"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2012, ജൂലൈ 31, ചൊവ്വാഴ്ച

'യാം ദാബോ' അല്ലെങ്കില്‍ ദളിതര്‍ക്കെഴുതിയ സുവിശേഷം.


സിനിമ.
കണ്ണന്‍ മേലോത്ത്.

ആഫ്രിക്കന്‍ രാജ്യമായ 'ബുര്‍ക്കിനാ ഫാസോ'യിലുള്ള 'ഇഡ്രീസ ഉഡ്രേഗ' 1988ല്‍ എടുത്ത സിനിമയാണ് 'യാം ദാബോ'.ഇംഗ്ലീഷില്‍ ഈ സിനിമക്ക് 'ദി ചോയ്‌സ്'(ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുക)എന്നാണ് പേരിട്ടിരിക്കുന്നത്.കേരളത്തിലെ ദളിതുകള്‍ക്ക് രക്ഷപ്പെടുന്നതിനുള്ള ഒരു മാര്‍ഗ്ഗരേഖ ഈ സിനിമ മുന്നോട്ടു വെക്കുന്നുണ്ട്.ലോകത്ത് ആകമാനമുള്ള അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന് ഈ സിനിമയിലെ രണ്ട് നിര്‍ദ്ദേശങ്ങളില്‍ ഒന്ന് തെരഞ്ഞടുക്കാം. 
പ്രണയവും പ്രതികാരവും ആവശ്യത്തിന് മേമ്പോടി ചേര്‍ത്തിട്ടുള്ള യാം ദാബോ വില്‍ പരത്തിപ്പറയാന്‍ ഒരു കഥയില്ല.ഉള്ളത് രക്ഷാ മാര്‍ഗ്ഗമായി പകര്‍ത്തിക്കാണിക്കുന്ന രണ്ടു നിര്‍ദ്ദേശങ്ങളേയുള്ളൂ.അതിങ്ങനെ-വരള്‍ച്ചകൊണ്ട് പൊറുതിമുട്ടിയ ബുര്‍ക്കിനാ ഫാസോയിലെ ഒരു കാട്ടിന്‍പുറത്ത് കുറച്ച് ആളുകള്‍ അധിവസിക്കുന്നുണ്ട്.കൃഷിയില്ല,തൊഴിലില്ല,ആഹാരത്തിന് വകയില്ല.എവിടെ നോക്കിയാലും വെയിലും പൊടിയും ഉണങ്ങിയ മരങ്ങളും മാത്രം.ആളുകളുടെ ഏക ആശ്രയം വല്ലപ്പോഴും വന്നെത്തുന്ന 'ഇന്റര്‍ നാഷനല്‍ ഏജന്‍സി'യുടെ ധാന്യാഹാരങ്ങളാണ്.അതും കൊണ്ടു വരുന്ന വണ്ടി നോക്കിയിരിക്കല്‍ മാത്രമാണ് കുട്ടികളടക്കം മുതിര്‍ന്നവരുടേയും 'തൊഴില്‍'. 

എന്നാല്‍ ഒരു വീട്ടുകാരണവരായ സലാം ഈ തൊഴില്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല.അയാള്‍ തനിക്കുള്ളതെല്ലാം വിറ്റുപെറുക്കി രണ്ടു കഴുതകളെ വാങ്ങി അതിന്റെ പുറത്ത് ഉള്ള സാധനങ്ങളും വെച്ചുകെട്ടി കുടുംബവുമായി കാടുകയറി.മണ്ണിനോട് മല്ലിട്ടു.കാടുതെളിച്ച് കൃഷിയിറക്കി.കൈമെയ് മറന്ന് പണിയെടുത്തു.നാളുകള്‍ പോകവേ എങ്ങും പച്ചനിറം വ്യാപിച്ചു.പൊന്നുവിളഞ്ഞപ്പോള്‍ മതിവരുവോളം കൊയ്ത് ഭക്ഷിച്ചു.ബാക്കിയുള്ളവ വിറ്റു.വര്‍ഷങ്ങളോളം ഇത് തുടര്‍ന്നു.ജീവിതനിലവാരം മെച്ചപ്പെട്ടപ്പോള്‍ ഒരു മോട്ടോര്‍ വാഹനം വാങ്ങി.ഒരിക്കല്‍ തന്റെ കൂട്ടാളികളെയൊക്കെ ഒന്നു കാണുന്നതിനായി മുമ്പ് താമസിച്ചിരുന്നയിടത്തേക്ക് പുറപ്പെട്ടു.അവര്‍ അവിടെ ചെന്നപ്പോള്‍ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളൊന്നും നേരിടേണ്ടിവന്നില്ല.കൂട്ടാളികളെല്ലാം പഴയതുപോലെ തന്നെ പിഞ്ഞാണങ്ങളുമേന്തി ധാന്യവണ്ടിയും കാത്തിരിപ്പുണ്ടായിരുന്നു!അവരുടെ മുന്നിലൂടെ സലാമിന്റെ കുടുംബം വാഹനമോടിച്ച് മറഞ്ഞു. 

ഇഡ്രീസ മുന്നോട്ടുവെച്ചിട്ടുള്ള രണ്ട് രക്ഷാ മാര്‍ഗ്ഗങ്ങള്‍ ഇതാണ്-ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ട് തുടര്‍ന്നു പോവുക,അല്ലെങ്കില്‍ അധ്വാനിച്ച് സ്വന്തം കാലില്‍ നില്‍ക്കുക.'ആനുകൂല്യങ്ങള്‍ പറ്റുന്നവര്‍' എന്ന് ഇവിടെ പ്രയോഗിച്ചിരിക്കുന്നത് മോശം അര്‍ത്ഥത്തിലല്ല.'പൗരന്മാര്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിനാണ് സംവരണം' എന്ന് ഡോ.അംബേദ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.ആ അന്തരം ഇല്ലാതാകുന്നതോടെ സംവരണവും വേണ്ടിവരില്ല.ഇന്നു സംവരണസമുദായങ്ങള്‍ക്ക് മാത്രമല്ല,ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാ സമുദായങ്ങളും ആനുകൂല്യം പറ്റുന്നുണ്ട്.ആ നിലക്ക് ആനുകൂല്യങ്ങളെ തള്ളിപ്പറയാന്‍ ആവില്ല.അതൊരു മൂലധനമാക്കി ഉപയോഗിച്ച് പുരോഗതി പ്രാപിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ എന്തുകൊണ്ട് ദളിത് ആക്ടിവിസ്റ്റുകള്‍ക്ക് ആവുന്നില്ല?ആനുകൂല്യം നിലച്ചാല്‍ പൗരന്മാര്‍ തമ്മിലുള്ള അന്തരം ഇപ്പോഴത്തേതിലും വലുതാവും. 

ഇഡ്രീസ മുന്നോട്ടുവെച്ച രണ്ടാമത്തെ മാര്‍ഗ്ഗം സ്വീകരിക്കുന്നതിനായി കാടുകയറണമെന്നല്ല,കേരളത്തില്‍ എത്രയോ ഹെക്ടര്‍കണക്കായ കൃഷി ഭൂമിയാണ് തരിശാക്കി ഇട്ടിരിക്കുന്നത്.കൂലിക്കൂടുതല്‍ കൊണ്ടുമാത്രമല്ല പണിയെടുക്കാന്‍ ആളെ കിട്ടാത്തതുകൊണ്ടു കൂടിയാണിത്.ദളിതുകളിലെ ഉദ്യോഗസ്ഥരും തൊഴിലില്ലാത്തവരും സ്ത്രീകളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഒരു സമൂഹം പണിയെടുക്കാന്‍ തയ്യാറായാല്‍ ഉടമകള്‍ക്ക് കൃഷിഭൂമി വിട്ടുതരാന്‍ യാതൊരു മടിയും കാണില്ല.നമ്മളുകൊയ്യുന്ന വയലൊക്കെ നമ്മുടേതായേക്കുമോ എന്ന ഭയമൊന്നും അവര്‍ക്ക് ഇപ്പോഴില്ല.ആദായം പങ്കുവെക്കുന്ന കാര്യത്തില്‍ എല്ലാവരും കൂടിയാലോചിച്ച് ഒരു നീക്കുപോക്കുണ്ടാക്കാവുന്നതേയുള്ളൂ.പഴയ ജന്മികുടിയാന്‍ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കാണെന്ന് ചില ആക്ഷേപങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇത് സ്വയം പര്യാപ്തതയില്ലായ്മക്ക് ഒരളവോളം പരിഹാരമാകുമെന്നതില്‍ സംശയം വേണ്ട.ദളിത് സമുദായ സംഘടനകള്‍ക്ക് ഇക്കാര്യത്തേക്കുറിച്ച് ആലോചിക്കാവുന്നതാണ്. 

ഇഡ്രീസ ഉഡ്രേഗ
ആരാണ് ദളിതുകളുടെ പുരോഗതിക്ക് വിലങ്ങുതടിയായത്?ആരാണ് അവരുടെ ചിന്താശേഷിയെ ആകെമാനം തളച്ച്?അവരിലെ അധ്വാനശേഷിയില്ലാത്ത 'ഉപരിവര്‍ഗ്ഗ സാഹിത്യകാരന്മാര്‍' തന്നെ.ഇതുമാത്രമാണ് ദളിത് ഉപരിവര്‍ഗ്ഗ സാഹിത്യകാരന്മാരേക്കൊണ്ട് സമുദായത്തിനുണ്ടായ ഏക പ്രയോജനം.തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും വര്‍ദ്ധിച്ച തോതില്‍ ഇവരെ മുഖ്യധാരാ അച്ചടി മാധ്യമങ്ങല്‍ ദത്തെടുക്കുകയുണ്ടായി.ആ വരേണ്യ മാധ്യമങ്ങളുടെ താല്‍പര്യമായിരുന്നു,ദളിത് ഉപരിവര്‍ഗ്ഗ സാഹിത്യകാരന്മാരെ മുന്‍ നിര്‍ത്തി ദളിത് മുന്നേറ്റത്തെ അട്ടിമറിക്കുക എന്നത്.ഇപ്പോള്‍ 'സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക്' മാധ്യമം പ്രചാരത്തിലായതോടെ അത്തരം മാധ്യമങ്ങളുടെ കുത്തകാധികാരം ചോദ്യം ചെയ്യപ്പെട്ടു.ദളിത് ഉപരിവര്‍ഗ്ഗ സാഹിത്യകാരന്മാര്‍ സെമിനാറും സംവാദവും മീറ്റിംഗും തമ്മില്‍ തമ്മില്‍ പള്ളുവിളിയുമൊക്കെയായി ഒതുങ്ങി. മൈക്കിന്റെ മുമ്പില്‍ നില്‍ക്കുന്നതോ സെമിനാറില്‍ പങ്കെടുക്കുന്നതോ ആയിട്ടല്ലാതെ ഒരു ദളിത് ഉപരിവര്‍ഗ്ഗ സാഹിത്യകാരന്റെയെങ്കിലും ഫോട്ടോ കാണാന്‍ കിട്ടുമോ?എന്തിന്,ഇവര്‍ പണിയെടുക്കുന്നതോ സമരം ചെയ്യുന്നതോ ധര്‍ണ്ണയിരിക്കുന്നതോ ആയ ഒരു പടമെങ്കിലും അച്ചടിച്ചു വന്നിട്ടുണ്ടോ? എല്ലാവരേയും എല്ലാക്കാലത്തേക്കും വിഢികളാക്കാം എന്നാണ് അവരുടെ വിചാരം.തങ്ങള്‍ ചത്ത മീനുകളല്ല എന്ന് തെളിയിക്കേണ്ടത് അങ്ങനെ അവരെ വിശേഷിപ്പിച്ചയാളുടെ ബാധ്യതയല്ല,അക്ഷേപിക്കപ്പെട്ടവരുടെ ചുമതലയാണ്. 


2012, ജൂലൈ 30, തിങ്കളാഴ്‌ച

വിക്ടര്‍ ഹാര:നാടന്‍ പാട്ടുപരിപാടിയിലെ വലിയ പടത്തലവന്‍.


ആളറിവ്
കണ്ണന്‍ മേലോത്ത്.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയിലില്‍ പട്ടാള അട്ടിമറിയെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ കൊലചെയ്യപ്പെട്ട വിപ്ലവ ഗായകനാണ് വിക്ടര്‍ ഹാര.മുഴുവന്‍ പേര് വിക്ടര്‍ ലിഡിയോ ഹാര മാര്‍ട്ടിനെസ്.1973 സെപ്തംബര്‍ 11 നാണ് സി.ഐ.എ യുടെ പിന്‍തുണയോടെ സൈനിക മേധാവിയായിരുന്ന അഗസ്‌റ്റൊ പിനോഷെ,സാല്‍വദോര്‍ അലെന്‍ദെയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഗവണ്‍മെന്റിനെ തുരത്തിയത്.5 ദിവസം കഴിഞ്ഞപ്പോള്‍ നിരായുധരായ മറ്റുള്ളവരോടൊപ്പം പിനോഷെയുടെ വിമത സൈന്യം വിക്ടര്‍ ഹാരയെ കൊന്നു.വിക്ടര്‍ ഹാരയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മെഷീന്‍ ഗണ്ണില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നു.44 ബുള്ളറ്റുകളാണ് ആ ജനകീയ ഗായകന്റെ ശരീരത്തില്‍ ആഴ്ന്നിറങ്ങിയത്. കൊല്ലപ്പെടുമ്പോള്‍ 40 വയസ്സായിരുന്നു പ്രായം. 

സാല്‍വദോര്‍ അലെന്‍ദെക്കും പാപ്ലോ നെരൂദെക്കും ഒപ്പം ലോകം ഓര്‍ത്തുവെക്കുന്ന നാമമാണ് വിക്ടര്‍ ഹാര എന്നത്.വിപ്‌ളവഗായകന്‍ മാത്രമല്ല,തിയേറ്റര്‍ ആര്‍ട്ടിസ്റ്റും,ഗാനരചയിതാവും,അധ്യാപകനുമായിരുന്നു വിക്ടര്‍ ഹാര.അച്ഛന്‍ മാനുവല്‍ ഹാരയും അമ്മ അമാന്‍ഡ മാര്‍ട്ടിനെസും നിരക്ഷരരായ കര്‍ഷകത്തൊഴിലാളികളായിരുന്നു.ഒരുപാട് അംഗങ്ങളുള്ള വീട് ഈ തൊഴിലുകള്‍ ചെയ്ത് പുലര്‍ത്തിപ്പോരുക പ്രയാസമായിരുന്നു.അമാന്‍ഡ,കുടുംബം പോറ്റുന്നതിനുള്ള വരുമാനം കണ്ടെത്തുന്നതിനായി പിയാനോ വായനയും ഗിത്താര്‍ വായനയും സ്വയം പഠിച്ചു.നാടന്‍ പാട്ടുകളാണ് ഇതിലൂടെ ചിട്ടപ്പെടുത്തി വായിച്ചിരുന്നത്.നാട്ടിലുള്ള വിവാഹം,മരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അമാന്‍ഡ പാടാന്‍ പോകുമായിരുന്നു.വിക്ടര്‍ ഹാരയിലെ ഗായകന്റെ പ്രേരണ സ്വന്തം അമ്മയില്‍ നിന്നു തന്നെയാണ്.15 വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു.അക്കൗണ്ടന്റാകുന്നതിന് വിക്ടര്‍ ഹാര കുറേനാള്‍ പഠിച്ചു.പുരോഹിതനാകുന്നതിനായി സെമിനാരിയില്‍ ചേര്‍ന്നു പഠിച്ചു.പള്ളിയുമായി ഇടഞ്ഞ് തിരികെ പോന്നു.കുറച്ചുനാള്‍ പട്ടാളത്തിലും സേവനം നടത്തി.നാടോടി സംഗീതത്തിലും തിയേറ്റര്‍ ആര്‍ട്ടിലും ഒരു അതുല്യ നാമാവായി മാറണമെന്ന തീവ്രമായ അഭിലാഷമാണ് ഇവിടെനിന്നെല്ലാം വിക്ടര്‍ ഹാരയെ പിന്‍തിരിപ്പിച്ചത്. 

പാബ്ലോ നെരൂദയെ പോലെയുള്ള കവികളില്‍ ആകൃഷ്ടരായി അവരോടൊപ്പം പ്രവര്‍ത്തിച്ചു.ചിലിയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാടോടി സംഗീതത്തിനും ഗാനങ്ങള്‍ക്കും നിലവിലുള്ള ചിട്ടകള്‍ക്കൊപ്പം തന്നെ പുതിയ ശീലുകള്‍ ഇടകലര്‍ത്തി സംഗീതപ്രസ്ഥാനമായി(ന്യൂ ചിലിയന്‍ സോങ്) ഉയര്‍ത്തി.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ പരമ്പരാഗത നാടന്‍ പാട്ടില്‍ ഇടതുപക്ഷ ആശയങ്ങളും കൂട്ടിച്ചേര്‍ത്ത് ഈണം നല്‍കി അവതരിപ്പിച്ചു തുടങ്ങി.തെരഞ്ഞെടുപ്പില്‍ സാല്‍വദോര്‍ അലെന്‍ദെക്കു വേണ്ടിയുള്ള പ്രചാരണ പരിപാടികളില്‍ വ്യാപകമായി ഈ പാട്ടുകള്‍ ഉപയോഗിക്കപ്പെട്ടു.'ഒരു തൊഴിലാളിയോടുള്ള പ്രാര്‍ത്ഥന' 'അമാന്‍ഡ നിന്നെ ഞാന്‍ ഓര്‍ക്കുന്നു' 'ജനകീയ ഐക്യം' തുടങ്ങിയ പാട്ടുകള്‍ അങ്ങനെ രൂപപ്പെട്ടതാണ് 'വിജയം നമ്മുടേത്' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.ആയിടെ 1966 ല്‍ ആദ്യത്തെ മ്യൂസിക് റെക്കോര്‍ഡിംങ് നടന്നു.അതോടെ തിയേറ്റര്‍ പൂര്‍ണ്ണമായും വിട്ട് നാടോടി പാട്ടുപ്രസ്ഥാനത്തില്‍ മുഴുകി പരിപാടികള്‍ അവതരിപ്പിച്ചു വന്നു. 

പട്ടാള അട്ടിമറി നടന്ന ദിവസം വിക്ടര്‍ ഹാര സാന്റിയാഗോ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അന്ന് വീട്ടിപോകാന്‍ കഴിഞ്ഞില്ല.അവരോടൊപ്പം വിക്ടര്‍ ഹാരയും ആ രാത്രി അവിടെ തങ്ങി.5 ദിവസം കഴിഞ്ഞപ്പോള്‍ മറ്റ് ആയിരക്കണക്കിന് ആളുകള്‍ക്കൊപ്പം ചിലി സ്റ്റേഡിയത്തില്‍ വിക്ടര്‍ ഹാരയെ തടവിലാക്കി.പിനോഷെയുടെ പട്ടാളക്കാര്‍ വിക്ടര്‍ ഹാരയുടെ കൈ തല്ലിച്ചതച്ചു,വാരിയെല്ല് അടിച്ചു പൊട്ടിച്ചു.അതിനുശേഷം അവര്‍ ഗിറ്റാര്‍ വായിക്കാന്‍ ആവശ്യപ്പെട്ടു.മരണവേദനയോടെ തറയില്‍ കിടന്ന് തകര്‍ന്ന വിരലുകള്‍ കൊണ്ട് വിക്ടര്‍ ഹാര ഗിറ്റാര്‍ വായിച്ചു.അതിനുശേഷമാണ് വെടിയുതിര്‍ത്തത്.ശവശരീരം സാന്റിയാഗോ തെരുവില്‍നിന്ന് പിന്നീട് കണ്ടെടുത്തു. വിക്ടര്‍ ഹാരയുടെ ഭാര്യ ജോവന്‍ ടര്‍ണര്‍ ശവശരീരം തിരിച്ചറിയുകയും മറവുചെയ്തശേഷം ചിലിയില്‍ നിന്ന് ഒളിച്ചു കടന്നു. വെടിവെച്ചത് ജോസ് അഡോള്‍ഫോ പരേദസ് മാര്‍ക്യുസ് എന്ന പട്ടാളക്കാരനാണ്.ഹാരയുടെ കൊലപാതക കേസ് 2008 ല്‍ വീണ്ടും വിചാരണക്കുവന്നു.പരേദസ് മാര്‍ക്യൂസില്‍ നിന്ന് കോടതി വിശദീകരണം തേടി.2009 ഡിസംബര്‍ 3ന് വിക്ടര്‍ ഹാരയുടെ ശേഷിപ്പുകള്‍ ഔദ്യോഗിക ബഹുമതികളോടെ മറവുചെയ്യാന്‍ കോടതി ഉത്തരവിട്ടു. 

വായ്പ്പാട്ടിലും സ്പാനിഷ് ഗിറ്റാറിലുമാണ് വിക്ടര്‍ ഹാരക്ക് പ്രാവീണ്യം.മരിക്കുന്നതിന് തൊട്ടുമുമ്പ് സ്റ്റേഡിയത്തിലെ തടവുകാരുടെ അവസ്ഥയെകുറിച്ച് ഒരു പാട്ട് എഴുതിയിരുന്നു.ഷൂവിന്റെ അകത്ത് സൂക്ഷിച്ചിരുന്ന ആ പാട്ടെഴുതിയ കടലാസ് കൂട്ടുകാരന്‍ കണ്ടെടുക്കുകയായിരുന്നു.പേര് ഇട്ടിരുന്നില്ലെങ്കിലും 'എസ്റ്റാഡിയോ ചിലി' എന്ന് ആ പാട്ട് അറിയപ്പെടുന്നു.ജോവന്‍ ടര്‍ണര്‍ ചിലിയില്‍ നിന്ന് ഒളിച്ചു കടക്കുമ്പോള്‍ ഹാരയുടെ പാട്ടുകളുടെ ഓഡിയോ ക്യാസറ്റുകളും കൂടെ കരുതിയിരുന്നു. നാടന്‍ പാട്ടുപരിപാടിയെ ചെറുത്തുനില്പിനുള്ള ആയുധമായി പരിവര്‍ത്തിച്ച ആ വലിയ പടത്തലവനെക്കുറിച്ച് ചാരുനിവേദിത എഴുതിയിരുന്നു. 


2012, ജൂലൈ 29, ഞായറാഴ്‌ച

എംസി.രാജ്:ഒരു വ്യക്തിപ്രതിഭാസത്തിന്റെ അകവും പുറവും - പോള്‍ ചിറക്കരോട്.


അന്തര്‍ ദേശീയ പ്രസിദ്ധി നേടിയ ദളിത് ഒരു നേതാവാണ് എം.സി.രാജ്. സാമൂഹ്യ പ്രവര്‍ത്തനം അദ്ദേഹത്തിന് തീവ്രമായ ഒരഭിനിവേശമാണ്, അലംഭാവപൂര്‍ണ്ണമായ അലസതയല്ല. കേരളത്തില്‍ ഒട്ടുമിക്കവര്‍ക്കും ദളിത് പ്രവര്‍ത്തനം വെറും നേരംപോക്കാണല്ലോ. തീവ്രമായ ഒരു ഉപാസനയായി സാമൂഹ്യപ്രവര്‍ത്തനത്തെ ഇന്നോളം പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നമുക്ക് എം.സി രാജിന്‍ന്റെ ബഹുമുഖ വ്യക്തിത്വം അത്ഭുതാദരങ്ങളോടെ മാത്രമേ മനസ്സിലാക്കാനാവൂ. 

ബാംഗ്ലൂരില്‍ നിന്ന് സുമാര്‍ 70 കി.മി.അകലെ തുംകൂര്‍ എന്ന പ്രദേശത്ത് ചെന്നാല്‍ 'റെഡ്‌സ്'എന്ന സംഘടന നിങ്ങളെ സ്വാഗതം ചെയ്യുന്നു. തുംകൂര്‍ റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്ത്, റെയില്‍പ്പാലം മുറിച്ചു കടക്കുന്ന ഒരു റോഡുണ്ട്. റോഡരികില്‍ ഒരു കൈചൂണ്ടിയുണ്ട്- 'റെഡ്‌സ് റോഡ്'.റെയില്‍വേ ലൈന്‍ മുറിച്ചു കടന്നാല്‍ 50 വാര അകലെ വലിയ അക്ഷരങ്ങളില്‍ REDS എന്നെഴുതിയ പരസ്യം നെറ്റിയില്‍ പേറുന്ന ഒരു വലിയ കെട്ടിടം ദൃഷ്ടിയില്‍ പെടുന്നു. അതാണ് പ്രസിദ്ധ ദളിത് സംഘടനയായ റെഡ്‌സിന്റെ ആസ്ഥാനം. കവാടത്തില്‍ ദളിത് പ്രവര്‍ത്തകര്‍ നിങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കുന്നു. .നിങ്ങള്‍ റെഡ്‌സിന്റെ മുഖ്യ സാരഥിയായ എം.സി.രാജിന്റെ മുമ്പില്‍ ആനയിക്കപ്പെടുന്നു. നീണ്ട താടിയും മുടിയും; മധുരമന്ദഹാസം; കവിതാമയമായ വാക്കുകള്‍. അദ്ദേഹം ഒരു ഋഷി വര്യനാണോ എന്ന് ഒരു നിമിഷം നിങ്ങള്‍ സംശയിച്ചുപോകും. വേഷവിധാനത്തിലുമുണ്ട് പ്രത്യേകത. കറുത്ത കുപ്പായം നീല പൈജാമ- ഇതാണ് വേഷം. ദളിതന്റെ കറുപ്പിന്റേയും ഉര്‍ച്ചയുടേയും പ്രതീകങ്ങളാണ് ഈ വേഷത്തെ രൂപപ്പെടുത്തിയത്. നരയുടെ ആക്രമണമുള്ള നീണ്ട താടിയും മുടിയും. ആകെ കൂടി രാജില്‍ ഒരസാധാരണത്വം ആരും ശ്രദ്ധിച്ചുപോകും. കൂടുതല്‍ പരിചയിച്ചു കഴിയുമ്പോള്‍ ആ അസാധാരണ ത്വത്തിന്റെ ഓരോ അംശവും നമ്മില്‍ ആദരവുണ്ടാക്കും. 

1952 മാര്‍ച്ച് 4 ന് രാജ് തമിഴ് നാട്ടിലെ തൂത്തുക്കുടിയില്‍ ജനിച്ചു. അദ്ദേഹം തന്നെപോലെ പ്രശസ്തി പിടിച്ചു പറ്റിയ ജ്യോതിയെ വിവാഹം ചെയ്തു. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമുണ്ട് സന്താനങ്ങളായി. എം.സി.രാജിന്റെ മേല്‍വിലാസം ഇതാണ്. റെഡ്‌സ്, (റൂറല്‍ എജ്യൂക്കേഷന്‍ ഫോര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി) റെഡ്‌സ് റോഡ്, എസ്.എസ്.പുരം പോസ്റ്റ്, തുംകൂര്‍ 572102, കര്‍ണാടക.തത്വശ്‌സ്തരത്തില്‍ ബി.പി.എച്ച്, വേദശാസ്ത്രത്തില്‍ ബി.ഡി, സാമൂഹ്യശാസ്ത്രത്തില്‍ എം.എ തുടങ്ങിയ വയാണ് രാജിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍. പരന്ന വായന നിരന്തര വിശാലമായ ലോകപര്യടനം, തെളിഞ്ഞ ചിന്ത, ഉയര്‍ന്ന ഉള്‍ക്കാഴ്ച, സര്‍ഗ്ഗാത്മകമായ സൃഷ്ടികളിലുള്ള താല്‍പ്പര്യം, ബൃഹദാഖ്യാനങ്ങള്‍ സംഭാവന ചെയ്യാനുള്ള കരുത്ത്, സുതാര്യമായ ജലാശയം പോലുള്ള ചിന്താധാര പെയ്തിറങ്ങുന്ന ഇമ്പമുള്ള പ്രഭാഷണങ്ങള്‍, ജാത്യുല്‍ക്കര്‍ഷത്തില്‍ അഭിമാനിക്കുന്ന സംസ്‌കാരമന്യന്മാരെ നിലം പരിശാക്കുന്ന യുക്തിഭദ്രമായ വാദമുഖങ്ങള്‍, അനന്യമായ താര്‍ക്കികത എന്നിങ്ങനെ ബഹുമുഖ ത്വമാര്‍ന്ന അദ്ദേഹത്തിന്റെ അതുല്യ വ്യക്തിത്വം ആരിലും അത്ഭുത മുളവാക്കുവാന്‍ പോരുന്നതാണ്. ബൃഹത്തായ ക്യാന്‍വാസില്‍ സാഹിത്യരചന നടത്താന്‍ രാജിനുള്ള കഴിവിന് മികച്ച തെളിവാണ് ദളിതോളജി എന്ന ഗ്രന്ഥം. അംബേദ്കര്‍ക്ക് ശേഷം ദളിത് പ്രത്യശാസ്ത്രത്തിന് അന്തര്‍ദേശീയമായി കിട്ടിയ അംഗീകാരമാണ് ദളിതോളജിയെ മഹത്തരമാക്കുന്നത്. പ്രധാനപ്പെട്ട മറ്റു രചനകള്‍ പാട്രിസിപ്പേറ്ററി ട്രെയിനിംങ്, മെത്തഡോളജി, ഗ്ലോബലൈസേഷന്‍, ബുക്ക് ഓണ്‍ അംബേദ്കര്‍ യുഗ, കാസ്റ്റിസം ആന്റ് ദളിതിസം, തുടങ്ങിയ വയാണ്. 

1999 ല്‍ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ 'ദളിത് സ്വത്വം' എന്ന വിഷയത്തെ അധികരിച്ച് രാജ് പ്രബന്ധം അവതരിപ്പിച്ചു. 1996ല്‍ നേപ്പാളില്‍ നടന്ന സെമിനാറില്‍ 'ഇന്ത്യന്‍ സിറ്റുവേഷന്‍ ഇന്‍ സൗത്ത് ഏഷ്യ കണസള്‍ട്ടേഷന്‍ ഓഫ് ഗ്ലോബലൈസേഷന്‍' എന്ന പ്രബന്ധം അവതരിപ്പിച്ചു. 2000ല്‍ ലണ്ടനില്‍വെച്ച് വോഡി ചാരിറ്റി സംഘടിപ്പിച്ച ഇന്റെര്‍ നാഷനല്‍ കോണ്‍ഫറന്‍സില്‍ 'ദളിതരുടെ അവകാശങ്ങള്‍' എന്ന പ്രബന്ധം അവതരിപ്പിച്ചു. 2001ല്‍ ബ്രസീലിലെ പോര്‍ട്ടോ അലേഗ്രയില്‍ വെച്ചു നടന്ന വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ സമ്മേളനത്തിലും രാജ് പ്രബന്ധം അവതരിപ്പി ക്കുകയുണ്ടായി. 2001 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വെച്ചുനടന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ സാംസ്‌കാരികവും മതപരവുമായ അവകാശങ്ങ ളെക്കുറിച്ച് രാജ് സംസാരിച്ചു. അതേവര്‍ഷം നെതര്‍ലന്റിലെ മുണ്ടിയായില്‍ വെച്ചു നടന്നതും 11000 ആളുകള്‍ സംബന്ധിച്ചതു മായ മഹാ സമ്മേളനത്തില്‍ ഇന്ത്യയിലെ ദളിതവസ്ഥ യെക്കുറിച്ച് രണ്ടു പ്രസംഗങ്ങള്‍ രാജ് ചെയ്തു. ഇത്, പ്രസിദ്ധമായ ആംനസ്റ്റി ഇന്റര്‍ നാഷനലിന്റെ ആഭിമുഖ്യത്തില്‍ നടന്ന മഹാ സമ്മേളനമായിരുന്നു. 2002ല്‍ ചില അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യയിലെ ദളിതവസ്ഥ യെക്കുറിച്ച് പ്രഭാഷണ പരമ്പരകള്‍ നടത്തി. 

ഇപ്പോള്‍ രാജ് ദളിതര്‍ക്കുവേണ്ടി ഒരു ആവാസകേന്ദ്രം ഉണ്ടാക്കാനുള്ള തിരക്കിലാണ്. 'ഭൂശക്തികേന്ദ്ര' എന്നാണതിന് പേരിട്ടിരിക്കുന്നത്. ദളിതര്‍ക്കു വേണ്ടത് സ്വാഭിമാനമാണ്. ഭൂശക്തികേന്ദ്രത്തിനു നാട്ടുകാരില്‍ നിന്നല്ലാതെ, വിദേശത്തുനിന്ന് ഒരു സംഭാവനയും സ്വീകരിക്കുന്നില്ലെന്ന് എം.സി.രാജ് പറയുന്നു.

(കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ പ്രസിദ്ധീകരണമായ 'പടവുകള്‍' എന്ന മാസികയുടെ 2003 ഏപ്രില്‍ ലക്കത്തിലാണ് പോള്‍ ചിറക്കരോട് ഈ ലേഖനം എഴുതിയിട്ടുള്ളത്.ഈ പോസ്റ്റില്‍ കൊടുത്തിട്ടുള്ള ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ നിന്നും എടുത്തിട്ടുള്ളതാണ്)2012, ജൂലൈ 28, ശനിയാഴ്‌ച

ഷുഷു;സമരസഹനങ്ങളുടെ പെണ്‍മാതൃക.


സിനിമ.
കണ്ണന്‍ മേലോത്ത്. 

സഹനസമരങ്ങളുടെ ലോകമാതൃകയായി നീറിയൊടുങ്ങിയ ഒരു പെണ്‍ജീവിതം ചൈനയിലുണ്ടായിരുന്നു.'ഷുഷു' എന്ന് പേരായ ഈ വനിത 1990 ല്‍ മരിക്കുന്നതുവരെ തിന്നുതീര്‍ത്ത വേദനകളുടെ അളവ് എത്രമാത്രം വലുതും ഭീകരവുമായിരുന്നുവെന്ന നേരറിവുകളെ പകര്‍ന്നുതന്ന സിനിമയാണ് 1995 ല്‍ ഇറങ്ങിയ 'റെഡ് ചെറി'.യെ യിംങ് സംവിധാനം ചെയ്ത ഈ സിനിമയിലൂടെയാണ് സഹനത്തിന്റെ ആള്‍രൂപമായ ഷുഷുവിനെക്കുറിച്ച് പുറംലോകം അറിയുന്നത്.പടം ചൈനയിലെ എക്കാലത്തേയും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായി. 
1940 കളെ മുന്‍നിര്‍ത്തിയാണ് സിനിമ തുടങ്ങുന്നത്.മോസ്‌കോയിലെ ഇന്റര്‍ നാഷനല്‍ സ്‌കൂളില്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും വന്നെത്തിയ കുട്ടികളോടൊപ്പം ഷുഷു പഠിക്കുകയാണ്.നാട്ടില്‍വെച്ച് അച്ഛനെ ഷിയാങ് കൈഷെക് ന്റെ നേതൃത്വത്തിലുള്ള കുമിന്‍താങ് കക്ഷിക്കാര്‍ വെടിവെച്ച് കൊന്നതിനുശേഷം അനാഥയാക്കപ്പെട്ടാണ് ഷുഷു മോസ്‌കോയിലേക്ക് പറഞ്ഞക്കപ്പെട്ടത്.13 വയസ്സായിരുന്നു അപ്പോള്‍.മിസ്സ് വേറ ക്ലാസ് ടീച്ചറും അയിരുന്നു.ആയിടക്ക് സ്‌കൂളില്‍ നിന്നും ബൈലോറഷ്യയിലേക്ക് പഠനയാത്ര പുറപ്പെട്ടു.അവിടെവെച്ച് ഇവരുടെ താമസസ്ഥലം ജര്‍മ്മന്‍ നാസി ഭീകരര്‍ ആക്രമിച്ചു.അധ്യാപികയെ കുട്ടികളുടെ മുന്നില്‍ വെച്ചുതന്നെ നാസിഭീകരര്‍ വെടിവെച്ചുകൊന്നു.ഷുഷുവിനേയും മറ്റുകുട്ടികളേയും അവര്‍ താവളമാക്കിയിരുന്ന നാസി ജനറല്‍ വോണ്‍ ഡൈട്രിഷിന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.അപ്പോള്‍ ജര്‍മ്മന്‍ സൈന്യം കോസ്‌കോ പിടിച്ചടക്കിയിരുന്നില്ല. 
കെ യുഗുവോ
ക്രൂരനായ ജനറല്‍ വോണ്‍ ഡൈട്രിഷ് താനൊരു വെറുപട്ടാളക്കാരനല്ല ഡോക്ടറും കലാകാരനുമാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ട് നടക്കുമായിരുന്നു.പെണ്‍കുട്ടികളുടെ ശരീരത്തില്‍ ടട്ടു വരച്ചശേഷം അവരെക്കൊണ്ട് നഗ്നനൃത്തം ചെയ്യിക്കുന്നതാണ് ആ ക്രൂരന്റെ കലാപരിപാടി.എന്നാള്‍ ആള്‍ക്കാണെങ്കിലോ ഒരു കാലുമില്ല!ഷുഷുവിനേയും ആ ക്രൂരവിനോദി വെറുതേവിട്ടില്ല.ഷുഷുവിന്റെ പുറം നിറയെ നാസി ചിഹ്നം വരച്ചിട്ടു.ചിറകുവിരിച്ച കഴുകനും വിഷപ്പാമ്പുകളും സ്വസ്തിക ചിഹ്നവും ഉള്‍പ്പെട്ടതായിരുന്നു ബഹുവര്‍ണത്തിലുള്ള ആ ടട്ടു. 

ആഹാരം വിലക്കി പട്ടിണി കിടന്ന് ചാകാന്‍ ശ്രമിച്ചിട്ടും ഷുഷുവിനെ ആ ദുഷ്ടന്‍ അനുവദിച്ചില്ല.ലോകോത്തരവും ജൈവരൂപിയുമായ കലയാണ് ഇപ്പോള്‍ ഷുഷുവെന്നും അത് തീര്‍ത്ത കലാകാരന്‍ മരിച്ചാലും അനശ്വരമായ കലാരൂപത്തിലൂടെ അയാള്‍ എക്കാലവും ജീവിക്കും എന്നും മറ്റും ഉള്ള തത്വജ്ഞാനം ഷുഷുവിനുമുന്നില്‍ അയാള്‍ വിളമ്പി.അപ്പോഴേക്കും റഷ്യന്‍ സൈന്യം ബൈലോറഷ്യയില്‍ കടന്നിരുന്നു.അവര്‍ വോണ്‍ ഡൈട്രിഷിന്റെ താവളം വളഞ്ഞു.ഒടുവില്‍ ക്രൂരന്മാരായ എല്ലാ സ്വേഛാധിപതികള്‍ക്കും കാലം നീക്കിവെച്ചിട്ടുള്ള വിധിക്ക് വോണ്‍ ഡൈട്രിഷും കീഴടങ്ങി.അയാള്‍ സ്വയം വെടിയേറ്റ് മരിച്ചു.

ജനറല്‍ വോണ്‍ ഡൈട്രിഷ്
യുദ്ധാനന്തരം ഭരണകൂടവും ജനങ്ങളും നാടിന്റെ പൂര്‍വ്വസ്ഥിതി വീണ്ടെടുക്കാന്‍ പ്രയത്‌നിച്ചു.കഠിനാധ്വാനത്തിന്റേയും സന്തോഷത്തിന്റേതുമായ ആ നാളുകളില്‍ ജനങ്ങളോടൊപ്പം പങ്കുചേരാന്‍ ഷുഷുവിന് ആയില്ല.തന്റെ കുറ്റമല്ലെങ്കിലും നാണക്കേടിന്റെ നാസിചിഹ്നവും പേറി ജീവിതം തുടരാന്‍ അവള്‍ ആഗ്രഹിച്ചില്ല.കത്തുന്ന വിറകുകൊള്ളി കൊണ്ട് സ്വയം ആ പാടുകള്‍ കരിച്ചുകളയാന്‍ ഒരു ശ്രമം നടത്തി.എന്നാല്‍ ഷുഷുവിനെ ആരും വെറുത്തില്ല.ഭരണകൂടം സഹായത്തിനെത്തി.തൊലി മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയക്കായി എല്ലാ ഏര്‍പ്പാടുകളും ചെയ്യാമെന്ന് റഷ്യന്‍ ഭരണകൂടം ഉറപ്പുകൊടുത്തു.പക്ഷെ അവര്‍ക്ക് അത് പാലിക്കാന്‍ ആയില്ല.ഷുഷുവിന്റെ പുറത്തെ തൊലി മാറ്റിവെക്കല്‍ ശസ്ത്രക്രിയ പരാജയമായിരുന്നു.ആ ദുഷ്ടന്‍ ജനറല്‍ വോണ്‍ ഡൈട്രിഷ് എന്ത് രാസപദാര്‍ത്ഥമാണ് ഷുഷുവിന്റെ തൊലിയില്‍ പ്രയോഗിച്ചതെന്ന് സോവിയറ്റ് ശാസ്ത്രജ്ഞന്മാര്‍ക്ക് കണ്ടെത്താനായില്ല.രാജ്യത്തിനു നല്‍കാവുന്ന എല്ലാ ബഹുമതികളും റഷ്യന്‍ ഭരണകൂടം ഷുഷുവിന് നല്‍കി.കുറച്ചുകാലം കൂടി മോസ്‌കോയിലെ പള്ളിക്കൂടത്തില്‍ ജോലി നോക്കിയശേഷം ഷുഷു ചൈനയിലേക്ക് തിരിച്ചുപോന്നു.അധികമൊന്നും പുറത്തിറങ്ങാതെ ഒതുങ്ങിക്കൂടി ജീവിച്ചു.1990 ല്‍ അന്തരിച്ചു.ഷുഷു വിവാഹം കഴിച്ചിരുന്നില്ല. 
യെ യിംങ്

കെ യുഗുവോ യാണ് സിനിമയില്‍ ഷുഷുവിനെ അവതരിപ്പിച്ചത്.സംവിധായകന്‍ യെ യിംങ് ചെനയിലെ അഞ്ചാം തലമുറയില്‍ പെട്ടയാളാണ്.സാസ്‌കാരിക പിപ്ലവത്തിനുശേഷം ബോയ്ജിംങ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നുപുറത്തിറങ്ങിയ ബാച്ചില്‍ പെട്ടവരാണ് അഞ്ചാം തലമുറക്കാര്‍ എന്ന് അറിയപ്പെടുന്നത്.അതുവരെയുള്ള ബാച്ചുകളില്‍ അവര്‍ അഞ്ചാമത്തേതാണ്.ചെന്‍ കൈഗേ,ഷാങ് യി മൂ,ടിയാന്‍ ഷുവാങ്ഷുവാങ്,ആങ് ലി തുടങ്ങിയരൊക്കെ അഞ്ചാം തലമുറയില്‍ പെട്ടവരാണ്.പാശ്ചാത്യ പാരമ്പര്യത്തില്‍ പെട്ട് മുരടിച്ച ചൈനീസ് സിനിമയെ അപനിര്‍മ്മിച്ചത് അഞ്ചാം തലമുറയില്‍ പെട്ടവരാണ്. 


2012, ജൂലൈ 27, വെള്ളിയാഴ്‌ച

ഹെ സിയാങ്‌നിങ്‌ :ജീവിതം വിപ്ലവത്തിന് സമര്‍പ്പിതം.


ആളറിവ്.
കണ്ണന്‍ മേലോത്ത്. 

ആധുനിക ചൈനയെ വാര്‍ത്തെടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച വിപ്ലവകാരി വനിതയാണ് 'ഹെ സിയാങ്‌നിങ്‌'.ചൈനയിലെ ദേശികജനതയുടെ ഇടയില്‍ നിന്ന് ഉയര്‍ന്നുവന്ന സിയാങ്‌നിങ്‌ 1879 ലാണ് ജനിച്ചത്.വിപ്ലവ പ്രവര്‍ത്തനങ്ങളിലും ഔദ്യോഗിക സ്ഥാനങ്ങളിലും സജീവമായിരുന്ന് 93 വയസ്സെത്തിയ 1973 ലാണ് അന്തരിച്ചത്.ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നടുക്കമായ ജപ്പാന്‍ അധിനിവേശത്തെ ചെറുക്കുന്നതിലും സിയാങ്‌നിങ്‌ ന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ കനപ്പെട്ടതായിരുന്നു. 
ചെയര്‍മാന്‍ മാവോയോടൊത്ത്‌
1897 ല്‍ 'ലിയാവോ ഷോങ് കായ്'യെ വിവാഹം ചെയ്തു.ഭര്‍ത്താവിനോടൊപ്പം ജപ്പാനില്‍ എത്തി,ടോക്യോ മുബായ് യൂണിവേഴ്‌സിറ്റിയിലും വുമണ്‍ ടീച്ചേഴ്‌സ് സ്‌കൂളിലും വുമണ്‍ ആര്‍ട്ട്‌സ് സ്‌കൂളിലും പഠിച്ചു.തിരിച്ചുവന്ന് സണ്‍ യാത്‌ -സെന്‍ നെകുറിച്ച് കേട്ടറിഞ്ഞ് അവരോടൊപ്പം വിപ്ലവ പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.ചൈനീസ് റെവല്യൂഷനറി ലീഗ് രൂപീകരിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു.ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട ചുമതല ഹെ സിയാങ്‌നിങ്‌ നായിരുന്നു.1911 ലെ വിപ്ലവത്തിനുശേഷം ഭര്‍ത്താവിനൊപ്പം ഗ്വാങ്ഷുവിലേക്ക് പോയി.'യുവാന്‍' കക്ഷിക്കാരുമായുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലില്‍ പരാജയപ്പെട്ടപ്പോള്‍ ജപ്പാനിലേക്ക് രക്ഷപെട്ടു.അവിടെ ചൈന റവല്യൂഷനറി പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 

പിന്നീട് ഭര്‍ത്താവ് ലിയാവോ ഷോങ് കായ് യും സണ്‍ യാത്-സെനും ചേര്‍ന്ന് കുമിന്‍താങ് കക്ഷിയെ പുനസംഘടിപ്പിച്ചു.സിയാങ്‌നിങ്‌ കുമിന്‍താങ് സെന്‍ട്രല്‍ കമ്മറ്റി മെമ്പറും വനിതാ മന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടു.ഏല്ലാ തുറകളിലുമുള്ള സ്ത്രീകളെ വിളിച്ചുചേര്‍ത്ത് വിപ്ലവപ്രസ്ഥാനത്തിന് ശക്തിപകരുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.അതിനിടെ ഭര്‍ത്താവ് കൊല്ലപ്പെട്ടു.'ജിയാങ് ജിയേഷി'യുടെ നേതൃത്വത്തിലുള്ള കുമിന്‍താങിന്റെ വലതു കക്ഷികള്‍ക്കെതിരെ സമരം നയിച്ചുകൊണ്ട് സിയാങ്‌നിങ്‌ പ്രസ്ഥാനത്തില്‍ തുടര്‍ന്നു.പിന്നീടു വന്ന ജപ്പാന്‍ അധിനിവേശത്തെ ചെറുക്കുന്നതിന് കക്ഷിഭേദം വിട്ട് രാജ്യത്തെ രക്ഷിക്കുന്നതിനായി എല്ലാവരും ഒന്നുചേര്‍ന്ന് പൊരുതണമെന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തി സമരരംഗത്തിറങ്ങി. 

1948 ല്‍ സിയാങ്‌നിങ്‌ ചൈന കുമിന്‍താങ് റെവല്യൂഷനറി കമ്മറ്റി വിളിച്ചു ചേര്‍ത്തു.വിപ്ലവാനന്തരം വൈസ് ചെയര്‍പേഴസന്‍ സ്ഥാനം ഉള്‍പ്പെടെ പ്രസ്ഥാനത്തിലും വിദേശകര്യം ഉള്‍പ്പെടെ മന്ത്രാലയത്തിലും നിരവധി ഉന്നത സ്ഥാനങ്ങളുടെ ചുമതല വഹിച്ചു.പരമ്പരാഗത ചൈനീസ് ചിത്രകലയിലും ഔപചാരിക നാമമാണ് ഹെ സിയാങ്‌നിങ്‌ എന്നത്. 2012, ജൂലൈ 26, വ്യാഴാഴ്‌ച

പ്ലാസിഡോ റിസോട്ടോ:മറവിയില്‍ ഒരു പോരാളി.


സിനിമ.
കണ്ണന്‍ മേലോത്ത്. 

ഇറ്റാലിയന്‍ സംവിധായകനായ പാസ്‌ക്വാലേ സിമെക്ക 2000 ല്‍ എടുത്ത സിനിമയാണ് പ്ലാസിഡോ റിസോട്ടോ.മാഫിയ അതിദാരുണമായി കൊലചെയ്ത പ്ലാസിഡോ റിസോട്ടോ എന്ന ട്രേഡ് ണിയന്‍ നേതാവിന്റെ ജീവചരിത്രമാണ് സിനിമക്ക് ആധാരം.പാസ്‌ക്വാലേ സിമെക്ക തന്നെ തയ്യാറാക്കിയ തിരക്കഥയുടെ ചുവട് പിടിച്ചാണ് പടം കാഴ്ചയൊരുക്കിയത്.പ്ലാസിഡോ റിസോട്ടോയുടെ ജീവചരിത്രം ആരും എഴുതിവെച്ചില്ല.പാവപ്പെട്ട തൊഴിലാളികളുടെ അവകാശപ്പോരാട്ടത്തിനിടെ ജീവന്‍ വെടിയേണ്ടിവന്ന ആ മനുഷ്യസ്‌നേഹിക്ക് ഇറ്റലിയില്‍ ഇന്നുവരെ ഒരു സ്മാരകം പോലുമില്ല എന്ന് പാസ്‌ക്വാലേ സിമെക്ക സിനിമയിലൂടെ പറയുന്നു. 

പ്ലാസിഡോ റിസോട്ടോ
കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ പെട്ട സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു പ്ലാസിഡോ റിസോട്ടോ.1914 ജനുവരി 2 ന് സിസിലി ദ്വീപിലെ കൊര്‍ലിയോണില്‍ ജനിച്ച പ്ലാസിഡോ റിസോട്ടോ അവിടെത്തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നതും.ഭൂമിയില്ലാത്ത കര്‍ഷക തൊഴിലാളികള്‍ക്കുവേണ്ടി തരിശാക്കി ഇട്ടിരുന്ന ഭൂമിയില്‍ കൃഷിയിറക്കുന്നതിനുള്ള സമരപരിപാടികള്‍ക്കായി പ്ലാസിഡോ റിസോട്ടോ നാട്ടുകാരെ സംഘടിപ്പിച്ചു.ഇതില്‍ അമര്‍ഷം പൂണ്ടാണ് ഭൂമാഫിയ പ്ലാസിഡോ റിസോട്ടോ യെ കൊന്നത്.1948 മാര്‍ച്ച് 10 നാണ് ആ ക്രൂരകൃത്യം നടന്നത്.അന്ന് വൈകുന്നേരം തന്റെ ഒഫീസില്‍ നിന്നും പുറത്തുവന്ന പ്ലാസിഡോ റിസോട്ടോ ഒരു ബാറിന് മുന്നില്‍ വെച്ച് ചിലരോട് സംസാരിക്കുന്നത് കണ്ടവരുണ്ട്.അതിനുശേഷം ഇരുട്ടിലേക്ക് നടന്നുനീങ്ങിയ പ്ലാസിഡോ റിസോട്ടോയെ പിന്നീടാരും കണ്ടിട്ടില്ല.എന്തു സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.മാഫിയ തലവനായ ലുഷിയാനോ ലെഗ്ഗിയോ ആണ് ആ അരുംകൊലക്ക് നേതൃത്വം നല്‍കിയത്. 

ലുഷിയാനോ ലെഗ്ഗിയോ
രണ്ടുവര്‍ഷം കഴിഞ്ഞ് പ്ലാസിഡോ റിസോട്ടോയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടുകിട്ടി.രണ്ടുകയ്യിലും വിലങ്ങിട്ട നിലയിലും തലയില്‍ ബുള്ളറ്റ് തറച്ച നിലയിലും ആയിരുന്നു അത്.നാട്ടുകാരുടെ സുഖജീവിതത്തിനുവേണ്ടി മാഫിയയോട് എതിരിട്ട് മരണം വരിച്ച പ്ലാസിഡോ റിസോട്ടോയെ ഇറ്റാലിയന്‍ ഗവണ്‍മെന്റ് പക്ഷെ,ആദരിക്കുന്നത് കൊല്ലപ്പെട്ടുകഴിഞ്ഞ് 64 വര്‍ഷം തികയുന്ന 2012 ലാണ്.മെയ് 24 ന് പ്ലാസിഡോ റിസോട്ടോയുടെ ശേഷിപ്പുകള്‍ ഔദ്യോഗിക ബഹുമതികളോടെ സിസിലിയില്‍ തന്നെ സംസ്‌കരിച്ചു.അതുവരെ ശേഷിപ്പുകള്‍ പരീക്ഷണശാലയില്‍ തന്നെയായിരുന്നു.ഡി എന്‍ എ ടെസ്റ്റിന് ഒടുവിലാണ് ശേഷിപ്പുകള്‍ പ്ലാസിഡോ റിസോട്ടോയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. 

മിഷേല്‍ നവേറ
ക്രൂരന്മാരുടെ കുലപതിയായ ലുഷിയാനോ ലെഗ്ഗിയോയും കൊര്‍ലിയോണിലാണ് ജനിച്ചത്.1925 ജനുവരി 6ന്.കുഞ്ഞുംനാള്‍ തൊട്ടേ ക്രിമിനല്‍ വാസന പ്രകടിപ്പിച്ചിരുന്നു.18-ാം വയസ്സില്‍ ചോളം മോഷ്ടിച്ച കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.അല്‍പ്പകാലം അകത്തുകിടന്നു.ജയിലില്‍നിന്ന് പുറത്തിങ്ങിയ ഉടനെ തന്നെ പോലീസിന് തന്നെ ചൂണ്ടിക്കാണിച്ചു കൊടുത്തയാളെ വെടിവെച്ചുകൊന്നു.1945 ല്‍ മിഷേല്‍ നവേറ എന്ന മാഫിയ തലവന്‍ ലൂഷിയാനോവിനെ സംഘത്തില്‍ ചേര്‍ത്തു.ഒടുവില്‍ മിഷേല്‍ നവേറയെയും വെടിവെച്ചുകൊന്ന് ലൂഷിയാനോ നേതാവാകാന്‍ നോക്കി.ഈ കുറ്റത്തിന് 1974ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു.ജയിലിലായി.1993 ല്‍ 68 വയസ്സായപ്പോള്‍ മരിച്ചു. 

പാസ്‌ക്വാലേ സിമെക്ക
ഗ്യാങ്‌സ്റ്റര്‍ സിനിമയുടെ ക്ലാസ്സിക് അയി വിശേഷിക്കപ്പെടുന്ന 'ദി ഗോഡ്ഫാദര്‍' എന്ന സിനിമയുടെ പശ്ചാത്തലം മാഫിയാ വിളയാട്ടകേന്ദ്രമായിരുന്ന കൊര്‍ലിയോണ്‍ തന്നെയായത് യാദൃശ്ചികമായിട്ടായിരിക്കാം.പ്ലാസിഡോ റിസോട്ടോയുടെ കഥ രൂപപ്പെടുത്തുന്നതിന് പാസ്‌ക്വാലേ സിമെക്ക കേട്ടുകേള്‍വികളെ ആശ്രയിച്ചിട്ടുണ്ടാകാം.മിത്തിക വല്‍ക്കരണത്തിന് വിധേയമായ കഥാഘടനക്ക് വികാസം കൊടുത്തിട്ടില്ലെന്നു തീര്‍ച്ചയാണ്.മാഴ്‌സെലോ മസ്സറെല്ലോ ആണ് പ്ലാസ്സിഡോ റിസ്സോട്ടോയെ അവതരിപ്പിക്കുന്നത്. 2012, ജൂലൈ 24, ചൊവ്വാഴ്ച

ടെഡ്ഡി ആഫ്രോ:അടിയാളരുടെ പാട്ടുകാരന്‍.

ആളറിവ്.

കണ്ണന്‍ മേലോത്ത്.

എത്യോപ്യയിലെ ജനകീയ ഗായകനും സ്വേഛാധിപതികളുടെ ഉറക്കം കെടുത്തുന്ന വിമര്‍ശകനുമാണ് ടെഡ്ഡി ആഫ്രോ. വിമോചക പ്പോരാളികളിലെ ലോകോത്തര ഗായകനായ ജമൈക്കയിലെ ബോബ് മാര്‍ലിയുടെ ആരാധകനും പിന്‍തുടര്‍ച്ചക്കാരനുമായ ടെഡ്ഡി ആഫ്രോ സ്വയം വിശേഷിപ്പിക്കുന്നത് 'സ്വാതന്ത്ര്യത്തിന്റെ ആണാള്‍' എന്നാണ്.അമാറിക് ഭാഷയിലെ മുഴുവന്‍ പേര് ടെവോദ്രോസ് കസ്സാഹുന്‍ എന്നാണ്.2012 ജൂലൈ 14 ന് 36 വയസ്സ് തികയുന്നു.അതിനിടെ ജയില്‍ വാസവും കഴിഞ്ഞു. 

2001 മുതല്‍ ഇതുവരെ 6 ആല്‍ബങ്ങള്‍ പുറത്തിക്കി.(അനൗദ്യോഗികമായ ആല്‍ബങ്ങള്‍ വേറേയുമുണ്ട്).എല്ലാം റെക്കോര്‍ഡ് വിജയങ്ങളായിരുന്നു.2012ല്‍ ഇറക്കിയ 'കറുത്ത വര്‍ഗ്ഗക്കാരന്‍' എന്ന ആല്‍ബം വില്‍പ്പനയില്‍ സര്‍വ്വകാല റിക്കോര്‍ഡ് ഇട്ടു.മൂന്നാമത്തെ ആല്‍ബം 2005ല്‍ പുറത്തിറക്കി.വരുമാനത്തില്‍ റിക്കോര്‍ഡ് വില്‍പ്പന ഈ ആല്‍ബത്തിനും ഉണ്ടായി.അപ്പോള്‍ എത്യോപ്യയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന കാലമായിരുന്നു.അധികാരത്തില്‍ വന്ന 'എത്യോപ്യന്‍ പീപ്പിള്‍സ് റെവല്യൂഷനറി ഫ്രണ്ട്' ന് ഇതിലെ പാട്ടുകള്‍ അത്രക്ക് സുഖിച്ചില്ല.അവര്‍ ടെഡ്ഡി ആഫ്രോയെ കടുക്കാന്‍ തക്കം പാര്‍ത്തിരുന്നു.അതിനിടെ നിര്‍ഭാഗ്യകരമായതൊന്ന് സംഭവിച്ചു.ടെഡ്ഡി ആഫ്രോ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് വീടില്ലാത്ത ഒരു 40 കാരന്‍ കൊല്ലപ്പെടുകയുണ്ടായി.'മദ്യലഹരിയില്‍-അലസമായി' കാര്‍ ഓടിച്ച കുറ്റം ചുമത്തി ടെഡ്ഡിയെ അറസ്റ്റ് ചെയ്തു.2006 ഡിസംബര്‍ 5 നാണ് ഈ സംഭവം ഉണ്ടായത്.കോടതി 6 വര്‍ഷത്തെ തടവും 18000 ബിര്‍(1755 ഡോളര്‍)ഉം ശിക്ഷ വിധിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ആഭ്യന്തര സമ്മര്‍ദ്ദം മൂലം ശിക്ഷ ഇളവു ചെയ്തു.നല്ല നടപ്പിന്,2009 ആഗസ്റ്റില്‍ ജയില്‍ വിമോചിതനായി.

ടെഡ്ഡിയുടെ അച്ഛന്‍ കസ്സാഹുന്‍ ജെര്‍മാമോ എത്യോപ്യയില്‍ അറിയപ്പെടുന്ന ഒരു ഗാന രചയിതാവായിരുന്നു.അമ്മ ടിലായേ അറാഗേ ആകട്ടെ നര്‍ത്തകിയും ആയിരുന്നു.ഇവര്‍ക്ക് ആഡിസ് അബ്ബാബയില്‍ വെച്ച് 1976 ജൂലൈ 14 ന് ജനിച്ച മകനാണ് ടെഡ്ഡി.പ്രകടനകലയിലെ കുടംബപാരമ്പര്യമാണ് ടെഡ്ഡി ആഫ്രോ എന്ന ജനകീയ ഗായകനെ ലോകത്തിന് നല്‍കിയത്.

ടെഡ്ഡിയുടെ ഗാനങ്ങളില്‍ എത്യോപ്യന്‍ ദേശിക ചരിത്രത്തിലെ ആളടയാളങ്ങളോടുള്ള ആദരവ് വളരെ പ്രകടമാണ്.ചക്രവര്‍ത്തിയായിരുന്ന 'ഹൈലി സലാസ്സി'യേയും ഒളിമ്പിക്‌സില്‍ മാരത്തോണ്‍ ജോതാവായ 'ഹയ്‌ലി ഗൊബ്രസെലാസ്സി'യേയും വാഴ്ത്തുന്ന ഗാനങ്ങള്‍ അക്കൂട്ടത്തില്‍ ഉണ്ട്.നീതിക്കും സമത്വത്തിനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഈണത്തില്‍ ആഹ്വാനം നല്‍കുന്ന ടെഡ്ഡി അതിവേഗം എത്യോപ്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ ഇടം പിടിച്ചു.പാടുമ്പോഴും അല്ലാത്തപ്പോഴും ചിരിച്ചുകൊണ്ടല്ലാതെയുള്ള ടെഡ്ഡിയുടെ മുഖം ആരും കണ്ടിട്ടില്ല.ബോബ് മാര്‍ലിയുമായി തട്ടിച്ചു നോക്കുമ്പോള്‍ റെഗ്ഗി സംഗീതം താളാത്മകമാണ് എങ്കില്‍ ടെഡ്ഡി ആഫ്രോയില്‍ ഈണത്തിനാണ് മുന്‍തൂക്കം.2009 ല്‍ ബോബ് മാര്‍ലിയുടെ മക്കള്‍ ചേര്‍ന്ന് ഏത്യോപ്യയില്‍ നടത്തിയ അനുസ്മരണ സംഗീത പരിപാടിയിലും ടെഡ്ഡി പാടിയിരുന്നു.

ആംലെസെ മൂഷി
2012 ഏപ്രിലില്‍ ടെഡ്ഡി ആഫ്രോയുടെ വിവാഹം നിശ്ചയിച്ചു.സൗന്ദര്യ മത്സരത്തില്‍ ഏത്യോപ്യയില്‍ നിന്ന് പങ്കെടുത്തിട്ടുള്ള 25 കാരിയായ ആംലെസെ മൂഷിയാണ് വധു.ടിവി/സിനിമയില്‍ വളര്‍ന്നു വരുന്ന നടിയായ ആംലെസെയുമായുള്ള വിവാഹം ആഗസ്റ്റിലോ സെപ്തംബറിലോ നടക്കുമ്പോള്‍ ദീര്‍ഘ നാളായുള്ള പ്രണയത്തിനും വിരാമമാകുകയാണ്.വിവാഹാഘോഷത്തിന് ലഭിക്കന്‍ ഇടയുള്ള വിഭവസമൃദ്ധമായ സംഗീത വിരുന്നിനായി കാതോര്‍ത്തിരിക്കുയാണ് ലോകെമ്പാടുമുള്ള ആരാധകര്‍ ഇപ്പോള്‍. 
2012, ജൂലൈ 23, തിങ്കളാഴ്‌ച

ആടിത്തിമിര്‍ക്കുന്ന കാഴ്ചകളില്‍ എരിഞ്ഞടങ്ങിയ ജീവിതം.

സിനിമ.

കണ്ണന്‍ മേലോത്ത്.

ആസ്‌ത്രേലിയയിലെ അറിയപ്പെടുന്ന പടം പിടുത്തക്കാരനായ പോള്‍ കോക്‌സ് ഇത്തവണ പറഞ്ഞുതരുന്നത് റഷ്യന്‍ ബാലേ മാറാട്ടക്കാരനായിരുന്ന വാസ്ലാവ് നിജിന്‍സ്‌കിയെ കുറിച്ചാണ്.'ദി ഡയറീസ് ഓഫ് വാസ്ലാവ് നിജിന്‍സ്‌കി' എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ 1919-ല്‍ നിജിന്‍സ്‌കി എഴുതിയ 'കഹിയേഴ്‌സ്'എന്ന ദിവസക്കുറിപ്പുകളുടെ ചുവട് പിടിച്ചാണ് തീര്‍ത്തിട്ടുള്ളത്. 

ബാലേ മാറാട്ടം തൊഴിലാക്കിയിരുന്ന പോളണ്ടുകാരായ അച്ഛനമ്മമാര്‍ക്ക് 1890 മാര്‍ച്ച് മാസം പന്ത്രണ്ടാം തിയതി ഉക്രെയിനിലെ കീവ്‌സില്‍വെച്ച് പിറന്ന മകനാണ് വാസ്ലാവ് ഫോമിച്ച് നിജിന്‍സ്‌കി.റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സ് ബെര്‍ഗ്ഗിലുള്ള ഇംപീരിയല്‍ ഡാന്‍സ് അക്കാദമിയില്‍ നിന്നാണ് നിജിന്‍സ്‌കി ബാലേ മാറാട്ടത്തില്‍ അറിവ് നേടിയത്.പാരീസ് മുന്‍നിര്‍ത്തി യൂറോപ്പില്‍ ആകമാനം റഷ്യന്‍ കലകളെ കൊണ്ടു നടത്തുന്നതിന് ചുമതലപ്പെട്ടിരുന്ന സെര്‍ജി ദിയാഖിലേവുമായി കണ്ടുമുട്ടാന്‍ ഇടയായത് നിജിന്‍സ്‌കിയുടെ ജീവിതത്തിലെ വഴിത്തിരിവായി.പിന്നീട് അവര്‍ ഉറ്റ ചങ്ങാതിമാര്‍ ആയിത്തീര്‍ന്നു.ദിയാഖിലേവിന്റെ മുന്നിട്ടിറക്കത്തില്‍ 'റെസ് ബാലേ റഷ്യസ്' എന്ന കളിക്കൂട്ടുകെട്ട് ഉണ്ടാവുകയും,അതില്‍ നിജിന്‍സ്‌കിയോളം പേരെടുത്ത അന്നാ പാവ്‌ലോവ ഉയര്‍ന്നു വരികയും ചെയ്തു. 

നിജിന്‍സ്‌കി
ലെസ് ബാലേ റഷ്യസില്‍ നിജിന്‍സ്‌കിയുടെ ചുമതലയില്‍ മൂന്നോളം കേള്‍വികേട്ട ബാലേകള്‍ക്ക് കളിയൊരുങ്ങി.1913-ല്‍ ബാലേ റഷ്യസിലെ ആളുകള്‍ ചേര്‍ന്ന കളിയൊരുക്കങ്ങളെ മറുനാടുകളില്‍ എത്തിക്കുന്നതിനായി തെക്കേ അമേരിക്കയിലേക്ക് തിരിച്ചു.കടല്‍ ചൊരുക്കം അലട്ടും എന്നതിനാല്‍ ദിയാഖിലേവ് അവരോടൊപ്പം ചേര്‍ന്നില്ല.അതിനിടെ ഹംഗേറിയന്‍ മാറാട്ടക്കാരിയായ റൊമോള ഡി പള്‍സ്‌കിയുമായി നിജിന്‍സ്‌കി അടുക്കുകയും ബ്യൂണസ് അയേഴ്‌സില്‍വെച്ച് അവരെ വേള്‍ക്കുകയും ചെയ്തു.ഇതൊന്നും നാട്ടിലുള്ള ദിയാഖിലേവിന് തീരെ പിടിച്ചിരുന്നില്ല. ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ഹംഗറിയിലായിരുന്നു നിജിന്‍സ്‌കി കഴിഞ്ഞു കൂടിയിരുന്നത്.അവിടെ നിന്നും 1916 ല്‍ സ്വന്തം മേല്‍നോട്ടത്തില്‍ വടക്കേ അമേരിക്കയില്‍ ഒരുങ്ങിയിരുന്ന കളിയരങ്ങുകളിലേക്ക് പരിപാടി നടത്തുവാന്‍ പോയി.1919ല്‍ ചിത്തരോഗം ബാധിച്ച നിജിന്‍സ്‌കി എന്നെന്നേക്കുമായി അരങ്ങൊഴിഞ്ഞു.ഭാര്യ റൊമോള സ്വിറ്റ്‌സര്‍ലണ്ടില്‍ കൊണ്ടുപോയി മരുന്നു കൊടുത്തുവെങ്കിലും നില മെച്ചപ്പെടുകയുണ്ടായില്ല.1950 ല്‍ ലണ്ടനില്‍ വെച്ച് മരിക്കുന്നതുവരെ,അരങ്ങുവിട്ട ബാലേ മാറാട്ടത്തിന്റെ എക്കാലത്തേയും വലിയ ആണാളായ നിജിന്‍സ്‌കി കഴിഞ്ഞുകൂടിയിരുന്നത് ചിത്തരോഗാശുപത്രികളിലും ഇരുട്ടു മുറികളിലും ഒക്കെ ആയിരുന്നു. 
പത്താണ്ടുകള്‍ മാത്രം അരങ്ങത്ത് തിളങ്ങി നിന്നിരുന്ന ഒരു മാറാട്ടക്കാരന്റെ കഴിവുകള്‍ പോള്‍ കോക്‌സിന്റെ സിനിമയിലതുപോലെ ഓര്‍മ്മിക്കപ്പെടണമെങ്കില്‍ അത് കനപ്പെട്ടതു തന്നെ എന്നു കരുതാം.ബാലേയില്‍ കുടിയേറി ഉറച്ച മുഷിപ്പന്‍ പതിവുകളെ മാറ്റിയതിലൂടെയാണ് വാസ്ലാവ് നിജിന്‍സ്‌കി എന്ന ആണടയാളം ഏടുകളില്‍ കയറിപ്പറ്റുന്നത്.കളിത്തറയിലേക്കുള്ള കടന്നുവരവും പൊങ്ങിച്ചാട്ടവും ബാലേയില്‍ നിജിന്‍സ്‌കി കൊണ്ടുവന്ന മാറ്റങ്ങളില്‍ മികവുറ്റതാണെന്ന് കണ്ടറിഞ്ഞവര്‍ ഏറ്റു പറയുന്നു.മെയ് വഴക്കം ഒന്നാകെ നിജിന്‍സ്‌കിയെ ആട്ടത്തിന്റെ ആണ്‍മട്ടാക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

പോള്‍ കോക്‌സ്
ബാലെയുടെ പതിവുകള്‍ തെറ്റിച്ച് അത് പുതുക്കി തീര്‍ത്ത നിജിന്‍സ്‌കിയെ പോലെ തന്നെ പോള്‍ കോക്‌സും ഡോക്യുമെന്ററി സിനിമ പിടിക്കുന്നതില്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ ഉടമസ്ഥത തന്റെ പേരിലുള്ളതാക്കി.1940 ല്‍ ഹോളണ്ടിലെ വെന്‍ലോയില്‍ പിറന്ന പോള്‍കോക്‌സ് ഫോട്ടോഗ്രാഫി പഠിക്കുന്നതിനു വേണ്ടിയാണ് ആസ്‌ത്രേലിയയില്‍                     എത്തുന്നത്.
ഹോളണ്ടിലേക്ക് മടങ്ങിയെങ്കിലും തിരിച്ച് ആസ്‌ത്രേലിയയിലേക്ക് തന്നെ കുടിയേറി.1960 ല്‍ ബ്രിട്ടീഷ് നടനായ പോള്‍ ഷോഫീല്‍ജ് നിജിന്‍സ്‌കിയുടെ ദിവസക്കുറിപ്പുകളെ കുറിച്ച് നടത്തിയ ഒരു റേഡിയോ അറിയിപ്പില്‍ നിന്നാണ് പോള്‍ കോക്‌സ് വാസ്ലാവ് നിജിന്‍സ്‌കിയെ കുറിച്ച് കേള്‍ക്കുന്നത്.1995 ആയപ്പോള്‍ നിജിന്‍സ്‌കിയുടെ മകള്‍ കൈരയെ കണ്ട് നിജിന്‍സ്‌കിയുടെ ജീവിതം സിനിമയാക്കണമെന്ന തന്റെ ഉള്ളിലിരിപ്പ് തുറന്നു പറഞ്ഞു.അങ്ങിനെയാണ് ദി ഡയറി ഓഫ് വാസ്ലാവ് നിജിന്‍സ്‌കി പിറക്കുന്നത്.പോള്‍ കോക്‌സ് തന്റെ മകള്‍ക്കും കൈര എന്നാണ് പേരിട്ടത്.മറ്റൊരു ഡോക്യുമെന്റെറി താന്‍ പിറന്ന നാട്ടിലെ അറിയപ്പെടുന്ന പടംവരപ്പുകാരനായ വിന്‍സെന്റ് വാന്‍ ഗോഘിനെ കുറിച്ച് എടുത്ത 'ലൈഫ് ആന്റ് ഡെത്ത് ഓഫ് വിന്‍സെന്റ് വാന്‍ ഗൊഘ്' ആണ്. 

2012, ജൂലൈ 22, ഞായറാഴ്‌ച

ജാതി

കവിത

വാമന്‍ ലിംബാല്‍കര്‍
വിവര്‍ത്തനം:പോള്‍ ചിറക്കരോട്.

  ഒന്നുമറിയാതിരുന്നകാലത്ത്,
ഞാനറിഞ്ഞേ,നെന്‍ ജാതി
നിന്ദ്യമാണെന്നു;വെറുക്കപ്പെടേണ്ടതെന്നും.
പട്ടീല്‍ എന്‍പിതാവിനെ മര്‍ദ്ദിച്ചു;
എന്‍ തായിയെ ശപിച്ചു.
അവരാരും ശിരസ്സുകള്‍ ഉയര്‍ത്തിയില്ലെ-
ല്ലെന്നാലും,ഞാനറിഞ്ഞേന്‍
എന്‍ ജാതിയെ എന്റെ ഹൃദയം അറിഞ്ഞു.
പള്ളിക്കൂടത്തിലേക്കുള്ള
പടികള്‍ ചവിട്ടിക്കയറിയപ്പോള്‍,
അപ്പോഴും ഞാനറിഞ്ഞേന്‍
എന്‍ജാതിഹീനമെന്ന്.
വാമന്‍ ലിംബാല്‍കര്‍

ഞാന്‍ മുറ്റത്താണിരുന്നത്.
മറ്റുള്ളവര്‍ അകത്തും.

ചെറുമുള്ളുകളേറ്റ്
എന്റെ തൊലി
ഉടനേ വിറപൂണ്ടു.
എന്റെ മിഴികള്‍
ബാഷ്പാവലിയായി.
അവര്‍ശപിക്കുമ്പോള്‍
ഞങ്ങല്‍ പുഞ്ചിരിച്ചു.
ഒന്നുമേ മനസ്സിലായില്ലെനിക്ക്
ഞാനിത് കേട്ടു;
ഞാന്‍ ചിലത് പഠിച്ചു.
ഞാന്‍ മറ്റുള്ളവരെപ്പോലെ
ഒരാളായി.
ഇപ്പോഴും അറിഞ്ഞുകൂടാ എനിക്ക്
എന്താണു ജാതി?
എവിടെയാണത്?
ഗോചരമല്ലാത്തതിനാല്‍
അത് ഉടലിനുള്ളിലാണോ?
ചോദ്യങ്ങളാകെ
പുകപടലത്തില്‍ ഒഴുകുന്നു.
ആലോചനയുടെ തിരി
പിറുപിറുക്കുന്നതേയുള്ളൂ.
ഒന്നുമറിയാത്ത ഞാനറിഞ്ഞു.
എന്റെ ജാതി
ഹീനമാണെന്ന്.


പോള്‍ ചിറക്കരോട്


(കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പ് പുറത്തിറക്കിയിരുന്ന പടവുകള്‍ എന്ന മാസികയുടെ 2004-ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നതാണ് ഈ കവിത)

2012, ജൂലൈ 21, ശനിയാഴ്‌ച

രാമന്‍ എന്തിന് ശംബൂകനെ വധിച്ചു?
ശംബൂകന്‍ ശൂദ്രന്‍ ആയിരുന്നു. നാലാം വര്‍ണക്കാന്‍. ശൂദ്രര്‍ക്ക് വിദ്യാഭ്യാസം ചെയ്യുവാന്‍ അവകാശമില്ല. അതാണ് വേദവിധി. അതിന് വിരുദ്ധമായി ശംബൂകന്‍ വിദ്യാഭ്യാസം ചെയ്യാന്‍ ആരംഭിച്ചു. അതാണ് തപസ്. 'തപസാ ചീയതേ ബ്രഹ്മാ' എന്ന് 'മുണ്ഡകോപനിഷത്ത്' (തപസുകൊണ്ട് അറിവ് വര്‍ദ്ധിക്കുന്നു). മനനം ചെയ്യുന്നതാണ് തപസ്. തപസുചെയ്യുന്നവന്‍ മൗനിയായി രിക്കും. ആരാണോ മൗനിയായി രിക്കുന്നത് അവനാണ് മുനി. വിദ്യാധികാരമില്ലാത്ത ശൂദ്രന്‍ മുനിയായാല്‍ മേല്‍ വര്‍ണികര്‍ക്ക് അനര്‍ത്ഥവും ആള്‍നാശവും ഉണ്ടാകും. അങ്ങനെ ശംബൂകന്‍ തപസ് ചെയത്‌പ്പോള്‍ ഒരു ബ്രാഹ്മണന്റെ കുട്ടി മരിച്ചുപോകാന്‍ ഇടയായി. വര്‍ണ വ്യവസ്ഥയനു സരിച്ചുള്ള വേദവിധി ശംബൂകന്‍ തെറ്റിച്ചതുകൊണ്ടാണ് രണ്ടാം വര്‍ണത്തില്‍ പെട്ട ക്ഷത്രിയനും യുദ്ധം ചെയ്യുക എന്ന കര്‍മ്മക്കാര നുമായ രാമന്‍ ശംബൂകനെ വധിച്ചത്. അങ്ങനെ രാമന്‍ കര്‍മ്മം പാലിക്കുകയും വര്‍ണാശ്രമ ധര്‍മ്മങ്ങളെ രക്ഷിക്കുകയും ചെയ്തു.

'തപസ്യന്തം തതശ്ശൂദ്രം
ശംബൂകാഖ്യം
രഘൂത്തമഃ
ഹത്വാ വിപ്രസ്യ കസ്യാപി
മൃതം പുത്രമജീവയല്‍ '

'തപസ് ചെയ്തുകൊണ്ടിരുന്ന ശംബൂകന്‍ എന്ന ശൂദ്രനെ രഘൂത്തമന്‍ വധിച്ചതോടെ മരിച്ചുപോയ വി പ്രപുത്രന്‍ ജീവിച്ചു'.എന്നാണ് 'ശ്രീരാമോദന്ത' ത്തില്‍. ശ്രീരാമഃ ഉദന്തം അതാണ് ശ്രീരാമോദന്തം. ഉദന്തം എന്നാല്‍ കഥ, ചരിതം എന്നൊക്കെ അര്‍ത്ഥം. ശ്രീരാമോദന്തം എന്നാല്‍ ശ്രീരാമ കഥ എന്നാണ് അര്‍ത്ഥം. വാല്‍മീകി മാത്രമല്ല രാമചരിതം എഴുതിയിട്ടുള്ളത്. ശ്രീരാമോദന്തം ആര് എന്ന് എഴുതി എന്നൊന്നും കണ്ടെത്താനായിട്ടില്ല .'അജ്ഞാതകര്‍തൃക' മായി തുടരുന്നു. 1892-ല്‍ പോത്തേരി കുഞ്ഞമ്പു എന്ന തീയ്യന്‍ എഴുതിയ 'സരസ്വതീവിജയം' എന്ന നോവലില്‍ ഈ ശ്ലോകം ഉദ്ധരിക്കുന്നുണ്ട്.

എല്ലാവരും ശൂദ്രരായാണ് ജനിക്കുന്നതെന്നും കര്‍മ്മമാണ് അവരുടെ വര്‍ണത്തെ നിര്‍ണയിക്കുന്നതെന്നും ചില വ്യാഖ്യാനങ്ങള്‍ ഇതുസംബന്ധിച്ച് വന്നിട്ടുണ്ട്. ശുദ്ധ അസംബന്ധമാണ് ആ പറയുന്നതെന്നതിന് ഈ ശ്ലോകം തന്നെ തളിവ്. കര്‍മ്മം മാറ്റുവാന്‍ വര്‍ണവ്യവസ്ഥയില്‍ നിയമങ്ങളില്ല. ബ്രാഹ്മണന് പൗരോഹിത്യവും ക്ഷത്രിയന് യുദ്ധവും വൈശ്യന് കച്ചവടവും ശൂദ്രന് ഈ മൂന്നു വര്‍ണക്കാരേയും സേവിക്കുക എന്നതൊക്കെ യാണല്ലോ കര്‍മ്മങ്ങള്‍ .കര്‍മ്മം മാറ്റാന്‍ പറ്റുമായിരുന്നുവെങ്കില്‍ അതിനുശ്രമിച്ച ശംബൂകനെ രാമന്‍ കൊല്ലുമായിരുന്നില്ല. അതോടെ രാമനും കര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കാ തിരുന്നു. ചാതുര്‍വര്‍ണ്യത്തില്‍ പെട്ടവരെല്ലാം ജനിക്കുന്നത് അവരുടെ കര്‍മ്മത്തോടെ തന്നെയാണെന്നതിനും ഈ ശ്ലോകം തന്നെ തെളിവ്. പിപ്രന്റെ പുത്രന്‍ വിപ്രനായി ജനിച്ചതുകൊണ്ടാണ് ശൂദ്രന്‍ തപസു ചെയ്തപ്പോള്‍ മരിച്ചുപോയത്. ചിലര്‍ പറയുന്നതു പോലെ ജനിക്കുമ്പോള്‍ ആ കുട്ടി ശൂദ്രനായിരുന്നെങ്കിലോ? അങ്ങനെ സംഭവിക്കാന്‍ ഇടവരില്ലായിരുന്നു. അപ്പോള്‍ ജനനം തന്നെ ജാതിയെ, വര്‍ണത്തെ നിര്‍ണയിക്കുന്നു .കര്‍മ്മമല്ല, അത് മാറ്റാന്‍ വ്യവസ്ഥയുമില്ല.

'ജാതി' എന്നാല്‍ 'ജന്മം' എന്ന് അര്‍ത്ഥം. 'ജാതം വംശം' ജനിച്ച വംശം. ഏതുവംശത്തിലാണോ ജാതനായത് അതുതന്നെ അയാളുടെ ജാതി. അല്ലാതെ ശൂദ്രനായി പിറക്കുന്നവന്‍ വിവിധ കര്‍മ്മങ്ങള്‍ ചെയ്ത് ജാതികളായി തിരിയുന്നതല്ല.('ഗുണകര്‍മ്മ വിഭാഗശഃ' എന്ന പ്രയോഗത്തിനു പുതിയ വ്യാഖ്യാനം കൊടുത്തു ജന്മത്തിനു ജാതീയമായ പ്രാധാന്യമില്ലെന്നു കാണിപ്പാന്‍ ചില നവീനര്‍ പണിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ശങ്കരഭാഷ്യത്തില്‍ അങ്ങനെ ഒരു സൂചന പോലുമില്ല. -കുറ്റിപ്പുഴ കൃഷ്ണപിള്ള)

2012, ജൂലൈ 20, വെള്ളിയാഴ്‌ച

കവി രാമായണ യുദ്ധം: പുറത്താക്കപ്പെട്ടവരുടെ പോരാട്ടത്തിന്റെ ചരിത്രം.


സാഹിത്യനിപുണന്‍ ടി.എം.ചുമ്മാര്‍ 1980 ല്‍ എഴുതി പ്രസിദ്ധീകരിക്കുകയും നാഷണല്‍ ബുക്ക് സ്റ്റാള്‍ വിതരണം നടത്തുകയും ചെയ്ത പുസ്തകമാണ്. ''കവി രാമായണ യുദ്ധം''. 1887ല്‍ സരസകവി മൂലൂര്‍ എഴുതിയ 'കവി രാമായണം' എന്ന കൃതിയുടെ ചരിത്രവും പഠനവുമാണ് ഈ പുസ്തകത്തിലുള്ളത്. അവതാരിക എഴുതിയിരിക്കുന്നത് പ്രോഫ. മാത്യു ഉലകംതറയാണ്. 


1887-ല്‍ ഭാഷാകവികളെ കഥാ പാത്രങ്ങളാക്കി അവരെ പാണ്ഡവര്‍ എന്നും കൗരവര്‍ എന്നും രണ്ടായി തിരിച്ച് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 'കവിഭാരതം' എന്ന പേരില്‍ ഒരു കാവ്യം പ്രസിദ്ധീകരിച്ചു. തമ്പുരാന് അന്ന് 22 വയസ്സായിരുന്നു പ്രായം. ലോക പരിചയക്കുറവു കൊണ്ടോ എന്തോ, തന്റെ ഈ കൃതിയില്‍ സവര്‍ണ്ണ കവികളെ മാത്രമാണ് തമ്പുരാന്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഭാഷാ സാഹിത്യത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അവര്‍ണ്ണ സമുദായക്കാരായ കവികളില്‍ ഇത് വലുതായ ഖേദത്തിനും പ്രതിഷേധത്തിനും കാരണമായി. ആ ഖേദവും പ്രതിഷേധ വുമാണ് സരസകവി മൂലൂര്‍. എസ്.പത്മനാഭ പണിക്കരെ 'കവിരാമായണ' ത്തിന്റെ രചനക്ക് പ്രേരിപ്പിച്ചത്. സവര്‍ണ കവികളുടെ ഒരു മഹാ വ്യൂഹത്തിന് എതിരായി ഒറ്റക്ക് നിന്ന് അടരാടിയ അജയ്യമായ ആത്മധൈര്യത്തിന്റെ കവി എന്ന് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വിലയിരുത്തിയ കവിയാണ് മൂലൂര്‍ എന്ന് പ്രസാധകര്‍ കുറിക്കുന്നു. 

മുണ്ടശ്ശേരിയെ ടി.എം.ചുമ്മാര്‍ ഉദ്ധരിക്കുന്നത് ഉങ്ങനെ, '....അന്നത്തെ കവികളില്‍ പ്രാമാണികന്മാര്‍ മിക്കവരും സവര്‍ണ്ണരായിരുന്നു. നമ്പൂതിരിമാര്‍ക്കും തമ്പുരാക്ക ന്മാര്‍ക്കും ആയിരുന്നല്ലോ കേരളത്തിലെ സാംസ്‌കാരിക ജീവിതത്തില്‍ മുമ്പും കയ്യും. ഏറിയകൂറും അവരെ ആശ്രയിച്ച് മേലോട്ടു കയറിയ അമ്പലവാസികള്‍ക്കും നായന്മാര്‍ക്കും കാലാന്തരത്തില്‍ സാഹിത്യാദി കലകളില്‍ സ്ഥാനമാനങ്ങള്‍ ഉണ്ടാകാതെ ഇരുന്നില്ല. എന്നാല്‍ ഹൈന്ദവ ധര്‍മ്മാനുസാരികളില്‍ തന്നെ കീഴ്ജാതിക്കാര്‍ എന്ന് അറിയപ്പെട്ടിരുന്നവര്‍, അതിലും വിശേഷിച്ച് ഈഴവര്‍, സാമാന്യേന സാഹിത്യാനുശീലനത്തിലും സാഹിത്യ രചനയിലും നിവിഷ്ട മതികള്‍ ആയിത്തീരുകയും മനോരമയാല്‍ ഉത്ഘാടിതമായ സാഹിത്യ സല്ലാപത്തില്‍ ഭാഗഭാക്കാവുകയും ചെയ്തിരുന്നു വെങ്കിലും അവരുടെ സേവനത്തെ യഥാര്‍ഹം മാനിച്ച് ഉത്തേജിപ്പിക്കുവാന്‍ അഭിജാത പണ്ഡിതന്മാര്‍ തയ്യാറായില്ല. സാഹിത്യാദി കലകളിലും അത്തരക്കാരെ അധഃകൃതരായി എണ്ണാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. കൃസ്ത്യാനികളായ അന്യ ധര്‍മ്മ അവലംബികളോടും ഇതായിരുന്നു അവരുടെ സമീപനം. ജാതിമത സമുദായങ്ങളുടെ പേരില്‍ സാഹിത്യത്തില്‍ പോലും നിലനിന്നിരുന്ന ഈ വേറുകൂറുകള്‍ തേച്ചുമാച്ചു കളയുവാന്‍ വര്‍ഗ്ഗീസു മാപ്പിളയുടെ പരിശ്രമം ഒട്ടുപകരിക്കാതെ ഇരുന്നില്ല. 

എന്നാലും ഇടക്ക് മനോരമ യുടേയും മറ്റും പംക്തികളിലൂടെ തന്നെ ജാതിയെ ചൊല്ലി കൊത്തും കോളും ഉണ്ടാകാതിരുന്നില്ല. ക്രമേണ അമ്മാതിരി കുത്തു വാക്കുകള്‍ അമ്പും വില്ലും എടുത്തുള്ള സമരങ്ങളായി വളരുക തന്നെ ചെയ്തു. ആ ജാതിപ്പോരുകളില്‍ എല്ലാം സവര്‍ണ്ണ കവികളുടെ ഒരു മഹാ വ്യൂഹത്തിന് എതിരായി ഒറ്റക്ക് നിന്ന് അടരാടിയത് മൂലൂരാണ്. പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യരെ പോലെ സജാതീയര്‍ കവികളായി ഉണ്ടായിരുന്നിട്ടും അടിപതറാതെ നിന്ന് ഏത് രംഗത്തും പടവെട്ടാന്‍ മൂലൂര്‍ ഒരാള്‍ക്കേ ആത്മധൈര്യം ഉണ്ടായി രുന്നുള്ളൂ'

കവി രാമായണത്തിലെ ഒട്ടുമിക്ക ശ്ലോകങ്ങളും ടി.എം. ചുമ്മാര്‍ ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍. കുമാരനാശാന്‍(22) ശ്രീനാരായണ (നാണു) ഗുരുക്കള്‍(25)വെളുത്തേരി കേശവന്‍ വൈദ്യര്‍ (35) പരവൂര്‍ കേശവന്‍ ആശാന്‍ (35) പെരുനെല്ലി കൃഷ്ണന്‍ വൈദ്യര്‍ (39) കെ.ഐ.വറുഗീസു മാപ്പിള (44) പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ (45) കരുവാ കൃഷ്ണനാശാന്‍ (47) കെ.പി.കറുപ്പന്‍ (53)കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള (54)പള്ളത്തു രാമന്‍ (58) സി.വി. കുഞ്ഞുരാമന്‍ (62) ഗ്രന്ഥകര്‍ത്താവ് - മൂലൂര്‍ (109 )എന്നിങ്ങനെ അവര്‍ണ്ണ കവികളേയും കൃസ്ത്യാനികളായ കവികളേയും കുറിക്കുന്ന ശ്ലോകങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത് മുലകൃതിയിലെ ക്രമ നമ്പറാണ് .കവിരാമായണത്തിന് മൂന്ന് പതിപ്പ് ഇറങ്ങിയിരുന്നതായി പറയുന്നു. ഒന്നും രണ്ടും പതിപ്പുകളില്‍ ആദ്യത്തെ മംഗളശ്ലോകങ്ങള്‍ നീക്കിയാല്‍ 90 ശ്ലോകങ്ങള്‍ ഉണ്ടായിരുന്നു. 90 ശ്ലോകങ്ങളിലായി 95 കവിക ളെയാണ് അനുസ്മരിച്ചിട്ടുള്ളത്. മൂന്നാം പതിപ്പില്‍ 17 ശ്ലോകങ്ങള്‍ കൂടി ചേര്‍ത്തു. അപ്പോഴായിരിക്കണം കവി തന്നെയും ഉള്‍പ്പെടുത്തിയത്. കവിഭാരതത്തില്‍ അവര്‍ണ്ണ കവികളെ പാടേ അവഗണിച്ചുവെങ്കിലും കവിരാമായണം എഴുതിയ അവര്‍ണ്ണന്‍ സവര്‍ണ്ണരേയും ഉള്‍പ്പെടുത്തി. ആദ്യസ്ഥാനങ്ങളില്‍ തന്നെ വിശേഷിപ്പിക്കുകയും ചെയ്തു. അവരില്‍ ആദ്യസ്ഥാനം കേരള വര്‍മ്മ വലിയ കോയിത്തമ്പുരാനാണ്. കവിഭാരത ത്തിന്റെ കര്‍ത്താവായ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് അഞ്ചാം സ്ഥാനം കൊടുത്തുകൊണ്ട് ആദരിച്ച മൂലൂരിന്റെ നിലപാട് അവര്‍ണ്ണരുടെ വിശാലമായ കാഴ്ചപ്പാടിനുള്ള ഉദാഹരണമായി നിരീക്ഷിക്കപ്പെടുന്നു. അത് വിശദമായി പഠിച്ച് പകര്‍ന്നുതന്ന ടി.എം.ചുമ്മാര്‍ സാഹിത്യ കുതുകികളുടേ തെന്നല്ല സാധാരണക്കാരന്റേയും സവിശേഷമായ ആദരവ് നേടുന്നു.


2012, ജൂലൈ 19, വ്യാഴാഴ്‌ച

ചരിത്ര വായനയുടെ മറ്റിടം.


സിനിമ
കണ്ണന്‍ മേലോത്ത്

കാനഡയില്‍ നിന്നുള്ള സഖറിയാസ് കൂനുക് സംവിധാനം ചെയ്ത 'ദി ഫാസ്റ്റ് റണ്ണര്‍' എന്ന സിനിമക്ക് എസ്‌കിമോകളെ കുറിച്ച് എസ്‌കിമോ എടുത്ത ആദ്യത്തെ പടം എന്ന നിലയിലാണ് ഖ്യാതി.ആര്‍ട്ടിക് പ്രദേശത്തെ വിദൂരങ്ങളിലുള്ള 'ഇനുയ്ട്ടു'കളെ സംബന്ധിച്ച് ഇതിനു മുമ്പ് സിനിമയിലെ ഏക മുതല്‍ക്കൂട്ട് 1922-ല്‍ ഇനുയ്ട്ടല്ലാത്ത റോബര്‍ട്ട് ഫ്‌ളോഹര്‍ട്ടി എടുത്ത 'നാനൂക് ഓഫ് ദി നോര്‍ത്ത്' എന്ന അതിഗംഭീര ഡോക്യുമെന്ററി മാത്രമാണ്. (1977-ല്‍ അലാസ്‌കയിലെ ബാരോ എന്ന സ്ഥലത്ത് വെച്ച് ചേര്‍ന്ന ദേശികരായ ഈ ജനതയുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ വെച്ചാണ് 'എസ്‌കിമോ' എന്നതിനു പകരമായി 'ഇനുയ്ട്ട്' എന്ന പൊതു പേര് ഉപയോഗിക്കാന്‍ തുടങ്ങിയത്)ഇനുയ്ട്ടുകളുടെ സംസാരഭാഷയായ 'ഇനുയ്ടിട്യൂട്ട്' കൈകാര്യം ചെയ്യുന്ന ഫാസ്റ്റ് റണ്ണര്‍ 2001-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ നിന്ന് നവാഗത സംവിധായകര്‍ക്ക് നല്‍കുന്ന 'ക്യാമറ ഡി ഓര്‍' നേടിയിരുന്നു. ഇനുയ്ടിട്യൂട്ട് ഭാഷയില്‍ സിനിമക്കും നായകനും 'അറ്റനാര്‍ജ്വാത്' എന്നാണ് പേര്. 

പതിനൊന്നാം നൂറ്റാണ്ടില്‍ ഇനുയ്ട്ടുകളുടെ ഇടയിലുണ്ടായ ഉള്‍വര്‍ഗ്ഗ സംഘര്‍ഷങ്ങളെ ചുറ്റിപ്പറ്റി രൂപപ്പെട്ട ഒരു വീരേതിഹാസമാണ് സിനിമക്ക് ആധാരമാകുന്നത്.ചെകുത്താന്റെ ഇടപെടല്‍ മൂലം ഒരു സ്ഥലത്ത് ഒന്നായി കഴിഞ്ഞിരുന്ന ഇനുയ്ട്ട് കൂട്ടം തൂലിമാഖിന്റേയും സൗറിയുടേയും നേതൃത്വത്തില്‍ രണ്ടായി പിരിഞ്ഞു.തന്നെ അപമാനിച്ച സൗറിയോട് തൂലിമാഖ് വര്‍ഷങ്ങള്‍ക്കുശേഷം തന്റെ മക്കളിലൂടെ പകരം വീട്ടി.മെയ്ക്കരുത്തില്‍ എതിരാളികളില്ലാത്ത അമാക്ജ്വാഖും ഓട്ടവേഗത്തില്‍ മറ്റുള്ളവരെ അതിശയിപ്പിക്കുന്ന അറ്റനാര്‍ജ്വാത്തും ആണ് തൂലിമാഖിന്റെ മക്കള്‍.

സൗറിയുടെ മകനായ ഓകിയും അറ്റനാര്‍ജ്വാതും ഒരേസമയം അടുവട് എന്ന പെണ്ണിനെ പ്രണയിച്ചിരുന്നു.ഒരു മത്സരപ്പയറ്റില്‍ ഓകിയെ തോല്‍പ്പിച്ച അറ്റനാര്‍ജ്വാത് അടുവട്‌നെ സ്വന്തമാക്കി.ദുര മൂത്ത ഓകി കൂട്ടുകാരുമായി ഒരു രാത്രിയില്‍ അറ്റനാര്‍ജ്വാതും സഹോദരനും ഉറങ്ങിക്കിടന്ന തുകല്‍ കൂര ആക്രമിച്ചു.കുത്തേറ്റ അമാക്ജ്വാഖ് അവിടെവെച്ച് തന്നെ മരിച്ചുവെങ്കിലും അക്രമണകാരികളില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട അറ്റനാര്‍ജ്വാത് നഗ്ന ശരീരനായി എഴുന്നേറ്റ് ഓടി.ചാവുകടലിനു മീതേ കൂടി കല്ലു കഷണങ്ങളേക്കാള്‍ മൂര്‍ച്ചയുള്ള കൂര്‍ത്ത മഞ്ഞു പാളികളില്‍ തറഞ്ഞു കീറി രക്തം വാര്‍ന്ന കാലുകള്‍ ആഞ്ഞു വീശി അറ്റനാര്‍ ജ്വാത് ദിക്കറിയാത്ത വിദൂരതയിലേക്ക് പാഞ്ഞു.ഓകിയും കൂട്ടരും പുറകേ എത്തിയെങ്കിലും ഓട്ട വേഗത്തിന്റെ പര്യായമായ അറ്റനാര്‍ജ്വാതിനെ പിടിക്കാന്‍ കഴിഞ്ഞില്ല.കാലം കുറച്ചുകൂടി ചെന്നപ്പോള്‍ തിരിച്ചെത്തിയ അറ്റനാര്‍ജ്വാതും ഓകിയോട് പ്രതികാരം ചെയ്തു. 

ഫാസ്റ്റ് റണ്ണര്‍ പ്രതികാരത്തിന്റെ ഇതിഹാസമാണ്,പ്രണയത്തിന്റേതല്ല എന്ന് അതിന്റെ ശില്‍പ്പികള്‍ അവകാശപ്പെടുന്നു.സംവിധായകനും ഫോട്ടോഗ്രാഫറായ നോര്‍മാന്‍ കോണും തിരക്കഥ എഴുതിയ പോള്‍ അപാക് അംഗിലിര്‍ഖും ചേര്‍ന്ന്,ഈ ഇതിഹാസം അറിയാവുന്ന സമുദായ മൂപ്പന്മാരെ നിരന്തരം ചെന്നു കണ്ട് അവരുടെ വിവരണങ്ങളില്‍ നിന്ന് പകര്‍ത്തി സ്വരൂപിച്ചാണ് കഥ പുനര്‍ നിര്‍മ്മിച്ചത്.ആയിരത്തില്‍ അധികം വര്‍ഷം മുമ്പ് നടന്ന ആ സംഭവം ചെവിക്ക് ചെവി കൈമാറി വന്നതാകയാല്‍ പലരുടേയും വിവരണങ്ങള്‍ക്ക് തമ്മില്‍ പൊരുത്തക്കേടുണ്ട്.അവയില്‍ ഏറ്റവും വിചിത്രം നായകനായ അറ്റനാര്‍ജ്വാതിന് രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു എന്നതാണ്.എന്നാല്‍ നായകന്റെ സവിശേഷതയായി എല്ലാവരും ഭേദമന്യേ ഓര്‍മ്മിച്ചു വെച്ചത് കടുത്ത മഞ്ഞിലൂടെ അതിവേഗത്തില്‍ ഓടാനുള്ള അയാളുടെ അസാമാന്യ കഴിവിനെയാണ്. 

നായകനെ അവതരിപ്പിച്ച നടാര്‍ ഉങ്കലാഖ് ഒഴികെ മറ്റുള്ളവര്‍ ആരും മുമ്പ് ക്യാമറക്ക് മുന്നില്‍ നിന്നിട്ടുള്ളവരല്ല.നടാര്‍ ഉങ്കലാഖ് അറിയപ്പെടുന്ന ഒരു ശില്‍പ്പികൂടിയാണ്.സോപ്പുകല്ലില്‍ അയാള്‍ തീര്‍ത്ത രൂപങ്ങള്‍ പല മ്യൂസിയങ്ങളിലും കാഴ്ചക്ക് വെച്ചിട്ടുണ്ട്.ഉങ്കലാഖിനെ പോലെ തന്നെ സംവിധായകനായ സഖറിയാസ് കൂനുകും ശില്‍പ്പിയാണ്.പീഢനങ്ങളുടെ അനുഭവ പീഠികയില്‍ നിന്ന് ഉയിരെടുത്ത സമരോത്സുകന്റെ കര്‍തൃത്വമില്ലെങ്കിലും കൂനുക്, ദേശികന്റെ സ്വത്വ പ്രഖ്യാപനത്തിനുള്ള ഇടം എന്ന നിലക്കാണ് ഈ സിനിമയെ സമീപിച്ചിട്ടുള്ളത്.കൂനുക് ഇംഗീഷ് വിദ്യാഭ്യാസത്തിനായി ഇഗ്ലൂലിക്കിലെ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അമേരിക്കന്‍ പട്ടാളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജോണ്‍ വെയ്ന്‍ ഏതാനും റെഡ് ഇന്ത്യരെ കൊന്നൊടുക്കുകയുണ്ടായി.സംഭവം അറിഞ്ഞ് അവിടെ എത്തിയ കൂനുക്‌നെ ചൂണ്ടി ഒരു അമേരിക്കന്‍ പട്ടാളക്കാരന്‍ 'ഏതുതരം ഇന്ത്യക്കാരനാടാ നീ' എന്ന് അലറി.മനുഷ്യ സമുദായങ്ങളില്‍വെച്ച് ദേശികരായ ഇനുയ്ട്ടുകളുടെ നില എവിടെയാണെന്ന് കൂനുക് അന്ന് തിരിച്ചറിഞ്ഞു. 

കൂനുകും കൂട്ടരും 'ഇഗ്ലൂലിക് ഇസുമ പ്രൊഡക്ക്ഷന്‍സ്' എന്ന കമ്പനി രൂപീകരിച്ച് അതിന്റെ ബാനറിലാണ് ദി ഫാസ്റ്റ് റണ്ണര്‍ തീര്‍ത്തത്.കാനഡ ഗവണ്‍മെന്റും സഹായിച്ചിരുന്നു.കാനഡയുടെ വടക്കന്‍ പ്രദേശമായ നിനാവുട്ടില്‍ നിന്നും 1200 കി.മി.അകലെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ്‌ ഇഗ്ലൂലിക്.അവിടെത്തന്നെയാണ് ഇസുമയുടെ ആസ്ഥാനവും. 


2012, ജൂലൈ 18, ബുധനാഴ്‌ച

രാമനെ കുറിച്ച് അംബേദ്കര്‍.

ഡോ.അംബേദ്കറുടെ 'രാമനും കൃഷ്ണനും പ്രതിക്കൂട്ടില്‍' എന്ന പുസ്തകത്തില്‍ നിന്നും രാമനെ കുറിക്കുന്ന ഭാഗങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.എ.പ്രഭാകരന്റേതാണ് പരിഭാഷ.പ്രസാധകര്‍ സഹോദരന്‍ പ്രസിദ്ധീകരണം,വാകത്താനം.പി.ഒ,കോട്ടയം.