"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

ദി ഫസ്റ്റ് ടീച്ചര്‍ 'ഡുയിഷനാ' യി മലയാളത്തില്‍ !

കണ്ണന്‍ മേലോത്ത്.

വിഖ്യാത റഷ്യന്‍ ചലച്ചിത്രകാരന്‍ ആേ്രന്ദ കൊഞ്ചലൗസ്‌കിയുടെ  'ദി ഫസ്റ്റ് ടീച്ചര്‍' എന്ന സിനിമക്ക് ആധാരമായ നോവല്‍ 'ഡുയിഷന്‍' എന്ന ശീര്‍ഷകത്തിലാണ് മലയാളത്തിലേക്ക് മൊഴിമാറ്റപ്പെട്ടത്. റഷ്യന്‍ കിര്‍ഗിസ് എഴുത്തുകാരനായ ചിംഗിസ് ഐത്മത്തോവ് തന്റെ കൃതിക്ക് പേരിട്ടിരുന്നത് 'പെര്‍വ്വി യൂഷിറ്റെല്‍' എന്നായിരുന്നു. ഡൂയിഷന്‍ അതിലെ പ്രധാന കഥാപാത്രമായ അധ്യാപകനാണ്. 1965-ലാണ് ചിംഗിസ് ഐത്മത്തോവ് ദി ഫസ്റ്റ് ടീച്ചര്‍ എഴുതുന്നത്.  1967-ല്‍ കൊഞ്ചലൗസ്‌കി സിനിമയുമാക്കി. 1966-ല്‍ മാര്‍ച്ചില്‍ തന്നെ ഈ കൃതിയുടെ മലയാള പരിഭാഷ ഇറങ്ങിയിരുന്നൂവെന്ന് പുസ്തകത്തില്‍നിന്ന് അറിയാന്‍ കഴിയുന്നു. എ. കെ. റാഫേലാണ് ഇത് വിവര്‍ത്തനം ചെയ്തത്. ഇദ്ദേഹം ആരാണെന്നോ സാഹിത്യരംഗത്തെ മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്തോക്കെയാണെന്നോ എന്നുംമറ്റുമുള്ള വിവരങ്ങളൊന്നും പുസ്തകത്തില്‍നിന്ന് ലഭ്യമല്ല. ആമുഖമോ അവതാരികയൊ കൂടാതെ പൂമുഖപേജില്‍നിന്ന് നേരിട്ട് നോവലിലേക്ക് കടക്കുകയാണ് ചെയ്തിരിക്കുന്നത്. 1000 കോപ്പികളോടെ 1-25 രൂപ വിലയില്‍ തൃശൂര്‍ കറന്റ് ബുക്‌സ് ആണ് പ്രസാധനം ചെയ്തതെന്ന് പുസ്തകത്തില്‍ അച്ചടിച്ചിട്ടുണ്ട്. കവര്‍ ആന്റ് ബ്ലോക്‌സ്, ശങ്കര്‍ ബ്ലോക്‌സ് എന്നും സൂചിപ്പിച്ചിരിക്കുന്നു.

മനുഷ്യാവകാശപ്പോരാട്ടത്തിന് മറ്റൊരു ജീവിതം സാദ്ധ്യമാണ്

കണ്ണന്‍ മേലോത്ത്.

മനുഷ്യവകാശപ്രവര്‍ത്തനത്തില്‍  ലോകം കണ്ടതില്‍വെച്ച് എറ്റവും വലിയ ത്യാഗം ചരിത്രം രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അത് ജീവത്യാഗമല്ല,വംശത്യാഗമാണ്. 1920-ല്‍ അമേരിക്കയിലെ ഡള്ളാസില്‍ ജനിച്ച ജോണ്‍ ഹോവാര്‍ഡ് ഗ്രിഫ്ഫിന്‍ എന്നവെള്ളക്കാരന്‍  തന്റെ വംശത്തില്‍പെട്ടവര്‍ നീഗ്രോ വംശത്തില്‍പെട്ട കറുത്തവര്‍ഗ്ഗക്കാരേട് ചെയ്യുന്ന ക്രൂരതകള്‍ കണ്ട് മനംനൊന്ത്് ചര്‍മ്മ ചികിത്സചെയ്ത് സ്വയം ഒരു കറുത്തവര്‍ഗ്ഗക്കാരനായി മാറുകയുണ്ടായി. ഇതാണ് ചരിത്രത്തില്‍,രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ മനുഷ്യാവകാശപ്രവര്‍ത്തനമായി അറിയപ്പെടുന്നത്.

പിയാനോ സംഗീതത്തില്‍ ശാസ്ത്രീയാഭിജ്ഞാനമുള്ള അമ്മയില്‍നിന്നും സംഗീതത്തില്‍ അഭിരുചിലഭിച്ച ഗ്രിഫ്ഫിന്‍ ആ വിഷയത്തില്‍ സ്‌കോളര്‍ഷിപ്പ് നേടിയശേഷം ഫ്രഞ്ചും സാഹിത്യവും പഠിച്ചു. മനോരോഗചികിത്സ അക്കാദമിക്കായി പഠിച്ചശേഷം ഫ്രഞ്ച് റസിസ്റ്റന്റ് ആര്‍മ്മിയില്‍ സേവനമനുഷ്ടിക്കവേ മയക്കുമരുന്നിനടിപ്പെട്ട നിരവധി ആസ്ട്രിയക്കാരായ ജൂതരെ അതില്‍നിന്ന് രക്ഷപ്പെടുത്താനും ഗ്രിഫ്ഫിന്‍ പ്രയത്‌നിച്ചു. 1943-44 കാലഘട്ടത്തില്‍ സൗത്ത് പെസഫിക്കിലെ സോളമന്‍ ദ്വീപിലാണ് സൈനികസേവനം അനുഷ്ടിച്ചിരുന്നത്. 1946-ല്‍ യുനൈറ്റഡ് സ്റ്റേറ്റ് എയര്‍ഫോഴ്‌സില്‍ ജോലിനോക്കവേ അപകടം പിണഞ്ഞ് കണ്ണിന്റെ കാഴ്ചപോയി. 1957-ല്‍ നാട്ടില്‍തിരിച്ചുവന്നപ്പോള്‍ കാഴ്ചതിരിച്ചുകിട്ടിയതിനേത്തുടര്‍ന്ന് ഫോട്ടോഗ്രാഫറായി മാറി.  1959-ലാണ് ചര്‍മ്മചികിത്സചെയ്ത് കറുത്ത വര്‍ഗ്ഗക്കാരനായി മാറുന്നത്. ചര്‍മ്മചികിത്സകഴിഞ്ഞ് 1961-ലാണ് 'ബ്ലാക്ക് ലൈക്ക് മി' എന്ന ആത്മകഥ എഴുതുന്നത്. 

2012, ഏപ്രിൽ 21, ശനിയാഴ്‌ച

ആത്മകഥകൊണ്ട് അടിമ നല്‍കിയ പാഠം.

മനോജ് ബ്ലിസ്
 

അടിമയാക്കപ്പെടുകയും ഉടമയില്‍നിന്ന് സ്വാതന്ത്ര്യം കാശുകൊടുത്തുവാങ്ങുകയും ചെയ്ത ഒരു കറുത്ത വര്‍ഗ്ഗക്കാരനുണ്ട്. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പൗരത്വം അഥവാ 'സര്‍' പദവി നേടിയ 'ഒലാദ ഇക്വിയാനോ' ആണ് ആ കറുത്ത വര്‍ഗ്ഗക്കാരന്‍. അദ്ദേഹത്തിന്റെ ആത്മകഥയാണ് 'ദി ഇന്ററെസ്റ്റിംഗ് നറേറ്റീവ് ഓഫ് ദി ലൈഫ് ഓഫ് ഒലാദ ഇക്വിയാനോ,ഓര്‍ ഗുസ്താവസ് വാസ,ദി ആഫ്രിക്കന്‍' എന്ന ഗ്രന്ഥം. 1789-ല്‍ രണ്ട് വാല്യത്തിലാണ് ആ പുസ്തകം ഇറങ്ങിയത്. (ഇ-ബുക്ക് ഡൗണ്‍ലോഡ് ചെയ്യുക)

ഈ പുസ്തകത്തിന്റെ പാരായണം കേരളത്തില്‍ ഇപ്പോള്‍ നടക്കേണ്ടത് വളരെ അത്യാവശ്യമാണ്. കേരളത്തിലെ ദളിതുകള്‍ക്ക് അവരുടെ മോചനത്തിന് ഇക്വിയാനോയുടെ ജീവിതം മാതൃകയാക്കാവുന്നതാണ്. മോചനത്തിനുള്ള വഴികള്‍ തേടിപ്പിടിക്കാതെ താനൊരു ദളിതനാണെന്നുംപറഞ്ഞ് മോങ്ങിക്കൊണ്ടിരിക്കുന്നത്  അന്തഃസിന്റെ പ്രശ്‌നമായിട്ടാണ് യുവദളിതുകള്‍ കാണുന്നത്. ഇത് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതുപോലെ കാലപ്പഴക്കംകൊണ്ട് അടിമ ചങ്ങല സ്വന്തമെന്നു കരുതുന്നതുപോലെയാണ്. ദളിതുകള്‍ ഇപ്പോള്‍ നേരിടുന്ന എറ്റവും വലിയ വെല്ലുവിളി,അവരുടെ സ്വാതന്ത്ര്യപ്രാപ്തിയെ തടയുന്നത് അവരില്‍തന്നെയുള്ള ബുദ്ധിജീവി മേലാളന്മാരാണെന്നുള്ളതാണ്. ഇതര സമുദായങ്ങളില്‍ പെട്ടവരുടെ മന്നേറ്റത്തിന് വിലങ്ങുതടിയാകുന്നത്,അവരിലെ സമുദായ

അഭിമുഖം - സാനന്ദരാജ് / കണ്ണന്‍ മേലോത്ത്.

 കുട്ടിക്കാലം

തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ 1944 ഡിസംബര്‍ 15-നാണ് ഞാന്‍ ജനിക്കുന്നത്. നാടാര്‍ സമുദായത്തിലാണ് ജനിച്ചത്. അച്ഛന്‍ റവറന്റ് ഡി ഹാരീസ് ലുതറന്‍ മിഷന്‍ പ്രവര്‍ത്തകനായിരുന്നു. പിന്നീട് പ്രീസ്റ്റുമായി. അമ്മ ഡോറ സിബിയ,കുഞ്ഞുതങ്കം എന്നു വിളിക്കും. അമ്മയുടെ അച്ഛന്‍,തിരുവിതാകൂറിനെ കിടുകിടാ വിറപ്പിച്ച ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെ സ്ഥാപകനായ ജോണ്‍ സാനന്ദമാണ്. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് കൊടുത്ത സ്ഥാനപ്പേരാണ് സാനന്ദം എന്നത്. അങ്ങിനെ ആ പേര് ഞങ്ങള്‍ക്കും കിട്ടി. ഞാന്‍ ജോണ്‍ സാനന്ദരാജ്. എനിക്ക് താഴെ മൂന്ന് അനുജന്മാരുമുണ്ട്. അവരില്‍ മൂത്തയാള്‍ സാം സാനന്ദരാജ്. (എം. എ,പിഎച്ച്. ഡി. )സൈക്കോ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഗൈഡായിരുന്നു. രണ്ടാമത്തെയാള്‍ ഡാനി സാനന്ദരാജ് കെ. എസ്. ആര്‍. ടി. സി. കണ്ടക്ടറായിരുന്നു. മൂന്നാമത്തെയാള്‍ പോള്‍ സാനന്ദരാജ് സ്‌കൂള്‍ ഓഫ് ഫൈന്‍  ആര്‍ട്‌സില്‍ പഠിച്ച് ലുഥറന്‍ മിഷന്‍ സ്‌കൂളില്‍ ഡ്രോയിംഗ് ടീച്ചറായി ജോലി നോക്കി. ഞങ്ങള്‍ക്ക് സഹോദരിമാരില്ല.

മിഷനറി പ്രവര്‍ത്തകനായ അച്ഛന്റെ കൂടെ സഞ്ചരിക്കേണ്ടി വന്നതിനാല്‍ വിദ്യാഭ്യാസം പലപല സ്‌കൂളുകളിലായിരുന്നു. അച്ഛന്‍ ടി. ടി. സി. പാസ്സായ ആളുമായിരുന്നു. കളരിക്കാവിളക്കടുത്ത് വന്നിയൂരിലെ കുടിപ്പള്ളിക്കൂടത്തില്‍ അച്ഛന്‍ വാധ്യാരായി ജോലിനോക്കുന്നുണ്ടായിരുന്നു. അവിടെയാണ് ഒന്നാംക്ലാസ്സില്‍ ഞാന്‍ പഠിച്ചത്. എന്റെ ആദ്യത്തെ ഗുരുനാഥനും അച്ഛന്‍ തന്നെ. അന്ന് അച്ഛന്റെ ശമ്പളം ഏഴുരൂപ. ഉപദേശി എന്ന നിലയില്‍

2012, ഏപ്രിൽ 14, ശനിയാഴ്‌ച

ലിയോണാര്‍ഡോ ഡാവിഞ്ചി എഴുതിയ ഒരേഒരു നോവലിന്റെ പരിഭാഷ മലയാളത്തിലുണ്ട്!


- കണ്ണന്‍ മേലോത്ത്.

ലിയോണാര്‍ഡോ ഡാവിഞ്ചി ഒരു നോവല്‍ എഴുതിയിട്ടുണ്ട് എന്നറിയുമ്പോള്‍ അത്ഭുതപ്പെട്ടുപോകുന്നു.ചിത്രകാരന്‍, ശില്‍പി,എഞ്ചിനീയര്‍,ജ്യോതി ശാസ്തജ്ഞന്‍,ശാസ്ത്ര വിദഗ്ധന്‍,ആയുധനിര്‍മ്മാണ കുശലന്‍,സൈനികന്‍, തത്വചിന്തകന്‍ എന്നിവരിലെ പ്രതിഭകളുടെ ചക്രവര്‍ത്തിയായിരുന്ന ഡാവിഞ്ചിക്ക് നോവല്‍ സാഹിത്യം വഴങ്ങാത്തതുകൊണ്ടല്ല,അരും അതേപ്പറ്റി പറഞ്ഞുകേള്‍ക്കാത്തതുകൊണ്ടാണ് ഇങ്ങനെ ചിന്തിച്ചുപോയത്.ഇന്റര്‍നെറ്റാകെ പരതിയിട്ടും ഡാന്‍ ബ്രൗണ്‍ എഴുതിയ ഡാവിഞ്ചി കോഡ് എന്ന നോവലിനേക്കുറിച്ചല്ലാതെ ഡാവിഞ്ചി എഴുതിയ നോവലിനേക്കുറിച്ച് ഒരു സൈറ്റില്‍ നിന്നും ഒരു വാക്കുപോലും കണ്ടെത്താനായില്ല.എന്നാല്‍ ഈ നോവലിന് മലയാളത്തില്‍ ഒരു പരിഭാഷയുണ്ട് എന്നറിയുമ്പോള്‍ നമുക്ക് അത്ഭുതത്തേക്കാളേറെ അഭിമാനമാണ് തോന്നുന്നത്.

'പ്രളയം' എന്ന പേരില്‍ ഈ നോവല്‍ പരിഭാഷപ്പെടുത്തിയത് സേവ്യര്‍ പോള്‍ എന്നൊരാളാണ്.പ്രളയത്തിന് ഡാവിഞ്ചി കൊടുത്തിരുന്നത് ഇറ്റാലിയന്‍ നാമമാണോ,ലാറ്റിനോണോ ഇംഗ്ലീഷാണോ എന്നൊന്നും മലയാള പതിപ്പില്‍നിന്ന് ലഭ്യമല്ല.അതുപോലെ സേവ്യര്‍ പോള്‍ ആരാണെന്നോ ഇപ്പോഴുണ്ടോ എവിടെ ജീവിച്ചുമരിച്ചു എന്നൊന്നും അറിയാനും നിവൃത്തിയില്ല.

അന്‍പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ജപ്പാനീസ് ക്ലാസ്സിക്കിന്റെ മൊഴിമാറ്റം മലയാളത്തില്‍ !അതെ .സാക്ഷാല്‍  നാട്‌സുമെ സോസെക്കിയുടെ 'കൊക്കോറോ' എന്ന നോവലാണ് ആ കൃതി.നാട്‌സുമെ സോസെക്കി,അമേരിക്കയിലെ ഹാതോണിനോടും ഫ്രാന്‍സിലെ വിക്ടര്‍ ഹ്യൂഗോവിനോടും ഇംഗ്ലണ്ടിലെ ചാള്‍സ് ഡിക്കന്‍സിനോടും കിടപിടിക്കുന്ന ഒരു മഹാനായ നോവലിസ്റ്റത്രെ. കൊക്കോറോ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എം.ആര്‍.ചന്ദ്രശേഖരനാണ്. 1960-ല്‍  ഒരു ഉറുപ്പിക വിലയില്‍ 5000 കോപ്പികളോടെ തൃശൂര്‍ കറന്റ് ബുക്‌സില്‍നിന്നും അച്ചടിച്ചുപ്രസിദ്ധീകരിച്ച ഈ പതിപ്പില്‍ എം.ആര്‍.ചന്ദ്രശേഖരനേക്കുറിച്ച് വിവരങ്ങളൊന്നുമില്ല.പുറം ചട്ട ഡിസൈന്‍ ചെയ്തത് സി.ജെ.എന്നൊരാളാണെന്ന് മൂന്നാം പേജില്‍ സൂചിപ്പിച്ചിരിക്കുന്നു. പുറം ചട്ടയില്‍ കൊക്കോറോ,ജപ്പാനീസ് നോവല്‍, നാട്‌സുമെ സോസെക്കി,വില എന്നിവ മാത്രമേ വരച്ചുചേര്‍ത്തിട്ടുള്ളൂ. ഒരു ജപ്പാനീസ് സ്ത്രീയുടെ പടവും വരച്ചുചേര്‍ത്തിട്ടുണ്ട്.


ആത്മകഥനത്തിലെ വഴിമാറിനടത്തം

കെടാമംഗലം പ്രേംകുമാര്‍

സമീപകാലത്തായി ദളിത് പഠനങ്ങളും സംവാദങ്ങളും വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയും സംവാദ വിവാദങ്ങളിലേക്കു പടര്‍ന്നു കയറുകയും ചെയ്തിട്ടുണ്ട്. ദളിത് പഠനവും സാഹിത്യവും മറ്റും മഹാ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നതുമാതിരി അവതരിപ്പിക്കപ്പെടുന്നതിനാല്‍ എളുപ്പത്തില്‍ അംഗീകാരം നേടി എടുത്തിട്ടുമുണ്ട്. ആത്മകഥനങ്ങളിലൂടെ ദളിതര്‍ നേരിടുന്ന സര്‍വ്വ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്നൊരു തൊന്നലുതന്നെ നിര്‍മ്മിക്കപ്പടുന്നു. സ്വയം പ്രഖ്യാപിതമായ ഈ നിഗമനങ്ങള്‍ എത്രകണ്ട് വിജയിക്കുമെന്നതിന് ഒരു കണക്കുനിരത്തുവാന്‍ അതിന്റെ വക്താക്കള്‍ക്ക് ആവുന്നുമില്ല. വാസ്തവത്തില്‍നിന്ന് വേറിട്ട് വാര്‍ത്താനിര്‍മ്മാണത്തിന്റെ സാങ്കേതികതയില്‍ മാത്രം ഊന്നുന്ന ഈ മനോഭാവം ഒരു പ്രതികരണവും സൃഷ്ടിക്കുന്നില്ല.

 ഗുണശേഖരന്റെ ആത്മകഥയായ 'ദി സ്‌കാര്‍' ന്റെ വായനാപരിസരം രൂപപ്പെടുന്നതിന്റെ പശ്ചാത്തലം ഇതാണ്. മറ്റ് ദലിത് ആത്മകഥകള്‍ പീഡാനുഭവങ്ങളില്‍നിന്നുള്ള ആകുലതകളെ അതിവൈകാരികമായി അവതരിപ്പിക്കുമ്പോള്‍ മുറിപ്പെട്ടവന്‍ അനുഭവിച്ച ആനന്ദത്തിന്റെ അടരുകളും ചേര്‍ത്തെഴുതാന്‍ ഗുണശേഖരന്‍ ശ്രമിച്ചത് വായനയുടെ പുതുമേഖലയെ വെട്ടിത്തുറക്കാന്‍ എറെ ഉതകി.വഴിമാറി നടക്കുന്നവന്‍  കൂട്ടിക്കൊണ്ടുപോകുന്ന ഇടത്തെ അപരിചിതത്വം നമ്മെ അമ്പരപ്പിക്കുകതന്നെ ചെയ്യും.

2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

ചങ്ങമ്പുഴ കൃഷ്ണപിള്ള പരിഭാഷപ്പെടുത്തിയ പെല്ലീസും മെലിസാന്ദയും


 കണ്ണന്‍ മേലോത്ത്

ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കൂടുതലായി പരിചയപ്പെടുത്തേണ്ടതില്ല.പ്രണയ കവിയെന്നോ കാല്‍പ്പനികന്‍ എന്നോ വിലയിരുത്തുമ്പോള്‍പോലും മലയാളീയ സാഹിത്യ ചരിത്രത്തില്‍ അദ്ദേഹം നേടിയെടുത്ത ഇടം ഇന്നുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.ജീവിച്ചുമരിച്ച (1911-1948)ആ ചെറിയ കാലയളവില്‍ തന്നെ സ്വതന്ത്രകൃതികളോടൊപ്പം ചില പരിഭാഷകളും മലയാളത്തിന് സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.അതില്‍ പ്രമുഖം ബെല്‍ജിയന്‍ നാടകകൃത്തായ മോറിസ് മേറ്റര്‍ലിന്‍കിന്റെ പെല്ലീസും മെലിസാന്ദയും എന്നകൃതി മലയാളത്തിലേക്ക് മൊഴിമാറ്റിയതാണ്.1123 മീനമാസത്തില്‍ 1000 കോപ്പികളോടെ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് തൃശൂരുള്ള മംഗളോദയം പ്രസ്സ് ലിമിറ്റഡ് ആണ്.ഒരു രൂപയാണ് പുസ്തകത്തിന്റെ വില.1115 കന്നിമാസത്തില്‍ ഇത്,തിരുവനന്തപുരത്തുനിന്നും ഇറങ്ങിയിരുന്ന നവജീവന്‍ വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നൂവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിന്റെ പകര്‍പ്പവകാശം ശ്രീദേവി ചങ്ങമ്പുഴ,ശ്രീദേവി മന്ദിരം,ഇടപ്പള്ളി,നോര്‍ത്ത് ട്രാവന്‍കൂര്‍ എന്ന മേല്‍വിലാസക്കാരിയില്‍ നിക്ഷിപ്തമായിരിക്കുന്നൂവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ആദിതാളം - ശശികുമാര്‍ കുന്നന്താനം - കവിത

മൃദംഗം പഠിക്കാന്‍
ഞാനു മകനും പോകുന്നു.

മകന്റെ മടിയില്‍ മൃദംഗം
ഇരിക്കുന്നില്ല
ഇളകുന്നു.

ആദിതാളം പഠിക്കുന്ന
മകന്റെ മൃദംഗം ക്ലാസ്സിലിരുന്ന്
ഞാന്‍ മഴ കാണുന്നു.

മഴയുടെ താളത്തില്‍
ആദിതാളം ഞാന്‍ തിരയുന്നു.

പുഴയുടെ ഒഴുക്കിനും
അമ്മയുടെ ശകാരത്തിനും
അച്ഛന്റെ നടത്തത്തിലും
ആദിതാളം.

മുത്തപ്പന്മാര്‍
അറിയാതെ അറിഞ്ഞും
അറിഞ്ഞ് അറിയാതെയും
കൊട്ടിപ്പാടിയത്

ആദിതാളം.

മരത്തിന്റെ മൂളലുകള്‍


എന്റെ..........

എന്റെ...........

ആദിതാളം.

2012, ഏപ്രിൽ 7, ശനിയാഴ്‌ച

അഭിമുഖം - ദളിത് ബന്ധു / ഐസക് കാറ്റടി.? നാട് കുട്ടിക്കാലം...

 *ദളിത് ബന്ധു - തലമുറകളായി ഞങ്ങള്‍ ഇവിടെത്തന്നെയാണ് താമസിക്കുന്നത്. അച്ഛന്‍ കുരിയാച്ചന്‍ , അമ്മ മറിയാമ്മ.അന്ന്  ഇവിടെ അടുത്തെങ്ങും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ചെയ്യുന്നതിന് സൗകര്യമില്ലായിരുന്നു.ഇവിടെ അടുത്ത് ദേവിവിലാസം പ്രൈമറി സ്‌കൂള്‍, ഉല്ലല എന്‍.എസ്.എസ്.സ്‌കൂള്‍, ചേര്‍ത്തല ഗവഃഹൈസ്‌കൂള്‍,ചങ്ങനാശ്ശേരി എസ്.ബി.സ്‌കൂള്‍, തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, സെ.ആല്‍ബര്‍ട്ട്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.


? ദളിത് പാഠശാഖയിലേക്ക് എങ്ങെ വന്നെത്തി
വന്നെത്തിയതാണ്. ബുദ്ധന്‍ പറഞ്ഞതുപോലെ, നമ്മള്‍ ഒന്നും ചെയ്യുന്നുമില്ല, ഒന്നും ചെയ്യാതിരിക്കുന്നുമില്ല, എല്ലാം സംഭവിക്കുന്നതുമാണ്. ഞാന്‍ ഒരു ജോലിയും ചെയ്തിട്ടില്ല, എല്ലാം വന്നുചേര്‍ന്നതാണ്. ഇവിടുത്തെ പഠിത്തം കഴിഞ്ഞ് ഞാന്‍ വാര്‍ധയില്‍ പോയി രണ്ടു വര്‍ഷം ഗാന്ധിസം പഠിച്ചു. അന്ന് അവിടെ എന്റെ അദ്ധ്യാപകരായിരുന്നു ഡോ.ലോഹ്യ, ജയപ്രകാശ് നാരായണ്‍, അശോക് മേത്ത തുടങ്ങിയവര്‍. ജയപ്രകാശ് നാരായണന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഞാന്‍ രണ്ടു വര്‍ഷം പ്രവര്‍ത്തിക്കുക കൂടി ചെയ്തു. അന്നൊന്നും അംബേദ്കറേക്കുറിച്ച് കേട്ടിരുന്നില്ല. അന്നവിടെ കമ്മ്യൂണിസം, ഗാന്ധിസം സോഷ്യലിസം എന്നിവയൊക്കെയാണ് ഞങ്ങള്‍ പഠിച്ചിരുന്നത്.  അന്നത്തെ എന്റെ ദൗത്യം വിദേശത്തുപോയി ഗാന്ധിസം പ്രചരിപ്പിക്കുക എന്നതായിരുന്നു. എന്നിട്ടും സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയും ഭരണഘടനാ ശില്‍പിയുമായ അംബേദ്കറേക്കുറിച്ച് കേട്ടിരുന്നില്ല. ഞാന്‍ പുറത്തുവന്നിട്ടാണ് അംബേദ്കറേക്കുറിച്ച് കേള്‍ക്കുന്നതുതന്നെ. അംബേദ്കര്‍ കൃതികള്‍ വായിച്ചിട്ടാണ് ഞാന്‍ ദളിത് പ്രവര്‍ത്തനങ്ങളിലേക്ക് എത്തിച്ചേരുന്നത്. അന്ന് പുസ്തകങ്ങള്‍ സുലഭമായിരുന്നില്ല. മലയാളം തീരെ ഇല്ല. പുറത്തുനിന്ന് ഇംഗ്ലീഷിലുള്ള ലേഖനങ്ങളും പുസ്തകങ്ങളുംവാങ്ങിയാണ് പഠിച്ചത്. തുടര്‍ന്ന് കേരളത്തിലെ ദളിതരേക്കുറിച്ച് പഠിക്കാന്‍ തുടങ്ങി.


ഗവണ്മന്റ് ബ്രാഹ്മണ - അരവിന്ദ് മലഗട്ടി - പുസ്തകം

നമ്മുടെ കാമനകള്‍ സമൂഹത്തെ മാറ്റിമറിക്കുന്നത്.
 
അരവിന്ദ് മലഗട്ടിയുടെ ''ഗവണ്മെന്റ് ബ്രാഹ്മണ''ആദ്യം (കന്നഡ ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നത് 1994-ലാണ്.അപ്പോള്‍ത്തന്നെ ദളിത് ആത്മകഥനങ്ങള്‍ മറ്റ് ഇന്ത്യന്‍ഭാഷകളിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു.ധരണി ദേവി മലഗട്ടിയും ജാനറ്റ് വൂച്ചിനിച്ചും(കമ്മ്യൂണിറ്റി കോളേജ്,സാന്റാ ഫേ,ന്യൂ മെക്‌സിക്കോ)എന്‍ സുബ്രഹ്മണ്യയും ചേര്‍ന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ ഈ കൃതി അത് വിളിച്ചോതുന്ന വേദനകളുടേയും മുറിവുകളുടേയും കലഹത്തിന്റേയും ആഴം എത്രമാത്രമെന്ന് വായനക്കാരന്റെ ബോധത്തിലേക്ക് ഇടിച്ചുകയറ്റുകയാണ് ചെയ്തത്.വായനയുടെ ഇടുങ്ങിയ ലോകബോധത്തെ അങ്ങേയറ്റം വിപുലമാക്കിയ ഈ കൃതിയെ കേരളത്തിലെ ദളിത് പഠനങ്ങളുടെ കുത്തകക്കാര്‍ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടില്ല.

''ഗവണ്മെന്റ് ബ്രാഹ്മണ''എന്ന ആത്മകഥനം മലഗട്ടിയുടേയും കാലഘട്ടത്തിന്റേയും ഏടുകളാണ്.ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീക്ഷ്ണമായ അനുഭവകഥനം മലഗട്ടി നടന്നുനീങ്ങിയ നാള്‍വഴികളിന്‍നിന്നും ഉരുവംകൊണ്ടതാണ്.ഇത് ഭൗതികവും മാനസികവുമായി ഒരു ദളിതന്‍ അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളുടെ മാത്രം കഥയല്ല,മറിച്ച് ഒരു ഭരണകൂടം തങ്ങളിലേല്‍പ്പിച്ച പ്രഹരങ്ങളുടേയും നേര്‍വിവരണമാണ്.അടികൊണ്ടവന്റെ കേവലമായ നിലവിളി മാത്രമായല്ല ഈ കൃതിയിലെ ഭാഷ സംസാരിക്കുന്നത്,കറുത്ത നര്‍മ്മത്തിന്റെ കടുത്ത ഭാഷതന്നെ അത് കൈകാര്യം ചെയ്യുന്നു.

2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

അരികുജീവിതം ഒരു തുടര്‍ക്കഥ - കണ്ണന്‍ മേലോത്ത് - സിനിമ


ദ്വീപരാജ്യമായ സമോവയില്‍നിന്നും കഴിഞ്ഞകൊല്ലം പുറത്തിറങ്ങിയ സിനിമയാണ് '' ദി ഒറേറ്റര്‍''. അവിടത്തെ നാട്ടുമൊഴിതന്നെ കൈകാര്യംചെയ്യുന്ന ഈ പടം ചിട്ടപ്പെടുത്തിയത് അവിടെ ജനിച്ചുവളരുകയും ഇപ്പോള്‍ ന്യൂ സിലാന്റില്‍ കഴിഞ്ഞുകൂടുകയും ചെയ്യുന്ന ടൂസി തമാസെസെയാണ്. ഇത് തന്റെയും നാടിന്റെയും കന്നിപ്പടവുമാണ്. ന്യൂ സിലാന്റ് ഫിലിം കമ്മീഷന്‍കൂടി പണംമുടക്കി എടുത്തതാണ് ഈ പടം അരികുകളിലേക്ക് തള്ളിയൊഴിക്കപ്പെട്ടവരുടെ ചെറുത്തുനില്പുകളിലേക്ക് മിഴിതുറക്കുന്നതോടൊപ്പം സമോവയിലെ സാംസ്‌കാരിക അടരുകളിലേക്കും വെളിച്ചം  വീശുന്നു ദി ഒറേറ്റര്‍.

സയ്‌ലി എന്ന കുറിയവന്‍ തന്റെ ഭാര്യയും ഉയരമുള്ളവളുമായ വായ്ഗയോടും മകള്‍ ലിടിയയോടുമൊപ്പം കൂരയിലാണ് കഴിഞ്ഞുകൂടുന്നത്. സയ്‌ലിക്ക് താവഴിയായി കിട്ടിയിരുന്ന മണ്ണുമുഴുവന്‍ കയ്യൂക്കുള്ളവര്‍ കയ്യടക്കിയിരുന്നു. അവിടെ ചേമ്പ് നട്ടുവളര്‍ത്തി പറിച്ചുവിറ്റാണ് കഴിഞ്ഞുകൂടുന്നതിനുള്ള വക കണ്ടെത്തിയിരുന്നത്. ആവുംപോലെ അവരെ എതിരിടാനും സയ്‌ലി മടിച്ചില്ല. ഇതിനിടെ മകള്‍ ലിടിയ കാല്‍പന്തുകളിക്കാരനായ ഒരു ചെറുപ്പക്കാരനുമായി അടുപ്പത്തിലായി. വായ്ഗയാകട്ടെ വയ്യാതായി കിടപ്പിലുമായി. സയ്‌ലി മരുന്നു ചെയ്തുവെങ്കിലും ദീനം മൂത്ത് വായ്ഗ മരണമടഞ്ഞു. തന്റെ ശവം മീട്ടുമുറ്റത്തുതന്നെ മറവുചെയ്യണമെന്ന് അവള്‍ സെയ്‌ലിയോട് കേണിരുന്നു. ലിടിയ ഗര്‍ഭിണിയാണെന്നുള്ള വിവരം ആരും അറിഞ്ഞിരുന്നില്ല.

കടവാതില്‍ - സ്വാമി ദാസ്‌ - കവിത

മുട്ടി 
മുട്ടി 
തുറന്ന 
വാതിലില്‍ 
കടം തരാനാളില്ലാതെ 
തൂങ്ങിക്കിടപ്പൂ 
മരക്കൊമ്പില്‍
തൂങ്ങിക്കിടപ്പൂ. 

2012, ഏപ്രിൽ 4, ബുധനാഴ്‌ച

പെങ്ങണത്തി - ലക്ഷ്മി രാമന്‍ - ആത്മകഥ

 
ഓര്‍മ്മവെച്ച നാളുകളില്‍ കൂട്ടരോടൊപ്പം ഒരു മൊതലാളിയുടെ പറമ്പില്‍ കൂരകെട്ടി താമസിക്കുകയാണ്. പെരുമ്പാവൂരിനടുത്ത് മൊടക്കുഴയിലാണത്. അച്ചന്റെ പേര് കോന്നന്‍.അമ്മയുടെ പേര് മാണി. ഞങ്ങള്‍ പറയരാണ്. സാമ്പവര്‍ എന്നും പറയും. അച്ചന്‍ വലിയ കൊണമൊന്നും ഇല്ലായിരുന്നു. കള്ളുകുടിക്കും പാട്ടുപാടും. വഴക്കുണ്ടാക്കും. കുഞ്ഞുന്നാളിലേ അമ്മ മരിച്ചു. അച്ചന്‍ രണ്ടാമതു കല്യാണം കഴിച്ചു. രണ്ടാനമ്മയുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ല. അതില്‍പിന്നെ വീടുവിട്ടുപോകേണ്ടതായും തെരുവിലലഞ്ഞു തെണ്ടിനടക്കേണ്ടതായും വന്നു. അച്ചന് രണ്ടാനമ്മയില്‍ ഒരു മകനുണ്ടായി. അവനെ ശിവന്‍ എന്നു വിളിച്ചു. രണ്ടാനമ്മയെ പോലെയായിരുന്നില്ല ശിവന്‍. എന്നെ വെല്ല്യേ കാര്യമായിരുന്നു. ഞാന്‍ കൂടെക്കൂടെ അവന്റടുത്തു പോകാറുണ്ട്. ഈയിടെ രണ്ടാനമ്മയും മരിച്ചു. (ജൂണ്‍ 15,2005) ഞാന്‍ അവിടെയായിരുന്നു. നാല്പതുകഴിഞ്ഞാണ് പോന്നത്.

വെല്ലിച്ചനും കൊച്ചിച്ചനുമൊണ്ടായിരുന്നു. വെല്ലിച്ചന്റെ പേര് കോവിന്നന്‍. കൂട്ടത്തിലെല്ലാര്‍ക്കും വെല്ലിച്ചനെ വല്ല്യ കാര്യമായിരുന്നു. വഴി നടന്നതിന്റെ പേരില്‍ വെല്ലിച്ചന്‍ തമ്പ്രാക്കമ്മാരടെ കയ്യീന്ന്ഒരുപാട് തല്ലു കിട്ടാറൊണ്ടാരുന്നു. എല്ലാത്തിനും  എനിക്കുതുണ വെല്ലിച്ചനായിരുന്നു. വീട്ടിലും ചുറ്റുപാടും വഴക്കുണ്ടാക്കാതെ നോക്കാന്‍ വെല്ലിച്ചനറിയാം.

കുഞ്ഞുന്നാളില്‍ മൂത്തവരോടോപ്പം കോടനാടന്‍ മലകളില്‍ ഈറ്റവെട്ടാന്‍ പോകുമായിരുന്നു. ചെലപ്പോ അന്നന്നു വരും. ചെലപ്പോ രണ്ടുനാലു നാളുകഴിഞ്ഞ്. ഈറ്റ ചങ്ങാടമായികെട്ടി പൊഴകടത്തിയാണ് കൊണ്ടോരുന്നത്. ഞങ്ങള് പിള്ളേര് ഞങ്ങളാലാവുന്നതും കൊണ്ടോരും. കാട്ടിലേറ്റവും പേടി ആനകളേയാണ്. കൊച്ചിച്ചനെ ആന ചവിട്ടി കൊന്നു. അങ്ങനെ ഒരുപാടുപേര് കൂട്ടത്തില്‍ നിന്ന് ഇല്ലാതായി.