"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2012, മേയ് 31, വ്യാഴാഴ്‌ച

ആ ഫോട്ടോകള്‍ക്ക് മുമ്പില്‍......

കാഴ്ച


ഇടനേരം.ഇടനേരത്ത് മനോജ് ബ്ലിസ് തന്റെ ഒരു വായനാനുഭവം കുറിച്ചിരുന്നു.കാര്‍ട്ടൂണ്‍ വിവാദത്തെ സംബന്ധിച്ച് അനുരാധാ രാമന്‍ 'ഔട്ട്‌ലുക്കി'ല്‍ കൊടുത്ത റിപ്പോര്‍ട്ട് വായിച്ചതാണ് കുറിപ്പിന് പ്രേരണയായത്.അതോടൊപ്പം അനുരാധാ രാമന്റെ ഫോട്ടോ ചേര്‍ക്കുന്നതിന് ഇന്റര്‍നെറ്റില്‍ പരതി.'ഒട്ട്‌ലുക്ക് ഇന്ത്യ.കോമി'ല്‍ നിന്ന് നാല് ഫോട്ടോ കിട്ടി.അതു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി.പിന്നെ ആ മഹതിയോട് ആദരവ് തോന്നി.ആഡംബരജീവിതം നയിക്കുന്ന പേനയുന്തികളായ പത്ര റിപ്പോര്‍ട്ടര്‍മാരുടെ ഇടയില്‍ അനുരാധാ രാമന്‍ എങ്ങനെ വ്യത്യസ്തയാകുന്നുവെന്ന് ഫോട്ടോകള്‍ സംസാരിക്കും.കാണുക. 

ഖാസിയാബാദിലെ ഇന്ദിരാപുരത്തുള്ള ഫ്‌ളാറ്റില്‍നിന്നും ജോലിക്കായി പുറപ്പെടുന്നു.
ഒരു സാധാരണ ബസ്സില്‍ ക്യൂനിന്ന് കയറുന്നു.

15 രൂപ മുടക്കി 30 കി.മീ.ബസ്സില്‍ സഞ്ചരിച്ച് സഫ്ദര്‍ജംഗ് എന്‍ക്ലേവിലുള്ള ഓഫീസിലേക്ക് പോകുന്നു.


15 രൂപ മാത്രം വിലവരുന്ന 2 ചപ്പാത്തിയും കറിയുമാണ് ഭക്ഷണം.

സ്ഥലകാലങ്ങളുടെ തടവറ.

സിനിമ.
ഇടനേരം.


സ്ഥലകാലങ്ങളുടെ പാരസ്പര്യങ്ങളിലേക്ക് വെട്ടം വീശുന്ന സിനിമയാണ്.2002 ല്‍ പുറത്തിറങ്ങിയ 'ഗെരി'.അമേരിക്കക്കാരനായ ഗുസ് വാന്‍ സാന്ത് ആണ് പടത്തിന്റെ സംവിധായകന്‍.2003-ല്‍ കാന്‍ ഫിലിം ഫസ്റ്റവെലില്‍ 'പാം ഡി ഓര്‍' നേടിയത് ഗുസ് വാന്‍ സാന്തിന്റെ 'എലിഫന്റാ'ണ്.ഡെന്‍മാര്‍ക്കില്‍ നിന്നുള്ള ലാര്‍സ് വോണ്‍ ട്രയറുടെ 'ഡോഗ് വില്ല' അന്ന് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.ഗെരി പരീക്ഷണ സിനിമയായാണ് വിലയിരുത്തപ്പെടുന്നത്.ഏതു തരം സിനിമയും തനിക്ക് വഴങ്ങും എന്ന അഹങ്കാരമുള്ളവര്‍ എടുക്കുന്ന പരീക്ഷണ സിനിമകള്‍ മികവുറ്റതാവാറുണ്ട്.അക്കാര്യത്തിലും ഗുസ് വാന്‍ സാന്ത് ഒരു അപവാദമല്ല. 
ഇരുപതുകാരായ രണ്ടു ചെറുപ്പക്കാര്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകുന്നു.ദീര്‍ഘദൂരം കാറില്‍ സഞ്ചരിച്ചാണ് അവര്‍ അവിടെ എത്തിപ്പെടുന്നത്. രണ്ടുപേരുടേയും പേര് 'ഗെരി' എന്നുതന്നെ.ഒരാള്‍ കാലവും ഒരാള്‍ സ്ഥലവുമാണ്. ആരാണ് കാലം ആരാണ് സ്ഥലം എന്ന് നിശ്ചയിക്കാന്‍ തുടങ്ങുമ്പോഴേക്കും അവര്‍ കാഴ്ചക്കാരനെ കബളിപ്പിച്ചിരിക്കും. ഇരുവര്‍ക്കും തമ്മില്‍ രൂപവ്യത്യാസവുമില്ല പ്രായവ്യത്യാസവുമില്ല.രൂപം സ്ഥലവും പ്രായം കാലവുമാണല്ലോ.അപ്പോള്‍ സ്ഥലകാലങ്ങളുടെ തടവുകാരാകുന്നു, ചരാചരങ്ങള്‍! 

ഗുസ് വാന്‍ സാന്ത്‌
 നിശ്ചലാവസ്ഥ എന്നത് സ്ഥകാലങ്ങള്‍ക്കില്ല.മരുഭൂമിയിലെത്തപ്പെട്ട ഗെരിമാര്‍ പുറത്തുകടക്കാനെന്നവണ്ണം നട്ടം തിരിയുന്നതാണ് പടത്തിലുടനീളം കാണുന്നത്.മിക്കവാറും എല്ലാ ഋതുക്കളും കടന്ന് ഒടുക്കമില്ലാതെ അവര്‍ ചലിച്ചുകൊണ്ടേയിരിക്കുന്നു.തത്വശാസ്ത്രത്തിലെ ഈ അടിസ്ഥാനഘടകത്തിന് അനുരൂപമായ ഒരു ദൃശ്യപരിചരണരീതിയെ ഗുസ് വാന്‍ സാന്ത് അങ്ങേയറ്റം ആശ്രയിച്ചിട്ടുണ്ട്. പടത്തില്‍ ടൈറ്റിലുകളും ചേര്‍ത്തിട്ടില്ല ക്രെഡിറ്റും ചേര്‍ത്തിട്ടില്ല.തുടക്കവുമില്ല ഒടുക്കവുമില്ലാതെ നീണ്ടുപോകുന്ന കാഴ്ചകളുടെ ഇടക്കുനിന്ന് അല്‍പം മാത്രം പരിചരണത്തിനെടുത്തതുപോലെ.103 മിനിറ്റാണ് ഈ 'ഇടനേര'ത്തിന്റെ അളവ്. ഗെരിമാരുടെ അലച്ചിലില്‍ കാഴ്ചക്കാരനും പെട്ടുപോകുമ്പോള്‍ കുറഞ്ഞനേരം കൊണ്ട് പടം അവസാനിച്ചതായി(?) അനുഭവപ്പെടുന്നു. കാസേയ് ആഫ്‌ലെക്ക്,മാറ്റ് ഡേമണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗെരിയുടെ തിരക്കഥ തയ്യാറാക്കിയത്.ഗെരിമാരെ അവതരിപ്പിക്കുതും ഇവര്‍ രണ്ടാളും ചേര്‍ന്നാണ്. അര്‍ജന്റീനയില്‍ വെച്ചാണ് പടം പകര്‍ത്തിയത്.

'ഇടനേരം' എന്ന ഈ ബ്ലോഗിന്റെ താത്വിക അടിത്തറയും സ്ഥലകാലത്തെ സംബന്ധിച്ചതാണ്.ഗെരിയില്‍ ചര്‍ച്ചചെയ്യുന്നതുപോലെ ചരാചരങ്ങള്‍ 'ഇടനേര'ത്തെ സന്ദര്‍ശകരാണ്. ഈ 'ഇടം' അന്‍പത് പോസ്റ്റുകള്‍ പിന്നിട്ട ഈ 'നേര'ത്ത് സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായതില്‍ സന്തോഷമുണ്ട്. 


2012, മേയ് 30, ബുധനാഴ്‌ച

ഞങ്ങളെ ആദിവാസികള്‍ എന്നു വിളിക്കുക.

ഗെയ്ല്‍ ഓംവെത്  
ആശയാനുവാദം:രജനി രാജന്‍. 

ഗെയ്ല്‍ ഓംവെത്‌
ആദിവാസികള്‍ അവരുടെ സ്വന്തം 'ഇന്ത്യയെ കണ്ടെത്തല്‍' എഴുതിയിരുന്നെങ്കില്‍ അവര്‍ അതില്‍ തങ്ങളുടെ 5000 വര്‍ഷത്തിനപ്പുറമുള്ള ഇന്ത്യന്‍ സംസ്‌കാരത്തേക്കുറിച്ചും കാലാതീതമായ അതിന്റെ പാരമ്പര്യത്തേക്കുറിച്ചും പറയുമായിരുന്നു. ഇന്ത്യക്ക് കാലാതീതമായ ഒരു പാരമ്പര്യമുണ്ടെങ്കില്‍ അത് ഞങ്ങളുടേതാണ്,ഉപഭൂഖണ്ഡത്തിലെ പതിനായിരത്തിലേറ വര്‍ഷം പഴക്കമുള്ള സംസ്‌കാരം ബഹുഭൂരിപക്ഷം വരുന്ന ആദിവാസികളായ ഞങ്ങളുടേതാണ്. ഞങ്ങള്‍ഭീല്‍കള്‍, ഗോണ്ട്കള്‍, ഒറയോണുകള്‍, മുണ്ടാകള്‍, കോര്‍ക്കുകള്‍, സന്ധാളര്‍, ഇരുളര്‍ എന്നിങ്ങനെ ചെറുതും വലുതുമായ സംഘങ്ങളായി മലമ്പ്രദേശങ്ങളിലും രാജ്യത്തിനു നടുക്കും നെടുകേയും കുറുകേയുമായി ചിതറിത്തെറിച്ചു ജീവിക്കുന്നു. ജന്മിത്വ വ്യവസ്ഥിതിയില്‍ നിന്നും ബ്രാഹ്മണിസത്തിന്റെ അധികാര ശ്രേണിയില്‍ നിന്നും ആയിരം വര്‍ഷങ്ങളായി അകന്നുകഴിയുന്നവരാണ് ഞങ്ങള്‍.അധികാരശ്രേണിയെ ചെറുക്കുമ്പോഴും പഴയ ജീവിതശൈലിയായ ഒത്തൊരുമ നിലനിര്‍ത്തുന്നവരുമാണ്. ഇന്ത്യന്‍ സമതലത്തില്‍ മെസപ്പെട്ടോമിയ അവരുടെ മഹാനരഗങ്ങള്‍ പടുത്തുയര്‍ത്തുന്നതിനും 'മെലു' കണ്ടത്തുന്നതിനും മുമ്പേ ഞങ്ങള്‍ ഇവിടെയുണ്ടായിരുന്നു. മൊഹെന്‍ജോദാരക്കും, ഹാരപ്പക്കും, ലോതലിനും ചാലുനിര്‍മ്മിക്കുന്നതിനും മുദ്രണികള്‍ ഉണ്ടാക്കുന്നതിനും പത്തായപ്പുരകള്‍ ഉണ്ടാക്കുന്നതിനും മുമ്പേ ഞങ്ങള്‍ കാടുകളില്‍ വസിച്ചിരുന്നു. ഭക്ഷണ-പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി കാടുകളും മരങ്ങളും വെട്ടാറുണ്ടായിരുന്നെങ്കിലും അവയുടെ പൂര്‍വ്വസ്ഥിതി നിലനിര്‍ത്തുന്നതിനായ നട്ടുനനച്ചു വളര്‍ത്തുന്നതിനും ഞങ്ങള്‍ മടികാണിച്ചിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഞങ്ങള്‍ സൈന്ധവ നഗരങ്ങളുമായി വ്യാപാരങ്ങളിലും ഏര്‍പ്പെട്ടിരുന്നു.എന്നാലും ഞങ്ങള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ നിലകൊണ്ടിരുന്നു.അവര്‍ ഞങ്ങളെ കീഴടക്കുകയൊ കീഴടക്കാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. 

2012, മേയ് 29, ചൊവ്വാഴ്ച

മിശ്രഭോജനത്തിന്റെ തൊണ്ണൂറ്റി അഞ്ചാം പിറന്നാളിന് ഇടനേരം സമര്‍പ്പിക്കുന്നു.


എം.വി.സുബ്രഹ്മണ്യനും എംബി.നാണുത്തമ്പിയും ചേര്‍ന്ന് എഴുതി 1999-ല്‍ പ്രസിദ്ധീകരിച്ച ചെറു പുസ്തകമാണ് 'മിശ്രഭോജന ഭൂമിയില്‍ നില്‍ക്കുമ്പോള്‍' എന്നത്.മിത്തികവല്‍ക്കരണത്തിലൂടെ മറച്ചുവെക്കപ്പെട്ട നേരറിവുകളെ പുറത്തു കൊണ്ടുവരാന്‍ കെല്‍പ്പുകാണിച്ച കനപ്പെട്ട ഗ്രന്ഥവുമാണിത്.വലിയ വിലകൊടുത്തു വാങ്ങാതിരുന്നതിനാലോ മേനിക്കടലാസില്‍ അച്ചടിക്കാതിരുന്നതിനാലോ ആകാം നിരൂപകകേസരികള്‍ ഈ ഗ്രന്ഥത്തെ തമസ്‌കാര-തിരസ്‌കാരങ്ങള്‍ക്ക് വിധേയമാക്കിയത്.

1917 മെയ് 29-ാം തിയതി സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ചെറായിയിലെ തുണ്ടിടപ്പറമ്പില്‍ വെച്ചു നടന്ന മിശ്രഭോജനം എന്ന വിപ്ലവപ്രവര്‍ത്തനമാണ് മിത്തികവല്‍ക്കരണത്തിലൂടെ മാറ്റി മറിക്കപ്പെട്ടത്.ഈഴവരും പുലയരും ഇടകലര്‍ന്നിരിക്കുന്ന നീണ്ട പന്തിയില്‍ വിളമ്പുന്ന സദ്യക്ക് മേല്‍നോട്ടം വഹിച്ചുകൊണ്ട് നീങ്ങുന്ന സഹോദരന്‍ അയ്യപ്പന്‍!ഇതാണ് മിശ്രഭോജനത്തിന്റെ മിത്തികാനന്തര ചിത്രം.പി.സുകുമാരന്‍ തന്റെ 'യുഗപുരുഷന്‍' എന്ന സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളതും അങ്ങനെയാണ്.(ഗൃഹപാഠം ചെയ്യാതെ പരീക്ഷയെഴുതിയവന്റെ തോല്‍വിയുടെ ഫലമാണ് യുഗപുരുഷന്‍)എന്നാല്‍ മിശ്രഭോജനത്തിന് നാലുപേര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ!രണ്ടു പുലയരേക്കൂടി ചേര്‍ത്താല്‍ മൊത്തം പങ്കെടുത്തവരുടെ എണ്ണം ആറ്! 


 പ്രൊഫഃഎം.കെ.സാനുവും സി.കെ.ഗംഗാധരനും തുസംബന്ധിച്ചെഴുതിയ പുസ്തകങ്ങളെ വേര്‍തിരിച്ച് പഠിച്ചാണ് ഗ്രന്ധകാരന്മാര്‍ നേരുകണ്ടെത്തിയിട്ടുള്ളത്.സാനുമാഷിന്റെ പുസ്തകം അബദ്ധജടിലമെന്നുകണ്ട് ഗ്രന്ഥകാരന്മാര്‍ തള്ളിക്കളയുന്നു. തന്നെയുമല്ല,ചരിത്രരചനയില്‍ ഏര്‍പ്പെടുമ്പോള്‍ പൊതുവില്‍ പാശ്ചാത്യര്‍ പുലര്‍ത്തുന്ന അന്വേഷണതാല്‍പ്പര്യം നമ്മള്‍ മലയാളികള്‍ക്ക് മാതൃകയാക്കാവുന്നതാണ് എന്ന ഒരു നിര്‍ദ്ദേശവും സാനുമാഷ് മുമ്പാകെ ലേഖകര്‍  വെക്കുന്നു.സാനു മാഷിന്റെ വെളിപ്പെടുത്തല്‍ പ്രകാരം പന്തിഭോജനത്തിന് നോട്ടീസ് അടിച്ച് വിളംബരം ചെയ്തിരുന്നുവെന്നും അതിന്‍ പ്രകാരം ആളുകള്‍ വന്നെത്തിയെങ്കിലും അവസാന നിമിഷം നാല് ഈഴവര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളുവെന്നും പ്രസ്താവിക്കുന്നുണ്ട്.ആ നാലുപേര്‍ ഇവരാണ്,അയ്യപ്പന്‍,കോരു വൈദ്യന്‍(ഇദ്ദേഹത്തിന്റെ മക്കളാണ് പ്രൊഫഃഎം.കെ.പ്രസാദ്,അദ്ധ്യാപകരായിരുന്ന എം.കെ.തമ്പി.,എം.കെ.സീരി(കാര്‍ട്ടൂണിസ്റ്റ്)എന്നിവര്‍)രാമന്‍ പിള്ള(അയ്യപ്പന്‍ന്റെ മൂത്ത സഹോദരിയുടെ മകനാണ്.അയ്യപ്പനേക്കാള്‍ മൂത്തതുമാണ്.അയ്യപ്പനെ അമ്മാവന്‍ എന്നേ വിളിക്കുമായിരുന്നുള്ളൂ)നായ്കന്‍ ആണ്ടി എന്നിവരാണ് ആ നാലുപേര്‍.അയ്യപ്പന്റെ സഹോദരനായ കണ്ണന്‍ വൈദ്യരുടെ വീട്ടില്‍ വെച്ച് മിശ്രഭോദനം നടത്താന്‍ അദ്ദേഹം തയ്യാറായില്ല.പക്ഷേ,ആ പരിപാടിയെ അനുകൂലിച്ചിരുന്നു.അതുകൊണ്ട് മരുമകന്‍ രാമന്‍ പിള്ളയുടെ വീടിന്റെ വരാന്തയിലേക്ക് മിശ്രഭോജനം മാറ്റുകയായിരുന്നുവെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പുലയരുടെ ഭാഗത്തുനിന്നും വള്ളോന്‍ എന്നും ചാത്തന്‍ എന്നും പേരായ രണ്ട് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തിരുന്നതെന്നും സാനുമാഷ് എഴുതിയതായി ഗ്രന്ഥകാരന്മാര്‍ രേഖപ്പെടുത്തുന്നു.അന്ന് വിളമ്പിയ ഭോജ്യം പായസം ആയിരുന്നുവെന്നും സാനുമാഷ് എഴുതുന്നു.സാനുവിന് മുന്‍പ് ചരിത്രരചനയില്‍ ഏര്‍പ്പെട്ടിരുന്ന കെ.എ.സുബ്രഹ്മണ്യനാകട്ടെ പള്ളിപ്പുറത്തുകാരനായ അയ്യര് എന്ന പുലയക്കുട്ടി മാത്രമേ പങ്കെടുത്തിരുന്നുള്ളൂ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ലേഖകര്‍ കണ്ടെത്തുന്നു. 

മിശ്രഭോജനത്തിന്റെ അന്ന് പത്തു വയസ്സുള്ള
കണ്ണന്‍ എഴുപതാം വയസ്സില്‍ തന്റെ കുടിലിന്റെ മുമ്പില്‍.
(ഇപ്പോള്‍ ജീവിച്ചിരിപ്പില്ല)
ഗ്രന്ഥകാരന്മാര്‍ അനുകൂലിക്കുന്നത് സി.കെ.ഗംഗാധരന്‍ മാഷുടെ അയ്യപ്പന്റെ ജീവചരിത്രമാണ്.സാനുമാഷ് പറയുന്നതുപോലെ മുന്‍കൂട്ടി നോട്ടീസ് അടിച്ച് മിശ്രഭോജനം വിളംബരം ചെയ്തിരുന്നൊന്നുമില്ല.അയ്യപ്പന്റെ സഹോദരന്‍ കണ്ണന്‍ വൈദ്യര്‍ തുണ്ടിടപ്പറമ്പില്‍വെച്ച് പന്തിഭോജനം നടത്താന്‍ സമ്മതിച്ചിരുന്നില്ല എന്ന വസ്തുത ഗംഗാധരന്‍ മാസ്റ്ററും സമ്മതിക്കുന്നു.അതുകൊണ്ടുതന്നെ മരുമകന്‍ രാമന്‍ പിള്ളയുടെ വീട്ടിലേക്ക് സംഭവം മാറ്റി.(ശ്രീനാരായണ ഗുരുവിന്റെ ഉപദേശവും വാങ്ങിയിരുന്നു.അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള ആശിര്‍വ്വാദക്കുറിപ്പ് പുസ്തകത്തിന്റെ പുറം ചട്ടയില്‍ ചേര്‍ത്തിട്ടുണ്ട്.)ഈഴവരില്‍ നാലുപേരേ ഉണ്ടായിരുന്നുള്ളൂ എന്നതും ശരിയാണ്.പുലയരുടെ കൂട്ടത്തില്‍നിന്ന് പത്തു വയസ്സുകാരന്‍ കണ്ണനും തന്റെ അച്ഛനുമായിരുന്നു പങ്കെടുത്തിരുന്നത്.വിളമ്പിയത് നാടന്‍ ഭക്ഷണമായിരുന്നു.അവര്‍ കുഴച്ച ചോറ് എല്ലാവരും രുചിച്ചുനോക്കി.കോരു ആശാന്‍ കടല ഉലര്‍ത്തിയതും ചക്കക്കുരു ഉലര്‍ത്തിയതും കണ്ണന്റേയും അവന്റെ അച്ഛന്റേയും ഇലയില്‍ നിന്ന് എടുത്ത് രുചിച്ചു നോക്കുകയാണ് ചെയ്തത്.അങ്ങിനെയാണ് വാസ്തവത്തില്‍ പന്തിഭോജനം നടന്നത്. 

പന്തിഭോജനത്തിന്റെ പരിണിതഫലം ഭയാനകമായിരുന്നു.സഹോദരന്‍അയ്യപ്പന് പുലയന്‍ അയ്യപ്പന്‍ എന്ന പേരുദോഷം കിട്ടി.പുലയരെ തൂമ്പാപ്പണിക്ക് ഈഴവര്‍ പോലും വിളിക്കാതായി.'നിങ്ങളൊക്കെ ഇനി തൂമ്പാപ്പണിക്കു വരുമോ ഒക്കേയും ചോന്മാരായിപ്പോയില്ലേ' എന്ന ആക്ഷേപിച്ചു.അയ്യപ്പന്‍ കൂസിയില്ല.പുലയനെങ്കില്‍ പുലയന്‍ അത്രതന്നെ!പക്ഷെ തുണ്ടിടപ്പറമ്പിലേത് കേരളത്തിലെ ആദ്യത്തെ മിശ്രഭോജനമൊന്നുമല്ല,കോഴിക്കോട്ടും ഹരിപ്പാടും ഇതിനുമുമ്പ് നടന്നിട്ടുണ്ട്.അയ്യപ്പന്‍ പഠിച്ചിരുന്ന വടക്കന്‍ പറവൂര്‍ ഹൈസ്‌കൂളിലെ(രവി  വര്‍മ്മ ഇംഗ്ലീഷ് ഹൈസ്‌കൂള്‍)ഹെഡ്മായ്റ്ററായിരുന്ന രാമ വര്‍മ്മ തമ്പാന്റെ ജാതിമറന്ന ജീവിതം അയ്യപ്പന് പന്തിഭോജനം നടത്തുന്നതിന് മാര്‍ഗ്ഗദര്‍ശകമായിട്ടുണ്ട്.ആ ഹൈസ്‌കൂളിലെ അധ്യാപകനായിരിക്കെ സി.കെ.ഗംഗാധരന്‍ മാസ്റ്റര്‍ 1990 മാര്‍ച്ചില്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു.(തുടര്‍ന്നുവന്ന ഡിസംബറില്‍ ഈ കുറിപ്പെഴുത്തുകാരന്‍ അധ്യാപകനായി അവിടെ ചേര്‍ന്നു)ഗംഗാധരന്‍ മാഷ് കൂടെക്കൂടെ സ്‌കൂളില്‍ വരുമായിരുന്നു.മാഷ് എഴുതിയ ഡോ.പല്‍പ്പുവിന്റെ ജീവചരിത്രം ആദ്യം വായിച്ചുകേള്‍പ്പിക്കുന്നത് ഞങ്ങളെയാണ്. 


കോരു
വൈദ്യര്‍
ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന സുബ്രഹ്മണ്യനും അഡ്വോക്കേറ്റായി വിശ്രമമില്ലാത്ത ജീവിതം തുടരുന്ന നാണുത്തമ്പിയും അയ്യപ്പനേക്കാള്‍ ചെറുതല്ലാത്ത വിപ്ലവപ്രവര്‍ത്തനമാണ് ഈ ഗ്രന്ഥരചനയിലൂടെ നടത്തിയിരിക്കുന്നത്.സുദേഷ് മറ്റക്കല്‍ രഘു ഫേസ്ബുക്കിലെ തന്റെ പേജില്‍ എന്തിനാണ് തുണ്ടിടപ്പറമ്പിന്റെ കളര്‍ ഫോട്ടോ ചേര്‍ത്തത് എന്ന് ആദ്യം സംശയം തോന്നി.ഉടനെ തന്നെ 'മിശ്രഭോജന ഭൂമിയില്‍ നില്‍ക്കുമ്പോള്‍' എന്ന ഗ്രന്ഥം വീണ്ടുമെടുത്ത് മറിച്ചുനോക്കി.അപ്പോഴാണ് അറിയുന്നത്,ആ വിപ്ലവപ്രവര്‍ത്തനത്തിന് ഇപ്പോള്‍ 95 വയസ്സായി എന്ന്.അയ്യപ്പനും അദളിതരായ വിപ്ലവകാരികള്‍ക്കുമായി ഈ 'ഇടം' ഈ 'നേരം' ഈ പോസ്റ്റ് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
അയ്യപ്പന്‍ ജനിച്ച ഇടം
ഈ നേരം

2012, മേയ് 28, തിങ്കളാഴ്‌ച

മീന കന്തസ്വാമി കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഇടപെടുന്നു.

മനോജ് ബ്ലിസ്.

മെയ് 12-13 തിയതികളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ചുനടന്ന ബോബ് മാര്‍ലി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ എഴുത്തുകാരി മീന കന്തസ്വാമി, ഈയിടെ വിവാദമായ, എന്‍.സി.ഇ.അര്‍.ടി. യുടെ പാഠ പുസ്തകത്തില്‍ അംബേദ്കറെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ചേര്‍ത്തതിനെ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഔട്ട്‌ലുക്ക് വാരികയുടെ മെയ് 28-ാം ലക്കത്തില്‍ അനുരാധാ രാമന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മീന തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.

മീന പറയുന്നത്, അംബേദ്കര്‍ ദൈമവല്ല, അതുകൊണ്ട് വിമര്‍ശനാതീതനുമല്ല. പക്ഷെ ഇപ്പോള്‍ വിമര്‍ശിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്. ചിലരുടെ ജാത്യഭിമാനം പൊന്തിവരുന്നു. അതുതന്നെ. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആരായിരുന്നോ അതുപോലെയാണ് ദളിതുകള്‍ക്ക് അംബേദ്കറും, അത് മറക്കരുത്. അത്തരം ഒരു ആരാധനാ ബംബത്തിന് നല്‍കപ്പെട്ടിരിക്കുന്ന വിശ്വാസം കേവലം ഒരു കാര്‍ട്ടൂണിന് തകര്‍ക്കാന്‍ പറ്റത്തതാണെന്നും മീന കന്തസ്വാമി ഓര്‍മ്മപ്പെടുത്തുന്നു.

2012, മേയ് 27, ഞായറാഴ്‌ച

കളിനിയമങ്ങള്‍ തെറ്റിക്കരുത്.

അശോകന്‍ ചരുവില്‍

(കഥാകൃത്താവാം,അശോകന്‍ ചരുവിലിനെ പോലെ ആകരുത് എന്നൊരു നിരീക്ഷണം കണ്ടു. ഈ നിരീക്ഷണത്തില്‍നിന്ന് അശോകന്‍ ചരുവിലിനെ ഒഴിവാക്കോണ്ടതാണ്.അദ്ദേഹം ഇപ്പോള്‍ കഥകള്‍ എഴുതാറുണ്ടോ,പഴയ നിലപാടുണ്ടോ എന്നൊന്നും അറിഞ്ഞുകൂടാ.ഒരുകാലത്ത് അദ്ദേഹം എഴുതിയ കഥകള്‍ നമുക്ക് വഴിവെട്ടമായിരുന്നു.ഒരു കഥ താഴെ ചേര്‍ക്കുന്നു. കഥ 1997-ല്‍ എടവനക്കാടുനിന്നും പ്രസിദ്ധീകരിച്ച അവര്‍ണപക്ഷ രചനകള്‍ എന്ന പുസ്തകത്തിലും ചേര്‍ത്തിട്ടുണ്ട് )

2012, മേയ് 26, ശനിയാഴ്‌ച

അംബേദ്കറും മുസ്ലീങ്ങളും; മിത്തും യാഥാര്‍ത്ഥ്യവും

കണ്ണന്‍ മേലോത്ത്. 

ആനന്ദ് തെല്‍തുംഡെ എഴുതി,2003-ല്‍ മുംബൈലുള്ള വി.എ.കെ.പബ്ലിക്കേഷന്‍, പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് 'അംബേദ്കര്‍ ഓണ്‍ മുസ്ലിം' എന്നത്.ഇംഗ്ലീഷിലുള്ള ഈ ഗ്രന്ഥത്തിന് 'മുസ്ലിങ്ങളും അംബേദ്കറും മിത്തും യാഥാര്‍ത്ഥ്യവും' എന്ന പേരില്‍ പി.കെ.ശിവദാസ് നിര്‍വ്വഹിച്ച മലയാള പരിഭാഷ 2009-ല്‍ കോഴിക്കോട്ടുള്ള 'ഒലിവ് പബ്ലിക്കേഷന്‍'പുറത്തിറക്കി.പരിഭാഷകന്റെ വാക്കുകളില്‍,അംബേദ്കറെ മുസ്ലീം വിരുദ്ധനും ഹിന്ദു അനുകൂലിയുമായി ചിത്രീകരിക്കുന്നതിനുള്ള പരിവാര്‍ ശ്രമത്തെ അംബേദ്കറുടെ തന്നെ രചനകളില്‍ നിന്നുള്ള ഉദ്ധരണികള്‍ നിരത്തിയും അവയെ അപഗ്രഥിച്ചും ആനന്ദ് പൊളിച്ചു കളയുന്നു, ചെറുതെങ്കിലും ഈടുറ്റ ഈ ഗ്രന്ഥത്തില്‍. 

2012, മേയ് 25, വെള്ളിയാഴ്‌ച

കാര്‍ട്ടൂണ്‍ പാഠങ്ങള്‍; അഭ്യാസവും ദുരുപയൊഗവും

കണ്ണന്‍ മേലോത്ത്. 

സ്‌കെച്ച്‌
ഹാസ്യചിത്രരചനാ സമ്പ്രദായമായ കാര്‍ട്ടൂണിന് ഒരു രീതിശാസ്ത്രം രൂപപ്പെട്ടു വന്നിട്ടുണ്ട്.അച്ചടി മാധ്യമം,ഇന്റര്‍ നെറ്റ് മീഡിയ,സെമിനാറുകള്‍ തുടങ്ങിയവയിലൂടെയൊക്കെ അതിന്റെ പാഠങ്ങള്‍ പഠിതാക്കളിലേക്കും പൊതുജനങ്ങളിലേക്കും എത്തുന്നു. നിരവധി സംഘടനകള്‍ ലോകത്ത് എമ്പാടും പ്രവര്‍ത്തിക്കുന്നു. ഉന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലും അതിന് സംഘടനകളുണ്ട്. 1984-ല്‍ രൂപീകരിച്ച കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ് കേരളത്തിലെ ഈ രീതിശാസ്ത്രത്തിന്റെ പ്രചാരകര്‍. ശിവറാം രചിച്ച കാര്‍ട്ടൂണ്‍ പാഠങ്ങള്‍ എന്നപുസ്തകം,ബുള്ളറ്റിന്‍,
വെബ്‌സൈറ്റ്, ശില്‍പശാലകള്‍ തുടങ്ങിയവയിലൂടെ അതിന്റെ പാഠങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് കോരളകാര്‍ട്ടൂണ്‍  അക്കാദമി മുന്നോട്ടുപോകുന്നു.

2012, മേയ് 23, ബുധനാഴ്‌ച

മുസ്ലീം -ദലിത് ബന്ധങ്ങള്‍

ഗെയ്ല്‍ ഓംവെത്.

ഗെയ്ല്‍ ഓംവെത്‌
ഇസ്ലാം സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും മതമാണ്. ബുദ്ധ മതത്തിന്റെ പരാജയശേഷം ഇന്ത്യയില്‍ നൂറ്റാണ്ടുകളോളം ഈ മൂല്യങ്ങള്‍ അത് കാത്തു സൂക്ഷിച്ചു. മുസ്ലീങ്ങളായവര്‍ പരിമിതികളില്‍ നിന്ന് രക്ഷപ്പെട്ടു എന്നു മാത്രമല്ല, മുസ്ലീം ഭരണം ഭക്തിപ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കുവേണ്ട സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം ഒരുക്കുകയും ചെയ്തു. ഈ പ്രസ്ഥാനങ്ങളില്‍ ദലിതുകളും കീഴ്ജാതിക്കാരും മതസമത്വം തേടി. അള്ളാവില്‍ നിന്ന് ഏറെ വിഭിന്നമല്ലാത്ത ഒരു പരംപൊരുളിനോടുള്ള ഭക്തിയാണ് അവര്‍ ആവിഷ്‌കരിച്ചത്. ചെറുതും വലുതുമായ കള്‍ട്ടുകള്‍ ഒരേകാലത്ത് ഉയര്‍ന്നുവന്നു. ബഹുജനങ്ങള്‍ പുണ്യാത്മാക്കളെ അവരുടെ വിശ്വാസപ്രമാണം എന്താണെന്നു നോക്കാതെ സ്മാരകവല്‍ക്കരിച്ചു. സിഖിസം, കബീര്‍ പന്ഥ്,  ഇത്യാദി വലിയ കള്‍ട്ടുകള്‍ ഈയടുത്ത കാലം വരെ വേറിട്ട മതങ്ങളായോ ഹിന്ദു മതത്തിന്റേയോ ഇസ്ലാമിന്റേയോ ഭാഗമായി കണ്ടിരുന്നില്ല. 

2012, മേയ് 22, ചൊവ്വാഴ്ച

മാധ്യമത്തെ ഭയക്കുന്നുണ്ട്.

കണ്ണന്‍ മേലോത്ത്. 
ഇര്‍ഫാന്‍ ഹുസൈന്
മരണസിംഹാസനം
നേടിക്കൊടുത്ത കാര്‍ട്ടൂണ്‍
കാര്‍ട്ടൂണുകളെ ഭയക്കുന്നവരുണ്ട്. 1999 ല്‍ 'ഔട്ട്‌ലുക്കില്‍' കാര്‍ട്ടൂണിസ്റ്റിന്റെ ജോലിയും കഴിഞ്ഞ് രാത്രിയില്‍ മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്കു പോയ ഇര്‍ഫാന്‍ ഹുസൈന്‍ എന്ന മുസ്ലീം പിറ്റേദിവസം തെരുവില്‍ കൊലചെയ്യപ്പെട്ട നിലയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. കാര്‍ട്ടൂണിസ്റ്റും ശിവസേനാ നേതാവുമായ താക്കറെയെ മോശമായി വരച്ചതില്‍ സിവസേനക്കുണ്ടായ പ്രതിഷേധമാണ് ഇര്‍ഫാന്‍ ഹുസൈന്റെ കൊല പാതകത്തിലൂടെ രേഖപ്പെടുത്തിയതെന്ന് പത്രഭാഷ്യം. കേസ് ഇപ്പോഴും നടക്കുകയാണ്. ശിവസേനയാണോ ഇതിന്റെ പിന്നിലെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പത്രസ്വാതന്ത്ര്യത്തിനെന്നല്ല സാധാരണക്കാരന്റെ മനസ്സാക്ഷിക്കുപോലും നിരക്കാത്ത ഈ കൊടും ക്രൂരത ഫാസിസ്റ്റ് നടപടിയായി ലോകം വിലയിരുത്തി. അപ്പോള്‍ കാര്‍ട്ടൂണിനെ ഭയക്കുന്നവര്‍ ആരാണ്? ദലിത്/ഒ.ബി.സി.ആണോ ഫാസിസ്റ്റുകളാണോ? മാധ്യമം മറുപടി പറയണം. എന്‍.സി.ഇ.ആര്‍.ടി.യുടെ പാഠപുസ്തകത്തില്‍ കാര്‍ട്ടൂണ്‍ പഠനത്തിന് ഉദാഹരണമായി ചേര്‍ക്കാന്‍ ഏറ്റവും അനുയോജ്യം ഇര്‍ഫാന്‍ ഹുസൈന്റെ കാര്‍ട്ടൂണാണ്. കാരണം അതിനൊരു വിശേഷണമുണ്ട്,

2012, മേയ് 21, തിങ്കളാഴ്‌ച

കയര്‍ത്തു,കൈചൂണ്ടി.....എന്നിട്ടും കല്ലേറിനാല്‍ കൊല്ലപ്പെട്ടു.

കണ്ണന്‍ മേലോത്ത്

കണ്ടിരിക്കാന്‍ പ്രയാസമുള്ള ഒരു സിനിമയുണ്ട്.2009-ല്‍ പുറത്തിറങ്ങിയ ദി സ്റ്റോണിംഗ് ഓഫ് സുരയ്യ എം.എന്ന സിനിമയാണത്.ആണ്‍ കോയ്മയും മത മേലദ്ധ്യക്ഷന്മാരും ഒത്തുചേര്‍ന്ന് ഇറാനിലെ ചെറുപ്പക്കാരിയായ ഒരു പാവം മാതാവിനെ ലൈംഗികാപവാദ കുറ്റം ചുമത്തി കല്ലെറിഞ്ഞ് ചതച്ചു  കൊന്നതിന്റെ നേര്‍  പകര്‍പ്പാണ് ഈ പടം.   സാധാരണക്കാരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും ഒരുപോലെ നടുക്കിയ ഈ കാടന്‍ നടപടിയുടെ വിശദ വിവരങ്ങള്‍ ഉള്ളടങ്ങുന്ന ഫ്രഞ്ച്-ഇറാനിയന്‍ പത്രറിപ്പോര്‍ട്ടറായ ഫ്രീദൂന്‍ സാഹിബാം ന്റെ ഇതേ പേരിലുള്ള ബെസ്റ്റ് സെല്ലറിനെ ഈ സിനിമ ആധാരമാക്കുന്നു. 1994-ലാണ് ഈ പുസ്തകം ആദ്യം പുറത്തിറങ്ങിയത്.അമേരിക്കയുടെ മുസ്ലീം വിരുദ്ധ നടപടികളുടെ 'സിനിമാറ്റിക് അജണ്ട' മാത്രമാണിതെന്ന് മറുപക്ഷം. അമേരിക്കയില്‍ സെറ്റ് ചെയതാണ് പടം പകര്‍ത്തിയിട്ടുള്ളത്.

ഇറാനിലെ നാട്ടിന്‍ പുറത്തുകാരിയായ സുരയ്യയും ഭര്‍ത്താവും തന്നിഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്.എന്നാല്‍ മതവിശ്വാസങ്ങളേയോ നാട്ടുനടപ്പുകളോയോ അവര്‍ നിരാകരിച്ചിരുന്നില്ല.അവരുടെ രണ്ട് ആണ്‍ മക്കള്‍ കൗമാര പ്രായമത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ തലപൊക്കുന്നത്. സുരയ്യയുടെ ഭര്‍ത്താവിന് തന്റെ മൂത്ത മകന്റെ മാത്രം പ്രായമുള്ള ഒരു പതിനാലുകാരിയോട് പ്രേമം!

2012, മേയ് 19, ശനിയാഴ്‌ച

ബോധിധമ്മ എങ്ങനെ കിഴക്കന്‍ നാടുകളിലേക്ക് പുറപ്പെടുവാന്‍ ഇടയായി?

കണ്ണന്‍ മേലോത്ത്‌ 

'ബോധിധമ്മ എങ്ങനെ കിഴക്കന്‍ നാടുകളിലേക്ക് പുറപ്പെട്ടു?'1989- ല്‍ യൊങ്-ക്യുന്‍ ബായേ പുറത്തിറക്കിയ സൗത്ത് കൊറിയന്‍ സിനിമയുടെ പേരാണ് ഇത്.ഈ പേരിലൂടെ ഉന്നയിക്കുന്ന ചോദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.ഒരുനിയോഗമുള്ളവന് പിറവികൊണ്ടിടത്തുതന്നെ ഒതുങ്ങിക്കൂടാന്‍ വയ്യല്ലോ.ശ്രീ ബുദ്ധന്റെ പിതൃ രൂപമാണ് ബോധിധമ്മ എന്നത്. കേവലം ഒരു പുറപ്പാട് മാത്രമാണോ ബോധിധമ്മ നിര്‍വ്വഹിച്ചിരുന്നത്,അതല്ല തുരത്തപ്പെടുകയാണോ ചെയ്തത് ഇതിനുള്ള വ്യക്തമായ മറുപടികളാണ് ജി.ഇജയന്‍ തന്റെ കന്നിപ്പടമായ ബോധിയിലൂടെ പറയുന്നത്.

ബുദ്ധനും തന്റെ അനുയായികളും തങ്ങള്‍ക്കെതിരായി നടന്ന ഉന്മൂലനത്തിന്റെ ഇരകളായി തുടച്ചുനീക്കപ്പെടുകയായിരുന്നു. ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള ഉന്മൂലനങ്ങളില്‍ വെച്ച് ഏറ്റവും ഭീകരമായതാണ് ബുദ്ധനും അനുയായികള്‍ക്കും എതിരായി നടന്നത്.യോന്‍-ക്യുന്‍ ബാ യേയുടെ സിനിമയാകട്ടെ സെന്‍ ബുദ്ധിയത്തിന്റെ ചിന്താ പദ്ധതിയുടെ വെളിപ്പടുത്തലുകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ബുദ്ധനെ ചുറ്റിപ്പറ്റി ഒട്ടേറെ സിനിമകള്‍ പുറത്തു വന്നിട്ടുണ്ടങ്കിലും അവയിലോന്നിലും ബുദ്ധനും പിന്‍തുടര്‍ച്ചക്കാര്‍ക്കും നേരിടേണ്ടിവന്ന ഉന്മൂലനത്തിന് ഇടയായ കൊടും ചതിയെപ്പറ്റി യാതൊന്നും മിണ്ടുന്നില്ല.

2012, മേയ് 18, വെള്ളിയാഴ്‌ച

അഭിമുഖം, ഉണ്ണി പൂണിത്തുറ / കണ്ണന്‍മേലോത്ത്.

കുട്ടിക്കാലം,കുടുംബം,ഗുരു കാരണവന്മാര്‍.

പിറവത്തിനടുത്ത് നെച്ചൂര്‍ എന്ന സ്ഥലത്താണ് ഞ്ഞങ്ങളുടെ ജന്മം. അടിമകളായിരുന്നു.150 വര്‍ഷങ്ങള്‍ക്കുമുന്‍പ് പിതാക്കളെ തിരുവാങ്കുളത്തേക്ക് പിടിച്ചു കൊണ്ടുവരപ്പെട്ടു.  തൃപ്പൂണിത്തുറയിലെ രാജാക്കന്മാര്‍ക്ക് ഇന്നത്തെ 'ഹില്‍ പാലസ്' പണിയുന്നതിനുള്ള ചെങ്കല്ലുവെട്ടുന്നതിനാണ് ഞങ്ങളെ കൊണ്ടുവന്നത്. കടലിറങ്ങി രൂപപ്പെട്ട സ്ഥ
മാണല്ലോ പൂണിത്തുറ.മുക്കുവരുടെ വാസസ്ഥാനങ്ങളെയാണ് 'തുറ' എന്നുപറയുന്നത്. ഇന്നും പൂണിത്തുറ ഒരു മത്സ്യവിപണ നകേന്ദ്രമാണ്. രാജാക്കന്മാര്‍ പൂണിത്തുറയില്‍ വന്നതുകൊണ്ട് അത് 'തിരു' പൂണിത്തുറയായി.അങ്ങനെ തൃപ്പൂണിത്തുറയായി. അന്ന് തുറയില്‍ പണിത കൊട്ടാരങ്ങളില്‍ വെള്ളം കയറുന്നതുകൊണ്ട് രാജാക്കന്മാര്‍ക്ക് അവിടേയും വിടേണ്ടതായി വന്നു. വെള്ളം കയറാതിരിക്കുന്ന സ്ഥലമെന്നനിലക്കാണ് തൊട്ടപ്പുറത്തെ കുന്നുംപുറത്ത്-ഇപ്പോഴത്തെ ഹില്‍ പാലസ്-കൊട്ടാരം വെക്കണമെന്ന ആശയം രാജാക്കന്മാരില്‍ ഉദിക്കുന്നത്. കൊട്ടാരത്തിലെ ആദ്യ എടുപ്പുകള്‍ ചെങ്കല്ലിലാണ് തീര്‍ത്തിട്ടുള്ളത്. അതിനുള്ള ചെങ്കല്ലുവെട്ടിയത് മറ്റ് അടിമകളോടൊപ്പം എന്റെ ഗുരു കാരമണന്മാരാണ്. ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന പൂണിത്തുറയില്‍ എന്നുവന്നു എന്നറിയില്ല.ഈ സ്ഥലം കുടികിടപ്പായി കിട്ടിയതാണ്. അച്ഛന്റെ പേര് കുഞ്ഞന്‍.അമ്മ മാരി.ഞങ്ങള്‍ രണ്ടുമക്കളേയുള്ളൂ.ചേട്ടന്‍ സതീശന്‍.

പള്ളിക്കൂടം.

മരട് മാങ്കായില്‍ ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.യു.പി.ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കമലം എന്ന ഒരു ടീച്ചറുണ്ടായിരുന്നു.അവര്‍ പറഞ്ഞുതന്ന അറിവാണ് പുലയരൊന്നും(ദളിതര്‍)പഠിക്കേതില്ലെന്ന്.വല്ല പാടത്തുപണിക്കും പോകേണ്ടവരാണ് പുലയരൊക്കെ എന്ന്.ആ ടീച്ചര്‍ ഈഴവ സമുദായത്തില്‍ പെട്ടവരാണ്.അന്നൊന്നും അവര്‍ പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് പിടികിട്ടിയിരുന്നില്ല. ഞാന്‍ പഠിക്കാന്‍ മോശമായിരുന്നു.വീട്ടിലെ ചുറ്റുപാടുകള്‍ അനുകൂലമായിരുന്നില്ല. പഠിക്കാന്‍ മിടുക്കന്മാരായാല്‍ പോലും ദളിത് കുട്ടികളോട് അദ്ധ്യാപകരെല്ലാം അങ്ങനെയാണ് പെരുമാറിയിരുന്നത്.

2012, മേയ് 17, വ്യാഴാഴ്‌ച

അങ്ങിനെയൊക്കെയാണ് അവര്‍ നമ്മളെ നീറ്റിയൊടുക്കിയത്.

കണ്ണന്‍ മേലോത്ത്.

വര്‍ണവെറിയുടെ ഇരയായ് നീറിയൊടുങ്ങിയ ഒരു ആഫ്രിക്കന്‍ ആണാളിന്റെ ചരിതം കൂടി വെള്ളിത്തിരയിലെത്തി. 2001 ല്‍ ജര്‍മ്മന്‍ കാരനായ ഫ്രീദര്‍ സ്ലൈഷ് കാഴ്ചയൊരുക്കിയ 'ഒട്ടോമോ' എന്ന സിനിമയാണത്.  പുറത്താക്കപ്പെട്ടവര്‍ക്കും അടിമകള്‍ക്കും അരികുകളിലേക്ക് തള്ളിയൊഴിക്കപ്പെട്ടവര്‍ക്കും ഈ സിനിമയില്‍നിന്ന് പുതിയതായൊന്നും കണ്ടെടുക്കാനാവില്ല. കാരണം അവര്‍ ചെയ്ത സമരങ്ങളുടെ, നേരിട്ട തിരിച്ചടികളുടെ പകര്‍ത്തിവെപ്പ് മാത്രമാണിത്.വെളുത്തവന്‍-സവര്‍ണന്‍-ഉടയോന്‍ എന്നിവര്‍ക്കാകട്ടെ ശാന്തചിത്തരായിരുന്ന് ഒട്ടോമോ കണ്ടുതീര്‍ക്കാനുമാവില്ല. അതിനു ചെലുത്തിയ ശക്തി കണക്കിലെടുക്കുമ്പോള്‍ ഫ്രീദര്‍ സ്ലൈഷ് ഒരു വന്‍ വിജയമാണ്. വര്‍ണവെറി കീഴാളനില്‍ വിനാശകരാമായി പ്രവര്‍ത്തിച്ചതിലൂടെ ഉരുവപ്പെട്ട വന്‍ദുരന്തങ്ങളുടെ നേരേടുകള്‍ മുന്‍പും സിനിമക്ക് വഴിമരുന്നായിട്ടുണ്ടെങ്കിലും ആവിഷ്‌കാരത്തിന് ചെലുത്തപ്പെട്ട ശക്തിയുടെ തോത് വെച്ചുനോക്കുമ്പോള്‍ 'ഒട്ടോമോ' മുന്‍പന്തിയില്‍ നില്‍ക്കുന്നു.

ലൈബീരിയയില്‍ നിന്ന് ഫ്രെഡറിക് ഒട്ടോമോ എന്ന കറുത്ത വര്‍ഗ്ഗക്കാരനായ ചെറുപ്പക്കാരന്‍ കാമറൂണ്‍ വഴിയാണ് ജര്‍മ്മനിയിലെത്തുന്നത്. ഒട്ടോമോയുടെ അച്ഛന്‍ ഒന്നാം ലോക മഹായുദ്ധക്കാലത്ത് ജര്‍മ്മന്‍ മുന്നണിയില്‍ സൈനികസേവനം അനുഷ്ടിച്ചിരുന്നു. ഈ കാരണത്താല്‍ ഒട്ടോമോക്ക് ജര്‍മ്മന്‍ പൗരത്വം അവകാശപ്പെടാമായിരുന്നു. പക്ഷേ ഒട്ടോമോയുടെ കൈവശം താല്‍ക്കാലിക പാസ്‌പോര്‍ട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂലികുറഞ്ഞ ജോലി കിട്ടാന്‍പോലും അത് മതിയാകുമായിരുന്നില്ല. ജോലിക്കുവേണ്ടി കറിയിറങ്ങിയിടത്തുനിന്നെല്ലാം അവഹേളനവും പീഡനവുമാണ് ഒട്ടോമോക്ക് ലഭിച്ചത്. വിലകുറഞ്ഞ ചെരുപ്പ് ഇട്ടുകൊണ്ടുവന്നതിനാല്‍ 'കാട്ടാളന്‍' എന്നുപറഞ്ഞ് അപഹസിക്കുകയും കഴുത്തിന് പിടിച്ച് പുറത്താക്കുകയും ചെയ്തു.

2012, മേയ് 16, ബുധനാഴ്‌ച

വീണ്ടും അപഹാസ്യനായ കല്ലറ സുകുമാരന്‍

കണ്ണന്‍ മേലോത്ത്,

ദളിത് വിമോചനത്തിന് ഇത്രയേറെ പോരാട്ടം നടത്തിയിട്ടുള്ളൊരാള്‍ സമീപകാലത്ത് കല്ലറ സുകുമാരനെപോലെ മറ്റൊരാളില്ല.  സമരങ്ങള്‍,പദയാത്രകള്‍ തുടങ്ങിയവയോടൊപ്പംതന്നെ തന്റെ രാഷ്ടീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കലാ-സാഹിത്യകളരികളും സംഘടിപ്പിക്കുന്നതിനായി കല്ലറ സുകുമാരന്‍ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ഇതിലൂടെയെല്ലാം തന്റെ ജനതയുടെ വിമോചനത്തില്‍ കുറഞ്ഞ യാതൊന്നും തന്നെ കല്ലറസുകുമാരന്‍ മോഹിച്ചില്ല. പക്ഷെ ദളിതസമൂഹം പോലും അദ്ദേഹത്തെ ആദരിക്കുകയല്ല, അവഹേളിക്കുകയായിരുന്നു ചെയ്തുവന്നത്. പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങള്‍ക്കുപുറമേ അദ്ദേഹത്തിന്റേതായി വന്ന ഗ്രന്ഥമായ 'വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രത്തില്‍' ഉന്നംപിഴക്കാത്ത ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും അതുള്‍ക്കൊള്ളാതെ തള്ളിക്കളഞ്ഞതിലൂടെയാണ് മോചിതനാകാനാഗ്രഹിക്കുന്ന ദളിതസമൂഹം അദ്ദേഹത്തെ അപമാനിച്ചിരിക്കുന്നത്. ദളിത് 'വിമോചന ബോധനശാസ്ത്രമായി' ഇങ്ങനെ ഒരുഗ്രന്ഥം തൊട്ടരികെ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ നാട്ടുകാരായ ചില ദളിത് പ്രമാണിമാരാകട്ടെ 'സങ്കുചിത ഹരിജന്‍വാദി'യായി ആക്ഷേപിച്ചുകൊണ്ട് തങ്ങള്‍ നിലകൊണ്ടിരുന്ന 'നക്‌സലൈറ്റ് പാര്‍ട്ടി'ക്ക് കവിതചൊല്ലിക്കൊടുത്ത് വിപ്ലവം തോക്കിന്‍കുഴലിലൂടെ ആനയിക്കാന്‍ പാടുപെടുകയായിരുന്നു.കല്ലറ സുകുമാരന്‍ സങ്കുചിത ഹരിജന്‍വാദിയായിരിക്കെത്തന്നെ 1996-ല്‍ അന്തരിച്ചു. ദളിത് നക്‌സലൈറ്റുകളോ, ദളിത് ബുദ്ധിജീവികളായി മാറി. (മാറ്റമാണല്ലോ വിപ്ലവം)

2012, മേയ് 15, ചൊവ്വാഴ്ച

നാടാരുടേത്? നാടാരുടേത്.

കണ്ണന്‍ മേലോത്ത്

ഒരു കുറിപ്പെഴുതുമ്പോള്‍ ചോദ്യംതന്ന ഉത്തരമാകുന്ന ഒരു വാചകം തലക്കെട്ടായി ഉപയോഗിക്കേണ്ടിവന്നിട്ടില്ല. പ്രൊഫസ്സര്‍ കെ.രാജയ്യന്‍ എഴുതിയ 'നാടാര്‍ ചരിത്രരഹസ്യങ്ങള്‍' എന്ന പുസ്തകത്തിന് ഒരു കുറിപ്പെഴുതേണ്ടിവന്നപ്പോള്‍ ഇങ്ങനെയൊരു തലക്കെട്ട് ഒഴിവാക്കാനാവാതെ പോയതാണ്. ഈ പുസ്തകം അതിന്റെ പേരുപോലെതന്ന നാടാരുടെ ചരിത്രം വെളിപ്പെടുത്തുകയല്ല, അതിലെ ഇരുള്‍ മൂടിയ ഏടുകളെ തുറന്നുകാണിക്കുകയാണ് ചെയ്യുന്നത്.

ഇന്ന് കേരളമായി അതിര്‍ത്തിതിരിക്കപ്പെട്ടിരിക്കുന്ന ഭൂപ്രദേശത്ത് അധിവസിച്ചുവന്ന ആദിമ ജനതയുടെ ചരിത്രം വിശകലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എല്ലാവരേയുംപോലെ പ്രൊഫസറും സംഘകാലകൃതികളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. നാടാര്‍ എന്നത് മതപരമായ പേരല്ല.മതവും ജാതിയും മലയാളമണ്ണിലെത്തിച്ചത് ബ്രാഹ്മണാധിനിവേശമാണെന്ന വസ്തുതയെ പ്രൊഫസറും അങ്ങേയറ്റം പിന്‍തുണക്കുന്നു. ബ്രാഹ്മണാധിപത്യം നാടാരെ ജാതിയാക്കി തരംതാഴ്ത്തുന്നതിന് മുന്‍പ് നാടുവാഴികളുടെ വംശത്തില്‍ പെട്ടവരായിരുന്നുനാടാര്‍. വില്ലുവര്‍, ഷാന്റോര്‍, ചാന്നാര്‍, നാട്ടാര്‍,
നാടാഴ്‌വര്‍ എന്നെല്ലാം പലപേരുകളില്‍ ജാതികളാക്കി തരംതിരിക്കപ്പെട്ടവര്‍ പിന്നീടുണ്ടായി. ചേരനാടാണ് കേരളമായതെന്നും നാടുവാഴികളായ ഷാന്റോറാണ് ചേരന്മാരായി അറിയപ്പെട്ടുതുടങ്ങിയതെന്നും പ്രൊഫസ്സര്‍ കണ്ടെത്തുന്നു.

സംഘാടകര്‍ക്കുവേണ്ടി ചില നിര്‍ദ്ദേശങ്ങള്‍

മാഞ്ഞൂര്‍ ഗോപാലന്‍

മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയായതിനാല്‍ അവന് ഒരിക്കലും ഒറ്റപ്പെട്ട് ജീവിക്കാനാവില്ല. തങ്ങളുടെ ജീവിതം സന്തുഷ്ടവും സുരക്ഷിതവുമാക്കുന്നതിന് മനുഷ്യന്‍ പലതരത്തിലുമുള്ള കൂട്ടായ്മകള്‍ക്ക് രൂപം നല്‍കാറുണ്ട്. ഏതൊരു കൂട്ടായ്മയാണെങ്കിലും അതിന്റെ പ്രവര്‍ത്തനം സുഗമവും കാര്യക്ഷമവുമാക്കുന്നതിന് കരുത്തുറ്റ ഒരു നേതാവ് അതിനുണ്ടായിരിക്കണം.

സംഘടിക്കുക ശക്തരാവുക എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. നിശ്ചിതമായ ലക്ഷ്യത്തോടെ വ്യക്തികള്‍ക്ക് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഒരു വേദിയാണ് സംഘടന.സംഘടിച്ചാലേ ശക്തനാകാനാവൂ. ജീവിതത്തിന്റെ സമസ്തമേഖലകളിലുമായി എണ്ണമറ്റ സംഘടനകളാണുള്ളത്.രാഷ്ട്രീയം സാമൂഹികം സാമുദായികം ട്രേഡ്യൂണിയന്‍ സാംസ്‌കാരികം ആത്മീയം മാധ്യമം കായികം തുടങ്ങി. രംഗങ്ങളിലെല്ലാമായി നിരവധി സംഘടനകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. നേതാക്കന്മാരുടെ എണ്ണം അനുസരിച്ച് വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

2012, മേയ് 14, തിങ്കളാഴ്‌ച

ക്രോധത്തിന്റെ മുന്തിരിവള്ളി കുലച്ചപ്പോള്‍


കെടാമംഗലം പ്രേം കുമാര്‍


മറ്റു മനുഷ്യരുടെ അധ്വാനഫലം ആഹരിച്ചുകഴിയുന്നവര്‍ അവരെ എത്തരത്തിലായാലും അടിച്ചമര്‍ത്തിയും നീതിയും മനുഷ്യാവകാശവും നിഷേധിച്ച് മുന്നോട്ടുപോകും.  അധഃസ്ഥിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ചൂഷകര്‍ക്കിന്ന് പേടിസ്വപ്‌നമാണ്. അടിമച്ചങ്ങലയുടെ കിലുക്കം അവരുടെ താരാട്ടാണ്. സാമ്പത്തികമായും മതപരമായും ലൈംഗികമായും ചൂഷണം എന്നും മൂലധന ആധിപത്യ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയായിരുന്നുവല്ലോ. ചൂഷണം മാനവികനാഗരികതയുടെ ആണിക്കല്ലായി മാറിയ ഒരു ലോകത്ത് മനുഷ്യാവകാശങ്ങളേക്കുറിച്ച് പറഞ്ഞിട്ടെന്തു കാര്യം. മഹാനായ യൂറോപ്യന്‍ സാഹിത്യകാരന്‍ പറഞ്ഞപോലെ എല്ലാ മഹാ സമ്പത്തിനുപിന്നിലും ഒരു കുറ്റകൃത്യം നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ട്.എല്ലാകാലത്തും എല്ലായിടത്തുമുള്ള മുതലാളിത്ത ദുര്‍ഗ്ഗങ്ങള്‍ അധഃസ്ഥിതരുടെ കണ്ണീരും വിയര്‍പ്പുമാണ്. സാമ്പത്തിക അടിത്തറക്കു മുകളിലാണല്ലോ സാമൂഹികവും ലൈംഗികവുമായ ചൂഷണസൗധങ്ങള്‍ കെട്ടിപ്പൊക്കുന്നത്. വിവേചനങ്ങളും മനുഷ്യത്വമില്ലായ്മയും ഇവയുടെ ഉപഉല്‍പ്പന്നമാണ്. നമ്മുടെയെല്ലാം കണ്‍മുന്നില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഇരുണ്ട സത്യമാണത്. ആ നേരിന് നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് കോകിലം സുബ്ബയ്യയുടെ 'മിറാഷ്' എന്ന നോവല്‍.

ശ്രീലങ്കയിലെ തേയിലത്തോ ട്ടങ്ങളിലെ തമിഴ് വംശജരായ സ്ത്രീത്തൊഴി ലാളികളുടെ വര്‍ഗ്ഗസമരങ്ങളുടെ, യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ ചൂടും ചൂരും അറിഞ്ഞിട്ടുള്ള കഥാകാരിയാണ് കോകിലം സുബ്ബയ്യ. അതുകൊണ്ടുതന്നെ കുടിയേറ്റ തൊഴിലാളികലുടെ ജീവിതത്തിന്റെ തുടിപ്പുകള്‍ ഒപ്പിയെടുക്കുന്നതില്‍ കുറേയൊക്കെ വിജയിച്ചിട്ടുണ്ട് കഥാകാരി.

അഭിമുഖം - ഉപേന്ദ്രനാഥ് ടി.ആര്‍/കണ്ണന്‍ മേലോത്ത്


വളര്‍ന്നുവന്ന ചുറ്റുപാടുകളേപ്പറ്റി

അച്ഛനുമമ്മയുംകോഴിക്കോട്ടുകാരാണ്. അച്ഛന്‍ രാമന്‍. അമ്മ ലീല. അച്ഛന് എറണാകുളത്ത് പ്രൈവറ്റ് കമ്പനിയിലായിരുന്നു ജോലി. ഇവിടെ വെച്ചാണ് ഞങ്ങള്‍ മക്കളെല്ലാവരും പിറക്കുന്നത്. അതുകൊണ്ട് ഞങ്ങള്‍ എറണാകുളത്തുകാരുമായി. എനിക്ക് രണ്ട് ചേട്ടന്മാരും താഴെ ഒരു അനിയത്തിയുമുണ്ട്. എല്ലാവരും വിവാഹിതര്‍. വൈറ്റിലയില്‍ ഹൈവേക്ക് കിഴക്ക് ഭാഗത്താണ് ഞങ്ങള്‍ ആദ്യം താമസിച്ചിരുന്നത്. പ്രൈമറിവിദ്യാഭ്യാസം സെ.ജോര്‍ജ് എല്‍.പി.സ്‌കൂളിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൊന്നുരുന്നിയിലെ സെ.റീത്താസിലുമായിരുന്നു. ജാതീയമായ ഉച്ചനീചത്വചിന്തകള്‍ കടന്നുവന്നിട്ടില്ലാത്ത ഗാര്‍ഹിക ചുറ്റുപാടിലാണ് ഞാന്‍ വളര്‍ന്നുവന്നത്. പള്ളിക്കൂടത്തില്‍ ജാതി എന്താണെന്ന് ചേര്‍ക്കേണ്ടിവന്നപ്പോള്‍ എനിക്ക് വീട്ടില്‍വന്ന് അന്വേഷിക്കേണ്ടതായി വന്നു. ജാതീയമായ അയിത്തമോ അകല്‍ച്ചയോ എനിക്ക് കൂട്ടുകാരില്‍നിന്നോ നാട്ടുകാരില്‍നിന്നോ ഏല്‍ക്കേണ്ടതായി വന്നിട്ടില്ല. എങ്കിലും അത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നത് എന്റെവായനാനനുഭവങ്ങളില്‍നിന്നാണ്. ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയവരുടെ നവോദ്ധാന ശ്രമങ്ങളെ ഞാന്‍ അടുത്തറിയുന്നത് അങ്ങനെയാണ്. അത് ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിയാമെന്നിരിക്കെ എന്റെ ജാതി പറയാതിരിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. ഞാന്‍ പറഞ്ഞില്ലെങ്കിലും ആളുകള്‍ അത് തിരക്കി അറിയും. ചിലര്‍ക്ക് അറിയേണ്ടതും അതുതന്നെ. ഞങ്ങള്‍ ഈഴവരാണ്.

കൊളാഷ് തെരഞ്ഞടുക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളുണ്ടോ.

പര്‍വ്വതങ്ങളില്‍ ചെന്ന്‌ അത്‌ വിളിച്ചുപറയുക.

ജോര്‍ജ്‌ പെരുമാനൂര്‍

തന്റെ പിതാവിനെപ്പോലെ ഒരു മതപ്രഭാഷകന്‍ ആകുമെന്നാണ്‌ എല്ലാവരും ജോണ്‍ ഗ്രൈംസിനെക്കുറിച്ച്‌പറഞ്ഞിരുന്നത്‌. കുടുംബത്തിലെ മൂത്ത സന്തതിയെന്നനിലക്ക്‌ അവന്‍ ആ പാത പിന്‍തുടര്‍ന്നേ പറ്റൂ.പക്ഷേ ജോണ്‍ ആകട്ടെ വെറുപ്പും ധിഷണയുമാണ്‌ മറ്റാരും അറിയാതെ തന്റെ ഉള്ളത്തില്താലോലിച്ചിരുന്നത്‌. തന്റെപിതാവിനേപോലെയോ, പ്രപിതാമഹന്‍മാരേ പോലെയോ, ആവാതിരിക്കാനാണ്‌ അവന്റെ ശ്രമം.മറ്റൊരു ജീവിതം,സ്വതന്ത്രവും വിശാലവുമായ മറ്റൊരു ലോകം.അതാണവന്റെലക്ഷ്യം. ഒരു നീഗ്രോ ആയ തന്നെ,സഹജമായി ഉള്‍ച്ചേര്‍ത്തിരുന്ന കരുത്തിനെക്കുറിച്ച്‌ ബോദ്ധ്യപ്പെടുത്തിയത്‌ വെളുത്ത വര്‍ഗ്ഗക്കാരിയായ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ആയിരുന്നു എന്നത്‌ യാദൃശ്ചികമായിരിക്കാം. അവന്‍ ഒന്നാംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു അത്‌. അന്നേ അവന്‍ നിശ്ചയിച്ചുറപ്പിച്ചതാണ്‌ 'എന്നെ വീണ്ടെടുക്കുവാനും,ഉയര്‍ത്തുവാനും ഈ കരുത്ത്‌ ഞാന്‍ ഉപയോഗിക്കും'.

2012, മേയ് 13, ഞായറാഴ്‌ച

മാഞ്ഞൂര്‍ ഗോപോലന്‍ ദളിത്‌ സ്നേഹിയായ ചിന്തകന്‍.

എലിക്കുളം ജയകുമാര്‍.


ചിന്തയും എഴുത്തും പ്രവൃത്തികളും ഒരാളെ അടയാളപ്പെടുത്താന്‍ പര്യാപ്തമായ ഘടകങ്ങളാകുമ്പോള്‍, ആ വ്യക്തി ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി നില കൊള്ളുന്നു എന്നു നിസംശയം പറയാം. മാഞ്ഞൂര്‍ ഗോപാലന്‍ തന്റെ ചിന്തകളും പഠനങ്ങളുംകൊണ്ട്‌ ദളിത്‌ സ്നേഹിയായ മഹനീയ വ്യക്തികളില്‍ ഒരാളാണ്‌. ജന്‍മംകൊണ്ട്‌ വിശ്വകര്‍മ്മജനും, എഴുത്തിലും പ്രവൃത്തിയിലും ദളിത്‌ പക്ഷത്ത്‌ നിലയുറപ്പിച്ച, സാമൂഹ്യ നീതിക്കുവേണ്ട അടിസ്ഥാനഘടകം ജാതിവിവേചനം അവസാനിപ്പിക്കലാണ്‌ എന്ന ബോദ്ധ്യത്തിലെത്തി ച്ചേര്‍ന്നയാളുമാണ്‌.

ദളിത്‌ വിമോചന പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവരില്‍നിന്ന്‌ തികച്ചും വ്യത്യസ്തമായ ആശയാഭിപ്രായങ്ങളാണ്‌ മാഞ്ഞൂര്‍ ഗോപാലനുള്ളത്‌. ദളിത്‌ പിന്നോക്ക വര്‍ഗ്ഗങ്ങള്‍ ജാതിപരമായി വ്യത്യസ്തരാണെങ്കിലും ജാതിവിവേചനം എല്ലാവരും അനുഭവിച്ചിട്ടുണ്ടെന്നും അതില്‍ ഏറ്റക്കുറച്ചിലുകള്‍ മാത്രമേയുള്ളൂവെന്നും മാഞ്ഞൂറ്‍ സിദ്ധാന്തിക്കുന്നു.  അക്കാരണത്താല്‍ത്തന്നെ ജാതിവിവേചനത്തിനെതിരായി ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തേണ്ടവരാണ്‌ പിന്നോക്ക വര്‍ഗ്ഗങ്ങള്‍ എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. വരേണ്യരുടെ ദളിത്‌ വിരുദ്ധതയെ ശക്തമായി പ്രധിരോധിച്ചുതുടങ്ങിയ മാഞ്ഞൂറ്‍ ഗോപാലന്‍ അഞ്ചുകൃതികള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ദളിത്‌ പിന്നോക്ക വര്‍ഗ്ഗങ്ങളുംസംവരണവും (1986) അവര്‍ണവര്‍ഗ്ഗചിന്തകള്‍ (1999) കീഴാളവര്‍ഗ്ഗവിമോചനെം (2004) ചിന്താദളങ്ങള്‍ (2006) ദളിത്‌വിമോചനം-ചില മാര്‍ഗരേഖകള്‍ (2007) എന്നിവയാണത്‌. ഇവയോടൊപ്പം വിശ്വകര്‍മ്മജരുടെ സാമൂഹികാവസ്ഥയുടെ പുരോഗതിക്കുള്ള നിര്‍ദ്ദേശങ്ങള്‍ വെക്കാനും മാഞ്ഞൂറ്‍ മറന്നില്ല.

2012, മേയ് 12, ശനിയാഴ്‌ച

തൊലിനിറം കഴിവിനെ നിര്‍ണയിച്ചപ്പോള്‍

കണ്ണന്‍ മേലോത്ത്‌.

 മനുഷ്യന്റെ നിറം,പിറന്ന ജാതി,അധിവസിക്കുന്ന പ്രദേശം എന്നിവ അവന്റെ കഴിവുകളെ നിര്‍ണയിക്കുന്നുണ്ടോ? ഉണ്ടെന്നുതന്നെ ചില കൂട്ടര്‍. അവരുടെ കാഴ്ചപ്പാടില്‍ കറുത്ത വര്‍ഗ്ഗക്കാര്‍,കീഴ്ജാതിക്കാര്‍, ഗോത്രവര്‍ഗ്ഗ മേഖലകളില്‍ അധിവസിക്കുന്ന ആദിവാസികള്‍ തുടങ്ങിയവര്‍ കഴിവുകെട്ടവരാണ്‌.ഇവര്‍ക്ക്‌ മനുഷ്യാവകാശങ്ങളില്ലെന്നും,  അവരെ അടക്കിവാഴുന്നതിനുള്ള അവകാശവും കഴിവുള്ളവരായ തങ്ങളില്‍ നിക്ഷിപ്തമാണെന്നും അവര്‍ വാദിക്കുന്നു. കഴിവ്‌ എന്നത്‌ ജാത്യാലുള്ളതല്ലെന്നും അത്‌ ആര്‍ജിക്കുന്നതാണെന്നും ഇക്കൂട്ടര്‍ മറന്നുപോകുന്നു. കഴിവില്ലാത്തവര്‍ക്ക്‌ അത്‌ ആര്‍ജിക്കുന്നതിനുള്ള സ്വാതന്ത്യ്രം നിഷേധക്കപ്പെട്ടിരുന്നു. അതിനുവേണ്ട അടിസ്ഥാന ഘടകങ്ങളായ, വിദ്യാഭ്യാസം, സഞ്ചാരം, പാര്‍പ്പിടം, സംസാരഭാഷ - അവര്‍ പ്രാകൃതമേ സംസാരിക്കാന്‍ പാടുള്ളൂ, നല്ലപേരുപോലും ഇടാന്‍ പാടില്ല - എന്നിവ തടഞ്ഞുവെച്ചുകൊണ്ടാണ്‌ കഴിവുള്ളവരായ അധീശവര്‍ഗ്ഗം അടിയാളനെ കഴിവുകെട്ടവരാക്കിയത്‌. ഇത്തരം അടിസ്ഥാന ഘടകങ്ങളില്‍ അവകാശം ലഭിച്ച അടിയാളന്‍ കഴിവുതെളിയിച്ച ചരിത്രം നമ്മുടെ മുന്‍പിലുണ്ട്‌. അതാണ്‌ എല്ലാ കഴിവുകഴിവുകളും എല്ലാവര്‍ക്കുമുണ്ടെന്ന്‌ ഡോ.അംബേദ്കര്‍ നിരീക്ഷിച്ചത്‌. കഴിവിനെ വിലയിരുത്തുമ്പോല്‍ നിറം, ജാതി, പ്രദേശം എന്നിവയല്ല പരിഗണിക്കേണ്ടത്‌, അവന്‍ സര്‍വ്വ അവകാശങ്ങളുമുള്ള മനുഷ്യനാണോ എന്നു നോക്കുക. ഈ അവകാശങ്ങള്‍ ലഭ്യമായവന്‍ കഴിവുള്ളവനുമായിരിക്കും. അങ്ങിനെയുള്ളൊരാള്‍ ജന്‍മാനാല്‍ കഴിവിന്റെ കുത്തകക്കാരായ അധികാരിവര്‍ഗ്ഗത്താല്‍ പിന്‍തള്ളപ്പെടാതിരിക്കാനാണ്‌ സംവരണം.' പൌരന്‍മാര്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കാനാണ്‌ സംവരണം - ഡോ.ബി.അര്‍.അംബോദ്കര്‍'.

താജിക്കിസ്ഥാനില്‍നിന്നും അനാഥന്‍ മലയാളത്തില്‍.

കണ്ണന്‍ മേലോത്ത്‌.

 താജിക്കിസ്ഥാനി ദേശീയ കവിയായ 'സദറുദ്ദീന്‍ എയ്നി'യുടെ ഒരു നോവലിന്റെ പരിഭാഷ 'അനാഥന്‍' എന്ന പേരില്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്‌. പുറംചട്ട നഷ്ടപ്പെട്ട നിലയിലാണ്‌ ആനാഥന്റെ പകര്‍പ്പ്‌ ലഭ്യമാകുന്നത്‌. അതിനാല്‍ പരിഭാഷകന്‍ ആരെന്നോ പ്രസാധകര്‍ ആരെന്നോ അറിയാന്‍ നിവൃത്തിയില്ല. മൂന്നാം പേജില്‍ പി.എം.സുകുമാരന്‍ നായര്‍ എന്നയാളിന്റെ പ്രസ്താവന കൊടുത്തിട്ടുണ്ട്‌. സ്ഥലം കലൂറ്‍ എന്നും തിയതി, 25-12-54 എന്നും കുറിച്ചിരിക്കുന്നു.ഇദ്ദേഹം തന്നെ ആയിരിക്കണം പരിഭാഷ നിര്‍വ്വഹിച്ചതും. അതുകൊണ്ടായിരിക്കണം ആമുഖത്തില്‍ അവതാരിക-അത്‌ മറ്റുള്ളവരേക്കൊണ്ടാണല്ലോ എഴുതിക്കാറ്‌-കൊടുക്കാതെ പ്രസ്താവന കൊടുത്തത്‌. 1978ഏപ്രിലില്‍ ജനിച്ച സദറുദ്ദീന്‍ എയ്നി 1954 ജൂലൈ 15 നാണ്‌ അന്തരിച്ചത്‌.തിയതി കുറിച്ചിരിക്കുന്നതുപോലെ ആ വര്‍ഷം ഡിസംബറില്‍ത്തന്നെ മലയാള പരിഭാഷയും ഇറങ്ങി എന്നു കാണാം.

പ്രശ്നാധിഷ്ടിതം പക്ഷേ,പോരായ്മകളുടെ മേളനം

കണ്ണന്‍ മേലോത്ത്‌


2009-ല്‍ ആബേല്‍ വാങ്ങ്‌ സംവിധാനം ചെയ്ത്‌ പുറത്തിറക്കിയ സിനിമയാണ്‌ 'ദി ഗുഡ്‌ ഹാര്‍ട്ടഡ്‌ ഡോട്ടര്‍'. ചൈനീസ്‌-തായ്‌-ലാവോസ്‌-വിയറ്റ്നാം അതിര്‍ത്തിഗ്രാമങ്ങളിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ സംസാരഭാഷയായ 'ഹ്മോങ്ങ്‌' കൈകാര്യം ചെയ്തു എന്നതിലപ്പുറം എടുത്തുപറയത്തക്ക പുതുമ ഈ പടത്തിനില്ല. അമേരിക്കന്‍ തായ്‌ സംയുക്ത സംരംഭത്തിലൂടെയാണ്‌ പടം നിര്‍മ്മിച്ചതെങ്കിലും പറയുന്ന കഥ വിയറ്റ്നാമിലേതാണ്‌. 

 വിധവകളായ അമ്മായിയമ്മയുടേയും മരുമകളുടേയും സ്നേഹബന്ധത്തിന്റെ കഥയാണ്‌ 'ദി ഗുഡ്‌ ഹാര്‍ട്ടഡ്‌ ഡോട്ടര്‍'. യുദ്ധാനന്തര വിയറ്റ്നാമിലെ ഹ്മോങ്ങ്‌ ഗോത്രവര്‍ഗ്ഗ മേഖലയാണ്‌ കഥാപരിസരം.അന്ന്‌ ഹ്മോങ്ങ്‌ ഗോത്രവര്‍ഗ്ഗക്കാരും യുദ്ധത്തില്‍ പെങ്കെടുത്തിരുന്നു. വാ ചാ എന്ന ഗോത്രവര്‍ഗ്ഗക്കാരിയുടെ ഭര്‍ത്താവും രണ്ട്‌ ആണ്‍മക്കളും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങനെ വാ ചായും രണ്ട്‌ മരുമക്കളും വിധവകളാക്കപ്പെട്ടു.  വാ ചാ രണ്ട്‌ മരുമക്കളോടും സ്വന്തം വീടുകളിലേക്ക്‌ തിരിച്ചുപൊയ്ക്കോള്ളുവാന്‍ പറഞ്ഞു. ഇളയ മരുമകള്‍ അനുസരിച്ചു.

അറിയപ്പെടാത്ത മാര്‍ക്സ്‌ - പ്രൊഫ: കെ എന്‍ ഭരതന്‍

കണ്ണന്‍ മേലോത്ത്‌

എണ്‍പതുകളില്‍ വടക്കന്‍ പറവൂരില്‍നിന്നും 'മുറിവ്‌' എന്നൊരു മിനി മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. എ.ജെ.ജോര്‍ജ്‌ എന്നയാളാണ്‌ ഇതിന്റെ പ്രിന്റെറും പബ്ളിഷറും.എത്രലക്കം ഇറങ്ങി എന്നൊന്നും അറിവില്ല. ലഭ്യമായ നാലാം ലക്കത്തില്‍ ഒരിടത്തും അത്‌ പ്രസിദ്ധീകരിച്ച തിയതി പ്രിന്റെ ചെയ്തിട്ടില്ല.ഇതില്‍ പ്രൊഫസര്‍ കെ.എന്‍.ഭരതന്റെ' അറിയപ്പെടാത്ത മാര്‍ക്സ്‌' എന്ന പഠനത്തിന്റെ രണ്ടാം ഭാഗം കൊടുത്തിട്ടുണ്ട്‌. ഇതിന്റെ മുന്‍-പിന്‍ ഭാഗങ്ങള്‍ കൈവശമുള്ളവര്‍ എത്തിച്ചുതരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. 'മുറിവ്‌'പ്രവര്‍ത്തകരോടുള്ള കടപ്പാട്‌ ഇവിടെ രേഖപ്പെടുത്തുന്നു.


അറിയപ്പെടാത്ത മാര്‍ക്സ്‌ 
-പ്രൊഫഃകെ.എന്‍ ഭരതന്‍. 
 രണ്ടാം ഭാഗം.

ലൂയി.എസ്‌.ഫ്യൂയിയര്‍ എന്ന പണ്ഡിതന്‍ മാര്‍ക്സിന്റെ ജീവിതത്തെ മുഴുവന്‍ അപഗ്രഥിച്ചുപഠിച്ച്‌ അദ്ദേഹത്തെക്കുറിച്ച്‌ ചില പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്‌.ഇവയില്‍ ഏറെ പ്രശസ്തങ്ങളായവ 'ദി മാര്‍ക്സിയന്‍ ട്രജേഡിയന്‍സ്‌' എന്നഗ്രന്ഥവും മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ഗ്രന്ഥങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട്‌ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥവുമാകുന്നു.

ചൈനീസ്‌ കാവ്യം മൊഴിമാറ്റത്തിലൂടെ മലയാളത്തില്‍

കണ്ണന്‍ മേലോത്ത്‌

പണ്ഡിതനും പത്രപ്രവര്‍ത്തകനും നയതന്ത്രപ്രതിനിധി യുമൊക്കയായിരുന്ന സര്‍ദാര്‍ കെ.എം.പണിക്കര്‍ എന്ന കാവാലം മാധവ പണിക്കര്‍ (1895-1963)ഒരു ചൈനീസ്‌ കാവ്യം മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്തിട്ടുണ്ട്‌.' ഇണപ്പക്ഷികള്‍' എന്ന്‌ പേരിട്ടിരിക്കുന്ന ഈ കാവ്യപുസ്തകത്തില്‍ മൂലഗ്രന്ഥകാരണ്റ്റെ പേരോ മറ്റു വിവരങ്ങളോ ചേര്‍ത്തിട്ടില്ല. ഇത്‌ ഒരു നാടോടിപ്പാട്ട്‌ ആയതിനാല്‍ 'അജ്ഞാതകര്‍തൃക'മായിരിക്കാം ഇത്‌ ചെയ്തത്‌. 1951-ല്‍ 1000കോപ്പികളോടെ തൃശൂറ്‍ വള്ളത്തോള്‍ പ്രിണ്റ്റിങ്ങ്‌ & പബ്ളിഷിങ്ങ്‌ ഹൌസിലാണ്‌ ഇത്‌ അച്ചടിച്ചതെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. വില 1ക.4ണ.

 സാഹിത്യ ഗ്രന്ഥങ്ങള്‍ക്കു പുറമേ കെ.എം.പണിക്കര്‍ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളില്‍ 'രണ്ട്‌ ചൈനകള്‍' എന്നൊരു പഠനമുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ ചൈനയോട്‌ പണിക്കര്‍ക്കുള്ള ചായ്‌വിനെ ചൂണ്ടിക്കാണിക്കാന്‍ ചിലര്‍ ഈ ഗ്രന്ഥത്തിന്റെ പേര്‌ പരാമര്‍ശിക്കാറുണ്ട്‌. 1955 ലാണ്‌ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്‌. അതിനുമുമ്പാണ്‌ ഇണപ്പക്ഷികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്‌.

2012, മേയ് 11, വെള്ളിയാഴ്‌ച

പോരാട്ടത്തിന്‌ ചില പോംവഴികള്‍

കണ്ണന്‍ മേലോത്ത്‌
 പടം വരക്കാനോ ചായംതേക്കാനോ പറ്റാത്തവന്റെ കഴിവുകേടിന്റെ കനിയായി നാളുകള്‍ മുമ്പുവരെ കൊളാഷ്‌ വിലയിരുത്തപ്പെട്ടിരുന്നു. കണ്ണില്‍ കാണുന്ന നിറമുള്ളതോ അല്ലാത്തതോ ആയ എന്തുകൊണ്ടും പൊരുളുറ്റ പടങ്ങള്‍തീര്‍ക്കുന്നതിനുള്ള എഴുത്തടവ്‌ കൊണ്ടുവന്നത്‌ പിക്കാസോ തന്നെയാണെങ്കിലും വിലയിരുത്തുടയോരുടെ കടുംപിടുത്തങ്ങള്‍കൊണ്ട്‌ അതിന്‌ പിന്‍തുടര്‍ച്ചക്കാരെ കിട്ടാതെപോയി. അവരുടെ വേലിക്കെട്ടുകള്‍ പൊളിച്ചുകടന്ന ഉപേന്ദ്രനാഥിന്റെ മുന്നേറ്റം നീണ്ടവഴികള്‍ താണ്ടി ഇപ്പോള്‍ മറുനാടുകളില്‍ എത്തിയിരിക്കുന്നു. അവിടങ്ങളില്‍ കൊളാഷുകള്‍ വാങ്ങാന്‍ തിരക്കിയെത്തുന്നവരും കാണാന്‍ വരിനില്‍ക്കുന്നവരും,  ഒട്ടിച്ചെഴുതുന്ന പടങ്ങളില്‍ ഉപേന്ദ്രനാഥ്‌ കൊണ്ടു വന്ന പുത്തൻ നേര്‍പ്പാടുകളെ അങ്ങേയറ്റം വിലമതിക്കുന്നു. നാടിനുപുറത്ത്‌ സ്പെയിന്‍, ഫ്രാന്‍സ്‌ തുടങ്ങി മറ്റിടങ്ങളിലും കേരളത്തിന്റെ മിടിപ്പുകളെ കൊണ്ടെത്തിച്ച ഒട്ടിച്ചെഴുത്തിലെ ഈ വലിയവെനെ നാട്ടുകാരും ഉള്‍പുളകത്തോടെ ഏറ്റുവാങ്ങുന്നു. 

 മഷി, ചായം, ബ്രഷ്‌, നാരായം എന്നിവകൊണ്ട്‌ തീര്‍ക്കുന്ന പടങ്ങളെ അവമതിക്കുന്നില്ല. കൊട്ടാരങ്ങള്‍ മോടിപിടിപ്പിക്കുന്നതിനും തിരുമേനികളുടെ കേടുപാടുകള്‍ മറച്ച്‌ കാണാന്‍കൊള്ളാവുന്നതാക്കി വരച്ചെടുക്കുന്നതിനുള്ള മുന്‍കാല ഏര്‍പ്പാടായി തുടങ്ങിയെന്ന കുറ്റമുണ്ടെങ്കില്‍പോലും പിന്നീടേറ്റെടുത്തവരുടെ കാഴ്ചപ്പാടിലുള്ള മികവ്കൊണ്ട്‌ അവകള്‍ മുന്നോട്ടുവെച്ചിട്ടുള്ളപൊരുളുകള്‍ മാനവതയെ തുണച്ചിട്ടുണ്ടെന്നത്‌ മറക്കുന്നില്ല.

ഒരു ദളിത്‌ സിനിമ

കണ്ണന്‍ മേലോത്ത്‌

2006-ല്‍ ബെനോയ്‌ യാക്കൂബ്‌ എടുത്ത ഫ്രഞ്ച്‌ സിനിമയാണ്‌ 'ദളിത്‌' അല്ലെങ്കില്‍ 'ദി അണ്‍ടച്ചബിള്‍' എന്നത്‌.ഫ്രഞ്ചിനുപുറമേ ഏറിയകൂറും ഇംഗ്ളീഷ്‌ ഭാഷയാണ്‌ ഇതില്‍ കൈകാര്യം ചെയ്തിരിക്കുന്നത്‌. അതുപോലെതന്നെ പടം പിടിച്ചിരിക്കുന്നത്‌ ഏറെയും ഇന്ത്യയില്‍ വെച്ചാണ്‌. പേരുപോലെതന്നെ ഇതൊരു 'ദലിത്‌ സിനിമ'യാണ്‌. ദളിത്‌ സിനിമ എന്നാല്‍ അയിത്തമനുഭവിക്കുന്നവന്‍, അകറ്റിനിര്‍ത്തപ്പെടുന്നവന്‍,  അരുകുകളിലേക്ക്‌ തള്ളിയൊഴിക്കപ്പെട്ടവരുടേയുമൊക്കെ അനുഭവങ്ങളുടെ അഭ്രപാളികളിലെ ആവിഷ്കാരത്തേയാണ്‌ അങ്ങനെവിളിക്കുന്നത്‌. ദളിതര്‍ എടുക്കുന്ന സിനിമകളും ദളിതര്‍ക്കുവേണ്ടി അദളിതര്‍ എടുക്കുന്നതും ദളിത്‌ സിനിമ ആയിക്കൊള്ളണമെന്നില്ല. ദളിത്‌ സിനിമകളുടെ ആന്തരിക സത്ത(സൌന്ദര്യശാസ്ത്ര അടിത്തറ)നീറ്റുന്ന ഈ പരുക്കന്‍ അയിത്താനുഭവങ്ങളില്‍ നിന്നായിരിക്കണം എന്നേയുള്ളൂ. അതിന്‌ കെല്‍പ്പുള്ള അദളിതരെ അംഗീകരിക്കുന്നു, ആദരിക്കുന്നു, ആനന്ദ്‌ പട്‌വര്‍ധനെ എന്നപോലെ. ഇപ്പോള്‍ ആ നിരയിലേക്ക്‌ ബെനോയ്‌ യാക്കൂബും.                                           

 ഫ്രാന്‍സിലെ തിരക്കുള്ള യുവനടിയായ ജെയ്ന്‍ തന്റെ പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുമ്പോഴാണ്‌ തന്റെ അമ്മയില്‍നിന്നറിയുന്നത്‌, അവര്‍ ഇന്ത്യയിലുണ്ടായിരുന്നപ്പോള്‍ ഗംഗാതീരത്തുള്ള ഒരു അയിത്തജാതിക്കാരനില്‍ അവര്‍ക്കുണ്ടായ മകളാണ്‌ താനെന്ന്‌. അപ്പോള്‍ ജെയ്ന്‍ ഒരു പ്രസിദ്ധ നാടകത്തിന്റെ റിഹേഴസല്‍ ക്യാമ്പിലായിരുന്നു.

2012, മേയ് 8, ചൊവ്വാഴ്ച

ദ്രവീഡിയന്‍ വരകളുടെ കുലപതി

കണ്ണന്‍ മേലോത്ത്

ദ്രവീഡിയന്‍ വരകള്‍ക്ക് നമുക്കൊരു കുലപതിയുണ്ട്.  വേര്‍പിരിഞ്ഞുപോയെങ്കിലും ഇന്നും ആ സ്ഥാനം കയ്യടക്കാന്‍ കെല്‍പ്പുള്ളവരാരും പിറന്നിട്ടില്ലാത്തതിനാല്‍, കിരീടം വെച്ചൊഴിയാത്ത സാക്ഷാല്‍ ശങ്കരന്‍കുട്ടിയാണ് ആ കുലപതി.   1936-ല്‍ തിരുവനന്തപുരത്ത് ജനിച്ച ശങ്കരന്‍കുട്ടി ഒട്ടേറെ കലാകാരന്മാര്‍ക്ക് പിറവികൊടുത്തിട്ടുള്ള,കോട്ടയം ജില്ലയിലെ കുടമാളൂര്‍ വന്ന് താമസിച്ചുകൊണ്ട് ആ നാടിന്റെ പാരമ്പര്യം കാത്തുവന്നു.  രേഖാചിത്രരചനയില്‍ തന്റേതായ വഴികള്‍ വെട്ടിത്തുറന്നു.  അന്നത്തെ കോട്ടയം ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ മിക്കതിലും ( ലയാളരാജ്യം, ജനയുഗം, ദേശാഭിമാനി, മനോരാജ്യം)വരച്ചു.  ആ പടങ്ങള്‍ കാണാന്‍ വേണ്ടിയും സൂക്ഷിച്ചുവെക്കുവാന്‍ വേണ്ടിയും മാത്രമായി പ്രസിദ്ധീകരണങ്ങള്‍ വാങ്ങിയിരുന്നവര്‍ ഒട്ടേറെ.  എന്നാല്‍ അദ്ദേഹത്തെ മരണാനന്തരം ആദരിക്കാനോ അനുസ്മരിക്കാനോ വേണ്ടി ഒരു ചെറു സംരംഭമെങ്കിലും തീര്‍ക്കുവാന്‍ ആരും ഇതുവരെ മുന്നോട്ടു വന്നില്ല എന്നത് ദുഃഖസത്യമാണ്.  വിശേഷിച്ച് ഇരന്നും പിന്നാംപുറം നിരങ്ങിയും തരപ്പെടുത്തിയ അവാര്‍ഡിന്റെ പോരിലൊക്കെ ആദരിക്കപ്പെടുന്നവര്‍ നാടുനീളെയുള്ളപ്പോള്‍ ആരുടേയും ഔദാര്യത്തിനുകാത്തുകിടക്കാത്ത മഹാനായ ചിത്രകാരനെ ഓര്‍ക്കാതിരിക്കുന്നത് ഖേദകരമാണ്.   16000 പുസ്തകങ്ങള്‍ക്കാണ് ശങ്കരന്‍കുട്ടി കവര്‍ചിത്രം വരച്ചിട്ടുള്ളത്.                   ഇത് ഒരു           സാങ്കല്‍പ്പികകണക്കല്ല,നാഷണല്‍ ബുക്ക് സ്റ്റാളിന്റെ വൗച്ചറുകള്‍ മാത്രം നോക്കിയാല്‍ മതി.  ബുക്ക് കവര്‍ ആര്‍ട്ടിന്റെ ലോകചരിത്രത്തില്‍ ഇങ്ങനെയൊരാള്‍ അത്ഭുതം തന്നെയാണ്.  നാല്പത്തിയെട്ടുമണിക്കൂര്‍ ചെണ്ടകൊട്ടുന്നതും അതിലേറെ മണിക്കൂറുകള്‍ തൊള്ളതുറക്കുന്നതും സര്‍ഗ്ഗശേഷിയേക്കാളേറെ ഒരാളുടെ കായികക്ഷമതയുമായി ബന്ധപ്പെടുന്ന സംഗതിയാണ്.  സര്‍ഗ്ഗാത്മകതകൊണ്ടല്ല കായികശേഷികൊണ്ടാണ് ഇവിടെ ശ്രദ്ധിക്കപ്പെടുന്നതെന്നര്‍ത്ഥം.  അതാകട്ടെ റിക്കാര്‍ഡുണ്ടാക്കുന്നതിനുവേണ്ടി കരുതിക്കൂട്ടിച്ചെയ്യുന്ന ഒരു കുകര്‍മ്മവുമാണ്.  എന്നാല്‍ ശങ്കരന്‍കുട്ടി 16000-ല്‍ ഏറെ കവര്‍ ആര്‍ട്ട് ചെയ്തതും അതിന്റെ 100 മടങ്ങ് മറ്റുചിത്രങ്ങള്‍ വരച്ചതും തന്റെ കായികശേഷി തെളിയിക്കാന്‍ വേണ്ടിയല്ലല്ലോ.  സര്‍ഗ്ഗശേഷിയുടെ വെളിപ്പെടുത്തല്‍ സംഭവിച്ചുപോയതാണ്.  ആ സര്‍ഗ്ഗശേഷിയെ അനാദരിച്ച മലയാളീയ സമൂഹം കൊടുവഞ്ചനയാണോ ചെയ്തതെന്ന് ഓരോരുത്തരും സ്വയം വിലയിരുത്തട്ടെ.