"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

ഗാന്ധിസം അധഃസ്ഥിതന്റെ അടിമച്ചങ്ങല

വായന

ഡോ.ജെ.ഒ.അരുണ്‍

ചാതുര്‍വര്‍ണ്യത്തേയും ജാതിവ്യവസ്ഥയേയും നിഗ്രഹിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഡോ.അംബേദ്കര്‍ക്ക് സ്വാഭാവികമായും നേരിടേണ്ടിവന്നത് ഗാന്ധിജിയെയാണ്.

'അധഃകൃത ജാതിക്കാര്‍ ജാതിവ്യവസ്ഥയുടെ ഒരു ഉപോത്പന്നമാണ്.ജാതിവ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം അധഃകൃത ജാതിക്കാരും നിലനില്‍ക്കും.അധഃകൃതരുടെ മോചനത്തിന് ജാതിവ്യവസ്ഥയെ നശിപ്പിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഗാന്ധിജി പ്രതികരിച്ചത് ഇപ്രകാരമാണ്-'ശരീരത്തില്‍ ഒരു വൃത്തികെട്ട മുഴയുണ്ടായതുകൊണ്ട് ശരീരം നശിപ്പിക്കണമെന്നു പറയുന്നതുപോലെ അല്ലെങ്കില്‍ കളകളകളുള്ളതുകൊണ്ട് വിളയാകെ നശിപ്പിക്കണമെന്നു പറയുന്നതുപോലെ തെറ്റാണ് അധഃകൃതരുള്ളതുകൊണ്ട് ജാതിവ്യവസ്ഥയെ നശിപ്പിക്കണമെന്നു പറയുന്നതും'

'ജാതി നിര്‍മ്മുലന'ത്തില്‍ അംബേദ്കര്‍ വ്യക്തമാക്കുന്നു:
'ജാതിവ്യവസ്ഥ തൊഴില്‍ വിഭജനത്തില്‍ നിന്നും തികച്ചും ഭിന്നമായ തൊഴിലാളി വിഭജനം മാത്രമല്ല,തൊഴിലാളി വിഭജനത്തെ ഒന്നിനുമുകളില്‍ മറ്റൊന്ന് എന്ന ക്രമത്തില്‍ തരം തിരിച്ചിട്ടുള്ള ഒരു ശ്രേണിയാണത്….ജാതിവ്യവസ്ഥ ഹൈന്ദവസമൂഹത്തിലെ തലതിരിഞ്ഞ ഒരു വിഭാഗത്തിന്റെ അഹന്തയും സ്വാര്‍ത്ഥതയും മൂര്‍ത്തമാകുന്ന ഒരു സാമൂഹിക വ്യവസ്ഥയാണ്.'

ജാതിനിര്‍മ്മൂലനത്തെക്കുറിച്ച് ഗാന്ധി ഹരിജനിലെഴുതിയ ലേഖനങ്ങള്‍ക്കുള്ള അംബേദ്കറുടെ മറുപടിയില്‍ നിന്ന്:
'ചൈതന്യനെപ്പോലെയുള്ള മഹത്തുക്കളുടെ പേരുകള്‍ ഉദ്ധരിക്കുക വഴി മഹാത്മാ സൂചിപ്പിക്കുന്നത്,ഹിന്ദു സമൂഹത്തില്‍ മൗലികമായ മാറ്റം വരുത്താതെ അതിനെ സഹനീയവും സന്തുഷ്ടവുമാക്കാന്‍ അവര്‍ണരോടുള്ള പെരുമാറ്റത്തില്‍ സവര്‍ണര്‍ സദാചാരപരമായ ഉന്നത നിലവാരം പുലര്‍ത്തിയാല്‍ മതിയാകുമെന്നാണ്.

എന്നാല്‍ സവര്‍ണ ഹിന്ദുക്കളുടെ വൈയക്തിക സ്വഭാവം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അത് ഊര്‍ജനഷ്ടം വരുത്തുന്ന മിഥ്യാബോധമായിരിക്കും.കൂടുതല്‍ മച്ചപ്പെട്ടതോ കൂടുതല്‍ ചീത്തയായതോ ആയ ഒരു ഹിന്ദു ഉണ്ടായിരിക്കാം.എന്നാല്‍ ഒരു നല്ല ഹിന്ദു ഉണ്ടാവുകയില്ല.വൈയക്തിക സ്വഭാവത്തിലെ തകരാറല്ല ഇതിനുകാരണം.യഥാര്‍ത്ഥത്തിലുള്ള തകരാറ് സഹവര്‍ത്തികളോടുള്ള അയാളുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.നല്ല മനുഷ്യര്‍ക്കുപോലും സഹവര്‍ത്തികളുമായുള്ള ബന്ധം മൗലികമായി തെറ്റാണെങ്കില്‍ സന്‍മാര്‍ഗനിരതനാവാന്‍ പറ്റുകയില്ല.നല്ലവനായ മനുഷ്യന് യജമാനനാവാന്‍ പറ്റുകയില്ല.ഇത് സവര്‍ണര്‍ക്കും അവര്‍ണര്‍ക്കും തമ്മിലുള്ള ബന്ധത്തിനും ബാധകമാണ്.ഒരു ഉന്നത ജാതിക്കാരന് താഴ്‌നജാതിക്കാരനെ ഉയര്‍ന്നജാതിക്കാരനായി തിരിച്ചറിയുന്ന നല്ല മനുഷ്യനാവാന്‍ കഴിയുകയില്ല.വര്‍ണത്തിന്റെ അഥവാ ജാതിയുടെ അടിസ്ഥാനത്തിലുള്ള ഒരു സമൂഹം തെറ്റായ ബന്ധത്തിന്റെ അടിത്തറയുള്ള സമൂഹമാണ്'

'മഹാത്മാ ജന്മം കൊണ്ട് ബനിയയാണ്.അദ്ദേഹത്തിന്റെ പൂര്‍വീകര്‍ കുലത്തൊഴിലായ വ്യാപാരം കൈവെടിഞ്ഞ് മന്ത്രിപദം കയ്യേറ്റവരാണ്.ബ്രാഹ്മണരുടെ ജോലിയാണ് മന്ത്രിപദം.മഹാത്മാ സ്വന്തം ജാതിയില്‍ത്തന്നെ,അദ്ദേഹം മഹാത്മാ ആകുന്നതിനുമുമ്പ് തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവസരം വന്നപ്പോള്‍ സ്വീകരിച്ചത് നിയമവൃത്തിയാണ്.നിയമവൃത്തി ഉപേക്ഷിച്ചതോടെ അദ്ദേഹം പകുതി സന്യാസിയും പകുതി രാഷ്ട്രതന്ത്രജ്ഞനുമായി.പാരമ്പര്യ സിദ്ധമായ വ്യാപാരത്തെ അദ്ദേഹം ഒരിക്കല്‍ പോലും സ്പര്‍ശിച്ചില്ല.അദ്ദേഹത്തിന്റെ ഇളയ മകന്‍-അച്ഛന്റെ വിശ്വസ്ഥനായ അനുഗാമി-ജനിച്ചത് വൈശ്യനായിട്ടാണെങ്കിലും ഒരു ബ്രാഹ്മണന്റെ മകളെയാണ് വിവാഹം കഴിച്ചത്.(അദ്ദേഹം സ്വീകരിച്ച തൊഴിലാകട്ടെ ഒരു പത്രമുടമയുടേയു.പൂര്‍വീകമായ തൊഴില്‍ സ്വീകരിക്കാത്തതില്‍ മകനെ മഹാത്മാ കുറ്റപ്പെടുത്തിയതായി അിറവില്ല)

ഒരു തൊഴില്‍ പരമ്പരാഗതമെന്ന നിലയില്‍ സ്വീകരിക്കാന്‍ ഒരാള്‍ എപ്പോഴാണ് നിര്‍ബന്ധിതനാകുന്നത്?പരമ്പരാഗതമായ തൊഴില്‍ ഒരുവന്റെ കഴിവിന് അനുയോജ്യമല്ലാതാവുകയും ആദായകരമല്ലാതാവുകയും ചെയ്താല്‍പോലും അയാള്‍ അത് സ്വീകരിക്കണമെന്നുണ്ടോ?ഓരോരുത്തരും പാരമ്പര്യസിദ്ധമായ തൊഴില്‍തന്നെ അനുവര്‍ത്തിക്കണമെന്നു വന്നാല്‍ കാര്യം കുഴപ്പത്തിലാകും മുത്തശ്ശന്‍ പെണ്ണുകൂട്ടിക്കൊടുപ്പുകാരനായിരുന്നുവെങ്കില്‍ അയാളുടെ ചെറുമകനും അതേ ജോലി തുടരണം!ഈ സിദ്ധാന്തത്തിന്റെ യുക്തിസഹമായ നിഗമനം സ്വീകരിക്കാന്‍ മഹാത്മാ തയ്യാറുണ്ടോ?പരമ്പരാഗതമായ തൊഴില്‍ അനുവര്‍ത്തിക്കുകയെന്ന ആശയം അസാധ്യവും അപ്രായോഗികവും മാത്രമല്ല,ധാര്‍മ്മികമായ ന്യായീകരണമില്ലാത്തതുമാണ്' 

ഏതൊരു ദൈവത്തിന്റേയും ഭക്തനും പൂജാരിയുമായിരിക്കാന്‍ സന്നദ്ധത കാട്ടുന്ന ഒരു വ്യക്തിയുടെ പക്കല്‍ ആധ്യാത്മീകമായ എന്തു നേട്ടമാണുണ്ടായിരിക്കുക?അയാള്‍ ആധ്യാത്മികമായി നിസ്വനാണ്.പുരോഹിതന്റെ ഉന്നതമായ തൊഴില്‍ അയാള്‍ അനുഷ്ഠിക്കുന്നത്,ആ തൊഴില്‍ പാരമ്പര്യ സിദ്ധമായതുകൊണ്ടാണ്.ആ തൊഴിലില്‍ അയാള്‍ക്കു വിശ്വാസമില്ല,ഭക്തിയില്ല,അത് അച്ഛനില്‍നിന്നും മകനിലേക്ക് പകര്‍ന്നു കിട്ടുന്ന കേവലം യാന്ത്രികമായ ഒരു പ്രക്രിയയാണ്.അത് നന്മയുടെ സംരക്ഷണമല്ല.വാസ്തവത്തില്‍ മതസേവനം എന്ന മഹത്തായ തൊഴിലിന്റെ വിചാരം മാത്രമാണ്.

ഗാന്ധജി യംങ് ഇന്ത്യയിലെഴുതി:-'വര്‍ണവ്യവസ്ഥയേക്കാള്‍ നല്ലത് ജാതിവ്യവസ്ഥയാണ്.കാരണം സാമൂഹിക സുസ്ഥിരതക്ക് ഏറ്റവും പറ്റിയ ക്രമീകരണം ജാതിവ്യവസ്ഥയാണ്'

അംബേദ്കറുടെ മറുപടി ഇങ്ങനെയാണ്:-സാമൂഹിക സ്ഥിരത എല്ലാവര്‍ക്കും ആവശ്യമാണ്.അതിനുവേണ്ടി വ്യക്തികളും വര്‍ഗങ്ങളും തമ്മില്‍ ഏതാനും നീക്കുപോക്കുകള്‍ നടത്തണം.എന്നാല്‍ ആര്‍ക്കും ആവശ്യമില്ലാത്ത രണ്ടു കാര്യങ്ങള്‍ ഉണ്ട്.നിശ്ചലമായ മാറ്റാന്‍ കഴിയാത്ത ബന്ധം,സുസ്ഥിരമാറ്റത്തിന്റെ ചെലവിലാകരുത്-പ്രത്യേകിച്ച് മാറ്റം അനുപേക്ഷണീയമാകുമ്പോള്‍.ആര്‍ക്കും വേണ്ടാത്ത രണ്ടാമത്തെ കാര്യം കേവലമായ നീക്കുപോക്കാണ്.നീക്കുപോക്കുകള്‍ ആവശ്യമായിവരും എന്നാല്‍ അത് സാമൂഹിക നീതിയെ ബലികഴിക്കുന്നതാകരുത്.ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക ബന്ധങ്ങളുടെ നീക്കുപോക്കുകള്‍ മുന്‍ചൊന്ന രണ്ടു തിന്മകളേയും ഒവിവാക്കുകയില്ല.അത് സാമൂഹിക ക്രമീകരണത്തിന്റെ രണ്ടു നിയമങ്ങള്‍ക്കും ചാലകത,ധാര്‍മ്മിക നീതി എന്നിവക്ക്-എതിരാണ്.അതുകൊണ്ടുതന്നെ അത് ഏറ്റവും നീചമായ നീക്കുപോക്കാണ്.

ഗാന്ധി-അംബേദ്കര്‍ വിവാദം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് കമ്മ്യൂണല്‍ അവാര്‍ഡിനോടനുബന്ധിച്ചാണ്.           അധഃസ്ഥിത
ജനതയുടെ വിമോചനത്തിന് രാഷ്ട്രീയാധികാരം പരമപ്രധാനമാണെന്നും അത് പ്രത്യേക പ്രാതിനിഥ്യപരിരക്ഷകള്‍ കൂടാതെ ലഭ്യമാകുകയില്ലെന്നും അന്നത്തെ പരിതസ്ഥിതിയില്‍ പരമസത്യമായിരുന്നു.പക്ഷെ,ഗാന്ധിജി ഇതിന് പൂര്‍ണമായും എതിരായിരുന്നു.1931ല്‍ ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഗാന്ധി വ്യക്തമാക്കി-'ഹിന്ദുക്കള്‍ക്കും മുസല്‍മാന്‍മാര്‍ക്കും സിഖുകാര്‍ക്കും സ്വീകാര്യമായ ഏതു പരിഹാരവും കോണ്‍ഗ്രസിന് എപ്പോഴും സ്വീകാര്യമാണെന്നിരിക്കെ,മറ്റേതെങ്കിലും ന്യൂനപക്ഷത്തിന്(അതായത് അധഃകൃതര്‍)പ്രത്യേക സംരക്ഷണമോ പ്രത്യേക     നിയോജക മണ്ഡലമോ നല്‍കുന്നതിന് 
കോണ്‍ഗ്രസ് ഒരു കക്ഷിയായിരിക്കുകയില്ല എന്നു ഞാന്‍ നേരത്തേ പ്രസ്ഥാവിച്ചിട്ടുള്ളത് ആവര്‍ത്തിക്കാനാഗ്രഹിക്കുന്നു'1920 മുതല്‍ അധഃകൃതരുടെ ഉദ്ധാരണത്തിനും കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്.1930ലും അത് തുടരുകയും ചെയ്യുന്നു.അധഃകൃതരെ കോണ്‍ഗ്രസ് സംരക്ഷിച്ചുകൊള്ളും.അതിനാല്‍ അവര്‍ക്ക് പ്രത്യേകം പ്രതിനിധികള്‍ വേണമെന്ന ആവശ്യം തങ്ങള്‍ക്കു സ്വീകാര്യമല്ല'

ഹിന്ദുക്കളില്‍നിന്നും അയിത്തജാതിക്കാരുടെ രാഷ്ട്രീയ വേര്‍പാടിന് അതിടയാക്കുമെന്നായിരുന്നു ഗാന്ധിജിയുടെ ഭയം.ഗാന്ധജിയുടെ വാദങ്ങള്‍ തള്ളുകയും കമ്മ്യൂണല്‍ അവാര്‍ഡ് നടപ്പാക്കുവാനും ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു.അതിന്‍ പ്രകാരം അധഃസ്ഥിത ജനതക്ക് ഇരട്ട വോട്ടവകാശവും അനുവദിച്ചു.അവര്‍ക്ക് പൊതു പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ വോട്ടുചെയ്യുന്നതോടൊപ്പം തങ്ങളുടെ സ്വന്തം പ്രതിനിധിയേയും തെരഞ്ഞെടുക്കാം.ഇതിനെതിരായി 1932ല്‍ യാര്‍വാദ ജയിലില്‍ ഗാന്ധിജി ആദ്യത്തെ മരണസത്യാഗ്രഹം തുടങ്ങി.സത്യാഗ്രഹം ദിവസങ്ങള്‍ നീണ്ടു.ഗാന്ധിജിയുടെ ജീവന്‍ അപകടത്തിലായി.സമ്മര്‍ദ്ദഫലമായി അംബേദ്കര്‍ക്ക് സ്വന്തം നിലപാടില്‍ അയവു വരുത്തേണ്ടി വന്നു.അങ്ങനെ ഒപ്പുവെക്കുന്ന കരാറാണ് പൂന കരാര്‍.അതുപ്രകാരം അയിത്ത ജാതിക്കാര്‍ക്കു നല്‍കിയിരുന്ന ഇരട്ട വോട്ടവകാശവും പ്രത്യേക നിയോജകമണ്ഡലവും നിര്‍ത്തലാക്കി.പകരം അധഃകൃത പ്രതിനിധിയെ എല്ലാവരുകൂടി തെരഞ്ഞെടുക്കാനും വ്യവസ്ഥ ചെയ്തു.ഇതേക്കുറിച്ച് അംബേദ്കര്‍ അഭിപ്രായപ്പെടുന്നതു നോക്കുക:അത് നടപ്പാക്കിയപ്പോള്‍ ചാറ് മുഴുവന്‍ മേല്‍ജാതിക്കാര്‍-അതായത് കോണ്‍ഗ്രസ് ഊറ്റിയെടുത്ത്,തൊണ്ടുമാത്രം അധഃകൃതര്‍ക്ക് നല്‍കി.'ഇത് പരമാര്‍ഥമാണെന്ന് ഇന്നുപോലും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.ഉദാ:-ആദിവാസി ഭൂസംരക്ഷണ നിയമഭേദഗതിയില്‍ ദളിത് എം.എല്‍.എ മാര്‍ കൈക്കൊണ്ടനിലപാട്.ആദിവാസികളുടെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു ബോധ്യമായിട്ടുകൂടി,ബില്ലിനനുകൂലമായ നിലപാടാണ് വിവിധ പാര്‍ട്ടിക്കുള്ളിലെ ദളിത് എം.എല്‍.എമാര്‍ എടുത്തത്.സ്വന്തം പാര്‍ട്ടിയുടെ താല്‍പ്പര്യം മാത്രമാണ് അവര്‍ക്ക് പ്രശ്‌നം.അവര്‍ക്കൊരിക്കലും മര്‍ദ്ദിത ജനതയുടെ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ കഴിയുകയില്ല.കാരണം മര്‍ദ്ദകനുകൂടി സ്വീകര്യമായ ഒരു വ്യക്തിക്കു മാത്രമേ ദളിത് പ്രതിനിധിയാകാന്‍ സാധിക്കുകയുള്ളൂ.

ആദ്യകാലങ്ങളില്‍ ഗാന്ധിജി അയിത്തവിശ്വാസി കൂടിയായിരുന്നുവെന്ന് എത്രപേര്‍ക്കറിയാം?1922ല്‍ തമിഴ്‌നാട്ടിലെ ചിന്താദ്രിപ്പേട്ടില്‍ നടരാജഗുരുവിന്റെ നേതൃത്വത്തില്‍ ഗാന്ധിജിക്ക് സ്വീകരണം നല്‍കി.തദവസരത്തില്‍ ആദി ദ്രാവിഡ സംഘം നേതാവായ വെങ്കിടാചലം മാലയിടാന്‍ ശ്രമിച്ചപ്പോള്‍ ചണ്ഡാലന്‍ തൊട്ട് അശുദ്ധമാക്കിയ മാല തന്റെ കഴുത്തി ലിടാന്‍ ഗാന്ധിജി സമ്മതിച്ചില്ല.ഈ സംഭവം കോകനദ സമ്മേളനത്തില്‍ ഉയര്‍ന്നുവന്നപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് മൗലാന മുഹമ്മദലി അഭിപ്രായപ്പെട്ടു'നമ്മുടെ അടിമകള്‍ക്കു നാം സ്വാതന്ത്ര്യം കൊടുക്കാതെ നമ്മെ അടിമകളാക്കി വെച്ചിരിക്കുന്നവരോട് നമുക്ക് സ്വാതന്ത്ര്യം തരണമെന്നു പറയുന്നത് നിരര്‍ത്ഥകമാണ്'

'കഷ്ടപ്പെടുന്ന മര്‍ദ്ദിത ജനതയുടെ സ്ഥിതിയില്‍ ഇത്രയധികം ഉത്കണ്ഠയും അവരോട് ഇത്രയധികം സ്‌നേഹവുമുള്ള അദ്ദേഹം അവരെ അനിവാര്യമായി സൃഷ്ടിച്ചുവിടുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥയെ പിന്‍താങ്ങുന്നതെന്തിനാണെന്ന് നെഹ്‌റുവിനുപോലും ചോദിക്കേണ്ടി വന്നു.

ഗാന്ധിശിഷ്യനായ ലോഹ്യ അഭിപ്രായപ്പെടുന്നത് ശ്രദ്ധിക്കുക'തന്റെ മരണത്തിനോടടുത്ത കാലംവരെ ഗാന്ധിജിക്ക് ജാതിസമ്പ്രദായത്തിന്റെ ആന്തരഫലങ്ങള്‍ പൂര്‍ണമായി മനസ്സിലായിരുന്നില്ലെന്ന് തോന്നുന്നു.അതിനെക്കുറിച്ച് ഒരുതരം റൊമാന്റിക് ആദര്‍ശബോധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്'

ജാതിസമ്പ്രദായം നിലനിര്‍ത്തിക്കൊണ്ട് അതിനെ പരിഷ്‌കരിക്കാനാണ് ഗാന്ധിജി ആഗ്രഹിച്ചത്.മറിച്ച് അംബേദ്കറുടെ ജീവിതം ഒരു ആദര്‍ശത്തിന് അര്‍പ്പിതമായിരുന്നു.മേല്‍ജാതിക്കാരുടെ ആധിപത്യം നശിപ്പിക്കുകയും ദളിതരെ ഉദ്ധരിക്കുകയും ചെയ്യുകവഴി എല്ലാ ഭാരതീയ പൗരന്മാരേയും തുല്യരാക്കുന്നതിനും അത് സാധ്യമാകുംവരെ കൂടുതല്‍ ചൂഷണങ്ങള്‍ക്കിരയാകാതെ ദളിതരെ രക്ഷിക്കുന്നതിനും(ഇന്ത്യാവിഭജനത്തിന്റെ കുറ്റവാളികള്‍)എത്ര വസ്തുനിഷ്ടമായ വിലയിരുത്തല്‍!

പക്ഷെ,ഇന്ന് ഗാന്ധി ഭക്തരും ഗാന്ധിവിരുദ്ധരും മാത്രമേയുള്ളൂ.ഗാന്ധിഭക്തര്‍ ഗാന്ധിജിയെ വിഗ്രഹവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗാന്ധിവിരുദ്ധര്‍ ആ വിഗ്രഹത്തെ തച്ചുടച്ച് നാമാവശേഷമാക്കാനാണ് ശ്രമിക്കുന്നത്.അതുരണ്ടും ഒരേപോലെ കുറ്റകരമാണ്.ഗാന്ധിസത്തെ യഥാവിധം വിലയിരുത്തേണ്ടത്,ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്.ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ബുദ്ധിജീവികള്‍ അതിന് വിമുഖത കാണിക്കുകയാണ്.അവരുടെ കാപട്യം ഒരിക്കല്‍ക്കൂടി അനാവൃതമാവുന്നു.

(സമീക്ഷ മാസികയുടെ 2001 മാര്‍ച്ച് ലക്കത്തില്‍ കൊടുത്തിരുന്ന 'ഗാന്ധജിയുടെ സാമൂഹ്യ ദര്‍ശനം'എന്ന ഡോ.ജെ.ഒ.അരുണിന്റെ ലേഖനത്തില്‍ നിന്നുമാണ് ഈ ഭാഗം പകര്‍ത്തിയിട്ടുള്ളത്) 
2012, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

മൂകതയില്‍ രോഷവാചാലതയുടെ മഹാസാഗരം.

പുസ്തകം.

കണ്ണന്‍ മേലോത്ത്.


ഡോ.എം.ബി.മനോജ് പരിഭാഷപ്പെടുത്തിയ ദലിത് കവിതകളുടേയും ആദിവാസി പാട്ടുകളുടെയും പുസ്തകമാണ് 'എന്റെ കൂട്ടരേ ഇത് മൂകമാണ് ' എന്നത്.             ഗുജറാത്ത്,
പഞ്ചാബ്,തമിഴ്‌നാട്,മഹാരാഷ്ട്ര, ബംഗാള്‍,ഒറീസ,ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ദളിത് കവിതകള്‍.ആസാം,നാഗലാന്റ്, അരുണാചല്‍ പ്രദേശ്,മിസോറോം എന്നിവിടങ്ങളില്‍ നിന്നാണ് ആദിവാസിപ്പാട്ടുകള്‍.പി.ബാലചന്ദ്രന്റെ ആമുഖവും മുഖമൊഴിയായി പരിഭാഷകന്റെ പഠനവും ചേര്‍ത്തിട്ടുണ്ട്.2004ല്‍ സഹോദരന്‍ പ്രസിദ്ധീകരണം വാകത്താനം ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

അടിമകള്‍ക്ക് ആത്മാവുണ്ടെന്ന യാഥാര്‍ത്ഥ്യം പൊതുസമൂഹം തിരിച്ചറിയുന്നതുതന്നെ വളരെ വൈകിയാണ്.ആത്മാവുണ്ടെങ്കില്‍ അതിന്റെ വിവരണങ്ങളെ കഥ എന്നു വിളിക്കാമോ എന്ന കാര്യത്തില്‍ മാത്രമാണ് സന്ദേഹമുള്ളത്.കഥ ചമക്കപ്പെടുന്നതാണ്.ചമത്കാരത്തില്‍ വിരുതുള്ളവര്‍ക്ക് അത് എളുപ്പം സാധിക്കും.ആത്മവിവരണം കഥയല്ല അനുഭവങ്ങളാണ്.അനുഭവം തീവ്രമാകുമ്പോള്‍ അത് വിവരിക്കാനുപയോഗിക്കുന്ന ഭാഷയും തീവ്രമാകാതെ വയ്യ.പൊതുവായനയുടെ അപരിചിതമായ ഇടങ്ങളിലാണ് ആത്മവിവരണങ്ങള്‍ സ്വീകരിക്കപ്പെടുന്നത്.അപരിചിത വല്‍ക്കരണമാണ് കല എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.അടിമകളുടെ ആത്മകഥകള്‍ പാശ്ചാത്യ ലോകത്ത് അപരിചിതങ്ങള്‍ എന്ന പേരില്‍ സുപരിചിതങ്ങളാണ്.

നീഗ്രോ-റോമന്‍-റെഡ് ഇന്ത്യന്‍ അടിമകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ അടിമകള്‍ അയിത്ത ജാതിക്കാരുമാണ്.അടിമകള്‍ക്ക് സ്വാതന്ത്ര്യത്തിന് അവകാശമുണ്ട്.പാരിതോഷികമായി ചിലപ്പേള്‍ അത് ലഭിക്കുകയും ചെയ്യും.അടിമയെ രക്ഷിക്കേണ്ടതും സ്വതന്ത്ര്യം അനുവദിക്കേണ്ടതും ഉടമയുടെ ബാധ്യതപോലുമാണ്.എന്നാല്‍ അയിത്ത ജാതിക്കാരന് സ്വാതന്ത്ര്യം അനുവദനീയമല്ലെന്നു മാത്രമല്ല അത് കൊടുക്കേണ്ടത് ഉടമയെന്ന് സ്വയം അവകാശപ്പെടുന്ന സവര്‍ണന്റെ ബാധ്യതയല്ല.അതിനാല്‍ അയിത്ത ജാതിക്കാരന്റെ ആത്മകഥകള്‍ അടിമയുടെ ആത്മകഥകളേക്കാള്‍ അപരിചിതങ്ങളാണ്.പരിഭാഷയുടെ ഈ പുസ്തകത്തിലുള്ള കവിതകള്‍ ചമത്കരിക്കപ്പെട്ട വാക്കുകളുടെ ചേര്‍ത്തെഴുത്തല്ല,മറിച്ച് അയിത്തജാതിക്കാരനായ അടിമയുടെ അനുഭവങ്ങളുടെ പകര്‍ത്തിയെഴുത്തുകളാണ്.ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് വിലയിരുത്തുമ്പോള്‍ ഡോ.എം.ബി.മനോജിന്റെ ഈ കവിതാപുസ്തകം പരിഭാഷകന്റെ തന്നെ സ്വതന്ത്രകവിതകള്‍ പകര്‍ന്നു തരുന്ന അപരിചിതത്വവുമായി കണ്ണിചേര്‍ക്കപ്പടുന്നുണ്ട്.മറ്റൊരര്‍ത്ഥത്തില്‍ ഡോ.എം.ബി.മനോ
ജിന്റെ കവിതകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഇത് പിരിഭാഷയായി അനുഭവപ്പെടുന്നില്ല എന്നുള്ളതാണ്.അങ്ങിനെ നോക്കുമ്പോള്‍ അപരിചിതത്വത്തില്‍ ഒരു പരിചിതത്വം കാണാവുന്നതാണ്.


എന്റെ കൂട്ടരേ ഇത് മൂകമാണ് എന്നപേരില്‍ ഒരു കവിതയില്ല.എന്നാല്‍ ഈ മൂകതകള്‍ക്കുള്ളില്‍ രോഷവാചാലതയുടെ മഹാസാഗരം ഉള്‍ക്കൊള്ളുന്നുവെന്നതാണ് പേരിലെ അപരിചിതത്വം.പ്രതിരോധമാണ് സാങ്കേതികമായി രചനകളുടെ പോതുവായ അടിത്തറയെങ്കിലും അതിലൂടെ തുരത്തപ്പെടുന്ന പിന്‍തിരിപ്പന്‍ സാമൂഹ്യവ്യവസ്ഥകളുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കപ്പെടണമെന്ന ഇഛകള്‍ പകരം വെക്കുന്നില്ല.ജനാധിപത്യത്തെ പകരം വെക്കണമെന്ന ആഹ്വാനം വരികള്‍ക്കിടയില്‍ വായിക്കാന്‍ പാകത്തിന് എഴുതിച്ചേര്‍ത്തിട്ടുണ്ട്.അദലിതനാകുക എന്നാല്‍ സവര്‍ണനാകുക എന്നല്ല അര്‍ത്ഥമാക്കേണ്ടത്.പുസ്തകത്തിന്റെ പഠനമായ ദലിത് കവിതകളെക്കുറിച്ചുള്ള മുഖമൊഴിയില്‍ കവികളെ ദലിത്,ദലിത് കൃസ്ത്യാന്‍,അദലിത് എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു.കരികാലന്‍ തുടങ്ങിയവര്‍ ദലിതരല്ലെങ്കിലും ദലിതുകളുടെ ഏകാന്തതയും നൊമ്പരവും മനുഷ്യബോധവുമൊക്കെ ചര്‍ച്ചചെയ്യുന്നവരാണെന്നാണ് പരിഭാഷകന്‍ പരിചയപ്പെടുത്തുന്നത്.ഈ മനുഷ്യ ബോധം അദലിതന്റെ ദലിതനുഭവമായി മാറുന്നു.ദലിതന്റെ മനുഷ്യാവകാശബോധം ഉള്‍ക്കൊണ്ട ഏതൊരാളുടെയും കവിതകള്‍ അങ്ങനെയാണ് തിരിച്ചറിയപ്പെടുന്നത്.

ഡോ.എം.ബി.മനോജ്
ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആദിവാസി പാട്ടുകളാവട്ടെ വരമൊഴിയില്‍ വരാത്ത കവിതകള്‍ തന്നെയാണ്.ആ മട്ടിലാണ് അവകള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നതും.
പരിഭാഷകന്‍ തന്നെ മലയാളത്തിലെ അിറയപ്പെടുന്ന ഒരു കവിയാണ്.അതിനാല്‍ തന്നെ കവിയുടെ തന്നെ കാവ്യഭാഷയിലാണ് ഈ പാട്ടുകള്‍ പരിഭാഷ കൊണ്ടിട്ടുള്ളത്.       ഇംഗ്ലീഷില്‍
നിന്ന് പരിഭാഷപ്പെടുത്തിയതിനാല്‍ പാട്ടുകളുടെ തനിമയിലുള്ള താളവും താരിയും ഉള്‍ക്കൊള്ളാനുമായില്ല.ഈ പാട്ടുകളുടെ മൊഴിമാറ്റം പാടുന്നതിനേക്കാള്‍ ചൊല്ലുന്നതിനാണ് ഉതകുക.

2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

പെണ്‍മൊഴിയുടെ കരുത്തില്‍ തരിപ്പണമായ തടവറമതിലുകള്‍


സിനിമ
കണ്ണന്‍ മേലോത്ത്.

ഇറാനിയന്‍ സംവിധായികയായ മനീജ ഹെക്മത് 2002ല്‍ എടുത്ത കന്നിപ്പടമാണ് ' വിമന്‍സ് പ്രിസണ്‍.' ഈ സിനിമയിലൂടെ,ലഭ്യമായ പഴുതുകളെ പ്രതിരോധ രൂപകമായി വികസിപ്പിച്ചുകൊണ്ട് ഇറാനിയന്‍ സിനിമാ പിടുത്തക്കാരുടെ മേലുള്ള അധികാരികളുടെ വിലക്കുകളിന്മേല്‍ മനീജ ഹെക്മത് വിപ്ലവം സൃഷ്ടിച്ചു.

ഇറാന്‍ സാമൂഹ്യമാറ്റങ്ങളെ അദ്യന്തം അടയാളപ്പെടുത്തുന്ന വിമന്‍സ് പ്രിസണ്‍ തടവറസിനിമകളുടെ പൊതുസാങ്കേതികസൗകര്യങ്ങളുടെ മറപിടിച്ചുകൊണ്ടാണ് ഭരണകൂട നീതികേടുകളെ എതിര്‍ത്തത്.തടവറകളില്‍ നിന്ന് മനീജ ഹെക്മത് പകര്‍ത്തിക്കാണിക്കുന്നത് ഭീകര യാഥാര്‍ത്ഥ്യങ്ങളെയാണ്.വിപ്ലവാനന്തര ഇറാനില്‍ സംജാതമായ അരാജകരാഷ്ട്രീയ ചുറ്റുപാടുകള്‍ അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും ലൈംഗികത്തൊഴിലുകളുടെയും സ്വവര്‍ഗപ്രണയങ്ങളുടെയുമൊക്കെ ജീര്‍ണതകളെ അന്തരാവഹിക്കുന്നതായിരുന്നു.ആ ചുറ്റുപാടില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടിവന്ന കൊടിയ പീഡകളില്‍ ഏറ്റവും ഭീകരമായത് ടെഹ്‌റാന്‍ തെരുവുകളില്‍ ഒറ്റപ്പെട്ടുപോയ ലൈംഗികോപജീവികളുടേതായിരുന്നു.അവരില്‍ ഭൂരിഭാഗവും ജയിലിലടക്കപ്പെടുകയും ശേഷിച്ചവര്‍ മൃഗീയമായ ഉന്മൂലന നടപടികള്‍ക്ക് വിധേയരാക്കപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ഖൂമൈനിയുടെ വിപ്ലവം ഇത്തരക്കാരുടെ സംരക്ഷണം ഉന്നമിട്ടിരുന്നുവെങ്കിലും ഭരണനിര്‍വഹണം നടത്തിയിരുന്നവര്‍ അവരെ നശിപ്പിക്കുന്നതിലാണ് താല്‍പ്പര്യം കാണിച്ചിരുന്നത്.അന്നെല്ലാം വെളുക്കുവോളം ഈ സ്ത്രീകള്‍ തെരുവോരങ്ങളില്‍ ഉറക്കമിളച്ച് ഭയന്നിരിക്കുമായിരുന്നു.അതിരാവിലെ തോറുമാണ് അവരെ കൊല്ലുവാന്‍ വേണ്ടി പിടിച്ചുകൊണ്ടുപോയിരുന്നത്.അടുത്ത ഇര ആരെന്ന് അവര്‍ക്ക് തിട്ടമുണ്ടായിരുന്നില്ല.അപ്രകാരം പുറത്താക്കപ്പെട്ടവരുടെയും തുണയറ്റവരുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയ വിപ്ലവാനന്തര ഇറാനിലെ ഒരു പെണ്‍തടവറയാണ് സിനിമയുടെ കാഴ്ചയിടം.

പ്രസവരക്ഷാശാസ്ത്ര വിദ്യാര്‍ത്ഥിനിയായ മിത്ര എന്ന പെണ്‍കുട്ടി തന്റെ രണ്ടാനച്ഛനെ കൊന്ന കുറ്റത്തിന് ശിക്ഷ അനുഭവിക്കാനാണ് ജയിലിലെത്തുന്നത്.ജയിലിലെ ബഹളക്കാരികളെ തല്ലിയൊതുക്കുവാന്‍ നിയുക്തയായ ജയില്‍ വാര്‍ഡന്‍ താഹിറയുമായി മിത്രക്ക് ഏറ്റുമുട്ടേണ്ടതായി വന്നു.ഖുമൈനിയുടെ വിപ്ലവപ്രക്രിയയുടെ കടുത്ത ആരാധികയായിരുന്ന താഹിറയെ സംബന്ധിച്ചിടത്തോളം സമരോത്സുകയായ മിത്രയുടെ കടന്നുവരവ് ചുമതലാഭാരം ഇരട്ടിപ്പിക്കുകയും അത് മിത്രയെ നശിപ്പിക്കുക എന്ന ഏക ലക്ഷ്യത്തിലേക്ക് പരിണമിക്കുകയും ചെയ്തു.സ്വവര്‍ഗഭോഗിയായ മറ്റൊരു സ്ത്രീയുടെ ബലാത്സംഗത്തിനിരയായി ജയിലിലെത്തുന്ന സെപിദ എന്ന മറ്റൊരു തരുണിയും താഹിറയുടെ നോട്ടപ്പുള്ളിയാകുന്നു.അതിന് പ്രധാന കാരണം മിത്രക്ക് സെപിദയോടുണ്ടായിരുന്ന വാത്സല്യമായിരുന്നു.

തടവറയിലെ കഥാപാത്രങ്ങള്‍ അനുഭവിച്ച പീഡകളില്‍നിന്ന് ഒട്ടും കുറയാത്ത അളവില്‍ മനോപീഡയും അവമതിയും മനീജ ഹെക്മത് പടം പൂര്‍ത്തിയാക്കുന്നതിനും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിനിടയിലും നേരിടേണ്ടിവന്നു.നിര്‍മ്മാതാവായും സഹവിധായികയായും നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചുകൊണ്ടുമൊക്കെ കഴിഞ്ഞ 30 വര്‍ഷത്തിലേറെക്കാലം ഈ രംഗത്ത് സജീവമായി നില്‍ക്കുന്ന മനീജ ഹെക്മത് തന്റെ കന്നി സംവിധാനസംരംഭത്തിന് ഇറാന്‍ സിനിമാ ചരിത്രത്തിലെ ഈ അവഗണിക്കപ്പെട്ട ഏടുകള്‍ തെരഞ്ഞെടുത്തത് വിപ്ലവകരം തന്നെയാണ്.തന്റെ ഈ പദ്ധതി അനുവദിച്ചു കിട്ടുന്നതിന് അവര്‍ക്ക് ഇറാനിയന്‍ സൊസൈറ്റി ഓഫ് ഫിലിം ഡയറക്‌ടേഴ്‌സിന്റെ അനുമതി തേടണമായിരുന്നു.ഹെക്മത്തിന്റെ യാചനാപൂര്‍ണമായ ആവശ്യം ഇറാനിലെ സാമ്പ്രദായിക സൗന്ദര്യ രീതികളുടെ കടുത്ത ആരാധകരായിരുന്ന സംവിധായക സംഘം പക്ഷെ,നിരസിക്കുകയാണുണ്ടായത്.ഒടുവില്‍ ഹെക്മത്തിന്റെ ഭര്‍ത്താവും സിനിമക്കാരനുമായ ജംഷിദ് അഹങ്കറാനിയുടെ നിരന്തരമായ ഇടപെടലുകള്‍ക്കൊടുവില്‍ അനുമതി ലഭിച്ചു.
യഥാര്‍ത്ഥ ജയിലുകളില്‍ വെച്ച് പടം പകര്‍ത്തുന്നതിനുള്ള അനുമതി തേടി നിയമവകുപ്പിന് അപക്ഷിച്ചപ്പോള്‍ അവര്‍ വിശദീകരണം തേടാതെ തന്നെ ആവശ്യം നിരസിച്ചു.മൂന്ന് മാസത്തിനുള്ളില്‍ 42തവണ നിയമമന്ത്രാലയത്തില്‍ കയറിയിറങ്ങി ഹെക്മത് അനുമതി നേടിയെടുത്തു.റേസ ഷായുടെ ഭരണകാലത്ത് സ്ഥാപിച്ച ഒരു ടെഹ്‌റാന്‍ ജയിലില്‍വെച്ച് 72 ദിവസം കൊണ്ട് പടം പൂര്‍ത്തിയാക്കി.2002 ഫെബ്രുവരിയില്‍ ടെഹ്‌റാനില്‍ വെച്ചുനടന്ന ഹാജര്‍ ഫിലിം ഫെസ്റ്റിവെലില്‍ നിന്ന് വിമന്‍സ് പ്രിസണ്‍ തഴയപ്പെട്ടു.അറസ്റ്റ്ഭയവും നിരോധനഭീതിയുംകൊണ്ട് സഹികെട്ട ഹെക്മത് പ്രദര്‍ശന പരിപാടിയില്‍നിന്ന് തത്കാലം പിന്‍വലിഞ്ഞു.വിദേശ പ്രതിനിധികളടക്കം നിരവധി ആസ്വാദകര്‍ പടം കാണാന്‍ താല്‍പ്പര്യപൂര്‍വം എത്തിയിരുന്നു.ഇറാന്‍ സിനിമകളുടെ ഏകശിലാകൃതിയായ പ്രമേയ ഘടനയില്‍ ചെടിച്ചുപോയ ആഗോള ആസ്വാദകവൃന്ദം ചരിത്രത്തിലാദ്യമായി 'ഇറാനിലെ സ്ത്രീകള്‍ ശിരോവസ്ത്രമണിയാതെ പ്രത്യക്ഷപ്പെടുന്ന സിനിമ' എന്നു വിശേഷിക്കപ്പെട്ട വിമന്‍സ് പ്രിസണ്‍ കാണുവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് കേവല കാഴ്ചകള്‍ക്കപ്പുറം ഒരു സാമൂഹ്യ മാറ്റത്തിന് സാക്ഷിയാവുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു.അപ്പോള്‍ ഇറാനിലെത്തുന്ന വിദേശികള്‍ അവിടത്തെ സ്ത്രീകളുടെ ശിരോവസ്ത്രം,കേശാലങ്കാരം അല്‍പ്പം പ്രദര്‍ശിപ്പിച്ചുകൊണ്ട് കീഴോട്ടിറങ്ങുന്നത് ആശ്ചര്യപൂര്‍വം ശ്രദ്ധിക്കാറുണ്ടായിരുന്നു.വിമന്‍സ് പ്രിസണ്‍ കാണാന്‍ കഴിയാതെ വന്നതില്‍ നിരാശരായ ചിലരുടെ നിനന്തരമായ അഭ്യര്‍ത്ഥന പ്രകാരം പ്രസിഡന്റ് ഖാത്തമി തന്നെ നേരിട്ടിടപെടുകയും മുറിച്ചു മാറ്റലുകളോടെ പടത്തിന് പ്രദര്‍ശനാനുമതി കൊടുക്കുകയും ചെയ്തു.എങ്കിലും ടി.വി.യില്‍ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി.അതേവര്‍ഷം സെപ്തംബറില്‍ പടം വെനീസ് ഫെസ്റ്റിവെലില്‍ മത്സരവിഭാഗത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നു.അന്ന് അവിടെ ഗോള്‍ഡന്‍ ലയണ്‍ നേടിയത് സ്‌കോട്ടലന്റ് കാരനായ പീറ്റര്‍ മുള്ളന്റെ മഗ്ദലേന്‍ സിസ്റ്റേഴ്‌സ് എന്ന സിനിമയാണ്.
മനീജ ഹെക്മത്

പടത്തില്‍ സെപിദയെ അവതരിപ്പിക്കുന്നത് ഹെക്മത്തിന്റെ മകള്‍ പെഗ അഹങ്കറാനിയാണ്.കലാസംവിധാനം നിര്‍വഹിച്ചത് ജംഷിദ് അഹങ്കറാനിയും.പാത്രാവതരണകലയില്‍ ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടുള്ള പെഗയാകട്ടെ ഗവേഷണഘട്ടം മുതല്‍ക്കുതന്നെ ഒരു സുഹൃത്തിനെ പോലെ ഇടപെട്ടുകൊണ്ട് എല്ലാ മേഖലയിലും അമ്മയോടൊത്ത് സഹകരിച്ചിരുന്നു.തിരക്കഥ തയ്യാറാക്കിയത് മുസ്തഫാവിയാണ്.മിത്രയെ റോയ നൊനഹാലിയും താഹിറയെ റോയ ടയ്മൗറിയായും അവതരിപ്പിക്കുന്നു.മനീജ ഹെക്മത് പിന്നീടിതുവരെ സിനിമകള്‍ സംവിധാനം ചെയ്തിട്ടില്ല.നിര്‍മ്മാണ രംഗത്ത് സജീവമാണ്.

 

2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

കാമാക്ഷി:ഭാഷയിലെ കലാപവും കലാപത്തിന്റെ ഭാഷയും.

പുസ്തകം.

കണ്ണന്‍ മേലോത്ത്.


തമിഴ്‌നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച് തീട്ട് എന്ന നോവലിന്റെ മലയാള പരിഭാഷയാണ് കാമാക്ഷി.തമിഴ്‌നാട്ടിലെ ദളിത് ആക്ടിവിസ്റ്റും കവിയും എഴുത്തുകാരനുമായ അഴഗിയ പെരിയവനാണ് കാമാക്ഷിയുടെ കര്‍ത്താവ്.മലയാളത്തിലേക്ക് മൊഴിമാറ്റിയത് കെ.എസ്.വെങ്കിടാചലമാണ്.ചിന്ത പബ്ലിഷേഴ്‌സ് തിരുവനന്തപുരം 2011 ല്‍ പ്രസിദ്ധീകരിച്ചു.

സൂര്യകുളം എന്ന പട്ടണത്തിലെ പുറമ്പോക്കില്‍ വന്നടിഞ്ഞ കാമാക്ഷി എന്ന തരുണിയില്‍ ഊന്നി മനുഷ്യക്കോലങ്ങളുടെ പരാജയങ്ങളിലൂടെ വായനയുടെ നടപ്പുവഴി വെട്ടിത്തുറക്കുകയാണ് അഴഗിയ പെരിയവന്‍ തന്റെ ചെറുനോവലില്‍. ഇടക്കുനിന്ന് കയറി തുടക്കത്തിലേക്ക് എത്തിയശേഷം തിരിഞ്ഞ് ഒടുക്കത്തിലേക്ക് മടക്കമില്ലാത്ര യാത്രയെ സാധ്യമാക്കിയതാണ് ആ സഞ്ചാരപഥത്തിന്റെ സവിശേഷത എന്നു പറയാം.പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പറ്റിയെ കര്‍ക്കശമായ ഭാഷ വായനയെ നൊമ്പരപ്പിക്കുന്ന അനുഭവമാക്കി മാറ്റിയിട്ടുണ്ട്.

അച്ഛനമ്മമാര്‍ ഉണ്ടായിരുന്നെങ്കിലും അനാഥയായി തിരിച്ചറിയപ്പെട്ട കാമാക്ഷി സൂര്യകുളത്തില്‍ എത്തുന്നത്,വിവാഹമെന്നു പറയാന്‍ പറ്റില്ലെങ്കിലും ഒരു ആണ്‍പിറന്നവന്റെ കൂടെ പൊറുക്കുന്നതിനായിട്ടാണ്.ജീവിക്കണമെന്നുമോഹമുണ്ടെങ്കലും അഴുക്കുചാലില്‍നിന്ന് ചെറുത്തുനില്‍ക്കുന്നതിനുള്ള ശക്തിസംഭരിക്കേണ്ട ചുറ്റുപാടുകളാണ് അവള്‍ക്ക് അവിടെ നേരിടേണ്ടിവന്നത്.ആണ്‍പിറന്നവനായ ഗോവിന്ദന്റെ പെട്ടെന്നുള്ള മരണം അവളെ ദൂരിതക്കയത്തില്‍ കൂടുതല്‍ ആഴത്തിലേക്ക് തള്ളിയിട്ടു.ഗോവിന്ദനുണ്ടായിരുന്നകടവും കടമുണ്ടെന്ന കളവുമൊഴിക്കും വഴങ്ങി അവള്‍ ആള്‍രൂപികളായ ഇരുകാലികളാല്‍ കീഴ്‌പ്പെടുത്തപ്പെട്ടു.തെരുവുഗുണ്ടകളും പോലീസും ഇടനിലാരും ഒന്നൊന്നായി അവളെ പിച്ചിച്ചീന്തി.കാമാക്ഷിയുടെ ശരീരത്തെ ഭോഗിച്ചു.മാറാദീനം സമ്മാനമായി കൊടുത്തു.ആര്‍ക്കും അവളുടെ സ്‌നേഹം വേണ്ടായിരുന്നു.കൊടുക്കാന്‍ കാമാക്ഷിയുടെ അടുത്ത് സ്‌നേഹവും ഇല്ലായിരുന്നു.മറ്റൊരു പ്രതിരോധകവചമായ ഭ്രാന്തിനെ അവള്‍ എടുത്തണിഞ്ഞു.മനോരോഗവും മാറാരോഗവും അടിച്ചേല്‍പ്പിക്കപ്പെട്ടതിനാല്‍ സ്‌നേഹം വഴിയുന്ന ഉടലായി കാമാക്ഷി തിരിച്ചറിയപ്പെടുന്നില്ല.

ജാതികൊണ്ടു വുറിവേറ്റവരുടെ ആത്മരോദനമോ അതുകേള്‍ക്കുന്നവരുടെ സഹതാപമോ കൊണ്ട് രൂപപ്പെടുന്ന വരമൊഴികള്‍ ദലിത് സാഹിത്യമായി വിലയിരുത്തപ്പെടാറുണ്ട്.അഴഗിയ പെരിയവന്റെ കാമാക്ഷി അങ്ങനെ ഉരുവംകൊണ്ട ലിഖിതരേഖയല്ലെങ്കിലും മൂലകാരണമായി നോവലിനെ ചൂഴ്ന്നു നില്‍ക്കുന്നത് ജാതി തന്നെയാണ്.വിദ്യാഭ്യാസം വിലക്കുന്നതിലൂടെയാണ് ജാതി അതിന്റെ നൃശംസ്യതകള്‍ സമൂഹത്തില്‍ വിതക്കുന്നത്.അതുകൊണ്ടുതന്നെ അത് നീക്കംചെയ്യുന്നതിനുള്ള സമരങ്ങളാണ് നവോത്ഥാനനായകരെല്ലാം ഒരേപോലെ നയിച്ചിട്ടുള്ളത്.നോവലില്‍ വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരം കാമാക്ഷിയില്‍നിന്ന് ഒരുപാട് അകലെയാണ്.വിദ്യാഭ്യാസം ഒരുപാട് അവകാശങ്ങള്‍ തങ്ങളുടേതാക്കുന്നു.ആ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ചോദ്യം ചെയ്യുന്നതിനുള്ള തന്റേടം-തന്റേതായ ഇടം ലഭിക്കുന്നതും വിദ്യാഭ്യസത്തിലൂടെ തന്നെയാണ്.വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം ഇല്ലാതായപ്പോള്‍ ഇവിട ലഭിച്ച ഇടം എന്നു പറയുന്നത് കുറ്റവാളികളുടേയും മയക്കുമരുന്ന വ്യാപാരങ്ങളുടേയും അഴുക്കുനിറഞ്ഞ ചേരിയായിമാറിയിരിക്കുന്നതാണ്.ഭരണകൂടം ഈ വ്യവസ്ഥയുടെ ഭാഗമായി നീങ്ങുകയും അതില്‍നിന്നു കിട്ടുന്ന വരുമാനംകൊണ്ട് നിലനിന്നുപോരുകയും ചെയ്യുന്നു. തികച്ചും മാനവികമായ വ്യവസ്ഥയിലേക്ക് മാറ്റി മറിച്ചുകൊണ്ട് കൂടുതല്‍ വരുമാനത്തോടെ മുന്നോട്ടുപോകുന്നതിനുള്ള ഒരു മാര്‍ഗവും അവരുടെ മുന്നിലില്ല.കൂടുതല്‍ കുറ്റവാളികളും കുഴപ്പങ്ങളുമുണ്ടാകുമ്പോള്‍ കൂടുതല്‍ വരുമാനവും ലഭ്യമാകുന്നു.ഇതിനും കൊള്ളരുതാത്തവളായി കാമാക്ഷി മാറിക്കഴിഞ്ഞു.യാതൊന്നും ചൂഷണം ചെയ്ത് എടുക്കാന്‍ പറ്റാത്തവളായി പുറത്താക്കപ്പെട്ടവരുടെ ഇടയില്‍ നിന്നുതന്നെ കാമാക്ഷി പുറത്താക്കപ്പെടുന്നു.കാമാക്ഷിയുടെ ദുരന്തങ്ങളിലേക്ക് പ്രമേയം ചുരുങ്ങുയും അതേസമയം സൂര്യകുളത്തിലെ ഭീകരമായ ദുരവസ്ഥയുടെ ഇടങ്ങളിലേക്ക് വികസിക്കുകയുമാണ് നോവലില്‍.


2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

ഖദറുപോലെ ഒരു നിര്‍ദ്ദയ തത്വമാണ് വര്‍ണാശ്രമവും -സഹോദരന്‍ അയ്യപ്പന്‍.


സഹോദരന്‍ അയ്യപ്പന്‍
പള്ളുരുത്തിയില്‍ വെച്ച് ഗാന്ധിജിക്ക് സമര്‍പ്പിക്കപ്പെട്ട മംഗള പത്രത്തില്‍നിന്ന്.

'അയിത്തത്തിന് 'എതിരായി ഇപ്പോള്‍ ശക്തിയേറിയ പ്രചരണവേല തുടങ്ങിയിട്ടുള്ളതിന് ഞങ്ങള്‍ അങ്ങയോട് കൃതജ്ഞരായിരിക്കുന്നു.എന്നാല്‍ അത് ഹിന്ദുമതം ശുദ്ധീകരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി നടത്തിക്കൊണ്ടുപോകുന്ന അങ്ങയുടെ നയത്തോട് ഞങ്ങള്‍ യോജിക്കുന്നില്ല.അയിത്തോച്ചാടനം വെറും മാനവ സേവാവേലയാണ്.അതിനെ ഹിന്ദുക്കളെ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വേലയോട് ഘടിപ്പിക്കുന്നത് അതിന്റെ ഉദ്ദേശശുദ്ധിയെ സാരമായി ബാധിക്കുന്നതാണ്.

ഹിന്ദുമതം ശുദ്ധീകരിക്കാനുള്ള അങ്ങയുടെ പ്രസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് ആശ്വാസമല്ല ഭയമാണ് ഉണ്ടാകുന്നത്.അധഃകൃതര്‍ക്ക് ഹരിജനപ്പേര് കൊടുത്തതും,ഒരു സ്വാഭിമാനമുള്ള അധഃകൃതന്‍ വെറുക്കേണ്ടതായ രാമനാമം ജപിക്കുവാന്‍ അവരോട് പറഞ്ഞതും അവരുടെ ഹൈന്ദവീകരണം പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതായ അംശമെങ്കിലും അങ്ങയുടെ ഹിന്ദുമത ശുദ്ധീകരണ പ്രസ്ഥാനത്തില്‍ നിന്നും വിട്ടുകളയണമെന്നും ഞങ്ങള്‍ക്ക് അപേക്ഷയുണ്ട്.(ഹരിജനപ്പേര് ശ്രദ്ധയര്‍ഹിക്കുന്നതാണ്-ഗുജറാത്തില്‍ നൂറ്റാണ്ടുകളായി തോട്ടിപ്പണി ചെയ്യുന്ന ഒരു ജാതിയുടെ പേരാണത്.അതിന്റെ വാചാര്‍ത്ഥം എന്താണെങ്കില്‍പ്പോലും ഗുജറാത്തിയായ ഗാന്ധിജി ആ വാക്ക് ഉപയോഗിക്കരുതായിരുന്നു.ദൈവത്തിന്റെ മകന്‍ എന്നാണുദ്ദേശിക്കുന്നതെങ്കില്‍ ബ്രാഹ്മണരെ ഗാന്ധിജി എന്തുകൊണ്ട് ഹരിജനങ്ങള്‍ എന്നു വിളിച്ചില്ല?ബ്രാഹ്മണോ മമ ദൈവതഃ എന്നതല്ലേ ഹിന്ദുമതതത്വം?അതിനാല്‍ ദൈവപുത്രന്‍ എന്ന പേരിന്(ഹരിജന്‍)ഏറ്റവും യോഗ്യര്‍ ഹിന്ദുമതപ്രകാരം ബ്രാഹ്മണരല്ലേ?- ഡോ.ജെ.ഒ.അരുണ്‍)

അങ്ങേക്ക് വളരെ പ്രിയമായ വര്‍ണാശ്രമവും ജാതിവ്യത്യാസവും നിലനില്‍ക്കുന്നിടത്തോളം കാലം ഒരു ഹിന്ദുസമുദായമായി ഉറക്കുന്ന അധഃകൃതര്‍ക്ക് ഹിന്ദുക്കളുടെ ഇടയില്‍ ആഗ്രഹിക്കത്തക്ക ഒരു നിലയും ധര്‍മ്മവും ഒരിക്കലും കിട്ടുകയില്ല.

വര്‍ണാശ്രമധര്‍മ്മത്തെപ്പറ്റി എന്ന സഹോദരന്‍ മുഖപ്രസംഗത്തില്‍ നിന്ന്:

വര്‍ണനിയമവും ആശ്രമനിയമവും ഇല്ലാതെ ഹിന്ദുമതം ഇല്ലെന്ന് ഗാന്ധി പറയുന്നു.എല്ലാ സ്മൃതികളിലും വളരെഭാഗം വര്‍ണാശ്രമധര്‍മ്മത്തെ പ്രതിപാദിക്കുവാന്‍ വിനിയോഗിച്ചിരിക്കുന്നു.വേങ്ങളിലും വര്‍ണാശ്രമധര്‍മ്മം കാണാം.അതുകൊണ്ട് ഹിന്ദുവെന്ന് അഭിമാനിക്കുന്ന ഒരാള്‍ക്കും വര്‍ണാശ്രമധര്‍മ്മത്തെ വിസ്മരിക്കുവാന്‍ നിവൃത്തിയില്ലെന്നാണ് മി.ഗാന്ധിജിയുടെ അഭിപ്രായം.ഇത് എത്രയും ശരിയായ അഭിപ്രായമാണ്.

വര്‍ണം അഭേദ്യമായിട്ടല്ലെങ്കിലും പ്രധാനമായും ജനനം അനുസരിച്ചാണെന്നുള്ള പരാമാര്‍ത്ഥവും മി.ഗാന്ധി സമ്മതിക്കുന്നു.വര്‍ണധര്‍മ്മം അനുഷ്ടിക്കുന്നയാള്‍ അവരുടെ പാരമ്പര്യവും പഴമയും അനുസരിച്ചുള്ള തൊഴില്‍ ഒരു കടമയായി അനുഷ്ഠിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

ഗാന്ധിജി പറയുന്നു:ബ്രാഹ്മണന്റെ ധര്‍മ്മം ബ്രഹ്മജ്ഞാനം സമ്പാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതാണെന്ന്.അവന് അങ്ങനെ ചെയ്യാനാവാതെ നിവൃത്തിയില്ല.അത് അവന്റെ ജീവിതനിയമമാണ്.

വര്‍ണപ്രകാരം ബ്രഹ്മജ്ഞാനസമ്പാദനം ബ്രാഹ്മണന് ഒഴിവാക്കുവാന്‍ സാധിക്കാത്ത സ്വന്തം ജീവിതനിയമമാണെങ്കില്‍ ബ്രാഹ്മണന്‍ ഒരിക്കലും ബ്രാഹ്മണനല്ലാതെ ആവുകയില്ല.ഇപ്പോള്‍ ബ്രാഹ്മണധര്‍മ്മം അനുഷ്ടിക്കുന്ന ബ്രാഹ്മണരില്ലെന്നാണ് മി.ഗാന്ധി വിലപിക്കുന്നത്.വര്‍ണധര്‍മ്മം അനുഷ്ഠാനം കൊണ്ട് സ്വാധീനിക്കേണ്ടതായ ഒരു മുറമാത്രമാണെങ്കില്‍ അതിനെ ജനനവുമായി സംബന്ധിക്കേണ്ട ആവശ്യമില്ല.മി.ഗാന്ധി പറയുന്നത് വര്‍ണം ജനനം കൊണ്ട് കിട്ടുന്നതും അനുഷ്ഠാനം കൊണ്ട് രക്ഷിക്കേണ്ടതും അങ്ങനെ രക്ഷിച്ചില്ലെങ്കില്‍ പോകുന്നതാണെന്നുമാണ്.ബ്രഹ്മജ്ഞാനികളുടെ മക്കള്‍ മാത്രം ബ്രഹ്മജ്ഞാനികളാകാന്‍ ശ്രമിക്കുകയും വിറകുവെട്ടിയുടെ മക്കള്‍ വിറകുവെട്ടികളായിത്തന്നെ കഴിയുകയും ചെയ്യമണമെന്നാണ് ഇതുകൊണ്ടുവരുന്നത്.ഇത് ധര്‍മ്മമാണോ?ബുദ്ധിപൂര്‍വമായ ഏര്‍പ്പാടാണോ?ബുദ്ധിയേയും വാസനയേയും പാരമ്പര്യമായി അവിഛിന്നമായി തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കുമെന്നുള്ള അതിശയോക്തിപരമായ ഒരു അസംബന്ധ പാരമ്പര്യവാദം മാത്രമാണിത്.മനുഷ്യരുടെ കഴിവുകള്‍ക്ക് തടവറ്റ വിലാസസൗകര്യം കൊടുക്കുകയും അവരവര്‍ക്ക് ഉത്തരവാദിത്വമില്ലാതെ യദൃച്ഛാസംഭവമായ ജനനത്തെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് അതിന് സങ്കുചിതത്വം വരുത്താതിരിക്കുകയും ചെയ്യേണ്ടത് ലോകത്തിന്റെ അഭിവൃദ്ധിക്ക് അത്യാവശ്യമാണ്.പാരമ്പര്യാനുസൃതം കൊണ്ടുള്ള ഗുണങ്ങളേക്കാളധികം ദോഷങ്ങളാണ് വര്‍ണാശ്രമധര്‍മ്മം മൂലം ഉണ്ടായിരിക്കുന്നത്.

ലോകക്ഷേമ കാംക്ഷികളായ ദയാലുക്കള്‍ വര്‍ണാശ്രമധര്‍മ്മത്തെ ഒരിക്കലും താങ്ങുകയില്ല.എല്ലാവരും ചര്‍ക്ക തിരിക്കുന്ന ശൂദ്രജോലി എടുക്കണമെന്ന് ശ്ഠ്യം പിടിക്കുന്ന മി.ഗാന്ധി വര്‍ണാശ്രമധര്‍മത്തെ പാലിക്കുവാന്‍ ഉപദേശിക്കുന്നതിലും അര്‍ത്ഥമില്ല

ഓരോ വര്‍ണവും അതാതിന്റെ ജോലി ചെയ്തുകിട്ടുന്നതിന്റെ ആദായം കൊണ്ട് നിത്യവൃത്തികഴിച്ച് ബാക്കിയുള്ളത് അന്യര്‍ക്കുവേണ്ടി സ്വമനസ്സാലെ വിട്ടുകൊടുക്കുന്നതാണ് വര്‍ണാശ്രമധര്‍മ്മത്തിന്റെ ലക്ഷണമായി മി.ഗാന്ധി പറയുന്നുണ്ട്.ഈ നിലയിലാണണ് വര്‍ണാശ്രമധര്‍മ്മം സോഷ്യലിസമാകുന്നത്.ഈ വ്യാഖ്യാനം സവര്‍ണ ആശ്രമധര്‍മ്മത്തോടും സോഷ്യലിസത്തോടും ചെയ്യുന്ന മഹാപരാധമാണ്.സോഷ്യലിസം,മനുഷ്യരെല്ലാം നിസ്വാര്‍ത്ഥികളായി അന്യര്‍ക്കുവേണ്ടി ജോലിചെയ്യുന്ന ഒരു സ്ഥിതി സംഭവ്യമെന്നുവെക്കുന്ന ഏര്‍പ്പാടല്ല.ജനങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പൊതുവകയാക്കി എല്ലാവര്‍ക്കും ജീവിത സൗകര്യങ്ങള്‍ സുലഭമാക്കിത്തീര്‍ക്കുന്നതാണ് സോഷ്യലിസത്തിന്റെ പ്രധാനതത്വം.മന്ത്രിയുടെ മക്കള്‍ മാത്രം മന്ത്രിമാര്‍,ഉഴവുകാരന്റെ മക്കള്‍ മാത്രം ഉഴവുകാര്‍ എന്ന നിര്‍ദ്ദയ നിയമവും സോഷ്യലിസത്തിനില്ല.നേരേമറിച്ച് എല്ലാവരുടേയും നല്ല ഏതു കഴിവുകളേയും ആവിഷ്‌കരിക്കാനുള്ള അവസരം എല്ലാവര്‍ക്കും ഉണ്ടാക്കിത്തീര്‍ക്കാനാണ് സോഷ്യലിസം ഉദ്ദേശിക്കുന്നത്.വര്‍ണാശ്രമധര്‍മ്മത്തോട് സോഷ്യലിസത്തെ ഉപമിക്കുന്നതുപോലെയുള്ള ഒരു ആക്ഷേപം സോഷ്യലിസത്തെപ്പറ്റി വേറെ ചെയ്യാനില്ല.

തൊഴിലുകളെല്ലാം സമമാണ്.അതുകൊണ്ട് വര്‍ണങ്ങള്‍ തമ്മില്‍ കൂടുതല്‍ കുറവില്ല എന്ന് മി.ഗാന്‍ധി പറയുന്നുണ്ട്.എല്ലാ തൊഴിലും എല്ലാവര്‍ക്കും എടുക്കണമെന്നു വന്നാല്‍ ഈ അഭിപ്രായം ഒരു വിധം ശരിയായിരിക്കും.തൊഴിലുകള്‍ പാരമ്പര്യമനുസരിച്ചായിരിക്കണമെന്നു വന്നാല്‍ ചിലതൊഴിലിലുള്ള ജാതിക്കാര്‍ താണവരായും ചില തൊഴിലിലുള്ള ജാതിക്കാര്‍ ഉയര്‍ന്നവരായും തീരാതിരിക്കില്ല.ബ്രാഹ്മണക്ഷത്രിയവൈശ്യ വര്‍ണങ്ങളേക്കാള്‍ ശൂദ്രര്‍ താണവരാണെന്ന ധാരണ മി.ഗാന്ധിയെക്കൂടി വിട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അവതാരികയില്‍ തന്നെ ഒരിടത്ത് പ്രത്യക്ഷമായിട്ടുണ്ട്.ആദ്യത്തെ മൂന്നു വര്‍ണക്കാര്‍ക്കും ഇപ്പോള്‍ എന്തെങ്കിലും ഒരു പേരുകൊടുക്കാമെങ്കില്‍ അത് ശൂദ്രര്‍ എന്നുള്ളതാണെന്ന് അദ്ദേഹം പറയുന്നു.ആദ്യത്തെ മൂന്നു വര്‍ണങ്ങള്‍ സ്വധര്‍മ്മാനുഷ്ഠാനമില്ലാതെ പിഴച്ചതുകൊണ്ട് അവര്‍ ശൂദ്രരായി എന്നുള്ള ഒരു വിവക്ഷ കൂടാതെ ആ അഭിപ്രായത്തിന് വേറേ സാംഗത്യമില്ല.ജാതിതിരിച്ച് തൊഴിലുവെട്ടിച്ച് എല്ലാ തൊഴിലും സമാനമാണെന്നും മറ്റും പറയുന്നത് അപ്രായോഗികമായ തത്വം പറച്ചില്‍ മാത്രമാണ്‌ 

വര്‍ണാശ്രമധര്‍മ്മം പാലിക്കണമെന്ന് നിര്‍ബന്ധക്കരായ മി.ഗാന്ധിയെ അദ്ദേഹത്തിന്റെ ഹരിജനങ്ങള്‍ വളരെ ഭയപ്പെടേണ്ടതാണ്.ഹരിജനങ്ങള്‍ക്ക് തീണ്ടല്‍ പോകണമെന്നല്ലാതെ അവര്‍ബ്രാഹ്മണരുടെ മാതിരി ജ്ഞാനാഭിവൃദ്ധിയും മറ്റും ഉള്ളവരായിത്തീരണമെന്ന് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടായിരിക്കാന്‍ നിവൃത്തിയില്ല.നേരേ മറിച്ചുള്ള അഭിപ്രായമായിരിക്കും അദ്ദേഹത്തിന് ഉണ്ടായിരിക്കാന്‍ ഇടയുള്ളത്.ഹരിജന്‍ വേലയോടുകൂടി തോല് ഉറയിടുന്നതിന്റെ ശാസ്ത്ര ചര്‍ച്ചയോ ചെയ്യുന്നവേലയും അദ്ദേഹം ചിലപ്പോള്‍ നടത്താറുള്ളത്,ഹരിജനങ്ങല്‍ തീണ്ടല്‍ ഇല്ലാത്ത ഹരിജനങ്ങളായി എന്നും കിടക്കമമെന്നുള്ള ദര്‍ശനം കൊണ്ടായിരുന്നേക്കം.വാസ്തവത്തില്‍ മി.ഗാന്ധിയും മറ്റും ചില തത്വങ്ങള്‍ക്കും സ്മ്പദായങ്ങള്‍ക്കും വേണ്ടിയാണ് മനുഷ്യന്‍,അല്ലാതെ മനുഷ്യരുടെ ക്ഷേമത്തിനു വേണ്ടിയുള്ളതല്ല തത്വങ്ങളും സമ്പ്രദായങ്ങളും എന്ന് വിശ്വസിക്കുന്നവരാണെന്ന് തോന്നുന്നു.മനുഷ്യരോടല്ല തത്വങ്ങളോടാണ് അവരുടെ അനുകമ്പ.ഒരു രാജ്യക്കാരെല്ലാം നൂലുനൂല്‍ക്കണമെന്നു പറയുന്നതു തന്നെ അദ്ദേഹം തത്വധ്യാനം കൊണ്ട് നിര്‍ദ്ദയനായിപ്പോയി എന്നതിന് ഒന്നാം തരം തെളിവാണ്.ഖദറുപോലെ ഒരു നിര്‍ദ്ദയ തത്വമാണ് വര്‍ണാശ്രമവും.

(സമീക്ഷ മാസികയുടെ 2001 മാര്‍ച്ച് ലക്കത്തില്‍ കൊടുത്തിരുന്ന ഗാന്ധിജിയുടെ സാമൂഹ്യ ദര്‍ശനം എന്ന ലേഖനത്തില്‍ നിന്നും പകര്‍ത്തിയത്)2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

തിരസ്‌കാരങ്ങളെ ഹാരമായണിഞ്ഞ സ്വാമി അനന്ദതീര്‍ത്ഥ

വായന

മുത്താന താഹ.

സാമൂഹ്യ പരിഷ്‌കരണ രംഗത്ത് ഒരു ഒറ്റയാള്‍ പട്ടാളമായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥന്‍. സമൂഹത്തില്‍ കാണപ്പെടുന്ന അനീതികളോട് സ്വാമി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്.

നാരായണഗുരുവിന്റെ ശിഷ്യനായിത്തീര്‍ന്ന സ്വാമിയെ പൂര്‍ണമായി ഉള്‍ക്കൊള്ളുവാനുള്ള വിശാല മനസ്‌കത പലര്‍ക്കം ഇല്ലാതെ പോയി.പേരിലുള്ള ജാതി സൂചനപോലും ദയവില്ലാതെ എതിര്‍ത്ത സ്വാമി ആനന്ദ തീര്‍ത്ഥ ജന്മംകൊണ്ട് സവര്‍ണ കുടുംബത്തിലായിരുന്നു.ഒരു പൂര്‍വാശ്രമത്തിലെ സവര്‍ണ പശ്ചാത്തലമാണ് പലയിടങ്ങളിലും സ്വാമിയെ അനഭിമതനാക്കിയത്.1928ല്‍ അക്കാലത്തെ ഉന്നത വിദ്യാഭ്യാസം നേടി ഗുരുവിനെ ശരണീകരിച്ച അനന്ദ ഷേണായിയെ സ്വാമി ആനന്ദ തീര്‍ത്ഥനാക്കി മാറ്റിയത് നാരായണ ഗുരുവായിരുന്നു.

അയിത്ത ജനങ്ങളോടൊപ്പമുള്ള സഹവാസവും അവരോടൊപ്പമുള്ള മിശ്രഭോജനവും മുന്നേറ്റങ്ങളും കണ്ട് സവര്‍ണ സമൂഹം സ്വാമിക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയുണ്ടായി.സവര്‍ണ മേലാളരുടെ അവഗണനയെ ഒരു അംഗീകാരമായാണ് അന്ന് സ്വാമി സ്വീകരിച്ചത്.

പാലക്കാട് ശബരി ആശ്രമത്തില്‍ നിന്നും പട്ടിക ജാതിക്കാരുരേയും കൂട്ടി കല്ലേക്കുളങ്ങളര ക്ഷേത്രത്തിലേക്കു പോയ സ്വാമിയെ സവര്‍ണര്‍ വളഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിച്ചു.ആ മര്‍ദ്ദനം ഏറ്റുവാങ്ങുമ്പോഴും ക്ഷതം സംഭവിച്ചത് ശരീരത്തിനു മാത്രമായിരുന്നു.സ്വാമിയെ സംബന്ധിച്ചിടത്തോളം ആ മര്‍ദ്ദനം മനസ്സിന് കനത്ത പ്രചോദനമായി തീരുകയാണ് ചെയ്തത്.

മഹാത്മജിയെ കാണുന്നതിനായി സബര്‍മതിയിലേക്ക് കാല്‍ നടയായി സഞ്ചരിച്ച സ്വാമി പട്ടിക ജാതി ജനങ്ങളുടെ ചേരി പ്രദേശങ്ങളിലായിരുന്നു പലപ്പോഴും അന്തിയുറങ്ങിയിരുന്നത്.പൊതുവേ ദരിദ്രരായിരുന്ന അവര്‍ സവര്‍ണരെ ഭയന്ന് സ്വാമിജിക്ക് ഭക്ഷണവും വെള്ളവും പോലും നല്‍കിയിരുന്നില്ല.കടുത്ത വിശപ്പും ദാഹവും പട്ടിണിയും ശരീരത്തെ തളര്‍ത്തുമ്പോഴും സാമൂഹ്യ അവഗണനക്കെതിരെ ആഞ്ഞടിക്കുവാനുള്ള ഊര്‍ജം സംഭരിക്കുകയായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.

സവര്‍ണ ഹിന്ദു സമുദായത്തെ ഹൃദയം കൊണ്ട് വര്‍ജിച്ച അദ്ദേഹം പിന്നോക്ക -ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായിട്ടാണ് അധികകാലം ജീവിച്ചിരുന്നത്.ഗുരുദേവന്റെ സന്ദേശങ്ങളില്‍ നിന്നും വലിയ
സാമൂഹ്യ വെളിച്ചം ഉള്‍ക്കൊണ്ട് സ്വാമി ഗാന്ധിജിയില്‍ നിന്നും ഗുരു സന്നിധിയിലേക്ക് നടന്നടുക്കുകയായിരുന്നു.

സ്വാമിയുടെ നിശ്ചയദാര്‍ഢ്യത്തിലും ആത്മാര്‍ത്ഥതയിലും നാരായണ ഗുരുവിന് മതിപ്പുണ്ടായിരുന്നു.ഗുരു ധര്‍മ്മം പ്രചരിപ്പിരിപ്പിക്കുവാന്‍ സര്‍വഥാ യോഗ്യനായി തോന്നിയതു കൊണ്ടാണ് ഗുരു അനന്ത ഷേണായിക്ക് സന്യാസ ദീക്ഷ നല്‍കി ധര്‍മ്മ സംഘത്തില്‍ ചേര്‍ത്തത്.ഇതില്‍ സഹോദര സന്യാസിമാര്‍ക്ക് പലര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നില്ല.ഗുരുധര്‍മ്മത്തിന്റെ വഴിയില്‍ നിന്നും അണുവിടെ വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത വ്യക്തിത്വമായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥന്റേത്.സ്വാമിയുടെ ഗുരുധര്‍മ്മ പ്രേമം കപടമാണെന്നും അഭിനയമാണെന്നും അഭിപ്രായപ്പെട്ടവരോട് പോലും സ്വാമി സൗമ്യമായാണ് പെരുമാറിയിരുന്നത്.

ധര്‍മ്മ സംഘത്തിന്റെ മഠാധിപതിയായി സ്വാമി ആനന്ദ തീര്‍ത്ഥനെ നിശ്ചയിച്ചിരുന്നു.ഈ നിശ്ചയത്തിലും അത് നടപ്പാക്കുന്നതിലും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നവരുടെ കൂട്ടത്തില്‍പ്രമുഖ ഗൃഹസ്ഥ ശിഷ്യരും ഉണ്ടായിരുന്നു.അവരുടെ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് മഠാധിപതി ആയിരിക്കാന്‍ സ്വാമി ഇഷ്ടപ്പെട്ടിരുന്നില്ല.ആ എതിര്‍പ്പിനെ സ്വാമി തിരസ്‌കാരമായിട്ടല്ല കണ്ടിരുന്നത്.മറിച്ച് അതൊരു അംഗീകാരമയി മനസ്സില്‍ സൂക്ഷിക്കുവാനായിരുന്നു സ്വാമിക്ക് ഇഷ്ടം.

1958ല്‍ ശ്രീനാരായണ ഗുരു ധര്‍മ്മ സംഘം ഒരു കേസിനെ തുടര്‍ന്ന് പബ്ലിക് ട്രസ്റ്റായി രൂപാന്തരപ്പെടുകയുണ്ടായി.ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.ഗുരു തുറന്നിട്ട വഴികളിലൂടെയായിരുന്നു സ്വാമിയുടെ സഞ്ചാരം.ഗുരു ധര്‍മ്മ പ്രചരണമാണ് ധര്‍മ്മ സംഘത്തിന്റെ മുഖ്യലക്ഷ്യമെന്ന് സ്വാമി കണ്ടിരുന്നു.ഗുരുധര്‍മ്മത്തിന്റെ ഉള്‍വെളിച്ചം ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ടാണ് സ്വാമി ധര്‍മ്മ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്.ശിവഗിരിയില്‍ നിന്ന് ഉയരുന്ന ജാതിവിരുദ്ധ സന്ദേശം മനുഷ്യകുലത്തിന്റെ നെഞ്ചില്‍ പ്രാണവായു ആക്കി മാറ്റാനായിരുന്നു സ്വാമിയുടെ ശ്രമം.ഇതേ സമയം സ്വാമിക്ക് ശക്തമായ എതിര്‍പ്പും കൂടി വന്നുകൊണ്ടിരുന്നു.സ്വാമി എക്കാലവും ഗുരുവിനോട് ഏറ്റവും അടുത്ത് നില്‍ക്കുവാനാണ് യത്‌നിച്ചിട്ടുള്ളത്.അതിനാല്‍ എതിര്‍പ്പുകളിലൊന്നും സ്വാമി വ്യാകുലനായിട്ടില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു ശിവഗിരിമഠം സന്ദര്‍ശിക്കുന്നത് സ്വാമി ആനന്ദ തീര്‍ത്ഥ ധര്‍മ്മ സംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്താണ്. 

സ്വാമിയെ ഒറ്റപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങള്‍ പല ഭാഗത്ത് നടക്കുമ്പോഴും അചഞ്ചല ചിത്തനായി ഗുരുസന്ദേശത്തിന്റെ വെളിച്ചം പകരുകയായിരുന്നു.ഗുരുവിന്റെ ഗൃഹസ്ഥശിഷ്യന്മാര്‍ കാണിക്ക അര്‍പ്പിച്ച വസ്തുക്കളില്‍ അവകാശമുന്നയിച്ചുകൊണ്ട് പിടിമുറുക്കിയവരുടെ മുന്നില്‍ സ്വാമി ഒറ്റയാള്‍ പട്ടാളമായി ചെറുത്തു നിന്നു.ഗുരു സമ്പാദിച്ചു നല്‍കിയ പുണ്യ ഭൂമികളൊന്നും നഷ്ടപ്പെടുത്തരുത് എന്ന് ഉറച്ച തീരുമാനമെടുത്തിരുന്ന സ്വാമിയെ ശ്രീനാരായണ ധര്‍മ്മത്തിന്റെ പ്രചാരകരായി നില്‍ക്കുന്നവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുയുണ്ടായി.ഗുരുധര്‍മ്മം ശിരസ്സേറ്റി നില്‍ക്കുമ്പോഴും അതിനുവേണ്ടി സന്ധിയില്ലാതെ പോരാടുമ്പോഴും ഏല്‍ക്കുന്ന ഏത് മര്‍ദ്ദനവും,ഏത് തിരസ്‌കാരവും സ്വാമി ആനന്ദതീര്‍ത്ഥന് സുഗന്ധഹാരമായിരുന്നു.

ശരീരം മുഴുവന്‍ മര്‍ദ്ദനത്തിന്റെയും വേദനയുടെയും പാടുകള്‍ നിഴലിച്ച് കിടക്കുമ്പോഴും സ്വാമിക്ക് ആരോടും പകയോ വിദ്വേഷമോ തോന്നിയിരുന്നില്ല.ഏറ്റുമുട്ടലുകളെ സത്സംഗമമായും അപമാനങ്ങളെ അപദാനങ്ങളായും ഒറ്റപ്പെടുത്തലിനെ അനുഗ്രഹമായും തിരസ്‌കാരങ്ങളെ അംഗീകാരങ്ങളുമായും സ്വീകരിച്ചിരുന്ന അപൂര്വ വ്യക്തിയായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.

ധര്‍മ്മ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം കാലാവധി തീരും മുമ്പ് ഉപേക്ഷിച്ച സ്വാമി പയ്യന്നൂരിലേക്ക് യാത്രയായി.അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത അനുഭവങ്ങളെ ആഭരണങ്ങളായി ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്,ഗുരുധര്‍മ്മത്തിന്റെ പാതയിലൂടെ സ്വാമി ഏകാകിയായി യാത്ര ചെയ്തു.തിക്താനുഭവങ്ങലെയെല്ലാം മധുരസ്മരണകളായി കാണാനാണ് സ്വാമി ഇഷ്ടപ്പെട്ടിരുന്നത്.ആരോടും പരിഭവമില്ലാതെ തിരസ്‌കാരങ്ങളെ സ്തുതി ഗീതങ്ങളാക്കിക്കൊണ്ടു സ്വാമി ആന്ദ തീര്‍ത്ഥ കാല്‍പ്പാടുകള്‍ മാത്രം ബാക്കിയാക്കി കടന്നു പോവുകയായിരുന്നു.

നവംബര്‍ 21ആം തിയതി സ്വാമിയുടെ സമാധി ദിനം.
1905 ജനുവരി 2നു സ്വാമിയുടെ ജനനം.
(പട്ടികജാതി-വര്‍ഗ്ഗ വികസന വകുപ്പിന്റെ പ്രസിദ്ധീകരണമായിരുന്ന പടവുകളുടെ 2005 ഫെബ്രുവരി ലക്കത്തിലാണ് ഈ ലേഖനം കൊടുത്തിട്ടുള്ളത്)

2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

പതിതകള്‍ക്കെഴുതിയ വിലാപകാവ്യം

സിനിമ.

കണ്ണന്‍ മേലോത്ത്.

സ്‌കോട്ടലന്റുകാരനായ പീറ്റര്‍ മുള്ളന്‍ സംവിധാനം ചെയ്ത 'മഗ്ദലേന്‍ സിസ്റ്റേഴ്‌സി'ലൂടെ മതഭീകരതയുടെ മറ്റൊരു ക്രൂരരേഖകൂടി വെളിച്ചം കാണുകയാണ്.വെനീസില്‍ ഈ പടം ഉന്നത ബഹുമതിയായ 'ഗോള്‍ഡന്‍ ലയണ്‍' നേടുകയും മാമൂല്‍ വ്യവസ്ഥകളില്‍ അത് ഉളവാക്കിയ അലോസരങ്ങള്‍ പിറ്റര്‍ മുള്ളന്റെ പ്രഖ്യാപനം വന്നതോടെ വര്‍ധിക്കുകയും ചെയ്തു.കത്തോലിക്കന്‍ മതഭീകരതയോടുള്ള കേവലമായ എതിര്‍പ്പില്‍നിന്നല്ല,അയര്‍ലണ്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിനുള്ള അവരുടെ മതാധികാരം ദൈവദത്തമാണെന്നുള്ള ധാര്‍ഷ്ട്യങ്ങളെ തുരത്തുന്നതിനായാണ് പടത്തിലെ ഊന്നലുകള്‍ എന്നതാണ് ആ പ്രഖ്യാപനം.

 
1960ല്‍ സ്ഥാപിച്ച ഒരു കന്യാസ്ത്രി മഠത്തിലേക്ക് പാപക്കുറ്റം ചുമത്തി എത്തിക്കുന്ന പെണ്‍കുട്ടികളുടെ മേല്‍ മൃഗീയപീഡനങ്ങള്‍ ഏല്‍പ്പിച്ചുകൊണ്ട് നടപ്പാക്കിയിരുന്ന പാപനിവാരണ പരിപാടിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക രേഖയായി ഈ പടം ആവിഷ്‌കാരം കൊള്ളുന്നു.1970 ആയപ്പോഴേക്കും കാരുണ്യമാതാക്കള്‍ നടത്തിയിരുന്ന ഈ പാപനിവാരണകേന്ദ്രത്തില്‍ വെച്ച് 30.000ല്‍ അധികം വരുന്ന പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.ഇടവക വികാരിമാരും സ്ഥാപനമേധാവികളും കുടുംബാങ്ങളുടെ ഒത്താശയോടെയാണ് മഠത്തിലേക്ക് പെണ്‍കുട്ടികളെ തള്ളിവിട്ടിരുന്നത്.വാസ്തവത്തില്‍ അപ്പോള്‍ മാത്രമാണ് അവര്‍ പതിതകളായി മാറിയിരുന്നത്.പാപനിര്‍മാര്‍ജന പരിപാടിയിലെ മൃഗീയമുറയനുസരിച്ച് ആദ്യം പെണ്‍കുട്ടികളെ ലൈംഗിക പീഡകള്‍ക്ക് വിധേയരാക്കുന്നു.അതിനുശേഷം മഠത്തിലെ അലക്കുപണിയും അഴുക്കുനീക്കലും രാപകല്‍ വ്യത്യാസമില്ലാതെ,വേതന-വിശ്രമങ്ങളില്ലാതെ വര്‍ഷം മുഴുവനും ചെയ്യിക്കുന്നു.ആശ്രമത്തിലെ അഴുക്കുകള്‍ നീങ്ങിക്കിട്ടുമ്പോള്‍ പാപിനികളും ആത്മാവില്‍ ശുദ്ധീകരിക്കപ്പെടുമെന്നാണ് മത ബോധനങ്ങള്‍ അനുശാസിക്കുന്നത്.അടുത്തകാലത്ത്,1996ല്‍ ആണ് ആ മഠം അടച്ചുപൂട്ടിയത്.

 
ഒരു വിവാഹാഘോഷ വേളയില്‍ വെച്ച് മാര്‍ഗരറ്റ് എന്ന തരുണി തന്റെ മച്ചുനനാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നു.ഒരു കൂട്ടുകാരി വഴിക്ക് വിവരമറിഞ്ഞ വീട്ടുകാര്‍ യാതൊരു വിശദീകരണത്തിനും ഇടകൊടുക്കാതെ ആവളെ പിടിച്ച് മഠത്തിലേല്‍പ്പിക്കുന്നു.അനാഥാലയത്തിലെ സുന്ദരിയായ അന്തേവാസിയായിരുന്ന ബെര്‍ണാഡെത്ത് എന്ന നമറ്റൊരു പെണ്‍കുട്ടിയേയും കുറേ കശ്മലന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചതു നിമിത്തം ആലയാധികാരികളാല്‍ത്തന്നെ മഠത്തിലേക്ക് വലിച്ചെറിയപ്പെട്ടു.അവിവാഹിതയായ റോസെന്ന യുവതി,മഠത്തിലെത്തപ്പെട്ടത് ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അതിന്റെ ഭാവി ശോഭനമാക്കാനെന്ന മട്ടിലുള്ള പള്ളീലച്ചന്മാരുടെ വ്യാജോപദേശത്തില്‍ കുടുങ്ങിയാണ്.സദാസമയവും ക്രിസറ്റഫര്‍ പുണ്യവാളന്റെ രൂപവും താലോലിച്ചുകഴിയുന്ന ക്രിസ്പിനയാണ് മറ്റൊരു ദുരന്തകഥാപാത്രം.തന്നില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ട മകനുമായി സംഭാഷണത്തിലേര്‍പ്പെടുന്നതിനുള്ള പരിശുദ്ധ വിനിമയമാപിനിയായി ആ തിരുരൂപം അവള്‍ ഉപയോഗിച്ചുവരികയായിരുന്നു.നരകത്തേക്കാള്‍ ഭീകരമായ ശിക്ഷാ നടപടികളുള്ള ആ മഠത്തിലെ നിഷ്ഠൂരതകളില്‍നിന്ന് രക്ഷനേടുന്നതിനുള്ള കവചമായി തന്റെ ഈ ഭ്രാന്തിനെ ക്രിസ്പിന രൂപപ്പെടുത്തിയിരുന്നു.

 ഈ ദേവശുശ്രൂഷാകേന്ദ്രത്തിലെ നരകക്കുഴിയില്‍നിന്ന് ഒളിച്ചുകടക്കുവാന്‍ മാര്‍ഗരറ്റും ബെര്‍ണാഡെത്തും ചേര്‍ന്ന് ശ്രമം നടത്തിയെങ്കിലും ഇതേപോലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ട യൂന എന്ന യുവതിക്ക് രേരിടേണ്ടിവന്ന അതിഭീകരമായ തിരിച്ചടി കണ്ടിട്ട് അതില്‍നിന്ന് പിന്‍ വലിഞ്ഞു.ദേവനോട് ചെയ്യുന്ന അക്ഷന്തവ്യമായ പാപത്തെ ഭയന്ന് യൂനയുടെ അച്ഛന്‍തന്നെ അവളെ മഠത്തിലേക്ക് തിരികെ തല്ലിയോടിക്കുകയാണുണ്ടായത്.മഠത്തില്‍ തിരിച്ചത്തിയ യൂനയുടെ തലമുടി സാത്താനികവികാരങ്ങള്‍ കുടിപാര്‍ക്കുമെന്നാരോപിച്ച് മതഭീകരതയുടെ സ്‌ത്രൈണരൂപമായ മഠാധിപതി സിസ്റ്റര്‍ ബ്രിജെറ്റ് ചെത്തിപ്പറിച്ചുകളഞ്ഞു.എങ്കിലും രക്ഷപ്പെടാനുള്ള ത്വര ബെര്‍ണാഡെത്തില്‍ ശക്തിപ്പെടുകയാണുണ്ടായത്.ഇങ്ങനെ രക്ഷപ്പെടാന്‍ ശ്രമിച്ച ഗുരുതരമായ കുറ്റത്തിന് റോസിനെ പിടിച്ചുകൊണ്ടുവന്ന് നഗ്നയാക്കിയശേഷം കന്യാസ്ത്രികള്‍ ചേര്‍ന്ന് മൃഗീയ ലൈംഗിക പീഡകളേല്‍പ്പിച്ച് അവളുടെ ശരീരം ഇടിച്ചുപിഴിയുന്നതുകണ്ടപ്പോള്‍ മഠത്തിലെ പതിതകളെ രക്ഷിക്കുവാന്‍ മരണംപോലും കടന്നുവരികയില്ല എന്ന് അവര്‍ ഉറപ്പിച്ചു.സിസ്റ്റര്‍ ബ്രിജെറ്റിനെ പോലെയുള്ള പള്ളീലമ്മമാര്‍ പതിതകളെ മര്‍ദ്ദിക്കുന്നതിനുള്ള അധികാരം ദൈവദത്തമാണെന്ന് കതുതുക മാത്രമല്ല സ്വയം ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്ന് തെളിയിക്കുന്നതിനുള്ള ബിരുദവും മതബോധനങ്ങളില്‍ നിന്ന് സമ്പാദിച്ചിരുന്നു.അതിലെ അനുശാസനങ്ങളില്‍ നിന്നാണ് മാനവികതയുടെ സമരബോധത്തെ ഷണ്ഡീകരിക്കുന്ന ഫാസിസ്റ്റ് പ്രവണത അവര്‍ക്ക് സിദ്ധിച്ചിരുന്നത്.

സിസ്റ്റര്‍ ബ്രിജറ്റിനെ ജെറാള്‍ഡിന്‍ മക്ഇവാനും മാര്‍ഗരറ്റിനെ ആനി മേരി ഡഫും ബെര്‍ണാഡെത്തിനെ നോറ-ജാന്‍ നൂണും റോസിനെ ഡൊറോത്തി ഡഫും ക്രിസ്പിനയെ എയ്‌ലീന്‍ വാല്‍ഷും യൂനയെ മേരി മുറെയും അവതരിപ്പിക്കുന്നു.

ചാനല്‍4 സംപ്രേക്ഷണം ,ചെയ്ത 'സെക്‌സ് ഇന്‍ എ കോള്‍ഡ് ക്ലൈമറ്റ്'എന്ന ഡോക്യുമെന്റെറി കണ്ടതിനുശേഷമാണ് ഐറിഷ് സാമൂഹ്യ ചരിത്രത്തിലെ ക്രൂരരേഖകള്‍ അടങ്ങുന്ന ഈ ദുരന്തനാടകം സാക്ഷാത്കരിക്കുന്നതിനുള്ള പ്രേരണ പീറ്റര്‍ മുള്ളന് ലഭിക്കുന്നത്.രംഗാവതരണകലയില്‍ അരങ്ങേറ്റം കുറിച്ച പീറ്റര്‍ മുള്ളന്‍ 1990ല്‍ 'ദി ബിഗ് മാന്‍' 'റിഫ് റാഫ്റ്റ്' എന്നീ രണ്ട് സിനിമകളില്‍ അഭിനയിച്ചുകൊണ്ട് ഈ രംഗത്തേക്ക് പ്രവേശിച്ചു.

പീറ്റര്‍ മുള്ളന്
സംവിധായകനെന്ന നിലയില്‍ ആദ്യ പടം 'ഓര്‍ഫാന്‍സ്'1998ലെ വെനീസ് ഫെസ്റ്റിവെലില്‍നിന്ന് 5 അവാര്‍ഡുകള്‍ നേടിയിരുന്നു.അതേവര്‍ഷം തന്നെ കാന്‍ ഫെസ്റ്റിവെലില്‍ നിന്ന് കെന്‍ ലോക് സംവിധാനം ചെയ്ത 'മൈ നേം ഈസ് ജോ' എന്ന പടത്തില്‍ ജോവിനെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള അവാര്‍ഡ് നേടിയിരുന്നു.1995 ഓസ്‌കാര്‍ അവാര്‍ഡ് നേടിയ മെല്‍ ഗിബ്‌സന്റെ 'ബ്രേവ് ഹാര്‍ട്ടി'ല്‍ പങ്കെടുത്താണ് പ്രസിദ്ധിയിലേക്കുയര്‍ത്തിയ മറ്റൊരു സംരംഭം.
 2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ശ്രീനാരായണഗുരുദേവന്റെ ജീവിതവും ദര്‍ശനവും. പ്രൊഫ.എം.കെ സാനുവുമായുള്ള അഭിമുഖം.

വായന

ജെയിംസ് ജോസഫ്,രതീഷ് എന്‍.ആര്‍.


(2002 ആഗസ്റ്റ് ലക്കത്തിലെ "വൈക്കം മെയില്‍" മാസികയിലാണ് ഈ അഭിമുഖം കൊടുത്തിട്ടുള്ളത്.)

?അധ്യാപകന്‍,സാഹിത്യകാരന്‍,നിരൂപകന്‍,ജീവചരിത്രകാരന്‍ എന്നീ മേഖലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിയാണല്ലോ താങ്കള്‍.ശ്രീനാരായണഗുരുദേവന്റെ ജീവചരിത്രം എഴുതിയവരില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരുമുണ്ട് അല്ലാത്തവരുമുണ്ട്.ഗുരുദേവന്‍ ജനിച്ച വര്‍ഷം ഓരോരുത്തരും ക്രി.വ.1854,1855,1856
(കൊ.വ.1030,1031,1032)എന്നിങ്ങനെ വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ജനിച്ച വര്‍ഷം പോലും കൃത്യമായി രേഖപ്പെടുത്താന്‍ കഴിയാത്ത എല്ലാ ജീവചരിത്രഗ്രന്ഥങ്ങളും വസ്തുനിഷ്ഠമല്ല.ആത്മനിഷ്ഠമാണ് എന്നു പറഞ്ഞാല്‍ യോജിക്കുമോ?

ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്ത് 3 ലഘു ജീവചരിത്രങ്ങള്‍ പ്രകാശിതമായിട്ടുണ്ട്.ആദ്യത്തോതു കുമാരനാശാന്‍ വിവേകോദയത്തില്‍ സീരിയലൈസ് ചെയ്ത് പ്രസിദ്ധീകരിച്ച ജീവചരിത്രമാണ്.കുമാരനാശാന്‍ സ്വാമിയേക്കാള്‍ 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞതിനാല്‍ അതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.രണ്ടാമത്തേതും കുമാരനാശാന്‍ തന്നെയാണ് തയ്യാറാക്കിയത്.സ്വാമിയുടെ ഷഷ്ടിപൂര്‍ത്തി പ്രമാണിച്ച് ആശാന്‍ ഒരു ലഘു ജീവചരിത്രം പ്രസംഗരൂപത്തില്‍ അവതരിപ്പിച്ചു.അതും സ്വാമിയെ കണ്ട് വായിച്ച് കേള്‍പ്പിച്ച് അംഗീകാരം നേടിയ ശേഷമാണ്.പിന്നീട് ഒന്ന് പ്രസിദ്ധീകരിച്ചത് 1927ല്‍ ആണ്.സ്വാമി സമാധിയാകുന്നതിന് 1 വര്‍ഷം മുമ്പ്.അത്,എസ്.എന്‍.ഡി.പി.യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ശ്രീ.ടി.കെ.നാരായണന്‍ എഴുതിയ ശ്രീനാരായണഗുരുദേവന്‍ എന്ന ജീവചരിത്ര ഗ്രന്ഥമാണ്.ഈ 3 ജീവചരിത്രഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത് ക്രി.വ.1856 എന്നാണ്.സ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷികം ആഘോഷിക്കാറുണ്ടായിരുന്നു.50ആമത് ജന്മ വാര്‍ഷികം 1906ല്‍ ആണ് ആഘോഷിച്ചത്.അത് 50 വര്‍ഷം പുറകോട്ടുവന്നാല്‍ 1856 ആകും.ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചത് 1916ല്‍ ആണ്.അത് പുറകോട്ടുവന്നാല്‍ 1856ആണ്.ജനന വര്‍ഷത്തെക്കുറിച്ചുള്ള ഈ അവ്യക്തത സ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് ഉണ്ടായിരുന്നില്ല.സ്വാമിയുടെ സപ്തതി ആഘോഷം 1926ല്‍ ആണ്.1926ല്‍ നിന്നും 70 കുറച്ചാല്‍ 1856 എന്ന് കിട്ടും.സ്വാമി ജീവിച്ചിരുന്ന കാലത്ത് യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല.പില്‍ക്കാലത്ത് ആരുടെയോ സൃഷ്ടിയാണ് ഈ കുഴപ്പം.അതെല്ലാം അസത്യവും അടിസ്ഥാനരഹിതവുമാണ്.മറ്റൊരു തെളിവുകൂടിയുള്ളത് സ്വാമികള്‍ സമാധിയാകുന്നതിന് ഒന്നോ രണ്ടോ മാസം മുമ്പാണ് ധര്‍മ്മ സംഘം ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്.സ്വാമികള്‍ അന്ന് പറഞ്ഞുകൊടുത്ത ജനനവര്‍ഷം 1856 ആണ്. ഗുരുദേവന്‍ മാസികയില്‍ അവര്‍ ജ്യോതിഷ പ്രകാരം നോക്കിയപ്പോള്‍ ഒരു മഹാന്‍ ജനിക്കുന്ന വര്‍ഷം 1855ല്‍ ആണ്.ഇത് ഞാന്‍ മരിച്ചതിനുശേഷം എന്നെപ്പോലെ ഒരാള്‍ ജനിക്കാന്‍ പറ്റിയ വര്‍ഷം ഏതാണ് എന്നാണോ ജ്യോത്സ്യക്കാര്‍ നോക്കേണ്ടത്.ജ്യോത്സ്യക്കാര്‍ ഉണ്ടാക്കിയ വര്‍ഷമാണ് ശിവഗരിക്കാര്‍ ഫോളോ ചെയ്യുന്നത്.എസ്.എന്‍.ഡി.പി.യോഗക്കാര്‍ ഒരു വര്‍ഷം മുമ്പേ വെച്ചിട്ടുണ്ട്,1954.അതിന് പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ല.
?അബ്രാഹ്മണന് ശിവപ്രതിഷ്ഠക്ക് അധികാരമുണ്ടോ എന്ന ചോദ്യത്തിന് "ഈഴവശിവനെയാണല്ലോ പ്രതിഷ്ഠിച്ചത്" എന്നും "ബ്രാഹ്മണശിവനെയല്ലല്ലോ നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയല്ലേ അത് പാടില്ലെന്ന് എവിടെ വിധിച്ചിരിക്കുന്നു" എന്നിങ്ങനെ പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് കാണുന്നത് ഇതില്‍ ഏതാണ് ശരി?
നാം ഈഴവശിവനെയാണല്ലോ പ്രതിഷ്ഠിച്ചത് എന്ന ഒറ്റ വാക്യത്തില്‍ നിര്‍ത്തുകയാണ് സ്വാമികള്‍ ചെയ്തത്.അത് രേഖപ്പെടുത്തിയിട്ടുമുണ്ട്.ബ്രാഹ്മണശിവനെയല്ലല്ലോ എന്നെല്ലാമുള്ള പ്രസ്താവനകള്‍ പില്‍ക്കാലത്ത് ആരോ ഉണ്ടാക്കിയതാണ്.1940ന് മുമ്പുള്ള ഒരു രേഖയിലും ഈ ചോദ്യം കാണുകയില്ല.സ്വാമി മിതഭാഷിയാണ്.അതുകൊണ്ട് ബ്രാഹ്മണശിവനെ അല്ലല്ലോ എന്ന് സ്വാമി ഒരുകാലത്തും പറയുകയില്ല.അദ്ദേഹത്തിന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഈഴവശിവനെ ആണല്ലോ എന്നത് അദ്ദേഹത്തിന്റെ പ്രതേകരീതിയിലുള്ള-എന്നുവെച്ചാല്‍ നിങ്ങള്‍ക്ക് അങ്ങനെ കരുതണമെങ്കില്‍ അങ്ങനെ കരുതിക്കോ എന്നാണ് അതിന്റെ ധ്വനി.
?ഗുരുവിന്റെ മതദര്‍ശനത്തെപ്പറ്റി ശൈവസിദ്ധാനുപ്രാണിതമായ അദൈ്വതമാണെന്ന് ഡോ.ടി.ഭാസ്‌കരന്‍ നമുക്ക് പ്രത്യേകം ഒരു തത്വശാസ്ത്രമില്ല,തത്വശാസ്ത്രത്തില്‍ നാം ശങ്കരനെ പിന്‍തുടരുന്നു എന്നു ഗരുദേവന്‍ തന്നെ പറഞ്ഞിട്ടുണ്ട്.എന്നു പറഞ്ഞാല്‍ ഗുരുദേവന് സ്വന്തമായി ഒരു ദര്‍ശനമില്ല എന്ന അര്‍ത്ഥം വരുന്നില്ലേ?
തത്വശാസ്ത്രവുമില്ലാ എന്ന് പറഞ്ഞിട്ടില്ല.നമുക്ക് സ്വന്തമായ ഒരു ദര്‍ശനമില്ല അദൈ്വതമല്ലാതെ.ശ്രീശങ്കരന്റെ അദൈ്വതമല്ലാതെ നമുക്ക് സ്വന്തമായൊരു ദര്‍ശനം എന്റേതുമാത്രം എന്നു പറയത്തക്ക തരത്തില്‍ ഉണ്ടായിട്ടില്ല.അത് പരമ്പരാഗതമായി പോന്ന അദൈ്വതം നാം എടുത്തിരിക്കുന്നു.അതും ഏതോ ഒരു സെന്‍സസ് റിപ്പോര്‍ട്ടിനുവേണ്ടി കമ്മീഷന്‍ ചോദിച്ചപ്പോള്‍ ഗുരുദേവന്‍ പറഞ്ഞ ഉത്തരമാണ് എന്ന് നടരാജഗുരു  രേഖപ്പെടുത്തിയിട്ടുണ്ട്.അദൈ്വതമാണ് അദ്ദേഹത്തിന്റെ ഫിലോസഫി.അദൈ്വതമാണല്ലോ അദ്ദേഹം എഴുതിയിരിക്കുന്നതു മുഴുവന്‍.അദ്ദേഹം ഗദ്യത്തില്‍ പറഞ്ഞിരിക്കുന്നതും പദ്യത്തില്‍ പറഞ്ഞിരിക്കുന്നതുമെല്ലാം അദൈ്വതമാണ്.
?കീഴാള ജനവിഭാഗത്തിന്റെ ആരാധനാ മൂര്‍ത്തികള്‍ക്ക് പകരം സുബ്രഹ്മണ്യനെയും ശാരദയെയുമൊക്കെ പ്രതിഷ്ഠിച്ചുകൊണ്ട് ഹിന്ദുമത വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകയാണ് ഗുരുദേവന്‍ ചെയ്തത്.ഭാരതത്തിലെ കീഴാള വര്‍ഗം ഹിന്ദുമതത്തിന് വെളിയിലാണ് എന്ന കാഞ്ച ഇളയ്യയുടെ അഭിപ്രായം വെച്ച് പരിശോധിക്കുമ്പോള്‍ ഇതില്‍ എത്രത്തോളം ശരിയുണ്ട്?
ഞാന്‍ നോക്കിയിട്ടില്ല.പക്ഷെ,ശൈവ അനുഷ്ഠാനങ്ങളാണ് മിക്കവാറും സ്വാമികള്‍ അനുവര്‍ത്തിച്ചു പോന്നത്.ശിവന്‍,സുബ്രഹ്മണ്യന്‍,ദേവി,പ്രാര്‍ത്ഥനകള്‍ അതെല്ലാം ശൈവമാതൃകയിലാണ് കൊണ്ടുപോന്നിട്ടുള്ളത്.പിന്നെ ഒരു സിദ്ധാന്തത്തില്‍ മാത്രം അങ്ങനെ ഒതുങ്ങുന്ന വ്യക്തിയല്ല സ്വാമികള്‍ എന്ന് തോന്നിപ്പോകുന്നു.പൊതുവായ രീതിയില്‍ ഹരിജനങ്ങളെന്നും ദളിതരെന്നും പറയുന്നവരാണല്ലോ കീഴാളവര്‍ഗം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.അവരും ഹിന്ദുക്കളാണല്ലോ.പഴയകാലം മുതല്‍ പക്ഷെ,അവരെ അമ്പലത്തില്‍ കയറ്റിയിരുന്നില്ല.അത് ഹിന്ദുമതത്തിന്റെ അഭ്യന്തര കുഴപ്പം കൊണ്ടാണ്.ഈഴവരെയും അമ്പലത്തില്‍ കയറ്റിയിരുന്നില്ല.അതുകൊണ്ട് അവര്‍ ഹിന്ദുക്കളല്ല എന്നു പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.സെന്‍സസ് റിപ്പോര്‍ട്ടില്‍ അവരെ ഹിന്ദുക്കളായിട്ടാണ് പെടുത്തിയിരിക്കുന്നത്.ജാതി ഏത് എന്ന ചോദിച്ചാല്‍ ജാതി-പുലയന്‍ മതം ഹിന്ദു,ജാതി-ഈഴവന്‍ മതം ഹിന്ദു.ഇങ്ങനെയാണ് പണ്ടുകാലം മുതല്‍ എഴുതിയിരുന്നത്.പിന്നെ ഒരു പരിധിവരെ ഹിന്ദുമതത്തിന് പുറത്താണെന്നു പറയാം.ഈഴവനും പുറത്താണെന്നു പറയാം.കീഴാളവര്‍ഗത്തില്‍ ഇവര്‍ പെടുമെങ്കില്‍.ഈ കീഴാള വര്‍ഗത്തിന് ക്ഷേത്രത്തില്‍ കയറാന്‍ സാധിച്ചിരുന്നില്ല.സവര്‍ണരെ പോലെ പേരിടാന്‍ വയ്യ.ഡ്രസ്സ് ധരിക്കാന്‍ വയ്യ എന്നിങ്ങനെ പലതും ഉണ്ടായിരുന്നു.ഒരു മതത്തിലുള്ള ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരോടു കാണിച്ച ക്രൂരതയോ മനുഷ്യത്വമില്ലായ്മയോ ആണത്.

?ഗുരുവിന്റെ കവിതകള്‍ മൗലിക ലാവണ്യവും ഭാവനാ വിലാസവും ദാര്‍ശനിക ദീപ്തിയും വെളിപ്പെടുത്തുന്നതാണ് എന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്.മലയാള കവിതയില്‍ എന്തു സ്വാധീനമാണ് ഗുരുദേവനുള്ളത്.?

നാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ കവിതക്ക് സ്വാധീനമുണ്ടെന്നു തോന്നുന്നില്ല.ആദര്‍ശം എന്ന രീതിയില്‍ ദ്ദേഹം പറഞ്ഞ ഒരുജാതി,ഒരു ദൈവം പിന്നെ എല്ലാ മനു
ഷ്യരും തുല്യരാണ് അതൊക്കെ അദ്ദേഹം നേരേ പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.അതിന് പില്‍ക്കാലത്ത് സ്വാധീനവുമുണ്ടായി.ഗുരുവിന്റെ കവിതകള്‍ ഏകാന്തോജ്വലം എന്ന് പറയുന്ന തരത്തിലുള്ളതാണ്.അതിനെ അനുകരിക്കുവാനോ ആവഴിക്ക് പോകുവാനോ മുതിര്‍ന്നിട്ടില്ല.കുമാരനാശാന്റെ ആദ്യകാല സ്‌തോത്രകൃതികള്‍ വേണമെങ്കില്‍ സ്വാമികളുടെ സ്‌ത്രോത്രകൃതികളുടെ അനുകരണമാണ്,അവയുടെ സ്വാധീനത്തില്‍ പെട്ടതാണ് എന്ന് പറയാം.പിന്നീട് ആശാന്‍ ആ വഴികള്‍ വിട്ട് സ്വന്തമായ വഴിയിലൂടെ സഞ്ചരിച്ചു.

?സ്വാമികള്‍ ഒരു മിസ്റ്റിക് കവിയാണെന്ന് പറഞ്ഞാല്‍ യോജിക്കുമോ?
നാരായണഗുരുവിനെ ഒരു മിസ്റ്റിക് കവിയായിട്ടാണ് ഞാന്‍ കാണുന്നത്.ഈശ്വരാനുഭവത്തിന്റെ കവിതകള്‍ സ്വാമികളുടേത് മാത്രമേയുള്ളൂ.മലയാളത്തില്‍ അദ്ദേഹം മാത്രമാണ് മിസ്റ്റിക് കവിയായിട്ടുള്ളത്.

?ശ്രീനാരായണഗുരുവിന്റെ കവിതകളെപ്പറ്റിയുള്ള പഠനങ്ങള്‍ ഉണ്ടാകാതിരുന്നത് സാഹിത്യം സവര്‍ണവര്‍ഗത്തിന്റെ കൈപ്പിടിയില്‍ ആയിരുന്നതു കൊണ്ടല്ലേ?
കവിതാ പഠനമെന്നു പറയുന്നത് കവിതയുടെ ശബ്ദാര്‍ത്ഥങ്ങള്‍ സമ്മേളിക്കുക അതിന്റെ അപ്പുറത്തേക്ക് പോകുന്ന അതിന്റെ അന്തരീക്ഷം മറ്റു പലതും പരിശോധിക്കണം.അങ്ങനെയൊന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല.കാരണം കവിതയുടെ പരിമിതിയല്ല.അത് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒരു മനസ്സില്ല എന്നതാണ് സത്യം.സ്വാമികളുടെ കവിതകളെപ്പറ്റി എഴുതാന്‍ പറ്റിയ ഒരു വിമര്‍ശകമനസ്സുണ്ടല്ലോ,അത് ഒരു വലിയ മനസ്സിനേ സാധിക്കുകയുള്ളൂ.അത് മലയാളത്തില്‍ ഉണ്ടായിട്ടില്ല.സ്വാമികള്‍ക്കുമാത്രമല്ല,എഴുത്തിനെപ്പറ്റി എന്തുപഠനമാണ് നടന്നിട്ടുള്ളത്.എഴുത്തച്ഛന്‍ അര്‍ഹിക്കുന്ന തരത്തിലുള്ള പഠനം ഉണ്ടായിട്ടില്ല.കാരണം എഴുത്തച്ഛന്റെ നേര്‍ക്കുള്ള അവഗണനയല്ല,അത് ഉള്‍ക്കൊള്ളാന്‍ പറ്റിയ വിമര്‍ശക മനസ്സ് മലയാളത്തില്‍ വന്നിട്ടില്ല.മലയാളത്തിലെ ഏറ്റവും ദുര്‍ബ്ബലമായ ശാഖയും വിമര്‍ശകനാണ്.അവന്‍ വാദം പിടിച്ചവനാണ്.മലയാളത്തിന്റെ പരിമിതിയാണ് അത് കാണിക്കുന്നത്. 


 

2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

ശ്രീനാരായണ ഗുരു-ഗാന്ധി സംവാദം

പുസ്തകം.


കെ.ആര്‍.മായ എഡിറ്റ് ചെയ്ത പസ്തകമാണ് 'ശ്രീനാരായണ ദര്‍ശനങ്ങള്‍'.മറ്റു ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള ഉദ്ധരണികളാണ് ഇതിന്റെ ഉള്ളടക്കം.അതില്‍നിന്ന് 'ശ്രീനാരായണ ഗുരു-ഗാന്ധി സംവാദം' പകര്‍ത്തുന്നു.ഇതിന്റെ മുല ഗ്രന്ഥത്തിന്റെ പേര് സൂചിപ്പിച്ചിട്ടില്ല.മൈത്രി ബുക്‌സ് തിരുവനന്തപുരമാണ് പ്രസാധകര്‍.


1925 മാര്‍ച്ച് മാസം 12ആം തിയതി 3 മണിക്ക് ഗാന്ധിജി ശിവഗിരിയിലെത്തി.ശ്രീ.എന്‍ കുമാരന്‍ സ്വാമിയുടെ മലയാളത്തിലുള്ള സംഭാഷണം ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തുകൊടുത്തു.

 ഗാന്ധിജി:ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജിക്ക് അറിവുണ്ടോ?

സ്വാമികള്‍:ഇല്ല.

ഗാന്ധിജി:ആ പ്രസ്ഥാനത്തില്‍ കൂടുതലായി വല്ലതും ചേര്‍ക്കണമെന്നോ,വല്ല മാറ്റവും വരുത്തണമെന്നോ സ്വാമിജിക്ക് അഭിപ്രായമുണ്ടോ?

സ്വാമികള്‍:അത് ഭംഗിയായി നടക്കുന്നുണ്ടെന്നാണറിവ്.അതില്‍ മാറ്റം വല്ലതും വരുത്തണമെന്ന് അഭിപ്രായമില്ല.

ഗാന്ധിജി:അധഃകൃത വര്‍ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ,എന്തെല്ലാം വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായം?

സ്വാമികള്‍:അവര്‍ക്കു വിദ്യാഭ്യാസവും ധനവും ഉണ്ടാകണം.മിശ്രഭോജനമോ മിശ്രവിവാഹമോ ഉടനടി വേണമെന്ന് പക്ഷമില്ല.നന്നാകാനുള്ള സൗകര്യം എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും ഉണ്ടാകണം.

ഗാന്ധിജി:അക്രമരഹിതമായ സത്യാഗ്രഹം കൊണ്ട് ഉപയോഗമില്ലെന്നും അവകാശസ്ഥാപനത്തിനു ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജിയുടെ അഭിപ്രായം എന്താണ്?

സ്വാമികള്‍:ബലപ്രയോഗം നല്ലതാണെന്നു നാം കരുതുന്നില്ല.

ഗാന്ധിജി:ബലപ്രയോഗം ഹൈന്ദവ ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ടോ?

സ്വാമികള്‍:രാജാക്കന്മാര്‍ക്കും മറ്റും അത് ആവശ്യമാണെന്നും അവര്‍ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളില്‍ കാണുന്നുണ്ട്.എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ബലപ്രയോഗം ന്യായമായിരിക്കില്ല.

ഗാന്ധിജി:മതപരിവര്‍ത്തനം ചെയ്യണമെന്നും സ്വാതന്ത്ര്യലബ്ധിക്ക് അതാണ് ശരിയായ വഴിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.സ്വാമിജി അതിന് അനുവാദം നല്‍കുന്നുണ്ടോ?

സ്വാമികള്‍:മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്.അതു കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നന്നെന്നു പറയുന്നതില്‍ അവരെ കുറ്റപ്പെടുത്താനില്ല.

ഗാന്ധിജി:ആധ്യാത്മികമായ മോക്ഷലാഭത്തിനു ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ?

സ്വാമികള്‍:അന്യ മതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോ?

ഗാന്ധിജി:അന്യ മതങ്ങളുടെ കാര്യം ഇരിക്കട്ടെ.ഹിന്ദുമതം മോക്ഷലാഭത്തിനു പര്യാപ്തമെന്നു തന്നെയോ സ്വാമിജിയുടെ അഭിപ്രായം?

സ്വാമികള്‍: ധാരാളം പര്യാപ്തം തന്നെ.ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികം ഇഷ്ടപ്പെടുന്നത്.

ഗാന്ധിജി:അയിത്താചാരവും മറ്റും കൊണ്ടുള്ള അസ്വാതന്ത്ര്യമല്ലെ? അതിരിക്കട്ടെ.ആധ്യാത്മിക മോക്ഷത്തിന് മതപരിവര്‍ത്തനം ആവശ്യമാണെന്ന് സ്വാമിജിക്ക് അഭിപ്രായമുണ്ടോ?

സ്വാമികള്‍:ആധ്യാത്മികമായ മോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ല.

ഗാന്ധിജി:ലൗകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത് അത് സഫലമാകാതെ വരുമോ?

സ്വാമികള്‍:അത് സഫലമാകാതെ വരികയില്ല.അതിന്റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും ഇവിടെ വരേണ്ടിവരും.

ഗാന്ധിജി:(ചിരിച്ചുകൊണ്ട്)എന്റെ ആയുഷ്‌കാലത്തില്‍ത്തന്നെ അത് സഫലമാകുമെന്നാണ് എന്റെ വിശ്വാസം.അധഃകൃതവര്‍ഗക്കാരില്‍ത്തന്നെ അയിത്താചാരം ഉണ്ടല്ലൊ.സ്വാമിജിയുടെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടോ?

സ്വാമികള്‍:എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.അവശ സമുദായങ്ങളിലെ ബാലന്മാര്‍ മറ്റുള്ളവരോടൊപ്പം ശിവഗിരി മഠത്തില്‍ താമസിച്ച് പഠിച്ചുവരുന്നു.ആരാധനാ കാര്യങ്ങളില്‍ സംബന്ധിക്കുന്നുമുണ്ട്.

ഗാന്ധിജി:വളരെ സന്തോഷം.

അനന്തരം തിരുവനന്തപുരത്തുവെച്ചു കൂടിയ മഹായോഗത്തില്‍ ഗാന്ധിജി ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി;മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാനിടയായതും ശ്രീനാരായണഗുരുസ്വാമികളെ സന്ദര്‍ശിക്കാനിടയായതും എന്റെ ജീവിതത്തിലെ പരമ ഭാഗ്യമായി ഞാന്‍ വിചാരിക്കുന്നു.ഗുരുസ്വാമിയുടെ മഹാത്മ്യത്തെക്കുറിച്ച് റീജന്റ് മഹാറാണി തിരുമനസ്സും എന്നോട് സംസാരിക്കുകയുണ്ടായി.


2012, സെപ്റ്റംബർ 18, ചൊവ്വാഴ്ച

ഗാന്ധിജി നാരായണ ഗുരുവിന്റെ ശത്രു.

വായന

ദളിത് ബന്ധു എന്‍.കെ.ജൊസ്.

ദളിത് ബന്ധു
'നമുക്ക് സന്യാസം തന്നത് ഇംഗ്ലീഷുകാരാണ്' ശ്രീ നാരായണഗുരുവിന്റെതാണ് ആ വാക്കുകള്‍.തിരുവിതാംകൂറില്‍ അന്ന് ബ്രിട്ടീഷ് അധീശത്വം നിലനിന്നിരുന്നതു മൂലമാണ് ഒരു അവര്‍ണ സ്ത്രീയില്‍ ജനിച്ച ശ്രീ നാരായണഗുരുവിന് ഒരു സന്യാസിയാകാന്‍ കഴിഞ്ഞത് എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുകയാണ് അദ്ദേഹം പ്രസ്തുത വാചകം വഴി ചെയ്തത്.ബ്രിട്ടീഷ് ആധിപത്യം ഇല്ലായിരുന്നുവെങ്കില്‍ തിരുവിതാംകൂറിലും ഇന്ത്യയിലും തല്‍സ്ഥാനത്ത് ഉണ്ടാകുമായിരുന്നത് ബ്രാഹ്മണാധിപത്യവുമാണ്.

രാമന്റെ രാജ്യത്ത് ശൂദ്രനുപോലും തപസ്സനുഷ്ഠിക്കാന്‍ അവകാശമില്ല.ശംബൂകനെ രാമന്‍ കൊന്നത് അയാള്‍ തപസ്സനുഷ്ഠിച്ചുവെന്ന ഒരേയൊരു കാരണത്താലാണ്.ശൂദ്രന്‍ ബ്രാഹ്മണന്റെ ജാരസന്തതിയാണ്.അതിനാല്‍ത്തന്നെ ബ്രാഹ്മണനുമായി രക്തബന്ധമുള്ളവനുമാണ്.ശൂദ്രന്‍ സവര്‍ണ വിഭാഗത്തില്‍ പെട്ടവനായത് അതുകൊണ്ടാണ്.അവര്‍ണന് ആ വിധ ബന്ധങ്ങളൊന്നുമില്ല.അതിനാല്‍ തപസ്സ് അനുഷ്ഠിക്കുന്ന അവര്‍ണന് രാമന്റെ രാജ്യത്തെ ശിക്ഷ ശിരഛേദനമായിരിക്കുകയില്ല.അതിലും കഠോരമായ എന്തെങ്കിലുമുണ്ടെങ്കില്‍ അതായിരിക്കും.മനുസ്മൃതി പ്രകാരം ഒരേ കുറ്റത്തിന് ജാതിവ്യത്യാസമനുസരിച്ചാണ് ശിക്ഷ നല്‍കേണ്ടത്.

തിരുവിതാംകൂറില്‍ ബ്രിട്ടീഷ് ആധിപത്യമുണ്ടായിരുന്ന കാലത്തുപോലും ബ്രിട്ടീഷുകാര്‍ നേരിട്ട് ഇടപെടാത്ത ഭരണമണ്ഡലങ്ങളില്‍ മനുസ്മൃതിയിലെ വകുപ്പുകളാണ് നടപ്പാക്കിയിരുന്നത്.അവര്‍ണ സ്ത്രീകളുടെ മാറുമറക്കല്‍ പ്രശ്‌നം വന്നപ്പോള്‍ സര്‍ക്കാര്‍ മനുസ്മൃതി പ്രകാരം സവര്‍ണരുടെ ഭാഗത്താണ് നിലകൊണ്ടത്.വഴിനടക്കാന്‍ പാടില്ല.തുണിയുടുക്കാന്‍ പാടില്ല.അക്ഷരം പഠിക്കാന്‍ പാടില്ല തുടങ്ങിയ മനുസ്മൃതി വകുപ്പുകള്‍ ഇവിടെ ബ്രിട്ടീഷ് മേധാവിത്വ കാലത്തും നടപ്പാക്കിയിരുന്നു.

ആ ബ്രാഹ്മണാധിപത്യം-രാമരാജ്യം വീണ്ടും കൊണ്ടുവരാനാണ് ഗാന്ധിജി ശ്രമിച്ചത്.അന്ന് അതിന് തടസ്സമായി നിന്നത് ഇംഗ്ലീഷുകാരാണ്.അതുകൊണ്ടുതന്നെ ഗാന്ധജി ഇംഗ്ലീഷുകാര്‍ക്കെതിരായി സമരം ചെയ്യുന്നതിന് നേതൃത്വം കൊടുത്തു.ഇംഗ്ലീഷുകാര്‍ പോയാല്‍ തല്‍സ്ഥാനത്ത് ബ്രാഹ്മണര്‍ വരണമെന്ന കാര്യത്തില്‍ ഗാന്ധിജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.അതുകൊണ്ടാണ് അദ്ദേഹം ജാതി സംവരണത്തിനെതിരെ സമരം ചെയ്തത്.ജാതി സംവരണം അവര്‍ണരേയും ദളിതരേയും ഭരണത്തില്‍ പങ്കാളികളാക്കുകയും ചെയ്താല്‍ ജനസംഖ്യയില്‍ ന്യൂനപ്കഷമായ ബ്രാഹ്മണര്‍ ഭരണത്തിന് പുറത്താകും.ജാതിസംവരണത്തോടുകൂടിയ രാഷ്ട്രീയ സംവരണത്തേക്കാള്‍ ഭേദം രാഷ്ട്രീയ പാരതന്ത്ര്യമാണ് എന്ന് ഗാന്ധിജി പൂനായില്‍വെച്ച് പ്രഖ്യാപിച്ചു.അവര്‍ണര്‍ ഭരണം നടത്തുന്ന നാട്ടില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുകയാണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല മരണം വരെയുള്ള ഉപവാസം ആരംഭിക്കുകയും ചെയ്തു.

വെയില്‍സ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനത്തെ ഗാന്ധിജിയുടെ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച കാലത്ത് ശ്രീ നാരായണഗുരുവിന്റെ അരുമ ശിഷ്യനായ കുമാരനാശാന്‍ രാജകുമാരന് മംഗളപത്രം എഴുതി സമര്‍പ്പിച്ചു.രാജകുമാരന്‍ ആശാന് പട്ടും വളയും സമ്മാനിച്ചു.ഗുരു അതില്‍ തെറ്റു കണ്ടെത്തിയിട്ടില്ലന്നു മാത്രമല്ല,ആശാനെ ശ്ലാഘിക്കുകയും കൂടി ചെയ്തു.

നാരായണഗുരുവില്‍നിന്നും വ്യത്യസ്തമായ സരണിയില്‍ കൂടിയാണ് ഗാന്ധിജി ചിന്തിച്ചത്.നാരായണഗുരുവിന്റെ സമാധിവരെ ഒരു കിഴവന്‍ പോലും തിരുവിതാംകൂറില്‍ ഗാന്ധിജിയുടെ കോണ്‍ഗ്രസില്‍ അംഗമായില്ല.ഗാന്ധി ജീവന്‍ ത്യജിച്ചും നേടാന്‍ ശ്രമിച്ചത് രാമരാജ്യം.നാരായണഗുരു ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചത് ജാതിഭേദമില്ലാത്ത ഒരു രാജ്യം രൂപം കൊടുക്കുന്നതിനുവേണ്ടി.അവരുടെ ആശയങ്ങള്‍ പരസ്പര വിരുദ്ധങ്ങളായിരുന്നു;ആശയപരമായി ഒരാള്‍ മറ്റൊരാളിന്റെ ശത്രുവായിരുന്നു. 
 
(ദളിത് വോയ്‌സ് മാസികയുടെ 1996 ഒക്‌ടോബര്‍ ലക്കത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്)

വൈക്കം സത്യാഗ്രഹവും ടി.കെ.മാധവനും.

വായന
എം.തങ്കപ്പന്‍ കൊയ്പ്പത്തില്‍ അടിയം.
(വൈക്കം മെയില്‍ മാസികയുടെ 2003 സെപ്തംബര്‍ ലക്കത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നത്)
ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു വൈക്കം സത്യാഗ്രഹം.തിരുവിതാംകൂറിന്റെ മണ്ണിലായിരുന്നു സത്യാഗ്രഹം അരങ്ങേറിയതെങ്കിലും അതിന്റെ പ്രസക്തിയും പ്രഭാവവും കേരളം മുഴുന്‍ ഗ്രസിച്ചിരുന്നു.ദേശീയ പ്രസ്ഥാനത്തിന്റെ മുഴുവന്‍ പ്രാതിനിധ്യവും വഹിച്ചിരുന്ന അന്നത്തെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും അതിന്റെ നേതൃത്വം കേരളത്തിലെ ജാതീയമായ ഉച്ചനീചത്വത്തെക്കുറിച്ചു മനസ്സിലാക്കിയതും വൈക്കം സത്യാഗ്രഹത്തോടെയായിരുന്നു.അയിത്തോച്ചാടനം ക്ഷേത്രപ്രവേശനം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസിനും ഗാന്ധിജിക്കും വൈക്കം സത്യാഗ്രഹത്തിനു മുമ്പും പിന്‍പും ഉണ്ടായ കാഴ്ചപ്പാടുകളുടെ വ്യത്യാസം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.ഇത്രതന്നെ പ്രധാന വ്യത്യാസമായിരുന്നൂ,പിന്നോക്ക സമുദായ പ്രസ്ഥാനങ്ങളെ ദേശീയ പ്രസ്ഥാനവുമായി ബന്ധിച്ചു മുന്നോട്ടു കൊണ്ടുപോകുവാനുള്ള ശ്രമവും.ഇതിനു നാം കടപ്പെട്ടിരിക്കുന്നത് ടി.കെ.മാധവനോടാണ്.

മാധവന്റെ സൃഷ്ടിയാണ് വൈക്കം സത്യാഗ്രഹം എന്നു പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയുണ്ടാകുമെന്നു തോന്നുന്നില്ല.മാത്രമല്ല ഒരു ജനകീയ സമരം ആരംഭിക്കുന്നതിനു മുമ്പായി അനുരഞ്ജനത്തിന്റെ എല്ലാ മാര്‍ഗങ്ങളും പരീക്ഷിക്കപ്പെടേണ്ടതാണെന്നും സമരം തുടങ്ങിയശേഷവും അനുരഞ്ജനത്തിന്റെ വാതില്‍ തുറന്നിടേണ്ടതുണ്ടെന്നും വൈക്കം സത്യാഗ്രഹം വ്യക്തമാക്കി.പ്രക്ഷോഭം അതു തെളിയിച്ചു.ദേശീയ നേതൃത്വത്തിന്റെ മാത്രമല്ല സവര്‍ണസമുദായത്തിന്റെയും സൗമനസ്യവും സഹകരണവും സമ്പാദിക്കുന്നതിലും വൈക്കം സത്യാഗ്രഹം വലിയ അളവുവരെ വിജയിച്ചു.ഇതെല്ലാം തന്നെ ടി.കെ.മാധവന്റെ നയചാതുരിയുടെയും കര്‍മ്മകുശലതയുടെയും ഭാഗമായിരുന്നു.ആ മാതൃക പിന്‍തുടര്‍ന്നിരുന്നുവെങ്കില്‍ ആരോഗ്യകരമായൊരു രാഷ്ട്രീയ സംസ്‌കാരവും തൊഴില്‍ സംസ്‌കാരവും വളര്‍ത്തിയെടുക്കുവാന്‍ നമുക്കു കഴിയുമായിരുന്നു.നിര്‍ഭാഗ്യകരമെന്നു പറയട്ടെ മാധവന്റെ അകാല ചരമത്തോടെ ആ മാതൃക പിന്‍തുടരാന്‍ ആളില്ലാതായി.

1099മീനം 17മുതല്‍ 1101വൃശ്ചികം 14വരെ നീണ്ടുനിന്ന വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രം,സംഗ്രഹിച്ചു പ്രതിപാദിക്കുക എന്നത് കടലിനെ കടുകില്‍ ഒതുക്കുന്നതിനു തുല്യമാണെന്നെനിക്കറിയാം.എങ്കിലും
എന്റെ പരിമിതമായ അിറവിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഞാന്‍ അതിനു ശ്രമിക്കുകയാണ്.1099ധനുവില്‍ മൗലാന മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ സമ്മേളിച്ച കൊക്കനാദ കോണ്‍ഗ്രസില്‍ കെ.പി.കേശവമേനോനും സര്‍ദാര്‍ കെ.എം.പണിക്കരുമൊത്ത് മാധവന്‍ സംബന്ധിച്ചു.മുഹമ്മദാലി,സി.ആര്‍.ദാസ്,രാജഗോപാലാചാരി,പി.സി.റെ തുടങ്ങിയ പ്രമുഖ ഭാരതീയ നേതാക്കളുമായി കേരളത്തിലെ അയിത്തത്തെക്കുറിച്ച് സംസാരിച്ചു.അതിന്റെ ഫലമായി കോണ്‍ഗ്രസ് വിഷയനിര്‍ണയക്കമ്മറ്റി അയിത്തോച്ചാടത്തിനെതിരേ സൃഷ്ടിപരമായ പരിപാടികള്‍ ആരംഭിക്കുമെന്ന് ഐകകണ്‍ഠേന തീരുമാനിച്ചു.

കൊക്കനാദ കോണ്‍ഗ്രസ് നിശ്ചയത്തിന്റെ അടിസ്ഥാനത്തില്‍ 1099മകരത്തില്‍ കേരള പ്രൊവിന്‍ഷ്യല്‍ കമ്മറ്റി എറണാകുളത്തുകൂടി അയിത്തോച്ചാടന പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് കെ.കേളപ്പന്‍ കണ്‍വീനറായും ടി.കെ.മാധവന്‍,കുറ്റൂര്‍ നീലകണ്‍ഠന്‍ നമ്പൂതിരിപ്പാട് മുതലായവര്‍ അംഗങ്ങളായും ഒരു അയിത്തോച്ചാടന കമ്മറ്റി രൂപൂകരിച്ചു.കമ്മറ്റിയുടെ ഒരു പ്രചരണയോഗം മകരം 16ആം തിയതി വൈക്കത്തുകൂടി.അതില്‍ അയിത്തം മൂലം അവര്‍ണര്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യങള്ളേയും അപമാനങ്ങളേയും ആസ്പദമാക്കി ടി.കെ.മാധവന്‍ ഹൃദയസ്പൃക്കായി ഒരു പ്രസംഗം ചെയ്യുകയും വൈക്കത്ത് പൊതു നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന തീണ്ടല്‍ പലകകള്‍ എടുത്തുമാറ്റി നിരത്തുകള്‍ എല്ലാവര്‍ക്കും സഞ്ചാരയോഗ്യമാക്കിത്തീര്‍ക്കുവാന്‍ കമ്മറ്റിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.കെ.പി.കേശവമേനോന്റെ അധ്യക്ഷതയില്‍ അയിത്തോച്ചാടനക്കമ്മറ്റി അയിത്തമുണ്ടെന്നു പറയപ്പെടുന്ന ആളുകളോടുകൂടി നിരോധിത നിരത്തുകളിലൂടെ നടക്കുവാന്‍ തീരുമാനിച്ചു.അങ്ങിനെയാണ് സുപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന് നാന്ദി കുറിച്ചത്.

മഹാത്മാഗാന്ധിയുടെ അനുഗ്രഹങ്ങളും ആശിര്‍വ്വാദങ്ങളും ഏറ്റു വാങ്ങിയ ശേഷം 1099മീനം 17ആം തിയതി വൈക്കം സത്യാഗ്രഹം ആരംഭിച്ചു.മീനം25ആം തിയതി മാധവനേയും കെ.പി.കേശവ മേനോനേയും അറസ്റ്റ് ചെയ്തു.അന്നുതന്നെ വിചാരണ പൂര്‍ത്തിയാക്കി തിരുവനന്തപുരം ജയിലിലേക്കയച്ചു.ചിത്തിര തിരുനാള്‍ യുവരാജാവിന്റെ കിരീട ധാരണവും റീജന്റ് മഹാറാണിയുടെ സ്ഥാനാരോഹണവും പ്രമാണിച്ച് എല്ലാ രാഷ്ട്രീയ തടവുകാരേയും മോചിപ്പിച്ച കൂട്ടത്തില്‍ സത്യാഗ്രഹ തടവുകാരേയും മോചിപ്പിച്ചു.മാധവനും മറ്റു നേതാക്കന്മാരും ആലപ്പുഴയില്‍ നിന്നും ബോട്ടുമാര്‍ഗം ചിങ്ങം19ആം തിയതി വൈക്കത്തെത്തി.രാജോചിതമായ സ്വീകരണമാണ് അന്ന് അവര്‍ക്ക് അവിടെ ലഭിച്ചത്. 

അടുത്ത ദിവസം മഹാത്മജിയെ സന്ദര്‍ശിച്ചു സത്യാഗ്രഹത്തെക്കുറിച്ച് സംസാരിക്കുവാന്‍ ടി.കെ.മാധവന്‍ ഉത്തരേന്ത്യയിലേക്ക് പുറപ്പെട്ടു.സത്യാഗ്രഹം നടത്തുന്ന രീതിയെക്കുറിച്ച മഹാത്മജി അതൃപ്തി പ്രകടിപ്പിച്ചു.വൈക്കത്തെ പ്രസ്ഥാനത്തില്‍ തനിക്ക് വളരെ സംതൃപ്തിയുണ്ടെന്ന് മഹാത്മജി അറിയിച്ചു.

മഹാത്മജി അയിത്തോച്ചാടന കമ്മറ്റിക്കു നല്‍കിയ സൂചന ശിരസാ വഹിച്ചുകൊണ്ട് മഹാറാണി റീജന്റിന് ഒരു ഭീമ ഹര്‍ജി സമര്‍പ്പിക്കുവാന്‍ വേണ്ടി തെക്കുനിന്നും വടക്കുനിന്നും രണ്ട് സവര്‍ണ ഹിന്ദു ജാഥകള്‍ സംഘടിപ്പിക്കുവാനുള്ള ശ്രമത്തില്‍ മാധവന്‍ ഏര്‍പ്പെട്ടു.രണ്ടു ജാഥകളും തിരുവനന്തപുരം കടപ്പുറത്ത് സന്ധിച്ച് മീറ്റിംഗ് കൂടുകയും ജാഥാപ്രതിനിധികള്‍ ചങ്ങനാശ്ശേരി പരമേശ്വരപിള്ളയുടെ നേതൃത്വത്തില്‍ 20000 സവര്‍ണ ഹിന്ദുക്കള്‍ ഒപ്പിട്ടതും ക്ഷേത്ര റോഡ് തുറന്ന് സത്യാഗ്രഹം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതുമായ ഒരു മെമ്മോറിയല്‍ മഹാറാണിക്ക് സമര്‍പ്പിക്കുകയും ചെയ്തു.ഈ ജാഥകളുടെ സ്തത്യര്‍ഹമായ ജൈത്രയാത്ര സാധ്യമാക്കിത്തീര്‍ത്തത് മാധവന്റെ അക്ഷീണ പരിശ്രമത്താലാണ്.

1100ധനു 12ആം തിയതി മഹാത്മജിയുടെ അധ്യക്ഷതയില്‍ കൂടിയ ബല്‍ഗാം കോണ്‍ഗ്രസ് സമ്മേളനത്തിലും മാധവന്‍ സംബന്ധിച്ചു.ഈ സമ്മേളനത്തിലും വൈക്കം സത്യാഗ്രഹികളുടെ അക്രമരാഹിത്യം ,ക്ഷമ,ധൈര്യം സഹനശക്തി എന്നീ ഗുണങ്ങളെ അനുമോദിച്ചു.തിരുവിതാംകൂര്‍ ഗവണ്‍മെന്റ് അവരുടെ അവകാശവാദത്തിന്റെ ന്യായത്തെ അംഗീകരിച്ചു വേഗം അവരുടെ അപേക്ഷ അനുവദിച്ചുകൊടുക്കണമെന്നു പ്രത്യാശിച്ചു മഹാത്മജിയാല്‍ എഴുതിയുണ്ടാക്കപ്പെട്ട പ്രമേയം പാസ്സാക്കപ്പെട്ടു.കോണ്‍ഗ്രസ് സമ്മേളനം കഴിഞ്ഞയുടനെ,മാധവന്‍ മഹാത്മജിയെ തിരുവിതാംകൂറിലേക്ക് ക്ഷണിച്ചു.അതനുസരിച്ചു 1100കുഭം 26ആം തിയതി അദ്ദേഹം വൈക്കം സന്ദര്‍ശിച്ചു.സത്യാഗ്രഹം സംബന്ധിച്ച് പൊലീസ് കമ്മീഷണര്‍ പീറ്ററും മഹാത്മജിയും തമ്മില്‍ ചില സന്ധിവ്യവസ്ഥകള്‍ ഉണ്ടാക്കി.അതിന്റെ അടിസ്ഥാനത്തില്‍ സത്യാഗ്രഹം പിന്‍വലിക്കപ്പെട്ടു.ക്ഷേത്രറോഡുകള്‍ സകലര്‍ക്കും തുറന്നു കിട്ടുകയും ചെയ്തു.

വൈക്കം സത്യാഗ്രഹം കഴിഞ്ഞ് മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ജാതിയും ജാതിയുടെ അടിസ്ഥാനത്തിലുള്ള എല്ലാ അവഗണനകളും ഇല്ലാതായി എന്നു പറയാനാവില്ല.മാത്രമല്ല കൈവരിച്ച നേട്ടങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെടുമോ എന്ന ആശങ്ക ഇല്ലാതില്ല.രാഷ്ട്രജീവിതത്തിന്റെ പൊതു ധാരയിലേക്ക് പിന്നോക്ക സമുദായങ്ങളെ ഇകു കയ്യും നീട്ടി സ്വാഗതം ചെയ്യാന്‍ വരേണ്യ വര്‍ഗം ഇനിയും സന്നദ്ധനായിട്ടില്ല.വളരെവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണുനാം ജീവിക്കുന്നത്.മനുഷ്യന്റെ തുല്യത അംഗീകരിക്കാനാവാത്ത ഒരു നിയമത്തിനുംആചാരത്തിനും ഇവിടെ തുടരാന്‍ ഇടകൊടുക്കരുത്.അവകാശങ്ങള്‍ ആരും നമ്മുടെ മുന്നില്‍ വെച്ചുനീട്ടുന്നില്ലെന്നും നാം അത് കൂട്ടായി നേടിയെടുക്കേണ്ടതാണെന്നും വൈക്കം സത്യാഗ്രഹത്തിന്റെ സ്മരണ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.