഷത്തിന്റെ പേരില്‍ അവര്‍ക്ക് സംരക്ഷണം വേണമെന്ന് പറഞ്ഞു പുരോഗമന വാദികള്‍ അതിനെ നിശബ്ദമാക്കുന്നു.

ഹൈദരാബാദിലെ ആക്രമികള്‍ എന്‍റെ നേര്‍ക്ക്‌ പാഞ്ഞടുതപ്പോള്‍ അവരുടെ കണ്ണുകളില്‍ അമര്‍ഷം ശക്തമായിരുന്നു.കറുത്ത സാമൂഹ്യ ശക്തികള്‍ ആഞ്ഞടിച്ച വിദ്വേഷം.ഒരു പക്ഷെ യഥാര്‍ത്ഥ ശത്രുക്കളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയില്ലായിരിക്കാം.
2012, ഒക്‌ടോബർ 20, ശനിയാഴ്‌ച

ഒരു സഹനവും വിപ്ളവത്തിന്‍റെ വിജയവും.

സിനിമ

കണ്ണന്‍ മേലോത്ത് .
ആഫ്രിക്കന്‍ വന്‍കരയെ സിനിമയുടെ ഭൂപടത്തില്‍ അടയാളപ്പെടുത്തിയത് സെനഗലില്‍ നിന്നുള്ള സെമ്പീന്‍ ഉസ്മാനാണ്.നെറികേടുകള്‍ക്കെതിരായ സമരായുധങ്ങളായാണ് സെംമ്പീന്റെ ഓരോ സിനിമയും സ്വീകരിക്കപ്പെട്ടത്.2004 ല്‍ 81വയസ്സുള്ളപ്പോള്‍ എടുത്ത 'മൂലാദ്'എന്ന സിനിമയും ഇതില്‍നിന്ന് ഭിന്നമല്ല.2007 ല്‍ സെമ്പീന്‍ അന്തരിച്ചു.

പെണ്‍കുഞ്ഞുങ്ങള്‍ പിറന്ന് നാല് വയസ്സാകുമ്പോള്‍ അവരുടെ യോനിയില്‍ നിന്നും കിളുന്തിറച്ചി ചെത്തി മാറ്റുന്ന ഏര്‍പ്പാടിനെയാണ് മൂലാദ് എന്ന് പറയുന്നത്.അവരിലെ അയിത്തം നീങ്ങിക്കിട്ടുന്നതിനാണത്രേ ഇത് ചെയ്യുന്നത്. ഇതിനുവേണ്ടി ഗ്രാമത്തില്‍ നിയോഗിക്കപ്പെട്ട പ്രായം ചെന്ന സ്ത്രീകളാണ് ഇത് ചെയ്യുന്നത്.യാതൊരു സുരക്ഷാ മുന്‍കരുതലുകളും കൂടാതെതികച്ചും പ്രാകൃതമായ രീതിയിലാണ് ഇത് ചെയ്യുന്നത്.മീന്‍ വെട്ടുന്ന കത്തിയേക്കാള്‍ മൂര്‍ച്ച കുറഞ്ഞ കത്തി ഉപയോഗിച്ചാണ് അത് ചെയ്യുന്നത്.ഇതിന് വിധേയരാകുന്ന പെണ്‍കുട്ടികള്‍ ചോരവര്‍ന്നും മാരകമായ അസുഖങ്ങള്‍ പിടിപെട്ടും വൈകാതെ മരിച്ചുപോകാറാണ് പതിവ്.ചിലര്‍ ആത്മഹത്യ ചെയ്യുന്നു.മൂലാദിന് വിധേയരാക്കുന്നതിലൂടെ എന്തു തരം വാലായ്മയാണ് നീങ്ങിക്കിട്ടുന്നതെന്ന് അതിന്‍റെ നടത്തിപ്പുകാര്‍ക്ക് പോലും അറിയില്ല.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്‌ ഇസ്ലാം മതം സ്വീകരിച്ചവരാണെങ്കിലും പ്രാകൃതമായ ഇത്തരം നാട്ടുനടപ്പുകളുടെ പിന്തുടര്‍ച്ച ആഫ്രിക്കന്‍ നാടുകളില്‍ നിന്നും ഒഴിഞ്ഞു പോയിട്ടില്ല.

അയല്‍ രാജ്യമായ ബുര്‍കിനാ ഫാസോയിലെ ഒരു ഗ്രാമത്തില്‍ നിന്നുമാണ് സെമ്പീന്‍ ഈ അനാചാരത്തിന്റെ കഥ പറയുന്നത്.മൂലാദിന് വിധേയയായ കോലോ ആര്‍ദോ എന്ന വീട്ടമ്മയാണ് പടത്തിലെ കലാപകാരി.ഇവര്‍ ആദ്യം പെറ്റത് രണ്ടും ചാപിള്ളകളായിരുന്നു.മൂന്നാമത് പിറന്ന പെണ്‍കുട്ടിയെ അവര്‍ മൂലാദിന് വിധേയയാക്കിയില്ല.അവളെയും കൊണ്ട് ഒരു കൂരയില്‍ ഒറ്റയ്ക്ക് കഴിഞ്ഞു.ഇതറിയാവുന്ന മറ്റ് നാല് പെണ്‍കുട്ടികള്‍ മൂലാദിന് പിടിച്ചുകൊണ്ടുപോകാന്‍ തുനിയവെ രക്ഷപെട്ട് കൊലോയുടെ വീട്ടിലെത്തുന്നു.കോലോ അവരെ സംരക്ഷിച്ചു.മൂലാദിന് വിട്ടുകൊടുക്കുകയില്ല എന്ന് ആ കുഞ്ഞുങ്ങള്‍ക്ക് ഉറപ്പു കൊടുത്തു.അവരെ പിടിച്ചു കൊണ്ടുപോകുന്നതിനായി ആണുങ്ങള്‍ കയര്‍ത്തുകൊണ്ട് കൊലോയുടെ കൂരക്ക് മുന്നിലെത്തി.വാക്കത്തി എടുത്തു വീശി കോലോ അവരെ വിരട്ടി.ഫ്രഞ്ച് ഇമാം ഈ ഏര്‍പ്പാട് നിര്‍ത്തല്‍ ചെയ്തിട്ടുള്ള കാര്യം അവരെ ഓര്‍മ്മപ്പെടുത്തി.
സെമ്പീന്‍ ഉസ്മാന്‍
കൊലോയെ സമുദായം ഹദ്ദടിക്ക് വിധേയയാക്കി.പൊതിരെ തല്ലുകൊണ്ട് മയങ്ങി വീണിട്ടും ആ വീട്ടമ്മ മറ്റു കുട്ടികളെ വിട്ടുകൊടുത്തില്ല.റേഡിയോവിലൂടെയാണ് കോലോ ഫ്രഞ്ച് ഇമാമിന്‍റെ വിലക്കുകളെ കുറിച്ച് അറിഞ്ഞിരുന്നത്.ഇതറിയാമായിരുന്ന ഗ്രാമത്തിലെ ആണുങ്ങള്‍ എല്ലാ വീടുകളില്‍ നിന്നും റേഡിയോകള്‍ കൊണ്ടുവന്ന് ഒരു പള്ളിക്ക് മുന്‍പില്‍ കൂട്ടിയിട്ട് കത്തിച്ചു.കൊലോയുടെ മകള്‍ അസ്മാത്തുവിന്റെ മുറച്ചെറുക്കന്‍ ഫ്രാന്‍സില്‍ നിന്ന് വന്നു.അസ്മാതുവിനെ കല്യാണം കഴിക്കാന്‍ ആണ്‍കൂട്ടം അവനെ അനുവദിച്ചില്ല.പറഞ്ഞു പറ്റിച്ച് മറ്റൊരു പെണ്‍കുട്ടിയുമായി കല്യാണമുറപ്പിച്ചു.എങ്കിലും അയാളുടെ മടങ്ങിവരവ് ഗ്രാമത്തില്‍ പല മാറ്റങ്ങള്‍ക്കും വഴി തെളിച്ചു.യൂറോപ്പിലെ വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ ആ ചെറുപ്പക്കാരന്റെ വാക്കുകള്‍ക്ക് ഗ്രാമം വില കല്‍പ്പിച്ചു.മൂലാദ് പോലെയുള്ള മാരകവും ഭീകരവുമായ ഏര്‍പ്പാടുകള്‍ ഇനി വേണ്ടെന്ന് ഗ്രാമത്തിലുള്ളവര്‍ തീരുമാനമെടുത്തു.അതിനു കൊലോയെ പോലെയുള്ള പെണ്ണുങ്ങള്‍ കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവിതം തന്നെയായിരുന്നു.ഫാതുമാത്ത കൂലിബാലെയാണ് കൊലോയെ അവതരിപ്പിക്കുന്നത്‌.അസ്മാതുവിനെ സലിമാത്ത ട്രയോറും അവതരിപ്പിക്കുന്നു. 

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

അനങ്ങാപ്പാറകളെ പിളര്‍ത്തിയ ആവിഷ്കാരത്തിന്റെ കരുത്ത്.

സിനിമ.

കണ്ണന്‍ മേലോത്ത്
ജൂത വംശജയായ ജെര്‍മ്മന്‍ എഴുത്തുകാരി സ്റ്റെഫാനി സ്വെയ്ഗ് തന്‍റെ ജീവിതത്തില്‍ ഉടനീളം അന്വേഷിച്ചു കൊണ്ടിരുന്നത് പുറത്താക്കാ പ്പെട്ട ജനതയ്ക്ക് ഇതര വിഭാഗങ്ങളുമായുള്ള സമായോജനതിന് വഴികള്‍ തുറന്നു കിട്ടുമോ എന്നതായിരുന്നു.തന്‍റെ  കണ്ടെത്ത ലുകളുടെ ക്രമസംഭവ രേഖയായി രചിക്കപ്പെട്ട 'നോവേര്‍  ഇന്‍ ആഫ്രിക്ക'എന്ന ആത്മകഥാഖ്യായിക ജെര്‍മ്മനിയില്‍ നന്നായി വിറ്റഴിക്കപ്പെടുന്ന പുസ്തകമായി ഉയരുകയും അതിനെ ആശ്രയിച്ച് ജെര്‍മ്മന്‍ കാരി തന്നെയായ കരോളിന്‍ ലിങ്ക് സാക്ഷാത്കരിച്ച ഇതേ പേരിലുള്ള സിനിമ മികച്ച വിദേശ ഭാഷാ സിനിമക്കുള്ള ഓസ്കാര്‍ നേടുകയും ചെയ്തതോടെ പുറത്താക്കാ പ്പെട്ടവര്‍ക്ക് എതിരെ ആഗോള തലത്തില്‍ നിലനില്‍ക്കുന്ന ഭീകരതയുടെ രാഷ്ടീയം കൂടുതലായി പൊതു ചര്‍ച്ചകള്‍ക്ക് വിധേയമായി.

1938ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ അഭിഭാഷക വൃത്തി ചെയ്തു തരക്കേടില്ലാത്ത കുടുംബ ജീവിതം നയിച്ചിരുന്ന ജൂതനായ വോള്‍ ട്ടെര്‍ റെഡ് ലിച്ചും കുടുംബവും നാസി ഭീകരതയില്‍ നിന്ന് രക്ഷപ്പെട്ടു ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ഒരു വിദൂര ഗ്രാമത്തിലെത്തുന്നു.വെള്ളക്കാര്‍,ജെര്‍മ്മന്‍കാര്‍ ,ജൂതന്മാര്‍ എന്നീ മൂന്നു നിലകളിലും അങ്ങേയറ്റം ബഹിഷ്കരിക്കപ്പെട്ട റെഡ് ലിച്ച് കുടുംബത്തെ ഉള്‍ക്കൊള്ളുവാന്‍ ആദ്യമൊന്നും കെനിയന്‍ ഗോത്ര വര്‍ഗ്ഗ ദേശികര്‍ തയ്യാറായിരുന്നില്ല.വരണ്ട മണ്ണില്‍ പനിയിറക്കിയ പാടത്ത് നോക്കിന ട ത്തുന്ന വന്റെ തൊഴിലുചെയ്താണ് റെഡ് ലിച്ച് അവിടെ കുടുംബം പോറ്റിയിരുന്നത്.യുദ്ധ പൂര്‍വ ജെര്‍മ്മനിയിലെ സുഖജീവിതത്തിന്റെ നഷ്ട ബോധത്തില്‍ മനം മടുത്തിരുന്ന റെഡ് ലിച്ചിന്റെ ഭാര്യ ജെറ്റിലാകട്ടെ പുറത്താക്ക പ്പെട്ടവരെ കഷ്ടപ്പെടുത്തുന്ന ഒളിവു ജീവിതത്തെ അങ്ങേയറ്റം വെറുത്തിരുന്നു.അവരുടെ മകള്‍ അഞ്ച് വയ
സ്സുള്ള റെജിന കെനിയന്‍ ദേശികരായ കുട്ടികളോടൊപ്പം കളിച്ചു വളര്‍ന്ന് അവരുടെ ഗോത്രാചാരങ്ങളെ
സ്റ്റെഫാനി സ്വെയ്ഗ്
സ്വാംശീകരിച്ച് ആഫ്രിക്കന്‍ സംസ്കാരവുമായി ഇണങ്ങിച്ചേര്‍ന്നു.ഇതിന് അവളെ പ്രാപ്തയാക്കിയത് സുഹൃത്തും രക്ഷകനുമായി ചുമതലയേ റ്റിരുന്ന ഓവുവര്‍ എന്ന കെനിയന്‍ ദേശികനായ അടുക്കളപ്പണി ക്കാരനാണ് .ഇവരോടൊപ്പം കെനിയയി ലുണ്ടായിരുന്ന മറ്റൊരു ജെര്‍മ്മന്‍ കാരനായ സസ്കിണ്ടുമായി ജെറ്റിലിനുണ്ടായ അവിശുദ്ധ ബന്ധം റെജിനയുടെ മനോനിലയെ ദോഷകരമായി ബാധിച്ചു.തിരിച്ചുപോകാന്‍ സമയമടുക്കുമ്പോള്‍ കെനിയന്‍ സാഹചര്യങ്ങളുമായി ഒത്തുപോകാന്‍ ജെറ്റില്‍ പഠിച്ചു.പിറന്ന നാടിന്‍റെ ഓര്‍മകളില്‍ നിയന്ത്രിക്ക പ്പെട്ടിരുന്ന റെഡ് ലിച്ചിന് ആഫ്രിക്കന്‍ നാട്ടു നടപ്പുകളുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.റെജിനയാകട്ടെ തനിയൊരു ആഫ്രിക്കന്‍ നാടന്‍ പെണ്‍കൊടി യായി മാറിക്കഴിഞ്ഞിരുന്നു.

സ്റ്റെഫാനി സ്വെയ്ഗിന്റെ പ്രതി നിധാനം പടത്തില്‍ റെജിനയിലാണ്.ഇപ്രകാരം എത്തപ്പെട്ട മാതാ പിതാക്കളോ ടൊപ്പം അവര്‍ ചെറുപ്പത്തില്‍ കെനിയയിലായിരുന്നു.'നോവേര്‍ ഇന്‍ ആഫ്രിക്ക'അവരുടെ ആത്മ കഥ എന്നതുപോലെ ഓവുവര്‍ എന്ന മസായ് ഗോത്രത്തില്‍ പെട്ട ഒരു കറുത്ത വര്‍ഗക്കാരന്റെ ജീവ ചരിത്രവുമാണ്.ഒവുവറെ അവതരിപ്പിക്കുന്നത്‌ സെനഗലില്‍ നിന്നുള്ള സിസിടെ ഒനിയുലോവാണ് ബാലികയായ കരോലിന്‍ എഖേര്‍ട്ട്സും ശേഷം ലിയ കുര്‍ക്കയും അവതരിപ്പിക്കുന്നു.

വോല്‍കെര്‍ സ്ക്ലോണ്ടോര്ഫിന്റെ പ്രസിദ്ധമായ 'ടിന്‍ ഡ്രം'നു ശേഷം ജെര്‍മ്മനിയിലേക്ക് ഓസ്കാര്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് കരോളിന്‍ ലിങ്കിനെ ശ്രധേയയാക്കുന്നുണ്ടെങ്കിലും ഓസ്കാര്‍ വൃത്തങ്ങളില്‍ അവരുടെ നാമം പുത്തനല്ല.ചെകിടന്മാരായ മാതാ പിതാക്കളുടെയും സംഗീതത്തില്‍ അതുല്യ പ്രതിഭയായ മകളുടെയും അതിജീവന ങ്ങളെ ആവിഷ്കരിച്ച അവരുടെ ആദ്യ സിനിമയായ 'ബിയോണ്ട് സൈലെന്‍സ്‌'g1997 ല്‍ ഓസ്കാര്‍ നോമിനേഷന്‍ നേടിയിരുന്നു.ജെര്‍മ്മന്‍ ഓസ്കാര്‍ എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ലോല അവാര്‍ഡ് അഞ്ചെണ്ണം നോവേര്‍ ഇന്‍ ആഫ്രിക്ക നേടിയിരുന്നു.


2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഒരു ഗര്‍ഭപാത്രം ഉണ്ടാക്കിയ കുഴപ്പം; രാജു എന്ന ആദിവാസി യുവാവിന്റെ വേദനകള്‍

പുസ്തകം
കണ്ണന്‍ മേലോത്ത്.

പൊതു സമൂഹം നിരന്തരമായുള്ള ആക്രമണങ്ങളിലൂടെ അരികുകളിലെക്കൊതുക്കിയ ആദിവാസികളുടെ ആറനാടന്‍ ഗോത്രത്തില്‍പ്പെട്ട രാജു എന്നയാളുടെ ജീവനത്തിനു വേണ്ടിയുള്ള സമരങ്ങളുടെ ചരിത്രവും വര്‍ത്തമാനവുമാണ് ഉണ്ണികൃഷ്ണന്‍ ആവള തയ്യാറാക്കിയ 'വിപരീതം'എന്ന പുസ്തകം .ഡോ.ഖദീജ മുംതാസിന്‍റെ അവതാരികയോടെ  പുസ്തകം പ്രസിദ്ധീകരിച്ചത് ഡി .സി.ബുക്സാണ്.

ഗര്‍ഭപാത്രമുള്ള പുരുഷന്‍ എന്ന നിലയില്‍ ലോകം അറിയുകയോ അവമതിക്കുകയോ ചെയ്ത വ്യക്തിത്വ ത്തിനുടമ യാണ് രാജു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കാടുകള്‍ക്ക് സമീപമുള്ള തീക്കടി  ചാത്തുക്കുട്ടി യുടെയും മകനായാണ്‌ രാജു ജനിച്ചത്. മാ താ പിതാക്കളാല്‍ ആണാള്‍ എന്ന് തിരിച്ച റിയപ്പെട്ടതിനാല്‍ അങ്ങിനെ വളര്‍ത്തുകയും രാജു എന്ന് പെരിടുകയുമായിരുന്നു. പതിനെട്ടാമത്തെ വയസ്സില്‍ രാജുവിന് ആര്‍ത്തവ മുണ്ടായി. തുടര്‍ന്നു നടത്തിയ വൈദ്യ പരിശോധനയില്‍ രാജുവിന്‍റെ ശരീരത്തില്‍ ഗര്‍ഭ പാത്രമുണ്ടെന്നു സ്ഥിരീകരിച്ചു. അതിനു ശേഷം രാജു ജീവിക്കുകയായിരുന്നില്ല, വേദന തിന്നുകൊണ്ട്‌ നാളുകള്‍ പോക്കുകയാ യിരുന്നു. ചായക്കടയിലെ ജോലിപോയി. കൂട്ടത്തില്‍ നിന്ന്  പുറത്താക്കി. അവജ്ഞയും കൌതുകവും സഹതാപവും നിറഞ്ഞ നോട്ടവും അന്വേഷണവും പരിഹാസവും രാജുവെന്ന മനുഷ്യന്‍റെ ഉള്ളം കലക്കിയതോടൊപ്പം ശരീരത്തിനുമേല്‍ ഭീകരമായ ലൈംഗിക ആക്രമണങ്ങള്‍ അഴിച്ചുവിട്ട് പിച്ചിച്ചീന്തുകയും ചെയ്തു. ചോ ദിക്കാനും പറയാനും ആളില്ലാത്ത ആദിവാസിയുടെ ശരീരം സാംസ്കാരിക സമ്പന്നനായ മുഷ്യന്‍ തന്‍റെ ജീര്‍ണതകള്‍ മൊത്തം ചോരിഞ്ഞിടു ന്നതിനുള്ള മാംസാകാരമോ പേക്കോ ലമോ ആക്കി മാറ്റി. പിന്നീട് പരീക്ഷണ ശാലയായും അതിനെ മാറ്റി. ആണും പെണ്ണുമല്ലാതെ ജീവിക്കുന്നതിലും നല്ലതാണല്ലോ ഏതെങ്കിലും ഒന്നായി മാറുന്നത് എന്ന ചിന്താഗതി ഉരുവപ്പെട്ട രാജു ഒടുവില്‍ പെണ്ണായി മാറുന്നതിനുള്ള ഓപ്പ റേഷന് വിധേയനായി. എരന്ന് നടന്നാണ് രാജു ഓപ്പറേഷന് വേണ്ട തുക കണ്ടെത്തിയത്. ഇപ്പോഴും എരന്ന് നാളുകള്‍ പോക്കുന്നു.

രാജു
ഉണ്ണികൃഷ്ണന്‍ ആവള തയ്യാറാക്കിയ രാജുവിന്റെ ഈ സമര ചരിത്ര പുസ്തകത്തിലെ അവതാരിക യില്‍ ചോദ്യം ചോദിക്കാന്‍ ആദിവാസികള്‍ക്ക് അവകാശമുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ഈ പുസ്തകം വായിക്കുന്ന ഏതൊരാളും പൊതു സമൂഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കും-പ്രജ്ഞ യുണ്ടെങ്കില്‍ .ഒരു ശരീരം കണ്ടാല്‍ ഉടനെ അതിനുമേല്‍ ലൈംഗിക ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ തക്കമുള്ള ജീര്‍ണ മനസുള്ള  ക്രൂരന്മാരാണോ, ഈ സാംസ്കാരിക സമ്പന്നര്‍ ?എന്തുകൊണ്ട് ഇവര്‍ക്ക് ആ ശരീരത്തിലെ മനസുകാണാന്‍ കഴിയുന്നില്ല .ആസ്വദിക്കേണ്ടതും തികച്ചും ജൈവികവുമായ ലൈംഗിക പ്രക്രിയയെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതിലൂടെ ഇക്കൂട്ടര്‍ ചെയ്യുന്നത് പ്രകൃതി വിരുദ്ധതയും കൊടും പാതകവുമാണ്. അത് ആദിവസിക്കു മേലാകുമ്പോള്‍ കുറ്റമല്ലാതാകുന്നു! രാജുവിന്‍റെ മനസുകാണാതെ ആ ശരീരം തെരുവിലിട്ട് ചവിട്ടിമെതിച്ചവര്‍ എന്തു സുഖമാണ് അനുഭവിച്ചത്-സ്വന്തം കുറ്റവാസനകള്‍ പുറത്തെടുത്തുവെന്നല്ലാതെ ?

രാജുവിന്‍റെ വീട്
സ്വന്തംശരീരത്താല്‍ തന്നെ വഞ്ചിക്കപ്പെട്ട യാളാണ് രാജു. ആ തോല്‍വിയുടെ ചരിത്രം ഉണ്ണികൃഷ്ണന്‍ അവള എഴുതിയറിയിക്കുന്നത് രാജുവിന്‍റെ സ്വന്തം ഭാഷയിലാണ്. ആറനാടന്‍ ഭാഷയില്‍ രാജു മൊഴിഞ്ഞ എല്ലാ വാക്കുകള്‍ക്കും ടിപ്പണി കൊടുത്തിട്ടുണ്ട്. അതിന്‍റെ ആവശ്യമില്ലെങ്കിലും രാജുവിന്‍റെ ഭാഷ മനസിലാക്കാവുന്നതാണ്. താന്‍ അനുഭവിക്കുന്ന വേദന എന്തെന്ന് നിങ്ങള്‍ക്ക് മനസിലാക്കാനാവില്ലെന്നു രാജു പറയുന്നുണ്ട്. ആര്‍ത്തവമുണ്ടാകുന്ന നാളുകളിലെ  'നാഭി ക്കടച്ചില്‍ ' ഉദ്ദേശിച്ചുകൂടിയാണ് രാജു ഇത് പറയുന്നത്.

രാജു
എല്ലാം  തുറന്നു പറഞ്ഞിട്ടുണ്ട് രാജു. അല്ലെങ്കില്‍ തോല്‍പ്പിക്കപ്പെട്ടവന് എന്തിനാണ് മറ. ആണ്‍ ശരീരിക്ക് ആര്‍ത്തവം ഉണ്ടാകുന്നത് എങ്ങിനെയെന്നും ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നും അതിനു ശേഷമുള്ള അനുഭവമെന്തെന്നും മറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് രാജു കൃത്യമായഅറിവുകള്‍ നല്‍കുന്നു. പ്രണയം തോന്നിയി രുന്നുവോ പെണ്ണായി മാറിയാല്‍ പ്രസവിക്കാന്‍ ആഗ്രഹമുണ്ടോ എന്നീ സംശയങ്ങളൊന്നും ദൂരീകരി ക്കാതെ രാജു ആരേയും നിരാശരാക്കുന്നില്ല. വിരവധി കാട്ടറിവുകളുടെയും ആചാരങ്ങളെ ക്കുറിച്ചുള്ള അറിവുകളുടെയും അധികാരി കൂടിയാണ് രാജു. തന്‍റെ കഥപറയുമ്പോള്‍ അത് ഒരു വംശത്തിന്‍റെ ദേശത്തിന്‍റെ ചരിത്രം കൂടിയാക്കി മാറ്റാന്‍ രാജുവിന്‍റെ വിവരണങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആദിവാസി വികസനത്തിനുള്ള പദ്ധതികള്‍ മുകളില്‍ നിന്ന് കീഴോട്ട്‌ ചാരായം വരെ എത്തി ഒടുങ്ങുന്നു. ചാരായം കുടിച്ചു കൂത്താടുന്ന ആദിവാസികള്‍ പരസ്പരം തങ്ങളെത്തന്നെ വെട്ടിക്കൊന്ന് ഓടുങ്ങുന്നു. തങ്ങളുടെ വംശം വേരറ്റു പോകാന്‍ അതും ഒരു കാരണമായി എന്ന് രാജുവിന്‍റെ വിവരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ആനകള്‍ നാട്ടിലിറങ്ങി വിളവു നശിപ്പിക്കാന്‍ തുടങ്ങിയതെന്തു കൊണ്ടെന്നും രാജുവിന് നന്നായറിയാം. ആനത്താരയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള വിദ്യ അറിയാവുന്ന രാജുവിന് പക്ഷേ ഇരുകാലികളുടെ ആക്രമണങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവുന്നില്ല. ഈ പുസ്തകം തയ്യാറാക്കിയതിലൂടെ ഉണ്ണികൃഷ്ണന്‍ ആവള ഒരു സമരത്തില്‍ ഇടപെടുക യാണ് ചെയ്തിരിക്കുന്നത്.

(പടങ്ങള്‍ പുസ്തകത്തില്‍ നിന്നും പകര്‍ത്തിയതാണ്)

2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

കാക്കനാടന്റെ ഒറോത ;സാഹിത്യത്തിലെ നാലാംകിടം.

പുസ്തകം.
സൂസന്‍  ജോര്‍ജ്ജ്

സാഹിത്യത്തില്‍ ഒരു മൂന്നാംകിട തരംതിരിവിനേ നാം ധൈര്യപ്പെട്ടിള്ളൂ.എന്നാല്‍ ദിനം പ്രതി പ്രവഹിക്കുന്ന നോവലുകളും കഥകളും മറ്റു സൃഷ്ടികളും നിരീക്ഷിച്ചാല്‍ ഒരു നാലാംകിട സാഹിത്യന്‍റെ ആവശ്യം ബോധ്യപ്പെടുന്നു.കാക്കനാടന്‍റെ'ഒറോത' എന്ന ലഘു നോവല്‍ സംവേദനത്തിന്റെ ഈ നാലാംകിട വര്‍ഗീകരണം അത്യന്താപെക്ഷിതമാക്കിത്തീര്‍ക്കുന്നു. 

 മലയാള സാഹിത്യത്തിന് ഒരു പുത്തന്‍ ഭാവതലം നല്‍കിയ എഴുത്തുകാരനായിരുന്നു കാക്കനാടന്‍ 'ശ്രീചക്രം' 'ഉഷ്ണമേഖല'
എന്നിവയിലൂടെ അതി ശക്തമായി പ്രതികരിച്ച ഈ എഴുത്തുകാരന്‍ പില്‍ക്കാലത്ത് കൃത്രിമത്വത്തിലൂടെ തന്‍റെ മാധ്യമങ്ങളെ അപമാനിച്ചു.അടിയറവ്,പറങ്കിമല തുടങ്ങിയ സുകര സൃഷ്ടികളിലൂടെ കാക്കനാടന്‍ തന്‍റെ തകര്‍ച്ച സ്വയം വെളിപ്പെടുത്തി.ഇപ്പോഴിതാ ഒരു എഴുത്തുകാരന്‍റെ പൂര്‍ണ പരാജയം ബോധ്യപ്പെടുത്തി തരികയെന്ന നിരുപദ്രവ കരമായ ദൌത്യമാണ് 'ഒറോത'യുടെ പ്രസാധന ത്തിലൂടെ ഡി.സി.ബുക്സ് ഏറ്റെടു ത്തിരിക്കുന്നത്.

'ഒറോത'എന്ന പ്രതീകത്തിനു ഇതിഹാസ മാനം നല്‍കുവാനുള്ള ശ്രമം,വിലക്ഷണമായ ഒരു രചനാ കൌശല ത്തിന്‍റെ മനം മടുപ്പിലേക്ക് തല കുത്തി വീഴുന്നു.'കാലിഫോര്‍ണിയന്‍ ഗോള്‍ഡ്‌ റഷ്നോട് ഉപമിക്കാവുന്ന'ഈ മനുഷ്യ പ്രവാഹത്തിന്റെ വീര കഥകള്‍ അനുഭവി ക്കാനുള്ള തിടുക്കത്തില്‍ ചെമ്പേരി യിലേക്കുള്ള ഒരു കുടിയേറ്റ മാണ് ഐതിഹ്യം പോലെ പറയുവാന്‍ നോവലിസ്റ്റ്‌ ഇവിടെ ശ്രമിക്കുന്നത്.തൊണ്ണൂറ്റി ഒന്‍പതിലെ മഹത്തായ വെള്ളപ്പൊക്കം,വെട്ടുകാട്ട് പാപ്പന്‍ എന്ന അവിവാഹിത-ചട്ടമ്പി-ഒറ്റത്തടിക്ക് സമ്മാനിച്ചത്‌ ഒറോത എന്ന നിധിയാണ്‌.മുരടനും അവിഹിത വേഴ്ച്ചക്കാരനുമായ പാപ്പന്റെ കൈവെള്ളയിലൂടെ നാനാ ജാതി മതസ്ഥരുടെ മുല കുടിച്ച് ഒറോത വളര്‍ന്നു.നമ്മുടെ സ്ഥിരം നോവല്‍ സങ്കല്‍പ്പം പോലെ ഒറോത സുന്ദരിയും ബുദ്ധിമതിയും തന്മൂലം പുത്തന്‍ മടിശ്ശീലക്കാരെ ഭ്രമിപ്പിക്കുകയും ചെയ്യുന്നു.ഈ ആസക്തി മൂലം ഒറോതയെ കുഞ്ഞു വര്‍ക്കിയെന്ന മന്ദബുദ്ധിയെ ഏല്‍പ്പിക്കുവാന്‍ പാപ്പന്‍ നിര്‍ബന്ധിക്കപ്പെടുന്നു.പിന്നെ നമുക്ക് കണക്ക് കൂട്ടാവുന്നതുപോലെ വെട്ടുകാട് പാപ്പന്‍ കുത്തേറ്റു തന്നെ മരിക്കുന്നു.ജീവിതം ദുസ്സഹമായി തീര്‍ന്ന ഒറോത ചെമ്പേരി യിലേക്കുള്ള കുടിയേറ്റത്തില്‍ കൂടുന്നു.ഒടുവില്‍ ത്യാഗത്തിന്‍റെയും അധ്വാന ത്തിന്‍റെയും കരുത്തിന്റെയും സ്നേഹത്തിന്റെയും ജാജ്വല്യ മാനങ്ങളിലൂടെ ഒറോത ചെമ്പേരിയുടെ തലവിധി മാറ്റിയെഴുതുന്നു.സര്‍വവും നഷ്ടപ്പെട്ട് ,ത്യജിച്ച് ഒറോത എന്ന വീര സങ്കല്‍പ്പം പാറ ക്കൂട്ടത്തില്‍ അപ്രത്യക്ഷമാകുന്നു.
കൃത്രിമത്വവും കഥ പറയാനുള്ള വാശിയും ഒരു ചെറു നോവലിനുള്ള റീഡബിലിറ്റി എന്ന സാമാന്യ സ്വഭാവം പോലും കാക്കനാടന്റെ ഒറോതക്ക് നല്‍കപ്പെടുന്നില്ല.സര്‍ഗാത്മകതയെ മന:പൂര്‍വമുള്ള യാന്ത്രികത്വത്തിലേക്ക് നയിക്കുംമ്പോഴുണ്ടാകുന്ന ദുരന്തത്തിലേക്ക് ഉദാഹരണം കൂടിയാണ് ഈ വികല നോവല്‍.കഥാപാത്രങ്ങളുടെ കൃത്രിമത്വം നിറഞ്ഞ ത്യാഗവും സ്നേഹവും ശരാശരി വായനക്കാരന്‍റെ സംവേദനത്തെ പോലും ആക്ഷേപിക്കുന്നു. കൂ ത്തിച്ചി,പിമ്പ്,വാറ്റുചാരായം,വേശ്യ,പുതു മടിശ്ശീലക്കാരന്‍,കങ്കാണി (കൂട്ടിക്കൊടുപ്പ് ഒഴിച്ച്)കാക്കാനടന്റെ സ്ഥിരം സാഹിത്യ സമ്പത്തുകള്‍ വാരി വിതറിയിട്ടും ഒറോത രക്ഷ  പ്പെടുന്നിന്നില്ലെന്ന താണ് ദയനീയം.

നോവലിലെ ചില ഭാഗങ്ങള്‍ നോക്കുക-''കമലാക്ഷിയും ഒറോത ക്കുട്ടിയും ഒന്നിച്ചു കമ്പോളത്തില്‍ പോയിട്ട് വരുന്നവഴി ചെര്‍പ്പുങ്കലെ പ്രധാന പുതുപ്പണക്കാ രനായ മടുക്കാംകുഴി ദേവസ്യായുടെ മകന്‍ കൊച്ചു തൊമ്മിയും കൂട്ടുകാരും വഴി വക്കത്ത് നില്‍ക്കുക യായിരുന്നു.കൊച്ചു തൊമ്മി ഒറോത യെ കമന്റടിച്ചു.ഒറോത തിരിഞ്ഞു ന്നിന്ന് അവനെ ചീത്ത വിളിച്ചു.
''നിന്നെ ഞാന്‍ കണ്ടോളാം.അവന്‍ വെല്ലുവിളിച്ചു.മടുക്കാം കുഴി ദേവസ്യായുടെ മകന്‍ ആരെന്നു നീ മനസ്സിലാക്കും''
''വെട്ടുകാട്ട് പാപ്പന്റെ മോളെ പേടിപ്പിക്കാന്‍ നീയല്ല,നിന്റപ്പന്‍ വിചാരിച്ചാലും നടക്കത്തില്ലെടാ''അവള്‍ തിരിച്ചടിച്ചു.''

****************
''എന്‍റെ ചാരിത്ര്യം ഞാന്‍ ഇന്നോളം കാത്തു  സൂക്ഷിച്ചു.അവളോര്‍ത്തു.പക്ഷെ,ഇന്ന്?അഞ്ച് മനുഷ്യരുടെ ജീവനേക്കാള്‍ വലുതാണോ ഈ ശരീരം!എന്‍റെ കേട്ടിയനും കുഞ്ഞുങ്ങള്‍ക്കും വേണ്ടി ത്യജിക്കാനല്ലെങ്കില്‍ എനിക്ക് ഈ ശരീരമെന്തിന്/......മണ്ണോടു മണ്ണായി ചേരേണ്ട ഈ ശരീരം മറ്റൊരാള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നതില്‍ എന്താണ് തെറ്റ്?''
*****************
''ചെട്ടനായത് കൊണ്ട് ഞാന്‍ ഒച്ചയിടുന്നില്ല.പൊയ്ക്കോ.......ഇക്കാര്യത്തിനിനി ഇങ്ങോട്ടു വരരുത്.......''
******************
കുടിയേറ്റക്കാരുടെ ജീവിതം 'വിഷകന്യക'യില്‍ അനുഭവത്തിന്‍റെ തിളക്കമാര്‍ന്ന ശൈലിയിലൂടെ ബോധ്യപ്പെടുമ്പോള്‍ 'ഒറോത'യില്‍ അതൊരു കെട്ടുകഥയുടെ വികൃത രൂപം പ്രാപിക്കുന്നു.

(1983ല്‍ ഇറങ്ങിയ 'ആള്‍ക്കൂട്ടം'ലിറ്റില്‍ മാഗസിന്‍റെ ഏപ്രില്‍ ലക്കത്തിലാണ് സൂസന്‍ ജോര്‍ജ്ജിന്‍റെ ഈ നിരൂപണം പ്രസിദ്ധീകരിച്ചത്)

മോഹങ്ങള്‍ പൂവണിഞ്ഞപ്പോള്‍ ദുരന്തങ്ങള്‍ കൂട്ടിനെത്തി.


കണ്ണന്‍ മേലോത്ത്
സിനിമ
2008ല്‍ നേപ്പാളില്‍ ഇറങ്ങിയ സിനിമയാണ് ''കാഗ്ബനി''.ഭൂഷണ്‍ ദലാല്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍.വില്ല്യം വൈമാര്‍ക്ക് ജേക്കബ്സ്ന്‍റെ  ''ദി മങ്കീസ് പോ ''എന്ന ഹൊറര്‍ ചെറുകഥയെ ആധാരമാക്കിയാണ് കാഗ്ബനി എടുത്തിട്ടുള്ളത്.ഹാസ്യ രസ പ്രധാനമായ കഥകളെഴുതി ശ്രദ്ധേയനായ ജേക്കബ്സ് എഴുതിയ ഹൊറര്‍ കഥ എന്ന നിലക്കല്ല അതിന്‍റെ പ്രസക്തി.രൂപ ഭദ്രതയില്‍ മികച്ച തായതിനാലാണ്.കാലികമായ എന്തെങ്കിലും പ്രസക്തി ഉദ്ദേശിച്ചല്ല ഭൂഷണ്‍ ദലാല്‍ തന്‍റെ കന്നിപ്പടത്തിനുവേണ്ടി ഈ കഥ തെരഞ്ഞെടുത്തത്.

വിനോദ സഞ്ചാര കേന്ദ്രമായ താഴ്വരയാണ് കാഗ്ബനി.ഏറെനാളുകള്‍ മലേഷ്യയിലായിരുന്ന കൃഷ്ണ എന്ന ചെറുപ്പക്കാരന്‍ തന്‍റെ ഗ്രാമമായ കാഗ്ബനിയില്‍ എത്തുകയാണ് .കൂട്ടുകാരായ രമേഷിനെയും വിഷ്ണുവിനെയും കണ്ടെത്തി.ചെറിയ മദ്യക്കട നടത്തിയാണ് രമേഷ് ജീവിച്ചിരുന്നത്.തട്ടിമുട്ടിയൊക്കെ കഴിഞ്ഞുപോരാമെന്നല്ലാതെ അതില്‍നിന്ന് വലിയ വരുമാനമൊന്നും ലഭിക്കുമായിരുന്നില്ല.ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് തന്‍റെ അമ്മായിയുടെ സഹായം തേടാമെന്ന് പറഞ്ഞ് രമേഷിനെയും കൂട്ടി കൃഷ്ണ വിദൂര ഗ്രാമത്തിലേക്ക് യാത്രയാകുന്നു.ഇടക്ക്,രാതിയായപ്പോള്‍ അവര്‍ ഒരു ഗുഹയില്‍ തങ്ങി.അന്നേരം അവിടെ പ്രത്യക്ഷപ്പെട്ട ഒരു സിദ്ധന് കൃഷ്ണ തന്‍റെ ബ്ലാങ്കെറ്റ് പുതക്കാന്‍ കൊടുത്തു.പകരം സിദ്ധന്‍ കൃഷ്ണക്ക് കുരങ്ങന്‍റെ ഉണങ്ങിയ കൈപ്പത്തി ഒരെണ്ണം കൊടുക്കുന്നു.100 വര്‍ഷം പഴക്കമുള്ള ആ കൈപ്പത്തി ദിവ്യ ശക്തിയുള്ളതാനെന്നും അത് കയ്യില്‍ സൂക്ഷിക്കുന്നയാള്‍ക്ക് ജീവിതത്തില്‍ മേല്‍ക്കുമേല്‍ സൌഭ്യാങ്ങള്‍ ഉണ്ടാകുമെന്നും സിദ്ധന്‍  പറഞ്ഞു.അത് കയ്യില്‍ വെച്ചുകൊണ്ട് എന്തു മോഹിച്ചാലും ഉടനെ സാധ്യമാകും.എന്നാല്‍ ഉടമസ്ഥനല്ലത്തയാള്‍ ഇതുകൈവശം വെച്ചാല്‍ അയാള്‍ക്ക്‌ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്നും സിദ്ധന്‍ കൂട്ടിച്ചേര്‍ത്തു.

അമ്മായിയുടെ വീടിലെത്ത്തിയപ്പോള്‍ ഒരു യുവതിയുടെ ഫോട്ടോ കാണിച് ച്കൊണ്ട് അമ്മായി കൃഷ്ണക്ക് വിവാഹമാലോചിച്ചു.താര എന്ന ആ പെണ്‍കുട്ടിയെ രമേഷ് അതിയായി മോഹിച്ചിരുന്നു.കൃഷ്ണ അറിയാതെ രമേഷ് കുരങ്ങിന്‍റെ കൈപ്പത്തി കൈക്കലാക്കി താരയെ മോഹിച്ചു.പിന്നീട് അവര്‍ തിരികെപോരുമ്പോള്‍ കാല്‍വഴുതിയ കൃഷ്ണ ഒരു കൊക്കയിലേക്ക് വീണു.രമേഷിന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.ഒന്‍പത് വര്‍ഷങ്ങള്‍ അങ്ങനെ കന്നുപോയി.

മദ്യവിപപണന രംഗത്തെ വന്‍കിട വ്യാപാരിയായി രമേഷ് മാറിയിരിക്കുന്നു.താരയെയാണ്‌ വിവാഹം ചെയ്തത്.പത്തു വയസ്സുള്ള ഒരു മകനുമുണ്ട് അവര്‍ക്ക്.ഒരുദിവസം പൊടുന്നനെ കൃഷ്ണ പ്രത്യക്ഷപ്പെടുന്നു.എല്ലാവരും കരുതിയിരുന്നത് ക്രിഷ്ണ മരിച്ചു പോയിരുന്നുവെന്നാണ്.രമേഷിന്റെ     കുടും
ഭൂഷണ്‍ ദലാല്‍
ബത്തില്‍ കൃഷ്ണ അന്ന് തങ്ങി.കുരങ്ങിന്‍റെ കൈപ്പത്തി കൃഷ്ണ അവിടെ നിന്നും കണ്ടെടുത്തു.പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ കൃഷ്ണയെ അവിടെ കണ്ടില്ല.അയാള്‍ കിടന്നിരുന്ന മുറി അകത്തുനിന്നും പൂട്ടിയിരുന്നു.വീടിന്‍റെ മുന്‍ വാതില്‍ തുറന്നും കിടന്നിരുന്നു.എല്ലാവരും വല്ലെതെ പേടിച്ചു.കുരങ്ങിന്‍റെ കൈപ്പത്തി കൃഷ്ണ കിടന്നിരുന്ന മുറിയില്‍ നിന്നും കണ്ടെത്തി.അതിനിടെ മറ്റൊരു ദുരന്തമുണ്ടായി.രമേഷിന്റെ മകന്‍ ടാക്ടറിന്റെ അടിയില്‍ പെട്ട് മരണമടഞ്ഞു.കുരങ്ങിന്‍റെ കൈപ്പത്തിയുടെ രഹസ്യമെന്തെന്ന് രമേഷ് താരക്ക് പറഞ്ഞുകൊടുത്തു.ആ കൈപ്പത്തി കയ്യില്‍ പിടിച്ചുകൊണ്ട് തന്‍റെ മകന്‍ തിരികെ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട്‌ കേണു.രമേഷ് അവളെ വിലക്കുകയും ആ കൈപ്പത്തി കയ്യില്‍നിന്നു തട്ടിപ്പറിച്ച് ദൂരേക്കെറിഞ്ഞു.അപ്പോള്‍ അവരുടെ മരിച്ചുപോയ മകന്‍ വന്ന് ആ കൈപ്പത്തി എടുത്തുകൊണ്ടു പോയി മറയുന്നത് കാണാന്‍ കഴിഞ്ഞു.

അതിമോഹങ്ങള്‍  ദുരന്തങ്ങളെയാണ് ക്ഷനിച്ച്ചുവരുത്തുന്നെന്നാണ്  ഭൂഷണ്‍ ദലാല്‍ ഈ സിനിമയിലൂടെ കൈമാറാന്‍ ശ്രമിക്കുന്ന സന്ദേശം.നേപ്പാളിലെ മനോഹരമായ കാഴ്ചകളുടെ ഭൌമിക പരിസരത്ത് ഭീതിദമായ കാഴ്ച്ചകളുടെ പരിചരണം ഒരുക്കിക്കൊണ്ടാണ് ഭൂഷണ്‍ അത് നിര്‍വഹിക്കുന്നത്.മികച്ച മേളകളിലെ മത്സര വിഭാഗത്തിലേക്ക് പടം തെരഞ്ഞെടുക്കപ്പെടുന്നുണ്ട്.


2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

നടുക്കുന്ന വിവരങ്ങള്‍ നല്‍കിയ ശല്യക്കാരി വല്യമ്മയുടെ പോരാട്ടങ്ങളുടെ നേര്‍ചരിതം.

പുസ്തകം

കണ്ണന്‍ മേലോത്ത്.
സെയ്ഫ് ചക്കുവള്ളി തയ്യാറാക്കിയ എഴുപത്തിമൂന്ന് വയസ്സുകാരിയായ പള്ളിക്കല്‍ ഭവാനി എന്ന വല്ല്യമ്മയുടെ ജീവചരിത്രമാണ് ''ചോ റിന്‍റെ മണമുള്ള ചേറ് ''എന്ന പുസ്തകം.ജൈവമനുഷ്യര്‍ എന്ന സീരീസില്‍ പെടുത്തി ഡി.സി.ബുക്ക് ഹൌസ് 2010ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.മണലൂറ്റല്‍ നിരോധനത്തനു ശേഷം കേരളത്തില്‍ ഉരുവം കൊണ്ട പുത്തന്‍ ഫാസിസ്റ്റ് ശക്തിയായ മണല്‍ മാഫിയക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ജീവിതം തുലച്ച വൃദ്ധമാതാവാണ് പള്ളിക്കല്‍ ഭാവനി.ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്നതും വായിച്ചുകഴിഞ്ഞാല്‍ അതിലേറെ പകര്‍ന്നുകൊടുക്കാന്‍ കഴിയുന്നതുമായ വന്‍ സമരായുധങ്ങളടങ്ങുന്ന ഇന്ധനപ്പുരയാണ് ഈ ചെറിയ പുസ്തകം.ഫാഷന്‍ പരിസ്ഥിതിവാദികള്‍ ഈ പുസ്തകം ചുമക്കാതതത്തില്‍ അത്ഭുതമില്ല.പക്ഷെ ഒന്നുണ്ട്,കേരളത്തിലെ പരിസ്ഥിതിയുമായി ഇണങ്ങി ജീവിച്ച കര്‍ഷകത്തൊഴിലാളികളും മറ്റു കൂലിപ്പണിക്കാരും പള്ളിക്കല്‍ ഭവാനിയെ ക്കുറിച്ച് അറിയേണ്ടതുണ്ട്,അറിഞ്ഞില്ലെന്നു നടിക്കുന്നത് കുറ്റകരമാണ്.കാരണം നമ്മള്‍ ഇന്ന് നുകരുന്ന സ്വാതന്ത്ര്യ ത്തിന് പള്ളിക്കല്‍ ഭവാനി എന്ന വൃദ്ധമാതാവ്  ചൊരിഞ്ഞ ചോരയുടെയും വിയര്‍ പ്പിന്റെയും ഉപ്പ് ഉണ്ട് എന്നതാണ്.

അഷ്ടമുടിക്കായലിന്റെ കിഴക്കുഭാഗമായ പടിഞ്ഞാറേ കല്ലടയിലേക്ക് 1956ല്‍  ഭവാനിയെ വിവാഹം കഴിച്ച് കൊണ്ടുവന്നതാണ്.ഭര്‍ത്താവ് ഇപ്പോഴും നാട്ടിലെ  അമ്പലങ്ങളില്‍ ഭാഗവതം വായിക്കാന്‍ പോകുന്നു.ഇവരുടെ ഭൂമി കല്ലടയാര്‍ ദിശമാറി ഒഴുകിയപ്പോള്‍ രൂപപ്പെട്ട മണല്‍ തിട്ടയാണ്.വടക്കുഭാഗം ശാസ്താംകോട്ട ശുദ്ധജല തടാകം.ഈ ഭാഗം മണ്ട്രോ സായിപ്പിന്‍റെ ദാനമാനെന്നാണ് ഭവാനി ഓര്‍മിക്കുന്നത്‌.(സായിപ്പ് കീഴാളന്റെ ശത്രുവല്ല.ഈ ഭൂദാനം ഓര്‍മ്മിക്കാതിരിക്കുന്നത് നന്ദികേടാണ്)ഈ ഭൂമിയില്‍ കൃഷിപ്പണി ചെയ്താണ് തൊണ്ണൂറുകള്‍ വരെ അവര്‍ ജീവിച്ചത്.അപ്പോള്‍ മണലൂറ്റല്‍ നിരോധനത്തിന്റെ കാലമായി.അത് എട്ടിലെ പ്രഖ്യാപനം മാത്രമായിരുന്നു.കായലില്‍ മുങ്ങിവാരുന്ന മണലൂറ്റിനു വിലക്ക് വന്നപ്പോള്‍ കരമണല്‍ തേടി നെട്ടോട്ടമായി മണലൂറ്റുകാര്‍.അങ്ങിനെയാണ് അവര്‍ പടിഞ്ഞാറേ കല്ലടയില്‍ കണ്ണ് വെക്കുന്നത്.ഭവാനിയുടെ പുരയിടമൊഴിച്ച് ബാക്കിയെല്ലാ കരഭൂമിയും ചുള്വിലക്ക് വാങ്ങിയ ഭൂമിയില്‍ നിന്ന് ആദ്യമൊക്കെ ലോറിയില്‍ മണലൂറ്റി അവിടം കുളം തോണ്ടി.ഈ ചൂഷണത്തിനെതിരെ ഭവാനി ഒറ്റക്ക് ചെറുത്തുനിന്നു.അപ്പോഴുണ്ടായ മണല്‍മാഫിയ എന്ന ഫാസിസ്റ്റുകളുടെ പുത്തന്‍ സംവര്‍ഗം പുറത്തുനിന്ന് വന്നവരുടെതായിരുന്നില്ല.അവിടെയുള്ള ക്രിമിനലുകളുടെയും നോട്ടപ്പുള്ളികളുടെയും സാമൂഹ്യ വിരുദ്ധരുടെയും ഇടയില്‍ രൂപപ്പെട്ട പുത്തന്‍ പണക്കാരുടെതായിരുന്നു.കൈക്ക് കോരാന്‍ കഴിയുന്ന മേല്‍മണല്‍ ഊറ്റിക്കഴിഞ്ഞപ്പോള്‍ അവര്‍ കോയമ്പത്തൂരില്‍ നിന്ന് യന്ത്രങ്ങള്‍ കൊണ്ടുവന്ന് അടിമണല്‍ ഊറ്റാന്‍ തുടങ്ങി.100 അടി താഴ്ച്ചയില്‍ നിന്നുവരെ ഇവര്‍ ഉപ്പു കലരാത്ത ശുദ്ധമായ ആറ്റുമണല്‍ ഊറ്റിയെടുത്തു.നാളുകള്‍ക്കകം ആഴക്കയങ്ങളെക്കാള്‍ വെള്ളക്കെട്ടുള്ള പ്രദേശമായി ഇവിടം മാറി.അഞ്ച് വയസ്സുള്ള ആളുകള്‍ മുതല്‍ എഴുപത് കഴിഞ്ഞ ആളുകള്‍ വരെ ഈ കയങ്ങളില്‍ വീണു മരിച്ചു.ശവം പൊന്തുന്നത്‌ വരെ കാത്തിരിക്കണമായിരുന്നിട്ടും ഭവാനി ഒഴികെ മറ്റാരും ഈ ആരും കൊള്ളക്കെതിരെ ശബ്ധിച്ചില്ല.അവര്‍ക്കൊക്കെയും മണല്‍ മാഫിയക്കാരുടെ പടികള്‍ മുടങ്ങാതെയും മുറക്കും ലഭിക്കുമായിരുന്നു.

ആദ്യം  പഞ്ചായത്ത് അധികാരികള്‍ക്ക് പരാതികൊടുത്തു.ഫലമുണ്ടായില്ലെന്ന് മാത്രമല്ല മണലൂറ്റല്‍ മുന്പത്തെതിലും കൂടുതലായി.ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും നേരിട്ടുചെന്നു പരാതി കൊടുത്തു. അന്വേഷനത്തിനു വന്ന കീഴുദ്യോഗസ്ഥന്മാര്‍ മണല്‍ മാഫിയക്കാരുടെ സല്‍ക്കാരവും പറ്റി പിരിഞ്ഞുപോയി.പേരിന് അല്‍പ്പനേരം നിര്‍ത്തിവെച്ച മണലൂറ്റല്‍ നിര്‍ബ്ബാധം തുടര്‍ന്നു.പരാതിക്കാരിയായ പള്ളിക്കല്‍ ഭവാനി എന്ന വൃദ്ധക്കുനെരെ വധഭീഷണി ഉയര്‍ന്നു.വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്ഷേപിച്ചു.ഒറ്റപ്പെടുത്തി.ഇവരുടെ പുരയിടത്തിനു കൂടുതല്‍ വില തരാമെന്നു പറഞ്ഞ് മയത്തിലും സമീപിച്ചു.പള്ളിക്കല്‍ ഭവാനി വഴങ്ങിയില്ല.മണല് കടത്താന്‍ വരുന്ന ലോറികള്‍ തടഞ്ഞുനിര്‍ത്തി പൊങ്കാലയിട്ടു സമരം ചെയ്തു.അന്ന് ലോറികള്‍ മടങ്ങിപ്പോയെങ്കിലും മണലൂറ്റലിന് ഒരു കുറവും സംഭവിച്ചില്ല.അന്ന് മുഖ്യ മന്തിയായിരുന്ന എ.കെ.ആന്‍റണിയെ നേരിട്ട് ചെന്നുകണ്ട് പരാതികൊടുത്തു.പഞ്ചായത്ത് ഭരണ സമിതിക്ക് നടപടി എടുക്കാവുന്നതെയുള്ളൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പരാതിയും പരാതിക്കാരിയെയും മടക്കി.പ്രതിപഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഈ കേര്യത്തിലോക്കെ കടുത്ത നടപടി കൈക്കൊള്ളുന്ന ആളാണെന്നറിഞ്ഞു അദ്ദേഹത്തിന്‍റെ വരവും കാത്തിരുന്നു.വി.എസ്.ഇന്നു വരെ ആ വഴി ചവിട്ടിയിട്ടില്ല.മുരളീധരന്‍ നായര്‍ വക്കീലുവഴി ഈ കേസ് കോടതിയില്‍ വന്നപ്പോള്‍ പ്രതിസ്ഥാനത്തുള്ള മണലൂറ്റുകാര്‍ക്ക് വേണ്ടി ഹാജരായത് സി.പി.എം.ന്‍റെ ശാസ്താംകോട്ടയിലെ ഒരു ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു.ഭവാനിയുടെ പുരയിടത്തിലേക്ക് അനുവാദമില്ലാതെ കടക്കരുതെന്നും അതിന്‍റെ പരിസരത്തുനിന്നും മണലൂറ്റരുതെന്നും മുന്‍സിഫ്‌ ജയകൃഷ്ണന്‍ വിധിച്ചു.എട്ടു വര്‍ഷത്തെ കോടതി ച്ചെലവും അനുവദിച്ചു.ആ വിധിയുടെ പിന്‍ബലത്തില്‍ പള്ളിക്കല്‍ ഭവാനി തന്‍റെ മണ്ണ് സംരക്ഷിച്ചുവരുന്നു.

ഈ പോരാട്ടത്തിനിടയില്‍ ഭവാനിയെ സഹായിച്ചിട്ടുള്ളവര്‍ പറയത്തക്കതായി ആരുമില്ല.സ്വന്തത്തില്‍ പെട്ട അജയന്‍ എന്നയാള്‍ പരാതി കൊടുക്കാനും മറ്റുമായി കൂടെ നിന്നിട്ടുണ്ട്.മറ്റ് നാട്ടുകാരും വീട്ടുകാരും മണല്‍ മാഫിയക്കാരുടെ പടിയും പറ്റി ഭവാനിയെ ഒറ്റപ്പെടുത്തി.ഒരു സൈക്കിള്‍ വാടകക്ക് എടുത്ത് ചവിട്ടാന്‍ പോലും നിവൃത്തിയില്ലായിരുന്ന അവരൊക്കെ ഇപ്പോള്‍ വിലകൂടിയ കാറില്‍ സഞ്ചരിക്കുന്നവരായി മാറി.നവോത്ഥാന മുന്നേറ്റങ്ങളുടെ ചരിത്രവും ഭാവിയും തീറെഴുതി വാങ്ങിയിട്ടുള്ള വിപ്ലവപാര്‍ട്ടികളും സമുദായ സംഘടനകളും ഇവരെ സഹായിച്ചില്ല.പരിസ്ഥിതി പ്രവര്‍ത്തനത്തിന്‍റെ കുത്തകപ്പാട്ടക്കാരും തിരിഞ്ഞു നോക്കിയില്ല.എന്നാല്‍  ഉന്നത ഉദ്യോഗസ്ഥന്മാരില്‍ നിന്നും നീതി അല്ലെങ്കില്‍ അനുഭാവ പൂര്‍ണമായ പരിഗണന ഭാവാനിക്ക് ലഭിച്ചിരുന്നു.അത് നടപ്പാക്കേണ്ട കീഴുദ്യോഗസ്ഥന്മാരുടെ ഒത്തുകളിയാണ് ഒരു നാടിനെ മരണക്കയത്തില്‍ ആഴ്ത്തിയത്.നിവൃത്തികേടുകൊണ്ട് മണല്‍ മാഫിയക്ക് വഴങ്ങേണ്ടി വന്നതിലുള്ള ഖേദം സ്വകാര്യമായി ഭാവനിയെ അറിയിച്ച കീഴുദ്യോഗസ്ഥന്മാരുണ്ട്.അത്തരക്കാരെ സഹതാപപൂര്‍വ്വം അനുസ്മരിച്ചിട്ടുണ്ട് പള്ളിക്കല്‍ ഭവാനി തന്‍റെ ആത്മകഥയുടെ ഈ ചെറിയ പുസ്തകത്തില്‍ .

സെയ്ഫ് ചക്കുവള്ളി തയ്യാറാക്കിയ ഈ പുസ്തകത്തില്‍ ഇത് സംബന്ധിച്ച രേഖകളുടെയും ഭവാനി കൊടുത്ത പരാതികളുടേയും പത്ര വാര്‍ത്തകളുടെയും പകര്‍പ്പുകള്‍ കൊടുത്തിട്ടുണ്ട്‌.ഇവിടെ കൊടുത്തിരിക്കുന്ന പടങ്ങള്‍ പുസ്തകത്തില്‍ നിന്നും പകര്‍ത്തിയതാണ്.

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

സമര ചിന്തകളുടെ ഛായാ ചിത്രം ;തെരേസ.

സിനിമ
കണ്ണന്‍  മേലോത്ത്


1979 ല്‍ ക്യൂബയില്‍ ഇറങ്ങിയ സിനിമയാണ് ''പോര്‍ട്രൈറ്റ്‌ ഓഫ് തെരേസ''.പോസ്റ്റര്‍ വേഗ എന്ന വനിതയാണ്‌ ഈ സിനിമ സംവിധാനം ചെയ്തത്.വനിതാ വിമോചക ചിന്തയുടെ ഒരു ക്ലാസ്സിക് കലാരൂപമായി ഈസിനിമ വിലയിരുത്തപ്പെട്ടു.പടം പുറത്തിറങ്ങി നാളുകള്‍ക്കകം തന്നെ കാഴച്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു.അതുപോലെ ഇതിനെക്കുറിച്ച് എഴുതിയവരും ഏറെയുണ്ടായി.

ഒരു വിപ്ളവ  വായാടിയോ ഒഴുക്കിനെതിരെ ഒറ്റക്ക് നീന്തുന്ന മഹാതിയോ അല്ല തെരേസ.ചുമതലാബോധമുള്ള ഒരു വീട്ടമ്മയാണ്.നാല് മക്കളും ഭര്‍ത്താവ് റെമാനും ആണ് വീട്ടിലുള്ളത്.ഗാര്‍മെന്റ്ഫാക്ടറിയിലാണ് തെരേസക്ക് ജോലി.റെമാന്‍ ടി.വി.മെക്കാനിക്കാണ്.അലസനും കുടിയനും കുടുംബത്തില്‍ ഉത്തരവാദിത്വമില്ലാത്തയാളുമാണ് റെമാന്‍ .ഇതുമൂലം പകല്‍ ഫാക്ടറിയിലെ ജോലി കഴിഞ്ഞാല്‍ വീട്ടിലെത്തിലായും തെരേസക്ക് വിശ്രമിക്കുവാന്‍ പറ്റിയിരുന്നില്ല.നല്ലൊരു ഓപ്പെറ നര്‍ത്തകി കൂടിയാണ് തെരേസ.ദേശീയ നൃത്ത പരിപാടിയില്‍ പങ്കെടുക്കുന്നതിന് റിഹേഴ്സല്‍ ക്യാമ്പിലെത്തണമെന്ന് തെരെസയോടു പാര്‍ട്ടി സെക്രട്ടറി ആവശ്യപ്പെട്ടു.ചില സവിശേഷ കഴിവുകള്‍ ഉള്ള ആളുകള്‍ സ്വകാര്യ സ്വത്തല്ലെന്നും അത് സമൂഹത്തിന്‍റെ പൊതു സ്വത്താണെന്നും അത് പൂഴ്ത്തിവെക്കുന്നത് കുറ്റകരമാണെന്നും പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപിച്ചപ്പോള്‍ തെരേസക്ക് ഒഴിഞ്ഞുമാറാന്‍ മറ്റു പോംവഴികളില്ലാതായി.അങ്ങനെ ഇരുപത്തിനാല് മണിക്കൂറും കഠിനമായി അധ്വാനിക്കുന്ന ഒരു പെണ്മേനി മാത്രമായി അവള്‍ മാറ്റിനിര്‍ത്തപ്പെട്ടു .ഫലമോ,നല്ലൊരു വീട്ടമ്മയാകാനോ ഭാര്യയാകാനോ തൊഴിലാളിയാകാനോ കലാകാരിയാകാനോ തെരേസക്ക് കഴിഞ്ഞില്ല.

വിപ്ലവാനന്തര ക്യൂബ മുതലാളിത്തത്തെ മാറ്റിസ്ഥാപിച്ചെങ്കിലും സങ്കീര്‍ണമായ ഒട്ടേറെ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ തുടരുന്ന കാലമായിരുന്നു.ആണ്‍ കൊയ്മയും അധികാരികളും സാമൂഹ്യ ചുറ്റുപാടുകളിലെ വികലമായ ഏര്‍പ്പാടുകളും ചേര്‍ന്നാണ് തെരേസയെ ഇങ്ങനെ രൂപപ്പെടുത്തിയത്.തെരേസ ഒന്നിനേയും ചോദ്യം ചെയ്യുന്നില്ല.പുരുഷസങ്കല്‍പ്പ നിര്‍മ്മിത സാമൂഹ്യ ചുറ്റുപാടുകളെ ചോദ്യം ചെയ്യുന്നവര്‍ അതിന്‍റെ പരിണതിയില്‍ ശ്രദ്ധ ചെലുത്താറില്ല.ഇത് മനസ്സിലാക്കിയിട്ടാവണം,പോസ്റ്റര്‍ വേഗയും പ്രശ്ന പരിഹാരത്തിന് ഒരു നിര്‍ദ്ദേശവും മുന്നോട്ടു വെക്കുന്നില്ല.എന്നാല്‍ ആഗോള തലത്തില്‍ ശ്രദ്ധ ക്ഷണിക്കാന്‍ ഈ സിനിമക്ക് കഴിഞ്ഞു.അതുകൊണ്ടാണ് നിരൂപക  ശ്രദ്ധ അങ്ങേയറ്റം ഈ സിനിമ പിടിച്ചുപറ്റിയത്.പരിഹാരം കാണേണ്ട ഒരു സാമൂഹ്യ പ്രശ്നം ഒരാളുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് വിളിച്ചുപറയാനുള്ള പോസ്റ്റര്‍ വേഗയുടെ ഈ തീര്‍പ്പിനുള്ള ശക്തി അപാരമാണ്.

അവതരണത്തില്‍  ഈ സവിശേഷത അങ്ങേയറ്റമാണ്.ഒരു ഫോട്ടോഗ്രാഫര്‍ എടുത്ത തെരേസയുടെ പടം ഫ്രീസ് ചെയ്തുകൊണ്ട് തുടങ്ങുന്ന സിനിമയുടെ ഒടുക്കവും അതുപോലെതന്നെ.ഈ നി ശ്ചലതകള്‍ക്കിടയിലെ നൈരന്തര്യത്തിലാണ് തെരേസയുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത്.ഒടുവില്‍ ജനമധ്യത്തിലേക്ക് തന്നെ തെരേസയെ ഇറക്കിവിടുന്നു.അതില്‍ നിന്ന് മാറി നിന്നിട്ട് പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല.പ്രശ്നങ്ങള്‍ അവസാനിച്ച്ചിട്ട് അതില്‍ നിന്ന് മാറാനും കഴിയില്ല.അങ്ങനെ തെരേസ എന്ന ഒരു വ്യക്തിയുടെതല്ല,സാമൂഹ്യാവസ്ഥയുടെ ഛായാചിത്രമായി ഈ സിനിമ മാറുന്നു.കഥയും തിരക്കഥയും പോസ്റ്റര്‍ വേഗയുടെ ഭര്‍ത്താവായ മി.വേഗയും അമ്ബ്രോഷ്യോ ഫോനെറ്റും ചേര്‍ന്നാണ് തയ്യാറാക്കിയത്.ദൈസി ഗ്രെനടോസാണ് തെരേസയെ അവതരിപ്പിച്ചത്.ലാറ്റിന്‍ ജാസ് സംഗീതവും ഓപ്പെറ നൃത്തച്ചുവടുകളും ചേര്‍ന്ന് ചിന്തിക്കാന്‍ മാത്രമല്ല,ആനന്ദിക്കാനും കഴിയുന്ന ഒന്നാംതരം സൃഷ്ടിയായി ''പോര്‍ട്രൈറ്റ്‌ ഓഫ് തെരേസ''യെ മാറ്റിയിട്ടുണ്ട്.


2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

എന്തുകൊണ്ട് നമ്മളിപ്പോഴും അക്ഷരം അറിയാത്തവരായി തുടരുന്നു?

വായന

കവിയൂര്‍ മുരളി
ഇനി ഭാഷയിലേക്ക് കടക്കാം.ആശയ വിനിമയമാണ്‌ ഭാഷയുടെ ഒന്നാമത്തെ ഉദ്ദേശ്യം.ആംഗ്യഭാഷയെ ഒഴിവാക്കിക്കൊണ്ട് ,സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്ന ഭാഷകളെപ്പറ്റി മാത്രം ചിന്തിക്കാം.ഭാഷകള്‍ പരസ്പരം അറിയാതെ വന്നാല്‍ പുരോഗതി തടയപ്പെടുമെന്നതിന് ബാബേല്‍ കോട്ടയുടെ നിര്‍മ്മാണം സാക്ഷിയാകുന്നുണ്ടെന്ന കാര്യം ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

ഭാഷകളെ ലിപിയുള്ള ഭാഷകളെന്നും ലിപിയില്ലാത്ത ഭാഷകളെന്നും രണ്ടായി തിരിച്ചിട്ടുണ്ട് .കൊങ്കണി,തുളു ഭാഷകള്‍ ഇന്നും പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് .ദേശ ഭാഷയെന്നും വിദേശ ഭാഷയെന്നും മറ്റൊരു തരാം തിരിവുണ്ട് .ദേശ ഭാഷക്ക് 'ദേശി'എന്നാണ് ദക്ഷിണേന്ത്യയില്‍ പൊതുവേ ഉപയോഗിച്ചുവരുന്ന പദം ഇന്ത്യയില്‍ 700ല്‍ ഏറെ ഭാഷകള്‍ ഇപ്പോള്‍ നിലവിലുണ്ട് .ലിപി സമ്പ്രദായം BC 5000 മുതല്‍ പ്രയോഗത്തില്‍ ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത് .മിനോവന്‍ സംസ്കാരത്തിന്‍റെ ഉടമകളായിരുന്ന ക്രീട്ടുകാരുടെ ലിപികളാണ്‌ ഏറ്റവും പുരാതണമെന്ന് കരുതപ്പെടുന്നു.സുമേറിയന്‍ കാരുടെ ആപ്പു പോലുള്ള ലിപികളും ഗ്രീക്കുകാരുടെ ലംബമാനമായ ലിപികളുമാണ് ഏറ്റവും പുരാതനമെന്ന വിശ്വാസമാണ് അടുത്ത കാലം വരെ ഉണ്ടായിരുന്നത് .ഈജിപ്തുകാരുടെയും ചൈനാക്കാരുടെയും ചിത്ര ലിപികളും പുരാതനങ്ങളാണ്.സിന്ധൂതട പരിഷ്കാര കാലത്തെ ലിപികളാണ്‌ ഇന്ത്യയുടെ പുരാതന ലിപികള്‍ .ഖരോഷ്ടി,ബ്രഹ്മി ലിപികള്‍ അതിന് ശേഷമുല്ലവയാണ്.

ഇന്ത്യയിലെ പ്രാകൃത ഭാഷക്ക് ലിപികള്‍ ഇല്ലായിരുന്നു.അവയ്ക്ക് സ്വരശാസ്ത്രമേ ഉണ്ടായിരുന്നുള്ളൂ .ഖരോഷ്ടി,ബ്രഹ്മി ലിപികളില്‍ പ്രത്യക്ഷപ്പെടുന്ന വാക്കുകള്‍ പ്രാകൃതം തന്നെ ആയിരിക്കണം.ദേവാനാം പിയ പിയ ദര് ശി 'യിലെ പിയ ദര് ശി തുടങ്ങിയ വാക്കുകള്‍ പ്രാകൃതത്തിന്റെതാണ് .ഖരോഷ്ടി,ബ്രഹ്മി,നാഗരി ദേവനാഗരി എന്നിങ്ങനെയാണ് ഇന്ത്യയിലെ ലിപികളെ ക്രമപ്പെടുത്തിയിട്ടുള്ളത് .എന്നാല്‍ ദക്ഷിണേന്ത്യന്‍ ലിപികള്‍ ഈ ക്രമീകരണത്തില്‍ ഉള്‍പ്പെടുന്നില്ല.ഇത് ഉത്തരേന്ത്യന്‍ ഭാഷകള്‍ക്കെ ബാധകമാകുന്നുള്ളൂ.പ്രാകൃത ഭാഷകളുടെ കാര്യത്തില്‍ പോലും തെക്കേ ഇന്ത്യയെ ആരും ഗൌനിച്ചിട്ടില്ല.ഇന്നും എല്ലാ രംഗത്തും തെക്കേ ഇന്ത്യ അവഗണിക്കപ്പെടുകയാണല്ലോ .ദക്ഷിണേന്ത്യയെ മൊത്തത്തില്‍ ദ്രാവിഡ ദേശമെന്നും ഇവുടുത്തെ ഭാഷയെ ദ്രാവിഡ ഭാഷയെന്നും സ്പര്‍ശി ച്ചിട്ട്‌ കടന്നു പോവുകയായിരുന്നു ഓരോ ചിന്തകനും.

അന്വേഷണങ്ങളെല്ലാം അധിഷ്ഠിതമായിട്ടുള്ളത് വടക്കന്‍ പ്രാകൃതത്തിലാണ് .മഹാരാഷ്ട്ര,ശൌരി സേനി,മാഗധി,അര്‍ദ്ധമാഗധി,പൈശാചി എന്നിങ്ങനെയാണ് വടക്കന്‍ പ്രാകൃത ഭാഷയുടെ ഉള്‍പ്പിരിവുകള്‍ .മഹാരാഷ്ട്രി പ്രാകൃതത്തിന്റെ പരിഷ്കൃത രൂപമാണ് പാലിഭാഷ .ഒന്നാം ഘട്ടത്തിലെ സമ്പൂര്‍ണ ഭാഷയെന്നാണ് പാലിയെപ്പറ്റി പറഞ്ഞുപോരുന്നത് .പാലിയുടെ പരിഷ്കൃത രൂപമാണ് സംസ്കൃതം .സംശയം തോന്നുന്നവര്‍ക്കുവേണ്ടി പാലിയില്‍ നിന്ന് ഒന്നു രണ്ടു ഉദ്ധരണികള്‍ സമര്‍പ്പിക്കാം.

(1)സുഖകാമാനി ഭൂതാനി യോ ദണ്ടേന ന ഹിംസതി 
    അത്തനോ  സുഖമേ സാനോ പേച്ച സോ  ലഭതേ സുഖം 
(2)ന നഗ്ഗചരിയാ ന ജടാ ന പങ്കാ
    ന നാസകാ ഥണ്ടില സായികാ വാ 
    രചോ ച ജല്ലം ഉക്കുടിക പ്പധാന 
    സോ   ധേന്തി മച്ചം അവിതിണ്ണ കംഗ് വം 
ഇത് പാലിയാണ് .സംസ്കൃതമാണെന്ന് തോന്നാന്‍ ഇടയുണ്ട് .നമുക്ക് അറിയാവുന്നത്  സംസ്കൃത മായതുകൊണ്ടാണ് -ആ സ്ഥലജല വിഭ്രമം .

പാലിയില്‍  നിന്ന് സംസ്കൃതത്തെ രൂപപ്പെടുത്തിയവര്‍,ആര്യന്മാരാണ്‌ .പാലിഭാഷ സാധാരണക്കാരന്‍റെ ഭാഷയായിരുന്നു.ശ്രീബുദ്ധന്റെ സകല സൂക്തങ്ങളും പാലിയിലാണ് ആദ്യം കുറിക്കപ്പെട്ടത് .ആര്യന്മാര്‍ പ്രാകൃത ഭാഷയില്‍ നിന്ന്-പ്രത്യേകിച്ചും മഹാരാഷ്ട്രി പ്രാകൃതത്തില്‍ നിന്ന് ധാരാളം വാക്കുകള്‍ സംസ്കൃതത്തില്‍നിന്നു സ്വീകരിച്ചിട്ടുണ്ട് .സ്വീകരിച്ച വാക്കുകള്‍ അല്‍പ്പം തേച്ചു മിനുക്കിയാണ്‌ അവര്‍ ഉപയോഗിച്ചതെന്ന് മാത്രം.പ്രാകൃതത്തില്‍ നിന്ന് സംസ്കൃതകാരന്മാര്‍ സ്വീകരിച്ച ചില വാക്കുകളും രൂപ ഭേദങ്ങളും-

ഗോരി -ഗൌരി ,പിയ-,ഗാമ-ഗ്രാമം,കവ്വം-കാവ്യം,അവത്ത-അവസ്ഥ,പാവുഅ-പ്രാകൃതം,അത്തമനം-അസ്തമനം,മിത്തം-മിത്രം,താനം-സ്ഥാനം,പക്കി-പക്ഷി.

വാക്കുകള്‍,മാത്രമല്ല,പ്രാകൃതന്മാരുടെ അനേകം പട്ടുവൃത്തങ്ങളും സംസ്കൃതം സ്വീകരിച്ചു.27പാട്ടുവൃത്തങ്ങളാണ് പ്രാകൃത ഭാഷയില്‍ ഉണ്ടായിരുന്നത് .അവയില്‍ 16ഉം ആര്യന്മാര്‍ സ്വീകരിച്ചു .സംസ്കൃതത്തിലെതെന്നു എ.ആര്‍.ഉള്‍പ്പെടെയുള്ള സകല മഹത്തുക്കളും ഭാഷാജ്ഞാനികളും വിശ്വസിച്ചു പോന്ന ആര്യ,ഗീതി മുതലായ വൃത്തങ്ങള്‍ പ്രാകൃത ഭാഷയുടെ സ്വന്തമാണ് .അവക്ക് സംസ്കൃതത്തിന്റെതെന്നു പറയാവുന്ന ശ്ലോകങ്ങ ളോ ട ല്ല അടുപ്പം.താളം തട്ടി പാടാവുന്ന പാട്ടുവൃത്തങ്ങള്‍ തന്നെയാണ് ആര്യയും ഗീതിയും.

വിരുതിനു വിലയില്ലിവിടെ 
തിരിമാറിയല്ലേ നമുക്കു സാഹിത്യം 
വില പെറു മേലി വിരിക്കും 
വലയിലുടക്കിക്കിടപ്പൂ മലയാളം (ഗീതി)

ഇളംകുളം
-ഗീതിയാണിത്.അവസാന വരിയില്‍ മൂന്നു മാത്രകള്‍ കൂട്ടിയാല്‍ ആര്യയാകും.

നാട്ടുകാര്‍ക്കെല്ലാം മനസ്സിലാകുമായിരുന്ന പാലിഭാഷ എന്തിനുവേണ്ടിയാണ് പരിഷ്കരിക്കപ്പെട്ടത്‌ .എന്തിനാണ് സംസ്കൃതമെന്ന പുതിയ ഒരു ഭാഷയെ രൂപപ്പെടുത്തി എടുത്ത്ത് പാലിക്കു പുറമേ മഹാരാഷ്ട്രിയോ മാഗധിയോ അര്‍ദ്ധമാഗധിയോ ഒക്കെ ഉണ്ടായിരുന്നല്ലോ.ബുദ്ധന്റെയും വര്‍ദ്ധമാന മഹാവീരന്റെയും സകല ഉപദേശങ്ങളും അല്‍പ്പം പോലും ചോര്‍ന്നുപോകാതെ ജനങ്ങളില്‍ എത്തിക്കുവാനുള്ള കഴിവും വളര്‍ച്ചയും ആ ഭാഷകള്‍കെല്ലാം ഉണ്ടായിരുന്നല്ലോ.ഇത്രയും സൌകര്യങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ കട്ടെടുത്തും കടമെടുത്തും ഭാഷയുടെ മറ്റൊരു രൂപത്തി നുവേണ്ടി പാടുപെടേണ്ട ആവശ്യം ഇല്ലായിരുന്നു.എന്നിട്ടും അവര്‍ അതില്‍ നിഷ്ഠ വെച്ച് നീങ്ങിയെങ്കില്‍ അവര്‍ക്ക് എന്തോ പ്രത്യേക താല്പര്യം സംരക്ഷിക്കെണ്ടാതുണ്ടായിരുന്നുവന്നു ഉറപ്പിച്ചു പറയാം.

ആ പ്രത്യേക ഉദ്ദേശ്യം എന്തായിരുന്നുവെന്ന്‍ അനുമാനിക്കാനേ ആവൂ.ശ്രേഷ്ഠ ന്മാരാണ് (ആര്യന്മാര്‍)തങ്ങളെ ന്ന്‍ പ്രകടമാക്കാന്‍ അവര്‍ക്ക് വിഭിന്നമായതും നാട്ടിലെ അണ്ടനും അടകൊടനുമെല്ലാം സംസാരിക്കാത്തതുമായ ഒരു ഭാഷ വേണമായിരുന്നു .അവര്‍ പൂജിക്കുന്ന ദൈവങ്ങള്‍ക്ക് അവര്‍ കൊണ്ടുചെല്ലുന്ന തുകല്‍ക്കഷണങ്ങളിലോ മരപ്പട്ടകളിലോ എഴുതിക്കൊടുക്കാന്‍ ദൈവത്തിന്റെതായ ഒരു ഭാഷ വേണമായിരുന്നു.ഈശ്വരന്‍ അവരോടു പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാനും അവര്‍ക്ക് പ്രതേക ഭാഷയുടെ ആവശ്യം ഉണ്ടായിരുന്നു.അങ്ങനെ സാധാരണ മനുഷ്യരില്‍ നിന്ന്‍ അകന്നു നില്‍ക്കാനും തങ്ങളുടെ ഉന്നത സ്ഥാനത്തിനു മോടികൂട്ടുവാനും ഈശ്വരന്റെ പേരിലും തട്ടിപ്പ് നടത്തുവാനും വേണ്ടി ആര്യന്മാര്‍ ക്ളോണിംഗ് സമ്പ്രദായത്തിലൂടെ ജനിപ്പിച്ച ഭാഷയാണ്‌ സംസ്കൃതം.അതിനെ അവര്‍ വേദ ഭാഷയെന്നു വിളിച്ചു.

സൂക്ഷ്മമായി  ആലോചിച്ചാല്‍ സംസ്കൃതം തനിമയുള്ളൊരു ഭാഷയല്ല.അതിന്റെതായി അതില്‍ പറയത്തക്കവിധം ഒന്നുമില്ല പെര്കൊണ്ടുതന്നെ ആ സത്യം വെളിവാകുന്നുണ്ട്‌ .'സംസ്കൃതം'എന്ന വാക്കിന്‍റെ അര്‍ഥം മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.സംസ്കരിച്ചെടുക്കപ്പെട്ട തെന്നാണ് ആ വാക്കിന്‍റെ അര്‍ഥം .ഇന്നലെ വരെ മോശമായിരുന്നതിനെ തല്ലിയഴിച്ച് ആ തടികള്‍ കൊണ്ട് ഒരു പെട്ടി പൂട്ടി.അത് പെട്ടിയായി.പക്ഷെ മേശയുടെ കാലും പലകയുമാണ് അതില്‍ ഉള്ളത്.ചിന്തേരിട്ട് മിനുക്കിയിട്ടുണ്ടാകാം.വാര്‍ണീഷ് ഇട്ട് ഭംഗി വരുത്തിയിട്ടുണ്ടാകാം.അതിനപ്പുറം കാര്യമായി ഒന്നുമില്ല.സംസ്കരിച്ചെടുത്തത്. മാത്രമേ ആകുന്നുള്ളൂ സംസ്കൃതം.സംസ്കൃതത്തിന്റെ എല്ലാ മഹത്വങ്ങളും പാലിക്കും പ്രാകൃതത്തിനും അവകാശപ്പെട്ടതാണ്.എന്നാല്‍ സംസ്കൃതഭാഷയുടെ ആവിര്‍ഭാവത്തോടുകൂടി ശൈവ-വൈഷ്ണവ മതങ്ങള്‍ പുഷ്ടിപ്പെട്ടു.ആ മതങ്ങളില്‍കൂടി ആര്യന്മാരും ശക്തി പ്രാപിച്ചു.ഈശ്വരന്‍ എന്ന വാക്കിനു പിന്നില്‍ മനുഷ്യനെ ഏകോപിപ്പിക്കുവാന്‍ അവര്‍ക്കുകഴിഞ്ഞു.ശാക്യമുനിയുടെയും ജൈനമുനിയുടെയും വീക്ഷണ ങ്ങള്‍ക്കെതിരെയാണ് അവരുടെ ഈശ്വരന്‍ അവതരിച്ചത് .

ദക്ഷിണേന്ത്യയിലേക്ക്  സംസ്കൃതം കടന്നുവന്നത് പല്ലവന്മാരുടെ വാളും  പരിചയും പിടിച്ചുകൊണ്ടാണ് .എ.ഡി.എഴാം ശതകത്തിന്‍റെ അന്ത്യത്തിലായിരുന്നു പല്ലവന്മാരുടെ പടപുറപ്പാട്.അവര്‍ ശൈവരും വൈഷ്ണവരുമായിരുന്നു.കാഞ്ചിയിലെ പല്ലവന്മാരാണ് സംസ്കൃതത്തെ പടര്‍ത്തുവാനും ഹിന്ദുമതത്തെ വളര്‍ ത്തുവാനും ജാഗ്രത കാട്ടിയവര്‍.അവരുടെ അധികാരം നാട്ടുഭാഷകളെ കാട്ടിലേക്ക് പിന്തള്ളി.

അതിശക്തരെ ആരാധിക്കുകയും അവരുടെ പിന്‍പേ നടക്കുകയും ചെയ്യുക എന്നത് ആരണന്‍ മാര്‍ ആവര്‍ ത്തിച്ചു വന്ന സ്വഭാവാമാണ് .ടിപ്പുവിന്‍റെ കാലത്ത് ബ്രാഹ്മണര്‍ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ചാരന്മാരായി പ്രവര്‍ത്തിച്ചു .മലബാര്‍ മാപ്പിള ലഹളയുടെ കാലത്തും അവര്‍ ബ്രിട്ടീഷ് മേല്‍കൊയ്മയെ പിന്താങ്ങി.പല്ലവന്മാര്‍ ആക്രമിച്ചു കയറിവന്നപ്പോള്‍ അവര്‍ പല്ലവന്മാരുടെ ബന്ധുക്കളായി.സംസ്കൃതത്തെ പരിപോഷിപ്പിക്കുന്ന ജോലി ബ്രാഹ്മണര്‍ ഏറ്റെടുത്തു.ഔവ്വയാറും കപിലരും തിരുവള്ളുവരും ഉപയോഗിച്ചുപോന്ന ഭാഷയും അവിടെ നിലനിന്നുപോന്ന ഭാഷകളും ക്രമേണ ഇല്ലാതായി.

ആര്യന്മാരെപോലെ തന്നെ ഭാഷയില്‍ പുതിയ പുതിയ ചെപ്പടിവിദ്യകള്‍ അവര്‍ കാട്ടി.ഭാഷാമിശ്രണം അവരുടെ ഹോബിയായി.അതിനെയെല്ലാം തല്ലിയുടച്ചുകൊണ്ട് അവര്‍   മലയാളത്തിനെ ജനിപ്പിച്ചു .സ്വന്തമായ ഒരു ലിപി സമ്പ്രദായവും അവര്‍ മുഖാന്തിരമായി.ച്രുക്കത്തില്‍ ഭാഷയുടെ അവകാശികളും അവരായി.അധികാരം അവരുടേതായി.

മലയാളം രൂപപ്പെട്ടിട്ട് ആയിരം വര്‍ഷം കഴിഞ്ഞുവെന്നാണ് പണ്ഡിത ഗവേഷകനായ ഇളംകുളത്തിന്‍റെ അഭിപ്രായം.അതിനേക്കാള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്ക ണമെന്നാണ് എന്‍റെ നിഗമനം .അത് എന്തായിരുന്നാലും ഇന്നും മലയാള ലിപി പരിഷ്കരണത്തി നുവേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്.ദ്രാവിഡ ഗോത്ര ഭാഷയില്‍ ആര്യത്വത്തി ന്‍റെ ചുവടുപിടിച്ചുള്ള ലിപിയാണ് നമുക്കുള്ളത് .കൂട്ടക്ഷരങ്ങളില്‍ ഒന്നിനുപോലും സമാനതയില്ല .ക്ക-ച്ച-ട്ട-ന്ന-പ്പ-ത്ത തുടങ്ങിയവ ശ്രദ്ധിച്ചാല്‍ മതിയാവും.ഉച്ചാരണങ്ങള്‍ക്കുമില്ല ഐകരൂപ്യം.ല്ല-യ്ക്ക് കീഴെയുള്ള ചിഹ്നം  ക,പ,മ,-തുടങ്ങിയ അക്ഷരങ്ങള്‍ക്ക് കീഴെയിട്ടാല്‍ ഉച്ചരിക്കേണ്ടത് വേറെ രീതിയിലാണ് .ക്ര-യ്ക്ക് ഉപയോഗിക്കുന്ന ചിഹ്നം 'ദ'യോടോ 'ഗ'യോടോ ചേര്‍ത്താല്‍ ഉച്ചാരണത്തില്‍ വ്യത്യാസമുണ്ട് .ദക്ഷിണ ദേശ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന സംസ്കൃത ത്തിന്‍റെ മാതൃകയിലുള്ള താകയാലാണ് അക്ഷരങ്ങളുമായി ഇന്നും പോരുത്തപ്പെട്ടുപോരാന്‍നമുക്ക് ആവാത്തത്.അടിസ്ഥാനപരമായ വിദ്യാഭ്യാസവും സംസ്കൃതവും അറിഞ്ഞുകൂടാത്ത ഒരാള്‍ക്കുപോലും മലയാളം ശരിക്കും ഉച്ചരിക്കാനാവുകയില്ല.അധികാരത്തിന്‍റെ ആനുകൂല്യത്തില്‍ ഭാഷ എല്ലാവര്ക്കും വേണ്ടി ഉള്ളതായിരിക്കണമെന്ന് ഓര്‍ക്കാതെ കാട്ടിക്കൂട്ടിയ വിക്രിയകളുടെ അനന്തര ഫലങ്ങളാണ് ഇവയെല്ലാം.
കവിയൂര്‍ മുരളി
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്ന് പറയപ്പെടുന്നുണ്ട് .സത്യത്തില്‍ ഇവിടെ ജനാധിപത്യമല്ല,ജനനാധിപത്യമാണ് നിലവിലിരിക്കുന്നത് .ഒരു പ്രത്യേക സമൂഹം മാത്രമാണ് എന്നും അധികാരത്തില്‍.അവരുടെ ഇച്ചയാണ് നടന്നുപോരുന്നത് .ഭാഷയുടെ കാര്യത്തിലും ഇന്നും സ്ഥിതിക്ക് മാറ്റമില്ല.മലയാള ഭാഷയിലെ കളികള്‍ ബ്രാഹ്മണനും ക്ഷത്രിയനും ഏറെക്കുറേ നിര്‍ത്തിയ മട്ടാണ്.ഇന്ന് ഭാഷയുടെ അധികാരം കയ്യാളുന്നത് നായരും ക്രിസ്ത്യാനിയും ഈഴവനും ആണ്.ആദിമ നിവാസികളും ഭാഷയുടെ അധികാരികളുമായിരുന്ന ദളിത്‌ ജനതയല്ല.കൊല്ലവര്‍ഷം 260 നു ശേഷമാണ് നായര്‍ എന്ന വിഭാഗം രേഖകളില്‍ പ്രത്യക്ഷപ്പെടുന്നത്.പോര്‍ട്ടുഗീസുകാര്‍ വരുന്ന കാലത്ത് (1548)വെനാട്ടില്‍ 6000 കുടി ക്രിസ്ത്യാനികളെ ഉണ്ടായിരുന്നുള്ളൂ.ഈഴവന്റെ ഉത്ഭവം പോലും ഇന്നും ഉരുത്തിരിഞ്ഞിട്ടില്ല.ബില്ലവര്‍ ആണെന്നും ദ്വീപില്‍നിന്നു വന്നവരാണെന്നും അഭിപ്രായങ്ങളുണ്ട് .ഏതായാലും 'പിച്ചക്കുവന്നവന്‍ അച്ചിക്ക്‌ നായരായി'എന്ന പഴംചോല്ലിനെ അനുസ്മരിപ്പിക്കുന്നു സംഭവങ്ങള്‍.തിരുവള്ളുവരും സഹോദരിയായ ഔ വയാറും കാക്കൈ പാടിനിയാരും കുരമകള്‍ ഇളവൈനിയും മറ്റുമായിരുന്നു ഒരുകാലത്ത് ഭാഷയുടെ അധികാരികള്‍ .കപിലര്‍ എന്ന ബ്രാഹ്മണനും പരണരുമെല്ലാം ഒരേ ഭാഷയാണ്‌ ഉപയോഗിച്ച്പോന്നത്.ഇന്ന്  ഭാഷയില്‍ നിന്ന് ഔവയാറിന്റെയും മറ്റും പരമ്പരകള്‍ അകറ്റ പ്പെട്ടിരിക്കുകയാണ് .പ്രസിദ്ധീകരണങ്ങളുടെ കുപ്പപ്പാട്ടില്‍ പോലും കാലുകുത്താന്‍ ഒരു സമൂഹമെന്ന നിലക്ക് ദളിതര്‍ വിഷമിക്കുകയാണ് .മാറി മാറി വരുന്ന അധികാരികള്‍ ഭാഷയില്‍ നിന്നുപോലും അവരെ അകറ്റി നിര്‍ത്തി യിരിക്കുകയാണ്.നൂറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുസ്ഥിതി മാറ്റിയെടുക്കാനുള്ള സാമ്പത്തിക ശക്തിയും ഐക്യവും ഇന്നും കേരളത്തിലെ ദളിതര്‍ക്കില്ല.
(കേരള സാഹിത്യ അക്കാദമിയുടെ ദ്വൈമാസികയായ 'സാഹിത്യലോകത്തിന്റെ'2000 ജനുവരി -ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ഭാഷയും അധികാരവും'എന്ന ലേഖനത്തിലാണ് കവിയൂര്‍ മുരളി ഇപ്രകാരം എഴുതിയിട്ടുള്ളത്)

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

പൂര്‍വികരുടെ ഭൂമിയില്‍നിന്നും പുറത്താക്കപ്പെട്ടവര്‍

പുസ്തകം

കണ്ണന്‍ മേലോത്ത്

2002ല്‍ ഡോ.സൂര്യകാന്തന്‍  എഴുതിയ തമിഴ് നോവലാണ്‌ ''പൂര്‍വികഭൂമി''.പത്മ കൃഷ്ണമൂര്‍ത്തി മലയാളത്തിലേക്ക് ഈ നോവല്‍ പരിഭാഷപ്പെടുത്തി.ചിന്ത പബ്ലിഷേര്‍സ്  ആണ് മലയാളത്തിലെ പ്രസാധകര്‍.തോമസ്‌ ഹാര്‍ഡിയുടെ ''റിട്ടേണ്‍ ഓഫ് ദ നെറ്റീവ്''നോടും  മലയാളത്തിലെ ''രണ്ടിടങ്ങഴി''യോടും നിരൂപകര്‍ താരതമ്യപ്പെടുത്തിയിട്ടുണ്ടെന്ന്‍ കവര്‍ പേജില്‍ അച്ചടിച്ചിരിക്കുന്നു.കാവേരിനദീജല തര്‍ക്കത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട തമിഴ് ജനതയുടെ ദുരിതങ്ങളും ചെറുത്തുനില്‍പ്പുകളുമാണ് പ്രമേയമെന്ന്‍ പിന്‍ കവറിലും ചേര്‍ത്തിരിക്കുന്നു.

പരസ്യപ്പെടുത്തിയിരിക്കുന്ന വിലയിരുത്തല്‍ മുന്‍വിധിയാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടുവേണം വായനയിലേക്ക് കടക്കുവാന്‍ .ഈ കൃതിക്ക് ജോണ്‍ സ്റ്റീന്‍ ബെക്കിന്റെ ''ക്രോധത്തിന്റെ  മുന്തിരിപ്പഴങ്ങള്‍'' എന്ന നോവലിനോടാണ്  കൂടുതല്‍ ബന്ധം .അതിന്‍റെ ചുവടുപിടിച്ച് മലയാളത്തിലുണ്ടായ രണ്ട് നോവലുകളില്‍ ഒന്ന്‍ എസ് .കെ.പൊറ്റക്കാടിന്റെ ''വിഷകന്യക''യും മറ്റൊന്ന്‍ കാക്കനാടന്റെ ''ഒറോത ''യുമാണ്‌ .പൂര്‍വികഭൂമിയുടെ സാദൃശ്യം ഈ കൃതികളോടാണ്.കാവേരി നദീജലതര്‍ക്കം ഈ നോവലിലെ മുഖ്യ പ്രമേയമല്ല .കുടിയേറ്റ കര്‍ഷകരുടെ ജീവിതവും ചെറുത്തുനില്‍പ്പുകളുമാണ് തത് സ്ഥാനത്തുള്ളത് .നോവല്‍ പൂര്‍ത്തിയാക്കുവാന്‍ സ്വീകരിച്ച ഉപാധി മാത്രമാണ് ജലതര്‍ക്കം.കുടിയേറ്റ കര്‍ഷകരുടെ ചെറുത്തുനില്‍പ്പുകളും  തിരിച്ചടികളും ആവിഷ്കരിക്കാന്‍ സൂര്യകാന്തന്‍ നിര്‍മിച്ച ഭാഷ അങ്ങേയറ്റം ഗംഭീരമായിട്ടുണ്ട് .അത് ഒട്ടും ചോര്‍ന്നുപോകാതെ പകര്‍ന്നുതരാന്‍ പരിഭാഷകക്കും കഴിഞ്ഞിട്ടുണ്ട്.

കുടിയേറ്റകര്‍ഷകരുടെ സാമൂഹ്യ പിന്നോക്കാവസ്ഥയുടെ നേര്‍ വിവരണം വ്യക്തിയിലേക്ക്  കേന്ദ്രീകരിക്കുമ്പോള്‍    അത്  പളനിയപ്പന്‍ എന്ന തോല്‍പിക്കപ്പെട്ട മനുഷ്യന്‍റെ ജീവച്ചരിത്രമായി മാറുന്നു .കോയമ്പത്തൂരിലെ ഒരുആസ്ബറ്റോസ് കമ്പനിയില്‍ തരക്കേടില്ലാത്ത ജോലിയുണ്ടായിരുന്ന പളനിയപ്പന്‍ ജോലി രാജി വെച്ചപ്പോള്‍ കിട്ടിയ ആനുകൂല്യങ്ങളും ഭൂമി പണവും മുടക്കി അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ കാടുകയറി ക്കിടക്കുന്ന മണ്ണ് ചുളുവിലക്ക് വാങ്ങുനു.കൂടെ വന്ന നഞ്ചപ്പന്‍ വിദ്യാ സമ്പന്നനും   ദുഷ്ടബുദ്ധിയുമായിരുന്നു.ഒരുമിച്ചു വാങ്ങിയ സ്ഥലത്തിന്‍റെ ആധാരത്തില്‍ നഞ്ചപ്പന്‍  തന്‍റെ പേര് മാത്രമേ എഴുതി ച്ചിരുന്നുള്ളൂ.പളനിയപ്പന്‍ നിരക്ഷരനായിരുന്നു.നഞ്ചപ്പന്റെ ചതി അയാള്‍ അറിഞ്ഞിരുന്നില്ല .പ്രകൃതിയൂടും പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് ചോര നീരാക്കി അധ്വാനിച്ച പളനിയപ്പന്‍ കാടും കല്ലുകളും നിറഞ്ഞ ആ മലഞ്ചരിവ് പൊന്നുവിളയുന്ന കൃഷിയിടമാക്കി മാറ്റി .ആ പാവത്താന്‍ ഒഴുക്കിയ വിയര്‍പ്പിന്‍റെ വില മുഴുവന്‍ ബാങ്കില്‍ നിക്ഷേപിച്ച നഞ്ചപ്പന്‍ മാളിക മുകളേറി.പളനിയപ്പന്‍ അപ്പോഴും നാലുകാലോലപ്പുരയില്‍ത്തന്നെ.അയാള്‍ക്ക് എല്ലാം നഷ്ടമായിക്കൊണ്ടിരുന്നു.ഒടുവില്‍നദീജലതര്‍ക്കത്തെതുടര്‍ന്ന്‍  കുടിയേറ്റക്കാരെ കയ്യേറ്റം ചെയ്യാനെത്തിയ കര്‍ണാടകക്കാര്‍ ഇവരുടേയും മറ്റുള്ളവരുടെയും വിളവുമുതല്‍ കൊള്ളയടിക്കുകയും പുരയിടങ്ങള്‍ ചുട്ടെരിക്കുകയും ചെയ്തു.ഗത്യന്തരമില്ലാതെ കുടിയേറ്റക്കാരായ തമിഴര്‍ എല്ലാം വിട്ടെറിഞ്ഞ്‌ രായ്ക്ക് രാമാനം ജീവനും കൊണ്ട് ഒളിച്ചു കടന്നു.നാളുകള്‍ കഴിഞ്ഞ് പ്രക്ഷോഭം ഒട്ടൊന്നു ശമിച്ച പ്പോള്‍ മാറാപ്പു ചുമക്കെണ്ടിവന്ന നഞ്ചപ്പന്‍ ,സ്വത്തുക്കള്‍ ഭാഗം ചെയ്യാമെന്ന ഉറപ്പിന്മേല്‍ പളനിയ പ്പനോറൊപ്പം വീണ്ടും അവിടെച്ചെന്നു കൃഷിയിറക്കാമെന്ന് നിനച്ച് അവിടേക്ക് വീണ്ടും പുറപ്പെടുന്നു.

കോയമ്പത്തൂരില്‍നിന്നും  110 കി.മീ.ദൂരമേയുള്ളൂ ചാമരാജ് നഗറിലേക്ക് .സംഭവം നടക്കുന്ന കാലം 20 വര്‍ഷം മുന്‍പും .ആ കാലത്തുപോലും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ദൂരം.ഈ വിധം പളനിയപ്പന്‍ തോല്‍പ്പിക്കപ്പെടാന്‍ കാരണം അയാള്‍ക്ക് വിദ്യാഭ്യാസം ഇല്ലാതിരുന്നതിനാലാണ് .ഈ ഘടകത്തിന് ഊന്നല്‍ നല്‍കിയിട്ടില്ലെങ്കിലും വ്യക്തിചിത്രണത്തില്‍ ആ സൂചനകള്‍ സൂര്യകാന്തന്‍ കൊടുത്തിട്ടുണ്ട്‌ .വിദ്യാഭ്യാസം ഇല്ലാത്ത പലനിയപ്പനെ എളുപ്പം ചൂഷണം ചെയ്യാന്‍ നഞ്ചപ്പന് എളുപ്പം സാധിച്ചു .പളനിയ പ്പനെപ്പോലെ കാളകളുമായി ചുരം കയറിയല്ല അയാള്‍ ചാമരാജ് നഗറില്‍ എത്തിയത് ,മോട്ടോര്‍ ബൈക്ക് ഓടിച്ചാണ് .മണ്ണിന്‍റെ മനസ്സറിഞ്ഞ കര്‍ഷകന്‍റെ ആത്മവത്തയെ അങ്ങേയറ്റം സ്ഫുടതയോടെ ആവിഷ്കരിച്ച പൂര്‍വികഭൂമി എന്ന നോവല്‍ ചിലയിടങ്ങളില്‍ കാര്‍ഷിക വിജ്ഞാന കൊശമായും മാറുന്നു.

ജാതി,ഭാഷ,പ്രാദേശികത,പണം,കക്ഷിരാഷ്ട്രീയം എന്നിവയോക്കെയാണല്ലോ ഇന്ത്യയിലെ വിഭാഗിയതകള്‍ .നോവലില്‍ പ്രാദേശികത എന്ന വിഭാഗീയതയാണ് വില്ലനാകുന്നത് .കാവേരി നദീജല തര്‍ക്കം നോവലില്‍ ചര്‍ച്ച ചെയ്യുന്നേയില്ല .എന്നാല്‍ സാമൂഹ്യ രാഷ്ട്രീയ നേതൃത്വത്തിന്‍റെ പിടിപ്പുകേടുമൂലം ഗുരുതരമായ സ്ഥിതിയിലേക്ക് വഴുതിയ നദീജലപ്രശ്നം സാധാരണ കര്‍ണാടകക്കാരില്‍ പ്രാദേശിക വിഭാഗീയത എന്ന വിഷം കുത്തിനിറച്ചുകൊണ്ടാണ് സങ്കീര്‍ണമായത് .കര്‍ണാടകയിലെ തരിശുഭൂമിയെ പച്ചയണിയിച്ചതും അലസന്മാരായ ആ നാട്ടുകാരെ അധ്വാനശീലരാക്കിയതും വൃത്തിശീലിപ്പിച്ചതും കോയമ്പത്തൂരില്‍ നിന്നെത്തിയ കുടിയേറ്റക്കാരാണെന്ന് ആവര്‍ത്തിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ ഈ പ്രാദേശികതയെ ഡോ.സൂര്യകാന്തനും സംവഹിക്കുന്നതായി കാണാം .
റെഡ് ഇന്ത്യന്‍ അടിമകളെക്കുറിച്ച്‌ ഡോ.അംബേദ്കര്‍.

വായനഏഷ്യയിലെയും യൂറോപ്പിലെയും സ്വതന്ത്രരും സംസ്‌കാരചിത്തരുമായ ആളുകള്‍ക്കുവേണ്ടി ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ അടിമകളുടെ നഴ്‌സറി മാത്രമായി സൃഷ്ടിച്ചത് ഈശ്വരന്റെ ഇളക്കമില്ലാത്ത ശിക്ഷാവിധിയാണെന്നു തോന്നുന്നു.യൂറോപ്പുകാര്‍ നീഗ്രോകളെ അടിമകളായി കൊണ്ടുവരുന്നതിന് വളരെ മുമ്പുതന്നെ,അറബികള്‍ അവരെ ഏഷ്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.എന്നാല്‍ അമേരിക്കയിലേയും ഇംഗ്ലീഷ് കോളനികളിലെയും നീഗ്രോ അടിമത്തത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന ചരിത്രമാണ് ലോകം അറിയുന്നത്.ഏഷ്യയിലേക്ക് നീഗ്രോകളെ ഇറക്കുമതി ചെയ്ത കാര്യം തന്നെ ജനങ്ങള്‍ മറന്നത് തികച്ചും സ്വാഭാവികമാണ്.കാരണം അമേരിക്കയില്‍ യൂറോപ്പുകാര്‍ തുടര്‍ന്നുവന്ന നീഗ്രോ അടിമത്തം അത്രയേറെ വെറുപ്പുളവാക്കുന്ന കാര്യമായിരുന്നു.16ആം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലായിരുന്നു അതിന്റെ തുടക്കം.19ആം നൂറ്റാണ്ടിന്റെ പകുതിവരെ അത് തുടര്‍ന്നു.

കൊളംബസ്
1942-ല്‍ കൊളംബസ് ആദ്യമായി ബഹാമി ദിവീപില്‍ കാലുകുത്തിയതിനു ശേഷമുള്ള അര നൂറ്റാണ്ടിനിടക്ക് സ്‌പെയിന്‍കാര്‍ മെക്‌സിക്കോ മുതല്‍ പെറു വഴി ഉറൂഗ്വേ വരെയുള്ള വലിയൊരു ഭൂ വിഭാഗം ആക്രമിക്കുകയും ഭാഗികമായി പിടിച്ചടക്കുകയും ചെയ്തു.വിസ്തൃതമായ വെസ്റ്റിന്ത്യന്‍ ദ്വീപുകളും അവരുടെ അധീനത്തിലായി.അതേസമയം 1531ല്‍ പോര്‍ട്ടുഗീസുകാര്‍ ബ്രസീലിന്റെ കോളനിവല്‍ക്കരണം ആരംഭിച്ചു കഴിഞ്ഞിരുന്നു.തങ്ങള്‍ അധീനപ്പെടുത്തിയ ഭൂവിഭാഗത്തിലെ അളവറ്റ പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യാനാണ് നവാഗതര്‍-സ്‌പെയിന്‍കാരും പോര്‍ട്ടുഗീസുകാരും-ആദ്യമായി ശ്രമിച്ചത്.മെയിന്‍ ലാന്‍ഡിലെ സ്വര്‍ണവും വെള്ളിയും ഖനനം ചെയ്യുന്നതോടൊപ്പം ദ്വീപിലെ കന്നിമണ്ണില്‍ പുകയിലത്തോട്ടവും കരിമ്പിന്‍ തോട്ടവും ആരംഭിക്കാനവര്‍ തീരുമാനിച്ചു.അപ്പോഴാണ് ഇവിടങ്ങളില്‍ പണിയെടുക്കാനുള്ള തൊഴിലാളികളെ കിട്ടുന്നതിനുള്ള ബുദ്ധിമുട്ട് അവര്‍ക്ക് ബോധ്യപ്പെട്ടത്.വര്‍ധിച്ചതോതില്‍ തൊഴിലാളികളെ ആവശ്യമായി വന്നു.വെള്ളക്കാരായ തൊഴിലാളികള്‍ കൂടുതല്‍ കൂലി ആവശ്യപ്പെട്ടു.ഉഷ്ണമേഖലാ സൂര്യന്റെ കനത്ത ചൂടേറ്റ് യൂറോപ്പുകാര്‍ക്കു തന്നെ തൊഴിലെടുക്കാന്‍ പറ്റാത്ത അവസ്ഥയായി.അന്നാട്ടുകാരായ ഇന്ത്യക്കാരായിരുന്ന ലഭ്യമായ ഒരേയോരു അധ്വാനശക്തി.സ്‌പെയിന്‍ കാരും പോര്‍ട്ടുഗീസുകീരും തങ്ങളുടെ ആക്രമണകാലത്ത് അംഖ്യം ഇന്ത്യക്കാരെ കശാപ്പു ചെയ്തിരുന്നു.നിരവധി പേര്‍ ആക്രമികളുടെ ദണ്ഡനം പേടിച്ച് കാടുകളിലേക്കും മലകളിലേക്കും രക്ഷപ്പെട്ടിരുന്നു.ലഭ്യമായവരെ ആക്രമികള്‍ അടിമകളാക്കി,ഖനികളില്‍ പണിയെടുപ്പിച്ചു.പോര്‍ട്ടുഗീസുകാരുടേയും സ്‌പെയിന്‍കാരുടേയും മര്‍ദ്ദനങ്ങളും ഖനികളിലേയും തോട്ടങ്ങളി ലേയും നിരന്തരവും കഠിനവുമായ അധ്വാനവും ഇന്ത്യക്കാരെ രോഗികളാക്കി,പലരും മരിച്ചു.

കോണ്‍ക്വിസ്റ്റഡോര്‍സ്
റെഡ് ഇന്ത്യരെ കശാപ്പുചെയ്യുന്നു.
തെക്കേ അമേരിക്കയിലേക്ക് ആദ്യമായി വന്ന സ്‌പെയിന്‍കാര്‍ കോണ്‍ക്വിസ്റ്റഡോര്‍സ് എന്നാണ് അറിയപ്പെട്ടത്.കൊളംബസിന്റെ പിന്‍ഗാമിയായ നിക്കോളാസ് ഡി ഒവാന്‍ഡോ ആയിരുന്നു അവരുടെ നേതാവ്.അവരുടെ കൂടെ ബറ്റ്‌റലോമി ഡി ലാസ് കസാസ് എന്നൊരു യുവ വൈദികനുമുണ്ടായിരുന്നു.ധര്‍മ്മനിഷ്ഠക്ക് പേരുകേട്ടയാളായിരുന്നു ലാസ് കസാസ്.ഇന്ത്യക്കാരോട് സ്‌നേഹപൂര്‍വം പെരുമാറി,കാലക്രമത്തില്‍ അവരെ ക്രിസ്തുമതത്തിലേക്ക് ആനയിക്കാന്‍ സ്‌പെയിനിലെ കോടതി ലാസ് കസാസിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.മെക്‌സിക്കോയിലെ ആദ്യത്തെ ബിഷപ്പും ലാസ് കസാസ് ആയിരുന്നു.കോടതി തന്നെ ഏല്‍പ്പിച്ച ചുമതല നിര്‍വഹിച്ചുകൊണ്ടിരിക്കെ,ഹെയ്തിയില്‍ കോണ്‍ക്വിസ്റ്റഡോസ് ഇന്ത്യക്കാരോട് കാണിച്ച ക്രൂരതകള്‍ അദ്ദേഹം നേരിട്ടു കണ്ടു.ഹെയ്തിയില്‍ അവശേഷിച്ച കരീബിയക്കാരെ-ഇന്ത്യക്കാരെ അങ്ങനെയാണ് അവിടെ വിളിക്കുന്നത്-തന്റെ ജീവിതാന്ത്യംവരെ ലാസ് കസാസ് ധര്‍മ്മനിഷ്ഠയോടെ സംരക്ഷിച്ചു.അല്ലെങ്കില്‍ അവരുടെ യജമാനന്മാരുടെ പൈശാചികമായ മര്‍ദ്ദനമേറ്റ് അവര്‍ നാമാവശേഷമാകുമായിരുന്നു.സൗമ്യപ്രകൃതക്കാരും അപ്രിയം കാണിക്കാത്തവരും ആതിഥ്യമര്യാദയുള്ളവരുമായ ഒരു വര്‍ഗമായിരുന്നു കരീബിയന്മാര്‍.കൊളംബസ് അവരെ കണ്ടുമുട്ടുമ്പോള്‍ അവരുടെ ജനസംഖ്യ 10 ലക്ഷമായിരുന്നു.സ്വന്തമായി ഒരു സാമ്രാജ്യം സ്ഥാപിച്ച് കാസിക്വസിന്റെ കീഴില്‍ സമാധാനമായി കഴിയുകയായിരുന്നു അവര്‍.കൊളംബസിനുശേഷം വന്ന സ്പാനിഷ് ആക്രമണകാരികളുടെ ക്രൂരതമൂലം അവരുടെ എണ്ണം 60,000 ആയി ചുരുങ്ങി.
ഒവാന്‍ഡോ
ആക്രമണകാരികളുടെ ക്രൂരതകളില്‍ നിന്നും നിഷ്ഠൂരതകളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവന്‍ ആത്മഹത്യ ചെയ്തുവെന്നും മറ്റുള്ളവരെ അപ്രകാരം ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.ഇത്തരം ആത്മഹത്യകളുടെ പല രംഗങ്ങള്‍ക്കും ലാസ് കസാസ് ദൃക്‌സാക്ഷിയായിരുന്നു.ധാര്‍മ്മികരോഷത്തോടെ അദ്ദേഹം പ്രതിഷേധിച്ചു.പക്ഷെ,അദ്ദേഹത്തിന്റെ പ്രതിഷേധത്തിന് യാതൊരു വിലയും കല്‍പ്പിക്കപ്പെട്ടില്ല.കാടുനന്നാക്കുന്നതും മണ്ണു കിളക്കുന്നതും ഖനികളിലെ പ്രവൃത്തിയും തുടര്‍ന്ന് നടക്കേണ്ടതുണ്ടായിരുന്നു.അവയില്ലാതെ ദൈവം തന്ന സാമ്രാജ്യം മനുഷ്യന്റെ സ്വര്‍ഗമാക്കാന്‍ പറ്റുകയില്ലായിരുന്നു.ലാസ് കസാസ് അത് മനസ്സിലാക്കി.പക്ഷെ ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഉണ്ടാകാവുന്ന ദുര്‍ഗതിയോര്‍ത്ത് അദ്ദേഹം ദുഃഖംകൊണ്ട് വീര്‍പ്പുമുട്ടി.നീഗ്രോകളെ സൗജന്യമായി ഇറക്കുമതി ചെയ്യണമെന്ന് സ്‌പെയിനിലെ രാജാവിനോട് അദ്ദേഹം ആവശ്യപ്പെട്ടു.അദ്ദേഹത്തിന്റെ ഉദാരമായ സഹജവാസനയാണ് അങ്ങനെ ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചത്.നീഗ്രോകളെ വന്‍തോതില്‍ നവലോകത്തിലേക്ക് ഇറക്കുമതി ചെയ്യാന്‍ 1511 ല്‍ സ്പാനിഷ് ഗവണ്‍മെന്റ് ഉത്തരവിട്ടു.ഇതിനെതുടര്‍ന്ന്,നവലോകത്തെ മനുഷ്യരുടെ പറുദീസയാക്കാന്‍ ആഫ്രിക്കന്‍ നീഗ്രോകളെ ചരക്കുകള്‍ പോലെ നിറച്ച അനവധി കപ്പലുകള്‍ വരാന്‍ തുടങ്ങി.

ലാസ് കസാസ്
കുറച്ചുവര്‍ഷം നീഗ്രോകളും ഇന്ത്യക്കാരും കോണ്‍ക്വിസ്റ്റഡോര്‍ഡുകളുടെ കീഴില്‍ പണിയെടുത്തു.ഇന്ത്യക്കാരെ അപേക്ഷിച്ച് നീഗ്രോകളുടെ മെയ്ക്കരുത്ത് എളുപ്പം തെളിയിക്കപ്പെട്ടു.നീഗ്രോകളുടെ കായബലം കോണ്‍ക്വിസ്റ്റഡോറില്‍ പെട്ട ഒരാള്‍ പരീക്ഷിച്ചു നോക്കുകതന്നെ ചെയ്തു.തടികള്‍ നിറച്ച 4 പാക്കപ്പലുകള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് ഇസ്തുമസ് വഴി പെസഫിക് സമുദ്രത്തിലേക്കയച്ചു.100കണക്കിന് ഇന്ത്യക്കാരും 30 നീഗ്രോകളും കപ്പലില്‍ ഉണ്ടായിരുന്നു.പരീക്ഷണം പൂര്‍ത്തിയായപ്പോള്‍ 500 ഇന്ത്യക്കാര്‍ മരിച്ചുപോയതായി അദ്ദേഹം കണ്ടു.എന്നാല്‍ കപ്പലില്‍ ഉണ്ടായിരുന്ന 30 നീഗ്രോകളും സുരക്ഷിതമായി തിരിച്ചെത്തി.നീഗ്രോകള്‍ പ്രതികൂലാവസ്ഥകള്‍ അതിജീവിച്ചുവെന്നുമാത്രമല്ല അവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്തു.കാരണം അവരെക്കുറിച്ച് പൊതുവായ ഒരഭിപ്രായം ഉരുത്തിരിഞ്ഞു വന്നു.അതായത് "കഴുവിലേറ്റപ്പെടുന്നുവെങ്കിലേ ഒരു നീഗ്രോ രമിക്കുന്നുള്ളൂ,അല്ലെങ്കില്‍ അയാള്‍ക്ക് മരണമില്ല,ബലക്ഷയംകൊണ്ട് അയാള്‍ മരിച്ചതായി കേട്ടുകേള്‍വിയില്ല".സ്വന്തം പെരുമാറ്റവും സ്വഭാവവുംകൊണ്ട് താന്‍ ഇന്ത്യക്കാരനേക്കാള്‍ കാര്യശേഷിയുള്ള ഉപകരണമാണെന്ന് നീഗ്രോ തെളിയിച്ചു.അതിന്റെ ഫലമോ ഇന്ത്യക്കാരന്‍ ഉപേക്ഷിക്കപ്പെട്ടു.നീഗ്രോക്ക് തൊഴില്‍ ചെയ്യാന്‍ മുന്‍ഗണന ലഭിച്ചു.ഇന്ത്യക്കാരനെ ദൈവം സൃഷ്ടിച്ചത് കായബലം കുറഞ്ഞവനായിട്ടാണ്,നീഗ്രോയെ ബലിഷ്ഠനായിട്ടും.ഈ ശാപം ഇന്ത്യക്കാരന് ഉപകാരമായി.അയാള്‍ അടിമത്തത്തില്‍നിന്ന് രക്ഷപ്പെട്ടു.വിധിവൈപരീത്യം നീഗ്രോ ഏറ്റെടുത്തു,അയാള്‍ കോണ്‍ക്വിസ്റ്റഡോര്‍മാരുടെ അടിമപ്പണിക്കാരനായിത്തീര്‍ന്നു.ഈ വിധിവൈപരീത്യം ക്ഷണിച്ചുവരുത്തിയത് ഉദാരമനസ്‌കനും നീതിനിഷ്ഠനുമായ പുരോഹിതന്‍ ലാസ് കസാസ് ആണ്.അതിന് വഴിതെളിച്ചതോ നീഗ്രോയുടെ തന്നെ കായബലത്തിന്റെ യോഗ്യതാ പത്രവും.