"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2012, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

'ഒരു ജാതി,ഒരു മതം.ഒരു ദൈവം' എന്ന മന്ത്രം വിശുദ്ധ ഖുറാനിലേത്.


'ഒരു ജാതി,ഒരു മതം.ഒരു ദൈവം' എന്ന മന്ത്രം വിശുദ്ധ ഖുറാനിലേതാണ് എന്ന് ടി.എച്ച്.പി.ചെന്താരശ്ശേരി കണ്ടെത്തിയിട്ടുള്ളത് 'കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യങ്കാളി' എന്ന തന്റെ ജീവചരിത്ര പുസ്തകത്തിലാണ്.അതിന്റെ 16,17 പേജുകളിലാണ് ഇങ്ങനെ വെളിപ്പെടുത്തിയിട്ടുള്ളത്.അതിനുതാഴെ *ഖുറാന്‍ 21:92 ;23:52,*തൈക്കാട്ടു അയ്യാസ്വാമി (A Cരാജ)പുറം 115 എന്ന് ടിപ്പണിയും കുറിച്ചിരിക്കുന്നു.പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത് സി.ഐ.സി.സി.ബുക്ക് ഹൗസ് എറണാകുളം അണ്.പ്രസ്തുത ഭാഗത്തിന്റെ ഫോട്ടോകോപ്പി താഴെ കൊടുക്കുന്നു. ടി.എച്ച്.പി.ചെന്താരശ്ശേരി.
കരിമെയ് മൊഴിയിലോരു വന്‍കവിത.


സിനിമ
കണ്ണന്‍ മേലോത്ത്.ഫ്രഞ്ചുകാരനായ മാര്‍ഷല്‍ കാമു 1959ല്‍ എടുത്ത ബ്രസീലിയന്‍ സിനിമയാണ് ബ്ലാക്ക് ഓര്‍ഫ്യൂസ്.പുറത്താക്കപ്പെട്ട ജനതക്ക് ആവിഷ്‌കാരമാധ്യമമെന്ന നിലക്ക് സിനിമയെ ആശ്രയിക്കാമെന്ന കാഴ്ചപ്പാട് രൂപപ്പെട്ടപ്പോള്‍ അനിനുള്ള സൂചകങ്ങളുടെ ആധാരകേന്ദ്രമായി വര്‍ത്തിച്ചുകൊണ്ട് ചരിത്രത്തില്‍ ഇടംകൊള്ളുന്നു എന്നതാണ് ബ്ലാക്ക് ഓര്‍ഫ്യൂസിന്റെ പ്രസക്തി.കാനിവും വെനീസിലും ഒരേവര്‍ഷം മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഏക സിനിമയും ഇതുതന്നെ.ആ വര്‍ഷംതന്നെ മികച്ച വിദേശഭാഷാ സിനിമക്കുള്ള ഓസ്‌കാര്‍ അവാര്‍ഡും ബ്ലാക്ക് ഓര്‍ഫ്യൂസ് നേടി.ഗ്രീക്കോ-റോമന്‍ ഇതിഹാസത്തിലെ ഓര്‍ഫ്യൂസ് ചരിതത്തിന് സ്ഥലകാല വ്യതിയാനം കൊടുത്തതാണ് സിനിമയുടെ ഇതിവൃത്തം.ബ്രസീലിയന്‍ കവിയായ വെനീഷ്യോ ഡി മൊറായേഴ്‌സിന്റെ ഇതേപേരിലുള്ള നാടകത്തിന്റെ ചുവടുപിടിച്ചാണ് സിനിമ എടുത്തിട്ടുള്ളത്.

ഗ്രീക്കോ-റോമന്‍ ഇതിഹാസപ്രകാരം ഓര്‍ഫ്യൂസ് അപ്പോളോ ദേവന്റേയും മ്യൂസ് കാലിയോപ്പിന്റേയും മകനാണ്.കവിയും സംഗീതജ്ഞനുമായി വളര്‍ന്ന ഓര്‍ഫ്യൂസിന് അവയിലുള്ള അപാരനിപുണതനിമിത്തം ക്രൂരമൃഗങ്ങളെ മെരുക്കുവാനും പാറകളേയും വന്‍മരങ്ങളേയും നീക്കം ചെയ്യുവാനും കഴിയുമായിരുന്നു.വനകന്യകയായ യുറീഡ്‌സ് എന്ന കറുത്ത സുന്ദരിയെയാണ് ഓര്‍ഫ്യൂസ് വിവാഹം കഴിച്ചിരുന്നത്.എന്നാല്‍ പാമ്പുകടിയേറ്റ് യുറീഡ്‌സ് പെട്ടന്ന് മരണമടഞ്ഞു.മനംനൊന്ത ഓര്‍ഫ്യൂസ് യുറീഡ്‌സിനെ വീണ്ടെടുക്കുന്നതിനായി പാതാളത്തില്‍ എത്തി.പാതാളത്തിന്റെ നടത്തിപ്പുകാരിയായ പെഴ്‌ഫോണെന്ന ദുഷ്ടദേവതയേയും സെര്‍ബറസ് എന്ന കാവല്‍ നായയെയും തന്റെ അനിര്‍വചനീയ സംഗീതത്തിന്റെ ലയമാധുരിയില്‍ കുരുക്കിയിട്ട ഓര്‍ഫ്യൂസിന് യുറീഡ്‌സിനേയുംകൊണ്ട് തിരികെ പോരുവാന്‍ അനുമതി ലഭിച്ചു.ഒരുവ്യവസ്ഥയില്‍-തിരികെ മാനവലോകത്ത് എത്തുന്നതുവരെ ഓര്‍ഫ്യൂസ് തിരിഞ്ഞു നോക്കരുത്.എന്നാല്‍ തന്റെ ലോകത്ത് എത്തുന്നതിനുമുമ്പ് വാഗ്ദാനം മറന്ന ഓര്‍ഫ്യൂസ് തിരിഞ്ഞുനോക്കി.അതോടെ എന്നെന്നേക്കുമായി ഓര്‍ഫ്യൂസിന് യുറീഡ്‌സിനെ നഷ്ടമായി.പ്രണയിനിയോടുള്ള അഭിലാഷം ഒടുങ്ങാതെ പിന്‍തുടരപ്പെട്ട ഓര്‍ഫ്യൂസ് യുറീഡ്‌സിനെ ധ്യാനിച്ചുകൊണ്ടുള്ള സംഗീത നിര്‍മ്മാണത്തില്‍ മുഴുകുകയായി പിന്നീട്.ഇതില്‍ അസൂയ പെരുത്ത ത്രേഷ്യന്‍ ദുര്‍ദേവതകള്‍ ഓര്‍ഫ്യൂസിനെ വെട്ടിനുറുക്കുകയും തലയറുത്ത് ഹെര്‍ബ്യൂസ് നദിയിലേക്കെറിയുകയും ചെയ്തു.

സിനിമയില്‍-മരണഭീതിയാല്‍ തുരത്തപ്പെടുന്ന യുറീഡ്‌സ് എന്ന കറുത്ത സുന്ദരി അഭയംതേടി തന്റെ മച്ചുനത്തി സറാഫിന താമസിക്കുന്ന ചേരിയിലെത്തുന്നു.റിയോ ഡി ജനീറോ ഉള്‍ക്കടലിനും നഗരത്തിനും മേലെയുള്ള ഒരു മലമ്പ്രദേശമാണ് അവിടം.അവിടെവെച്ച് അവള്‍ ഒരു കാര്‍ കണ്ടക്ടറായ ഓര്‍ഫ്യൂസിനെ പരിചയപ്പെടുന്നു.അത് നാടും നഗരവും ഒരുപോലെ ആഘോഷിക്കുന്ന കാര്‍ണിവെല്‍ നടക്കുന്ന കാലമായിരുന്നു.അതില്‍ പങ്കെടുക്കുന്നതിനാണ് യുറീഡ്‌സ് വന്നതെന്നാണ് എല്ലാവരും കരുതിയത്.പക്ഷെ അവളെ കൊല്ലാന്‍ വേണ്ടി നടക്കുന്ന ഒരാളില്‍നിന്നും രക്ഷപ്പെടാനായാണ് നാട്ടില്‍നിന്ന് പോന്നത്.സാംബാ നൃത്തത്തിലും സംഗീതത്തിലും അതിസമര്‍ഥനായ ഓര്‍ഫ്യൂസ് യുറീഡ്‌സുമായി പ്രണയത്തിലാകുന്നു.എന്നാല്‍ നേരത്തേതന്നെ മീര എന്നൊരു തെറിച്ചപെണ്ണുമായി ഓര്‍ഫ്യൂസിന്റെ വിവാഹം നിശ്ചയിച്ചതായിരുന്നു.യുറീഡ്‌സുമായി പ്രണയത്തിലായതോടെ ഓര്‍ഫ്യൂസിന് മീരയിലുള്ള താല്‍പര്യം കുറഞ്ഞു.കാര്‍ണിവെല്‍ ദിവസം യുറീഡ്‌സ് പോകുന്നത് സറാഫിനയുടെ കാര്‍ണിവെല്‍ ഉടുപ്പും ഇട്ടുകൊണ്ടാണ്.അതുകൊണ്ട് മനുഷ്യരൂപം ധരിച്ചുവന്ന മരണത്തിന് യുറീഡ്‌സിനെ കണ്ടുപിടിക്കാനായില്ല.ഓര്‍ഫ്യൂസ് നഷ്ടമായതിലുള്ള ചൊരുക്ക് നിമിത്തം മീര യുറീഡ്‌സിന്റെ മുഖപടം പിടിച്ചുയര്‍ത്തി.ഇതുകണ്ട മരണം യുറീഡ്‌സിനെ തുരത്തി ഓടിക്കുന്നു.രക്ഷപ്പെടാനായി അവള്‍ ട്രോളി ടെര്‍മിനസില്‍ കടന്നുകൂടി.വിദ്യുഛക്തി പ്രവാഹം നിലച്ചുപോയതിനാല്‍ പെട്ടന്നെത്തിയ ഓര്‍ഫ്യൂസിനും മരണത്തിനും അവളെ കണ്ടെത്താനായില്ല.രക്ഷക്കായി കേഴുന്ന യുറീഡ്‌സിനെ കണ്ടുപിടിക്കുന്ന തിനായി ഓര്‍ഫ്യൂസ് സ്വിച്ച് ഓണ്‍ ചെയ്തു.കനത്ത വൈദ്യുതാഘാതമേറ്റ യുറീഡ്‌സ് താഴെ വീണു.ഓര്‍ഫ്യൂസിനേയും അടിച്ചുവീഴ്ത്തിയ മരണം അവളേയുകൊണ്ട് പുറത്തുകടന്നു.ബോധം വീണപ്പോള്‍ ഓര്‍ഫ്യൂസ് മോര്‍ച്ചറിയില്‍ ചെന്ന് യുറീഡ്‌സിന്റെ ശവശരീരം ഏറ്റുവാങ്ങി.അതും താങ്ങിയെടുത്ത് കുന്നിന്‍മുകളിലൂടെ വരുമ്പോള്‍ കലികയറിയ മീര ഓര്‍ഫ്യൂസിനെ കല്ലെറിഞ്ഞു.എറുകൊണ്ട ആഘാതത്തില്‍ പിറകോട്ട് മലച്ച ഓര്‍ഫ്യൂസും യുറീഡ്‌സിന് കൂട്ടുചേരുമ്പോള്‍ ദുരന്തം പൂര്‍ത്തിയാകുന്നു.

സംഗീത സിനിമ എന്ന നിലയില്‍ ബ്ലാക്ക് ഓര്‍ഫ്യൂസ് മികച്ച ഒരു തീര്‍പ്പാണ്.ബോസാ നോവ സംഗീതപ്രസ്ഥാനം ആരംഭിക്കുന്നത് ഈ സിനിമയുടെ വരവോടെയാണ്.അതുപോലെ വെറും ചുവടിളക്കം മാത്രമായിരുന്ന സംബ യെ നൃത്തരൂപമായി പരിവര്‍ത്തിപ്പിക്കാനിടയായതും ഈ സിനിമയാണ്.60ലേറെ സിനിമകള്‍ എടുത്തിട്ടുള്ള മാര്‍ഷല്‍ കാമുവിന്റെ മറ്റൊരു സിനിമയും ഇതുപോലെ ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വിസ്മയകരമായ വസ്തുത.1982ല്‍ പാരീസില്‍ വെച്ച് മാര്‍ഷല്‍ കാമു അന്തരിച്ചു. 


2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

അണകെട്ടിനിര്‍ത്തിയ ഓര്‍മ്മകള്‍………

ഓര്‍മ്മ

കണ്ണന്‍ മേലോത്ത്.

ഇടുക്കിയിലെ ആര്‍ച്ച് ഡാം.ആര്‍ച്ച് ഡാം ഭാരാര്‍ജിതമല്ല.താഴെനിന്നും മുകള്‍ ഭാഗം വരെ ഒരേ വീതിയില്‍ പണിതാല്‍ മതി.ജലാശയം പ്രയോഗിക്കുന്ന മര്‍ദ്ദം ഇരുവശങ്ങളിലുമുള്ള പാറകളില്‍ കൊള്ളിക്കുക എന്നതാണ് ആര്‍ച്ച് ഡാമിന്റെ പ്രയോജനം.കുറവന്‍ പാറ കുറത്തിപ്പാറ എന്നിങ്ങനെയാണ് ഇവിടത്തെ പാറകള്‍ക്കുള്ള പേര്.അതിനെ ചുറ്റിപ്പറ്റി ഒരു കഥയും ഒരു നാടോടി നൃത്തരൂപവുമുണ്ട്.ഇതിനടുത്ത് മറ്റൊരു ഡാം ഉണ്ട്.അത് ഭാരാര്‍ജിതമാണ്.ഇതിന്റെ അടിത്തറ നല്ല വീതിയിലും ഉറപ്പിലും പണിതിരിക്കും.മര്‍ദ്ദം അതുതന്ന താങ്ങും.കനേഡിയന്‍ കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്.ഇവിടത്തെ നീരൊലിപ്പ് സായിപ്പിന് കാണിച്ചുകൊടുത്തത് ഉരാളി ഗോത്രത്തില്‍ പെട്ട കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ആദിവാസി മുപ്പനാണ്.അദ്ദേഹത്തിന്റെ മകന്‍ തേരന്‍ മുത്തന്‍.രണ്ടുപേരുടേയും ശവകുടീരങ്ങല്‍ റോഡരികിലുണ്ട്.ആ ഗോത്രത്തിലെ മറ്റൊരു വ്യക്തിത്വമാണ് കെ.എം.സലിം കുമാര്‍.അവിടത്തെ ആദിവാസി കോളനിക്ക് കൊലുമ്പന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.അവിടെ കൊലുമ്പന്റെ വീട്ടില്‍ നിലത്തോളം ഇഴയുന്ന അദ്ദേഹത്തിന്റെ തലമുടി മുറിച്ച് സൂക്ഷിച്ചിട്ടുണ്ടായിരുന്നു.32 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജില്‍ പഠിക്കുമ്പോള്‍ എന്‍.എസ്.എസ്.ക്യാമ്പിനോടനുബന്ധിച്ച് ഞങ്ങള്‍ കൊലുമ്പന്‍ കോളനിയിലൂടെ വാഴത്തോപ്പിന് വഴിവെട്ടി.ജോസ് കുറ്റിയാനി എം.എല്‍.എ ആണ് ക്യമ്പ് ഉത്ഘാടനം ചെയ്തിരുന്നത്.റോഡുപണിയുടെ ഉത്ഘാടനം തേരന്‍ മുത്തനും നിര്‍വ്വഹിച്ചു.ഫാദര്‍ വിന്‍സന്റ് പാനിക്കുളം അന്ന് ഞങ്ങള്‍ക്ക് ആഥിത്യം തന്നു.പൈലിച്ചേട്ടന്‍ തന്ന കള്ളുകുടിച്ചതിന് സാറ് കൂട്ടുകാരില്‍ ചിലരെ കണക്കറ്റ് ശകാരിച്ചു.കല്ലുകഷണങ്ങള്‍ എയ്ത് കൊള്ളിക്കുന്ന ഒരു വില്ല് ഊരാളി യുവാക്കള്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നു.ഇടുക്കി ഡാം പണിയുടെ ചരിത്രം ആധാരമാക്കി എ.പി.കളയ്ക്കാട് ഇടുക്കി എന്ന പേരില്‍ ഒരു നോവല്‍ എഴുതിയിട്ടുണ്ട്.ചിന്ത പബ്ലിഷേഴ്‌സ് ആണ് നോവല്‍ പ്രസിദ്ധീകരിച്ചിരുന്നത്.അന്നെന്റെ കൈവശം അതിന്റെ ഒരു പ്രതി ഉണ്ടായിരുന്നു.ഇപ്പോള്‍ അതിന്റെ പ്രതികള്‍ കിട്ടാനില്ല.ഡാമിന്റെ ചരിത്രം മാത്രമല്ല തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ചരിത്രം കൂടി കളയ്ക്കാട് അതില്‍ കൈകാര്യം ചെയ്തിരുന്നു.ഇന്ത്യക്ക് ആകെയുള്ള ക്യാമറ ഡി ഓര്‍ അവര്‍ഡ് നേടിത്തന്ന മുരളി നായരുടെ മരണസിംഹാസനം എന്നസിനിമയില്‍ അഭിനയിച്ച ലക്ഷ്മി രാമന്‍ ഈ ഡാം പണിയില്‍ പങ്കെടുത്തിട്ടുണ്ട്.കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച,ഇന്നോളമുള്ള വികസനത്തിന് മുഖ്യ പങ്കുവഹിച്ചത് ഇടുക്കി ഡാം…..

ലഹളകളുടെ ഡയറക്ടറി.


പുസ്തകം
കണ്ണന്‍ മേലോത്ത്.

തെക്കുംഭാഗം മോഹന്‍ 1993ല്‍ എഴുതിയ പുസ്തകമാണ് 'അടിമഗര്‍ജനം'.എറണാകുളത്തുള്ള സി.എ.സി.സി.ബുക്ക്ഹൗസ് ഇത് പ്രസിദ്ധീകരിച്ചു.കേരളത്തിലെ അടിമവംശത്തിന്റെ പോരാട്ടവും ചരിത്രവും മാത്രമാണ് ഇതിന്റെ ഉള്ളടക്കം.അവതാരിക എഴുതിയിരിക്കുന്നത് സി.അച്ചുതമേനോനാണ്.പുസ്തകം എ.പി.കളയ്ക്കാടിന് സമര്‍പ്പിച്ചിരിക്കുന്നു.

ഔദ്യോഗിക ചരിത്രങ്ങളിലും ചരിത്രപാഠപുസ്തകങ്ങളിലും നിങ്ങള്‍ വായിക്കാനിടയില്ലാത്ത ഇന്നാട്ടിലെ അധഃകൃതവര്‍ഗ്ഗക്കാരുടെ മോചനസമരത്തിലെ പ്രകാശപൂര്‍ണമായ അധ്യായങ്ങളാണ് ശ്രീ മോഹന്‍ തെരഞ്ഞുപിടിച്ച് എഴുതുന്നത്.ഇവിടത്തെ അയിത്ത ജാതിക്കാരും അധഃസ്ഥിതരും മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയിട്ടുള്ള സമരങ്ങള്‍ അതിന് കൈവഴികള്‍ വളരെയേറെയുണ്ട്.ഇവിടുത്തെ പുലയര്‍,പറയര്‍,ചെറുമക്കള്‍,കണക്കന്‍,വേട്ടുവന്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍പ്പെട്ട അധഃകൃതര്‍,തൊട്ടുകൂടാത്തവര്‍,തീണ്ടിക്കൂടാത്തവര്‍,ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവര്‍,കാര്യമായ പരസഹായമൊന്നും കൂടാതെ തങ്ങളുടെ അവശതകള്‍ പരിഹരിച്ചുകിട്ടുന്നതിനായി നടത്തിയ ധീരസമരങ്ങള്‍ ഇവയൊന്നും ചരിത്രവിദ്യാര്‍ത്ഥികള്‍ പോലും പഠിച്ചുകാണില്ല എന്ന് സി.അച്ചുതമോനോന്‍ അവതാരികയില്‍ അഭിപ്രായപ്പെടുന്നു.

'മൂക്കുത്തി ലഹള,പുലയ ലഹള,ചാന്നാര്‍ ലഹള,പുല്ലാട്ടു ലഹള' എന്നിങ്ങനെ പുസ്തകത്തിന്റെ പുറംചട്ടയില്‍ സൂചിപ്പിച്ചിട്ടുണ്ട്.കീഴാളന്റെ ചെറുത്തുനില്‍പ്പുകള്‍ എങ്ങനെ ലഹളകളായി മാറ്റപ്പെട്ടുവെന്നതിന് ഗ്രന്ഥകാരന്റെ അഭിപ്രായം-പോരാട്ടങ്ങളെ കമ്മ്യൂണിസം 'വര്‍ഗ്ഗസമരങ്ങള്‍' എന്നു വിശേഷിപ്പിച്ചു.ഫ്യൂഡലിസം അതിനെ 'പാപങ്ങള്‍' എന്നും മുതലാളിത്തം 'ലഹള' എന്നും വിളിച്ചു എന്നാണ്.

തെക്കുംഭാഗം മോഹന്‍
കോലെഴുത്ത് ലിപിയില്‍ എഴുതിയ ചരിത്രരേഖകള്‍ പരിശോധിച്ച ഗ്രന്ഥകാരന്‍,അദ്യത്തെ ചെറുത്തുനില്‍പ്പ് നടത്തിയത് ആലുവക്ക് അടുത്തുള്ള ചെങ്ങമനാട്ടെ 'തേവി' എന്ന പുലയിയാണ് എന്നു കണ്ടെത്തുന്നു.ചാന്നാര്‍ ലഹളക്കുശേഷം ദിവാനായ ടി.മാധവറാവു ചെങ്ങമനാട്ടെ പ്രവൃത്തി കച്ചേരിയില്‍ കൊടുത്തുവിട്ട പ്രശ്‌നാവലി ഗ്രന്ഥത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.തുടര്‍ന്നുള്ള പേജുകളില്‍ മറ്റു സമരങ്ങളേക്കുറിച്ചും അയ്യങ്കാളി നയിച്ച സമരങ്ങളേക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്.പുടവവഴക്കും മൂക്കൂത്തി ലഹളയും,പുല്ലാട്ട് ലഹള എന്നീ അധ്യായങ്ങളിലെ വിവരണങ്ങള്‍ മറ്റുപുസ്തകങ്ങളെ അപേക്ഷിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്.മിഷനറിമാരുടെ ആഗമനം കീഴാളന്റെ സ്വാതന്ത്ര്യബോധത്തെ എങ്ങനെ ഉണര്‍ത്തി എന്നതിനേക്കുറിച്ചും പ്രതിപാദ്യമുണ്ട്.1854 ല്‍ ആണ് മധ്യതിരുവിതാംകൂറില്‍ ഒരു പുലയന്‍ ആദ്യമായി മാമോദീസാ മുങ്ങി കൃസ്ത്യാനിയായത്.മല്ലപ്പള്ളി കൈപ്പട്ടൂര്‍ ദൈവത്താന്‍ എന്ന പുലയനാണ് അത്.അങ്ങനെ ഒട്ടേറെ വിലപിടിപ്പുള്ള അിറവുകള്‍കൊണ്ട് സമ്പന്നമാണ് ഈ ചെറിയ പുസ്തകം.


പ്രഭ തിരുവല്ലയും ഞാനും

ആളറിവ്.

കണ്ണന്‍ മേലോത്ത്.
പ്രഭ തിരുവല്ല
എനിക്ക് പ്രഭ തിരുവല്ലയെക്കുറിച്ച് അറിയില്ല. അതുകൊണ്ട് ആളറിവ് എന്ന ഈ പംക്തിയില്‍ എഴുതുന്നത് ഉചിതമല്ലെ ന്നറിയാം. പ്രഭാകരന്‍ തിരുവല്ല എന്ന മുഴുവന്‍ പേരുള്ള ആ ചിത്രകലാകാരനെക്കുറിച്ച് അതിയായി അറിയാന്‍ കഴിയാത്തതില്‍ എന്റെ സങ്കടം ചെറുതല്ല. ഈയിടെ കണ്ട ഒരു സുഹൃത്ത് പറഞ്ഞത് പ്രഭാകരേട്ടന്‍ തിരുവല്ലയില്‍ തന്നെയുണ്ട്, പക്ഷെ അദ്ദേഹത്തിന്റെ അടുത്തുപോയാല്‍ നിരാശപ്പെടും, കാരണം അദ്ദേഹം പ്രസിദ്ധി ആഗ്രഹിക്കാത്ത ഒരു കലാകാരനാണ്. സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടാം അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കരുത് എന്നു പറഞ്ഞു. നിരാശ തോന്നിയെങ്കിലും നേരില്‍ കാണാന്‍ കൊതിച്ചു.


പ്രഭ തിരുവല്ലയുടെ രചന
ഞാന്‍ സൂചകം മാസികയുടെ 2001 ലെ ലക്കങ്ങള്‍ മിറച്ചുനോക്കി. അതില്‍ ഞാന്‍ സിനിമ ആസ്വാദന ക്കുറിപ്പുകള്‍ എഴുതിയ പതിപ്പില്‍ പ്രഭേട്ടന്റെ 
വരകളുമുണ്ടായിരുന്നു.
അതിനുമുന്‍പ് കവിയൂര്‍ മുരളിയുടെ ദളിത് ഭാഷ, ദളിത് സാഹിത്യം എന്നീ പുസ്തകങ്ങളുടെ കവര്‍ പേജില്‍ പ്രഭേട്ടന്‍ വരച്ച പടങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടിരുന്നു. പ്രഭേട്ടന്റെ ചിത്രങ്ങള്‍ കണ്ട എം.വി.ദേവന്‍ ഇത്രക്ക് മികവുറ്റ ഒരു ചിത്രകാരന്‍ ഒളിച്ചിരിക്കുന്നതെന്തിനെന്ന് അത്ഭുതം കൂറി. അതേ ചിത്രങ്ങള്‍ കണ്ട കാനായി കുഞ്ഞിരാമന്‍ ചിത്രകാരന്റെ രചന അദ്ദേഹത്തിന്റെ അധികാരം മാത്രമല്ല കാഴ്ചക്കാരന്റെ അവകാശം കൂടിയാണെന്ന് ഓര്‍മ്മിക്കണമെന്നും അഭിപ്രായപ്പെട്ടു.

ഞാന്‍ ചെയ്ത ഡിജിറ്റല്‍ ആര്‍ട്ട്.
ഒറ്റ വരകൊണ്ട് ഒരു ജനതയുടെ സ്ഥൂലചരിത്രം ദ്രവീഡിയന്‍ ലിപിയില്‍ ആലേഖനം ചെയ്യുന്നതാണ് പ്രഭ തിരുവല്ലയുടെ രീതി.വരകള്‍ അനുക്രമമായി അടുക്കാറില്ല. ഒറ്റയായ വരകളെ യോജിപ്പിക്കാറുമില്ല. നിറം നിറക്കല്‍ തീരെയില്ല. അതുകൊണ്ട് വരതന്നെ വര്‍ണം. വീടും പാടവും കെട്ടിയാടുന്ന തറകളുമാണ് ഇടങ്ങള്‍. ദ്രവീഡിയന്‍ വരകള്‍ ഇവിടെ കൂലിപ്പണിക്കാരന്റെ മെയ്‌മൊഴിയി ലേക്ക് പകര്‍ന്നുമാറുന്നു. പാര്‍പ്പിടങ്ങളാകട്ടെ കീഴാളന്റെ ജീവിതാവസ്ഥയുടെ ഉച്ചഭാഷിണികളായി രൂപംമാറുന്നു. വരയാണോ വാക്കുകളാണോ എന്ന് വേര്‍തിരിക്കാനാവാത്ത കുഴഞ്ഞുമറിയല്‍ പ്രഭ തിരുവല്ലയുടെ തീര്‍പ്പുകളെ മാറ്റിനിര്‍ത്തുന്നു. 

ഇത് തീര്‍പ്പുല്‍പ്പിക്കലല്ല, ആസ്വാദനം മാത്രം. അംബേദ്കറെ വരച്ചിരിക്കുന്നത് നോക്കൂ, ഏത് സമ്പ്രദായവും തന്റെ രീതിക്ക് വഴങ്ങും എന്ന് വരകളിലൂടെ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഞങ്ങള്‍ തമ്മില്‍ ഇതുവരെ കണ്ടിട്ടില്ലെങ്കിലും എന്നെ സ്മാധീനിച്ചു എന്നതാണ് എനിക്ക് അദ്ദേഹത്തോടുള്ള ബന്ധം. ഞാന്‍ ഈയിടെ വരച്ച ഡിജിറ്റല്‍ ആര്‍ട്ട്(പൂര്‍ണമായും കമ്പ്യൂട്ടറില്‍ ചെയ്യുന്നത്. ഫോര്‍ട്ട്‌കൊച്ചി ദ്രവീഡിയ ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന ഒരു ഗ്രൂപ്പ് ഷോയില്‍ എന്റെ രചനകളും ഉണ്ടായിരുന്നു) അദ്ദേഹം മുമ്പ് വരച്ച പടവുമായി സ്വാധീനം പുലര്‍ത്തുന്നു. പ്രഭ തിരുവല്ലയുടെ പടം കണ്ടശേഷം നോക്കിവരച്ചതാണെന്ന് പറയുന്നവരെ എനിക്ക് തിരുത്താന്‍ കഴിയുന്നി ല്ല. സ്വാധീനമാകാം, അനുകരണമാകരുത് എന്ന് പൊതുധാരണയുണ്ടല്ലോ.2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

അയ്യന്‍ കാളിയും യുക്തിവാദവും.

വായന

ഇടമറുക്


താനെഴുതിയ 'കേരളസംസ്‌കാരം' എന്ന പുസ്തകത്തില്‍ അയ്യന്‍ കാളിയെ പേരു പരാമര്‍ശിക്കാതെപോലും ഇടമറുക് ഒഴിവാക്കിയിരുന്നുവെങ്കിലും പിന്നീട് പഠിക്കുവാനും തിരുത്തുവാനും തയ്യാറായി.പി.എം.ആന്റണി എഴുതിയ 'അയ്യന്‍ കാളി' എന്ന നാടകത്തിന് അവതാരിക എഴുതിയപ്പോഴാണ് ഇടമറുക് തന്റെ തിരുത്തല്‍ രേഖപ്പെടുത്തിയത്.പേജുകളോളം നീണ്ട അവതാരികയില്‍ അയ്യന്‍ കാളിയുടെ ജീവചരിത്രം മുഴുവനായിത്തന്നെ കൊടുത്തിട്ടുണ്ട്.അതില്‍ 'അയ്യന്‍ കാളിയും യുക്തിവാദവും' എന്ന ഖണ്ഡികയും നാടകത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായവും ഇവിടെ പകര്‍ത്തുന്നു.പേജ് 38,39,40.ഇടമറുകിന്റെ തന്ന ഇന്ത്യന്‍ എത്തീസ്റ്റ് പബ്ലിഷേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്

'അയ്യന്‍ കാളി സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയകാലത്ത് കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനം ഉണ്ടായിരുന്നില്ല.'സഹോദരസംഘം' എന്നപേരില്‍ 1917 മെയ് 19-ാം തിയതി കേരളത്തില്‍ യുക്തിവാദി സംഘം രൂപം കൊണ്ടു.സഹോദരന്‍ അയ്യപ്പനായിരുന്നു അതിന്റെ സ്ഥാപകന്‍.കൊച്ചിയിലെ ചെറായി എന്ന സ്ഥലത്തുവെച്ച് പുലയരും ഈഴവരും ഒന്നിച്ചിരുന്ന് മിശ്രഭോജനം കഴിച്ചുകൊണ്ടായിരുന്നു ഈ പ്രസ്ഥാനത്തിന്റെ തുടക്കം.ഇതേ തുടര്‍ന്ന് അയ്യപ്പനെ ഈഴവര്‍ ജാതിഭ്രഷ്ടനാക്കി.വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു അത്.വിവരം തിരുവിതാംകൂറില്‍ അറിഞ്ഞപ്പോള്‍ അതില്‍ സന്തോഷം രേഖപ്പെടുത്തിയവരില്‍ ഒരാളായിരുന്നു അയ്യന്‍ കാളി.തിരുവിതാംകൂറിലും ഇതുപോലെ ഈഴവരും പുലയരും മിശ്രഭോജനം നടത്തണമെന്ന് അയ്യന്‍ കാളി പ്രസംഗിച്ചിരുന്നു.പുലയരുടെ ഉന്നമനത്തെ മാത്രം ലക്ഷ്യമാക്കാതെ എല്ലാ വിഭാഗത്തിലും പെട്ട ദളിതുകളെ ഒന്നിപ്പിക്കുവാനായിരുന്നു അയ്യന്‍ കാളിയുടെ ശ്രമം.തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സഹോദരന്‍ അയ്യപ്പന്‍ അയ്യന്‍ കാളിയെ സന്ദര്‍ശിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നതായി കെ.അയ്യപ്പന്‍ എന്നോടു പറഞ്ഞിട്ടുണ്ട്.യുക്തിവാദിയായ സി.വി.കുഞ്ഞുരാമനും അയ്യന്‍ കാളിയും അടുത്ത സുഹൃത്തുക്കളായിരുന്നു.സി.വി.എഡിറ്റര്‍ ആയിരുന്ന പത്രമാസികകളിലെല്ലാം അയ്യന്‍ കാളിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് അദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു'

'അയ്യന്‍ കാളി നടത്തിയ സമരങ്ങളെ ഒരു നാടകത്തില്‍ കൂടി അവതരിപ്പിക്കാന്‍ കഴിയുമെന്ന് പി.എം.ആന്റണി തെളിയിച്ചിരിക്കുന്നു.ഇത് മറ്റാര്‍ക്കും കഴിയാത്ത കാര്യമാണ്.സ്റ്റേജിനെപ്പറ്റി നന്നായി അറിയാവുന്ന ഒരു നാടക സംവിധായകന്‍ കൂടിയാണ് അദ്ദേഹം'


2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

എന്റെ നാട് കേണത്,മറക്കാനാവില്ല പൊറുക്കാനാവും.


ബ്രിട്ടീഷ് സിനിമാ സംവിധായകനായ ജോണ്‍ ബൂര്‍മാന്‍ 2004 ല്‍ എടുത്ത പടമാണ് 'കണ്‍ട്രി ഓഫ് മൈ സ്‌കള്‍'.സൗത്ത് ആഫ്രിക്കയിലെ വര്‍ണവിവേചനകാലത്ത് കറുത്ത വര്‍ഗക്കാര്‍ വെള്ളക്കാരില്‍ നിന്ന് നേരിട്ട പീഢാനുഭങ്ങളുടെ ക്രമസംഭവരേഖയെ ഉപജീവിച്ചുകൊണ്ട്,കവിയും എഴുത്തുകാരിയുമായ ആജ്ഞേ ക്രോശ് എന്ന വെള്ളക്കാരി എഴുതിയ 'കണ്‍ട്രി ഓഫ് മൈ സ്‌കള്‍;ഗില്‍റ്റ്,സോറോ ആന്റ് ദി ലിമിറ്റ് ഓഫ് ഫൊര്‍ഗീവ്‌നെസ്സ് ഇന്‍ ദി ന്യൂ സൗത്ത് ആഫ്രിക്ക' എന്ന കൃതിയെ ആധാരമാക്കിയാണ് ഈ പടം എടുത്തിട്ടുള്ളത്.'ഇന്‍ മൈ കണ്‍ട്രി' എന്നും പേരുണ്ട്.

ആജ്ഞേ ക്രോശ്
27 വര്‍ഷം തടവിലായിരുന്ന നെല്‍സന്‍ മണ്ടേല 1990 ല്‍ വിമോചിതനായതിനുശേഷം,സൗത്ത് ആഫ്രിക്ക അതിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സമൂലമാറ്റങ്ങള്‍ക്ക് വിധേയമായി.വര്‍ണവിവേചനത്തിന്റെ കൊടും ക്രൂരതകളുടെ കറുത്ത നാളുകള്‍ക്ക് അറുതിവരുത്തുന്നതിന് ഇഛാശക്തിയുള്ള മണ്ടേല പ്രസിഡന്റായി തീര്‍ന്നപ്പോള്‍ 1995 ല്‍ അതിനുവേണ്ടി 'ട്രൂത്ത് ആന്റ് റീ കണ്‍സീലിയേഷന്‍' എന്ന ഔദ്യോഗിക സംഘത്തെ രൂപീകരിച്ചുകൊണ്ട് ആര്‍ച്ച ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിനെ അതിന്റെ ചുമതലയേല്‍പ്പിച്ചു.സമൃദ്ധിയുടെ ഭൂമിയായ സൗത്ത് ആഫ്രിക്കക്ക് അതിന്റെ ഇരുണ്ട രാഷ്ട്രീയ ഭൂതകാലം സംഭാവന ചെയ്ത ജീര്‍ണതകള്‍ എങ്ങനെ തരണം ചെയ്യണം എന്നതിനെ സംബന്ധിച്ച് കമ്മീഷന്‍ മുമ്പാകെ വന്നെത്തിയ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പലതും പരിഹാരം കാണാനാവാതെ പ്രഹേളികയായിത്തന്നെ തുടര്‍ന്നു.

ജോണ്‍ ബൂര്‍മാന്‍
കൊടും പീഢനങ്ങള്‍ക്കിരയായ കറുത്ത വര്‍ഗക്കാരുടെ ദുരന്തങ്ങളേക്കുറിച്ചും,വര്‍ണ വിവേചനത്തിന്റെ നീതിരഹിതമായ മാര്‍ഗങ്ങളിലൂടെ അവരെ അടിച്ചമര്‍ത്തിയ വെള്ളക്കാരുടെ ദാര്‍ഷ്ട്യങ്ങളേക്കുറിച്ചും തെളിവെടുപ്പ് നടത്തിയ കമ്മീഷന്‍ മുമ്പാകെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.ഇവയെല്ലാം സംഭരിച്ചും ഇരയാക്കപ്പെട്ട മറ്റനവധി കറുത്ത വര്‍ഗക്കാരുടേയും അവരുടെ കുടുംബങ്ങളില്‍ നിന്നും പീഢാനുഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ നേരിട്ട് സമാഹരിച്ചു ചേര്‍ത്തുകൊണ്ടുമാണ് ആജ്ഞേ ക്രോശ് വര്‍ണഭീകരതയുടെ നാള്‍വഴിയായ കണ്ട്രി ഓഫ് മൈ സ്‌കള്‍ പൂര്‍ത്തിയാക്കിയത്.ഇതുവരെയുള്ള തന്റെ പടങ്ങളില്‍ പാലിച്ചിട്ടുള്ള ദാര്‍ശനികതയോട് ഈ കൃതിയിലെ രൂപവ്യവസ്ഥകള്‍ നീതിപുലര്‍ത്തുന്നതുകൊണ്ടാണ് ജോണ്‍ ബൂര്‍മാന്‍ ഇത് തെരഞ്ഞെടുത്തത്.എന്നാല്‍ കമ്മീഷനില്‍ പങ്കെടുത്തവരുടെ ആത്മസംഘര്‍ഷങ്ങളിലാണ് പടത്തിലെ ഊന്നലുകള്‍.പീഢിതകാലത്തെ സംഭവങ്ങളുടെ പകര്‍ത്തിവെപ്പ് ഈ പടത്തിലില്ല. 


ജയചന്ദ്രന്‍ തകഴിക്കാരന്‍:നാടകകലയുടെ പര്യായം. അഭിമുഖം.
 ജയചന്ദ്രന്‍ തകഴിക്കാരന്‍/കണ്ണന്‍ മേലോത്ത്.


വീട്.

തകഴിയിലെ മുണ്ടകത്തറയിലാണ് എന്റെ കുടുംബം.സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ വീട്ടില്‍ നിന്നും തെല്ലകലെ.പാടനിരപ്പില്‍ നിന്നും ഉയര്‍ന്നുകാണുന്ന മണ്‍തിട്ടകളിലാണ് പുലയര്‍ പാര്‍ക്കുന്നത്.അതിനെയാണ് 'തറ' എന്നു പറയുന്നത്.'മുണ്ടകന്‍' എന്ന് പറയുന്നത് ഒരിനം നെല്‍വിത്തും കൃഷിരീതിയുമാണ്.അതാണ് എന്റെ തറവാടിന്റെ നാമചരിതം.അച്ഛന്റെ പേര് പുരുഷോത്തമന്‍ അമ്മയുടെ പേര് സബീന.ഒരു ചേട്ടനുണ്ട് ജയദേവന്‍.അപ്പൂപ്പന്റെ പേര് വെള്ളന്‍ എന്നും അമ്മൂമ്മയുടെ പേര് ഉലകി എന്നുമാണ്.കുടുംബപരമായി സ്വല്പം ഭൂസ്വത്ത് ഇവര്‍ക്കുണ്ടായിരുന്നു.അതില്‍ കൃഷി ചെയ്ത് ആവശ്യമുള്ള നെല്ല് വിളയിക്കുമായിരുന്നു. എങ്കിലും കുടുബം പുലര്‍ത്തിയിരുന്നത് മറ്റുള്ളവരുടെ നിലങ്ങളില്‍ കര്‍ഷകത്തൊഴില്‍ ചെയ്തിട്ടായിരുന്നു.ആലപ്പുഴയിലെ 'എസ്.എം.ടെക്സ്റ്റയില്‍സ്' ഉടമ ശ്രീരാമന്റെ കൃഷിയിടത്തിലെ പണിക്കാരായിരുന്നു.അവരുമായി ഇന്നും നല്ല ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്.പാടത്തുവെള്ളം പൊങ്ങുമ്പോള്‍ കൃഷിപ്പണിയില്ല.പുല്ലുചെത്തി ശ്രീരാമന്റെ വീട്ടില്‍ കൊണ്ടുചെന്നു കൊടുക്കും കൂടെ ഞാനും പോകും.10-15 രൂപ കിട്ടും അതാണ് ആ നാളുകളിലെ വരുമാനം.ശ്രീരാമന്റെ മക്കള്‍ എന്റെ ക്ലാസ്‌മേറ്റാണ്.അച്ഛന്റെ തറവാട് പള്ളിനാട്ടു പറമ്പിലാണ്.അവിടെ നിന്നാല്‍ പള്ളി കാണാം.

'ജോസഫിന്റെ റേഡിയോ'
കുട്ടിക്കാലത്ത്.

പള്ളിനാട്ടുപറമ്പിലെ പാടത്തിന് നടുക്ക് ഞങ്ങള്‍ താമസിച്ചിരുന്ന 16 സെന്റ് പുരയിടം മിച്ചഭൂമിയായി കിട്ടിയതാണ്.പാര്‍ട്ടിക്കാര്‍ പൊത്തുകെട്ടി തന്നു.കൊടി വെച്ചുകെട്ടി.അന്ന് കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് സംഘട്ടനം നടക്കുന്നകാലം.പരസ്യമായി കോണ്‍ഗ്രസ് മീറ്റിംഗു കൂടി ഞങ്ങളുടെ വീട് ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചു.മുളകുവെള്ളവും വാരിക്കുന്തവുമായി നാളുകളോളം ഞങ്ങള്‍ ഉറക്കമിളച്ച് കോണ്‍ഗ്രസ് ആക്രമണത്തെ ചെറുക്കാന്‍ നോക്കിയിരുന്നു.അച്ഛനും സഹോദരങ്ങളും അടക്കം 7 പേര്‍ വീട്ടില്‍ ഉണ്ടായിരുന്നു.എ.കെ.ജി,സുശീലാ ഗോപാലന്‍ തുടങ്ങിയവര്‍ വീട്ടില്‍ വന്നിട്ടുണ്ട്.കോണ്‍ഗ്രസ് ആക്രമണം പ്രഖ്യാപനത്തില്‍ ഒതുങ്ങി.

നന്ദേട്ടന്‍ അഭിനന്ദിക്കുന്നു
പള്ളിക്കൂടം.

തകഴി ഗവഃയു.പി.സ്‌കൂളിലും ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിലുമാണ് സ്‌കൂള്‍ വിദ്യാഭ്യാസം.തുടര്‍ന്ന് എടത്വാ സെ.അലോഷ്യസ് കോളേജില്‍ പഠിച്ചു.സ്‌കൂളിലായിരുന്നപ്പോള്‍ അഞ്ചാംക്ലാസ്സ് മുതലേ നാടകം കളിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ.ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ നാടകം കളിക്കുമായിരുന്നു.ആദ്യം കളിച്ച നാടകത്തിന്റെ പേര് ഓര്‍മ്മയില്ല.കഥയറിയാം.രാജാവും പടയാളികളും ഒക്കെയുള്ള ആ നാടകത്തില്‍ അടിമകളുടെ നേതാവായിട്ടായിരുന്നു ഞാന്‍ രംഗപ്രവേശനം ചെയ്തത്.'ചാത്തൂമ്മാന്റെ ചെരുപ്പ്' എന്ന നാടകം കണ്ടിട്ട് സാറാ ജോസഫ് എന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു.'ലോറ,ജോസഫ്,ബെഞ്ചമിന്‍',എം.എല്‍.എ.ആയിരുന്ന ജോണ്‍ ഫെര്‍ണാണ്ടസിന്റെ 'മണ്ടേല',കാര്‍ത്തികേയന്‍ പടിയത്തിന്റെ 'ശവംതീനി എറുമ്പുകളുടെ ഘോഷയാത്ര','ചൂണ്ട',പി.എം.താജിന്റെ 'മാന്ത്രികവടിയുടെ മറ്റേ അറ്റം',അഭയന്‍ കലവൂരിന്റെ 'ചങ്കരായണം',പി.ജി.രാജിന്റെ 'ചാത്തചരിതം' എന്നീ നാടകങ്ങളില്‍ ആ കാലത്ത് വേഷമിട്ടു.

ജി.അജയനോടൊപ്പം.
അരങ്ങില്‍ ഉറച്ചത്.

നാടകത്തില്‍ വരുമ്പോള്‍ തന്നെ ഡാന്‍സറും ആയിരുന്നു.തകഴിക്കാരിയായ രമാദേവി ടീച്ചറിന്റെ അടുത്തുനിന്ന് ക്ലാസ്സിക്കല്‍ നൃത്തരൂപമായ ഭരതനാട്യവും നാടോടി നൃത്തവും അഭ്യസിച്ചു.ഭൂമി വിറ്റു കിട്ടിയ കാശുമടക്കിയാണ് അരങ്ങേറ്റം നടത്തിയത്.നൃത്ത പരിപാടിക്ക് ചെലവ് കൂടുതലും കിട്ടുന്ന കാശ് കുറവുമായിരുന്നു.സി.ഡി.തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല.ഇതുമാത്രമല്ല നൃത്തവേദി വിടാന്‍ കാരണം.ഒരിക്കലും ഒരു ദളിതന് ക്ലാസ്സിക്കല്‍ നൃത്തം ചെയത് ജീവിക്കാന്‍ പറ്റില്ല.സമൂഹം അഗീകരിക്കില്ല.നാടകത്തിന് സാമ്പത്തിക ചെലവ് വേണ്ട,ബുദ്ധിയും ശേഷിയും മാത്രം മതി.അത് മനസ്സിലാക്കിയിട്ട് നൃത്തവേദി വിട്ട് ഞാന്‍ നാടക അരങ്ങില്‍ ഉറച്ചു.
 
ജീവിതത്തില്‍
കോളേജില്‍.

94 ല്‍ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ മികച്ച നടനായിരുന്നു.പി.ബാലചന്ദ്രന്‍ എഴുതി തോമസ് ബത്തേരി സംവിധാനം ചെയ്ത 'ബാഗ്ദാദില്‍ നിന്ന് സമാറയിലേക്ക്' എന്നതായിരുന്നു നാടകം.അതോടൊപ്പം പ്രാദേശിക വേദികളിലും സജീവമായി.ഏറ്റവും കൂടുതല്‍ കളിച്ച നാടകം പി.എം.താജിന്റെ 'രാവുണ്ണി'യാണ്.'ജിപ്‌സി' എന്ന നാടോടി നാടക സംഘമുണ്ടാക്കി.എം.കെ.മനോഹരന്റെ 'മനുഷ്യകണ്ടാമൃഗം' കളിച്ചു.അകിരാ കുറോസാവയുടെ 'റാഷാമോണ്‍' നാടകമാക്കി.'അതുമിതും' എന്നാണ് പേര്.സന്തോഷ് തകഴിയാണ് സംവിധാനം നിര്‍വ്വഹിച്ചത്.ഞങ്ങള്‍ 10 പേര്‍ അരങ്ങത്തു വന്നു.2 വേദികളില്‍ ഞങ്ങള്‍ 10 പേരും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.സന്തോഷ് തകഴിയുടെ 'കാണാതായ ഒരാള്‍കൂടി' എന്ന നാടകത്തില്‍ കളിച്ച വേദികളിലെല്ലാം ഞാന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

ഗുരുക്കന്മാര്‍.

പി.എം.ആന്റണി.നാടകകലയെ സംരക്ഷിക്കുന്നതിന്,2004 ല്‍ അരങ്ങുവിട്ട് 'നാടകക്കാരന്‍ അടുക്കളമുറ്റത്ത് എത്തണ'മെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച് നാടകയാത്ര നടത്തിയത് പി.എം.ആന്റണിയുടെ നേതൃത്വത്തിലായിരുന്നു.15 ആളുകള്‍.14 നടന്മാരും ഒരു നടിയും.അതില്‍ മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു.6 മാസത്തോളം സൈക്കിളില്‍ സഞ്ചരിച്ച് ഞങ്ങള്‍ നാടകം കളിച്ചു.22 എഴുത്തകകാര്‍,22 സംവിധായകര്‍,അരമണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ നീളുന്ന നാടകങ്ങള്‍.അതില്‍ കുടിവെള്ളപ്രശനം ചര്‍ച്ചചെയ്ത നാടകം കാരൂരിന്റെ 'ഉതുപ്പാന്റെ കിണര്‍' എന്ന ചെറുകഥയെ ആധാരമാക്കി ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്തതായിരുന്നു.'രാവുണ്ണി' സംവിധാനം ചെയ്തത് ചന്ദ്രഹാസന്‍ മാഷായിരുന്നു.രണ്ടിലും കേന്ദ്രകഥാപാത്രത്തെ ഞാനാണ് അവതരിപ്പിച്ചത്.വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ വായനശാലകളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. 

സകുടുംബം
ഇപ്പോള്‍.

നാടകവേദിയില്‍ എന്നത്തേയും പോലെ സജീവം.കെ.ആര്‍.രമേഷ് രചനയും സംവിധാനവും ചെയ്ത 'ജോസഫിന്റെ റേഡിയോ' എന്ന ഒറ്റയാള്‍ നാടകം 1002 വേദികള്‍ പിന്നിട്ടു.അതോടൊപ്പം 'ഇസിജി' എന്ന ഒറ്റയാള്‍ നാടകവും കളിക്കുന്നു.ജി.അജയന്‍ സംവിധാനം ചെയ്യുന്ന 'കൃസ്തുവിന്റെ അന്ത്യപ്രലോഭനം' എന്ന നാടകത്തില്‍ ഇപ്പോള്‍ പങ്കെടുക്കുന്നു.സ്‌കൂള്‍കുട്ടികളെ നാടകം പഠിപ്പിക്കുകയും ചെയ്യുന്നു.നാടക പഠനശിബിരങ്ങളിലും ചര്‍ച്ചാവേദികളിലും പങ്കെടുക്കുന്നു.13 വര്‍ഷം സി.ജെ.കുട്ടപ്പന്റെ 'ഡയനാമിക് ആക്ഷന്‍ സംഘ'ത്തില്‍ പ്രവര്‍ത്തിച്ചു.പി.ആര്‍.രമേഷിന്റെ 'കരിന്തലക്കൂട്ട'വുമായി ഇപ്പോഴും സഹകരിക്കുന്നു.'വരമൊഴിക്കൂട്ടം'തിരുവല്ല,'തനിമ'പാലക്കാട്,'വായ്ത്താരി'കൂറ്റനാട്, 'കണ്ണകി'ആലപ്പുഴ,'ദേശത്തനിമ'മാരാരിക്കുളം എന്നീ സമിതികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.തൃപ്പൂണിത്തുറയില്‍ സി.അയ്യപ്പന്‍ അനുസ്മരണം2012 ആഗസ്റ്റ് 18.തൃപ്പൂണിത്തുറയില്‍ സി.അയ്യപ്പന്‍ അനുസ്മരണം സമുചിതമായി കൊണ്ടാടി.

പ്രശസ്ത ചെറുകഥാകൃത്ത് സി.അയ്യപ്പന്റെ ഒന്നാം അനുസ്മരണ വാര്‍ഷികദിനം തൃപ്പൂണിത്തുറ PWD റെസ്റ്റ് ഹൗസില്‍ ബഹു:എക്‌സൈസ് തുറമുഖ വകുപ്പുമന്ത്രി കെ.ബാബു ഉത്ഘാടനം ചെയ്തു.തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ വിജയന്‍ ടി.കെ. സ്വാഗതവും,മുഖ്യപ്രഭാഷണം രാമന്‍ കര്‍ത്തയും നിര്‍വ്വഹിച്ചു.ദലിത് പ്രവര്‍ത്തകനും 'ബോധി' സിനിമയുടെ നിര്‍മ്മതാവുമായ ഭാസി ഇരുമ്പനം,നാടകസംവിധായകന്‍ ഉണ്ണി പൂണിത്തുറ,നാടകരചയിതാവ് ടി.എ.വേലപ്പന്‍,തിരുവാങ്കുളം ശശികുമാര്‍,ജോയി,വേണുജി,തുടങ്ങിയവര്‍ അനുസ്മരണ ആശംസകള്‍ അര്‍പ്പിച്ചു.വി.ടി.സദാനന്ദന്‍ നന്ദി രേഖപ്പെടുത്തി.

മന്ത്രി കെ.ബാബുവിന്റെ പ്രസംഗത്തില്‍ നിന്നും;ജാതിവ്യവസ്ഥയുടെ ചങ്ങലക്കെട്ടുകളില്‍ നൂറ്റാണ്ടുകളായി യാതനകളനുഭവിക്കുന്ന ദരിദ്രകോടികളുടെ സാമൂഹ്യവിമോചനത്തിന്റെ ആവശ്യകതയാണ് സി.അയ്യപ്പന്‍ തന്റെ കഥകളിലൂടെ സമൂഹസമക്ഷം സമര്‍പ്പിച്ചത്.പൊതുസമൂഹം മാത്രമല്ല ദളിത് സമൂഹവും സി.അയ്യപ്പനെ വേണ്ടരീതിയില്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്നും അംഗീകരിച്ചിട്ടുണ്ടോ എന്നും പരിശോധന നടത്തേണ്ടതാണ്.സവിശേഷമായ സാമൂഹ്യ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളുടെ വിമോചനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ തന്നാലാകുന്ന എല്ലാ സഹായങ്ങളും എന്നും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒളിഞ്ഞിരിക്കണമെന്നു തോന്നുന്ന ഗതികെട്ട അവസ്ഥയുടേതായ ആത്മാനുഭവങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട്,വ്യത്യസ്ത സാമൂഹ്യാവസ്ഥകളെ ഒരു രാഷ്ട്രം,സമൂഹം ജനാധിപത്യപരമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് സി.അയ്യപ്പന്റെ കഥകളിലെ രാഷ്ട്രീയമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍.വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

2012, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

അടിക്കാടുകളില്‍ നിന്ന് അധികാരം.


പുസ്തകം.
കണ്ണന്‍ മേലോത്ത്.
ഇരകള്‍ സ്വന്തം ചരിത്രം എഴുതുന്നതുവരെ വേട്ടക്കാരന്‍ എഴുതുന്നത് ചരിത്രമായി വായിക്കപ്പെടും-ചിനുവ അച്ചാബേ.

ബിനോയ് പി.ജെ യുടെ ആദ്യത്തെ കഥാസമാഹാരമാണ് 'അടിക്കാടുകളില്‍ നിന്ന് ഒരശരീരി'.ഇംഗ്ലീഷിലും മലയാളത്തിലും കഥകളെഴുതി ശ്രദ്ധേയനായ ആളാണ് ബിനോയ് പി.ജെ.മികച്ച ഒരു ചിത്രകാരനും കൂടിയാണ്.ഒട്ടാകെ 12 ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്.'കഥാവര്‍ഷം' 2002-2003ല്‍ കറന്റ് ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.പുസ്തകത്തിന്റെ പേരിന് സ്വീകരിച്ച ആദ്യ കഥ മാത്രമേ ഇവിടെ വിലയിരുത്തുന്നുള്ളൂ.

ഒരു കഥ വായിച്ചുകഴിഞ്ഞാല്‍ മറ്റൊരാള്‍ക്ക് വായിച്ചുകൊടുക്കാവുന്ന ഒരു കഥാ വസ്തു അതിലുണ്ടാവണം എന്ന് അഭിപ്രായപ്പെടുന്നവരാണ് മോപ്പസാങ്,സ്റ്റീവന്‍സണ്‍,കിപ്ലിംങ്,ഹെന്റ്രി തുടങ്ങിയവര്‍. 'അടിക്കാടുകളില്‍ നിന്ന് ഒരശരീരി' എന്ന ചെറുകഥയില്‍ നിന്ന് ഒട്ടേറെ പറഞ്ഞുകൊടുക്കുവാനുണ്ട്.അന്യാപദേശരൂപത്തില്‍ എഴുതിയിട്ടുള്ള ഈ കഥയില്‍ അധികാരമാണ് അശരീരിയായ കഥാപാത്രം.കാടാണ് ഇവിടെ നാട്.വേട്ടയാടുന്ന നേരം.നിയമങ്ങളൊക്കെ അധികാരത്തിന് വിധേയം.തീറ്റകൊടുത്ത് വളര്‍ത്തിയതൊക്കെയാണ് ഇരകള്‍.അവരെ തോന്നിയ പേരിലോക്കെ വിളിക്കും.'വടാല്‍,കുചല്‍,സകാര്‍' എന്നിങ്ങനെയൊക്കെയാണ് മരങ്ങളുടെ പേരുകള്‍.തെച്ചിപ്പൊന്തയെ അവയുടെ പേരു തന്നെ വിളിച്ചതെന്തേ?ആരാടാ ചോദിച്ചത്?'ഇതെന്റെ സ്വകാര്യവനം.ഇവിടത്തെ ചെടികള്‍ക്കും മരങ്ങള്‍ക്കും പേരിടുന്നത് ഞാന്‍'.കുരങ്ങനെ പട്ടിയെന്നും പട്ടിയെ കുരങ്ങനെന്നും വിളിച്ചെന്നിരിക്കും.അതെന്റെ അധികാരം.ഞാന്‍ അത് ആവര്‍ത്തിച്ചുകൊണ്ടുമിരിക്കും.ആരാധനാമൂര്‍ത്തിയാണുഞാന്‍.എപ്പോഴും അങ്ങനെയായിരിക്കണം.അതിന് കോട്ടംതട്ടിയാല്‍ ഞാന്‍ തോക്കെടുക്കും.

ബിനോയ് പി.ജെ
ഫുഡ്‌ബോള്‍ കമന്റേറ്ററുടെ ദ്രുതതാളവും കൈക്കൊണ്ട അധികാരത്തിന്റെ ഈ വേട്ടയുടെ വാങ്മയചിത്രം ഒരു ഫോട്ടോഗ്രാഫില്‍ ഫ്രീസ് ചെയ്ത് പൂര്‍ത്തിയാക്കുന്നു.ഈ കഥ അദ്യം മുതല്‍ അവസാനം വരേയോ അവസാനം മുതല്‍ ആദ്യം വരേയോ ഇടക്കുനിന്ന് മുന്നോട്ടോ പിന്നോട്ടോ വായിച്ചാലും ആശയഗ്രഹണം സുസാധ്യമാകും.കഥയുടെ ഘടനാസമ്പ്രദായത്തെ അപനിര്‍മ്മിച്ചതിലും ഈ കഥ സവിശേഷ സ്ഥാനം നേടിയിട്ടുണ്ട്.വാചകങ്ങളെ ശൃംഖലയായി നിരത്തിയ കവിതയാണ് മറ്റൊരര്‍ഥത്തില്‍ ഈ കഥ.അല്ലെങ്കില്‍ ശ്രേണിയായി വരിനിരത്തുക.

'ആരാണ് ക്ലിക്ക് ചെയ്തത്.
എന്റെ സ്വകാര്യവനത്തിന്റെ ഹരിതഭംഗിയില്‍'

എന്നിങ്ങനെ പുറകോട്ട് വായിച്ചുപോവുക.ഒരു കഥയില്‍ നിന്ന് ഒരു കവിതകൂടി വായിച്ചടുക്കുക.

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

ബാബാ സാഹിബ് പറഞ്ഞു;സംവരണമെന്നാല്‍…ഡോ.അംബേദ്കര്‍.


ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഭരണവര്‍ഗത്തിനെതിരേ അടിമവര്‍ഗം നടത്തുന്ന പ്രക്ഷോഭണം ഇതുവരേയും എഴുതപ്പെട്ടിട്ടില്ല. എന്നാല്‍ അതിനെപ്പറ്റി എന്തെങ്കിലും അിറയാവുന്നവര്‍ക്കറിയാം ഇന്ത്യയിലെ ഭരണവര്‍ഗത്തിന് അള്‍ത്താരയില്‍പ്പോലും എന്തെങ്കിലും ബലിയര്‍പ്പിക്കാന്‍ യാതൊരു ദ്ദേശ്യവുമില്ലെന്ന്. മറിച്ച് സ്വന്തമായതെല്ലാം നിലനിര്‍ത്താന്‍ ഭരണവര്‍ഗം എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുകയാണ്. അതിനായി അവര്‍ രണ്ട് ആയുധങ്ങള്‍ എടുത്ത് പ്രയോഗിക്കുന്നു. ആദ്യത്തേത് ദേശീയത എന്ന ആയുധമാണ്. നിയമസഭയിലും മന്ത്രിസഭയിലും സേവനതുറകളിലും സംവരണം വേണമെന്ന് അടിമവര്‍ഗങ്ങള്‍ ആവശ്യപ്പെടു മ്പോഴെല്ലാം ഭരണവര്‍ഗം മുറവിളികൂട്ടും, ദേശീയത അപകടത്തിലാണ്, ഈ സംവരണമെന്നത് എന്താണ്? ചുരുക്കത്തില്‍ അടിമവര്‍ഗങ്ങളെ അവരുടെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരത്തില്‍ ഭരണവര്‍ഗത്തിനു കൂടുതല്‍ താഴ്ചയിലേക്ക് അടിച്ചമര്‍ത്താനാവാത്ത വിധത്തിലുള്ള ഒരു നിലപാടുതറ ഒരുക്കുന്ന ഒന്നാണ് യഥാര്‍ഥത്തില്‍ സംവരണം. സംവരണം വേണമെന്ന ആവശ്യത്തില്‍ ദ്രോഹബുദ്ധിയോ തെറ്റോ ഒന്നുമില്ല. അവരോട് ഭരണവര്‍ഗം എങ്ങനെയാണ് പ്രതികരിക്കുന്നത്? അവരോട് അമര്‍ഷം കാട്ടാനും അവരെ പരിഹസിക്കാനും കിട്ടുന്ന ഒരു സന്ദര്‍ഭവും ഭരണവര്‍ഗം പാഴാക്കുകയില്ല. ദേശീയ സ്വാതന്ത്ര്യം നേടണമെങ്കില്‍ ദേശീയഐക്യം നിലനിര്‍ത്തണമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്നു. നിയമസഭയിലും മന്ത്രിസഭയിലും സേവനതുറകളിലും മറ്റും സംവരണം വേണമെന്ന പ്രശ്‌നം ദേശീയ ഐക്യത്തിന് എതിരാണ് .അതിനാല്‍ ദേശീയ സ്വാതന്ത്ര്യത്തില്‍ താല്‍പ്പര്യമുള്ളവര്‍ അത്തരം സംവരണവാദക്കാരെ പിന്‍തുണക്കുന്നത് പാപമാണ്. ഇതാണ് ഇന്ത്യയിലെ ഭരണവര്‍ഗത്തിന്റെ മനോഭാവം. ഇത് ജപ്പാനിലെ ഭരണവര്‍ഗത്തിന്റെ മനോഭാവത്തിന് കടകവിരുദ്ധമാണ്. ദേശീയതയുടെ ദുരുപയോഗമാണിത്. എന്നാല്‍ അത്തരം ദുരുപയോഗത്തില്‍ ഭരണവര്‍ഗത്തിനു യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. (സമ്പൂര്‍ണകൃതികള്‍ . വാല്യം 17 പേജ് 66)

വര്‍ഗീയതയുടെ പേരില്‍ അവര്‍ ഇപ്പോള്‍ എതിര്‍ക്കുന്ന അതേ സംവരണ സമ്പ്രദായത്തിലൂടെയാണ് ഭരണവര്‍ഗം പരമാധികാരം നേടിയെടുത്തത്. ഈ പ്രസ്താവത്തിന്റെ സത്യം സ്വീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാകും. സംശയമുള്ളവര്‍ ഹിന്ദുക്കളുടെ ബൈബിള്‍ ആയ മനുസ്മൃതി വായിച്ചുനോക്കിയാല്‍ മതി. അതില്‍ എന്താണു കണ്ടെത്തുക? അവര്‍ ഞെട്ടലോടെ കണ്ടെത്തുന്ന ഒരു നഗ്നസത്യം ഭരണവര്‍ഗത്തിലെ പ്രമുഖവും നായകഘടകവുമായ ബ്രാഹ്മണര്‍ രാഷ്ട്രീയാധികാരം നേടിയത് ബുദ്ധിശക്തിയിലൂടെയല്ല - ബുദ്ധിശക്തി ആരുടേയും കുത്തകയല്ല - കേവലം സാമുദായികത്വത്തിലൂടെയാണ് എന്നതത്രേ. മനുസ്മൃതിയിലെ നിയമ മനുസരിച്ച് രാജാവിന്റെ കുലഗുരു, പ്രധാന ന്യായാധിപന്‍ , ഹൈക്കോടതി ജഡ്ജിമാര്‍ , രാജാവിന്റെ മന്ത്രിമാര്‍ എന്നീ പദവികളെല്ലാം ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. സര്‍വസൈന്യാധിപന്റെ സ്ഥാനംപോലും ബ്രാഹ്മണര്‍ക്ക് അനുയോജ്യമാണെന്ന് ശുപാര്‍ശ ചെയ്യപ്പെടുന്നു. - അത് അവര്‍ക്കുവേണ്ടി സംവരണം ചെയ്യപ്പെട്ടതല്ലെങ്കിലും തന്ത്രപ്രധാനപദവികളെല്ലാം ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ കാര്യനിര്‍വാഹകസ്ഥാനങ്ങളും അവര്‍ക്കുതന്നെ യാണെന്ന് പ്രതേകം പറയണ്ടതില്ല. ഇതുകൊണ്ടുതീരുന്നില്ല തന്റെ വര്‍ഗത്തിനുവേണ്ടി ലാഭകരവും അധികാരപരവുമായ തസ്തികകള്‍ സംവരണം ചെയ്യപ്പെടുന്നതുകൊണ്ടുമാത്രം ബ്രാഹ്മണര്‍ തൃപ്തിപ്പെട്ടിരുന്നില്ല. കേവല സംവരണം കൊണ്ട് കാര്യമില്ലെന്നവര്‍ക്കറിയാം. അബ്രാഹ്മണ സമൂഹത്തില്‍നിന്ന് തുല്യയോഗ്യരായവര്‍ ഉയര്‍ന്നുവന്ന് സംവരണ സമ്പ്രദായത്തെ തകിടം മറ ക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ഭരണനിര്‍വഹണ രംഗത്തെ എല്ലാ തസ്തികകളും ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടതുകൂടാതെ വിദ്യാഭ്യാസം കുത്തകയാക്കി വെക്കുന്ന ഒരു നയം നിര്‍മ്മിക്കപ്പെടുകയുമുണ്ടായി. നേരത്തേ ചൂണ്ടിക്കാട്ടിയതു പോലെ ശൂദ്രര്‍ , അതായത് ഹിന്ദുസമൂഹത്തിലെ താഴേക്കിടക്കാര്‍ വിദ്യാഭ്യാസം നേടുന്നത് കുറ്റകരമാക്കി. കുറ്റക്കാര്‍ക്ക് ക്രൂരവും മനുഷ്യത്വരഹിതവുമായ ശിക്ഷകള്‍ നല്‍കപ്പെട്ടു. അക്ഷരം പഠിക്കുന്ന ശൂദ്രന്റെ നാവറുക്കുകയും ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കുകയും ചെയ്തു. ഈ സംവരണങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലില്ലായിരുന്നു. എന്നാല്‍ മനു സൃഷ്ടിച്ചുവിട്ട സംവരണങ്ങള്‍ അവസാനിച്ചെ ങ്കിലും നൂറ്റാണ്ടുകളിലൂടെ നിലനിന്നുപോന്ന അവയുടെ സാഹചര്യങ്ങള്‍ നിഷ്പന്നമാക്കിയ പ്രയോജനങ്ങള്‍ അവശേഷിക്കുന്നു. സംവരണം ചേദിക്കുന്നതിലൂടെ അടിമവര്‍ഗം നൂതനവും അസാധാരണവുമായ ഒന്നും ചോദിക്കുന്നില്ല. സംവരണം വേണമെന്ന് ആവശ്യപ്പെടുന്നത് ഭരണവര്‍ഗത്തിന്റെ ആക്രമണപരമായ വര്‍ഗീയതയില്‍നിന്ന് സംരക്ഷണം നേടാനാണ്.(പേജ് 68,69)

ഭരണകൂടത്തിന്റെ കൈകാര്യകര്‍ത്താക്കളെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ വര്‍ഗതാല്‍പ്പര്യം പരിഗണിക്കാതെ വിടരുത്. അത് യഥാര്‍ഥത്തില്‍ നല്ല ഗവണ്‍മെന്റിന്റെ മൗലികമായ ഘടകമാണ്. നിര്‍ഭാഗ്യമെന്നുപറയട്ടെ, ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ പോലും ഈ ഘടകത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നില്ല. ഇത് ആദ്യമായി തിരിച്ചറിഞ്ഞത് കാറല്‍ മാര്‍ക്‌സ് ആണ്. അതിനെ പാരീസ് കമ്മ്യൂണിന്റെ ഭരണത്തില്‍ അദ്ദേഹം പരിഗണിക്കുകയും ചെയ്തു. ഇന്ന് സോവിയറ്റ് റഷ്യയുടെ ഗവണ്‍മെന്റിന്റെ അടിസ്ഥാനമിതാണെന്ന് പറയേണ്ടതില്ലല്ലോ. ഇന്ത്യയിലെ അടിമവര്‍ഗങ്ങള്‍ സംവരണത്തിനായി ഉന്നയിക്കുന്ന ആവശ്യം സാരാംശത്തില്‍ ഡെയ്‌സി ചൂണ്ടിക്കാട്ടിയതും കാറല്‍ മാര്‍ക്‌സ് ശുപാര്‍ശ ചെയ്തതും റഷ്യ ദത്തെടുത്തതുമായ അതേ പരിഗണനകളില്‍ അധിഷ്ടിതമാണ്. അടിമവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആ വര്‍ഗങ്ങളില്‍ പെട്ടവരെത്തന്നെ ചുമതലപ്പെടുത്താനേ പറ്റൂ.(പേജ്71)

അടിമവര്‍ഗങ്ങള്‍ സംവരണം ആവശ്യപ്പെടുന്നത് ഭരണോപാധികള്‍ നിയന്ത്രിക്കുന്ന ഭരണവര്‍ഗത്തിന്റെ അധികാരത്തിനു പരിധിനിശ്ചയിക്കാന്‍ വേണ്ടിയാണ്. സംവരണത്തിനു ദുഷ്‌കീര്‍ത്തിയുണ്ടാക്കാനാണ് ഭരണവര്‍ഗം ശ്രമിക്കുന്നത്. സംവരണവാദികളെ തൂക്കിലേറ്റാന്‍ പ്രാപ്തിനേടുകയാണ് അവരുടെ ലക്ഷ്യം. സംവരണം യഥാര്‍ഥത്തില്‍ അമേരിക്കക്കാര്‍ 'നിയന്ത്രണ സന്തുലനങ്ങള്‍ ' എന്നു വിളിക്കുന്ന സമ്പ്രദായത്തിന്റെ മറ്റൊരു പേരുമാത്രമാണ്.(പേജ്72)

അയ്യന്‍കാളിയെ തമസ്‌കരിച്ചവരില്‍ യുക്തിവാദികളും…..
വായന
കണ്ണന്‍ മേലോത്ത്.

(2001 ഒക്‌ടോബര്‍ മാസത്തിലെ ചന്ദ്രിക ആഴച്പ്പതിപ്പില്‍(6-12.ലക്കം 8)ഇടമറുക് ടി.സി.ജോസഫിന്റെ 'കേരള സംസ്‌കാരം' എന്ന പുസ്തകത്തിന് ഞാന്‍ ഒരു നിരീക്ഷണക്കുറിപ്പ് എഴുതിയിരുന്നു.'തിരസ്‌കരണിയുടെ ബ്രാഹ്മണിത്ത പാഠങ്ങള്‍' എന്നായിരുന്നു ശീര്‍ഷകം.ആ കുറിപ്പാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.ആ പുസ്തകം കൈമോശം വന്നു.അതിനാല്‍ ഫോട്ടോ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.വിദ്യാര്‍ത്ഥിമിത്രം,കോട്ടയം ആണ് പ്രസാധകര്‍.)

ദളിത് സ്വത്വവിചാരങ്ങളുടെ അിറവടയാളങ്ങള്‍ നശിപ്പിക്കുകയോ മറച്ചിടുകയോ ചെയ്യുന്ന കാര്യത്തില്‍ യാഥാസ്ഥിതിക ബ്രാഹ്മണനില്‍ നിന്ന് സോഷ്യലിസ്റ്റ് ബ്രാഹ്മണന്‍ വ്യത്യസ്തനാകുന്നില്ല.ഇക്കാര്യത്തില്‍ അവരുടെ ഇരട്ട സഹോദരനാണ് യുക്തിവാദി ബ്രാഹ്മണന്‍.വര്‍ണാശ്രമ ധര്‍മ്മ വ്യവസ്ഥയില്‍ യുക്തിവാദികളുടെ ബ്രാഹ്മണ കുലസ്ഥാനം ഉറപ്പിക്കുന്ന ചരിത്ര ഗ്രന്ഥമാണ് ഇടമറുക് ടി.സി.ജോസഫിന്റെ 'കേരള സംസ്‌കാരം'

80-ല്‍ അധികം ചരിത്ര വിജ്ഞാനഗ്രന്ഥങ്ങള്‍ പരിശോധിച്ചും പ്രധാനങ്ങളായ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും രേഖകള്‍ ശേഖരിച്ചും ഫോട്ടോകള്‍ എടുത്തുമാണ് ഇടമറുക് ഈ ഗ്രന്ഥത്തിന്റെ രചന നടത്തിയിട്ടുള്ളതെന്ന് ആമുഖമായി പറയുന്നു.വിദേശികളും സ്വദേശികളുമായ ഉദ്യോഗസ്ഥന്മാര്‍ എഴുതിയ കേരളചരിത്രം,സഞ്ചാരികള്‍ എഴുതിയ യാത്രാവിവരണഗ്രന്ഥങ്ങള്‍,സോഷ്യലിസ്റ്റുകളുടെ കേരള ചരിത്രം,സമുദായ ചരിത്രം,ഭാഷാ ചരിത്രം എന്നിങ്ങനെ അവയെ വര്‍ഗ്ഗീകരിച്ചിരിക്കുന്നു.ഇവയെല്ലാം സംഘടിപ്പിച്ച് മേശപ്പുറത്ത് നിരത്തിയിട്ടെങ്കിലും അതൊന്നു മിറച്ചുനോക്കുവാനുള്ള രചനാധര്‍മ്മം പോലുമില്ലാതെയാണ് ബ്രാഹ്മണസേവക്കായി ഇടമറുക് ചരിത്രമെഴുത്ത് നടത്തിയിട്ടുള്ളത്. അതുകൊണ്ടാണ് ചട്ടമ്പിസ്വാമികളുടെ 'പ്രാചീനമലയാളം' എന്ന ഗ്രന്ഥം ഭാഷാ ചരിത്രഗ്രന്ഥമാണെന്ന് എഴുതിയിരിക്കുന്നത്.മലയാളം എന്ന് പുറംചട്ടയില്‍ എഴുതിയിരിക്കുന്നതുകണ്ട് അത് ഭാഷാ ചരിത്രമാണെന്ന നിഗമനത്തില്‍ ചരിത്രരചന നടത്തിയ പ്രസ്തുത പുസ്തകത്തിലെ 10 അധ്യായങ്ങളിലൊരിടത്തും ഭാഷാചരിത്രം പരാമര്‍ശിക്കപ്പെടുന്നില്ല.

പാച്ചുമൂത്തതുമുതല്‍ എസ്.ശങ്കു അയ്യര്‍ വരെയുള്ള പ്രാക്തനരേയും എ.ശ്രീധരമേനോന്‍ മുതല്‍ എം.ജി.എസ് നാരായണന്‍ വരെയുള്ള അധുനാതനരേയും പരിശോധനക്കെടുത്തപ്പോള്‍ ടി.എച്ച്.പി.ചെന്താരശ്ശേരിയെ വിട്ടുകളഞ്ഞു.ഇടമറുക് അവതരിപ്പിക്കുന്ന ചരിത്രകാരന്മാരില്‍ സാധുതയുള്ള നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നവര്‍ക്കൊപ്പം തന്നെയുണ്ട് ടി.എച്ച്.പി.ചെന്താരശ്ശേരിയും.ആധികാരിക രേഖകള്‍ ഉദ്ധരിച്ചുകൊണ്ടുതന്നെയാണ് ടി.എച്ച്.പി.ചെന്താരശ്ശേരി തന്റെ 'കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍' എന്ന ഗ്രന്ഥം രചിച്ചിട്ടുള്ളത്.1970ല്‍ ഇറങ്ങിയ ഈ പുസ്തകം 1971ല്‍ കേരളസംസ്‌കാരം എഴുതിയ ഇടമറുക് കണ്ടില്ല.അതുപോലെ 'ജാതിവ്യവസ്ഥയും കേരളചരിത്രവും' എഴുതിയ പി.കെ.ബാലകൃഷ്ണനും ഇടമറുകിന്റെ ചരിത്രസംസ്‌കാര പഠനത്തില്‍ വരുന്നില്ല.1995-ല്‍ കേരളസംസ്‌കാരത്തിന്റെ രണ്ടാംപതിപ്പ് ഇറക്കുമ്പോഴെങ്കിലും പരാമൃഷ്ടരെ ഉള്‍പ്പെടുത്താനുള്ള യുക്തിവിചാരം ഇടമറുകിന് ഇല്ലാതെപോയി. 

ഇടമറുക് പരിശോധിച്ച ഗ്രന്ഥമാണ് ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന അബദ്ധപുസ്തകം.ഈ ഗ്രന്ഥത്തില്‍നിന്ന് പേരുപോലും പരാമര്‍ശിക്കാതെ അയ്യന്‍ കാളി ഒഴിവാക്കപ്പെടുകയായിരുന്നു.തിരസ്‌കരണിയുടെ ഈ ബ്രാഹ്മണിത്ത പാഠങ്ങള്‍ പിന്‍തുടര്‍ന്ന ഇടമറുകും കേരള സംസ്‌കാരത്തില്‍ നിന്ന് അയ്യന്‍ കാളിയെ പുറത്താക്കി.സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളക്ക് രണ്ടിടത്ത് പ്രത്യേകം ഖണ്ഡിക നല്‍കി ആദരിച്ചിട്ടുണ്ട്.സഹോദര്‍ അയ്യപ്പന്റെ പേര് രണ്ടിടത്ത് അച്ചടിച്ചുവെച്ചിട്ടുണ്ടെങ്കിലും കീഴാള സമരചരിത്രങ്ങളിലെ തപ്തരേഖയായ 'പന്തിഭോജനം' സമരചരിത്രങ്ങളുടെ കൂട്ടത്തില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല.പെരിയോറും ഈ ബ്രാഹ്മണിത്ത സംസ്‌കാര പാഠങ്ങള്‍ക്ക് ബഹിഷ്‌കൃതനാണ്.ഒരിടത്ത് പേര് പരാമര്‍ശിച്ചതുതന്നെ വൈക്കം സത്യാഗ്രഹത്തിന്റെ നെടുനായകത്വവും വിജയവും എം.കെ.ഗാന്ധിക്കും കോണ്‍ഗ്രസിനും തീറെഴുതിയിരിക്കുന്നിടത്ത് സാക്ഷിയായി മാത്രമാണ്.സാഹിത്യ ചരിത്രത്തില്‍ പോത്തേരി കുഞ്ഞമ്പുവിനും കെ.പി.കറുപ്പനും ഇടമില്ല.അപ്പു നെടുങ്ങാടി മുതല്‍ കെ.എം.പണിക്കര്‍ വരെയുള്ള തമ്പുരാക്കന്മാരെ ആദരിക്കുന്നിടത്ത് ഇവര്‍ക്ക് അയിത്തം കല്‍പ്പിച്ചിരിക്കുയാണ്.ആര്‍ച്ച് ഡീക്കന്‍ കോശിയുടെ 'പുല്ലേലിക്കുഞ്ചു' എങ്ങനെയോ കണ്ടു.നോവല്‍ സാഹിത്യസംസ്‌കാരം എഴുതിയ ഇടത്ത് ടി.കെ.സി.വടുതല 64 അടിക്കും അപ്പുറത്താണ്.തകഴി ശിവശങ്കരപ്പിള്ള മുതല്‍ ഒ.വി.വിജയന്‍ വരെയുള്ളവരുടെ പേരെടുത്ത് പറഞ്ഞപ്പോള്‍ ഒരിക്കല്‍ ബെസ്റ്റ് സെല്ലറിനു ഉടമയായിരുന്ന ടി.കെ.സി.വടുതലയെ എങ്ങനെ അിറയാതെ പോയി?

ചരിത്ര ചടനയുടെ സാമ്പ്രദായിക രീതിയനുസരിച്ച് സവര്‍ണ രാജാക്കന്മാരുടെ കിടമത്സരവും കാമവെറിയും സമരങ്ങളാണ്.ജീവനാവകാശങ്ങള്‍ക്കുവേണ്ടിയുള്ള കീഴാളരുടെ ചെറുത്ത് നില്‍പ്പുകള്‍ 'ലഹള'കളാണ്.കുറിച്യ ലഹള,മലബാര്‍ ലഹള,ചാന്നാര്‍ ലഹള,പുലയ ലഹള എന്നിവയാണ് സവര്‍ണസൗകുമാര്യ ചരിതങ്ങളെ ദുര്‍ഗന്ധപൂരിതമാക്കിയിട്ടുള്ള കുപ്രസിദ്ധ ലഹളകള്‍.ഇതില്‍ മലബാര്‍ ലഹളക്കായി കുറച്ച് പേജുകള്‍ ചെലവിട്ടിട്ടുണ്ട്.'ലഹള പാരമ്പര്യ'മുള്ള കുടുബത്തിലെ അംഗമായ കുഞ്ഞുമുഹമ്മദ് എന്നാണ് ഒരാളെ വിശേഷിപ്പിക്കുന്നത്.എന്താണ് ഈ ലഹള പാരമ്പര്യം എന്നറിയണമെങ്കില്‍ 1992 ഏപ്രില്‍ 5ലെ 'തേരാളി' മാസികയിലെ 'മാപ്പിള ലഹള കാര്‍ഷികകലാപമായിരുന്നോ?' എന്നലേഖനം വായിക്കണം.ഇതില്‍ ഹിന്ദുയുക്തിവാദിയായ രവി മൂവാറ്റുപുഴ എഴുതുന്നത് മലബാര്‍ ലഹള വര്‍ഗീയ കലാപമായിരുന്നുവെന്നും ഠിപ്പു സുല്‍ത്താന്‍ ആദ്യത്തെ മുസ്ലീം വര്‍ഗ്ഗീയ ലഹളക്കാരനാണെന്നും വര്‍ഗീയത തീരെയില്ലാത്ത ജനസമൂഹം ഹിന്ദുക്കളുടേതാണെന്നുമാണ്.ഇതാണ് 'ലഹള പാരമ്പര്യം'. 

വേലുത്തമ്പി ദളവക്ക് ഒരദ്ധ്യായം തന്നെ നല്‍കിയപ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ 'അരുവിപ്പുറം പ്രതിഷ്ഠ' ഒരു വരിയില്‍ ഒതുക്കി.മലയാളിമെമ്മോറിയല്‍ എന്ന 'നായര്‍ മമ്മോറിയല്‍' പേജുകളിലൂടെ വിസ്തരിക്കപ്പെട്ടപ്പോള്‍ 'ഈഴവ മെമ്മോറിയല്‍' പൂഴ്തിക്കളഞ്ഞു.അനാചാരങ്ങളുടെ കൂട്ടത്തില്‍ 'സ്മാര്‍ത്തവിചാരം' പേജുകണക്കിന് എഴുതി രസിച്ചപ്പോള്‍ 'സംബന്ധം' അപ്രസക്തമായി.ഇടമറുകിന് ഏറ്റവും ക്രൂരവും നീചവുമായി അനുഭവപ്പെട്ട അനാചാരം 'പുലപ്പേടി'യും 'മണ്ണാപ്പേടി'യുമാണ്.പുലയരും പറയരും പ്രയോഗിച്ച കിരാത നീതിയാണിതെന്നാണ് കണ്ടെത്തല്‍.'പുറത്തുകണ്ട സ്ത്രീകളോടല്ലാതെ വീട്ടിലിരിക്കുന്നവരോട് താണജാതിക്കാര്‍ യാതൊരപമര്യാദയും കാണിച്ചിരുന്നില്ല','അടിമകളുടെ സംഖ്യ കൂട്ടുന്നതിനുവേണ്ടി നാടുവാഴികള്‍ ഏര്‍പ്പെടുത്തിയതാണിത്'.ഡോ.ചേലനാട്ട് അച്യുതമേനോന്റേയും പ്രൊഫ.ഇളംകുളം കുഞ്ഞന്‍ പിള്ളയുടേയും നിഗമനങ്ങളോട് ഈ ബ്രാഹ്മണ യുക്തിവാദിക്ക് പുഛമായിരുന്നു.

കേരള ചരിത്രത്തില്‍ സംസ്‌കാരനിര്‍മ്മാതാക്കളായി സവര്‍ണര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് യുക്തിവാദിയുടെ കേരള സംസ്‌കാരം വായിച്ചാല്‍ തോന്നുക.എല്ലായിടത്തും കീഴാളരുടെ ചെറുത്തുനില്‍പ്പുകളാണ് ചരിത്രമായി തീരാറ്.അതിനുള്ള ഉപാധികള്‍ സംസ്‌കാരമായും തീരുന്നു എന്നതാണ് യുക്തി.

2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

'ശ്രീ ബുധന്റെ തിരുനാമത്തില്‍ 'എന്ന പ്രയോഗത്തില്‍ എത്രമാത്രം സത്യമുണ്ട്.

സിനിമ.

കണ്ണന്‍ മേലോത്ത്.

ബ്രിട്ടീഷ് മലയാളിയായ രാജേഷ് ടച്ച് റിവര്‍(തോടുപുഴ)2003 ല്‍ എടുത്ത പടമാണ് 'ഇന്‍ ദി നെയിം ഓഫ് ബുധ'.വിവാദമായതിലൂടെയാണ് പടം ശ്രദ്ധിക്കപ്പെട്ടത്.ശ്രീ ലങ്കയുടെ പ്രവേശകമാണ് ഈ സിനിമ.2002 നവംബര്‍ 17 നു ഓസ്ലോ ഫിലിം ഫസ്റ്റിവെലില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നതിനുശേഷം അത് ഉള്‍ക്കൊള്ളുന്ന ശ്രീ ലങ്കാ വിരുദ്ധ നിലപാടും ശ്രീ ബുദ്ധനോടുള്ള അവഹേളനകളും ചൂണ്ടിക്കാട്ടി പടത്തിന്റെ പൊതുവായ കാഴ്ചയൊരുക്കം തടയണം എന്ന് ആവശ്യപ്പെട്ട ശ്രീലങ്കയിലെ ഉന്നതതല നയതന്ത്രസംഘം ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് പരാതി അിറയിച്ചു.

ശ്രീലങ്കയിലെ വംശീയ കലാപത്തെ ന്യൂനപക്ഷ ഭൂരിപക്ഷ രാഷ്ട്രീയത്തിലോ,ഭൂപരവും സ്വത്വപരമായ ഏറ്റക്കുറച്ചിലുകളിലോ വെച്ച് വിലയിരുത്താതെ എല്ലാം ശ്രീ ബുധന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന വിശുദ്ധ യുദ്ധമാണെന്ന് വരുത്തുന്ന ടച്ച് റിവറിന്റെ കാഴ്ചപ്പാട് അങ്ങേയറ്റം കുറ്റകരമായി പോയി എന്ന് ഔദ്യോഗികപക്ഷം വിലയിരുത്തുന്നു.ഇന്‍ ദി നെയിം ഓഫ് ബുധ അപ്രകാരം നിഗൂഢമായി കല്പന ചെയ്യപ്പെട്ട ശീര്‍ഷകമത്രെ.എല്‍.ടി.ടി.ഇ.ഭടന്മാരുടെ പേരുകള്‍ കൊത്തിവെച്ച സ്മാരകശിലകള്‍ ഉറപ്പിച്ച ശവപ്പറമ്പിനു നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ശ്രീ ബുധന്റെ വലിയ ഒരു പ്രതിമയുണ്ട് പടത്തില്‍.ഈ കാഴ്ചയുടെ സന്നിവേശമാണ് പടം ബുധവിരുദ്ധവും എല്‍.ടി.ടി.ഇ പക്ഷവുമായി വിലയിരുത്തുന്നതിന് ഔദ്യോഗിക പക്ഷത്തെ പ്രേരിപ്പിച്ചത്.

സിംഹളര്‍ യുദ്ധത്തിനുപോകുന്നത് ബുധഭിക്ഷുക്കളുടെ ആശിര്‍വാദവും വാങ്ങിയാണ്.അതുകൊണ്ടാണ് ഈ പേര് പടത്തിന് കൊടുത്തതെന്ന് അതിന്റെ ആളുകള്‍ വിശദീകരണം നല്‍കുന്നു.എന്നാല്‍ തങ്ങള്‍ സൈനികരെ അനുഗ്രഹിക്കുന്നത് അവര്‍ അഹിംസാ മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കാതിരിക്കുന്നതിനാണെന്ന് ഭിക്ഷുക്കളും മറുപടി കൊടുക്കുന്നു.ലണ്ടനിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ നെവില്ലെ ഡി സില്‍വക്ക് നല്‍കിയ അഭിമുഖത്തില്‍ പടത്തിന്റെ സഹകാരി പറഞ്ഞത്,സിഹള സൈനികര്‍ എല്ലാവരും ബുധിസ്റ്റുകളാണെന്നും അവര്‍ യുദ്ധം ചെയ്യുന്നത് ബുദധനു വേണ്ടിയിട്ടാണെന്നും അതുകൊണ്ടാണ് ഇത്തരം പേര് തെരഞ്ഞെടുത്തതെന്നുമാണ്.അന്ന് ബ്രിട്ടീഷ് സൈനികര്‍ ഇറാഖില്‍ ചെന്ന് അതിക്രമം കാണിച്ചിരുന്നു.അവരെല്ലാവരും ക്രിസ്ത്യാനികള്‍ ആയതുകൊണ്ട് മുസ്ലീങ്ങള്‍ക്കെതിരെ യേശുക്രിസ്തുവിനുവേണ്ടി യുദ്ധം ചെയ്യുന്നുവെന്ന് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ നെവില്ലയുടെ നാവിറങ്ങിപ്പോയി.

രാജേഷ് ടച്ച് റിവര്‍ എന്ന ചെറുപ്പക്കാരന്‍ ചാള്‍സ് വാലന്‍സ് ഇന്ത്യാ ട്രസ്റ്റ് അവാര്‍ഡ് നേടിയിട്ടുള്ളയാളാണ്.നാട്ടില്‍ നിന്ന് രംഗകലയില്‍ ബിരുദവും അന്യനാട്ടില്‍നിന്ന് ഫിലിം ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ആളുമാണ്.തിരക്കഥ ടച്ച് റിവറിന്റേതു തന്നെ.സംഭാഷണം സി.കെ.രാജ ചന്ദ്രശേഖറിന്റേതാണ്.2012, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

വഞ്ചിക്കപ്പെടുന്ന സ്ത്രീത്വത്തിലെ ജാതി.


കണ്ണന്‍ മേലോത്ത്.


ബാബാ സാഹിബ് പറഞ്ഞു………….

പേരെന്തായാലും കോണ്‍ഗ്രസ് എന്നത് മധ്യവര്‍ഗ ഹിന്ദുക്കളുടെ ഒരു സംഘടനയാണെന്നും അതിനെ താങ്ങിനിര്‍ത്തുന്നത് ഹിന്ദു മുതലാളി മാരാണെന്നും, ഈമുതലാളിമാരുടെ ഉന്നം ഇന്ത്യക്കാരെ സ്വതന്ത്രരാക്കുക യെന്നതല്ലെന്നും മറിച്ച് ബ്രിട്ടീഷ് നിയന്ത്രണത്തില്‍ നിന്ന് സ്വയം മുക്തരാകാനും ബ്രിട്ടീഷുകാര്‍ കയ്യാളുന്ന അധികാരസ്ഥാനങ്ങളില്‍ എത്തിപ്പറ്റാനും ആണെന്ന വസ്തുത ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് പുറത്തുള്ള എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാല്‍ ഹിന്ദുക്കള്‍ അസ്പൃശ്യരോട് മുമ്പത്തോപ്പോലെ പ്രവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. (സമ്പൂര്‍ണകൃതികള്‍-വാല്യം 17,പേജ് 4)


തമിഴ് സിനിമാ സംവിധായകനായ അംശന്‍ കുമാര്‍ 2003ല്‍ എടുത്ത പടമാണ് 'ഒരുത്തി'.ദളിത് ആക്ടിവിസ്റ്റും നിരൂപകനും അധ്യാപകനുമാണ് അംശന്‍ കുമാര്‍.19-ാം നൂറ്റാണ്ടില്‍ തെക്കന്‍ തമിഴ്‌നാട്ടില്‍ നടന്നിരുന്ന ദളിത് പീഡനങ്ങളെ സംബന്ധിച്ച്,സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കെ.രാജനാരായണന്‍ രചിച്ച നോവലാണ് ഒരുത്തിക്ക് ആധാരം.

സെവാനി എന്ന ദളിത് യുവതിയും എല്ലപ്പന്‍ എന്ന സവര്‍ണയുവാവും തമ്മില്‍ പ്രണയത്തിലാണ്. ഒരുദിവസം ഇവര്‍ പ്രണയകേളിയില്‍ ഏര്‍പ്പെട്ടിരി ക്കുമ്പോള്‍ ഇവരുടെ ആടുകല്‍ ഒരു ജന്മിയുടെ പരുത്തിപ്പാടത്ത് കയറി വിളകള്‍ തിന്നുനശിപ്പിച്ചു. ഗ്രാമ പഞ്ചായത്തു മുമ്പാകെ അയാള്‍ നഷ്ടപരി ഹാരം ആവശ്യപ്പെട്ടു. എന്നാല്‍ ആരാണ് ഇതിന് ഉത്തരവാദി എന്ന് നന്നായി അിറയാവുന്ന സുബ്ബയ്യ എന്ന ഗ്രാമീണന്‍ അവരുടെ പ്രണയവൃത്താന്തം പുറത്തറിഞ്ഞാല്‍ ഉണ്ടാകാവുന്ന ആപത്ത് ഭയന്ന് സത്യം ഗ്രാമ പഞ്ചായത്തില്‍ നിന്ന് മറയ്ക്കുകയും കുറ്റം പൊന്നുസ്വാമി എന്ന അിറയപ്പെടുന്ന ഒരു കള്ളന്റെ മേല്‍ വെച്ചുകെട്ടുകയും ചെയ്തു. ഈ വിവരങ്ങളൊക്കെ നന്നായി അിറയാവുന്ന എല്ലപ്പന്റെ വീട്ടുകാര്‍ അവനെ വീട്ടു തടങ്കലിലാക്കി.

ബ്രിട്ടീഷുകാരനായ റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ നികുതി പിരിക്കുവാനെത്തി. വര്‍ഷങ്ങളായി ജന്മിമാരൊന്നും നികുതി അടക്കുന്നുണ്ടായിരുന്നില്ല. ജന്മിമാരുടെ അടുത്ത് നേരിട്ട് ചെന്നു തിരക്കിയപ്പോള്‍ മദ്യപിച്ചു ലക്കുകെട്ട അവരില്‍നിന്നും അവഹേളനാ പൂര്‍വമായ മറുപടിയാണ് കിട്ടിയത്. ഗ്രാമത്തില്‍ വെച്ച് യാദൃശ്ചികമായി സെവാനിയെ കണ്ടെത്തുന്ന ആര്‍.ഡി.ഒ. ജന്മിമാരുടെ നീചമായ നിലപാടുക ളെകുറിച്ചും അവര്‍ക്ക് ദലിതുകളോടുള്ള സമീപനത്തെ കുറിച്ചും ഉള്ള വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കി. ഗ്രാമീണരായ ദലിതുകള്‍ ജന്മിമാരുടെ കയ്യില്‍ തങ്ങളുടെ നികുതി വിഹിതം യഥാ സമയം ഏല്‍പ്പിക്കാറു ണ്ടെന്നും ജന്മിമാര്‍ അത് സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി ദുര്‍വിനിയോഗം ചെയ്യുകയാ യിരുന്നുവെന്നും സെവാനി ആര്‍.ഡി.ഒ.യെ അിറയിച്ചു. അവളുടെ നിഷ്‌കളങ്കതയില്‍ മതിപ്പുവന്ന ഊദ്യോഗസ്ഥന്‍ ജന്മിമാരുടെ ജാതി സമ്പ്രദായത്തില്‍ തനിക്കുള്ള രോഷം രേഖപ്പെടുത്തിക്കൊണ്ട് ഗ്രാമം ജനങ്ങല്‍ക്കായി വിട്ടുകൊടുത്തശേഷം തിരികെ പോയി. എല്ലപ്പന് വീട്ടുകാര്‍ വേറെ രണ്ടു പെണ്‍കുട്ടികളുമായുള്ള വിവാഹം നിശ്ചയിച്ചു. എന്നാല്‍ തങ്ങളുടെ ഗ്രാമത്തെ വന്‍ നികുതി ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുത്തിയ സെവാനിയെ എല്ലപ്പന്‍ വിവാഹം കഴിക്കണമെന്ന് ഗ്രാമ പഞ്ചായത്തില്‍ ജനങ്ങള്‍ വാദിച്ചു. ജാതിസമ്പ്രദായം കൊടികുത്തി വാഴുന്ന കാലമായതിനാല്‍ ഉപാധികളോടെ സവര്‍ണര്‍ എല്ലപ്പനു സെവാനിയെ വിവാഹം കഴിക്കാന്‍ അനുമതി കൊടുത്തു. അതായത്, അവര്‍ ഈ ഗ്രാമത്തില്‍ വെച്ച് വിവാഹം കഴിക്കരുത്. പുറത്തുപോയി വിവാഹം കഴിച്ച് അവിടെത്തന്നെ താമസിച്ചു കൊള്ളണം! തന്നെ ഗ്രാമത്തില്‍ നിന്നും എല്ലപ്പനില്‍ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കുന്നതിനായി തീര്‍പ്പു കല്‍പ്പിക്കപ്പെട്ട ഈ വിധി പ്രഖ്യാപനത്തിനുപിന്നിലെ സവര്‍ണവര്‍ഗ ഗൂഢാലോചന തക്കസമയത്ത് തിരിച്ചറിയുന്ന സെവാനി അതിനെ ശ്കതമായി പ്രതിരോധിച്ചു കൊണ്ട് സ്ത്രീ പ്രജ്ഞയുടെ കരുത്ത് കാട്ടി. താന്‍ എല്ലപ്പനെ വിവാഹം കഴിക്കുന്നില്ല!

എല്ലപ്പന്‍ വീട്ടുകാര്‍ നിശ്ചയിച്ച രണ്ടു പെണ്‍ കുട്ടികളേയും വിവാഹം കഴിച്ചു.സെവാനി തന്റെ ഗ്രാമത്തിലേക്കും മടങ്ങി.അവിടെ അവള്‍ ബ്രിട്ടീഷു കാരന്‍ വിട്ടുകൊടുത്ത തൂലിക കയ്യെത്തി പ്പിടിച്ചു. അപ്പോള്‍ തന്റെ മുറച്ചറുക്കന്റെ സ്വരം കാതു കളില്‍ അലച്ചു.

അംശന്‍ കുമാര്‍
പൂര്‍വ്വജയാണ് സെവാനി യെ അവതരി പ്പിക്കുന്നത്. പിഴവുകള്‍ ഉണ്ടെങ്കിലും അംശന്‍ കുമാര്‍ പുലര്‍ത്തുന്ന കാഴ്ചപ്പാടാണ് ഒരുത്തിയെ പടത്തെ അങ്ങേയറ്റം ശ്രദ്ധേയമാക്കിയത്. ബ്രിട്ടീഷുകാരന്റെ അവതരണം തന്നെ ഏറ്റവും മികച്ചത്. സവര്‍ണര്‍ സ്വാതന്ത്ര്യസമരം നയിക്കുമ്പോള്‍ കീഴാളര്‍ പിന്‍തിരിഞ്ഞു നില്‍ക്കുക യായിരുന്നുവെന്നു മാത്രമല്ല സായിപ്പിനോട് ചേര്‍ന്നു നിന്നുകൊണ്ട് ഒറ്റുകയുമാണ് ഉണ്ടായതെന്നു മാണല്ലോ അതേക്കു റിച്ചുള്ള സവര്‍ണവ്യാഖ്യാനം.കീഴാളന്റെ മേലുള്ള അധികാരം പുനസ്ഥാ പിക്കുക എന്നതായിരുന്നു സവര്‍ണന് സ്വാതന്ത്ര്യ സമരത്തെ ക്കൊണ്ടുള്ള ഏക പ്രയോജനം.ബ്രിട്ടീഷുകാര്‍ ഇവിടെ നിന്നാല്‍ സ്വതന്ത്രരാവുക കീഴാളരായി രിക്കും അതിനാല്‍ സായിപ്പ് കടലുകടക്കേണ്ടത് സവര്‍ണര്‍ക്ക് വളരെ അത്യാവശ്യമായിരുന്നു.'ചക്രവാളം ഭൂമിയെ തൊടുന്നു, എന്നെിട്ടും മനുഷ്യന്‍ മനുഷ്യനെ തൊടുന്നില്ല' അയിത്ത സമ്പ്രദായത്തില്‍ അതിശയം കൊണ്ട ബ്രിട്ടീഷുകാരന്‍ ഒരുത്തിയില്‍ പറയുന്നത് ഇങ്ങനെയാണ്. 


2012, ഓഗസ്റ്റ് 15, ബുധനാഴ്‌ച

'തനിയെ നില്‍ക്കുന്ന മനുഷ്യനാണ് ഈ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍'

പഴന്താളുകള്‍

കണ്ണന്‍ മേലോത്ത്.

ലോകപ്രശസ്ത നോര്‍വീജിയന്‍ നാടകകൃത്തായ ഇബ്‌സന്റെ 'എനിമി ഓഫ് പീപ്പിള്‍' എന്ന നാടകത്തിന്റെ മലയാള പരിഭാഷ 'ജനശത്രു' എന്ന പേരില്‍ 1984ല്‍ പുറത്തിറങ്ങി.കെ.രാമചന്ദ്രന്‍ നായരുടേതാണ് പരിഭാഷ.തിരുവനന്തപുരത്തുള്ള അഞ്ജലി പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.വിതരണം ചെയ്തത് നാഷണല്‍ ബുക് സ്റ്റാള്‍ കോട്ടയം.1882ലാണ് ഇബ്‌സന്‍ ഈ നാടകം രചിക്കുന്നത്.ആ വര്‍ഷം തന്നെയാണ് മലയാളത്തില്‍ 'ഇന്ദുലേഖയും' 'സരസ്വതീവിജയവും' എഴുതപ്പെടുന്നത്.

പാശ്ചാത്യ ചിന്താലോകത്തെ അടിമുടി ഇളക്കിമറിച്ച ഒരു ആശയവിപ്ലവത്തിന് തുടക്കം കുറിച്ച ഇബ്‌സന്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഷെക്‌സ്പിയറുടെ സ്ഥാനം നേടിയ നാടകകൃത്താണ് എന്ന് അവതാരികയില്‍ കെ.രാമചന്ദ്രന്‍ നായര്‍ എഴുതുന്നു.ഇബ്‌സന്‍ ഒരു നാടക പാഠശാലയാണ്.'ഇബ്‌സനിസ'മാണ് അതിലെ ബോധനശാസ്ത്രം.മൂന്നു ഘട്ടങ്ങളായി അത് വിഭജിക്കപ്പെട്ടിരിക്കുന്നുണ്ട്.കാവ്യനാടകങ്ങളുടെ ആദ്യഘട്ടമാണ് ഒന്നാമത്തേത്.ഇതിനുദാഹരണം ആദ്യത്തെ നാടകമായ 'കാറ്റലീന' തന്നെ.പ്രശ്‌നനാടകങ്ങളുടേതാണ് രണ്ടാമത്തെ ഘട്ടം.1877ല്‍ 'സമുദായത്തിന്റെ നെടും തൂണുകള്‍' എഴുതിയതോടെ ഈ ഘട്ടം ആരംഭിക്കുന്നു.അതില്‍ പെടുന്ന നാടകമാണ് 'ജനശത്രു'.റിയലിസത്തേക്കാള്‍ സംബലിസത്തിനു പ്രാധാന്യം നല്‍കിയ മൂന്നാം ഘട്ടം 'സാഗരകന്യക,മൃതാത്മാക്കള്‍ ഉണരുമ്പോള്‍' എന്നീ നാടകങ്ങള്‍ എഴുതപ്പെട്ടതാണ്.ഒട്ടാകെ 26 നാടകങ്ങള്‍.ഏതാണ്ട് എല്ലാത്തിനും മലയാളത്തില്‍ പരിഭാഷകളും ഉണ്ടായിട്ടുണ്ട്.മലയാളീയ നാടകപഠനശാഖയിലും ഇബ്‌സന് സമുന്നതമായ ഇടമുണ്ട്.എന്നാല്‍ രംഗാവതരണത്തിന്റെ കാര്യത്തില്‍ ഈ പൂര്‍ണത കാണുന്നില്ല.വായിച്ച് ആസ്വദിക്കുന്നതിനുള്ള സാഹിത്യരൂപം എന്ന നിലക്കാണ്,മറ്റുനാടകങ്ങളെപോലെ ഇബ്‌സന്‍ നാടക പരിഭാഷകളും ഇവിടെ സ്വീകരിക്കപ്പെട്ടത്.രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള ഒരു ദൃശ്യകലാരൂപത്തിന്റെ ലിഖിതരേഖ(സ്‌ക്രിപ്റ്റ്) എന്ന നിലയില്‍ സമീപിച്ചിരുന്നുവെങ്കില്‍ ഈ പ്രശനം ഒഴിവാകുമായിരുന്നു.

ആദര്‍ശത്തില്‍ അടിയുറച്ചു നിന്ന് സമൂഹത്തിന്റെ നന്മമാത്രം ലാക്കാക്കി നിമയുദ്ധം നടത്തിയ ഒരു ഡോക്ടര്‍ തോല്‍പ്പിക്കപ്പെടുന്നതാണ് നാടകത്തിന്റെ ചുരുക്കം.ഡോ.സ്റ്റോക്മാനും കുടുംബവും താമസിക്കുന്നതിന് സമീപം തോല് ഉറക്കിടുന്ന ഒരു പണിശാലയുണ്ട്.അവിടെനിന്നും പുറംതള്ളുന്ന മാലിന്യങ്ങള്‍ പൊതുകുളത്തെ ഉപയോഗശൂന്യമാക്കുന്നു.ആ പണിശാല അവിടെനിന്ന് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിയമയുദ്ധം നടത്തുന്ന ഡോക്ടര്‍ അധികാരികളാലും ഫാക്ടറി ഉടമയാലും സ്വന്തം സഹോദരനാലും സമൂഹത്താലും തോല്‍പ്പിക്കപ്പെടുന്നു.തന്റെ പോരാട്ടം അവസാനിപ്പിച്ചില്ലെങ്കിലും ഡോക്ടര്‍ മറ്റൊരു തിരിച്ചറിവിലേക്ക് എത്തുന്നു-'തനിയെ നില്‍ക്കുന്ന മനുഷ്യനാണ് ഈ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍'

1828 മാര്‍ച്ച് 9ന് നോര്‍വേയിലെ സ്‌കീന്‍ എന്ന പട്ടണത്തിലാണ് ഇബ്‌സന്‍ ജനിച്ചത്.അച്ഛന്‍ ചെയ്തിരുന്ന ചെറുകിടവ്യാപാരത്തില്‍നിന്നും കിട്ടിയിരുന്ന വരുമാനംകൊണ്ടാണ് കുടുംബം പുലര്‍ന്നിരുന്നത്.അതില്‍ ഇടിവ് സംഭവിച്ചതിനാല്‍ കുടുംബത്തോടെ നാടുവിടേണ്ടതായി വന്നു.ചെറുപ്പകാലം ദാരിദ്ര്യത്തിലും പട്ടിണിയിലുമൊക്കെയായിരുന്നു.യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് വൈദ്യശാസ്ത്രം പഠിച്ചുവെങ്കിലും സാഹിത്യത്തിലും തത്വചിന്തയിലുമുള്ള താല്‍പ്പര്യം നിമിത്തം അത് ഉപേക്ഷിച്ച് ബര്‍ഗനിലെ ഒരു നാടകശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങി.122 നാടകങ്ങളുടെ അവതരണത്തില്‍ പങ്കെടുത്തശേഷം 1864-ല്‍ അവിടം വിട്ടു.27 കൊല്ലം ഇറ്റലിയിലും ജര്‍മ്മനിയിലുമാണ് ജീവിച്ചത്.ഇക്കാലത്താണ് നാടകകൃത്ത് എന്ന നിലയില്‍ അിറയപ്പെടാന്‍ തുടങ്ങിയത്.1891-ല്‍ നോര്‍വേയിലേക്ക് മടങ്ങി.1906 മെയ് 23 ന് 78-ാമത്തെ വയസില്‍ അന്തരിച്ചു. 


സി.അയ്യപ്പന്റെ കഥകളെകുറിച്ച് കെ.രാജന്‍.

വായന

2003 ഒക്‌ടോബറില്‍ ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച സി.അയ്യപ്പന്റെ 'ഞണ്ടുകള്‍' എന്ന കഥാ സമാഹാരത്തിലാണ് കെ.രാജന്റെ പഠനമുള്ളത്.പ്രസക്തമായ അവസാനഭാഗമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.(പേജ് 82,83,84)

നമ്മുടെ സാഹിത്യത്തിലെ ഏറ്റവും പുര്‍ണ്ണമായ ദളിത് സാഹിത്യാനുഭവം സി.അയ്യപ്പന്റെ കഥകളാണ്.ഒരു തിണയിലുള്‍പ്പെടാത്ത പരാജിതരും വിരഹി(ണി)കളുമായ പ്രേതരൂപങ്ങള്‍ വാഴുന്ന അധോലോകമാണ് സി.അയ്യപ്പന്റെ കഥകളിലെ സ്ഥലം.അമാവാസി രാവിന്റെ ഭീകരവും മാന്ത്രികവുമായ മുഹൂര്‍ത്തമാണ് കഥകളിലെ പൊതുകാലം.പകയും ദൈന്യവും നര്‍മ്മവും അംഗിരസങ്ങളായി നില്‍ക്കുന്ന സൂക്ഷമദുഃഖമാണ് ഭാവാധിപന്‍.ജീവിതത്തിലും പോരിലും ചതിക്കപ്പെട്ടു വധിക്കപ്പെട്ടവരുടെ ജാതകഫലങ്ങള്‍ അവിടെ വായിക്കാം.(കതിവനൂര്‍ വീരന്‍,പൊട്ടന്‍ തെയ്യം,കുട്ടിച്ചാത്തന്‍,കരിംകുട്ടി)പ്രേതരൂപങ്ങളായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കീഴാള അനുഷ്ഠാനവേദിയുടെ മിത്തിക്കല്‍ അന്തരീക്ഷം സി.അയ്യപ്പന്റെ മിക്ക കഥകളിലുമുണ്ട്.ദൈവത്തേയും അധികാരത്തേയും ചോദ്യം ചെയ്യുന്ന ഈ കലാപമൂര്‍ത്തികള്‍ ഒരാഭിചാരത്തിനും മെരുങ്ങാതെ,ചിരിയോ കരച്ചിലോ കോപമോ എന്ന് വേര്‍തിരിക്കാനാവാത്ത അഗാധഭാവത്തോടെ വിരൂപപേക്കോലങ്ങളായി പതിഞ്ഞാടുന്നു.

ക്രിസ്ത്യാനി യുവാവിനെ പ്രേമിച്ച് പരിത്യക്തയായ 'പുലക്കള്ളിയുടെ മകള്‍' ആത്മഹത്യചെയ്ത കാമുകന്റെ സോദരിയുടെ ഉടലില്‍ ബാധയായി കേറി അവളോടുപറയുന്ന ആത്മഭാഷണമാണ് 'പ്രേതഭാഷണം' എന്ന കഥ.അനിയത്തിയുടെ കാമുകനുമായി ശാരീരികബന്ധം തുടര്‍ന്നപ്പോള്‍ കാമുകന്‍രെ അപ്പന്‍ മകനെ വെട്ടിക്കൊന്നു.നിഷിദ്ധബന്ധമവസാനിപ്പിച്ചു.'സ്വന്തം സഹോദരനാല്‍ നഗ്നത അനാവൃതമാക്കപ്പെട്ട പാപി' എന്ന് ദൈവം പ്രേതത്തെ നിഷേധിച്ചപ്പോള്‍ 'കൃസ്ത്യാനിക്കെങ്ങനെയാ മൂപ്പിന്നെ പെലക്കള്ളി പെങ്ങളാകുന്നത്' എന്ന മറുചോദ്യം എല്ലാ ജാത്യഭിമാനത്തേയും സദാചാര നാട്യങ്ങളേയും ഉത്തരം മുട്ടിക്കുന്നു. 

'കാവല്‍ഭൂതം' എന്ന കഥ ശങ്കുണ്ണിയുടെ പ്രേതം തന്നെ തിരസ്‌കരിച്ച ദേവിയുടെ ഉടലില്‍ കേറി അവളോടു നടത്തുന്ന പ്രേതവിചാരണയാണ്.കൗമാരം കഴിയും മുമ്പേ അച്ഛനെ കൊന്ന് ജയിലില്‍ പോയ ശങ്കുണ്ണി പുലക്കള്ളി പെണ്‍കുട്ടികളെ വേട്ടയാടുന്ന ഐസക്കിനോട് കലഹിച്ചും ഐസക്കിന്റെ അനിയന്‍ ബേബിയെ ദേവിയുമായുള്ള രഹസ്യ സമാഗമ വേളയില്‍ മര്‍ദ്ദിച്ചും ദേവിയുടെ ദൃഷ്ടിയില്‍ ചട്ടമ്പിയായി മാറി.ദേവിയെ കല്ല്യാണം കഴിച്ചത് ശങ്കുണ്ണിയുടെ കൂട്ടുകാരന്‍ വാസുവാണ്.വിവാഹശേഷവും ബേബിയുമായുള്ള ബന്ധം ദേവി തുടര്‍ന്നു.കലഹം വാസുവിനെ ആത്മഹത്യയിലെത്തിച്ചു.ശങ്കുണ്ണി വാസുവിനെ പിന്‍തുടര്‍ന്നു.ദൈവത്തിന്റെ അടുത്തെത്തി,വാസു ദേവിയുടെ ഗര്‍ഭത്തില്‍ പുത്രരൂപത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.ദേവിയെ നിത്യഗര്‍ഭിണിയാക്കി പ്രതികാരം ചെയ്യാന്‍ ശങ്കുണ്ണി തീരുമാനിച്ചു.

പുലക്കുടിലില്‍ മീന്‍ ചുടുന്ന മണം രസിച്ചതിന് ഭ്രഷ്ടരായ സഹോദരികളായ ദേവികളോട് ആഖ്യാതാവ് നടത്തുന്ന ആത്മകഥനമാണ് 'അരുന്ധതീ ദര്‍ശനന്യായം' എന്ന കഥ.ഗീതു.എസ്.നായര്‍ എന്ന അയല്‍ക്കാരിയുമായുള്ള ആഖ്യാതാവിന്റെ കഥാചര്‍ച്ച ശരീരനിരീക്ഷണം,തല്ലുകൊള്ളല്‍ എന്നിങ്ങനെ വികസിക്കുന്നു.പ്രായശ്ചിത്തമായി അദ്ദേഹം ഗീതുവിന്റെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി.ഗീതുവിന്റെ കുഞ്ഞമ്മയുമായുള്ള അവിഹിതത്തിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ദളിത് യുവാവിന്റെ പ്രേതം ആ കുടുംബക്കാരെ ദ്രോഹിക്കാറുണ്ട്.ഒരിക്കല്‍ അവന്‍ ഗീതുവിനെ ഉപദ്രവിക്കാന്‍ ശ്രമിക്കെ ആഖ്യാതാവുമായി ഏറ്റുമുട്ടി.പിറ്റേന്ന് ഗീതു തൂങ്ങിമരിച്ചു.ദേവീവിഗ്രഹത്തിനുമുകളില്‍ ചവിട്ടിനിന്ന് ആഖ്യാതാവും തൂങ്ങിച്ചാകാന്‍ ഒരുമ്പെടുന്നു.

'കാവ്യനീതി' എന്ന കഥയില്‍ സ്വപ്നത്തില്‍ ഗര്‍ഭസ്ഥപുത്രന്‍ അച്ഛനെ വിവാഹം കഴിക്കരുതെന്ന് ആവശ്യപ്പെട്ടെന്നു പറഞ്ഞ് കാമുകി ആഖ്യാതാവിനെ തിരസ്‌കരിച്ചു.പാമ്പുകടിയേറ്റു മരിച്ച ബാല്യകാലസഖി കുഞ്ഞോമനയുടെ ഓര്‍മ്മകള്‍ അയാള്‍ക്ക് 'സ്ഫുടതാര'യാകുന്നു.

'മഴവില്ല്' താനാഗ്രഹിച്ച പെണ്ണ് തിരസ്‌കരിച്ചപ്പോള്‍ അവളെ ബലാത്സംഗം ചെയ്തുകൊന്നന്റെ പശ്ചാത്താപമാണ്.അവളുടെ ജഡം പുഴുവരിച്ച്,വീര്‍ത്ത് അയാളുടെ മനസ്സില്‍ കിടന്നു.കിനാക്കളില്‍ അവള്‍ മഴവില്ലുപോലെ ഉയിര്‍ത്തെഴുന്നേറ്റു.

'ഞാന്‍ മറുപടി പ്രതീക്ഷിക്കുന്നുണ്ട്' എന്ന കഥ സൗഹൃദത്തെ പ്രണയമാണെന്ന് തെറ്റിദ്ധരിച്ചതാണെന്ന് ഒഴികഴിവു കണ്ടെത്തി ദളിത് കാമു
കനെ ഒഴിവാക്കുന്ന ബ്രാഹ്മണയുവതിക്ക് തിരസ്‌കൃതന്‍ എഴുതുന്ന കത്താണ്.

സി.അയ്യപ്പന്റെ കഥകളിലെ മുഖ്യ പ്രമേയം പ്രണയനഷ്ടമാണ്.അപുര്‍വ്വതയും നര്‍മ്മവും മാന്ത്രികതയുമുള്ള ആഖ്യാന ശൈലി,കഥകളെ അഗാധാനുഭവങ്ങളാക്കുന്നു.ആശാന്റെ ദുരവസ്ഥയിലെ ചാത്തന്റേയും സാവിത്രിയുടേയും പ്ലാറ്റോണിക് പ്രണയാദര്‍ശമല്ല.പണത്തിനും ജാതിനിലക്കും മേലെ പറക്കാത്ത പരുന്താണ് ഇവിടെ പ്രണയത്തിന്റെ സത്യം.മലയാള സാഹിത്യത്തില്‍ ഇന്നും തുടരുന്ന കാല്‍പനിക പ്രണയത്തിന്റെ പ്രേതബാധ ഈ ലോകത്തിലില്ല.ദളിതന്റെ അനുഭവലോകത്തുനിന്നും കണ്ടെടുക്കപ്പെടുന്ന പ്രാദേശിക മിത്തുകളും(അറുകൊല,ദേവികള്‍)ബിംബങ്ങളും ശൈലികളും(അച്ചാലും മുച്ചാലും,ആട്ടിന്‍ കാഷ്ഠവും കൂര്‍ക്കക്കിഴങ്ങും തിരിച്ചറിയാത്ത,കള്ളുകുടിച്ച് ഭള്ളുപറഞ്ഞ് മുള്ളി നടന്നിരുന്ന,വട്ടക്കൊട്ടയില്‍ വെള്ളം കോരുക,കല്ലേലിട്ട കലം പോലെ,വെട്ടിക്കുടിക്കാരി,അഞ്ചരമല്ലന്‍,പെലാടി,പണ്ടാരപ്പാട്ടം,തീറുതട്ടുക)ആഖ്യാനരീതിയില്‍ ഒരു സി.അയ്യപ്പന്‍ വഴിയുടെ മൂലക്കല്ലുകളായി വര്‍ത്തിക്കുന്നു.'പ്രസ്താവന' എന്ന കഥയില്‍ യജമാനന്‍ മുഖത്തു തുപ്പിയപ്പോള്‍ ദലിതന്‍ കോപിച്ചു.നിന്റെ കോപപ്രകടനം പട്ടിയുടെ പഞ്ചിരിപോലെയാണ് എന്നായിരുന്നു യജമാനന്റെ മറുപടി.അവന്‍ നാണിച്ചു ചത്ത് ഒരു പട്ടിയായി പനര്‍ജനിച്ചു.യജമാനന്‍ അവനെ തിരിച്ചറിഞ്ഞ് വെടിവെച്ചു കൊന്നു.അവന്‍ വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് യജമാനനോടു പറയുന്നു

'നിങ്ങളുടെ തുടുത്ത സുന്ദരിയുടെ ചെമപ്പും മാര്‍ദ്ദവവും എന്റെ വിയര്‍ത്ത ശരീരത്തിന്റെ കറുപ്പും എന്റെ തഴമ്പിച്ച കൈകളുടെ കവിതയുമാണ്.നിങ്ങളുടെ ബുദ്ധിശക്തിയും സംസ്‌കാരവും എന്റെ വിഢിത്തവും കാടത്തവുമത്രേ!ഇനി നിങ്ങളുടെ വാക്കുകള്‍ക്ക് എന്നെ നരകത്തിലേക്ക് തള്ളിയിടാനോ പലവട്ടം ചത്ത എന്നെ കൊന്നു വളമാക്കാനോ കഴിയില്ല.'

ഈ സ്വാതന്ത്ര്യപ്രഖ്യാപനം പ്രമേയത്തിന്റേയും ആഖ്യാനത്തിന്റേയും തലത്തില്‍ സാക്ഷാത്കരിക്കുന്നവയാണ് സി.അയ്യപ്പന്റെ കഥകള്‍.കേരളീയ സാമൂഹ്യസന്ദര്‍ഭത്തിന്റെ സവിശേഷതകള്‍ തിരിച്ചറിയാതെ അംബേദ്കര്‍ മൗലികവാദത്തിലും ഉത്തരേന്ത്യന്‍ ദളിത് സംഘടനകളുടെ മിമിക്രിയിലും മുരടിക്കുന്ന ദളിത് രാഷ്ട്രീയം പോലെ തന്നെ കേരളത്തിലെ ദളിത് രചനകളും ഭാവുകത്വപരവും ആഖ്യാനപരവുമായ പ്രതിസന്ധി നേരിടുകയാണ്.ആഗ്രഹചിന്തകളും ക്ലീഷേകളും ദുര്‍ബ്ബല മുദ്രാവാക്യങ്ങളും ഉപേക്ഷിച്ച് ദളിതരുടെ സാസ്‌കാരികാനുഭവത്തേയും വര്‍ത്തമാന സന്ദര്‍ഭത്തേയും നേരിടാതെ സ്വന്തം കാല്‍ക്കീഴിലെ മണ്ണില്‍ നിന്ന് രചനാവിഭവങ്ങള്‍ കണ്ടെത്താതെ ദളിത്കലക്ക് മുമ്പോട്ട് പോകാനാവില്ല.സി.അയ്യപ്പന്റെ കഥകള്‍ ഈ പ്രതിസന്ധിയെ വിജയകരമായി മറികടക്കുന്നു.തീണ്ടാപ്പാടകലെയുള്ള പ്രാന്തങ്ങളില്‍നിന്ന് സംസ്‌കാരകേന്ദ്രങ്ങളിലേക്ക് ദളിതര്‍ക്ക് ക്ഷേത്രപ്രവേശന വിളംബരം നടത്തുകയും സ്വയം കാണാനുള്ള ബഹുമാനമുള്ള കണ്ണാടി ഭാഷയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുകവഴി ഈ കഥകള്‍ സംസ്‌കാരത്തിന്റെ ജനാധിപത്യവല്‍ക്കരണം ശക്തിപ്പെടുത്തുന്നു.കേളീയ സംസ്‌കാരത്തില്‍ പ്രബലമായ സവര്‍ണ്ണ ഭാവുകത്വത്തിന്റെ യാഗശാലകളില്‍ അത് രക്തമാംസങ്ങളും അമേധ്യവും വലിച്ചെറിയുന്നു.അദളിതനെ അവന്റെ വംശപേരുകള്‍ക്കിടയിലെ ദളിത്/ഗോത്രമുജ്ജന്മങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

സി.അയ്യപ്പന്റെ കഥകളെകുറിച്ച് കെ.കെ.ബാബുരാജിന്റെ പഠനം.

വായന.

പുറനാട്ടുകര ഹൈസ്‌കൂളില്‍വെച്ചുനടന്ന
സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുന്നു
.
'മറ്റാരു ജീവിതം സാധ്യമാണ്' എന്ന പുസ്തകത്തിലാണ് സി.അയ്യപ്പന്റെ കഥകളെകുറിച്ചുള്ള കെ.കെ.ബാബുരാജിന്റെ പഠനം അച്ചടിച്ചിട്ടുള്ളത്.2003 ഫെബ്രുവരിയില്‍ തൃശൂര്‍ പുറനാട്ടുകര ഹൈസ്‌കൂളില്‍ വെച്ചുനടന്ന സെമിനാറിലും ഈ പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി.'മരണത്തിന്റെ പ്രദേശവും ഭൂതത്തിന്റെ സാന്നിദ്ധ്യവും' 'സാങ്കല്‍പ്പിക സാമ്രാജ്യത്തിന്റെ പതനം' 'അവളുടെ മൃതശരീരത്തിനു മുകളിലൂടെ' എന്നീ അദ്ധ്യായങ്ങളിലാണ് ഈ പഠനമുള്ളത്.പുസ്തകം പ്രസിദ്ധീകരിച്ചത് സബ്ജക്ട് ആന്റ് ലാംഗ്വേജ് പ്രസ്സ് കോട്ടയം.പഠനത്തിലെ പ്രസക്തഭാഗങ്ങളാണ് ഇവിടെ പോസ്റ്റുചെയ്യുന്നത്.

സി.അയ്യപ്പന്റെ 'അരുന്ധതീ ദര്‍ശനന്യായം' എന്ന ചെറുകഥയില്‍ മലയാള ഭാവുകത്വത്തില്‍ ദുരവസ്ഥവ്യാഖ്യാനങ്ങള്‍ അടിച്ചേല്‍പ്പിച്ച വാര്‍പ്പുമാതൃകയെ നിഷേധിച്ച്,സവര്‍ണ-ദലിത് സാമുദായികാവസ്ഥകളിലെ സ്ത്രീ പുരുഷന്മാരുടെ മൂല്യപരമായ ഏകോപനത്തിന്റെ മൗലിക സന്നിഗ്ദ്ധതകള്‍ വെളിപ്പെടുത്തുന്നതാണ്.ഉപരി-മധ്യമ സമുദായങ്ങളിലെ സ്ത്രീകളുമായി അവിഹിതബന്ധം പുലര്‍ത്തിയതുമൂലം കൊലചെയ്യപ്പെടുകയും,പിന്നീട് ദുരാത്മാവായി തിരിച്ചെത്തുകയും ചെയ്യുന്ന ദലിത് യുവാക്കളെ കുറിച്ചുള്ള വാമൊഴിയറിവുകള്‍ സജീവമായ കുടുംബപശ്ചാത്തലമാണ് ഈ കഥയിലെ ചെറുപ്പക്കാരന്റേത്.(പേജ് 110)

യൂറോപ്പില്‍ ആധുനികതയുടെ യുക്തിക്ക് പുറത്തായ ചെറുസാഹിത്യത്തിലും ഇന്ത്യയിലെ ദലിത് സാഹിത്യത്തിലും സവിശേഷമായി അനുഭവപ്പെടുന്നതാണ് സ്ഥല-കാലങ്ങളുടെ വ്യതിരിക്തത.മരണത്തിന്റെ മൂര്‍ത്തമായ പ്രദേശങ്ങളേയും സമയത്തേയും അഭിമുഖീകരിച്ചുകൊണ്ട് കീഴാളരും സ്ത്രീകളും ആത്മകഥ പറയുന്നതോ,മരണത്തിനുശേഷം യക്ഷികളും ഭൂതങ്ങളുമായി പിറവിനേടി അധീശത്വശാസനകളെ അട്ടിമറിക്കുന്നതോ ആയ പ്രതിപാദ്യങ്ങളാണ് അയ്യപ്പന്റെ കഥകളില്‍ പൊതുവേ കാണുന്നത്.(പേജ് 116)

സമകാലീന കേരളത്തിലെ ചര്‍ച്ചാ വേദികളില്‍ അയ്യങ്കാളിയുടെ പേരും പരാമര്‍ശിക്കപ്പെടാന്‍ ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ ഇത്തരമൊരു കീഴാള ചിഹ്നത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പിനു പ്രേരകമായ സാമുദായിക സന്നിഗ്ദ്ധതകളെ അധികംപേരും ഉള്‍ക്കൊള്ളുന്നതായി കാണുന്നില്ല.1986-ല്‍ പ്രസിദ്ധീകരിച്ച 'ഉച്ചമയക്കത്തിലെ സ്വപ്നങ്ങള്‍' എന്ന സി.അയ്യപ്പന്റെ കഥാസമാഹാരത്തിലെ 'കാവല്‍ഭൂതം' എന്ന കഥ മേല്‍പ്പറഞ്ഞ സാമുദായിക സന്നിഗ്ധതകളെ ആഴത്തിലുള്‍ക്കൊള്ളുന്നു എന്ന നിലയിലാണ് ഇവിടെ പരാമര്‍ശിക്കുന്നത്.'അധഃസ്ഥിതജനത അതിജീവിക്കേണ്ട വെല്ലുവിളികള്‍' എന്ന ലഘുലേഖ പോലെതന്നെ,ഈ കഥയും കീഴാള സ്ത്രീ അവബോധമണ്ഡലത്തിലെ തിരുത്തായാണ് രൂപപ്പെട്ടത്.ആധുനിക മലയാള ചെറുകഥയുടെ സവര്‍ണോന്മുഖമായ ഏകസ്വരതയെ തീവ്രമായി ഭിന്നിപ്പിച്ചു എന്നനിലയില്‍ ദലിത് നിരൂപകര്‍ ഈ കഥക്ക് സവിശേഷ പ്രാധാന്യം നല്‍കുകയുണ്ടായി.കീഴാള സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍കൃതര്‍ക്കും അനുകൂലമായി പാഠത്തിലുള്ള ബലതന്ത്രം ഈ കഥയെ 'സമകാലീന ദലിത് ക്ലാസ്സിക്' എന്നു വിവക്ഷിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്.(പേജ്120,121)

മുഖ്യധാരാ സാഹിത്യത്തില്‍ ഹാസ്യം പീഡിതരെ അപമാനവീകരിക്കുന്നതിലൂടെയാണ് ആസ്വാദ്യകരമാകുന്നതെങ്കില്‍,സ്ത്രീഹാസ്യം അവളുടെ മൃതശരീരത്തില്‍ നിന്നും ഉരിഞ്ഞുമാറ്റുന്ന യക്ഷിക്കഥയുടെ ഭൂപടത്തില്‍ നിന്നും പിറവിയെടുക്കുന്നതാണ്.കണ്ണീരിന്റെ കടലുകള്‍ താണ്ടിയും ദുരിതങ്ങളുടെ കയങ്ങളില്‍ മുങ്ങിപ്പൊങ്ങിയും അവസാനമായി അവളുടെ ശരീരം ചലനമറ്റു കിടക്കുമ്പോള്‍ (ഉറങ്ങി/അംഗവിച്ഛേദനം സംഭവിച്ച്/മരിച്ച്)ആഭിചാരത്തിന്റെ ആഹ്വാനംപോലെ അടിച്ചമര്‍ത്തപ്പെട്ട സ്വത്വം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു.വ്യക്തിപരമായതു രാഷ്ട്രീയമാകുന്ന ഈ പശ്ചാത്തലത്തില്‍ മറവികള്‍ സ്വയം സംസാരിക്കുന്നു.

ഇരിക്കുന്നവരില്‍ ആദ്യം
കെ.കെ.കൊച്ച്,കണ്ണന്‍ മേലോത്ത്.
പി.അനന്ദന്‍,വി.എം.ഉണ്ണി,കെ.പി.രവി.
സി.അയ്യപ്പന്റെ 'പ്രേതഭാഷണം' എന്ന കഥ മലയാള സാഹിത്യത്തിലെ അത്യപൂര്‍വ്വമായ സ്ത്രീ ഹാസ്യത്തിന്റെ വിധ്വംസകത ഉള്‍ക്കൊള്ളുന്നതാണ്.റോസിക്കുട്ടിയുടെ ഉറങ്ങുന്ന ശരീരത്തില്‍ മറുസ്വത്വമായി പ്രവേശിച്ച സഹോദരിയുടെ ആത്മാവ്,അവള്‍ക്ക് മനസ്സിലാകാതെ പോയ വേട്ടയാടലുകളുടെ ചരിത്രത്തെ ഭ്രാന്തിന്റെ വേലിയേറ്റങ്ങളായി പുനര്‍നിര്‍മ്മിക്കുന്നു.ഇത്തരമൊരു ആത്മകഥാഖ്യാനത്തിലൂടെ പരലോകപുരുഷനായ ദൈവത്തിന്റേയും ഇഹലോകപുരുഷനായ പിതാവിന്റേയും നാമത്തില്‍ വ്യവസ്ഥിതി നിര്‍മ്മിച്ച ആത്മാന്ധതകള്‍ ഹാസ്യാത്മകമായി ചിഹ്നവല്‍ക്കരിക്കപ്പെടുകയാണ്.(പേജ് 130,131)2012, ഓഗസ്റ്റ് 12, ഞായറാഴ്‌ച

ചരിത്രരേഖകളിലെ അടിമ ഗര്‍ജ്ജനം.

സിനിമ

കണ്ണന്‍ മേലോത്ത്.

അടിമവര്‍ഗ്ഗത്തിന്റെ ചെറുത്തുനില്‍പ്പുകളെ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുള്ളതില്‍ ആദ്യത്തെ സമരസംഭവത്തെ സിനിമാ സംവിധായകരുടെ ഇടയിലെ ധിഷണാശാലികളില്‍ പ്രമുഖനായ സ്റ്റാന്‍ലി കുബ്രിക് കാഴ്ചവെച്ചിട്ടുണ്ട്.1960ല്‍ കുബ്രിക് എടുത്ത 'സ്പാര്‍ട്ടക്കസ്' എന്ന സിനിമ പറഞ്ഞുതരുന്നത് റോമാ സാമ്രാജ്യ സംസ്ഥാപകരുടെ നിന്ദ്യവും നീതിരഹിതവുമായ ഭരണവ്യവസ്ഥക്കുമേല്‍ കലാപത്തിന്റെ കൊടുകാറ്റുയര്‍ത്തിയ ഇതേപേരിലുള്ള അടിമയുടെ ജീവചരിത്രമാണ്.ഹോവാര്‍ഡ് ഫാസ്റ്റിന്റെ ഇതേപേരിലുള്ള നോവലിന്റെ ചുവടുപിടിച്ചാണ് സിനിമ എടുത്തിട്ടുള്ളത്.

ഗ്രീക്ക് നയതന്ത്രോദ്യോഗസ്ഥനായിരുന്ന 'ആപ്പിയന്റെ' രേഖകളിലാണ് സ്പാര്‍ട്ടക്കസിനെക്കുറിച്ചുള്ള ആദ്യ വിവരണങ്ങള്‍ കാണുന്നത്.എ.ഡി.72ല്‍ സ്പാര്‍ട്ടക്കസിന്റെ നേതൃത്വത്തില്‍ അടിമകള്‍ റോമന്‍ സൈന്യത്തോട് ആദ്യമായി ഏറ്റുമുട്ടിയശേഷം 40 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആപ്പിയന്‍ രേഖകള്‍ എഴുതപ്പെടുന്നത്.ഇടമുറിഞ്ഞരൂപത്തിലാണ് കണ്ടുകിട്ടിയതെങ്കിലും ആപ്പിയന്‍ വിവരണങ്ങള്‍ രേഖീയമായ പാരായണത്തിനുതകുന്ന പരാമര്‍ശങ്ങള്‍കൊണ്ട് സമ്പന്നമാണ്.ഇതനുസരിച്ച് സ്പാര്‍ട്ടക്കസ് റോമന്‍ സൈന്യത്തിലെ സമര്‍ത്ഥനും സമുന്നതനുമായ ഒരു യോദ്ധാവായിരുന്നുവെന്നും പിന്നീട് ജയിലില്‍ അടയ്ക്കപ്പെടുകയും 'ഗ്ലാഡിയേറ്റര്‍'