എഴുത്ത്
കെ.എ.ദേവദാസ്.
തെങ്ങും കവുങ്ങും വാഴയുമെല്ലാം അതിരിടുന്ന നെല്‍വയലുകള്‍,കാടുകളും മലകളും അതിരിടുന്ന പുല്‍മേടുകള്‍ ഇവക്കെല്ലാം കിങ്ങണി ചാര്‍ത്തുന്ന തോടുകളും പുഴകളും കായലുകളും കടല്‍ത്തീരങ്ങളും നിറഞ്ഞ,പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നാടാണ് കേരളം.അമ്പലങ്ങളും കാവുകളും പള്ളികളും തോളോടുതോള്‍ ചേര്‍ന്നു നില്ക്കുന്ന കേരളം.ഉത്സവങ്ങളുടേയും പൂരങ്ങളുടേയും വള്ളം കളികളുടേയും കളരിപ്പയറ്റിന്റേയും നാടാണ്.ക്ഷേത്രങ്ങളിലേയും പള്ളികളിലേയും ഉത്സവങ്ങളും പെരുനാളുകളും കേരളത്തിന്റെ കലാ-സാഹിത്യരംഗത്തിന്റെ തനിമക്കും വളര്‍ച്ചക്കും ഉത്തേജനം നല്‍കിയിട്ടുണ്ട്.കഥകളിയും തെയ്യവും ഓട്ടന്‍ തുള്ളലും ചാക്യാര്‍കൂത്തും കൂടിയാട്ടവും ചവിട്ടുനാടകവും സംഘംകളിയും മുടിയേറ്റും പടയണിയും എല്ലാം ഇങ്ങിനെ വളര്‍ന്ന് വികാസം പ്രാപിച്ചതാണ്.വടക്കന്‍ പാട്ടുകളും തോറ്റം പാട്ടുകളും എല്ലാം നമ്മുടെ സാഹിത്യ ചരിത്രത്തെ സമ്പന്നമാക്കുന്നു.രാജാ രവിവര്മ്മയെപോലെ ലോകപ്രശസ്ത ചിത്രകാരന്മാരുടേതായ ചിത്രരചനാ പാരമ്പര്യവും നമുക്കുണ്ട്.
ചിത്രരചനാരംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന,കേരളത്തിന്റെ തനതായ കലാ വിഭവമാണ് ചുവര് ചിത്രരചന.ക്ഷേത്രങ്ങളേയും പള്ളികളേയും കൊട്ടാരങ്ങളേയും ചുറ്റിപ്പറ്റിയാണ് കേരളത്തില്‍ ചുവര്‍ചിത്രരചനാ സമ്പ്രദായം വളര്‍ന്ന് വികാസം പ്രാപിച്ചത്.കേരളത്തിലെ ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും ഹൈന്ദവപുരാണ കൃതികളായ മഹാഭാരതം,രാമായണം,ഭാഗവതം എന്നിവയിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചുവര് ചിത്രങ്ങളായി ആലേഖനം ചെയ്തിട്ടുണ്ട്.ചുവര് ചിത്രങ്ങളില്‍ പൊതുവേ ദേവീദേവന്മാരേയോ പുരാണ കഥാപാത്രങ്ങളേയോ ആണ് ചിത്രീകരിക്കുന്നത്.ചിലയിടങ്ങളില്‍ ഋഷിമാരേയും നാടുവാഴികളേയും സാധാരണ ജനങ്ങളേയും ചിത്രീകരിച്ചു കാണുന്നു.എന്നാല്‍ ക്ഷേത്രങ്ങളിലെ ശ്രീ കോവിലുകള്‍ക്കു ചുറ്റും വിഷ്ണു,ശിവന്,ഭഗവതി,ഗണപതി,സുബ്രഹ്മണ്യന് തുടങ്ങിയ ദേവീദേവന്മാരുടെ ചിത്രങ്ങളാണ് പ്രധാനമായും കാണുന്നത്.
വര്‍ണ ചിത്രങ്ങള്‍ വരച്ച് ദേവാലയങ്ങളും രാജകൊട്ടാരങ്ങളും മോടിപിടിപ്പിക്കുന്ന ചുവര് ചിത്രരചനാ സമ്പ്രദായം ഭാരതത്തില്‍ രൂപം കൊണ്ടിട്ട് ഏകദേശം രണ്ടായിരം വര്‍ഷങ്ങളായി.പ്രാചീന ചുവര് ചിത്രരചനാ സമ്പ്രദായത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട 'വിഷ്ണുധര്മ്മോദയ'ത്തിലെ 'ചിത്രസൂത്രം',പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട സോമശേഖരന്റെ 'അഭിലാഷമണി',പതിനാറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ശ്രീകുമാറിന്റെ 'ശില്‍പ്പരത്നം' എന്നിവയിലും നാടിന്റെ പലഭാഗങ്ങളില്‍നിന്നും കണ്ടെടുത്തിട്ടുള്ള താളിയോല ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചുകാണുന്നുണ്ട്.
കേരളത്തിലെ ഏറ്റവും മികച്ച ചുവര് ചിത്രങ്ങളില്‍ ചിലത് തിരുവനന്തപുരത്തുള്ള പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പരിക്കാ മാളികയിലാണുള്ളത്.മട്ടാഞ്ചേരിയിലെ ഡച്ച് പാലസ്,ഏറ്റുമാനൂര്‍ ശിവക്ഷേത്രം,തലയോലപ്പറമ്പിനടുത്തുള്ള പുണ്ഡരികപുരം ക്ഷേത്രം,കോട്ടക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചുവര് ചിത്രങ്ങള്‍ എടുത്തു പറയത്തക്കതാണ്.കേരളത്തില്‍ ഉദ്ദേശം 150 ഓളം ക്ഷേത്രങ്ങളില്‍ ചുവര് ചിത്രങ്ങളുള്ളതായി അറിയുന്നു.നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇവ കാലത്തേയും പ്രകൃതി മര്‍ദ്ദനങ്ങളേയും അധികാരികളുടെ അവഗണനയേയും അതിജീവിച്ച് നിലനില്ക്കുന്നു എന്നുള്ളതുതന്നെ അത്ഭുതകരമാണ്.
കേരളത്തിലെ ചുവര് ചിത്രരചനാ സങ്കേതങ്ങളും രീതികളും പരിശോധിക്കുന്നത് വളരെ രസകരമായിരിക്കും.ചിത്രങ്ങള്‍ ആലേഖനം ചെയ്യാനുള്ള ചുവരില്‍ കുമ്മായം ഉപയോഗിച്ച് നല്ലവണ്ണം പ്ലാസ്റ്റര്‍ ചെയ്യുന്നു.അതിനുമീതേ കുമ്മായവും സുര്‍ക്കിയും .പ്രതേ്യക പശയും (വേപ്പിന് പശ,കള്ളിപ്പാല് മുതലായവ)ഉപയോഗിച്ച് ദൃഢതയും മിനുസവും ഉള്ള ദ്വിതീയ പ്രതലം നിര്‍മ്മിക്കുന്നു.ഇതിലാണ് ചിത്രങ്ങള്‍ ആലേഖനം
ചെയ്യുന്നത്.
![]() |
മമ്മിയൂര്‍ കൃഷ്ണന് കുട്ടി നായരും ആര്‍ട്ടിസ്റ്റ് സുരേഷ് മുതുകുളവും |
![]() |
കെ.എ.ദേവദാസ്. |
ഭാഷാ സമ്പുഷ്ടമായ ലേഖനങ്ങള്‍ അനസ്വൂതം വിരിയട്ടെ . നന്ദി
മറുപടിഇല്ലാതാക്കൂസന്തോഷം.
ഇല്ലാതാക്കൂ