"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2012, ജൂൺ 30, ശനിയാഴ്‌ച

ചാര്‍വാകന്‍.

പഴന്താളുകള്‍

കണ്ണന്‍ മേലോത്ത്.

'ചാര്‍വാകം' എന്നത് ആര്യാധിനിവേശത്തിനു മുമ്പുള്ള സൈന്ധവദേശത്തെ ജീവിതപദ്ധതിയായിരുന്നു.അത് തകര്‍ക്കാന്‍വേണ്ടി ആര്യന്മാര്‍ കൊണ്ടുവന്ന ചിന്താപദ്ധതികളാണ് ആസ്തിക ദര്‍ശനങ്ങളായി അറിയപ്പെട്ടത്.അതിനുശേഷം സൈന്ധവ ജീവിതപദ്ധതിയെ സംബന്ധിച്ച പഠനങ്ങളും നിരീക്ഷണങ്ങളും ചാര്‍വാകദര്‍ശനം എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങി.നാസ്തിക ദര്‍ശനങ്ങളായ ബുദ്ധ-ജൈനങ്ങളോടൊപ്പം ചാര്‍വാകത്തേയും സ്ഥാനപ്പെടുത്തി.അങ്ങനെ തിരിച്ചറിയപ്പെട്ട ചാര്‍വാക ദര്‍ശനത്തിനൊഴിച്ച് മറ്റെല്ലാത്തിനും ഉപജ്ഞാതാക്കളുണ്ട്.ചാര്‍വാക ദര്‍ശനത്തിന് ഉപജ്ഞാതാവ് ഇല്ലാത്തത് അത് ജീവിത പദ്ധതിയായതുകൊണ്ടാണ്.അതുകൊണ്ടാണ് അതിന്റെ പ്രാമാണികഗ്രന്ഥങ്ങളൊന്നും കണ്ടുകിട്ടാതിരിക്കുന്നത്.അതിന്റ ആധാരഗ്രന്ഥങ്ങള്‍ എതിരാളികള്‍ നശിപ്പിച്ചതാണെന്ന് ഒരു അഭിപ്രായമുണ്ട്.നശിപ്പിച്ചതല്ലെങ്കില്‍ പിന്നെ എതിരാളികള്‍ തങ്ങളുടെ ദാര്‍ശനികഗ്രന്ഥങ്ങളില്‍ ചാര്‍വാകദര്‍ശനത്തിന്റെ ഉദ്ധരണികള്‍ ചേര്‍ത്തത് എവിടെനിന്നാണെന്നും അവര്‍ ചോദിക്കുന്നു. 

സാംഖ്യം(കപിലന്‍)മീമാംസ(ജൈമിനി)ന്യായം(ഗൗതമന്‍)വൈശേഷികം(കണാദന്‍)യോഗം(പതഞ്ചലി)വേദാന്തം(ബാദരായണന്‍)എന്നിവയാണ് ആസ്തിക ദര്‍ശനങ്ങള്‍.വിശിഷ്ടാദ്‌വൈത വേദാന്തിയായ മാധവാചാര്യന്റെ 'സര്‍വ്വദര്‍ശനസംഗ്രഹം' എന്ന കൃതിയിലാണ് ചാര്‍വാക ദര്‍ശനത്തിന്റെ ഉദ്ധരണികള്‍ അധികമുള്ളത്.പൂര്‍വ്വ പക്ഷത്തെ തര്‍ക്കിച്ച് തോല്‍പ്പിക്കുന്ന മട്ടിലാണ് ആസ്തിക ദര്‍ശനങ്ങളൊക്കേയും എഴുതപ്പെട്ടിരിക്കുന്നത്.ഖണ്ഡനത്തിനുവേണ്ടി ഉദ്ധരിക്കണമെങ്കില്‍ അത് ഏതെങ്കിലും ആധാരഗ്രന്ഥത്തില്‍നിന്ന് വേണമല്ലോ എന്നാണ് ചാര്‍വാക ദര്‍ശനത്തിന് ആധാരഗ്രന്ഥമുണ്ടായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവര്‍ ചോദിക്കുന്നത്.ചാര്‍വാകം 'ലോകായതം' എന്ന പേരിലും അറിയപ്പെടുന്നു.സാധാരണ ജനങ്ങല്‍ക്കിടയില്‍ (ലോകത്തില്‍)പ്രചരിച്ചിരുന്നത്(ആയതം)ആയതുകൊണ്ടാണ് ലോകായതം എന്ന ചേരുണ്ടായത്.('പ്രാചീന ഭാരതത്തിലെ ഭൗതികവാദം',ദേവീപ്രസാദ് ചതോപോദ്ധ്യായ)രചിക്കപ്പെട്ടില്ലെങ്കിലും ജീവിതപദ്ധതിയായി ദര്‍ശനത്തിന് നിലനില്‍ക്കാനാകുമെന്നാണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്. 

ചാര്‍വാകദര്‍ശനത്തിന് ആധാരഗ്രന്ഥമില്ല എന്നു തീര്‍ച്ച കല്‍പ്പിക്കുന്നതിനല്ല ഇത്രയും എഴുതിയത്.ഉണ്ടായേക്കാം.എതിരാളികള്‍ നശിപ്പിച്ചതുമാകാം.കൂടുതല്‍ പഠനങ്ങള്‍ ഈ ശാഖയില്‍ ഉണ്ടാകട്ടെ.1940-ല്‍ ലോകായതത്തിന്റെ പ്രാമാണിക ഗ്രന്ഥം കണ്ടുകിട്ടി എന്ന് അവകാശപ്പെട്ടുകൊണ്ട് 'ജയരാശിഭട്ടന്‍' രചിച്ച 'തത്വോപപ്ലവസിംഹം' എന്ന ഒരു കൃതി പ്രസിദ്ധീകൃതമായി.പണ്ഡിറ്റ് സുഖ്‌ലാല്‍ജി സ്വാംഘ്വിയായിരുന്നു പ്രസാധകന്‍.ഗ്രന്ഥകാരന്റെ പേരും പ്രസാധകന്റെ ജാതിയും ഒരുപാട് ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കി.രണ്ടുപേരും ബ്രാഹ്മണന്‍.ജയരാശിഭട്ടന്‍ എന്നതിലെ 'ഭട്ട'ശബദം ബ്രാഹ്മണനെ സൂചിപ്പിക്കുന്നതാണ്.ബ്രാഹ്മണിസത്തെ എതിര്‍ക്കുന്ന ഒരു ഗ്രന്ഥം ബ്രാഹ്മണന്‍ എഴുതാനും പ്രസിദ്ധീകരിക്കാനും ഇടയില്ലല്ലോ.അതുകൊണ്ട് തത്വോപപ്ലവസിംഹം ലോകായതത്തിന്റെ ആധാരഗ്രന്ഥമാവില്ല എന്ന ഒരു അഭിപ്രായത്തില്‍ എല്ലാവരും എത്തിച്ചേര്‍ന്നു. 

ചാര്‍വാകദര്‍ശനം'ബാര്‍ഹസ്പത്യം' എന്നും അറിയപ്പെടുന്നു.ഇതും പണ്ഡിതന്മാരുടെ ഇടയില്‍ സ്വീകാര്യത ലഭിക്കാത്ത വിഷയമാണ്.ദേവന്മാരുടെ ആചാര്യനാണല്ലോ ബൃഹസ്പതി.ദൈവങ്ങളെ അവരുടെ ഗുരു ദൈവമല്ലാതാക്കുകയോ?അതിന് പിന്നിലൊരു കഥയുണ്ട്.ദേവന്മാരും അസുരന്മാരും തമ്മില്‍ യുദ്ധത്തിലേര്‍പ്പെട്ടു.അതിബലവാന്മാരായ അസുരന്മാരെ തോല്‍പ്പിക്കാന്‍ ദേവന്മാര്‍ക്ക് കഴിഞ്ഞില്ല.അതിന് ഗുരുവായ ബൃഹസ്പതി ഒരു തന്ത്രം പ്രയോഗിച്ചു.അസുരനായി വേഷം മാറിയ ഗുരു അവരുടെ ഇടയില്‍ചെന്ന് നിരീശ്വരവാദം പ്രചരിപ്പിച്ചു. അസുരന്മാരുടെ ഇടയില്‍ ദൈവം ഇല്ലാതായതോടുകൂടി ദേവന്മാര്‍ക്ക് എളുപ്പം തോല്‍പ്പിക്കാന്‍ സാധിച്ചുവത്രേ.ഈ കഥയില്‍ ഒരു സത്യം ഒളിഞ്ഞുകിടപ്പുണ്ട്.സൈന്ധവദേശികര്‍(അസുരന്മാര്‍)ലോകായതന്മാരായിരുന്നു.അവരെ തുരത്തിയ ദേവന്മാര്‍(ആര്യന്മാര്‍)നടപ്പാക്കിയ ചിന്താപദ്ധതിയാണ് ആസ്തികദര്‍ശനങ്ങള്‍. 

 1953-ല്‍ 'രാഘവേന്ദ്ര ഗോവിന്ദ കുല്‍ക്കര്‍ണി' എന്നൊരാള്‍ 'ചാര്‍വാകന്‍' എന്നൊരു നീണ്ടകഥ എഴുതി.ലോകായത ദര്‍ശനത്തിന്റെ സ്ഥാപകനായി ചാര്‍വാകന്‍ എന്ന ഋഷിശ്രേഷ്ഠനെ ഈ കഥയില്‍ വിഭാവനചെയ്യുന്നു.ബി.സി.ഇ.2441-ല്‍ ശംകോധാര്‍ പട്ടണത്തില്‍ ഇന്ദുകാന്തന്‍ എന്ന ബ്രാഹ്മണന്റെ മകനായാണ് ചാര്‍വാകന്‍ പിറക്കുന്നത്.ഇരുപത് വയസ്സായപ്പോഴേക്കും ചാര്‍വാകന്‍ സര്‍വ്വ വിജ്ഞാനങ്ങളിലും വിചക്ഷണനായിത്തീര്‍ന്നു.വിവാഹപ്രായമായപ്പോള്‍ ചാരിണി എന്ന തരുണിയെ ചാര്‍വാകന്‍ വിവാഹം ചെയ്തു.ശിവപുരം ഗ്രാമത്തിലെ സൂജന്‍ എന്ന ബ്രാഹ്മണന്റെ മകളാണ് ചാരിണി.അച്ഛന്‍ മരിച്ചശേഷം ചാര്‍വാകനും ചാരിണിയും വീടുവിട്ടിറങ്ങി.60 വയസ്സുവരെ അലഞ്ഞുനടന്നു പുരോഹിതന്മാരുടേയും അവരുടെ വേഴ്ചക്കാരുടേയും എതിര്‍പ്പുകള്‍ സഹിക്കവയ്യാതെ തന്റെ ഗ്രന്ഥങ്ങളോടൊപ്പം തീയില്‍ ചാടി മരിച്ചു.

തീരെ വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു കഥ.ഫാന്റസികളെ പോലും നാണിപ്പിക്കും ഇതിലെ പിടിപ്പില്ലായ്മ.ബുദ്ധചരിതം പോലെ എഴുതാന്‍ തുടങ്ങിയതാണ് കുല്‍ക്കര്‍ണി.കഥാനായകനായ ചാര്‍വാകന്‍ വീടുവിട്ടിറങ്ങിയശേഷം ചില കൊള്ളരുതായ്മകള്‍ക്ക് എതിരായ നിര്‍ദ്ദേശങ്ങള്‍ വെക്കുന്നുണ്ടെങ്കിലും അതെല്ലാം ബ്രാഹ്മണിക്കല്‍ യുക്തിയുടേതു തന്നെയാണ്.രാഘവേന്ദ്ര ഗോവിന്ദ കുല്‍ക്കര്‍ണിയും ബ്രാഹ്മണനാണല്ലോ.അദ്ദേഹത്തിന്റെ ചാര്‍വാകന്‍ ബുദ്ധനേപ്പോലെ ജാതിവ്യവസ്ഥയെ ചോദ്യംചെയ്യുന്നില്ല.ചില തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടു.അതിനുശേഷം ഒന്നും സ്ഥാപിച്ചതായി കാണുന്നില്ല.അതിനുള്ള കെല്‍പ്പ് കുല്‍ക്കര്‍ണിയുടെ ചാര്‍വാകന് ഇല്ലായിരുന്നു എന്നുവേണം കരുതാന്‍.ഒരു ഭീരുവിനെപോലെ ചാര്‍വാകന്‍ ആത്മഹത്യചെയ്തു!അതോടൊപ്പം എഴുതിയ ഗ്രന്ഥങ്ങളും അഗ്നിക്കിരയാക്കി?അത്രക്ക് വിലയേയുള്ളോ അതിന്?14 വര്‍ഷമെടുത്തുപോല്‍ ഇങ്ങനെയൊന്ന് എഴുതിയുണ്ടാക്കാന്‍. 

1974-ല്‍ ഇന്ത്യന്‍ എത്തീസ്റ്റ് പബ്ലിഷേഴ്‌സ് ചാര്‍വാകന്റെ മലയാളം പതിപ്പിറക്കി.എം.പ്രഭയുടേതാണ് പരിഭാഷ.ആമുഖം,ദിവാന്‍ വഹാദൂര്‍ രാജരത്‌ന വി.വി.ജോഷി.കവര്‍ചിത്രം വരച്ചത് ലെസിലി പോളാണ്.വില 13 രൂപ.

ഉപനിഷത്തുകളിലും ജാതിവൈകൃതം


കുറ്റിപ്പുഴ കൃഷ്ണപിള്ള. 









































2012, ജൂൺ 29, വെള്ളിയാഴ്‌ച

പുലയരുടെ ഉയര്‍ത്തെഴുനേല്‍പ്പ്



പണ്ഡിറ്റ് കെ.പി.കറുപ്പന്‍.


(ഈ റിപ്പോര്‍ട്ടില്‍,പണ്ഡിറ്റ് കറുപ്പന്‍ കീഴാളജാതികള്‍ക്കുമേലുണ്ടായിരുന്ന അയിത്തം,അടിമത്തം,കരം,ശിക്ഷകള്‍ തുടങ്ങിയവ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്.1981-ല്‍ തിരിവനന്തപുരത്തുനിന്നും വിശ്വകേരളം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'കെ.പി.വള്ളോന്‍ സ്മരണിക' എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ റിപ്പോര്‍ട്ട് പകര്‍ത്തിയിട്ടുള്ളത്.സംശോധകന്‍ വൃന്ദാവനം വേണുഗോപോലന്‍.)